images/Statue_of_Bhishma.jpg
Statue of Bhishma, standing on a chariot, a photograph by Richard Friederisk .
ഭീഷ്മർ (ഒരു നാടകം)
കെ. എം. പണിക്കർ
ഒന്നാമങ്കം നാന്ദി

ജഗത്തെല്ലാം സൃഷ്ടിച്ചഴകി-

നൊടഴിച്ചിട്ടനുദിനം

ലയത്തിൽ തൻമായായവനികയിൽ

മറഞ്ഞീടിന നടൻ

അസംഗൻ സദ്യോഗീശ്വരനന-

ഘനാദ്യൻ വിഭു സദാ

തുണയ്ക്കട്ടേ നിങ്ങൾക്കയുഗശര-

ഭിത്താം പരശിവൻ. 1

[നാന്ദ്യന്തത്തിൽ കഞ്ചുകിയും വീരസേനനും പ്രവേശിക്കുന്നു.]

കഞ്ചുകി:
വീരസേന, ദേവി ആരാധന കഴിഞ്ഞിങ്ങോട്ടെഴുന്നള്ളും. വിചിത്രവീര്യമഹാരാജാവിനു പ്രായപൂർത്തിവന്നു രാജ്യഭാരം കയ്യേല്ക്കുന്നതിൽ സന്തുഷ്ടയായ സ്വാമിനി രാജധാനിയിലുള്ള പ്രമാണികൾക്കു് ഇന്നു സമ്മാനങ്ങൾ കൊടുക്കുന്നതിനു് നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടു് ഈ ആസ്ഥാനമണ്ഡപമെല്ലാം രാജോചിതമായി അലങ്കരിക്കേണമെന്നു് എന്നോടു പ്രത്യേകം കല്പിച്ചിരിക്കുന്നു.
വീരസേനൻ:
അതു സന്തോഷവാർത്തതന്നെ. ബാലനായ ചിത്രാംഗദമഹാരാജാവു് ഗന്ധർവ്വനാൽ കൊല്ലപ്പെട്ടശേഷം സ്വാമിനി സർവ്വസുഖങ്ങളും ഉപേക്ഷിച്ചു് ഒരു തപസ്വിനിയുടെ രീതിയിൽ കഴിച്ചുകൂട്ടുകയായിരുന്നല്ലോ. ഇപ്പോൾ മഹാരാജാവിനു് പ്രായപൂർത്തി വന്നിരിക്കുന്നതുകൊണ്ടു് ദേവിക്കു് വലിയ സന്തോഷമായിരിക്കണം. അകത്തെ പ്രവൃത്തിക്കാരായ നമുക്കും സമ്മാനങ്ങൾ ഉണ്ടാകാതിരിക്കില്ല.
കഞ്ചുകി:
അതെന്തോ, കണ്ടുതന്നെയറിയണം.
വീരസേനൻ:
എന്താണു് താൻ ഇങ്ങനെ പറയുന്നതു്. ചിത്രാംഗദമഹാരാജാവിന്റെ നിര്യാണശേഷം എല്ലാ ഉത്സവങ്ങളും ഈ കൊട്ടാരത്തിൽ പ്രതിഷേധിക്കപ്പെട്ടിരുന്നു. നൃത്തഗീതങ്ങൾപോലും നിഷിദ്ധമായിരുന്നു. ദേവിയുടെ വ്രതത്തിനനുസരിച്ചായിരുന്നു ഇവിടുത്തെ നടപടി എല്ലാംതന്നെ. ഇപ്പോഴാവട്ടെ എന്താഹ്ലാദമാണു്! യുവാവായ മഹാരാജാവു് ഇന്നലെ പട്ടണപ്രവേശം നടത്തിയപ്പോൾ പൗരന്മാർ ആനന്ദഭരിതരായി അവരുടെ രാജഭക്തി എന്തെല്ലാം മട്ടിലാണു് കാട്ടിയതു്!
കഞ്ചുകി:
നഗരവാസികൾ മൂഢന്മാർതന്നെ. അവർക്കെന്തെങ്കിലും ചില്ലറ കാര്യമുണ്ടായാൽ വലിയ ഉത്സവമായി. ഇങ്ങനെ എത്ര കണ്ടിരിക്കുന്നു.
വീരസേനൻ:
മഹാരാജാവുതിരുമനസ്സിലേയ്ക്കു പ്രായപൂർത്തിവരുന്നതു് ചില്ലറ കാര്യമാണോ? നമ്മുടെ മഹാരാജാവു് നേരിട്ടു രാജ്യം ഭരിച്ചുകാണുവാൻ എല്ലാവർക്കും ആഗ്രഹമുള്ളതല്ലേ? താൻ എന്താണു് ഇങ്ങനെ നിസ്സാരമാക്കി പറയുന്നതു് ?
കഞ്ചുകി:
ശരിതന്നെ, ശരിതന്നെ. എങ്കിലും ചിത്രാംഗദമഹാരാജാവിന്റെ മരണശേഷം, സർവ്വസദ്ഗുണസമ്പന്നനും സമഗ്രപ്രതാപനുമായ കുമാരൻ ദേവവവ്രതന്റെ ഉപദേശമനുസരിച്ചു് നമ്മുടെ സ്വാമിനി രാജ്യം ഭരിച്ചതുപോലെ മേലാൽ നടക്കുമോ എന്നുള്ള ആശങ്ക എനിക്കില്ലാതില്ല. ഭീഷ്മകുമാരൻ അധികാരം വഹിച്ചപ്പോഴാകട്ടെ,

വർണ്ണാശ്രമങ്ങൾ വഴിപോൽ പരിരക്ഷചെയ്തു,

ധർമ്മം ജഗത്തിലിഹ ശാശ്വതമായ് നടത്തി,

ഇദ്വാപരം കൃതയുഗത്തിനു തുല്യമാക്കി,

കാലാധികാരി നൃപനെന്നതു കാട്ടിയില്ലേ? 2

യുവാവായ വിചിത്രവീര്യമഹാരാജാവിന്റെ കാലം എങ്ങനെയാണോ ആവാൻ പോകുന്നതു്? എല്ലാം നന്നായി വരുവാൻ ദേവി സഹായിക്കട്ടെ.

വീരസേനൻ:
നിങ്ങളുടെ ആശങ്കയ്ക്കു് വഴി കാണുന്നില്ല. മഹാരാജാവു് ചെറുപ്പമാണെങ്കിലും അദ്ദേഹത്തെ വേണ്ട വഴിയിൽക്കൂടി കൊണ്ടുപോകുന്നതിനു് അമ്മയും ജ്യേഷ്ഠനുമുണ്ടല്ലോ. അവരുടെ ഉപദേശത്തിനു് വിപരീതമായി അദ്ദേഹം നടക്കുമോ? പോരെങ്കിൽ പൗരന്മാർ എപ്പോഴാണു് ശാശ്വതമായ രാജധർമ്മത്തെ വിഗണിച്ചു് പ്രവർത്തിച്ചിട്ടുള്ളതു്?
കഞ്ചുകി:
എടോ, താനെന്തറിഞ്ഞു? ബാല്യത്തിൽ രാജാവായശേഷം, പ്രായപൂർത്തിവരുമ്പോൾ അധികാരം കയ്യേല്ക്കുന്ന രാജാക്കന്മാരുടേയും ചിറമുറിഞ്ഞൊഴുകുന്ന നദികളുടേയും ഗതി ഒരുപോലെയാണു്. ഏതെല്ലാം വഴിക്കാണു് പ്രവഹിക്കുന്നതെന്നു് ആർക്കും മുൻകൂട്ടി പറഞ്ഞുകൂടാ. നല്ല വഴിയിൽക്കൂടി പ്രവഹിച്ചു എന്നും വരാം, വക്കിൽ നില്ക്കുന്ന വൃക്ഷങ്ങളെ വീഴ്ത്തി പലേടത്തുമായി പാഞ്ഞു എന്നും വരാം. അതു മാത്രമല്ല, ചെറുപ്പത്തിൽ അവിവേകം മനുഷ്യസഹജവുമാണല്ലോ.
വീരസേനൻ:
അങ്ങനെ പറയരുതു്. രാജർഷിപരമ്പരയിൽനിന്നു് ജനിച്ചിട്ടുള്ള ഈ മഹാരാജാവിനു് ധർമ്മവൈകല്യം ഒരു കാലത്തും വരാൻ ഇടയില്ല.

നിസർഗ്ഗതേജസ്സു വഹിച്ചിടുന്ന

രാജർഷിവംശാങ്കുരമീ യുവാവിൽ

വയസ്സിനൊത്തല്ല ഗുണം: ഹുതാശ-

നിളപ്പമേ ചൂടു, കൊളുത്തിടുമ്പോൾ? 3

കഞ്ചുകി:
താൻ പറയുന്നതു് ന്യായംതന്നെ! പൗരന്മാർ ചെറുപ്പത്തിലും ധർമ്മത്തെ ഉപേക്ഷിക്കാറില്ല. എങ്കിലും മനുഷ്യസഹജമായ വ്യത്യാസങ്ങൾ അവരിലും ഉണ്ടാകാറുണ്ടല്ലോ. രാജാക്കന്മാർക്കും ഗുണകർമ്മഭേദങ്ങൾ കണ്ടുവരുന്നില്ലേ? ഒരാൾ അവിവേകിയായിരിക്കാം. ഒരാൾക്കു് പൗരുഷം കുറഞ്ഞിരിക്കാം. ഒരാൾ തീഷ്ണദണ്ഡനായിരിക്കാം. ഏതുവിധത്തിലാണു് നമ്മുടെ യുവാവായ മഹാരാജാവു് എന്നു് തീർത്തു് പറയാറായിട്ടില്ലല്ലോ. ഇതാ, മഹാറാണിയുടെ എഴുന്നെള്ളത്തായി എന്നു തോന്നുന്നു. നോക്കൂ, വീരസേന, യുവാവായ മഹാരാജാവും കൂടെയുണ്ടു്.
വീരസേനൻ:
(നോക്കിയിട്ടു്) അതാ മഹാരാജാവു്

ബാല്യം വിടാത്ത നവയൗവന-

ശോഭ ചേർന്നോൻ

രാജോചിതാംബരവിഭൂഷണഭൂഷിതാംഗൻ

ആജാനബാഹു ബലി ശസ്ത്രധരൻ വിനീതൻ

ശോഭിപ്പൂ രാജഗുണമിന്നുടലാണ്ടപോലെ. 4

എഴുന്നെള്ളത്തിങ്ങെത്തിക്കഴിഞ്ഞു; വരൂ, നമുക്കും പോയിക്കാണാം. (അവർ പോകുന്നു.)

(സത്യവതിറാണിയും വിചിത്രവീര്യനും പരിവാരങ്ങളും പ്രവേശിക്കുന്നു. സത്യവതിയും വിചിത്രവീര്യനും ഭദ്രാസനങ്ങളിൽ ഇരിക്കുന്നു.)

സത്യവതി:
ഇന്നു കുരുരാജ്യത്തിനു് സുദിനംതന്നെ. പൈതൃകമായ ഈ രാജ്യം നീ തന്നെ കയ്യേറ്റു ഭരിച്ചുതുടങ്ങിയല്ലോ. ഈ മന്ത്രിമുഖ്യന്മാരുടേയും പൗരജാനപദന്മാരുടേയും മുൻപിൽവെച്ചു് ഈ നാട്ടിന്റെ ഭരണം നിന്നെ ഞാൻ ഏല്പിക്കുന്നു. ചിത്രാംഗദന്റെ അകാലമരണശേഷം അരാജകത ബാധിക്കാതെ ഇത്രനാളും ഞാൻ, കുമാരദേവവ്രതന്റെ സഹായത്തോടുകൂടി, ആവുന്നപോലെ രാജകാര്യങ്ങൾ നടത്തി. എന്താണു് നമ്മുടെ പൗരമുഖ്യന്മാർ പറയുന്നതു്?
സാകല്യൻ:
ദേവി, ഞാൻ ബ്രാഹ്മണജനങ്ങളുടെ അഭിപ്രായം പറയുന്നു. മഹാരാജാവു് വിജയിയായി ഭവിക്കട്ടെ.

രാജർഷിമാർ സുരപതിപ്രിയരായ് വസിച്ച

മുൻഗാമിമാരുടെ ഗുണങ്ങളിണങ്ങി നന്നായ്

കയ്യൂക്കിനാൽപ്പുകൾ പുലർത്തി വിളങ്ങിടട്ടെ

നീണാളിവൻ കുരുകുലത്തിനു ഭൂഷയായി. 5

വിചിത്രവീര്യൻ:
(തലകുനിച്ചു്) ഇതൊരാശീർവ്വാദമായി ഞാൻ ഗണിക്കുന്നു.
ഉഗ്രവർമ്മൻ:
ക്ഷത്രിയർക്കുവേണ്ടി ഞാൻ പറയുന്നു.

