സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-09-27-ൽ പ്രസിദ്ധീകരിച്ചതു്)

images/YannisRitsos.jpg
Yannis Ritsos

എന്റെ വീട്ടിന്റെ മുറ്റത്തു നില്ക്കുന്ന പനിനീർപ്പൂക്കൾക്കു് എന്തൊരു ചുവപ്പാണു്! സുന്ദരിയുടെ ചുണ്ടിനെക്കാൾ, പവിഴത്തെക്കാൾ അവയ്ക്കു് അരുണിമയുണ്ടു്. ചങ്ങമ്പുഴ യുടെ പരിവർത്തനാത്മകമായ കവിതയ്ക്കു് ഇത്രത്തോളം ചുവപ്പില്ല. വയലാർ രാമവർമ്മ യുടെ വിപ്ലവകവിതയ്ക്കും ഈ റോസാപ്പൂക്കളുടെ ശോണിമയില്ല. കെടാമംഗലം പപ്പുക്കുട്ടി യുടെ കാവ്യങ്ങൾക്കു ചുവപ്പുനിറം കൂടുതലാണു്. പക്ഷേ, അവ കാവ്യപുഷ്പങ്ങളല്ല. എന്നാൽ മഹാനായ കമ്മ്യൂണിസ്റ്റ് കവി Yannis Ritsos ഗ്രീക്ക് ആഭ്യന്തര യുദ്ധത്തെക്കുറിച്ചു് എഴുതിയ ഒരു കാവ്യത്തിൽ

You will fire a shot into the bosom

of the sky, seeking out the

sky blue target.

As if seeking through her blouse

The nipple of the woman who

tomorrow will be suckling your child

As if groping after many years

for the bolt on the gate of your

father’s house

എന്നു പറയുമ്പോൾ അതിൽ അരുണിമയുണ്ടു്, സൗന്ദര്യമുണ്ടു്, പരിമളമുണ്ടു് എന്നു് അനുവാചകൻ അറിയുന്നു.

മരിക്ക സാധാരണമീവിശപ്പിൽ

ദ്ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം

ഐക്യക്ഷയത്താൽ അടിമശ്ശവങ്ങ-

ളടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം

എന്നു വള്ളത്തോൾ എഴുതുമ്പോൾ ചുവന്ന പനിനീർപ്പൂവാണു് ആ കാവ്യമെന്നും അനുവാചകൻ കാണുന്നു.

വീട്ടുമുറ്റത്തു നിശാഗന്ധിയുടെ വെൺമ. ഈ ധവളിമ വേറെ എവിടെയുണ്ടു്? അന്തരീക്ഷത്തിൽ അനങ്ങാതെ നില്ക്കുന്ന വാരിദശകലത്തിനു് ആ വെൺമയുണ്ടു്. വീട്ടുമുറ്റത്തിനപ്പുറം, മതിലിനപ്പുറം, പാതയ്ക്കപ്പുറം കാണുന്ന വയലിൽ വന്നിരുന്നു തപസ്സുചെയ്യുന്ന കൊക്കിനുമുണ്ടു് ആ നിറം. പ്രഭാതത്തിൽ അമ്പലത്തിലേക്കു് ഈ വഴി പോകുന്ന തരുണിയുടെ വസ്ത്രങ്ങൾക്കു് ഈ ധവളിമ, അവളുടെ ചാരിത്രത്തിനു് ഈ വെൺമ പിന്നെയോ?

തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-

ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പിൽ

വടിവൊടവൾ വിളങ്ങി വാനിൽനിന്നും

ഝടിതി പതിച്ചൊരു കൊച്ചു താരപോലെ

എന്ന കാവ്യം ധവളാഭ കലർന്നു വിലസുന്നു. വേമ്പനാട്ടു കായലിലെ ഓളങ്ങളുടെ മുകളിലായി കളിവഞ്ചിയിൽ സഞ്ചരിക്കുന്ന ഞാൻ ഉയർന്നും താണും മറുകരെ എത്തുന്നതുപോലെ ഇത്തരം കാവ്യലയങ്ങളിലൂടെ സത്യസൗന്ദര്യങ്ങളുടെ ലോകത്തു് പ്രവേശിക്കുന്നു. വീട്ടുമുറ്റത്തെ പൂക്കളേ, നിങ്ങളെ എനിക്കു വേണ്ടെന്നു വയ്ക്കാം. ഈ കാവ്യപുഷ്പങ്ങളെ നിരാകരിക്കാനാവില്ല.

ടി. പത്മനാഭൻ

പുരുഷനും സ്ത്രീയും പരിഹാസ പാത്രങ്ങളാവുന്നതെപ്പോൾ? വൃദ്ധൻ യുവതിയോടു പ്രേമാഭ്യർത്ഥന നടത്തുമ്പോൾ അയാൾ പരിഹാസപാത്രം. വൃദ്ധ യുവാവിന്റെ മുൻപിൽ കന്യകയുടെ സംഭ്രമം കാണിക്കുമ്പോഴും അതേ അവസ്ഥയുണ്ടാകുന്നു.

ജന്തുശാല. അവിടുത്തെ പക്ഷിക്കൂടു്. അതിനകത്തു് ഒറ്റപ്പക്ഷി. പക്ഷിയെന്നു പറഞ്ഞതുകൊണ്ടു ചെറുതാണെന്നും മറ്റും വിചാരിക്കേണ്ടതില്ല. ഏതാണ്ടു മയിലിനോളം വരും. അതു മഞ്ഞച്ചായമടിച്ച കൊക്കു നീട്ടി പക്ഷിക്കൂടിന്റെ ഇരുമ്പുവലയിലെ ദ്വാരങ്ങളിലൂടെ അകലെ നോക്കുന്നു. അവിടെയാകെ ബുഗൻവിലി എന്ന വള്ളിച്ചെടികൾ. അവയിലാകെ വയലെറ്റ് പൂക്കൾ. ഇലകളെക്കാൾ കൂടുതലാണു പൂക്കൾ. ആ പൂക്കളെ ഇഷ്ടമാണോ ആ പക്ഷിക്കു്? പൂക്കൾക്കും പക്ഷിയെ ഇഷ്ടമായിരിക്കാം. അതുകൊണ്ടാണല്ലോ കൂട്ടിനകത്തുനിന്നു വരുന്ന നോട്ടത്തിനനുസരിച്ചു് അവ നൃത്തമാടുന്നതു്.

