സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-06-13-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: “ആളുകൾ ദിനംപ്രതി മരിക്കുന്നതു കാണുമ്പോൾ നിങ്ങൾക്കെന്തു തോന്നും?”

ഉത്തരം: “പനിനീർപ്പൂവിന്റെ ഒരു ദലം കൊഴിയുന്നു. അടുത്തനിമിഷത്തിൽ വേറൊരു ഇതൾ കൊഴിയുന്നു. ഇങ്ങനെ എല്ലാം കൊഴിഞ്ഞു ഞെട്ടുമാത്രമാകുമ്പോൾ അടുത്തുനില്ക്കുന്ന നിശാഗന്ധി തനിക്കു മാത്രം മരണമില്ലല്ലോ എന്നു വിചാരിക്കും. എന്നാൽ അതും കൊഴിഞ്ഞുവീഴും”.

ചോദ്യം: “സൂര്യൻ പ്രകാശിക്കുമ്പോൾ നടക്കുന്ന നമ്മളോടുകൂടി നിഴൽ വരുന്നതെന്തിനാണു്?”

ഉത്തരം: “മരണമില്ലാത്ത ജീവിതമില്ല. നിഴലില്ലാത്ത വസ്തുവില്ല”.

ചോദ്യം: “നിങ്ങൾ എല്ലാ വാരികകളിലെയും എല്ലാ രചനകളെയുംകുറിച്ചു് എഴുതുന്നില്ല. എന്താണു് കാരണം?”

ഉത്തരം: “കാറ്റടിക്കുമ്പോൾ എന്റെ വീട്ടിന്റെ മുറ്റത്തു് നില്ക്കുന്ന മരത്തിൽനിന്നു് എല്ലാ ഇലകളും അടർന്നു താഴെ വീഴും. കുറച്ചു ഇലകൾ എടുത്തു മാറ്റാമെന്നല്ലാതെ എല്ലാ ഇലകളും മാറ്റാൻ കഴിയുമോ? അതിനു തുനിഞ്ഞാൽ ഞാൻ ക്ഷീണിച്ചു പോവുകയില്ലേ?”

ചോദ്യം: “ശരിയായ വിമർശനം ഉണ്ടായാൽ വയലാർ രാമവർമ്മ യും നിങ്ങളുടെ കുമാരനാശാനും അപ്രത്യക്ഷരാവുകില്ലേ?”

ഉത്തരം: “കുമാരനാശാൻ വലിയ കവിയാണു്. ഒരു പ്രചണ്ഡവാതത്തിനും അദ്ദേഹത്തെ ‘അപ്പുപ്പൻതാടി’യെയെന്നപോലെ പറപ്പിക്കാൻ ആവുകയില്ല. വയലാർ രാമവർമ്മ നേർത്ത മാനിഫോൾഡ് കടലാസ്സാണു്. വയലാർ എവോർഡ് എന്ന പേപ്പർ വെയ്റ്റാണു് ആ കവിയെ അമർത്തിവച്ചിരിക്കുന്നതു്. ആശാന്റെ ജന്മവാർഷികം ആഘോഷിച്ചില്ലെങ്കിലും അദ്ദേഹം നിലനില്ക്കും”.

ചോദ്യം: “ദുഃഖനിമിഷമെന്നാൽ എന്തു?”

ഉത്തരം: “പരിചയമില്ലാത്ത സ്ത്രീ ചിരിച്ചുതൊഴുതിട്ടു് നടന്നകലുമ്പോൾ ആവിർഭവിക്കുന്ന നിമിഷം ദുഃഖ നിമിഷം”.

ചോദ്യം: “നിങ്ങൾ ചിരിച്ച നിമിഷമേതു?”

ഉത്തരം: “ചിറ്റൂർ കോളിജിൽ ജോലി നോക്കിയിരുന്നപ്പോൾ ഒരുദിവസം പനിപിടിച്ചു. തത്തമംഗലത്തു് ഒരു ഡോക്ടറെക്കണ്ടപ്പോൾ അദ്ദേഹം ‘കുരയ്ക്കുമോ’ എന്നു ചോദിച്ചു. അപ്പോൾ ദേഷ്യം തോന്നിയെങ്കിലും കുരയ്ക്കു് അർത്ഥം ചുമയാണെന്നു ഒരു വിദ്യാർത്ഥി പറഞ്ഞുതന്നു. അതുകേട്ടു് ഞാൻ ചിരിച്ചു. വളരെനേരം ചിരിച്ചു. ചിരിയുടെ നിമിഷമല്ല, ചിരിയുടെ നിമിഷങ്ങളായിരുന്നു അതു്”.

ചോദ്യം: “രാഷ്ട്രീയത്തിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസമെന്തു?”

ഉത്തരം: “എനിക്കു രാഷ്ട്രവ്യവഹാരത്തിൽ ഒരു താല്പര്യവുമില്ല. എങ്കിലും നിങ്ങൾ ചോദിച്ചതു കൊണ്ടു മറുപടി പറയുകയാണു്. വലതുപക്ഷം ദാമ്പത്യജീവിതംപോലെ, ഇടതുപക്ഷം വിവാഹത്തിനു മുൻപുള്ള അനുരാഗദിനങ്ങൾപോലെ”.

