സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1995-08-27-ൽ പ്രസിദ്ധീകരിച്ചതു്)

images/Pablo_Neruda.jpg
നെറുദ

1971-ൽ സാഹിത്യരചനയ്ക്കു നോബൽ സമ്മാനം നേടിയ ചിലിയിലെ കവി നെറുദ യുമായി അഭിമുഖ സംഭാഷണത്തിനു ചെന്ന ഒരെഴുത്തുകാരി അദ്ദേഹത്തോടു ചോദിച്ചു: “തീയിൽ വീണുപോയ, അങ്ങയുടെ കൃതികളെ അതിൽനിന്നു രക്ഷിക്കേണ്ടി വന്നാൽ ഏതിനെയാവും അങ്ങു രക്ഷിക്കുക?” നെറൂദ മറുപടി നല്കിയതു് ഇങ്ങനെ: “അവയിൽനിന്നു് ഒന്നിനെയും രക്ഷിക്കില്ല. എനിക്കു് അവകൊണ്ടു് എന്താണാവശ്യം? ഞാൻ ഒരു പെൺകുട്ടിയെ രക്ഷിക്കും… അല്ലെങ്കിൽ നല്ലൊരു കൂട്ടം ഡിറ്റക്റ്റീവ് കഥകളെയാവും… എന്റെ കൃതികളെക്കാളും അവയാകും എന്നെ വളരെയേറെ രസിപ്പിക്കുക.” തന്റെ അസദൃശങ്ങളായ കലാസൃഷ്ടികളെ നെറൂദ ഇങ്ങനെ നിസ്സാരങ്ങളാക്കി പറഞ്ഞെങ്കിലും ചിലിയിലെ മാത്രമല്ല ലോകമാകെയുള്ള ആളുകളിൽ ആരും അവ തീക്കു് ഇരയാകാൻ സമ്മതിക്കില്ല. അത്രയ്ക്കു് അവ ഉത്കൃഷ്ടങ്ങളാണു്. വിശേഷിച്ചും അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കരുതപ്പെടുന്ന “Canto General.” എത്ര വർഷങ്ങളായി ഞാൻ ആശിച്ചിരിക്കുകയായിരുന്നു ഈ കാവ്യമൊന്നു വായിക്കാൻ! അതിന്റെ ഒരു ഭാഗമായ “The Heights of Macchu Picchu” മാത്രമായി പ്രസാധനം ചെയ്തതു്. ഞാൻ പല പരിവൃത്തി വായിച്ചെങ്കിലും സമ്പൂർണ്ണമായ കാവ്യത്തിലൂടെ കടന്നു പോകാൻ എന്തെന്നില്ലാത്ത കൗതുകമായിരുന്നു എനിക്കു്. ഈ ആഴ്ചയാണു് എന്റെ അഭിലാഷത്തിനു സാഫല്യമുണ്ടായതു്. Jack Schmitt ഇംഗ്ളീഷിലേക്കു തർജ്ജമ ചെയ്തതും Roberto Gonzalez Echevarria അവതാരിക എഴുതിയതുമായ ആ മഹാഗ്രന്ഥം എന്റെ കൈയിൽ കിട്ടി (University of California Press, Berkereley, Los Angeles, Oxford, pp. 407). ഞാനതു് ഇടവിടാതെ വായിച്ചു… എന്റെ ഗുരുനാഥൻ ഡോക്ടർ കെ. ഭാസ്കരൻ നായർ പറഞ്ഞ പോലെ കവിതയുടെ ഗന്ധർവ്വ ലോകത്തേയ്ക്കു് ഉയർന്നു പോവുകയും ചെയ്തു.

images/Walt_Whitman.jpg
വാൾട് വിറ്റ്മാൻ

ചിരന്തനമൂല്യമുള്ള കൃതിക്കു് ഇംഗ്ളീഷിൽ മോണ്യുമെന്റൽ വർക്ക് എന്നു പറയും. നെറൂദയുടെ Canto General ആ രീതിയിലൊരു കലാസൃഷ്ടിയാണു്. Canto General; എന്നാൽ general song എന്നാണർത്ഥം. ഒരു വ്യക്തിയുടെ ഗാനമല്ല. ലോകജനതയ്ക്കു വേണ്ടിയുള്ള ഗാനം. Song of Myself എഴുതിയ വാൾട് വിറ്റ്മാനു ള്ള മറുപടിയുമാകാം, കാന്റോ ജനറൽ. ഇതു നെറൂദയുടെ രാഷ്ട്രവ്യവഹാര സംബന്ധിയായ ഇച്ഛാപത്രമാണെന്നു — political testament ആണെന്നു് — നിരൂപകരാകെ ഉദ്ഘോഷിക്കുന്നു.

