സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-10-04-ൽ പ്രസിദ്ധീകരിച്ചതു്)

സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ഉപഗുപ്തനായും ശിവപ്രസാദ് സി. വേലുക്കുട്ടി വാസവദത്തയായും അഭിനയിച്ച ‘കരുണ’ നാടകം ഞാൻ എത്ര തവണയാണു കണ്ടതു്! ഓർമ്മയില്ല. ഓരോ തവണ ആലപ്പുഴെ ദേവീവിലാസം കൊട്ടകയിൽ ചെന്നിരുന്നു് ആ നാടകം കണ്ടുകഴിയുമ്പോൾ അടുത്ത തവണ അതു കാണണമെന്ന മോഹം. ഈ മോഹിപ്പിക്കലിനു് പ്രധാനപ്പെട്ട കാരണം വേലുക്കുട്ടിയുടെ സ്ത്രീവേഷംതന്നെയായിരുന്നു. സൗന്ദര്യത്തിൽ സാക്ഷാൽ സ്ത്രീപോലും അവളുടെ വേഷം കെട്ടിയ വേലുക്കുട്ടിയുടെ അടുത്തു വരില്ലായിരുന്നു. സ്ത്രീശരീരത്തിനു പ്രകൃതി നല്കിയ വളവുകൾ വേലുക്കുട്ടിക്കു കിട്ടിയിരുന്നു. പുരുഷന്റെ ‘നെടുനെടാ എന്നുള്ള കൈകളല്ലല്ലോ സ്ത്രീകൾക്കുള്ളതു്. കൈമുട്ടു് തൊട്ടു് അതു് ഒരല്പം ഒരുവശത്തേക്കു ചരിഞ്ഞിരിക്കുമല്ലോ. കമിതാവിനെ ആലിംഗനം ചെയ്യാൻ (ഭർത്താവിനെയല്ല) പ്രകൃതി സ്ത്രീകൾക്കു നല്കിയ സൗകര്യമാണു് അതെന്നു് ശരീരശാസ്ത്രജ്ഞന്മാർ പറയുന്നു. വേലുക്കുട്ടിക്കു് കൈമുട്ടുതൊട്ടുള്ള വളവും സ്ത്രീയുടെ ‘ഗജരാജ വിരാജിത മന്ദഗതി’യുമൊക്കെ ഉണ്ടായിരുന്നു. ‘വരാൻ സമയമായില്ല’ എന്നു് ഉപഗുപ്തൻ പറഞ്ഞെന്നു തോഴി വന്നറിയിക്കുമ്പോൾ ദുഃഖിച്ചു പുരികം കോട്ടി വാസവദത്ത കളിച്ചെണ്ടു് വലിച്ചെറിയുന്ന ഒരു ‘രംഗം’ കരുണയിലുണ്ടല്ലോ. അതു വേലുക്കുട്ടി അഭിനയിച്ചതു് എന്തെന്നില്ലാത്ത വൈദഗ്ദ്ധ്യത്തോടും സൗന്ദര്യത്തോടുംകൂടിയായിരുന്നു. സത്യം പറഞ്ഞാൽ അതു കാണാനാണു് ഞാൻ കൂടെകൂടെ ദേവീവിലാസം നാടകശാലയിലേക്കു ചെന്നതു്. കളിച്ചെണ്ടു വലിച്ചെറിഞ്ഞു തല വെട്ടിക്കുമ്പോൾ വാസവദത്തയുടെ കുറുനിരകൾ കാമാതിശയമെന്നപോലെ വക്രരീതിയാർന്നു് അവളുടെ നെറ്റിയിൽ ചിതറിവീഴും. എന്തൊരു ഭംഗി! അതു നാടകമല്ലായിരുന്നു. ഉത്തര മഥുരാപുരിയിൽ നടന്ന ഒരു സംഭവംതന്നെ. എന്റെ ബാല്യകാലത്തു് ഞാനതു് ബാഹ്യനേത്രങ്ങൾകൊണ്ടു കണ്ടു. ഇക്കാലത്തു് ആന്തരനേത്രങ്ങൾകൊണ്ടു കാണുന്നു.

ശിവപ്രസാദ് വേലുക്കുട്ടിയെ ഒന്നു നേരിട്ടു കാണണമെന്നു് എനിക്കു് അന്നു് ആഗ്രഹമുണ്ടായെങ്കിൽ അതിലെന്താണു തെറ്റു്? നാടകാഭിനയത്തിന്റെ അടുത്ത ദിവസം ഞാൻ അദ്ദേഹം താമസിച്ച വീടിന്റെ മുൻവശത്തു ചെന്നുനിന്നില്ലെന്നു് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന എം. കൃഷ്ണൻ നായർ, എം. കൃഷ്ണൻനായർ ആയിരുന്നില്ലെന്നു് ആ വ്യക്തി കരുതികൊള്ളണം. ഞാൻ ആ വീട്ടിന്റെ മുൻവശത്തു് എത്തിയതേയുള്ളു. വേലുക്കുട്ടി സൈക്കിൾ ഉന്തിക്കൊണ്ടു റോഡിലേക്കു പോരികയാണു്. കാമം അടിച്ചു പറത്തിയ കുറുനിരകൾ ഇല്ല. ഉഡുരാജമുഖിയെ, മൃഗരാജകടിയെ ഞാൻ കണ്ടില്ല. കണ്ടതു് പാരുഷ്യമാർന്ന പുരുഷനെ മാത്രം. രാത്രിയിലെ ലീലാവിലാസങ്ങൾ എവിടെ? കോപനയുടെ തലവെട്ടിക്കൽ എവിടെ? ഒന്നുമില്ല; സാരള ്യത്തിനു പകരം പാരുഷ്യം. മെയ്ക്അപ്പ് ആർട്ടിസ്റ്റാണു വേലുക്കുട്ടിയെ അതിസുന്ദരിയാക്കിയതു്. എപ്പോൾ കൃത്രിമവേഷം ഇല്ലാതാവുന്നുവോ അപ്പോൾ മുതൽ പരുക്കൻഭാവം. നമ്മുടെ നിരൂപകർ മെയ്ക്അപ്പ് ആർട്ടിസ്റ്റുകളാണെന്നു് എനിക്കു തോന്നിയിട്ടുണ്ടു്. പാരുഷ്യത്തിൽ അവർ വച്ചുകെട്ടലുകൾ നടത്തി സൗന്ദര്യമുണ്ടാക്കുന്നു. കവിതയിലും ചെറുകഥയിലും നോവലിലും അവർ നടത്തുന്ന മെയ്ക്അപ്പ് ഭ്രമം ജനിപ്പിക്കുന്നു. ആ റൂഷ് തുടച്ചുകളയൂ. പൗഡർ തട്ടിക്കളയൂ, ശിരസ്സിലെ കൃത്രിമമുടി എടുത്തുമാറ്റൂ. വൈരൂപ്യം നിങ്ങൾക്കു് അഭിമുഖീഭവിച്ചു നില്ക്കും. നിരൂപകന്റെ സഹായമില്ലാതെ രചനകളെ നോക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അതു നിർവഹിച്ചില്ലെങ്കിൽ അഭിനേതാവിനെക്കൂറിച്ചു് എനിക്കു പിന്നീടുണ്ടായ മോഹഭംഗം നമുക്കു സാഹിത്യരചനകളെക്കുറിച്ചും ഉണ്ടാവും.

