സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-07-05-ൽ പ്രസിദ്ധീകരിച്ചതു്)

images/gsankarakurup.jpg
ജി. ശങ്കരക്കുറുപ്പ്

ജലാശയത്തിന്റെ മറുകരയിൽ നിന്നുകൊണ്ടു് ആരോ ജലപ്പരപ്പിൽ വച്ച കടലാസ്സുവഞ്ചി കാറ്റേറ്റു്, ഇക്കരെ നില്ക്കുന്ന എന്റെ അടുത്തേക്കു പതുക്കെപ്പതുക്കെ വന്നുചേരുന്നതുപോലെ മഹാകവി ജി. ശങ്കരക്കുറുപ്പി നെസ്സംബന്ധിച്ച ഓരോർമ്മ കാലസരോവരത്തിലൂടെ ഒഴുകി എന്നിലെത്തുന്നു. ഞാൻ അന്നു വിദ്യാർത്ഥി. വേമ്പനാട്ടുകായൽ താണ്ടി എറണാകുളത്തുചെന്നു് കവിയെക്കണ്ടു് അപേക്ഷിച്ചു.“മാഷിന്റെ ക്ലാസ്സിലിരിക്കാൻ ആഗ്രഹം. അതിനുവേണ്ടിയാണു് ഞാനിത്രയും ദൂരത്തുനിന്നു് ഇവിടെ എത്തിയതു്.” അദ്ദേഹം അനുമതി നല്കി. ക്ലാസ്സിൽ അദ്ദേഹം കയറിവന്നു. എന്തൊരു ഉജ്ജ്വലത! എന്തൊരു ആകൃതിസൗഭഗം! ഏതോ വിദ്യാർത്ഥിയുടെ കൈയിൽനിന്നു പുസ്തകം വാങ്ങി, പഠിപ്പിക്കേണ്ട കാവ്യത്തിന്റെ ആദ്യത്തെ രണ്ടു വരികൾ വായിച്ചു: “വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പവായുവിമാനത്തിലേറിയാലും.” ഇതു വായിച്ചിട്ടു പുസ്തകം മേശമേൽ വച്ചു. പിന്നീടൊരു ഗംഗാപ്രവാഹമാണു്. ആ വാങ്മയ സ്രോതസ്വിനിയിൽ വിദ്യാർത്ഥികൾ പലനിറമുള്ള പൂക്കളെപ്പോലെ ഒഴുകിപ്പോയി. കലാലയത്തിലെ മണി മുഴങ്ങിയപ്പോൾ പ്രവാഹം നിലച്ചു. ഞങ്ങൾ വീണ്ടും വിദ്യാർത്ഥികളായി. വള്ളത്തോൾ ക്കവിതയെക്കുറിച്ചു് നിരൂപകർ അക്കാലത്തു് വ്യാപിപ്പിച്ച ഇരുട്ടിന്റെ കരിമ്പടത്തെ ജി. എത്ര അനായാസമായിട്ടാണു വാക്കിന്റെ സൂച്യഗ്രംകൊണ്ടു് കീറിക്കീറി എറിഞ്ഞതു്! ക്ലാസ് കഴിഞ്ഞു് ഞാൻ കലാശാലയുടെ വരാന്തയിലേക്കു ചെന്നപ്പോൾ ഒരു വെളുത്ത ശലഭം അവിടെ പാറിക്കളിക്കുന്നുണ്ടായിരുന്നു; ജി. വായിച്ച വരികളുടെ രചയിതാവായ വള്ളത്തോളിന്റെ കവിത പോലെ.

പില്ക്കാലത്തു് ഞാൻ ജി.യോടുകൂടി പല സമ്മേളനങ്ങൾക്കും പോയിട്ടുണ്ടു്. അദ്ദേഹത്തിന്റെ ആവർത്തിക്കപ്പെടാത്ത പ്രഭാഷണങ്ങൾ കേൾക്കുന്നതു് അന്യാദൃശങ്ങളായ അനുഭവങ്ങളാണു്. അക്കാലത്തെ സാഹിത്യ അക്കാദമി അവയെല്ലാം റ്റെയ്പ്പിൽ എടുത്തു സൂക്ഷിക്കേണ്ടതായിരുന്നു. പക്ഷേ, ആ അക്കാദമി അംഗങ്ങൾക്കുണ്ടായിരുന്നോ അതിനു സമയം? അതിനു സന്മനസ്സു്? മഹാകവിത്വത്താൽ അനുഗൃഹീതനായിരുന്ന ജി. ശങ്കരക്കുറുപ്പിനെ തേജോവധം ചെയ്യാനും അദ്ദേഹം കവിയല്ലെന്നു വിളംബരം ചെയ്യാനുമായിരുന്നല്ലോ അവർക്കു താല്പര്യം. അദ്ഭുതപ്പെടാനില്ല. പൂക്കളിൽ നിന്നു തേനെടുക്കുന്ന തേനീച്ചകൾ ഉണ്ടു്; അന്യരെ കുത്തി മുറിവേല്പിക്കുന്ന കടന്നലുകളും.

“ജീവിതപ്പൂവിലെ തേൻ നുകർന്നങ്ങനെ” വിരാജിക്കുന്ന തേനീച്ചയാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ഗൃഹാങ്കണത്തിൽ” എന്ന കാവ്യമെഴുതിയ ശ്രീ. കരിമ്പുഴ രാമചന്ദ്രൻ. (അംഗണമെന്നേ ഞാനെഴുതൂ). വെറും ജീവിതമല്ല; ദാമ്പത്യജീവിതം. അതിലെ ആഹ്ലാദമാകുന്ന മധു, ദമ്പതികൾ നുകരുന്നതിന്റെ രമണീയമായ ചിത്രം ഈ രചനയിൽനിന്നു കിട്ടുന്നു നമുക്കു്. ഭർത്താവിന്റെ ഷേർട്ടുകൾ സോപ്പിട്ടു് അലക്കുമ്പോൾ മനസ്വിനി കലമ്പുകയായി. എള്ളിൻമണികൾ തൂവിയിട്ടതുപോലെ പോക്കറ്റിലാകെ മഷിക്കുത്തുകൾ. ഷേർട്ടുകൾക്കു തനി വെണ്മയും. ഇനി ഭർത്താവു് നീലക്കുപ്പായം ധരിച്ചാൽ മതിയെന്നു ഗൃഹനായികയുടെ നിർദ്ദേശം. കവിതയെഴുതിക്കൊണ്ടിരുന്ന ഭർത്താവു് അതു കേട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഉപമ അസ്സലായി. ഇനി ഞാൻ ഉൽപ്രേക്ഷ പ്രയോഗിക്കാം’ അയാൾ തുടർന്നു: ‘നിന്റെ തുടുത്ത കവിളിലെ കാക്കപ്പുള്ളി കാണുമ്പോൾ അതു് എള്ളിൻമണിയാണോ എന്നു് എനിക്കു ശങ്ക. നിന്റെ കവിൾത്തടങ്ങളിലെ വെണ്മ എന്റെ ഉള്ളിലും ഉണ്ടായെങ്കിൽ!’ ഇനി കവിവചനം തന്നെയാവട്ടെ.