images/TPadmanabhan.jpg
ടി. പത്മനാഭൻ

ടി. പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥയിൽ (കലാകൗമുദി) മഞ്ഞച്ചായത്തിന്റെ കൃത്രിമത്വം ഒട്ടുമില്ലാതെ നോട്ടമെറിയുന്നതു് ഒരാചാര്യനാണു്. ആ ആചാര്യന്റെ വീക്ഷണത്തിനു യോജിച്ച വിധത്തിൽ മാനസോല്ലാസത്തോടെ നൃത്തംവയ്ക്കുന്നതു് ഒരു തരുണിയാണു്. ഈ പരസ്പരാധനത്തിനു ശേഷം അവൾ മറ്റൊരുവന്റെ സഹധർമ്മിണിയാകുന്നു. ഭാര്യയുടേയും ആചാര്യന്റെയും പാവനബന്ധത്തെ തെറ്റിദ്ധരിക്കുന്നു ഭർത്താവു്. അതിൽ ആശയറ്റവളായി പ്രതിനിമിഷം മരണത്തിലേക്കു നീങ്ങുന്നു ആ പാവപ്പെട്ട സ്ത്രീ. ജീവിതാസ്തമയത്തിൽ അവർ മകളെ വിളിച്ചു വരുത്തി താൻ എഴുതിവച്ച ഡയറിക്കുറിപ്പുകൾ ഭർത്താവിലൂടെ അവൾക്കു നല്കുന്നു. ജീവിതമാകുന്ന കടൽ കാണാൻ കഴിയാത്ത ഒരു സ്ത്രീയുടെ നിഷ്ക്കളങ്കതയുടെ ചിത്രം കഥാകാരൻ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളും ഭാവനയും പ്രദാനം ചെയ്യുന്ന ചാപല്യങ്ങൾക്കു വിധേയയായി ജീവിതം നഷ്ടപ്പെടുത്തിയ സ്ത്രീയല്ല ഇക്കഥയിലുള്ളതു്. മൃദുലതയോടെ ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചവരാണു് അവർ. അവരുടെ അന്ത്യം നമ്മെ സ്പർശിക്കുന്ന വിധത്തിൽ കഥാകാരൻ കഥ പറഞ്ഞിട്ടുണ്ടു്. അർദ്ധരാത്രി മഴ തകർത്തുപെയ്യുമ്പോൾ ഒരു മിന്നൽപ്രവാഹമുണ്ടായിയെന്നു കരുതൂ. അപ്പോൾ വർഷപാതമേറ്റു് നനഞ്ഞു നില്ക്കുന്ന മാമരത്തിന്റെ ആർദ്രത ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം നേരമെങ്കിലും നമ്മുടെ കണ്ണിൽ വന്നുവീഴില്ലേ? ആ ആർദ്രതയാണു് കലയുടെ മിന്നലൊളിയിലൂടെ പത്മനാഭൻ നമുക്കു കാണിച്ചുതരുന്നതു്.

അടുത്തകാലത്തു് ഞാൻ ജന്തുശാലയിൽ പോയിരുന്നു. പക്ഷി അതിന്റെ കൂട്ടിലില്ല. വയലിറ്റ്പ്പൂക്കളുമില്ല.

ചോദ്യം, ഉത്തരം

ചോദ്യം: പുരുഷനും സ്ത്രീയും പരിഹാസപാത്രങ്ങളാവുന്നതു് എപ്പോൾ?

ഉത്തരം: വൃദ്ധൻ യുവതിയോടു പ്രേമാഭ്യർത്ഥന നടത്തുമ്പോൾ അയാൾ പരിഹാസപാത്രം. വൃദ്ധ യുവാവിന്റെ മുൻപിൽ കന്യകയുടെ സംഭ്രമം കാണിക്കുമ്പോഴും അതേ അവസ്ഥയുണ്ടാകുന്നു.

ചോദ്യം: ആരുമില്ലാത്തിടത്തു് ഇരുന്നു സ്ത്രീയും പുരുഷനും സംസാരിക്കുന്നതിൽ തെറ്റുണ്ടോ?

ഉത്തരം: രണ്ടു പാടങ്ങളുടെ മധ്യത്തിലുള്ള വരമ്പിലൂടെ നടക്കുമ്പോൾ സൂക്ഷിച്ചു കാലുവച്ചില്ലെങ്കിൽ പാടത്തിൽച്ചെന്നു വീഴും. അതുപോലെ സ്ത്രീയും പുരുഷനും ഏകാന്തതയിൽ ദീർഘനേരം സംസാരിച്ചിരുന്നാൽ അസഭ്യത്തിൽ അറിയാതെ വഴുതിവീഴും. പുരുഷൻ എത്ര നന്മയുള്ളവനാണെങ്കിലും മുൻപിലിരിക്കുന്നതു് ആകർഷകത്വമുള്ളവളാണെങ്കിൽ നല്ല വിചാരങ്ങൾ ക്രമേണ ചീത്ത വിചാരങ്ങളായി മാറും.

ചോദ്യം: ഏതു തെമ്മാടിക്കും സാഹിത്യവാരഫലം എഴുതിക്കൂടേ?

ഉത്തരം: എഴുതാം. ഏതു മുഴുത്തെമ്മാടിക്കും അതിനെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം.

ചോദ്യം: ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും കാലസങ്കല്പത്തെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ടു്?

