SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-05-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വി­ശ്വ­സാ­ഹി­ത്യ­ത്തിൽ­നി­ന്നു്
  1. ചാർലി ചാ­പ്ളി­ന്റെആ­ത്മ­ക­ഥ ര­സ­പ്ര­ദ­മാ­ണു്. അതിൽ വർ­ണ്ണി­ച്ച ഒരു സംഭവം ഇവിടെ എ­ടു­ത്തെ­ഴു­താൻ എ­നി­ക്കു താ­ല്പ­ര്യം. ചാ­പ്ളി­ന്റെ അമ്മ ഗാ­യി­ക­യാ­യി­രു­ന്നു. എ­ന്നാൽ ചെറിയ ജ­ല­ദോ­ഷം വ­ന്നാൽ മതി അ­വ­രു­ടെ ശബ്ദം പോകും. ഒരു ദിവസം ശ്രോ­താ­ക്ക­ളു­ടെ മുൻ­പിൽ നി­ന്നു് അവർ പാ­ടു­ക­യാ­യി­രു­ന്നു. പെ­ട്ടെ­ന്നു ശബ്ദം “പൊ­ട്ടി­പ്പോ­യി” അതു് മ­ന്ത്രി­ക്ക­ലിൽ അ­വ­സാ­നി­ക്കു­ക­യും ചെ­യ്തു. ആളുകൾ കൂവി; പൂ­ച്ച­ക­ര­ച്ചി­ലാ­കെ. പാ­ട്ടു­കാ­രി വേ­ദി­യിൽ നി­ന്നു് അ­ക­ത്തേ­ക്കു പോയി അഞ്ചു വ­യ­സ്സു മാ­ത്ര­മു­ള്ള ചാ­പ്ളി­നെ അവിടെ കൊ­ണ്ടു­നി­റു­ത്തി പാടാൻ പ­റ­ഞ്ഞു. കു­ട്ടി പാടി പാ­ട്ടു പാ­തി­യാ­യി­ല്ല. അതിനു മുൻ­പു് സ്റ്റെ­യ്ജി­ലേ­ക്കു നാ­ണ­യ­ങ്ങ­ളു­ടെ വർ­ഷാ­പാ­തം. അ­തു­ക­ണ്ടു കൂ­ട്ടി പ­റ­ഞ്ഞു. ആദ്യം നാ­ണ­യ­ങ്ങൾ എ­ടു­ക്കാം, പി­ന്നീ­ടു പാ­ടാ­മെ­ന്നു്. അ­തു­കേ­ട്ടു സ­ദ­സ്സാ­കെ ചി­രി­ച്ചു. മാ­നേ­ജർ വന്നു കൈ­ലേ­സിൽ നാ­ണ­യ­ങ്ങ­ളെ­ടു­ത്തി­ട്ട­പ്പോൾ ചാ­പ്ളി­നു പേടി, അതു് അയാൾ അ­മ്മ­യ്ക്കു കൊ­ടു­ക്കി­ല്ലെ­ന്നു്. അ­ക­ത്തേ­ക്കു് അ­യാ­ളു­ടെ കൂ­ടെ­ച്ചെ­ന്നു് അ­മ്മ­യു­ടെ കൈയിൽ നാ­ണ­യ­ങ്ങൾ ആയി എന്നു ക­ണ്ട­തി­നു ശേഷമേ കു­ട്ടി വീ­ണ്ടും സ്റ്റെ­യ്ജി­ലെ­ത്തി പാടാൻ തു­ട­ങ്ങി­യു­ള്ളു. അ­പ്പോൾ കൂ­ടു­തൽ ചിരി സ­ദ­സ്സിൽ നി­ന്നു്. നാ­ണ­യ­ങ്ങ­ളു­ടെ വർ­ഷാ­പാ­തം വ­ള­രെ­ക്കൂ­ടു­തൽ. പാ­ട്ടു ക­ഴി­ഞ്ഞു് അമ്മ വന്നു മകനെ എ­ടു­ത്ത­പ്പോൾ ഉ­ച്ച­ത്തി­ലു­ള്ള ക­ര­ഘോ­ഷം.
  2. മു­ക­ളിൽ­പ്പ­റ­ഞ്ഞ ആ­ത്മ­ക­ഥ­യിൽ­നി­ന്നു് മ­റ്റൊ­രു സം­ഭ­വം­കൂ­ടി­യാ­വ­ട്ടെ. സ്വി­റ്റ്സർ­ല­ണ്ടി­ലെ ല്യൂ­സെ­ണിൽ വ­ച്ചാ­ണു് ജ­വാ­ഹർ­ലാൽ നെ­ഹ്റു വും ചാർളി ചാ­പ്ളി­നും ത­മ്മിൽ­ക്ക­ണ്ട­തു്. അവർ ര­ണ്ടു­പേ­രും കാറിൽ സ­ഞ്ച­രി­ക്കു­ക­യാ­ണു്. പി­റ­കി­ലു­ള്ള കാറിൽ നെ­ഹ്റു­വി­ന്റെ മകൾ ഇ­ന്ദി­ര യും. “Nehru impressed me as a man of moods, austere and sensitive, with an exceedingly alert and appraising mind” എ­ന്നു് ചാ­പ്ളിൻ പ­റ­യു­ന്നു. ഇ­ന്ദി­രാ­ഗാ­ന്ധി­യെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­വും അ­റി­യു­ന്ന­തു ന­ന്നു്: “A charming quiet lady”. യാ­ത്രാ­വേ­ള­യിൽ നെ­ഹ്റു ത­ന്നോ­ടു് അ­ത്യു­ജ്ജ്വ­ല­മാ­യി സം­സാ­രി­ച്ചു­വെ­ന്നു് ചാ­പ്ളിൻ പ­റ­യു­ന്നു. ഡ്രൈ­വർ മ­ണി­ക്കൂ­റിൽ എ­ഴു­പ­തി­ലോ അ­തി­ല­ധി­ക­മോ മൈൽ വേ­ഗ­ത്തിൽ കാ­റോ­ടി­ക്കു­ക­യാ­ണു്. ചെ­ങ്കു­ത്താ­യും വീതി കു­റ­ഞ്ഞ­താ­യു­മു­ള്ള റോ­ഡി­ലൂ­ടെ­യാ­ണു് ആ വേ­ഗ­ത്തിൽ കാറ് പോ­കു­ന്ന­തു്. വ­ള­വു­ക­ളിൽ­പ്പോ­ലും വാ­ഹ­ന­ത്തി­നു മ­ന്ദ­ഗ­തി­യി­ല്ല. ഇ­ന്ത്യ­യു­ടെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­ക്കു­റി­ച്ചു് പ­റ­യു­ന്ന നെ­ഹ്റു അ­തി­ലാ­കെ മു­ഴു­കി­യി­രു­ന്ന­തു കൊ­ണ്ടു വാ­ഹ­ന­ത്തി­ന്റെ വേ­ഗ­മ­റി­ഞ്ഞി­ല്ല. ബ്രെ­യ്ക്ക് ക­റ­ക­റ­ശ­ബ്ദം കേൾ­പ്പി­ച്ചു് കാറ് പെ­ട്ടെ­ന്നു നി­ല്ക്കു­ക­യും നെ­ഹ്റു­വും ചാ­പ്ളി­നും മു­ന്നോ­ട്ടേ­ക്കു് എ­റി­യ­പ്പെ­ടു­ക­യും ചെ­യ്തി­ട്ടും നെ­ഹ്റു തു­ടർ­ന്നു സം­സാ­രി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. ഇ­ന്ദി­ര­യ്ക്കു തി­രി­ഞ്ഞു പോ­കേ­ണ്ട ക്രോ­സ് റോ­ഡു­ക­ളിൽ എ­ത്തി­യ­പ്പോൾ രണ്ടു കാ­റു­ക­ളും നി­ന്നു. ഇനി ചാ­പ്ളി­ന്റെ വാ­ക്കു­കൾ ത­ന്നെ­യാ­വ­ട്ടെ. “It was then that he became a loving and solicitous father, embracing his daughter as he said to her tenderly: ‘Take care of yourself’—words which would have been more appropriate coming from the daughter to the father.” ഹൃ­ദ­യ­സ്പർ­ശി­യാ­യ വി­വ­ര­ണം. ഈ പ­ട്ടു­നൂ­ലിൽ വാ­ഴ­നാ­രു ചേർ­ക്കാൻ എ­നി­ക്കു് ഇ­ഷ്ട­മി­ല്ല. എ­ങ്കി­ലും അതു പ്ര­വർ­ത്തി­ച്ചു കൊ­ള്ള­ട്ടെ. ക്രാ­ന്ത­ദർ­ശി­യാ­യ നെ­ഹ്റു പ­റ­ഞ്ഞ­തു് മകൾ ചെ­വി­ക്കൊ­ണ്ടി­ല്ല. ചാ­പ്ളിൻ എ­ഴു­തി­യ­തു പോലെ മകൾ അ­ച്ഛ­നോ­ടു് അതു പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും നെ­ഹ്റു­വി­നു് ഒ­രാ­പ­ത്തും സം­ഭ­വി­ച്ചു­മി­ല്ല. ചൈന വ­ഞ്ചി­ക്കാ­തി­രു­ന്നെ­ങ്കിൽ മ­ഹാ­നാ­യ നെ­ഹ്റു പി­ന്നെ­യും വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രി­ക്കു­മാ­യി­രു­ന്നു.
