ജി. ശങ്കരക്കുറുപ്പി ന്റെ “ചങ്ങാതികൾ” മനോഹരമായ കാവ്യമാണു്. അതു വായിക്കുമ്പോഴൊക്കെ എനിക്കു് സൗന്ദര്യാനുഭൂതി ഉണ്ടാകുന്നു. ആ കാവ്യത്തിന്റെ കർത്താവായ ജി. ശങ്കരക്കുറുപ്പിനു് അതിന്റെ പാരായണം എനിക്കുണ്ടാക്കുന്ന അനുഭൂതി ഉളവാക്കുമോ? ഇല്ലെന്നാണു് എന്റെ തോന്നൽ. താൻ അനുഷ്ഠിക്കേണ്ടതു് ഭംഗിയായി അനുഷ്ഠിച്ചു എന്ന വിചാരത്തിൽനിന്നുളവാകുന്ന ആത്മസംതൃപ്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു് ഉണ്ടാകാനിടയില്ല. എന്നാൽ “മേഘസന്ദേശം ” വായിച്ചാൽ സഹൃദയനുണ്ടാകുന്ന അനുഭൂതി അതേ രീതിയിൽ ആ കാവ്യം വായിക്കുന്ന ശങ്കരക്കുറുപ്പിനും ജനിക്കും. മുത്തു കിട്ടിയ ഞാൻ ആഹ്ലാദിക്കും. അതു സൂക്ഷിച്ചുവയ്ക്കും, കൂടക്കൂടെ എടുത്തുനോക്കും. ഞാൻ അതിന്റെ ഉടമസ്ഥനാണല്ലോ എന്നു വിചാരിച്ചു് അഭിമാനിക്കും. പക്ഷേ, മുത്തിനു ജനനമരുളിയ ചിപ്പിക്കു് ആഹ്ലാദമോ മൂല്യബോധമോ ഇല്ല. മുത്തിനു ജന്മം നല്കുക എന്ന കൃത്യം അനുഷ്ഠിച്ച ചിപ്പിക്കു് ചാരിതാർത്ഥ്യമേ ഉള്ളൂ. ഇതുകൊണ്ടാണു് കഥയെഴുതിയ കഥാകാരനും കാവ്യം രചിച്ച കവിയും അവ മറ്റുള്ളവരുടെ ആസ്വാദനത്തിനു വേണ്ടി സമർപ്പിക്കുന്നതു്. സർഗ്ഗപ്രക്രിയയ്ക്കു സമ്പൂർണ്ണത വരണമെങ്കിൽ സഹൃദയൻ കലാ സൃഷ്ടി ആസ്വദിച്ചു എന്നു കലാകാരനറിയണം.
ഭാഷയ്ക്കു് ഇന്ന അധഃപതനം വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം സംസ്കാരത്തിന്റെ ജീർണ്ണതയാണു്. സംസ്കാരം ഔന്നത്യത്തിലെത്തിയ കാലയളവുകളിൽ ഭാഷയും ഔന്നത്യമാർജ്ജിച്ചിരുന്നു… സമൂഹത്തിന്റെ കൊള്ളരുതായ്മകളും ദൗർബ്ബല്യങ്ങളും ഭാഷ പ്രതിഫലിപ്പിക്കും. അതിനാൽ മലയാളം നിർബന്ധവിഷയമാക്കാനല്ല സംസ്കാരഭദ്രത ഉണ്ടാകാനായിട്ടാണു് ചെറുപ്പക്കാർ ശ്രമിക്കേണ്ടതു്.
പ്രഫെസർ വി. ജഗന്നാഥപ്പണിക്കർ ഒരുദിവസം എന്നോടു പറഞ്ഞു: “ഏതു പുതിയ പുസ്തകത്തിനും ‘വേർജിനിറ്റി’—കന്യകാത്വം ഉണ്ടു്. വേറൊരാൾക്കു് അതു വായിക്കാൻ കൊടുത്താൽ ആ വേർജിനിറ്റി നഷ്ടപ്പെടും. അതുകൊണ്ടു പുസ്തകം മറ്റൊരാൾക്കും കൊടുക്കരുതു്.” എനിക്കു് ഉടനെ ഓർമ്മയിലെത്തിയതു് ഒരു യഥാർത്ഥ സംഭവമാണു്. സിനിമയ്ക്കു ടിക്കറ്റ് വാങ്ങാൻ ക്യൂവിൽ നിന്ന ചെറുപ്പക്കാരിയായ വീട്ടമ്മയെ ചില കശ്മലന്മാർ തൂക്കിയെടുത്തു കാറിലിട്ടു കൊണ്ടുപോയി. വിജനസ്ഥലത്തുവച്ചു ബലാത്സംഗം ചെയ്തു. ഭാര്യയെ കണ്ടില്ലല്ലോ എന്നു വിചാരിച്ചു സംഭ്രമിച്ചിരിക്കുന്ന ഭർത്താവിന്റെ മുൻപിൽ അവർ നേരംവെളുത്തപ്പോൾ എത്തുന്നു. കുഞ്ഞുങ്ങൾ ദുഃഖാധിക്യത്തോടെ അമ്മയെ നോക്കുന്നു. ബലാത്കാരവേഴ്ച നടത്തിയവർ കാലത്തു് അവരെ വീട്ടിനടുത്തുകൊണ്ടു വിട്ടിട്ടുപോയതാണു്. അക്കാര്യമോ തലേദിവസത്തെ ധർഷണമോ അവരെ അറിയിക്കാതെ “കുളിച്ചിട്ടു വരട്ടെ” എന്നു പറഞ്ഞു കൊണ്ടു് ആ യുവതി കുളിമുറിയിൽ കയറി. മണ്ണെണ്ണ തലവഴി ഒഴിച്ചു. സാരിയിൽ തീകൊളുത്തി. വെന്തു മരിച്ചു. പിന്നീടാണു് അവരെന്തിനു് ആത്മഹത്യ ചെയ്തുവെന്നു ഭർത്താവും മറ്റുള്ളവരും അറിഞ്ഞതു്. ചില സ്ത്രീകൾ അങ്ങനെയാണു്. ശരീരം കളങ്കപ്പെട്ടാൽ അവർ ജീവനൊടുക്കിക്കളയും. ഇവിടെ കന്യകാത്വമല്ല, ചാരിത്ര്യമാണു് ഭഞ്ജിക്കപ്പെട്ടതു്. ജഗന്നാഥപ്പണിക്കർ പറഞ്ഞതിൽ സത്യമില്ലാതില്ല. പുസ്തകം തിരിച്ചു കിട്ടിയാലും ധർഷണം ചെയ്യപ്പെട്ട കന്യകയെപ്പോലെ അതു തകർന്നുപോയിരിക്കും. ഇതിനു മറ്റൊരു വശവുമുണ്ടു്. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിൽ എത്രയെത്ര സ്വർണ്ണാഭരണക്കടകൾ! അവിടെ ചില്ലിട്ട പെട്ടികളിലിരിക്കുന്ന ആഭരണങ്ങൾക്കു വിലയുണ്ടാകണമെങ്കിൽ അവ സുന്ദരികളുടെ ഗളനാളങ്ങളെയും കരങ്ങളെയും അലങ്കരിക്കേണ്ടതല്ലേ? “മാലയ്ക്കു വിലയെന്തു്” എന്നു ചോദിച്ചാൽ പതിനയ്യായിരം രൂപയെന്നു പറയുമായിരിക്കും. അതു വെറും വാക്കുകൾ. വില ചോദിക്കുന്ന കാമുകൻ അതു വാങ്ങി കാമുകിയുടെ കഴുത്തിൽ അണിയിക്കുമ്പോഴാണു് അതിനു കോടിരൂപയുടെ വിലയുണ്ടാകുന്നതു്. പനിനീർച്ചെടിയിൽ പൂ വിടർന്നുനില്ക്കുന്നതു കണ്ടാൽ മൂല്യബോധമുണ്ടാവുകയില്ല. അതു് അടർത്തിയെടുത്തു് പ്രേമഭാജനത്തിന്റെ തലമുടിയിൽ ചൂടിക്കു. പുഷ്പത്തിനു് എന്തെന്നില്ലാത്ത മൂല്യമുണ്ടാകും. പുസ്തകവും തരുണിയും “പരഹസ്തഗത”മാകണമെന്നല്ല ഞാൻ പറയുന്നതു്. നേരത്തേ പറഞ്ഞ സത്യത്തിനു വേറൊരു വശമുണ്ടെന്നുകൂടി സൂചിപ്പിക്കാനേ എനിക്കാഗ്രഹമുള്ളു.
