സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1995-03-26-ൽ പ്രസിദ്ധീകരിച്ചതു്)

“ചങ്ങമ്പുഴക്കവിതയെ ചിലർ നിന്ദിക്കുന്നതിനെക്കുറിച്ചു നിങ്ങൾ എന്തു പറയുന്നു?” “ഞാനെന്തു പറയാൻ? അവർക്കു് അതിനു് അവകാശമുണ്ടല്ലോ. പിന്നെ ഒരു മണ്ടൻ കടലിലേക്കു എറിയുന്ന കല്ലു് നൂറു വിദ്വാന്മാർ വിചാരിച്ചാലും കണ്ടെടുക്കാൻ ആവില്ലെന്ന പഴമൊഴി ഓർമ്മിക്കുക”.

നിലാവു് പരന്നൊഴുകുമ്പോൾ രാത്രി ചേതോഹരമായി തോന്നും നമുക്കു്. എന്നാൽ സ്വാഭാവികങ്ങളായ തിന്മകൾ പത്തി വിടർത്തി ആടുന്നതു് നമ്മൾ ഓർമ്മിക്കില്ല. ഒരിടത്തു ചാരിത്രത്തിന്റെ കണ്ണീർ ഒലിക്കുന്നുണ്ടാവും. വേറൊരിടത്തു് ചോരപുരണ്ട കത്തി ദൂരെയെറിഞ്ഞിട്ടു് വ്യക്തി ഓടുന്നുണ്ടാവും. മറ്റൊരിടത്തു വിഷലിപ്തങ്ങളായ വാക്കുകൾ ഒരു വീട്ടിന്റെ മട്ടുപ്പാവിൽ നിന്നു് അടുത്ത വീട്ടിന്റെ മട്ടുപ്പാവിലേക്കു് എറിയപ്പെടുന്നുണ്ടാവും. നിലാവിന്റെ ഭംഗിയിൽ വിലയം കൊണ്ടിരിക്കുന്ന നമ്മൾക്കു് ഈ ദുഷ്ടതകളെക്കുറിച്ചു് ഓർമ്മിക്കാനാവുന്നില്ല. പക്ഷേ, യാമിനി അതെല്ലാം അറിയുന്നുണ്ടു്. ചന്ദ്രികയുടെ ആവരണമണിഞ്ഞ രാത്രിയുടെ അഗാധതയിൽ നടക്കുന്ന കുത്സിതത്വങ്ങൾ ആ രാത്രി തന്നെ അറിയുന്നു.

images/CharlesDickens1855.jpg
ഡിക്കിൻസ്

അധികാരത്തിന്റെ കഞ്ചുകമണിഞ്ഞ നിയമപാലകൻ—പോലീസുദ്യോഗസ്ഥൻ—ബഹുജനത്തിനു് ഭയാദി വികാരങ്ങൾ ഉത്പാദിപ്പിക്കുന്നു. ചിലർക്കു് അയാളെ ബഹുമാനവുമാണു്. എന്നാൽ ആ മനുഷ്യന്റെ അന്തരംഗത്തിൽ നടക്കുന്ന സംഘട്ടനങ്ങൾ, അവിടെ വസിക്കുന്ന ക്രൂരമൃഗങ്ങൾ അവിടെ വികാസം പ്രാപിക്കുന്ന കൊലപാതക ചിന്തകൾ ഇവയെക്കുറിച്ചു ബഹുജനത്തിനു് ഒന്നുമറിഞ്ഞുകൂടാ. അയാൾക്കു് അവ അറിയാം താനും. ബാല്യത്തിൽ, യൗവനത്തിൽ മാർക്സിസ്റ്റു് ചിന്തകരുടെ സിദ്ധാന്തങ്ങൾ പഠിച്ച അയാൾ ഇന്നു് അധികാരത്തിന്റെ ഖഡ്ഗം വീശി തലകൾ തെറിപ്പിക്കുവാൻ പോന്നവനാണു്. തനിക്കിഷ്ടപ്പെട്ട ഒരുത്തന്റെ നിർദ്ദേശമനുസരിച്ചു് ഒരു നിരപരാധനെ പിടിച്ചുകൊണ്ടുവന്നു പീഡിപ്പിക്കാൻ തക്കവിധത്തിൽ ക്രൂരതയാർന്നവനാണു്. ഒരു മനുഷ്യന്റെ ഈ ദ്വന്ദ്വഭാവത്തെ ശ്രീ. ടി. സി. ജോജി എത്ര നന്നായി സ്ഫുടീകരിക്കുന്നുവെന്നു ഗ്രഹിക്കണമെങ്കിൽ അദ്ദേഹം ദേശാഭിമാനി വാരികയിലെഴുതിയ ‘ബൂട്ടുകൾ’ എന്ന ചെറുകഥ വായിക്കണം. ഒരു പോലീസുദ്യോഗസ്ഥന്റെ ചിത്തവൃത്തികളെ, അവയ്ക്കു വരുന്ന പരിവർത്തനങ്ങളെ കഥാകാരൻ അന്തർദൃഷ്ടി വ്യാപരിപ്പിച്ചു് ചിത്രീകരിക്കുന്നു.

