സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-04-18-ൽ പ്രസിദ്ധീകരിച്ചതു്)

“കല്ലേറിനെക്കാളസഹ്യം”

നമ്മൾ ഈശ്വരനെ ധ്യാനിച്ചുകൊണ്ടു് പാതയിലൂടെ നടക്കുമ്പോൾ വല്ല ചെറുക്കനും മാവിലേക്കെറിയുന്ന കല്ലു് നമ്മുടെ തലയിൽ വന്നുപതിക്കുകയും തലപൊട്ടി ചോരവാർന്നൊലിക്കുകയും ചെയ്താൽ എന്തൊരു ഞെട്ടലും വേദനയുമാണു് നമുക്കുണ്ടാവുക!

ഹെർമൻ ഹെസ്സേ യുടെ പ്രകൃഷ്ടകൃതിയായി വാഴ്ത്തപ്പെടുന്ന “മാജിസ്റ്റർ ലുഡി ”യിൽ (Magister Ludi) ഒരു ചൈനാക്കാരൻ എഴുത്തുകാരന്റെ “Spring and Autumn ” എന്ന പുസ്തകത്തിൽനിന്നു ചില ഭാഗങ്ങൾ എടുത്തു ചേർത്തിട്ടുണ്ടു്. അതിൽനിന്നു കുറെ ഭാഗങ്ങൾ തർജ്ജമചെയ്തു താഴെക്കൊടുക്കുന്നു.

“ലോകം ശാന്തമായിരിക്കുമ്പോൾ, എല്ലാ വസ്തുക്കളും സമാഹിതമായിരിക്കുമ്പോൾ, എല്ലാ ആളുകളും മേലധികാരികളെ അനുസരിക്കുമ്പോൾ സംഗീതത്തെ അന്യൂനമാക്കാൻ കഴിയും. അഭിലാഷങ്ങളും ഉത്കടവികാരങ്ങളും തെറ്റായ വഴികളിലേക്കു പോകാതിരിക്കുമ്പോൾ സംഗീതത്തെ അന്യൂനമാക്കാം. അന്യൂനമായ സംഗീതത്തിനു് അതിന്റേതായ ഹേതു ഉണ്ടു്. അതു് പരിമാണതുല്യതയിൽ നിന്നു ജനിക്കുന്നു. ധാർമ്മികതയിൽനിന്നാണു് പരിമാണതുല്യത ഉദയംകൊള്ളുക. പ്രപഞ്ചത്തിന്റെ അർത്ഥത്തിൽനിന്നാണു് ധാർമ്മികതയുടെ ഉത്ഭവം. പ്രപഞ്ചത്തിന്റെ അർത്ഥം മനസ്സിലാക്കിയവനോടു മാത്രമേ സംഗീതത്തെക്കുറിച്ചു സംസാരിക്കാനാവു… സംഗീതം കൂടുതൽ ഉച്ചണ്ഡമാകുമ്പോൾ, ജനത കൂടുതൽ ശോകാർത്തമാവുന്നു, രാജ്യത്തിനു കൂടുതൽ ആപത്തുണ്ടാകുന്നു. ഇങ്ങനെ സംഗീതത്തിന്റെ സത്ത നശിക്കുന്നു. (ചില രാജ്യങ്ങളിലെ) ജനമർദ്ദകർ ഉച്ചണ്ഡമായ സംഗീതമുണ്ടാക്കി. വലിയ ശബ്ദമാണു് സുന്ദരമെന്നു് അവർ വിചാരിച്ചു. ഒരുമിച്ചു കൂട്ടിയ ഫലപ്രാപ്തികളാണു് രസകരമെന്നു മർദ്ദകർ വിചാരിച്ചു. ഒരു കാതും കേട്ടിട്ടില്ലാത്ത നാദം അവർ ഉയർത്തി… ഈ സംഗീതത്തിന്റെ കണ്ടുപിടിത്തം (ആ പ്രദേശത്തിന്റെ) ജീർണ്ണതയ്ക്കു കാരണമായി”.

ഉച്ചണ്ഡസംഗീതം രാജ്യത്തെ ജീർണ്ണിപ്പിച്ചു. ശ്രീമതി ദേവിയുടെ “തപനതാണ്ഡവം” എന്ന “കാവ്യം” മലയാളഭാഷയെ ജീർണ്ണിപ്പിക്കുന്നു; കേരളത്തെ ജീർണ്ണിപ്പിക്കുന്നു. കേട്ടാലും ചില വരികൾ:

“ഇതു മഹാകാലകലനം ബ്രഹ്മാണ്ഡ

ഭ്രമണം, ചണ്ഡാംശുജ്വലന

താണ്ഡവം”

… … … …

“ചിദഗ്നി ഭൈരവനടനം ഭർഗ ദിഗ്

ജ്വലനം, വൈരാഗീ തപനതാണ്ഡവം”

… … … …

“ഇതു ചിദംബരജ്വലനം മാർത്താണ്ഡ

തപനം, സംസാര ദഹനതാണ്ഡവം”

images/HermannHesse.jpg
ഹെർമൻ ഹെസ്സേ

നമ്മൾ ഈശ്വരനെ ധ്യാനിച്ചുകൊണ്ടു് പാതയിലൂടെ നടക്കുമ്പോൾ വല്ല ചെറുക്കനും മാവിലേക്കു് എറിയുന്ന വലിയ കല്ലു് നമ്മുടെ തലയിൽ വന്നു പതിക്കുകയും തലപൊട്ടി ചോര വാർന്നൊലിക്കുകയും ചെയ്താൽ എന്തൊരു ഞെട്ടലും വേദനയുമാണു നമുക്കുണ്ടാവുക! ഈ പദ്യമെഴുതിയ ആളിന്റെ പദപ്രസ്തര പ്രക്ഷേപങ്ങൾ (വാക്കുകൾകൊണ്ടുള്ള കല്ലേറു്) സഹൃദയന്റെ ശിരസ്സു പൊട്ടിക്കുന്നു, രക്തം പ്രവഹിപ്പിക്കുന്നു. ഒരനുഭൂതിയും ജനിപ്പിക്കാത്ത കുറെ ദുർഗ്രഹപ്രസ്താവങ്ങൾ. സംഗീതത്തിൽ മാത്രമല്ല പദ്യരചനയിലും ഉച്ചണ്ഡത!

