
“മുസ്ലിങ്ങളല്ലാത്തവർ നികുതി കൊടുക്കണമെന്ന നിയമം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്ന ഔറംഗസീബി നെക്കുറിച്ചു് ഹിന്ദുജനത എന്തു വിചാരിക്കും? മദ്യമാകെ നിരോധിച്ച അദ്ദേഹത്തോടു് അവർക്കു് എന്തു സന്തോഷമാണു തോന്നുക? സഹോദരന്മാരുടെ രക്തത്തിൽ നീന്തി സിംഹാസനത്തിലെത്തുകയും ഡെക്കാനിലും രാജസ്ഥാനിലും ദ്രാവിഡ ദക്ഷിണദേശത്തും ഹൈന്ദവജനതയുടെ വെറുപ്പിന്റെ പ്രചണ്ഡവാതം ഇളക്കിവിടുകയും ചെയ്തില്ലേ അദ്ദേഹം? ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കൂട്ടാക്കാത്ത ഒൻപതാമത്തെ സിക്ക് ഗുരുവിനെ മർദ്ദിച്ചു തലവെട്ടിക്കളഞ്ഞ ചക്രവർത്തിയല്ലേ ഔറംഗസീബ്.” (An Introduction to India എന്ന പുസ്തകത്തിൽനിന്നു് സ്വതന്ത്ര തർജ്ജമ.)
ചരിത്രകാരന്റെ ഈ പ്രസ്താവത്തിലെ സത്യാത്മകതയോ അസത്യാത്മകതയോ ചർച്ചാവിഷയമല്ല ഇവിടെ. ഈ വാക്യങ്ങളിലടങ്ങിയ ആശയം സത്യമായാലും അസത്യമായാലും എന്റെ മനസ്സിനു് വിമലീകരണം നല്കുന്നില്ല. എന്നാൽ മഹാകവി ജി. ശങ്കരക്കുറുപ്പു്
“ജപമാലയാരാജ്യലക്ഷ്മി തൻ ഗളത്തിങ്കൽ
ജ്ജയിയാമറംഗസീബിറുകുംവരെച്ചുറ്റി;
ചോരയാൽ, ക്കണ്ണീരിനാൽ പവിത്രം ജപമാല
ഘോരദർശനമായീ ചെങ്കോലും ഞെരിഞ്ഞല്ലോ
വിരലിന്നറ്റത്തോളം വീരനുമഗാധമാം
കരളിന്നടിവരെബ്ഭക്തനുമാണാ മഹാൻ
എങ്കിലും ചരിത്രത്തിൽ പ്രൗഢമാം സ്വപ്നം പോലെ
തൻ കണ്ണാൽ കാൺകെത്തന്നെ
തകർന്നു തൽ സാമ്രാജ്യം.”

എന്നെഴുതുമ്പോൾ അനിർവാച്യമായ ആഹ്ലാദം. ആശയത്തോടു യോജിച്ചാലും ഇല്ലെങ്കിലും ഉദാത്തതയുടെ പ്രതീതി. ചരിത്രപുസ്തകത്തിലെ വർണ്ണന വിശേഷിച്ചൊരു വികാരവും ഉളവാക്കുന്നില്ല. എന്നാൽ മഹാകവിവചനം ഔറംഗസീബിനോടു് വിരോധമുളവാക്കാതെ അനുവാചകനു വിശ്രാന്തിയരുളുന്നു. ചരിത്രപ്രസ്താവം സഹൃദയനെ അസ്വസ്ഥതയുടെ അഴുക്കുചാലിലേക്കു് എറിയുമ്പോൾ കവിവചനം അയാളെ കവിതയുടെ ഗന്ധർവ്വലോകത്തേക്കു് ഉയർത്തുന്നു. ഇങ്ങനെയാണു് കവിത മനുഷ്യനെ ഉന്നമിപ്പിക്കുന്നതു്.
ഇനി ശിവജി യുടെ വാക്കുകൾകൂടി കേൾക്കുക:
“ഇനിയും ജ്വലിക്കയോ ഹിന്ദുരാജ്യത്തിൻ സ്വപ്ന
മനിവാര്യമാം ചരിത്രത്തിനെഗ്ഗണിക്കാതെ
മുസൽമാൻ സമുന്നതമായ ശിരസ്സിങ്കൽ
മുടിചൂടിയതന്നു ഞാൻ സഹിച്ചില്ലാ; പക്ഷേ,
ഹിന്ദുരാജ്യത്തിന്നടിത്തറ കെട്ടുവാൻ രക്ത
ബിന്ദു ഞാൻ ചൊരിഞ്ഞതു കാലവും പൊറുത്തീലാ.”
ഇതിനുശേഷം കവി:
“ശിവജി ജലാർദ്രമാം കണ്ണിമ ചിമ്മി; മുഖം
നിവരും മലകളീവാക്കു മൂകമായ് കേൾക്കെ
ഇരുളിൻ നിർമ്മാണമേ ഭേദഭാവനയെല്ലാം;
വിരിയും വെളിച്ചമാബ്ഭിത്തിയെസ്സഹിക്കുമോ.”
ശിവജിയുടേതായി മഹാകവി നല്കുന്ന ഈ വാക്കുകളും അവയെ അവലംബിച്ചു് അദ്ദേഹം ആവിഷ്കരിക്കുന്ന സാമാന്യപ്രസ്താവവും ശരിയല്ലെന്നു കരുതുന്നവരുണ്ടാകാം. അവരും, സഹൃദയരാണെങ്കിൽ കവിവചനങ്ങളിൽ ‘വിരിയും വെളിച്ച’മുണ്ടെന്നു സമ്മതിക്കും. മുകളിൽച്ചേർത്ത രണ്ടു കാവ്യങ്ങളും സുശക്തങ്ങളാണെന്നു് ഉദ്ഘോഷിക്കും. കവിത ജയിക്കുന്നു. ചരിത്രം ജയിക്കുന്നില്ല.
ചോദ്യം: നിങ്ങളൊരു ഹിപ്പൊക്രാറ്റല്ലേ?