ഏറും പൗരുഷമാർന്ന വൈരിനികിരം

മർദ്ദിച്ചു നാലാഴിതൻ

തീരംതൊട്ടൊരു ചക്രവർത്തിപഥമാ-

മീബ്ഭൂതലം വെന്നു നീ

പാരിക്കുന്നൊരു കീർത്തി മൂന്നുലകിലും

ചേർത്തിന്നജാതാരിയായ്

പേരിനൊത്തു വിചിത്രവീര്യം സുചിരം

കാത്തീടുകീ ഞങ്ങളെ. 6

ചന്ദനദാസൻ:
വൈശ്യശൂദ്രാദികളായ മറ്റുള്ള ജനങ്ങളുടെ ആഗ്രഹം പറയാം.

ആഗസറ്റുള്ള ജീവൽപഥമതനുഗമി-

ച്ചർത്ഥസമ്പത്തുയർത്തി-

പ്പാകംപോൽ യാഗകർമ്മാദികൾവഴി ശരിയായ്

വൃഷ്ടി നാട്ടിൽ പുലർത്തി

ന്യായം നീതിക്രമം സൽകുലജനഗണമ-

ര്യാദ നന്നായ് നടത്തി

ക്ഷേമം നാട്ടാർക്കു നല്കിബ്ബഹുദിനമവനീ-

നാഥനായ് വാഴ്ക രാജൻ! 7

വിചിത്രവീര്യൻ:
ഞാൻ അനുഗ്രഹീതനായി.
വന്ദികൾ:
(അണിയറയിൽ)

എല്ലാവിധത്തിലെഴുമാ പ്രജകൾക്കുമുള്ളിൽ

കല്യാണമേകിയതിരഞ്ജന ചേർത്തിടുന്നോൻ

രാജാവിതെന്നു പറയും മൊഴിയിന്നുമാത്രം

സാർത്ഥീഭവിച്ചു; പരഭൂമിപർ പേരിനായീ. 8

സത്യവതി:
മകനേ, ഒന്നുമാത്രം ഞാൻ പറയുന്നു. ആദ്യ രാജാവായ പൃഥുവിന്റെ പ്രതിജ്ഞ നിനക്കറിവുള്ളതാണല്ലോ. “ധർമ്മനീതികളെ അനുസരിച്ചും, ജനഹിതാനുവർത്തിയായും, സർവ്വജീവികളിലും സമബുദ്ധിയോടും പ്രിയാപ്രിയങ്ങൾ കൈവിട്ടും ഭൗമബ്രഹ്മം ഞാൻ കാത്തുകൊള്ളാം” എന്നത്രേ രാജാക്കന്മാർ അഭിഷേകസമയത്തു് ദീക്ഷിക്കുന്ന വ്രതം. അതു് ഒരു കാലത്തും മറക്കരുതു്. പിന്നീടു്,

ഒന്നാമതാം നിയമമാത്മജയം നൃപർക്കു,

രണ്ടാമതേ രിപുജയം കരുതേണ്ടതുള്ളു;

ഉത്ഥാനശക്തി, പുരുമന്ത്ര-

ബലങ്ങൾ, യോഗ-

ക്ഷേമത്തിൽ യത്ന,മിവ

പിൻപുളവാകുമല്ലോ. 9

നന്നായിട്ടു് ഓർക്കണം. ദണ്ഡനീതി ഒന്നുകൊണ്ടാണു് രാജാക്കന്മാർ അധികാരം വഹിക്കുന്നതു്. ഉറക്കത്തിലും ദണ്ഡശക്തിയത്രേ രക്ഷിക്കുന്നതു്. ദണ്ഡത്തെ നാരായണനെന്നാണു് പുരാണങ്ങൾ ഘോഷിക്കുന്നതു്. മൃദുലദണ്ഡനെ രാജ്യലക്ഷ്മി ഉപേക്ഷിക്കുന്നു. ദണ്ഡപാരുഷ്യമുള്ളവനിൽ രാജ്യലക്ഷ്മി കോപിക്കുന്നു. അതിനാൽ മിതദണ്ഡനായി രാജ്യത്തെ ഭരിച്ചാലും. വാസ്തവത്തിൽ,

അധർമ്മഭീരുവായ് നിത്യം

സത്യം തെറ്റാതിരിക്കണം;

സുസ്പഷ്ടദണ്ഡനാവേണം;

എന്നാൽ രാജാവു പൂജ്യനാം. 10

പ്രത്യേകിച്ചും നമ്മുടെ കുലധർമ്മം ഒരു കാലത്തും മറക്കരുതു്. നഹുഷൻ, പുരു, ദുഷ്ഷന്തൻ, ഭരതൻ, നിന്റെ പൂജ്യപാദനായ അച്ഛൻ—ഇവരുടെ ചരിത്രം നല്ലവണ്ണം ഓർക്കുക. അധർമ്മത്തിൽ മാത്രമേ അവർക്കു് ഭീരുതയുണ്ടായിരുന്നുള്ളു. ആത്മജയം കഴിച്ചശേഷമത്രേ ദിഗ്വിജയംചെയ്തു് ശത്രുക്കളെ സംഹരിച്ചതു്. സത്യസന്ധന്മാരായ പൂർവ്വികന്മാരുടെ ചരിത്രം ആലോചിച്ചാൽ എന്താണു് കാണുന്നതു്?

രണ്ടേ വേണ്ടൂ നൃപന്മാരിൽ;

പൗരുഷം ധർമ്മനിഷ്ഠയും;

പൗരന്മാരിലീ രണ്ടും

സുത, മാറാതെ കാണ്മതാം. 11

അതുകൊണ്ടു് ചുരുക്കത്തിൽ പറയാം.

ശ്രേഷ്ഠന്മാർ പൂർവ്വികന്മാരുടെ

വഴിയിൽ നട-

ന്നീടു ധർമ്മത്തൊടെന്നും;

വാട്ടംകൂടാതെ യത്നിക്കണമനിശ;- മുപേ-

ക്ഷിക്ക നീ തീക്ഷ്ണദണ്ഡം;

നാട്ടാർക്കെന്തിഷ്ടമെന്നാലതു തവ ഹിതമാ-

കേണ;-മീവണ്ണമായാൽ

ശ്രേഷ്ഠം രാജത്വമല്ലാതെഴുമൊരു നൃപനോ

രാജ്യബാധയ്ക്കുമാത്രം. 12

കുഞ്ഞേ, അമ്മയെന്നുള്ള വാത്സല്യംകൊണ്ടും, സന്തോഷാവസരങ്ങളിൽ സ്ത്രീകൾക്കു് സ്വതേയുള്ള വാചാലതകൊണ്ടും ഇത്രയും പറഞ്ഞതാണു്. ഇതിൽ സാരാംശമായുള്ളതും വൃദ്ധന്മാരായ ബ്രാഹ്മണസത്തന്മാർക്കു് സമ്മതമായുള്ളതും നീ സ്വീകരിക്കുക.

സാകല്യൻ:
ദേവി അരുളിച്ചെയ്തതു് സനാതനമായ രാജധർമ്മമാണു്. അതിൽ കവിഞ്ഞു് യാതൊന്നും പറയേണ്ടതായിട്ടില്ല.
വിചിത്രവീര്യൻ:
അമ്മയുടെ ആജ്ഞകൾ അണുപോലും തെറ്റാതെ ഞാൻ നടത്തിക്കൊള്ളാം. അതിലാണു് എനിക്കു് രാജത്വം.
ഉഗ്രവർമ്മൻ:
സ്വാമി, പ്രജകൾ ഇന്നു് അത്യന്തം സന്തുഷ്ടരാണു്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അവർ രാജധാനിയിൽ എത്തിയിട്ടു് ഈ അവസരത്തെ കൊണ്ടാടുന്നു. കൊട്ടാരവാതുക്കൽ എഴുന്നെള്ളി തിരുമുഖദർശനംകൊണ്ടു് അവരെ അനുഗ്രഹിക്കേണമെന്നു് ഞാൻ അപേക്ഷിക്കുന്നു.
വിചിത്രവീര്യൻ:
പട്ടണപ്രവേശസമയത്തിൽ നഗരവാസികളുടെ സന്തോഷം ഞാൻതന്നെ കണ്ടറിഞ്ഞതാണു്. അവർ എന്നിൽ കാണിക്കുന്ന ഭക്തിയും വിശ്വാസവും ആശ്ചര്യകരംതന്നെ. അവരുടെ ആശയ്ക്കൊത്തു് ജീവിതം നയിക്കുവാൻ എനിക്കു് ദൈവം ശക്തി തരട്ടെ.
സത്യവതി:
പ്രജകൾ രാജാവിൽ വെയ്ക്കുന്ന ആശ ഭഞ്ജിക്കുന്നതു് ഘോരമായ പാതകമാണു്. പ്രജാവഞ്ചനചെയ്യുന്ന രാജാവിനു് ഇഹലോകത്തിലും പരലോകത്തിലും ഗതിയില്ല. മകനേ, രാജത്വം സ്വീകരിക്കുന്നതിൽ നിനക്കുള്ള ഭാരമെത്രയും വലുതാണു്.
സാകല്യൻ:
ദേവി എത്രമാത്രം ജ്ഞാനത്തോടുകൂടിയാണു് പറയുന്നതു്!
വിചിത്രവീര്യൻ:
ചുമതലയുടെ ഗൗരവവും എന്റെ അപ്രാപ്തിയും ഞാൻ നല്ലവണ്ണമറിയുന്നു. എന്നാൽ അമ്മയും ജ്യേഷ്ഠനും എനിക്കു് സഹായമായി നില്ക്കുമ്പോൾ ഞാൻ ഭയപ്പെടേണ്ട കാര്യമില്ലല്ലോ.

(പ്രതിഹാരി പ്രവേശിക്കുന്നു.)

പ്രതി:
രാജ്യശാസനാരംഭത്തിൽ ദേവനെ അഭിനന്ദിക്കുന്നതിനായി വിവിധരാജാക്കന്മാർ അയച്ചിട്ടുള്ള ദൂതന്മാർ വന്നു സമയം കാത്തുനില്ക്കുന്നു.
വിചിത്രവീര്യൻ:
(ആത്മഗതം) ജ്യേഷ്ഠനെക്കൂടാതെ അവരെ എങ്ങനെയാണു് കാണുക? ജ്യേഷ്ഠൻ വരേണ്ട സമയവും അതിക്രമിക്കുന്നല്ലോ. (സത്യവതിയോടായിട്ടു് അപവാര്യ) ജ്യേഷ്ഠൻ വന്നുചേർന്നില്ലല്ലോ. ഈ ശുഭാവസരത്തിൽ ജ്യേഷ്ഠന്റെ സാന്നിദ്ധ്യമില്ലാത്തതിനാൽ ഞാൻ കുണ്ഠിതപ്പെടുന്നു.
സത്യവതി:
(അപവാര്യ) മകനേ, നിന്റെ ജ്യേഷ്ഠൻ ഈ അവസരത്തിൽ ഇവിടെ ഇല്ലാതിരുന്നതു്, ജനങ്ങളുടെ മനസ്സു് നിന്നിൽ നന്നേ പതിയട്ടേ എന്നുള്ള വിചാരംകൊണ്ടുതന്നെ ആയിരിക്കണം. ഇന്നു് മദ്ധ്യാഹ്നത്തോടുകൂടി വരുമെന്നാണു് പറഞ്ഞിട്ടുള്ളതു്.
വിചിത്രവീര്യൻ:
ഉച്ചതിരിഞ്ഞുള്ള രാജസദസ്സിൽ ഞാൻ രാജദൂതന്മാരെ യഥാവിധി സല്ക്കരിച്ചുകൊള്ളാം. ആ വിവരം അവരോടു പറയുക.
സത്യവതി:
നില്ക്കു, ആരൊക്കെയാണു് ദൂതന്മാർ മുഖാന്തിരം മഹാരാജാവിനെ അഭിനന്ദിക്കുന്നതു്?
പ്രതിഹാരി:
തിരുമേനി പ്രസാദിച്ചാലും! ജംബുദ്വീപം, ശാകദ്വീപം, പാരസികദ്വീപം മുതലായ സകലദ്വീപങ്ങളിലേയും മിക്ക രാജാക്കന്മാരും പ്രതിനിധികളെ അയച്ചിട്ടുണ്ടു്. പേരുകൾ കല്പനയുണ്ടെങ്കിൽ അറിയിക്കാം.
വിചിത്രവീര്യൻ:
ആരാണു് വന്നിട്ടില്ലാത്തതെന്നു് പറയൂ.
സാകല്യൻ:
മഹാരാജാവു് ഊർജ്ജസ്വലൻ തന്നെ.
പ്രതിഹാരി:
(സ്വല്പം ആലോചിച്ചിട്ടു്) കാശിരാജാവിന്റേയും സ്വാലരാജാവിന്റേയും ദൂതന്മാർ ഹാജരില്ല. (പോകുന്നു.)
വിചിത്രവീര്യൻ:
സ്വാലൻ ദൂതനെ അയയ്ക്കാഞ്ഞതിൽ ഞാൻ ആശ്ചര്യപ്പെടുന്നില്ല. പൂരുവംശത്തോടു സൗഭപതിക്കു പണ്ടേ ദ്വേഷം ഉള്ളതാണല്ലോ. കാശിരാജാവു് എന്തുമൂലമായിരിക്കാം ആളയയ്ക്കാഞ്ഞതു്?
സത്യവതി:
രണ്ടുനാൾക്കു മുമ്പു് കാശിരാജാവായ കോസലന്റെ മക്കളുടെ സ്വയംവരമായിരുന്നല്ലോ. അതുസംബന്ധിച്ചുള്ള ജോലിത്തിരക്കുകൊണ്ടായിരിക്കാം. സ്വയംവരം അറിയിച്ചിട്ടു് നമ്മൾ പോകാതിരുന്നതുകൊണ്ടും ദ്വേഷമുണ്ടാവാം.
വിചിത്രവീര്യൻ:
ജ്യേഷ്ഠൻതന്നെ പോയിട്ടുള്ള സ്ഥിതിക്കു് ആ വഴി ഈർഷ്യക്കു് കാരണമില്ലല്ലോ.
സത്യവതി:
മകനേ, നിന്റെ ജ്യേഷ്ഠൻ നിത്യബ്രഹ്മചര്യവ്രതം ധരിച്ചിട്ടില്ലേ? ആ സ്ഥിതിക്കു് സ്വയംവരത്തിൽ ഭീഷ്മർക്കു് സ്ഥാനമില്ലെന്നായിരിക്കാം അവരുടെ അഭിപ്രായം.
വിചിത്രവീര്യൻ:
ജ്യേഷ്ഠൻ വന്നില്ലല്ലോ. വഴിക്കു് വല്ല തരക്കേടും പറ്റിയിരിക്കുമോ? വല്ല വിരോധികളും അദ്ദേഹത്തെ വധിച്ചുവെന്നു വരാമോ?
സാകല്യൻ:
കൊള്ളാം. ദേവവ്രതസ്വാമിയേയോ?

