SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-11-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Thyagaraja.jpg
ത്യാ­ഗ­രാ­ജൻ

മെഡൂല ഒ­ബ്ലോ­ങ്ഗ­റ്റ (medulla oblongata) മ­സ്തി­ഷ്ക­ത്തി­ന്റെ ഏ­റ്റ­വും താ­ഴ­ത്തെ ഭാ­ഗ­മാ­ണു്. അ­തി­ന്റെ തു­ടർ­ച്ച­യാ­ണു സു­ഷു­മ്ന (spinal cord). വി­കാ­ര­ങ്ങ­ളും മ­റ്റും മെഡൂല ഒ­ബ്ലോ­ങ്ഗ­റ്റ­യ്ക്കു് അ­ര­മ­ണി­ക്കൂ­റി­ല­ധി­കം താ­ങ്ങാ­നാ­വി­ല്ല. മ­റ്റു­ള്ള­വ­രു­ടെ ദീർ­ഘ­മാ­യ സം­സാ­ര­വും അ­തു­പോ­ലെ തന്നെ അതു സ­ഹി­ക്കി­ല്ല. അ­തു­കൊ­ണ്ടു് ഏതു പ്ര­ഭാ­ഷ­ണ­വും അ­ര­മ­ണി­ക്കൂ­റിൽ അ­ധി­ക­മാ­യാൽ ശ്രോ­താ­വു് അ­സ്വ­സ്ഥ­നാ­കും. സാ­ക്ഷാൽ ത്യാ­ഗ­രാ­ജൻ തന്നെ വന്നു പാ­ടി­യാ­ലും മു­പ്പ­തു മി­നി­റ്റ് ക­ഴി­യു­മ്പോൾ ഈ സു­ഷു­മ്നാ­ശി­ര­സ്സു് പ്ര­തി­ഷേ­ധി­ക്കും. ഇ­തി­ന്റെ സ്വ­ഭാ­വം ഇ­മ്മ­ട്ടി­ലാ­യ­തു കൊ­ണ്ടു് ആ­രോ­ടും ദീർ­ഘ­നേ­രം സം­സാ­രി­ച്ചു് ആ വ്യ­ക്തി­യെ ത­ളർ­ത്ത­രു­തു്. പ്ര­ഭാ­ഷ­ക­ന്മാ­രും മ­ന­സ്സി­രു­ത്തേ­ണ്ട കാ­ര്യ­മാ­ണി­തു്. മ­ര്യാ­ദ­യു­ടെ പേരിൽ ആളുകൾ മി­ണ്ടാ­തി­രി­ക്കു­ന്ന­തു കൊ­ണ്ടു് അവരെ നോ­ക്കി ഒരു മ­ണി­ക്കൂർ, രണ്ടു മ­ണി­ക്കൂർ നേരം പ്ര­സം­ഗി­ക്കു­ന്ന­തു മ­ഹാ­പ­രാ­ധ­മാ­ണു്.

ടോൾ­സ്റ്റോ­യി­യും ദ­സ്തെ­യ്വ്സ്കി­യും ഡി­ക്കിൻ­സും വ­ള്ള­ത്തോ­ളും കു­മാ­ര­നാ­ശാ­നും പു­സ്ത­ക­ങ്ങ­ളെ­ഴു­തി­യ­തു് ന­മു­ക്കു വേ­ണ്ടി­യാ­ണു്. അവ വാ­യി­ച്ചു കൊ­ണ്ടി­രു­ന്നാൽ ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞു് ന­മു­ക്കു മ­റ്റു­ള്ള­വ­രു­ടെ ഏ­കാ­ന്ത­ത­യെ ഭ­ഞ്ജി­ക്കേ­ണ്ടി വ­രി­ല്ല.

ഈ ലോ­ക­ത്തു് ആർ­ക്കും ആ­രു­ടെ­യും കൂ­ട്ടു­കെ­ട്ടു് ആ­വ­ശ്യ­മി­ല്ല. നമ്മൾ ഒ­രാ­ളോ­ടു­കൂ­ടി അ­യാ­ളോ­ടു് എ­പ്പോ­ഴും ഒ­രു­മി­ച്ചു ന­ട­ന്നാൽ ന­മ്മു­ടെ ഊർ­ജ്ജം ന­ശി­ക്കും. അതു ന­ശി­ച്ചാൽ ന­മു­ക്കു് പി­ന്നെ ഒരു ജോ­ലി­യും ചെ­യ്യാൻ വ­യ്യാ­തെ­യാ­കും. അ­ന്യ­രെ ഇ­ങ്ങ­നെ ഉ­പ­ദ്ര­വി­ക്കാൻ ആർ­ക്കും അ­ധി­കാ­ര­മി­ല്ലാ­ത്ത­തു­കൊ­ണ്ടു ഞാൻ ത­നി­ച്ചു ന­ട­ക്കു­ന്നു. “നമ്മൾ ത­നി­ച്ചു ജ­നി­ക്കു­ന്നു; ത­നി­ച്ചു പോ­കു­ന്നു” എന്നു പറഞ്ഞ ചി­ന്ത­കർ ഏ­റെ­യാ­ണു്. നമ്മൾ മ­റ്റാ­രു­ടെ­യും കൂ­ട്ടു­കെ­ട്ടി­ല്ലാ­തെ ജീ­വി­ക്കു­ന്ന­തു് ഈ ജ­ന­ന­ത്തി­നും മ­ര­ണ­ത്തി­നും അ­നു­രൂ­പ­മാ­യ വി­ധ­ത്തിൽ ത­ന്നെ­യാ­ണു്. അ­ന്യ­രു­ടെ സ­ഹാ­യ­മോ സ്നേ­ഹ­മോ വേ­ണ്ടെ­ന്ന­ല്ല ഇ­തി­ന്റെ അർ­ത്ഥം. ഒ­ര­തി­രു­വി­ട്ടു നമ്മൾ മ­റ്റു­ള്ള­വ­രു­മാ­യി സ­ഹ­വ­സി­ക്ക­രു­തെ­ന്നേ ഞാൻ അർ­ത്ഥ­മാ­ക്കു­ന്നു­ള്ളു. അ­വ­രു­ടെ ഏ­കാ­ന്ത­ത­യെ ഭ­ഞ്ജി­ക്കാ­തെ നമ്മൾ ലോ­ക­സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ­പീ­സു­കൾ വാ­യി­ച്ചു മ­ന­സ്സി­ന്റെ സം­സ്കാ­രം വി­ക­സി­പ്പി­ക്ക­ണം. ടോൾ­സ്റ്റോ­യി യും ദ­സ്തെ­യെ­വ്സ്കി യും ഡി­ക്കിൻ­സും വ­ള്ള­ത്തോ­ളും കു­മാ­ര­നാ­ശാ­നും പു­സ്ത­ക­ങ്ങ­ളെ­ഴു­തി­യ­തു് ന­മു­ക്കു­വേ­ണ്ടി­യാ­ണു്. അവ വാ­യി­ച്ചു­കൊ­ണ്ടി­രു­ന്നാൽ ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞു് ന­മു­ക്കു മ­റ്റു­ള്ള­വ­രു­ടെ ഏ­കാ­ന്ത­ത­യെ ഭ­ഞ്ജി­ക്കേ­ണ്ടി വ­രി­ല്ല.

മാർഷൽ
images/WriterVKN.jpg
വി. കെ. എൻ.