ഉത്തരം: ഹിപ്പൊക്രാറ്റ് എന്നൊരു ഇംഗ്ലീഷ് വാക്കു് ഉണ്ടോ? ഹിപ്പക്രിറ്റ്—കാപട്യമുള്ളവൻ—എന്നാവാം നിങ്ങൾ ഉദ്ദേശിച്ചതു്. കുട്ടിക്കാലത്തു് ഞാൻ ഹിപ്പക്രിറ്റായിരുന്നു. ഇംഗ്ലീഷ് സിനിമ കാണാൻ പോകും. സംഭാഷണം ഒന്നും മനസ്സിലാവില്ല. എങ്കിലും മനസ്സിലായിയെന്നു ഭാവിച്ചു് മറ്റുള്ളവർ ചിരിക്കുമ്പോൾ ഞാനും ചിരിക്കുമായിരുന്നു.
ചോദ്യം: സാഹിത്യവാരഫലം എഴുതിയെഴുതി ബോറായി തോന്നുന്നില്ലേ?
ഉത്തരം: അഭിവന്ദ്യനായ ശ്രീ. എൻ. ഇ. ബലറാമും ഇതേ ചോദ്യം എന്നോടു നേരിട്ടു ചോദിച്ചു. വർഷങ്ങളോളം ഒരു സ്ഥലത്തു തന്നെ നിന്നു് മഞ്ഞും മഴയും വെയിലും ഏല്ക്കുന്ന മരത്തിനു ഇല്ല.
ചോദ്യം: ജലദോഷമോ പനിയോ വരാറുണ്ടോ? നിങ്ങളെ ഒരു വിവാഹത്തിനും കാണാറില്ല. ആരും ക്ഷണിക്കാത്തതു കൊണ്ടാണോ?
ഉത്തരം: ക്ഷണിക്കാറുണ്ടു്. ഒന്നിനും പോകാറില്ല. കാരണമുണ്ടു്. വടയാറ്റുകോട്ട പരമേശ്വരൻപിള്ളയുടെ ഭീകര നോവൽ ‘അംഗനാചുംബനം’ ഒരിക്കലേ വായിക്കാൻ പറ്റു. അതോ അതു പോലുള്ള മറ്റു നോവലുകളോ കണ്ടാൽ എനിക്കു പേടിയാകും.
ചോദ്യം: കിട്ടിയ ജോലി നല്ലതല്ലെന്നു എല്ലാവർക്കും തോന്നുന്നതു് എന്തുകൊണ്ടു്?
ഉത്തരം: പ്രതിഫലത്തിന്റെ കുറവുകൊണ്ടോ ജോലിയുളവാക്കുന്ന ക്ലേശംകൊണ്ടോ ആവാം. പക്ഷേ, ആ ജോലി ഉപേക്ഷിച്ചു പോകുമ്പോൾ വേറൊരാൾ ആ സ്ഥാനത്തു കയറിയിരുന്നാൽ നമുക്കു് അയാളോടു വെറുപ്പു് തോന്നും. ജോലിയുടെ കാര്യത്തിൽ മാത്രമല്ല ഇതു ശരിയായി വരുന്നതു്. കെമിസ്ട്രി ഐച്ഛികവിഷയമായി സ്വീകരിച്ചു കുറെക്കാലം ബി. എസ്സിക്കു പഠിച്ച ഞാൻ അതു കളഞ്ഞിട്ടു മലയാളം പഠിക്കാൻ പോയി. ഞാൻ പോയ ഒഴിവിൽ കെമിസ്റ്റ്രി പഠിക്കാൻ വന്ന ഒരു പെൺകുട്ടിയെ ഞാൻ വെറുത്തു.
ചോദ്യം: നയാഗ്രാ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ?
ഉത്തരം: ഇല്ല. എന്റെ അഭിവന്ദ്യ സുഹൃത്തും ഉപകർത്താവുമായ ശ്രീ. എരുമേലി പരമേശ്വരൻപിള്ള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടു്.
ചോദ്യം: ഈ ഗവൺമെന്റ്, ഗവൺമെന്റ് എന്നു മന്ത്രിമാർ പോലും പറയുന്നതു് എന്താണു് സാറേ?
ഉത്തരം: കൊച്ചു മനസ്സു മാത്രമുള്ളവർ വിശാലഹൃദയരായ ജനങ്ങളെ ഭരിക്കുന്ന ഏർപ്പാടാണു് ഗവൺമെന്റ്. ആ സംവിധാനത്തിൽ ‘ഞാൻ പങ്കുകാരനല്ലെ’ന്നു വരുത്താനാണു് മന്ത്രി തന്നെ അതിൽനിന്നു വേർപെടുത്തി ‘അതു ഗവൺമെന്റിന്റെ തീരുമാനമാണു് ’ എന്നു പറയുന്നതു്.
ചോദ്യം: കീഴ്ജീവനക്കാരനോടു് എപ്പോഴും തട്ടിക്കയറുന്ന ഉദ്യോഗസ്ഥൻ?
ഉത്തരം: അയാൾ അയാളുടെ മേലുദ്യോഗസ്ഥന്റെ ദാസനായിരിക്കും. അല്ലെങ്കിൽ ഭാര്യയെ പേടിക്കുന്നവനായിരിക്കും.