വിൺഗംഗാനദി പെറ്റ പുത്രനമലൻ,

ദുർദ്ധർഷദോർവിക്രമൻ

ശത്രുക്കൾക്കപമാനകാരി,യഖിലാ-

സ്ത്രാബ്ധിക്കു കുംഭോത്ഭവൻ

വിജ്ഞൻ ധാർമ്മികമൗലി, സംഗരഹിതൻ

ദേവാംശഭൂതൻ മഹാൻ

സത്യത്തിൽ സ്ഥിരനിഷ്ഠനാ പ്രഭുവിനോ-

ടാർക്കാണെതിർക്കാവതും? 13

സത്യവതി:
സാകല്യൻ പറഞ്ഞതു് വാസ്തവമത്രേ. കുമാര ദേവവ്രതൻ സമയത്തിനു വന്നെത്തും.
വിചിത്രവീര്യൻ:
എന്താണു് ആർപ്പുവിളികൾ കേൾക്കുന്നതു്? (എല്ലാവരും ശ്രദ്ധിക്കുന്നു)
പ്രതിഹാരി:
(വീണ്ടും വേഗത്തിൽ പ്രവേശിച്ചു്) ദേവൻ ജയിക്കുന്നു. ജ്യേഷ്ഠൻതിരുമേനി ബന്ധനസ്ഥനായ സാല്വരാജാവിനോടുകൂടി നഗരദ്വാരത്തിൽ എത്തിയിരിക്കുന്നു. താമസിയാതെ ഇവിടെ എത്തുന്നതാണു്.
സത്യവതി:
പ്രതിയോഗികളെ ജയിച്ചെത്തുന്ന കുമാരനെ മന്ത്രിമുഖ്യന്മാരും പൗരപ്രധാനികളും കൊട്ടാരത്തിന്റെ പുറത്തെ ഗോപുരനടയിൽ ചെന്നു് സ്വീകരിക്കേണ്ടതാണു്.
വിചിത്രവീര്യൻ:
അതുതന്നെയാണു് എന്റേയും അഭിപ്രായം.
സാകല്യൻ:
കല്പിക്കുംപോലെ.

(പൗരപ്രധാനികൾ മുതലായവർ പോകുന്നു.)

സത്യവതി:
മകനേ, ഒരു കാര്യംകൂടി പറയാനുണ്ടു്.
വിചിത്രവീര്യൻ:
(ആത്മഗതം) എന്തായിരിക്കുമോ, അമ്മ പറയാൻ ഭാവിക്കുന്നതു്! (പ്രത്യക്ഷം) ഞാൻ കേൾക്കുന്നതിനു് ഉൽക്കണ്ഠയോടെ ഇരിക്കുന്നു.
സത്യവതി:
കേൾക്കുക. നിന്റെ ജ്യേഷ്ഠൻ കാശിരാജാവായ കോസലന്റെ രാജധാനിയിൽ പോയിരുന്നതു് സ്വയംവരമഹോത്സവത്തിൽ പൗരകുലത്തെ പ്രതിനിധീകരിക്കുന്നതിനു് മാത്രമല്ല. വിവാഹത്തിനു് നിന്റെ സ്വന്തമായ ആളായിട്ടു് ഞാൻ പറഞ്ഞയച്ചതു്.
വിചിത്രവീര്യൻ:
ഏതുവിധത്തിൽ എവിടെച്ചെന്നാലും ജ്യേഷ്ഠൻ എന്റെ സ്വന്തം ആളുതന്നെ ആയിരിക്കുമല്ലോ. ഇതിലെന്താണു് ഒരു വിശേഷം?
സത്യവതി:
കാശിരാജാവിന്റെ പുത്രികളെ സ്വാലനു് കൊടുക്കാൻ തീർച്ചയാക്കിയിട്ടുണ്ടെന്നു് ശ്രുതിയുണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ ശത്രുപക്ഷം വർദ്ധിക്കാനിടയുണ്ടല്ലോ. നിന്റെ ജ്യേഷ്ഠന്റെ അഭിപ്രായത്തിൽ കോസലകുമാരിമാർ എല്ലാംകൊണ്ടും ഇവിടെ പാർക്കേണ്ടവരാണു്.
വിചിത്രവീര്യൻ:
(ലജ്ജയോടെ) സൗഭരാജാവിനു് കൊടുക്കാൻ കോസലൻ തീർച്ചയാക്കി എങ്കിൽ ജ്യേഷ്ഠൻ അവിടെ പോയിട്ടെന്താണു് ഫലം?
സത്യവതി:
കന്യാപഹരണം ക്ഷത്രിയന്മാർക്കു് വിധിച്ചിട്ടുള്ള ഒരു വിവാഹസമ്പ്രദായമാണു്. ഇതാ, നിന്റെ ജ്യേഷ്ഠൻ വന്നുവെന്നു് തോന്നുന്നു. ജ്യേഷ്ഠനെ വാതുക്കൽ ചെന്നു് ആലിംഗനം ചെയ്തു് സ്വീകരിക്കേണ്ടതാണു്.

(കൈയിൽ വില്ലും അമ്പും ധരിച്ചു് ഭീഷ്മർ പ്രവേശിക്കുന്നു. ചെന്നെതിരേറ്റ വിചിത്രവീര്യനെ ആശ്ലേഷിച്ചു് മൂർദ്ധാവിൽ ചുംബിച്ചശേഷം)

ഭീഷ്മർ:
ഉണ്ണി—അല്ല മഹാരാജാവേ, ഞാൻ അഭിവാദ്യം ചെയ്യുന്നു. അമ്മേ, ഞാൻ നമസ്കരിക്കുന്നു.
സത്യവതി:
കുമാരാ, ആയുഷ്മാനായി ഭവിക്ക.
വിചിത്രവീര്യൻ:
ജ്യേഷ്ഠാ, ഉണ്ണി എന്നു് വിളിച്ചതു് മാറ്റി എന്താണു് എന്നെ മഹാരാജാവേ എന്നു് സംബോധനചെയ്തതു്? അതിൽ എനിക്കു് സങ്കടമുണ്ടു്.
ഭീഷ്മർ:
പറയാം.

ജനികൊണ്ടു നീ മമ കനിഷ്ഠനെങ്കിലും

വിനയാൽ പറഞ്ഞതതിയോഗ്യമെങ്കിലും

അഭിഷിക്തനായ നൃപനാണു നീ;-യിവൻ

പ്രജമാത്ര,മിന്നുമുതൽ ഞാൻ വിധേയനാം. 14

വിചിത്രവീര്യൻ:
അങ്ങനെ വിചാരിക്കരുതെന്നു് ഞാൻ വിനയപൂർവം അപേക്ഷിക്കുന്നു. ആര്യന്റെ ആജ്ഞാനുസാരിയായി വർത്തിക്കുന്നതിനേ എനിക്കാഗ്രഹമുള്ളു. രാജഭോഗങ്ങളെ ആര്യൻ സന്ത്യജിച്ചതുകൊണ്ടു്, ആ സത്യരക്ഷണത്തിനായിമാത്രം ഞാൻ മഹാരാജാവെന്ന പേരിനെ കൈക്കൊള്ളുവാൻ നിർബ്ബന്ധിതനായി എങ്കിലും അവിടുത്തെ തണലിൽ വാഴണമെന്നേ എനിക്കു് ആഗ്രഹമുള്ളു.
സത്യവതി:
മകനേ, നീ പറഞ്ഞതു് പൗരവന്മാർക്കു് യോജിച്ചതാണു്. എന്റെ ആഗ്രഹവും അങ്ങനെതന്നെ. കുമാരഗംഗാദത്ത, നിന്റെ ഈ അനുജനിൽ നിനക്കു് കനിവുണ്ടാകണം. അവനെ വേണ്ട വഴിക്കു് കൊണ്ടുപോയി ധർമ്മനിഷ്ഠ വരുത്തി ഉത്തമനായ രാജാവെന്ന കീർത്തിയെ സമ്പാദിപ്പിക്കണം.
ഭീഷ്മർ:
അമ്മേ, അവിടുത്തെ ആഗ്രഹങ്ങൾ എനിക്കു് ആജ്ഞകൾതന്നെയാണല്ലോ. പോരെങ്കിൽ ഉണ്ണിയിൽ എനിക്കുള്ള വാത്സല്യവും അവിടേയ്ക്കു് അറിയാവുന്നതാണു്. അതുകൊണ്ടു് എല്ലാം അവിടുത്തെ ഇഷ്ടം പോലെ നടക്കും.
സത്യവതി:
(ആത്മഗതം) കുമാരന്റെ അനൗദ്ധത്യം ആശ്ചര്യകരംതന്നെ. സാല്വനെ ബന്ധനസ്ഥനാക്കി ഈ നഗരത്തിൽത്തന്നെ കൊണ്ടുവന്നിട്ടും അതിനെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ലല്ലോ. ആകട്ടെ ചോദിക്കാം. (പ്രത്യക്ഷം) ബന്ധനത്തിലാക്കപ്പെട്ട സാല്വനെവിടെയാണു്?
ഭീഷ്മർ:
ഉണ്ണിയുടെ കല്പന കാത്തു് വാതുക്കൽ നില്ക്കുന്നു.
വിചിത്രവീര്യൻ:
ഞാൻതന്നെ ചെന്നു് ബന്ധമോചനം ചെയ്തു് എതിരേറ്റു് കൊണ്ടുവരാം. വിരോധികളായാലും രാജാക്കന്മാർ ഗൃഹത്തിൽ വരുമ്പോൾ പൂജിക്കപ്പെടേണ്ടവരാണല്ലോ.
ഭീഷ്മർ:
രാജധർമ്മമാണു് ഉണ്ണി പറഞ്ഞതു്. വിരോധികളെ ഒരുകാലത്തും അനാദരിച്ചുകൂടാ. രാജാക്കന്മാരായാൽ ബന്ധനസ്ഥരായാലും ബഹുമാനിക്കതന്നെ വേണം. അവരുടെ രാജത്വം പോകുന്നതല്ലല്ലോ. പ്രത്യേകിച്ചു് സാല്വനെ.

