
സാക്ഷാൽ പ്രജാധിപത്യം നിലവിലിരിക്കുമ്പോൾ മനുഷ്യരെ മർദ്ദിച്ചുകൊല്ലാറില്ല എന്നുവേണം കരുതാൻ. പക്ഷേ, റോമാച്ചക്രവർത്തിയെക്കാൾ ക്രൂരന്മാരായി കേരളത്തിലെ ചില സാഹിത്യകാരന്മാർ മറ്റു സാഹിത്യകാരന്മാരോടു പെരുമാറുന്നു. അവരുടെ കൈയിൽ കുറുന്തടി മാത്രമല്ല മറ്റു മാരകങ്ങളായ ആയുധങ്ങളുമുണ്ടു്.
റോമൻ തത്ത്വചിന്തകൻ ബോയീതീയസ് (Boethius, 475–525) മഹനീയമായ ‘The Consolation of Philosophy’ എന്ന ഗ്രന്ഥത്തിന്റെ കർത്താവാണു്. അദ്ദേഹം ചക്രവർത്തിയുടെ കൊട്ടാരത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായി. പക്ഷേ, ചക്രവർത്തിയുടെ സ്നേഹം വളരെക്കാലം നിലനിന്നില്ല. രാജ്യദ്രോഹം എന്ന കുറ്റമാരോപിച്ചു് ബോയിതീയസിനെ അറസ്റ്റു ചെയ്തു കാരാഗൃഹത്തിലാക്കി. അദ്ദേഹത്തെ കൊന്നുകളയാൻ കല്പനയുണ്ടായി. താൻ വധിക്കപ്പെടുമെന്നറിഞ്ഞു കൊണ്ടു തന്നെ അദ്ദേഹം ‘The Consolation of Philosophy’ എന്ന ഗ്രന്ഥമെഴുതി. അദ്ദേഹത്തെ തടിക്കഷണം കൊണ്ടു അടിച്ചടിച്ചാണു കൊന്നതു്. തടവറയെക്കുറിച്ചു് എപ്പോഴും ഓർമ്മിക്കുന്നയാൾ ഒരക്ഷരം പോലും എഴുതുകയില്ല. എന്നിട്ടും ബോയിതീയസ് ഈ ഗ്രന്ഥമെഴുതി എന്നതു് അദ്ദേഹം യഥാർത്ഥത്തിൽ തത്ത്വചിന്തകനായിരുന്നുവെന്നു തെളിയിക്കുന്നു. കാരാഗൃഹത്തിലിരുന്നു പുസ്തകമെഴുതിയ ആ മഹാനെ അന്തർനേത്രം കൊണ്ടു കണ്ടു് നമ്മൾ അതു വായിച്ചു് ഉദാത്ത മണ്ഡലത്തിലേക്കു പോകുന്നു.
അടിയന്തിരാവസ്ഥയുള്ള കാലങ്ങളിലെ വധപരിപാടികളെക്കുറിച്ചു് ഞാനൊന്നും എഴുതുന്നില്ല. സാക്ഷാൽ പ്രജാധിപത്യം നിലവിലിരിക്കുമ്പോൾ മനുഷ്യരെ മർദ്ദിച്ചു കൊല്ലാറില്ല എന്നു വേണം കരുതാൻ. പക്ഷേ, റോമാചക്രവർത്തിയെക്കാൾ ക്രൂരന്മാരായി കേരളത്തിലെ ചില സാഹിത്യകാരന്മാർ മറ്റു സാഹിത്യകാരന്മാരോടു പെരുമാറുന്നു. അവരുടെ കൈയിൽ കുറുന്തടി മാത്രമല്ല മറ്റു മാരകങ്ങളായ ആയുധങ്ങളുമുണ്ടു്.
- പ്രവാചകനെ കുറിച്ചു് അദ്ദേഹത്തിന്റെ ജാമാതാവും നാലാമത്തെ കാലീഫുമായിരുന്ന ആലി (600–661) പറഞ്ഞു: “അദ്ദേഹത്തിന്റെ പൊക്കം ശരാശരി ഉയരക്കൂടുതലില്ല; ഉയരക്കുറവുമില്ല. റോസ്നിറമാർന്ന വെൺമയാണു് ശരീരവർണ്ണം. കണ്ണൂകൾക്കു കറുപ്പുനിറം. കനംകൂടിയ, ഉജ്ജ്വലമായ, സുന്ദരമായ തലമുടി തോളുകളിലേക്കു വീണുകിടക്കുന്നു. സമൃദ്ധമായ താടിരോമങ്ങൾ നെഞ്ചിലും മുഖലാവണ്യം ഏറിയിരുന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായ ആർക്കും അവിടെനിന്നു പോകാൻ കഴിയുമായിരുന്നില്ല. എനിക്കു വിശന്നാൽ പ്രവാചകന്റെ മുഖത്തു് ഒന്നു നോക്കിയാൽ മതി. ആ വിശപ്പു് ഇല്ലാതെയാകും. അദ്ദേഹത്തിന്റെ മുൻപിൽ എല്ലാവരും ദുഃഖവും വേദനയും മറന്നു” (Chronique (Abu Jafar Mohammed at Taban), Pt. III Ch.46).