ഈ ലോകം ക്ഷണികമാണു് എന്നു പറഞ്ഞാൽ ചിന്ത മാത്രമേയുള്ളു അതിൽ. എന്നാൽ ‘ഒന്നിന്നുമില്ല നില—ഉന്നതമായ കുന്നുമെന്നല്ല—ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ’ എന്നു് കേൾക്കുമ്പോൾ ചിന്തയും വികാരവും ഒരുമിച്ചു ചേർന്നിരിക്കുന്നുവെന്നു നമുക്കു ഗ്രഹിക്കാം. “ഒരു മനുഷ്യനു് എത്രയടി ഭൂമി വേണം” എന്ന ചെറുകഥയിൽ ധനാർജ്ജനം തെറ്റാണെന്ന ആശയമുണ്ടെങ്കിലും വികാരവുമായി അതു കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ കലാത്മകത ഉണ്ടാകുന്നു. മോപസാങ്ങി ന്റെ “ചന്ദ്രികയിൽ” എന്ന കഥയിൽ മനോഹരമായ രാത്രി കാമുകനും കാമുകിയും രസിക്കാനുള്ളതാണെന്ന ആശയം വികാരവുമായി ആശ്ലേഷത്തിലമർന്നിരിക്കുന്നു. കമ്യൂ വിന്റെ “അതിഥി ” എന്ന കഥയിൽ ആശയത്തിനു പരമപ്രാധാന്യം വന്നുപോയെങ്കിലും വികാരതരംഗങ്ങൾ അതിൽ വേണ്ടുവോളം ചലനംകൊള്ളുന്നുണ്ടു്. ശ്രീ. എൻ. പ്രഭാകരൻ ഇന്ത്യ റ്റുഡേയിൽ എഴുതിയ “വേതാളത്തിന്റെ വിധി” എന്ന ചെറുകഥയിൽ ആശയപരമായ സമീപനമേയുള്ളു; വികാരപരമായ സമീപനമില്ല. തൊഴിലാളി നേതാവു് ധനികനിൽ നിന്നു പണം മേടിക്കുന്നതും പത്രാധിപർ നാലക്കമുള്ള തുക കൈപ്പറ്റുന്നതും സുന്ദരിയായ യുവതി ബ്ളൂ ഫിലിമിൽ അഭിനയിച്ചു് അഞ്ചക്കമുള്ള തുക സ്വീകരിക്കുന്നതും പരിഹാസത്തിന്റെ മട്ടിൽ നീതിമത്കരിക്കപ്പെടുന്നു. അങ്ങനെ കഥാകാരൻ സമുദായ മാലിന്യങ്ങളുടെ നേർക്കു കൈചൂണ്ടുന്നു. പക്ഷേ, പ്രഭാകരൻ ഇവിടെ സംഭവങ്ങളെ യാന്ത്രികമായി കൂട്ടിച്ചേർക്കുന്നതേയുള്ളു. സമൂഹത്തിലെ മാലിന്യങ്ങൾ കഥാകാരന്റെ വ്യക്തിത്വത്തിൽ വിലയം കൊണ്ടു് വികാരപരമായി രൂപമാർജ്ജിക്കുന്നില്ല. ഇന്നത്തെ നിലയിൽ ഇതൊരു ഉപന്യാസം മാത്രമാണു്. ആ പ്രബന്ധത്തിന്റെ ഛായ മാറ്റാനാണു് കഥാകാരൻ വേതാളത്തെ പിടിച്ചു കൊണ്ടു വന്നു് ഇക്കഥയെല്ലാം പറയിച്ചു് ആഖ്യാനത്തിന്റെ ചാരുതയുണ്ടാക്കാൻ ശ്രമിക്കുന്നതു്; ആ ശ്രമം പരാജയപ്പെടുന്നു. അതിമൂല്യനിർണ്ണയത്തിലൂടെ യശസ്സാർജ്ജിച്ചിരിക്കുന്ന പ്രഭാകരൻ എന്റെ ദൃഷ്ടിയിൽ നല്ല കഥാകാരനല്ല. ഈ വിധത്തിലൊരു പ്രസ്താവം നിർവഹിക്കുമ്പോൾ മറ്റുള്ള കഥാകാരന്മാരിൽനിന്നു് അദ്ദേഹം വിഭിന്നനാണെന്നു് മുൻപു ഞാനെഴുതിയതുമായി ഇതു പൊരുത്തപ്പെടാതിരിക്കുന്നുമില്ല.

എന്റെ കുട്ടിക്കാലത്തു് തിരുവനന്തപുരത്താകെ ചെമ്മണ്ണു നിറഞ്ഞ പാതകളേ ഉണ്ടായിരുന്നുള്ളു. കാറില്ല, കാളവണ്ടികളും വിരളമായി കുതിരവണ്ടികളും. ഒരു കാളവണ്ടി പോയാൽ ചെമ്മണ്ണു ഉയർന്നു മറ സൃഷ്ടിക്കും. വെളുത്ത വസ്ത്രം ധരിച്ചു പാതയിലേക്കു് ഇറങ്ങുന്നവർ പെട്ടെന്നു കാഷായ വസ്ത്രം ധരിച്ചവരാകും. വായ്ക്കകത്തും മൂക്കിനകത്തും ചെമ്മണ്ണു കയറും. വിദ്യുച്ഛക്തി വിളക്കുകളില്ലായിരുന്നു അന്നു്. കരിങ്കൽത്തൂണുകളുടെ മുകളിൽ ചേർത്തു വച്ച മണ്ണെണ്ണ വിളക്കുകൾ മാത്രം. ആ തൂണുകളിൽ ഏണി ചാരി മുനിസിപ്പാലിറ്റി ജീവനക്കാരൻ വലിഞ്ഞു കയറി വിളക്കു കത്തിക്കും. മണ്ണെണ്ണയുടെ മുക്കാൽ ഭാഗവും അയാളുടെ വീട്ടിലേക്കു പോയിരുന്നതു കൊണ്ടു് ഒരു ഫർലോങ്ങ് ഇടവിട്ടു് ഉണ്ടായിരുന്ന കരിങ്കൽത്തൂണുകളിലെ വിളക്കുകളിൽ ചിലതേ മങ്ങിയ പ്രകാശം പരത്തിയിരുന്നുള്ളു. അതുകൊണ്ടു രാത്രി സഞ്ചാരം ആളുകൾ വർജ്ജിച്ചിരുന്നു. അത്യാവശ്യമായി പോകേണ്ടി വന്നാൽ ചുട്ടു കത്തിച്ചു കൊണ്ടാവും യാത്ര. തികച്ചും അപരിഷ്കൃതമായ ജീവിതം. പക്ഷേ, അക്കാലത്തു കാറുകൾ മറിഞ്ഞു് ആളുകൾ മരിച്ചിരുന്നില്ല. അവ കൂട്ടിയിടിച്ചു് അവർ കാലപുരിക്കു പോയിരുന്നില്ല. വിദ്യുച്ഛക്തിയുടെ ആഘാതത്താൽ അവർ ശവങ്ങളായി മാറിയിരുന്നില്ല. ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയിൽ നിന്നു ഷോക്ക്, റ്റേബിൾ ഫാൻ പ്രവർത്തിപ്പിച്ചു സ്ത്രീകൾ മുടിയുണക്കുമ്പോൾ അതിൽ മുടിയുടക്കിയുള്ള മരണം, എപ്പോഴും എ. സി. മുറിയിലിരുന്നു് ശരീരം പഴുത്തു് പഴുത്തു് വലിയ ആളുകൾക്കു് ഉണ്ടാകുന്ന ജീവിതാന്ത്യം ഇവയൊന്നും ഇല്ലേയില്ല. പരിഷ്ക്കാരം കൂടുമ്പോൾ, ശാസ്ത്രം വികസിക്കുമ്പോൾ ആപത്തുകൾ കൂടും. ശാസ്ത്രീയമായ വികാസം വരുത്തുന്ന വിനയെ ഒരു തവളയുടെ ആത്മത്യാഗത്തിലൂടെ സ്പഷ്ടമാക്കുന്ന ശ്രീ. വി. ആർ. സുധീഷി ന്റെ ‘വംശാനന്തര തലമുറ’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) നല്ലൊരു അലിഗറി ആയിട്ടുണ്ടു്. ഭംഗ്യന്തരേണ അതു് വ്യക്തിയുടെ പരോപകാര തല്പരതയെയും സമുദായത്തിന്റെ നൃശംസതയെയും വ്യഞ്ജിപ്പിക്കുന്നു. ഞാൻ അലിഗറിയുടെ സ്തോതാവല്ല. തവളയെ കൊണ്ടു വരുന്നതും കീറുന്നതും കുട്ടികൾ അദ്ഭുതപ്പെടുന്നതും അതിനെ മുറിവു തച്ചു് കുളത്തിലിടുന്നതും അതു് വീട്ടിലെത്തി കുടുംബത്തോടു എല്ലാം വർണ്ണിച്ചിട്ടു് മരിക്കുന്നതുമൊക്കെ കഥാകാരൻ പാടവത്തോടെ വർണ്ണിക്കുന്നുണ്ടു്. എന്നാൽ തവളയ്ക്കു പകരം മനുഷ്യനെ ആ സ്ഥാനത്തു വയ്ക്കു. വായനക്കാരന്റെ താല്പര്യം നശിക്കും. അലിഗറിയിൽ പ്രതീകത്തെ വേറൊന്നിലേക്കു സംക്രമിപ്പിക്കുന്ന മാനസികവ്യാപാരമാണു് താല്പര്യജനകമാകുന്നതു്. ‘അതാ സിംഹം വരുന്നു’ എന്നു കേട്ടാൽ ശ്രോതാവു് അസ്വസ്ഥനാകും. എന്നാൽ സിംഹം ധീരതയുള്ള രാമനാണെന്നു ഗ്രഹിക്കുമ്പോൾ അസ്വസ്ഥത മാറുകയും മനസ്സു് പൂർവസ്ഥിതിയിൽ എത്തുകയും ചെയ്യും. അതോടെ താല്പര്യം ഇല്ലാതാകുന്നു. ആഴത്തിൽ അനുഭവിച്ച വിചാരത്തെ ആഴത്തിലുള്ള വികാരവുമായി കൂട്ടിയിണക്കുമ്പോഴാണു് കലയുടെ ജനനം. അലിഗറിക്കു കലാത്മകതയില്ല.
- ബാലചന്ദ്രൻ ചുള്ളിക്കാട്:
- വിമർശനത്തിൽ ക്ഷോഭിക്കാത്ത ഒരേയൊരു കവി. ക്ഷോഭിക്കില്ലെന്നു മാത്രമല്ല, സ്നേഹത്തോടു കൂടി പെരുമാറുകയും ചെയ്യും. ‘എനിക്കിത്ര മാത്രമേ കഴിയൂ’ എന്നു സ്വന്തം കാവ്യനിർമ്മിതിയെക്കുറിച്ചു പറയാനും മടിയില്ല അദ്ദേഹത്തിനു്. ‘പ്രരോദന’ത്തിലെ ശ്ലോകങ്ങൾ കാണുന്നവരെയെല്ലാം ചൊല്ലിക്കേൾപ്പിക്കും എന്നൊരു ദോഷമേയുള്ളു ബാലചന്ദ്രൻ ചുള്ളിക്കാടിനു്.
- ജി. ശങ്കരക്കുറുപ്പ്:
- എറണാകുളത്തെ ‘ഭദ്രാലയ’ത്തിന്റെ പൂമുഖത്തു് അദ്ദേഹം ഏകാഗ്രതയോടെ വിദൂര വീക്ഷണം നടത്തി ഇരിക്കുകയായിരുന്നു, ഞാൻ ചെന്നപ്പോൾ. എന്റെ സാന്നിദ്ധ്യം അദ്ദേഹം അറിഞ്ഞില്ല. ജിയുടെ സഹധർമ്മിണിയും ജാമാതാവു് പ്രഫെസർ എം. അച്യുതനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പട്ടണത്തിലെവിടെയോ പോയിരിക്കുകയായിരുന്നു. മഹാകവിയുടെ മുഖം ഞാൻ ഉറ്റുനോക്കി. ആന്തരമായ ശക്തിവിശേഷം അവിടെ പ്രഭ പ്രസരിപ്പിച്ചിരുന്നു. അദ്ഭുതപ്പെടാനില്ല. ആ ശക്തിവിശേഷം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കവിതയിലാകെ.
- പാലാ നാരായണൻ നായർ:
- ‘താമരപ്പൂവാണു് അദ്ദേഹത്തിന്റെ കവിതയെങ്കിലും താമരയിലയിൽ പറ്റിയ ജലകണത്തിന്റെ തിളക്കമേ അതിനുള്ളു എന്നു കരുതുന്ന കവി. ഈ അതിവിനയമാണു് അദ്ദേഹത്തിനു കിട്ടേണ്ടതെല്ലാം ഇല്ലാതാക്കിയതു്. നന്മയുടെ പേരിലുള്ള വിനയം കൊള്ളരുതായ്മയുടെ താഴ്ചയായിട്ടാണു് മറ്റുള്ളവർ കാണുക. സ്നേഹസമ്പന്നനായ മനുഷ്യൻ. പാലാ നാരായണൻ നായർ അർഹിക്കുന്ന കീർത്തി അദ്ദേഹത്തിനു കിട്ടാത്തതു് കേരളീയരുടെ സ്വഭാവസവിശേഷതയാൽ മാത്രമല്ല; അദ്ദേഹത്തിനു് ഒരു രാഷ്ട്രീയകക്ഷിയുടെയും പിൻബലമില്ല എന്നതുകൊണ്ടുമാണു്.