അതിരഥനുലകൊക്കെക്കീർത്തി

ചേർത്തുള്ള വീരൻ

ക്ഷിതിപതി, കുലബന്ധംകൊണ്ടു്

കാശീന്ദ്രനിഷ്ടൻ

ജിതനടരിലിതെല്ലാമോർത്തു

സമ്മാന്യനാണീ-

യതിഥി, നൃപവരന്മാർക്കില്ലപോൽ

നിത്യവൈരം. 15

സത്യവതി:
അങ്ങനെതന്നെ ചെയ്യുക.

(വിചിത്രവീര്യൻ പോകുന്നു)

സത്യവതി:
കുമാരഗംഗാദത്ത, പോയ കാര്യങ്ങൾ നിർവ്വിഘ്നം സാധിച്ചുവോ എന്നു ഞാൻ പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ.
ഭീഷ്മർ:
അവിടുത്തെ അനുഗ്രഹംകൊണ്ടു് ഒന്നിനും വൈഷമ്യമുണ്ടായില്ല. കന്യകകൾ സ്വയംവരസദസ്സിൽ നിന്നുതന്നെ ഹരിക്കപ്പെട്ടു. സാല്വൻ കോപിച്ചെതിർത്തതുകൊണ്ടാണു് ബന്ധിപ്പാൻ ഇടയായതു്.
സത്യവതി:
എന്നാൽ ആ രാജകുമാരിമാർ എവിടെ?
ഭീഷ്മർ:
ദാസികളോടൊന്നിച്ചു് ദേവീക്ഷേത്രത്തിൽ ആരാധനയ്ക്കായിറങ്ങി. വിവാഹശേഷം കൂട്ടിക്കൊണ്ടുവരുന്നതാണല്ലോ ഉത്തമം.
സത്യവതി:
എന്നാൽ ഞാൻ അവരുടെ കാര്യം പോയി അന്വേഷിക്കട്ടെ. സാധുക്കുട്ടികൾക്കു് സങ്കടത്തിനിടകൊടുക്കരുതല്ലോ. കുമാരനും പോയി സാല്വനെ സല്ക്കാരം ചെയ്യുന്നതിനു് ഉണ്ണിയെ സഹായിക്കുക.
ഭീഷ്മർ:
അങ്ങനെതന്നെ.

(എന്നു രണ്ടുപേരും പോയി)

ഒന്നാമങ്കം കഴിഞ്ഞു.

രണ്ടാമങ്കം

(രണ്ടു വഴിപോക്കന്മാർ പ്രവേശിക്കുന്നു)

ഒന്നാമൻ:
എന്താണടോ ഈ ക്ഷേത്രത്തിൽ ഇത്ര വലിയ സദ്യയ്ക്കു് കാരണം?
രണ്ടാമൻ:
താൻ എവിടുന്നു വരുന്നു? നാട്ടുവർത്തമാനം ഇത്രയ്ക്കറിഞ്ഞുകൂടയോ?
ഒന്നാമൻ:
ഞാൻ മാഗധരാജ്യക്കാരനാണു്. ഇന്നു് വന്നെത്തിയതേ ഉള്ളൂ. അതുകൊണ്ടു് ചോദിച്ചതാണു്. രഹസ്യമാണെങ്കിൽ ചോദിച്ചതു് ക്ഷമിക്കുക.
രണ്ടാമൻ:
ഇതിൽ രഹസ്യമൊന്നുമില്ല. മഹാറാണി കൗസല്യാദേവി ഗർഭം ധരിച്ചിട്ടുണ്ടെന്നുള്ള സന്തോഷവാർത്തയാണു് ഇത്ര വലിയ ആഘോഷങ്ങൾക്കു് കാരണമായിട്ടുള്ളതു്.
ഒന്നാമൻ:
ദൈവമേ, പൗരവംശം നിലനിന്നുവല്ലോ. അതു് മഹാഭാഗ്യംതന്നെ. പക്ഷേ, ഞാൻ ഒന്നു് ചോദിക്കുന്നു: വിചിത്രവീര്യമഹാരാജാവു് നാടുനീങ്ങിയപ്പോൾ ദേവി ഗർഭം ധരിച്ചിരുന്നതാണോ?
രണ്ടാമൻ:
അല്ല. നിയോഗവിധി അനുസരിച്ചുണ്ടായതാണു്.
ഒന്നാമൻ:
വേദശാസ്ത്രാദികളിൽ വിധിച്ചിട്ടുള്ളതാണല്ലോ, യാതൊരു ദോഷവുമില്ല. സഹോദരക്ഷേത്രത്തിൽ സന്താനലാഭത്തിനായി ഗർഭാധാനം ചെയ്യാമെന്നുള്ളതു് പുരാതനവും ശാശ്വതവുമായ മതമാണു്. മാതാവിന്റെ ആജ്ഞയെ അനുസരിച്ചു് കുമാരൻ ഗംഗാദത്തൻ അങ്ങനെ ചെയ്തതു് കുരുവംശാഭിവൃദ്ധിക്കു് കാരണമാകും, സംശയമില്ല.
രണ്ടാമൻ:
താനെന്തു് പറയുന്നു? ഗംഗാദത്തകുമാരൻ നിത്യബ്രഹ്മചാരിയാണെന്നു് തനിക്കറിവില്ലേ? അദ്ദേഹം അച്ഛന്റെ ആഗ്രഹത്തെ നിർവ്വഹിക്കുന്നതിനായി ചെയ്ത മഹാവ്രതം അറിയാതെ ആരാണുള്ളതു്? അദ്ദേഹമല്ല ഈ നിയോഗം അനുഷ്ഠിച്ചതു്.
ഒന്നാമൻ:
ബ്രഹ്മർഷിബീജമായാലും ദോഷമില്ലെന്നത്രേ വിധി. ആരാണു് പിന്നെ ഈ കർമ്മം നിർവ്വഹിച്ചതു്?
രണ്ടാമൻ:
മറ്റാരുമല്ല. കൃഷ്ണദ്വൈപായനമഹർഷിതന്നെയാണു്. വേദങ്ങൾ വേർതിരിച്ച ആ ഭഗവാന്റെ ബീജമാണു് മഹാറാണിമാർ ധരിക്കുന്നതു്. അതിൽപ്പരമെന്തൊരു മാഹാത്മ്യമാണു് കുരുകുലത്തിനു് വരാനുള്ളതു്?
ഒന്നാമൻ:
വൈഷ്ണവാംശഭൂതനും ദിവ്യനുമായ ആ ഭഗവൽപാദർ ഈ നിയോഗം അനുഷ്ഠിക്കുന്നതിനു് എങ്ങനെ ഏറ്റു? സർവ്വസംഗവിയുക്തനായ അദ്ദേഹം ആരുടെ ആജ്ഞകൊണ്ടാണു് ഇങ്ങനെ ഒരു കൃത്യം നിറവേറ്റിയതു്?
രണ്ടാമൻ:
അതിന്റെ സംഗതിയും തനിക്കറിഞ്ഞുകൂടേ? കൃഷ്ണദ്വൈപായനൻ പരാശരമഹർഷിക്കു് സത്യവതീദേവിയിലുണ്ടായ പുത്രനാണുപോലും. ജനിച്ചപ്പോഴേ മറഞ്ഞുകളഞ്ഞ ആ ദിവ്യപുരുഷൻ, തന്റെ മാതാവായ പുണ്യവതിക്കു് എപ്പോൾ ആവശ്യമുണ്ടോ അപ്പോൾ വന്നുകൊള്ളാമെന്നു് വരവും കൊടുത്താണുപോലും തിരോധാനം ചെയ്തതു്. പുത്രൻ മരിച്ചു കുലവിനാശം ഭയന്ന ആ മാതാവു് ഗംഗാദത്തനോടു് സഹോദരക്ഷേത്രത്തിൽ വിധിപ്രകാരം പുത്രോൽപാദനംചെയ്യണമെന്നാജ്ഞാപിച്ചപ്പോൾ സത്യസന്ധനായ ദേവവ്രതൻ അച്ഛനുവേണ്ടി താൻ ചെയ്ത ഘോരശപഥം ദേവിയെ സ്മരിപ്പിച്ചു.
ഒന്നാമൻ:
എന്നിട്ടോ?
രണ്ടാമൻ:
ആ ശപഥം ദേവിയുടെ നിർബ്ബന്ധപ്രകാരമായിരുന്നതിനാൽ അതിൽനിന്നു് അവർതന്നെ അദ്ദേഹത്തെ മോചിപ്പിച്ചു. കുലത്തിന്റെ നിലനില്പിനായി വേണ്ടതു് ചെയ്യണമെന്നു് പിന്നെയും പിന്നെയും അപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം അതിനു് വഴിപ്പെട്ടില്ല.
ഒന്നാമൻ:
അങ്ങനെയാണു് മഹാത്മാക്കൾ. ജീവനെ ഉപേക്ഷിച്ചുപോലും സത്യത്തെ നിലനിർത്തും.
രണ്ടാമൻ:
പിന്നീടു് ഗംഗാദത്തകുമാരന്റെ സമ്മതത്തോടുകൂടി ദേവി, തന്റെ ദിവ്യനായ പുത്രനെ ആവഹിച്ചു. വിചിത്രവീര്യക്ഷേത്രത്തിൽ സന്താനോൽപാദനം ആവശ്യപ്പെട്ടു. അമ്മയുടെ സങ്കടനിവൃത്തിക്കായി അദ്ദേഹം അപ്രകാരം ചെയ്കയും ചെയ്തു. അങ്ങനെയാണു് ദേവികൾ ഗർഭം ധരിച്ചതു്.
ഒന്നാമൻ:
ആശ്ചര്യംതന്നെ. അപ്പോൾ ബ്രഹ്മർഷിബീജമാണു് ദേവിമാർ ധരിക്കുന്നതു്. കൗരവവംശം ഒന്നുകൂടി ഉൽകൃഷ്ടമാകുമെന്നുള്ളതിനു് തർക്കമില്ല. ഏതായാലും കാലുകഴുകിച്ചൂട്ടു ബഹുകേമം. പായസവും മോദകവും വിശേഷംതന്നെ. നിങ്ങൾക്കു് മംഗളം ഭവിക്കട്ടെ. എനിക്കു് പോകേണ്ടതുണ്ടു്.

(എന്നു് രണ്ടാളും പോകുന്നു)

വിഷ്കംഭം കഴിഞ്ഞു.

(അനന്തരം സാകല്യനോടുകൂടി ഭീഷ്മർ പ്രവേശിക്കുന്നു.)

ഭീഷ്മർ:
കുരുകുലത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന ഭാഗ്യദോഷം ചില്ലറയല്ല. എത്ര അടുപ്പിച്ചാണു് ആപത്തുകൾ ഉണ്ടായിക്കാണുന്നതു്. ചിത്രാംഗദൻ യുദ്ധത്തിൽ മരിച്ചു. ബാലനായ വിചിത്രവീര്യനും മൃതനായി. ഇപ്പോൾ ഉണ്ടായിരിക്കുന്ന കുട്ടികളോ, ഒരാൾ അന്ധൻ; ഒരാൾ പാണ്ടൻ. ഈ രാജർഷിവംശത്തിന്റെ പുണ്യം നശിച്ചുപോയിരിക്കുമോ?
സാകല്യൻ:
സ്വാമി, അങ്ങനെ വരാൻ ഒരു കാലത്തും ഇടയില്ല. പൗരന്മാർ ധർമ്മംവിട്ടു് നടന്നിട്ടില്ല. ദേവബ്രാഹ്മണഭക്തിയോടെയാണു് രാജ്യം കാത്തിട്ടുള്ളതു്. പോരെങ്കിൽ സ്വാമിനിയായ സത്യവതീദേവിയുടേയും അവിടുത്തേയും നിരന്തരവ്രതങ്ങളുടെ ഫലം ഈ വംശത്തിൽ അനുഭവിക്കാതിരിക്കുമോ?
ഭീഷ്മർ:
അമ്മയുടെ കാര്യം എനിക്കു് വിചാരിക്കതന്നെ വയ്യ; ആ സാധ്വി എത്രമാത്രം സങ്കടമാണനുഭവിച്ചിട്ടുള്ളതു്! ആ മനസ്വിനിയുടെ കണ്ണുനീർ മാത്രമാണു് ഈ വംശത്തെ വിശുദ്ധമാക്കീട്ടുള്ളതു്. അവരുടെ തപശ്ചര്യ എത്ര തീവ്രമാണു്! കുട്ടികൾക്കു് അതുകൊണ്ടെങ്കിലും ഗുണമുണ്ടാകാതിരിക്കയില്ല.
സാകല്യൻ:
സ്വാമി, അതിന്റെ ഫലം കുട്ടികളിൽ കാണുന്നുണ്ടു്. ധൃതരാഷ്ട്രകുമാരൻ ദൈവഗത്യാ അന്ധനെങ്കിലും ബുദ്ധിമാനും ധർമ്മനിഷ്ഠനുമായിട്ടാണല്ലോ കാണപ്പെടുന്നതു്. പാണ്ഡുവിലും പൗരവരാജാക്കന്മാർക്കു് വേണ്ടുന്ന പരാക്രമവും വിനയവും കാണുന്നു. അതുകൊണ്ടു് ഈ കുമാരന്മാരിൽനിന്നു് പൗരവവംശം അഭിവൃദ്ധിപ്പെട്ടുവരുമെന്നുള്ളതിനു് സംശയമില്ല.
ഭീഷ്മർ:
അതിനു് ദൈവം സഹായിക്കട്ടെ. ബ്രാഹ്മണരുടെ അനുഗ്രഹവും ഉണ്ടാകട്ടേ. നാട്ടിലെന്താണു് വിശേഷമായി കേൾക്കുന്നതു്?
സാകല്യൻ:
ധർമ്മജ്ഞോത്തമനായ അങ്ങു് രാജ്യകാര്യം ക്ലേശിക്കേ പ്രജകൾക്കു് എന്തഹിതമാണു് വരാനുള്ളതു്? ശത്രുഭൂപന്മാർ പേടിച്ചു് അടങ്ങിത്തന്നെ കിടക്കുന്നു. നാട്ടുകാർക്കു് യോഗക്ഷേമം വർദ്ധിച്ചുതന്നെ വരുന്നു. യാതൊന്നുകൊണ്ടും സങ്കടത്തിനിടയില്ല.