നാ­ല്പ­തു വർ­ഷ­ങ്ങൾ­ക്കു­മുൻ­പു­ള്ള സം­ഭ­വ­മാ­ണു് ഞാൻ വി­വ­രി­ക്കു­ന്ന­തു്. അന്നു ഞാൻ വെ­മ്പാ­യ­ത്തി­നും പി­ര­പ്പൻ­കോ­ടി­നു­മി­ട­യ്ക്കു­ള്ള ഒരു സ്ഥ­ല­ത്തു താ­മ­സി­ച്ചി­രു­ന്നു. വീ­ട്ടി­നു മുൻ­പിൽ വ­യ­ലു­കൾ. വ­യ­ലു­ക­ളു­ടെ ര­ണ്ടു­ഭാ­ഗ­ത്തും പു­ല്ലു ത­ഴ­ച്ചു വ­ളർ­ന്നു നി­ല്ക്കു­ന്ന സ്ഥ­ല­ങ്ങൾ. ആ­ല­സ്യ­ത്തോ­ടെ, വൈ­കു­ന്നേ­രം ഞാൻ വയൽ വ­ര­മ്പി­ലൂ­ടെ ന­ട­ക്കു­മ്പോൾ മു­ഖ­ശ്രീ­യു­ള്ള ഒരു ഹ­രി­ജ­ന­യു­വ­തി പു­ല്ല­റു­ക്കു­ന്ന­തു കാണും. ശ­രീ­ര­ത്തി­നു വ­ടി­വു­ള്ള, മു­ഖ­ത്തി­നു് ഇ­വി­ടു­ത്തെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ഐ­ശ്വ­ര്യ­മു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രി ചെ­ളി­പു­ര­ണ്ട വ­സ്ത്ര­മു­ടു­ത്തു് മാ­ലി­ന്യ­മാർ­ന്ന ബ്ലൗ­സ് ധ­രി­ച്ചു് അ­ങ്ങ­നെ പു­ല്ലു് അ­രി­ഞ്ഞെ­ടു­ക്കു­ന്ന­തു ക­ണ്ട­പ്പോൾ എ­നി­ക്കു സ­ഹ­താ­പം തോ­ന്നി. ആ പു­ല്ലു് കെ­ട്ടാ­ക്കി­ത­ല­യി­ലേ­റ്റി ഏ­തെ­ങ്കി­ലും വീ­ട്ടിൽ കൊ­ണ്ടു കൊ­ടു­ത്തു് അ­ന്ന­ത്തെ ര­ണ്ട­ണ­യോ മൂ­ന്ന­ണ­യോ അവൾ വാ­ങ്ങും. അതു കൊ­ടു­ത്തു് അ­രി­മേ­ടി­ക്കും. ച­വ­റു­കൂ­ട്ടി തീ­ക­ത്തി­ച്ചു ക­ഞ്ഞി­യു­ണ്ടാ­ക്കി ഭർ­ത്താ­വി­നു കൊ­ടു­ക്കും, അല്പം അവളും ക­ഴി­ക്കും എ­ന്നൊ­ക്കെ ഞാൻ വി­ചാ­രി­ച്ചു. അ­ങ്ങ­നെ പലതവണ ഞാൻ ആ ചെ­റു­പ്പ­ക്കാ­രി­യു­ടെ പു­ല്ല­രി­യൽ ക­ണ്ടി­ട്ടു­ണ്ടു്. മാ­സ­ങ്ങൾ ക­ഴി­ഞ്ഞു. പി­ര­പ്പൻ­കോ­ടു് അ­മ്പ­ല­ത്തിൽ ഉ­ത്സ­വം. ഉ­ത്സ­വം കാ­ണാ­ന­ല്ലെ­ങ്കി­ലും ഞാൻ റോ­ഡി­ലേ­ക്കു ചെ­ന്നു. എ­നി­ക്കെ­തി­രാ­യി ഒരു സു­ന്ദ­രി വ­രു­ന്നു. വി­ല­കൂ­ടി­യ സാ­രി­യു­ടു­ത്തി­ട്ടു­ണ്ടു്. അ­തി­നു­യോ­ജി­ച്ച ബ്ലൗ­സും, മാ­ല­യു­ണ്ടു്, വ­ള­യു­ണ്ടു്, ക­ണ്ണെ­ഴു­തി­യി­രി­ക്കു­ന്നു. സി­ന്ദൂ­ര­പ്പൊ­ട്ടു് ഇ­ട്ടി­ട്ടു­ണ്ടു്. ഈ ഗ്രാ­മ­പ്ര­ദേ­ശ­ത്തു് ഇ­ങ്ങ­നെ­യു­മൊ­രു അ­പ്സ­ര­സോ എ­ന്നു് അ­ത്ഭു­ത­പ്പെ­ട്ടു് ഞാ­നൊ­ന്നു നോ­ക്കി­യ­പ്പോൾ ‘എന്നെ അ­റി­യി­ല്ലേ, എന്റെ സൗ­ന്ദ­ര്യം നി­ങ്ങൾ കാ­ണു­ന്നി­ല്ലേ’ എന്ന രീ­തി­യിൽ അവൾ ക­ട­ക്ക­ണ്ണു­കൊ­ണ്ടൊ­രു നോ­ട്ടം. അ­പ്പോ­ഴാ­ണു് ഞാൻ അ­വ­ളാ­രെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ­തു്. ചെ­ളി­പ്ര­ദേ­ശ­ത്തു നി­ന്നു പ­തി­വാ­യി പു­ല്ല­രി­യു­ന്ന യുവതി. ‘സെ­ന്റി’ന്റെ ഗന്ധം പ­ര­ത്തി­ക്കൊ­ണ്ടു് അ­വ­ള­ങ്ങു­പോ­യി. അ­ക്കാ­ല­ത്തു ചോ­ര­യും നീരും ശ­രീ­ര­ത്തി­ലു­ണ്ടാ­യി­രു­ന്ന ഞാൻ “കു­ല­വെ­ട്ടീ­ടി­ന കു­റ്റി­വാ­ഴ പോലെ” റോഡിൽ നി­ന്നു­പോ­യി.

മ­ഹാ­നാ­യ ഒരു ക­ലാ­കാ­ര­നും രാ­ഷ്ട്രീ­യ ക­ക്ഷി­യിൽ­നി­ന്നോ സ­വി­ശേ­ഷ­മാ­യ സ­മു­ദാ­യ ഘ­ട­ന­യിൽ­നി­ന്നോ ഉ­ണ്ടാ­യ­വ­ര­ല്ല. ക­ലാ­കാ­രൻ ത­ന്നിൽ­നി­ന്നാ­ണു സൃ­ഷ്ടി ന­ട­ത്തു­ന്ന­തു്. ടോൾ­സ്റ്റോ­യി ഏതു പാർ­ട്ടി­യിൽ പെ­ട്ടി­രു­ന്നു?

