സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-02-14-ൽ പ്രസിദ്ധീകരിച്ചതു്)

ജോസഫ് മുണ്ടശ്ശേരി

എന്നെ നേരിട്ടാക്രമിച്ചാൽ, സ്വഭാവഹനനം നടത്തിയാൽ മാത്രം പ്രത്യുത്തരം നൽകും. അതും ഒന്നോ രണ്ടോ വാക്കുകൊണ്ടു്.

ലേബർ കമ്മിഷണർ ആയിരുന്ന കുഞ്ഞുകൃഷ്ണപിള്ള സർക്കാർ ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം കുണ്ടറ അലിൻഡ് കമ്പനിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. ജോസഫ് മുണ്ടശ്ശേരി യുടെ സ്നേഹിതനായിരുന്നു കുഞ്ഞുകൃഷ്ണപിള്ള. അദ്ദേഹം നിർബന്ധിച്ചതുകൊണ്ടാവണം മുണ്ടശ്ശേരി അലിൻഡ് കലാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തി. എന്റെ കൂടെ ഹൈസ്ക്കൂളിൽ പഠിച്ചിരുന്ന ബാലകൃഷ്ണൻനായർ അക്കാലത്തു് അലിൻഡിലെ പ്രമുഖനായ ഉദ്യോഗസ്ഥനായിരുന്നു. മുണ്ടശ്ശേരിയെ ഇഷ്ടപ്പെടാത്ത ബാലകൃഷ്ണൻനായർ, കുഞ്ഞുകൃഷ്ണപിള്ള അറിയാതെ എന്നെയുംകൂടി പ്രഭാഷകനായി ക്ഷണിച്ചു. പഴയ ലേബർ കമ്മിഷണറുടെ സമ്മതമില്ലാതെയാണു് എന്റെ സുഹൃത്തു് എന്നെ ക്ഷണിച്ചതെന്നു് ഞാനൊട്ടറിഞ്ഞതുമില്ല. സമ്മേളനം തുടങ്ങുന്നതിനുമുൻപു് എന്നെക്കണ്ട മുണ്ടശ്ശേരി “വഴക്കിനൊന്നും ഞാനില്ല” എന്നു കുഞ്ഞുകൃഷ്ണപിള്ളയോടു പറഞ്ഞതു ഞാൻ കേട്ടു. “ഞാനറിയാതെയുള്ള ക്ഷണിക്കലാണു്” എന്നു എന്നെ ലക്ഷ്യമാക്കി കുഞ്ഞുകൃഷ്ണപിള്ള മറുപടി നല്കി. സമ്മേളനം തുടങ്ങി. സ്വാഗതമാശംസിച്ചതു് കുഞ്ഞുകൃഷ്ണപിള്ള. അദ്ദേഹം വൈകുണ്ഠത്തോളമുയർന്ന അത്യുക്തികൊണ്ടു് മുണ്ടശ്ശേരിയെ വാഴ്ത്തിയിട്ടു് സ്വാഗതമാശംസിച്ചു. എന്റെ പേരുപോലും അദ്ദേഹം പറഞ്ഞില്ല. ഞാനങ്ങനെ അപമാനിതനായി ഇരിക്കുമ്പോൾ മുണ്ടശ്ശേരി വാഗ്മിതത്തോടെ പ്രഭാഷണം നടത്തിത്തുടങ്ങി.

ചില കാര്യങ്ങൾ അദ്ദേഹം പറയുമ്പോൾ എന്റെ അടുത്തിരുന്ന ബാലകൃഷ്ണൻനായർ “Here you can attack him”എന്നൊക്കെ കാതിൽ മൊഴിയാടുന്നുണ്ടായിരുന്നു. അതൊക്കെ നിഷ്ഫലമാണെന്നു് ചങ്ങാതി അറിഞ്ഞിരുന്നില്ല. കാരണം മുൻപു പ്രസംഗിച്ച ആളിനെ പിന്നീടു പ്രസംഗിക്കുന്ന ഞാൻ ഒരിക്കലും വിമർശിക്കുകയില്ല എന്നതാണു്. എന്നെ നേരിട്ടാക്രമിച്ചാൽ, സ്വഭാവഹനനം നടത്തിയാൽ മാത്രം പ്രത്യുത്തരം നല്കും. അതും ഒന്നോ രണ്ടോ വാക്കുകൊണ്ടു്. മുണ്ടശ്ശേരി പ്രഭാഷണത്തിന്റെ അന്ത്യത്തോടു് അടുത്തപ്പോൾ സദസ്സിൽനിന്നു് ഒരാൾ “വയലാർ രാമവർമ്മ തുടങ്ങിയവർ മാറ്റൊലിക്കവികളാണെന്ന എം. കൃഷ്ണൻനായരു ടെ അഭിപ്രായത്തെക്കുറിച്ചു അങ്ങ് എന്തു പറയുന്നു” എന്നു് അദ്ദേഹത്തോടു് ചോദിച്ചു. മുണ്ടശ്ശേരി ഉടനെ മറുപടി നല്കി: “എം. കൃഷ്ണൻനായരോ? ആരാണു് അയാൾ? ഞാൻ അങ്ങനെ ഒരാളിനെ അറിയില്ല” എന്നു് അദ്ദേഹം പറഞ്ഞയുടനെ സദസ്സിന്റെ ഭൂരിഭാഗവും എന്നെനോക്കി ആക്ഷേപിച്ചു ചിരിച്ചു. എന്റെ ഊഴമായി. ഞാൻ പ്രഭാഷണം തുടങ്ങിയപ്പോൾ വേറൊരാൾ എന്നോടു ചോദിച്ചു: “കുമാരനാശാനു് വള്ളത്തോളി നേക്കാൾ പൊക്കം കൂടുതലാണെന്ന മുണ്ടശ്ശേരി മാഷിന്റെ അഭിപ്രായത്തെക്കുറിച്ചു താങ്കൾ എന്തു പറയുന്നു?” ഞാൻ ഉടനെ തിരിച്ചു ചോദിച്ചു: “മുണ്ടശ്ശേരി മാഷോ? ആരാണു് ആ ആൾ? ഞാൻ അങ്ങനെ ഒരാളിനെ കേട്ടിട്ടില്ലല്ലോ. ആരാണു് ആ മനുഷ്യൻ?” സദസ്സു ചിരിച്ചു. മുണ്ടശ്ശേരിയുടേയും കുഞ്ഞുകൃഷ്ണപിള്ളയുടേയും മുഖങ്ങൾ വിവർണ്ണങ്ങളായി.

