
സാഹിത്യരചനയ്ക്കു നോബൽ സമ്മാനം നേടിയ കൊളമ്പിയൻ നോവലിസ്റ്റ് ഗാർസിഅ മാർകേസിന്റെ (Gabriel Garcia Marquez, 1928) പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നതു “ഏകാന്തതയുടെ നൂറു വർഷങ്ങ”ളാ ണു് (One Hundred Years of Solitude). ആ നോവലിലെ സവിശേഷമായ കലാരീതി അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ നോവലുകളിലും ചെറുകഥകളിലും കാണാം. അസാധാരണങ്ങളായ സംഭവങ്ങളെ സ്ഥൂലീകരിച്ചു് പ്രതിപാദിച്ചു് സ്വപ്നാത്മകതയിലേക്കു നയിക്കുന്ന രീതിയാണു് അദ്ദേഹത്തിന്റേതു്. ഒരു കഥാപാത്രം മരിച്ചപ്പോൾ അയാളുടെ രക്തം വീട്ടിൽനിന്നു പാതയിലേക്കു ഒഴുകി പല വളവുകളും തിരുവുകളും താണ്ടി അയാളുടെ അമ്മയുടെ വീട്ടിലെത്തുന്നു. വേറൊരു കഥാപാത്രം മരിച്ചതിനുശേഷം ജീവനാർന്നു തിരിച്ചെത്തുന്നു. മരണത്തിന്റെ ഏകാന്തത സഹിക്കാനാവാതെയാണു് അയാൾ ഉയർത്തെഴുന്നേല്ക്കുന്നതു്. മാർകേസ് വാസ്തവികതയുടെ മാർഗം വിട്ടു് എന്തിനാണിങ്ങനെ സ്ഥൂലീകരണത്തിലേക്കും അതിന്റെ സന്തതിയായ സ്വപ്നാത്മകതയിലേക്കും പോകുന്നതു? ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനൂഭൂതിക്കു് സദൃശ്യമാണല്ലോ. അതുകൊണ്ടു് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോൾ സ്വപ്നാനുഭൂതി വായനക്കാർക്കു ജനിപ്പിക്കേണ്ടതു് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാർകേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും വന്നുചേരുന്നുണ്ടു്. പക്ഷേ, യഥാർത്ഥ്യത്തെ അവലംബിക്കാതെ താനൊരു സ്ഥൂലീകരണവും നിർവഹിച്ചിട്ടില്ലെന്നാണു് മാർകേസ് പറയുന്നതു്. അദ്ദേഹത്തോടു് ഒരെഴുത്തുകാരൻ ചോദിച്ചു. “അതിവിചിത്രമായ പലതും “ഏകാന്തതയുടെ നൂറുവർഷങ്ങളിൽ” സംഭവിക്കുന്നു. സൗന്ദര്യമുള്ള റെമേദിയോസ് സ്വർഗ്ഗത്തേക്കു പോകുന്നു.
ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനുഭൂതിക്കു് സദൃശ്യമാണല്ലോ. അതുകൊണ്ടു് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോൾ സ്വപ്നാനുഭൂതി വായനക്കാർക്കു ജനിപ്പിക്കേണ്ടതു് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാർകേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും സ്വപ്നമണ്ഡല ചിത്രീകരണവും വന്നുചേരുന്നുണ്ടു്.
മൗറിഷ്യോയുടെ ചുറ്റുമായി മഞ്ഞ ശലഭങ്ങൾ പാറിപ്പറക്കുന്നു. ഇതെങ്ങനെ?” മാർകേസ് മറുപടി നല്കി: “എനിക്കു അഞ്ചു വയസ്സായിരുന്നപ്പോൾ ഒരു ഇലക്ട്രീഷ്യൻ മീറ്റർ മാറ്റാൻ വീട്ടിൽ വന്നു. അയാൾ പല തവണ വന്നു. എന്റെ മുത്തശ്ശി ഒരു സന്ദർഭത്തിൽ ഒരു ചിത്രശലഭത്തെ ആട്ടിക്കളയാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ മുത്തശ്ശി പറയുന്നുണ്ടായിരുന്നു: ‘ഇയാൾ വീട്ടിൽ വരുമ്പോഴെല്ലാം ഈ മഞ്ഞ ശലഭം ഇയാളുടെ കൂടെ വരും.’ ഇതാണു് മൗറിഷ്യോ സംഭവത്തിന്റെ ബീജം”.

ഇത്രയും മുകളിൽ കുറിച്ചതു് മാർകേസിന്റെ പുതിയ പുസ്തകമായ Strange Pilgrims (പ്രസാധനം 1993-ൽ) വായിക്കുമ്പോൾ ഇവയെല്ലാം നമ്മുടെ മുൻപിലുണ്ടായിരിക്കണമെന്നതിനാലാണു്. സവിശേഷ സ്വഭാവമാർന്ന പന്ത്രണ്ടു കഥകളുടെ സമാഹാരമാണു് ഈ ഗ്രന്ഥം. ഇതു വായിക്കുന്നതു് അന്യാദൃശമായ ഒരനുഭവവുമാണു്.
