സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-10-18-ൽ പ്രസിദ്ധീകരിച്ചതു്)

images/RolloMay1977.jpg
റൊലൊ മേ

ലൈംഗികത്വം വേറെ, രതിഭാവം വേറേ എന്നതു അംഗീകരിക്കപ്പെട്ട സത്യമാണു്. എങ്കിലും മനഃശാസ്ത്രജ്ഞനായ റൊലൊ മേ അതു് ഉദാഹരണത്തോടുകൂടി സ്പഷ്ടമാക്കിയതു് നമുക്കു കൗതുകം ജനിപ്പിക്കുന്നു. ഷെയ്ക്സ്പിയറി ന്റെ “റോമിയോ ആൻഡ് ജൂലിയറ്റ് ” എന്ന നാടകത്തിൽ മെർക്കുഷ്യോ സ്നേഹിതനായ റോമിയൊവിനോടു അയാളുടെ പൂർവകാമുകിയെക്കുറിച്ചും പറയുന്നു:

I conjure thee by Rosaline’s bright eyes,

By her high forehead, and her scarlet lip

By her fine foot, straight leg, quivering thing,

And the demesnes that there adjacent lie

റോമിയോയുടെ മുൻപുള്ള കാമുകി റൊസലിനെ വർണ്ണിക്കുമ്പോൾ സ്നേഹിതനു സെക്സിലാണു് ഊന്നൽ. അവളുടെ ഉജ്ജ്വലങ്ങളായ കണ്ണുകളിലും ചുവന്ന ചുണ്ടിലും മറ്റുമാണു് അയാളുടെ നോട്ടം. അദ്ഭുതപ്പെടാനില്ല. സ്നേഹമില്ലാത്തവനു ലൈംഗികത്വത്തിലായിരിക്കും താല്പര്യം. പക്ഷേ, സെക്സിൽ തല്പരത്വമില്ലാതെ രതിയിൽ വിലയംകൊണ്ട റോമിയോ നേരത്തെ പറഞ്ഞതു വേറൊരു വിധത്തിലാണു്:

O she doth teach the torches to burn bright

It seems she hangs upon the cheek of night

As a rich jewel in an Ethiop’s ear-

മെർക്കുഷ്യോ താൻ വർണ്ണിച്ച സ്ത്രീയിൽനിന്നു മാറിനില്ക്കുന്നു. റോമിയോ ജൂലിയറ്റുമായി താദാത്മ്യം പ്രാപിക്കുന്നു. ഈ താദാത്മ്യം പ്രാപിക്കൽ മാനുഷികബന്ധങ്ങളിൽ മാത്രമല്ല കലാസ്വാദനത്തിലുമുണ്ടു്. ഇതിനു തെളിവു നല്കുന്നു വിജയലക്ഷ്മി മാതൃഭൂമി വാരികയിൽ എഴുതിയ “ബാലാമണിഅമ്മയ്ക്കു്” എന്ന മനോഹരമായ കാവ്യം. അതുവായിച്ചു് അവസാനത്തെ വരികളിലെത്തിയപ്പോൾ എന്റെ നേത്രങ്ങൾ ആർദ്രങ്ങളായി.

“ഉത്തരമില്ലെനിക്കെങ്കിലുമെപ്പോഴും

ചിത്തം ക്ഷണച്ചഞ്ചലാതുരമെങ്കിലും

എത്തിത്തൊടേണമെന്നുണ്ടെനിക്കംബ, നിൻ

നിത്യവിശുദ്ധി വഴിഞ്ഞ കാല്പാടുകൾ.”

images/Balamaniamma.jpg
ബാലാമണി അമ്മ

ഇവിടെ വിജയലക്ഷ്മിയുടെ മനസ്സു് ബാലാമണി അമ്മ യുടെ മനസ്സുമായി യോജിക്കുന്നു. വിജയലക്ഷ്മിയുടെ കാവ്യം വായിക്കുന്ന ഞാൻ ഒരേ സമയം വിജയലക്ഷ്മിയുടേയും ബാലാമണിഅമ്മയുടേയും കവിതാചൈതന്യത്തോടു മനസ്സുകൊണ്ടു യോജിക്കുന്നു. അങ്ങനെയാണു് ഈ കാവ്യത്തിനു വിജയം കൈവരിക.

യഥാർത്ഥമായ കാവ്യഹൃദയത്തിന്റെ സ്പന്ദനമാണു് ഞാൻ ഈ രചനയിൽ കണ്ടതും കേട്ടതും. ചില വരികൾ എടുത്തുകൊള്ളട്ടെ:

“കുട്ടിയായന്നു ഞാൻ വായിച്ചതോർക്കയാ-

ണിഷ്ടത്തൊടീവിധം നിന്നുടെ വാക്കുകൾ”

“രാവിൽക്കിളിവാതിലിലുന്തിത്തുറന്നു നീ

കാർവിങ്ങുമാകാശം നോക്കിനിന്നു

മേന്മേൽ പ്രദീപ്തമായ് നിന്മുഖം, നീങ്ങുന്നു

നിന്മുന്നിലേക്കേതു യക്ഷലോകം?”

വിജയലക്ഷ്മിയുടെ കലാത്മകമായ മനസ്സിനും ഔചിത്യത്തിനും നിദർശകമാണു് ഈ ഉദ്ധരിക്കൽ. ഉദ്ധരിച്ച ഭാഗത്തിന്റെയും വിജയലക്ഷ്മിയുടെ കാവ്യത്തിന്റെയും ചൈതന്യം ഒന്നുതന്നെ. നമ്മൾ കവിതയുടെ സൗന്ദര്യത്തിൽ മുങ്ങി സ്വയം മറക്കുമ്പോഴാണു് നമ്മൾ ആരാണെന്ന ഓർമ്മയുണ്ടാകുന്നതു്. ആ അസുലഭാനുഭവം പ്രദാനം ചെയ്ത വിജയലക്ഷ്മിക്കു നന്ദി.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളുടെ പട്ടണത്തിലെ സാഹിത്യകാരന്മാരുടെ പ്രത്യേകതയെന്തു?