പിന്നീടു് കുറെക്കാലം കഴിഞ്ഞു് മുണ്ടശ്ശേരിയെ കായിക്കരെ വച്ചു ഞാൻ കണ്ടു. മീറ്റിങ്ങ് കഴിഞ്ഞപ്പോൾ “മാഷേ ഒരു സ്വന്തം കാര്യം പറയാനുണ്ടു്” എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. മാഷ് എഴുന്നേറ്റു് എന്റെ അടുത്തെത്തി. “എന്താ വേണ്ടതു് പറയൂ” എന്നായി. “എന്റെ മകനു് ഇംഗ്ലീഷ് എം. എ. ക്ലാസ്സിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കണം മാഷ്. സെന്റ് തോമസ് കോളേജിലാണു്.” “ഞാൻ അവരുമായി പിണക്കത്തിലല്ലേ. നോക്കട്ടെ” എന്നു് അദ്ദേഹം അറിയിച്ചു. കാലം കഴിഞ്ഞു. കോളേജുകളിൽ പുതിയ അഡ്മിഷനായി. എന്റെ മകൻ വീട്ടിൽ നില്ക്കുകയാണു് ഒരിടത്തും എം. എ.യ്ക്കു് പ്രവേശനംകിട്ടാതെ. അങ്ങനെയിരിക്കെ ഒരു രജിസ്റ്റേർഡ് കത്തു്. തുറന്നുനോക്കി. മകനു അഡ്മിഷൻ നല്കുന്നു എന്നറിയിക്കുന്ന മെമ്മോ. കൂടെ മുണ്ടശ്ശേരിയുടെ കത്തും. അഡ്മിഷനു ചെല്ലുമ്പോൾ തടസ്സം വല്ലതും കോളേജധികാരികൾ പറഞ്ഞാൽ മകൻ തന്നെ വന്നു കാണണമെന്നും താൻ കൂടെപ്പോയി അഡ്മിഷൻ വാങ്ങിച്ചുകൊടുക്കുമെന്നും മുണ്ടശ്ശേരി എഴുതി അറിയിച്ചിരിക്കുന്നു. മകൻ ക്ലാസ്സിൽ ചേർന്നു. ജയിച്ചു. അതിന്റെ പേരിൽ ജോലിയും കിട്ടി.

images/Mundassery2.jpg
ജോസഫ് മുണ്ടശ്ശേരി

പിന്നീടു് ഞാൻ മുണ്ടശ്ശേരിയെ കണ്ടപ്പോൾ അദ്ദേഹം ചെയ്തുതന്ന ഉപകാരത്തിനു് ഒരിക്കൽക്കൂടി നന്ദി പറഞ്ഞു. പക്ഷേ, അദ്ദേഹം അതു മറന്നുപോയി. മഹാന്മാർ അങ്ങനെയാണു്. പഴയ നിന്ദനങ്ങൾ അവർ ഓർമ്മിക്കില്ല. അന്യർക്കു് അവർ ആരെന്നു നോക്കാതെ ഉപകാരം ചെയ്യുന്നു. ഉടനെ അവർ അതു മറക്കുകയും ചെയ്യുന്നു. മാഷേ, അങ്ങു ഇന്നില്ലാത്തതിൽ ഞാൻ ദുഃഖിക്കുന്നു. അങ്ങയുടെ മഹാമനസ്ക്കത എനിക്കില്ലാത്തതിൽ ഏറെ ദുഃഖിക്കുന്നു.

