സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-11-01-ൽ പ്രസിദ്ധീകരിച്ചതു്)

പരുക്കൻ ശബ്ദത്തിലുള്ള ആ നാഗസ്വരവായന എനിക്കു് സഹിക്കാനൊക്കത്തില്ല. “പുണ്ണിലൊരമ്പു തറച്ചതുപോലെ” എന്നു കവി പറഞ്ഞതു് ഇവിടെ എടുത്തെഴുതിയാൽ പോരാ. അമ്പു തറച്ചാൽ അതു സഹിക്കാം. ആ പാരുഷ്യം എന്റെ ഓരോ രോമകൂപത്തിലൂടെയും കടന്നു രക്തധമനികളിലൂടെ ഒഴുകി ഹൃദയത്തിന്റെ ഉള്ളറകളിൽ ചെന്നു. അപ്പോഴുണ്ടായ വേദനയാണു് ഏറ്റവും വലിയ വേദന. അതിനെയാണു് യാതന എന്നു സംസ്കൃതത്തിൽ പറയുന്നതു്. പ്രസവവേദനയാണു് സഹിക്കാനാവാത്ത വേദനയെന്നു സ്ത്രീകൾ. പല്ലുവേദനയാണു തീവ്രവേദനയെന്നു് അതു വന്നിട്ടുള്ളവർ. ഇവയൊന്നും ആ നാഗസ്വര വിദ്വാൻ എനിക്കുളവാക്കിയ യാതനയ്ക്കു സമമല്ല. അമ്പലപ്പുഴ സഹോദരന്മാർ അനായാസമായി നാഗസ്വരം വായിച്ചു് ശ്രോതാക്കളെ രസിപ്പിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. എന്റെ മുൻപിലിരുന്ന ആ വായനക്കാരൻ ആയാസത്തോടെ സംഗീതോപകരണം കൈകാര്യം ചെയ്തു ഞാനുൾപ്പെട്ട ശ്രോതാക്കളെ പീഡിപ്പിച്ചു. ഉപകരണം അയാൾ ഒരു തുണിയുറയിലേക്കു് മെല്ലെ തിരുകി അതിന്റെ തുമ്പു കൂട്ടിക്കെട്ടി. അതു കണ്ടപ്പോഴാണു് എനിക്കു ജീവൻ വീണതു്. ഉറയിൽ കടത്താതെ ചുമ്മാമടിയിലാണു് അയാൾ അതു വച്ചതെങ്കിലോ? ഏതു സമയത്തും അയാൾ അതെടുത്തു് ഊതി എന്നെയും മറ്റുള്ളവരെയും കാലനൂർക്കു് അയയ്ക്കുമായിരുന്നു എന്നൊരു പേടി. മലയാള സാഹിത്യത്തിൽ പല എഴുത്തുകാരും ഈ “കല്യാണ നാഗസ്വരവായന”ക്കാരെപ്പോലെയാണു്. അവർ ഏറെക്കാലമായി മലയാളികളെ പീഡിപ്പിക്കുന്നു. കുഴലൂത്തു മതിയാക്കി അവർ ഉറയിൽ ഉപകരണമിട്ടെങ്കിൽ! ചിലർ കുഴലൂതിക്കൊണ്ടിരിക്കുന്നു. വേറെ ചിലർ മടിയിൽ അതുവച്ചു് ആളുകളെ നോക്കിക്കൊണ്ടിരിക്കുന്നു. പേടിക്കണം അവരെ. ഒന്നോ രണ്ടോ പേർ ഉപകരണം ഉറയിൽക്കടത്തി നൂലുകൊണ്ടു് മുകൾഭാഗം കൂട്ടിക്കെട്ടിക്കഴിഞ്ഞു. അവർക്കു ഹൃദയംഗമമായ നന്ദി.

