സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-11-29-ൽ പ്രസിദ്ധീകരിച്ചതു്)

ഒരു കാചത്തിലൂടെ കടക്കുന്ന രശ്മികൾ ഒരു സ്ഥലത്തു് ഒരുമിച്ചു ചേർന്നു തിളക്കമുള്ള ബിന്ദുവായി പരിണമിക്കുമ്പോൾ അതിനെ ഫോക്കസ് എന്നു നമ്മൾ വിളിക്കുന്നു. വസ്തുതകളുടെ രശ്മികളെ ബുദ്ധിയുടെ കാചത്തിലൂടെ കടത്തിവിട്ടു് ഒരു ബിന്ദുവിൽ അതിനെ കൊണ്ടുചെല്ലുമ്പോൾ അവിടം തേജോമയമാകും. തേജസ്സാർന്ന ആ ബിന്ദുവിനെയാണു് നമ്മൾ സത്യം എന്നു വിളിക്കുന്നതു്.

ഡിസെംബർ 23-ആം തീയതിയിലെ ക്രിസ്മസ് കെയ്ക് പുതുമയുള്ളതാണു്. അതിനു വേണ്ടി പണം മുടക്കുന്നതും നന്നു്. എന്നാൽ 24-ആം തീയതിയാകുമ്പാൾ അതിനു പഴക്കം വരും. 25-ആം തീയതി കഴിഞ്ഞാൽ അതു വളരെ പഴകിപ്പോകും. ആർക്കും അതു വേണ്ടാതെയാകുകയും ചെയ്യും. ജപ്പാനിലെ സ്ത്രീകളെക്കുറിച്ചു അവിടെയുള്ള പുരുഷന്മാർ വിചാരിക്കുന്നതു് ഇങ്ങനെയാണു്. ഇരുപത്തിമൂന്നു വയസ്സു് നന്നു്. ഇരുപത്തിനാലു് ‘മരണരേഖ’യോടു് (dead line) കൂടതൽ അടുത്തുപോയി. ഇരുപത്തഞ്ചു കഴിഞ്ഞാലോ? അതു മറന്നേക്കൂ. റ്റൈം വാരികവഴി പ്രശസ്തനായ പീകോ അയ്യർ എഴുതിയ ‘The Lady and the Monk—Four Seasons in Kyoto’ എന്ന പുസ്തകത്തിലെ പ്രസ്താവമാണിതു്. അന്യന്റെ ഭാര്യയായിപ്പോയതുകൊണ്ടു പഴകിപ്പോയ സാചീകോ എന്ന കെയ്ക് ആസ്വദിച്ചിട്ടു് ആ ആസ്വാദനത്തിന്റെ സ്വഭാവം നമ്മെ ഗ്രഹിപ്പിക്കുന്നതാണു് ഇപ്പുസ്തകം. 1987-ൽ അദ്ദേഹം ജപ്പാനിലെ കിയോറ്റോ നഗരത്തിൽ ചെന്നു. അവിടത്തെ ഒരു ദേവാലയത്തിൽ താമസിച്ചു് ആധ്യാത്മികതയിൽ വിലയം കൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മുണ്ഡനം ചെയ്ത ശിരസ്സുമായി ഒരു സന്ന്യാസി അദ്ദേഹത്തിന്റെ മുൻപിലെത്തി. ‘ഒരു രാത്രിയിലേക്കു മൂവായിരത്തിയഞ്ഞൂറു്; പ്രഭാതഭക്ഷണം വെറുതേ’ എന്നു് അയാൾ അറിയിച്ചു. സന്ന്യാസിക്കു് എത്രയെത്ര സൈക്കിൾ, മോട്ടർ സൈക്കിൾ, മോപഡ്! അവ ശേഖരിക്കലാണു് അയാളുടെ വിനോദവൃത്തി. അങ്ങനെ സന്ന്യാസിമാരുള്ള നാട്ടിൽ അയ്യർ ആധ്യാത്മികതയിൽ വിലയം കൊള്ളാതെ സാചികോ എന്ന പഴയ ക്രിസ്മസ് കെയ്ക് രുചിക്കാൻ ഒരുങ്ങിയതിൽ എന്തേ തെറ്റു്? ഒരു തെറ്റുമില്ല. പക്ഷേ, ഇതിൽ എനിക്കൊരു സംശയം ഭർത്താവെന്ന തടിമാടൻ ജീവിച്ചിരിക്കുമ്പോൾ ഭാര്യ അന്യപുരുഷനുമായി—അതും ഒരിന്ത്യാക്കാരനുമായി— വേഴ്ചയ്ക്കു ഒരുങ്ങുമോ? വാദത്തിനുവേണ്ടി അവൾ അതിനു സന്നദ്ധയായിയെന്നു സമ്മതിച്ചാലും അദ്ദേഹം അതു് ഗ്രന്ഥത്തിലൂടെ ലോകമാകെ അറിയിക്കുമോ! അറിഞ്ഞാൽ സാചീകോയുടെ ഭർത്താവു് അവളെ വെറുതേ വിടുമോ? സാചികോ എന്നതു വ്യാജനാമമാണെങ്കിലും ഭർത്താവിനു് കുറ്റക്കാരിയെ കണ്ടു പിടിക്കാൻ എന്തെങ്കിലും പ്രയാസം വന്നുകൂടുമോ’ അതുകൊണ്ടു് എന്റെ സംശയം—വെറും സംശയമാണേ—അയ്യർ ഒരു സാങ്കല്പിക റൊമാൻസിൽ സ്വൈരവിഹാരം നടത്തുന്നുവെന്നാണു്. അതു പോകട്ടെ. വിദേശത്തു ചെല്ലുന്നവൻ അവിടുത്തെ ഓരോ മൺതരിയുടെയും സവിശേഷത കണ്ടു് അനുഭൂതികൾക്കു വിധേയനാവുകയില്ലേ? അവ വായനക്കാർക്കു പകർന്നുകൊടുക്കില്ലേ? യാത്രാവിവരണങ്ങൾ ആസ്വാദ്യമായിബ്ഭവിക്കുന്നതു് ആ രീതിയിലാണല്ലോ! പികോ അയ്യർക്കു് അനുഭൂതികളില്ല അദ്ദേഹം കുറെ purple passages എഴുതിവയ്ക്കുന്നു. എന്നിട്ടു് “Walden ” എഴുതിയ തോറോ (Thoreau) ആണു് താനെന്നു പരോക്ഷമായി ഭാവിക്കുകയും ചെയ്യുന്നു.

