സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-08-23-ൽ പ്രസിദ്ധീകരിച്ചതു്)

images/Basheer.jpg
വൈക്കം മുഹമ്മദ് ബഷീർ

കുറെക്കാലം മുൻപു് എസ്. ഭാസുരചന്ദ്രനും അക്ബർ കക്കട്ടിലും ഞാനും വൈക്കം മുഹമ്മദ് ബഷീറി നെ കാണാൻ പോയതിനെക്കുറിച്ചു് സാഹിത്യവാരഫലത്തിൽ എഴുതിയിരുന്നു. കേരളത്തിൽ ഒരിടത്തും കാണാനില്ലാത്ത ഒരു വലിയ മരത്തിന്റെ ശീതളച്ഛായയിൽ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു ബഷീർ. എന്റെ വിമർശനങ്ങളെ വിസ്മരിച്ചു് അദ്ദേഹം സഹോദരനോടെന്ന വിധത്തിൽ എന്നോടു പെരുമാറി. ഞാൻ യാത്ര ചോദിച്ചപ്പോൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നിന്നു് ഉതിർന്നു: “ഈശ്വരൻ അനുഗ്രഹിക്കും”. ഈ നല്ല മനുഷ്യനെയാണല്ലോ ഞാൻ വാക്കുകൾ കൊണ്ടെറ്റിയതു് എന്നു വിചാരിച്ചു് എനിക്കു ദുഃഖമുണ്ടാവുകയും ചെയ്തു.

ഒന്നു കാണാൻ കൊതിയാവുന്നു എന്ന സുഹ്രയുടെ വാക്യത്തിൽ ഒരു വികാരപ്രപഞ്ചമുണ്ടു്. എന്തായിരുന്നു അന്നു് ഒടുവിലായി സുഹ്ര പറയാൻ തുടങ്ങിയതു? എന്ന അവസാനത്തെ ചോദ്യത്തിനു് ചിന്തയുടെ പ്രപഞ്ചമുണ്ടു്. വാക്യങ്ങളെ, അല്ല വാക്കുകളെ അവയുടെ സത്തിലേക്കോ സാരാംശത്തിലേക്കോ കൊണ്ടുവന്നു് ഇമ്മട്ടിൽ വൈപുല്യങ്ങളുടെ മണ്ഡലത്തിൽ സൃഷ്ടിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനു തുല്യനായി മറ്റൊരു കഥാകാരൻ കേരളത്തിലില്ല.

ഇപ്പോൾ ബഷീറിനെക്കുറിച്ചെഴുതാൻ കാരണമുണ്ടു്. അദ്ദേഹത്തിന്റെ കൃതികളാകെ കോട്ടയത്തെ ഡി. സി. ബുക്ക്സ് രണ്ടുവാല്യങ്ങളായി പ്രസാധനം ചെയ്തിരിക്കുന്നു. എന്തൊരു രാമണീയകമാണു് ഈ ഗ്രന്ഥത്തിനു്! ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ ചേതോഹരങ്ങളായ കാവ്യങ്ങളെ അച്ചടിയുടെ വൈകൃതത്തിലൂടെ, പലനിറമാർന്ന കടലാസ്സുകളുടെ വൈരൂപ്യത്തിലൂടെ പാണ്ടു് രോഗിയെപ്പോലെ വേറെ ചില പ്രസാധകർ അവതരിപ്പിച്ചപ്പോൾ ഡി. സി. ബുക്ക്സ് ബഷീറിന്റെ കൃതികളെ അദ്ദേഹത്തിന്റെ ‘ബാല്യകാലസഖി’യിലെ സുഹ്രയെപ്പോലെ സുന്ദരിയാക്കി നമ്മുടെ മുൻപിൽ കൊണ്ടുവന്നു നിറുത്തിയിരിക്കുന്നു. ഡി. സി. ബുക്ക്സിനു് എന്റെ അഭിനന്ദനം.

images/Balyakalasakhi.jpg

ബഷീർ ആ വലിയ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നതു പ്രതിരൂപാത്മകമായ പ്രക്രിയയാണെന്നു് എനിക്കു തോന്നുന്നു. സമുദായത്തിന്റെ വിലക്കുകളെ ലംഘിച്ചു് പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള അഭിലാഷമാണു് അദ്ദേഹത്തെ വൃക്ഷച്ഛായയിൽ ഇരുത്തുന്നതു്. ആ വിലക്കുകളെ അദ്ദേഹം കലാത്മകമായ വിധത്തിൽത്തന്നെ “ബാല്യകാലസഖി”യിൽ വിമർശിച്ചിട്ടുണ്ടല്ലോ. പ്രകൃതിയുടെ മറ്റൊരു വശം—കരാളമായ ഭാഗം—മജീദിന്റെ കാലൊടിക്കുന്നുണ്ടാവാം, സുഹ്രയ്ക്കു ക്ഷയം വരുത്തി ജീവിതാന്ത്യം സംഭവിപ്പിക്കുന്നുണ്ടാവാം. ധനികനായിരുന്ന ബാപ്പയെ കൊടിയ ദരിദ്ര്യത്തിലേക്കു വലിച്ചെറിയുന്നുണ്ടാവാം. അതൊക്കെകണ്ടു മനസ്സു് നൊന്തുകരയുന്ന ബഷീറിനെ ഞാൻ “ബാല്യകാലസഖി ”യിൽ കണ്ടു. അതേസമയം ഈ വിഷാദങ്ങളിൽനിന്നെല്ലാം മുക്തി നേടണമെങ്കിൽ പ്രകൃതിയെ ആശ്രയസ്ഥാനമായി കരുതു എന്നും അദ്ദേഹം നമ്മളോടു പറയുന്നുണ്ടു്. സുഹ്ര തന്റേതായ ഒരു കൊച്ചു മണ്ഡലത്തിൽ ഒതുങ്ങുന്നു. മജീദും അങ്ങനെതന്നെ. ശോകം മാത്രമുള്ള മണ്ഡലങ്ങൾ. അവ ചിത്രീകരിച്ചു നമ്മളെ“വിഷാദത്തിന്റെ കരിനീലത്തടാകത്തിൽ” എറിയുന്ന ബഷീർ പ്രകൃതിയുടെ അനുഗ്രാഹക ശക്തിയിലും വിശ്വസിക്കുന്നു.