ശ്രീ. ജി. മധുസൂദനന്റെ ‘മൃഗയ’ എന്ന ചെറുകഥയിൽ ഒരു രത്നമുണ്ടു്. സുന്ദരിയായ മൃണാളിനി. അവളുടെ മൂല്യം അവളുടെ ഭർത്താവിനു് അറിഞ്ഞുകൂടാ. അതു് അറിയുന്ന വേറൊരുത്തൻ ആ രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നു. അതിനു ക്രൂരമായ മാർഗ്ഗം അയാൾ അവലംബിക്കുകയും ചെയ്യുന്നു. മൃണാളിനിയുടെ ഭർത്താവു് വേട്ടക്കാരനാണു്. വേട്ടയിലുള്ള അമിത കൗതുകംകൊണ്ടാവാം അയാൾ ഭാര്യയെ അവഗണിക്കുന്നു. അവളെ കൈക്കലാക്കാൻവേണ്ടി കഥാകാരൻ അയാളെക്കൊണ്ടു അരുതാത്തതു പ്രവർത്തിച്ചു മെലോഡ്രാമയുണ്ടാക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ കഥ വായിച്ചു തീരുമ്പോൾ രസാനുഭൂതിയല്ല. ആകുലാവസ്ഥയാണു് അനുവാചകനു്.
“The Name of the Rose ” എന്ന നോവലെഴുതി വിശ്വവിഖ്യാതനായ ഉമ്പർടോ എകോ വേറൊരുവന്റെ രത്നം മോഷ്ടിച്ചോ? മോഷ്ടിച്ചുവെന്നാണു് ഒരു ഗ്രീക്ക് സിപ്രിയറ്റ് നോവലിസ്റ്റിന്റെ വാദം. താൻ 1964-ൽ പ്രസിദ്ധപ്പെടുത്തിയ “The Excommunicated” എന്ന നോവൽ ചൂഷണം ചെയ്താണു് എകോ “The Name of the Rose” എഴുതിയതെന്നു് നോവലിസ്റ്റ് സോക്രട്ടസ് പറയുന്നു. നൂറ്റുക്കണക്കിനാണത്രേ സാദൃശ്യങ്ങൾ. ക്ലാസ്സിക്കൽ ഗ്രീക്കിലെഴുതിയതാണു് ഈ നോവൽ. തനിക്കു ക്ലാസ്സിക്കൽ ഗ്രീക്ക് അറിഞ്ഞുകൂടെന്നും രണ്ടു നോവലുകളുടെയും പ്രഭവകേന്ദ്രം ഒന്നാകാമെന്നും എകോ സമാധാനം നല്കുന്നു. ഇതു് കള്ളമാണെന്നാണു് ഗ്രീക്ക് സിപ്രിയറ്റ് നോവലിസ്റ്റിന്റെ മറുപടി. എകോക്ക് ആ ഭാഷയറിയാം, പ്രഭവകേന്ദ്രമൊന്നുമില്ല തന്റെ ഭാവനയല്ലാതെ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2.2 മില്യൻ ഡോളറാണു് നഷ്ടപരിഹാരമായി സോക്രട്ടസ് ആവശ്യപ്പെടുന്നതു്. കെയ്സ് നടക്കുന്നു. വിധി എന്തായിരിക്കുമോ എന്തോ (7731-ാം നമ്പർ Economist വാരിക നോക്കുക). എകോയുടെ “ഫൂക്കോസ് പെൻഡുലം ” എന്ന നോവൽ നന്നായിട്ടുണ്ടെന്നു് ഞാൻ ഈ പംക്തിയിൽ എഴുതിയിരുന്നു. ഇനി അതിന്റെ ഒറിജിനൽകൂടി കണ്ടുപിടിച്ചാൽ മതി.
ഞാൻ ആലോചിക്കുകയാണു്. പടിഞ്ഞാറുള്ള പല സാഹിത്യകാരന്മാരും ഏതാണ്ടു് അമ്പതുകൊല്ലംമുൻപു മരിച്ചുപോയതു് എത്ര നന്നു്! ശവക്കുഴിയിൽനിന്നു് എഴുന്നേറ്റുവന്നു് അവർക്കു് ഇവിടെയുള്ളവരുടെ പേരിൽ കെയ്സ് കൊടുക്കാൻ പറ്റുമോ? അല്ലെങ്കിൽത്തന്നെ അവർക്കു മലയാളം അറിയാമായിരുന്നോ?
ചോദ്യം: എല്ലാ കുടുംബങ്ങളിലും അടിപിടി ഉണ്ടാകുന്നതു് എന്തുകൊണ്ടു്?
ഉത്തരം: എല്ലാക്കുടുംബങ്ങളിലും ശണ്ഠയില്ല. ഏതു കുടുംബത്തിൽ പണമുണ്ടോ അവിടെ ശണ്ഠയുണ്ടു്. പക്ഷേ, പലരും അതു രഹസ്യമാക്കി വയ്ക്കും.
