സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-01-17-ൽ പ്രസിദ്ധീകരിച്ചതു്)

കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പു്, ചങ്ങമ്പുഴ, ഇടപ്പള്ളി ഇവരുടെ കാലയളവുകളിലും ചീത്തക്കവിതകൾ ധാരാളമുണ്ടായി. എണ്ണമറ്റവിധത്തിൽ ആവിർഭവിച്ച അത്തരം ദുഷ്ടകാവ്യങ്ങളെ ആരും പരിഗണിച്ചിരുന്നില്ല. “അച്ചക്രവാളത്തിനപ്പുറത്താണെന്റെയുൾച്ചക്രം തിരിക്കുന്ന തങ്കം. മുന്തിരിച്ചാറതിൽ മുങ്ങിക്കുളിച്ചവൾ പൊൻപന്തവളാടിക്കളിക്കും” (ഓർമ്മയിൽനിന്നെഴുതിയ ഈ വരികളിൽ പിശകുണ്ടു്) എന്നും മറ്റും അന്നും കവികൾ എഴുതിയിരുന്നു. സ്വർണ്ണത്തിന്റെ ‘സ്പെസിഫിക് ഗ്രാവിറ്റി’— ആപേക്ഷിക ഘനം—കൂടുതലായതുകൊണ്ടു് തങ്കത്തിന്റെ ആ കളി പ്രയാസം നിറഞ്ഞതായിരിക്കും. ആശാൻ തുടങ്ങിയവരുടെ കാവ്യങ്ങൾ ഉന്നത നിലവാരം പുലർത്തിയിരുന്നു. ഇന്നാകട്ടെ അതുപോലെ ഔന്നത്യമുള്ള കാവ്യങ്ങളില്ല. ഇടത്തരം കാവ്യങ്ങളോ താണതരം കാവ്യങ്ങളോ മാത്രമേയുള്ളു. കുമാരനാശാനും മറ്റു കവികളും കവിതയുടെ അധിത്യകയിൽ സഞ്ചരിച്ചു. ഇന്നത്തെ കവികൾ ഉപത്യകയിൽ വർത്തിച്ചുകൊണ്ടു മേലോട്ടു കയറാൻ ശ്രമിക്കുന്നു. കാലുവഴുതി അവർ താഴെ വീഴുന്ന വീഴ്ചകണ്ടു ചിരിക്കുന്നവരെ അവർ അസഭ്യങ്ങളിൽ കുളിപ്പിക്കുന്നു.

ഹൻഡ്കെ
images/PeterHandke03.jpg
പേറ്റർ ഹൻഡ്കെ

പേറ്റർ ഹൻഡ്കെ (Peter Handke, b. 1942) എന്ന ഒസ്റ്റ്രിയൻ നാടകകർത്താവിനെയും നോവലിസ്റ്റിനെയും കുറിച്ചു് ഞാൻ ഈ പംക്തിയിൽ മുൻപെഴുതിയിട്ടുണ്ടു്; അദ്ദേഹത്തിന്റെ ‘Repetition’ എന്ന അന്യാദൃശമായ നോവലിനെപ്പറ്റി ഒട്ടൊക്കെ ദീർഘമായും. അദ്ദേഹത്തിന്റെ “Across” എന്ന ചെറിയ നോവലിന്റെ സ്വഭാവം വിശദമാക്കാനാണു് എനിക്കിപ്പോൾ കൗതുകം. “Like Kafka, Handke is groping for new forms of spiritual sustenance in an age that has dispensed with God… ‘Across’ is filled with existential pain. But it is also a book that exudes serenity, the serenity of Virgil’s ‘Georgics’ and of Chinese landscape painting” എന്നാണു് ഈ നോവലിനെക്കുറിച്ചു് ഒരു നിരൂപകൻ അഭിപ്രായപ്പെട്ടതു്.

കുമാരനാശാനും മറ്റു കവികളും കവിതയുടെ അധിത്യകയിൽ സഞ്ചരിച്ചു. ഇന്നത്തെ കവികൾ ഉപത്യകയിൽ വർത്തിച്ചു കൊണ്ടു മേലോട്ടു കയറാൻ ശ്രമിക്കുന്നു. കാലു വഴുതി അവർ താഴെ വീഴുന്നു. വീഴ്ച കണ്ടു ചിരിക്കുന്നവരെ അവർ അസഭ്യങ്ങളിൽ കുളിപ്പിക്കുന്നു.

കഥ പറയുന്ന ആൻഡ്രീയസ് ലൂസർ പുരാവസ്തു ഗവേഷകനും അധ്യാപകനുമാണു്. വെർജിലിന്റെ “ജൊർജിക്സ് ” എന്ന കാവ്യം അയാൾക്കു് ഏറെ ഇഷ്ടം. ജൊർജിക്സ് മാത്രമല്ല എല്ലാ ക്ലാസിക് കൃതികളും ലൂസർക്കു് ആഹ്ലാദം നല്കുന്നു. പുരാവസ്തു ഗവേഷണത്തിൽ മുഴുകിയിരുന്ന ആദ്യകാലയളവിൽ പ്രായം കൂടിയ ഒരു പുരാവസ്തു ഗവേഷകൻ അയാളോടു പറഞ്ഞു “All you care about is finding something”. ഇതുകേട്ടാണു് കുഴിച്ചെടുക്കൽ നടക്കുമ്പോൾ കണ്ടതിനെയല്ല കാണാൻ കഴിയാത്തതിനെ അയാൾ അന്വേഷിച്ചു തുടങ്ങിയതു്. തിരിച്ചെടുക്കാൻ വയ്യാത്തവിധം നഷ്ടപ്പെട്ടതിനെ, (അതു് ആരെങ്കിലും എടുത്തുകൊണ്ടു പോയതാകാം; അഴുകിപ്പോയതുമാകാം) ശൂന്യതയായി കാണപ്പെട്ടതിനെ ലൂസർ തേടി (പുറം 11). പ്രവേശനസ്ഥാനങ്ങളിലാണു് (threshold) അയാൾക്കു താല്പര്യം. തന്നെ thresholdologist എന്നാണു് അയാൾ നേരമ്പോക്കായി വിശേഷിപ്പിക്കുക. പ്രവേശസ്ഥാനം മാത്രം കണ്ടാൽ മതി അയാൾ സൗധത്തെയാകെ, പ്രദേശത്തെയാകെ മനസ്സിലാക്കും (പുറം 12). ഒരു ദിവസം അയാൾ ഒരു പുരോഹിതനോടു ചോദിച്ചു: “Do thresholds occur in the religious tradition?”