  3. എ­ഡ്വേ­ഡ് ഡ­ബ്ല്യു സെ­യ്ദ് പേ­രു­കേ­ട്ട നി­രൂ­പ­ക­നാ­ണു്. അ­ദ്ദേ­ഹം 1988-ൽ സാ­ഹി­ത്യ ര­ച­ന­യ്ക്കു നോബൽ സ­മ്മാ­നം നേടിയ മ­ഹ്ഫൂ­സി­നെ വാ­ഴ്ത്തു­ന്ന­തു കേ­ട്ടാൽ ന­മു­ക്കു ചി­രി­വ­രും. മ­ഹ്ഫൂ­സി­ന്റെ നോ­വ­ലു­കൾ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യി­ലൂ­ടെ ന­മു­ക്കു കി­ട്ടി­യി­ട്ടു­ണ്ടു്. അ­വ­യെ­ല്ലാം വാ­യി­ച്ചി­ട്ടും ഒരു story teller എ­ന്ന­ല്ലാ­തെ അ­ദ്ദേ­ഹം വേറെ ആ­രെ­ങ്കി­ലു­മാ­ണെ­ന്നു് എ­നി­ക്കു് (ഈ ലേ­ഖ­ക­നു്) തോ­ന്നി­യി­ട്ടി­ല്ല. ഇ­ങ്ങ­നെ തോ­ന്നു­ന്ന­വ­രെ ല­ക്ഷ്യ­മാ­ക്കി­യാ­വ­ണം സെ­യ്ദ് പ­റ­യു­ന്നു ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­കൾ വി­ക­ല­ങ്ങ­ളാ­ണെ­ന്നും മൂ­ല­ഭാ­ഷ­യിൽ കൃ­തി­കൾ വാ­യി­ച്ചാ­ലേ അ­വ­യു­ടെ മ­ഹ­ത്ത്വം ഗ്ര­ഹി­ക്കാൻ ക­ഴി­യു­ക­യു­ള്ളു­വെ­ന്നും. ഒ­രു­റ­പ്പി­നു വേ­ണ്ടി അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ക്കു­ന്നു. Yet Mahfouz, so to speak, patron and progenitor of subsequent Egyptian fiction is not by any means a provincial writer, nor simply a local influence. തർ­ജ്ജ­മ എത്ര വി­ല­ക്ഷ­ണ­മാ­യാ­ലും അ­തി­ലൂ­ടെ മൂ­ല­കൃ­തി­യു­ടെ മ­ഹ­ത്ത്വം കാ­ണാ­വു­ന്ന­തേ­യു­ള്ളു. ഉ­ദാ­ഹ­ര­ണം: ഇ­ബ്സ­ന്റെപ്രേ­ത­ങ്ങൾ ” എന്ന നാ­ട­ക­ത്തി­ന്റെ തർ­ജ്ജ­മ (എ. ബാ­ല­കൃ­ഷ്ണ­പി­ള്ള). വൈ­ര­സ്യ­ത്തി­ന്റെ പ­ര­കോ­ടി­യിൽ വാ­യ­ന­ക്കാ­രെ എ­ത്തി­ക്കു­ന്ന ഈ ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തി­ലൂ­ടെ ഇ­ബ്സ­ന്റെ മ­ഹ­ത്ത്വം ന­മു­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്നു. അ­തി­നാൽ സെ­യ്ദി­ന്റെ വാദം നി­രർ­ത്ഥ­ക­മാ­ണു്. മ­ഹ്ഫൂ­സ് “പ്രാ­ദേ­ശി­ക ഗ്ര­ന്ഥ­കാ­ര­നും ത­ദ്ദേ­ശ ശ­ക്തി­യും” മാ­ത്ര­മാ­ണു്. എ­ന്നാൽ ചെ­റു­ക­ഥ­ക­ളിൽ തെ­ല്ലു വി­ഭി­ന്ന­നാ­യി­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നില. മ­ഹ്ഫൂ­സി­ന്റെ “സാ­ബാ­ലാ­വി” എന്ന ചെ­റു­ക­ഥ­യിൽ കേ­വ­ല­സ­ത്യം സാ­ക്ഷാ­ത്ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന ഒ­രാ­ളി­നെ അ­ദ്ദേ­ഹം ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. പു­ണ്യാ­ള­നാ­യ സാ­ബാ­ലാ­വി­യെ­ക്കു­റി­ച്ചു കേട്ട ഷെ­യ്ക് ആലി അ­യാ­ളു­ടെ അ­ച്ഛ­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് ഷെ­യ്ക് ക്വാ­മ­റി­നെ ചെ­ന്നു കാ­ണു­ന്നു. പ­ണ്ടു് അ­ദ്ദേ­ഹ­ത്തെ ത­നി­ക്കു പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നെ­ന്നും ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ഒ­ര­റി­വു­മി­ല്ലെ­ന്നും അയാൾ മ­റു­പ­ടി നല്കി. ആലി പ­ല­രോ­ടും ചോ­ദി­ച്ചു ചോ­ദി­ച്ചു് ജി­ല്ല­യി­ലെ ഷെ­യ്ക്കി­ന്റെ അ­ടു­ത്തെ­ത്തി. വർ­ഷ­ങ്ങ­ളോ­ളം അ­ന്വേ­ഷി­ച്ചാൽ സാ­ബാ­ലാ­വി­യെ കാ­ണി­ല്ല. ചി­ല­പ്പോൾ രാ­ജ­ര­ഥ്യ­യി­ലേ­ക്കു് ഇ­റ­ങ്ങി­യാൽ അ­ദ്ദേ­ഹ­ത്തെ പൊ­ടു­ന്ന­നെ ക­ണ്ടെ­ന്നു വരും എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ മ­റു­പ­ടി. ആലി പല സ്ഥ­ല­ങ്ങ­ളി­ലും പോ­കു­ന്നു. “He might well come right now; on the other hand I mightn’t see him till death” എ­ന്നു് വേ­റൊ­രാ­ളി­ന്റെ മ­റു­പ­ടി. അ­ന്വേ­ഷി­ച്ചു് അ­ന്വേ­ഷി­ച്ചു ഒ­ട്ടും ത­ള­രാ­തെ ആലി “Yes I have to find Zaabalawi” എന്നു പ­റ­യു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. മ­ത­മേ­താ­യാ­ലും ഐ­ശ്വ­ര­മാ­യ സത്യം (divine reality) എ­ന്ന­തിൽ എ­ല്ലാം യോ­ജി­ക്കു­ന്നു­ണ്ട­ല്ലോ. അൽഡസ് ഹ­ക്സി­ലിPerennial Philosophy ” എന്ന ഗ്ര­ന്ഥ­ത്തി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കു­ന്ന­തും ഇ­തു­ത­ന്നെ­യാ­ണു്. ഈ ഐ­ശ്വ­ര­സ­ത്യ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാൻ യ­ത്നി­ക്കു­ന്ന ഒ­രു­വ­ന്റെ താ­ല്പ­ര്യ­ത്തെ മ­ഹ്ഫൂ­സ് ചാ­രു­ത­യോ­ടെ ആ­ലേ­ഖ­നം ചെ­യ്തി­ട്ടു­ണ്ടു് ഇ­ക്ക­ഥ­യിൽ, എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ മറ്റു ക­ഥ­ക­ളിൽ ഈ സാർ­വ­ജ­നീ­ന സ്വ­ഭാ­വം കാ­ണു­ന്നി­ല്ല. (അ­റ­ബി­ക്കിൽ Elias Khoury എ­ഴു­തി­യ ലബ്നൺ നോവൽ “Little Mountain” എ­ന്ന­തി­നു് Edward W Said എ­ഴു­തി­യ Afterword നോ­ക്കു­ക. U. K. £5.95, Spl. Price £3.95. Translated by Maia Tebet, Collins Harvill. മ­ഹ്ഫൂ­സി­ന്റെ കഥ അ­ദ്ദേ­ഹ­ത്തി­ന്റെ “The Time and the Place and other Stories” എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തിൽ, Anchor Books, Price Rs 270.)
ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഭഗവാൻ ര­ജ­നീ­ഷ് പ­റ­യു­ന്നു: ‘കാറൽ മാർ­ക്സ് പൗ­ര­സ്ത്യ­ദേ­ശ­ത്ത­ല്ല ഉ­ണ്ടാ­യ­തു്; നിഷേ പൗ­ര­സ്ത്യ­ദേ­ശ­ത്ത­ല്ല ഉ­ണ്ടാ­യ­തു്; ഫ്രാ­യി­ഡ് പൗ­ര­സ്ത്യ­ദേ­ശ­ത്ത­ല്ല ഉ­ണ്ടാ­യ­തു്; യുങ് പൗ­ര­സ്ത്യ­ദേ­ശ­ത്ത­ല്ല ഉ­ണ്ടാ­യ­തു്.’ നി­ങ്ങ­ളു­ടെ കി­ഴ­ക്കൻ പ്ര­ദേ­ശ­ത്തു് ആ­രു­ണ്ടു സാറേ?

