എന്റെ ആത്മകഥയുടെ ആദ്യഭാഗങ്ങൾ 1954-ൽ ആണു് പ്രസിദ്ധപ്പെടുത്തിയതു്. മൂന്നു പതിപ്പു് അച്ചടിച്ചുകഴിഞ്ഞതിൽനിന്നു കേരളീയർക്കു് ആ പുസ്തകത്തിൽ എന്തോ സ്വല്പം പ്രീതി തോന്നി എന്നു വിചാരിക്കാം. ഇതാ, ഈ അവസാനഭാഗവും.
മുൻഭാഗങ്ങളിൽനിന്നു് അല്പം വ്യത്യാസപ്പെട്ടതാണു് ഇതിലെ കാര്യങ്ങൾ.
ഇതിൽ ഉൾക്കൊള്ളുന്ന പത്തു വർഷകാലത്തിൽ എട്ടു വർഷവും ഞാൻ വിദേശങ്ങളിലായിരുന്നു താമസം. ജീവിതം വിദേശിയരുടെ ഇടയിൽ കഴിക്കേണ്ടിവന്നു എന്നുമാത്രമല്ല, എന്റെ പ്രവൃത്തികൾ മിക്കവാറും അവരെസ്സംബന്ധിച്ചുമായിരുന്നു. അതുകൊണ്ടു് ഈ ആത്മകഥയുടെ മുൻഭാഗങ്ങളിലുള്ള രസമല്ല ഇതിലുള്ളതു്. എന്നാലും കോമിൻടാങ്ങിന്റെ അസ്തമയം, ചൈനീസ് വിപ്ലവത്തിന്റെ വിജയം, കൊറിയൻയുദ്ധം, ഈജിപ്തിലെ വിപ്ലവം, ഡിഗോളിന്റെ പുനർജ്ജന്മം എന്നീ ലോകപ്രധാനമായ സംഗതികളെ സ്പർശിക്കുന്ന ഒരു കഥ എങ്ങനെ രസകരമല്ലെന്നു പറയാം? ഇൻഡ്യയിലെ സംഭവങ്ങളെപ്പറ്റിയാണെങ്കിൽ പ്രവിശ്യാപുനർന്നിർമ്മാണവും അതിന്റെ ഒരു വശമായ കേരളപ്പിറവിയും പ്രധാനകാര്യങ്ങളാണല്ലോ. ആ കാര്യങ്ങളിൽ കേരളിയർക്കു വിശേഷിച്ചും താൽപര്യമുണ്ടായിരിക്കുമെന്നാണു് എന്റെ വിശ്വാസം.
1959 ഏപ്രിൽമാസത്തിൽ സുഖക്കേടായി ഞാൻ പാരീസ്സിൽനിന്നു പോരുന്നതോടുകൂടി ഈ ആത്മകഥ അവസാനിക്കുന്നു. ഇനിയുള്ള കാലം ജീവിതസായന്തനമെന്നേ ഞാൻ ഗണിച്ചിട്ടുള്ളു. ആ വിശ്രമവേള ആവുംപോലെ ലോകോപകാരത്തിനായി യത്നിച്ചു്, കഴിച്ചുകൂട്ടണമെന്നാണു് ആഗ്രഹം. കുറെക്കാലം മുൻപു്, വാർദ്ധക്യമായാൽ എന്താണു് ചെയ്യേണ്ടതു് എന്ന വിചാരം എന്റെ മനസ്സിലുദിച്ചപ്പോൾ, അതേപ്പറ്റി ഞാൻ ഒരു ഗീതകമെഴുതി. അതു് എന്റെ ആന്തരമായ വാഞ്ഛകളുടെ പ്രതിഫലനമായിരുന്നു അതു താഴെ ചേർക്കുന്നു.
പുൽത്തകിടിയിലെന്റെ മേൽമുണ്ടു വിരിച്ചു ഞാൻ
സ്വസ്ഥനായ് സായാഹ്നത്തിലല്പവിശ്രാന്തിക്കായി
ചിത്രമാമുദ്യാനമില്ലുൽകൃഷ്ടസുമങ്ങളി
ല്ലത്ര പാഴ് നാടൻചെടിയൊന്നുരണ്ടല്ലോ നില്പൂ.
കയ്പവല്ലികൾ ചാർത്തിക്കാണുന്ന വേലിച്ചുറ്റി-
ന്നപ്പുറത്തുത്സാഹത്തിൽക്കുട്ടികൾ ക്രീഡിക്കയാം.
അങ്ങിങ്ങു പെരുംവൃക്ഷക്കൊമ്പിന്മേലിരുന്നോരോ
സംഗീതം മധ്യേമാർഗ്ഗം പക്ഷികൾ പൊഴിക്കയാം.
നില്ക്കാതെ നടക്കട്ടേ ലൗകികവ്യവഹാരം;
ശൂഷ്കാന്തി കാണിക്കട്ടേയുൽകർഷമിച്ഛിക്കുന്നോർ.
ജീവിതദീർഗ്ഘയാത്രാക്ലാന്തനാമെനിക്കിന്നു
കേവലമല്പകാലവിശ്രമമത്രേ വേണ്ടൂ.
ഇപ്പുല്ലിലിവിടെന്റെ കാലുകൾ നിവൃത്തി ഞാ-
നല്പമൊന്നലസനായ് വിശ്രമം പൂണ്ടിടട്ടേ!
എഴുപതിൽ കാലെടുത്തുവെയ്ക്കുന്ന എന്റെ കാമനകളെ ഇതിൽ ഞാൻ പൂർണ്ണമായി പ്രതിപാദിച്ചിട്ടുണ്ടെന്നു തോന്നുന്നു.
ചൈനായിലെ ഇൻഡ്യൻസ്ഥാനപതിയായി നിയമിതനായപ്പോൾ ബിക്കാനേർ പ്രധാനമന്ത്രിപദത്തിൽനിന്നു രാജിവെയ്ക്കുന്ന ഘട്ടംവരെയാണല്ലോ മുമ്പേ പ്രസിദ്ധപ്പെടുത്തിയ എന്റെ ആത്മകഥയിൽ പ്രസ്താവിച്ചിട്ടുള്ളതു്. പിന്നീടുള്ള ജീവിതഭാഗം പുതിയ ഒരധ്യായമെന്നുതന്നെ പറയാം. പരിതസ്ഥിതികളെല്ലാം തന്നെ വ്യത്യാസപ്പെട്ടതാണു്. മിക്കവാറും ഇൻഡ്യയിൽനിന്നു പുറത്തായിരുന്നു താമസം. കൂട്ടുകെട്ടും സഹവാസവുമെല്ലാം തന്നെ വിദേശികളോടായിരുന്നു. ഇൻഡ്യയിലെ രാജ്യകാര്യങ്ങളുമായി ചെറുപ്പംമുതൽ നേരിട്ടു പരിചയിച്ചുപോന്ന എനിക്കു് ഇതാദ്യം അസുഖകരമായി തോന്നാതിരുന്നില്ലെങ്കിലും അന്താരാഷ്ട്രീയകാര്യങ്ങളിൽ യൂറോപ്പിൽ താമസിച്ചിരുന്ന കാലത്തും പിന്നീട്ടും ഉത്സാഹിച്ചുകൊണ്ടിരുന്നതിനാൽ ഈ മാറ്റത്തിൽ വലുതായ വൈഷമ്യമൊന്നും ഞാൻ അനുഭവിച്ചില്ല. ‘തെക്കു കിഴക്കനേഷ്യയുടെ ഭാവി’ (TheFuture of South-East Asia) എന്നും ‘ഇന്ത്യയും ഇന്ത്യൻമഹാസമുദ്രവും’ (India and the Indian Ocean) എന്നും വിദേശനയത്തെ ബാധിക്കുന്ന രണ്ടു പുസ്തകങ്ങൾ ഇതിനു മുമ്പുതന്നെ ഞാൻ എഴുതിയിരുന്നതു് എനിക്കീ വിഷയത്തിലുള്ള അഭിരുചിയെ സ്പഷ്ടമാക്കുന്നവയാണു്. ഈ പുസ്തകങ്ങളെ ശ്ലാഘിച്ചു നെഹ്റു പലരോടും സംസാരിച്ചിട്ടുണ്ടുതാനും. ഇങ്ങനെയെല്ലാമാണെങ്കിലും ശ്രീമതി വിജയലക്ഷ്മി യുടെ മോസ്കോയിലേയ്ക്കുള്ള നിയമനം കഴിഞ്ഞു് ആദ്യത്തെ അനുദ്യോഗസ്ഥ അംബാസഡറായി എന്നെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്നു് എനിക്കു സൂക്ഷ്മമായി ഇന്നും അറിഞ്ഞുകൂടാ അംബാസഡർമാർ മുതലായവരുടെ പ്രധാനമായ ജോലിക്കു യോഗ്യതയുള്ളവരെന്നു് അദ്ദേഹത്തിന്നു സമ്മതം തോന്നിയിട്ടുള്ളവരുടെ ഒരു ലിസ്റ്റ് കാലേകൂട്ടി തയ്യാറാക്കിയിട്ടുണ്ടു് എന്നു ഞാനറിഞ്ഞിരുന്നു. അതിൽ എന്റെ പേരും ഉൾപ്പെടുത്തിയിരുന്നതായി സരോജിനിനായിഡു വഴിയാണു് ഞാനറിഞ്ഞതു് ആ മഹതിയായിരിക്കണം നാമനിർദ്ദേശം ചെയ്തതെന്നു ഞാൻ വിശ്വസിക്കുന്നു.
ബിക്കാനേറിൽനിന്നു 1948-ൽ ഏപ്രിൽ പതിമൂന്നാം തീയ്യതി വൈശാഖദിവസമാണു് ഞാൻ പിരിഞ്ഞുപോന്നതു്. അന്നുതന്നെ എന്നെ അംബാസഡറായി നിയമിച്ചുള്ള ഉത്തരവും പുറത്തുവന്നു. പുതിയ ജോലിയുടെ സ്ഥിതിഗതികളും ഗവണ്മെണ്ടിന്റെ ഈ കാര്യത്തിലുള്ള നയവും മനസ്സിലാക്കുന്നതിനായി ഒരു മൂന്നാഴ്ചയോളം ദെല്ലിയിൽ താമസിച്ചിട്ടു ഞാൻ കുടുംബസമേതം ചൈനയിലേയ്ക്കു പുറപ്പെട്ടു. അന്നു ബംഗാൾ ഗവർണ്ണർ സി. രാജഗോപാലാചാരി യായിരുന്നു. ഒന്നിച്ചു രണ്ടു ദിവസം കല്ക്കട്ടായിൽ താമസിച്ചിട്ടു് പോകണമെന്നു് അദ്ദേഹം ക്ഷണിച്ചിരുന്നതനുസരിച്ചു ഞങ്ങൾ വഴിക്കവിടെ ഇറങ്ങി.
കല്ക്കട്ടരാജഭവനം നൂറു വർഷത്തിലധികം കാലം വൈസ്രായികൾ താമസിച്ച ഒരു കൊട്ടാരമാണു് ഇംഗ്ലണ്ടിലെ മഹാപ്രാസാദങ്ങളുടെ മാതൃകയിൽ മാർക്യുസ്സ് വെല്ലസ്ലി പണിയിച്ച ആ കെട്ടിടം ബ്രീട്ടിഷ് സാമ്രാജ്യശക്തിയുടെ ഒരു പ്രതീകമാണെന്നുതന്നെ പറയാം. രാജഗോപാലാചാരിയുടെ കൂടെ വിധവയായ ഒരു മകൾ മാത്രമേ ഈ വലിയ കൊട്ടാരത്തിൽ താമസിച്ചിരുന്നുള്ളു. അനേകശതം ശിപായിമാരും ഭൃത്യരും കാവല്ക്കാരുമെല്ലാമുണ്ടായിരുന്ന ഈ സ്ഥലത്തു്, ഖദർവസ്ത്രം ധരിച്ച ഒരു വൃദ്ധബ്രാഹ്മണനും അദ്ദേഹത്തിന്റെ വിധവയായ പുത്രിയും താമസിച്ചിരുന്നതിൽ നിന്നൂഹിക്കാം ഇൻഡ്യയിലുണ്ടായ പരിവർത്തനത്തിന്റെ പ്രാധാന്യം.
രാജഭവനത്തിലെ ഊണു് സ്വദേശിമട്ടായിരുന്നു എന്നു പറഞ്ഞാൽ പോരാ. സാമ്പാറും തൈരുമുപ്പിലിട്ടതും പ്രധാനാംഗങ്ങളായ തമിഴുബ്രാഹ്മണരുടെ ഭക്ഷണമായിരുന്നു പഴയ വൈസ്രായിമാരുടെ മേശപ്പുറത്തു വിളമ്പിയിരുന്നതു്. വലിയ വേഷധാടിയും പട്ടയും മുദ്രയും തലപ്പാവുമെല്ലാം അണിഞ്ഞ ഭൃത്യർ പട്ടാളമുറയനുസരിച്ചാണു് വിളമ്പിയിരുന്നതു്. പഴയ ചടങ്ങുകളൊന്നും മാറ്റിയിട്ടില്ല. ഭക്ഷണം മാത്രം മദിരാശിയിലെ മാതിരി ഇതെന്നെ അല്പമൊന്നാശ്ചര്യപ്പെടുത്താതിരുന്നില്ല. കല്ക്കട്ട, ബോംബെ—ഈ രണ്ടു രാജഭവനങ്ങളിൽ അനവധി വിദേശികളെ പ്രശസ്താതിഥികളായി ഗവണ്മെന്റ് സ്വീകാരിക്കാറുണ്ടു്. അവരെ സാമ്പാറുകൊണ്ടും രസംകൊണ്ടും സൽക്കരിക്കാനാണോ തീർച്ചയാക്കിയിരിക്കുന്നതു് എന്നു ഞാൻ ശങ്കിച്ചു. എങ്ങനെയായാലും രാജഗോപാലാചരി തന്റെ ഗവർണ്ണരുദ്യോഗം തന്റേടത്തോടും തന്റെ സ്ഥാനത്തിന്നുചേർന്ന ഗൗരവത്തോടും കൂടിയാണു് ഭരിച്ചുവരുന്നതെന്നു കാണാമായിരുന്നു.
ഞങ്ങൾ രാത്രിസമയത്താണു് കല്കട്ടായിൽനിന്നു ഷാങ് ഹായിലേയ്ക്കു വിമാനം കയറിയതു്. ഏതെല്ലാംവിധത്തിലുള്ള വികാരങ്ങളോടുകൂടിയാണു്. ആ അമേരിക്കൻവിമാനത്തിൽ കാലുവെച്ചതെന്നു് ഇന്നു വർണ്ണിക്കുവാൻ എളുപ്പമല്ല. വളരെ ശതവർഷങ്ങളായി പരാധീനതയിൽ കഴിഞ്ഞുവന്ന ഭാരതം സ്വതന്ത്രമായശേഷം അതിന്റെ സ്ഥാനപതിയായി പോകുന്നതു് അഭിമാനകരമായ ഒരു കാര്യമാണല്ലോ. ലണ്ടൻ, മോസ്കോ, വാഷിങ്ടൺ, പാരീസ് ഈ സ്ഥാനങ്ങളിലെ എംബസികൾക്കു് ആ രാജ്യങ്ങളുടെ ശക്തിയും സ്ഥിതിയുമനുസരിച്ചു പ്രാധാന്യം കൂടുമായിരുന്നെങ്കിലും ചൈനയും ഇൻഡ്യയുമായുള്ള പുരാതനബന്ധത്തെയും ചീനസംസ്കാരത്തിന്റെ പാരമ്പര്യത്തെയും മറ്റു കാര്യങ്ങളെയും പരിഗണിക്കുമ്പോൾ നാങ്കിങ്ങിലേയ്ക്കുള്ള നിയമനവും ഒട്ടും താഴെയായിട്ടു ഗണിക്കാവുന്നതല്ല. എന്നുമാത്രമല്ല, ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ ചൈനയുമായുള്ള ബന്ധത്തിൽ നിന്നുണ്ടാകാവുന്ന ഫലങ്ങൾക്കു പ്രാധാന്യം കൂടുമെന്നും ഊഹിക്കാം. ഇങ്ങനെ ചരിത്രപരമായി പ്രത്യേകഗണന അർഹിക്കുന്ന ഒരു സ്ഥാനത്തേയ്ക്കു നിയമിതനായതിലുള്ള അഭിമാനത്തോടു ചേർന്നു ഞാനിടപെടുന്ന സംഗതികളുടെ ഗൗരവവും ചൈനയിൽ അക്കാലത്തുതന്നെ പൊന്തിവന്നിരുന്ന ഘോരവിപ്ലവത്തിന്റെ സ്വരൂപവും അതു് എങ്ങനെ ഭാരതത്തെ ബാധിക്കുമെന്നുള്ള ചിന്തയും എന്നെ വ്യാകുലപ്പെടുത്താതിരുന്നില്ല. ഏതായാലും ലോകത്തിലെ ഏറ്റവും ജനപുഷ്ടമായ രണ്ടു രാഷ്ട്രങ്ങൾ തമ്മിലും ലോകത്തിൽ ഏറ്റവും പുരാതനമായ രണ്ടു സംസ്കാരങ്ങൾ തമ്മിലും ബന്ധം വളർത്താൻ എനിക്കവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കയാണു്. പിറ്റേദിവസം രാവിലെ പതിനൊന്നുമണിയോടുകൂടി ഷാങ്ഹായിലെത്തി. ചൈനീസ് ഗവണ്മെന്റിന്റെ ആൾക്കാർക്കു പുറമേ അവിടെ നമ്മുടെ പ്രാതിനിധ്യം വഹിച്ചിരുന്ന കോൺസൽ ജനറാളിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം ഇന്ത്യക്കാരും ഞങ്ങളെ സ്വീകരിക്കുന്നതിനു വിമാനത്താവളത്തിൽ വന്നിട്ടുണ്ടായിരുന്നു. അവരുടെ സ്നേഹപൂർവ്വമായ ഉപചാരങ്ങൾക്കുശേഷം ഞങ്ങൾക്കു താമസിക്കാനേർപ്പാടുചെയ്തിരുന്ന കാത്തേഹോട്ടലിലേയ്ക്കു പോയി. ആ ഹോട്ടലിൽ ഒരു കാര്യമാണു് അതിവിശേഷമായി തോന്നിയതു്: വിദേശീയരല്ലാതെ ചൈനക്കാരാരുമവിടെ താമസിച്ചിരുന്നില്ല. ചൈനയിലാണു് ആ ഹോട്ടൽ സ്ഥിതിചെയ്യുന്നതെങ്കിലും അതൊരു യൂറോപ്യൻ സ്ഥാപനമായിരുന്നു എന്നു പറയാം.
ഷാങ്ഹായുടെ കഥയും ഏതാണ്ടിതുപോലെയായിരുന്നു. ഞാൻ ചെല്ലുന്നതിനു് ഒരു രണ്ടു വർഷം മുൻപുവരെ ചൈനാഗവണ്മന്റുമായി ഷാങ്ഹായ്ക്കു വലുതായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ചൈനായിലെ ഏറ്റവും പ്രധാനമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നെങ്കിലും അതിന്റെ അഭിവൃദ്ധി തുടങ്ങിയിട്ടു നൂറുവർഷം മാത്രമേ ആയിട്ടുള്ളു. അക്കാലമെല്ലാംതന്നെ (രണ്ടാമത്തെ മഹായുദ്ധം തീരുന്നതുവരെ) അതു യൂറോപ്യന്മാരുടെ അധികാരത്തിലായിരുന്നുതാനും. രാജ്യാധികാരംതന്നെ യൂറോപ്യൻഗവണ്മന്റുകളുടെ കീഴിലായിരുന്നു. അവരിൽനിന്നു ജപ്പാൻ പിടിച്ചടക്കയും ജപ്പാൻകാർ തോറ്റപ്പോൾ അതു ചൈനയ്ക്കു വീണ്ടുകിട്ടുകയുമാണുണ്ടായതു്. 1948-ൽ ചീനഗവണ്മന്റിന്റെ അധീനത്തിൽത്തന്നെയാണെങ്കിലും ഒരു യൂറോപ്യൻപട്ടണമെന്നുതന്നെയാണു് ഷാങ്ഹായ് അഭിമാനിച്ചിരുന്നതു്. വലിയ കച്ചോടങ്ങളും കമ്പിനികളുമെല്ലാം അപ്പോഴും യൂറോപ്യരുടെ കൈവശമായിരുന്നു. അക്കാലത്തു കുറയാതെ ഒരു ലക്ഷംയൂറോപ്യൻ അവിടെ സ്ഥിരവാസമായുണ്ടായിരുന്നുതാനും. നദീമുഖത്തുള്ള “ബൺഡൂ” മാത്രം കണ്ടാൽ മതി, ഷാങ്ഹായ് യൂറോപ്പിലെ വലിയൊരു നഗരിയാണെന്നുതന്നെ വിചാരിക്കും സ്വല്പം അകത്തേയ്ക്കു കയറിയാൽ സാക്ഷാൽ ചൈനയായും.
ഷാങ്ഹായ്പോലെ ആൾത്തിരക്കുള്ള ഒരു നഗരം ഞാൻ കണ്ടിട്ടില്ല ലണ്ടൻ, ന്യൂയാർക്കു് മുതലായ മഹാനഗരങ്ങൾ കണ്ടിട്ടുള്ളവർക്കും ഇതു് ആശ്ചര്യകരമായി തോന്നും. ഒരു നദീപ്രവാഹമെന്നപോലെ അപ്രതിരോധ്യമായും അവസാനമില്ലാതേയുമാണു് വാഹനങ്ങൾ റോഡുകളിൽ പോയ്ക്കൊണ്ടിരിക്കുന്നതു്. സന്ധ്യയായാൽ ഷാങ്ഹായിലെ തെരുവുകൾ പല നിറത്തിലുള്ള നിയോൺവൈദ്യുതദീപങ്ങൾ കൊണ്ടു പ്രശോഭിക്കുന്നു. ന്യൂയാർക്കിലെ ബ്രാഡ്വേ ഒഴിച്ചാൽ ഇത്ര വളരെ വിചിത്രദീപങ്ങൾ കൊണ്ടലംകൃതമായ സ്ഥലം വേറെയില്ലെന്നു പറയാം. ഷാപ്പുകളുടെ മുൻപിൽ, അവയിലുള്ള സാമാനങ്ങളുടെ ഗുണങ്ങളെ പലനിറത്തിൽ വൈദ്യുതദീപങ്ങൾകൊണ്ടെഴുതിയ പരസ്യങ്ങളാണു് ഉദ്ഘോഷണം ചെയ്തിരുന്നതു്.
അക്കാലത്തു ലണ്ടൺ മുതലായ സ്ഥലങ്ങളിൽപോലും സാധനങ്ങൾക്കു ക്ഷാമമുണ്ടായിരുന്നുവെങ്കിലും ഷാങ്ഹായിലെ ഷാപ്പുകളിൽ എല്ലാവിധസാമാനങ്ങളും നിറഞ്ഞു കണ്ടിരുന്നു. ഒന്നിനും ഒരു കുറവു കണ്ടില്ല. മറ്റു സ്ഥലങ്ങളിലെ സാധനക്ഷാമം വിചാരിച്ചു ഇപ്രകാരം അസാധാരണമായ ഒരു സുലഭത കണ്ടു ഞാൻ ആശ്ചര്യപ്പെട്ടുപോയി. ചൈനയിൽ പട്ടുവസ്ത്രങ്ങൾ ധാരാളം കിട്ടുമെന്നു എനിക്കറിയാമായിരുന്നു. എന്നാൽ മറ്റു തുണിത്തരങ്ങളും ഭക്ഷണസാധനങ്ങളും വിലകൊടുത്താൽ വേണ്ടിടത്തോളം ഒരു തടസ്സവും കൂടാതെ കിട്ടുമെന്നു് ഇംഗ്ലണ്ടിലെ റേഷൺകാർഡുകളും ഇൻഡ്യയിലെ ഇറക്കുമതി നിരോധനങ്ങളും പരിചയിച്ചറിഞ്ഞിട്ടുള്ള എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. പണമുള്ളവർക്കു ഷാങ്ഹായിൽ യാതൊന്നിനും ദുർഭിക്ഷണമുണ്ടായിരുന്നില്ല. പക്ഷേ, പണത്തിന്റെ കാര്യമാണു് വിചിത്രമായിട്ടുള്ളതു്.
നാണയപ്പെരുപ്പത്തിന്റെ വൈഷമ്യം ചൈനയിലെന്നതുപോലെ ഒരിടത്തു് ഒരു കാലത്തുമുണ്ടായിട്ടില്ല. ഞാൻ ഒരു രണ്ടു മണിക്കൂറിനകം അഞ്ചു കോടി ചൈനീസ്ഡാളർ ചെലവാക്കിയതു് എനിക്കുതന്നെ വിശ്വസിക്കാൻ വയ്യാത്ത ഒരു സംഗതിയാണു്. ഈ അഞ്ചു കോടി ചൈനീസ്ഡാളറിനു വില കഷ്ടിച്ചു നാനൂറ്റമ്പതു രൂപയായിരുന്നു. ഒരു പ്രതിദിനപത്രത്തിനു 35000 ഡാളർ വില! നോട്ടുകൾ നിറച്ച ചാക്കും കൊണ്ടുചൈനാക്കാർ സാമാനങ്ങൾ വാങ്ങാനിറങ്ങുന്ന കാഴ്ച കാണേണ്ടതുതന്നെയാണു്. പട്ടണങ്ങളിൽ സാമാനങ്ങളുടെ വില അമേരിക്കൻ നാണയമനുസരിച്ചാകയാൽ ദിവസംതോറും മാറുന്ന നാണയനിരക്കനുസരിച്ചു സാമാനങ്ങളുടെ വിലയും ഉയർന്നുകൊണ്ടും താഴ്‌ന്നുകൊണ്ടുമിരിക്കും. ഇങ്ങനെ ഒരനുഭവം എനിക്കുമുണ്ടായി: ഒന്നാംതരം ജ്യാർജിയറ്റുതുണിക്കു രാവിലെ വില വാറയ്ക്കു ആറുലക്ഷം രൂപയായിരുന്നു. ഞാനാവശ്യപ്പെട്ടതനുസരിച്ചു് ഒരു കത്തു് എനിക്കു കാണുവാനായി കച്ചോടക്കാരൻ ഹോട്ടലിലേയ്ക്കയച്ചുതന്നു. അപ്പോൾ വിലയെഴുതിയിരുന്നതു് 680, 000 എന്നാണു്. കാരണാമന്വേഷിച്ചപ്പോൾ ആ കണക്കനുസരിച്ചു് അമേരിക്കനാണയത്തിന്റെ വില കൂടി എന്നു മനസ്സിലായി. വാറയ്ക്കു് അമേരിക്കൻഡാളർ എന്നത്രേ ജ്യോർജ്ജിയറ്റിന്റെ വില തീർച്ചയാക്കിയിരിക്കുന്നതു്. വില്ക്കുന്നസമയത്തു് ഒരു അമേരിക്കൻഡാളറിനു് എത്ര ചൈനീസ് നാണയമാണോ നിരക്കു്, അതു വിലയായി അവർ ഗണിച്ചു വാങ്ങിക്കൊള്ളും.
പുറനാട്ടുനാണ്യങ്ങൾകൊണ്ടുകൈകാര്യം ചെയ്യുന്നവർക്കു് ഇതുകൊണ്ടു വലിയ ദോഷമില്ലെങ്കിലും, ചൈനക്കാർക്കു് ഈ വിലവ്യത്യാസംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടു പറഞ്ഞറിയിക്കത്തക്കതല്ല. കാലത്തു കിട്ടുന്നപണത്തിനു വൈകുന്നേരം വിലയില്ലെന്നു വന്നാൽ സാധാരണജനങ്ങൾ പാപ്പരാകാതെ നിവൃത്തിയില്ലല്ലോ. പട്ടണത്തിലുള്ളവർക്കു ചൈനീസ്ഡാളർ കരിഞ്ചന്തയിൽ ഉടൻ തന്നെ അമേരിക്കൻ നാണയമായി മാറ്റുവാൻ സാധിക്കും. നാട്ടിൻപുറത്തു താമസിക്കുന്നവർക്കു് ഒരു നിവൃത്തിയുമില്ല. പക്ഷേ, അവരുടെ വിളവുകളും പ്രയത്നഫലങ്ങളും ആവശ്യങ്ങൾക്കായി വെച്ചു മാറുവാൻ സാധിക്കും. അങ്ങനെയത്രേ അവർ കഴിച്ചുകൂട്ടിയിരുന്നതു്.
ഷാങ്ഹായ് വലിയൊരു നഗരമാണെങ്കിലും അവിടെ വാണിജ്യസൗകര്യങ്ങൾ മറ്റു പട്ടണങ്ങളെക്കവിഞ്ഞുണ്ടെന്നു പറയാമെങ്കിലും അതു ഒരു ചൈനീസ് പട്ടണമെന്നു് എനിക്കു തോന്നിയില്ല. അതിന്റെ ചരിത്രവും വളർച്ചയും വിചാരിച്ചാൽ അതിൽ ആശ്ചര്യത്തിന്നും വകയില്ല. ആ നഗരത്തിനുള്ള പ്രത്യേകത യൂറോപ്യൻസംസർഗ്ഗം കൊണ്ടാണെന്നു് ആദ്യത്തെ നോക്കിൽത്തന്നെ മനസ്സിലാകും ചൈനാരാജ്യത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നും അവിടെ പാർക്കുന്ന ജനങ്ങൾ ചൈനക്കാരാണെന്നും പറയാം. അല്ലാതെ ശില്പരീതികൊണ്ടോ പ്രധാനസ്ഥലങ്ങളിലെ ജീവിതരീതികൊണ്ടു് അതു മാർസയിൽസ് ന്യൂയാർക്കു്, ലണ്ടൺ മുതലായ വലിയ തുറമുഖങ്ങളിൽനിന്നു വ്യത്യാസപ്പെട്ടതല്ലായിരുന്നു.
രണ്ടാം മഹായുദ്ധത്തിനു മുൻപു്, ഷാങ്ഹായ്പട്ടണം യൂറോപ്യക്കധീനമായിരുന്നപ്പോൾ, അവിടുത്തേ പോലീസുകാർ മിക്കവാറും സിക്കുകാരായിരുന്നു. യൂറോപ്യരുടെ അധികാരം പോയതോടുകൂടി അവരിൽ പലരും മറ്റു ജോലി സ്വീകരിച്ചു് അവിടെ താമസിക്കുന്നുണ്ടായിരുന്നു. അവരെ കൂടാതെ കച്ചവടത്തിൽ ഏർപ്പെട്ടവരായി ഒരു പത്തിരുപതു് ഇൻഡ്യൻ കുടുംബങ്ങളും ഗവർണ്മന്റു വകയായി ഒരു കാൺസൽ ജനറലുമാണു് അവിടെ ഉണ്ടായിരുന്നതു്. കാൺസൽ ജനറൽ പാലക്കാട്ടുകാരനായ കൃഷ്ണമൂർത്തി എന്നൊരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജോലി ഇൻഡ്യക്കാരുടെ സൗകര്യങ്ങളെ അന്വേഷിക്കുക, അവരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക, ഇൻഡ്യയുടെ വാണിജ്യം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടുപിടിക്കുക മുതലായവയാണു്. പല വിധത്തിലുള്ള നിയന്ത്രണങ്ങൾകൊണ്ടു് ഇൻഡ്യയും ചൈനയുമായി അന്നു പറയത്തക്ക കച്ചവടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും, ക്രമേണ അതു വളർത്തിക്കൊണ്ടുവരണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണു് അവിടെ ഒരു കാൺസൽ ജനറലിനെ നിയമിച്ചിട്ടുള്ളതു്.
മേയ് 15-ാം തീയതി രാത്രി 11 മണിക്കു ഞങ്ങൾ ഷാങ്ഹായ് വിട്ടു. ഷാങ്ഹായിൽ നിന്നു നാൻകിങിലേയ്ക്കുള്ള തീവണ്ടി അമേരിക്കൻ രീതിയിൽ സകല സൗകര്യങ്ങളുമുള്ള ഒന്നാണു്. കമ്മ്യൂണിസ്റ്റ്ലഹളകൾകൊണ്ടു ചുരുക്കം ചില തീവണ്ടികൾമാത്രമേ ശരിയായി അക്കാലത്തു് ഓടാറുണ്ടായിരുന്നുള്ളു സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനതുറമുഖത്തുനിന്നു രാജധാനിയിലേയ്ക്കു ഈ വണ്ടി പോകുന്നതുതന്നെ സജ്ജീകൃതായുധരായ സൈനികരുടെ അകമ്പടിയോടുകൂടിയാണു്. നേരം വെളുത്തതോടുകൂടി മുറിയുടെ പടുതാ മാറ്റി ഞങ്ങൾ യാത്ര ചെയ്യുന്ന ദേശത്തിന്റെ പ്രകൃതി കാണുവാനായി പുറത്തേയ്ക്കു നോക്കി. അപ്പോൾ കണ്ട കാഴ്ച എന്നെ എത്രമാത്രം ആനന്ദിപ്പിച്ചു എന്നു പറയാൻ പ്രയാസമാണു്. നെൽകൃഷികൊണ്ടു നിറഞ്ഞ പാടങ്ങളുടെ നടുവിലൂടെയായിരുന്നു റെയിൽപാത. പറിച്ചുനട്ടു കഴിഞ്ഞു് ഒരു പത്തു ദിവസം തികയാത്ത ഈ പാടങ്ങളിൽ കൃഷീവലന്മാർ പണിയെടുത്തു തുടങ്ങിയിരുന്നു. അടുത്തടുത്തുണ്ടായിരുന്ന ഗൃഹങ്ങളിൽനിന്നു സ്ത്രീപുരുഷന്മാർ കൂട്ടം കൂട്ടമായി ജോലിക്കു പോകുന്നതും സന്തോഷപ്രദമായ ഒരു കാഴ്ചയാണു്. ചൈനക്കാർ പ്രായേണ പ്രയത്നശീലന്മാരാണു്. പുരുഷന്മാരൊന്നിച്ചു പാടത്തു ജോലി ചെയ്യുന്നതിനു സ്ത്രീകളും മടിച്ചിരുന്നില്ല. അനേകായിരം വർഷമായി കൃഷിചെയ്തു ശീലിച്ചിട്ടുള്ള ഇവർക്കു്, നമ്മുടെ നാട്ടിലെ കൃഷിക്കാർക്കെന്നതുപോലെ, ഭൂമിയോടു പ്രത്യേകം സ്നേഹമുണ്ടു്. ഇൻഡ്യയുമായി ഇടതട്ടിച്ചു നോക്കുമ്പോൾ പ്രധാനമായി ഒരു വ്യത്യാസമാണു് ഞാൻ കണ്ടതു്. ഒരു പശുവിനെയാവട്ടെ, കാളയെയാവട്ടെ, ആ യാത്രയിൽ കണ്ടില്ല; അങ്ങുമിങ്ങും ചില പോത്തുകൾ നിന്നിരുന്നതു കൃഷിയുടെ ഉപയോഗത്തിനാണെന്നു് എനിക്കു തോന്നിയതുമില്ല. അതുപോലെതന്നെ, വൃക്ഷങ്ങളും വളരെ അപൂർവ്വമായിട്ടേ ആ പ്രദേശത്തു കാണാനുണ്ടായിരുന്നുള്ളു. മലയോടടുത്ത സ്ഥലങ്ങളിൽ വനങ്ങളും വൃക്ഷങ്ങളും കാണുമായിരിക്കാം; പക്ഷേ, നാൻകിങ്ങിനോടടുത്ത ഈ പ്രദേശത്തു വൃക്ഷങ്ങൾക്കിടമില്ലെന്നാണു് ചൈനക്കാർ തീർച്ചയാക്കിയിട്ടുള്ളതെന്നു തോന്നും.
സൂക്ഷ്മം 7 മണിക്കു വണ്ടി നാൻകിങ്ങ് സ്റ്റേഷണിലെത്തി. അവിടെ എന്നെ സ്വീകരിക്കുന്നതിനായി വിദേശകാര്യമന്ത്രിയുടെ പ്രതിനിധിയും ഇൻഡ്യനെംബസിയിലെ ഉദ്യോഗസ്ഥന്മാരും മാത്രമല്ല. വന്നിരുന്നതു്; ബിട്ടീഷംബാസഡർ, കനേഡിയനംബാസഡർ, ആസ്ത്രേലിയൻ പ്രതിനിധി, ഇൻഡ്യയിൽ ചൈനഗവണ്മന്റിന്റെ പ്രതിനിധിയായ ഡാക്ടർ ലോചിയാലൂൺ മുതലായ പ്രമാണികളും ഹാജരുണ്ടായിരുന്നു.
എന്റെ മുൻഗാമി താമസിച്ചിരുന്ന എംബസിഭവനം പേപ്പിൻലൂ എന്ന പ്രധാനതെരുവിലാണു് സ്ഥിതിചെയ്യുന്നതു്. ആ ഭവനത്തിന്റെ മുകളിൽ ധർമ്മചക്രാലം കൃതമായ ത്രിവർണ്ണപതാക ഇളകിക്കളിക്കുന്നതു കണ്ടപ്പോൾ എന്റെ ഹൃദയം തുടിച്ചു. ഭാരതസ്വാതന്ത്ര്യത്തിന്റെ ലക്ഷ്യമായി ഒരു വിദേശരാജധാനിയിൽ പാറിക്കളിക്കുന്ന ഈ ത്രിവർണ്ണപതാകയുടെ മാനത്തെയും മഹത്വത്തെയും രക്ഷിക്കുന്ന ജോലി പ്രധാനമായി കരുതേണ്ട ഒന്നാണല്ലോ.
ഞാൻ നാങ്കിങ്ങിലെത്തിയപ്പോൾ ചൈനാചരിത്രത്തിൽ ഇദംപ്രഥമമായി വിളിച്ചുകൂട്ടിയ പാർല്യമെന്റിന്റെ സമ്മേളനം നടക്കുകയായിരുന്നു. നാഷണൽ അസംബ്ലി എന്നുപേരായ ഈ സഭയ്ക്കു, രാജ്യത്തിന്റെ പ്രസിഡെണ്ടിനെയും വൈസ് പ്രസിഡെണ്ടിനെയും തിരഞ്ഞെടുക്കേണ്ട ജോലിമാത്രമാണു് വിധാനനിയമം (Constitution) നല്കിയിരുന്നതു്. അപ്രകാരം രാജ്യാധിപതി നിയമിതനായശേഷം, നിയമസഭ, ഭരണസഭ, ശാസനസഭ, പരീക്ഷസഭ, ജുഡീഷ്യൽസഭ എന്നിങ്ങനെ അഞ്ചംഗങ്ങൾ അടങ്ങിയ ഒരു വ്യവസ്ഥ നടപ്പിൽ വരുത്തുവാനാണു് ഗവണ്മെന്റിൽ നിന്നുദ്ദേശിച്ചിരുന്നതു്. പഞ്ചാംഗസ്വരൂപമായ ഈ രാജ്യവിധാനം മറ്റെങ്ങുമില്ലാത്ത ഒന്നാകകൊണ്ടു് അതേപ്പറ്റി സ്വല്പം ഇവിടെ പറയുന്നതു് അനുചിതമാകയില്ലെന്നു വിശ്വസിക്കുന്നു.
‘നിയമസഭ’യ്ക്കു നിയമങ്ങൾ നടപ്പിൽവരുത്തുന്ന ജോലിയല്ലാതെ മറ്റു പാർലമെന്റുകൾക്കു പതിവുള്ള ജോലി ഒന്നുമുണ്ടായിരുന്നില്ല. ഭരണസഭയെ നിയന്ത്രിക്കുക. ഗവണ്മെന്റ് നയത്തെ വിമർശനം ചെയ്യുക ഇതൊന്നും അതിന്റെ ന്യായമായ പരിധിയിൽപ്പെട്ട ജോലികളല്ല. ‘ഭരണസഭ’ സ്വതന്ത്രവും നിയമസഭയോടുതന്നെ തുല്യമായ സ്ഥാനമുള്ള ഒരംഗമാണു് താനും. ഭരണസഭയുടെ അധ്യക്ഷനെ പ്രസിഡെണ്ടു നിയമിച്ചു നിയമസഭയെ അറിയിക്കണമെന്നും, ആ നിയമനത്തെ നിയമസഭ അനുവദിക്കണമെന്നുമേ വ്യവസ്ഥയുള്ളു. അങ്ങനെ നിയമിതനാകുന്ന ഭരണസഭാധ്യക്ഷൻ പ്രധാനമന്ത്രിയെന്നനിലയിൽ മറ്റു മന്ത്രികളെ തിരഞ്ഞെടുത്തു പ്രസിഡെണ്ടിനെയും നിയമസഭയെയും അറിയിക്കുന്നു. ‘ശാസനസഭ’യ്ക്കു ഗവണ്മെന്റിന്റെ മറ്റംഗങ്ങളുടെ പരിശോധനയും മേൽനോട്ടവും ശിക്ഷയുമാണു് വിധിച്ചിട്ടുള്ളതു്. പ്രസിഡെണ്ടിനെത്തന്നെയും കുറ്റപ്പെടുത്തുന്നതിനും വിചാരണചെയ്യുന്നതിനുമുള്ള അധികാരം ആ സഭയ്ക്കുണ്ടു്. ഏതു കാര്യത്തെപ്പറ്റിയും ആ സഭയ്ക്കു നേരിട്ടോ അവർ നിയമിക്കുന്ന കമ്മിഷണന്മാർമുഖാന്തരമോ അന്വേഷണം ചെയ്തു വേണ്ട നടപടികൾ നടത്താവുന്നതാകുന്നു. ‘പരീക്ഷാസഭ’ ഇൻഡ്യയിലുള്ള പബ്ളിക് സർവ്വീസ് കമ്മിഷന്റെ ചുമതലകളാണു് വഹിക്കുന്നതു്. കോടതികളുടെമേലുളള അധികാരം, ജഡ്ജികളെ നിയമിക്കുക മുതലായവ ‘ജൂഡിഷ്യയസഭ’യിൽ സ്ഥിതിചെയ്യുന്നു.
ഇങ്ങനെ പഞ്ചാംഗരൂപമായ ഈ രാജ്യവിധാനംവഴി, അതുവരെ സൈനികഭരണത്തിൽ കഴിഞ്ഞിരുന്ന ചൈന പ്രജാധിപത്യത്തിലേയ്ക്കു കാലെടുത്തുവെയ്ക്കുവാനുദ്യമിക്കുന്ന സമയത്താണു് അവിടെ ചെല്ലുവാൻ എനിക്കു ഭാഗ്യമുണ്ടായതു്. സൺയാട്ടസെനി ന്റെ മരണശേഷം രാജ്യത്തിന്റെ സർവ്വാധികാരവും ജനറാലിസ്സിമോ ച്യാങ് കയ്ഷേക്കി ന്റെ കൈകളിലാണു് സ്ഥിതിചെയ്തിരുന്നതു്. കോമിൻ ടാങ്കക്ഷിയുടെ നായകനെന്നനിലയിൽ, ഹിറ്റ്ലർ, മുസ്സോലിനി മുതലയാവരുടെ മട്ടിൽ, ഏകശാസനമായി അദ്ദേഹം രാജ്യകാര്യങ്ങൾ നടത്തിക്കൊണ്ടു പോന്നു. പ്രജാധിപത്യത്തിനുവേണ്ടിയാണു് തങ്ങൾ ഒത്തൊരുമിച്ചു നാസികളോടു യുദ്ധംചെയ്തതെന്നു പ്രഖ്യാപനം ചെയ്തിരുന്ന മഹാശക്തികളിൽ ഒന്നാണു് ചൈനയും എന്നഭിമാനിച്ചിരുന്ന സ്ഥിതിക്കു് ഈ സൈനികഭരണം മാറ്റി ജനകീയഭരണത്തിന്റെ ചടങ്ങുകളെങ്കിലും ഏർപ്പെടുത്തേണ്ട കാലമായിരിക്കുന്നു എന്ന വിചാരം നാട്ടിൽ പരന്നതുകൊണ്ടാണു് ഇങ്ങനെ ഒരു ഭരണകൂടം എർപ്പെടുത്തുന്നതിനുതന്നെ ച്യാങ് സമ്മതിച്ചതു്. അതിന്റെ ആദ്യചടങ്ങായിരുന്നു പ്രെസിഡണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്കു പ്രെസിഡണ്ടുസ്ഥാനം വേണ്ടെന്നും താൻ രാജ്യകാര്യങ്ങളിൽനിന്നു് ഒഴിഞ്ഞുനില്ക്കുവാനാണു് ആഗ്രഹിക്കുന്നതെന്നുമെല്ലാം ഒരു വിളംബരം ച്യാങ് പ്രസിദ്ധപ്പെടുത്തിയെങ്കിലും, സമയമായപ്പോൾ ജനപ്രതിനിധികളുടെ നിർബ്ബന്ധം കൊണ്ടു തിരഞ്ഞെടുപ്പിനു നിന്നുകൊള്ളാമെന്നു സമ്മതിക്കയാണുണ്ടായതു്. ഞാൻ നാങ്കിങ്ങിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ നടന്നതു് ആ തിരഞ്ഞെടുപ്പാണു്. ബഹുഭൂരിപക്ഷത്തോടെ ച്യാങ് തിരഞ്ഞെടുക്കപ്പെട്ടു എന്നു പറയേണ്ടതില്ലല്ലോ.
1948-ൽ ആകപ്പാടെ ചൈനയുടെ സ്ഥിതി സവിശേഷമായ ഒന്നായിരുന്നു. ജപ്പാൻയുദ്ധത്തിന്റെ അവസാനത്തിൽ (1946-ൽ) ചൈനയ്ക്കു ലോകത്തിലെ പഞ്ചമഹാശക്തികളിലൊന്നെന്ന സ്ഥാനം സർവ്വസമ്മതമായി ലഭിച്ചു. ജപ്പാനുമായി ആദ്യം നാലുവർഷം യാതൊരു സഹായമില്ലാതെയും പിന്നെ നാലുവർഷം അമേരിക്ക, ബ്രിട്ടൺ മുതലായവരോടു യോജിച്ചും ചെയ്ത മഹായുദ്ധം ചൈനയുടെയും ച്യാങിന്റെയും പ്രശസ്തിയെ എത്രമാത്രം ഉയർത്തിയിരുന്നു എന്നു് ഇപ്പോൾ ഊഹിക്കതന്നെ പ്രയാസമാണു്. ഏഷ്യയുടെ നായകത്വം ജപ്പാൻ ഒഴിഞ്ഞുകൊടുത്തതു ചൈനയ്ക്കു നിസ്സംശയം ലഭിക്കുമെന്നും അതു യൂറോപ്യൻ ശക്തികൾ സമ്മതിച്ചുകൊടുക്കാതെ നിവൃത്തിയില്ലെന്നും ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും തോന്നുമായിരുന്നു. അതു് അവിശ്വസനീയമായ സംഗതിയായിരുന്നില്ലതാനും. ജപ്പാനികൾ യുദ്ധത്തിൽ നിശ്ശേഷം പരാജിതരായി, സൈനികശക്തിയും ധനശക്തിയും നശിച്ചു്, ജേതാക്കളുടെ മർദ്ദനം സഹിച്ചു ദാസ്യത്തിൽ കിടക്കയായിരുന്നു. ആരറിഞ്ഞു, ഒരു പത്തു വർഷത്തിനകം പിന്നെയും ജപ്പാൻകാർക്കു മുമ്പിലത്തെക്കാളധികം ശക്തിയുണ്ടാകുമെന്നു്! ഇൻഡ്യാരാജ്യം അസ്വതന്ത്രമായതേ ഉള്ളു അഥവാ, അതിനു സ്വാതന്ത്ര്യം ലഭിച്ചാൽത്തന്നെ, ചൈനയോടു മത്സരിക്കുന്നതിനുള്ള ശക്തിയുണ്ടാകുമെന്നു് ആർക്കു് അന്നാലോചിക്കാൻ കഴിയും? ഏഷ്യയിലെ മറ്റു രാജ്യങ്ങൾ ജനസംഖ്യ കൊണ്ടോ ധനശക്തികൊണ്ടോ ചൈനയോടു് ഒരു കാലത്തും കിടപിടിക്കത്തക്കവയായിരുന്നില്ലതാനും.
ആഭ്യന്തരസംഗതികൾ വെച്ചുനോക്കിയാലും ചൈനായുടെ സ്ഥിതി എല്ലാംകൊണ്ടും ശുഭോന്മുഖമായിട്ടാണു് അന്നു കാണപ്പെട്ടിരുന്നതു്. യൂറോപ്യൻ തങ്ങൾക്കുങ്ങുമിങ്ങും—പ്രത്യേകിച്ചു ഷാങ്ഹായിൽ—ഉണ്ടെന്നു നടിച്ചിരുന്ന പ്രത്യേകാധികാരങ്ങളെല്ലാം ഒഴിഞ്ഞുകൊടുത്തതോടുകൂടി ചൈനാരാജ്യത്തിന്റെ സ്വാതന്ത്ര്യം നൂറു വർഷത്തിനുശേഷം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടു. അതു ജപ്പാനിനോടു യുദ്ധത്തിൽ നേടിയ വിജയത്തെക്കാൾ വലിയൊരു വിജയമായാണു് എല്ലാവരും കരുതിയതു്. കഴിഞ്ഞ അമ്പതു് വർഷത്തെ കുഴപ്പങ്ങൾക്കിടയിൽ കൈവിട്ടുപോയ ഫർമോസ, മഞ്ചൂറിയ മുതലായ രാജ്യങ്ങൾ തിരികേ ലഭിച്ചപ്പോൾ ചൈനായുടെ ശക്തി ചക്രവർത്തികളുടെ കാലത്തുണ്ടായിരുന്നതിനെക്കാളേറെ വർദ്ധിച്ചു എന്നു പറയാം. കൂടാതെ, അമേരിക്കരുടെ ശിക്ഷണത്തിൽ യുദ്ധമഭ്യസിച്ച പത്തു ലക്ഷം സേനകളും വേറെ നാല്പതു ലക്ഷം പടയാളികളും പ്രബലമായ ഒരു വിമാനസൈന്യവും പടക്കപ്പലുകളും പുതിയ ഈ ശക്തിക്കു ലക്ഷ്യമെന്നപോലെ ഉണ്ടായിരുന്നതുകൊണ്ടു നവീനചൈനയുടെ സ്ഥാനത്തെ ആരും തന്നെ അവഗണിക്കയില്ല എന്നു വന്നു.
യുദ്ധംനിമിത്തമുണ്ടായ നാശങ്ങൾ പോക്കി ചൈനായെ നവീകരിച്ചു ബലപ്പെടുത്തുന്നതിനു് എന്തു ചെയ്തും സഹായിച്ചു കൊള്ളാമെന്നു് അമേരിക്കാക്കാരും ഏറ്റിരുന്നു. ഈ സ്ഥിതിക്കു ചൈനയുടെ ഭാവിയെപ്പറ്റി ആർക്കാണു് എന്തെങ്കിലും സന്ദേഹം തോന്നുവാൻ? ശരിതന്നെ ദൂരേയൊരു മലയിടുക്കിൽ മോട്സസേടുങി ന്റെ കീഴിൽ കമ്മ്യൂണിസ്റ്റുകാർ കുറെ സ്ഥലം കൈക്കലാക്കി അവിടെ സേനാസംഭരം ചെയ്തിരുന്നു. അവരുടെ സൈന്യത്തിൽ അന്നു രണ്ടു ലക്ഷം പടയാളികളേ ഉണ്ടായിരുന്നുള്ളു ശരിയായ ആയുധങ്ങളോ വിമാനങ്ങളോ മറ്റു രാജ്യങ്ങളിൽനിന്നു സഹായമോ ഇല്ലാതിരുന്ന ഇവരിൽനിന്നു് അപായമൊന്നും വരാവുന്നതായി ആർക്കും തോന്നിയില്ല. രാജ്യത്തിന്റെ സമാധനത്തെ ഭജ്ഞിക്കാനൊരുമ്പെട്ടു നില്ക്കുന്ന ഒരു തസ്ക്കരസംഘം എന്ന നിലമാത്രമാണു് ച്യാങ് അവർക്കു് അനുവദിച്ചിരുന്നതു്. അങ്ങുമിങ്ങുമവർ കേറി ആക്രമിക്കാറുണ്ടായിരുന്നെങ്കിലും വളരെ നാൾ തങ്ങളുടെ തലസ്ഥാനമായി വിചാരിച്ചിരുന്ന യേനാൻകൂടി വിട്ടൊളിച്ചുതാമസിക്കേണ്ടിവന്ന സ്ഥിതിക്കു് അവരിൽനിന്നു പേടിക്കാനൊന്നുമില്ലെന്നു ച്യാങ്തന്നെ വീരവാദം പറഞ്ഞിരുന്നു. വേറെയൊരു സംഗതിയും ച്യാങിനെ അല്പം അസഹ്യപ്പെടുത്താതിരുന്നില്ല. നാണയപ്പെരുപ്പം സീമാതീതമായിത്തീർന്നതുകൊണ്ടു ചൈനായിൽ സാധുക്കൾക്കു ജീവിതസന്ധാരണം തന്നെ വിഷമമായിത്തീർന്നു. ഒരമേരിക്കൻഡാളറിനു് അന്നു് (ഒന്നേകാൽരൂപയ്ക്കു) ഒരു ലക്ഷം ചൈനീസ്ഡാളർ എന്ന നില യുദ്ധം തീർന്നു രണ്ടു മാസത്തിനകം വന്നുകഴിഞ്ഞിരുന്നു. ഈ നാണയപ്പെരുപ്പവും അതുകൊണ്ടുണ്ടാകുന്ന വിലവർദ്ധനയും സമയത്തിനു തടയാതിരിക്കയാണെങ്കിൽ ചൈനയുടെ സാമ്പത്തികജീവിതം തീരെ നശിച്ചു പോകുമെന്നുള്ളതിനും സംശയമില്ല. അമേരിക്കയുടെ പൂർണ്ണമായ സഹായമുണ്ടായരുന്നതുകൊണ്ടു ഇതിനെ ആരുമത്ര സാരമായി ഗണിച്ചില്ല. എങ്ങിനെയെങ്കിലും ച്യാങ് ഇതിനെല്ലാം നിവൃത്തിയുണ്ടാക്കിക്കൊള്ളുമെന്ന വിശ്വാസമാണു്. കോമിൻടാങ്ങ് കക്ഷിക്കു ആകെയുണ്ടായിരുന്നതു്.
ച്യാങ് കായ്ഷേക്ക് ഒരുസാമാന്യപുരുഷനാണെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. പറയത്തക്ക വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത അദ്ദേഹം 23 വർഷം ചൈനയുടെ അനിഷേധ്യനായകനായി സ്വീകരിക്കപ്പെട്ടതുതന്നെ അദ്ദേഹത്തിന്റെ അസാമാന്യഗുണങ്ങൾക്കു പ്രത്യക്ഷമായ ഒരു തെളിവാണല്ലോ. ചീനക്കാരുടെയിടയിൽ അദ്ദേഹത്തെ ദീർഘകായനെന്നു വർണ്ണിക്കുന്നു. മെലിഞ്ഞതെങ്കിലും വ്യായാമദാർഢ്യമായ ദേഹം, മീശയില്ലാത്ത മുഖം, എല്ലാവരെയും ചുഴിഞ്ഞുനോക്കുന്ന കണ്ണുകൾ, കഷാണ്ടിത്തല—ഇങ്ങനെയാണു് ച്യാങിന്റെ രൂപം. ഒരു ജനസംഘത്തിൽ കാണുകയാണെങ്കിൽ. ഒരു വിധത്തിലുമുള്ള പ്രത്യേകതയോ വിശേഷമോ തോന്നിക്കുന്ന വ്യക്തിയാണു് അദ്ദേഹമെന്നു പറഞ്ഞുകൂടാ. ഇങ്ങനെയുള്ള ഒരാൾ ചൈനാരാജ്യം ഒരു കാൽശതാബ്ദത്തോളം ഏകശാസനമായി ഭരിച്ചതെങ്ങനെയെന്നു ചോദ്യമുണ്ടാവും.
നിഷ്കളങ്കമായ രാജ്യഭക്ത, ദൃഢപ്രതിജ്ഞത, എത്ര ദുർഘടങ്ങളുണ്ടായാലും പിൻമാറാത്ത ധൈര്യം, ഉത്ഥാനശക്തി മുതലായി ഒരു നേതാവിനു് അവശ്യമുണ്ടാവേണ്ട ഗുണങ്ങൾ ച്യാങിനുണ്ടായിരുന്നു. കയ്ക്കൂലിപ്പിശാചുക്കളെക്കൊണ്ടു നിറഞ്ഞിരുന്ന ആ രാജ്യത്തു മിക്ക ഉദ്യോഗസ്ഥന്മാരും പരസ്യമായി ഭണ്ഡാരം കൊള്ളയിട്ടിരുന്നപ്പോൾ, ച്യാങിന്റെ കാര്യത്തിൽ വിരോധികൾ പോലും ഒരു ശങ്ക പ്രദർശിപ്പിച്ചിരുന്നില്ല. ച്യാങിനെ ചുറ്റിക്കൂടിയവരും ച്യാങിന്റെ ഏറ്റവുമടുത്ത ബന്ധുക്കളും ഈ കൊള്ളയിൽ പങ്കെടുത്തിരുന്നു എന്നുള്ളതു തീർച്ചതന്നെ. പക്ഷേ, ച്യാങിനെപ്പറ്റി അങ്ങനെയൊരു ദുഷ്പ്രവാദമുണ്ടായിട്ടില്ല. അതുപോലെതന്നെ, ഞാൻ വിശ്വസിച്ചിരുന്ന കാര്യങ്ങളിൽ നിശ്ചലമായി നിന്നു പ്രവർത്തിച്ചിരുന്നതുകൊണ്ടു്, മറ്റുള്ളവർ എത്രതന്നെമാറിയാലും എങ്ങനെയെല്ലാം തകിടം മറിഞ്ഞാലും, അദ്ദേഹം സ്വസ്ഥാനത്തുനിന്നിളകാതെ ഉറച്ചുതന്നെ നിന്നിരുന്നു. ഈ ഗുണങ്ങൾകൊണ്ടു്, ജനങ്ങൾക്കും പട്ടാളത്തിനും പൊതുവേ അദ്ദേഹത്തിനെ വിശ്വാസമായിരുന്നു എന്നതിൽ തർക്കമില്ല.
രണ്ടു ദൂഷ്യങ്ങളാണു് അദ്ദേഹത്തിന്റെ ശക്തിയെ നശിപ്പിച്ചതു്. ഒന്നാമതായി അദ്ദേഹത്തിന്റെ ബന്ധുക്കളും സേവന്മാരും ജനദ്രോഹികളും രാജ്യം മുടിഞ്ഞാലും തങ്ങൾക്കു കുബേരത്വം സമ്പാദിക്കണമെന്നുമാത്രം വിചാരമുള്ളവരാണു്. ആ കൂട്ടത്തിൽ പ്രധാനികൾ മാഡം ച്യാങ്കായ്ഷക്കി ന്റെ സഹോദരൻ ടി. വി. സിങും സഹോദരീഭർത്താവായ എച്ച്. എച്ച്. കുങ്ങു മായിരുന്നു. ചൈനാചരിത്രം കഴിഞ്ഞ കാൽ ശതാബ്ദത്തിൽ ഈ സുങ്ങുവംശത്തോടു അടുത്തു ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനേപ്പറ്റി അല്പം ഇവിടെ പറയേണ്ടിയിരിക്കുന്നു. സൺയാട്സെൻ വിപ്ലവത്തിനായി പരിശ്രമിച്ചു നടന്ന കാലത്തു ചാർളി സൂങ് എന്നു പേരായ ഒരുചെറുകച്ചോടക്കാരൻ അദ്ദേഹത്തിനെപണം കൊടുത്തും മറ്റുവിധത്തിലും സഹായിച്ചിരുന്നു. ചാർളി സൂങിനു് മൂന്നു പെൺകൂട്ടികളും രണ്ടു പുത്രന്മാരുമാണു് ഉണ്ടായിരുന്നതു്. ഏതൊരു വിചിത്രതരത്തിലുള്ള ഭാവിയാണു് തന്റെ ഈ അഞ്ചു സന്താനങ്ങൾക്കും ദൈവം വിധിച്ചിട്ടുള്ളതെന്നു് അറിഞ്ഞിരുന്നുവെങ്കിൽ ചാർളി സൂങ് എന്തു വിചാരിക്കമായിരുന്നോ എന്തോ! പുത്രസന്താനങ്ങളുടെ കഥ നില്ക്കട്ടെ. സ്ത്രീസന്താനങ്ങളായി മൂന്നുള്ളവരിൽ മൂത്തവൾ ഐലീൻ സൂങ് കൺഫ്യൂഷിയസ്സിന്റെ എഴുപത്താറാം പരമ്പരയിൽ പെട്ടയാളെന്നഭിമാനിക്കുന്ന എച്ച്. എച്ച്. കുങ്ങി നെയാണു് വിവാഹം ചെയ്തതു്. കൺഫൂഷിയസ്സിന്റെ വംശജനെങ്കിലും രാജ്യഭണ്ഡാരം കവർന്നെടുക്കുന്നതിനും മറ്റു വിധത്തിൽ അപമര്യാദമായി പണം സമ്പാദിക്കുന്നതിനും അദ്ദേഹം ഒട്ടുംതന്നെ മടിച്ചിരുന്നില്ല. ചൈനയുടെ ധനകാര്യമന്ത്രിയെന്ന നിലയിലാണു് അദ്ദേഹം പ്രശസ്തി സമ്പാദിച്ചതു് ആ സ്ഥാനം ധനസമ്പാദനത്തിനുതകുന്നതാണല്ലോ. ലോകത്തിലെ കോടീശ്വരപ്രമുഖന്മാരിൽ ഒരാളായ ഇദ്ദേഹം ചൈനായിൽ കാര്യങ്ങൾ കുഴപ്പമാകുമെന്നു കണ്ടതോടുകൂടി തന്റെ പണവും കൊണ്ടു് അമേരിക്കയിലേയ്ക്കു നിർഗ്ഗമിക്കയാണു് ചെയ്തതു്.
രണ്ടാമത്തെ സഹോദരി രാഷ്ട്രപിതാവായ സൺയാട്സെനി നെത്തന്നെയാണു് വിവാഹം ചെയ്തതു്. ഭർത്താവിന്റെ മരണശേഷം അവർ തന്റെ ബന്ധുക്കളുടെ ദുർന്നടപടികൾ കണ്ടുശോകാകുലയായി രാജ്യകാര്യങ്ങളിൽ ഇടപെടാതെ താമസിക്കുയായിരുന്നു. അവരുടെ സൽഗുണങ്ങളും മഹത്വവും ലോകപ്രസിദ്ധമാണു്. കമ്മ്യൂണിസ്റ്റുകാർ തന്റെ ബന്ധുക്കളെ തല്ലിയോടിച്ചശേഷം മാത്രമാണു ആ സ്ത്രീരത്നം പിന്നെയും രാജ്യകാര്യങ്ങളിൽ പ്രവർത്തിച്ചുതുടങ്ങിയതു്. ച്യാങ് അധികാരം ഭരിച്ചിരുന്ന കാലത്താവട്ടേ പലതരത്തിലുള്ള ധർമ്മപരമായ കാര്യങ്ങളിൽ മാത്രം ഏർപ്പെട്ടിരുന്നു. ഇൻഡ്യയിൽ സരോജിനീദേവി, അമേരിക്കയിലെ എലിനോർ മസ് വെൽട്ട് മുതലായ സ്ത്രീരത്നങ്ങൾക്കു തുല്യമായ ഒരു സ്ഥാനമാണു് മാഡം സുൺയാട് സെനി നു ലോകത്തിലുള്ളതു്.
മൂന്നാമത്തെ സഹോദരിയത്രേ ലോകപ്രസിദ്ധമായ മാഡം ച്യാങ് കെയ്ഷേക്ക്. വിദ്യാസമ്പന്നയും ലാവണ്യവതിയും അഭിജ്ഞയുമായ മാഡം ച്യാങ് ഏതു സദസ്സിലും പ്രാഥമ്യത്തെ അർഹിക്കുന്ന ഒരു സ്ത്രീയാണു്. ചെറുപ്പം മുതൽ അമേരിക്കയിൽ വിദ്യാഭ്യാസം ചെയ്ത ഇവരുടെ സംഭാഷണചാതുര്യവും വശീകരണശക്തിയും അസാധാരണമെന്നുതന്നെ പറയണം. യുദ്ധകാലത്തു രണ്ടുമൂന്നു വർഷത്തേയ്ക്കു വിമാനഡിപ്പാർട്ടുമെന്റിന്റെ മന്ത്രിയായി ജോലി നോക്കി വിജയം നേടിയ അവരുടെ സാമർത്ഥ്യത്തെപ്പറ്റി പറയേണ്ടതായിട്ടില്ല. ചൈനയ്ക്കു യുദ്ധത്തിൽ ഏകദേശം നിലയില്ലാതെ വന്നുചേർന്ന അവസരത്തിൽ അമേരിക്കയിൽ പോയി വേണ്ട സഹായങ്ങൾ ഏർപ്പാടു ചെയ്യുന്നതിന്നു മാഡം ച്യാങാണു് നിയുക്തയായതു് അവിടെ രാജ്യമാകെ സഞ്ചരിച്ചു് അവർ ചെയ്ത പ്രസംഗങ്ങൾ ജനാഭിപ്രായത്തെ ഇളക്കിമറിക്ക തന്നെ ചെയ്തു. ജനറലിസ്സിമോയുമൊന്നിച്ചു് അവർ ഇൻഡ്യയിൽ വന്നിരുന്നതും ഇൻഡ്യൻ സ്വാതന്ത്ര്യത്തെപ്പറ്റി ആൾഇൻഡ്യാറോഡിയോവിൽ അന്നു ചെയ്ത പ്രസംഗവും ഇപ്പോഴും പലരും ഓർമ്മിക്കുന്നുണ്ടായിരിക്കും.
ഇങ്ങനെ അനന്യസാധാരണമായ ഗുണഗണങ്ങളുള്ള മാഡം ച്യാങിനോടു ചൈനയിൽ പൊതുജനങ്ങൾക്കു് അതൃപ്തി ജനിപ്പിക്കുന്നതിനു മതിയായ ചില പ്രധാനദൂഷ്യങ്ങളുമുണ്ടായിരുന്നു. അതിൽ ഒന്നാമത്തേതാണു് ദൂര പണമിടപെട്ട കാര്യങ്ങളിൽ അവരുടെ കരകമലങ്ങൾ മലിനമാണെന്നാണു് പരക്കേയുള്ള വിശ്വാസം. നിയമവിരുദ്ധമായും യോഗക്ഷേമത്തിനു വിപരീതമായും ചില വ്യാപാരങ്ങളിലേർപ്പെട്ടു് അവർ ഒരു കാലത്തു വളരെ പണം കൈവശപ്പെടുത്തിയിട്ടുണ്ടത്രേ. രണ്ടാമതായി അവരെപ്പറ്റി ജനങ്ങൾ പറഞ്ഞിരുന്ന ദൂഷ്യം, രാജ്യദ്രോഹികളായ തന്റെ ബന്ധുക്കളെ, വിശേഷിച്ചും രണ്ടു സഹോദരന്മാരെയും സഹോദരീഭർത്താവായ കങ്ങിനെയും അവരുടെ ദുഷ്പ്രവൃത്തികളിൽ സഹായിക്കയെന്നുള്ളതാണു്. അവരുടെ ബന്ധുക്കളെക്കൊണ്ടു രാജ്യത്തിലെ അധികാരസ്ഥാനങ്ങൾ ഒരു കാലത്തു നിറച്ചതിനാൽ, രാജ്യത്തിൽ തുടരെയായി ഉണ്ടായിക്കൊണ്ടിരുന്ന ഛിദ്രത്തിനു് അവരെയാണു് ജനങ്ങൾ കാരണഭൂതയാക്കിയിരുന്നതു്.
ഇതിലും കവിഞ്ഞ ഒരു ദോഷമായിരുന്നു അവർക്കു തലവേദനയുള്ള ഔദ്ധത്യം. അമേരിക്കയിൽ വളർന്നു്, അവരുടെ സംസ്ക്കാരവും നടപടികളും ഉത്തമമെന്നു വിശ്വസിച്ചിരുന്ന മാഡം ച്യാങിനു ചൈനക്കാരെത്തന്നെ ആകപ്പാടെ പുച്ഛമായിരുന്നു എന്നു പറയാം. ഒരമേരിക്കൻ സ്ത്രീ എന്ന നിലയിലാണു് ചൈനക്കാരും അവരെ ഗണിച്ചിരുന്നതു്. സാധുജനങ്ങളിൽ അനുകമ്പയില്ലായ്മ, ചക്രവർത്തിനികളിലും കവിഞ്ഞ പ്രൗഢി, വിത്തസൗന്ദര്യവിദ്യാഹംകാരങ്ങൾ എന്നിവ ഒന്നിച്ചു ചേർന്നാൽ ഏതുതരത്തിലുള്ള ഔദ്ധത്യമാണുണ്ടാവുക എന്നു പറയേണ്ടതില്ലല്ലോ. തന്റെ സമഗ്രപ്രതാപിയായ ഭർത്താവിനു് ഇങ്ങനെയുള്ള ദോഷങ്ങളാൽ നാശമുണ്ടാക്കിയ യാങ് ഖൈ ഫൈ എന്നൊരു രാജകളത്രത്തിന്റെ പേർ ചീനാചരിത്രത്തിൽ പ്രസിദ്ധമാണു്. ഇക്കാലത്തെ യാങ് ഖൈ ഫൈയാണു് മാഡം ച്യാങെ ന്നു ജനങ്ങൾ വിശ്വസിച്ചിരുന്നു.
ടി. വി. സൂങ്, ടി. എൽ. സൂങ് എന്നു രണ്ടു സഹോദരന്മാരാണു് അവർക്കുണ്ടായിരുന്നതു്. ടി. വി. ആദ്യം ചൈനായിലെ ഒന്നാത്തെ ബാങ്കറായും പിന്നീടു പ്രധാനമന്ത്രിയായും വിദേശമന്ത്രിയായും ഒടുവിൽ ദക്ഷിണപ്രവിശ്യകളുടെ സർവ്വാധികാരിയായും അവസാനംവരെ ജോലിനോക്കിയിരുന്നു. സാമർത്ഥ്യവും കാര്യശേഷിയും മാത്രം നോക്കുകയാണെങ്കിൽ ലോകത്തിലിന്നുള്ള രാജ്യതന്ത്രജ്ഞന്മാരിൽ മുന്നണിയിൽ നില്ക്കേണ്ട ഒരാളാണു് ടി. വി. പക്ഷേ, ധനാരാധകനായ അദ്ദേഹത്തിനു് എന്തു ചെയ്തും പണം സമ്പാദിക്കണമെന്നൊരാഗ്രഹമാണു് എല്ലാത്തിനും മീതെയുണ്ടായിരുന്നതു്. രാജ്യത്തിൽനിന്നു പലവിധമായി അപഹരിച്ചു് അമേരിക്കയിലേയ്ക്കു കടത്തിയ സംഖ്യ ഇരുന്നൂറുകോടി രൂപായിൽ കവിയുമെന്നാണു് ജനശ്രുതി. വലിയ ഉദ്യോഗങ്ങളൊന്നും വഹിച്ചിട്ടില്ലെങ്കിലും ടി. എൽ. സൂങ് മുഖാന്തിരമാണു് ഈ ഇടപാടുകളിൽ പലതും നടന്നിരുന്നതു്.
ഇങ്ങനെ ജനദ്രോഹികളായ ബന്ധുക്കളെക്കൊണ്ടു ചുറ്റപ്പെട്ടിരുന്നതാണു് ജനറലിസ്സിമോ ച്യാങ് കൈഷേക്കിന്റെ അധഃപതനത്തിനുളള ആദ്യകാരണം രണ്ടാമതായി ഒന്നു പറവാനുള്ളതു രാജ്യത്തെയാകമാനം ഇളക്കിമറിച്ചിരുന്ന പുതിയ തത്വങ്ങളെ മനസ്സിലാക്കുന്നതിനു തക്ക വിവേകബുദ്ധിയും പഠിപ്പും അദ്ദേഹത്തിനില്ലായിരുന്നു എന്നുള്ളതാണു്. സാമാന്യജനങ്ങളുടെ അഭിപ്രായങ്ങൾ തന്നെ മാറിയിട്ടുണ്ടെന്നും പഴയപടി അധികാരത്തിനു വഴങ്ങി അവർ കഴിയുകയില്ലെന്നും അദ്ദേഹത്തിനു മനസ്സിലാക്കാൻ ശക്തിയില്ലായിരുന്നു. മൂന്നുമാസം കൊണ്ടു കമ്മ്യൂണിസ്റ്റുകാരെ അമർത്തുന്നതിനു തനിക്കു വൈഷമ്യമില്ലെന്നാണു് അദ്ദേഹം പരസ്യമായി പറയാറു്.
സ്വഭാവേന ച്യാങ് ദയാശീലനല്ലായിരുന്നു എന്നും തന്നോടെതിർത്തു നില്ക്കുന്നവരെ രഹസ്യമായി കൊല്ലുന്നതിനും കൊല്ലിക്കുന്നതിനും അദ്ദേഹം മടി വിചാരിച്ചിരുന്നില്ലെന്നും പറയേണ്ടിയിരിക്കുന്നു. അനേകസഹസ്രം ഉൽപതിഷ്ണുക്കൾ, ഇപ്രകാരം അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ചു്, കൊല്ലപ്പെട്ടിട്ടുണ്ടെന്നുള്ളതിനു തർക്കമില്ല തീക്ഷ്ണദണ്ഡത്വം കൊണ്ടു പ്രജകളെ അമർത്തി രാജ്യം ഭരിക്കാമെന്നുള്ള വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇങ്ങനെയെല്ലാമാണെങ്കിലും ച്യാങ് അനുദ്ധതനും മിതഭോഗിയും തന്റെ കാഴ്ചയനുസരിച്ചു രാജ്യക്ഷേമൈകതൽപരനുമായിരുന്നു എന്നുള്ളതിനു തർക്കമില്ല.
മേയ് 20-ാം തീയതി അദ്ദേഹം പ്രസിഡണ്ടായി അവരോധിക്കപ്പെട്ടപ്പോൾ നടന്ന സദസ്സിൽ പങ്കെടുക്കുന്നതിനു ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ പരസ്യസമ്മേളനമെന്നും പറയാം. പ്രസിദ്ധരായ സേനാനികളാലും പ്രശസ്തരായ രാജ്യതന്ത്രജ്ഞന്മാരാലും ചുറ്റപ്പെട്ടു്, എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള അമ്പാസഡർമാരുടെയും സ്ഥാനപതികളുടെയും അനുമോദനങ്ങൾ സ്വീകരിച്ചു് അന്നു ദർബാറിൽനിന്നു് ആ മഹാനുഭവൻ എട്ടുമാസത്തിനകം രാജശക്തിയും അധികാരവുമെല്ലാമുപേക്ഷിച്ചു രഹസ്യമായി തലസ്ഥാനനഗരി വിട്ടുപോകേണ്ടിവരുമെന്നു് ആരു വിചാരിച്ചു? ഏതു ദീർഘദർശിക്കു പറയാമായിരുന്നു! എന്നാൽ അങ്ങനെയാണു് സംഭവിച്ചതു്.
മേയ്മാസത്തിൽ അങ്ങുമിങ്ങും ചില സ്ഥലങ്ങൾ കൈക്കലാക്കിയതല്ലാതെ കമ്മ്യൂണിസ്റ്റുകാർ ച്യാങിന്റെ ശക്തിയെസാരമായി ബാധിച്ചിരുന്നില്ല. ചൈനീസ്സമുദ്രങ്ങളിൽ പൊടുന്നനെ പൊങ്ങിയടിക്കാറുള്ള ടൈഫൂൺ എന്ന കൊടുങ്കാറ്റു പോലെ അവർ കുറച്ചു മാസങ്ങൾകൊണ്ടു രാജ്യം മുഴുവൻ പരക്കുമെന്നും അമ്പതുലക്ഷത്തിൽ പരമുണ്ടായിരുന്ന ച്യാങിന്റെ സൈന്യം പ്രഭാതത്തിലെ മഞ്ഞുപോലെ എങ്ങെന്നില്ലാതെ മറഞ്ഞുപോകുമെന്നും ച്യാങിന്റെ വിരോധികൾപോലും വിചാരിച്ചിരുന്നില്ല; അങ്ങിനെ ഊഹിക്കാൻ ന്യായവുമില്ലായിരുന്നു. രണ്ടുവർഷമെങ്കിലും വലിയ വൈഷമ്യമൊന്നും കൂടാതെ ചൈനയിൽ താമസിക്കമെന്നായിരുന്നു എന്റെ വിചാരം.
ച്യാങിന്റെ പ്രസിഡണ്ടുപട്ടാരോഹണം കഴിഞ്ഞു്, താമസിയാതെ മാഡം ച്യാങ് എന്നെയും എന്റെ കുടുംബത്തെയും ചായയ്ക്കു ക്ഷണിച്ചു പ്രസിഡണ്ടും അവിടെ സന്നിഹിതനായിരുന്നു. മാഡം ച്യാങിനെ അന്നാണു് ഞാൻ ആദ്യമായി കാണുന്നതു്. അവർ ഇൻഡ്യയിൽ വന്ന സംഗതികൾ അവിടെ മഹാത്മജി മുതലായവരെകണ്ടു പരിചയപ്പെട്ടതുമെല്ലാം വിസ്തരിച്ചു് എന്നെ പറഞ്ഞുകേൾപ്പിച്ചു. മാഡം ച്യാങിനു് അന്നു് ഒരു നാല്പത്തഞ്ചുവയസ്സിൽ കവിഞ്ഞു പ്രായമുണ്ടായിരുന്നുവെങ്കിലും സൗന്ദര്യത്തിനു കുറവോ ഹാനിയോ ഭവിച്ചിരുന്നില്ല. സ്ത്രീകളോടു വസ്ത്രങ്ങളെപ്പറ്റിയും പുരുഷന്മാരോടു രാജ്യകാര്യങ്ങളെപ്പറ്റിയും എല്ലാവരോടും അവരവർക്കുചിതമായ രീതിയിലും സംഭാഷണം ചെയ്യാനവർക്കുള്ള വൈദഗ്ദ്ധ്യം ആ രണ്ടു മണിക്കൂറിനിടയിൽ എനിക്കു മനസ്സിലാക്കുവാൻ സാധിച്ചു.
ആ സൽക്കാരംകഴിഞ്ഞു് ഉഷ്ണബാധയൊഴിക്കുന്നതിനു പ്രസിഡണ്ട് ആണ്ടുതോറും പോകാറുള്ള കൂളിങ് എന്ന സ്ഥലത്തേയ്ക്കു അവർ പോകയും ചെയ്തു. നാങ്കിങ്ങിലെ എന്റെ ജീവിതം അതോടുകൂടി ആരംഭിച്ചു എന്നു കണാക്കാക്കാം.
ലോകത്തിലെ പ്രധാനമായ സ്വതന്ത്രരാജ്യങ്ങൾ മിക്കുവാറും ചൈനയിൽ അംബാസഡറന്മാരെയോ മിനിസ്റ്ററന്മാരെയോ നിയമിച്ചിട്ടുള്ളതുകൊണ്ടു് അതിപ്രധാനമായ ഒരു ഡിപ്ലോമാറ്റികസംഘം സ്ഥിരമായി നാങ്കിങ്ങിലുണ്ടായിരുന്നു. അവയിൽ അഫ്ഗാണിസ്ഥാൻ, വാത്തിക്കൻ, ഫിലിപ്പിൻസ്, സ്വിറ്റ്സർലൻഡ്, ആസ്ട്രിയാ മുതലായ ചില ചെറിയ രാജ്യങ്ങളിലെ പ്രതിനിധികൾ മിനിസ്റ്ററന്മാരും മറ്റുള്ളവരെല്ലാം അംബാസഡറന്മാരുമാണു്. ഓരോ അംബാസഡറുടെ കീഴിലും ഉപദേഷ്ടാക്കൾ, സിക്രട്ടറിമാർ, മിലിറ്ററി അറ്റാച്ചേ മുതലായി പല വലിയ ഉദ്യോഗസ്ഥന്മാരുമുള്ളതുകൊണ്ടു്, ഒരു രണ്ടായിരത്തിൽ കുറയാതെ വിദേശീയർ രാജ്യകാര്യങ്ങളന്വേഷിച്ചു നാങ്കിങ്ങിൽ താമസമായിരുന്നു. സ്ത്രീകളും കുട്ടികളും പരിവാരങ്ങളുമായി ഓരോ രാജ്യത്തിന്റെയും പ്രാധാന്യമനുസരിച്ചു് ഒട്ടുവളരെ ആളുകളുണ്ടായിരുന്നതിനാൽ, അവർ ചൈനാക്കാരിൽ നിന്നൊഴിഞ്ഞു സ്വന്തമായ ഒരു ജീവിതമാണു് നയിച്ചിരുന്നതു്.
അതിപ്രസിദ്ധനായ ഒരംബാസഡറോടു ജോലിയുടെ സ്വരൂപമെന്താണെന്നു് ഒരാൾ ചോദിക്കയുണ്ടായിപോലും. നൂറ്റിൽ തൊണ്ണൂറ്റിഅഞ്ചും അന്യോന്യസൽക്കാരമാണെന്നു് ആ മഹാശയൻ പറകയുണ്ടായി. ശിഷ്ടം അഞ്ചുശതമാനമോ എന്നു ചോദിച്ചപ്പോൾ, “അതു മഹാരഹസ്യമാണു് അതേപ്പറ്റി സംസാരിച്ചുകൂടാ” എന്നായിരുന്നു മറുപടി. ഫലിതമായി പറഞ്ഞതാണെങ്കിലും ഇതിൽ വാസ്തവമില്ലാതില്ല. ഏതു രാജ്യത്തിൽ അംബാസഡറായി ഇരിക്കുന്നുവോ, അവിടുത്തെ ഉദ്യോഗസ്ഥന്മാരെയും പ്രമാണികളെയും സൽക്കരിക്കുക, അവരിൽനിന്നു സൽക്കാരമേല്ക്കുക, അംബാസഡർമാർ അന്യോന്യം സൽക്കരിക്കുക ഇങ്ങനെ ദിനംപ്രതി ഒട്ടധികം സമയം പോകുമെന്നുള്ളതിനു തർക്കമില്ല. അങ്ങനെയുള്ള സൽക്കാരങ്ങൾ ഗവർമ്മേണ്ടുകളും അത്യാവശ്യമെന്നുതന്നെയാണു് ഗണിച്ചിരിക്കുന്നതെന്നുള്ളതിനു ലക്ഷ്യം അതിന്നായി പ്രത്യേകം ഒരു സംഖ്യ മാസംതോറും നീക്കിവെച്ചിട്ടുള്ളതുതന്നെയാണു്. പക്ഷേ, വിരുന്നുണ്ണുന്നതും ഊട്ടുന്നതും ഒഴിച്ചുകൂടാത്ത ഒരു ചടങ്ങാണെങ്കിലും നിർവ്വഹിക്കാനുള്ള ജോലി അതല്ലെന്നു പറയേണ്ടതില്ലല്ലോ.
രാജ്യങ്ങൾതമ്മിലുള്ള സ്നേഹബന്ധം പുലർത്തുകയാണു് അംബാസഡറുടെ ജോലി എന്നു പൊതുവായി പറയാം. തന്റെ രാജ്യത്തിന്റെ നയത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും സംശയങ്ങളും മാറ്റുക, രാജ്യങ്ങൾ തമ്മിൽ ഓരോരോ നിസ്സാരകാരണങ്ങൾ വഴിയായി വഴക്കുകൾ വർദ്ധിക്കാതെ നോക്കുക, തമ്മിലുള്ള കച്ചവടം വിപുലമാക്കുക, സ്വന്തരാജ്യത്തിന്റെ താൽപര്യങ്ങളിൽ ശ്രദ്ധിക്കുക, സ്വദേശികൾക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക—ഇവയെല്ലാമാണു് അംബാസഡറുടെ ജോലിയിൽ പ്രധാനമായ ഒരു ഭാഗം. ഇവയിൽ കവിഞ്ഞു ചിലതും അംബാസഡർ ചെയ്യേണ്ടതായുണ്ടു്. താൻ നിയമിതനായിരിക്കുന്ന രാജ്യത്തിന്റെ ഗൂഢാലോചനകൾ, നയോപായങ്ങൾ, സേനാശക്തി, ധനശക്തി, പ്രജകളുടെ സ്ഥിതി ഗവണ്മെന്റിന്റെ നില—ഇവയെല്ലാം അന്വേഷിച്ചു സ്വന്തം ഗവണ്മെന്റിനെ പതിവായി മനസ്സിലാക്കണം. മറ്റു രാജ്യങ്ങളുടെ ഉദ്ദേശങ്ങളും അവരുടെ തന്ത്രങ്ങളും മനസ്സിലാക്കേണ്ടതും അവരുടെ നയങ്ങളിൽനിന്നും പ്രവൃത്തികളിൽനിന്നും സ്വന്തരാജ്യത്തിനു ഹാനി വരുമോ എന്നു് അറിയേണ്ടതും അംബാസഡറുടെ ചുമതലയാണു്. ഇതെല്ലാം കൗടല്യന്റെ അർത്ഥശാസ്ത്രത്തിൽ വിവരിച്ചിട്ടുമുണ്ടു്.
അക്കാലത്തെ ചൈനയുടെ കാര്യംകൊണ്ടു പറകയാണെങ്കിൽ, ഇൻഡ്യൻ അംബാസഡറുടെ ആദ്യത്തെ ജോലി ഇരുരാജ്യങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തെ വളർത്തുകയായിരുന്നു. എല്ലാസംഗതിയിലും ചൈനക്കാരോടു് അനുഭാവം കാണിക്കുക, ഇൻഡ്യയെപ്പറ്റി അവരുടെ ഇടയിൽ അറിവും അനുഭാവവും വർദ്ധിപ്പിക്കുക, അതിനായി വാർത്തകളും ലേഖനങ്ങളും വിതരണം ചെയ്യുക, പ്രസംഗങ്ങൾ നടത്തുക, പത്രാധിപന്മാരുമായി സ്നേഹത്തിൽ കഴിച്ചുകൂട്ടുക—ഇവയെല്ലാം ഒഴിച്ചുകൂടാത്ത നടപടികളാണു്. ഒരോരോ സംഗതിവശാൽ രാജ്യങ്ങൾ തമ്മിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതു പതിവാകയാൽ, അവ ക്രമേണ വഴക്കായി വികസിക്കാതെ പറഞ്ഞൊതുക്കുക, അന്യോന്യമുള്ള ഇടപാടുകൾ ന്യായവും നീതിയുമനുസരിച്ചു തീർക്കുക—ഇവയും നിത്യേന ചെയ്യേണ്ട ജോലിയാണു്. ഇൻഡ്യാക്കാർ ചൈനയിൽ പലേടത്തു ജോലിക്കായും കച്ചവടത്തിനായും അന്നു താമസിക്കുന്നുണ്ടായിരുന്നു. അവരുടെ മേൽ ഉദ്യോഗസ്ഥന്മാർ അന്യായം പ്രവർത്തിക്കാതെ നോക്കേണ്ടതും, അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കേണ്ടതും അമ്പാസഡറുടെ ചുമതലയാണു്. ഇൻഡ്യയും ചൈനയുമായുള്ള കച്ചോടത്തിനുള്ള തടസ്സങ്ങൾ മാറ്റാൻ പരിശ്രമിക്കയും അങ്ങനെയുള്ള ബന്ധത്തെ വിപുലമാക്കുവാൻ നിരന്തരം യത്നിക്കയും വേണം ഇവയെല്ലാം അമ്പാസഡറുടെ ചുമതലയിലാണു് നടക്കുന്നതെങ്കിലും നിയമാനുസരണം ജോലി ചെയ്യുന്നതു കീഴീലുള്ള ഉദ്യോഗസ്ഥന്മാരാണു്.
രാജ്യതന്ത്രസംബന്ധമായ കാര്യങ്ങളിലാണു് അമ്പാസഡർ നേരിട്ടു പ്രവർത്തിക്കുന്നതു് ചൈനയെ ഉദാഹരിച്ചു പറകയാണെങ്കിൽ, അമ്പാസഡർ നിരന്തരമായി അന്വേഷിച്ചു മനസ്സിലാക്കി നമ്മുടെ ഗവണ്മെന്റിനെ അറിയിക്കേണ്ട സംഗതികൾ രാജ്യഭരണത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുമെന്നു പറയാം. കോമിൻടാങ് ഗവണ്മെന്റിന്റെ ശക്തിയെന്തു്, അതിനോടെതിർത്തു നില്ക്കുന്ന കക്ഷികളുടെ ശക്തിയെന്തു്, പ്രജകൾ ഏതു വിധത്തിൽ ഗവണ്മെന്റിനോടു രഞ്ജിച്ചിരിക്കുന്നു, ഗവണ്മെന്റിന്റെ ധനശക്തി ക്ഷയിച്ചുവരുന്നതിനു കാരണമെന്തു് സൈന്യത്തിന്റെ ബലമെങ്ങനെ അതിനെ ദുർബ്ബലപ്പെടുത്തുന്ന സംഗതികളെന്തെല്ലാം, ഇന്ത്യയെ തൊട്ടു കിടക്കുന്ന സ്ഥലങ്ങളോടും ഇന്ത്യയോടും അവർ തുടരുന്ന നയമെന്തു്—ഇതെല്ലാം അന്വേഷിച്ചും ആലോചിച്ചും മനസ്സിലാക്കി നമ്മുടെ ഗവണ്മെന്റിനെ മുടങ്ങാതെ അറിയിക്കണം. അതുകൊണ്ടുമായില്ല അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ് മുതലായ പ്രധാനശക്തികൾ ചൈനയിൽ എന്താണു് ചെയ്യുന്നതു് എന്താണുദ്ദേശിക്കുന്നതു്, അവരും ചൈനയുമായുള്ള കൂട്ടുകെട്ടുകൾ കൊണ്ടു് ഇന്ത്യയ്ക്കു് എന്തെങ്കിലും ഹാനിയുണ്ടാകുമോ—ഇവ മനസ്സിലാക്കേണ്ടതും അതിപ്രധാനമായ ഒരു ജോലിയാണു്.
അമേരിക്ക, റഷ്യ മുതലായ പ്രധാനശക്തികൾക്കു് അംബസഡറന്മാർ കൂടാതെ രാജ്യത്തിലെ പ്രധാനപട്ടണങ്ങളിലെല്ലാം ‘കാൺസൽ’ എന്നു പറയുന്ന പ്രതിനിധികളും ചാരസംഘങ്ങളുമുണ്ടു്. രാജ്യത്തിൽ ഏതു മൂലയിലും നടക്കുന്ന കാര്യങ്ങൾ ഉടനടി അറിവാൻ തക്കവിധത്തിലുള്ള ഏർപ്പാടാണു് അവർക്കുള്ളതു്. കൂടാതെ മിഷ്യണറികൾ, കച്ചോടക്കാർ മുതലായവരും ഈ ജോലിയിൽത്തന്നെ സഹായിക്കുന്നു. നമുക്കു ഷാങ്ഹായിൽമാത്രമേ അന്നു് ഒരു കാൺസൽ ജനറാലുണ്ടായിരുന്നുള്ളു. കച്ചോടക്കാരും മിഷ്യനറിമാരും ഉൾനാടുകളിൽ ഇല്ലതാനും. അതുകൊണ്ടു പ്രധാനരാജ്യങ്ങൾക്കുള്ള സൗകര്യങ്ങൾ നമുക്കില്ല. നേരിട്ടു ലഭിക്കുന്ന അറിവു കൂടാതെ മറ്റംബാസഡറന്മാരോടും ഉദ്യോഗസ്ഥന്മാരോടുമുള്ള സംസർഗ്ഗത്തിൽനിന്നാണു് വളരെ സംഗതികൾ മനസ്സിലാക്കാനുള്ളതു്. അതുകൊണ്ടാണു് അബസാഡറുടെ ജീവിതത്തിൽ അന്യോന്യസൽക്കാരത്തിന്നു് ഇത്രയധികം പ്രധാന്യം.
ചൈനയുടെ വിദേശകാര്യമന്ത്രി അക്കാലത്തു (1948) ഡാക്ടർ വാങ്ഷീചിയേ (Wang Shin chieh) എന്നൊരാളായിരുന്നു. അദ്ദേഹത്തെ മുൻപുതന്നെ സ്വല്പമെനിക്കു പരിചയമുണ്ടു്. ആദ്യംമുതലേ ഞങ്ങൾ തമ്മിൽ സ്നേഹിതരായിത്തീർന്നതുകൊണ്ടു്, കോമിൻടാങ് ഗവണ്മെന്റുമായുള്ള എന്റെ ബന്ധം വളരെ സുഖകരമായിട്ടാണു് തുടങ്ങിയതു്. ഇതിനു വേറേയും ഒരു കാരണമുണ്ടായിരുന്നു വിദേശഡിപ്പാർട്ടുമെന്റിലെ സ്ഥിരം ഉപമന്ത്രി ഡാ. ജാർജ്ജ് യേ (George Yeh) വളരെക്കാലമായി എന്റെ ആപ്തമിത്രമായിരുന്നു. ജാർജ് യേ കേംബ്രിഡ്ജിൽ വിദ്യാഭ്യാസം ചെയ്ത ഒരു പണ്ഡിതനാണെന്നുമാത്രമല്ല, പല പ്രാവശ്യം ഇൻഡ്യയിൽ സഞ്ചരിച്ചു്, ഇന്ത്യയുടെ നായകന്മാരുമായി പരിചയപ്പെട്ടു സ്നേഹത്തിൽ കഴിഞ്ഞുവന്ന ആളുമാണു്. പ്രസിഡണ്ട് ച്യാങ് കായ്ഷേക്കിനു അദ്ദേഹത്തിൽ അചഞ്ചലമായും വിശ്വാസമുള്ളതുകൊണ്ടാണു് വിദേശഡിപ്പാർട്ടുമെന്റിന്റെ സ്ഥിരം ഉപാധ്യക്ഷനായി നിയമിച്ചതും.
മറുദേശങ്ങളിൽനിന്നുള്ള അംബാസഡറന്മാരിൽ എല്ലാം കൊണ്ടും പ്രമാണികളായിരുന്നതു മൂന്നു പേരാണു്. അമേരിക്കനമ്പാസഡർ ഡാക്ടർ ലൈട്ടൺ സ്റ്റുവാർട്ട്, ബ്രീട്ടീഷമ്പാസഡർ സർ റയിഫ് സ്റ്റീവൻസൺ, റഷ്യനമ്പാസഡർ ജനറൽ റോസ്ചിൻ—ഇവരായിരുന്നു ആ മൂന്നു പേർ എന്നു പറയേണ്ടതില്ലല്ലോ. ഇവരിൽ അമേരിക്കനമ്പാസഡർ ഡാ. സ്റ്റുവാർട്ട് ചൈനയിൽത്തന്നെ ജനിച്ചു വളർന്നു ചിരകാലം പീക്കിങ്ങിലുള്ള ഒരു സർവ്വകലാശാലയുടെ അധ്യക്ഷനായിരുന്ന ആളാണു്. ചൈനീസ് ഭാഷ, ഇംഗ്ലീഷ് എന്നതുപോലെ, അദ്ദേഹത്തിനു വശമാണു്. തനിക്കു് അമേരിക്കയോടുള്ളിടത്തോളം സ്നേഹം ചൈനയോടുമുണ്ടെന്നു് അദ്ദേഹം പരസ്യമായി പറയാറുണ്ടു്. അതെങ്ങനെയായാലും തന്റെ ജീവിതം മുഴുവൻ ചൈനയിൽത്തന്നെ കഴിച്ചു എഴുപത്തിമൂന്നു വയസ്സു കഴിഞ്ഞ ഡാ. സ്റ്റുവാർട്ടിനു ചൈനയോടും ചീനരോടും നിഷ്കളങ്കമായ സ്നേഹമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. പ്രസിഡന്റ് ച്യാങ് അദ്ദേഹത്തെ തന്റെ ഉത്തമമിത്രങ്ങളിൽ ഒരാളായാണു് ഗണിച്ചിരുന്നതു്. ഒരു കാര്യവും അദ്ദേഹത്തോടു പറയാതെ ചെയ്യുകയും പതിവില്ല. ചൈനായിൽ നടക്കുന്ന കാര്യങ്ങളുടെ പൂർണ്ണസ്വരൂപം മനസ്സിലാക്കുന്നതിനോ അവരെ വേണ്ട വഴിക്കുപദേശിച്ചു കൊണ്ടുപോകുന്നതിനോ ഉള്ള ശക്തി ഡാ. സ്റ്റുവാർട്ടിനില്ലായിരുന്നു എന്നാണു് എനിക്കാദ്യംതൊട്ടേ തോന്നിയതു്. ഒരു ധർമ്മാത്മാവെന്ന നിലയിലാണു്, അമ്പാസഡറെന്നുള്ള നിലയിലല്ല, ആളുകൾ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നതും.
ബ്രീട്ടീഷംബാസഡർ വേറേ ഒരു തരത്തിലുള്ള മഹാശയനായിരുന്നു. അംബാസഡർ എന്നു പറഞ്ഞാൽ മനസ്സിൽ തോന്നുന്ന രൂപമാണു് സ്റ്റീവൻസണിനുണ്ടായിരുന്നതു്. കണ്ടാലുള്ള ആഭിജാത്യം, വലിയ ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നുള്ള ഗൗരവം, വേഷപ്രൗഢി, സംസ്കാരസമ്പന്നമായ സംഭാഷണം—ഈ ഗുണങ്ങൾ വലിയൊരു ചക്രവർത്തിയുടെ പ്രതിപുരുഷനു യോജിച്ചവണ്ണമായിരുന്നു സ്റ്റീവൻസണിൽ തെളിഞ്ഞിരുന്നതു്. പല രാജ്യങ്ങളിലും വലിയ ഡിപ്ലൊമാറ്റിക്കുദ്യോഗങ്ങൾ വഹിച്ചു രാജ്യകാര്യങ്ങളിൽ പഴക്കവും പരിചയവും ധാരാളമുണ്ടായിരുന്നതുകൊണ്ടു്, ചൈനയിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിനോ അവ ബ്രീട്ടീഷ് താൽപര്യങ്ങൾക്കു വിപരീതമാവാതിരിപ്പാൻ ഏർപ്പാടു ചെയ്യുന്നതിനോ സ്റ്റീവൻസണു വൈഷമ്യമുണ്ടായിരുന്നില്ല. കാൻടാൺ, പീക്കിങ്, ഷാങ്ഹായ് മുതലായ വലിയ പട്ടണങ്ങളിൽനിന്നെല്ലാം ദിവസംപ്രതി റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നതു കൂടാതെ, പുരാതനമായി ചൈനയിൽ ബ്രീട്ടീഷുകാർക്കുണ്ടായിരുന്ന പ്രാബല്യംവഴി പ്രമാണികളായ പല ചീനക്കാരിൽനിന്നു വേണ്ട അറിവു സമ്പാദിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ബ്രീട്ടിഷുകാർക്കുള്ള രഹസ്യമാർഗ്ഗങ്ങൾ പല തരത്തിലായിരുന്നു എന്നു പറയാം.
റഷ്യൻ പ്രതിനിധി ജനറൽ റോഷ്ചിൻ പട്ടാളത്തിലാണു് മുമ്പു ജോലിനോക്കിയിരുന്നതു്. ഈ വഴിയിൽ സോവിയ റ്റെംബസിയിലെ സൈന്യപ്രതിനിധി(Military attache)യായി ചുങ്കിങ്ങിൽ പല വർഷം ജോലിനോക്കിയിരുന്നതുകൊണ്ടു് അദ്ദേഹത്തിന്നു ചൈനീസ് ഭാഷ നല്ലവണ്ണം വശമായിരുന്നു; കൂടാതെ രാജ്യത്തിലെ പ്രധാനികളായ സകലരെയും നേരിട്ടു നല്ലവണ്ണം പരിചയമായിരുന്നുതാനും. അംബാസഡറന്മാരുടെ കൂട്ടത്തിൽ കൂടുതൽ ചെറുപ്പം റോഷ്ചിനായിരുന്നു എന്നു പറയാം. അയാൾക്കു നാല്പത്തിയഞ്ചുവയസ്സിൽ കൂടുതലുണ്ടായിരുന്നിലും കമ്മ്യൂണിസ്റ്റുകാരുമായി ചൈനീസ് ഗവണ്മെന്റ് ഘോരമായ യുദ്ധത്തിലേർപ്പെട്ടിരുന്ന ആ കാലത്തു്, ജനറൽ റോഷ്ചിന്റെ നാങ്കിങ്ങിലെ താമസം അത്ര സുഖകരമായിരുന്നു എന്നു വിശ്വസിക്കാൻ തരമില്ലെങ്കിലും, അതു് അദ്ദേഹം ലേശവും പുറത്തു കാണിച്ചിരുന്നില്ല. പ്രധാനമായ പബ്ളിക് സൽക്കാരങ്ങളിൽ പങ്കുകൊള്ളുകയും എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുയും പതിവുണ്ടെങ്കിലും, മറ്റംബാസഡറന്മാരുമായുള്ള കൂട്ടുകെട്ടിൽനിന്നു് അദ്ദേഹം ഒഴിഞ്ഞാണു് നിന്നിരുന്നതു്. ഇൻഡ്യനെംബസിയിലും ഈജിപ്ഷ്യനെംബസിയിലുമല്ലാതെ അദ്ദേഹം വിരുന്നുണ്ണുവാൻ പോയതായി അറിവില്ല. എന്നോടു സന്തോഷത്തോടെയാണു് കഴിഞ്ഞുവന്നിരുന്നതെങ്കിലും സംഗതികൾതമ്മിൽ സംസാരിക്കാനായി ഞങ്ങൾ അന്യോന്യം അങ്ങോട്ടു ചെന്നും ഇങ്ങോട്ടുവന്നും കണ്ടിട്ടുണ്ടെങ്കിലും ആകപ്പാടെ അദ്ദേഹം ഡിപ്ലാമാറ്റിക് സംഘത്തിൽനിന്നു് അകന്നു നിന്നിരുന്നു എന്നുതന്നെ പറയണം.
മറ്റു യൂറോപ്യൻരാജ്യങ്ങളിൽനിന്നുള്ളവരിൽ പലരും പ്രസിദ്ധന്മാരും യോഗ്യന്മാരുമായിരുന്നെങ്കിലും അവരെപ്പറ്റി ഇവിടെ പറയേണ്ട കാര്യമില്ല. ക്യാനഡായുടെ അംബാസഡർ ടി. സി. ഡേവിസ് സും ആസ്ത്രേലിയനംബാസഡർ കീത്തു ആഫീസറും ഞങ്ങളുടെ കൂട്ടത്തിൽ പ്രമാണികളായിരുന്നു. ഇവരിൽ ഡേവിസ്, രാജ്യകാര്യങ്ങളുടെ ആലോചനയിൽ വലിയ പങ്കൊന്നുമെടുത്തില്ലെങ്കിലും, എല്ലാവരുടെയും സൗഖ്യമന്വേഷിക്കുന്നതിലും എല്ലാക്കാര്യങ്ങളും ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നതിലും ഔത്സുക്യം കാണിച്ചിരുന്നതിനാൽ, അദ്ദേഹത്തെ ഡിപ്ളോമാറ്റിക്സംഘത്തിന്റെ കാരണവരെന്നുതന്നെ പറയാം. ക്യാനഡയിൽ ജഡ്ജിയായും പിന്നീടു് ആസ്ത്രേലിയയിൽ ഹൈക്കമ്മിഷണരായും ജോലിനോക്കി ഖ്യാതി സമ്പാദിച്ച അദ്ദേഹത്തിനു മറ്റു സകലഗുണങ്ങളും തികഞ്ഞിട്ടുണ്ടെങ്കിലും, രാജ്യകാര്യങ്ങളിൽ പരിജ്ഞാനമോ അവയിൽ താൽപര്യമോ ഉണ്ടായിരുന്നില്ല; അങ്ങനെ അദ്ദേഹം ഭാവിച്ചുമില്ല. നേരേ മറിച്ചായിരുന്നു കീത്തു ആഫീസർ. ലണ്ടൻ, മോസ്കോ, വാഷിങ്ങ്ടൺ മുതലായ പ്രധാനരാജധാനികളിൽ ഡിപ്ളോമാറ്റിക് ജോലി നോക്കി പരിചയം നേടിയ ഒരു പഴമക്കാരനായിരുന്നു അദ്ദേഹം. കാമൺവെൽത്തിലെ അംബാസഡറന്മാരായ ഞങ്ങൾ നാലുപേരും തിങ്കളാഴ്ചതോറും നടത്തിവരാറുള്ള സമ്മേളനത്തിൽ കീത്തു ആഫീസറുടെ അഭിപ്രായങ്ങൾക്കും ആലോചനകൾക്കും അസാമാന്യമായ പ്രാധാന്യം കല്പിച്ചിരുന്നു.