ഇപ്പുസ്തകത്തിലെ അതിമനോഹരമായ ഒരു കഥയാണു് Sleeping Beauty and the Airplane എന്നതു് (ഉറങ്ങുന്ന സുന്ദരിയും വിമാനവും). ഭാവഗീതംപോലെ അതിസുന്ദരം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ: കഥ പറയുന്നയാൾ ന്യൂയോർക്കിലേക്കു പോകാൻ പാരീസിലെ വിമാനത്താവളത്തിൽ നില്ക്കുമ്പോഴാണു് അയാൾ ജീവിതത്തിൽക്കണ്ട ഏറ്റവും സുന്ദരി പെൺസിംഹത്തിന്റെ പതുങ്ങിയ നടത്തത്തോടുകൂടി അതിലേ പോയതു്. റ്റിക്കറ്റ് ക്ലാർക്ക് സീറ്റുകളുടെ നമ്പർ, മൂന്നു്, നാലു്, ഏഴു് എന്നു പറഞ്ഞിട്ടു് അതിലൊന്നു തിരഞ്ഞെടുക്കാൻ അയാളോടു ആവശ്യപ്പെട്ടു. നാലാം നമ്പർ സീറ്റ് മതിയെന്നു പറഞ്ഞു. അയാൾക്കു് അദ്ഭുതം. വിൻഡോസീറ്റിൽ ആ സുന്ദരി ഇരിക്കുന്നു. ചിരപരിചിതത്വമുള്ള യാത്രക്കാരിയെപ്പോലെ അവൾ സ്വന്തം സ്ഥലം സ്വായത്തമാക്കിയിട്ടുണ്ടു്. വിക്കലോടുകൂടി അയാൾ ശുഭാശംസ പറഞ്ഞതു് അവൾ കേട്ടില്ല. യാത്രയിൽ തന്നെ ഒരു കാരണംകൊണ്ടും ഉണർത്തരുതെന്നു് ഏയർ ഹോസ്റ്റസിനു് നിർദ്ദേശം നല്കിയിട്ടു് അവൾ ഉറക്കമാരംഭിച്ചു. പ്രകൃതിയിൽ, സുന്ദരിയായ യുവതിയെക്കാൾ സൗന്ദര്യമുള്ള വേറൊന്നുമില്ലെന്നു് അയാൾ എല്ലാക്കാലത്തും വിശ്വസിച്ചിരുന്നു. അവൾ ഉണർന്നു ഇരിക്കുമായിരുന്നെങ്കിൽ എന്തെല്ലാം ഞാൻ നേരിട്ടു പറയുമോ അവയെല്ലാം അയാൾ മനസ്സിൽ പറഞ്ഞു. ഓരോ തവണ കുടിക്കുമ്പോഴും “സുന്ദരീ നിന്റെ ആരോഗ്യത്തിനുവേണ്ടി” എന്നു് അയാൾ ചൊല്ലുമായിരുന്നു. അവളുടെ സീറ്റിനൊപ്പം സ്വന്തം സീറ്റ് ചരിച്ചുവച്ചു് ഭാര്യയും ഭർത്താവും ഒരു കിടക്കയിൽ കിടക്കുന്ന മട്ടിൽ അയാൾ കിടന്നു. അവളുടെ ശ്വാസത്തിനു് എന്തൊരു സൗരഭ്യം. അതു് അവളുടെ സൗന്ദര്യത്തിന്റെ സൗരഭ്യം മാത്രമാണു്. കഴുത്തിൽ ഒരു മാല. ശരീരത്തിന്റെ സ്വർണ്ണനിറം കൊണ്ടു് ആ മാലയുണ്ടെന്നു് അറിഞ്ഞുകൂടാ. ഉറങ്ങുന്ന സുന്ദരിയെ എന്തെങ്കിലും കാരണം പറഞ്ഞു് കുലുക്കി വിളിക്കണമെന്നു് അയാൾക്കു് ആഗ്രഹം. പക്ഷേ, അതു സാധിച്ചില്ല. ലാൻഡിങ്ങ് ലൈറ്റുകൾ തെളിഞ്ഞപ്പോൾ പനിനീർപ്പൂന്തോട്ടത്തിൽ കിടന്നുറങ്ങിയ മട്ടിൽ അവൾ ഉണർന്നു. ഗുഡ്ബൈ എന്നുപോലും പറയാതെ അവൾ പോയി.
ലോകത്തെ ഏറ്റവും വലിയ സുന്ദരി ഏറ്റവും വലിയ അഭിലാഷം ജനിപ്പിക്കണമെന്നില്ല എന്നു് മാർകേസ് ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. സുന്ദരികൾ പുരുഷന്മാരിൽ ഉളവാക്കുന്ന വൈകാരികപ്രശ്നങ്ങൾ അവരുടെ സൗന്ദര്യത്താൽ പരിഹരിക്കപ്പെടുകയില്ലെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. എങ്കിലും ഇക്കഥയിൽ സ്ത്രീയുടെ വിശ്വവശ്യമായ സൗന്ദര്യവും അവൾ പുരുഷനിൽ ഉളവാക്കുന്ന അദമ്യമായ ആഗ്രഹവും കാവ്യാത്മക ഭാഷ കൊണ്ടു മാർകേസ് ആവിഷ്കരിച്ചിരിക്കുന്നു.