ഉത്തരം: സവിശേഷതയെന്തു് എന്നു ചോദിക്കണം. ഇവിടുത്തെ സാഹിത്യകാരന്മാർക്കു സവിശേഷതയൊന്നുമില്ല. വളരെക്കുറച്ചു പേരൊഴിച്ചുള്ളവരെല്ലാം മര്യാദ അഭിനയിച്ചു കുത്തുവാക്കുകൾ പറയും കണ്ടാലുടനെ. അവർക്കു സദാചാരത്തിന്റെയും സുജനമര്യാദയുടെയും ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കണം.

ചോദ്യം: സ്ത്രീകൾ പൊതുവേ അഹങ്കാരം കാണിക്കുന്നതു് എതുകൊണ്ടാണു്?

ഉത്തരം: എന്റെ അനുഭവം വച്ചു പറയുകയാണെങ്കിൽ—ഒരു സ്ത്രീയും എന്നോടു് അഹങ്കാരം കാണിച്ചിട്ടില്ല. എനിക്കു പരിചയമില്ലാത്ത സ്ത്രീകൾപോലും ഞാനർഹിക്കാത്തവിധത്തിൽ ബഹുമാനം കാണിച്ചു കൂപ്പുകൈ ഉയർത്താറുണ്ടു്. വല്ലവരും നിങ്ങളോടു അഹങ്കാരം കാണിക്കുന്നുവെങ്കിൽ അതു് നിങ്ങൾ അവരുടെ അബോധമനസ്സിലെ കാര്യങ്ങൾ എടുത്തു പുറത്തിടുന്നതുകൊണ്ടാവണം.

ചോദ്യം: സുന്ദരികളായിട്ടും ചില സ്ത്രീകൾ വിവാഹം കഴിക്കാത്തതെന്തു? അനുയോജ്യനായ പുരുഷനെ കിട്ടാത്തതുകൊണ്ടാണോ?

ഉത്തരം: അനുരൂപനായ എന്നതു ശരിയായ പ്രയോഗം. അനുയോഗം=ചോദ്യം. അനുയോജ്യൻ എന്നു പറഞ്ഞാൽ questionable character എന്നർത്ഥം വരും. ഇനി ഉത്തരം. സുന്ദരി ആരെയെങ്കിലും കാത്തിരിക്കുകയാവണം. ഒടുവിൽ അയാൾ വന്നെത്തും. മദ്യപൻ, താടി വളർത്തിയവൻ, കഷണ്ടിയുള്ളവൻ. അയാളുടെ സ്ക്കൂട്ടറിന്റെ പിറകിൽ കയറി അവൾ പോകുന്നതു് ഞാൻ കണ്ടിട്ടുണ്ടു്.

ചോദ്യം: പ്രഭാതത്തിലെ മങ്ങിയ വെളിച്ചം എന്തനുഭൂതിയാണു് ഉളവാക്കുക?

ഉത്തരം: മദ്ധ്യാഹ്നമായെങ്കിൽ എന്നു തോന്നിപ്പിക്കും. മദ്ധ്യാഹ്നം വരുമ്പോൾ സായാഹ്നം വളരെ വേഗത്തിലെത്തും. എന്റെ സൂര്യൻ 99 ശതമാനവും ജലത്തിൽ മുങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നതു് കുറച്ചു ഭാഗം മാത്രം.

ചോദ്യം: ഭാരതമെന്നാൽ?

ഉത്തരം: Fraud (വ്യാജവസ്തു) എന്നു് അർത്ഥം. ഈ fraud-ൽനിന്നു് എല്ലാക്കാലത്തേക്കുമായി രക്ഷപ്പെടണമെന്നു് എനിക്കു തോന്നിത്തുടങ്ങിയിട്ടു കാലമേറെയായി…

ചോദ്യം: സോനിയാ ഗാന്ധി രാജീവ് ഗാന്ധി യെക്കുറിച്ചെഴുതിയ പുസ്തകം വായിച്ചോ നിങ്ങൾ?

ഉത്തരം: ആയിരത്തിയഞ്ഞൂറുരൂപ കൊടുത്തു് അതു വാങ്ങുന്നതെങ്ങനെ? ഒന്നു മറിച്ചു നോക്കി. അങ്ങിങ്ങായി വായിച്ചു. ശ്രീമതിക്കു് എഴുതാൻ അറിഞ്ഞുകൂടാ. രാജീവ് ഗാന്ധിയെക്കുറിച്ചു ഭാരതീയർക്കുള്ള സങ്കല്പത്തെ—അദ്ദേഹത്തിന്റെ ഇമിജീനെ (image)— തകർത്തുകളയുന്ന പല ചിത്രങ്ങളും ഇപ്പുസ്തകത്തിലുണ്ടു്. അഴുക്കുള്ള വസ്ത്രങ്ങൾ പരസ്യമായി അലക്കരുതു്.

ചോദ്യം: ഗുഡ്സ് ട്രെയിൻ മാത്രം പതുക്കെ പോകുന്നതു് എന്തുകൊണ്ടു്?

ഉത്തരം: വണ്ണം കൂടിയ സ്ത്രീ വേഗത്തിൽ നടക്കുന്നതു താങ്കൾ കണ്ടിട്ടുണ്ടോ?

