മദ്യപാനാസക്തിയും രാഷ്ട്രവ്യവഹാര തല്പരത്വവും ജീനിനെ ബാധിച്ചാൽ അതിനു വ്യക്തിയുടെ അന്ത്യംവരെ നിലനില്പുണ്ടു്.
“ഭയാനകമായ വിധത്തിൽ ഭയപ്പെട്ടിരുന്നു” എന്നു പറഞ്ഞാൽ പ്രയോഗവൈകല്യമാവും. എങ്കിലും “terribly afraid” എന്ന ഇംഗ്ലീഷ് ഭാഷാപ്രയോഗം മലയാളഭാഷയിലേക്കു കൊണ്ടു വരുമ്പോൾ അങ്ങനെയേ പറ്റു. വിഖ്യാതനായ സാഹിത്യകാരനാണു് അദ്ദേഹം. ആ സാഹിത്യകാരൻ അമ്മയുടെ ഗർഭാശയത്തിൽ കിടന്നപ്പോൾ “ഭയാനകമായ വിധത്തിൽ ഭയപ്പെട്ടു.” അമ്മയ്ക്കും പേടിയായിരുന്നു. ഇന്നു് അവർക്കു പേടിയല്ല. കാരണം അമ്മ ഇപ്പോൾ ഈ ലോകത്തു് ഇല്ല എന്നതുതന്നെ. മരിച്ചവർക്കു ശാന്തതയുണ്ടല്ലോ. അമ്മതന്നെ പറഞ്ഞതാണു്. ഒരു ഞായറാഴ്ച പില്ക്കാലത്തെ മഹാനായ നോവലെഴുത്തുകാരൻ അമ്മയുടെ ഗർഭാശയത്തിൽ കിടക്കുമ്പോൾ അമ്മയുടെ അച്ഛൻ ഭക്ഷണസമയത്തിനു മുൻപു് അവരെ വലിച്ചിഴച്ചു മുറ്റത്തുകൊണ്ടുവന്നിട്ടിട്ടു് പറഞ്ഞു: “മുട്ടുകുത്തു്. നിന്നെ ഞാൻ വെടിവച്ചു കൊല്ലാൻ പോകുകയാണു്”. അദ്ദേഹം അവരുടെ നേർക്കു തോക്കു ചൂണ്ടി. അമ്മ കൈകൂപ്പി വയറ്റിൽക്കിടക്കുന്ന കുഞ്ഞിനെക്കരുതി കൊല്ലരുതേയെന്നു യാചിച്ചു… അപ്പോൾ ഗർഭസ്ഥശിശുവിന്റെ മുത്തശ്ശിവന്നു് പറഞ്ഞു: “വരൂ, ആഹാരം തണുത്തുപോകും. അതിനുമുൻപു് അതു കഴിക്കൂ”. അങ്ങനെ അമ്മയും മകനും അതു കഴിക്കാൻവേണ്ടി അകത്തേക്കു പോയി. പക്ഷേ, അമ്മയുടെ വയറ്റിൽക്കിടന്ന മകനു് അന്നുണ്ടായ പേടി ഈ എഴുപത്തിയൊൻപതാമത്തെ വയസ്സിലും അദ്ദേഹത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.
‘ജീനി’നെ (gene = the unit of inheritance—പാരമ്പര്യത്തിന്റെ ഏകകം) സമാക്രമിക്കുന്നതെന്തും വ്യക്തിയുടെ മരണംവരെ ഉണ്ടായിരിക്കുമെന്നാവാം സാഹിത്യകാരൻ വിചാരിക്കുന്നതു്. മദ്യപാനാസക്തിയും രാഷ്ട്രവ്യവഹാരതല്പരത്വവും ജീനിനെ ബാധിച്ചാൽ അതിനു വ്യക്തിയുടെ അന്ത്യംവരെ നിലനില്പുണ്ടു്.
വിമർശനം ചവിട്ടിമറിക്കലാണെന്നു മണ്ടന്മാർ കരുതുന്നു; ബുദ്ധിയുള്ളവർ അതു വകവയ്ക്കുന്നില്ലെന്നു ഗ്രഹിക്കൂ.