ഈ പ്രവേശനസ്ഥാനം അല്ലെങ്കിൽ പ്രവേശനദ്വാരം പ്രതീകമാണെന്നതു് നോവലിലെ ഒരു സംഭവം തെളിയിക്കും. ലൂസർ ഒരു സായാഹ്നത്തിൽ ചീട്ടുകളിക്കാൻ പോകുമ്പോൾ ഒരു ബീച്ച്മരത്തിൽ സ്വസ്തിക ചിഹ്നം ചായംകൊണ്ടു വരച്ചിരിക്കുന്നതു കണ്ടു. “No, a swastika is a swastika. And this sign, this negative image, symbolized the cause of all my melancholy—of all melancholy, ill humor, and false laughter in this country” (P. 51). ലൂസർ കല്ലെറിഞ്ഞു് സ്വസ്തിക വരച്ചവനെ കൊന്നു. ഈ സംഭവം പ്രവേശനദ്വാരമായി മാറി. അതിലൂടെ അയാൾ സ്വന്തം ജീവിതത്തിലേക്കു്, ആന്തരസത്തയിലേക്കു്, ചരിത്രത്തിലേക്കു കടന്നു. പുതിയ നിയമത്തിൽ “I am the door: by me if any man enter in, he shall be saved” എന്നു കാണുന്നുണ്ടു്. കാമുകിയും കാമുകനും സ്നേഹിതരും ശക്തിയാർജ്ജിക്കുന്നതു് പ്രവേശനദ്വാരത്തിലൂടെയാണു്. (പുറം 67) നശിപ്പിക്കട്ടെ അത്തരം ‘ത്റെഷോൾഡു’കൾ നമ്മളിലല്ലാതെ വേറെയെവിടെയാണു കാണുക? സ്വസ്തിക വരച്ചവന്റെ മരണം എന്ന പ്രവേശനസ്ഥാനത്തിലൂടെ ലൂസർ മറ്റൊരാളായി മാറുന്നു. സ്വസ്തിക ഹിറ്റ്ലറോ ടു ബന്ധപ്പെട്ടതാണെങ്കിലും നിഗ്രഹത്തെ നീതിമത്കരിക്കുകയാണോ ഹൻഡ്കെ? അല്ലെന്നു പറയാൻ എനിക്കു ധൈര്യം പോരാ. ഒരു നൂതന സദാചാരമാർഗ്ഗത്തിനുള്ള ആഹ്വാനമായി ഈ നോവലിനെ കാണേണ്ടിയിരിക്കുന്നു. ഹൻഡ്കെയുടെ മതത്തോടു യോജിക്കാത്തവർക്കും ഈ നോവലിന്റെ രചനാസൗന്ദര്യത്തെ അംഗീകരിക്കാതിരിക്കാൻ സാധിക്കുകയില്ല. (Across, Peter Handke, Translated by Ralph Manheim, Collier Books, New York, $6.95, P. 138.)

ചോദ്യം, ഉത്തരം

ചോദ്യം: മതപരവും തത്ത്വചിന്താപരവുമായ കവിതയെഴുതിയ അരവിന്ദഘോഷി നെ സമീപിക്കാൻ രവീന്ദ്രനാഥ ടാഗോറി നുപോലും കഴിയുമോ.

ഉത്തരം: കവിതയുടെ സ്വഭാവത്തെക്കുറിച്ചുള്ള അജ്ഞതയാണു് ഈ ചോദ്യത്തിലുള്ളതെന്നു പറഞ്ഞാൽ താങ്കൾ ക്ഷമിക്കണം. ഷെയ്ക്സ്പിയറി ന്റെ കവിതയിൽ മതമില്ല. തത്ത്വചിന്തയില്ല. പക്ഷേ, വ്യാസൻ, വാല്മീകി ഇവർക്കു പോലും ഷെയ്ക്സ്പിയറിനെ സമീപിക്കാനൊക്കുകയില്ല.

ചോദ്യം: മരണങ്ങൾ മാത്രം റിപോർട്ട് ചെയ്യുന്ന ഒരു പത്രം ഞാൻ തുടങ്ങാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ ഉപദേശമെന്ത്.

ഉത്തരം: നന്നു്. നായരായ താങ്കൾ മറ്റു ജാതികളിൽപ്പെട്ടവർ മരിക്കുന്നതും റിപോർട്ട് ചെയ്യണം.

ചോദ്യം: നിങ്ങൾക്കു യഥാർത്ഥത്തിൽ എത്ര പ്രായമുണ്ടോ അത്രയും പ്രായം കാഴ്ചയ്ക്കു തോന്നുന്നില്ലല്ലോ. എന്താ കാര്യം.