ചോദ്യം: ആദ്യം പ്രസംഗിച്ചവനെ രണ്ടാമതു വരുന്ന പ്രാസംഗികൻ വിമർശിക്കുന്നതു് ശരിയല്ലേ?

ഉത്തരം: ശരിയല്ല. സാഹിത്യത്തിലായാലും മറ്റെന്തിലായാലും ‘അവസാനത്തെ വാക്കു്’ ഇല്ല. മാത്രമല്ല. ശത്രും ന നിന്ദേതു് സഭായാം (സഭയിൽവച്ചു ശത്രുവിനെ(പ്പോലും) നിന്ദിക്കരുതു്) എന്നാണു് ആചാര്യൻ പറഞ്ഞതു്.

ചോദ്യം: കവിതയിലെ ബിംബങ്ങൾക്കു പുതുമയില്ലാത്തതു എന്തുകൊണ്ടു്?

ഉത്തരം: ലോകത്തിനു നവീനത ഇല്ലാത്തതിനാൽ. ഒന്നിനെ മറ്റൊന്നായും ആ മറ്റൊന്നിനെ ആ ഒന്നായും സങ്കല്പിക്കാനേ കഴിയൂ. ‘നീലാകാശത്തിൽ മിന്നാമിനുങ്ങുകൾ; പച്ചച്ചെടികളിൽ നക്ഷത്രങ്ങൾ’—ഈ മാറ്റിമറിക്കലിനെ സാദ്ധ്യതയുള്ളു.

യുക്തി, പ്രബോധം
images/JohnKeats.jpg
കീറ്റ്സ്

എനിക്കൊരു ദൗർഭാഗ്യം വന്നപ്പോൾ ധനികനായ ഒരു ബന്ധു എന്റെ ഭവനവും അതു നില്ക്കുന്ന ഇരുപത്തിനാലു സെന്റ് പറമ്പും വാങ്ങിക്കൊണ്ടു വില തന്നതു് കുതിരപ്പവനായിട്ടായിരുന്നു. ഞാനതു് തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിൽ കൊണ്ടുപോയിക്കൊടുത്തു് രൂപയാക്കി. ഒരു പവനു് അന്നു് ഇരുപതുരൂപ. പതിനെട്ടു രൂപ എന്ന നിരക്കിനാണു് സ്വർണ്ണക്കച്ചവടക്കാരൻ എനിക്കു രൂപ തന്നതു്. കൊടുത്ത പവന്റെയും തന്ന രൂപയുടെയും മൂല്യം തുല്യമാണെങ്കിലും പവനോടു തോന്നിയ ബഹുമാനം എനിക്കു രൂപയോടു തോന്നിയില്ല. നൂറുരൂപനോട്ടു് നൂറു് ഒറ്റരൂപാനോട്ടാക്കു. നൂറുരൂപാനോട്ടിനോടുള്ള ബഹുമാനം ഒറ്റരൂപാനോട്ടുകളോടു തോന്നുകയില്ല. കലയെന്ന സ്വർണ്ണത്തെ തത്ത്വചിന്തയുടെ ചില്ലറയാക്കി മാറ്റുമ്പോൾ സ്വർണ്ണത്തോടുള്ള ആദരം നഷ്ടപ്പെടും. എനിക്കു് ആ ആദരരാഹിത്യം ആനന്ദിന്റെ രചനകളെക്കുറിച്ചു് എപ്പോഴുമുണ്ടാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘മീര എന്ന കഥയെക്കൂറിച്ചും എനിക്കതേ പറയാനുള്ളു. മീര യാതന അനുഭവിക്കുന്ന സ്ത്രീയുടെ പ്രതീകമാണു്. അതിനെ സ്പഷ്ടമാക്കാനായി കഥാകാരൻ അവളെ ചില വ്യക്തികളോടു സംസാരിപ്പിക്കുന്നു; ചില സന്ദർഭങ്ങളിലായി പ്രവർത്തിപ്പിക്കുന്നു; ഒടുവിൽ അവൾ, തന്നെ കണ്ടെത്തുന്നു. ഈ ആത്മസാക്ഷാത്കാരവും കാവ്യാത്മകമായ ആഖ്യാനവും നന്നു്. പക്ഷേ, കഥ അനുഭൂതിജനകമല്ല. കീറ്റ്സി ന്റെ Bright star എന്നു തുടങ്ങുന്ന കാവ്യവും മിൽട്ടൺ തന്റെ അന്ധത്വത്തെക്കുറിച്ചെഴുതിയ കാവ്യവും തമ്മിൽ തട്ടിച്ചു നോക്കുക. കീറ്റ്സിന്റെ കാവ്യം ഹൃദയംഗമമാകുന്നതു് അതിന്റെ രതിഭാവത്താലല്ല. തത്ത്വചിന്തയെ ഭാവാത്മകമാക്കിയതിനാലാണു്. മോപസാങ്ങി ന്റെ ‘ചന്ദ്രികയിൽ’ എന്ന കഥയിലും റ്റോമസ് മന്നി ന്റെ ‘വെനീസിലെ മരണം’ എന്ന കഥയിലും തത്ത്വചിന്തയുണ്ടു്. പക്ഷേ, ‘ചന്ദ്രികയിൽ’ എന്ന കഥ കറയറ്റ സൗന്ദര്യമാണു്. മന്നിന്റെ കഥയ്ക്കു ആ സമ്പൂർണ്ണ സൗന്ദര്യമില്ല. കാക്കനാടന്റെ ‘ശ്രീചക്ര’ത്തിലും ഒ. വി. വിജയന്റെ ‘കടൽത്തീരങ്ങൾ’ എന്ന കഥയിലും ഫിലോസഫിയുണ്ടു്. ‘ശ്രീചക്ര’ത്തിലെ തത്ത്വചിന്ത, തത്ത്വചിന്തയായി നില്ക്കുന്നു. ‘കടൽത്തീരത്തി’ലെ തത്ത്വചിന്ത ബിംബങ്ങളായി മാറിയിരിക്കുന്നു. കലാത്മങ്ങളായ ഉപാധികളെ ആശ്രയിച്ചല്ല ആനന്ദ് കഥയെഴുതുന്നതു്. തത്ത്വചിന്തയോടു ബന്ധപ്പെട്ട യുക്തിയിലാണു്. അതിനാൽ അദ്ദേഹത്തിന്റെ ‘മീര’ എന്ന കഥ പ്രബോധാത്മകമാണു്. (ഡൈഡാറ്റിക്) തീവ്രമായ യാതന എന്നു് ആനന്ദിന്റെ പ്രയോഗം. യാതനയ്ക്കുതന്നെ തീവ്രവേദന എന്നാണു് അർത്ഥം. അതുകൊണ്ടു തീവ്രമായ യാതന എന്നു പാടില്ല. “യാതന തീവ്രവേദനാ” എന്നു് അമരകോശത്തിൽ. തരംഗങ്ങളായി അലയടിച്ചു” എന്നു വേറൊരു പ്രയോഗം. നീതിമത്കരണത്തിനു സാദ്ധ്യതയുണ്ടെങ്കിലും ഇമ്മാതിരി പ്രയോഗങ്ങൾ ഒഴിവാക്കുകയാണു നന്നു്. “യാതനകളിൽനിന്നും വേദനകളിൽ നിന്നും” എന്നു മറ്റൊരിടത്തു്.