ശ്രീ. മാർ­ഷ­ലി­ന്റെ ‘ഉ­ജാ­ഗ­രെ ലഹഡ’ എന്ന ചെ­റു­ക­ഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച­പ്പോൾ എ­നി­ക്കു് മു­ക­ളിൽ­പ്പ­റ­ഞ്ഞ സം­ഭ­വ­മാ­ണു് ഓർമ്മ വ­ന്ന­തു്. വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ശ്രീ. വി. കെ. എന്നി നെ അ­നു­ക­രി­ച്ചു് ‘ആ­ക്ഷേ­പ­ഹാ­സ്യ’കഥകൾ എ­ഴു­തി­യ മാർ­ഷ­ലി­നെ ഞാൻ ആ­ദ­രി­ച്ചി­രു­ന്നി­ല്ല. ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു മാ­റ്റം വ­ന്നി­രി­ക്കു­ന്നു, ഹ­രി­ജ­ന­യു­വ­തി­യു­ടെ രൂ­പാ­ന്ത­ര­പ്രാ­പ്തി­പോ­ലെ. മാ­തൃ­ഭൂ­മി­യി­ലെ ഇ­ക്ക­ഥ­യി­ലു­മു­ണ്ടു് ആ­ക്ഷേ­പ­വും ഹാ­സ്യ­വും. അതു ന­മ്മു­ടെ സ­മു­ദാ­യ­ത്തെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് എ­ന്ന­തു് ഒരു വ്യ­ത്യാ­സം. ബ­സ്സിൽ ക­യ­റാ­നെ­ന്നു പ­റ­ഞ്ഞു് ഒരു യാ­ത്ര­ക്കാ­ര­നോ­ടു് ഒ­രു­രൂ­പ ചോ­ദി­ച്ച­വ­നു് അയാൾ അ­ഞ്ചു­രൂ­പ ന­ല്കു­ന്നു. അതു വാ­ങ്ങി­ക്കൊ­ണ്ടു് അയാൾ മ­ദ്യ­ശാ­ല­യി­ലേ­ക്കു ക­യ­റു­മ്പോൾ രൂ­പ­കൊ­ടു­ത്ത­യാ­ളി­ന്റെ ധർ­മ്മ­രോ­ഷ­മി­ള­കു­ന്നു. ഷോ­പ്പിൽ കയറി അ­യാ­ളോ­ടു ശ­ണ്ഠ­കൂ­ടി­യ ആ മ­നു­ഷ്യ­സ്നേ­ഹി­യെ മറ്റു മ­ദ്യ­പ­ന്മാർ അ­സ­ഭ്യം വി­ളി­ക്കു­ന്നു. പി­ടി­ച്ചു വെ­ളി­യിൽ ത­ള്ളു­ന്നു. യാ­ത്ര­ക്കാ­ര­ന്റെ ഭാ­ര്യ­യു­ടെ വാ­ക്കു­കൾ കേൾ­ക്കു­ക: “നി­ങ്ങ­ളാ­ണി­നി ഈ നാടു നേ­രാ­ക്കാ­നും, കു­ടി­യ­ന്മാ­രു­ടെ കു­ടി­നിർ­ത്താ­നും, അ­ല­സ­ന്മാ­രെ അ­ധ്വാ­ന­ശീ­ല­രാ­ക്കാ­നും അ­ഴി­മ­തി­ക്കാ­രെ തി­രു­ത്താ­നും, അ­ധോ­ലോ­ക പൗ­ര­ന്മാ­രെ ഉ­ത്ത­മ­രാ­ക്കാ­നും ഒക്കെ പോണത്! എ­നി­ക്കു് ചിരി വ­ര്വാ­ണു്. ചി­രി­ക്ക­ണി­ല്യാ എന്നു മാ­ത്രം”. ന­മ്മു­ടെ മലിന സ­മു­ദാ­യ­ത്തി­ന്റെ പ­രി­ച്ഛേ­ദ­മാ­യി­ട്ടാ­ണു് മാർ­ഷ­ലി­ന്റെ കഥ. കാ­തു­കൊ­ടു­ത്തു നോ­ക്കു­ക. ക­ഥാ­കാ­രൻ ചി­രി­ക്കു­ന്ന­തു നി­ങ്ങൾ­ക്കു കേൾ­ക്കാം. ക­ണ്ണു് തു­റ­ന്നു നോ­ക്കു­ക. ഭാ­ര­ത­ത്തി­ന്റെ മാ­ലി­ന്യം കാണാം. പു­ല്ല­രി­ഞ്ഞ­വൾ ഒരു ദി­വ­സ­ത്തേ­ക്കു അ­പ്സ­ര­സ്സാ­യി. അ­ടു­ത്ത ദിവസം അവൾ പു­ല്ല­റു­ക്കാൻ­ത­ന്നെ പോ­യി­രി­ക്കും. മാർഷൽ ഇ­മ്മാ­തി­രി ര­ച­ന­ക­ളിൽ­നി­ന്നു പി­റ­കോ­ട്ടു പോ­കു­ക­യി­ല്ലെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു.

മ­ദ്യ­പ­രും സ്ത്രീ­ക­ളിൽ ത­ല്പ­ര­രു­മാ­യ ഞ­ങ്ങൾ­ക്കു, മദ്യം അവരെ കൂ­ടു­തൽ സു­ന്ദ­രി­ക­ളാ­ക്കി മാ­റ്റു­ന്നു. എ­ന്നാൽ സ്ത്രീ­ക­ളു­ടെ ദൃ­ഷ്ടി­യിൽ ഞ­ങ്ങ­ളു­ടെ സൗഭഗം വ­ള­രെ­ക്കു­റ­ഞ്ഞു പോ­കു­ന്നു. —ഏതോ ഒരു കവി
ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ­ക്കു ആ­ത്മ­ഹ­ത്യ ചെ­യ്യ­ണ­മെ­ന്നു് തോ­ന്നാ­റു­ണ്ടോ?

ഉ­ത്ത­രം: എന്റെ പേ­ര­ക്കു­ട്ടി­കൾ­ക്കു എത്ര വ­യ­സ്സു­ണ്ടെ­ങ്കി­ലും അവർ മു­ത്ത­ച്ഛാ എന്നോ അ­പ്പൂ­പ്പാ എന്നോ വി­ളി­ച്ചാൽ എ­നി­ക്കു സ­ന്തോ­ഷ­മേ­യു­ള്ളു. പക്ഷേ, പത്തു പെറാൻ പ്രാ­യ­മാ­യ ബ­ന്ധു­ക്ക­ള­ല്ലാ­ത്ത ചില സ്ത്രീ­കൾ കൊ­ച്ചു­കു­ഞ്ഞു­ങ്ങ­ളാ­യി­ച്ച­മ­ഞ്ഞു് അ­ങ്ങ­നെ വി­ളി­ക്കു­മ്പോൾ ആ­ത്മ­ഹ­ത്യ ചെ­യ്യ­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നാ­റു­ണ്ടു്.

ചോ­ദ്യം: മ­രി­ച്ചാൽ ശവം പ­ട്ട­ട­യിൽ എ­രി­ക്ക­ണോ? അതോ കു­ഴി­ച്ചി­ട­ണോ?

ഉ­ത്ത­രം: എന്റെ ശ­വ­മാ­ണെ­ങ്കിൽ അതു കു­ഴി­ച്ചി­ട്ടാൽ മതി. അതു വീ­ട്ടു­പ­റ­മ്പിൽ­ത്ത­ന്നെ വേണം. എ­ങ്കി­ലേ അ­ത­ഴു­കി അ­യൽ­വീ­ട്ടു­കാ­ര­ന്റെ കി­ണ­റി­നെ­ക്കൂ­ടി മ­ലി­ന­മാ­ക്കൂ.

ചോ­ദ്യം: ക­രാ­ട്ടേ പ­ഠി­ച്ചി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. പ­ഠി­ക്കാ­നാ­ഗ്ര­ഹ­മു­ണ്ടു്. ക­രാ­ട്ടേ മുറകൾ പ­ഠി­ച്ചാൽ ചില നോ­വ­ലു­ക­ളും ക­ഥാ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ങ്ങ­ളും കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ങ്ങ­ളും അ­റ­ബി­ക്ക­ട­ലിൽ ചെ­ന്നു­വീ­ഴ­ത്ത­ക്ക­വി­ധ­ത്തിൽ എ­നി­ക്കു് എ­റി­യാൻ ക­ഴി­യു­മ­ല്ലോ.