പൂവൻകോഴി മുട്ടയിടുമോ? ചില സാഹിത്യകാരന്മാരുടെ പൂവൻകോഴി സ്വർണ്ണമുട്ടയിടും. അതിനാലാണു് അവർക്കു കീർത്തിയും പണവും.

ഇപ്പോൾ ഞാൻ “ബാല്യകാലസഖി” വീണ്ടും വായിച്ചു. ഈ നോവലിനെക്കുറിച്ചു് പണ്ടു് ഞാൻ എന്തെഴുതി എന്നതു് ഇപ്പോൾ പരിഗണനാർഹമല്ല. ആ നോവലിനെ അതിന്റേതായ രീതിയിൽ നോക്കുമ്പോൾ മലയാളസാഹിത്യത്തിലെ ഒരുത്കൃഷ്ടമായ രചനയായി ഞാനതിനെ കാണുന്നു. ഏതു കലാസൃഷ്ടിയും കവിതയായിരിക്കണം. കാസാൻദ്സാക്കീസി ന്റെ “റിപ്പോർട്ട് റ്റു ഗ്രക്കോ” എന്ന ആത്മകഥാപരമായ നോവൽ കവിതയാണു്. ലൊർക യുടെ “രക്തവിവാഹം ” എന്ന നാടകം കവിതയാണു്. ഷാതോബ്രിയാങ്ങി ന്റെ ആത്മകഥ കവിതയാണു്. “ബാല്യകാലസഖി”യും കവിതയാണു്. ധിഷണയോടുബന്ധപ്പെട്ട ഒരാശയമുണ്ടാവുക. അതിനു രൂപം നല്കാൻവേണ്ടി ചില കഥാപാത്രങ്ങളെ കണ്ടുപിടിക്കുക, എന്നിട്ടു് അവരെക്കൊണ്ടു പ്രവർത്തിപ്പിച്ചു ഒരു ‘ഡിസൈൻ’ ഉണ്ടാക്കുക—ഈ നവീനസമ്പ്രദായത്തിൽനിന്നു് അകന്നു്, ചലനംകൊണ്ട ഭാവനയ്ക്കു് അനുരൂപമായി കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നതാണു് ബഷീറിന്റെ രീതി. അപ്പോൾ അദ്ദേഹത്തിന്റെ രചന സത്യത്തിന്റെ നാദമുയർത്തുന്നു. ആ വിശുദ്ധകർമ്മം അനുഷ്ഠിക്കുന്നതിനു് വളരെക്കുറച്ചു വാക്കുകളേ അദ്ദേഹത്തിനു വേണ്ടൂ. എന്നാൽ അവ വികാരത്തിന്റെ പ്രകമ്പനമുളവാക്കുകയും ചെയ്യുന്നു. “ഒന്നുകാണാൻ കൊതിയാവുന്നു” എന്ന സുഹ്രയുടെ വാക്യത്തിൽ ഒരു വികാരപ്രപഞ്ചമുണ്ടു്. “എന്തായിരുന്നു അന്നു് ഒടുവിലായി സുഹ്രാ പറയാൻ തുടങ്ങിയതു?” എന്ന അവസാനത്തെ ചോദ്യത്തിൽ ചിന്തയുടെ പ്രപഞ്ചമുണ്ടു്. വാക്യങ്ങളെ, അല്ല വാക്കുകളെ അവയുടെ സത്തിലേക്കോ സാരാംശത്തിലേക്കോ കൊണ്ടുവന്നു് ഇമ്മട്ടിൽ വൈപുല്യങ്ങളുടെ മണ്ഡലങ്ങൾ സൃഷ്ടിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനു തുല്യനായി മറ്റൊരു കഥാകാരൻ കേരളത്തിൽ ഇല്ല.

ചോദ്യം, ഉത്തരം

ചോദ്യം: തിന്മയെന്നാൽ എന്താണു്?

ഉത്തരം: തനിക്കറിയാവുന്നതെല്ലാം പ്ലാറ്റ്ഫോമിൽനിന്നു കുറഞ്ഞതു് ഒന്നര മണിക്കൂറെങ്കിലുമെടുത്തു പറഞ്ഞിട്ടേ പോകൂ എന്നു ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നവൻ തിന്മയുടെ ഉടലെടുത്ത രൂപമാണു്.

ചോദ്യം: അസൂയയ്ക്കു് നിർവ്വചനം തരൂ?

ഉത്തരം: നിർവ്വചനം വയ്യ. വിശദീകരിക്കാം. എന്നെ ഇന്റർവ്യൂ ചെയ്യാൻവന്ന ഒരു സുന്ദരിപ്പെൺകുട്ടി ചോദിച്ചു: ‘സാറ് സുഹാസിനി യുടെ ചിരിയെ വാഴ്ത്തുന്നു. ആ ചിരിയിൽ അത്രയ്ക്കു ഭംഗി എന്തുണ്ടു്?’ ഇതാണു് അസൂയ.

ചോദ്യം: സ്ത്രീക്കു പുരുഷനോടുള്ള മാനസികനിലയെന്തു?

ഉത്തരം: രണ്ടു മാനസികനിലയേയുള്ളു സ്ത്രീക്കു്. ഒന്നുകിൽ സ്നേഹം അല്ലെങ്കിൽ പുച്ഛം. പുരുഷൻ മറ്റുള്ളവരെ—വിശേഷിച്ചും സ്ത്രീകളെ—സ്നേഹിച്ചില്ലെന്നു വരും. പക്ഷേ, പുച്ഛിക്കില്ല”. (ബൽസാക്കി ന്റെ ആശയം ഭാഗികമായി)

ചോദ്യം: വീട്ടുകാർ ഏർപ്പാടു ചെയ്യുന്ന വിവാഹവും പ്രേമവിവാഹവും തമ്മിൽ എന്താണു വ്യത്യാസം?

ഉത്തരം: പ്രേമവിവാഹത്തിൽ എപ്പോഴും ദുഃഖം. ഏർപ്പാടു ചെയ്ത വിവാഹത്തിൽ വല്ലപ്പോഴും ദുഃഖം.