ഉ­ത്ത­രം: ബു­ദ്ധൻ പാ­ശ്ചാ­ത്യ­ദേ­ശ­ത്ത­ല്ല ജ­നി­ച്ച­തു്; ചൈ­ത­ന്യ­പ്ര­ഭു പാ­ശ്ചാ­ത്യ­ദേ­ശ­ത്ത­ല്ല ജ­നി­ച്ച­തു്; ശ­ങ്ക­രാ­ചാ­ര്യർ പാ­ശ്ചാ­ത്യ­ദേ­ശ­ത്ത­ല്ല ജ­നി­ച്ച­തു്; ശ്രീ­രാ­മ­കൃ­ഷ്ണൻ പാ­ശ്ചാ­ത്യ­ദേ­ശ­ത്ത­ല്ല ജ­നി­ച്ച­തു്; മ­ഹാ­ത്മാ­ഗാ­ന്ധി പാ­ശ്ചാ­ത്യ­ദേ­ശ­ത്ത­ല്ല ജ­നി­ച്ച­തു്. കാള പെ­റ്റു എന്നു കേ­ട്ടാൽ ക­യ­റെ­ടു­ക്കു­രു­തു സാറേ.

ചോ­ദ്യം: നി­ങ്ങ­ളാ­ണു് ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ മണ്ടൻ എന്നു പ­റ­ഞ്ഞാൽ തർ­ക്ക­മു­ണ്ടോ?

ഉ­ത്ത­രം: ഒരു തർ­ക്ക­വു­മി­ല്ല. ന­മ്മ­ളെ­ല്ലാ­വ­രും മ­ണ്ട­ന്മാർ തന്നെ. ഒരു ന­ഗ­ര­ത്തി­ലെ കൗൺ­സി­ലിൽ ഒരംഗം മ­റ്റൊ­രം­ഗ­ത്തോ­ടു പ­റ­ഞ്ഞു: “നി­ങ്ങ­ളെ­ക്കാൾ വലിയ ബു­ദ്ധി­ശൂ­ന്യൻ വേറെ ആ­രു­മി­ല്ല. അ­തു­കേ­ട്ടു ക്ഷോ­ഭി­ച്ച ആ മ­റ്റൊ­രം­ഗം മ­റു­പ­ടി പ­റ­ഞ്ഞു: “നി­ങ്ങ­ളെ­ക്കാൾ വലിയ കഴുത ഈ ലോ­ക­ത്തി­ല്ല”. ഇ­തെ­ല്ലാം കേ­ട്ടു­കൊ­ണ്ടി­രു­ന്ന മേയർ അ­വ­രോ­ടു പ­റ­ഞ്ഞു: ഞാൻ കൂടി ഇവിടെ ഇ­രി­ക്കു­ന്നു­വെ­ന്നു നി­ങ്ങൾ ഓർ­മ്മി­ക്കാ­ത്ത­തെ­ന്തു?