ചോ­ദ്യം: എ­ഴു­ത്തു­കാർ പ്ര­തി­ജ്ഞാ­ബ­ദ്ധ­രാ­യി­രി­ക്ക­ണോ?

ഉ­ത്ത­രം: ക്ഷ­മി­ക്ക­ണം. ഇതു പ­ഴ­ഞ്ചൻ ചോ­ദ്യ­മാ­ണു്. എ­ങ്കി­ലും ഉ­ത്ത­രം പറയാം. മ­ഹാ­നാ­യ ഒരു ക­ലാ­കാ­ര­നും രാ­ഷ്ട്രീ­യ ക­ക്ഷി­യിൽ­നി­ന്നോ സ­വി­ശേ­ഷ­മാ­യ സ­മു­ദാ­യ­ഘ­ട­ന­യിൽ­നി­ന്നോ ഉ­ണ്ടാ­യ­വ­ന­ല്ല. ക­ലാ­കാ­രൻ ത­ന്നിൽ­നി­ന്നാ­ണു സൃ­ഷ്ടി ന­ട­ത്തു­ന്ന­തു്. ടോൾ­സ്റ്റോ­യി ഏതു പാർ­ട്ടി­യിൽ പെ­ട്ടി­രു­ന്നു?

ചോ­ദ്യം: മ­നു­ഷ്യ­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ­ട­വെ­ട്ടു­ക­യും ദീർ­ഘ­കാ­ലം ജ­യി­ലിൽ കി­ട­ക്കു­ക­യും ചെ­യ്യു­ന്ന­വർ പി­ന്നീ­ടു് ഭ­ര­ണാ­ധി­കാ­രി­യാ­യാൽ മർ­ദ്ദ­ന­മു­റ­കൾ ന­ട­ത്തു­ന്ന­തു് എ­ങ്ങ­നെ?

ഉ­ത്ത­രം: അതു മ­നു­ഷ്യ­സ്വ­ഭാ­വ­മാ­ണു്. മർ­ദ്ദി­ക്ക­പ്പെ­ടു­ന്ന­വർ പി­ന്നീ­ടു സൗ­ക­ര്യം കി­ട്ടു­മ്പോൾ അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ മർ­ദ്ദി­ക്കും. മ­ണ്ടേ­ല യെ നമ്മൾ ഇ­ന്നു് ആ­രാ­ധി­ക്കു­ന്നു. അ­ദ്ദേ­ഹം പ്ര­ധാ­ന­മ­ന്ത്രി­യാ­വ­ട്ടെ. മ­റ്റൊ­രു മ­ണ്ടേ­ല­യാ­യി­രി­ക്കും അ­ദ്ദേ­ഹ­മ­പ്പോൾ.

ചോ­ദ്യം: സു­ന്ദ­രി­കൾ?

ഉ­ത്ത­രം: ച­ല­നം­കൊ­ള്ളു­ന്ന റോ­സാ­പ്പു­ക്കൾ.

ചോ­ദ്യം: വ­ള്ള­ത്തോ­ളി­നോ­ടു നി­ങ്ങൾ സം­സാ­രി­ച്ചി­ട്ടു­ണ്ടോ. ഉ­ണ്ടെ­ങ്കിൽ എന്തു തോ­ന്നി?

ഉ­ത്ത­രം: ക­വി­ത­യ്ക്കു മ­ഹ­ത്ത്വ­മു­ള്ള­തു­പോ­ലെ ആ­ളി­നും മ­ഹ­ത്ത്വം. ക്ഷു­ദ്ര­മാ­യ ഒരു കാ­ര്യ­ത്തെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം സം­സാ­രി­ക്കി­ല്ല.

ചോ­ദ്യം: എ­നി­ക്കു് അ­റു­പ­തു വ­യ­സ്സാ­യി. വാർ­ദ്ധ­ക്യ­മാ­യി എ­ന്നു് എ­ന്നെ­ക്ക­ണ്ടാൽ ആർ­ക്കും തോ­ന്നു­ക­യി­ല്ലെ­ങ്കി­ലും എ­നി­ക്ക­ങ്ങ­നെ തോ­ന്നു­ന്നു. ഒ­രു­പ­ദേ­ശം തരൂ?

ഉ­ത്ത­രം: നി­ങ്ങൾ റോ­ഡി­ലി­റ­ങ്ങു­മ്പോൾ, സി­നി­മ­യ്ക്കു പോ­കു­മ്പോൾ, വി­വാ­ഹം ന­ട­ക്കു­ന്നി­ട­ത്തു ചെ­ല്ലു­മ്പോൾ ഭാ­ര്യ­യെ­ക്കൂ­ടി കൊ­ണ്ടു­പോ­കാ­തി­രു­ന്നാൽ മതി. പ്രാ­യം­കൂ­ടി­യ ഭാ­ര്യ­യാ­ണു് നി­ങ്ങൾ­ക്കു വാർ­ദ്ധ­ക്യ­ചി­ന്ത ഉ­ണ്ടാ­ക്കു­ന്ന­തു്.

ആ­ഖ്യാ­ന­മെ­ന്ന പ­ഞ്ചാ­ര

അ­ലി­ഗ­റി അ­ല്ലെ­ങ്കിൽ ലാ­ക്ഷ­ണി­ക­ത എ­പ്പോ­ഴും യാ­ന്ത്രി­ക­മാ­ണു്. എ­ന്നാൽ സിം­ബ­ലി­സം അ­ങ്ങ­നെ­യ­ല്ല. പ്ര­തി­രൂ­പാ­ത്മ­ക­ത­യിൽ പ്ര­തി­രൂ­പ­ങ്ങൾ­ക്കു് അ­ന­ന്ത­ങ്ങ­ളാ­യ അർ­ത്ഥ­ങ്ങൾ കാണും. അ­ലി­ഗ­റി­യി­ലെ പ്ര­തി­രൂ­പ­ത്തി­നു് ഒ­രർ­ത്ഥ­മേ­യു­ള്ളൂ.