“അലക്കിയൊലുമ്പി നീലംപിഴിഞ്ഞയക്കോലി-

ലുലർത്തിത്തോരാനിട്ടൊരാർദ്രമാം ചിരിപാറ്റി

ഗൃഹലക്ഷ്മിതൻ മുഖാമൃതമിങ്ങനെ: ‘താങ്ക-

ളുടെ ദാമ്പത്യാഹ്ലാദമൊരു സോപ്പിടൽ താനോ?’”

ചിരപരിചിതങ്ങളായ വിഷയങ്ങളോടു ഗുഡ്ബൈ പറഞ്ഞു്, സ്വത്വശക്തിയുള്ള കഥാപാത്രങ്ങളെ കൊണ്ടുവന്നു്, അവരെക്കൊണ്ടു ക്രിയാംശമുളവാകുമാറു് പ്രവർത്തിപ്പിച്ചു് സമുദായത്തിന്റെ സ്വാഭാവികധർമ്മത്തെ പ്രതിഫലിപ്പിച്ചാൽ സാഹിത്യരചനയ്ക്കുള്ള യത്നമാകും. ആ യത്നം സാഫല്യത്തിലെത്തണമെങ്കിൽ പ്രതിഭയും വേണം.

Soap up ഇംഗ്ലീഷ് പ്രയോഗത്തിനു മുഖസ്തുതി നടത്തുക എന്നാണർത്ഥം. അതിനെ അവലംബിച്ചുകൊണ്ടുള്ള ഈ ധർമ്മപ്രയോഗം തികച്ചും ഹൃദ്യമായിരിക്കുന്നു. ഷേർട്ടിൽ സോപ്പ് തേക്കുകയായിരുന്നല്ലോ സഹധർമ്മിണി. ആ കൃത്യവും മുഖസ്തുതി നടത്തുക എന്ന ‘സോപ്പിടൽ’ കർമ്മവും വിദഗ്ദ്ധമായി കവി കൂട്ടിച്ചേർത്തിരിക്കുന്നു. വിഷയത്തിനു യോജിച്ച രചനാരീതി. അത്യുക്തിയിലേക്കോ സ്ഥൂലീകരണത്തിലേക്കോ കടക്കാത്ത ഹാസ്യപ്രയോഗം.

ചോദ്യം, ഉത്തരം

ചോദ്യം: റ്റെനിസൺ കവിയല്ലെന്നു ചിലർ പറയുന്നതു ശരിയോ? (ചോദ്യം സ്വന്തം)

ഉത്തരം: ‘But what am IAn infant crying in the night:An infant crying for the light:And with no language but a cry’ എന്നെഴുതിയ കവി കവിയല്ലെന്നു് എങ്ങനെ പറയും?

ചോദ്യം: ചിന്തിക്കാൻ കഴിവില്ലാത്തതുകൊണ്ടല്ലേ നിങ്ങൾ ഏറെ വായിക്കുന്നതു?

ഉത്തരം: ശരിയായിരിക്കാം. നമ്മൾ വായിക്കുമ്പോൾ വേറൊരാൾ നമുക്കുവേണ്ടി ചിന്തിക്കുന്നുവെന്നു് ഒരു ജർമ്മൻ ദാർശനികൻ പറഞ്ഞിട്ടുണ്ടു്.

ചോദ്യം: സ്വന്തം മക്കളെ പുകഴ്ത്തുന്നതു ശരിയോ?

ഉത്തരം: ആരോടു് അവരെ പ്രശംസിക്കുന്നുവോ അവർക്കു് ആ മക്കളെക്കാൾ ബുദ്ധിയുള്ള മക്കളുണ്ടെന്നു് ഓർമ്മിച്ചാൽ ഈ പുകഴ്ത്തൽ ഉണ്ടാവുകയില്ല. എന്റെ മകനു് അറുന്നൂറിൽ 550 മാർക്ക് എന്നു് അച്ഛൻ മറ്റൊരാളോടു പറയുമ്പോൾ അയാളുടെ മകനു് അറുന്നൂറിൽ 590 മാർക്കുണ്ടെന്നു് അറിയില്ല. പക്ഷേ, അയാൾ അതു് സ്പഷ്ടമാക്കാതെ ‘ആങ്ഹാ 550 മാർക്കോ? Congratulations’ എന്നു പറയും.

ചോദ്യം: ഗ്രാമപ്രദേശം നല്ലതല്ലേ?

ഉത്തരം: അല്ല, അടികിട്ടിയാൽ അതു് എല്ലാവരുമറിയും. പട്ടണത്തിലാണെങ്കിൽ അടി കൊടുത്തവനും അതു കിട്ടിയവനും മാത്രമേ അറിയൂ.

ചോദ്യം: പ്രവൃത്തിയിൽ മന്ത്രി, ശയിക്കുമ്പോൾ വേശ്യ എന്നൊക്കെ സ്ത്രീയെ വാഴ്ത്തുന്നതു ശരിയാണോ?

ഉത്തരം: അല്ല. ഭർത്താവു് വീട്ടിലെ സാരിയുൾപ്പെടെയുള്ള മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുമ്പോൾ സോപ്പ് തീർന്നുപോയാൽ അതു കൊണ്ടു കൊടുക്കുന്നവളും അയാൾ ചോറു വാർക്കുമ്പോൾ ‘തിളച്ച വെള്ളം അടുത്തു നില്ക്കുന്ന കുഞ്ഞിന്റെ കാലിൽ വീഴ്ത്തരുതേ’ എന്നു അയാളോടു നിർദ്ദേശിക്കുന്നവളുമാണു് നല്ല ഭാര്യ.

ചോദ്യം: അതിരു കടന്ന സദാചാരനിഷ്ഠയുള്ളവനെ നിങ്ങൾക്കിഷ്ടമാണോ?

ഉത്തരം: കിറുക്കനെ ഞാനെങ്ങനെ ഇഷ്ടപ്പെടും?

ചോദ്യം: എല്ലാ ഞായറാഴ്ചയുമുള്ള പൈങ്കിളിസിനിമ ദൂരദർശൻ നിറുത്തിയാൽ?

ഉത്തരം: സ്ത്രീകൾ റ്റി. വി. സെറ്റുകളുടെ അകത്തുള്ളതെല്ലാം എടുത്തുകളഞ്ഞിട്ടു് അവയെ സാരികളും ബ്ലൗസുകളും വയ്ക്കാനുള്ള പെട്ടികളാക്കി മാറ്റും.

ചോദ്യം: നിങ്ങൾ എന്നും എത്ര മണിക്കു ഉറങ്ങാൻ കിടക്കും?