ശരിക്കു് മഴപെയ്വിതേ, ക്രതു

ഭുജിച്ചൊരിന്ദ്രാജ്ഞയാ

പിതുർഗൃഹമതിൽക്കണക്കിഹ വസിപ്പു

മോദാൽ ജനം

അഗൂഢവിഭവത്തൊടും ഭയ

മൊഴിഞ്ഞു സന്തുഷ്ടരായ്

ഹരിപ്രതിമനാം ഭവാൻ

ധരണിയെബ്ഭരിച്ചീടവേ. 1

ഭീഷ്മർ:
എന്റെ ഗുണംകൊണ്ടല്ലോ, പവിത്രയായ ദേവിയുടെ ഗുണംകൊണ്ടാണു് നാട്ടിൽ ജനങ്ങൾ സ്വൈരമായി കഴിയുന്നതു്. ഞാൻ അമ്മയുടെ ആജ്ഞാകരൻ എന്നേ ഉള്ളു. കുട്ടികൾക്കു് പ്രായമായാൽ അവരെ രാജ്യഭാരമേല്പിച്ചു് തപസ്സുചെയ്തു് എനിക്കും ഗതിവരുത്താം. അതുവരെ അവനവനു് വിധിച്ചിട്ടുള്ള കർമ്മം ആവുന്നപോൽ ചെയ്യണമെന്നേ എനിക്കുള്ളു.

(ഒരു ഹരിക്കാരൻ പ്രവേശിച്ചു്)

ഹരി:
സ്വാമി മൂടുപടം ധരിച്ച ഒരു സ്ത്രീ അവിടുത്തെ ദർശനം ആഗ്രഹിക്കുന്നു.
ഭീഷ്മർ:
(ആശ്ചര്യത്തോടെ) ഒരു സ്ത്രീയോ!
ഹരിക്കാരൻ:
അതേ. ആൾക്കാരുമായി മേനാവിൽ വന്നു് ഗുഹദ്വാരത്തിൽ നില്ക്കുന്നു.
ഭീഷ്മർ:
എന്താണു് എന്റെ മനസ്സു് ചലിക്കുന്നതു്?
സാകല്യൻ:
അനിഷ്ടശങ്കയ്ക്കു് അവകാശമില്ലല്ലോ. വല്ല പരാതിയും കൊണ്ടുവന്നതായിരിക്കണം. രാജ്യത്തിൽ അധികാരം ഭരിക്കുന്ന ആളുകൾക്കു് ഇങ്ങനെ ഉള്ള ജോലികൾ ഒഴിച്ചുകൂടാത്തതാണു്.
ഭീഷ്മർ:
പറഞ്ഞതു് ശരിതന്നെ. പക്ഷേ, ബ്രഹ്മചാരിയായ എനിക്കു് സ്ത്രീദർശനം വിഹിതമല്ല. ഇവർ മൂടുപടം ധരിച്ചിരിക്കുന്നതുകൊണ്ടു് ആ വൈഷമ്യമില്ല. അതുകൊണ്ടു് അവരെ ഗൃഹാങ്കണത്തിൽവെച്ചു് കണ്ടുകളയാം. എടോ, ഗൃഹാങ്കണത്തിലേയ്ക്കു് വഴി കാണിക്കൂ.
ഹരിക്കാരൻ:
സ്വാമി ഇതിലേ എഴുന്നെള്ളണം.

(അനന്തരം മുൻപറഞ്ഞപ്രകാരം മൂടുപടം ധരിച്ച ഒരു സ്ത്രീ ഒരു പരിവ്രാജികയാൽ അനുഗതയായി, പരിചാരകന്മാരോടുകൂടി പ്രവേശിക്കുന്നു.)

ഭീഷ്മർ:
(അഭിവാദ്യം ചെയ്തിട്ടു്) നിങ്ങൾക്കു് എന്നെക്കൊണ്ടു് എന്താണു് ആവശ്യമുള്ളതു്?
സ്ത്രീ:
ആവശ്യം വഴിപോലെ പറയാം. അങ്ങു് എന്നെ അറിയുന്നില്ലയോ?
ഭീഷ്മർ:
ഇല്ല. നിങ്ങളുടെ സ്വരം കേട്ടിട്ടു് പരിചയം തോന്നുന്നില്ല.
സ്ത്രീ:
നല്ലവണ്ണം ഓർമ്മിച്ചുനോക്കുക.
പരിവ്രാജിക:
കുമാരി നേരേ പറഞ്ഞു് ഓർമ്മപ്പെടുത്തി നോക്കൂ.
ഭീഷ്മർ:
ഞാൻ നല്ലവണ്ണം ആലോചിച്ചിട്ടും ഓർമ്മയിൽ വരുന്നില്ല. ബ്രഹ്മചാരിയായ എനിക്കു് സ്വകുടുംബാംഗങ്ങളായ സ്ത്രീകളുടെയല്ലാതെ മറ്റുള്ളവരുടെ സ്വരം പരിചിതമല്ലല്ലോ.
പരിവ്രാജിക:
നല്ല ബ്രഹ്മചാരിതന്നെ അങ്ങു്. മറ്റുള്ളവരുടെ സ്ത്രീകളെ ബലാല്ക്കാരമായി അപഹരിക്കുന്ന അങ്ങുതന്നെ ഉത്തമബ്രഹ്മചാരി.
ഭീഷ്മർ:
(ഓർത്തിട്ടു് ആത്മഗതം) അങ്ങനെ ആയിരിക്കുമോ? ഛേ! ആ സ്വാലപത്നിയാവാൻ ഇടയില്ല. (പ്രത്യക്ഷം) ഭഗവതി അങ്ങനെ അരുളിച്ചെയ്യരുതു്. ന്യായവിരുദ്ധമായി ഞാൻ പ്രവർത്തിച്ചിട്ടില്ല.

ഓരോ വിധത്തിലപരാധമഹോ മനുഷ്യ-

നോരാതെ ചെയ്തു പരസങ്കടഹേതുവാകാം;

നേരിൽ കഥിപ്പനിവനോർമ്മയിലില്ല തെല്ലും

നാരീജനങ്ങളോടു ഞാൻ പിഴചെയ്തതായി. 2

സ്ത്രീ:
(കോപത്തോടെ) കൊള്ളാം. ഇത്ര വേഗം മറന്നു കഴിയുകയും ചെയ്തിരിക്കുന്നു. ഗംഗാദത്തകുമാരന്റെ ധർമ്മനിഷ്ഠ!
ഭീഷ്മർ:
(സങ്കടഭാവത്തോടെ) ഞാൻ അറിയാതെ എന്തെങ്കിലും അപരാധം ചെയ്തുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഭവതിയുടെ സ്വരവും വാക്ശുദ്ധിയുംകൊണ്ടു്, കുലീനയായ ഒരു കന്യകയാണെന്നു് ഞാൻ ഊഹിക്കുന്നു. അങ്ങനെ ഉള്ളവർക്കു് ഞാൻ അപരാധിയാകാൻ ഇടവന്നിട്ടുണ്ടെങ്കിൽ വലുതായ പാപംതന്നെയാണു് ഞാൻ ചെയ്തിട്ടുള്ളതു്. പക്ഷേ, ഇനിയും നിങ്ങളെപ്പറ്റിയുള്ള ഓർമ്മ എന്റെ മനസ്സിൽ വരുന്നില്ല.
പരിവ്രാജിക:
അവിടുന്നു് ഇങ്ങനെ പറയുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല.

