സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-11-24-ൽ പ്രസിദ്ധീകരിച്ചതു്)

images/Satchidanandan.jpg
സച്ചിദാനന്ദൻ

വർണ്ണോജ്ജ്വലങ്ങളായ പ്ളാസ്റ്റിക് തുണ്ടുകൾ യോജിപ്പിക്കേണ്ട രീതിയിൽ യോജിപ്പിച്ചാൽ കൊച്ചു കൊച്ചു കെട്ടിടങ്ങൾ ഉണ്ടാക്കാം. എന്നാൽ ആ തുണ്ടുകളടങ്ങിയ കാഡ്ബോഡ് പെട്ടി അത്ര ബുദ്ധിയില്ലാത്ത കുഞ്ഞിന്റെ കൈയിൽ കൊടുത്താൽ അവൻ എന്താണു ചെയ്യേണ്ടതെന്നറിയാതെ തെല്ലുനേരം മിണ്ടാതിരിക്കും. എന്നിട്ടു് പെയ്സ്റ്റ് ബോഡ് പെട്ടി തുറന്നു പ്ളാസ്റ്റിക് തുണ്ടുകളെ വാരി വിതറും. അവ നോക്കി രസിക്കും. അപ്പോൾ അച്ഛനെത്തി ആ കഷ്ണങ്ങളെ വേണ്ട മട്ടിൽ ചേർത്തു തുടങ്ങിയാൽ കൊച്ചു വീടു് രൂപം കൊള്ളും. എല്ലാ തുണ്ടുകളും യോജിപ്പിച്ചു കഴിയുമ്പോൾ ഭംഗിയുള്ള ഭവനം. കുഞ്ഞു് അതു കണ്ടു കൈ കൊട്ടുന്നു; അച്ഛൻ സന്തോഷിക്കുന്നു. നമ്മുടെ പല കവികളും പദഖണ്ഡങ്ങളെ സംയോജിപ്പിക്കാനറിയാതെ അവയെ വാരി വിതറുന്നു. ചിതറിക്കിടക്കുന്ന അവയെ നോക്കി സ്വയം രസിക്കുന്നു. ആ കവിശിശുക്കളെ മഹാകവികൾ എന്നു വിളിക്കാനും ആളുകളുണ്ടു്. അവരുടെ ഇടയിൽ ഇതാ ശക്തനായ ഒരു കവി വന്നു നില്ക്കുന്നു. അദ്ദേഹത്തെ ആരും മഹാകവിയെന്നു വിളിക്കുന്നില്ല. ഒരു കാലത്തു് ഇതെഴുതുന്ന ആൾ പോലും അദ്ദേഹത്തെ കവിയെന്നു വിളിക്കാൻ മടിച്ചിരുന്നു. പക്ഷേ, അവരെയെല്ലാം അഗണ്യകോടിയിൽ തള്ളിയിട്ടുകൊണ്ടു് കവിയായ ശ്രീ. സച്ചിദാനന്ദൻ തന്റെ കലാശക്തിയെയും പ്രതിഭാശക്തിയെയും പ്രദർശിപ്പിച്ചുകൊണ്ടു് നമ്മുടെ മുൻപിൽ എത്തിയിരിക്കുന്നു. വാക്കുകൾ അദ്ദേഹത്തിനു് ചിതറിയെറിയേണ്ട പ്ളാസ്റ്റിക് തുണ്ടുകളല്ല. യഥാക്രമം യോജിപ്പിച്ചു് കലാസൗധം നിർമ്മിക്കാനുള്ള ഉപകരണങ്ങളാണു്. സംശയമുണ്ടോ വായനക്കാർക്കു്? എങ്കിൽ അവർ അദ്ദേഹത്തിന്റെ “കൂടിക്കാഴ്ച” എന്ന കാവ്യം വായിച്ചുനോക്കട്ടെ (മാതൃഭൂമി ആഴ്ചപ്പതിപ്പു്).

“കാശ്മീരം; പമ്മിപ്പമ്മികൊലയാളിയെപ്പോലെ

വന്നെത്തും മഴ; കൂർത്ത കത്തി പോലീറൻ കാറ്റു്;

കുരുതികടുംചോര പൊഴിക്കും വാകമേൽ

തലയോട്ടിപോലെ വന്നുദിച്ചിട്ടും ചന്ദ്രൻ;

ഭയന്നു കളകളം നിർത്തിയ കിളിക്കൂട്ടം;

പകച്ച ചീനാർമരം; വിറയ്ക്കും വെൺതാഴ്‌വാരം

ഇലകൾ കൊഴിഞ്ഞൊരു ദേവദാരുവിൻ ചോരും

തണലിൽ മേളിക്കുന്നു രണ്ടു നീൾ നിഴലുകൾ.”

images/PaulValery.jpg
പൊൾ വലേറി

ഏതാനും വരികൾകൊണ്ടു് കവി അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു. പൊൾ വലേറി യുടെ ഒരലങ്കാരം കടം വാങ്ങിപ്പറയാം. ഉപ്പു് ആവോളം കലക്കി പൂരിതലായനി[1] ഉണ്ടാക്കിയിട്ടു് ഒരു ഉപ്പുകട്ട കൂടിയിട്ടാൽ സിതോപലത്തിന്റെ പ്രപഞ്ചം ആവിർഭവിക്കുന്നു. സച്ചിദാനന്ദൻ നമ്മുടെ മനസ്സിന്റെ പൂരിതലായനിയിൽ ഇടുന്ന ഈ പദലവണ സിതോപലങ്ങൾ അനായാസമായി ഒരു കാവ്യപ്രപഞ്ചം സൃഷ്ടിക്കുന്നു.

കുറിപ്പുകൾ

[1] ലായനി = solution; നിർമ്മിക്കപ്പെട്ട പദം. ദ്രവത്വമെന്നോ സംയോഗമെന്നോ ആകാം.

നമ്മുടെ പല കവികളും പദഖണ്ഡങ്ങളെ സംയോജിപ്പിക്കാനറിയാതെ അവയെ നോക്കി സ്വയം രസിക്കുന്നു. ആ കവിശിശുക്കളെ മഹാകവികൾ എന്നു വിളിക്കാനും ആളുകളുണ്ടു്.