മദ്യപനായ അച്ഛൻ, മകൻ ഗർഭസ്ഥശിശുവായിരിക്കുമ്പോൾ അമ്മയെ ചവിട്ടുന്നു. അവരുടെ പേടി ഗർഭാശയത്തിലെ ശിശുവിനെ ആക്രമിക്കുന്നു. ഭൂജാതനായ ശിശു വളർന്നു വന്നാലും പേടിമാറുന്നില്ല. അയാൾ മകനെപ്പോലും പേടിക്കുന്നു. പിതാക്കന്മാരുടെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ കഴിഞ്ഞ കുറെക്കാലമായി കൂടിയതു കൊണ്ടാവാം ഇന്നത്തെ ആളുകൾക്കു് ആൺമക്കളെ പേടിയാണു്. ആ മക്കൾ പ്രായമായി പിതാക്കന്മാരാകുമ്പോൾ അവരും പുത്രന്മാരെ പേടിക്കും. ശ്രീ. യു. കെ. കുമാരൻ എഴുതിയ “നല്ലവൻ, എന്റെ മകൻ” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) മകനെ പേടിക്കുന്ന അച്ഛനെ കാണാം. മകൻ തെമ്മാടി. ഓരോ ‘കെയ്സി’ൽ അവൻ കുടുങ്ങുമ്പോഴും തന്റെ പേരു വർത്തമാനപ്പത്രത്തിൽ വരരുതെന്നു് അച്ഛൻ പത്രപ്രവർത്തകനോടു് അപേക്ഷിക്കുന്നു. മകളുടെ വിവാഹം തടസ്സപ്പെട്ടു പോകുമെന്നതുകൊണ്ടാണു് അയാൾ ആ അഭ്യർത്ഥന നടത്തുന്നതു്. പത്രപ്രവർത്തകൻ പൊലീസിനോടു അഭ്യർത്ഥിച്ചു് തന്തയെ പലതവണ രക്ഷിക്കുന്നു. ഒടുവിൽ മകൻ തന്തയെയും തള്ളയെയും സഹോദരിയെയും കൊല്ലുന്നു. അവരുടെ കഥ കഴിയുന്നതോടെ കഥയും തീരുന്നു. കുമാരന്റെ ചെറുകഥ തികച്ചും ഉപരിപ്ലവമാണു്; അല്ലെങ്കിൽ ബഹിർഭാഗസ്ഥമാണു്. വേദനിക്കുന്ന അച്ഛന്റെ തീക്ഷ്ണങ്ങളായ വിചാരങ്ങളെയും വികാരങ്ങളെയും പ്രതിപാദിക്കാൻ അദ്ദേഹത്തിനു കഴിയാതെ പോയതിനാലാണു് ഈ ബഹിർഭാഗസ്ഥത വന്നുചേർന്നതു്. അതിനാൽ ഈ രചന അനുഭൂതിജനകമല്ല. അച്ഛന്റെ വികാരം കല്ലോലിതമായി പ്രവഹിക്കുന്നില്ല. മകൻ കഥയിൽ പ്രത്യക്ഷനാകാത്തതുകൊണ്ടു് അവനെസ്സംബന്ധിച്ച വികാരമേയില്ല. രണ്ടു പ്രവാഹങ്ങളെയും ചിത്രീകരിച്ചു് അവ ഒരു ബിന്ദുവിൽ ഒരുമിച്ചു ചേർന്നു ചുഴികളും പതകളും ഉണ്ടാകുന്നതായി കാണിച്ചിരുന്നെങ്കിൽ കഥയ്ക്കു കലയുടെ മണ്ഡലത്തിൽ പ്രവേശം ലഭിച്ചേനേ.
ചോദ്യം: നിങ്ങൾ ഉദാരശീലനാണെന്നും മറ്റും ധ്വനിപ്പിച്ചുകൊണ്ടു് എഴുതാറുണ്ടു് പലപ്പോഴും. ജീവിതത്തിൽ ഇന്നുവരെ നിങ്ങൾ ആരെയും സഹായിച്ചിട്ടില്ലെന്നു നിങ്ങളെ അടുത്തറിയാവുന്ന ഒരാൾ എന്നോടു പറയുന്നു. ശരിയല്ലേ?
ഉത്തരം: ശരിയാവാം, തെറ്റാവാം. മുഴുക്കഷണ്ടിയുള്ളവൻ റോഡിലൂടെ നടന്നുപോകുമ്പോൾ ബാർബർ ചോദിച്ചെന്നു വരും ‘സാറേ മുടിക്രോപ്പ് ചെയ്യണ്ടേ?’ എന്നു്. പണമില്ലാത്തവനോടു സഹായമഭ്യർത്ഥിച്ചാൽ അയാളെന്തു ചെയ്യും? ബ്രഹ്മക്ഷൗരം നടന്നവനു തലയിൽ രോമം കിളിർക്കുകയില്ല. കിളിർത്താൽ ക്രോപ്പ് ചെയ്യാം.
ചോദ്യം: ലോകത്തുള്ള എല്ലാവരുടെയും ഉച്ചാരണം തിരുത്തുന്ന നിങ്ങൾക്കു് വിക്രം സേത്ത് എന്നല്ല വിക്രം സേഠ് എന്നണെന്നു് അറിഞ്ഞുകൂടല്ലോ. ദേശായി അല്ല, ദേസായിയാണു് ശരിയെന്നും അറിഞ്ഞുകൂടല്ലോ.
ഉത്തരം: നിങ്ങൾ പറയുന്നതു ശരിയായിരിക്കാം. ശരിയെന്നു് മനസ്സിലാക്കിയതു് ഞാനെഴുതുന്നു എന്നു മാത്രം ഗ്രഹിച്ചാൽ മതി. Jean എന്ന ഫ്രഞ്ച് നാമം ഷാങ് എന്നല്ല, ഴാങ് എന്നുമല്ല. ശരിയായ ഉച്ചാരണം എഴുതിക്കാണിക്കാൻ വയ്യ. ഷാങ് എന്നു ഞാൻ എഴുതുന്നുവെന്നേയുള്ളു.