- സ്പാനിഷ് ഗ്രന്ഥകാരൻ സാൽവാദോർ ഡി മാതാറ്യാഗാ (Salvador de Madariaga) ഹിറ്റ്ലർ, മുസോളിനി ഇവരെക്കുറിച്ചു്: ‘രാഷ്ട്രവ്യവഹാരത്തിൽ വ്യാകരണത്തിലെന്നപോലെ നാമവും വിശേഷണവും വേർതിരിച്ചറിയാൻ നമുക്കു കഴിയണം. ഹിറ്റ്ലർ നാമമായിരുന്നു. മുസോളിനി വിശേഷണം മാത്രം. ശല്യമായിരുന്നു ഹിറ്റ്ലർ. മുസോളിനി ശൂന്യം പിടിച്ചവനും. രണ്ടുപേരും ചേർന്നു് ശൂന്യംപിടിച്ച ശല്യം” (bloody nuisance) (bloody എന്ന ശകാരപദത്തിനു ശരിയായ തർജ്ജമ നല്കാൻ പ്രയാസം).
- കവി ഹൊറസ്:“നിങ്ങൾ എന്നെ ഭാവാത്മക കവികളുടെ കൂട്ടത്തിൽ ആക്കുമെങ്കിൽ നക്ഷത്രങ്ങളിൽ ചെന്നു തട്ടത്തക്കവിധത്തിൽ ഞാൻ തല ഉയർത്തിപ്പിടിക്കും”.
- അമേരിക്കൻ നോവലിസ്റ്റ് ഗോർ വിഡൽ: “നോവൽ മരിച്ചതുകൊണ്ടു കൃത്രിമകഥകൾ എഴുതുന്നതിൽ ഒരർത്ഥവുമില്ല. നോവലുകൾ എഴുതാത്ത ഫ്രഞ്ചുകാരെ നോക്കൂ. അവ എഴുതാൻ കഴിയാത്ത അമേരിക്കാക്കാരെ നോക്കൂ”.
- ഫ്രഞ്ച് തത്ത്വചിന്തകൻ പസ്കൽ: “ക്ലിയപട്ര യുടെ മൂക്കിനു നീളം കുറഞ്ഞിരുന്നുവെങ്കിൽ ലോകത്തിന്റെ മുഖമാകെ മാറിപ്പോകുമായിരുന്നു”.
- എവറസ്റ്റിൽ കയറുന്നതു് എന്തിനെന്നു് ജോർജ്ജ് മാലറി യോടു ചോദിച്ചപ്പോൾ: “അതു് അവിടെ നില്ക്കുന്നു എന്നതുതന്നെ”.
- ഫ്രഞ്ച് രാജ്യതന്ത്രജ്ഞൻ ഷൊർഷ് ക്ലേമാങ്സോക്ക് (Georges Clemenceau) എൺപതു വയസ്സു തികഞ്ഞ ദിവസം അദ്ദേഹം ഒരു സുന്ദരിയെ റോഡിൽ കണ്ടു അപ്പോൾ താനറിയാതെ: “ഹോ, വീണ്ടും എനിക്കു് എഴുപതു വയസ്സായെങ്കിൽ!” (എല്ലാം Who said what when എന്ന ഗ്രന്ഥത്തിൽ നിന്നു് Bloomsbury പ്രസാധനം, രൂപ 85).

ഇറ്റലിയിലെ നോവലിസ്റ്റ് ഈറ്റാലോ സ്വീവോ (Italo Svervo, 1861–1928)എഴുതിയ ‘Confessions of Zeno’എന്ന നോവൽ മാസ്റ്റർപീസ്സായി പരിഗണിക്കപ്പെടുന്നു. ഫ്രായിറ്റി ന്റെ മാനസികാപഗ്രഥനത്തെയും അതിനെ അവലംബിച്ചുള്ള ചികിത്സയെയും പരിഹസിക്കുന്ന നോവലാണിതു്. മനസ്സിനെസ്സംബന്ധിച്ച രോഗത്തിനു സീനോ ഒരു മനോരോഗചികിത്സകന്റെ അടുത്തെത്തുന്നു. ചികിത്സകൊണ്ടു ഫലമില്ല. അപ്പോൾ വേറൊരു ഡോക്ടർ പറയുന്നു അയാളുടെ യഥാർത്ഥമായ രോഗം പ്രമേഹമാണെന്നു്. “When one starts such analysis, it is like entering a wood, not knowing whether one is going to meet a brigand or a friend… I meanwhile went off triumphant, sure that I had got diabetes” എന്നു സീനോ.

ഇതുപോലെ മനഃശാസ്ത്രത്തെയും ഫ്രായിറ്റിന്റെ മാനസികാപഗ്രഥനത്തെയും പരിഹസിക്കുന്ന പല നോവലുകളും എനിക്കു് ചൂണ്ടിക്കാണിക്കാൻ കഴിയും. മനഃശാസ്ത്ര സിദ്ധാന്തങ്ങൾക്കു സാധുത്വമില്ലെന്നും അവയെ അവലംബിച്ചു് നോവലുകളും മറ്റും രചിക്കുന്നതു് ശരിയല്ലെന്നുമാണു് ഈ ധിഷണാശാലികൾ നമ്മളോടു പറയുന്നതു്. മനഃശാസ്ത്രത്തിനു് ഇന്നുവരെ മനുഷ്യന്റെ മനസ്സിനെ അപഗ്രഥിക്കാൻ കഴിഞ്ഞില്ല എന്നതിനു തെളിവു് ആവിർഭാവകാലത്തു് കൊണ്ടാടപ്പെട്ട സിദ്ധാന്തങ്ങൾ പില്ക്കാലത്തു് പരമപുച്ഛത്തോടെ അവഗണിക്കപ്പെട്ടു എന്നതുതന്നെ. ഫ്രായിറ്റിനെ ഷാലട്ടൻ—Chariatan—പൊട്ട വൈദ്യൻ എന്നു നോവലിസ്റ്റ് നാബോക്കോഫ് വിളിച്ചിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ.