പൗരസ്ത്യരാജ്യങ്ങളുടെ പ്രതിനിധികളായി ഞങ്ങൾ എഴുപേരേ നാങ്കിങ്ങിലുണ്ടായിരുന്നുള്ളു. ഇൻഡ്യയെക്കൂടാതെ, ബർമ്മീസംബാസഡർ മിയൻതിൻ, സയാമീസംബാസഡർ അഭിബൽരാജമൈത്രി, ഈജിപ്ഷ്യനംബാസഡർ ഏലിയാസ് ഇസ്മായിൽബേ, അഫ്ഗാൺ മിനിസ്റ്റർ ടാർസി, ഫിലിപൈൻമിനിസ്റ്റർ സെബാസ്റ്റ്യൻ, പേർഷ്യനംബാസഡർ മുഹമ്മദ് ഫാദുൿ എന്നിവരായിരുന്നു അവർ. അവരിൽ മിയൻതിനും ഇസ്മായിൽബേയും എന്റെ ആപ്തമിത്രങ്ങളാണു് ബർമ്മയുടെ വിദേശകാര്യമന്ത്രിയായിരുന്ന ടിൻടുട്ടിന്റെ (Tin Tut) സഹോദരനായിരുന്നു മിയൻതിൻ. യുദ്ധത്തിനിടയിൽ ബർമ്മാഗവണ്മെന്റ് ഇൻഡ്യയിൽ വന്നു താമസിച്ച കാലത്തു ടിൻടുട്ടുമായി അടുത്തു പരിചപ്പെടുവാൻ എനിക്കു് അവസരം ലഭിച്ചു. തിരിയെ, ബർമ്മയിൽ പോയശേഷം തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചു. ഹാതകന്മാരുടെ വെടിയുണ്ടയേറ്റു മരിക്കാനാണു് ടിൻടുട്ടിനു ദൈവവിധിയുണ്ടായതു്. മിയൻതിനും ഞാനുമായി ആദ്യസമാഗംതൊട്ടുതന്നെ സഹോദരഭാവത്തിലാണു് വർത്തിച്ചിരുന്നതു്. ഇന്ത്യയുടെ രാജ്യകാര്യങ്ങളിൽ പൂർണ്ണമായ അറിവുള്ള അദ്ദേഹം ജപ്പാനികൾ ബർമ്മയെ കീഴടക്കിയബ്ഭരിച്ചിരുന്നപ്പോൾ ബർമ്മയിലെ ഇന്ത്യൻനിവാസികൾക്കു പല വിധത്തിലുള്ള സഹായങ്ങൾ ചെയ്തിരുന്നതിനെ ആദരിച്ചു പണ്ഡിറ്റ് നെഹ്റു തന്നെ മിയൻതിനു് എഴുതിയയച്ചിട്ടുണ്ടായിരുന്നു. എന്നെപ്പോലെ ആദ്യമായിട്ടാണു് അന്താരാഷ്ട്രീയകാര്യങ്ങളിലേർപ്പെട്ടിരുന്നതെങ്കിലും സ്വല്പകാലം കൊണ്ടു ഡിപ്ലോമാറ്റിൿ സംഘത്തിന്റെ ഇടയിൽ അദ്ദേഹം ഗണ്യമായ ഒരു സ്ഥാനം കൈക്കലാക്കിയിരുന്നു. ബുദ്ധിസാമർത്ഥ്യംകൊണ്ടും നയകോവിദത്വം കൊണ്ടും ആർക്കും കീഴിലല്ലാത്ത മിയൻതിൻ നവീനേഷ്യായുടെ ഒരുത്തമപ്രതിനിധിയായിരുന്നു എന്നുപറയാം.
മാഡം മിയൻതീൻ സ്വതന്ത്രസ്വഭാവവും സാരസ്യവും വിനയവും ഉടലെടുത്ത ഒരു വനിതാരത്നമായിരുന്നു. അവരും ഇംഗ്ലണ്ടിൽ പഠിച്ചു ബാരിസ്റ്റർപരീക്ഷ ജയിച്ചു് അഭിഭാഷകവൃത്തിയിൽ ഖ്യാതിനേടിയവരാണു്. രണ്ടുപേർക്കും ഹിന്ദുസ്ഥാനിഭാഷ നല്ലപോലെ അറിയാമെന്നതിനാൽ ഞങ്ങളുടെ സംസർഗ്ഗം ഒരു കുടുംബക്കാരുടേതു പോലെയായിരുന്നു.
ഈജിപ്തിന്റെ പ്രതിനിധിയായ എലിയാസ് ഇസ്മായിൽബേ, ഇന്ത്യയോടു് അതിസ്നേഹമുള്ള ഒരു മഹാനുഭാവനായിരുന്നു. പാരീസിൽ വിദ്യാഭ്യാസം ചെയ്തു ഫ്രെഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് മുതലായ ഭാഷകളിൽ വേണ്ട പാണ്ഡിത്യവും പല രാജ്യങ്ങളിൽ ജോലിചെയ്തു പരിചയവുമുള്ള ഇസ്മായിൽബേ, ജലത്തിൽ മത്സ്യമെന്നപോലെയാണു് ഡിപ്ളോമാറ്റിക്സംഗതികളിൽ വിഹരിച്ചിരുന്നതു്. എന്തെങ്കിലും കാരണം പറഞ്ഞു വലിയവലിയ സൽക്കാരങ്ങൾ നടത്തുന്നതിൽ അദ്ദേഹത്തിനു പ്രത്യേകസന്തോഷമുണ്ടു്. ഈജിപ്ഷ്യനെംബസിയുടെ പാർട്ടികൾ സുപ്രസിദ്ധമായിരുന്നുതാനും.
ഏഷ്യയിലെ രാജ്യങ്ങൾക്കു ശക്തി കുറവായിരുന്നുവെങ്കിലും ചൈനായുടെ കാര്യത്തിൽ യൂറോപ്യൻ പ്രതിനിധികളുടെ നേതൃത്വം സമ്മതിച്ചുകൊടുക്കുവാൻ ഞാൻ തയ്യാറായില്ല. ചൈനയിൽ നടക്കുന്ന കാര്യങ്ങൾ പ്രധാനമായി ഇൻഡ്യയെ ബാധിക്കുന്നതാകകൊണ്ടു് ഇൻഡ്യയ്ക്കു സ്വതന്ത്രമായ ഒരു നയംതന്നെ വേണമല്ലോ. അറ്റലാന്റിക്സഖ്യത്തിൽപ്പെട്ട യൂറോപ്യൻപ്രതിനിധികൾ ഒന്നിച്ചു കൂടിയാലോചനകൾ നടത്തി തങ്ങളുടെ താൽപര്യങ്ങൾക്കു ഹാനി വരാത്തവിധം ഓരോന്നുചെയ്യുന്നുണ്ടെന്നു മനസ്സിലായപ്പോൾ ഏഷ്യൻപ്രതിനിധികളും അതുപോലെ ചെയ്യേണ്ടതാണെന്നു ഞാൻ മീയൻതിനോടു പറഞ്ഞു. അതദ്ദേഹത്തിനും സമ്മതമായി. പക്ഷേ, ഫിലിപ്പീൻകാർ അമേരിക്കൻമച്ചമ്പിമാരാകയാലും സയാംകാർ യുദ്ധത്തിൽ പരാജിതരാകയാൽ തൽക്കാലം അടങ്ങിയിരിക്കായാണു് നല്ലാതെന്നു വിചാരിച്ചതിനാലും ഏഷ്യൻ പ്രതിനിധികളുടെ ഒത്തൊരുമസാധ്യമല്ലെന്നു ഞങ്ങൾക്കു രണ്ടുപേർക്കും വേഗത്തിൽ മനസ്സിലായി. എന്നാൽ ബർമ്മയും ഇൻഡ്യയും ഒന്നിച്ചു നില്ക്കയാണെങ്കിൽ ബ്രിട്ടൺ അവരോടെതിർത്തു നില്ക്കുകയില്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ പ്രധാനകാര്യങ്ങളിൽ ഒന്നിച്ചുപ്രവർത്തിച്ചുതുടങ്ങിയപ്പോൾ കാമൺവെൽത്തമ്പാസഡറന്മാർ ഞങ്ങളുടെ അഭിപ്രായമന്വേഷിക്കാതെ മറ്റുള്ളവരോടു് ആലോചന തുടങ്ങുകയില്ലെന്ന നിലയായി. അങ്ങനെ ഒരിന്ത്യാ-ബർമ്മാസഖ്യം സ്ഥാപിതമായതോടു കൂടി ഞങ്ങളുടെ രണ്ടുപേരുടെയും നിലയ്ക്കുതന്നെ വ്യത്യാസം വന്നു എന്നു പറയാം.
ഡിപ്ലോമാറ്റിൿ സംഘത്തിലെ സ്ത്രീകളിൽ എല്ലാംകൊണ്ടും പ്രാമാണ്യമുണ്ടായിരുന്നതു ലേഡീ സ്റ്റീവൻസണാണു്. രൂപവതിയും ഉത്സാഹശീലയുമായ ഫ്രെഞ്ചമ്പാസഡറീസ് മാഡം മെറിയേ, പൗരസ്ത്യയെങ്കിലും അമേരിക്കൻമട്ടുകൾ പരിശീലിച്ചിരുന്ന മാഡം രാജമൈത്രി മുതലയാവരും ഈ സംഘത്തിനലങ്കാരങ്ങളായിരുന്നു. ചീനക്കാരായ പല സ്ത്രീകളും ഈ കൂട്ടത്തിൽ പങ്കുകൊള്ളാറുണ്ടു്. അവരിൽ മിക്കവരും ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാരും വിദേശങ്ങളിൽ സഞ്ചരിച്ചും താമസിച്ചും ശീലമുള്ളവരുമാണു്.
ഇങ്ങനെ ഒരു രംഗത്തിലാണു് എനിക്കും ജീവിതം നയിക്കേണ്ടിവന്നതു്.
ഗിരിസാനുക്കളിലെ സുഖവാസം കഴിഞ്ഞു് ജനറലിസ്സിമോയും മാഡം ച്യാങ് ആഗസ്റ്റ് ഒടുവിൽ നാൻകിങ്ങിലേയ്ക്കു മടങ്ങി. അവർ തിരകേ വന്ന രണ്ടാംപക്കം എന്നെയും എന്റെ ഭാര്യയെയും അന്നു ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികളെയും അനൗപചാരികമായി ഒരു ഭക്ഷണത്തിനു ക്ഷണിച്ചു. മറ്റതിഥികളായി പ്രസിഡണ്ടിന്റെ ഒരു ഏഡീസിയും പ്രസിദ്ധബൗദ്ധപണ്ഡിതനും ഇന്ത്യയുടെ ഉത്തമസ്നേഹിതനുമായ തൈ ചീ തൊ (Tai Chi Tao) എന്ന ആളുമേ ആ സല്ക്കാരത്തിൽ പങ്കെടുത്തിരുന്നുള്ളു. തനിക്കു് ഇന്ത്യയോടുള്ള പ്രതിപത്തിയെ ച്യാങ് കായ് ഷേൽ പലപ്പോഴും പരസ്യമായി പ്രദർശിപ്പിക്കാറുണ്ടെങ്കിലും, ആ കാര്യം കൊണ്ടുതന്നെ അദ്ദേഹം ബ്രീട്ടീഷുകാരോടു എതിർത്തുനില്ക്കുകപതിവുണ്ടെങ്കിലും, ആ പ്രതിപത്തി എത്ര ഗാഢവും അഗാധവുമാണെന്നു ഞാൻ മനസ്സിലാക്കിയിരുന്നില്ല. താൽക്കാലികമായ ഒരു നയംമാത്രമായിരിക്കാമെന്നാണു് പലർക്കും തോന്നിയിരുന്നതു. അന്നത്തെ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ തമ്മിൽ നടന്ന ഒന്നരമണിക്കൂർ നേരത്തേ സംഭാഷണത്തിൽനിന്നു ച്യാങിനു് ഇൻഡ്യൻസ്വാതന്ത്ര്യത്തിലും ഇന്ത്യയുടെ സുരക്ഷിതമായ അഭിവൃദ്ധിയിലും സ്ഥിരമായ താൽപര്യമുണ്ടെന്നു് എനിക്കു മനസ്സിലായി. പാക്കിസ്താനും ഇന്ത്യയുമായുള്ള ബന്ധം, ബ്രീട്ടിഷുകാരോടുള്ള നില, കമ്മ്യൂണിസ്റ്റുകക്ഷിയുടെ ശക്തി, കാശ്മീർ സംഗതി എന്നിവയെപ്പറ്റിയെല്ലാം അദ്ദേഹം എന്നോടു സുദീർഗ്ഘമായി സംസാരിച്ചു. ചൈനയും ഇന്ത്യയും അന്യോന്യാവലംബികളായി നിന്നില്ലെങ്കിൽ രണ്ടു കൂട്ടുകാരുടെയും സ്വാതന്ത്ര്യത്തിനു ഹാനിയുണ്ടകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കമ്മ്യൂണിസ്റ്റുകാരിൽനിന്നുമാത്രമല്ല, യൂറോപ്യൻരാജ്യങ്ങളുടെ അധികാരപ്രമത്തതയിൽനിന്നും സാമ്രാജ്യസിദ്ധാന്തങ്ങളിൽ നിന്നും ഏഷ്യൻസ്വാതന്ത്ര്യം സുരക്ഷിതമാകണമെങ്കിൽ ഇന്ത്യയും ചൈനയും ഐകമത്യത്തോടേ പ്രവർത്തിക്കണമെന്നും ആ പ്രവൃത്തിക്കു ഫലം വേണമെങ്കിൽ നമ്മുടെ രണ്ടു രാജ്യക്കാരും കാലോചിതമായ അഭിവൃദ്ധിക്കു് അന്യോന്യസഹായത്തോടെ പരിശ്രമിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ വാദമുഖങ്ങളെ താങ്ങി മാഡവും ഇടയ്ക്കിടെ ഓരോന്നു പറകയുണ്ടായി.
ആ അഭിപ്രായം ശരിയാണെന്നുള്ളതിൽ തർക്കമില്ല. എങ്കിലും അന്തഃഛിദ്രംകൊണ്ടു നശിക്കാറായിനില്ക്കുന്ന ഒരു ഭരണകൂടവുമായുള്ള സഖ്യംനിമിത്തം ഇന്ത്യയ്ക്കു ദോഷമല്ലാതെ ഗുണം വരുമോ എന്നായിരുന്നു എന്റെ സംശയം. ഇന്ത്യയും ചൈനയുമായി ഒത്തൊരുമിച്ചുനില്ക്കേണ്ടതു അത്യാവശ്യംതന്നേ. പക്ഷേ, ഏതു ചൈനയുമായി എന്ന ചോദ്യത്തിനുതന്നെ അവകാശം വരുമാറു് ആ രാജ്യം ഛിദ്രിച്ചുനില്ക്കയാണെന്നു ആർക്കും കാണാമായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ശക്തി ദിവസംപ്രതി എന്നപോലെ വർദ്ധിച്ചുവരികയാണെന്നും അതുപോലെത്തന്നെ ആഭ്യന്തരകലഹം കൊണ്ടു കോമിന്റാങ് ക്ഷീണിച്ചുവരികയാണെന്നും സ്പഷ്ടമായിരുന്നു. ഭൂകമ്പംപോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ വിജയങ്ങൾ കാലഗർഭത്തിൽക്കിടന്നു മാസം തികയാറായിട്ടേ ഉള്ളുവെങ്കിലും നാഷണലിസ്റ്റുചൈനയുടെ സ്ഥിതി നൈരാശ്യപൂർണ്ണമായിക്കഴിഞ്ഞിരുന്നു, ആ സ്ഥിതിക്കു ജനറലിസ്സിമോയുടെ അഭിപ്രായങ്ങളെ സമ്മതിച്ചു പറഞ്ഞതോടുകൂടി, അദ്ദേഹം ഉദ്ദേശിക്കുന്ന പരിപാടി സഫലമാക്കുന്നതിനു് ആദ്യമായി വേണ്ടതു് ഇന്ത്യയുടെയും ചൈനയുടെയും ആഭ്യന്തരശക്തിയെ വർദ്ധിപ്പിക്കുകയാണെന്നു ഞാൻ സൂചിപ്പിച്ചു. അതിനദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അതാണു് എന്റെയും അഭിപ്രായം ആറുമാസം കൊണ്ടു് ഈ കമ്മ്യൂണിസ്റ്റുകാരെ നിശ്ശേഷമില്ലാതാക്കുന്നതിനു് എനിക്കു സാധിക്കും. അപ്പോഴത്തെയ്ക്കു നിങ്ങളുടെ വൈഷമ്യങ്ങളും തീരുമെന്നു് എനിക്കറിയാം.” അദ്ദേഹത്തിന്റെ ഈ വിശ്വാസം എന്നെ ആശ്ചര്യഭരിതനാക്കി.
ഇങ്ങനെ രാജ്യകാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചശേഷം മറ്റോരോ സംഗതികളെപ്പറ്റിയുള്ള സംഭാഷണത്തിനിടയിൽ, “പീക്കിങ്ങിൽ പോയിട്ടുണ്ടോ” എന്നു അദ്ദേഹം അന്വേഷിച്ചു.
“ഇല്ല, താമസിയാതെ പോകാൻ ഉദ്ദേശിക്കുന്നുണ്ടു്” എന്നു ഞാൻ മറുപടി പറഞ്ഞു.
“പോകണ്ടതാണു്, എന്റെ പ്ലെയ്നിൽത്തന്നെ പോകാനേർപ്പാടുചെയ്യാം; അതായിരിക്കും സൗകര്യം.”
ഇതു് അസാധാരണമായ ഒരു ബഹുമതിയാണെന്നു് എനിക്കു അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം ഒരു പ്ലെയിൻ മറ്റംബാസഡറന്മാർക്കു സ്വകാര്യയാത്രയ്ക്കുവേണ്ടി മുൻപുകൊടുത്തതായി അറിവില്ല. വളരെ സൗഹാർദ്ദത്തോടെ യാത്രപറഞ്ഞാണു് ഞങ്ങൾ പിരിഞ്ഞതു്.
ഇതു ഞങ്ങൾ തമ്മിലുള്ള അവസാനകൂട്ടിക്കാഴ്ചയാണെന്നോ മൂന്നുനാലു മാസത്തിനകം മഹാനുഭാവനായ ജനറലിസ്സിമോയും പ്രഭാവശാലിനിയായ ഭാര്യയും തങ്ങളുടെ മഹോന്നതസ്ഥാനങ്ങളിൽനിന്നു് അനിവാര്യമായ ശക്തികളാൽ നിഷ്കാസിക്കപ്പെടുമെന്നോ അന്നു ഞാൻ ഊഹിച്ചിരുന്നില്ല; ഊഹിക്കാൻ വഴിയുമുണ്ടായിരുന്നില്ല. അത്ര വേഗത്തിലാണു് പിന്നീടുണ്ടായ സംഭവവികാസം.
ജനറലിസ്സിമോയുടെ ക്ഷണനമനുസരിച്ചു ഞങ്ങൾ പീക്കിങ്ങിലേയ്ക്കു പോയതു സപ്തംബർ ഇരുപത്തിനാലാം തീയതിയാണു്. പറഞ്ഞതനുസരിച്ചു പ്രസിഡണ്ട് ഒരു പ്രത്യേകവിമാനം ഞങ്ങളുടെ ഉപയോഗത്തിനായി അയച്ചുതന്നു. ഔപചാരികമായ ഒരു സന്ദർശനമായതിനാൽ പീക്കിങ്ങിൽ ഞങ്ങളെ യഥാവിധി സ്വീകരിക്കുന്നതിനും സൽക്കരിക്കുന്നതിനും വേണ്ട ഏർപ്പാടുകളും ഗവണ്മെന്റിൽനിന്നു ചെയ്തിരുന്നു.
“അധരിതനാകശ്രീയാം
പീക്കിങ്ങാരാരു കണ്ടിടാതുള്ളോർ
അവരുടെ ദേശഭ്രമണം
വെറുതേ ദേഹക്ലമത്തിനായ്മാത്രം!”
എന്നു പീക്കിങ്ങിനെപ്പറ്റി ആയിടയ്ക്കു വള്ളത്തോളിനയച്ച ഒരു കത്തിൽ എഴുതിയിരുന്നതുപോലെ ചുരുക്കമായി പറയാം.
മനുഷ്യർക്കെന്നതുപോലെ നഗരങ്ങൾക്കും പ്രത്യേകതയുണ്ടെന്നുള്ളതിനു തർക്കമില്ല. എത്ര വലുതായാലും എന്തെല്ലാം സൗകര്യങ്ങളുണ്ടായാലും ചില പട്ടണങ്ങൾ നമ്മുടെ മനസ്സിൽ ചിര പരിചയംകൊണ്ടും പതിഞ്ഞുനില്ക്കാറില്ല. എന്നും തെരുവിൽ കാണാറുള്ള ചിലരോടെന്നപോലെ, നമുക്കു് അവയോടു് ഒരു സ്നേഹവും പരിചയവും തോന്നാറുമില്ല. ആ പട്ടണങ്ങളുടെ തെരുവുകളിൽ ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കാനോ അതിന്റെ വായുവിൽ പ്രസരിക്കുന്നതിനായി തോന്നുന്ന സാരസ്യം ആസ്വദിക്കാനോ നമുക്കു് ഒരാഗ്രഹവും തോന്നുന്നുമില്ല. ബോംബേ, ഷാങ്ഹായ് മുതലായ പട്ടണങ്ങൾ എനിക്കു സുപരിചിതങ്ങളാണു്. എങ്കിലും അവയോടെന്തെങ്കിലുമൊരു സ്നേഹമോ അവയുടെ നന്മതിന്മകളിൽ ഒരു വിചാരമോ എനിക്കിതുവരെ ഉണ്ടായിട്ടില്ല. നേരെമറിച്ചാണു് പഴയ ദെല്ലി, മദ്രാസ്, അഹമ്മദബാദ്, ബനാറസ് മുതലായ നഗരങ്ങൾ. ആ പട്ടണങ്ങളിൽ ബോംബയിലും മറ്റുമുള്ള വിശേഷങ്ങളോ മോടികളോ ആഡംബരങ്ങളോ ഒന്നുമില്ല എങ്കിലും അവയ്ക്കെന്തോ മനുഷ്യസ്നേഹം പുലർത്തുന്ന ഒരു പ്രത്യേകത ഉണ്ടെന്നു് എനിക്കു തോന്നിയിട്ടുണ്ടു്. പാരീസ്, റോമാ, ലണ്ടൻ, കയിറോ മുതലായ മറ്റു ചില രാജധാനികൾക്കുള്ള ഈ ഗുണം, ന്യൂയാർക്ക്, വാഷിങ്ങ്ടൻ, മാഞ്ചസ്റ്റർ മുതലായവയ്ക്കു തീരെ ഇല്ലെന്നും എനിക്കു തോന്നിയിട്ടുണ്ടു്. ന്യൂയാർക്കിൽ ഞാൻ പല മാസങ്ങൾ താമസിച്ചിട്ടുണ്ടു്. എങ്കിലും, ആ പട്ടണത്തെപ്പറ്റി വിചാരിക്കുമ്പോൾ ഒരു ചിത്രവും എന്റെ മനസ്സിൽ ഉദിക്കുന്നില്ല. ജീവനുമാത്മാവുമില്ലാത്ത കുറെ കെട്ടിടങ്ങളും തെരുവുകളും എന്നുള്ള ഒരു സ്മരണമാത്രമാണു് അങ്ങനെയൊരു പട്ടണത്തെപറ്റി നമ്മുടെ മനസ്സിൽ ശേഷിക്കുന്നതു്.
ഇങ്ങനെ ‘സ്ഥലമഹാത്മ്യ’മുള്ള നഗരങ്ങളിൽ പീക്കിങ്ങ് ഒരു പ്രധാനസ്ഥാനത്തെ അർഹിക്കുന്നുണ്ടെന്നുള്ളതിനു തർക്കമില്ല. ലണ്ടൻ, പാരീസ്സ് മുതലായ നവീനരാജധാനികളും ദെല്ലി, ബനാറസ്, റോമ, കയിറോ മുതലായ പഴയ നഗരങ്ങളും കണ്ടുശീലിച്ചവർക്കാർക്കും പീക്കിങ്ങിന്റെ പ്രത്യേകത ഒരു കാലത്തും മറക്കാൻവയ്യാത്ത ഒരോർമ്മയായി മനസ്സിൽ സ്ഥലംപിടിക്കുന്നതാണു്. ആ നഗരത്തിലെ ഉദ്യാനങ്ങളും കൊട്ടാരങ്ങളും ദേവമന്ദിരങ്ങളും വിസ്താരമേറിയ തെരുവുകളും മറ്റു ദുർല്ലഭമായ കാഴ്ചകളും മാത്രമല്ല ഈ അപൂർവ്വവൈശിഷ്ട്യം പീക്കിങ്ങിനു കൊടുക്കുന്നതു്. അതിന്റെ രണ്ടായിരം വർഷത്തെ ചരിത്രവും അഞ്ഞൂറുവർഷത്തോളം സാർവ്വഭൗമന്മാരായ ചക്രവത്തികളുടെ രാജധാനിയെന്ന സ്ഥാനം വഹിച്ചതുകൊണ്ടുള്ള മാഹാത്മ്യവും ചീനചരിത്രത്തോടു് ആ പട്ടണത്തിനുള്ള ബന്ധവും പീക്കിങ്ങിന്റെ ഗുണത്തെ വർദ്ധിപ്പിക്കുന്നതായി വിചാരിക്കാം. പക്ഷേ, ഇവയിലെല്ലാം കവിഞ്ഞു പീക്കിങ്ങിനു് ഒരാകർഷണശക്തിയുണ്ടു്. അതിന്റെ നാഗരികത്വമാണു് ആ ഗുണമെന്നു പറയാം. അന്നു (കമ്മ്യൂണിസ്റ്റുകാർ തലസ്ഥാനനഗരിയാക്കുന്നതിനുമുമ്പു്) പീക്കിങ്ങിൽ രണ്ടു ദിവസമെങ്കിലും താമസിച്ചാൽ അവിടുത്തെ ജനങ്ങളുടെ ജീവിതദർശനങ്ങൾ തന്നെ ചൈനയിൽ മറ്റു പട്ടണങ്ങളിൽ ജീവിക്കുന്നവരുടേതിൽനിന്നു വ്യത്യസ്തമാണെന്നു ബോധ്യമാവും. ഒരു ബദ്ധപ്പാടുമില്ലാത്തമാതിരിയത്രേ പീക്കിങ്ങിലെ ജനങ്ങളുടെ പെരുമാറ്റം. വിദേശീയരോടു മര്യാദയോടേ പെരുമാറുന്നതിൽ അവിടുത്തെ ഷാപ്പുകാർ, വണ്ടിക്കാർ, റിക്ഷകാർ മുതലായവർക്കുപോലും നിഷ്കർഷയുണ്ടു്. തെരുവുകളിൽ ഇറങ്ങി യഥേഷ്ടം സഞ്ചരിക്കുന്ന ഒരു വിദേശീയന്റെ പിറകേ ആളുകൾ കൂടി ശല്യപ്പെടുത്തുന്ന സ്വഭാവം ചീനരാജ്യത്തിലെ പട്ടണങ്ങളിൽ പൊതുവേ ഉള്ളതാണെങ്കിലും പീക്കിങ്ങിൽ അതില്ലെന്നു പറഞ്ഞാൽ അതിന്റെ നാഗരികത്വം തെളിയുന്നതാണു്.
പീക്കിങ്ങ് പട്ടണം വളരെ പുരാതനമാണു് ക്രിസ്താബ്ദത്തിന്റെ ആരംഭകാലങ്ങളിൽ ഇപ്പോൾ പീക്കിങ്ങിരിക്കുന്നസ്ഥാനത്തു ചെറിയൊരു പട്ടണമുണ്ടായിരുന്നു എന്നുള്ളതിനു ലക്ഷ്യങ്ങളുണ്ടു്. അതു ചിലപ്പോൾ ക്ഷയിച്ചും ചരിത്രത്തിൽ പറയത്തക്ക പ്രാധാന്യമൊന്നുമില്ലാതെ, ചെംഗീസ്ഖാൺ എന്ന വിഖ്യാതനായ ലോകജേതാവിന്റെ കാലംവരെ കഴിഞ്ഞുകൂടി. ചെംഗീസ്ഖാണിന്റെ സേനാനായകന്മാർ ആ പട്ടണത്തെ നിശ്ശേഷം നശിപ്പിച്ചു കളഞ്ഞു. എന്നാൽ ചെംഗീസ്ഖാണിന്റെ പൗത്രനായ കുബ്ളാ സാർവ്വഭൗമനായി വാഴിക്കപ്പെട്ടപ്പോൾ, പുതിയൊരു രാജധാനി നിർമ്മിക്കുവാൻ താൻ തിരഞ്ഞെടുത്തതു് ആ സ്ഥലത്തെയാണു്. ബൗദ്ധമതാവലംബിയായിരുന്ന കുബ്ളാഖാൺ നിർമ്മിച്ചതാണു് ഇപ്പോഴത്തെ പീക്കിങ്ങ് എന്നുപായാം (1264).
ഈ കുബ്ളാഖാനിനു തുല്യനായ ഒരു ചക്രവർത്തി ഇതുവരെ ലോകത്തിലുണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. അദ്ദേഹം ഭരിച്ചിരുന്ന സാമ്രാജ്യവിസ്തീർണ്ണത ബ്രീട്ടിഷ് സാമ്രാജ്യത്തിന്നു് അതിന്റെ പരമകാഷ്ഠയിലുണ്ടായിരുന്നതിലും കവിഞ്ഞതായിരുന്നു എന്നു പറയുമ്പോൾ അതിന്റെ വലിപ്പം ഏതാണ്ടൂഹിക്കാവുന്നതാണു്. ജപ്പാനും ഇൻഡ്യയുമൊഴിച്ചുള്ള ഏഷ്യാഭൂഖണ്ഡം മുഴുവനും ആ ചക്രവർത്തിയുടെ ശാസനയെ അനുസരിച്ചിരുന്നു. ബർമ്മാ, സയാം, കൊറിയ, വിയ്റ്റനാം മുതലായ രാജ്യങ്ങളും അദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. അതു കൂടാതെ യൂറോപ്പിൽ ഇപ്പോൾ റഷ്യയുടെ കീഴിലുള്ള രാജ്യങ്ങൾ മിക്കവയും കുബ്ളായുടെ സേനാനായകന്മാരാണു് ഭരിച്ചിരുന്നതു്. സർവ്വഭൗമൻ എന്ന പേരിനെ അർഹിക്കുന്നതായിട്ടു ലോകത്തിൽ ഇങ്ങനെ ഒരാളേ ഉണ്ടായിട്ടുള്ളു എന്നു പറയാം.
യൂറോപ്പിന്റെ നടുവുതൊട്ടു പസഫിക്ക്സമുദ്രംവരെയും ബംഗാളുൾക്കടൽതൊട്ടു മഞ്ചൂറിയായുടെ വടക്കേഅറ്റംവരെയും നീണ്ടുകിടന്ന ലോകസാമ്രാജ്യത്തിന്റെ തലസ്ഥാനമായിട്ടാണു, ചൈനയുടെ രാജധാനിയായിട്ടല്ല, കുബ്ളാഖാൺ ഈ പുത്തൻ നഗരം പണിയിച്ചതു്. മാർക്കോപോളോ എന്നു പേരായ ഒരു വെനിഷ്യക്കാരൻ പീക്കിങ്ങിൽ താമസിച്ചിരുന്നു. അയാളുടെ വിവരങ്ങളിൽനിന്നു പീക്കിങ്ങിന്റെ വലിപ്പവും ശില്പവൈചിത്ര്യവും സമ്പൽസമൃദ്ധിയും ഏതാണ്ടു മനസ്സിലാക്കാവുന്നതാണു്.
കുബ്ളായുടെ വംശം ഒരു ശതാബ്ദം ചൈനയെ അടക്കി ഭരിച്ചു. അവരെ രാജ്യത്തിൽനിന്നു നിഷ്കാസനം ചെയ്തു ചൈനായുടെ സ്വാതന്ത്ര്യം വിണ്ടെടുത്ത ചിങ്വംശക്കാർ നാൻകിങ്ങിലാണു് ഭരണമാരംഭിച്ചതെങ്കിലും കുറച്ചു വർഷങ്ങൾക്കുശേഷം പീക്കിങ്ങ്തന്നെ തലസ്ഥാനമാക്കി. ആ വംശത്തിലെ ഒരു ചക്രവർത്തിയായ യൂങ്ലോയാണു് പീക്കിങ്ങിന്റെ രണ്ടാമത്തെ നിർമ്മാതാവു്. താജ്മഹാൾ, ദെല്ലിക്കൊട്ടാരം, ജൂമാമസ്ജിദ് മുതലായവ പണിയിച്ച ഷാജഹാണി നോടു കിടപിടിക്കുന്ന ഒരു നഗരനിർമ്മിതാവായിരുന്നു യുങ്ലോ. ഇപ്പോൾ പീക്കിങ്ങിന്നലംകാരമെന്നു കണക്കാക്കിയിട്ടുള്ള പ്രധാനകാഴ്ചകളെല്ലാം—ഉദ്യാനങ്ങൾ, തടാകങ്ങൾ, പ്രാസാദങ്ങൾ ക്ഷേത്രങ്ങൾ എന്നിവ—മിക്കവാറും യുങ്ലോ നിർമ്മിച്ചതാണു്.
മറ്റു ചൈനീസ് പട്ടണങ്ങളെപ്പോലെ വലിയൊരു കോട്ട പീക്കിങ്ങിനെ വലയംചെയ്യുന്നു. ഈ ദുർഗ്ഗത്തിന്റെ വലിപ്പം പറഞ്ഞാൽ ആശ്ചര്യമാകും കോട്ടയുടെ മുകൾ പരപ്പിനു മദ്രാസിലെ കടല്പുറത്തുള്ള മറീനാ തെരുവിൽ കവിഞ്ഞു വീതിയുണ്ടാകും. കോട്ടയുടെ ഉയരം നാല്പതടിയിൽ കവിഞ്ഞതാണു്. ഇതിനകത്തത്രേ പീക്കിങ്ങ് നഗരം സ്ഥിതിചെയ്യുന്നതു്. പട്ടണത്തിന്റെ നടുവിലാണു് ‘നിഷിദ്ധനഗരം’ (Forbidden City) എന്നു പ്രഖ്യാതമായ രാജഗൃഹങ്ങൾ. ഇതുതന്നെ വലിയൊരു പട്ടണമാണെന്നു തോന്നും. ഉയർന്നഭിത്തികൾ കൊണ്ടു വലയം ചെയ്യപ്പെട്ട ഈ അന്തഃപുരത്തിൽ കൊട്ടാരംജോലിക്കായി അനേകസഹസ്രം ജനങ്ങൾക്കു താമസിക്കുവാൻ വേണ്ട സൗകര്യങ്ങളുണ്ടു്. ചക്രവർത്തിയുടെ അവരോധസ്ത്രീകൾക്കുതന്നെ കണക്കില്ലായിരുന്നതിനാൽ ആ അന്തഃപുരത്തിലെ ഏർപ്പാടുകൾ ഊഹിക്കാവുന്നതാണല്ലോ. ഉപവനങ്ങൾ, ക്രീഡാതടാകങ്ങൾ, നാടകശാലകൾ, സ്വീകരണമുറികൾ, യന്ത്രശാലകൾ, സിംഹാസനശാലകൾ, ചക്രവർത്തിയുടെ സ്വന്തഗൃഹങ്ങൾ, കാര്യാലയങ്ങൾ, ഗ്രന്ഥപ്പുരകൾ, വിശ്രമഗേഹങ്ങൾ-ഇങ്ങനെ ഒരു സാർവ്വഭൗമന്നാവശ്യമുള്ളതെല്ലാം അവിടെ രാജോചിതമായ വിധത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്.
അന്തഃപുരത്തിലെ സകലഗ്രഹങ്ങളുടെയും മേൽപുര മേഞ്ഞിട്ടുള്ളതു പൊന്നിന്റെ നിറമുള്ളതും അതുപോലെ തിളങ്ങുന്നതുമായ ഒരുതരം ഓടുകൊണ്ടാണു് അടുത്തുള്ള കുന്നുകളുടെ മുകളിൽ നിന്നു നോക്കിയാൽ അതു് ഒരു കനകപുരിയാണെന്നുതന്നെ തോന്നും. രാജവാഴ്ചയുടെ കാലത്തു്, കൊട്ടാരത്തിലെ ഉപയോഗത്തിനല്ലാതെ ഇത്തരം ഓടുകളുണ്ടാക്കിക്കൂടാ എന്നു നിയമമുണ്ടായിരുന്നു പറന്നു നടക്കുന്ന വേതാളത്തിന്റെ (Dragon) രൂപം അകത്തെവിടെയും അതിഭംഗിയിൽ കൊത്തിയിട്ടുള്ള തായി കാണാം. അതാണു് ചക്രവർത്തിയുടെ സ്ഥാനത്തെ സൂചിപ്പിക്കുന്നതു്. രണ്ടു ചക്രവാകപ്പക്ഷികളാണു് ചക്രവർത്തിനിയുടെ പദവിക്കു ലക്ഷ്യം. അവയെയും അന്തഃപുരത്തിൽ അങ്ങുമിങ്ങും ചിത്രീകരിച്ചു കാണാം.
1911-ൽ രാജവാഴ്ച തീർന്നതോടുകൂറ്റി ഇതെല്ലാം വെറും കാഴ്ചബംഗ്ലാവുകളായിത്തീർന്നു. പല കെട്ടിടങ്ങളും അതേ സ്ഥിതിയിൽത്തന്നെ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വേണ്ട വിധത്തിൽ സംരക്ഷിച്ചുകൊണ്ടുപോകുന്നതിനുള്ള ചെലവു വഹിക്കുവാൻ ച്യാങ്കായ്ഷേക്കിന്റെ ഗവണ്മെന്റിന്റെ ദാരിദ്ര്യം സമ്മതിക്കാത്തതുകൊണ്ടു്, മാഹാത്മ്യമേറിയ ഈ രാജഗൃഹങ്ങൾക്കു ഞാൻ ആദ്യം അതു കണ്ടപ്പോൾ ആകപ്പാടെ ഒരശ്രീ ബാധിച്ചിരുന്നു എന്നു പറയേണ്ടതുണ്ടു്.
അന്തനഗരത്തിനു പുറമേയുള്ള മാർബിൾപ്പാലം കടന്നാണു ചക്രവർത്തികൾക്കുള്ള കേളീതടാകങ്ങളും അവയെ തൊട്ടു പണിയിച്ചുള്ള ‘കടൽമാളിക’കളും (Sea Palaces). ഈ തടാകങ്ങൾ നിറയേ താമരയും മറ്റു വീവിധവർണ്ണത്തിലുള്ള ജലപുഷ്പങ്ങളും നിറഞ്ഞ കാഴ്ചയ്കു അതിമനോഹരമായി ശോഭിക്കുമ്പോൾ ചക്രവർത്തി അന്തഃപുരസ്ത്രീകളൊന്നിച്ചു് ആ കൊട്ടാരങ്ങളിലത്രേ ഉഷ്ണകാലത്തു പകൽസമയം കഴിച്ചിരുന്നതു്. ആ കൊട്ടാരങ്ങളെത്തൊട്ടുള്ള ബുദ്ധക്ഷേത്രത്തിൽ ജേഡു എന്നു പേരായ രത്നം കൊണ്ടു വലിപ്പത്തിൽ നിർമ്മിച്ച ഒരു തഥാഗതപ്രതിമയുള്ളിടത്താണു്, ചക്രവർത്തികൾ ദേവാരാധന നടത്തിരുന്നതു്. ഒരറൂനൂറുവർഷം മുൻപു ബർമ്മയിൽനിന്നു കൊണ്ടുവന്നതാണു് ആ പ്രതിമയെന്നത്രേ ഇതിഹാസം.
പീക്കിങ്ങിലെ ദേവാലയങ്ങളും വളരെ പ്രസിദ്ധമാണു്. ചക്രവർത്തികൾ ഹോമങ്ങൾ കഴിക്കാറുണ്ടായിരുന്ന ചീനീയൻ തീയൻ ‘സ്വർഗ്ഗമണ്ഡപ’(Altarof Heaven)മാണു് ഈ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു്. നഗരത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന വലിയൊരാരാമത്തിന്റെ മധ്യത്തിലായാണു് ഈ ആരാധനാമന്ദിരം. ചക്രവർത്തിക്കുമാത്രമേ അവിടെ കയറി ആരാധന ചെയ്യുവാൻ അവകാശമുള്ളു. ആരാമത്തിന്റെ ഒരറ്റത്തായി ചൈക്കുങ്(വ്രതശാല) എന്നൊരു കൊട്ടാരമുണ്ടു്. ചക്രവർത്തി അതിലെഴുന്നെള്ളിയിരുന്നു ദേഹമനശ്ശുദ്ധികൾ വരുത്തി വ്രതം കൊണ്ടു രാത്രി കഴിച്ചിട്ടു് ഉദയത്തിനു മുൻപു് ആരാധനയ്ക്കു പുറപ്പെടണമെന്നാണു് നിയമം. ഈ കൊട്ടാരത്തിൽനിന്നു വളരെ വിസ്താരമുള്ള ഒരു നിരത്തു ബലിമണ്ഡപത്തിലേയ്ക്കു നയിക്കുന്നു. മാർബിൾ ക്കല്ലുകൊണ്ടു കെട്ടിയ ഒരു വലിയ തറയും അതിന്മേൽ മൂന്നു കുടകൾ ഒന്നിനു മേൽ ഒന്നായി പിടിച്ചതുപോലെ പണിയിച്ചിട്ടുള്ള ഒരു മനോഹര സൗധവുമാണു് ചീനീയൻതീയൻ അവിടെ മുട്ടുകുത്തി നിന്നു ചക്രവർത്തി ബലികഴിക്കുന്നു. പുള്ളിയും പൊട്ടുമില്ലാത്ത ഒരു കാളക്കിടാവിനെ ബലികഴിച്ചു ഹോമിക്കുയാണു് ക്രിയ. ഇതു ചക്രവർത്തി ആണ്ടിൽ രണ്ടു പ്രാവശ്യം രാജ്യക്ഷേമത്തിനായി നടത്തണമെന്നാണു് നിയമം.
ഈ സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും ആകപ്പാടെയുള്ള ഭംഗി വർണ്ണിച്ചു മനസ്സിലാക്കുവാൻ പ്രയാസമുണ്ടു്. ലോകത്തിലെ ഏറ്റവും വിശേഷപ്പെട്ട കാഴ്ചകളിലൊന്നാണു് അതു് എന്നു സംശയമില്ലാതെ പറയാം. ദൈവാരാധനയ്ക്കു ചേർന്നതായി എല്ലാവിധത്തിലും പരിശുദ്ധിയുള്ള ഒരു സ്ഥാനം തന്നെ അതു് എന്നും സമ്മതിക്കണം. ഞങ്ങൾ അതു കാണുവാൻ ചെന്നപ്പോൾ, യുദ്ധം നിമിത്തം തങ്ങളുടെ പഠിത്തമുപേക്ഷിച്ചു മഞ്ചൂറിയയിൽനിന്നോടിപ്പോന്ന വിദ്യാർത്ഥികൾക്കു് ഒരഭയസ്ഥാനമായിട്ടാണു് ആ പുണ്യക്ഷേത്രം ഉപയോഗിക്കപ്പെട്ടിരുന്നതു്. വീടും കുടിയുമില്ലാതെ പീക്കിങ്ങിൽ വന്നുകേറിയ അവർ താമസിക്കുവാനായി കണ്ടുപിടിച്ച സ്ഥലമതായിരുന്നു! ചക്രവർത്തിയുടെ വ്രതശാലയിൽ, ഒരു സത്രത്തിലെന്നപോലെ, സാമാനക്കെട്ടുകളും വെച്ചു് അവർ ചുരുണ്ടുകൂടിക്കിടന്നിരുന്നു. ബലിമണ്ഡപത്തിന്റെ മാർബിൾ വേലികളിലിരുന്നു ചിലർ പല്ലുതേയ്ക്കുന്നതും കാണുകയുണ്ടായി.
ടിബറ്റിലും മംഗോളിയായിലും പ്രചരിക്കുന്ന ലാമാസിദ്ധാന്തത്തെ (ബൗദ്ധമതത്തിലെ ഒരു സമ്പ്രദായം) ഒരു കാലത്തു ചക്രവർത്തികൾ സ്വീകരിച്ചിരുന്നതിന്റെ ലക്ഷ്യമായി പല ലാമാവിഹാരങ്ങൾ പീക്കിങ്ങിലുണ്ടു്. അവയിൽ എല്ലാംകൊണ്ടും പ്രാധാന്യം യുങ് ഹോ കങ് എന്നു പേരായ ക്ഷേത്രമാണു്. ‘അവതീർണ്ണബുദ്ധൻ’ എന്നു സ്ഥാനമുള്ള ഒരു മഠാധിപതി ചക്രവർത്തികളുടെ കാലത്തു് അവിടെ സ്ഥിരമായി താമസിച്ചിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോഴും ഒട്ടുവളരെ ശ്രമണന്മാർ അവിടെ, പാർക്കുന്നു. സംസ്കൃതലിപികളിൽ “ഓം മണിപത്മേഹും” എന്ന മന്ത്രം എല്ലായിടത്തും എഴുതിക്കാണുന്നതു് ഏതു ഭാരതീയനെയാണു് കോൾമയിർക്കൊള്ളിക്കാത്തതു്? ഗോബിയുടെ മണലാരണ്യത്തിൽപ്പോലും പ്രചരിക്കുന്ന ബൗദ്ധസിദ്ധാന്തം അതോടൊന്നിച്ചു ഹൈന്ദവസംസ്ക്കാരത്തേയും ഈ ദൂരദേശങ്ങളിലും കൊണ്ടുവന്നാക്കിയതു ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ സംഗതികളിൽ ഒന്നത്രേ.
പീക്കിങ്ങിൽനിന്നു് ഏഴെട്ടു മൈലകലെയാണു് ഈ ഹോയുവൻ എന്നറിയപ്പെടുന്ന സുഖവാസഗേഹങ്ങൾ (Summer Palace) ഈ ഹോ യുവാൻ എന്ന വാക്കിന്റെ അർത്ഥം ശതാബ്ദികന്റെ ആനന്ദം എന്നാണത്രേ അതിനു വേറെ ഒരു പേരുള്ളതു ഹോഷാൻ യുവാൻ (തിരകൾ തല്ലുന്ന ആരാമം) എന്നാണു്. ചക്രവർത്തികളുടെ സുഖവാസത്തിനായി നഗരത്തിൽനിന്നൊട്ടകന്നു നിർമ്മിച്ചിട്ടുള്ള ഈ കൊട്ടാരങ്ങൾ ശില്പവൈശിഷ്ട്യം കൊണ്ടും രാജസപ്രൗഢികൊണ്ടും മാത്രമല്ല കാഴ്ചക്കാർക്കു് ഏറ്റവും ആകർഷണീയമായി തോന്നുന്നതു്. ആ സ്ഥലത്തിന്റെ രാമണീയകം ഈ രാജഗേഹങ്ങൾക്കുള്ള മനോഹാരിതയെ ബഹുഗുണം വർദ്ധിപ്പിക്കുന്നുണ്ടെന്നു പറയാം. ക്രമത്തിലുയരുന്ന പർവ്വതപോതങ്ങൾകൊണ്ടു മൂന്നു വശവും അടഞ്ഞ ഒരു തടാകത്തിന്റെ കരയിലായി, ഗിരിസാനുകൾ ജലത്തെ ചുംബിക്കുന്ന ചെരുവിലാണു് ഈ കൊട്ടാരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളതു്. കൂൺമിങ്ങുഹു (TheLake of Superior Brightness-ശോഭനസരസ്സു്) എന്നാണു് തടാകത്തിനു നല്കിയിട്ടുള്ള പേർ.
ഇവിടെ കൊട്ടാരങ്ങളായും ക്ഷേത്രങ്ങളായും നാടകശാലകളായും ലീലാരാമങ്ങളായും കണ്ണിനാനന്ദം നല്ക്കുന്ന പലതും കാണ്മാനുണ്ടെങ്കിലും അവയിൽ ചിലതിനെപ്പറ്റിമാത്രം ഇവിടെ സമഷ്ടിയായി പറയാമെന്നു വിചാരിക്കുന്നു. പഴയ കൊട്ടാരങ്ങൾ യൂറോപ്യന്മാർ 1861-ൽ തീവെച്ചു നശിപ്പിച്ചുകളഞ്ഞതിനുശേഷം, അവയെ പുതിക്കി പിന്നെയും വാസയോഗ്യമാക്കിയതു സൂസി എന്നു പേരായ ഒടുവിലത്തെ ചക്രവർത്തിനിയാണു്. റിജന്റായും അമ്മമഹാറാണിയായും അമ്പതു വർഷത്തോളം ചീനാസാമ്രാജം ഭരിച്ച ഈ പ്രതാപവതി ക്ലീയോപാട്രാ, ഇംഗ്ലണ്ടിലെ എലിസബത്ത്, നൂർജഹാൺ, റഷ്യയിലെ കാതറയിൻ മുതലായവരെപ്പോലെ സർവ്വസംഹാരദക്ഷയായ ഒരു സർവ്വഭൗർമയായിരുന്നു. ചക്രവർത്തിയെ തടവിലാക്കി രാജ്യഭരണം നേരിട്ടേറ്റപ്പോൾ ഈ കല്ലോലോല്ലസിതമായ ആരാമത്തെയാണു് അവർ തന്റെ വിഹാരസ്ഥലമായി തിരഞ്ഞെടുത്തതു്. ഒരു മൈൽ നീളത്തിൽ തടാകത്തെത്തൊട്ടായി മൂടിയിട്ട ഒരു ഗ്യാലറിയിലാണു് ആദ്യമായി നാം ചെന്നു കേറുന്നതു് ഈ ഗ്യാലറിയിലെത്തുന്നതു് ഓരോരോ ആരാമമാർഗ്ഗങ്ങളിലൂടെയാണു്.
ഗ്യാലറി അവസാനിക്കുന്നിടത്തു നിന്നാൽ കാണാം ആ ചക്രവർത്തിനിയുടെ സ്വേച്ഛാപ്രഭുത്വത്തിന്റെ പരമലക്ഷ്യമായ മാർബിൾക്കപ്പൽ. ജപ്പാൻകാർ ഒരു നാവികസൈന്യം ഉണ്ടാക്കാൻ പ്രയത്നിക്കുന്നതു കണ്ടു തങ്ങൾക്കും അതു വേണ്ടതാണെന്നു ചൈനയിലെ അന്നത്തെ രാജ്യതന്ത്രജ്ഞന്മാർ തീർച്ചയാക്കി. അതിനു വേണ്ട പണവും കടംവാങ്ങി. പക്ഷേ, ചക്രവർത്തിനി കപ്പലുകൾ നിർമ്മിക്കുവാനല്ല, ഈ ആരാമഗേഹങ്ങൾ പുതുക്കിപ്പണിയിക്കുന്നതിനാണു് ആ പണം ചെലവാക്കിയതു്. എങ്കിലും ആദ്യത്തെ ഉദ്ദേശമനുസരിച്ചു് ഒരു കപ്പൽകൂടി പണിയിച്ചുകളയാമെന്നു തീർച്ചയാക്കി. അങ്ങനെയാണു് ഈ മാർബിൾക്കപ്പലിന്റെ ഉത്ഭവം. വലിയൊരു ബോട്ടിന്റെ ആകൃതിയിൽ വെള്ളത്തിൽ കല്ലുകൊണ്ടു പണിയിച്ചിട്ടുള്ള ഈ കളിപ്പാട്ടത്തോടടുത്തുതന്നെ ജപ്പാൻ ചക്രവർത്തി അവർക്കു തന്റെ കൃതജ്ഞതയുടെ ലക്ഷ്യമായി സമ്മാനിച്ച മോട്ടോർബോട്ടും കെട്ടിയിട്ടിട്ടുണ്ടു്.
ബുദ്ധഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള പല ക്ഷേത്രങ്ങൾ ഇവിടെയുണ്ടു്. മേഘമാളികക്ഷേത്രം ആയിരം ബുദ്ധരുടെ ക്ഷേത്രം, പിഞ്ഞാണി (Porcelaiu Pagoda) കൊണ്ടു നിർമ്മിച്ചിട്ടുള്ള ഒരു ചൈത്യം—ഇവയാണു് ഈ കൂട്ടത്തിൽ പ്രധാന്യമർഹിക്കുന്നതു്. മലയുടെ മുകളിലാണു് ആയിരം ബുദ്ധപ്രതിമകളെ പ്രതിഷ്ഠിച്ചിട്ടു ക്ഷേത്രം. മേഘമാളികയ്ക്കുള്ള ഭംഗി ഈ ക്ഷേത്രത്തിനില്ല. പിഞ്ഞാണികൊണ്ടു നിർമ്മിച്ചിട്ടുള്ള ചൈത്യം വൃക്ഷങ്ങളും വല്ലികളും നിറഞ്ഞ ഒരു മലയുടെ ചെരുവിലാണു് സ്ഥിതിചെയ്യുന്നതു്. സൂര്യരശ്മി തട്ടി അതാകമാനം തിളങ്ങുന്നതു കാണുമ്പോൾ വിവിധരത്നങ്ങൾകൊണ്ടുതന്നെ നിർമ്മിച്ചതാണെന്നു് ആർക്കും തോന്നാതിരിക്കിയില്ല.
ഇങ്ങനെ പീക്കിങ്ങിന്റെ വിശേഷങ്ങൾ പറഞ്ഞാൽ അവസാനിക്കുന്നതല്ല. യൂറോപ്യന്മാർക്കു പലവിധത്തിലുള്ള വിചിത്രസാധനങ്ങൾ വലിയ വില കൊടുത്തു വാങ്ങുവാനുള്ള ഔത്സുക്യംനിമിത്തം പുരാതനവസ്തുക്കളുടെ വലിയൊരു വാണിഭസ്ഥലമാണു് പീക്കിങ്ങെന്നു പറയേണ്ടതില്ലല്ലോ. അങ്ങനെയുള്ള സാധനങ്ങൾ വില്ക്കുന്നതിന്നുതന്നെ പ്രത്യേകം തെരുവുകളുണ്ടു്. ‘ജേഡു’തെരുവു്, തുന്നൽപ്പണിത്തെരുവു് എന്നിങ്ങനെയെല്ലാം പേരുകളുള്ള ഇടവഴികളിൽ പ്രഭാതം മുതൽ ഇരുട്ടുന്നതുവരെ എല്ലാ രാജ്യത്തുനിന്നുമുള്ള ആളുകൾ കാഴ്ചയ്ക്കു ഭംഗിയുണ്ടെങ്കിലും മിക്കവാറും വ്യാജനിർമ്മിതവും ഒരുപയോഗവുമില്ലാത്തതുമായ ‘പുരാതനവസ്തുക്കൾ’ വാങ്ങുന്ന ബഹളം കാണേണ്ടതുതന്നെയാണു്.
ഞങ്ങൾ രണ്ടാഴ്ചയോളം പീക്കിങ്ങിൽ താമസിച്ചു. പീക്കിങ്ങിലെ പ്രധാനസർവ്വകലാശാലയുടെ അധ്യക്ഷനും എന്റെ ഉത്തമസ്നേഹിതനുമായ ഡാക്ടർ ഹൂഷി അവിടെ ചില പ്രസംഗങ്ങൾ ചെയ്യണമെന്നു് എന്നോടു മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ പണ്ഡിതന്മാരിൽ ഒരാളെന്നു സർവ്വസമ്മതനായ അദ്ദേഹം അമേരിക്കയിൽ അമ്പാസഡറായും നാലു വർഷം ജോലി നോക്കിയിട്ടുണ്ടു്. അക്കാലംതൊട്ടു് അദ്ദേഹത്തോടു് എനിക്കു പരിചയവും സ്നേഹവുമായതിനാൽ അദ്ദേഹത്തിന്റെ നിർബന്ധപൂർവ്വമായ അപേക്ഷയെ നിരസിക്കുക സാധ്യമല്ലായിരുന്നുതാനും. നാഷ്ണൽയൂണിവേർസിറ്റിയിൽ പ്രസംഗിക്കാമെന്നേറ്റ സ്ഥിതിക്കു മറ്റഞ്ചു യൂണിവേർസിറ്റികളുടെയും മറ്റു പ്രധാനസംഘങ്ങളുടെയും ക്ഷണനവും സ്വീകരിക്കേണ്ടതായിട്ടാണു് വന്നതു്. അങ്ങനെ പീക്കിങ്ങിൽ താമസിച്ച ആ രണ്ടാഴ്ചയിടയിൽ ഇൻഡ്യയെസ്സംബന്ധിച്ചു ഞാൻ പത്തു പ്രസംഗങ്ങൾ ചെയ്കയുണ്ടായി. അവയിൽ അഞ്ചെണ്ണം ‘ഇന്ത്യയുടെ പശ്ചാത്തലം’ (The Background of India) എന്ന പേരിൽ ഇന്ത്യാഗവണ്മെന്റ് അച്ചടിച്ചിട്ടുണ്ടു്.
ഇൻഡ്യാഗവണ്മെന്റിൽനിന്നു വേതനങ്ങൾ വാങ്ങി എട്ടു വിദ്യാർത്ഥികൾ അന്നു പീക്കിങ്ങ് സർവ്വകലാശാലയിൽ പഠിക്കുന്നുണ്ടായിരുന്നു. അവരിൽ മൂന്നു പേർ ചീനരുടെ ചിത്രകലയും ഒരാൾ ആ നാട്ടിലെ വൈദ്യസമ്പ്രാദായവും മറ്റുള്ളവർ ദർശനങ്ങളുമാണു് അഭ്യസിച്ചിരുന്നതു്. ‘ഫൂ-പി യോൺ’ എന്ന അഖിലലോകപ്രശസ്തി നേടിയിട്ടുള്ള ഒരു ചിത്രകാരനായിരുന്നു നാഷ്ണൽയൂണിവേർസിറ്റി വക ചിത്രകലാവിദ്യാലയത്തിന്റെ അധ്യക്ഷൻ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു പ്രദർശനം പതിനഞ്ചു വർഷം മുൻപു പാരീസ്സിൽവെച്ചു കാണുവാനും അഭിനന്ദിക്കുവാനും എനിക്കു ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം ഇൻഡ്യയിൽ രണ്ടു വർഷം താമസിച്ചു ഭാരതീയചിത്രകലയുടെ രഹസ്യം മനസ്സിലാക്കിയിട്ടുണ്ടെന്നുമാത്രമല്ല ഗാന്ധിജി, ടാഗോർ മുതലായവരുടെ സ്നേഹം സമ്പാദിച്ചിട്ടുണ്ടു്. ഞാൻ പീക്കിങ്ങിൽ എത്തിയിട്ടുള്ള സംഗതി മനസ്സിലാക്കി എന്നെ ബഹുമാനിക്കുന്നതിനായി, അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു പ്രദർശനം നടത്തിയതു് ഇവിടെ വ്യക്തവുമാണു്.
ഇങ്ങനെ പീക്കിങ്ങിന്റെ സർവ്വതോമുഖമായ മാഹാത്മ്യം കണ്ടും കൊണ്ടാടിയും രണ്ടാഴ്ച കഴിച്ചശേഷം ഞങ്ങൾ നാങ്കിങ്ങിലേയ്ക്കു മടങ്ങി.
ഇളകിത്തുടങ്ങിയിരുന്ന കൊടുംകാറ്റു സപ്തെമ്പർമാസം കൊണ്ടു് ഉത്തരചൈന മുഴുവൻ ബാധിച്ചു്, എന്തെന്നില്ലാത്ത കോലാഹലങ്ങൾക്കു കാരണമായിത്തീർന്നിരിക്കുന്നു എന്നു ഞാൻ നാങ്കിങ്ങിലേയ്കു മടങ്ങിപ്പോഴേയ്ക്കു എനിക്കു മനസ്സിലായി. 15 ദിവസത്തിനകം പതിനഞ്ചുലക്ഷം പട്ടാളങ്ങൾ കമ്മ്യൂണിസ്റ്റുകാർക്കു കീഴടങ്ങിയെന്നും ഉത്തരചൈനയിലെ പ്രധാനമായ പല പ്രവിശ്യകളും മഞ്ചൂറിയാരാജാവും ഈ സമയം കൊണ്ടു കോമിൻടാങിനു നഷ്ടമായി എന്നും പറഞ്ഞാൽ നാങ്കിങ്ങിനെ ആഭിമുഖികരിച്ചിരുന്ന ദുർഘടദശ ഏതാണ്ടു മനസ്സിലാക്കുവാൻ സാധിക്കുന്നതാണല്ലോ. തിരിച്ചു നാങ്കിങ്ങിലെത്തിയപ്പോൾ രാജധാനിയിലെല്ലാംതന്നെ മ്ലാനമായാണു് കാണപ്പെട്ടതു് ഒക്ടോബർ 10-ാം തീയതി നടത്താറുള്ള ദേശീയദിനാഘോഷം തന്നെ ഈ വർഷം (1948) സംഗതികളുടെ ഗൗരവം നിമിത്തം ഉപേക്ഷിക്കയാണുണ്ടായതു്. ആകപ്പാടെ ഒരു പരാജയമനോഭാവമാണു് എങ്ങും കാണാനുണ്ടായിരുന്നതു്. ധനികരായ ചൈനക്കാർ കെട്ടും ഭാണ്ഡുവുമായി ആയിരക്കണക്കിനു പട്ടണം വിടുന്നുണ്ടായിരുന്നു. തീവണ്ടിവഴിയായും മോട്ടോറിലും കാൽനടയായും പട്ടണം വിട്ടു പോകുന്നവരെമാത്രമേ കാണ്മാനുണ്ടായിരുന്നുള്ളു. രാഷ്ട്രീയകക്ഷികളുടെ ഇടയിൽ “എല്ലാം നശിച്ചു, ഇനി എന്താണു് വരാൻ പോകുന്നതു്” എന്ന ഭാവമാണുണ്ടായിരുന്നതു്. ഈ വൈഷമ്യങ്ങൾക്കെല്ലാം തീക്ഷ്ണത കൊടുക്കുന്നതിനെന്നപോലെ, പണത്തിന്റെ വിലയും പൊടുന്നനെ കുറഞ്ഞു പോയി. ഒരു രൂപയ്ക്കുള്ള ഗോൾഡ് യുവാൺനോട്ടുകളുടെ വില ഒരാഴ്ചകൊണ്ടു പത്തണയിലും താഴ്‌ന്നു. സാമാനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചു എന്നുമാത്രമല്ല, അത്യാവശ്യപ്പെട്ടതു പോലും കമ്പോളങളിൽ കിട്ടുകയില്ലെന്നുമായി. പത്തു പറ അരിക്കു 600 രൂപയായി വിലയെന്നു പറഞ്ഞാൽ അതനുസരിച്ചു മറ്റു സാധനങ്ങളുടെ വിലയും കണക്കുകൂട്ടാവുന്നതാണു്.
ദുർഘടങ്ങൾ വർദ്ധിച്ചുവന്നതോടുകൂടി ച്യാങ്കായ്ഷേക് അധികാരമുപേക്ഷിച്ചു പോകണം എന്നും കമ്മ്യൂണിസ്റ്റുകാരുമായി ഉടനെ സന്ധിയുണ്ടാകണമെന്നും മറ്റു രാഷ്ട്രീയനായകന്മാർ പരസ്യമായിത്തന്നെ വാദിച്ചുതുടങ്ങി. അദ്ദേഹത്തിനുമാത്രം ഒരു കൂലുക്കവുമുണ്ടായിരുന്നില്ല. എത്ര വലിയ കൊടുങ്കാറ്റിലും ഇളകാത്ത ഒരു ഗിരിവര്യനെപ്പോലെ, ഈ ലഹളകളിലെല്ലാം അദ്ദേഹം സ്ഥിരമായി അചഞ്ചലമായി നിന്നതേ ഉള്ളു. അദ്ദേഹത്തിനോടു നേരിട്ടെതിർക്കുവാനുള്ള ശക്തിയോ മറുത്തു പറവാനുള്ള ധൈര്യമോ മറ്റു പ്രമാണികൾക്കില്ലായിരുന്നുതാനും. പക്ഷേ, ച്യാങിന്റെ പ്രതാപസൂര്യൻ അസ്തമനഗിരിയുടെ പിറകിൽ മറയാറായി എന്നുള്ളതിനു സംശയമില്ലായിരുന്നു. ദിവസംപ്രതി എന്നതുപോലെ പരാജയവാർത്തകൾ പുറത്തു വരുന്നതോടുകൂടി നൈരാശ്യഭരിതരായ നായകന്മാരും സേനാസംഘങ്ങളും മറുകക്ഷിയെ അഭയം പ്രാപിച്ചുതുടങ്ങി.
ഇങ്ങനെ ആകപ്പാടെ നാങ്കിങ്ങിൽ കോമിൻടാങ്ങുകാരുടെ ഇടയിൽത്തന്നെ ഛിദ്രം മൂർദ്ധന്യാവസ്ഥയെ പ്രാപിച്ച ഘട്ടത്തിൽ, ഒരു ദിവസം വളരെ വലുതും അതിമനോഹരവുമായ ഒട്ടധികം ‘ക്രിസാന്തമ’കുസുമങ്ങൾ കൊട്ടാരത്തിൽനിന്നു മാഡം ച്യാങിന്റെ ഉപഹാരമായി എന്റെ ഭാര്യയ്ക്കു കൊടുത്തയച്ചിരുന്നു പാർലിമെന്റിലും പൊതുജനങ്ങളുടെ ഇടയിലും മാഡം ച്യാങിനെ കർശനമായി അധിക്ഷേപിച്ചുവരുന്ന കാലമായിരുന്നു അതു്. അവർ രാജ്യദ്രോഹിയാണെന്നും അവരുടെ ഖേമിദ്രയോഗം കൊണ്ടാണു് ഈ നാശമൊക്കെ സംഭവിക്കുന്നതെന്നുമുള്ള അഭിപ്രായമേ കേൾക്കാനുണ്ടായിരുന്നുള്ളു. ആ സ്ഥിതിക്കു് ഇങ്ങനെ ഒരു സമ്മനം വന്നുചേർന്നതിനെപ്പറ്റി ഞാൻ ആശ്ചര്യപ്പെടാതിരുന്നില്ല. അന്നു വൈകുന്നേരം ഒരു പാർട്ടിയിൽ വെച്ചു ബ്രിട്ടിഷമ്പാസഡറുടെ ഭാര്യയെ കണ്ടപ്പോൾ മാഡം ച്യാങ് അവർക്കു വല്ലതും കൊടുത്തയച്ചോ എന്നു ഞാൻ അന്വേഷിച്ചു. ഇപ്പോൾ ക്രിസാന്തമം അവിടെയും ലഭിച്ചിട്ടുണ്ടെന്നു മനസ്സിലായി. മറ്റെമ്പസികളിലെങ്ങും കൊടുത്തയച്ചിട്ടില്ലെന്നും അറിഞ്ഞു. ഇതിന്റെ അർത്ഥമെന്തെന്നു് അധികകാലം സംശയത്തിലിരിക്കേണ്ടിവന്നില്ല. പിറ്റേ ദിവസം പ്രഭാതമായപ്പോഴേയ്കും മാഡം ച്യാങ് ചൈന വിട്ടു് അമേരിക്കയിലേയ്ക്കു പോയിരിക്കുന്നൂ എന്നുള്ള വർത്തമാനം ലോകമെല്ലാടവും പരന്നുകഴിഞ്ഞിരുന്നു.
ദുഃഖപര്യവസായിയായ ഒരു ഘോരനാടകത്തിൽ ഒടുവിലത്തെ അങ്കത്തിന്റെ വിഷ്കംഭമാണു് ഈ തിരോധാനമെന്നുള്ളതിൽ ആർക്കും സംശയമുണ്ടായില്ല. നിർമ്മൂലനാശിനിയായിട്ടാണു് അവസാനിച്ചതെങ്കിലും മെയ്ലിങ്സുങ് (മാഡം ച്യാങ്) തന്റെ അസാമാന്യബുദ്ധിശക്തികൊണ്ടും സാമർത്ഥ്യംകൊണ്ടും അധികാരശക്തികൊണ്ടും ചൈനാചരിത്രത്തെ മാറ്റിയെഴുതിയതായി ആരും സമ്മതിക്കും. ഒരു കാൽശതാബ്ദം നീണ്ടുനിന്ന അവരുടെ പ്രതാപംകൊണ്ടു രാജ്യത്തിനു ഗുണമാണുണ്ടായതെന്നു പറവാൻ ആളുകൾ ഉണ്ടാകുമോ എന്നു സംശയിക്കുന്നു. എന്നാൽ അവരുടെ പെരുമയെയും പ്രതാപത്തെയും അപലപിക്കുവാൻ ആരും തന്നെ ഉണ്ടാകയില്ല.
പിന്നെയും ഒരു മാസത്തോളം സ്വന്തം കക്ഷിയിലുള്ള വിരോധികൾക്കു കീഴടങ്ങാതെ ച്യാങ് ഏകാകിയായി നിന്നു യുദ്ധം ചെയ്തു. ഒടുവിൽ അദ്ദേഹവും ജനുവരി 22-ാം തീയ്യതി ഒഴിഞ്ഞുപോകുകയാണുണ്ടായതു്. പിന്നീടുണ്ടായ സംഗതികൾ വിസ്തരിച്ചിട്ടു കാര്യമില്ല. ആക്റ്റിങ്ങ് പ്രെസിഡെണ്ടായി വാഴിക്കപ്പെട്ട ലീ കമ്മ്യൂണിസ്റ്റകാരുമായി സന്ധിചെയ്വാനാണു് ഉദ്ദേശിച്ചതു്. ആ ആലോചനകൾ വിഫലമായപ്പോൾ ഗവണ്മെന്റും ആദ്ദേഹവും രാജധാനിയെ ഉപേക്ഷിച്ചു ചൈനയുടെ ഏറ്റവും തെക്കുഭാഗത്തുള്ള കാൻടൺനഗരത്തിൽ അഭയം പ്രാപിച്ചു.
ഈ സന്ധിയാലോചനകൾ നിമിത്തം യുദ്ധം തൽക്കാലമായി അവസാനിച്ചിരിക്കുന്ന അവസരം നോക്കി ഞാൻ മൂന്നാഴ്ചയ്ക്കായി ഇൻഡ്യയിലേയ്ക്കു പോന്നു. ഈ യാത്രയ്ക്കു പല ഉദ്ദേശങ്ങളുണ്ടായിരുന്നു. ചൈനായിലെ സംഭവങ്ങളുടെ വാസ്തവരൂപം പ്രധാനമന്ത്രിയെ മനസ്സിലാക്കി അതിനെപ്പറ്റി അദ്ദേഹത്തിനോടും വിദേശകാര്യഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥന്മാരോടും ആലോചനകൾ നടത്തുകയായിരുന്നു അവയിൽ പ്രധാനമായിട്ടുള്ളതു്. അകലത്തിരുന്നു് ഈ സംഭവങ്ങളുടെ ഗൗരവമോ അവ ഏതുവിധത്തിൽ ഇൻഡ്യയെയും മറ്റയൽരാജ്യങ്ങളെയും ബാധിക്കുമെന്നോ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുന്നതല്ലല്ലോ. ചൈനയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളിൽ ഇൻഡ്യയുടെ നയമെന്തായിരിക്കണം? പുതിയ അധികാരികൾ രാജ്യം കൈവശമാക്കിയാൽ അവരോടു പെരുമാറേണ്ടതെങ്ങനെ? അമേരിക്ക കമ്മ്യൂണിസ്റ്റുകാരോടു പിണങ്ങി നയബന്ധങ്ങൾ വേണ്ടെന്നുവെയ്ക്കകയാണെങ്കിൽ നാം ഏതു നിലയാണു് കൈക്കൊള്ളുവാൻ പോകുന്നതു്? ഇങ്ങനെ പല കാര്യങ്ങൾ ആലോചിച്ചു തീർച്ചയാക്കേണ്ടതുണ്ടായിരുന്നു.
മാർച്ചുമാസം 26-ാം, തീയ്യതിയാണു് ഞാൻ ദെല്ലിയിലെത്തിയത്, ഏപ്രിൽ 16-ാം തീയ്യതി അവിടം വിട്ടു തിരികെ പോരികയും ചെയ്തു ഈ മൂന്നാഴ്ചയ്ക്കിടയിൽ തിരുവിതാംകൂറിൽ പോയി മൂന്നുനാലു ദിവസം വീട്ടിൽ താമസിച്ചു. കുടുംബത്തിൽ ആവശ്യമായിത്തീർന്നിരുന്ന ഭാഗം നടത്തുകയുമുണ്ടായി. ദെല്ലിയിൽ അതുകൊണ്ടു 12 ദിവസമേ താമസിക്കുവാൻ അവസരം ലഭിച്ചുള്ളുവെങ്കിലും അതിനിടയിൽ നെഹ്റുവിനെ അഞ്ചാറുപ്രാവശ്യം കാണുന്നതിനും സംഗതികൾ വേണ്ടതുപോലെയെല്ലാം ആലോചിച്ചു തീർച്ചയാക്കുന്നതിനും ഇടകിട്ടി.
ഇത്ര ധൃതിയിൽ ചൈനയിലേയ്ക്കു തിരികെ പോരുവാൻ വിശേഷിച്ചു ചില കാരണങ്ങളുണ്ടായിരിക്കുന്നു. ഭാര്യയെയും കുട്ടികളെയും നാങ്കിങ്ങിൽ താമസിപ്പിച്ചിട്ടാണു് ഞാൻ ഇൻഡ്യയിലേയ്ക്കും പോന്നിരുന്നതു്. ഒരു മാസത്തിനകം വലിയ കലാപങ്ങളൊന്നുമുണ്ടാകയില്ലെന്നുള്ള വിശ്വാസം കൊണ്ടാണു് ഞാൻ അങ്ങനെ ചെയ്തതു്. എന്നാൽ ദിനംപ്രതി കിട്ടിക്കൊണ്ടിരുന്ന വർത്തമാനങ്ങൾ സംഭ്രമജനകമായിരുന്നുതാനും. കമ്യൂണിസ്റ്റ്കാരുമായുള്ള സന്ധിയാലോചനകൾ തകർന്നുവെന്നും നാങ്കിങ്ങിൽ വെടി വീണുതുടങ്ങിയെന്നും തന്നെ ഒരു ദിവസം പത്രങ്ങൾ പ്രസിദ്ധപ്പെടുത്താതിരുന്നില്ല. അങ്ങനെയാണെങ്കിൽ എന്റെ കുടുംബം യുദ്ധരംഗത്തിൽപ്പെട്ടുപോകയും ഞാൻ അപകടമൊന്നുമില്ലാതെ ദൂരത്തായി ഭവിക്കുയും ചെയ്യുമല്ലോ എന്നായിരുന്നു സങ്കടം. നാങ്കിങ്ങ് യുദ്ധക്കളമായി മാറുകയാണെങ്കിൽ എന്തൊക്കെയാണു് അവിടെ സംഭവിക്കാൻ പാടില്ലാത്തതു്?
ഏപ്രിൽ 18-ാം തീയ്യതി ആറുമണിക്കുശേഷമാണു് ഞാൻ ഷാങ് ഹായിൽ തിരികെയെത്തിയതു്. ദൈവാധീനം കൊണ്ടു് അതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. അന്നു രാത്രിതന്നെ നാങ്കിങ്ങിലേയ്ക്കു തിരിച്ചു. അതായിരുന്നു ഷാങ്ഹായിൽനിന്നു കോമിന്റാങ്ങുകാരുടെ ഒടുവിലത്തെ തീവണ്ടി. പിറ്റേദിവസത്തെ വണ്ടി വഴിയിൽ തടയപ്പെട്ടു ഇങ്ങനെ, മുഹൂർത്തത്തിനുതന്നെ വന്നെത്തുവാൻ സാധിച്ചുവെന്നു പറയാം. ഒരു ദിവസത്തെ താമസം എന്തുകൊണ്ടെങ്കിലും വന്നിരുന്നുവെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ നാങ്കിങ്ങ് കൈവശമാക്കുമ്പോൾ, ഞാൻ ഒരിടത്തും, എന്റെ കുടുംബം അവരുടെ അധീനത്തിലുമായി ഭവിച്ചേനെ?
സംഗതികളുടെ കിടപ്പെല്ലാം മാറിമറിഞ്ഞുകഴിഞ്ഞിരുന്നുവെന്നു് ആരും പറയാതെത്തന്നെ അറിയാമെന്ന സ്ഥിതിയാണു് നാങ്കിങ്ങിൽ കണ്ടതു്. എന്തെന്നില്ലാതെ ഒരു നിശ്ശബ്ദത പട്ടണത്തിൽ പരന്നു കഴിഞ്ഞിരുന്നു പല മാറ്റങ്ങൾ കണ്ടു കണ്ണു പഴകിയ ചൈനയിലെ സാധുജനങ്ങൾമാത്രം, ‘രാമനായാലും രാവണനായാലും നമുക്കെന്തു് ’ എന്ന മട്ടിൽ, ഒന്നുമറിയാത്ത ഭാവത്തിൽ പതിവുപോലെ തങ്ങളുടെ ജോലികളിൽ വ്യാപൃതരായിരുന്നു. എന്നാൽ തെരുവുകളിൽ അപൂർവ്വം ചില അംബാസഡർമാരുടെ കൊടി പറക്കുന്ന മോട്ടാറുകളല്ലാതെ വേറെ വാഹനങ്ങൾ കണ്ടിരുന്നില്ല. ഷോപ്പുകളും കച്ചവടസ്ഥലങ്ങളും മിക്കവാറും അടച്ചാണു് കിടന്നിരുന്നതു്. ആകാശത്തിൽ വിമാനങ്ങളുടെ ഇടവിടാതെയുള്ള ഇരപ്പുമാത്രം കേൾക്കാനുണ്ടായിരുന്നു. കോമിൻടാങ്ങുദ്യോഗസ്ഥന്മാർ തങ്ങളുടെ പണ്ടങ്ങളും പണവും കെട്ടിയെടുത്തു അഭയസ്ഥാനമന്വേഷിച്ചുപോകുന്ന കോലാഹലമായിരുന്നു അതെന്നു ആരും പറയേണ്ടതായുണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റുക്കാരുടെ അന്ത്യശാസനം പ്രസിഡണ്ട് ലീ യ്ക്കു ലഭിച്ചിരുന്നുവെന്നും 20-ാം തീയ്യതി രാത്രികൊണ്ടു് അവരാവശ്യപ്പെടുന്ന വ്യവസ്ഥകൾ സ്വീകരിക്കാത്തപക്ഷം, കമ്മ്യൂണിസ്റ്റ് സേനാപതികൾ യാങ്ടിസിനദി കടന്നു നാങ്കിങ്ങിനെ ആക്രമിക്കുമെന്നുമായിരുന്നു ആ ശാസനമെന്നും പട്ടണത്തിൽ എല്ലാവർക്കും മനസ്സിലായി. ഈ വ്യവസ്ഥകൾ സമ്മതിച്ചു രാജ്യത്തിൽ സമാധാനം പുലർത്തേണ്ടതാണെന്നു വാദിക്കുന്ന ഒരു പ്രബലകക്ഷി കോമിൻടാങ്കാരുടെ കൂട്ടത്തിൽത്തന്നെയുണ്ടായിരുന്നു. പ്രസിഡണ്ട് ലീയും അവരോടു ചാഞ്ഞാണു് നിന്നതു്. 20-ാം തീയ്യതി മൂന്നുമണിവരെ സമാധാനകക്ഷിക്കു ജയം ലഭിക്കാനിടയുണ്ടെന്നു പലരും വിശ്വസിച്ചിരുന്നു. പക്ഷേ, ഈ ഘട്ടത്തിൽ ച്യാങ് കായ്ഷേക്കിന്റെ വളയാത്തതും വഴങ്ങാത്തതുമായ മനഃശ്ശക്തിയാണു് സംഭവങ്ങളെ രൂപാന്തരപ്പെടുത്തിയതു്. കമ്മ്യൂണിസ്റ്റുകാരുടെ വ്യവസ്ഥകൾ സ്വീകരിക്കാൻ അദ്ദേഹം സമ്മതിക്കയില്ലെന്നു ഖണ്ഡിതമായി പ്രസിഡണ്ട് ലീയെ അറിയിച്ചപ്പോൾ, സമാധനത്തിനെതിരായി പ്രവർത്തിച്ചിരുന്ന സൈനികകക്ഷിക്കു പ്രാബല്യം ലഭിച്ചു. ഈ വ്യവസ്ഥകൾ സ്വീകരിക്കുന്നതു ശരിയല്ലെന്നാണു് അമേരിക്കനംബാസഡറും ഉപദേശിച്ചതു്.
പിറ്റേദിവസം (21-ാം തീയതി) 11 മണിക്കു ഫ്രഞ്ചെംബസ്സിയിൽ അംബാസഡറന്മാരുടെയും സ്ഥാനപതികളുടെയും ഒരു യോഗമുണ്ടായി. ഡിപ്ലോമാറ്റിൿ സംഘത്തിന്റെ അധ്യക്ഷൻ അന്നു ഫ്രഞ്ചമ്പാസഡറായിരുന്നു. ചൈനീസ് ഗവണ്മെന്റ് സംഗതികൾ വിവരിച്ചു് അദ്ദേഹത്തിനയച്ചിരുന്നസന്ദേശത്തെപ്പറ്റി നിരൂപണംചെയ്യാനാണു് യോഗം വിളിച്ചുകൂട്ടിയിരുന്നതു്. തലേന്നു രാത്രി പന്ത്രണ്ടുമണിക്കു്, കമ്യൂണിസ്റ്റുകാർ നാൻകിങ്ങിന്നു കിഴക്കും പടിഞ്ഞാറും ഓരോ സ്ഥലത്തു യാങ്ടിസിനദി തരണം ചെയ്തിട്ടുണ്ടെന്നും അടുത്ത ദിവസം നാൻകിങ്ങിൽത്തന്നെ അവർ വന്നുചേരുമെന്നും, അതുകൊണ്ടു് അമ്പാസഡർമാർ ഗവണ്മെന്റിനെ അനുഗമിച്ചു് അന്നു വൈകുന്നേരം തന്നെപോകേണ്ടതാണെന്നും അല്ലാതെ നാൻകിങ്ങിൽ താമസിക്കുവാനാണു് തീർച്ചപ്പെടുത്തുന്നതെങ്കിൽ, അവരുടെ രക്ഷയെപ്പറ്റി തങ്ങൾക്കു ബാധ്യതയൊന്നുമില്ലെന്നുമായിരുന്നു ആ സന്ദേശത്തിന്റെ സാരം രാജധാനി ഉപേക്ഷിച്ചു്, എങ്ങോട്ടെന്നറിയാതെ ഓടിപ്പോകുന്ന ഗവണ്മെന്റിനെ പിന്തുടരുവാൻ ഞങ്ങളിലാരും തന്നെ തയ്യാറില്ലായിരുന്നു. കമ്മ്യൂണിസ്റ്റകാർ നാൻകിങ്ങ് കൈവശപ്പെടുത്തുമ്പോൾ ഞങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്നു് ആരുമാലോചിച്ചിട്ടുപോലുമില്ല. തങ്ങളുടെ ജോലിസ്ഥലം വിട്ടുപോകുന്നതു് ഒരു പോരായ്മയാണെന്നുള്ള വിചാരമാണു് എല്ലാവർക്കുമുണ്ടായിരുന്നതു്. കമ്യൂണിസ്റ്റകാർ തങ്ങളെ അമ്പാസഡറന്മാരായിത്തന്നെ ഗണിക്കയില്ലെന്നും തങ്ങൾക്കു വിവിധതരത്തിലുള്ള ക്ലേശങ്ങളും തേജോഭംഗങ്ങളും അനുഭവിക്കേണ്ടിവരുമെന്നും അറിഞ്ഞെങ്കിൽ എത്രപേർ ഈ തീരുമാനത്തിൽ പങ്കുകൊണ്ടേയ്ക്കുമെന്നു തീർച്ച പറഞ്ഞുകൂടാ. എന്തു വന്നാലും നാൻകിങ്ങിൽത്തന്നെ താമസിക്കണമെന്നാണു് പണ്ഡിറ്റ് നെഹ്റു വിന്റെ അഭിപ്രായം. അതുകൊണ്ടു് എനിക്കീ കാര്യത്തിൽ സന്ദേഹമൊന്നുമുണ്ടായില്ല. മാത്രമല്ല, മറ്റുള്ളവരും നാൻകിങ്ങിൽത്തന്നെ താമസിക്കണമെന്നായിരുന്നു എനിക്കാഗ്രഹം.
അന്നു രാത്രികൊണ്ടു കോമിൻടാങ്ങുദ്യോഗസ്ഥന്മാരെല്ലാം നാൻകിങ്ങ് വിട്ടു. (22-ാം തീയതി) നേരം വെളുത്തപ്പോൾ ഒരു പോലീസുകാരനെപ്പോലും റോഡുകളിൽ കാണ്മാനില്ലായിരുന്നു. പത്തുമണിയോടുകൂടി ഉദ്യോഗസ്ഥന്മാരുടെ വീടുകളിൽ കൊള്ളക്കാർ പ്രവേശിച്ചുതുടങ്ങിയെന്നും പട്ടണത്തിലെ പല പ്രധാനകെട്ടിടങ്ങൾക്കും തീ കൊളുത്തിയിരിക്കുന്നു എന്നുമുള്ള ശ്രുതി പരന്നുകഴിഞ്ഞു. കമ്യൂണിസ്റ്റ്കാർ പ്രവേശിച്ചുകഴിഞ്ഞിട്ടില്ലാത്തതിനാൽ ആശാനില്ലാത്ത ഒരു കളരിപോലെയായി അന്നു നാൻകിങ്ങ് കോമിൻടാങ്കാർ ഒഴിഞ്ഞിട്ടുപോയ ഹർമ്മ്യങ്ങൾ കൊള്ളയിടുന്നതിനായിരുന്നു ജനങ്ങൾക്കുത്സാഹം. ഇന്ത്യനെമ്പസ്സി ആപ്പീസുകളെ തൊട്ടുളള ഗൃഹം നാൻകിങിന്റെ മേയർ താമസിച്ചിരുന്ന സർക്കാർഭവനമായിരുന്നു. ഒരൊമ്പതുമണിയായപ്പോൾ മുതൽ അവിടെ ജനങ്ങൾ പ്രവേശിച്ചുതുടങ്ങി. ഒരു ലഹളയും ശബ്ദവും കോലാഹലവുമൊന്നുമില്ലാതെ, വളരെ മര്യാദയോടെയാണു് അവർ ആ വീട്ടിന്റെ കട്ടിളകൾ ജനാലകൾ മുതലായവപോലും പൊളിച്ചെടുത്തതു്. മൂന്നുമണിയോടുകൂടി അവർ ആ ജോലി പൂർത്തിയാക്കിയപ്പോൾ കല്ലുകൊണ്ടുള്ള ഭാഗങ്ങളല്ലാതെ ആ വീട്ടിൽ വേറൊന്നും കാണ്മാനില്ലായിരുന്നു. കുട്ടികളും കുഞ്ഞുങ്ങളും തള്ളമാരും മുത്തശ്ശികളും എല്ലാവരും ഇതിൽ പങ്കുകൊണ്ടിരുന്നു. ഒരു കയ്യിൽ കുഞ്ഞും മറ്റേ കയ്യിൽ മോഷ്ടിച്ചെടുത്ത വസ്ത്രങ്ങളുമായി നാല്പതുവയസ്സായ ഒരു സ്ത്രീ ആ വീട്ടിൽനിന്നിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ കൊള്ളയിടുന്നതിനും ചൈനാക്കാർക്കു ചില മര്യാദകളുണ്ടെന്നു എനിക്കു തോന്നാതിരുന്നില്ല.
ഇങ്ങനെ ഒരു സംഘമധികാരികൾ മറഞ്ഞു വേറൊരു സംഘം കയ്യേറ്റെടുക്കുന്നതിനിടയ്ക്കു പലവിധത്തിൽ ഏടാകൂടമുണ്ടാകാമെന്നു ഞാൻ മുൻകുട്ടി കാണായ്കയില്ല. അങ്ങനെയുള്ള അവസരങ്ങളിലാണാല്ലോ അരാജതകത്വത്തിന്റെ പൈശാചികരൂപം പൂർണ്ണമായി തെളിഞ്ഞുകാണുക. തങ്ങളുടെ ഇടയിൽ അങ്ങുമിങ്ങുമായി, ഒരു രക്ഷയുമില്ലാതെ താമസിക്കുന്ന വിദേശീയരുടെ ഗൃഹങ്ങളിൽ കടന്നു അക്രമം പ്രവർത്തിക്കുവാൻ ചൈനക്കാർ മടിക്കയില്ലെന്നായിരുന്നു എന്റെ വിചാരം. വിശേഷിച്ചും എമ്പസ്സികളിൽ വളരെ വിലപിടിക്കുന്ന സാമാനങ്ങൾ കാണുമെന്നു് എല്ലാവവർക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടു കോമിൻടാങ് ഭരണം തകർന്നുതുടങ്ങുന്നുവെന്നു കണ്ടപ്പോൾ എമ്പസ്സിയുടെ രക്ഷയ്ക്കുവേണ്ടി ചില മുൻകരുതലുകൾ ചെയ്യേണ്ടതാണെന്നു് എനിക്കു തോന്നി. ഇതിന്നു ചില സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. ചൈനാക്കാർക്കു സൈന്യപരിശീലനം നല്ക്കുന്നതിനായി നാൻകിങിൽ താമസിച്ചിരുന്ന അമേരിക്കൻ സേനാസംഘം, അവരുടെ സ്വന്തമാവശ്യത്തിനായി ഇൻഡ്യാക്കാരായ അറുപതു സിക്കുകാരെ മിലിറ്ററിപോലീസായി നിയമിച്ചിരുന്നു. കോമിൻടാങിന്റെ പരാജയം സ്പഷ്ടമായതോടുകൂടി അമേരിക്കക്കാർ നാൻകിങ് വിട്ടുപോയപ്പോൾ ഈ സിക്കുകാർക്കു ജോലിയൊന്നുമില്ലാതെ തീർന്നു. അവരെ ഒരു ഗാട്ടസംഘമാക്കി ഇൻഡ്യാക്കാരുടെ വീടുകൾ കാക്കുവാൻ ഞാൻ വിനിയോഗിച്ചു. എന്റെ ഈ സംരംഭങ്ങൾ മനസ്സിലായപ്പോൾ കാമൺവെൽത്തെമ്പസ്സികളും തങ്ങളുടെ വസ്തുക്കളും വീടുകളും കാത്തു രക്ഷിക്കുന്നതിനു് ഈ സിക്കുകാരെ കിട്ടണമെന്നു് എന്നോടപേക്ഷിച്ചു. അതുകൊണ്ടു് ഏപ്രിൽ ഒന്നാംതീയതിമുതൽ ബ്രിട്ടൻ, ക്യാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഏമ്പസ്സികളിലെ രക്ഷയും എന്റെ കീഴിലുള്ള സിക്കുകാർ ഏറ്റെടുത്തു. അപകടം വർദ്ധിച്ചുവന്നതോടുകൂറ്റി ബർമ്മ, ബെൽജീയം മുതലായ രാജ്യങ്ങളും ഈ സഹായത്തിനപേക്ഷിച്ചുതുടങ്ങി.
ഈ മുൻകരുതലുകൾ നിമിത്തം, പോലീസുകാർ നാടുവിട്ടുപോയ ശേഷവും എമ്പസ്സികളി ആരും കയറി ആക്രമം പ്രവർത്തിക്കുന്നതിനു് ഒരുമ്പെട്ടില്ല. ചുറ്റും ലഹളകൾ നടന്നിരുന്നപ്പോഴും എമ്പസ്സിക്കകത്തു ഞങ്ങൾക്കൊരു ഭീതിയും തോന്നിയിരുന്നുമില്ല. ചൈനയിൽ വളരെക്കാലം താമസിച്ചു ജോലിചെയ്തിരുന്നവരായതുകൊണ്ടു്, ഈ സിക്കുകാർക്കു ഭാഷ സുപരിചിതമാണു്. ഭീമാകാരന്മാരായ അവരെ സാധാരണ ചൈനാക്കാർക്കു പേടിയുമാണു്. ഇൻഡ്യ സ്വതന്ത്രമായതോടുകൂടി അവരിൽ ദേശാഭിമാനം ഉദിച്ചിരുന്നതിനാൽ ഇൻഡ്യനെമ്പസ്സിയുടെ കീഴിൽ ഇങ്ങനെ ഒരു ജോലിചെയ്തു മറ്റു രാജ്യക്കാരെക്കൂടി സഹായിക്കാനിടയായതിൽ അവർക്കു ചാരിതാർത്ഥ്യമാണുണ്ടായിരുന്നതു്.
വിദേശീയർ ആരുംതന്നെ അന്നു് അധികമൊന്നും പുറത്തിറങ്ങി നടന്നില്ല. സംഗതികളുടെ സ്വരൂപം മനസ്സിലാക്കുന്നതിനായി ഞാൻ പട്ടണത്തിലാകെ ഒന്നു രണ്ടു പ്രാവശ്യം കാറിൽ ചുറ്റിസ്സഞ്ചരിച്ചതു സാഹസമായിപ്പോയിയെന്നു ബ്രിട്ടിഷമ്പാസഡർ ടെലിഫോണിൽ എന്നോടു പറയുകയുണ്ടായി. വെള്ളക്കാരോടു ചൈനാക്കാർക്കുള്ള ദ്വേഷം മറ്റുള്ളവരോടില്ലെന്നു് എനിക്കു പൂർണ്ണബോധമുണ്ടായിരുന്നതിനാലാണു് ഞാൻ അതിനൊരുമ്പെട്ടതു്.
അന്നത്തെ രാത്രി ഒരു കാളരാത്രിയായിരുന്നു എന്നു പറയാം. കമ്മ്യൂണിസ്റ്റുകാരെ ക്ഷണിച്ചുകൊണ്ട് വരുന്നതിനു് ഒരു പ്രതിനിധിസംഘം ആറ്റിനക്കരെയ്ക്കു പോയിട്ടുണ്ടെന്നു ഞങ്ങൾ അറിഞ്ഞു. പക്ഷേ, അവരുടെ പട്ടാളങ്ങൾ പുലർച്ചയിലല്ലാതെ നാൻകിങിൽ പ്രവേശിക്കയില്ലെന്നും അങ്ങനെ കയറിക്കഴിഞ്ഞാൽത്തന്നെ അധികാരം സ്ഥാപിച്ചു സംഗതികൾ ക്രമപ്പെടുത്തുന്നതിനു കുറച്ചു ദിവസം വേണ്ടിവരുമെന്നും അറിയാവുന്നതുകൊണ്ടു നഗരവാസികൾ ആകപ്പാടെ പരിഭ്രമിച്ചു വശായി വിദ്യുച്ഛക്തി നിന്നുപോയതുകൊണ്ടു പട്ടണം അന്ധകാരത്തിൽ മുങ്ങിക്കിടക്കുകയാണു്. പേരിനുപോലും ഒരു പോലീസുകാരനില്ല—കള്ളന്മാർക്കും മറ്റക്രമികൾക്കും ഇതിൽ കൂടുതൽ സഹായമെന്താണു് വേണ്ടതു്? കമ്യൂണിസ്റ്റുകാർ വല്ലവിധവും ഇങ്ങോട്ടു വന്നെത്തിയാൽ മതിയെന്നുള്ള വിചാരത്തോടുകൂടിയാണു് നഗരവാസികൾ അന്നു രാത്രി പോക്കിയതു.
ലോകത്തെയാകമാനം ഇളക്കിമറിക്കുന്ന ഒരു സംഭവമാണു് അന്നുണ്ടായതെന്നുള്ള ബോധം അപൂവ്വം ചിലർക്കേ ഉണ്ടായിരുന്നുള്ളു. ലോകചരിത്രത്തിലെ ഒരു യുഗമാണു് അന്നവസാനിച്ചതു്. കോമിൻടാങ്കാരെയുംകൊണ്ടു നാൻകിങിൽനിന്നു പോയ വിമാനങ്ങൾ അവസിതമായ ഒരു യുഗത്തിന്റെ ആത്മാവിനെയും കൊണ്ടാണു് എങ്ങോട്ടെന്നില്ലാതെ പോയതു്. ഉദിക്കുവാൻ പോകുന്ന യുഗം എങ്ങനെയാണു വരാൻപോകുന്നതെന്നു് ആർക്കും നിശ്ചയമില്ലായിരുന്നുതാനും. ഏതായാലും ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ചൈനായിലെ മാത്രമല്ല, വിദൂരദേശങ്ങളിലെക്കൂടി കുഞ്ഞുകുട്ടികളെയും അവരുടെ പരമ്പരകളെയും ബാധിക്കുമെന്നുള്ള വിചാരം ഞങ്ങൾക്കൊക്കെയുണ്ടായിരുന്നു.
1949 ഏപ്രിൽ 23 ലോകചരിത്രത്തിൽ പ്രധാനമായ ഒരു ദിവസമായി ഭാവിയിൽ ഗണിക്കപ്പെടുമെന്നുള്ളതിനു സംശയമില്ല അന്നു രാവിലെ എട്ടുമണിയോടുകൂടിയാണു് കമ്മ്യൂണിസ്റ്റുകാർ യാങ്ട്സി കടന്നു ചൈനയുടെ രാജധാനിയിൽ പ്രവേശിച്ചു വെന്നിക്കൊടി നാട്ടിയതു്. ആ സംഭവത്തോടുകൂടി ച്യാങ്കായ്ഷേക്കും കോമിൻടാങ് ചൈനയും മാത്രമല്ല പരാജിതരായതു്. നൂറൂവർഷം മുൻപു ചൈനയിലാരംഭിച്ച ഐറോപ്യ ജനങ്ങളുടെ അധികാരവും അതോടുകൂടി അവസാനിച്ചു. നൂറുവർഷം നീണ്ടുനിന്ന ആ സാമ്രാജ്യശക്തി പൗരസ്ത്യജനതയുടെ ബലഹീനതയെയും പരാധീനതയെയുമാണു് പ്രഖ്യാപനം ചെയ്തിരുന്നതു്. കാലം കൊണ്ടു് അതിന്റെ രൂപം മാറിയെങ്കിലും, കോമിൻടാങുകാർ തങ്ങളുടെ സ്വാതന്ത്ര്യം പാശ്ചാത്യരിൽനിന്നു വീണ്ടെടുക്കുന്നതിനുദ്യമിച്ചുവെങ്കിലും, ജപ്പാൻയുദ്ധവും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളും നിമിത്തം അവർക്കു് അമേരിക്കയുടെ ആശ്രയത്തിൽ കഴിയേണ്ടതായിട്ടാണു് വന്നതു്. അമേരിക്കായുടെ സഹായമില്ലാതെ ഗവണ്മെന്റുപോലും നടത്തിക്കൊണ്ടുപോവാൻ സാധിക്കാത്ത ഒരു സ്ഥിതി കോമിൻടാങിനു വന്നുചേർന്നിരുന്നു. യുദ്ധത്തിനുശേഷം ദാനമായും കടമായും വളരെക്കോടി രൂപാ അമേരിക്ക ചൈനയ്ക്കു നല്കിയിരുന്നു. ചൈനയിലെ വ്യവസായങ്ങൾ നടത്തിക്കൊണ്ടുപോന്നിരുന്നതും അവരുടെ സൈന്യത്തെ പരിശീലിപ്പിച്ചിരുന്നതും അവർക്കായുധങ്ങൾ കൊടുത്തിരുന്നതുമെല്ലാം അമേരിക്കതന്നെയാണു് കമ്മ്യൂണിസ്റ്റുകാരുടെ വിജയംകൊണ്ടു്, പാശ്ചാത്യശക്തികൾക്കു ചൈനയിലുണ്ടായിരുന്ന ആ പ്രതാപം പൊടുന്നനെ അവസാനിക്കയാണു് ചെയ്തതു്.
നാൻകിങ്ങിൽ പ്രവേശിച്ചതോടുകൂടി യുദ്ധം അവസാനിച്ചതായോ ശിഷ്ടമുള്ള ഭാഗങ്ങൾ ഉടനെ കീഴടങ്ങിയതായോ വിചാരിക്കുന്നതു ശരിയല്ല. യുദ്ധത്തിന്റെ ജയാപജയങ്ങൾ തീരുമാനിക്കപ്പെട്ടു എന്നേയുള്ളു. ശിഷ്ടമുള്ള ഭാഗങ്ങൾ കൈവശപ്പെടുത്തന്നതിനും ചിന്നിചിതറിയ കോമിൻടാങ് സൈന്യഭാഗങ്ങളെ സംഹരിക്കുന്നതിനും കമ്മ്യൂണിസ്റ്റുകാർക്കു് വൈഷമ്യമൊന്നുമുണ്ടാകയില്ലെന്നു രണ്ടു കൂട്ടരും സമ്മതിച്ചിരുന്നു. നാൻകിങ്ങിൽ പ്രവേശിച്ചതോടുകൂടി ജയം അനന്ദിഗ്ദ്ധമായിത്തിർന്നു എന്നുമാത്രമല്ല, വിരോധികൾക്കു മേലിൽ ഗതിയൊന്നുമില്ലെന്നു തീർച്ചയാകയും ചെയ്തു. പൊതുവേ യൂറോപ്യരുടെ പരാജയമായിട്ടാണു് ലോകമിതിനെ വ്യാഖ്യാനിച്ചതു് ഷാങ്ഹായ്, കാൻടൺ മുതലായ പ്രധാനസ്ഥലങ്ങൾ കോമിൻടാങ്കാരുടെ കയ്യിലായിരുന്നുവെങ്കിലും അവയും കീഴടങ്ങുവാൻ താമസമുണ്ടാകുമെന്നു് ആരും സംശയച്ചില്ല.
അധികാരം പുനഃസ്ഥാപിക്കപ്പെട്ടതോടുകൂടി കൊള്ളയും കവർച്ചയുമെല്ലാം ഒന്നോടെ നിന്നു. കുറേ ദിവസമായി മുടങ്ങിക്കിടന്നിരുന്ന വിദ്യുച്ഛക്തിയും വീടുകളിൽ ലഭിച്ചുതുടങ്ങി പക്ഷേ, എവിടെ നോക്കിയാലും കമ്മ്യൂണിസ്റ്റുപട്ടാളത്തെമാത്രമേ കാണ്മാനുണ്ടായിരുന്നുള്ളു. ഒഴിഞ്ഞുകിടന്ന വീടുകൾ മിക്കവാറും പട്ടാളക്കാരുടെ താമസത്തിനായി അധികാരികൾ കൈവശപ്പെടുത്തി. ഇത്രവളരെ സൈന്യങ്ങൾ പട്ടണത്തിൽ തോക്കുംപിടിച്ചു നടക്കുന്നതു കണ്ടപ്പോൾ ആളുകൾ ആദ്യമൊന്നു പരിഭ്രമിച്ചു എന്നുള്ളതിനു സംശയമില്ല. എന്നാൽ ഒന്നുരണ്ടു ദിവസംകൊണ്ടു് ഈ ശങ്കകളും മാറി. ഷാപ്പുകളിൽ കയറി സാമാനമെടുക്കുന്നതോ പൊതുജനങ്ങളോടു് അനാവശ്യമായി ഇടപെടുന്നതോ വീടുകളിൽ ഉപദ്രവമുണ്ടാക്കുന്നതോ ആയ പട്ടാളമല്ല ഇതെന്നു ജനങ്ങൾക്കു ബോധ്യമായതോടുകൂടി, പുരവാസികൾ യഥേഷ്ടം സഞ്ചരിച്ചുതുടങ്ങി.