സമാന്തര പ്രവാഹം
images/KPRAMANUNNI.jpg
കെ. പി. രാമനുണ്ണി

പാതിരിമാർ, കാക്കകൾ, കുട്ടികൾ ഇവരുടെയെല്ലാം ഛായ ഒരേതരത്തിലാണു് എന്ന പഴഞ്ചൻ പ്രസ്താവം വീണ്ടുമെഴുതാൻ എനിക്കു ലജ്ജയില്ലാതില്ല. എങ്കിലും ഈ സന്ദർഭത്തിൽ അതേ തോന്നുന്നുള്ളു. അതുകൊണ്ടു് പ്രിയപ്പെട്ട വായനക്കാരുടെ സദയാനുമതിയോടെ അതു് പിന്നെയും പറയുകയാണു്. ഇപ്പറഞ്ഞവരുടെ കൂട്ടത്തിൽ ചേർക്കാം മലയാളകഥകളെയും. എല്ലാക്കഥൾക്കും ഒരേ ഛായ. പാതിരിമാരെയും മലയാള കഥകളെയും വേർതിരിച്ചറിയാൻ വയ്യ. ഇവിടെ വ്യത്യസ്തത പുലർത്തുന്നു. ശ്രീ. കെ. പി. രാമനുണ്ണി യുടെ “അടക്കുക, ഒരിക്കൽക്കൂടി” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു് ലക്കം 32). ഏഴുവയസ്സായിട്ടും അമ്മയുടെ കൂടെത്തന്നെ കിടന്നുറങ്ങാൻ കൊതിയുള്ള മകൻ. അച്ഛൻ അവനെ ആ ശയനീയത്തിൽ നിന്നു മോചിപ്പിച്ചു് മറ്റൊരു മുറിയിൽക്കിടത്തുന്നു. വീരകഥകൾ പറഞ്ഞുകേൾപ്പിച്ചു് മകനെ ധീരനാക്കുന്നു. മറ്റൊരു മുറിയിൽ കിടുന്നുറങ്ങിയ മകൻ ഒരു രാത്രിയിൽ സ്നേഹത്തിന്റെ ചൂടുകൊണ്ടു് അമ്മയുടെ ചൂടറിയാൻവേണ്ടി മെല്ലെ എഴുന്നേറ്റു് അവരുടെ മുറിയിലേക്കു നടക്കുന്നതു് അച്ഛൻ കണ്ടു. വീണ്ടും വീരകഥകളുടെ വർണ്ണനം. മകനു് അമ്മയെസംബന്ധിച്ചുള്ള സ്നേഹപരതന്ത്രത അത്രകണ്ടു ആദരണീയമല്ല എന്ന അച്ഛന്റെ പരോക്ഷ പ്രസ്താവം. മകൻ തിരിച്ചു സ്വന്തം ശയനീയത്തിലേക്കു പോയി. അവൻ വളർന്നു വളർന്നു വന്നു. സൈനികോദ്യോഗസ്ഥനായി. യുദ്ധത്തിൽ വീരമരണം വരിച്ചു. അവന്റെ ദേഹം അടക്കം ചെയ്തിടത്തുനിന്നു മാറ്റി മറ്റൊരു സ്ഥലത്തു് പ്രതിഷ്ഠിക്കാൻ അച്ഛൻ ചെല്ലുന്നു. അമ്മയുടെയും മകന്റെയും പാവനസ്നേഹത്തെ പ്രത്യക്ഷമാക്കുന്ന ഒരു സംഭവം കൂടി കഥാകാരൻ പ്രതിപാദിക്കുന്നുണ്ടു്. അമ്മയുടെ സാരികൂടി അയാൾ കൊണ്ടുപോകുന്നു. കുഴിയിൽനിന്നു മുകളിലേക്കു് ഉയർത്തിയ മകന്റെ ശരീരം—ഒരു ഭാഗം മാത്രം അഴുകിയ ശരീരം കണ്ടപ്പോൾ അച്ഛനു് അവന്റെ കൂടെ കിടക്കാൻ മോഹം. സ്നേഹസാന്ദ്രതയാലായിരിക്കാം അവന്റെ ഒരുഭാഗം അഴുകാതിരുന്നതു്. അഴുകിയ ഭാഗം അർത്ഥശൂന്യമായ യുദ്ധപ്രവണതയുമായിരിക്കാം. അമ്മയോടുള്ള സ്നേഹത്തിനാണു് മൂല്യം. അടിച്ചേല്പിക്കപ്പെടുന്ന സ്വദേശ സ്നേഹത്തിനല്ല. പിതാപുത്രബന്ധത്തിനാണു് മഹനീയത. വ്യർത്ഥമായ ശത്രുഹനനത്തിനല്ല. ഈ രണ്ടംശങ്ങളെയും സമാന്തരങ്ങളായി ഒഴുക്കി കലാമൂല്യമുണ്ടാക്കുകയാണു് രാമനുണ്ണി. ഈ സുസ്വരതയാണു് ഇക്കഥയുടെ സവിശേഷത.

നീരീക്ഷണങ്ങൾ
  1. വേലിതന്നെ വിളവാക്രമിക്കുന്നതു പോലെ നിരൂപകർ നല്ല രചനകളെ ആക്രമിച്ചു് ഇല്ലാതാക്കുകയും കളകളെ വളരാൻ അനുവദിക്കുകയും ചെയ്യുന്നു.
  2. ഗുരുത്വാകർഷണം നിശ്ചലമാണെന്നും അതുകൊണ്ടാണു് പക്ഷികൾ ആകാശത്തേക്കു പറന്നുയർന്നും മനുഷ്യൻ ചന്ദ്രനിലേക്കു യാത്ര ചെയ്തും അതിനെ ചലനാത്മകമാക്കാൻ ശ്രമിക്കുന്നതെന്നും Lila: An Inquiry into Morals എന്ന വിഖ്യാതമായ ഗ്രന്ഥമെഴുതിയ റോബർട്ട് പിർസിഗ് പറയുന്നു. Mr. Pirsig, you have not considerably added to the nonsense that has been written on Science. (എന്റെ ഒരു പ്രഫെസർക്കു നിരൂപകൻ സെയിന്റ്സ്ബറി എഴുതി അയച്ച ഒരു വാക്യത്തിന്റെ രൂപാന്തരം.)
  3. സെക്സ് വളരെ വൈകാതെ മരിക്കുമെന്നു് കനേഡിയൻ സംസ്കാര ചരിത്രകാരൻ മക് ലൂഅൻ (Marshall McLuhan) പറഞ്ഞിട്ടുണ്ടു്. സായ്പിനു് വല്ല രോഗവുമുണ്ടോ എന്തോ?
  4. കാലത്തിനെയാണു ഞാൻ ഏറ്റവും പേടിക്കുന്നതു്. അതു് എന്നെ മരണത്തിലേക്കു് അടുപ്പിക്കുന്നു. വീട്ടിൽ വന്നിരുന്നു തുടർച്ചയായി മൂന്നു മണിക്കൂർ സംസാരിച്ചു് എന്നെ ശാരീരികമായും മാനസികമായും തളർത്തുന്ന ചിലരെ കാലത്തെക്കാൾ ഞാൻ പേടിക്കുന്നു.
  5. ഈ ഭൂമിയിലെ എല്ലാ പ്രദേശങ്ങളും ഒരേ രീതിയിലാണു്. ചില സ്ഥലങ്ങളിൽ പീടികകൾ കൂടുതൽ കാണുമെന്നേയുള്ളു. അതുകൊണ്ടു് യാത്ര ബോറിങ്ങാണു്. യാത്രാവിവരണങ്ങൾ അതിനെക്കാൾ ബോറിങ്ങും.
  6. ചില ചതുരങ്ങളും വൃത്തങ്ങളും വരച്ചുവച്ചിട്ടു് ഇതാണു് മേഡേൺ ആർട്ട് എന്നു പറയുന്ന ഒരു ചിത്രകാരൻ, രവിവർമ്മ ചിത്രകാരനല്ലെന്നു പറയുന്നു. ചതുരത്തിനെക്കാളും വൃത്തത്തെക്കാളും ഭംഗിയില്ലേ ശകുന്തള യ്ക്കും ദമയന്തി ക്കും?
  7. കാലക്കേടുകൊണ്ടാണു് ഞാൻ ഇന്ത്യയിൽ ജനിച്ചുപോയതു്. ഇനി ഇവിടെ ജനിക്കാൻ പോകുന്നവരായിരിക്കും ഈ ലോകത്തെ ഏറ്റവും ഗ്രഹപ്പിഴക്കാർ.
  8. ഭാവാത്മകത്വം കവിതയുടെ വസന്തകാലമാണു്. ലോകത്തു വസന്തകാലം ആവർത്തിച്ചു വരും. കവിതയിൽ വരില്ല. അതുകൊണ്ടാണു് വാർദ്ധക്യകാലത്തു വള്ളത്തോൾ പറട്ടക്കവിതകൾ എഴുതിയതു്. ചങ്ങമ്പുഴ ജീവിച്ചിരുന്നെങ്കിലും നല്ല കവിതകൾ എഴുതുമായിരുന്നില്ല.
  9. പുരുഷൻ സ്ത്രീയായി ഭാവിച്ചാൽ പുച്ഛം തോന്നും എല്ലാവർക്കം. ‘സ്ത്രീസമത്വം’ എന്നു പറഞ്ഞു പുരുഷനാകാൻ ശ്രമിക്കുന്ന സ്ത്രീയോടു് അതിലേറെ പുച്ഛമുണ്ടാകും. സ്ത്രീ, സ്ത്രീയായിത്തന്നെ വർത്തിക്കണം.
  10. കശാപ്പുകാരന്റെ കത്തിക്കു താഴെ ആടിന്റെ ഗളനാളം പിടയുന്നതുപോലെ വൈലോപ്പിള്ളി ക്കവിതയുടെ മോഹന ഗളനാളം നവീന നിരൂപകന്റെ കത്തിക്കു് താഴെ പിടയുന്നു.
  11. മതസൗഹാർദ്ദത്തിന്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ചു് 11-നു് തേവലക്കരയിൽ ശ്രീ. ബേബി ജോൺ നിർവഹിച്ച പ്രഭാഷണം ഉജ്ജ്വലമായിരുന്നു. 17-നു് കൊല്ലത്തു് ‘ആരവം’ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സമ്മേളനത്തിൽ കർമ്മനിരതരാകണം ഓരോ പൗരനുമെന്നു ഉദ്ബോധിപ്പിച്ചുകൊണ്ടു് പ്രഫസ്സർ എം. കെ. സാനു നിർവഹിച്ച പ്രഭാഷണവും ഉജ്ജ്വലമായിരുന്നു. അവരെപ്പോലെ പ്രസംഗിക്കാൻ കഴിയണമെന്നാണു് എന്റെ ആഗ്രഹം.
ബുദ്ധിയുടെ സന്തതി

