സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-09-13-ൽ പ്രസിദ്ധീകരിച്ചതു്)

എന്റെ ഉറ്റ ചങ്ങാതിമാരെല്ലാം ഇസ്ലാം മതത്തിൽപ്പെട്ടവരാണു്. സ്ക്കൂളിലെ സുഹൃത്തു് അലിക്കുട്ടി. മാന്നാർ എന്ന സ്ഥലമാണു് അദ്ദേഹത്തിന്റെ സ്വദേശം. ഞങ്ങൾ ഒരുമിച്ചു് വടക്കൻ പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പഠിച്ചു. ഇന്നു് അദ്ദേഹം മലപ്പുറത്തോ മറ്റോ ഹോമിയോ ഡോക്ടറാണു്. വിദ്യാർത്ഥിയായിരിക്കുമ്പോൾ അലിക്കുട്ടി വലിയ പൊടിവലിക്കാരനായിരുന്നു. “അലിക്കുട്ടീ, കുറച്ചു പൊടി തരൂ” എന്നു ഞാൻ പറഞ്ഞാൽ ചിരിയോടെ മടിയിൽനിന്നു പൊടി ഡപ്പിയെടുക്കും. ഏതോ മൃഗത്തിന്റെ കൊമ്പു കൊണ്ടുണ്ടാക്കിയ ഡപ്പി. ക്ലിക്ക് ശബ്ദത്തോടെ അതിന്റെ അടപ്പു തുറന്നു് ഒരു വലിയ അളവു പൊടി മൂക്കിൻദ്വാരങ്ങളിലൂടെ വലിച്ചു് അകത്തുകയറ്റും. ഒന്നു രസിച്ചു് ഡപ്പി എന്റെ നേർക്കു നീട്ടും. ഞാൻ അതിൽനിന്നു് ഒരു തരിയെടുത്തു് നാസാരന്ധ്രങ്ങളിൽനിന്നു് ഒരു കിലോമീറ്റർ അകലെവച്ചു് അതിന്റെ ഗന്ധം ഒന്നു് ഉൾക്കൊള്ളും. ടിക് ശബ്ദത്തോടെ ഡപ്പിയടച്ചു് അലിക്കുട്ടി അതു മടിയിലേക്കു തിരുകും. അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങൾക്കടുത്തു് പൊടിയുടെ ചെറിയ കൂന പറ്റിയിരിക്കുന്നുണ്ടാവും.

കൃഷ്ണമൂർത്തിയുടെ ബുദ്ധിവൈഭവത്തെ ഞാൻ നിന്ദിച്ചില്ല. അദ്ദേഹത്തിന്റെ ലൈംഗിക പരാക്രമങ്ങളെക്കുറിച്ചു വന്ന പുസ്തകത്തിലെ സംഭവങ്ങൾ അതേപടി പകർത്തിക്കാണിച്ചിട്ടു് വ്യക്തിയായ കൃഷ്ണമൂർത്തിയോടു എനിക്കിപ്പോൾ ബഹുമാനം തോന്നുന്നില്ല എന്നേ പറഞ്ഞുള്ളു.

പത്രാധിപന്മാർ എന്നെപ്പോലെയാണു്. വാരികയോ വർഷികപ്പതിപ്പോ പ്രസിദ്ധപ്പെടുത്തണമെങ്കിൽ കവി എന്ന പൊടിവലിക്കാരനോടു കവിതയെന്ന പുകയിലപ്പൊടി ചോദിച്ചേ പറ്റൂ. ആ ചോദ്യം കേട്ടയുടനെ അദ്ദേഹം ഭാഷയുടെ ചെറിയ ഡപ്പി എടുക്കുന്നു. സ്ഥിരം ബിംബങ്ങളും സ്ഥിരം ആശയങ്ങളും ചേർത്തുവച്ചിട്ടുള്ള ഒരു ചൂർണ്ണമെടുത്തു തനിയെയൊന്നു വലിച്ചിട്ടു് ഡപ്പി പത്രാധിപരുടെ നേർക്കു നീട്ടുന്നു. പത്രാധിപർ ഒരു നുള്ളെടുത്തു വലിക്കുന്നു. പക്ഷേ, പണ്ടു പലപ്പോഴും ഞാൻ കണ്ട ഡപ്പിയാണു് അതെന്നു് അദ്ദേഹം ഓർമ്മിക്കുന്നില്ല. പൊടി ഏതു സന്ദർഭത്തിലെടുത്താലും അതിനു് ഒരു വ്യത്യാസവുമില്ല എന്നതും ഓർമ്മിക്കുന്നില്ല. ഓർമ്മിച്ചാൽ തന്നെയെന്തു് വിശേഷം? കവിയുടെ കൈയിൽ പഴയ കൊമ്പു ഡപ്പിയേ ഉള്ളൂ. ഒരേ വിധത്തിലുള്ള പുകയിലപ്പൊടിയേയുള്ളൂ.

images/thewayofintelligence.jpg

പൊടി ഒരേവിധം എന്നു പറഞ്ഞതിൽ ഒരു തിരുത്തു്. നെയ്യു ചേർത്തു മയം വരുത്തിയതു് ഒരുതരം; നെയ് ചേർക്കാതെ ഉണ്ടാക്കിയതു് മറ്റൊരു തരം. അവൻ ഉഗ്രനാണു്. ഒന്നു വലിച്ചാൽ തലച്ചോറിന്റെ കേന്ദ്രസ്ഥാനത്തു തന്നെ പാഞ്ഞുചെല്ലും. മയമുള്ളതു മൂക്കിനകത്തു് തങ്ങിനില്ക്കും. ചിലർ തരുന്നതു് ഇമേജറിയുടെ മയം ഇല്ലാത്ത പരുക്കൻ ഗദ്യമാണു്. അതു് തലവേദനയുണ്ടാക്കും. മറ്റു ചിലർ തരുന്നതു് സ്ഥിരം ഇമേജറി ചേർത്ത മയമുള്ള ഗദ്യം. രണ്ടിനും കവികൾ നല്കുന്ന പേരു കവിതയെന്നാണു്. ഈ പുകയിലപ്പൊടി വലിച്ചുവലിച്ചു് അർബുദരോഗം പിടിപെടാനുള്ള അവസ്ഥയിലാണിപ്പോൾ നമ്മളാകെ.

