സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-10-13-ൽ പ്രസിദ്ധീകരിച്ചതു്)

കാമുകിയുടെ പേരുവരെ വാർദ്ധക്യത്തിലെത്തിയ കാമുകൻ വിസ്മരിച്ചിരിക്കും. പക്ഷേ, കോപനയായി അവർ നിന്ന നിമിഷം അയാൾ മറക്കില്ല. അവൾ മനോഹരമായി ചിരിച്ചതു് അയാൾ ഓർമ്മിക്കുന്നുണ്ടാവും.

അന്നു് എന്റെ ചെറുപ്പകാലം. തിരുവനന്തപുരത്തുനിന്നു് തിരിച്ച എക്സ്പ്രസ് ബസ്സിൽ ഞാൻ ആലപ്പുഴയ്ക്കു. പോകുകയായിരുന്നു. ബസ്സ് കഴക്കൂട്ടം കഴിഞ്ഞു കുറച്ചുകൂടെ മുൻപോട്ടുപോയി ഒരു വളവിലെത്തി. വലതു ഭാഗത്തുള്ള ആ വളവിന്റെ താഴത്തെ ഭാഗം ചരിവാണു്. ബസ്സ് അവിടെയെത്തിയതും ചരിവിൽനിന്നു് ആകർഷകത്വമുള്ള ഒരു മുസ്ലിം യുവതി മുകളിലേക്കു കയറി റോഡിൽ നിലയുറപ്പിച്ചതും ഒന്നായിക്കഴിഞ്ഞു. വെൺമയാർന്ന വസ്ത്രങ്ങളായിരുന്നു അവളുടേതു്. വെള്ളക്കുപ്പായം, വെള്ളമുണ്ടു്, വെള്ളത്തട്ടം, മൂന്നിലും നീലനിറത്തിലുള്ള ചിത്രത്തയ്യൽ. അവിടെനിന്നു് ‘അവൾ ബസ്സിലേക്കു നോക്കാതെ ദൂരത്തേയ്ക്കുതല ചരിച്ചു നോക്കി; മാനെന്ന പോലെ. ആരുടെ ഹൃദയത്തിലും അവളുടെ നില്പും നോട്ടവും ചലനമുണ്ടാക്കും. നീലാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ, സൂര്യപ്രകാശത്തിന്റെ ഉജ്ജ്വലതയിൽ ആ ചെറുപ്പക്കാരി ദേവതയെപ്പോലെയായി. അതിവേഗം പോകുന്ന ബസ്സ് ആ മനോഹരദൃശ്യം ഇല്ലാതാക്കിക്കളഞ്ഞു. എങ്കിലും ആ ഒരു നിമിഷം അതിന്റെ സൗന്ദര്യത്തോടെ, വൈകാരികത്വത്തോടെ ഇപ്പോഴും ആഗമിക്കുന്നു. വർഷമേതു്? മാസമേതു് ? ദിവസമേതു്? സമയമേതു്? അറിഞ്ഞുകൂടാ. എങ്കിലും ആ നിമിഷം മായുന്നില്ല. ഇന്നും അതുണ്ടു്. നമ്മൾ ജീവിക്കുന്നതു് അത്തരം ഭൂതകാല നിമിഷങ്ങളിലാണു്.

images/Victor_Hugo.jpg
യൂഗോ

ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലം. എന്റെ ഗുരുനാഥൻ സി. ഐ. ഗോപാലപിള്ള അവർകൾ പഠിപ്പിച്ചു കഴിഞ്ഞിട്ടു് “ഇതൊന്നു ചുരുക്കിയെഴുതിക്കൊണ്ടുവരണം” എന്നു എന്നോടു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു് അതേ ക്ലാസ്സ്. സാറ് ചോദിച്ചു: “എഴുതാൻ പറഞ്ഞതു് എഴുതിയോ?” “ഇല്ല സാർ” എന്നു് എന്റെ മറുപടി. അദ്ദേഹം ദേഷ്യപ്പെടാതെ എന്നെ നോക്കി ആക്ഷേപത്തിന്റെ മട്ടിൽ ഒന്നു ചിരിച്ചു. എല്ലാം മറന്നുപോയി ഞാൻ. അക്കാലത്തെ മറ്റദ്ധ്യാപകർ ആരു്? ക്ലാസ്സേതു്? വർഷമേതു്? ഒന്നും ഓർമ്മയില്ല. പക്ഷേ, സി. ഐ. സ്സാറിന്റെ ആക്ഷേപച്ചിരി ഇന്നും ഹൃദയം പിളർക്കുന്നു. നിമിഷമേ, നീ തന്നെ സുപ്രധാനം. കാമുകിയുടെ പേരുവരെ വാർദ്ധക്യത്തിലെത്തിയ കാമുകൻ വിസ്മരിച്ചിരിക്കും. പക്ഷേ, കോപനയായി അവൾ നിന്ന നിമിഷം അയാൾ മറക്കില്ല. അവൾ മനോഹരമായി ചിരിച്ചതു് അയാൾ ഓർമ്മിക്കുന്നുണ്ടാവും.

കമ്മ്യൂണിസം മരിച്ചോ? ഒരാശയത്തിനും മരണമില്ല. ചിലപ്പോൾ ആശയത്തിനു വേഗമുണ്ടായിരിക്കും. മറ്റു ചിലപ്പോൾ മന്ദഗതിയും ലെനിന്റെ കാലത്തു് അതു് വേഗത്തിൽ പ്രവർത്തിച്ചു. ഇന്നു് അതിനു മന്ദഗതി. ഇനിയും ഒരു കാലത്തു് വേഗമുണ്ടാകും.

സാഹിത്യകൃതികളിലെ നിമിഷങ്ങളും ഇതുപോലെ വായനക്കാരെ ‘ഹോൺടു’ ചെയ്യും. യൂഗോ യുടെ ‘പാവങ്ങ’ളിലെ മെത്രാൻ വെള്ളി മെഴുകുതിരിക്കാലുകളെടുത്തു് ഷാങ്വൽ ഷാങ്ങിനു കൊടുത്തിട്ടു് എന്തേ നിങ്ങൾ ഇവകൂടി കൊണ്ടുപോയില്ല? എന്നു ചോദിക്കുന്ന നിമിഷം; എടുത്തുയർത്താൻ വയ്യാത്ത ഒരുതൊട്ടി വെള്ളം പൊക്കിക്കൊണ്ടു കൊച്ചുകുട്ടി കോസത്ത് നടക്കുമ്പോൾ, അവളറിയാതെ ഷാങ്വൽഷാങ് പിറകേ ചെന്നു് അതു് കൈയിൽ വാങ്ങുന്ന നിമിഷം. ഇവയെല്ലാം മറക്കാൻ വയ്യ. നിമിഷങ്ങളാണു് നമ്മെ ഭരിക്കുന്നതു്.