ആരുമെടുക്കാത്ത ഒരു കള്ള രൂപയും കൊണ്ടു് കാപ്പിക്കടകളിൽ കയറി കാപ്പി കുടിക്കാൻ നടന്നതിന്റെ ചിത്രം പി. കേശവദേവ് വരച്ചിട്ടുണ്ടു്. ചിത്രം കലാത്മകമല്ലെങ്കിലും മനുഷ്യത്വമുള്ള ഏതൊരുവനെയും അതു സ്പർശിക്കും. തകർത്തു പെയ്യുന്ന മഴയിൽപ്പെട്ടു ഞാൻ ബസ്സോ ഓട്ടോറിക്ഷയോ വരട്ടെയെന്നു വിചാരിച്ചു റോഡരികിൽ നില്ക്കുകയായിരുന്നു. ബസ്സില്ല. റിക്ഷയുമില്ല. കുടയുണ്ടെങ്കിലും ആകെ നനഞ്ഞു വിറുങ്ങലിച്ചു ഞാൻ. പെട്ടെന്നു ഒരു കാർ എന്റെ അടുക്കൽ വന്നു നിന്നു “സാറിനു എവിടെ പോകണം, കയറിക്കൊള്ളൂ, ഞാൻ കൊണ്ടു വിടാം” എന്നു കാറോടിച്ച യുവതി എന്നോടു പറഞ്ഞു. ഞാൻ ആ വാഹനത്തിൽ കയറി. എനിക്കൊട്ടും പരിചയമില്ലാത്ത ആ ശ്രീമതി എനിക്കിറങ്ങേണ്ട സ്ഥലത്തു് കാറ് നിറുത്തിത്തന്നു. ഈ ഉപകാരം ഞാൻ ഒരിക്കലും വിസ്മരിക്കില്ല.