പുതിയ പുസ്തകം
images/MarquisdeSade.jpg
സാദ്

ഭാര്യയോടു്, സുഹൃത്തുക്കളോടു്, മറ്റു ബന്ധുക്കളോടു് ഒക്കെ ക്രൂരത കാണിക്കുന്നവനെ സാഡിസ്റ്റ് എന്നു വിളിക്കാറുണ്ടു്. പണ്ടൊരു കൊളിജിയറ്റ് ഡയറക്ടറുണ്ടായിരുന്നു. പാവപ്പെട്ട അധ്യാപകരെ ദൂരെയുള്ള സ്ഥലങ്ങളിലേക്കു് മാറ്റി രസിച്ചിരുന്ന അദ്ദേഹത്തെ എല്ലാവരും സാഡിസ്റ്റ് എന്നാണു് വിളിച്ചിരുന്നതു്. ക്രൂരതയിൽ അനിയതമായ ആഹ്ലാദമനുഭവിക്കുന്നവനെ ആ വാക്കുകൊണ്ടു വിശേഷിപ്പിക്കാം. സ്ത്രീപീഡനം നടത്തിയ ഒരു ഫ്രഞ്ചെഴുത്തുകാരനോടു ബന്ധപ്പെടുത്തിയാണു് ഈ വാക്കിന്റെ ഉദ്ഭവം. ദൊനാസ്യങ് ആൽഫോങ്സ് ഫ്രാങ്സ്വാകൊങ്തു് ദ സാദ് (Donatien Alphonse Francois Comte de Sade, 1740–1814) എന്നു് അയാളുടെ പേരു്. 1768 ഏപ്രിൽ മൂന്നാംതീയതി നടത്തിയ ഒരു ക്രൂരകൃത്യത്തോടെയാണു് സാദ് കുപ്രസിദ്ധനായതു്. റോസ് കെല്ലർ എന്നൊരു യുവതിയെ വശീകരിച്ചു കൊണ്ടുപോയി സ്വന്തം ഇച്ഛയ്ക്കു വിധേയയാക്കിയിട്ടു് അയാൾ അവളുടെ നഗ്നങ്ങളായ പൃഷ്ഠങ്ങളെ ഭൂർജ്ജക്കമ്പുകൊണ്ടു് അടിച്ചുപൊട്ടിക്കുകയും കത്തികൊണ്ടു കീറുകയും ആ മുറിവുകളിൽ ഉരുക്കിയ ചുവന്ന മെഴുക് ഒഴിക്കുകയും ചെയ്തു. ഇതുപോലെയുള്ള മറ്റനേകം ദുഷ്ടപ്രവൃത്തികൾ ചെയ്ത അയാളെ ഇടവിട്ടാണെങ്കിലും ആകെ ഇരുപത്തേഴുകൊല്ലം കാരാഗൃഹത്തിൽ ഇട്ടിരുന്നു ഫ്രഞ്ച് സർക്കാർ. സാദിന്റെ “Justine ”, “Juliette ” ഈ നോവലുകളും ചില ചെറുകഥകളും ഞാൻ വായിച്ചിട്ടുണ്ടു്. എല്ലാം ആഭാസങ്ങളത്രേ.

images/SimoneDeBeuvoir2.jpg
സീമൊൻ ദ ബോവ്വാർ

ഇയാളുടെ പ്രവർത്തനങ്ങളെ ഏതാണ്ടു നീതിമത്കരിച്ചും ദർശനത്തെ (Philosophy) വിശദീകരിച്ചും സീമൊൻ ദ ബോവ്വാർ പ്രൗഢമായ ലേഖനം എഴുതിയിട്ടുണ്ടു്. (The Marquis de Sade—An Essay) Sade drained to the dregs the moment of selfishness, justice, and misery and he insisted upon its truth എന്നാണു് ബോവ്വാറിന്റെ പ്രസ്താവം. സാദിന്റെ ക്രൂരതയിലേക്കു ചെന്നു് അതിന്റെ ആന്തരമായ അർത്ഥത്തെ സ്പഷ്ടമാക്കിത്തരുന്ന വേറൊരു ഗ്രന്ഥമാണു് “The Life and Ideas of the Marquis de Sade” എന്നതു് (Geoffrey Gorer).