പുനത്തിൽ കുഞ്ഞബ്ദുള്ള

നമ്മുടെ നിരൂപകർ മെയ്ക്അപ്പ് ആർട്ടിസ്റ്റുകളാണെന്നു് എനിക്കു തോന്നിയിട്ടുണ്ടു്. പാരുഷ്യത്തിൽ അവർ വച്ചുകെട്ടലുകൾ നടത്തി സൗന്ദര്യമുണ്ടാക്കുന്നു. കവിതയിലും ചെറുകഥയിലും നോവലിലും അവർ നടത്തുന്ന മെയ്ക്അപ്പ് ഭ്രമം ജനിപ്പിക്കുന്നു.

കാമദേവൻ എയ്ത പുഷ്പബാണമേറ്റു് പുനത്തിൽ കുഞ്ഞബ്ദുള്ള യുടേതല്ല അദ്ദേഹം സൃഷ്ടിച്ച കഥാപാത്രത്തിന്റെ നെഞ്ചിൽ ഒരു പോറൽ ഉണ്ടായി. അമ്പു് നേരെ ഹൃദയത്തിലേക്കു ചെന്നിരുന്നെങ്കിൽ പ്രഗല്ഭനായ ഡോക്ടർ കൂടിയായ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്കു പോലും ഒന്നും ചെയ്യാൻ കഴിയാതെ വന്നേനേ. ഭാഗ്യംകൊണ്ടല്ല ഹൃദയം പിളർന്നുപോകാത്തതു്. കാമദേവനു നെഞ്ചിൽ ഒരു പോറലുണ്ടാകണമെന്നേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളു. ആ പോറൽ ഏതാനും മണിക്കൂർകൊണ്ടു് ഉണങ്ങിപ്പോകും. ആരെച്ചൊല്ലിയാണു് കാമദേവൻ ഈ നേരമ്പോക്കു കാണിച്ചതു? ആടുകളെ മേയ്ക്കുന്ന ഒരു സുന്ദരി. കഥാപാത്രം (കഥ പറയുന്ന ആൾ) കാറിൽ പോകുന്നു. പാതവക്കിൽ കണ്ട സുന്ദരിയോടു ഡ്രൈവർ തെല്ലുനേരം സംസാരിക്കുന്നു. അവൾ അയാളുടെ ഭാര്യയാണെന്ന വസ്തുത പിന്നീടേ കഥ പറയുന്ന ആൾ അറിയുന്നുള്ളു. അവളുടെ സംസാരത്തിന്റെയും നോട്ടത്തിന്റെയും മന്ദഹാസത്തിന്റെയും ലയം മാംസനിബദ്ധമായ വികാരം അയാളിൽ അങ്കുരിപ്പിക്കുന്നു. തിരിച്ചു താമസസ്ഥലത്തെത്തിയ അയാൾ തന്റെ സഹധർമ്മിണിയെ സുന്ദരിയാക്കിക്കല്പിക്കാൻ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും അതൊട്ടു സാധിക്കുന്നതുമില്ല. സ്വർണ്ണനിറമാർന്ന പ്രഭാതം വന്നെത്തുന്നതുപോലെ ഇത്തരം അനുഭവങ്ങൾ ഏതു പുരുഷനുമുണ്ടാകും. ഉണ്ടായിട്ടുണ്ടു്. ഇനി ഉണ്ടാവുകയും ചെയ്യും. ആ സുവർണ്ണപ്രഭാതത്തെ സായാഹ്നത്തിനുശേഷം എത്തുന്ന ഇരുട്ടുമായി താരതമ്യപ്പെടുത്താനോ ആ അന്ധകാരംതന്നെയാണു് സ്വർണ്ണപ്രഭയാർന്ന വിഭാതമെന്നു സങ്കല്പിക്കാനോ പുരുഷന്മാർക്കു പ്രവണതയുണ്ടാകും. അതിനെ തന്റേതായ രീതിയിൽ പ്രതിപാദിക്കുകയാണു് കഥാകാരൻ. നല്ല ആഖ്യാനം; ഭംഗിയുള്ള വാക്യരചന. പക്ഷേ, ഇതൊരു നൂതനാനുഭവമല്ലല്ലോ എന്ന പരാതി എനിക്കു്. പിന്നെ കഥയിലെ വ്യക്തി—പുഷ്പബാണമേറ്റ വ്യക്തി—സംസ്കാരസമ്പന്നനാണു്. അയാൾ ഒരാളെ മറ്റൊരാളായി കാണാനേ ശ്രമിക്കുന്നുള്ളു. സാഹസികം ഒന്നുമില്ല അയാൾക്കു്. എനിക്കു് അറിയാവുന്ന ഒരാൾ റോഡിലിറങ്ങി സുന്ദരികളെ കണ്ടുപോയാൽ വീട്ടിൽവന്നു പാവപ്പെട്ട ഭാര്യയെ “എടുത്തിട്ടു്” ചവിട്ടും. ആ ചവിട്ടെല്ലാം മേടിച്ചുകൊണ്ടു് അവൾ ഞാനുൾപ്പെടെയുള്ള പലരോടും പറയും, ‘എന്റെ ഭർത്താവു് എന്നെ അത്യധികം സ്നേഹിക്കുന്നു’വെന്നു്. സ്ത്രീയുടെ മാനസികമായ ഒരാവശ്യകത!