ആരുടെയാണു് രണ്ടു നീണ്ട നിഴലുകൾ? ലെനിന്റെ തും ഗാന്ധിജി യുടേതും. യേശുക്രിസ്തു വിനെപ്പോലെ കഴുതയിൽക്കയറി ലെനിൻ ബുദ്ധമൈത്രിയുടെ മണ്ണിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മുൻപിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാരതീയർ ദഹിപ്പിച്ചു കളഞ്ഞ ഗാന്ധിജി. രണ്ടുപേരെക്കൊണ്ടും കവി സംസാരിപ്പിച്ചു കഴിയുമ്പോൾ റഷ്യയുടെയും ഭാരതത്തിന്റെയും ഇന്നത്തെ ശോചനീയാവസ്ഥയുടെ ചിത്രങ്ങൾ നമുക്കു ലഭിക്കുന്നു. രണ്ടു രാജ്യങ്ങളുടെയും പരിണാത്മകങ്ങളായ ഭൂതകാലം ഇന്നത്തെ വിനാശാത്മകമായ കാലത്തിന്റെ പശ്ചാത്തലത്തിൽ എത്ര ഉജ്ജ്വലമായിരുന്നുവെന്നു നമ്മൾ മനസ്സിലാക്കുന്നു. ഇന്നത്തെ ജീവിതാവസ്ഥകളുടെ നേർക്കുള്ള പ്രതികരണങ്ങൾ ഗ്രഹിക്കുന്നു. ഗാന്ധിജിയുടെ വാക്കുകൾ കേട്ടാലും:

കോഴികൂവീടും മുൻപേ മൂന്നുരു തള്ളിപ്പറ-

ഞ്ഞാരെന്നെ, നറുക്കിട്ടതാരെന്റെയുടുപ്പിനായ്

അവരെൻ ഗ്രാമങ്ങളെ കുപ്പത്തൊട്ടികളാക്കി

പ്പണിതൂ മഹാനഗരങ്ങളാം പതാളങ്ങൾ

ഒരുനാളെൻ നെഞ്ചിലെക്കിളിയെ കൂരമ്പെയ്തോർ

നിണത്താൽ ചമയ്ക്കുകയാണിന്നു രാമായണം.

അവയവങ്ങളുടെയോ അവസ്ഥകളുടെയോ ആകത്തുകയല്ല മനുഷ്യൻ. അതിൽക്കവിഞ്ഞ എന്തോ ആണു്.

സമുദായത്തിന്റെ ജീർണ്ണതയെ വാക്കുകൾ കൊണ്ടു തീക്ഷ്ണതമമാക്കി അമൂർത്താവസ്ഥകളെ മൂർത്താവസ്ഥകളാക്കി സച്ചിദാനന്ദന്റെ കവിത വിരാജിക്കുന്നു. എന്റെ രാജ്യത്തിന്റെ ഈ ദുഃസ്ഥിതി മാറ്റാൻ ഈ കാവ്യമെന്നെ പ്രേരിപ്പിക്കുന്നു. ആ പ്രേരണ എനിക്കു ലഭിക്കുന്നതു് കലയിലൂടെയായതുകൊണ്ടു് ‘ഇതു പ്രചാരണം’ എന്നു പറയേണ്ടതായി വരുന്നില്ല. ഇതൊക്കെക്കൊണ്ടാണു് സച്ചിദാനന്ദനെ ഞാൻ ശക്തനായ കവി എന്നു വിശേഷിപ്പിച്ചതു്. പ്രസാദാത്മകതയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും സ്പന്ദനമുളവാക്കിക്കൊണ്ടു് കാവ്യം അവസാനിപ്പിക്കുന്നു കവി. സുനിയതമായ ജീവിതമാണു് രാജ്യത്തു് വ്യവസ്ഥയുണ്ടാക്കുന്നതു്; ക്രമമുണ്ടാക്കുന്നതു്. അടിച്ചേല്പിക്കുന്ന വ്യവസ്ഥയും ക്രമവും സുനിയതമായ ജീവിതം സൃഷ്ടിക്കില്ല. റഷ്യയിലും ഇന്ത്യയിലും ഇന്നു സുനിയതമായ ജീവിതമില്ല. ആ സത്യത്തിലേക്കു കൈചൂണ്ടുന്നു ഈ കാവ്യം.

images/Lenin.jpg
ലെനിൻ

അദ്ദേഹം മരിച്ചപ്പോൾ ഞാൻ ആ വീട്ടിൽച്ചെന്നു. മൃതദേഹത്തിനരികെ മകളിരിക്കുന്നു. സുന്ദരി. ചുവന്ന കല്ലുവച്ച കമ്മൽ. ചുവന്ന കല്ലുവച്ച മാലകൾ. ചുവന്ന കല്ലുകൾ വച്ച സ്വർണ്ണവളകൾ, ചുവന്ന ബ്ലൗസ്, ചുവന്ന സാരി, തലമുടി ചുവന്ന പട്ടുനാട കൊണ്ടു കെട്ടിയിരിക്കുന്നു. ആ യുവതിയുടെ മഹാദുഃഖം മോഹാലസ്യമുണ്ടാക്കുകയില്ലേ എന്നു ഞാൻ വിചാരിച്ചു പോയി. അങ്ങനെ ബോധം കെട്ടു വീണാൽ താഴെ തലയടിക്കാതിരിക്കാനായി ഒരു ചുവന്ന തലയിണ കൂടി വച്ചിട്ടുണ്ടോ എന്നു ഞാൻ നോക്കി. അതില്ല. വിപ്ലവത്തെക്കുറിച്ചു പാടുമ്പോഴും മധുരപദങ്ങൾ പ്രയോഗിക്കുന്ന നമ്മുടെ ഒരു കവി (മരിച്ചു പോയി അദ്ദേഹം) തൊഴിലാളികളോടു പ്രസംഗിക്കുമ്പോൾ മധുരപദങ്ങൾ പ്രയോഗിച്ചിരുന്നില്ല. എല്ലാം എപ്പോഴും മാർച്ച് ചെയ്യേണ്ടതില്ലല്ലോ.