“അടുത്തടുത്തു നില്ക്കുന്ന രണ്ടു റോസാപ്പൂക്കൾ സംസാരിക്കുന്നതു് എന്താണു്?” “ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു തന്നെ”.

ഞാൻ രാജരഥ്യയിലൂടെ നടക്കുമ്പോൾ പലരും ചിരിച്ചു് കൈകൂപ്പി കടന്നു പോകുന്നു. പകരം ഞാനും ചിരിക്കുന്നു. അവർ കൈകൂപ്പിയതിനെക്കാൾ വിനയത്തോടെ ഞാനും കൈകൂപ്പുന്നു. പക്ഷേ, അവരുടെ മന്ദസ്മിതത്തിന്റെ പിറകിലുള്ള വിഷാദം ഞാനറിയുന്നില്ല. എന്റെ പിറകിൽ ചക്രവർത്തിയുടെ നിലയങ്കി ഇഴയുന്നതു പോലെ നൈരാശ്യവും ദുഃഖവും ഇഴയുന്നുവെന്നു് അവർ മനസ്സിലാക്കുന്നില്ല.

ചോദ്യം, ഉത്തരം

ചോദ്യം:ചങ്ങമ്പുഴ ക്കവിതയെ ചിലർ നിന്ദിക്കുന്നതിനെക്കുറിച്ചു നിങ്ങൾ എന്തു പറയുന്നു?”

ഉത്തരം: “ഞാനെന്തു പറയാൻ? അവർക്കു് അതിനു് അവകാശമുണ്ടല്ലോ. പിന്നെ ഒരു മണ്ടൻ കടലിലേക്കു എറിയുന്ന കല്ലു് നൂറു വിദ്വാന്മാർ വിചാരിച്ചാലും കണ്ടെടുക്കാൻ ആവില്ലെന്ന പഴമൊഴി ഓർമ്മിക്കുക”.

ചോദ്യം: “പതിവായി മറ്റുള്ളവരെ ദുഷിക്കുന്നവന്റെ അന്ത്യം എങ്ങനെയായിരിക്കും?”

ഉത്തരം: “അന്ത്യത്തിനു കുഴപ്പമൊന്നും വരില്ല. പക്ഷേ, അവനു ദുർഗ്ഗന്ധം കാണും. പിച്ചിപ്പു വില്ക്കുന്നവന്റെ കൈയിൽ സൗരഭ്യത്തിന്റെ ഒരംശം കാണും. ഇറച്ചി വെട്ടി വില്ക്കുന്നവന്റെ കൈക്കു് പൂതിഗന്ധം ഉണ്ടായിരിക്കും”.

ചോദ്യം: “സ്ത്രീശരീരത്തിന്റെ വളവുകൾ മാദകങ്ങളല്ലേ?”

ഉത്തരം: “ഒരു വളവും മാദകമല്ല. പാതയുടെ വളവും പക്ഷിയുടെ കഴുത്തിന്റെ വളവും കൊയ്യാറായ നെൽച്ചെടിയുടെ വളവും ഒന്നു തന്നെ. ഭൗതിക ശാസ്ത്രത്തിന്റെ ഒരേ നിയമം എല്ലാ വളവുകളിലും പ്രവർത്തിക്കുന്നു. മാദകത്വം മനുഷ്യൻ ആരോപിക്കുന്നതാണു്”.

ചോദ്യം:ശോഭാ ഡേ യുടെ പുസ്തകങ്ങൾ നിങ്ങൾ വായിക്കാറുണ്ടോ? ഉണ്ടെങ്കിൽ അവ വായിക്കുമ്പോൾ എന്തുതോന്നും?”

ഉത്തരം: “വായിക്കാറുണ്ടു്. കഷ്ടം! ഡിക്കിൻസി ന്റെ നോവലുകൾ വായിക്കാതെയാണല്ലോ ഞാൻ ഈ ചവറുകൾ വായിക്കുന്നതെന്നു തോന്നും”.

ചോദ്യം: “ഏതെങ്കിലും സാഹിത്യകാരന്റെ മരണം നിങ്ങളെ എപ്പോഴും വേദനിപ്പിക്കുന്നുണ്ടോ?”

ഉത്തരം:എൻ. വി. കൃഷ്ണവാരിയർ, ജി. ശങ്കരക്കുറുപ്പു്, പി. സി. കുട്ടിക്കൃഷ്ണൻ, ജോസഫ് മുണ്ടശ്ശേരി, വൈലോപ്പിള്ളി ഇവർ ഇന്നില്ലല്ലോ എന്നു വിചാരിച്ചു ഞാൻ ദുഃഖിക്കുന്നുണ്ടു്. അവർ മരിച്ചില്ല. ജീവിച്ചിരിക്കുന്നു എന്നും എനിക്കു തോന്നാറുണ്ടു് ”.

ചോദ്യം:നെൽസൺ മണ്ടേല യെക്കുറിച്ചു് എന്തു പറയുന്നു?”