ഇന്നു പണമുണ്ടെന്നു പറകയല്ല. വർഷങ്ങൾക്കു മുൻപു് തീരെ പണമില്ലാതിരുന്ന കാലത്തു് മദ്ധ്യതിരുവിതാംകൂറിൽ ഒരു വിവാഹത്തിനു് പോകേണ്ടി വന്നു. ആരോ ഏർപ്പാടു ചെയ്ത ബസ്സിൽ യാത്ര. വിവാഹം കഴിഞ്ഞു സദ്യ. പന്തലിൽ കടന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടപ്പുറത്തു വലിയ ചാണകക്കുഴി. അതിൽ നിന്നു പുറപ്പെട്ട നാറ്റം എന്നിൽ വമനേച്ഛ ഉളവാക്കി. ഉണ്ടാൽ ഛർദ്ദിക്കും, തീർച്ച. ഞാൻ ആരെയോ നോക്കുന്ന മട്ടു് അഭിനയിച്ചു് പന്തലിൽ നിന്നു പുറത്തിറങ്ങി. വിശന്നു പ്രാണൻ പോകുന്നു. കൈയിൽ അക്കാലത്തെ നാണയമായ ഒരണ പോലുമില്ല. മൂന്നു നാഴിക നടന്നാൽ എന്റെ ഒരു ബന്ധുവിന്റെ കൂട്ടുകാരി താമസിക്കുന്ന വീടുണ്ടു്. ആ കുട്ടിയും അവളുടെ ബന്ധുക്കളും എന്റെ വീട്ടിൽ വന്നു പലപ്പോഴും താമസിച്ചിട്ടുണ്ടു്. ആ ധൈര്യത്താൽ പ്രചോദിതനായി വെയിലത്തു മൂന്നു നാഴിക താണ്ടി ഞാൻ അവരുടെ വീട്ടിൽ ചെന്നു. എല്ലാവരും ഊണു കഴിക്കുന്ന സമയം. അവർ ഭക്ഷണം കഴിഞ്ഞു വന്നിരുന്നു എന്നോടു കുശലപ്രശ്നങ്ങൾ മാത്രം നടത്തി. ആഹാരം വേണോ എന്നു ചോദിച്ചില്ല. ചായ തന്നില്ല. പച്ചവെള്ളം പോലും തന്നില്ല. ഞാൻ കുറച്ചു നേരം അവിടിരുന്നു സംസാരിച്ചതിനു ശേഷം യാത്ര പറഞ്ഞു് തിരിയെ മൂന്നു നാഴിക കൊടും വെയിലത്തു നടന്നു. കല്യാണം നടക്കുന്ന വീട്ടിൽ എത്തുന്നതിനു മുമ്പു് ഞാൻ റോഡിന്റെ വക്കത്തു് തളർന്നിരുന്നു പോയി വളരെ നേരം.

‘ലിഫ്റ്റ് ’ തന്ന യുവതിയോടു് എനിക്കു നന്ദി. വിശന്നു തളർന്നു വീട്ടിൽച്ചെന്നു കയറിയ എന്നോടു ക്രൂരത കാണിച്ച അവിടുത്തെ ആളുകളോടു് എനിക്കു വെറുപ്പു്. രണ്ടു വികാരങ്ങളും സുശക്തമായി എന്നിൽ ഇന്നും വർത്തിക്കുന്നു. കാരുണ്യം വേണ്ടിടത്തു് കാരുണ്യം കാണിക്കാത്തവൻ മനുഷ്യനല്ല. സാഹിത്യകൃതികളും അവയുടെ അന്തർലീനമായ കാരുണ്യത്താലാണു് നമ്മെ സ്പർശിക്കുക. എന്റെ പേനയുടെ തുമ്പിൽ തകഴി യുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥയേ വരു. കാരുണ്യം ലൗകിക വികാരമാണെന്നും രസബോധനിഷ്ഠമായ വികാരമാണു സാഹിത്യസൃഷ്ടിയിലേതെന്നും വിസ്മരിച്ചല്ല ഞാനിതു് എഴുതുന്നതു്. തകഴിയുടെ ആ കഥ നമ്മെ സ്പർശിക്കുകയല്ല. ഹൃദയത്തിന്റെ അടിത്തട്ടിലേക്കു തുളച്ചു കയറിച്ചെല്ലുന്നതു് അതിലാവിഷ്കരിച്ച കാരുണ്യവികാരത്താലാണു്. ഫ്ളോബറി ന്റെ ‘മദാം ബുവറി’യും മോപസാങ്ങി ന്റെ ‘ഒരു സ്ത്രീയുടെ ജീവിത’വും നമ്മളെ കാരുണ്യത്തിന്റെ നീർച്ചുഴിയിലേക്കു എറിയുന്നു. അലിഗറിക്കു്—ലാക്ഷണിക കഥയ്ക്കു് —ഇതിനു ശക്തിയില്ല. അതു ബുദ്ധിയുടെ സന്തതി മാത്രമാണു്. അതിനാലാണു് ശ്രീമതി ‘അഷിത’ ദേശാഭിമാനി വാരികയിൽ (ലക്കം 17) എഴുതിയ ‘വീടു്’ എന്ന കഥ ബുദ്ധിയുടെ അഭ്യാസം മാത്രമായി നിലകൊള്ളുന്നതു്. പുസ്തകത്തിൽനിന്നു പഠിച്ച നിയമങ്ങളനുസരിച്ചു് വീടുകൾ നിർമ്മിക്കുന്ന ഒരു വാസ്തുവിദ്യാകുശലൻ. അയാൾ പരതന്ത്രതയുടെ പ്രതീകം. വീടിന്റെ ബോധമുളവാക്കാത്ത വീടു് നിർമ്മിച്ചു് സ്വാതന്ത്ര്യത്തിന്റെ മണ്ഡലത്തിലേക്കു തന്നെയും മറ്റുള്ളവരെയും കൊണ്ടുചെല്ലേണ്ടവനാണു് അയാൾ. കഴിവില്ല അയാൾക്കതിനു്. ബുദ്ധിയിൽ നിന്നു സംജാതമായ ഈ അലിഗറിക്കു ചാരുത ഒട്ടുമില്ല.

കൂരിരുട്ടിൽ നീരുറവയിൽനിന്നു് വെള്ളം ബക്കറ്റിലാക്കിക്കൊണ്ടു വരുന്ന കോസത്ത് ആ ഭാരം താങ്ങാനാവാതെ കൂടക്കൂടെ അതു താഴെവച്ചും വേച്ചുവേച്ചു നടന്നും വരുന്നതിന്റെ ചിത്രം യൂഗോപാവങ്ങ”ളിൽ വരച്ചിട്ടുണ്ടു്. അങ്ങനെ ആ പാവപ്പെട്ട പെൺകുട്ടി തൊട്ടി പൊക്കിക്കൊണ്ടു നടക്കുമ്പോൾ ഒരു അദൃശ്യഹസ്തം ആ ബക്കറ്റ് സ്വന്തം കൈയിലാക്കുന്നു. അവളുടെ രക്ഷിതാവായ ഷാങ്വൽഷാങ്ങിന്റെ ഹസ്തമായിരുന്നു അതു്, എന്നെ എപ്പോഴും ഹോൺട് ചെയ്യുന്ന രംഗമാണതു്. ഇമ്മട്ടിൽ വേണം സാഹിത്യം രചിക്കാൻ. ആ സംഭവം എന്റെ കാരുണ്യത്തെയും മനുഷ്യത്വത്തെയും വർദ്ധിപ്പിക്കുന്നു. ഇതിനൊന്നും ശക്തിയില്ലാത്ത ശുഷ്കങ്ങളായ അലിഗറികൾ നിർമ്മിച്ചു വയ്ക്കുന്നതുകൊണ്ടു് എന്തു പ്രയോജനം?