ക­യ്പു­ള്ള കഷായം കു­ടി­ക്കാൻ കു­ട്ടി­കൾ കൂ­ട്ടാ­ക്കാ­തി­രി­ക്കു­മ്പോൾ അ­മ്മ­മാർ അ­വർ­ക്കു പ­ഞ്ചാ­ര കൊ­ടു­ക്കും. രണ്ടു റ്റേ­ബിൾ സ്പൂൺ പ­ഞ്ചാ­ര ആദ്യം. പി­ന്നീ­ടു് അ­ര­ഔൺ­സ് കഷായം. ക­ഷാ­യ­ത്തി­ന്റെ മു­ക്കാൽ ഭാ­ഗ­വും തു­പ്പി­ക്ക­ള­ഞ്ഞാ­ലും പി­ന്നെ­യും മൂ­ന്നു റ്റേ­ബിൾ സ്പൂൺ പ­ഞ്ചാ­ര. ഇതാണു പല വീ­ടു­ക­ളി­ലെ­യും ക­ഷാ­യം­കു­ടി­പ്പി­ക്കൽ രീതി. ആ­ഖ്യാ­ന­വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ പ­ഞ്ചാ­ര­കൊ­ടു­ത്തു ശ്രീ. ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടു് അ­ലി­ഗ­റി എന്ന കയ്പൻ കഷായം വാ­യ­ന­ക്കാ­രെ കു­ടി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്നു. അവർ കു­ടി­ച്ചോ എന്തോ? എന്റെ കാ­ര്യം എ­നി­ക്ക­റി­യാം. ഞാൻ ഒ­രു­തു­ള്ളി­പോ­ലും ഇ­റ­ക്കാ­തെ തു­പ്പി­ക്ക­ള­ഞ്ഞു. (‘നിധി’ എന്ന കഥ —ക­ലാ­കൗ­മു­ദി­യിൽ) സർ­പ്പം കാ­ക്കു­ന്ന നി­ധി­യാ­ണു് സ­മ്പ­ത്തി­ന്റെ പ്ര­തീ­കം. അതു കി­ട്ടി­യ­പ്പോൾ അ­യൽ­ക്കാർ ഏറിയ പ­ങ്കും കൊ­ണ്ടു­പോ­യി. ബന്ധു വന്നു ശേ­ഷി­ച്ച ഭാ­ഗ­ത്തി­ന്റെ മു­ക്കാൽ ഭാ­ഗ­വും അ­പ­ഹ­രി­ച്ചു. ഒ­ടു­വിൽ സ­ഹോ­ദ­രി­മാ­രെ­ത്ത­ന്നെ അതു ശ­ത്രു­ക്ക­ളാ­ക്കി.

images/Hegel1831.jpg
ഹേഗൽ

അ­ലി­ഗ­റി അ­ല്ലെ­ങ്കിൽ ലാ­ക്ഷ­ണി­ക­ക­ഥ എ­പ്പോ­ഴും യാ­ന്ത്രി­ക­മാ­ണു്. എ­ന്നാൽ സിം­ബ­ലി­സം അ­ങ്ങ­നെ­യ­ല്ല. പ്ര­തി­രൂ­പാ­ത്മ­ക­ത­യിൽ പ്ര­തി­രൂ­പ­ങ്ങൾ­ക്കു് അ­ന­ന്ത­ങ്ങ­ളാ­യ അർ­ത്ഥ­ങ്ങൾ കാണും. അ­ലി­ഗ­റി­യി­ലെ പ്ര­തി­രൂ­പ­ത്തി­നു് ഒ­രർ­ത്ഥ­മേ­യു­ള്ളു. ആ പ്ര­തി­രൂ­പ­ത്തി­നെ ചി­ന്ത­യോ­ടു ഘ­ടി­പ്പി­ക്കു­ന്ന പ്ര­ക്രി­യ തി­ക­ച്ചും മ­സ്തി­ഷ്ക­പ­ര­മാ­ണു്. അ­തി­നാ­ലാ­ണു് അ­ലി­ഗ­റി (ലാ­ക്ഷ­ണി­ക­ക­ഥ) ക­ലാ­ത്മ­ക­മ­ല്ലെ­ന്നു് ഹേ­ഗ­ലും ക്രോ­ചെ യും പ­റ­ഞ്ഞ­തു്. ചി­ലർ­ക്കു് അ­ലി­ഗ­റി­യി­ലെ പ്ര­തി­രൂ­പ­ത്തി­നു് ലേശം സൗ­ന്ദ­ര്യം ന­ല്കാ­ന­റി­യാം. സ്റ്റൈൻ­ബെ­ക്കി ന്റെ ‘മു­ത്തു് ’ എന്ന നീ­ണ്ട­ക­ഥ­യിൽ മു­ത്തു് എന്ന പ്ര­തീ­ക­ത്തി­നു സ്വ­ല്പം സൗ­ന്ദ­ര്യ­മു­ള്ള­തു­കൊ­ണ്ടു് അത്ര വൈ­ര­സ്യ­ദാ­യ­ക­മ­ല്ല ആ രചന. ബാ­ല­കൃ­ഷ്ണ­ന്റെ ‘നിധി’ക്കു് ആ സൗ­ന്ദ­ര്യം അ­വ­കാ­ശ­പ്പെ­ടാ­നാ­വി­ല്ല. ആ­ഖ്യാ­ന­പാ­ട­വം എന്ന പ­ഞ്ചാ­ര­യു­ടെ മാ­ധു­ര്യം മാ­ത്ര­മേ­യു­ള്ളു ഇ­ക്ക­ഥ­യ്ക്കു്.

images/IdriesShah.jpg
ഐ­ദ്രീ­സ് ഷാ

ഐ­ദ്രീ­സ് ഷാ യുടെ (Idries Shah) എ­ല്ലാ­പ്പു­സ്ത­ക­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ടു­ത്ത കാ­ല­ത്തു് The Pleasantries of the Incredible എന്ന മുല്ല നാ­സ­റു­ദീൻ ക­ഥ­ക­ളും വാ­യി­ച്ചു (Penguin, Arkana Edition, വില 285 രൂപ). അതിൽ നി­ന്നൊ­രു കഥ: ഒരു നേ­ര­മ്പോ­ക്കു­കാ­രൻ നാ­സ­റു­ദീ­നെ കണ്ടു. അ­യാ­ളു­ടെ പോ­ക്ക­റ്റിൽ ഒരു മു­ട്ട­യു­ണ്ടാ­യി­രു­ന്നു. ‘നാ­സ­റു­ദ്ദീൻ, ഊ­ഹി­ച്ചു കീ­ശ­യിൽ എ­ന്തെ­ന്നു പറയൂ’.

നാ­സ­റു­ദീൻ:
ഒരു അ­ട­യാ­ളം തരു.
നേ­ര­മ്പോ­ക്കു­കാ­രൻ:
മു­ട്ട­യു­ടെ ആ­കൃ­തി­യാ­ണ­തി­നു്. മ­ഞ്ഞ­യും വെ­ള്ള­യും അ­ക­ത്തു്. മു­ട്ട­പോ­ലെ തോ­ന്നു­മ­തു്.
നാ­സ­റു­ദീൻ:
ഒ­രു­ത­ര­ത്തി­ലു­ള്ള കെ­യ്ക്ക്.
images/ThePleasantriesoftheIncredibleMullaNasrudin.jpg

ക­ഥാ­കാ­ര­ന്മാർ ക­ഥ­യെ­ഴു­തി ക­ഥ­യു­ടെ സ്വ­ഭാ­വ­ങ്ങ­ളെ­ല്ലാം പ­രോ­ക്ഷ­മാ­യി കൊ­ണ്ടു­വ­രു­ന്നു. ക­ഥ­യ­ല്ല അതു മ­റ്റെ­ന്തോ ആ­ണെ­ന്നു് നി­രൂ­പ­ക­നെ­ന്ന നാ­സ­റു­ദീ­നും.

അർ­ജ്ജു­നൻ പേ­ടി­ത്തൊ­ണ്ടൻ

മർ­ദ്ദി­ക്ക­പ്പെ­ടു­ന്ന­വർ പി­ന്നീ­ടു് സൗ­ക­ര്യം കി­ട്ടു­മ്പോൾ അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ മർ­ദ്ദി­ക്കും. മ­ണ്ടേ­ല­യെ നമ്മൾ ഇ­ന്നു് ആ­രാ­ധി­ക്കു­ന്നു. അ­ദ്ദേ­ഹം പ്ര­ധാ­ന­മ­ന്ത്രി­യാ­വ­ട്ടെ. മ­റ്റൊ­രു മ­ണ്ടേ­ല­യാ­യി­രി­ക്കും അ­ദ്ദേ­ഹ­മ­പ്പോൾ.