ചോ­ദ്യം: നി­ങ്ങ­ളു­ടെ അമ്മ ഇ­പ്പോ­ഴി­ല്ല­ല്ലോ. ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഞാൻ അ­വ­രെ­ക്ക­ണ്ടു ചോ­ദി­ക്കു­മാ­യി­രു­ന്നു ഇ­ങ്ങ­നെ­യൊ­രു മകനെ പ്ര­സ­വി­ച്ച­തു് എ­ന്തി­നെ­ന്നു് ? എന്റെ ചോ­ദ്യം തെ­റ്റാ­യി­വ­രു­മോ?

ഉ­ത്ത­രം: ഹേ, ഒരു തെ­റ്റു­മി­ല്ല. നി­ങ്ങ­ളു­ടെ അമ്മ ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ട­ല്ലോ, നി­ങ്ങൾ സദയം അ­നു­മ­തി ത­രു­മെ­ങ്കിൽ ആ മാ­ന്യ­സ്ത്രീ­യെ­ക്ക­ണ്ടു എ­നി­ക്കും ചോ­ദി­ക്കാ­മാ­യി­രു­ന്നു ഇത്ര മ­ര്യാ­ദ­കെ­ട്ട ഒ­രു­ത്ത­നു് അ­വ­രെ­ന്തി­നു ഇ­ങ്ങ­നെ­യ­രു­ളി­യെ­ന്നു്; ലോ­ക­ത്തെ ഈ വലിയ ആ­പ­ത്തി­നു് അ­വ­രെ­ന്തി­നു കാ­ര­ണ­ക്കാ­രി­യാ­യി എ­ന്നു്.

ചോ­ദ്യം: നവീന കവികൾ ക­വി­ത­ക­ളെ­ഴു­തി ക­വി­യ­ര­ങ്ങിൽ ചൊ­ല്ലു­ന്ന­തി­നു മുൻ­പു് നി­ങ്ങൾ വാ­ഴ്ത്തി­യ അ­ക്കി­ത്ത­ത്തെ കൈ­യെ­ഴു­ത്തു പണി കാ­ണി­ക്കു­ന്ന­തു് ന­ല്ല­ത­ല്ലേ.

ഉ­ത്ത­രം: അ­ക്കി­ത്ത­ത്തി­നു് അതിനു സ­മ­യ­മു­ണ്ടോ എന്തോ? ഏ­താ­യാ­ലും നല്ല ക­വി­ക­ളെ കാ­ണി­ക്കു­ന്ന­തു് കൊ­ള്ളാം. ക്ഷ­യ­രോ­ഗാ­ണു­ക്കൾ ശ­രീ­ര­ത്തിൽ ക­ട­ന്നോ എ­ന്ന­റി­യു­ന്ന­തി­നു് കഫം പ­രി­ശോ­ധി­ക്കു­ന്ന­തു് ന­ന്നു്.

ചോ­ദ്യം: സിനിമ കാ­ണാ­റു­ണ്ടോ നി­ങ്ങൾ?

ഉ­ത്ത­രം: ഇല്ല. പക്ഷേ, ച­ല­ച്ചി­ത്ര­ശാ­ല­യിൽ ചെ­ന്നി­രി­ക്കാ­റു­ണ്ടു്. വീ­ട്ടു­കാർ­ക്കു് പൈ­ങ്കി­ളി­സ്സി­നി­മ കാ­ണാൻ­വേ­ണ്ടി­യാ­ണു് പോ­കു­ന്ന­തു്. പോയാൽ ഒരു ത­ടി­യ­ന്റെ­യോ ത­ടി­ച്ചി­യു­ടെ­യോ പി­റ­കി­ലാ­യി­രി­ക്കും ഞാ­നി­രി­ക്കു­ക. അ­പ്പോൾ വെ­ള്ള­ത്തു­ണി­യിൽ വ­ന്നു­വീ­ഴു­ന്ന വൈ­രു­പ്യം എന്റെ ക­ണ്ണിൽ പ­തി­യു­ക­യി­ല്ല.

ചോ­ദ്യം: ‘സ്വ­പ്ന­ങ്ങൾ പ­ങ്കു­വ­യ്ക്ക­ണം’ എന്നു ദാ­മ്പ­ത്യ­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു കവി. എ­ല്ലാം ഇ­ങ്ങ­നെ പ­ങ്കു­വ­യ്ക്ക­ണോ ഞാൻ. ഈ­യി­ടെ­യാ­ണു് ഞാൻ ഒരു സു­ന്ദ­രി­യെ ക­ല്യാ­ണം ക­ഴി­ച്ച­തു്.

ഉ­ത്ത­രം: എ­ല്ലാം പ­ങ്കു­വ­യ്ക്ക­ല്ലേ. വി­ശേ­ഷി­ച്ചും റ്റൂ­ത്തു് ബ്രഷ്. നി­ങ്ങൾ­ക്കും നി­ങ്ങ­ളു­ടെ ഭാ­ര്യ­ക്കും വെ­വ്വേ­റെ റ്റൂ­ത്തു് ബ്രഷ് ഉ­ണ്ടാ­യി­രി­ക്ക­ണം.

ചോ­ദ്യം: ഈ ലോ­ക­ത്തു് എ­ല്ലാം മ­റ­ച്ചു­വ­യ്ക്കാൻ ക­ഴി­യു­മോ?

ഉ­ത്ത­രം: ക­ഴി­യു­ക­യി­ല്ല. അ­സൂ­യ­കൊ­ണ്ടു മുഖം പെ­ട്ടെ­ന്നു ക­റു­ക്കു­ന്ന­തു് ഒ­രു­ത്ത­നും ഒ­രു­ത്തി­ക്കും ഒ­ളി­ച്ചു വ­യ്ക്കാ­നാ­വി­ല്ല.

ചോ­ദ്യം: വാർ­ത്ത വാ­യി­ക്കു­ന്ന സ്ത്രീ­ക­ളിൽ ഏ­റ്റ­വും ന­ന്നാ­യി വാ­യി­ക്കു­ന്ന­താ­രു്?

ഉ­ത്ത­രം: റ്റെ­ലി­വി­ഷ­നി­ലോ റേ­ഡി­യോ­യി­ലോ? റ്റെ­ലി­വി­ഷൻ ഞാൻ കാ­ണാ­റി­ല്ല. നാ­ലും­കൂ­ടു­ന്ന റോഡിൽ വച്ച ലൗഡ് സ്പീ­ക്ക­റി­ലൂ­ടെ വാർ­ത്ത­കൾ പ്ര­സ­രി­ക്കു­ന്ന­തു കേ­ട്ടി­ട്ടു­ണ്ടു്. ന്യൂ­ഡൽ­ഹി റേ­ഡി­യോ സ്റ്റേ­ഷ­നി­ലെ ശ്രീ­ദേ­വി­യാ­ണു് ഏ­റ്റ­വും നല്ല ന്യൂ­സ് വാ­യ­ന­ക്കാ­രി. നല്ല ശബ്ദം. സ്ഫു­ട­മാ­യ ഉ­ച്ചാ­ര­ണം. പ്ര­ക­ട­നാ­ത്മ­ക­ത ഒ­ട്ടു­മി­ല്ല.