ലഘൂകരണം
images/CEMJoad1942.jpg
സി. ഇ. എം. ജോഡ്

ഇംഗ്ലീഷ് തത്ത്വചിന്തകൻ സി. ഇ. എം. ജോഡി ന്റെ (C. E. M. Joad, 1891–1953) Guide to the Philosophy of Morals and Politics എന്ന പുസ്തകത്തിൽ ഒരു ഹൗർഡിന്റെ (Howard) ഒരു പദ്യശകലം എടുത്തു ചേർത്തിട്ടുണ്ടു്. മനുഷ്യനെ നിർമ്മിക്കാൻ എന്തെല്ലാം വേണമെന്നു പറയുകയാണു് അതിൽ. പത്തു ഗാലൻ കൊള്ളുന്ന വീപ്പയിൽ നിറച്ചു വെള്ളം. ഏഴു ബാർ സോപ്പ് ഉണ്ടാക്കാനുള്ള കൊഴുപ്പു്, ഒൻപതിനായിരം പെൻസിൽ നിർമ്മിക്കാനുള്ള കാർബൺ, രണ്ടായിരത്തി ഇരുന്നൂറു തീപ്പെട്ടിക്കോലിനു വേണ്ട ഫോസ്ഫെറസ്, ഒരിടത്തരം ആണിക്കു വേണ്ട ഇരുമ്പു്, ഒരു കോഴിക്കൂടു് വെള്ളയടിക്കാൻ വേണ്ട ചുണ്ണാമ്പു് ചെറിയ അളവിൽ മെഗ്നീഷ്യവും സൾഫറും ഇവ ശരിയായ അനുപാതത്തിൽ ചേർത്താൽ മനുഷ്യശരീരമായി എന്നാണു് ആ പദ്യത്തിൽ പറയുന്നതു് (Victor Gollancz Ltd., London, P. 251). ഇതു ശരീരം മാത്രമേ ആകുന്നുള്ളു എന്നാണു് അഭിപ്രായമെങ്കിൽ ജീവശാസ്ത്രകാരന്മാരെ സമീപിച്ചു് വർഗ്ഗം, ജീൻ ഇവയുടെയൊക്കെ ഘടന മനസ്സിലാക്കി ആ ശരീരത്തിനു മനസ്സു് നല്കിക്കൊള്ളു. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യൻ രൂപം കൊള്ളുന്നില്ല എന്നതാണു് സത്യം. അവയവങ്ങളുടെയോ അവസ്ഥകളുടെയോ ആകത്തുകയല്ല മനുഷ്യൻ. അതിൽക്കവിഞ്ഞ എന്തോ ആണു്. സാധാരണക്കാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യൻ പോലും ഈ രീതിയിലാണു് എന്നതു് സംശയാതീതമായ വസ്തുതയത്രേ. ചില അനുഗൃഹീതർക്കു് ഈ സാധാരണത്വത്തിൽ നിന്നു് അതീതമായി ബോധമണ്ഡലത്തിന്റെ സമുന്നതാവസ്ഥ ലഭിക്കാറുണ്ടു്. ശ്രീരാമകൃഷ്ണ പരമഹംസൻ, രമണ മഹർഷി, ക്രിസ്തു, ബുദ്ധൻ ഇവർ ഈ സമുന്നതാവസ്ഥ പ്രാപിച്ചവരാണു്. ഇംഗ്ലീഷിൽ ഇതിനെ mystical experiences എന്നു വിളിക്കുന്നു. മാനസികാപഗ്രഥനത്തിന്റെ ഉദ്ഘോഷകനായ സുധീർ കാക്കർ തന്റെ “The Analyst and the Mystic” എന്ന പുസ്തകത്തിൽ (Viking, Rs 125) ശ്രീരാമകൃഷ്ണ പരമഹംസന്റെ ഈ യോഗാത്മകാനുഭവത്തെ സെക്സിനോടു ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിരിക്കുന്നു. സ്വത്വത്തിൽ (Personality) പുരുഷാംശവും സ്ത്രൈണാംശവും ഉണ്ടെന്നും ശ്രീരാമകൃഷ്ണനിൽ ആ സ്ത്രൈണാംശത്തിനു് വികാസം സംഭവിച്ചുവെന്നും അതുതന്നെയാണു് അദ്ദേഹത്തിന്റെ മിസ്റ്റിസിസമെന്നും കാക്കർ വാദിക്കുന്നു. ആ യോഗിവര്യൻ ബാലനായിരിക്കുമ്പോൾ പെൺകുട്ടിയുടെ വേഷം കെട്ടി അവളുടെ അംഗവിക്ഷേപങ്ങളും മറ്റും അതുപോലെ അഭിനയിച്ചതാണു് ഈ സിദ്ധാന്തത്തിനു ബലം നല്കുന്ന തെളിവായി ഗ്രന്ഥകാരൻ കൊണ്ടുവരുന്നതു്.

images/MahatmaGandhi1940.jpg
ഗാന്ധിജി

പ്രകൃതിയിൽ നിന്നു സമ്പൂർണ്ണമായി മാറി പരമസത്യത്തിൽ ലയിക്കുന്നതിനു സഹായിക്കുന്ന യോഗാത്മകാനുഭവത്തെ സപ്രമാണതയില്ലാത്ത ചില മനഃശാസ്ത്രസിദ്ധാന്തങ്ങളിലൂടെ വീക്ഷിക്കുന്ന ഈ മാർഗ്ഗം രണ്ടാംതരം തെറ്റല്ല. ഒന്നാന്തരം തെറ്റാണു്. ഏതു സത്യത്തെയും ലഘൂകരിച്ചു ലഘൂകരിച്ചു് അസത്യമാക്കിത്തീർക്കാം. സുധീർ കാക്കർ ചെയ്യുന്നതു് അതാണു്. ഇത്തരം ഗ്രന്ഥങ്ങൾ അവ അർഹിക്കുന്ന അവജ്ഞയോടെ വലിച്ചെറിയപ്പെടേണ്ടവയാണു്. ഇപ്പുസ്തകത്തിൽ രണ്ടു പ്രബന്ധങ്ങൾ കൂടിയുണ്ടു് (The Guru as Healer, Psychoanalysis and Religion Revisited). രണ്ടും മനഃശാസ്ത്രത്തിന്റെ സവിശേഷതയായ ‘റിഡക്ഷനിസ’ത്തിൽ ചെന്നു വീഴുന്നു. പരിമേയാവസ്ഥകളെ ലംഘിച്ചു് അപരിമേയാവസ്ഥകളിലേക്കു ചെല്ലുന്ന യോഗികളുടെ യോഗാത്മകാനുഭവങ്ങളെ ആരും നിഷേധിക്കുന്നില്ല. കാലഹരണപ്പെട്ട ഫ്രായിഡിയൻ സിദ്ധാന്തങ്ങൾ കൊണ്ടു് അവയെ നോക്കിയിട്ടെന്തു പ്രയോജനം?

“സാഹിത്യസാഹ്യ”വും

കാവ്യരചനയിൽ അത്യുക്തിയാകാം. എന്നാൽ നിരൂപണ പ്രബന്ധരചനയിൽ അത്യുക്തി വരാൻ പാടില്ല; വന്നാൽ സത്യം അസത്യമാകും.