ചോദ്യം, ഉത്തരം

ചോദ്യം: ‘ചന്ദ്രബിംബമെനിക്കെടുത്തൊരു ചാണയാക്കി വളയ്ക്കണം’—പറ്റുമോ സാറേ?

ഉത്തരം: പറ്റും. ചന്ദ്രൻ ജലാശയത്തിൽ പ്രതിഫലിക്കുമ്പോൾ ആ പ്രതിഫലനത്തിന്റെ നേരെ താഴെ കൈ വച്ചു് അതു് കോരിയെടുക്കുക. പിന്നെ ഇഷ്ടംപോലെ തന്നെ ചാണയാക്കി വളയ്ക്കാം.

ചോദ്യം: ഏകാന്തതയാണു് നിങ്ങൾക്കിഷ്ടം. അല്ലേ?

ഉത്തരം: അതേ. one should be left alone എന്ന വിശ്വാസക്കാരനാണു ഞാൻ. എങ്കിലും എന്റെ വീട്ടിൽ മനസ്സുകൊണ്ടു് അടുത്തവർ വരുന്നതു് എനിക്കു് ഇഷ്ടമാണു്. അവരോടു എത്ര നേരമെങ്കിലും സംസാരിച്ചിരിക്കാൻ എനിക്കു സന്തോഷമേയുള്ളു. പിന്നെ തികഞ്ഞ ഏകാന്തത ചിലപ്പോൾ വൈരസ്യം ജനിപ്പിക്കും. ഒരിക്കൽ ഞാൻ ദേവികുളത്തെ കാടുകളിൽ ഒറ്റയ്ക്കു നടന്നപ്പോൾ വല്ലാത്ത വൈഷമ്യമുണ്ടായി. അപ്പോൾ ഒരു മരംകൊത്തി മരത്തിൽ കൊത്തി ശബ്ദമുണ്ടാക്കി. ആ ശബ്ദം കേട്ടപ്പോൾ, ആ പക്ഷിയെ കണ്ടപ്പോൾ എന്റെ വൈഷമ്യം മാറി.

ചോദ്യം: നിങ്ങളിപ്പോൾ ജിദ്ദു കൃഷ്ണമൂർത്തി യെ തള്ളിപ്പറയുന്നു. പക്ഷേ, ശ്രീ. പി. മുരളീധരൻ നായരുടെ ‘മനസ്സിനെ സ്വതന്ത്രമാക്കൂ’ എന്ന പുസ്തകത്തിനു് എഴുതിയ അവതാരികയിൽ കൃഷ്ണമൂർത്തി ആചാര്യനാണു് എന്നു പറഞ്ഞു. ഈ വൈരുദ്ധ്യം ശരിയാണോ.

ഉത്തരം: നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണു്. കൃഷ്ണമൂർത്തിയുടെ ബുദ്ധിവൈഭവത്തെ ഞാൻ നിന്ദിച്ചില്ല. അദ്ദേഹത്തിന്റെ ലൈംഗിക പരാക്രമങ്ങളെക്കുറിച്ചു വന്ന പുസ്തകത്തിലെ സംഭവങ്ങൾ അതേപടി പകർത്തിക്കാണിച്ചിട്ടു് വ്യക്തിയായ കൃഷ്ണമൂർത്തിയോടു് എനിക്കിപ്പോൾ ബഹുമാനം തോന്നുന്നില്ല എന്നേ പറഞ്ഞുള്ളൂ. കൃഷ്ണമൂർത്തിയുടെ ഏതു പുസ്തകം കണ്ടാലും ഞാനതു വാങ്ങും വായിക്കും. ‘The Way of Intelligence’ എന്ന പുസ്തകം കഴിഞ്ഞയാഴ്ചയാണു് എനിക്കു കിട്ടിയതു്. അച്യുത് പട്വർദ്ധൻ, കൃഷ്ണൻകുട്ടി, ഒ. വി. വിജയൻ, ഐവാൻ ഇലീച്ച് ഇവരുൾപ്പെടെ നാല്പതു പേരോടു കൃഷ്ണമൂർത്തി നടത്തിയ സംഭാഷണമാണു് ഇതിലുള്ളതു്. അതും കൗതുകത്തോടെ ഞാൻ വായിച്ചു. കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കരുതു് ചങ്ങാതി”.

ചോദ്യം: “നിങ്ങൾ സ്ത്രീയായി മാറാൻ ആഗ്രഹിച്ചിട്ടുണ്ടോ?”

ഉത്തരം: “പുരുഷനായ നിങ്ങൾ പുരുഷൻ തന്നെയാണെന്നു നല്ല ഉറപ്പുണ്ടോ?”

ചോദ്യം: “കെന്നഡി വെടിയേറ്റു മരിച്ചതുകൊണ്ടു വീരമൃത്യുവായി ആ മരണത്തെ ഞാൻ കാണുന്നു. അതുകൊണ്ടു് അദ്ദേഹം സ്വർഗ്ഗത്താണു്. ഇപ്പോൾ കെന്നഡി അവിടെ എന്തുചെയ്യുകയാണു്?”

ഉത്തരം:കെന്നഡി യുടെ സ്വർഗ്ഗത്തിലെ മാലാഖമാർ മദാമ്മമാരാണു്. അവരെ വശീകരിക്കുകയായിരിക്കും അദ്ദേഹം”.

ചോദ്യം: “സ്ത്രീകൾ കൂടുതൽ ഇളകുന്നതു് എപ്പോൾ?”

ഉത്തരം: “പുരുഷന്മാരായ ചലച്ചിത്ര താരങ്ങളെ നേരിട്ടു കാണുമ്പോൾ. അതിസുന്ദരികളായ താരങ്ങളെ കാണുന്ന പുരുഷന്മാർ ആഹ്ലാദിക്കും. വീട്ടിലിരിക്കുന്നവരെ ഓർമ്മിച്ചു ദുഃഖിക്കും. എന്നല്ലാതെ ഇളകുകയില്ല”.

ചോദ്യം: “നന്നേ കവികളും കഥാകാരന്മാരും യഥാർത്ഥമായ കലയുടെ വക്താക്കളല്ല.