ഫാന്റസിയെ വെറുക്കുന്ന സാഹിത്യകാരനാണു് മാർകേസ്. കാരണം സത്യത്തിന്റെ ഉൽപാദനത്തിനു് ഭാവന സഹായിക്കുന്നു എന്നതത്രേ. ഫാന്റസിക്കു സത്യത്തിന്റെ അടിസ്ഥാനമില്ല. അതില്ലാത്ത മനോരഥസൃഷ്ടി ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്നാണു് അദ്ദേഹത്തിന്റെ മതം. ഈ കഥാസമാഹാരത്തിൽ ഫാന്റസിയുടെ അതിരോളം ചെല്ലുന്ന മാജിക് റീയലിസമുണ്ടു്. എന്നാൽ അവ ഫാന്റസികളല്ല താനും. ‘The Trail of Your Blood in the Snow’ എന്ന കഥയിൽ ഈ മാജിക് റീയലിസം തികഞ്ഞ സൗന്ദര്യം ആവഹിക്കുന്നു. ഒരു മുള്ളുകൊണ്ടു നീനയുടെ വിരൽ ചെറുതായൊന്നു മുറിഞ്ഞു. മുറിവല്ല യഥാർത്ഥത്തിൽ; ഒരു പോറൽ മാത്രം. മൂന്നു ദിവസംമുൻപു് വിവാഹിതയായവളാണു് നീന. വിവാഹം കഴിഞ്ഞു് ഒരംബാസഡറും ഭാര്യയും അവൾക്കു റോസാപ്പൂക്കൾ നല്കിയപ്പോൾ അവയിലുണ്ടായിരുന്ന ഒരു മുള്ളുകൊണ്ടാണു് വിരലിൽ പോറലുണ്ടായതു്. അപ്പോൾ മുതൽ രക്തം ഒഴുകുകയാണു്. കാറിലിരുന്നു് കൈ വെളിയിലിട്ടുകൊണ്ടിരുന്നിട്ടും രക്തപ്രവാഹത്തിനു കുറവില്ല. തങ്ങളെ ആർക്കെങ്കിലും കണ്ടുപിടിക്കണമെന്നുണ്ടെങ്കിൽ മഞ്ഞിൽ പാടുണ്ടാക്കിയ ആ ചോരത്തുള്ളികൾ നോക്കി വന്നാൽ മതിയെന്നു് അവൾ ഭർത്താവിനോടു പറഞ്ഞു. മാഡ്രിഡ് തൊട്ടു പാരീസുവരെ പാതയിൽ ചോരപ്പാടുകൾ.
കഥയെഴുതുമ്പോൾ പ്രകടമായ സമൂഹവിമർശനം നടത്തുന്നതു് ഭക്ഷണം കഴിക്കുമ്പോൾ നോവൽ വായിക്കുമ്പോലെയാണു്. രണ്ടു പ്രക്രിയകളും വേണ്ട മട്ടിൽ നടക്കുകയില്ല.
ക്രമേണ അതു രക്തപ്രവാഹമായി. അപ്പോൾ ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ അവളെ കിടത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞു. ഭർത്താവു് ആശുപത്രിയിൽ ചെന്നപ്പോൾ നീനയെ കാണാനില്ല. കുറെ ദിവസം അലഞ്ഞുതിരിഞ്ഞ അയാൾ ഒടുവിൽ ഡോക്ടറെ കണ്ടെത്തി. അദ്ദേഹം പറഞ്ഞു നീന ജാനുഎരി ഒൻപതാം തീയതി വ്യാഴാഴ്ച വൈകുന്നേരം ഏഴുമണികഴിഞ്ഞു പത്തു മിനിറ്റായപ്പോൾ രക്തമൊഴുക്കുകൊണ്ടു് മരിച്ചുവെന്നു്. ഭർത്താവിനെ കണ്ടുപിടിക്കണമെന്നു് അഭ്യർത്ഥിച്ചിട്ടാണു് അവൾ അന്ത്യശ്ശ്വാസം വലിച്ചതു്. അയാളെ കണ്ടുപിടിക്കാനുള്ള യത്നങ്ങൾ വിഫലങ്ങളായപ്പോൾ പാരീസിൽ വന്നെത്തിയ, നീനയുടെ അച്ഛനമ്മമാരും മറ്റുള്ളവരുംകൂടി ശവസംസ്കാരം നടത്തി. ഭാര്യയുടെ മൃതദേഹം പോലും കാണാനാവാതെ ഭർത്താവു് ആശുപത്രിയിൽനിന്നു റോഡിലേക്കു പോന്നു. പ്രാവുകളുടെ മൃദുലങ്ങളായ തൂവലുകൾ പോലെ മഞ്ഞിൻപാളികൾ വീഴുന്നുണ്ടായിരുന്നു അപ്പോൾ. അവയിൽ ചോരപ്പാടുകളില്ല. പത്തുകൊല്ലം കൂടിയിട്ടാണു് പാരീസിൽ അത്തരത്തിലൊരു വലിയ ഹിമപാതം ഉണ്ടാകുന്നതു്.