സാഹിത്യകാരനാകേണ്ടതില്ല. സ്വഭാവമേന്മ വല്ലതുമുണ്ടെങ്കിൽ പൊയ്പോകും. സൗകര്യമുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവും. ഇന്നത്തെ ഏതു രാഷ്ട്രീയക്കാരനും സാഹിത്യകാരനെക്കാൾ നല്ലവനാണു്.
ഒരു വിലയുമില്ലാത്ത, സാധുത്വവുമില്ലാത്ത മനഃശാസ്ത്ര തത്ത്വങ്ങൾക്കു നിവേശനം നല്കി ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടു എഴുതിയ “സൗമിനി” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ശാസ്ത്രത്തിന്റെ സത്യമോ കലയുടെ സത്യമോ പ്രദർശിപ്പിക്കുന്നില്ല. ദുർഗ്രഹതയാർന്ന ഈ രചനയുടെ ആശയം എനിക്കു തോന്നിയ മട്ടിൽ ഇവിടെ എഴുതുകയാണു്. അതു ശരിയല്ലെന്നു കഥാകാരൻ അഭിപ്രായപ്പെട്ടാലും ഏതെങ്കിലും വായനക്കാരൻ ഉദ്ഘോഷിച്ചാലും അതു പരിഗണനാർഹമായി ഭവിക്കുന്നില്ല. അറുപതു കൊല്ലത്തെ വായനയുടെ സംസ്കാരമാണു് എന്റെ തോന്നലിനു ആസ്പദം. സൗമിനിയെ മനഃശാസ്ത്രം പഠിപ്പിച്ചതു് ഉള്ളംകൈയിലും തലയിലുമൊഴികെ ശരീരം മുഴുവൻ രോമമുള്ള ഒരു സുന്ദരേശ്വരമേനോനാണു്. (ബാഡ് റ്റെയ്സ്റ്റ്. ഇങ്ങനെയൊരു പ്രഫെസറെ ഇതേ പേരിൽ എനിക്കു നേരിട്ടറിയാം) ശിഷ്യക്കു് ആവർത്തിച്ചുണ്ടാകുന്ന സ്വപ്നത്തെ അവൾക്കു് മൂക്കുത്തിയിട്ടുകൊടുത്തു ഗുരുനാഥൻ ഇല്ലാതാക്കുന്നു. ശിഷ്യ—സൗമിനി—പിന്നീടു വിവാഹിതയായപ്പോൾ കൂടക്കൂടെ തുമ്മുന്നു. ഭർത്താവു ചുംബിക്കാൻ തുടങ്ങുമ്പോഴും തുമ്മൽ. മൂക്കു്, പഴുപ്പിച്ച ഇരുമ്പുകമ്പി കൊണ്ടു് തുളച്ചു് കല്ലുവച്ച മൂക്കുത്തി പ്രഫെസർ ഇട്ടുകൊടുത്ത കാര്യം അവൾ ഭർത്താവിനോടു പറഞ്ഞുകഴിഞ്ഞപ്പോൾ തുമ്മൽ മാറി. അബോധമനസ്സിലെ അടക്കിവച്ച വികാരങ്ങളും ചിന്തകളും ബോധമനസ്സിലേക്കു കൊണ്ടുവരുമ്പോൾ ന്യൂറോട്ടിക് ലക്ഷണങ്ങൾ മാറുമെന്നാണല്ലോ ഫ്രായിറ്റ് നമ്മെ പഠിപ്പിച്ചതു്. കലയുടെ ഏകീകരണശക്തി ഇക്കഥയ്ക്കു ഇല്ലാത്തതുകൊണ്ടും ഇതിലെ മനഃശാസ്ത്ര സിദ്ധാന്തങ്ങൾക്കു മൂല്യമില്ലാത്തതുകൊണ്ടും ഉണ്ണിക്കൃഷ്ണന്റെ രചന പ്രയോജനശൂന്യമായിത്തീരുന്നു. കലയുടെ ഉന്നമനശക്തിയോ സൗന്ദര്യമോ ചലനാത്മകശക്തിയോ ഇതിനില്ല.
ചോദ്യം: പരമവിരൂപനായ ഭർത്താവു് അതിസുന്ദരിയായ ഭാര്യയുമായി പോകുന്നതു കാണുമ്പോൾ നിങ്ങൾക്കു് എന്തു തോന്നും?
ഉത്തരം: കാക്ക പൂവമ്പഴം കൊത്തിക്കൊണ്ടു പോകുന്നതുപോലെ തോന്നും. അതു പ്രതിഭയില്ലാത്ത എന്റെ ഉത്തരം. ബൽസാക്ക് പറഞ്ഞതും എഴുതാം. ഓറാങ് ഊട്ടാൻ (ആൾക്കുരങ്ങ്) വയലിൻ വായിക്കുന്നതുപോലെ തോന്നും.
ചോദ്യം: കല കലയ്ക്കുവേണ്ടി എന്നു പറഞ്ഞതു് ആരാണു് ?
ഉത്തരം: ഫ്രഞ്ച് തത്ത്വചിന്തകൻ വിക്തോർ കുസാങ് (Victor Cousin).