images/TheMarquisdeSade.jpg

1993-ൽ പ്രസിദ്ധീകരിച്ച “The Marquis de Sade” വായിക്കേണ്ട വേറൊരു പുസ്തകമാണു് (Donald Thomas, U.K., £6.66). ഇതിലും സാദിന്റെ അനിയത ലൈംഗികത്വത്തെയും തത്ത്വചിന്തയെയും നീതിമത്കരിച്ചിരിക്കുകയാണു്. ബോവ്വാറിന്റെ പ്രബന്ധംപോലെ ഇപ്പുസ്തകം ആഴത്തിലേക്കു ചെല്ലുന്നില്ലെങ്കിലും നൂതനങ്ങളായ പല ‘ഇൻസൈറ്റു’കളും പ്രദാനം ചെയ്യാൻ ഇതിനു കഴിഞ്ഞിട്ടുണ്ടു്. സാദിനുശേഷമുള്ള പല സാഹിത്യകാരന്മാരിലും അയാൾ ചെലുത്തിയ സ്വാധീനശക്തി ഗ്രന്ഥകാരൻ ദൃഢപ്രത്യയം ജനിപ്പിക്കുമാറു വിശദമാക്കിയിരിക്കുന്നു. പ്രൂസ്തി ന്റെ “Remembrance of Things Past ” എന്ന നോവലിന്റെ ആദ്യഭാഗത്തു രണ്ടു യുവതികൾ സ്വവർഗ്ഗാനുരാഗപ്രവർത്തനങ്ങൾ നടത്തുന്നതു് വർണ്ണിച്ചിട്ടുണ്ടല്ലോ. ഒരുത്തി അവളുടെ അച്ഛന്റെ പടം മേശപ്പുറത്തു വച്ചിട്ടു് അതിന്റെ മുൻപിലിരുന്നാണു് വൃത്തികെട്ട പ്രവൃത്തികൾ ചെയ്യുന്നതു്. അവളുടെ കൂട്ടുകാരി അയാളെ ugly old monkey എന്നു വിളിക്കുന്നു; ആ പടത്തിൽ തുപ്പാനും അവൾ സന്നദ്ധയാണു്. ഇതു സാഡിസമാണെന്നു ഗ്രന്ഥകാരൻ പറയുന്നു. പത്തൊൻപതാം ശതാബ്ദത്തിലെ യൂറോപ്യൻ സാഹിത്യത്തിൽ സാദ് വരുത്തിയ പരിവർത്തനം Mario Praz എഴുതിയ The Romantic Agony എന്ന വിദ്വജ്ജനോചിതമായ ഗ്രന്ഥത്തിൽനിന്നു ഗ്രഹിക്കാമെന്നു ഗ്രന്ഥകാരൻ പറയുന്നതിനോടു യോജിക്കാൻ പ്രയാസമില്ല. ഫ്ളോബർ, ബോദ്ലേർ, ദാനൂൻസിയോ ഇവരുടെ പോസ്റ്റ് റൊമാന്റിസിസം സാദിന്റെ തത്ത്വചിന്തയുടെ ഫലമാണെന്നാണു് ഗ്രന്ഥകാരന്റെ വാദം. സറീയലിസം എന്ന കലാപ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രവും സാദിന്റെ തത്ത്വചിന്തയത്രേ.

“രാഷ്ട്രീയത്തിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസമെന്തു?” “…വലതുപക്ഷം ദാമ്പത്യജീവിതംപോലെ. ഇടതുപക്ഷം വിവാഹത്തിനുമുൻപുള്ള അനുരാഗദിനങ്ങൾ പോലെ”.

വിപ്ലവങ്ങളെക്കുറിച്ചു സാദിനു ബഹുമാനമില്ലായിരുന്നു. രാജ്യം ഭരിക്കുന്ന ദുഷ്ടന്മാരെ മറ്റു ദുഷ്ടന്മാർ മാറ്റുന്നതാണു് വിപ്ലവമെന്നു് അയാൾ അഭിപ്രായപ്പെട്ടു. രാഷ്ട്രവ്യവഹാരത്തിലെ എല്ലാ നീക്കങ്ങളും മറ്റുള്ളവരെ അടിമകളാക്കാനാണു് എന്നും അയാൾ വിശ്വസിച്ചു. If sexuality is the illustration of Sade’s theme, then individual and collective political ambition is the ultimate perversion. That all power corrupts and absolute power corrupts absolutely is the irreducible political truth of Sade (P. 315) നമുക്കു സാദിനെ അകറ്റി നിറുത്താം. അയാളുടെ തത്ത്വചിന്തയെയും നൃശംസതയെയും ദാർശനിക പശ്ചാത്തലത്തിൽ വീക്ഷിക്കുന്ന സീമൊൻ ദ ബോവ്വാറിനെയും ഡൊനൽഡ് തോമസിനെയും നിരാകരിക്കാം. പക്ഷേ, നമ്മുടെ അറിവിന്റെ പരിധിയെ വികസിപ്പിക്കുന്ന ഈ പുതിയ പുസ്തകത്തെ നിരാകരിക്കാൻ വയ്യ.

വിലാസിനി
images/WilliamWordsworth.jpg
വേഡ്സ്വർത്ത്

വേഡ്സ്വർത്തിനെ തള്ളിപ്പറയുന്ന രീതിക്കു് ഇന്നു പ്രാബല്യം വന്നിരിക്കുന്നു. റ്റി. എസ്. എല്യറ്റി ന്റെ ധൈഷണികമായ കവിതയ്ക്കു് ഇക്കാലത്തു് പ്രസിദ്ധിയും പ്രചാരവും ഉള്ളതു കൊണ്ടാവാം ഇതു സംഭവിക്കുന്നതു്. എന്നാൽ സാക്ഷാൽ മഹാകവിയാണു് വേഡ്സ്വർത്ത്.

Will no one tell me what she sings?