ഉത്തരം: രാത്രി പതിനൊന്നുമണിക്കു്. ബുധനാഴ്ച ദിവസം വൈകുന്നേരംതന്നെ ഉറക്കമാരംഭിക്കും. ഇല്ലെങ്കിൽ നാലു മുറികൾക്കപ്പുറത്തു് ഇരിക്കുന്ന റ്റി. വി. സെറ്റിൽനിന്നു് ഒരു പരിപാടി അവ്യക്തമായെങ്കിലും കേൾക്കേണ്ടതായിവരും.

ചോദ്യം: വലിയ മഴ. വലിയ ചൂടു്. സഹിക്കാനാവാത്ത മഞ്ഞു് ഈ കാലാവസ്ഥയല്ലേ കേരളത്തിലെ ജനങ്ങളെ വികാരാധിക്യം ഉള്ളവരാക്കുന്നതു?

ഉത്തരം: എന്തോ, അറിഞ്ഞുകൂടാ. പിന്നെ ഈ കാലാവസ്ഥ കൊള്ളാം. അതില്ലെങ്കിൽ മഴ പെയ്യുമ്പോൾ ‘ഞാൻ കുട തരാം’ എന്നും ചൂടു കൂടിയിരിക്കുമ്പോൾ ‘എന്റെ കുട കൊണ്ടു പോകൂ’ എന്നും മഞ്ഞു പെയ്യുമ്പോൾ ‘എന്റെ കൈലേസ് തലയിലിട്ടുകൊണ്ടു പോകൂ’ എന്നും കാമുകൻ കാമുകിയോടു പറഞ്ഞു് കള്ളസ്നേഹം കാണിക്കുന്നതെങ്ങനെ?

ചോദ്യം: സാഹിത്യവാരഫലം എന്ന കണിയാൻ പംക്തി നടത്തുന്നവൻ ഒരു തെമ്മാടിയല്ലേ?

ഉത്തരം: അല്ല. സിനിമാശാലയിലെ സീറ്റിൽ കൈയുകളിൽ സ്വന്തം കൈരണ്ടും വച്ചു ഇരുന്നു സിനിമ കാണുന്നവൻ, ബസ്സിൽ കയറി വേറൊരാളെ ഇരുത്താതിരിക്കാൻ കാലുകൾ കവച്ചുവച്ചു് ഇരിക്കുന്നവൻ, ഫാദർ എന്ന വാക്കിന്റെ സ്പെല്ലിങ് അറിയാതെ ചോദ്യങ്ങൾ ചോദിക്കുന്നവൻ ഇവരൊക്കെയാണു് തെമ്മാടികൾ.

വിരസം
images/Tennyson1861.jpg
റ്റെനിസൺ

ഏതു് ഓഫീസ് എന്നൊന്നും ഞാൻ പറുയുകയില്ല. എന്റെ മേലധികാരിയുടെ അടുക്കൽ ഞാൻ ചെന്നപ്പോൾ കൊച്ചിക്കാരനായ അദ്ദേഹം എന്നോടു ചോദിച്ചു: “ഇവിടെ … നായർ എന്നൊരാളുണ്ടല്ലോ. അയാളുടെ അമ്മ മരിച്ചുപോയി ശവമടക്കാനാണു് എന്നു പറഞ്ഞു നൂറുരൂപ വാങ്ങിക്കൊണ്ടുപോയി എന്റെ കൈയിൽനിന്നു്. പിന്നെ അയാളെ കണ്ടിട്ടേയില്ല. നിങ്ങൾക്കു് അയാളെയൊന്നു കണ്ടുപിടിക്കാനാവുമോ?” ഞാൻ ചിരിച്ചുകൊണ്ടു് അദ്ദേഹത്തോടു പറഞ്ഞു: സർ, ആ രൂപ ഇനി കിട്ടുകയില്ല. അയാളുടെ അമ്മ ഇതുപോലെ പലതവണ മരിച്ചിട്ടുണ്ടു്. താൻ വഞ്ചിക്കപ്പെട്ടുവെന്നു് അപ്പോഴാണു് ആ മേലധികാരി അറിഞ്ഞതു്. കാലം കഴിഞ്ഞു. ഒരു ദിവസം കാലത്തു് … നായർ എന്റെ വീട്ടിൽ കയറിവന്നു ദുഃഖഭാവത്തോടെ അറിയിച്ചു: “കൃഷ്ണൻനായർ, എന്റെ മദർ-ഇൻ-ലാ മരിച്ചു, അർദ്ധരാത്രിക്കുശേഷം. ശവസംസ്കാരത്തിനു പണമില്ല. നൂറുരൂപ കടം തരുമോ? ഒന്നാം തീയതി തിരിച്ചുതരാം.” ഞാൻ അതിലേറെ ദുഃഖത്തോടെ മറുപടി നല്കി: “അയ്യോ ഒരു കാശുപോലുമില്ല. തൊട്ടടുത്തു് പി. ജി. കൃഷ്ണപിള്ള (അക്കാലത്തു് ഡപ്യൂട്ടി കളക്ടർ) താമസിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ കൈയിൽ പണം കാണും. അവിടെച്ചെന്നു ചോദിച്ചുനോക്കൂ.” പി. ജി.യോടു ഒരിക്കലെങ്കിലും അയാൾ ചരമം പറഞ്ഞു പണം വാങ്ങിയിരിക്കും. അതുകൊണ്ടാവാം അയാൾ അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറാതെ നേരെ റോഡിലേക്കു പോയതു്. പിന്നീടു ഞാനറിഞ്ഞു ഈ … നായർ കിട്ടുന്ന ശമ്പളമെല്ലാം ബാങ്കിലിട്ടിട്ടു് വീട്ടുചെലവിനുവേണ്ടി അമ്മയെയും അമ്മായിയെയും പലതവണ കൊന്നുകൊണ്ടിരിക്കുന്നുവെന്നു്. ഈ യഥാർത്ഥ സംഭവംപോലൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ—ശ്രീ. ബാലകൃഷ്ണൻ എഴുതിയ ‘സൈമൺ പീറ്റർ.’ അപ്പൻ മരിച്ചു. അമ്മ മരിച്ചു എന്നൊക്കെ കള്ളംപറഞ്ഞു് അയാൾ മേലധികാരിയോടു പണം കടംവാങ്ങുന്നു. ഒടുവിൽ റോഡപകടത്തിൽപ്പെട്ടു് അങ്ങു ചാവുകയും ചെയ്യുന്നു. എന്റെ യഥാർത്ഥ സംഭവ വിവരണത്തിൽ സത്യത്തിന്റെ ചൂടുണ്ടു്. ബാലകൃഷ്ണന്റെ കല്പിതകഥയിൽ കലയുടെ ഊഷ്മളതയില്ല. നിരൂപണത്തിന്റെ ഭാഷ ഉപയോഗിക്കാം. ഫിക്ഷന്റെ തലത്തിലേക്കു ഉയരാതെ വെറും വിവരണമായി വർത്തിക്കുന്നു ബാലകൃഷ്ണന്റെ രചന. ഞാൻ ആലപ്പുഴെ താമസിക്കുന്ന കാലത്തു് പല നാടകങ്ങളും കണ്ടിട്ടുണ്ടു്—എസ്. ഡി. സുബ്ബലക്ഷ്മി യും എം. കെ. ത്യാഗരാജഭാഗവതരും അഭിനയിച്ച നാടകങ്ങൾ. ഒരിക്കൽ ഒരു നാടകത്തിനു ഹാർമോണിയം വായിച്ചതു് മലബാർ ഗോപാലൻ നായരായിരുന്നു. അദ്ദേഹം ആ സംഗീതോപകരണത്തിന്റെ കട്ടകളിൽ വിരലുകൾ മെല്ലെ വയ്ക്കുകയേയുള്ളു. മധുരനാദം പുറപ്പെടും. അങ്ങനെ കട്ടകളിൽ വിരലുകൾ ഓടിക്കൊണ്ടിരിക്കും. നാദലഹരിയിൽ ശ്രോതാക്കൾ വീഴുകയും ചെയ്യും. കഥയെഴുതുന്നതും ഇതുപോലെ അനായാസ പ്രവർത്തനമായിരിക്കണം. എങ്കിലേ കലാസത്യത്തിന്റെ നാദം അതിൽനിന്നു് ഉയരുകയുള്ളു. കൊച്ചുകുട്ടികൾ ഹാർമോണിയത്തിന്റെ ഓരോ കട്ടയിലും വിരലമർത്തി കർണ്ണകഠോരമായ ശബ്ദം പുറപ്പെടുവിക്കുന്നതുപോലെ ബാലകൃഷ്ണൻ ജീവിത സംഭവങ്ങളെ ആക്രമണോത്സുകതയോടെ സമീപിക്കുകയും പരുക്കൻ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ നിലയിൽ എന്റെ വിവരണവും ബാലകൃഷ്ണന്റെ കഥയും ഒരേ രീതിയിൽ വിരസം.