മഴക്കാലമാണു് ഇപ്പോൾ. മഴ കുറച്ചുനേരത്തേക്കു പെയ്യാതിരുന്നപ്പോൾ ഞാൻ റോഡിലേക്കിറങ്ങി അതിനു താഴെയുള്ള ജലാശയത്തിലേക്കു നോക്കിനിന്നു. ചൊറിത്തവളകളും വാൽ മാക്രികളും കലങ്ങിയ വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നു. എത്രനേരം അക്കാഴ്ച കണ്ടുകൊണ്ടു നില്ക്കാനാവും? വൈരസ്യത്തോടെ ഞാൻ വീട്ടിലേക്കു തിരിച്ചുപോന്നു. കുങ്കുമം വാരികയെടുത്തു് പ്രഫെസർ ടോണി മാത്യു വിന്റെ “ചങ്ങമ്പുഴ കിന്നരനും കിരാതനും” എന്ന ലേഖനം വായിച്ചു. ആ പ്രബന്ധം കലങ്ങിയ ജലാശയമാണെന്നും അതിലെ ഓരോ വാക്യവും ചൊറിത്തവളയാണെന്നും എനിക്കു തോന്നി. ജലാശയത്തിലെ ചൊറിത്തവളകൾക്കു് അന്യോന്യബന്ധമില്ല. അവ തോന്നിയതു പോലെ ചാടുന്നു അതുതന്നെയല്ലേ ഈ ലേഖനത്തിലുമുള്ളതു്. “കൈരളിയുടെ ഹർഷാശ്രുവും ദുഃഖാശ്രുവുമാണു് ചങ്ങമ്പുഴകവിതകൾ” എന്നു് ആദ്യത്തെ വാക്യം. ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ ചില കാവ്യങ്ങൾ വായനക്കാരെ ആഹ്ലാദിപ്പിക്കുന്നു. വേറെ ചില കാവ്യങ്ങൾ ദുഃഖിപ്പിക്കുന്നു എന്ന ആശയത്തെ അലങ്കാരപ്രയോഗത്തിലൂടെ സ്ഫുടീകരിക്കുകയാണു് പ്രബന്ധകർത്താവെന്നു മനസ്സിലാക്കിക്കൊണ്ടു് അടുത്ത വാക്യത്തിലേക്കു ഞാൻ പോയി. “ജീവിച്ചിരിക്കെത്തന്നെ ഒരിതിഹാസ പുരുഷനായിത്തീർന്ന ആ ഗന്ധർവ്വകവി അഭിനന്ദനങ്ങളും അഭിശാപങ്ങളും ഏറ്റുവാങ്ങി” എന്നതാണു് ആ രണ്ടാമത്തെ വാക്യം. ഇതു് ആദ്യത്തെ വാക്യത്തോടു് സമന്വയം പുലർത്തുന്നതല്ല. ശൈലിക്കു മറ്റെന്തു ദോഷമുണ്ടെങ്കിലും സമന്വയം എന്ന ഗുണം ഉണ്ടായിരിക്കണം. ആദ്യത്തെ വാക്യം രണ്ടാമത്തെ വാക്യത്തിലേക്കു് ഒഴുകിച്ചെല്ലണം. പ്രഫെസറുടെ ഈ രണ്ടു വാക്യങ്ങൾക്കും തമ്മിൽ ബന്ധമില്ല. വെള്ളക്കെട്ടിലെ ചൊറിത്തവളകൾ ഓരോ സ്ഥലത്തേക്കും ചാടിയപോലെ ഈ വാക്യമണ്ഡുകങ്ങളും തോന്നിയ സ്ഥലത്തേക്കു ചാടുന്നു. ഈ പ്രബന്ധമാകെ ഇമ്മട്ടിൽ ബന്ധശൂന്യമായ രീതിയിലാണു് പ്രഫ്രെസർ എഴുതിയിരിക്കുന്നതു്. അതിനാൽ ഇതിനു് ‘സ്ക്കൂൾ ബോയ് കോമ്പൊസിഷ’ന്റെ വില പോലുമില്ല.

കാവ്യരചനയിൽ അത്യുക്തിയാകാം. എന്നാൽ നിരൂപണ പ്രബന്ധരചനയിൽ അത്യുക്തി വരാൻ പാടില്ല. വന്നാൽ സത്യം അസത്യമാകും. അഞ്ഞൂറാളുകൾ കൂടിയ ഒരു സമ്മേളനത്തിൽ പ്രഭാഷണം നിർവഹിക്കാനെത്തിയ മത്തായി മാഞ്ഞുരാൻ “ഈ മനുഷ്യമഹാസമുദ്രത്തെ കാണുമ്പോൾ” എന്നു പറഞ്ഞുകൊണ്ടാണു് അതാരംഭിച്ചതു്. പ്രഭാഷകൻ അസത്യം പറഞ്ഞുവെന്നു് അവിടെയുണ്ടായിരുന്ന ഞാൻ വിചാരിച്ചു. മറ്റുള്ളവരും അങ്ങനെ തന്നെ വിചാരിച്ചിരിക്കും. അതിശയോക്തിയിലാണു് പ്രഫെസർക്കു തല്പരത്വം. ചങ്ങമ്പുഴ നല്ല കവിയാണു്; അദ്ദേഹം ഇതിഹാസപുരുഷനല്ല. ആന്തരസംഗീതത്താൽ അനുവാചകനു് ശ്രവണസുഖം നല്കിയിരുന്നു ചങ്ങമ്പുഴയുടെ കാവ്യങ്ങൾ. അതല്ലാതെ അദ്ദേഹം ഗന്ധർവ്വനായി പാട്ടുപാടിയില്ല. ഇതിഹാസ പുരുഷനെന്നും ഗന്ധർവ്വകവിയെന്നും ചങ്ങമ്പുഴയെ വിശേഷിപ്പിക്കുന്ന പ്രബന്ധകാരൻ അസത്യ പ്രസ്താവം നിർവഹിക്കുകയാണു്. എന്നാൽ “ഏതോ പെരിയൊരു ശാപം പറ്റിച്ചേതോഹരനാം ഗന്ധർവ്വൻ” എന്നു തുടങ്ങുന്ന ചങ്ങമ്പുഴയെക്കുറിച്ചുള്ള കാവ്യത്തിലെ അത്യുക്തി ദോഷമല്ല ആ അത്യുക്തി കലയുടെ സത്യത്തിലേക്കു് അനുവാചകനെ കൊണ്ടുചെല്ലും. നിരൂപണത്തിൽ അത്യുക്തി പാടില്ല.