Perhaps the plaintive numbers flow

For old, unhappy, far-off things,

And battles long ago

എന്ന നാലു വരികളേ വേഡ്സ്വർത്തു് എഴുതിയുള്ളുവെന്നു വിചാരിക്കുക. എങ്കിലും അദ്ദേഹം മഹാകവിയായി അറിയപ്പെടുമായിരുന്നു. ശബ്ദത്തിന്റെ ആരോഹണാവരോഹണംകൊണ്ടും സംക്ഷിപ്തതകൊണ്ടുമാണു് കവി ഈ വരികൾക്കു് “ഹോൺടിങ് ക്വാളിറ്റി” ഉണ്ടാക്കുന്നതു്. (F. L. Lucas എന്ന നിരൂപകനോടു കടപ്പാടുണ്ടു് ഈ ആശയത്തിനു്. ലൂക്കസിന്റെ ഏതു പുസ്തകത്തിൽ ഇതുണ്ടു് എന്നതു് ഓർമ്മയില്ല.) രചനയ്ക്കു സംക്ഷിപ്തത ഇല്ലെങ്കിൽ, വാവദുകത (വളരെപ്പറയുന്ന ശീലം) വിരാജിക്കുകയാണെങ്കിൽ രചന തകരും. ഉദാഹരണത്തിനു ഒരു ശ്ലോകം ഉദ്ധരിക്കാം.

ആരണ്യാന്തര ഗഹ്വരോദരതപ സ്ഥാനങ്ങളിൽ, സൈന്ധവോ

ദാരശ്യാമ മനോഭിരാമ പുളിനോ പാന്തപ്രദേശങ്ങളിൽ

ആരന്തർമ്മുഖമിപ്രപഞ്ചപരിണാമോദ്ഭിന്ന സർഗ്ഗക്രിയാ-

സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെൻ ദർശനം.

പണ്ടു് സർഗ്ഗക്രിയാസാരം തേടിയവരുടെ ചൈതന്യമാണു് എന്റെ ദർശനം എന്നു പറയാൻ ഇത്രവളരെ “വെർബൽ ഡയറിയ” ആവശ്യമുണ്ടോ? അതു കാണാനിടവരുന്നവർക്കു ജുഗുപ്സ; എഴുതുന്ന ആളിനു ക്ഷീണം. എന്നാൽ

“മരിക്കസാധരണമീവിശപ്പിൽ ദ്ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം.

ഐക്യക്ഷയത്താലടിമശ്ശവങ്ങളടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം

എന്ന ശ്ലോകത്തിന്റെ ശക്തി സംക്ഷിപ്തതയിലാണിരിക്കുന്നതു്.

രചനയ്ക്കു സംക്ഷിപ്തത ഇല്ലെങ്കിൽ, വാവദൂകത (വളരെപ്പറയുന്ന ശീലം) വിരാജിക്കുകയാണെങ്കിൽ രചന തകരും.

സംക്ഷിപ്തതയെക്കുറിച്ചു വിചാരിക്കാൻ ഹേതു കലാകൗമുദിയിലെ “സമ്പന്നമായ സാഹിത്യജീവിതം” എന്ന ഹ്രസ്വലേഖനമാണു്. അന്തരിച്ച ‘വിലാസിനി’യെക്കുറിച്ചു് അത്യുക്തിയില്ലാതെ, ന്യൂനോക്തിയില്ലാതെ തന്റെ അഭിപ്രായം ആവിഷ്കരിച്ചിരിക്കുന്നു ലേഖകൻ.

images/mkmenon.jpg
എം. കെ. മേനോൻ

എന്നെക്കാൾ പ്രായം വളരെക്കുറഞ്ഞ വിലാസിനിയുടെ (എം. കെ. മേനോന്റെ) മരണം എന്നെ ദുഃഖിപ്പിക്കുന്നു. ലോകത്തിനു പ്രയോജനമുള്ളവർ നേരത്തേ പോകും; പ്രയോജനമില്ലാത്തവർ ജീവിച്ചിരിക്കും.

എൻ. പ്രഭാകരൻ

കുമാരനാശാൻ വലിയ കവിയാണു്. ഒരു പ്രചണ്ഡവാതത്തിനും അദ്ദേഹത്തെ ‘അപ്പുപ്പൻ താടി’യെയെന്നപോലെ പറപ്പിക്കാൻ ആവുകയില്ല. വയലാർ രാമവർമ്മ നേർത്ത മാനിഫോൾഡ് കടലാസ്സാണു്. വയലാർ എവോർഡ് എന്ന പേപ്പർ വെയ്റ്റാണു് ആ കവിയെ അമർത്തിവച്ചിരിക്കുന്നതു്.