images/Thoreau.jpg
തോറോ

ഈ വിരസമായ ഗ്രന്ഥമെഴുതിയ സമയംകൊണ്ടു് അയ്യർ ഓക്കിനാവ ദ്വീപിൽ (Okinawa) വികാസംകൊണ്ട കരാട്ടി (Karate) എന്ന അടിമുറ പഠിച്ചാൽ മതിയായിരുന്നു. കൈകളും കാലുകളും കാൽമുട്ടുകളും മാത്രം പ്രയോഗിച്ചുള്ള ഒരടിമുറയാണല്ലോ കരാട്ടി. സാചീകോയുടെ ഭർത്താവു് ഒരുപക്ഷേ, അയ്യരെ നേരിടാൻ വന്നാൽ ഈ അടിമുറ അദ്ദേഹത്തിന്റെ തടിക്കു കേടുപാടുകൾ വരുത്താതെ സംരക്ഷിക്കുകയും ചെയ്യും (Black Swan, Rs. 205).

ചോദ്യം, ഉത്തരം

ചോദ്യം: “ഇരുപത്തിമൂന്നു കൊല്ലമായി നിങ്ങൾ ഈ പംക്തി എങ്ങനെ എഴുതുന്നു?”

ഉത്തരം: “ഏതു പ്രവൃത്തിയിലും ഹൃദയവും മനസ്സും വ്യാപരിച്ചാൽ വൈഷമ്യം ഉണ്ടാവുകയില്ല. ഈ ജോലി മെനക്കേടാണല്ലോ എന്ന തോന്നലുണ്ടായിപ്പോയാൽ ഒരു പുറംപോലും എഴുതിത്തീർക്കാൻ ഒക്കുകയില്ല. ‘ഞാൻ പൂന്തോട്ടമുണ്ടാക്കുകയാണു്’ എന്നു വിചാരിച്ചു മൺവെട്ടികൊണ്ടു ഭൂമി കിളച്ചുമുറിച്ചാൽ ക്ഷീണം തോന്നുകില്ല. ‘ഞാൻ ഈ തറയിൽ മൺവെട്ടികൊണ്ടു വെട്ടുകയാണെ’ന്നു വിചാരിച്ചാൽ അരമണിക്കൂർകൊണ്ടു തളരും”.

ചോദ്യം: “കടപ്പുറത്തെ മണ്ണു വാരിക്കോട്ടോ?”

ഉത്തരം: “വേണ്ട. (അനുമതി ചോദിച്ചാൽ ഇതാവും ഉത്തരം) ഒരു സംഭവംകൂടി എഴുതാം ഞാനിവിടെ കാറ് പാർക്ക് ചെയ്യട്ടോ എന്നു ഒരാളുടെ ചോദ്യം പൊലീസുകാരനോടു്. ‘വേണ്ട’ എന്നു് ഉത്തരം ‘പിന്നെങ്ങനെ ഇത്രയും കാറുകൾ ഇവിടെ പാർക്ക് ചെയ്തിരിക്കുന്നു എന്നു വീണ്ടും ചോദ്യം. ‘അവരാരും ചോദിച്ചില്ല’ എന്നു പൊലീസുകാരന്റെ ഉത്തരം”.

ചോദ്യം: “നിങ്ങൾ ഇവിടെ ഷർട്ടും മുണ്ടും ധരിച്ചു നടന്നു. പൊലീസിന്റെ നന്മകൊണ്ടു നിങ്ങൾ അറസ്റ്റു ചെയ്യപ്പെട്ടില്ല മനസ്സിലായോ?” (മസ്കറ്റിൽനിന്നു് ചോദ്യം)

ഉത്തരം: “ഷെർട്ടും മുണ്ടും ധരിച്ചു നടന്നപ്പോൾ കുറെ പെൺപിള്ളേർ എന്നെ നോക്കി ആക്ഷേപിച്ചു പിരിച്ചു. ഒരു കൊച്ചുപെൺകുട്ടിയോടു ചിരിക്കുന്നതു് എന്തിനെന്നു ഞാൻ ചോദിച്ചു. ‘You are not properly dressed’ എന്നു് അവൾ മറുപടി പറഞ്ഞു. അറസ്റ്റ് ചെയ്താലും തരക്കേടില്ല. ട്രൗസേഴ്സ് ധരിക്കാൻ വയ്യ”.

ചോദ്യം: “നഗ്നതാപ്രസ്ഥാനം നല്ലതാണോ?”

ഉത്തരം: “ആപേക്ഷികമാണു് എന്തും. വസ്ത്രം ധരിച്ചു നടക്കുന്നവരുടെ നാട്ടിൽ നഗ്നത പ്രദർശിപ്പിച്ചാൽ പൊലീസ് പിടികൂടും. നഗ്നരായി എല്ലാവരും നടക്കുന്ന നാട്ടിൽ വസ്ത്രധാരണം ചെയ്തു നടന്നാൽ പൊലീസ് അറസ്റ്റ് ചെയ്യും”.

ചോദ്യം: “ഈശ്വരന്റെ പ്രവൃത്തികളെ തടയാൻ സാദ്ധ്യമോ?”

ഉത്തരം: “ലൈറ്റ്നിങ് റോഡ്കൊണ്ടു മിന്നലിന്റെ ആക്രമണത്തെ തടയുന്നതു് ഈശ്വരന്റെ പ്രവൃത്തിയെ നിഷ്ഫലമാക്കുകയാണെന്നു് ഒരിറ്റാലിയൻ ഹാസ്യ സാഹിത്യകാരൻ പറഞ്ഞിട്ടുണ്ടു്”.

ചോദ്യം: “ഭർത്താവു് എന്നു പറഞ്ഞാൽ എന്തർത്ഥം?”