പ­ണ്ടൊ­രി­ക്കൽ എ­ഴു­തി­യ­താ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തെ റ്റൗൺ ഹോളിൽ കഥകളി ന­ട­ക്കു­ന്നു. അർ­ജ്ജു­ന­നു് ശ്രീ­കൃ­ഷ്ണൻ ഉ­പ­ദേ­ശം ന­ല്കു­ന്ന രംഗം. കേ­ര­ള­ക­ല ആ­സ്വ­ദി­ക്കാ­നെ­ത്തി­യ ഇം­ഗ്ല­ണ്ടി­ലെ ഒരു സാ­യ്പ് അ­ടു­ത്തി­രു­ന്ന ഒരു പ്ര­ഫെ­സ­റോ­ടു കൂ­ട­ക്കൂ­ടെ സം­ശ­യ­ങ്ങൾ ചോ­ദി­ച്ചു് അവ ദൂ­രീ­ക­രി­ക്കു­ന്നു. അർ­ജ്ജു­നൻ ആ­യു­ധ­ങ്ങൾ താ­ഴെ­വ­ച്ചു് ആ­ചാ­ര്യ­ന്മാ­രെ കൊ­ന്നൊ­ടു­ക്കാൻ ത­യ്യാ­റി­ല്ല എന്നു കൃ­ഷ്ണ­നോ­ടു പ­റ­യു­ന്ന രംഗം ക­ണ്ടു് സാ­യ്പ് ജി­ജ്ഞാ­സ­യോ­ടെ പ്ര­ഫെ­സ­റോ­ടു ആ­രാ­ഞ്ഞു ‘What is it?’ പ്ര­ഫെ­സർ ക­ഥ­യൊ­ന്നു ചു­രു­ക്കി­പ്പ­റ­ഞ്ഞി­ട്ടു് അർ­ജ്ജു­ന­നെ­ക്കു­റി­ച്ചു ഒ­റ്റ­ക്കാ­ച്ച്. A timid lad—പേ­ടി­ച്ച കു­ട്ടി—പോരേ? ഭ­ഗ­വ­ദ്ഗീ­ത­യു­ടെ സാ­രാം­ശം മു­ഴു­വ­നു­മെ­ടു­ത്തു പ്ര­ഫെ­സർ സാ­യ്പി­നു് ന­ല്കി­യി­ല്ലേ? ഇതിനു ശേഷം സാ­യ്പ് ഇം­ഗ്ല­ണ്ടിൽ­ച്ചെ­ന്നു് അർ­ജ്ജു­നൻ എ­ന്നൊ­രു ‘റ്റി­മി­ഡ് ലാഡി’നെ­ക്കു­റി­ച്ചു് പല പ്ര­ഭാ­ഷ­ണ­ങ്ങ­ളും ന­ട­ത്തി­യി­രി­ക്കും. അർ­ജ്ജു­ന­നെ­പ്പോ­ലെ പേ­ടി­ത്തൊ­ണ്ട­ന്മാ­രാ­ണു് ഭാ­ര­ത­ത്തി­ലാ­കെ എന്നു കാ­ണി­ച്ചു ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­രി­ക്കും.

ക­ല­യെ­ക്കു­റി­ച്ചു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടാ­ത്ത­വർ മി­ണ്ടാ­തി­രി­ക്ക­ണം. പക്ഷേ, മാ­ന്യ­ത­യും ജോ­ലി­യു­ടെ പ്ര­ഭാ­വ­വും രസനയെ അ­ട­ക്കി­വ­യ്ക്കാൻ സ­മ്മ­തി­ക്കു­മോ? ഇല്ല. അ­തു­കൊ­ണ്ടു മ­ണ്ട­ത്ത­ര­ങ്ങൾ എ­ഴു­ന്ന­ള്ളി­ക്കു­ന്നു. പ്ര­ഫെ­സ­റു­ടെ ഈ വി­ശ­ദീ­ക­ര­ണം അ­ദ്ദേ­ഹ­ത്തി­ന്റെ പി­റ­കി­ലി­രു­ന്നു കേട്ട ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ ശ്രീ. കെ. എസ്. കൃ­ഷ്ണൻ ചി­രി­ച്ചി­രി­ക്കും. പ്ര­ഫെ­സ­റെ പു­ച്ഛി­ച്ചി­രി­ക്കും. എ­ന്തൊ­രു പു­ച്ഛ­ത്തോ­ടെ­യാ­ണെ­ന്നോ കെ. എസ് ഇ­ക്കാ­ര്യം എ­ന്നോ­ടു പ­റ­ഞ്ഞ­തു്.

ശ്രീ. ബഷീർ മേ­ച്ചേ­രി­ക്കു് ക­ഥ­യെ­ഴു­ത­ണം. എ­ഴു­തി­യാൽ­പ്പോ­രാ. അതു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ­ത്ത­ന്നെ അ­ച്ച­ടി­ച്ചു വരണം. അ­ദ്ദേ­ഹം എ­ഴു­തു­ന്നു. പ­ത്രാ­ധി­പ­രു­ടെ സൗ­ജ­ന്യ­മാ­ധു­ര്യം കൊ­ണ്ടു് അതു മഷി പു­ര­ണ്ടു വ­രു­ന്നു. പ്ര­ഫെ­സർ­ക്കു് റ്റി­മി­ഡ് ലാഡ് എന്നു പ­റ­യാ­നേ കഴിയൂ. ബ­ഷീ­റി­നു് ഇ­ങ്ങ­നെ എ­ഴു­താ­നേ പറ്റൂ. രണ്ടു പേ­രെ­യും കു­റ്റം പ­റ­യാ­നാ­വി­ല്ല. യാ­ഥാ­ത­ഥ്യ­വും ഫാ­ന്റ­സി­യു­മൊ­ക്കെ­ച്ചേർ­ത്തു ബഷീർ സൃ­ഷ്ടി­ച്ച ഈ ശി­ല്പം സ്യൂ­ഡോ ആർ­ടാ­ണെ­ന്നു മാ­ത്രം പ­റ­ഞ്ഞു ഞാ­നി­തു് അ­വ­സാ­നി­പ്പി­ക്കു­ന്നു. പ്ര­ഫെ­സ­റോ­ടു സ­ഹ­താ­പ­മു­ള്ള­തു­പോ­ലെ എ­നി­ക്കു ബ­ഷീ­റി­നെ­സ്സം­ബ­ന്ധി­ച്ചും സ­ഹ­താ­പ­മ­ങ്കു­രി­ക്കു­ന്നു.