നിരീക്ഷണങ്ങൾ
  1. Raman Selden എഴുതിയ A Reader’s Guide to Contemporary Literary Theory എന്നൊരു പുസ്തകത്തിൽ Feminist Criticism എന്നൊരദ്ധ്യായമുണ്ടു്. അതിലെ ആദ്യത്തെ ഖണ്ഡികയിലെ ആശയങ്ങൾ അതേ രീതിയിൽ ഞാൻ മലയാളത്തിലേക്കു ആക്കട്ടെ. ചില ധർമ്മങ്ങളില്ലാത്തുകൊണ്ടു സ്ത്രീ സ്ത്രീയായിത്തന്നെയിരിക്കുന്നുവെന്നു് അരിസ്റ്റോട്ടൽ പ്രഖ്യാപിച്ചു. സെന്റ് തോമസ് അക്വിനാസ് വിശ്വസിച്ചതു് സ്ത്രീ പരിപൂർണ്ണതയിലെത്താത്ത പുരുഷനാണെന്നാണു്. രൂപം പുരുഷനെസംബന്ധിച്ചതും ഉള്ളടക്കം സ്ത്രീയെസംബന്ധിച്ചതുമാണെന്നു് കവി ഡൊൻ (Donne) അഭിപ്രായപ്പെട്ടു. ഐശ്വര്യമായ, ഉന്നതമായ പുരുഷധിഷണ ആഘാതവർദ്ധനീയതയുള്ള (malleable) ജഡതയുള്ള സ്ത്രൈണവസ്തുവിൽ അതിന്റെ രൂപം (പുരുഷധിഷണതയുടെ രൂപം) ഉണ്ടാക്കുന്നു എന്നാണു് ആ കവിയുടെ വാദം. അനലസമായ പുരുഷബീജം, കാത്തുകാത്തിരിക്കുന്ന ബീജകോശത്തിനു (Ovum) രൂപം നല്കുന്നുവെന്നു പണ്ടു് പുരുഷന്മാർ വിചാരിച്ചിരുന്നു. പുരുഷന്റെ ആധിപത്യം കാണിക്കുന്ന ഈ സിദ്ധാന്തങ്ങളോടുള്ള എതിർപ്പാണു് സ്ത്രൈണരൂപത്തിന്റെ (feminist criticism) കാതലായ ഭാഗം. ബീജകോശം പുരുഷന്മാർ പറയുന്നതുപോലെ ആലസ്യമാർന്നതല്ല എന്നാണു് Mary Ellmann ഉദ്ഘോഷിച്ചതു്. അതു് (Ovum) ധീരമാണു്, സ്വതന്ത്രമാണു്, വ്യക്തിത്വമാർന്നതാണു് എന്നു് അവർ പറയുന്നു. പുരുഷബീജമാണത്രേ കാതരസ്വഭാവം (sheeplike) കാണിക്കുന്നതു്. ഈ ചിന്താഗതി വികാസംകൊണ്ടു് ‘സ്ത്രൈണനിരൂപണം’ എന്നൊരു സാഹിത്യ വിഭാഗം ഇപ്പോൾ ആധിപത്യം പുലർത്തുന്നു. ഈ ചിന്താഗതിയെ പ്രഗല്ഭമായി ആവിഷ്കരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം (Mary Eagleton എഡിറ്റ് ചെയ്തു പ്രസാധനം ചെയ്തതു്) Logman, London and New York പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (വില GBP 9.99). രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ Julia Kristeva തൊട്ടു് പലരുടേയും രചനകൾ ഇതിലുണ്ടു്. Marxist feminism വരെ ഇതിൽ പ്രതിപാദിക്കുന്നുണ്ടു്. സംസ്കാരത്തിൽ തല്പരകളായവരുടെ സമുന്നത ചിന്തകൾ ഇതിലുണ്ടെങ്കിലും കലയിലും സാഹിത്യത്തിലും സ്ത്രീ പുരുഷസങ്കല്പം ആദരണീയമാണോ എന്നു് എനിക്കു സംശയം. ലേഡി ലൂറസാക്കി യുടെ ‘റ്റെയ്ൽ ഒഫ് ഗഞ്ചി’ എന്ന നോവൽ വായിക്കുമ്പോൾ അതു് സ്ത്രീ എഴുതിയതാണു് എന്നു നമ്മൾ ഓർമിക്കുന്നുണ്ടോ? ഇല്ലേയില്ല. സൗന്ദര്യം മാത്രമേയുള്ളു പ്രധാന്യമർഹിച്ചതായി. പഞ്ചാര സ്ത്രീ തന്നാലും പുരുഷൻ തന്നാലും മധുരിക്കും.
  2. കഥാകാരനായ സക്കറിയ കുറേക്കാലമായി എന്നെ ഭർത്സിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കഥയിൽ എന്നെക്കുറിച്ചുള്ള നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടു്. അതിനുശേഷമുള്ള ഈ വ്യതിക്രമം ദുർഗ്രഹമായി എനിക്കനുഭവപ്പെടുന്നു. അതിൽ എനിക്കു പരാതിയൊട്ടുമില്ല. വിമർശനമാകാം. പക്ഷേ, കരുതിക്കൂട്ടിയുള്ള ഭർത്സനം അതു ചെയ്യുന്നയാളിന്റെ മാനസികനിലയെ വ്യക്തമാക്കും. കഥാകാരനായ എൻ. പ്രഭാകരന്റെ ഒരു പുസ്തകത്തിന്റെ അവതാരികയിലും ചില ‘അഭിമുഖ സംഭാഷണങ്ങളിലും ഈ ശകാരം ഞാൻ “കണ്ടു”. ഇപ്പോൾ കാപ്സ്യൂൾ മാസികയുടെ പിറന്നാൾപ്പതിപ്പിൽ എന്റെ പേരു പറയാതെ ഈ കോളം ഗോസിപ്പാണെന്നും കൂക്കുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിനു മലയാളികൾ വായിക്കുന്ന കോളമാണിതെന്നതു പോകട്ടെ. സായ്പന്മാർപോലും ഇതു ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യിച്ചു വായിക്കുന്നുണ്ടു്. ഒരു കൊല്ലം മുൻപു സ്വീഡനിൽനിന്നും ആറുമാസംമുൻപു് സ്വിറ്റ്സർലണ്ടിൽനിന്നും അവർ ഇക്കാര്യം എന്നെ റ്റെലിഫോണിലൂടെ അറിയിച്ചു. സക്കറിയയുടെ ദുർഭാഷണം ഒരുതരത്തിലുള്ള മുൻകൂർ ജാമ്യമെടുക്കലാണു്. കെയ്സ് വിസ്താരത്തിനു വരുമ്പോൾ ബഹുജനത്തിന്റെ കോടതി ഈ മുൻകൂർ ജാമ്യം റദ്ദാക്കിക്കളയുമെന്നു ഞാൻ സക്കറിയയെ അറിയിക്കുന്നു. “സാഹിത്യത്തിന്റെ എ, ബി, സി, ഡി അറിയാത്ത എം. കൃഷ്ണൻനായരെ പൊക്കിപ്പിടിച്ചുനടക്കുന്നു.” കാപ്സ്യൂൾ പത്രാധിപരെന്നു റ്റി. പത്മനാഭൻ പറഞ്ഞതായും ഇതിൽ കണ്ടു. എ, ബി, സി, ഡി അറിയില്ല എന്നതു സത്യമാണു്. അറിയാമായിരുന്നെങ്കിൽ പത്മനാഭനു് ഞാനും മറ്റു രണ്ടു മാന്യന്മാരും ചേർന്നു വലിയ ഒരു സംഖ്യ സമ്മാനമായി നല്കുമായിരുന്നില്ലല്ലോ. സാഹിത്യത്തിൽ അനഭിജ്ഞനായ ഞാൻ തന്നെയാണു് സന്തോഷത്തോടുകൂടി അദ്ദേഹത്തെ സമ്മാനക്കാര്യം റ്റെലിഫോണിലൂടെ അറിയിച്ചതും. എ, ബി, സി, അറിയാത്തതുകൊണ്ടുതന്നെയാണു് അടുത്തകാലത്തു് അദ്ദേഹത്തിന്റെ ചില കഥകൾ നല്ലതാണെന്നു ഞാൻ എഴുതിയതും. മാസികയുടെ എഡിറ്ററായ റെജി ചെത്തിക്കോടു് എന്നെക്കുറിച്ചെഴുതിയ നല്ല വാക്കുകൾക്കു ഞാൻ നന്ദി പറയുന്നു. സ്നേഹംകൊണ്ടു് എനിക്കു ഉള്ളതിലധികം വലിപ്പം റെജി കാണുന്നുണ്ടെങ്കിലും നന്ദി. കാരണം നന്ദിയില്ലാത്തവൻ മനുഷ്യനല്ല എന്നതാണു്.
  3. Zen and the Art of the Motor Cycle Maintenance ” എന്ന ഗ്രന്ഥമെഴുതി വിശ്വവിഖ്യാതനായ Robert M Pirsig —ന്റെ രണ്ടാമത്തെപ്പുസ്തകം “Lila—An Inquiry into Morals ” എനിക്കു കിട്ടിയെങ്കിലും ഞാനതു വായിച്ചു തുടങ്ങിയില്ല. ലീഓൻ ഫൊഹ്റ്റ് വാങ്ങ്ഗർ (Lion Feuchwanger) എഴുതിയ “Success” എന്ന നോവൽ വായിച്ചുകൊണ്ടിരിക്കുകയാണു്. (Translated by Willa and Edwin Muir) റ്റോമസ് മന്നി ന്റെ Magic Mountain എന്ന നോവൽ മാറ്റിനിറുത്തിയാൽ ഫൊഹ്റ്റ് വാങ്ങ്ഗറുടെ ഈ നോവലിനെപ്പോലെ ആശയപ്രധാനമായ വേറൊരു നോവൽ ഈ ശതാബ്ദത്തിലുണ്ടായിട്ടില്ല എന്നാണു് നിരൂപകർ പറയുന്നതു്. ഈ നോവലും (ആകെ 701 പുറങ്ങൾ) നൂറു പുറത്തോളമേ വായിച്ചുള്ളു. ഇടയ്ക്കു പിർസിഗ്ഗിന്റെ പുസ്തകമൊന്നു മറിച്ചുനോക്കിയപ്പോൾ കണ്ട വാക്യങ്ങൾ— “ശീതോഷ്ണാവസ്ഥയുടെ ഉയർന്ന ചൂടു് പെട്ടെന്നു താണനിലയിലാവുമ്പോൾ അല്ലെങ്കിൽ അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദം താണമർദ്ദമായി മാറ്റുമ്പോൾ ഫലം കൊടുങ്കാറ്റാണു്. ധിഷണയെസംബന്ധിച്ച തെറ്റായ സാമൂഹിക നിയന്ത്രണത്തിൽനിന്നു് സമൂഹസംബന്ധിയായ മാതൃകകളിലേക്കു സാമൂഹികാവസ്ഥമാറുമ്പോൾ ഫലം സാമൂഹികശക്തികളുടെ കൊടുങ്കാറ്റത്രേ. ഈ കൊടുങ്കാറ്റാണു് ഇരുപതാം ശതാബ്ദത്തിന്റെ ചരിത്രം.” ഇമ്മട്ടിലുള്ള ധിഷണാപരങ്ങളായ പ്രസ്താവങ്ങൾ അവസാനംവരെയും വായിച്ചതിനുശേഷം അസാധാരണമായ ഈ പുസ്തകത്തെക്കുറിച്ചു് എഴുതാമെന്നു വിചാരിക്കുന്നു.
പ്രബന്ധം
images/RGTCLT.jpg

