മഹാഭാരതം ശാന്തി പർവ്വത്തിലെ ഭീഷ്മോപദേശത്തിലുള്ളതാണു് ഈ ഭാഗം. ഭക്ഷണസംബന്ധമായി വ്യത്യസ്ത മതനിയമങ്ങളെപ്പറ്റിയുള്ള ചർച്ചകളിലേക്കു വെളിച്ചം വീശാൻ ഈ മഹാഭാരത ഭാഗം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. —സായാഹ്ന പ്രവർത്തകർ
ഘോരമായ പ്രാണപീഡയേല്ക്കുമ്പോൾ, വൃത്തി നശിക്കുമ്പോൾ, ബ്രാഹ്മണൻ എങ്ങനെ ജീവിക്കണമെന്നു വിശ്വാമിത്ര ചണ്ഡാല സംവാദം കൊണ്ടു വെളിപ്പെടുത്തുന്നു.
യുധിഷ്ഠിരൻ പറഞ്ഞു:
മുഖ്യധർമ്മം ക്ഷയിച്ചാറേ ലോകമൊക്കക്കടക്കവേ
അധർമ്മം ധർമ്മമായ്ദ്ധർമ്മമധർമ്മപ്പടി നില്ക്കുവേ 1
മര്യാദ പോകവേ ധർമ്മത്തീർപ്പൊട്ടുക്കു കലങ്ങവേ
മന്നോർ മാറ്റാർകളും ലോകം പീഡിപ്പിക്കെദ്ധരാപതേ! 2
ആലംബമൊക്കയുഴലെക്കർമ്മമൊക്ക ക്ഷയിക്കവേ
കാമലോഭോന്മോഹമൂലം ഭയം ഭാരത, കാണ്കവേ 3
ഏവനും വിശ്വസിക്കാതെ നിത്യം പേടിക്കെ മന്നവ!
ചതിച്ചു കൊല്ലപ്പെട്ടേറ്റം തമ്മിൽ വഞ്ചന ചെയ്യവേ
ദേശമൊക്ക പ്രദീപിക്കെ ബ്രാഹ്മണൻ പീഡയേല്ക്കവേ
മേഘം വർഷിക്കാതെ നില്ക്കെത്തമ്മിൽ ഛിദ്രം മുഴുക്കവേ
മുറ്റു ദാസ്യപ്പാട്ടിൽ നില്ലെ മന്നിലുള്ളുപജീവനം
വിപ്രനെങ്ങനെ ജീവിക്കും താഴ്‌ന്ന കാലം മുഴുക്കവേ.
ദയയാൽപുത്രപൗത്രാദി ത്യാഗം വയ്യാത്തവൻ നൃപ!
ആപത്തിലെന്തു ചെയ്യേണ്ടതതു ചൊല്ക പിതാമഹ!
രാജാവുമെന്തു ചെയ്യേണ്ടു ലോകമാകുലമാംവിധൗ
അർത്ഥധർമ്മക്ഷയം പറ്റില്ലെന്തു ചെയ്താൽപ്പരന്തപ!
ഭീഷ്മൻ പറഞ്ഞു:
രാജമൂലം മഹാബാഹോ, യോഗക്ഷേമം സുവൃഷ്ടിയും
നാട്ടാർക്കു രോഗങ്ങളുമാച്ചാക്കും പിന്നെബ്ഭയങ്ങളും
കൃതം ത്രേത ദ്വാപരവും കലിയും ഭരതർഷഭ!
രാജമൂലങ്ങളാണെന്നെന്മതം സംശയമില്ലിതിൽ.
നാട്ടാർക്കു ദോഷകരമാക്കാലം വന്നടുക്കുകിൽ
വിജ്ഞാനബലമേറ്റന്നു ജീവിച്ചീടേണ്ടതായ് വരും.
ഇതിനുദാഹരണമായ്ച്ചൊല്ലാറുണ്ടീപ്പഴങ്കഥ
വിശ്വാമിത്രന്റെ സംവാദം ചാളയിൽപ്പറയന്റെയും.
ദൈവയോഗത്തിനാലന്നാ ത്രേതാദ്വാപരസന്ധിയിൽ
പാരിൽപ്പന്തീരാണ്ടു മഴ പെയ്യാതായ് തീർന്നിതേറ്റവും
നാട്ടാരൊട്ടേറെ വർദ്ധിക്കെ യുഗാന്തം വന്നടുക്കവേ
ത്രേത വിട്ടൊഴിയും കാലം ദ്വാപരത്തിൻ തുടർച്ചയിൽ
മഴ പെയ്തില്ല ദേവേന്ദ്രൻ വ്യാഴത്തിൻ ഗതി വക്രമായ്
ലക്ഷണപ്പിഴയായ്ച്ചന്ദ്രഗതി ദക്ഷിണമാർഗ്ഗമായ്.
മൂടൽമഞ്ഞുംകൂടിയില്ല കോടക്കാർക്കൂട്ടമെങ്ങുവാൻ
വെള്ളം വറ്റി പുഴകളിലൊട്ടുള്ളിൽപ്പെട്ടമാതിരി.
സരസ്സുകൾ സരിത്തുക്കൾ കിണർ ചോലകളെന്നിവ
ഭംഗിപോയ്ക്കണ്ടിടാതായി ദൈവയോഗക്രമത്തിനാൽ.
ചെറുനീരാഴി വറ്റിപ്പോയ് സഭാപ്രപകൾ[1] നിന്നുപോയ്
യജ്ഞസ്വാദ്ധ്യായങ്ങൾ നിന്നു നിർവ്വഷൾക്കാരമംഗളം[2].
കൃഷി പൈമേയ്ക്കൽ കമ്പോളക്കച്ചോടമിവ നിന്നുപോയ്
യൂപസംഭാരമെന്നല്ല മഹോത്സവവുമറ്റുപോയ്.
അസ്ഥിക്കൂട്ടം ചിന്നി മഹാഭൂതാരാവം മുഴുത്തഹോ!
നഗരം ശൂന്യമായ് മുറ്റും കത്തീ ഗ്രാമഗൃഹങ്ങളും.
ചിലേടം ഘോരശസ്ത്രാഢ്യർ ചിലേടം നൃപരാതുരർ
ഇവർ തമ്മിൽ ഭയാൽ ശൂന്യപ്രായനിർജ്ജനമായഹോ!
ദേവസംസ്ഥാനവും കെട്ടു വൃദ്ധലോകരൊഴിഞ്ഞുമേ
പൈയാടു പോത്തിവകൾ തീർന്നന്യോന്യദ്രോഹമോടുമേ.
വിപ്രർ ചത്തും രക്ഷ കെട്ടുമൗഷധിക്കൂട്ടമറ്റുമേ
മുറ്റുമേ ചുടലക്കാടുമട്ടായന്നാളിൽ മന്നിടം.
ആബ്ഭയങ്കരകാലത്തു ധർമ്മനാശേ യുധിഷ്ഠിര!