അവർ നി­ങ്ങ­ളെ വാ­ക്കു­കൾ ‘പാനം ചെ­യ്ത­വൻ’ എന്നു വി­ളി­ക്കു­ന്നു; പക്ഷേ, ഞ­ങ്ങ­ളൊ­ക്കെ കു­ടി­ക്കു­മ്പോൾ അതു മു­ക­ളി­ലേ­ക്കു വ­ന്നാൽ അ­ഴു­ക്കു­വെ­ള്ള­ക്കു­ഴി­യി­ലേ­ക്കു ഒ­ഴു­ക്കി­ക്ക­ള­യും. നി­ങ്ങൾ ബീയർ ഛർ­ദ്ദി­ച്ചാൽ മ­തി­യാ­യി­രു­ന്നു. മഷി വേ­ണ്ടാ­യി­രു­ന്നു. —കി­ങ്സ്ലി ഏമിസ്
എ­യ്ഡ്സ് ഭീതി ഒ­ഴി­വാ­ക്കൂ
images/SusanSontag1966.jpg
സൂസൻ സൊൺ­ടാ­ഗ്

1933 ജാ­നു­വ­രി 16-നു ന്യൂ­യോർ­ക്ക് സി­റ്റി­യിൽ ജ­നി­ച്ച സൂസൻ സൊൺ­ടാ­ഗ് ഇന്നു രാ­ഷ്ട്രാ­ന്ത­രീ­യ­പ്ര­ശ­സ്തി­യു­ള്ള എ­ഴു­ത്തു­കാ­രി­യാ­ണു്. അ­വ­രു­ടെ നോ­വ­ലു­ക­ളും നി­രൂ­പ­ണ­പ­ര­ങ്ങ­ളാ­യ പ്ര­ബ­ന്ധ­ങ്ങ­ളും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണെ­ന്നു പലരും പ­റ­യു­ന്നു. അ­ടു­ത്ത­കാ­ല­ത്തു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ, അ­വ­രു­ടെ ഒരു നോവൽ ഞാൻ വാ­യി­ച്ചു. സർ­വ­സാ­ധാ­ര­ണ­മെ­ന്ന­തിൽ­ക്ക­വി­ഞ്ഞൊ­രു വി­ശേ­ഷ­ണം അ­തർ­ഹി­ക്കു­ന്നി­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നി. എ­ന്നാൽ അ­വ­രു­ടെ പ്ര­ബ­ന്ധ­ങ്ങൾ സർ­വ­സാ­ധാ­ര­ണ­ങ്ങ­ള­ല്ല. ‘ചി­ന്ത­ക­ളെ വ­ലി­ച്ചു­നീ­ട്ടു­ന്ന’ ഒരു രീതി സൂസൻ സൊ­ണ്ടാ­ഗി­ന്റെ The Pornographic Imagination എന്ന ഉ­പ­ന്യാ­സ­ത്തിൽ കാ­ണാ­മെ­ങ്കി­ലും മൗ­ലി­ക­ങ്ങ­ളാ­ണു് അ­വ­രു­ടെ ചി­ന്ത­കൾ എന്നു സ­മ്മ­തി­ച്ചേ­തീ­രൂ. ഈ മൗ­ലി­ക­ത്വം അ­വ­രു­ടെ Illness as Metaphor (1978) എന്ന പു­സ്ത­ക­ത്തി­ലും Aids and its Metaphors എന്ന പു­സ്ത­ക­ത്തി­ലും (1989) എ­നി­ക്കു കാ­ണാ­നി­ട­യാ­യി. 1978-ൽ തന്റെ ക്യാൻ­സർ രോ­ഗ­ത്തിൽ­നി­ന്നു മോചനം നേ­ടി­ക്കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് അവർ Illness as Metaphor എന്ന പു­സ്ത­ക­മെ­ഴു­തി­യ­തു് (ദീർ­ഘ­മാ­യ പ്ര­ബ­ന്ധം എ­ന്നാ­ണു് പ­റ­യേ­ണ്ട­തു്). ശ­ത്രു­ക്ക­ളെ പ­രാ­ജ­യ­പ്പെ­ടു­ത്തു­ക­യാ­ണ­ല്ലോ സൈ­ന്യ­ത്തി­ന്റെ ജോലി. ക്യാൻ­സർ മ­നു­ഷ്യ­ശ­ത്രു­വാ­യ­തു­കൊ­ണ്ടു് അ­തി­നെ­യും തോ­ല്പി­ക്ക­ണം. ഈ “മി­ലി­റ്റ­റി മെ­റ്റ­ഫ­റി”ൽ നി­ന്നാ­ണു്—സൈ­നി­കാ­ല­ങ്കാ­ര­ത്തിൽ­നി­ന്നാ­ണു്—ക്യാൻ­സ­റി­നോ­ടു­ള്ള സ­മീ­പ­ന­മു­ണ്ടാ­വു­ക. സൂസൻ സൊൺ­ടാ­ഗി­ന്റെ അർ­ബ്ബു­ദ­രോ­ഗം ഭേ­ദ­മാ­യി. മറ്റു പല അർ­ബ്ബു­ദ­രോ­ഗി­ക­ളും ര­ക്ഷ­പ്പെ­ടു­ന്നു. ഈ രോ­ഗ­ത്തെ­ക്കു­റി­ച്ചു കൂ­ടു­തൽ മ­ന­സ്സി­ലാ­കു­ന്തോ­റും ഒ­രു­ത­ര­ത്തി­ലു­ള്ള immunotherapyയിൽനിന്നു് ഫ­ല­പ്ര­ദ­മാ­യ ചി­കി­ത്സ ഉ­ണ്ടാ­കു­മെ­ന്നു് അവർ അ­ക്കാ­ല­ത്തു് പ­റ­ഞ്ഞു. സൂസൻ സൊൺ­ടാ­ഗി­ന്റെ ഭാ­വി­ക­ഥ­നം ഏ­താ­ണ്ടു ശ­രി­യാ­യി വ­രു­ന്ന കാ­ല­ത്താ­ണു് ന­മ്മ­ളി­ന്നു ജീ­വി­ക്കു­ന്ന­തു്.