images/Sen_Harrison_Schmitt.jpg
Jack Schmitt

കാവ്യത്തിന്റെ മർമ്മസ്പർശിയായ ഭാഗം The Heights of Macchu Picchu എന്നതാണു് (രണ്ടാമത്തെ ഭാഗം). അതുകൊണ്ടു് നമുക്കു് ആദ്യമായി അതിലേയ്ക്കു തന്നെ പോകാം. തെക്കേയമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലമാണു് പെറു. അവിടെ കൊളമ്പസിനു (Columbus) മുൻപുള്ള ഒരു കാലയളവിൽ ജീവിച്ച ഇങ്ക വർഗ്ഗത്തിന്റെ ദുർഗ്ഗസംരക്ഷിതമായ പട്ടണമാണു് മാച്ചു പിക്ചൂ. ഒരു പാറക്കെട്ടിന്റെ മുകളിലാണതു്. സ്പാനിഷ് ആക്രമണമുണ്ടായപ്പോൾ ഇങ്കകൾ ഇവിടെ പാർത്തിരിക്കുമെന്നാണു് അഭ്യൂഹം. ഈ നഗരത്തിലേയ്ക്കുള്ള മൂവായിരത്തിലധികമുള്ള പടികൾ കയറിയ നെറൂദ അതിനോടു ചോദിക്കുന്നു:

Macchu Picchu, did you put

stone upon stone and at the base, tatters?

Coal upon coal and at the bottom, tears?

Fire in gold and within it, the trembling

drop of red blood?

Bring me back the slave that you buried

വ്യക്തിയായ കവി സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു പാടുന്നതു് വിറ്റ്മാന്റെ കാവ്യത്തിൽ നമ്മൾ കേൾക്കുന്നു. സമൂഹത്തിന്റെ സമഗ്രമായ സ്വത്വത്തെ സ്പഷ്ടമാക്കുകയാണു് നെറൂദ. ഇമ്മട്ടിലാണു് അദ്ദേഹം കമ്മ്യൂണിസ്റ്റ് കവിയായി വിരാജിക്കുന്നതു്.

ഇവിടെയാണു് ഊന്നൽ. കല്ക്കരിക്കു മുകളിൽ കല്ക്കരി വച്ചപ്പോൾ അവയ്ക്കു താഴെ കണ്ണീരാണോ? മാച്ചു പിക്ചൂ: അതിന്റെ താഴെ സംസ്കരിച്ച അടിമയുടെ ശരീരം എവിടെ? അതു തിരിച്ചു നല്കാൻ കവി ആഹ്വാനം നടത്തുന്നു. പക്ഷേ, ആ അടിമകൾ പാറകളുടെ താഴെ നിന്നു തിരിച്ചു വരില്ല. കാലത്തിന്റെ അന്തർഭൗമതലത്തിൽ നിന്നു തിരിച്ചു വരില്ല. ആ സഹോദരന്റെ അയവില്ലാത്ത ശബ്ദം തിരിച്ചു വരില്ല. ഇങ്ങനെ കവി സഹസ്രാബ്ദങ്ങൾക്കു മുൻപു് അന്തരിച്ച തൊഴിലാളിയുമായി താദാത്മ്യം പ്രാപിച്ചു് അവന്റെ ശക്തിയെ പ്രത്യക്ഷമാക്കുന്നു. തൊഴിലാളികളൊക്കെ മണ്ണടിഞ്ഞു. പക്ഷേ, അവരുടെ ശക്തിവിശേഷം സാകല്യാവസ്ഥയിൽ വർത്തമാന കാലത്തിലും പ്രത്യക്ഷമാകും. ഉജ്ജ്വലമായ രീതിയിലാണു് നെറൂദ ഈ കാവ്യഭാഗം അവസാനിപ്പിക്കുന്നതു്:

Give me silence; water, hope.

Give me struggle, iron, volcanoes

Cling to my body like magnets.

Hasten to my veins and to my mouth

Speak through my words and my blood.

അയസ്കാന്തമെന്നപോലെ, മരിച്ചവർ തന്റെ ശരീരത്തോടു ചേർന്നു നിന്നു്, തന്റെ ഞരമ്പുകളിലും വായിലും എത്തി തന്റെ വാക്കുകളിലൂടെയും രക്തത്തിലൂടെയും പ്രഖ്യാപനം നടത്തണമെന്നാണു് നെറൂദയുടെ അഭ്യർത്ഥന. ഇതാണു് Canto General-ന്റെ കാതലായ അംശം. വ്യക്തിയായ കവി സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു പാടുന്നതു് വിറ്റ്മാന്റെ കാവ്യത്തിൽ നമ്മൾ കേൾക്കുന്നു. സമൂഹത്തിന്റെ സമഗ്രമായ സ്വത്വത്തെ സ്പഷ്ടമാക്കുകയാണു് നെറൂദ. ഇമ്മട്ടിലാണു് അദ്ദേഹം കമ്മ്യൂണിസ്റ്റ് കവിയായി വിരാജിക്കുന്നതു്.