- എം. കെ. കെ. നായർ:
- ആകർഷകങ്ങളായ സ്വപ്നങ്ങൾ ഉണ്ടായാൽ അവയെ ആകർഷകങ്ങളായ മാർഗ്ഗങ്ങളിലൂടെ സാക്ഷാത്കരിക്കാമെന്നു തെളിയിച്ച ബുദ്ധിശാലി. ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ച മഹാസ്ഥാപനങ്ങളുടെ പിറകിൽ ഇദ്ദേഹത്തിന്റെ ധിഷണാവൈഭവമാണു പ്രവർത്തിച്ചതു്. പക്ഷേ, ചിലർ മാത്രമേ അതറിയുന്നുള്ളു. അദ്ഭുതപ്പെടാനില്ല. പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പ്രഭാവത്തിന്റെ മുൻപിൽ യാഥാർത്ഥ്യത്തിനു മങ്ങലേല്ക്കുമല്ലോ. രാജ്യ കാര്യങ്ങളിൽ തല്പരരായവർ അപൂർവമായേ കലയിൽ തല്പരത്വം കാണിക്കൂ. എം. കെ. കെ. നായർ കലയെ സ്നേഹിച്ചിരുന്നു. അതിനു സേവനമനുഷ്ഠിച്ചിരുന്നു. ഭിലായി സ്റ്റീൽ പ്ലാന്റിന്റെയും എഫ്. എ. സി. റ്റിയുടേയും നിർമ്മാണത്തിൽ ധിഷണാശാലി. കലാമണ്ഡലം കൃഷ്ണൻ നായരു ടെയും ചെങ്ങന്നൂർ രാമൻ പിള്ള യുടെയും മുൻപിൽ കലാരാധകൻ.
- സി. കേശവൻ:
- ഒരു സ്ഥാപനം ചൂണ്ടിക്കാണിച്ചിട്ടു് ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “സർ ഇതു് ഒരാളിന്റെ നന്ദിയുടെ പ്രതീകമാണു്.” അതുകേട്ട അദ്ദേഹം എന്നോടൊരു ചോദ്യം. “ഈ ലോകത്തു് അങ്ങനെയൊന്നുണ്ടോ കൃഷ്ണൻ നായരേ?” കൃതജ്ഞതാരഹിതരെ ആ ചോദ്യത്തിലൂടെ അങ്ങനെ വിമർശിച്ചെങ്കിലും എല്ലാ മാനുഷികമൂല്യങ്ങളെയും ഉയർത്തിപ്പിടിച്ച മഹാനായിരുന്നു സി. കേശവൻ. കൊച്ചുകുട്ടിയെപ്പോലെ ശുദ്ധൻ. സ്നേഹത്തിന്റെ ഭാഷ മാത്രമേ അദ്ദേഹത്തിനു അറിയാമായിരുന്നുള്ളു. ‘ധിക്കൃതശക്രപരാക്രമനാകിന’ സി. പി. യെ വെല്ലുവിളിച്ച ദേശസ്നേഹി. ധീരൻ.

പതിനഞ്ചിലധികം ഭാഷകളിലേക്കു തർജ്ജമചെയ്യപ്പെട്ട ഹിന്ദിനോവലാണു് ‘രാഗ് ദർബാറി’. ഈ വർഷം അതിന്റെ ഇംഗ്ലീഷ് തർജ്ജമ ഇന്ത്യൻ പെൻഗ്വിൻസ് പ്രസാധനം ചെയ്തിരിക്കുന്നു. ബ്രിട്ടീഷ്കാരിയായ Gillian Wright-ന്റെ ഈ തർജ്ജമ, തർജ്ജമയെന്ന നിലയിൽ മനോഹരമാണു്. നോവലിന്റെ കർത്താവായ ശ്രീലാൽ ശുക്ല ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിൽനിന്നു വിരമിച്ച ഉത്തർപ്രദേശ്കാരനാണു്. പില്ക്കാത്തു് പ്രധാനമന്ത്രിയായ ശ്രീ. വി. പി. സിങ്ങി ന്റെ കീഴിൽ സ്റ്റെയ്റ്റ് ഡയറക്ടർ ഒഫ് ഇൻഫർമേഷനായി പ്രവർത്തിച്ചു, ശ്രീലാൽ ശുക്ല. അദ്ദേഹത്തിനു് ഇപ്പോൾ അറുപത്തേഴു വയസ്സായി.