ഇങ്ങനെ ഭരണമാറ്റംകൊണ്ടു ചൈന വൈഷമ്യമൊന്നുമല്ലാതെയാണു് തീർന്നതെങ്കിലും വിദേശീയരായ ഞങ്ങളുടെ കഥ നേരെമറിച്ചാണെന്നു വേഗം പ്രത്യക്ഷപ്പെട്ടു. ഒന്നാമതായി, തങ്ങളുടെ ഗവണ്മെന്റിനെ മറ്റുരാജ്യക്കാർ അംഗീകരിക്കുന്നതുവരെ, അംബാസഡന്മാരുടെയും സ്ഥാനപതികളുടെയും സ്ഥാനം കമ്മ്യൂണിസ്റ്റുകാർ വകവെയ്ക്കുയില്ലെന്നു അവർ ഞങ്ങളെ അറിയിച്ചു. സ്വന്തം രാജ്യങ്ങളുമായി രഹസ്യമായ എഴുത്തുകുത്തുകൾ നടത്തുന്നതിനുള്ള ഏർപ്പാടുകൾ തുടർന്നുകൊണ്ടു പോകുവാനും എംബസികൾക്കനുവാദമില്ലെന്നായി. ഇങ്ങനെ ജോലിക്കു വിഘ്നമുണ്ടായി എന്നുമാത്രമല്ല, ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കപ്പെടുതാനും പട്ടണത്തിന്നകത്തല്ലാതെ കോട്ടയ്ക്കു പുറത്തിറങ്ങി ഒരു കാരണവശാലും വിദേശീയർ സഞ്ചരിച്ചുകൂടെന്നു് ഒരു നിയമം പുറത്തുവന്നപ്പോൾ ഞങ്ങളെ ബന്തോവസ്സിൽ വെച്ചിരിക്കയാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ലാതായി. ഇതുകൊണ്ടും അമ്പാസഡറന്മാരുടെ കഷ്ടപ്പാടുകൾ തീർന്നില്ല. എംബസി വകയായും സ്വന്തമാവശ്യങ്ങൾക്കും പണം മാറിക്കിട്ടുന്നതിനുള്ള ഏർപ്പാടുകളും തല്ക്കാലം നിർത്തലാക്കപ്പെട്ടു ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിനായും ആപ്പീസിലെ നിത്യച്ചെലവിനായും ഓരോ എംബസിയിലും ഒട്ടുവളരെ പണം പ്രതിമാസം ചെലവുണ്ടെന്നു പറയേണ്ടതില്ലല്ലോ. പവൻ, രൂപ, ഡാളർ, മുതലായ വിദേശ നാണയങ്ങൾ ബാങ്കുകൾമുഖാന്തരം മാറിവാങ്ങിയാണു് അങ്ങനെയുള്ള ചെലവുകൾ നടത്തുന്നതു്. വിദേശീയനാണയങ്ങൾ മാറ്റിക്കൂടെന്നു് ഒരു കല്പന ആദ്യമൊന്നരമാസത്തോളം അവർ നടപ്പിൽവരുത്തിയിരുന്നു. ഈ നിയമം കൊണ്ടു പല എംബസികളും വളരെകഷ്ടപ്പെട്ടു എന്നുള്ളതിനു സംശയമില്ല. ബ്രീട്ടഷെംബസിയിൽ ശമ്പളത്തിന്നുപോലും പണം തീരെയില്ലാതായിട്ടു കമ്മ്യൂണിസ്റ്റുകാരോടു അമ്പതിനായിരം പവനോളം വലിയ നഷ്ടപ്പെട്ട നിരക്കിൽ കടം മേടിക്കയാണുണ്ടായതു്. ഇന്ത്യനെംബസിയുടെ കാര്യവും എതാണ്ടിതുപോലെതന്നെയായിരുന്നു. കമ്മ്യൂണിസ്റ്റുകാർ വന്നാലുണ്ടാകാവുന്ന വൈഷമ്യങ്ങൾ വിചാരിച്ചു കുറെ വെള്ളിനാണ്യങ്ങൾ ഞാൻ വലിയ വിലയ്ക്കു വാങ്ങിശേഖരിച്ചിരുന്നു. ഈ മുൻകരുതൽകൊണ്ടു ദുർഘടഘട്ടം തരണം ചെയ്യാൻ സാധിക്കുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, രണ്ടാഴ്ച കൊണ്ടു അതെല്ലാം തീർന്നുകഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥന്മാരുടെ ഭക്ഷണത്തിന്നുള്ള പണംപോലും കയ്യിലില്ലെന്നു വന്നുചേർന്നു. അതുകൊണ്ടു ബ്രീട്ടിഷുകാർ ചെയ്തതുപോലെ അത്യാവശ്യത്തിനു കമ്മ്യൂണിസ്റ്റുകാരോടുതന്നെ കടം വാങ്ങിയാണു് ഞങ്ങളും കഴിച്ചതു്. ക്രമേണ വിദേശനാണയങ്ങൾ മാറിവാങ്ങാൻ അനുവാദം കിട്ടിയപ്പോൾ അവയുടെ നിരക്കു നാലിലൊന്നായി കുറച്ചു അതായതു്, ഒരു രൂപ മാറിയാൽ നാലണ വിലയുള്ള ചൈനീസ് നാണയമേ കിട്ടുകയുള്ളു എന്ന നിലയായി.
എംബസികളുടെ സ്ഥാനം വകവെയ്ക്കാതിരുന്നതുകൊണ്ടുമാത്രമല്ല കുഴപ്പങ്ങളുണ്ടായിത്തുടങ്ങിയതു്. അമേരിക്കനംബാസഡർ വീട്ടിനു പുറത്തു പോയ്കൂടാ എന്നും ഫ്രഞ്ചംബാസഡർ സ്വഗൃഹത്തിൽ തടവിലിരുന്നുകൊള്ളണമെന്നും. കല്പനയായപ്പോൾ മറ്റുള്ള അംബാസഡറന്മാർ അന്ധാളിച്ചു. ഇങ്ങനെ അന്യായമായ കല്പനകൾ പുറപ്പെടുവിച്ചതിന്റെ കാരണമെന്താണെന്നു് ഇതുവരെ ആർക്കും മനസ്സിലായിട്ടില്ല. ഏതായാലും ഒരാഴ്ചകഴിഞ്ഞു കമ്മ്യൂണിസ്റ്റുകാർ ഈ തടസ്സം പിൻവലിച്ചു. പട്ടണത്തിൽ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി പിന്നെ ചോദ്യമുണ്ടായില്ല.
ഇതുകൊണ്ടൊന്നും ഞങ്ങളുടെ വൈഷമ്യങ്ങൾ അവസാനിച്ചില്ല. വിദേശീയരെന്ന നിലയിൽ ഞങ്ങളെ കമ്മ്യൂണിസ്റ്റുകാർ ഉപദ്രവിച്ചില്ലെന്നു പറയാം. അംബാസഡർമാർ എന്നനിലയിൽ ഞങ്ങൾക്കെല്ലാ രാജ്യത്തിലുമുള്ള അവകാശങ്ങളെയും സ്ഥാനങ്ങളെയും അവർ വകവെയ്ക്കയില്ലെന്നുള്ള നിർബന്ധത്തിൽനിന്നാണു് മറ്റുള്ള വൈഷമ്യങ്ങളെല്ലാം ഉത്ഭവിച്ചതു്. അംബാസഡർമാരുടെ മോട്ടോറുകളെ നികുതിയിൽനിന്നൊഴിവാക്കുക എല്ലാ രാജ്യത്തുമുള്ള നടപടിയാണു് കാറുകൾക്കു വലിയൊരു സംഖ്യ ലൈസൻസ് ഫീ കൊടുക്കണമെന്നു അവർ ആവശ്യപ്പെട്ടു. അംബാസഡറെന്നപേരിൽ വരുന്ന എഴുത്തുകൾ വിതരണം ചെയ്തുകൂടെന്നും എക്സ്-അംബാസഡർ എന്നു വേണം എഴുതാനെന്നും ശാഠ്യമായി. ഇങ്ങനെയുള്ള നിസ്സാരസംഗതികളിൽ അവർ കാണിച്ച നിർബന്ധം മൂലം മിക്ക അംബാസഡറന്മാർക്കും വല്ല വിധത്തിലും തിരികെപ്പോയാൽ മതി എന്ന വിചാരമായി. അതിനും ഒരു നിവൃത്തിയില്ലായിരുന്നു. ഒരു മാസം കൊണ്ടു കമ്യൂണിസ്റ്റുകാർ ഷാങ്ഹായ്തുറമുഖം കൈവശപ്പെടുത്തിക്കഴിഞ്ഞുവെങ്കിലും പടക്കപ്പലുകൾ കോമിൻടാങ്ങുകാരുടെ കയ്യിലായിരുന്നതിനാൽ അവിടെനിന്നു കപ്പലുകളൊന്നും വിദേശങ്ങളിലേയ്ക്കു പോയിരുന്നില്ല. വല്ല വിധത്തിലും ഷാങ്ഹായിൽ ചെന്നുചേർന്നാൽ അവിടെ എന്തെങ്കിലും വഴിയുണ്ടാകുമെന്നു വിചാരിച്ചു അങ്ങോട്ടു ചാടിപ്പുറപ്പെട്ട അഫ്ഘാൺ മിനിസ്റ്റർക്കും കുടുംബത്തിന്നും ഒരു സഹായവുമില്ലാതെ വളരെ കഷ്ടപ്പെട്ടു് ഒട്ടധികം മാസം അവിടെ കഴിച്ചുകൂട്ടേണ്ടിവന്നു.
ഷാങ്ഹായിലേയ്ക്കു പോകുവാൻ തന്നെ പ്രത്യേകം അനുവാദങ്ങളും ഏർപ്പാടുകളും ആവശ്യമായിരുന്നു. ഒരാഴ്ചക്കുമുൻപു് അനുവാദത്തിനപേക്ഷിക്കണം അപേക്ഷ അനുവദിച്ചു കിട്ടിയാൽ വഴിക്കുപദ്രവങ്ങളുണ്ടാകാതിരിപ്പാൻ രക്ഷാഡിപ്പാർട്ടുമെണ്ടുമായി ആലോചിച്ചു പ്രത്യേകം ഏർപ്പാടുചെയ്യണം ഇങ്ങനെയെല്ലാം ശരിയാക്കി ഷാങ്ഹായിൽ ചെന്നുകഴിഞ്ഞാൽ അവിടെ പോലീസാപ്പീസുകളിൽ റിപ്പോർട്ടുചെയ്യണം ഇതെല്ലാം അംബസഡർമാർ നേരിട്ടുചെയ്യേണ്ടതില്ലെന്നും സിക്രട്ടറിമാർ മുഖാന്തരം മതിയെന്നും ഇതിലെല്ലാത്തിലും കവിഞ്ഞു വേറൊരു വൈഷമ്യംകൂടിയുണ്ടായി. കോമിൻടാങ്ങുകാർ പരാജിതരായി ഓടിയെങ്കിലും അവരുടെ വിമാനസൈന്യം ഷാങ്ഹായ്ക്കു അടുത്തുള്ള ഒരു ദ്വീപിൽ സ്ഥാനമുറപ്പിച്ചിരുന്നു. ആ താവളത്തിൽനിന്നു നാങ്കിങ്ങിലെത്തി നഗരത്തിലെ വിദ്യുച്ഛക്തിയാപ്പീസ് ജലവിതരണത്തിനുള്ള ഏർപ്പാടുകൾ എന്നിവ നശിപ്പിക്കുന്നതിനു തീവണ്ടികളിൽ ബോംബെറിയുന്നതിനും അവർ മുടങ്ങാതെ പരിശ്രമിച്ചുകൊണ്ടിരുന്നു. കാകതാലീയന്യായേന ഒരിക്കൽ ‘പവർ ഹൗസി’ൽ ബോംബു വീഴുകയാൽ ഞങ്ങൾക്ക് നാങ്കിങ്ങിൽ വെള്ളവും എലക്ട്രിസിറ്റിയും കിട്ടാതെയുമായി.
കോമിൻടാങുകാർ തങ്ങളുടെ നാവികസൈന്യമുപയോഗിച്ചു കപ്പൽസഞ്ചാരം തടഞ്ഞിരുന്നു. ഈ അക്രമപ്രവൃത്തിക്കു സഹായമായിട്ടു് അമേരിക്കയും നിന്നിരുന്നതുകൊണ്ടു ബ്രീട്ടീഷുകാരും ഈ ആജ്ഞയെ ലംഘിച്ചു ഷാങ്ഹായിലേയ്ക്കു കപ്പലുകൾ കൊണ്ടുവരുന്നതിനു തുനിഞ്ഞില്ല. അതു നിമിത്തം പുറംദേശങ്ങളിൽ നിന്നു വരുന്ന സാമാനങ്ങളുടെ വില കണക്കില്ലാതെ വർദ്ധിച്ചു ഒരു സാധാരണതരം സോപ്പിനു പന്ത്രണ്ടു രൂപയും, ഭക്ഷണപദാർത്ഥങ്ങൾക്കുപയോഗിക്കുന്ന എണ്ണയും റാത്തലിനു പതിനഞ്ചു രൂപയും സ്ത്രീകൾ മുഖത്തു തേയ്ക്കുന്ന ക്രീമിന്റെ ചെറിയ ഒരു ഡപ്പിയ്ക്കു അമ്പതു രൂപയും വിലയായി എന്നു പറഞ്ഞാൽ വിദേശീയർ ഈ കാലത്തു സഹിക്കേണ്ടിവന്ന ക്ലേശങ്ങൾ ഏതാണ്ടു മനസ്സിലാവുന്നതാണു്. പശുവിന്റെ പാൽ ചൈനയിൽ കിട്ടുന്ന ഒരു സാധനമല്ല. അതിനുപകരം ഞങ്ങൾ ഉപയോഗിക്കാറുള്ളതു് അമേരിക്കായിൽനിന്നു വരുന്ന പാല്പൊടിയാണു്. ഇറുക്കുമതി നിന്നതോടുകൂടി അതിന്റെയും വില ക്രമാതീതമായി വർദ്ധിച്ചു എന്നു പറയേണ്ടതില്ലല്ലോ. പാലില്ലാത്ത സ്ഥിതിക്കു തൈർ, വെണ്ണ, നെയ്യ് എന്നിവയുടെ കാര്യമെന്തു പറായാനാണു്. ആകെ ഒരു തടവിൽ പാർക്കുന്ന അനുഭവമാണു് ഞങ്ങൾക്കുണ്ടായതു്.
എഴുത്തുകൾ, പത്രങ്ങൾ എന്നിവ വന്നുചേരാതിരുന്നതാണു് ഇതിലും വലിയ സങ്കടമായി എല്ലാവരും കരുതിയതു്. മാർച്ചുമാസം 23-ാം തീയതി തൊട്ടു ഒക്ടോബർ അവസാനം വരെയുള്ള ആറുമാസത്തിനിടയിൽ തപാൽ നാങ്കിങ്ങിൽ കിട്ടിയിരുന്നില്ല. മറുദേശത്തു നടക്കുന്ന സംഗതികൾ റേഡിയോവഴിയല്ലാതെ അറിവാൻ സാധിച്ചിരുന്നില്ല. ഏതുവഴിക്കെന്നറിഞ്ഞുകൂടാതെ നാലെഴുത്തുകളും മൂന്നു പത്രപ്രതികളും ഒരിംഗ്ലീഷുമാസികയും ആഗസ്റ്റൊടുവിൽ വന്നുചേർന്നു എന്നുള്ളതും പറയേണ്ടതാണു്. എങ്ങനെയോ അകത്തു കടന്ന ഒരു ചെറുകപ്പലിൽ സ്ഥലം പിടിച്ചവയായിരിക്കണം ആ എഴുത്തുകളും പത്രങ്ങളും അവയിലൊന്നു് ഉള്ളൂരിന്റെ സ്മാരകമായി മാതൃഭൂമിവാരിക പ്രസിദ്ധപ്പെടുത്തിയ വിശേഷാൽ പ്രതിയായിരുന്നു. അങ്ങനെ ആഗസ്റ്റ് മുപ്പതാംതിയതിയാണു് ഉള്ളൂരി ന്റെ നിര്യാണം തന്നെ എനിക്കറിയാൻ ഇടയായതു്.
മഹാകവിയും ഞാനുമായി നേരിട്ടു പരിചയമില്ലായിരുന്നു വെങ്കിലും ഉള്ളൂർക്കവിത ബാല്യകാലം മുതൽ ഞാൻ വായിച്ചു ശീലിച്ചിട്ടുള്ളതുകൊണ്ടു് അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. പണ്ഡിതനും നിരന്തരപരിശ്രമിയും കൈരളിയുടെ ഏകാഗ്രഭക്തനുമായ അദ്ദേഹത്തെ എങ്ങനെ ബഹുമാനിക്കാതിരിക്കും? മലയാളഭാഷയുടെ സേവനം ഒരു വ്രതമായാണു് അദ്ദേഹം ഗണിച്ചിരുന്നതെന്നുള്ളതിനു തർക്കമില്ല ഉള്ളൂരിന്റെ കവിതയുടെ ഗുണദോഷങ്ങളെപ്പറ്റിയോ സാഹിത്യചരിത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന തെറ്റായ ചില അഭിപ്രായങ്ങളെപ്പറ്റിയോ ഇവിടെ വിചാരിക്കേണ്ട കാര്യമില്ലല്ലൊ. രാമപാണിവാദൻ കുഞ്ച്യൻനമ്പ്യാരാണെന്നു സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പരിശ്രമവും ഉണ്ണായിവാര്യരും ‘ഗിരിജാകല്യാണ’കർത്താവും ഒന്നാണെന്നു തെളിയിക്കുവാനുള്ള യത്നങ്ങളും സാഹിത്യഗവേഷണത്തിൽ അദ്ദേഹം ചെയ്ത വിപഥസഞ്ചാരങ്ങളായിരിക്കാം. ഇതൊക്കെ കണക്കാക്കിയാലും അദ്ദേഹത്തിന്റെ നാനാമുഖമായ കൈരളിസേവനത്തോടു തുല്യം പറവാൻ മറ്റാരുടേതാണുള്ളതു്? അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.
ഉള്ളൂരിന്റെ പുത്രൻ തന്റെ പിതാവിനെപ്പറ്റി മാതൃഭൂമി വാരികയിൽ എഴുതിയിരുന്ന ലേഖനത്തിൽനിന്നാണു് ‘സാഹിത്യകുശലൻ’ ടി. കെ. കൃഷ്ണമേനോൻ ദിവംഗതനായ കഥയും ഞാനറിഞ്ഞതു് കൃഷ്ണമേനോൻ അവർകളുമായി ഞാൻ ആദ്യം പരിചയപ്പെട്ടതു് 1919-ൽ ആയിരുന്നു. മേനോൻ ഉള്ളൂരിനെപ്പോലെ ഒരു ഗവേഷണപടുവോ പണ്ഡിതനോ കവിയോ ചരിത്രകാരനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹവും തികഞ്ഞ ഒരു സാഹിത്യഭക്തനായിരുന്നു. കവികളുടെയും പണ്ഡിതന്മാരുടെയും പുരസ്ക്കർത്താവെന്നുള്ള സ്ഥാനത്തിലാണു് അദ്ദേഹത്തിനു മോഹമുണ്ടായിരുന്നതു്. മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാനെ ക്കൊണ്ടു ‘കാദംബരികഥാസാരം’, ശുകകോകിലസന്ദേശങ്ങളുടെ തർജ്ജമ മുതലായവയെ രചിച്ചതു് അദ്ദേഹമാണല്ലോ. ‘ഇന്ത്യയിലെ മഹാന്മാർ’ മുതലാവയുടെ സമ്പാദകത്വവും അദ്ദേഹം വഹിച്ചിരുന്നു. തികഞ്ഞ ഒരു കൈരളീഭക്തനായിരുന്നു കൃഷ്ണമേനോനെന്നുള്ളതിനു സംശയമില്ല. അദ്ദേഹത്തിന്റെ സഹധർമ്മചാരിണി ടി. സി. കല്യാണിഅമ്മയും സാഹിത്യത്തിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ, ഈ ദമ്പതിമാർക്കു സാഹിത്യത്തിലുള്ള സ്ഥാനം അന്യോന്യബന്ധമുള്ളതായിരുന്നൂ എന്നു പറയാം.
ഉദ്യോഗപരമായ ജോലി നാമത്തിനു മാത്രമായിത്തീർന്നിരുന്നു. മറ്റു പ്രവർത്തനങ്ങളും ക്രമേണ സാധ്യമല്ലെന്നു വന്നതോടുകൂടി ഈ ജയിൽവാസം ഏതുവിധമാണു് വിനിയോഗിക്കേണ്ടതെന്നുള്ള വിചാരമായി. സാഹിത്യത്തിൽ പരിശ്രമിക്കുകതന്നെ ഉത്തമമെന്നുള്ള വിചാരത്തിൽ ഓരോന്നു ചെയ്വാനാരംഭിച്ചു. ‘ആത്മകഥ’യുടെ രണ്ടാംഭാഗത്തിലാണു് ആദ്യം കൈവെച്ചതു്. ‘കുമാരസംഭവ’ത്തിൽ ചില സർഗ്ഗങ്ങൾ തർജ്ജമ ചെയ്വാനുദ്യമിച്ചതും ഈയിടയ്ക്കായിരുന്നു. ഇന്ത്യയുടെ ഭാവിയെപ്പറ്റി ‘ശാന്തമായ വിപ്ലവം’ എന്ന പേരിൽ ഒരു പുസ്തകം എഴുതുവാനും അവസരം കിട്ടി. അതു പിന്നീടു ചാണക്യൻ എന്ന പേരുവെച്ചു പ്രസിദ്ധപ്പെടുത്തുകയാണുണ്ടായതു്. എന്നാൽ ഇവയിലല്ല എന്റെ മനസ്സു ദൃഢമായി പതിഞ്ഞിരുന്നതു്. ‘ഭഗവൽഗീത’ വായിച്ചു ശരിയായി പഠിക്കണമെന്നു വളരെക്കാലമായുള്ള ആഗ്രഹം സഫലമാക്കുവാൻ ഇതിൽ കവിഞ്ഞ സൗകര്യം ഒരുകാലത്തും ലഭിക്കുന്നതല്ലെന്നു തോന്നുകയാൽ അതിലാണു് എന്റെ ശ്രദ്ധ പൂർണ്ണമായി പതിഞ്ഞതു്. ഗീതയുടെ പല വ്യാഖ്യാനങ്ങൾ എന്റെ കൂടെ ഞാൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഡാ. രവിവർമ്മ യുടെ മലയാളത്തിലുള്ള ലളിതാവ്യാഖ്യാനത്തോടുകൂടെയുള്ള ശ്രീമദ് ഭഗവദ്ഗീത്, തിലക്കിന്റെ ഗീതാരഹസ്യം, അരവിന്ദഘോഷി ന്റെ ഗീതാപരമായ ഉപന്യാസങ്ങൾ, രാധാകൃഷ്ണന്റെ ഇംഗ്ലീഷ് തർജ്ജമ മുതലായവ കൈവശമുണ്ടായിരുന്നതുകൊണ്ടു ഗീതാപഠനത്തിൽ ഏർപ്പെടുന്നതിനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. കൂടാതെ, ചീനചരിത്രം നിഷ്കർഷമായി പഠിക്കുവാനും വിപുലമായ ചീനാസാഹിത്യത്തിൽ പരിചയം സമ്പാദിക്കുവാനും ഈ ആറു മാസകാലം ഞാൻ വിനിയോഗിച്ചു.
ഇങ്ങനെയെല്ലാം സമയമൊരുവിധത്തിൽ ഉപയോഗപ്രദമായി കഴിക്കുവാൻ എനിക്കു സാധിച്ചുവെങ്കിലും കമ്യൂണിസ്റ്റ്കാർ നാങ്കിങ്ങിൽ വന്നശേഷം, എന്റെ ജോലി നിരർത്ഥകമെന്നും അതു് ഏതുവിധത്തിലെങ്കിലും വേഗം അവസാനിപ്പിക്കേണ്ടതാണെന്നും എനിക്കു തോന്നിത്തുടങ്ങി. എങ്ങനെ ഈ ദുർഘടങ്ങളിൽനിന്നു രക്ഷപ്പെട്ടുപോകാൻ സാധിക്കുമെന്നൊരു വിചാരമാണു് ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നതു്. അമേരിക്കക്കാരുടെ സ്വരത്തിൽ പാരുഷ്യം വർദ്ധിച്ചുവരുന്നതു റേഡിയോമുഖാന്തരം ഞങ്ങൾക്കും കേൾക്കാമായിരുന്നു. ചൈനയും മറ്റു ദേശങ്ങളും തമ്മിലുള്ള വൈരം വർദ്ധിച്ചുവന്നതോടുകൂടി, വിദേശീയർക്കു ചൈനയിൽ താമസത്തിനുണ്ടായിരുന്ന വൈഷമ്യങ്ങളും വർദ്ധിച്ചുവന്നു. കമ്മ്യൂണിസ്റ്റുകാരല്ലാത്ത എല്ലാ രാജ്യക്കരെയും അമേരിക്കയുടെ ബന്ധുക്കളായി ചൈനക്കാർ കണക്കാക്കുമെന്നുള്ളതിനു സംശയമില്ലാതായി. അതുകൊണ്ടു തിരികെ പോകുന്നതത്യാവശ്യമാണെന്നു മറ്റു രാജ്യക്കാരായ അംബസഡർമാർ തീർച്ചയാക്കി.
പക്ഷേ, അതിനു സൗകര്യമെവിടെ? മറുരാജ്യങ്ങളിൽനിന്നു വിമാനങ്ങൾ ഷാങ്ഹായിലും നാങ്കിങ്ങിലും വന്നിരുന്നില്ല. സ്വന്തം വിമാനങ്ങൾ വരുത്തി അവയിൽ പോകാമെന്നുദ്ദേശിച്ചു ചില ഏർപ്പാടുകൾ ചെയ്തപ്പോൾ അവ വന്നിറങ്ങുന്നതിനു അനുവാദം തരികയില്ലെന്നു കമ്മ്യൂണിസ്റ്റുകാർ ഖണ്ഡിച്ചുപറഞ്ഞു. കപ്പലുകളെ കോമിൻടാങ്ങുകാർ തടഞ്ഞിരിക്കയായിരുന്നതിനാൽ ആ വഴിക്കും യാത്ര സാധ്യമല്ല. വളരെക്കാലമായി നീണ്ടുനിന്ന യുദ്ധം നിമിത്തം തീവണ്ടികൾ മിക്കവാറും നശിച്ചുപോയിരുന്നു. നാങ്കിങ്ങിൽനിന്നു ഷാങ്ഹായിലേയ്ക്കു മാത്രമേ ട്രെയിൻ വഴി സഞ്ചരിക്കുവാൻ സൗകര്യമുണ്ടായിരുന്നുള്ളു. ഷാങ്ഹായിലെത്തിയതുകൊണ്ടു ഫലവുമില്ലല്ലോ. ഇങ്ങനെ സർവ്വസ്വാതന്ത്ര്യങ്ങളും മുടങ്ങിയ ഒരു തടങ്കലിൽത്തന്നെയായി ഞങ്ങളുടെ ജീവിതം.
ആയിടയ്ക്കു അമേരിക്കക്കാരെ ചൈനായിൽനിന്നു തിരികേ കൊണ്ടുപോകുന്നതിനായി ഒരു പ്രത്യേകകപ്പൽ ഷാങ്ഹായിലെത്തി. ചൈനയിൽനിന്നു വിദേശീയരെല്ലാം പുറത്തു പോകയാണെങ്കിൽ തങ്ങളുടെ നയത്തിനു ശക്തികൂടുമല്ലോ എന്നായിരുന്നു അമേരിക്കൻഗവൺമെന്റിന്റെ വിചാരം. ആ കപ്പലിൽ പോകുന്നതു് എനിക്കു സമ്മതമല്ലായിരുന്നു. അമേരിക്കയുടെ കുടക്കീഴിൽ സഞ്ചരിക്കുന്നതിൽ ഭേദം മറ്റു സൗകര്യങ്ങളുണ്ടാകുന്നതുവരെ താമസിക്കതന്നെയാണെന്നു ഞാൻ തീർച്ചയാക്കി. ബർമ്മ, ഈജിപ്ത് മുതലായ പൗരസ്ത്യദേശങ്ങളുടെ അംബാസഡർമാർക്കും ഈ അഭിപ്രായംതന്നെയായിരുന്നു.
അക്ടോബർമാസത്തിൽ തങ്ങളുടെ രാജ്യാധികാരം നിയമാനുസൃതമെന്നു വകവെയ്ക്കാത്ത രാജ്യങ്ങളുടെ അംബാസഡർമാർ നാടുവിട്ടുപോയ്കൊള്ളുന്നതിനു് അനുവദിച്ചുകൊണ്ടു കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരവുണ്ടായി. അതിനെത്തുടർന്നു ഷാങ്ഹായിൽ വന്ന അടുത്ത ഒരു ബ്രീട്ടിഷ്കപ്പിലിൽ കയറി ഞങ്ങൾ നാങ്കിങ്ങുവരെ വന്നു. അവിടെയുള്ള ഇൻഡ്യക്കാർ ഞങ്ങളെ വളരെ സന്തോഷത്തോടെ സൽകരിച്ചതു ഞങ്ങൾ ജീവനോടെ ആ കലാപങ്ങൾക്കിടയിൽനിന്നു പുറത്തുപോന്നല്ലോ എന്നുള്ള സന്തോഷം കൊണ്ടായിരുന്നിരിക്കണം. മടങ്ങുംവഴി മൂന്നു ദിവസം റംഗൂണിൽ കാഴ്ചകൾ കാണുവാനും മറ്റുമായി താമസിച്ചശേഷമാണു് ഞങ്ങൾ കല്ക്കട്ടായിൽ എത്തിയതു്.
ഞാൻ നാട്ടിലേയ്ക്കു തിരിച്ചുപോരുമ്പോൾ ചൈനയിൽ കമ്മ്യൂണിസ്റ്റുകാർക്കു രാജ്യമാകമാനം അടങ്ങിക്കഴിഞ്ഞിരുന്നില്ല. ഏകദേശം പകുതി ഭാഗത്തേ അവർ അധികാരം നടത്തിക്കഴിഞ്ഞിരുന്നുള്ളു. മറ്റു പ്രദേശങ്ങളിൽ കോമിൻടാങിന്റെ അധികാരം ദിനംപ്രതിയെന്നതു പോലെ ശിഥിലമാകുന്നതു കാണാമെങ്കിലും കമ്യൂണിസ്റ്റുകാർ ആ മഹാരാജ്യം നിസ്സപത്നമായി ഭരിക്കുന്ന സ്ഥിതി എത്തികഴിഞ്ഞില്ല. ഏഷ്യാഭൂഖണ്ഡത്തിൽ കോമിൻടാങിന്റെ കൊടി പാറിക്കളിക്കുന്ന കാലത്തോളം കമ്യൂണിസ്റ്റ്കാരുടെ രാജ്യഭരണം സമ്മതിച്ചുകൊടുക്കേണ്ടതില്ലെന്നും ച്യാങ് കായേഷേക് കരപ്രദേശം വിട്ടു ഫോർമോസാത്തുരുത്തിലോ മറ്റോ പോകുകയാണെങ്കിൽ അപ്പോൾ ആലോചിച്ചാൽ മതിയെന്നുമായിരുന്നു നെഹ്റുവിന്റെ നിശ്ചയം. അതുകൊണ്ടു് തൽകാലം പബ്ളിൿസർവ്വീസുകമ്മീഷണിൽ I. A. S., I. F. S. ഈ ജോലികൾക്കു് ഉദ്യോഗസ്ഥന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ബോർഡിൽ ഒരംഗമായി ഞാൻ നിയമിതനായി, ഇൻഡ്യയിലെ പ്രധാനനഗരങ്ങളിൽ സഞ്ചരിച്ചു പരീക്ഷയിൽ ജയിച്ചവരെ നേരിട്ടുകണ്ടു തിരഞ്ഞെടുക്കയായിരുന്നു അന്നത്തെ പരിപാടി. അതുരസകരമായ ഒന്നായിരുന്നുതാനും. ഇങ്ങനെ ഒന്നുരണ്ടു മാസം കഴിഞ്ഞിട്ടും ചൈനായുമായുള്ള നയബന്ധം പുതുക്കാനുള്ള ഏർപ്പാടുകൾ പൂർണ്ണമായി കാണായ്കയാൽ തൽകാലം വലിയ വൈഷമ്യസ്ഥിതിയിലെത്തിയിരുന്ന പാക്കിസ്താനിൽ ഹൈക്കമ്മീഷ്ണറായിപ്പോകാൻ സമ്മതമാണോ എന്നു നെഹ്റു എന്നോടന്വേഷിച്ചു. ആ സംഗതി ആലോചനയിലിരിക്കുമ്പോഴാണു് ചൈനീസ് ഗവണ്മെന്റ് എന്റെ നിയമനത്തെ അംഗികരിച്ചിരിക്കുന്നതായി കമ്പി കിട്ടിയതു്. അതുകൊണ്ടു കറാച്ചിക്കു പോകുന്നതിനു പകരം പീക്കിങ്ങിനുതന്നെയാണു് പോകേണ്ടിവന്നതു്.
രണ്ടുദിവസം താമസിച്ചാണു് ആ കമ്പിവന്നിരുന്നതെങ്കിൽ എന്റെ അനന്തരജീവിതത്തിനു ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നുള്ളതിൽ തർക്കമില്ല. പാക്കിസ്താനുമായുള്ള ഇൻഡ്യയുടെ നയതന്ത്രപരമായ ബന്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുവാൻ എന്നെക്കൊണ്ടു സാധിക്കുമെന്നു എനിക്കു വിശ്വാസമില്ലായിരുന്നു. ഇൻഡ്യാ-പാക്കിസ്താനിടപാടുകൾ വെറും രാഷ്ട്രീയമായ ഒരു ബന്ധത്തിൽ നിന്നു ജനിച്ചിട്ടുള്ളതല്ലായ്കയാൽ അവ പറഞ്ഞുതീർക്കാവുന്നവയോ താൽപര്യങ്ങൾ അനുസരിച്ചു നിയന്ത്രിക്കപ്പെടാവുന്നവയോ അല്ല. അതുകൊണ്ടു് കറാച്ചിയിൽ ഹൈക്കമ്മീഷ്ണറായിപ്പോകയാണെങ്കിൽ ആ ദൗത്യം വിജയത്തിൽ അവസാനിക്കുമെന്നു എങ്ങനെ വിചാരിക്കാം? എങ്കിലും ചെറുപ്പംമുതലേ ദുർഘടമായ സംഗതികളിൽ ഏർപ്പെടാനാണു് എനിക്കു സന്തോഷം. അതുകൊണ്ടു് ഇൻഡ്യാപാക്കിസ്താൻ വഴക്കുകളിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നു് ഒരു കൈ നോക്കാമെന്നായിരുന്നു എന്റെ വിചാരം. കറാച്ചിക്കു പോയിട്ടു് എന്റെ പ്രയത്നങ്ങൾ ഫലിച്ചില്ലെങ്കിൽ ഭാവി വേറെവിധത്തിലായിത്തീർന്നേനേ.
ചൈനയിലേയ്ക്കു പോകുന്നതു് അതിലും പ്രയാസപ്പെട്ടതും എങ്കിലും പ്രധാനവുമായ ഒരു കാര്യമാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പുതിയ ഒരു ലോകംതന്നെയാണു് പീക്കിങ്ങിൽ ജനനമെടുത്തിരിക്കുന്നതു് എന്നായിരുന്നു പരക്കെയുള്ള വിശ്വാസം അതിൽനിന്നുണ്ടാവാൻപോകുന്നതു നന്മയോ തിന്മയോ എന്നു പറവാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് വിരോധികളായ ആളുകൾക്കും ആ ആദ്യകാലങ്ങളിൽ ചൈനായിലെ സംഗതികളെപ്പറ്റി ഖണ്ഡിതമായ ഒരഭിപ്രായമില്ലായിരുന്നു. പുതിയ ചൈനയുടെ നേതാക്കന്മാരെപ്പറ്റി ആർക്കും തന്നെ നേരിട്ടറിവുണ്ടായിരുന്നില്ല. മോട്സേ ടുങ്, ചൂദേ, ചൗവ്വൻലായി എന്നുള്ള പേരുകൾ കുറേശ്ശയായി പത്രങ്ങളിൽ പുടപുഴങ്ങിത്തുടങ്ങിയിരുന്നതേ ഉള്ളു. ഇത്ര വലിയൊരു വിപ്ലവം വിജയകരമായി നയിച്ചു, ഇവർ എങ്ങനെയുള്ളവരാണു്, അന്തർദേശീയകാര്യങ്ങളിൽ സമാധാനത്തോടെ പങ്കെടുത്തു തങ്ങളുടെ രാജ്യത്തിന്റെ അഭിവൃദ്ധിയും ശക്തിയും പുലർത്തണമെന്നു വിചാരിക്കുന്നവരോ അഥവാ തങ്ങളുടെ വമ്പിച്ച വിജയത്താൽ മദോത്മത്തരായി മറ്റുള്ളവരോടു തിരിയണമെന്നു വിചാരിക്കുന്നവരോ എന്നൊക്കെയറിയാൻ എല്ലാ നാട്ടിലെ നേതാക്കന്മാർക്കും ഉൽകണ്ഠയുണ്ടായിരുന്നു. ഏതായലും ചരിത്രത്തിൽ അസാമാന്യപ്രധാന്യമർഹിക്കുന്ന ഒരു മഹാവിപ്ലവത്തിന്റെ വളർച്ചയെ കാണാനും പഠിക്കാനും അവസരം ലഭിക്കുന്നതുതന്നെ വലിയൊരു കാര്യമണല്ലോ എന്ന വിചാരത്തോടുകൂടിയാണു് ഞാൻ പീക്കിങ്ങിലേയ്ക്കു തിരിച്ചതു്.
അക്കാലത്തു പീക്കിങ്ങിലേയ്ക്കുള്ള യാത്രയ്ക്കു വേണ്ടുന്ന സൗകര്യങ്ങളൊന്നുമില്ലായിരുന്നു. തെക്കു കാൻടോണിൽനിന്നു പീക്കിങ്ങിലേയ്ക്കുള്ള തീവണ്ടി പല ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി, ചിലേയടത്തു പാതയില്ലാതെയും പലേടത്തും പാലമില്ലാതെയും മുടങ്ങിക്കിടക്കയായിരുന്നു. ചൈനായ്ക്കു മുകളിലൂടെ പറക്കുവാൻ വിദേശിയവിമാനങ്ങൾക്കനുവാദമില്ലാതിരുന്നതിനാലും കമ്യൂണിസ്റ്റ്കാർ അക്കാലത്തു് ഒരു വിമാന സർവ്വീസ് തുടങ്ങിയിട്ടില്ലാതിരുന്നതിനാലും ആ വഴിക്കു പോകുക സാധ്യമല്ലായിരുന്നു. പിന്നെ നാങ്കിങ്ങിൽനിന്നു കപ്പൽവഴി ടീയൻഷീനിലേയ്ക്കു പോകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ടീയൻഷിൻ, ഷാങ്ഹായ്പോലെ ആദ്യം യൂറോപ്യന്മാർ നിർമ്മിച്ചു അഭിവൃദ്ധിപ്പെടുത്തിയ ഒരു തുറമുഖമാണു്. പിന്നീടതു ജപ്പാനികൾ കൈവശമാക്കി ചൈനയിൽ തങ്ങൾക്കുള്ള പ്രധാനസ്ഥാനങ്ങളിലൊന്നായി അഭിവൃദ്ധിപ്പെടുത്തി. യുദ്ധത്തിനുശേഷം അതു തിരികെ ചൈനക്കാരുടെ കയ്യിൽ വന്നുചേർന്നു. പീക്കിങ്ങിന്റെ തുറമുഖമായിരുന്നു അതെന്നു പറയാം.
നാങ്കിങ്ങിൽ നിന്നു ടീയൻഷീനിൽ ചെന്നെത്തുന്നതിനായിരുന്നു വൈഷമ്യം വഴിയിൽ കടൽക്കള്ളന്മാരുടെ ഉപദ്രവമുണ്ടെന്നു പ്രസിദ്ധമാണു്. മൂന്നാം ക്ലാസ്സിൽ സഞ്ചരിക്കുന്ന ചൈനക്കാർ പലപ്പോഴും കടല്ക്കളളന്മാരുടെ ആളുകളായിരിക്കുമെന്നും സൗകര്യം വരുമ്പോൾ അക്രമിച്ചു കപ്പൽ പിടിച്ചടക്കി കൊണ്ടു പോയ്ക്കളയുമെന്നും പരക്കെ അറിയാം. പക്ഷേ, അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കപ്പൽക്കമ്പനികൾതന്നെ എടുത്തിരുന്നു. മൂന്നാംക്ലാസ്സിനു ചുറ്റും പട്ടാളത്തെ കാവലിട്ടിരുന്നതു കൂടാതെ, ആ ഭാഗത്തുനിന്നു കപ്പലിൽ മറ്റുള്ള സ്ഥലത്തേയ്ക്കു ചൈനക്കാരെ പോകവാനനുവദിച്ചിരുന്നുമില്ല. കടല്ക്കള്ളന്മാരുടെ ഉപദ്രവം സാരമായി കരുതാനില്ലായിരുന്നിരിക്കാം. എന്നാൽ കോമിൻടാങ്ങു പടക്കപ്പലുകളുടെ കാര്യമങ്ങനെയല്ല. ച്യാങ് കായ്ഷേക്കിന്റെ നാവികസൈന്യം ചൈനാതുറമുഖങ്ങളുമായുള്ള ഗതാഗതത്തെ നിരോധിച്ചു കമ്യൂണിസ്റ്റ്കാരുടെ കച്ചോടത്തെ നശിപ്പിക്കുവാൻ നിരന്തരപരിശ്രമം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവർ കപ്പലുകൾ തടയാറുണ്ടായിരുന്നുതാനും. തടയപ്പെട്ടിട്ടു് അവരുടെ കല്പന കേട്ടില്ലെങ്കിൽ വെടിവെച്ചു മുക്കാനും അവർ മടിച്ചിരുന്നില്ല. ഒരു കാര്യം കൊണ്ടുമാത്രമാണു് ഇക്കാര്യത്തിൽ സമാധാനമുണ്ടായതു്. ആ കടലുകളിൽ ബ്രീട്ടിഷുകാരുടെ യുദ്ധക്കപ്പലുകൾ, തങ്ങളുടെ കച്ചോടത്തെ രക്ഷിക്കാനായി സദാ ചുറ്റിസ്സഞ്ചരിക്കുന്നുണ്ടു്. അതിനാൽ കോമിൻടാങ്ങുകാർക്കു ഞങ്ങളെ പിടിച്ചു ഫോർമോസിയിലേയ്ക്കു കൊണ്ടുപോകുന്നതു് അത്ര എളുപ്പമായ ഒരു കാര്യമായിരുന്നില്ല.
നാങ്കിങ്ങിൽനിന്നു അഞ്ചുദിവസത്തെ യാത്രയാണു് ടീയൻ ഷീനിലേയ്ക്കു്. ചെറുതും ഇടുങ്ങിയതുമായ ആ കപ്പലിലേതുപോലെ അസുഖകരമായ ഒരു യാത്ര ഞാനനുഭവിച്ചിട്ടില്ല. അതുകൊണ്ടു തുറമുഖമടുത്തപ്പോൾ എനിക്കു സാമാന്യത്തിലധികം സന്തോഷമുണ്ടായി. അവിടെ ഞങ്ങളെ വലിയ ഉപചാരത്തോടു കൂടിയാണു് കമ്മ്യൂണിസ്റ്റധികാരികൾ സ്വീകരിച്ചതു്. മുൻപു പതിവില്ലാത്തമാതിരി സ്വാഗതപ്രസംഗങ്ങളും ടോസ്റ്റ്കളുമെല്ലാം കപ്പലിൽവെച്ചുതന്നെ നടത്തുന്നതു കമ്മ്യൂണിസ്റ്റ്ഗവണ്മെണ്ടിന്റെ പ്രതിനിധികൾക്കു് ഒരു പ്രത്യേകസമ്പ്രദായമാണു്. അതെല്ലാം മുറപോലെ കഴിഞ്ഞു. പിറ്റേ ദിവസം ഞങ്ങൾ പീക്കിങ്ങിലേയ്ക്കു പോയി.
പീക്കിങ്ങിലുള്ള എന്റെ താമസത്തെപ്പറ്റി വിസ്തരിച്ചു് ഇംഗ്ലീഷിൽ In Two Chinas എന്നൊരു പുസ്തകം എഴുതിയിട്ടുള്ളതു ‘രണ്ടു ചൈനായിൽ’ എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അതു് ഈ ആത്മകഥയുടെ ഒരു ഭാഗമായി കരുതേണ്ടതാകായാൽ അതിൽ വിവരിച്ചിട്ടുളള സംഗതികൾ പിന്നെയും ഇവിടെ എടുത്തു പറയുന്നില്ല. പോരാത്തതിനു്, ചൈനയിൽ ഞാൻ ചെയ്ത ഒരു ദീർഘയാത്രയെപ്പറ്റിയും മലയാളത്തിൽത്തന്നെ വേറൊരു പുസ്സ്തകവുമുണ്ടു്. അതുകൊണ്ടു് ആ പുസ്തകങ്ങളിൽ സൂചിപ്പിക്കമാത്രം ചെയ്തിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങളെപ്പറ്റിയേ ഇവിടെ പറയുന്നുള്ളു.
ഞാൻ ചൈനയിൽ താമസിച്ച കാലത്തുണ്ടായ ഏറ്റവും പ്രധാനമായ സംഗതികൾ കൊറിയൻ യുദ്ധവും ടിബറ്റാക്രമണവുമാണു്. ചൈനയുടെ അഭ്യന്തരകാര്യങ്ങളിലുണ്ടായിക്കൊണ്ടിരുന്ന മൗലികവും, ലോകചരിത്രത്തിൽത്തന്നെ എത്രയും പ്രാധാന്യമേറിയതെന്നു ഗണിക്കാവുന്നതുമായ മാറ്റങ്ങളെപ്പറ്റി പറയുന്നതിനു് ഈ ആത്മകഥയിൽ പ്രസക്തിയില്ല. കൊറിയൻ യുദ്ധം എന്തുകൊണ്ടു നോക്കിയാലും ചരിത്രകാരന്റെ പ്രത്യേകഗണനയെ അർഹിക്കുന്ന ഒരു സംഭവമായിരുന്നു. ജയിച്ചു മുൻപോട്ടു ചീനയുടെ അതിർത്തിവരെ തള്ളിക്കേറിവന്ന അമേരിക്കയെ വെല്ലുവിളിക്കാൻ ചീനർ ഒരുമ്പെട്ടതു് അന്ധമായ ഒരു സാഹസമെന്നല്ലാതെ വെള്ളപ്പടയാളികൾ ചീനയുടെ രാജധാനിയായ പീക്കിങ്ങിനെ പിടിച്ചടക്കി. അതും പോകട്ടെ, രണ്ടുവർഷം മുൻപുവരെ രാജ്യം ഭരിച്ചിരുന്ന ച്യാങ്കായ്ഷേക്കിന്റെ സൈന്യബലം കടലാസിൽ മാത്രമാണെന്നും പ്രസിദ്ധമാണു്. ആകപ്പാടെ ലോകർക്കു പരക്കെയുള്ള വിശ്വാസം ചീനർക്കു്, മറ്റെന്തെല്ലാം ഗുണങ്ങളും സാധ്യതകളുമുണ്ടെങ്കിലും, യുദ്ധപാടവം തൊട്ടുതെറിച്ചിട്ടില്ലെന്നായിരുന്നു, അവർ എതിർക്കുവാൻ പോകുന്ന അമേരിക്കയോ? രണ്ടു മഹായുദ്ധത്തിൽ ജയിച്ചു സൈനികശക്തി, നാവികബലം, ആകാശസാർവ്വഭൗമത്വം എന്നിവകൊണ്ടു ലോകത്തിൽ ഒന്നാമത്തെ രാഷ്ട്രമെന്നു് അഭിമാനിച്ചിരുന്നവരും! യുദ്ധം തുടങ്ങിയതും കൊറിയയുടെ തെക്കുഭാഗവും(അമേരിക്കൻ കക്ഷി) വടക്കുഭാഗവും (കമ്യൂണിസ്റ്റുകാർ) തമ്മിലാണു്. അങ്ങനെ തുടങ്ങിയ അഭ്യന്തരകലഹം കമ്മ്യൂണിസത്തിന്റെ വ്യാപനത്തെ ഉദ്ദേശിച്ചാണെന്നു തീർച്ചയാക്കിയ അമേരിക്കരും മറ്റു പതിനാറു രാജ്യങ്ങളും ഒന്നുചേർന്നു. ഈ യുദ്ധം ചൈനായുടെ അതിർത്തിയിൽത്തന്നെയാനു് നടന്നതെങ്കിലും, അതിൽ അന്യശക്തികളുടെ പ്രവേശനം തങ്ങളെ ബാധിക്കുന്ന ഒന്നാണെന്നു ചൈനാക്കാർ ഉച്ചൈസ്തരം ഘോഷിച്ചുവെങ്കിലും ആ ഭീഷണികളെ ഗൗനിച്ചില്ല. അമേരിക്കയുടെ നേതൃത്വത്തിൽ സംയുക്തരാഷ്ട്രങ്ങളുടെ (United Nations) ഒരു തീർമാനമനുസരിച്ചു 16 പ്രധാനരാജ്യങ്ങളുടെ പടകൾ ഒന്നിച്ചുചേർന്നു മക്കാർത്തർ (Macarthur) എന്ന പ്രഖ്യാതസേനാനിയുടെ കീഴിൽ തെക്കൻകൊറിയയ്ക്കു സഹായമായി യുദ്ധത്തിൽ പ്രവേശിച്ചു. അപ്പോഴും ചീനർ വാക്കുകൊണ്ടല്ലാതെ സമരത്തിനു പുറപ്പെടാത്തതുകൊണ്ടു് അമേരിക്കർ ആഹ്ലാദഭരിതരായി. ചീനർ പേടിച്ചിരിക്കയാണെന്നു് അവർ കൊട്ടിഗ്ഘോഷിച്ചുതുടങ്ങി. ചൈനയിൽനിന്നു മുടങ്ങാതെ ദെല്ലിക്കയച്ചുകൊണ്ടിരുന്ന കമ്പികളിൽ, ചൈന യുദ്ധത്തിൽ പ്രവേശിക്കുമെന്നു തീർച്ചയാണെന്ന എന്റെ അഭിപ്രായം ഞാൻ ഊന്നി പറഞ്ഞിരുന്നു. എന്റെ സന്ദേശങ്ങളുടെ സാരം ലണ്ടൺ വിദേശകാര്യാലയംവഴി അമേരിക്കരെയും അറിയിക്കാറുണ്ടായിരുന്നു. അമേരിക്കയിലെ പ്രസിഡണ്ടു ട്രൂമാൻതൊട്ടു് ഈ പ്രമാണികൾ എന്റെ അഭിപ്രായങ്ങളെ നിസ്സാരമെന്നു തള്ളുകയാണുണ്ടായതെന്നു ട്രൂമാൻ തന്റെ സ്മരണകളിൽ പറഞ്ഞിട്ടുണ്ടു്. ചൈനാക്കാർ ഒരിക്കലും യുദ്ധത്തിലേർപ്പെടുകയില്ല എന്നായിരുന്നു ജനറൽ മക്കാർത്തറുടെ ദൃഢമായ അഭിപ്രായം.
അങ്ങനെയിരിക്കെയാണു് ഒക്ടോബർ ആദ്യം ഒരർദ്ധരാത്രിക്കു് എന്നെ ഉടൻ കാണാൻ ആഗ്രഹിക്കുന്നു എന്ന ചൗവൻലായുടെ സന്ദേശം കിട്ടിയതു്. ചരിത്രപ്രസിദ്ധമായ ഈ കൂടിക്കാഴ്ചയെപ്പറ്റി ഞാൻ ‘രണ്ടു ചൈനായിൽ’ എന്ന പുസ്തകത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടു്. ചുരുക്കം ഇതായിരുന്നു: “അമേരിക്കരും കൂട്ടരും വടക്കേകൊറിയയിൽ പ്രവേശിച്ചാൽ ചൈനയും നേരിട്ടു യുദ്ധത്തിലേർപ്പെടും. എത്ര ആറ്റംബോംബു് അമേരിക്കർക്കുണ്ടായാലും, യുദ്ധമെത്രയ്ക്കു വളർന്നാലും, വടക്കൻകൊറിയയെ കീഴിലാക്കി ഞങ്ങളുടെ അതിർത്തിവരെ എത്താൻ ഞങ്ങൾ സമ്മതിക്കയില്ല.” സന്ദർഭത്തിന്റെ ഗൗരവത്തിനൊത്തവിധമായിരുന്നു ആ സംഭാഷണം. അതു് ഔദ്യോഗികപ്രഖ്യാപനമാകയാൽ യുദ്ധത്തിൽ ചേരുന്നതിനുള്ള എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയിരിക്കണമെന്നും ചെറിയ ഒരാഭ്യന്തരകലഹമായിത്തുടങ്ങിയ ഈ യുദ്ധം എത്ര വലുതായി വളരാൻ പോകുന്നു എന്നറിവാൻപോലും വയ്യാത്ത പതനത്തിൽ എത്തിയിരിക്കുന്നു എന്നും മനസ്സിലാക്കിയ ഞാൻ അന്നു രാത്രിതന്നെ ചൗവൻലായുടെ സംഭാഷണത്തിന്റെ ചുരുക്കവും അതേപ്പറ്റിയുള്ള എന്റെ അഭിപ്രായവും സർ ആന്റണി ഈഡന്നും അമേരിക്കൻ സ്റ്റേറ്റുഡിപ്പാർട്ടുമെന്റിലേയ്ക്കും അയച്ചു കൊടുത്തു. ഈഡൻ ആ അഭിപ്രായങ്ങളെ പൂർണ്ണമായി കൈക്കൊണ്ടു എന്നാണു് എന്റെ അറിവു്, നേരേമറിച്ചു് അമേരിക്കർ, ചൗവൻലായി പറഞ്ഞതിനെയും എന്റെ അഭിപ്രായത്തെയും പുച്ഛിക്കയാണുണ്ടായതു്. പ്രസിഡണ്ടു ട്രൂമാന്റെ സ്മരണയിൽ അങ്ങനെ ചെയ്തതു തെറ്റായിപ്പോയി എന്നു സൂചിപ്പിച്ചിട്ടുണ്ടു്.
ആ അഭിപ്രായം സ്വീകരിച്ചു് അമേരിക്കർ വടക്കേ കൊറിയായിൽ പ്രവേശിക്കാതിരുന്നെങ്കിൽ ലോകചരിത്രത്തിന്റെ ഗതി ഒന്നു മാറിപോയേനേ എന്നുള്ളതിനു സംശയമില്ല. അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ. ചീനരുടെ പ്രഖ്യാപനം വെറും ഭീഷണിയാണെന്നും എന്റെ അഭിപ്രായങ്ങൾ സ്വീകാര്യമല്ലെന്നും പറഞ്ഞു് അമേരിക്കർ വടക്കേക്കൊറിയയിലേയ്ക്കു പ്രവേശിച്ചു. അധികം താമസിയാതെ ചീനസൈന്യവും യാലൂനദി (Yalu River) തരണംചെയ്തു് അമേരിക്കരുമായി നേരിട്ടു. ഫലം അവിശ്വസനീയമെന്നേ പറയാവൂ. അമ്പതുവർഷം മുൻപു രണ്ടായിരം വെള്ളപ്പട്ടാളക്കാരാൽ നിശ്ശേഷം പരാജിതരാക്കിയ ചീനർ ഇതാ, അമേരിക്കരോടു നേരിട്ടുനില്ക്കുന്നു. എന്നു മാത്രമല്ല അന്നേവരെ തൊറ്റിട്ടില്ലാത്ത അമേരിക്കൻപട ഇദംപ്രഥമമായി പരാജയത്തിന്റെ തിക്തത നൊട്ടിനുണയ്ക്കാനും തുടങ്ങുന്നു! തെക്കേ കൊറിയയുടെ അതിർത്തിയിൽ ചീനരെ തടഞ്ഞുനിർത്തുവാൻ അമേരിക്കക്കാർക്കു സാധിച്ചു. പക്ഷേ, സർവ്വസൈന്യാധിപൻ മക്കാർത്തർ തിരികെ വിളിക്കപ്പെട്ടു. അനേകസഹസ്രം പടയാളികൾ രണ്ടുവശത്തും കൊല്ലപ്പെട്ടു. അമേരിക്കർക്കു പടക്കളത്തിൽ വിജയംവരിക്കാതെ ആദ്യമായി ഒരു സന്ധി ചെയ്യേണ്ടിവരുന്നു. കമ്മ്യൂണിസ്റ്റ്ചൈനയുടെ വളർന്നുവരുന്ന ശക്തിയും ലോകർക്കു പ്രത്യക്ഷമായി.
ചൈന യുദ്ധത്തിൽ ഏർപ്പെട്ടതുമുതൽ ഇന്ത്യാഗവർണ്മെന്റിന്റെ പരിശ്രമം രണ്ടുകക്ഷികളേയും ഒന്നിച്ചുചേർത്തു സന്ധിപറയുന്നതിനായിരുന്നു. അതിനു ചൈനാക്കാരെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഭാരമെനിക്കായിരുന്നു. അമേരിക്കർ പറയുന്ന വ്യവസ്ഥകൾ ചൈനാക്കാരെ അറിയിക്കുക, അവരുമായി അതേപ്പറ്റി ചർച്ചകൾ നടത്തുക, അവരുടെ അഭിപ്രായം മനസ്സിലാക്കി ഇന്ത്യാഗവണ്മെന്റിനെ അറിയിക്കുക—ഇതിന്റെയെല്ലാം ചുമതല കാര്യവശാലെനിക്കായിത്തീർന്നു. അതിനു് എന്തെല്ലാം വൈഷമ്യമുണ്ടായിരുന്നു എന്നും ഒടുവിൽ രണ്ടു കക്ഷികളേയും എങ്ങനെ അടുപ്പിക്കാൻ സാധിച്ചുവെന്നും ‘രണ്ടു ചൈനായിൽ’ പറഞ്ഞിട്ടുണ്ടു്.
കൊറിയൻയുദ്ധം കൂടാതെ മറ്റൊരു പ്രധാനകാര്യം ടിബറ്റിനെസ്സംബന്ധിച്ചതായിരുന്നു. ചൈനായുടെ ഒരു ഭാഗമല്ലെങ്കിലും ചീനാസാമ്രാജ്യത്തിൽ ചേർന്നതാണു് ടിബറ്റെന്നും ബ്രിട്ടീഷുകാരും അവരെത്തുടർന്നു് ഇന്ത്യയും സമ്മതിച്ചിട്ടുള്ളതാണു്. ബ്രിട്ടീഷുകാർ മാത്രമല്ല, ലോകത്തിലെ സകല രാജ്യക്കാരും അങ്ങനെയാണു് കണക്കാക്കിയിട്ടുള്ളതു്. കോമിൻടാങ്ങിന്റെ കക്ഷിപിടിച്ചിരുന്ന അമേരിക്കർക്കു ടിബറ്റു ചൈനയുടെ പൂർണ്ണാധികാരത്തിൻകീഴിലുള്ള ഒരു ദേശമാണെന്നുള്ളതിൽ സംശയമില്ല. കാര്യമങ്ങനെയാണെങ്കിലും ടിബറ്റിൽ കമ്മ്യൂണിസ്റ്റധികാരം പ്രബലമാകുന്നതു് ഇന്ത്യയുടെ ശക്തിക്കു ബാധകമാകുമെന്നു് ആദ്യംതന്നെ പ്രത്യക്ഷമാണു്. അതുകൊണ്ടു ടിബറ്റിന്റെ പ്രാദേശികസ്വയംഭരണത്തെ അനുകൂലിച്ചും ചീനർ സൈന്യപ്രവേശം ചെയ്യുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു ഇന്ത്യയുടെ നില. ഒരിക്കലല്ല പല പ്രാവശ്യം ഇന്ത്യയുടെ ഈ പ്രധിഷേധങ്ങളെ ഞാൻതന്നെ ചീനസർക്കാറിനെ അറിയിച്ചിട്ടുണ്ടു്. അതിർത്തിയിൽ ചില സൈന്യസംഘട്ടനങ്ങളുണ്ടായെങ്കിലും ആദ്യം അവർ സന്ധിചെയ്താണു് ടിബറ്റിൽ പ്രവേശിച്ചതു്.
നമ്മുടെ സൈന്യം ഇപ്പോൾ സുപ്രസിദ്ധമായിത്തീർന്നിട്ടുള്ള മാക്മോഹനതിർത്തി (Macmohen line) വരെ നിവേശിച്ചു് അതിർത്തിയെ പ്രബലപ്പെടുത്തണമെന്നു ചൈന ടിബറ്റിൽ പ്രവേശിക്കുമെന്നു കണ്ടമുതൽ ഞാൻ നിർബന്ധിച്ചുതുടങ്ങി. അതത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അന്നു് (1950-ൽ) ഇന്ത്യയുടെ പട്ടാളം കിടന്നിരുന്നതു മാക്മോഹനതിർത്തിയിൽനിന്നു കുറേ തെക്കോട്ടു മാറിയാണു്. വലിയ പൊക്കമുള്ള മലകളും ഇടതിങ്ങി വളർന്ന കാടുകളും നിറഞ്ഞ ഈ പ്രദേശത്തിൽ സൈന്യനിവേശം ചെയ്യണമെങ്കിൽ ആദ്യം റോഡുകളും മറ്റും നിർമ്മിക്കണം. ചൈനയിൽനിന്നു ഞാൻ ഈ കാര്യത്തിൽ നിർബന്ധിച്ചുകൊണ്ടിരുന്നു. ചൈനാക്കാർ ടിബറ്റിൽ സ്ഥാനമുറപ്പിച്ചാൽ നമ്മുടെ വടക്കുകിഴക്കേ അതിർത്തിയിലെ സ്ഥിതി ദുർബ്ബലമാകുമെന്നു ബോധ്യമായതുകൊണ്ടാണു് ഞാനിങ്ങനെ നിർബന്ധിച്ചതു്.
ചൈനയും ഇന്ത്യയുമായി പിന്നീടുണ്ടായ വഴക്കുകളെത്തുടർന്നുള്ള വാദപ്രതിവാദം നിമിത്തമാണു് ഇത്രയും പറഞ്ഞതു്. ചൈനക്കാർ ടിബറ്റിൽ പ്രവേശിച്ചതുമുതല്ക്കേ ഈ പ്രശ്നത്തിന്റെ പ്രാധാന്യം എനിക്കു നല്ലവണ്ണം അറിയാമായിരുന്നു. അതു ചൈനയിൽനിന്നുള്ള കമ്പികൾവഴി ഗവണ്മെന്റിനെ ഞാൻ അറിയിക്കുക മാത്രമല്ല ഉണ്ടായുള്ളൂ; ഇന്ത്യാചരിത്രത്തിലെ ഭൂമിശാസ്ത്രഘടകങ്ങൾ (Geographical factors in Indian history) എന്ന പേരിൽ ഞാൻ എഴുതിയിട്ടുള്ള പുസ്തകത്തിൽ ഈ സംഗതിയെപ്പറ്റി ഊന്നിപ്പറഞ്ഞിട്ടുമുണ്ടു്.
ആ ശീതകാലം മുഴുവനും (1950–51) എന്റെ ഭാര്യ രോഗശയ്യയിലായിരുന്നു. അതിശൈത്യംകൊണ്ടുള്ള വാതബാധയാണെന്നാണു് ഡാക്ടർമാർ പറഞ്ഞതു്. ഏതായാലും കിടന്നാൽ ശ്വാസംമുട്ടുമായിരുന്നതുകൊണ്ടു് ഇരുന്നുതന്നെ രാപകൽ കഴിക്കേണ്ടിവന്നു. ഒന്നുരണ്ടുപ്രാവശ്യം ജീവിച്ചുകിട്ടുമോ എന്നുതന്നേ ഡാക്ടർമാർക്കു ശങ്ക തോന്നാതിരുന്നില്ല. ഈ സ്ഥിതിക്കു് അടുത്ത ശീതകാലത്തിൽ എന്തുതന്നെയായാലും പീക്കിങ്ങിൽ താമസിച്ചു കൂടെന്നായി ഡാക്ടർമാരുടെ വിധി. തണുപ്പു മാറിയതോടുകൂടി ദേഹത്തിന്റെ ആരോഗ്യം ഏതാണ്ടു തിരികെ കിട്ടിയെങ്കിലും അടുത്ത നവംബർമാസത്തിനു മുൻപു് എന്നെ ചൈനായിൽനിന്നു തിരികെ വിളിക്കണമെന്നു ഞാൻ നെഹ്റുവിനോടാവശ്യപ്പെട്ടു.
വസന്താരംഭത്തോടുകൂടി ഭാര്യയുടെ സുഖക്കേടു കുറെയെല്ലാം മാറിക്കിട്ടിയപ്പോളാണു് ചൈനയിൽ പല സ്ഥലങ്ങളിലും ഒന്നു സഞ്ചരിക്കണമെന്നു് എനിക്കു തോന്നിയതു്. ചൈനയിൽ ഈ കാലത്തു നടക്കുന്ന കാര്യങ്ങൾ അറിയാൻമാത്രമല്ലായിരുന്നു ആ യാത്ര. ഇൻഡ്യാചരിത്രവുമായി ചൈനയ്ക്കുള്ള ബന്ധത്തെപ്പറ്റി പല കാര്യങ്ങൾ അന്വേഷിച്ചറിയണമെന്നുള്ള ഉദ്ദേശവും അതിലുണ്ടായിരുന്നു. ആ സംഗതിയെല്ലാം ഞാൻ അന്നുതന്നെ പ്രസിദ്ധപ്പെടുത്തിയ ‘ചൈനയിലെ ഒരു യാത്ര’ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുള്ളതിനാൽ ഇവിടെ വീണ്ടും എടുത്തുപറയുന്നില്ല.
തണുപ്പുകാലം വരുമ്പോഴയ്ക്കു് എന്നെ തിരികെ വിളിക്കാമെന്നാണു് നെഹ്റുവേറ്റിരുന്നതു്. എന്നാൽ അക്ടോബർമാസത്തിൽ ഞാൻ സംഗതി ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി വേറെ ഒരു തരത്തിലായിരുന്നു. തണുപ്പുകാലത്തേയ്ക്കു് ഇൻഡ്യയിലേയ്ക്കു പോരണമെന്നും അതിനുശേഷം ഒരാറുമാസത്തേയ്ക്കെങ്കിലും ഞാൻ പീക്കിങ്ങിലേയ്ക്കു തിരിച്ചുപോകണമെന്നുമാണു് അദ്ദേഹം ആവശ്യപ്പെട്ടതു്. കൊറിയൻസന്ധിയെപ്പറ്റിയുള്ള ആലോചനകൾ മന്ദമായി മുന്നോട്ടുപോയ്ക്കൊണ്ടിരുന്നതേയുള്ളൂ. അതിൽ ഞാൻതന്നെ പങ്കെടുക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ സമ്മതിച്ചാണു് ഞാൻ അക്ടോബറിൽ ചൈനയിൽനിന്നു മടങ്ങിയതു്.
തിരികെ പോരുംവഴി ഞങ്ങൾ കാൻടോണിൽ ഒരാഴ്ചയോളം താമസിച്ചു. അതിനു കാരണമുണ്ടായി. കാൻടോണിൽനിന്നു് അധികം ദൂരെയല്ലാത്ത ഒരു സ്ഥലത്താണു് സുൺയാട്ട്സെൻ ജനിച്ചതു്. അദ്ദേഹത്തിന്റെ ജന്മസ്ഥാനം പോയിക്കാണണമെന്നു് എനിക്കാഗ്രഹമുണ്ടായിരുന്നു. ആ സ്ഥലങ്ങളിൽനിന്നാണു് മറുനാടൻചൈനീസുകാർ മിക്കവാറും കച്ചോടത്തിനും മറ്റും തെക്കുകിഴക്കനേഷ്യാരാജ്യങ്ങളിൽപോയി കുടിയേറിപ്പാർത്തിരുന്നതു്. ആ സ്ഥലങ്ങൾ ചൈനയിലെ മറ്റു ഭാഗങ്ങൾപോലല്ലെന്നു ഞാൻ കേട്ടിട്ടുണ്ടു്. അതും കാണണമെന്നുള്ള ആഗ്രഹം നിമിത്തമാണു് കാൻടോനണിൽനിന്നു ഞങ്ങൾ പുതിയ ഒരു യാത്രയ്ക്കു പുറപ്പെട്ടതു്.
മുത്തുനദി (Pearl River) എന്നു പേരുള്ള ആറുവഴിക്കായിരുന്നു ഉൾനാട്ടിലേയ്ക്കുള്ള ഈ സഞ്ചാരം. ആലപ്പുഴനിന്നു കൊച്ചിയ്ക്കുള്ളതുപോലെ ഒരു തീബോട്ടിൽ ഒരു രാത്രി മുഴുവൻ സഞ്ചരിച്ചു. പിറ്റേന്നാൾ നേരം വെളുത്തപ്പോൾ ഇറങ്ങിയ സ്ഥലം പുഞ്ചവയലുകൾകൊണ്ടും തോടുകൾകൊണ്ടും ശോഭിക്കുന്ന കുട്ടനാടുപോലെയാണു്. ഒന്നാണു് ആ ദേശത്തിനു് ഒരു പ്രത്യേകത: എത്ര ചെറിയ ഗ്രാമമായാലും അവിടെ കല്ലുകൊണ്ടു തീർത്തു കുമ്മായമടിച്ചു്, ഉഷ്ണമേഖലയിൽ ഇംഗ്ലീഷുകാർ പണിയിക്കാറുള്ളതുപോലുള്ള ഒന്നുരണ്ടു ബംഗ്ലാവുകൾ തലയുയർത്തി നില്ക്കുന്നതായി കാണാം. അവ ഒട്ടുംതന്നെ ചീനരീതിയിലല്ലതാനും. ഞങ്ങൾ നോക്കിക്കണ്ടതിൽ ഒരു നാലഞ്ചുകെട്ടിടങ്ങൾ കോടീശ്വരന്മാരായ വണികശ്രേഷ്ഠന്മാരുടെയാണു്. ഈ ‘ഓണംകേറാമൂല’യിൽ ഇത്ര വലിയ കെട്ടിടങ്ങളും ഉദ്യാനങ്ങളും വന്നതിന്റെ കാരണമന്വേഷിച്ചപ്പോൾ അവ മറുനാട്ടിൽ താമസിക്കുന്ന ചീനരുടെ മൂലകുടുംബങ്ങളാണെന്നും (Ancestor worship) പിതൃപൂജയിൽ വിശ്വസിക്കുന്ന അവർ തങ്ങളുടെ ഐശ്വര്യത്തിനനുസരിച്ചു പിതൃക്കളുടെ ആവശ്യത്തിനായെങ്കിലും തറവാട്ടുവീടുകൾ കേമപ്പെടുത്തുക പതിവാണെന്നും അറിഞ്ഞു.
സുൺയാട്ടുസെന്നിന്റെ വീടും ചൈനീസ് രീതിയിലുള്ള ഒന്നല്ലായിരുന്നു. സുണ്ണിന്റെ ജ്യേഷ്ഠൻ ഒരു മറുനാടൻചൈനാക്കാരനായി ഹാവ്വായിൽ താമസിച്ചു പണമുണ്ടാക്കിയ ആളാണു്. സുൺ അവിടെയാണു് വളർന്നതു്. പിന്നെ അദ്ദേഹം കുറെക്കാലം കൃസ്ത്യാനിയുമായിരുന്നു. അതുകൊണ്ടു വീടു പുതുക്കിപ്പണിയിച്ചപ്പോൾ അതു ചൈനക്കാരുടെ രീതിയിലാക്കിയില്ല.
കാൻടോണിലെ ഈ ചെറുയാത്ര കഴിഞ്ഞു ഞങ്ങൾ നേരിട്ടു ദെല്ലിയിലേയ്ക്കു പോന്നു.
ആ ആണ്ടിൽ യുനൈറ്റഡ് നേഷൻസ് പാരീസ്സിലാണു് സമ്മേളിച്ചതു്. അതിൽ പങ്കെടുക്കുന്നതിനു തിരഞ്ഞെടുത്ത പ്രതിനിധിസംഘത്തിന്റെ ഉപനായകനായി നിയമിച്ചതു് എന്നെയാണു്. ചൈനയിലുണ്ടായിക്കൊണ്ടിരുന്ന സംഗതികളെപ്പറ്റി യൂറോപ്പിൽ അന്നു നേരിട്ടറിവൊന്നുമില്ലാതിരുന്നതുകൊണ്ടു പാരിസ്സിലും ലണ്ടണിലും പ്രമാണികളായവരെ കണ്ടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന ജോലിയും നെഹ്റു എന്നെ ഏല്പിച്ചിരുന്നു. അതുകൊണ്ടു്, യുനൈറ്റഡ് നേഷൻസിന്റെ സമ്മേളനത്തിനാണു് പോയതെങ്കിലും, പാരിസ്സിലും ലണ്ടണിലും, ചൈന, കൊറിയ, ടിബറ്റ് എന്നിവിടങ്ങളിലെ കാര്യങ്ങളെപ്പറ്റിയെല്ലാം അതതു രാജ്യങ്ങളിലെ നേതാക്കന്മാരോടു സംസാരിക്കയായിരുന്നു എന്റെ പ്രധാനജോലി. അന്നു ലണ്ടണിൽ ഹൈക്കമ്മീഷണർ വി. കെ. കൃഷ്ണമേനോനാ യിരുന്നു. ഞങ്ങൾ തമ്മിൽ ചെറുപ്പംമുതല്ക്കേ പരിചയമുള്ളതിനാൽ അദ്ദേഹമാണു് അന്നത്തെ എന്റെ ലണ്ടൻതാമസത്തിനുവേണ്ട സഹായസഹകരണങ്ങൾ ചെയ്തുതന്നതു്. ബ്രിട്ടീഷ് ഗവണ്മെന്റിലെ സുപ്രധാനരായ മന്ത്രിമാരുമായി പരിചയപ്പെടുത്തുന്നതിനും അവരുടെ അടുക്കൽ എന്നെ കൊണ്ടുപോകുന്നതിനും അദ്ദേഹം വേണ്ട ഉത്സാഹം കാണിച്ചു. ലാർഡ് മൗണ്ട്ബാറ്റൻ, ആറ്റ്ലി, നൈബെവൻ മുതലായവരുമായുള്ള സംഭാഷണത്തിനും കൃഷ്ണമേനോനാണു് ഏർപ്പാടുചെയ്തതു്. വളരെ സന്തോഷമായിട്ടായിരുന്നു അന്നു കൃഷ്ണമേനോൻ എന്നോടു പെരുമാറിയതു്.
വള്ളത്തോളിന്റെ മഗ്ദലനമറിയം ഇംഗ്ലീഷിൽ വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തുവാൻ അക്കാലത്തു് ആലോചന നടന്നിരുന്നു. കൃഷ്ണമേനോന്റെ പുരസ്ക്കർത്തൃത്വത്തിലാണു് അതു് ഒരു പ്രസിദ്ധീകരണശാലക്കാർ ഏറ്റെടുത്തിരുന്നതു്. കവിതയെപ്പറ്റിയും വള്ളത്തോളിനെപ്പറ്റിയും ഒരു മുഖവുര ഞാൻ ഇംഗ്ലീഷിൽ എഴുതിക്കൊടുക്കണമെന്നു് അവർ ആവശ്യപ്പെടുന്നതായി കൃഷ്ണമേനോൻ എന്നെ അറിയിച്ചു. അപ്രകാരം അവിടെവെച്ചു് അനതിദീർഘമായ ഒരവതാരിക എഴുതിക്കൊടുക്കുകയും ചെയ്തു.
ആറാഴ്ച കഴിഞ്ഞു്, സമ്മേളനം പൂർത്തിയാകുന്നതിനല്പം മുൻപു ഞാൻ തിരികേ പോന്നു. താമസിയാതെ ഭാര്യയെ മൂത്തമകളുടെ കൂടെ ദെഹറാദൂണിൽ താമസിപ്പിച്ചിട്ടു ഞാൻ പീക്കിങ്ങിലേയ്ക്കു പിന്നെയും തിരിച്ചു. കൊറിയൻസന്ധിയെപ്പറ്റിയുള്ള ആലോചനകൾ നീണ്ടുകിടക്കയായിരുന്നു. ഇൻഡ്യയും ചൈനയും തമ്മിലുള്ള ബന്ധം അന്നു സൗഹാർദ്ദത്തിൽ വളർന്നുവന്നുവെങ്കിലും അതിനെ ബാധിക്കുന്ന ചില കാര്യങ്ങൾ—മിക്കവാറും ടിബറ്റിനെസ്സംബന്ധിച്ചവ—അന്നുതന്നെ വിഷമസന്ധിയിലെത്തിയിരുന്നു. കൂടാതെ, അന്നു് ഇൻഡ്യയിൽ ഭക്ഷ്യപദാർത്ഥങ്ങൾക്കു ഞെരുക്കമായിരുന്നതിനാൽ ചൈനായിൽനിന്നു് അരിയും മൈലോ എന്നുപറയുന്ന ഒരു ധാന്യവും ഇറക്കുമതി ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടതുമുണ്ടായിരുന്നു. ഇതെല്ലാം മുറയ്ക്കു മുമ്പോട്ടുപോകുമ്പോഴാണു് ശ്രീമതി വിജയലക്ഷ്മിപണ്ഡിറ്റി ന്റെ നേതൃത്വത്തിൽ ഒരു സുഹൃൽസംഘം ഔദ്യോഗികമായി ചൈനയിൽ വരുന്നുണ്ടെന്നു് അറിവുകിട്ടിയതു്. അതിന്നു മുമ്പത്തെ വർഷം സുന്ദർലാൽ എന്നൊരു പണ്ഡിതനും കമ്യൂണിസ്റ്റ്സഹായികളായ കുറെപ്പേരും ഒരു സംഘമായി ചൈനയിൽ വന്നിരുന്നു. അവരിൽ പ്രധാനരായവർ പ്രസിദ്ധസാഹിത്യകാരനായ മുൽക് രാജ് ആനന്ദ്, ധനശാസ്ത്രവിദഗ്ദ്ധൻ പ്രൊഫസർ വി. കെ. ആർ. വി. റാവു, ബ്ലിറ്റ്സ് (Blitz) പത്രാധിപർ കരാഞ്ജിയാ ഇവരായിരുന്നു. അവർ “ഇന്ത്യാ ചൈനാ ഭായി ഭായി” എന്ന പല്ലവി പാടി ചൈനാക്കാരിലും കവിഞ്ഞ ചീനസഹായികളായിട്ടാണു് മിക്കവാറും പെരുമാറിയതു്. അവരിൽ മിക്കവരെയും ഞാൻ നേരിട്ടറിയുമെന്നതിനാൽ വലിയ വൈഷമ്യങ്ങളുണ്ടാവാതെ കഴിക്കുവാൻ അന്നെനിക്കു സാധിച്ചു. അതുപോലെ ഒരു സംഘമല്ല ശ്രീമതി വിജയലക്ഷ്മിയെ അനുഗമിച്ചതു്. പ്രസിദ്ധപണ്ഡിതനും സോഷ്യലിസ്റ്റു നേതാവുമായ ആചാര്യനരേന്ദ്രദേവ്, നവാബുസൈൻ ഈയാർ ജംഗ് (Navabzem Yar Jung), അന്നു ടൈംസ് ആഫ് ഇൻഡ്യാ പത്രാധിപരായിരുന്ന ഫ്രാങ്കുമേറേസ്, സുപ്രസിദ്ധ ഫിസിക്സ് ശാസ്ത്രജ്ഞനായ പ്രൊഫസർ ഭഗവന്തം, നർത്തനകലാവിദഗ്ദ്ധ കുമാരി ശാന്താറാവു എന്നിങ്ങനെ പല തുറകളിലും പ്രാധാന്യമർഹിക്കുന്ന ഒരു സംഘമായിരുന്നു അതു്. സുന്ദർലാലുമൊന്നിച്ചു വന്ന സംഘത്തിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു അതെന്നു പറയേണ്ടതില്ലല്ലോ. സ്ഥാനംകൊണ്ടും സ്ഥിതികൊണ്ടും പാണ്ഡിത്യംകൊണ്ടും മാത്രമല്ല വ്യത്യാസമുണ്ടായിരുന്നതു്. ശ്രീമതി വിജയലക്ഷ്മിയുടെ കൂടെ വന്നിരുന്നവരിൽ പ്രായേണ മിക്കവർക്കും ചൈനയിലെ സംഭവങ്ങളെ നിഷ്പക്ഷമായി കണ്ടറിയണമെന്ന വിചാരമുണ്ടു്. സുന്ദർലാലിന്റെ കൂട്ടക്കാർ മിക്കവാറും ചീനപക്ഷപാതികളായിരുന്നു എന്നു പറഞ്ഞല്ലോ. തികഞ്ഞ ലോകപരിചയവും രാഷ്ട്രകാര്യജ്ഞാനവും ഉണ്ടായിരുന്ന ഈ പുതിയ സംഘക്കാർ ചൈനയിലെ നല്ല കാര്യങ്ങളെപ്പറ്റി അഭിനന്ദിച്ചുവെങ്കിലും അത്രയ്ക്കു നല്ലതല്ലാത്തവ കണ്ടു മനസ്സിലാക്കുവാനും ശ്രദ്ധിച്ചു.
ചീനഗവണ്മെന്റ് ശ്രീമതി വിജയലക്ഷ്മിയെയും കൂട്ടരെയും വളരെ ബഹുമതിയോടെയാണു് സ്വീകരിച്ചതു്. വലിയ സൽക്കാരങ്ങളും ആഘോഷങ്ങളുമെല്ലാമുണ്ടായിരുന്നുതാനും. മോട്സേടുങ്ങും അവരെ സ്വീകരിച്ചു വിജയലക്ഷ്മിയോടും എന്നോടും വളരെ നേരം സംസാരിച്ചു. ആ അവസരത്തിൽ പീക്കിങ്ങിലെ ഒരു സംഘം പ്രദർശിപ്പിച്ച ബാലേനൃത്തം ചൗവൻലായിതന്നെ പ്രത്യേകമായി നിർമ്മിച്ചതായിരുന്നത്രേ. അതുപോലെത്തന്നെ ഷാങ്ഹായിലും ആഘോഷങ്ങൾ വളരെ കേമമായി. അന്നവിടെ അധികാരം ഭരിച്ചിരുന്നതു പിന്നീടു വിദേശകാര്യമന്ത്രിയായ ചെൻയീയായിരുന്നു. ചെൻയീ ഒരു പ്രസിദ്ധപ്പെട്ട സേനാനായകനും രാഷ്ടീയനേതാവുമാണെന്നു മാത്രമല്ല, നല്ലൊരു കവിയും സംഗീതജ്ഞനുംകൂടിയാണു്. ഞങ്ങൾ നടത്തിയ ഒരു നൃത്തോത്സവത്തിനു പകരമായി അദ്ദേഹവും ഒന്നു നടത്തി. അതു് അതിമനോഹരമായിരുന്നു എന്നു സമ്മതിക്കണം.
ഈ സുഹൃൽസംഘം മടങ്ങിപ്പോയതോടുകൂടി എന്റെ ജോലിയും തീർന്നതായാണു് ഞാൻ ഗണിച്ചതു്. താമസിയാതെ ഇൻഡ്യയിലേയ്ക്കു മടങ്ങിക്കൊൾവാനും നെഹ്റുവിന്റെ എഴുത്തുവന്നുചേർന്നു. സൽക്കാരങ്ങളും സദ്യകളും പാർട്ടികളുമെല്ലാം വളരെ ഉപചാരപൂർവ്വം നടത്തിയിട്ടാണു് അവിടുന്നെന്നെ അവർ യാത്രയയച്ചതു്. എല്ലാ അമ്പാസഡറന്മാരും വിദേശകാര്യാലയത്തിലെ ഉപമന്ത്രി, മന്ത്രിയായ ചാങ്ഹാൻ ഫൂ (Chang Han Fu) മുതലായ വലിയ ഉദ്യോഗസ്ഥന്മാരും സ്റ്റേഷണിൽ ഹാജരുണ്ടായിരുന്നു. സ്വിറ്റ്സർലണ്ടിലെ അംബാസഡറായ ഉത്തമസ്നേഹിതൻ ക്ലെമന്റ് റെസ്സോൺക്കോ (അദ്ദേഹം പിന്നീടു് ഇൻഡ്യയിലമ്പാസഡറായി നാലുവർഷം താമസിച്ചു) എന്നെ ഷാങ്ഹായ് വരെ അനുയാത്രചെയ്തതു വലിയൊരു ബഹുമാനമായിട്ടാണു് എനിക്കു തോന്നിയതു്.
ഇങ്ങനെ രണ്ടു വർഷത്തിൽ കൂടുതൽ ഞാൻ കമ്യൂണിസ്റ്റ് ചൈനയിൽ കഴിച്ചുകൂട്ടി. അന്നു് ഇന്ത്യയും ചൈനയും തമ്മിൽ സാമാന്യം സൗഹാർദ്ദത്തോടെയാണു് കഴിഞ്ഞതെങ്കിലും തമ്മിൽ പൂർണ്ണമായ വിശ്വാസമുണ്ടായിരുന്നു എന്നു പറഞ്ഞുകൂടാ. അന്യോന്യം കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടാണു് ഞങ്ങൾ കഴിഞ്ഞുവന്നതെന്നുവേണം പറയുക. മോട്സേ ടുങ്ങ്, ചൗവൻലായ് മുതലായവർ എന്നോടും ഇൻഡ്യയിൽനിന്നു വരുന്നവരോടും സ്നേഹപൂർവ്വമാണു് പെരുമാറിയിരുന്നതെങ്കിലും, പല കാര്യങ്ങളും തുറന്നു പറയുവാൻ അവർ അനുവദിച്ചിരുന്നെങ്കിലും, അവർക്കു് ഇൻഡ്യയുടെ രാഷ്ട്രീയനയത്തിൽ സംശയമുണ്ടെന്നു് എനിക്കു പലതുകൊണ്ടും മനസ്സിലായിരുന്നു. അവരുടെ നയത്തിൽ—വിശേഷിച്ചു ടിബറ്റനതിർത്തികളെസ്സംബന്ധിച്ചു്—നമുക്കും തീരെ വിശ്വാസമില്ലായിരുന്നു. രാജദൂതജീവിതത്തിൽ അസാധാരണമായ ഒരു സ്ഥിതിയല്ല ഇതു്. പൂർണ്ണമായ വിശ്വാസം രണ്ടു രാജ്യക്കാർ തമ്മിൽ ഒരു കാലത്തും പതിവില്ല. അന്യോന്യം സൂക്ഷ്മവീക്ഷണം ചെയ്തുകൊണ്ടാണു് വലിയ മൈത്രിയിൽ കഴിയുന്ന രാജ്യക്കാരുടെയും ഡിപ്ലോമാറ്റിക്ജീവിതം. പക്ഷേ, അതിൽ കവിഞ്ഞ ഒരു സ്ഥിതിയായിരുന്നു ചൈനയിൽ.
ഒരു കാര്യംകൊണ്ടു ചൈനയിലെ താമസത്തിൽനിന്നു് എനിക്കു ഗുണമാണുണ്ടായതു്. ഡിപ്ലൊമാറ്റിക് ജോലിചെയ്യുന്നവർക്കു മറ്റു കാര്യങ്ങൾക്കു സമയം ലഭിക്കുന്നതപൂർവ്വമാണു്. നിരന്തരമായ വിരുന്നുസല്ക്കാരങ്ങൾ, കാക്ടെയിൽ പാർട്ടീസ് (cocktail parties). ഇങ്ങനെ ഒരു ധൃതഗതിയിലാണു് മിക്കസ്ഥലത്തും ഡിപ്ലോമാറ്റിക്കുകളുടെ ജീവിതമെന്നു പ്രസിദ്ധമാണല്ലോ. എന്നാൽ അങ്ങനെ ഒരു വൈഷമ്യം കമ്മ്യൂണിസ്റ്റ്ചൈനായിൽ അന്നില്ലായിരുന്നു. ഗവണ്മെന്റിന്റെ സൽക്കാരങ്ങൾ ഇടയ്ക്കിടയ്ക്കു പതിവുണ്ടു് എന്നുള്ളതു ശരിതന്നെ. പക്ഷേ, മിക്ക എംബസ്സികളും കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നായതുകൊണ്ടു് അവർ അപൂർവ്വമായിട്ടേ മറ്റുള്ളവരെ ക്ഷണിക്കാറുണ്ടയിരുന്നുള്ളു. കമ്യൂണിസ്റ്റല്ലാത്ത രാജ്യങ്ങളിൽനിന്നു് അക്കാലത്തു് ഇൻഡ്യാ, ബർമ്മാ, ഇൻഡൊണീഷ്യാ, സ്വീറ്റ്സർലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നു മാത്രമാണു് പ്രതിനിധികളുണ്ടായിരുന്നതു്. അതുകൊണ്ടു് എനിക്കു മറ്റു ജോലികൾക്കു വേണ്ട സമയം കിട്ടി. ഞാനതുപയോഗിച്ചതു്, യൂറോപ്യന്മാർ ഏഷ്യായിൽ വന്നശേഷമുള്ള നാനൂറ്റിഅമ്പതു വർഷത്തെ വിപുലമായ ഒരു ചരിത്രമെഴുതാനാണു്. 1498-ൽ ആണല്ലോ വാസ്കോഡിഗാമ കോഴിക്കോട്ടു വന്നടുത്തതു്. 1947-ൽ ആണു് ഇൻഡ്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതു്. അടുത്ത വർഷമാണു് ചീനർ തങ്ങളെ ബന്ധിച്ച പാശ്ചാത്യ ശൃംഖലകൾ പൊട്ടിച്ചു് ഒരു മഹാവിപ്ലവം വിജയപൂർവ്വം നടത്തിയതു്. ഈ 450 വർഷമുൾക്കൊള്ളുന്ന കാലഘട്ടത്തിൽ പ്രധാനമായി കാണാനുണ്ടായിരുന്നതു്, ആദ്യകാലം മുതൽക്കേ യൂറോപ്യർ നാവികസാമ്രാജ്യം സ്ഥാപിച്ചു് ഏഷ്യയിൽ ആകമാനം കച്ചോടം തങ്ങൾക്കു സ്വന്തമാക്കിയതും ക്രമേണ സർവ്വതോമുഖമായ ഒരധികാരം പത്തൊൻപതാം നൂറ്റാണ്ടിൽ ഏഷ്യാഭൂഖണ്ഡത്തിൽ മുഴുവൻ ചെലുത്തി തങ്ങളുടെ കീഴിൽപ്പെട്ട രാജ്യങ്ങളുടെ രാഷ്ട്രീയവും സാമുദായികവും അർത്ഥപരവുമായ കാര്യങ്ങളെ മാറ്റിമറിച്ചു പുതുതായ ഒരു യുഗംതന്നെ സ്ഥാപിച്ചതുമാണു്. മതസംബന്ധമായും വിദ്യാഭ്യാസപരമായും സാമൂഹ്യബന്ധങ്ങളെ സ്പർശിക്കുന്നതായും, എന്നുവേണ്ട, മാനവസമുദായത്തിന്റെ നാനാഭാഗങ്ങളെക്കൂടി ബാധിക്കുന്നതായും മൂലപ്രധാനങ്ങളായ മാറ്റങ്ങളാണു് യൂറോപ്യരുടെ അധികാരം ഇൻഡ്യ മുതലായ ഏഷ്യൻരാജ്യങ്ങളിൽ ഉണ്ടാക്കിവെച്ചതു്. അതു ലോകചരിത്രത്തിൽ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണു്. ആ ചരിത്രഘട്ടത്തെ നിഷ്കർഷിച്ചു പഠിച്ചു കൂലംകഷമായി നിരൂപണം ചെയ്യണമെന്നു വളരെ മുൻപുതന്നെ ആഗ്രഹമുണ്ടായതാണു്. 1925-ൽ പോർട്ടുഗാലിൽ ഞാൻ പോയപ്പോൾ വാസ്കോഡിഗാമ ഇന്ത്യയിലേയ്ക്കു പുറപ്പെട്ട ബെലമെന്ന തുറമുഖം സന്ദർശിക്കയുണ്ടായി. ആ ചെറുതുറമുഖത്തുനിന്നു വലിയ ആകാംക്ഷകളോടുകൂടി പുറപ്പെട്ട മൂന്നു പത്തേമാരികൾ എത്ര വലിയ സംഗതികൾക്കാണു് ബീജാവാചം ചെയ്തതെന്നു ഞാനന്നു് ആ കടല്ക്കരെ നിന്നു ഭാവനകൊണ്ടു ഗണിച്ചു് അത്ഭുതപ്പെട്ടു. അന്നാണു് യൂറോപ്യനധികാരം ഏഷ്യാഖണ്ഡം മുഴുവൻ വ്യാപിച്ചതിന്റെ ഒരു പൂർണ്ണചരിത്രം എഴുതണമെന്നെനിക്കു തോന്നിയതു്. എത്ര വിപുലമായ വിഷയം; എത്ര രാജ്യങ്ങളെ ബാധിക്കുന്നതു്. അതേസ്സംബന്ധിക്കുന്ന പ്രമാണങ്ങൾ പോർട്ടുഗാലിൽ കൂടാതെ ഹാളൻഡ്, ഫ്രാൻസ്, ഇംഗ്ലണ്ട് മുതലായ എത്ര രാജ്യങ്ങളിലെ ആപ്പീസുകളിലാണു് ചിന്നിച്ചിതറിക്കിടക്കുന്നതു്?
ആ ആലോചന പിന്നെ ഒരു കാലത്തും എന്റെ മനസ്സിൽനിന്നു വിട്ടുപോയില്ല. ഫ്രാൻസ്, ഹാളൻഡ്, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിൽ താമസിക്കുമ്പോളൊക്കെയും കുറേ സമയമെങ്കിലും ഈ കാര്യത്തിനു വിനിയോഗിക്ക പതിവായി. എന്നാൽ എത്ര ആഗ്രഹമുണ്ടായാലും കമ്മ്യൂണിസ്റ്റ്ചൈനായിൽ അമ്പാസഡറായി താമസിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ഈ ജോലി ഒരുകാലത്തും നടക്കയില്ലായിരുന്നു. നാൻകിങ്ങിൽ ആറു മാസത്തോളം അസ്വതന്ത്രനായി താമസിച്ച കാലം ഞാൻ ചീനചരിത്രം നിഷ്കർഷിച്ചു പഠിക്കുവാൻ നിയോഗിച്ച കാര്യം പറഞ്ഞിട്ടുണ്ടല്ലോ. അതിൽനിന്നു ദൂരപൂർവ്വദേശങ്ങളിൽ യൂറോപ്യന്മാർ നടത്തിയിരുന്ന അധികാരത്തിന്റെ പൂർണ്ണരൂപം മനസ്സിലാക്കുവാൻ സാധിച്ചു.
പീക്കിങ്ങിൽ താമസമാക്കിയപ്പോൾ ഈ മഹാഗ്രന്ഥം എഴുതുവാനുള്ള സൗകര്യമെല്ലാം ഒരുമിച്ചുചേർന്നു ലഭിച്ചു. പീക്കിങ്ങിലെ ബ്രിട്ടീഷെംബസ്സിവക ഗ്രന്ഥശാലയിൽ ഈ വിഷയത്തെ വിവരിക്കുന്ന പുസ്തകങ്ങൾ വളരെയുണ്ടായിരുന്നു. അതുപോലെതന്നെ പൈതാ എന്നു പേരായ പീക്കിങ് യൂണിവേഴ്സിറ്റിയിലും മിഷ്യണറിപ്രവൃത്തികൾ സംബന്ധിച്ച റിക്കാർഡുകളെല്ലാം അവിടുത്തെ കാത്തോലിക്കാ ഭദ്രാസനപ്പള്ളിയോടു തൊട്ടുള്ള ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നു. പോരാത്തതിനു്, വേണ്ട സമയവും. ആറു മാസംകൊണ്ടു ഞാൻ, നിരന്തരപരിശ്രമത്തിന്റെ ഫലമായി ആ പുസ്തകം എഴുതിത്തീർത്തു. ഞാനതാദ്യം കാണിച്ചതു്, സുന്ദർലാലിന്റെ സുഹൃൽസംഘത്തിൽ 1951 മെയ് മാസത്തിൽ പീക്കിങ്ങിൽ വന്ന പ്രൊഫസർ വി. കെ. ആർ. വി. റാവു വിനെയാണു്. ആ ശീതകാലത്തിൽ ഇൻഡ്യയിൽ വന്നു ഞാൻ യൂറോപ്പിലേയ്ക്കു പോയപ്പോൾ ആ പുസ്തകത്തിന്റെ ടൈപ്പുപ്രതിയും എന്റെ കൈയിലുണ്ടായിരുന്നു. അതു് ഉടൻതന്നെ, എന്റെ പുസ്തകങ്ങൾ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്താറുള്ള ജാർജ്ജ് അല്ലൻ ആന്റ് അൺവിൻ എന്ന കമ്പനിക്കാരെ ഏല്പിക്കയും ചെയ്തു.
ഈ പ്രധാനജോലി കൂടാതെ മലയാളത്തിലും ചിലതൊക്കെ ചെയ്യുകയുണ്ടായി. അന്നെഴുതിയ കവിതകളിൽ പലതും ‘സ്വാതന്ത്ര്യസൗരഭം’ എന്ന സമുച്ചയത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. കൂടാതെ ‘പടിഞ്ഞാറേ മുറി’ എന്ന ദീർഗ്ഘമായ ചൈനീസ് നാടകത്തിന്റെ പദ്യതർജ്ജമയും അക്കാലത്തു പ്രതിദിനം ചെയ്തുപോന്നു. അതും പിന്നീടു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ‘ചൈനയിലെ ഒരു യാത്ര’യും ഈ കാലത്തുതന്നെ എഴുതിയതാണല്ലോ. ഈ സാഹിത്യപരിശ്രമങ്ങൾ ചൈനയിലെ എന്റെ ജീവിതത്തിനു പ്രത്യേകമായ ഒരു സന്തോഷം നല്കിയെന്നും പറയാം.
ഭാര്യയുടെ ആരോഗ്യത്തിനു ചേർന്ന ഒരു ശീതോഷ്ണാവസ്ഥയിൽ നിയമിച്ചുകൊള്ളാമെന്നും എല്ലാംകൊണ്ടും നോക്കിയാൽ ഈജിപ്തിലേയ്ക്കു പോകയായിരിക്കും നല്ലതെന്നും ഞാൻ ചൈനായ്ക്കു തിരികെ പോകുന്നതിനു മുൻപുതന്നെ നെഹ്റു പറഞ്ഞിരുന്നു. എങ്കിലും ഞാൻ തിരിച്ചെത്തിയപ്പോൾ ഇതിനു ചെറിയൊരു വൈഷമ്യം പുതുതായിട്ടുണ്ടായിക്കണ്ടു. ഈജിപ്തുരാജാവിനെ സുഡാണിന്റെ രാജാവായി സമ്മതിച്ചു വിശ്വാസപത്രിക സമർപ്പിക്കുന്ന അമ്പാസഡറന്മാരെമാത്രമേ മേലാൽ സ്വീകരിക്കു എന്നു് ഈജിപ്ത് ഗവണ്മെന്റ് എല്ലാ രാജ്യങ്ങളെയും അറിയിച്ചിരുന്നു. അന്നു സുഡാണിലെ അധികാരം ബ്രിട്ടീഷുകാർക്കായിരുന്നതുകൊണ്ടു് അതു ബ്രിട്ടീഷുഗവണ്മെന്റിനു സമ്മതമായിരുന്നില്ലതാനും. സുഡാണിന്റെ മേൽ നിയമപ്രകാരമുള്ള പ്രഭുത്വം (Sovereignty) ഈജിപ്തിനാണെന്നുള്ളതു നിസ്സംശയമായിരിക്കെ, രാജാവിന്റെ ആ സ്ഥാനം സമ്മതിച്ചുകൊടുത്താൽ ബ്രിട്ടീഷുകാരുടെ അധികാരത്തിനു കുറവൊന്നും വരുന്നതല്ലെന്ന എന്റെ വാദത്തെ നെഹ്റു സ്വീകരിച്ചു. ആ കാര്യങ്ങളെല്ലാം ആലോചിച്ചു തീർച്ചപ്പെടുത്തുന്നതിനു് ഒരാറാഴ്ചയോളം വേണ്ടിവരുന്നു. ആ സമയം ഞാൻ വിദേശകാര്യാലയത്തിൽ സ്പെഷ്യൽ ഡ്യൂട്ടി എന്ന പേരിൽ ഒന്നും ചെയ്യാതെ താമസിക്കയായിരുന്നു. ആ അവസരത്തിൽ ദെല്ലി ധനശാസ്ത്രവിദ്യാലയത്തിൽ (Delhi School of Economics) പ്രത്യേകക്ഷണനമനുസരിച്ചു ചില പ്രസംഗങ്ങൾ നടത്തിയവയാണു് പിന്നീടു ‘നയതന്ത്രം’ (Diplomacy) എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകം.
രാജ്യകാര്യസംബന്ധമായി ഈജിപ്തിൽ പോകുന്നതിനു ചില പ്രത്യേകസംഗതികളുണ്ടായിരുന്നു. ഈജിപ്ത് (സൂഡാൺ ഉൾപ്പെടെ), സിറിയാ, ലബനൺ, ജാർഡൺ, ലിബിയാ എന്നീ രാജ്യങ്ങളാണു് എന്റെ ജോലിയുടെ പരിധിയിലുൾപ്പെട്ടിരുന്നതു്. ഇവയെല്ലാംതന്നെ മുസ്ലീംരാജ്യങ്ങളാകയാൽ അവിടെ ഇൻഡ്യയ്ക്കു വിപരീതമായി പാകിസ്ഥാൻ പ്രബലമായ പ്രചരണങ്ങൾ നടത്തിവന്നിരുന്നു. എന്നല്ല, നമുക്കവിടെ വലിയ പിടിയൊന്നുമില്ലായിരുന്നുതാനും. അവിടെ നമ്മുടെ സ്ഥിതി ഉറപ്പിക്കുക എന്നതായിരുന്നു, നമ്മുടെ നയതന്ത്രത്തിൽ പ്രധാനമായ ഒരു കാര്യം. കൂടാതെ ഞാൻ കയിറോയിലേയ്ക്കു പുറപ്പെടുന്നതിനു കുറച്ചു ദിവസം മുൻപു് ഈജിപ്തിലുണ്ടായ ഒരു വിപ്ലവത്തെത്തുടർന്നു ഫറൂക്കുരാജാവു ബഹിഷ്കൃതനാകയും ജനറൽ നെജീബിന്റെ അധ്യക്ഷതയിൽ ഒരു സൈനികസംഘം അവിടെ അധികാരമേറ്റെടുക്കയുമുണ്ടായി. അതിൽനിന്നുണ്ടാകാവുന്ന സംഭവവികാസങ്ങൾ ഇൻഡ്യയെ നല്ലവണ്ണം ബാധിക്കുമെന്നു ഞാനൂഹിച്ചു. അതുകൊണ്ടെല്ലാം ചൈനയിലെ അംബാസഡറിനുണ്ടായിരുന്നതിൽ കുറഞ്ഞ പ്രാധാന്യമല്ല മധ്യപൂർവ്വരാജ്യങ്ങളിലെ പ്രതിനിധിക്കുള്ളതെന്നു ഞാൻ കണ്ടു.