മാറ്റം

ഇന്നു വസ്തുക്കൾക്കു് പണ്ടു് അവയ്ക്കുണ്ടായിരുന്ന ഉപയോഗമല്ല ഉള്ളതു്. എല്ലാം മാറിപ്പോയിരിക്കുന്നു. റേഡിയോയുടെ നോബ് തിരിച്ചുവച്ചു് ശബ്ദം കേൾപ്പിക്കുന്നതു് വാച്ചു തിരുത്താനാണിന്നു്.

ഇന്നു വസ്തുക്കൾക്കു് പണ്ടു് അവയ്ക്കുണ്ടായിരുന്ന ഉപയോഗമല്ല ഉള്ളതു്. എല്ലാം മാറിപ്പോയിരിക്കുന്നു. റേഡിയോയുടെ നോബ് തിരിച്ചുവച്ചു് ശബ്ദം കേൾപ്പിക്കുന്നതു് വാച്ചു തിരുത്താനാണിന്നു്. പത്രാധിപരുടെ മേശയുടെ താഴെ പണ്ടു ചവറ്റുകുട്ട വച്ചിരുന്നതു് വേണ്ടാത്ത കടലാസ്സുകൾ ഇടാനായിരുന്നു. ഇന്നാകട്ടെ അവിടെ നല്ല കഥകൾ എഴുതിയ കടലാസ്സുകൾ അനവരതം വീഴുന്നു. ചീത്തക്കഥകൾ അച്ചടിക്കാനുള്ള കടലാസ്സുകളായി മാറിയിരിക്കുന്നു വാരികകൾ. തീരെ ഹ്രസ്വമായ സമയംകൊണ്ടു് അത്യാവശ്യ വസ്തുതകൾ അറിയിക്കാനുള്ള ഉപകരണമായിരുന്നു റ്റെലിഫോൺ… ഇന്നതു് രാത്രി പന്ത്രണ്ടു മണിക്കുശേഷം, നിരൂപണമെഴുതുന്നവരെ വിളിച്ചുണർത്തി അസഭ്യപദങ്ങൾ പറയാനുള്ള ഉപകരണമായിപ്പോയിരിക്കുന്നു. രണ്ടു കെട്ടിടങ്ങൾക്കിടയിൽ മതിൽ കെട്ടുന്നതു് രണ്ടു വീട്ടുകാരികൾക്കും അതിന്റെ അടുത്തു ചെന്നുനിന്നു് സംസാരിക്കാൻ അവരെ സഹായിക്കാനാണു്. പ്രഭാഷണവേദികൾ ജനതയെ ഉദ്ബോധിപ്പിക്കാനല്ല ഇന്നു് ഉപയോഗിക്കുന്നതു്. നേരത്തേ പ്രസംഗിച്ചവന്റെ തന്തയ്ക്കും തള്ളയ്ക്കും പറയാനാണു് അതിന്റെ ഉപയോഗം. ലൈബ്രറികൾ പുസ്തകമെടുത്തുകൊണ്ടുപോയി വായിച്ചു് സംസ്കാരം വികസിപ്പിക്കാനുള്ളവയല്ല. കാമുകനും കാമുകിക്കുമുള്ള ‘റാങ്ദവൂ’ ആണു്. (rendezvous = പ്രേമസങ്കേതം) എല്ലാറ്റിനും മാറ്റം. അതുകൊണ്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പന്തങ്ങൾ’ എന്ന ചെറുകഥയെഴുതിയ ശ്രീ. ശശിധരൻ ശ്രീപുരത്തെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. സ്ത്രീകളുടെ സീറ്റിൽ കയറിയിരുന്ന പുരുഷന്മാരെ എഴുന്നേല്പിച്ചിട്ടു് അവിടെ തന്റെ ഭാര്യയെ ഇരുത്താൻ ഒരുത്തനു് ആഗ്രഹം. കണ്ടക്ടർ വേണ്ടതു ചെയ്യാത്തതുകൊണ്ടു് അയാൾ പോലീസിനെ തേടിപ്പോകുന്നു. ബസ്സ്റ്റാൻഡിലേയ്ക്കു ഇരച്ചുകയറിയ പന്തംകൊളുത്തി പ്രകടനക്കാരുടെ തിരക്കിൽപ്പെട്ടുപോയ ഭർത്താവിനു വീണ്ടും ബസ്സിൽ കയറാനാവുന്നില്ല. പൊലീസ്സുകാരൻ ബസ്സ് ഡ്രൈവർക്കു കൂട്ടു്. സ്ത്രീയുടെ ഭർത്താവില്ലാതെ ബസ്സ് നീങ്ങുമ്പോൾ ഡ്രൈവറുടെ കാമോത്സുകങ്ങളായ കണ്ണുകൾ അവളിൽ വന്നുവീഴുന്നുപോലും. മാനുഷിക മൂല്യങ്ങൾക്കു വന്ന തകർച്ച ചിത്രീകരിക്കാൻ ശ്രമിച്ച കഥാകാരൻ വിജയം പ്രാപിച്ചില്ല. വിഷയത്തിന്റെ ചിരപരിചിതത്വമെന്ന കടുവ മേൽമേശയോടുകൂടി രൂപപഞ്ജരത്തിൽ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്നു എന്നൊക്കെപ്പറഞ്ഞു് അദ്ദേഹത്തെ പഴിക്കേണ്ടതില്ല. അതൊന്നുമല്ല അദ്ദേഹം ലക്ഷ്യമാക്കിയതു്. വീടുകൾക്കിടയിൽ മതിലുകെട്ടുന്നതു് രണ്ടു വീട്ടുകാരികൾക്കും നിന്നു സംസാരിക്കാനായതുപോലെ വിഭിന്ന ലക്ഷ്യമാണു് ശശിധരനു്. അതു് അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നു. അതുകൊണ്ടു് അദ്ദേഹത്തെ നമുക്കു അഭിനന്ദിക്കാം.