ഉത്തരം: “ഒരു ചൊറി ശരീരത്തിലെവിടെയെങ്കിലും വന്നാൽ അതു് കാൻസറസ് റ്റ്യൂമറാണെന്നു് ഭാര്യയോടു പറയുന്ന ആൾ ഭർത്താവു്. ശരീരത്തിൽ എവിടെയെങ്കിലും അർബ്ബുദത്തിന്റെ മുഴ വന്നാൽ ‘സാരമില്ല. രണ്ടുദിവസത്തിനകം ഇതങ്ങു പോകും’ എന്നു ഭർത്താവിനോടു പറഞ്ഞു് അയാൾക്കു സ്വസ്ഥത നല്കുന്നവൾ ഭാര്യ”.

ചോദ്യം: “തനിക്കു ധൈര്യമുണ്ടോ എന്റെ നാട്ടിൽ വരാൻ?”

ഉത്തരം: “ഞാൻ വന്നാൽ കോടിപ്പോകുന്ന നിങ്ങളുടെ മുഖം നേരെയാക്കാൻ ധാന്വന്തരം കുഴമ്പു് വാങ്ങിച്ചുവച്ചിട്ടു് എന്നെ അറിയിക്കു. വരാം”.

ചോദ്യം: “എറണാകുളം എങ്ങനെ?”

ഉത്തരം: “രണ്ടുവർഷം ഞാൻ അവിടെ താമസിച്ചു. ഒരു ദിവസം ഉച്ചയ്ക്കു മാത്രം വെറും ചോറു കിട്ടി. പന്നെ കറികൾക്കു വർണ്ണോജ്വലതയുണ്ടു്. പച്ചത്തോരൻ, മഞ്ഞ അവിയൽ, നീല മെഴുക്കു പുരട്ടി— ഇവയൊക്കെ നിങ്ങളുടെ പട്ടണത്തിലേ ഉള്ളു”.

ചോദ്യം: “ഭാഗ്യം എന്നാൽ എന്താണു സാറേ?”

ഉത്തരം: “പ്രതിഭാശാലിക്കു അവാർഡ് (എവോഡ് എന്നു ശരിയായ ഉച്ചാരണം) കിട്ടുമ്പോൾ പ്രതിയോഗിയായ സാഹിത്യകാരൻ പ്രയോഗിക്കുന്ന വാക്കു്”.

ചോദ്യം: “നിങ്ങളെ മന്ത്രിയാക്കിയാൽ?”

ഉത്തരം: “ചീമുട്ടകൾ ശരീരത്തിൽ കൊള്ളാതിരിക്കാൻ വേണ്ടി സ്ഫടികക്കൂട്ടിനകത്തു് എപ്പോഴുമിരിക്കും ഞാൻ”.

സത്യത്തിന്റെ മുഖം

“ആപേക്ഷികമാണു് എന്തും. വസ്ത്രം ധരിച്ചു നടക്കുന്നവരുടെ നാട്ടിൽ നഗ്നത പ്രദർശിപ്പിച്ചാൽ പൊലീസ് പിടികൂടും. നഗ്നരായി എല്ലാവരും നടക്കുന്ന നാട്ടിൽ വസ്ത്രധാരണം ചെയ്തു നടന്നാൽ പൊലീസ് പിടികൂടും”.

ദസ്തെയെവ്സ്കി യുടെ Brothers Karamazov എന്ന നോവലിലെ അഞ്ചാമധ്യായമായ The Grand Inquisitor എന്നതു് അത്യുജ്ജ്വലമാണു്. അതിനു തുല്യമായി വിശ്വസാഹിത്യത്തിൽ ഞാൻ വേറൊന്നും കണ്ടിട്ടില്ല. പതിനാറാം ശതാബ്ദത്തിൽ ‘ഇൻക്വിസിഷൻ’ നടക്കുന്ന കാലം. റോമൻ കത്തോലിക്കാസഭയിൽ ക്രിസ്തുമതവിശ്വാസത്തിനു് വിരുദ്ധമായ പ്രവൃത്തികളുണ്ടായാൽ അതു് വിചാരണചെയ്തു കുറ്റക്കാരെ കുറ്റിയിൽക്കെട്ടി എരിക്കുന്നതാണു് ഇൻക്വിസിഷൻ. നോവലിലെ കഥാപാത്രമായ ഐവാനാണു് കഥ പറയുന്നതു്. സ്പെയിനിലെ സെറ്റിൽ നഗരത്തിൽ യേശു പ്രത്യക്ഷനായി. അതു യേശുവിന്റെ രണ്ടാമത്തെ ആഗമനമായിരുന്നില്ല. കിഴക്കുനിന്നു മിന്നലുണ്ടായി പടിഞ്ഞാറിനെയും പ്രകാശിപ്പിക്കുന്നതുപോലെ താൻ വരുമെന്നായിരുന്നല്ലോ അദ്ദേഹം പറഞ്ഞതു്. ആ വരവായിരുന്നില്ല അതു്. Grand Inquisitor—Cardinal നൂറ്റുകണത്തിനു് മതവിരോധികളെ ചുട്ടുകരിക്കുന്ന സമയം. യേശു തെരുവിലൂടെ നടന്നു. ഹൃദയത്തിൽ സ്നേഹസൂര്യനോടുകൂടി കണ്ണുകളിൽ പ്രകാശപ്രവാഹത്തോടുകൂടി യേശു നടന്നു. ആളുകൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അദ്ദേഹം അന്ധനു കാഴ്ച നല്കി; മരിച്ച കുഞ്ഞിനെ ജീവിപ്പിച്ചു. ഇൻക്വിസിറ്റർ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. രാത്രിയായപ്പോൾ അയാൾ കാരാഗൃഹത്തിൽച്ചെന്നു് യേശുവിനോടു സംസാരിച്ചു. സുദീർഘമായ ആ പ്രഭാഷണം സംക്ഷേപിച്ചെഴുതാൻ പ്രയാസമാണു്. എങ്കിലും ഞാനതിനു ശ്രമിക്കട്ടേ. യേശു ആദ്യമായി ഭൂമിയിൽ അവതരിച്ചപ്പോൾ ചെകുത്താൻ— സാത്താൻ—അദ്ദേഹത്തോടു് ആവശ്യപ്പെട്ടു—‘ഈ കരിങ്കല്ലുകളെ അപ്പങ്ങളാക്കൂ.’ ‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു്’ എന്നായിരുന്നു യേശുവിന്റെ മറുപടി. ഈശ്വര പുത്രനാണെന്നു തെളിയിക്കാൻ ഔന്നത്യത്തിൽ നിന്നു താഴെ വീഴാൻ ചെകുത്താൻ അദ്ദേഹത്തോടു പറഞ്ഞു, മഹാദ്ഭുതങ്ങൾ കാണിക്കാൻ താൻ സന്നദ്ധനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഈശ്വരനെ ഉപേക്ഷിച്ചു തന്നെ ആരാധിക്കൂ’ എന്നു ചെകുത്താൻ ആവശ്യപ്പെട്ടു യേശുവിനോടു്, അദ്ദേഹം അതും തള്ളിക്കളഞ്ഞു. പക്ഷേ, കാലമേറേച്ചെന്നപ്പോൾ Rome and the Sword of Caesar എന്ന രൂപത്തിൽ പള്ളി ചെകുത്താന്റെ ഉപദേശം സ്വീകരിച്ചു. യേശു മൂന്നു് അഭ്യർത്ഥനകളെയും നിരാകരിച്ചതു് തെറ്റായിപ്പോയിയെന്നു് ഇൻക്വിസിറ്റർ ചൂണ്ടിക്കാണിച്ചു. പള്ളി രാഷ്ട്രത്തിന്റെ (Church State) അധീശത്വത്തിൽ ജനത വരുമ്പോഴാണു് സ്വർഗ്ഗം സമാഗതമാകുന്നതെന്നും അയാൾ യേശുവിനോടു പറഞ്ഞു. ഇതു കേട്ടു ഈശ്വരപുത്രൻ ഇൻക്വിസിറ്ററുടെ ചുണ്ടുകളിൽ ചുംബിച്ചിട്ടു് കാരാഗൃഹത്തിൽനിന്നു് ഇറങ്ങി നടന്നു. Go and return no more-never, never എന്നായിരുന്നു ഇൻക്വിസിറ്ററുടെ വാക്കുകൾ. ഇന്നത്തെ (ഇൻക്വിസിഷൻ നടക്കുന്ന കാലത്തു്) കാലത്തു് ക്രിസ്തുവിനു സ്ഥാനമില്ല എന്നാണു അയാൾ സൂചിപ്പിച്ചതു്.