രാജൻ കാക്കനാടൻ

“The moon shines bright. In such a night as this,

When the sweet wind did gently kiss the trees

And they did make no noise… ”

images/Unamuno.jpg
ഊനമൂനോ

കവിതയുടെ അധിത്യകയിലെത്തിയ ഇത്തരം വരികൾ ഷെയ്ക്സ്പിയറി ന്റെ The Merchant of Venice എന്ന നാടകത്തിൽ ഏറെയുണ്ടെങ്കിലും അതിന്റെ ഇതിവൃത്തം ബാലിശമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. ദുഷ്ടകഥാപാത്രം one pound of flesh എന്നു വിളിക്കുന്നതു് അയാളുടെ നൃശംസതയുടെ ഫലമാണെങ്കിലും പണം കടം കൊടുക്കുന്നവർക്കു് ആ വിധത്തിലുള്ള ക്രൂരതയിൽനിന്നു് ഒഴിഞ്ഞു നില്ക്കാനാവില്ല. ഒഴിഞ്ഞു നിന്നാൽ പലിശ കിട്ടില്ല. മുതൽ പോലും കിട്ടില്ല. അതുകൊണ്ടു് എന്നോടു് ഇത്തരം ക്രൂരത കാണിച്ചിട്ടുള്ളവരോടു് എനിക്കു് നീരസമൊട്ടും തോന്നിയിട്ടില്ല. വർഷങ്ങൾക്കുമുൻപു് ഒരാളിനോടു് ആയിരം രൂപ കടം വാങ്ങിയപ്പോൾ നാലായിരം രൂപ വാങ്ങിയതായി എനിക്കു മുദ്രപ്പത്രത്തിൽ എഴുതിക്കൊടുക്കേണ്ടിവന്നു. ഞാൻ പണം കൊടുത്തില്ലെങ്കിൽ നാലായിരം രൂപയ്ക്കാവും അദ്ദേഹം കോടതിയിൽ കെയ്സ് കൊടുക്കുക. “God is that which satisfies our vital longing and evil in that which does not satisfy it” എന്നു് ഊനമൂനോ (Unamuno) അദ്ദേഹത്തിന്റെ വിശിഷ്ടമായ “Tragic Sense of Life” എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടു്. (pp. 320 Dover Publications 1954-ലെ വില ഒരു ഡോളർ ഇരുപത്തഞ്ചു സെന്റ്) കൊടുക്കാത്ത രൂപയ്ക്കു് പ്രമാണം എഴുതിവാങ്ങുന്നതും ആയിരം രൂപയ്ക്കു് ഭീമമായ പലിശ വാങ്ങുന്നതും തിന്മതന്നെ. എങ്കിലും ആ തിന്മയെ ഞാൻ വെറുക്കുന്നില്ല. കടം കൊടുക്കുന്നവരെസ്സംബന്ധിച്ചു് എന്റെ മാനസികനില ഇതായതു കൊണ്ടു് സൂത്രപ്പണികളിലൂടെ കടം വാങ്ങുന്നവരോടും എനിക്കു വെറുപ്പില്ല. ആ പ്രവർത്തനത്തെ റഷ്യൻ സാഹിത്യകാരൻ ഫാസിൽ ഇസ്കന്തറെപ്പോലെ ലാഘവത്തോടെ കാണാൻ നമ്മൾ പഠിക്കണം. അദ്ദേഹത്തിന്റെ “Borrowers” എന്ന ചെറുകഥ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതാണു്. കഥയുടെ തുടക്കത്തിലെ ആശയമിങ്ങനെ: കടം വാങ്ങാൻ കരുതുന്നവൻ മുൻകൂറായി ടെലിഗ്രാമൊന്നും നിങ്ങൾക്കു് അയയ്ക്കില്ല. വ്യാപകമായ സാംസ്കാരിക കാര്യങ്ങളെക്കുറിച്ചു് അയാൾ വർത്തമാനം പറഞ്ഞു തുടങ്ങുന്നു. മിക്കവാറും ശൂന്യാകാശത്തെക്കുറിച്ചാവും സംഭാഷണം. നിങ്ങൾ പറയുന്നതൊക്കെ വലിയ ശ്രദ്ധയോടെ കേൾക്കും. ഇങ്ങനെ നിങ്ങളും അയാളും തമ്മിൽ ഊഷ്മളമായ ബന്ധം ഉണ്ടാകുമ്പോൾ സംഭാഷണത്തിലെ ആദ്യത്തെ മൗനത്തെ മുതലെടുത്തുകൊണ്ടു് അയാൾ ജഗത്സംബന്ധിയമായ ഔന്നത്യത്തിൽനിന്നു് പെട്ടെന്നു താഴത്തേക്കു വന്നു് “പിന്നെ ഒരു പത്തു റൂബിൾ പതിനഞ്ചു ദിവസത്തേയ്ക്കു കടം തരുമോ?” എന്നു ചോദിക്കും. ശ്രോതാവു് കറങ്ങി വീണതുതന്നെ. തുടർന്നു് ഇക്കഥ മുഴുവനും വായിക്കു. യഥാർത്ഥമായ ഹാസ്യത്തിന്റെ തരംഗങ്ങളിൽ നിങ്ങൾ നീന്തിത്തുടിക്കും. ഭക്ഷണശാലയിൽ നിങ്ങൾ ഇരിക്കുമ്പോഴാവും ഒരുത്തൻ വന്നു കടം ചോദിക്കുക. “അയ്യോ ഇല്ലല്ലോ” എന്നു മറുപടി. എങ്കിലും നിങ്ങളുടെ ഹൃദയം വേദനിക്കുന്നു. “നോക്കട്ടെ ഒരു സ്നേഹിതനോടു ചോദിക്കാം” എന്നു പറഞ്ഞിട്ടു് നിങ്ങൾ ഏതെങ്കിലും റ്റെലിഫോൺ ബൂത്തിൽ കയറി നില്ക്കുന്നു. ട്രൗസർ പോക്കറ്റിൽനിന്നു് അയാൾ ചോദിച്ച പണമെടുത്തു ഷേർട്ടിന്റെ പോക്കറ്റിൽ വയ്ക്കുന്നു. കരുതിക്കൂട്ടി നേരം വൈകിച്ചിട്ടു് ‘സ്നേഹിതന്റെ കൈയിൽനിന്നു വാങ്ങിയതു്’ എന്നു പറഞ്ഞു പണം അയാൾക്കു കൊടുക്കുന്നു. നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണസാധനങ്ങൾ നിങ്ങളുടെ അഭാവത്തിൽ മേശപ്പുറത്തു വെയ്റ്റർ കൊണ്ടുവച്ചതു് അയാൾ അതിനകം ഭക്ഷിച്ചിരിക്കും.