ചോദ്യം, ഉത്തരം

ചോദ്യം: വീട്ടിൽ ഉറക്കെ സംസാരിച്ചു ബഹളമുണ്ടാക്കുന്ന സ്ത്രീകളെ എങ്ങനെ നിയന്ത്രിക്കാം?

ഉത്തരം: അതിനു നമ്മളാരും വിചാരിച്ചാൽ പറ്റില്ല. റ്റെലിവിഷൻ അധികാരികൾ കനിയണം. ദിവസവും മൂന്നു പറട്ട മലയാളസിനിമകൾ കാണിച്ചാൽ മതി. അവർ അതിന്റെ മുൻപിൽ മിണ്ടാതിരുന്നുകൊള്ളും. നല്ല സിനിമ കാണിച്ചാൽ മതിയാവുകയില്ല.

ചോദ്യം: എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നുവെന്നു ഞാൻ എങ്ങനെ മനസ്സിലാക്കാനാണു്? അവൾക്കു് എപ്പോഴും പരുഷമായ സ്വഭാവമാണു്.

ഉത്തരം: ‘നിങ്ങൾ ആപത്തുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലത്തു് വലിയ ഏണിചാരി മുകളിലേക്കു കയറാൻ ശ്രമിക്കൂ. ഭാര്യ ഓടിയെത്തി ഏണി തറയിൽനിന്നു വഴുതിപ്പോകാതിരിക്കാൻവേണ്ടി അതിൽ ബലിപ്പിച്ചു പിടിച്ചുതരും നിങ്ങൾ ആവശ്യപ്പെടാതെ.

ചോദ്യം: മാന്യന്മാരെ എങ്ങനെ അറിയാം?

ഉത്തരം: കുത്തുവാക്കുകൾ പറഞ്ഞു നിങ്ങൾക്കു അസ്വസ്ഥതയുളവാക്കുന്നവൻ മാന്യനല്ല. നിങ്ങൾ അതേ നാണയത്തിൽ തിരിച്ചു കൊടുക്കുന്നില്ലെങ്കിൽ നിങ്ങൾ മാന്യനാണു്.

ചോദ്യം: ജീവിതത്തിൽ ആർത്തിയുള്ളവനെ തിരിച്ചറിയുന്നതു് എങ്ങനെ?

ഉത്തരം: അയാൾ ആഹാരം കഴിക്കുന്ന രീതി നോക്കിയാൽ മതി.

ചോദ്യം: നിങ്ങളുടെ ജീവിതത്തിൽ ഉള്ളുതുറന്നു ചിരിച്ച സംഭവമേതു?

ഉത്തരം: വർഷങ്ങൾക്കുമുമ്പു് സനകൻ എന്നു പേരുള്ള ഒരുദ്യോഗസ്ഥൻ ഒരു സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി വന്നു. സ്വാഗതമാശംസിച്ചയാൾ അദ്ദേഹത്തെ നോക്കി മി. ശുനകനു് ഞാൻ സ്വാഗതം ആശംസിക്കുന്നുവെന്നു പറഞ്ഞു. ചിരിയടക്കാൻ എനിക്കു കഴിഞ്ഞില്ല.

ചോദ്യം: വിദ്വാൻ ആരു്?

ഉത്തരം: ഭാര്യയോടു തർക്കത്തിനു പോകാത്തവൻ വിദ്വാൻ. ഒരു വാക്കുപോലും പറയാത്തവൻ വലിയ വിദ്വാൻ.

ചോദ്യം: എന്റെ കൂടെപ്പഠിച്ചു്, എന്റെ കൂട്ടുകാരനായി നടന്ന ഒരാൾ ഇപ്പോൾ ഐ. എ. എസ് ഉദ്യോഗസ്ഥനാണു്. ആ മനുഷ്യൻ എന്നെ റോഡിൽവച്ചു കണ്ടപ്പോൾ മുഖംതിരിച്ചു നടന്നുകളഞ്ഞു. ഇതു മനുഷ്യത്വമാണോ?

ഉത്തരം: നിങ്ങൾ ആ മനുഷ്യനെ വലിയ ആളായി സങ്കല്പിക്കുന്നതുകൊണ്ടാണു് ഈ ചോദ്യം എന്നോടു ചോദിച്ചതു്. ആ ഉദ്യോഗസ്ഥൻ ചെറുപ്പത്തിലേ തന്റെ കഴിവുകളെ വികസിപ്പിച്ചെടുത്തു. നിങ്ങൾക്കു് അതിനെക്കാൾ വലിയ കഴിവു കാണും. അതു നിങ്ങൾ വികസിപ്പിച്ചില്ല. അതുകൊണ്ടു് നിങ്ങൾക്കു ജോലിയുടെ കാര്യത്തിൽ ഉയർച്ച ഉണ്ടായില്ല. ആർക്കും ആരാകണമെന്നു് ആഗ്രഹമുണ്ടോ ആ പദവിയിലെത്താം എന്നതു് ഞാൻ പറയുന്നതല്ല. മഹാനായ സാർത്ര് പറഞ്ഞതാണു്.