ചോ­ദ്യം: ശൈശവം, കൗ­മാ­രം, യൗവനം, വാർ­ദ്ധ­ക്യം ഇവയിൽ ഏ­ത­വ­സ്ഥ­യി­ലാ­ണു് നി­ങ്ങൾ?

ഉ­ത്ത­രം: മ­നു­ഷ്യ­നു മൂ­ന്ന­വ­സ്ഥ­ക­ളു­ണ്ടെ­ന്നു കവി റൂമി പ­റ­ഞ്ഞി­ട്ടു­ണ്ടു്. പ്ര­കൃ­തി, സ്ത്രീ, പക്ഷി, മൃഗം, എ­ന്ന­ല്ല ഏ­തി­നേ­യും ആ­രാ­ധി­ക്കു­ന്ന­തു് ആ­ദ്യ­ത്തെ അവസ്ഥ. ര­ണ്ടാ­മ­ത്തെ അവസ്ഥ ഈ­ശ്വ­ര­നെ മാ­ത്രം ആ­രാ­ധി­ക്കു­ന്ന­തു്. മൂ­ന്നാ­മ­ത്തെ അ­വ­സ്ഥ­യിൽ ഈ­ശ്വ­ര­നെ നി­ന്ദി­ക്കു­ന്നി­ല്ല ആ­രാ­ധി­ക്കു­ന്നു­മി­ല്ല. ഞാൻ ഈ മൂ­ന്നാ­മ­ത്തെ അ­വ­സ്ഥ­യി­ലാ­ണു്.

ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ട്
images/BalachandranChullikkad.jpg
ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ട്

കാ­വ്യം ഹൃ­ദ­യ­ഹാ­രി­യാ­കു­ന്ന­തു് അതിലെ ധൈ­ഷ­ണി­ക­വും വൈ­കാ­രി­ക­വു­മാ­യ അം­ശ­ങ്ങൾ ഒരു നി­മി­ഷ­ത്തിൽ യോ­ജി­ക്കു­മ്പോ­ഴാ­ണെ­ന്നു് ഒരു കവി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ സം­യോ­ജ­നം ന­ട­ക്കു­മ്പോൾ അതൊരു ബിം­ബ­മാ­യി മാ­റു­ന്നു. ‘നീ­യാ­രു സ­ന്താ­ന­മ­ര­ത്തിൽ നി­ന്നും ഞെ­ട്ട­റ്റു­വീ­ഴും മ­ലർ­മൊ­ട്ടു­പോ­ലെ’ എന്നു തു­ട­ങ്ങു­ന്ന കാ­വ്യ­ത്തിൽ ഈ അം­ശ­ങ്ങൾ ഒ­രു­മി­ച്ചു ചേർ­ന്നു് ഒരു ബിം­ബ­മാ­യി മാ­റു­ന്നി­ല്ല. എ­ന്നാൽ ‘തി­രി­ക്ക­യാ­യ് സ­ന്ധ്യ വ­ഴി­ക്കി­ട­ക്ക വി­രി­ച്ചു ഞാൻ കേറിയ തോ­ണി­താ­നും’ എ­ന്നാ­രം­ഭി­ക്കു­ന്ന കാ­വ്യ­ത്തി­ലെ ധൈ­ഷ­ണി­ക വൈ­കാ­രി­കാം­ശ­ങ്ങൾ ഒ­രു­മി­ച്ചു ചേർ­ന്നു് കേ­ന്ദ്ര­ബി­ന്ദു­വാ­യി പ­രി­ണ­മി­ക്കു­ന്നു. അതു് ഒ­റ്റ­ബിം­ബ­മാ­യി വി­ല­സു­ന്നു. കാ­വ്യം ഒ­ട്ടൊ­ക്കെ ദീർ­ഘ­മാ­ണെ­ങ്കി­ലും കാ­വ്യാം­ശ­ങ്ങൾ വെ­വ്വേ­റെ നി­ല്ക്കു­ന്നി­ല്ല. ഞാൻ ബ­ഹു­മാ­നി­ക്കു­ന്ന ഗ്രീ­സി­ലെ ക­മ്മ്യൂ­ണി­സ്റ്റ് കവി യാ­നി­സ് റി­റ്റ്സോ­സി­ന്റെ ഒരു കൊ­ച്ചു കാ­വ്യം കേ­ട്ടാ­ലും:

Posture

He was standing completely naked on the beach

The sky licked his hair.

The sea licked his feet. The sunset

tied a ribbon crosswise on his chest,

tightened it about his waist. One end

hung down to his left knee.

ഒറ്റ ബിം­ബ­മാ­ണി­വി­ടെ. ശ്രീ. ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടി ന്റെ ‘സ്നാ­നം’ എന്ന കാ­വ്യ­ത്തി­നു് (ക­ലാ­കൗ­മു­ദി) ഈ ഗു­ണ­മു­ണ്ടെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. അ­തു­കൊ­ണ്ടാ­ണു് അതിനു സ്പ­ഷ­ട­ത ഇ­ല്ലാ­തെ പോ­യ­തും. പല നി­റ­ത്തി­ലു­ള്ള പൂ­ക്കൾ വാ­ഴ­നാ­രിൽ കോർ­ക്കു­മ്പോ­ഴാ­ണു് ഹാ­ര­മു­ണ്ടാ­കു­ന്ന­തു്. ആ വാ­ഴ­നാ­രു ദ്ര­ഷ്ടാ­വു കാ­ണു­ന്നു­മി­ല്ല, ബാ­ല­ച­ന്ദ്ര­ന്റെ കാ­വ്യ­ഹാ­ര­ത്തിൽ വാ­ഴ­നാ­രു­ണ്ടോ? അതോ അ­തി­ല്ലാ­തെ പൂ­ക്കൾ ചി­ത­റി­ക്കി­ട­ക്കു­ന്നോ? റി­റ്റ്സോ­സി­ന്റെ വേ­റൊ­രു കാ­വ്യം കൂടി എ­ടു­ത്തെ­ഴു­തി­ക്കൊ­ള്ള­ട്ടെ.

A glass wall. Three naked girls

sit behind it. A man

climbs up the stairs. His bear soles

appear rhythmically one after the other, dusty

with red soil. Soon

the silent, short-​sighted glare covers

the whole garden and you hear

the glass wall cracking up vertically

cut by a big, secret, invisible diamond.