ചോദ്യം: നിങ്ങൾ ഏറ്റവും വെറുക്കുന്നതു് ഏതു വാക്യം?

ഉത്തരം: Happy Birthday എന്നു മറ്റുള്ളവർ എന്നോടു പറയുമ്പോൾ.

ചോദ്യം: മഴ പെയ്യുന്നു മദ്ദളംകൊട്ടുന്നു… ബാക്കി?

ഉത്തരം: പോഷത്തം, ബാക്കി പറയാൻ മേലാ.

ചോദ്യം: സുന്ദരമായ ഗദ്യമെഴുതാൻ ഏതു ഗദ്യകൃതികൾ വായിക്കണം?

ഉത്തരം: ഒരു ഗദ്യകൃതിയും വായിക്കേണ്ടതില്ല. എഴുത്തച്ഛന്റെ യും നമ്പ്യാരു ടെയും കൃതികൾ ഹൃദിസ്ഥങ്ങളാക്കണം. ചമ്പുക്കളും വായിക്കണം. ഇത്രയും ചെയ്താൽ ഗദ്യം മനോഹരമാകും.

ചോദ്യം: പൂവൻകോഴി മുട്ടയിടുമോ?

ഉത്തരം: ചില സാഹിത്യകാരന്മാരുടെ പൂവൻകോഴി സ്വർണ്ണമുട്ടയിടും. അതിനാലാണു് അവർക്കു് കീർത്തിയും പണവും.

ചോദ്യം: നിങ്ങൾ ഒരു കഴുതയല്ലേ?

ഉത്തരം: നിങ്ങൾ കഴുതയല്ലേ എന്നു ചോദിച്ചാൽ മതി. ‘ഒരു’ എന്നു കൂടിവേണ്ട. ഇനി ഉത്തരം. അതേ, ഞാൻ കഴുത തന്നെ. കേരളത്തിലെ സാഹിത്യകാരന്മാരെയും നിങ്ങളെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്നവരെയും ചുമക്കുന്ന കഴുത.

കവിത മിന്നാമിനുങ്ങ്
images/RTG.jpg

വേമ്പനാട്ടുകായലിൽ നിലാവു വീണുകിടക്കുന്നതു് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ടു്. അരൂക്കുറ്റിയിൽ നിന്നു് അരൂരേക്കുപോകാൻ കടത്തുവള്ളം കാത്തുനില്ക്കുമ്പോൾ ‘ഏതു ക്ലാസ്സിൽ പഠിക്കുന്നു’ എന്നു ഒരു സുന്ദരിപ്പെൺകുട്ടി ചോദിച്ചതിന്റെ മാധുര്യം ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ടു്. ‘എന്റെ അനാകർഷകങ്ങളായ ദീർഘവർഷങ്ങളിൽ സൂര്യൻ പ്രഭചൊരിയുകയും ചന്ദ്രൻ നിലാവു് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ചിറകുകളില്ലെന്ന രീതിയിൽ നീലാന്തരീക്ഷത്തിൽ ഭ്രമണംചെയ്യുന്ന കൃഷ്ണപ്പരുന്തു് ജലാശയത്തിന്റെ തീരത്തു തെല്ലുനേരം വന്നിരുന്നു് ജലദർപ്പണത്തിൽ സ്വന്തം സൗന്ദര്യം നോക്കിയതിനുശേഷം വീണ്ടും ആകാശത്തേക്കുയരുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ചിത്രശലഭങ്ങൾ ഒരു പൂവിൽനിന്നു മറ്റൊരു പൂവിലേക്കു പറക്കുമ്പോൾ അവയുടെ കനമില്ലായ്മയെക്കാൾ കനംകുറഞ്ഞ മധുരമന്ദഹാസങ്ങൾ ഞാനേറെ കണ്ടിട്ടുണ്ടു്… ഈ സുന്ദരദൃശ്യങ്ങൾ കണ്ട എനിക്കു്, കാണുന്ന എനിക്കു് ശ്രീ. ജയപ്രകാശ് അങ്കമാലി കലാകൗമുദി വാരികയിലെഴുതിയ “ജീവനി” എന്ന കാവ്യം ക്ഷോഭജനകമായിഭവിക്കുന്നു. സ്പഷ്ടങ്ങളായ പുരാണകഥകളെ കരുതിക്കൂട്ടി അസ്പഷ്ടങ്ങളാക്കി പരുക്കൻ പദസന്നിവേശത്താൽ ഉദ്വേഗം ജനിപ്പിച്ചു് അദ്ദേഹമെഴുതുന്ന പദ്യഭാഗങ്ങൾ എനിക്കു് അസഹനീയങ്ങളാണു്. മനുഷ്യന്റെ വിധിവൈപരീത്യമാണോ അദ്ദേഹത്തിന്റെ വിഷയം? അതോ രാജ്യത്തിന്റെ ദുർദ്ദശയോ? അതോ ഉത്കൃഷ്ടതയോ? എന്തോ ഒന്നും വ്യക്തമല്ല. രാത്രി പച്ചിലയിൽ വന്നിരുന്നു സ്വന്തം ഇത്തിരിവെട്ടംകൊണ്ടു് ശോഭയുടെ ഒരു ചെറിയ വൃത്തം ആരചിക്കുന്നു മിന്നാമിനുങ്ങ്. കവിത മിന്നാമിനുങ്ങാണു്. ജീവിതദലത്തിൽ അതു ചെറിയ പ്രകാശമെങ്കിലും വീഴ്ത്തണം.