ഇ­ന്ന­ത്തെ ഭയം എ­യ്ഡ്സാ­ണു് (AIDS—Acquired immune deficiency syndrome). ഇതു് രോ­ഗ­ത്തി­ന്റെ പേ­ര­ല്ല; ഒ­ര­വ­സ്ഥ മാ­ത്ര­മാ­ണു്. ക്യാൻ­സർ, സെ­ല്ലു­ക­ളെ (cells) വർ­ദ്ധി­പ്പി­ക്കു­ന്നു; എ­യ്ഡ്സാ­ക­ട്ടെ അവയെ ന­ശി­പ്പി­ക്കു­ന്നു. ഈ വൈ­ദ്യ­ശാ­സ്ത്ര­സം­ബ­ന്ധി­യാ­യ അ­വ­സ്ഥാ വി­ശേ­ഷ­ത്തെ­യും (medical condition എ­ന്നാ­ണു് എ­യ്ഡ്സി­നെ സൂസൻ സൊൺ­ടാ­ഗ് വി­ളി­ക്കു­ന്ന­തു്) സൈ­നി­കാ­ല­ങ്കാ­രം ഉ­പ­യോ­ഗി­ച്ചാ­ണു് ആളുകൾ സ­മീ­പി­ക്കു­ന്ന­തു്. വ­സൂ­രി­യു­ടെ വൈറസ് മാ­റ്റ­മി­ല്ലാ­തെ വർ­ത്തി­ക്കു­ന്നു. എ­ന്നാൽ ഇൻ­ഫ്ളൂ­എൻ­സ വൈ­റ­സി­നു വളരെ വേ­ഗ­ത്തിൽ പ­രി­ണാ­മ­മു­ണ്ടാ­കു­ന്ന­തി­നാൽ അതിനു യോ­ജി­ച്ച­വി­ധ­ത്തിൽ വാ­ക്സിൻ മാ­റ്റേ­ണ്ട­താ­യി വ­രു­ന്നു. എ­യ്ഡ്സ് ഉ­ണ്ടാ­ക്കു­ന്ന വൈ­റ­സി­നു് അ­ല്ലെ­ങ്കിൽ വൈ­റ­സു­കൾ­ക്കു് ഇൻ­ഫ്ളു­എൻ­സ വൈ­റ­സി­നെ­ന്ന­പോ­ലെ മാ­റ്റം—പ്ര­കാ­രാ­ന്ത­രീ­ക­ര­ണം (mutation) വ­രു­ന്ന­തു­കൊ­ണ്ടു അതിനെ നേ­രി­ടാ­നു­ള്ള വാ­ക്സിൻ ക­ണ്ടു­പി­ടി­ക്കു­മെ­ന്നാ­ണു സൂസൻ സൊൺ­ടാ­ഗി­ന്റെ വി­ശ്വാ­സം. അ­തി­നാൽ ആ “സൈ­നി­കാ­ല­ങ്കാ­ര”ത്തി­നു പ്ര­സ­ക്തി­യി­ല്ല. സൂ­സ­ന്റെ വാ­ക്യ­ങ്ങൾ­ത­ന്നെ ഞാ­നെ­ടു­ത്തെ­ഴു­താം. “About that metaphor, the military one, I would say, If I may paraphrase Lucretius: Give it back to the war-​makers”. ഈ പ്ര­ബ­ന്ധ­ത്തിൽ എ­ത്ര­യെ­ത്ര സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചാ­ണു് അവർ പ­റ­ഞ്ഞി­ട്ടു­ള്ള­തു്! മോ­റി­സ് മ­തേർ­ല­ങ് (Maeterlinck), റ്റോ­മ­സ് മൻ, കമ്യൂ, കാറൽ ചാ­പെ­ക്ക് (Čapek), ദ­സ്തെ­യെ­വ്സ്കി, ബോ­ദ­ലേർ, ഗൊൺ­കൂർ (Goncourt), ഫ്ളോ­ബർ (Flaubert) ഇ­ങ്ങ­നെ പലരും. ചാ­പെ­ക്കി­ന്റെ ഒരു നോ­വ­ലി­നെ­ക്കു­റി­ച്ചു അ­ന­തി­വി­സ്ത­ര­മാ­യി അവർ പ­റ­യു­ന്നു­മു­ണ്ടു്. ശാ­സ്ത്രീ­യ പ്ര­ബ­ന്ധ­മാ­യ­തു­കൊ­ണ്ടു് സാ­ഹി­ത്യ പ്ര­ബ­ന്ധ­ങ്ങ­ളിൽ കാ­ണു­ന്ന ‘ചി­ന്താ­വി­സ്താ­രം’ (stretching of thoughts) ഇ­തി­ലി­ല്ല. ര­സ­ക­ര­മാ­യ പ്ര­തി­പാ­ദ­നം. എ­യ്ഡ്സി­നെ പേ­ടി­ക്കു­ന്ന­വ­രെ ആ പേ­ടി­യിൽ­നി­ന്നു മോ­ചി­പ്പി­ക്കു­ന്ന­താ­ണു് ഈ പു­സ്ത­കം.

“The cancer metaphor will be made obsolete, I would predict, long before the problems it has reflected so vividly will be resolved”. “We are not being invaded. The body is not a battlefield. The ill are neither unavoidable casualties nor the enemy”. —സൂസൻ സൊൺ­ടാ­ഗ്, Illness as Metaphor
സ­ത്യ­ത്തെ­ക്കു­റി­ച്ചു്
images/PilinszkyErettsegikep.jpg
യാ­നൊ­ഷ് പി­ലിൻ­സ്കി

ആർ­ക്കും കി­ട്ടാ­നി­ട­യി­ല്ലാ­ത്ത പ­ടി­ഞ്ഞാ­റൻ പു­സ്ത­ക­ങ്ങൾ തേ­ടി­പ്പി­ടി­ക്കു­ന്ന ശ്രീ. വൈ­ക്കം മുരളി എ­നി­ക്കു് അ­യ­ച്ചു­ത­ന്ന Today—An Anthology of Contemporary Hungarian Literature എന്ന പു­സ്ത­ക­ത്തിൽ കവി യാ­നൊ­ഷ് പി­ലിൻ­സ്കി­യു­ടെ (Janos Pilinszky, 1921–1981) സാ­ഹി­ത്യ പ്ര­സ്താ­വ­ങ്ങ­ളു­ണ്ടു്. പി­ലിൻ­സ്കി ഒ­രി­ട­ത്തു പ­റ­യു­ന്നു: സ­ത്യ­വും മി­സ്റ്റി­സി­സ­വും ചേ­ട്ട­നും അ­നി­യ­ത്തി­യും­പോ­ലെ­യാ­ണു്. വ­സ്തു­ത­കൾ ധാ­ര­ണാ­ശ­ക്തി­യു­ടെ ഒ­ടു­വി­ല­ത്തെ അ­വ­സ്ഥ­യ്ക്കു പ്ര­തി­നി­ധീ­ഭ­വി­ക്കു­ന്നു­വെ­ന്നു് പലരും വി­ചാ­രി­ക്കു­ന്നു. പക്ഷേ, ഇതു ശ­രി­യ­ല്ല. വ­സ്തു­ത­ക­ളെ നമ്മൾ സ­ത്യ­ത്തി­ലേ­ക്കു ന­യി­ക്ക­ണം. ഒരു വ­സ്തു­ത­ത­ന്നെ ഒരു ദ­സ്ത­യെ­വ്സ്കി­ക്കും ഉ­റ­ക്കം­തൂ­ങ്ങു­ന്ന വർ­ത്ത­മാ­ന­പ്പ­ത്ര­വാ­യ­ന­ക്കാ­ര­നും വി­ഭി­ന്ന­ങ്ങ­ളാ­യി­ത്തോ­ന്നും. ന­മു­ക്കു സാ­ഹി­ത്യ­ത്തി­ലേ­ക്കു പോകാം. ഇന്നു സാ­ഹി­ത്യ­ഗ്ര­ന്ഥ­ങ്ങ­ളെ സ്വ­ത­ന്ത്ര­ങ്ങ­ളാ­യി ക­രു­തു­ന്ന­തു് ഒരു “പ­രി­ഷ്കാ­ര”മാ­യി­രി­ക്കു­ന്നു. ഏതോ സ­ങ്കീർ­ണ്ണ­വ­സ്തു­വാ­യി അതിനെ നി­രീ­ക്ഷ­ണം ചെ­യ്യു­ന്നു. ഇ­തി­ലെ­നി­ക്കു വി­ശ്വാ­സ­മി­ല്ല. ഒരു ഗ്ര­ന്ഥം­ത­ന്നെ ക­ഠോ­ര­മാ­കാം. അ­ദ്ഭു­ത­ജ­ന­ക­വു­മാ­കാം. ഇതാ ഉ­ദാ­ഹ­ര­ണം. ‘Blessed are they that mourn’ എന്ന ക്രി­സ്തു വചനം. ഇതു് ഓസ്കർ വൈൽഡാ ണു് പ­റ­ഞ്ഞ­തെ­ങ്കിൽ മൂ­ല്യം ഒ­ട്ടും­ത­ന്നെ കാ­ണു­മാ­യി­രു­ന്നി­ല്ല ഇ­തി­നു്… സത്യം വ­സ്തു­ത­കൾ­ക്കു് അ­തീ­ത­മാ­ണു്. മ­ഹാ­നാ­യ എ­ഴു­ത്തു­കാ­ര­ന്റെ പ്ര­വൃ­ത്തി­യെ­ക്കാൾ എ­ത്ര­യോ അ­വാ­സ്ത­വി­ക­മാ­ണു് ഡി­റ്റ­ക്റ്റീ­വി­ന്റെ പ്ര­വൃ­ത്തി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-11-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.