SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-05-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“ഇ­ന്ന­ത്തെ നി­രൂ­പ­ണ­ത്തിൽ എന്തു കാ­ണു­ന്നു?” “ക­ഴി­വു­ള്ള­വ­രെ ഇ­ടി­ച്ചു­താ­ഴ്ത്തു­ന്നു. ക­ഴി­വി­ല്ലാ­ത്ത­വ­രെ പൊ­ക്കു­ന്നു”.

ബ്ര­സീ­ലി­ലെ ക­വി­യും നോ­വ­ലെ­ഴു­ത്തു­കാ­ര­നു­മാ­യ ആ­ങ്ൻ­ദ്രേ­ദ യുടെ (Mario de Andrade, 1893–1945) “മാ­ക്കു­നൈ­മ” (Macunaima) എന്ന നോ­വ­ലി­ലാ­ണു് മാ­ജി­ക്കൽ റീ­യ­ലി­സം ആ­രം­ഭി­ക്കു­ന്ന­തു്. ‘A major literary event’ എന്നു ഇ­പ്പോ­ഴ­ത്തെ നി­രൂ­പ­ക­രും വി­ശേ­ഷി­പ്പി­ക്കു­ന്ന ഈ നോ­വ­ലാ­ണു് മാർ­കേ­സി­ന്റെ മാ­ജി­ക് റി­യ­ലി­സ­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­മെ­ന്നും അവർ പ­റ­യു­ന്നു.

images/Macunaima2.jpg

വ­ട­ക്കൻ ബ്ര­സീ­ലി­ന്റെ വി­ദൂ­ര­മാ­യ ഒരു കോണിൽ, ഒ­രു­ക­ന്നി­ക്കാ­ട്ടിൽ അ­ഗാ­ധ­ത­യാർ­ന്ന നി­ശ്ശ­ബ്ദ­ത വീ­ണ­പ്പോൾ യു­റ­റി­ക്ക്വേ­റ[1] ന­ദി­യു­ടെ കോ­ലാ­ഹ­ല­ങ്ങൾ കേൾ­ക്കു­ന്ന വേ­ള­യിൽ ഒരു ഇ­ന്ത്യൻ സ്ത്രീ[2] രാ­ത്രി­യു­ടെ ഭ­യാ­ന­ക­ത­യിൽ വി­രൂ­പ­നാ­യ ഒ­രാൺ­കു­ഞ്ഞി­നു ജ­ന­ന­മ­രു­ളി. ക­റു­ത്ത നി­റ­മാർ­ന്ന അവനു് അവർ മാ­ക്കു­നൈ­മ എന്ന പേ­രി­ട്ടു. അവൻ പി­ന്നീ­ടു് ജ­ന­നേ­താ­വാ­യി. ജ­നി­ച്ചു­ക­ഴി­ഞ്ഞു് ആറു വർ­ഷ­ങ്ങ­ളോ­ളം അവൻ മി­ണ്ടി­യ­തേ­യി­ല്ല. ആ­രെ­ങ്കി­ലും സം­സാ­രി­പ്പി­ക്കാൻ ശ്ര­മി­ച്ചാൽ അവൻ “Aw! what a … life!” എന്നു മാ­ത്രം പറയും. (വ­ര­യി­ട്ട ഭാ­ഗ­ത്തു് ഇം­ഗ്ലീ­ഷി­ലെ കു­പ്ര­സി­ദ്ധ­മാ­യ ആ നാ­ല­ക്ഷ­ര­മു­ള്ള വാ­ക്കിൽ ing ചേർ­ന്ന രൂ­പ­മാ­ണു­ള്ള­തു്—ലേഖകൻ.) ഈ മാ­ക്കു­നൈ­മ­യു­ടെ വീ­ര­സാ­ഹ­സി­ക­കർ­മ്മ­ങ്ങ­ളാ­ണു് പ­തി­നേ­ഴു് അ­ദ്ധ്യാ­യ­ങ്ങ­ളി­ലൂ­ടെ ഗ്ര­ന്ഥ­കാ­രൻ വി­വ­രി­ക്കു­ന്ന­തു്. ഓരോ അ­ദ്ധ്യാ­യ­ത്തി­ലും ഓരോ വീ­ര­കർ­മ്മ­മോ സാ­ഹ­സി­ക്യ­മോ ആ­ണു­ള്ള­തു്. അ­തി­നാൽ ഇ­തി­വൃ­ത്ത സം­ഗ്ര­ഹം സാ­ദ്ധ്യ­മ­ല്ല. പ്ര­വർ­ത്ത­ന­ത്തി­ന്റെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാൻ ഒ­രെ­ണ്ണം സം­ക്ഷേ­പി­ച്ചെ­ഴു­താം. മാ­ക്കു­നൈ­മ­യ്ക്ക് ആറു വ­യ­സ്സു തി­ക­ഞ്ഞ­പ്പോൾ ഒരു ‘കൗ­ബെ­ല്ലിൽ’ നി­റ­ച്ച വെ­ള്ളം അവർ അവനെ കു­ടി­പ്പി­ച്ചു (കൗബെൽ പ­ശു­വി­ന്റെ ക­ഴു­ത്തിൽ കെ­ട്ടു­ന്ന മ­ണി­യാ­കാം, ഒരു പു­ഷ്പ­വു­മാ­കാം—ലേഖകൻ). അതോടെ അവൻ സം­സാ­രി­ക്കാൻ തു­ട­ങ്ങി. ഒ­രു­ദി­വ­സം ആ ആ­റു­വ­യ­സ്സു­കാ­രൻ സ­ഹോ­ദ­ര­ന്റെ ഭാ­ര്യ­യു­മാ­യി ന­ട­ത്ത­ത്തി­നു പോയി. കു­റ്റി­ക്കാ­ട്ടി­ലെ പ­ച്ചി­ല­ച്ചാർ­ത്തിൽ തൊ­ട്ട­യു­ട­നെ മാ­ക്കു­നൈ­മ രാ­ജ­കു­മാ­ര­നാ­യി മാറി. അവർ ശാ­രീ­രി­ക­വേ­ഴ്ച­യി­ലേർ­പ്പെ­ട്ടു. ഒ­രു­ത­വ­ണ­യ­ല്ല, മൂ­ന്നു­ത­വ­ണ. ഓരോ ത­വ­ണ­യും കാ­ട്ടി­ന­ക­ത്തേ­ക്കു ചെ­ന്നു് അവർ ലൈം­ഗി­കോ­ത്തേ­ജ­നം നേടും. തി­രി­ച്ചു കു­ഞ്ഞാ­യി മാ­ക്കു­നൈ­മ വീ­ട്ടി­ലേ­ക്കു പോരും. ഈ പ്ര­ക്രി­യ ആ­വർ­ത്തി­ച്ച­പ്പോൾ സ­ഹോ­ദ­രൻ സം­ശ­യ­ഗ്ര­സ്ത­നാ­യി അ­വ­ര­റി­യാ­തെ പിറകേ പോ­കു­ക­യും കാ­ര്യ­മെ­ന്തെ­ന്നു ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. അതോടെ അയാൾ ഭാ­ര്യ­യെ ഉ­പേ­ക്ഷി­ച്ചു; മ­റ്റൊ­രു­ത്തി­യെ ഭാ­ര്യ­യാ­യി സ്വീ­ക­രി­ക്കു­ക­യും ചെ­യ്തു.

കു­റി­പ്പു­കൾ

[1] Uraricoera —വ­ട­ക്കൻ ബ്ര­സീ­ലി­ലെ നദി.