ഞാൻ പുറപ്പെടുന്നതിനു് ഒരാഴ്ചയ്ക്കു മുൻപു ദെല്ലിസർവ്വകലാശാലയിൽനിന്നു് ഒരെഴുത്തു കിട്ടി. ഡാക്ടർ ആഫ് ലെറ്റർസ് (Doctor of Letters) എന്ന പദവി ബഹുമാനസൂചകമായി എനിക്കു തരുവാൻ ഒരാണ്ടിനു മുൻപു തീർച്ചപ്പെടുത്തിയിട്ടുണ്ടെന്നും അതു് എനിക്കുമാത്രമായുള്ള ഒരു പ്രത്യേകകാൺവൊക്കേഷനിൽവെച്ചു നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നുമുള്ള ഒരറിയിപ്പായിരുന്നു അതു്. രാഷ്ട്രപതി ഡാ. രാജേന്ദ്രപ്രസാദു തന്നെ ആ കാൺവൊക്കേഷണിൽ ആധ്യക്ഷ്യം വഹിക്കുമെന്നും അതിൽ പറഞ്ഞിരുന്നു. ഇതിനുശേഷം പല യൂണിവേർസിറ്റികളിൽ നിന്നും ഡാക്ടർസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും ദെല്ലിയൂണിവേർസിറ്റിയിൽനിന്നു പ്രസിഡണ്ടിന്റെ കൈകൊണ്ടു ചെയ്ത പ്രസംഗം സ്മരണീയമാണു്. ചൈനയിൽ അമ്പാസഡറായി ചെയ്ത ജോലിക്കാണു് പ്രാധാന്യം കല്പിച്ചതെങ്കിലും ചരിത്രകാരനെന്നും സാഹിത്യകാരനെന്നുമുള്ള നിലയിൽ ചെയ്തിട്ടുള്ള പ്രവൃത്തികളെയും അദ്ദേഹം എടുത്തു പറയാതിരുന്നില്ല. അതിനെത്തുടർന്നു രാഷ്ട്രപതിയും ഒരു പ്രസംഗം ചെയ്തു. സ്ഥാനപത്രികയേറ്റുവാങ്ങിയശേഷം ഞാൻ പറഞ്ഞ മറുപടിയിൽ ഭാരതീയസംസ്കാരത്തിൽ ദ്രാവിഡഭാഷകൾക്കുള്ള സ്ഥാനം ഒരിക്കലും മറന്നുകൂടാവുന്നതല്ലെന്നും ദെല്ലിയെപ്പോലുള്ള ഒരു സർവ്വകലാശാലയിൽ തമിഴു്, മലയാളം മുതലായവ പഠിക്കാനേർപ്പാടില്ലാത്തതു നമുക്കു വലിയ അപമാനമാണെന്നും ഊന്നിപ്പറഞ്ഞു. ഇതോടുകൂടി കാൺവൊക്കേഷൺ കഴിഞ്ഞു എന്നാണു് എല്ലാവരും വിചാരിച്ചതു്. പക്ഷേ, സംഭവിച്ചതു് അങ്ങനെയല്ല. രാഷ്ട്രപതി ഒരു പ്രസംഗത്തിനുകൂടി ആ അവസരം ഉപയോഗിച്ചു. ഉത്തരേൻഡ്യയും ദക്ഷിണേൻഡ്യയും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും അല്ലെന്നു വിചാരിക്കുന്നവർക്കു ഹൈന്ദവസംസ്ക്കാരത്തിന്റെ ചരിത്രം അറിവില്ലെന്നുമാണു് അദ്ദേഹം പറഞ്ഞതു്. “ഒന്നുകൊണ്ടിതു മനസ്സിലാക്കാം: ഹിന്ദുക്കളുടെ അവതാരപുരുഷന്മാരെല്ലാം ഉത്തരഭാരതത്തിലാണു് ജനിച്ചതെങ്കിലും ആചാര്യന്മാരെല്ലാം ദാക്ഷിണാത്യരാണു്. രണ്ടും നമ്മുടെ സംസ്ക്കാരത്തിനു് അത്യാവശ്യംതന്നെ”—ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സാരം.
രണ്ടുദിവസം കഴിഞ്ഞു ഞാൻ കയ്റോയിലേയ്ക്കു തിരിച്ചു. ഇൻഡ്യയിൽനിന്നുള്ള വിമാനം ആ കാലങ്ങളിൽ കയ്റോയിലെത്താറുള്ളതു് അർദ്ധരാത്രി കഴിഞ്ഞു് ഒരുമണിയോടുകൂടിയാണു്. അങ്ങനെ ഒരസമയത്താണു് എത്തിയതെങ്കിലും ഞങ്ങളെ സ്വീകരിക്കുവാൻ പതിവനുസരിച്ചുള്ള ചടങ്ങുകൾ ചെയ്തിരുന്നു. അന്നു കയ്റോയിൽ കാര്യം നോക്കിയിരുന്നതു (Charge-d’affaires) വി. എ. എം. നായർ എന്നൊരുദ്യോഗസ്ഥനാണു്. അദ്ദേഹവും രണ്ടാംസിക്രട്ടറി വെങ്കിടേശ്വരനും മറ്റുദ്യോഗസ്ഥന്മാരും വിമാനത്താവളത്തിൽ ഹാജരുണ്ടായിരുന്നു.
വി. എ. എം. നായർ ഐ. സി. എസ്സ്. വഴി നയതന്ത്രത്തിൽ പ്രവേശിച്ച ആളാണു്. കാര്യപ്പിടിപ്പും കൃത്യനിഷ്ഠയുമുള്ള അദ്ദേഹം യഥാകാലം അമ്പാസഡർസ്ഥാനം പില്ക്കാലങ്ങളിൽ പല സ്ഥലങ്ങളിലും നോക്കിയിട്ടുണ്ടു്. വെങ്കിടേശ്വരൻ ചേന്ന മംഗലത്തുകാരനായ ഒരു ബ്രാഹ്മണനാണു്. ബുദ്ധിഗുണംകൊണ്ടും സൽസ്വഭാവംകൊണ്ടും എത്രയും കുഴങ്ങിയ കാര്യങ്ങളെ തെളിവായി മനസ്സിലാക്കാനുള്ള സാമർത്ഥ്യംകൊണ്ടും വെങ്കിടേശ്വരൻ വിദേശഡിപ്പാർട്ടുമെണ്ടിലെ ഇളമുറക്കാരായ ഉദ്യോഗസ്ഥന്മാരിൽ പ്രമുഖനായ ഒരു യുവാവാണെന്നു പറയാം. ഏതു ഭാഷയും സ്വല്പകാലംകൊണ്ടു പഠിക്കുവാൻ വെങ്കിടേശ്വരനു് ഒരു പ്രത്യേകനൈപുണ്യമുണ്ടെന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണു്.
അമ്പാസഡർക്കു താമസിക്കാനുള്ള സ്ഥലം ഇൻഡ്യാഗവണ്മെന്റുവക ഒരു കെട്ടിടമായിരുന്നു. നൈൽനദിയുടെ കരയിൽ മനോഹരമായ ഒരുദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഈ മോഹനഹർമ്മ്യം ഒരെമ്പസിക്കു യോജിച്ചതുതന്നെ. അതിന്റെ സ്വീകരണമുറിയുടെ അരികിലൂടെയാണു് നൈൽനദി പ്രവഹിക്കുന്നതു്. അവിടെ ഇരുന്നാൽ കാണാം, അനവധി വഞ്ചികൾ സാമാനവും കയറ്റി പായകൾ വിടർത്തി മന്ദഗതിയായി ഒഴുക്കനുസരിച്ചു് ആ നദിയിലൂടെ പോകുന്നതു്. ഞാൻ ഈജിപ്തിൽ ചെന്നപ്പോൾ, ഈ കെട്ടിടത്തിന്റെ അടിനിലയിൽ (നിരപ്പിൽ താഴ്‌ന്ന നിലവറമുകളിൽ) ആണു് ആപ്പീസിലുള്ളവർ ജോലിചെയ്തിരുന്നതു്. താമസിയാതെ വേറെ ഒരു സ്ഥലം വാടകയ്ക്കെടുത്തു ഞാൻ അവരെ അങ്ങൊട്ടു മാറ്റി. ആ സമയത്തു് ഈജിപ്തിലെ കാര്യങ്ങൾ എതാണ്ടൊരു കുഴപ്പത്തിലായിരുന്നു. രണ്ടാഴ്ചയ്ക്കു മുൻപു് ഫറൂക്കു രാജ്യഭ്രഷ്ടനാക്കപ്പെട്ടുവെങ്കിലും, അയാളുടെ മകന്റെ പേരിൽ ഒരു റീജൻസിയാണു് രാജാംഗത്തെ പ്രതിനിധാനംചെയ്തിരുന്നതു്. റെവലൂഷണറികൗൺസിലിനാണധികാരമെങ്കിലും പഴയ ഒരു പാഷായും രാജ്യസേവനുമായ ആലിമെഹറായിരുന്നു പ്രധാനമന്ത്രി. മറ്റു മന്ത്രിമാരും പേരിന്നു സ്ഥാനം വഹിച്ചിരുന്നു. റെവലൂഷണറി കൗൺസിലിലെ കാര്യവും കാണുന്നപോലൊന്നുമല്ലെന്നു നേരത്തേ മനസ്സിലായി. കൗൺസിലിന്റെ പ്രസിഡണ്ടു ജനറൽ നെജീബായിരുന്നുവെങ്കിലും, സാക്ഷാൽ നായകൻ അന്നാരും പേരുപോലും കേട്ടിട്ടില്ലായിരുന്ന അബ്ദുൾ ഗമാൽ നാസ്സർ എന്ന യുവാവായിരുന്നത്രേ. ഇങ്ങനെയെല്ലാമൊരു സ്ഥിതിയായിരുന്നു അവിടെ.
റീജൻസി കൗൺസിലിന്റെ സന്നിധിയിൽ എന്റെ വിശ്വാസപത്രം സമർപ്പിച്ചശേഷം മറ്റമ്പാസഡറന്മാരെയും ഈജിപ്ഷ്യൻജീവിതത്തിലെ പ്രമാണികളായ വ്യക്തികളെയും കണ്ടു പരിചയമാകുന്നതായിരുന്നു എന്റെ ആദ്യത്തെ കടമ. അമ്പാസഡറന്മാരുമായി പരിചയമാകുന്നതു് ഒരുത്തർക്കും ഒഴിച്ചുകൂടാത്ത ഒരു ചടങ്ങാണെങ്കിലും ഇക്കാര്യത്തിൽ എനിക്കു് ഒരു സഹായമുണ്ടായി. ബ്രിട്ടീഷമ്പാസഡറായ സർ റെയിഫ് സ്റ്റീഫൻസൺ നാങ്കിങ്ങിൽ വളരെക്കാലമംബാസഡറായി ജോലിനോക്കീട്ടുണ്ടു്; അവിടെവെച്ചു ഞാൻ അദ്ദേഹത്തെ അറിഞ്ഞിട്ടുമുണ്ടു്. എന്നുമാത്രമല്ല, ഞങ്ങൾ തമ്മിൽ വലിയ വിശ്വാസവും സ്നേഹവുമായിരുന്നുതാനും. നേരത്തേ കണ്ടു സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അമ്പാസഡറന്മാരിൽ പ്രാധാന്യമുള്ളവരായി രണ്ടുപേരേ ഉള്ളൂ: അമേരിക്കനമ്പാസഡർ കാഫ്രി, ഫ്രെഞ്ചമ്പാസഡർ കൂവ് ഡി മൂർവിൽ (പിന്നീടു ഫ്രാൻസിൽ വിദേശകാര്യമന്ത്രി). ഇവരുടെ രണ്ടുപേരുടേയും സ്നേഹം സമ്പാദിക്കുന്നതു് ഉപകാരപ്രദമായിരിക്കും. അറബീലീഗിലെ മന്ത്രിമാരെയും അറിഞ്ഞിരിക്കണം. മറ്റുള്ളവർക്കു് ഇവിടെ വലിയ പ്രാധാന്യമൊന്നുമില്ല.” ഈ അഭിപ്രായം ശരിയാണെന്നു് എനിക്കും തോന്നി. പാരീസ്സുമുതലായി പ്രധാനമായ പല എമ്പസികളിലും ജോലിചെയ്തു പേരു സമ്പാദിച്ച ഒരു മഹരഥനാണു് കാഫ്രി. ആദ്യസംഭാഷണത്തിൽനിന്നുതന്നെ മനസ്സിലായി, അദ്ദേഹത്തിന്നു് ഇംഗ്ലീഷുകാരോടു തീരെ ഇഷ്ടമില്ലെന്നും അവരുടെ നയത്തിൽ വിശ്വാസമില്ലെന്നും ഐറിഷ് വംശജനായ അദ്ദേഹത്തിനു് അങ്ങനെയൊരഭിപ്രായഗതി ഉണ്ടായതിൽ ആശ്ചര്യപ്പെടാനില്ലല്ലോ. റെവലൂഷണറികൗൺസിലുമായി അടുത്ത ബന്ധത്തിലാണു് അദ്ദേഹം കഴിയുന്നതെന്നും മറ്റീജിപ്ഷ്യൻപ്രമാണികളുമായി അദ്ദേഹത്തിനു നല്ല സമ്പർക്കമുണ്ടെന്നും ഞാൻ അദ്ദേഹത്തിൽനിന്നുതന്നെ മനസ്സിലാക്കി. കൂവ് ഡി മൂർവിൽ (Couve de Mourville) വേറെതരത്തിലൊരു മനുഷ്യനാണു്. ഫ്രാൻസിലെ നയതന്ത്രവിദഗ്ദ്ധന്മാരിലൊരാളായിരുന്നു അദ്ദേഹം. അധികം സംസാരിക്കയാവട്ടെ സ്നേഹം ഭാവിക്കയാകട്ടെ ഒന്നും അദ്ദേഹത്തിനു പതിവില്ല. പല മാസമായി പരിചയപ്പെട്ടശേഷമാണു് ഞങ്ങൾ സ്നേഹിതരായിത്തീർന്നതു്.
അറബിരാജ്യങ്ങളിലെ അമ്പാസഡർമാർക്കു് ഒരു പ്രത്യേകസ്ഥാനമാണു് ഈജിപ്തിലുണ്ടായിരുന്നതു്. ആരബ്ലീഗ് എന്ന സംഘടനയിൽ അവരെല്ലാവരും അംഗങ്ങളാണെന്നതുകൊണ്ടുമാത്രമല്ല അതു്. പല രാജ്യങ്ങളായി പിരിഞ്ഞാണെങ്കിലും അറബികൾ, ഒരു ജാതിയാണെന്നും മറ്റു രാജ്യങ്ങളോടുള്ള പെരുമാറ്റത്തിൽ ഐകമത്യത്തോടുകൂടി നില്ക്കണമെന്നുമായിരുന്നു പൊതുവായുള്ള തീർമാനം. അറബിരാജ്യങ്ങളുടെ നടുക്കു്, അവരുടെ ജന്മഭൂമികളിൽനിന്നു ഭാഗിച്ചെടുത്ത ഒരു സംസ്ഥാനം യഹൂദർക്കായി യുണൈറ്റഡ്നേഷൻസ് കൊടുത്തിട്ടുള്ള കാര്യം പ്രസിദ്ധമാണല്ലോ. തങ്ങളുടെ തറവാട്ടുപുരയുടെ മുകളിൽവെച്ച ഒരു തീക്കൊള്ളിപോലെയാണു് എല്ലാ അറബികളും ഇസ്രായിൽ രാജ്യത്തെ കണക്കാക്കിയിട്ടുള്ളതു്. ആ രാജ്യമുള്ളതായിത്തന്നെ ആരും ഗണിക്കരുതെന്നും അതിനോടാരും കച്ചോടം ചെയ്തുപോകരുതെന്നുമായിരുന്നു അവരുടെ നിശ്ചയം. ഈ സഖ്യം നിലനിന്നിരുന്നതുകൊണ്ടും അന്യോന്യമാലോചിക്കാതെ വിദേശനയങ്ങളിൽ ഏർപ്പെടരുതെന്നു തീരുമാനിച്ചിരുന്നതുകൊണ്ടും അവരെല്ലവരും ഒരു കുടുംബമെന്ന ഭാവനയിലാണു് കഴിഞ്ഞുവന്നതു്. ഒരു കുടുംബത്തിലെന്നപോലെ വഴക്കും അന്തഃഛിദ്രവും അവരുടെ ഇടയിലുമുണ്ടായിരുന്നു എന്നു കാണാൻ പ്രയാസമില്ല. പ്രത്യേകിച്ചും ബ്രിട്ടീഷുമച്ചമ്പിമാരെന്നഭിമാനിച്ചിരുന്ന (അക്കാലത്തെ) ഇറാക്കുഗവണ്മെന്റും ജോർഡാൻഗവണ്മെന്റും ഈജിപ്തിന്റെ ആലോചനകൾക്കെതിരായിട്ടാണു് നിന്നിരുന്നതു്. അറബി അമ്പാസഡർമാർ വലിയ മേനിയും മേന്മയും നടിക്കുന്ന പ്രഭുക്കന്മാരായിരുന്നെങ്കിലും വിദ്യാഭ്യാസംകൊണ്ടും ബുദ്ധിസാമർത്ഥ്യംകൊണ്ടും അവരിൽ ഒരാളുമാത്രമേ മുന്തിനിന്നിരുന്നുള്ളൂ. അതു ലബനണിലെ അമ്പാസഡർക്കു പകരംനോക്കിയിരുന്ന നാഡിം ഡിമിയിഷ്കേ എന്ന ഒരു യുവാവാണു്. മുപ്പത്തിയഞ്ചുവയസ്സിൽ കൂടുതൽ പ്രായമില്ലായിരുന്ന ഡിമിയിഷ്കേ ഈജിപ്തിലെ റെവലൂഷണറിക്കമ്മിറ്റിയിലെ അംഗമായി, അവർ മിക്കവാറും ഒരേ പ്രായക്കാരായതുകൊണ്ടു വളരെ സ്നേഹത്തോടെയാണു് കഴിഞ്ഞുവന്നിരുന്നതു്.
അംബാസഡർമാരെ എല്ലാവരെയും ചെന്നു കണ്ടു പരിചയമാകണമെന്നാണു് നിയമം. അതു പല മാസങ്ങൾകൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. അതിനു മുമ്പു പല അവസരങ്ങളിലും കണ്ടു വർത്തമാനങ്ങൾ പറഞ്ഞിട്ടുണ്ടാവാമെങ്കിലും നേരിട്ടു വീട്ടിൽ ചെന്നു കാണാതെ അവർ ഇങ്ങോട്ടു വരികയോ അങ്ങോട്ടു ക്ഷണിക്കയോ പതിവില്ല. ഈ നടപടിക്കു ‘കാൾ’ (Call) ചെയ്ക എന്നാണു് പറയുക. എന്റെ ‘കാളുകൾ’ തുടങ്ങി ഒരു പത്തു ദിവസത്തിനകം ഉപരാഷ്ട്രപതി ഡാ. രാധാകൃഷ്ണൻ എന്റെ അതിഥിയായി കയറോയിൽ വന്നു. ഡാ. രാധാകൃഷ്ണനും ഞാനും ചിരന്തനസ്നേഹിതരാണെന്നുതന്നെ പറയാം. അദ്ദേഹം കല്ക്കട്ടായിൽ പ്രഫസറായിരുന്ന കാലംമുതല്ക്കേ അറിയാൻ തുടങ്ങിയിട്ടുണ്ടു്. ആക്സ്ഫോർഡിൽ പ്രഫസറായതുമുതലാണു് നല്ലവണ്ണമറിഞ്ഞുതുടങ്ങിയതെന്നു പറയാം. രാധാകൃഷ്ണനെപ്പറ്റി ഇവിടെ ഒന്നും പറയേണ്ടതായിട്ടില്ല. ഹിന്ദുബൗദ്ധദർശനങ്ങളിൽ ഒന്നുപോലെ അഗാധവിജ്ഞാനമുള്ള ഒരു പണ്ഡിതൻ, സുസമ്മതനായ ഒരു സ്വതന്ത്രചിന്തകൻ, സമുദായകാര്യങ്ങളിൽ ഒരുല്പതിഷ്ണു, ലോകകാര്യങ്ങളെ സമദൃഷ്ടിയോടെ വീക്ഷണംചെയ്യുന്ന ഒരു യോഗി, ആരോടും സ്പർദ്ധയും മത്സരവുമില്ലാത്ത ഒരാത്മാരാമൻ—ഇങ്ങനെ ഒരസാമാന്യപുരുഷനാണു് ഡാ. രാധാകൃഷ്ണൻ. ഈജിപ്തിലേയ്ക്കു പോകുന്നതിനു മുമ്പു ഞാൻ അദ്ദേഹത്തെ അങ്ങോട്ടു ക്ഷണിച്ചിട്ടുണ്ടായിരുന്നു. അവിടെ ചെന്നു രണ്ടാഴ്ച കഴിയുന്നതിനു മുമ്പു കമ്പി കിട്ടി, അദ്ദേഹം ഉടൻതന്നെ യൂറോപ്പിലേയ്ക്കു പോകുന്നുണ്ടെന്നും യാത്രാമധ്യേ മൂന്നു ദിവസം കെയിറോയിൽ താമസിക്കാൻ സന്തോഷമാണെന്നും. ആ സന്ദേശം സന്തോഷപ്രദമായിരുന്നെങ്കിലും എത്രമാത്രം വൈഷമ്യമാണു് എനിക്കുണ്ടായതെന്നു പറയാൻ പ്രയാസം. ജോലിയിൽ ചേർന്നിട്ടു 15 ദിവസം കഴിഞ്ഞിട്ടില്ലാത്ത എനിക്കു ഗവണ്മെന്റിൽ പ്രമാണികളായവരെയോ പൊതുജനങ്ങളുടെ നേതാക്കന്മാരെയോ പണ്ഡിതന്മാരെയോ, ആരെയുംതന്നെ, പരിചയപ്പെടാൻ വേണ്ട സമയം കിട്ടിയിരുന്നില്ല. ഡാക്ടർ രാധാകൃഷ്ണനെ പിന്നെ അവരുമായി ഞാനെങ്ങനെ പരിചയപ്പെടുത്താനാണു്? എന്റെ ‘കാളുകൾ’ തീർന്നിട്ടില്ലാത്ത സ്ഥിതിക്കു് എന്റെ വിരുന്നിൽ പങ്കെടുക്കുന്നതിനു മറ്റംബാസഡർമാർ വരുമോ? ഈ സ്ഥിതിയിൽ ഞാൻ റെയ്ഫ്സ്റ്റീഫൺസനെ ചെന്നു കണ്ടു. എന്റെ വിഷമസ്ഥിതി മനസ്സിലാക്കിയ അദ്ദേഹം, വിരുന്നിന്റെ ക്ഷണനം പ്രധാനരായ അംബാസഡന്മാരെക്കൊണ്ടു സ്വീകരിപ്പിക്കുന്നതിനു താൻതന്നെ ഏർപ്പാടു ചെയ്തുകൊള്ളാമെന്നും തന്റെ ആളുകൾമുഖാന്തരം മറ്റുള്ളവരെയും സ്വീകരണത്തിലും മറ്റും വേണ്ടപോലെ പങ്കെടുപ്പിക്കുന്നതിനു് ഉത്സാഹിപ്പിക്കാമെന്നുമേറ്റു. പിന്നെ ഗവണ്മെന്റ് നേതാക്കന്മാരെപ്പറ്റിയായി എന്റെ ഉൽക്കണ്ഠ. അക്കാലത്തു് ഈജിപ്തും ഇൻഡ്യയും തമ്മിൽ ഇന്നത്തെപ്പോലുള്ള മൈത്രിയിലല്ല കഴിഞ്ഞുവന്നിരുന്നതു്. അതുകൊണ്ടു തങ്ങളുടെ ക്ഷണനം കൂടാതെ ഉപരാഷ്ട്രപതിയെ ഏതുവിധമാണു് അവർ സ്വീകരിക്കാൻപോകുന്നതെന്നു മുൻകൂട്ടിയറിയാൻ വയ്യായിരുന്നു. അദ്ദേഹത്തെ വേണ്ടപോലെ ബഹുമാനിക്കാതിരുന്നാൽ അതു് ഇൻഡ്യയ്ക്കു് അപമാനവും എനിക്കു തേജോഭംഗവുമായിട്ടാണല്ലോ തീരുക. ഞാൻ വെറുതെയിരുന്നില്ല. ആയിടയ്ക്കുതന്നെ വിദേശകാര്യമന്ത്രിയായി ചേർന്ന മുഹമ്മദ് ഫൗസിയെ ചെന്നു കണ്ടു. സ്ഥാനവും സ്ഥിതിയുമനുസരിച്ചു രാധാകൃഷ്ണനെ സ്വീകരിച്ചുകൊള്ളാമെന്നു് അദ്ദേഹമേറ്റു. ജനറൽ നെജീബിനെക്കണ്ടു കാര്യങ്ങൾ നേരിട്ടു പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതനുസരിച്ചു നേരിട്ടു കണ്ടു സംസാരിച്ചപ്പോൾ നെജീബിനും വൈസ്പ്രസിഡണ്ട് വരുന്നതിൽ വളരെ സന്തോഷമാണെന്നു കണ്ടു. ഏതായാലും ഡാ. രാധാകൃഷ്ണൻ എയറോപ്ലെയിനിൽനിന്നിറങ്ങിയപ്പോൾ ഉചിതമായി സൽക്കരിക്കുന്നതിനു ഗവണ്മെന്റിന്റെ പ്രതിനിധികൾ അവിടെ ഹാജരുണ്ടായിരുന്നു. പക്ഷേ, മറ്റൊരു കുഴപ്പം: യാത്രക്കാർക്കു് ഈജിപ്തിൽ ഇറങ്ങാൻ അത്യാവശ്യമായ കുത്തിവെപ്പു (Inoculation) സർട്ടിഫിക്കറ്റ് ഡാ. രാധാകൃഷ്ണൻ കൊണ്ടുവന്നിരുന്നില്ല. അതില്ലാതെ ആരെയും വിമാനത്താവളത്തിൽനിന്നു പുറത്തേയ്ക്കു വിടുകയുമില്ല. ഈ സ്ഥിതിയിൽ എന്താണു് ചെയ്യേണ്ടതെന്നറിയാതെ ഞാനല്പം കുഴങ്ങി. ഒടുവിൽ പ്രസിഡണ്ട് നെജീബിനുതന്നെ ടെലിഫോൺ ചെയ്തുനോക്കാൻ തീർച്ചയാക്കി. രാത്രിയിൽ ഒരുമണി കഴിഞ്ഞിരുന്നു. പ്രസിഡണ്ട് ഉറങ്ങുകയാണെന്നും അപ്പോൾ ഒന്നും സാധിക്കയില്ലെന്നും തവണക്കാരൻ പറഞ്ഞു. എങ്കിലും ഇതു് അത്യാവശ്യകാര്യമാണെന്നും ഇൻഡ്യൻ വൈസ് പ്രസിഡണ്ടിനെസ്സംബന്ധിക്കുന്നതാണെന്നും പറഞ്ഞപ്പോൾ ജനറൽ നെജീബിനെ വിളിച്ചുണർത്താമെന്നു് അയാൾ സമ്മതിച്ചു. അധികം താമസിയാതെ പ്രസിഡണ്ടിന്റെ നിദ്രാലസമായ ശബ്ദം ഞാൻ കേട്ടു. കാര്യം പറഞ്ഞ ഉടനെ, അദ്ദേഹം എയ്റോഡ്രോം ആഫീസറോടു ഡാക്ടർ രാധാകൃഷ്ണനെ സകലനിയമങ്ങളിൽനിന്നും ഒഴിവാക്കി ടെലിഫോണിൽത്തന്നെ ഉത്തരവിടുകയും ചെയ്തു.
ഡാ. രാധാകൃഷ്ണൻ എന്റെ അതിഥിയായി മൂന്നുദിവസം കയിറോയിൽ താമസിച്ചു. അദ്ദേഹത്തെ സല്ക്കരിച്ചു ഞാൻ കൊടുത്ത വിരുന്നുകളിൽ ഈജിപ്തിലെ പ്രമുഖന്മാരായ പൗരന്മാരും രാഷ്ട്രീയനേതാക്കന്മാരും കൂടാതെ വിദേശീയരായ അംബാസഡർമാർ വണിക്പ്രമുഖന്മാർ മുതലായവരും പങ്കെടുത്തു. ഒരു ദിവസം വൈകുന്നേരം ഡാ. രാധാകൃഷ്ണൻ ഇന്ത്യാക്കാരായ എംബസിയുദ്യോഗസ്ഥന്മാരുടെയും പ്രത്യേകിച്ചു് അവരുടെ ഭാര്യമാരുടെയും അപേക്ഷപ്രകാരം ഗീതയെസ്സംബന്ധിച്ചു് ഒരു ചെറുപ്രസംഗം നടത്തുകയുമുണ്ടായി.
തിരികെ പോകുന്നതിനു മുൻപു ഡാക്ടർ രാധാകൃഷ്ണനും ജനറൽ നെജീബുമായി ഒരു കൂടിക്കാഴ്ചയ്ക്കു ഞാൻ എർപ്പാടുചെയ്തു. അന്യദേശത്തുനിന്നു വരുന്ന പ്രമാണികളായ നേതാക്കന്മാരെ പ്രസിഡന്റ്, പ്രധാനമന്ത്രി മുതലായവർ കാണുമ്പോൾ അമ്പാസഡർമാർ കൂടെയുണ്ടായിരിക്കണമെന്നു് ഒരു നിയമമുണ്ടു്. അതനുസരിച്ചു ഞങ്ങൾ രണ്ടുപേരുംകൂടിയാണു് ജനറൽ നെജീബിനെ കാണാൻ പോയതു്. സംഭാഷണം വളരെ സന്തോഷഭാവത്തിലായിരുന്നു. ഒടുവിൽ പോരാൻനേരത്തു ഡാക്ടർ രാധാകൃഷ്ണൻ ശാന്തസ്വരത്തിലെങ്കിലും അതിഗംഭീരമായ ഭാവത്തിൽ ഇങ്ങനെ പറഞ്ഞു: “ഒന്നു ശ്രദ്ധിക്കണം, ജനറൽ: നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഇന്നു യോഗ്യന്മാരാണു്, വിനയവാന്മാരാണു്. നിങ്ങൾക്കു പൂർണ്ണാധികാരമുണ്ടു് എല്ലാ വിഷയത്തിലും. അധികാരം മത്തുപിടിപ്പിക്കുന്ന ഒരു കാര്യമാണു്. അതു തലയിൽ കയറാതെ സൂക്ഷിക്കയാണെങ്കിൽ നിങ്ങൾക്കും രാജ്യത്തിനും ഗുണമായിരിക്കും; അല്ലെങ്കിൽ രണ്ടിനും നാശം.” ഉപദേശരൂപത്തിൽ പറഞ്ഞ ഈ വാക്കുകൾ അശ്രുപൂർണ്ണമായ നേത്രത്തോടെയാണു് ജനറൽ നെജീബ് കേട്ടതു്. അത്രയ്ക്കു ഗാംഭീര്യമുണ്ടയിരുന്നു ഡാക്ടർ രാധാകൃഷ്ണന്റെ വാക്കിനു്. പിന്നീടൊരു ദിവസം കണ്ടപ്പോൾ ഇങ്ങനെ ഒരവസരം തനിക്കു ലഭിച്ചതു് ഒരു മഹാഭാഗ്യമായി താൻ ഗണിക്കുന്നുവെന്നാണു് നെജീബ് പറഞ്ഞതു്.
രാധാകൃഷ്ണനുമായി അടുത്തു കഴിച്ചുകൂട്ടിയ ആ മൂന്നു ദിവസങ്ങൾ ഞങ്ങൾക്കു് ഒരുത്സവംപോലെയായിരുന്നു. വണ്ടിയിൽ സഞ്ചരിക്കുമ്പോഴും ഉണ്ണാനിരിക്കുമ്പോഴും വെറുതെയിരിക്കുമ്പോഴും ഭജനകീർത്തനങ്ങൾ, ഉപനിഷദ്വാക്യങ്ങൾ, ഭക്തിപരമായ ശ്ലോകങ്ങൾ എന്നിവ ചൊല്ലുന്ന ഒരു ശീലം ഡാ. രാധാകൃഷ്ണനുണ്ടു്. ഉണ്ണുന്നതിനിടയ്ക്കു്, “ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ” എന്നു ചൊല്ലി. “എന്താ?” എന്നു് അടുത്തിരിക്കുന്ന ആളോടു ചോദിക്കുന്നതു കേട്ടാൽ അദ്ദേഹത്തിന്റെ മനസ്സു നിത്യകർമ്മങ്ങളിൽ പ്രവർത്തിക്കുമ്പോഴും ഭഗവാനിൽത്തന്നെയാണെന്നു് ആർക്കും മനസ്സിലാക്കാം.
രാധാകൃഷ്ണൻ പോയി രണ്ടു ദിവസം കഴിഞ്ഞശേഷം കാക്കാകാലേല്ക്കർ കയറോയിൽ വന്നു. മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട അന്തേവാസികളിൽ ഒരാളായിരുന്ന ഇദ്ദേഹത്തെ അല്പമായിട്ടേ മുമ്പെനിക്കു പരിചയമുണ്ടായിരുന്നുള്ളൂ. ഭാരതീയ സംസ്ക്കാരം മറുനാട്ടിൽ താമസിക്കുന്ന ഇന്ത്യാക്കാരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ആഫ്രിക്കയിൽ സഞ്ചരിക്കുകയായിരുന്നു. കെനിയായിലേയ്ക്കു പോവാൻ ചില തടസ്സങ്ങൾ അവിടുത്തേ ഗവണ്മെന്റ് പുറപ്പെടുവിച്ചതുനിമിത്തം അനുവാദം കിട്ടുമോ എന്നു തീർച്ചയാകുന്നതുവരെ അദ്ദേഹം കയിറോയിൽ താമസിക്കുന്നതു നന്നായിരിക്കുമെന്നു് ഇന്ത്യാഗവണ്മെന്റ് തീർച്ചയാക്കുകയാൽ എന്റെ കൂടെ താമസിക്കുന്നതിനു ഞാൻ അദ്ദേഹത്തെ ക്ഷണിച്ചതാണു്. കാക്കാ കാലേല്ക്കർ അസാമാന്യനായ ഒരു വ്യക്തിയാണെന്നുതന്നെ പറയാം. ജനനംകൊണ്ടു മഹാരാഷ്ട്രീയനെങ്കിലും, മറാട്ടിയിൽ എഴുതി പേരെടുത്ത ഒരു പണ്ഡിതനാണെങ്കിലും, കാക്കാസാഹേബിനു ഗുജറാത്തിസാഹിത്യത്തിലായിരുന്നു മികച്ച സ്ഥാനം. സംസ്കൃതത്തിലും അഗാധമായ പാണ്ഡിത്യമുണ്ടു്. ഭാരതീയസംസ്ക്കരത്തിന്റെ മാഹാത്മ്യത്തിൽ അഭംഗുരമായ വിശ്വാസമുണ്ടെങ്കിലും അതു സാർവ്വലൗകികമായിത്തീരണമെങ്കിൽ നമ്മുടെ ആചാരങ്ങളിൽ പല മാറ്റങ്ങൾ വരുത്താനുണ്ടെന്നാണു് അദ്ദേഹത്തിന്റെ വിശ്വാസം. പതിനഞ്ചു ദിവസം അദ്ദേഹം എന്റെ കൂടെ താമസിച്ചു. ആ ദിവസങ്ങൾ സാഹിത്യചർച്ചചെയ്തും ഹിന്ദുസംസ്ക്കാരത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി വിചാരണചെയ്തും സന്തോഷകരമായി കഴിച്ചുകൂട്ടി.
ഈജിപ്തിലെ അംബാസഡർ എന്നാണു് അന്നെന്റെ സ്ഥാനപ്പേരെങ്കിലും മറ്റു നാട്ടുരാജ്യങ്ങളിൽക്കൂടി ഞാൻ സ്ഥാനപതിയായിരുന്നു എന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ജാർഡൻ, സിറിയാ, ലബനൺ, ലിബിയാ എന്നീ രാജ്യങ്ങളാണു് എന്റെ ഉദ്യോഗപരിധിയിൽ ഉൾപ്പെടുത്തിയിരുന്നതു്. അവിടെയെല്ലാം പോയി എന്റെ വിശ്വാസപത്രം സമർപ്പിക്കേണ്ടതും അവിടുത്തെ നേതാക്കന്മാരുമായി പരിചയപ്പെടേണ്ടതും ആ ദേശങ്ങളിലെ പ്രശ്നങ്ങൾ മനസ്സിലാക്കേണ്ടതും എന്റെ ആദ്യകടമകളിൽ ഒന്നാണു്. അതുകൊണ്ടു കയിറോയിലെ പ്രാരംഭജോലികൾ ഒന്നൊതുങ്ങിയപ്പോൾ മറ്റു രാജ്യങ്ങളിൽ ചെന്നു് ഉദ്യോഗമേറ്റെടുക്കാനായി ഒരു ദീർഘമായ യാത്രയ്ക്കു ഞാൻ ഒരുമ്പെട്ടു. എന്നോടൊന്നിച്ചു ഭാര്യയും മകൾ രാധയുംകൂടാതെ വെങ്കിടേശ്വരനും എന്റെ അറബിസിക്രട്ടറിയായ സയ്യദ് എന്നൊരു പാലസ്തീനയൻ യുവാവുമുണ്ടായിരുന്നു. സയ്യദിന്റെ ജോലി ഉയർന്നതല്ലെങ്കിലും അയാൾ എല്ലാംകൊണ്ടും അസാമാന്യനായ ഒരു യുവാവായിരുന്നു എന്നു പറയാം. പാലസ്തീനിലെ ഏറ്റവും പ്രധാനമായ ഒരു കുടുംബത്തിലെ ഏകസന്താനമായ സയ്യദ് ഫ്രാൻസ്, ഇംഗ്ലണ്ട് മുതലായ സ്ഥലങ്ങളിൽ വിദ്യാഭ്യാസം കഴിച്ചു തന്റെ നാട്ടിലെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങിയപ്പോഴാണു് ഇസ്രേൽ-ആരബ് യുദ്ധമുണ്ടായതു്. തന്നിമിത്തം സർവ്വസ്വവുമുപേക്ഷിച്ചു് ഒരു ശരണാർത്ഥിയായി മറ്റു വളരെലക്ഷം ജനങ്ങളെപ്പോലെ അയാളും ഈജിപ്തിൽ വന്നുചേർന്നു. പാലസ്തീനിൽ നിന്നു വരുന്ന ആളുകൾക്കു് ഈജിപ്തിൽ ജോലി കിട്ടുക വലിയ പ്രയാസമായിരുന്നതിനാൽ ഒട്ടുകാലം സയ്യദ് വളരെ വിഷമിച്ചു. തന്റെ അടുത്ത ബന്ധുക്കാർ ജോർഡൻ, സിറിയാ മുതലായ സ്ഥലങ്ങളിൽ വലിയ അധികാരത്തിലിരിക്കുന്നുണ്ടെങ്കിലും അവരെ ആശ്രയിക്കുന്നതിനു് അയാളുടെ അഭിമാനം അനുവദിച്ചില്ല. കൂടാതെ ശരണാർത്ഥികളെ ആ രാജ്യങ്ങളിൽ പ്രവേശിപ്പിച്ചിരുന്നുമില്ല. അതുകൊണ്ടാണു് ഇൻഡ്യനെംബസിയിൽ ദ്വിഭാഷി എന്ന ചെറിയ ഉദ്യോഗം അയാൾ സ്വീകരിച്ചതു്.
സൽസ്വഭാവത്തെയും വിദ്യാഭ്യാസത്തെയും ആഭിജാത്യത്തെയും ഗണിച്ചു് അയാളോടു് ആദ്യംമുതൽതന്നെ എനിക്കു സന്തോഷമായിരുന്നു. അധികം താമസിയാതെ സാരമായ ഒരു സഹായവും എനിക്കയാളെക്കൊണ്ടുണ്ടായി. ഇസ്ലാമികരാജ്യങ്ങളിൽ വളരെ സ്വാധീനശക്തിയുള്ള മതാധ്യക്ഷനും പ്രസിദ്ധനുമായ പാലസ്തൈനിലെ മഹാചാര്യൻ (Grand Multi of Palestine) പാക്കിസ്താനു സഹായമായി അക്കാലത്തു പ്രചരണം നടത്തിയിരുന്നു. ഈജിപ്തിലെ ഗവണ്മെന്റ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കനുകൂലമല്ലെങ്കിലും പൊതുജനങ്ങളിൽ വലിയൊരു വിഭാഗം അദ്ദേഹത്തോടു യോജിച്ചാണെന്നു് എനിക്കാദ്യമേ അറിയാം. അക്കാര്യത്തെപ്പറ്റി ഞാൻ സയ്യദിനോടു പറഞ്ഞപ്പോൾ അതു നിഷ്പ്രയാസം മാറ്റിത്തരാമെന്നു് അയാൾ എറ്റു. ഗ്രാൻഡ് മുഫ്ത്തി തന്റെ സ്വന്തം മാതുലനാണെന്നും അദ്ദേഹത്തിനു പാക്കിസ്താനോടു പ്രത്യേകം പ്രീതിയൊന്നുമില്ലെന്നും ഞാൻ ഒരിക്കൽ അദ്ദേഹത്തെ അങ്ങോട്ടു ചെന്നു് ഔപചാരികമായി സന്ദർശിക്കുന്നപക്ഷം അദ്ദേഹം ഇൻഡ്യയ്ക്കു സഹായമായി നില്ക്കുന്ന കാര്യം താനേറ്റുകൊള്ളാമെന്നുമാണു് അയാൾ പറഞ്ഞതു്. അങ്ങനെ ചെന്നു കാണുവാനതിനു മുൻപു് ആർക്കും സമ്മതമല്ലായിരുന്നുവത്രേ. പാക്കിസ്താന്നനുകൂലമായി നില്ക്കുന്നവരെ വിരോധികളായി ഗണിക്കുന്ന ഒരു മനോഭാവക്കാരായിരുന്നു എംബസ്സിയിലെ ഉദ്യോഗസ്ഥന്മാർ അതുകൊണ്ടു് അവരെ നമ്മുടെ വശത്തോടു ചേർക്കുവാൻ ആരും ശ്രമിച്ചില്ല. സെയിദ്ദിന്റെ അഭിപ്രായം അറിഞ്ഞപ്പോൾ, ഉടൻതന്നെ ഒരു സന്ദർശനത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്തുകൊള്ളുന്നതിനു ഞാൻ സമ്മതിച്ചു. രണ്ടു ദിവസത്തിനകം സമയം തീർച്ചയാക്കി അറിവും കിട്ടി.
ഒരു രാജ്യാധികാരിക്കു യോജിച്ച പ്രതാപത്തിലാണു് ഗ്രാൻഡ് മുഫ്ത്തി അൽ അമീൻ ഹുസൈനി താമസിച്ചതു്. അറബിപാലസ്തീനിന്റെ പ്രസിഡന്റെന്നൊരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. അതനുസരിച്ചു രാജോചിതമായ ആചാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാസസ്ഥലത്തിൽ. സയ്യദും ഞാനുംകൂടി അവിടെ ചെന്നപ്പോൾ വളരെ ഉപചാരപൂർവ്വമാണു് എന്നെ അദ്ദേഹം സ്വീകരിച്ചതു്. ധന്യവാദങ്ങൾക്കെല്ലാം ശേഷം അദ്ദേഹംതന്നെ പറഞ്ഞു: “ഇൻഡ്യയിലെ നേതാക്കന്മാർക്കു് എന്നെപ്പറ്റി ചില തെറ്റിദ്ധാരണകളുണ്ടെന്നു് എനിക്കറിയാം. അതിനൊന്നും അവകാശമില്ല. ഞാൻ പാക്കിസ്താനിൽ പോയിരുന്നപ്പോൾ അവർ കാശ്മീർകാര്യത്തിൽ ഒരഭിപ്രായം പറയണമെന്നു് എന്നെ നിർബ്ബന്ധിച്ചു. ആ സംഗതിയിൽ എനിക്കു നിഷ്പക്ഷനിലയാണെന്നു ഞാൻ പല പ്രാവശ്യം പറഞ്ഞുവെങ്കിലും അവർ നിർബ്ബന്ധിക്കയാൽ ആ വഴക്കിലെ ന്യായാന്യായങ്ങളെ ബാധിക്കാത്ത ഒരു പ്രസ്താവന ഞാൻ എഴുതി. പക്ഷേ, അവർ അതു മാറ്റിയാണു് പ്രസിദ്ധപ്പെടുത്തിയതു്. എന്റെ നിഷേധപ്രസ്താവന അവർ പ്രസിദ്ധപ്പെടുത്തിയുമില്ല.”
അതേപ്പറ്റി ഞങ്ങൾക്കു വഴക്കില്ലെന്നും ഇൻഡ്യയും അറബികളുമായുള്ള സ്നേഹഭാവം പുലർത്തുന്നതിനു് അദ്ദേഹംകൂടി സഹായിക്കണമെന്നും ഞാൻ പറഞ്ഞു. അതാണു് തന്റേയും ഉദ്ദേശമെന്നും പാക്കിസ്താൻ ബ്രിട്ടീഷുകാരെ വിട്ടുമാറുകയില്ലെന്നും അവരെ ആശ്രയിച്ചുതന്നെ നില്ക്കുമെന്നും താൻ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്നുമാണു് മുഫ്ത്തി പറഞ്ഞതു്. രണ്ടു ദിവസം കഴിഞ്ഞു ഗ്രാൻഡ് മുഫ്ത്തി പ്രതിസന്ദർശനത്തിനായി എന്റെ വീട്ടിൽ വന്നു. വളരെ ആഡംബരത്തോടുകൂടി വന്ന അദ്ദേഹത്തെ ഞാൻ ഉപചാരപൂർവ്വം സ്വീകരിച്ചു. ഈ സന്ദർശനങ്ങൾക്കുശേഷം ഇൻഡ്യനെംബസ്സിയും പാലസ്തൈൻ മുഫ്ത്തിയുമായി വലിയ സ്നേഹത്തിലാണു് കഴിഞ്ഞതു്.
പ്രധാനമായ ഈ മാറ്റത്തിനു കാരണക്കാരൻ സയ്യദാണെന്നു് എനിക്കു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. വേറെയും ചില സംഗതികൾകൊണ്ടു് അയാൾക്കു മറ്റു് അറബിദേശങ്ങളിൽ വലിയ സ്വാധീനശക്തിയുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അയാളെ എന്റെ അറബിസിക്രട്ടറിയായി നിയമിച്ചു. അതിനുശേഷമാണു് യാത്രയാരംഭിച്ചതു്.
യഹൂദന്മാർ, ക്രിസ്ത്യർ, മുസ്സൽമാൻമാർ—ഈ മൂന്നു മതക്കാരും പുണ്യഭൂമി എന്നു ഗണിച്ചുവരുന്ന പാലസ്തീൻരാജ്യത്തിൽ സഞ്ചരിക്കണമെന്നു് എനിക്കു ചെറുപ്പകാലംമുതൽതന്നെ ആഗ്രഹമുണ്ടായിരുന്നു. യഹൂദജാതിയുടെ ജന്മസ്ഥാനമെന്നുമാത്രമല്ല, അവരുടെ ചരിത്രമെല്ലാംതന്നെ പാലസ്തീനെസ്സംബന്ധിക്കുന്നതാണല്ലോ. അവിടമാണു് യഹോവാ തങ്ങളുടെ രാജ്യമായി വിട്ടുകൊടുത്തതെന്നത്രേ അവർ വിശ്വസിക്കുന്നതു്. അവരുടെ മതത്തെയും ആചാരത്തെയും സംബന്ധിക്കുന്ന എല്ലാ സംഗതികളും പാലസ്തീനെ ആശ്രയിച്ചാണു് ഇരിക്കുന്നതു്. ആ അവകാശത്തെ അടിസ്ഥാനമാക്കിയാണല്ലോ ഇപ്പോൾ ഈ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന കലഹങ്ങൾ.
ക്രിസ്ത്യാനികൾക്കാണെങ്കിൽ പാലസ്തീൻ ലോകത്തിൽവെച്ചു് എല്ലാംകൊണ്ടും ഏറ്റവും പരിപാവനമായ സ്ഥലമാണെന്നുള്ളതിനു സംശയമില്ല. ക്രിസ്തുവിന്റെ അവതാരംമുതൽ കുരിശേറ്റംവരെയും സ്വർഗ്ഗാരോഹണംവരെയുമുള്ള പ്രധാനസംഭവങ്ങളെല്ലാം ഈ പ്രദേശത്തിലായിരുന്നു. ഗലീലിതൊട്ടു യെറുശേലംവരെയുള്ള ഭൂഭാഗം ക്രിസ്തുവിന്റെ പാദസ്പർശംകൊണ്ടു പുണ്യമേറിയതെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ അത്ഭുതകർമ്മങ്ങൾകൊണ്ടും ഒടുവിലത്തെ പരിപീഡനംകൊണ്ടും പ്രത്യേകം മാഹാത്മ്യമുള്ള ഒന്നാണെന്നുമത്രേ അവരുടെ വിശ്വാസം. ക്രിസ്തുവിന്റെ ജീവിതത്തെസ്സംബന്ധിക്കുന്ന സ്ഥലങ്ങളെല്ലാം യെറുശേലമിനെ ചുറ്റിയാണു്. അദ്ദേഹത്തിന്റെ അവതാരം ആ പട്ടണത്തിൽ നിന്നു പത്തു മൈയിലകലെ സ്ഥിതിചെയ്യുന്ന ബതെൽഹേം എന്ന ഗ്രാമത്തിലായിരുന്നു. യോഹന്നാൻ യേശുവിനെ ജ്ഞാനസ്നാനം ചെയ്യിച്ചതു് അവിടെനിന്നു് അകന്നല്ലാത്ത ജോർഡാൻ നദിയിലാണു്. യഹൂദന്മാരുടെ പ്രധാനക്ഷേത്രത്തിലാണു് കന്യാമറിയം അദ്ദേഹത്തിന്റെ മതകർമ്മങ്ങൾ ചെയ്തതു്. അവസാനരംഗവും യെറുശേലമിൽവെച്ചുതന്നെയായിരുന്നു. കുരിശും വഹിച്ചു ഗോൾഗോത്തയിലേയ്ക്കുള്ള യാത്ര, കുരിശേറ്റം, സ്വർഗ്ഗാരോഹണം—ഈ രംഗങ്ങൾ നടന്ന ഭാഗമാണല്ലോ ഏറ്റവും പാവനമായി ഗണിക്കേണ്ടതു്. അതും യെറുശേലമിലാണു്.
പലസ്തീനിലെ ഓരോ പ്രദേശവും ക്രിസ്തുവിന്റെ കാല്പൊടികൊണ്ടു പരിപാവനമെന്നുതന്നെ പറയാം. ബഥനിയെന്ന ചെറിയ ഗ്രാമത്തിൽവെച്ചാണു് ലാസറസ്സിനെ മരണത്തിൽ നിന്നു് എഴുനേല്പിച്ചതു്. അവിടെ സമീപമുള്ള ശീമോന്റെ ഗൃഹത്തിൽവെച്ചുണ്ടായ സൽക്കാരസമയത്താണു് മഗ്ദലനമറിയം ഭഗവൽപാദങ്ങളെ ശുശ്രൂഷിച്ചു പുണ്യം നേടിയതു്. ജെറിക്കോയുടെ സമീപമുള്ള മണല്ക്കാട്ടിൽവെച്ചാണു് യേശു നാല്പതു ദിവസത്തെ ഉപവാസം അനുഷ്ഠിച്ചതു്. യേശു വളർന്ന നസറേത്തു്, താബോർമല, ഗലീലിതടാകം മുതലായവയെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ആയിരത്തിത്തൊള്ളായിരത്തിനുമേൽ വർഷങ്ങളായി ഈ സ്ഥലങ്ങളെ ക്രൈസ്തവമതക്കാരെല്ലാവരും ഒരുപോലെ പരിശുദ്ധമായ തീർത്ഥങ്ങളായിട്ടാണു് ഗണിച്ചുവരുന്നതു്.
ഇത്രയില്ലെങ്കിലും മുസ്സൽമാൻമാർക്കും പാലസ്തീൻ ഒരു പുണ്യസ്ഥലമാണു്. ഇവിടെവെച്ചാണത്രേ മഹമ്മദ് നബി സ്വർഗ്ഗാരോഹണം ചെയ്തതു്. സോളമൺ പണിചെയ്ത ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നതും എബ്രഹാം മകനെ ബലികഴിക്കുന്നതിനായി കിടത്തി എന്നു വിശ്വസിക്കുന്നതുമായ പാറയുടെ അടിയിലുള്ള ഗുഹയിൽനിന്നു് അദ്ദേഹം പ്രാർത്ഥിക്കയുമുണ്ടായത്രേ. കൂടാതെ, മക്കാ, മദീനാ എന്നീ സ്ഥലങ്ങൾ കഴിഞ്ഞാൽ മുസ്സൽമാൻമാർക്കു് ഏറ്റവും പ്രധാനമായ സ്ഥലം യെറുശേലമാണു്.
ഇങ്ങനെ ലോകത്തിലെ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗം ഭക്തിപുരസ്സരം ആദരിച്ചുവരുന്ന പാലസ്തീൻ കാണാൻ ആർക്കും ആഗ്രഹമുണ്ടകുന്നതാണല്ലോ. കൂടാതെ അപ്പോഴത്തെ അന്താരാഷ്ട്രീയപ്രശ്നങ്ങളിലും പാലസ്തീൻ പ്രത്യേകമായ പ്രാധാന്യം അർഹിക്കുന്നുണ്ടു്. യഹൂദന്മാരും അറബികളും തമ്മിൽ ഈ രാജ്യത്തെപ്പറ്റിയുണ്ടായ അവകാശത്തർക്കം ഒരു യുദ്ധമായിട്ടാണല്ലോ പരിണമിച്ചതു്. ആ അവകാശം കേട്ടു തീർച്ചയാക്കിയ സംയുക്തരാഷ്ട്രസംഘം പാലസ്തീൻ രണ്ടായി ഭാഗിക്കണമെന്നാണു് തീർച്ചയാക്കിയതു്. 1947-ൽ ന്യൂയാർക്കിൽവെച്ചുകൂടിയ സമ്മേളനത്തിൽ ഈ പ്രശ്നം ആലോചനയ്ക്കെടുത്തപ്പോൾ ഇൻഡ്യാഗവണ്മെന്റിന്റെ പ്രാതിനിധ്യം വഹിച്ച സംഘത്തിൽ ഞാനും ഒരംഗമായിരുന്നു. ഞങ്ങളുടെ അഭിപ്രായത്തിനു വിപരീതമായിട്ടാണു് ഭാഗം നടത്തുവാൻ ആ സമ്മേളനം തീർച്ചയാക്കിയതു്. പലസ്തീൻപ്രശ്നത്തിൽ ഏതാണ്ടൊരു പങ്കു് എനിക്കുമുണ്ടായിരുന്നു എന്നു് അതുകൊണ്ടു പറയാം. തീർമാനം കഴിഞ്ഞുണ്ടായ യുദ്ധത്തിൻഫലമായി യെറുശേലംതന്നെ രണ്ടായി വിഭജിക്കപ്പെട്ടു. എട്ടു ലക്ഷത്തിൽപ്പരം ആളുകൾക്കു വീടും കുടിയുമില്ലാതെ ശരണാർത്ഥികളായി പല നാടുകളിൽ അലഞ്ഞു നടക്കേണ്ടിവന്നു. ആ സംഗതികളെല്ലാം കണ്ടറിയേണ്ടതു് എന്റെ ചുമതലകളിലൊന്നായിരുന്നതിനാൽ പാലസ്തീനിൽ സഞ്ചരിക്കുന്നതു് എന്റെ അമ്പാസഡർജോലിയുടെ ചുമതലകളിൽ ഒന്നായും വന്നുചേർന്നു. ഇങ്ങനെയാണു് പ്രധാനമായ ഈ യാത്രയ്ക്കു് ഒരുങ്ങി പുറപ്പെട്ടതു്.
ഒക്ടോബർ 21-ാം തീയ്യതിയാണു് ഞങ്ങൾ കയിറോയിൽ നിന്നു ജോർഡാൻരാജ്യത്തിന്റെ തലസ്ഥാനമായ അമ്മാനിലേയ്ക്കു വിമാനം കയറിയതു്. അക്ടോബർ, നവമ്പർ എന്നീ രണ്ടു മാസങ്ങളിലെ ശീതോഷ്ണാവസ്ഥ ഈ പ്രദേശങ്ങളിൽ ഏറ്റവും സുഖപ്രദമാണെന്നറിയാം. മിക്കവാറും മണലാരണ്യമായ ഈ രാജ്യങ്ങളിൽ ഉഷ്ണകാലത്തു സഹിക്കവയ്യാത്ത ചൂടാണു്; അതുപോലെതന്നെ, മഞ്ഞുകാലമായാൽ തണുപ്പും. സുഖകരമായ സമയം ആലോചിച്ചുവേണമല്ലോ യാത്രപുറപ്പെടാൻ.
കയിറോയിൽനിന്നു യെറുശേലമിലേയ്ക്കു രണ്ടു മണിക്കൂറും അവിടെനിന്നു് അമ്മാനിലേയ്ക്കു് ഒരു മുക്കാൽമണിക്കൂറുംമാത്രമാണു് വിമാനത്തിൽ ഇരിക്കേണ്ടതു്. അമ്മാനിൽ എത്തി അവിടുത്തെ രാജാവിനുവേണ്ടി റിജൻസീസംഘത്തിനു് എന്റെ അധികാരപത്രം കൊടുത്തു് അവിടുത്തെ ഗവണ്മെന്റുമായി ബന്ധപ്പെട്ടശേഷം യെറുശേലം മുതലായ സ്ഥലങ്ങളിലേയ്ക്കു പോകണമെന്നായിരുന്നു എന്റെ ഉദ്ദേശം. പാലസ്തീനിലെ പുണ്യസ്ഥലങ്ങൾ മിക്കവയും ഇപ്പോൾ ജാർഡൻഗവണ്മെന്റിന്റെ കീഴിലാണു്. 1948-ലെ യുദ്ധശേഷം ജാർഡൻനദിക്കും യറുശേലമിനും ഇടയ്ക്കുള്ള സ്ഥലം ഈ രാജ്യക്കാർ പിടിച്ചടക്കി കയ്യിൽവെച്ചിരിക്കയാണു്. ജോർഡൻ, സിറിയ, ലബനൻ, ലിബിയ എന്ന നാലു രാജ്യങ്ങളിലേയ്ക്കു നിയമിതനായ മിനിസ്റ്റർ എന്ന സ്ഥാനംകൂടെ കയിറോയിലെ അംബാസഡർസ്ഥാനത്തോടു ചേർത്തു ഞാൻ വഹിച്ചിരുന്നതിനാൽ, അപ്രകാരം അമ്മാനിൽ ആദ്യം ചെന്നു ജോർഡാൻരാജാവിനു പകരം ഭരിക്കുന്ന റീജൻസിസംഘത്തെ കാണേണ്ടതു് എന്റെ കടമയായിരുന്നു. ആ രാജ്യത്തേയും അതിന്റെ രാജധാനിയേയുംപറ്റി ചുരുക്കമായ ഒരു വിവരണം ഇവിടെ ആവശ്യമാണു്.
1919-ൽ ആദ്യത്തെ ലോകമഹായുദ്ധം അവസാനിച്ചപ്പോൾ പാലസ്തീനെ ബ്രിട്ടീഷുകാർ രണ്ടായിട്ടു ഭാഗിച്ചു്, ജാർഡൻനദിയുടെ കിഴക്കുവശത്തു മിക്കവാറും മരുഭൂമിയായ ഒരു പ്രദേശം അമീർ അബ്ദുള്ള എന്ന രാജാവിന്റെ കീഴിൽ ഒരു പ്രത്യേകരാജ്യമാക്കി. ഇൻഡ്യയിലെ ചെറിയ നാട്ടുരാജ്യങ്ങളിൽ ഒന്നിന്റെ സ്ഥാനംമാത്രമേ അതിനുണ്ടായിരുന്നുള്ളൂ. അഞ്ചു ലക്ഷം ജനങ്ങളും കഷ്ടിച്ചു് ഒരു കോടി രൂപാ വരവുമുണ്ടായിരുന്ന ട്രാൻസ് ജാർഡാൻ (Trans Jordan) രാജ്യത്തിനു്, മറ്റു പ്രാധാന്യമൊന്നുമില്ലായിരുന്നെങ്കിലും ബ്രിട്ടീഷുസാമ്രാജ്യതന്ത്രശൃംഖലയുടെ ഒരു കണ്ണി എന്ന നിലയിൽ ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു എന്നു പറയാം. പേർസ്യനുൾക്കടൽതൊട്ടു സിറിയൻ കടൽവരെയുള്ള മുസ്സൽമാൻരാജ്യങ്ങളെ ഒന്നടക്കി ഭരിക്കണമെന്നായിരുന്നു ബ്രിട്ടന്റെ ആഗ്രഹം. പക്ഷേ, ഫ്രഞ്ചുകാർ സിറിയയിൽ പ്രവേശിച്ചു ഭരണം നടത്തി ആ ദുർമ്മോഹത്തിനു വിഘ്നം വരുത്തിയപ്പോൾ സിറിയായോടു തൊട്ടുകിടക്കുന്ന ഈ മരുപ്രദേശത്തെ ഒരു രാജ്യമായി പ്രഖ്യാപനംചെയ്തു് അബ്ദുള്ളയെ ബ്രിട്ടീഷുകാർ അവിടെ വാഴിച്ചു. ദരിദ്രനും ദുർബലനുമായ രാജാവിനു നാടു ഭരിച്ചുകൊണ്ടുപോകുവാൻപോലും ബ്രിട്ടീഷുകാരുടെ ധനസഹായം ആവശ്യമായി വന്നു. ഒരു കാലത്തു സിറിയയെ കീഴാക്കി വലിയൊരു രാജാവായി വാഴാമെന്നു മോഹിച്ചിരുന്ന അബ്ദുള്ളായുടെ ശക്തി മുഴുവൻ “ആരബു് ലീജിയൺ” എന്നു പേരായ ഒരു സൈന്യവിഭാഗത്തെയാണു് അവലംബിച്ചിരുന്നതു്. അറബികളെ ചേർത്തുകൂട്ടി ബ്രിട്ടീഷ്സേനാധിപന്മാരുടെ നേതൃത്വത്തിലും ബ്രിട്ടീഷ്ഗവണ്മെന്റിന്റെ ചിലവിന്മേലും പരിശീലിപ്പിച്ചു വളർത്തിക്കൊണ്ടുവന്ന ഈ സേനാവിഭാഗം ചെറുതെങ്കിലും പ്രബലമായ ഒന്നാണു്. കഴിഞ്ഞ മഹായുദ്ധത്തിൽ ആ സൈന്യത്തെക്കൊണ്ടു ബ്രിട്ടീഷുകാർക്കു ഗണനീയമായ സഹായം ലഭിക്കയുമുണ്ടായി. ആ ‘ലീജിയ’ന്റെ മേൽ ഗ്ലബ്ബ് പാഷാ എന്നറിയപ്പെട്ട ഒരിംഗ്ലീഷുകാരനാണു് സർവ്വാധികാരവും വഹിച്ചിരുന്നതു്. ഗ്ലബ് പൊക്കം കുറഞ്ഞു്, അല്പമൊന്നു തടിച്ചു മുഖം ചുവന്ന ഒരിംഗ്ലീഷുകാരനായിരുന്നു. അബ്ദുള്ളായുടെ മകനാണു് രാജ്യമെങ്കിലും രാജാധികാരം തന്റെ കയ്യിലാണു് എന്നുള്ളതു് അയാൾ മറച്ചുവെയ്ക്കാൻപോലും ശ്രമിച്ചില്ല. ജോർഡനിലെ നഗരവാസികളായ ജനങ്ങൾക്കു് അയാളോടു വളരെ അതൃപ്തിയായിരുന്നുവെങ്കിലും മണലാരണ്യത്തിൽ താമസിച്ചിരുന്ന ബഡുവിൻവർഗ്ഗക്കാർക്കു് അയാളിൽ വലിയ വിശ്വാസവും ഭക്തിയുമായിരുന്നു. ആരബ് ലീജിയണിൽ ബഡുവിൻകാർക്കേ പ്രവേശമുണ്ടായിരുന്നുള്ളൂതാനും.
47–48-ൽ യഹൂദന്മാരുമായുണ്ടായ യുദ്ധത്തിൽ ഈ ആരബ് ലീജിയൺ ജോർഡൻനദി കടന്നു യെരുശേലംവരെയുള്ള പാലസ്തീൻ കൈവശമാക്കി. ആ ഒരു കയ്യേറ്റംകൊണ്ടു് അബ്ദുള്ള ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ പട്ടണത്തെ സ്വന്തമാക്കി എന്നുമാത്രമല്ല, തന്റെ ജനസംഖ്യ അഞ്ചു ലക്ഷത്തിൽ നിന്നു പത്തു ലക്ഷമാക്കി വർദ്ധിപ്പിച്ചുതാനും. തീർത്ഥസ്ഥലങ്ങൾ മിക്കവാറും ഇപ്പോൾ ജോർഡാൻരാജ്യത്തിലാണു്.
ഇങ്ങനെ വലുതായ ലാഭമുണ്ടായിയെങ്കിലും കപടബുദ്ധിയായ അബ്ദുള്ളായ്ക്കും അയാളുടെ രാജ്യത്തിനും അതുകൊണ്ടു ഗുണമല്ല വന്നുചേർന്നതു്. പാലസ്തീൻകാർ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരാണു്; അതിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധരുമാണു്. ബ്രിട്ടീഷ് മച്ചമ്പിയായ ഒരു സാമന്തരാജാവിന്റെ പ്രജകളായി ജീവിക്കുന്നതിനു് അവർക്കു സമ്മതമില്ല. അതുകൊണ്ടു് ആദ്യമായുണ്ടായ ഫലം അബ്ദുള്ളായുടെ മരണംതന്നെയായിരുന്നു. 1951-ൽ ഈ രാജാവു യെരുശേലമിൽ വന്നു് അവിടുത്തെ പ്രധാനമായ മുസ്ലീംപള്ളിയിൽ പ്രാർത്ഥനയ്ക്കായി പ്രവേശിച്ചപ്പോൾ, ആ പുണ്യസ്ഥലത്തുവെച്ചുതന്നെ, ചില പാലസ്തീൻസ്വാതന്ത്ര്യവാദികളാൽ വധിക്കപ്പെട്ടു. ജാർഡൻ സിറിയയുമായി ഒന്നിച്ചുചേർന്നു സ്വതന്ത്രരാജ്യമായിത്തീരണമെന്നത്രേ അവരുടെ വാദം.
ജാർഡന്റെ തലസ്ഥാനമായ അമ്മാൻ ഒരു നഗരമെന്ന പേരിനെ അർഹിക്കുന്നില്ല. ചെറിയ ഒരു ഗ്രാമത്തിൽ കവിഞ്ഞുള്ള സ്ഥാനം അന്നതിനുണ്ടായിരുന്നില്ല. പക്ഷേ, അതു് ഒരു കാലത്തു റോമൻസാമ്രാജ്യത്തിലെ സാമാന്യം പ്രധാനമായ ഒരു പട്ടണമായിരുന്നു എന്നുള്ളതിനു തെളിവുകൾ അവിടെത്തന്നെ കാണാനുമുണ്ടു്. ഞാൻ അവിടെ ആദ്യം ചെന്നപ്പോൾത്തന്നെ അതിനെ ഒരു സ്വതന്ത്രരാജ്യത്തിനു ചേരുന്ന തലസ്ഥാനമായി മാറ്റുന്നതിനു വേണ്ട പണികൾ നടന്നുവരുന്നുണ്ടായിരുന്നു. പട്ടണം ചെറുതാണെങ്കിലും അവിടെയുമുണ്ടായിരുന്നു സിന്ധുദേശക്കാരനായ ഒരു ഹിന്ദുകച്ചോടക്കാരൻ. അയാൾ അബ്ദുള്ളായോടു് ഒന്നിച്ചുതന്നെ അവിടെ വന്നതായിരുന്നുപോലും. ഏതായാലും അബ്ദുള്ളായ്ക്കു് അയാളോടു സ്നേഹമുണ്ടായിരുന്നതിനാൽ അയാളുടെ കച്ചോടം അഭിവൃദ്ധി പ്രാപിച്ചു സാമാന്യം ധനികനായി. രാജാവിന്റെ മരണശേഷം കാര്യം അല്പം വൈഷമ്യത്തിലാണെന്നാണു് എന്നോടു പറഞ്ഞതു്.
അമ്മാനിൽനിന്നു ഞങ്ങൾ യെരുശേലത്തിലേയ്ക്കു റോഡുവഴിയാണു് പോന്നതു്. വഴിയിലുള്ള പ്രദേശങ്ങൾ കാണണമെന്നും ജാർഡൻനദി തരണംചെയ്യണമെന്നുമുള്ള ആഗ്രഹംമൂലമാണു് അങ്ങനെ ചെയ്തതു്. വഴിക്കു് അഗതികളായ പാലസ്തീൻകാരെ—നാടുവിട്ടു ശരണാർത്ഥികളായി വന്നവരെ—കുടിയേറ്റി പാർപ്പിക്കുന്നതിനു ജാർഡൻഗവണ്മെന്റ് ചെയ്യുന്ന ചില ഏർപ്പാടുകൾ കണ്ടിട്ടു പോകണമെന്നു വിദേശകാര്യമന്ത്രി എന്നോടു പ്രത്യേകം അപേക്ഷിച്ചിരുന്നു. അതും കഴിച്ചിട്ടു പോകണമെന്നും ഒരു വിചാരമുണ്ടായിരുന്നു.
ജോർഡൻനദി വിശേഷപ്പെട്ട ഒന്നാണു്. സമുദ്രനിരപ്പിൽ നിന്നു വളരെ താഴ്‌ന്ന ഒരു ഭൂവിഭാഗത്തിലൂടെയാണു് അതൊഴുകുന്നതെന്നു പറഞ്ഞാൽ ആശ്ചര്യം തോന്നും. കരപ്രദേശം കടൽനിരപ്പിൽനിന്നു പൊങ്ങിയാണല്ലോ കാണാറു്. ജാർഡൻ അങ്ങനെയല്ല; അതൊരു വിശേഷമാണുതാനും. നദിയെക്കടന്നു ജെറിക്കോയിൽ ചെന്നെത്തി. അതു ചരിത്രപ്രസിദ്ധമായ ഒരു സ്ഥലമാണു്. യഹൂദചരിത്രം വിശ്വസിക്കയാണെങ്കിൽ ജെറിക്കോയിലെ വലിയ കോട്ടകൾ—മനുഷ്യർക്കു ദുർദ്ധർഷമായിരുന്നവ—ആർക്കേൻജൻ ഗാബ്രിയേലിന്റെ കാഹളശബ്ദം കേട്ടു് ഇടിഞ്ഞു വീണുപോയത്രേ. അങ്ങനെയാണതു യഹൂദർക്കു കീഴടങ്ങിയതു്.
ജെറിക്കോയിൽനിന്നു യെരുശേലമിലേയ്ക്കുള്ള കയറ്റം മനോഹരമായ ഒന്നാണു്. ജോർഡൻതടത്തിൽനിന്നു് 2000 അടിയിൽ കവിഞ്ഞു പൊക്കത്തിൽ കുന്നുകളുടെ മേൽ സ്ഥിതിചെയ്യുന്ന ആ നഗരത്തിലെ പള്ളികളുടെയും പ്രാസാദങ്ങളുടെയും ശൃംഗങ്ങൾ ദൂരേനിന്നുതന്നെ കാണാറാകും. ക്രമേണ കെട്ടിടങ്ങൾ തെളിഞ്ഞുതുടങ്ങുന്നതോടുകൂടി മുസ്സൽമാൻ മസ്ജിദുകളുടെയും ക്രിസ്ത്യാനിപ്പള്ളികളുടെയും ശൃംഗങ്ങൾ വേർതിരിച്ചു കാണാം. എന്നുമാത്രമല്ല, വാസ്തുവിദ്യാവൈവിധ്യമനുസരിച്ചു യൂറോപ്യൻജാതിക്കാരുടെ വക കെട്ടിടങ്ങൾ മനസ്സിലാക്കുന്നതിനും പ്രയാസമില്ല. വഴിക്കരികിൽ പല പൂമൊട്ടുകൾ കൂട്ടിച്ചേർത്തതുപോലെയുള്ള ശിഖരങ്ങൾ കാണുന്നതു റഷ്യക്കാരുടെ വക പള്ളിയാണെന്നു ചോദിക്കാതെ ആർക്കും മനസ്സിലാക്കാം. അതുപോലെതന്നെ ദൂരത്തിൽ സ്തംഭംപോലെ ഉയർന്നു്, മറ്റുള്ളവരെ കൂസലില്ലാത്ത വിധം തലപൊക്കി, നില്ക്കുന്നതു ലൂതറൻകാരുടെ പള്ളിയാണെന്നു യൂറോപ്യൻസംസ്ക്കാരത്തിൽ അല്പമെങ്കിലും ജ്ഞാനമുള്ളവർക്കു കണ്ടറിയാൻ സാധിക്കും. യെരുശേലം അടുത്തുവരുന്നതോടുകൂടി, അതിന്റെ ലോകോത്തരമായ പ്രാധാന്യത്തെ നിനച്ചു തല കുമ്പിടാത്തവർ ആരാണു്?
ക്രൈസ്തവമതത്തിന്റെ ഉത്ഭവസ്ഥാനമാണെന്നുമാത്രം പറഞ്ഞാൽ യെരുശേലമിന്റെ മാഹാത്മ്യത്തിൽ ഒരംശമേ തെളിയുകയുള്ളൂ. ക്രിസ്തുവിന്റെ ഉപദേശങ്ങളും പല അത്ഭുതകർമ്മങ്ങളും മറ്റു സ്ഥലങ്ങളിൽവെച്ചായിരുന്നുവെങ്കിലും, ക്രൈസ്തവസിദ്ധാന്തത്തിന്റെ അടിസ്ഥാനമായ കുരിശേറ്റവും സ്വർഗ്ഗാരോഹണവും യെരുശേലമിൽവെച്ചാണല്ലോ ഉണ്ടായതു്. ലോകത്തിൽ ഏറ്റവും പ്രധാനമായ സംഭവങ്ങളിൽ ഒന്നെന്നു സർവ്വസമ്മതമായ ആ ഒരൊറ്റ കാര്യംകൊണ്ടുതന്നെ യെരുശേലമിന്റെ ലോകോത്തരമായ മാഹാത്മ്യം സിദ്ധമായി. പിന്നീടു്, ക്രിസ്തുമതത്തിന്റെ എല്ലാ ശാഖയ്ക്കും ഒരുപോലെ ആദരണീയമായ ഈ നഗരത്തിൽ വിശ്വാസികളുടെ ഭക്തിക്കു ലക്ഷ്യമായി പള്ളികളും ആശ്രമങ്ങളും വിദ്യാലയങ്ങളും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതുകൊണ്ടു്, ആദ്യകാലത്തെന്നപോലെ ഇന്നും അവർക്കു ലോകത്തിലെ ഏറ്റവും പുണ്യമായ ഭൂമിയാണു് യെരുശേലമെന്നു നിസ്സംശയം പറയാം. യഹൂദന്മാർക്കും അതുപോലെതന്നെ. സോളമൺരാജാവു പണിയിച്ചതും പിന്നീടു പല പ്രാവശ്യം നശിപ്പിക്കപ്പെട്ടതുമായ ക്ഷേത്രമാണു് യഹൂദരുടെ അനന്യമായ പുണ്യസ്ഥലം. അവരുടെ ചരിത്രം, മതം, ഭാവി—എല്ലാം ഇതൊന്നിനെ അവലംബിച്ചു നില്ക്കുന്നു. യെഹോവാ ആവശ്യപ്പെട്ടതനുസരിച്ചു തന്റെ മകനെത്തന്നെ ബലികഴിക്കാൻ ഏബ്രഹാം കിടത്തിയ വലിയ പാറയുടെ ചുറ്റുമായിട്ടാണു് സോളമൺ തന്റെ ക്ഷേത്രം പണിയിച്ചതു്. ആ സ്ഥലം തിരികെ കൈവന്നെങ്കിൽമാത്രമേ തങ്ങളുടെ ദീർഘകാലപ്രവാസം അവസാനിക്കയുള്ളൂ എന്നത്രേ യഹൂദന്മാരുടെ വിശ്വാസം. പക്ഷേ, എന്തു ചെയ്യാം? ആ ക്ഷേത്രമിരുന്നിടത്താണു് മുസ്സൻമാർമാർക്കു്, മക്കായും മഡീനായുമൊഴിച്ചാൽ, ഏറ്റവും പ്രധാനമെന്നു ഗണിക്കപ്പെടുന്ന പള്ളി. ക്രിസ്താബ്ദം ൭-ാം ശതകത്തിലാണു് ഖാലിഫാ ഉമാർ യെരുശേലം പിടിച്ചടക്കിയതു്. ക്രൈസ്തവർക്കും യഹൂദർക്കും ഇത്ര പരിപാവനമായ നഗരി ഇസ്ലാമിനു കീഴടങ്ങിയിട്ടു് ഇപ്പോൾ 1300 വർഷമായി. ഇതിനിടയിൽ എത്ര പ്രാവശ്യമാണു് ക്രൈസ്തവരാജ്യക്കാർ ഇവിടെനിന്നു മുസ്സൽമാൻമാരെ തുരത്താനായി പ്രയത്നിച്ചതു്! ക്രൂസേഡ് എന്നു പറയാറുള്ള ‘കുരിശുയുദ്ധങ്ങൾ’ മിക്കവാറും മുടങ്ങാതെ, ഈ യെരുശേലം കൈക്കലാക്കുന്നതിനായി, ഇരുനൂറു വർഷത്തോളം നടത്തിനോക്കി. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും കൂടിച്ചേർന്നു്, അളവില്ലാത്ത പണവും സംഖ്യയില്ലാത്ത ഭടജീവിതവും ചെലവാക്കി, നടത്തിയ സമരപരമ്പര വ്യർത്ഥമായിട്ടാണു് തീർന്നതു്.
ഒടുവിൽ യെരുശേലം കൈവശമാക്കാൻ നോക്കിയതു യഹൂദന്മാരാണു്. നാലുവർഷംമുൻപു് അവരും പാലസ്തീനിലെ മുസ്സൽമാൻമാരുമായുണ്ടായ യുദ്ധത്തിൽ വിജയം യഹൂദന്മാർക്കായിരുന്നുവെങ്കിലും, ദൈവകോപംകൊണ്ടുതന്നെയായിരിക്കാം, അവരുടെ മതത്തിനു പ്രധാനമായ സ്ഥലങ്ങളെല്ലാം മുസ്സൽമാൻമാരുടെ കൈയിൽത്തന്നെ ശേഷിച്ചു. ഇന്നു യെരുശേലം രണ്ടായി ഭാഗിച്ചിരിക്കയാണു്. വലിയ കെട്ടിടങ്ങളും ഷാപ്പുകളും ഹോട്ടലുകളുമുള്ള പുതിയ പട്ടണം യഹൂദന്മാരുടെ ഭാഗത്തിൽപ്പെട്ടു. എല്ലാ മതക്കാരുടെയും, വിശേഷിച്ചു യഹൂദന്മരുടെയും ക്രിസ്ത്യരുടെയും പുണ്യസ്ഥലങ്ങളുൾപ്പെടുന്ന പഴയ പട്ടണം ജാർഡാൻരാജാവായ അബ്ദുള്ളയും കൈക്കലാക്കി. ലോകത്തിൽ ശാന്തി പ്രചരിപ്പിക്കാൻ ജീവിതം ബലികഴിച്ച യേശുക്രിസ്തുവിന്റെ നഗരം ഇങ്ങനെ യുദ്ധക്കളമായിട്ടു മാറിയിരിക്കയാണു്!
ചെന്നെത്തുന്ന വഴിക്കുതന്നെ യുദ്ധത്തിന്റെ ലക്ഷണങ്ങൾ കാണാം. തെരുവുകളിൽ അടുത്തടുത്ത തോക്കു പിടിച്ചു നില്ക്കുന്ന പട്ടാളക്കാരുള്ളതുമാത്രമല്ല ഇതിനു ലക്ഷ്യം. വഴിക്കുതന്നെ ചില സ്ഥലങ്ങൾ മുള്ളുകമ്പിയിട്ടു തിരിച്ചിരിക്കുന്നതുകൊണ്ടു് ആ ഭാഗം വിരോധികളുടെ കീഴിലാണെന്നു മനസ്സിലാക്കാം. ഞങ്ങൾ അറബികളുടെ കീഴിലുള്ള ഭാഗത്താണു് താമസിച്ചതു്. യെരുശേലമിലെ പുതിയ ഹോട്ടലുകളും പരിഷ്കൃതരീതിയിലുള്ള മറ്റു താമസസ്ഥലങ്ങളും യഹൂദന്മാരുടെ കൈവശമായിരുന്നതിനാൽ ഞങ്ങൾ പാർപ്പാക്കിയിരുന്ന സ്ഥലത്തിനു വലിയ മേന്മയൊന്നുമില്ലായിരുന്നു. എങ്കിലും ഞങ്ങളുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നതിനു് ആ ഹോട്ടലിലെ അധികാരികൾ സദാ ജാഗരൂകരാണെന്നതിനാൽ അതു ചെറുതായിപ്പോയി എന്നു സങ്കടപ്പെടാനില്ലായിരുന്നു.
ഞങ്ങൾ ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ചുതീരുംമുൻപുതന്നെ ഞങ്ങൾക്കു സ്വാഗതംപറയാനായും ഞങ്ങളെ നഗരത്തിലെ കാഴ്ചകൾ കാണിക്കുവാനായും ഡിസ്ട്രിക്റ്റ് കമ്മിഷണറും പോലീസധികാരികളും അവിടെ ഹാജരായി. സന്ധ്യയാകുന്നതിനുമുൻപു് ഉമാറിന്റെ പള്ളിയും യേശുവിനെ കുഴിച്ചിട്ട പുണ്യക്ഷേത്രവും കാണേണമെന്നാണു് അവർ ഉപദേശിച്ചതു്. അതിൻപ്രകാരം ഞങ്ങൾ മുൻപറഞ്ഞ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടുകൂടി പുറപ്പെട്ടു.
യെരുശേലം ‘പഴയപട്ടണം’ ആകപ്പാടെ 160 ഏക്കർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ സ്ഥലമാണു്. കല്ലുകൊണ്ടു കെട്ടിയ ഒരു മഹാദുർഗ്ഗം ഈ സ്ഥലത്തെ വലയംചെയ്യുന്നു. അതിന്നാകെ ആറു വാതിലുകളാണുള്ളതു്. ഈ കോട്ട ഒടുവിൽ പണിയിച്ചതു ഹെറോസ് എന്ന യഹൂദരാജാവെന്നത്രേ പറയുന്നതു്. കോട്ടയ്ക്കു ചുറ്റുമുള്ള തെരുവുകൾ സാമാന്യം വിസ്താരമുള്ളവയും സിമിന്റിട്ടു ബലപ്പെടുത്തിയിട്ടുള്ളവയുമാണെങ്കിലും കോട്ടയ്ക്കകത്തുള്ള വഴികൾ ഇടുങ്ങിയവയും സമനിരപ്പില്ലാത്തവയുമാണു്. രണ്ടു കുന്നുകളുടെ മുകളിലായി സ്ഥിതിചെയ്യുന്നതുകൊണ്ടു ‘പഴയപട്ടണ’ത്തിനകത്തുള്ള തെരുവുകൾ പ്രായേണ കയറുവാനും ഇറങ്ങുവാനുമുള്ള പടികൾ മാത്രമാണുതാനും.
ഉമാറിന്റെ പള്ളിയിരിക്കുന്ന സ്ഥലം ഇങ്ങനെയല്ല. പട്ടണത്തിന്റെ അഞ്ചിലൊരു ഭാഗമുൾപ്പെടുന്ന ആ പള്ളിവളപ്പു മിക്കവാറും നിരപ്പിലാണെന്നു പറയാം. ആ വളപ്പിനകത്തു കടന്നുകഴിഞ്ഞാൽ ആ സ്ഥലത്തിന്റെ വിശാലതയിൽ നാം വിസ്മയിക്കാതിരിക്കയില്ല. അത്ര വിസ്താരമുള്ള ഒരു മൈതാനത്തിന്റെ നടുക്കാണു് ഈ പള്ളി സ്ഥിതിചെയ്യുന്നതു്.
ശില്പവൈചിത്ര്യംകൊണ്ടു പ്രസിദ്ധിയുള്ള പല ക്ഷേത്രങ്ങളും കെട്ടിടങ്ങളും ലോകത്തിലുണ്ടു്. ഇൻഡ്യയിലെ താജമഹാൾ, ചൈനയിലെ സ്വർഗ്ഗക്ഷേത്രം (ടെമ്പിൾ ആഫ് ഹെവൻ), കംബോജത്തിലെ ആംകർവാട്ടു് എന്നിവ അമാനുഷികഭംഗിയുള്ളവയെന്നു് ആരും സമ്മതിക്കും. അവയ്ക്കു കിടനില്ക്കുന്ന ഒരു ശില്പസൗന്ദര്യമാണു് ഉമാറിന്റെ പള്ളിക്കുള്ളതു്. ആദ്യത്തെ മുസ്സൽമാൻഖലീഫകളുടെ കാലത്തു്, പല രാജ്യത്തിലുമുള്ള ശില്പാചാര്യന്മാരെ വരുത്തിപ്പണിയിച്ചതാണത്രെ അതു്. പിന്നീടു് ക്രൂസേഡുകാരുടെ കാലത്തു് അതൊരു ക്രിസ്ത്യാനിപ്പള്ളിയായി മാറ്റി. എങ്കിലും അധികംകാലം ആ മതക്കാരുടെ കൈവശത്തിലിരിക്കാൻ അതിനിടവന്നില്ല. സലാദീൻ എന്നു പ്രസിദ്ധനായ ചക്രവർത്തി യൂറോപ്യരെ പാലസ്തീൻമുതലായ രാജ്യങ്ങളിൽനിന്നു തുരത്തി മുസ്ലീംസാമ്രാജ്യം പുനഃസ്ഥാപിച്ചപ്പോൾ അതു പിന്നെയും മുഹമ്മദീയപള്ളിയായിത്തീർന്നു.
ഈ പള്ളിയുടെ നടുവിലാണു് യഹൂദന്മാർക്കു വളരെ പ്രധാനമായ ബലിക്കല്ലു സ്ഥിതിചെയ്യുന്നതു്. ആ കല്ലിന്മേൽവെച്ചു കുരുതിച്ചെയ്യുമ്പോൾ വീഴുന്ന രക്തം അതിന്റെ നടുവിലുണ്ടാക്കിയിട്ടുള്ള ഒരു ദ്വാരത്തിലൂടെ അടിയിലുള്ള ഒരു ഗുഹയിലേയ്ക്കു് ഒലിച്ചുപോകും. ആ ഗുഹ ഒരു തീർത്ഥസ്ഥലമായിട്ടാണു് ഗണിക്കപ്പെട്ടുവരുന്നതു്. എന്തുകൊണ്ടെന്നാൽ ഏബ്രഹാംതൊട്ടു മുഹമ്മദ് നബിവരെയുള്ള ദൈവദൂതന്മാർ അവിടെനിന്നു പ്രാർത്ഥിച്ചിട്ടുണ്ടത്രേ. മുഹമ്മദ് പ്രാർത്ഥിച്ചശേഷം നിവർന്നുനിന്നപ്പോൾ അദ്ദേഹത്തിന്റെ ഉഷ്ണീഷം ആ പാറയിൽ മുട്ടിയെന്നും അതുകൊണ്ടു പാറയൊന്നു് അമങ്ങിപ്പോയെന്നും മുഹമ്മദീയർ വിശ്വസിക്കുന്നു. അങ്ങനെ അമങ്ങിയതായ ഭാഗം എന്റെ കൂടെയുണ്ടായിരുന്ന മൗലവി എനിക്കു ചൂണ്ടിക്കാണിച്ചുതരികയുമുണ്ടായി.
പള്ളിയുടെ ഒരുഭാഗത്തു് അന്റോണിയസിന്റെ ശൃംഗം (Tower of Antonious) എന്നു പറയുന്ന ഒരു കെട്ടിടമുണ്ടു്. അതിലുള്ള ഒരു മുറിയിൽവെച്ചാണു് പോൺടിയസ് പൈലറ്റ് (Pontius Pilate) എന്ന റോമൻമജിസ്ട്രേട്ടു യേശുക്രിസ്തുവിനു ശിക്ഷ വിധിച്ചതു്. ചുറ്റുമുള്ള ഭിത്തിയുടെ വേറെ ഒരു ഭാഗമാണു് നിലവിളിക്കാനുള്ള ഭിത്തി (Waiting Wall) എന്നു പേരായ സ്ഥലം. എല്ലാ വെള്ളിയാഴ്ചയും യഹൂദന്മാർ അവിടെ വന്നു ക്ഷേത്രം തങ്ങൾക്കു നഷ്ടപ്പെട്ടുപോയ സുസ്ഥിതിയെപ്പറ്റി വിലപിക്കാറുള്ളതുകൊണ്ടാണു് അതിനു് ആ പേർ വന്നുചേർന്നതു്. അവിടെനിന്നകന്നല്ലാതെ ക്ഷേത്രവളപ്പിനകത്താണു് ഇന്ത്യാക്കാർക്കു് എന്നും ആദരണീയമായ ഒരു ശവകുടീരം. അവിടെയാണു് മേലാനാമുഹമ്മദാലിയെ അടക്കംചെയ്തിട്ടുള്ളതു്. ഭാരതീയ മുസ്ലീംജനതയുടെ സാക്ഷാൽ ഉദ്ധാരകനായ ആ മഹാശയൻ ഇംഗ്ലണ്ടിൽവെച്ചാണു് പരലോകംപ്രാപിച്ചതെങ്കിലും അദ്ദേഹത്തിന്റെ മൃതശരീരം ഇവിടെ കൊണ്ടുവന്നാണു് അടക്കംചെയ്തതു്.
യെരുശേലമിലെ പള്ളികളുടെ കഥ എന്തുപറയാനാണു്! അവയിൽ ഏറ്റവും പ്രധാനമായതിൽ കണ്ട ഒരു കാഴ്ച എന്നെ ആശ്ചര്യഭരിതനാക്കി. ക്രിസ്തു ഉയിർത്തെഴുന്നേറ്റ സ്ഥലത്തു പണിയിച്ചിട്ടുള്ള പള്ളിയുടെ പ്രവേശനദ്വാരത്തിൽ ഊരിയ വാളും പിടിച്ചു് ഒരു മുസ്ലീമുദ്യോഗസ്ഥൻ ചില അനുചരന്മാരോടുകൂടി ഇരിക്കുന്നുണ്ടായിരുന്നു. പലവിധത്തിലുള്ള ക്രിസ്ത്യൻമതവിഭാഗക്കാർതമ്മിൽ വഴക്കുണ്ടാകാതെ സമാധാനം പരിപാലിക്കേണ്ടതു് ആ മുസ്ലീമുദ്യോഗസ്ഥന്റെ ചുമതലയാണു്. ഗ്രീക്ക് ആർത്തഡാക്സ്, റോമൻകാത്തലിക്ക്, അർമീനയൻ കാസ്റ്റിക്ക്, ആന്തിയോഖ്യാ, പ്രോട്ടസ്റ്റന്റ് വിഭാഗങ്ങൾ—ഇങ്ങനെ പലതായിട്ടാണല്ലോ ക്രിസ്ത്യാനിമതം. അവർക്കെല്ലാം ഇവിടെ പ്രാർത്ഥിക്കയും വേണം. നിന്നുപ്രാർത്ഥിക്കാനുള്ളസ്ഥലം വളരെ ചെറുതാണു്. അതുകൊണ്ടു പണ്ടുതന്നെ വഴക്കുകളുണ്ടായിരുന്നുവത്രേ. ഇപ്പോൾ ആ സ്ഥലം അളന്നുതിരിച്ചിരിക്കയാണു്. ഗ്രീക്ക് ആർത്തഡാക്സ്കാർക്കാണു് കൂടുതൽ ഭാഗമെന്നത്രേ എന്റെ ഓർമ്മ. അതു കഴിഞ്ഞാൽ റോമൻകത്തോലിക്കർക്കും. തിരിച്ചടയാളപ്പെടുത്തിയിരിക്കുന്ന വരയിൽനിന്നു് ഒരിഞ്ചുപോലും കവച്ചുവെച്ചാൽ വെട്ടും കുത്തുമായിട്ടേ പരിണമിക്കൂ. അതിനിടവരാതെ നോക്കാനാണു് ഈ മുസ്സൽമാനുദ്യോഗസ്ഥൻ നിയമിതനായിരിക്കുന്നതു്.
ഞങ്ങൾ പ്രധാനമായ എല്ലാ സ്ഥലവും നടന്നു കണ്ടു. നസറേത്തിൽ പോയി യേശുവിന്റെ ജന്മസ്ഥലത്തു സ്ഥിതിചെയ്യുന്ന പള്ളി (Church of Nativity), യെരുശേലമിൽ ആലിവുകുന്നു് (Mount of olives), യേശു കുരിശും ചുമന്നു കൽപടികൾ കയറിയ പാത മുതലായ പുണ്യസ്ഥലങ്ങൾ വെറുമൊരു യാത്രക്കാരന്റെ നിലയിലോ ഒരു ചരിത്രാന്വേഷകന്റെ നിലയിലോ അല്ല, ഒരു തീർത്ഥാടകന്റെ നിലയിൽ ഭക്തിപുരസ്സരം ദർശിച്ചു എന്നുതന്നെ പറയാം. പാത്രിയാർക്കീസ്, ആർച്ചു ബിഷോപ്പ് മുതലായ സ്ഥാനങ്ങൾ വഹിക്കുന്ന പ്രതിനിധികൾ യെരുശേലമിൽ എല്ലാ ക്രിസ്ത്യാനിമതാധ്യക്ഷന്മാർക്കും ഉണ്ടു്. എന്റെ നാലഞ്ചു ദിവസത്തെ താമസത്തിനിടയിൽ അവരിൽ ചിലരുമായി പരിചയപ്പെടാൻ എനിക്കു സാധിച്ചു. റോമൻകത്തൊലിക്ക ബിഷോപന്മാർ, പ്രോട്ടസ്റ്റന്റ് വൈദികന്മാർ എന്നിവരെ എല്ലാടത്തും കാണാൻ സാധിക്കുന്നതാകയാൽ അവരുമായുള്ള ബന്ധം പുലർത്താനല്ല ഞാനീഅവസരത്തെ ഉപയോഗിച്ചതു്. അർമ്മീനയൻസഭയുടെ പ്രധാനനായ ഒരു ആർച്ച് ബിഷോപ്പ് അവിടെ സ്ഥിരതാമസമുണ്ടായിരുന്നു. അദ്ദേഹവുമായി പരിചയമാകയാണെങ്കിൽ പല പ്രധാനകാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുമെന്നു ഞാൻ വിചാരിച്ചു. അർമ്മിനീയൻജനത മിക്കവാറും തുർക്കിയിലും റഷ്യയിലുമാണല്ലോ അധിവസിക്കുന്നതു്. ആ രാജ്യങ്ങളിൽ അർമ്മീനിയൻസഭയുടെ സ്ഥിതി എന്താണു്, അവിടങ്ങളിൽ എത്രമാത്രം മതസ്വാതന്ത്ര്യമുണ്ടു്—ഇതെല്ലാം അന്വേഷിച്ചറിയേണ്ടതാണെന്നു് എനിക്കു തോന്നി. ഔപചാരികമായി ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു കുശലപ്രശ്നം ചെയ്തു. പിറ്റേ ദിവസം അദ്ദേഹം എന്നെ തിരിച്ചു കാണാൻ വന്നതു വലിയ ആഡംബരത്തോടുകൂടിയാണു്. ഒരംബാസഡർ അർമ്മീനയൻ ആർച്ച് ബിഷപ്പിനെ ചെന്നു കാണുന്നതു് ആദ്യമായിരിക്കണം! ഏതായാലും അദ്ദേഹം വലിയൊരു ബഹുമതിയായി അതിനെ ഗണിച്ചു എന്നതു തീർച്ചതന്നെ. അദ്ദേഹത്തെ ബഹുമാനപുരസ്സരം സൽക്കരിച്ചശേഷം ഇൻഡ്യയും ആർമീനയുമായി പുരാതനമായുണ്ടായിരുന്ന സൗഹാർദ്ദത്തെ സൂചിപ്പിച്ചു ഞാൻ ചിലതെല്ലാം പറഞ്ഞു. മദ്രാസിൽ അർമ്മീനയരുടെ പേരുള്ള ഒരു രാജപാതതന്നെ ഉണ്ടെന്നും, മുൻകാലത്തിൽ അർമ്മീനയർക്കു ഇൻഡ്യയിൽ എന്തു സ്ഥാനമുണ്ടായിരുന്നു എന്നു് അതിൽനിന്നു മനസ്സിലാക്കാമെന്നും മറ്റുമാണു് ഞാൻ പറഞ്ഞതു്. ആർച്ച് ബിഷപ്പും ഒട്ടും കുറച്ചില്ല: അവരുടെ പുരാതനഗ്രന്ഥങ്ങളിൽത്തന്നെ ഇൻഡ്യയെപ്പറ്റി പലതുമുണ്ടെന്നും അങ്ങനെ ആദ്യകാലം മുതൽതന്നെ ഇൻഡ്യയെന്നുവെച്ചാൽ അർമ്മീനയന്മാർക്കു വലിയ ബഹുമാനമാണെന്നും മറ്റും അദ്ദേഹവും പറഞ്ഞു. ഇങ്ങനെ കുറച്ചുനേരം കഴിഞ്ഞശേഷമാണു് ഞാൻ തുർക്കിയിലും റഷ്യയിലും ഇപ്പോൾ സഭയുടെ സ്ഥിതി എങ്ങനെയാണെന്നു ചോദിക്കാൻ ഒരുമ്പെട്ടതു്. തുർക്കി എന്ന വാക്കു കേട്ടപ്പോൾത്തന്നെ ആ വൈദികന്റെ മുഖം രോഷാകുലമായി. “തുർക്കികൾ ക്രൂരന്മാരാണു്, അപരിഷ്കൃതന്മാരാണു്; അവരുടെ രാജ്യത്തു മറ്റു മതക്കാർക്കു മാനമായി താമസിക്കാൻ എത്ര പ്രയാസമാണെന്നു നിങ്ങൾക്കു വിചാരിക്കപോലും വയ്യാ. അഞ്ഞൂറു വർഷമായി ഞങ്ങളുടെ ആളുകൾ അവരുടെ കൈയിൽനിന്നനുഭവിക്കുന്ന കഷ്ടതകൾക്കു തുല്യമായി ചരിത്രത്തിൽ വേറെ ഒന്നുമില്ലെന്നു പറയാം.” എന്നെല്ലാം വളരെ കോപതാപങ്ങളോടെയാണു് അദ്ദേഹം പറഞ്ഞതു്. സുൽത്താൻ അബ്ദുൾഹമീദിന്റെ കാലത്തുണ്ടായ അർമ്മീനയൻ കൂട്ടക്കൊല (Armenian massacres) യെപ്പറ്റിയും മറ്റും ചരിത്രത്തിൽ ഞാൻ വായിച്ചിട്ടുണ്ടു്. അതെല്ലാം പഴയകാലത്തെ കഥകളായിട്ടേ വിചാരിച്ചിരുന്നുള്ളൂ. എന്നാൽ അങ്ങനെയല്ല, അബ്ദുൾഹമീദിന്റെ കാലമാണു് ഇപ്പോഴത്തേതിലും നല്ലതെന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ അഭിപ്രായം. അക്കാലത്തു് ഏഴെട്ടു വർഷം കൂടുമ്പോൾ ഒരിക്കൽ വലിയ ഉപദ്രവങ്ങളും സങ്കടങ്ങളുമുണ്ടാകാറുണ്ടെങ്കിലും സാധാരണയായി മറ്റു പ്രജകളെക്കവിഞ്ഞു് അവരെ ആരും ഉപദ്രവിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ, കൂട്ടക്കൊലകൾ അപൂർവ്വമാണെങ്കിലും, നിത്യേനയുള്ള പെരുമാറ്റം തീരെ അസഹ്യമെന്ന നിലയിലായിത്തീർന്നിട്ടുണ്ടത്രേ. റഷ്യയിലെങ്ങനെയാണെന്നു ഞാൻ ചോദിച്ചപ്പോൾ, ഒരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു: “അവിടെ ഞങ്ങൾക്കു സ്വന്തം രാജ്യമുണ്ടു്, ഗവണ്മെന്റുണ്ടു്; അർമ്മീനിയാ റിപ്പബ്ളിക്ക് സോവിയറ്റുനാട്ടിലെ പ്രധാനരാജ്യങ്ങളിൽ ഒന്നാണു്. എന്നു മാത്രമല്ല റഷ്യയിലെ കേന്ദ്രഗവണ്മെന്റിലും പട്ടാളത്തിലും പാർട്ടിയിലും ഞങ്ങളുടെ ആളുകൾക്കു നല്ല ഒരു പങ്കുമുണ്ടു്. ഒന്നാം ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററായ മിക്കോയാൻ അർമ്മീനയനാണെന്നു് അറിയാമല്ലോ.”
“അതേ, റഷ്യയിൽ അർമ്മീനയർക്കു സ്വാതന്ത്ര്യമുണ്ടെന്നു് എനിക്കറിയാം. പക്ഷേ, മതാധ്യക്ഷന്മാർക്കു് സ്വാതന്ത്ര്യമുണ്ടോ? സഭയുടെ (Church) കാര്യമെങ്ങനെയാണു്?” ഞാൻ ചോദിച്ചു.
“സഭയുടെ കാര്യത്തിൽ വളരെ തെറ്റിദ്ധാരണയുണ്ടു്. കമ്മ്യൂണിസ്റ്റുകാർ നാസ്തികന്മാരാണെന്നുള്ളതു ശരിതന്നെ. പക്ഷേ, അവർ മതസംബന്ധികളായ കാര്യങ്ങളിൽ കൈ കടത്താറില്ല. സഭയുടെ കാര്യം സഭയ്ക്കെന്നാണു് അവരുടെ നയം.”
ആർച്ചുബിഷപ്പിനെപ്പോലെ ഒരു സഭ(Church)യിൽ അധികാരമുള്ള ഒരാളിൽനിന്നു് ആദ്യമായിട്ടാണു് ഞാൻ ഇങ്ങനെ ഒരഭിപ്രായം കേട്ടതു്. എനിക്കു് അതു് ആശ്ചര്യം തോന്നിച്ചുവെങ്കിലും ആലോചിച്ചപ്പോൾ അദ്ദേഹം പറഞ്ഞതു ശരിയായിരിക്കാമെന്ന വിചാരമുണ്ടായി. കമ്യൂണിസ്റ്റ്കാർ മതസിദ്ധാന്തങ്ങളെപ്പറ്റിയും പൗരോഹിത്യത്തെപ്പറ്റിയും എന്തുതന്നെ വിശ്വസിച്ചാലും ജാതീയത (Nationality) പുലർത്തുന്നതിനു ശ്രദ്ധിച്ചിരുന്നു എന്നുള്ളതു തീർച്ചയാണു്. സോവിയറ്റുനാട്ടിൽ അനവധി രാജ്യങ്ങളും സമുദായങ്ങളുമുണ്ടല്ലോ. യുക്കാറാനിയൻകാർ, ജാർജിയാക്കാർ, കാസാക്കുകാർ—ഇങ്ങനെയുള്ളവരുടെയെല്ലാം ജാതിപ്രത്യേകത തുടർന്നുകൊണ്ടുപോകുന്നതായിരുന്നു അവരുടെ നയം. ആ സ്ഥിതിക്കു് അർമീനയൻകാരെയും അപ്രകാരം ഒരു പ്രത്യേകരാജ്യവും സമുദായവുമായി വളർത്തുവാൻ നിശ്ചയിച്ചെങ്കിൽ അതവരുടെ പൊതുനയത്തിനു യോജിച്ച ഒരു കാര്യംതന്നെ. അർമീനയ്ക്കു് പ്രത്യേകമൊരു സഭയുള്ളതുകൊണ്ടു് ആ സഭയ്ക്കും അവിടെ സ്ഥാനമില്ലാതെ വരികയില്ലല്ലോ. ഏതായാലും ആർച്ച് ബിഷപ്പിൽനിന്നു് ഇത്രയുമൊക്കെ മനസ്സിലാക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിച്ചു.