ചോദ്യം: കേരളത്തിലെ കഥയെഴുത്തുകാരുടെ കഥകളെ വിശ്വസാഹിത്യത്തിലെ കഥകളുമായി താരതമ്യപ്പെടുത്തിയിട്ടു് ഇവിടെയുണ്ടാകുന്ന കഥകൾ ചവറാണെന്നു പറയുന്ന നിങ്ങൾ കിള്ളിയാറു് ഗംഗപോലെ ഇരിക്കുന്നില്ല എന്നല്ലേ പറയുന്നതു?
ഉത്തരം: ഇവിടുത്തെ കഥകളെ ലോകസാഹിത്യത്തിലെ കഥകളുമായി തട്ടിച്ചുനോക്കി അവ കലാത്മകങ്ങളല്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാൽ അതു വിഡ്ഢിത്തമാകും. ഇവിടുത്തെ ഒരു കഥ എന്തുകൊണ്ടു മോശമായി എന്നു സൂചിപ്പിച്ചിട്ടു് കലാത്മകമായ കഥയേതെന്നു സ്പഷ്ടമാക്കാനായി വിശ്വസാഹിത്യത്തിലെ ഒരു കഥയുടെ നേർക്കു കൈചൂണ്ടാറുണ്ടു്. ആ പ്രവൃത്തിയെയാണു് നിങ്ങളെപ്പോലുള്ളവർ തെറ്റിദ്ധരിക്കുന്നതു്. നിങ്ങൾ പടിഞ്ഞാറൻ കഥകൾ ധാരാളം വായിച്ചാൽ ചെറുകഥ എന്ന കലാരൂപത്തിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നു ഗ്രഹിക്കും. ഇംഗ്ലീഷ് കഥകൾ വായിക്കാത്തവർക്കു് പടിഞ്ഞാറൻ സാഹിത്യത്തിൽനിന്നു് ഉയിർക്കൊണ്ട മലയാള ചെറുകഥകളുടെ മൂല്യം നിർണ്ണയിക്കാൻ കഴിയുകയില്ല. ഒരുകാര്യംകൂടി പറയട്ടെ. ജാപ്പനീസ് സാഹിത്യകാരൻ യൂക്കിയോ മിഷീമ യുടെ ചെറുകഥകളുടെ ഒരു സമാഹാരം ഈ വർഷം പ്രസാധനം ചെയ്തിട്ടുണ്ടു്. (Acts of Worship— Seven Stories—Translated by John Bester —Flamingo Publishers.) അതിൽ Act of Worship എന്നൊരു ചെറുകഥയുണ്ടു്. വായിച്ചുനോക്കൂ. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ പത്തു കഥകളെടുത്താൽ അതിൽ Act of Worship എന്ന കഥയ്ക്കും സ്ഥാനമുണ്ടായിരിക്കും. ഞാനതു വായിച്ചിട്ടു ‘marvellous’ എന്ന സ്വയം പറഞ്ഞുപോയി. രണ്ടുതവണകൂടി അതു വായിച്ചു. കലയുടെ മഹാത്ഭുതം എന്നേ പറയാനുള്ളു.
ചോദ്യം: ഈശ്വരനുണ്ടെങ്കിലും ഇല്ലെങ്കിലും അമ്പലങ്ങൾ നല്ലതല്ലേ?
ഉത്തരം: സംശയമെന്തു? വിഗ്രഹത്തിന്റെ മുൻപിൽ കൈകൂപ്പി നില്ക്കുമ്പോഴും അടുത്തുനില്ക്കുന്ന സൗന്ദര്യത്തിന്റെ നേർക്കു കടക്കണ്ണെറിയാൻ വേറെയെവിടെയാണു സൗകര്യം? ഭർത്താവിന്റെ കുടിയും വ്യഭിചാരവും കണ്ടു ജീവിതം ദുസ്സഹമായിത്തീർന്ന പാവപ്പെട്ട സ്ത്രീക്കു് അമ്പലമില്ലെങ്കിൽ വേറെയെവിടെയാണു് ആശ്രയസ്ഥാനം?
ചോദ്യം: Ph.D എന്നതിന്റെ മുഴുവൻ രൂപമെന്താണു സാറേ?
ഉത്തരം: എനിക്കറിഞ്ഞുകൂടാ. Petticoat Hangs Down എന്നാണെന്നു് ഒരു മഹാൻ പറഞ്ഞിട്ടുണ്ടു്. ഇതു ശരിയാണെന്നു വൈകുന്നേരം റോഡിലിറങ്ങിയാൽ മനസ്സിലാക്കാം.
ചോദ്യം: മകൻ അമ്മയെ തെറിവിളിക്കുമ്പോൾ ആ അമ്മയ്ക്കു് എന്തു തോന്നും?
ഉത്തരം: അവനെ തൊട്ടിലിൽക്കിടത്തി താരാട്ടുപാടി ആട്ടിയുറക്കിയതു് ഓർമ്മിക്കും.
ചോദ്യം: നവീന നിരൂപകരോടു് എന്തിത്ര കോപം നിങ്ങൾക്കു്?
ഉത്തരം: ഹേയ്, ഒരു കോപവുമില്ല. അവർ പുതിയ ഒന്നിനെ (അക്കം) ലക്ഷമാക്കി പ്രദർശിപ്പിക്കുന്നവരല്ലേ. പഴയ ലക്ഷത്തെ ഒന്നാക്കിയും. ഡോക്ടർ കെ. ഭാസ്കരൻനായർ നവീന നിരൂപകനായിരുന്നില്ല. പക്ഷേ, തനിക്കിഷ്ടപ്പെട്ട എന്തിനെയും അദ്ദേഹം ഇമ്മിണി വല്യ ഒന്നാക്കുമായിരുന്നു.
ചോദ്യം: ഒരുകോടി രൂപ തരാം. ഇന്ത്യവിട്ടു് വല്ലയിടത്തും പോയി താമസിക്കാമോ?
ഉത്തരം: ഒന്നും തരണ്ട. എനിക്കു പാസ്പോർട്ട് ഉണ്ടു്. വിസ ശരിപ്പെടുത്തിത്തന്നാൽ മതി. ഞാൻ എവിടെയെങ്കിലും പോയി ഭിക്ഷക്കാരനായി ജീവിച്ചുകൊള്ളാം. എന്റെ നാട്ടിലെ ജീവിതത്തെക്കാൾ എത്രയോ ഭേദമാണു് അന്യദേശത്തെ ഭിക്ഷയാചിക്കൽ.
ചോദ്യം: നിങ്ങളുടെ രചനകൾ ഉപരിപ്ലവങ്ങളായതു് എന്തുകൊണ്ടു്?
ഉത്തരം: പാലക്കാട്ടു മണിഅയ്യരു ടെ മൃദംഗംവായന ഒന്നാന്തരമാകണമെങ്കിൽ ചെമ്പൈ വൈദ്യനാഥയ്യർ പാടണം. പ്രൈമറിസ്ക്കൂളിലെ പാട്ടുറ്റീച്ചർ പാടിയാൽ മതിയാവുകയില്ല.