[2] അ­മേ­രി­ക്കൻ ഇ­ന്ത്യൻ സ്ത്രീ­യാ­ണു്. ഭാ­ര­ത­വു­മാ­യി ബ­ന്ധ­മി­ല്ല.

ഇ­തൊ­ക്കെ ബ്ര­സീ­ലി­ലെ കെ­ട്ടു­ക­ഥ­ക­ളാ­ണു്. അ­ത്ത­രം കഥകളെ അതേ രീ­തി­യിൽ സ്വീ­ക­രി­ച്ചും ചി­ല­തി­നു മാ­റ്റം വ­രു­ത്തി­യും ആ­ങ്ൻ­ദ്രേ­ദ നോ­വ­ലെ­ഴു­തു­ന്ന­തു് എ­ന്തി­നാ­ണു്? മാ­ക്കു­നൈ­മ ഓരോ അ­ധ്യാ­യ­ത്തി­ലും രൂപം മാ­റു­ന്ന­തു­പോ­ലെ തന്റെ രാ­ജ്യ­വും രൂപം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു ധ്വ­നി­പ്പി­ക്കു­ക­യാ­ണു് ആ­ങ്ൻ­ദ്രേ­ദ. നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­ത്തി­നു് ഐ­ഡ­ന്റി­റ്റി—അ­ന­ന്യ­ത—ഇല്ല. ബ്ര­സീ­ലി­നു­മ­തി­ല്ല. അതു ഉ­ണ്ടാ­കേ­ണ്ട ആ­വ­ശ്യ­ക­ത­യെ­യാ­ണു് നോ­വ­ലി­സ്റ്റ് ഊ­ന്നി­പ്പ­റ­യു­ക.

ജീ­വി­ത­ത്തി­ന്റെ വേ­ദ­ന­ക­ളിൽ­നി­ന്നു ര­ക്ഷ­പ്രാ­പി­ക്കാൻ ഭഗവദ് ഗീത പ­തി­വാ­യി വാ­യി­ച്ചാൽ മ­തി­യെ­ന്നു് ശ്രീ­രാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലെ ഒരു സ്വാ­മി­ജി എ­ന്നോ­ടു് പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ത­നു­സ­രി­ച്ചു് ഞാൻ ഗീത പലതവണ വാ­യി­ച്ചു. ധി­ഷ­ണ­യ്ക്കു് അതു സം­തൃ­പ്തി ന­ല്കു­മെ­ന്ന­ല്ലാ­തെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കി­ല്ല.

വേ­റൊ­രു സംഭവം കൂടി. മാ­ക്കു­നൈ­മ­യ്ക്കു വ­ല്ലാ­ത്ത വി­ശ­പ്പു്. അയാൾ അ­മ്മ­യോ­ടു ചോ­ദി­ച്ചു: ‘അമ്മേ ന­ദി­യു­ടെ അ­ക്ക­രെ ഉ­യർ­ന്ന സ്ഥ­ല­ത്തു് ഈ വീ­ടെ­ടു­ത്തു മാ­റ്റി­യാ­ലെ­ന്തു? ഒരു നി­മി­ഷ­ത്തേ­ക്കു് അമ്മ ക­ണ്ണ­ട­യ്ക്കു.’ അവർ ക­ണ്ണ­ട­ച്ചു. ഇ­ച്ഛാ­ശ­ക്തി പ്ര­വർ­ത്തി­പ്പി­ച്ചു് മാ­ക്കു­നൈ­മ ആ മേഞ്ഞ കൂടിൽ അതിലെ എല്ലാ വ­സ്തു­ക്ക­ളോ­ടും കൂടി മ­റു­ക­ര­യി­ലേ­ക്കാ­ക്കി. വൃദ്ധ ക­ണ്ണു­തു­റ­ന്ന­പ്പോൾ അവിടെ എ­ല്ലാ­മു­ണ്ടു്. മീൻ, പ­ഴ­ങ്ങൾ, വാ­ഴ­ക്കാ­യ് അ­ങ്ങ­നെ എ­ല്ലാം. വൃദ്ധ മാ­ക്കു­നൈ­മ­യു­ടെ സ­ഹോ­ദ­ര­ന്മാർ­ക്കു­വേ­ണ്ടി വാ­ഴ­ക്കാ­യ് മു­റി­ച്ചെ­ടു­ക്കാൻ പോയി. മകൻ അ­മ്മ­യോ­ടു വീ­ണ്ടും ചോ­ദി­ച്ചു: “അമ്മേ വെ­ള്ള­പ്പൊ­ക്ക­മു­ള്ള മ­റു­ക­ര­യി­ലേ­ക്കു ഈ കൂടിൽ തി­രി­ച്ചു­കൊ­ണ്ടു ചെ­ന്നാ­ലോ?” മകൻ ആ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചു് അമ്മ ക­ണ്ണ­ട­ച്ചു. അയാൾ ഇ­ച്ഛാ­ശ­ക്തി­കൊ­ണ്ടു കുടിൽ പഴയ സ്ഥ­ല­ത്തേ­ക്കു മാ­റ്റി. വി­ശ­പ്പു­കൊ­ണ്ടു് അ­യാ­ളു­ടെ സ­ഹോ­ദ­ര­ന്മാ­രും ഒരു സ­ഹോ­ദ­ര­ന്റെ ഭാ­ര്യ­യും ക­ര­ഞ്ഞു. ഇ­വി­ടെ­യും തന്റെ രാ­ജ്യ­ത്തി­നു കൂ­ട­ക്കൂ­ടെ വ­രു­ന്ന സ­മ്പ­ന്ന­ത­യും ദാ­രി­ദ്ര്യ­വും വ്യ­ഞ്ജി­പ്പി­ക്കു­ക­യാ­ണു നോ­വ­ലി­സ്റ്റ്. ഒ­ടു­വിൽ മാ­ക്കു­നൈ­മ സ­പ്തർ­ഷി മ­ണ്ഡ­ല­ത്തി­ലെ­ത്തി­ച്ചേ­രു­മ്പോൾ അ­ന്യാ­ദൃ­ശ­മാ­യ ഈ നോവൽ അ­വ­സാ­നി­ക്കു­ന്നു.