ചോദ്യം, ഉത്തരം

ചോദ്യം: കാറോടിക്കുന്ന ഭർത്താവു് ഭാര്യയെ അടുത്തിരുത്തിക്കൊണ്ടു പോകുന്നതു് എന്തിനാണു്?

ഉത്തരം: തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഗേറ്റു തുറന്നുകൊടുക്കാൻ.

ചോദ്യം: മാർക്സിസ്റ്റാകാൻ കോൺഗ്രസുകാരനാകാൻ പാർട്ടിയിൽ അംഗമാകണമെന്നുണ്ടോ?

ഉത്തരം: ഇല്ല. മാർക്സിസ്റ്റു പാർട്ടിയിലെ ചില അംഗങ്ങളെക്കാൾ ഉറച്ച മാർക്സിസ്റ്റുകളെ ഞാൻ കണ്ടിട്ടുണ്ടു്. അവർ പാർട്ടി അംഗങ്ങളല്ല. കോൺഗ്രസ് പാർട്ടിയിലെ അംഗമല്ലാത്ത തനി കോൺഗ്രസുകാരനുമുണ്ടു്.

ചോദ്യം: ജീവിതത്തിലെ ദുസ്സഹ നിമിഷമേതു?

ഉത്തരം: വേദനയിൽ—അതു ശാരീരികമാകാം, മാനസികമാകാം—പുളഞ്ഞുകിടക്കുമ്പോൾ ഉറങ്ങിപ്പോകുന്നു. നേരം വെളുത്തു് ഉണർന്നെഴുന്നേൽക്കുമ്പോൾ തലേദിവസത്തെ വേദന എല്ലാ തീക്ഷ്ണതകളോടുംകൂടി വന്നെത്തുന്നു. ആ നിമിഷം തികച്ചും ദുസ്സഹമാണു്. (പ്രീമോ ലീവി യുടെ അഭിപ്രായം)

ചോദ്യം: വള്ളത്തോളും ചങ്ങമ്പുഴ യും തമ്മിലുള്ള വ്യത്യാസമെന്തു?

ഉത്തരം: വള്ളത്തോൾക്കവിതയിലെ ഓരോ പദവും കവിയുടെ രക്തത്തിലൂടെ വന്നു് കടലാസ്സിൽ വീണതാണു്. ചങ്ങമ്പുഴയുടെ ‘മനസ്വിനി’ തുടങ്ങിയ ചില കാവ്യങ്ങളൊഴിച്ചു നിറുത്തു. ബാക്കി കാവ്യങ്ങളിൽ അദ്ദേഹമുപയോഗിച്ച വാക്കുകൾ പേനത്തുമ്പിൽനിന്നു വന്നതെന്നേ തോന്നൂ. രക്തവുമായി അവയ്ക്കു ബന്ധമില്ല.

ചോദ്യം: ദുഃഖം നിറഞ്ഞ മുഖവുമായി മറ്റൊരുത്തന്റെ മുൻപിൽ ചെല്ലരുതെന്നു് നിങ്ങൾ എഴുതി. എന്തുകൊണ്ടാണതു?

ഉത്തരം: നിങ്ങളുടെ ദുഃഖത്തേക്കാൾ വലിയ ദുഃഖം എനിക്കുണ്ടു്. അപ്പോൾ നിങ്ങളുടെ ദുഃഖനിവേദനം എനിക്കു സഹിക്കാനൊക്കുമോ?

ചോദ്യം: വേദനയാർന്ന ജീവിതമെങ്ങനെ?

ഉത്തരം: അന്യന്റെ കാരുണ്യത്തിൽ, അവന്റെ മഹാമനസ്കതയിൽ ജീവിക്കേണ്ടിവന്നാൽ അതാണു് വേദനാത്മകമായ ജീവിതം.

ചോദ്യം: ഗോസിപ്പല്ലാതെ നിങ്ങളുടെ കോളത്തിൽ വല്ലതുമുണ്ടോ?

ഉത്തരം: ഓടാത്ത ഏതു നാഴികമണിയും ദിവസത്തിൽ രണ്ടുതവണ ശരിയായ സമയം കാണിക്കുമെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. അതുപോലെ ഈ പംക്തിയിലും കുറഞ്ഞതു രണ്ടെണ്ണമെങ്കിലും ശരിയായിരിക്കും.