ചോദ്യം: ഇവിടെ (സാമ്പിയയിൽ) വരുന്നോ? കലാകൗമുദിയിലെ സാഹിത്യവാരഫലം ഇവിടുത്തെ മലയാളികളുടെ ഇടയിൽ ചർച്ചാവിഷയമാണു്. നമ്മൾ ബന്ധുക്കളാണെന്നു് അറിയിക്കാതെ ഞാൻ എല്ലാം കേട്ടിരിക്കും. വരുന്നെങ്കിൽ യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്യാം”. (ഒരു ബന്ധുവിന്റെ സൗജന്യം)
ഉത്തരം: “വരുന്നില്ല. പ്രായംകൂടിയ കാലത്തു് അന്യദേശത്തെ താമസം ആപത്തുണ്ടാക്കും. മാത്രമല്ല സാഹിത്യവാരഫലം മുടങ്ങുകയും ചെയ്യും. പിന്നെ ആഫ്രിക്കൻ പിഗ്മികളെ കണ്ടാൽ കൊള്ളാമെന്നുണ്ടു്. അല്ലെങ്കിൽ അതിനുവേണ്ടി അങ്ങോട്ടു വരേണ്ടതില്ലല്ലോ. ഞാനെന്നും മലയാളസാഹിത്യകാരന്മാരെ നേരിട്ടു് ഇവിടെ കാണുന്നുണ്ടു്. പത്രങ്ങളിലൂടെ അവർ പ്രത്യക്ഷരാകുന്നുമുണ്ടു്”.
ചോദ്യം: അന്യരുടെ വീട്ടിൽ പോകുന്നതിനെക്കുറിച്ചു് എന്തു പറയുന്നു?
ഉത്തരം: പോയേ തീരൂ എന്നുണ്ടെങ്കിൽ പോകാം. പക്ഷേ, പതിനഞ്ചു മിനിട്ടിൽ കൂടുതൽ അവിടെ ഇരിക്കരുതു്. അന്യന്റെ വീട്ടിനു് പ്രൈവസിയുണ്ടു്. കൂടുതലിരുന്നാൽ അതു ലംഘിക്കപ്പെടും. അതു മര്യാദയല്ലതാനും. ഞാൻ ഒരുവീട്ടിലും പോകില്ല. മക്കൾ താമസിക്കുന്നിടത്തും പോകാറില്ല. മീനും അതിഥിയും അരമണിക്കൂർ കഴിഞ്ഞാൽ നാറും എന്നാണു് പഴഞ്ചൊല്ലു്.
ചോദ്യം: എനിക്കു് സാഹിത്യകാരനാകണമെന്നുണ്ടു്. എന്തുചെയ്യണം?
ഉത്തരം: സാഹിത്യകാരനാകേണ്ടതില്ല. സ്വഭാവമേന്മ വല്ലതുമുണ്ടെങ്കിൽ പൊയ്പോകും. സൗകര്യമുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവൂ. ഇന്നത്തെ ഏതു രാഷ്ട്രീയക്കാരനും സാഹിത്യകാരനെക്കാൾ നല്ലവനാണു്.
ചോദ്യം: നിങ്ങൾ പഞ്ചാബിൽ പോകുകയും ഭീകരന്റെ വെടിയേറ്റു മരിക്കുകയും ചെയ്താൽ ഞാനേറെ സന്തോഷിക്കും. പക്ഷേ, നിങ്ങളെ ഭീകരന്മാർ ഒളിവിൽ പാർപ്പിക്കുകയും കാലം കഴിഞ്ഞു് നിങ്ങളെ മോചിപ്പിക്കുകയും ചെയ്താൽ ഞാൻ ദുഃഖിക്കും. എന്തുകൊണ്ടാണതു്?
ഉത്തരം: “മോചനം നേടിയാൽ സാഹിത്യവാരഫലം ഞാൻ വീണ്ടും എഴുതിത്തുടങ്ങുമെന്നതുകൊണ്ടാവാം. ഈ കോളം കണ്ണാടിയാണു്. അതിൽ നിങ്ങളുടെ വിരൂപമായ മുഖം പ്രതിഫലിക്കുന്നതുകൊണ്ടാണു് നിങ്ങൾക്കു് ഈ വെറുപ്പു്”.
ചോദ്യം: “ചങ്ങമ്പുഴ യും നവീനകവികളും തമ്മിൽ എന്തേ വ്യത്യാസം?”
ഉത്തരം: “ജീവിതപുഷ്പത്തിലെ തേൻ നുകർന്ന ചിത്രശലഭം ചങ്ങമ്പുഴ. നവീനകവികൾ മനുഷ്യരെ കുത്തി മുറിവേല്പിക്കുന്ന കടന്നലുകൾ”.
- ഗായകൻ യേശുദാസും സുന്ദരിയായ ചലച്ചിത്രതാരവും പ്രസംഗിക്കുന്ന ഒരു സമ്മേളനത്തിൽ ഞാനും പ്രഭാഷകനായിരുന്നു. യേശുദാസിനോടു ഒരു പാട്ടെങ്കിലും പാടണമെന്നു ചിലർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പാടിയില്ല. ചില കാര്യങ്ങൾ ഭംഗിയായി പറഞ്ഞിട്ടു് ഇരുന്നതേയുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അതിന്റെ എല്ലാ ഉജ്ജ്വലതകളോടും എനിക്കു് അനുഭവപ്പെട്ടു. എന്തുകൊണ്ടു് അതു സംഭവിച്ചു? ഈ ശതാബ്ദത്തിന്റെ മധുരവും ഉദാത്തവുമായ ശബ്ദമാണു് യേശുദാസിന്റേതു്. അതു് ശ്രോതാക്കളെ കേൾപ്പിച്ചു് അവരെ ആഹ്ലാദിപ്പിക്കുമ്പോൾ അദ്ദേഹം ശക്തനായിബ്ഭവിക്കുന്നു. മഹത്ത്വമുള്ളവർ അങ്ങനെ സ്വന്തം സാന്നിദ്ധ്യംകൊണ്ടു് മുൻപിലിരിക്കുന്നവരെ വിസ്മയിപ്പിക്കും. തിരുവനന്തപുരത്തു യൂങ് വന്നപ്പോൾ കുട്ടിയായിരുന്ന ഞാൻ ഇമ്മട്ടിൽ വിസ്മയിച്ചു. ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ 1934-ൽ ആലപ്പുഴെ വന്നപ്പോൾ ഇതേ വികാരമെനിക്കുണ്ടായി. എന്നാൽ സ്റ്റീവൻ സ്പെൻഡറെ കണ്ടപ്പോൾ, കൊയ്റ്റ്സ്ളറെ കണ്ടപ്പോൾ ഞാൻ അദ്ഭുതാധീനനായില്ല. 1934-ൽ ആലപ്പുഴെ കിടങ്ങാംപറമ്പുമൈതാനത്തു് പ്രസംഗിക്കാൻ വന്ന മഹാത്മാഗാന്ധി യുടെ കാലുകൾ തൊട്ടു കണ്ണിൽ വച്ചിട്ടു് ഞാൻ അദ്ദേഹത്തിന്റെ തൊട്ടടുത്തു നിന്നപ്പോൾ ആ മഹനീയസാന്നിദ്ധ്യത്തിൽ ഞാൻ എല്ലാം വിസ്മരിച്ചു. ഈ രീതിയിൽ വായനക്കാരെ അദ്ഭുതപ്പെടുത്തുന്നതാണു് ഉത്കൃഷ്ടസാഹിത്യം. Magic Mountain, War and Peace, ഇവ വായിക്കൂ. ഈ അനുഭവം നിങ്ങൾക്കുണ്ടാകും. മലയാളസാഹിത്യത്തിലെ ഏതു നോവൽ വായിച്ചാലും ഈ അനുഭവം ഉത്പാദിപ്പിക്കപ്പെടുകില്ല.