ഉത്തർപ്രദേശിലെ സാങ്കല്പികഗ്രാമമായ ശിവ്പാൽഗഞ്ചിലെ നാറുന്ന രാഷ്ട്രവ്യവഹാരത്തെ ഫലിതാത്മകമായി ചിത്രീകരിച്ചു് ഇന്ത്യയിൽ ആകെയുള്ള നാറ്റത്തെ അനുഭവപ്പെടുത്തിത്തരികയാണു് നോവലിസ്റ്റ്. അഴിമതിയും കൈക്കൂലിയും ഭാരതീയന്റെ ജീവിതത്തിലെ സർവസാധാരണങ്ങളായ സംഭവങ്ങളായി മാറിയിരിക്കുകയാണല്ലോ. മദ്ധ്യയിന്ത്യയിൽ ഒരു ചെറിയ തീവണ്ടിയാപ്പീസിൽ റ്റിക്കറ്റ് മുൻകൂട്ടി വാങ്ങാൻ ഞാൻ ചെന്നു. റ്റിക്കറ്റിന്റെ സംഖ്യ കൃത്യമായി കൗണ്ടറിലൂടെ ക്ലാർക്കിന്റെ കൈയിലെത്തിച്ചപ്പോൾ അയാൾ Two rupees more എന്നു പറഞ്ഞു. ചാർജ്ജ് കൂട്ടിയിരിക്കുമെന്നു വിചാരിച്ചു് ഞാൻ രണ്ടു രൂപ കൂടെ കൊടുത്തു. കിട്ടിയ റ്റിക്കറ്റ് നോക്കിയപ്പോൾ ചാർജ്ജ് കൂട്ടിയിട്ടില്ലെന്നും ആ രണ്ടു രൂപ ഒരു റ്റിക്കറ്റ് തരുന്നതിനുള്ള കൈക്കൂലിയാണെന്നും മനസ്സിലാക്കി. ഞാൻ കൊടുത്ത രണ്ടു രൂപ കൈകൂലിയല്ല, റ്റിക്കറ്റിന്റെ വിലയോടൊരുമിച്ചു തനിക്കു ന്യായമായി കിട്ടേണ്ട തുകയാണു് എന്നത്രേ ക്ലാർക്കിന്റെ വിചാരം. രണ്ടു രൂപയ്ക്കു പകരം രണ്ടര രൂപ കൊടുത്താൽ അര രൂപ കൈക്കൂലിയാകും. അപ്പോൾ പൊലീസിനു കെയ്സെടുക്കാം. തമിഴ്‌നാട്ടിലൊരു തീവണ്ടിയാപ്പീസിൽ റ്റിക്കറ്റിന്റെ വിലയോടൊരുമിച്ചു പത്തു രൂപ കൂടെ വയ്ക്കണം. അതു ന്യായം. പതിനൊന്നു രൂപ കൊടുത്താൽ ഒരു രൂപ കൈക്കൂലിയായി പരിഗണിക്കപ്പെടും. തനിക്കു് കൈക്കൂലി തന്നുവെന്നു ക്ലാർക്കിനു പരാതിപ്പെടാം. ഒരു രൂപ കൂടുതൽ കൊടുത്തവൻ അതിന്റെ പേരിൽ ജയിലിൽ പോയെന്നു വരും.
ആഴത്തിൽ അനുഭവിച്ച വിചാരത്തെ ആഴത്തിലുള്ള വികാരവുമായി കൂട്ടിയിണക്കുമ്പോഴാണു് കലയുടെ ജനനം. അലിഗറിക്കു കലാത്മകതയില്ല.
നിത്യജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്ന ഈ ധനാധിക്യദാനവും അതിനോടു ചേർന്ന മറ്റഴിമതികളും ഹാസ്യസാഹിത്യത്തിന്റെ രീതിയിൽ ഈ നോവലിൽ വിമർശിക്കപ്പെടുന്നു. ഒരു കോളേജിന്റെയും സഹകരണസംഘത്തിന്റെയും പരമാധികാരിയോടു ബന്ധപ്പെടുത്തിയാണു് നോവലിസ്റ്റ് ഇതനുഷ്ഠിക്കുന്നതു്. ഒരുപുറവും ചിരിക്കാതെ വായിച്ചു തീർക്കാൻ നമുക്കു സാധിക്കില്ല. പക്ഷേ, ഇതു് ഉത്കൃഷ്ടമായ കലയാണെന്നു് ഞാൻ കരുതുന്നില്ല. ജേണലിസം അല്ലെങ്കിൽ സൂപർജേണലിസം; അത്രമാത്രം. എങ്കിലും നമ്മുടെ നാട്ടിന്റെ ദുഃസ്ഥിതി മനസ്സിലാക്കാൻ ഇതു പ്രയോജനപ്പെടും (വില 85 രൂപ).

നമ്മുടെ പ്രാചീനഗാനങ്ങളുടെ സംസ്കാരം ഉൾക്കൊണ്ടു് നവീനതമകവിതയുടെ കാർക്കശ്യത്തെ പരിഹസിക്കുകയാണു് ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ തന്റെ ‘പാഴീണം’ എന്ന കാവ്യത്തിലൂടെ (ദേശാഭിമാനി വാരിക). നമുക്കൊരു പൈതൃകമുണ്ടു്. അതിനെ ധ്വംസിക്കുന്നതാണു് നവീനതമകവിതയുടെ പരുക്കൻ സ്വഭാവം. ഭൂതകാലത്തെക്കുറിച്ചുള്ള ബോധമാണല്ലോ പാരമ്പര്യമെന്നതു്. ആ പാരമ്പര്യത്തെ ലംഘിക്കുന്നു അധുനാതനന്മാർ. അവരെ തോളത്തു നെടുനീളൻ പൊക്കണം തൂക്കുന്നവരും ശീമരാഗത്തിലും ഹിന്ദുസ്ഥാനിയിലും അമറുന്നവരുമായി കവി കാണുന്നു. അവർ വിഹരിക്കുമ്പോൾ പഴയ പാണനെ പാടാൻ ഉണ്ണിയാർച്ചമാർ വിളിക്കുന്നു. ആ പഴയ പാണന്റെ പാട്ടാണു് യഥാർത്ഥമായ കവിത. ഉണ്ണിയാർച്ച കൈരളിയാണു്. പുതുക്കിപ്പണിഞ്ഞ പുത്തുരം വീട്ടിൽ—നവീനതമ കവിതയുടെ മണ്ഡലത്തിൽ—ചെന്നു നിന്നു പഴമ്പാട്ടു പാടാനാണു് ക്ഷണം. അറിവുള്ളവർ പാണൻ പോകുന്നതിനെ തടുക്കുന്നു. അതു കവിയുടെ വാക്കുകളിലൂടെത്തന്നെ കേട്ടാലും:
ഉണ്ടിളമുറക്കാരാം പാട്ടുകാർ പോകേണ്ടെന്നു
പെങ്ങളും പെണ്ണും പാണക്ക്ടാത്തനും വിലക്കുന്നു
വേച്ചുവേച്ചെങ്ങാൻച്ചെന്നു വീഴുകിൽപ്പഴേവിധം
നോക്കുവാനാവില്ലെന്നു ലോകനാർക്കുളിർ കാറ്റും.