“സ്യൂഡോപൊയറ്റിക് നടനം മാനവ-

ഹനനം പ്രസ്തര പ്രക്ഷേപതാണ്ഡവം”

(തപനതാണ്ഡവം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ)

അക്കിത്തം
images/AkkithamAchuthanNamboothiri.jpg
അക്കിത്തം

മഹനീയങ്ങളെന്നു കരുതപ്പെടുന്ന വിഷയങ്ങളെടുത്തു കവിമാനികൾ കാവ്യാഭാസം നിർമ്മിക്കുമ്പോൾ ഒരു ക്ഷുദ്രസംഭവമെടുത്തു ജന്മനാകവിയായ ശ്രീ. അക്കിത്തം ഉദാത്തമായ കാവ്യം രചിക്കുന്നു. ജന്തുശാലയിലെ സ്നെയ്ക് ഹൗസിൽ പെരുമ്പാമ്പു് ചുരുണ്ടുകൂടുന്നതു കാണുന്ന സന്ദർശകൻ വെറുപ്പോടെ അവിടെനിന്നു ചാടി പുറത്തേക്കു പോരുമ്പോൾ പൂക്കൾ വിരിഞ്ഞു നില്ക്കുന്നതു കാണുന്നു. ഭംഗി. പരിമളം. അവിടുത്തെ ബഞ്ചിൽ അല്പനേരം ഇരിക്കൂ. സ്വസ്ഥത കൈവരിക്കൂ. ഈ ഭംഗിയും സൗരഭ്യവുമുണ്ടു് അക്കിത്തത്തിന്റെ “മറ്റൊരു ഗ്രാമം” എന്ന കാവ്യത്തിനു്. (കലാകൗമുദി) ഞാൻ നിരൂപണത്തിനോ വിമർശനത്തിനോ ഒരുമ്പെടുന്നില്ല. കവിയോടു ഇങ്ങനെ പറയട്ടെ: “കവേ, അക്കിത്തം, താങ്കളുടെ കാവ്യം എന്റെ മനസ്സിനെ വിമലീകരിക്കുന്നു, ധാർമ്മികതയുടെ രാജരഥ്യ എനിക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ജീവിക്കേണ്ടതു് എങ്ങനെയാണെന്നു ഗ്രഹിപ്പിക്കുന്നു. നിസ്സാരനായ ഒരു ഗൂർഖയുടെ മാസംതോറുമുള്ള സന്ദർശനമാണു് താങ്കൾ, താങ്കൾക്കു മാത്രം കഴിവുള്ള രീതിയിൽ വർണ്ണിക്കുന്നതു്. ഗൂർഖ ഒറ്റപ്പെട്ട മനുഷ്യനാണെങ്കിലും സാകല്യാവസ്ഥയിൽ മനുഷ്യരിലാണു് അങ്ങയുടെ കണ്ണുകൾ. ആ ഗൂർഖയുടെ ജീവിതം ചിത്രീകരിച്ചു കഴിയുമ്പോൾ താങ്കൾ മനുഷ്യജീവിതത്തെയാകെ ചിത്രീകരിച്ചു കഴിഞ്ഞു. മാനസികപ്രേരണയാണു് ജീവിതത്തിനു് അർത്ഥമുണ്ടാക്കുന്നതു്. ഗൂർഖ ഉപജീവനാർത്ഥം കേരളത്തിലേക്കു പോരുമ്പോൾ “വിഴവേഭിത്തിപിടിച്ചെണീറ്റെൻമകൻ വീശി ഞാൻ പോരുമ്പോൾ കുഞ്ഞിക്കൈ” എന്നു താങ്കൾ അയാളെക്കൊണ്ടു പറയിക്കുന്നു. ആ കുഞ്ഞിക്കൈവീശലാണു് ഗൂർഖയുടെ പ്രവർത്തനങ്ങൾക്കുള്ള മാനസികപ്രേരണ. അതിലൂന്നിക്കൊണ്ടു് താങ്കൾ കാവ്യം അവസാനിപ്പിച്ചപ്പോൾ ആ ഗൂർഖ എന്റെ സഹോദരനായി. അയാളുടെ കുഞ്ഞിനോടു എനിക്കു എന്തെന്നില്ലാത്ത വാത്സല്യം തോന്നി. അങ്ങനെയാണു് താങ്കൾ എന്റെ മനുഷ്യത്വത്തെ വികസിതോജ്ജ്വലമാക്കിയതു്. താങ്കൾക്കു ധന്യവാദം”.

എവിടെ മനസ്സു് സങ്കുചിതമായിരിക്കുന്നുവോ അവിടെ സംസാരത്തിലും പ്രബന്ധ രചനയിലും ദീർഘത വരും.