ചോദ്യം: കളർ റ്റി. വിയാണോ ഇഷ്ടം, അതോ, ബ്ലാക്ക് ആൻഡ് വൈറ്റോ?
ഉത്തരം: രണ്ടും ഇഷ്ടമല്ല. പക്ഷേ, കറുപ്പും വെളുപ്പുമാണു് നിറമുള്ളതിനെക്കാൾ സ്വാഭാവികം.
ചോദ്യം: നിങ്ങൾ പ്രധാനമന്ത്രിയായാൽ?
ഉത്തരം: വാഗ്ദാനങ്ങൾ നടത്തുകില്ല. അവ നടത്തി ജനതയെ വഞ്ചിക്കുന്ന മറ്റു മന്ത്രിമാരെ ജയിലിലാക്കും.
ഞാൻ ആലോചിക്കുകയാണു്. പടിഞ്ഞാറുള്ള പല സാഹിത്യകാരന്മാരും ഏതാണ്ടു് അമ്പതുകൊല്ലം മുൻപു മരിച്ചുപോയതു് എത്ര നന്നു്! ശവക്കുഴിയിൽനിന്നു് എഴുന്നേറ്റു വന്നു് അവർക്കു് ഇവിടെയുള്ളവരുടെ പേരിൽ കെയ്സു് കൊടുക്കാൻ പറ്റുമോ? അല്ലെങ്കിൽത്തന്നെ അവർക്കു മലയാളം അറിയാമായിരുന്നോ?
മലയാള ഭാഷ നശിച്ചുവെന്നു മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, ധിഷണാശാലിയായ ശ്രീ. ഇ. എം. എസു്. ഭാഷയെക്കുറിച്ചു ചിന്തോദ്ദീപകമായി പറഞ്ഞിട്ടുള്ളതിലേക്കു് ഞാൻ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണു്. യുക്തിയുക്തമായി വാദങ്ങൾ കൊണ്ടുവന്നതിനുശേഷം അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു:
“ഇതു ചെയ്യുന്നതിനു പകരം കോളേജുകളിലും സർവകലാശാലകളിലെ ബിരുദാനന്തര ഗവേഷണത്തിലും മലയാളപഠനം നിർബ്ബന്ധവിഷയമാക്കണമെന്ന വാശി എനിക്കു് മനസ്സിലാകുന്നില്ല. “10+2” എന്ന പേരിൽ ഇന്നറിയപ്പെടുന്ന സ്ക്കൂൾ വിദ്യാഭ്യാസമനുസരിച്ചു് വിവിധ വിഷയങ്ങൾ പഠിക്കാനുള്ള കോളേജുകളിലും സർവകലാശാലകളിലും എത്തിയാൽ പിന്നെയും ഭാഷ പഠിക്കണമെന്നോ? പ്രകൃതിശാസ്ത്രങ്ങളിലോ സാമൂഹ്യശാസ്ത്രങ്ങളിലോ വൈദഗ്ദ്ധ്യം നേടുന്നതിനുള്ള വേദികളായ കോളേജുകളിലും സർവകലാശാലകളിലും ഭാഷാപഠനം നിർബ്ബന്ധമാക്കുന്നതിന്റെ അർത്ഥം, ആ നിലവാരത്തിൽ വൈദഗ്ദ്ധ്യം നേടാൻ ശ്രമിക്കുന്ന വിഷയങ്ങൾ പഠിക്കാനുള്ള സമയം കുറഞ്ഞുവെന്നല്ലേ? കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാഭ്യാസ നിലവാരം ഉയർത്തണമെങ്കിൽ ഈ പിടിവാശി ഉപേക്ഷിക്കണമെന്നെനിക്കു തോന്നുന്നു.”
തടവറയുടെ ഭിത്തികൾക്കു് ഏകശാസനാധിപതികൾ വിചാരിക്കുന്ന തരത്തിൽ കനമില്ല. അതിനകത്തു് അവർ പാർപ്പിച്ചിരിക്കുന്ന മഹാന്മാരുടെയും മഹതികളുടെയും യശസ്സു് ലോകമാകെ വ്യാപിക്കും. അപ്പോൾ തടവറ പ്രയോജന ശൂന്യമായിത്തീരും. ഈ വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സൂകിയെക്കുറിച്ചും അതു സത്യമത്രേ.
ഇ. എം. എസ്സിന്റെ ഈ മതങ്ങളോടു ഞാൻ സമ്പൂർണ്ണമായും യോജിക്കുന്നു. എന്നെപ്പോലെ ഇവയോടു് യോജിക്കുന്നതായി കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഭാഷയ്ക്കു് ഇന്നു് അധഃപതനം വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം സംസ്കാരത്തിന്റെ ജീർണ്ണതയാണു്. സംസ്കാരം ഔന്നത്യത്തിലെത്തിയ കാലയളവുകളിൽ ഭാഷയും ഔന്നത്യമാർജ്ജിച്ചിരുന്നു. ഉദാഹരണം കാളിദാസ ന്റെ കാലം. അദ്ദേഹത്തിന്റെ കാലത്തെ ഭാരതീയ സംസ്കാരം സമുജ്ജ്വലമായിരുന്നതിനാലാണു് രഘുവംശാദി കാവ്യങ്ങൾ സമുജ്ജ്വലങ്ങളായതു്. മുഹമ്മദീയാധിപത്യം വന്നപ്പോൾ ഭാരതീയ സംസ്കാരം തകർന്നു. അപ്പോൾ സംസ്കൃതഭാഷയും തകർന്നു. ടാഗോറി ന്റെ കാലത്തെ ബംഗാളിഭാഷ ഉജ്ജ്വലത ആവഹിച്ചതു് ആ നാട്ടിന്റെ സംസ്കാരം ആ കാലത്തു് സുശക്തമായിരുന്നതുകൊണ്ടാണു്. രാജവാഴ്ചയ്ക്കു് അതിന്റേതായ ന്യൂനതകൾ ഏറെയുണ്ടായിരുന്നുവെങ്കിലും മലയാളനാടു് ഇന്നത്തെപ്പോലെ അന്നു സംസ്കാരദരിദ്രമായിരുന്നില്ല. ഇന്നത്തെപ്പോലെ അക്രമങ്ങളും കൊലപാതകങ്ങളും ഛിദ്രീകരണശക്തികളും വിഘടിതപ്രവർത്തനങ്ങളും അന്നില്ലായിരുന്നു. അതു കൊണ്ടാണു് ഉണ്ണായിവാരിയരും കുമാരനാശാനും വള്ളത്തോളും ഉള്ളൂരും ചേതോഹരമായി, സുശക്തമായി കാവ്യങ്ങളെഴുതിയതു്. സമൂഹത്തിന്റെ കൊള്ളരുതായ്മകളും ദൗർബ്ബല്യങ്ങളും ഭാഷ പ്രതിഫലിപ്പിക്കും. അതിനാൽ മലയാളം നിർബ്ബന്ധവിഷയമാക്കാനല്ല സംസ്കാരഭദ്രത ഉണ്ടാക്കാനായിട്ടാണു് ചെറുപ്പക്കാർ ശ്രമിക്കേണ്ടതു്. മലയാളം എം. എ പാസ്സായി ജോലിയില്ലാതെ നടക്കുന്നവർക്കു് ഈ നിർദ്ദേശം സ്വീകരിക്കാനാവുകയില്ലെന്നു് എനിക്കറിയാം. എങ്കിലും എനിക്കു സത്യമെന്നു തോന്നിയതു് ഞാൻ പറഞ്ഞുവെന്നേയുള്ളു. അവർ ക്ഷമിക്കുമല്ലോ. (ഇ. എം. എസ്സിന്റെ ലേഖനം ദേശാഭിമാനി വാരികയിൽ) (സംസ്കാരം തകരുമ്പോൾ ഭാഷ തകരുമെന്ന ആശയം എന്റേതല്ല. ഗെറ്റേ തുടങ്ങിയ മഹാകവികളും ഹക്സിലി തുടങ്ങിയ ചിന്തകരും പറഞ്ഞിട്ടുള്ളതാണതു്.)