images/BraveNewWorldRevisited.jpg

ആൽഡസ് ഹക്സിലി യുടെ Brave New World Revisited എന്ന പ്രബന്ധത്തിലാണെന്നു തോന്നുന്നു മൂന്നു കാര്യങ്ങൾ ലോകത്തു് പരിവർത്തനമുണ്ടാക്കുന്നുവെന്നു പറഞ്ഞിട്ടുള്ളതു്. ഒന്നു്: രാഷ്ട്രവ്യവഹാര സിദ്ധാന്തം. രണ്ടു്: സാമ്പദിക പ്രതിസന്ധി. മൂന്നു്: മഹാവ്യക്തികൾ. ശരിയാണു്. ലെനിൻ, മവോസെതൂങ്ങ്, ഗാന്ധിജി, ബിസ്മാർക്ക് ഇവരാണു് യഥാക്രമം റഷ്യ, ചൈന, ഇന്ത്യ, യൂറോപ്പ് ഈ രാജ്യങ്ങളിൽ പരിവർത്തനം സംഭവിപ്പിച്ചതു്. അവരുടെ കാലത്തെ ജനങ്ങളെ എല്ലാവരും മറന്നുകഴിഞ്ഞു. പക്ഷേ, ഈ മഹാവ്യക്തികൾ ജീവിച്ചിരിക്കുന്നു. ശ്രീരാമകൃഷ്ണപരമഹംസ ന്റെയും വിവേകാനന്ദസ്സ്വാമി യുടെയും രമണമഹർഷി യുടെയും കാലയളവുകളിൽ എത്രകോടി ജനങ്ങളുണ്ടായിരുന്നു! അവരിൽ ഒരാളെയെങ്കിലും ആർക്കെങ്കിലും ഓർമ്മിക്കാൻ കഴിയുന്നുണ്ടോ? ഇല്ല. ഇനി ഏറെശ്ശതാബ്ദങ്ങൾ കഴിഞ്ഞാലും ഈ മൂന്നുപേരും ഭാരതത്തിൽ ജീവിച്ചിരിക്കും. മഹാകവി രവീന്ദ്രനാഥ ടാഗോറി ന്റെയും സ്ഥിതി അതുതന്നെ. അതിനാലാണു് ചരിത്രം ജനക്കൂട്ടത്തിന്റേതല്ല; ചില വ്യക്തികളുടേതു മാത്രമാണു് എന്നു് അഭിജ്ഞന്മാർ പറയുക.

കൃത്രിമം
images/IreneJoliotCurie1921.jpg
ഷോല്യോ ക്യൂറി

കലാകൗമുദിയിൽ “മാലിനീ, ഇനി” എന്ന ചെറുകഥ എഴുതിയ ശ്രീ. സുന്ദറിന്റെ രചനകൾക്കുള്ള സാമാന്യമായ ദോഷം കൃത്രിമത്വമാണു്. ആ ദോഷംതന്നെ ഈ കഥയിലും കാണാം. കേരളത്തിലെ സമുദായത്തിനു സവിശേഷ ധർമ്മമുണ്ടു്. ആ ധർമ്മം അതിലെ ഓരോ വ്യക്തിക്കും കാണും. വ്യക്തികൾ വിഭിന്നസ്വഭാവമുള്ളവരായിരിക്കുമെങ്കിലും സമുദായത്തിന്റെ സാമാന്യധർമ്മം അവരിൽ പ്രകടമാകും. സ്വർണ്ണം കൊണ്ടുണ്ടാക്കിയ മാല, വള, മോതിരം ഇവയെല്ലാം രൂപത്തിൽ വിഭിന്നമാണെങ്കിലും “കാഞ്ചനത്വം” എന്ന ധർമ്മം അവയിൽ ഓരോന്നിനുമുണ്ടല്ലോ. അതുപോലെ സമുദായത്തിലെ വ്യക്തികൾ മര്യാദക്കാരും മര്യാദയില്ലാത്തവരും മാന്യരും അമാന്യരുമായിരിക്കും. എന്നാലും അവരെയാകെ കൂട്ടിയിണക്കുന്ന ഒരു ധർമ്മമുണ്ടു്. വ്യക്തിയെ ചിത്രീകരിക്കുന്ന സാഹിത്യകാരൻ ആ വ്യക്തിയിലൂടെ ആ ധർമ്മത്തെ ആവിഷ്കരിച്ചില്ലെങ്കിൽ രചന കൃത്രിമമാകും. തകഴി ശിവശങ്കരപ്പിള്ള യുടെയോ കേശവദേവി ന്റെയോ കഥകൾ സ്വാഭാവികങ്ങളും മുകുന്ദൻ തുടങ്ങിയവരുടെ കഥകൾ കൃത്രിമങ്ങളും ആകുന്നതു് ഇതിനാലാണു്. സുന്ദറിന്റെ കഥയിലെ കഥാപാത്രങ്ങൾ സാമാന്യ മനുഷ്യർക്കു പ്രാതിനിധ്യം വഹിക്കുന്നവരല്ല. സാമാന്യ മനുഷ്യരിൽനിന്നു് അകന്നുനില്ക്കുന്ന സമ്പന്നവർഗ്ഗത്തിനു പ്രാതിനിധ്യം വഹിക്കുന്നു അവർ എന്നും പറയാൻ വയ്യ. രമേശും മാലിനിയും നേരത്തേ ഇഷ്ടക്കാർ. മാലിനി വേറൊരാളെ വിവാഹം ചെയ്തു. അയാൾ രതോപകാരിയാകാൻ (pimp) തുടങ്ങിയപ്പോൾ അവൾ പ്രതിഷേധിച്ചു രമേശന്റെ അടുത്തെത്തുന്നു. ഇനി അവർ ഒരുമിച്ചു കഴിഞ്ഞുകൂടും. സുന്ദറിന്റെ കഥയിൽ ‘കാക്കത്തൊള്ളായിരം’ എന്നൊരു പ്രയോഗമുണ്ടു്. കാക്കത്തൊള്ളായിരം തവണ മറ്റുള്ളവർ കൈകാര്യം ചെയ്ത ഈ വിഷയം വൈജാത്യമോ വൈരുദ്ധ്യമോ ഇല്ലാതെ ഇങ്ങനെ പ്രതിപാദിക്കുന്നതുകൊണ്ടു് സുന്ദർ എന്തു നേടുന്നു, നമ്മൾ എന്തു നേടുന്നു എന്നതു് എനിക്കറിഞ്ഞുകൂടാ.