ഈ. വി. കൃഷ്ണപിള്ള യുടെ ഒരു നേരമ്പോക്കുണ്ടു്. സാധാരണമായി വർത്തമാനപ്പത്രം വായിക്കാത്തവൻ എട്ടുകാശോ ഒരുചക്രമോ (എത്രയെന്നു് ഓർമ്മയില്ല) മുടക്കി കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന മലയാളരാജ്യം ദിനപത്രം വാങ്ങുന്നു. വായനയോടു വായനതന്നെ. ‘മലയാളരാജ്യം’ എന്നു വലിയ അക്ഷരത്തിൽ അച്ചടിച്ചതുതൊട്ടു തുടങ്ങും. സ്റ്റെയ്റ്റ് കോൺഗ്രസ്സുകാർ കള്ളന്മാർ, സർ. സി. പി. രാമസ്വാമി അയ്യർ മാന്യൻ ഇങ്ങനെയുള്ള പ്രസ്താവങ്ങളൊക്കെ വായിച്ചു മടുക്കുമ്പോൾ പത്രം താഴെവയ്ക്കും. അപ്പോഴാണു് താൻ മുടക്കിയ ഒരു ചക്രത്തിന്റെ ഓർമ്മ അയാൾക്കുണ്ടാകുന്നതു്. ‘അയ്യോ എന്റെ ഒരു ചക്രം!’ എന്നു ഞെട്ടി വിചാരിച്ചുകൊണ്ടു് പത്രം വീണ്ടുമെടുക്കുന്നു. വായിക്കുന്നു. ‘തിരുവനന്തപുരത്തു് വിദ്യാർത്ഥിവേട്ട’ എന്നു് മുകളിൽ അച്ചടിച്ചു് ‘ലീഡർ’ അച്ചടിക്കേണ്ട ഭാഗം ശൂന്യമായി ‘കേരളകൗമുദി’ ഇട്ടിരിക്കുന്നു. ആ വാർത്ത ‘മലയാളരാജ്യ’ത്തിൽ അക്രമികളായ വിദ്യാർത്ഥികളെ ചൂരൽ അന്തരീക്ഷത്തിൽ ചുഴറ്റി പൊലീസ് ഓടിച്ചു എന്നു വായിച്ച ആള് ആ പത്രം വീണ്ടും താഴെയിടുന്നു. അയ്യോ എന്റെ ഒരു ചക്രം എന്ന വിചാരം വീണ്ടും. പത്രമെടുക്കുന്നു, വായിക്കുന്നു. ഇങ്ങനെ പലതവണ പത്രം താഴെയിട്ടും ‘അയ്യോ എന്റെ ഒരു ചക്രം’ എന്നു വീണ്ടും വീണ്ടും പറഞ്ഞും Printed and Published by K. G. Parameswaran Pillai എന്നതുവരെ വായിക്കുന്നു. തീർന്നോ? ഇല്ല. വീണ്ടും ഒന്നാംപുറത്തെ ‘മലയാളരാജ്യം’ എന്ന വലിയ അക്ഷരങ്ങളിലുള്ള അച്ചടിതൊട്ടു തുടങ്ങുന്നു. Printed and Published by… എന്നതുവരെ എത്തുന്നു. ഇതാണു് ഭാരതീയന്റെ കാലസങ്കല്പത്തിനു യോജിച്ച സൈക്ലിക് പാരായണം.

പനിനീർപ്പൂവിൽ ചായം തേച്ചാൽ അതു് അസുന്ദരമാവുകയേ ഉള്ളൂ. ഏതെങ്കിലും രാസദ്രവ്യ പ്രയോഗത്താൽ പൂവിന്റെ സ്വാഭാവിക വർണ്ണം ഇല്ലാതാക്കിയാലും വൈരൂപ്യം വരും. കലാസൃഷ്ടി റോസാപ്പൂവാണു്.

ഇങ്ങനെയല്ലെങ്കിലും അയ്യോ എന്റെ അഞ്ഞൂറുരൂപ എന്നു പറഞ്ഞുകൊണ്ടു് രണ്ടധ്യായം വായിച്ചു ദൂരെയെറിഞ്ഞ ആ പുതിയ നോവൽ (വിക്രം സേത്തി ന്റെ നോവൽ) ഞാൻ കൈയിലെടുത്തു. ഒരധ്യായംകൂടെ വായിച്ചു. അയ്യോ എന്റെ അഞ്ഞൂറുരൂപ! പിന്നെയും വായന. അങ്ങനെ വായിച്ചുതീർത്തു. സൈക്ലിക് പാരായണമില്ല. നോവലിനെ ഇങ്ങനെ വിശേഷിപ്പിക്കട്ടെ. dull, boring, tiring, unimaginative, lifeless, dead—എന്റെ കൈയിലുള്ള നിഘണ്ടുവിൽ ഇത്രയും വാക്കുകളേയുള്ളു.

ചോദ്യം, ഉത്തരം

ചോദ്യം: ആധുനികകവിതയെ കുറ്റപ്പെടുത്തുന്ന നിങ്ങൾ അവയിൽ ഇടയ്ക്കിടയ്ക്കു വരുന്ന ഉത്കൃഷ്ടങ്ങളായ വരികളെപ്പോലും അംഗീകരിക്കാത്തതു ശരിയോ?

ഉത്തരം: ശരിയല്ല. കൊടും വസൂരിവന്നു് മുഖംകാണാൻ വയ്യാത്തവിധം വടുക്കൾ വീഴുമ്പോൾ രണ്ടു പാടുകൾക്കിടയിൽ ലേശം തൊലിയുള്ളതു് സൂക്ഷിച്ചു നോക്കിയാൽ എനിക്കു കാണാൻ കഴിയും. പക്ഷേ, വസൂരിക്കലകളുടെ വൈരൂപ്യം മാത്രമേ കണ്ണിൽ വീഴു.

ചോദ്യം: വിവാഹത്തിനു മുൻപു് രണ്ടാമത്തെ പേരു് അച്ഛന്റേതായിവയ്ക്കുന്ന യുവതികൾ വിവാഹത്തിനുശേഷം ഭർത്താവിന്റെ പേരു രണ്ടാമതായി വയ്ക്കുന്നതു് അച്ഛനെ നിരാകരിക്കുന്നതിനു തുല്യമല്ലേ?

ഉത്തരം: അങ്ങനെയൊന്നും വിചാരിക്കാനില്ല ചങ്ങാതീ. ഭർത്താവിന്റെ പേരു്, കേൾക്കാൻ ഇമ്പമുള്ളതായിരിക്കണം. ലളിതാമേനോൻ വിവാഹത്തിനു ശേഷം ലളിതാ വിഘ്നേശ്വരൻ നായരായാൽ ലളിതയുടെ ലാളിത്യമാകെ പോകില്ലേ?

ചോദ്യം: അതിഥി ഭവനത്തിൽ ചെല്ലുമ്പോൾ ഗൃഹനായിക തിളയ്ക്കുന്ന ചായ കൊണ്ടുവയ്ക്കുകയും അതു് പെട്ടെന്നു് എടുത്തുകുടിക്കുകയും ചെയ്യുമ്പോൾ വാ പൊള്ളും. ആ സന്ദർഭത്തിൽ എന്തു ചെയ്യണം?