വർഷം ഏതെന്നു് ഓർമ്മയില്ല. രാത്രി എട്ടുമണിയോടു് അടുപ്പിച്ചാണു് ഞാൻ ഭിലായ് സ്റ്റീൽ പ്ലാന്റിനടുത്തുള്ള ടൗൺഷിപ്പിലെത്തിയതു്. എം. കെ. കെ. നായരു ടെ പ്രാഗല്ഭ്യം അതിനെ ദേവലോകമാക്കി മാറ്റിയിരിക്കുന്നു. നിരനിരയായി പീടികകൾ, എല്ലാം തിളങ്ങുന്നു. തിരുവനന്തപുരത്തു കിട്ടുന്ന ഏതു വസ്തുവും ഇവിടെ കിട്ടും. പാതകൾ നാലുംകൂടുന്ന സ്ഥലങ്ങളിൽ സൗന്ദര്യം ഘനീഭവിച്ചു കിടക്കുന്നു. കൂടെയുള്ളവരെ ഒരു വീട്ടിൽ കൊണ്ടാക്കിയിട്ടു് ഞാൻ ഒറ്റയ്ക്കു ടൗൺഷിപ്പ് കാണാനിറങ്ങി. റോഡുകളിൽ ആരുമില്ല. കച്ചവടസ്ഥലങ്ങളിലെ ഒന്നോ രണ്ടോ പേരുള്ളു. അതുകൊണ്ടു് ആരും ശരീരത്തിൽ ഉരുമ്മാനില്ല. ചെരിപ്പിട്ട കാലുകൾകൊണ്ടു് ആരും ചവിട്ടാനുമില്ല. ആ സൗന്ദര്യത്തിന്റെ മണ്ഡലത്തിലൂടെ നടന്നപ്പോൾ ഒരു മനുഷ്യ ശബ്ദം കേൾക്കാൻ ഞാൻ കൊതിച്ചുപോയി. ഒരു സഹോദരൻ എനിക്കെതിരെ വന്നെങ്കിൽ അല്ലെങ്കിൽ പിറകിൽകൂടി വന്നെങ്കിൽ എന്നൊക്കെ ഞാൻ അഭിലഷിച്ചുപോയി. ക്രമേണ മടുപ്പായി. ഞാൻ നടന്നു. നടന്നുനടന്നു് ടൗൺഷിപ്പിനു വെളിയിലായി. അന്ധകാരം എന്നെ പൊതിഞ്ഞു. എത്ര പ്രയാസപ്പെട്ടിട്ടാണു് ഞാൻ തിരിച്ചു പാർപ്പിടത്തിലെത്തിയതു്! ഇതിനു് തുല്യമായ അനുഭവമാണു് ജോസ് പനച്ചിപ്പുറ ത്തിന്റെ “അഭിവാദ്യം” എനിക്കു നല്കിയതു്. വാക്യങ്ങളുടെ ഭംഗി. അവയിൽനിന്നു പ്രസരിക്കുന്ന മയൂഖമാലകൾ. അതാസ്വദിച്ചു് ആസ്വദിച്ചു് ഞാൻ മുന്നോട്ടു നടന്നു. ഒടുവിൽ കൂരിരുട്ടു്. നേതൃത്വത്തിന്റെ അർത്ഥമില്ലായ്മ, ആരാധനത്തിന്റെ കാപട്യം, സർവോപരി എല്ലാറ്റിന്റെയും ശൂന്യത. ഇവയെല്ലാം പ്രബന്ധത്തിന്റെ മട്ടിലാണു് ജോസ് പനച്ചിപ്പൂറം ആലേഖനം ചെയ്യുന്നതു്. പര്യവസാനത്തിലെത്തുമ്പോൾ കലാരാഹിത്യത്തിന്റെ അന്ധകാരം മാത്രം. പൊതുവേ irony ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണു് ജോസ് പനച്ചിപ്പുറം. അതിനെക്കൊണ്ടു് സാമൂഹികാംശങ്ങളെ ആശ്ലേഷിപ്പിക്കാൻ അദേഹം ശ്രമിക്കാറുണ്ടു്. ചിലപ്പോൾ വിജയം പ്രാപിക്കുന്നു. മറ്റുചിലപ്പോൾ പരാജയപ്പെടുന്നു. കലാകൗമുദിയിലെ ഈ രചന പരാജയത്തിന്റേതാണു്.