ഉത്തരം: മാനസികമായി വളർന്നിട്ടില്ലാത്തവർക്കു വാസ്തവത്തിൽ ഉള്ള പ്രായം തോന്നിക്കില്ല. എന്റെ മനസ്സിനു വല്ല തകരാറും കാണും നിങ്ങളുടെ പ്രസ്താവം ശരിയാണെങ്കിൽ.

ചോദ്യം: പുരുഷൻ സ്ത്രീയെ ബഹുമാനിക്കുമ്പോൾ, സ്ത്രീ പുരുഷനെ ബഹുമാനിക്കുമ്പോൾ എന്തു സംഭവിക്കും.

ഉത്തരം: ഒരു പുരുഷനും സ്ത്രീയെ ബഹുമാനിക്കുന്നില്ല. ബഹുമാനിക്കുന്നെന്നു അയാൾ പറഞ്ഞാൽ അതു കള്ളം. സ്ത്രീ പുരുഷനെ ബഹുമാനിച്ചാൽ അതു പ്രേമത്തിലെത്തും.

ചോദ്യം: ദെറീദ യുടെ സിദ്ധാന്തങ്ങളെക്കുറിച്ചു് എന്തു പറയുന്നു.

ഉത്തരം: സാഹിത്യത്തിന്റെ നിയമങ്ങൾക്കു് എതിരായുള്ള ഏതു സിദ്ധാന്തവും തകർച്ചയിലെത്തും.

ചോദ്യം: റോഡിൽ നടക്കുമ്പോൾ നിങ്ങളെ വേദനിപ്പിക്കുന്ന കാഴ്ചയേതു്.

ഉത്തരം: തത്തകളെ കൂടുകളിലടച്ചു വില്പനയ്ക്കു വച്ചിരിക്കുന്നതു്.

ചോദ്യം: എന്നെ ഒരു സ്ത്രീ മന്ദഹാസത്തോടെ നോക്കി തൊഴുതിരുന്നു. ഇപ്പോൾ കണ്ടാലുടനെ മുഖം വെട്ടിക്കുന്നു. എന്താണു കാരണം.

ഉത്തരം: നിങ്ങൾ നല്ലയാളല്ല എന്നു അവളുടെ ഭർത്താവു പറഞ്ഞുകൊടുത്തിരിക്കും. അല്ലെങ്കിൽ നിങ്ങളുടെ അങ്ങോട്ടുള്ള പുഞ്ചിരിയിൽ ആഭാസച്ഛായ വന്നിരിക്കും. ഇക്കാര്യത്തിൽ സ്ത്രീയെ കുറ്റപ്പെടുത്തരുതു്. ഒരു സ്ത്രീയും കാരണമില്ലാതെ വെറുപ്പു കാണിക്കില്ല.

ചോദ്യം: സോഷ്യലിസ്റ്റ് എന്നാൽ ആരാണു്.

ഉത്തരം: എഴുത്തിലും പ്രസംഗത്തിലും. അയാൾ നിത്യജീവിതത്തിൽ കഠിനഹൃദയമുള്ളവനായി കാണപ്പെടും.

ചോദ്യം: നരകത്തിൽ പോകണോ.

ഉത്തരം: എന്തിനു്? നരകത്തിനു തിരുവനന്തപുരത്തെ ചില സ്ഥലങ്ങളെക്കാൾ നാറ്റമില്ലല്ലോ. നാറ്റം തന്നെ നല്ലതു്.

ചോദ്യം: വേണ്ടിവന്നാൽ നിങ്ങൾ പണം മോഷ്ടിക്കുമോ.

ഉത്തരം: വിശപ്പു തീർക്കാൻ വേറെ ഒരു മാർഗ്ഗവുമില്ലെങ്കിൽ ഞാൻ മോഷ്ടിക്കും. ബസ്സിൽ കയറി പോക്കറ്റടി നടത്തും. ജീവിക്കാൻ വേണ്ടതു് ഉള്ളതുകൊണ്ടാണു് ഞാൻ ഇന്നു സദാചാരം പ്രസംഗിക്കുന്നതു്.

ഒറ്റപ്പെട്ട കഥകൾ
images/Derridamain.jpg
ദെറീദ

സമുദായത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്നവരുണ്ടു്. കാലത്തെഴുന്നേറ്റു് ദിനകൃത്യങ്ങൾ ചെയ്തു് തലേദിവസവും തലയ്ക്കും തലേദിവസവും അവയ്ക്കുമുൻപുള്ള പല ദിവസങ്ങളും ധരിച്ച പാന്റ്സും ഷേർട്ടും ധരിച്ചു് ഓഫീസിൽ പോകും. ബനിയൻപോലും മാറ്റുകില്ല. പൊതിഞ്ഞുകൊണ്ടു പോകുന്ന തണുത്ത ചോറു് ഉച്ചയ്ക്കു കഴിക്കും. വൈകുന്നേരം ഓഫീസ് കന്റീനിൽനിന്നുംപോലും ഒരു കപ്പ് ചായ കുടിക്കില്ല. വീട്ടിലെത്തി ഭാര്യ കൊടുക്കുന്ന തണുത്ത ചായ മോന്തി ടെലിവിഷൻ സെറ്റ് പ്രവർത്തിപ്പിച്ചു് രാത്രിയേറെയാകുന്നതുവരെ അതിന്റെ മുൻപിലിരിക്കും. ഇങ്ങനെ പോകും ആണ്ടിൽ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും. ആരോടും മിണ്ടാട്ടമില്ല. ഒരുത്തനെക്കുറിച്ചും നല്ല വാക്കു പറയുകയില്ല, ചീത്ത വാക്കും പറയുകയില്ല. വേണ്ടിവന്നാൽ പരമദുഷ്ടനെപ്പോലും നല്ലവനാക്കി അവതരിപ്പിക്കും. ഇയാൾ ഒരു റ്റൈപ്പ്. വേറൊരു റ്റൈപ്പുമുണ്ടു്. ഒറ്റയ്ക്കു താമസം. കാലത്തു് ചായക്കടയിൽച്ചെന്നു് ‘ഒരു ചായ’ മാത്രം. ഉച്ചയ്ക്കു് ഏതെങ്കിലും ഹോട്ടലിൽച്ചെന്നു് അവിടുത്തെ ഓക്കാനമുണ്ടാക്കുന്ന ഊണു കഴിക്കും. വൈകുന്നേരം കടയിലെ ചായ. രാത്രിയിലേക്കു് ആവശ്യമുള്ളതു അവിടെനിന്നു വാങ്ങിക്കൊണ്ടു പോരും. ഇയാളും മിണ്ടാട്ടമില്ലാത്തവനാണു്. അന്യർ ചെല്ലരുതെന്നു് നിർബ്ബന്ധമുള്ളതിനാൽ പാർക്കുന്ന സ്ഥലമോ ലോഡ്ജ്ജിന്റെ പേരോ ചോദിച്ചാലും പറയുകയില്ല. കൂനിപ്പിടിച്ചു മുഖം താഴ്ത്തിയാവും റോഡിലൂടെ നടക്കുക.