images/Antero_de_Quental.jpg
ആന്റീറോ ദി കീന്റൽ

ഇങ്ങനെ പൊരിക്കുന്നവരെക്കുറിച്ചു ഒരു കഥ (അങ്ങനെ വിളിക്കാമോ എന്തോ) എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിനു് അയച്ചിട്ടു് ശ്രീ.രാജൻ കാക്കനാടൻ ഈ ലോകം വിട്ടുപോയി. പക്ഷേ, ഈ രചനയിൽ ഹാസ്യമില്ല, ഇതിനു പ്രബന്ധത്തിന്റെ സ്വഭാവമേയുള്ളു എന്നൊക്കെ എനിക്കു പറയേണ്ടിയിരിക്കുന്നു. എന്റെ ആ ക്രൂരത ആ നല്ല സ്നേഹിതന്റെ ആത്മാവ് ക്ഷമിക്കട്ടെ. ഇസ്കന്തറുടെ കഥയാണു് രാജൻ കാക്കനാടന്റെ പ്രചോദനകേന്ദ്രം എന്നു കൂടി എഴുതിയില്ലെങ്കിൽ നിരൂപണത്തെസ്സംബന്ധിച്ച സത്യസന്ധത ഉണ്ടാവുകയില്ല. പാതിരിമാരും കാക്കകളും ഒരുപോലിരിക്കുമെന്നു് ചൊല്ല്. പക്ഷേ, ഓരോ പാതിരിക്കും ഓരോ കാക്കയ്ക്കും ‘വ്യക്തിത്വ’മുണ്ടു്. കഥകളും ഒരേ മട്ടിലിരിക്കുമെങ്കിലും ഓരോന്നിനും അതിന്റേതായ ‘വ്യക്തിത്വം’ ഉണ്ടാകുമെന്നും പറയാം.

images/Isaac-Asimov.jpg
ഈസാക് അസമൊഫ്

മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ തീവണ്ടിയിൽ യാത്ര പോകുകയായിരുന്നു. “ഓമനേ ഇവിടെ നിന്നുകൊള്ളു. ഞാൻ പോയി റ്റിക്കറ്റ് വാങ്ങിക്കൊണ്ടുവരാം.” എന്നു പറഞ്ഞു് അയാൾ പോയി. ഒറ്റയ്ക്കു യാത്ര ചെയ്തു ചെയ്തു് അതൊരു ശീലമായിപ്പോയി അയാൾക്കു് അതുകൊണ്ടു് വധുവിന്റെ കാര്യമോർമ്മിക്കാതെ ഒരു റ്റിക്കറ്റ് വാങ്ങിക്കൊണ്ടു് അയാൾ അവളുടെ അടുത്തെത്തി. ഒറ്റ റ്റിക്കറ്റ് കണ്ട അവൾ കരഞ്ഞു. പെട്ടെന്നു് അയാൾ പറഞ്ഞു… “ഓമനേ, താൽക്കാലികമായ ക്ഷോഭംകൊണ്ടു് ഞാൻ എനിക്കു റ്റിക്കറ്റ് വാങ്ങാൻ മറന്നുപോയി (ഈസാക് അസമൊഫ് Isaac Asimov, “Treasury of Humor ”).

നാട്യക്കാരൻ
images/Lafcadio_Hearn.jpg
Laf cadio Hearn

റഷ്യൻ അതിർത്തിയിലെ ഒരു ആർമീനിയൻ പട്ടണത്തിൽ ജനിച്ച George Ivanovich Gurdjieff-ന്റെ പേര് ഉച്ചരിക്കേണ്ടതെങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. രണ്ടുകൊല്ലം മുൻപു് ഒരു റഷ്യാക്കാരനോടു ചോദിച്ചപ്പോൾ അതു് റഷ്യൻ പേരല്ല എന്നാണു് മറുപടി കിട്ടിയതു് എനിക്കു്. അദ്ദേഹത്തിന്റെ അച്ഛനമ്മമാർ ഗ്രീക്കുകാരായിരുന്നു. അതിനാൽ ഗ്രീക്കു പേരായിരിക്കാമതു്. പക്ഷേ, George എന്നതും Ivanovich എന്നതും റഷ്യൻ പേരുകളാണു്. Gurdjieff-നെ റഷ്യൻ സംജ്ഞാനാമമായി കരുതാമെങ്കിൽ പേരു ഗ്യോർഗി ഇവാനവിച്ച് ഗുർദ്ഷ്യേവ് എന്നാവും ഉച്ചാരണം. റഷ്യൻ സംജ്ഞാനാമങ്ങളുടെ നിഘണ്ടുവിൽ Gurdjieff എന്ന പേരു കാണാത്തതിനാൽ അതു റഷ്യൻ പേരല്ല എന്നു റഷ്യാക്കാരൻ പറഞ്ഞതാവും ശരി. ഇക്കാരണങ്ങളാൽ ശ്രീ. രവി വിലങ്ങനും ശ്രീ. ഇ. വി. ശ്രീധരനും എഴുതിയതു പോലെ (കലാകൗമുദി) അദ്ദേഹത്തിന്റെ പേരു ഗുർജിഫ് എന്നു തന്നെ ആയിക്കൊള്ളട്ടെ. ഈ മിസ്റ്റിക്കിനെക്കുറിച്ചു് അറിയാൻ പാടില്ലാത്തവർക്കു പ്രയോജനപ്രദമാണു് രണ്ടു പ്രബന്ധങ്ങളും.

ഇന്ത്യയിലെ ഏറ്റവും അന്തസ്സുള്ള രാഷ്ട്രീയ പ്രവർത്തകനാരു്? ജ്യോതിബാസു. ആവർത്തിക്കട്ടെ ഈ ഉത്തരമെഴുതിയ ഞാൻ കമ്മ്യൂണിസ്റ്റല്ല.

കോളിൻ വിൽസന്റെ അഭിപ്രായമനുസരിച്ചു് ഈ മിസ്റ്റിക്കിന്റെ ഉദ്ബോധനത്തിന്റെ സാരാംശം പ്രവൃത്തിയാണു്. മനുഷ്യനു് ഇരുപത്തൊന്നു വയസ്സുവരെ മാത്രമേ വളർച്ചയുള്ളു. അതിനു ശേഷം വളർച്ചയില്ലാത്തതിനാൽ അവൻ ആലസ്യത്തിൽ വീഴും. അവനെ അതിൽനിന്നു് ഉണർത്താനായി വിറകു കീറിക്കുക, കല്ലു പൊട്ടിക്കുക ഈ പണികളിലേക്കു നയിക്കും ഗുരുനാഥൻ. അസഹനീയങ്ങളായിരുന്നു അവയെന്നു മിസ്റ്റിക്കിന്റെ’ ശിഷ്യൻമാർ പറഞ്ഞിട്ടുള്ളതു് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ടു്.