ചോദ്യം: പൂത്തുനില്ക്കുന്ന പനിനീർച്ചെടിയെ കഴുതയ്ക്കു് ചവിട്ടിമറിക്കാൻ സാധിക്കും. ഈശ്വരനു മാത്രമേ ആ ചെടിയെയും പൂക്കളെയും നിർമ്മിക്കാൻ കഴിയൂ എന്നറിയാമോ?
ഉത്തരം: വിമർശനം ചവിട്ടിമറിക്കലാണെന്നു മണ്ടന്മാർ കരുതുന്നു; ബുദ്ധിയുള്ളവർ അതു വകവയ്ക്കുന്നില്ലെന്നു ഗ്രഹിക്കു.
ചോദ്യം: തന്റെ തന്തയുടെ പേരു നിശ്ചയമുണ്ടോ?
ഉത്തരം: അറിയാമല്ലോ. എന്റെയും താങ്കളുടെയും പിതാവിന്റെയും പേരു് ഒന്നുതന്നെ. മാധവൻപിള്ള. സഹോദര, താങ്കൾ എന്തേ എന്നെ ഇതുവരെയും കാണാൻ വരാഞ്ഞതു?
ചോദ്യം: പുതിയ കവികളെ വാഴ്ത്തുന്നവർ ഇടപ്പള്ളിക്കവികളെ ചീത്ത പറയുന്നതിനു കാരണം?
ഉത്തരം: കാക്കകളോടൊരുമിച്ചു ക്രോ ക്രോ എന്ന ശബ്ദമുണ്ടാക്കുന്നവർ കുയിലിന്റെ പാട്ടിനോടൊരുമിച്ചു പാടുകില്ല.
ചോദ്യം: നിങ്ങളെ തെറിപറയുന്നവരോടു നിങ്ങൾക്കു വെറുപ്പു് ഉണ്ടാകുമല്ലോ. ഏതെങ്കിലും സന്ദർഭത്തിൽ ആ തെറികേട്ടു് നിങ്ങൾ ചിരിച്ചിട്ടുണ്ടോ?
ഉത്തരം: ഒരിക്കൽ ചങ്ങനാശ്ശേരിയിൽവച്ചു് ഞാൻ ഒരു ബസ്സിന്റെ മുൻപിലേക്കു് ‘എടുത്തുചാടി’. ഡ്രൈവർ ബസ് വെട്ടിയൊഴിച്ചു് എന്നെ രക്ഷിച്ചിട്ടു് പറഞ്ഞു: ‘നിനക്കു് എന്നായാലും മരണമുണ്ടെടാ.’ അതുകേട്ടു ഞാൻ ചിരിച്ചു. എന്റെകൂടെയുണ്ടായിരുന്ന മുത്തൂർ രാഘവൻനായരും കവി വേലായുധൻപിള്ളയും (Law Secretary) ചിരിച്ചു.
ചോദ്യം: നവീന ഗദ്യസാഹിത്യത്തിൽ പണ്ഡിതോചിതമായി, ഒറിജിനലായി എഴുതുന്ന ആരെങ്കിലുമുണ്ടോ?
ഉത്തരം: ഉണ്ടു്. ഡോക്ടർ അയ്യപ്പപ്പണിക്കർ. അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും വിദ്വജ്ജനോചിതമാണു്, മൗലികമാണു്.
ചോദ്യം: പുതിയ കവികളുടെ പത്തു കവിതാപുസ്തകങ്ങൾ ഞാൻ വാങ്ങി. വായന ആരിൽ തുടങ്ങണം?
ഉത്തരം: എല്ലാംകൂടി ഒന്നിനൊന്നു മേലെയായി അടുക്കിവച്ചിട്ടു ഒരു മാരത്തോൺ ഓട്ടം ഓടണം. ഓടിക്കഴിഞ്ഞു് സ്റ്റാർടിങ് പോയിന്റിൽ തിരിച്ചു വരരുതു്. ഓട്ടത്തിൽ വിജയം പ്രാപിച്ചാലും ഇല്ലെങ്കിലും ഓടുന്നവർ തുടക്കസ്ഥലത്തേക്കു തിരിച്ചു വരാറില്ലെന്നു് ഓർമ്മിക്കു.