എ­ന്തൊ­രു ചാരുത! ഇവിടെ വർ­ണ്ണ­ന­യു­ണ്ടെ­ങ്കി­ലും ഈ കാ­വ്യം തി­ക­ച്ചും വർ­ണ്ണ­നാ­ത്മ­ക­മ­ല്ല. പല അ­നു­ഭൂ­തി­ക­ളെ ഒ­രു­മി­ച്ചു ചേർ­ത്തു് ഒ­റ്റ­ബിം­ബം സൃ­ഷ്ടി­ക്കു­ക­യാ­ണു് കവി.

ബ­ഹിഃ­സ്ഫു­ര­ണം

കാ­വ്യം ഹൃ­ദ­യ­ഹാ­രി­യാ­കു­ന്ന­തു് അതിലെ ധൈ­ഷ­ണി­ക­വും വൈ­കാ­രി­ക­വു­മാ­യ അം­ശ­ങ്ങൾ ഒരു നി­മി­ഷ­ത്തിൽ സം­യോ­ജി­ക്കു­മ്പോ­ഴാ­ണെ­ന്നു ഒരു കവി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ സം­യോ­ജ­നം ന­ട­ക്കു­മ്പോൾ അതൊരു ബിം­ബ­മാ­യി മാ­റു­ന്നു.

പ­റ­ഞ്ഞാൽ ‘ഫിക്ഷ’നാ­ണെ­ന്നു തോ­ന്നും. അല്ല. സത്യം തന്നെ. തി­രു­വ­ന­ന്ത­പു­ര­ത്തു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് ചൊ­വ്വാ­ഴ്ച കാ­ല­ത്തു കി­ട്ടും. പ­ത്രാ­ധി­പർ ദ­യാ­പൂർ­വം അ­തി­ന്റെ ഒരു കോ­പ്പി എ­നി­ക്കു് അ­യ­ച്ചു ത­രാ­റു­ള്ള­തു ചൊ­വ്വാ­ഴ്ച ഉ­ച്ച­യ്ക്കേ കി­ട്ടു­ക­യു­ള്ളു. അ­തു­കൊ­ണ്ടു് ഞാൻ കാ­ല­ത്തു തന്നെ ഒരു പ്രതി കടയിൽ നി­ന്നു വാ­ങ്ങും. ഉച്ച തൊ­ട്ടു റ്റെ­ലി­ഫോൺ വി­ളി­യാ­ണു്. സാർ, പി. എഫ്. മാ­ത്യൂ­സി ന്റെ ‘ശ­ല­ഭ­ങ്ങ­ളു­ടെ ആ­യു­സ്സു്’ എന്ന കഥ മാ­തൃ­ഭൂ­മി­യിൽ വാ­യി­ച്ചോ? വാ­യി­ച്ചെ­ങ്കിൽ അർ­ത്ഥ­മെ­ന്താ­ണു്? ചൊ­വ്വാ­ഴ്ച കാ­ല­ത്തു തന്നെ ഞാനതു വാ­യി­ച്ചെ­ങ്കി­ലും അർ­ത്ഥം എ­നി­ക്കും പി­ടി­കി­ട്ടി­യി­ല്ല എ­ന്നു് റ്റെ­ലി­ഫോൺ ക­മ്പി­യു­ടെ മ­റ്റേ­യ­റ്റ­ത്തു് ഇ­രി­ക്കു­ക­യോ നി­ല്ക്കു­ക­യോ ചെ­യ്യു­ന്ന പു­രു­ഷ­നോ­ടോ സ്ത്രീ­യോ­ടോ പ­റ­യു­ന്ന­തെ­ങ്ങ­നെ? ഞാൻ മോ­ശ­ക്കാ­ര­നാ­വി­ല്ലേ? അ­തു­കൊ­ണ്ടു വാ­യി­ച്ചി­ല്ല­ല്ലോ എന്നു കള്ളം പറയും. ഇ­പ്പോൾ ഇ­തെ­ഴു­താൻ തു­ട­ങ്ങി­യ­പ്പോൾ കഥ രണ്ടു തവണ വാ­യി­ച്ചു. എ­ങ്ങ­നെ മ­ന­സ്സി­ലാ­കാ­നാ­ണു്? അ­നി­യ­ന്ത്രി­ത­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന ഒരു സാറ ഒരു കി­ഴ­വ­ന്റെ മു­റി­യിൽ അ­ക­പ്പെ­ടു­ന്നു. തന്ത മ­രി­ച്ച­തും ഭാര്യ മ­രി­ച്ച­തും അ­വ­ളു­ടെ ശവം അ­ര­യ്ക്കു­താ­ഴെ പ­ട്ട­ട­യിൽ ക­രി­യാ­തെ കി­ട­ന്ന­തും ഒ­ക്കെ­പ്പ­റ­ഞ്ഞു് കിഴവൻ അവളെ അ­ല­ട്ടു­ന്നു. സാറ പഴയ കാ­ല­ത്തെ കൂ­ട്ടു­കാ­രി­യെ ഓർ­മ്മി­ക്കു­ന്നു. ഒ­ടു­വിൽ കിഴവൻ ഉ­റ­ങ്ങി­പ്പോ­യ സാറയെ കു­ലു­ക്കി­യു­ണർ­ത്തി താൻ പോ­കു­ന്നു­വെ­ന്നു പ­റ­ഞ്ഞു ഇ­റ­ങ്ങി­യ­ങ്ങു പോ­വു­ക­യും ചെ­യ്യു­ന്നു. ഈ ക­ഥാ­ക­ങ്കാ­ള­ത്തിൽ ചി­ല­പ്പോൾ ചി­ത്ര­ശ­ല­ഭ­ത്തെ കൊ­ണ്ടി­രു­ത്തു­ന്നു­ണ്ടു് മാ­ത്യൂ­സ്. എന്തോ ഗ­ഹ­ന­മാ­യി പ­റ­യു­ന്നു­വെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാവം. ഗ­ഹ­ന­മാ­യി­രി­ക്കാം. പക്ഷേ, ബു­ദ്ധി കു­റ­ഞ്ഞ എ­നി­ക്കി­തു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത­തു­കൊ­ണ്ടു് ആ­സ്വാ­ദ­ന­വും ന­ട­ന്നി­ല്ല. മാ­ത്യൂ­സി­നെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല. എന്റെ ബു­ദ്ധി­രാ­ഹി­ത്യം ഞാൻ ഗ്ര­ഹി­ച്ചു് എ­ന്നെ­ത്ത­ന്നെ കു­റ്റ­പ്പെ­ടു­ത്തു­ന്നു­തേ­യു­ള്ളു.