സാധാരണത്വമുള്ള മനുഷ്യരിൽ അസാധാരണത്വമുള്ളവരാണു് ഈ രണ്ടു റ്റൈപ്പുകളും. സാഹിത്യത്തിലുമുണ്ടു് ഇമ്മാതിരി റ്റൈപ്പുകൾ. ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവു ക്ഷമിക്കണം. അദ്ദേഹം സാഹിത്യത്തിലെ ഒരു റ്റൈപ്പാണു്. ജീവിതത്തെ വിരസമായേ അദ്ദേഹം കാണൂ. നിഷ്പ്രയോജനമായേ അദ്ദേഹം അതിനെ ദർശിക്കൂ. “നേരേ ചൊവ്വേ”യുള്ള ഒരു പ്ലോട്ടുമില്ല. എല്ലാം ഫാന്റസിയോളം അല്ലെങ്കിൽ ഉന്മാദത്തോളം ചെന്നുനില്ക്കുന്നു. വേശ്യാലയത്തിൽ കയറിയാൽ വേശ്യകളെയല്ലേ കാണു. മദ്യശാലയിൽ കയറിയാൽ മദ്യപരെയല്ലേ കാണൂ. യഥാക്രമം ചാരിത്രശാലിനികളെയും മദ്യവർജ്ജകരെയും കാണുമോ? ബാർബർ ഷോപ്പിൽ കയറിയാൽ മുടിവെട്ടല്ലേ ദർശിക്കാനാവൂ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ അനിയത പ്രവൃത്തികളും അനിയത മാനസിക വ്യാപാരങ്ങളുമേയുള്ളു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ “അനന്തകൃഷ്ണന്റെ ഇടവഴികൾ” എന്ന നീരസപ്രദമായ കഥയും ഈ സാമാന്യതത്ത്വത്തിനു് അപവാദമല്ല. അനന്തകൃഷ്ണൻ മാത്രം വിദ്യാലയത്തിൽ മാന്യൻ. ശേഷമുള്ളവരെല്ലാം— ലക്ചറർമാരും. വിദ്യാർത്ഥി അധ്യാപികയോടു ലൈംഗികവേഴ്ച നടത്തുന്നു. മാന്യനായ ഒരുത്തന്റെ ഭാര്യയെ വേറൊരുത്തൻ പ്രാപിക്കുന്നു. തന്റെ വീട്ടിലും ആരോ വരുന്നു എന്ന തോന്നൽ. ഒടുവിൽ അയാളങ്ങു ചാവുന്നു. ആത്മഹത്യയോ കൊലപാതകമോ? ആർക്കറിയാം! ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ദീർഘമായ കഥ വായിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നുതവണ റ്റെലിഫോൺ ബെൽ മുഴങ്ങി. ‘ഇൻസ്ട്രുമെന്റ് ഒഫ് റ്റോർച്ചർ’ എന്നാണു് ഞാൻ ആ ഉപകരണത്തെ വിളിക്കുക. ഈ മൂന്നുതവണയും അതു കണ്ടുപിടിച്ച ശാസ്ത്രജ്ഞനു നന്ദി പറഞ്ഞുകൊണ്ടു് ‘ഇൻസ്ട്രുമെന്റ് ഒഫ് ബ്ളെസ്സിങ്’ എന്നു വിളിച്ചു കൊണ്ടു് ഞാൻ റിസീവറെടുത്തു കാതിൽ വച്ചു. മറ്റേത്തലയ്ക്കലെ ആളുകൾ സംസാരം നിറുത്താൻ സമ്മതിച്ചില്ല അതിനു്. അതുമിതും അവരോടു ചോദിച്ചുകൊണ്ടിരുന്നു.