കുറെക്കാലം മുൻപാണു് തിരുവനന്തപുരത്തെ മലയാളമനോരമ ഓഫീസിൽനിന്നു് ആരോ റ്റെലിഫോണിലൂടെ അറിയിച്ചു. “മാത്യുസ്സാറ് സാറിനെ കാണാൻ നാളെ വരും. സൗകര്യമാണോ എന്നു അന്വേഷിക്കാൻ കോട്ടയത്തുനിന്നു ചോദിക്കുന്നു”. ശ്രീ. കെ. എം. മാത്യു എന്റെ വീട്ടിൽ വരുന്നതു് എനിക്കു് അഭിമാനാവഹമായ കാര്യമല്ലേ? “സൗകര്യമാണു്, സൗകര്യമാണു്” എന്നു ഞാൻ രണ്ടുതവണയോ അതിൽക്കൂടുതൽ തവണകളോ പറഞ്ഞിരിക്കും. നേരം വെളുത്തു. വീട്ടുകാരിയോടു സ്പെഷലായ പലഹാരങ്ങൾ ഉണ്ടാക്കാൻ പറഞ്ഞു. ഫർണിച്ചർ അങ്ങോട്ടുമിങ്ങോട്ടും മാറ്റി എന്റെ ഭവനത്തിന്റെ പൂമുഖത്തിനു മോടിവരുത്തി. അദ്ദേഹം വന്നാൽ കൈകൂപ്പി സ്വീകരിക്കണം എന്നു പേരക്കുട്ടിയോടുവരെ പറഞ്ഞു. ഉത്കണ്ഠയോടുകൂടി ഞാൻ കാത്തിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും തിരുവനന്തപുരത്തെ മനോരമ ഓഫീസിൽനിന്നു ഫോൺ സന്ദേശം: “മാത്യുസ്സാറ് വന്നു. പത്തുമിനിറ്റിനകം സാറിന്റെ വീട്ടിലെത്തും”. അക്കാലത്തു ഞാൻ താമസിച്ച വീട്ടിലേക്കു വരാൻ വയൽവരമ്പിലൂടെ നടക്കണം. ശ്രീ. കെ. എം. മാത്യു ആ വരമ്പിലൂടെ നടക്കുന്നതിന്റെ പോരായ്മ എന്നെ അലട്ടി. സ്വന്തമായി നല്ല ഭവനമില്ലാത്ത ഞാൻ എന്നെത്തന്നെ ശപിച്ചു. എങ്കിലും ഹൃദയവിശാലതയുള്ള മാത്യു അവർകൾ എന്റെ അകിഞ്ചനത്വത്തെക്കുറിച്ചു് ഒന്നും വിചാരിക്കുകയില്ലെന്നു് ഞാൻ സ്വയം സമാധാനിച്ചു. നിമിഷങ്ങൾ എണ്ണിയെണ്ണി നീങ്ങുകയാണു്. പെട്ടെന്നു് ഒരു ശബ്ദം റോഡിൽ. ഞാൻ വീട്ടിൽനിന്നിറങ്ങി വയൽവരമ്പിലൂടെ ഒറ്റയോട്ടം റോഡിലേക്കു്. വാഹനം വന്നുനിന്നു. അതിൽ നിന്നു ശ്രീ. മാത്യു മണർകാടു് ഇറങ്ങിവന്നു. ഇടിവെട്ടേറ്റതുപോലെയായി എന്റെ അവസ്ഥ. എങ്കിലും അതു ഒളിച്ചുവച്ചിട്ടു മാത്യു മണർകാടിനെ ആദരപൂർവ്വം കൈകൂപ്പി സ്വീകരിച്ചു. വീട്ടിലേക്കു കൊണ്ടുപോയി. ഗൃഹനായികതൊട്ടു പേരക്കുട്ടിവരെ പൂമുഖത്തെത്തി അതിഥിയെ തൊഴുതി. വിഭവങ്ങൾ അദ്ദേഹത്തിന്റെ മുൻപിൽ നിരന്നു. എങ്കിലും ഗൃഹനായികയ്ക്കു സംശയം. അവർ എന്നെ അകത്തേക്കു വിളിച്ചു് ഇദ്ദേഹമാണോ കെ. എം. മാത്യുസ്സാറ് ? എന്നു ചോദിച്ചു. “അതേ” എന്നു എന്റെ മറുപടി. മാത്യു മണർകാടു് ചായകുടിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ സൺ ഇൻ ലാ ഓഫീസിൽനിന്നു് വീട്ടിലെത്തി അകത്തേക്കു കയറി. ഗൃഹനായിക പറഞ്ഞു “മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ. എം. മാത്യുസ്സാറാണു് ആ ഇരിക്കുന്നതു്”. ലോകപരിചയമുള്ള മരുമകൻ മറുപടി നല്കി. “അല്ലല്ല. കെ. എം. മാത്യുസ്സാറിനെ ഞാൻ കണ്ടിട്ടുണ്ടു്. ഇതു വേറെ ആരോ ആണു്”. മാത്യു മണർകാടു് വിശേഷാൽ പ്രതിക്കു ലേഖനം ചോദിച്ചിട്ടു തിരിച്ചുപോയ തക്കം നോക്കി ഗൃഹനായികവന്നു എന്നോടു ചോദിച്ചു: “കെ. എം. മാത്യുസ്സാറ് പോയോ?” ഞാൻ ഇളിഭ്യനായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരു സംഭവത്തിന്റെ ഹാസ്യാത്മകത വ്യക്തമാക്കാനും അതിൽനിന്നു് ഒരു തത്ത്വം നിർദ്ധാരണം ചെയ്യാനുമാണു് ഞാനിതെഴുതിയതു്. ഞാൻ അർഹിക്കുന്നതിലേറെ എന്നെ ബഹുമാനിക്കുന്നവരാണു് മലയാളമനോരമയുടെ പ്രവർത്തകർ. അവർ എന്റെ ഉപകർത്താക്കളുമാണു്. അതുകൊണ്ടു് ഈ വിവരണം എന്റെ അഭിവന്ദ്യസുഹൃത്തു് മാത്യു മണർകാടിനെ അല്പംപോലും വേദനിപ്പിക്കില്ലെന്നാണു് എന്റെ വിചാരം. വേദനയുടെ ചെറിയ പാടെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിൽ വീഴുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തോടു മാപ്പുചോദിക്കാൻ സന്നദ്ധനാണു്. മുൻകൂട്ടി അതു ചോദിക്കുകയും ചെയ്യുന്നു.