നക്ഷത്രങ്ങളെ കല്ലെറിയരുത്
images/JeanPaulSartre1924.jpg
സാർത്ര്

തിരുവോണദിനം. മഴ തകർത്തു പെയ്യുന്നു. എന്റെ ഓർമ്മയിൽ ഒരു തിരുവോണത്തിനും മഴ പെയ്തിട്ടില്ല. ഇപ്പോൾ എല്ലാം കാലത്തിനൊത്തിരിക്കുന്നു. തണുപ്പു് സഹിക്കാനാവാത്തതു കൊണ്ടു സിഗരറ്റെടുത്തു ചുണ്ടുകൾക്കിടയിൽവച്ചു തീ പിടിപ്പിച്ചു. ഒന്നു വലിച്ചതേയുള്ളു. എതോ സ്വാദുകേടു്. കയ്പു്. രണ്ടാമതു വലിച്ചപ്പോഴും അങ്ങനെതന്നെ. നോക്കിയപ്പോൾ ഫിൽറ്റർ വച്ച സ്ഥലത്താണു് ഞാൻ തീ പിടിപ്പിച്ചതെന്നു മനസ്സിലാക്കി. കവിതയുടെ തെറ്റായ അറ്റത്തു് എപ്പോഴും തീ കൊളുത്തുന്ന കവിയാണു ഒളപ്പമണ്ണ. എങ്കിലും അദ്ദേഹം സർഗ്ഗാത്മകത്വത്തിന്റെ തീ കൊളുത്തുന്നതു ശരിയായ സ്ഥലത്തുതന്നെയാണെന്നു് അദ്ദേഹത്തിന്റെ കൂട്ടുകാർ പറയുന്നു. പറഞ്ഞുകൊള്ളട്ടെ. എന്നാൽ മാതൃഭൂമി ഓണപ്പതിപ്പിൽ അദ്ദേഹമെഴുതിയ “ഓണപ്പടി” എന്ന കാവ്യം ഫിൽറ്ററിൽ തീ പിടിപ്പിച്ചതിനു ശേഷമുള്ള ആഞ്ഞാഞ്ഞു വലിക്കലാണെന്നു ഞാൻ കരുതുന്നു. കവി ചുമയ്ക്കുന്നതു ഞാൻ കേൾക്കുന്നു. കരിഞ്ഞ നാറ്റമുള്ള പുക ഉൾക്കൊണ്ടു് ഞാനും ചുമയ്ക്കുന്നു. പക്ഷേ, പാതത്തിന്റെ രോഗമില്ലാത്ത, നിഷ്പക്ഷതയുടെ ആരോഗ്യമുള്ള മറ്റു സഹൃദയരും ചുമയ്ക്കും. ഓണത്തിനു പച്ചക്കറി വില്പനക്കാരൻ വാഴയ്ക്ക തുടങ്ങിയവ കൈവണ്ടിയിൽ കയറ്റി വരുന്നു. ഒരു ഗൃഹനായിക അല്പമെന്തോ വാങ്ങിക്കൊണ്ടു് ഭവനത്തിന്റെ അകത്തേക്കു പോകുന്നു. അതും കടമായിട്ടു്, പച്ചക്കറി വേവുന്നു. തിരുവോണം തന്നെ വേവുന്നു. ലോകമാകെ വേവുന്നു. കടമായി എടുത്തതാണു് വില്പനക്കാരന്റെ കൈവണ്ടി. അതിൽ വച്ച പച്ചക്കറികളും അവൻ കടമായി വാങ്ങിയതാണു്. ഗൃഹനായിക കടക്കാരി. വില്പനക്കാരൻ കടക്കാരൻ. ഈ ലോകത്തു് എല്ലാം കടം തന്നെ. എങ്കിലും പ്രത്യാശയാൽ വില്പനക്കാരൻ വണ്ടിയുന്തി നീങ്ങുന്നു. അകലെ നിന്നു് അവൻ വാഴയ്ക്ക, ചേന എന്നു വിളിക്കുന്നതു് മറ്റുള്ളവർക്കു് കേൾക്കാം. വിരസമായ, ഭാവനാദരിദ്രമായ സമൂഹവിമർശനമല്ലാതെ ഈ കാവ്യാഭ്യാസത്തിൽ ഒന്നുമില്ല. സമുദായത്തിന്റെ ജീർണ്ണതയെ ഉത്കടവികാരമാക്കി മാറ്റി അതിനെ സാന്മാർഗ്ഗികാശയങ്ങളോടുകൂടി കൂട്ടിയിണക്കി ബിംബങ്ങളിലൂടെ ആവിഷ്കരിക്കാൻ ഒളപ്പമണ്ണയ്ക്കു് അറിഞ്ഞുകൂടാ. അദ്ദേഹം വെറുതെ ‘സ്റ്റേയ്റ്റ്മെന്റ്സ്’ നടത്തുകയാണു്. വിരസങ്ങളായ പ്രസ്താവങ്ങൾ ഞാൻ ഇതെഴുതുന്ന ദിനം വരെ കവിതയായി അറിയപ്പെട്ടിരുന്നില്ല. നക്ഷത്രങ്ങളെ നോക്കി രസിക്കാം. അവയുടെ നേർക്കു കുട്ടികളെപ്പോലെ കല്ലെറിയരുതു്.

എൻ. മോഹനൻ

വടക്കേയിന്ത്യയിലെ ഒരു മഠം. ഏതുമഠം ഏതുമതക്കാരുടെ എന്നൊന്നും ഞാൻ പറയുകയില്ല. അതു് മതവികാരങ്ങളെ ക്ഷതപ്പെടുത്തും. ശില്പകലയുടെ പാരമ്യം ഞാൻ ആ സൗധത്തിൽ കണ്ടു. വാസ്തുവിദ്യയിൽ അഭിജ്ഞരായ ആളുകളുടെ പ്രാഗല്ഭ്യമാകെ ഞാനവിടെ ദർശിച്ചു. അതുവഴി കാറിൽപോകുകയായിരുന്ന ഞാൻ ഡ്രൈവറോടു അപേക്ഷിച്ചു വാഹനമൊന്നു നിറുത്താൻ. ഞാൻ കാറിൽ നിന്നിറങ്ങി ആ മഠത്തിന്റെ സൗന്ദര്യമാസ്വദിച്ചുകൊണ്ടു കുറച്ചു നേരം റോഡിൽ നിന്നു. കാറ് വരുന്നതിന്റെ ശബ്ദം കേട്ടിട്ടാവാം മഠത്തിനുള്ളിൽ കഴിയുന്ന വ്യക്തികളിൽ ഒരാൾ മുൻവശത്തുള്ള പൂന്തോട്ടത്തിലേക്കു വന്നു. (വന്നയാൾ സ്ത്രീയോ പുരുഷനോ എന്നു ഞാൻ പറയുന്നില്ല) ആ വ്യക്തി എന്നെ നോക്കിയില്ല. എങ്കിലും ആ മുഖത്തു് ലോകത്തിന്റെയാകെയുള്ള ദൈന്യം എനിക്കു കാണാൻ കഴിഞ്ഞു.“നോക്കു നിങ്ങൾ കാറിൽ സഞ്ചരിച്ചു് ജീവിതസുഖങ്ങളാകെ നുകർന്നു് ആഹ്ലാദിക്കുന്നു. ഞാനും എന്നെപ്പോലെയുള്ള മറ്റനേകം പേരും ഈ കന്മതിലിനുള്ളിൽ ജീവിതം പാഴാക്കുന്നു. ഞങ്ങൾക്കു സ്വപ്നങ്ങളില്ല. ചിട്ടയനുസരിച്ചുള്ള ജീവിതം. റ്റെംറ്റേബിളനുസരിച്ചുള്ള ആഹാരം. കാരാഗൃഹജീവിതമാണു് ഞങ്ങളുടേതു്. ഞങ്ങൾ കടൽ കണ്ടിട്ടില്ല. സിനിമ കാണുന്നില്ല. ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹത്തോടെ ഞങ്ങളെയാരും നോക്കുന്നില്ല. ഞങ്ങൾ മനുഷ്യവംശത്തിൽപെട്ടവരാണോ? അതോ മൃഗങ്ങളോ?” ആ വ്യക്തിയുടെ ഈ ചിന്തകൾ ഞാൻ മനസ്സിലാക്കിയിട്ടെന്നപോലെ ആ ആൾ അകത്തേക്കു പോയി. എന്റെ മനസ്സുമാറി. അതോടെ വാസ്തുവിദ്യയുടെ മനോഹാരിത അപ്രത്യക്ഷമായി. ശില്പകലയുടെ ഭംഗി അന്തർദ്ധാനം ചെയ്തു. ഹായ് എന്തൊരു വൈരൂപ്യമാണു് ആ മഠത്തിനു്. അല്പം മുൻപു് നയനാനന്ദകരമായി എനിക്കു തോന്നിയ അവിടുത്തെ പ്രകൃതിയും ഭയജനകമായി.