ഉത്തരം: “കറപ്ഷന്റെ കളിയാണു് അദ്ദേഹത്തിന്റെ രാജ്യത്തിൽ. തന്റെ ഭാര്യയായിരുന്ന വിന്നി യെപ്പോലും അദ്ദേഹത്തിനു നിലയ്ക്കു നിറുത്താൻ കഴിയുന്നില്ല”.

ചോദ്യം: “അടുത്തടുത്തു നില്ക്കുന്ന രണ്ടു റോസാപ്പൂക്കൾ സംസാരിക്കുന്നതു് എന്താണു്”

ഉത്തരം: “‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു തന്നെ”.

സർവസാധാരണത്വം
images/JosephCampbell1982.jpg
ജോസഫ് കമ്പൽ

എന്റെ തുച്ഛങ്ങളായ അഭിപ്രായങ്ങൾ എടുത്തു വിളമ്പുന്നതിനെക്കാൾ നല്ലതു് മഹാന്മാരുടെ മതങ്ങൾ പ്രിയപ്പെട്ട വായനക്കാരെ ധരിപ്പിക്കുന്നതാണല്ലോ. അതിനാൽ ജോസഫ് കമ്പൽ എന്ന ചിന്തകൻ ജെയിംസ് ജോയിസ് എന്ന സാഹിത്യകാരന്റെ ചില സാഹിത്യ ചിന്തകൾ സംഗ്രഹിച്ചു് എഴുതിയതു് ഒന്നു കൂടെ സംഗ്രഹിച്ചു് ആവിഷ്കരിക്കാൻ എനിക്കു താല്പര്യമുണ്ടു്. ജോയിസിന്റെ A Portrait of the Artist as a young Man എന്ന നോവലിലെ ഒരു വാക്യം ഉദ്ധരിച്ചിട്ടു് കമ്പൽ അതിനു് വിശദീകരണം നല്കുന്നു. “The mind is arrested and raised above desire and loathing” മനസ്സു് നിരോധിക്കപ്പെടുകയും അഭിലാഷത്തിന്റെയും ജുഗുപ്സയുടെയും മുകളിലേക്കായി നയിക്കപ്പെടുകയും ചെയ്യുന്നു. ഇതാണു ജോയിസിന്റെ പ്രസ്താവം. ഇനിയാണു് കമ്പലിന്റെ വ്യാഖ്യാനം. വസ്തുക്കൾ അന്വേഷിച്ചെടുത്തു് അവയെ തിരിച്ചറിഞ്ഞു ഭക്ഷിക്കാനുള്ള ജീവശാസ്ത്രപരമായ പ്രവൃത്തിയാണു് കണ്ണിന്റേതു്. ആപത്തുണ്ടാകുമെന്നു് മനസ്സിനെ അറിയിക്കുക എന്നതു വേറൊന്നു്. ഇതു് ഒരു നിമിഷത്തേക്കോ യഥാർത്ഥ കലാകാരന്റെ കാര്യത്തിൽ ജീവിത കാലമാകെയോ നിരോധിക്കപ്പെടുന്നു. അപ്പോൾ ലോകത്തെ വിലയിരുത്തൽ കൂടാതെ നോക്കാൻ കലാകാരനാവും. അതു് (ലോകം) പ്രകാശക പ്രഭാവം ആവഹിക്കുന്നു. ഇംഗ്ലീഷിൽ revelation എന്നു വിളിക്കുന്ന ഈ പ്രകാശനം അല്ലെങ്കിൽ ആവിഷ്കരണം അപൂർവമായേ നമ്മുടെ രചനകൾക്കു് ഉണ്ടാകുന്നുള്ളു.