ഉത്തരം: ക്രൈസ്തവ സങ്കല്പം ഋജുരേഖയിലൂടെ. ഭൂതം, വർത്തമാനം, ഭാവി ഇവ ക്രമാനുഗതമായി വരുന്നു. ഹൈന്ദവ സങ്കല്പം ചാക്രികം. ഒരു ചക്രത്തിൽ മൂന്നു കാലങ്ങളും വർത്തിക്കുന്നു.

ചോദ്യം: കൃസ്തു എന്നെഴുതണോ അതോ ക്രിസ്തു എന്നോ?

ഉത്തരം: ക്രൈസ്തവം എന്നെഴുതുന്നതു് എങ്ങനെ? നിങ്ങൾ ശരിയായിത്തന്നെ എഴുതിയല്ലോ. അതിനാൽ ക്രിസ്തു എന്നുവേണം.

ചോദ്യം: പ്രസവവേദനയിൽ പുളയുന്ന സ്ത്രീ ഭർത്താവിനെ ‘ദുഷ്ടൻ’, ‘കാലമാടൻ’ എന്നൊക്കെ വിളിക്കുന്നതു ശരിയാണോ?

ഉത്തരം: തീവ്രവേദനയിൽപ്പെട്ടുഴലുമ്പോൾ ആരെ എന്തു വിളിച്ചാലും തെറ്റില്ല. ദൗർഭാഗ്യം വരുമ്പോൾ ചിലർ പൂജാമുറി തകർത്തുകളയാറുണ്ടു്. ഈശ്വരന്റെ ചിത്രം ചവിട്ടി കീറാറുണ്ടു്. യാതനമാറുമ്പോൾ അയാൾ വീണ്ടും പൂജിച്ചുതുടങ്ങും. ഭർത്താവിനെ ഭർത്സിക്കുന്ന സ്ത്രീ പെറ്റുകഴിഞ്ഞാൽ അയാളെ സ്നേഹിക്കും.

ചോദ്യം: ബലാത്സംഗത്തിനു വധശിക്ഷ നല്കേണ്ടതല്ലേ?

ഉത്തരം: നിയമമൊന്നും എനിക്കറിഞ്ഞുകൂടാ. സൂചിയിൽ നൂലു കോർക്കണമെങ്കിൽ സൂചി അചഞ്ചലമായി നിന്നാലേ പറ്റുകയുള്ളുവെന്നു് ബൽസാക്ക് പറഞ്ഞിട്ടുണ്ടു്.

ചോദ്യം: നിങ്ങൾ ഒരു നവവധുവിനെ അവളുടെ തലയിൽതൊട്ടു അനുഗ്രഹിക്കുന്നതു കണ്ടു. നിങ്ങൾ ദിവ്യനോ?

ഉത്തരം: ദിവ്യനല്ല. അതൊരു ചടങ്ങായി മാത്രം കരുതിയാൽ മതി. എന്നാൽ ഈശ്വരസാക്ഷാത്കാരമുള്ളവർ വിരലുകളുടെ അറ്റംകൊണ്ടു അന്യന്റെ ഉച്ചിയിൽ തൊട്ടാൽ അദ്ദേഹത്തിന്റെ ശക്തിവിശേഷം ആ അന്യന്റെ സഹസ്രാരചക്രത്തിലേക്കു കടന്നുചെല്ലാം. അയാൾക്കു് അതു പരിവർത്തനമുണ്ടാക്കും.

ചോദ്യം: നിങ്ങൾ കൃത്യനിഷ്ഠയുള്ളവനാണോ?

ഉത്തരം: അല്ല. സമയനിഷ്ഠ കേരളത്തിലെന്നല്ല ഭാരതത്തിലാകെ ആപത്തുണ്ടാക്കുന്നതാണു്. അഞ്ചുമണിക്കു് തുടങ്ങുമെന്നു് അറിയിച്ച സമ്മേളനത്തിനു് ‘കാറ് വേണ്ട, ഞാൻ അഞ്ചുമണിക്കു് അവിടെ എത്തിക്കൊള്ളാം.’ എന്നു പറഞ്ഞു് അഞ്ചുമണിക്കുതന്നെ ചെന്നുനോക്കൂ. ഒഴിഞ്ഞ സമ്മേളനസ്ഥലമായിരിക്കും അവിടെ കാണുക. പ്രവർത്തകർപോലും കാണില്ല. പത്തുമണിക്കു പുറപ്പെടുന്ന ബസ്സിൽ പോകാൻ ചെല്ലൂ. ഒന്നുകിൽ പത്തരയ്ക്കാവും അതു പോവുക. അല്ലെങ്കിൽ പത്തിനു പത്തു മിനിറ്റുള്ളപ്പോൾ പോയിരിക്കും.