ഉത്തരം: ഗൃഹനായിക ചെയ്യുന്നതു തെറ്റു്. അതുകൊണ്ടു് അവിടെയിരുന്നുകൊണ്ടുതന്നെ അടുത്തുള്ള ജന്നലിൽക്കൂടി അതു തുപ്പിക്കളയണം. ഇറക്കി അന്നനാളംകുടി വേകിക്കരുതു്.

ചോദ്യം: നിങ്ങൾ വൈകുന്നേരം വീട്ടിൽനിന്നിറങ്ങുമ്പോൾ എന്തു കരുതിക്കൊണ്ടാണു് ഇറങ്ങുക?

ഉത്തരം: കുഴപ്പമൊന്നും വരാതിരിക്കാൻ ഒരു സാഹിത്യകാരനെയും കാണരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണു് വീട്ടിൽനിന്നു റോഡിലേക്കു പോരിക.

ചോദ്യം: എല്ലാ നവീന കവിതകളും വായിച്ചിട്ടുണ്ടോ?

ഉത്തരം: ഒരെണ്ണം വായിച്ചാൽ മതി. ബാക്കിയുള്ളതെല്ലാം അതുപോലെതന്നെ ഇരിക്കും.

ചോദ്യം: ജഗന്നാഥനും വിശ്വനാഥനും തമ്മിൽ എന്താണു വ്യത്യാസം?

ഉത്തരം: ജഗന്നാഥൻ വിഷ്ണു. വിശ്വനാഥൻ ശിവൻ.

ചോദ്യം: ചിലർ കാളമൂത്രംപോലെ നീട്ടി എഴുതുന്നതിനു കാരണം?

ഉത്തരം: എവിടെ മനസ്സു് സങ്കുചിതമായിരിക്കുന്നുവോ അവിടെ സംസാരത്തിലും പ്രബന്ധരചനയിലും ദീർഘത വരും. എനിക്കും ഇതു ചേരും.

ചോദ്യം: അടുത്ത ജന്മത്തിൽ ധർമ്മപുത്രനായി ജനിക്കാൻ ആഗ്രഹമുണ്ടോ?

ഉത്തരം: ഇല്ല. യുഗോ യുടെ ‘പാവങ്ങൾ’ എന്ന നോവലിലെ മെത്രാനായി പിറക്കാൻ ആഗ്രഹമുണ്ടു്.

ചോദ്യം: ‘പട്ടിയുണ്ടു്. കടിക്കും. സൂക്ഷിക്കണം’ എന്നു വീട്ടിന്റെ മുൻപിൽ എഴുതിവയ്ക്കുന്നവരെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: ഒന്നും പറയുന്നില്ല. എന്റെ വീട്ടിൽ പട്ടിയില്ല. എങ്കിലും ‘ഇവിടെ റ്റി. വി. സെറ്റുണ്ടു്. കടിക്കും. സൂക്ഷിക്കണം’ എന്നെഴുതിവയ്ക്കാൻ ആലോചിക്കുന്നു.

ഇ. വി. ശ്രീധരൻ
images/VictorHugo13.jpg
യുഗോ

കാവ്യങ്ങളും കഥകളും വെറും മെക്കാനിക്കലായി മാറിയിരിക്കുന്ന ഇക്കാലത്തു് ശ്രീ. ഇ. വി. ശ്രീധരന്റെ “മാധവൻപിള്ളയുടെ തിര്വനന്തോരം” എന്ന ചെറുകഥ വായിക്കുന്നിതു് ഒരു നല്ല അനുഭവമാണു്. മനുഷ്യനു് യുവത്വത്തിലും ഏകാന്തത. പ്രായം കൂടിവരുമ്പോൾ ആ ഏകാന്തതയും കൂടുന്നു. ഒടുവിൽ മരണം മാത്രമേ അഭിലഷിക്കത്തക്കതായുള്ളു. ഈ ആശയത്തെ കണ്ണീർ ചാടിക്കുന്ന രചനയാക്കാതെ, അതിഭാവുകത്വത്തോളമെത്തിക്കാതെ ഇ. വി. കലാത്മകമായി ചിത്രീകരിക്കുന്നു. തികഞ്ഞ നിസ്സംഗത പരിപാലിച്ചുകൊണ്ടാണു് കഥാകാരൻ കഥ പറയുന്നതു്. യാഥാർത്ഥ ജീവിതത്തിന്റെ പ്രതിരൂപമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിനാലാണു് ഇക്കഥയുടെ വിജയം.

റ്റോയിക്കാറിന്റെ ചുറ്റുകമ്പിമുറുക്കി കുട്ടി അതോടിക്കുന്നു. ചുറ്റുകമ്പി അയഞ്ഞു കഴിയുമ്പോൾ കാറ് നില്ക്കും. നവീനകഥ സ്പ്രിങ് മുറുക്കിയ കളിപ്പാട്ടംപോലെയാണു്. ആദ്യത്തെ ‘ഒരെടുപ്പേയുള്ളു’. അതിനുശേഷം അതു നിശ്ചലം. അല്ലെങ്കിൽ വേറൊന്നു പറയാം. ഭൂമി നാഴികമണിയെപ്പോലെയാണെന്നും അതിന്റെ സ്പ്രിങ് ഈശ്വരൻ മുറുക്കിവച്ചിരിക്കുകയാണെന്നും പഴയ ശാസ്ത്രജ്ഞന്മാർ കരുതി. കമ്പി അയഞ്ഞുതീർന്നാലോ? ലോകം റിപ്ളെനിഷ്—replenish—ചെയ്തുകൊള്ളുമെന്നാണു് അവരുടെ സിദ്ധാന്തം. യാന്ത്രിക കഥകൾ സ്പ്രിങ് അയഞ്ഞു നിശ്ചലമായിപ്പോകുന്നതുകൊണ്ടാണു് നമ്മൾ അവയെ തിരിഞ്ഞു നോക്കാത്തതു്. നല്ല കഥകൾ നിശ്ചലങ്ങളാവുന്നില്ല. അവ സ്വയം ‘റിപ്ളെനിഷ്’ ചെയ്യുന്നു. ആ വിധത്തിലുള്ള കഥയാണു് ഇ. വി. ശ്രീധരന്റേതു്.