എന്തൊരു അസ്വാഭാവികത എന്നു യഥാർത്ഥങ്ങളായ കഥകൾ മാത്രം വായിച്ചിട്ടുള്ളവർ പറഞ്ഞേക്കും. പക്ഷേ, മാർകേസ് ഇതിലൊരു അസ്വാഭാവികതയും കാണുകയില്ല. വാസ്തവികത എന്നതു് തക്കാളിയുടേയും മുട്ടയുടേയും വിലയിൽ ഒതുങ്ങിനില്ക്കുന്നതല്ലെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കും. അസാധാരണങ്ങളായ സംഭവങ്ങളാണു് ലോകത്തിലേറെയുള്ളതു്. ഒരമേരിക്കൻ പൗരൻ ആമസോൺ കാടുകളിലേക്കു പോയപ്പോൾ ഒരു നദിയിലെ വെള്ളം തിളച്ചുമറിയുന്നതു കണ്ടു. മുള്ളുകൊണ്ടു് വിരലിൽ പോറൽ ഉണ്ടാകുന്നതിനെ ചിത്രീകരിക്കുന്നതു മാത്രം സത്യമാകുന്നതെങ്ങനെ? രക്തം പൊടിഞ്ഞുവെന്നു മാത്രം പറഞ്ഞാൽ സത്യമാകുന്നതെങ്ങനെ അതു? പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള സത്യം പിടിച്ചെടുക്കൽതന്നെ അവിശ്വാസ്യമാണു്. അതുകൊണ്ടു നീനയുടെ വിരലിൽനിന്നു തുള്ളിത്തുള്ളിയായി വീണ രക്തം ഒടുവിൽ പ്രവാഹമായിയെന്നും ആ പ്രവാഹത്താൽ അവൾ മരിച്ചുവെന്നും പറയാവുന്നതേയുള്ളൂ. ഇതാണു് മാർകേസിന്റെ മാജിക്കൽ റിയലിസം. പ്രസ്ഥാനമെന്തായാലും കഥ വായിക്കുമ്പോൾ നമ്മൾക്കു കലയെസ്സംബന്ധിച്ച വിശ്വാസമുണ്ടാകുന്നു. ആ വിശ്വാസം—ദൃഢപ്രത്യം—നമുക്കു ഭാവാനുഭൂതി ജനിപ്പിക്കുകയും ചെയ്യുന്നു.
ഇതുപോലെ അസാധാരണങ്ങളായ പത്തുകഥകൾകൂടിയുണ്ടു് ഈ ഗ്രന്ഥത്തിൽ. ഋജുവായ പ്രതിപാദനം പക്ഷേ, ആ പ്രതിപാദനം സ്ഥൂലീകരണമാർന്ന ഒരു ജീവിതവീക്ഷണത്തെയാണു് നമുക്കു കാണിച്ചുതരിക. വിഷന്റെ—ജീവിതാഭിവീക്ഷണത്തിന്റെ—ഈ സ്ഥൂലത ഒരിടത്തും വിരസമായിത്തീരുന്നില്ല. വിരസമാകുന്നില്ലെന്നു മാത്രമല്ല അതു് രസകരമായിത്തീരുന്നുമുണ്ടു്. യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും തമ്മിൽ എന്തേ വ്യത്യാസം? അവയുടെ അതിരു നേർത്തതല്ലേ? സ്വപ്നാത്മകത്വത്തിലൂടെ ജീവിതത്തിന്റെ പരോക്ഷസത്യങ്ങളിലേക്കു നയിക്കാനാണു് മാർകേസ് ശ്രമിക്കുന്നതു്. ആ യത്നം വിജയഭാസുരമാകുകയും ചെയ്യുന്നു.

Strange Pilgrims —അപൂർവ്വ തീർത്ഥാടകർ. അവർ തീർത്ഥാടനം നടത്തുന്നതു മരണത്തിലേക്കാണു്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു പ്രസിഡന്റും, റ്റെലിഫോണിൽ സംസാരിക്കാൻ ചെന്ന ഒരു യുവതിയെ ഉന്മാദമുള്ളവളായി മുദ്രകുത്തുന്ന ചില ക്രൂരസ്ത്രീകളും സ്വന്തം ശവസംസ്കാരം നേരത്തേക്കൂട്ടി സംവിധാനം ചെയ്യുന്ന ഒരു വേശ്യയും മരണത്തിലേക്കു തീർത്ഥാടനം നടത്തുന്നു. ജീവിതവും മരണവും ഈ കഥകളിലൂടെ നമ്മൾ ദർശിക്കുന്നു. ആ ദർശനം മാജിക്ക് റീയലിസത്തിന്റെ കാചത്തിലൂടെയാണെന്നു മാത്രം (Translated from the Spanish by Edith Grossman —Jonathan Cape, London).
ഔചിത്യമില്ലാതെ എഴുതുകയാണു ഞാൻ. ചിലർ ‘ക്ളോസിറ്റി’ൽ പോകുമ്പോൾ ഒന്നുകിൽ വർത്തമാനപ്പത്രം കൊണ്ടുപോകും. വായിക്കാനായി. അല്ലെങ്കിൽ പുസ്തകം. തെറ്റാണിതു്. എന്തുകൊണ്ടു തെറ്റെന്നു് എനിക്കു വിശദീകരിക്കാൻ വയ്യ. അതുപോലെ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ നോവൽ വായിക്കുന്ന മുതിർന്നവരുണ്ടു്. ‘കോമിക്സ്’ നോക്കുന്ന കുട്ടികളുണ്ടു്. ഇതും തെറ്റാണു്. പാരായണത്തിലുള്ള രസം കൊണ്ടു് വേണ്ടിടത്തോളം ചവയ്ക്കുകയില്ല. അല്ലെങ്കിൽ നാക്കിൽ തനിയെ കടിക്കും. ചിലപ്പോൾ ആഹാരവസ്തു അന്നനാളത്തിൽ പോകാതെ വരാം. ശ്വാസക്കുഴലിലേക്കു കടന്നു ചെന്നുവെന്നും വരാം. ഹാസ്യചിത്രങ്ങൾ കണ്ടു ചിരിക്കുന്ന കുട്ടി ചോറും കൂട്ടാനും നേരെ മൂക്കിലേക്കു കയറ്റുന്നതും അപൂർവ സംഭവമല്ല.