images/JamesJoyce1915.jpg
ജെയിംസ് ജോയിസ്

അത്രകണ്ടു സ്പഷ്ടമല്ലാത്ത ആഖ്യാനം കൊണ്ടു വായനക്കാരെ പീഡിപ്പിക്കുന്ന ഒരു ചെറുകഥയുണ്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. കോളറയാകാം വസൂരിയാകാം, ഏതോ രോഗം പിടിപെട്ട ഒരുത്തനെ മരിക്കുന്നതിനു മുൻപു തന്നെ ‘കുഴിച്ചു മൂടുവാൻ’ ഒരു റാവുത്തർ എത്തുന്നു. അതു നടന്നില്ല. അയാൾ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവന്റെ ഭാര്യ അതെ രോഗം പിടിച്ചു വീണു. പകുതി മരിച്ച അവളെ കുഴിയിലാക്കി മൂടാൻ ഭർത്താവു് റാവുത്തരെ വിളിക്കാൻ പോയി. അയാൾ വന്നില്ല. മൺവെട്ടിയും പിക്കാക്സുംകൊണ്ടു പൊയ്ക്കൊള്ളാൻ ഭർത്താവിനോടു് റാവുത്തർ പറഞ്ഞു. ഇത്തരം കഥകൾകൊണ്ടു് എന്തു പ്രയോജനം? എന്റെ ജീവിതാവബോധത്തെ തീക്ഷ്ണതമമാക്കാനോ ജോയിസ് പറയുന്ന aesthetic arrest ഉണ്ടാക്കി സംഭവത്തെ പ്രകാശത്തിൽ നിറുത്താനോ ഇതിനു കഴിയുന്നില്ല. ഇക്കഥയെക്കാൾ അധമമാണു് ശ്രീ. ടി. കെ. ശങ്കരനാരായണന്റെ ‘നമ്മളറിയുന്നില്ല’ എന്ന രചന. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ആത്മഹത്യ ചെയ്ത ഒരു വർഗീസിന്റെ ജഡം കാണാൻ പോലും ബന്ധുക്കൾ എത്തിയില്ലത്രേ. ‘സിലി’ എന്ന വിശേഷണം ഇതിനു നല്കാൻ കൗതുകമുണ്ടോ ആർക്കെങ്കിലും. എങ്കിൽ ആയിക്കൊള്ളു. പക്ഷേ, ആ വിശേഷണം തന്നെ ഒരു മൃദുല പ്രയോഗമാണു്—mild expression. പ്രത്യക്ഷ ലോകത്തിനു് ഉജ്ജ്വലതയുണ്ടു്. അനുവാചകന്റെ അന്തരംഗത്തിലും അതുണ്ടു്. രണ്ടുജ്ജ്വലതകളും ആനുരൂപ്യത്തോടെ വർത്തിക്കുമ്പോഴാണു് കലയുടെ ഉദയമെന്നു കമ്പൽ പറയുന്നു. ഇതു നമ്മുടെ ചെറുകഥകളിൽ അന്വേഷിക്കുന്നവൻ—ഞാൻ—ഭോഷൻ.

വധത്തിനുള്ള ഉപകരണം

പ്രത്യക്ഷ ലോകത്തിനു് ഉജ്ജ്വലതയുണ്ടു്. അനുവാചകന്റെ അന്തരംഗത്തിലും അതുണ്ടു്. രണ്ടുജ്ജ്വലകളും ആനുരൂപ്യത്തോടെ വർത്തിക്കുമ്പോഴാണു് കലയുടെ ഉദയമെന്നു കമ്പൽ പറയുന്നു. ഇതു നമ്മുടെ ചെറുകഥകളിൽ അന്വേഷിക്കുന്നവൻ—ഞാൻ—ഭോഷൻ.

ഞാനാരു്? നിസ്സാരൻ. ഇന്നു് എന്റെ കണ്ണടഞ്ഞാൽ നാളെ ഞാൻ ഓർമ്മിക്കപ്പെടില്ല. എങ്കിലും ഒരാശയത്തിന്റെ വിശദീകരണത്തിനു വേണ്ടി എനിക്കില്ലാത്ത മഹത്ത്വം ഉണ്ടെന്നു സങ്കല്പിക്കുകയാണു്. എന്റെ മരണത്തിനു ശേഷം ആയിരം കൊല്ലം കഴിഞ്ഞു. അന്നത്തെ ഒരു വിദ്യാർത്ഥി സ്ഥിരം കോളത്തിനു നോബൽ സമ്മാനം നേടിയ എം. കൃഷ്ണൻ നായരു ടെ അന്ത്യത്തെക്കുറിച്ചു് ഗവേഷണം നടത്തുകയാണു്. അയാൾ ചെന്നെത്തുന്ന നിഗമനം ഇങ്ങനെ: സാഹിത്യവാരഫലം എന്ന കോളത്തിനു്, സഹസ്ര സംവത്സരങ്ങൾക്കു മുൻപു നോബൽ സമ്മാനം നേടിയ കൃഷ്ണൻനായർ ദുഷ്ടനായിരുന്നു. അയാളുടെ ദുഷ്ടതയ്ക്കു ശിക്ഷ കൊടുക്കണമെന്നു് ശ്രീ. വി. ആർ. സുധീഷ് എന്നൊരു കഥാകാരൻ തീരുമാനിച്ചു: അദ്ദേഹം ‘ചോലമരപ്പാതകൾ’ എന്നൊരു കഥാകുരിശു നിർമ്മിച്ചു. അതിൽ കൃഷ്ണൻ നായരെ ചേർത്തു വച്ചു് കൈയിലും കാലിലും ആണിയടിച്ചു. വെള്ളം, വെള്ളം എന്നു് അയാൾ വിളിച്ചു. ആരും ഒരുതുള്ളി വെള്ളം കൊടുത്തില്ല. ദയയില്ലാഞ്ഞിട്ടല്ല. കഥാകുരിശു കണ്ട ബഹുജനം ജീവനെ ഭയന്നു നാലുപാടും ഓടിക്കളഞ്ഞതു കൊണ്ടാണു കലാകൗമുദി വാരിക നിഷിദ്ധ ദ്രാവകത്തിൽ മുക്കി കൃഷ്ണൻ നായരുടെ ചുണ്ടുകളിൽ ചേർക്കാൻ ആളില്ലാതെ പോയതു്. ദൈവികത്വമില്ലാതെ ദുഷ്ടനായിരുന്ന കൃഷ്ണൻ നായർക്കു് ഉയിർത്തെഴുന്നേല്പു് സംഭവിച്ചില്ല.