ശൂ

യാഥാസ്ഥിതികത്വത്തിന്റെ ഉടലെടുത്തു രൂപങ്ങളായ ചില ഹിന്ദുക്കൾ ഏതു നൂതന ശാസ്ത്രീയ ദർശനവും വേദത്തിൽ, വേദാന്തത്തിൽ, ഇതിഹാസത്തിൽ, ആദികാവ്യത്തിൽ, പുരാണത്തിൽ ഉണ്ടായിരുന്നതായി പറയും. സീതയെ രാവണൻ വിമാനത്തിൽ കയറ്റി ലങ്കയിലേക്കു കൊണ്ടുപോയിയെന്നു വായിച്ചാൽ ‘കണ്ടോ അന്നും വിമാനമുണ്ടായിരുന്നു’ എന്നു പ്രഖ്യാപിക്കും അവർ.

ഞാൻ റ്റെലിവിഷൻ സെറ്റിന്റെ മുൻപിൽ ഇരിക്കുമായിരുന്ന പണ്ടത്തെ കാലത്തു് ചിലർ നാനൂറു മീറ്റർ, ആയിരത്തിയഞ്ഞൂറു മീറ്റർ ഈ ദൂരമൊക്കെ ഓടി ലക്ഷ്യസ്ഥാനത്തു ചെല്ലാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ടു്. ഓടുന്നവരിൽ ചിലർ തളർന്നു ട്രാക്കിൽനിന്നു് മാറിപ്പോകുന്നതും കണ്ടിട്ടുണ്ടു്. അല്ലെങ്കിൽ വേറൊന്നു പറയാം. ഇന്നത്തെപ്പോലെ ‘ഫാസ്റ്റും സൂപർ ഫാസ്റ്റും’ ഇല്ലാതിരുന്ന കാലം. ബോട്ട് മാത്രമേ ശരണമായുള്ളു. വൈക്കം ബോട്ട് ജട്ടിയിൽനിന്നു് ബോട്ടിൽ കയറും. ബോട്ടിന്റെ മുകളിലുള്ള കൂട്ടിലിരിക്കുന്നവൻ മണിനാദം കേൾപ്പിക്കുന്നതിനു് അനുസരിച്ചു താഴത്തെ എഞ്ചിൻ റൂമിൽ ഗീയർ മാറ്റം നടക്കും. ക്രമേണ ബോട്ട് കായലിലേക്കു നീങ്ങും. നീങ്ങി നീങ്ങി ജട്ടി അപ്രത്യക്ഷമാകും. അപ്പോൾ അർത്ഥമില്ലാത്ത വേദന. ഏറെനേരം സഞ്ചരിച്ചു കൊല്ലം ബോട്ട് ജട്ടി ദൂരെക്കാണാറാവുമ്പോൾ ആഹ്ലാദം. ക്രമാനുഗതമായി ആ ആഹ്ലാദം വർദ്ധിക്കും. ജട്ടിയിലടുത്തുകഴിയുമ്പോൾ ആഹ്ലാദാതിരേകം. ശ്രീമതി സി. പി. ഓമന ദേശാഭിമാനി വാരികയിലെഴുതിയ “നിറഭേദങ്ങൾ” എന്ന ചെറുകഥ ട്രാക്കിൽനിന്നു നിരാശപ്പെട്ടു മാറുന്ന ഓട്ടക്കാരനെപ്പോലെയാണു്. വൈക്കം ബോട്ട്ജട്ടി ഒന്നിനൊന്നു അപ്രത്യക്ഷമാകുമ്പോൾ യാത്രക്കാരനു് അസ്വസ്ഥത ഉണ്ടാകുന്നതുപോലെ ഒരസ്വസ്ഥത അതുളവാക്കുന്നു. യഥാർത്ഥമായ കലയെ ഉപാസിക്കുന്ന ഗിരിജ; കപടമായ കലയെ കൊണ്ടുനടക്കുന്ന സുനന്ദ, ധനികയായതുകൊണ്ടു സുനന്ദ വിഖ്യാതയാകുന്നു. ഗിരിജ വിസ്മരിക്കപ്പെടുന്നു. രണ്ടുപേരുടെയും കൂട്ടുകാരി സാവിത്രി. അവരുടെ വിദ്യാലയജീവിതം കഴിഞ്ഞു. കാലമേറെയായി സുനന്ദയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന സ്ഥലത്തേക്കു പഴയ കൂട്ടുകാരി ചെന്നു. സുനന്ദ സാവിത്രിയെ അറിഞ്ഞില്ല. പ്രദർശനത്തെപ്പറ്റി സന്ദർശകർക്കു അഭിപ്രായമെഴുതാനുള്ള പുസ്തകമുണ്ടു്. ചിത്രങ്ങളുടെ കാപട്യത്തെക്കുറിച്ചു് സാവിത്രിക്കു് എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ, ആരോ പുസ്തകമെടുത്തു മാറ്റിക്കളഞ്ഞു. കഥ ഒന്നിനൊന്നു മാഞ്ഞുപോകുന്ന വൈക്കം ബോട്ട് ജട്ടിപോലെ; ട്രാക്കിൽനിന്നു നൈരാശ്യത്തോടെ പിന്മാറുന്ന ഓട്ടക്കാരനെപ്പോലെ. അമിട്ടു കത്തിച്ചുവിട്ടാൽ ‘ശു’ എന്നു ശബ്ദം കേൾപ്പിച്ചു കെട്ടുപോകില്ലേ ചിലപ്പോൾ. അതുപോലെയൊരു വിലക്ഷണമായ കഥ. ചെറുകഥയ്ക്കു ഭാവനാത്മകമായ തലം ആദ്യംതൊട്ടു് അവസാനംവരെയില്ലെങ്കിൽ അതൊരു നിഷ്പ്രയോജനമായ രചനയായിത്തീരും. അത്തരത്തിൽ വ്യർത്ഥമായ രചനയാണു് ഓമനയുടെ ഈ കഥ.