വിശന്നു മർത്ത്യരുഴറിത്തമ്മിൽത്തിന്നുതുടങ്ങിനാർ.
നിയമം വിട്ടു മുനികൾ കൈകവെടിഞ്ഞഗ്നിദൈവതം
ആശ്രമം വിട്ടൊഴിഞ്ഞങ്ങുമിങ്ങും ചുറ്റി നടന്നുതേ.
ഇരിപ്പെടം പോയ് ഭഗവാൻ വിശ്വാമിത്രമുനീശ്വരൻ
വിശന്നുഴന്നു മതിമാൻ സഞ്ചരിച്ചിതു ചുറ്റുമേ
ഒരാൾക്കൂട്ടത്തിലാബ്ഭാര്യാപുത്രന്മാരെ വെടിഞ്ഞവൻ
ഭക്ഷ്യാഭക്ഷ്യങ്ങൾ സമാമ്മാറഗ്ന ഗൃഹഹീനനായ്
വനത്തിൽച്ചുറ്റിയൊരു നാൾ ഹിംസ്രരായ് പ്രാണിഘാതികൾ
പറയന്മാരിരിക്കുന്ന ചാളക്കുടിലിലെത്തിനാൻ.
ഉടഞ്ഞ മൺകുടം ചിന്നിപ്പട്ടിത്തോൽക്കണ്ടമുള്ളെടം
ഉടച്ച പന്നി കഴുതത്തലയോടുകളുള്ളെടം
ശവവസ്ത്രം വിരിച്ചങ്ങു നിർമ്മാല്യങ്ങളണിഞ്ഞെടം
പാമ്പിൻതോലുറ തൂക്കീടും കുടിലാലകളുള്ളെടം
കോഴിക്കൂട്ടം കൂകുമിടം കഴുതദ്ധ്വനിയുള്ളെടം
ഉൽഘോഷിക്കും ക്രൂരവാക്കാൽത്തങ്ങളിൽക്കലഹിപ്പെടം
കൂമൻപക്ഷികൾ മുളുന്ന ദേവാലയമെഴുന്നെടം
ഓടാകും മണിയുള്ളോന്നായ് നായ്ക്കൂട്ടം ചുഴലുന്നെടം.
അതിൽക്കേറി വിശപ്പേറും വിശ്വാമിത്രമുനീശ്വരൻ
ആഹാരം തെരയാൻവേണ്ടിപ്പെരുതും യത്നമാണ്ടവൻ.
സമ്പാദിച്ചില്ലിരന്നിട്ടുമാക്കൗശികനൊരേടവും
മാംസം ചോറോ കായ്കിഴങ്ങോ മറ്റേതാനുമൊരെണ്ണമോ.
അയ്യോ! കഷ്ടപ്പെട്ടുപോയ് ഞാനെന്നുറച്ചിട്ടു കൗശികൻ
ആപ്പറച്ചാളയിൽ പാരം തളർച്ചയൊടു വീണുപോയ്.
ചിന്തിച്ചാനാ മുനിയെനിക്കെന്തിപ്പോൾ നന്മയായ് വരും
വൃഥാ മരണമെന്തായാൽ വരില്ലെന്നും നൃപോത്തമ!
കണ്ടാനാ മുനിയന്നേരം പറച്ചാളയിൽ മന്നവ
അപ്പോളറുത്ത നായ്മാംസത്തിന്റെ നീണ്ട കുതന്ത്രിയെ[3].
അവൻ ചിന്തിച്ചിതപ്പോൾ ഞാനിവിടുന്നിതു കക്കണം
എനിക്കുപായമില്ലല്ലോ ജീവനെത്താങ്ങിനിർത്തുവാൻ.
ആപത്തിൽക്കളവും കൊള്ളാം വലിയോനതു മെച്ചമേ
വിപ്രന്നു ജീവരക്ഷയ്ക്കു ചെയ്യാമെന്നാണു നിശ്ചയം. 39
ഹീനനോടാദ്യമേ വാങ്ങാം സമനോടതിനപ്പുറം
അതു കിട്ടായ്കിലോ വാങ്ങാം ധാർമ്മികശ്രേഷ്ഠനോടുമേ. 40
അന്ത്യാവസ്ഥയ്ക്കിന്നിതു ഞാൻ കട്ടുകൊൾവേൻ പ്രതിഗ്രഹാൽ
കാണ്മീല കക്കലിൻ ദോഷം കപ്പേൻ നായിന്റെ ചന്തി ഞാൻ.
എന്നീബുദ്ധിയുറപ്പിച്ചു വിശ്വാമിത്രൻ മഹാമുനി
പറയൻ പാക്കുമവിടെക്കിടന്നു ചെറ്റു ഭാരത!
രാത്രി മൂത്തിട്ടു പറയച്ചാളയൊട്ടുക്കുറങ്ങവേ
മെല്ലെന്നേറ്റിട്ടു ഭഗവാൻ കുടിലിൽച്ചെന്നു കേറിനാൻ. 43
ഉറങ്ങുംപാടു പറയൻ കഫത്താൽക്കണ്ണടഞ്ഞവൻ
ഒച്ച മൂപ്പിച്ചവൻ രൂക്ഷൻ പറഞ്ഞു ഘോരദർശനൻ 44
“ആർ കുതന്ത്രിയിളക്കുന്നു പറച്ചാളയുറങ്ങവേ
ഉണർവ്വേൻ ഞാനുറങ്ങാ നീ ചത്തുപോയെന്നു ദാരുണൻ” 45
വിശ്വാമിത്രൻ ഭയപ്പെട്ടു പെട്ടെന്നവനൊടോതിനാൻ
നാണം കൊണ്ടു മുഖം താഴ്ത്തി ദുഷ്കർമ്മത്താൽ നടുങ്ങിയോൻ: 48
“വിശ്വാമിത്രൻ ഞാനിതായുഷ്മാനേ, പശിയൊടെത്തിനേൻ
എന്നെക്കൊല്ലൊല്ല സൽബുദ്ധേ, നീ നല്ല മുറ കാണുകിൽ”.
പറയൻ ഭാവിതാത്മാവാ മുനി ചൊന്നതു കേട്ടുടൻ
കിടന്നിടത്തുന്നു വെമ്പിയെഴുനേറ്റങ്ങു ചെന്നുതേ. 48
കണ്ണിൽക്കണ്ണീർ വാർത്തു ബഹുമാനാൽക്കൈതൊഴുതായവൻ
രാവിൽക്കൗശികനോടോതീ “ബ്രഹ്മൻ നീ ചെയ്വതെന്തുവാൻ?”
വിശ്വാമിത്രൻ സാന്ത്വനം ചെയ്തോതീ ചണ്ഡാലനോടുടൻ:
“വിശന്നു ചാവാറായേൻ ഞാൻ നായിൻ ചന്തി ഹരിക്കയാം.