എന്നാലും പാണൻ പോയി. പക്ഷേ, അപമാനവും നിന്ദനവും മാത്രമേ ഉണ്ടായുള്ളു. അതിലെന്തു് അദ്ഭുതപ്പെടാനിരിക്കുന്നു. “അപ്പൊഴും പുത്തൂരം വീടാകെയും മുഴങ്ങുന്നു വൃത്തഹീനരാം പുതുപ്പാണർ തന്നലർച്ചകൾ.” യഥാർത്ഥമായ കേരളകവിത പാടുമ്പോൾ നവീനതമകവിത ഗർജ്ജിക്കുകയാണു് എന്നത്രേ ഏഴാച്ചേരിയുടെ പരിഹാസം. എന്തു ചെയ്യാം? പാഴീണം പണ്ടേപ്പോലെ ഇപ്പോഴത്തെ മക്കൾക്കു രസിക്കില്ല. അവർ പാണരെ അധിക്ഷേപിക്കുന്നു പാടാൻ സമ്മതിക്കാതെ. അയാൾ തിരിച്ചു നടക്കുമ്പോൾ പൂക്കൈതപോലും തെച്ചിപോലും കളിയാക്കുന്നു.
പാരമ്പര്യത്തെ ലംഘിക്കുന്നവരോടുള്ള പരിഹാസം, യഥാർത്ഥമായ കവിത്വത്തോടുള്ള സ്നേഹം, ബഹുമാനം ഇവയെ പാഴീണത്തിലൂടെയല്ല സാർത്ഥകമായ പ്രതിപാദനത്തിലൂടെ സ്ഫുടീകരിക്കുന്നു ഏഴാച്ചേരിയുടെ ഈ കാവ്യം.
“എന്റെ പൊന്നാർച്ചേ നിന്റെ വാർമുടി നരച്ചാവോ?
കണ്ണിലെയൊളിയമ്പിന്നൊളിയെങ്ങനെയിപ്പോൾ?
അങ്കമോരോന്നും കഴിഞ്ഞെത്തി ഞാൻ പാടുന്നേരം
മംഗലേ സമ്മാനം നീ നീട്ടുമീ മന്ദസ്മേരം.”
ഇങ്ങനെയുള്ള ഹൃദ്യങ്ങളായ വരികൾ ഈ കാവ്യത്തിനു മോടികൂട്ടുന്നു.
ഞാൻ ഹജൂർ കച്ചേരിയിൽ ഗുമസ്തനായിരുന്നുവെന്നു പലപ്പോഴും എഴുതിയിട്ടുണ്ടു്. ആദ്യമായി ഈ കോളം വായിക്കുന്നവർക്കു വേണ്ടി അതു് ആവർത്തിക്കുകയാണു്. അക്കാലത്തെ അതിവിദഗ്ദധനായ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു എം. സി. തോമസ്. ഐൻസ്റ്റൈൻ തുടങ്ങിയ മഹാന്മാർക്കു് കത്തയയ്ക്കേണ്ടി വരുമ്പോൾ എം. സി. തോമസ് ഡ്രാഫ്റ്റ് തയ്യാറാക്കട്ടെയെന്നു ദിവാൻ സർ. സി. പി. കല്പിക്കും. അദ്ദേഹം എഴുതുന്ന ഡ്രാഫ്റ്റിൽ ഒരു വാക്കു പോലും മാറ്റാതെ approved എന്നെഴുതി അതു് ഓഫീസിലേക്കു് അയയ്ക്കും സി. പി. ചിലപ്പോൾ A very good draft എന്നും അദ്ദേഹം അതിലെഴുതുമായിരുന്നു.
ഒരു ദിവസം ഞാൻ ഫയലുമായി തോമസിന്റെ മുറിയിൽച്ചെന്നു. ഞാനെഴുതിയ ഒരു ഡ്രാഫ്റ്റിന്റെ കുറുകെ ഒരു വെട്ടുകിട്ടി. ‘കുന്നുകുഴി യൂണിവേഴ്സിറ്റിയിലല്ലേ നിങ്ങൾ പഠിച്ചതു്’ എന്നു ദേഷ്യത്തിൽ എന്നോടു അദ്ദേഹം ചോദിച്ചു. ദുഃഖത്തോടെ ഫയലെടുത്തുകൊണ്ടു തിരിച്ചു നടന്ന എന്നോടു് അദ്ദേഹം മറ്റൊരു ഫയലെടുത്തു നോക്കി കോപിച്ചിട്ടു പറഞ്ഞു: ‘നിങ്ങൾ ആ കിങ് കോബ്രയോടു ഇങ്ങോട്ടു വരാൻ പറയൂ.’ അമ്പരന്നു നിന്നു പോയ എന്നോടു വീണ്ടും അദ്ദേഹം: നാഗഭൂഷണം. ഞാൻ ജോലി ചെയ്തിരുന്ന സെക്ഷനിൽ നാഗഭൂഷണം എന്നൊരു ക്ലാർക്കുണ്ടായിരുന്നു. അദ്ദേഹത്തെയാണു് എം. സി. തോമസ് കോപത്തിലൂടെ കിങ് കോബ്രയായി കണ്ടതു്.