യെരുശേലം വിട്ടു നേരെ സിറിയയുടെ തലസ്ഥാനമായ ദെമാസ്ക്കസ്സിലേയ്ക്കാണു് ഞങ്ങൾ പോന്നതു്. ലോകത്തിലെ ഏറ്റവും പഴയ പട്ടണങ്ങളിൽ ഒന്നാണെന്നനുമാനിക്കുന്ന ഒരു സ്ഥലമാണു് ദെമാസ്ക്കസ്സ്. യഹൂദന്മാരുടെ കാലത്തുതന്നെ അതിനു പ്രാധാന്യം ലഭിച്ചിരുന്നു. പുണ്യാളനായ പൗലോസ് അവിടന്നു് ഒളിച്ചുപോന്ന കഥ പ്രസിദ്ധമാണല്ലോ. ആ വീടും ജനാലയും ഇപ്പോഴും ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ടത്രേ. അത്ര പുരാതനമെങ്കിലും മുസ്സൽമാൻമാരുടെ കാലത്താണു് ആ പട്ടണത്തിനു ലോകോത്തരമായ പ്രശസ്തി ലഭിച്ചതു്. മുഹമ്മദുനബിയെത്തുടർന്നുള്ള ആദ്യഖാലിഫുമാരുടെ തലസ്ഥാനം ദെമാസ്കസ്സായിരുന്നു. ആ രാജധാനിയിൽനിന്നാണു് സ്പെയിൻതൊട്ടു് അഫ്ഘാണിസ്ഥാൻവരെയുള്ള മഹാസാമ്രാജ്യത്തെ അവർ ഭരിച്ചതു്. അക്കാലത്തുണ്ടായിരുന്ന മേന്മ ദെമാസ്ക്കസ്സിനു് ഇപ്പോൾ ഇല്ലെങ്കിലും, അമ്പതുലക്ഷം ആളുകൾമാത്രമുള്ള ഒരു ചെറിയ രാജ്യത്തിന്റെ തലസ്ഥാനം എന്ന സ്ഥിതിയേ ഉള്ളൂവെങ്കിലും, അതു വളരെ മനോഹരമായ ഒരു നഗരംതന്നെയാണു്. ഖാലിഫ് ഉമാറിന്റെ പള്ളി, മുകൾ അടച്ചുകെട്ടിയ വലിയ ബസാർ, ലോകത്തിലെ എറ്റവും പഴയ രാജപാതയായ ‘നേർവഴി എന്നറിയപ്പെടുന്ന തെരുവു്’ (The Street called Straight)—ഇങ്ങനെ പുരാതനങ്ങളായ പല കാഴ്ചകൾ അവിടെയുണ്ടു്. കൂടാതെ, പുതിയ ഒരു നഗരത്തിനു വേണ്ട എടുപ്പുകൾകൊണ്ടും കെട്ടിടങ്ങൾകൊണ്ടും ആ നഗരമലംകൃതമായിരുന്നുതാനും.
അക്കാലത്തു സിറിയ ജനറൽ ഷിഷാക്കലി എന്നൊരു സൈന്യാധിപന്റെ ഭരണത്തിൻകീഴിലായിരുന്നു. 1946-ൽ സ്വാതന്ത്ര്യം ലഭിച്ചശേഷം സിറിയയിലെ ഗവണ്മെന്റിന്റെ കഥ എത്രയും വിചിത്രമായി എന്നേ പറയാവൂ. പ്രജാധിപത്യഗവണ്മെന്റിൽനിന്നു പട്ടാളക്കാർ ബലം പ്രയോഗിച്ചു് ആദ്യമേരാജ്യം കൈയേറ്റെടുത്തു. അതിനുശേഷം പ്രസിഡന്റുമാർ മാറിമാറി വെടിയേറ്റു മരിക്കയോ ലഹളയ്ക്കു മുതിരുമ്പോൾ രാജ്യം വിട്ടു് ഓടിപ്പോവുകയോ ആയിരുന്നു പതിവു്. ഇതിനു കാരണം ഇറാക്കും ഈജിപ്തും തമ്മിലുള്ള മത്സരമാണു്. അറബികളുടെ ഏകീകരണത്തിനു് അടിസ്ഥാനമിടേണ്ടതു് ഈ രണ്ടിലൊന്നു വഴിയാണെന്നത്രേ ജനങ്ങളുടെ ബോധം. സിറിയയിലെ ജനങ്ങൾ ഈ സംഗതിയിൽ ഭിന്നാഭിപ്രായക്കാരാണു്. ഏകദേശം പകുതിയോളം ആളുകൾ ഇറാക്കിനോടു ചേർന്നു ‘Fertile Crescent’ എന്നു പറയാറുള്ള രാജ്യം നിർമ്മിക്കണമെന്നാഗ്രഹിക്കുന്നു. മറ്റൊരു കക്ഷി ഈജിപ്തിനോടു ചേരണമെന്നു വിചാരിക്കുന്നു. ചരിത്രദൃഷ്ട്യാ നോക്കിയാൽ രണ്ടു വാദത്തിനും സാധുതയുണ്ടുതാനും. കക്ഷികളുടെ ബലംപോലെയാണു് ഭരണാധികൃതരുടെ ജീവന്റെ വില. പ്രസിഡന്റ് ഇറാക്കുകക്ഷിയോടു ചായുന്നു എന്നു തോന്നിയാൽ ഈജിപ്തുകക്ഷികാർ അയാളെ കൊല്ലുവാനുള്ള ശ്രമം തുടങ്ങും; ഈജിപ്തിനോടു ചേരുന്നു എന്നു കണ്ടാൽ ഇറാക്കുകാരും. ഇങ്ങനെ ഒരു പദവിയാണു് ജനറൽ ഷിഷാക്കലി അലങ്കരിച്ചിരുന്നതു്.
ഷിഷാക്കലിയെ കണ്ടു് അധികാരപത്രം സമർപ്പിച്ചശേഷം ആദ്യം ചെയ്യേണ്ടതായി എനിക്കു തോന്നിയതു ജേക്കോബൈറ്റ്സഭയുടെ അധ്യക്ഷനായ അന്തിയോഖ്യയിലെ പാത്രിയർക്കീസ്ബാവയെ ചെന്നു കാണണമെന്നാണു്. മതാധ്യക്ഷനമാരുമായി പരിചയപ്പെടുക എന്നതു് എന്റെ ഔദ്യോഗികകർത്തവ്യങ്ങളിലൊന്നത്രേ. കൂടാതെ, പാത്രിയർക്കീസ് ബാവയെ ചെന്നു കാണുന്നതിനു വേറെയും കാരണമുണ്ടായിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികളിൽ ഒരു പ്രധാനഭാഗം അന്തിയോഖ്യസിംഹാസനത്തിന്റെ കീഴിലാണല്ലോ. അവർ ബാവാകക്ഷിയെന്നും മെത്രാൻകക്ഷിയെന്നും പിരിഞ്ഞുനിന്നു കലഹംതുടങ്ങിയിട്ടു മൂന്നുനാലു തലമുറ കഴിഞ്ഞുവെങ്കിലും രണ്ടുകൂട്ടരും പാത്രിയർക്കീസ് സിംഹാസനത്തിന്റെ അപ്പോസ്തോലിക്കാസ്ഥാനത്തെ ഒരുപോലെ ബഹുമാനിക്കുന്നു. കേരളത്തിലെ യാക്കോബായസഭയിൽ പാത്രിയർക്കീസിനുണ്ടെന്നു് ഒരു കക്ഷിക്കാർ വാദിക്കുന്ന അധികാരത്തെപ്പറ്റി മാത്രമാണല്ലോ തർക്കം. ഏതായാലും കേരളീയക്രിസ്ത്യാനികളെസ്സംബന്ധിച്ചേടത്തോളം പാത്രിയർക്കീസിനു് അത്യുന്നതമായ ഒരു സ്ഥാനമാണുള്ളതെന്നതിനു തർക്കമില്ല. അതുകൊണ്ടു വിശേഷിച്ചും അദ്ദേഹവുമായി പരിചയപ്പെടേണ്ടതാണെന്നു ഞാൻ തീർച്ചയാക്കി.
അന്തിയോഖ്യാസിംഹാസനം പണ്ടു തുർക്കിയിലുള്ള അന്തിയോഖ്യാനഗരത്തിലാണിരുന്നതെങ്കിലും ഇപ്പോൾ പാത്രിയർക്കീസിന്റെ അരമനയും താമസവും സിറിയയിൽ ഹോംസ് എന്ന പട്ടണത്തിലാണു്. ദെമാസ്കസ്സിൽനിന്നു് ഒരെണ്പതുമയിലകലെ അതു സ്ഥിതിചെയ്യുന്നു. പാത്രിയർക്കീസിന്റെ ഒരു പ്രതിനിധി ദെമാസ്ക്കസ്സിൽ താമസമുണ്ടു്. അതുകൊണ്ടു യാത്രയ്ക്കുവേണ്ട ഏർപ്പാടുകൾ ചെയ്യാൻ വൈഷമ്യമൊന്നുമുണ്ടാകയില്ല. എന്റെ കൂടെ ഭാര്യയും മകൾ രാധയും കൂടാതെ കിദുവായി എന്നൊരുദ്യോഗസ്ഥനുമുണ്ടായിരുന്നു. യാത്രയ്ക്കു മൂന്നു മണിക്കൂറിൽ കൂടുതൽ വേണ്ടിവന്നില്ല. ഹോംസ്പട്ടണത്തിൽ പ്രവേശിച്ചപ്പോൾ പാത്രിയർക്കീസിന്റെ ചില ആളുകൾ ഞങ്ങൾക്കു സ്വാഗതം പറയാൻ വന്നുനിന്നിരുന്നു. മോട്ടറിന്മേൽ പാറിയിരുന്ന ഇൻഡ്യൻ പതാകകണ്ടായിരിക്കാം, ഏതായാലും ഞങ്ങളെ തിരിച്ചറിവാൻ അവർക്കു ബുദ്ധിമുട്ടുണ്ടായില്ല. ബഹുമാനപുരസ്സരം സൽക്കരിച്ചു് അവർ ഞങ്ങളെ അരമനയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
പാത്രിയർക്കീസ് ബാവാ ഒരപ്പോസ്തോലിക്കാസഭയുടെ അധ്യക്ഷനാണെങ്കിലും അദ്ദേഹത്തിന്റെ അരമനയും പള്ളിയുമൊന്നും സ്ഥാനത്തിനു ചേർന്നതായിരുന്നെന്നു പറഞ്ഞുകൂടാ. വാത്തിക്കാൻ, കാൻടർബറി എന്നിവയുമായി തട്ടിച്ചുനോക്കേണ്ടതേ ഇല്ല; നമ്മുടെ കേരളത്തിലെ ഭദ്രാസനപ്പള്ളികളോടും അരമനകളോടും താരതമ്യപ്പെടുത്തുവാൻ തക്ക യോഗ്യതപോലും ഹോംസിലെ കെട്ടിടങ്ങൾക്കില്ലായിരുന്നു. കുറച്ചൊരാശാഭംഗം തോന്നാതിരുന്നില്ലെങ്കിലും അന്തിയോഖ്യാസിംഹാസനത്തിന്റെ പുരാതനത്വമോർത്തും അതു വളരെക്കാലമായി മുസ്സൽമാന്മാർ ഭരിക്കുന്ന ഒരു രാജ്യത്തിൽ വലിയ അവകാശങ്ങളും അധികാരങ്ങളും കൂടാതെ കഴിയുകയാണല്ലോ എന്നോർത്തും ഒട്ടൊന്നു് ആശ്വസിക്കതന്നെ വേണ്ടിവന്നു. സിംഹാസനമുറിയിലാണു് ബാവാ ഞങ്ങളെ സ്വീകരിച്ചതു്. വലിയ ആഡംബരമൊന്നുമില്ലെങ്കിലും ബാവാ അവർകൾ ഇരുന്ന ആസനത്തിൽ വിലങ്ങനെയുള്ള രണ്ടു താക്കോലുകളുടെ ചിഹ്നം, പത്രോസ് പുണ്യവാളന്റെ പ്രതിനിധിയാണു് അദ്ദേഹമെന്നു പ്രഖ്യാപനം ചെയ്തിരുന്നു.
അന്നത്തെ (1952-ൽ സിംഹാസനം അലംങ്കരിച്ചിരുന്ന) ബാവായ്ക്കു് അറുപതിൽ കൂടുതൽ വയസ്സുണ്ടായിരുന്നു. പല ഭാഷകളിൽ ജ്ഞാനവും ക്രിസ്ത്രീയമതസിദ്ധാന്തങ്ങളിൽ അഗാധമായ പാണ്ഡിത്യവുമുള്ള ആ മഹാനുഭാവൻ ഒന്നര മണിക്കൂർ നേരത്തോളം എന്നോടു പല കാര്യങ്ങളെപ്പറ്റിയും വിശേഷിച്ചു മലങ്കരസഭയെപ്പറ്റിയും പലതും പറഞ്ഞു. ഒന്നാണു് ഞാൻ പ്രധാനമായി മനസ്സിലാക്കിയതു്. അന്തിയോഖ്യാസഭയ്ക്കു കേരളത്തിലുണ്ടായ കുഴപ്പങ്ങൾക്കെല്ലാം ഉത്തരവാദികൾ ബ്രിട്ടീഷുകാരാണു് എന്നതിൽ അദ്ദേഹത്തിനു സംശയമില്ല. “ഒരു ശതവർഷകാലത്തിൽ മൂന്നു പ്രാവശ്യം പാവനമായ ഈ സഭയെ ആ ചെകുത്താന്റെ മക്കൾ ഭിന്നിപ്പിച്ചിട്ടുണ്ടു്. അവർ നശിക്കട്ടെ”—ഈ ശാപം സംസാരത്തിന്നിടയിൽ മൂന്നു പ്രാവശ്യം അദ്ദേഹം ഉരുവിട്ടു. അപ്പോസ്തോലന്റെ പ്രതിനിധി ഒരു ജാതിക്കാരെ ഒന്നടക്കം ഇങ്ങനെ ശപിക്കുന്നതു ശരിയാണോ എന്നു ഞാൻ വിനയപുരസ്സരം ചോദിക്കാതിരുന്നില്ല. അദ്ദേഹം അതിനു മറുപടി പറഞ്ഞതിങ്ങനെയാണു്: “ഇംഗ്ലീഷുകാർ! അവർ ദൈവദ്രോഹികളാണു്. ഈ അപ്പോസ്തോലിക്കസഭയെ എങ്ങനെയൊക്കെയാണു് ദ്രോഹിച്ചിട്ടുള്ളതെന്നു നിങ്ങൾക്കറിഞ്ഞുകൂടാ. ദൈവത്തിന്റെ കൈ അവരുടെ മേൽ പതിച്ചുതുടങ്ങിയിരിക്കുന്നു. അവർ നശിക്കും.” ഇംഗ്ലീഷുകാരുടെ ഉപദ്രവത്തെപ്പറ്റി പലതും പറഞ്ഞ കൂട്ടത്തിൽ ഒന്നു് എനിക്കു കുറെ വിശേഷമായിത്തോന്നി; സഭയെസ്സംബന്ധിച്ച ചില കാര്യങ്ങളെപ്പറ്റി ബ്രിട്ടീഷുഗവണ്മെന്റിനു് എഴുതിയയച്ചാൽ മന്ത്രിമാരല്ല ചില ഡെപ്യൂട്ടി സിക്രട്ടറിമാരാണത്രേ അതിന്നു മറുപടിയയക്കാറു്. അന്തിയോഖ്യാസിംഹാസനത്തെ കരുതിക്കൂട്ടി അപമാനിക്കാനാണെന്നായിരുന്നു പാത്രിയാർക്കീസവർകളുടെ അഭിപ്രായം. അതേപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെയാണു്: “ഈ സിംഹാസനമാണു് പത്രോസ് (St. Peter) ആദ്യം സ്ഥാപിച്ചതെന്നു സർവ്വസമ്മതമത്രേ. അതിനുശേഷമാണു് റോമാ. അതുകൊണ്ടു് അന്തിയോഖ്യായ്ക്കു റോമായെക്കാളേറെ ശ്രേഷ്ഠത്വമുണ്ടെന്നിരിക്കെ മാർപ്പാപ്പായ്ക്കൊപ്പം അന്തിയോഖ്യാപാത്രിയർക്കീസിനെയും കരുതാത്തതു് അവരുടെ ധിക്കാരമാണെന്നല്ലേ പറയേണ്ടതു്? ദൈവം അവരോടു ചോദിച്ചുകൊള്ളും. അവർ ശപിക്കപ്പെട്ടവർ!”
സിറിയയിലെ ഗവണ്മെന്റിനോടും ബാവായ്ക്കു സന്തോഷമില്ലായിരുന്നു: “തുർക്കിച്ചക്രവർത്തികളുടെ കാലത്തു സഭയെ അവർ ബഹുമാനിച്ചിരുന്നു. മുസ്സൽമാൻരാജ്യമാണെങ്കിലും അവർ ഞങ്ങളുടെ കാര്യങ്ങളിൽ കൈ കടത്തിയിരുന്നില്ല. ഈ അറബികളാവട്ടെ എന്തു പറയാനാണു്?”
ബാവായ്ക്കു് ഒരു സംശയം തോന്നി, എന്റെ കൂടെയുള്ള സിക്രട്ടറിയുടെ മുഖത്തു് അദ്ദേഹം ഒന്നുരണ്ടു പ്രാവശ്യം സൂക്ഷിച്ചുനോക്കുന്നതു ഞാൻ കണ്ടു. അദ്ദേഹം ചോദിച്ചു: “നിങ്ങളുടെ സിക്രട്ടറിയുടെ പേരെന്താണു്?”
“കിദ്വായി” ഞാൻ മറുപടി പറഞ്ഞു.
“കിദ്വായി, കിദ്വായി” എന്നു രണ്ടു പ്രാവശ്യം പറഞ്ഞ ശേഷം ബാവാ അവർകൾ സിറിയാഗഗവണ്മെന്റ് മതകാര്യങ്ങളിൽ കാണിക്കുന്ന അസഹിഷ്ണുതയെപറ്റി പിന്നെയും ഓരോന്നു്, വലിയ കോപഭാവം കൂടാതെ, മിതമായ സ്വരത്തിൽ പറഞ്ഞു. സിക്രട്ടറിയുടെ കാര്യത്തിൽ അദ്ദേഹത്തിനു തീരെ ബോധ്യം വന്നില്ലെന്നു് ഇടയ്ക്കിടെയുള്ള നോട്ടംകൊണ്ടു് അറിയാമായിരുന്നു.
“എന്താണു് മിസ്റ്റർ കിദ്വായിയുടെ ആദ്യത്തെ പേരു്?” അദ്ദേഹം പിന്നെയും ചോദിച്ചു.
കിദ്വായി സമർത്ഥനായിരുന്നു. അയാൾ ഒരു സങ്കോചവും കൂടാതെ പറഞ്ഞു: “‘വിറാസത്തു്’ എന്നാണു് എന്റെ സ്വന്തം പേരു്. കിദ്വായി കുടുംബനാമമാണു്.”
ഇതിൽ ഒരു കള്ളമുണ്ടു്: വിറാസത്തു് എന്നുവെച്ചാൽ അറബിയിൽ വിശ്വസിക്കുന്നവൻ എന്നാണു് അർത്ഥം. അതു മൂസ്സൽമാന്മാർക്കും ക്രിസ്ത്യനികൾക്കും ആർക്കുമാകാവുന്ന പേരാണു്. വാസ്തവത്തിൽ കിദ്വായിയുടെ മുഴുവൻപേർ വിറാസത്-ഏ-ആലി—ആലിയിൽ വിശ്വസിക്കുന്നവൻ—എന്നാണു്. അതു മുഴുവൻ പറകയാണെങ്കിൽ അയാൾ മുസ്സൽമാനാണെന്നു് ആർക്കും മനസ്സിലാവും. അതു മറച്ചുവെയ്ക്കാനാണു് കിദ്വായി ‘വിറാസത്തു് ’ എന്നുമാത്രം പറഞ്ഞതു്. എന്നിട്ടും ബാവാ അവർകളുടെ സംശയം നീങ്ങിയില്ല. അപ്പോൾ ഞാൻ പറഞ്ഞു: “അവിടന്നു സംശയിക്കേണ്ടതില്ല. ശ്രീ: കിദ്വായിയിൽ എനിക്കു പൂർണ്ണമായ വിശ്വാസമുണ്ടു്. അദ്ദേഹം ഇൻഡ്യാഗവണ്മെന്റിൽ വലിയൊരുദ്യോഗം ഭരിക്കുന്ന ആളാണു്.”
ഇതുകൊണ്ടു് അദ്ദേഹം സമാധാനപ്പെട്ടോ എന്നറിഞ്ഞുകൂടാ. കുറച്ചു നേരംകൂടി പല കാര്യങ്ങളെപ്പറ്റിയും സംസാരിച്ചശേഷം അവിടത്തെ ഭണ്ഡാരം തുറന്നു കേരളക്രിസ്ത്യാനികൾ ആ സിംഹാസനത്തിനു കാഴ്ചവെച്ചിട്ടുള്ള വിലപിടിച്ച കുരിശുകളും ആഭരണങ്ങളുമെല്ലാം എടുത്തു ഞങ്ങളെ കാണിച്ചു. അതിനുശേഷം കേമമായ ഒരു സദ്യയുമുണ്ടായി. ഇങ്ങനെ വളരെ സന്തോഷത്തോടെയാണു് ഞങ്ങൾ പിരിഞ്ഞതു്. പുറപ്പെടുന്നതിനുമുൻപു കിദ്വായി ഉൾപ്പെടെ എല്ലാവർക്കും വെവ്വേറെ ആശീർവാദം തന്നു ഞങ്ങളെ യാത്രയാക്കി എന്നതും പ്രസ്താവ്യമാണു്.
പത്തുപന്ത്രണ്ടു മാസം കഴിഞ്ഞു ഞാൻ ഒരിക്കൽകൂടി അദ്ദേഹത്തെ കാണുവാൻ പോകയുണ്ടായി. പഴയ സ്നേഹിതന്മാർ തമ്മിൽ കാണുന്നതുപോലെയായിരുന്നു ആ കൂടിക്കാഴ്ച. അന്നുകൂടെ മറ്റാരുമില്ലാതിരുന്നതിനാൽ കേരളത്തിലെ വഴക്കിന്റെ കാര്യത്തെപ്പറ്റി അദ്ദേഹം ഒട്ടധികം എന്നോടു സംസാരിച്ചു. അദ്ദേഹം പറഞ്ഞതിന്റെ സാരം ഇതായിരുന്നു: “മലങ്കരസ്സഭയ്ക്കു് അപ്പോസ്തോലിക്ക സിംഹാസനത്തോടുള്ള ബന്ധം പോയാൽ പിന്നെ അതു ഭിന്നിച്ച ഒരു ചെറുസഭ എന്നല്ലാതെ എന്താണു്? പത്രോസിൽനിന്നുള്ള പിൻതുടർച്ചയിലാണു് സഭയുടെ ദൈവികത്വം. എനിക്കധികാരം വേണമെന്നോ അവരുടെ പണം വേണമെന്നോ ഇല്ല; പക്ഷേ, ആ ബന്ധം വിട്ടു പ്രവർത്തിക്കാൻ പ്രയാസമുണ്ടു്.”
ഒരു ഹിന്ദുവാകയാൽ ഈ കാര്യത്തിൽ എനിക്കു പറയത്തക്ക അറിവൊന്നുമില്ലെന്നും ബാവാ അവർകളുടെ അഭിപ്രായത്തെ അധികാരസ്ഥാനങ്ങളിൽ അറിയിക്കാനല്ലാതെ മറ്റൊന്നും ചെയ്വാൻ എനിക്കു കഴിവില്ലെന്നും പറഞ്ഞു ഞാൻ ആ കാര്യത്തിൽ നിന്നൊഴിയുകയാണുണ്ടായതു്. പുറപ്പെടാൻനേരത്തു ബാവാ അവർകൾ പറഞ്ഞു: “ഈ സിംഹാസനത്തിൽനിന്നു ചില മുദ്രകളും മെഡലുകളുമൊക്കെ കൊടുക്കാറുണ്ടു്. അങ്ങനെയൊന്നു തരുന്നതിൽ വിരോധമുണ്ടാകില്ലല്ലോ.”
ഞാൻ വളരെ ആദരവോടുകൂടി അറിയിച്ചു: “അതു വലിയൊരു ബഹുമതിതന്നെ, സംശയമില്ല. പക്ഷേ, മറ്റു രാജ്യങ്ങളിലെ ബഹുമാനങ്ങൾ സ്വീകരിച്ചുകൂടെന്നു് ഇന്ത്യാഗവണ്മെന്റിന്റെ നിയമമുണ്ടു്. അതുകൊണ്ടു് അവിടുന്നു ക്ഷമിക്കണം.”
ഇങ്ങനെയാണു് ഞങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞതു്.
പാത്രിയാർക്കീസ് ബാവായുമായുള്ള ഈ ബന്ധംകൊണ്ടു് എനിക്കു് അല്പംചില സഹായമുണ്ടായി എന്നതും ഇവിടെ സ്മരണീയമാണു്. ബൈറൂട്ടിലും കയ്റോയിലുമുള്ള ക്രിസ്ത്യാനികളിൽ ഒരു വിഭാഗം ബാവായുടെ ആളുകളാണു്. അവർക്കു് ആ പട്ടണങ്ങളിൽ കത്തനാരന്മാരും മെത്രാന്മാരുമുണ്ടു്. ബാവാ അവർകളും ഇന്ത്യനമ്പാസഡറും തമ്മിൽ സ്നേഹമാണെന്നു മനസ്സിലായപ്പോൾത്തൊട്ടു് അവരുടെ മെത്രാന്മാർ ഞങ്ങളോടു വലിയ മമതയിലാണു് പെരുമാറിയതു്. തന്മൂലം അവരിൽനിന്നു പല കാര്യങ്ങൾ മനസ്സിലാക്കുവാനും എനിക്കു സാധിച്ചു.
ദെമാസ്ക്കസ്സിൽനിന്നു ഞാൻ ലബനണിലേയ്ക്കാണു് പോയതു്. തീരെ ചെറിയ ഒരു രാജ്യമാണെങ്കിലും ലബനണിന്റെ പ്രകൃതിസൗന്ദര്യം ഒന്നു വേറെയാണു്. രാജ്യത്തിലാകപ്പാടെ പത്തുലക്ഷമാളുകളാണുള്ളതു്. തലസ്ഥാനമായ ബൈറൂട്ടു (Beirut) മാത്രമേ കാര്യമായ ഒരു പട്ടണമായി പറയാനുള്ളൂ. നമ്മുടെ പഴയ കൊച്ചിരാജ്യത്തിന്റെ വലിപ്പമുണ്ടെന്നു പറയാം.
ആ രാജ്യത്തിന്റെ പ്രത്യേകത രണ്ടു കാര്യംകൊണ്ടായിരുന്നു: ഒന്നാമതു്, അതിന്റെ ശീതോഷ്ണാവസ്ഥ; രണ്ടാമതു്, ലബനീസ് ജനതയ്ക്കു വ്യാപാരത്തിൽ പുരാതനമായിത്തന്നെയുള്ള സാമർത്ഥ്യം. ശീതോഷ്ണാവസ്ഥകൊണ്ടു നോക്കുകയാണെങ്കിൽ ഇത്ര സുഖപ്രദമായ ഒരു സ്ഥലം വേറെയുണ്ടോ എന്നു സംശയമാണു്. സമുദ്രത്തെ തൊട്ടുതന്നെയാണു് മലകൾ. അതുകൊണ്ടു് എത്ര വലിയ ഉഷ്ണകാലത്തും ഇരുപതു മിനിട്ടുകൊണ്ടു ചൂടറിയാത്ത മലംപ്രദേശങ്ങളിലെത്താം. അതുപോലെതന്നെ കാശ്മീരൊഴിച്ചാൽ ഇതുപോലെ മധുരഫലങ്ങൾ വിളയുന്ന സ്ഥലം വേറെയില്ല. ലബനണിലെ വൃക്ഷലതാദികൾക്കും പ്രത്യേകഭംഗിയുണ്ടു്. പഴയകാലംമുതൽതന്നെ ഈടുകൊണ്ടും ഭംഗികൊണ്ടും തേക്കു്, വീട്ടി ഇവയെപ്പോലെതന്നെ ഗണിക്കപ്പെട്ടിട്ടുള്ള ഒരു വൃക്ഷമാണു് സേഡാർ (Cedar). ആ ജാതിയിൽ ലബനണിലെ സേഡാറിനു ഗുണം കൂടുമെന്നതു സർവ്വസമ്മതമാണു്.
മൂന്നുകാര്യങ്ങൾകൊണ്ടാണു് ലബനൺകാർക്കു ചരിത്രത്തിലുള്ള സ്ഥാനം: ഒന്നാമതു്, അക്ഷരമാല കണ്ടുപിടിച്ചതു ലബനൺകാരായ ഫിനീഷ്യൻജാതിക്കാരാണത്രേ. അവർ വഴിയാണു് ഇതു മറ്റു സ്ഥലങ്ങളിലേയ്ക്കു പരന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഫിനീഷ്യനക്ഷരമാലയ്ക്കു മുൻപു ഹൈരോഗാഫിക്സ് എന്നു പറയപ്പെടുന്ന ഒരു ചിത്രസമൂഹമാണു് ഭാഷയെഴുതാൻ ഉപയോഗിച്ചിരുന്നതു്. ചൈന, ജപ്പാൻ മുതലായ സ്ഥലങ്ങളിൽ ഓരോ ആശയത്തിനും ഓരോ വസ്തുവിനും ഓരോ ചിത്രമെന്ന രീതിയിലാണല്ലോ എഴുത്തു്. ഇന്ത്യയിലും ഒരു കാലത്തു് അങ്ങനെയയിരുന്നുവെന്നതു ഹാരപ്പൻസംസ്ക്കാരത്തിലെ ചിത്രലിഖിതങ്ങളിൽനിന്നു മനസ്സിലാക്കാം. ഈജിപ്തുമുതലായ നാടുകളിൽ പ്രചരിച്ചിരുന്ന ചിത്രലിഖിതസമ്പ്രദായത്തിൽനിന്നു ഫിനീഷ്യർ (Phoenicians) ഒരക്ഷരമാല നിർമ്മിച്ചെടുത്തു ലോകത്തിൽ പ്രചരിപ്പിച്ചുവെങ്കിൽ അവർ മനുഷ്യജാതിക്കു് ഏറ്റവും മഹത്തായ ഒരുപകാരം ചെയ്തുവെന്നു നിസ്സംശയം പറയാം.
ചരിത്രത്തിൽ അറിയപ്പെടാൻ രണ്ടാമതൊരു കാരണം ഇതാണു്: ലോകത്തിൽ ആദ്യമായി മറ്റു രാജ്യങ്ങളിൽ കയറി അധിവസിച്ചു് ഉപരാജ്യങ്ങൾ (കാളണികൾ) തുടങ്ങിയതു ഫിനീഷ്യരത്രേ. ലോകപ്രസിദ്ധവും റോമയോടുതന്നെ വളരെനാൾ എതിരിട്ടു പൊരുതുനിന്നതുമായ കാർത്തേജ് ഫിനീഷ്യയുടെ ഒരുപരാജ്യമായിരുന്നു. ഫ്രാൻസ്, സ്പെയിൻ മുതലായ രാജ്യങ്ങളുടെ കടലോരങ്ങളിലും ഇവർ കുടിയേറിപ്പാർത്തിരുന്നു. ഇംഗ്ലണ്ടിൽ കാൺവാൾ എന്ന സ്ഥലത്തു തകരഖനികൾ തുറന്നതും ഇവരായിരുന്നുവത്രേ.
മൂന്നാമതു്, കടൽയാത്രയിലും കച്ചോടത്തിലും ഇവർ പുരാതനകാലങ്ങളിൽ അഗ്രഗണ്യരായിരുന്നു. ഇവരുടെ സഞ്ചാരങ്ങൾ വഴിക്കാണത്രേ ഈജിപ്തിലെ പുരാതനസംസ്ക്കാരം ലോകത്തിൽ പലേടത്തും പ്രചരിച്ചതു്. അവരെത്തി കച്ചോടം ചെയ്യാത്ത സ്ഥലമില്ലായിരുന്നു.
ഇത്ര ചെറിയ ഒരു രാജ്യം ലോകസംസ്കാരത്തിനു് എത്ര സംഭാവനകളാണു് ചെയ്തിട്ടുള്ളതു്! ഇക്കാലത്തും ലബനൺകാരിൽ ഈ ഗുണങ്ങൾ തെളിഞ്ഞുകാണാം. അറബികളുടെ ഇടയിൽ കഴിഞ്ഞ ശതവർഷത്തിലുണ്ടായ സംസ്ക്കാരാഭിവൃദ്ധിക്കു് അടിസ്ഥാനമിട്ടതു ലബനൺകാരായിരുന്നു. അവരുടെ അധിവാസപാരമ്പര്യവും ഇപ്പോൾ നിലനിന്നുവരുന്നുണ്ടു്. ആഫ്രിക്കയിലെ പുതിയ രാജ്യങ്ങൾ മിക്കവയിലെയും കച്ചോടം ലബനൺകാരുടെ കൈയിലാണു്. ബ്രസീൽ മുതലായ തെക്കേ അമേരിക്കൻരാജ്യങ്ങളിലെ വ്യവസായജീവിതത്തിൽ അവർക്കു വലിയ ഒരു പങ്കുണ്ടു്. ലബനണിൽ ആകപ്പാടെ ആളുകൾ പത്തുലക്ഷമേ ഉള്ളുവെങ്കിലും അത്രയുംതന്നെ ആളുകൾ ലബനണിൽ നിന്നു മറ്റു രാജ്യങ്ങളിൽ വാണിജ്യത്തിനും മറ്റുമായി കുടിയേറിപ്പാർക്കുന്നുണ്ടത്രേ.
ലബനണിലെ സ്ത്രീകളുടെ സൗന്ദര്യം ലോകോത്തരപ്രസിദ്ധിയുള്ളതാണു്. സാമാന്യജനങ്ങൾക്കു് ഇത്രമാത്രം രൂപഗുണം വേറെയെങ്ങും ഞാൻ കണ്ടിട്ടില്ല. ലാവണ്യവതികളായ സ്ത്രീകൾ എല്ലാ നാട്ടിലും എല്ലാ ജാതിയിലുമുണ്ടു്. കാശ്മീർ, കുലു (Kulu) മുതലായ ചില പ്രദേശങ്ങളിലെ കൂലിവേലകാരായ സ്ത്രീകൾക്കുപോലും പ്രത്യേകമൊരു അഴകും ഭംഗിയുമുണ്ടെന്നു പ്രസിദ്ധമാണല്ലോ. അതുപോലെയോ അതിൽക്കവിഞ്ഞോ ആണു് ലബനണിലും. മറ്റു് അറബിരാജ്യങ്ങളിലുള്ളതിൽക്കവിഞ്ഞു വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ലബനണിലെ സ്ത്രീകൾക്കുണ്ടെന്നുള്ളതും പ്രസ്താവ്യമാണു്. ലബനണിലെ മറ്റൊരു വിശേഷം അവിടുത്തെ ജനങ്ങളിൽ പകുതി ക്രിസ്ത്യാനികളും പകുതി മുസ്സൽമാന്മാരുമാണെന്നുള്ളതാണു്. രണ്ടുകൂട്ടക്കാരും അറബികളാണെങ്കിലും, മതംകൊണ്ടു മാത്രമേ അവർതമ്മിൽ വ്യത്യാസമുള്ളൂവെങ്കിലും, അവർ തമ്മിലുള്ള മാത്സ്യര്യം ഏതാണ്ടു ഹിന്ദുക്കളും മുസ്സൽമാന്മാരും തമ്മിൽ ഇന്ത്യയിലെങ്ങനെയോ, അങ്ങനെയാണു്. അതിനുള്ള കാരണം ചുരുക്കമായി പറയാം. അറബിക്രിസ്ത്യാനികൾ, ലബനണിൽ അഞ്ചുലക്ഷമുണ്ടെങ്കിലും, ആകെയുള്ള അറബികളിൽ തുച്ഛമായ ഒരു ശതമാനംമാത്രമാണു്. അതുകൊണ്ടു സ്വമതാനുയായികളായ യൂറോപ്യരുടെ കൂട്ടുകെട്ടുപിടിച്ചുനില്ക്കുകയാണെന്നു് അവരെപ്പറ്റി ഒരാക്ഷേപം പൊതുവേ മുസ്സൽമാന്മാർക്കിടയിൽ ഉണ്ടു്; അതു തെറ്റല്ലതാനും. പരദേശങ്ങളിലെ കച്ചോടം, വ്യവസായം മുതലായവയിൽ കൂടുതൽ പങ്കു ക്രിസ്ത്യാനികളായ ലബനൺകാർക്കാണു്. അതിൽ മുസ്സൽമാന്മാർക്കു് അസൂയയുണ്ടു്. ഏതായാലും ഈ രണ്ടു ജാതികൾതമ്മിൽ സ്വൈരമില്ലെന്നുള്ളതു തീർച്ചതന്നെ. ആ സ്വൈരക്കേടു രാഷ്ട്രീയവിഷയങ്ങളിലും പ്രതിഫലിച്ചു കാണാം. പ്രസിഡന്റ് എല്ലാക്കാലത്തും ക്രിസ്ത്യനിയായിരിക്കണമെന്നാണു് നിയമം; പ്രധാനമന്ത്രി മുഹമ്മദീയനും. ഇങ്ങനെ പ്രധാനോദ്യോഗങ്ങൾ തുല്യമായി വീതിച്ചാണു് അവിടുത്തെ ഭരണം. ക്രിസ്ത്യാനികളും മുസ്സൽമാന്മാരും പപ്പാതി എന്നു പൊതുവേ കണക്കാക്കിയാണു് ഇങ്ങനെ ഒന്നു തീർച്ചയാക്കിയിട്ടുള്ളതു്. പക്ഷേ, ഈയിടെയൊന്നും കാനേഷുമാരിക്കണക്കെടുക്കലുണ്ടായിട്ടില്ല. കണക്കെടുത്താൽ മുസ്സൽമാന്മാർക്കായിരിക്കും ഭൂരിപക്ഷം എന്നുള്ളതിനു സംശയമില്ല. അതിനു കാരണം ക്രിസ്ത്യാനികളാണു് അധികമായി മറ്റുദേശങ്ങളിൽ പോയി കുടിയേറിപ്പാർക്കുന്നതു് എന്നതാണു്.
ശതമാനങ്ങൾ എങ്ങനെയായാലും ക്രിസ്ത്യാനികളും മുസ്സൽമാന്മാരും ഒന്നുചേർന്നു ഭരിക്കണമെന്നുള്ള ഈ നിയമം ആകപ്പാടെ രാജ്യത്തിനു ഗുണപ്രദമായിരുന്നു. വലിയ വഴക്കും മത്സരവുമൊന്നും കൂടാതെയാണു് അവിടെ ചെന്ന ഇടയ്ക്കു സംഗതികൾ കുറച്ചൊന്നു മാറിക്കണ്ടുതുടങ്ങി. ക്രിസ്ത്യാനിജനങ്ങളുടെ ഇടയിൽ സ്വാധീനശക്തിയുള്ള അമേരിക്കൻ ലബനൺ തങ്ങളുടെ വശത്തേയ്ക്കു ചാഞ്ഞുനില്ക്കണമെന്നു വാദിച്ചുതുടങ്ങി. ലബനണിലെ ക്രിസ്ത്യാനികൾ പുരാതനമായിത്തന്നെ യൂറോപ്യൻപക്ഷപാതികളാണു്. അവരിൽ ഒട്ടധികം ശതമാനം കാത്തോലിക്കരാകയാൽ കഴിഞ്ഞ മൂന്നുനാലു ശതാബ്ദങ്ങളായി റോമിനെ താങ്ങിയാണു് അവർ കഴിഞ്ഞുവന്നതു്. 19-ാം നൂറ്റാണ്ടിൽ അമേരിക്കർ അവിടെ വളരെ പ്രസിദ്ധിയുള്ള ഒരു കാളേജു സ്ഥാപിച്ചു് ഈ ക്രിസ്ത്യനികളുടെ ഇടയിൽ പ്രവർത്തിച്ചുതുടങ്ങി. ബൈറൂട്ടുകാളേജ് (ഇപ്പോൾ ബൈറൂട്ടുയൂണിവേർസിറ്റി) എന്നറിയപ്പെടുന്ന ഈ വിദ്യാലയം പടിഞ്ഞാറെ ഏഷ്യായിലെ ഏറ്റവും പ്രധാനമായ സ്ഥാപനങ്ങളിലൊന്നാണു്. അതിൽ പഠിച്ചുവരുന്നവരാണു് ഇന്നത്തെ ലബനീയനേതാക്കന്മാർ. ഫ്രാൻസിൽനിന്നു ലബനണിനു സ്വാതന്ത്ര്യം കിട്ടിയതോടുകൂടി അമേരിക്ക തങ്ങളുടെ സ്വാധീനശക്തി പുലർത്തുവാൻ ഓരോ പ്രവൃത്തി തുടങ്ങി.
അമേരിക്കരുടെ ഈ പ്രാബല്യം ക്രിസ്ത്യനികളുടെ മേന്മയെ വർദ്ധിപ്പിക്കുമെന്നു ശങ്കിച്ചു മുസ്സൽമാൻനായകന്മാർ ശീതസമരത്തിൽ ലബനൺ രണ്ടുവശത്തുംചേരാതെ നില്ക്കണമെന്നാണു് വാദിച്ചതു്. അറബിരാജ്യങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന ആരബ്ലീഗ് ഈ നയം തുടർന്നതുകൊണ്ടു ലബനന്നും ആപന്ഥാവിൽത്തന്നെ സഞ്ചരിക്കേണ്ടിവന്നു. ഞാൻ ബൈറൂട്ടിൽ (ലബനന്റെ തലസ്ഥാനത്തിൽ) എത്തിയപ്പോൾ ഈ വഴക്കൊന്നു മുറുകിയ രീതിയിലായിരുന്നു. കാമിൽ ഷാമൂൺ (Camille Chamoun) എന്നൊരു ദേഹമായിരുന്നു അക്കാലത്തു ലബനണിലെ രാഷ്ട്രപതി. അദ്ദേഹം നിയമമനുസരിച്ചു് ഒരു ക്രസ്ത്യനിയായിരുന്നൂ എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ ഒരു യൂറോപ്പുകാരി(സ്കോട്ടലാൻഡുകാരി)യുമായിരുന്നു. ഏതു വശത്തേയ്ക്കു ചാഞ്ഞാണു് അദ്ദേഹം നിന്നതെന്നു പറയേണ്ടതില്ലല്ലോ.
പ്രസിഡന്റാകുന്നതിനു മുൻപു് അദ്ദേഹം ഇംഗ്ലണ്ടിൽ സ്ഥാനപതിയായിരുന്നു. 1947-ൽ ഞാൻ യുണൈറ്റഡ് നേഷൺസിൽ പ്രതിനിധിയായി പോയപ്പോൾ ഷാമൂണും തന്റെ രാജ്യത്തെ പ്രതിനിധാനംചെയ്തു് അവിടെ വന്നിരുന്നതിനാൽ ഞങ്ങൾ തമ്മിൽ പരിചയമാകാനും സാമാന്യം സ്നേഹമാകാനുമിടയായി. ഞാൻ കയ്റോയിൽ ചെന്ന ഇടയിലാണു് അദ്ദേഹം രാഷ്ട്രപതിയായതു്. ഷാമൂൺ എന്നെ സ്നേഹപുരസ്സരം സ്വീകരിച്ചു. ഞങ്ങൾ തമ്മിൽ രാജ്യകാര്യങ്ങൾ ചർച്ചചെയ്യുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു: “ലബനൺ ആരബ്ലീഗിലുള്ളതു് ഇന്ത്യയ്ക്കു സഹായമാണു്; അതു നിങ്ങൾ ഒരിക്കലും മറക്കരുതു്.” “അതെങ്ങനെയാണു്?” ഞാൻ ചോദിച്ചു.
“ഈ രാജ്യം ക്രിസ്ത്യാനിഭൂരിപക്ഷമുള്ള ഒന്നായതുകൊണ്ടു ഞങ്ങൾ മെമ്പറായിരിക്കുന്ന കാലത്തോളം ആരബ് ലീഗിനു പൂർണ്ണമുസ്സൽമാൻകക്ഷിയാകാൻ സാധിക്കുന്നതല്ല. പാക്കിസ്താൻ എത്ര തലകുത്തി മറിഞ്ഞാലും, ഞങ്ങൾ ലീഗിലുള്ള കാലത്തോളം ആരബ്ലീഗ് ഇന്ത്യയ്ക്കു് എതിരായി നില്ക്കയില്ല.”
ആലോചിച്ചപ്പോൾ ഇതു് ഔപചാരികമായി പറയുന്ന ഒരു വാക്കല്ലെന്നും, ലബനൺരാജ്യം ചെറുതെങ്കിലും അവിടെ ക്രിസ്ത്യാനികൾക്കു് അധികാരമുള്ളപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ ലബനണെക്കവിഞ്ഞു് ആരബ്ലീഗ് ഒന്നും ചെയ്കയില്ലെന്നും എനിക്കു തോന്നി. പടിഞ്ഞാറേ ഏഷ്യയെസ്സംബന്ധിച്ച ഇന്ത്യൻനയം ഈജിപ്തിനെ അടിസ്ഥാനമാക്കിയായിരുന്നു. ഈജിപ്തിലെ ദേശീയകക്ഷിയായ വാഫ്ദപാർട്ടി വളരെക്കാലമായി കോൺഗ്രസ്സുമായി സഹകരിച്ചുവന്നിരുന്നതിനാലും, ആ കക്ഷിയിലും ഈജിപ്ഷ്യൻക്രിസ്ത്യാനികൾ ഒരു പ്രധാന പങ്കു വഹിച്ചിരുന്നതിനാലും പാക്കിസ്താനു സഹായമായിട്ടല്ല നിന്നിരുന്നതു്. പക്ഷേ, ഇസ്ലാമികബന്ധം വളർന്നുവരുന്ന ഒന്നാണെന്നും അങ്ങനെ സംഭവിക്കുന്നപക്ഷം ലബനന്റെ സഹായം ഇന്ത്യയ്ക്കു ഗുണപ്രദമാകുമെന്നും എനിക്കു തോന്നി.
ഒരു കാര്യത്തിലാണു് ലബനണെസ്സംബന്ധിച്ചു് എനിക്കു സംശയമുണ്ടായിരുന്നതു്: ഇൻഡ്യയും അമേരിക്കയുമായുള്ള ബന്ധം തീരെ ശിഥിലമായ ഒരു കാലമായിരുന്നൂ അതു്. പാക്കിസ്താനുമായി അമേരിക്ക സൈനികസന്ധികളിൽ ഏർപ്പെട്ടും കഴിഞ്ഞിരുന്നു. എന്നു മാത്രമല്ല, പാക്കിസ്താനെ കൂട്ടുപിടിച്ചു മീഡോ (Middle East Difence organisation) എന്നു പേരായി അറബികളെയും പേർസ്യായെയും ചേർത്തു് ഒരു സംഘടന തുടങ്ങാനായി അമേരിക്കക്കാർ ആലോചിക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞിരുന്നു. അതു് ഇൻഡ്യയ്ക്കു വിപരീതമായിട്ടേ സംഭവിക്കയുള്ളൂ എന്നു സ്പഷ്ടമാണല്ലോ. അതു തടയുക എന്നതായിരുന്നു ഈജിപ്തിൽ എനിക്കുള്ള പ്രധാനകർത്തവ്യം. അമേരിക്കർ ഇങ്ങനെ ലബനണെ നിർബന്ധിക്കയാണെങ്കിൽ ഇൻഡ്യയുമായുള്ള ബന്ധം ബലപ്പെടുകയില്ലെന്നു തീർച്ചതന്നെ. അതിനൊരു മറുപടി കിട്ടിയതു ഗമാൽ ജംബ്ളാട്ട് (Gamal Jumblatt) എന്ന ഡ്രൂസ് (Druse) നേതാവിൽനിന്നാണു്. സംഖ്യാബലമില്ലെങ്കിലും സംഘടനകൊണ്ടും യുദ്ധസാമർത്ഥ്യംകൊണ്ടും തങ്ങളുടെ അച്ചടക്കംകൊണ്ടും പ്രധാനമായ ഒരു വർഗ്ഗമാണു് ഡ്രൂസുകൾ. ജബേൽ ഡ്രൂസ് (Jebel Druse) എന്നു പറയുന്ന ഒരു ഗിരിപ്രദേശത്തിലാണു് അവർ മിക്കവാറും അധിവസിക്കുന്നതു്. ആ മല ലബനണിലും സിറിയയിലും വിലങ്ങെക്കിടക്കയാൽ ഡ്രൂസുസമുദായം, ഒത്തൊരുമയുള്ളതെങ്കിലും, രണ്ടു രാജ്യത്തായിട്ടാണു് താമസിക്കുന്നതു്. രണ്ടു രാജ്യത്തും അവർക്കു് ഒരേവിധം ശക്തിയുണ്ടുതാനും.
മുസ്സൽമാൻമാരെന്നാണു് ഇവരെ പറഞ്ഞുവരുന്നതെങ്കിലും അവർ പള്ളിയിൽ പോകയോ മറ്റു മുസ്സൽമാൻമാർക്കു പെണ്ണു കൊടുക്കയോ അവരിൽനിന്നു പെണ്ണു വാങ്ങുകയോ മൗളവികളെ ബഹുമാനിക്കയോ പതിവില്ല. തങ്ങളുടെ മതസിദ്ധാന്തങ്ങളെ വളരെ രഹസ്യമായിട്ടാണു് അവർ വെച്ചുപോരുന്നതു്. ഡ്രൂസുവിശ്വാസങ്ങളുടെ പ്രധാനാംശങ്ങൾ സാധാരണന്മാർക്കു് അറിഞ്ഞുകൂടാ. അധികാരം ഭരിക്കുന്ന ചില കുടുംബങ്ങളിലെ മൂത്ത അംഗങ്ങളെമാത്രമേ ഈ രഹസ്യങ്ങൾ പഠിപ്പിക്കാറുള്ളൂ.
ഡ്രൂസുകൾ ജീവിക്കുന്നതു ഫ്യൂഡൽരീതിയിൽ സ്വന്തം പ്രഭുക്കളുടെ കീഴിലാണു്. അവയിലൊന്നാണു് മൂകത്താറായിലെ ജൂംബ്ളാറ്റുകുടുംബം. ഒരിരുപതു വർഷം മുൻപുവരെ മൂകത്താറായിൽ അധികാരം വഹിച്ചതു വിധവയായ ഒരു സ്ത്രീയായിരുന്നു. അവർ അതിബുദ്ധിമതിയും സമർത്ഥയും ആജ്ഞാശക്തിയുള്ളവരുമായിരുന്നതിനാൽ അവരുടെ കീഴിൽ ജൂംബ്ലാറ്റുവംശം വളരെ അഭിവൃദ്ധി പ്രാപിച്ചു എന്നു മാത്രമല്ല, രാജ്യകാര്യങ്ങളിൽ ആ കുടുംബത്തിനുണ്ടായിരുന്ന സ്വാധീനശക്തി വളരുകയുമുണ്ടായി. അക്കാലത്തു (1945വരെ) ലബനണിൽ ഫ്രഞ്ചുകാർക്കായിരുന്നല്ലോ അധികാരം. അവർ “മുക്താറിലെ അമ്മ”യെ, ഒരു സ്വതന്ത്രയായ റാണിയെപ്പോലെയാണു് ബഹുമാനിച്ചുവന്നിരുന്നതു്. അവരുടെ ഒറ്റ മകനാണു് ഗമാൽ ജൂംബ്ലാറ്റ്. ഗവണ്മെന്റിൽ സ്ഥാനമുണ്ടെങ്കിലുമില്ലെങ്കിലും, ലബനണിലെ രാജ്യകാര്യങ്ങളിൽ വലിയ പ്രാധാന്യം വഹിക്കുന്ന ഒരാളാണു് ഗമാൽ. അതുകൊണ്ടു് അദ്ദേഹത്തെക്കണ്ടു പരിചയമാകാതെ കഴിയുകയില്ലല്ലോ. ജൂംബ്ലാറ്റിനെ കാണുന്നതിനു് എന്നെ വേറെ ഒരു കാര്യവും പ്രേരിപ്പിച്ചിരുന്നു. തിരുവനന്തപുരത്തു് അക്കാലത്തു ജീവിച്ചിരുന്ന ശ്രീ. കൃഷ്ണമേനോൻ എന്ന യോഗിയുടെ ഒരു പ്രധാനശിഷ്യനാണു് അദ്ദേഹം. നാട്ടിൽ എന്തു ജോലിത്തിരക്കായാലും അദ്ദേഹം ആണ്ടുതോറും തിരുവനന്തപുരത്തു വന്നു 15 ദിവസമെങ്കിലും താമസിച്ചു ശ്രീ. കൃഷ്ണമേനോന്റെ ഉപദേശങ്ങൾ വാങ്ങിപ്പോകാറുണ്ടായിരുന്നു. ബാല്യകാലത്തിൽ ശ്രീ. കൃഷ്ണമേനോൻ എന്റെയും ഒരു ഗുരുവായിരുന്നതിനാൽ ആ വഴിയും ഗമാൽ ജൂംബ്ലാറ്റിനെ കാണാൻ ഞാൻ ആഗ്രഹിച്ചു.
ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച വളരെ സന്തോഷപൂർവ്വമായിട്ടായിരുന്നു. ഇൻഡ്യയോടു വളരെ സ്നേഹമുള്ള ഗമാലിനോടു് എന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു മനസ്സിലാക്കേണ്ടിവന്നില്ല. പ്രസിഡന്റ് കാമിൽ ഷാമൂൺ ഒരമേരിക്കൻ മച്ചമ്പിയാണെന്നും, അദ്ദേഹത്തിന്റെ സ്നേഹിതനും ഉപദേഷ്ടാവുമായ ചാറൽസ് മാലിക്ക് (Charles Malik)—അന്നു യുണൈറ്റഡ് നേഷൺസിൽ ലബനൺ പ്രതിനിധി—അമേരിക്കരുടെ ഒരു ഏജന്റാണെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. “എങ്കിലും അതുകൊണ്ടു പേടിക്കണ്ട. താൻ ലബനന്റെ നിഷ്പക്ഷപാതനിലയ്ക്കു വിപരീതമായി ഒന്നുംതന്നെ ചെയ്യാൻ മുതിരുകയില്ലെന്നു് എഴുതിവാങ്ങിച്ചിട്ടാണു് ഷാമൂണിനെ പ്രസിഡന്റ് സ്ഥാനത്തിനു നില്ക്കാൻതന്നെ ഞാൻ സമ്മതിച്ചതു്. മുക്താറായിൽ വരുമ്പോൾ നിങ്ങൾക്കു കാണണമെങ്കിൽ അയാൾതന്നെ ഒപ്പിട്ട ആ എഴുത്തു ഞാൻ കാണിച്ചുതരാം. ലബനൺ, മീഡോ(Medo)യിൽ ചേരാനോ അമേരിക്കയോടു ചേർന്നുനില്ക്കാനോ ഞാൻ സമ്മതിക്കയില്ല.” അഹംഭാവത്തോടുകൂടിയല്ല ഗമാൽ ഇതു പറഞ്ഞതു്.
അങ്ങനെത്തന്നെയാണുണ്ടായതും. നാലഞ്ചുവർഷത്തിനുശേഷം ചാറൽസ് മാലിക് വിദേശകാര്യമന്ത്രിയായി ലബനണിലേയ്ക്കു മടങ്ങിയപ്പോൾ ആ രാജ്യത്തെ അമേരിക്കരുടെ വശത്തേയ്ക്കു മാറ്റി നിർത്തുവാൻ താൻ കൊടുത്ത വാക്കിനു വിപരീതമായി കാമിൽ ഷാമൂൺ ശ്രമിക്കയുണ്ടായി. അപ്പോൾ ഗമാൽ ജൂംബ്ലാറ്റ് പട്ടാളവുമായി തന്റെ മലകളിൽനിന്നിറങ്ങി, മറ്റു മുസൽമാൻ നായകന്മാരോടൊന്നിച്ചു, ഷാമൂണിനെ സ്ഥാനഭ്രഷ്ടനാക്കി.
ബെയ്റൂട്ടിൽ താമസം വളരെ സുഖമാണു്. കടൽത്തീരത്തിൽ സ്ഥിതിചെയ്യുന്ന ആ പട്ടണം മിക്കവാറും ഒരു യൂറോപ്യൻ സുഖവാസസ്ഥലമാണെന്നു പറയാം. പ്രധാനഹോട്ടലുകളെല്ലാം സമുദ്രതീരത്തിൽത്തന്നെയാണു് സ്ഥിതിചെയ്യുന്നതു്. സമുദ്രസ്നാനത്തിനും ജലക്രീഡകൾക്കും എല്ലായിടത്തും ഏർപ്പാടുണ്ടുതാനും. ബെയ്റൂട്ട് ഒരു സുഖവാസസ്ഥലമായി മറ്റു മുസ്സൽമാൻ രാജ്യക്കാർ കരുതുന്നു എന്നു വിചാരിക്കണം. സൗദിഅറേബ്യ, കൂവീറ്റ് മുതലായ രാജ്യങ്ങളിലെ കോടീശ്വരന്മാർക്കൊക്കെ ഇവിടെ വീടുണ്ടു്. ഈജിപ്തിൽനിന്നു പ്രഭുക്കന്മാർ യൂറോപ്പിലേയ്ക്കാണു് പോകാറുള്ളതെങ്കിലും സാധാരണക്കാർ ഉഷ്ണകാലം കഴിക്കുവാൻ ലബനണെയാണു് ആശ്രയിച്ചിരുന്നതു്.
ഒരാഴ്ച അവിടെ താമസിച്ചശേഷം ഞങ്ങൾ തിരികെ കയിറോയിലേയ്ക്കു പോന്നു. ധൃതിവെച്ചു പോരുവാൻ കാരണമുണ്ടായിരുന്നു. ഈജിപ്തിലെ സ്ഥിതിഗതികൾ ദിവസം പ്രതിയെന്നപോലെ മാറിക്കൊണ്ടാണിരുന്നതു്. രാജാവിനെ ഭ്രഷ്ടാക്കുവാനുള്ള ഒരു സൈന്യസംരംഭമെന്ന നിലയിൽ തുടങ്ങി അതൊരു റെവലൂഷൻ എന്ന വഴിക്കു തിരിഞ്ഞിരുന്നു. ഞാൻ അവിടെച്ചെന്നു കുറച്ചു കാലത്തേയ്ക്കു, ഫറൂക്കു രാജാവിന്റെ കീഴിൽ പല പ്രാവശ്യം മന്ത്രിയായിരുന്ന ആലിമെഹർ എന്നൊരാളായിരുന്നു പ്രധാന മന്ത്രി. പട്ടാളക്കാർ തിരശ്ശീലയ്ക്കു പിറകിൽ നിന്നു തിരനോട്ടം അഭിനയിച്ചിരുന്നതേ ഉള്ളൂ എന്നു പറയാം. റെവലൂഷണറി കമ്മിറ്റിയുടെ അധ്യക്ഷൻ ജനറൽ നെജീബിനെപ്പറ്റി മാത്രമേ പത്രങ്ങളിൽ പ്രസ്താവനയുണ്ടായിരുന്നുള്ളൂ. പക്ഷേ, വാസ്തവത്തിൽ അദ്ദേഹത്തിനു വലിയ അധികാരമൊന്നുമില്ലായിരുന്നു എന്നു ഞാൻ നേരത്തേ മനസ്സിലാക്കി. പട്ടാളക്കാരുൾപ്പെടാത്ത ഒരു മന്ത്രിസഭ ഉണ്ടെങ്കിലും അധികാരമെല്ലാം റെവലൂഷണറി കമ്മിറ്റിക്കാണെന്നും, അതിൽ പ്രസിഡണ്ടുസ്ഥാനം വഹിക്കുന്ന നെജീബിനു നാമമാത്രമായ നേതൃത്വമേ ഉള്ളൂ എന്നും അധികാരം കർണ്ണൽ ഗമാൽ നാസ്സർ എന്ന ഒരു ചെറുപ്പക്കാരന്റെ കൈയിലാണെന്നും ദിവസംപ്രതി തെളിഞ്ഞുവന്നു. ആദ്യമേ സൈന്യസംഘം നേരിട്ടു അധികാരം കൈയിലെടുത്തു. പിന്നെ റീജൻസി നിർത്തി ഗണാധിപത്യഘടന നടപ്പിൽ വരുത്തി, ജനറൽ നജീബി നെ പ്രസിഡണ്ടു സ്ഥാനത്തിൽ അവരോധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ നെജീബും ബന്ധനത്തിലായി. അധികാരം നാസ്സറിന്റെ കൈയിൽത്തന്നെയായി.
ഈ സംഭവങ്ങളിലൊന്നും നമുക്കു വലുതായ ഇടപാടൊന്നുമില്ലായിയിരുന്നു. അവയെത്രമാത്രം നമ്മെ ബാധിക്കുമെന്ന ഒരു കാര്യം മാത്രമാണു് ആലോചിക്കാനുണ്ടായിരുന്നതു്. പാക്കിസ്താൻ ഇൻഡ്യാ വഴക്കിൽ, മുൻപും അധികാരത്തിലിരുന്ന വാഫ്ദ് കക്ഷി നിഷ്പക്ഷപാതനിലയാണു് കൈക്കൊണ്ടിരുന്നതു്. ഏകദേശം ഇരുപതു വർഷത്തോളം അവർ കാൺഗ്രസ്സുമായി സഹകരിച്ചിരുന്നു. ഈ പുതിയ അധികാരികളിൽ പലരും ‘മുസ്ലീം ഭ്രാതാക്കൾ’ (Most in Brotherhood) എന്ന ഒരു സംഘടനയിൽ ചേർന്നവരായിരുന്നുവെന്നത്രേ ശ്രുതി. മുസ്ലിം ഭ്രാതാക്കൾ പരമതാസഹിഷ്ണുക്കളായിരുന്നു എന്നുമാത്രമല്ല, മുസ്ലിംരാജ്യക്കാർ ഒന്നുചേർന്നു നില്ക്കണമെന്ന അഭിപ്രായമുള്ളവരുമായിരുന്നു. ആ സ്ഥിതിക്കു് അവർ പാക്കിസ്താനോടു ചാഞ്ഞുനില്ക്കയില്ലേ എന്നായിരുന്നു പേടിക്കാനുള്ളതും, അതു തടയേണ്ടതായിരുന്നു എന്റ ആദ്യത്തെ ജോലി.
റെവലൂഷണറി കൗൺസിലുമായി അടുത്തു പെരുമാറി അവരിൽ പ്രമാണികളുടെ സ്നേഹം സമ്പാദിക്കയാണു് ഇതിനുചിതമായ വഴി എന്നു ഞാൻ വിചാരിച്ചു. ആദ്യംമുതൽത്തന്നെ നെജീബ് എന്നോടു സ്നേഹത്തിലാണു് പെരുമാറിയിരുന്നതു്. നാസ്സർ, സലാഹ് സലേം (Saleh Salem), അമേർ ഹക്കിം (Amer Hakim) എന്നിങ്ങനെ പ്രമാണികളായ മറ്റുള്ളവരുമായി പരിചയമായിരുന്നെങ്കിലും ഞാനാദ്യമൊന്നും അടുത്തിടപെട്ടിരുന്നില്ല. പക്ഷേ, അതിനൊരവസരം വേഗത്തിലുണ്ടായി.
അക്കാലത്തു് ഇംഗ്ലീഷുകാരുടെ അധീനത്തിലായിരുന്നു ഈജിപ്ത്. മൂന്നു കാര്യത്തിൽ ഇംഗ്ലീഷുകാർ പരമാധികാരം നടിച്ചിരുന്നു. ഒന്നാമതു സുഡാൺ, രണ്ടാമതു് ഈജിപ്തിൽത്തന്നെ ബ്രിട്ടീഷുപട്ടാളം പാളയമടിച്ചിരുന്നതു്, മൂന്നാമതു് അന്താരാഷ്ട്രീയമായ ഏർപ്പാടുകളിൽ ഭരിക്കപ്പെടുന്ന സൂയസ്സു തോടു്. ഇവ മൂന്നിൽ നിന്നും ബ്രിട്ടീഷധികാരം മാറാത്ത ഈജിപ്തിന്റെ സ്വാതന്ത്ര്യം സത്തയില്ലാത്ത ഒരു ഛായമാത്രമായിരുന്നു. ഇതേപ്പറ്റി ഒരിക്കൽ എന്നോടു സാലേ സലേം സംസാരിച്ചപ്പോൾ ഉപദേശരൂപത്തിൽ ഞാൻ പറഞ്ഞു: “നിങ്ങൾ ഇക്കാര്യങ്ങൾ പ്രത്യേകം പ്രത്യേകമായി എടുക്കയാണെങ്കിൽ കൂടുതൽ എളുപ്പത്തിൽ സാധിക്കും. ഏറ്റവും എളുപ്പമുള്ളതു് ആദ്യം എടുക്കുക; അതു നിങ്ങൾക്കു ഗുണമായി തീർച്ചയാകുന്നതുവരെ മറ്റേതു് ഒരു പ്രശ്നമാണെന്നേ നടിക്കരുതു്.”
സലേം ചോദിച്ചു: “ഏതാണു് നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും എളുപ്പമുള്ളതു്?”
“സുഡാൺ തന്നേ; സംശയമില്ല.”
“അതെങ്ങനെ? ഇത്ര വലിയ ഒരു രാജ്യം, ഇത്ര വളരെ പണം അതിനകത്തു മുടക്കിയിട്ടുള്ളതു്—ഇതൊക്കെ അവർ ഒഴിഞ്ഞു വിട്ടുതരുമോ?”
അപ്പോൾ ഞാൻ മടികൂടാതെ പറഞ്ഞു: “നിങ്ങൾക്കു വിട്ടുതരികയില്ല; മടികൂടാതെ വിട്ടുപോകും.”
അതിന്റെ അർത്ഥമെന്താണെന്നു അയാൾ പിന്നെയും ചോദിച്ചു. ഞാൻ പറഞ്ഞു: “സുഡാൺ ഈജിപ്തിന്റെ ഒരു ഭാഗമായി സമ്മതിച്ചു് ഇംഗ്ലീഷുകാർ വിട്ടുതരികയില്ല; സുഡാൺകാർക്കു നിങ്ങളിൽനിന്നും തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നല്കാൻ അവർ സമ്മതിച്ചേയ്ക്കും.”
സുഡാണിനെപ്പറ്റി രണ്ടു വാക്കു പറയേണ്ടതുണ്ടു്. ഈജിപ്തുകാർ പിടിച്ചടക്കി ഭരിച്ചിരുന്ന ഒരു രാജ്യമാണു് അതു്. അവിടുത്തെ ജനങ്ങൾ ഈജിപ്തിനു വിപരീതമായി ഇളകിയപ്പോൾ ഒരു ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടുകൂടി ഈജിപ്തുകാർ ആ ലഹളയൊതുക്കി. പക്ഷേ, തിരികേ ഈജിപ്തുകാർക്കു വിട്ടുകൊടുക്കുവാൻ ഇംഗ്ലീഷുകാർ സന്നദ്ധരായില്ല. ഈജിപ്തുകാർക്കുവേണ്ടി ഇംഗ്ലീഷുകാരാണു് ആ രാജ്യം ഭരിച്ചിരുന്നതു്. ഇങ്ങനെയായിട്ടു് അറുപതു വർഷം കഴിഞ്ഞിരുന്നു. ഈജിപ്തുകാരുടെ പരമാധികാരത്തെ നാമമാത്രമായി ഇംഗ്ലീഷുകാർ വകവെച്ചിരുന്നു. അവിടുത്തെ ഗവർണ്ണർ ജനറാൾ ഒരു ബ്രിട്ടീഷുദ്യോഗസ്ഥനാണെങ്കിലും അയാളെ നിയമിക്കുന്നതു് ഈജിപ്തിലെ രാജാവാണു്. ഈ സ്ഥിതിക്കു സൂഡാൺ തങ്ങളുടേതാണെന്നും അതു തിരിയെ ഏല്പിച്ചിട്ടു വിട്ടുപോകണമെന്നുമായിരുന്നു ഈജിപ്തുകാരുടെ വാദം.
ബ്രിട്ടീഷധികാരം കൂടാതെ വേറെ ഒരു തടസ്സവും ഇതിനുണ്ടായിന്നു. അറുപതുവർഷത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി സൂഡാണിലെ ആളുകൾ സ്വാതന്ത്ര്യവാദികളായിത്തീർന്നിരുന്നു. അതിൽ ഒരു കക്ഷി ഈജിപ്തിനോടു ചേർന്നാണു് നിന്നതെങ്കിലും, രണ്ടുകൂട്ടരിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം ആവശ്യപ്പെടുന്നതായിരുന്നു നാഷണലിസ്റ്റുകാരിലെ ഏറ്റവും പ്രബലമായ കക്ഷി. ആ കക്ഷിയുടെ നായകൻ സർ അബ്ദുൾറഹമാൻ മെഹദി എന്ന ആളായിരുന്നു. എഴുപതുവർഷം മുൻപു ബ്രിട്ടീഷുകാരെ തോല്പിച്ചു സൂഡാന്റെ സ്വാതന്ത്ര്യം സ്ഥാപിച്ച പ്രഖ്യാതനായ മെഹദിയുടെ പുത്രനാണു് ഇദ്ദേഹം. മെഹദിക്കു് ഈജിപ്തുകാരോടു ബദ്ധവിരോധമായിരുന്നു. എന്നല്ല, സ്വാതന്ത്ര്യവാദിയെങ്കിലും, അദ്ദേഹം ബ്രിട്ടീഷുകാരോടു ചാഞ്ഞാണു് നിന്നിരുന്നതും. ആ സ്ഥിതിക്കു് ഈജിപ്തുകാരെ ഏല്പിച്ചു ബ്രിട്ടീഷുകാർ സുഡാൻ വിട്ടുപോകുമെന്നു വിചാരിക്കുന്നതു വെറും മൂഢാഭിപ്രായമാണെന്നു് എനിക്കു തോന്നി. ഞാനിതു സംഭാഷണമധ്യേ പറഞ്ഞപ്പോൾ ആദ്യം സാലേ സലാമിനു കോപമാണുണ്ടായതു്: “എന്തു്? ഞങ്ങൾ സൂഡാൺ വിട്ടുകൊടുക്കുകയോ? അതു് ഒരിക്കലും ഉണ്ടാകയില്ല.”
“നിങ്ങൾ വിട്ടുകൊടുക്കേണ്ടതായിട്ടില്ല. ഇംഗ്ലീഷുകാർ വിട്ടു കൊടുത്തിട്ടു പോകും; നിങ്ങൾക്കു് അതു പിണക്കമാണെന്നു കണ്ടാൽ സുഡാൺകാരുടെ രക്ഷയ്ക്കായി സ്വതന്ത്രസൂഡാണുമായി ഒരു സൈന്യബന്ധം നിലനിർത്തിയിട്ടായിരിക്കും പോകുന്നതു്.”
അദ്ദേഹം ചോദിച്ചു: “എന്താണു നിങ്ങൾ പറയുന്നതിന്റെ ചുരുക്കം?”
“ബ്രിട്ടീഷുകാരെ സൂഡാണിൽനിന്നു പറഞ്ഞയയ്ക്കണമെങ്കിൽ നിങ്ങളും സൂഡാണിലെ സ്വാതന്ത്ര്യവാദികളും തമ്മിൽ ഒന്നിക്കയാണു വേണ്ടതു്. അങ്ങനെ ഒന്നുചേർന്നാൽ ബ്രിട്ടീഷുകാർക്കു നിലയില്ലാതെ വരും.”
സാലേ സലാം കുറെനേരം മിണ്ടാതെ ഇരുന്നു. ഒടുവിൽ പറഞ്ഞതിങ്ങനെയാണു്: “നിങ്ങളുടെ അഭിപ്രായം ഞാൻ റവലൂഷണറി കൗൺസിലിൽ പറയാം. അവർ കേട്ടു തീർച്ചയാക്കട്ടെ.”
നാലഞ്ചുദിവസം കഴിഞ്ഞു ജനറൽ നെജീബ് എന്നെ ഒരു സംഭാഷണത്തിനു ക്ഷണിച്ചു. പല കാര്യങ്ങൾ സംസാരിച്ചശേഷം ഒടുവിൽ അദ്ദേഹം പറഞ്ഞു: “സുഡാണിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായത്തെ റെവലൂഷണറി കൌൺസിൽ സ്വീകരിച്ചു. സൂഡാൺ നേതാക്കന്മാരുമായി നേരിട്ടു സംഭാഷണത്തിനു സാലേ സലാമിനെ അങ്ങോട്ടയയ്ക്കുന്നു.”
ഞാൻ മറുപടി പറഞ്ഞു: “അതു നന്നായി. നിങ്ങൾ ഒന്നു ചേർന്നു നില്ക്കയാണെങ്കിൽ ബ്രിട്ടണു നിലയില്ല. ഇപ്പോൾ സൂഡാൺകാരോടു് അവർ പറയുന്നതു രാജ്യാധികാരം ന്യായപ്രകാരം ഈജിപ്തിലേയ്ക്കായതുകൊണ്ടു് വിട്ടുപോകയാണെങ്കിൽ ഈജിപ്തിന്റെ അവകാശങ്ങളെ അവഗണിക്കുവാൻ സാധിക്കയില്ലെന്നാണു്. നിങ്ങളോടു പറയുന്നതു സൂഡാണിലെ ജനങ്ങൾ സ്വാതന്ത്ര്യവാദികളാണു്. അവരുടെ പ്രകൃതിദത്തമായ ആ അവകാശം മറന്നു്, രാജ്യം നിങ്ങളെ ഏല്പിക്കുന്നതു മാടുകളെ വില്ക്കുന്നപോലെ ഒരു നയമാകും. അതു ബ്രിട്ടണെപ്പോലെയുള്ള ഒരു പരിഷ്കൃതരാജ്യത്തിനു സാധിക്കുന്നതല്ല. ഇപ്പോൾ ആലോചിക്കുന്ന പോലെ നിങ്ങൾ സുഡാന്റെ സ്വാതന്ത്ര്യവാദം സമ്മതിച്ചുകൊടുക്കുകയാണെങ്കിൽ ബ്രിട്ടീഷുകാർക്കു് അതൊരടിയറവായിത്തീരും.”
ആ അഭിപ്രായം നെജീബിനു സമ്മതമായി.
ഞാൻ പറഞ്ഞ അടിസ്ഥാനത്തിൽത്തന്നെ ബ്രിട്ടീഷുകാരുമായി സംഭാഷണങ്ങൾ അധികം താമസിയാതെ ആരംഭിച്ചു എന്നു അറിയാനിടയായി. ഇടയ്ക്കിടെ എന്നെ ക്ഷണിച്ചോ നേരിട്ടു വന്നു കണ്ടോ ചില കാര്യങ്ങൾ ആലോചിച്ചുവന്നിരുന്നു. മിക്കവാറും സാലേ സലാം നേരിട്ടോ, അല്ലെങ്കിൽ സുൽത്താൻ ഹാമീദ് എന്ന അദ്ദേഹത്തിന്റെ സ്നേഹിതൻ മുഖാന്തിരമോ ആയിരുന്നു അതു്. നടപ്പിലിരുന്ന സംഭാഷണത്തെപ്പറ്റിയാണു് എന്നോടു് അദ്ദേഹം ചോദിക്കാൻ വന്നതെങ്കിലും അങ്ങനെ ഞങ്ങൾ രണ്ടുകൂട്ടരും നടിച്ചില്ല. പക്ഷേ, ഞാനും റെവലൂഷണറി കമ്മിറ്റിക്കാരും തമ്മിൽ ഈ കാര്യങ്ങളെപ്പറ്റിയുണ്ടായിരുന്ന ബന്ധം ഞാൻ വിചാരിച്ചപോലെ രഹസ്യമല്ല എന്നു വേഗം മനസ്സിലായി. ബ്രിട്ടീഷമ്പാസഡർ സർ റൈഫ് സ്റ്റീഫൻസണി നെപ്പറ്റി മുൻപു പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹവും ഞാനുമായി അത്യന്തം സ്നേഹത്തിലായിരുന്നു. ഒരു ദിവസമദ്ദേഹം എന്നെ പതിവില്ലാത്ത രീതിയിൽ തനിയേ ചായയ്ക്കു ക്ഷണിച്ചു. സംസാരിച്ചുതുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണു്: “നമ്മുടെ രണ്ടു രാജ്യങ്ങളും കോമൺവെൽത്തിൽ മെമ്പറായിരിക്കുമ്പോൾ ഞങ്ങൾക്കു വിപരീതമായി എന്താണു് നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നതു്?”
“ഞാൻ എന്തു പ്രവർത്തിക്കുന്നു എന്നാണു് നിങ്ങൾ ധരിച്ചിട്ടുള്ളതു്?”
“സൂഡാൺ സംബന്ധിച്ച ഈ സംഭാഷണങ്ങളിൽ നിങ്ങളാണു് അവരെ സഹായിക്കുന്നതെന്നാണു് എന്റെ അറിവു്. ബ്രിട്ടീഷുകാർക്കു വിപരീതമായി അങ്ങനെ ചെയ്യുന്നതു ശരിയാണോ?”
കയിറോയിൽ ബ്രിട്ടീഷുകാരുടെ ചാരസംഘം ഏറ്റവും പ്രബലമാണെന്നു ഞാൻ അറിഞ്ഞിരുന്നു. എങ്കിലും ഞാനും സാലേ സലാമുംകൂടിയുള്ള സംഭാഷണങ്ങൾ അവർ അറിയാൻ ഞാൻ വഴി കണ്ടില്ല. ഞാൻ ചോദിച്ചു: “ഞാൻ എന്തു സഹായമാണു അവർക്കു ചെയ്യുന്നതു്?”
സ്റ്റീഫൻസൺ ചിരിച്ചു: “ഈ മൂന്നാഴ്ചയിൽ നാലു പ്രാവശ്യം സാലേ സലാമും രണ്ടു പ്രാവശ്യം സുൽത്താൻ ഹമീദും നിങ്ങളെ കാണാൻ വന്നിരുന്നു എന്നു് എനിക്കു സൂക്ഷ്മമായി അറിയാം. അവർ വെറുതെ ചായ കുടിക്കാൻ വന്നതാണെന്നാണോ?”
“അവർ പലതും സംസാരിക്കാനായിട്ടുതന്നെയാണു് വന്നതു്. പക്ഷേ, നിങ്ങൾക്കു വിപരീതമായിട്ടാണു് എന്റെ ഉപദേശമെന്നു നിങ്ങൾ എങ്ങനെ മനസ്സിലാക്കി? നിങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽനിന്നു സുഡാണിനെപ്പറ്റി ന്യായവും സൂഡാൺകാരുടെ അവകാശങ്ങൾക്കു വിപരീതമല്ലാത്തതുമായ ചില വ്യവസ്ഥകളുണ്ടായി കാണണമെന്നേ എനിക്കാഗ്രഹമുള്ളൂ. സുഡാൺകാരുടെ സ്വാതന്ത്ര്യത്തിനു വിപരീതമായി ഞാൻ ഉപദേശിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ?”
“സംഗതിയെല്ലാം മനസ്സിലായി! സുഡാൻ സ്വാതന്ത്ര്യമായിരുന്നല്ലോ ഞങ്ങളുടെ വാദം. അതു നിങ്ങൾ ഈജിപ്തുകാരുടേതാക്കിയതുകൊണ്ടു ഞങ്ങളെ നിരായുധരാക്കുകയാണു് ചെയ്തതു്. ആട്ടെ, നെഹ്രു അറിഞ്ഞു കൊണ്ടാണോ നിങ്ങൾ ഈ കൈ പ്രയോഗിച്ചതു്?”
“ഈ ചോദ്യം ചോദിക്കാൻ നിങ്ങൾക്കവകാശമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ഞാനും ചോദിക്കട്ടെ: ഈഡ (Eden) ന്റെ അനുവാദത്തോടുകൂടിയാണോ നിങ്ങൾ എന്നോടു് ഈ ചോദിക്കുന്നതു്?”
സ്റ്റീഫൻസൺ ആ മറുപടികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ യാത്രപിരിയുന്നതിനുമുൻപു് അദ്ദേഹം ഒരു കാര്യംകൂടി പറഞ്ഞു: “സൂഡാണിനെപ്പറ്റിയുള്ള സന്ധി മിക്കവാറും തയ്യാറായിട്ടുണ്ടു്. നിങ്ങൾ ആഗ്രഹിച്ചതുപോലെ സൂഡാന്നു പൂർണ്ണ സ്വാതന്ത്ര്യമായിട്ടുതന്നെ. പക്ഷേ, ഒരു പൊതുതിരഞ്ഞെടുപ്പു നടത്തിയിട്ടു സൂഡാൺപാർല്യമെന്റ് ഈജിപ്തുകാരുമായുള്ള ബന്ധം വേണമോ എന്നു തീർച്ചപ്പെടുത്തിയശേഷമേ സ്വാതന്ത്ര്യത്തിന്റെ എല്ലാ വ്യവസ്ഥകളും നടപ്പിൽ വരികയുള്ളൂ. ആ തിരഞ്ഞെടുപ്പിലാണു് കാര്യമെല്ലാമിരിക്കുന്നതു്. ആരുമിടപെടാതെ പൂർണ്ണസ്വാതന്ത്ര്യത്തോടുകൂടിയുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കണം. അതിന്റെ മേൽനോട്ടം ഒരു കമ്മിറ്റിയുടെ കീഴിലായാൽ കൊള്ളാമെന്നുണ്ടു്. അതിന്റെ അദ്ധ്യക്ഷനായി വരുന്നതു് ആർക്കും ഒരു കുറ്റവും പറയാനാവാത്ത ഒരു മദ്ധ്യസ്ഥനായിരിക്കണം. അതു് ഇൻഡ്യയിൽനിന്നുമായിരിക്കണം. അതിനു സാധിക്കുമോ?”
ഇൻഡ്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞിട്ടധികകാലമായിരുന്നില്ല. 35 കോടി ആളുകളുള്ള ഒരു രാജ്യം ഇപ്രകാരമൊരു തിരഞ്ഞെടുപ്പു വിജയകരമായി നടത്തിയതു് ഒരാശ്ചര്യമായിട്ടാണു ആളുകൾ കണക്കാക്കിയിരുന്നതു്. അതിനു വേണ്ടപ്രകാരത്തിൽ ഏർപ്പാടുചെയ്ത സംഘം സുകുമാർ സേൻ എന്നൊരു വിദഗ്ദ്ധനായ ഉദ്യോഗസ്ഥന്റെ കീഴിലാണു് പണിയെടുത്തതു്. ഇക്കാര്യത്തിനു് അദ്ദേഹത്തിനെ ഇൻഡ്യയിൽനിന്നും അയച്ചുതരുവിക്കാൻ ഞാൻ ശ്രമിക്കാമെന്നേറ്റു. സ്റ്റീഫൻസന്നു സന്തോഷമായി. പക്ഷപാതമില്ലാതെ തിരഞ്ഞെടുപ്പു നടക്കയാണെങ്കിൽ ഈജിപ്തുകാരുടേയും ബ്രിട്ടീഷുകാരുടേയും അധികാരത്തിനു് ഒരുപോലെ വിപരീതമായിരിക്കും സുഡാന്റെ നിശ്ചയമെന്നും അദ്ദേഹം അറിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ വിട്ടുപോകേണ്ടിവരുമെന്നു മുൻപേതന്നെ ധരിച്ചിട്ടുള്ള അദ്ദേഹത്തിനു രാജ്യം ഈജിപ്തുകാരെ ഏല്പിച്ചിട്ടു പോകുന്നതായിരുന്നു സങ്കടം.
ഒടുവിൽ ഞാൻ പറഞ്ഞു: “സൂഡാൺ ഈജിപ്തുകാർക്കു കീഴ്പെടുമെന്നു് എനിക്കഭിപ്രായമില്ല. പൂർണ്ണസ്വാതന്ത്ര്യം വല്ലവരും വേണ്ടെന്നു വെയ്ക്കുമോ? ഈജിപ്തുകാർക്കും അതറിയാം.”
സൂഡാണെപ്പറ്റിയുള്ള ആലോചനകൾ പൂർത്തിയായ ദിവസം എനിക്കു് അഭൂതപൂർവ്വമായ ഒരു ബഹുമതി ലഭിച്ചു. റെവലൂഷണറി കൗൺസിലിലെ അഞ്ചു മെംബർമാർ ഒന്നിച്ചു് ഒരു ഡെപ്യൂട്ടേഷണായി എന്റെ വീട്ടിൽ വന്നു. എന്റെ സഹായത്തിനു നന്ദി പറയാനായിട്ടാണു് അവർ വന്നതു്. അപ്പോൾ ഞാൻ അവിടെയില്ലാതിരുന്നതിനാൽ, അവർ ഒരു കടലാസ്സിൽ അവരുടെ കൃതജ്ഞത എഴുതിവെച്ചിട്ടാണു പോയതു്. അന്നു വൈകുന്നേരം പ്രസിഡണ്ട് നെജീബ് ടെലിഫോണിൽ വിളിച്ചു തന്റെ പ്രത്യേക നന്ദി നേരിട്ടു പറയുകയും ചെയ്തു.
താമസിയാതെ സുകുമാർ സേൻ സൂഡാണിലെ തിരഞ്ഞെടുപ്പു നടത്താനായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ഫലം ഞങ്ങൾ വിചാരിച്ചിരുന്നതിൽനിന്നു വ്യത്യസ്തപ്പെട്ടല്ലായിരുന്നു. പൂർണ്ണസ്വാതന്ത്ര്യം സൂഡാണികൾ വരിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ രണ്ടു കൂട്ടക്കാരും അവിടെനിന്നു ബഹിഷ്ക്കരിക്കപ്പെടുകയും ചെയ്തു.
ഇംഗ്ലണ്ടിനും ഈജിപ്തിനും ഇടയിൽ കിടന്ന രണ്ടാമത്തെ കാര്യം ഒരു കീറാമുട്ടി തന്നെയായിരുന്നു. ഇറ്റലിക്കാർ ഈജിപ്തിനേയും സൂയസ്സ് തോടിനേയും കൈയിലാക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അവയുടെ രക്ഷയ്ക്കായി 1000 പേരും അതിനൊത്ത ആയുധബലവുമുള്ള ഒരു ബ്രിട്ടീഷ് പട്ടാളം കനാലിനടുത്തു പാളയമടിച്ചു താമസിച്ചുകൊള്ളുന്നതിനു് ഏർപ്പാടുണ്ടായി. യുദ്ധ കാലത്തു് ആ പട്ടാളം കയിറോയിൽത്തന്നെയായിരുന്നു. യുദ്ധം കഴിഞ്ഞു് അവർ, ഒരമ്പതുമയിലകലെ തലസ്ഥാനനഗരിക്കും സൂയസ്സ് തോടിനുമിടയുള്ള ഒരു സ്ഥലത്തേയ്ക്കു പാളയം മാറി. ഇൻഡ്യയിൽനിന്നു ബ്രിട്ടീഷ് പട്ടാളം പിൻവാങ്ങിയതിനുശേഷം ബ്രിട്ടീഷുകാരുടെ പ്രധാനസങ്കേതം അതാണെന്നുള്ള നില വന്നു. പട്ടാളം പതിനായിരത്തിൽനിന്നു് എൺപതിനായിരമായി. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നു് അവിടെയാണു് സ്ഥിതിചെയ്തിരുന്നതു്. അതുപോലെത്തന്നെ ഐറോപ്ലേൻ, ടാങ്കുകൾ, മോട്ടോർ ട്രക്കുകൾ മുതലായവ കേടുതീർത്തു പുതുക്കിയെടുക്കാനുള്ള ജോലിസ്ഥലങ്ങളും വേണ്ടിടത്തോളം അവിടെ പണിതിരുന്നു. ചുരുക്കം പറഞ്ഞാൽ ഈ സൈന്യസങ്കേതം ബ്രിട്ടീഷ് ശക്തിയുടെ പൂർണ്ണമായ ഒരു പ്രതിബിംബനമായിരുന്നു. അതിന്റെ ഛായയിൽ ഈജിപ്തിന്റെ സ്വാതന്ത്ര്യം ഒരു നിരർത്ഥവാദമെന്നേ പറയാനുണ്ടായിരുന്നുള്ളൂ.
സൂഡാൺകാര്യം ഒരുവിധം അവസാനിച്ചപ്പോൾ ഈജിപ്തുകാർ തങ്ങളുടെ ശ്രദ്ധയെല്ലാം ഇക്കാര്യത്തിലേയ്ക്കു് തിരിച്ചു. ഇതിലെങ്കിലും ഇന്ത്യ ബ്രിട്ടനെ സഹായിക്കുമെന്നാണു സ്റ്റീഫൻസൺ വിചാരിച്ചതു്. അതു സംസാരിച്ചു തീർച്ചയാക്കിക്കളയാം എന്നുള്ള വിചാരത്തിലായിരിക്കണം, ഒരു ദിവസം അദ്ദേഹം എന്നെ കാണുവാൻ വന്നു. സല്ക്കാരം സ്വീകരിച്ചു, പല കാര്യങ്ങൾ സംസാരിച്ചശേഷം അദ്ദേഹം ചോദിച്ചു: “പാളയത്തെപ്പറ്റി സംസാരമുടനെ തുടങ്ങാറായിട്ടുണ്ടെന്നു അറിഞ്ഞിരിക്കുമല്ലോ. എന്താണു് അതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം?”
“ഇൻഡ്യാഗവണ്മെന്റിൽ നിന്നു് അതേപ്പറ്റി എന്നോടു് ഒന്നും പറഞ്ഞിട്ടില്ല.”
“എങ്കിലും നിങ്ങളുടെ സ്വന്തമഭിപ്രായമെന്താണു്?”
“കാര്യങ്ങളുടെ സ്വഭാവം മുഴുവനറിയാതെ അഭിപ്രായമെങ്ങനെ പറയാനാണു്? ഒന്നുമാത്രം ഇപ്പോൾ പറയാം: ഈജിപ്തുകാരുടെ സ്വാതന്ത്ര്യത്തിനു ന്യൂനത വരുത്തുന്ന ഏർപ്പാടുകൾ അവർ സമ്മതിക്കാതെയാണെങ്കിൽ, ന്യായമായി ഇൻഡ്യാഗവണ്മെന്റ് ഗണിക്കയില്ല. ബ്രിട്ടീഷ് പട്ടാളം ഇൻഡ്യയിൽ താമസിക്കാൻ അനുവദിക്കാത്ത സ്ഥിതിക്കും ഈജിപ്തിൽ അവരുടെ സമ്മതംകൂടാതെ പാർക്കുന്നതു ശരിയാണെന്നു ഞങ്ങൾ എങ്ങനെ വാദിക്കും?”
“അങ്ങനെയോ? പക്ഷേ, ഒരു കാര്യം മറക്കരുതു്: ഇത്ര വലിയ ഒരു ബ്രിട്ടീഷ് സൈന്യമിവിടെയുള്ളതു് ഇൻഡ്യയുടെ രക്ഷയ്ക്കുമുപകരിക്കും. സൂയസ് തോടു് നിങ്ങൾക്കും പ്രധാനമാണു്.”
“ഇതിനു മറ്റധികാരം കൂടാതെ ഞാൻതന്നെ മറുപടി പറയാം: ഇൻഡ്യയുടെ രക്ഷ ബ്രിട്ടീഷ് സൈന്യത്തെ അധികരിച്ചു സ്ഥിതിചെയ്യുന്നു എന്നാണല്ലോ നിങ്ങളുടെ സൂചന. അതു ഞാൻ നിഷേധിക്കുന്നു. ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടി നിങ്ങൾ ഈജിപ്തിൽ പാളയമടിച്ചു താമസിക്കണമെന്നില്ല. സൂയസ് തോടിന്റെ കാര്യമാണെന്നുവെച്ചാൽ അതു് ഈജിപ്തുകാർ ഭരിക്കുന്നതുകൊണ്ടു ഞങ്ങൾക്കെന്താണു ദോഷം?”
സ്റ്റീഫൻസണു് എന്റെ മറുപടി തീരെ പിടിച്ചില്ല. എങ്കിലും സന്തോഷഭാവം വിടാതെയാണു് ഉത്തരം പറഞ്ഞതു്: “ഈജിപ്തുകാർക്കു സഹായമായിട്ടായിരിക്കും നിങ്ങളുടെ നില എന്നു ഞാൻ ഊഹിച്ചിരുന്നു. കാരണമിപ്പോൾ തെളിഞ്ഞു.”
“ഒരു കാര്യം ഞാനും ചോദിക്കട്ടെ: ഇൻഡ്യയിൽനിന്നു പട്ടാളം പിൻവലിക്കുന്നതിനുപകരം അവിടെ ഒരു സ്ഥലത്തു പാളയമടിച്ചു താമസിക്കാൻ നിങ്ങൾ നിർബ്ബന്ധിച്ചിരുന്നുവെങ്കിൽ നമ്മുടെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഈ വിധത്തിൽ വളരുമായിരുന്നോ?”
“ഇല്ലെന്നുതന്നെ പറയാം.”
“എന്നാൽപ്പിന്നെ ഇവരുടെ സ്വാതന്ത്ര്യത്തെ ഇത്രമാത്രം ബാധിക്കുന്ന ഈ സൈന്യസങ്കേതം വിട്ടുപോയിട്ടു് അവരുടെ സ്നേഹം സമ്പാദിക്കയല്ലേ ഉത്തമം?”
“ശരി, മനസ്സിലായി. പക്ഷേ, മറ്റു പല കാര്യങ്ങളുമുണ്ടു്. ഇൻഡ്യയിൽ ഞങ്ങൾക്കു സൈന്യബലമില്ലാതായപ്പോൾ സമീപരാജ്യങ്ങളിൽ ഞങ്ങളുടെ സ്ഥാനം തകർന്നു. അതെങ്ങനെയുമാകട്ടെ. ഇവിടം വിട്ടാൽ ഇവിടം മാത്രമല്ല പോകുന്നതു്. അതേപ്പറ്റി വളരെ ആലോചിക്കേണ്ടതുണ്ടു്. അല്ലാതെ തീർച്ചപ്പെടുത്താവുന്ന സംഗതിയല്ല.”
സേനാസങ്കേതത്തെപ്പറ്റിയുള്ള ആലോചനകളിൽ എനിക്കു വലിയ പങ്കൊന്നുമില്ലായിരുന്നു. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ നേരിട്ടു് ഇടപെട്ടു. ആദ്യം ഇക്കാര്യത്തെപ്പറ്റി ആലോചനയ്ക്കു തീർച്ചയാക്കിയപ്പോൾ, ബ്രിട്ടീഷുകാരും ഈജിപ്തുകാരും കൂടാതെ അമേരിക്കനമ്പാസഡറും അതിൽ ഒരു കക്ഷിയായി ചേരണമെന്നു ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു. കാരണം പറഞ്ഞതു്, മധ്യപൗരസ്ത്യരാജ്യങ്ങളുടെ രക്ഷയ്ക്കുള്ള ബാധ്യത ഇപ്പോൾ പ്രധാനമായ അമേരിക്കരുടേതാകയാൽ ഈ സൈന്യസങ്കേതത്തിന്റെ ഏർപ്പാടുകളിൽ മാറ്റം വരുത്തുന്നതു് അവരേയും ബാധിക്കുമെന്നാണു്. കേട്ടപ്പോൾ എനിക്കു തീർച്ചയായി, ഇതു് അമേരിക്കരെ മുൻകൂട്ടി തങ്ങളുടെ വശത്താക്കാൻ ബ്രിട്ടീഷുകാർ എടുക്കുന്ന ഒരു നയമാണെന്നു്. അമേരിക്കനമ്പാസഡർ കാഫ്രീ ഒരു ഐറിഷ് കുടുംബത്തിൽ ജനിച്ച കാത്തോലിക്കനും ബ്രിട്ടീഷുകാരോടു തീരെ സ്നേഹമില്ലാത്ത ആളുമാണെന്നു് എനിക്കറിയാമായിരുന്നു. എന്നാലും ഇങ്ങനെയുള്ള കാര്യങ്ങളിൽ അവസാനത്തീർച്ച വാഷിങ്ടണിൽത്തന്നെയാണല്ലോ സ്ഥിതിചെയ്യുന്നതു്. ആ നിലയ്ക്കും, ബ്രിട്ടീഷുകാരും അമേരിക്കരും ഒന്നിച്ചുചേർന്നാണു് ആലോചനകൾ എന്നുവെച്ചാൽ ഈജിപ്തുകാർക്കു് എന്തു ചെയ്യാൻ സാധിക്കും?
ഞാൻ ജനറൽ നെജീബിനെ പോയിക്കണ്ടു്, സംഗതികൾ വിസ്തരിച്ചിട്ടു് ഈ ഏർപ്പാടു സമ്മതിച്ചുകൂടാ എന്നു പറഞ്ഞു. “ഞാൻ എന്തു ചെയ്യാനാണു്? ആ സംഗതി സമ്മതിച്ചേറ്റു കഴിഞ്ഞുപോയി. നിങ്ങൾ പറഞ്ഞതെനിക്കു ബോധ്യമായി താനും.” അന്നു തന്നെ ഞാൻ കർണ്ണൽ നാസ്സറിനെ കാണുവാനേർപ്പാടുചെയ്തു. നാസ്സറുമായി എനിക്കു് അതിനുമുൻപിൽ അല്പ സ്വല്പമായ പരിചയമേ ഉണ്ടായിരുന്നുള്ളൂ. അയാളെ എന്റെ അഭിപ്രായം അറിയിച്ചപ്പോൾ വലിയൊരു തെറ്റു പറ്റിപ്പോയല്ലോ എന്ന ഭാവമാണു് മുഖത്തു കണ്ടതു്. കുറച്ചു് ആലോചിച്ചശേഷം അദ്ദേഹം പറഞ്ഞു. “അമേരിക്കക്കാരെ ഈ സംഭാഷണത്തിൽ ഒരു കക്ഷിയാക്കാമെന്നുള്ള സമ്മതത്തിൽനിന്നു പിൻമാറാതെ സാധിക്കയില്ല. അതിനു വഴി എന്താണെന്നു് ആലോചിക്കണം.”
അതാണാവശ്യമെന്നു ഞാനും സമ്മതിച്ചു. പിറ്റേന്നാൾ കൂടുവാൻ തീർച്ചയാക്കിയിട്ടുള്ള മീറ്റിങ്ങിൽ ഈ അഭിപ്രായമാറ്റം റെവലൂഷണറി കൗൺസിലിന്റെ തീർമാനമായി ജനറൽ നെജീബിനെ കൊണ്ടു തന്നെ പറയിക്കാമെന്നാണു് നാസ്സർ അഭിപ്രായപ്പെട്ടതു്. ഞാൻ പറഞ്ഞു: “അങ്ങനെയാണെങ്കിൽ നന്നു്. പക്ഷേ, അതുകൊണ്ടു മാത്രമായില്ല. വിളിച്ചു വരുത്തി വിരുന്നില്ലെന്നു പറഞ്ഞാലെന്നതുപോലെ തങ്ങൾ അധിക്ഷേപിക്കപ്പെട്ടതായി അമേരിക്കർ ഗണിച്ചേയ്ക്കും.”
“ശരിതന്നെ. ഞാൻ കാഫ്രയെ ഇപ്പോൾത്തന്നെ പോയിക്കണ്ടു കാര്യം നേരെയാക്കാം.”
അതാണു് വേണ്ടതെന്നു ഞാനും സമ്മതിച്ചു. അമേരിക്കരിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും ഈ വഴക്കിൽ അവർ ഒരു കക്ഷിയാകാതെ സൂക്ഷിക്കയാണു് ആവശ്യമെന്നും തമ്മിൽ പിണങ്ങിപ്പിരിയുന്ന നില വന്നാൽ മാധ്യസ്ഥ്യം വഹിക്കയാണു് അമേരിക്ക വേണ്ടതെന്നും പറഞ്ഞു് അയാളെ പ്രീതിപ്പെടുത്തണമെന്നും ഞാൻ സൂചിപ്പിച്ചു. അങ്ങനെ സമ്മതിച്ചാണു് നാസ്സർ പോയതു്. പിറ്റേ ദിവസമായിരുന്നു ഈ സംഗതി ആലോചിക്കാനുള്ള ആദ്യസമ്മേളനം. അതിൽ അമേരിക്കർ പങ്കുകൊണ്ടില്ല.
ഈ ആലോചനകൾ കുറെ നീണ്ടുനിന്നു. അതിനിടയ്ക്കു് റയിഫ് സ്റ്റീഫൻസണു് അവധിയിൽ പോകേണ്ടതായും വന്നു. അദ്ദേഹത്തിനു പകരം വന്ന ആൾ വളരെക്കാലം പ്രിവികൗൺസിൽ സിക്രട്ടറിയായിരുന്ന മാറിസ് നാൻകിയുടെ മകനായിരുന്നു. ബ്രിട്ടീഷുശക്തിയിൽ വിശ്വസിച്ചിരുന്ന വലിയ ഒരു സാമ്രാജ്യവാദിയായിരുന്നു അദ്ദേഹം. ഇദ്ദേഹം ചർച്ചിലിന്റെ വലിയ സ്നേഹിതനുമാണു്. ഒട്ടും കീഴടങ്ങുകയില്ല എന്ന ഭാവമാണു് അദ്ദേഹം കാട്ടിയിരുന്നതു്. ആ അവസരത്തിലാണു് ജവാഹർലാൽ നെഹ്രു, ലണ്ടനിൽ നിന്നു തിരികെ വരുംവഴി മൂന്നുദിവസം കയിറോയിൽ താമസിക്കാനായി വന്നതു്.
ഇതു് എല്ലാംകൊണ്ടും പ്രധാനമായ ഒരു സംഗതിയാണു്. അതു തൊട്ടാണു് തന്റെ അഭിപ്രായങ്ങൾ വളർന്നു വന്നതെന്നും റെവലൂഷണറി കൗൺസിലുമായുണ്ടായ നീണ്ട സംഭാഷണമാണു തന്റെ സാമുദായിക നയങ്ങൾക്കടിസ്ഥാനമിട്ടതെന്നും നാസ്സർ തന്നെ തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ടു്. ആ സ്ഥിതിക്കു ആ സന്ദർശനത്തെപ്പറ്റി രണ്ടുവാക്കു പറയുന്നതു് അനുചിതമാകയില്ലെന്നു തോന്നുന്നു. രാജ്യങ്ങൾ തമ്മിലുള്ള സമ്പർക്കം പുലർത്തുന്നതിനു രാഷ്ട്രീയജീവിതത്തിൽ ഉന്നതസ്ഥാനമുള്ള നേതാക്കന്മാർ തമ്മിൽ പരിചയപ്പെടുന്നതു് ഉപയോഗപ്രദമായ ഒരു സംഗതിയാണെന്നു തീർച്ചതന്നെ. രാധാകൃഷ്ണൻ, നെഹ്രു, മുതലായവരുമായുള്ള സമ്പർക്കം കൊണ്ടു മറ്റു ദേശത്തുള്ളവർ നമ്മെ കൂടുതൽ അറിവാനും ബഹുമാനിക്കാനും ഇടവരുമെന്നാണു് എന്റെ വിശ്വാസം. ആ സ്ഥിതിക്കു നെഹ്രുവിനെ ഈജിപ്തിൽ കൊണ്ടുവന്നു് അവിടുത്തെ നായകന്മാരുമായി പരിചയപ്പെടുത്തണമെന്നു് എനിക്കു് ആദ്യംതൊട്ടുതന്നെ ആഗ്രഹമുണ്ടായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിലേയ്ക്കു നെഹ്രുവിനെ നിർബ്ബന്ധിക്കേണ്ടതായിട്ടില്ല. കയിറോയിൽ വന്നു പോകുന്നതു നന്നായിരിക്കും. അതു കൊണ്ടു പല കാര്യങ്ങൾ സാധിക്കാം എന്നു ഞാൻ എഴുത്തുകളിൽ സൂചിപ്പിക്കേണ്ടതായിട്ടേ ഉണ്ടായിരുന്നുള്ളൂ. കാമൺവെൽത്തു കാൺഫറൻസിനായി നെഹ്രു ലണ്ടണിലേയ്ക്കു പോകയായിരുന്നു. തിരികെ വരുംവഴിക്കിറങ്ങാമെന്നാണു് അദ്ദേഹമേറ്റതു്. ആ സംഗതി ഈജിപ്ഷ്യൻ ഗവണ്മെന്റിനെ അറിയിച്ചപ്പോൾ അവർക്കു് അത്യധികം സന്തോഷവുമായി.