ഹരികുമാർ
images/HenriPoincare.jpg
ആങ്റി പ്വങ്കറേ

ആങ്റി പ്വങ്കറേ (Henri Poincare, 1854–1912) എന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ സർഗ്ഗാത്മകത്വത്തെക്കുറിച്ചു് എഴുതിയിട്ടുണ്ടു്. മനുഷ്യന്റെ ബോധമണ്ഡലം സങ്കുചിതമാണെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അബോധമണ്ഡലം വ്യാപ്തിയുള്ളതും. സങ്കുചിതമായ ബോധമണ്ഡലത്തിനു് വിഭിന്നങ്ങളായ സങ്കലനങ്ങൾ (different combinations) ഉളവാക്കാൻ കഴിയുകയില്ല. അബോധമണ്ഡലത്തിനു് അതിനു സാധിക്കുകയും ചെയ്യും. പ്വങ്കറേയുടെ ആശയം ഇവിടെ അവസാനിക്കുന്നു. ഇനി ഞാൻ നൽകുന്നതു് എന്റെ വിശദീകരണം. സ്ഥിരീകൃതനിയമങ്ങൾ അനുസരിച്ചാണു് ബോധമണ്ഡലം ബിംബങ്ങളെയോ സംഖ്യകളെയോ കൂട്ടിയിണക്കുന്നതു്. അബോധമണ്ഡലത്തിനു നിയമങ്ങളില്ല. അത്ഭുതാവഹമായ രീതിയിൽ അതു കണ്ടുപിടിത്തങ്ങൾ നടത്തും. സ്ഥിരതയുള്ള നിയമങ്ങളനുസരിച്ചു സൃഷ്ടി നടത്തുമ്പോൾ അതു യാന്ത്രികമായിത്തീരും. ഈ യാന്ത്രികസ്വഭാവമാണു നവീനകഥകൾക്കുള്ളതു്. അജാഗരിതഹൃത്തിന്റെ സ്പന്ദനങ്ങളോ അത്ഭുതങ്ങളോ അവയിലില്ല. ഹരികുമാറി ന്റെ ‘അലക്കുയന്ത്രം’ എന്ന ചെറുകഥ (കലാകൗമുദി) നവീന കഥാവിഭാഗത്തിൽ പെടുന്നില്ലെങ്കിലും അതിനു യാന്ത്രിക സ്വഭാവം വന്നു പോയി. സാമ്പത്തികമായി ഔന്നത്യം നേടിയ ഒരു കുടുംബം. അവിടെ ആധുനികങ്ങളായ എല്ലാ ഉപകരണങ്ങളുമുണ്ടു്. സ്വയം പ്രവർത്തിക്കുന്ന അലക്കുയന്ത്രം. ആള് പ്രവർത്തിപ്പിക്കേണ്ട മറ്റൊരു അലക്കുയന്ത്രം. ആദ്യത്തേതു് അന്യരെ കാണിച്ചു് സ്വന്തം പകിട്ടും മേന്മയും കൂട്ടാൻ. രണ്ടാമത്തേതു അഴുക്കായ വസ്ത്രങ്ങൾ അലക്കാനുള്ളതു തന്നെ.

ജീനിയസ്സുകളോടു സംസാരിച്ചിട്ടുണ്ടോ? പ്രാണനും കൊണ്ടു ഓടാൻ തോന്നും. അത്രയ്ക്കു വിരസമാണു് അവരുടെ വർത്തമാനം. ചിലർ മിണ്ടുകയേ ഇല്ല. സംഭാഷണവൈദഗ്ദ്ധ്യം ഒരനുഗ്രഹമാണു്.

ദാരിദ്ര്യത്തിന്റെ ലോകത്തിനു പ്രതിനിധീഭവിക്കുന്ന വേലക്കാരി ആ വീട്ടിൽ ദിവസവും വരുന്നു. ജോലി ചെയ്യുന്നു. പോകുന്നു. പരിചാരികയുടെ വീട്ടിൽ അലക്കുയന്ത്രമുണ്ടോ എന്നു ധനികയുടെ നിഷ്ക്കളങ്കമായ കൊച്ചുമകൾ ചോദിക്കുന്നു. ഉണ്ടു്, കേടായിക്കിടക്കുന്നു എന്നു് അവളുടെ മറുപടി. അതു് ശരിയാണോ എന്നറിയാൻ കുഞ്ഞു് പരിചാരികയുമൊത്തു് അവളുടെ വീട്ടിലെത്തുമ്പോൾ മരണത്തോടു് അടുത്തു കിടക്കുന്ന അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ടു് അവൾ പറയുന്നു അവർ തന്നെയാണു് കേടായിപ്പോയ അലക്കുയന്ത്രമെന്നു്. ചുഴലിക്കാറ്റു് അടിക്കുമ്പോൾ അതു ചുഴികളുണ്ടാക്കി അതിൽപ്പെട്ടുപോയ കരിയിലകളെ വട്ടംകറക്കി ഒരു സൂച്യാകാരം ഉണ്ടാക്കുന്നതുപോലെ ഒരു നൂതനനിർമ്മാണം ഹരികുമാർ നടത്തുന്നില്ല. കാരണം സ്വർഗ്ഗപ്രക്രിയയുടെ ചുഴലിക്കാറ്റു് അദ്ദേഹത്തിന്റെ അജാഗരിതഹൃത്തിൽ ഇല്ല എന്നതുതന്നെയാണു്. വെറുമൊരു വേലക്കാരി അലങ്കാരഭാഷയിൽ അമ്മയെ കേടായ വാഷിങ് മെഷ്യനായി വർണ്ണിക്കുമോ എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല. ദാരിദ്ര്യത്താൽ തകർന്നടിഞ്ഞ സ്ത്രീ കേടുപറ്റിയ അലക്കുയന്ത്രമാണെന്ന ആശയം ആദ്യമുണ്ടാവുകയും അതിനെ (ആശയത്തെ) യാന്ത്രികമായി ചിത്രീകരിക്കുകയും ചെയ്യുകയല്ലേ ഹരികുമാർ എന്നു ഞാൻ ചോദിച്ചുപോകുന്നു. ഭാവനയുടെ സമ്പന്നതയില്ലാത്ത ഒരു ‘മെക്കാനിക്കൽ സ്റ്റോറി’.