വിശന്നു കഷ്ടപ്പെട്ടോൻ ഞാൻ നാണമില്ലശനാർത്ഥിയിൽ
ക്ഷുത്തിങ്ങെന്നെ ദുഷിപ്പിപ്പൂ നായിൻ ചന്തി ഹരിക്കയാം. 51
എൻ പ്രാണൻ തളരുന്നുണ്ടു പശിയാൽക്കേട്ടിടാ ചെവി
ദുർബ്ബലൻ സംജ്ഞ കെട്ടുള്ളോൻ ഭക്ഷ്യാഭക്ഷ്യവിവർജ്ജിതൻ. 52
അധർമ്മമെന്നറിഞ്ഞും ഞാൻ നായിൻ ചിന്തി ഹരിക്കയാം
പിച്ച തെണ്ടീട്ടു കിട്ടീലാ നിങ്ങൾ പാർത്തീടുമാലയിൽ. 53
അപ്പോൾക്കണ്ടേൻ പാപബുദ്ധി നായിൻ ചന്തി ഹരിക്കയാം
വാനോർക്കാസ്യം വഹ്നി പുരോധസ്സാം[4] ശുചിസഹൻ വിഭു 54
സർവ്വഭുക്കാ ബ്രഹ്മമട്ടിൽദ്ധർമ്മം ഞാനും ധരിക്ക നീ”
അവനോടോതി ചണ്ഡാലൻ “മഹർഷേ, കേൾക്കുകെൻ മൊഴി
കേട്ടിട്ടങ്ങനെ ചെയ്താലും ധർമ്മ നാശം പെടാപ്പടി
ധർമ്മമങ്ങയ്ക്കു വിപ്രർഷേ, ഞാനീച്ചൊൽവതു കേൾക്ക നീ 56
കുറുക്കനെക്കാൾ നായ് താഴെയെന്നു ചൊൽവൂ മനീഷികൾ
അവന്റെ മെയ്യിലും താഴ്‌ന്ന ഭാഗം നായിന്റെ ചന്തിയാം.
നിന്നുറപ്പിതു നന്നല്ല മഹർഷേ, ധമ്മഗർഹിതം
ചണ്ഡാലദ്രവ്യഹരണം വിശേഷാൽ ഭക്ഷ്യമോഷണം.
പ്രാണരക്ഷയ്ക്കു വേറിട്ടു നന്നായ വഴി നോക്കണേ
മാംസലോഭാൽത്തപോനാശമങ്ങയ്ക്കൊക്കൊല്ല മാമുനേ!
വിധിച്ച ധർമ്മമറിവോൻ ചെയ്യൊല്ലാ ധർമ്മസങ്കരം
ഭവാൻ ധർമ്മം കൈവിടൊല്ല ധർമ്മിഷ്ഠന്മാരിലുത്തമൻ.”
എന്നു കേട്ടുടനേ രാജൻ, കൗശികൻ ഭരതർഷഭ!
വിശന്നുഴന്നോരു മഹാമുനി വീണ്ടുമിതോതിനാൻ:
“തീറ്റി കിട്ടാതെ വളരെക്കാലം പാഞ്ഞു നടന്നു ഞാൻ
പ്രാണരക്ഷയ്ക്കു വേറിട്ടു കിട്ടുന്നില്ലൊരുപായവും.
ഏതേതുമാം വിശേഷിച്ചു വല്ല കർമ്മത്തിനാലുമേ
ജീവിക്കേണം തളർന്നുള്ളോൻ പോന്നോൻ ധർമ്മം ചരിക്കണം.
ഐന്ദ്രം ധർമ്മം ക്ഷത്രിയർക്കാം ബ്രാഹ്മണർക്കഗ്നി ധർമ്മമാം
ബലം മമ ബ്രഹ്മവഹ്നി ഭക്ഷിപ്പേൻ ക്ഷുത്തടക്കി ഞാൻ.
ജീവിക്കുമെന്താകിലതു ചെയ്യണം ഹേല[5] യെന്നിയെ
ജീവൻ ഗുണം ചാക്കിനെക്കാൾ ജീവിപ്പോൻ ധമ്മമേല്ക്കുമേ.
ആ ഞാൻ ജീവിതമിച്ഛിച്ചിട്ടഭക്ഷ്യത്തിന്റെ ഭക്ഷണം
ബുദ്ധിപൂർവ്വം കണ്ടുറച്ചേനതങ്ങനുവദിക്കണം.
ജീവിച്ചു ധർമ്മം ചെയ്വോൻ ഞാൻ പോക്കുവേനശുഭങ്ങളെ
തപസ്സാലും വിദ്യയാലും ജ്യോതിസ്സിരുൾകണക്കിനെ.”
പറയൻ പറഞ്ഞു:
ദീർഗ്ഘായുസ്സാകില്ലിതേവം ഭുജിച്ചാൽ
പ്രാണൻ കിട്ടില്ലില്ല പീയൂഷതൃപ്തി
വേറേ നോക്കൂ പിച്ച മോഹിച്ചിടൊല്ലേ
നായേത്തിന്നാൻ നായ് ദ്വിജന്മാർക്കഭക്ഷ്യം. 68
വിശ്വാമിത്രൻ പറഞ്ഞു:
ദുർഭിക്ഷത്തിൽ ദുർല്ലഭം മറ്റു മാംസം
ശ്വപാക, വേറേ വിത്തവും നാസ്തിയാം മേ
വിശന്നോൻ ഞാൻ ഗതി കെട്ടോൻ നിരാശൻ
ശ്വമാംസത്തിൽ ഷഡ്രസമിങ്ങു കാണ്മേൻ. 69
പറയൻ പറഞ്ഞു:
വിപ്രക്ഷത്രിയ വൈശ്യാന്നമഞ്ചഞ്ചുനഖജാതിതാൻ
ശാസ്ത്രം പ്രമാണമങ്ങയ്ക്കിങ്ങഭക്ഷ്യത്തെക്കൊതിക്കൊലാ.
വിശ്വാമിത്രൻ പറഞ്ഞു:
വിശന്നഗസ്ത്യൻ വാതാപിദൈത്യനെത്തിന്നതില്ലയോ
ആപത്തേറ്റുവിശന്നോൻ ഞാൻ തിന്മേൻ നായിന്റെ ചന്തിയെ.
പറയൻ പറഞ്ഞു:
വേറിട്ടു ഭിക്ഷയേ നേടുകങ്ങുന്നിതിനർഹനാം
ഇതു ചെയ്യൊല്ലെടുക്കാമീ നായിൻചന്തി യഥേഷ്ടമേ. 72
വിശ്വാമിത്രൻ പറഞ്ഞു:
ശിഷ്ടന്മാർ ധർമ്മകത്താക്കളവർ വൃത്തമെടുക്കുവേൻ
പരം മേദ്ധ്യാശനാൽ നായിൻ ചന്തി ഞാൻ കാണ്മു ഭക്ഷ്യമായ്.