നൂനം നിരാശ്രയകളാം കുലകന്യമാർതൻ

മാനം കളഞ്ഞവരിലാടൽ വളർത്തിയാലും

കാണുമ്പോഴൊട്ടുമറിയാത്തൊരുമട്ടുതന്നെ-

യാണുങ്ങളിൽ സഹജമാകിയ സമ്പ്രദായം. 3

ഭീഷ്മർ:
ഭഗവതി അങ്ങനെ പറയരുതു്. ഈ സ്ത്രീയോടു് ഏതുവിധത്തിലാണു് അപരാധിയായി ഭവിച്ചതെന്നു് എനിക്കു് വാസ്തവത്തിൽ ഒരു ഓർമ്മയും ഇല്ല.
സ്ത്രീ:
അവിടുത്തെ ഓർമ്മയെ സഹായിക്കുന്നതിനു് ഞാൻ മൂടുപടം മാറ്റിയിടാം.
പരിവ്രാജിക:
കുഞ്ഞേ, അങ്ങനെ ചെയ്യരുതു്. ഇദ്ദേഹം ബ്രഹ്മചാരിയായിരിക്കുന്ന സ്ഥിതിക്കു് മുഖത്തെ അനാച്ഛാദനംചെയ്യുന്നതു് വിഹിതമല്ല.
ഭീഷ്മർ:
(ആശങ്കയോടെ) ഭവതി കോപിക്കരുതു്. എനിക്കു് സ്ത്രീകളുടെ മുഖദർശനം പാടുള്ളതല്ല.
സ്ത്രീ:
(ധൃതിയിൽ മൂടുപടം മാറ്റിയിട്ടു്) അതു് എന്നോടു പറയേണ്ടതായിട്ടുണ്ടോ? അങ്ങു് എന്നെ നല്ലവണ്ണം കണ്ടിട്ടുള്ളതല്ലേ?
ഭീഷ്മർ:
(മുഖം മറച്ചു്) കോസലപുത്രിയായ അംബാകുമാരിയോ!
സ്ത്രീ:
ഇപ്പോൾ ബ്രഹ്മചാരിയായ ദേവവ്രതൻ അറിയും, ഇല്ലേ? അതേ, ജനസമക്ഷത്തിൽ അങ്ങയാൽ കൈക്കുപിടിച്ചു് അപഹരിക്കപ്പെട്ട ആ കോസലപുത്രിതന്നെ. അങ്ങനെ അപഹരിക്കപ്പെട്ട ഞാൻ അങ്ങയെത്തന്നെ പ്രാപിക്കുന്നു.
ഭീഷ്മർ:
കോസലപുത്രി, ആ അപരാധം ഞാൻ ഏല്ക്കുന്നു. മൃതനായ എന്റെ സഹോദരൻ വിചിത്രവീര്യ മഹാരാജാവിനുവേണ്ടിയാണല്ലോ ഞാൻ ഭവതിയെ രാജസദസ്സിൽവെച്ചു് അപഹരിച്ചതു്. അങ്ങനെ കണ്ടതിലും തൊട്ടതിലും എനിക്കു് വ്രതഭംഗമില്ല. ജയിച്ചിട്ടു് ഹരിക്കുന്നതു് രാജാക്കന്മാർക്കു് വിധിച്ചിട്ടുള്ള വിവാഹസമ്പ്രദായമാണു്. സ്വന്തം സഹോദരിയെ എന്നപോലെയത്രേ അന്നു് ഞാൻ ഭവതിയെ കണ്ടതു്. അതുകൊണ്ടു് എന്താണു് ദോഷമുള്ളതെന്നു് ഭഗവതിതന്നെ പറയട്ടേ.
പരിവ്രാജിക:
അങ്ങനെ ചെയ്യുന്നതിൽ വ്രതഭംഗം ഇല്ല. ഒരു വിധത്തിലും അതു് അന്യായമെന്നു് പറഞ്ഞുകൂടാ.
അംബ:
(തേങ്ങിക്കരഞ്ഞുകൊണ്ടു്) ഭഗവതിയും എന്നെ ഉപേക്ഷിച്ചോ? അശരണയായ എനിക്കു് ആരും സഹായമില്ലേ?
ഭീഷ്മർ:
കോസലപുത്രി, ഭവതി ബുദ്ധിമതിയാണല്ലോ. ആലോചിക്കുക. സാല്വപത്നി എനിക്കു് ദർശനീയയല്ല; അതുകൊണ്ടു് മൂടുപടം ധരിക്കണമെന്നു് ഞാൻ അപേക്ഷിക്കുന്നു.
അംബ:
(ധൈര്യത്തോടെ) ഞാൻ സൗഭരാജാവിന്റെ സ്ത്രീയല്ല.
ഭീഷ്മർ:
ശാന്തം! പാപം! അങ്ങനെ അല്ലല്ലോ വിപ്രസദസ്സിൽ പറഞ്ഞതു്. അന്നു പറഞ്ഞ വാക്കുകൾ എനിക്കിപ്പോഴും ഓർമ്മയുണ്ടു്: “ഞാൻ സൗഭവതിയായ സാല്വന്റെ വധുവാണു്. ഞാൻ അദ്ദേഹത്തെ മനസ്സുകൊണ്ടു് വരിച്ചതാണു്. അച്ഛനും അതുതന്നെയാണിഷ്ടം. പിന്നെവിധിപോലെ” എന്നല്ലയോ അന്നു് പറഞ്ഞതു് ? ഇപ്പോൾ പിന്നെയെന്താണു്?
അംബ:
(ആത്മഗതം) അങ്ങനെ ഇരുന്ന തന്റേടം ഇപ്പോൾ ഈവിധം യാചനയിൽ അവസാനിച്ചുവല്ലോ. (സഗൽഗദം പ്രത്യക്ഷം) അതൊക്കെ എന്തിനിപ്പോൾ പറയുന്നു? മറ്റൊരാളാൽ അപഹൃതയായ ഞാൻ ആ സൗഭവതിക്കു് ത്യാജ്യയായിത്തീർന്നു. അപവാദഭീരുവും അഭിമാനിയുമായ അദ്ദേഹത്താൽ ഞാൻ അധിക്ഷേപിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ആ ഗംഗാദത്തൻ രാജസദസ്സിൽനിന്നു് നിന്നെ അപഹരിച്ചപ്പോൾ അതോടുകൂടി എന്റെ പൗരുഷത്തേയും അപഹരിച്ചു. പരഗൃഹത്തിലേയ്ക്കു് നയിക്കപ്പെട്ടു നീ എനിക്കു് സ്വീകാര്യയല്ല. സമസ്തരാജാക്കളും കാൺകെ, ആ കൗരവൻ നിന്റെ കരം ഗ്രഹിച്ചതാണു്. അവനെത്തന്നെ പ്രാപിച്ചുകൊള്ളുക.”
ഭീഷ്മർ:
ബ്രഹ്മചാരിയായ എനിക്കു് സ്വീകരിക്കാവുന്നതല്ലല്ലോ. പുരോഹിതസമക്ഷം സാല്വപത്നിയാണെന്നു് ഭവതി ഘോഷിക്കുകയും ചെയ്തതാണു്. ഈ സ്ഥിതിക്കു് എന്താണു് കർത്തവ്യമെന്നു് ധർമജ്ഞയായ ഭവതിതന്നെ പറഞ്ഞാലും.
അംബ:
ധർമ്മശാസ്ത്രപാരംഗതനായ അവിടുത്തോടു് ഞാനാണോ ധർമ്മം പറയാൻ? രാജപുത്രിയും കന്യകയും അവിടുത്തെ കരത്താൽ ഗൃഹീതയുമായ ഞാൻ ഉപേക്ഷണീയല്ല.
പരിവ്രാജിക:
കുമാരി പറയുന്നതു് ന്യായമാണു്. കുമാരൻ ഇവളുടെ സ്ഥിതിഗതികൾ ചിന്തിക്കുക. ദുർഭാഗ്യത്താൽ ആരുമവലംബമില്ലാതിരിക്കുന്ന ഇവളെ ഉപേക്ഷിക്കുന്നതു് അവിടുത്തെ സദ്യശസ്സിനു് മായാത്ത കളങ്കമായിത്തീരും.
ഭീഷ്മർ:
സ്വന്തമായ ആഗ്രഹങ്ങൾ സാധിക്കുന്നതിനുവേണ്ടി ധർമ്മശാസ്ത്രങ്ങൾപോലും പിടിച്ചു് വളയ്ക്കുന്നതിനു് സ്ത്രീകൾക്കു് സാമർത്ഥ്യം കൂടും. കുഞ്ഞേ, ആരാലാണു് ഭവതി ഉപേക്ഷണീയല്ലാത്തതു്? വിചിത്രവീര്യമഹാരാജാവിനുവേണ്ടി വരിക്കപ്പെട്ട ഭവതി അദ്ദേഹത്തിന്റെ മരണത്താൽ വിധവയായിത്തീർന്നു. സാല്വപത്നി എന്നു സ്വയം പ്രഖ്യാപനംചെയ്ത ഭവതിയെ, ജീവിച്ചിരുന്നെങ്കിൽത്തന്നെയും ആ പൗരവൻ എങ്ങനെ സ്വീകരിക്കും? ഒന്നുകിൽ പരപത്നി; അല്ലെങ്കിൽ വിധവ. ഈ സ്ഥിതിയിൽ എന്താണു് ഞാൻ ചെയ്യേണ്ടതായുള്ളതു്?
അംബ:
അവിടുത്തോടു് വാദത്തിനു് ഞാൻ ശക്തയല്ല. എങ്കിലും സാല്വനെ ഞാൻ മനസാ വരിച്ചിരുന്നിട്ടും എന്റെ പാണിഗ്രഹണം ചെയ്തതു് അവിടുന്നല്ലാതെ മറ്റാരുമല്ലല്ലോ. അതുകൊണ്ടു് എന്നെ അവിടുന്നുതന്നെ സ്വീകരിക്കണം.
ഭീഷ്മർ:
(ചെവിപൊത്തിയിട്ടു്) അങ്ങനെ പറയരുതു്.

ബ്രഹ്മചര്യകൾ വരിച്ചവൻ സ്വയം

കർമ്മബന്ധമഖിലം ത്യജിച്ചവൻ

നിദ്ധനൻ പരനെയാശ്രയിപ്പവൻ

വൃദ്ധനോ, കമനി, ചേർന്നതാം വരൻ. 4

എന്നുമാത്രമല്ല, ഓർക്കുക. സമയഭംഗംപോലെ ഘോരമായ എന്തു് പാപമാണു് ഉള്ളതു്? നാം രണ്ടുപേരും വ്രതികളത്രേ. ഭവതി സാല്വനെ മനസ്സുകൊണ്ടു് വരിച്ചപ്പോൾ മറ്റു് പുരുഷന്മാരെ സ്മരിക്കപോലും ഇല്ലെന്നുള്ള വ്രതം സ്വീകരിച്ചു. അതിനെ ബഹുമാനിച്ചാണല്ലോ ഞാൻ ഇവിടെനിന്നു് സോപചാരം തിരിച്ചയച്ചതു്. ഞാനും, അതുപോലെതന്നെ, വിഭാര്യനായി നിത്യബ്രഹ്മചാരിയായിരുന്നുകൊള്ളാമെന്നു് സത്യംചെയ്തതാണു്. വ്രതഭംഗം ഒരുകാലത്തും അനുവദിക്കപ്പെട്ടിട്ടില്ല.

അംബ:
അവിടുത്തെ ധർമ്മപ്രതിപാദനം ആശ്ചര്യകരമായിരിക്കുന്നു. ബ്രഹ്മചര്യം സ്വീകരിച്ചിട്ടുള്ളവർക്കു് ഒരു കാലത്തും സ്ത്രീകളെ സ്വീകരിച്ചുകൂടെങ്കിൽ, നിത്യബ്രഹ്മചാരികളായ മഹർഷിമാർക്കുപോലും എങ്ങനെയാണു് കുട്ടികളുണ്ടാകുന്നതു്? പരാശരമഹർഷി സത്യവതിയെത്തന്നെ പ്രാപിച്ച കഥ ആർക്കും അറിവില്ലെന്നാണോ? പരനെ മനസാ വരിച്ച സ്ത്രീയെ സ്വീകരിക്കുന്നതു് ശരിയല്ലെങ്കിൽ അവിടുത്തെ പൂർവ്വികനായ യയാതി ദേവയാനിയെ എങ്ങനെയാണു് പരിഗ്രഹിച്ചതു്?
പരിവ്രാജിക:
ഈ കുട്ടി പറയുന്നതിലെ ന്യായം അങ്ങു് വിചാരിച്ചുനോക്കുക. അവളിൽ അവിടുത്തേയ്ക്കു് കരുണ തോന്നണമെന്നു് ഞാനും പ്രാർത്ഥിക്കുന്നു.
ഭീഷ്മർ:
യോഗ്യന്മാർ ചെയ്തിട്ടുള്ള പാപങ്ങൾ പ്രമാണമായിത്തീരുന്നില്ല. ഈ ദേവവ്രതൻ യാതൊരുവിധത്തിലും വ്രതഭംഗം ചെയ്യുന്നതല്ല.
അംബ:
ആകട്ടെ, അങ്ങു് ധാർമ്മികനാണല്ലോ. സന്താനേശ്ചുവായി വന്നപേക്ഷിക്കുന്ന കുലസ്ത്രീയെ ഉപേക്ഷിക്കുകയോ, അച്ഛന്റെ കാമനിവൃത്തിക്കായി ചെയ്ത സത്യത്തെ ഭഞ്ജനംചെയ്കയോ, ഇതിലേതാണു് ഘോരതരമായ അധർമ്മം?
ഭീഷ്മർ:
(ആത്മഗതം) തൻകാര്യവിചാരംകൊണ്ടന്ധയായ സ്ത്രീയോടു് ധർമ്മം പറഞ്ഞിട്ടെന്താണു് ഫലം? (പ്രത്യക്ഷം, ഗൗരവത്തോടെ) വ്രതഭംഗം ഞാൻ ഒരുകാലത്തും ചെയ്യുന്നതല്ല. അതേപ്പറ്റി പറയേണ്ട ആവശ്യവുമില്ല.
അംബ:
(കരഞ്ഞുംകൊണ്ടു്) ഗൃഹത്തിൽനിന്നും ഇറക്കി വിട്ട ജ്ഞാതിജനങ്ങളാൽ പരിത്യക്തയായ എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ! ഞാൻ എങ്ങോട്ടു് പോകുന്നു? പ്രതാപിയും അഭിമാനിയുമായ എന്റെ അച്ഛനു് ഞാൻ ഗർഹണീയായി. പരനാൽ അപഹൃതയായ എന്നെ അദ്ദേഹം ഉപേക്ഷിക്കുന്നു. “നിന്നെ ആരു് കൊണ്ടുപോയോ അയാളുടെകൂടെയാണു് നീ താമസിക്കേണ്ടതെ”ന്നു് അച്ഛൻ കല്പിക്കുന്നു. നിഷ്ഠൂരനായ സാല്വൻ പരഭാര്യയെന്നു് എന്നെ തള്ളുന്നു. അഗതിയും അശരണയുമായ എന്നെ അങ്ങല്ലാതെ ആരാണു് രക്ഷിക്കുവാൻ? അവിടുന്നു് വരുത്തിയ സങ്കടത്തിനു് അവിടുന്നുതന്നെ നിവൃത്തിയുണ്ടാക്കണം.
ഭീഷ്മർ:
(വിചാരത്തോടെ) കുമാരി, കഷ്ടകാലം ആർക്കു് തടയാം? ഏതായാലും വിചിത്രവീര്യന്റെ വിധവകളായ മഹാറാണിമാരോടുകൂടി രാജധാനിയിൽ പാർത്താലും.
അംബ:
(കോപത്തോടെ) ഒരുകാലത്തുമില്ല. തെണ്ടി നടന്നാലും സന്യാസിനിയായാലും അനുജത്തിമാരുടെ പരിചര്യചെയ്തു് അവരുടെ മുള്ളുവാക്കും ഈർഷ്യയും സഹിച്ചു് ഒരുകാലത്തും ഈ അംബ വസിക്കുന്നതല്ല.
ഭീഷ്മർ:
(ആത്മഗതം) അമ്പ! ഈ ക്ഷത്രിയരുടെ അഭിമാനം! (പ്രത്യക്ഷം) പിന്നെ എന്തു് ചെയ്വാനാണു്?
പരിവ്രാജിക:
കുമാരി, അദ്ദേഹം പറയുന്നതു് ശരിയാണു്. നിന്നെ വിചിത്രവീര്യന്റെ ഭാര്യയായി ആദ്യം കൊണ്ടുവന്ന സ്ഥിതിയ്ക്കു്, അന്തഃപുരത്തിൽ മഹാറാണിയായി താമസിക്കുന്നതുകൊണ്ടെന്താണു് ദോഷം?
അംബ:
(സരോഷം) ഭഗവതി, അവിടുന്നു് സ്ത്രീഹൃദയം അറിയുന്നില്ല. എന്റെ സഹോദരികൾ കുട്ടികളോടുകൂടി പട്ടമഹിഷികളായും, ഞാൻ പേരിനുമാത്രം ഒരു കളത്രമായും അന്തഃപുരത്തിൽ താമസിക്കയെന്നുള്ളതു് സാദ്ധ്യമാണോ? ആ കാര്യം പറയേണ്ട. (ഭീഷ്മരോടു വണക്കത്തോടുകൂടി) എനിക്കു് അവിടുന്നു് മാത്രമേ ഒരാശ്രയമുള്ളു. അവിടുത്തെ ദാസിയായെങ്കിലും എനിയ്ക്കു് ഇവിടെ താമസിപ്പാൻ അനുവാദമുണ്ടാകണം. ബ്രഹ്മചാരിയായ അവിടുത്തേയ്ക്കു് ഭാര്യ പാടുള്ളതല്ലെങ്കിൽ ഞാൻ അവിടുത്തെ പരിചരിച്ചു് താമസിച്ചുകൊള്ളാം.
പരിവ്രാജിക:
കോസലപുത്രി, അങ്ങനെ പറയരുതു്. നീ ഒന്നുകൊണ്ടും എനിക്കു് ദാസ്യത്തിനു് ചേർന്നവളല്ല.