മാ­ക്കു­നൈ­മ ബ്ര­സീ­ലി­ന്റെ ചൈ­ത­ന്യ­മാ­ണു്. അ­തി­ന്റെ മ­ന­സ്സാ­ക്ഷി­പോ­ലും മാ­റ്റി­വ­യ്ക്ക­പ്പെ­ട്ടു­വെ­ന്നാ­ണു് നോ­വ­ലി­സ്റ്റി­ന്റെ അ­ഭി­പ്രാ­യം. ഒ­രു­ദി­വ­സം കാ­ല­ത്തു് മാ­ക്കു­നൈ­മ ഒരു ദ്വീ­പി­ലേ­ക്കു­പോ­യി മു­പ്പ­ത­ടി­പ്പൊ­ക്ക­മു­ള്ള ക­ള്ളി­ച്ചെ­ടി­യു­ടെ അ­ഗ്ര­ഭാ­ഗ­ത്തു് തന്റെ മ­ന­സ്സാ­ക്ഷി അ­ടർ­ത്തി­യെ­ടു­ത്തു വച്ചു. മ­ന­സ്സാ­ക്ഷി­കൂ­ടെ­യു­ണ്ടെ­ങ്കിൽ യാ­ത്ര­ചെ­യ്യാൻ പ്ര­യാ­സം. അത്ര ഉ­യ­ര­ത്തിൽ വ­ച്ചി­ല്ലെ­ങ്കിൽ എ­റു­മ്പു­കൾ മ­ന­സ്സാ­ക്ഷി­യെ തി­ന്നു­ക­ള­യും. അ­ങ്ങ­നെ മ­ന­സ്സാ­ക്ഷി­യെ ഒ­ളി­ച്ചു വ­ച്ചി­ട്ടു തി­രി­കെ വന്ന മാ­ക്കു­നൈ­മ സ­ഹോ­ദ­ര­ന്മാ­രോ­ടു­കൂ­ടി യാ­ത്ര­യാ­രം­ഭി­ച്ചു. കാ­ലം­ക­ഴി­ഞ്ഞു് അതു തി­രി­ച്ചെ­ടു­ക്കാൻ ചെ­ന്ന­പ്പോൾ അ­ത­വി­ടെ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണോ വി­ചാ­രം? ഇല്ല. അ­തു­കൊ­ണ്ടു് ഒരു സ്പാ­നി­ഷ് അ­മേ­രി­ക്ക­ന്റെ മ­ന­സ്സാ­ക്ഷി പി­ടി­ച്ചെ­ടു­ത്തു ത­ല­യ്ക്ക­ക­ത്തു­വ­ച്ചു­കൊ­ണ്ടു് അയാൾ ന­ട­ന്നു. ബ്ര­സീ­ലി­ന്റെ മ­ന­സ്സാ­ക്ഷി­പോ­ലും ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്നു് എ­ന്തൊ­രു പ­രി­ഹാ­സ­ത്തോ­ടെ­യാ­ണു് നോ­വ­ലി­സ്റ്റ് പ­റ­യു­ന്ന­തു്!

images/Mariodeandrade1928b.jpg
ആ­ങ്ൻ­ദ്രേ­ദ

ഇതിലെ കെ­ട്ടു­ക­ഥ­ക­ളും അ­വ­യോ­ടു ചേർ­ന്നു­വ­രു­ന്ന റീ­യ­ലി­സ്റ്റി­ക് ക­ഥ­ക­ളും ന­മ്മു­ടെ—കേ­ര­ളീ­യ­രു­ടെ— അ­നു­ഭ­വ­മ­ണ്ഡ­ല­ത്തി­ലെ ഭാ­ഗ­മാ­യി­ത്തീർ­ന്നി­ല്ലെ­ന്നു വരാം. എ­ന്നാൽ ഈ നോ­വ­ലി­ന്റെ ക­ലാ­ഭം­ഗി ആർ­ക്കും കാ­ണാ­തി­രി­ക്കാ­നും ആ­സ്വ­ദി­ക്കാ­തി­രി­ക്കാ­നും വയ്യ. കെ­ട്ടു­ക­ഥ­യെ­യും റീ­യ­ലി­സ­ത്തെ­യും കൂ­ട്ടി­യി­ണ­ക്കി മാ­ജി­ക്കൽ റീ­യ­ലി­സം സൃ­ഷ്ടി­ച്ച ആ­ദ്യ­ത്തെ നോ­വ­ലി­സ്റ്റാ­ണു് ആ­ങ്ൻ­ദ്രേ­ദ. മാ­ജി­ക്കൽ റീ­യ­ലി­സ­ത്തെ­ക്കു­റി­ച്ചു­ള്ള ഏതു പ­ഠ­ന­വും ഈ നോ­വ­ലി­ലാ­ണു് ആ­രം­ഭി­ക്കേ­ണ്ട­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “നി­ങ്ങ­ളു­ടെ പു­സ്ത­ക­ങ്ങൾ­ക്കു നല്ല ചെ­ല­വു­ണ്ടോ?”

ഉ­ത്ത­രം: “പു­സ്ത­ക­ങ്ങൾ വി­റ്റു­പോ­കു­ന്നോ എ­ന്നാ­ണോ നി­ങ്ങൾ ചോ­ദി­ക്കു­ന്ന­തു? ഞാൻ­ത­ന്നെ പ­ല­പ്പോ­ഴും എന്റെ പു­സ്ത­ക­ങ്ങൾ വി­ല­കൊ­ടു­ത്തു വാ­ങ്ങു­ന്ന­തു­കൊ­ണ്ടു് ‘ചെലവു’ണ്ടാ­ക­ണം. ഈ സ­ന്ദർ­ഭ­ത്തിൽ പ്ര­ശ­സ്ത­നാ­യ പ­ത്മ­രാ­ജൻ പറഞ്ഞ ഒരു സം­ഭ­വ­മാ­ണു് ഓർമ്മ വ­രു­ന്ന­തു്. കൂ­ര്യാ­ക്കോ­സ് എ­ന്നൊ­രാൾ ഒരു പു­സ്ത­ക­മെ­ഴു­തി അ­ച്ച­ടി­പ്പി­ച്ചു് പു­സ്ത­ക­ക്ക­ട­യിൽ കൊ­ടു­ത്തു. വി­റ്റു­പോ­കു­ന്നി­ല്ലെ­ന്നു ക­ണ്ടു് പു­സ്ത­ക­ക്ക­ട­യു­ടെ അ­ടു­ത്തു­ള്ള ജ­ങ്ഷ­നിൽ അയാൾ വ­ന്നു­നി­ല്ക്കു­മാ­യി­രു­ന്നു. അതിലേ പോ­കു­ന്ന ഓരോ ആ­ളി­നെ­യും വി­ളി­ച്ചു് ഇ­രു­പ­തു രൂപ കൊ­ടു­ത്തി­ട്ടു് ‘അതാ ആ കടയിൽ കു­ര്യാ­ക്കോ­സ് എ­ഴു­തി­യ ഹൃ­ദ­യ­സ്മി­തം എന്ന പു­സ്ത­ക­മു­ണ്ടു്. ഈ രൂ­പ­കൊ­ടു­ത്തു അതു വാ­ങ്ങി­ക്കൊ­ണ്ടു­പോ­യി വാ­യി­ക്കു’ എന്നു പറയും. ഏ­താ­നും ദി­വ­സം­കൊ­ണ്ടു പു­സ്ത­ക­ത്തി­ന്റെ എല്ലാ കോ­പ്പി­ക­ളും വി­റ്റു­പോ­യി. ഞാൻ കു­ര്യാ­ക്കോ­സി­ന്റെ ലവലിൽ ഇ­തു­വ­രെ എ­ത്തി­യി­ല്ല”.

ചോ­ദ്യം:എൻ. കൃ­ഷ്ണ­പി­ള്ള യും ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യ­രും എ­ഴു­തി­യ വി­മർ­ശ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “ദൗർ­ഭാ­ഗ്യ­ത്താൽ അവർ ഇ­ന്നി­ല്ല. ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ര­ണ്ടു­പേ­രോ­ടും Stop exaggerating എന്നു പ­റ­യു­മാ­യി­രു­ന്നു”.

ചോ­ദ്യം: “ഇ­ന്ന­ത്തെ നി­രൂ­പ­ണ­ത്തിൽ എന്തു കാ­ണു­ന്നു?”

ഉ­ത്ത­രം: “ക­ഴി­വു­ള്ള­വ­രെ ഇ­ടി­ച്ചു­താ­ഴ്ത്തു­ന്നു. ക­ഴി­വി­ല്ലാ­ത്ത­വ­രെ പൊ­ക്കു­ന്നു”.

ചോ­ദ്യം: “നി­ഷ്ക­ള­ങ്ക­യാ­യ സ്ത്രീ­യു­ണ്ടോ?”