പറയൻ പറഞ്ഞു:
അസത്സമാചാരമൊരു ശാശ്വതം ധർമ്മമായ് വരാ
ആക്കാര്യമിങ്ങു ചെയ്യായ്ക ഛലാലശുഭമേല്ക്കൊലാ. 74
വിശ്വാമിത്രൻ പറഞ്ഞു:
പാപം നിന്ദിതവും ചെയ്തുപോകൊല്ലാ മുനിയായവൻ
നായും മാനും തുല്യമോർപ്പേൻ തിന്മേൻ നായിന്റെ ചന്തിയെ.
പറയൻ പറഞ്ഞു:
വിപ്രാർത്ഥമഭ്യർത്ഥിതനാ മഹർഷി
ചെയ്തന്നതപ്പോളതു വേണ്ടതല്ലോ
അതേ ധർമ്മമവിടെപ്പാപമില്ലാ
സർവ്വോപായാൽപ്പാല്യരല്ലോ ഗുരുക്കൾ. 76
വിശ്വാമിത്രൻ പറഞ്ഞു:
മിത്രം നമുക്കീ ബ്രാഹ്മണന്നുള്ളൊരാത്മാ-
വിഷ്ടം നമുക്കുലകിൽപ്പൂജ്യമേറ്റം
മാംസം ഹരിപ്പേനതിനെപ്പോറ്റുവാനായ്
നൃശംസരീക്കൂട്ടരെപ്പേടിയാ ഞാൻ. 77
പറയൻ പറഞ്ഞു:
കാമം ജീവൻ കളയാറുണ്ടു മർത്ത്യ-
രഭക്ഷ്യത്തിൽ ബുദ്ധിവെയ്ക്കാറുമില്ലാ
കാമങ്ങളെല്ലാം നേടുമാറുണ്ടു വിദ്വൻ
വിശപ്പുമായങ്ങുതാൻ പ്രീതികൊള്ളൂ.
വിശ്വാമിത്രൻ പറഞ്ഞു:
ചാവുന്നതിൽ സംശയം വേണ്ടതത്രേ
നിസ്സംശയം പറ്റുമേ കർമ്മനാശം
ഞാനോ പരം വ്രതനിത്യൻ ശമസ്ഥൻ
മൂലം കാപ്പൂ തിന്നുകൊൾവേനഭക്ഷ്യം.
ജ്ഞാനാത്മാവിൽ സ്പഷ്ടമായ്പ്പുണ്യമുണ്ടു
മോഹാത്മാവിൽ ശ്വാശനാൽപ്പാപമട്ടിൽ
ഞാനീക്കാര്യം സംശയത്തോടുകൂടി-
ച്ചെയ്തെന്നാലും നിന്റമട്ടാകയില്ലാ.
പറയൻ പറഞ്ഞു:
ഈ സങ്കടമൊതുക്കേണമെന്നു തീർച്ചപ്പെടുത്തി ഞാൻ.
ദുഷ്കൃതബ്രാഹ്മണൻ സത്രമതാണങ്ങേ ദുഷിപ്പു ഞാൻ
വിശ്വാമിത്രൻ പറഞ്ഞു:
വെള്ളം കുടിക്കുമേ ഗോക്കൾ മണ്ഡൂകങ്ങൾ ചിലയ്ക്കിലും
നിനക്കു ധർമ്മാധികാരമില്ലാത്മസ്തുതി ചെയ്യൊലാ.
പറയൻ പറഞ്ഞു:
സുഹൃത്തായ് നിന്നൊടാതുന്നേൻ കനിവൂ നിങ്കൽ ഞാൻ ദ്വിജ
ശ്രേയസ്സെന്നാലിതേറ്റാലും ലോഭാൽ ചെയ്യായ്ക പാതകം. 83
വിശ്വാമിത്രൻ പറഞ്ഞു:
നീയെൻ സുഖാർത്ഥിയാമിഷ്ടനെങ്കിലാപത്തു തീർക്കെടോ
ഞാനെന്നെയറിവേൻ ധർമ്മാൽ വിടൂ നായിൻ ചന്തിയെ. 84
പറയൻ പറഞ്ഞു:
അങ്ങയ്ക്കിതേകാൻ ഞാനൊരുങ്ങുന്നതില്ലാ
മോഷ്ടിക്കിലും വിടുവാനും സ്വഭക്ഷ്യം
രണ്ടാളുമേറ്റീടുമേ പാപലോകം
നല്കും ഞാനും വാങ്ങിടും വിപ്രനങ്ങും.
വിശ്വാമിത്രൻ പറഞ്ഞു:
ഞാനിപ്പൊഴീപ്പാപകർമ്മം കഴിച്ചാൽ
ജീവിച്ചു ചെയ്വേൻ പെരുകീടും പവിത്രം
വിശുദ്ധനായ്ദ്ധർമ്മമേ സംശ്രയിപ്പേ-
നിവറ്റിലേതോ വലുതാണതോതൂ.
പറയൻ പറഞ്ഞു:
ആത്മാവു സാക്ഷീ കുലധർമ്മക്രിയയ്ക്കു
ഭവാനു തുമ്പുണ്ടിതിലെന്തു പാതകം
തിന്നാൻ നായിന്മാംസമിച്ഛിപ്പവന്നു
നൂനം വർജ്ജിക്കേണ്ടതായൊന്നുമില്ല.
വിശ്വാമിത്രൻ പറഞ്ഞു:
എടുക്കലിൽത്തീനിലുമുണ്ടു ദോഷം
പ്രാണാത്യയേ നിത്യമിത്രാപവാദം
എങ്ങില്ലാ ഹിംസയനൃതം പോലുമല്പം
ദുഷ്പേർമാത്രമവിടെശ്ശക്തിയില്ലാ.
പറയൻ പറഞ്ഞു:
ഇതാണങ്ങയ്ക്കശനേ ഹേതുവെങ്കിൽ-
പ്പെടാ വേദം ഹേതുവല്ലാര്യധർമ്മം
എന്നാൽബ്ഭക്ഷ്യാഭക്ഷണത്തിൽ ദ്വിജേന്ദ്ര!
ദോഷം കാണ്മീലിതിലീവണ്ണമായാൽ.
വിശ്വാമിത്രൻ പറഞ്ഞു:
വൻപാപമാണിതു തിങ്കെന്നു കാണാ
സുരാപാനാൽ ഭ്രഷ്ടുകല്പിച്ചിരിപ്പൂ
അന്യോന്യകാര്യങ്ങളുമപ്രകാരം
പാപത്താൽത്താൻ കെട്ടുപോകില്ല പുണ്യം.