images/AngelaCarter.jpg
ആഞ്ജല കാർട്ടർ

നോവലിസ്റ്റ് ആഞ്ജല കാർട്ടറി ന്റെ ഫാന്റസികൾ രസാവഹങ്ങളാണു്. പഴയ സോവിയറ്റ് യൂണിയനിൽപ്പെട്ടതും അഫ്ഗാനിസ്റ്റാന്റെ വടക്കുഭാഗത്തുള്ളതുമായ സാമാർ കാന്റ് (റഷ്യൻ ഉച്ചാരണം) പട്ടണത്തിന്റെ ഭരണകർത്താവായിരുന്ന തംബർലേൻ ചക്രവർത്തിയുടെ സുന്ദരിയായിരുന്ന ഭാര്യ നിർമ്മിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കടുത്തു നിന്നു് ഒരാടു് കാട്ടുമുല്ല കടിച്ചുതിന്നുകയായിരുന്നു. തംബർലേൻ യുദ്ധത്തിനു പോയി തിരിച്ചുവരുമ്പോൾ ആരാധനാലയം കണ്ടു വിസ്മയിക്കണമെന്നായിരുന്നു സഹധർമ്മിണിയുടെ ആഗ്രഹം. അദ്ദേഹം ഉടനെ തിരിച്ചുവരുമെന്നറിഞ്ഞ അവൾ ദേവാലയ നിർമ്മാതാവിന്റെ അടുത്തു ചെന്നു് അതു് സമ്പൂർണ്ണമായി പണിതു തീർക്കാൻ ആവശ്യപ്പെട്ടു. ഒറ്റചുംബനം അവൾ തനിക്കു നല്കിയാൽ അങ്ങനെ ചെയ്യാമെന്നായി വാസ്തുവിദ്യാവിശാരദൻ. അവൾ അതിസുന്ദരി മാത്രമല്ല, ചാരിത്രശാലിനിയും ബുദ്ധിശാലിനിയുമായിരുന്നു. അവൾ ചന്തയിൽചെന്നു് ഒരു കൂടനിറച്ചു മുട്ട വാങ്ങിക്കൊണ്ടുവന്നു് വെള്ളത്തിലിട്ടു തിളപ്പിച്ചു. കട്ടിയായ ഓരോ മുട്ടയിലും പല ചായങ്ങൾ തേച്ചു. ദേവാലയ നിർമ്മാതാവിനോടു് ഏതെങ്കിലും ഒരു മുട്ട ഭക്ഷിക്കൂ എന്നാവശ്യപ്പെട്ടു. അയാൾ ചുവന്ന നിറമുള്ള മുട്ട തിന്നു. എങ്ങനെയായിരിക്കുന്നു? മുട്ടപോലെ തന്നെ. വേറൊന്നു ഭക്ഷിക്കൂ. അയാൾ പച്ചനിറമടിച്ച മുട്ട തിന്നു. എന്തു രുചിയാണു് ? ചുവന്ന മുട്ടയുടെ രുചിതന്നെ. വേറൊരു ചായം പുരട്ടിയ മുട്ട തിന്നു അയാൾ. മുട്ടയ്ക്കു പഴക്കമില്ലെങ്കിൽ എല്ലാ മുട്ടകളുടെയും രുചി ഒന്നുതന്നെന്നു് അയാൾ അറിയിച്ചു. അതുകേട്ടു അതിസുന്ദരി പറഞ്ഞു: “ഓരോ മുട്ടയും ഓരോ തരത്തിൽ കാണപ്പെടുന്നു. പക്ഷേ, എല്ലാ മുട്ടകളുടെയും രുചി ഒന്നുതന്നെ. അതുകൊണ്ടു് തോഴിമാരിൽ ആരെയെങ്കിലും ചുംബിച്ചാൽ മതി നിങ്ങൾ.” കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു ട്രേയിൽ മൂന്നു കപ്പുകളുമായി വന്നു. എല്ലാ ഭാജനങ്ങളിലും വെള്ളമെന്നേ തോന്നൂ. ഓരോ കപ്പിലെയും ദ്രാവകം കുടിക്കാൻ അയാൾ അവളോടു ആവശ്യപ്പെട്ടു. ആദ്യത്തെ കപ്പിലെ പാനീയവും രണ്ടാമത്തെ കപ്പിലെ പാനീയവും അവൾ കുടിച്ചു. മൂന്നാമത്തെതിലേതു കുടിച്ചപ്പോൾ അവൾ ചുമച്ചു. തുപ്പി. കാരണം അതിൽ വോഡ്ക എന്ന മദ്യമായിരുന്നു ഉണ്ടായിരുന്നതു്. ജലവും വോഡ്കയും ഒരേ രീതിൽ കാണപ്പെടും. പക്ഷേ, രുചിക്കു് വിഭിന്നതയും. അതുപോലെയാണു പ്രേമമെന്നു നിർമ്മാതാവു പറഞ്ഞു. സുന്ദരി അയാളുടെ ചുണ്ടിൽത്തന്നെ ചുംബിച്ചു. തംബർലേൻ ബന്ധനസ്ഥരാക്കിയ രാജാക്കന്മാരോടുകൂടി സാമാർ കാന്റിലെത്തിയപ്പോൾ ഭാര്യ മാറിക്കളഞ്ഞു. വോഡ്ക കുടിച്ച ഒരു സ്ത്രീക്കും അന്തഃപുരത്തിൽ പ്രവേശിക്കാൻ വയ്യ. തംബർലേൻ ഭാര്യയെ തല്ലിയപ്പോൾ അവൾ ചുംബനത്തിന്റെ കാര്യം പറഞ്ഞു. ചക്രവർത്തി കൊലയാളികളെ ദേവാലയത്തിലേക്കു അയച്ചപ്പോൾ നിർമ്മാതാവു് ഒരാർച്ചിന്റെ മുകളിൽ നില്ക്കുകയായിരുന്നു. അവർ കത്തികളുമായി കോണിപ്പടികൾ ഓടിക്കയറി. അതുകണ്ടു നിർമ്മാതാവു് ചിറകുകൾ മുളപ്പിച്ചു് പേർഷ്യയിലേക്കു പറന്നുകളഞ്ഞു. അതിസുന്ദരി ഭർത്താവിനെ ഉപേക്ഷിച്ചു ചന്തയിലേക്കു ഓടിപ്പോയി. ലില്ലി പുഷ്പങ്ങൾ വിറ്റു് അവൾ ജീവിച്ചു കാണണം. ഭർത്താവിനുവേണ്ടി ചുവന്ന നിറമുള്ളതും വെളുത്ത നിറമുള്ളതുമായ മുള്ളങ്കിക്കിഴങ്ങുകൾ അവൾക്കു കൊണ്ടുവരാമായിരുന്നു.