കാശീശ്വരന്റെ മകൾ, പൗരവന്റെ

ഭാര്യാപദത്തിനു വരിച്ചൊരു ചാരുഗാത്രി,

ദാസ്യത്തിനെങ്ങനെ ശുഭേ,

ബത യോഗ്യയാം നീ;

യാഗത്തിനുള്ള ശമ! ചൂലിനെടുത്തിടാമോ? 5

അംബ:
അയ്യോ, നിരാലംബയായ എന്നെ തള്ളരുതേ! ഞാൻ ഈ ഗൃഹത്തിന്റെ ഒരു കോണിലെങ്ങാനും വസിച്ചുകൊള്ളാം. അശരണയായ എന്നെ ത്യജിച്ചാലങ്ങേയ്ക്കു് ഘോരമായ പാപമുണ്ടാകും.
ഭീഷ്മർ:
ഈ വർത്തമാനം നിർത്തണം. ഇവിടെ എന്നല്ല, കുരുരാജ്യത്തിൽ ഒരിടത്തും താമസിക്കുന്നതിനു് ഞാൻ സമ്മതിക്കുന്നതല്ല.
അംബ:
(അടക്കാൻ വയ്യാത്ത കോപത്തോടെ) അങ്ങനെയോ? കോസലപുത്രിയായ എന്നെ അത്ര നിസ്സാരയായി കരുതേണ്ട. ധർമ്മിഷ്ഠനെന്നു് സ്വയം ഭാവിക്കുന്ന ഗംഗാദത്ത, എനിക്കു് ജീവനുണ്ടെങ്കിൽ ഞാൻ അങ്ങയുടെ നാശം വരുത്തുന്നുണ്ടു്. ഞാൻ ക്ഷത്രിയസ്ത്രീയാണെങ്കിൽ, ഞാൻ കാശിരാജാവിന്റെ ബീജത്തിൽ ജനിച്ചവളാണെങ്കിൽ…
പരിവ്രാജിക:
(ആത്മഗതം) ഈ കന്യകയുടെ കോപം! ഇവൾ ചണ്ഡമുണ്ഡദണ്ഡകാരിണിയായ ദേവിയെപ്പോലെ കാണപ്പെടുന്നല്ലോ. എന്തായിരിക്കാം ഇവൾ പറയാൻപോകുന്നതു്?
അംബ:
ഞാൻ അങ്ങയോടുകൂടി കൗരവകുലത്തെത്തന്നെ നശിപ്പിക്കുന്നുണ്ടു്.
പരിവ്രാജിക:
കുമാരി, അടങ്ങണം. നിന്റെ കോപം ഈ നാട്ടിനെക്കൂടി സംഹരിച്ചേയ്ക്കും.
ഭീഷ്മർ:
(ആത്മഗതം) കോസലപുത്രി തന്റേടക്കാരിതന്നെ.

അടക്കീടും ചീറരുന്നൊരു ഫണിയെ

മന്ത്രംവഴിയഹോ;

മടക്കീടാം സിംഹപ്രവരനെയെതിർ-

ത്തസ്ത്രനിരയാൽ;

അടുത്തുള്ളോർ തള്ളിക്കളയുമൊരു

തന്വീമനതിൽ

കിടക്കും കോപത്തെത്തടവതിനു-

താനാർക്കു കഴിയും? 6

അംബ:
ഈ നിഷ്കണ്ഠകനും നിഷ്ഠൂരനുമായ ഗംഗാദത്തൻ ജീവിച്ചിരിക്കുന്നിടേത്തോളം കാലം ഞാൻ അടങ്ങുന്നതല്ല.
ഭീഷ്മർ:
കോസലപുത്രി, ഞാൻ ഭവതിയോടു് വളരെ കടപ്പെട്ടിരിക്കുന്നു. എന്റെ നാശത്തിനു് ഭവതി കാപ്പുകെട്ടിയതിൽ എനിക്കു് സന്തോഷംതന്നെ. പക്ഷേ, ആശാഭംഗത്തിൽനിന്നു് ജനിച്ച ഭവതിയുടെ കോപം കുരുകുലത്തെ ബാധിക്കുമെന്നു് ഒരിക്കലും വിചാരിക്കേണ്ട.
അംബ:
ഭഗവതി, വരു. ഇനി ഒരു നിമിഷംപോലും ഇവിടെ നിന്നുകൂടാ.

(അവർ പോകുന്നു)

ഭീഷ്മർ:
അഹോ! ആ കോസലപുത്രിയുടെ കോപം എന്റെ മനസ്സിലും ആധിയുണ്ടാക്കുന്നു.

വിൽപോൽ ഭൂകൊടി പൊക്കിയശ്രു നിറയും

നേത്രങ്ങൾ രോഷാൽച്ചുവ-

ന്നുൾപ്പൂ കത്തിയെരിഞ്ഞു തൊണ്ടയ്യിടറി-

ച്ചൂടാം നെടുവീർപ്പൊടും

കോപം, സങ്കട, മീർഷ്യ, മാന, മിവയാൽ

ഭാവങ്ങൾ മാറിപ്പരം

ശാപത്തിനു തുനിഞ്ഞു നില്ക്കുമവളോ

മർദ്ദിച്ചിതെൻമാനസം. 7

(എന്നു പോകുന്നു)

രണ്ടാമങ്കം കഴിഞ്ഞു.

മൂന്നാമങ്കം

രണ്ടുപേർ പ്രവേശിക്കുന്നു.

ഒന്നാമൻ:
നോക്കൂ. രാജകുമാരന്മാരുടെ കളികൾ. ആയുധാഭ്യാസം അവർക്കു് വിനോദംപോലെതന്നെ.
രണ്ടാമൻ:
ശക്തിപോലെതന്നെ അവർക്കു് അഭ്യാസവും ഉണ്ടായിവരുന്നുണ്ടു്. ഓരോരുത്തരും അവർക്കു് യോജിച്ച ആയുധങ്ങൾ എടുത്തഭ്യസിക്കുന്നു. അതാ, ദുര്യോധനകുമാരനും കുന്തീപുത്രനായ ഭീമസേനനും തമ്മിൽ ഗദാഭ്യാസപരീക്ഷ ചെയ്യുന്നു. കാണുന്നതിനു് എന്തു് കൗതുകം!
ഒന്നാമൻ:
അവരുടെ സാമർത്ഥ്യം ആശ്ചര്യകരംതന്നെ. ഭീമസേനന്റെ ശക്തി ദുര്യോധനകുമാരന്റെ സാമർത്ഥ്യത്തോടു് ഫലിക്കുന്നില്ല. ഇവരുടെ മത്സരം കാണേണ്ടതുതന്നെ.
രണ്ടാമൻ:
അതാ, നോക്കൂ, ഒരു കുമാരൻ കർണ്ണംവരെ വലിച്ചു് ഒരമ്പയയ്ക്കുന്നു. ആ ശരം ഇതാ, ലക്ഷ്യത്തിന്റെ നടുവിൽത്തന്നെ കൊണ്ടു. ആ കുമാരൻ ആരായിരിക്കാം? ഇത്ര വളരെ കുമാരന്മാരുടെ ഇടയിൽ തിരിച്ചറിവാൻതന്നെ പ്രയാസം.
ഒന്നാമൻ:
അതു് അർജ്ജുനകുമാരനാണു്. ആ കുട്ടിയെപ്പോലെ മെയ്വിലാസവും അഭ്യാസബലവും തികഞ്ഞവർ ഈ കൂട്ടത്തിൽ ആരുമില്ലെന്നു് എല്ലാവരും പറയാറുണ്ടു്. കണ്ടാലും ആ കുമാരനു് തേജസ്സു് കൂടുതലുണ്ടു്. ഇന്ദ്രപുത്രനായ ആ ഉണ്ണിയെ പ്രസവിച്ചപ്പോൾ ധനുർദ്ധരന്മാരിൽ ഇവൻ ഒന്നാമനായിത്തീർന്നു സർവ്വശത്രുക്കളേയും ജയിച്ചു് ലോകോത്തരമായ യശസ്സു് സമ്പാദിക്കുമെന്നു് അശരീരിവാക്കു് ഉണ്ടായിപോലും.
രണ്ടാമൻ:
എന്നു് ഞാനും കേൾക്കയുണ്ടായി. ആ കുമാരനെ കണ്ടാൽ അതിതേജസ്വിതന്നെ. അങ്ങനെയാണെങ്കിൽ പാണ്ഡവന്മാർക്കു് വലുതായ മേന്മയുണ്ടാകുമല്ലോ.
ഒന്നാമൻ:
അതിനെന്താ സംശയം? അർജ്ജുനാവലംബനനായ യുധിഷ്ഠിരൻതന്നെ ചക്രവർത്തിയായി വാഴും.
രണ്ടാമൻ:
ഹേയ്, ഒരു കാലത്തും അങ്ങനെ വരാൻ ന്യായമില്ല. മഹാരാജാവിനായി ധൃതരാഷ്ട്രദേവൻ വാഴ്കേ അദ്ദേഹത്തിന്റെ പുത്രനല്ലാതെ രാജ്യം പോകുമോ? അനുജന്റെ മകൻ എങ്ങനെ രാജാവാകും? അതാ, നോക്കൂ, ദുര്യോധനകുമാരൻ പാണ്ഡുപുത്രന്റെ ഗദയടിച്ചു് ദൂരത്തിട്ടു്, മന്ദഹാസപൂർവ്വം നിന്നരുളുന്നു. അയ്യോ, എന്തിനാണു് ഈ ഭീമസേനൻ ഒരുമ്പെടുന്നതു്! ഗദ പോയി വിഷാദിച്ചുനില്ക്കുന്ന ഭീമസേനൻ അപമാനം സഹിക്കവയ്യാതെ ഇടംകയ്യുകൊണ്ടു് കുമാരനെ എടുത്തു് മേല്പോട്ടു് പൊക്കിച്ചുഴറ്റുന്നു!
ഒന്നാമൻ:
നോക്കൂ, ഭീമസേനന്റെ ശക്തി.
രണ്ടാമൻ:
നല്ലതല്ല മാരുതപുത്രൻ ചെയ്തതു്. അഭിമാനിയായ ദുര്യോധനനു് പാണ്ഡവരിലുള്ള ഈർഷ്യ ഇതുകൊണ്ടു് വർദ്ധിക്കയേ ഉള്ളു. കുടുംബകലഹത്തിനുള്ള വേരാണു് ഇതു്.
ഒന്നാമൻ:
എന്താണു് എല്ലാവരും പൊടുന്നനെ വിഷണ്ണരായി നില്ക്കുന്നതു്? എന്തോ അബദ്ധം സംഭവിച്ചു എന്നാണു് തോന്നുന്നതു്.
രണ്ടാമൻ:
എന്തോ അപകടമുണ്ടായി, തർക്കമില്ല. ഇതാ, എല്ലാവരുംകൂടി ആ കിണറ്റിന്റെ കരയിലേയ്ക്കു് പോകുന്നു.
ഒന്നാമൻ:
യുധിഷ്ഠിരനാണു് മുൻപിൽ നടക്കുന്നതു്. ധാർത്തരാഷ്ട്രന്മാരും ഉണ്ടു്. അതാ, ഭീമസേനൻ കിണറ്റിലിറങ്ങുവാൻ ഭാവിക്കുന്നു. കൊള്ളാം, വിശേഷംതന്നെ. മാരുതപുത്രൻ കിണറ്റിലേയ്ക്കു് ഇറങ്ങുവാൻ കയ്യൂന്നിയപ്പോൾ കെട്ടിയിരുന്ന കല്ലുകൾ ഇടിഞ്ഞു് വീണുപോയി.
രണ്ടാമൻ:
ആ കുട്ടിയുടെ ശക്തി വലുതുതന്നെ. ഇപ്പോഴെന്താണു് ഇവർ ചെയ്യുവാൻ പോകുന്നതു്? എന്തോ വിലയുള്ള സാധനമായിരിക്കണം കിണറ്റിൽ വീണുപോയതു്.
ഒന്നാമൻ:
തർക്കമില്ല. യുധിഷ്ഠിരകുമാരന്റെ മുഖം തീരെ മ്ലാനമായിരിക്കുന്നു. അദ്ദേഹത്തിനു് അങ്ങനെ വരാറില്ല. എന്തോ തക്കതായ കാരണമുണ്ടായിരിക്കണം.
രണ്ടാമൻ:
അതാ, നോക്കൂ, കറുത്തു് വികൃതവേഷനായ ഒരു മനുഷ്യൻ കുട്ടികളുടെ അടുക്കൽ ചെല്ലുന്നു. അയാൾ ആരായിരിക്കാം?
ഒന്നാമൻ:
എന്താണു് വികൃതവേഷനെന്നു് പറഞ്ഞതു്? എനിക്കു് അദ്ദേഹത്തെ കണ്ടിട്ടു് അസാമാന്യനായ ഒരു പുരുഷനെന്നാണു് തോന്നുന്നതു്.