നിരീക്ഷണങ്ങൾ
1.
സാഹിത്യത്തിലെ മോഷണങ്ങളെക്കുറിച്ചു സംസാരിച്ചപ്പോൾ എൻ. ഗോപാലപിള്ള സ്സാറ് പറഞ്ഞു: ‘സാഹിത്യത്തിൽ മോഷണമെന്നു പറയുന്നതു് നിരർത്ഥകമാണു്. ഒരാളിനെ ആശ്രയിക്കാതെ വേറൊരാളിനു് ഒന്നുമെഴുതാൻ കഴിയുകയില്ല. ഇതു കേട്ടുകൊണ്ടിരുന്ന ബാലരാമപ്പണിക്കർ സാറും പറഞ്ഞു: ‘അതു ശരിയാണു്. ‘സ്വപ്നവാസവദത്ത’ത്തിന്റെ മറ്റൊരു രൂപമാണു് ‘ശാകുന്തളം’.

രണ്ടുപേരും പറഞ്ഞതു ശരിയല്ല. സ്വപ്നവാസവദത്തവും ശാകുന്തളവും വിഭിന്നങ്ങളായ നാടകങ്ങളാണു്. അവയിൽ ഭാസന്റെ യും കാളിദാസന്റെ യും മുദ്രകൾ യഥാക്രമമുണ്ടു്.

Thus let me live unseen, unknown

Thus unlamented let me die

Steal from the world and not a stone where I lie

Tell where I lie.

എന്ന പോപ്പി ന്റെ വരികളുടെ ആശയംതന്നെയാണു് ചങ്ങമ്പുഴ യുടെ “അല്ലെങ്കിൽ വേണ്ട… ” എന്നു തുടങ്ങുന്ന കാവ്യത്തിലുള്ളതു്. ഷെയ്ക്സ്പിയറി ന്റെ ‘Twelfth Night’ എന്ന നാടകത്തിലെ ഒരു ഗാനവും അതേപടി ചങ്ങമ്പുഴ തർജ്ജമ ചെയ്തു സ്വന്തമെന്ന മട്ടിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. സാഹിത്യത്തിൽ മൗലികതയുണ്ടു്, അതില്ലെന്നു പറയുന്നതു സ്വന്തം ചോരണത്തെ മറയ്ക്കാനാണു്.

2.
പനിനീർപ്പൂവിൽ ചായംതേച്ചാൽ അതു് അസുന്ദരമാവുകയേയുള്ളു. ഏതെങ്കിലും രാസദ്രവ്യപ്രയോഗത്താൽ പൂവിന്റെ സ്വാഭാവിക വർണ്ണം ഇല്ലാതാക്കിയാലും വൈരൂപ്യം വരും. കലാസൃഷ്ടി റോസാപ്പൂവാണു്. അതിൽ പ്രചാരണത്തിന്റെ ചായം തേക്കരുതു്. പൈങ്കിളിയാക്കി വർണ്ണവ്യത്യാസം വരുത്തരുതു്. രണ്ടും കലാ സൃഷ്ടിയുടെ ഭംഗി ഇല്ലാതാക്കും.
3.
പഴയ ശിഷ്യന്മാരെ ശിഷ്യന്മാരെന്നു് അഭിമാനത്തോടെ ഞാനിപ്പോൾ പറയാറില്ല. പിതാപുത്രബന്ധത്തിനുപോലും ഉലച്ചിൽ വന്ന കാലമാണിതു്. അപ്പോൾ ഗുരുശിഷ്യബന്ധത്തിനു എന്തു സ്ഥാനം? അതുകൊണ്ടു ശിഷ്യനെന്നു പറയാതെ അദ്ദേഹത്തെ എന്റെ ക്ലാസ്സിലിരുന്നയാൾ എന്നു വിശേഷിപ്പിക്കട്ടെ. അദ്ദേഹത്തെ നമ്മുടെ സർവകലാശാല ആപ്പീസിന്റെ മുൻപിൽവച്ചു കണ്ടു. എന്നെ കണ്ട മാത്രയിൽ അദ്ദേഹം ചോദിച്ചു: “എന്താ ആ മീറ്റിങ്ങിനു വരാത്തതു?” (സാറെന്ന പദം അദ്ദേഹം വിട്ടുകളഞ്ഞതു് ശ്രദ്ധിച്ചാലും) ഞാൻ മറുപടി നല്കി: “എന്നെ ക്ഷണിച്ചില്ല. ഞാനിപ്പോൾ മൃതനല്ലേ?” (പെൻഷൻ പറ്റിയവർ എന്ന അർത്ഥം.) ബുദ്ധിമാനായ അദ്ദേഹം ഉടനെ പറഞ്ഞു: “No, no, You are more living than all other persons”. ഞാൻ പുഞ്ചിരിപൊഴിച്ചുകൊണ്ടു നടന്നുപോയി. മരിച്ചവരെ അവരുടെ പ്രതിമകെട്ടിത്തുക്കി ജീവിപ്പിക്കുന്ന ഏർപ്പാടു് പണ്ടും ഉണ്ടായിരുന്നതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ടു്. പേരുകൾ പറയുന്നില്ല. അതു വികാരങ്ങളെ ക്ഷതപ്പെടുത്തും. സാഹിത്യത്തിൽ ആരുമല്ലാത്ത ചിലരെ ജീവിപ്പിക്കുന്ന ഏർപ്പാടു് ഇന്നു കേരളത്തിൽ വളരെക്കൂടിയിരിക്കുന്നു. നാല്ക്കാലികൾ എഴുതിയെഴുതി മരിച്ചവരെയാണു് ഇങ്ങനെ വാർഷികസമ്മേളനങ്ങളിലൂടെ ചിരംജീവികളാക്കി മാറ്റുന്നതു്. ആരെപ്പറ്റിക്കാനാണു് ഇതൊക്കെ?
4.
പ്രഫെസർ എം. കെ. സാനു കുങ്കുമം വാരികയിൽ എഴുതുന്നു: (സാനു എന്ന പേരില്ല. ശൈലികണ്ടു സാനുവെന്നു് ഞാൻ എഴുതുന്നു എന്നേയുള്ളു.) “നിമിഷങ്ങളിൽ കാലൂന്നി നിന്നു കൊണ്ടു് നിത്യതയുമായി സല്ലപിക്കുന്നവനാണു് കവി അഥവാ നിമിഷങ്ങളെ നിത്യതയുമായി ബന്ധപ്പെടുത്തുന്നവനാണു് കവി. ആ അദ്ഭുത കൃത്യം നിർവ്വഹിക്കാൻ നിയുക്തനായ കവി താൽക്കാലിക പ്രശസ്തിയാൽ പ്രലോഭിതനാകുന്നതു് നല്ലതല്ല. അതു് അയാൾക്കു് ബലക്ഷയമായേ ഭവിക്കൂ. എപ്പോഴും പത്രവാർത്തകളിൽ പ്രത്യക്ഷപ്പെടാൻ വ്യഗ്രത കാട്ടുന്നവർ, തങ്ങളറിയാതെ, ഈ ബലക്ഷയത്തിനു് വിധേയരാവുകയാണു് ചെയ്യുന്നതു്. ആത്മവിശ്വാസരാഹിത്യമാണു് അവരെ ഇപ്രകാരം വാർത്തകളിൽ സ്ഥാനം നേടാനുള്ള പരിശ്രമത്തിനു് പ്രേരിപ്പിക്കുന്നതും”. നമ്മുടെ ചില എഴുത്തുകാർ സാനുവിന്റെ ഈ വാക്യങ്ങൾ ഫ്രെയിംചെയ്തു് മേശപ്പുറത്തു വയ്ക്കുന്നതു നന്നു്. നിമിഷംതോറും അവരതു വായിക്കുകയും വേണം. ഇല്ലെങ്കിൽ സിംഹത്തിന്റെ തോലിട്ട കുറുക്കനെപ്പോലെ പരിതഃസ്ഥിതി മറന്നു് ഓരിയിട്ടുകളയും. എവിടെയെങ്കിലും ചെന്നു ‘കണ, കണ’ എന്നു പറഞ്ഞിട്ടു്, കാലത്തു് ദേശാഭിമാനിയും കേരളകൗമുദിയും മാതൃഭൂമിയും മനോരമയും മുറ്റത്തു വന്നു വീഴുന്നതു ചാടിപ്പിടിച്ചെടുത്തു നോക്കുന്നവരാണു് ഇക്കൂട്ടർ. തങ്ങളുടെ ‘കണ കണ’ ശബ്ദം അവയിൽ അക്ഷരങ്ങളായി വന്നിട്ടില്ലെങ്കിൽ ഉടനെ യഥാക്രമം ശ്രീ. ഇ. കെ. നായനാരെ യും ശ്രീ. എം. എസ്. മണിയെയും ശ്രീ. എം. പി. വീരേന്ദ്രകുമാറി നെയും ശ്രീ. കെ. എം. മാത്യു വിനെയും വിളിച്ചു പരാതിപ്പെടും. പാവപ്പെട്ട പത്രമാപ്പീസ് ജോലിക്കാരുടെ ‘വയറ്റിപ്പാടു്’ ഇല്ലാതാക്കാൻ ശ്രമിക്കും. അതുകൊണ്ടു് അവർ സാനുവിന്റെ വാക്യങ്ങൾ നോക്കിക്കൊണ്ടേയിരിക്കണം. സാനു പറഞ്ഞതുപോലെ ആത്മവിശ്വാസമില്ലാത്തവരാണു് പത്രങ്ങളിൽ പേരച്ചടിച്ചു കാണാൻ കൊതിക്കുന്നതു്. തന്നെ പ്രശംസിച്ചോ നിന്ദിച്ചോ വരുന്ന ഒരു ലേഖനവും വള്ളത്തോൾ വായിക്കുമായിരുന്നില്ല. കാരണം താൻ നൂറിനു നൂറും കവിയാണെന്നു് അദ്ദേഹത്തിനറിയാമായിരുന്നു എന്നതുതന്നെ.
പുതിയ പുസ്തകം
images/BTTU.jpg