ചോദ്യം: നവീനകവിതയുടെ നൂതനമായ ആവിഷ്കാരരീതിയെങ്കിലും നിങ്ങൾ മാനിക്കാത്തതു് എന്തു?”

ഉത്തരം: “പുതിയ ആശയത്തെ മലിനമായ രീതിയിലും ആവിഷ്കരിക്കാമല്ലോ”.

അനേകമനേകം പ്രകാശവർഷങ്ങൾക്കുമുൻപു് നക്ഷത്രത്തിൽനിന്നു പുറപ്പെട്ട രശ്മികൾ ഇനിയും ഭൂമിയിലെത്തിയിട്ടില്ല. എത്തിക്കഴിഞ്ഞാലേ നമ്മൾ അതിനെ കാണൂ. കെ. എൻ. ദുർഗാദത്തൻ ഭട്ടതിരി എന്ന കവി നക്ഷത്രത്തിൽനിന്നു പ്രസരിച്ച സുവർണ്ണ രശ്മികൾ നമ്മുടെ ലോകത്തെ സ്പർശിച്ചില്ല എന്നു വേദനയോടെ ശ്രീ. രാധാകൃഷ്ണൻ വെങ്കിടങ്ങ് എടുത്തു കാണിക്കുന്നു. അദ്ദേഹം കണ്ട ഒരു മയൂഖമിതാ:

പൂക്കുല ചൂടും നിറപറയും പത്തു

പൂക്കളും ശ്രീയാളുമഷ്ടമംഗല്യവും

മംഗലകുംഭങ്ങൾ ഭദ്രദീപങ്ങളും

മംഗല്യദങ്ങളാം മറ്റു വസ്തുക്കളും

വെച്ചതിൻമുമ്പിലണിഞ്ഞ പലകമേൽ

സ്വച്ഛാംബരത്താൽ സമാവൃത ഗാത്രിയായ്

നാളീകമധ്യേ മരാളികയെന്നപോൽ

നാണിച്ചു നാണിച്ചിരിപ്പൂ നവവധു!

ഞാൻ കാണാത്ത ഈ സ്വർണ്ണരശ്മിയെ എനിക്കു കാണിച്ചുതന്ന ലേഖകനു നന്ദി (ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

പി. സോമൻ

അനേകമനേകം പ്രകാശവർഷങ്ങൾക്കുമുമ്പു് നക്ഷത്രത്തിൽനിന്നു പുറപ്പെട്ട രശ്മികൾ ഇനിയും ഭൂമിയിൽ എത്തിയിട്ടില്ല. എത്തിക്കഴിഞ്ഞാലേ നമ്മൾ അതിനെ കാണൂ.