എന്തോ ഒരു കഴിവുണ്ടു് ഈ കഥാകാരനു്. പക്ഷേ, അദ്ദേഹം അതിനെ മറയ്ക്കത്തക്കവിധത്തിൽ “അനിയതക്കാര”ന്റെ കുപ്പായം എടുത്തിടുന്നു. പേടിപ്പിക്കുന്ന മുഖാവരണം ധരിക്കുന്നു. രണ്ടും കളഞ്ഞു് സാധാരണ മനുഷ്യനായി അദ്ദേഹം നമ്മുടെ മുൻപിൽ നിന്നാൽ മതി.

images/DerekWalcott.jpg
ഡെറിക് വൊൾകട്ട്

“A girl smells better than book. I remember Helen’s smell” എന്നു നോബൽ സമ്മാനം നേടിയ കരിബീയൻ കവി ഡെറിക് വൊൾകട്ട്. കഥ പെണ്ണിനെപ്പോലെ മണത്തില്ലെങ്കിലും കലയെപ്പോലെ മണത്തേ മതിയാകൂ.

മുൻസീറ്റിൽ

സാഹിത്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ വിവരിക്കുന്ന ലേഖനങ്ങളിൽ സാഹിത്യത്തോടു ബന്ധമില്ലാത്ത കാര്യങ്ങൾക്കു് എന്തു സ്ഥാനമെന്നു പലരും എന്നോടു ചോദിക്കാറുണ്ടു്. ഈ പംക്തി വെറും സാഹിത്യവിമർശനമല്ല; ജീവിതത്തിൽ വായനക്കാർക്കു് ഉപകാരപ്രദമാകാനിടയുള്ള കാര്യങ്ങൾകൂടി പ്രതിപാദിക്കലാണു് എന്റെ ലക്ഷ്യം എന്നു മറുപടി.

പണ്ടു് വരാപ്പുഴ താമസിച്ചുകൊണ്ടു് ഞാൻ പ്രൈവറ്റ് ബസ്സിൽ കയറി വടക്കൻ പറവൂരേക്കു പോയിരുന്നു വിദ്യാഭ്യാസത്തിനായി. ബസ് സ്റ്റാൻഡിൽ ചെന്നാലുടൻ ബസ് ഡ്രൈവർ ശിങ്കാരം എക്സൈസ് ഇൻസ്പെക്ടറുടെ മകനായ എന്നെ ഫ്രൻട് സീറ്റിൽ ഇരുത്തുമായിരുന്നു. തൊട്ടപ്പുറത്തു് ശിങ്കാരത്തിന്റെ വല്ല പരിചയക്കാരനും. ഇങ്ങനെ ഗമയിൽ മറ്റു യാത്രക്കാരുടെ അസൂയയ്ക്കു പാത്രമായി ഞാൻ മുൻസീറ്റിലിരുന്നു യാത്രചെയ്യുമ്പോൾ വഴിവക്കിൽനിന്നു പൊലീസ് സബ്ബ് ഇൻസ്പെക്ടറും ഹെഡ് കൺസ്റ്റബിളും ബസ് നിറുത്താൻ കൈകാണിച്ചാൽ ശിങ്കാരം സ്നേഹപൂർവം പറയും. ‘പിറകിലിരുന്നാട്ടെ.’ ഞാനും അടുത്തിരിക്കുന്നവനും തിടുക്കത്തിൽ എഴുന്നേറ്റു പിറകിലുള്ള സീറ്റിൽ ചെന്നു് ഇരിക്കും. എഴുന്നേല്ക്കുന്നതിനിടയിൽ വല്ല പുസ്തകവും താഴെ വീണു് അതു് എടുക്കാൻ കുനിഞ്ഞാൽ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായ നോട്ടം എന്റെ നേർക്കു് എയ്തുവിടും. പേടിച്ചാണു് ഞാൻ പിൻസീറ്റിലേക്കു ഓടുക. ശ്രീ. സമരൻ തറയിൽ സാഹിത്യ ബസ്സിന്റെ പിൻസീറ്റിലായിരുന്നു ഇത്രയും നാളത്തെ യാത്ര. ദേശാഭിമാനി വാരികയിൽ “പ്രീതിലത ഇനിയും വരാത്തതെന്തു?” എന്ന ചെറുകഥ എഴുതിയതോടെ ഒരു ശിങ്കാരത്തിന്റെയും സഹായംകൂടാതെ അദ്ദേഹം മുൻസീറ്റിൽ വന്നു ഇരിപ്പു് ഉറപ്പിച്ചിരിക്കുന്നു. വല്ല പൊലീസ് സബ് ഇൻസ്പെക്ടറും വന്നു് അദ്ദേഹത്തെ അവിടെനിന്നു് ഇറക്കി വിടാതിരിക്കണം, അദ്ദേഹം തനിയെ പിൻ സീറ്റിൽ ചെന്നു് ഇരിക്കരുതു് എന്നൊക്കെയാണു് എന്റെ ആഗ്രഹം.

images/VKKrishnaMenon1948.jpg
വി. കെ. കൃഷ്ണമേനോൻ

ചരിത്ര പ്രവർത്തനത്തിന്റെ ഗതിവേഗത്തിൽ നമ്മൾ ഓരോരുത്തരായി തകർന്നടിയുകയും നിരാശതയും വിഷാദവും മിച്ചമായി നില്ക്കുകയും ചെയ്യുമ്പോൾ, ഉണ്ടായിരുന്ന സൗഭാഗ്യത്തിനു വേണ്ടി ഉത്കണ്ഠാകുലരായി കാത്തുനില്ക്കുന്ന നമ്മുടെയെല്ലാം പ്രതീകമായിട്ടുണ്ടു് സമരന്റെ കഥയിലെ പിതാവു്. വരാത്ത മകളെ അയാൾ ഓരോ ബസ്സിലും നോക്കുന്നു. കാണുന്നതേയില്ല. സമകാലിക ജീവിതത്തിന്റെ നല്ല പരിച്ഛേദമായിട്ടുണ്ടു് ഇക്കഥ.