- കേരളത്തിലെ നോവൽ, ചെറുകഥ, മഹാകവിത്രയത്തിനുശേഷമുള്ള കവിത ഇവയെല്ലാം പാശ്ചാത്യസാഹിത്യത്തിന്റെ ഉപോല്പന്നങ്ങളായതുകൊണ്ടു് നമ്മുടെ ആ സാഹിത്യകൃതികളെ വിലയിരുത്തണമെങ്കിൽ പടിഞ്ഞാറൻ സാഹിത്യത്തിൽ അവഗാഹം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ “ കുണ്ടുകുളത്തിലെ തവള”യെപ്പോലെ തങ്ങളുടെ ചുറ്റും കാണുന്നതാണു് മഹാസമുദ്രം എന്ന വിചാരം നിരൂപണത്തിൽ പ്രവർത്തിക്കുന്നവർക്കു് ഉണ്ടാകും. അവരുടെ മൂല്യനിർണ്ണയം ശരിയായിരിക്കുകില്ല. പടിഞ്ഞാറൻ സാഹിത്യത്തിൽ അവഗാഹം വന്നാൽ മാത്രം പോരാ. സഹൃദയത്വവും ഉണ്ടായിരിക്കണം. അങ്ങനെയുള്ളവർക്കു മാത്രമേ നവീനസാഹിത്യത്തിന്റെ മൂല്യം നിർണ്ണയിക്കാനാവൂ. ഭാരതീയ സാഹിത്യത്തിനും സംസ്കാരത്തിനും സാർവജനീനസ്വഭാവം വരുത്താനുള്ള യത്നമാണു് ഇപ്പോൾ. ഭാരതത്തിന്റെ ഭാഗമായ കേരളത്തിലുമതുണ്ടു്. സംസ്കാരങ്ങളുടെ അന്യോന്യപ്രവർത്തനംകൊണ്ടു് സാഹിത്യസംസ്കാരത്തിൽ പുതിയ മാനങ്ങളുണ്ടാവും. അതു കാണാൻ പടിഞ്ഞാറൻ സാഹിത്യത്തിൽ അറിവുണ്ടായേ പറ്റൂ. ഞാൻ ആരെയും ആക്ഷേപിക്കുകയല്ല. പരിതഃസ്ഥിതികളുടെ സവിശേഷതയാൽ പഴയ മലയാളം ഏഴാം ക്ലാസ്സോ, മലയാളം ഒൻപതാം ക്ലാസ്സോ എസ്. എസ്. എൽ. സി. പരീക്ഷയോ ജയിച്ചു സ്ക്കൂളിലെ അധ്യാപകനാവുന്ന ആൾ മാന്യനായിരിക്കും, ശുദ്ധാത്മാവായിരിക്കും. പക്ഷേ, ഉൽകൃഷ്ടസാഹിത്യത്തിന്റെ മൂല്യം നിർണ്ണയിക്കാൻ അവിദഗ്ദ്ധനായിരിക്കും. ആ മനുഷ്യൻ ഒരു പറട്ടക്കഥയോ പന്നക്കവിതയോ കണ്ടാൽ ‘ഹാ ഹാ മനോഹരം, മദ്ദളം’ എന്നു് അത്ഭുതം കൂറും. ഇങ്ങനെയുള്ളവർ പലരെയും വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണു് നമ്മൾ കഴിഞ്ഞുകൂടുന്നതു്. അതു് അവരുടെ കുറ്റമല്ലെന്നും അജ്ഞതയാണു് അതിനു ഹേതുവെന്നും ആവർത്തിച്ചു പറയട്ടെ.