ചരിത്രം രണ്ടുവിധത്തിലാണു്. ഒന്നു്, അധികാരികൾ എഴുതിയുണ്ടാക്കുന്ന ചരിത്രം. രണ്ടു്, സമൂഹപരിണാമത്തിന്റെ ചരിത്രം. ആദ്യത്തേതു് വ്യാജവും രണ്ടാമത്തേതു് സത്യവുമാണു്. സത്യമായ ഈ ചരിത്രത്തെ—സ്പാനിഷ് അമേരിക്കൻ ചരിത്രത്തെ—തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു് ദേശീയതയുടെ മഹത്ത്വം ഉദ്ഘോഷിക്കുകയാണു് നെറൂദ. അതിനുവേണ്ടി കൊളമ്പസിനു മുൻപുള്ള അമേരിക്കൻ ചരിത്രം മാത്രമല്ല, മനുഷ്യന്റെ ആവിർഭാവത്തിനു മുൻപുള്ള ചരിത്രവും അദ്ദേഹം ഭാവനകൊണ്ടു കാണുന്നു. A Lamp on Earth എന്നു് കാവ്യത്തിന്റെ തുടക്കം. അന്നു്

There’s no one, Listen, Listen to the tree

listen to the Araucanian tree.

There’s no one. Behold the stones

ഇങ്ങനെ കാലത്തിന്റെ ക്രമാനുഗതാവസ്ഥ പരിപാലിക്കാതെ ചിലിയെ കേന്ദ്രസ്ഥാനത്തു നിറുത്തിക്കൊണ്ടു നെറൂദ സ്പാനിഷ-അമേരിക്കൻ ചരിത്രമാകെ സ്ഫുടീകരിക്കുന്നു, വ്യാഖ്യാനിക്കുന്നു. അതിനിടയിൽ സ്വേച്ഛാധിപതികളെ നിന്ദിക്കുന്നു; വിമോചകരെ പ്രശംസിക്കുന്നു. നിന്ദനവും പ്രശംസയും കലയുടെ അതിരുകളെ ലംഘിക്കുന്നുണ്ടെങ്കിലും ഭാവാത്മക സൗന്ദര്യം ഏതിനും കിരീടം വച്ചു കൊടുക്കുന്നുണ്ടു്.

I see a rose beside the

water, a little cup

of red eyelids

sustained aloft by an

ethereal sound:

a green-leaved light

touches the headsprings

and transfigures the forest

with solitary beings

with transparent feet,

(pp. 208)

ഇവിടെ സൗന്ദര്യസൃഷ്ടി മാത്രമേയുള്ളു.

Mr. Truman arrives in the Island

of Peurto Rico the blue water

of our pure seas washes

his bloody fingers

(pp. 195)

ഇവിടെ രക്തദാഹിയായ അമേരിക്കൻ പ്രസിഡന്റ് ട്രൂമനെ നിന്ദിക്കുന്നു.

images/B-Croce.jpg
ക്രോചെ

തന്റെ നാടിന്റെ ചരിത്രം, അവിടത്തെ പൂക്കൾ, തൃണങ്ങൾ, നദികൾ, മൃഗങ്ങൾ ഇവയെയെല്ലാം അതിശക്തങ്ങളായ വാങ്മയചിത്രങ്ങളാക്കി നെറൂദ ചിത്രീകരിക്കുന്നതു കണ്ടാൽ അദ്ദേഹത്തെ അതിശയിച്ച വേറൊരു കവിയില്ലെന്നു വരെ നമ്മൾ പറഞ്ഞു പോകും. ദൈനം ദിന ജീവിതത്തെ സമുന്നതമായ കലയാക്കി പ്രദർശിപ്പിക്കുന്നതിന്റെ ചാരുത കാണണമെങ്കിൽ Canto General വായിക്കണം. അങ്ങനെ വായിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ സഹായത്തോടെ അധികാരത്തിൽ വരികയും പിന്നീടു് അവരെ കാരാഗൃഹത്തിലാക്കി മർദ്ദിക്കുകയും ചെയ്ത ചിലിയിലെ പ്രസിഡന്റിന്റെ നേർക്കു് അദ്ദേഹം ചൊരിയുന്ന ഉപാലംഭങ്ങൾ കലാപരമായ ആവശ്യകതയ്ക്കു് അതീതമായവയാണെന്ന സത്യം നമ്മൾ വിസ്മരിക്കും. സ്റ്റാലിനെ അതിരുകടന്നു വാഴ്ത്തുന്നതിന്റെ അനൗചിത്യവും നമ്മൾ വിസ്മരിക്കും. 1949 ഫെബ്രുഎറി 5-ആം തീയതി കവി കാവ്യമെഴുതി അവസാനിപ്പിച്ചു.