അക്കാഡമി സമ്മാനങ്ങൾ

ഷെക്സ്പിയറിന്റെ കവിതയിൽ മതമില്ല. തത്ത്വചിന്തയില്ല. പക്ഷേ, വ്യാസൻ, വാത്മീകി ഇവർക്കുപോലും ഷെയ്ക്സ്പിയറിനെ സമീപിക്കാനൊക്കുകയില്ല.

ശ്രീ. അജയൻ ഓച്ചന്തുരുത്തു് (ഈ സ്ഥലപ്പേരു അജയൻ എഴുതരുതെന്നു് ഒരപേക്ഷയുണ്ടു് എനിക്കു്) ശ്രീ. അഷ്ടമൂർത്തി യുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോർട്ടുണ്ടു് കുങ്കുമം വാരികയിൽ. അഷ്ടമൂർത്തി ചില നല്ല കഥകളെഴുതിയിട്ടുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിനു് സാഹിത്യ അക്കാഡമി സമ്മാനം നല്കിയതിൽ തെറ്റില്ല. ‘വീടു വിട്ടുപോകുന്നു’ എന്ന കഥാസമാഹാരഗ്രന്ഥത്തിനാണത്രേ സമ്മാനം. ഞാനതു വായിച്ചിട്ടില്ലെങ്കിലും നല്ല കഥകൾ അതിലുണ്ടാകുമെന്നു വിചാരിക്കുന്നു. ശ്രീ. പി. എൻ. വിജയന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനം നടക്കുന്ന വേളയിലാണു് ശ്രീ. മാടമ്പു് കുഞ്ഞിക്കുട്ടൻ അഷ്ടമൂർത്തിയോടു സമ്മാനത്തെക്കുറിച്ചു പറഞ്ഞതു്. അതോടെ പ്രകാശനസമ്മേളനം “അരോചകമായി”പ്പോയിപ്പോലും. എന്തുകൊണ്ടു്? വിജയനു് സമ്മാനം കിട്ടാത്തതുകൊണ്ടോ? മനസ്സിലായില്ല എനിക്കു്.

images/Ashtamoorthi.jpg
അഷ്ടമൂർത്തി

അഷ്ടമൂർത്തിക്കു് അക്കാഡമി സമ്മാനം കിട്ടാൻ അർഹതയുണ്ടെന്നു് ഒന്നുകൂടെ പറഞ്ഞുകൊണ്ടു് സമ്മാനം നിശ്ചയിക്കലിനെക്കുറിച്ചു ചിലതു എഴുതിക്കൊള്ളട്ടെ. നിശ്ചയിക്കപ്പെട്ട കാലയളവിലെ എല്ലാക്കഥാസമാഹാരങ്ങളും അക്കാഡമി വരുത്തുന്നു. രണ്ടുപേർ അവയിൽനിന്നു് അമ്പതു പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നു. വേറെ രണ്ടുപേർ അമ്പതു പുസ്തകങ്ങളിൽനിന്നു് പത്തെണ്ണം തിരഞ്ഞെടുക്കുന്നു. ഈ പത്തു പുസ്തകങ്ങൾ വേറെ മൂന്നുപേരെ ഏല്പിക്കുന്നു. ആ മൂന്നുപേരും ഓരോ പുസ്തകത്തിനും മാർക്കിടുന്നു. മാർക്കുകൾ കൂട്ടി സെക്രട്ടറി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുൻപിൽ വയ്ക്കുന്നു. ഏറ്റവും കൂടുതൽ മാർക്കു കിട്ടിയ പുസ്തകം സമ്മാനത്തിനു് അർഹമാകുന്നു. ഉദാഹരണംകൊണ്ടു് ഇതു് സ്പഷ്ടമാക്കാം. ‘എ’ എന്ന കഥാകാരന്റെ പുസ്തകത്തിനു് ഒരാൾ നൂറിൽ 50 മാർക്കിടുന്നു എന്നു വിചാരിക്കുക. രണ്ടാമത്തെ ആൾ 