ഒരു കഥാപാത്രത്തിൽ എല്ലാ സംഘട്ടനങ്ങളും പിരിമുറുക്കങ്ങളും കൊണ്ടുവന്നു് ആ കഥാപാത്രത്തെ പ്രകാശത്തിൽ നിറുത്തുകയും അങ്ങനെ ജീവിതത്തെക്കുറിച്ചു് ഒരവബോധം വായനക്കാർക്കു് ഉളവാക്കുകയും ചെയ്യുന്ന കഥകളുണ്ടു്. അവയിൽ ഭേദപ്പെട്ട ഒരു കഥയാണു് ബാലകൃഷ്ണൻ അഞ്ചത്തിന്റെ “പരീക്ഷകൾ” എന്നതു് (ദേശാഭിമാനി വാരിക). പരീക്ഷയെഴുതാനിരിക്കുന്ന ഒരു പെൺകുട്ടിയിൽ ജീവിതസംഘട്ടനമാകെ പ്രദർശിപ്പിക്കുന്നു കഥാകാരൻ. അച്ഛന്റെ കുടി, ദാരിദ്യം, മകൾക്കു അച്ഛനോടും അച്ഛനു മകളോടുമുള്ള സ്നേഹം. അധ്യാപകന്റെ വാത്സല്യം ഇവയെല്ലാം കേന്ദ്രീഭവിക്കുന്നതു് ആ പെൺകുട്ടിയിലാണു്. അപ്പോൾ അവൾ കേരളത്തിൽ ഇമ്മട്ടിൽ ദുഃഖമനുഭവിക്കുന്ന എല്ലാപ്പെൺകുട്ടികളുടേയും പ്രതിനിധിയായിബ്ഭവിക്കുന്നു. അവളോടു നമുക്കു സഹതാപമുണ്ടാകുന്നു. ഇതുളവാക്കുന്നതിലാണു് ഇക്കഥയുടെ സവിശേഷതയിരിക്കുന്നതു്.
ജീവിതപുഷ്പത്തിലെ തേൻ നുകരുന്ന ചിത്രശലഭം ചങ്ങമ്പുഴ. നവീനകവികൾ മനുഷ്യരെ കുത്തിമുറിവേല്പിക്കുന്ന കടന്നലുകൾ.
ആംഗ്ളോ-ഇൻഡ്യൻ പദങ്ങളുടെയും ശൈലികളുടേയും വ്യുല്പത്തി, ചരിത്രപരമായ പ്രാധാന്യം, ഭൂമിശാസ്ത്രപരമായ ബന്ധം ഇവയെല്ലാം വിശദീകരിക്കുന്ന Hobson-Jobson എന്ന നിഘണ്ടുവിനു തുല്യമായി അതു മാത്രമേയുള്ളൂ. അതിനെ വാഴ്ത്താത്തവരില്ല. ഒന്നോ രണ്ടോ വർഷം മുൻപു് ഡൊം മൊറൈസ് അതിനെക്കുറിച്ചു് ‘Independent’ പത്രത്തിൽ എഴുതിയിരുന്നു. “Every column of this book contains revelations like these… ” എന്നു സൽമാൻ റുഷ്ദി ഈ നിഘണ്ടുവിനെക്കുറിച്ചു് അഭിപ്രായപ്പെട്ടു. (1985-ലെ ലേഖനം. റുഷ്ദിയുടെ Imaginary Homelands എന്ന പുസ്തകത്തിലുണ്ടു് ഈ ലേഖനം.) പല വാക്കുകളുടെയും വിശദീകരണങ്ങളും അർത്ഥപ്രദർശനങ്ങളും രണ്ടോ മൂന്നോ കോളത്തിലധികമായതുകൊണ്ടു ഒന്നും ഇവിടെ പകർത്തിക്കാണിക്കാൻ വയ്യ. Rupa & Co പ്രസാധനം ചെയ്ത ഈ നിഘണ്ടുവിനു് ഞാൻ വാങ്ങിയ കാലത്തു് (1986-ൽ) 75 രൂപയായിരുന്നു.

ഇതുപോലെതന്നെ, മറ്റൊരു വിധത്തിൽ പ്രയോജനമുള്ള ഗ്രന്ഥമാണു് Dictionary of Word Origins എന്നതു്. (86 UB, Jawahar Nagar, Delhi 7, വില 100 രൂപ). ഇംഗ്ലീഷ് പദങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണു് John Ayto കാണിച്ചുതരുന്നതു്. ഉദാഹരണം:
Banyan: Banyan originally meant Hindu trader. It is an oralization of Gujarati Vaniyan traders’, which comes ultimately from Sanskrit Vanija ‘merchant’ (the Portuguese version, banian, produced an alternative English spelling). When European travellers first visited Bandar Abbas, a port on the Persian Club, they found there a pagoda which the baniyans had built in the shade of a large Indian fig tree. They immediately applied the name banyan to this particular tree, and the term later widened to include all such trees.
Dictionary of Word Origins പ്രസാധനം ചെയ്തവരുടെ വേറൊരു പ്രസാധനമാണു് Dictionary of New Words. ഇംഗ്ലീഷിലെ പുതിയ വാക്കുകളുടെ അർത്ഥപ്രദർശനമാണിതിലുള്ളതു്. (വില 75 രൂപ) ഉദാഹരണം:
Counter-culture: also known as the alternative society (to its devotees) or the underground (to the media), the counter-culture was a coverall brand name for the world the 1960s hippies aimed to create. In many ways similar to ‘straight’ society, with newspapers, shops, restaurants and small businesses of many types, its enterprises were infused with a set of cultural values that ran contrary to the mainstream.
സാഹിത്യത്തിലെ പ്രതിബദ്ധതയെക്കുറിച്ചു് അർനൾഡ് റ്റോയിൻബി പറഞ്ഞ വാക്കുകളെ വിജ്ഞാനത്തിന്റെ വാക്കുകളായി ഞാൻ വിശേഷിപ്പിച്ചുകൊള്ളട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചുരുക്കിയെഴുതാം.