The book ends here. It was born

of fury like a live coal like territories

of burned forests, and I hope

that it continues like a red tree

propagating its transparent burn

ഏതെങ്കിലും സാഹിത്യകാരൻ ഈശ്വരനു തുല്യനാണെന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?” “ടോൾസ്റ്റോയിയുടെ ഒരു നോവൽ ഉയർത്തിപ്പിടിച്ചുകൊണ്ടു് ‘ഇതാ ഈശ്വരൻ’ എന്നു് ഉദ്ഘോഷിച്ചു് ദസ്തെയെഫ്സ്കി തെരുവിലൂടെ ഓടി. ഫ്രഞ്ച് കവി ബോദലേർ ഈശ്വരനാണെന്നു് ഫ്രഞ്ച് കവി റങ്ബോ (Rembaud) പറഞ്ഞു.

എന്നു പര്യവസാനത്തിനു മുൻപുള്ള വാക്കുകൾ. രാഷ്ട്രവ്യവഹാരപരമായ കവിത കുപ്രസിദ്ധമായ വിധത്തിൽ ചീത്തക്കവിതയാണു് എന്നു ക്രോചെ പറഞ്ഞതു് നിരർത്ഥകമാണെന്നു Canto General വായിക്കുന്ന ഏതു സഹൃദയനും പറയും. അത്രയ്ക്കുണ്ടു് ഈ കാവ്യത്തിന്റെ സൗന്ദര്യം.

(ഈ കാവ്യം എനിക്കു വായിക്കാൻ തന്ന ശ്രീ. വൈക്കം മുരളിയോടു് എനിക്കു കൃതജ്ഞതയുണ്ടു് എത്രയെത്ര വിശിഷ്ടങ്ങളായ പുസ്തകങ്ങളാണു് അദ്ദേഹത്തിന്റെ കൈയിലുള്ളതു്.)

ചോദ്യം, ഉത്തരം

ചോദ്യം: റൊളാങ് ബാർത്, ഫൂക്കോ, സാർത്ര, ലക്കൻ ഇവരുടെയെല്ലാം തത്ത്വചിന്തകളെക്കുറിച്ചു് നിങ്ങൾക്കു് ഒരു ചുക്കുമറിഞ്ഞുകൂടെന്നു ഞാൻ പറഞ്ഞാൽ?

ഉത്തരം: ശരിയാണു സുഹൃത്തേ എന്നു ഞാൻ പറയും. പക്ഷേ, അതൊരു കുറവാണോ? ഷെയ്ക്സ്പിയറി നു മലയാളം അറിഞ്ഞുകൂടായിരുന്നു എന്നതുകൊണ്ടു് അദ്ദേഹത്തെ നിങ്ങൾ ആക്ഷേപിക്കുമോ? ഈ സമീകരിക്കലിൽ ഔദ്ധത്യത്തിന്റെ സ്ഫുരണമുണ്ടെങ്കിൽ ക്ഷമിക്കൂ.

ചോദ്യം: തന്നെ ഒരു ഇഡിയറ്റായി ഞാൻ കാണുന്നു. എന്താണു് മറുപടി?

ഉത്തരം: താങ്കളുടെ വർഗ്ഗബോധത്തെ ഞാൻ അഭിനന്ദിക്കുന്നു.

ചോദ്യം: നദിയിൽ ഏറെക്കാലമായി തുഴയുന്നല്ലോ. അക്കരെ എത്താറായോ?

ഉത്തരം: എത്താറായി ഇനി അല്പം ദൂരമേയുള്ളു.

ചോദ്യം: നിങ്ങൾ സാഹിത്യത്തിന്റെ സാർവ്വജനീനസ്വഭാവം, സാർവ്വലൗകിക സ്വഭാവം ഇവയെക്കുറിച്ചു് എപ്പോഴും പറയുന്നു. തദ്ദേശസാഹിത്യം സാഹിത്യമല്ലേ?