വായിച്ചാൽ മാത്രം പോരാ; വീട്ടിൽ ഉണ്ടായിരിക്കേണ്ട പുസ്തകമാണു് Theodor Adorno-യുടെ Minima Moralia. എങ്കിലേ കൂടക്കൂടെ അതെടുത്തു വായിക്കാൻ പറ്റു. അതിൽനിന്നു ചില ചിന്താരത്നങ്ങൾ:
- എഴുത്തുകാരൻ താനുദ്ദേശിക്കുന്നതു് പൂർണ്ണമായും ആവിഷ്കരിച്ചു കഴിഞ്ഞാൽ അതു സുന്ദരമായിത്തീരും. ആവിഷ്കാര ചാരുതയ്ക്കുവേണ്ടിയുള്ള ആവിഷ്കാരചാരുത സൗന്ദര്യത്തിന്റെ അതിപ്രസരമുണ്ടാക്കുകയില്ല. അതു് അലങ്കാര രൂപത്തിലുള്ളതാവും; കൃത്രിമമാവും. വഞ്ചകമാവും. വൈരൂപ്യമാവും.
- പാടവമാർന്ന രചനകൾ എട്ടുകാലി വലകൾപോലെയാണു്. ഇറുക്കം, ഏകകേന്ദ്ര സ്വഭാവം, സുതാര്യാവസ്ഥ ഇവ കാണുമവയ്ക്കു്. ഉറപ്പുള്ളവയും നല്ലപോലെ നെയ്തെടുത്തവയുമായിരിക്കും… പ്രതിപാദ്യവിഷയം അവയിലേക്കു ചിറകടിച്ചുചെല്ലും.
- സ്ത്രീസ്വഭാവവും അതിനു് അനുസരിച്ചു രൂപംകൊടുത്ത മാതൃകാപരമായ സ്ത്രൈണ സങ്കല്പവും പുരുഷ സമുദായത്തിന്റേതാണ്… മുറിവിൽനിന്നു് ചോരയൊഴുകുന്ന സ്ത്രീക്കു്, അവളെ പുഷ്പമായിക്കരുതുന്ന ഭർത്താവിനെക്കാൾ കൂടുതലായി തന്നെ അറിയാൻ സാധിക്കും.
- റ്റെലിഫോണിലൂടെ സ്ത്രീയുടെ ശബ്ദം കേട്ടാൽ അവൾ സുന്ദരിയാണോ അല്ലയോ എന്നറിയാൻ സാധിക്കും. അവളുടെ ആത്മവിശ്വാസം, സ്വാഭാവികമായ അയവു്, തന്നെക്കുറിച്ചുള്ള ശ്രദ്ധ, അവൾക്കു ലഭിക്കുന്ന അഭിനന്ദനസൂചകവും അഭിലാഷപൂർണ്ണവുമായ നോട്ടങ്ങൾ ഇവയെല്ലാം ആ ശബ്ദം പ്രതിഫലിപ്പിക്കും.
- വലിയ ദുഷ്ടതയുള്ള ആളുകൾ മരിക്കുന്നുവെന്നു സങ്കല്പിക്കാൻ നമുക്കാവില്ല.
- മാനസികാപഗ്രഥനത്തിൽ (psycho-analysis) അത്യുക്തികളല്ലാതെ വേറൊന്നും സത്യമല്ല.
- ലൈംഗിക സദാചാരത്തിന്റെ ഒരേയൊരുതത്ത്വം. അതു് ആദ്യത്തേതുമാണു്: കുറ്റപ്പെടുത്തുന്നയാൾ എപ്പോഴും തെറ്റു ചെയ്ത വ്യക്തിയായിരിക്കും.
- അന്യാദൃശമായ സൗന്ദര്യമുള്ള സ്ത്രീകൾ ദൗർഭാഗ്യത്തിൽത്തന്നെ ചെല്ലും.
- മറച്ചുപിടിക്കാത്ത ലൈംഗികത്വത്തിനു ലൈംഗികത്വമില്ല. (കുഴഞ്ഞാടുന്നവൾ നിർദ്ദയം പുരുഷനെ നിരാകരിക്കുമെന്നു് അർത്ഥം. ബൽസാക്കി ന്റെ The Duchesse de Langeais എന്ന നോവലിലെ പ്രഭ്വി കുഴഞ്ഞാടുന്നവളാണു്. അതേ സമയം അവൾ പുരുഷനെ വികാരരഹിതമായി നിരാകരിക്കുകയും ചെയ്യും. വിശദീകരണം എന്റേതു്. ഉദാഹരണം അഡോർനോ നല്കുന്നതുതന്നെ.)
- വായനക്കാരൻ:
- നിങ്ങൾക്കു് എയ്ഡ്സു് പിടിക്കണോ? അതോ ശ്രീ. മൂയ്യംരാജൻ കുങ്കുമം വാരികയിലെഴുതിയ ‘മനക്കണക്കു്’ എന്ന കഥവായിക്കണോ?
- നിരൂപകൻ:
- എയ്ഡ്സ് പിടിച്ചോട്ടെ. എന്നാലും ‘മനക്കണക്കു’വേണ്ട.
- വായനക്കാരൻ:
- ഇനി നിങ്ങൾക്കു അധികം കാലം ജീവിതമില്ലല്ലോ. ശേഷിച്ചകാലം എന്തു ചെയ്യും?
- നിരൂപകൻ:
- ‘മനക്കണക്കു’പോലുള്ള കഥകൾ വായിക്കാതെ കഴിഞ്ഞുകൂടും.
- വായനക്കാരൻ:
- നിങ്ങളുടെ ശൈശവം, യൗവനം, ഇപ്പോഴത്തെ വാർദ്ധക്യം ഇവയിൽ ഏതാണു നല്ലതു? കാരണം?