images/Peterhandke.jpg
പേറ്റർ ഹൻഡ്കെ

സമുദായത്തിന്റെ സാമാന്യധർമ്മത്തെ ഗളഹസ്തം ചെയ്തിട്ടു കൃത്രിമത്വത്തെ സ്വാഗതം ചെയ്യുമ്പോൾ കൃത്രിമങ്ങളായ കഥാപാത്രങ്ങളും കൃത്രിമങ്ങളായ സംഭാഷണങ്ങളും ഉണ്ടാകും. ഇക്കഥയിൽ ഇവയ്ക്കു കൃതകസ്വഭാവമാണുള്ളതു്. നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിലെ സംഭാഷണത്തിനു് സവിശേഷരൂപമോ സംസ്കാരമോ കാണുമല്ലോ. ആ സംഭാഷണം സാഹിത്യത്തിലേക്കു കടക്കുമ്പോൾ അല്പം വിഭിന്നമാകും. പ്രേക്ഷകൻ ഇരിക്കുന്ന കസേരതന്നെയെടുത്തു് നാടകവേദിയിലിട്ടാൽ അതു theatrical chair ആയി മാറുമെന്നു പേറ്റർ ഹൻഡ്കെ പറഞ്ഞതു പോലെ സംഭാഷണത്തിനു് ചെറിയ മാറ്റം വരും സാഹിത്യസൃഷ്ടികളിൽ. അതുപോലെയുള്ള ചെറിയ മാറ്റമല്ല സുന്ദറിന്റെ കഥയിൽ കാണുന്നതു്. അതിനു വക്രീകരണമോ വിരൂപകരണമോ ഉണ്ടാകുന്നു. തോൽപ്പാവകളെപ്പോലെയുള്ള രണ്ടു കഥാപാത്രങ്ങൾ. അവർ എവിടെപ്പോയാലെന്തു? ചിരപരിചിതങ്ങളായ വിഷയങ്ങളോടു ഗുഡ്ബൈ പറഞ്ഞു്, സ്വത്വശക്തിയുള്ള കഥാപാത്രങ്ങളെ കൊണ്ടു വന്നു്, അവരെക്കൊണ്ടു ക്രിയാംശമുളവാകുമാറു് പ്രവർത്തിപ്പിച്ചു് സമുദായത്തിന്റെ സ്വാഭാവിക ധർമ്മത്തെ പ്രതിഫലിപ്പിച്ചാൽ സാഹിത്യരചനയ്ക്കുള്ള യത്നമാകും. ആ യത്നം സാഫല്യത്തിലെത്തണമെങ്കിൽ പ്രതിഭയും വേണം.

പുതിയ പുസ്തകം

സിനിമാശാലയിലെ സീറ്റിന്റെ കൈയുകളിൽ സ്വന്തം കൈരണ്ടും വച്ചു് ഇരുന്നു സിനിമ കാണുന്നവൻ. ബസ്സിൽ കയറി വേറൊരാളെ ഇരുത്താതിരിക്കാൻ കാലുകൾ കവച്ചു് വച്ചു് ഇരിക്കുന്നവൻ, ഫാദർ എന്ന വാക്കിന്റെ സ്പെല്ലിങ്ങ് അറിയാതെ ചോദ്യങ്ങൾ ചോദിക്കുന്നവൻ ഇവരൊക്കെയാണു് തെമ്മാടികൾ.

Sylvia Cole, Abraham H Lass ഇവർ രചിച്ചതും ന്യൂഡൽഹിയിലെ Viva Books Private Ltd. പ്രസാധനം ചെയ്തതും ആയ Dictionary of 20th Century Allusions എന്ന പുസ്തകം (വില രൂ. 65. പുറം 287) പ്രയോജനമുള്ളതാണു്. മറ്റു നിഘണ്ടുക്കളിൽനിന്നു ഇതു് വിഭിന്നവുമത്രേ. അമേരിക്കൻ നോവലുകളുടെ പുറംചട്ടയിൽ പരസ്യമെന്ന നിലയിൽ blockbuster എന്നു് നമ്മളൊക്കെ കണ്ടിരിക്കും. അതിന്റെ വിശദീകരണം ഇപ്പുസ്തകത്തിൽ ഇങ്ങനെ:

Blockbuster:
Four-ton bombs dropped by the RAF in 1942, called blockbusters because they could destroy an entire city block. By the end of the war the Allies were dropping bombs of up to 11 tons on enemy cities. Now a blockbuster is anything gigantic, effective, impressive or having wide popular or financial success; eg, a movie or a sales campaign can be a blockbuster.

വേറൊരു ഉദാഹരണം:

gulag:
Russian acronym for Main Directorate of Corrective Labour Camps, a chain of forced-labour camps in the Soviet Union. The Russian Nobel prize-winner in literature, Aleksander I Solzhenitsyn drew upon his own experiences as a prisoner to reveal the horrors of the camps in such books as “One Day in the Life of Ivan Denisovich ”, “The Cancer Ward ”, “The First Circle ” and the “Gulag Archipelago ”.
നമ്മൾ എന്തു ചെയ്യും?