ഉപന്യാസം

ആഖ്യാന പാടവം ഏറെയുള്ള ശ്രീ. എൻ. പ്രഭാകരൻ ജീവിതത്തെ “അവതമസബാധിതമായി” കാണുന്നു. സിനിക്കിന്റെ മട്ടിൽ ജീവിതത്തെ കണ്ടിട്ടു് മദ്യപാനത്തിലൂടെ അന്യവത്കരണങ്ങളിൽ നിന്നു് രക്ഷപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം ചിത്രീകരിക്കുന്നു. അർത്ഥരഹിതമായ ഈ ലോകത്തു് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി എന്നാവാം അദ്ദേഹം ‘രാത്രിമൊഴി’ എന്ന കഥയിലൂടെ നൽകുന്ന സന്ദേശം (ഇന്ത്യ റ്റുടേ; ഒക്ടോബർ 6 …) സന്ദേശത്തിൽ തകരാറുണ്ടെങ്കിലും ഇല്ലെങ്കിലും പ്രഭാകരൻ എഴുതിയതു് കഥയല്ല. ഉപന്യാസമാണു്. ബാഹ്യ നിരീക്ഷണങ്ങൾ മാത്രം നടത്തി നിജസ്ഥിതിയില്ലാത്ത ഒരു തത്വചിന്തയെ പ്രതിപാദിക്കുന്നതുകൊണ്ടു കലയുടെ അർത്ഥനകൾക്കു സാക്ഷാത്കാരമുണ്ടാവുകയില്ല. താനാവിഷ്കരിക്കുന്ന സത്യശകലത്തിനു നിലനില്പുണ്ടെന്നു് അദ്ദേഹം പറഞ്ഞേക്കും. പക്ഷേ, അതു സത്യമായി വായനക്കാരനും തോന്നണമല്ലോ.

മൗനം ഭൂഷണം
images/AlphonseDaudet3.jpg
അൽഫോങ്സ് ദോദെ

ഫ്രഞ്ച് നോവലിസ്റ്റ് അൽഫോങ്സ് ദോദെ (Alphonse Daudet, 1840–97) കൂട്ടുകാരോടു് കൂടക്കൂടെ പറയാറുണ്ടായിരുന്ന ഒരു കഥ ഇവിടെ എഴുതാം. ദുഃഖത്തെ സൂചിപ്പിക്കാനായി കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ ബസ്സിൽ കയറും അപ്പോൾ അടുത്തിരിക്കുന്ന ആൾ ദുഃഖ കാരണം അന്വേഷിക്കും. തന്റെ ആദ്യത്തെ കുട്ടി മരിച്ചതു് അവൾ വർണ്ണിച്ചു തുടങ്ങുമ്പോൾ യാത്രക്കാർക്കു ദുഃഖം. കണ്ടക്റ്റർ മൂക്കു ചീറ്റി കണ്ണീർ മറയ്ക്കും. സ്ത്രീ രണ്ടാമത്തെ കുട്ടി മരിച്ചതിനെക്കുറിച്ചാവും സംസാരം. മൂന്നാമത്തെ സന്തതിയുടെ മരണത്തെക്കുറിച്ചു വർണ്ണന തുടങ്ങുമ്പോൾ ബസ്സിലെ ആളുകളുടെ താല്പര്യം തീരെക്കുറയും. നാലാമത്തെ കുട്ടിയുടെ മരണത്തിലേക്കു് അവർ കടക്കുമ്പോൾ— ചീങ്കണ്ണി ആ കുഞ്ഞിനെ കടിച്ചുകൊന്നതു് ആ അമ്മ വിവരിക്കുമ്പോൾ മറ്റു മൂന്നു കുഞ്ഞുങ്ങളെക്കാളും അതിനു യാതനയുണ്ടായിയെന്നു് യാത്രക്കാർക്കു് അറിയാമെങ്കിലും അവർ പൊട്ടിച്ചിരിക്കും. സാഹിത്യം സൃഷ്ടിക്കുന്നവർ ഈ സ്ത്രീയുടെ കഥ ഓർമ്മയിൽ വയ്ക്കണമെന്നു ദോറെ പറയുമായിരുന്നു. ഞാൻ തൽക്കാലം ദോറെയായി എന്റെ അഭിവന്ദ്യ സുഹൃത്തു് ശ്രീ. കെ. കെ. രമേഷിനോടു് അപേക്ഷിക്കുന്നു ദോറെയുടെ ഈ കഥയെഴുതി കോട്ടിന്റെ കീശയിൽ ഇട്ടുകൊണ്ടു് വേണം നടക്കാനെന്നു്. ഒരേ വിഷയം വീണ്ടും വീണ്ടും പ്രതിപാദിച്ചാൽ—എന്റെ സ്ഥിരം പ്രയോഗത്തിലാണെങ്കിൽ ചിരപരിചിതത്വം കഥയ്ക്കു വന്നാൽ—ആളുകൾ ചിരിക്കുകയേയുള്ളു. ഒരു മുതലാളിയുടെ ഡ്രൈവർ ധനികനായപ്പോൾ മുതലാളി തന്റെ രണ്ടാമത്തെ ഡ്രൈവറെക്കൊണ്ടു് അയാളെ കോല്ലിക്കുന്നു. കോടതി പ്രതിയെ വെറുതെ വിട്ടു. പക്ഷേ, അയാൾ ആത്മഹത്യ ചെയ്തു. ഇതാണു് രമേഷ് ദേശാഭിമാനി വാരികയിൽ എഴുതിയ ‘അഹസ്സു്’ എന്ന കഥയുടെ ചുരുക്കം രമേഷ് ഇതുപോലെയൊരു കഥ മുൻപെഴുതിയെന്ന അർത്ഥത്തിലല്ല ഞാൻ ആവർത്തനമെന്നു പറഞ്ഞതു്. എത്രയോ കാലമായി എത്രയോ എഴുത്തുകാർ ഇമ്മട്ടിലുള്ള കഥകൾ പറഞ്ഞുകഴിഞ്ഞു. നൂതനമായി ഒന്നും പറയാനില്ലെങ്കിൽ മൗനം വിദ്വാനു ഭൂഷണം.