ലണ്ടണിലേയ്ക്കു പോകുന്ന എയർഇൻഡ്യാ വിമാനങ്ങൾക്കു കയിറോ അന്നു് ഒരു പ്രധാനത്താവളമായിരുന്നു. നെഹ്രു ലബനണിലേയ്ക്കു പോകുന്ന ദിവസം അറിഞ്ഞു് അദ്ദേഹത്തെ വിമാനക്ഷേത്രത്തിൽ വന്നു കാണുന്നതിനു പ്രസിഡന്റു നെജീബും ഹാജരുണ്ടായിരുന്നു. അതു് അസാധാരണമായ ഒരു ബഹുമതിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. തുല്യസ്ഥാനികരായ അതിഥികൾ രാജ്യദർശനത്തിനു വരുമ്പോളല്ലാതെ രാഷ്ട്രപതികൾ ഔപചാരികമായി അവരെ സ്വീകരിക്കാൻ പോകാറില്ല—പ്രത്യേകിച്ചു യാത്രാമധ്യേ. അല്പകാലം മാത്രം ഇറങ്ങി വിശ്രമിക്കുന്ന സ്ഥലത്തു വേണമെങ്കിൽ ഒരു പ്രതിനിധിയെ അയച്ചു കുശലപ്രശ്നംചെയ്കയെന്നല്ലാതെ മറ്റുപചാരങ്ങൾ പതിവില്ല. വിമാനം കയിറോയിൽ വരുന്നതു രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാണുതാനും. ഞാനും എന്റെ പത്നിയും എംബസ്സിയിലുള്ള മറ്റുദ്യോഗസ്ഥന്മാരും സമയത്തിനു് എയറോഡ്രോമിലെത്തി. വിമാനം വരുന്നതിനു് ഒരഞ്ചുമിനിട്ടുമുൻപു തന്റെ അകമ്പടിയോടൊന്നിച്ചു ജനറൽ നെജീബും ഹാജരായി. അദ്ദേഹത്തിന്റെകൂടെ പ്രായം കുറഞ്ഞ രണ്ടു മക്കളുമുണ്ടായിരുന്നു. അർദ്ധരാത്രിയായാലും അവർക്കും നെഹ്രുവിനെ കാണണമത്രേ.
നേതാക്കന്മാർ തമ്മിൽ വളരെ സന്തോഷത്തോടെയാണു പിരിഞ്ഞതു്. തിരികെ വന്നപ്പോൾ നെഹ്രു മൂന്നുദിവസം കയിറോയിൽ താമസിച്ചു. ഗവണ്മെന്റതിഥിയായിട്ടാണു് താമസിച്ചതെങ്കിലും മിക്കവാറും എംബസ്സിയിൽ ഞങ്ങളോടൊന്നിച്ചു സമയം കഴിച്ചു. പ്രധാനന്മാരായ ആളുകളുമായുള്ള കൂടിക്കാഴ്ചകളും ഞാൻ താമസിച്ചിരുന്നിടത്തുവെച്ചുതന്നെയായിരുന്നു. നെഹ്രുവിൻെ അവിടുത്തെ താമസത്തെപ്പറ്റി മൂന്നു കാര്യങ്ങളാണു എടുത്തുപറയാനുള്ളതു്. ആദ്യമായി, നെജീബും റെവലൂഷണറി കൗൺസിലംഗങ്ങളും കൂടി അദ്ദേഹത്തെ നാലഞ്ചുമണിക്കൂറുനേരത്തേയ്ക്കു നൈൽ നദിയിൽ ഘോഷയാത്രയായി കൊണ്ടു പോയി. നദിയുടെ രണ്ടുതീരത്തും ഈ യാത്ര കാണ്മാൻ ആളുകൾ തിങ്ങിനില്ക്കുന്നുണ്ടായിരുന്നു. ബോട്ടിൽത്തന്നെയായിരുന്നു ഞങ്ങൾക്കു ഭക്ഷണവും ഏർപ്പാടുചെയ്തിരുന്നതു്. അവിടെ നടന്ന സംഭാഷണം വളരെ പ്രധാനമായ ഒന്നായിരുന്നു. അതിന്റ വെളിച്ചത്തിലാണു് പിന്നീടു താൻ ഈജിപ്തിന്റെ ഭരണനയം രൂപവല്ക്കരിച്ചതെന്നും തന്റെ രാഷ്ട്രീയപ്രവൃത്തികൾ മുന്നോട്ടു നീങ്ങുന്നതെന്നും കർണ്ണൽ നാസ്സർ തന്റെ ആത്മകഥയിൽ തുറന്നുപറഞ്ഞിട്ടുണ്ടു്. റെവലൂഷണറി കൗൺസിൽ മെമ്പർമാരും ഞാനുമല്ലാതെ അതു കേൾക്കാൻ ആരുമില്ലായിരുന്നു. ഗാന്ധി ഏതെല്ലാം വിധത്തിലാണു് ഇന്ത്യൻ നേതാക്കന്മാർക്കു മാർഗ്ഗദർശിയായിരുന്നതു്, എന്തൊക്കെപ്പാഠങ്ങളാണു് പഠിപ്പിച്ചതു് എന്നായിരുന്നു പൊതുവേയുള്ള വിഷയം. ജനങ്ങളിൽനിന്നും അകന്നു നിന്നാൽ ഒരു ഭരണകർത്താവിനും വിജയമുണ്ടാകയില്ലെന്നും നയങ്ങളും പ്രവൃത്തികളും എത്ര നന്നായാലും ജനങ്ങളും നേതാക്കളുമായി അടുത്ത ബന്ധമില്ലെങ്കിൽ ഒന്നും സഫലമാകയില്ലെന്നുമായിരുന്നു ഈ സംഭാഷണത്തിന്റെ ചുരുക്കും. ഗാന്ധിജിയുടെ ജീവിതചരിത്രത്തിൽനിന്നു പല ഉദാഹരണങ്ങളും എടുത്തു പറഞ്ഞായിരുന്നു ഈ പ്രഭാഷണം. ഏകദേശം നാലു മണിക്കൂറോളം നീണ്ടുനിന്ന ഈ സംഭാഷണം അവസാനിച്ചപ്പോൾ ഞങ്ങൾ കടവിൽ അടുത്തുകഴിഞ്ഞു. ജനറൽ നെജീബും പണ്ഡിറ്റ് നെഹ്രുവും കൂടി കരയ്ക്കിറങ്ങി. എന്റെ കൂടെയായിരുന്നു നാസ്സർ. അദ്ദേഹത്തിന്റെ മുഖത്തു പുതിയ എന്തോ ഒരു പ്രസാദം കണ്ടതായി എനിക്കു തോന്നി. ഞാൻ ചോദിച്ചു: “എന്താ, കേണൽ, പണ്ഡിത്ജിയുടെ അഭിപ്രായങ്ങളെപ്പറ്റി എന്തു പറയുന്നു?” നാസ്സറുടെ മറുപടി അന്നുതന്നെ ഞാൻ കുറിച്ചിട്ടിരുന്നതു് ഈ വിധത്തിലായിരുന്നു: “കുറച്ചു ദിവസംകൊണ്ടേ ഈ പറഞ്ഞതിന്റെയെല്ലാം പൂർണ്ണമായ അർത്ഥം മനസ്സിലാകയുള്ളൂ. ഒരു കാര്യം നല്ലവണ്ണം മനസ്സിലായി: ഒരു സൈന്യസംഘമെന്ന നിലയിൽ ഞങ്ങൾക്കു വലുതായൊന്നും സാധിക്കയില്ല. ജനങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന നയത്തിനേ സാഫല്യമുണ്ടാകയുള്ളൂ. ഇന്നുമുതൽ ഞാൻ ജനങ്ങളുടെ കൂടെയാണു്. ഏതു വിധത്തിലാണു് അതു നടപ്പിൽ വരുത്തേണ്ടതെന്നേ വിചാരിക്കാനുള്ളൂ.”
അങ്ങനെയാണല്ലോ ഉണ്ടായതും.
നെഹ്റു തിരികെപ്പോയിക്കഴിഞ്ഞു് അധികം താമസിയാതെ ഞാൻ ആറാഴ്ചത്തെ അവധിയെടുത്തു യൂറോപ്പിലേയ്ക്കു പോകുവാൻ തീർച്ചയാക്കി. ഇതിനു ചില പ്രത്യേകകാരണങ്ങളുണ്ടായിരുന്നു. പീക്കിങ്ങിൽ താമസിച്ചപ്പോൾ എന്റെ ഭാര്യ രോഗബാധിതയായി കുറേ മാസം കിടന്നുവെന്നു ‘രണ്ടു ചൈനായിൽ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. പല പ്രമാണികളായ ഡാക്ടർമാർ നോക്കിയിട്ടും ആ രോഗത്തിന്റെ സ്വരൂപം ശരിയായി മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. ഇൻഡ്യയിലും പല ഡാക്ടറന്മാർ കണ്ടുവെങ്കിലും അവരിൽനിന്നും ശരിയായ ഒരു മറുപടി ലഭിച്ചില്ല. ഈജിപ്തിൽ താമസിക്കുമ്പോഴും തീരെ ദേഹസുഖമില്ലാതെയാണു് കഴിഞ്ഞുവന്നതു്. അതുകൊണ്ടു് അവളെ ലണ്ടനിൽ കൊണ്ടുപോയി ഡാക്ടറന്മാരെ കാണിക്കണമെന്നു് എനിക്കു വിചാരമുണ്ടായിരുന്നു. എന്നുമാത്രമല്ല, ഞാൻ ആണ്ടുതോറുമെന്നപോലെ യൂറോപ്പിൽ പോകാറുണ്ടായിരുന്നുവെങ്കിലും, എന്റെ ഭാര്യയ്ക്കു് ആ സ്ഥലമൊന്നും കാണാൻ ഇടയായിട്ടില്ലല്ലോ എന്ന കുണ്ഠിതവുമുണ്ടായിരുന്നു. അതുകൊണ്ടു് ആഗസ്തുമാസത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചുകഴിഞ്ഞ ഉടൻ ഞങ്ങൾ രണ്ടാളും മകൾ രാധയുംകൂടി യൂറോപ്പിലേയ്ക്കു യാത്രയായി.
ആദ്യം പോയതു് ഇംഗ്ലണ്ടിലേയ്ക്കാണു്. അന്നു് അവിടെ സ്ഥാനപതി (High Commissioner) ആയിരുന്ന ബാലാസാഹേബ് ഖേറു മായി എനിക്കു വലിയ പരിചയമൊന്നുമില്ലെങ്കിലും അദ്ദേഹം ഞങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഏർപ്പാടുചെയ്തുതന്നു. അദ്ദേഹത്തിന്റെ മെഡിക്കൽ അഡ്വൈസർ കർണ്ണൽ അഹുജാ മുഖാന്തരം എന്റെ ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടി ലണ്ടനിലെ പ്രധാനഹാസ്പിറ്റലിൽ താമസിക്കുന്നതിനു മുൻകൂട്ടി വേണ്ട ബന്തോവസ്സുകൾ ചെയ്തിരുന്നുതാനും.
ഉഷ്ണമേഖലയിലെ സുഖക്കേടുകൾ ചികിത്സിക്കുന്നതിനു പ്രത്യേകമൊരു ഹാസ്പിറ്റലുണ്ടു്. അവിടെയായിരുന്നു എന്റെ ഭാര്യയുടെ ചികിത്സ. ആവശ്യമായ പരിശോധനകൾക്കു് അഞ്ചാറു ദിവസം വേണ്ടിവന്നു. അതിനുശേഷം, ആസ്പത്രിയിൽ താമസമാവശ്യമില്ലാതിരുന്നതുകൊണ്ടു്, പിന്നെയുള്ള ദിവസങ്ങൾ കാഴ്ചകൾ കാണുന്നതിനും സ്നേഹിതന്മാരുമായുള്ള സൗഹാർദ്ദം പുലർത്തുന്നതിനുമായി ഞങ്ങൾ വിനിയോഗിച്ചു. ഞങ്ങൾ താമസിച്ചതു്, ഹൈക്കമ്മീഷണറാപ്പീസിൽ അക്കാലത്തു് ഒരു മിനിസ്റ്റർ സ്ഥാനം വഹിച്ചിരുന്ന കച്ചുമഹാരാജാവു മദനസിംഹജി യുമൊന്നിച്ചാണു്. അദ്ദേഹത്തിന്റെ പ്രസിദ്ധനായ പിതാമഹൻ മഹാറാവു ഖംഗാർജി ക്കു ചിലസഹായങ്ങൾ ചെയ്തുകൊടുക്കാൻ എനിക്കു സാധിച്ച കാര്യം മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. കച്ചുരാജകുടുംബവുമായി ഏതാണ്ടു കാൽശതാബ്ദത്തിൽകൂടുതൽ കാലം സ്നേഹത്തിലാണു് ഞാൻ കഴിഞ്ഞുവന്നിട്ടുള്ളതു്. മദനസിംഹജി അവിടെ പ്രത്യേകമൊരു വീടെടുത്തു മഹാറാണിയും വേലക്കാരുമെല്ലാമായി താമസിക്കയായിരുന്നു. അതിനാൽ ലണ്ടണിലെ എന്റെ താമസം തന്റെ കൂടെയാക്കണമെന്നു് അദ്ദേഹം നിർബന്ധിച്ചതനുസരിച്ചാണു് ഞങ്ങൾ അങ്ങനെ ചെയ്തതു്.
ഗൈവിന്റുമൊന്നിച്ചാണു് ഞങ്ങൾ ലണ്ടൻപട്ടണം നടന്നു കണ്ടതു്. ആദ്യം പഠിക്കാൻ വന്നപ്പോളുണ്ടായിരുന്ന കൗതുകം പുതുതായി അനുഭവിച്ചതായി എനിക്കു് അപ്പോൾ തോന്നി. കേംബ്രിഡ്ജ്, ആക്സ്ഫോർഡ് മുതലായ സ്ഥലങ്ങളും ഞങ്ങൾപോയി സന്ദർശിച്ചു. ആകപ്പാടെ ലണ്ടണിൽ മൂന്നാഴ്ചയേ ഉണ്ടായുള്ളൂവെങ്കിലും ആ സമയം വളരെ സന്തോഷകരമായിട്ടാണു് കഴിഞ്ഞതു്.
കാഴ്ച കാണുകയും സുഖക്കേടിനു ചികിത്സിക്കയും കൂടാതെ ലണ്ടണിലെ ആ താമസംകൊണ്ടു മറ്റു ചില കാര്യങ്ങളും സാധിച്ചു എന്നു പറയാം. അറബികളും യഹൂദന്മാരു(ഇസ്രായേൽ രാജ്യം)മായി അന്യോന്യബന്ധമില്ലാതെ വലിയ വിരോധത്തിലാണു് കഴിഞ്ഞുവന്നതെന്നു പ്രസിദ്ധമാണല്ലോ. യഹൂദരാജ്യകാര്യങ്ങളിൽ അധികാരം ഭരിച്ചിരുന്നവരിൽ പലരും എന്റെ സ്നേഹിതന്മാരായിരുന്നു. വിശേഷിച്ചും അക്കാലത്തു് ഇസ്രായൽ പ്രധാനമന്ത്രിയായിരുന്ന മോംസ ഷാ (Moshe Sharett)റ്റുമായി ഞാൻ വലിയ സ്നേഹത്തിലാണു കഴിഞ്ഞുവന്നിരുന്നതു്. അക്കാലത്തു് ഇംഗ്ലണ്ടിൽ അമ്പാസഡറായിരുന്ന ഏലാട്ടു(Elatt)മായും വളരെക്കാലത്തെ പരിചയമെനിക്കുണ്ടായിരുന്നു. അതുകൊണ്ടു് അവരുമായി ആലോചിച്ചു ഈ വഴക്കുകൾ തീർക്കുന്നതിനു് ഒരു പദ്ധതി കണ്ടുപിടിക്കയാണെങ്കിൽ നന്നായിരിക്കുമല്ലോ എന്നു ഞാൻ വിചാരിച്ചു. ആ സംഗതിയെപ്പറ്റി നേരിട്ടു സംഭാഷണം നടത്തുന്നതിനുപകരം, അതിന്റെ സാധ്യതയെക്കുറിച്ചു് ആദ്യമായി ഒന്നുരണ്ടു സ്നേഹിതന്മാരോടു് ആലോചിക്കുവാൻ തീർച്ചയാക്കി. ആദ്യം അതേപ്പറ്റി ഞാൻ സംസാരിച്ചതു കാപ്റ്റൻ ലിഡൽ ഹാർട്ടി (Liddal Hart)നോടാണു്. ഇംഗ്ലണ്ടിലെ സൈനികവിദഗ്ധന്മാരിൽ ഒന്നാമനെന്നു സുപ്രസിദ്ധനായ ഇദ്ദേഹം ഇസ്രായൽക്കാരുമായി അത്യന്തം സ്നേഹത്തിലാണു് കഴിഞ്ഞതു്. ഇസ്രായൽക്കാർ കുറച്ചൊന്നു വഴങ്ങാതെ ഒരാലോചനയും സഫലമാകയില്ലെന്നു് അറിയാമായിരുന്നു എനിക്കു്. അക്കാര്യത്തിൽ അവരുടെ അഭിപ്രായമറിയാതെ അറബികളോടാലോചിച്ചിട്ടു കാര്യമില്ലെന്നു പൂർണ്ണബോധമുണ്ടായിരുന്നു. ആ സ്ഥിതിക്കു ലിഡൽ ഹാർട്ടുമായി ആലോചിക്കയാണുത്തമമെന്നു തോന്നുകയാൽ അതേപ്പറ്റി അദ്ദേഹത്തോടു ചിലതു സംസാരിച്ചു നോക്കി. സംഗതികളുടെ വൈഷമ്യം ഞങ്ങൾക്കു രണ്ടുപേർക്കും ഒരുപോലെ അറിയാമായിരുന്നു. ഈജിപ്തിൽ അമ്പാസഡറായ ഞാൻ യഹൂദനായകന്മാരുമായി സ്നേഹത്തിലാണെന്നറിഞ്ഞാൽത്തന്നെ ഇംഗ്ലണ്ടിലെ പത്രങ്ങൾ ഇല്ലാത്തതെല്ലാമുണ്ടാക്കി ഘോഷിക്കുമെന്നു തീർച്ചയാണു്. അതുകൊണ്ടു് അവരെ കാണുന്നതുതന്നെ രഹസ്യമായി വേണ്ടിയിരുന്നു. അങ്ങനെയിരിക്കെ, ഏലാട്ടു ടെലിഫോണിൽ വിന്റിനെ വിളിച്ചു് അദ്ദേഹത്തിനു് എന്നെ കാണാനുള്ള ആഗ്രഹത്തെപ്പറ്റിയും അതു മറ്റാരും അറിയാതിരിക്കേണ്ടതിനെപ്പറ്റിയും പറഞ്ഞു. ലണ്ടണിൽനിന്നു് ഒട്ടധികം അകലെയല്ലാതെ സ്ഥിതിചെയ്തിരുന്ന ക്യാപ്റ്റൻ ലിഡൽ ഹാർട്ടിന്റെ വീട്ടിൽ ഞാൻ ഒരു ഞായറാഴ്ച കഴിച്ചുകൂട്ടാമെന്നു് ഏറ്റിട്ടുണ്ടെന്നും ഏലാട്ട് യദൃച്ഛയാ എന്നപോലെ വന്നുചേർന്നുകൊള്ളണമെന്നുമായിരുന്നു ഞങ്ങൾ തീർച്ചയാക്കിയതു്.
അങ്ങനെ അടുത്ത ഞായറാഴ്ച പതിനൊന്നുമണിയോടെ ഞാനും ഭാര്യയും രാധയും ലിഡൽഹാർട്ടിന്റെ വീട്ടിലെത്തി. ലിഡൽഹാർട്ട് ഒരു സൈനികവിദഗ്ദ്ധൻമാത്രമല്ല, യുദ്ധചരിത്രകാരന്മാരിൽ ലോകത്തിൽ ഒന്നാമത്തെ സ്ഥാനമാണു് അദ്ദേഹത്തിനുള്ളതു്. ഞാൻ ഒരു പന്ത്രണ്ടരമണിവരെ ചരിത്രവിഷയങ്ങളെപ്പറ്റി സംസാരിച്ചു ഇസ്രായിലിനെപ്പറ്റിയോ, അറബികളെപ്പറ്റിയോ രണ്ടുപേരും മിണ്ടിയതേ ഇല്ല. പന്ത്രണ്ടരമണിയായപ്പോൾ ഏലാട്ടും ഭാര്യയും വന്നുചേർന്നു. ഞങ്ങൾ ചിരന്തനസ്നേഹിതന്മരായിരുന്നതിനാൽ ഉണ്ണാൻ ഇരിക്കുന്നതുവരെ പഴംകഥകൾ പറകമാത്രമാണുണ്ടായതു്. ഭക്ഷണസമയത്തു ചൈനയിലെ കഥയായിരുന്നു സംഭാഷണവിഷയം. ഊണുകഴിഞ്ഞു സ്ത്രീകൾ നാലുപേരും (ഞങ്ങൾ മൂന്നുപേരുടെ ഭാര്യമാരും എന്റെ മകൾ രാധയും) ഉദ്യാനത്തിൽ നടക്കാനെന്ന ഭാവത്തിൽ ഞങ്ങളെ വിട്ടു പോയപ്പോഴാണു് സംഗതികൾ പറവാൻ ആരംഭിച്ചതു്.
ഞങ്ങളുടെ സംഭാഷണം ഇപ്പോൾ നിലവിലിരിക്കുന്ന പല രാജ്യകാര്യങ്ങളേയും ബാധിക്കുന്നതാകയാൽ അതിനെപ്പറ്റി വിവരിച്ചു് ഇവിടെ പറയുന്നതു ശരിയാകയില്ലല്ലോ. ചുരുക്കമായി പറഞ്ഞാൽ രണ്ടു കക്ഷികളെയും രഞ്ജിപ്പിക്കുന്നതിനുള്ള വഴി സ്വല്പമൊന്നു തുറന്നുകണ്ടതായിട്ടാണു് എനിക്കു തോന്നിയതു്. അങ്ങനെയാണു് ലിഡൽ ഹാർട്ടും മനസ്സിലാക്കിയതു്. ഞാൻ ഈജിപ്തിൽ ചെന്നശേഷം നെജീബും നാസ്സറുമായി ആലോചിച്ചു കാര്യങ്ങൾ തുടർന്നുകൊള്ളാമെന്നു പറഞ്ഞാണു് ഞങ്ങൾ പിരിഞ്ഞതു്. ആലോചനകൾ സഫലമാകാതെ വന്നതിന്റെ കാരണങ്ങൾ പിന്നീടു പറയുന്നതാണു്.
ഇതിനുശേഷം ഞങ്ങൾ ഇംഗ്ലണ്ടിൽനിന്നു മറ്റു യൂറോപ്യൻദേശങ്ങളിൽ സഞ്ചരിക്കുവാനായി പുറപ്പെട്ടു. അനുവാദമുണ്ടായിരുന്ന ആറാഴ്ചയിൽ മൂന്നാഴ്ച കഴിഞ്ഞിരുന്നു. ശിഷ്ടമുള്ള സമയംകൊണ്ടു ഫ്രാൻസ്, ബെൽജിയം, ഹാളൻഡ്, സ്വിറ്റ്സർലൻഡ്, ഇറ്റലി എന്നീ സ്ഥലങ്ങളിൽ സഞ്ചരിക്കണമെന്നാണു് ഞങ്ങൾ തീർച്ചയാക്കിയതു്. അതിനു ചില പ്രത്യേകസൗകര്യങ്ങൾ എനിക്കുണ്ടായിരുന്നു. ഈ രാജ്യങ്ങളിലെല്ലാം എനിക്കു് ആ നാട്ടുകാരായ സ്നേഹിതന്മരുണ്ടായിരുന്നു. കൂടാതെ ആ നാടുകളിൽ ജോലിനോക്കിയിരുന്ന നമ്മുടെ അംബാസഡാറന്മാർ തങ്ങളുടെ കൂടെ താമസിക്കുന്നതിനു ഞങ്ങളെ ക്ഷണിച്ചിട്ടുമുണ്ടായിരുന്നു. ബെൽജിയത്തിൽ അന്നു് അംബാസഡർ ദിവാൻജി മന്ദത്തു കൃഷ്ണൻനായര വർകളുടെ മകനായ പാറക്കാട്ടു് അച്ചുതമേനോ(പി. ഏ. മേനോൻ)നായിരുന്നു. അദ്ദേഹവും ഞാനുമായി ചെറുപ്പംമുതലേ പരിചയമാണു്. ഞങ്ങളുടെ കൂടെ കയിറോയിൽ അദ്ദേഹവും മകൾ കല്യാണിയും കുറച്ചുദിവസം വന്നു അമ്പാസിഡറായിരുന്ന ബി. എൻ. ചക്രവർത്തി നാൻകിങ്ങിൽ എന്റെ കൂടെ കാൻസലറായി കുറെ നാൾ ജോലിചെയ്ത ആളാണു്. ചക്രവർത്തി അത്യാവശ്യം ചില കാര്യങ്ങൾക്കായി ലണ്ടനിലേയ്ക്കു പോയിരിക്കയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ അവരുടെ കൂടെ രണ്ടു ദിവസമെങ്കിലും താമസിയാതെ മടങ്ങിക്കൂടാ എന്നു ഞങ്ങളെ നിർബ്ബന്ധിച്ചു. ഇതുപോലെത്തന്നെയായിരുന്നു മറ്റുള്ള സ്ഥലങ്ങളിലും. വിശേഷിച്ചു റോമിൽ അന്നു സ്ഥാനപതിയായിരുന്ന ബി. ആർ. സെൻ എന്റെ ആപ്തമിത്രങ്ങളിലൊരാളാണുതാനും. ഇങ്ങനെ, അവിടെയെല്ലാം എല്ലാവിധത്തിലുള്ള സൗകര്യങ്ങളോടുംകൂടി ഞങ്ങൾ മൂന്നാഴ്ച സഞ്ചരിച്ചു.
ഒക്ടോബർ ആദ്യം ഞങ്ങൾ കയിറോയിൽ തിരിച്ചെത്തി. ആകപ്പാടെ സംഗതികൾ ഒന്നു കുഴങ്ങിയാണു് അവിടെ കണ്ടതു്. ജനറൽ നജീബും കർണ്ണൽ നാസ്സറുമായി നല്ല ഒത്തൊരുമയിലല്ലെന്നു തെളിഞ്ഞുതുടങ്ങിയിരുന്നു. സുഡാൺ സുകുമാർസെന്നിന്റെ നേതൃത്വത്തിൽ ഒരു തിരഞ്ഞെടുപ്പു നടത്തി സ്വാതന്ത്ര്യപദ്ധതിയിൽ പ്രവേശിച്ചിരുന്നുവെങ്കിലും, ഈജിപ്തുമായി ഇണങ്ങിനില്ക്കുമോ എന്നു സംശയത്തിലാണു്. ബ്രിട്ടീഷ് പാളയത്തെ പിരിച്ചുവിടുന്നതിനുള്ള ആലോചനകളും മുൻപോട്ടു പോയിരുന്നില്ല. എല്ലംകൊണ്ടും ഒരു വിഷമസന്ധിപോലെയാണു് കണ്ടതു്. ഇൻഡ്യനമ്പാസഡറെന്ന നിലയിൽ എനിക്കു് അതിൽ ഒന്നുംതന്നെ ചെയ്യാനില്ലെന്നു തെളിഞ്ഞു കണ്ടിരുന്നു.
ആയിടയ്ക്കാണു് ശ്രീമതി വിജയലക്ഷ്മിപണ്ഡിറ്റ് ഞങ്ങളുടെ അതിഥിയായി കയിറോയിൽ വന്നതു്. ഞാൻ അവിടെയുള്ളപ്പോൾ അവർ ചൈനായിൽ വന്നിരുന്ന കഥ മുൻപുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഞങ്ങൾതമ്മിൽ നിലനിന്നിരുന്ന ഗാഢസ്നേഹത്തിന്റെ നിലയ്ക്കു് അവിടെ വന്നേകഴിയൂ എന്നു ഞാൻ നിർബന്ധിച്ചതനുസരിച്ചാണു് അവർ മൂന്നുനാലുദിവസം കയിറോയിൽ വന്നു താമസിച്ചതു്. അതിനു രാജ്യകാര്യസംബന്ധമായ പ്രാധാന്യമൊന്നുമില്ലായിരുന്നു. ഇന്നു ലോകത്തിലുള്ള സ്ത്രീകളിൽ പലതുകൊണ്ടും മുന്നണിയിൽ നില്ക്കുന്ന ഒരു വനിതാരത്നമാണു് ശ്രീമതി വിജയലക്ഷ്മിയെന്നു ഞാൻ പറയേണ്ടതില്ല. സൗന്ദര്യം, ബുദ്ധിശക്തി, ഗൗരവമുള്ള കാര്യങ്ങളുടെ അടി കണ്ടു ജോലിചെയ്യാനുള്ള സാമർത്ഥ്യം ഇവകൊണ്ടു മാത്രമല്ല അവരുടെ മേന്മ. സ്നേഹം, ഔദാര്യം, വിനയം—ഇവ ഇത്രമാത്രമുള്ള സ്ത്രീകൾ വളരെ അപൂർവ്വമെന്നുതന്നെ പറയാം. വളരെനാളായി ഞാൻ അവരെ അറിയും. എങ്കിലും കാൻസ്റ്റിറ്റ്യുവെന്റ് (1947-ൽ) അസംബ്ലിയിൽ ഞങ്ങൾക്കു് അടുത്തു് ഇരിപ്പിടമായിരുന്നന്നു തൊട്ടാണു് അവരുമായി സ്നേഹമായതു്. ആ വർഷത്തിൽ അവരുടെ നേതൃത്വത്തിലുള്ള യു. എൻ. പ്രതിനിധിസംഘത്തിൽ ഞാനും ഒരു മെമ്പറായിരുന്നതുകൊണ്ടു മൂന്നുമാസം ഞങ്ങളൊന്നിച്ചാണു് അമേരിക്കയിൽ കഴിച്ചുകൂട്ടിയതു്. അവരുടെ കയിറോ സന്ദർശനം എനിക്കു വളരെ സന്തോഷപ്രദമായ ഒരു കാര്യമായിരുന്നു. കയിറോയിൽ മാത്രമല്ല ഞങ്ങൾ ഒന്നിച്ചു ലബനൺ മുതലായ സ്ഥലങ്ങളിലും യാത്രചെയ്തു.
ഇന്ത്യൻ നാവികസൈന്യത്തിലെ ഒരു പ്രധാനഭാഗം മെഡിറ്ററേനിയൻകടലിൽ യുദ്ധപരിശീലനം കഴിഞ്ഞു താമസിയാതെ അലക്സാൻഡ്രിയായിൽ എത്തി. അവിടെ ചെന്നു് അവരെ സ്വീകരിക്കുന്നതു് അംബാസഡറുടെ ചുമതലയാണു്. ഇങ്ങനെ വലുതായ ഒരിൻഡ്യൻനാവികസംഘം അലക്സാൻഡ്രിയയിൽ വരുന്നതു് ആദ്യമാകയാൽ ഈജിപ്ഷ്യൻ പ്രസിഡണ്ടിനെ ആ കപ്പലുകൾ കാണാൻ ക്ഷണിക്കണെമെന്നു് എനിക്കു തോന്നി. എന്റെ ക്ഷണനമനുസരിച്ചു ജനറൽ നെജീബ് അലക്സാൻഡ്രിയയിൽ വരികയും, പടക്കപ്പലുകൾ സന്ദർശിക്കുകയും അവയിലെ ഉദ്യോഗസ്ഥന്മാർക്കു തന്റെ ഛായാപടം സമ്മാനിക്കയുമുണ്ടായി. ആ സംഘത്തിലെ പ്രധാനക്കപ്പലായ ദെല്ലി എന്ന ക്രൂസർ ആ മിറാലിന്റെ കീഴിൽ ബൈറൂട്ടിലേയ്ക്കു പോയിരിക്കയായിരുന്നു. അലക്സാൻഡ്രിയയിലെ സ്വീകരണം കഴിഞ്ഞു ഞങ്ങൾ ലബനണിലേയ്ക്കു പോയി. ഒരിന്ത്യൻ കപ്പല്പട അവിടെ ആദ്യമായി വരികയായിരുന്നതിനാൽ ആ സന്ദർഭത്തെ അവിടുത്തെ ജനങ്ങൾ സ്നേഹപൂർവ്വം കൊണ്ടാടി. കപ്പൽത്തട്ടിൽ ഞങ്ങൾ കൊടുത്ത സൽക്കാരത്തിൽ പങ്കുകൊള്ളുന്നതിനു ബൈറൂട്ടിലെ മിക്കപ്രമാണികളും ഹാജരുണ്ടായിരുന്നു.
ഞങ്ങൾ ഈജിപ്തിലേയ്ക്കു തിരിച്ചുപോന്നതു് ആ ക്രൂസറിലാണു്. പടക്കപ്പലുകളിൽ സ്ത്രീകൾ യാത്രചെയ്തുകൂടെന്നു് ഒരു നിയമമുണ്ടു്. നാവികസൈന്യാധ്യക്ഷന്റെ പ്രത്യേകമായ അനുവാദം ആവശ്യമാണത്രേ ആ നിയമത്തെ ലംഘിച്ചു പ്രവർത്തിക്കുവാൻ. ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി നെഹ്റു വിനോടൊന്നിച്ചു് ഇൻഡോനേഷ്യയ്ക്കു പോയപ്പോൾ മാത്രമാണു് ഒരു സ്ത്രീയെ കയറ്റി ആ ക്രൂസർ യാത്രനടത്തിയിട്ടുള്ളതു്. എന്റെ ഭാര്യയ്ക്കും മകൾക്കും ആ കപ്പലിൽ കയറി പോർട്ടുസെയിട്ടുവരെ സഞ്ചരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ആമിറാലിനെ അറിയിച്ചപ്പോൾ അയാൾ പുരികം ചുളിക്കാതിരുന്നില്ല. പക്ഷേ, പോകുന്നതിനു മുൻപു കമ്പിയടിച്ചനുവാദം വരുത്തി. അങ്ങനെ ഞങ്ങൾ പടക്കപ്പൽ കയറിയാണു് തിരിച്ചു് ഈജിപ്തിലെത്തിയതു്.
ആ (1953) നവംബർ മാസം എന്റെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൊന്നായിരുന്നു. 25 വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ഞാൻ പീക്കിങ്ങിൽ താമസിച്ചകാലത്തെഴുതിത്തീർത്ത ഏഷ്യാഭൂഖണ്ഡവും പാശ്ചാത്യരുടെ അധികാരവും (Asia and Western Dominance) എന്ന വിപുലമായ ഗ്രന്ഥം ആ നവംബറിലാണു് ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തിയതു്. അതു ചരിത്രപണ്ഡിതന്മാരുടെ ഇടയിൽമാത്രമല്ല, രാജ്യാധികാരികളുടെ ഇടയിലും ചെറിയൊരു കലക്കംതന്നെയുണ്ടാക്കി. അതിമണ്ഡനപരമായ ഒരു മുഖപ്രസംഗംകൊണ്ടാണു് ‘മാൻചസ്റ്റർ ഗാർഡിയൻ’ എന്ന പ്രസിദ്ധപ്രതിദിനപത്രം അതിനെ സ്വാഗതംചെയ്തതു്. ‘ടൈംസ് ’ പത്രവും വളരെ സ്തുതിച്ചുള്ള ഒരു നിരൂപണംകൂടാതെ, ഒരു മുഖപ്രസംഗത്തിലും അതേപ്പറ്റി പറഞ്ഞിരുന്നു. ഈ. എം. ഫാസ്റ്റർ (E. M. Forster), ഡാറത്തിവുഡ്മേൻ (Dorothy Woodman), വുഡ്റോ വ്യാട്ട് (Woodrow wyatt) മുതലായ മഹാരഥന്മാരാണു് ആ ഗ്രന്ഥത്തെ ബ്രിട്ടീഷ് പത്രങ്ങളിൽ നിരൂപണംചെയ്തതു്. ഏഷ്യായെപ്പറ്റി പിന്നീടു പണ്ഡിതന്മാരെഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിൽ ആ പുസ്തകത്തെ പരാമർശിക്കാത്തതായി ഒന്നുണ്ടോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
പുസ്തകം പുറത്തായ ഉടനെ ഒരു പ്രതി ഞാൻ നെഹ്റുവിനയച്ചുകൊടുത്തിരുന്നു. രണ്ടാഴ്ചയ്ക്കകം അതു വായിച്ചു വളരെ പ്രശംസിച്ചു് അദ്ദേഹത്തിൽനിന്നു് ഒരു മറുപടിയും കിട്ടി. അതുകൊണ്ടും ശ്രീ നെഹ്റു മതിയാക്കിയില്ല. ഈ രണ്ടാഴ്ചകൂടുമ്പോൾ അദ്ദേഹം പതിവായി മുഖ്യമന്ത്രികൾക്കും അംബാസഡർമാർക്കും മറ്റും അയയ്ക്കാറുള്ള ദീർഗ്ഘലേഖനം ഒരു പ്രാവശ്യം ഈ പുസ്തകത്തെപ്പറ്റിയും അതിന്റെ മാഹാത്മ്യത്തെപ്പറ്റിയുമായിരുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലും പല പതിപ്പുകളും, മിക്ക യൂറോപ്യൻഭാഷകളിൽ തർജ്ജമയും വന്നുകഴിഞ്ഞ ആ ഗ്രന്ഥത്തെപ്പറ്റി ഇവിടെ അധികം പറയേണ്ടതായിട്ടില്ല.
ഏഷ്യയിലെ ഐറോപ്യനധികാരത്തെപ്പറ്റിയുള്ള അഭിപ്രായത്തിൽ പൊതുവേ മാറ്റം വരുത്തി ചരിത്രം തിരുത്തി എഴുതി എന്നതിനുപുറമേ ആ ഗ്രന്ഥംകൊണ്ടു രണ്ടവിചാരിതമായ ഫലമാണു് എനിക്കുണ്ടായതു്: ഒന്നാമതു്, ഇൻഡ്യയിലെ പ്രവിശ്യകൾ മാറ്റി സൃഷ്ടിക്കുന്നതിനുള്ള ഉന്നതാധികാരകമ്മിഷനിൽ ഒരു മെമ്പറായി നെഹ്റു എന്നെ നിയമിച്ചു. അതു് അതിപ്രധാനമായ ഒരു സംഗതിയാണെന്നു പറയേണ്ടതില്ലല്ലോ. അതേക്കുറിച്ചു് അടുത്ത അധ്യായത്തിൽ കുറെയെല്ലാം വിസ്തരിക്കേണ്ടാതാകകൊണ്ടു് ഇവിടെ കൂടുതൽ പറയുന്നില്ല. രണ്ടാമതുണ്ടായ ഫലം ലോകത്തിൽ ചരിത്രകാരന്മാരെന്നു സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള ചിലരെക്കൊണ്ടു യുണെസ്ക്കോയുടെ കീഴിൽ മനുഷ്യജാതിയുടെ ശാസ്ത്രീയവും സാംസ്ക്കാരികവുമായ ഒരു ചരിത്രപരമ്പര (Scientific and Cultural History of Mankind) എഴുതിക്കുവാൻ തീർച്ചപ്പെടുത്തിയിട്ടുള്ള സംഘത്തിൽ എന്നെയും ഒരു മെമ്പറാക്കി എന്നുള്ളതാണു്. എണ്ണൂറുവശത്തിലുള്ള ആറാംവാള ്യമെഴുതാൻ മൂന്നുപേരെയാണു് യൂണെസ്ക്കോ നിശ്ചയിച്ചതു്. എന്നെക്കൂടാതെ മറ്റു രണ്ടുപേരുണ്ടായിരുന്നതു് അമേരിക്കായിലെ ഒരു പ്രസിദ്ധചരിത്രകർത്രിയായ കാരലൈൻവെയറും (Caroline Ware), ഹാളൻഡിലെ ഒരു പ്രഖ്യാതപണ്ഡിതനായ ജാൻ റൊമൈനു (Jan Romein)മായിരുന്നു. എഴുതാനായി എട്ടു പണ്ഡിതന്മാരെ തിരഞ്ഞെടുത്തതിൽ ഏഷ്യക്കാരനായി ഞാൻ ഒരാളേ ഉണ്ടായിരുന്നുള്ളൂവെന്നതു് അഭിമാനകരമായ ഒരു കാര്യമാണല്ലോ.
ആ ഡിസംബർ മാസത്തിൽ ഇംഗ്ലണ്ടിലെ തൊഴിലാളികക്ഷിയിൽ ഒരു പ്രധാനനേതാവായ നൈ ബെവനും (Nye Bevan) ഭാര്യയും ഈജിപ്ത് ഗവണ്മെണ്ടിന്റെ ക്ഷണനമനുസരിച്ചു കയിറോയിൽ വന്നു. ബ്രിട്ടീഷിടതുപക്ഷത്തിന്റെ പ്രധാന വക്താവും നേതാവുമായ ബെവൻ ഒരസാമാന്യപുരുഷനായിരുന്നു എന്നുള്ളതിനു സംശയമില്ല. ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു കല്ക്കരിഖനിയിൽ ജോലിചെയ്തു വളർന്ന അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിലെ ഒരു പ്രധാനാംഗമായിത്തീർന്നു എന്നുമാത്രമല്ല, ഇംഗ്ലണ്ടിലെ രാജ്യകാര്യങ്ങളിൽ പ്രത്യേകശക്തി ചെലുത്തുന്ന ഒരു വ്യക്തിയായി ഉയർന്നുവെന്നും എല്ലാവരും സമ്മതിക്കും. അദ്ദേഹമായിരുന്നു ഇംഗ്ലണ്ടിൽ എല്ലാവർക്കും ഗവണ്മെന്റുചെലവിന്മേൽ ചികിത്സയേർപ്പെടുത്തിയതു്. ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിൽ ചെറുപ്പംമുതൽതന്നെ വിശ്വസിച്ചിരുന്ന ബെവൻ ആറ്റ്ലിയുടെ മന്ത്രിസഭയിൽ ഇൻഡ്യയ്ക്കുവേണ്ടി വാദിച്ചവരിലൊരാളായിരുന്നു. അമേരിക്കയുടെ നിർബന്ധത്തിൽ ബ്രിട്ടീഷുകാർ സൈന്യച്ചെലവു വർദ്ധിപ്പിച്ചപ്പോൾ ആ നയത്തെ എതിർത്തുനിന്ന ബെവൻ മന്ത്രിസഭയിൽനിന്നു രാജിവെയ്ക്കയാണുണ്ടായതു്. ബെവന്റെ പത്നി ജെന്നിലീ (Jenny Lee)യും ബ്രിട്ടീഷുപൊതു ജീവിതത്തിൽ ഉന്നതസ്ഥാനം നേടിയ ഒരു സ്ത്രീരത്നമാണു്. അവരും ഒരു കല്ക്കരിഖനികന്റെ മകളാണു്. വളരെ ചെറുപ്പത്തിൽത്തന്നെ പാർലിമെന്റിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അവർ പ്രതിഭാശാലിനിയും വാക്സമ്പന്നയുമായതിനാൽ അവർതമ്മിലുള്ള ചേർച്ച രത്നകനകങ്ങളുടെ ചേർച്ചപോലെന്നുതന്നെ പറയുന്നതിൽ തെറ്റില്ല.
ഇടതുപക്ഷനേതാവായ അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ എംബസിയിൽ അതിഥിയായി താമസിക്കുവാൻ ക്ഷണിക്കയില്ലെന്നു് എനിക്കറിയാമായിരുന്നു. സ്വതന്ത്രബുദ്ധിയായ അദ്ദേഹം ഈജിപ്തുകാരുടെ അതിഥിയായി താമസിക്കയുമില്ല. ഞങ്ങൾ തമ്മിൽ മുമ്പുതന്നെ പരിചയമുള്ളതുകൊണ്ടു് എന്റെ കൂടെ താമസിക്കുന്നതിനു ഞാൻ അവരെ ക്ഷണിച്ചു. അഞ്ചുദിവസം കയിറോയിലും മൂന്നുദിവസം ലുക്സോറിലും ഞങ്ങൾ ഒന്നിച്ചു കഴിച്ചു. ഈജിപ്തിലെ പ്രമാണികളുമായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനു വേണ്ട ഏർപ്പാടുകൾ ഞാൻ ചെയ്തു. കർണ്ണൽ നാസ്സർ, സാലാസലേം മുതലായ റവലൂഷണറി കൗൺസിൽ നേതാക്കന്മാരെ ഒരു ഡിന്നറിനു വിളിച്ചാണു് ബെവനുമായി പരിചയപ്പെടുത്തിയതു്. അന്നു് അവർതമ്മിലുണ്ടായ രഹസ്യസംഭാഷണം അർദ്ധരാത്രിയിൽ കവിഞ്ഞു നീണ്ടുനിന്നു. നാസ്സർക്കു തന്റെ വാഗ്മിത്വമെല്ലാം പ്രദർശിപ്പിച്ചിട്ടും തന്റെ സൈനികഭരണം ബെവനെക്കൊണ്ടു സമ്മതിപ്പിക്കുവാൻ സാധിച്ചില്ലെന്നുമാത്രം പറയാം. കസാലയിൽനിന്നെഴുനേറ്റു ബെവൻ ചോദിച്ചു: “എത്രനാൾ ഇങ്ങനെ അനിയന്ത്രിതമായ അധികാരം കൈയിൽവെച്ചുകൊണ്ടിരിക്കണമെന്നാണു് നിങ്ങൾ ഉദ്ദേശിക്കുന്നതു്?!”
നാസ്സർ പറഞ്ഞു:“ഇവിടുത്തെ കൈക്കൂലിയും മര്യാദകേടുകളും നില്ക്കുന്നതുവരെ!” ബെവന്റെ മറുപടി ചിരിച്ചുകൊണ്ടായിരുന്നു: “ദൈവത്തിനുപോലും ഇതുവരെ അതു സാധിച്ചിട്ടില്ലല്ലോ!”
അങ്ങനെ അവർ വലിയ സന്തോഷമില്ലാതെയാണു് പിരിഞ്ഞതു്. പിറ്റേദിവസം ഞങ്ങളെല്ലാവരുംകൂടി ലുക്സോർ എന്ന സ്ഥലത്തേയ്ക്കു പോയി. ഈജിപ്തിലുള്ള പുരാതനസംസ്കാരത്തിന്റെ ലക്ഷ്യങ്ങൾ മിക്കവാറും സ്ഥിതിചെയ്യുന്നതു ലുക്സോറിലാണു്. അവിടെ ‘രാജാക്കന്മാരുടെ താഴ്‌വര’ (The valley of Kings) എന്നു പറയുന്ന സ്ഥലത്തത്രേ പഴയ ഫാറോകൾ (ഈജിപ്റ്റ് ചക്രവർത്തികൾ) സ്മാരകങ്ങൾ, ക്ഷേത്രങ്ങൾ മുതലായവ പണിചെയ്യിച്ചിട്ടുള്ളതു്. ക്രിസ്തുവിനു രണ്ടായിരംവർഷത്തിനു മുൻപുള്ള പല സ്മാരകങ്ങളും അവിടെ കാണാം. ലോകത്തിൽ ഏറ്റവും അഭിവൃദ്ധിപ്പെട്ട സംസ്കാരങ്ങളിൽ ഒന്നായിരുന്നു അന്നു് ഈജിപ്തിലുണ്ടായിരുന്നതു്. ഫാറോമാരെ ജീവിതത്തിലിരുന്നതുപോലുള്ള ധാടിയിൽ കുഴിച്ചിടുന്നതു് അവിടെ പതിവായിരുന്നതിനാൽ വലിയ രാജസപ്രൗഢിയിലുള്ള ശവകുടീരങ്ങളിലാണു് അവരെ അടക്കംചെയ്തിരുന്നതു്. ലോകത്തിലെ ഏറ്റവും പ്രധാനക്കാഴ്ചകളിൽപ്പെട്ടതാണു് ലുക്സോറിലെ സ്മാരകങ്ങൾ. അവയെല്ലാം ഞങ്ങൾ ചുറ്റിനടന്നു കണ്ടു് ആശ്ചര്യപ്പെട്ടു. അവിടെയുള്ള ശവകുടീരങ്ങളും ക്ഷേത്രങ്ങളുമെല്ലാംതന്നെ ആശ്ചര്യകരങ്ങളായിരുന്നുവെങ്കിലും ഹാട്ഷേപ്സുട്ട് എന്ന റാണിയുടെ ശവകുടീരമാണു് എന്നെ ഏറ്റവും വിസ്മയിപ്പിച്ചതു്. അവർ ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീകളിൽ ഒരാളായിരുന്നു. അതുപോലെ പ്രതാപവും കാര്യശേഷിയുമുള്ള ഒരു ചക്രവർത്തിനി ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണു്. ഇംഗ്ലണ്ടിലെ എലിസബത്ത്, റഷ്യയിലെ കാതറൈൻ ഇവരാണു് പാശ്ചാത്യചരിത്രത്തിൽ മഹാവീരരായ പുരുഷന്മാരെ കവിഞ്ഞു നില്ക്കുന്ന സ്ത്രീകൾ. അവരിലും ഒന്നല്ല പല പടികൾ മിതെയാണു് ഹാട്ഷേപ്സൂട്ടിന്റെ നില. രാജ്യാവകാശം അവർക്കായിരുന്നതിനാൽ അവർ ജീവിച്ചിരുന്ന കാലത്തോളം ഭർത്താവായ ടുട്മോസിനു് ഒരു കൂട്ടിരുപ്പുകാരൻ എന്ന നിലയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, തന്റെ ഭാര്യയുടെ മരണശേഷം രാജ്യം ലഭിച്ചപ്പോൾ അദ്ദേഹം തന്റെ യുദ്ധസാമർത്ഥ്യംകൊണ്ടും രാജ്യഭരണസാമർത്ഥ്യംകൊണ്ടും ഇറാക്കുവരെയുള്ള സകലരാജാക്കന്മാരേയും വിറപ്പിച്ചു. എന്നാൽ തന്റെ ഭാര്യ ജീവിച്ചിരുന്ന കാലത്തോളം ഒരു പൂച്ചയെപ്പോലെയായിരുന്നു ആയാൾ. അതുകൊണ്ടൂഹിക്കാം, ഹാട്ഷേപ്സൂട്ടിന്റെ പ്രതാപം.
തനിക്കു രാജ്യം കിട്ടിയ ഉടനെ ടുട്മോസ് ചെയ്തതു പില്ക്കാലത്തുള്ളവർ തന്റെ ഭാര്യയുടെ പേർ വിസ്മരിക്കുന്നതിനു എന്തൊക്കെ ചെയ്വാൻ സാധിക്കുമോ, അതൊക്കെയാണു്. ചരിത്രത്തിൽനിന്നു ഹാട്ട്ഷേപ്സൂട്ടിന്റെ നാമധേയം മായ്ക്കുവാനായിരുന്നു അയാളുടെ പരിശ്രമം. അത്രയ്ക്കുണ്ടായിരുന്നു ഭാര്യയോടു് അയ്യാൾക്കു ദ്വേഷ്യം. പക്ഷേ, അയാളുടെ ആ ശ്രമമെല്ലാം നിഷ്ഫലമായി എന്നുമാത്രമല്ല, ഇന്നു, ദിഗ്വിജയിയായ ടുട്മോസിനെക്കാൾ ജനങ്ങൾ ആദരിക്കുന്നതു ഹാട്ഷേപ്സൂട്ടിനെയാണെന്നു പറയാം. യുദ്ധത്തിലുണ്ടായ വിജയങ്ങളിലല്ല അവരുടെ കീർത്തി സ്ഥാപിതാമായിരുന്നതു്. ഇപ്പോൾ സോമാലിലാൻഡ് എന്നറിയുന്ന ചുങ്ങു് എന്ന രാജ്യത്തിലേയ്ക്കു കച്ചവടത്തിനായി ഒരു കപ്പൽസംഘത്തെ ആദ്യമായി അയച്ചതും അവിടുന്നു കൊണ്ടുവന്ന പല വൃക്ഷലതാദികൾ ഈജിപ്തിൽ വളർത്തിയെടുത്തതും അവരുടെ പരിശ്രമത്തിന്റെ ഫലമാണു്. അറേബ്യൻകടലിൽ ആദ്യമായി ഈജിപ്തുകാർ കപ്പലോടിച്ചതു് അവരുടെ ആജ്ഞയനുസരിച്ചാണു്. അവരുടെ കപ്പലുകൾ കേരളംവരെ വന്നില്ലയോ എന്നു ശങ്കിക്കുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ ശവം അടക്കം ചെയ്ത മഹാപ്രാസാദത്തിന്റെ ചുമരുകളിൽ വിദേശങ്ങളിൽനിന്നു് അവർ കൊണ്ടുവന്ന വൃക്ഷലതാദികളെ ചിത്രീകരിച്ചിരിക്കുന്ന കൂട്ടത്തിൽ കേരളത്തിൽ ധാരാളമായി വളരുന്നവയും എന്നാൽ ആഫ്രിക്കായിൽ ഇക്കാലത്തും ദുർല്ലഭമായവയുമായ ചില ചെടികളും ഞാൻ കാണുകയുണ്ടായി.
ലുസ്ക്കോറിൽനിന്നു മടങ്ങിയ ഉടനെ ബെവനും ഭാര്യയും ലണ്ടനിലേയ്ക്കു തിരിച്ചുപോയി. താമസിയാതെ എന്നെയും ഇന്ത്യയിലേയ്ക്കു തിരിച്ചു വിളിക്കുന്ന ഒരെഴുത്തു നെഹ്റുവിൽനിന്നു ലഭിച്ചു.
ഇന്ത്യയിലെ പ്രവിശ്യകളെ പുനഃസ്സംഘടിപ്പിക്കാൻ അത്യന്തം വൈകിയിരിക്കുന്നുവെങ്കിലും പലതരത്തിൽ പിടിയും വലിയുമുള്ള ആ പ്രശ്നത്തെ ഒരുന്നതതലക്കമ്മീഷന്റെ അന്വേഷണത്തിനു വിട്ടുകൊടുക്കാനാണു് തീർച്ചയാക്കിയിരിക്കുന്നതെന്നും അതിപ്രധാനമായ ആ കമ്മീഷണിൽ മൂന്നു പേരുണ്ടായിരിക്കുമെന്നും അവരിൽ ഒരാളായി എനിക്കും ജോലിചെയ്വാൻ സമ്മതമാണോ എന്നും അന്വേഷിച്ചുകൊണ്ടായിരുന്നു എഴുത്തു്.
വലിയ ഒരു ബഹുമതി ആയിരുന്നെങ്കിലും അതൊരാജ്ഞയായിട്ടല്ലാതെ ഗണിക്കാൻ വഴികണ്ടില്ല. എന്നുമാത്രമല്ല, എനിക്കും അതുതന്നെയായിരുന്നു ഇഷ്ടം. ഇത്ര വലിയ ഒരു സംഗതിക്കു് എന്നെക്കൂടി ചുമതലപ്പെടുത്തിയതിൽ എനിക്കഭിമാനമാണു് തോന്നിയതു്. അതുകൊണ്ടു് എന്റെ സമ്മതം അറിയിച്ചശേഷം തിരിച്ചുയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഈജിപ്തിൽ ഞാൻ ആകെ 17 മാസമേ താമസിച്ചുള്ളൂ. കുറഞ്ഞതു മൂന്നു വർഷം അംബാസഡർമാർ ഒരിടത്തു താമസിക്കണമെന്നാണു് നിയമം. അത്രയെങ്കിലും താമസിയാതെ കാര്യമായ പ്രവൃത്തിയൊന്നും സാധിക്കയില്ലെന്നും പറയാം. ഒന്നരവർഷം തികച്ചുപോലും താമസിക്കാതെ തിരികേ പോന്ന എന്നെക്കൊണ്ടെന്താണു് അവിടെ സാധിച്ചതെന്നൊരു ചോദ്യമുണ്ടാവാം. ഞാൻ ആശിച്ചിരുന്നതിൽ കൂടുതൽ സാധിച്ചു എന്നു പറയാൻ ഞാൻ മടിക്കുന്നില്ല. നെഹ്റുവിന്റെയും മറ്റധികാരികളുടെയും അഭിപ്രായവും അതുതന്നെയായിരുന്നു. എന്താണു് സാധിച്ചതെന്നു ചോദിച്ചാൽ അതിനു് ഇങ്ങനെ മറുപടി പറയാം: ഞാൻ അവിടെ എത്തുന്നതിനു മുമ്പു് അറബിദേശങ്ങളിൽ പൊതുവേ പാക്കിസ്താൻകാർക്കായിരുന്നു കൂടുതൽ സ്വാധീനശക്തി. പാക്കിസ്താൻ വിദേശമന്ത്രി സഫറുള്ളാഖാൻ ആ നാട്ടിലൊക്കെ സാധാരണയായി സഞ്ചരിച്ചു് ഇന്ത്യയെപ്പറ്റി പല തെറ്റിദ്ധാരണകളും പുലർത്തിയിരുന്നു. അല്ലാതേയും പാക്കിസ്താൻകാരുടെ പ്രചരണവേല ഇന്ത്യ മുസ്ലീംവിരോധിയാണെന്നും മുസ്ലീമങ്ങളെ ഇന്ത്യയിൽ അടിച്ചു താഴ്ത്തിയിട്ടിരിക്കയാണെന്നും മറ്റും പറഞ്ഞു പരത്തിയിരുന്നതുകൊണ്ടു് അറബിഗവണ്മെന്റുകൾക്കു് ഇന്ത്യയിൽ അവിശ്വാസവും പൊതുജനങ്ങൾക്കു് ഇന്ത്യാക്കാരോടു് അനാസ്ഥയുമാണു് കണ്ടിരുന്നതു്. അതു മാറ്റി അറബികളും ഇന്ത്യാക്കാരും തമ്മിൽ സ്നേഹവും വിശ്വാസവും പുലർത്തുക എന്നതായിരുന്നു എന്റെ ആദ്യത്തെ ചുമതല. ബ്രിട്ടീഷുകാരുമായുള്ള ആലോചനകളിൽ ഞാൻ അറബികളുടെ ഭാഗം നിന്നു് അവർക്കു സഹായം ചെയ്തുകൊടുത്തു. അതാണു് ആദ്യം അവർക്കു ഇന്ത്യയോടു സ്നേഹം തോന്നുവാൻ കാരണമായതു്. പാക്കിസ്താൻ മുസ്ലീംരാജ്യമാണെങ്കിലും ബ്രിട്ടീഷുകാരെ താങ്ങിയാണു് നിന്നിരുന്നതു്. സഫറുള്ളഖാൻ ബ്രിട്ടീഷുമച്ചമ്പിയാണെന്നും പാക്കിസ്ഥാൻനയം ബ്രിട്ടീഷുകാരെ സഹായിച്ചാണെന്നും ഈ ആലോചനകൾ സ്പഷ്ടമായി കാട്ടിക്കൊടുത്തു. അതു നമുക്കനുകൂലമായിത്തീർന്നു. പിന്നെ രാധാകൃഷ്ണൻ, ശ്രീമതി വിജയലക്ഷ്മി പണ്ഡിത്, നെഹ്റു—ഇങ്ങനെയുള്ള നേതാക്കന്മാർ ഇടയ്ക്കിടയ്ക്കു കയറോയിലേയ്ക്കു എന്റെ നിർബന്ധമനുസരിച്ചു വന്നിരുന്നതും ഈ സ്നേഹം പുലർത്തുവാൻ വലിയൊരു സഹായമായിത്തീർന്നു; അതുപോലെ തന്നെ ലബനണിലും സിറിയായിലും വന്നതും. ചുരുക്കത്തിൽ അറബികളും ഇന്ത്യയുമായുള്ള സ്നേഹം ഒരുറച്ച അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുവാൻ എനിക്കു സാധിച്ചു.
17 മാസമേ ഞാൻ കയിറോയിൽ താമസിച്ചുള്ളുവെങ്കിലും വിശിഷ്ടന്മാരായ ചിലരുടെ സ്നേഹം സമ്പാദിക്കുന്നതിനു് എനിക്കു ഭാഗ്യമുണ്ടായി. അവരിൽ മൂന്നു പേരെയാണു് എടുത്തു പറയാനുള്ളതു്: അബ്ദുൾറഹ്മാൻ അസ്സാംപാഷാ (Abdul Rahman Azam Pasha), പ്രൊഫസ്സർ ഹാമീദ് സുൽത്താൻ, താഹാഹുസൈൻ പാഷാ. ഇവർ മൂന്നുപേരും മൂന്നുതരത്തിലുള്ളവരാണു്. അറബിജാതീയത്വം (Arab natioanlism) വളർത്തിയെടുത്തിരുന്നതിൽ ഒരു പ്രധാനപങ്കു് അസ്സാം (Azam) പാഷയ്ക്കു ഉണ്ടു്. ഹമീദ്സുൽത്താൻ അന്താരാഷ്ട്രീയനിയമത്തിൻ പണ്ഡിതനും പതിവായി യുണൈറ്റഡ്നേഷൺസു മുതലായ സഭകളിൽ ഈജിപ്തിനെ പ്രതിനിധാനം ചെയ്തുവരുന്ന ആളുമാണു്. താഹാഹുസൈനു് അറബികളുടെ ഇടയിലുള്ള സ്ഥാനം, രാധാകൃഷ്ണനു് ഇന്ത്യയിലും ബെർട്രൻഡ് റസ്സിലി നു് ഇംഗ്ലണ്ടിലുമുള്ളതിനു തുല്യമാണെന്നു പറഞ്ഞാൽ ഏതാണ്ടു മനസ്സിലാക്കുവാൻ കഴിയും.
ഉത്തരാഫ്രിക്കയിൽ സാമ്രാജ്യാധികാരം നടത്തിയിരുന്ന ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളോടു പലപ്പോഴായി യുദ്ധം ചെയ്തു് അവർ തൂക്കിലിടാൻ വിധിച്ച ഒരു പൗരുഷമൂർത്തിയാണു് അസ്സാംപാഷാ. 1912-ൽ ഇറ്റലിയും തുർക്കിയും തമ്മിൽ യുദ്ധമുണ്ടായപ്പോൾ തുർക്കിയോടു ചേർന്നുനിന്നു യുദ്ധം ചെയ്തതിനാണു് ഇറ്റലിക്കാർ വധശിക്ഷ നിശ്ചയിച്ചതു്. 1914–18-ലെ യുദ്ധത്തിൽ ഇംഗ്ലീഷുകാർക്കെതിരായി പട നടത്തി അവരോടും ശിക്ഷ സമ്പാദിച്ചു; ഫ്രഞ്ചുകാരോടു ടുനീഷ്യയിലും. ഈജിപ്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോൾ അസ്സാമിനു മന്ത്രിസ്ഥാനത്തോടൊന്നിച്ചു പാഷാപദവും ലഭിച്ചു. ഒടുവിൽ ആരബ്ലീഗിന്റെ സിക്രട്ടറിജനറലായി അറബിരാജ്യങ്ങളുടെ വിദേശനയം രൂപവൽക്കരിക്കുവാനുള്ള അവസരം അദ്ദേഹത്തിനു കിട്ടി.
അസ്സാമിനു് ഇൻഡ്യയുടെ കാര്യത്തിൽ വലിയ താൽപര്യമായിരുന്നു. അറബികളെന്നല്ലാതെ മുസ്ലീമങ്ങളെന്ന ഭാവം രാജ്യകാര്യത്തിൽ അദ്ദേഹത്തിനില്ലായിരുന്നു. പാക്കിസ്താൻ ബ്രിട്ടീഷ് കക്ഷിയാണെന്നു പലതുകൊണ്ടും ബോധ്യമായിരുന്നതിനാൽ ആദ്യംമുതലേ അദ്ദേഹം ഇൻഡ്യയോടു ചാഞ്ഞാണു് നിന്നതു്. തമ്മിൽ പരിചയമായതുമുതൽ എന്നോടദ്ദേഹം വലിയ സ്നേഹത്തിൽ പെരുമാറിയിരുന്നു. ചരിത്രത്തിൽ ഞങ്ങൾക്കു രണ്ടാൾക്കുമുള്ള അഭിരുചി ഒരു കാരണമാണെന്നു പറയാം. പിന്നെ, അന്തർദേശീയകാര്യങ്ങളിൽ ഞങ്ങൾക്കു സാമാന്യേന ഒരേ അഭിപ്രായമാണുണ്ടായിരുന്നതെന്നുള്ളതും പ്രസ്താവ്യമാണു്.
രാജ്യകാര്യങ്ങളിൽ അത്യുന്നതമായ ഒരു പദമാണു് അലങ്കരിച്ചിരുന്നതെങ്കിലും അസ്സാം പാഷ, താഹാഹുസൈൻ (Taha Hussein) പോലെ വിശിഷ്ടനായ ഒരു പുരുഷനായിരുന്നു എന്നു പറയാൻ സാധിക്കയില്ല. മൂന്നു വയസ്സിൽ സുഖക്കേടുകൊണ്ടു് അന്ധനായിത്തീർന്ന താഹാ പാണ്ഡിത്യം, സാഹിത്യകുശലത, തത്വദർശനം എന്നിവകൊണ്ടു ലോകത്തിലെ ഉൽക്കൃഷ്ടമേധാവികളിൽ ഒരാളായി ഉയർന്നു. “നബിക്കു മുൻപുള്ള അറബിസാഹിത്യത്തിനോടു പരിശുദ്ധഖുറാനുള്ള കടപ്പാടു്” എന്ന തന്റെ ചെറുപ്പകാലത്തിലുള്ള ഗ്രന്ഥം മതവിരുദ്ധമെന്നു മുള്ളാകളുടെ ശിക്ഷയ്ക്കു പാത്രമാകത്തക്കവിധം ഉൽപതിഷ്ണുവായ ഒരു ചിന്തകനായിരുന്നു അദ്ദേഹം. ‘ഈജിപ്ഷ്യൻസംസ്ക്കാരത്തിന്റെ ഭാവി’ എന്ന പേരിലുള്ള മറ്റൊരതിവിശിഷ്ടപുസ്തകവും പൗരോഹിത്യശക്തിയുടെ വിരോധം സമാർജ്ജിക്കാൻ ഭാഗ്യമുണ്ടായതാണു്. അദ്ദേഹത്തിന്റെ സാഹിത്യപരമായ മറ്റു കൃതികളും ആദരത്തെ അർഹിക്കുന്നു. വാഫ്ദ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിപദം വഹിച്ചിരുന്ന താഹാഹുസൈനാണു് ഈജിപ്തിലെ വിദ്യാഭ്യാസരീതിയെ പുതുക്കിയതു്. മൂന്നു വയസ്സുമുതൽ തീരെ അന്ധനായ വേറെ ഒരാൾ ഇത്ര വലിയ കാര്യങ്ങൾ ചെയ്തതായോ ഇത്രയധികം പാണ്ഡിത്യം സമ്പാദിച്ചതായോ ചരിത്രത്തിൽ അറിവില്ല. അദ്ദേഹവുമായി സ്നേഹമാകാൻ സാധിച്ചതു വലിയ ഒരു കാര്യമായിട്ടാണു് ഞാൻ എല്ലായ്പോഴും ഗണിച്ചിട്ടുള്ളതു്.
പല നാട്ടിലും ചെയ്യേണ്ടിയിരുന്ന സഞ്ചാരങ്ങൾ, മാറി മാറി വന്നുകൊണ്ടിരുന്ന അതിഥികൾ, ജോലിത്തിരക്കു്—ഇവ നിമിത്തം ഈജിപ്തിൽ താമസിച്ച കാലത്തു് സാഹിത്യപരിശ്രമത്തിനു് സമയം ലഭിച്ചില്ല. ഇംഗ്ലീഷിൽ In Two Chinas (രണ്ടു് ചൈനായിൽ) എന്നൊരു ഗ്രന്ഥവും, മലയാളത്തിൽ ‘സിനിമാതാരം’ എന്നൊരു ഹാസ്യകവിതയും മാത്രമാണു് ഇക്കാലത്തെ പരിശ്രമഫലമായി പറയാനുള്ളതു്. ചൈനായിലെ എന്റെ ജീവിതത്തെപ്പറ്റിയും പ്രവൃത്തികളെപ്പറ്റിയുമുള്ള പുസ്തകം രണ്ടു് വർഷം കഴിഞ്ഞാണു് പുറത്തിറങ്ങിയതെങ്കിലും എഴുതിയതു് ഈജിപ്തിൽവെച്ചാണു്. അക്കാലത്തു് ഞാൻ അറബിരാജ്യങ്ങളുടേയും വിശേഷിച്ചു് ഈജിപ്തിന്റേയും ചരിത്രം പഠിക്കുന്നതിനും അറബികളും ഇൻഡ്യയുമായുള്ള സംസർഗ്ഗത്തെപ്പറ്റി അന്വേഷിക്കുന്നതിനും ശ്രമിച്ചുവന്നു.
1954 ഫെബ്രുവരി രണ്ടാംതീയതിയാണു്, ഞാൻ പുതിയ ജോലി ഏറ്റെടുക്കുവാനായി ഇൻഡ്യയിൽ വന്നതു്. ജോലിയുടെ പ്രാധാന്യം എനിക്കു് നേരത്തേ അറിയാമായിരുന്നുവെങ്കിലും വന്നു് രണ്ടുദിവസം കഴിഞ്ഞു് നെഹറുവുമായി ഉണ്ടായ സംഭാഷണത്തിൽനിന്നു് അദ്ദേഹം ഈ കമ്മീഷന്റെ പ്രവൃത്തിയിൽ എത്രമാത്രമൂന്നി നിന്നിരുന്നു എന്നു് മനസ്സിലാക്കാൻ സാധിച്ചു. ഞങ്ങളെ ഒരു ഉന്നതാധികാരസമിതി(High powered commission)യായിട്ടാണു് നിയമിച്ചിട്ടുള്ളതെന്നും അതായതു് ഐകകണ്ഠ്യേന എത്തിച്ചേരുന്ന ഞങ്ങളുടെ അഭിപ്രായങ്ങൾ നടപ്പിൽവരുത്താനാണു് ഗവണ്മെന്റ് തീർച്ചയാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്നു് പൂർണ്ണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അതിന്റെ മൂന്നു് മെമ്പർമാർക്കും കേന്ദ്രഗവണ്മെന്റിലെ മന്ത്രിമാരുടെ സ്ഥാനമായിരിക്കുമെന്നും അദ്ദേഹത്തിന്റെ സംഭാഷണത്തിൽനിന്നു് ഞാൻ മനസ്സിലാക്കി. കമ്മീഷണിലെ മറ്റംഗങ്ങൾ സെയ്ദ്ഫസലേ ആലിയും പണ്ഡിത് ഹൃദയനാഥകുൺസ്രു വുമായിരുന്നു. ഫസലേ ആലിയുടെ ജനനസ്ഥലം ബനാറീസാണെങ്കിലും ചെറുപ്പംമുതൽ ബീഹാറിലായിരുന്നു താമസം. അവിടെ പട്ട്നാഹൈക്കോർട്ടിൽ ആദ്യം പ്യൂണിജഡ്ജിയും പിന്നീടു് ചീഫ്ജസ്റ്റിസുമായി ജോലിനോക്കിയശേഷം ഫെഡറൽകോടതിയിലും ഒടുവിൽ സുപ്രീംകോടതിയിലും ജഡ്ജിയായിട്ടു് പെൻഷൻ പറ്റിയ ഒരു മഹാനായിരുന്നു അദ്ദേഹം. പെൻഷനുശേഷം ഒറീസ്സാഗവർണ്ണറായി ജോലിനോക്കിയിരിക്കുമ്പോഴാണു് അദ്ദേഹത്തെ ഈ കമ്മീഷന്റെ അധ്യക്ഷനും മെമ്പറുമായി നിയമിച്ചതു്. 25 വർഷത്തെ ജഡ്ജിജോലികൊണ്ടു് നിഷ്പക്ഷപാതിത്വം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പ്രധാനമായ ഒരംശമായിത്തീർന്നിരുന്നു. അതുപോലെതന്നെ നയവും വിനയവും പരസ്പരവിരുദ്ധങ്ങളെന്നു് കാഴ്ചയിൽ തോന്നുന്ന അഭിപ്രായങ്ങൾ തമ്മിൽ ഒത്തൊരുമിപ്പുവരുത്തുന്നതിനുള്ള സാമർത്ഥ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. സമുദായദോഷം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല എന്നു് പറയേണ്ടതില്ലല്ലോ. രണ്ടാമത്തെ മെംബർ ഹൃദയനാഥകുൺസ്രുവായിരുന്നു. ഇൻഡ്യൻ രാജ്യകാര്യങ്ങളിൽ ഒരു ഭീഷ്മർക്കുള്ള നിലയാണു് അദ്ദേഹത്തിനുള്ളതു്. ഗോഖലെ യുടെയും ശ്രീനിവാസശാസ്ത്രി യുടെയും അനന്തരാവകാശി, ഭാരതസേവാസംഘ(Servants of India Society)ത്തിന്റെ അധ്യക്ഷൻ, ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ നിയമസഭയിലും പിന്നീടു് പാർലമെന്റിലും സുസമ്മതനായ ഒരു നേതാവു്, അനവധി കമ്മീഷണുകളിൽ പ്രസിഡെന്റായും മെമ്പറായും ജോലിനോക്കിയ ഒരു രാജ്യസേവാനിരതൻ, ഒരു കക്ഷിയിലും ചേരാത്ത ഒരു മാന്യൻ—ഇങ്ങനെ എല്ലാവർക്കും സുസമ്മതനായ ഒരു മഹാരഥനായിരുന്നു പണ്ഡിത് കുൻസ്രു. ജീവിതക്രമത്തിൽ വലിയ നിഷ്ഠയുള്ള ആളായിരുന്നു അദ്ദേഹം.
“യുക്താഹാരവിഹാരസ്യ
യുക്തചേഷ്ടസ്യ കർമ്മസു
യുക്തസ്വപ്നാവബോധസു
യോഗോ ഭവതി ദുഃഖഹാ”
എന്നു് ഗീതയിൽ വർണ്ണിച്ചിട്ടുള്ള ഒരു യോഗമായിരുന്നു കുൺസ്രു സ്വീകരിച്ചിരുന്നതു്. ഭാരതസേവാസംഘത്തിലെ മെമ്പറന്മാർക്കു് അതിതുച്ഛമായ ഒരു പ്രതിഫലംമാത്രമേ സ്വീകരിക്കാവൂ എന്നും മറ്റുള്ളതെല്ലാം സംഘത്തിനു് വിട്ടുകൊടുക്കണമെന്നുമാണല്ലോ നിയമം. എല്ലാംകൊണ്ടും അദ്ദേഹം വിശിഷ്ഠനായ ഒരു കർമ്മയോഗിതന്നെയായിരുന്നു. കൃശവും ബലഹീനമെന്നുതോന്നുന്നതുമായ ദേഹത്തിൽ എങ്ങനെ ഇത്രമാത്രം ഉത്സാഹശക്തിയും വളച്ചാൽ വളയാത്ത അഭിപ്രായസ്ഥൈര്യവും അടങ്ങിയിരിക്കുന്നു എന്നു് ഞാൻ പലപ്പോഴും വിസ്മയിച്ചിട്ടുണ്ടു്. അദ്ദേഹവും ഫസലേആലിയെപ്പോലെ ഉത്തരപ്രദേശത്തുകാരനായിരുന്നു.
വാർത്താവിതരണഡിപ്പാർട്ടുമെന്റിന്റെ (Ministry of Information) സിക്രട്ടറിയായിരുന്ന പി. സി. ചൗധരി(ഐ. സി. എസ്സ്.)യായിരുന്നു ഞങ്ങളുടെ സിക്രട്ടറി. ഐ. സി. എസ്സിൽ വലിയ ഉദ്യോഗസ്ഥനാണെങ്കിലും ചൗധരി ചരിത്രത്തിലും സംസ്കൃതത്തിലും പാണ്ഡിത്യമുള്ള ഒരാളായിരുന്നു. എന്റെ ശുപാർശയനുസരിച്ചു് ജോയിന്റ് സിക്രട്ടറിയായി നിയമിക്കപ്പെട്ടതു് ഹരിശർമ്മ എന്നൊരു ഉദ്യോഗസ്ഥനായിരുന്നു. ഹരിശർമ്മ ഒരുകാലത്തു് പട്ടിയാലായിൽ എന്റെ കൂടെ ജോലിചെയ്ത ആളാണു്. സ്വാതന്ത്ര്യലബ്ധിക്കുമുൻപു് നാട്ടുരാജ്യങ്ങളെ ഐക്യഭാരതത്തിൽ ചേർക്കുന്നതിനു് ഞങ്ങൾ ഒന്നിച്ചു് ജോലിചെയ്തിരുന്നതാണു്. അതുവഴി സ്റ്റേറ്റുമിനിസ്ത്രിയിൽ ഡെപ്യൂട്ടിസിക്രട്ടറിയായി വന്നതായിരുന്നു അദ്ദേഹം. ചെറിയ ഒരാപ്പീസു വേഗത്തിൽ സംഘടിപ്പിക്കുന്നതിനും, ഉടൻതന്നേ ജോലിയാരംഭിക്കുന്നതിനും കമ്മീഷനു് സാധിച്ചു.
എന്തായിരുന്നു ഈ കമ്മീഷനെക്കൊണ്ടു് ഗവണ്മെന്റ് സാധിക്കുവാനുദ്ദേശിച്ചതു്? ഭാഷയുടെ അടിസ്ഥാനത്തിലാണോ പ്രവിശ്യകൾ വേണ്ടതു് എന്നതിനെപ്പറ്റി തീർച്ചയാക്കിയിട്ടു് അവശ്യപുനസ്സംഘടനകൾ ശുപാർശചെയ്യുവാനായിരുന്നു എന്നാണു് സാധാരണജനങ്ങൾ വിശ്വസിച്ചിരുന്നതു്. അതു് ഞങ്ങളെ ഏല്പിച്ച ജോലിയിൽ അതിപ്രധാനമായ ഒന്നായിരുന്നുതാനും. പക്ഷേ, അതു കൂടാതെ രണ്ടു് കാര്യങ്ങൾകൂടി ഞങ്ങളുടെ ആലോചനയ്ക്കു് വിഷയമയിരുന്നു. അക്കാലത്തു് ഇൻഡ്യയിൽ പ്രവിശ്യകൾ അധികാരമനുസരിച്ചു് എ. ബി. സി. എന്നു് മൂന്നുതരത്തിലായിരുന്നു. എ. ക്ലാസ്സിൽ മദ്രാസ്, ബോംബെ മുതലായ പഴയപ്രവിശ്യകൾതന്നെ. നാട്ടുരാജ്യങ്ങൾ തനിയെ ഉള്ളതോ (ഹൈദ്രാബാദ്, മൈസൂർ) ഒന്നിച്ചുചേർത്തു് പുതിയ പ്രവിശ്യകളാക്കിയതോ (തിരുകൊച്ചി, മധ്യഭാരതം, സൗരാഷ്ട്രം) ആയവ ബി. ക്ലാസ്സിലായിരുന്നു. കേന്ദ്രഗവണ്മെന്റിനു് ഇവയുടെ മേൽ ചില പ്രത്യേകാധികാരങ്ങൾ ഉണ്ടായിരുന്നതുകൂടാതെ, ഗവണ്മെണ്ടിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനു് ചില ഉദ്യോഗസ്ഥന്മാരെ നേരിട്ടു് (ഉപദേഷ്ടാക്കളായും മറ്റും) നിയമിക്കുന്നതിനുള്ള അവകാശമുണ്ടായിരുന്നു. കുടക്, ആജ്മീർ, ത്രിപുര മുതലായ മറ്റുചില സംസ്ഥാനങ്ങളെ സി. ക്ലാസ്സ്പ്രവിശ്യകൾ എന്നാണു് പറഞ്ഞുവന്നിരുന്നതു്. ഇവിടെയും നിയമസഭ മുതലായവ ഉണ്ടായിരുന്നെങ്കിലും അവയ്ക്കുള്ള അധികാരം നാമമാത്രമായിരുന്നു. പ്രവിശ്യകൾക്കെല്ലാം ഒരൈക്യരൂപ്യമില്ലാതെ നമ്മുടെ ഭരണകൂടം ശരിയായി നടക്കയില്ലെന്നുള്ളതു് പ്രത്യക്ഷമാണല്ലോ. അതേപ്പറ്റിയും എന്താണു് ചെയ്യേണ്ടതെന്നു് ഞങ്ങൾ തീരുമാനിക്കേണ്ടതുണ്ടായിരുന്നു. മൂന്നാമത്തെ സംഗതി പ്രവിശ്യകളെ ഉടച്ചുവാർത്താൽ ഇൻഡ്യയുടെ ഐക്യത്തെ പ്രബലമാക്കാനായി ഭരണപദ്ധതിസംബന്ധിച്ച പരിഷ്കാരങ്ങൾ ശുപാർശചെയ്യണമെന്നുള്ളതായിരുന്നു.
പ്രവിശ്യകളുടെ പുനസ്സംഘടന ഉത്തരഭാരതത്തിലെ പ്രധാനഘടകങ്ങളെ ബാധിക്കുന്ന ഒന്നല്ലായിരുന്നു. ബംഗാൾ, ബീഹാർ, ഉത്തരപ്രദേശം, രാജസ്ഥാൻ, ഒറീസ്സ എന്നിവ ഭാഷയുടെ അടിസ്ഥാനത്തിലുള്ള പ്രവിശ്യകളായിരുന്നു. അവ തമ്മിൽ നിസ്സാരമായ ചില അതിർത്തിത്തർക്കങ്ങൾ മാത്രമാണുണ്ടായിരുന്നതു്. പഞ്ചാബിന്റെ കാര്യത്തിൽ ഒരു പ്രത്യേകത ഉണ്ടായിരുന്നതും ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ഹിന്ദിയും പഞ്ചാബിയും രണ്ടും പഞ്ചാബിൽ ഒരറ്റംമുതൽ മറ്റേയറ്റംവരെ പ്രചരിക്കുന്ന ഭാഷകളാണു്. ചില സ്ഥലങ്ങളിൽ പഞ്ചാബി സംസാരിക്കുന്നവർ അല്പം കൂടുതലുണ്ടെന്നും ചിലേടത്തു് അല്പം കുറവുണ്ടെന്നുമേ വ്യത്യാസമുള്ളു.
ഭാഷാപ്രവിശ്യകൾ എന്ന പ്രശ്നം വിന്ധ്യാചലത്തിനു് തെക്കുള്ള ഭാഗങ്ങളെ മാത്രമേ വാസ്തവത്തിൽ ബാധിച്ചിരുന്നുള്ളു. അതേപ്പറ്റി ചുരുക്കമായി ചിലതു് പ്രസ്താവിക്കാതെ സംഗതികൾ മനസ്സിലാക്കാൻ വിഷമമുള്ളതുകൊണ്ടു് രാജ്യകാര്യപരമെങ്കിലും, ചിലതിവിടെ പറയേണ്ടിയിരിക്കുന്നു. ബ്രിട്ടീഷധികാരം വന്നതോടുകൂടി അവരുടെ കീഴിൽ വന്ന പ്രദേശങ്ങൾ ഒന്നിച്ചു് ചേർത്തതാണു് മദ്രാസ്, ബോംബെ മുതലായ പ്രവിശ്യകൾ എന്നു് പറയേണ്ടതില്ലല്ലോ. 1954-ൽ ബോംബെപ്രവിശ്യയിൽ ഗുജറാത്ത്, മഹാരാഷ്ട്രം, കർണ്ണാടകം എന്നീ മൂന്നു് ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു. അതിർത്തിസ്ഥലങ്ങളിൽ ചില ഇടകലർപ്പുണ്ടായിരുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായി അവ തമ്മിൽ സ്പഷ്ടമായ ഭിന്നത ഉണ്ടായിരുന്നുതാനും. മഹാരാഷ്ട്രത്തിൽ (ബോംബെപട്ടണമൊഴിച്ചാൽ) ഗുജറാത്തി പറയുന്നവർ വളരെ ദുർല്ലഭമായിട്ടേ ഉണ്ടായിരുന്നുള്ളു; അതുപോലെതന്നെ ഗുജറാത്തിൽ മറ്റു് ഭാഷകളും. ഇങ്ങനെ ബോംബെപ്രവിശ്യയിൽ മൂന്നു് ഘടകങ്ങളുണ്ടായിരുന്നുവെങ്കിലും മഹാരാഷ്ട്രരും കർണ്ണാടകരും അതിൽ ഒതുങ്ങിനിന്നിരുന്നില്ല. മഹാരാഷ്ട്രന്മാരിൽ ഒരു പ്രധാനഭാഗം ഹൈദരാബാദിലെ മറാത്തുവാഡാ എന്നു് പറയുന്ന പടിഞ്ഞാറെ പ്രദേശത്താണു് വസിച്ചിരുന്നതു്. അതുപോലെതന്നെ മധ്യപ്രദേശ(Central Provinces)ത്തിൽ ബീറാർ എന്നറിയപ്പെട്ടിരുന്ന വിദർഭരാജ്യം മഹാരാഷ്ട്രന്മാരുടേതായിരുന്നു. അതുകൊണ്ടു് സംയുക്ത മഹാരാഷ്ട്രപ്രവിശ്യ നിർമ്മിക്കണമെങ്കിൽ, ബോംബെ, ഹൈദരാബാദ്, മദ്ധ്യപ്രദേശം എന്നിവയെ ഉടച്ചുവാർക്കാതെ സാധിക്കയില്ലെന്നു് സ്പഷ്ടമാണല്ലോ.
ഇതിലും കഷ്ടമായിരുന്നു കർണ്ണാടകത്തിന്റെ കഥ. കർണ്ണാടകക്കാർ അഞ്ചു് പ്രവിശ്യകളിലായിട്ടാണു് താമസിച്ചിരുന്നതു്. ബോംബെയിലെ തെക്കൻജില്ലകൾ, ഹൈദരാബദിലെ ബീദാർ പ്രദേശം, മൈസൂർ, കുടക്, മദ്രാസിൽ ദക്ഷിണകാനറാ—ഇങ്ങനെ ഛിന്നഭിന്നമായി കിടന്ന കർണ്ണാടകജനതയ്ക്കു് സ്വന്തമെന്നു് പറയാൻ മൈസൂർരാജ്യമേ ഉണ്ടായിരുന്നുള്ളു. ഒരു കർണ്ണാടകപ്രവിശ്യയുടെ നിർമ്മാണം എത്ര സംസ്ഥാനങ്ങളെ ബാധിക്കുമെന്നു് ഇതുകൊണ്ടു് തെളിയും. ആന്ധ്രന്മാരും തമിഴന്മാരുമായി അതിർത്തിത്തർക്കങ്ങളേ ഉണ്ടായിരുന്നുവെങ്കിലും ‘വിശാലാന്ധ്രം’ സൃഷ്ടിക്കണമെങ്കിൽ ഹൈദരാബാദ് രാജ്യത്തിലെ പ്രധാനഭാഗമായ തെലിങ്കാന അതിൽ ഉൾപ്പെടുത്താതെ സാധിക്കയില്ല. കേരളത്തിന്റെ കഥ പറകയാണെങ്കിൽ മദ്രാസിൽനിന്നു് മലബാർ ജില്ലകളും മലയാളം സംസാരിക്കുന്ന കാസർകോടും എടുത്തു് ചേർക്കുന്നതു് കൂടാതെ തമിഴ് സംസാരിക്കുന്ന നാഞ്ചിനാടും ചെങ്കോട്ടയും തമിഴകത്തിന്നു് വിട്ടുകൊടുക്കുന്ന പ്രശ്നവുമുണ്ടായിരുന്നു.
ഈ പ്രശ്നത്തിന്റെ പ്രാധാന്യം ആദ്യമായി മനസ്സിലാക്കിയതു് മഹാത്മാഗാന്ധി യാണു്. 1920-ൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാൺഗ്രസ്സിന്റെ ഘടന നവീകരിച്ചപ്പോൾ, ഭാഷയുടെ അടിസ്ഥാനത്തിലാണു് പ്രവിശ്യകളെ രൂപീകരിച്ചതു്. സ്വഭാഷയിലൂടെയല്ലാതെ ബഹുജനങ്ങളെ സമീപിക്കാൻ സാധിക്കയിലെന്നും ജനതയുടെ താങ്ങില്ലാത്ത സ്വാതന്ത്ര്യവാദത്തിനു് ശക്തിയില്ലെന്നും മനസ്സിലാക്കിയാണു് അദ്ദേഹം അങ്ങനെ ചെയ്തതു്. സ്വാതന്ത്ര്യം കിട്ടിയാൽ ഭാഷയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രവിശ്യകൾ എന്നു് അക്കാലത്തു് എല്ലാവരും സമ്മതിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ, ഗാന്ധിജിയുടെ അധീനത്തിൽ രൂപവൽക്കരിക്കപ്പെട്ട ഭാഷാപ്രവിശ്യകൾക്കു് പ്രധാനമായി ഒരപൂർണ്ണത കാണാം. കാൺഗ്രസ്സിന്റെ പ്രവൃത്തിപരിധിയിൽ നാട്ടുരാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. അതുകൊണ്ടു് ഒരു ഭാഷതന്നെ സംസാരിക്കുന്ന സമുദായം ചിലപ്പോൾ ഒന്നിലധികം പ്രവിശ്യകളിലായും ചിലപ്പോൾ പല നാട്ടുരാജ്യങ്ങളിലായും ഛിന്നഭിന്നമായിട്ടാണു് കിടന്നിരുന്നതു്. കന്നടയുടെയും മറാത്തിയുടെയും കാര്യംകൊണ്ടു് ഈ സംഗതി തെളിഞ്ഞു് കാണാവുന്നതാണു്. കാൺഗ്രസ്സിലെ കന്നടപ്രവിശ്യ മൈസൂറിലെ 90 ലക്ഷം കന്നടികരെയും ഹൈദരബാദിൽ ബീദാർ ജില്ലയിൽ ആ ഭാഷ സംസാരിക്കുന്നവരെയും ഉൾപ്പെടുത്തിയിരുന്നില്ല. അതുപോലെ തന്നെ കാൺഗ്രസ്സിന്റെ മഹാരാഷ്ട്രപ്രവിശ്യയിൽ ഹൈദരാബാദിലെ മറാത്താവാഡയും വിദർഭയും ഉൾക്കൊണ്ടിരുന്നില്ല. കേരളത്തിന്റെ കഥ പറയേണ്ടതില്ലല്ലോ.
ആദ്യത്തെ രണ്ടുമൂന്നു് മാസങ്ങൾ ഈ പ്രശ്നത്തിന്റെ പല ഭാഗങ്ങളും ആലോചിച്ചും പഠിച്ചും ദില്ലിയിൽതന്നെ കഴിച്ചു. അതിൽനിന്നു് ഒരു സംഗതി സ്ഫടികംപോലെ ഞാൻ തെളിഞ്ഞുകണ്ടു; ഈ പ്രശ്നത്തിനൊരു പരിഹാരം വേണമെങ്കിൽ ഹൈദരബാദ് സംസ്ഥാനം ഇല്ലാതാക്കയാണു് ആവശ്യം. ഹൈദരബാദ് സംസ്ഥാനത്തിൽ മൂന്നു് ഭാഷകൾ സംസാരിക്കുന്നവരാണു് പ്രധാനമായുണ്ടായിരുന്നതു്. ഭൂരിപക്ഷം സംസാരിച്ചിരുന്നതു് തെലുങ്കാണു്. മറാഠിയും കന്നടയും പ്രത്യേകജില്ലകളിൽ മാതൃഭാഷയായിരുന്നു. ആ സംസ്ഥാനത്തിൽ മൂന്നു് ഭാഷകളുണ്ടായിരുന്നു എന്നുമാത്രമല്ല, ആ ഭാഷകൾ സംസാരിച്ചിരുന്ന പ്രദേശങ്ങൾ തന്നെ വ്യത്യസ്തവുമായിരുന്നു. ഹൈദരാബാദിന്റെ ഐക്യം വാസ്തവത്തിൽ നൈസാമിന്റെ രാജത്വത്തിലാണു് സ്ഥിതിചെയ്തിരുന്നതെന്നു് പറയാം.
ഈ മുപ്പിരിയഴിക്കാതെ പ്രവിശ്യകളുടെ പുനസ്സംഘടന സാധിക്കയില്ലെന്നു് കാണാൻ വലിയ വൈഷമ്യമുണ്ടായില്ല. മറാത്തവാഡയില്ലാത്ത സംയുക്തമഹാരാഷ്ട്രം ഒരു കാലത്തും മഹാരാഷ്ട്രന്മാർക്കു് തൃപ്തികരമാകയില്ലെന്നു് തീർച്ചതന്നെ, അതുപോലെതന്നെ തെലിങ്കാനയുൾപ്പെടാത്ത ആന്ധ്രദേശം ആന്ധ്രന്മാർക്കും. കന്നടക്കാരുടെ പ്രത്യേകതയായ വീരശൈവസമ്പ്രദായത്തിന്റെ പല പാവനക്ഷേത്രങ്ങളും ബീദാർപ്രദേശത്തിലായിരുന്നു. ഇങ്ങനെ മറാഠികളുടെയും തെലുങ്കരുടെയും കന്നടരുടെയും പ്രവിശ്യാവകാശങ്ങൾക്കു് പൊതുവെ ബാധകമായിട്ടായിരുന്നു ഹൈദരബാദിന്റെ സ്ഥിതി.
ഹൈദരബാദിനെ പങ്കിടാതെ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസംഘടന സാധിക്കയില്ലെന്നു് സ്പഷ്ടമാണെങ്കിലും അതിനു് ചില പ്രധാനതടസ്സങ്ങളുണ്ടായിരുന്നു. ഒന്നാമതു് പ്രധാനമന്ത്രി നെഹ്റു ഹൈദരബാദിനെപ്പറ്റി ചില അഭിപ്രായങ്ങൾ മുമ്പു് പറ്ഞ്ഞിട്ടുണ്ടു് എന്നുള്ളതാണു്. ഹൈദരബാദ് നമ്മുടെ സംസ്ക്കാരൈക്യത്തിന്റെ ഒരു ജയസ്തംഭമാണെന്നും അതു് നിലനിർത്തിക്കൊണ്ടു് പോകുന്നതു് നമ്മുടെ മതേതരരാജ്യത്തിന്റെ ഒരു സ്മാരകമായിരിക്കുമെന്നും അദ്ദേഹം പണ്ടെവിടെ വെച്ചോ പറകയുണ്ടായത്രെ. രണ്ടാമതു് ഇന്ത്യയിലെ മുസ്ലിംജനങ്ങൾ ഹൈദരബാദും നൈസാമും തങ്ങളുടെ പുരാതനമഹത്വത്തിന്റെ ഒരു ലക്ഷ്യമായി കണക്കുകൂട്ടുന്നുവെന്നും ഹൈദരബാദിനെ മൂന്നായി പങ്കിടുകയാണെങ്കിൽ നൈസാമിന്റെ രാജപ്രമുഖത്വവും ആ സംസ്ഥാനത്തിന്റെ മുസ്ലിംഛായയും തീർച്ചയായും പോകുമെന്നെതിനാൽ അതു് അവർക്കു് വലിയ അതൃപ്തിക്കു് കാരണമാകുമെന്നും ഒരു വാദമുണ്ടായിരുന്നു. ഞങ്ങളുടെ അധ്യക്ഷനായ സലേആലിക്കു് ഈ വാദങ്ങളെ അടിസ്ഥാനപ്പെടുത്തി ഹൈദരബാദ് എങ്ങനെയെങ്കിലും നിലനിർത്തിയാൽകൊള്ളാമെന്നുള്ള അഭിപ്രായമാണുണ്ടായിരുന്നതു്. ഞങ്ങൾ മൂന്നാളും തമ്മിൽ നിത്യവുമുണ്ടായിക്കൊണ്ടിരുന്ന വാദപ്രതിവാദങ്ങളിൽനിന്നാണു് ഈ സംഗതി എനിക്കു് മനസ്സിലാക്കുവാൻ സാധിച്ചതു്.
പ്രശ്നത്തിന്റെ സ്വഭാവമേതാണ്ടു് മനസ്സിലാക്കിയശേഷം ഞങ്ങൾ പ്രധാനസ്ഥലങ്ങളിലെല്ലാം പോയി അവിടവിടെയുള്ള ജനപ്രതിനിധികളും ഗവണ്മെന്റുമായി സംസാരിച്ചു് അഭിപ്രായങ്ങൾ അറിയുന്നതിനു് തീർച്ചയാക്കി. മേയ്മാസം അവസാനത്തോടുകൂടിയാണു് യാത്രയാരംഭിച്ചതു്. ആദ്യം പോയതു് കേരളത്തിലാണു്. കേരളത്തിന്റെ കാര്യത്തിൽ വലിയ വൈഷമ്യമൊന്നുമില്ലെങ്കിലും എന്നെസ്സംബന്ധിച്ചിടത്തോളം അതൊരു പ്രധാനസംഗതിയായിരുന്നു. മലയാളം സംസാരിക്കുന്ന ജനത തിരുവിതാംകൂർ, കൊച്ചി, മലബാർജില്ല, കാസർകോടു് താലൂക്ക് എന്നിവിടങ്ങളിലാണല്ലോ അധിവസിക്കുന്നതു്. അവരെ ഒന്നിച്ചുചേർത്തു് ഒരു ഐക്യകേരളം സ്ഥാപിക്കണമെന്നു് പ്രമാണികളായ കേരളീയർ വാദിച്ചുതുടങ്ങിയിട്ടു് വളരെ നാളായിരുന്നുതാനും. മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായി മലബാർ ജില്ലയിരിക്കുന്നതു് തങ്ങൾക്കിഷ്ടമല്ല എന്ന സംഗതി തമിഴുനാട്ടുകാർ മറച്ചുവെച്ചിരുന്നില്ല. ആന്ധ്രക്കാർ മാറിപ്പോയ സ്ഥിതിക്കു്, മാദ്രാസിലെ ചെറിയൊരു വിഭാഗംമാത്രമായ മലബാർജില്ലയെക്കൂടി ഒഴിച്ചുവിടുകയാണെങ്കിൽ തമിഴുനാടു് പ്രത്യേകമൊരു പ്രവിശ്യയായിത്തീരുമല്ലോ. ആ സ്ഥിതിക്കു് മലയാളഭാഷ പ്രചരിക്കുന്ന ദേശങ്ങൾ ഒന്നിച്ചുചേർത്തു് ഒരു പ്രവിശ്യയാക്കുന്നതിൽ വലിയ വൈഷമ്യമൊന്നും സൂക്ഷിച്ചു് നോക്കിയാൽ കാണാനില്ലായിരുന്നു.
വാസ്തവം അങ്ങനെയാണെങ്കിലും ചില അവകാശവാദങ്ങളും പ്രത്യേകതാൽപര്യങ്ങളും ഈ വിഷയത്തിൽ അനാവശ്യമായ കുഴപ്പങ്ങളുണ്ടാക്കിത്തീർത്തു. ഒന്നാമതായി തിരുവിതാംകൂർകാർക്കു്—പ്രത്യേകിച്ചും തിരുവനന്തപുരത്തു് പ്രാധാന്യം വഹിക്കുന്ന നായർപ്രമാണികൾക്കു്—തമിഴു മാതൃഭാഷയായ നാഞ്ചിനാടു് തമിഴകത്തേയ്ക്കു് വിട്ടുകൊടുക്കുന്നതിൽ ബദ്ധവിരോധമായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാർ നാഞ്ചിനാട്ടിൽനിന്നു് വന്നവരാകയാൽ രാജവംശത്തിനു് തെക്കൻതിരുവിതാംകൂറുമായി ബന്ധമുണ്ടു് എന്നുള്ളതു് ശരിതന്നെ. രാജാധികാരം നിലനിന്നിടത്തോളം തിരുവിതാംകൂർ വിട്ടുപോകണമെന്നു് നാഞ്ചിനാട്ടിലെ തമിഴന്മാർ ആഗ്രഹിച്ചുമില്ല. പക്ഷേ, സ്വാന്തന്ത്ര്യലാഭത്തിനു് മുൻപുതന്നെ പ്രജാധിപത്യം തിരുവിതാംകൂറിൽ മുളച്ചുതുടങ്ങിയതോടുകൂടി ആ രാജ്യത്തിലെ ചെറിയൊരു ന്യൂനപക്ഷംമാത്രമായിരുന്നെങ്കിലും നാഞ്ചിനാട്ടിൽ തൊണ്ണൂറുശതമാനം വരുന്ന തമിഴർക്കു് തമിഴുനാട്ടിനോടു് ചേരുന്നതിലാണു് തങ്ങളുടെ ഭാവിയെന്നു് തോന്നിത്തുടങ്ങി. സ്വാതന്ത്ര്യത്തിനുശേഷം രാജാധികാരം നശിച്ചു. തിരു-കൊച്ചി ജനനമെടുത്തപ്പോൾ നാഞ്ചിനാട്ടിലെ ആളുകൾക്കു് കാൺഗ്രസ്സിൽനിന്നുതന്നെ ഭിന്നിച്ചു് തമിഴുനാട്ടിൽ ചേരണമെന്നു് നിർബ്ബന്ധമായി. ഭാഷാപ്രവിശ്യകളുടെ പ്രശ്നം മുന്നോട്ടു് വന്നതോടുകൂടി ആ വാദത്തിന്റെ പ്രാധാന്യവും വർദ്ധിച്ചു.
മലയാളികൾ മിക്കവാറും ഇതിനു് വിപരീതമായിരുന്നു. അവരുടെ വാദമുഖങ്ങൾ ആശ്ചര്യകരമെന്നാണു് പറയേണ്ടതു്. പരശുരാമൻ സൃഷ്ടിച്ച കേരളം ഗോകർണ്ണംമുതൽ കന്യാകുമാരിവരെയാണെന്നും അതുകൊണ്ടു് കന്യാകുമാരി ഒരിക്കലും തമിഴർക്കു് വിട്ടുകൊടുക്കാൻ പാടില്ലെന്നുമായിരുന്നു ഒന്നാമത്തെ വാദം. പരശുരാമൻ സൃഷ്ടിച്ചതെന്നായാലും കേരളത്തിന്റെ ഒരൊഴിച്ചുകൂടാത്ത ഭാഗമാണുപോലും നാഗർകോവിലും കന്യാകുമാരിയും. ആ വാദത്തിൽ അർത്ഥമൊന്നുമില്ലെന്നു് പറയേണ്ടതില്ലല്ലോ—ഒരു കാലത്തും ഗോകർണ്ണംമുതൽ കാസർകോഡുവരെയുള്ള ഭാഗം കേരളത്തിൽ ഉൾപ്പെട്ടതായി ചരിത്രം പറയുന്നില്ല. കന്യാകുമാരിയുടെ കാര്യമാണെങ്കിൽ, ചരിത്രകാലങ്ങളിൽ അതു് ചിലപ്പോൾ കേരളത്തിലെ രാജാക്കന്മാരുടെ കീഴിലും ചിലപ്പോൾ തമിഴുനാട്ടുരാജാക്കന്മാരുടെ കീഴിലുമായിരുന്നു. എന്നാൽ നെയ്യാറ്റിൻകരയ്ക്കു് തെക്കുള്ള താലൂക്കുകൾ തമിഴു് സ്വഭാഷയായ ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളായിരുന്നു എന്നുള്ളതിനു് സംശയമില്ല. ആ സ്ഥിതിക്കു് ഭാഷയുടെ അടിസ്ഥാനത്തിൽ പ്രവിശ്യകൾ നിർമ്മിക്കുകയാണെങ്കിൽ ആ താലൂക്കുകൾ തമിഴുനാട്ടിലുൾപ്പെടുത്താതെ നിവൃത്തിയുമില്ല.