തിരുവനന്തപുരത്തു നുണ എന്നതിനു് ഏഷണി എന്നാണു് അർത്ഥം. വടക്കോട്ടു കള്ളമെന്നും ഏതോ ഒരു നുണയൻ എന്നോടു പറഞ്ഞു. ശ്രീ. കടമ്മനിട്ട രാമകൃഷ്ണനെ ഞാൻ ആക്ഷേപിച്ചതായി അദ്ദേഹം അയാളെ അറിയിച്ചുവെന്നു്. കടമ്മനിട്ടയുടെ കവിത തൊണ്ടയിലാണിരിക്കുന്നതെന്നു് ഞാൻ എഴുതിയെന്നോ പറഞ്ഞെന്നോ ആയിരുന്നു ആരോപണം. പ്രശസ്തനായ ഒരു നോവലിസ്റ്റ് ആരെയോ ഉദ്ദേശിച്ചു് അങ്ങനെ പ്രസ്താവിച്ചുവെന്നു ഞാൻ ഈ പംക്തിയിൽ എഴുതിയെന്നു് ഒരോർമ്മയുണ്ടു്. അതെഴുതിയവേളയിൽ കടമ്മനിട്ട എന്റെ മനസ്സിൽ കടന്നുവന്നിട്ടില്ല. ഇത്രയും എഴുതിയതുകൊണ്ടു് കവിതചൊല്ലൽ എന്ന ഏർപ്പാടു് നല്ലതാണെന്നു് എനിക്കു് അഭിപ്രായമുള്ളതായി ആരും തെറ്റിദ്ധരിക്കരുതെന്നു് അപേക്ഷയുണ്ടു്. കവിത ചൊല്ലുമ്പോൾ false values—അയഥാർത്ഥങ്ങളായ മൂല്യങ്ങൾ അവയിൽ ആരോപിക്കപ്പെടും. അനുഗൃഹീത ഗായകനായ ശ്രീ. മധുസൂദനൻനായർ കാവ്യംചൊല്ലുമ്പോൾ കാതിനു് എന്തു സുഖം! എന്നാൽ അദ്ദേഹത്തിന്റെ കൈയിലിരിക്കുന്ന കടലാസ്സു ഒന്നു വാങ്ങി വായിച്ചുനോക്കു. അതിൽ കലയില്ല എന്ന സത്യം ഗ്രഹിക്കാം. കടലാസ്സില്ലാതെയാണു് ചൊല്ലുന്നതെങ്കിൽ അതു് മുൻപു് അച്ചടിച്ചു വന്ന വാരികയെടുത്തു് വായിച്ചാൽ മതി. ഇതു് മധുസൂദനൻനായരെക്കുറിച്ചു മാത്രം പറയേണ്ട കാര്യമല്ല. മറ്റു കവികളുടെയും സ്ഥിതി വിഭിന്നമല്ല. കടമ്മനിട്ട കാവ്യംചൊല്ലുമ്പോഴും അതിനുള്ള ഗുണങ്ങളെക്കാൾ ഏറെ ഗുണങ്ങൾ അതിനുണ്ടെന്നു തോന്നും. അതിനാൽ കവിത ചൊല്ലൽ എന്ന ഏർപ്പാടു് ഒരുതരത്തിലുള്ള ജനവഞ്ചനയാണു്.
സഹതാപം, കാരുണ്യം ഇവ ക്ഷണിക വികാരങ്ങളാണു്. പക്ഷേ, സൗധങ്ങൾ നിർമ്മിക്കുന്ന മരാശാരിമാർ, കൊത്തന്മാർ ഇവരോടു് എനിക്കുള്ള ആ വികാരങ്ങൾക്കു് ശാശ്വത സ്വഭാവമുണ്ടു്.
ഇതൊക്കെ സത്യമാണെങ്കിലും കടമ്മനിട്ട ഭേദപ്പെട്ട കവിയാണു്. ലയത്തെക്കുറിച്ചുള്ള മൗലികബൗധമാണു് അദ്ദേഹത്തിന്റെ കവിതയ്ക്കു ഭംഗി നല്കുന്നതു്. അതിനു folk art-ന്റെ നൈസർഗ്ഗികതയും ലാളിത്യവും ഉണ്ടു്. വേറൊരു കവിക്കും അക്കാര്യത്തിൽ അദ്ദേഹത്തെ സമീപിക്കാൻ ഒക്കുകയില്ല.
- “‘തെരളുന്ന പെൺകുട്ടിയുടെ പാവനതയാണു്’ ആ കൃതിയിലൂടെ (ഖസാക്കിന്റെ ഇതിഹാസ ത്തിലൂടെ) വിജയൻ മലിനമാക്കിയതു്. രതിയെക്കുറിച്ചു തെറ്റിദ്ധാരണകൾ തരുന്ന ഗ്രന്ഥമാണതു്”—കുങ്കുമം വാരികയിൽ ശ്രീ. എസ്. ഗുപ്തൻനായരു ടേതായി വന്ന വാക്യങ്ങളാണിവ. “ഗുപ്തൻ നായരുടേതായി വന്നു്” എന്നതിനു് അടിവരയിടണം. കാരണം നമ്മൾ ഒന്നു പറയും അതു് മറ്റൊന്നായി അച്ചടിച്ചു വരും എന്നതത്രേ. അദ്ദേഹം അങ്ങനെതന്നെ പറഞ്ഞുവെന്നു വിചാരിച്ചു് ഞാനൊന്നു ഞെട്ടിക്കൊള്ളട്ടെ. മന്ത്രിമാരുടെ ഞെട്ടൽപോലെയല്ല. ശരിയായ ഞെട്ടൽതന്നെ. തെരളുന്ന ഒരു പെൺകുട്ടിയുടെ പാവനതയും (പാപനത എന്നു വാരികയിൽ) വിജയൻ ഇല്ലാതാക്കിയിട്ടില്ല. സെക്സിന്റെ ഓജസ്സിനെ മാത്രമേ വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ചിത്രീകരിച്ചിട്ടുള്ളു. ‘ഒരാൾക്കു മുക്കിനു താഴെ പുരികം കിളിർത്തപ്പോൾ കണ്ണുവായ്ക്കകത്തു് ആയിപ്പോയി’ എന്നു തുടങ്ങിയ വിലക്ഷണപ്രയോഗങ്ങളിൽ ഭംഗി കാണുന്ന ഗുപ്തൻനായർക്കു വിജയന്റെ രതിസങ്കല്പത്തിൽ ആകുലത വന്നതിൽ വിസ്മയിക്കാനില്ല.