കൗതുകം ജനിപ്പിക്കുന്ന ഒരു വാർത്ത അല്ലെങ്കിൽ അറിവു് U. A. E.-ലെ പ്രസിഡന്റിന്റെ ജാമാതാവായ H. E. Shaik Hamad Bin Hamdan Al Nahyan ന്യൂ ഡൽഹിയിൽനിന്നും പ്രസിദ്ധപ്പെടുത്തുന്ന ‘Mirror Today’ എന്ന മാസികയുടെ Consulting Editor ശ്രീമതി. ആർ. അനിതയ്ക്കു് അനുവദിച്ച അഭിമുഖസംഭാഷണത്തിലൂടെയാണു വിസ്മയജനകമായ ഈ വാർത്ത നമ്മൾ അറിയുന്നതു്. ഷെയ്ക്ക് ലോകത്തെ ഏറ്റവും വലിയ Caravan നിർമ്മിച്ചിട്ടുണ്ടു്. പന്ത്രണ്ടു ചക്രങ്ങളിൽ മണിക്കൂറിൽ നൂറ്റിയിരുപതു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു ഈ ഭവനത്തിൽ എട്ടു കിടപ്പുമുറികളുണ്ടു്. 120 റ്റണ്ണാണു് അതിന്റെ ഭാരം. ഇരുപതു മീറ്റർ നീളം. പന്ത്രണ്ടു മീറ്റർ വീതി. പന്ത്രണ്ടു മീറ്റർ പൊക്കം. ഭീമാകാരമാർന്ന ഈ ഭവനത്തിന്റെ പേരു Howdan എന്നാണു് ആകൃതിസൗഭഗമുള്ള കാരുണ്യമുള്ള ഈ മുപ്പത്തിരണ്ടുകാരൻ ഷെയ്ക്കിന്റെ വിനോദവൃത്തി കാറുകൾ ശേഖരിക്കലാണു്. ഇതിനകം പലതരത്തിലുള്ള അറുന്നൂറു കാറുകൾ അദ്ദേഹത്തിന്റേതായി ഉണ്ടു്. ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ താല്പര്യമുള്ള ഷെയ്ക് Guinnes Book of World Records-ൽ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നു അനിത ചൂണ്ടിക്കാണിക്കുന്നു.

പാലൂര്

ഇതെഴുതുന്ന ആളിനു ശ്രീ. പാലൂരി ന്റെ കവിത ഇഷ്ടമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 33) അദ്ദേഹം എഴുതിയ ‘ആത്മഗീത’ എന്ന കാവ്യം എനിക്കു് അഭിമതമായില്ല. യാജ്ഞവൽക്യൻ സന്ന്യസിക്കാൻ പോകുന്നുവെന്നു് ഭാര്യമാരോടു പറഞ്ഞപ്പോൾ മൈത്രേയി പറഞ്ഞു തന്നെയും മറ്റുള്ളവരെയുംകൂടി കൊണ്ടുപോകണമെന്നു്. അതുകേട്ടു മഹർഷി മറുപടി നൽകി:

“ഭർത്താവു ഭാര്യയെ സ്നേഹിപ്പതത്രയും

ഭർത്താവിനുള്ള ഗുണത്തിനാ, ണല്ലാതെ

പുത്രനുവേണ്ടിയ, ല്ലമ്മട്ടു പത്നിയും

കൃത്യമായ് തന്റെ ഗുണത്തിനാണോർക്കണം.

സ്വർഗത്തിനാരും ഗുണം വന്നു കാണുവാൻ

സർഗലോകത്തെ കൊതിച്ചു കേട്ടില്ല ഞാൻ”

മഹർഷി തുടർന്നും ഇമ്മട്ടിലുള്ള ആകർഷങ്ങളായ ആശയങ്ങൾ പലതും പ്രതിപാദിക്കുന്നുണ്ടു്. ഗദ്യത്തിലാണെങ്കിൽ പ്രശംസ നേടുന്ന ഈ ചിന്തകൾ കവിതയിൽ അതു നേടുന്നില്ല. കാരണം അവ കാവ്യാത്മക ചിന്തകളല്ല എന്നതുതന്നെ. പാലൂരിന്റെ ഊന്നൽ മുഴുവൻ ആശയങ്ങളുടെ ഉത്താളതയിലാണു്. വികാരത്തിന്റെ ബിംബങ്ങളായിട്ടല്ല.