images/DrGeorgeOnakkoor.jpg
ജോർജ് ഓണക്കൂർ

നോവലിലെ ഈ ഭാഗം അതിന്റെ സമ്പൂർണ്ണരൂപത്തിൽ വായിച്ചു കഴിഞ്ഞാൽ ഡോക്ടർ ജോർജ് ഓണക്കൂർ കലാകൗമുദിയിൽ എഴുതിയ ‘സത്യത്തിന്റെ മൂലം’ എന്ന ലേഖനത്തിനു സാംഗത്യവും ഔചിത്യവും ഉണ്ടെന്നു വായനക്കാർക്കു ബോധ്യപ്പെടും. ഇതിൽക്കൂടുതലായി ഈ വിഷയത്തെക്കുറിച്ചെഴുതാൻ ഞാൻ ഒരുങ്ങുന്നില്ല. മഹാത്മാഗാന്ധി യെ നിന്ദിക്കുന്നവരെയും അവരുടെ യഥാർത്ഥ വർണ്ണത്തിൽ പ്രദർശിപ്പിക്കുന്നുണ്ടു് ലേഖകൻ. അതും ഉചിതമായി. യുധിഷ്ഠിരന്റെ തേരു് ഭൂമിയിൽ തൊടാതെയാണു് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നതു്. അദ്ദേഹം ഒരു കള്ളം പറഞ്ഞപ്പോൾ തേരിന്റെ ആ സവിശേഷത പോയി. അതിനുശേഷം ചക്രങ്ങൾ ഭൂമിയിൽ തൊട്ടു് ഉരുളാൻ തുടങ്ങി. മരിക്കുന്നതുവരെയും മരിച്ചതിൽപ്പിന്നീടും ഗാന്ധിജിയുടെ രഥം ഭൂമിയിൽ നിന്നുയർന്നേ സഞ്ചരിച്ചിട്ടുള്ളു. സഞ്ചരിക്കുന്നുള്ളു.