images/FedericoGarciaLorca.jpg
ലൊർക

ജയപ്രകാശ് എഴുതിയ ഈ പദ്യത്തെ കുങ്കുമം വാരികയിൽ ശ്രീമതി. എസ്. സതീദേവി എഴുതിയ ‘യാത്രാമൊഴിയു’മായി ഒന്നു താരതമ്യപ്പെടുത്തുക. യാത്രാമൊഴി ഉത്കൃഷ്ടമായ കാവ്യമല്ല. പക്ഷേ, നവീനകവിതയുടെ ദുർഗ്രഹതയോ വിഭ്രമജനകത്വമോ ആശയസങ്കീർണ്ണതയോ അതിനില്ല. കവിക്കു പറയാനുള്ളതു് സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. ലയാനുവിദ്ധതയും അതിനുണ്ടു്. സതീദേവിയുടെ കാവ്യത്തിന്റെ രൂപം യാഥാസ്ഥിതികമാണു്. ആശയത്തിനു പുതുമയില്ല, ഇംഗ്ലീഷിൽ sure hand എന്നു വിളിക്കുന്ന ധർമ്മം അതിനില്ല എന്നൊക്കെപ്പറയാം. സംക്ഷേപണചാരുത ഉണ്ടായിരുന്നെങ്കിൽ എന്നു സഹൃദയൻ പറയുകയും ചെയ്യും. പക്ഷേ, ഏകാന്തത്തിലിരുന്നു് അതൊന്നു ഉറക്കെച്ചൊല്ലിനോക്കുക. കാവ്യഹൃദയത്തിന്റെ സ്പന്ദനം അതിൽനിന്നു നിങ്ങൾ കേൾക്കും.

തെറ്റുകൾ
  1. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഡോക്ടർ (ഗൾഫ് രാജ്യത്താണു് അദ്ദേഹത്തിന്റെ ജോലി) ദയാപൂർവം എന്റെ വീട്ടിൽ വന്നിരുന്നു. പ്രായമേറെയായിട്ടും തികഞ്ഞ ആരോഗ്യമുണ്ടെനിക്കു്. അതിന്റെ രഹസ്യമെന്തെന്നു് ഒരാൾ ചോദിച്ചപ്പോൾ, ഞാൻ ദിവസവും കാലത്തും രാത്രിയും ചുവന്നുള്ളി പാലിൽ വേകിച്ചു കഴിക്കുന്നു എനു മറുപടി നൽകി. ഡോക്ടർ അതു കണ്ടിട്ടാവണം എന്നോടു പറഞ്ഞു: ഉള്ളി കഴിച്ചാൽ കൊളസ്റ്ററോൾ (ശരിയായ ഉച്ചാരണം ഇതിൽനിന്നു് അല്പം വിഭിന്നമാണു്—ലേഖകൻ) കൂടും. അതു കൂടിയാൽ ആപത്താണു്. ഡോക്ടർ പറഞ്ഞതല്ലേ, ഞാനതു വിശ്വസിച്ചു. ഉള്ളികഴിക്കൽ നിറുത്തി. പ്രശസ്തനായ നോവലിസ്റ്റ് ജി. വിവേകാനന്ദ നോടു ഡോക്ടറുടെ ഈ പ്രസ്താവത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം അറിയിച്ചു: “അതു ശരിയല്ല. ഉള്ളി കൊളസ്റ്ററൊൾ കുറയ്ക്കുകയേ ഉള്ളു”. എങ്കിലും ഞാൻ അതു വീണ്ടും കഴിക്കാൻ പോയില്ല. ഇന്നു് Dr. Patrick Pietroni (Chairman of the British Holistic Medical Association”) അവതാരിക എഴുതിയ “Good Health Guide” എന്ന പുസ്തകം നോക്കിയപ്പോൾ കണ്ടതു് ഇങ്ങനെ: “Onion is also capable of taking the cholesterol sting out of foods”. ഡോക്ടർ കെ. കെ. ശർമ്മയും മൂന്നു സഹപ്രവർത്തകരും ഉള്ളിയുടെ Cholesterol-lowering ശക്തിപരീക്ഷണങ്ങൾ നടത്തി തെളിയിച്ചിട്ടുണ്ടെന്നും ഈ പുസ്തകത്തിലുണ്ടു്. ഉള്ളി വേകിച്ചാലും അതിന്റെ ശക്തിക്കു് കുറവു വരില്ലത്രേ (P. 338). ഉള്ളി രക്തസമ്മർദ്ദം കുറയ്ക്കുമെന്നും ഇതിൽ കാണുന്നു (P. 392, പുസ്തകത്തിന്റെ വില Rs. 100).
  2. മലയാളം നല്ലപോലെ കൈകാര്യം ചെയ്യുന്ന, സംസ്കൃതവും അറിയാവുന്ന ഒരു നല്ല സാഹിത്യകാരൻ മുൻപൊരിക്കൽ “അവൾ ഉഷ്ണീഷമഴിച്ചു് കുഞ്ഞിനുമുലകൊടുത്തു”. എന്നെഴുതി. ഉഷ്ണീഷത്തിനു് തൊപ്പി, തലപ്പാവു് എന്നാണു് അർത്ഥമെന്നതു് അദ്ദേഹമങ്ങു മറന്നുപോയി. പുരുഷന്മാർക്കു് ഉഷ്ണകാലത്തു് ഷേർട്ടിടാതെ, ബനിയൻപോലുമിടാതെ വീട്ടിൽ നില്ക്കാം. വേണമെങ്കിൽ റോഡിലിറങ്ങി നടക്കുകയും ചെയ്യാം. സ്ത്രീകൾക്കു് അതു കഴിയുകയില്ലല്ലോ. ഉഷ്ണീഷത്തിനു് ഉഷ്ണമകറ്റുന്നതു്—തൊപ്പി—എന്നാണു് അർത്ഥമെങ്കിലും ഉഷ്ണം കൂട്ടുന്ന റവുക്കയോ ബ്രായോ ആയിരിക്കുമതെന്നു് സാഹിത്യകാരൻ ധരിച്ചുപോയി. അതുകൊണ്ടു് അതഴിച്ചപ്പോൾ അവൾക്കു താൽക്കാലികസുഖം; മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനും സുഖം. രണ്ടുപേരും സുഖിക്കട്ടെ. സുഖത്തിന്റെ മുൻപിൽ ശരിയായ അർത്ഥത്തിനു് എന്തു കാര്യം?
  3. മയൂരസന്ദേശ’ത്തിനു വ്യാഖ്യാനമെഴുതിയ ഒരു പ്രഫെസർ അതെന്നെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. “സാലത്തിന്മേൽ പരിചൊടു പറന്നെത്തി… ” എന്ന കാവ്യഭാഗം വായിച്ചിട്ടു് സാലം=പന എന്നു് അദ്ദേഹം പറഞ്ഞു. ഞാൻ വിനയത്തോടെ അറിയിച്ചു. “സാർ, സാലം tree in general. താലം=പന. അതിനാൽ സാലത്തിനു് പനയെന്നു് എഴുതിയതു് ശരിയാണോ എന്നു സംശയം”. “പനയും മരം തന്നെ. അതുകൊണ്ടു് ഞാനതു മാറ്റുന്നില്ല” എന്നു പറഞ്ഞു പിന്നെയും വായിക്കാൻ തുടങ്ങി.
  4. ഞാൻ ‘രാമചന്ദ്രവിലാസം’ മഹാകാവ്യം ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു.