- “പഠിക്കുന്ന കാലത്തു് ഞാൻ തീവ്രവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ പ്രസ്ഥാനത്തിന്റെ തകർച്ചയിൽ ദുഃഖിതയാണു്”—ശ്രീമതി സുധക്കുട്ടി ഇങ്ങനെ പറഞ്ഞതായി ‘വനിത’യിലെ റിപ്പോർട്ട്. പറഞ്ഞോ? പറഞ്ഞെങ്കിൽ ഒരെറുമ്പിനെപ്പോലും കൊല്ലാൻ ശക്തിയില്ലാത്ത ഞാൻ ഞെട്ടുന്നു, വീണ്ടും ഞെട്ടുന്നു.
- “‘പടിയിറങ്ങിപ്പോയ പാർവതി’ എന്ന ചെറുകഥാസമാഹാരം വഴിയാണു ഗ്രേസി സാഹിത്യലോകത്തു ശ്രദ്ധ പിടിച്ചുപറ്റിയതു്”—‘വനിത’യിൽ കണ്ടതാണിതു്. അഭിമുഖസംഭാഷണത്തിനു ചെന്ന ആളിന്റെ വാക്യമാവാമിതു്. ഗ്രേസിക്കുണ്ടായ ഈ ഫെയിം (fame) ഞാൻ താമസിക്കുന്ന തിരുവനന്തപുരത്തു് എത്തിയിട്ടില്ല. അതിനു കുറ്റക്കാരൻ ഞാൻ തന്നെ ‘ഇന്ദിരാ ഗാന്ധി എന്ന പേരു ഞാൻ കേട്ടിട്ടില്ല’ എന്നാരെങ്കിലും പറഞ്ഞാൽ അങ്ങനെ പറയുന്നവൻ ‘ഭോഷ്കൻ’, ഞാനെത്ര ‘ഭോഷ്കൻ’!
റഷയിലുള്ളവർക്കു് ഇംഗ്ലീഷ് വിദേശഭാഷയാണു്. അവർ ഇംഗ്ലീഷുഭാഷ പഠിച്ചു റഷൻ ക്ലാസ്സിക്കുകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തിട്ടുണ്ടു്. ‘ഒന്നൊഴിയാതെ’ എല്ലാം പരമ ബോറാണു്. ‘War and Peace’, ‘Crime and Punishment’ ഇവയെല്ലാം ഇംഗ്ലീഷുകാർ തർജ്ജമ ചെയ്തതേ വായിക്കാവൂ.
സഹതാപം, കാരുണ്യം ഇവ ക്ഷണിക വികാരങ്ങളാണു്. പക്ഷേ, സൗധങ്ങൾ നിർമ്മിക്കുന്ന മരാശാരിമാർ, കൊത്തന്മാർ ഇവരോടു് എനിക്കുള്ള ആ വികാരങ്ങൾക്കു് ശാശ്വതസ്വഭാവമുണ്ടു്. തീപോലത്തെ വെയിൽ കാലത്തുതൊട്ടു വൈകുന്നേരംവരെ കൊണ്ടു് അവർ സൗധം നിർമ്മിക്കുന്നു. നിർമ്മാണം കഴിഞ്ഞാൽ ഗൃഹനായകൻ അന്യരുടെ കപടമായ ആദരാഭിനന്ദനങ്ങൾ (പുതിയ പ്രയോഗമനുസരിച്ചു്) പിടിച്ചു പറ്റുന്നു. സൗധം നിർമ്മിച്ചവരിൽ ഒരാളിനെപ്പോലും അവരറിയില്ല. ഒരുദിവസം പാലു കാച്ചു്, കെട്ടിടം കെട്ടിയവർ —പത്തുനാല്പതുപേർ— വിനയസമ്പന്നരായി വീട്ടുമുറ്റത്തെ മരത്തണലിൽ ഓച്ഛാനിച്ചു നില്ക്കുന്നു. ഭാഗ്യംകൊണ്ടു് കാപ്പിയോ ഊണോ അവർക്കു് ആദ്യംതന്നെ കൊടുക്കുന്നു. അതിനുശേഷം ഓരോ ആളിനും കോടിമുണ്ടും നേരിയതും. അവയുടെകൂടെ ഒരു പൊതിയും. പൊതിയിൽ നൂറുരൂപതൊട്ടു് അഞ്ചുരൂപവരെ കാണും. അവ തൊഴുതു വാങ്ങി പണിക്കാർ പോയാൽ അവരെ പിന്നെ ആരും അറിയില്ല. യാദൃച്ഛികമായി മുത്താശാരിതന്നെ സൗധത്തിന്റെ മുൻപിലൂടെ പോയാൽ സമ്പന്നനായ ഗൃഹനായകൻ അയാളെ അറിഞ്ഞ ഭാവംപോലും കാണിക്കില്ല. ക്ഷമിക്കണം. ആർജ്ജവത്തിന്റെ (sincerity) പ്രതിരൂപങ്ങളായ പണിക്കാർക്കു കൊടുക്കുന്ന ഭക്ഷണത്തെ കൊലച്ചോറായി ഞാൻ കാണുന്നു. അവർക്കു കൊടുക്കുന്ന കോടിമുണ്ടിനെ തൂങ്ങിച്ചാവാനുള്ള കയറായും. ഒരു ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഗർഹണീയമായ ഏർപ്പാടാണിതു്. ഇതു പണ്ടുണ്ടായിരുന്നു; ഇന്നുമുണ്ടു്. താജ്മഹൽ നിർമ്മിച്ച പാവങ്ങളെ ഇന്നാരു ഓർമ്മിക്കുന്നു! ഷാജഹാന്റെ യോ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തികളുടെയോ നൃശംസതയാർന്ന പ്രവൃത്തികളാൽ എത്രപേരുടെ വിയർപ്പു് ഒഴികിയിരിക്കും! എത്രപേരുടെ ചോര ചിന്തിയിരിക്കും! എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടിരിക്കും! അവരെ ഇന്നാർക്കുമറിഞ്ഞുകൂടാ. ഷാജഹാനെ മാത്രം പ്രശംസിക്കുന്നു. റ്റാഗോർ പോലും അതേ ചെയ്തുള്ളു. ഞാൻ താജ്മഹൽ കണ്ടിട്ടില്ല. കാണാനിടവന്നാൽ അതു നിർമ്മിക്കാൻവേണ്ടി മാർബിൾ ചുമന്നു് അതിന്റെ ഭാരത്തിൽപ്പെട്ടു മരണമടഞ്ഞ പാവപ്പെട്ട തൊഴിലാളികളെക്കുറിച്ചാവും ഞാൻ ആദ്യം വിചാരിക്കുക. ഈ ക്രൂരത ഏറിയപ്പോഴാവും മനുഷ്യപ്രേമാത്മകത (humanism) എന്ന ആശയം രൂപംകൊണ്ടതും ക്രമണേ അതിനു വികാസം സിദ്ധിച്ചതും. സെൻസിറ്റിവ് ആർടിസ്റ്റുകൾ ആ മനുഷ്യപ്രേമാത്മകതയെ വാഴ്ത്തും. ആ വാഴ്ത്തലാണു് ഞാൻ ശ്രീ. ടി. എൻ. പ്രകാശി ന്റെ ‘സൂപ്പ്’ എന്ന ചെറുകഥയിൽനിന്നു കേട്ടതു്. വിദ്യാഭ്യാസമുള്ള ഒരുത്തനെ ഹോട്ടൽ ബോയിയായി ചിത്രീകരിച്ചു് കഥാകാരൻ അയാളുടെ നേർക്കു കാരുണ്യത്തിന്റെയും സഹതാപത്തിന്റെയും നേരിയ നീർച്ചാലു് ഒഴുക്കുന്നു. അടിത്തട്ടു കാണാവുന്ന നീർച്ചാലു്. മനുഷ്യപ്രേമാത്മകത്വം വിജയംപ്രാപിക്കട്ടെ.

മഹാനായ ആഫ്രിക്കനെഴുത്തുകാരനാണു് ആന്ദ്രേബിങ്ക്. അദ്ദേഹത്തിന്റെ ഒരുജ്ജ്വലമായ ലേഖനം വായിച്ച ഓർമ്മയുണ്ടെനിക്കു്. മാക്സിം ഗോർക്കി യുടെ ‘The Lower Depths’ എന്ന നാടകത്തിലെ കഥാപാത്രമായ ലൂക്ക പറയുന്ന ഒരു കഥയെ അവലംബിച്ചാണു് ബ്രിങ്ക് ഒരു കലാസത്യത്തിനു് രൂപം നല്കുന്നതു്. ബ്രിങ്കിന്റെ പ്രബന്ധം കൈയിലില്ലെങ്കിലും ഗോർക്കിയുടെ നാടകം കൈയിലുണ്ടു്. മോസ്കോയിലെ Progress Publishers പ്രസാധനം ചെയ്ത Collected Works (Vol IV). അതിന്റെ 270-ആം പുറം നോക്കുക. ലൂക്ക പറയുന്ന കഥ അവിടെ വായിക്കാം. സത്യാത്മകവും ധാർമ്മികവുമായ ഒരു ദേശത്തിൽ വിശ്വാസമർപ്പിച്ച ഒരുത്തനുണ്ടായിരുന്നു പണ്ടു്. അവിടെ അന്യോന്യം സഹായിക്കുന്ന നല്ല ആളുകൾ താമസിക്കുന്നുണ്ടാവണം എന്നു് അയാൾ വിചാരിച്ചു. ആ ദേശത്തു് ചെല്ലാനായിരുന്നു ആ പാവത്തിന്റെ ആഗ്രഹം. സൈബീരിയയിൽ അയാൾ അങ്ങനെ വസിക്കുന്ന കാലയളവിൽ ഒരു മഹാപണ്ഡിതൻ പുസ്തകങ്ങളും പടങ്ങളുമായി എത്തി. ആ രേഖാചിത്രങ്ങൾ നോക്കി ആ പാവപ്പെട്ട മനുഷ്യൻ അയാളോടു ചോദിച്ചു: സത്യത്തിൽ ധാർമ്മികമായ ഒരു പ്രദേശമുണ്ടല്ലോ. അതു് എവിടെയാണു് ഈ ചിത്രത്തിൽ? അവിടെ എങ്ങനെ പോകും? പക്ഷേ, അങ്ങനെയൊരു ലോകം പണ്ഡിതന്റെ പടങ്ങളിൽ ഇല്ലായിരുന്നു. ആ ലോകമില്ലാത്ത പടങ്ങൾ നിഷ്പ്രയോജനങ്ങളാണെന്നു് അയാൾ പറഞ്ഞു. ‘എടാ നരാധമ, നീ പണ്ഡിതനല്ല, റാസ്കലാണു്.’ ഇത്രയും പണ്ഡിതന്റെ മുഖത്തുനോക്കിപ്പറഞ്ഞിട്ടു് ആ മനുഷ്യൻ അയാളുടെ കരണത്തു് രണ്ടടി കൊടുത്തു. എന്നിട്ടു വീട്ടിൽപ്പോയി തൂങ്ങിച്ചാവുകയും ചെയ്തു. ഗോർക്കിയുടെ കഥാപാത്രം പറഞ്ഞ ഈ ധാർമ്മികലോകത്തെ കാണുകയാണു് എഴുത്തുകാരന്റെ ജോലിയെന്നു് ബ്രിങ്ക് പറഞ്ഞിട്ടുണ്ടു്. പണ്ഡിതൻ കാണിച്ച ആ രേഖാചിത്രങ്ങൾക്കു പിറകിൽ സത്യാത്മകമായ, ധാർമ്മികമായ ഒരു ലോകമുണ്ടു്. കഥയിലെ വ്യക്തിതൂങ്ങിച്ചത്തതുപോലെ കലാകാരൻ തുങ്ങിച്ചാവുന്നില്ല. അയാൾ ചിത്രങ്ങളുടെ പിറകിലുള്ള സത്യ-ധാർമ്മികലോകത്തെ കണ്ടെത്തുന്നു. കാണുന്ന ലോകം. അതിനു പിറകിൽ കാണാത്ത സത്യവും ധർമ്മവും ഉള്ള ലോകം. അതു കലാകാരൻ കണ്ടുപിടിക്കുന്നു. ദൗർഭാഗ്യംകൊണ്ടു് ശ്രീ. എൻ. പ്രഭാകരൻ ‘തീനടപ്പു് ’ എന്ന ചെറുകഥയിലൂടെ വരച്ച ചിത്രം വെറും ചിത്രമായി അവശേഷിക്കുന്നു. അതിലൂടെ ആ അദൃശ്യലോകത്തെ എനിക്കു കാണാൻ കഴിയുന്നില്ല. അടുത്തകാലത്തുണ്ടായ ഒരു തിരഞ്ഞെടുപ്പിനെയും അതിനുശേഷമുണ്ടായ ജന്തുഹിംസയെയും ചിത്രീകരിക്കുകയാണു് കഥാകാരൻ. അദ്ദേഹത്തിന്റെ വർണ്ണന നന്നു്; ആഖ്യാനം നന്നു്; സംഭവനിവേശനം നന്നു്. സാകല്യാവസ്ഥയിൽ ചിത്രം ഭേഷ്. പക്ഷേ, അതിനപ്പുറമുള്ള സത്യമില്ല, ധർമ്മമില്ല. സമരേഷ് ബസു വിന്റെ ‘Fare well’ എന്ന കഥയും സുനിൽ ഗാംഗുലി യുടെ ‘The Fugitive and the Followers’ എന്ന കഥയും പ്രഭാകരൻ വായിച്ചുനോക്കിയാൽ അദ്ദേഹത്തിനു സ്വന്തം ദൗർബല്യം എത്രയുണ്ടെന്നു ഗ്രഹിക്കാൻ കഴിയും. (പ്രഭാകരന്റെ കഥ കലാകൗമുദിയിൽ—ബംഗാളിക്കഥകൾ Noon in Calcutta എന്ന പുസ്തകത്തിൽ Viking പ്രസാധനം.)

റഷയിലുള്ളവർക്കു് ഇംഗ്ലീഷ് വിദേശഭാഷയാണു്. അവർ ഇംഗ്ലീഷ്ഭാഷ പഠിച്ചു റഷൻ ക്ലാസിക്കുകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തിട്ടുണ്ടു്. ‘ഒന്നൊഴിയാതെ എല്ലാം’ പരമബോറാണു്. അതുകൊണ്ടു് ‘War and Peace’, ‘Crime and Punishment’, ഇവയെല്ലാം ഇംഗ്ലീഷുകാർ തർജ്ജമചെയ്തതേ വായിക്കാവു. ഇല്ലെങ്കിൽ ടോൾസ്റ്റോയി യുടെയും ദസ്തെയെവ്സ്കി യുടെയും കൃതികൾ വിരസങ്ങളായിത്തോന്നും. ഒരുദാഹരണം കാണിക്കാം. മഹാകവിത്വത്താൽ അനുഗൃഹീതയായിരുന്നു അന്നാ അഹമതവ. അവരുടെ ‘Muse’ എന്ന കാവ്യം നോവലിസ്റ്റും കവിയുമായ ഡി. എം. തോമസ് തർജ്ജമപെയ്തതു്:
“When at night I wait for her to come
Life, it seems, hangs by a single strand.