ഉത്തരം: “ചെറുപ്പക്കാർ ബഹുമാനിക്കുന്ന കവികളെയും കഥാകാരന്മാരെയും കലാശക്തിയില്ലാത്തവരായേ ഞാൻ കണ്ടിട്ടുള്ളൂ”.

തന്ത്രം
images/IvanIllich.jpg
ഐവാൻ ഇലീച്ച്

എം. മുകുന്ദൻ ചിലപ്പോഴൊക്കെ തനി റിയലിസ്റ്റിക് കഥകൾ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ മാനസികനില തന്ത്രപരമാണു്. കലയെസ്സംബന്ധിച്ച തന്ത്രത്തെയാണു് ഞാൻ ലക്ഷ്യമാക്കുന്നതു്. ജീവനുള്ള മനുഷ്യരെ ചിത്രീകരിച്ചു് അവരെക്കൊണ്ടു പ്രവർത്തിപ്പിക്കാനും സംസാരിപ്പിക്കാനുമല്ല അദ്ദേഹത്തിന്റെ യത്നം. ഇതിനു നിദർശകമാണു മലയാള മനോരമ വാർഷികപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘ജലച്ചായം’ എന്ന കഥ. അമ്മയുടെ പ്രിയപ്പെട്ട കുട്ടി കിണറ്റിൽ വീഴുന്നു. കിണറ്റിൽവച്ചു് അവൻ മരിച്ച ബന്ധുക്കളെ കാണുന്നു. അമ്മയോടുള്ള ജീവിതം നരകസദൃശം. കിണറ്റിൽവീണതിനു ശേഷമുള്ള ദർശനങ്ങൾ സ്വർഗ്ഗസദൃശം. ഒടുവിൽ അവന്റെ നിശ്ചേതനശരീരം കിണറ്റിൻകരയിലേക്കു പൊക്കിയെടുക്കുന്നു. അവന്റെ അമ്മ നിലവിളിക്കുന്നു. ഇത്തരം ‘ഡിസ്റ്റോർഷൻ’ വല്ലപ്പോഴുമാകാം. എപ്പോഴുമായാൽ സർഗ്ഗാത്മകതയല്ല, തന്ത്രമാണു് ഇതിന്റെ പിന്നിലുള്ളതെന്നു പറയേണ്ടതായിവരും. നമ്മുടെ സാഹിത്യ സംസ്കാരത്തിനു വിരുദ്ധമാണു് മുകുന്ദന്റെ ഇമ്മാതിരിക്കഥകൾ.

പദവിന്യാസം

കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പു്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻ പിള്ള ഇവരുടെ കാവ്യങ്ങളിൽ യുക്ത്യധിഷ്ഠിതമായ ഘടനയുണ്ടു്. വാക്യത്തിലെ യുക്തിയേയും ഘടനയേയും കുറിച്ചാണു് ഞാൻ പറയുന്നതു്. “സാൽവപ്പുതപ്പിട്ട നരേന്ദ്രനേയും ചെന്നാക്രമിക്കും ജഡിമോച്ചയത്തെ” എന്ന പ്രയോഗത്തിൽ പദവിന്യാസക്രമത്തിൽ യുക്തിയുണ്ടു്. ആ യുക്തി അതിനൊരു ഘടന നൽകുന്നു. ഇതിനെ തകർത്തതു് വൈലോപ്പിള്ളി ശ്രീധരമേനോനാ ണു്. “കുങ്കുമപ്പൂവറുക്കുവാൻ താൻ താനെൻ കരളിൽക്കയറി നിന്നോളെ” എന്നു വായിക്കുമ്പോൾ ഘടനയുണ്ടെങ്കിലും യുക്തിയില്ല. അപ്പോൾ കുങ്കുമപ്പൂ എന്താണെന്നറിയാൻ താഴത്തെ കുറിപ്പു നോക്കണം. അതു് അനുരാഗത്തിന്റെ പൂവാണെന്നു് കവി പറഞ്ഞുതരുന്നു. എങ്കിലും ചിന്താക്കുഴപ്പം അനുവാചകനു്. ഈ കുറിപ്പുകൾ നോക്കൽ ആസ്വാദനത്തിനു പ്രതിബന്ധമുണ്ടാക്കുന്നുവെന്നു് മുൻപൊരിക്കൽ ഒരു സായ്പിന്റെ നേരമ്പോക്കു് എടുത്തെഴുതി ഞാൻ വിശദമാക്കിയിരുന്നു. എങ്കിലും നേരമ്പോക്കു് ആവർത്തിക്കട്ടെ. ദമ്പതികളുടെ പ്രഥമരാത്രി. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണു് അവരുടെ കിടപ്പു്. അഞ്ചു മിനിറ്റിലൊരിക്കൽ ഡോർബെൽ ശബ്ദിക്കും. ഓരോ തവണ അതു കേൾക്കുമ്പോഴും നവവരൻ താഴെയിറങ്ങിവന്നു കടന്നുകയറാൻ വന്നവനെ പറഞ്ഞയയ്ക്കും. മുകളിൽച്ചെന്നു കിടക്കേണ്ട, അതിനുമുൻപു മണിനാദം. പ്രഥമരാത്രിയുടെ ഹർഷോന്മാദം അതോടെ തകരുന്നു. കുറിപ്പു നോക്കാൻ താഴത്തെ നിലയിലേക്കുള്ള അവരോഹണമാണു്, വൈലോപ്പിള്ളി തുടങ്ങിവച്ച ഈ തകരാറു് നവീന കവികൾ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചു.