ഇതായിരുന്നു അന്നാട്ടിലെ ജനങ്ങളുടെ അഭിപ്രായമെന്നുള്ളതിനും സംശയമില്ല. സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ തിരഞ്ഞെടുപ്പിൽ ഈ താലൂക്കുകളിൽ തമിഴുരാജ്യവാദികൾക്കായിരുന്നു സ്പഷ്ടമായ വിജയം ലഭിച്ചതു്. മറ്റു് സംഗതികളിൽ കാൺഗ്രസ്സിനോടു് ചേർന്നുനിന്നുവെങ്കിലും ഈ ഒരു കാര്യത്തിലുള്ള അഭിപ്രായഭിന്നതകൊണ്ടു്, അവർ കാൺഗ്രസ്സ് കക്ഷിയിൽ ചേരാതെ നിന്നു. ഫസ്രേ ആലിക്കും കുൺസ്രൂണും ആദ്യമൊക്കെ സഹ്യാദ്രിക്കു് പടിഞ്ഞാറുവശം കേരളത്തിൽത്തന്നെ ഇരുന്നുകൊള്ളട്ടെ എന്നു് പൊതുവേ ഒരഭിപ്രായമുണ്ടായിരുന്നു. എങ്കിലും ആ പ്രദേശത്തിന്റെ പ്രകൃതിവ്യത്യാസവും അവിടുത്തെ ഗ്രാമസമ്പ്രദായവും ജനങ്ങളുടെ ഉടുപ്പും കെട്ടും കണ്ടപ്പോൾ അതു് തമിഴുനാടുതന്നെ എന്നു് അവർക്കും ബോധ്യംവന്നു.
ഞാൻ അതു് സമ്മതിച്ചുകൊടുത്തതു് കേരളത്തിനെ ദ്രോഹിക്കുന്നതായിട്ടാണു് തിരുവിതാംകൂറിൽ പലർക്കും തോന്നിയതു്. ഉടമസ്ഥാവകാശംവെച്ചായിരുന്നു അവരുടെ വാദം. തിരുവിതാംകൂർ സംസ്ഥാനത്തിലുൾപ്പെട്ടതു് പരദേശികൾക്കു് വിട്ടുകൊടുക്കയോ? ഒരു കേരളീയനെന്നല്ലാതെ തിരുവിതാംകൂർകാരനെന്നോ തിരുവിതാംകൂർ മഹാരാജാവിന്റെ പ്രജയെന്നോ ഞാൻ അഭിമാനിച്ചിട്ടില്ല. ആ സ്ഥിതിക്കു് നാഞ്ചിനാടു്, അവീടുത്തെ ജനതയുടെ ഇഷ്ടംപോലെ, കേരളത്തിലോ തമിഴുനാട്ടിലോ ചേരേണ്ടതാണെന്നും ഭാഷയുടെ അടിസ്ഥാനത്തിൽ വിചാരിക്കുകയാണെങ്കിൽ അതു് നിസ്സംശയം തമിഴുനാട്ടിൽപ്പെട്ടതാണെന്നുമുള്ള എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾക്കു് വിപരീതമായി ഞാനൊന്നുംതന്നെ കണ്ടില്ല.
നാഞ്ചിനാടും ചെങ്കോട്ടയും തിരുവിതാംകൂറിൽനിന്നെടുത്തു് തമിഴുനാട്ടിൽ ചേർക്കയാണെങ്കിൽ പീരുമേടും ദേവികുളവും ആ അടിസ്ഥാനത്തിൽതന്നെ അവർക്കു് വിട്ടുകൊടുക്കേണ്ടതല്ലായിരുന്നോ എന്നു് ഒരു ചോദ്യം വരാം. അതായിരുന്നു തമിഴുനാട്ടുകാരുടെ വാദവും. അതിനെതിരായിരുന്നു ഞാൻ കാരണം, തമിഴു് ഭാഷ സംസാരിക്കുന്നവരാണു് അവിടെ ഭൂരിപക്ഷമെങ്കിലും, അവർ അവിടുത്തുകാരല്ല; തോട്ടങ്ങളിൽ ജോലിക്കുവേണ്ടി തമിഴുനാട്ടിൽനിന്നു് വന്നിരുന്നവർമാത്രമാണു്. അവരുടെ നാടും കുടിയും പാണ്ടിരാജ്യത്തായതിനാൽ ഈ കാര്യത്തിൽ അവരുടെ സംഖ്യ വകവെയ്ക്കേണ്ടതായി എനിക്കു് തോന്നിയില്ല. കാസർകോടു് കേരളത്തിൽ ഉൾപ്പെടുത്തിയും തമിഴുജില്ലകൾ വിട്ടുകൊടുത്തും ഒരു കേരളപ്രവിശ്യയാണു് ഞങ്ങൾ ശുപാർശചെയ്തതു്.
പ്രവിശ്യാപുനർനിർമ്മാണത്തെപ്പറ്റിയുള്ള മറ്റു് സംഗതികൾ പറയുന്നതിനുമുൻപു് കേരളപ്പിറവിയെസ്സംബന്ധിച്ചു് ചില കാര്യങ്ങൾകൂടി പറഞ്ഞുകൊള്ളട്ടെ. നാഞ്ചിനാടു് വിട്ടുകൊടുക്കാൻ തിരുവിതാംകൂർകാർക്കു് വിരോധമായിരുന്നുവെങ്കിൽ മലബാറിലുള്ള പ്രമാണികളിൽ ഒട്ടുമിക്കവരും തിരുവിതാംകൂറിനോടു് ചേരുന്നതിൽ വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. എങ്ങനെയെങ്കിലും മദിരാശിയുടെ വാലായി കഴിയുന്നതിൽ എന്തോ ഒരു പ്രശസ്തിയുണ്ടെന്നാണു് അവരുടെ ഭാവം. ശ്രീ. കെ. പി. കേശവമേനോനും ശ്രീ. ദാമോദരമേനോനു മൊഴിച്ചാൽ, നേതാക്കളെന്നു് പറയാവുന്നവരിൽ മിക്കവരും മദിരാശിപക്ഷപാതികളായിരുന്നു. തിരുവിതാംകൂർകാർക്കു് കേരളത്തിൽ ഭൂരിപക്ഷമുണ്ടാകുമെന്നും അവരുടെ അധികാരത്തിൽ തങ്ങൾക്കു് കഴിച്ചുകൂട്ടേണ്ടിവരുമെന്നുമായിരുന്നു അവരുടെ പേടി. തമിഴുനാട്ടിലെ ഒരു കോണായിക്കഴിയുന്നതാണത്രേ അതിലും ഭേദം.
ഐക്യകേരളത്തിനു് വിപരീതമായി വേറെ ഒരു ശക്തിയും ഇതിനിടയിൽ പ്രത്യക്ഷമായി. അതു് ശ്രീ. വി. കെ. കൃഷ്ണമേനോനാ യിരുന്നുവെന്ന സംഗതി മൂടിവെയ്ക്കേണ്ടതില്ല. കേരളമൊന്നോടെ മദ്രാസിൽ ലയിച്ചു് ഒരു ദക്ഷിണപ്രവിശ്യവേണമെന്നായിരുന്നു മേനോന്റെ അഭിപ്രായം. തൃശ്ശൂർവെച്ചു് കൊച്ചിമഹാരാജാവിന്റെ സാന്നിധ്യത്തിൽക്കൂടിയ ഐക്യകേരളസമ്മേളനത്തിൽ വിമാനംവഴി വന്നു് അതു് അത്യാവശ്യമാണെന്നു് വാദിച്ചു് മടങ്ങിയ ഈ മഹാനുഭാവന്റെ അഭിപ്രായം എന്തു് കാരണവശാലാണാവോ, മാറിമറിഞ്ഞതു്? ഏതായാലും കൃഷ്ണമേനോൻ പറഞ്ഞപ്പോൾ, അദ്ദേഹത്തിനു് പ്രധാനമന്ത്രി നെഹ്റുവിന്റെ മേൽ ഉണ്ടെന്നു് പരക്കെ വിശ്വസിച്ചിരുന്ന സ്വാധീനശക്തിയെ അവലംബിച്ചു്, പല മലയാളിനേതാക്കന്മാരും തെക്കൻപ്രവിശ്യക്കാരായി. ശ്രീ. കൃഷ്ണമേനോന്റെ ബന്ധുക്കാരിലൊരാൾ ഈ വാദം പ്രധാനമന്ത്രിയുടെ മുൻപാകെ സമർപ്പിക്കുന്നതിനു് ഒരു പ്രതിനിധിസംഘവുമായി ദെല്ലിവരെ പോകപോലുമുണ്ടായത്രേ!
എന്റെ മേലും പലതരത്തിലുള്ള സ്വാധീനശക്തി ചെലുത്തുവാൻ പലരും ഒരുമ്പെടാതെയിരുന്നില്ല. ഏതായാലും പ്രധാനമന്ത്രി ഒരു കാലത്തും അനുവദിക്കാനിടയില്ലാത്ത കേരളപ്രവിശ്യയ്ക്കുവേണ്ടി എന്തിനു് ഞാൻ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ വാദം. പോരാത്തതിനു്, തിരുവിതാംകൂറിലുള്ള പത്രങ്ങൾ ഒന്നൊഴിയാതെ എന്നെ കർക്കശമായി അധിക്ഷേപിച്ചുകൊണ്ടുമിരുന്നു. അവരുടെ ആക്ഷേപം അസ്ഥാനത്താണെന്നതിനാൽ ഞാനതിനെ വകവെച്ചില്ല. കൃഷ്ണമേനോൻ എത്രതന്നെ നിർബ്ബന്ധിച്ചാലും നെഹ്റു സ്വേച്ഛാധികാരം പ്രയോഗിച്ചു് ദക്ഷിണപ്രവിശ്യ നടപ്പിൽ വരുത്തുകയില്ലെന്നും എനിക്കറിയാമായിരുന്നു. അങ്ങനെ വിശ്വസിച്ച നേതാക്കന്മാരുടെ ദീർഗ്ഘദർശനപാടവത്തെ അനുമോദിക്കതന്നെ വേണം. തമിഴുനാട്ടിന്റെ സമ്മതമില്ലാതെ കേരളത്തെ അതിൽ ലയിപ്പിച്ചു് ഒരു ദക്ഷിണപ്രവിശ്യ സാധിക്കയില്ലെന്നു് സ്പഷ്ടമാണല്ലോ. സ്വന്തമായി ഒരു തമിഴുനാടു് ലഭിക്കാൻ അവസരം വന്നിരിക്കുമ്പോൾ അതുപേക്ഷിച്ചു് ചില മലയാളിപ്രമാണികളുടെ ആഗ്രഹം കരുതി കേരളവും തമിഴുനാടും യോജിച്ചു് ഒരു പ്രവിശ്യയുണ്ടാക്കാൻ തമിഴുനാടുനേതാക്കന്മാർ സമ്മതിക്കുമെന്നു് ആരു് വിശ്വസിക്കും? എങ്കിലും അങ്ങനെ ചിലർ വിശ്വസിച്ചിരുന്നു. ഇതിനൊക്കെ ആധാരം കൃഷ്ണമേനോനു് നെഹ്റുവിന്റെ മേൽ ഉണ്ടെന്നു് പറഞ്ഞുവന്നിരുന്ന സ്വാധീനശക്തിയത്രേ.
അങ്ങനെ ഒരു ദക്ഷിണപ്രവിശ്യ പ്രവൃത്തിയിൽ വന്നാൽ കേരളത്തിനുണ്ടാകുന്ന ഫലമെന്താണെന്നു് പറയേണ്ടതുണ്ടോ? നാഞ്ചിനാടുമാത്രമല്ല തമിഴുനാടിന്റെ ഭാഗമാകുന്നതു്. പീരുമേടും ദേവികുളവും അവിടുത്തെ തോട്ടംതൊഴിലാളികളുടെ സംഖ്യ കണക്കാക്കി തമിഴുനാടായിത്തന്നെ തീരും. ഇപ്രകാരം നോക്കുകയാണെങ്കിൽ അങ്ങിനെ ഒരു ദക്ഷിണപ്രവിശ്യ സൃഷ്ടിച്ചുകഴിഞ്ഞാൽത്തന്നെയും അധികകാലം നില്ക്കയില്ലെന്നു് തീർച്ചയാണല്ലോ.
കേരളത്തിലേയും മദ്രാസിലേയും അന്വേഷണങ്ങൾ കഴിഞ്ഞു് ഞങ്ങൾ ഒരു മാസത്തോളം ബാംഗ്ളൂരിൽ താമസിച്ചു് കർണ്ണാടകപ്രവിശ്യയെപ്പറ്റിയുള്ള വാദങ്ങൾ കേട്ടു. അതിനുശേഷം ഹൈദരാബാദിന്റെ കാര്യങ്ങൾ നേരിട്ടു് കണ്ടു് മനസ്സിലാക്കുന്നതിനായി ആ സംസ്ഥാനത്തിന്റെ തലസ്ഥാനത്തും ഒരു മാസത്തോളം കഴിച്ചു. അവിടെവെച്ചാണു് ഹൈദരബാദിനെ ഭാഗിച്ചു് വീതിക്കുന്ന കാര്യം ഫസ്ലേ ആലിയെപ്പറഞ്ഞു് സമ്മതിപ്പിച്ചതു്. പോകുന്നിടത്തെല്ലാം സാംസ്കാരികങ്ങളായ കാര്യങ്ങളും അന്വേഷിക്കേണ്ടതു് ഞങ്ങളുടെ കൃത്യത്തിൽ ഉൾപ്പെട്ടതാണെന്നതിനാൽ ഹൈദരബാദിൽ താമസിച്ചപ്പോൾ ദക്ഷിണാപഥത്തിന്റെ ചരിത്രത്തിൽ പ്രധാന്യം വഹിക്കുന്ന ശാതവാഹനന്മാരുടേയും കാകിതേയന്മാരുടേയും തലസ്ഥാനങ്ങൾ മുതലായവ ദർശിക്കുവാനും അവരുടെ ചരിത്രത്തെപ്പറ്റി പലതും മനസ്സിലാക്കുവാനും സാധിച്ചു. പ്രതിഷ്ഠാനമായിരുന്നു ശാതവാഹന്മാരുടെ തലസ്ഥാനം. ശാതവാഹനരാജാക്കന്മാരിൽ ഒരാളായ ഹാലൻ തന്റെ ‘സപ്തശതി’യിൽ (ഗ്രാമസൗഭാഗ്യമെന്നെ പേരിൽ വള്ളത്തോൾ തർജ്ജമചെയ്തിട്ടുള്ള പ്രാകൃതഗ്രന്ഥം) വർണ്ണിച്ചിട്ടുള്ള ഭാഗങ്ങൾ ഇവിടെയാണു്. അവിടെയുള്ള ക്ഷേത്രങ്ങൾ, തീർത്ഥസ്ഥാനങ്ങൾ മുതലായവയെല്ലാംതന്നെ നൈസാം രാജാവിന്റെ പരമതാസഹിഷ്ണുതയിൽ ഇടിഞ്ഞും പൊളിഞ്ഞും കിടക്കയായിരുന്നു. എല്ലോറയിലും അജന്തയിലും മാത്രം വേണ്ട അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടു്.
പ്രസിദ്ധമായ അജന്താഗുഹകളും എല്ലോറയിലെ കൈലാസക്ഷേത്രവും ഈ അവസരത്തിലാണു് ഞാനാദ്യം സന്ദർശിച്ചതു്. ആ രണ്ടു് സ്ഥലങ്ങളും സൗകര്യംപോലെ കണ്ടു്, ഇന്ത്യാചരിത്രത്തിൽ അവയ്ക്കുള്ള സ്ഥാനം മനസ്സിലാക്കുന്നതിനു് സാധിച്ചതു് ഭാഗ്യമായി ഞാൻ കരുതുന്നു.
ഹൈദ്രാബാദിൽ താമസിച്ചപ്പോഴുണ്ടായ ഒരു നേരംപോക്കുകൂടെ ഇവിടെ പറയാമെന്നു് വിചാരിക്കുന്നു. അന്നവിടെ രാജപ്രമുഖപദവിയലങ്കരിച്ചിരുന്ന നൈസാം ഞങ്ങളെ മൂന്നു് പേരേയും ചായയ്ക്കു് വിളിച്ചു് സല്ക്കരിക്കാൻ തീർച്ചയാക്കി. ഒരു ദിവസം രാവിലെ ഞങ്ങൾ ആലോചനകൾക്കായി കൂടിയപ്പോൾ സിക്രട്ടറിയായ ശ്രീ. ചൗധരി വന്നു് പറഞ്ഞു: “നൈസാമിന്റെ ഏ. ഡി. സി. ടെലിഫോണിൽ വിളിച്ചു് പറഞ്ഞിട്ടുണ്ടു്, നിങ്ങൾ മൂന്നുപേരും ഇന്നു് ചായയ്ക്കു് ചെല്ലണമെന്നു്.”
അങ്ങനെത്തന്നെ എന്നു് ഫസ്ലേ ആലി ഉടൻ സമ്മതിച്ചു. കുൺസ്രു വിന്റെയും എന്റേയും അഭിപ്രായം അറിയാതെ സ്വീകരിച്ചു് മറുപടി പറയാൻ ചൗധരി പുറപ്പെട്ടു. വാതിൽ വരെ എത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ തിരികെ വിളിച്ചു് പറഞ്ഞു: “എന്റെ കാര്യത്തിൽ ഞാൻ പറഞ്ഞതായിപ്പറയണം, ‘ക്ഷണനം വരുമ്പോൾ അതേപ്പറ്റി ആലോചിക്ക’മെന്നു്. ഏ. ഡി. സി. ഫോണിൽ വിളിച്ചു് ‘കല്പന’ അറിയിച്ചാൽ വരാൻ ഞാൻ തയ്യാറില്ലെന്നും പറയണം.”
കുൺസ്രു പറഞ്ഞു: “നിങ്ങൾ പറയുന്നതു് ശരിയാണു്. എഴുത്തുവഴി ക്ഷണിക്കേണ്ടതുതന്നെ. പക്ഷേ, അതു് വകവയ്ക്കേണ്ട. നമുക്കു് സ്വീകരിക്കാം.”
ഞാൻ മറുപടി പറഞ്ഞതിങ്ങനെയാണു്: “ഇൻഡ്യൻ പ്രസിഡണ്ടും പ്രൈംമിനിസ്റ്റരും പലപ്പോഴും എന്നെ ക്ഷണിക്കാറുണ്ടു്. അപ്പോഴെല്ലാം ടെലിഫോണിൽ വിളിച്ചാദ്യം സൗകര്യം ചോദിച്ചാലും എഴുത്തു് ഉടനെത്തന്നെ വരും. അവരിൽക്കവിഞ്ഞ ഒരാളായി ഞാൻ നൈസാമിനെ വിചാരിച്ചിട്ടില്ല. അതുകൊണ്ടു് എഴുത്തു് വരാതെ പോകാൻ എനിക്കു് മനസ്സില്ല. നിങ്ങൾ പോയി ചായ കുടിക്കുക.”
ചൗധരി ടെലിഫോണിൽ മറുപടി പറഞ്ഞപ്പോൾ, എഴുത്തയച്ചു് ക്ഷണിക്കുന്ന പതിവു് നൈസാമില്ലെന്നും, ടെലിഫോണിൽ അറിയിച്ചാണു് ഹൈക്കമ്മീഷണർമാർ, അംബാസഡർമാർ മുതലായവരെപ്പോലും ചായയ്ക്കു് വിളിക്കാറുള്ളതെന്നുമത്രേ ഏ. ഡി. സി. മറുപടി പറഞ്ഞതു്. ഇതു് കേട്ടപ്പോൾ കുൺസ്രുവിന്റെയും ഭാവം മാറി: “എഴുത്തയച്ചു് ക്ഷണിക്കയില്ലെന്നാണു് വാദമെങ്കിൽ ഞാനും വരുന്നില്ലെന്നു് പറഞ്ഞേയ്ക്കണം.” എന്നിട്ടെന്റെ നേരെ തിരിഞ്ഞു് പറഞ്ഞു: “ഈ സ്ഥാനഭ്രഷ്ടരായ രാജാക്കന്മാർക്കു് ഇപ്പോഴും ഇത്ര ധിക്കാരമുണ്ടെന്നു് ഞാൻ മനസ്സിലാക്കിയില്ല. അല്ലെങ്കിൽ ഞാനും ആദ്യം നിങ്ങൾ പറഞ്ഞ മറുപടിതന്നെ പറഞ്ഞേനേ.”
ഫസ്ലേ ആലിക്കു് ഒരുവക ശ്വാസംമുട്ടലായി. നൈസാമിനെ ഇങ്ങനെ അപമാനിക്കയോ! അദ്ദേഹം ചൗധരിയോടു് പറഞ്ഞു: “നിങ്ങൾ പോയി നൈസാമിന്റെ സിക്രട്ടറിയെ കണ്ടു് കാര്യം പറയുക. നൈസാം പറഞ്ഞിട്ടു് പ്രൈവറ്റ് സിക്രട്ടറി എഴുതുന്നതായി മതി.”
അതുകൊണ്ടു് വിരോധമില്ല എന്നു് ഞാനും പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ അപ്രകാരമെഴുത്തുംകൊണ്ടു് ചൗധരി തിരികെ വന്നു. എന്നാൽ അതുകൊണ്ടു് തീർന്നില്ല ഈ ചായസ്സൽക്കാരത്തിന്റെ വിശേഷം. ഞങ്ങൾ നാലര മണിക്കു് കൊട്ടാരത്തിൽ ചെന്നു. അല്പം കഴിഞ്ഞപ്പോൾ പഴയ ഒരു അച്കനും കാലുറയുമിട്ടു് തലയിൽ ഒരു തുർക്കിത്തൊപ്പിയും വെച്ച വയസ്സന്റെ മുൻപിൽ ഞങ്ങൾ ഹാജരാക്കപ്പെട്ടു. നൈസാമിന്റെ പിശുക്കിനെപ്പറ്റിയും മറ്റും പല കഥകൾ മുൻപുതന്നെ കേട്ടറിവുള്ള ഞങ്ങൾക്കുപോലും ആശ്ചര്യകരമായി തോന്നുന്നവിധമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഞങ്ങളെ ഔപചാരികമായി പരിചയപ്പെടുത്തിയപ്പോൾ, കുൺസ്രുവിനെപ്പറ്റിയും എന്നെപ്പറ്റിയും ആദ്യമായി കേൾക്കയാണെന്നായിരുന്നു ഭാവം. കുൺസ്രു വളരെ നാളായി പാർല്യമെന്റിൽ മെമ്പറാണെന്നും ഭാരതസേവാസംഘ(Servants of India Society)ത്തിന്റെ പ്രസിഡഡെന്റാണെന്നും പറഞ്ഞപ്പോൾ, “അങ്ങനെയോ Servants of India Society യോ, അതെവിടെയാണു്?” എന്നായിരുന്നു നൈസാമിന്റെ ചോദ്യം. അറിയാഞ്ഞിട്ടല്ല, അധിക്ഷേപിക്കാനായി അറിഞ്ഞുകൂട്ടി ചെയ്ത ചോദ്യമായിരുന്നു അതു്. ഞാൻ ബിക്കാനീറിൽ മുഖ്യമന്ത്രിയായിരുന്നുവെന്നും ചൈനായിലും ഈജിപ്തിലും അമ്പാസഡറായിരുന്നു എന്നും പറഞ്ഞപ്പോഴും ഞാനൊന്നുമറിഞ്ഞിട്ടില്ലേ എന്ന ഭാവമായിരുന്നു നൈസാമിന്റെ മുഖത്തു്.
ഹൈദരബാദിലെ താമസം കഴിഞ്ഞപ്പോൾ പുതിയ പ്രവിശ്യകളുടെ രൂപമേതാണ്ടു് തെളിഞ്ഞുകണ്ടു. കേരളം, കർണ്ണാടകം, ആന്ധ്രദേശം, തമിഴുനാടു്—ഇങ്ങനെ തെക്കേ ഇൻഡ്യ നാലായിത്തീരാതെ നിവൃത്തിയില്ലെന്നു് തെളിഞ്ഞതോടൊന്നിച്ചു് മറ്റു് പ്രശ്നങ്ങൾ അതതിന്റെ നിലയിൽ അടങ്ങി. വടക്കേ ഇൻഡ്യൻപ്രദേശങ്ങളുടെ കാര്യത്തിൽ മിക്കവാറും അതിർത്തിത്തർക്കങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നു് ആലിയും കുൺസ്രുവും ശഠിച്ചുവെങ്കിലും, ഉത്തരപ്രദേശത്തെ രണ്ടായി ഭാഗിക്കാതെ പ്രവിശ്യാപ്രശ്നത്തിനും ഇൻഡ്യയുടെ രാഷ്ട്രീയസമാധാനത്തിനും പരിഹാരമുണ്ടാകയില്ലെന്നായിരുന്നു എന്റെ വാദം. ഉത്തരപ്രദേശത്തിന്റെ ജനസംഖ്യ അന്നു് ആറുകോടി നാലുലക്ഷമായിരുന്നു. അതിനോടു് ഏറ്റവും അടുത്ത ജനസംഖ്യ 6 1/2 കോടി, ബീഹാറിനാണുണ്ടായിരുന്നതു്. ശിഷ്ടമുള്ള രാജ്യങ്ങൾ മിക്കവാറും രണ്ടുകോടിക്കും മൂന്നുകോടിക്കും ഇടയ്ക്കും കേരളം, ആസ്സാം, ഒറീസ്സാ എന്നിവ അതിലും കുറഞ്ഞുമിരുന്നതിനാൽ, സംസ്ഥാനങ്ങൾ തമ്മിൽ വലുതായ വ്യത്യാസങ്ങൾക്കു് അതു് കാരണമാകുമെന്നു് സ്പഷ്ടമാണെല്ലോ. ഉത്തരപ്രദേശത്തെ രണ്ടു് പ്രവിശ്യകളിലായി ഭാഗിക്കയാണെങ്കിൽ പ്രവിശ്യകളുടെ സ്ഥിതി ഏകദേശമൊരേതരത്തിലാകുമെന്നും അല്ലാത്തപക്ഷം ഇത്ര വലിയ വ്യത്യാസം വന്നാൽ അതിൽനിന്നുത്തരപ്രദേശത്തിനുണ്ടാകുന്ന സ്വാധീനശക്തി രാജ്യഘടനയ്ക്കു് ഹാനികരമാകുമെന്നുമായിരുന്നു എന്റെ വാദം. ആ അഭിപ്രായത്തോടു് യോജിക്കുന്ന ഒരു വമ്പിച്ച ജനവിഭാഗം ഉത്തരപ്രദേശത്തിലുണ്ടായിരുന്നുവെങ്കിലും അന്നവിടെ മുഖ്യമന്ത്രിയും പിന്നീടു് കേന്ദ്രഗവണ്മെന്റിൽ ആഭ്യന്തരമന്ത്രിയും വളരെ സ്വാധീനശക്തിയുമുണ്ടായിരുന്ന ഒരു നേതാവുമായ ഗോവിന്ദവല്ലഭപന്ത് ഉത്തരപ്രദേശത്തിൽ ആരും കൈവയ്ക്കരുതെന്നു് ശാഠ്യം പിടിച്ചിരുന്നു. അദ്ദേഹത്തെ താങ്ങിയേ കാൺഗ്രസ് പ്രവർത്തകസമിതിയും ഇൻഡ്യാഗവണ്മെന്റുനേതാക്കളും നില്ക്കയുള്ളു എന്നും തീർച്ചയാണു്. ആ സ്ഥിതിക്കു് ഉത്തരപ്രദേശത്തെ വിഭജിക്കണമെന്നു് പറയുന്നതുതന്നെ കാൺഗ്രസ് ഹൈകമാൻഡിനും കേന്ദ്രീയമന്ത്രിസഭയ്ക്കും പിടിക്കയില്ലെന്നും അതേപ്പറ്റി വാദിക്കുന്നതു് എന്റെ ഭാവിക്കുതന്നെ ബാധകമാകുമെന്നാണു് എന്റെ സ്നേഹിതന്മാർ ഉപദേശിച്ചതു്. അതു് ഒട്ടൊക്കെ വാസ്തവമാണെന്നു് എനിക്കും അറിയാം. എങ്കിലും ഇത്ര പ്രാധാന്യമുള്ള കാര്യത്തിൽ സ്വാർത്ഥം വിചാരിച്ചു് രാജ്യത്തിനു് ഗുണകരമെന്നു് എനിക്കു് വിശ്വാസമുള്ള ഒരഭിപ്രായത്തെ മറച്ചുവെയ്ക്കുവാൻ ഞാൻ തയ്യാറായിരുന്നില്ല. ഞങ്ങൾ റിപ്പോർട്ടെഴുതിയപ്പോൾ മിക്ക കാര്യങ്ങളിലും ഐകകണ്ഠ്യമായ അഭിപ്രായമാണു് രേഖപ്പെടുത്തിയതെങ്കിലും യൂ. പി. യെ വിഭജിക്കണമെന്ന എന്റെ അഭിപ്രായത്തെ പല വാദമുഖങ്ങൾകൊണ്ടും കണക്കുകൾകൊണ്ടും സമർത്ഥിക്കുന്ന ഒരഭിപ്രായവ്യത്യാസക്കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതു് ചെറിയൊരു കലാപംതന്നെ ഉണ്ടാക്കിയെന്നു് എടുത്തു് പറയേണ്ടതായിട്ടില്ല.
കമ്മിഷൺ ഇൻഡ്യയിലെ എല്ലാ ഭാഗത്തും സഞ്ചരിച്ചു് ആസ്സാംമുതൽ കന്യാകുമാരിവരെയുള്ള പ്രധാനസ്ഥലങ്ങളിലെല്ലാം താമസിച്ചു് അന്വേഷണങ്ങൾ നടത്തിയതുമൂലം ദേശീയ ചരിത്രങ്ങൾ മനസ്സിലാക്കുവാൻ എനിക്കു് ഇട ലഭിച്ചു എന്നുള്ളതു് വലുതായ ഒരു കാര്യമായിരുന്നു. നാഗാലാൻഡ്, നിഫാ മുതലായി സാധാരണ നേതാക്കന്മാർപോലും പോയിക്കാണാറില്ലാത്ത സ്ഥലങ്ങളിലും ഞങ്ങൾ പോയി. കമ്മിഷന്റെ മറ്റംഗങ്ങൾ കൂടാതെ ഞാൻ മാത്രമാണു്, ഡെപ്യൂട്ടി സിക്രട്ടറി ഏ. കെ. റായി യും ഒന്നിച്ചു് ലക്ഷദ്വീപിൽ സഞ്ചരിച്ചതു്. കൊച്ചിയിൽനിന്നും നാവികസൈന്യത്തിലെ ഒരു ഫ്രഗേറ്റി(Frigate)ലാണു് ഞങ്ങൾ രണ്ടു പേരും ആപ്പീസിൽനിന്നു് മറ്റു് ചില കീഴുദ്യോഗസ്ഥന്മാരുമൊന്നിച്ചു് യാത്ര ചെയ്തതു്. മിനിക്കോയിതൊട്ടു് അമിൻദ്വീപുവരെയുള്ള ഈ ചെറുതുരുത്തുകളിൽ പലതിലുമിറങ്ങി അവിടുത്തെ സ്ഥിതിഗതികൾ ഞങ്ങൾ അന്വേഷിച്ചു. ലക്ഷദ്വീപിലെ ഭാഷ മലയാളമാണെന്നു് പരക്കെ അറിയാമല്ലോ. ജനത ഇസ്ലാംമതക്കാരാണെങ്കിലും അക്കാലത്തു് മരുമക്കത്തായമാണു് അവിടെ നടപ്പിൽ ഇരുന്നതു്. കാരണവന്മാരുടെ ഒരു കൗൺസിലാണു് നീതിന്യായങ്ങൾ നടത്തിയിരുന്നതു്. ആദ്യമായി ഇൻഡ്യയിൽ സ്ഥാപിച്ച മുസ്ലിംപള്ളി ലക്ഷദ്വീപിലാണെന്നു് വിശ്വസിച്ചുവരുന്നു.
ഈ ദ്വീപുകൾ പവിഴപ്പുറ്റിൽനിന്നുണ്ടായതാണു്. മിനിക്കോയി കൂട്ടത്തിൽ സാമാന്യം വലിയിരു ദ്വീപാണെങ്കിലും ഈ തുരുത്തുകൾക്കു് രണ്ടു് മൂന്നു് മയിലിൽ കൂടുതൽ നീളവും അരമൈലിൽ കൂടുതൽ വീതിയുമില്ല. രണ്ടു് ചെറുതുരുത്തുകൾ അടുത്തു് കിടക്കുന്നുണ്ടു്. അതിൽ ഒന്നു് പണ്ടാരവക(മുൻകാലങ്ങളിൽ ആലി രാജാവിന്റെ വക)യും മറ്റതു് കുടിവകയുമാണു്. തെങ്ങുകൃഷിയും കടലിൽനിന്നു് മീൻ പിടിച്ചു് ഉണക്കി വില്ക്കലും—രണ്ടുപജീവനമാർഗ്ഗമേ ഈ ദ്വീപുകളിൽ ഉണ്ടായിരുന്നുള്ളു. ആ ദ്വീപുകൾ വിട്ടു് പുറത്തു് പോയിരുന്നവരിലധികവും യൂറോപ്യൻ കപ്പലുകളിൽ ലാസ്ക്കാരന്മാരായി (പണിക്കാരായി) ട്ടാണു്. കൊപ്രയും മത്സ്യവും കോഴിക്കോട്ടു് വിറ്റു് നെല്ലുമരിയും വാങ്ങിയാണു് അവർ ജീവിച്ചിരുന്നതു്.
കേരളത്തോടു് തൊട്ടടുത്തതെങ്കിലും ലക്ഷദ്വീപു് കേരളത്തിന്റെ ഒരു ഭാഗമായി ഭരിച്ചുകൊണ്ടുപോകുവാൻ സാധിക്കുമോ എന്നു് എനിക്കു് സംശയമായിരുന്നു. ഒട്ടുവളരെ പണം ചെലവാക്കാതെ ആ സ്ഥലങ്ങൾ നന്നാക്കിയെടുക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടു് അവ ആൻഡമാൻ മുതലായപോലെ കേന്ദ്രീയഗവണ്മെന്റിന്റെ ചുമതലയിൽ വിട്ടു് കൊടുക്കുന്നതു് ഉത്തമമായിരിക്കുമെന്നു് എനിക്കു് തോന്നി.
ഇങ്ങനെ ഇൻഡ്യയിൽ എല്ലാ പ്രവിശ്യകളും നടന്നു് കണ്ടു് അവയുടെ പ്രശ്നങ്ങൾ പഠിച്ചശേഷമാണു് ഞങ്ങൾ റിപ്പോർട്ട് എഴുതാൻ തീർച്ചയാക്കിയതു്. അതിനു് ഒരുമ്പെടുന്നതിനു് മുൻപേ ചില കാര്യങ്ങൾക്കായി ഒരു മാസം ഇളവെടുക്കുന്നതിനു് ഞങ്ങൾ തീർച്ചയാക്കി. കുൺസ്രുവിനു് ഇന്റർ പർല്യമെന്ററി ബോർഡ് സംബന്ധിച്ചു് ജപ്പാനിൽ പോകേണ്ടതുണ്ടായിരുന്നു. യുണെസ്ക്കോ (UNESCO) വക വിശ്വസാംസ്കാരികചരിത്രത്തിന്റെ ഒടുവിലത്തെ വാള ്യമെഴുതാനായി നിയമിതരായ മൂന്നു് പേരിൽ എന്നെയും ഉൾപ്പെടുത്തിയിരുന്നുവെന്നു് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ലോകത്തിലെ പ്രമാണപ്പെട്ട ചരിത്രകാരന്മാർ ഒന്നിച്ചു് ചേർന്ന ഒരു സംഘമായിരുന്നു അതിന്റെ നിർവ്വാഹകസമിതി. ആ സമിതിയുടെ അതിപ്രധാനമായ ഒരു സമ്മേളനം പാരീസ്സിൽവെച്ചുണ്ടാകുമെന്നും അതിൽ പങ്കെടുക്കേണ്ടതാണെന്നും യുണെസ്ക്കോക്കാർ എന്നെ അറിയിച്ചിരുന്നതിനാൽ എനിക്കു് യൂറോപ്പിലേയ്ക്കു് പോകേണ്ടതുണ്ടായിരുന്നു. ഫസ്ലേ ആലി സുഖക്കേടുകാരനായിരുന്നുതാനും.
പാരീസ്സിലുണ്ടായ മീറ്റിങ്ങിൽ ഒടുവിലത്തെ വാള ്യത്തിന്റെ കർത്താക്കളായ ഞങ്ങൾ മൂവരും ഒന്നിച്ചുചേർന്നു് എങ്ങനെയാണു് മേലാൽ ജോലി തുടരേണ്ടതെന്നു് തീർച്ചയാക്കി. ആദ്യമായി ഞങ്ങൾ ചെയ്തതു് വിപുലമായ ഒരു പ്ലാനുണ്ടാക്കുകയായിരുന്നു. അതു് നിർവ്വാഹകസമിതി സസന്തോഷം സ്വീകരിച്ചു. അതനുസരിച്ചു് ഞങ്ങൾ മൂന്നുപേരും ആദ്യം വെവ്വേറെ ആലോചിക്കയും പഠിക്കയും വേണമെന്നും അടുത്ത ആണ്ടിൽ ഏപ്രിൽമാസത്തിൽ ഒന്നിച്ചുചേർന്നു് എഴുത്തു് തുടങ്ങണമെന്നും തീർച്ചയാക്കിയാണു് തിരിച്ചുപോന്നതു്.
കമ്മിഷന്റെ റിപ്പോർട്ട് അക്ടോബർമാസത്തോടുകൂടി തയാറായി. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന അതിന്റെ ശുപാർശകൾ രാജ്യമാകമാനം എത്ര കോലാഹലമുണ്ടാക്കിയെന്നു് ഇപ്പോൾ ഊഹിക്കാൻപോലും പ്രയാസമാണു്. തമിഴുനാട്ടുകാർക്കും കർണ്ണാടകക്കാർക്കും മാത്രമേ ആകെ ഒരു സംതൃപ്തിയുണ്ടായിരുന്നുള്ളു, ദേവികുളവും പീരുമേടും കിട്ടാത്തതുകൊണ്ടു് തമിഴുനാട്ടിൽ ഒച്ചപ്പാടുണ്ടാകാതിരുന്നില്ല; പക്ഷേ, മദ്രാസിലെ ജനങ്ങൾ അതു് വകവെച്ചില്ല; മലബാർജില്ലകളും തെക്കൻ കർണ്ണാടകവും കാസർകോടിൽ ഒരു ഭാഗം മൈസൂറിൽ ലയിക്കേണ്ടതാണെന്നു് വാദമുണ്ടായിരുന്നുവെങ്കിലും ജനസംഖ്യയനുസരിച്ചു് കേരളത്തോടു് അതിനെ ചേർത്തതിൽ അവരിൽ പ്രമാണികൾക്കു് വലിയ വിരോധമൊന്നുമില്ലായിരുന്നു. കാസർകോടിലെ ചില നേതൃമ്മന്യന്മാർ ഒച്ചപ്പാടുണ്ടാക്കിയതിനെ അവർ പരസ്യമായി എതിർത്തില്ലെന്നേയുള്ളു.
പരസ്പരവിരുദ്ധങ്ങളായ അവകാശവാദങ്ങൾകൊണ്ടു് ആകമാനം ദുഷിച്ച ഒരു പ്രശ്നമായിരുന്നു പ്രവിശ്യാപുനസ്സംഘടന. ന്യായത്തിനും നീതിക്കും ഭാരതജനതയുടെ പൊതുവേയുള്ള ഗുണത്തിനും യോജിച്ചവിധം അതു് സാധിക്കണമെന്നേ ഞങ്ങൾ വിചാരിച്ചുള്ളു. അങ്ങനെയാകുമ്പോൾ പക്ഷംപിടിച്ചു് വാദിക്കുന്നവർക്കു് ഞങ്ങളുടെ അഭിപ്രായങ്ങൾ സ്വീകാര്യങ്ങളായി തോന്നുകയില്ലല്ലോ. എന്നാലും ബോംബെയൊഴിച്ചുള്ള ഞങ്ങളുടെ പ്രധാനശുപാർശകളെ മിക്കവാറും ജനങ്ങൾ അഭിനന്ദിക്കയാണുണ്ടായതു്. ബോംബെയെക്കൂടി കൂട്ടിച്ചേർത്തു് സംയുക്തമഹാരാഷ്ട്രം നിർമ്മിക്കതന്നെയാണു് വേണ്ടതെന്നായിരുന്നു എന്റെ ദൃഢമായ അഭിപ്രായമെങ്കിലും, അങ്ങനെയാണു് ഒടുവിൽ അതു് തീർച്ചയായതെങ്കിലും, എന്റെ രണ്ടു് സ്നേഹിതന്മാരും ആ അഭിപ്രായത്തോടു് യോജിച്ചില്ല. എന്റെ അഭിപ്രായത്തെ മറച്ചുവെച്ചില്ലെങ്കിലും റിപ്പോർട്ടിൽ ഒപ്പിടേണ്ട സമയം വന്നപ്പോൾ ഞാൻ ഭൂരിപക്ഷത്തിനു് വഴങ്ങുകയാണുണ്ടായതു്.
ഹൈദ്രബാദിനെ വിഭജിച്ചതിൽ നെഹ്റുവൊഴിച്ചുള്ള പ്രമാണികൾക്കെല്ലാവർക്കും ജനങ്ങൾക്കു് പൊതുവേയും തൃപ്തിയാണുണ്ടായിരുന്നതു്. നെഹ്റുവും ഒടുവിൽ ആ അഭിപ്രായത്തോടുതന്നെ യോജിച്ചു. ഉത്തരപ്രദേശത്തേയും വിഭജിക്കണമെന്നുള്ള എന്റെ റിപ്പോർട്ട് കണ്ടതോടുകൂടി ഗോവിന്ദവല്ലഭപന്തിന്റെ ആജ്ഞയിൻകീഴിൽ എനിക്കെതിരായി വലിയൊരു പ്രക്ഷോഭണം ആരംഭിച്ചു. കൂടാതെ പടിക്കൽ കുടമുടയ്ക്കുന്നതുപോലെ ഒരു സങ്കടം പ്രവിശ്യകളുടെ സംഘടന സഫലമാകുന്നതിനുമുൻപുണ്ടായി:
അന്നു് ബംഗാളിൽ മുഖ്യമന്ത്രിയായിരുന്ന ബിധാൻ ചന്ദ്രറായി ഭാഷയുടെ അടിസ്ഥാനത്തിൽ പ്രവിശ്യകൾ സംഘടിപ്പിക്കുന്നതിനുപകരം അടുത്തുള്ള പ്രവിശ്യകളെ അവയുടെ വ്യവസായതാല്പര്യങ്ങളനുസരിച്ചു് ഒന്നിപ്പിച്ചു് വലിയ ഘടകങ്ങളായി നിർമ്മിക്കയാണു് വേണ്ടതെന്നും അങ്ങനെയാണെങ്കിൽ ബംഗാൾ, ബീഹാർ, ആസ്സാം എന്നിവ ഒരു പ്രവിശ്യയായി നിർമ്മിക്കുന്നതിനു് തനിക്കു് സമ്മതമാണെന്നും ഒരു പ്രസ്താവന പുറപ്പെടുവിച്ചു. എന്തോ കാരണവശാൽ നെഹ്റുവിനു് ഈ പ്രമേയം വളരെ രുചിച്ചു. ഇങ്ങനെ ഇൻഡ്യയെ നാലോ അഞ്ചോ പ്രവിശ്യകളായി വിഭജിക്കുക ഈ പ്രശ്നത്തിനെല്ലാംതന്നെ ശരിയായ ഒരു മറുപടിയാണെന്നു് അദ്ദേഹത്തിനു് തോന്നി. ബിധാൻറായിയുടെ രാജ്യതന്ത്രജ്ഞതയേയും ദീർഗ്ഘദർശിത്വത്തേയും അനുമോദിച്ചുകൊണ്ടു് ഇങ്ങനെ ഒരു സംവിധാനമാണു് ഇൻഡ്യയ്ക്കു് വേണ്ടതെന്നു് നെഹ്റു പറഞ്ഞപ്പോൾ തിരുവായ്ക്കെതിർവായില്ലെന്നു് ഭാവിക്കുന്ന നേതൃമ്മന്യന്മാർ അതനുസരിച്ചു് പല്ലവി പാടിത്തുടങ്ങി. കൃഷ്ണമേനോനെ അവലംബിച്ചുനിന്ന നമ്മുടെ ദക്ഷിണപ്രദേശക്കാർക്കു് തോന്നി, തങ്ങളുടെ ആശയൊക്കെ സഫലമായെന്നു്; ഐക്യകേരളം തകർന്നതായി അവർ വിശ്വസിച്ചു.
ഈ സംഗതി അമൃതസരസ്സിൽ അക്കാലത്തു് കൂടിയിരുന്ന കാൺഗ്രസ്സിൽ തീർച്ചയാക്കാനാണു് നിശ്ചയിച്ചിരുന്നതു്. കാൺഗ്രസ്സ് കൂടുന്നതിന്റെ തലേ ദിവസം ഞാൻ ദെല്ലിയിൽ ഒരു പ്രസംഗം ചെയ്തു. പ്രവിശ്യകൾ കൂട്ടിച്ചേർത്തു് നാലഞ്ചു് പ്രദേശങ്ങളായി ഇൻഡ്യയെ വിഭജിക്കുന്നതു് വളരെ ആപല്ക്കരമാണെന്നും ആ അഭിപ്രായത്തിനു് ഉപോൽബലകമായി കൊണ്ടുവരുന്ന വാദങ്ങൾ മിക്കവാറും അർത്ഥശൂന്യങ്ങളാണെന്നും ഭാഷാപരമായ അടിസ്ഥാനത്തിൽത്തന്നെയാണു് പ്രവിശ്യകളെ സംഘടിപ്പിക്കേണ്ടതെന്നും ഞാൻ ആ പ്രസംഗത്തിൽ പ്രബലമായി വാദിച്ചു. പിറ്റേ ദിവസം കൂടിയ കാൺഗ്രസ്സിന്റെ സദസ്സിൽ നെഹ്റു പ്രവിശ്യാസംഘടനയെപ്പറ്റി വാദിച്ചുകൊണ്ടിരിക്കേ സദസ്യരിൽ ഒരാൾ എന്റെ പ്രസംഗം കാണുകയുണ്ടായോ എന്നു് ചോദിച്ചു. അതു് കേട്ടു് കോപാവേശംകൊണ്ട നെഹ്റു എന്റെ അഭിപ്രായങ്ങളെ വളരെ ശക്തിയോടെ എതിർത്തു് ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗം കേട്ടിരുന്ന പലർക്കും തോന്നി, നെഹ്റുവിനു് എന്നോടു് ഇനിമേലാൽ വലിയ അപ്രിയമായിരിക്കുമെന്നു്. കാൺഗ്രസ്സ് റിപ്പോർട്ട് ചെയ്യാനായി പോയിരുന്ന തയാസീൻകിൻ എന്ന പ്രസിദ്ധഗ്രന്ഥകർത്തി ‘എന്താണു് നിങ്ങൾ ചെയ്തതു്? നെഹ്റു നിങ്ങളോടു് വളരെ ക്ഷോഭിച്ചിരിക്കുന്നു’ (What have you done? Nehru is furious with you) എന്നൊരു കമ്പി എനിക്കവിടെനിന്നടിക്കുകയുമുണ്ടായി. അതുപോലെത്തന്നെ, എന്റെ മറ്റു് സ്നേഹിതന്മാരും നെഹ്റു ഇത്തവണ എന്നെ ഒരു പാഠം പഠിപ്പിക്കാതിരിക്കയില്ലെന്നാണു് വിചാരിച്ചതു്.
പക്ഷേ, പൊതുക്കാര്യങ്ങളിൽ പരസ്യമായ അഭിപ്രായവ്യത്യാസംകൊണ്ടു് നെഹ്റു പിണങ്ങുമെന്നു് എനിക്കു് വിചാരമുണ്ടായില്ല. പ്രസംഗം കഴിഞ്ഞ പിറ്റേദിവസം ഞാൻ നേപ്പാളിലേയ്ക്കു് പോയി. തിരികെ വന്നപ്പോഴാണു് ഈ കോലാഹലമൊക്കെ മനസ്സിലായതു്. എന്റെ അഭിപ്രായങ്ങളെ സാധൂകരിച്ചും അദ്ദേഹം പിൻതാങ്ങിയിരുന്ന പ്രമേയങ്ങൾ ഇൻഡ്യയുടെ ഐക്യത്തിനു് എത്രമാത്രം ഹാനികരമാകുമെന്നു് കാണിച്ചും താഴെ കൊടുത്തിരിക്കുന്ന മെമ്മോറാണ്ടം എഴുതി ഞാനുടൻതന്നെ അദ്ദേഹത്തിനയച്ചു. നാലുദിവസം കഴിഞ്ഞു് മറ്റുചില കാര്യങ്ങൾക്കായി നെഹ്റുവിനെക്കണ്ടപ്പോൾ അദ്ദേഹം വളരെ സന്തുഷ്ടനായിട്ടാണു് സംസാരിച്ചതെന്നു് മാത്രമല്ല; എന്റെ മെമ്മോറാണ്ടം ശ്രദ്ധിച്ചു് വായിച്ചു എന്നും അതിൽ പ്രതിപാദിച്ച അഭിപ്രായങ്ങളോടു് മിക്കവാറും യോജിക്കുന്നുവെന്നും പറഞ്ഞു. ഏതായാലും അതിൽ പിന്നെ ഈ മഹാപ്രവിശ്യകളെപ്പറ്റി യാതൊന്നുംതന്നെ കേട്ടില്ല. ദക്ഷിണപ്രവിശ്യയും അതോടെ നിന്നു.
Since the decision on the merger of the States will be taken soon. I venture to place before the Prime Minister certain consideration regarding the proposal which strike me as fundamental to the unity, security and peaceful evolution of India. The long range effect of the great zonal states would be to strengthen the position of those overgrown units as against the Center. It is my conviction that the unity and peaceful evolution of India depend on the gradual strengthening of the Center as against the states, and the present proposal will reverse that policy. The united state of Bengal and Bihar as now proposed would have a population of 70 milllions. Besides, it will control the major industrial resources of India. When the Central leadership is strong even such an evergrown state may be willing to follow the leadreship of the Center, but normally it is clear that the balance of power will shift from the Centre to the units, if ther are powerful and have the necessary rosources, wakening if not destroying the unity of India. From a federation growing in power, it will be converted into a confederation in which the Centre will lose power to the periphery.
It is thus in the interest of the unity of india that the states should normally have a population of 20 to 30 millions becoming strong administrative units with their policies controlled by the Centre. Over states of that size, with our great economic schemes cutting across them, the Centre willa be able to exercise effective power. But if on the grounds of ecconomic planning, we confine these great schemes to very large single units, the power of the states will, in my opinion, grow at the expense of the Centre.
The wisest course in the circumstances would apppear to be to strengthen the regional councils as orginally proposed by the Prime Minister and encourage co-operation between the units. This may ease the tensions that would undoubtedly be accentuated if the states are forcibly brought together. A regional council for Bengal, Bihar and Orissa, will help economic planning and co-operation in this vital area. A regional council for Madras, Kerala and Karnataka another for Maharashtra and Andra would of course be most desirable. But zonal states seem to me to be fraught with the gravest danger, both if they work successfully and if they do not.
I have taken the liberty of submitting these views as I feel, after two intensive study of this problem, that reorganisation of the states should be directed towards the strengthening of our Cenral Government, on which depends our future. The zonal states will greatly weaken it and will thus be a danger to our unity.
(K. M. PANIKER)
25-2-1956.
PRIME MINISTER.
പ്രവിശ്യാസംഘടനയെപ്പറ്റിയുള്ള ഈ പ്രകൃതം അവസാനിപ്പിക്കുന്നതിനു് മുമ്പു് ഒരു സംഗതി കൂടി പറയേണ്ടതുണ്ടു്. ചൈനക്കാർ ടിബറ്റിൽ വന്നാൽ ഇൻഡ്യയ്ക്കുണ്ടാകാവുന്ന അപകടങ്ങളെപ്പറ്റി പീക്കിങ്ങിൽ നിന്നെഴുതിയയച്ചിട്ടുള്ള സംഗതിയും ആ വിഷയത്തെപ്പറ്റിത്തന്നെ ‘ഇന്ത്യാചരിത്രത്തിലെ ഭൂമിശാസ്ത്രഘടകങ്ങൾ’ എന്ന ഗ്രന്ഥത്തിൽ പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളതും മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെത്തന്നെ ടിബറ്റിനെ തൊട്ടുകിടക്കുന്ന വേറെ ചില ഭാഗങ്ങളുടെ രക്ഷയ്ക്കു് പ്രത്യേകനടപടികൾ ഉടൻ എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം അവ നമുക്കു് ദൗർബ്ബല്യത്തിനു് കാരണമാകുമെന്നും കാണിച്ചു് ഞാൻ പ്രധാനമന്ത്രിക്കു് ഒരെഴുത്തയച്ചു. ആ എഴുത്തു് താഴെ കൊടുക്കുന്നു. പിന്നീടു് നാം അനുഭവിക്കുന്ന അനുഭവങ്ങളെ ആ എഴുത്തിൽ എടുത്തുകാണിച്ചിട്ടുണ്ടെന്നു് സ്പഷ്ടമാണല്ലോ.
States Reorganisation Commission,
New Delhi, the 8th October 1955.
My dear Mr. Prime Minister,
In our Report on the reorganisation of States we have suggested that Himachal Pradesh be merged in the Punjab. The chini and Panji areas of Himachal Pradesh and the Lahul and Spiti areas of the Punjab seem to us, however, to stand on a different footing from the rest of the proposed State. The people there are mainly Indo-Tibetans, mostly nomadic, and ethnically, socially or politically integrated with the life in India. We did not visit this area, but during our stay in Rampur Bushair, we came across large numbers of them from the Chini side. Also from the general information we were able to gather, it appeared that the contact of these people was mostly with Tibet.
With the devalopement now taking place in Tibet this population is likely to come more and under the Lhassa with which their contacts are already close. Though there is no trouble at the present time, we cannot overlook tha fact that with the ecconomic and political changes now taking place in Tibet, a change may come in the not too distant future in the attitude of these people.
In my opinion every possible step should be taken to hasten the cultural and ecconomic developement of this area. They should also be gradually broght into closer relations with India. Such a policy could not be followed effectively, if this border is attached to any State administration. We would therefore recommend both from the security point of view, and from point of view of the rapid assimilation of these people into the broad frame work of Indian life, the Government should urgently examine the question of consisting an Agency area of these regions and administating them directly along the lines developed in the N. E. F. A.
Yours sincierly,
K. M. PANIKER.
THE PRIME MINISTER,
NEW DELHI.
ഇങ്ങനെ സംസ്ഥാനപുനർനിർമ്മാണം വിജയമായിത്തന്നെ കലാശിച്ചു. ഒരു കാര്യംകൊണ്ടുമാത്രമേ എനിക്കു് സങ്കടമുണ്ടായിരുന്നുള്ളു: മലയാളഭാഷ സംസാരിക്കുന്ന കേരളീയജനത്തെ ഇദംപ്രഥമമായി ഐക്യം പ്രാപിക്കുന്ന ഈ ചരിത്രപ്രധാനമായ അവസരത്തിൽ, നമ്മുടെ നാട്ടിലെ മിക്ക നേതാക്കന്മാരും അസന്തുഷ്ടന്മാരെന്നപോലെയാണു് കാണപ്പെട്ടതു്. ശ്രീ: കെ. പി. കേശവമാനോൻ, ഡോ: സി. ആർ. കൃഷ്ണപിള്ള, ശ്രീ: ദാമോദരമേനോൻ ഇങ്ങിനെ അപൂർവ്വം ചിലരെയൊഴിച്ചാൽ നമ്മുടെ നേതാക്കന്മാർ ഇതിൽ ഉദാസീനന്മാരെന്നാണു് ഭാവിച്ചതു്. നാഞ്ചിനാടു് കൈവിട്ടുപോയതിൽ തിരുവിതാംകൂർകാർക്കു് ദുഃഖം, മദ്രാസിൽ തങ്ങൾക്കുണ്ടെന്നഭിമാനിച്ചിരുന്ന പ്രാമാണ്യം നശിച്ചുപോയതിൽ മലബാർകാർക്കു് ദുഃഖം; എങ്ങനെയായാലും തിരുവിതാംകൂറിന്റെയും മലബാറിന്റെയും സമ്മർദ്ദമേറ്റു് കിടക്കാനാണു് തങ്ങൾക്കു് വിധി എന്നു് കൊച്ചിക്കാർക്കു് ദുഃഖം—ഇങ്ങനെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന ഭാവഭേദത്തിൽ കേരളത്തിനെപ്പറ്റി ചിന്തിക്കാനാരുമുണ്ടാകാതിരുന്നതിൽ എങ്ങനെ സങ്കടപ്പെടാതിരിക്കും?
എന്റെ ഷഷ്ടിപൂർത്തി 1954-ൽ ആയിരുന്നു. അതു് ആഘോഷിക്കണമെന്നു് എനിക്കു് വിചാരമുണ്ടായിരുന്നില്ല. ആ പിറന്നാൾദിവസം മറ്റു് ദിവസങ്ങളെപ്പോലെയാണു് കഴിഞ്ഞതു്. എന്നാൽ അന്നു് കോഴിക്കോട്ടു് ആകാശവാണി ആപ്പീസിൽ ജോലി നോക്കിയിരുന്ന കാവാലത്തുകാരനും എന്റെ കുടുംബവുമായി അടുത്ത സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു ക്രിസ്തീയപ്രമാണിയുടെ ദൗഹിത്രനും ചെറുപ്പംമുതൽ ഞാനറിയുന്ന ഒരു സഹൃദയനുമായ പി. ജെ. ചാക്കോ എന്ന ഒരു യുവാവു് ഈ ഷഷ്ടിപൂർത്തി ആഘോഷിക്കാൻ ഒരു സമിതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും അതിനു് ഞാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു് ഒരെഴുത്തു് അയച്ചിരുന്നു. സമിതിയിൽ യോഗ്യന്മാരായ പലരുടെ പേരുമുണ്ടായിരുന്നതിൽ സി. പി. രാമസ്വാമിഅയ്യരു ടേതുമുണ്ടായിരുന്നു എന്നുള്ളതാണു് അതിന്റെ പ്രത്യേകത. എന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനായി നാട്ടിലേയ്ക്കു് വരുന്നതല്ലെന്നും ഞാൻ മറുപടി അയച്ചു. അഭിനന്ദനഗ്രന്ഥത്തിന്നു് വേണ്ട ലേഖനങ്ങൾ ശേഖരിച്ചു് വരികയാണെന്നും, ഷഷ്ടിപൂർത്തിയാഘോഷിക്കാൻ സമ്മതിച്ചില്ലെങ്കിലും ആ ഉപകാരം സമർപ്പിക്കുവാൻ എപ്പോഴെങ്കിലും അവസരം കൊടുക്കണമെന്നുമാണു് മി. ചാക്കോ പിന്നീടാവശ്യപ്പെട്ടതു്. അടുത്ത ആണ്ടിൽ (1955-ൽ) എപ്പോഴെങ്കിലും അങ്ങനെ ഒരു പൊതുയോഗത്തിൽ ഉപഹാരഗ്രന്ഥം സ്വീകരിച്ചുകൊള്ളാമെന്നു് എനിക്കു് സമ്മതിക്കേണ്ടിവന്നു.
പക്ഷേ, പ്രവർത്തകസമിതി ആദ്യമാലോചിച്ചതുപോലല്ല സംഗതികൾ നടന്നതു്. മദ്രാസിൽവെച്ചാണു് അതിന്റെ ചടങ്ങുകൾ എന്നു് തീർച്ചയാക്കിയപ്പോൾ, അവയുടെ ചുമതല പി. വദരരാജുലുനായിഡു, കാമരാജനാടാർ, ഈ. വി. രാമസ്വാമിനായ്ക്കർ മുതലായവർ ഏറ്റെടുത്തു. രാജാജിഹാളിൽവെച്ചു് ഉപഹാരഗ്രന്ഥം തരുന്നതിനുള്ള ഒരു മഹായോഗവും, വൈകുന്നേരം മദിരാശികോർപ്പൊറേഷൻവക ഒരു സിവികറിസപ്ഷണും ഉദ്യാനവിരുന്നുമായിരുന്നു പ്രധാനമായ ആഘോഷങ്ങൾ. മദ്രാസ്കാർപൊറേഷൻ ഇൻഡ്യയിലെ നഗരസഭകളിൽ ഏറ്റവും പ്രധാനമായ കൂട്ടത്തിൽ ഒന്നാണു്. മറ്റു് വല്ലവരുടേയും ഷഷ്ടിപൂർത്തിയെ അനുമോദിച്ചു് അവർ നഗരസ്വീകരണം നടത്തിയിട്ടുയുണ്ടോ എന്നറിഞ്ഞുകൂടാ. ഏതായാലും അതു് അസാധാരണമായ ഒരു ബഹുമതിയായി ഞാൻ വിചാരിച്ചു.
കാർപറേഷൺ അധികാരികൾ അന്നു് സമർപ്പിച്ച മംഗളപത്രത്തെപ്പറ്റിയും വിരുന്നിനേപ്പറ്റിയും മറുപടിയായി ഞാൻ ചെയ്ത പ്രസംഗത്തെപ്പറ്റിയും സമഷ്ടിയായി ഹിന്ദുവിൽ കൊടുത്തിരുന്നതു് ഇപ്രകാരമായിരുന്നു:
“DISTINGUISHED CITIZEN OF MADRAS”
Madras, Oct. 5
The Corporation of Madras accorded a civic reception to Sardar K. M. Panikkar, Member. State Re-organisation Commission on the occasion of his Sashtyabdapoorthy, at the Council Chamber of the Ripon Buildings, last evening. The Mayor, Mr. R. Muniswamy Pillai, presided.
The elite of the City, Aldermen, Councillors and officers of the Corporation attended the reception. The Corporation Band was in attendence.
The Mayor and the Corporation Commissioner V. N. Subharoyan received Sardar Panikkar and Mrs. Panikkar.
Welcoming Sardar Panikkar on behalf of the Corporation, the Mayor said Sardar Panikkar was a distinguished citizen of Madras loved anb respected all over India for his great telents and achievements.
Sardar Panikkar had a rare and rich combination of gifts and talents, tha Mayor said. As a journalist, poet, man of letters, statesman, administrator, and lastly as a diplomat, he occupied a unique place of honour among their top-ranking men.He was also a historian with insight and foresight, and it was mainly because of his pull and influence with the Princes that the latter were persuaded to join the Indian Federation. He had ably and succesfully represented their country as ambassador in China and Egypt. He also played an important part in the making of Indias foreigh policy, and he enjoyed the confidence of the Prime Minister in a remarkable way.
Replaying to the fecilitations, Sardar Panikkar thanked the Madras Corporation for the exceptional privilege conferred on him by the Mayor. He said Madras was the premier city of South India, and he claimed to be its citizen, having been associated with it for a long time. He had been educated and broght up and had also worked for a living here.
Sardar Panikkar said that though he had spent most of his time in the North, he had a warm regard for the City for here he found a ‘perfect expession of the Indian sporit.’ Here there was extreme tolerance of life and mutual understanding, which one did not often find in the same degree in other Indian cities.
Some people, Sardar Panikkar said, considered Madras City as conservative, “but”, he added, “Madras has not shown that conservation of spirit as people might imagine. It has been in the vanguard of progress in political and other activities.”
Sardar Panikkar said he did not think it was necessary in order to become more nationaistic, they should give up their own habits and customs in regard to food and other matters. But it was of the utmost importance that each one in the country should think in terms of creating a national solidarity at the Centre and thinking in terms of all-India policy and all-India ideas. While doing this one should also realise that there were much more important things like the right of individual liberty, individual freedom and the right to limit the authority, of the State in regard to the individual.
Sardar Panikkar referred to the role played by local bodies in the preservation of civic liberties and paid a tribute to great leaders like Sir Thyagaraya Chetti, Dr. T. M. Nair and the long list of great Madrasees who had associated themselves and worked hard to give Madras the dignity and prestige it now enjoyed in the shape of the Corporation.
Sardar Panikkar said that cities like Madras where civic opinion was strong and where the feeling of individual freedom had been built over centuries, could really bring the knowledge of his problem before the public. A civic organisation involved a limitation of State’s authority. It was the civic developement of cities, and the developement of city corporations everywhere that had been the means by which the authority of an autocratic state had been limited, and here in India they had these major corporations with statutory rights and administrative functions carrying on the activities of the people themselves. With an devalopement of these institutions, they could to some extent show that a decentralisation was desirable at least in certain respects. Thus they had shown that there were methods by which some things could be achieved with less encroachment on personal liberty. That was a mesage for any Government to bear in mind. In the political growth of India, he said, and in the structure that they visualised in the raltionship between the individual and the State, they had to foresee that corporations like theirs had to play a great and leading part.
The function terminated with the singing of the National anthem.
*****
Sardar Panikkar was the chief guest at a dinner given by Dr. V. K. John this evening at his residence in Nungambakam. About 200 guests were present. Among those were the Governor, Chief Minister Kamaraj Nadar and the Chief Justice, Mr. Rajamanner.
ഷഷ്ടിപൂർത്തിസംബന്ധിച്ചല്ലെങ്കിലും അക്കാലത്തു് ലഭിച്ച ബഹുമതികളുടെ കൂട്ടത്തിൽ തൃശ്ശൂർനിന്നും പാലക്കാട്ടുനിന്നും ആ നഗരത്തിലെ മുൻസിപ്പാലിറ്റികൾ നല്കിയ സിവികസ്വീകരണങ്ങളും എടുത്തുപറയേണ്ടവയാണു്.
ആ വർഷം പലതുകൊണ്ടും എന്റെ ജീവിതത്തിൽ സ്മരണീയമായിരുന്നു. സമസ്തകേരളസാഹിത്യപരിഷത്തിന്റെ അധ്യക്ഷനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടതു് എന്റെ സാഹിത്യ പരിശ്രമത്തോടുള്ള സന്തോഷംകൊണ്ടാണെന്നു് വേണമല്ലോ വിചാരിക്കുക. 1955 ഡിസംബറിൽ കല്ക്കട്ടായിൽ സമ്മേളിച്ച ഭാരതചരിത്രസമ്മേളനത്തിനു് അധ്യക്ഷനായി എന്നെ വരിച്ചതും വലിയൊരു ബഹുമതിയായി ഗണിക്കണം. ഇൻഡ്യയിലെ പ്രമാണപ്പെട്ട ചരിത്രകാരന്മാരുടെ ഒരു സംഘടനയാണു് Indian Historical Association അതിന്റെ അധ്യക്ഷപദവി ചരിത്രകാരന്മാരുടെ ഇടയിൽ അത്യുന്നതമായ ഒരു ബഹുമതിയായിട്ടാണു് ഗണിക്കപ്പെട്ടുവരുന്നതു്.
ആ ആണ്ടിൽ മഹാകവി ടാഗോറിന്റെ വിശ്വവിശ്രുതമായ വിശ്വഭാരതിയിൽ ബിരുദദാനപ്രസംഗത്തിനെന്നെയാണു് ക്ഷണിച്ചതു്. ആന്ധ്രാ, ദെല്ലി, പട്ട്നാ മുതലായി അനേകം യൂണിവേർസിറ്റികളിൽ ഇത്തരം പ്രസംഗങ്ങൾ ഞാൻ ചെയ്തിണ്ടെങ്കിലും ടാഗോറിന്റെ പേരോടു് ചേർന്നിരുന്ന ശാന്തിനികേതനത്തിൽ ഇങ്ങനെ ഒരു പ്രസംഗം ചെയ്യേണ്ടിവന്നപ്പോൾ അല്പം സംഭ്രമിക്കാതിരുന്നില്ല. ആവശ്യങ്ങൾ കുറയ്ക്കുന്നതുവഴി ആത്മജ്ഞാനമുണ്ടാകുമെന്നും അതിൽ നിന്നാണു് സാമുദായോൽകർഷമെന്നും വാദിക്കുന്ന വിനോബാദികളെ എതിർത്തുകൊണ്ടായിരുന്നു ആ പ്രസംഗം. ഹിന്ദുമതം ഏതു് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാലും ഹൈന്ദവസംസ്ക്കാരം തപോവനങ്ങളിലും ആശ്രമങ്ങളിലുമല്ല രാജധാനികളിലും നഗരങ്ങളിലുമാണു് സ്ഥിതിചെയ്തിരുന്നതെന്നും സമ്പത്തും സമൃദ്ധിയുമായിരുന്നു ആ സംസ്ക്കാരത്തിന്റെ പ്രധാനോദ്ദേശങ്ങളെന്നുമായിരുന്നു എന്റെ വാദം. സർവ്വത്യാഗം ചെയ്തവരെ ജനങ്ങൾ ബഹുമാനിച്ചിരുന്നു. പക്ഷേ, അർത്ഥകാമങ്ങളെ ഉപേക്ഷിച്ചിട്ടുള്ള ധർമ്മം ലൗകികജീവിതത്തിൽ കഴിയുന്നവർക്കു് വിധിച്ചതല്ല. സൂക്ഷിച്ചാലോചിച്ചാൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ മുതലായവരുടെ ചരിത്രത്തിൽ നിന്നുതന്നെ കാണാം, അവർ സമ്പത്തുകൾ ഉപേക്ഷിച്ചല്ല താമസിച്ചിരുന്നതു്.
ജനങ്ങളിൽനിന്നു് വിട്ടുനില്ക്കുന്ന ആശ്രമങ്ങളേയും ആശ്രമജീവിതത്തിന്റെ ലക്ഷണമെന്നു് ഗണിക്കപ്പെട്ടിരുന്ന ദാരിദ്ര്യാരാധനയേയും അധിക്ഷേപിച്ചുള്ള ഈ പ്രസംഗം ഒരു കോലാഹലമുണ്ടാക്കുകതന്നെ ചെയ്തു. ഇന്ത്യയിലെ പ്രധാനപത്രങ്ങൾ ഈ വാദത്തിൽ പങ്കെടുത്തു. ഒരാശ്രമമെന്ന നിലയിൽ തുടങ്ങിയ ശാന്തിനികേതനത്തിൽവെച്ചു് ഇത്തരമൊരു പ്രസംഗം ചെയ്തതിന്റെ ഔചിത്യത്തെപ്പറ്റിപോലും ചിലർ ചോദ്യംചെയ്യാതിരുന്നില്ല. പക്ഷേ, അവർ എന്തറിഞ്ഞു? ശാന്തിനികേതനത്തിൽ ടാഗോർ താമസിച്ചുപോന്ന ഉത്തരായനം എന്ന ഭവനം മഹാപ്രഭുവിനു് ചേർന്ന ഒരു ഹർമ്മ്യമായിരുന്നു. മഹാകവിയാകട്ടെ, സ്വന്തജീവിതത്തിൽത്തന്നെ അധ്യാത്മജീവിതത്തോടൊത്തു് ഭൗതികജീവിതത്തിന്റേയും മാഹാത്മ്യത്തെ കീർത്തിച്ച ഒരു മഹാനുമായിരുന്നു.
ശാന്തിനികേതനത്തിൽനിന്നു് കല്ക്കട്ടായിലേയ്ക്കു് അഖിലഭാരതചരിത്രസദസ്സിൽ ആധ്യക്ഷ്യം വഹിക്കാനാണു് ഞാൻ പോകുന്നതു്. ഇൻഡ്യയിൽ പലേടത്തുനിന്നും വന്നുചേർന്ന ചരിത്രപണ്ഡിതന്മാരുമൊന്നിച്ചു് മൂന്നുനാലു് ദിവസം കഴിച്ചുകൂട്ടിയതു് എനിക്കു് വളരെ സന്തോഷകരമായ ഒരു കാര്യമായിരുന്നു. ചെറുപ്പംമുതൽ ഞാൻ ഇന്ത്യാചരിത്രത്തിൽ പരിശ്രമിച്ചുവന്നിട്ടുണ്ടെങ്കിലും, ആ വിഷയത്തിലും ഏഷ്യാചരിത്രത്തിലും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളവയ്ക്കു് പണ്ഡിതസമ്മതി ലഭിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം മറ്റു് പ്രവൃത്തികളുടെ ഇടയിൽ ചെയ്തതാകയാൽ, ആ കാര്യത്തിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാരുമായി ഞാൻ ഒരു തുല്യതയും ഭാവിച്ചിരുന്നില്ല. എങ്കിലും ഒരു ചരിത്രകാരനെന്നുള്ള നിലയിൽ ബഹുമാനിക്കുന്നവനാണല്ലോ ഈ അധ്യക്ഷപദവിയ്ക്കു് എന്നെ ക്ഷണിച്ചതെന്നോർത്തു് ഞാൻ സന്തോഷിച്ചു.
കല്ക്കട്ടായിൽനിന്നു് ഉടൻതന്നെ കേരളത്തിലേയ്ക്കു് പോരേണ്ടതായി വന്നു. കേരളകലാമണ്ഡലത്തിന്റെ രജതജയന്തി ഉദ്ഘാടനം ചെയ്യുന്നതിനു് വള്ളത്തോളും ഞാനുംകൂടി പോയി നെഹ്റു വിനെ ക്ഷണിച്ചിരുന്നു. ആഘോഷങ്ങളിൽ ഞാൻ അധ്യക്ഷത വഹിക്കണമെന്നായിരുന്നു വള്ളത്തോളിന്റെ നിർബ്ബന്ധം. അതു് കഴിഞ്ഞശേഷം തിരികേ ഉടൻതന്നെ കല്ക്കട്ടായിലേയ്ക്കു് അഖിലഭാരതപത്രാധിപസംഘത്തിന്റെ സമ്മേളനം ഉൽഘാടനംചെയ്യാനും മറ്റുചില അത്യാവശ്യകാര്യങ്ങൾ നിർവ്വഹിക്കാനുമായി തിരിച്ചുവരേണ്ടതായുണ്ടായിരുന്നാലും കേരളത്തിലേയ്ക്കു് പോകേണ്ടതായിട്ടു് വന്നു. കലാമണ്ഡലത്തിന്റെ ജൂബിലി ആഡംബരപൂർവ്വം ആഘോഷിക്കപ്പെട്ടു.
ഈ രണ്ടു് വർഷം ഇൻഡ്യയിൽ താമസിച്ചതിനിടയിൽ ഇംഗ്ലീഷിലും മലയാളത്തിലും സാഹിത്യപരമായി ചിലതെല്ലാം ചെയ്യുവാൻ എനിക്കു് സാധിച്ചു. ഇംഗ്ലീഷിൽ പ്രധാനമായി രണ്ടു് ചൈനായിൽ (In Two Chainas) എന്ന ഔദ്യോഗികസ്മരണകളും ഹിന്ദുസമുദായം ഏതു് മാർഗ്ഗത്തിലൂടെ (Hindu Society at cross Road), ഇൻഡ്യാചരിത്രത്തിലെ ഭൂമിശാസ്ത്രഘടകങ്ങൾ (Geographical factors in Indian History) എന്നിവയുമാണു് പ്രധാനമായി പറയാനുള്ളവ. ഭൂമിശാസ്ത്രഘടനകളെപ്പറ്റിയുള്ള പുസ്തകത്തിൽ പിന്നീടു് ടിബറ്റുവഴി ചൈനക്കാർ ഇൻഡ്യയെ ആക്രമിക്കാനിടയുണ്ടു് എന്നു് ദീർഗ്ഘദർശനം ചെയ്തിരുന്നു എന്നുള്ളതു് പ്രത്യേകം പ്രസ്താവ്യമാണു്. രണ്ടു ചൈനായിലെന്ന പുസ്തകം ചൈനയിലെ കമ്മ്യൂണിസ്റ്റുവാഴ്ച, കൊറിയൻയുദ്ധം മുതലായവയെപ്പറ്റി എനിക്കു് നേരിട്ടുള്ള അറിവിനെ അടിസ്ഥാനപ്പെടുത്തി എഴുതിയതാകയാൽ അതിനു് സാമാന്യത്തിലധികം പ്രചാരം ലഭിച്ചു എന്നു് മാത്രമല്ല മറ്റു് ചില ഭാഷകളിലേയ്ക്കു് അതു് തർജ്ജമചെയ്യപ്പെടുകയുമുണ്ടായി.
മലയാളത്തിലും ചില പരിശ്രങ്ങൾ ചെയ്യാതിരുന്നില്ല. അവയിൽ ഏറ്റവും പ്രധാനം വള്ളത്തോളിന്റെ ഋഗ്വേദതർജ്ജമയെഴുതിയ ദീർഗ്ഘമായ മുഖവുരയാണു്. 1954-ൽ വള്ളത്തോൾ ദെല്ലിയിൽ വന്നു് എന്റെ കൂടെ കുറച്ചുദിവസം താമസിച്ചു. താൻ ഋഗ്വേദസംഹിത തർജ്ജമചെയ്തു് പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിൽ ചേർക്കുവാൻ വേദസാഹിത്യത്തെ പൊതുവേ നിരൂപണംചെയ്തു് ദീർഗ്ഘമായ ഒരു മുഖവുര എഴുതണമെന്നും നിർബ്ബന്ധിച്ചു. വേദങ്ങളും അവയെസ്സംബന്ധിച്ച ബ്രാഹ്മണങ്ങൾ, വ്യാഖ്യാനങ്ങൾ മുതലായവയും ഞാൻ വായിച്ചിട്ടുള്ളതു് ഇംഗ്ലീഷിലായിരുന്നു. ഇംഗ്ലീഷിൽ ഇതുസംബന്ധിച്ചു് അതിവിപുലമായ ഒരു സാഹിത്യമുണ്ടെന്നു് പ്രസിദ്ധമാണല്ലോ. എന്നുമാത്രമല്ല, ഒരു ചരിത്രകാരന്റെ ദൃഷ്ടിയിലൂടെയാണു് അതെല്ലാം വായിച്ചിട്ടുള്ളതും. അതുകൊണ്ടു് ഹൈന്ദവപണ്ഡിതന്മാരിൽ ഒരു ഭാഗമെങ്കിലും ആധ്യാത്മികമായ അർത്ഥങ്ങൾ കാണുന്ന വേദത്തിനു് അത്തരമൊരു പണ്ഡിതനെക്കൊണ്ടു് മുഖവുരയെഴുതിക്കയാണുത്തമമെന്നു് ഞാൻ പറഞ്ഞുനോക്കി. ഋഗ്വേദത്തിലെ ചില മന്ത്രങ്ങൾക്കു് ആധ്യാത്മികമായ അർത്ഥമുണ്ടായേക്കാമെങ്കിലും പൂർവ്വാചാര്യന്മാർപോലും വേദസാഹിത്യത്തിൽ പൊതുവേ അങ്ങനെയൊരർത്ഥം കണ്ടിട്ടില്ലെന്നും അതുകൊണ്ടു് ചരിത്രപരവും സാഹിത്യപരവുമായ ഒരാമുഖം മതിയെന്നുമായിരുന്നു വള്ളത്തോളിന്റെ മറുപടി. അങ്ങനെ ആകാമെന്നു് സമ്മതിച്ചു് അതിനായി പരിശ്രമിച്ചുതുടങ്ങി. ഞാൻ വിചാരിച്ചിരുന്നതിൽ അധികം വൈഷമ്യമുള്ള ജോലിയായിരുന്നു അതു്. പ്രവിശ്യാസംഘടനയുടെ ജോലിത്തിരക്കിലാണു് അതു് ചെയ്യേണ്ടി വന്നതും. എങ്കിലും സുദീർഗ്ഘമായ ആ മുഖവുര വള്ളത്തോളിനു് സമ്മതമാകുംവിധം എഴുതുവാൻ സാധിച്ചു എന്നതിൽ ഞാൻ കൃതാർത്ഥനാണു്. അതുവഴി ഭാരതസംസ്ക്കാരചരിത്രത്തിന്റെ പശ്ചാത്തലം കുറെയൊക്കെ മനസ്സിലാക്കുവാനും സാധിച്ചു.
ഒട്ടുമപ്രധാനമല്ലാത്ത വേറെ ഒരു പ്രവൃത്തിയായിരുന്നു എലക്ട്രായുടെ തർജ്ജമ. ഗ്രീക്ട്രാജഡികൾ മലയാളത്തിലേയ്ക്കു് വിവർത്തനം ചെയ്യണമെന്നു് എനിക്കു് കുറെക്കാലമായുള്ള ആഗ്രഹമാണു്. സോഫോക്ലീസിന്റെ എലക്ട്രായുടെ പുതിയൊരിംഗ്ലീഷ്പദ്യതർജ്ജമ വായിച്ചുകൊണ്ടിരിക്കുമ്പോൾ മഹാകവി ശങ്കരക്കുറുപ്പി ന്റെ ഒരെഴുത്തു് എനിക്കു് കിട്ടി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തുടങ്ങിയിരുന്ന പരിഷണ്മുദ്രാലയത്തിൽ അച്ചടിപ്പിക്കുന്നതിനു് ഒരു പുസ്തകം വേണമെന്നാണു് അതിൽ അപേക്ഷിച്ചിരുന്നതു്. അങ്ങനെയാണു് എലക്ട്രാ തർജ്ജമചെയ്യാൻ തുടങ്ങിയതു്. ഗ്രീക്ട്രാജഡികളുടെ സ്വരൂപത്തെ വിവരിക്കുന്ന ഒരു മുഖവുരയോടുകൂടി ശങ്കരക്കുറുപ്പിനു് ഞാനതു് താമസിയാതെ അയച്ചുകൊടുത്തു.
സ്വതന്ത്രകൃതികളായി രണ്ടെണ്ണം മാത്രമാണു് ഞാൻ അക്കാലത്തു് എഴുതിത്തീർത്തതു്—പദ്യമായി അംബപാലി എന്ന ഖണ്ഡകാവ്യവും ഗദ്യമായി ജാൻസി റാണിയുടെ ആത്മകഥ എന്ന നോവലും. ബുദ്ധദേവന്റെ 2500-ാമത്തെ വാർഷികം കൊണ്ടാടുന്നതിനു് അക്കാലത്തു് വേണ്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കയായിരുന്നു. ചെറുപ്പംമുതൽതന്നെ തഥാഗതനിൽ അത്യന്തഭക്ത്യാദരങ്ങളുള്ള എനിക്കും ആ അവസരത്തെ ആവുംപോലെ കൊണ്ടാടേണ്ടതാണെന്നു തോന്നി. അങ്ങനെ ആ വിശിഷ്ടാവസരത്തിലേയ്ക്കു് ഒരുപഹാരമായി നിർമ്മിച്ചതാണു് അംബപാലി. അതുപോലെ ഒരവസരമാണു് ജാൻസിറാണിയുടെ ആത്മകഥയ്ക്കും കാരണം. ‘ശിപായിലഹള’ എന്നറിയപ്പെട്ടുവരുന്ന ആദ്യ സ്വാതന്ത്ര്യയുദ്ധത്തിന്റെ ശതാബ്ദി 1957-ൽ ആണല്ലോ വന്നുചേർന്നതു്. ആ യുദ്ധത്തിൽ ഒരു പ്രധാനപങ്കു് വഹിച്ച ലക്ഷ്മീഭായി ജാൻസിയുടെ ചരിത്രം ഒരു നോവലായി എഴുതി ആ അവസരത്തെ കൊണ്ടാടുവാനായിരുന്നു എന്റെ ആഗ്രഹം. ആ വീരവനിതയുടെ ചരിത്രം ആത്മകഥാരൂപത്തിൽ എഴുതാൻ ഞാൻ നിശ്ചയിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച് മുതലായ ഭാഷകളിൽ ഇങ്ങനെയൊരു നായികാനായകന്മാരുടെ ചരിത്രങ്ങൾ ആത്മകഥകളായി എഴുതിക്കണ്ടിട്ടില്ല. അതും കമ്മിഷന്റെ ജോലി അവസാനിച്ചതോടുകൂടി ഞാൻ പൂർത്തിയാക്കി.
ഞങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു് ഒരു മൂന്നുമാസക്കാലം, ഗവണ്മെന്റിനെ ഉപദേശിക്കുന്നതിനായി കമ്മിഷന്റെ കാലാവധി നീട്ടിക്കൊണ്ടുപോയിരുന്നു. മാർച്ച് മാസത്തോടുകൂടി അതിന്റെ ജോലിയെല്ലാം അവസാനിക്കയാൽ എനിക്കു് എന്തു് ചെയ്യാനാണു് ഇനി ആഗ്രഹം എന്നു് പ്രധാനമന്ത്രി എന്നെ വിളിച്ചു് ചോദിച്ചു: “അമ്പാസഡറായി തിരിച്ചുപോകയല്ലേ നല്ലതു്, എങ്ങോട്ടു് പോകാനാണു് ആഗ്രഹം?” ഞാൻ പറഞ്ഞു: “ചൈനയും ഈജിപ്തും കഴിഞ്ഞ സ്ഥിതിക്കു് ഇനി പാരീസ്സിലായാൽ കൊള്ളാമെന്നാണു് എനിക്കു് തോന്നുന്നതു്. പക്ഷേ, ഒരു കാര്യമുണ്ടു്: എനിക്കു് ആറുമാസത്തെ ഇളവു് വേണം. ആക്സ്ഫോർഡിൽ പോയി താമസിച്ചു് അത്യാവശ്യമായി ചില ജോലി ചെയ്യാനുണ്ടു്.”
മാനവസാംസ്ക്കാരികചരിത്രത്തിന്റെ അവസാനവാള ്യം എഴുതാനായി യുണസ്ക്കോ ഞങ്ങൾ മൂന്നുപേരെ ഏല്പിച്ച കഥ മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. അതു് നെഹ്റുവിനും അറിയാം. അതു് മറ്റു് ജോലികളുടെ തിരക്കിൽ എഴുതി ഫലിപ്പിക്കാവുന്ന ഒരു നിസ്സാരകാര്യമല്ല. ഓരോ വാള ്യവും എണ്ണൂറുവശത്തിൽ കവിഞ്ഞതാണു്. ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ചരിത്രപണ്ഡിതന്മാരുടെ ഒരു സമിതി വായിച്ചു് സമ്മതിക്കേണ്ടതാണു്. കൂടാതെ, അഞ്ചു് ഭാഷയിൽ ഒന്നിച്ചു് യുണസ്ക്കോ പ്രസിദ്ധപ്പെടുത്തുന്നതാകയാൽ ലോകത്തിന്റെ എല്ലാ ഭാഗത്തും ചെന്നെത്തുന്ന ഒരു ഗ്രന്ഥവുമായിരിക്കും. ഇങ്ങനെ ഒരു പ്രവൃത്തി മറ്റു് ജോലികളുടെ ഇടയിൽ ഏറ്റെടുത്തതു് സാഹസമായിരിക്കാം. ഏതായാലും അതു് ആവുംപോലെ ശ്രദ്ധയോടെ ചെയ്യേണ്ടതെന്റെ കടമയാണെന്നു് തോന്നുകയാൽ അതിന്നായി അടുത്ത ആറുമാസം പൂർണ്ണമായി വിനിയോഗിക്കണമെന്നു് തീർച്ചയാക്കി. ഈ കാര്യങ്ങൾ നെഹ്റുവിനെ അറിയിച്ചപ്പോൾ അദ്ദേഹവും അതു് ശരിയാണെന്നു് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: “അതു് ഞങ്ങളുടെ ഏർപ്പാടുകൾക്കും യോജിക്കും. ഇപ്പോൾ പാരീസ്സിൽ അമ്പാസഡറായിരിക്കുന്ന മല്ലിക്കിനു് ഒക്ടോബർവരെ താമസിച്ചാൽ കൊള്ളാമെന്നു് ആഗ്രഹമുണ്ടു്. അതുകൊണ്ടു് ഒക്ടോബറിൽ ജോലിക്കു് ചേരാൻ തയ്യാറായാൽ നന്നായിരിക്കും.”
അതു് എനിക്കു് വളരെ സന്തോഷമായി.
ഏപ്രിൽ ആദ്യവാരത്തിൽ മാനവചരിത്രസമിതിയുടെ ഒരു യോഗം പാരീസ്സിൽ വിളിച്ചുകൂട്ടി. അതിൽ പങ്കെടുത്തു് ആ ജോലിയുടെ പരിപാടി തീർച്ചയാക്കിയശേഷം അവസാനവാള ്യത്തിന്റെ കർത്താക്കളായ ഞങ്ങൾ മൂന്നുപെരൊന്നിച്ചു് ഒരു മാസക്കാലം ഹാളണ്ടിൽ അമസ്റ്റർഡാം എന്ന നഗരത്തിൽ താമസിച്ചു് ജോലിചെയ്യണമെന്നായിരുന്നു ഉദ്ദേശം. പ്രാരംഭജോലികൾക്കു് അമസ്റ്റർഡാം തിരഞ്ഞെടുക്കുവാൻ ഒരു പ്രത്യേകകാരണമുണ്ടായി. ഞങ്ങളുടെ ഗ്രന്ഥകർത്തൃസമിതിയിൽ ഒരംഗമായ ജോൺ റൊമെയിൻ അമസ്റ്റർഡാം യൂണിവേർസിറ്റിയിലെ ചരിത്രവകുപ്പിന്റെ അധ്യക്ഷനായ പ്രൊഫസ്സറായതിനാൽ അവിടെ ഞങ്ങൾക്കു് വേണ്ട സൗകര്യങ്ങൾ ഉണ്ടായിരുന്നതാണു് മുഖ്യകാരണം. ആ യൂണിവേർസിറ്റി ഈസ്റ്റർകല്പനയ്ക്കു് അടച്ച കാലമായതുകൊണ്ടു് അവിടെ മറ്റു് ശല്യങ്ങൾ ഉണ്ടായിരുന്നില്ല. ഹാളണ്ടിൽ ഏപ്രിൽമാസം അതിശൈത്യമുള്ള ഒരു സമയമാണു്. അവിടുത്തെ തോടുകളിൽ കെട്ടിക്കിടന്ന മഞ്ഞു് അലിഞ്ഞുതുടങ്ങിയിരുന്നില്ല. പരപ്പുഭൂമിയായതുകൊണ്ടു് തണുത്ത ഒരു കാറ്റും അവിടെ പതിവായി അടിച്ചിരുന്നു. കാരോലൈൻവെയറും ഞാനും പട്ടണമധ്യത്തിലുള്ള ഒരു ഹോട്ടലിലാണു് താമസിച്ചതു്.
അവിടെ എന്റെ കാര്യപരിപാടി ഏതാണ്ടിങ്ങനെയായിരുന്നു: രാവിലെ എട്ടുമണിക്കു് ആഹാരം കഴിഞ്ഞാൽ എന്റെ സ്വന്തം ജോലിയായി എന്തെങ്കിലും ഒരു മണിക്കൂർ ചെയ്യും. ആ കാലത്തു് യൂഡിപ്പസ് എന്ന ഗ്രീട്രാജഡിയുടെ തർജ്ജമയും Citizen & the State എന്ന പേരിൽ പ്രസിദ്ധപ്പെടുത്താനുദ്ദേശിച്ച എന്റെ ബിരുദദാനപ്രസംഗപരമ്പരയ്ക്കു് അതിൽ പ്രതിപാദിച്ചിരുന്ന വിഷയങ്ങളെ വിമർശിച്ചു് വിപുലമായ ഒരാമുഖവുമാണു് എഴുതിവന്നിരുന്നതു്. ഒമ്പതുമണിയായാൽ ഞാനും മിസ്സിസ്സ് വെയറോടുകൂടി യൂണിവേർസിറ്റിയിലേയ്ക്കു് യാത്രയാവും. ഒമ്പതേകാൽമണിതൊട്ടു് ഒന്നേകാൽമണിവരെ മുടങ്ങാതെ ഒന്നിച്ചു് ജോലിചെയ്യും. ജോലിചെയ്യുന്നതെങ്ങനെയെന്നുവെച്ചാൽ ഞങ്ങൾ ഏറ്റെടുത്തിരുന്ന അരശ്ശതാബ്ദ(1905–1955)ത്തിലെ രാഷ്ട്രീയവും സാമുദായികവും സാംസ്ക്കാരികവും ശാസ്ത്രീയവുമായ സംഭവങ്ങളെ അപഗ്രഥിച്ചു് ചർച്ചചെയ്യുക. തല്ക്കാലം ശാസ്ത്രീയമായ കാര്യങ്ങളിൽ പൊതുവേ ഒന്നു് കണ്ണോടിച്ചു് അതിന്റെ അപഗ്രഥനം ലോകോത്തരവിഖ്യാതനായ ജൂലിയൻ ഹക്സിലി യുടെ ഉപദേശത്തിൽ ഒരു സയന്റിസ്റ്റിനെത്തന്നെ ഏല്പിക്കുവാനാണു് തീർച്ചയാക്കിയതു്. ആ വിഷയത്തിൽ ഞങ്ങൾ മൂന്നുപേരും ഒരുപോലെ അജ്ഞരായിരുന്നതാണു് അതിനു് കാരണം. മറ്റു് മൂന്നു് വിഭാഗങ്ങളെപ്പറ്റിയും ഞങ്ങൾ ഓരോരുത്തരും ഓരോ സാരവിവരണം എഴുതിയിട്ടു് അന്യോന്യം വാദിച്ചും തർക്കിച്ചും അവ ഒന്നിച്ചുചേർത്തു് മൂന്നു് ഭാഗമായി 20 അധ്യായത്തിന്റെ ഒരു രൂപരേഖയുണ്ടാക്കി. സയൻസ്വിദഗ്ദ്ധനിൽനിന്നു് ലഭിക്കുന്ന അധ്യായത്തിൽ പിന്നീടു് ഇതിനോടു് ഐകരൂപ്യം വരുത്തി കൂട്ടിച്ചേർക്കാമെന്നും നിശ്ചയിച്ചു.
ഇങ്ങനെ ഒരു മാസത്തെ കൂട്ടുജോലിയിൽ പുസ്തകത്തിന്റെ ഉളളടക്കവും രൂപവുമേതാണ്ടു് തീർച്ചയായപ്പോൾ എങ്ങനെയാണു് മൂന്നുപേരും ചേർന്നു് ഇതെഴുതിത്തീർക്കേണ്ടതു് എന്ന വിചാരമായി. ഇങ്ങനെ മൂന്നുപേർ ഒരുപോലെ സഹകരിച്ചു് ഇത്ര വിപുലമായ ഒരു പുസ്തകം മുൻപു് എഴുതിയിട്ടുള്ളതായി അറിവില്ല. ഞങ്ങൾക്കു് മൂന്നുപേർക്കുമൊരുപോലെയായിരുന്നു എല്ലാ ഭാഗത്തിന്റെയും ചുമതല. അതുകൊണ്ടു് രാഷ്ട്രീയമൊരാളെന്നും സാംസ്ക്കാരികം വേറൊരാളെന്നും ഒരു രീതിയിൽ എഴുതുവാൻ സാധിക്കയില്ല. അതിനാൽ സയൻസ് സംബന്ധിച്ച ഭാഗങ്ങളൊഴിച്ചു് മറ്റുള്ളവ ആരെഴുതിയാലും അവ മറ്റു് രണ്ടുപേർക്കും അയച്ചുകൊടുത്തു് അവരിഷ്ടംപോലെ മാറ്റിയെഴുതി ഒടുവിൽ എല്ലാവരും ഒന്നിച്ചിരുന്നു് ശരിയായ ഒരു ‘പാഠ’മാക്കണമെന്നു് ഞങ്ങൾ തീർച്ചയാക്കി. അങ്ങനെ എഴുതാമെന്നു് ഏറ്റതു് കുറേ കവിഞ്ഞ ചുമതലയായിപ്പോയി എന്നു് എനിക്കു് തോന്നാതിരുന്നില്ല. ഏതായാലും ഏറ്റതു് ചെയ്യാൻ ശ്രമിക്കതന്നെ എന്ന നിശ്ചയത്തോടുകൂടി ഞാൻ ഇംഗ്ലണ്ടിലേയ്ക്കു് പോയതു്.
ലണ്ടണിൽ, അന്നു് അവിടെ ഹൈക്കമ്മീഷണറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിന്റെ അതിഥിയായി ഒരാഴ്ചയോളം താമസിച്ചശേഷമാണു് ആക്സ്ഫോർഡിലെത്തിയതു്. ലണ്ടണിൽ താമസിച്ചതു് വിനോദത്തിനുമാത്രമായിരുന്നില്ല. ഇംഗ്ലണ്ടിൽ ചെലവു് വളരെ വർദ്ധിച്ച കാലമായിരുന്നു. മൂന്നുനാലു് മാസം സുഖമായി താമസിക്കുന്നതു് ആയിരം പവനിൽ കുറയാതെ ചെലവു് വരുമെന്നാണു് കണക്കാക്കിയിരുന്നതു്. അതിനു് പണം ഇൻഡ്യയിൽനിന്നു് കൊണ്ടുപോകുവാൻ റിസർവ്ബാങ്കിന്റെ അനുവാദം വേണം. ഇൻഡ്യയിൽ താമസിക്കുന്ന ഒരാൾക്കു് ഇംഗ്ലണ്ടിൽ ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനുപോലും റിസർവ്വ് ബാങ്കിന്റെ സമ്മതം വേണം. എനിക്കവിടെയുണ്ടായിരുന്ന ബാങ്കുകണക്കിൽ 500 പവനിൽ കൂടുതൽ ഒരിക്കലും പാടില്ലെന്നു് റിസർവ് ബാങ്കിന്റെ നിശ്ചയവുമുണ്ടു്. ആ സ്ഥിതിക്കു് കൂടുതൽ ആവശ്യമുള്ള പണം സമ്പാദിക്കേണ്ടതായിവന്നു. ബി. ബി. സി.-യിൽ പ്രസംഗിക്കുക, മാസികകളിൽ ലേഖനമെഴുതുക ഇങ്ങനെ ഓരോന്നു് ചെയ്തു് ശിഷ്ടാവശ്യമുള്ള പണമുണ്ടാക്കുവാൻ വൈഷമ്യമില്ലെന്നു് എനിക്കു് തോന്നി. അതിനു വേണ്ട ഏർപ്പാടുകൾ സ്നേഹിതന്മാർവഴി ചെയ്ത ശേഷമാണു് ഞാൻ ആക്സ്ഫോർഡിലേയ്ക്കു് പോയതു്.
വളരെ സ്നേഹപൂർവ്വമാണു് ഞാൻ മുൻപു് പഠിച്ചു് താമസിച്ചു് ക്രൈസ്റ്റ്ചർച്ചിലെ അധികാരികൾ എന്നെ സ്വീകരിച്ചതു്. കാളേജിനോടു് തൊട്ടുള്ള അവരുടെ അതിഥിമന്ദിരത്തിൽ എനിക്കു് വേണ്ട സൗകര്യങ്ങൾ അവരേർപ്പെടുത്തിയിരുന്നു. ഭക്ഷണത്തിനും മറ്റും ആ കാളേജിലെ പ്രഫസറന്മാർക്കുള്ള ഹൈടേബി(High Table)ളിൽ എനിക്കും സ്ഥാനം കിട്ടി. ഞാനും എന്റെ ദിനസരി ആക്സ്ഫോർഡിൽ ജോലിചെയ്തു് താമസിക്കുന്ന ഒരു പ്രഫസറുടേതുപോലെയാക്കി. ഭക്ഷണത്തിനു് പ്രഫസറ(Dons)ന്മാരുടെ കൂടെ കാളേജിൽ ചേരും. പിന്നെയുള്ള സമയം, രാവിലെ ഒരുമണിവരെ മുൻനിശ്ചയിച്ച പരിപാടിയനുസരിച്ചു് സാംസ്ക്കാരികചരിത്രത്തിന്റെ ചില ഭാഗങ്ങൾ എഴുതുകയോ എഴുതുവാനാവശ്യമുള്ള സാമഗ്രികൾ ശേഖരിക്കുകയോ ചെയ്യും. ഉച്ചതിരിഞ്ഞ രണ്ടു്ം മൂന്നു് മണിക്കൂർ പുസ്തകശാലകളിൽ പുതിയ ഗ്രന്ഥങ്ങൾ നോക്കിയോ സ്നേഹിതന്മാരായ പ്രൊഫസർമാരുടെ വീടുകളിൽ ശാസ്ത്രാർത്ഥവാദങ്ങളിലേർപ്പെട്ടോ കഴിച്ചുകൂട്ടും. അഞ്ചുമണിമുതൽ ഏഴുമണിവരെ പിന്നെയും ചരിത്രത്തിന്റെ ജോലിയായി. ഊണിനു് മിക്കവാറും കാളേജിലെ ഹൈടേബിളിൽ. ഊണിനുശേഷം പ്രഫസർമാർകൂടി സമ്മേളിക്കുന്ന സീനിയർ കാമൺ റൂമി(Senior Common Room)ൽ എല്ലാവരുംകൂടി പത്തരമണിവരെ ഓരോ കാര്യങ്ങൾ സംസാരിച്ചു് കഴിച്ചുകൂട്ടും. എനിക്കു് അവിടെ ഗൈവിന്റ്, ജെഫ്രി ഹഡ്സൺ (Geoffery Hudson), സർ ഐസയാ ബെർലിൻ (Sir Isiah Berlin) മുതലായി ഒട്ടുവളരെ സ്നേഹിതന്മാരുണ്ടായിരുന്നതിനാൽ ആക്സ് ഫോർഡിനെ താമസം വളരെ സന്തോഷകരമായിരുന്നു. പുസ്തകം എഴുതുന്നതു് കൂടാതെ, യൂണിവേർസിറ്റിയുടെ പല പ്രസംഗങ്ങളും അവിടെ ചെയ്യേണ്ടതായുമുണ്ടായിരുന്നു. ബി. ബി. സി.-യുടെ ആവശ്യത്തിനായി ഇടക്കിടയ്ക്കു് ലണ്ടനിലും പോയിവരാറുണ്ടു്. ഇങ്ങനെ ഒരു രണ്ടരമാസം മുഷിഞ്ഞു് ജോലിചെയ്തപ്പോൾ ഞാൻ എഴുതാനേറ്റിരുന്ന അധ്യായങ്ങളുടെ ഒരു നക്കൽ ഏതാണ്ടു് പൂർത്തിയായിക്കഴിഞ്ഞു.
ആക്സ്ഫോർഡിൽ ഇങ്ങനെ താമസിച്ചിരുന്ന കാലത്തുണ്ടായ ഒരു വിചിത്രസംഭവം ഇവിടെ പറയേണ്ടിയിരിക്കുന്നു: ആക്സ്ഫോർഡിൽ ആണ്ടുതോറും ലോകവിശ്രുതന്മാരായ ചിലർക്കു് ബഹുമതിസ്ഥാനങ്ങൾ കൊടുക്കുക പതിവുണ്ടല്ലോ. അതു് വലിയ ഒരാഘോഷമാണു്. ആ വർഷത്തിൽ ഡി. സി. എൽ. സ്ഥാനം കൊടുക്കുവാൻ തീർച്ചയാക്കിയിരുന്നതു് മുൻപു് യൂണൈറ്റഡ് സ്റ്റേറ്റ്സ് (U. S. A.) പ്രസിഡേണ്ടായിരുന്ന ഹാരിട്രൂമന്നാണു്. ഇങ്ങനെ സ്ഥാനം കൊടുക്കുന്ന ആളെ അന്നത്തെ രാത്രി വിരുന്നിനു് ക്രൈസ്റ്റ് ചർച്ചിൽ ക്ഷണിക്കുക ഒരു പതിവുണ്ടു്. അതുകൊണ്ടു് അന്നു് രാത്രി ട്രൂമൻ ഞങ്ങളുടെ കൂടെ ക്രൈസ്റ്റ് ചർച്ചിലെ ഹൈടേബിളിലാണു് ഭക്ഷണം കഴിച്ചതു്. ട്രൂമൻ അതിയോഗ്യനായ ഒരു പ്രസിഡേണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണല്ലോ കൊറിയൻയുദ്ധമുണ്ടായതു്. അതേപ്പറ്റി അദ്ദേഹമെഴുതിയിട്ടുള്ള സ്മരണകളിൽ (Memories) എന്നെ അധിക്ഷേപിച്ചു് ഒരു ഖണ്ഡികയുണ്ടു്. എന്നെ അദ്ദേഹവുമായി പരിചയപ്പെടുത്തിയ ലാർഡ് ചാർവെൽ (Lord Cherwell) ഞാനായിരുന്നു കൊറിയൻ യുദ്ധകാലത്തു് ചൈനയിൽ അമ്പാസഡർ എന്നും ചൈനയെപ്പറ്റിയുള്ള സന്ദേശങ്ങൾ ഞാൻ അയച്ചതാണെന്നും പറഞ്ഞുകേൾപ്പിച്ചു. ഊണിനു് ഞങ്ങൾ അടുത്താണു് ഇരുന്നതു്. ഇടയ്ക്കിടെ എന്നെ അദ്ദേഹം നോക്കുന്നതും കാണാമായിരുന്നു. ഭക്ഷണം കഴിഞ്ഞു് പലരുമായി സംസാരിച്ചശേഷം അദ്ദേഹം എന്റെ അടുക്കലും വന്നു. അദ്ദേഹം എന്നോടു് ചോദിച്ചു: “നിങ്ങളായിരുന്നു, അല്ലേ, കൊറിയൻയുദ്ധകാലത്തു് ചൈനായിലുണ്ടായിരുന്നതു്?”