45 മാർക്കിട്ടു. മൂന്നാമത്തെയാൾ 60 മാർക്ക് നല്കി. എല്ലാംകൂടെ കൂട്ടുമ്പോൾ 50 + 45 + 60 = 155 മാർക്ക്. ഇനി ബി എന്ന കഥാകാരനു് ആകെ കിട്ടിയ മാർക്ക് 140 ആണെന്നു കരുതു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉള്ള ഒരുത്തൻ ബിയുടെ സ്നേഹിതനാണെങ്കിൽ അയാൾക്കു് ഇങ്ങനെ പറയാം. ‘ജഡ്ജിമാർ എ എന്ന കഥാകാരനു് 155 മാർക്കിട്ടെങ്കിലും എന്റെ അഭിപ്രായത്തിൽ 140 മാർക്ക് കിട്ടിയ ‘ബി’യാണു് എയെക്കാൾ നല്ല കഥാകാരൻ. അതുകൊണ്ടു് സമ്മാനം ‘ബി’ക്കാണു കൊടുക്കേണ്ടതു്’. നിർവാഹകസമിതി അംഗം ഇതു പറഞ്ഞാൽ മറ്റംഗങ്ങൾ മിണ്ടുകില്ല. സമ്മാനം ‘ബി’ക്കാവും. ചുരുക്കിപ്പറയാം. ഒരു എക്സിക്യൂട്ടീവ് അംഗം വിചാരിച്ചാൽ മതി അയാളുടെ സ്നേഹിതനു സമ്മാനം നൽകാം. ഞാനിവിടെ എഴുതിയ രീതിതന്നെയാവണം ഇപ്പോഴുമുള്ളതു്. അതുകൊണ്ടു് അക്കാഡമി സമ്മാനങ്ങൾ കിട്ടേണ്ടവർക്കാണു കിട്ടുന്നതെന്നു പറയാൻ എനിക്കത്ര ധൈര്യമില്ല. നിർവ്വാഹകസമിതിക്കു് ജഡ്ജിമാരുടെ തീരുമാനത്തെ മറികടന്നു വേറൊരു തീരുമാനത്തിലെത്താനുള്ള അധികാരമെങ്കിലും ഉടനടി റദ്ദാക്കണം. ഇല്ലെങ്കിൽ നിർവാഹകസമിതി അംഗങ്ങളുടെ സ്നേഹിതന്മാർക്കാവും സമ്മാനങ്ങൾ ലഭിക്കുക. നിർവ്വാഹകസമിതിയുടെ അധികാരം റദ്ദാക്കിയതുകൊണ്ടും നീതിപൂർവ്വകമാകണമെന്നില്ല സമ്മാനം നിശ്ചയിക്കൽ. സർക്കാർതന്നെ അതിനു പോംവഴികൾ കണ്ടുപിടിക്കണം. ആവർത്തിക്കട്ടെ. ഞാൻ സാഹിത്യ അക്കാഡമിയിൽ അംഗമായിരുന്ന കാലത്തുള്ള രീതിതന്നെയാണു് ഇപ്പോഴുമുള്ളതെന്നു കരുതിയാണു് ഇത്രയും എഴുതിയതു്. രീതി മാറിയിട്ടുണ്ടെങ്കിൽ ഞാൻ മുകളിലെഴുതിയതു് പിൻവലിക്കാൻ തയ്യാറാണു്. എന്തായാലും സമ്മാനദാനത്തിന്റെ പേരിൽ ബഹുജനം വഞ്ചിക്കപ്പെടരുതു്. അവർ ഉടനെ പുസ്തകക്കടകളിൽ ഓടിച്ചെന്നു് സമ്മാനം കിട്ടിയ പുസ്തകങ്ങൾ വാങ്ങിയാൽ നിരാശതയാവും ഫലം. കൂടുതൽ മാർക്കു കിട്ടിയ പുസ്തകത്തെത്തള്ളി കുറഞ്ഞ മാർക്ക് കിട്ടിയ പുസ്തകത്തിനു് സമ്മാനം കൊടുക്കേണ്ടതാണെന്നു പറയുന്ന നിർവ്വാഹകസമിതിയംഗം പ്രാഡ്വിവാകനെപ്പോലെ നീതിതല്പരനാണെങ്കിൽ കുറ്റം പറയാനുമില്ല. പക്ഷേ, ഈ ലോകത്തു് ആശ്രിതവാത്സല്യത്തിനും കൂട്ടുകാരനോടുള്ള സ്നേഹത്തിനുമല്ലേ പ്രാധാന്യം?