യാഥാസ്ഥിതികത്വത്തിന്റെ ഉടലെടുത്ത രൂപങ്ങളായ ചില ഹിന്ദുക്കൾ ഏതു നൂതന ശാസ്ത്രീയദർശനവും വേദത്തിൽ, വേദാന്തത്തിൽ, ഇതിഹാസത്തിൽ, ആദികാവ്യത്തിൽ, പുരാണത്തിൽ ഉണ്ടായിരുന്നതായി പറയും. സീതയെ രാവണൻ വിമാനത്തിൽ കയറ്റി ലങ്കയിലേക്കു കൊണ്ടുപോയിയെന്നു വായിച്ചാൽ ‘കണ്ടോ അന്നു വിമാനമുണ്ടായിരുന്നു’ എന്നു് പ്രഖ്യാപിക്കും അവർ. നടരാജനൃത്തം ആറ്റമിന്റെ അന്തർഭാഗത്തെ ചലനമാണെന്നു പറയുന്നവർ എത്രയോ ഉണ്ടു്. അതുപോലെ എല്ലാം ബൈബിളിലുണ്ടെന്നു പറയുന്ന ക്രൈസ്തവ പുരോഹിതന്മാരുമേറെയാണു്. അത്തരത്തിൽപ്പെട്ട രണ്ടുപേർ ക്യാപ്ര എന്ന ഭൗതികശാസ്ത്രജ്ഞനുമായി നടത്തിയ സംഭാഷണങ്ങളാണു് “Belonging To The Universe” എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. (Penguin Books. Price U. K. £6.99—Spl Indian Price Rs 175) രണ്ടു പുരോഹിതന്മാരും ഒരുതരത്തിലുള്ള ‘റിഡക്ഷനിസ’ത്തിൽ ചെന്നുനില്ക്കുന്നതുകൊണ്ടു് സത്യാത്മകത എന്ന ധർമ്മം ഈ ഗ്രന്ഥത്തിനില്ല. ബുദ്ധിമാനായ ക്യാപ്രയുടെ ചോദ്യങ്ങളും മറുപടികളും നന്നു്. പുരോഹിതന്മാരുടെ വാദങ്ങൾ യുക്തിരഹിതങ്ങൾ. ഉദാഹരണങ്ങൾ ഇതു വ്യക്തമാക്കും. ശാസ്ത്രത്തിൽ പുരോഗമനമുണ്ടെന്നും കലയിൽ അതില്ലെന്നും ക്യാപ്ര.