എൻ. മോഹനന്റെ “മറിയക്കുട്ടി” പ്രഥമദർശനത്തിൽ മനസ്സു കവരുന്ന ശില്പമാണു്. (മാതൃഭൂമി ഓണപ്പതിപ്പിലെ നീണ്ടകഥ) പക്ഷേ, അതിലെ കഥാപാത്രങ്ങളായ മറിയക്കുട്ടിയും ജയദേവനും പുരോഹിതനും നമ്മളോടു നേരിട്ടു സംസാരിക്കാതെ തങ്ങളുടെ ദൈന്യം വിളിച്ചോതുമ്പോൾ നമ്മൾ അവർ പാർക്കുന്ന മഠത്തെ വെറുക്കുന്നു. മനോഹാരിത മായുന്നു; പകരം വൈരൂപ്യം. പേഴ്സനലായ അനുഭവങ്ങൾ പറഞ്ഞു് സാഹിത്യകൃതിയെ അവയോടു കൂട്ടിയിണക്കുന്ന എന്റെ രീതി വിട്ടിട്ടു സാക്ഷാൽ നിരൂപണത്തിലേക്കോ വിമർശനത്തിലേക്കോ വരട്ടെ.

സാഹിത്യകാരന്മാർ എപ്പോഴും കൈകാര്യം ചെയ്യുന്നതു് മരണം, പ്രേമം, സൗന്ദര്യം, അനന്തത ഈ വിഷയങ്ങളാണല്ലോ. അനന്തതയിൽ മനുഷ്യനുള്ള സ്ഥാനം കുമാരനാശന്റെവീണപൂവുംനാലപ്പാടന്റെ കണ്ണീർത്തുള്ളിയും സ്ഫുടീകരിക്കുന്നു. തകഴി യുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ വിശാലമായ അർത്ഥത്തിൽ മരണം പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ ‘ചെമ്മീനി’ൽ പ്രേമവും മരണവുമാണു് പ്രതിപാദ്യം. മോഹനന്റെ കഥയിൽ മുകളിൽപ്പറഞ്ഞ നാലംശങ്ങളുണ്ടു്. “ഹൈറേഞ്ചിന്റെ ഉച്ചിയിൽ” ഉള്ള ഒരു കലാലയത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ ഒരു യുവാവു് അയാളെക്കാൾ പ്രായംകൂടിയ ഇംഗ്ലീഷധ്യാപികയെ സ്നേഹിക്കുന്നു. അവൾക്കും അയാളോടു സ്നേഹം.

മാന്യന്മാരെ എങ്ങനെ അറിയാം?” “കുത്തുവാക്കുകൾ പറഞ്ഞു നിങ്ങൾക്കു അസ്വസ്ഥതയുളവാക്കുന്നവൻ മാന്യനല്ല. നിങ്ങൾ അതേ നാണയത്തിൽ തിരിച്ചു കൊടുക്കുന്നില്ലെങ്കിൽ നിങ്ങൾ മാന്യനാണു്.”