പ്രഫെസറുടെ ചില പ്രയോഗങ്ങൾ സാധുക്കളല്ല. ഒരുദാഹരണം: “മദ്യപാനി.” മദ്യപൻ എന്നേ പ്രഫെസർ എഴുതാവൂ. മദ്യപാനിയെന്നു പറഞ്ഞാൽ മദ്യം വച്ചിരിക്കുന്ന പാത്രമെന്നേ അർത്ഥം വരൂ. നിരൂപണവും വിമർശവുമെഴുതാൻ തുടങ്ങുന്നതിനു മുൻപു് എഴുത്തുകാർ രാജരാജവർമ്മ യുടെ “സാഹിത്യസാഹ്യ ”വും കുട്ടിക്കൃഷ്ണമാരാരു ടെ “മലയാളശൈലി”യും മനസ്സിരുത്തി പഠിക്കേണ്ടതാണു്.

images/AbsentTraveller.jpg

ഏ. ഡി രണ്ടാം ശതാബ്ദത്തിലെ ഒരു സാതവാഹനരാജാവു് മഹാരാഷ്ട്രയിലെ പ്രാകൃത ഭാഷയിൽ രചിച്ച “ഗാഥാസപ്തശതീ” പ്രഖ്യാതമാണു്. അതിൽനിന്നു് 207 പദ്യങ്ങൾ അരവിന്ദ് കൃഷ്ണ മെഹ്റോത്ര ഇംഗ്ലീഷിലേക്കു തർജ്ജമചെയ്തു് “The Absent Traveller” എന്ന പേരിൽ പ്രസാധനം ചെയ്തിരിക്കുന്നു (Ravi Dayal Publisher, Delhi Rs. 80). ഓരോ കൊച്ചുകാവ്യവും മനോഹരമാണു് പതിനൊന്നാമത്തേതു് നോക്കുക:

“The remorseful husband

Fallen at her feet

Then little boy

Climbs onto his back

And the Sullen wife

Laughing.”

ഈ സമാഹാര ഗ്രന്ഥത്തിനു് ഷിക്കാഗോ സർവകലാശാലയിലെ മാർത ആൻ സെൽബി എഴുതിയ പ്രബന്ധത്തിൽ തർജ്ജമക്കാരൻ വിട്ടുകളഞ്ഞ ചില കാവ്യശകലങ്ങൾ തർജ്ജമ ചെയ്തു ചേർത്തിട്ടുണ്ടു്. അവയിൽ ഒന്നു്:

“Look,

a still quiet crane

glistens on a lotus leaf

like a conch shell lying

on a flawless emerald plate.”

“കാവ്യപ്രകാശ”ത്തിൽ ഇതു ധ്വനിക്കു് ഉദാഹരണമായി കൊടുത്തിട്ടുണ്ടെന്നു് മാർത ചൂണ്ടിക്കാണിക്കുന്നു. “ധ്വന്യാലോക”ത്തിലും സാതവാഹനരാജാവിന്റെ കൊച്ചുകാവ്യങ്ങൾ എടുത്തുചേർത്തിട്ടുണ്ടെന്നും മാർത പറയുന്നു. മനോഹരമായ കവിത; വിദ്വജ്ജനോചിതമായ പ്രബന്ധം.

കാക്കനാടന്റെ ഭാവഗീതം
images/Kakkanadan3.jpg
കാക്കനാടൻ

“നിങ്ങളൊഴിച്ചു മറ്റാരെങ്കിലും പറയാനിടയുള്ളതു് പറയരുതു്; നിങ്ങളൊഴിച്ചു് മറ്റാരെങ്കിലും ചെയ്യാനിടയുള്ളതു് ചെയ്യരുതു്; മറ്റൊരിടത്തുമില്ലാത്തതു് നിങ്ങളിൽ മാത്രം ഉണ്ടായിരിക്കുമ്പോൾ അതിൽ മാത്രം തല്പരനായിരിക്കു. ക്ഷമയോടോ അക്ഷമയോടോ നിങ്ങളിൽ നിന്നു് അന്യാദൃശമായ സത്തയെ രൂപവത്കരിക്കു.” (ആങ്ദ്രേ ഷീദ് Fruits of the Earth). ഈ രൂപവത്കരണത്തിനു് അന്വേഷണം കൂടിയേ തീരൂ. അങ്ങനെ അന്വേഷണത്തിൽ വിലയം കൊണ്ട ഒരാളിന്റെ പ്രയത്നത്തെ കലാഭംഗിയോടെ ആവിഷ്കരിക്കുന്ന ചെറുകഥയാണു് കാക്കനാടന്റെ “ഉച്ചതിരിഞ്ഞു് എന്തോ തിരഞ്ഞു്” എന്നതു് (കലാകൗമുദി). അയാൾക്കു വൈഷയികവും ക്ഷോഭജനകവുമായ ഭൂതകാലമുണ്ടു്. വൈഷയികത്വം സുന്ദരിയായ പൗർണ്ണമി എന്ന യുവതിയോടു ബന്ധപ്പെട്ടിരിക്കുന്നു. വിമാനത്തിൽ വച്ചു പരിചയപ്പെട്ട അവളോടു കൂടി അയാൾ മൂന്നു ദിവസം കഴിഞ്ഞു. പിന്നീടു് അവളെ കാണുന്നതു് അവളുടെ ഭർത്താവിനോടൊരുമിച്ചു്; അവളുടെ കുട്ടിയോടൊരുമിച്ചു്; അവളുടെ കുട്ടിയോടൊരുമിച്ചു് ആദ്യത്തെ പരിചയം രതിയുടെ സാന്ദ്രത കലർന്നതു് രണ്ടാമത്തെ കൂടിക്കാഴ്ച പശ്ചാത്താപവും വാത്സല്യവും ഉളവാക്കുന്നു. അവളെ കൈവിട്ടു കളഞ്ഞതിലുള്ള താപം. അവളുടെ കുഞ്ഞിനോടുള്ള വാത്സല്യം. എല്ലാം കിനാവുകൾ പോലെ ക്ഷോഭജനകത്വം. അയാൾ ഒരു കൊലപാതകത്തിനു സാക്ഷിയായി എന്നതാണു്. താൻ സാക്ഷിയാണു് എന്നു അയാൾ പറഞ്ഞിരുന്നെങ്കിൽ കൊലപാതകം ചെയ്തവൻ രക്ഷപ്പെടുമായിരുന്നു. അയാളെ കാരാഗൃഹത്തിൽച്ചെന്നു് കണ്ടതും കിനാവു്. ഇങ്ങനെ എത്രയെത്ര കിനാവുകൾ. അന്തരീക്ഷത്തിൽ പൂർണ്ണചന്ദ്രൻ പ്രകാശിക്കുമ്പോൾ അയാൾ പൗർണ്ണമി എന്ന സുന്ദരിയെ സ്മരിച്ചതും കിനാവു പോലെ തന്നെ ഇവിടെയെല്ലാം ശാരീരികാവസ്ഥയേ കാണാനുള്ളു. ഇവയൊക്കെ പോയി മറയുമ്പോൾ ആത്മീയതയെ തേടുന്ന ആധ്യാത്മികാവസ്ഥ സംജാതമാകുന്നു. എനിക്കോർമ്മ വരുന്നതു ബൈബിളിലെ ഉജ്ജ്വലങ്ങളായ ചില വാക്യങ്ങളാണു്.