ഉ­ത്ത­രം: “ഉ­ണ്ട­ല്ലോ. ജ­നി­ച്ച നാൾ­തൊ­ട്ടു ഇ­രു­പ­ത്തി­യേ­ഴു ദി­വ­സ­വും പെൺ­കു­ഞ്ഞു് നി­ഷ്ക­ള­ങ്ക. ഇ­രു­പ­ത്തെ­ട്ടു കെ­ട്ടി­ക്ക­ഴി­ഞ്ഞാൽ നി­ഷ്ക­ള­ങ്ക­യ­ല്ല”.

ചോ­ദ്യം: “മ­രി­ച്ചു­പോ­യ സാ­ഹി­ത്യ­കാ­ര­ന്മാ­രെ കു­റ്റം പ­റ­യു­ന്ന നി­ങ്ങ­ളെ ആ­രോ­ടാ­ണു് ഉ­പ­മി­ക്കേ­ണ്ട­തു?”

ഉ­ത്ത­രം: “ചത്ത പാ­മ്പി­നെ വ­ടി­കൊ­ണ്ടു ത­ല്ലു­ന്ന ഭീ­രു­വി­നോ­ടു് ”.

ചോ­ദ്യം: “അർ­ദ്ധ­രാ­ത്രി ക­ഴി­ഞ്ഞു് റോഡിൽ ആ­രു­മി­ല്ലാ­ത്ത സ­മ­യ­ത്തു് സർ. ടി. മാ­ധ­വ­റാ­വു വി­ന്റെ പ്ര­തി­മ ക­ണ്ടാൽ നി­ങ്ങൾ­ക്കു് എ­ന്തു­തോ­ന്നും?”

ഉ­ത്ത­രം: “ഇ­ന്ന­ത്തെ ഹജൂർ ക­ച്ചേ­രി­യിൽ ന­ട­ക്കു­ന്ന സം­ഭ­വ­ങ്ങ­ളെ മാ­ധ­വ­റാ­വു ദേ­ഷ്യ­ത്തോ­ടെ നോ­ക്കു­ന്നു­വെ­ന്നു് ഞാൻ പറയും. എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തു് ശ്രീ. കെ. പി. അപ്പൻ ക­ണ്ടാൽ ‘പാവം എ­ക്സി­സ്റ്റെൻ­ഷ്യൽ ഔ­ട്ട്സൈ­ഡർ’ എന്നു ഉ­റ­ക്കെ­പ്പ­റ­യും”.

ചോ­ദ്യം: “നി­ങ്ങൾ­ക്കു പ­രി­ച­യ­മു­ള്ള­വ­രു­ടെ ക­ഥ­ക­ളെ­യും ക­വി­ത­ക­ളെ­യും വി­മർ­ശി­ക്കു­മ്പോൾ നി­ങ്ങ­ളെ­ന്തി­നാ­ണു് പ­രു­ങ്ങു­ന്ന­തു?”

ഉ­ത്ത­രം: “ചെ­ളി­യു­ള്ള വയലിൽ കാലു് മു­ട്ടു­വ­രെ താ­ഴ്‌­ന്നു­പോ­യാൽ അതു പെ­ട്ടെ­ന്നു വ­ലി­ച്ചെ­ടു­ക്കാൻ പ­റ്റു­മോ?”

ഇ. വി. ശ്രീ­ധ­രൻ

കെ­ട്ടു­ക­ഥ­യെ­യും റീ­യ­ലി­സ­ത്തെ­യും കൂ­ട്ടി­യി­ണ­ക്കി മാ­ജി­ക്കൽ റീ­യ­ലി­സം സൃ­ഷ്ടി­ച്ച ആ­ദ്യ­ത്തെ നോ­വ­ലി­സ്റ്റാ­ണു് ആ­ങ്ൻ­ദ്രേ­ദ. മാ­ജി­ക്കൽ റീ­യ­ലി­സ­ത്തെ­ക്കു­റി­ച്ചു­ള്ള ഏതു പ­ഠ­ന­വും ഈ നോ­വ­ലി­ലാ­ണു് ആ­രം­ഭി­ക്കേ­ണ്ട­തു്.

ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ മ­ഹ­നീ­യ­മാ­യ സെ­ക്ഷ്വൽ നോവൽ എ­ന്നു് എ­ല്ലാ­വ­രും വാ­ഴ്ത്തു­ന്ന ബതായി യുടെ (Bataille) The Story of the Eye എ­ന്ന­തി­നെ­ക്കു­റി­ച്ചു് റൊ­ളാ­ങ് ബാർത് എ­ഴു­തി­യ നി­രൂ­പ­ണം പ്രൗ­ഢ­മാ­ണു്. ഒരു വ­സ്തു­വി­ന്റെ—ക­ണ്ണി­ന്റെ—വി­വി­ധ­ങ്ങ­ളാ­യ “അ­വ­താ­ര­ങ്ങ”ളാണു് നോ­വ­ലിൽ കാണുക. മൗ­ലി­ക­വ­സ്തു­വിൽ­നി­ന്നു്—ക­ണ്ണിൽ­നി­ന്നു്—അതു് അ­ക­ന്നു­നി­ല്ക്കു­ന്നു. എ­ന്നാൽ രൂ­പ­പ­രി­വർ­ത്ത­നം വ­രു­ന്ന­തു­കൊ­ണ്ടു് മൗ­ലി­ക­വ­സ്തു­വി­നോ­ടു­ള്ള ബ­ന്ധം­വി­ട്ടു പോ­കു­ന്നു­മി­ല്ല. അ­ങ്ങ­നെ പല ‘അ­വ­താ­ര­ങ്ങ’ളി­ലൂ­ടെ യാ­ഥാ­ത­ഥ്യ­ത്തെ സം­വി­ധാ­നം ചെ­യ്യു­ന്നു ബതായി എ­ന്നാ­ണു ബാർ­തി­ന്റെ അ­ഭി­പ്രാ­യം.

ക­ണ്ണി­ന്റെ ഈ പ്രാ­ധാ­ന്യ­ത്തെ എല്ലാ പ്ര­തി­ഭാ­ശാ­ലി­ക­ളും എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ണ്ടു്. കു­മാ­ര­നാ­ശാ­ന്റെകരുണ’ നോ­ക്കു­ക. സ്ഥ­ടി­ക­ക്കു­പ്പി­യി­ലി­ട്ട പ­രൽ­മീൻ­പോ­ലെ­യാ­ണു് വാ­സ­വ­ദ­ത്ത­യു­ടെ ക­ണ്ണു­കൾ. ഉ­പ­ഗു­പ്ത­നു­മാ­യി വേഴ്ച നേ­ടു­ന്ന­തി­നെ­ക്കാൾ ആ മ­ധു­രാ­കൃ­തി­യെ നോ­ക്കി ല­യി­ക്കു­ന്ന­തി­ലും അ­ങ്ങ­നെ ക­ണ്ണു­കൾ­ക്കു് സു­ഖ­മ­രു­ളു­ന്ന­തി­ലു­മാ­ണു് അ­വൾ­ക്കു താ­ല്പ­ര്യം. ചു­ട­ല­പ്പ­റ­മ്പിൽ ക്ഷ­താം­ഗ­യാ­യി കി­ട­ക്കു­ന്ന അ­വ­ളു­ടെ മ­യ്യ­ഴി­ഞ്ഞ നേ­ത്ര­യു­ഗ്മം നമ്മൾ കാ­ണു­ന്നു. ക­ട­ക്ക­ണ്ണിൻ പണി ഫ­ലി­ച്ചി­ല്ലെ­ന്നു പി­ന്നീ­ടു് കവി പ­റ­യു­ന്നു. ഉ­പ­ഗു­പ്തൻ എ­ത്തി­യ­പ്പോ­ഴും അ­യാ­ളു­ടെ കാ­ന്തി­യാ­ണു് അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ വീ­ണ­തു്. ക്ഷീ­ണ­ത­യാൽ മ­ങ്ങി­യ ആ വാർ­മി­ഴി­കൾ ഉ­പ­ഗു­പ്തൻ ശ്ര­ദ്ധി­ക്കു­ന്നു.