പറയൻ പറഞ്ഞു:
അസ്ഥാനത്തിൽക്കുത്സിതൻ നീചനാലോ
സദ്വൃത്തമാബ്ബുധനിൽ ബാധചെയ്യും
നായെക്കൊതിച്ചങ്ങനെ നേടുവാൻ
ദണ്ഡം സഹിക്കേണ്ടിവരും ദൃഢംതാൻ. 91
ഭീഷ്മൻ പറഞ്ഞു:
എന്നേവം കൗശികനൊടു ചണ്ഡാലൻ ചൊല്ലി വെച്ചുപോയ്
വിശ്വാമിത്രനുറപ്പോടും നേടീ നായിന്റെ ചന്തിയെ. 92
ശ്വാവിൻന്റെയംഗം കൈക്കൊണ്ടു ജീവിതാർത്ഥം മഹാമുനി
ഭാര്യയൊത്തതു വെച്ചിട്ടു കാട്ടിൽത്തിന്നാനൊരുങ്ങിനാൻ. 18
പിന്നെത്തോന്നീ ബുദ്ധിയവന്നീ നായ്ച്ചന്തി വിധിക്കു ഞാൻ
യഥാകാമം ദേവകളെത്തർപ്പിച്ചിട്ടു ഭുജിക്കുവൻ. 94
പിന്നെത്താനഗ്നിയുണ്ടാക്കി ബ്രാഹ്മണൻ വിധിയാൽ മുനി
ചരുശ്രപണവും[6] ചെയ്തിതൈന്ദ്രാഗ്നേയവിധിപ്പടി. 95
പിന്നെ ദൈവം പിത്ര്യവുമാം കർമ്മം ചെയ്തിതു ഭാരത!
ആഹ്വാനം ചെയ്തു ഭോഗം പോലിന്ദ്രാദിയെ വിധിക്രമാൽ. 96
ഇതുകാലംതന്നെയങ്ങു മഴ പെയ്തിതു വാസവൻ
മറ്റും പ്രജകളെജ്ജീവിപ്പിക്കാനുണ്ടാക്കിയൗഷധി. 97
ഭഗവാനാം കൗശികനോ തപസ്സാലഘമറ്റവൻ
കാലത്താൽ വലുതാം സിദ്ധി നേടി നാനേറ്റമത്ഭുതം. 98
ഈക്കർമ്മം ചെയ്താ ഹവിസ്സങ്ങാസ്വദിക്കാതെകണ്ടവൻ
പിതൃദേവകളെതൃപ്തിപ്പെടുത്തീ ദ്വിജസത്തമൻ. 99
ഏവം വിദ്വാൻ ദൈന്യമറ്റോരാപത്തിൽജ്ജീവകാമുകൻ
സർവ്വോപായങ്ങളാൽത്തജ്ഞനാത്മോദ്ധാരം കഴിക്കണം. 100
ഈബ്ബുദ്ധിയുൾക്കൊണ്ടുതന്നെ ജീവിച്ചീടേണമെപ്പൊഴും
ജീവിച്ചാൽപ്പുണ്യവും നേടും പുരുഷൻ ഭദ്രമാർന്നിടും. 101
അതിനായിപ്പണ്ഡിതൻ പാർത്ഥ, ധർമ്മാധർമ്മവിനിശ്ചയേ
ബുദ്ധിയുൾക്കൊണ്ടീയുലകിലുള്ളറച്ചു നടക്കണം.
പച്ച മലയാള പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (ജീവിതകാലം: 18 സെപ്റ്റംബർ 1864–22 ജനുവരി 1913). കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേരു്. വ്യാസമഹാഭാരതം പദാനുപദം, വൃത്താനുവൃത്തം പദ്യാഖ്യാനം ചെയ്തതു് ഇദ്ദേഹമാണു്.
വ്യാസമുനി 1095 ദിനങ്ങൾ കൊണ്ടു് വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു. മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം, താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണു് ചെയ്തതെന്നു് പറഞ്ഞിട്ടുണ്ടു്. തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാകുന്നു. പദ്യത്തെ ഗദ്യമാക്കുവാൻ ഭാഷാവിദ്വാന്മാർക്കു പ്രയാസമില്ലാതെ സാധിച്ചേക്കും. എന്നാൽ കഥയെ പദ്യമാക്കുക പ്രയാസം. അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതൽ ദുഷ്കരമാണു്. എന്നാലിടിവിടെ തമ്പുരാൻ ചെയ്തതു്, സംസ്കൃതത്തിൽ 1095 ദിനങ്ങൾകൊണ്ടു് സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു, അതേ വൃത്തത്തിൽ, അതേ വാക്യാർത്ഥത്തിൽ, അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുകയാണു്. ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാൻ തമ്പുരാനു് വേണ്ടിവന്നതു് വെറും 874 ദിവസങ്ങൾ മാത്രവും. പദാനുപദം വിവർത്തനം, വൃത്താനുവൃത്തം പദ്യവൽക്കരണം എന്നിവ വ്യാസനേക്കാൾ വേഗത്തിൽ, വ്യാസരചനയ്ക്കു മലയാള തത്തുല്യമായി തമ്പുരാൻ നിർവ്വഹിച്ചു. അതുകൊണ്ടാണു് കുഞ്ഞിക്കുട്ടൻ തമ്പുരാനെ അമാനുഷിക പ്രഭാവനെന്നും കേരളവ്യാസൻ എന്നും വിളിക്കുന്നതു്.
കൊടുങ്ങല്ലൂർ രാജകുടുംബത്തിൽ കൊല്ലവർഷം 1040 കന്നി മാസം നാലാം തിയതി അശ്വതി നാളിലാണു് (അതായതു് 1864 സെപ്റ്റംബർ 18) കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചതു്. പിതാവു് കവിയും പച്ചമലയാളപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ വെണ്മണി പരമേശ്വരൻ (അച്ഛൻ) നമ്പൂതിരിയും മാതാവു് കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുമായിരുന്നു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണു് കുഞ്ഞിപ്പിള്ള തമ്പുരാട്ടിക്കു് കുഞ്ഞുണ്ടായതു്. അതുകൊണ്ടു് വളരെ ലാളനയോടെയാണു് രാമവർമ്മ വളർന്നതു്. ലാളന അധികമായതിനാൽ കുഞ്ഞിക്കുട്ടൻ എന്നും കുഞ്ഞൻ എന്നുമുള്ള ചെല്ലപ്പേരുകളിലാണു് അദ്ദേഹം അറിയപ്പെട്ടതു്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പിതാവിലൂടെ അർദ്ധസഹോദരനായിരുന്നു കദംബൻ എന്ന വെണ്മണി മഹൻ നമ്പൂതിരി.
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ബാല്യകാലത്തു് കൊടുങ്ങല്ലൂർ രാജകൊട്ടാരം പാണ്ഡിത്യത്തിന്റെ കലവറയായിരുന്നു. ഉത്തമമായ ഒരു ഗുരുകുലം എന്ന സ്ഥാനമായിരുന്നു കോവിലകം അക്കാലത്തു പുലർത്തിയിരുന്നതു്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും അനേകം വിദ്യാർത്ഥികൾ കാവ്യശാസ്ത്രാദികളിൽ പാണ്ഡിത്യം നേടുന്നതിനു് അവിടെ എത്തിച്ചേർന്നിരുന്നു. താൻ പഠിച്ചിരുന്ന കാലത്തു് വിവിധവിഷയങ്ങളിലായി മുന്നൂറോളം വിദ്യാർത്ഥികൾ അവിടെ താമസിച്ചുപഠിച്ചിരുന്നുവെന്നു് ആറ്റൂർ കൃഷ്ണപ്പിഷാരടി “കൊടുങ്ങല്ലൂർ ഗുരുകുലം” എന്ന ഉപന്യാസത്തിൽ പരാമർശിച്ചിട്ടുണ്ടു്.