രണ്ടാമത്തേതു് വിശുദ്ധനൃത്തങ്ങളാണു്. ഈ നൃത്തങ്ങളെ ഗുരുനാഥൻ ചലനാത്മകമായ യോഗം എന്നു വിളിച്ചിരുന്നു. ഇവ മനുഷ്യരെ ആധ്യാത്മിക നിദ്രയിൽനിന്നു് (spiritual slumber) ഉണർത്തിയിരുന്നുപോലും.

images/Colin_Wilson.jpg
കോളിൻ വിൽസൻ

പൗരസ്ത്യ ദർശനമുസരിച്ചു് മൂന്നു മാർഗ്ഗങ്ങളാണുള്ളതു് 1) ശാരീരിക ദമനം (physical discipline) 2) വൈകാരിക ദമനം (emotional discipline) 3) ധൈഷണിക ദമനം (Intellectual discipline). ആദ്യത്തേതു് ഫക്കീറിന്റേതു്. രണ്ടാമത്തേതു് സന്യാസിയുടേതു്. മൂന്നാമത്തേതു് യോഗിയുടേതു്. ഇവയ്ക്കു തമ്മിൽ സമനിലയില്ലെന്നു റഷ്യൻ മിസ്റ്റിക് കരുതി. അതിനാൽ അവയെ നിരാകരിച്ചു് അദ്ദേഹം നാലാമതൊരു മാർഗ്ഗം സ്വീകരിച്ചു. ത്യജിക്കലോ നിരാകരിക്കലോ ജീവിതത്തിൽ പാടില്ല എന്നതിനെയാണു് നാലാമത്തെ മാർഗ്ഗമെന്നു അദ്ദേഹം വിളിച്ചതു്. (Stephen Annett പ്രസാധനം ചെയ്ത The Many Ways of Being എന്ന ഗ്രന്ഥത്തിനോടു കടപ്പാടു്.)

മനുഷ്യൻ ഒറ്റയായ ‘ഞാൻ’ എന്നതല്ല. അനേകം ‘ഞാൻ’ ഒരുമിച്ചു കൂടിയതാണു്. ഈ അനേകം ‘ഞാനു’കളെ യോജിപ്പിച്ചു് ഒറ്റയായ ഞാൻ ഉണ്ടാക്കുകയാണു് വേണ്ടതു്. സ്ഫടികസിതോപലങ്ങളെപ്പോലെയാണു് ഓരോ ഞാനും. കാറിന്റെ വിൻഡ് സ്ക്രീനിൽ ഒരിടി ഇടിച്ചാൽ അതു് അനേകം ക്രിസ്റ്റലുകളായി— സിതോപലങ്ങളായി—ചിതറുമല്ലോ. ഇച്ഛാശക്തികൊണ്ടു് ഞാൻ, ഞാൻ എന്ന സിതോപലങ്ങളെ ഒരുമിച്ചു ചേർക്കാൻ ഉപകരിക്കുന്നതാണു് നാലാമത്തെ മാർഗ്ഗം (കോളിൻ വിൽസൻ).

images/Rom_Landau.png
Rom Landau

ഏതു കൊച്ചു കുട്ടിക്കും കാണാവുന്നതു പോലെ ഈ ചിന്താഗതിയിൽ ഒരു മൗലികതയുമില്ല. പലയിടങ്ങളിലും നിന്നും കടം കൊണ്ടു ചിന്തകളെ ഒരുമിച്ചു ചേർത്തു നൂതന ചിന്തയായി അവതരിപ്പിച്ച ഷാലട്ടൻ—(Charlatan) നാട്യക്കാരൻ ആയിരുന്നു ഈ റഷ്യൻ മിസ്റ്റിക് അദ്ദേഹം ശിഷ്യകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നു Rom Landau തന്റെ “God is my Adventure ” എന്ന വിശിഷ്ടമായ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. ഭക്ഷണശാലയിൽ ഇരുന്ന ഒരു സ്ത്രീക്കു പെട്ടെന്നു വൈഷയിക ചലനമുണ്ടായി. ആരോതന്റെ ലൈംഗിക കേന്ദ്രത്തെ പിളർന്നു എന്നൊരു തോന്നൽ അവൾക്കു്. തിരിഞ്ഞു നോക്കിയപ്പോൾ ഈ മിസ്റ്റിക് ഇരിക്കുന്നു അവളെ ഉറ്റുനോക്കിക്കൊണ്ടു്. ഇങ്ങനെ നോട്ടം കൊണ്ടു സ്ത്രീകളെ ഇളക്കി സ്വന്തമിച്ഛയ്ക്കു വിധേയകളാക്കിയ ഒരാളിനെ എനിക്കു് കള്ള ‘പ്രോഫിറ്റ് ’ (prophet) ആയി അംഗീകരിക്കാം. മിസ്റ്റിക്കായി അംഗീകരിക്കാൻ വയ്യ. ഏതായാലും ഈ ലേഖനങ്ങൾ കലാകൗമുദിയിൽ വന്നതു നന്നായി. വായനക്കാർ ആ “മിസ്റ്റിക്കി”നെക്കുറിച്ചു ചിന്തിക്കുമല്ലോ.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ സാഹിത്യകാരൻമാർക്കു തമ്മിൽത്തമ്മിൽ സ്നേഹമുണ്ടോ?

ഉത്തരം: സാഹിത്യകാരൻ എന്നതു് മഹത്ത്വമുള്ള പേരാണു്. ഞാനതിൽ പെടില്ല. സാഹിത്യത്തിൽ പ്രവർത്തിക്കുന്നവൻ മാത്രമാണു് ഞാൻ. സാഹിത്യകാരന്മാർക്കു് തമ്മിൽത്തമ്മിൽ ഇല്ലാത്തതു് ഒരു വികാരം മാത്രം. സ്നേഹം എന്നാണു് അതിന്റെ പേരു്.

ചോദ്യം: കമ്മ്യൂണിസം മരിച്ചോ?

ഉത്തരം: ഒരാശയത്തിനും മരണമില്ല. ചിലപ്പോൾ ആശയത്തിനു വേഗമുണ്ടായിരിക്കും. മറ്റു ചിലപ്പോൾ മന്ദഗതിയും, ലെനിന്റെ കാലത്തു് അതു വേഗത്തിൽ പ്രവർത്തിച്ചു. ഇന്നു് അതിനു മന്ദഗതി, ഇനിയും ഒരുകാലത്തു് വേഗമുണ്ടാകും.

ചോദ്യം: നമ്മൾ ഇന്ത്യാക്കാർ ഓരോ നിമിഷവും എന്തു ചെയ്യുന്നുവെന്നു നിങ്ങൾക്കറിയാമോ?