നിരീക്ഷണങ്ങൾ
  1. ഞാൻ ദ്വിതീയാക്ഷര പ്രാസവാദിയാണു് രണ്ടു കാളകളെ കലപ്പയിൽ ചേർത്തുകെട്ടി നിലം ഉഴുതുമറിക്കുന്നതുപോലെ സജാതീയങ്ങളായ വൃഷഭാക്ഷരങ്ങളെ ഛന്ദസ്സിൽ കെട്ടിവച്ചു് അനുഭവക്ഷേത്രത്തിലൂടെ ഉഴുതുമറിക്കൽ നടത്തുന്നവനാണു് കവി. കാളകൾ ഒരേ നിറമാണെങ്കിൽ, ഒരേ വലിപ്പമുള്ളവയാണെങ്കിൽ, ഏറെ നന്നു്. അതുപോലെ സ്വരവ്യഞ്ജനങ്ങളുടെ ഐക്യം പ്രാസത്തിനു വരുന്നതും ഏറെ നന്നു്.
  2. കെ. സി. കേശവപിള്ള യുടെ ഒരു ശ്ലോകം. നല്ല ഓർമ്മയില്ല. എങ്കിലും എഴുതാം. പാമ്പിന്റെ രത്നം കൊത്തിയന്റെ വിത്തം/സതീകുചാകേസരി തന്റെ കേശം/ഇവറ്റിലന്യന്റെ കര പ്രചാരം/മരിക്കിലല്ലാതെ ഭവിക്കയില്ല. ശരിയാണോ? സംശയം പാമ്പിന്റെ രത്നം കവി സങ്കല്പമല്ലെന്നുതന്നെ ഇരിക്കട്ടെ എത്രയെത്ര പാമ്പുപിടിത്തക്കാർ അവയുടെ രക്തമെടുത്തിരിക്കും. കൊതിച്ചന്റെ വിത്തം കുടിയനായ മരുമകനു കൊടുക്കാൻവേണ്ടി അമ്മായി അവരുടെ കൊതിയനായ ഭർത്താവറിയാതെ പണമെടുത്തു മകൾക്കു കൊടുക്കും സതീകൃപം—മിക്ക ഡോക്ടർമാരും പറയും കെ. സി. കേശവപിള്ളയ്ക്കു തെറ്റു പറ്റിയെന്നു്. കേസരി തന്റെ കേശം —കൈകൊണ്ടല്ലെങ്കിലും മൃഗശാലയിലെ സൂക്ഷിപ്പുകാരൻ കേസരി തന്റെ കേശം തൊടുന്നുണ്ടു്; വടികൊണ്ടു്.
  3. നീലക്കണ്ണുകളുള്ള ഒരു ഭീമാകാരൻ തീരെക്കൊച്ചായ ഒരു പെണ്ണിനെ സ്നേഹിച്ചു. കൊച്ചുപെണ്ണിന്റെ ആഗ്രഹം ഒരു കൊച്ചു വീടു വേണമെന്നതായിരുന്നു. വർണ്ണോജ്ജ്വലതയാർന്ന പൂക്കളോടുകൂടി ഹണിസക്ക്ൾ വളരുന്ന ഉദ്യാനത്തോടുകൂടിയ ഭവനം. ഭീമാകാരൻ, ഭീമാകാരനെപ്പോലെ അവളെ സ്നേഹിച്ചു. വലിപ്പമാർന്ന കാര്യങ്ങൾ ചെയ്യാനേ അയാളുടെ കൈകൾക്കു ശീലമുള്ളു. ഭവനം നിർമ്മിക്കാനോ വർണ്ണോജ്ജ്വലതയാർന്ന പൂക്കളോടുകൂടി ഹണിസക്ക്ൾ വളരുന്ന ഉദ്യാനത്തിന്റെ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കാനോ അയാളുടെ കൈകൾക്കു കഴിയുമായിരുന്നില്ല. നീലക്കണ്ണുകളുള്ള ഭീമാകാരനായിരുന്നു അയാൾ. ഒരു കൊച്ചുപെണ്ണിനെയാണു് അയാൾ സ്നേഹിച്ചതു്. കൊച്ചു കൊച്ചുപെണ്ണു് അവൾക്കു സുഖങ്ങളിൽ കൊതി. ഭീമാകാരന്റെ നീണ്ട കാൽവയ്പുകൾ കണ്ടു് അവൾക്കു് അസ്വസ്ഥതയുണ്ടായി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവൾ സമ്പന്നനായ ഒരു ഹ്രസ്വകായന്റെ ആശ്ലേഷത്തിൽ അമർന്നു. അയാൾക്കു വർണ്ണോജ്ജ്വലതയാർന്ന പൂക്കളോടുകൂടി ഹണിസക്ക്ൾ വളരുന്ന ഉദ്യാനമുള്ള ഭവനമുണ്ടു്. ഈ കവിതയുടെ അവസാനമിങ്ങനെ

Now the blue-eyed giant realizes,

a giant is it even a graveyard for love

in the garden where the honeysuckle grows

in a riot of colours

that sort of house

(Nâızm Hikmet, 1902–63 എന്ന ടർക്കിഷ് കമ്മ്യൂണിസ്റ്റ് കവിയുടെ കാവ്യം)

സ്ത്രീപുരുഷബന്ധത്തിന്റെ ചേർച്ചയില്ലായ്മയെ എത്ര മനോഹരമായി ഈ മഹാകവി ആവിഷ്കരിക്കുന്നുവെന്നു നോക്കുക, പ്രേമം പുഷ്പിക്കണമെങ്കിൽ സമാനഘടകങ്ങൾ ഉണ്ടായിരിക്കണം.

ഏഴാച്ചേരി

നീ പോയതിൽപ്പിന്നെ നെയ്യാറിടംപിരി-

ശ്ശംഖു നീട്ടാറില്ല കാർത്തികനിലാവിൽ

മകരമഞ്ഞൊഴുകുന്ന രാവുകളിൽ നിഴലുകൾ

വാസനിക്കാറില്ല വഴിയമ്പലത്തിൽ.

വാകകൾ വന്ധ്യതയകറ്റാൻ ഘനാഘന

ധ്യാനം നടത്തിക്കരിനിഴൽ ഹോമിച്ചു

വാഴും മലയടിവശങ്ങളിൽ, വെയിൽ

കാഞ്ഞു കുംഭം തുടുക്കുന്ന നട്ടുച്ചയിൽ

എണ്ണക്കറുമ്പിയാം നിന്നെത്തിരയുന്നു

സപദളിലിണങ്ങാച്ചവറ്റിലപ്പക്ഷികൾ

എം. എസ്. സുബ്ബലക്ഷ്മി പാടുന്നതുകൊണ്ടു് വേറെ ആർക്കും പാടാൻ പാടില്ലേ എന്ന ചോദ്യമുണ്ടാകാം. പാടാം. പാടേണ്ടതുമാണു്. പക്ഷേ, തീവണ്ടിയിൽ കയറിനിന്നു് മുഷിഞ്ഞ സാരിയുടെ നാറ്റം പരത്തി തൊണ്ടകീറുന്ന സ്ത്രീയെ സുബ്ബലക്ഷ്മി എന്നു വിളിച്ചുകൂടല്ലോ.