ഉത്തരം: ഉത്കൃഷ്ടസാഹിത്യത്തിനു് ഈ രണ്ടു സ്വഭാവങ്ങളുമുണ്ടാകും. ഇതു് എങ്ങനെയെന്നു റോളോമേ വ്യക്തമാക്കിയിട്ടുണ്ടു്. സാഹിത്യകാരൻ ആഴത്തിലെത്തുമ്പോൾ യുങ് പറയുന്ന ആർക്കിറ്റൈപ്പിൽ ചെന്നുചേരും. ഈ ആർക്കിറ്റൈപ്പിൽ അല്ലെങ്കിൽ പ്രാക്തനരൂപത്തിൽ എല്ലാ മനുഷ്യരും ഒരേമട്ടിൽ കാണപ്പെടും. അങ്ങനെയാണു് സാഹിത്യസൃഷ്ടി സാർവ്വലൗകികവും സാർവ്വജനീനവുമാകുന്നതു്. തദ്ദേശസാഹിത്യം ആർക്കിറ്റൈപ്പിൽ എത്തിയാൽ പരമോൽകൃഷ്ടം. പക്ഷേ, എത്തുന്നില്ല. അതിനാൽ അതു ബഹിർഭാഗസ്ഥമാണു്.

ചോദ്യം: ഏതെങ്കിലും സാഹിത്യകാരൻ ഈശ്വരനു തുല്യനാണെന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഉത്തരം: ടോൾസ്റ്റോയി യുടെ ഒരു നോവൽ ഉയർത്തിപ്പിടിച്ചുകൊണ്ടു് ‘ഇതാ ഈശ്വരൻ’ എന്നു് ഉദ്ഘോഷിച്ചു് ദസ്തെയെഫ്സ്കി തെരുവിലൂടെ ഓടി. ഫ്രഞ്ച് കവി ബോദലേർ ഈശ്വരനാണെന്നു് ഫ്രഞ്ച് കവി റങ്ബോ (Rembaud) പറഞ്ഞു.

ചോദ്യം: മണ്ണുകൊണ്ടു കയർ പിരിക്കുമോ?

ഉത്തരം: പ്രയാസപ്പെടുക എന്ന അർത്ഥത്തിൽ അങ്ങനെ പറയാറുണ്ടു്. ഞാൻ പലപ്പോഴും മണ്ണുകൊണ്ടു കയർ പിരിച്ചിട്ടുണ്ടു്. പക്ഷേ, രാഷ്ട്ര വ്യവഹാരക്കാരെസ്സംബന്ധിച്ചു് അതിനു വേറൊരർത്ഥമാണു്. അവർ മണ്ണെടുത്തു പിരിച്ചു കയറാക്കി ബഹുജനത്തെ കാണിച്ചു് അവരെ കബളിപ്പിക്കുന്നു. വേറൊരു അർത്ഥത്തിൽ നവീന സാഹിത്യ നിരൂപകർ അതനുഷ്ഠിക്കുന്നു. മണ്ണിനുപോലും സദൃശമല്ലാത്ത ദുഷ്ടങ്ങളായ സാഹിത്യകൃതികളെടുത്തു് അവർ നിരൂപണത്തിലൂടെ അവയെ കയറാക്കിക്കാണിക്കുന്നു.

ചോദ്യം: പേപ്പട്ടി കടിച്ചിട്ടുണ്ടോ നിങ്ങളെ?

ഉത്തരം: കത്തുകളിലൂടെ, റ്റെലിഫോണിലൂടെ ചില പേപ്പട്ടികൾ എന്നെ കടിക്കുന്നുണ്ടു്. പക്ഷേ, കടിയേറ്റു കടിയേറ്റു് എനിക്കു് ഇമ്മ്യൂണിറ്റി വന്നുപോയിട്ടുണ്ടു്. അതുകൊണ്ടു് നിങ്ങൾ ഇങ്ങോട്ടു്, നാക്കുനീട്ടികൊണ്ടു് ഓടിവരേണ്ടതില്ല.

ഇ. വി. ശ്രീധരൻ
images/Rimbaud.png
റങ്ബോ

Stevie Smith-ന്റെ കവിതകൾ ഇതെഴുതുന്നയാളിനു് ഏറെയിഷ്ടമാണു്. വ്യംഗ്യഭംഗിയിൽ ആശയാവിഷ്കാരത്തിനു് വലിയ വൈദഗ്ദ്ധ്യമാണു് അവർക്കു്. ഒരു കവിതയുടെ ആശയം എനിക്കു് ഓർമ്മയുണ്ടു്. “അതു് അയാളുടെ പ്രഥമരാത്രിയായിരുന്നു; അവളുടെയും എഴുപത്തിമൂന്നു വയസ്സുള്ള കിഴവനാണു് അയാൾ. അവൾ ക്ഷയം പിടിച്ച പെൺകുട്ടിയും, യുദ്ധകാലം ജർമ്മൻ വ്യോമസേന ബോംബുകൾ വർഷിക്കുകയാണു് ഇംഗ്ളണ്ടിലെ ആ നഗരത്തിൽ. അപ്പോഴാണു് ഇംഗ്ളീഷ് വ്യോമസേന ജർമ്മനിയിൽ ബോംബിടാൻ യാത്ര തിരിച്ചതു്. അപ്പോൾ പെൺകുട്ടി കിഴവൻ ഭർത്താവിനോടു ചോദിച്ചു: രണ്ടു പേരുടെയും വിമാനങ്ങൾ കൂട്ടിയിടിക്കില്ലേ? വൃദ്ധൻ മറുപടി പറഞ്ഞു: “ഓമനേ, എന്റെ ഓമനേ അതു് ഒരിക്കലെങ്കിലും സംഭവിച്ചതായി എനിക്കോർമ്മയില്ല.”