‘പൊടിയാടുക പിന്നെയാട്ടെടോ നീ

ചൊടി ചെമ്പിച്ചൊരു സത്വവേദിയല്ലേ

തുട നല്ല കുരുക്കമാണവൾക്കു

ള്ളടയാളം നൂനിയുള്ള നിൻകരം പോൽ

ഇതിലെ നൂനിയുടെ അർത്ഥം എനിക്കറിഞ്ഞുകൂടെന്നും നോക്കി പിന്നെ പറയാമെന്നും ഞാൻ വിദ്യാർത്ഥികളോടു പറഞ്ഞു. ക്ലാസ് കഴിഞ്ഞു് യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പിൽച്ചെന്നു് എന്റെ അദ്ധ്യാപകനായിരുന്ന കുഞ്ഞുകൃഷ്ണപിള്ളസ്സാറിനോടു് ആ വാക്കിന്റെ അർത്ഥം ചോദിച്ചു. സാറിന്റെ മറുപടി—“നൂനിയെന്നാൽ പതകരി. ല്യൂക്കഡേമ എന്നു ഇംഗ്ലീഷിൽ പറയുന്നതു്”.

ഞാൻ:
സാർ, സീതയുടെ തുടയിൽ പാണ്ടോ?
സാറ്:
“അതേ ആനയുടെ തുമ്പിക്കൈയിൽ പാണ്ടില്ലേ? തുമ്പിക്കൈക്കു സദൃശമായ തുടയിൽപാണ്ടു്. സംശയമുണ്ടെങ്കിൽ ശ്രീരാമനോടു ചോദിച്ചാൽ മതി”. (ഇന്നും നൂനിയുടെ അർത്ഥമെന്തെന്നു് എനിക്കറിഞ്ഞുകൂടാ. നുനൈ എന്ന വാക്കുണ്ടു് Tamil Lexion-ൽ തുമ്പു് എന്നാണു് അതിനർത്ഥം നൽകിയിരിക്കുന്നതു്.)
മാസ്റ്റർപീസോ?
images/Sabato.jpg
ഏർനാസ്തോ സാബാതോ

ഏർനാസ്തോ സാബാതോ (Ernesto Sabato) ആർജന്റീനയിലെ മഹാനായ നോവലിസ്റ്റാണു് എന്നു നിരൂപകർ പറയുന്നു. ഇവിടെയെങ്ങും കിട്ടാനില്ലാത്ത, അദ്ദേഹത്തിന്റെ On Heroes and Tombs എന്ന നോവൽ (translated by Helan R. Lane —David R Godine, Publisher inc. Massachusetts) ഞാൻ വായിച്ചു. Powerful, powerful എന്നു് നിരൂപകർ വീണ്ടും വീണ്ടും പറയുന്ന ഈ നോവൽ യഥാർത്ഥമായ പ്രതിഭയുടെ ഫലമല്ലെന്നാണു് എന്റെ പക്ഷം. ഗതാവലോകനകലാസങ്കേതം (retrospective technique) പരോക്ഷമായ ആഖ്യാനം, ഋജുവായ ആഖ്യാനം ഇവയിലൂടെ മാർതീൻ (Martin) എന്ന ഒരു പയ്യന്റെയും അലേഹാന്ദ്രേ (Alejandra) എന്ന പെൺകുട്ടിയുടേയും പ്രേമകഥ പറയുകയാണു് നോവലിസ്റ്റ്. പെൺകുട്ടിയെ ചുഴലിദ്ദീനം പിടിച്ചവളെപ്പോലെയാണു് അദ്ദേഹം അവതരിപ്പിക്കുന്നതു്. ഈ ചിത്രീകരണം ആദ്യമൊക്കെ അസ്വാഭാവികമായി തോന്നുമെങ്കിലും കഥാഗതിയുടെ ചുരുളുകൾ അഴിയുമ്പോൾ അതിന്റെ അസഹനീയത മാറിക്കിട്ടും. കാരണം പെൺകുട്ടിയുടെ അച്ഛനു് അവളുമായി ലൈംഗികബന്ധം ഉണ്ടു് എന്നതാണു്. അതുണ്ടാക്കിയ മാനസികാഘാതമായിരിക്കാം ഈ അനിയതസ്വഭാവത്തിനു ഹേതു. അലേഹാന്ദ്രേയുടെ അച്ഛൻ ദുഷിച്ച, ജീർണ്ണിച്ച ആർജന്റീനയ്ക്കു പ്രാതിനിധ്യം വഹിക്കുന്നു. അയാളിലൂടെ നമ്മൾ രാജ്യത്തിന്റെയും അതിന്റെ പ്രധാനനഗരമായ ബേനസ് ഐറിസിന്റെയും ജീർണ്ണത മുഴുവൻ കാണുന്നു. പെറോൺ എന്ന സ്വേച്ഛാധികാരിയുടെ ഭരണകാലയളവിലെ ആദ്യത്തെ ചില സംവത്സരങ്ങളുടെ ചിത്രങ്ങളാണു് നോവലിൽ. ആ ചിത്രങ്ങൾക്കു് ആർജന്റീനയെസ്സംബന്ധിച്ചിടത്തോളം ആംഗത്യം കാണുമായിരിക്കും. പക്ഷേ, മാർകേസി നെപ്പോലെ, റോആ ബാസ്തോസി നെപ്പോലെ അവയ്ക്കു സാർവജനീനസ്വഭാവം വരുത്താൻ സാബാതോക്കു് കഴിഞ്ഞിട്ടില്ല. ആലേഹാന്ദ്രേ അച്ഛനെ കൊന്നിട്ടു് ആത്മഹത്യ ചെയ്യുന്നു. അഗമ്യഗമനം ആദ്യമേ തന്നെ പെൺകുട്ടി സൂചിപ്പിക്കുന്നുണ്ടു്. “‘My mother died when I was five. And when I was eleven I found my father here with a woman. But I think now that he’d been sleeping with her for a long time before my mother died’. With a laugh that appeared to be a normal one to the same degree that a hunchbacked criminal resembles a man sound in mind and body she added: ‘In the same bed that I sleep now’”.