ഗവേഷണ വിദ്യാർത്ഥിയുടെ ഈ തീസിസ് ശരിയായതു കൊണ്ടു് അയ്യായിരം രൂപ മുടക്കാതെ തന്നെ അയാൾക്കു പി. എച്ച്. ഡി. ബിരുദം കിട്ടുകയും അയാൾ അതിനു ശേഷം ‘ഡ്റ്’ എന്നു പേരിന്റെ ആദ്യം ചേർത്തു അഭിമാനത്തോടെ നടക്കുകയും ചെയ്തുവെന്നു് പ്രവചനം നടത്താം. ‘ചോലമരങ്ങൾ’ കുരിശു തന്നെയാണോ അതോ അതിനെക്കാൾ ഭയദമായ ഒരു വധോപകരണമാണോ എന്നു് വായനക്കാർക്കു സംശയമുണ്ടെങ്കിൽ അതൊന്നു നോക്കിയാൽ മതി. ഒരച്ഛൻ ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുക്കുന്നു. അയാളും വിഷം കുടിക്കുന്നു. ചാകുന്നു. ആലങ്കാരികന്മാർ രണ്ടു തരത്തിലുള്ള വൃത്തികളെക്കുറിച്ചു പറയുന്നുണ്ടു് തദ്വൃത്തിയും തത്സമവൃത്തിയും. കൊലപാതകമോ ആത്മഹത്യയോ കാണുമ്പോൾ ഉണ്ടാകുന്ന ജഗുപ്സയാണു് അതിന്റെ വർണ്ണന ഉളവാക്കുന്നതെങ്കിൽ തദ്വൃത്തിയേ നടക്കുന്നുള്ളു. അതിന്റെ പാരായണവും ജുഗുപ്സ ജനിപ്പിക്കും. പാരായണം ഭാവാനുഭൂതി ജനിപ്പിച്ചാൽ നടന്നതു് തത്സമവൃത്തിയാണു്. തദ്വൃത്തിയേ നടക്കുന്നുള്ളു സുധീഷിന്റെ കഥ പാരായണം ചെയ്യുന്ന വേളയിൽ.

ഊർമ്മിളാ ഉണ്ണി
images/UrmilaUnni.jpg
ഊർമ്മിളാ ഉണ്ണി

ചലച്ചിത്രതാരം, റ്റെലി ഫിലിം താരം, നർത്തകി ഈ നിലകളിൽ പ്രസിദ്ധയായ ശ്രീമതി ഊർമ്മിളാ ഉണ്ണി കവിയും (കവിയത്രി എന്നു വേണ്ട) ചിത്രകാരിയുമാണെന്നു് അവരുടെ ‘പാഞ്ചാലിക’ എന്ന കാവ്യസമാഹാരം കണ്ടപ്പോഴാണു് എനിക്കു മനസ്സിലായതു്. സവിശേഷമായ രീതിയിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ഭാവഗീതങ്ങളും അവയ്ക്കു യോജിച്ച ചിത്രങ്ങളും ഉണ്ടു്. വിക്രമാദിത്യൻ കഥകളിലെ സാലഭഞ്ജികകളിൽപ്പെട്ടവളാണു് പാഞ്ചാലികാ. ആ മരപ്പാവയുമായി സ്വന്തം ജീവിതം ചേർത്തു വച്ചു് വിഷാദാത്മകത്വത്തിന്റെ സാന്ദ്രതയാർന്ന മൗനം അഭിവ്യഞ്ജിപ്പിക്കുകയാണു് ഊർമ്മിള.

മനുഷ്യജീവിതത്തിന്റെ വിശേഷിച്ചും സ്ത്രീജീവിതത്തിന്റെ ഹർഷാതിരേകവും ദൈന്യവും ഭാവാത്മകതയോടെ സ്ഫുടീകരിക്കാനാണു് കവിക്കു കൗതുകം. അതിലവർ വിജയം പ്രാപിക്കുന്നുമുണ്ടു്.

അമ്പലമുറ്റത്തേതോ സന്ധ്യയി-

ലാൽമരമൊന്നു വിറച്ചുതെന്നലി-

ലാരും കാണാതൊന്നു

പുണർന്നതു

കാണാനകലത്തമ്പിളി വന്നു

എന്നുതുടങ്ങിയ കാവ്യഭാഗങ്ങളിൽ ലയമുണ്ടു്. നൃത്തത്തിനും ചിത്രത്തിനും സംഗീതത്തിനും ഒഴിച്ചുകൂടാൻ പാടില്ലാത്തതായ ലയം നർത്തകിയും ചിത്രകാരിയുമായ ഊർമ്മിളയുടെ കാവ്യങ്ങളിലും വന്നിട്ടുണ്ടു്. കാവ്യ ജീവിതത്തിനു പരിപാകം വരുമ്പോൾ ശ്രീമതി ചങ്ങമ്പുഴയുടെ സ്വാധീനതയിൽനിന്നു മോചനം നേടുമെന്നു വിചാരിക്കാം.