മോപസാങ്ങും ചെക്കോവും റ്റോമസ് മന്നും ഒക്കെ ഗിരിശൃംഗങ്ങളാണു്. അവിടെ നിന്നു വീശുന്ന കാറ്റിനു് സാദൃശ്യമുണ്ടു്. സാഹിത്യം ജനിപ്പിക്കുന്ന അധ്യാത്മികമായ ഐക്യമാണു് ആ ശീതളവായുവിനുള്ളതു്.
കഥയെഴുതുമ്പോൾ പ്രകടമായ സമൂഹവിമർശനം നടത്തുന്നതു് ഭക്ഷണം കഴിക്കുമ്പോൾ നോവൽ വായിക്കുന്നതു പോലെയാണു്. രണ്ടു പ്രക്രിയകളും വേണ്ട മട്ടിൽ നടക്കുകയില്ല. ആപത്തുണ്ടാക്കുകയും ചെയ്യും. കലാകൗമുദിയിൽ ‘കുലചിഹ്നം’ എന്ന ചെറുകഥയെഴുതിയ ശ്രീ. എം. എ. രഹ്മാൻ ചെയ്തതു ഈ പ്രവൃത്തിതന്നെയാണു്. ആഹാരം കഴിക്കുന്നതിനെക്കാൾ കൂടുതലായി നോവൽ വായിക്കുന്നു അദ്ദേഹം. കലാകൗമുദിയിൽ ‘കറൻസറസ് ലവ്’ എഴുതിയ ശ്രീ. എം. ഗോപിനാഥൻ നായർ കുട്ടികളെപ്പോലെ കോമിക്സ് നോക്കി രസിക്കുന്നു. ആ നോട്ടത്തിലാണു് തല്പരത്വം കൂടുതൽ. ഈ വളച്ചുകെട്ടലുകൾ ഒഴിവാക്കിപ്പറയാം. ലോകത്തിന്റെ നൃശംസതയെ തലയോടു ശേഖരിക്കലായി ചിത്രീകരിക്കുന്ന റഹ്മാൻ കലയെയല്ല, സമൂഹവിമർശനത്തെയാണു് ആദരിക്കുക. ഗോപിനാഥൻ നായർ ഫാന്റസിയേയും യഥാതഥ്യത്തെയും ചേരുംപടി ചേർക്കാതെ അവയെ അടുത്തടുത്തു നിറുത്തി വായനക്കാരെ ക്ലേശിപ്പിക്കുന്നു. പ്രേമവിവശനായ യുവാവിനു ഹൃദയത്തിൽ മുഴ. ഡോക്ടർ കീറി നോക്കിയപ്പോൾ രക്താശയത്തിൽ മുഴയില്ല. ചോര മാത്രമേയുള്ളൂ. അപ്പോൾ തലയ്ക്കകത്തു മുഴയെന്നു ചെറുപ്പക്കാരൻ. അയാളെ വെറുക്കുന്ന ‘കാമുകി’ അയാളുടെ പിറകേ പോകുന്നു. നമ്മുടെ ചെറുകഥാ സാഹിത്യം അവിദഗ്ദ്ധരുടെ കൈയ്യിൽപ്പെട്ടു എന്തുമാത്രം ഉഴലുന്നു!

ഞാൻ താമസിക്കുന്ന സ്ഥലവും ഹിമാലയ പർവ്വതവുമുള്ള സ്ഥലവും തമ്മിൽ എന്തു് അകൽച്ച! എങ്കിലും എനിക്കിവിടുത്തെ പുതിഗന്ധം കലർന്ന വായു ശ്വസിക്കാനല്ല കൗതുകം. ധവളങ്ങളായ ഗിരിശൃംഗങ്ങളിൽ തട്ടിവരുന്ന കുളിർകാറ്റേല്ക്കാനാണു് ആഗ്രഹം. ആ കാറ്റു് എന്റെ ശ്വാസകോശങ്ങളിൽ നിറയുമ്പോൾ ജീവിതം സഫലമായിയെന്നു് എനിക്കു തോന്നുന്നു. വിദൂര സ്ഥലമായതെന്തും ഉത്കൃഷ്ടം എന്ന രീതിയിലല്ല ഞാനിതു പറയുന്നതു്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും ദുർഗ്ഗന്ധം വന്നെന്നു വരും. പക്ഷേ, മഞ്ഞണിഞ്ഞ ഉത്തരഭാരത പർവ്വത പംക്തികളിൽനിന്നു് കുളിർകാറ്റു മാത്രമേ വീശുകയുള്ളൂ.