രാത്രി രണ്ടു മണിക്കാണു് ഞാനിതു് എഴുതുന്നതു്. തുറന്നിട്ട ജനലിൽക്കൂടി നോക്കിയപ്പോൾ ഒറ്റ നക്ഷത്രത്തെ കാണാറായി. ലേശം തണുപ്പു്. എനിക്കൊരു സിഗരറ്റ് വലിച്ചാൽ കൊള്ളാമെന്നുണ്ടു്. തൽക്കാലം തീപ്പെട്ടിയോ ലൈറ്ററോ കൈയിലില്ലാത്തതുകൊണ്ടു് നക്ഷത്രത്തിൽനിന്നു് സിഗററ്റ് കത്തിച്ചാലെന്തെന്നു ഞാൻ വിചാരിക്കുമോ? ചിലർ വിചാരിക്കും. എന്റെ സ്നേഹിതനായ ഒരെഴുത്തുകാരൻ വിശന്നു തളർന്നു് മദ്രാസ് കടപ്പുറത്തു കിടന്നപ്പോൾ മുകളിൽ തിളങ്ങിനിന്ന പൂർണ്ണചന്ദ്രൻ ദോശയായി അടുത്തുവന്നു വീണെങ്കിൽ എന്നാശിക്കുകയുണ്ടായി. അദ്ദേഹം തന്നെ അങ്ങനെ പറഞ്ഞതു ഞാൻ കേട്ടു. നിലവിളക്കു കത്തിക്കാൻ വേണ്ടി ആരും വീട്ടിനു തീവയ്ക്കാറില്ല. ക്ഷുദ്രങ്ങളായ സംഭവങ്ങളെ വർണ്ണിക്കാനായി വൃഥാ സ്ഥൂലങ്ങളായ വാക്യങ്ങൾ എഴുതിവയ്ക്കുന്നതു നക്ഷത്രത്തിൽനിന്നു് സിഗററ്റു കത്തിക്കാൻ ശ്രമിക്കുന്നതുപോലെയാണു്. ശ്രീ. പി. സോമൻ നിലവിളക്കു കത്തിക്കാൻ വീട്ടിനു തീവയ്ക്കുന്ന ആളല്ല. അദ്ദേഹം തീപ്പെട്ടിയുരച്ചു് മെല്ലെ നെയ്ത്തിരി കത്തിക്കുന്നു. ആ തിരിയെടുത്തു നിലവിളക്കിലെ മറ്റു തിരികളെയെല്ലാം കൊളുത്തുന്നു. ആകെ തിളക്കം. ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ “നക്ഷത്രവിളക്കു്” എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കെഴുതാൻ തോന്നിയതു് ഇങ്ങനെയാണു്. ബഹളമില്ല, ആർഭാടമില്ല, ആക്രമണോത്സുകതയില്ല. ഒരു പിച്ചിപ്പൂവിനെ ചെടിയിൽനിന്നു് അടർത്തിയെടുക്കുന്ന ലാഘവത്തോടെ അദ്ദേഹം പ്രതിപാദ്യവിഷയത്തെ സമീപിക്കുന്നു. ആവിഷ്കരിക്കുന്നു. കലുഷമായ നാടു്. മനുഷ്യരുടെ ചലനങ്ങളിൽ നിയന്ത്രണം വരുത്തുന്ന നിയമങ്ങൾ. അതിനെ കർഫ്യു എന്നു വിളിക്കും. ആ കർഫ്യു നിലവിലിരിക്കെ ചുവന്ന ക്രിസ്മസ് നക്ഷത്രം വാങ്ങി ഭവനത്തിൽ വയ്ക്കാൻ ഒരു ബാലനു കൊതി. അവൻ അച്ഛനോടുകൂടി പട്ടണത്തിലേക്കു പോകുന്നു. വലിയ വിലകൊടുത്തു് അതു വാങ്ങി കർഫ്യൂവിന്റെ കൂരിരുട്ടിലൂടെ ഭവനത്തിലേക്കു തിരിച്ചുപോരുന്നു. പാരുഷ്യത്തിൽ മൃദുത്വം, നൃംശസതയിൽ കാരുണ്യം, ലോഭത്തിൽ ഔദാര്യം, ഭൗതികത്വത്തിൽ ആധ്യാത്മികത്വം ഇവയെ കലാസുഭഗമായി സോമൻ ചിത്രീകരിക്കുന്നു. ആറടി നീളമുള്ള ഇരുമ്പിൻ കുഴലിൽ ദ്വാരങ്ങളിട്ടു അവയിലൂടെ നാദമുയർത്താൻ നമ്മുടെ കഥാകാരന്മാർ ശ്രമിക്കുമ്പോൾ സോമൻ പുല്ലാങ്കുഴലെടുത്തു മധുരനാദം കേൾപ്പിക്കുന്നു. പന്തം കത്തിച്ചല്ല അദ്ദേഹം നെയ്ത്തിരി കൊളുത്തുന്നതു്. മറ്റൊരു നെയ്ത്തിരികൊണ്ടാണു്.

images/Buddhadeb.jpg
ബുദ്ധദേവ ഭട്ടാചാര്യ

നമ്മൾ മറ്റുള്ളവരോടു വിനയത്തോടെ പെരുമാറിയാൽ അതു നമ്മുടെ നന്മയായിട്ടല്ല അവർ കരുതുക; കൊള്ളരുതായ്മയായിട്ടോ താഴ്ചയായിട്ടോ ആവും കരുതുക. അതുകൊണ്ടു് അന്യരോടു പെരുമാറുമ്പോൾ വിനയത്തിനു പകരം തെല്ലു പുച്ഛം കാണിക്കുന്നതു നന്നു്. എങ്കിലും എനിക്കും നിങ്ങൾക്കും വിനയം വിട്ടു പെരുമാറാൻ വയ്യ. പെരുമാറിയാൽ നമ്മൾ നമ്മളല്ലാതെയായിത്തീരും.

എം. കെ.സാനു

മാർക്സിസ്റ്റ് പാർട്ടിയിലെ ചില അംഗങ്ങളെക്കാൾ ഉറച്ച മാർക്സിസ്റ്റുകളെ ഞാൻ കണ്ടിട്ടുണ്ടു്. അവർ പാർട്ടി അംഗങ്ങളല്ല. കോൺഗ്രസ് പാർട്ടിയിലെ അംഗമല്ലാത്ത തനി കോൺഗ്രസ്സുകാരനുമുണ്ടു്.

മഹാത്മാഗാന്ധി യെക്കുറിച്ചു് ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. മാർക്സിസത്തിന്റെ വീക്ഷണഗതി അവലംബിച്ചു രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മനസ്സിരുത്തി വായിച്ചിട്ടുണ്ടു്. അത്തരം പുസ്തകങ്ങളിൽ എന്നെ ആകർഷിച്ചതു് ബുദ്ധദേവ ഭട്ടാചാര്യ യുടെ Evolution of the Political Philosophy of Gandhi എന്നതാണു് (Calcutta Book House, Calcutta, 12 October 1969). ഗ്രന്ഥകാരൻ പറയുന്നു: First Gandhiji introduced ‘serious politics’ in this country and transformed the national movement, till then confined to the western oriented urban upper social strata and middle classes, to an authentic broad based mass movement. He evolved a technique of direct mass action which placed unhesitating reliance on the creative political role of the masses in politics.

images/MKSanu.jpg
എം. കെ. സാനു

ഈ ചിന്താഗതിയിൽനിന്നു് വിഭിന്നമായ ചിന്താഗതിയാണു് മറ്റൊരു മാർക്സിസ്റ്റായ പ്രഫെസർ എം. കെ. സാനു വിനുള്ളതു്. ഗാന്ധിജി മറ്റുള്ളവർക്കെന്നപോലെ തനിക്കും മാർഗ്ഗദർശനമരുളിയ നക്ഷത്രമാണെന്നു സമ്മതിച്ചിട്ടു് സാനു പറയുന്നു “രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ശൈലികൾ സമ്മേളിപ്പിക്കുന്ന പ്രവർത്തനം അഭികാമ്യമല്ലെ”ന്നു്.