പുതിയ പുസ്തകം

സ്വാഭാവിക സൗന്ദര്യമുള്ള തരുണികൾക്കു് ബ്യൂട്ടി പാർലറുകളിൽ പോകേണ്ട ഒരാവശ്യകതയുമില്ല. പോയാൽ അവിടുത്തെ കൃത്രിമ പ്രവർത്തനങ്ങൾ കൊണ്ടുള്ളമുഖശ്രീ ഇല്ലാതാവുകയും ചെയ്യും.

ലോറൻസ് ഡുറൽ, ഹെൻട്രി മിലർ, ആനായീസ് നീൻ ഇവർ നവീന സാഹിത്യത്തിന്റെ ഉദ്ഘോഷകരായിരുന്നു. വസ്തുനിഷ്ഠമായ യാഥാതഥ്യത്തെ നിരാകരിച്ചു് അന്തരംഗത്തിൽ താൻ അനുഭവിക്കുന്ന യാഥാതഥ്യത്തെ ഐൻസ്റ്റൈന്റെ യും ഫ്രായിറ്റി ന്റെയും സിദ്ധാന്തങ്ങൾ സങ്കലനം ചെയ്തു് നോവലുകളെഴുതി ഡുറൽ. “I am not a Kshatriya, but a holly old Untouchable. You can keep your shining sword; I’ll keep my nightsoil” എന്നു പ്രസ്താവിച്ച മില്ലറിന്റെ നോവലുകളുടെ സ്വഭാവം വായനക്കാർക്കു് ഊഹിക്കാവുന്നതേയുള്ളു. സ്നേഹാന്വേഷണത്തിന്റെ വ്യഗ്രതയിൽ ബോധമണ്ഡലത്തിനു വരുന്ന ശകലീകൃത സ്വഭാവത്തെ പ്രതിപാദിച്ച നോവലിസ്റ്റാണു് ആനായീസ് നീൻ. ഭർത്താവിരിക്കേ പല പുരുഷന്മാരോടും വേഴ്ച നേടുകയും അയാളുടെ നീരസത്തെ തൃണവൽഗണിക്കുകയും ചെയ്ത ആനായീസ് നീന്റെ ജീവചരിത്രമാണു് ഞാൻ ഈയാഴ്ച വായിച്ച പുതിയ പുസ്തകം. വെറും ജീവിതമല്ല: കാമോത്സുകമായ ജീവിതമാണു് ചിത്രീകരിക്കപ്പെടുന്നതു്. The Erotic Life of Anais Nin എന്നാണു് പുസ്തകത്തിന്റെ പേരു്. എഴുതിയതു് Noël Riley Fitch (Back Bay Books, Pages 525, Rs. 472.40). കാമപ്രിയ ജീവിതത്തിന്റെ വർണ്ണനങ്ങളായതുകൊണ്ടു് ഗ്രന്ഥത്തിലെ ഒരു ഭാഗവും സൂചനാത്മകമായിപ്പോലും ആവിഷ്കരിക്കാനാവില്ല. ബാലികയായിരിക്കുമ്പോൾത്തന്നെ പിതാവിനാൽ ധർഷണം ചെയ്യപ്പെട്ടവളാണു് ആനായീസ് നീൻ. ഈ ക്രൂരകൃത്യം അവരുടെ അന്തരംഗത്തിൽ ഏല്പിച്ച ക്ഷതത്തിന്റെ ‘ഉപോല്പന്ന’ങ്ങളായിട്ടുവേണം അവരുടെ കൃതികളെ കാണാൻ.

images/ELAN.jpg

നോവലുകളിലെ ഉദ്വേഗവും ഫാന്റസിയും അനിയതത്വവും ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപഗ്രഥിക്കത്തക്ക വിധത്തിൽ ജീവചരിത്രമെഴുതിയിട്ടുണ്ടു് ഗ്രന്ഥകർത്തി. ഇതു സാഹിത്യനിരൂപണമല്ല. വെറും ജീവചരിത്രമാണു്, ആനായീസ് നീന്റെ നോവലുകളുടെ അപഗ്രഥനം കാണണമെന്നുള്ളവർക്കു് ഈ ഗ്രന്ഥം പ്രയോജനപ്രദമല്ല. ഒരു കാലയളവിൽ സാഹിത്യമണ്ഡലത്തിൽ സെൻസേഷൻ സൃഷ്ടിച്ച ഒരു പ്രതിഭാശാലിനിയുടെ രഹസ്യജീവിതം അറിയണമെന്നുള്ളവരെ ഇതു നിരാശപ്പെടുത്തുകയുമില്ല.