മോപസാങ്ങുംചെക്കോവുംറ്റോമസ് മന്നും ഒക്കെ ഗിരിശൃംഗങ്ങളാണു്. അവിടെനിന്നു് വീശുന്ന കാറ്റിനു് സാദൃശ്യമുണ്ടു്. സാഹിത്യം ജനിപ്പിക്കുന്ന ആധ്യാത്മികമായ ഐക്യമാണു് ആ ശീതളവായുവിനുള്ളതു്. തിരുവനന്തപുരത്തു് ആ കാറ്റില്ല. കേരളത്തിലൊരിടത്തും അതില്ല. ഞാൻ മാതൃഭാഷാസ്നേഹമില്ലാത്തവനാണെന്നു പ്രിയപ്പെട്ട വായനക്കാർക്കു തോന്നുന്നെങ്കിൽ ക്ഷമിക്കണം. ശ്രീ. മണർക്കാടു് വിജയൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ശുദ്ധവായു’ എന്ന ചെറുകഥയൊന്നു വായിച്ചു നോക്കുക. മഞ്ഞിന്റെ വെൺമയെവിടെ? പർവ്വതത്തിന്റെ ഒന്നത്യമെവിടെ? വായുവിന്റെ കുളിർമ്മയെവിടെ? അവർ ദമ്പതികൾ. അവരുടെ പാർപ്പിടത്തിനടുത്തു വേറൊരു ഭാര്യയും ഭർത്താവും വന്നു താമസിക്കുന്നു. അവർ ആദ്യം പറഞ്ഞ ദമ്പതികൾക്കു വിദേശനിർമ്മിതങ്ങളായ വസ്തുക്കൾ നല്കുന്നു. ആഹ്ലാദം. ഒടുവിൽത്തെളിയുന്നു നവാഗതൻ കള്ളക്കടത്തുകാരനാണെന്നു്. ദമ്പതികൾ ആ കള്ളന്റെ സാമീപ്യം ഒഴിവാക്കാനായി വീടു മാറാൻ ആലോചിക്കുന്നു. ഇതിവൃത്ത നിവേശനത്തിൽ, സംഭവവർണ്ണനയിൽ, സാകല്യാവസ്ഥയിലുള്ള സങ്കല്പത്തിൽ എന്നു വേണ്ട ഏതിലും ക്ഷുദ്രത്വം. മണർകാടു വിജയനെ എനിക്കു നേരിട്ടറിയാം. മാന്യതയുടെ പ്രതിരൂപമാണു് ആ മനുഷ്യൻ. അതു നല്കുന്ന അധികാരം ഉപയോഗിച്ചു ഞാൻ പറയുകയാണു്. അദ്ദേഹം ചെറുകഥാസാഹിത്യത്തിലെ മാസ്റ്റർപീസുകൾ വായിക്കണം. വായിച്ചാൽ ഇത്തരം കഥകൾ അദ്ദേഹം എഴുതുകില്ല.

പേരു പറഞ്ഞാൽ ചിലർ വഴക്കുകൂടാൻ വരും. നേരമ്പോക്കാണെന്ന വസ്തുതപോലും അവർ ഓർമ്മിക്കുകയില്ല. അതുകൊണ്ടു പേരു പറയുന്നില്ല. അദ്ദേഹം കേരളത്തിൽനിന്നു ദുബായ് വിമാനത്താവളത്തിലിറങ്ങി പുറത്തുവരുന്നു. ഒരുഭാഗത്തു് Arrival എന്ന ബോർഡ്. അതുകണ്ടു് കമ്മ്യൂണിസ്റ്റ് വിരോധിയായ അദ്ദേഹം ആക്രോശിച്ചു. “ഹെടാ ഇതെന്തൊരു പാടു്. ഇവിടെയും വന്നോ അവ”.
- 1.
- സി. വി. രാമൻപിള്ള യുടെ ‘മാർത്താണ്ഡവർമ്മ’ എന്ന നോവൽ പ്രസിദ്ധപ്പെടുത്തിയ കാലത്തു് അതൊരു വിശേഷപ്പെട്ട സംഭവമായിരുന്നു. കുമാരനാശാന്റെ ‘വീണപൂവും’ വള്ളത്തോളിന്റെ ‘മഗ്ദലന മറിയ’വും ബഷീറിന്റെ ‘ബാല്യകാലസഖി’യും ചങ്ങമ്പുഴ യുടെ ‘രമണനും’ ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും പ്രസാധനം ചെയ്ത കാലങ്ങളിൽ ഓരോ പ്രസാധനവും ഓരോ സംഭവമായിരുന്നു. ഇന്നു് ഗ്രന്ഥപ്രസാധനങ്ങൾ സംഭവങ്ങളായി മാറുന്നില്ല. എന്താണതിനു കാരണം? ബഹുജനത്തിനു സാഹിത്യത്തിന്റെ വൈശിഷ്ട്യം എവിടെയിരിക്കുന്നുവെന്നു് അറിയാമെന്നതു തന്നെ.
- 2.
- നാലായിരം കൊല്ലങ്ങൾക്കുമുൻപു് ഈജിപ്തിൽ ആവിർഭവിച്ച ഒരു കാവ്യത്തിന്റെ ഭാഷാന്തരീകരണമാണു് താഴെ:
ഇതാ എന്റെ പേരു ദുർഗ്ഗന്ധധൂമം വമിക്കുന്നു. ഇതാ ഉഷ്ണകാലദിനങ്ങളിൽ കത്തുന്ന ആകാശത്തിനു താഴെ പൂതിമാംസം നാറുന്നതിനെക്കാൾ നാറ്റത്തോടെ.
ഇതാ എന്റെ പേരു ദുർഗ്ഗന്ധധൂമം വമിക്കുന്നു. ബലിഷ്ഠശിശുവിനെ അവന്റെ രക്ഷകർത്താവു് ഉപേക്ഷിച്ചാൽ നാറുന്നതിനെക്കാൾ നാറ്റത്തോടെ.
ആരോടാണു് ഞാനിന്നു സംസാരിക്കേണ്ടതു?
സഹോദരന്മാർ അധമന്മാർ സ്നേഹത്തിനു വേണ്ടി പരിചയമില്ലാത്തവരുടെ അടുക്കലേക്കാണു പോകേണ്ടതു്.
ആരോടാണു ഞാനിന്നു സംസാരിക്കേണ്ടതു? ദുഃഖഭാരമാണു് എനിക്കു്; ഉറ്റ സ്നേഹിതൻ ഇല്ലാത്തതുകൊണ്ടു്.