കവി ആലേഖനം ചെയ്യുന്ന സന്ദർഭത്തിന്റെ വികാരങ്ങൾ കാവ്യത്തിലൂടെ ലഭിക്കുമ്പോൾ മാത്രമേ അനുവാചകനു രസിക്കാൻ കഴിയൂ. ഈ പ്രാഥമിക കലാതത്ത്വം പാലൂരു് എപ്പോഴും വിസ്മരിക്കുന്നു.

images/EdmondetJulesGoncourt.jpg
ഗോങ്കുർ സഹോദരന്മാർ

ദോദയെസ്സംബന്ധിച്ച ഒരു കഥ മുകളിൽ എഴുതിയല്ലോ. അതു് ഗോങ്കുർ സഹോദരന്മാരുടെ (ഫ്രെഞ്ചെഴുത്തുകാർ) ജേണലിൽ ഉള്ളതാണെന്നാണു് എന്റെ ഓർമ്മ. ഇനിപ്പറയുന്നതും അതിലുള്ളതാവണം. റുമേനിയക്കാരിയായ ഒരു യുവതി ഗൊങ്കുറിന്റെ വാതിലിൽത്തട്ടി അദ്ദേഹത്തെ കാണണമെന്നു് പറഞ്ഞു. അദ്ദേഹം വീട്ടിലില്ലെന്നു ഗൃഹനായിക അറിയിച്ചപ്പോൾ ചെറുപ്പക്കാരി കണ്ണുകൾ നിറച്ചുകൊണ്ടു് തിരിച്ചുപോയി. കുറച്ചു കഴിഞ്ഞു മടങ്ങിവന്നു ഗൊങ്കുറിനോടു ബന്ധപ്പെട്ട എന്തെങ്കിലും തനിക്കു നല്കണമെന്നു് അവൾ അപേക്ഷിച്ചു. ഗൊങ്കുർ വീട്ടിലുണ്ടായിരുന്നു. എങ്കിലും ആദ്യം പറഞ്ഞ കള്ളം വെളിച്ചത്താകാതിരിക്കാൻ വേണ്ടി ഗൃഹനായിക പീടികക്കണക്കെഴുതുന്ന സ്വന്തം കൊച്ചു പെൻസിൽ എടുത്തു് അവൾക്കു കൊടുത്തു. സന്തോഷാതിശയത്തോടെ യുവതി അതു കൊണ്ടുപോയി. ഒരിക്കൽ ഡോക്ടർ കെ. ഭാസ്കരൻ നായർസ്സാർ എന്നോടു പറഞ്ഞു. പെണ്ണുങ്ങൾക്കു സാഹിത്യത്തിൽ കിറുക്കു വന്നാൽ അതു വലിയ കിറുക്കായിരിക്കുമെന്നു്. ഗൊങ്കുറിനെ കാണാനെത്തിയ യുവതിക്കു് കിറുക്കായിരുന്നിരിക്കും. ഗോങ്കുറെവിടെ? ഞാനെവിടെ? അതുകൊണ്ടു സമീകരിച്ചു പറയുകയാണെന്നു ധരിക്കരുതേ. അങ്ങു വടക്കു് ഒരു ഹോട്ടൽ മുറിയിൽ ഞാൻ ഒരു നോവൽ വായിച്ചു ഇരിക്കുകയായരുന്നു. തമിഴു് സിനിമായിൽ ദേവി ആകാശത്തുനിന്നിറങ്ങി വരുന്നതുപോലെ എന്നെ ഞെട്ടിച്ചുകൊണ്ടു ഒരു ചെറുപ്പക്കാരി മുറിയിലേക്കു കടന്നുവന്നു. ‘ഇരിക്കൂ’ എന്നു ഞാൻ. ഇരുന്നു. “സാറിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും തരൂ” എന്നു് അവൾ. വേഗം പോകട്ടെ ആ യുവതിയെന്നു കരുതി ഞാൻ ഒരു ഫോറിൻ പേന എടുത്തുകൊടുത്തു. അതു് അവളിട്ടിരുന്ന ഒരു തരം കോട്ടിന്റെ കീശയിൽ വച്ചിട്ടു് എന്റെ മുറിയിലാകെ കറങ്ങി നടന്നു. മേശപ്പുറത്തു വച്ചിരുന്ന റ്റൂത്ത് പെയ്സ്റ്റ് വരെ എടുത്തുനോക്കി. പ്രായത്തിനേറെ അന്തരമുണ്ടെങ്കിലും മറ്റുള്ളവർ തെറ്റിദ്ധരിക്കുമല്ലോ എന്നു കരുതി ‘എനിക്കൊരു മീറ്റിങ്ങിനു പോകാൻ സമയമായി’ എന്നു ഞാൻ പറഞ്ഞു. പിന്നെയും ഒന്നുകൂടെ കറങ്ങി നോക്കുന്നതിനിടയിൽ ഞാൻ എന്റെ പല വസ്തുക്കളുടെയും പുറത്തു ന്യൂസ് പേപ്പറുകൾ എടുത്തിട്ടു. അവളങ്ങു പോകുകയും ചെയ്തു. ഓർമ്മയ്ക്കായി എന്തെങ്കിലും വേണമെന്നു പറഞ്ഞപ്പോൾ ഞാൻ മരിക്കാറായോ എന്നൊരു ചിന്ത എന്നെ അലട്ടിയതു പോകട്ടെ. യുവതിയുടേതു് സാഹിത്യത്തെസ്സംബന്ധിച്ച കിറുക്കാണെന്നു എനിക്കു മനസ്സിലായി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-11-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.