നിരീക്ഷണങ്ങൾ
  1. സ്വാഭാവിക സൗന്ദര്യമുള്ള തരുണികൾക്കു് ബ്യൂട്ടി പാർലറുകളിൽ പോകേണ്ട ഒരാവശ്യകതയുമില്ല. പോയാൽ അവിടത്തെ കൃത്രിമ പ്രവർത്തനങ്ങൾ കൊണ്ടു് ഉള്ള മുഖശ്രീ ഇല്ലാതാവുകയും ചെയ്യും. എന്നാൽ പ്രായം കൂടിക്കൂടി വരുമ്പോൾ ഇംഗ്ലീഷിലെ കൊളോക്വിയൽ പ്രയോഗമായ ഫേഷലിനു (facial) പോകേണ്ടതായി വരും. കുറെക്കാലം ഈ ഫേഷൽ നടത്തിയാൽ മുഖം പരുക്കനാവും. ഇതുപോലെയാണു് കവിതയും കഥയുമൊക്കെ. നൈസർഗ്ഗിക സൗന്ദര്യമുള്ള കവിതയ്ക്കു് അലങ്കാരം വേണ്ട. “ഒന്നും പ്രതിഫലം വേണ്ടെനിക്കാമഞ്ജുമന്ദസ്മിതം കണ്ടു കൺകുളിർത്താൻ മതി” എന്നതു ശുദ്ധമായ കവിതയാണു്. അമ്പലത്തിന്റെ കോട്ടുവാ പോലെയായിരുന്നു കുളം എന്നു പറയുമ്പോൾ ഫേഷൽ നടത്തി പരുക്കനാക്കിയ കവിതയുടെ മുഖമാണു നമ്മൾ കാണുന്നതു്.
  2. ചില പുരുഷന്മാർ പട്ടിയെ വീട്ടിൽ വളർത്തുന്നതു് അവർക്കു ദേഷ്യം വരുമ്പോൾ അതിനെ ‘എടുത്തിട്ടു് ’ ചവിട്ടാനാണു്. ഭാര്യയെ ചവിട്ടിയാൽ ചിലപ്പോൾ അവൾ ചത്തു പോകും. അതുകൊണ്ടു പട്ടിയെ ചവിട്ടുന്നു. ഇതുപോലെ എനിക്കു നേരിട്ടറിയാവുന്ന ഒരു നിരൂപകൻ നോവലുകൾ ചെറുകഥകൾ, വിമർശനങ്ങൾ ഇവ വായിക്കുന്നതു് കുറ്റം കണ്ടു പിടിച്ചു് അതു് ബഹുജന ദൃഷ്ടിയിൽ കൊണ്ടു വരാനാണു്. പട്ടിയെ ചവിട്ടുന്ന സുഖം അദ്ദേഹത്തിനു്. ആ നിരൂപകൻ തുടർന്നും ചവിട്ടട്ടെ. അങ്ങനെ അദ്ദേഹം ജയിക്കട്ടെ.
  3. സ്ത്രീകൾ രണ്ടു വിധത്തിലാണു്. ഒരു കൂട്ടർ നിഷ്കളങ്കകൾ. യുവതിയും യുവാവും മുഖങ്ങൾ അടുപ്പിക്കുന്നതു കണ്ടാലും അവർ തെറ്റിദ്ധരിക്കില്ല. കണ്ണിൽ വീണ പൊടി എടുത്തു കൊടുക്കാൻ അവൾ ശ്രമിച്ചുവെന്നേ അവർ പറയു. ഒരു മലിന ചിന്തയ്ക്കും കഴിവുള്ളവരല്ല ഈ സ്ത്രീകൾ. രണ്ടാമത്തെ കൂട്ടർക്കു ദുഷ്ടവിചാരമേയുള്ളു ഒരു ഗൃഹനായകൻ വ്യായാമത്തിനു വേണ്ടി കാലത്തെഴുന്നേറ്റു് മട്ടുപാവിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ അതുകണ്ടു വേറൊരുത്തിയോടു പറഞ്ഞു: “വ്യായാമമൊന്നും അല്ലെടീ അതു്, അടുത്ത വീട്ടിലെ കാണാൻ കൊള്ളാവുന്ന പെണ്ണിനെ കാണാൻ വേണ്ടിയാണു് അയാൾ അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ചുറ്റിക്കറങ്ങുന്നതും. നിരൂപകരും ഇതുപോലെ രണ്ടു തരത്തിൽപ്പെടുന്നു. ഒന്നിലും മാലിന്യം കാണാത്തവർ ഒ. വി. വിജയന്റെഖസാക്കിന്റെ ഇതിഹാസ’ത്തെ പുകഴ്ത്തും. മുട്ടത്തു വർക്കി യുടെ ‘പാടാത്ത പൈങ്കിളിയെയും പ്രശംസിക്കും. കുമാരനാശാന്റെ ‘സ്യമമായവനഭാര്യ’ എന്ന പ്രയോഗം ശരിയല്ലെന്നു വള്ളത്തോൾ അഭിപ്രായപ്പെട്ടതായി ജി. ശങ്കരക്കുറുപ്പു് എന്നോടു