നിരീക്ഷണങ്ങൾ
  1. ജീനിയസ്സുകളോടു സംസാരിച്ചിട്ടുണ്ടോ? പ്രാണനുംകൊണ്ടു് ഓടാൻ തോന്നും. അത്രയ്ക്കു വിരസമാണു് അവരുടെ വർത്തമാനം. ചിലർ മിണ്ടുകയേ ഇല്ല. സംഭാഷണവൈദഗ്ദ്ധ്യം ഒരനുഗ്രഹമാണു്. അങ്ങനെയുള്ള അനുഗ്രഹീതരുമുണ്ടു്. എനിക്കറിയാവുന്ന സംഭാഷണവിദഗ്ദ്ധരിൽ അദ്വിതീയൻ ചങ്ങമ്പുഴ കൃഷ്ണപിള്ള യാണു്. മൂന്നു മണിക്കൂർ നേരം അദ്ദേഹം തുടരെസ്സംസാരിച്ചാലും നമുക്കു മുഷിയില്ല. മാധവിക്കുട്ടി യും സംഭാഷണവിദഗ്ദ്ധയാണു്. വാതോരാതെ സംസാരിച്ചു ശ്രോതാവിനെ ക്ലേശിപ്പിക്കുന്നതു ശരിയല്ല. ഒരു സാഹിത്യകാരൻ സംസാരിക്കാൻ തുടങ്ങിയാൽ പൂർണ്ണവിരാമമിടുകയില്ല. കോമപോലും കാണില്ല. കോമയിട്ടാൽ അവിടെ ബലാൽക്കാരമായി ഒരു വാക്കു കടത്തിക്കൊണ്ടു് ശ്രോതാവിനു ചിലതു പറയാമല്ലോ. അതിനുപോലും അദ്ദേഹം സമ്മതിക്കില്ല. പ്രസിദ്ധനായ ജോസഫ് ചാഴിക്കാടൻ ഈ സാഹിത്യകാരനെ പരാജയപ്പെടുത്തണമെന്നു തീരുമാനിച്ചു് അദ്ദേഹത്തിന്റെ ഓഫീസിലേക്കു നടന്നു. ഓഫീസിന്റെ പടിക്കെട്ടു കയറുമ്പോൾത്തന്നെ ചാഴിക്കാടൻ സംസാരം തുടങ്ങി. Please come in എന്നു സാഹിത്യകാരൻ പറഞ്ഞിട്ടും ചാഴിക്കാടൻ കോമയിട്ടില്ല. സംസാരിച്ചുകൊണ്ടു് അകത്തേക്കു കയറി. സംസാരത്തോടെ കസേരയിലിരുന്നു. ഒരു മണിക്കൂർനേരം പെരുവെള്ളപ്പാച്ചിൽപോലെ വാക്കുകളുടെ പ്രവാഹം. എന്നിട്ടു സംസാരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റു. മുറിയിൽനിന്നു നടന്നു പുറത്തേക്കു പോകുമ്പോഴും പടിക്കെട്ടിറങ്ങുമ്പോഴും ചാഴിക്കാടൻ പദപ്രവാഹം നിറുത്തിയില്ല. അദ്ദേഹമങ്ങു പോയി. സാഹിത്യകാരൻ വാതുറന്നു കണ്ണുതള്ളി ഇരുന്നുപോയി. വേറൊരു എഴുത്തുകാരനെ ചില ആവശ്യങ്ങളുടെ പേരിൽ ഞാൻ ടെലെഫോണിൽ വിളിക്കാറുണ്ടു്. ഒന്നുകിൽ അദ്ദേഹത്തിന്റെ രചനയെക്കുറിച്ചുള്ള സംശയം തീർക്കാൻ; അല്ലെങ്കിൽ മലയാളത്തിലെ ഏതു കൃതിക്കാണു് സമ്മാനം കിട്ടേണ്ടതെന്നു ചോദിക്കാൻ. പക്ഷേ, അദ്ദേഹം ടെലെഫോൺ എടുത്താലുടനെ സ്വന്തം കാര്യം പറഞ്ഞുതുടങ്ങും. ഫുൾസ്റ്റോപ്പില്ല, കോമയില്ല. പതിനഞ്ചു മിനിട്ടുനേരം ഇടവിടാതെ സംസാരിച്ചിട്ടു് ഒ. കെ. എന്നുപറഞ്ഞു റിസീവർ വയ്ക്കും. എന്റെ സംശയം സംശയമായിത്തന്നെ അവശേഷിക്കും. ഇതെല്ലാം ഒരുതരത്തിലുള്ള എഗ്രെഷനാണു് (aggression), ആരും ചെയ്തുകൂടാത്ത ആക്രമണം.
  2. ഇടിനാദം കേട്ടു ഞാൻ ഞെട്ടും. ഞാനെന്നല്ല, എല്ലാവരും ഞെട്ടും. മിന്നൽപ്രവാഹത്തിൽ ഞെട്ടുകയില്ല. എന്നാൽ പേടിക്കേണ്ടതു് മിന്നലിനെയാണു്. അതു് നമ്മളെ ഭസ്മമാക്കിക്കളയും. ദേഷ്യപ്പെട്ടു ശബ്ദമുയർത്തുന്ന ഉദ്യോഗസ്ഥനെ ഭയപ്പെടേണ്ട കാര്യമില്ല. മിണ്ടാതിരുന്നു വെറുതെ മുൻപിൽ നില്ക്കുന്ന ആളിനെ പുഞ്ചിരിയോടെ നോക്കുന്നവനെ പേടിക്കണം. അയാളെ ആ മനുഷ്യൻ നശിപ്പിച്ചുകളയും. ഒരുദ്യോഗസ്ഥൻ ഓഫീസിലെ ശിപായിയെ വീട്ടുജോലിക്കാക്കി. മുണ്ടു നനയ്ക്കൽ അയാളുടെ ജോലി. സോപ്പ് കൂടുതൽ ചെലവാക്കുന്നു. മുണ്ടുകൾ വെളുക്കുന്നില്ല എന്നു് ഉദ്യോഗസ്ഥന്റെ ഭാര്യ അയാളോടു പറഞ്ഞപ്പോൾ ‘കൊച്ചമ്മാ, എനിക്കിതേ അറിയാവൂ’ എന്നു് അയാൾ മറുപടി പറഞ്ഞു. വീട്ടിലെ ജോലി കഴിഞ്ഞു് ഓഫീസിൽ ജോലിക്കെത്തിയ അയാളെ ഉദ്യോഗസ്ഥൻ വിളിച്ചപ്പോൾ ഞാൻകൂടി അവിടെയുണ്ടായിരുന്നു. സ്റ്റാലിൻ വധിക്കാൻ പോകുന്ന ആളിനോടു ദേഷ്യപ്പെടുകയില്ലെന്നും ഇടതുകണ്ണു് ഒന്നിറുക്കി പുഞ്ചിരി പൊഴിക്കുകയേയുള്ളുവെന്നും സോൾഷെനിറ്റ്സിൻ എഴുതിയതു വായിച്ചിട്ടുണ്ടു്. ഉദ്യോഗസ്ഥൻ സോപ്പ് കൂടുതൽ ചെലവാക്കിയ ശിപായിയുടെ നേർക്കു ഇടതുകണ്ണിറുക്കി പുഞ്ചിരിയിട്ടു. “താൻ നാളെ മുതൽ ജോലിക്കു വരണ്ട” എന്നാജ്ഞാപിച്ചു. കണ്ടിൻജൻസി ജീവനക്കാരനെ ഡിസ്മിസ് ചെയ്യാൻ അദ്ദേഹത്തിനു അധികാരമുണ്ടു്. പറഞ്ഞയയ്ക്കപ്പെട്ട ശിപായി തിരുവനന്തപുരത്തെ പേരൂർക്കട എന്ന സ്ഥലത്തു് റോഡിലിരുന്നു ഭിക്ഷ യാചിക്കുന്നതു ഞാൻ പിന്നീടു കണ്ടു. അക്കാലത്തു് മൂല്യംകൂടിയ ഒരു പത്തു രൂപ നോട്ടു് ഞാൻ ആ പാവത്തിന്റെ കൈയിലിട്ടു. അയാൾ അധികം വൈകാതെ മരിച്ചുപോയി. ഉദ്യോഗസ്ഥൻ പിന്നീടു് അർബ്ബുദം വന്നു മരിച്ചു. ആരെയും ദ്രോഹിക്കരുതു്. ആക്ഷനു റിയാക്ഷനുണ്ടു്. ന്യൂട്ടന്റെ സിദ്ധാന്തം എല്ലാത്തലങ്ങളിലും ശരിയാണു്.
കടവനാടു് കുട്ടിക്കൃഷ്ണൻ