ഇന്നു മരണം എന്റെ മുൻപിലുണ്ടു്; രോഗി രോഗവിമുക്തനായതുപോലെ; ബന്ധനത്തിനു ശേഷം പുറത്തേക്കു പോകുന്നതുപോലെ.
ഇന്നു മരണം എന്റെ മുൻപിലുണ്ടു്. ബന്ധനത്തിൽ വളരെ വർഷങ്ങൾ കഴിഞ്ഞുകൂടിയവനു സ്വന്തം വീടു കാണാനുള്ള കൊതിയെന്നപോലെ”.
ആത്മഹത്യയെ പ്രകീർത്തിക്കുന്ന കാവ്യമാണിതു്. ഇന്നത്തെ നമ്മുടെ നിരൂപകർ ഇതു രചിച്ച കാലത്തു് ഈജിപ്തിലുണ്ടായിരുന്നെങ്കിൽ ഇതിലെ ആളിനെ എക്സിസ്റ്റെൻഷ്യൽ ഔട്ട്സൈഡറാക്കി കളഞ്ഞേനേ.
- 3.
- “പ്രരോദനം ” നല്ല വിലാപകാവ്യമാണെന്നു ഒരാൾ പറഞ്ഞതായി കുമാരനാശാനോടു് ആരോ പറഞ്ഞപ്പോൾ “അവർക്കൊക്കെ അതു മനസ്സിലാകുമോ?” എന്നു് അദ്ദേഹം ചോദിച്ചു. മനസ്സിലായില്ലെങ്കിൽത്തന്നെ എന്തു? നിരൂപണമെഴുതാൻ വല്ല പ്രയാസവുമുണ്ടോ? ഏതു അസംബന്ധമെഴുതിയാലും അതിനെ പൊക്കികൊണ്ടു നടക്കാൻ കുറെ ആളുകൾ ഉണ്ടാവും. ദുർഗ്രഹതയേറിയ ‘പ്രരോദന’ത്തിന്റെ സ്ഥിതി ഇതു്. കാവ്യം തികഞ്ഞ സ്പഷ്ടതയുള്ളതാണെന്നു വിചാരിക്കൂ. എന്നാൽപ്പോലും നിരൂപകൻ അതിനെ രൂപപരിവർത്തനം വരുത്തിയാവും പ്രദർശിപ്പിക്കുക. കുമാരനാശാന്റെ “ലീല ” എന്ന കാവ്യത്തിലെ ആ പേരുള്ള നായിക കൂടെക്കിടന്ന ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്നുവെന്നു പറഞ്ഞ കുട്ടികൃഷ്ണമാരാർ ആ കാവ്യത്തിനു ‘ഡിസ്റ്റോർഷൻ’ (വളച്ചുതിരിക്കൽ) വരുത്തിയിട്ടാണു് വിമർശനമെഴുതിയതെന്നു വ്യക്തമാകുന്നു.
സാൽവാർ കമീസ്: വിവേകമുള്ളവരെ ഓക്കാനിപ്പിക്കുന്ന വസ്ത്രവിശേഷം.
ദേശാഭിമാനി വാരിക എനിക്കു ചൊവ്വാഴ്ച പോസ്റ്റിൽ വരും. ഇന്നത്തെ മെയ്ലിൽ അതു കാണാത്തതു കൊണ്ടു ഞാൻ തിരുവനന്തപുരത്തെ ദേശാഭിമാനി ബുക്ക് സ്റ്റാളിൽചെന്നു് വാരിക വാങ്ങി. വീട്ടിൽ കൊണ്ടുവന്നു തുറന്നു നോക്കി അതു്. അച്ചടിമഷി നല്ലപോലെ ഉണങ്ങിയിട്ടുണ്ടു്. ഉണങ്ങിയ ആ അക്ഷരങ്ങളിലൂടെ ശ്രീമതി. ഡി. ചന്ദ്രലേഖയുടെ ഒരു ഉണക്കക്കഥ ഞാൻ കണ്ടു. പണ്ടെങ്ങോ പഠിച്ചതോ പഠിപ്പിച്ചതോ ആയ ഒരലങ്കാരം ഓർമ്മ വന്നു. “സമം ചേരേണ്ടതിൽ ചേർച്ച”. അച്ചടിമഷി ഉണങ്ങിയ പരുവത്തിലായതുകൊണ്ടു് രചനയും ഉണങ്ങിയതായിരിക്കണമല്ലോ? അതിനാൽ അർത്ഥാലങ്കാരം “സമം” തന്നെ. നിർമ്മല കുട്ടിയായിരിക്കുമ്പോൾ പടം വരയ്ക്കുമായിരുന്നു. ക്രമേണ അവളുടെ ആ വാസന വികസിച്ചു. പ്രായമെത്തിയ അവളെ വിവാഹം കഴിച്ചതു് അരസികനായ അജയൻ. അയാൾ പടം വരയ്ക്കാൻ അവളെ സമ്മതിക്കില്ലെന്നു മാത്രമല്ല നീതിപൂർവകമായ സ്വാതന്ത്ര്യം അനുഭവിക്കാനും സൗകര്യം നല്കുകില്ല. ദാമ്പത്യജീവിതം ഒന്നിനൊന്നു വിരസമായി. നിർമ്മല മിസ്സിസ് അജയനായി. പിന്നീടു് നിശ്ചേതനവസ്തുവായി. എലിപ്പത്തായത്തിൽ കയറുന്ന എലിയുടെ ചിത്രം അവൾ വരച്ചുവയ്ക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. എന്തൊരു ‘ചീപ്പ് സിംബലിസം! കഥയുടെ ധമനികളിൽക്കൂടി സംഭവങ്ങളുടെ ചൂടുള്ള രക്തം ഒഴുകുന്നുണ്ടോ? കഥാഹൃദയം വികാരത്താൽ സ്പന്ദിക്കുന്നുണ്ടോ? രണ്ടു ചോദ്യങ്ങൾക്കും ‘ഇല്ല’ എന്നാണു് ഉത്തരം.