ജീർണ്ണിച്ച സ്ഥാപനം
images/KainikkaraKumaraPillai.jpg
കൈനിക്കര കുമാരപിള്ള

ഞാൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ അംഗമായിരുന്നു. ഏപ്രിൽ മാസത്തിൽ അംഗത്വം അവസാനിച്ചപ്പോൾ പകൽസമയത്തുപോലും അന്ധകാരംകൊണ്ടു് പുസ്തകങ്ങൾ കാണാൻ വയ്യാത്ത ആ സ്ഥാപനത്തിൽ ഇനി അംഗമായി തുടരേണ്ടതില്ലെന്നു തീരുമാനിച്ചു് അംഗത്വം പുതുക്കിയില്ല. ഇന്നു് ഓഗസ്റ്റ് 23-ആം൹ വൈകുന്നേരം ഒരു ദുർബ്ബല നിമിഷത്തിൽ മെമ്പർഷിപ്പു് പുതുക്കാനായി അവിടെച്ചെന്നു. അസിസ്റ്റന്റ് ലൈബ്രേറിയൻ പറഞ്ഞു പതിനഞ്ചു രൂപയിൽനിന്നു് അമ്പതു രൂപയാക്കിയിരിക്കുന്നു വാർഷികവരിസംഖ്യയെന്നു്. പത്രഭാഷയിൽ കുത്തനെയുള്ള ഈ കൂട്ടലിൽ മാനസികമായി പ്രതിഷേധിച്ചു് അമ്പതു രൂപ കൊടുത്തു് രണ്ടു കാർഡുകൾ വാങ്ങി സ്റ്റോക്ക് റൂമിലേക്കു് ചെന്നു. ചെന്നു കയറുന്നിടത്തു് ഒരു റ്റ്യൂബ് ലൈറ്റ് ഉണ്ടു്. പിറകുവശം മുഴുവൻ കുറ്റാക്കുറ്റിരുട്ടു്. വന്ന സ്ഥിതിക്കു് പുസ്തകമെടുക്കാമെന്നു വിചാരിച്ചു് രണ്ടെണ്ണം ഷെൽഫിൽനിന്നെടുത്തു് വെളിയിൽക്കൊണ്ടുവന്നു നോക്കിയപ്പോഴാണു് രണ്ടും എനിക്കാവശ്യമില്ലാത്തതാണെന്നു മനസ്സിലായതു്. തിരിച്ചു കൊടുത്തില്ല അവ. പുസ്തകങ്ങൾ ഷേർട്ടിൽ ചേർത്തുവച്ചാണു് കൊണ്ടുപോന്നതു്. അവയിലെ അരയിഞ്ചു കനമുള്ള പൊടി പറ്റി എന്റെ ഷേർടാകെ മലിനമായി. ഓരോ പുസ്തകത്തിലും കാണും ഇതുപോലെ അരയിഞ്ചു കനമാർന്ന പൊടി. വിളക്കില്ലാത്തതു് എന്തുകൊണ്ടാണെന്നു് ഒരുദ്യോഗസ്ഥനോടു ചോദിച്ചപ്പോൾ ‘ചോക്ക് പോയി ഒരു മാസമായി കത്തുന്നില്ല’ എന്ന മറുപടിയാണു് കിട്ടിയതു്. പുതിയ പുസ്തകങ്ങൾ ഇല്ല എന്നതു പോകട്ടെ. ചെല്ലുന്നവർക്കു ഗ്രന്ഥങ്ങളിലെ പൊടിപടലംകൊണ്ടു ജലദോഷവും പനിയും വരുന്നു എന്നതും പോകട്ടെ. അമ്പതു രൂപ വീതം അവരോടു വാങ്ങിയിട്ടു് അന്ധകാരമെങ്കിലും നിർമാർജനം ചെയ്തുകൊടുക്കണമെന്ന പ്രാഥമിക മര്യാദപോലും കാണിക്കുന്നില്ലല്ലോ. ഐസക്ക് എന്ന വിദഗ്ദ്ധനായ ലൈബ്രേറിയൻ അധികാരത്തിലിരുന്ന കാലത്തു് ദക്ഷിണേന്ത്യയിലെ മഹനീയമായ സ്ഥാപനമായിരുന്നു ഇതു്. ഇപ്പോൾ ഈ ലൈബ്രറി കേരളത്തിലെ ഏറ്റവും ജീർണ്ണിച്ച സ്ഥാപനമാണു്. ചുവരുകളിലാകെ ആരോ മലംവാരിയെറിഞ്ഞതുപോലെ വൃത്തികേടു്. കുട ഏല്പിക്കുന്ന സ്ഥലത്തിന്റെ മേൽത്തട്ടിലാകെ കറുത്ത ചിലന്തിവലകൾ. ഇതു കണ്ടപ്പോൾ ഇവിടെയൊരു സർക്കാരുണ്ടോ എന്നു ഞാൻ എന്നോടുതന്നെ ചോദിച്ചുപോയി. ലജ്ജാവഹം!

ദുഷ്ടൻ

മഹാന്മാർ അനുഷ്ഠിക്കേണ്ടതെല്ലാം അനുഷ്ഠിച്ചു കഴിയുമ്പോൾ പ്രകൃതി അവരെ തിരിച്ചു വിളിക്കുന്നു. അച്യുത് പട്വർദ്ധൻ എന്ന മഹാൻ ലോകത്തിനു ഉപകാരപ്രദമായിട്ടു മാത്രം പ്രവർത്തിച്ചു, ജീവിച്ചു. അതിനുശേഷം അദ്ദേഹം തിരിച്ചുപോയി.