പറഞ്ഞുവെന്നു് ഞാൻ ഒരുത്തനോടു പറഞ്ഞു. സൃതമാനത്വം കാട്ടുതടിക്കല്ല, നദിക്കാണു്. തടി ഒഴുകുന്നില്ല ഒഴുക്കപ്പെടുകയാണു് എന്നായിരുന്നു വള്ളത്തോളിന്റെ വാദം. ആശാൻ കവിതയിൽ ഒരു കുറ്റവും കാണാൻ കഴിയാത്ത ആ മനുഷ്യൻ ഉടനെ എന്നോടു പറഞ്ഞു: “‘വന’ ശബ്ദത്തിനു് കാടെന്നു മാത്രമല്ല ജലം എന്നും അർത്ഥമുണ്ടു്. അതുകൊണ്ടു് പ്രയോഗം ശരി”. മലിന വിചാരമില്ലാത്ത മനുഷ്യൻ എന്നല്ലാതെ എന്തു പറയാൻ. രണ്ടാമതു പറഞ്ഞ വിഭാഗത്തിൽ ചേർന്ന നിരൂപകൻ പറയും ‘വിജയൻ നോവലിസ്റ്റേയല്ല. കാർട്ടൂണിസ്റ്റാണു്. കാർട്ടൂൺ വരയ്ക്കുന്ന രീതിയിലാണു് അദ്ദേഹം ആ നോവലിലെ ഓരോ ഭാഗവും ചിത്രീകരിച്ചിരിക്കുന്നതു്. (ഈ പ്രസ്താവം ഒരു സാഹിത്യകാരൻ എന്റെ മുൻപിൽ വച്ചു് നിർവഹിച്ചതാണു്.) ഇക്കൂട്ടർ വിജയനെയും പൈങ്കിളി നോവലിസ്റ്റുകളെയും ഒരേ രീതിയിൽ അപഹസിക്കും.
  4. ധനമില്ലാത്ത കൃഷിക്കാരൻ ഒരിക്കൽ രണ്ടു പോത്തുകളെ വാങ്ങിയാൽ ജീവിതാവസാനം വരെ ആ പോത്തുകളെക്കൊണ്ടാവും നിലം ഉഴുതു മറിക്കുക. കാലത്തു് കലപ്പയിൽ അവയെ കെട്ടുന്നു. രണ്ടിന്റെയും ചന്തിയിൽ കമ്പുകൊണ്ടു് അടിയോടു് അടി തന്നെ. വേദന കൊണ്ടു പുളഞ്ഞു് പോത്തുകൾ ഓടുന്നു. ചില കവികളും ഇങ്ങനെയാണു് സ്ഥിരം പദങ്ങളേ അവർക്കുള്ളു. അവയെ കാവ്യരചനാ കൗതുകമെന്ന കലപ്പയിൽ കെട്ടി ‘തുരുതുരാ’ അടിക്കുന്നു. മരണഭയം കൊണ്ടു പദമഹിഷങ്ങൾ ഓടുന്നു. കവേ, അങ്ങ് എന്നാണു് ഈ പോത്തുകളെ മാറ്റുന്നതു?
  5. എന്റെ ഈ പ്രദേശത്തു് വയൽ വക്കിലും പാതയോരത്തും എത്രയെത്ര പൂക്കളാണു വിടർന്നു നില്ക്കുന്നതു് ! ഓരോ പൂവിന്റെയും വിചാരം ചിത്രശലഭം അതിൽ ചെന്നു് ഇരുന്നു തേൻ നുകരണമെന്നാണു്. പക്ഷേ, ആ ആശയ്ക്കു സാഫല്യമുണ്ടാവുകയില്ല. പൊക്കമുള്ള ചില്ലകളിൽ വിടർന്നു നില്ക്കുന്ന പനിനീർപ്പൂക്കളെ മാത്രമേ ശലഭങ്ങൾ കാണൂ. പൊയ്കയുടെ മധ്യത്തിൽ പ്രഫുല്ലാവസ്ഥയിൽ നില്ക്കുന്ന താമരപ്പൂക്കളെ മാത്രമേ അവ കാണുകയുള്ളു. കൊച്ചു പൂക്കളുടെ ദുഃഖമെനിക്കു മനസ്സിലാകും. പക്ഷേ, താമരപ്പൂവിലും പനിനീർപ്പൂവിലും മാത്രം ചെല്ലുന്ന ശലഭങ്ങളെ കുറ്റപ്പെടുത്താൻ എനിക്കു വൈഷമ്യമുണ്ടു്. ‘എഴുതിത്തുടങ്ങുന്ന ഞങ്ങളുടെ കൈയെഴുത്തു പ്രതികളും അച്ചടിച്ച പുസ്തകങ്ങളും നിങ്ങൾ വായിക്കുന്നില്ല’ എന്ന പരാതിയിൽ തെറ്റില്ല. എന്നാൽ ഉത്കൃഷ്ടങ്ങളായ കൃതികൾ വായിക്കാൻ പോലും സമയമില്ലാത്ത നിരൂപകനെ കുറ്റപ്പെടുത്തുന്നതും ശരിയല്ലല്ലോ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-03-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.