ഉത്തരം: അറിയാം. ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു. ചോദ്യം ചോദിച്ച നിങ്ങളും ഉത്തരമെഴുതുന്ന ഞാനും പഞ്ചാബിലോ ജമ്മു-കാശ്മീരിലോ ആണു് ജനിച്ചതെങ്കിൽ ചോദ്യം ചോദിക്കാൻ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഉത്തരമെഴുതാൻ ഞാനും കാണുകില്ല.

ചോദ്യം: ഇന്ത്യയിലെ ഏറ്റവും അന്തസ്സുള്ള രാഷ്ട്രീയ പ്രവർത്തകനാരു്?

ഉത്തരം: ജ്യോതിബാസു ആവർത്തിക്കട്ടെ ഈ ഉത്തരമെഴുതിയ ഞാൻ കമ്മ്യൂണിസ്റ്റല്ല.

ചോദ്യം: നിങ്ങൾ മൂർഖനായി നടക്കുന്നതല്ലാതെ ശീട്ടുകളിയെങ്കിലും കളിച്ചിട്ടുണ്ടോ?

ഉത്തരം: ഞാൻ ബാല്യകാലത്തു് പേരെടുത്ത ബാഡ്മിന്റൻ കളിക്കാരനായിരുന്നു. ചീട്ടുകളിക്കാരനും. അതിന്റെ എല്ലാ നിയമങ്ങളും മനസ്സിലാക്കിയിട്ടേ കളി തുടങ്ങിയുള്ളു. ഇന്നു രാഷ്ട്രീയക്കളി നടത്തുന്നവർക്കു് അതിന്റെ ഒരു നിയമവുമറിഞ്ഞുകൂടാ.

ചോദ്യം: സാൽവഡോർ ഡാലി യുടെ ആത്മകഥ വായിക്കുന്നതു് നിങ്ങളുടെ വാക്കുകളിലാണെങ്കിൽ മഹനീയമായ അനുഭവമല്ലേ?

ഉത്തരം: സാൽവാദോർ ഡാലിയുടെ ആത്മകഥയ്ക്കു രണ്ടു ഭാഗങ്ങളുണ്ടു്. രണ്ടും വായിച്ചിട്ടുണ്ടു്. അവ പച്ചക്കള്ളമാണ്, വൾഗറാണു്.

ചോദ്യം: ‘വേരിലും തടിയിലും കയ്പിൻ ഗന്ധം’ അപ്പേൾ പൂവിലോ?

ഉത്തരം: വേരിലും തടിയിലും കയ്പു് ഉണ്ടെങ്കിൽ പൂവിലും അതുകൊണും സംശയിക്കേണ്ടതില്ല.

മുട്ടായിക്കവിത
images/Salvador_Dali.jpg
സാൽവഡോർ ഡാലി

ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ ഒരു കാവ്യസമാഹാര ഗ്രന്ഥത്തിനു് അവതാരികയെഴുതിക്കൊടുത്തില്ലല്ലോ എന്നു ശ്രീ. റ്റി. എൻ. ഗോപിനാഥൻ നായർ അച്ഛനെ—സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപിള്ളയെ—കൂടക്കൂടെ ഓർമ്മിപ്പിക്കുമായിരുന്നു. ഒരുദിവസം, മകന്റെ ഉപദ്രവം സഹിക്കാനാവാതെ അച്ഛൻ പറഞ്ഞു—“എന്നാൽ ആ മുട്ടായിക്കവിത ഇങ്ങ് എടുത്തുകൊണ്ടുവാ” എന്നു്. ചങ്ങമ്പുഴക്കവിത മുട്ടായിയാണെങ്കിൽ അതു ഫൈവ് സ്റ്റാറോ കാഡ്ബറീസോ ആയിരിക്കും. മുട്ടായികളിൽ അധമൻമാരുണ്ടു്. വെറും അമേരിക്കൻ മാവും കളറും പഞ്ചാരയും ചേർത്തു് ഗ്രീൻപീസിന്റെ ആകൃതിയിൽ ഉണ്ടാക്കിവച്ചിരിക്കുന്ന മുട്ടായികൾ ആ വിഭാഗത്തിൽപെടുന്നു. പത്തുപൈസ കൊടുത്താൽ ഒരുകിലോ വരെ തൂക്കിയിട്ടു തരും. കുട്ടികൾക്കു പുഴുപ്പല്ലും വയറ്റുവേദനയും നല്കുന്ന അത്തരം ഉരുണ്ട മുട്ടായികളുടെ പേരെന്തെന്നു് എനിക്കറിഞ്ഞുകൂടാ. ശ്രീ. കെടാകുളം കരുണാകരൻ ‘മലയാള സാഹിത്യം’ വാർഷികപ്പതിപ്പിൽ എഴുതിയ ‘മധുരം; മധുരതരം’ എന്ന കാവ്യം ഇത്തരത്തിൽ മുട്ടായിക്കവിതയാണു്.

“ഓർമ്മിക്കുന്നുവോ നമ്മ-

ളൊരു സായംകാലം

പൂക്കളം നെയ്യുന്നതാം

സുന്ദര മുഹൂർത്തത്തിൽ,

രണ്ടു ദിക്കിൽനിന്നെത്തി

സ്സന്ധിച്ചാരിവരും,

തണ്ടലർ പുളകംപോൽ

വിരിയും പുഴവക്കിൽ.

ഒന്നിനുമാകാതെ നീ

പരുങ്ങിപ്പതുങ്ങിപ്പോം

സുന്ദരമുഖം താഴ്ത്തി

നാണിച്ചുനിന്നു മൗനം.”

പുരുഷനെയാണു് ആദ്യം സൃഷ്ടിച്ചതു്. പിന്നെ സൃഷ്ടാവ് ചന്ദ്രന്റെ മസൃണതയും അരയന്നപ്പുടയുടെ മൃദുത്വവും പൂക്കളുടെ സൗന്ദര്യവും പക്ഷിയുടെ ചിലമ്പലും ഒരുമിച്ചു ചേർത്തു സ്ത്രീയെ സൃഷ്ടിച്ചു.

ഇതിലെ തണ്ടലർ പുളകം പോൽ വിരിയും എന്ന രീതിയിലുള്ള അനേകം ക്ലീഷെകൾ കുഞ്ഞുങ്ങൾക്കു പുഴുപ്പല്ലു വരുത്തുന്ന പഞ്ചാരയാണു്. രണ്ടുപേരും—കാമുകനും കാമുകിയും—ഒരുമിച്ചു ചേരുന്നതു് വയറ്റുവേദനയുണ്ടാക്കുന്ന അമേരിക്കൻ മാവാണു്; സർവസാധാരണത്വമുള്ള അമേരിക്കൻ മാവു്. ബാക്കിയുള്ളതെല്ലാം കുഞ്ഞിനു വമനേച്ഛ ജനിപ്പിക്കുന്ന കളറും, ഇതൊക്കെയാണെങ്കിലും പിള്ളേർ അച്ഛനമ്മമാരറിയാതെ ഉരുണ്ട മുട്ടായി വാങ്ങിത്തിന്നും. പ്രായം കൂടിയ ഞാൻ തന്നെ ‘മലയാള സാഹിത്യ’ത്തിന്റെ താളിൽനിന്നു് അതെടുത്തു നാക്കിലിട്ടല്ലോ.