പണ്ടു് ഈ നഗരം വിട്ടു ഞാൻ മറ്റൊരു സ്ഥലത്തു താമസിച്ചിരുന്നു. എന്റെ വീട്ടിനടുത്തു് ഒരു പരമദുഷ്ടനും. കാലത്തെ ഇയാൾ മുണ്ടു മടക്കിക്കുത്തി റോഡിലേക്കിറങ്ങും. ആരെങ്കിലും വേലിയോ മതിലോ കെട്ടുകയാണെങ്കിൽ അപ്പുറത്തെ പറമ്പിന്റെ ഉടമസ്ഥനോടു ചെന്നു പറയും. “നിങ്ങളുടെ വസ്തുവിലേക്കു കയറ്റിക്കെട്ടുകയാണു്. അതിരു നിങ്ങളെക്കാൾ എനിക്കു നിശ്ചയമാണു്”. അതോടെ ശണ്ഠ. കോടതി കയറ്റം. എന്നെയും അയാളൊന്നു ഉപദ്രവിച്ചു. എന്റെ മകളുടെ വിവാഹം. അക്കാലത്തു് അമ്പതുപേരിൽ കൂടുതലായി ആരെയും ക്ഷണിച്ചുകൂടാ. അരികൊണ്ടുള്ള പലഹാരമുണ്ടാക്കിക്കൂടാ എന്നൊക്കെ നിയമമുണ്ടായിരുന്നു. എത്രപേരെ ക്ഷണിക്കുന്നു, എന്തെല്ലാം പലഹാരമുണ്ടാക്കുന്നു എന്നെല്ലാം എന്നിൽനിന്നു മനസ്സിലാക്കിയിട്ടു് അയാൾ സിവിൽസപ്ലൈസ് ഉദ്യോഗസ്ഥന്മാരെ വിവാഹദിനത്തിൽ അതൊക്കെ അറിയിച്ചു. വിവാഹം നടക്കുന്ന സ്ഥലത്തു് ആ ഉദ്യോഗസ്ഥന്മാർ ജീപ്പിലെത്തി ബഹളമുണ്ടാക്കി. പില്ക്കാലത്തു് വലിയ ഉദ്യോഗസ്ഥനായ ഒരു മാന്യനാണു് അന്നെന്നെ രക്ഷിച്ചതു്. ഇങ്ങനെ ഓരോ വ്യക്തിയേയും അയാൾ ഉപദ്രവിച്ചപ്പോൾ അവരൊക്കെ ഇവനോടു ചാകുന്നില്ലല്ലോ എന്നു അന്യോന്യം പറഞ്ഞിരുന്നു. ഒരു ദിവസം അയാളങ്ങു പോയി. എല്ലാവർക്കും ആശ്വാസം. തിരുവനന്തപുരത്തുനിന്നു് അകലെയുള്ള സ്ഥലമായതുകൊണ്ടു് ഇപ്പോൾ എനിക്കു് അവിടെ പോകേണ്ടതായിട്ടില്ല. എങ്കിലും അടുത്തകാലത്തു് ഒരാവശ്യത്തിനുവേണ്ടി ഞാനവിടെ പോയി. പണ്ടു താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ അയാൾ മുണ്ടു മടക്കിക്കുത്തി മതിലുകെട്ടുന്നതു നോക്കിനില്ക്കുന്നതുപോലെ എനിക്കു തോന്നിപ്പോയി. മതിവിഭ്രമമല്ല. ദുഷ്ടന്മാർ മരിച്ചാലും മരിച്ചില്ലെന്നു തോന്നും നമ്മൾക്കു്. നല്ല മനുഷ്യൻ കൈനിക്കര കുമാരപിള്ള മരിച്ചുപോയി എന്നുതന്നെ നമുക്കു തോന്നുന്നു.

അച്യുത് പട്വർദ്ധൻ

മഹാന്മാർ അനുഷ്ഠിക്കേണ്ടതെല്ലാം അനുഷ്ഠിച്ചു കഴിയുമ്പോൾ പ്രകൃതി അവരെ തിരിച്ചു വിളിക്കുന്നു. അച്യുത് പട്വർദ്ധൻ എന്ന മഹാൻ ലോകത്തിനു് ഉപകാരപ്രദമായിട്ടു മാത്രം പ്രവർത്തിച്ചു, ജീവിച്ചു. അതിനുശേഷം അദ്ദേഹം തിരിച്ചുപോയി. എല്ലാ മഹാന്മാരുടേയും മരണത്തെ ഞാനിങ്ങനെയാണു കാണുന്നതു്. പിന്നെ ഏതെങ്കിലും തരത്തിൽ ആ വ്യക്തിയോടു നമ്മൾ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്കു അന്തരിച്ചയാളിന്റെ പ്രായമെത്രയാണെങ്കിലും വല്ലായ്മ തോന്നും. ആ വിധത്തിലുള്ള നേരിയ ശോകത്തിനു് വിധേയനാണു് ഞാൻ ഇപ്പോൾ.

ഒരു സമ്മാനം വാങ്ങാൻ ഞാൻ ഡെൽഹിയിൽ പോയി. സമ്മാനം നൽകുന്നതു് വിജ്ഞാൻഭവനിൽവെച്ചാണു്. ആദ്യമായി ഡെൽഹിയിൽ പോകുന്നതുകൊണ്ടും ആദ്യമായി വിമാനത്തിൽ സഞ്ചരിക്കുന്നതുകൊണ്ടും എന്റെ മരുമകനെക്കൂടി ഞാൻ കൂട്ടിനു കൊണ്ടുപോയിരുന്നു. സമയത്തു ഞങ്ങൾ വിജ്ഞാൻഭവനിലെത്തി. സമ്മാനം വാങ്ങേണ്ട ആളാണു ഞാനെന്നറിയിച്ചപ്പോൾ പോലീസ് എന്നെ പരിശോധിച്ചു. ഒരാർച്ചിലൂടെ കടത്തി. തിരിഞ്ഞുനോക്കിയപ്പോൾ പോലീസ് മരുമകനെ തടഞ്ഞുനിറുത്തിയിരിക്കുന്നതു കണ്ടു. എന്റെ son-in-law ആണെന്നും അകത്തേക്കു പോകാൻ അനുമതി നൽകണമെന്നും ഞാൻ അഭ്യർത്ഥിച്ചപ്പോൾ ‘സാദ്ധ്യമല്ല’ എന്ന മറുപടിയാണു് പോലീസ് നൽകിയതു്. കേന്ദ്രമന്ത്രി ഗുജറാൾ അകത്തിരിക്കുന്നതുകൊണ്ടാണു് ആ സെക്യൂരിറ്റി ഏർപ്പാടെന്നു പിന്നീടു് എനിക്കു മനസ്സിലായി. സൺ-ഇൻ-ലായ്ക്കു് പ്രവേശനം നിഷേധിച്ചപ്പോൾ എനിക്കു നിങ്ങളുടെ സമ്മാനം വേണ്ട എന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. ഇതൊക്കെ അങ്ങകലെ നോക്കിക്കൊണ്ടു നില്ക്കുകയായിരുന്നു വളരെ പ്രായം ചെന്ന ഒരാൾ. ഞാൻ തിരിഞ്ഞുനടന്നപ്പോൾ അദ്ദേഹം യുവാവിനെപ്പോലെ ഓടി എന്റെ അടുത്തു വന്നു ‘വാട് ഈസ് ദ് മാറ്റർ’ എന്നു ചോദിച്ചു. അവിടെ നില്ക്കുന്നതു് എന്റെ മരുമകനാണെന്നും പോലീസ് കടത്തിവിടുന്നില്ലെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ‘ആൾ റൈറ്റ്’ എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം സൺ ഇൻ ലായെ തോളിലൂടെ കൈയിട്ടു പിടിച്ചു് സ്നേഹത്തോടെ അകത്തേക്കു കൊണ്ടുപോയി. പോലീസ് ബഹുമാനത്തോടെ നിന്നതല്ലാതെ പരിശോധനയ്ക്കൊന്നും വന്നില്ല. അകത്തു ചെന്നതിനുശേഷം ഞാൻ അദ്ദേഹത്തോടു് വിനയപൂർവ്വം ‘May I know you?’ എന്നു ചോദിച്ചു. അതിനേക്കാൾ വിനയത്തോടെ അദ്ദേഹം മറുപടി നല്കി. I am Achuth Patwardhan. ഞാൻ അമ്പരന്നു നിന്നുപോയി. മഹാത്മാഗാന്ധി യോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്നിച്ച മഹാൻ. അദ്ദേഹമാണു് നിസ്സാരനായ എന്നെ സഹായിക്കാൻ ഓടി എത്തിയതു്. മഹാന്മാർ അവരുടെ മഹത്ത്വം ഏതു പ്രവർത്തിയിലും കാണിക്കും. എനിക്കു് ഈ ഉപകാരം ചെയ്തതുകൊണ്ടു കൂടിയാണു് ഞാൻ ആ മഹച്ചരമത്തിൽ തെല്ലു ദുഃഖിക്കുന്നുവെന്നു് എഴുതിയതു്.