കോട്ടയത്തു് ഒരു കോളിജിൽ മീറ്റിങ്ങിനു പോയപ്പോൾ തൊട്ടടുത്തുള്ള മനോരമ ഓഫീസിൽച്ചെന്നു് ഞാൻ കെ. എം. മാത്യു അവർകളെകണ്ടു. അങ്ങനെ കണ്ടതുകൊണ്ടാണു് ശ്രീ. മാത്യു മണർകാടിനെ കണ്ടപ്പോൾ എനിക്കു യഥാർത്ഥമായ പ്രത്യഭിജ്ഞാനം—Recognition—ഉണ്ടായതു്. മഹാത്മാഗാന്ധിയെ ഞാൻ കണ്ടിട്ടില്ലെന്നു കരുതു. അദ്ദേഹം എന്റെ വീട്ടിന്റെ മുൻപിലൂടെ പോകുന്നതു ഞാൻ കണ്ടാൽ ആരോ പോകുന്നു വടിയും കുത്തി എന്നേ വിചാരിക്കു. എന്നാൽ ഒരാൾ ‘ഇതാണു് മഹാത്മാഗാന്ധി’ എന്നു പറഞ്ഞാൽ എനിക്കു പ്രത്യഭിജ്ഞാനമുണ്ടാകും. ഞാൻ ഓടിച്ചെന്നു് അദ്ദേഹത്തിന്റെ കാലുകളിൽ തൊട്ടു കണ്ണിൽ വയ്ക്കും. ഈ പ്രത്യഭിജ്ഞാനത്തിനു പുറമേ അന്തർവ്വീക്ഷണവുംകൂടി ഉണ്ടായാൽ കലയായി. സാഹിത്യമായി. ശ്രീ. എൻ. പ്രഭാകരൻ കലാകൗമുദിയിലെഴുതിയ “കാളപ്പാറ” എന്ന ചെറുകഥ വായിക്കുക. ആ പാറയെസ്സംബന്ധിച്ച “മിത്തി”നെ ചാരുതയോടെ ചിത്രീകരിച്ചു മനുഷ്യസ്വഭാവം മുഴുവൻ കഥാകാരൻ സ്ഫുടീകരിക്കുന്നു. ആഖ്യാനപാടവവും സറ്റയറും രചനയ്ക്കു തിളക്കം നല്കുന്നു.

കെ. വി. രാമകൃഷ്ണൻ

ദാന്തെ യുടെ ‘ഡിവൈൻ കോമഡി’യിൽ ഒരിടത്തു മൃഗത്തെ വസ്ത്രംകൊണ്ടു പുതപ്പിച്ചാൽ അതിനു് ആശങ്കയും ക്ഷോഭവുമുണ്ടാകുമെന്നു പറഞ്ഞിട്ടുണ്ടു്. പുതപ്പിന്റെ ചലനംകൊള്ളുന്ന ചുളിവുകളിലൂടെ ആ ആശങ്കയും ക്ഷോഭവും നമുക്കു കാണാറാവും. (Paradise-Canto, XXVI-97) വിഭജനംകൊണ്ടു് ഇളകിമറിഞ്ഞ ഇന്ത്യയെ സോഷലിസത്തിന്റെ പുതപ്പുകൊണ്ടു നെഹ്റു മൂടി. എങ്കിലും അതിന്റെ ചുളിവുകളുടെയും മടക്കുകളുടെയും ചലനങ്ങളിലൂടെ രാജ്യത്തിന്റെ ആശങ്കാദി വികാരങ്ങൾ ജനത കണ്ടു. ഇന്ദിരാഗാന്ധി കുറെക്കാലത്തേക്കു് ആ പുതപ്പെടുത്തു മാറ്റിയപ്പോൾ രാജ്യത്തിന്റെ പിടച്ചിൽ ആളുകൾ നേരിട്ടു കണ്ടു. പിന്നീടു രാജീവ് ഗാന്ധി ടെക്നിക്കൽ സംസ്കാരത്തിന്റെ പുതപ്പെടുത്തു് രാജ്യത്തെ മൂടി. ആ സന്ദർഭത്തിലും ജനത കണ്ടു രാഷ്ട്രത്തിന്റെ ആശങ്കയും ക്ഷോഭവും. ഇപ്പോൾ പുതപ്പേയില്ല. രാജ്യം പിടഞ്ഞുപിടഞ്ഞു മരണത്തോടു് അടുക്കുന്നു. ഇതു് സ്വീകരണീയമായ ജീവിക്കലാണെന്നു്, ആദരണീയമായ പുരോഗമനമാണെന്നു ചിലർ പറയുന്നു. വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഈ ദുർദ്ദശ കണ്ടു ദുഃഖിക്കുന്ന കവിയെയാണു് ഞാൻ ശ്രീ. കെ. വി. രാമകൃഷ്ണന്റെ “ഇരുണ്ട ചോര” എന്ന കാവ്യത്തിൽ കണ്ടതു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്).