കുടുംബഗുരുവായിരുന്ന വിളപ്പിൽ ഉണ്ണിയാശാൻ ആയിരുന്നു കുഞ്ഞന്റെ ആദ്യഗുരു. പ്രാഥമികമായ ബാലപാഠങ്ങൾക്കു ശേഷം മൂന്നാംകൂർ ഗോദവർമ്മതമ്പുരാൻ അദ്ദേഹത്തെ കാവ്യം പഠിപ്പിച്ചു. എന്നാൽ മൂന്നാംകൂർ തമ്പുരാൻ ഏറെത്താമസിയാതെ അന്തരിച്ചു. തുടർന്നു് സ്വന്തം അമ്മാവനായ വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ പക്കൽനിന്നായി വിദ്യാഭ്യാസം. മുഖ്യമായും വ്യാകരണം ആയിരുന്നു ഇക്കാലത്തു പഠിച്ചെടുത്തതു്. പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം തുടങ്ങിയവയെല്ലാം അമ്മാവനിൽനിന്നാണു് അദ്ദേഹം പഠിച്ചെടുത്തതു്. മഹാകവിയ്ക്കു് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം വ്യാകരണം തന്നെയായിരുന്നു. പിൽക്കാലത്തു് അദ്ദേഹം തന്റെ കൃതികളിൽ പലപ്പോഴും “അമ്മാവനും ഗുരുവുമാകിയ കുഞ്ഞിരാമവർമ്മാവിനെ” ഭക്തിപൂർവ്വം സ്മരിച്ചിട്ടുണ്ടു്.
തർക്കം പഠിപ്പിച്ചതു് ഒരു കുഞ്ഞൻ തമ്പുരാൻ ആയിരുന്നു. വലിയ കൊച്ചുണ്ണിത്തമ്പുരാൻ ജ്യോതിഷവും പഠിപ്പിച്ചു.
ഏഴാമത്തെ വയസ്സിൽ തന്നെ കുഞ്ഞിക്കുട്ടൻ കവിതകൾ എഴുതാൻ തുടങ്ങി. അക്കാലത്തു് കൊടുങ്ങല്ലൂർ താലപ്പൊലിയുടെ എഴുന്നള്ളിപ്പുസമയത്തു് വെണ്മണിയുടെ കവിസംഘം ഭഗവതിയെക്കുറിച്ചും മറ്റും നിമിഷശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലുക പതിവുണ്ടായിരുന്നു. “ഒരു ദിവസം താലപ്പൊലിയ്ക്കു് വെണ്മണി അച്ഛൻ നമ്പൂതിരിപ്പാടു് മകനെ കൂട്ടിക്കൊണ്ടുപോയി. അന്നു് കുഞ്ഞിക്കുട്ടനെക്കൊണ്ടും ഒരു ശ്ലോകമുണ്ടാക്കിച്ചതായി എനിക്കറിവുണ്ടു് ”—അമ്മാവൻ തമ്പുരാൻ എഴുതിയിട്ടുള്ള “കുഞ്ഞിക്കുട്ടൻതമ്പുരാൻ സ്മരണകൾ” എന്ന പുസ്തകത്തിൽ പരാമർശിക്കുന്നു.
ഏറേത്താമസിയാതെ, കവിതയെഴുത്തു് തമ്പുരാന്റെ ഹരമായിത്തീർന്നു. സംസ്കൃതത്തിലായിരുന്നു ആദ്യകാലത്തെപദ്യനിർമ്മാണം. രാജകുടുംബത്തിലെ കുട്ടികൾ മറ്റു കൂട്ടുകാരോടൊപ്പം അക്ഷരശ്ലോകം ചൊല്ലി മത്സരിക്കൽ അന്നത്തെ പതിവായിരുന്നു. ഇടയ്ക്കു് പദ്യനിർമ്മാണമത്സരവും ഉണ്ടായിരിക്കും. പഠിപ്പിന്റെ ഇടയിൽ തന്നെയാവും ഈ വിനോദവും. ഏകദേശം പതിനാറുവയസ്സുകഴിഞ്ഞതോടെ കുഞ്ഞിക്കുട്ടനു് കവിത മാത്രമാണു ജീവിതം എന്ന നിലയായി. മറ്റു വിഷയങ്ങളിലെ പഠിപ്പിനു ശ്രദ്ധ കുറഞ്ഞു.
സംസ്കൃതകാവ്യരചനയിൽ മുഴുകിക്കഴിഞ്ഞ അദ്ദേഹത്തെ പച്ചമലയാളത്തിന്റെ വഴിയിലേക്കു് തിരിച്ചുവിട്ടതു് പിതാവു് വെണ്മണി അച്ഛനും വൈമാത്രേയസഹോദരനായ (അച്ഛനു് മറ്റൊരു ഭാര്യയിൽ ജനിച്ച സഹോദരൻ) വെണ്മണി മഹനുമാണു്.
ഇരുപത്തിയൊന്നാം വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു. പാപ്പിയമ്മ പതിനെട്ടു വർഷത്തിനുശേഷം മരിച്ചപ്പോൾ അദ്ദേഹം തൃശ്ശൂർ കിഴക്കേ സ്രാമ്പിൽ കുട്ടിപ്പാറുവമ്മയെ വിവാഹം ചെയ്തു. എന്നാൽ താമസിയാതെ അവരും മരണം വരിച്ചു. സാമൂതിരി കുടുംബത്തിലെ ശ്രീദേവിത്തമ്പുരാട്ടിയേയും വിവാഹം ചെയ്തിട്ടുണ്ടു്. അവരാണു് ധർമ്മപത്നിയായി അറിയപ്പെടുന്നതു്.
അറിയപ്പെട്ടിടത്തോളം, അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണു് (കൊല്ലം 1062) ആദ്യമായി ഒരു കൃതി (കവി ഭാരതം) പ്രകാശിപ്പിക്കപ്പെടുന്നതു്. ഇക്കാലത്തു് മലയാളകവിതാരംഗത്തു് അഷ്ടകരൂപത്തിലും ദശകരൂപത്തിലുമുള്ള ദ്രുതകവനസംസ്കാരം കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഈ മണ്ഡലത്തിൽ ഏറ്റവും ചാതുര്യമുള്ള ഒന്നാമനായിത്തന്നെ തുടർന്നു. 1065-ൽ രചിച്ച “ലക്ഷണാസംഗം” എന്ന കൃതിയിൽ അദ്ദേഹം സ്വയം തന്നെപ്പറ്റിത്തന്നെ അഭിമാനപൂർവ്വം പറഞ്ഞിരിക്കുന്നു: “നരപതി കുഞ്ഞിക്കുട്ടൻ സരസദ്രുതകവി കിരീടമണിയല്ലോ”.