“മാനസാന്തരം വരുന്നതിനുമുൻപു് ടോൾസ്റ്റോയി നൈസർഗ്ഗികമായി എഴുതി. സർഗ്ഗാത്മകസാഹിത്യം നല്കാനുള്ള പ്രേരണയെ തൃപ്തിപ്പെടുത്താനായിരുന്നു ആ രചനകൾ. മാനസാന്തരം വന്നതിനുശേഷം അദ്ദേഹം മനുഷ്യസമുദായത്തിന്റെ നന്മയ്ക്കുവേണ്ടിയാണു് പ്രതിഭയെ പ്രയോജനപ്പെടുത്തിയതു്. പ്രയോജനപരങ്ങളായ ലക്ഷ്യങ്ങളാണു് മാനസാന്തരം വന്നതിനുശേഷം ഉണ്ടായിരുന്നതു്. സാഹിത്യമേന്മയെ അവലംബിച്ചുനോക്കിയാൽ മാനസാന്തരം വരുന്നതിനുമുൻപുള്ള രചനകൾ ഉൽകൃഷ്ടങ്ങളായിരുന്നു. മാത്രമല്ല, മനസ്സിനുമാറ്റം വന്നതിനുമുൻപു് ആവിർഭവിച്ച കൃതികൾ പിന്നീടുണ്ടായ കൃതികളെക്കാൾ സമൂഹത്തിൽ സ്വാധീനശക്തി ചെലുത്തുകയും ചെയ്തു. മാനസാന്തരം വരുന്നതിനുമുൻപുള്ള രചനകൾ അവയുടെ സാഹിത്യമേന്മകൊണ്ടു് വായനക്കാരെ ചലനംകൊള്ളിക്കുകയും സമുദായത്തെ പരിഷ്കരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അതു് ടോൾസ്റ്റോയി മനസ്സിൽ കരുതിയതേ അല്ല…”
ഈ വിഷയത്തെക്കുറിച്ചു് (പ്രത്യയശാസ്ത്ര പ്രതിസന്ധിയും മലയാളസാഹിത്യവും എന്നതിനെക്കുറിച്ച്) ഭാഷാപോഷിണിയുടെ ജന്മശതാബ്ദിവേളയിൽ തൃശൂർവച്ചു കൂടിയ സമ്മേളനത്തിൽ ടി. കെ. ജി. നായർ, കെ. എം. മാത്യു, ഇ. എം. എസ്. നമ്പൂതിരിപ്പാടു്, ഡോക്ടർ സുകുമാർ അഴീക്കോടു്, ഡോക്ടർ കെ. എം. ജോർജ്ജ്, ടി. പദ്മനാഭൻ, പ്രഫെസർ എസ്. ഗുപ്തൻനായർ, സി. പി. ശ്രീധരൻ, പി. ഗോവിന്ദപ്പിള്ള, മാമ്മൻ മാത്യു, ഡോക്ടർ ഭീഷ്മ സാഹ്നി, ഡോക്ടർ കെ. എം. തരകൻ ഇവർ പണ്ഡിതോചിതങ്ങളായ മതങ്ങൾ ആവിഷ്കരിച്ചു. സംവാദത്തിൽ പ്രഫെസർ എം. കെ. സാനു, പി. ഭാസ്കരൻ, ഒളപ്പമണ്ണ, പവനൻ, വി. ടി. ഇന്ദുചൂഡൻ, സി. ഉണ്ണിരാജ, ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ, പ്രഫെസർ എം. ആർ. ചന്ദ്രശേഖരൻ, സി. രാധാകൃഷ്ണൻ, പ്രഫെസർ തിരുനല്ലൂർ കരുണാകരൻ, ഡോക്ടർ വി. രാജകൃഷ്ണൻ, റവറൻറ്റ് ഫാദർ അടപ്പൂർ, ഇ. വാസു, ഡോക്ടർ ജോർജ്ജ് ഓണക്കൂർ, അക്ബർ കക്കട്ടിൽ, ഡോക്ടർ ജോർജ്ജ് ഇരുമ്പയം, കാട്ടുമാടം നാരായണൻ ഇവർ വിദ്വജ്ജനോചിതമായി സംസാരിച്ചു. ചിത്രങ്ങളിൽനിന്നു് ചീഫ് ന്യൂസ് എഡിറ്റർ തോമസ് ജേക്കബ്ബും റസിഡന്റ് എഡിറ്റർ കെ. ആർ. ചുമ്മാറും അതിഥികളെ പൂച്ചെണ്ടുകൾ നല്കി ആദരിച്ചതായും ഭാഷാപോഷിണി എഡിറ്റർ ഇൻചാർജ്ജ് കൃതജ്ഞത പ്രകാശിപ്പിച്ചതായും അറിയാം.

സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അവലംബിച്ചു കേരളത്തിലെ ധിഷണാശാലികൾ എന്തെല്ലാം മതങ്ങൾ ആവിഷ്കരിച്ചുവെന്നു് അറിയാൻ തല്പരത്വമുള്ളവർക്കു, 15-ആം ലക്കം ഭാഷാപോഷിണി നോക്കാം. സമ്പൂർണ്ണമായ റിപ്പോർട്ട് ഇതിലുണ്ടു്. ജപ്പാനിലെ ചിന്തകനായ ദൈസാക്കു ഐകേഡ ഈ വിഷയത്തെക്കുറിച്ചു പറഞ്ഞതു് എടുത്തെഴുതിക്കൊണ്ടു് ഞാൻ ഈ കുറിപ്പു് അവസാനിപ്പിക്കട്ടെ. “മാർക്സിസ്റ്റ് സാഹിത്യമെന്നതു് സാദ്ധ്യമാണോ? ക്രിസ്തുമതത്തിന്റെ ആധ്യാത്മികരാഷ്ട്രം എന്നു വിളിക്കപ്പെടുന്ന മണ്ഡലത്തിൽ സാഹിത്യത്തിനു വളരാൻ കഴിയുമോ? പ്രത്യയശാസ്ത്രങ്ങളാൽ ബന്ധിക്കപ്പെട്ട സാഹിത്യങ്ങൾക്കു സാർവലൗകിക പ്രതികരണം ഉളവാക്കാൻ കഴിയുകയില്ലെന്നു ചരിത്രത്തിലെ ഉദാഹരണങ്ങൾ വ്യക്തമാക്കിത്തരും. ഒരു ഉദാഹരണം റഷ്യൻ വിപ്ലവത്തിനുശേഷം അമ്പതുവർഷം കഴിഞ്ഞിട്ടും ദസ്തെയെവ്സ്കി യുടെ കൃതികളെക്കാൾ ഉത്കൃഷ്ടങ്ങളായ സാഹിത്യകൃതികൾ റഷ്യാക്കാർ ഉൽപാദിപ്പിച്ചിട്ടില്ല”. (1976-ലാണു് ഐക്കേഡ ഇതു പറഞ്ഞതു്.)