“അതേ.”
“ഇപ്പോൾ ഞാനോർക്കുന്നു, എന്റെ പുസ്തകത്തിൽ നിങ്ങളെ സ്വല്പമൊന്നു് ഊന്നിപ്പറഞ്ഞിട്ടുണ്ടു്, ഇല്ലേ? അതു് കാര്യമാക്കേണ്ടാ. പൂർണ്ണമായ അറിവു് ഈ കാര്യങ്ങളിൽ ഒരാൾക്കു് ലഭിക്കാനുള്ള കാലമായിട്ടില്ലല്ലോ.”
ഇത്രയും പറഞ്ഞതു് എനിക്കു് വലിയ തൃപ്തിക്കു് കാരണമായി.
കോമൺവെൽത്ത് കാൺഫറൻസിനായി പണ്ഡിറ്റ് നെഹ്റുവും ആയിടെ ലണ്ടനിലെത്തി. അതോടുകൂടി എന്റെ ആക്സ്ഫോർഡ്വാസം മതിയാക്കി ഞാൻ ലണ്ടനിലേയ്ക്കു് മാറി. ‘മാൻചെസ്റ്റർ ഗാർഡിയൻ’ എന്ന പ്രസിദ്ധപത്രം കാൺഫറൻസവസരത്തിൽ പ്രസിദ്ധപ്പെടുത്തുവാൻ രണ്ടു് ലേഖനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആസ്ത്രേലിയൻപ്രധാനമന്ത്രിയായ മെനിസീസ് ‘ടൈംസി’ൽ രണ്ടു് ലേഖനങ്ങൾ എഴുതുന്നുണ്ടെന്നും അതു് കോമൺവെൽത്തിലെ യൂറോപ്യൻമെമ്പറന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഇൻഡ്യ, പാക്കിസ്ഥാൻ, സിലോൺ, ഘാന എന്നിവയുടെ അഭിപ്രായങ്ങൾ പ്രതിഫലിക്കുന്ന രണ്ടു് ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയാൽ അവയുടെ വില കൂടുമെന്നും അവർ അറിയിച്ചിരുന്നു. അതനുസരിച്ചു് ഞാൻ ലേഖനങ്ങളെഴുതിക്കൊടുത്തു. ആ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ ബ്രിട്ടീഷ് പൊതുജീവിതത്തിൽ പ്രമാണികളായ പലരിൽനിന്നും അവയെ അഭിനന്ദിച്ചു് എഴുത്തുകൾ വന്നു. എന്നുമാത്രമല്ല, പത്രങ്ങളിലും അവയെത്തുടർന്നു് ചില ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിക്കണ്ടു.
കാമൺവെൽത്ത് സമ്മേളനത്തെസ്സംബന്ധിച്ച ഗിൽഡ് ഹാൾ, ബാസ്ക്കറ്റ് മുതലായ ഉത്സവങ്ങളിൽ സംബന്ധിച്ചശേഷം ജൂലായ് അഞ്ചാംതീയതി പോളണ്ടിലെ ഗവണ്മെന്റിന്റെ ക്ഷണനമനുസരിച്ചു് ഞാൻ വാർസായിലേയ്ക്കു് പോയി. ഗവണ്മെന്റിന്റെ അതിഥിയായിട്ടാണു് പോയതെങ്കിലും അവിടെ ചില പ്രസംഗങ്ങൾ ചെയ്യാമെന്നും ഏറ്റിരുന്നു. ഈ യാത്രയുടെ വാസ്തവത്തിലുള്ള ഉദ്ദേശം പൊലണ്ടിൽ പോൻസാനി(Ponzani)ലെ ലഹളകൾക്കുശേഷം കമ്യൂണിസ്റ്റ് സംഘടനയ്ക്കു് എന്തെല്ലാം മാറ്റമുണ്ടെന്നറിയുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ജർമ്മനിയിലും സഞ്ചരിക്കണമെന്നു് എനിക്കാഗ്രഹമുണ്ടായിരുന്നു. രണ്ടാഴ്ചയോളം ഞാൻ പോളണ്ടിൽ താമസിച്ചു് അവിടുത്തെ വിദ്യാഭ്യാസരീതി, വ്യവസായഘടന, നീതിന്യായകോടതികൾ എന്നിവ കണ്ടു് മനസ്സിലാക്കി. എന്റെ പ്രസംഗങ്ങൾ ഇംഗ്ലീഷിലായിരുന്നുവെങ്കിലും കേൾക്കാൻ ഒട്ടനവധി അളുകൾ കൂടിയിരുന്നു.
പോളണ്ടിൽ പല സ്ഥലത്തും സഞ്ചരിച്ചു് അവിടത്തെ സാംസ്ക്കാരികപാരമ്പര്യത്തെ നേരിട്ടു് കണ്ടു് മനസ്സിലാക്കാൻ സാധിച്ചതും ഈ യാത്രയുടെ സവിശേഷതയാണു്. പക്ഷേ, ഞാൻ കണ്ടതിൽവെച്ചു് വിശേഷമായതു് രണ്ടു് കാര്യമാണു്. ഒന്നാമതായി പറയേണ്ടതു് തലസ്ഥാനനഗരിയായ വാർസായിൽ ജർമ്മൻകാർ കരുതിക്കൂട്ടി ദൃഢബുദ്ധിയോടെ ചെയ്ത നാശവും യുദ്ധത്തിൽ ജയിച്ചശേഷം പോളണ്ടുകാർ അതു് രണ്ടാമതു് പണിയിച്ചതുമാണു്. പുരാതനവും മനോഹരവുമായ ഒരു പട്ടണമാണു് വാർസാ നഗരം. അതിലെ ഓരോ തെരുവും, ഓരോ വീടുതന്നേയും, വെടിമരുന്നുവെച്ചു് പൊട്ടിച്ചു് നശിപ്പിക്കാനാണു് ജർമ്മൻകാർ തീർച്ചയാക്കിയതു്. അങ്ങനെ ആ നഗരത്തെ ഒട്ടുമുക്കാലും അവർ നശിപ്പിച്ചുതാനും. റോമാക്കാർ കാർത്തേജിനേയും മുസ്ലീമിങ്ങൾ വിജയനഗരത്തേയും തകർത്തതൊഴികെ വേറൊരു ഉദാഹരണം ഇത്തരം ക്രൂരകൃത്യത്തിനു് ചരിത്രത്തിലുള്ളതായി തോന്നുന്നില്ല. ബ്രിട്ടീഷുകാർ ചൈനയിൽ സമ്മർപാലസിനു് തീവെച്ചു. നദീർഷാ ദെല്ലിയിൽ ബഹുസഹസ്രം ജനങ്ങളെ വാളിനിരയാക്കി. ടൈമൂർ യുദ്ധം കഴിഞ്ഞാൽ തടവിൽ പിടിച്ചവരെ കൊന്നു് അവരുടെ അസ്ഥികൾകൊണ്ടു് കൂനകൂട്ടുമായിരുന്നത്രേ. ചില മുസ്സൽമാൻ രാജാക്കന്മാർ ഇൻഡ്യയിൽ പല ക്ഷേത്രങ്ങളേയും നശിപ്പിച്ചിട്ടുണ്ടു്. എന്നാൽ ഇതിലൊക്കെക്കവിഞ്ഞ ക്രൂരതയാണു് നാസികൾ വാർസായോടു് കാട്ടിയതു്. പക്ഷേ, ആശ്ചര്യകരമായതു് നാസികളുടെ ക്രൂരതയല്ല. പോളണ്ടുകാർ യുദ്ധശേഷം ആ നഗരത്തെ പണ്ടിരുന്നപോലെത്തന്നെ, അതേ തോതിലും അതേ ശില്പകലയിലും അതേ ഭംഗിയിലും നിർമ്മിച്ചെടുത്തു. അതു് കാണേണ്ട ഒരു കാഴ്ചതന്നെയാണു്.
രണ്ടാമത്തേതു് നാസികൾ യഹൂദന്മാരേയും യഹൂദരക്തമുണ്ടെന്നു് വിശ്വസിച്ചിരുന്നവരേയും പിടിച്ചിട്ടു് പൈശാചികമായ വിധത്തിൽ കൊന്ന ഓസിയോവിക്സിലെ കാൺസെൻട്രേഷൻ ക്യാമ്പാ(Concentra-tion camp)ണു്. ആ സ്ഥലം ഇപ്പോൾ ഒരു മ്യൂസിയമായി വെച്ചിരിക്കയാണു്. ഇന്നും നിരവധി ആളുകൾ അതു് വന്നു് സന്ദർശിച്ചു് പോകാറുണ്ടു്. നിരപരാധരായ അനേകലക്ഷം ആളുകളെ നാസികൾ അവിടെ ബലി കഴിച്ചു. അവരുടെ തലമുടി, തൊലി മുതലായവ ഓരോ ആവശ്യത്തിനായി കുന്നുപോലെ നാസികൾ കൂട്ടിയിരുന്നതു് അങ്ങനെത്തന്നെ അവിടെ ഇപ്പോഴും കിടപ്പുണ്ടു്. അവിടം കണ്ടപ്പോൾ മനുഷ്യരുടെ പൈശാചികതയോർത്തു് ഞാൻ അത്ഭുതപ്പെട്ടുപോയി. ഇങ്ങനെ ക്രൂരത കാണിച്ചവരിൽ പലരും സംസ്ക്കാരസമ്പന്നരും മറ്റു് വിധത്തിൽ യോഗ്യരുമായിരുന്നുവത്രേ. അവരിൽ ഒരാളുടെ കാര്യം പിന്നീടു് ഇൻഡ്യയിൽ അമ്പാസഡറായ കാട്സ് സൂക്കി (Katx zucky) എന്നോടു് പറയുകയുണ്ടായി. സംഗീതത്തിൽ അതിവിദഗ്ദ്ധനും കവിയുമായ ഒരുദ്യോഗസ്ഥനായിരുന്നുവത്രേ വാർസായിൽ ഈ കൃത്യങ്ങളിൽ മുൻപിട്ടുനിന്നു് പ്രവർത്തിച്ചതു്. അയാൾ പതിവായി വൈകുന്നേരം ജർമ്മൻകവിതകൾ വായിച്ചാണത്രേ സമയം പോക്കിയിരുന്നതു്.
എനിക്കു് ഈ മരണശാല കണ്ടപ്പോൾ പ്രത്യേകസങ്കടത്തിനു് ഒരു കാരണമുണ്ടായിരുന്നു. എന്റെ പല സ്നേഹിതന്മാരേയും അവിടെ കൊണ്ടുപോയി കൊന്നതായി അറിയാമെങ്കിലും ഗെർട്രൂഡ് സൈറ്റ്സ് എന്ന അതിവിശിഷ്ടയായ ഒരു സ്നേഹിതയ്ക്കുണ്ടായ അനുഭവമാണു് പ്രത്യേകിച്ചു് എന്നെ സങ്കടപ്പെടുത്തിയതു്. ഒരു പ്രസിദ്ധനാടകകർത്താവും ബെർളിനർ സൈറ്റൂങ് (Berliner Zeitung) എന്ന പ്രതിദിനപത്രത്തിന്റെ ഉപപത്രാധിപരുമായിരുന്ന ഹെർമാൻ സൈറ്റ്സിന്റെ പത്നിയായിരുന്നു ഗെർട്രൂഡ്. അതിസുന്ദരിയും സാഹിത്യതൽപരയുമായ ആ സ്ത്രീരത്നത്തേയും അവരുടെ ഭർത്താവിനേയും ഞാൻ 1926 തൊട്ടേ അറിയും. ബെർലിനിൽ അവരുടെ ഗൃഹത്തിൽ ഒന്നിലധികം പ്രാവശ്യം ഞാൻ താമസിച്ചിട്ടുണ്ടു്. ഗെർട്രൂഡിന്റെ മാതാമഹി ഒരു യഹൂദയായിരുന്നത്രേ. ഈ കാരണത്താൽ ഹിറ്റ്ലർക്കു് ജർമ്മനിയിലധികാരം കിട്ടിയ ഉടനെ സൈറ്റ്സും ഭാര്യയും ബെർലിൻ വിട്ടു് വിയന്നായിൽ താമസമാക്കി. ഹിറ്റ്ലർ വിയന്നായിലെത്തിയപ്പോൾ അവർക്കു് മറ്റെങ്ങും പോവാൻ നിവൃത്തിയില്ലെന്നായി. യുദ്ധം മുഴുത്തപ്പോൾ ആ സ്ത്രീയെ വിയന്നായിൽനിന്നു് മാറ്റിപ്പാർപ്പിക്കാനെന്ന വ്യാജേന ഈ കാൺസെൻട്രേഷൻ ക്യാമ്പിൽ കൊണ്ടുവന്നു് വിഷവായു കൊടുത്തു് കൊല്ലുകയാണുണ്ടായതു്.
വാർസായിൽ കമ്മ്യൂണിസ്റ്റുകാർ നടത്തിവരുന്ന പല വ്യവസായശാലകളും ഞാൻ കാണുകയുണ്ടായി. ഉരുക്കുനിർമ്മാണശാലകളും കല്ക്കരിഖനികളുമെല്ലാം മറ്റു് ദേശങ്ങളിലെന്നപോലെ എന്നേ പറയേണ്ടതുള്ളു. കമ്മ്യൂണിസ്റ്റ്കാരുടെ പുതിയ സ്ഥാപനങ്ങളിൽ എനിക്കേറ്റവും സന്തോഷമുണ്ടാക്കിയതു് കവികൾക്കും സാഹിത്യകാരന്മാർക്കും വിശ്രമത്തിനായുള്ള ഒരു മനോഹരമന്ദിരവും ഉദ്യാനവുമാണു്. ജോലിത്തിരക്കിൽനിന്നൊഴിഞ്ഞു്, വിശ്രമവിഹാരങ്ങൾക്കു് വേണ്ട സൗകര്യങ്ങളോടുകൂടിയ ഒരു സ്ഥലമാണു് അതു്. ഞാൻ സന്ദർശിച്ച സമയത്തു് സ്ത്രീകളുൾപ്പെടെ അമ്പതോളമാളുകൾ അവിടെ താമസമുണ്ടായിരുന്നു. അവരുമായി സാഹിത്യകാര്യങ്ങൾ സംസാരിച്ചു് ഒരു സായാഹ്നം കഴിച്ചുകൂട്ടി.
സുഖവാസത്തിനായി കാർപ്പേതിയൻമലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലത്തു് എന്നെ കൊണ്ടുപോയി മൂന്നു് ദിവസം താമസിപ്പിച്ചു. സ്ഥലം വളരെ ഭംഗിയുള്ളതാണു്. പക്ഷേ, മല കേറലാണു് അവിടത്തെ വിനോദം. അതു് എനിക്കു് തീരെ സന്തോഷകരമായ ഒരു പ്രവൃത്തിയല്ല. അതുകൊണ്ടു് എനിക്കു് വീട്ടിൽത്തന്നെ വിശ്രമിക്കേണ്ടിവന്നു. സമയം പോക്കുന്നതിനായി സോഫോക്സീസ്സിന്റെ യൂഡിപ്പസ്സ് ഞാൻ തർജ്ജമ ചെയ്തുവന്നിരുന്നതു് അവിടെവച്ചു് മിക്കവാറും മുഴുമിച്ചു.
പോളണ്ടിൽനിന്നു് ഞാൻ കമ്മ്യൂണിസ്റ്റ്രാജ്യമായ പൂർവ്വജർമ്മനിയിലേയ്ക്കാണു് പോയതു്. അവിടേയും പല സ്ഥലങ്ങൾ നടന്നു് കണ്ടുവെങ്കിലും, അവരുടെ വ്യവസായവളർച്ച കണ്ടു് ആശ്ചര്യപ്പെട്ടുവെങ്കിലും, പ്രസിഡണ്ട് മുതലായവർ വളരെ ആദരത്തോടുകൂടിയാണു് എന്നെ സ്വീകരിച്ചതെങ്കിലും, രണ്ടു് ജർമ്മനികൾ തമ്മിലുള്ള വഴക്കുകൊണ്ടു് അവിടത്തെ കാര്യങ്ങൾക്കു് ആകപ്പാടെ ഒരു കൃത്രിമതയുള്ളതായി എനിക്കു് തോന്നി. അവിടെ നിന്നു് ഞാൻ ഫെഡറൽഗവണ്മെന്റിന്റെ തലസ്ഥാനമായ ബോണിലേയ്ക്കു് പോന്നു.
അന്നു് ജർമ്മനിയിൽ അംബാസഡറായി ജോലി നോക്കിയിരുന്നതു് എന്റെ ചിരന്തനസ്നേഹിതനായ കണ്ടോത്തു് നാരായണൻ നമ്പ്യാരാണു്. സുപ്രസിദ്ധനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരു ടെ മകനും പ്രഫസർ കണ്ടോത്തിന്റെ സഹോദരനുമായ ഇദ്ദേഹം 1923 മുതൽ ജർമ്മനിയിൽത്തന്നെയാണു് താമസം.
നാരായണൻനമ്പ്യാരുടെ കഥ ഒരു നോവൽപോലെ അതിരസകരമാണു്. സരോജിനിനായിഡു വിന്റെ സഹോദരിയായ സുഹാസിനിയെ കല്യാണംകഴിച്ചു് രണ്ടാളും ഒന്നിച്ചാണു് ജർമ്മനിയിൽ പഠിക്കാൻ പോയതു്. അവിടെവെച്ചു് തന്റെ സഹോദരൻ വീരേന്ദ്രനാഥശതോപാധ്യായ യുടെ ശിഷ്യത്വമേറ്റു് സുഹാസിനി കമ്യൂണിസ്റ്റായി. നമ്പ്യാർ പാർട്ടിയിൽ ചേർന്നില്ലെന്നാണു് എന്റെ അറിവു്. എങ്കിലും അവിടെ ഇടതുപക്ഷപ്രമാണികളുമൊന്നിച്ചാണു് അദ്ദേഹം ജീവിച്ചിരുന്നതു്. ഹിന്ദുമുതലായ പത്രങ്ങളുടെ മധ്യയൂറോപ്യൻപ്രതിനിധിയായും അന്നദ്ദേഹം ജോലി നോക്കിയിരുന്നു. 1926-ൽ ഞാൻ ആദ്യം ജർമ്മനിയിൽ ചെന്നപ്പോൾ ഇങ്ങനെയൊക്കെയാണു് സ്ഥിതി. ക്രമേണ അദ്ദേഹം ജർമ്മനിയിലെ ബുദ്ധിജീവികളുടെ ഇടയിൽ ഗണ്യമായ ഒരു സ്ഥാനം നേടിയെന്നതിനു് തർക്കമില്ല. അങ്ങനെയിരിക്കുമ്പോഴാണു് നാസികൾ അധികാരത്തിൽ വന്നതു്. കമ്യൂണിസ്റ്റുകാരോടും വെള്ളക്കാരല്ലാത്തവരോടും അത്യന്തം വെറുപ്പുള്ള അവർ നമ്പ്യാരെ ഒരു കള്ളക്കേസിൽ കുടുക്കി അറസ്റ്റ്ചെയ്തു. റൈക്സ്റ്റാഫ് (Reickstaf) കെട്ടിടം—ജർമ്മനിയിലെ പാർലിമെന്റ്മന്ദിരം—തീവെച്ചു് കത്തിച്ചു എന്നതായിരുന്നു കേസ്സ്. ഇതു് പല നാട്ടുകാരുംകൂടി ജർമ്മൻകാരെ ചീത്തയാക്കാൻ കരുതിക്കൂട്ടിച്ചെയ്ത ഒരു കൃത്രിമമാണെന്നും ഡിമിട്രോഫ് എന്ന കമ്യൂണിസ്റ്റ്നേതാവിന്റെ കീഴിലുള്ള ഒരു സംഘത്തിനാണു് ഇതിനു് ഉത്തരവാദിത്വമെന്നുമത്രേ നാസികളുടെ വാദം. അതിൽ നമ്പ്യാരെയും കുടുക്കുകയാണുണ്ടായതു്. ഈ കേസ്സിൽനിന്നു് ശിക്ഷ കൂടാതെ പുറത്തുവരാൻ കഴിഞ്ഞതു് ബ്രിട്ടീഷുകാർ ഇടപെട്ടതുകൊണ്ടാണെന്നു് നമ്പ്യാർതന്നെ എന്നോടു് പറഞ്ഞിട്ടുണ്ടു്.
ഇനി ജർമ്മനിയിൽ താമസം നന്നല്ലെന്നു് കരുതി നമ്പ്യാർ വിയന്നായിലേയ്ക്കു് പോയി. അവിടെയും പ്രാഗിലുമായി താമസമുറപ്പിച്ചു. ആയിടയ്ക്കാണു് അദ്ദേഹത്തിനു് നെഹ്റുവുമായി കൂടുതൽ പരിചയത്തിനിടയായതു്. ജർമ്മനിയിൽ താമസിക്കുമ്പോൾത്തന്നെ നെഹ്റുവുമായി പരിചയമായെങ്കിലും, കമലാനെഹ്റു വിനു് വിയന്നായിൽ താമസിച്ചു് ചികിത്സിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ സഹായിച്ചതുമൂലമാണു് അവർ തമ്മിൽ സ്നേഹമായതു്. പാണ്ഡിത്യംകൊണ്ടും കൃത്യനിഷ്ഠകൊണ്ടും വിയന്നായിലും ഏതാണ്ടൊരു നിലയിലെത്തിയപ്പോൾ അവിടെയും ഹിറ്റ്ലർ വന്നെത്തി. നമ്പ്യാർ പ്രാഗിൽനിന്നു് ഒളിച്ചോടി പാരീസ്സിലെത്തി. പാരീസ്സിൽ കൂട്ടുകാരും പരിചയക്കാരും ധാരാളമുണ്ടായിരുന്നതുകൊണ്ടു് അപ്പോഴെങ്കിലും കഷ്ടപ്പാടു് നീങ്ങിയെന്നാണു് സാധു നമ്പ്യാർ വിചാരിച്ചതു്. 1940-ൽ ഫ്രാൻസ് കീഴടങ്ങി ഹിറ്റ്ലരുടെ സൈന്യം പാരീസ്സിൽ പ്രവേശിച്ചപ്പോൾ നമ്പ്യാർ ധരിച്ചിരുന്ന ഉടുപ്പുകൾമാത്രമായി ജർമ്മനിയുടെ കൈയിൽപ്പെട്ടിട്ടില്ലാത്ത വിഷി ഫ്രാൻസിലേയ്കു് കാൽനടയായി യാത്രയായി. അവിടെ രാമകൃഷ്ണമിഷ്യന്റെ അധ്യക്ഷനായി സിദ്ധേശ്വരാനന്ദനെന്നൊരു സ്വാമിയുണ്ടായിരുന്നു. കൊച്ചിയിലെ ഒരു രാജാവിന്റെ മകനായ ഒരു മാരാരാണു് അദ്ദേഹം. ഭക്തനും പണ്ഡിതനും സാത്വികശീലനുമായ അദ്ദേഹത്തിനു് ഫ്രാൻസിൽ വലിയ ഒരു ശിഷ്യഗണമുണ്ടായിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം തന്റെ ആശ്രമം ജർമ്മൻകാരുടെ പിടിയിൽനിന്നകന്നു് തെക്കോട്ടു് മാറ്റി സ്ഥാപിച്ചു. അവിടെയാണു് നമ്മുടെ നമ്പ്യാർ വേഷംമാറി ചെന്നുചേർന്നതു്.
ആരുമറിയാതെയും പോലീസ്സിന്റെ ദൃഷ്ടിയിൽ പെടാതെയും കുറച്ചുനാൾ അങ്ങനെ കഴിച്ചപ്പോൾ സുഭാഷ്ചന്ദ്രബോസ്സി ന്റെ ആളുകൾ അദ്ദേഹത്തെ അന്വേഷറിഞ്ഞു. ആ കക്ഷിയിൽ ചേരുന്നതിനു് അദ്ദേഹത്തെ ക്ഷണിച്ചു. അതുവരെ നാസികൾക്കു് വിരോധമായും ഹിറ്റ്ലരുടെ എല്ലാ പ്രവൃത്തികളെയും എതിർത്തും വളരെ കഷ്ടതയനുഭവിച്ച നമ്പ്യാർ ബോസ്സിന്റെ പ്രേരണയിൽ നാസികളോടു് എങ്ങനെ സഹകരിച്ചു എന്നു് ചോദ്യമുണ്ടാവാം. അതെങ്ങനെയെങ്കിലുമാകട്ടെ. അദ്ദേഹം നേതാജിയുടെ ഒരു മന്ത്രിയായി. ബോസ് സബ്മറീൻവഴി സിങ്കപ്പൂരിലേയ്ക്കു് പോന്നപ്പോൾ യൂറോപ്പിൽ തന്റെ പ്രതിനിധിയായി അമ്പാസിഡർസ്ഥാനത്തോടെ നിയമിച്ചതു് നമ്പ്യാരെയാണു്. നമ്പ്യാരുടെ വൈഷമ്യങ്ങൾ ഇതോടുകൂടിയും അവസാനിച്ചില്ല. ജർമ്മൻകാർ യുദ്ധത്തിൽ തോറ്റപ്പോൾ ബ്രിട്ടീഷ്സൈന്യാധിപന്മാർ നമ്പ്യാരെ തടവുകാരനാക്കി. അതിൽനിന്നു് നെഹ്റുവിന്റെയും മറ്റും സഹായത്തോടുകൂടി പിന്നീടു് പുറത്തുവന്നു.
ഇൻഡ്യയ്ക്കു് സ്വാതന്ത്ര്യം കിട്ടിയപ്പോൾ നെഹ്റു നമ്പ്യാരെ, അദ്ദേഹത്തിന്റെ ജർമ്മൻഭാഷാജ്ഞാനത്തെയും യൂറോപ്യൻ രാഷ്ട്രീയകാര്യങ്ങളിലുള്ള അസാധാരണമായ പരിചയത്തെയും പരിഗണിച്ചു്, ഡിപ്ലോമാറ്റിക്ജോലിക്കായി എടുത്തു. ആദ്യം സ്വിറ്റ്സർലാണ്ടിൽ കോൺസലറായും പിന്നീടു് സ്വീഡനിൽ മിനിസ്റ്ററായും ഒടുവിൽ ജർമ്മനിയിൽ അമ്പാസിഡറായും നമ്പ്യാർ നിയമിക്കപ്പെട്ടു.
ജർമ്മനിയിലെ അമ്പാസിഡരാവാൻ തികഞ്ഞ യോഗ്യതയുള്ള ഒരാളാണു് നമ്പ്യാർ. മുപ്പതിലകംവർഷം ജർമ്മനിയിൽ താമസിച്ചു് അവരുടെ ഭാഷ, ചരിത്രം, സമുദായജീവിതം എന്നിവയിൽ അടുത്തു് പരിചയം സമ്പാദിക്കാൻ കഴിഞ്ഞ അദ്ദേഹത്തിനു് ആ രാജ്യത്തിൽ അസാമാന്യമായ സ്വാധീനശക്തിയുണ്ടായിരുന്നതിനാൽ ആശ്ചര്യപ്പെടാനില്ലല്ലോ. എല്ലാ നിലയിലുള്ള ആളുകളെയും അദ്ദേഹം അറിയും. ജർമ്മനിയിലെ ആഭ്യന്തരകാര്യങ്ങളിൽ അദ്ദേഹത്തെപ്പോലെ അറിവുള്ള ഒരു വിദേശിയെ ഞാൻ കണ്ടിട്ടില്ല. വിദ്യാസമ്പന്നനെങ്കിലും അനഹംകാരിയും സദ്വൃത്തനും മധുരഭാഷിയുമായ നമ്പ്യാർ ഇൻഡ്യയെ ഉചിതമായവിധത്തിലാണു് ജർമ്മനിയിൽ പ്രതിനിധാനം ചെയ്തിരുന്നതെന്നു് ആരും സമ്മതിക്കും.
അദ്ദേഹത്തിന്റെകൂടെയാണു് ഞാൻ ബോണിൽ താമസിച്ചതു്. അതുകൊണ്ടു്, പ്രസിഡെണ്ട്, ഫാറൻമിനിസ്റ്റർ മുതലായവരുമായി കണ്ടു് സംസാരിക്കുന്നതിനു് വൈഷമ്യമൊന്നുമുണ്ടായില്ല. അക്കാലത്തു് ചാൻസലർ അഡനൗർ ബോണിലില്ലാതിരുന്നതുകൊണ്ടു് അദ്ദേഹത്തെ കാണുവാൻ എനിക്കുണ്ടായിരുന്ന ആഗ്രഹം സാധിച്ചില്ല. പക്ഷേ, പലതുകൊണ്ടു് നോക്കിയാലും പ്രസിഡെണ്ട് തിയോഡാർ ഹായിസ്സു (Theodore Huess)മായുള്ള കൂടിക്കാഴ്ചയിലായിരുന്നു എനിക്കു് കൂടുതൽ സന്തോഷം. ഹായിസ്സ് ജർമ്മനിയിലെ ഒന്നാംകിടചരിത്രകാരന്മാരിലൊരാളായിരുന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം മിക്കവാറും ഏഷ്യായുടേയും ഇൻഡ്യായുടേയും ചരിത്രത്തെപ്പറ്റിയായിരുന്നു. എന്റെ ‘ഏഷ്യായും പാശ്ചാത്യപ്രഭാവവും’ എന്ന പുസ്തകത്തിന്റെ ജർമ്മൻ തർജ്ജമ വായിച്ചിട്ടുണ്ടെന്നു് അദ്ദേഹംതന്നെ എന്നോടു് പറകയും അതിൽ പറഞ്ഞിട്ടുള്ള ചില അഭിപ്രായങ്ങളെപ്പറ്റി എന്നോടു് ചോദിക്കയും ചെയ്തപ്പോൾ എനിക്കു് മനുഷ്യസഹജമായ ചാരിതാർത്ഥ്യമുണ്ടായി എന്നു് സമ്മതിക്കാതെ തരമില്ല.
ജർമ്മനിയിൽനിന്നു് ഞാൻ ലണ്ടണിലേയ്ക്കു് മടങ്ങിവന്നിട്ടധികം താമസിച്ചില്ല, 1956 ആഗസ്റ്റ് 18-ാംനു—ദെൽഹിയിൽ തിരിച്ചെത്തി. പിന്നെയും ജോലിയിൽ പ്രവേശിച്ചു് പാരീസ്സിലേയ്ക്കു് പോകുവാനുള്ള ഒരുക്കങ്ങളായി.
അക്ടോബറിൽ പാരിസ്സിൽ ചെന്നു് ജോലിയിൽ ചേരണമെന്നാണു് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അനിവാര്യങ്ങളായ ചില കാരണങ്ങൾകൊണ്ടു് നവംബറിൽ പോയാൽ മതിയെന്നു് പ്രധാനമന്ത്രി തീർച്ചയാക്കി. അതു് എനിക്കും സമ്മതമായിരുന്നു. എന്റെ ഇളയമകൾ രാധ ആയിടയ്ക്കാണു് പ്രസവിച്ചതു്. അവളുടെ ഭർത്താവു് കെ. സി. മോഹൻ ഗവണ്മെന്റാജ്ഞയനുസരിച്ചു് അക്കാലത്തു് റഷ്യയിൽ പോയിരിക്കയായിരുന്നു. അവളെയും കൂടെ പാരിസ്സിലേയ്ക്കു് കൊണ്ടുപോകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടു് നവംബർ ഒടുവോടുകൂടി പോയാൽ മതിയെന്നു് ഞാനും തീർച്ചയാക്കി.
ആയിടയ്ക്കു് തിരു-കൊച്ചിയിൽ പ്രസിഡേണ്ടിനുവേണ്ടി ഭരണംനടത്തിയിരുന്ന പി. എസ്സ്. റാവു വിൽനിന്നു് എനിക്കൊരെഴുത്തു് കിട്ടി. കേന്ദ്രസാഹിത്യഅക്കാദമിയെ അനുകരിച്ചു് ഒരു കേരളസാഹിത്യഅക്കാദമി രൂപീകരിക്കാൻ ഗവണ്മെന്റ് തീർച്ചയാക്കീയിട്ടുണ്ടെന്നും അതിന്റെ ആദ്യത്തെ അധ്യക്ഷനായി എന്നെ നിയമിക്കണമെന്നാണു് ഗവണ്മെന്റിന്റെ ആഗ്രഹമെന്നും അതിൽ പറഞ്ഞിരുന്നു. സത്യനാരായണറാവുവും ഞാനുമായി ആക്സ്ഫോർഡിൽ ഒന്നിച്ചു് പഠിച്ചവരാണെന്നുമാത്രമല്ല, അന്നുമുതൽ അത്യന്തം സ്നേഹമായിക്കഴിയുന്നവരുമാണു്. ആസ്നേഹത്തെ പരിഗണിച്ചാണു് ഇങ്ങനെ എന്നെ ക്ഷണിച്ചതെന്നു് വിചാരിച്ചു. ഈ ധാരണയിൽ ആ ക്ഷണത്തെ ഞാൻ നിരസിക്കയാണുണ്ടായതു്. ഉടൻതന്നെ പാരിസ്സിലേയ്ക്കു് പോകയാണെന്നും മൂന്നു് വർഷമെങ്കിലും താമസം വിദേശത്തിലാകുമെന്നസ്ഥിതിക്കു് മറ്റാരെയെങ്കിലും നിയമിക്കയാണുത്തമമെന്നും ഞാൻ വാദിച്ചു. നിയമനകാര്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു് ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായിരുന്നകാലത്തു് തീർച്ചപ്പെടുത്തിയ ഒരു സംഗതിയാണു് അതെന്നും താൻ അതു് നടപ്പിൽ വരുത്തുന്നതേ ഉള്ളു എന്നുമായിരുന്നു. ഞാൻ ഫ്രാൻസിലേയ്ക്കു് താമസിയാതെ പുറപ്പെടുകയാണെന്നു് താൻ അറിഞ്ഞിട്ടുണ്ടെന്നും അതു് എന്റെ അധ്യക്ഷപദത്തിനു് ബാധകമായി ഗണിക്കേണ്ടതില്ലെന്നും ജോലിക്കു് യോജിച്ചവിധം ഒരുപാധ്യക്ഷനെ നിയമിക്കാൻ തനിക്കു് സമ്മതമാണെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ നിർബ്ബന്ധിക്കപ്പെട്ടപ്പോൾ വർക്കിങ്ങ് പ്രസിഡണ്ടായി ശ്രീ. കെ. പി. കേശവമേനോന വർകളെ നിയമിക്കണമെന്നു് ഞാൻ ആവശ്യപ്പെട്ടു. അതദ്ദേഹം സമ്മതിച്ചുതാനും.
അക്കാദമിയുടെ ആദ്യത്തെ മെംബറന്മാരായി ഗവണ്മെന്റ് തിരഞ്ഞെടുത്തിട്ടുള്ളവരുടെ പേർ കണ്ടപ്പോൾ ഞാൻ കുറഞ്ഞൊന്നു് സംഭ്രമിക്കാതിരുന്നില്ല. സാഹിത്യത്തിൽ എല്ലാംകൊണ്ടും പ്രമാണികളായ വടക്കുംകൂർ രാജരാജവർമ്മ, ആർ. നാരായണപ്പണിക്കർ, പൂത്തേഴത്തു് രാമമേനോൻ എന്നിവരുടെ പേർ അതിൽ ഉൾപ്പെട്ടിരുന്നില്ല. എന്നല്ല, മലയാളം കാളേജിൽ പഠിപ്പിക്കുക എന്നതൊഴിച്ചു് സാഹിത്യപരമായി പറയത്തക്ക അവകാശമില്ലാത്ത ചിലർ ആ ലിസ്റ്റിൽ ഉണ്ടായിരുന്നുതാനും. ആ കാര്യത്തെപ്പറ്റി ഞാൻ റാവുവിനോടു് സംസാരിച്ചപ്പോൾ അതു് സാമൂഹ്യാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും തനിക്കും ആ നയം ബോധ്യമല്ലെങ്കിലും അതനുവദിച്ചുകൊടുക്കാതെ സാധിക്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും 1956-ൽ വിജയദശമിക്കു് അക്കാദമി രാജപ്രമുഖനായ തിരുവിതാംകൂർ മഹാരാജാവു് ഉൽഘാടനം ചെയ്തു. ആദ്യത്തെ മീറ്റിങ്ങിൽ ആധ്യക്ഷ്യം വഹിച്ചു് എന്തൊക്കെയാണു് ചെയ്യേണ്ടതെന്നു് ഒരു പരിപാടി നിശ്ചയിച്ചശേഷം ഞാൻ ദെല്ലിക്കു് തിരിച്ചുപോന്നു.
നവംബർ അവസാനത്തോടുകൂടി പാരീസ്സിലേയ്ക്കു് തിരിച്ചു. ഡിസംബർ രണ്ടാംതീയതി പാരീസ്സിലെത്തി അംബാസഡറായി ജോലിയിൽ പ്രവേശിച്ചു. ആദ്യത്തെ (1914-ലെ) മഹായുദ്ധംവരെ ലണ്ടണിലെയും പാരീസ്സിലെയും എംബസ്സികളെയായിരുന്നു ലോകത്തിൽ ഒന്നാംകിടയുള്ളവയായി ഗണിക്കപ്പെട്ടിരുന്നതു്. ആ നില ഏതാണ്ടു് 1930 വരെ നിലനിന്നിരുന്നുവെങ്കിലും വാഷിങ്ടന്റെയും മാസ്ക്കോയുടെയും പ്രാധാന്യം വർദ്ധിച്ചതോടുകൂടി വാഷിങ്ടൻ, മോസ്ക്കോ, ലണ്ടൻ, പാരീസ്സ് എന്നായി പൊതുവേയുള്ള ഗണന. പാരീസ്സിലേയ്ക്കു് നിയമിക്കുന്നതു് ഇപ്പോഴും വലിയൊരു പദവിയായാണു് ഗണിക്കപ്പെടുന്നതു്. രാഷ്ട്രീയമായി മറ്റു് മൂന്നിനും പ്രാധാന്യമേറുമെങ്കിലും സാഹിത്യം, സംഗീതം, ചിത്രമെഴുത്തു്, പ്രതിമാനിർമ്മാണം മുതലായ ലളിതകലകളിൽ ഇന്നും പാരീസ്സ് ലോകത്തിന്റെ രാജധാനിയാകയാൽ മറ്റു് മൂന്നിലും കവിഞ്ഞ ഒരു സ്ഥാനം അതിനുണ്ടെന്നും വിശ്വസിച്ചുപോരുന്നു. പാരീസ്സിനോടു് എനിക്കു് ചെറുപ്പം മുതലേ ഉള്ള സ്നേഹാദരങ്ങൾ ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തിൽ എടുത്തുപറഞ്ഞിട്ടുള്ളതാണു്. ആ നഗരത്തിന്റെ പ്രശസ്തിയായി പാരീസ്സ് എന്നു് അന്നെഴുതിയ കവിതയും ഈ അധ്യായത്തിനു് അവശിഷ്ടമായി ചേർത്തിട്ടുണ്ടു്. 1925 മുതൽ 1937 വരെ എല്ലാ വർഷവും ഞാൻ പോയിട്ടുള്ളതുകൂടാതെ 26–27 ഈ വർഷങ്ങളിൽ അവിടെയാണു് മിക്കവാറും താമസിച്ചിരുന്നതും. ആ നാട്ടിൽ വിപുലമായ ഒരു സ്നേഹിതസമ്പത്തു് എനിക്കുണ്ടു്. ഇക്കാരണങ്ങളെക്കൊണ്ടെല്ലാം വലിയൊരു സംതൃപ്തിയോടുകൂടിയാണു് ഞാൻ പാരീസ്സിലേയ്ക്കു് പോയതു്.
ഇൻഡ്യയുമായി വലിയ നയബന്ധങ്ങളൊന്നും ഫ്രാൻസിനുണ്ടായിരുന്നില്ല. പുതുശ്ശേരി മുതലായ സ്ഥലങ്ങൾ വിട്ടുതന്നുകഴിഞ്ഞിരുന്നു; ആ സന്ധി പാർള ്യമെന്റിൽ പാസ്സാകേണ്ട ചടങ്ങുമാത്രമേ ശേഷിച്ചിട്ടുണ്ടായിരുന്നുള്ളു. പിന്നെയുള്ള പ്രധാനജോലി നമ്മുടെ പട്ടാളങ്ങൾക്കു് ആവശ്യമായ വലിയ തോക്കുകൾ, വിമാനങ്ങൾ എന്നിവ വാങ്ങാൻ ഏർപ്പാടുചെയ്കയാണു്. ആ ജോലിക്കു് പ്രത്യേകമായി ആളുകളുള്ള സ്ഥിതിക്കു് അവയുടെ മേൽനോട്ടം വഹിക്കേണ്ട ചുമതലയേ അംബാസഡർക്കുണ്ടായിരുന്നുള്ളു. കച്ചവടത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തിക്കുവാനും പ്രത്യേകം ഒരാളുണ്ടു്. ആകപ്പടെ പാരീസ്സെംബസ്സിക്കു് പ്രധാന്യം കൂടുമെങ്കിലും ജോലി കുറവാണെന്നാണു് എനിക്കു് തോന്നിയതു്.
ഒന്നു് രണ്ടു് പ്രത്യേകത അക്കാലത്തു് ഫ്രാൻസിനുണ്ടായിരുന്നു. പാർല്യമെന്റിൽ പല കക്ഷികളുള്ളതിൽ ഒന്നിനും ഭൂരിപക്ഷമില്ലാത്തതിനാൽ ദുർബ്ബലമായ ഒരു ഗവണ്മെന്റാണു് രാജ്യം ഭരിച്ചിരുന്നതു്. ഞാൻ അവിടെ ചെന്നപ്പോൾ പ്രധാനമന്ത്രിയായിരുന്ന, ഗീ-മോള്ളേ സോഷ്യലിസ്റ്റ് പാർട്ടിയുടെ നായകനാണു്. എങ്കിലും അദ്ദേഹത്തിന്റെ ഗവണ്മെന്റ് കമ്മ്യൂണിസ്റ്റുകാരുടെ ഔദാസിന്യത്തെയും റാഡിക്കൽസിന്റെ സഹായത്തെയും അടിസ്ഥാനമാക്കിയാണു് രാജ്യം ഭരിച്ചിരുന്നതു്. രാജ്യത്തിൽ വ്യവസായത്തിനും വ്യാപാരത്തിനും മുൻപില്ലാത്ത അഭിവൃദ്ധിയുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയമായി സ്വാസ്ഥ്യമില്ലാത്ത ഒരു രാജ്യമായിരുന്നു ഫ്രാൻസ്.
അതിനു് പ്രധാനമായ കാരണം അന്നു് ആൽജീറിയയിൽ നടന്നിരുന്ന യുദ്ധമാണു്. എന്തായാലും ആൽജീറിയ വിട്ടുകൊടുക്കയില്ലെന്നായിരുന്നു രാജ്യത്തിൽ അതിശക്തമായ വലതുപക്ഷത്തിന്റെ വാദം. സൈന്യശക്തി എല്ലാക്കാലത്തും ഹ്രഞ്ചുരാഷ്ട്രീയത്തിൽ വലിയ ഒരു സ്വാധീനത കാട്ടിയിരുന്നു. അവരൊന്നോടെ വളരെ ബലമായി വാദിച്ചതു് ആൽജീറിയ ഫ്രാൻസിന്റെ ഒരു കാളണിയല്ലെന്നും ഫ്രാൻസിന്റെ ഒരു ഭാഗംതന്നെയാണെന്നുമാണു്. ആൽജിറിയർക്കു് സ്വതന്ത്ര്യം കൊടുക്കുവാൻ ആരാലോചിക്കുന്നുവോ, അവരെ സംഹരിക്കുവാൻതന്നെ തങ്ങൾ തയ്യാറാണെന്നായിരുന്നു സൈനാധിപന്മാരുടെ വാദം. അവരോടു് എതിർത്തുനില്ക്കാൻ ധൈര്യമുള്ള നേതാക്കന്മാർ അന്നില്ലായിരുന്നുതാനും.
ആകപ്പാടെ ഫ്രഞ്ചന്തരീക്ഷം പരിശോധിച്ചതിൽ ആൽജീറിയയ്ക്കുപുറമെ മൂന്നു് കാര്യമാണു് എന്റെ ദൃഷ്ടിയിൽ തെളിഞ്ഞു് കണ്ടതു്. ഒന്നാമതു്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ മൂന്നു് മഹാരാജ്യങ്ങളും ബെനിലുക്സ് (Benelux) എന്നു് പറയാറുള്ള ബെൽജിയം, നെതർലാൻഡ്സ്, ലുക്സംബുർഗ്ഗ് എന്നീ മൂന്നു് രാജ്യങ്ങളും ഒന്നിച്ചുചേർന്നു് ഒരു യൂറോപ്പ് സൃഷ്ടിക്കുവാൻ അന്നു് ശ്രമം നടന്നിരുന്നു. ആ ആലോചന ഫലം പ്രാപിക്കുമ്പോൾ മാത്രമേ, റഷ്യയോടും അമേരിക്കയോടും തുല്യമായ ഒരു സ്ഥിതി യൂറോപ്പിനു് കിട്ടുകയുള്ളു. അതിനുവേണ്ട നേതൃത്വംകൊടുക്കാൻ ഫ്രാൻസിനല്ലാതെ വേറൊരു രാജ്യത്തിനും സാധിക്കയുമില്ല. അങ്ങനെ ഒരൈക്യയൂറോപ്പ് കെട്ടിപ്പടുക്കണമെങ്കിൽ ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള പുരാതനവൈരം മറക്കേണ്ടതാണു്. അതു് ഫ്രഞ്ചുകാരെപ്പറഞ്ഞു് ബോധിപ്പിക്കുവാൻ തക്ക ഒരു നേതാവു് ഫ്രാൻസിലുണ്ടാവണം. മൂന്നാമതായി ഫ്രാൻസിനു് ആഫ്രിക്കയിലുള്ള മഹാസാമ്രാജ്യം—ആഫ്രിക്കാഭൂഖണ്ഡത്തിന്റെ മൂന്നിലൊന്നു് ഫ്രഞ്ചുകാളണികളായിരുന്നു—എങ്ങനെ ഈ ഏകീകൃതയൂറോപ്പിനോടു് ചേർക്കാം? ഈ മൂന്നു് പ്രശ്നങ്ങളാണു് ഫ്രാൻസിൽ പ്രധാനമായി ഞാൻ കണ്ടതു്. അവ ശരിപ്പെടുത്തുവാൻ ആരേക്കൊണ്ടു് സാധിക്കുമെന്നായിരുന്നു ചോദ്യം.
അമ്പാസഡർ പതിവായി ചെയ്യുന്നതുപോലെ ഫ്രാൻസിലെ നേതാക്കന്മാരിൽ ഓരോരുത്തനുമായി ഞാൻ പോയി പരിചയപ്പെട്ടു. അവരിൽ കണ്ടേടത്തോളംകൊണ്ടു് വലിയ കാര്യങ്ങൾ ഏറ്റെടുത്തു് നടത്തിക്കൊണ്ടുപോകുവാൻതക്കവരായി രണ്ടുപേരെയാണു് കണ്ടതു്—പീയർ മെൻഡസ് ഫ്രാൻസും (Pierre Mendes France) എഡ്ഗാർ ഫോറും (Edgar Faure). പക്ഷേ, അവർക്കു് രണ്ടുപേർക്കും ജനസ്വാധീനം കുറവാണെന്നും അവർക്കു് സഹായമായിനില്ക്കുന്ന കക്ഷികൾക്കു് പ്രാബല്യമില്ലെന്നും പ്രസിദ്ധമായിരുന്നുതാനും.
എന്നാൽ കക്ഷികളിൽനിന്നു് മാറി ജനങ്ങൾക്കു് വിശ്വാസമുള്ളവനായി, ഫ്രാൻസിലെ രാഷ്ട്രീയനേതാക്കളൊഴിച്ചു് മറ്റുള്ളവർക്കാരാധ്യപുരുഷനായി, ഒരാളുണ്ടായിരുന്നു—ഡി-ഗോൾ (de-Gaulle). അദ്ദേഹം പതിനൊന്നു് വർഷമായി രാഷ്ട്രീയകാര്യങ്ങളിൽനിന്നു് വിട്ടുനില്ക്കുകയാണു്. യുദ്ധകാലത്തു് ഏറ്റവും വലിയ വിപത്തിൽനിന്നു് ഫ്രാൻസിനെ രക്ഷിച്ചു്, തന്റെ രാജ്യത്തെ പിന്നെയും മഹാശക്തികളിലൊന്നാക്കിയ ഡി-ഗോൾ, സ്ഥാനമൊഴിഞ്ഞ ഒരു ചക്രവർത്തിയെപോലെ, ആത്മകഥയും സ്മരണകളുമെഴുതി പാരീസ്സിൽനിന്നകന്നു് ഒരു ഗ്രാമത്തിൽ താമസിക്കുകയാണു്. എങ്കിലും അദ്ദേഹം രാജ്യത്തിലെ സ്ഥിതിഗതികളെ വീക്ഷണം ചെയ്യുന്നുണ്ടെന്നു് പ്രസിദ്ധമായിരുന്നു. ഞാൻ അദ്ദേഹത്തെയും ഒന്നു് കാണുവാൻ തീർച്ചയാക്കി. ആ സംഗതി ബ്രിട്ടീഷമ്പാസഡർ സർ ഗ്ലാഡ്വിൻ ജെബ്ളിനോടു് പറഞ്ഞപ്പോൾ, അദ്ദേഹം ചിരിക്കയാണുണ്ടായതു്. അദ്ദേഹം പറഞ്ഞു: “ഡീ ഗോൾ ഒരു സ്മാരക(Monument)മാണു്. പോയിക്കാണേണ്ടതാണു്. ഇനി നേതാവായി വരുമെന്നു് ശങ്കിക്കേണ്ടാ. കണ്ടിട്ടു് വിശേഷമെന്നോടും പറയണം.
താമസിയാതെ ഞാൻ ഡി-ഗോളിനെ പാരീസ്സിലുള്ള തന്റെ ആപ്പീസിൽ പോയിക്കണ്ടു. എന്റെ കൂടെ എംബസ്സി കൗൺസലറും മറീഷിയസ്സുകാരനാകയാൽ ഫ്രഞ്ച് സ്വഭാഷതന്നെയായവനുമായ ഗോവർദ്ധനുമുണ്ടായിരുന്നു. ഫ്രഞ്ച് എനിക്കു് കേട്ടാൽ മനസ്സിലാകുമെങ്കിലും തടസ്സംകൂടാതെ വായിക്കാമെങ്കിലും സംസാരിക്കത്തക്ക സ്വാധീനമില്ലാത്തതുകൊണ്ടുമാത്രമല്ല ഗോവർദ്ധനേക്കൂടെ കൊണ്ടുപോയതു്, ഡി-ഗോളുമായുള്ള സംഭാഷണം അതിപ്രധാനമായ ഒന്നാണെന്ന വിചാരംകൊണ്ടുകൂടിയാണു്. അദ്ദേഹം പറയുന്നതു് പൂർണ്ണമായി മനസ്സിലാക്കുന്നതിന്നും എന്റെ അഭിപ്രായങ്ങളെ മാറ്റംകൂടാതെ തർജ്ജമചെയ്യുന്നതിനും, ഒരാൾ ആവശ്യമാണെന്നതുകൂടാതെ ആ സംഭാഷണത്തിൽ നിന്നു് ഞാൻ ചെയ്യുന്ന അനുമാനങ്ങൾ ഒത്തിണക്കി നോക്കാനൊരാളും എന്റെ കൂടെ വേണമെന്നും എനിക്കഭിപ്രായമുണ്ടായിരുന്നു.
അന്നു് ഡി-ഗോളിനു് അറുപത്തിയേഴു വയസ്സു് പ്രായമാണു്. അതിദൈർഗ്ഘ്യംമൂലം ദേഹത്തിനു് ചേർച്ച പോരെന്നു് ആർക്കുംതന്നെ കണ്ടാൽ തോന്നും. മൂക്കു് വളരെ വലുതും പൊങ്ങിയതും മുഖത്തിനു് യോജിക്കാത്തതുമാണു്. ഇങ്ങനെയൊക്കെയാണെങ്കിലും ധർമ്മനിഷ്ഠയിൽനിന്നും ആത്മവിശ്വാസത്തിൽനിന്നുമുദിക്കുന്ന ഒരു തേജസ്സു് ഞാനദ്ദേഹത്തിൽ കണ്ടു. ഒരു വിധത്തിലുള്ള കളങ്കവും അദ്ദേഹത്തിന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നും രാജ്യത്തിൽ സർവ്വാധികാരവും അനുഭവിച്ച കാലത്തുപോലും അധർമ്മമായി എന്തെങ്കിലും അദ്ദേഹം ചെയ്തിട്ടുള്ളതായി ആരുമൊരാപണം കൊണ്ടുവന്നിട്ടില്ലെന്നും പ്രസിദ്ധമാണു്. രാജ്യനന്മയൊന്നുമാത്രമാണു് അദ്ദേഹത്തിന്റെ പ്രയത്നങ്ങളുടെ ഉദ്ദേശം. ഞങ്ങളുടെ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടുനിന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വളരെനാളത്തെ ആലോചനയുടെ ഫലമാണെന്നും അവ മാറ്റാൻ ആരെക്കൊണ്ടും സാധിക്കുന്നതല്ലെന്നും എനിക്കു് തോന്നി. ഒരു കാര്യത്തിൽ എനിക്കു് സംശയമുണ്ടായില്ല: ഫ്രാൻസ് അന്നു് പോയിരുന്ന വഴിതന്നെ പോവുകയാണെങ്കിൽ രാജ്യത്തിൽ വൈഷമ്യം വർദ്ധിക്കുമ്പോൾ ഡി-ഗോൾ അധികാരത്തിൽ തിരികെ വരും. ഇതു് പിന്നീടുണ്ടായ സംഭവങ്ങളെ അടിസ്ഥാനപ്പടുത്തിയുള്ള ഒരഭിപ്രായമല്ല. ഞാൻ അന്നുതന്നെ ഇൻഡ്യാഗവണ്മെന്റിനു് എഴുതിയയച്ചിരുന്നതാണു്.
വിശ്വസാംസ്ക്കാരികസമിതി(UNESCO)യുടെ പ്രവർത്തനങ്ങളിൽ അക്കാലത്തു് എനിക്കു് പ്രധാനമായ ഒരു പങ്കുണ്ടായിരുന്നു. പാശ്ചാത്യപൗരസ്ത്യസംസ്ക്കാരങ്ങളുടെ ഗുണദോഷങ്ങളെ അന്യോന്യം മനസ്സിലാക്കുവാൻ ചില പ്രവൃത്തിപദ്ധതികൾ യൂണെസ്ക്കോവഴിയായി തുടങ്ങണെമെന്നു് ഒരു തീരുമാനം സ്വീകരിച്ചതിനെത്തുടർന്നു് അതേപ്പറ്റി വേണ്ട ആലോചനകൾ നടത്തുന്നതിനു് പ്രധാനരാജ്യങ്ങളിലെ പ്രതിനിധികളുൾപ്പെട്ട ഒരു കമ്മിറ്റിയെ സംഘടിപ്പിച്ചിരുന്നു. അതിന്റെ അധ്യക്ഷനായി എന്നെയാണു് തിരഞ്ഞെടുത്തതു്. ആറാഴ്ചയോളം നീണ്ടുനിന്ന ആ കമ്മിറ്റിയുടെ പ്രവൃത്തികൾ വളരെ പ്രാധാന്യമുള്ളവതന്നെയായിരുന്നു.
ആണ്ടവസാനത്തോടുകൂടി ഞാൻ ആഫ്രിക്കയിലെ ഫ്രഞ്ചുകാണികളിൽ ഒരു ദീർഘയാത്ര നടത്തുവാൻ തീർച്ചപ്പെടുത്തി. ആദ്യമായിട്ടാണു് ഒരംബാസഡർ ഈ രാജ്യങ്ങൾ സന്ദർശിക്കുന്നതു്. ഫ്രഞ്ച്ഗവണ്മെന്റിനു് അതു് വളരെ സന്തോഷമായിരുന്നു. വേണ്ട സഹായസൗകര്യങ്ങൾ ഏർപ്പാടുചെയ്തുതരുന്നതിനും എല്ലാം വേണ്ടപോലെ കാണിച്ചുതരുന്നതിനും ഫ്രഞ്ച് വിദേശതന്ത്രാലയത്തിൽനിന്നു് ഈ രാജ്യങ്ങളിലേയ്ക്കു് എഴുതിയയച്ചിട്ടുണ്ടായിരുന്നു. എന്റെ കൂടെ എന്റെ ഭാര്യ കൂടാതെ, അന്നു് മൂന്നാം സിക്രിട്ടറിയായിരുന്ന സൂണുകപാഡിയ (ഇപ്പോൾ ശ്രീമതി സൂണു കോച്ചാർ) എന്ന പാർസിയുവതിയുമുണ്ടായിരുന്നു. സൂണു പരീക്ഷയിൽ ജയിച്ചു് വിദേശകാര്യാലയത്തിൽ ജോലിയായി കയറിയതായിരുന്നു. ആദ്യമായി പാരീസ്സിലേയ്ക്കാണു് അവർ നിയമിതയായതു്. ബുദ്ധിശാലിനിയും സമർത്ഥയുമായ ആ യുവതിയെയാണു് ആഫ്രിക്കയിൽ കാണുന്ന സംഗതികൾ റിപ്പോർട്ട് ചെയ്യുവാനായി ഞാൻ ഏല്പിച്ചതു്.
ഞാൻ കണ്ടിട്ടുള്ള മറ്റൊരു രാജ്യംപോലെയുമല്ലായിരുന്നു ഈ ആഫ്രിക്കൻദേശങ്ങളും അതിലെ ജനങ്ങളും. നാലു് കാര്യങ്ങൾകൊണ്ടാണു് അവയ്ക്കുള്ള പ്രത്യേകത. മുസ്സൽമാൻമാരായവരുടെ ഇടയിൽ അല്പാല്പമായി പ്രചരിച്ചിരുന്ന അറബിയല്ലാതെ അവർക്കു് സ്വന്തമായി ഒരു ഭാഷയുമില്ല. ഇൻഡ്യയിൽ ചില മലംപ്രദേശങ്ങളിലെ ഗോത്രജാതികളുടെ ഇടയിൽ ഓരോ കൂട്ടക്കാർക്കും ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന ഓരോ വായ്മൊഴി ഉള്ളതുപോലെയാണു് ഇവരുടെ ഇടയിലുള്ള ഭാഷകൾ. അതുകൊണ്ടു് സാക്ഷാൽ ആഫ്രിക്കൻരാജ്യങ്ങളുൾപ്പെട്ട ആ വലിയ സാമ്രാജ്യത്തിൽ പ്രാഥമികവിദ്യാഭ്യാസംപോലും ഫ്രഞ്ചിലായിരുന്നു. അതു്, ഇൻഡ്യയിൽ ഇംഗ്ലീഷുപോലെ, ഒരൗദ്യോഗിക ഭാഷമാത്രമല്ല; മാതൃഭാഷതന്നെയാണു്. രണ്ടാമതായി, സാധാരണ വേലയെടുത്തു് ജീവിക്കുന്നവരും അഭ്യസ്തവിദ്യരായി ഗവണ്മെന്റ് ജോലിയിലോ കച്ചവടത്തിലോ ഏർപ്പെട്ടിരിക്കുന്നവരും തമ്മിലുള്ള അകൽച്ച എത്രയോ വലുതാണു്. പഠിപ്പുള്ളവർ കറുത്ത ഫ്രഞ്ചുകാർതന്നെ. താഴ്‌ന്നവർക്കു് മുൻപിരുന്ന സ്ഥിതിയിൽനിന്നു് വലിയ വ്യത്യാസം വന്നിട്ടില്ല. സാംസ്ക്കാരികമായി ഇങ്ങനെ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും സാമുദായികമായി ആ വ്യത്യാസം നടപ്പിൽ വരുത്തുവാൻ രണ്ടു് കൂട്ടർക്കും സാധിച്ചിട്ടില്ല. ഇത്തരത്തിൽ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടു് ഒരു തലമുറയിൽ കവിയാത്തതാണു് അതിനു് കാരണം. ഫോർട്ട്ലാമി എന്ന സ്ഥലത്തു് പ്രധാനമന്ത്രിയായിരുന്ന ഒരു മഹാശയൻ—ഏതു് ഫ്രഞ്ച്സമാജത്തിലും ബഹുമാനിക്കപ്പെടുന്ന ഒരു യോഗ്യൻ—എന്നോടു് പറഞ്ഞു, തന്റെ അച്ഛൻ മനുഷ്യമാംസം ഭക്ഷിച്ചിരുന്ന ഒരാളായിരുന്നുവെന്നു്. തന്റെ അടുത്ത ബന്ധുക്കളിൽ പലരും ആ സ്ഥിതിയിൽത്തന്നെയാണു് ഇപ്പോഴുമെന്നു് സൂചിപ്പിക്കയുമുണ്ടായി. മൂന്നാമതു്, ഈ രാജ്യങ്ങൾക്കു് വിസ്താരം വളരെയുണ്ടെങ്കിലും ജനസംഖ്യ വളരെ കുറവായിരുന്നതിനാൽ അവ ഫ്രാൻസിനെ ആശ്രയിച്ചുതന്നെ കഴിയുമെന്നു് കാണാൻ പ്രയാസമില്ലായിരുന്നു. നാലാമതായുള്ള പ്രത്യേകത ഫ്രാൻസിന്റെ കോളോണിയൽ നയത്തെയാകമാനം ബാധിക്കുന്ന ഒന്നാണു്. ഫ്രാൻസ്കോളണികളിൽനിന്നു് പണം സ്വരാജ്യത്തേയ്ക്കു് കൊണ്ടുപോകയല്ല ചെയ്തിരുന്നതു്; അങ്ങോട്ടു് കൊടുക്കുകയാണു്. ഈ കോളണികളുടെ ചെലവിൽ വലിയൊരു പങ്കു് ഫ്രഞ്ച്ഗവണ്മെന്റ് നേരിട്ടു് വഹിച്ചിരുന്നു.
എന്റെ സഞ്ചാരത്തിനു് കുറെ ആഴ്ചകൾ മുൻപു് ഈ രാജ്യങ്ങൾക്കെല്ലാം, മുൻപു് മാൺടേഗ് ചെംസ്ഫോർഡ് MOntagu-chemsford പരിഷ്കാരകാലത്തു് നമ്മുടെ പ്രവിശ്യകൾക്കെന്നതുപോലെ, ഭാഗികമായി സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു് ഗവർണ്ണമാരും ചീഫ്സിക്രട്ടറിമാരും ഫ്രഞ്ചുകാർതന്നെയെങ്കിലും മന്ത്രിമാർ ആഫ്രിക്കാക്കാരായിരുന്നു. ഡയാർക്കിയിൽ നമ്മുടെ മന്ത്രിമാർക്കും ഈ ആഫ്രിക്കൻമന്ത്രിമാർക്കും തമ്മിൽ ഒരു കാര്യത്തിൽ വ്യത്യാസം ഉണ്ടു്. അവരിൽ മിക്കവരും ഫ്രഞ്ച്പാർളിമെന്റിൽ മെമ്പർമാർകൂടിയാണെന്നതുകൊണ്ടു് തങ്ങളുടെ രാജ്യത്തെസ്സംബന്ധിച്ച കാര്യങ്ങളിൽ അവർക്കു് ഫ്രാൻസിൽ പ്രാബല്യമുണ്ടായിരുന്നു.
ആദ്യമായി ഒരമ്പാസഡർ അവരുടെ രാജ്യങ്ങളിൽ ചെല്ലുകയാണെന്നതുകൊണ്ടോ ഇൻഡ്യയോടുള്ള ബഹുമതികൊണ്ടോ ആയിരിക്കാം, എന്നെ രാജോചിതമായ ആചാരോപചാരങ്ങളോടുകൂടിയാണു് അവർ സ്വീകരിച്ചതു്. ആചാരവെടി, ഗാർഡ് ആഫ് ഓണർ, സിവിക്ബഹുമാനം, ഔദ്യോഗികവിരുന്നു്—ഇങ്ങനെയുള്ള ചടങ്ങുകൾ എല്ലായിടത്തുമുണ്ടായിരുന്നു. ഇങ്ങനെ മൂന്നാഴ്ച സഞ്ചരിച്ചു് മടങ്ങിപ്പോന്നപ്പോൾ രണ്ടു് കാര്യത്തിലാണു് എനിക്കു് സംശയമുണ്ടായതു്. ഭാഗികമായ ഈ സ്വാതന്ത്ര്യം എത്ര കാലം നിലനില്ക്കും? ഇത്ര ചെറിയ രാജ്യങ്ങൾ—അവയിൽ മിക്കവയ്ക്കും ഇരുപതോ മുപ്പതോ ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുണ്ടായിരുന്നില്ല—എങ്ങനെ മറ്റു് താങ്ങുകൂടാതെ ഇക്കാലത്തു് കഴിയും? ഈ ചോദ്യങ്ങൾക്കു് അടുത്ത ആണ്ടിൽത്തന്നെ മറുപടി ലഭിച്ചു. അതു് തീരെ അപ്രതീക്ഷിതമായിരുന്നുതാനും.
ഫ്രാൻസിലെ രാജ്യസ്ഥിതി ദിനംപ്രതി മോശപ്പെട്ടു് വന്നിരുന്നു. സൈന്യത്തിൽ അസ്വാസ്ഥ്യം, ജനങ്ങൾക്കു് ഗവണ്മെന്റിൽ അവിശ്വാസം, മാസംതോറും മാറുന്ന ഗവണ്മെന്റ്, പോലീസുകാർ അവിശ്വാസനീയരായിത്തീരുക, പട്ടാപ്പകൽ കൊലപാതകങ്ങൾ—ഇങ്ങനെ വലിയ കലാപങ്ങൾക്കുള്ള ലക്ഷണങ്ങളാണു് അവിടെ കണ്ടിരുന്നതു്. ആൽജീറിയയിൽ യുദ്ധം ഫ്രാൻസ് ജയിക്കുന്നതായിക്കണ്ടില്ല. മന്ത്രിസഭയെ വകവെയ്ക്കാതെ പട്ടാളങ്ങൾ അവിടെ മുഹമ്മദീയരുടെ ഇടയിൽ വലിയ അക്രമങ്ങൾ നടത്തിക്കൊണ്ടുമിരുന്നു. ആ സ്ഥിതിക്കു് എന്താണു് വരുന്നതെന്നു് ആർക്കുമറിഞ്ഞുകൂടാ. രാജ്യശക്തി ആകപ്പാടെ പട്ടാളത്തിലാണു് സ്ഥിതിചെയ്തിരുന്നതു്. ഏപ്രിൽ മാസത്തിൽ ഞാൻ ദെല്ലിക്കയച്ച റിപ്പോർട്ടിൽ ഇങ്ങനെയാണു് പറഞ്ഞതു്: “ഇനിയും താമസമുണ്ടാകുമെന്നു് തോന്നുന്നില്ല. ഡി-ഗോൾ ഏറ്റെടുക്കുമെന്നാണു് എന്റെ അഭിപ്രായം.”
അങ്ങനെത്തന്നെ സംഭവിച്ചു. മേയ്മാസത്തിൽ ഫ്രാൻസിൽ കയറിത്തന്നെ ആക്രമിക്കാൻ ഒരുങ്ങിനിന്ന പട്ടാളത്തെ കൂട്ടുപിടിച്ചു്, പട്ടാളഗവണ്മെന്റിനും റെവലൂഷനുമിടയിൽ താനൊരാളേ ഉള്ളൂ എന്ന നില വരുത്തി, പാർല്യമെന്റിനെ വഴങ്ങിച്ചു് ഡി-ഗോൾ രാജ്യാധികാരമേറ്റെടുത്തു. സേനാധിപന്മാർ തങ്ങൾക്കുണ്ടെന്നു് നടിച്ചിരുന്ന അധികാരത്തെ അദ്ദേഹം ക്രമേണ ഇല്ലാതാക്കുമെന്നും സാമ്രാജ്യവാദികൾ തങ്ങളുടെ നേതാവെന്നു് ഭാവിച്ചിരുന്ന മഹാൻ ആഫ്രിക്കൻരാജ്യങ്ങളെ ഒന്നോടെ സ്വതന്ത്രമാക്കുമെന്നും ആൽജീറിയക്കാരോടു് സന്ധിക്കു് ശ്രമിക്കുമെന്നും ആരും വിചാരിച്ചിരുന്നില്ല.
രാജ്യം കൈയേറ്റെടുത്തു് അധികം താമസിയാതെ ഡി-ഗോൾ എന്നെ ഒരു സംഭാഷണത്തിനു് ക്ഷണിച്ചു. ഒരധികാരവുമില്ലാതിരുന്ന കാലത്തു് ഞാനങ്ങോട്ടു് തേടിച്ചെന്നു് ബഹുമാനിച്ചതു് അദ്ദേഹം മറന്നിരുന്നില്ല. പിന്നീടു് ഞാൻ സുഖക്കേടു് വന്നു് പത്തുമാസത്തിനകം തിരികേ പോരുന്നതിനിടയ്ക്കു് ഞങ്ങൾ തമ്മിൽ പല പ്രാവശ്യം കാണുകയുണ്ടായി എന്നുമാത്രമല്ല എന്നോടദ്ദേഹം അത്യന്തം സ്നേഹപൂർവ്വമാണു് പെരുമാറിയിരുന്നതും. ആ കൂട്ടത്തിൽ ഒരു കൂടിക്കാഴ്ചയെപ്പറ്റി പറയാം.
ശ്രീമതി വിജയലക്ഷ്മി അക്കാലത്തു് ലണ്ടണിൽ ഹൈക്കമ്മീഷണരായിരുന്നല്ലോ. ഞാൻ ഇടയ്ക്കിടെ ഓരോ കാര്യവശാൽ ലണ്ടണിൽ അവരുടെ അതിഥിയായി താമസിക്കാറുണ്ടു്. അതുപോലെത്തന്നെ ഞാൻ അംബാസഡറായിരുന്നിടത്തെല്ലാം അവരും എന്റെ കൂടെ വന്നു് താമസിച്ചിട്ടുണ്ടു്. അങ്ങനെ പാരീസ്സിൽ എന്റെ അതിഥിയായി വന്നപ്പോൾ അവരെ ഡി-ഗോളുമായി പരിചയപ്പെടുത്തണമെന്നു് എനിക്കു് തോന്നി. പ്രസിഡേണ്ടിന്റെ സിക്രട്ടറിയോടു് അതേപ്പറ്റി പറഞ്ഞു. ഉടൻതന്നെ എന്നെയും എന്റെ ഭാര്യയെയും ശ്രീമതി വിജയലക്ഷ്മിയെയും ഉച്ചയ്ക്കു് ഊണുകഴിക്കുവാൻ ക്ഷണിച്ചു് എഴുത്തു് കിട്ടി. ശ്രീമതി വിജയലക്ഷ്മിയും ഞാനും പതിനൊന്നരമണിക്കും എന്റെ ഭാര്യ പന്ത്രണ്ടരമണിക്കും എലീസേ കൊട്ടാരത്തിൽ ചെല്ലണമെന്നാണു് എഴുത്തിൽ പറഞ്ഞിരുന്നതു്. ഞങ്ങൾ മൂന്നുപേരും തമ്മിൽ ഒരു മണിക്കൂറു് നേരത്തോളം സംസാരിച്ചു. അപ്പോഴേയ്ക്കും ഡിഗേളിന്റെ ഭാര്യയും എന്റെ ഭാര്യയും ഞങ്ങളോടു് ചേർന്നു. ഊണുകഴിഞ്ഞതു് രണ്ടരമണിക്കാണു്. വളരെ സന്തോഷപ്രദമായിരുന്നു ആ സമ്മേളനം.
ഒക്ടോബർമാസം നടുവോടുകൂടി ഞാൻ ജർമ്മനി, ചെക്കോസ്ലോവാക്കിയ, ആസ്ട്രിയ, ഹംഗറി, യൂഗോസ്ലോവിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽ മോട്ടോർവഴി ഒരു സഞ്ചാരം വരുത്തി. ജർമ്മനി മുതലായ രാജ്യങ്ങൾ എന്റെ ഭാര്യ കണ്ടിട്ടില്ല. അതുപോലെതന്നെ യൂഗോസ്ലോവിയ എനിക്കും അപരിചിതമായിരുന്നു. യൂഗോസ്ലോവിയ ചെന്നു് കാണണമെന്നു് മാൽഷൽ ടിറ്റോവിന്റെ ഒരനൗപചാരികമായ ക്ഷണവുമുണ്ടായിരുന്നു. വഴിയിലെല്ലാം സ്നേഹിതന്മാരുള്ളതുകൊണ്ടു് യാത്രയ്ക്കു് ഒരസൗകര്യവുമുണ്ടായില്ല. ഓരോ ദിക്കിലും മൂന്നും നാലും ദിവസം താമസിച്ചു് യൂഗോസ്ലാവിയയിലെത്തി. അക്കാലത്തു് മാർഷൽ ടിറ്റോ ബ്രിയോണിദ്വീപിൽ സുഖവാസം ചെയ്കയായിരുന്നു. അതിനാൽ ഞങ്ങളെ അങ്ങോട്ടു് ക്ഷണിച്ചു.
ബ്രിയോണിദ്വീപു് കരയിൽനിന്നൊട്ടു് മാറി ചെറിയൊരെസ്റ്റേറ്റാണെന്നു് പറയാം. നമ്മുടെ മഹാരാജാക്കന്മാരുടെ രീതിയിലാണു് ടിറ്റോ അവിടെ പാർത്തിരുന്നതു്. മറ്റാളുകൾ ആ ദ്വീപിലില്ല. പല നാട്ടിൽനിന്നു് കൊണ്ടുവന്നു് വളർത്തിയ ദുർലഭങ്ങളായ മൃഗങ്ങളും പക്ഷികളും നിറഞ്ഞ ഒരാരാമമാണു് അതെന്നു് പറയാം. ബിക്കാനേർ മഹാരാജാവിനു് ഗജനേർ എന്നു പേരായി ഇതുപോലെ ഒരു സ്ഥലമുണ്ടായിരുന്നു. ബ്രിയോണി ആ കഥയെല്ലാമാണു് എന്നെ ഓർമ്മിപ്പിച്ചതു്. ആ ദ്വീപിലുള്ള ഒരു കൊട്ടാരത്തിൽ നമ്മുടെ കമ്മ്യൂണിസ്റ്റ് നായകൻ രാജപ്രൗഡിയോടെ എഴുന്നള്ളിത്താമസിക്കയാണു്. എല്ലാംകൊണ്ടും ഒരു മഹാരാജത്വമാണു് ടിറ്റോവിൽ തെളിഞ്ഞു് കണ്ടതു്. വിരലിൽ വിലപിടിച്ച ഒരു മോതിരമണിഞ്ഞിരുന്നു. ഭാര്യയുമതുപോലെ, പാരീസ്സിലെ വലിയ വനിതാരത്നങ്ങൾക്കു് ചേർന്ന രീതിയിലാണു് വേഷഭൂഷകൾ അണിഞ്ഞിരുന്നതു്. ഇതൊക്കെ കണ്ടു് ഞങ്ങൾ ആശ്ചര്യപ്പെടാതിരുന്നില്ല. മഹാരാജാ ടിറ്റോ എന്നാണു് എന്റെ ഭാര്യ അദ്ദേഹത്തെപ്പറ്റി പിന്നെ പറയാറുള്ളതു്.
ഊണിന്റെ വിഭവങ്ങളും മഹാരാജപദവിക്കു് ചേർന്ന വിധത്തിൽത്തന്നെ. അഞ്ചുതരം വീഞ്ഞാണു് വിളമ്പിയിരുന്നതു്. ഭക്ഷണത്തിനുമുൻപും പിൻപുമായി ഞങ്ങൾ അന്താരാഷ്ട്രീയ കാര്യങ്ങളെപ്പറ്റി ദീർഗ്ഘമായി സംസാരിച്ചു. അപ്പോഴാണു് ടിറ്റോവിന്റെ ബുദ്ധിസാമർത്ഥ്യവും നയചാതുര്യവും വെളിവായതു്. റഷ്യ, ചൈന, അമേരിക്ക മുതലായ രാജ്യങ്ങളുടെ വിദേശനയത്തെ വിശകലനംചെയ്തു് അദ്ദേഹം സംസാരിച്ചതു് കേൾക്കേണ്ട ഒരു കാര്യമായിരുന്നു. മൂന്നരമണിക്കു് ഞങ്ങൾ തിരികെ പോന്നു. അന്നു് ടിയേസ്സിൽ വളരെ ഇരുട്ടിയിട്ടാണു് ചെന്നതു്. പിന്നെ വെനീസ്സ്, മിലാൻ മുതലായ സ്ഥലങ്ങളിൽ ഓരോ ദിവസം താമസിച്ചു് തിരിച്ചു് വീട്ടിലെത്തി.
ഉദ്യോഗസംബന്ധമല്ലാതെ ഒട്ടു് വളരെ ജോലികൾ ഞാൻ പാരീസ്സിൽവെച്ചു് ചെയ്കയുണ്ടായി. അതെല്ലാം ഇൻഡ്യയുടെ പ്രശസ്തിക്കനുകൂലമാണെന്നതിനാൽ, അംബാസഡർക്കു് ചെയ്യാമെങ്കിൽ, ചെയ്യേണ്ടവയാണെന്നു് എല്ലാവരും സമ്മതിക്കും. പാരീസ്സ്സർവ്വകലാശാലയുമായി അടുത്ത ബന്ധം പുലർത്തുകയായിരുന്നു അതിലൊന്നു്. ലോകത്തിലെ ഏറ്റവും പ്രധാനങ്ങളായവയിൽ ഒന്നാണു് പാരീസ്സ്സർവ്വകലാശാല. അതിനു് പണ്ഡിതലോകത്തിൽമാത്രമല്ല രാഷ്ട്രീയലോകത്തിലുള്ള പ്രശസ്തി അനന്യസാധാരണമാണെന്നുതന്നെ പറയാം. പാരീസ്സിലെത്തി അധികം കഴിയുന്നതിനുമുൻപുതന്നെ യൂണിവേർസിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു പ്രസംഗപരമ്പര ഏറ്റെടുക്കുന്നതിനു് അവിടുത്തെ അധികാരികൾ എന്നെ ക്ഷണിച്ചു. “ഇൻഡ്യയും പാശ്ചാത്യരാജ്യങ്ങളുംതമ്മിലുള്ള സാംസ്ക്കാരികസംഘട്ടനം” എന്നായിരുന്നു എന്റെ പ്രസംഗങ്ങളുടെ വിഷയം. അതു് ഒരു പുസ്തകമായി ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അടുത്ത വർഷവും അതുപോലെ എന്നെ അവർ ക്ഷണിച്ചു. “പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിലെ പ്രശ്നങ്ങൾ” എന്നായിരുന്നു 1958-ലെ പ്രസംഗവിഷയം. ആ പ്രസംഗങ്ങൾ സാമാന്യത്തിലധികം വിജയമായി എന്ന അഭിപ്രായമാണു് യൂണിവേർസിറ്റിക്കാർ എന്നോടു് പറഞ്ഞതു്. കേൾക്കാനായി വന്നവരുടെ എണ്ണവും യോഗ്യതയും വിചാരിച്ചാൽ ആ പ്രസംഗങ്ങൾ വെറുതെയായില്ലെന്നാണു് വിചാരിക്കേണ്ടതു്. പിന്നീടവ “The problems of new States” എന്ന പേരിൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഒരേ സമയത്തു് പ്രസിദ്ധീരിച്ചപ്പോൾ അതിനു് സാമാന്യത്തിലധികം പ്രചാരം ലഭിച്ചു എന്നും മറ്റു് ചില ഭാഷകളിൽ ആ ഗ്രന്ഥം തർജ്ജമചെയ്യപ്പെട്ടിട്ടുണ്ടെന്നുമുള്ളതു് പ്രസ്താവ്യമാണു്.
ഫ്രാൻസിൽമാത്രമല്ല ഞാൻ പ്രസംഗങ്ങൾ നടത്തിയതു്. സ്വിറ്റ്സർലാൻഡ്, ജർമ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും എന്നെ ധാരാളമായി പ്രസംഗത്തിന്നു് ക്ഷണിച്ചിരുന്നു. സ്വന്തജോലിക്കു് മുടക്കം വരാതെ പോകാൻ സാധിക്കുമ്പോൾ പോകയും പതിവായിരുന്നു.
സാഹിത്യപരമായ ജോലിയും ആയിടയ്ക്കൊട്ടും കുറവായിരുന്നില്ല. ഒരു ജർമ്മൻ എൻസൈക്ലോപീഡിയായ്ക്കുവേണ്ടി ഏഷ്യാ ചരിത്രത്തെപ്പറ്റിയുള്ള ഭാഗങ്ങൾ, ബുദ്ധന്റെ ഒരു ജീവചരിത്രം (അതു് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല), “Common sence about India” എന്നൊരു ഗ്രന്ഥം, വാത്സ്യായനത്തിനു് ദീർഘമായ ഒരു മുഖവുര—ഇതെല്ലാം ഇക്കാലത്തെഴുതിയതാണു്. മലയാളത്തിൽ ആയിടയ്ക്കു് ഒരു കൃതിയേ രചിച്ചുള്ളു. അക്കാദമിക്കു് വേണ്ടി ഷേക്സ്പിയറി ന്റെ ലീയർനാടകം തർജ്ജമചെയ്തതാണു് അതു്.
ഉദ്യോഗജീവിതത്തോടു് ബന്ധമില്ലാത്ത ഒരു സാമുദായിക ജീവിതവും എനിക്കു് പാരീസ്സിലുണ്ടായിരുന്നു. വളരെക്കാലമായി പരിചയവും സ്നേഹവുമുള്ള പല ഫ്രഞ്ചുകുടുംബങ്ങളെക്കൂടാതെ ഫ്രഞ്ചുകാരെ വിവാഹംചെയ്തു് താമസിക്കുന്ന ഇന്ത്യാക്കാരും സിലോൺകാരുമായ പല മാന്യസ്ത്രീകളും അവിടെയുണ്ടു്. അവരിൽ പ്രത്യേകം പറയേണ്ടതായി രണ്ടു് പേരാണുള്ളതു്. ഒന്നു്, കൃഷ്ണാ റീബ്ബൂ (Krishna Riboud). അവർ രവീന്ദ്രനാഥടാഗോറി ന്റെ ദൗഹേത്രിയാണു്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു കാളേജിൽ പഠിച്ച കൃഷ്ണ, ജാൻ റിബൂ എന്ന ഒരു ഫ്രഞ്ചുകാരനെയാണു് കല്യാണം കഴിച്ചതു്. ധനികനും സംസ്ക്കാരസമ്പന്നനും രാഷ്ട്രീയകാര്യങ്ങളിൽ കുറച്ചെല്ലാം സ്വാധീനശക്തിയുമുള്ള ആളുമായ റിബൂ എല്ലാംകൊണ്ടും കൃഷ്ണയ്ക്കു് ചേർന്ന ഒരു ഭർത്താവാണു്. കൃഷ്ണയാകട്ടെ, യോഗ്യനായ ഒരു ഫ്രഞ്ചുകാരനെ കല്യാണംകഴിച്ചുവെങ്കിലും തന്റെ ഭാരതീയത്വത്തിൽ ഒട്ടും കുറച്ചില്ല. ജാതി (Citizenship) കൊണ്ടുമാത്രമല്ല കൃഷ്ണ ഒരു ഹിന്ദുസ്ത്രീയായിരുന്നതു്. ഇൻഡ്യയെസ്സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ആ വനിത മുന്നണിയിൽത്തന്നെ. ആണ്ടിലാണ്ടിൽ അമ്മയേയും സ്വജനങ്ങളേയും കാണുവാൻ ഭർത്താവൊന്നിച്ചു് നാട്ടിലേയ്ക്കു് അവർ വരും. ഞങ്ങൾ ഒരു കുടുംബമെന്നപോലെയാണു് വർത്തിച്ചുവന്നിരുന്നതു്.
വേറെ ഒരു തരത്തിലുള്ള ഒരു സ്ത്രീയായിരുന്നു അനീൽ ഡിസിൽവാ. അനീൽ സിലോൺകാരിയാണെങ്കിലും ചെറുപ്പംമുതൽ ഇൻഡ്യയിലാണു് വളർന്നതു്. ഇന്ത്യൻചിത്രകലയുടെ ചരിത്രം അനീലിനെപ്പോലെ പഠിച്ചിട്ടുള്ള മറ്റൊരു സ്ത്രീയെ ഞാൻ അറിയില്ല. അവർ, വിജിയർ (Vijier) എന്നു് പേരായ ഒരു ഫ്രഞ്ചുശാസ്ത്രജ്ഞനെയാണു് കല്യാണംകഴിച്ചിട്ടുള്ളതു്. അതിവിദഗ്ദ്ധനായ അദ്ദേഹം കാൻസർഗവേഷണത്തിൽ അന്താരാഷ്ട്രപ്രശസ്തി നേടിയ ഒരാളും കമ്മ്യൂണിസ്റ്റ്പാർട്ടിയിലെ അപ്രധാനനല്ലാത്ത ഒരു മെമ്പറുമാണു്. ശ്രീ ബുദ്ധനെപ്പറ്റി അനീൽ ഡിസിൽവാ എഴുതിയിട്ടുള്ള പുസ്തകം പണ്ഡിതസമ്മതി നേടിയിട്ടുള്ള ഒന്നാണു്.
ഇവരെക്കൂടാതെ മറ്റു് ചിലരും വിവാഹംചെയ്തു് പാരീസ്സിൽ താമസിച്ചിരുന്നു. ഒരു കാലത്തു് ക്രിസ്ത്യൻകോളേജിൽ മലയാളം ലക്ചററായിരുന്ന ജോസഫ് മൂളിയിലിന്റെ പൗത്രികളിൽ രണ്ടുപേർ അവിടെയുണ്ടായിരുന്നതായി എനിക്കറിയാം. നേതാജി സുഭാഷിന്റെ കൂടെ നാഷണൽ ഗവണ്മെന്റിൽ മെമ്പറായിരുന്ന ജനറൽ ചാറ്റർജിയുടെ മകൾ ഉഷ, അവിടെ ഗ്രാത്രി എന്നു് പേരായ ഒരു മില്ലുടമസ്ഥനെ കല്യാണം കഴിച്ചു് താമസിക്കുന്നുണ്ടു്. ഉഷ ഹിന്ദുമതത്തെപ്പറ്റിയും നൃത്യശാസ്ത്രത്തെപ്പറ്റിയും പല പുസ്തകങ്ങൾ ഫ്രഞ്ചിൽ എഴുതിയിട്ടുണ്ടു്.
ഫ്രാൻസിലെ അമ്പാസിഡർജീവിതത്തിന്റെ ഒരു പ്രത്യേകത അവിടെ ഇടവിടാതെ വന്നുകൊണ്ടിരുന്ന അതിഥികളാണു്. അങ്ങനെ ഇൻഡ്യയിൽനിന്നു് വന്നു് എന്റെ കൂടെ താമസിച്ച അതിഥികളിൽ മൊറാർജി ദേശായി, ആചാര്യകൃപലാനി, കമലാദേവി ശതോപാദ്ധ്യായ, ഹൃദയനാഥകുൺസ്രു, എച്ച്. വി. ആർ. അർദ്ധൻകാർ സാക്കിർഹുസൈൻ, സദ്ധേദൻ എന്നിവരെ പ്രത്യേകിച്ചും എടുത്തുപറയാം. ഭക്ഷണംസംബന്ധിച്ചു് പല നിർബ്ബന്ധങ്ങളുമുള്ളതുകൊണ്ടു് മൊറാർജിദേശായ് വളരെ പ്രയാസപ്പെട്ട ഒരതിഥിയാണെന്നു് പൊതുവെ ഒരു വിശ്വാസമുണ്ടു്. വാസ്തവത്തിൽ അങ്ങനെയല്ല. ഡാക്ടറുടെ ഉപദേശപ്രകാരം ചില ഭക്ഷണസാധനങ്ങൾ അദ്ദേഹത്തിനു് വർജ്ജിക്കേണ്ടതായുണ്ടെങ്കിലും അവയെപ്പറ്റി നേർത്തേ അറിയിച്ചിരുന്നതിനാൽ ഒരു വൈഷമ്യവും ഞങ്ങൾ അനുഭവിച്ചില്ല. ആചാര്യകൃപാലിനി ഒരാഴ്ചയിൽ കൂടുതൽ ഞങ്ങളോടുകൂടെ താമസിച്ചു. എല്ലാരോടും കോപിച്ചു് എല്ലാരേയും പുച്ഛിച്ചു് പബ്ളിക്കിൽ കാണുന്നപൊലെയല്ല, വാസ്തവത്തിൽ ആചാര്യരുടെ പോക്കു്. വളരെ സ്നേഹമുള്ള സ്വഭാവവും അതിതീക്ഷ്ണമായ ബുദ്ധിശക്തിയും സല്ലാപ സാമർത്ഥ്യവുമുള്ള ഒരു വ്യക്തിയാണു് കൃപാലിനി. കമലാദേവിയെ ചെറുപ്പംതൊട്ടേ ഞാനറിയും. എന്നാൽ പാരീസ്സിൽ ഞങ്ങളുടെ കൂടെ വന്നു് ഒന്നുരണ്ടു് പ്രാവശ്യം താമസിച്ചപ്പോഴാണു് അവരുടെ ശാന്തസ്വഭാവവും കൈവേലകളെ ഉദ്ധരിപ്പിക്കുന്നതിനും മറ്റും അവർ ആർഭാടമൊന്നും കൂടാതെ ചെയ്തുവരുന്ന പരിശ്രമത്തിന്റെ വലിപ്പവും എനിക്കു് മനസ്സിലായതു്.
ഇൻഡ്യാക്കാരായ സ്നേഹിതർമാത്രമല്ല പാരീസ്സിൽ അതിഥികളായി വന്നുകൊണ്ടിരുന്നതു്. ഇംഗ്ലണ്ടിൽനിന്നും ഇടവിടാതെ പല സ്നേഹിതന്മാരും ഓരോരോ കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതിനായും ചിലപ്പോൾ സ്നേഹംമാത്രം വിചാരിച്ചും വന്നുകൊണ്ടിരുന്നു. പ്രസിദ്ധഗ്രന്ഥകർത്രിയായ നുവോമി മിച്ചിസൺ (Nuomi Michison) രണ്ടുമാസത്തിലൊരിക്കലെങ്കിലും ഞങ്ങളുടെകൂടെ വന്നു് താമസിച്ചുപോവുക പതിവാണു്. അതുപോലെ തന്നെ ന്യൂസ്റ്റേറ്റ്മാൻപത്രാധിപരായ കിങ്സ്ലി, പാർളിമേന്റുമെമ്പറായ വുഡേറോ വ്യാറ്റ് (Woodrow Wyatt) മുൻപു് ലേബർമന്ത്രിസഭയിൽ യുദ്ധമന്ത്രിയായിരുന്ന ജാൺസ്ട്രാച്ചി, കേംബ്രിഡ്ജിൽ ധനശാസ്ത്രപ്രൊഫസറായ ജോവാന്റ് റാബൻസൺ എന്നിവർ ഇടയ്ക്കിടെ വന്നുപോയ്ക്കൊണ്ടിരുന്നു. അവർ എന്റെ ആപ്തമിത്രങ്ങളായതുകൊണ്ടുമാത്രമല്ലാ എനിക്കിതിൽ സന്തോഷം; അവരുമായിട്ടുള്ള ആലോചനകളിൽനിന്നു് പല സൽഫലങ്ങളുമുണ്ടായി എന്നുള്ളതുകൂടിയാണു്. ഒന്നുരണ്ടുദാഹരണങ്ങൾ പറയാം: മിസ്സസ് മിച്ചിസൺ ഈയിടെ പ്രസിദ്ധീകരിച്ചിട്ടുള്ള What is the Human race up to (മാനവജാതിയുടെ ഉദ്ദേശമെന്തു്?) എന്ന എൻസൈക്ലോപ്പീഡയാഗ്രന്ഥത്തെപ്പറ്റി ആലോചിച്ചു് തീർച്ചയാക്കിയതു് എന്റെ വീട്ടിൽവെച്ചാണെന്നു് അതിന്റെ മുഖവുരയിൽത്തന്നെ പറഞ്ഞിട്ടുണ്ടു്. ജാൺ സ്ട്രാച്ചിയുടെ ഇമ്പീരിയലിസത്തിന്റെ അവസാനമെന്ന പുസ്തകം പൂർത്തിയാക്കുന്നതിനുമുമ്പു് പാരീസ്സിൽ വന്നു് താമസിച്ചു് പല ചർച്ചകൾ അദ്ദേഹം നടത്തുകയുണ്ടായി. വിന്റിന്റെ പല പുസ്തകങ്ങളും എന്നോടാലോചിച്ചു് എഴുതിയിട്ടുള്ളതാണെന്ന കാര്യത്തെ അദ്ദേഹം മറച്ചുവെച്ചിട്ടില്ല. അതുപോലെതന്നെ ഞാൻ എഴുതുന്ന പുസ്തകങ്ങൾക്കും അവരുമായിട്ടുള്ള സംഭാഷണം ഉപകാരപ്രദമായി എന്നു് തീർച്ചയായും പറയാം.
ഇങ്ങനെ എല്ലാംകൊണ്ടും സുഖമായ ഒരു ജീവിതം കഴിച്ചുകൊണ്ടിരുന്നതിനിടയ്ക്കാണു് 1959 ഏപ്രിൽമാസം ആറാംതീയറ്റി ജർമ്മനിയിൽ മൂണിക്കു (Municu) എന്ന നഗരത്തിൽ ഒരു പ്രസംഗം ചെയ്യാനായി ഞാൻ പോയതു്. ഒന്നല്ല, മൂന്നു് പ്രസംഗങ്ങൾ രണ്ടു് ദിവസത്തിൽ ചെയ്യേണ്ടിവന്നു. ഒരു സുഖക്കേടും തോന്നിയില്ല. സന്തുഷ്ടനായിട്ടാണു് തിരിച്ചുവന്നതു്. തിരിച്ചെത്തിയ ദിവസം വൈകുന്നേരം ജർമ്മനിയിൽ നമ്മുടെ അംബാസഡറായ ബദുറുദ്ദീൻതയ്യാബ്ജി എന്നെ കാണുവാൻ വന്നിരുന്നു. ഞങ്ങൾ ഒരു മണിക്കൂറോളം ഒരോരോ കാര്യങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ പോകാൻനേരം അദ്ദേഹം പറഞ്ഞു: “ഇത്ര ആരോഗ്യവാനായി ഞാൻ നിങ്ങളെ മുൻപു് കണ്ടിട്ടില്ല. വളരെ സന്തോഷം.”
ഈ വാക്കോർമ്മിച്ചാണു് അന്നു് ഞാൻ ഉറങ്ങാൻ കിടന്നതു്. എന്തിനു് പറയുന്നു, പിറ്റേദ്ദിവസമുണർന്നപ്പോൾ തളർച്ച ബാധിച്ചു് എഴുനേല്ക്ക വയ്യാ!
ഇടത്തുവശം അനക്കാൻ വയ്യാതെ തളർന്നു് ഒരാഴ്ചയോളമേ ഞാൻ ആസ്പത്രിയിൽ കിടന്നുള്ളു. ഫ്രാൻസിലെ അതിവിദഗ്ദ്ധന്മാരായ ഡാക്ടർമാരുടെ ശ്രദ്ധാപൂർവ്വമായ ശുശ്രൂഷമൂലം എന്റെ അംഗങ്ങളുടെ സ്വാധീനം എനിക്കു് തിരിച്ചു കിട്ടി. പക്ഷേ, രോഗശയ്യയിൽനിന്നു് എഴുന്നേറ്റ ആൾ മുൻപിലത്തെ ആൾതന്നെയാണോ എന്നു് എനിക്കുതന്നെ സംശയമായി. മുൻപോലെ ജോലി ചെയ്യരുതെന്നും ഒന്നര മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ഒന്നിലും ശ്രദ്ധിക്കരുതെന്നും വളരെ ‘പഥ്യ’ത്തിൽ ജീവിക്കണമെന്നുമെല്ലാമുള്ള കർശനമായ നിർദ്ദേശങ്ങളോടുകൂടിയാണു് അവർ എന്നെ ആസ്പത്രിയിൽനിന്നു് വിട്ടയച്ചതു്. ഉടൻതന്നെ ജോലി രാജിവെച്ചു് ഞാൻ നാട്ടിലേയ്ക്കു് കപ്പൽവഴിയായിട്ടു് പോന്നു. ഒരു വർഷത്തെയ്ക്കെങ്കിലും എയർപ്ലേയിനിൽ പോകരുതെന്നു് ഡാക്ടർമാർ നിർദ്ദേശിച്ചിരുന്നു.
തളർച്ച മാറിയാണു് ഇൻഡ്യയിലെത്തിയതെങ്കിലും ആരോഗ്യം തിരിച്ചു് കിട്ടിയിരുന്നില്ല. ഒരു രോഗിയെന്ന നിലയിൽ ആറുമാസംകൂടി കഴിയ്ക്കേണ്ടിവന്നു. വായിക്കാനും എഴുതാനും ശ്രദ്ധിക്കവയ്യെന്നായാൽ, പിന്നെ എന്നെപ്പോലുള്ളവരെക്കൊണ്ടു് എന്തു് സാധിക്കും? ഏതായാലും അതിലും വലിയ സങ്കടങ്ങളിൽ നിന്നു്—രോഗശയ്യയെത്തന്നെ അവലംബിച്ചു് ജീവച്ഛവംപോലെ കഴിഞ്ഞുകൂടുന്നതിൽനിന്നു്—രക്ഷപ്പെട്ടല്ലോ എന്നായിരുന്നു എനിക്കു് ആശ്വാസം.
സാരമായ ഒരു ജോലിയും ചെയ്യാൻ ഇനി പ്രാപ്തിയുണ്ടാകയില്ലെന്നു് എനിക്കറിയാം. എങ്കിലും സാമാന്യം ആരോഗ്യം തിരികെ കിട്ടി തനിക്കും മറ്റുള്ളവർക്കും ഉപകാരപ്രദമായി ജീവിതം കഴിച്ചാൽ കൊള്ളാമെന്ന ആഗ്രഹം എന്നെ വിട്ടുപോയില്ല. എന്നാൽ പുതുതായി ഒരു ജീവിതാധ്യായം തുടങ്ങുമെന്നോ ഇനിയും ചില പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലെഴുതുമെന്നോ അന്നു് ഞാൻ വിചാരിച്ചിരുന്നില്ല. അതിനിടയാക്കിയതു് ദേശമംഗലത്തു് വാസുദേവൻനമ്പൂതിരിപ്പാടവർകൾ എന്നോടു് കാണിച്ച സ്നേഹമാണു്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തൃശൂരിൽ പ്രസിദ്ധനായ കുട്ടമൺചേരിമൂസ്സിന്റെ ചികിത്സയിൽ താമസിച്ചു് ഒരു ധാര കഴിച്ചു. അതിന്റെ ഫലം ഞാൻ ആശിച്ചതിൽ കവിഞ്ഞതായിരുന്നു. ഓർമ്മയും ശ്രദ്ധയുമെല്ലാം മുന്നെപ്പോലെ വന്നില്ലെങ്കിലും ദേഹത്തിന്റെ ആരോഗ്യമൊട്ടെല്ലാം തിരിച്ചു കിട്ടി.
പാരീസ്സിൽനിന്നു് തിരിച്ചുവന്നു് നെഹറുവിനെ ആദ്യം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, സുഖക്കേടു് ഭേദമായാൽ എന്തു് ചെയ്യാനാണു് ആഗ്രഹിക്കുന്നതെന്നറിയിക്കണമെന്നു്. മൂസ്സിന്റെ ചികിത്സകൊണ്ടു് രോഗിയെന്നുള്ള നില മാറിക്കിട്ടിയപ്പോൾ എന്റെ ആവശ്യപ്രകാരം നെഹറു എന്നെ രാജ്യസഭയിലേയ്ക്കു് നിയമിച്ചു. ക്രമേണ ആരോഗ്യം തിരികെ വന്നതോടുകൂടി ഒരു സുഖവാസസ്ഥലമെന്നുതന്നെ ഗണിക്കാവുന്ന കാശ്മീരിലേയ്ക്കു് വൈസ്ചാൻസലറായും പോയി.
ഇതെല്ലാം ജീവിതസായാന്തത്തിലെ അനതിഗൗരവമായ പ്രവൃത്തികൾ എന്നേ ഞാൻ കണക്കാക്കിയിട്ടുള്ളു. ഒരു വാനപ്രസ്ഥന്റെ ജീവിതം! പുസ്തകങ്ങളുടെ ഇടയിൽ, ബുദ്ധിജീവികളോടുള്ള സംസർഗ്ഗത്തിൽ, കാര്യവ്യഗ്രതയില്ലാതെ, ആവുന്നതുപോലെ വല്ലതുമെഴുതി, ജീവിതം കഴിക്കുന്നതായിരുന്നു ഞാനാഗ്രഹിച്ച ജീവിതസായാഹ്നം.
കൗരവസദസ്സിലെ
ദ്രൗപദി, യാഭിജാത്യ-
ഗൗരവം മറക്കാത്തോൾ
ദുർദ്ദശയിങ്കൽപ്പോലും;
പാരുഷം വിട്ടു ദാസ്യ-
വൃത്തിയിൽ കണവന്മാർ
ചാരവേ നില്ക്കെ, രാജ-
സദസ്സിൽ മദാന്ധനാം
വൈരിയാൽ നിജവസ്ത്ര-
മഴിക്കപ്പെട്ടീടിലും
സാരമാം സതീവ്രത-
തേജസ്സാൽ തെളിഞ്ഞുള്ളോൾ;
ആ സ്തിതിയിങ്കൽപ്പോലു-
മപരാജിത; സത്യ-
സദ്ധർമ്മം കലി കേറി
ബാധിച്ചാലെന്നപോലെ;
പാരീസ്സേ, ചതുരന്ത-
സാർവ്വഭൗമയാം നിന്നെ
വൈരിമാർ സർവ്വലോക-
സമക്ഷം മർദ്ദിച്ചാലും
സാധുക്കൾ വല്ലഭന്മാർ
പൗരുഷമറ്റു, ഹന്ത,
പ്രേതസന്നിഭരായി
നില്ക്കിലും, മഹാഭാഗേ,
നിന്നുടെയന്യാദൃശ-
സന്മഹിമാനംകൊണ്ടു-
തന്നെ നീ ജയിക്കുന്നു
ദുർധർഷയായിട്ടെന്നും!
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണു് സർദാർ കെ. എം. പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണു് പൂർണ്ണ നാമം.(ജൂൺ 3,1895–ഡിസംബർ 10, 1963). പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3-നു് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.
ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്കു് മടങ്ങുന്നതിനു മുമ്പു് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.
ഇന്ത്യയിലേക്കു് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീടു് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടു് രാഷ്ട്രീയ രംഗത്തേക്കു് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീടു് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944–47).
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്കു് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948–53), ഫ്രാൻസ് (1956–59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീടു് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെ. എം. പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.
1959–1966: പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.
- മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
- ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
- രണ്ടു് ചൈനകൾ (1955)—Two chinas
- പറങ്കിപ്പടയാളി
- കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ചു്)
- ദൊരശ്ശിണി
- കല്ല്യാണമൽ
- ധൂമകേതുവിന്റെ ഉദയം
- കേരളത്തിലെ സ്വാതന്ത്ര്യസമരം
- ആപത്ത്ക്കരമായ ഒരു യാത്ര (യാത്രാ വിവരണം)
- സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
- ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
- പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഓഫ് ഡിപ്ലോമസി
- കേരള ചരിത്രം