തീവ്രവേദസോൾഷെനിറ്റ്സിൻനയിൽപ്പെട്ടുഴലുമ്പോൾ ആരെ എന്തു വിളിച്ചാലും തെറ്റില്ല ദൗർഭാഗ്യം വരുമ്പോൾ ചിലർ പൂജാമുറി തകർത്തുകളയാറുണ്ടു്. ഈശ്വരന്റെ ചിത്രം ചവിട്ടിക്കീറാറുണ്ടു്. യാതന മാറുമ്പോൾ അയാൾ വീണ്ടും പൂജിച്ചു തുടങ്ങും. ഭർത്താവിനെ ഭർത്സിക്കുന്ന സ്ത്രീ പെറ്റുകഴിഞ്ഞാൽ അയാളെ സ്നേഹിക്കും.

ശിവഗിരിയിലോ അതിനടുത്തോ വച്ചു കൂടിയ ഒരു സമ്മേളനത്തിൽ പ്രസംഗിക്കവേ ഞാൻ അങ്ങു പറഞ്ഞുപോയി ഔപചാരികം എന്ന പ്രയോഗത്തിനു് formal എന്ന അർത്ഥമില്ല എന്നു്. ശ്രീരാമനെ പൂജിക്കാൻ വയ്യാത്തതിനാൽ ശ്രീരാമന്റെ പ്രതിമയെ വച്ചു പൂജിക്കുന്നതു ഔപചാരിക കർമ്മം. മുഖ്യം എന്നതിന്റെ വിപരീതപദമാണു് ഔപചാരികം. secondary എന്നേ അതിനർത്ഥമുള്ളു. അതിനാൽ ‘ഞാൻ ഈ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു’ എന്നു പ്രഭാഷകൻ പറയുന്നതു് രണ്ടാംതരം തെറ്റല്ല, ഒന്നാന്തരം തെറ്റാണു്. സ്വാഗത പ്രഭാഷണം നടത്തിയ ആൾ ഔപചാരികം എന്നു പറഞ്ഞുവെന്നു ഞാനറിഞ്ഞതേയില്ല. എന്താണു് പ്രസംഗിക്കേണ്ടതെന്നു് ആലോചിച്ചിരുന്ന ഞാൻ സ്വാഗത പ്രഭാഷണം കേട്ടില്ല. എന്റെ പ്രഭാഷണത്തിൽ ആ വാക്കിനെ കുറിച്ചു് പറഞ്ഞതു് തന്നെ ആക്ഷേപിക്കാനാണു് എന്നു് തെറ്റിദ്ധരിച്ച ആ സ്വാഗതപ്രഭാഷകൻ കരുതിക്കൂട്ടി കൃതജ്ഞത പ്രകാശിപ്പിക്കാൻ കയറി. തൊടുത്തിനു് അഞ്ഞൂറു തവണ ഔപചാരികം എന്ന വാക്കു പ്രയോഗിച്ചു. ഞാൻ പറഞ്ഞതിനെ പുല്ലുപോലെ കരുതുന്നു എന്നു വരുത്താൻ അദ്ദേഹം ആ പ്രയോഗം വീണ്ടും വീണ്ടും പറഞ്ഞപ്പോൾ ഞാൻ സംശയിച്ചു് അടുത്തിരുന്ന അധ്യക്ഷനോടു “സാർ ഇദ്ദേഹം സ്വാഗതം ആശംസിച്ചപ്പോൾ ഔപചാരികമെന്നു പറഞ്ഞോ?” എന്നു ചോദിച്ചു.“പറഞ്ഞു” എന്നു് അദ്ധ്യക്ഷന്റെ മറുപടി.