“The first man, Adam, was created a living being, but the last Adam is the life-giving spirit. It is not the spiritual that comes first, but the physical and then the spiritual. The first Adam, made of earth came from the earth; the second Adam came from heaven.” (1. Corinthians 15; 45–48. Good News Bible, N. T., P. 220.)

കാക്കനാടന്റെ കഥാപാത്രം ഭൂമിയിൽ നിന്നു വന്നവനാണു്. സ്വർഗ്ഗത്തു നിന്നു വരാനുള്ള അവന്റെ യത്നമാണു് ഇക്കഥയിൽ. ഭാവിഗീതം പോലെ മനോഹരമാണു് ഈ ചെറുകഥ.

സൗന്ദര്യം

കദനമൊരുരൂപമെടുത്തപോലങ്ങനെ

കതകിനുടെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ

കരളുമ്മ പാര തരർക്കുമാറങ്ങനെ

സരളയുടെ നില്പു മറക്കുവതെങ്ങനെ?

(ഇടപ്പള്ളി രാഘവൻപിള്ള ‘പിരിഞ്ഞപ്പോൾ’)

വിശ്വവശ്യമാണു് സ്ത്രീസൗന്ദര്യം. ആ സൗന്ദര്യം കൂടുതൽ വശ്യമാകുന്നതു് സ്ത്രീ കോപനയായി നില്ക്കുമ്പോഴാണു്. ചിലർ ദുഃഖിച്ചു നില്ക്കുമ്പോഴും. ഈ കാവ്യത്തിലെ കാമുകിയുടെ ദുഃഖം കണ്ടു് കാമുകൻ കരളു തകർന്നു നിന്നെങ്കിലും അവളുടെ വിഷാദത്തിന്റെ ഫലമായി സൗന്ദര്യത്തിന്റെ അതിപ്രസരം അയാളെ ആഹ്ലാദിപ്പിച്ചിരിക്കും.

ഒറ്റയായിട കുരുങ്ങിവാച്ച തൻ

കുറ്റവാർ കുഴലു തൽ പദങ്ങളിൽ

ഉറ്റരാഗമൊടടിഞ്ഞു കാൺകയാൽ

മുറ്റുമോർത്തു കൃതകൃത്യയെന്നവൾ

(കുമാരനാശാൻ—നളിനി)

സ്ത്രീയുടെ നീണ്ട തലമുടി പുരുഷനെ എന്തെന്നില്ലാത്ത വിധം ആകർഷിക്കും. കെട്ടിവച്ച തലമുടി അഴിഞ്ഞുലഞ്ഞു് തരംഗപരമ്പരകൾ ഉളവാക്കിക്കൊണ്ടു വീഴുമ്പോൾ പുരുഷനു് ആഹ്ലാദമുണ്ടാകുമെന്നതിനു തെളിവു നല്കുന്നു ജി. ശങ്കരക്കുറുപ്പി ന്റെ “ആ സന്ധ്യ” എന്ന കാവ്യം

“പാതിയുമെൻ പേർ തുന്നിത്തീർന്ന

പട്ടുറുമാലു പായയിൽ കിടക്കൂ-

വതെടുക്കാൻ കുനിയവേ ആതിഥേയിതൻ

തിടുക്കത്തിനാൽ നീലക്കരിഞ്ചായൽ

കെട്ടഴിഞ്ഞൂർന്നിട്ടൊഴുകീ തോളിൽക്കൂടി”

സ്ത്രീകൾ തലമുടി കഴുത്തോളം വച്ചു മുറിച്ചുകളയുകയും പുരുഷന്മാർ അതു കഴിയുന്നിടത്തോളം നീട്ടി വളർത്തുകയും ചെയ്യുന്നു. സ്ത്രീത്വത്തിൽ നിന്നു പുരുഷത്വത്തിലേക്കു ചെല്ലാൻ കൊതിയുള്ളവരാണു് തലമുടി മുറിക്കുന്നതു്. പുരുഷത്വത്തിൽ നിന്നു സ്ത്രീത്വത്തിലേക്കു പോകാൻ അഭിലഷിക്കുന്നവരാണു് തലമുടി വളർത്തുന്നതു്.

എന്ന വരികൾ നോക്കുക. കാമുകനു് അപ്പോൾ ഒരു തരത്തിലുള്ള ഉത്തേജനം ഉണ്ടായിരിക്കും. പക്ഷേ, ഇന്നു സങ്കല്പങ്ങൾ മാറിപ്പോയിരിക്കുന്നു. സ്ത്രീകൾ തലമുടി കഴുത്തോളം വച്ചു മുറിച്ചു കളയുകയും പുരുഷന്മാർ അതു കഴിയുന്നിടത്തോളം നീട്ടി വളർത്തുകയും ചെയ്യുന്നു. സ്ത്രീത്വത്തിൽ നിന്നു പുരുഷത്വത്തിലേക്കു ചെല്ലാൻ കൊതിയുള്ളവരാണു് തലമുടി മുറിക്കുന്നതു്. പുരുഷത്വത്തിൽ നിന്നു സ്ത്രീത്വത്തിലേക്കു പോകാൻ അഭിലഷിക്കുന്നവരാണു് തലമുടി വളർത്തുന്നതു് പുരുഷന്റെ ഈ പ്രവൃത്തിക്കു ബൈബിളിന്റെ അംഗീകാരമില്ല. “Why, nature itself teaches you that long hair on a man is a disgrace, but on a woman it is a thing of beauty” (1. Corinthians 11–14). സ്ത്രീകൾ തലമുടി മുറിക്കുന്നതിനും ബൈബിൾ എതിരാണു്. “…It is a shameful thing for a woman to shave her head or cut her hair,” (1. Corinthians 11:6, Good News Bible, P. 215 N. T.). നളിനി കൃതകൃത്യയായതു് ലൈംഗികത്വത്തോടു ബന്ധപ്പെട്ടിട്ടില്ല എന്നു പറയാൻ വയ്യ.