ഒ­ടു­വി­ലോ? ‘അർ­ദ്ധ­നി­മീ­ലി­ത­ങ്ങ­ളാ­യു­പ­രി പൊ­ങ്ങി­മി­ഴി­ക­ളുർ­ദ്ധ്വ ലോക ദി­ദൃ­ക്ഷ­യാ­ലെ­ന്ന­പോ­ലെ താൻ’ കു­മാ­ര­നാ­ശാ­ന്റെ ‘കരുണ’ എന്ന കൃ­തി­യിൽ ക­രു­ണ­യ്ക്കു് എത്ര പ്രാ­ധാ­ന്യ­മു­ണ്ടോ അ­ത്ര­യും പ്രാ­ധാ­ന്യ­മു­ണ്ടു് ക­ണ്ണി­നും.

images/MichelFoucault1974.jpg
ഫൂ­ക്കോ

വലിയ ചി­ന്ത­ക­നാ­യ ഫൂ­ക്കോ (Foucault) ആ­ത്മാ­വു് എ­ന്ന­തു് മ­ത­ത്തെ­സ്സം­ബ­ന്ധി­ച്ച ഒരു വ്യാ­മോ­ഹ­മാ­ണെ­ന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­ത്മാ­വു് ശ­രീ­ര­ത്തി­ന്റെ തടവറ മാ­ത്ര­മാ­ണെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പക്ഷം. (ഫൂ­ക്കോ­യു­ടെ Discipline and Punish എന്ന ഗ്ര­ന്ഥം നോ­ക്കു­ക—പുറം 29, 30) ബ­താ­യി­യി­ലേ­ക്കു തി­രി­ച്ചു­വ­രാം. The eye, at the summit of the skull… opens and blinds itself like a conflagration എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു.

കാണാൻ കൊ­ള്ളാ­വു­ന്ന ഒരു സ്ത്രീ വ­ന്നാൽ അ­വ­ളാ­രെ­ന്നു് അ­റി­യാൻ ഒന്നു നോ­ക്കു­ന്ന­തിൽ തെ­റ്റി­ല്ല. അവിടെ ജി­ജ്ഞാ­സ­യേ­യു­ള്ളു. ആ വെ­റും­നോ­ട്ടം തു­ള­ച്ചു­ക­യ­റു­ന്ന നോ­ട്ട­മാ­കു­മ്പോൾ സെ­ക്സി­ന്റെ അ­തി­പ്ര­സ­ര­മാ­ണു­ണ്ടാ­വു­ക. അ­തി­നാ­ലാ­ണു തു­റി­ച്ചു­നോ­ക്കു­ന്ന­വ­നെ ആ­ഭാ­സ­നെ­ന്നു് അയാളെ ഇ­ഷ്ട­പ്പെ­ടാ­ത്ത സ്ത്രീ­കൾ വി­ളി­ക്കു­ന്ന­തു്. അ­മ്മ­ട്ടിൽ നോ­ക്കു­മ്പോൾ നോ­ക്കു­ന്ന­വ­നു കാ­മ­വി­കാ­ര­വും നോ­ട്ട­മേ­ല്ക്കു­ന്ന സ്ത്രീ­ക്കു് അ­സ്വ­സ്ഥ­ത­യും ഉ­ള­വാ­കും. ക­ണ്ണു­കൾ­ക്കു് എ­ന്തൊ­രു ശ­ക്തി­യാ­ണു്! ന­ല്ല­പോ­ലെ ശരീരം ആ­ച്ഛാ­ദ­നം ചെയ്ത സ്ത്രീ­യെ തു­റി­ച്ചു­നോ­ട്ടം കൊ­ണ്ടു് അ­നാ­വ­ര­ണം ചെ­യ്യു­ന്ന ഒ­രു­ത്ത­നെ­ക്കു­റി­ച്ചു മോ­പ­സാ­ങ് ഏതോ കഥയിൽ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ.

images/Gurdjieff1922.jpg
Gurdjieff

Gurdjieff എന്ന റഷൻ മാ­ന്ത്രി­ക­ന്റെ (Occultist എന്ന അർ­ത്ഥ­ത്തിൽ) ആ പേരു് ഉ­ച്ച­രി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. അ­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷിൽ­ത്ത­ന്നെ അ­തെ­ഴു­ത­ട്ടെ. അ­ദ്ദേ­ഹം ഏതോ ഭ­ക്ഷ­ണ­ശാ­ല­യിൽ ഇ­രു­ന്ന­പ്പോൾ ഒരു സ്ത്രീ­ക്കു് വ­ല്ലാ­ത്ത വൈ­ഷ­യി­ക ക്ഷോ­ഭ­മു­ണ്ടാ­യി. ആരോ തന്റെ ലൈം­ഗി­ക കേ­ന്ദ്ര­ത്തെ പി­ളർ­ക്കു­ന്നു എന്ന തോ­ന്നൽ തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ Gurdjieff തന്നെ തു­റി­ച്ചു­നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു് അവൾ കണ്ടു. (കോളിൻ വിൽ­സ­ന്റെ ഒരു പു­സ്ത­കം വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നു്.) ആരും വാ­യി­ച്ചി­രി­ക്കേ­ണ്ട Rom Landau-ന്റെ God is my Adventure എന്ന പു­സ്ത­ക­ത്തി­ലും ആ റഷൻ മാ­ന്ത്രി­ക­ന്റെ ഇ­ത്ത­രം ആ­ഭാ­സ­പ്ര­വൃ­ത്തി­കൾ വർ­ണ്ണി­ച്ചി­ട്ടു­ണ്ടെ­ന്നും ഓർമ്മ പ­റ­യു­ന്നു.

ഇം­ഗ്ലീ­ഷിൽ Ocular penetration എന്നു പ­റ­യു­ന്ന ക­ണ്ണു­കൊ­ണ്ടു­ള്ള ഈ തു­ള­ച്ചു­ക­യ­റ്റം ന­ട­ത്തി­ക്കൊ­ണ്ടു് ഒരു മ­ധ്യ­വ­യ­സ്കൻ ബ­സ്സ്റ്റാൻ­ഡിൽ നി­ല്ക്കു­ന്ന­താ­യി ശ്രീ. ഇ. വി. ശ്രീ­ധ­ര­ന്റെ ‘ജീ­വി­ത­ഗ­ന്ധി’ എന്ന ചെ­റു­ക­ഥ­യിൽ കാ­ണു­ന്നു (ക­ലാ­കൗ­മു­ദി). അയാൾ ക­ണ്ണു­കൊ­ണ്ടു തു­ള­ച്ചു­ക­യ­റ്റം ന­ട­ത്തു­ന്ന­തു് ആ­കർ­ഷ­ക­ത്വ­മു­ള്ള ഒരു പെ­ണ്ണി­ലാ­ണു്. അ­ഭി­ലാ­ഷം തോ­ന്നി­യ വ­സ്തു­വി­ലോ വ്യ­ക്തി­യി­ലോ ചെ­ന്നു­ത­റ­യ്ക്കു­ന്ന നോ­ട്ട­ത്തി­ന്റെ അർ­ത്ഥം അ­ടു­ത്തു­നി­ല്ക്കു­ന്ന ഏ­തൊ­രു­വ­നും മ­ന­സ്സി­ലാ­കും. തു­ള­ച്ചു­ക­യ­റ്റം ന­ട­ത്തു­ന്ന­വ­നെ പ­റ്റി­ക്കാൻ എ­ളു­പ്പ­മു­ണ്ടു്. അ­യാ­ളിൽ­നി­ന്നു് അ­ഞ്ഞൂ­റു­രൂ­പ കൈ­ക്ക­ലാ­ക്കി­ക്കൊ­ണ്ടു്ര­തോ­പ­കാ­രി­യാ­യി (pimp) ഭാ­വി­ച്ച­വൻ മ­റ­ഞ്ഞു ക­ള­യു­ന്നു. സർ­വ­സാ­ധാ­ര­ണ­മാ­യ വി­ഷ­യ­ത്തി­നു് ക­ഥാ­കാ­രൻ നൂ­ത­ന­രൂ­പം ന­ല്കി­യി­രി­ക്കു­ന്നു. സ­മു­ദാ­യ­ത്തി­ലെ ഒരു ജീർ­ണ്ണ­ത­യെ പ­രി­ഹ­സി­ക്കു­ക­യും ചെ­യ്യു­ന്നു അ­ദ്ദേ­ഹം. ഈ നൂ­ത­ന­രൂ­പ­മാ­ണു് ക­ഥ­യു­ടെ സർ­വ­സാ­ധാ­ര­ണ­ത്വ­ത്തിൽ­നി­ന്നു് അതിനെ ര­ക്ഷി­ക്കു­ന്ന­തു്.