കവിതാമയങ്ങളായ ഈ വരികൾ ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ കലാകൗമുദിയിൽ എഴുതിയ ‘നീലി’ എന്ന കാവ്യത്തിലുള്ളതാണു്. ആരാണു് “നീലി?” അവൾ കണ്ണുകളിൽ തീനാളമുള്ള കള്ളിയങ്കാട്ടു നീലിയാണു്: ഒറ്റച്ചിലമ്പൂരി വിറ്റ സ്ത്രീരത്നമാണു്. പക്ഷേ, അവരിലൊക്കെയുണ്ടായിരുന്ന വീരധർമ്മാത്മകത്വം ഇന്നില്ല. ഇന്നു കുന്തി എച്ചിലില നക്കിത്തുടയ്ക്കുന്നു. ഒക്കത്തിരുന്നു വാ കീറുന്ന കർണ്ണനെ കൊത്താൻ വരുന്ന ബലിക്കാക്കയെ പായിക്കുന്ന അർദ്ധനഗ്നയായ പാണ്ടിക്കുറത്തിയാണു് അവൾ. അമ്മി കൊത്തുന്ന വില്ലുപുരംകാരി മീനാച്ചിയാണു്. ഇന്നു മല്ലാരി പ്രിയയായ ഭാമയില്ല, തേർതെളിക്കുന്ന സുഭദ്രയില്ല, ഝാൻസി റാണിയില്ല. സ്ത്രീക്കു് എന്തേ ഈ അധഃപതനം? അതിന്റെ കാരണം കവി തേടുന്നില്ല, അതു കവി അനുഷ്ഠിക്കേണ്ട കർമ്മവുമല്ല. സ്ത്രീത്വത്തിനു സംഭവിച്ച ജീർണ്ണതയിലേക്കു കൈചൂണ്ടി സ്ത്രീയെയും പുരുഷനെയും ഉദ്ബുദ്ധരാക്കാനേ അദ്ദേഹത്തിനു് ഉദ്ദേശ്യമുള്ളു. അതു് ഏഴാച്ചേരി ഭംഗിയായി അനുഷ്ഠിക്കുന്നുണ്ടുതാനും.

images/Ezhachery.jpg
ഏഴാച്ചേരി രാമചന്ദ്രൻ

ആയിരമായിരം ഫെമിനിസ്റ്റുകൾ തൊണ്ടകീറി വാദിച്ചാലുണ്ടാകുന്നതിന്റെ ശക്തിയുടെ പതിനായിരം മടങ്ങ് ശക്തി ഈ കാവ്യത്തിനുണ്ടു്. പ്രതിരൂപാത്മകതലത്തിൽക്കൂടി, ഇന്നത്തെ സ്ത്രീക്കു സംഭവിച്ചിരിക്കുന്ന വൈകാരികാഘാതം പൂർവകാലത്തെ വീരതരുണികളിൽക്കൂടി ആവിഷ്കരിക്കുന്നു ഏഴാച്ചേരി. സ്ത്രീയുടെ പൂർവകാല സൗഭാഗ്യം, നവീനകാലദുർദ്ദശ ഇവയെ അദ്ദേഹം വിദഗ്ദ്ധമായി ആലേഖനം ചെയ്യുന്നു. ഉത്കടവികാരങ്ങളും അവയെ പ്രകടിപ്പിച്ച മഹാനാടകങ്ങളും ഈ കാവ്യത്തിലുണ്ടു്. ഐറണിയോടുകൂടി. എന്നാൽ കലാത്മകതയോടുകൂടി ഏഴാച്ചേരി കാവ്യം അവസാനിപ്പിക്കുന്നു.

കള്ളിയങ്കാട്ടെ കറുത്ത നീലി നിന്റെ

കണ്ണുകളിലിപ്പൊഴും തീനാളമുണ്ടെന്നു

കാടു പറയുന്നതും കാറ്റു പറയുന്നതും

കവിത പറയുന്നതും കള്ളം.

മുറ്റത്തെ മുല്ല

ദസ്തെയെവ്സ്കിയുടെ Brothers Karamazov എന്ന നോവലിലെ അഞ്ചാമധ്യായമായ The Grand Inquisitor എന്നതു് അത്യുജ്ജ്വലമാണു്. അതിനു് തുല്യമായി വിശ്വസാഹിത്യത്തിൽ ഞാൻ വേറൊന്നും കണ്ടിട്ടില്ല.