കോട്ടയത്തെ കവിസമാജം സംഘടിപ്പിച്ച ദ്രുതകവിതാപരീക്ഷയിൽ ഗംഗാവതരണം എന്ന അഞ്ചങ്കങ്ങളുള്ള ഒരു നാടകം അദ്ദേഹം അഞ്ചുമണിക്കൂറിനുള്ളിൽ എഴുതിത്തീർത്തു് ഒന്നാം സമ്മാനം നേടി. ഇതോടെ, തെക്കൻ നാട്ടിലും അദ്ദേഹത്തിന്റെ പ്രശസ്തി പരന്നു. ഗംഗാവതരണാത്തിനു മുമ്പും പിൻപുമായി അദ്ദേഹം അക്കാലത്തു് അഞ്ചെട്ടു ദ്രുതകവിതാനാടകങ്ങൾ രചിച്ചിട്ടുണ്ടു്. 1066 തുലാം 18-നു് വെറും പന്ത്രണ്ടുമണിക്കൂർ സമയമെടുത്തു് രചിച്ച, പത്തങ്കങ്ങളും മുന്നൂറു ശ്ലോകങ്ങളുമടങ്ങിയ “നളചരിതം” ആണിതിൽ പ്രധാനം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടി മലയാളസാഹിത്യം പുതിയൊരു പാതയിലേക്കു് പ്രവേശിക്കുകയായിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചുവടുപറ്റി കേരളവർമ്മ പ്രസ്ഥാനം ഒരു വശത്തും കൊടുങ്ങല്ലൂർ കോവിലകത്തിന്റെ സാഹിത്യപരിസരങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന വെണ്മണി പ്രസ്ഥാനം മറുവശത്തും കാവ്യനാടകരചനകളിൽ ഏർപ്പെട്ടു. ഇവർക്കുപുറമേ, മലയാളമനോരമ തുടങ്ങിയ പത്രമാസികാസ്ഥാപനങ്ങൾ അവതരിപ്പിച്ച പുതിയ പ്രസിദ്ധീകരണസംസ്കാരം കവിതയിൽ കൂടുതൽ ജനകീയമായ ഇടപെടലുകൾ നടക്കാനും കവികൾക്കു് പരസ്പരം രസ-നിർമ്മാണ-നിരൂപണസംവാദങ്ങളിൽ ഏർപ്പെടാനും അവസരം നൽകി. അച്ചടി, ആധുനികശൈലിയിലുള്ള പാഠപുസ്തകനിർമ്മാണം തുടങ്ങിയ ഘടകങ്ങൾകൂടി ഈ സക്രിയമായ പരിണാമങ്ങൾക്കു സഹായകമായി.
സംസ്കൃതനാടകകാവ്യരീതികളോടു് അതിരറ്റ മതിപ്പുണ്ടായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തന്റെ ശൈലിയുടെ ഗാംഭീര്യവും പ്രൗഢിയും പ്രത്യേകതയും തന്നെയാണു് മലയാളകവിത തുടർന്നുപോകേണ്ടതെന്നു വിശ്വസിച്ചു. മലയാളത്തിലെ ആദ്യത്തെ നാടകസാഹിത്യകൃതി എന്നുപറയാവുന്ന ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ രചനയായിരുന്നു. ഇതേ വഴി പിന്തുടർന്നു് വിവർത്തനങ്ങളിലൂടെ സംസ്കൃതത്തിൽനിന്നും കടംപറ്റിത്തന്നെ ഒരു പറ്റം നാടകങ്ങൾ രചിക്കപ്പെടുകയുണ്ടായി. എന്നാൽ ആ വഴിയേ പിന്തുടരാൻ ഏറെയൊന്നും അനുയായികൾ ഉണ്ടായിരുന്നില്ല. അതേ സമയത്തു്, സംസ്കൃതത്തിന്റെ അതിപ്രസരത്തിനിപ്പുറത്തു്, ഭാഷാസാഹിത്യനിർമ്മിതിയിൽ ശുദ്ധമലയാളത്തിനു് അർഹമായ ഇടമുണ്ടെന്നു വെണ്മണിപ്രസ്ഥാനം തെളിയിച്ചുതുടങ്ങി. അതിലെ മുഖ്യസാരഥികളായിരുന്നു അച്ഛനും മകനുമായിരുന്ന വെണ്മണി പരമേശ്വരനും കദംബനും. ഇവർക്കൊപ്പമോ ഇവരുടെ പിൻപറ്റിയോ ധാരാളം കവികളും നാടാകകൃത്തുക്കളും ഉണ്ടായി. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, കാത്തുള്ളിൽ അച്യുതമേനോൻ, നടുവത്തച്ഛൻ നമ്പൂതിരി, ശീവൊള്ളി നമ്പൂതിരി തുടങ്ങിയ ഈ കൂട്ടത്തിലെ ഏറ്റവും തിളങ്ങിനിന്ന താരമായിരുന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ. സ്വയം മികച്ച സംസ്കൃതപണ്ഡിതന്മാരായിരുന്നിട്ടുപോലും ഇവരെല്ലാം പച്ചമലയാളത്തിൽ എഴുതാൻ കൂടുതൽ ശ്രദ്ധ വെച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാനാവട്ടെ, മലയാളത്തിന്റെ ലാളിത്യം ഏറ്റെടുത്തുകൊണ്ടാടാനുള്ള ശ്രമത്തിൽ പലപ്പോഴും പരമ്പരാഗതമായ കാവ്യലക്ഷണങ്ങളിൽ ഉപേക്ഷ പ്രകടിപ്പിക്കാൻ പോലും ധൈര്യം കാണിച്ചു.
മലയാളസാഹിത്യത്തിലേക്കു് ലഭിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സംഭാവനകളെ ഈ പശ്ചാത്തലത്തിൽനിന്നുവേണം നോക്കിക്കാണാൻ. കൊച്ചുണ്ണിത്തമ്പുരാൻ തുടങ്ങിവെച്ച സ്വതന്ത്രനാടകപ്രസ്ഥാനവും വെൺമണി നമ്പൂതിരിമാർ പ്രോത്സാഹിപ്പിച്ച പച്ചമലയാളശൈലിയും ഏറ്റെടുത്തു് ആ മാതൃക പിൻപറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ അനേകം കൃതികൾ അദ്ദേഹം രചിച്ചു. അടുത്ത ദശകങ്ങളിൽ മലയാളത്തിലെ ഗദ്യ-പദ്യസാഹിത്യം കൂടുതൽ സ്വാതന്ത്ര്യമാർജ്ജിക്കാനും ജനകീയമാവാനും ഇതു വഴിവെച്ചു. മഹാകാവ്യങ്ങളിൽ നിന്നും ഖണ്ഡകാവ്യങ്ങളിലേക്കും തനതുനാടകപ്രസ്ഥാനങ്ങളിലേക്കും ഇതു വഴിവെച്ചു.