Look,

coral and emeralds mixed

fall from heaven

like a necklace unstrung

from the throat of the sky goddess

a line of parrots.

(ഗാഥാസപ്തശതീ 75)

ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങിയിരിക്കുകയാണു് ഇപ്പോൾ. നല്ല മനുഷ്യനും നല്ല കലാകാരനുമായ അദ്ദേഹം ട്രാജഡികൾ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണു്. ആ ജീവിതത്തിൽ കല്ലെടുത്തെറിഞ്ഞു് അതിനെ ക്ഷോഭപൂർണ്ണമാക്കുന്നതു മനുഷ്യത്വമല്ല.

മാർത എഴുതിയ ഉത്തരോപാഖ്യാനത്തിൽ നിന്നാണു് ഇതു്, അരവിന്ദ് കൃഷ്ണയുടെ തർജ്ജമയിൽ ഈ കാവ്യശകലം വിട്ടുകളഞ്ഞിരിക്കുകയാണു്. തത്തകൾ അന്തരീക്ഷത്തിൽ നിന്നു വൃക്ഷങ്ങളിലേക്കും വൃക്ഷങ്ങളിൽ നിന്നു താഴത്തേക്കും പറന്നു വീഴുന്നതിന്റെ ചിത്രമാണു് ഇതിൽ അന്തരീക്ഷ ദേവതയുടെ ഗളനാളത്തിൽ നിന്നു് മാല പൊട്ടി പവിഴവും മരതകവും ചിതറുന്ന പോലെ ആ രത്നങ്ങളുടെ നിറമാർന്ന തത്തകൾ താഴോട്ടു പതിക്കുന്നുവെന്നു വാച്യമായ അർത്ഥം. ഇതു ധ്വനിപ്രധാനമാണെന്നാണു മാർതയുടെ പക്ഷം. മാല പൊട്ടുന്നതു കന്യകാത്വത്തിന്റെ തകർച്ചയെ കാണിക്കുന്നു. തത്തകളെക്കുറിച്ചുള്ള പ്രസ്താവം തന്നെ ലൈംഗിക വേഴ്ചയെ സൂചിപ്പിക്കാനാണത്രേ. വൃക്ഷങ്ങളിൽ നിന്നു തത്തകൾ വന്നു വീഴുന്ന സ്ഥലത്തുവച്ചാണു് വേഴ്ച.

ചോദ്യം, ഉത്തരം

ചോദ്യം: ഇടശ്ശേരി യുടെ കവിതയെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു?

ഉത്തരം: എന്തു പറയാൻ അദ്ദേഹത്തിന്റെ രീതിയിൽ നല്ല കവി. പക്ഷേ, ഇംഗ്ലീഷിൽ lyrical spirit എന്നു പറയുന്ന അംശം അദ്ദേഹത്തിന്റെ കവിതയിൽ കുറവാണു്.

ചോദ്യം: നിങ്ങൾ കണ്ട നല്ല കാരിക്കേച്ചർ ഏതാണു് ?

ഉത്തരം: ഹാസ്യചിത്രത്തെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നതു? എന്നാൽ പറയാം. അഹങ്കാരമുള്ള സ്ത്രീയാണു് ഏറ്റവും നല്ല കാരിക്കേച്ചർ.

ചോദ്യം: ഏറ്റവും പേടിക്കേണ്ടതു് ആരെ?

ഉത്തരം: ഡബ്ൾ റോൾ കാണിക്കുന്നവരെ, അവരെ ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കേണം.

ചോദ്യം: കുടുംബജീവിതം സുഖകരമായിരിക്കണമെങ്കിൽ എന്തു ചെയ്യണം?

ഉത്തരം: ആരും അന്യുനാവസ്ഥയിൽ എത്തിയവരല്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭാര്യയെ കുറ്റപ്പെടുത്തരുതു് ഭർത്താവു്. ഭർത്താവിനെ ഭാര്യയും കുറ്റപ്പെടുത്തരുതു്. മറ്റു മാർഗ്ഗമൊന്നുമില്ലാതെ വന്നാൽ രണ്ടുപേർക്കും വിമർശനമാകാം.

ചോദ്യം: ഞാൻ കുഴിക്കു കാലും നീട്ടിയിരിക്കുന്നവനാണു് എന്റെ ദുഃഖത്തിനു കാരണം പറയാമോ?

ഉത്തരം: ജീവിതത്തിൽ എല്ലാം തെറ്റായി ചെയ്തു പോയല്ലോ എന്ന ദുഃഖമാണു് നിങ്ങളുടേതു്.

ചോദ്യം: ചില അമ്മമാർ മക്കളെ അവഗണിക്കുന്നതു് എന്തുകൊണ്ടു്?

ഉത്തരം: കുഞ്ഞു് ഇപ്പോൾ വേണ്ട എന്നു കരുതിയിരിക്കുമ്പോൾ കുഞ്ഞുണ്ടായാൽ അവനെ അമ്മ ജീവിതകാലമത്രയും അവഗണിക്കും.

ചോദ്യം: ഏതു സ്ത്രീയാണു് വലിയ ദുഃഖമനുഭവിക്കുന്നതു?

ഉത്തരം: അടുക്കളയിൽ കിടന്നു നരകിക്കുന്ന സ്ത്രീ. അവർക്കു് ഒരു പ്രതിഫലവും കിട്ടുന്നില്ല, ഭർത്താവിന്റെ കോപവും ശകാരവുമൊഴിച്ചു്.

ചോദ്യം: ചില സ്ത്രീകളെ പുരുഷന്മാർ അവഗണിക്കുന്നതു ശരിയോ?

ഉത്തരം: അല്ല. പക്ഷേ, റോസാപ്പൂവിനെ ഇഷ്ടപ്പെടുന്നതു പോലെ തൊട്ടാവാടിപ്പൂവിനെ ഇഷ്ടപ്പെടാൻ കഴിയുമോ?