മേനകാ ഗാ­ന്ധി­യു­ടെ ചെ­റു­ക­ഥ
images/ManekaGandhi2.jpg
മേ­ന­കാ­ഗാ­ന്ധി

മേ­ന­കാ­ഗാ­ന്ധി ബു­ദ്ധി­ശാ­ലി­നി­യാ­ണെ­ന്നു പലരും പ­റ­ഞ്ഞു് ഞാൻ ഗ്ര­ഹി­ച്ചി­ട്ടു­ണ്ടു്. പ്ര­യോ­ജ­ന­പ്ര­ദ­ങ്ങ­ളാ­യ അ­വ­രു­ടെ രണ്ടു ഗ്ര­ന്ഥ­ങ്ങൾ—Book of Hindu Names, The complete Book of Muslim and Parsi Names—എന്റെ കൈ­യി­ലു­ണ്ടു്. ആദ്യം പറഞ്ഞ പു­സ്ത­ക­ത്തിൽ­നി­ന്നു് ഒ­രു­ദാ­ഹ­ര­ണം: Pururavas (S) (M) 1. crying loudly. 2. Overtly praised. 3. a famous King of the lunar race who was the son of Buddha and Ila and the husband of the apsara Urvasi, he was the father of Ayus and the ancestor of Puru, Dusyanta, Bharata, Kuru, Dhrtarastra and Pandu. ഇനി ര­ണ്ടാ­മ­ത്തെ പു­സ്ത­ക­ത്തിൽ നി­ന്നു്: Jahangir: (P) holder of the world. 2. Woman’s bracelet. 3. Mughal emperor (AD 1605–AD 1627), eldest son of Akbar who was also called Salim and Shaikhu Baba…

ബു­ദ്ധി­ശാ­ലി­നി­യാ­യ­തു­കൊ­ണ്ടു് അവരെ ആർ­ക്കും ക­ളി­പ്പി­ക്കാ­നൊ­ക്കു­ക­യി­ല്ലെ­ന്നു് അ­വ­രോ­ടൊ­ത്തു പ്ര­വർ­ത്തി­ച്ച ഒരു സ്ത്രീ എ­ന്നോ­ടു പ­റ­യു­ക­യു­ണ്ടാ­യി. വ­ന­മ­ഹോ­ത്സ­വ­ത്തി­ന്റെ പ്രാ­രം­ഭ പ­രി­പാ­ടി­യാ­യി ചെ­ടി­ന­ടു­ന്ന ഏർ­പ്പാ­ടി­നു് ശ്രീ­മ­തി­യെ ക്ഷ­ണി­ച്ചു­വ­ത്രേ. പ­ണ്ടെ­ങ്ങോ ഉ­ണ്ടാ­യി­രു­ന്ന കു­ഴി­യിൽ ച­പ്പും ചവറും നി­റ­ഞ്ഞു കി­ട­ക്കു­ന്നു. ആ കു­ഴി­യു­ടെ അ­ടു­ത്തേ­ക്കു് മേനക ചെടി കൈ­യിൽ­വ­ച്ചു­കൊ­ണ്ടു ന­ട­ന്നു. വൃ­ത്തി­കെ­ട്ട കുഴി ക­ണ്ട­യു­ട­നെ അ­വർ­ക്കു ദേ­ഷ്യം വന്നു. പ്ര­വർ­ത്ത­കൻ തന്നെ ഒരു ക­ളി­പ്പാ­വ­യാ­ക്കു­ക­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യ അവർ Are you insulting me എന്നു കോ­പ­ത്തോ­ടെ ചോ­ദി­ച്ചു­കൊ­ണ്ടു കൈ­യി­ലി­രു­ന്ന ചെടി ദൂ­രെ­യെ­റി­ഞ്ഞു. തി­രി­ഞ്ഞു ഒരു ന­ട­ത്തം­വ­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്തു.

“നി­ഷ്ക­ള­ങ്ക­യാ­യ സ്ത്രീ­യു­ണ്ടോ?” “ഉ­ണ്ട­ല്ലോ. ജ­നി­ച്ച­നാൾ­തൊ­ട്ടു് ഇ­രു­പ­ത്തി­യേ­ഴു ദി­വ­സ­വും പെൺ­കു­ഞ്ഞു് നി­ഷ്ക­ള­ങ്ക. ഇ­രു­പ­ത്തെ­ട്ടു കെ­ട്ടി­ക്ക­ഴി­ഞ്ഞാൽ നി­ഷ്ക­ള­ങ്ക­യ­ല്ല”.

മേ­ന­കാ­ഗാ­ന്ധി ക­ഥ­ക­ളെ­ഴു­താൻ വി­ദ­ഗ്ധ­യാ­ണെ­ന്നു് ഞാ­നി­പ്പോൾ മ­ന­സ്സി­ലാ­ക്കു­ന്നു. കർ­പ്പൂ­രം വാ­രി­ക­യിൽ അ­വ­രു­ടെ ഒരു കഥ—ചും­ബ­നം—തർ­ജ്ജ­മ­ചെ­യ്തു ചേർ­ത്തി­ട്ടു­ണ്ടു്. ചും­ബ­നം വ്യ­ക്തി­യാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു് ചെ­ന്ന­ണ­യാൻ സ­ങ്കേ­ത­മ­ന്വേ­ഷി­ച്ചു ന­ട­ക്കു­ക­യാ­ണു്. ഭർ­ത്താ­വു് പ്രാ­തൽ­ക­ഴി­ഞ്ഞു് ഓ­ഫീ­സി­ലേ­ക്കു പോകാൻ ഭാ­വി­ക്കു­മ്പോൾ ഭാര്യ വ­രു­ന്നു. ര­ണ്ടു­പേ­രും സൗ­ന്ദ­ര്യ­മു­ള്ള­വർ. ഇ­തു­ത­ന്നെ പ­റ്റി­യ സ്ഥ­ല­മെ­ന്നു വി­ചാ­രി­ച്ചു ചും­ബ­നം സ്ത്രീ­യു­ടെ ചു­ണ്ടി­ലെ­ത്തി. പക്ഷേ, പിൻ­തി­രി­യേ­ണ്ടി വന്നു അ­തി­നു്. സ്ത്രീ പ­ല്ലു­തേ­ച്ചി­ട്ടി­ല്ല. അ­യാ­ളു­ടെ ചു­ണ്ടിൽ മു­ട്ട­യു­ടെ നാ­റ്റ­വും, ഇ­ങ്ങ­നെ പല സം­ഭ­വ­ങ്ങൾ ആ­വി­ഷ്ക­രി­ച്ചു ചും­ബ­ന­മെ­ന്ന പ്ര­ക്രി­യ­യു­ടെ ഗർ­ഹ­ണീ­യ­ത സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു മേ­ന­കാ­ഗാ­ന്ധി. ആ­ശ­യ­പ്ര­ധാ­ന­മാ­യ കഥ. എ­ന്നാൽ ബിം­ബ­ങ്ങ­ളി­ലൂ­ടെ ആ ആ­ശ­യ­ത്തി­നു് ചാരുത വ­രു­ത്തി­യി­രി­ക്കു­ന്നു ശ്രീ­മ­തി.