കരിങ്കല്ലുകൾ

പാതവക്കുകളിലോ ശവപ്പറമ്പിന്റെ മുകളിലോ ഇരുന്നു് സ്വപ്നം കാണുന്ന കല്ലുകൊണ്ടുള്ള കൊച്ചു ബുദ്ധപ്രതിമകളുടെ മുഖങ്ങളിൽ ജാപ്പനീസ് ശൈശവത്തിന്റെ മൃദുലാകർഷകത്വമുണ്ടു്.

കോൺകേയ്വ് (ഉള്ളിലേക്കു വളഞ്ഞ) ദർപ്പണത്തിൽ നിന്നുള്ള പ്രതിഫലനത്തിനു ശേഷം രശ്മികൾ ഒരുമിച്ചു കൂടുന്ന ബിന്ദുവിനെ ‘ഫോക്കസ്’ എന്നു പറയുന്നു. പുറത്തേക്കു വളഞ്ഞ (കോൺവെക്സ്) കാചംവഴി അപവർത്തനം (റിഫ്രാക്ഷൻ) സംഭവിച്ചു് രശ്മികൾ ഒരുമിച്ചു കൂടുന്ന ബിന്ദുവും ‘ഫോക്കസ്’ തന്നെ. പ്രാപഞ്ചിക സംഭവങ്ങളുണ്ടാകുന്ന കാചത്തിലൂടെ ‘വിഷ’ന്റെ രശ്മികൾ പായിച്ചു ഫോക്കൽ പോയിന്റിൽ എത്തിക്കുമ്പോൾ തിളക്കമുണ്ടാകും. അപ്പോൾ സത്യം സത്യാത്മകമാകുന്നു. ദേശാഭിമാനി വാരികയിൽ ‘എന്നും വേനൽ’ എന്ന ചെറുകഥയെഴുതിയ ശ്രീമതി ജാനമ്മ കുഞ്ഞുണ്ണിക്കു് രശ്മികളെ ഫോക്കസിലെത്തിക്കാൻ അറിഞ്ഞുകൂടാ. ഓവർ ഫോക്കസ്സിങ് എന്നു പറയാമോ എന്തോ? പറയാമെങ്കിൽ അതാണു് ശ്രീമതി നിർവഹിക്കുക. ഒരു തെമ്മാടി ധനികന്റെ കൂടെ ഒരുത്തിയെ പറഞ്ഞയയ്ക്കുന്നു അവളുടെ അച്ഛനമ്മമാർ അവന്റെ ദൗഷ്ട്യം സഹിക്കാനാവാതെ അവൾ വീട്ടിൽ വരുന്നു. മറ്റൊരുത്തന്റെ കൂടെ പോയപ്പോൾ അമ്മായിയുടെ ഉപദ്രവം. അതുകൊണ്ടു സാമൂഹിക പ്രവർത്തനത്തിൽ അവൾ മുഴുകി. അതിന്റെ ഫലമായി ഭർത്താവിന്റെ സ്നേഹം നഷ്ടപ്പെട്ടു. അതു വീണ്ടെടുക്കാൻ കഴിയാതെ അവൾ നൈരാശ്യത്തിലേക്കു വീഴുമ്പോൾ കഥയുടെ പര്യവസാനം. സർഗ്ഗാത്മകത്വമാണു് ഫോക്കസ് സൃഷ്ടിക്കുന്നതു്. അതിനു കഴിവില്ല ജാനമ്മ കുഞ്ഞുണ്ണിക്കു് എന്നു പറഞ്ഞു കഴിഞ്ഞു. അതിനു വൈദഗ്ദ്ധ്യമില്ലെങ്കിൽ ഏതെങ്കിലുമൊരു വാക്യം അനുഭൂതി ജനിപ്പിച്ചാലും മതിയായിരുന്നു. അതുമില്ല. എന്റെ വീട്ടിനടുത്തു് ഒരു മാന്യൻ കെട്ടിടം നിർമ്മിക്കുന്നു. ലോറിയിൽ കയറ്റിക്കൊണ്ടുവന്നു പറമ്പിലിട്ട കരിങ്കല്ലുകൾ സ്ത്രീകൾ ഓരോന്നായി തലയിലെടുത്തു് ഒരിടത്തു കൊണ്ടിടുന്നു. അവർക്കു കെട്ടിട നിർമ്മാണത്തെക്കുറിച്ചു് ഒരു ‘വിഷനു’മില്ല. ദിവസക്കൂലിക്കു കരിങ്കൽ ചുമക്കുകയാണു്. ഒരു ദർശനവുമില്ലാതെ (Vision) ശ്രീമതി ജാനമ്മ വാക്കുകളാകുന്ന കരിങ്കൽക്കഷണങ്ങളെടുത്തു താഴത്തേയ്ക്കു് എറിയുന്നു. തന്റെ തലയിലെ ഭാരം ഒന്നൊഴിവാക്കിയാൽ മതിയെന്നേ അവർക്കുള്ളു. അവ വന്നുവീഴുന്നതു് ദേശാഭിമാനി വാരികയുടെ നെഞ്ചിലും വായനക്കാരന്റെ നെഞ്ചിലും.