അച്യുത് പട്വർദ്ധന്റെ സേവനങ്ങളെക്കുറിച്ചു് ഇ. എം. എസ്. ദേശാഭിമാനി വരികയിൽ എഴുതിയിരിക്കുന്നു. തന്റെ രാഷ്ട്ര വ്യവഹാര സിദ്ധാന്തങ്ങളോടു യോജിക്കാത്തവരെപ്പോലും, തന്റെ രാഷ്ട്രീയ കക്ഷിയിൽപ്പെടാത്തവരെപ്പോലും ബഹുമാനിക്കുന്ന ഹൃദയവിശാലതയാണു് ഇ. എം. എസ്സിനുള്ളതു്.

images/TWQB.jpg

പെൻഗ്വിൻ ബുക്ക്സ് (അമേരിക്ക) പ്രസിദ്ധപ്പെടുത്തിയ The Writer’s Quotation Book എന്ന പുസ്തകത്തിൽനിന്നു്: ചൈനീസ് Economic Journal എഴുത്തുകാരനു് അയച്ച ഒരു rejection slip. Financial Times എന്ന ജേർണലിൽ ഇതു് പ്രസിദ്ധപ്പെടുത്തിയിരുന്നു.

“അത്യധികമായ ആഹ്ലാദത്തോടുകൂടി ഞങ്ങൾ താങ്കളുടെ കൈഴുത്തുപ്രതി വായിച്ചു. താങ്കളുടെ ഈ ലേഖനം ഞങ്ങൾ പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ ഇനി നിലവാരം കുറഞ്ഞ വേറൊന്നും ഞങ്ങൾക്കു പ്രസിദ്ധപ്പെടുത്താൻ ഒക്കുകയില്ല. അടുത്ത ആയിരം വർഷങ്ങൾക്കകത്തു് ഇതിനു സദൃശമായ മറ്റൊരു ലേഖനം കാണുമെന്നു ഞങ്ങൾക്കു വിചാരമില്ലാത്തതിനാൽ താങ്കളുടെ ദൈവികമായ രചന തിരിച്ചയയ്ക്കാൻ ഞങ്ങൾ നിർബന്ധരായിരിക്കുന്നുവെന്നു ഖേദപൂർവ്വം അറിയിക്കട്ടെ. ഞങ്ങളുടെ ഈ ഹ്രസ്വദൃഷ്ടിയെയും ഭീരുത്വത്തെയും താങ്കൾ പരിഗണിക്കരുതേയെന്നു് ആയിരം തവണ ഞങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു”.
നീലമ്പേരൂർ

കോളറ പടർന്നു പിടിക്കുന്ന പ്രദേശത്തു നിന്നു ഞാൻ ഓടി രക്ഷപ്പെട്ടിട്ടുണ്ടു്. നില്ക്കുന്ന നിലയിൽ ഛർദ്ദിയും വയറിളക്കവും ചെയ്തു് മറിഞ്ഞുവീണു് പിടച്ചടിച്ചു് മരിക്കുന്നവരെ ഞാൻ അടുത്തുനിന്നു കണ്ടിട്ടുണ്ടു്. ഒരു വലിയ കുഴിവെട്ടി ശവങ്ങൾ ഒന്നിനുമീതെ ഒന്നായി വച്ചു മണ്ണിട്ടു മൂടുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അവിടെനിന്നാണു് ഞാൻ പ്രാണരക്ഷാർത്ഥം ഓടിയതു്. പ്ലേഗു പിടിച്ചു ആളുകൾ മരണത്തിലേക്കു വീഴുന്നതു കണ്ടിട്ടും ഞാൻ ഓടിയിട്ടുണ്ടു്. ആ കോളറയെയും പ്ലേഗിനെയും നിസ്സാരങ്ങളാക്കുന്ന ക്രൂരതകൾ ഇന്നു് അതിപ്രസരമാർന്നു കാണുന്നു. പക്ഷേ, എനിക്കു് ഓടിപ്പോകാൻ ഇടമില്ല. പഞ്ചാബിലേക്കു്, ഉത്തരപ്രദേശിലേക്കു്, മധ്യപ്രദേശിലേക്കു്, മഹാരാഷ്ട്രയിലേക്കു്, ആസ്സാമിലേക്കു്, തമിഴ്‌നാട്ടിലേക്കു് എനിക്കു ഓടാൻ വയ്യ. ഓടിച്ചെന്നാൽ ഞാൻ വധിക്കപ്പെടും. എന്റെ നാടായ കേരളത്തിലും എനിക്കു കഴിഞ്ഞുകൂടാൻ വയ്യ. എന്തൊരു കാലം! എന്റെ ഈ ഭയം ഓരോ പൗരന്റെയും ഭയമാണു്. ഈ പേടി വികാരലോലമായ ഹൃദയമുള്ള ഒരു കവിയെ എങ്ങനെ സ്പർശിച്ചുവെന്നു മനസ്സിലാക്കണമെങ്കിൽ നീലമ്പേരൂർ മധുസൂധനൻനായർ ദേശാഭിമാനി വാരികയിൽ എഴുതിയ “ഇതു ദുരവസ്ഥ” എന്ന കാവ്യം വായിക്കണം. മഹാനഗരം കത്തുന്ന തീയായി മാറിയപ്പോൾ കത്താതെ ഉമിത്തീയായി നിന്ന കവിയുടെ മഹാദുഃഖവും യാതനയുമാണു് ഹൃദയസ്പർശകമായ ഈ കാവ്യത്തിലുള്ളതു്”.