images/JohnGunther.jpg
ഗന്തർ

ചും­ബ­നം ഏ­റ്റ­വും വൃ­ത്തി­കെ­ട്ട പ്ര­ക്രി­യ­യാ­ണെ­ന്നു് ഈ ലേഖകൻ ഈ പം­ക്തി­യിൽ­ത്ത­ന്നെ മുൻ­പു് എ­ഴു­തി­യി­ട്ടു­ണ്ടു്. ഗ­ന്ത­റു ടെ Inside Russia എന്ന പു­സ്ത­കം നാ­ല്പ­തു കൊ­ല്ലം മുൻ­പു് വാ­യി­ച്ചി­ട്ടു­ണ്ടു് ഞാൻ. ചും­ബ­ന­ത്തി­നു് a caress with the lips എ­ന്നു് Oxford Dictionary-​യിൽ അർ­ത്ഥം ന­ല്കി­യി­ട്ടു­ണ്ടെ­ന്നു പ­റ­ഞ്ഞി­ട്ടു് റ­ഷ­യു­ടെ ഭൗ­തി­ക­സ്വ­ഭാ­വം കാ­ണി­ക്കാൻ അ­വി­ടു­ത്തെ മെ­ഡി­ക്കൽ വി­ശ്വ­വി­ജ്ഞാ­ന­കോ­ശ­ത്തിൽ അതിനു ന­ല്കി­യി­ട്ടു­ള്ള വി­വ­ര­ണം ഗന്തർ തന്റെ ഗ്ര­ന്ഥ­ത്തിൽ പ­കർ­ത്തി­യി­ട്ടു­ണ്ടു്. The conjunction of two organs used for the intake of food into the body എ­ന്നാ­ണ­ത്രേ അർ­ത്ഥ­പ്ര­ദർ­ശ­നം. എന്റെ വാർ­ദ്ധ­ക­സ്മൃ­തി­ക്കു തെ­റ്റു­പ­റ്റി­യി­ട്ടി­ല്ലെ­ന്നാ­ണു് വി­ശ്വാ­സം. ഞാ­നാ­ണു് ചും­ബ­ന­ത്തി­നു വി­വ­ര­ണം ന­ല്കു­ന്ന­തെ­ങ്കിൽ അ­തി­ങ്ങ­നെ­യാ­വും: പു­രു­ഷ­ന്റെ തു­പ്പൽ രോ­ഗാ­ണു­ക്ക­ളോ­ടു­കൂ­ടി സ്ത്രീ­യു­ടെ വാ­യി­ലേ­ക്കും സ്ത്രീ­യു­ടെ തു­പ്പൽ രോ­ഗാ­ണു­ക്ക­ളോ­ടു­കൂ­ടി പു­രു­ഷ­ന്റെ വാ­യി­ലേ­ക്കും പ­ക­രാ­നു­ള്ള പ്ര­ക്രി­യ.

‘ചുംബന’മെന്ന ക­ഥ­യെ­ഴു­തി­യ മേ­ന­കാ­ഗാ­ന്ധി­യെ­യും അതു് തർ­ജ്ജ­മ­ചെ­യ്ത ശ്രീ. ടോമി ഈ­പ്പ­നെ­യും ഞാൻ സ­വി­ന­യം അ­ഭി­ന­ന്ദി­ക്കു­ന്നു. മേ­ന­ക­യ്ക്കു മേ­ന­കാ­ഗാ­ന്ധി­യു­ടെ Book of Hindu Names എന്ന പു­സ്ത­ക­ത്തിൽ അർ­ത്ഥം കൊ­ടു­ത്തി­രി­ക്കു­ന്ന­തു് ഇ­ങ്ങ­നെ: Menaka (S) (F) one who is born of the mind, one who knows, one who is skilled in the arts… ക­ല­ക­ളിൽ വൈ­ദ­ഗ്ധ്യ­മു­ള്ള­വ­ളും അ­റി­വു­ള്ള­വ­ളു­മാ­ണു് മേനക. മേനകാ ഗാ­ന്ധി­യു­ടെ പേരു് അ­ന്വർ­ത്ഥം­ത­ന്നെ.

ഇ­പ്പോൾ തോ­ന്നു­ന്ന­ത്
  1. ഇ­തെ­ഴു­തു­ന്ന­യാൾ പ­ണ്ടു് ഒരു ക­ഥാ­കാ­ര­ന്റെ ഒരു നോവൽ ന­ല്ല­ത­ല്ലെ­ന്നു് കെ. ബാ­ല­കൃ­ഷ്ണ­ന്റെ ‘കൗ­മു­ദി’ വാ­രി­ക­യി­ലെ­ഴു­തി. അതു് ഒരാൾ നോ­വ­ലി­സ്റ്റി­നോ­ടു പ­റ­ഞ്ഞ­പ്പോൾ സാ­യ്പി­ന്റെ ഭാ­ഷ­യിൽ വലിയ വ­ശ­മി­ല്ലെ­ങ്കി­ലും വ­ല്ല­ഭ­നു പു­ല്ലു­മാ­യു­ധം എന്നു സ്വയം വി­ശ്വ­സി­ച്ചി­രു­ന്ന അ­ദ്ദേ­ഹം ഉ­ദ്ഘോ­ഷി­ച്ചു: “ഇ­വ­ന്മാ­രെ­യൊ­ക്കെ ഇ­ഗ്നോർ ചെ­യ്യു­ക­യാ­ണു് വേ­ണ്ട­തു്. ഇ­ഗ്നോർ ചെ­യ്യു­ക­യെ­ന്നു പ­റ­ഞ്ഞാൽ കം­പ്ലീ­റ്റ് ഇ­ഗ്ന­റൻ­സ്.
  2. ജീ­വി­ത­ത്തി­ന്റെ വേ­ദ­ന­ക­ളിൽ­നി­ന്നു ര­ക്ഷ­പ്രാ­പി­ക്കാൻ ഭ­ഗ­വ­ദ്ഗീ­ത പ­തി­വാ­യി വാ­യി­ച്ചാൽ മ­തി­യെ­ന്നു് ശ്രീ­രാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലെ ഒരു സ്വാ­മി­ജി എ­ന്നോ­ടു പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ത­നു­സ­രി­ച്ചു് ഞാൻ ഗീത പലതവണ വാ­യി­ച്ചു. ധി­ഷ­ണ­യ്ക്കു അതു സം­തൃ­പ്തി ന­ല്കു­മെ­ന്ന­ല്ലാ­തെ ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കി­ല്ല. എ­ന്നാൽ പെ­സ്വാ യുടെ (Pessoa, 1888–1935, Portuguese poet) The Book of Disquiet എന്ന ഗ്ര­ന്ഥം വാ­യി­ക്കു­മ്പോൾ എന്റെ ജീ­വി­തം സ­മ്പ­ന്ന­മാ­കു­ന്ന­തു­പോ­ലെ തോ­ന്നൽ. പു­ക­യി­ല­ക്ക­ട­യിൽ ജോലി ചെ­യ്തി­രു­ന്ന ഒരു പാ­വ­പ്പെ­ട്ട­വൻ ആ­ത്മ­ഹ­ത്യ ചെ­യ്തു­വെ­ന്ന­റി­ഞ്ഞു് പെ­സ്വാ എ­ഴു­തു­ക­യാ­ണു്: “ഒ­രി­ക്കൽ ഞാൻ അ­യാ­ളിൽ­നി­ന്നു സി­ഗ്റ­റ്റ് വാ­ങ്ങി­ച്ച­പ്പോൾ എ­നി­ക്കു­തോ­ന്നി അ­യാൾ­ക്കു് അ­കാ­ല­ത്തിൽ ക­ഷ­ണ്ടി­വ­രു­മെ­ന്നു്. പക്ഷേ, ക­ഷ­ണ്ടി­ക്കാ­ര­നാ­വാൻ സമയം കി­ട്ടി­യി­ല്ല അ­യാൾ­ക്കു്… പൊ­ടു­ന്ന­നെ എ­നി­ക്കു് ആ ശ­രീ­ര­ത്തി­ന്റെ ദർ­ശ­ന­മു­ണ്ടാ­യി. ആ ശ­രീ­രം­വ­ച്ച ശ­വ­പ്പെ­ട്ടി­യു­ടെ­യും. ശ­വ­പ്പ­റ­മ്പി­ന്റെ ദർ­ശ­ന­വും ഉ­ള­വാ­യി… ഇ­ന്നു് എ­ന്നെ­പ്പോ­ലെ മ­നു­ഷ്യ­നാ­യ അയാൾ മ­രി­ച്ചു. വേ­റൊ­ന്നു­മി­ല്ല.
images/Pessoa.jpg
പെ­സ്വാ