images/KadavanaduKuttykrishnan.jpg
കടവനാടു കുട്ടികൃഷ്ണൻ

സമ്മേളനം കഴിഞ്ഞു് വേദിയിൽ നിന്നു താഴത്തേക്കു വന്നപ്പോൾ അഭിജാതനും അന്തസ്സാർന്നവനുമായ ഒരാൾ എന്റെ അടുക്കലെത്തി തെറ്റുകൾ പരസ്യമായി തിരുത്തരുതെന്നു് ഉപദേശിച്ചു. “തിരുത്തിയതല്ല ഞാൻ. സ്വാഗതപ്രഭാഷകൻ ആ വാക്കു പ്രയോഗിച്ചതു ഞാൻ കേട്ടതേയില്ല” എന്നു എന്റെ മറുപടി. “താങ്കൾ ആരെന്നറിഞ്ഞാൽ കൊള്ളാം” എന്നു വിനയത്തോടെ ഞാൻ പറഞ്ഞപ്പോൾ “കടവനാടു കുട്ടികൃഷ്ണൻ ” എന്നു അദ്ദേഹം മറുപടി നല്കി. അന്നു് ആദ്യമായി ഞാൻ ആ കവിയെ കണ്ടു. ഏതാനും മാസങ്ങൾക്കുമുമ്പു് ഇടപ്പള്ളിയിൽ ചങ്ങമ്പുഴ നഗറിൽ ചങ്ങമ്പുഴയെക്കുറിച്ചു് ഞാൻ പ്രസംഗിച്ചിട്ടു് സദസ്സിനിടയിലേക്കു ചെന്നപ്പോൾ അവിടെ നില്ക്കുന്നുണ്ടായിരുന്നു മന്ദഹാസമാധുര്യത്തോടെ കടവനാടു കുട്ടിക്കൃഷ്ണൻ. കൂടെ കവി സി. കൃഷ്ണൻനായരുമുണ്ടായിരുന്നു.

images/Akkithamachuthan.jpg
അക്കിത്തം

കടവനാടു കുട്ടിക്കൃഷ്ണന്റെ ചില കാവ്യങ്ങൾ മനോഹരങ്ങളാണു്. മറ്റു ചിലതു ശുഷ്ക്കങ്ങളും. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘മുട്ടറുക്കുക’ എന്ന കാവ്യം നോക്കുക. സവിശേഷമായ വികാരത്തെ മനുഷ്യവികാരത്തിന്റെ പ്രകാശത്തിൽ വച്ചു നിരീക്ഷണം ചെയ്യാൻ കഴിയാത്ത രസശുഷ്കമായ കാവ്യമാണതു്. കടവനാടു കുട്ടിക്കൃഷ്ണൻ എന്ന പേരിലല്ല ഈ കാവ്യം വന്നതെങ്കിൽ ഒരു പത്രാധിപരും അതു പരസ്യപ്പെടുത്താൻ സന്നദ്ധനാവുകയില്ല. ഒരു നല്ല മനുഷ്യന്റെ, നല്ല കവിയുടെ ചുടലച്ചാരത്തിന്റെ ചൂടു മാറുന്നതിനുമുമ്പു് അദ്ദേഹത്തിന്റെ കാവ്യത്തെ വിമർശിക്കുന്ന എന്റെ നൃശംസതയ്ക്കു മാപ്പു കൊടുത്താലും. വിമർശകൻ തനിക്കു തോന്നുന്നതല്ലേ പറയാവൂ.

വിധിയുടെ രൂപത്തിൽ വരുന്ന മരണത്തെ കവി കുട്ടിക്കൃഷ്ണൻ കണ്ടിരുന്നില്ലെന്നു വ്യക്തം. എങ്കിലും അതു വന്നു. അന്ധകാരത്തിൽ പ്രകാശം പ്രസരിപ്പിക്കുന്നവനാണു് കവി. അതിനു ശ്രമിച്ചിരുന്ന കവിയെ മരണം ഗ്രസിച്ചു. അതിനുശേഷമേ വിലപ്പെട്ടതായിരുന്നു ആ ജീവിതമെന്നു നമ്മളറിയൂ.

ആ അഭിവന്ദ്യ മിത്രത്തിന്റെ ചരമത്തിൽ മനസ്സു നൊന്തു് കേഴുന്ന അക്കിത്തത്തെ ഞാൻ അദ്ദേഹത്തിന്റെ “ലക്ഷ്മണന്റെ വിഷാദം” എന്ന പ്രബന്ധത്തിൽ കണ്ടു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ശ്രീരാമന്റെ വേർപാടിൽ ലക്ഷ്മണൻ ദുഃഖിക്കുന്നു. ആർജ്ജവമാണു് ആ പ്രബന്ധത്തിന്റെ മുദ്ര. അതു വായിച്ചപ്പോൾ ഇതെഴുതുന്ന ആളും ആർദ്രനയനങ്ങളോടെ ഇരുന്നു. കെ. വി. രാമകൃഷ്ണൻ ആശുപത്രിയിലെത്തിയ കടവനാടു് കുട്ടിക്കൃഷ്ണമേനോനോടു ചോദിച്ചു സ്നേഹിതന്മാരെ ഒന്നറിയിക്കട്ടോ എന്നു്. വേണ്ടെന്നു് അദ്ദേഹം പറഞ്ഞു. വിധിയുടെ മട്ടിൽവരുന്ന മരണത്തെ കവി കുട്ടിക്കൃഷ്ണൻ കണ്ടിരുന്നില്ലെന്നു വ്യക്തം. എങ്കിലും അതു വന്നു. അന്ധകാരത്തിൽ പ്രകാശം പ്രസരിപ്പിക്കുന്നവനാണു കവി. അതിനു ശ്രമിച്ചിരുന്ന കവിയെ മരണം ഗ്രസിച്ചു. അതിനുശേഷമേ വിലപ്പെട്ടതായിരുന്നു ആ ജീവിതമെന്നു നമ്മൾ അറിയൂ.