കാറ്റോടു മഴയോടു മഞ്ഞോടു വെയിലോടു

മാപ്പു ചോദിച്ചു വിറച്ചു നില്ക്കേ പ്പക-

ത്തീയിലെരിയും കുടിലുകൾ! കൊള്ളയിൽ

നീറിപ്പടരുമുന്മാദങ്ങൾ വീർപ്പിട്ടു

കേഴും ഭയങ്ങൾ! കയ്യൂക്കിൽകലങ്ങുന്ന

ചാരിത്രശുദ്ധികൾ! മൺകുടം പൊട്ടിച്ച

ഭൂതം പെരുകി വാനൂഴിവായുക്കളിൽ

പോർക്കലി തുള്ളിത്തിമിർത്ത കാലാവസ്ഥ”.

നൃശംസതയെ ലയാനുബദ്ധമായി കവി ഈ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നു. കവേ, ഇതെഴുതുന്ന ആളും താങ്കളെപ്പോലെ ഉമിത്തീയിൽ നീറിനീറി നില്ക്കുന്നു.

images/GrouchoMarx1957.jpg
Groucho Marx

S. J. Perelman പേരുകേട്ട ഹാസ്യസാഹിത്യകാരൻ. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം വായിച്ചിട്ടു് പ്രസിദ്ധനായ ഹാസ്യാഭിനേതാവു് Groucho Marx പറഞ്ഞു:

നിങ്ങളുടെ പുസ്തകം കൈയിലെടുത്ത നിമിഷംതൊട്ടു് അതു താഴെ വയ്ക്കുന്നതുവരെ ഞാൻ കൊളുത്തിപ്പിടിക്കുമാറു് ചിരിച്ചുപോയി. ഏതെങ്കിലുമൊരു ദിവസം അതു വായിക്കണമെന്നു ഞാൻ തീരുമാനിച്ചിട്ടുണ്ടു്.

(The Writer’s Quotation Book)

ലാക്ഷണികകഥ

ദുഃഖത്തിന്റെ ചൂടുകൊണ്ടു് ഉരുകുന്ന ജീവിതമാകുന്ന മെഴുകിൽ ആകർഷകമായ ഒരു രൂപം പതിപ്പിക്കാൻ എനിക്കു കഴിഞ്ഞെങ്കിൽ!

ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന ഞാൻ ഹെഡ് മാസ്റ്റർ മഞ്ചേരി രാമകൃഷ്ണയ്യർ സാറിന്റെ കണ്ണു വെട്ടിച്ചു് റോഡിലേക്കു് ഇറങ്ങും, കമ്പിൽച്ചുറ്റിയ പശ പോലുള്ള ഒരുതരം മുട്ടായി വാങ്ങിത്തിന്നുപോയി. നാലു കാശു കൊടുത്താൽ ചൊറി പിടിച്ച കൈകൊണ്ടു മുട്ടായിക്കാരൻ ഒരു വലി വലിക്കും. നൂലു പോലെ മാധുര്യമുള്ള മുട്ടായി വരും. എന്തൊരു രുചി! ഇന്നതു കണ്ടാൽത്തന്നെ എനിക്കു ഛർദ്ദിക്കാൻ തോന്നും. മുട്ടായി നുണഞ്ഞു കൊണ്ടു നില്ക്കുമ്പോൾ റോഡിന്റെ മറ്റേ വശത്തു് ഒരു ത്രിപാദത്തിൽ കുഴൽ വച്ചു് ‘നാലു കാശ് ലണ്ടൻ പട്ടണം കാണുക’ എന്നൊരുത്തൻ നിലവിളിക്കുന്നുണ്ടാവും. ആരെങ്കിലും നാലു കാശ് (ഒരു തിരുവിതാംകൂർ നാണയം) മുടക്കി കുഴലിന്റെ ഒരറ്റത്തു കണ്ണു വച്ചു നോക്കിയാൽ കുഴലുടമസ്ഥൻ വിളിക്കും മാദമ്മമാർ വട്ടത്തിൽ ചുറ്റുന്നു. സായ്പന്മാരെല്ലാം നെട്ടോട്ടമോടുന്നു. കണ്ടോ, കണ്ടോ ലണ്ടൻ ലന്റൻ. ദ്രഷ്ടാവു് ഇളിഭ്യനായി പിന്മാറുന്നു. ഞാൻ നാലു കാശു മുടക്കാൻ തീരുമാനിച്ചു. കുഴലിന്റെ അറ്റത്തു കണ്ണു വച്ചു. ഉടമസ്ഥൻ “മദാമ്മമാരെല്ലാം വട്ടത്തിൽ ചുറ്റുന്നു” എന്നു്. ഒന്നുമില്ല. ഏതോ സിനിമയുടെ ഫിലിമിൽ നിന്നു വെട്ടിയെടുത്ത ഒരു പട്ടണത്തിന്റെ ചിത്രം വലുതായി മാത്രം കാണുന്നു. ശരിയായ പറ്റിക്കൽ. പക്ഷേ, രസികത്വം ഒട്ടുമില്ലാത്ത വഞ്ചനയാണതു്. രസികനായ ഒരു പറ്റിക്കൽകാരനെ ഞാൻ തിരുവനന്തപുരത്തു കണ്ടിട്ടുണ്ടു്. ചെറിയ കടലാസ്സു ചുരുളുകൾ ഒരു പാത്രത്തിൽ വച്ചു് അയാൾ വഴിവക്കിൽ ഇരിക്കും. ചുറ്റും വില കൂടിയ ആകർഷകങ്ങളായ സാധനങ്ങൾ. തെർമോസ്ഫ്ലാസ്ക് വരെയുണ്ടു്. ‘എട്ടു കാശിനു് ഫ്ലാസ്ക് നേടൂ’ എന്നു് അയാൾ വിളിക്കും. ഞാൻ വീട്ടിൽ നിന്നു മോഷ്ടിച്ച എട്ടു കാശ് അയാളുടെ മുൻപിലിട്ടു് ഒരു ചുരുളെടുക്കും. അയാളതു നിവർത്തി നോക്കിയിട്ടു് പാതവക്കിലൂടെ പോകുന്ന ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും രഹസ്യമായി നോക്കി ഉറക്കെപ്പറയും. “അടിച്ചല്ലോ ഭാഗ്യവാൻ മൂടില്ലാത്ത മഷിക്കുപ്പിയൊന്നു്”. എനിക്കൊന്നും ഭാഗ്യപരീക്ഷണത്തിൽ കിട്ടിയില്ലെന്നു മാത്രമല്ല അയാൾ പറയുന്നതു്. അതിലേ പോയ പെണ്ണിന്റെ ചന്തി ഒട്ടിയതാണു് എന്നും കൂടി അതിനർത്ഥമുണ്ടു്. ഭർത്താവിനു് അതു് മനസ്സിലാകും. പക്ഷേ, വഴക്കിനു വരാൻ പറ്റുമോ? ഭാര്യയ്ക്കു മനസ്സിലാകില്ല. കാരണം ഏതൊരു സ്ത്രീയുടേയും വിചാരം താൻ പരമ സുന്ദരിയാണെന്നാണു്. എട്ടു കാശു നഷ്ടപ്പെട്ട ദുഃഖത്തോടെ ഞാൻ തല കുനിച്ചു് നടന്നകലുന്നു.