images/PeterPaulRubens.jpg
Rubens

“You cannot say that Picasso is an improvement on Rubens ” എന്നു് ക്യാപ്ര സത്യസന്ധമായി പറഞ്ഞപ്പോൾ കലയിൽ പുരോഗമനമുണ്ടെന്നു് ഒരു പുരോഹിതൻ. ഓരോ നൂതന കലാസൃഷ്ടിയും സത്യത്തിന്റെ നവീനദർശനം നല്കുന്നുണ്ടെന്നും അതു പുരോഗമനമാണെന്നും അദ്ദേഹം പറയുന്നു. ക്യാപ്ര വീണ്ടും ബുദ്ധിശക്തി പ്രകടിപ്പിച്ചുകൊണ്ടു് അഭിപ്രായമാവിഷ്കരിക്കുന്നു: Mathematically you can derive Newtonian physics from Einsteinian physics. But you cannot derive Michelangelo from Picasso (P. 152). ഇതിനു പുരോഹിതൻ നല്കുന്ന ഉത്തരം ബുദ്ധിശൂന്യമാണു്: But you can see in Picasso’s work that he presupposes Michelangelo and goes beyond him. In poetry it’s the same.

പികാസോ, മീക്കലാഞ്ചലോയെ അതിശയിക്കുന്നുപോലും! കവിതയിലും അതുണ്ടാകുന്നുപോലും! വാല്മീകി യെ അതിശയിച്ച കവിയുണ്ടോ? ഷെയ്ക്സ്പിയറിനെ അതിശയിച്ച കവി ഇന്നുവരെ ഉണ്ടായിട്ടുണ്ടോ?

ക്യാപ്രയ്ക്കുതന്നെ ക്രമാനുഗതമായ അധഃപതനമാണുള്ളതു്. The Tao of Physics എന്നതിനെക്കാൾ മോശം The Turning Point എന്നതു്. Uncommon Wisdom അതിനെക്കാൾ മോശമെന്നല്ല പറയേണ്ടതു്; കെട്ടതു് എന്നു വേണം പറയാൻ. Uncommon Wisdom എന്ന പുസ്തകത്തെക്കാൾ അധമമാണു് ഈ ഗ്രന്ഥം.

എങ്ങനെ? എങ്ങനെ?

പഴയ ശിഷ്യന്മാരെ ശിഷ്യന്മാരെന്നു അഭിമാനത്തോടെ ഞാനിപ്പോൾ പറയാറില്ല. പിതാപുത്രബന്ധത്തിനുപോലും ഉലച്ചിൽ വന്ന കാലമാണിതു്. അപ്പോൾ ഗുരുശിഷ്യ ബന്ധത്തിനെന്തു സ്ഥാനം?

കീർത്തി വേറെ; ജനപ്രീതി വേറെ. ഈ സത്യം പലപ്പോഴും കേരളത്തിൽ വിസ്മരിക്കപ്പെടുന്നു. എനിക്കു ഫെയിമുണ്ടല്ലോ എന്നാണു് പോപ്പുലറായ എഴുത്തുകാരന്റെ വിചാരം. ഇക്കൂട്ടർ ജ്ഞാനപീഠസമ്മാനം നല്കുന്നതിനുള്ള സമയമടുക്കുമ്പോൾ അതു കിട്ടാനുള്ള സകല വേലത്തരങ്ങളും നടത്തുന്നു. വല്ല മറാഠിക്കാരനോ കന്നടക്കാരനോ അതു തട്ടിയെടുക്കുമ്പോൾ മലയാളിയായ എഴുത്തുകാരനു് അങ്കലാപ്പു്. ‘എനിക്കു കിട്ടാതെ അയാൾക്കു് ഇതെങ്ങനെ കിട്ടി?’ എന്നാണു് അയാൾ തന്നോടു ചോദിക്കുന്നതു്. മറാഠിക്കാരനു് അല്ലെങ്കിൽ കന്നടക്കാരനു് അല്ലെങ്കിൽ ഒറീസ്സക്കാരനു് ജ്ഞാനപീഠം കിട്ടിയെന്നു് അറിഞ്ഞ നിമിഷംമുതൽ അയാൾക്കു വൈഷമ്യം. ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ജീരകവെള്ളം കൂടക്കൂടെ കുടിച്ചും ബാത്റൂമിൽ കൂടക്കൂടെ ചെന്നും അയാൾ രാത്രി കഴിച്ചുകൂട്ടുന്നു. ഒടുവിൽ വേലിയം ഗുളിക എടുത്തു കഴിക്കുന്നു. അതിന്റെ ഫലമായി “ഒരുവിധമൊന്നു കണ്ണടച്ചാൽ” ജെയിനെ സ്വപ്നം കാണുന്നു. ചാടിയെഴുന്നേറ്റു് ‘എനിക്കെന്തേ സമ്മാനം തരാത്തതു് ’ എന്നു ചോദിച്ചു മുഷ്ടികൊണ്ടു് കിനാവിലെ രൂപത്തിന്റെ മുഖത്തിടിക്കുന്നു. കൈ വേദനിക്കുമ്പോഴാണു് സ്വപ്നമായിരുന്നു അതെന്നു് അറിയുന്നതു്. കിടക്കയിൽ “താനേ തിരിഞ്ഞും മറിഞ്ഞും കിടന്നു്” ‘എനിക്കെന്താണു ജ്ഞാനപീഠം കിട്ടാത്ത’തെന്നു ചോദിക്കുന്നു. ഒരാളേ മറിച്ചു ചോദിച്ചിട്ടുള്ളു. അയാൾക്കു ഒരുലക്ഷം രൂപ സമ്മാനം കിട്ടിയപ്പോൾ ‘എനിക്കു് ഇതെങ്ങനെ കിട്ടി’? എന്നു് അയാൾ നിരന്തരം ചോദിച്ചു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-04-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.