ചോദ്യം: ഇംഗ്ലീഷിലെ charm, beauty ഇവയ്ക്കു തമ്മിൽ എന്താണു വ്യത്യാസം സാറേ?

ഉത്തരം: പുരുഷന്മാരെ ആകർഷിക്കാൻ സ്ത്രീക്കുള്ള ശക്തിയാണു് charm. അവൾക്കു സൗന്ദര്യം വേണമെന്നില്ല. സൗന്ദര്യമുള്ളവർക്കു charm പലപ്പോഴും കാണുകില്ല. അങ്ങനെയുള്ള സുന്ദരിമാരെക്കണ്ടാൽ പുരുഷന്മാർ വികാരരഹിതരായി നടന്നുപോകും.

ചോദ്യം: നിങ്ങൾ അടുത്ത ജന്മത്തിൽ പിച്ചിച്ചെടിയായാൽ, സ്ത്രീയായാൽ, ഉദ്യോഗസ്ഥയായാൽ, ആനയായാൽ എന്തൊക്കെച്ചെയ്യും?

ഉത്തരം: പിച്ചിച്ചെടിയായാൽ പൂവിന്റെ പരിമളം പ്രസരിപ്പിക്കും. സ്ത്രീയായാൽ ഉപകാരം ചെയ്ത പുരുഷനെക്കണ്ടാൽ ചക്രവാളത്തിൽ ദൃഷ്ടികളൂന്നി അയാളെ അറിയുന്നില്ലെന്ന മട്ടിൽ നടന്നു പോകും. ഉദ്യോഗസ്ഥയായാൽ അഹങ്കരിക്കും. ആനയായാൽ പാതയിലൂടെ പോകുന്ന ആരെയും കടക്കണ്ണിട്ടു നോക്കി പേടിപ്പിക്കും.

ചുമയെ പിടിക്കരുത്

ഒരു ചുമ ചുമച്ചാൽ അതങ്ങു പോകട്ടെയെന്നു കരുതണം. അല്പദൂരം നടന്നിട്ടു് എവിടെവച്ചു ചുമച്ചുവോ അവിടെ ഓടിയെത്തി ‘എന്റെ ചുമേ നീ എവിടെ’ എന്നു ചോദിച്ചു് അതിനെ കയറിപ്പിടിക്കാൻ ശ്രമിക്കരുതു്. കയറിപ്പിടിച്ചു് വീണ്ടും വായ്ക്കകത്തു് ആക്കിയാൽ വീണ്ടും ചുമയ്ക്കും. അതു ചുമയ്ക്കുന്നവനു് ക്ഷീണമുണ്ടാക്കും. കേട്ടുനില്ക്കുന്നവനു് വൈഷമ്യമുണ്ടാക്കും. ചിലപ്പോൾ ചുമയോടൊരുമിച്ചു വരുന്ന ലാലാജലം മുൻപിൽ നില്ക്കുന്നവന്റെ മുഖത്തു വീണെന്നും വരും.

ശ്രീ. പ്രഭാകരൻ പഴശ്ശി ചേതോഹരമായി പ്രസാധനം ചെയ്ത ‘സംസ്കാര കേരളം’ ത്രൈമാസികത്തിൽ ഡോക്ടർ ജോർജ്ജ് ഇരുമ്പയം എഴുതിയ “വിക്ടോറിയയും ബാല്യകാലസഖി”യും എന്ന ലേഖനം ചുമച്ചുവിട്ട ചുമയെ അനേകം കിലോമീറ്റർ പിറകോട്ടു് ഓടിച്ചെന്നു പിടിച്ചെടുത്തു് വായ്ക്കകത്തു് ആക്കലാണു്. തൊണ്ടയിൽ ഇരിക്കാൻ കൂട്ടാക്കാത്ത ചുമയുടെ വീണ്ടുമുള്ള നിർഗ്ഗമിക്കലുമാണതു്. എടുത്തു പറയേണ്ടതു് ഇതു വേറൊരാളിന്റെ ചുമയാണു് എന്നതത്രേ. ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങിയിരിക്കുകയാണു് ഇപ്പോൾ. നല്ല മനുഷ്യനും നല്ല കലാകാരനുമായ അദ്ദേഹം ട്രാജഡികൾ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണു്. ആ ജീവിതത്തിൽ കല്ലെടുത്തെറിഞ്ഞു് അതിനെ ക്ഷോഭപൂർണ്ണമാക്കുന്നതു മനുഷ്യത്വമല്ല. പഴയ കാര്യങ്ങൾ വീണ്ടും പറഞ്ഞും അദ്ദേഹത്തോടു അവയെക്കുറിച്ചു നേരിട്ടു ചോദിച്ചു മറുപടി വാങ്ങിയും വിവാദങ്ങൾ വീണ്ടും ഉളവാക്കുന്നതു് രചയിതാക്കളുടെയും ചോദ്യകർത്താക്കളുടെയും സാഡിസത്തെയാണു് കാണിക്കുക. ചിലർ സഹായിക്കുന്നുവെന്നു ഭാവിച്ചു് നമ്മളെ വേദനിപ്പിക്കാറുണ്ടല്ലോ. അതുതന്നെയാണു് ജോർജ്ജ് ഇരുമ്പയത്തിന്റെ ലേഖനത്തിലും ഞാൻ കാണുന്നതു്. ബഷീറിന്റെ മനസ്സിൽ ഒരു നേരിയ പോറൽ പോലുമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു് മൗനം അവലംബിക്കട്ടെ.

നൂട്ടു് ഹാംസനെന്നല്ല, ക്നൂട്ട് ഹാംസൂൺ എന്നാണു് “വിക്ടോറിയ” എഴുതിയ ആളിന്റെ പേരു്.

images/RaisaGorbachev.jpg
റയീസ ഗർബച്ചോഫ്

റയീസ ഗർബച്ചോഫി ന്റെ “I hope” എന്ന പുസ്തകത്തിൽ മനുഷ്യൻ നിർമ്മിച്ച അത്ഭുതങ്ങളിൽ അത്ഭുതം ഗ്രന്ഥങ്ങളാണെന്നു പറഞ്ഞിരിക്കുന്നു (I also realized in childhood the importance of books, that miracle of miracles created by humanity. P. 22). ഈ മഹാത്ഭുതങ്ങൾക്കാണു് വിലക്കു കല്പിച്ചിരിക്കുന്നതു് കേന്ദ്ര സർക്കാർ. എന്തൊരു കാട്ടാളത്തം!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-11-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.