നാനാവിഷയകം
  1. പുരുഷനെയാണു് ആദ്യം സൃഷ്ടിച്ചതു്. പിന്നെ ത്വഷ്ടാവ് ചന്ദ്രന്റെ മസൃണതയും അരയന്നപ്പൂടയുടെ മൃദുത്വവും പൂക്കളുടെ സൌന്ദര്യവും പക്ഷിയുടെ ചിലമ്പലും ഒരുമിച്ചു ചേർത്തു സ്ത്രീയെ സൃഷ്ടിച്ചു. ആദ്യം പുരുഷനു് ആഹ്ലാദം. പക്ഷേ, കുറെക്കഴിഞ്ഞു് അയാൾ ത്വഷ്ടാവിന്റെ അടുക്കലെത്തിപ്പറഞ്ഞു: “അവൾ സുന്ദരിയാണു്. ഞാൻ അവളെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാൽ അവൾ വാതോരാതെ ചിലയ്ക്കുന്നു. എന്റെ ജീവിതത്തിലെ ശാപമാണു് അവൾ. തിരിച്ചെടുത്താലും അവളെ.” രണ്ടുമാസം കഴിഞ്ഞു് അയാൾ വീണ്ടുമെത്തി ത്വഷ്ടാവിനോടു പറഞ്ഞു. “എനിക്കു വല്ലാത്ത ദുഃഖം. അവളെ തിരിച്ചു തരു.” കുറച്ചു ദിവസം കഴിഞ്ഞു് അയാൾ വീണ്ടും എത്തി അദ്ദേഹത്തെ അറിയിച്ചു: “ദയവുചെയ്തു് അവളെ തിരിച്ചെടുക്കു.” ത്വഷ്ടാവ് പറഞ്ഞു: “ഇല്ല. നീ അവളോടു കഴിഞ്ഞുകൊള്ളണം.” പാവം പുരുഷൻ അയാൾക്കു് അവളോടൊരുമിച്ചു ജീവിക്കാൻ വയ്യ. അവളില്ലാതെയും ജീവിക്കാൻ വയ്യ. (Autobiography of a Yogi എന്ന പുസ്തകമെഴുതിയ ശ്രീ പരമഹംസ യോഗാനന്ദ ന്റെ മറ്റൊരു വിശിഷ്ട ഗ്രന്ഥമായ Man’s Eternal Quest എന്ന പുസ്തകത്തിൽ നിന്നു് പുറം 322, Oxford & IBH publishing co. വില 75 രൂപ.)
  2. ആന്റീറോ ദി കീന്റൽ (Antero de Quental) എന്ന പോർത്തുഗീസ് (പോറ്റ്യൂഗീസ്) ദുരന്തകവി അദ്ഭുതാവഹങ്ങളായ രണ്ടു ഗീതകങ്ങളിലൂടെ ബന്ധനസ്ഥമായ ചൈതന്യത്തെസ്സംബന്ധിച്ച സ്വപ്നത്തിനു രൂപം നല്കിയിട്ടുണ്ടു്. ആ തടവു് പരമാണുക്കളിലല്ല, ‘അയണി’ലല്ല (ion), സിതോപലങ്ങളിലല്ല. കവി സ്വാഭാവികമായി കാണുന്നതുപോലെ സമുദ്രത്തിലും വൃക്ഷങ്ങളിലും വനങ്ങളിലും പർവ്വതങ്ങളിലും കാറ്റിലും എല്ലാ ഭൗതികവസ്തുക്കളിലും രൂപങ്ങളിലുമാണു്. ബന്ധനസ്ഥങ്ങളായ ഈ ആത്മാക്കളെല്ലാം ബോധത്തിലേക്കു് ഉണരുമെന്നും അവയെ ബന്ധിച്ച രൂപങ്ങളിൽനിന്നു സ്വാതന്ത്ര്യം നേടി ശുദ്ധമായ ചിന്തയായി ആവിർഭവിക്കുമെന്നും അദ്ദേഹം സങ്കല്പിക്കുന്നു. മോഹത്തിന്റെ സൃഷ്ടികളായ ഈ രൂപങ്ങൾ വീണുപോകുന്നെന്നും അടിസ്ഥാനരഹിതമായ ‘വിഷൻ’ എന്ന പോലെ അലിഞ്ഞുപോകുന്നെന്നും അവ കാണും. ബോധം എല്ലാത്തിലും കടന്നുകയറുമെന്നതു് ഒരുജ്ജ്വലസ്സ്വപ്നം തന്നെ. (ഊനാ മുനോയുടെ Tragic Sense of Life എന്ന പുസ്തകത്തിൽ നിന്നു്. പുറം 240.)
  3. പാതവക്കുകളിലോ ശവപ്പറമ്പിന്റെ മുകളിലോ ഇരുന്നു സ്വപ്നം കാണുന്ന കല്ലുകൊണ്ടുള്ള കൊച്ചു ബുദ്ധ പ്രതിമകളുടെ മുഖങ്ങളിൽ ജാപ്പനീസ് ശൈശവത്തിന്റെ മൃദുലാകർഷകത്വമുണ്ടു്. ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങളുമായി സാദൃശ്യമുണ്ടു് അവയ്ക്കു്. വിചിത്രമായ സൌന്ദര്യവും അപക്വമായ മുഖരേഖകളും അറിയണമെങ്കിൽ ജപ്പാനിലെ കുഞ്ഞുങ്ങൾ ഉറങ്ങുന്നതു് നിങ്ങൾ കാണേണ്ടിയിരിക്കുന്നു—കൺപോളകളുടെയും ചുണ്ടുകളുടെയും രേഖകളുടെ അസ്പഷ്ടമാധുര്യം. ബുദ്ധപ്രതിമകളുടെ നിർമ്മാതാക്കളുടെ കലയിൽ ഐശ്വരാവസ്ഥയുടെ ശാന്തി കുഞ്ഞിന്റെ നിദ്രയെ സുന്ദരമാക്കുന്ന നേരിയ മന്ദഹാസത്തിലൂടെയാണു് വ്യജ്ഞിപ്പിക്കപ്പെടുന്നതു്. (Laf cadio Hearn-ന്റെ Writings from Japan എന്ന പുസ്തകത്തിൽനിന്നു്.)
നൂതനം
images/Cortazar.jpg
കോർതസാർ