What are glory, youth, freedom, in comparison
With the dear welcome guest, a flute in hand?
She enters now.Pushing her veil aside,
She stares through me with her attentiveness.
I question her: ‘And were You Dante’s guide,
Dictating the Inferno? She answers: ‘Yes’”
ഇനി Yuri Annenkov-ന്റെ തർജ്ജമ:
“When in the night hour I wait her coming
It seems to me my life hangs by a thread
Youth, honours, liberty all shrink to nothing
When my dear visitor pipes by my bed.
Look, here she comes, Her veil she raises, turning
To view me with a shrewd appraising eye
‘Pray, was it you dictated the Inferno
To Dante?’ And she answers:
‘It was I’”
എനിക്കു റഷൻഭാഷ അറിഞ്ഞുകൂടാത്തതുകൊണ്ടു് ഏതു തർജ്ജമയാണു് മൂലകാവ്യത്തിന്റെ ആശയസാമ്രാജ്യത്തോടു് അടുത്തതെന്നു് വ്യക്തമാക്കാൻ വയ്യ. എന്നാൽ കവിത ഏതിൽ എന്നു ചോദിച്ചാൽ ഉത്തരം പറയാം. ഡി. എം. തോമസിന്റെ തർജ്ജമ ചൈതന്യധന്യം. റഷക്കാരന്റെ തർജ്ജമ ഉമിക്കരി ചവച്ചതുപോലെയും.

സരോജിനി നായിഡു വിനെ മഹാത്മാഗാന്ധി യാണു് ഭാരതകോകിലം എന്നു വിളിച്ചതു്. അതു് ഇംഗ്ലീഷിലേക്കു വന്നപ്പോൾ The Nightingale of India എന്നായി. തന്റെ സഹോദരിക്കു് ഈ വിശേഷണം അത്ര ചേരുകില്ലെന്നു് ഹരീന്ദ്രനാഥ് ചട്ടോപാധ്യായ പറഞ്ഞു.
സരോജിനി നായിഡുവിന്റെ കാവ്യങ്ങൾക്കുള്ള ന്യൂനത അവയുടെ ബഹിർഭാഗസ്ഥതയാണു്. പൂക്കളും കിളികളും പല്ലക്കു ചുമക്കുന്നവരും ചിലമ്പൊലിയും മറ്റുമാണു് അവരുടെ കാവ്യങ്ങളിൽ. അവയുടെ ആഴത്തിലേക്കു ചെല്ലാൻ അവർക്കു ഒരിക്കലും കഴിഞ്ഞിരുന്നില്ലതാനും. അതിനാലാണു് Edmund Gosse ഇങ്ങനെ എഴുതിയതു്. “I advised the consignment of all that she had written in this falsely English vein, to the waste paper basket.”
ഇതൊക്കെയാണെങ്കിലും കാവ്യവിഷയമെടുത്തുവച്ചു വേണ്ടാത്തതൊക്കെപ്പറയുന്ന ശീലം അവർക്കില്ലായിരുന്നുവെന്നു് ചൂണ്ടിക്കാണിക്കേണ്ടതുണ്ടു്. അവരുടെ “അമ്പലമണികൾ” എന്ന കാവ്യം കാണുക:
Temple bells! deep temple bells!
Whose urgent voices wreck the sky!
In your importance music dwells
Man’s sad and immemorial cry
That cleaves the dawn with wings of praise
That cleaves the dark with wings of prayer
Craves pity for our moral ways
Seeks solace for our life’s despair
And peace for suffering hearts that die.”
അമ്പലമണികളുടെ നാദം എങ്ങനെ മനുഷ്യർക്കു ആശ്വാസവും ശാന്തിയും നല്കുന്നുവെന്നു പ്രസ്താവിച്ചിട്ടു സരോജിനി നായിഡു പിന്മാറുന്നു. Inferior poet ഈ വിഷയം കൈകാര്യം ചെയ്താൽ മൂലകാവ്യത്തിലെ ഭാവം നിലനിറുത്തിക്കൊണ്ടു് വേറെ പലതും പറയും. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ അടുത്തവീട്ടിലെ ഒരു കൊച്ചുകുട്ടി വന്നു് വ്യാകരണകാര്യങ്ങൾ ചോദിച്ചു. വചനത്തെക്കുറിച്ചാണു് ആ കുഞ്ഞിനു് അറിയേണ്ടതു്. ഞാൻ ഏകവചനം ബഹുവചനം ഇവതൊട്ടു തുടങ്ങി. ‘അമ്പലമണി’ ഏകവചനം; ‘അമ്പലമണികൾ’ ബഹുവചനം. ഇതുകേട്ട കുട്ടി ചോദിച്ചു “രണ്ടും തമ്മിൽ വ്യത്യാസമില്ലേ സാർ”. “എന്റെ മറുപടി‘കൾ’ എന്നതു കൂടിയില്ലേ ബഹുവചനത്തിൽ? അതുതന്നെ വ്യത്യാസം.”