- നിരൂപകൻ:
- ശൈശവവും യൗവനവും. അക്കാലങ്ങളിൽ മനക്കണക്കോ അതുപോലുള്ള കഥകളോ വായിക്കേണ്ടിവന്നില്ല എനിക്കു്.
അച്ഛൻ മദ്യപനും വ്യഭിചാരിയുമാണെങ്കിൽ മകൻ റിയാക്റ്റ് ചെയ്യുന്നതു പലവിധത്തിലായിരിക്കും. അവൻ കുടിക്കാം. അല്ലെങ്കിൽ പഠിക്കാതെ റൗഡിയായി നടന്നെന്നുവരാം. അതുമല്ലെങ്കിൽ അമ്മയോടു എപ്പോഴും ശണ്ഠകൂടാം. ചിലപ്പോൾ ആത്മഹത്യ ചെയ്തെന്നും വരാം. എന്നാൽ അച്ഛന്റെ വരുമാനത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന മകനു് അയാളെ എതിർക്കാൻ കെല്പു കാണില്ല. അവൻ ഏതുതരത്തിൽ റിയാക്റ്റ് ചെയ്താലും അച്ഛനോടുള്ള വെറുപ്പു് ഒരു സാമാന്യ ഘടകമായിരിക്കും. ആ വെറുപ്പു് അവൻ കാണിക്കുന്നതു പല തരത്തിലാവും. അച്ഛനെ റ്റെലിഫോണിൽ വിളിക്കുന്നവരോടു മര്യാദകേടായി സംസാരിക്കുക, അയാൾ ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മുൻവശത്തു് ഇരിക്കുന്ന മകൻ എഴുന്നേല്ക്കാതിരിക്കുക, എന്തെങ്കിലും അയാൾ ചോദിച്ചാൽ ശരിയായി മറുപടി പറയാതിരിക്കുക ഇവയൊക്കെ അവയിൽ ചിലതുമാത്രം. മേലുദ്യോഗസ്ഥന്മാരോടും സർക്കാരിനോടുമുള്ള വെറുപ്പു് അച്ഛനോടുള്ള വെറുപ്പിന്റെ വ്യാപ്തിയാർന്ന രൂപമത്രേ. സർക്കാർ എന്നതു് ഒരമൂർത്ത സങ്കല്പമാണെങ്കിലും അച്ഛന്റെ അധികാരം തന്നെ പട്ടാളവും പൊലീസും കൈവശമുള്ള സർക്കാരിനുമുണ്ടു്. അതിനെ നേരിട്ടെതിർക്കാൻ ബഹുജനത്തിനു പേടിയാണു്. പക്ഷേ, അച്ഛന്റെ കൊള്ളരുതായ്മ മൂർദ്ധന്യാവസ്ഥയിലെത്തുമ്പോൾ മകൻ തന്നെയും മറന്നു അയാളോടു സംഘട്ടനത്തിനു മുതിരുന്നതുപോലെ സർക്കാരിന്റെ നൃശംസത പരകോടിയിലെത്തുമ്പോൾ ബഹുജനം അതിനോടു വക്കാണത്തിനു ചെല്ലും. വെറുപ്പു് ഉത്കടാവസ്ഥയിലെത്തുമ്പോൾ ഭയം ഓടിയൊളിക്കും. ജീവൻ ത്യജിക്കാൻപോലും അവർക്കു് അപ്പോൾ ധൈര്യം ഉണ്ടാകും.
കലാകൗമുദിയിലെ രാഷ്ട്രീയ ലേഖകൻ എഴുതിയ “എവിടെപ്പോയി വിപ്ലവവീര്യം” എന്ന മുഖലേഖനം വായിച്ചപ്പോൾ എനിക്കു് എഴുതാൻ തോന്നിയതു് ഇങ്ങനെയൊണു്. ആ ലേഖനത്തിന്റെ ആരംഭം നോക്കുക: “ഒരുകിലോ മുളകിനു് എഴുപത്തഞ്ചുരൂപ, ഒരുകിലോ വെളിച്ചെണ്ണയ്ക്കു് അറുപതു രൂപ, ഒരുകിലോ അരിക്കു് ഏഴു രൂപ, ഒരു തേങ്ങയ്ക്കു് എട്ടുരൂപ.” കലാകൗമുദിയിൽ ഈ ലേഖനം വന്നതിനുശേഷം വില പിന്നെയും കൂടി. കേരളത്തിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം ആളുകളും ഈ വിലക്കയറ്റത്തിൽ മരിച്ചു കൊണ്ടിരിക്കുകയാണു്. ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ബഹുജനത്തിന്റെ വെറുപ്പു് പരകോടിയിലെത്താതിരിക്കാൻ സർക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.
“നിങ്ങൾ പ്രധാനമന്ത്രിയായാൽ?” “വാഗ്ദാനങ്ങൾ നടത്തുകില്ല. അവ നടത്തി ജനതയെ വഞ്ചിക്കുന്ന മറ്റു മന്ത്രിമാരെ ജയിലിലാക്കും.”