ഉത്കൃഷ്ടങ്ങളായ നോവലുകൾ വായിക്കുമ്പോൾ നമ്മൾ വാക്യങ്ങൾ കാണുകയില്ല. ഗ്രന്ഥകാരനെ കാണുകയില്ല. സംഭവപ്രഭാവത്തിലൂടെ ഒഴുകുകയാണു്.

മഹാന്മാരായ നോവലിസ്റ്റുകൾ സൗന്ദര്യത്തോടു ബന്ധപ്പെട്ട സംസ്കാരത്തിൽ നിന്നാണു് കലാനിർമ്മാണത്തിനു ഒരുങ്ങുക. സാബാതോക്കു് പെറോൺ ഭരണത്തിന്റെ ക്രൂരതകളും അവ ജനിപ്പിച്ച ‘ലാബറിൻതി’ൽ ജനതയ്ക്കുണ്ടാകുന്ന വട്ടംകറങ്ങലുകളുമാണു് പ്രാധാന്യമാർജ്ജിച്ചവ. ധിഷണിയിൽ നിന്നു് ആവിർഭവിക്കുന്ന ആശയങ്ങൾക്കു രൂപം നൽകാനാണു് അദ്ദേഹത്തിന്റെ യത്നം. അതുകൊണ്ടു് ഈ നോവലിനു് സൗന്ദര്യത്തോടു ബന്ധപ്പെട്ട സംസ്കാരമില്ല. ഉത്കൃഷ്ടങ്ങളായ നോവലുകൾ വായിക്കുമ്പോൾ നമ്മൾ വാക്യങ്ങൾ കാണുകില്ല, ഗ്രന്ഥകാരനെ കാണുകില്ല. സംഭവപ്രവാഹത്തിലൂടെ ഒഴുകുകയാണു്. സാബാതോ വായനക്കാരനെ ആഖ്യാനത്തിന്റെ ചങ്ങലകൊണ്ടുബന്ധിച്ചു വലിച്ചിഴച്ചുകൊണ്ടു നടക്കുന്നു.

രണ്ടു മാനസ്സിക നിലകളേയുള്ളു സ്ത്രീക്കു്. ഒന്നുകിൽ സ്നേഹം അല്ലെങ്കിൽ പുച്ഛം. പുരുഷൻ മറ്റുള്ളവരെ—വിശേഷിച്ചും സ്ത്രീകളെ—സ്നേഹിച്ചില്ലെന്നുവരും. പക്ഷേ, പുച്ഛിക്കില്ല.

നാവിന്റെ തുമ്പിലാണു ചിലർക്കു വാക്കുകളിരിക്കുന്നതെന്നു ഈല്യാസ് കനേറ്റി പറഞ്ഞിട്ടുണ്ടു്. മറ്റു ചിലർക്കു് ഹൃദയത്തിന്റെ അടിത്തട്ടിലും. ആ അടിത്തട്ടിൽനിന്നു വരുന്ന വാക്കുകൾ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കും. അങ്ങനെയുള്ള പ്രഭാഷകർക്കു ആംഗ്യങ്ങൾ വേണ്ട, ‘ഞാൻ ചോദിക്കുന്നു’ എന്ന ചോദ്യരൂപത്തിലുള്ള പ്രഖ്യാപനങ്ങൾ വേണ്ട. ശാന്തമായി അവർ വാക്കുകളെ, വാക്യങ്ങളെ ശ്രോതാക്കളിലേക്കു പകരുന്നു. പ്രഭാഷണം അവസാനിച്ചാലും ശ്രോതാക്കൾ അതിനെ വിസ്മരിക്കില്ല. നാവിൻതുമ്പിൽ നിന്നു വാക്കുകൾ പ്രവഹിപ്പിക്കുന്നവർ ഏതേതു വാക്കുകളാണു് തങ്ങൾ ഒഴുക്കിവിട്ടതു് എന്നതുപോലുമറിയുന്നില്ല. അവർ ‘ഹിസ്റ്റ്റിയോണിക്സി’ലായിരിക്കും തല്പരർ (histrionics = നാടകത്തിന്റെ മട്ടിലുള്ള പ്രഭാഷണം) അവർ താൽക്കാലികമായി കൈയടി നേടും. കൈയടിച്ച ശ്രോതാക്കളോടു് പ്രഭാഷകർ എന്തുപറഞ്ഞുവെന്നു ചോദിച്ചു നോക്കുക. ‘എന്തോ’ എന്ന മട്ടിൽ കൈമലർത്തും.

images/GHG.jpg

സാഹിത്യകാരന്മാരിലുമുണ്ടു് ഇങ്ങനെയുള്ളവർ. ഹൃദയത്തിൽനിന്നു വാക്കുകൾ ഒഴുക്കുന്നവർ രസനാഗ്രത്തിൽനിന്നു് പദങ്ങൾ പ്രവഹിക്കുന്നവർ. ഇടപ്പള്ളി രാഘവൻപിള്ള യുടെ കവിത ഹൃദയത്തിൽനിന്നു വന്നു. കെടാമംഗലം പപ്പുക്കുട്ടി യുടെ കവിത രസനാഗ്രത്തിൽനിന്നും. അതു് ഹൃദയത്തിൽനിന്നു വന്നതാണെന്നു വരുത്താൻ എ. ബാലകൃഷ്ണപിള്ള ശ്രമിച്ചിട്ടും ഫലിച്ചില്ല.