കൊലപാതകം കണ്ടാലുണ്ടാകുന്ന ജുഗുപ്സയും പേടിയുമാണു് അതു വർണ്ണിക്കുന്ന കാവ്യം ജനിപ്പിക്കുന്നതെങ്കിൽ അതു കലയല്ല. അതല്ല വർണ്ണനം. രസാനുഭൂതി ജനിപ്പിച്ചാൽ കലയായി. അക്കാരണത്താലാണു് ദുഷ്യന്തനും ശകുന്തളയും പ്രേമത്തോടെ സംസാരിക്കുന്ന നാടകത്തിൽ വായിച്ചു സഹൃദയർ രസിക്കുന്നതു്. അയാൾ തന്നെ ഒരഭിനവ ദുഷ്യന്തനും അഭിനവശാകുന്തളയും ലൈബ്രറി വളപ്പിൽ നിന്നു ശൃംഗരിക്കുന്നതു കണ്ടാൽ പുച്ഛിച്ചു ചിരിച്ചെന്നുവരും. ലൗകികവികാരങ്ങൾ ആസ്വാദനത്തിന്റെ മണ്ഡലത്തിലേക്കു കടക്കില്ല. കലയിൽ അതു സംഭവിക്കുകയും ചെയ്യും.

images/DenisDiderot.jpg
ദിദറോ

ഒരിക്കൽ പി. കെ. വിക്രമൻ നായരെ ഞാൻ കണ്ടപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു ഡോക്ടറായി നാടകവേദിയിൽ അഭിനയിക്കുന്നവൻ താൻ ഡോക്ടർ തന്നെയാണെന്നു വിചാരിച്ചാൽ ശരിയായിരിക്കുമോ? അക്കാലത്തു വേണ്ടിടത്തോളം വിവരമില്ലാതിരുന്ന ഞാൻ താദാത്മ്യം പ്രാപിക്കലാണു് കല, അതുകൊണ്ടു് താൻ ഡോക്ടറാണെന്നുതന്നെ അഭിനേതാവു കരുതണമെന്നു മറുപടി നല്കി. ‘നോൺസെൻസ്’എന്നായിരുന്നു വിക്രമൻനായരുടെ ഗർജ്ജനം. അഭിനേതാവു് അഭിനേതാവായിത്തന്നെ പുലരണമെങ്കിൽ താൻ കഥാപാത്രം തന്നെയാണെന്നു കരുതരുതെന്നു ദിദറോ പ്രഖ്യാപിച്ചതു് പിന്നീടാണു് ഞാൻ മനസ്സിലാക്കിയതു്. പ്രകൃതി, ജീവിതം ഇവയ്ക്കപ്പുറത്തുള്ള ഒരു മണ്ഡലത്തിലാണു് കലയുടെ നില. ഈ സാരസ്വത രഹസ്യം മഹാന്മാരായ വിപ്ലവകവികൾ—പാവ്ലോ നെറൂദ, യാനീസ് റീറ്റ്സോസ്, മായകോവ്സ്കി, ബ്രഹ്റ്റ് ഇവരെല്ലാം മനസ്സിലാക്കിയിട്ടുണ്ടു്. ദേശാഭിമാനി വരികയിൽ “കഴുകന്റെ കണ്ണുകൾ” എന്ന പ്രഭാഷണം രചിച്ച ശ്രീ. വി. ജെ. തോമസ് ഗ്രഹിച്ചിട്ടില്ല. സമത്വവാദത്തെ ഞെരിച്ചുകൊല്ലുന്ന നൃശംസതയോടു തോമസിനുള്ള എതിർപ്പുതന്നെ എനിക്കുമുണ്ടു്. എനിക്കു മാത്രമല്ല, എല്ലാവർക്കുമുണ്ടു്. പക്ഷേ, ഞാനും ആ എല്ലാവരും തോമസിന്റെ രചന കവിതയാണെന്നു പറയില്ല. നെറൂദയും റീറ്റ്സോസും മറ്റും കവിതയെഴുതുമ്പോൾ സ്വേച്ഛാധിപത്യമോ മർദ്ദനമോ തൊഴിലാളിപീഡനമോ കണ്ടുണ്ടായ കോപത്തെയല്ല ആവിഷ്കരിക്കുക. ആ കോപം ജനിപ്പിച്ച സെൻസിബിലിറ്റിയെയാണു്.

കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞു് മഹാകവി റീറ്റ്സോസിനെ സർക്കാർ അറസ്റ്റുചെയ്തു് കാരഗൃഹത്തിലിട്ടു മർദ്ദിച്ചു. അദ്ദേഹം അവിടെകിടന്നുകൊണ്ടു് 1950 നവംബറിൽ ഫ്രഞ്ച് ന്യൂക്ലിയർ ഫിസിസിസ്റ്റ് ഷോല്യോ ക്യൂറിക്ക് (Joliot-Curie, 1897–1956) ഒരു കവിതയെഴുതി അതു്:

Dear Joliot, I am writing you from Al Stratis,

About three thousand of us are here,

simple folk, hard workers, men of letters.

with a ragged blanket across our backs

an onion, five olives

and a dry crust of light in our sacks,

folk as simple as trees in sunlight.

with only one crime to our accounts.

only this—that we, like you, love

peace and freedom

സാരി വാങ്ങി വാങ്ങി മുടിയുന്നവരാണു് ഇവിടുത്തെ സ്ത്രീകൾ. അവ വാങ്ങുമ്പോൾ തങ്ങളുടെ പ്രായത്തെക്കുറിച്ചു് അവർ ഓർമ്മിക്കുന്നതുപോലുമില്ല.

ഇതെഴുതിയ കവി തോമസിനെപ്പോലെ മേശപ്പുറത്തു കയറിനിന്നു് “കൈയും കലാശവും കാണിച്ചു്” മൈതാന പ്രഭാഷണം നടത്തുകയല്ല. കവിതയെഴുതുകയാണു്. ദേഷ്യം കൂടിക്കൂടിവന്നു് (ആ ദേഷ്യം എനിക്കുമുണ്ടേ) “കഴുവേറി മക്കളെ മാപ്പില്ല നിങ്ങൾക്കു്” എന്നുവരെ തോമസ് പറയുന്നു. ഭാഗ്യംകൊണ്ടു് ഒരശ്ലീല സംബോധനയിൽ അദ്ദേഹം നിറുത്തി. അതിനപ്പുറവും ചില വാക്കുകളുണ്ടല്ലോ. അവകൂടി പ്രയോഗിച്ചിരുന്നെങ്കിൽ നമ്മൾ എന്തു ചെയ്യും?