സറീയലിസം: ഡാലിയുടേതായാലും തികഞ്ഞ ഭ്രാന്തു്.
പപ്പടമുണ്ടാക്കുന്നവർ മാവു കുഴച്ചുവച്ചു് അടിച്ചുപരത്തി വൃത്താകൃതിയിലാക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. വളരെ വർഷങ്ങളായി പലരും ഉപയോഗിച്ച മാവുതന്നെ ചന്ദ്രലേഖയും പലകമേൽ വയ്ക്കുന്നു. അതിനെ അടിച്ചുപരത്തി കഥയെന്നു വിളിക്കുന്നു. ശരിയായ പപ്പടം തിളച്ച വെളിച്ചെണ്ണയിൽ ഇട്ടാൽ പൊള്ളിക്കയറും. വായനക്കാരന്റെ ഹൃദയം വികാരത്താൽ തിളയ്ക്കുന്ന സ്ഥലമാണു്. അവിടെ ചന്ദ്രലേഖ എടുത്തിട്ട ഈ കഥാപപ്പടം പൊള്ളാതെ കിടക്കുന്നു.
- സ്പർശം:
- സമ്മേളനത്തിൽ സുന്ദരി പൂച്ചെണ്ടു നല്കുമ്പോൾ പ്രഭാഷകനു നടത്താനുള്ളതു്.
- വൈരൂപ്യം:
- ഏതു സുന്ദരന്റെയും സുന്ദരിയുടേയും പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫിൽ ഉള്ളതു്.
- കേരളം:
- വടക്കേയതിരു കാസർഗോഡല്ല, കോൺഗ്രസ്. കിഴക്കു സഹ്യപർവ്വതമല്ല. സി. പി. ഐ (എം). തെക്കു് സമുദ്രമല്ല സി. പി. ഐ. പടിഞ്ഞാറു അറേബ്യൻ കടലല്ല മറ്റെല്ലാപ്പാർട്ടികളും. ഈ അതിരുകൾക്കുള്ളിൽ നാരകീയവേദന അനുഭവിക്കുന്ന കുറെ പാവപ്പെട്ട ആളുകൾ പാർക്കുന്ന സ്ഥലം.
- എഞ്ചിനീയറിങ്ങ് കോളിജ്:
- സോഷൽ സ്റ്റേയ്റ്റസിനുവേണ്ടി അച്ഛനമ്മമാർ സന്താനങ്ങളെ പറഞ്ഞയയ്ക്കുന്ന പ്രയോജനമില്ലാത്ത സ്ഥാപനം.
- സൽവാർ, കമ്മീസ്:
- വിവേകമുള്ളവരെ ഓക്കാനിപ്പിക്കുന്ന വർണ്ണോജ്ജ്വലമായ വസ്ത്ര വിശേഷം.
- നഗ്നത:
- പുരുഷൻ കാണിക്കുന്നതിനേക്കാൾ കൂടുതലായി സ്ത്രീ കാണിക്കുന്നതു്.
- സറീയലിസം:
- ഡാലി യുടേതായാലും തികഞ്ഞ ഭ്രാന്തു്.
ഗൗരിയമ്മ (മുൻമന്ത്രി): എം. കൃഷ്ണൻ നായർ ചിരിക്കാത്ത ആളാണു്.
വയലാർ രാമവർമ്മ: (ഞാൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ) പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായരു ണ്ടു്. മഹായശസ്കനായ ഡോക്ടർ എം. കൃഷ്ണൻ നായരുണ്ടു്. നിങ്ങളാരു്?
എം. ഹരികുമാർ (മഹാകവി ഉള്ളൂരിന്റെ പൗത്രൻ): ഉള്ളൂർക്കവിതയിൽ താങ്കൾ കാണുന്ന ദോഷങ്ങൾ ആശാൻ കവിതയിലും വള്ളത്തോൾക്കവിതയിലുമുണ്ടു്. പക്ഷേ, അവയെക്കുറിച്ചു് താങ്കൾ ഒരക്ഷരം പോലും മിണ്ടുന്നില്ല.
മന്നത്തു് പദ്മനാഭൻ: ഞാൻ നിങ്ങളുടെ പ്രസംഗം കേൾക്കാൻ വരില്ല. എന്നാൽ നിങ്ങൾ ഞാനിരിക്കുന്നിടത്തു് വന്നു കയറി പ്രസംഗിക്കുന്നു.
എം. കെ. മേനോൻ (വിലാസിനി) (‘അന്നാകവാൻ എന്ന അമേരിക്കൻ എഴുത്തുകാരി’യെന്നു് ഞാനെഴുതിയതു് എഴുത്തുകാരൻ എന്നു മലയാളനാടു വാരികയിൽ അച്ചടിച്ചു വന്നതു വായിച്ച്): സ്ത്രീയെ പുരുഷനാക്കുകയും പുരുഷനെ സ്ത്രീയാക്കുകയും ചെയ്യുന്നതാണല്ലോ നിങ്ങളുടെ ജോലി.