അറുത്ത കൈക്കു് ഉപ്പു വയ്ക്കാത്തവൻ അതിനു യോജിച്ച തത്ത്വചിന്ത രൂപവത്കരിച്ചുകൊണ്ടു് പണമെല്ലാം ബാങ്കിൽ കൊണ്ടിടുന്നു. മത്സരപ്പരീക്ഷയ്ക്കു ചേരുന്നവൻ വേണ്ടതൊക്കെ ഹൃദിസ്ഥമാക്കി വിജയം നേടുന്നു. ഉദ്യോഗസ്ഥനായി സഹപ്രവർത്തകരായിരുന്നവരെയും കൂട്ടുകാരെയും അറിഞ്ഞുകൂട എന്ന ഭാവം കാണിക്കുന്നു. മീറ്റിങ്ങിനു ക്ഷണിക്കുന്നവർ പ്രായംകൂടിയവരെ കൊണ്ടുചെന്നു പ്രസംഗിപ്പിച്ചിട്ടു രാത്രി, സമയം തെറ്റിയ നേരത്തു് ആഹാരമൊന്നും കൊടുക്കാതെ കാറിൽ കയറ്റി അയയ്ക്കുന്നു. ക്ഷതത്തിൽ അപമാനവും കൂടി എന്ന മട്ടിൽ “അടുത്ത വർഷവും വരണേ” എന്നു് അഭ്യർത്ഥിക്കുന്നു. (അടുത്തകാലത്തു് തിരുവനന്തപുരത്തുനിന്നു നൂറ്റമ്പതു നാഴിക അകലെയുള്ള ഒരു സ്ഥലത്തു് എന്നെ പ്രസംഗിക്കാൻ കൊണ്ടുപോയി. മീറ്റിങ് കഴിഞ്ഞപ്പോൾ രാത്രി ഏറെയായിയെങ്കിലും കാറിലേക്കു കയറ്റി ദാഹിച്ച വെള്ളംപോലും തരാതെ. ഒരു സ്നേഹിതനെ ദൂരെ കൊണ്ടാക്കുന്നതിനുവേണ്ടി കാറു് അങ്ങോട്ടയയ്ക്കുകയും എന്നെ ഒരു വീട്ടിലാക്കുകയും ചെയ്തു. മഴയായതുകൊണ്ടു് കാറു് തിരിച്ചെത്തിയതു് രാത്രി പത്തരമണിക്കു്. തിരിച്ചു മീറ്റിങ് സ്ഥലവും താണ്ടി താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോൾ അവിടുത്തെ ഭക്ഷണശാല അടച്ചുകഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള ബസ്സ്റ്റേഷനിൽ പോയി പൂവൻപഴം എന്ന പച്ചക്കായ് വാങ്ങിക്കൊണ്ടുവന്നു. ഒരെണ്ണം കടിച്ചുനോക്കിയപ്പോൾ കറ ചുവയ്ക്കുന്നു. ദൂരെയെറിഞ്ഞു. കുറെ പച്ചവെള്ളം മോന്തിക്കൊണ്ടു കിടന്നുറങ്ങി. കാലത്തു് ആദ്യത്തെ ബസ്സിൽ തിരുവനന്തപുരത്തേക്കു പോന്നു. അന്നു ശപഥം ചെയ്തതാണു് ഇനി ഒരു മീറ്റിങ്ങിനും പോകില്ലെന്നു്. സമ്മർദ്ദം ഏറെയുണ്ടായിട്ടും ഇന്നുവരെ പോയതുമില്ല.) ആരാണു് പതുങ്ങിപ്പതുങ്ങിവരുന്ന രണ്ടു സ്ത്രീകൾ. നമ്മൾ വലിച്ചെറിയുന്ന തകരവും കുപ്പിക്കഷണവും എടുത്തുകൊണ്ടുപോകാൻ വരുന്നവർ. സ്ത്രീകളല്ലേ, മോഷ്ടിക്കില്ല എന്നു വിചാരിച്ചു് തുറന്നു കിടന്ന ജന്നൽപ്പടിയിൽ ഡാനിയൽ ജോൺസിന്റെ ഉച്ചാരണ നിഘണ്ടു വച്ചിട്ടു് എഴുന്നേറ്റു പോയി. തിരിച്ചുവന്നപ്പോൾ നിഘണ്ടുവില്ല. എല്ലാവരും ഒരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നു. അതു സാക്ഷാത്കരിക്കുകയും ചെയ്യുന്നു. കള്ളികൾ മോഷ്ടിച്ചു വസ്തുക്കൾ സ്വന്തമാക്കുന്നു, വില്ക്കുന്നു, പണം നേടുന്നു. പ്രഭാഷകനെ പട്ടിണിക്കിട്ടു മീറ്റിങ്ങ് നന്നായി നടത്തിയെന്നു സംഘാടകർ അഭിമാനിക്കുന്നു. മത്സരപ്പരീക്ഷയിൽ ജയിച്ചു ഭീമമായ ശംബളം പറ്റുന്നതിനു പുറമേ സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും ബെൻസ് കാറും ഉദ്യോഗസ്ഥൻ നേടുന്നു. നല്ല ഷേർടും മുണ്ടുംപോലും ധരിക്കാതെ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു് പിശുക്കൻ ബാങ്ക് ബാലൻസു് വർദ്ധിപ്പിക്കുന്നു. ഓടകൾ ഒഴുകേണ്ട രീതിയിൽ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇങ്ങനെയുള്ള ഈ നാട്ടിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിർമ്മല ജലം ഒഴുക്കിക്കൊണ്ടു് ഒരാൾ ജീവിക്കുന്നു. അദ്ദേഹം ജനതയ്ക്കുവേണ്ടി മാത്രം നോവലുകളെഴുതി, ചെറുകഥകൾ എഴുതി, നാടകങ്ങൾ എഴുതി, ലേഖനങ്ങൾ എഴുതി, ഒരു കാലത്തു് ജനയുഗം വാരികയെ കേരളത്തിലെ അദ്വിതീയമായ വാരികയായി ഉയർത്തി. അദ്ദേഹമാണു് ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർ. കുറച്ചുകാലം മുൻപു് അദ്ദേഹം രോഗശയ്യയിൽ വീണു. ഒരു മനുഷ്യനും അതു് അറിഞ്ഞതുപോലുമില്ല. അദ്ദേഹത്തെ ചെന്നുകണ്ട ഞാൻ ദുഃഖിച്ചു. എന്നും രാത്രി ഞാൻ പ്രാർത്ഥിച്ചു, വൈക്കത്തിന്റെ രോഗം ഭേദമാകണേയെന്നു്. അതിനു സാഫല്യമുണ്ടായി. പൂർണ്ണമായി രോഗത്തിൽനിന്നു വിമുക്തനായില്ലെങ്കിലും അദ്ദേഹം കഴിഞ്ഞയാഴ്ച എന്റെ വീട്ടിൽ വന്നിരുന്നു. മീറ്റിങ് സംഘാടകർ അദ്ദേഹത്തിനെയെങ്കിലും വെറുതേ വിടണമെന്നു് ഞാൻ അഭ്യർത്ഥിക്കുന്നു. വൈക്കം ചന്ദ്രശേഖരൻ നായർ പണ്ടത്തെപ്പോലെ തികഞ്ഞ ആരോഗ്യത്തോടെ കഴിഞ്ഞുകൂടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
തടവറയുടെ ഭിത്തികൾക്കു് ഏകശാസനാധിപതികൾ വിചാരിക്കുന്ന തരത്തിൽ കനമില്ല. അതിനകത്തു് അവർ പാർപ്പിച്ചിരിക്കുന്ന മഹാന്മാരുടെയും മഹതികളുടെയും യശസ്സു് ലോകമാകെ വ്യാപിക്കും. അപ്പോൾ തടവറ പ്രയോജന ശൂന്യമായിത്തീരും. ഈ വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സുകി യെക്കുറിച്ചും ഇതു സത്യമത്രേ. 1989 ജൂലൈ മാസത്തിലാണു് മനുഷ്യാവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന ഈ മഹതിയെ കിരാതന്മാർ കാരാഗൃഹത്തിലാക്കിയതു്. അന്നുമുതൽ അവർ പീഡിപ്പിക്കപ്പെടുന്നു. തനിക്കു നോബൽ സമ്മാനം കിട്ടിയതുപോലും സൂകി അറിഞ്ഞിട്ടില്ലെന്നു പല പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
കിരാതന്മാരുടെ കാലം കഴിഞ്ഞുവെന്നു് അവർ മനസ്സിലാക്കാത്തതു് എന്താണു്? എത്രയെത്ര സ്വേച്ഛാധികാരികളാണു് ഈ ശതാബ്ദത്തിൽത്തന്നെ ഇവിടെനിന്നു് അപ്രത്യക്ഷരായതു്. സൂകിയെ തീവ്രവേദനയ്ക്കു വിധേയരാക്കുന്നവരുടെയും സ്ഥിതി ഇതായിരിക്കും. സ്വേച്ഛാധികാരികൾ ലോകത്തെ കാണിക്കുന്നതു് അവരുടെ ജുഗുപ്സാവഹമായ ആകൃതിയെ മാത്രമാണു്. ചിലിയിലെ പ്രസിഡന്റ് ആയേന്ദയെ കൊന്നു് അധികാരത്തിലെത്തിയ പീനോചേ, അയാളെപ്പോലുള്ള നൂറുനൂറു ഏകശാസനാധിപതികൾ ഇവരുടെയെല്ലാം ഭയജനകങ്ങളായ രൂപങ്ങളേ നാം കാണുന്നുള്ളു. മനുഷ്യസ്വാതന്ത്ര്യത്തിനു വേണ്ടി തടവറകളിൽ കിടന്നു യാതന അനുഭവിക്കുന്നവരുടെ സ്നേഹം മാത്രമാണു് നമ്മൾ അറിയുന്നതു്. അതു ജയിക്കും. അക്കാരണത്താൽ സൂകിയും ജയിക്കും.