- മഹാകവി ഉള്ളൂർ സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുകയായിരുന്നു. രോഗി ബ്രാഹ്മണനാണെന്നു കണ്ടു് ബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ട നേഴ്സ് അദ്ദേഹത്തോടു തമിഴിൽത്തന്നെ സംസാരിച്ചിരുന്നു. രോഗം ഭേദമായി മഹാകവി വീട്ടിൽ പോകാറായപ്പോൾ നേഴ്സ് മലയാളം തെരിയുമാ എന്നു അദ്ദേഹത്തോടു ചോദിച്ചു. മഹാകവി മറുപടി പറഞ്ഞു, കൊഞ്ചം കൊഞ്ചം തെരിയും (ഉള്ളൂരിന്റെ മകന്റെ മകൻ എം. ഹരികുമാർ എന്നോടു പറഞ്ഞതാണിതു്).
- മീറ്റിങ്ങിനു പോകാമെന്നു് ഏറ്റുകഴിഞ്ഞാൽ ആ സമയം തൊട്ടു നമ്മളെ സംഘാടകർ അപമാനിച്ചു തുടങ്ങും. ആദ്യമായി പേരു ചോദിക്കും കത്തച്ചടിക്കാനായി പിന്നീടു മിണ്ടാട്ടമില്ല. സമ്മേളനദിവസം മൂന്നു മണിക്കു കാറുമായി വരുമെന്നു പറഞ്ഞിട്ടു പോയാൽ ആറുമണിക്കു വരും. കയറ്റിക്കൊണ്ടു പോയി പൂക്കടയുടെ മുമ്പിൽ നിറുത്തി പ്രസംഗിക്കാൻ പോകുന്നവരുടെ ഷേർട് ചീത്തയാക്കുന്ന അരളിപ്പൂമാല വാങ്ങും. ഇങ്ങനെ പലതും. ഇതിനേക്കാളൊക്കെ വലിയ ഒരു അപമാനിക്കലിനെക്കുറിച്ചാണു് ഞാനിപ്പോൾ എഴുതുന്നതു്. കെ. ബാലകൃഷ്ണനും ഞാനും കൂടി കരുനാഗപ്പള്ളിയിലൊരിടത്തു മീറ്റിങ്ങിനു പോയി. സമ്മേളനം കഴിഞ്ഞു് എല്ലാവരും കാറിൽ കയറിയപ്പോൾ പ്രവർത്തകർ ഡ്രൈവറെ വിളിച്ചു പണം കൊടുക്കുന്ന കാര്യത്തിൽ തർക്കം തുടങ്ങി. അരമണിക്കൂർ നേരം ഞങ്ങൾ കാറിലിരുന്നു. പ്രവർത്തകർ കണക്കു പറയുന്നതേയുള്ളു. അപ്പോൾ ബാലകൃഷ്ണൻ അട്ടഹസിച്ചു: “എടാ സത്യാ, (സത്യൻ കാർ ഡ്രൈവർ. പേട്ടയിലുള്ള ആൾ) കാറ് വിടു്. പണം ഞാൻ തരാം”. ഡ്രൈവർ കാറിൽ കയറി. സ്റ്റാർട്ട് ചെയ്തു. ഗുണപാഠം ഒരിക്കലും മീറ്റിങ്ങിനു പോകരുതു്. പോയാൽ നിന്ദിക്കും. അപമാനിക്കും.
- ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണൻ തിരുവനന്തപുരത്തു വന്ന കാലം. അദ്ദേഹത്തെ കാണാൻ പലരും എത്തി. അവരുടെ കൂട്ടത്തിൽ സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്ന എൻ. ഗോപാലപിള്ള യും. എല്ലാവരുടെയും വിസിറ്റിങ് കാർഡുകൾ നോക്കിയിട്ടു് രാധാകൃഷ്ണൻ പറഞ്ഞു: “ഗോപാലപിള്ളയെ പ്രത്യേകം കാണണം. പത്തു മിനിറ്റ് ഇരിക്കാൻ പറയൂ”. മറ്റുള്ളവരെ പത്തു മിനിറ്റ് കൊണ്ടു് പറഞ്ഞയച്ചിട്ടു് ഗോപാലപിള്ള സാറിനെ അദ്ദേഹം വിളിച്ചു. അഞ്ചു മിനിറ്റായിരുന്നു അദ്ദേഹത്തിനു് അനുവദിച്ച സമയം. പക്ഷേ, ഒരു മണിക്കൂർ നേരം രണ്ടു പേരും സംസാരിച്ചു. വിദ്വാൻ വിദ്വാനെ അറിയുന്നു എന്നല്ലാതെ എന്തു പറയാൻ!