പക്ഷേ, അവൾ വിദേശത്തു പോയ മറ്റൊരാളെ കാത്തിരിക്കുകയാണു്. ആ കാത്തിരിപ്പും പ്രായക്കൂടുതലും വിജാതീയതയുംകൊണ്ടു് അവൾ അധ്യാപകന്റെ യഥാർത്ഥമായ പ്രേമത്തെ ബാഹ്യമായി നിരാകരിക്കുന്നു. നിരാശതയാൽ അയാൾ അവിടം വിട്ടുപോയി. മത്സരപ്പരീക്ഷയിൽ ജയിച്ചു് വേറൊരു സുന്ദരിയെ വിവാഹം കഴിച്ചു് സർക്കാർ സെക്രട്ടറിയായി വിരാജിക്കുന്നു ജയദേവൻ. വർഷങ്ങൾ കഴിഞ്ഞു് താൻ നവയുവാവായിരിക്കെ ജോലിചെയ്ത കലാലയത്തിലെത്തുന്നു അയാൾ. പൂർവകാമുകി—മറിയക്കുട്ടി—ഗർഭാശയത്തിലെ അർബ്ബുദം പിടിച്ചു് മരിച്ചുപോയിയെന്നു് അയാൾ പുരോഹിതനിൽ നിന്നു് അറിയുന്നു. അവളുടെ ശവക്കുഴിയിൽ പോകാൻപോലും അയാൾക്കു വയ്യ. സുന്ദരിയായ ഭാര്യ തെല്ലകലെ നില്ക്കുന്നു. അവളെക്കണ്ടു പുരോഹിതനുൾപ്പെടെയുള്ളവർ അദ്ഭുതപ്പെടുന്നു. അവൾക്കു മറിയക്കുട്ടിയുടെ ഛായ. മറിയക്കുട്ടിയുടെ സൗന്ദര്യം.“സ്നേഹത്തിനു ജന്മാന്തരങ്ങളിൽ ആവർത്തനമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അപ്പോൾ വീണ്ടും വരാം. കാണാം” എന്നു പണ്ടു മറിയക്കുട്ടി പറഞ്ഞതു് സെക്രട്ടറി ഓർമ്മിച്ചു. ഇതാണു് അനന്തത. മരണം, പ്രേമം, പ്രേമഭംഗം അനന്തത ഇവയ്ക്കു കൂട്ടെന്നപോലെ പ്രകൃതിയുടെ സൗന്ദര്യവും. എല്ലാമായി എങ്കിലും ഉത്കൃഷ്ടമായ കലയുടെ ഉദാത്തത ഇതിനു ലഭിക്കാതെ പോയതു് എന്തുകൊണ്ടു്? ആത്മാവിന്റെ സങ്കീർണ്ണത ആവിഷ്കരിക്കാനോ ദാർശനികതലത്തിന്റെ പ്രൗഢത പ്രതിപാദിക്കാനോ മോഹനന്റെ അതിരുകടന്ന റൊമാന്റിസം സമ്മതിക്കുന്നില്ല. പ്രേമത്തെയും പ്രേമഭംഗത്തെയും മരണത്തെയും നിസ്സാരങ്ങളാക്കിക്കൊണ്ടു സ്യൂഡോ-പൊയറ്റിക്കായ, പദസമൂഹംകൊണ്ടു നിർമ്മിക്കുന്ന റൊമാന്റിസിസം പെരുവെള്ളപ്പാച്ചിൽ നടത്തുന്നു എന്നതും കാരണമത്രേ. റൊമാന്റിസിസത്തിനും യഥാർത്ഥ്യത്തിനും ഇടയ്ക്കു ഒരു രേഖയുണ്ടു്. ആ രേഖയിലൂടെ മാത്രമേ സഞ്ചരിക്കാവൂ കലാകാരൻ. ഇപ്പുറത്തായിപ്പോയാൽ യഥാർഥ്യത്തിന്റെ വൈരസ്യം. അപ്പുറത്തായിപ്പോയാൽ റൊമാന്റിസിസത്തിന്റെ അവാസ്തവികത. ഈ അവാസ്തവികതയിൽ ആവോളം അഭിരമിക്കുന്നതുകൊണ്ടു് മോഹനന്റെ ഈ രചന വെറും ‘സെന്റിമെന്റാലിറ്റി’യായി മാറിയിരിക്കുന്നു. അതിനാൽ പ്രഥമദർശനത്തിലുണ്ടാകുന്ന സൗന്ദര്യാനുഭൂതി പിന്നീടു വൈരൂപ്യാനുഭൂതിയായി പരിവർത്തനം ചെയ്യുന്നു. Wordy, over elaborate, showy, mawkish ഈ നാലു ഇംഗ്ലീഷ് പദങ്ങൾകൊണ്ടു് ഞാൻ ഈ രചനയെ വിശേഷിപ്പിക്കുന്നു. ഇത്തരം ‘സെന്റിമെന്റൽ സ്റ്റഫി’ന്റെ കാലം കഴിഞ്ഞുവെന്നു മോഹനനെ വിനയപൂർവം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

നിരീക്ഷണങ്ങൾ
images/CPN.jpg

Edward Arnold (A division of Hodder and Stoughton) പ്രസാധനം, ചെയ്ത Carribbean Poetry Now എന്ന കാവ്യസമാഹാരഗ്രന്ഥത്തിൽ (വില GBP 5.99) Edward Baugh രചിച്ച Truth and Consequences എന്നൊരു മനോഹരമായ കാവ്യമുണ്ടു്. “ജനക്കൂട്ടം അയാളുടെ നേർക്കു തിരിഞ്ഞപ്പോൾ അയാൾ ആക്രന്ദനം ചെയ്തു. ‘നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാനല്ല. ഞാൻ സിന്ന എന്ന കവിയാണു്. ഞാൻ രാഷ്ട്രീയത്തിൽ തലയിട്ടതേയില്ല’ ജനക്കൂട്ടത്തിനു് അതിലും നന്നായി അറിയാമായിരുന്നു. അവർ അയാളുടെ നേർക്കു് ആക്രോശിച്ചു: ‘എന്നാൽ അവനെ കീറൂ. അവന്റെ ദുഷ്ക്കവിതകളെ കരുതി കീറൂ’ അപ്പോഴാണു് അയാൾ വൈകി അറിഞ്ഞതു് സാഹിത്യം മാത്രം (only literature) എന്നൊന്നു് ഇല്ലെന്നു്. ഓരോ വരിയും നിങ്ങൾക്കു പ്രതിബദ്ധതയുണ്ടാക്കുന്നു. മരിച്ചു എന്നു നിങ്ങൾ സങ്കല്പിച്ചവർ എഴുന്നേറ്റു വന്നു നിങ്ങളെ കുറ്റപ്പെടുത്തും.” ഇനിയുള്ള ഭാഗം കവിയുടെ വാക്യത്തിൽതന്നെയാകട്ടെ.

And if you plead

You never meant them-

then feel responsibility

break on you in a sudden sweat

as the beast bears down.

രാഷ്ട്രവ്യവഹാരത്തിൽനിന്നു് ഒരു കവിക്കും ഒഴിഞ്ഞു നില്ക്കാനാവില്ലെന്നാണു് ഈ കാരീബിയൻ കവിയുടെ മതം. ഉപജാപകരിലൊരാളാണു് സിന്ന യെന്നു വിചാരിച്ചു സീസറിന്റെ കാലത്തെ ജനത അയാളെ കീറിച്ചിതറാൻ ചെന്നു. താൻ ഉപജാപകനായ സിന്നയല്ല കവിയായ സിന്ന യാണു് എന്നു പറഞ്ഞിട്ടും അയാൾക്കു രക്ഷ കിട്ടിയില്ല. ചീത്തക്കവിത എന്നതിന്റെ പേരിൽ കൊല്ലാനാണു് ജനത ആക്രോശിച്ചതു്. കവിത നല്ലതായാലും ചീത്തയായാലും രാഷ്ട്രവ്യവഹാരത്തെസംബന്ധിയായി പ്രതിബദ്ധതയുള്ളതായിരിക്കും എന്നു സൂചന. രാഷ്ട്രവ്യവഹാരത്തെസംബന്ധിച്ചതും പ്രതിബദ്ധതയുള്ളതുമായ കവിത കുപ്രസിദ്ധമായ വിധത്തിൽ ചീത്തക്കവിതയായിരിക്കുമെന്നു ക്രോചെ പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രതിബദ്ധത കൂടിയേതീരു എന്നു് അനുശാസിക്കുന്ന ഈ കാരീബിയൻ കവിതയ്ക്കു് ആവിഷ്കാര ചാരുതയുണ്ടു്.