കേരളത്തിനു പരിചിതമായ ചരിത്രകഥകളേയും ഐതിഹ്യങ്ങളേയും പ്രതിപാദ്യമാക്കിക്കൊണ്ടു് കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിതകളെഴുതി. വെണ്മണിശൈലിയേക്കാൾ കുറച്ചുകൂടി പച്ചമലയാളമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു്. സംസ്കൃതപദങ്ങൾ എത്ര കുറയ്ക്കാമോ അത്രയ്ക്കും കവിത മെച്ചമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശം. എന്നാൽ, അതൊരു നിർബന്ധം പോലെയായപ്പോൾ കവിതയ്ക്കു് കൃത്രിമത തോന്നിത്തുടങ്ങി. ഒപ്പം തന്നെ, സംസ്കൃതപണ്ഡിതന്മാരുടെ അളവറ്റ ഗൈർവ്വാണീഭ്രമത്തിനു് അതൊരു കടിഞ്ഞാണുമായിത്തീർന്നു. ‘കൂടൽമാണിക്യം’, ‘പാലുള്ളിചരിതം’ തുടങ്ങിയ കൃതികളൊക്കെ ഈ തരത്തിൽ പെട്ടവയാണു്.
ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവർത്തിച്ചു. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ചു് അവയെ കൈകാര്യം ചെയ്യുവാൻ തമ്പുരാനു് പ്രത്യേക കഴിവുണ്ടായിരുന്നു. അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു.
ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം അദ്ദേഹം എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ടു് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്തു. ശ്രീമഹാഭാരതം എന്ന പേരിൽ അദ്ദേഹം രചിച്ച ഈ ഗ്രന്ഥം ഭാഷാഭാരതം എന്ന പേരിലും അറിയപ്പെടുന്നു.
സംസ്കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്കു് തർജ്ജമ ചെയ്തതാണു് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും മഹത്സംഭാവനയായി കണക്കാക്കപ്പെടുന്നതു്. ഇത്ര ബൃഹത്തായ ഒരു കൃതി വൃത്താനുവൃത്തം—പദാനുപദം ഒരാൾ തന്നെ തർജ്ജമ ചെയ്തതിനു വേറെ ഉദാഹരണം ഇല്ല. പച്ചമലയാളത്തിലേക്കു് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ തർജ്ജമ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ തർജ്ജമ ഇതിനുദാഹരണമാണു്. അതു് ഇങ്ങനെ ആയിരുന്നു:
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതോയുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ
കിമകുർവത സഞ്ജയ
ധർമ്മക്ഷേത്രം കുരുക്ഷേത്രം,
പുക്കുപോരിന്നിറങ്ങിയോർ,
എൻകൂട്ടരും പാണ്ഡവരും,
എന്തേ ചെയ്തിതു സഞ്ജയാ
- കവിഭാരതം
- അംബോപദേശം
- ദക്ഷയാഗ ശതകം
- നല്ല ഭാഷ
- തുപ്പൽകോളാമ്പി
- പാലുള്ളി ചരിതം
- മദിരാശി യാത്ര
- കൃതിരത്ന പഞ്ചകം
- കംസൻ
- കേരളം ഒന്നാം ഭാഗം
- ദ്രോണാചാര്യർ (അപൂർണ്ണം)
- ലക്ഷണാസംഗം
- നളചരിതം
- ചന്ദ്രിക
- സന്താനഗോപാലം
- സീതാസ്വയംവരം
- ഗംഗാവിതരണം
- ശ്രീമനവിക്രമ ജയം (സാമൂതിരിയെപ്പറ്റി)
- മാർത്താണ്ഡ വിജയം (അപൂർണ്ണം)
- മദുസൂദന വിജയം
- ഘോഷയാത്ര
- അയോദ്ധ്യാകാണ്ഡം
- ആത്മബോധം പാന
- ചാന പഞ്ചകം
- പട്ടാഭിഷേകം പാന
- ദോഷവിചാരം കിളിപ്പാട്ടു്
- രാധാമാധവയോഗം വഞ്ചിപ്പാട്ടു്
- കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ടു്
- മയൂരധ്യജ ചരിതം
- പലവകപ്പാട്ടുകൾ
- ഖണ്ഡകൃതികൾ
- മഹാഭാരതം-ശ്രീമഹാഭാരതം (ഭാഷ) എന്ന പേരിൽ
- ഭഗവദ് ഗീത-ഭാഷാ ഭഗവദ് ഗീത എന്ന പേരിൽ
- കാദംബരി കഥാസാരം
- വിക്രമോർവ്വശീയം
- ശുകസന്ദേശം
കൊ.വ. 1088 മകരം 10-നു് (ക്രി.വ. 1913 ജനുവരി 22) തന്റെ നാല്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണു് അദ്ദേഹം മരിച്ചതു്. മഹാഭാരതം പോലെത്തന്നെ, മറ്റു പുരാണങ്ങൾകൂടി മലയാളത്തിലേക്കു് പരിഭാഷ ചെയ്യണമെന്നു് അദ്ദേഹത്തിനു് അത്യന്തം ആഗ്രഹമുണ്ടായിരുന്നു.
“കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ
വലുതൊന്നിനി
പൊഴിഞ്ഞൂറും രസാൽ വേറെച്ചുഴിഞ്ഞൂ
ക്കിൽപ്പിടിക്കണം.
പതിനെട്ടു പുരാണങ്ങൾ
പതിരറ്റു കിടക്കവേ
മതി മങ്ങിച്ചീ പ്രവൃത്തി
മതിയാക്കുകിൽ നഷ്ടമാം”
എന്നാണു് ഭാരതതർജ്ജമയ്ക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോടു് പറഞ്ഞിരുന്നതു്. എന്നാൽ ആകസ്മികമായി വന്ന അസുഖവും ദേഹവിയോഗവും അദ്ദേഹത്തിന്റെ ആ മോഹം സാധിച്ചുകൊടുത്തില്ല.
കൊടുങ്ങല്ലൂരിൽ അദ്ദേഹത്തിന്റെ സ്മാരകമായി ഒരു കലാശാല സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
Title: Viswamithrachandalasamvadam (ml: വിശ്വാമിത്രചണ്ഡാലസംവാദം).
Author(s): Kodungallur Kunjikkuttan Thampuran.
First publication details: Not available;;
Deafult language: ml, Malayalam.
Keywords: Translation, Kodungallur Kunjikkuttan Thampuran, Viswamithrachandalasamvadam, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, വിശ്വാമിത്രചണ്ഡാലസംവാദം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: May 5, 2024.
Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.
Cover: Whate’er thou desirest, Great Sage, a painting by Evelyn Paul . The image is taken from Wikimedia Commons and is gratefully acknowledged.
Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.
Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.