സംഭവങ്ങൾ
  1. സാഹിത്യത്തെസ്സംബന്ധിക്കുന്ന കാര്യങ്ങൾ വിവരിക്കുന്ന ലേഖനങ്ങളിൽ സാഹിത്യത്തോടു ബന്ധമില്ലാത്ത സംഭവങ്ങൾക്കു് എന്തു സ്ഥാനമെന്നു പലരും എന്നോടു ചോദിക്കാറുണ്ടു്. ഈ പംക്തി വെറും സാഹിത്യവിമർശനമല്ല; ജീവിതത്തിൽ വായനക്കാർക്കു് ഉപകാരപ്രദമാകാനിടയുള്ള കാര്യങ്ങൾ കൂടി പ്രതിപാദിക്കലാണു് എന്റെ ലക്ഷ്യം എന്നു മറുപടി. ഞാൻ തിരുവനന്തപുരത്തെ എയർപോർട്ടിൽ ഇരിക്കുകയായിരുന്നു. ദൂരെ നിന്നു് ഒരാൾ ചിരിച്ചുകൊണ്ടു് അടുത്തു വന്നു. “സാറ് ദൂബായിലേക്കു പോകുകയല്ലേ? ഒരു ഉപകാരം ചെയ്യുമോ? ഇതാ ഈ സഞ്ചി അവിടുത്തെ എയർപോർട്ടിൽ കൊടുത്തേക്കുമോ? ഒരാളു വന്നു വാങ്ങിക്കൊള്ളും”. ഞാൻ നോക്കി. പ്ലാസ്റ്റിക് കൂടിനകത്തു് ഒരടി നീളത്തിൽ മുക്കാലടി വീതിയിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു. ഒരു സംശയവും കൂടാതെ ഞാനതു വാങ്ങി അടുത്തു വച്ചു. അതു ദൂരെ നിന്നു കണ്ട എന്റെ ഒരു ബന്ധു ഓടി എന്റെ അടുക്കലെത്തി “വാങ്ങരുതു്, വാങ്ങരുതു്” എന്നു പറഞ്ഞു. സഞ്ചി തന്നിട്ടു് അല്പമൊന്നു നീങ്ങിയതേയുള്ളു ആ മനുഷ്യൻ. ഞാൻ “സാദ്ധ്യമല്ല” എന്നു പറഞ്ഞു അതു തിരിച്ചു കൊടുത്തു. അയാൾ ഉടനെ അപ്രത്യക്ഷനായി. പിന്നീടു് ബന്ധു പോലീസുകാരെ അക്കാര്യമറിയിച്ചു. അവർ അവിടെയെല്ലാം നോക്കിയിട്ടും അയാളെ കണ്ടു കിട്ടിയില്ല. സഞ്ചിയുമായി ഞാൻ ദൂബായി എയർപോർട്ടിൽ ഇറങ്ങിയിരുന്നെകിൽ അവിടുത്തെ കാരാഗൃഹത്തിൽ കിടക്കേണ്ടതായി വന്നേനെ. 28 കൊല്ലമാണത്രേ കഠിന തടവു്. ഇമ്മട്ടിൽ ഏതോ ഒരു യുവതിയെ പറ്റിച്ചു എന്നു് ഒരു പരിചയക്കാരൻ എന്നോടു പറഞ്ഞു. ആ യുവതി ഇപ്പോഴും കാരാഗൃഹത്തിലാണത്രേ. ആളുകൾ ഏതെല്ലാം വിധത്തിലാണു് അപരാധം ചെയ്യാത്തവരെ ചതിക്കുന്നതു്.
  2. ഞാൻ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ ഉറൂബ് അന്വേഷിച്ചു വന്നു. രോഗവിവരങ്ങൾ ചോദിച്ചു് അവശനായി കിടക്കുന്നവനെ കൂടുതൽ അസ്വസ്ഥതയിലേക്കു നയിക്കുന്ന ആളല്ല അദ്ദേഹം. അതുകൊണ്ടു കുറെ നേരമ്പോക്കുകൾ മാത്രം പറഞ്ഞു. അവയിൽ ഒന്നു്: ഒരു ഡോക്ടർ സൗധം നിർമ്മിച്ചു. താഴത്തെ നിലയിലുള്ള ഒരു മുറി കിടപ്പു മുറിയാക്കി. അതിന്റെ ചുവരിൽ ഒരു ദ്വാരമിട്ടു് അതിലൂടെ കൈകടത്തി ചുവരിനപ്പുറത്തിട്ടു കൊണ്ടാണു് അയാൾ ഉറങ്ങിയിരുന്നതു്. എന്തിനു് അതു ചെയ്യുന്നുവെന്നു് ചോദ്യമുണ്ടായപ്പോൾ ഡോക്ടർ പറഞ്ഞു: ‘രാത്രി വല്ലവരും ഇതിലേ നടന്നു പോകുമ്പോൾ പണം വയ്ക്കണമെന്നു തോന്നിയാൽ കൈയിൽ വച്ചു കൊള്ളട്ടെ എന്നു വിചാരിച്ചാണു് ഞാൻ ഇങ്ങനെ കിടന്നുറങ്ങുന്നതു്.
  3. ഞാൻ വള്ളിക്കുന്നത്തു് ഒരു സമ്മേളനത്തിനു പോയപ്പോൾ തോപ്പിൽ ഭാസി യുടെ വീട്ടിൽപ്പോയി അദ്ദേഹത്തെ കണ്ടു. ചാരുകസേരയിൽ ഇരുന്നു എന്തോ എഴുതുകയായിരുന്നു അദ്ദേഹം. എന്നെ കണ്ടയുടനെ തോപ്പിൽ ഭാസിയുടെ മുഖം വികസിച്ചു. “സാറ് എന്റെ വീട്ടിൽ വന്നോ?” എന്നു് ആഹ്ലാദാതിരേകത്തോടെ ചോദിച്ചു. എന്നിട്ടു് വടിയൂന്നി അകത്തു ചെന്നു് അദ്ദേഹത്തിന്റെ പുതിയ നാടകത്തിന്റെ ഒരു കോപ്പി എടുത്തു കൊണ്ടുവന്നു. ‘സ്നേഹപൂർവം കൃഷ്ണൻ നായർക്കു്’ എന്നു് എഴുതുമെന്നാണു് ഞാൻ വിചാരിച്ചതു്. അങ്ങനെയല്ല എഴുതിയതു്. അങ്ങനെ എഴുതിയാൽ തോപ്പിൽ ഭാസി തോപ്പിൽ ഭാസിയാവുകയില്ല. അദ്ദേഹം എഴുതിത്തന്നതു് ഇങ്ങനെ: “എന്റെ കൃഷ്ണൻ നായർ സാറ് എന്റെ വീട്ടിൽ വന്നു. ഇതിൽപ്പരം എന്തൊരാഹ്ലാദമാണു് എനിക്കുണ്ടാകേണ്ടതു്. ഈ സന്ദർശത്തിന്റെ ഓർമ്മയ്ക്കായി ഈ നാടകം അദ്ദേഹത്തിനു നല്കുന്നു”. ഇതെഴുതുമ്പോൾ എന്റെ നയനങ്ങൾ ആർദ്രങ്ങളാകുന്നു. ഡോക്ടർ പുതുശ്ശേരി രാമചന്ദ്രനും ഈ സംഭവത്തിനു സാക്ഷിയാണു്.
  4. വി. കെ. കൃഷ്ണമേനോൻ വിമാനത്താവളത്തിലെത്തിയപ്പോൾ ‘മലയാളനാടി’ന്റെ എഡിറ്ററായിരുന്ന എസ്. കെ. നായർ അദ്ദേഹത്തിന്റെ അടുത്തെത്തി. കൃഷ്ണമേനോനെ എസ്. കെ. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും മേനോൻ അദ്ദേഹത്തെ മറന്നു പോയിരുന്നു. “Who are you” എന്നു കൃഷ്ണമേനോൻ ചോദിച്ചു. താൻ എസ്. കെ. നായരാണെന്നും ‘മലയാളനാടു്’ എന്ന പേരിൽ വാരിക തുടങ്ങാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതു കേട്ടു മേനോൻ ചോദിച്ചു: “കൈയിലുള്ള പണമെല്ലാം നശിപ്പിക്കാനാണോ നിങ്ങൾ വാരിക തുടങ്ങുന്നതു?” അതു തന്നെ സംഭവിച്ചു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-01-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.