നിരീക്ഷണങ്ങൾ
  1. കുട്ടിക്കൃഷ്ണമാരാർ ജീവിതസായാഹ്നത്തിൽ സത്യസായിബാബ യുടെ ഭക്തനായി. അധ്യാത്മവിദ്യയ്ക്കു് പ്രാധാന്യം നല്കി ‘ശരണാഗതി’ എന്ന ഗ്രന്ഥം എഴുതി. പക്ഷേ, കേരളീയർ അദ്ദേഹത്തെ കാണുന്നതും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ‘രാജാങ്കണ’ത്തിന്റെയും അതുപോലെയുള്ള മറ്റു ഗ്രന്ഥങ്ങളുടെയും കർത്താവെന്ന നിലയിലാണു്. അദ്ദേഹത്തിന്റെ സായിബാബ ഭക്തിയെക്കുറിച്ചു് ആരും ഓർമ്മിക്കുന്നില്ല. ‘ശരണാഗതി’ എന്ന പുസ്തകത്തെക്കുറിച്ചു് ആരും നല്ലവാക്കു പറയുന്നുമില്ല. സ്വത്വശക്തിയുടെ ബലമാർന്ന പ്രത്യക്ഷീകരണങ്ങളെ മാത്രമേ ബഹുജനം അംഗീകരിക്കുകയുള്ളു. ടോൾസ്റ്റോയി തന്റെ വസ്തുക്കളെല്ലാം കർഷകർക്കു വീതിച്ചുകൊടുത്തു. അതു് സ്വീകരിക്കാൻ അവർക്കു പേടിയായിരുന്നു. ടോൾസ്റ്റോയി ഒടുവിൽ എല്ലാം വലിച്ചെറിഞ്ഞു് കർഷകന്റെ വേഷം ധരിച്ചു് അവരുടെകൂടെ ചേർന്നു. എന്നിട്ടും അവർക്കു വിശ്വാസം വന്നില്ല. മഹാനായ ആ എഴുത്തുകാരൻ എടുത്തിട്ട ഈ വേഷം ലോകജനത മറന്നുപോയിരിക്കുന്നു. ഇന്നു ‘War and Peace’, ‘Anna Karenina’ ഈ നോവലുകളുടെ കർത്താവെന്ന നിലയിലേ അദ്ദേഹം ഓർമ്മിക്കപ്പെടുന്നുള്ളു. ഭാവിയിലും അങ്ങനെയായിരിക്കും. സ്വത്വശക്തിക്കു അനുരൂപമല്ലാത്ത ഒന്നും ചെയ്യാതിരിക്കുകയാണു് നല്ലതു്.
  2. മറ്റു നാടുകളിലെ സ്ത്രീകളെക്കുറിച്ചു് എനിക്കൊന്നുമറിഞ്ഞുകൂടാ. കേരളത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു് ഞാനെഴുതുന്നതു്. സാരികൾ വാങ്ങി വാങ്ങി മുടിയുന്നവരാണു് ഇവിടെയുള്ള സ്ത്രീകൾ. അവ വാങ്ങുമ്പോൾ തങ്ങളുടെ പ്രായത്തെക്കുറിച്ചു് അവർ ഓർമ്മിക്കുന്നതുപോലുമില്ല. പെൻഷൻപറ്റി ആറോ ഏഴോ കൊല്ലം കഴിഞ്ഞ ഒരു പ്രിൻസിപ്പൽ കാഞ്ചീപുരം സാരിയുടുത്തു് അതിനുചേരുന്ന ബ്ലൗസിട്ടു് ഒരു വിവാഹത്തിനു വന്നു നില്ക്കുന്നതു ഞാൻ കണ്ടു. എല്ലാവരും അതുകണ്ടു പുച്ഛിച്ചതേയുള്ളു. അവരെ ഒരു കണക്കിൽ കുറ്റപ്പെടുത്താനില്ല. വിലകൂടിയ സാരിയുടുത്താൽ വാർദ്ധക്യത്തിന്റെ കെടുതികൾ മറയ്ക്കാമെന്നായിരുന്നു പാവത്തിന്റെ വിചാരം. യുവതികൾക്കും വിലകൂടിയ സാരി ഭൂഷണമല്ല. കാമുകി വിലകുറഞ്ഞ വെളുത്ത സാരിയും വെളുത്ത ബ്ലൗസുംധരിച്ചു് കാമുകന്റെ മുൻപിൽ നിന്നാൽ അയാൾ എത്രകണ്ടു് അവളെ സ്നേഹിക്കുമോ അതിൽകൂടുതലായി ഒട്ടും അയാൾക്കു സ്നേഹമുണ്ടാവുകയില്ല, അവൾ ആയിരം രൂപ വിലയുള്ള സാരിയും നൂറുരൂപ വിലയുള്ള ബ്ലൗസും ധരിച്ചു് അയാളുടെ മുൻപിൽ നിന്നാൽ. കാരണം ഏതോ ഒരു ബുദ്ധിശാലിനി പണ്ടു സ്പഷ്ടമാക്കിയിട്ടുണ്ടു്. പുരുഷൻ സ്നേഹിക്കുന്നതു സ്ത്രീയെയാണു് അവളുടുക്കുന്ന സാരിയെയല്ല. റോഡിലൂടെ നടക്കുന്ന സ്ത്രീകൾ ഉടുത്തിരിക്കുന്ന സാരികളെ ഒരു പുരുഷനും നോക്കാറില്ല. “ഞാൻ ഇന്ന സ്ത്രീയെ ഇന്ന സ്ഥലത്തുവച്ചു കണ്ടു. കുറച്ചുനേരം അവളോടു സംസാരിച്ചുനിന്നു” എന്നു് പുരുഷൻ വീട്ടിൽവന്നു ഭാര്യയോടു പറയുമ്പോൾ അവളുടെ ആദ്യത്തെച്ചോദ്യം “നല്ല സാരിയാണോ ഉടുത്തിരുന്നതു്” എന്നായിരിക്കും. “എന്തോ ഞാൻ ശ്രദ്ധിച്ചില്ല” എന്നാവും എല്ലാപ്പുരുഷന്മാരുടെയും മറുപടി.
  3. ഞാൻ ചെറുപ്പകാലത്തു വലിയ ചീട്ടുകളിക്കാരനായിരുന്നു. ബ്രിജ്ജ്, ഗുലാൻ പെരിശ് അല്ലെങ്കിൽ 28 ഈ കളികളിലൊക്കെ ഞാൻ വിദഗ്ദ്ധനായിരുന്നുവെന്നു ആത്മപ്രശംസയോടെ എഴുതിക്കൊള്ളട്ടെ. ഇന്നു് എല്ലാം മറന്നു പോയിരിക്കുന്നു. ഒരു ചീട്ടു പാക്കറ്റിൽ എത്ര ചീട്ടുകളുണ്ടെന്നു് ചോദിച്ചാൽ എനിക്കു ഉത്തരം പറയാനാവില്ല. അക്ഷരങ്ങൾ ചീട്ടുകളാണെങ്കിൽ അവ കൊണ്ടു പല കളികൾ കളിക്കുന്നവരാണു കവികൾ. ‘മഗ്ദലനമറിയം’ ഒരു കളി. ‘ശിഷ്യനും മകനും’ വേറൊരു കളി. അവ കളിച്ച മഹാവ്യക്തി പ്രതിഭാശാലി. ഞാൻ പ്രതിഭാശാലിയല്ലാത്തതുകൊണ്ടു് അക്ഷരങ്ങൾകൊണ്ടു സാഹിത്യവാരഫലമെന്ന ഒറ്റക്കളി കളിച്ചു കൊണ്ടിരിക്കുന്നു. വായനക്കാരുടെ സൗജന്യമാധുര്യത്താലാണു് ഇരുപത്തിമൂന്നു വർഷത്തെ ഈ കളി ഇങ്ങനെ തുടർന്നു പോകുന്നതു്.