ലൈംഗികകാര്യങ്ങളിൽ കുട്ടികൾക്കുണ്ടു് എന്നു കരുതപ്പെടുന്ന നിഷ്കളങ്കത ശുദ്ധമായ ഭോഷ്കാണെന്നു് തെളിയിച്ച നോവലിസ്റ്റാണു് ആൽബർട്ടോ മൊറാവ്യ. അദ്ദേഹത്തിന്റെ Two Adolescents എന്ന നോവൽ കലാപരമായി ഇതു സ്പഷ്ടമാക്കുന്നു. യഥാർത്ഥത്തിൽ രണ്ടു നോവലെറ്റുകളാണു് ഇതു്. ഈ നോവലിന്റെ ആവിർഭാവത്തിനുശേഷം—നാല്പത്തിയഞ്ചു വർഷത്തിനു ശേഷം—നമുക്കു ലഭിച്ച “In Praise of the Stepmother ” (മാറ്യോ വാർഗാസ് യോസ—Mario Vargas Llosa —എഴുതിയതു്) എന്ന നോവൽ മൊറാവ്യയുടെ നോവലിനെ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അതിലെ ഒരു വർണ്ണനയും എന്നുവേണ്ട ഒരു വാക്യവും അച്ചടിക്കാൻ വയ്യ. പക്ഷേ, മഹാനായ യോസയുടെ സർഗ്ഗവൈഭവം അതിനെ കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു. ലൂക്രിഷയ്ക്കു (Lucretia) നോവൽ തുടങ്ങുമ്പോൾ നാല്പതു വയസ്സാണു് പ്രായം. അവളുടെ ഭർത്താവു് റിഗോബർടോ. ആദ്യത്തെ ഭാര്യയിൽ ജനിച്ച മകനോടു കൂടി അയാൾ ആഹ്ലാദനിർഭരമായ ജീവിതം നയിക്കുന്നു. മകൻ കൗമാരാവസ്ഥ കടന്നിട്ടില്ല. ചിറ്റമ്മയോടു അവനു തോന്നുന്ന കാമം നിഷ്ക്കളങ്ക സ്നേഹത്തിന്റെ രൂപമാർന്നു് ആദ്യം പ്രത്യക്ഷമാകുന്നു. പക്ഷേ, അതു പ്രദർശിപ്പിക്കുന്ന ബാലൻ രാക്ഷസീയമായ ചിന്താഗതി വച്ചു പുലർത്തുകയാണു്. ചിറ്റമ്മ കുളിക്കുമ്പോൾ അവളുടെ നഗ്നമേനി പൊന്മേനി കണ്ടു രസിക്കും അവൻ. മകൻ അങ്ങനെ നോക്കുന്നുവെന്നതു് അറിഞ്ഞു് മേനിയാകെ അവനു കാണത്തക്കവിധത്തിൽ ചിറ്റമ്മ നിന്നുകൊടുക്കുന്നു. ഒടുവിൽ അവൾ തന്നെ മകനെ ലൈംഗികമായി സ്വീകരിക്കുന്നു. അതു കഴിഞ്ഞയുടനെ അവൻ അച്ഛന്റെ അടുക്കൽച്ചെന്നു് ചിറ്റമ്മ അവനോടു പറഞ്ഞ ഒരു വാക്കിന്റെ—Orgasm എന്ന വാക്കിന്റെ—അർത്ഥം ചോദിക്കുന്നു. സംഭ്രമിച്ചു നിന്ന അച്ഛനു് അവനെഴുതിയ In Praise of the Stepmother എന്ന രചന (ഫ്രീ കോമ്പൊസിഷൻ എന്നു് നോവലിൽ) കൊണ്ടു കൊടുക്കുന്നു. അതിൽ ചിറ്റമ്മയുടേയും മകന്റേയും ലൈംഗികവേഴ്ച മുഴുവൻ വർണ്ണിച്ചിട്ടുണ്ടു്. ചിറ്റമ്മ ഭവനത്തിൽ നിന്നു് ബഹിഷ്കരിക്കപ്പെട്ടു. ഭവനത്തിൽ പരിചാരികയുണ്ടു്. അവളാണു് മകൻ കുളിമുറിയിൽ ഒളിഞ്ഞുനോട്ടം നടത്തുന്നതു കണ്ടുപിടിച്ചതു്. ആ പരിചാരിക ബാലനോടു ചോദിച്ചു അവന്റെ അമ്മയുടെ സ്ഥാനത്തെത്തിയ ചിറ്റമ്മയോടുള്ള പ്രതികാരനിർവഹണമായിരുന്നോ ആ പ്രവൃത്തിയെന്നു്. “ഞാൻ നിനക്കു വേണ്ടിയാണു് അതു ചെയ്തതു്. എന്റെ അമ്മയ്ക്കു വേണ്ടിയല്ല” എന്നു പറഞ്ഞു് അവൻ അവളെ ചുംബിക്കാനൊരുങ്ങി. ‘Because You’re the one I… ” എന്ന വാക്യം പൂർണ്ണമാക്കിയില്ല ബാലൻ. അവൾ അവനെ തള്ളിമാറ്റി, കുരിശു വരച്ചുകൊണ്ടു മുറിയിൽ നിന്നു് ഓടിപ്പോകുമ്പോൾ നോവൽ അവസാനിക്കുന്നു.
തമിഴ്‌നാട്ടിലൊരു തീവണ്ടിയാപ്പീസിൽ ടിക്കറ്റിന്റെ വിലയോടൊരുമിച്ചു പത്തു രൂപ കൂടെ വയ്ക്കണം. അതു ന്യായം. പതിനൊന്നു രൂപ കൊടുത്താൽ ഒരു രൂപ കൈക്കൂലിയായി പരിഗണിക്കപ്പെടും. തനിക്കു കൈക്കൂലി തന്നുവെന്നു ക്ലാർക്കിനു പരാതിപ്പെടാം.
നോവലിൽ നിഷ്കളങ്കതയുടെ പ്രസ്താവമില്ല. വായനക്കാർ അവനിൽ സ്വാഭാവികമായും നിഷ്കളങ്കത ആരോപിക്കുകയാണു്. പക്ഷേ, അതൊരു വ്യാമോഹമാണെന്നും ഏതൊരു ശിശുവും ലൈംഗികകാര്യങ്ങളിൽ പിശാചാണെന്നും വ്യക്തമാക്കുകയാണു് യോസ. ഈ സത്യം മനസ്സിലാക്കി ഏതൊരു നിരപരാധശിശുവിനെയും മനസ്സിലാക്കൂ എന്നാണു് ഗ്രന്ഥകാരന്റെ ഉപദേശം. ജീവിതം ഇവിടെ ഭയജനകമായി പ്രത്യക്ഷമാകുന്നു. പൈശാചികമാണതു്. ആ ഭയജനകത്വത്തിന്റെയും പൈശാചികത്വത്തിന്റെയും പിറകിലുള്ള സത്യത്തെ യോസ ചൂണ്ടിക്കാണിച്ചു തരുന്നു. തികഞ്ഞ വൈഷയികത്വത്തെ ശുദ്ധമായ കലയാക്കുന്ന രീതിയാണു് ഈ നോവലിസ്റ്റിന്റേതു്. “I have very often had precisely the same reaction to a story: a novel that leaves out sexual experience annoys me as much as one that reduces life exclusively to sexual experience” എന്നു യോസ പറഞ്ഞിട്ടുണ്ടെങ്കിലും (The perpetual Orgy, Llosa, Faber and Faber), ലൈംഗികാനുഭവത്തിലേക്കു മാത്രം ജീവിതത്തെ ഒതുക്കുന്ന മനോഹരമായ നോവലാണു് ഇതു് (In Praise of Stepmother, Translated by Helen Lane, Faber & Faber, Open market edition, 1992. £3.99.)