ഗാന്ധിജിയുടെ ജീവിതത്തിലെ കർത്തൃനിഷ്ഠമായ അംശത്തിനു് (ഈശ്വരസാക്ഷാത്കാരമെന്നതു്) അതിന്റേതായ വസ്തുനിഷ്ഠമായ അംശം (മനുഷ്യസേവനം എന്നതു്) ഉണ്ടായിരുന്നുവെന്നു ബുദ്ധദേവ ഭട്ടാചാര്യ എടുത്തുകാണിക്കുന്നു. Political philosophy രാഷ്ട്രവ്യവഹാര സംബന്ധിയായ ദർശനം വസ്തുനിഷ്ഠമായ അംശത്തെയാണു് പ്രധാനമായും പരിഗണിക്കുന്നതു്. പക്ഷേ, കർത്തൃനിഷ്ഠമായ അംശത്തെ അവഗണിക്കാനും വയ്യ. അതിനാൽ മതവും രാഷ്ട്രവ്യവഹാരവും സമ്മേളിക്കും എന്നാണു് ഭട്ടാചാര്യയുടെ അഭിപ്രായം.

താനുപന്യസിക്കുന്ന ഏതു തത്ത്വവും ശക്തമായി പ്രകടിപ്പിക്കാൻ സാനുവിനു കഴിയും. കുങ്കുമം വാരികയിലെ ഈ ലേഖനവും അങ്ങനെ തന്നെ.

images/TSEAF.jpg

Fredirich Tomlin എഴുതിയ T. S. Eliot—A Friendship എന്ന പാരായണയോഗ്യമായ പുസ്തകത്തിൽ (Routledge, London, Spl Price Rs. 225) ഏല്യറ്റിന്റെ ഒരു വാക്യം എടുത്തു് ചേർത്തിട്ടുണ്ടു്. “Sensibility alters from generation to generation in everyone, whether we will or no; but expression is only altered by a man of genius”—ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു വരുമ്പോൾ ആരിലും ഭാവസംഭൃബ്ധതയ്ക്കു മാറ്റം വരും. നമുക്കു വേണമെങ്കിലും വേണ്ടെങ്കിലും. പക്ഷേ, പ്രതിഭാശാലിക്കേ ആവിഷ്കാര രീതിക്കു മാറ്റം വരുത്താൻ കഴിയൂ. ആവിഷ്കാര ശൈലിക്കു പരിവർത്തനം ഉണ്ടാക്കിയ കവിയാണു് എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ ആ ശൈലിയെ ഇന്നുവരെ ആരും അതിശയിച്ചിട്ടില്ല.

വായിക്കേണ്ട പുസ്തകം
images/PrimoLevi01.jpg
പ്രീമോ ലീവി

പ്രീമോ ലീവി യുടെ രണ്ടു പുസ്തകങ്ങളെക്കുറിച്ചു്—1)The Drowned and The Saved 2) Other People’s Trades ഞാൻ ഈ പംക്തിയിലെഴുതിയിരുന്നു. ഈ ശതാബ്ദത്തിലെ മഹനീയങ്ങളായ പുസ്തകങ്ങളിൽ ഒന്നാണു് The Drowned and The Saved എന്ന ആത്മകഥ. ലീവിയുടെ ആത്മഹത്യയ്ക്കു് മുൻപുള്ള ഒരാവിഷ്കാരമായി അതിനെ പരിഗണിക്കാം. ലക്ഷക്കണക്കിനു് നിരപരാധരായ ജൂതന്മാരെ ജീവനോടെ ദഹിപ്പിച്ച ഹിറ്റ്ലറു ടെയും മറ്റു നാത്സികളുടേയും മൃഗീയതയെ നിസ്സംഗതയോടെ പ്രതിപാദിക്കുന്ന ആ ആത്മകഥ ഞാൻ എപ്പോഴും പറയാറുള്ളതുപോലെ നമ്മെ മറ്റാളുകളായി മാറ്റും. One of the Century’s truly necessary books എന്നു അമേരിക്കൻ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് വാഴ്ത്തിയ ലീവിയുടെ ഗ്രന്ഥമാണു് If this is a ManThe Truce എന്നതു് (രണ്ടു പുസ്തകങ്ങൾ ഒറ്റവാല്യമായി) He was himself a magically endearing man, the most delicately forceful enchanter I’ve ever known എന്നും റോത്ത് അദ്ദേഹത്തെക്കുറിച്ചു പറയുന്നുണ്ടു്.