ഗ്രീക്ക് പുരാവൃത്തത്തിലെ ഒർഫിയസ് (Orpheus— ഒർഫ്യൂസ് എന്നും പറയും) വിപഞ്ചിക വായിക്കുമ്പോൾ മരങ്ങൾ നൃത്തം ചെയ്യും. നദികൾ ചലനരഹിതങ്ങളാവും മണൽക്കാടുവരെ മരങ്ങൾ ഒർഫീയസിന്റെ പിറകേ ചെന്നു് തോട്ടങ്ങളായി മാറും. ഗ്രീക്ക് പുരാവൃത്തത്തിലെ മറ്റൊരു കഥാപാത്രമായ അംഫീയൻ (Amphion) വിപഞ്ചിക മീട്ടുമ്പോൾ തീബ്സിലെ കല്ലുകൾ സ്വന്തം ഇച്ഛാശക്തിക്കു് അനുരൂപമായി ചലനംകൊള്ളുമായിരുന്നു. സംഗീതത്തിന്റെ ശക്തി. നാദത്തിന്റെ ഈ ശക്തിയെക്കാൾ വലിയശക്തിയാണു് വാക്കുകൾക്കു്. യേശുദാസൻ നാദംകൊണ്ടു സ്വർണ്ണഗോപുരങ്ങൾ നിർമ്മിക്കുമ്പോൾ ചങ്ങമ്പുഴ വാക്കുകൾകൊണ്ടു് ഗാനസ്രോതസ്വിനികൾ നിർമ്മിക്കുന്നു. വെർജീനിയ വുൾഫി ന്റെ ഓരോ ചെറുകഥയും വാക്കുകൾകൊണ്ടു നിർമ്മിച്ച ഗാനപ്രവാഹമാണു്. ചങ്ങമ്പുഴ ചെന്നെത്തിയ അധിത്യകയിൽ ചെല്ലാൻ നമുക്കു മറ്റു കവികളില്ല. ടോൾസ്റ്റോയിഅന്ന കരേനിന’യിൽ Horse race വർണ്ണിക്കുമ്പോൾ. War and Peace-ൽ ഒരു പ്രഭുവിന്റെ മരണം വർണ്ണിക്കുമ്പോൾ താജ്മഹലുകളാണു സൃഷ്ടിക്കപ്പെടുന്നതു്. ഇതിനു കഴിവുള്ള കഥാകാരന്മാർ നോവലിസ്റ്റുകൾ നമുക്കില്ല. എം. എസ്. സുബ്ബലക്ഷ്മി പാടുന്നതുകൊണ്ടു് വേറെ ആർക്കും പാടാൻ പാടില്ലേ എന്ന ചോദ്യമുണ്ടാകാം. പാടാം പാടേണ്ടതുമാണു്. പക്ഷേ, തീവണ്ടിയിൽ കയറി നിന്നു് മുഷിഞ്ഞ സാരിയുടെ നാറ്റം പരത്തി തൊണ്ടകീറുന്ന സ്ത്രീയെ സുബ്ബലക്ഷ്മി എന്നു വിളിച്ചുകൂടല്ലോ. നമ്മുടെ എഴുത്തുകാർക്കു കഴിവില്ലെന്നു ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, അവർ റ്റോമസ് മൻ, ഹെർമൻ ബ്രോഹ്, ഗാർസിആ മാർകേസ്, ഇവോ ആൻഡ്രീച്ച്, റോആ ബാസ്തോസ്, യോസ ഇവർക്കു തുല്യമാണെന്ന മട്ടിൽ പ്രഖ്യാപനങ്ങൾ വരുമ്പോൾ ആ പടിഞ്ഞാറൻ സാഹിത്യകാരന്മാർ കലയുടെ അധിത്യകയിൽ നില്ക്കുന്നു. ഇവിടെയുള്ളവർ ഉപത്യകയിൽ നില്ക്കുന്നു എന്നു പറയേണ്ടതായി വരും. അതു സത്യവുമാണു്. അതിനാൽ കോവിലൻ “ആത്മഭാവങ്ങളിൽനിന്നു് പാടേ വ്യതിചലിച്ചുവോ? ഇല്ലേ ഇല്ല. സാഹിത്യകാരൻ അയാളുടെ ജനുസ്സിന്റെ—ജീൻ എന്നും—പരിവട്ടത്തിൽ ഭ്രമണപഥത്തിൽ മാത്രമെ ഉൺമയെ സാക്ഷാത്കരിക്കുന്നുള്ളു. മറുകണ്ടം ചാടുമ്പോഴൊക്കെ അയാൾ ലിറ്റററി ജേർണലിസ്റ്റായിത്തീരുന്നു. എന്തുചെയ്യാം, പടിഞ്ഞാറുനോക്കികൾ മുറ്റത്തെ മുല്ലയുടെ മണമന്വേഷിക്കുകയും ഇല്ല”. എന്നു പറയുന്നതിൽ യുക്തിയില്ല. മുറ്റത്തെ മുല്ലയുടെ മണം ഇവിടെയുള്ളവർ ആസ്വദിക്കുന്നുണ്ടു് മുല്ലയെക്കാൾ പരിമളം പരത്തുന്ന പൂക്കൾ മറ്റു ദേശങ്ങളിലുണ്ടു് എന്നേ അവർ പറയുന്നുള്ളു (കോവിലന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ)

ഇ. എം. എസ്
images/NazimHikmetRan.jpg
Nâızm Hikmet

ഹേഗൽ പറഞ്ഞു: “The great man of the age is the one who can put into words the will of his age, tell his age what its will is and accomplish it. What be does in the heart and essence of his age, he actualizes his age”. ഇതാണു ഗാന്ധിജി ചെയ്തതു്. തന്റെ കാലയളവിലെ ഇച്ഛാശക്തിയെ വാക്കുകളിലൂടെ പ്രത്യക്ഷീകരിച്ചു മഹാത്മാഗാന്ധി, കാലയളവിന്റെ ഇച്ഛാശക്തിയെന്തെന്നു് അതിനോടു (കാലയളവിനോടു) പറയുകയും അതിനെ സാക്ഷാത്കരിക്കുകയും ചെയ്തു. തന്റെ കാലയളവിന്റെ ഹൃദയവും സാരാംശവുമാണു് ആ പ്രവർത്തനത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നതു്. കാലയളവിനെ അദ്ദേഹം യാഥാർത്ഥികരിക്കുന്നു. ഇതൊക്കെ പ്രവർത്തിക്കുന്നവനാണു് മഹാൻ. ആ നിലയിലാണു് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി നമ്മൾ കാണുന്നതു്. ലെനിൻ, ബിസ്മാർക്ക്, ഗാരിബാൾഡി, മവോ സെതൂങ്ങ്, ഹോചീമിൻ ഇവരും ഈ അർത്ഥത്തിൽ രാഷ്ട്രപിതാക്കളാണു്.

ഹേഗലിന്റെ വാക്യങ്ങൾ എടുത്തെഴുതി ഞാൻ സമർത്ഥിക്കാൻ ശ്രമിക്കുന്ന ഈ വസ്തുത തന്റേതു മാത്രമായ യുക്തിചിന്തയിൽക്കൂടി ശ്രീ. ഇ. എം. എസ്. സമർത്ഥിച്ചിരിക്കുന്നു (ദേശാഭിമാനി വാരികയിലെ ‘രാഷ്ട്ര പിതാവാദം’ എന്ന ലേഖനം).

തന്റെ കാലയളവിലെ ഇച്ഛാശക്തിയെ വാക്കുകളിലൂടെ പ്രത്യക്ഷീകരിച്ചു മഹാത്മാഗാന്ധി കാലയളവിന്റെ ഇച്ഛാശക്തിയെന്തെന്നു് അതിനോടു (കാലയളവിനോടു) പറയുകയും അതിനെ സാക്ഷാത്ക്കരിക്കുകയും ചെയ്തു.

ഒരു കാചത്തിലൂടെ കടക്കുന്ന രശ്മികൾ ഒരുസ്ഥലത്തു് ഒരുമിച്ചു ചേർന്നു തിളക്കമുള്ള ബിന്ദുവായി പരിണമിക്കുമ്പോൾ അതിനെ ഫോക്കസ് എന്നു നമ്മൾ വിളിക്കുന്നു. വസ്തുതകളുടെ രശ്മികളെ ബുദ്ധിയുടെ കാചത്തിലൂടെ കടത്തിവിട്ടു് ഒരു ബിന്ദുവിൽ അതിനെ കൊണ്ടു ചെല്ലുമ്പോൾ അവിടെ തോജാമയമാകും. തേജുസ്സാർന്ന ആ ബിന്ദുവിനെയാണു് നമ്മൾ സത്യം എന്നു വിളിക്കുന്നതു് അങ്ങനെയുള്ള സത്യത്തിന്റെ പ്രകാശം ഇ. എം. എസ്സിന്റെ ലേഖനത്തിലുണ്ടു്. നിഷ്പക്ഷതയും യുക്തിചിന്തയുമാണു് ഇതിന്റെ മുദ്രകൾ.