അതേ മ­റ്റു­ള്ള­വൻ ജീ­വി­ക്കു­ന്നി­ല്ല. എ­നി­ക്കാ­ണു് ഈ സൂ­ര്യാ­സ്ത­മ­യം നി­ശ്ച­ല­മാ­യി­പ്പോ­യ­തു്. അ­തി­ന്റെ വർ­ണ്ണ­ങ്ങൾ മേ­ഘ­ച്ഛ­ന്നം. ക­ടു­പ്പ­മാർ­ന്ന­വ. അ­സ്ത­മ­യ­ത്തി­നു താഴെ എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആ മ­ഹാ­ന­ദി പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു; അ­തി­ന്റെ പ്ര­യാ­ണം ഞാൻ കാ­ണു­ന്നി­ല്ലെ­ങ്കി­ലും. എ­ല്ലാ­വർ­ക്കു­മു­ള്ള ശ­വ­പ്പ­റ­മ്പി­ലാ­ണോ അ­യാ­ളെ­യും അ­ട­ക്കി­യ­തു? ഇ­ന്ന­ത്തെ അ­സ്ത­മ­യം അ­യാൾ­ക്കു­ള്ള­ത­ല്ല. എ­ന്നാൽ അ­തി­നെ­ക്കു­റി­ച്ചു് വി­ചാ­രി­ക്കു­മ്പോൾ അ­ല്ലെ­ങ്കിൽ ഞാൻ ആ­വ­ശ്യ­പ്പെ­ടാ­തെ­ത­ന്നെ എ­നി­ക്കും അ­സ്ത­മ­യം ഇ­ല്ലാ­തെ­യാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു”.

അ­ഭ്യർ­ത്ഥ­ന
images/JoseOrtegayGasset.jpg
ഒർ­ട്ടേ­ഗ ഇ ഗാ­സ­റ്റ്

നീ­ച്ചേ ക്കു­ശേ­ഷം യൂ­റോ­പ്പു് കണ്ട ത­ത്ത്വ­ചി­ന്ത­ക­രിൽ അ­ദ്വി­തീ­യൻ എന്നു കമ്യൂ വാ­ഴ്ത്തി­യ ഒർ­ട്ടേ­ഗ ഇ ഗാ­സ­റ്റ് The Dehumanization of Art and Other Essays എ­ന്നൊ­രു പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടു്. അതിൽ ദ­സ്തെ­യെ­വ്സ്കി യെയും പ്രൂ­സ്തി നെയും താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന ഒ­രു­ജ്ജ്വ­ല പ്ര­ബ­ന്ധ­മു­ണ്ടു്. ദ­സ്തെ­യെ­വ്സ്കി ഒരു ക­ഥാ­പാ­ത്ര­ത്തി­ന്റെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു ചി­ല­തെ­ല്ലാം പറഞ്ഞ അയാളെ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു വ­രു­ന്നു. ന­മു­ക്കു് അയാളെ മ­ന­സ്സി­ലാ­യി­ല്ലെ­ന്നു് അതോടെ ഒരു തോ­ന്നൽ. പക്ഷേ, ആ ക­ഥാ­പാ­ത്രം സം­സാ­രി­ച്ചു തു­ട­ങ്ങു­മ്പോൾ, പ്ര­വർ­ത്തി­ച്ചു തു­ട­ങ്ങു­മ്പോൾ നമ്മൾ അ­മ്പ­ര­ക്കു­ന്നു. ആദ്യം നമ്മൾ പ­രി­ച­യ­പ്പെ­ട്ട ആളല്ല ആ സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ­യും പ്ര­വൃ­ത്തി­ക­ളി­ലൂ­ടെ­യും നമ്മൾ കാണുക. ഈ ര­ണ്ടി­നും പൊ­രു­ത്ത­മി­ല്ല. വാ­യ­ന­ക്കാ­രൻ അ­പ്പോൾ ര­ണ്ടി­നെ­യും സ­മ്മേ­ളി­പ്പി­ച്ചു് ഒരു നൂ­ത­ന­ചി­ത്ര­മു­ണ്ടാ­ക്കു­ന്നു. നോ­വ­ലി­ലാ­യാ­ലും ചെ­റു­ക­ഥ­യി­ലാ­യാ­ലും ഇ­തു­ണ്ടാ­വ­ണം. ഉ­ണ്ടാ­കു­മ്പോൾ ക­ഥാ­പാ­ത്ര­ങ്ങൾ ന­മ്മ­ളിൽ­നി­ന്നു വി­ഭി­ന്ന­വ്യ­ക്തി­ത്വ­മാർ­ജ്ജി­ച്ചു നി­ല്ക്കും. ഇതു സം­ഭ­വി­ച്ചി­ല്ലെ­ങ്കിൽ നോ­വ­ലും കഥയും ന­മു­ക്കു താ­ല്പ­ര്യം ജ­നി­പ്പി­ക്കി­ല്ല. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. ശ്രീ­കൃ­ഷ്ണ­പു­രം കൃ­ഷ്ണൻ­കു­ട്ടി എ­ഴു­തി­യ ‘നി­ല­വി­ളി­പോ­ലെ’ എന്ന കഥയിൽ വ്യ­ക്തി­യു­ടെ ഒരു നൂ­ത­ന­ചി­ത്രം ഉണ്ടോ എന്നു നോ­ക്കാൻ ഞാൻ വാ­യ­ന­ക്കാ­രോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.