  4. “ഒന്നുമില്ലാത്തവർക്കു പിന്നെയെന്താ ശക്തി” കായംകുളം യാത്രയ്ക്കിടയിൽ ഞാനൊരിക്കൽ ദേവിനെ കാണാൻ ശ്രമിച്ചു. ചോദിച്ചു കേട്ടു് ഞാൻ ദേവിന്റെ വീട്ടുമുറ്റത്തെത്തി. ദേവിനെ അധിക്ഷേപിക്കുകയും അനായാസം ബഹിഷ്കരിക്കുകയും ചെയ്യുന്ന ശബ്ദമാണു് എനിക്കു കേൾക്കാൻ സാധിച്ചതു്. അധിക്ഷിപ്തനായിരുന്ന ദേവിന്റെ തോളിൽ ഞാൻ വലതുകൈ അമർത്തി. വൈകാരികസാന്ദ്രമായ ഒരാശ്ലേഷവും കണ്ണുനീർക്കണ്ണുമാണു് ദേവ് എനിക്കു സംഭാവനചെയ്തതു്. സാമ്രാജ്യത്വത്തിന്റെ ഉടവാളിനെപ്പോലും ദേവ് നിഷേധിക്കും. എന്നാൽ സ്നേഹിക്കപ്പെടുന്ന ഒരു പെണ്ണിന്റെ പുരികത്തിന്റെ ചലനം ദേവിനെ നൃത്തം ചെയ്യിക്കുമായിരുന്നു.”
  5. വർക്കിയുടെ കാലത്തെ എഴുത്തുകാർ എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചു. അവകൊണ്ടു് സാംസ്കാരിക പ്രയോജനങ്ങളുണ്ടായിട്ടുമുണ്ടു്. വർക്കിയുടെ ഓർമ്മയിൽനിന്നു് ചില വിലയിരുത്തലുകൾ ഇങ്ങനെ പുറത്തുവന്നു:“ചങ്ങനാശ്ശേരിയിൽ എം. പി. പോൾ, പോൾസ് കോളേജ് എന്ന പേരിൽ ഒരു ട്യൂട്ടോറിയൽ കോളേജ് നടത്തിയിരുന്നു. ഒരിക്കൽ ആ കോളേജിൽ മലയാളം വകുപ്പു് കൈകാര്യം ചെയ്യാൻ ഞാൻ നിയുക്തനായി. സ്വർഗ്ഗം, മതം ഇതിൽ കുരുങ്ങിനില്ക്കുന്ന മനുഷ്യനെയല്ല പോളിൽ ഞാൻ കണ്ടതു്. അതുകൊണ്ടു് പോളിന്റെയും എന്റെയും മാനസികബന്ധത്തിനു് കൂടുതൽ അടുപ്പമുണ്ടായി. അന്നു് ഒരു പള്ളിപ്പിശാചായിരുന്ന മുണ്ടശ്ശേരി അതെല്ലാം വലിച്ചെറിഞ്ഞു് വന്നപ്പോൾ മുണ്ടശ്ശേരിയെ ഞങ്ങൾ സ്വീകരിച്ചു. ഉറക്കെ വർത്തമാനം പറയാൻ മുണ്ടശ്ശേരി മിടുക്കനായിരുന്നു. മുണ്ടശ്ശേരിയിൽ ഉറക്കെ വർത്തമാനം പറയുന്ന മനുഷ്യനെയല്ലാതെ സാഹിത്യം കൈകാര്യം ചെയ്യുന്ന ഒരാചാര്യനെ ഞങ്ങൾ കണ്ടിരുന്നില്ല. ഉറക്കെ വർത്തമാനം പറയുന്ന മുണ്ടശ്ശേരി പതുക്കെ ചിന്തിക്കുന്ന ഞങ്ങളോടടുത്തു. അങ്ങനെയാണു് മുണ്ടശ്ശേരിയും പുരോഗമനസാഹിത്യവും തമ്മിൽ ബന്ധമുണ്ടായതു്. മുണ്ടശ്ശേരിക്കു് പള്ളിയും പട്ടക്കാരനും സ്വർഗ്ഗവുമൊക്കെ യുക്തി ബോധത്തോടുകൂടി അവലോകനം ചെയ്യേണ്ട വിഷയങ്ങളായിത്തീർന്നു. അതിനുശേഷമുള്ള മുണ്ടശ്ശേരിയെ ഇന്നു ജീവിക്കുന്നുള്ളു. കേരളത്തിൽ വിളക്കു കത്തിച്ച കുറേ ആചാര്യന്മാരുണ്ടു്. അതിലൊരാളാണു് പോൾ.”
  6. മലയാള സർഗ്ഗാത്മക സാഹിത്യത്തിലെ അതികായന്മാർ പലരും കേസരി എ. ബാലകൃഷ്ണപിള്ള യുടെ നാമത്തിനു മുൻപിൽ പഞ്ചപുച്ഛമടക്കുമ്പോൾ, പൊൻകുന്നം വർക്കി, കേസരിയുടെ സടയും ഗർജ്ജനവും മൃഗരാജത്വവും അംഗീകരിക്കുന്നില്ല. ഒറ്റയാന്റെ തലയെടുപ്പു് ഇവിടെയും—“സർവ്വോന്നതനായ വിധികർത്താവാണു് കേസരി എന്നു് ഞാൻ വിശ്വസിക്കുന്നില്ല. എഴുത്തുകാർ കേസരിയുടെ അഭിപ്രായം സ്വീകരിച്ചു് വഴിതെറ്റുമായിരുന്നു. കേസരിയാണു് ആകെത്തുക എന്നു കരുതാതിരുന്ന ഞാൻ അദ്ദേഹവുമായുള്ള സന്ദർശനാവസരങ്ങൾക്കു പ്രാബല്യം കൊടുത്തിരുന്നില്ല. വിവിധ പാചകങ്ങളുടെ രുചി ആസ്വദിക്കുന്ന ഒരാൾ പാചകകർമ്മത്തിന്റെ തലയാളല്ല. എഴുതാൻ പ്രാപ്തിയില്ലാത്ത ഒരാൾ എഴുത്തിനെപ്പറ്റി അഭിപ്രായം പറയുന്നതു് മനസ്സിലാക്കാവുന്നതേയുള്ളു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-07-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.