വ്യക്തികൾ
സഹദേവൻ
images/JohnDonne.jpg
ഡൊൻ

‘തെക്കൻകാറ്റു്’ എന്ന പത്രത്തിന്റെ അധിപരായിരുന്ന സഹദേവൻ മധ്യവയസ്കനായിരിക്കെ അന്തരിച്ചുപോയി. രാഷ്ട്രീയസമരങ്ങളിൽ മനഃസാക്ഷിയുടെ പ്രേരണയ്ക്കു വിധേയനായി പങ്കുകൊണ്ട അദ്ദേഹം പലപ്പോഴും മർദ്ദനങ്ങൾക്കു വിധേയനായി. അതിന്റെയൊക്കെ ഫലമായിട്ടാണു് അദ്ദേഹത്തിനു ഹൃദ്രോഗം വന്നതു്. സംസ്കൃതത്തിലും മലയാളത്തിലും അവഗാഹമുണ്ടായിരുന്ന സഹദേവൻ ‘ഇൻറലക്ച്ച ്വലാ’യിരുന്നു. എന്നോടു് അദ്ദേഹം ദിവസവും റ്റെലിഫോണിലൂടെ സംസാരിച്ചിരുന്നു. ചിലപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെല്ലും. അദ്ദേഹം എന്റെ വീട്ടിലും വരും. മരണത്തെ മുന്നിൽക്കണ്ട സഹദേവൻ അതിനെ തൃണവൽക്കരിച്ചു് വാതോരാതെ സംസാരിക്കും. ഓരോ വാക്യത്തിലും ‘ഒറിജിനൽ ഇൻസെറ്റ്’ ഉണ്ടായിരുന്നു. കീർത്തിയിൽ കൊതിയില്ലാത്ത ആ നല്ല മനുഷ്യൻ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിരുന്നില്ല. ഒരിക്കൽ സി. വി. രാമൻപിള്ള യെക്കൂറിച്ചു് എന്നോടു പറഞ്ഞതിന്റെ സാരാംശം നല്കാം. “നമ്മുടെ നാട്ടിന്റെ സംസ്കാരത്തിന്റെ അടിത്തട്ടിലേക്കു ചെന്നിട്ടു് മറ്റാരും കണ്ടുപിടിക്കാത്ത കാര്യങ്ങൾ കണ്ടുപിടിച്ചു് അവയെ രൂപപ്പെടുത്തി നമ്മുടെ മുൻപിൽ വച്ച പ്രതിഭാശാലിയായിരുന്നു സി. വി. നിങ്ങൾക്കു അദ്ദേഹത്തിന്റെ ആ രൂപവത്കരണത്തോടു യോജിക്കാൻ കഴിയുന്നില്ലെങ്കിൽ യോജിക്കേണ്ടതില്ല. പക്ഷേ, ആ ചുഴിഞ്ഞിറങ്ങലുണ്ടല്ലോ അതിനു വേറൊരു മലയാളസാഹിത്യകാരനും കഴിഞ്ഞിട്ടില്ല.” ഇതു കേട്ടപ്പോൾ എഴുത്തുകാരനെന്ന നിലയിൽ ഒട്ടൊക്കെ പ്രശസ്തനായ ഞാൻ എന്തൊരു ക്ഷുദ്രജീവി, സഹദേവൻ എന്തൊരു ധിഷണാശാലി എന്നു ഞാൻ വിചാരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഞാൻ ഇപ്പോഴും ദുഃഖിക്കുന്നു.

കുഞ്ചുപിള്ള

വർഷങ്ങൾക്കു മുൻപു്, ഞാൻ തിരുവനന്തപുരത്തെ എം. ജി. റോഡിലൂടെ സായാഹ്നങ്ങളിൽ നടക്കുമ്പോൾ മുഖത്തു വിഷാദാത്മകത്വത്തിന്റെ ദീപ്തിയോടെ ഒരു യുവാവു് രാജവീഥിയുടെ ഒരു വശത്തുനിന്നു് എന്റെ നേർക്കു തൊഴുകൈ ഉയർത്തുമായിരുന്നു. മൂന്നോ നാലോ തവണ മാത്രമേ അതുണ്ടായിട്ടുള്ളു. അദ്ദേഹത്തിന്റെ വിനയത്തിലേറെ വിനയത്തോടെ ഞാനും തിരിച്ചു തൊഴുതിരുന്നു. ആ യുവാവു് ആരെന്നു് എനിക്കറിഞ്ഞുകൂടാ. അവസാനമായി അദ്ദേഹത്തെ കണ്ടതിന്റെ നാലാം ദിവസം പത്രങ്ങളിൽ വാർത്തവന്നു, കുഞ്ചുപിള്ള അന്തരിച്ചുവെന്നു്.

വാർത്തയുടെകൂടെ പടവും. അപ്പോഴാണു് ഞാൻ മനസ്സിലാക്കുന്നതു വഴിവക്കിൽ നിന്നിരുന്ന യുവാവു് കുഞ്ചുപിള്ള എന്ന കവിയായിരുന്നുവെന്നു്. അദ്ദേഹത്തോടു് ഒരു വാക്കെങ്കിലും സംസാരിക്കാത്തതു് മഹാപരാധമായിപ്പോയി എന്ന വിചാരം ഇന്നും അലട്ടുന്നു.