images/YiannisRitsos.jpg
യാ­നി­സ് റി­റ്റ്സോ­സ്

ചില ഐ. എ. എസ്. ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും ഐ. പി. എസ്. ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും സാ­ഹി­ത്യ­ത്തിൽ വ്യാ­പ­രി­ക്കു­ന്ന­തിൽ ചില നി­രൂ­പ­കർ­ക്കു് വൈ­ര­സ്യ­മു­ണ്ടു്. ‘സ­ന്ദർ­ഭ­വ­ശാൽ ഞങ്ങൾ മ­ത്സ­ര­പ്പ­രീ­ക്ഷ ജ­യി­ച്ചു് ഉ­ദ്യോ­ഗ­സ്ഥ­രാ­യി. ഞ­ങ്ങൾ­ക്കും സാ­ഹി­ത്യ­ര­ച­ന­യാ­കാം’ എന്നു ബ­ഹു­ജ­ന­ത്തെ ധ­രി­പ്പി­ക്കാ­നാ­ണു് അവർ സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തെ­ന്നു് ആ നി­രൂ­പ­കർ എ­ന്നോ­ടു പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഞാ­ന­തി­നോ­ടു യോ­ജി­ക്കു­ന്നി­ല്ല. ശ്രീ. സി. പി. നാ­യ­രും ശ്രീ എൻ. കൃ­ഷ്ണൻ­നാ­യ­രും ശ്രീ. റ്റി. എൻ. ജ­യ­ച­ന്ദ്ര­നും ശ്രീ­മ­തി ല­ളി­താം­ബി­ക­യും സാ­ഹി­ത്യ­ത്തിൽ ത­ല്പ­ര­രാ­ണു്. കാർ­മ്മേ­ഘ­ത്തി­ന­ടി­യിൽ നി­ന്നു് ച­ന്ദ്ര­ക്ക­ല എ­ത്തി­നോ­ക്കു­ന്ന­തു പോലെ അ­വ­രു­ടെ ക­ലാ­ഭി­രു­ചി ആ­ധി­കാ­രി­ക കാ­ള­മേ­ഘ­ത്തി­ന­ടി­യിൽ നി­ന്നു­കൊ­ണ്ടു് ബ­ഹിഃ­സ്ഫു­ര­ണം ന­ട­ത്തു­ന്നു­വെ­ന്നേ­യു­ള്ളു. അ­വ­രു­ടെ ര­ച­ന­ക­ളു­ടെ ശ­ക്തി­യോ ശ­ക്തി­യി­ല്ലാ­യ്മോ ഇവിടെ പ­രി­ഗ­ണ­നാർ­ഹ­മാ­വു­ന്നി­ല്ല. അതല്ല സാ­ക്ഷാൽ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സ്ഥി­തി. സാ­ഹി­ത്യ­കാ­ര­നാ­യി ജ­നി­ച്ചു്, സാ­ഹി­ത്യ­കാ­ര­നാ­യി വ­ളർ­ന്നു് വാ­രി­ക­ക­ളിൽ മ­ഷി­പു­ര­ട്ടി­പ്പി­ക്കു­ന്ന­വർ വാ­യ­ന­ക്കാ­രെ ക്ലേ­ശി­പ്പി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. മാ­ത്യൂ­സ് അ­വ­രി­ലൊ­രാ­ളാ­ണെ­ന്നു ഞാ­നെ­ഴു­തി­യാൽ അ­ദ്ദേ­ഹം പി­ണ­ങ്ങു­മോ എന്തോ?

സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന വൃ­ത്തി­കെ­ട്ട പേ­രു­ള്ള ഈ ലേ­ഖ­ന­ത്തിൽ എ­ഴു­താൻ യോ­ഗ്യ­ത­യു­ള്ള വി­ഷ­യ­മ­ല്ല ഇനി കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. ബു­ദ്ധി­ശാ­ലി­നി­യും ചെ­റു­പ്പ­ക്കാ­രി­യു­മാ­യ ഒ­രു­ദ്യോ­ഗ­സ്ഥ എ­ന്നോ­ടു പ­റ­ഞ്ഞ­തു കൊ­ണ്ടു മാ­ത്ര­മാ­ണു് ഇതു് പ്ര­തി­പാ­ദി­ക്കാൻ ഞാൻ സ­ന്ന­ദ്ധ­നാ­വു­ക. അവർ റ്റെ­ലി­ഫോ­ണി­ലൂ­ടെ ചോ­ദി­ച്ചു: ‘സാർ, ബസ് കാ­ത്തു നി­ല്ക്കു­ന്ന ചില സ്ത്രീ­കൾ കൂ­ട­ക്കൂ­ടെ തു­പ്പു­ന്ന­തു ക­ണ്ടി­ട്ടി­ല്ലേ? ഈ സം­സ്കാ­ര ശൂ­ന്യ­മാ­യ പ്ര­വൃ­ത്തി­യെ­ക്കു­റി­ച്ചു് ഒ­ന്നെ­ഴു­ത­രു­തോ?’ ചോ­ദ്യം ചോ­ദി­ച്ച­വ­രോ­ടു­ള്ള വാ­ത്സ­ല്യ­വും ബ­ഹു­മാ­ന­വും കൊ­ണ്ടു് മാ­ത്രം എ­നി­ക്കു തോ­ന്നു­ന്ന­തു് എ­ഴു­തു­ന്നു: ആ­പ­ന്ന­സ­ത്വ­യാ­യ­വർ­ക്കു തു­പ്പ­ണ­മെ­ന്നു തോ­ന്നി­യാൽ അതു ചെ­യ്തേ മ­തി­യാ­വൂ. അ­ല്ലെ­ങ്കിൽ അ­വർ­ക്കു ഛർ­ദ്ദി­ക്കേ­ണ്ട­താ­യി വരും. അ­ടു­ത്തു നി­ല്ക്കു­ന്ന ചില സ്ത്രീ­ക­ളോ­ടു വി­രോ­ധ­വും വെ­റു­പ്പു­മു­ണ്ടെ­ങ്കിൽ അതു വ്യ­ക്ത­മാ­ക്കാൻ സ്ത്രീ റോഡിൽ തു­പ്പും. യു­വ­തി­ക്കു കിഴവൻ, സു­ന്ദ­രി­ക്കു വി­രൂ­പൻ എന്ന രീ­തി­യി­ലാ­ണു് ചില ദാ­മ്പ­ത്യ ബ­ന്ധ­ങ്ങൾ. വി­രൂ­പ­നാ­യ ഭർ­ത്താ­വു­ള്ള സു­ന്ദ­രി ആ­കൃ­തി­സൗ­ഭ­ഗ­മു­ള്ള വേ­റൊ­രു പു­രു­ഷ­നെ റോഡിൽ വച്ചു ക­ണ്ടാൽ തന്റെ ഗ­തി­കേ­ടിൽ പ­രി­ത­പ്ത­മാ­ന­സ­യാ­യി­ബ്ഭ­വി­ക്കും. ആ വി­ഷാ­ദം റോ­ഡി­ലൂ­ടെ പോ­കു­ന്ന സു­ന്ദ­ര­നോ­ടു­ള്ള വെ­റു­പ്പാ­യി മാറും (സു­ന്ദ­ര­നാ­യ മ­രു­മ­ക­നെ അ­മ്മാ­യി അമ്മ വെ­റു­ക്കു­ന്ന­തി­ന്റെ മാ­ന­സി­ക­നി­ല­യും വി­ഭി­ന്ന­മ­ല്ല). വെ­റു­പ്പു് തു­പ്പു­ക എന്ന പ്ര­ക്രി­യ­യിൽ ക­ലാ­ശി­ക്കും. എ­ന്താ­യാ­ലും സ്ത്രീ­കൾ റോഡിൽ നി­ന്നു തു­പ്പു­ന്ന­തു സം­സ്കാ­ര­ര­ഹി­ത­മാ­യ കൃ­ത്യ­മാ­ണു്.