നിർവ്വചനങ്ങൾ
പ്രഫെസർ:
അക്ഷരങ്ങൾ എല്ലാമറിഞ്ഞുകൂടെങ്കിലും ആർക്കും പ്രാപിക്കാവുന്ന ഒരു സ്ഥാനം.
സിറ്റി ബസ്:
‘വാസുദേവവിലാസ’ത്തിലോ ‘കോട്ടയ്ക്ക’ലോ പോയി പിഴിച്ചിൽ കഴിക്കാതെ അതു നടത്താവുന്ന ഒരിടം.
പഴയ തിരുവിതാംകൂർ സർവകലാശാലയിലെ
ഒരുദ്യോഗസ്ഥൻ:
മാർത്താണ്ഡവർമ്മ’യിലെ തിരുമുഖത്തുപിള്ളയായി നാടകവേദിയിൽ വന്നപ്പോൾ സ്വാഭാവികതയുള്ള മനുഷ്യൻ. ഓഫീസിലെ കസേരയിലിരിക്കുമ്പോൾ നല്ല അഭിനേതാവു്.
ലേഡീസ് ആൻഡ് ജെന്റൽമെൻ:
പ്രഭാഷകന്റെ മനസ്സിലുള്ളതു പറഞ്ഞാൽ ആപത്തുണ്ടാകുമെന്നതിനാൽ അതു മറച്ചു പ്രയോഗിക്കുന്ന സംബോധന.
തെറിക്കത്തുകൾ:
ഈശ്വരൻ, ഗുരുനാഥൻ, അച്ഛൻ ഇവരെക്കുറിച്ചു് ഒരു വിവരവുമില്ലാത്ത ആളുകൾ അയയ്ക്കുന്ന വ്യർത്ഥലേഖനങ്ങൾ.
ഇന്ത്യ:
എന്റെ രാജ്യത്തെ രക്ഷിക്കേണമേ എന്നു ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കുമ്പോൾ എന്നോടുകൂടി മറ്റുള്ളവരും ചേർന്നു പ്രാർത്ഥിക്കുന്ന സ്ഥലം.
എംഗൽസും ദേവും
images/Engelspainting2.jpg
എംഗൽസ്

കെ. ദാമോദരൻ (കേരളകൗമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്റെ സഹോദരൻ) എന്നോടു് ഒരിക്കൽ പറഞ്ഞു. ചില ദോഷങ്ങളെ അകറ്റിക്കൊണ്ടു് മുതലാളിത്തം നിലനിറുത്തണമെന്നു വാദിച്ച പിന്തിരിപ്പനായ ജർമ്മൻ തത്ത്വചിന്തകനായിരുന്നു ഡൂറിങ് (Dühring) അദ്ദേഹത്തിന്റെ വാദങ്ങൾക്കു എംഗൽസ് മറുപടി നല്കിക്കൊണ്ടു ‘ആന്റി ഡൂറിങ്’ എന്ന പുസ്തകമെഴുതി. അതിനു ഡൂറിങ് മറുപടി എഴുതിയതായി എംഗൽസ് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞുപോലും: “എന്നാൽ ഡൂറിങ്ങിന്റെ ആ പ്രത്യാഖ്യാനം വായിക്കാതെതന്നെ ഞാൻ മറുപടി എഴുതിക്കളയാം”.

പണ്ടു കേശവദേവും മറ്റൊരു പ്രഭാഷകനും തമ്മിൽ ശണ്ഠ. തനിക്കു രണ്ടാമതായേ പ്രസംഗിക്കാനാവു എന്നു ദേവ്, മറ്റേയാളും അതിനു വേണ്ടി ശാഠ്യംപിടിച്ചു. ഒടുവിൽ സമ്മേളന സംഘാടകരുടെ നിർബ്ബന്ധംകൊണ്ടു ദേവ് വഴങ്ങി ആദ്യം പ്രസംഗിച്ചു. അതിനുമുൻപു് ആദ്യമായി ദേവ് പറഞ്ഞു: മി… എനിക്കുശേഷം പ്രസംഗിക്കും, അതിന്റെ ഒരു ചുരുക്കം ഞാൻ സദസ്സിനു തരാം. ചുരുക്കത്തിലെ ആശയങ്ങളെ ദേവ് വിമർശിച്ചു പ്രഭാഷകനെ കളിയാക്കുകയും ചെയ്തു. അദ്ദേഹം രണ്ടാമത്തെ ആളായി പ്രഭാഷണം നടത്തിയപ്പോൾ ദേവ് നല്കിയ സംക്ഷിപ്തരൂപത്തിനും അതിനും ഒരു വ്യത്യാസവുമില്ലെന്നു സദസ്സുഗ്രഹിച്ചു. കാണാപ്പാഠം പഠിച്ചു പ്രഭാഷണം ആവർത്തിക്കുന്നവന്റെ ഗതികേടു്.

കുങ്കുമം വാരികയിൽ ശ്രീ. വേണു നമ്പ്യാർ എഴുതിയ ‘ശേഖരം’ എന്ന ചെറുകഥ കണ്ടപ്പോൾ എംഗൽസിനെപ്പോലെ, ദേവിനെപ്പോലെ അതു വായിക്കാതെ ‘ട്രാഷ്’ എന്നു പറഞ്ഞാൽ തെറ്റില്ല എന്നു് എനിക്കു തോന്നി. എങ്കിലും സത്യസന്ധതയില്ലാതെ വരുമെന്നു പേടിച്ചു് ഞാൻ അതു വായിച്ചു. എംഗൽസിനും കേശവദേവിനും സ്തുതി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-11-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.