“ഇവിടെബ്ഭൂഗോളത്തിൽ കുഞ്ഞിക്കൈ വിരൽചൂണ്ടു-

ന്നിടമിന്ത്യയല്ലൊരു കൂരിരുൾ പരപ്പല്ലോ…

ഇപ്പൊഴും ചുടുചോരയുതിരുന്നല്ലോ നെഞ്ചിൽപ്പൊട്ടിച്ചിന്നിയ മൂന്നു വെടിയുണ്ടയിൽ നിന്നും” എന്നു കവി കാവ്യം അവസാനിപ്പിക്കുമ്പോൾ അതിനു ശക്തിയും ലഭിക്കുന്നു. ഗാന്ധിജിയുടെ മാറിടത്തിൽ തറച്ച വെടിയുണ്ടകൾ നമ്മുടെ മാറിടത്തിൽ വന്നു തറയ്ക്കുന്നുവെന്നു തോന്നുന്നു.

ഒരു ചിത്രംകൂടി

വിഭജനംകൊണ്ടു് ഇളകിമറിഞ്ഞ ഇന്ത്യയെ സോഷ്യലിസത്തിന്റെ പുതപ്പുകൊണ്ടു നെഹ്റു മൂടി. എങ്കിലും അതിന്റെ ചുളിവുകളുടെയും മടക്കുകളുടെയും ചലനങ്ങളിലൂടെ രാജ്യത്തിന്റെ ആശങ്കാദിവികാരങ്ങൾ ജനത കണ്ടു. ഇന്ദിരാ ഗാന്ധി കുറെകാലത്തേക്കു് ആ പുതപ്പെടുത്തു മാറ്റിയപ്പോൾ രാജ്യത്തിന്റെ പിടച്ചിൽ ആളുകൾ നേരിട്ടു കണ്ടു. പിന്നീടു് രാജീവ് ഗാന്ധി ടെക്നിക്കൽ സംസ്കാരത്തിന്റെ പുതപ്പെടുത്തു് രാജ്യത്തെ മൂടി. ആ സന്ദർഭത്തിലും ജനതകണ്ടു രാഷ്ട്രത്തിന്റെ ആശങ്കയും ക്ഷോഭവും. ഇപ്പോൾ പുതപ്പേയില്ല. രാജ്യം പിടഞ്ഞു പിടഞ്ഞു മരണത്തോടു് അടുക്കുന്നു.

ജീവിതത്തെക്കുറിച്ചു രജനീഷ് നിർവഹിച്ച നിരീക്ഷണങ്ങൾ സത്യാത്മകങ്ങളും രസാവഹങ്ങളുമാണു്. ദൈനംദിന സംഭവങ്ങളും കൃത്യങ്ങളും വൈരസ്യമുളവാക്കുന്നു. അതേ ഭാര്യ, അതേ വീടു്, അതേ ജോലി, അതേ ഞാൻ, അതേ സന്താനങ്ങൾ. സഹനശക്തിക്കു് അതിരുണ്ടു്. അതിനാൽ എല്ലാം അസഹനീയങ്ങളാവുന്നു. ഒരേ ചലച്ചിത്രം പിന്നെയും പിന്നെയും കാണുന്നതുപോലെയാണതു്. അല്ലെങ്കിൽ സിനിമാശാലയ്ക്കകത്തു് ഇരിക്കുകയും ചലച്ചിത്രം കാണാതിരിക്കുകയും വേണം. (ഇതാണു ഞാൻ ചെയ്യാറു്) ദാമ്പത്യജീവിതത്തിലും ഇതു തന്നെ സംഭവിക്കുന്നുവെന്നു രജനീഷ് പറയുന്നു. ഭർത്താവു് ഭാര്യയെ നോക്കുന്നില്ല. അവൾ അടുത്തുകൂടെ നടക്കുന്നുണ്ടു്. പക്ഷേ, അയാൾ അവളെ കാണുന്നില്ല. ഭാര്യ ഭർത്താവിനെ ‘കാണുന്നതു്’ നിറുത്തുന്നു. എത്രയോ കാലമായി അയാളും അവളും ഒരുമിച്ചു് ഒരു വീട്ടിൽത്തന്നെ താമസിക്കുകയാണു്. എന്നാൽ ഭാര്യ ഭർത്താവിനെയും ഭർത്താവു് ഭാര്യയെയും കാണുന്നില്ല. രജനീഷിന്റെ ചിന്ത ഇവിടെ തീരുന്നു. ഇനിയുള്ളതു് എന്റെ വിചാരങ്ങൾ. ജീവിതത്തിന്റെ വൈരസ്യം ഇങ്ങനെ ദിനംപ്രതി വർദ്ധിക്കുമ്പോൾ യൗവനത്തിൽ മര്യാദ പാലിച്ചവൻ മര്യാദകെട്ടവനായി മാറുന്നു. ചെറുപ്പകാലത്തു് ആരെയും സഹായിച്ചിരുന്ന വലിയ ഉദ്യോഗസ്ഥന്മാർ പരുക്കൻസ്വഭാവമുള്ളവരായി മാറുന്നു. ‘അയാളോ, ഇപ്പോൾ ആരെയും സഹായിക്കുന്നില്ലെന്നു മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്നു’ എന്നു് ഒരു ഉദ്യോഗസ്ഥനെക്കുറിച്ചു ഒരാൾ എന്നോടു പറഞ്ഞു. യൗവനകാലത്തു് മറ്റുള്ളവരെ അതിരുവിട്ടും സഹായിച്ചിരുന്ന അദ്ദേഹം ഇക്കാലത്തു് അന്യരെ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അതിനു കുറ്റം പറയേണ്ടതു് അദ്ദേഹത്തെയല്ല. ജീവിതവൈരസ്യത്തെയാണു്.