ഇംഗ്ലീഷിലെ ‘ഹോൺടിങ്’ എന്ന പദത്തെ സാർത്ഥകമാക്കുന്ന കഥകളാണു് കോർതസാറി ന്റേതു്. അവയ്ക്കു തുല്യം കലാസുന്ദരങ്ങളായ മറ്റു കഥകൾ ഞാനധികം കണ്ടിട്ടില്ല. കഥാസമാഹാരങ്ങളിൽ അച്ചടിച്ചു വരുന്ന ചെറുകഥകൾക്കു പുറമേ അദ്ദേഹത്തിന്റെ “We love Glenda so much”, “A change of Light” ഈ സമാഹാര ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. രണ്ടാമതു പറഞ്ഞ പുസ്തകത്തിലെ “Summer” എന്ന കഥ അദ്ഭുതാവഹമത്രേ. മേരിയാനോയും സുൽമയും താമസിക്കുന്ന ക്യബിനിൽ കൊച്ചു മകളെ കൊണ്ടുവിട്ടിട്ടു് ഫ്ളോറൻഷ്യോ കടൽത്തീരത്തേക്കു പോയി. രാത്രി കുഞ്ഞിനെ നോക്കിക്കൊള്ളണമെന്നായിരുന്നു അയാളുടെ അപേക്ഷ. ദമ്പതികൾ കുഞ്ഞിനു ആഹാരം കൊടുത്തു് മുറിയുടെ മൂലയിൽ കിടത്തി. മേരിയാനോ രണ്ടാമത്തെ നിലയിൽ കീടനാശിനി തളിക്കുന്നതിന്റെയും സുൽമ മുറിച്ച ഒരു ഉള്ളിയുടെ മണം വ്യാപിക്കുന്നതിനുമിടയ്ക്കു രാത്രിയെത്തി. പെട്ടെന്നു് ഒരു ശബ്ദം. ഉദ്യാനത്തിലെ കല്പടവുകളിലാണതു്. പട്ടിയാണോ? അല്ല. കുതിര. മേരിയാനോ അതിന്റെ കുളമ്പുകളിൽ നിന്നു വരുന്ന ശബ്ദംകേട്ടു. ആ മൃഗത്തിന്റെ കുഞ്ചിരോമവും ചോരയൊലിക്കുന്ന ചുണ്ടുകളും വലിയ തലയും ജന്നലിൽ ഉരസുന്നു. വീണ്ടും കുളമ്പുകളുടെ ശബ്ദം. കുതിര ജന്നൽ തകർത്തു അകത്തു കയറുമെന്നു സുൽമയ്ക്കു പേടി. കുതിര കരയുന്നതിന്റെയും കുളമ്പുകൾ ഉദ്യാനത്തിൽ പതിക്കുന്നതിന്റെയും ശബ്ദം ഉയർന്നുയർന്നു വന്നു. സുൽമ തകരുകയാണു്. അവൻ പോയിയെന്നു മേരിയാനോ പറഞ്ഞു. പക്ഷേ, അവൾ സമാശ്വസിച്ചില്ല. ഒരു ‘ട്രാൻക്വിലൈസർ’ കൊടുത്തു് അവളെ ഉറക്കാൻ കിടത്തി അയാൾ. കിടക്കാനായി നഗ്നയായി മാറിയ അവൾക്കു പേടി മൂലയിൽ കിടക്കുന്ന പെൺകുഞ്ഞു വാതിൽതുറന്നിട്ടു് കുതിരയെ വീട്ടിനകത്തു കയറ്റുമെന്നു്. ചെന്നു നോക്കിയപ്പോൾ അവൾ എഴുന്നേറ്റു നില്ക്കുന്നു. “നീ എന്താണു് ഈ സമയത്തു് ചെയ്യുന്നതു്” എന്നു സുൽമ അവളോടു ചോദിച്ചപ്പോൾ “I go up to tinkle” എന്നു മറുപടി. (tinkle = മൂത്രമൊഴിക്കുക) ഉദ്യാനത്തിൽ മൂത്രമൊഴിക്കാൻ വേണ്ടി വാതിൽ തുറക്കരുതു്, മുകളിലുള്ള കുളിമുറിയിൽ പോകണമെന്നു താൻ പറഞ്ഞിട്ടില്ലേ എന്നു സുൽമ കുട്ടിയോടു ചോദിച്ചു. പേടിക്കാനില്ല എന്നു മേരിയാനോ ധൈര്യം കൊടുത്തിട്ടും സുൽമയ്ക്കു ഭയംതന്നെ. കുതിരയെ അകത്തേക്കു വരുത്താനാണു് പെൺകുട്ടി വാതിൽ തുറന്നിട്ടതെന്നു് സുൽമ കരുതി. വാതിൽ ഇപ്പോഴും തുറന്നിരിക്കുന്നു അവൻ വരും, വരും എന്നായി അവൾ. വരുന്നെങ്കിൽ വരട്ടെ എന്നു് അയാൾ. മേരിയാനോയുടെ ഭാരമാർന്ന ശരീരം സുൽമയിലമർന്നു. “I don’t want to, I don’t want to, I don’t want to ever again, I don’t want to” എന്നു പറഞ്ഞു് അവൾ വിലപിച്ചു. പക്ഷേ, ഫലമുണ്ടായില്ല. പോസ്റ്റ്മാൻ എഴുത്തുകകൾ കൊണ്ടിടാത്ത ഉഷ്ണകാലം കുതിരകളില്ലാത്ത ഉഷ്ണകാലം ഈ ഭൂതകാലത്തേക്കു അവൾ ആ ഞെരിഞ്ഞമരലിലൂടെ ചെന്നു. രാത്രിയേറെക്കഴിഞ്ഞപ്പോൾ അയാൾ വസ്ത്രധാരണം ചെയ്തു് താഴത്തേയ്ക്കു ചെന്നു. പെൺകുഞ്ഞു് വായിൽ വിരലിട്ടുകൊണ്ടു ഉറങ്ങുകയാണു്. സുൽമ പറഞ്ഞതു ശരി. പെൺകുഞ്ഞു് വലിയ വാതിൽ തുറന്നിട്ടിരിക്കുന്നു. പക്ഷേ, കുതിര അകത്തേയ്ക്കു വന്നില്ല. കുതിര അകത്തു കയറിയില്ലെന്നു് എങ്ങനെ തീരുമാനിക്കാം? എല്ലാം ക്രമമായി നടക്കുമെങ്കിൽ, നാഴികമണി സമയം ശരിയായി അളന്നു കുറിക്കുമെങ്കിൽ ഫ്ളോറൻഷ്യോ മകളെ കൊണ്ടുപോകാൻ വരും. പന്ത്രണ്ടു മണിയോടു് അടുപ്പിച്ചു് പോസ്റ്റ്മാൻ വരും. താനോ സുൽമനോ അതെടുക്കും. ഭക്ഷണത്തിനു് എന്താണു് വേണ്ടതെന്നു് അവർ പരസ്പരം സമ്മതിച്ചു തീരുമാനത്തിലെത്തും. സെക്സിനോടു ബന്ധപ്പെട്ട, വിവാഹിതയായ സുൽമയുടെ പേടിയെ ഒരു പ്രതീകത്തിലൂടെ ആവിഷ്കരിക്കുന്ന ഇക്കഥ മിസ്റ്ററിയുടെ തീക്ഷണത ആവഹിക്കുന്നു.

images/Paramahansa_Yogananda.jpg
ശ്രീ പരമഹംസ യോഗാനന്ദ

ഞാൻ, ശ്രീ. കെ. എസ്. രാമൻ ഭാഷാപോഷിണി മാസികയിലെഴുതിയ “മോട്ടോർ സൈക്കിളുകൾ” എന്ന ചെറുകഥ വായിച്ചു് ഇതേതീക്ഷ്ണത ദർശിച്ചു. മോട്ടോർ സൈക്കിളപകടത്തിൽ മരിച്ച ഭർത്താവിനെ ധ്യാനിച്ചു കിടക്കുന്ന വിധവ മതിവിഭ്രമത്തിലൂടെ മറ്റൊരു മോട്ടോർ സൈക്കിളിന്റെ ശബ്ദം പതിവായി കേൾക്കുന്നതും ഒടുവിൽ അതില്ലാതെയാകുമ്പോൾ തകർന്നടിയുന്നതും കഥാകാരൻ പ്രഗല്ഭമായി ചിത്രീകരിച്ചിരിക്കുന്നു. നൂതനമായ ഭാവസംദൃബ്ധത, നൂതനമായ വിഷയം. കഥാകാരൻ അഭിനന്ദനം അർഹിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-10-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.