അ­സ­ത്യം
images/Tintoretto.jpg
റ്റീൻ­റ്റോ­റെ­റ്റോ

വെ­നീ­ഷൻ ചി­ത്ര­കാ­രൻ റ്റീൻ­റ്റോ­റെ­റ്റോ (Tintoretto) വരച്ച “Woman with Bare Breasts” എന്ന ചി­ത്ര­ത്തി­ന്റെ അ­ച്ച­ടി­ച്ച രൂപം John Berger എ­ഴു­തി­യ “Keeping a Rendezvous” എന്ന നല്ല പു­സ്ത­ക­ത്തിൽ കൊ­ടു­ത്തി­ട്ടു­ണ്ടു്. അ­നാ­വ­ര­ണം ചെ­യ്യ­പ്പെ­ട്ട സ്ത­ന­ങ്ങൾ എന്ന പേരു അത്ര യോ­ജി­ക്കി­ല്ല ഈ ചി­ത്ര­ത്തി­നു്. ക­രു­തി­ക്കൂ­ട്ടി ക­ഞ്ചു­കം വ­ലി­ച്ചു­മാ­റ്റി നെ­ഞ്ചു­കാ­ണി­ക്കു­ക­യാ­ണു് ഒരു സു­ന്ദ­രി. നെ­ഞ്ച­ല്ല ചൂ­ചു­ക­വും അ­തി­ന­ടു­ത്ത ഭാ­ഗ­വും കാ­ണി­ക്കു­ക­യാ­ണു് അവൾ. ഈ ചി­ത്രം ന­ല്കു­ന്ന അ­നു­ഭൂ­തി ക­ല­യു­ടേ­താ­ണെ­ന്നു പറയുക പ്ര­യാ­സം. ഗ്ര­ന്ഥ­കാ­രൻ ഉ­ദ്ധ­രി­ക്കു­ന്ന വരികൾ (യേ­റ്റ്സി ന്റേ­തു്) തി­ക­ച്ചും സംഗതം.

“You think it horrible that lust and rage

Should dance attention upon my old age;

They were not such a plague when I was young

What else have I to spur me into song?”

യേ­റ്റ്സ് പാ­ട­ട്ടെ, ചി­ത്ര­കാ­രൻ വ­ക്ഷ­സ്സു് അ­നാ­വ­ര­ണം ചെ­യ്യി­ക്ക­ട്ടെ. അതു് പാ­ട്ടാ­യി­രി­ക്ക­ണം ക­ല­യാ­വ­ണം എ­ന്നേ­യു­ള്ളു. ശ്രീ. എൻ. പ്ര­ഭാ­ക­ര­നെ സ­മ­കാ­ലി­ക നൃ­ശം­സ­ത­കൾ ര­ച­ന­യ്ക്കു പ്രേ­രി­പ്പി­ക്കു­ന്നു­വോ? എ­ങ്കിൽ ന­ന്നു്. വളരെ ന­ന്നു്. പക്ഷേ, അതു ക­ല­യാ­വ­ണ­മെ­ന്നേ നിർ­ബ­ന്ധ­മു­ള്ളു. ദൗർ­ഭാ­ഗ്യ­ത്താൽ അ­ദ്ദേ­ഹ­ത്തി­ന്റെ “രാമൻ” എന്ന കഥ (ദേ­ശാ­ഭി­മാ­നി വാരിക) ക­ല­യ­ല്ല, പ്ര­ചാ­ര­ണ­മാ­ണു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ കെ­ടു­തി­ക­ളിൽ­പ്പെ­ട്ടു് രാമൻ എ­ന്നൊ­രു ബാലൻ ദു­ര­ന്ത­ത്തിൽ പെ­ട്ടു­പോ­കു­ന്ന­താ­ണു് കഥ. രാ­മ­ന്റെ ചി­ത്രീ­ക­ര­ണം അ­സ്സ­ലാ­യി­ട്ടു­ണ്ടു്. പക്ഷേ, കഥ വാ­യി­ച്ചു­തീ­രു­മ്പോൾ ഒരു ‘ട്രാ­ക്റ്റ്’ (ലഘു പ്ര­ബ­ന്ധം) വാ­യി­ച്ച പ്ര­തീ­തി. പ്ര­ചാ­ര­ണ­ത്തി­ന്റെ ഔ­ന്ന­ത്യ­മ­ല്ല സാ­ഹി­ത്യ­ത്തി­ന്റെ ഔ­ന്ന­ത്യം. ആ­വർ­ത്ത­നം വേ­ണ്ടി­വ­ന്നി­രി­ക്കു­ന്നു ഇവിടെ. മാർ­ക്സി­സ്റ്റ് ക­ഥാ­കാ­ര­നാ­യ സ­മ­രേ­ഷ് ബോസ് പ്ര­ച­ര­ണാം­ശം ഉൾ­ക്കൊ­ള്ളു­ന്ന കഥകൾ എ­ഴു­തി­യി­ട്ടു­ണ്ടു്. പക്ഷേ, ഓ­രോ­ന്നും താ­ജ്മ­ഹൽ പോലെ മ­നോ­ഹ­രം. അ­ദ്ദേ­ഹം പ്ര­ചാ­ര­ണ­ത്തി­ന്റെ ഉ­പ­ത്യ­ക­യിൽ നി­ന്നു് ക­ല­യു­ടെ അ­ധി­ത്യ­ക­യി­ലേ­ക്കു് ക­യ­റു­ന്നു. പ്ര­ഭാ­ക­രൻ സാ­ഹി­ത്യ­പർ­വ­ത­ത്തി­ന്റെ പ്ര­ചാ­ര­ണ­മെ­ന്ന ഉ­പ­ത്യ­ക­യി­ലേ­ക്കു് ത­ല­കു­ത്തി­വീ­ഴു­ന്നു. അ­തി­നാ­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഇക്കഥ വാ­യ­ന­ക്കാ­ര­നാ­യ എന്നെ സ്പർ­ശി­ക്കാ­ത്ത­തു്. സ­മ­രേ­ഷ് ബോ­സി­ന്റെ ചെ­റു­ക­ഥ­കൾ— മാർ­ക്സി­സ­ത്തി­ന്റെ ചി­ന്താ­ഗ­തി­കൾ ഉ­ള­ള­വ­യാ­യി­ട്ടും—എ­പ്പോ­ഴും സ­ത്യാ­ത്മ­ക­ങ്ങൾ. പ്ര­ഭാ­ക­ര­ന്റെ ചെ­റു­ക­ഥ­കൾ— മാ­ന­വി­ക­ത­യു­ടെ ചി­ന്താ­ഗ­തി­കൾ ഉ­ള്ള­വ­യാ­യി­ട്ടും—എ­പ്പോ­ഴും അ­സ­ത്യാ­ത്മ­ക­ങ്ങൾ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-05-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.