2. Jean Goulbourne എന്ന കവയിത്രി Sunday Crosses എന്നൊരു കാവ്യമെഴുതിയിട്ടുണ്ടു്. “റസ്റ്റമാൻ ഞായറാഴ്ചദിവസം വാതില്ക്കൽ വന്നു് ‘ചൂൽ’ എന്നു പറഞ്ഞു. ചൂടു വളരെക്കൂടിയ സൂര്യൻ. വാതിൽ കരിഞ്ഞു ധൂമ്രവർണ്ണമായിരുന്നു. ഞായറാഴ്ചസൂര്യന്റെ പ്രചണ്ഡമായ ചൂടിൽ പുല്ലു് ചാരനിറമാർന്നിരുന്നു… വിശപ്പു് മണിനാദമുയർത്തിപ്പോൾ റസ്റ്റമാൻ സൂര്യൻ വേവിച്ചു ധൂമ്രവർണ്ണമാക്കിയ വാതിൽക്കൽ വന്നു് ‘ചൂൽ’ എന്നു പറഞ്ഞു. പ്രതീക്ഷ വാതിൽ തുറന്നു. ധൂമ്രവർണ്ണമുള്ള മനുഷ്യൻ. ചുരുണ്ട മുടിയുള്ളവൻ, പട്ടണത്തിലെ എല്ലാ ബാങ്കുകളിലും വൻ തുകകൾ ഇട്ടിട്ടുള്ളവർ തല വെളിയിലേക്കിട്ടു. വിയർപ്പുണ്ടാക്കുന്ന ഞായറാഴ്ചസൂര്യൻ ചുള്ളിച്ചുകളഞ്ഞ മൂക്കോടുകുടി ‘ചൂൽ വേണ്ട’ എന്നു പറഞ്ഞു. വാതിലടഞ്ഞു. സൂര്യൻ അസ്തമിച്ചു. പുല്ലു് കൂടുതൽ ചാരനിറമാർന്നു. ഇരുണ്ട മേഘങ്ങൾ കൂടുതൽ നിറംമങ്ങി. ധൂമ്രവർണ്ണമുള്ള മുഖത്തിന്റെ ശൂന്യതയാണു് ഗൃഹനായകനു്. സഹതാപരഹിതമായ, നിഷ്പ്രയോജനമായ മുഖമാണു് അയാൾക്കു്. ചൂൽ വില്പനക്കാരൻ അയാളുടെ ആ മുഖത്തുനോക്കി തേങ്ങി. അഭിമാനിയായ അയാൾ ഓടയുടെ അടുത്തുകൂടെ നീങ്ങി. ഒന്നിലും വിജയം പ്രാപിക്കാത്ത മകനെ വളർത്തിക്കൊണ്ടു വരുന്ന ഭാര്യ കാത്തിരുന്നു; അവളുടെ അടുത്തേക്കു്. “ഇനി കവിവചനം (He) moves slowly cross concrete on a Sunday full of Crosses and calls ‘Broom’” ചൂലു വില്പനക്കാരന്റെ ‘ചൂൽ’ എന്ന വിളി ഉയരുന്നതു് ജമേക്കയിൽനിന്നു് (Jamaica). പക്ഷേ, ഞാനതു് ഇവിടെയിരുന്നു കേൾക്കുന്നു, കവിതയുടെ ശക്തികൊണ്ടു്.

ഇരുപതുവയസ്സായ ആള് ഒരു മണിക്കൂർ പ്രസംഗിച്ചാൽ ആളുകൾ അയാളെ കൂവിയിരുത്തും. എഴുപതുവയസ്സുള്ളവൻ രണ്ടു മണിക്കൂർ പ്രസംഗിച്ചാൽ അവർ മിണ്ടുകയില്ല. നമ്മുടെ നാട്ടിൽ അറുപതു വയസ്സു കഴിയുന്ന ഏതു പദ്യകർത്താവും മഹാകവിയാണു്. എന്നാൽ യുവാവായിരിക്കെ മരിച്ചുപോയ കുഞ്ചുപിള്ള ജീവിച്ചിരുന്നെങ്കിൽ വളരെവേഗം മഹാകവിയാകുമായിരുന്നു എന്ന സത്യം ആരോർമ്മിക്കുന്നു?

വായനക്കാർ ചോദിക്കും ഇതുതന്നെയല്ലേ ഒളപ്പമണ്ണയുടെ ‘ഓണപ്പടി’യെന്നു്. അല്ലെന്നു് എന്റെ ഉത്തരം. രണ്ടിനുമുള്ള സാദൃശ്യം ആകസ്മികമെന്നോ യാദൃച്ഛികമെന്നോ കരുതിയാൽ മതി. മാത്രമല്ല ഒളപ്പമണ്ണ മഹാകവിയല്ലേ? അദ്ദേഹത്തിനു് കാവ്യവിഷയം തേടി ജമേക്കവരെ പോകേണ്ടതുണ്ടോ? അതും. ഒരു പെണ്ണിന്റെ കവിത! അദ്ദേഹത്തിനു് അതു സ്വായത്തമാക്കേണ്ട ഒരാവശ്യകതയുമില്ല. ഒരു വ്യത്യാസം മാത്രം ചൂണ്ടിക്കാണിക്കാം. ഒളപ്പമണ്ണയുടേതു കവിതയല്ല. ജമേക്കാക്കാരിയുടേതു് ഒന്നാന്തരം കവിത.

images/HaileSelassie.jpg
Halie Selassie

(1950-ൽ ജമേക്കയിൽ ആരംഭിച്ച റസ്റ്റഫറിയാനിസം അംഗീകരിച്ച ആൾ റസ്റ്റമാൻ. കറുത്ത വർഗ്ഗക്കാരാണു് ‘ഈശ്വരനാൽ അംഗീകരിക്കപ്പെട്ട ആളുകൾ. എതിയോപ്പിയയാണു് വാഗ്ദത്ത ഭൂമി, ചക്രവർത്തിയായിരുന്ന Halie Selassie-യെ 1926 തൊട്ടു 1930 വരെ Ras Tafari എന്ന പേരിലാണു് അറിഞ്ഞിരുന്നതു്. ആ പേരിൽനിന്നാണു് റസ്റ്റഫറിയാനിസം എന്ന ചിന്താഗതി വന്നതു്. ചൂൽ വില്പനക്കാരൻ റസ്റ്റമാൻ ആണെന്നു കവിയത്രി.)