ഇതൊക്കെ ഇപ്പോൾ ഓർമ്മിക്കാൻ കാരണമുണ്ടു്. ‘ഒന്നു വച്ചാൽ രണ്ടു്’ എന്നു് ശ്രീ. പി. കെ. രാജശേഖരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ജന്തുജാതക’മെന്ന കഥയിലെ കഥാപാത്രം വിളിക്കുന്നു. അതു കേട്ടപ്പോഴാണു് എന്റെ ഓർമ്മയിലെ ചുരുളഴിഞ്ഞതു്. പക്ഷേ, ആത്മവഞ്ചനയില്ല; വഞ്ചനയോടു ചേർന്ന അശ്ലീലതയില്ല. ആനമയിലൊട്ടകക്കളവും കളിക്കാരനും കഥയിലുണ്ടു്. കളി നടത്തുന്നവന്റെ വിളിയാണിതു്. കളിച്ചവർ കളിച്ചവർ തോറ്റു പിന്മടങ്ങി. കളി നടത്തുന്നവൻ ഇവിടം വിട്ടു പോയപ്പോൾ അയാളുടെ മകൻ സ്ഥാനമേറ്റു. അവന്റെ പഴയ കൂട്ടുകാരൻ—കഥ പറയുന്നവൻ—നാണയം കടുവയുടെ പടത്തിൽവച്ചു കളിച്ചു. പക്ഷേ, സൂചി കറങ്ങിനിന്നതു് പാമ്പിന്റെ പടത്തിലാണു്. കളം ഇവിടെ ജീവിതമാണു്. നമ്മൾ കളിക്കുന്നവരും. നമ്മളൊക്കെ പരാജയപ്പെട്ടു. കളി നടത്തുന്നവൻ ജയിച്ചോ? ഇല്ല. അയാളും തോറ്റു. തോറ്റതു കൊണ്ടാണല്ലോ കളത്തിന്റെ മുൻപിൽ ആരും ചെല്ലാനില്ലാതെയായതു്. പാമ്പു് കാലമാകാം. കാലത്തിനെല്ലാം അധീനം. കഥാകാരൻ ജീവിതത്തിന്റെ പരാജയത്തെ അലിഗറിയിലൂടെ സ്ഫുടീകരിക്കുന്നു. പക്ഷേ, തികച്ചും രസശുഷ്കമായ ലാക്ഷണിക കഥയല്ല ഇതു്. കഥാകാരന്റെ ഭാഷ ചെറുകഥയ്ക്കു യോജിച്ചതല്ല എന്നതു് ഒരു ന്യൂനത. ഉപന്യാസമെഴുതുന്നതുപോലെയാണു് അദ്ദേഹം കഥയെഴുതുക. ഇംഗ്ലീഷിൽ literary expression എന്നു വിളിക്കുന്ന ആവിഷ്കാരശൈലി കഥാകാരൻ സ്വായത്തമാക്കിയിരുന്നെങ്കിൽ ഈ അലിഗറി കുറച്ചുകൂടി നന്നാകുമായിരുന്നു.

ഇസ്ലാം മതത്തിൽപ്പെട്ടവരാണു് എന്റെ സുഹൃത്തുക്കൾ എന്നു് ആദ്യം പറഞ്ഞല്ലോ. മറ്റൊരു കൂട്ടുകാരൻ അഞ്ചലാഫീസിലെ ശിപായിയായി തുടങ്ങി പോസ്റ്റുമാനായി ജീവിതം അവസാനിപ്പിച്ച അയ്യൂബായിരുന്നു. വൈകുന്നേരം ഞാൻ അഞ്ചൽ ഡിപ്പാർട്ടുമെന്റിൽ അയ്യൂബിനെ കാണാൻ ചെന്നുനില്ക്കുമ്പോൾ അദ്ദേഹം മെഴുകുരുക്കി കവറിലൊട്ടിച്ചു മുദ്ര പതിപ്പിക്കും. ശംഖും ആനകളും തെളിഞ്ഞുവരും. ദുഃഖത്തിന്റെ ചൂടുകൊണ്ടു് ഉരുകുന്ന ജീവിതമാകുന്ന മെഴുകിൽ ആകർഷകമായ ഒരു രൂപം പതിപ്പിക്കാൻ എനിക്കു കഴിഞ്ഞെങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-09-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.