ഓർമ്മകൾ
  1. അനുഗൃഹീതനായ കവി വൈലോപ്പിള്ളി സാഹിത്യപ്രവർത്തക സംഘത്തോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാലം. ഞാൻ അവതാരികയെഴുതിയ ഒരു കാവ്യഗ്രന്ഥം വിതരണത്തിനു് എടുക്കണമെന്ന അഭ്യർത്ഥനയുമായി കവി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന വൈലോപ്പിള്ളിയെ ചെന്നു കണ്ടു. ഞാൻ മുറിക്കുള്ളിലേക്കു പോയില്ല. വെളിയിൽനിന്നതേയുള്ളു. പുസ്തകം വാങ്ങി മറിച്ചു നോക്കിയിട്ടു വൈലോപ്പിള്ളി പറഞ്ഞു: “വിതരണത്തിനു് എടുക്കാമായിരുന്നു പക്ഷേ, മലയാളം എഴുതാൻ അറിയാവുന്ന ആരെക്കൊണ്ടെങ്കിലും നിങ്ങൾ അവതാരിക എഴുതേണ്ടിയിരുന്നു. ഞാൻ വെളിയിൽ നില്ക്കുന്നുവെന്നു് അദ്ദേഹം അറിഞ്ഞിരുന്നില്ല. വൈലോപ്പിള്ളി തുടർന്നു പറഞ്ഞു:“ഇയാൾ അവതാരിക എഴുതിയതുകൊണ്ടു ഇതു് വിതരണത്തിനു് എടുക്കാൻ പറ്റില്ല”.
  2. തിരുവനന്തപുരത്തെ ആർട്സ് കോളേജിൽ ഞാൻ ജോലി നോക്കുന്ന കാലം. വൈലോപ്പിള്ളി ഏതോ സമാജം ഉദ്ഘാടനം ചെയ്യാൻ അവിടെ എത്തി. സുഗതകുമാരി കവിത വായിച്ചു. ഒ. എൻ. വി. കുറുപ്പും ഉണ്ടായിരുന്നു എന്നാണു് എന്റെ ഓർമ്മ. മീറ്റിങ്ങെല്ലാം കഴിഞ്ഞു് കോണിപ്പടികൾ ഇറങ്ങിയപ്പോൾ “കൃഷ്ണൻ നായർ ക്കു് എന്താ ക്ഷീണം?” എന്നു് വൈലോപ്പിള്ളി ചോദിച്ചു. “സർ എനിക്കു് രക്തധമനികൾ കട്ടിയാകുന്ന രോഗമാണു്. ഏതാനും മാസങ്ങൾ കൂടിയേ ഞാൻ ജീവിച്ചിരിക്കൂ. അതു കേട്ടു വൈലോപ്പിള്ളി പറഞ്ഞു: “അയ്യോ നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കേണ്ടതു് മലയാള സാഹിത്യത്തിന്റെ ആവശ്യകതയാണു്.”
  3. അവൾക്കു് എന്നെക്കാൾ അല്പം പ്രായം കൂടുമെങ്കിലും ഞങ്ങൾ ഒരേ ക്ലാസ്സിലാണു് പഠിച്ചിരുന്നതു്. ഒരു പറമ്പിൽ അടുത്തടുത്തുള്ള വീടുകളിൽ താമസം. ഒരു ദിവസം അവളുടെ വീട്ടിനടുത്തുകൂടെ ഞാൻ നടന്നപ്പോൾ വരാന്തയിൽ അവൾ സൗന്ദര്യത്തിടമ്പായി ഇരിക്കുന്നതു കണ്ടു. എനിക്കു് അവളെ തൊടണമെന്നു തോന്നി. പുസ്തകമെടുക്കുന്ന മട്ടിൽ ഞാൻ ആ പൊന്മേനി സ്പർശിച്ചു. “അയ്യോ എന്നെ തൊട്ടോ? ഇന്നു് എന്നെ തൊടാൻ പാടില്ല. വേഗം ചെന്നു കുളിക്കൂ. കുളിച്ചിട്ടേ വീട്ടിൽ കയറാവൂ. ഇല്ലെങ്കിൽ പാപമാണു്” എന്നു് അവൾ. അന്ധവിശ്വാസിയായിരുന്ന ഞാൻ വീട്ടിനു പിറകിലുള്ള കുളത്തിൽ ചാടി. നനഞ്ഞൊലിച്ചു വീട്ടിൽ കയറിയ എന്നെ “എന്തിനെടാ ഇപ്പോൾ കുളിച്ചതു? നിനക്കു പനിയല്ലേ” എന്നു ചോദിച്ചുകൊണ്ടു് അമ്മ തല്ലി. കുളിച്ചതു് എന്തിനാണെന്നു പറയാനൊക്കുമോ? നാല്പത്തിയേഴുവർഷം കഴിഞ്ഞ്, 1991-ൽ എനിക്കൊരു കത്തു് കിട്ടി. മേൽവിലാസം: എം. കൃഷ്ണൻനായർ, കവിതക്കാരൻ, തിരുവനന്തപുരം. പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ സൗജന്യമാണു് ഈ കത്തു് എനിക്കു എത്തിച്ചുതന്നതു്. വൃത്തികെട്ട കൈയക്ഷരം. ഞാൻ കവറു കീറി എഴുത്തു വായിച്ചു. മേൽവിലാസത്തിലെ കവിതക്കാരൻ എന്ന പ്രയോഗമല്ലാതെ അന്തസ്സുകെട്ട ഒരു വാക്യംപോലും അതിലില്ല. പക്ഷേ, ആ കത്തു് എന്നെ വരാന്തയിലിരുന്ന ഒരു സൗന്ദര്യത്തിടമ്പിനെ ഓർമ്മിപ്പിച്ചു. തണുത്ത വെള്ളത്തിലുള്ള കുളിയേയും അമ്മയുടെ തല്ലിനേയും ഓർമ്മിപ്പിച്ചു. സ്പർശത്തിന്റെ “മാദകമധുരിമ”യെ ഓർമ്മിപ്പിച്ചു. ഒരു കഷണം കെയ്ക്ക് ചായയിൽ മുക്കിയ പ്രൂസ്തു് ഭൂതകാലസ്മരണകളിലേക്കു പോയില്ലെ? അങ്ങനെ സത്യം കണ്ടില്ലേ? അതിനു സദൃശമായ അനുഭവം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-09-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.