ഒ. എൻ. വി. കുറുപ്പ്

റൊമാന്റിസിസത്തിനും യഥാർത്ഥ്യത്തിനും ഇടയ്ക്കുള്ള ഒരു രേഖയുണ്ടു്. ആ രേഖയിലൂടെ മാത്രമേ സഞ്ചരിക്കാവൂ കലാകാരൻ. ഇപ്പുറത്തായിപ്പോയാൽ യഥാതഥ്യത്തിന്റെ വൈരസ്യം. അപ്പുറത്തായിപ്പോയാൽ റൊമാന്റിസിസത്തിന്റെ അവാസ്തികത.

സുന്ദരി പുഞ്ചിരിപൊഴിക്കുന്നതു് മനോഹരമായ കാഴ്ചയാണു്. എന്നാൽ സുതാര്യമായ മുഖാവരണത്തിലൂടെയാണു് ആ പുഞ്ചിരി നമ്മൾ കാണുന്നതെങ്കിൽ അതിനു് മനോഹാരിത കൂടും. കലയുടെ ലോലലോലമായ മുഖാവരണത്തിലൂടെ ഒ. എൻ. വി. കുറുപ്പി ന്റെ കവിതാകാമിനി പുഞ്ചിരിയിടുന്നു. (കേരളകൗമുദി ഓണപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘ആസ്പത്രിയിൽ’ എന്ന കാവ്യം.) കാരുണ്യം, സ്നേഹം ഈ വികാരങ്ങളിലൂടെ അദ്ദേഹം മരണത്തിന്റെ മണ്ഡലത്തിലേക്കു പ്രവേശിക്കുകയും അവിടെനിന്നു് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മണ്ഡലത്തിലേക്കു തിരിച്ചുവരികയും ചെയ്യുന്നു. കവി ആ യാത്ര നിർവഹിക്കുമ്പോൾ അനുവാചകരായ നമ്മളെയും കൂട്ടിക്കൊണ്ടു പോകുന്നു. ഫലമോ? നമ്മുടെ മനുഷ്യത്വം ഉണരുന്നു; അതു കൂടുതൽ ഉജ്ജ്വലമാകുന്നു. നല്ല കവിക്കു് ഇതിൽക്കൂടുതലായി ഒന്നും അനുഷ്ഠിക്കാനില്ലല്ലോ.

images/ONV07.jpg
ഒ. എൻ. വി. കുറുപ്പ്

ആശുപത്രിയിൽ രോഗംപിടിച്ചു കിടക്കുന്ന കുഞ്ഞു് കാവ്യത്തിലെ കഥാപാത്രത്തെക്കണ്ടു് ‘അങ്കിൾ’ എന്നു വിളിക്കുന്നു. അവൾ മരിച്ചു കഴിഞ്ഞപ്പോൾ ആ വിളി അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. ആ മനുഷ്യനു് എന്തു ചെയ്യാൻ കഴിയും? നിരർത്ഥകമായ ഒരു വാക്യം മാത്രമേ അദ്ദേഹത്തിന്റെ നാവിൽനിന്നു് ഉതിർന്നു വീഴുന്നുള്ളു “നിന്നാത്മാവിനു നന്ദി”. ധ്യാനാത്മകസ്വഭാവമാർന്നതാണു് ഒ. എൻ. വി. യുടെ ഈ കാവ്യം. എന്നാലതു് ഉദ്ബോധനാത്മകമല്ല. കവിതയ്ക്കു് ഉദ്ബോധനാംശം പാടില്ലെന്നാണു് എന്റെ വിചാരം. വേണമെങ്കിൽ സെന്റിമെന്റൽ എന്നു വിളിക്കാവുന്ന ഒരു വികാരത്തെ ഹൃദയത്തിന്റെ അടിത്തട്ടോളം കൊണ്ടുചെന്നിട്ടു് അവിടുത്തെ അഗാധതന്ത്രികളെ സ്പന്ദിപ്പിക്കാൻ കവിക്കു കഴിയുന്നു. അതോടെ സെന്റിമെന്റ് ഉദാത്തവികാരമായി മാറുന്നു.

ഒരു പടിഞ്ഞാറൻ നേരമ്പോക്കു്. പുതിയ ജഡ്ജിയുടെ മുൻപിൽനിന്നു് അവൾ യാചിച്ചു കടുത്തശിക്ഷ നല്കരുതേയെന്നു്. ജഡ്ജിക്കു് അതുകേട്ടു ദുഃഖമുണ്ടായി. അദ്ദേഹം തൽകാലത്തേക്കു കോടതി നിറുത്തിയിട്ടു് സീനിയർ ജഡ്ജിയുടെ അടുത്തുചെന്നു ചോദിച്ചു: “അറുപതുവയസ്സായ ഒരു വേശ്യയ്ക്കു് അങ്ങ് എന്തു കൊടുക്കും?” അദ്ദേഹം മറുപടി പറഞ്ഞു: “പത്തു ഡോളർ”. പ്രായമനുസരിച്ചാണല്ലോ എവിടെയും നല്കൽ. ഇരുപതു വയസ്സായ ആള് ഒരുമണിക്കൂർ പ്രസംഗിച്ചാൽ ആളുകൾ അയാളെ കൂവിയിരുത്തും. എഴുപതു വയസ്സുള്ളവൻ രണ്ടു മണിക്കൂർ പ്രസംഗിച്ചാൽ അവർ മിണ്ടുകയില്ല. നമ്മുടെ നാട്ടിൽ അറുപതു വയസ്സു കഴിയുന്ന ഏതു പദ്യകർത്താവും മഹാകവിയാണു്. എന്നാൽ യുവാവായിരിക്കെ മരിച്ചുപോയ കുഞ്ചുപിള്ള ജീവിച്ചിരുന്നെങ്കിൽ വളരെവേഗം മഹാകവിയാകുമായിരുന്നു എന്ന സത്യം ആരോർമ്മിക്കുന്നു?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-10-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.