images/Osho.jpg
രജനീഷ്

ബന്ധു മരിച്ചാൽ അയാളെ ആശ്രയിച്ചു് ആഹാരം കഴിച്ചിരുന്നവർ ഉടനെ ഉണ്ടാകുന്ന പട്ടിണിയെ ഓർമ്മിച്ചു നിലവിളിക്കും. പാരതന്ത്ര്യംകൂടാതെ കഴിയുന്നവരുടെ കണ്ണീർ ചീങ്കണ്ണിക്കണ്ണീരായിരിക്കും. ശവം എടുത്തുകൊണ്ടുപോകുമ്പോൾ ഒരു കൂട്ട നിലവിളി. ഒരാഴ്ച കഴിയേണ്ടതില്ല, സിനിമയിൽ മമ്മൂട്ടിയുണ്ടു്, മോഹൻലാലുണ്ടു്. നമുക്കു പോകാം എന്നു പറയും. പോകുകയും ചെയ്യും. വിരളമായി ചിലർക്കു വല്ലപ്പോഴും മനസ്സാക്ഷിക്കുത്തുണ്ടാകും. അതിന്റെ താൽകാലികവേദനയിൽ നിന്നു രക്ഷനേടാനായി അവർ വീടുവച്ചു് അച്ഛന്റെയോ അമ്മയുടെയോ ഭർത്താവിന്റെയോ ഭാര്യയുടെയോ പേരിടുന്നു. അല്ലെങ്കിൽ എണ്ണച്ചായചിത്രം വരപ്പിച്ചു് ചുവരിൽ തൂക്കുന്നു. അതിൽ വർഷത്തിലൊരിക്കൽ പിച്ചിപ്പൂമാലയിടുന്നു. സർവത്ര കാപട്യം. മരിച്ചവനെ അവഗണിച്ചു് അവനെ ചിത്രത്തിലൊതുക്കുന്ന ഈ കാപട്യത്തെയാണു് ശ്രീ. പി. എൻ. വിജയൻ ‘ഒരു ചിത്രം പൂർത്തിയാവുന്നു’ എന്ന കഥയിലൂടെ സ്പഷ്ടമാക്കിത്തരുന്നതു്. മനുഷ്യന്റെ തിന്മയിലേക്കു കൈചൂണ്ടുന്ന ഇക്കഥയ്ക്കു കലാത്മകതയുണ്ടു്.

images/ChandraNobel.jpg
എസ്. ചന്ദ്രശേഖർ

നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ എസ്. ചന്ദ്രശേഖർ തന്റെ ഏഴു പ്രഭാഷണങ്ങളെ “Truth and Beauty—Aesthetics and Motivations” എന്ന പേരിൽ സമാഹരിച്ചിട്ടുണ്ടു് (Indian Penguin Book, Rs. 85.50). അതിൽ വിഖ്യാതനായ കലാനിരൂപകൻ Roger Fry-യുടെ ഒരഭിപ്രായം എടുത്തു ചേർത്തിരിക്കുന്നു. ‘കറകളഞ്ഞ’ സംവേദത്തിന്റെ വെറും പ്രാഥമികാവസ്ഥതൊട്ടു് ‘ഡിസൈൻ’ നിർമ്മിക്കാനുള്ള സമുന്നതപ്രവർത്തനങ്ങൾവരെയുള്ള കലാപ്രവർത്തനത്തിന്റെ ഓരോ ബിന്ദുവിലും ആഹ്ലാദ ജനകത്വം അടങ്ങിയിരിക്കുന്നു. ആ ആഹ്ലാദമില്ലാതെ കലാപ്രവർത്തനത്തിനു മുന്നോട്ടുപോകാൻ വയ്യ. ചിന്തയുടെ അനിവാര്യസ്വഭാവത്തിലുമുണ്ടു് ഈ ആഹ്ലാദദായകത്വം. ശാസ്ത്രീയസിദ്ധാന്തങ്ങൾക്കു രൂപംകൊടുക്കുന്നതിനു പ്രേരകമായി വർത്തിക്കുന്ന ‘ശക്തിവിശേഷം ഈ ആഹ്ലാദത്തിനുവേണ്ടിയുള്ള അഭിലാഷമാണു്.

images/RogerFryselfportrait.jpg
Roger Fry

ചന്ദ്രശേഖറെവിടെ. ഫ്രൈ എവിടെ? നിസ്സാരനായ ഞാനെവിടെ? എങ്കിലും ചോദിക്കുകയാണു് വിനയത്തോടെ. E = mc2 എന്ന സമവാക്യമെഴുതിയപ്പോൾ ശാസ്ത്രജ്ഞനു് പ്രേരകമായിബ്ഭവിച്ച ആഹ്ലാദാനുഭൂതിക്കും “ഹാംലിറ്റ് ” എഴുതിയപ്പോൾ നാടകകർത്താവിനു പ്രേരകമായിബ്ഭവിച്ച ആഹ്ലാദാനുഭൂതിക്കും സാദൃശ്യമുണ്ടോ? “ഹാംലിറ്റ്” വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിതന്നെയാണോ E = mc2 എന്ന സമവാക്യം കാണുമ്പോഴുണ്ടാവുക?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-06-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.