രാഹുൽജിയും ഇ. എം. എസ്സും.
images/RahulSankrityayan.jpg
രാഹുൽ സാംകൃത്യായനൻ

മുകളിലെഴുതിയതുപോലെ നാവിൻത്തുമ്പിൽനിന്നു വാക്കുകൾ ഒഴുക്കുന്ന പണ്ഡിതന്മാരുണ്ടു്. തങ്ങൾ എഴുതുന്നതൊക്കെ സ്വന്തം നാട്ടിനും മറ്റു നാട്ടുകാർക്കും പ്രയോജനപ്പെടണമെന്നു കരുതി ധിഷണയിൽ നിന്നു വരുന്ന പദങ്ങളെ വെള്ളക്കടലാസ്സിലേക്കു വീഴ്ത്തുന്ന പണ്ഡിതന്മാരുണ്ടു്. ആ രീതിയിൽ ഒരു മഹാപണ്ഡിതനായിരുന്നു രാഹുൽ സാംകൃത്യായനൻ. മനുഷ്യൻ, ചരിത്രം, കല, സാഹിത്യം, സാമൂഹികശാസ്ത്രം എന്നു വേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും വിദ്വജ്ജനോചിത്രങ്ങളായ ഗ്രന്ഥങ്ങളെഴുതി ലോകജനതയ്ക്കു് ഉന്നമനം വരുത്തിയ മഹാവ്യക്തിയാണു് അദ്ദേഹം. രാഹുൽ സാംകൃത്യായനന്റെ ഏതു പുസ്തകം കണ്ടാലും ഞാനതു വാങ്ങി വായിക്കും. ലോകസംസ്കാരത്തിന്റെ സമുന്നതതലത്തിൽ എത്തിയ ഈ മഹാനെ ശ്രീ. ഇ. എം. എസ്സി നു അറിയാമായിരുന്നുവെന്നു ദേശാഭിമാനി വാരികയിൽ എഴുതിക്കണ്ടപ്പോൾ എനിക്കു് ആഹ്ലാദമുണ്ടായി. മഹാപാണ്ഡിത്യത്തെ വെറുതെ കൊണ്ടുനടന്ന ആളല്ല രാഹുൽ സാംകൃത്യായനൻ. അതു് ജീവിതത്തോടു് അദ്ദേഹം യോജിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മവാർഷികം ആഘോഷിക്കാൻ പോകുന്നതിനെ അഭിനന്ദിച്ചുകൊണ്ടാണു് ഇ. എം. എസ്സ്. എഴുതുന്നതു്. കൂടാതെ അദ്ദേഹം ഇ. എം. എസ്സിന്റെ തൂലികാചിത്രം എഴുതിയതും. ഒരു ധിഷണാശാലി വേറൊരു ധിഷണാശാലിയെ മാനിക്കുന്നു. തികച്ചും ആഹ്ലാദദായകമാണു് അതെനിക്കു്.

അഷ്ടമൂർത്തി

വൈരൂപ്യംപോലും കലയിലെ വാങ്മയചിത്രമായാൽ സൗന്ദര്യാനുഭൂതിയത്രേ. അതിനാലാണു് നല്ല കഥകളും നല്ല വാക്യങ്ങളും സഹൃദയൻ വീണ്ടും വീണ്ടും വായിക്കുക.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. അഷ്ടമൂർത്തി എഴുതിയ “കഥാസാരം” എന്ന ചെറുകഥ വായിച്ചുതീർന്നപ്പോൾ A delight to read എന്നു ഞാൻ സ്വയം പറഞ്ഞുപോയി. അത്രയ്ക്കു് അതു് മനോഹരമായിട്ടുണ്ടു്. ജീവിതത്തിലെ ഏതു സുന്ദരദൃശ്യവും ഏതാനും നിമിഷമേ നമ്മളെ ആഹ്ലാദിപ്പിക്കൂ. അതുകഴിഞ്ഞാൽ ചെടിക്കും. കഴിയുന്നതും വേഗത്തിൽ നമ്മൾ അവിടെ നിന്നു രക്ഷനേടും. വൈരൂപ്യദർശനമുളവാക്കുന്ന വെറുപ്പും താൽക്കാലിക ദർശനമുളവാക്കുന്ന വെറുപ്പും താൽക്കാലികമാണു്. മരണം വിരൂപമാണു്. അതിന്റെ ദർശനമുളവാക്കുന്ന ശോകവും വെറുപ്പും ക്ഷണികമത്രേ. പക്ഷേ, ആ ദൃശ്യങ്ങളെ —സുന്ദരദൃശ്യങ്ങളെ, വിരൂപദൃശ്യങ്ങളെ—അഷ്ടമൂർത്തി ചെയ്തതുപോലെ വാങ്മയചിത്രങ്ങളാക്കിയാൽ സഹൃദയനു് സൗന്ദര്യത്തിന്റെ അനുഭൂതിയാണു്. വൈരൂപ്യംപോലും കലയിലെ വാങ്മയചിത്രമായാൽ സൗന്ദര്യാനുഭൂതിയത്രേ. അതിനാലാണു് നല്ല കഥകളും നല്ല കാവ്യങ്ങളും സഹൃദയർ വീണ്ടും വീണ്ടും വായിക്കുക. ഓടുന്ന തീവണ്ടി പെട്ടെന്നു നിന്നു. സിഗ്നൽ താണിട്ടില്ല. അതിലെ ചുവന്ന വെളിച്ചം പച്ചവെളിച്ചമാകുമ്പോൾ തീവണ്ടി പിന്നെയും പോകും. ട്രെയിൻ അങ്ങനെ ചലനരഹിതമാകുമ്പോൾ കഥാകാരൻ ചില ക്ഷുദ്രസംഭവങ്ങളിലേക്കു വായനക്കാരെ നയിക്കുന്നു. പ്രായംകൂടിയ ഭർത്താവിന്റെ പ്രായം കുറഞ്ഞ സുന്ദരിയായ ഭാര്യ. അന്യപുരുഷന്റെ നേർക്കുള്ള അവളുടെ കടാക്ഷത്തിന്റെ മിന്നൽപ്രഭ. ദൂരെക്കാണുന്ന ഒരു വീടു്. അതു് ഏകാന്തതയിൽ വിലയം കൊണ്ടിരിക്കുന്നു. അതിനകത്തു് ഒരു ദുരന്തം. യാത്രക്കാരന്റെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത. ആപത്തിന്റെ ചുവന്ന പ്രകാശം മാറി സുരക്ഷിതത്വത്തിന്റെ ഹരിതപ്രഭ വരാൻ കാത്തുനില്ക്കുന്ന ചെറുപ്പക്കാർ.