കുഞ്ചുപിള്ളയുടെ സ്മരണയെ നിലനിറുത്തുന്നതിനു വർഷംതോറും ചേരുന്ന സമ്മേളനത്തിൽ ഞാൻ പ്രസംഗിക്കാൻ പോയപ്പോഴാണു് അദ്ദേഹത്തിന്റെ കാവ്യങ്ങൾ മനസ്സിരുത്തി വായിക്കാനിടകിട്ടിയതു്. അതുവരെ ഞാനവ വായിച്ചിരുന്നില്ലതാനും. ജീനിയസ് എന്നു കുഞ്ചുപിള്ളയെ വിശേഷിപ്പിക്കാൻ എനിക്കു് ഒരു മടിയുമില്ല. ജീമുതവാഹകൻ, മണ്ഡോദരി ഈ പുരാണകഥാപാത്രങ്ങളെക്കുറിച്ചു് അദ്ദേഹമെഴുതിയ കാവ്യങ്ങൾ അദ്വിതീയങ്ങളാണു്. നശ്വരനായ മനുഷ്യൻ അനശ്വരങ്ങളായ കാവ്യങ്ങൾ രചിക്കുന്നു. കഴിഞ്ഞ ഒരു ലക്കം കലാകൗമുദിയിൽ ഞാനെഴുതിയതു് ആവർത്തിക്കട്ടെ. കുഞ്ചുപിള്ള അകാലമൃത്യുവിനിരയായില്ലെങ്കിൽ മലയാള സാഹിത്യത്തിലെ മഹാകവിയാകുമായിരുന്നു; ഇടപ്പള്ളി രാഘവൻപിള്ള യെക്കൂറിച്ചും ഇതു തന്നെയാണു് എഴുതാനുള്ളതു്. ഉപയോഗിക്കപ്പെട്ടു്, ഉപയോഗിക്കപ്പെട്ടു ശുഷ്കമായിപ്പോയ പുരാണകഥകളിൽനിന്നു് സർഗ്ഗാത്മകത്വത്തിന്റെ അഗ്നി ഉയർത്തിയ കുഞ്ചുപിള്ളയെ ഞാൻ ആദരപൂർവം സ്മരിക്കുന്നു.

കഴുത്തുമുറിക്കൽ
images/IIISelim.jpg
സുൽത്താൻ സലിം

ജനറൽ സെബാസ്റ്റിനി കോൺസ്റ്റാന്റിനോപ്പിളിനെ ആക്രമിച്ച ഇംഗ്ലീഷുകാരെ തുരത്തി. അതുകണ്ടു സന്തോഷിച്ച സുൽത്താൻ സലിം സെബാസ്റ്റിനിയോടു എന്തു പ്രതിഫലം വേണമെന്നു ചോദിച്ചു. എന്തും നല്കാൻ സുൽത്താൻ സന്നദ്ധനായിരുന്നു. ജനറൽ പറഞ്ഞു:“അങ്ങനെയാണെങ്കിൽ അങ്ങയുടെ അന്തഃപുരം എനിക്കു കണ്ടാൽ കൊള്ളാമെന്നുണ്ടു്.” സുൽത്താൻ അന്തഃപുരം കാണിച്ചു അദ്ദേഹത്തിനെ. തന്റെ എല്ലാ ഭാര്യമാരെയും കാണിച്ചു. അതിനുശേഷം സുൽത്താൻ അദ്ദേഹത്തോടു ചോദിച്ചു: “താങ്കൾക്കിഷ്ടപ്പെട്ട ഏതെങ്കിലും സ്ത്രീയുണ്ടോ അവരുടെ കൂട്ടത്തിൽ?” ജനറൽ ഒരു സ്ത്രീയെ ചൂണ്ടികാണിച്ചു. ‘ഭേഷ്’ എന്നു സുൽത്താൻ. അന്നു വൈകുന്നേരം ജനറലിനു് ഭാജനത്തിൽ വച്ച ഒരു സ്ത്രീയുടെ തല ലഭിച്ചു. അതിന്റെകൂടെ ഇങ്ങനെയൊരു സന്ദേശവും: “ഞാൻ മുസ്ലിം ആയതുകൊണ്ടു് എന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുത്തിയെ ക്രിസ്ത്യാനിയായ താങ്കൾക്കു തരാൻ വയ്യ. പക്ഷേ, നിങ്ങൾക്കിഷ്ടപ്പെട്ട ഈ സ്ത്രീ വേറൊരാളുടേതും ആകുകയില്ലെന്നു് ഇതുകണ്ടു് താങ്കൾക്കു ഉറപ്പു വരുത്താം.”

1806-ലാണു് ഈ സംഭവം. 1992-ൽ പ്രഭാകരൻ മുണ്ടാറുമ്മൽ എന്ന അഭിനവ സുൽത്താൻ കലാംഗനയുടെ തല കണ്ടിട്ടു് ദേശാഭിമാനി വാരികയുടെ ധവളഭാജനത്തിൽവച്ചു് കഥാനുരക്തനായ വായനക്കാരന്റെ നേർക്കു നീട്ടുന്നു. മറ്റാർക്കും ഈ തല ഇഷ്ടപ്പെട്ടില്ല എന്നതു് ഉറപ്പായിരിക്കുന്നു. ഇതിൽക്കൂടുതലായി ഈ കൊലപാതകത്തെക്കൂറിച്ചു് ഞാനെന്തു പറയാനാണു്?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-10-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.