മറ്റൊരു കവിതയുടെ ആശയവും എന്റെ ഓർമ്മയിലെത്തുന്നു: വിധവയായ അവളോടു് അയാൾ ജീവിതകഥ മുഴുവൻ പറഞ്ഞു. അതുകേട്ടു വിധവ പറഞ്ഞു: നമുക്കു വേഗം വിവാഹം കഴിക്കാം.” അപ്പോൾ അയാൾ അറിയിച്ചു: “എനിക്കിപ്പോൾ വികാരമുണ്ടാകാനുള്ള കഴിവു നശിച്ചിരിക്കുന്നു. എങ്കിലും കാലം വളരെ വൈകുന്നതിനുമുൻപു് നമുക്കു കുറച്ചു വർത്തമാനമെങ്കിലും പറയാമല്ലോ.” ആദ്യത്തെ കവിതയിൽ പുരുഷന്റെ വാർദ്ധക്യംകൊണ്ടു് വേഴ്ചയുണ്ടാകുകയില്ലെന്നു ധ്വനി. രണ്ടാമത്തെ കവിതയിൽ രണ്ടുപേരും വാർദ്ധക്യത്തിലെത്തിയതുകൊണ്ടു് വെറും വർത്തമാനം പറച്ചിലല്ലാതെ വേറൊന്നും അവർതമ്മിലുണ്ടാവുകയില്ലെന്നു വ്യംഗ്യം.

ആണും പെണ്ണും യഥാക്രമം കാമുകനും കാമുകിയും ആയിരിക്കുമ്പോൾ അതു് ചങ്ങമ്പുഴക്കവികത പോലെ മനോഹരം. അവർ വിവാഹിതരായാൽ അടുത്ത ദിവസം തൊട്ടു സർദാർ കെ. എം. പണിക്കരുടെ കാവ്യം പോലെ ഗദ്യാത്മകം—സാഹിത്യവാരഫലക്കാരൻ.

അനുഗൃഹീതയായ ഈ കവിയുടെ (കവയിത്രിയുടെ) ഈ കവിതകൾ ഞാനിപ്പോൾ ഓർമ്മിച്ചതിനു കാരണമുണ്ടു്. ദമ്പതീവിഷയകമായ ഒരു ജീവിതം ശ്രീ. ഇ. വി. ശ്രീധരൻ നല്ല കഥയായി ചിത്രീകരിച്ചിരിക്കുന്നതു് ഞാൻ കണ്ടു എന്നതുതന്നെ (കലാകൗമുദി, പുകയുന്ന പൂജ്യം). പതിനാറു പുരുഷന്മാരാണു് അവളെ മുൻപു കാണാനെത്തിയതു്. പക്ഷേ, അവളുടെ അച്ഛൻ പെൻഷൻപറ്റിയ ശിപായിയായതുകൊണ്ടു് ആരും വിവാഹത്തിനു തയ്യാറായില്ല. പതിനേഴാമത്തെ പുരുഷൻ ‘പെണ്ണുകാണാൻ’ എത്തിയപ്പോൾ അതും നടക്കില്ല എന്നു് ഉറപ്പുള്ള അവൾ അച്ഛന്റെ ദയനീയാവസ്ഥയും കുടുംബത്തിന്റെ നിർദ്ധനാവസ്ഥയും സ്പഷ്ടമാകുമാറു സംസാരിച്ചു. സംഭവിക്കേണ്ടതു സംഭവിച്ചു. പെണ്ണുകാണാൻ വന്നവൻ അങ്ങു പോയി. വിവാഹബ്രോക്കർ ദേഷ്യത്തോടെ പെണ്ണിന്റെ തന്തയോടു പറഞ്ഞു: “ഇവൾ പെണ്ണല്ല.” അതിനു് അവർ ചുട്ട മറുപടി കൊടുത്തു. “ഞാനൊരു പെണ്ണല്ലെന്നു് കുറേക്കാലമായി എനിക്കു തോന്നിത്തുടങ്ങിയിട്ടു്.” കഥാകാരന്റെ കഥാപാത്രം പറയുന്ന ഈ വാക്യം നമ്മുടെ നാട്ടിലെ മാത്രമല്ല എല്ലാ പ്രദേശങ്ങളിലെയും യുവതികൾ പറയുന്നതുതന്നെയാണു്. ആ രീതിയിലായിപ്പോയിരിക്കുന്നു നമ്മുടെ സമൂഹസ്ഥിതി. വിധവ ഭാര്യയായാൽ കിഴവനു സംസാരിക്കാനെങ്കിലും സൗകര്യമുണ്ടു്. കഥയിലെ യുവതി വൃദ്ധയായി ജരാനരകൾ വന്നു് ഏകാകിനിയായി മരിക്കുമെന്നാണു സൂചന. സ്ത്രീകൾക്കുണ്ടാകുന്ന ഈ ദുരവസ്ഥയെ കലാപരമായി ആവിഷ്കരിച്ചു് ആ ദുഷ്ടമായ വ്യവസ്ഥയുടെ തലയ്ക്കു് അടികൊടുക്കുകയാണു് ഇ. വി. ശ്രീധരൻ. സാന്മാർഗ്ഗികമൂല്യങ്ങൾക്കു് ഊന്നൽ നല്കിക്കൊണ്ടു് വൈദഗ്ദ്ധ്യത്തോടെ ഒരു സറ്റയർ രചിച്ചിരിക്കുകയാണു് ഇ. വി.