- ഷാങ് വൽ ഷാങ്:
- യൂഗോ യുടെ “ലേമീസേറബ്ല ”യിലെ പ്രധാന കഥാപാത്രം. കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവം, വണ്ടിച്ചക്രത്തിനടിയിൽപ്പെട്ടുപോയ ആളിനെ രക്ഷിക്കാൻ വണ്ടിക്കടിയിൽ നുഴഞ്ഞുകയറി അതു് ഉയർത്തിയവൻ. ആ ശക്തിപ്രകടനം, തന്നെ ആപത്തിൽ കൊണ്ടുചെല്ലുമെന്നു് അറിഞ്ഞിട്ടും അദ്ദേഹമതു ചെയ്തു.
- സുഭദ്ര:
- സി. വി. രാമൻപിള്ളയുടെ “മാർത്താണ്ഡവർമ്മ ”യിലെ കഥാപാത്രം. അക്കാലത്തു് ഫെമിനിസമെന്ന ചിന്താഗതിയില്ലായിരുന്നതുകൊണ്ടു് സീമോൻ ദ ബൊവ്വാറി നെപ്പോലെ ഫെമിനിസ്റ്റ് ആയില്ല. കൂടുതൽ ചായം തേച്ചു് ആലേഖനം ചെയ്യപ്പെട്ട സ്ത്രീ അവിശ്വാസ്യതയുളവാക്കുന്നു. പടിഞ്ഞാറൻ സാഹിത്യവുമായി വലിയ പരിചയമില്ലാത്തവർ “ധീരവനിത. ധീരവനിത” എന്നു പുകഴ്ത്തിക്കൊണ്ടിരിക്കുന്നു.
- “കാൽവരിയിലെ കല്പപാദപ”ത്തിലെ യേശു:
- കൈനിക്കര പദ്മനാഭപിള്ള സൃഷ്ടിച്ച ഒരു ദുർബ്ബലകഥാപാത്രം. അദ്ദേഹത്തിന്റെ കുറ്റമല്ല അതു്. “കാൽവരിയിലെ കല്പപാദ”ത്തിനു ആധാരമായ ഇംഗ്ലീഷ് നോവലിലും ആ കഥാപാത്രം ദുർബ്ബലമത്രേ.
- വൈത്തിപ്പട്ടർ:
- ചന്തുമേനോന്റെ ഈ കഥാപാത്രത്തിനു വ്യക്തിത്വമില്ല. വെറും റ്റൈപ്പ് സർപ്പദൃഷ്ടി തുടങ്ങിയ ചേഷ്ടകൾ കൂടക്കൂടെ വർണ്ണിച്ചാണു നോവലിസ്റ്റ് റ്റൈപ്പുകളെ സൃഷ്ടിക്കുന്നതു്. ഇതു വിലകുറഞ്ഞ ഏർപ്പാടാണു്.
മീലവാൻ ജീലാസി നെക്കുറിച്ചു് ഇന്നത്തെ തലമുറയിൽപ്പെട്ടവർ അറിയില്ല. സ്പാനിഷ് ആഭ്യന്തരസമരത്തിൽ പങ്കുകൊള്ളാൻ സന്നദ്ധഭടന്മാരെ സംഘടിപ്പിക്കുന്ന കൃത്യത്തിൽ യൂഗോസ്ളാവു് കമ്മ്യൂണിസ്റ്റ് നേതാവു് യോസി ബ്രൊസ് റ്റീറ്റോപ് യെ സഹായിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു ജീലാസ്. അദ്ദേഹം പാർട്ടിയിലും ഗവൺമെന്റിലും സമുന്നത സ്ഥാനങ്ങളിലെത്തി വൈസ് പ്രസിഡന്റ് വരെ ആയി. പക്ഷേ, 1954-ൽ പെട്ടെന്നു് അദ്ദേഹം ഡിസ്മിസ് ചെയ്യപ്പെട്ടു. ഹംഗറിയിലെ വിപ്ലവത്തെ അനുകൂലിച്ചതുകൊണ്ടാണു് അദ്ദേഹം നിഷ്കാസിതനായതു്. പിന്നീടു് ഒൻപതു കൊല്ലത്തെ കാരാഗൃഹവാസമായിരുന്നു അദ്ദേഹത്തിനു്. മുപ്പതുവർഷമായി ജീലാസ് ഒറ്റപ്പെട്ടു ജീവിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ചു്, ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു് ഇന്നത്തെ തലമുറയെ അറിയിക്കാനായി ശ്രീ. എൻ. ഇ. സുധീർ കലാകൗമുദിയിൽ എഴുതിയ “ഇവിടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരാൾ കാത്തിരിക്കുന്നു” എന്ന ലേഖനം ഞാൻ കൗതുകപൂർവം വായിച്ചു. ലളിതമായി രചിക്കപ്പെടുന്ന ഇത്തരം ലേഖനങ്ങൾ സ്വാഗതാർഹങ്ങളാണു്.
എഴുത്തുകാരുടെ ഒരു സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് റീഗൻ പസ്തർനക്കി ന്റെ കാവ്യങ്ങളിൽനിന്നു ചില വരികൾ വായിച്ചു. അവിടെയുണ്ടായിരുന്ന ഗർബച്ചേഫ് ഓർമ്മയിൽനിന്നു പസ്തർനക്കിന്റെ കവിതകൾ ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു. (Gail Sheehy എഴുതിയ Gorbachev എന്ന ജീവചരിത്രത്തിൽനിന്നു്.) ഭരണാധികാരികൾ നമ്മൾ വിചാരിക്കുന്നപോലെയല്ല. അവർക്കു സാഹിത്യവുമറിയാം.