images/IfThisIsaMan.jpg

ആദ്യത്തെ പുസ്തകമായ If this is a man എന്നതിൽ ജർമ്മൻ തടങ്കൽ പാളയത്തിൽ താൻ അനുഭവിച്ച യാതനകളെ കുറിച്ചാണു് ലീവി എഴുതുന്നതു്. നാത്സികളോടു വിദ്വേഷം ഇല്ലാതെയാണു് ലീവി എഴുതുന്നതെങ്കിലും ആ വിവരണങ്ങൾ വായിക്കുന്നവർക്കു ബോധക്കേടുണ്ടാകും. അദ്ദേഹം പറയുന്നു: Then for the first time we became aware that our language lacks words to express this offence, the demolition of a man. പക്ഷേ, ലീവിയുടെ ഭാഷ സുശക്തമാണു്. അതു ഉപയോഗിച്ചു് അദ്ദേഹം തടങ്കൽപ്പാളയത്തിലെ ഭയജനകത്വം മുഴുവൻ വായനക്കാർക്കു് അനുഭവപ്പെടുത്തിത്തരുന്നു.

images/LaTregua.jpg

The truce എന്ന രണ്ടാമത്തെ പുസ്തകത്തിൽ അദ്ദേഹം തടങ്കൽപ്പാളയത്തിൽനിന്നു മോചനം നേടി വീട്ടിലെത്തിയതിന്റെ കഥയാണുള്ളതു്. മുപ്പത്തഞ്ചു ദിവസം യാത്ര ചെയ്തു ലീവി വീട്ടിലെത്തി. കുടുംബത്തിലെ അംഗങ്ങളെല്ലാം ജീവിച്ചിരിക്കുന്നു. വീടു് എപ്പോഴുമുണ്ടു്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടുകൂടി, താടി വളർത്തിയവനായി, നീരുവന്നു വീർത്തവനായി വീട്ടിലെത്തിയ അദ്ദേഹത്തെ ആരും അറിഞ്ഞില്ല ആദ്യം. വൃത്തിയുള്ള വലിയ കിടക്ക, ലീവിയുടെ ഭാരത്തിൽ അതു് മൃദുവായി കീഴടങ്ങിയപ്പോൾ അദ്ദേഹം ഭയപ്പെട്ടു. (തടങ്കൽപ്പാളയത്തിലെ വെറും തറയിലെ കിടപ്പു് ഓർമ്മിച്ച്—ലേഖകൻ) തറയിൽ കണ്ണുകൾ ചേർത്തുകൊണ്ടു് എന്തോ അന്വേഷിക്കുന്നതുപോലെയുള്ള അദ്ദേഹത്തിന്റെ നടത്തം മാറിക്കിട്ടാൻ പല മാസങ്ങൾ വേണ്ടിവന്നു. (തടങ്കൽപ്പാളയത്തിൽ കുടിക്കാൻ വെള്ളംപോലും കിട്ടാതെ അങ്ങനെയാണു് അദ്ദേഹം നടന്നതു്—ലേഖകൻ) എന്നിട്ടും ഭയപ്രദങ്ങളായ കിനാക്കൾ അദ്ദേഹത്തെ സമാക്രമിച്ചിരിക്കുന്നു.

ലീവി പറയുന്നതുപോലെ സ്വപ്നത്തിനു് അകത്തുള്ള സ്വപ്നം. പക്ഷേ, ഈ കിനാവു് യാഥാർത്ഥ്യമായി വായനക്കാരെ ആക്രമിക്കും. അവർ ഞെട്ടും. കണ്ണീരൊഴുക്കും. പ്രീമോ ലീവി! അങ്ങയുടെ ഗ്രന്ഥങ്ങൾ എനിക്കു് കൂടുതൽ മനുഷ്യത്വം നല്കിയിരിക്കുന്നു.

പ്രൊ വൈസ് ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കർക്കു് ഇംഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും അവഗാഹമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു: “ഊഷ്മളമായ വരവേല്പു്” എന്നു നിങ്ങളിൽ ചിലർ പറയുന്നതു ശരിയല്ല. Warm hearted welcome സായ്പിനെസ്സംബന്ധിച്ചു ശരി. ഇംഗ്ലണ്ടു തണുപ്പു കൂടിയ രാജ്യമാണല്ലോ. നമ്മുടേതു ചൂടുള്ള രാജ്യമാണു്. അതുകൊണ്ടു ‘ഹൃദയം കുളിർക്കെ’. ‘മനസ്സു കുളിർക്കെ’ എന്നുവേണം പ്രയോഗിക്കാൻ. ഇന്നു് ഞാൻ ഇരിക്കുന്ന മുറിയുടെ അപ്പുറത്തുള്ള മുറിയിലെ റ്റെലിവിഷൻ സെറ്റിൽനിന്നു് ഊഷ്മളമായ വരവേല്പു് എന്നു ന്യൂസ് വായിക്കുന്ന ആൾ പറയുമ്പോൾ പരമേശ്വരപ്പണിക്കർസ്സാർ എന്റെ മുൻപിൽ വന്നുനില്ക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-02-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.