ആണും പെണ്ണും യഥാക്രമം കാമുകനും കാമുകിയുമായിരിക്കുമ്പോൾ അതു് ചങ്ങമ്പുഴക്കവിതപോലെ മനോഹരം. അവർ വിവാഹിതരായാൽ അടുത്ത ദിവസം തൊട്ടു സർദാർ കെ. എം. പണിക്കരു ടെ കാവ്യംപോലെ ഗദ്യാത്മകം—സാഹിത്യവാരഫലക്കാരൻ.

വിഷ്ണുനാരായണൻ നമ്പൂതിരി
images/Fyodor_Dostoevsky.jpg
ദസ്തെയെഫ്സ്കി

പൊലിസ് ഉദ്യോഗസ്ഥന്മാരോടു മാത്രം കൂട്ടുകൂടുന്ന ഒരു സ്നേഹിതൻ എനിക്കുണ്ടായിരുന്നു. പൊലിസ് ഇൻസ്പെക്റ്റർ ജീപ്പിൽ പോകുകയായിരിക്കും. വാഹനം കൈകാണിച്ചു നിറുത്തി അയാൾ ഇൻസ്പെക്റ്ററുടെ കൈപിടിച്ചു കുലുക്കിയിട്ടു നാലുപാടും നോക്കും മറ്റുള്ളവർ അതുകണ്ടു് അസൂയപ്പെടട്ടേ എന്നു വിചാരിച്ചു് ഇൻസ്പെക്റ്റർതന്നെ വേണമെന്നില്ല. ട്രാഫിക് കൺസ്റ്റബിൾ ഗതാഗത നിയന്ത്രണം നടത്തിക്കൊണ്ടിരിക്കുമ്പോൾ അയാൾ റോഡിലൂടെ പോയാൽ മതി. കൺസ്റ്റബിളിന്റെ അടുത്തുചെന്നു് കുശലപ്രശ്നം നടത്തും. എന്നിട്ടു് അഭിമാനഭരിതനായി ചുറ്റും നോക്കും. “നിനക്കൊക്കെ പൊലിസിനെ പരിചയമുണ്ടോടാ? എനിക്കുണ്ടു്. കണ്ടോ?” എന്നാവും ആ നോട്ടത്തിന്റെ അർത്ഥം. ഇങ്ങനെ പൊലിസുകാരോടു സമ്പർക്കം പുലർത്തിപ്പുലർത്തി അയാൾ കാണുന്നവരെയൊക്കെ കള്ളന്മാരായും കൊലപാതകികളായും ദർശിച്ചു. ഇനി സങ്കല്പം. ഡോക്ടർമാരോടു മാത്രംകൂടി നടക്കു. അങ്ങനെ നടക്കുന്നവൻ ലോകത്തുള്ള എല്ലാവരെയും രോഗികളായി കാണും. യുവതികളായ സുന്ദരികളോടു മാത്രം സമ്പർക്കമുള്ളവനു ലോകമാകെ സുന്ദരമാണെന്നു തോന്നും. എപ്പോഴും വേണ്ട ആ സമ്പർക്കം അടുത്തടുത്തു് ഇരുന്നു് ബസ്സിലോ വിമാനത്തിലോ സഞ്ചരിച്ചാൽ മതി. ലോകം സ്വർഗ്ഗമായി മാറും. ഈ സ്വർഗ്ഗീയാനുഭൂതിയെ അതിസുന്ദരമായി സ്ഫുടീകരിക്കുന്ന ഒരു കഥയുണ്ടു് മാർകേസിന്റേ തായി.

ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “സഹയാത്രിക” എന്ന കാവ്യം നോക്കുക. കവിയായ വിഷ്ണുനാരായണൻ നമ്പൂതിരിക്കല്ല, കാവ്യത്തിലെ ‘നരേറ്റർ’ക്കു് അടുത്തിരുന്ന യുവതി നല്കിയ അനവദ്യാനുഭൂതി ഏതുവിധത്തിലുള്ളതായിരുന്നുവെന്നു ഗ്രഹിക്കാൻ കഴിയും. അതിനു കഴിയുന്ന മട്ടിൽ കവി തന്റെ വിചാരവികാരങ്ങൾക്കു ബഹി: പ്രകാശനം നല്കിയിട്ടുണ്ടു്.

“തൊട്ടരികിൽ ശീതളഗന്ധം

മുറ്റുമിടത്തിൽനിന്നും

താമരവളയംപോലൊരു കൈ-

ത്താർ പൊഴിപൂ സാഹായ്യം.”

എന്നും

“മായുന്നൂ നീ അലിയും വെൺ

മേഘംപോലെ, യകലെ!

മായുമ്പൊഴുതെന്നാൽ, മേഘ

ക്കീറിൻ മഞ്ജിമപോലെ.

മരുവിൽ കുളിർമഴപോലെ, പെരു-

തഴലിൽ സ്നേഹംപോലെ

നീ നിലകൊള്ളുന്നൂ നിനവിൽ

ഭൂവിൻ പുണ്യംപോലെ.”

എന്നുമുള്ള വരികളിൽ സൗന്ദര്യാതിശയമാണു് അനുവാചകൻ ദർശിക്കുക.

ഈ സ്വർല്ലോകാനുഭൂതി മാത്രമല്ല കാവ്യത്തിന്റെ വിഷയം. ഭാരതീയ സംസ്കാരത്തെയും പാശ്ചാത്യ സംസ്കാരത്തെയും ധ്വന്യാത്മകമായി ആവിഷ്കരിച്ചു് ആദ്യത്തേതിന്റെ ഉത്കൃഷ്ടത കവി സൂചിപ്പിക്കുന്നു. അഗാധതയിലേക്കു ചെല്ലുമ്പോൾ പുരുഷനും സ്ത്രീയും മാത്രമേയുള്ളു. സംസ്കാരങ്ങളുടെ വിഭിന്നതകൾ അപ്രത്യക്ഷങ്ങളാകുന്നു. അവിടെ സ്ത്രീക്കു സ്നേഹത്തിന്റെ ആദ്യത്തെ അവസ്ഥയായ ദയ കാണിക്കാനാവും. പുരുഷനു സ്നേഹം പ്രകടിപ്പിക്കാനാവും. മനോഹരമായ കാവ്യമാണിതു്.

തദ്ദേശസംഭവങ്ങൾക്കും വ്യക്തികൾക്കും സാഹിത്യത്തിന്റെ ആകർഷകമായ രൂപം കൊടുക്കാൻ കഴിയുമോ? കഴിയുമെന്നു് ശ്രീ. എൻ. പ്രഭാകരൻ ദേശാഭിമാനി വാരികയിലെഴുതിയ ‘കൗജുത്താത്ത’ എന്ന ചെറുകഥയിലൂടെ തെളിയിക്കുന്നു. ആ കഥാപാത്രം വ്യക്തിത്വമാർന്നു നില്ക്കുന്നുണ്ടു് ഇക്കഥയിൽ.

നടക്കാത്ത കാര്യങ്ങൾ

സാഫല്യത്തിലെത്താത്ത ചില കാര്യങ്ങൾക്കു വേണ്ടി അനവരതം ശ്രമിക്കുന്നു ചിലർ. അവയിൽ ചിലതു മാത്രം: വൃദ്ധജന വിദ്യാഭ്യാസം, സമ്പൂർണ്ണ സാക്ഷരത, കൈക്കൂലി അവസാനിപ്പിക്കൽ, സ്ത്രീസമത്വവാദത്തിന്റെ സഫലീഭവിക്കൽ, ബന്തും ഹർത്താലും ഒഴിവാക്കൽ, എല്ലാ ‘പ്രതിഭാസ’ങ്ങൾക്കും ചേരുന്ന ഒറ്റസ്സിദ്ധാന്തം (A Brief History of Time എഴുതിയ ശാസ്ത്രജ്ഞനെ മനസ്സിൽക്കണ്ട്), നൂറുവയസ്സു ചെന്നവൻ മരിച്ചാലും രാഷ്ട്രീയ നേതാക്കന്മാർക്കുണ്ടാകുന്ന ഞെട്ടലും അഗാധഖേദവും; സമ്പൂർണ്ണമായ മദ്യവർജ്ജനം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-08-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.