images/Ashtamoorthi.jpg
അഷ്ടമൂർത്തി

ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ഗഹനമായ ജീവിതതത്ത്വങ്ങളെ കഥാകാരൻ ധ്വന്യാത്മകമായി ആവിഷ്കരിക്കുന്നു. ആ ആവിഷ്കാരത്തിൽ ഭാവാത്മകത്വമുണ്ടു്. അതാണു് ഈ രചനയെ ഉത്കൃഷ്ടതയിലേക്കു നയിക്കുന്നതു്. കഥ വായിച്ചതിനുശേഷം നമ്മൾ നമ്മളോടു ചോദിക്കുന്നു: മനുഷ്യജീവിതം ഇങ്ങനെ ആയിപ്പോയതു് എന്തുകൊണ്ടു്? സമൂഹത്തിന്റെ ഘടന ഇത്തരത്തിൽ ആയതിനു ഉത്തരവാദി ആരു്? മറ്റുള്ളവർ വിതച്ച വിദ്വേഷം നമ്മളെന്തിനു കൊടുങ്കാറ്റായി കൊയ്തെടുക്കുന്നു? ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകിയിരുന്നെങ്കിൽ അഷ്ടമൂർത്തി സാഹിത്യകാരനാവുകയില്ലായിരുന്നു. വായനക്കാരെക്കൊണ്ടു് ചിന്തിപ്പിച്ചു് അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കു അദ്ദേഹം അവരെ ഉയർത്തുന്നു. അടുത്തകാലത്തെങ്ങും ഇതുപോലൊരു നല്ല കഥ ഞാൻ വായിച്ചിട്ടില്ല.

കമന്റുകൾ
  1. “സാംസ്കാരിക പിതൃഭൂമിയെ നിരാകരിച്ചുകൊണ്ടു് ഒരു കവിക്കും രചന നിർവ്വഹിക്കുവാനാകില്ല” എന്നു് ശ്രീ. പ്രസന്നരാജൻ. (മാതൃഭൂമി ആഴ്ചപ്പതിപ്പു്—കവിതയുടെ പിതൃഭൂമി എന്ന ലേഖനം)—പിതൃഭൂമി എന്ന പദത്തിന്റെ അർത്ഥം ശ്മശാനം എന്നാണു്. “ശ്മശാനം സ്യാൽ പിതൃവനം” എന്നു് അമരകോശം.
  2. “കവിതയുടെ സാമൂഹ്യപ്രയോജനപരതയിൽ സംശയാത്മാവായിരുന്നു ഗോവിന്ദൻ”— സാമൂഹികം എന്നതു സാധുവായ പ്രയോഗം. സാമൂഹ്യം വ്യാകരണസമ്മതമല്ല. (വാക്യം ദേശാഭിമാനി വാരികയിൽ. ശ്രീ. എസ്. എസ്. ശ്രീകുമാറിന്റെ ‘ചൂഴ്‌ന്നെടുക്കാനാകാത്ത കണ്ണു്’ എന്ന പ്രബന്ധം)
  3. ‘ഐ ലൗ യു’ എന്ന ചെറുകഥ കുങ്കുമം വാരികയിൽ—“കൊച്ചാട്ടിൻകുട്ടീ നിന്നെ നിർമ്മിച്ചതാരു്? നിനക്കറിയാമോ നിന്നെ നിർമ്മിച്ചതാരെന്നു്?” എന്നു ബ്ലേക്ക്. വൈകൃതമേ, നിന്നെ നിർമ്മിച്ചതാരു്? അമ്പലപ്പുറം രാമചന്ദ്രൻ എന്നു് ഉത്തരം.
  4. സ്ത്രീകളെ കണ്ടാൽ നിയന്ത്രണം വിട്ടു് അവരെ ആക്രമിക്കുന്ന ഒരാളിനെ എനിക്കറിയാം. ഗോപാലൻ എന്നാകട്ടെ അയാളുടെ പേരു്. ഞാൻ തിരുവനന്തപുരത്തെ എം. ജി. റോഡിലൂടെ നടക്കുമ്പോൾ ജവുളിക്കടകളിൽ കണ്ണാടിക്കൂട്ടിനകത്തു് ആകർഷകത്വമുള്ള സ്ത്രീരൂപങ്ങൾ—മാനികിൻ (manikin) രൂപങ്ങൾ— നിറുത്തിയിരിക്കുന്നതു കണ്ടു. സ്ത്രീകളാണെന്നേ തോന്നൂ. ഗോപാലൻ ഈ റോഡിലൂടെ വന്നാൽ എന്തു സംഭവിക്കുമെന്നു് ആലോചിച്ചു് ഞാൻ നാലുപാടും നോക്കി. അദ്ദേഹമില്ല. കണ്ണാടിക്കൂടുകൾ പൊട്ടാതെ നിന്നു. ഭാഗ്യം.
  5. പേരക്കുട്ടിയുടെ നിർബ്ബന്ധം സഹിക്കാനാവാതെ ഞാൻ അവളോടൊരുമിച്ചു് ജന്തുശാലയിൽപോയി. കുരങ്ങിൻകൂടു്. ഒരാൾക്കുരങ്ങ് പല്ലിളിച്ചു് കാണിക്കുന്നു. ആളുകളെല്ലാം അതിനെ ഒരു നോക്കു നോക്കിയിട്ടു് താഴെയുള്ള പക്ഷിക്കൂടുകളുടെ അടുത്തേക്കു പോയി. ഒരു സുന്ദരിയായ തരുണിമാത്രം ആൾക്കുരങ്ങിനെ വളരെനേരം നോക്കിനിന്നു. സ്വന്തം ഭർത്താവിന്റെ ഓർമ്മ അവൾക്കു് ഉണ്ടായിക്കാണും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-08-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.