കൈ മുട്ടോളവുമാർന്നു തോളുകളുയ-

ർന്നേറ്റം ബലംചേർന്നിടും

തന്മെയ്യിൽ ദശ തീരെ വിട്ടര തുലോം

ക്ഷീണിച്ചൊതുങ്ങിസ്സുഖം

കാണ്മൂ കാർമ്മുകധാരിയെങ്കിലുമഹോ

ഗർവ്വെന്നിയേ തന്മുഖം;

ബ്രഹ്മക്ഷത്രമതൊത്തുചേർന്നതുവിധം

ശോഭിച്ചിടുന്നുണ്ടിവൻ. 1

അദ്ദേഹം എന്താണു് കുമാരനോടു് പറയുന്നതെന്നു് അന്വേഷിക്കാൻ നമുക്കും അങ്ങോട്ടു് പോകതന്നെ.

(രണ്ടുപേരും പോയി)

വിഷ്കംഭം കഴിഞ്ഞു.

(യുധിഷ്ഠിരനും ദുര്യോധനനും പ്രവേശിക്കുന്നു)

ദുര്യോധനൻ:
ആര്യ, പിതാമഹൻ ആസ്ഥാനമണ്ഡപത്തിൽ ഇരുന്നു് രാജ്യകാര്യങ്ങൾ നിർവ്വഹിക്കയാണെന്നല്ലോ പ്രതിഹാരി പറഞ്ഞതു്? ഇവിടെ കാണുന്നില്ലല്ലോ.
യുധിഷ്ഠിരൻ:
ഉണ്ണി, ഇപ്പോൾ പിതാമഹൻ വിശ്രമിക്കുന്ന സമയമായിരിക്കണം. അദ്ദേഹത്തെ നാം ഉപദ്രവിക്കുന്നതു് ശരിയാണോ എന്നു് എനിക്കു് സംശയം ഉണ്ടു്. എങ്കിലും പ്രശസ്തനായ അതിഥിയെ സൽക്കരിക്കുന്നതിനു് മുത്തശ്ശനു് പ്രത്യേകം സന്തോഷം കാണുമല്ലോ.
ദുര്യോധനൻ:
പിതാമഹൻ വിശ്രമിക്കയല്ല. അതാ, ആരോടോ സംസാരിക്കുന്നതു് കേൾക്കുന്നു (എന്നു് ചെവിയോർക്കുന്നു).
അണിയറയിൽ:
എന്നാൽ ആചാര്യൻ ചെല്ലണം. കുട്ടികളുടെ അഭ്യാസത്തിൽ ഞാൻ ശ്രമിച്ചുകൊള്ളാം. പാണ്ഡുപുത്രരും ധാർത്തരാഷ്ട്രരുമായി മത്സരം ഉണ്ടെന്നു് പറഞ്ഞതു് എന്നെ വ്യസനിപ്പിക്കുന്നു! അതു് ഇപ്പോൾത്തന്നെ ഉന്മൂലനാശംചെയ്വാൻ യത്നിക്കേണ്ടതാണു്. കുടുംബച്ഛിദ്രം ഒരുകാലത്തും നന്നല്ല.
ദുര്യോധനൻ:
ആര്യ, നമ്മുടെ കാര്യംതന്നെ പിതാമഹൻ കൃപാചാര്യരുമായി സംസാരിക്കുകയാണെന്നു് തോന്നുന്നു. മുത്തശ്ശൻ ഇങ്ങോട്ടുതന്നെ വരികയാണു്.

(വിദുരരോടുകൂടി ഭീഷ്മർ പ്രവേശിക്കുന്നു. രണ്ടു് കുട്ടികളും നമസ്കരിക്കുന്നു)

ഭീഷ്മർ:
ഉണ്ണി, യുധിഷ്ഠിര, നന്നായി വരിക. ഉണ്ണി, ദുര്യോധന, പ്രതാപവാനായിത്തീരുക.
വിദുരർ:
(ആത്മഗതം) എന്താണു് രണ്ടു് വിധത്തിൽ അനുഗ്രഹിച്ചതു്? അഥവാ, മഹാത്മാവായ ഇദ്ദേഹം ഈ രാജകുമാരന്മാരുടെ വാസനയറിഞ്ഞായിരിക്കണം അനുഗ്രഹിച്ചതു്. (പ്രത്യക്ഷം) കുമാരന്മാരെ ഞാൻ അഭിവാദ്യംചെയ്യുന്നു.
ഭീഷ്മർ:
എന്താണു് നിങ്ങൾ രണ്ടാളുംകൂടി ഈ അദ്ധ്യയനസമയത്തു് ഇങ്ങോട്ടു് പുറപ്പെട്ടതു്?
ദുര്യോധനൻ:
അത്യാവശ്യമായ ഒരു കാര്യംകൊണ്ടാണു്. വിശിഷ്ടനായ ഒരു ബ്രാഹ്മണൻ ഞങ്ങളുടെ പയറ്റുകളരിക്കു് സമീപം വന്നു് അസാധാരണമായ ഒരഭ്യാസം കാണിച്ചുതന്നു.
ഭീഷ്മർ:
ഉണ്ണി, എങ്ങനെയുള്ള ആളാണു്?
ദുര്യോധനൻ:
ആൾ കറുത്തും വേഷം പ്രാകൃതവുമാണു്.
ഭീഷ്മർ:
(ചിരിച്ചുംകൊണ്ടു്) വത്സ, പുരുഷന്മാരെ അവരുടെ കർമ്മംകൊണ്ടും സ്ത്രീകളെ അവരുടെ വേഷംകൊണ്ടുമാണു് വർണ്ണിക്കേണ്ടതു്. ആ ബ്രാഹ്മണൻ എന്താണു് ചെയ്തതു്.
യുധിഷ്ഠിരൻ:
ഞാൻ വില്ലിൽ അഭ്യസിച്ചുകൊണ്ടിരിക്കവേ, എന്റെ കയ്യിൽ കിടന്നതും ധർമ്മദേവൻ അനുഗ്രഹപൂർവമായി എനിക്കു് തന്നതുമായ മോതിരം അമ്പെയ്യുന്നതിനിടയിൽ തെറിച്ചു് കിണറ്റിൽ പതിച്ചുപോയി.
ഭീഷ്മർ:
മുത്തശ്ശ, അനവധാനതകൊണ്ടു് വന്നതല്ല. ഞാൻ അമ്പെയ്യുന്നതിനായി ഞാണിൽ ചേർത്തു് വലിച്ചപ്പോൾ മത്സരബുദ്ധിയായ ഭീമസേനന്റെ ദുശ്ശീലത്തെ ശാസിപ്പാനായി തിരിഞ്ഞു് നോക്കിയതുകൊണ്ടു് വന്നതാണു്.
ദുര്യോധനൻ:
(മന്ദഹാസത്തോടെ) പറ്റിയ തെറ്റിനു് എന്തെല്ലാം ഒഴികഴിവു് പറയാൻ സാധിക്കും.
ഭീഷ്മർ:
ഉണ്ണി, എന്താണു് ഭീമസേനൻ വികൃതിത്തരം കാട്ടിയതു്?

(യുധിഷ്ഠിരൻ പറയാൻ മടി കാണിക്കുന്നു)

വിദുരർ:
(ഭീഷ്മരോടു്) പരദോഷപ്രസംഗത്തിൽ വൈമുഖ്യം കാണിക്കുന്ന ഈ കുമാരന്റെ സ്വഭാവഗുണം ആശ്ചര്യകരംതന്നെ.
ഭീഷ്മർ:
(വാത്സല്യത്തോടെ) മടിക്കാതെ പറയൂ.
യുധിഷ്ഠിരൻ:
ഭീമസേനൻ, ഉണ്ണി ദുര്യോധനനുമായി ഗദവ്യാസമത്സരം ചെയ്തുകൊണ്ടിരുന്നപ്പോൾ, പരാജിതനായ ഭീമസേനനു് ഈർഷ്യ തോന്നി ഉണ്ണിയെ ഒരു കയ്യുകൊണ്ടു് പൊക്കി മറ്റു് കുമാരന്മാർക്കു് പരിഹാസ്യനാക്കുന്നതു് കണ്ടു് ശാസിക്കുവാൻ ഞാൻ പിന്തിരിഞ്ഞപ്പോഴാണു് അസ്ത്രം കൈവിട്ടുപോയതു്.
ദുര്യോധനൻ:
(കോപത്തോടെ) ആര്യഭീമസേനൻ യുദ്ധ മര്യാദ വിട്ടാണു് പ്രവർത്തിച്ചതു്.
ഭീഷ്മർ:
അക്കാര്യം പോകട്ടെ. പിന്നെ എന്താണുണ്ടായതു്?
യുധിഷ്ഠിരൻ:
ഭീമസേനൻ മോതിരം തപ്പി എടുക്കുന്നതിനു് കിണറ്റിലിറങ്ങുവാനായി കല്പടിയിൽ കയ്യൂന്നിയപ്പോൾ അതെല്ലാം കൂടി ഇടിഞ്ഞുവീണു. എന്താണു് ചെയ്യേണ്ടതെന്നറിയാതെ ഞങ്ങൾ നില്ക്കേ, ഒരു ബ്രാഹ്മണൻ അവിടെ വന്നു. കാര്യം പറഞ്ഞപ്പോൾ “നിങ്ങളുടെ അസ്ത്രവിദ്യ മോശം, നിങ്ങളുടെ അഭ്യാസം സാരമില്ല” എന്നൊക്കെ ഞങ്ങളെ അപഹസിച്ചശേഷം കയ്യിലുണ്ടായിരുന്ന വില്ലു് കുലച്ചു് അസ്ത്രങ്ങൾകൊണ്ടു് തന്നെ കിണറ്റിൽനിന്നു് കല്ലുകൾ പൊക്കി കരയ്ക്കാക്കിയശേഷം മോതിരവുമെടുത്തുതന്നു.
വിദുരർ:
വിസ്മയകരംതന്നെ. അദ്ദേഹം അമാനുഷനായിരിക്കണം. ദിവ്യാസ്ത്രരഹസ്യങ്ങൾ അറിയാത്ത ഒരാൾക്കു് അതു് സാധിക്കുന്നതല്ലല്ലോ.
ഭീഷ്മർ:
അതിനുശേഷം എന്തുണ്ടായി?
ദുര്യോധനൻ:
ഏതുവിധത്തിലുള്ള സമ്മാനങ്ങളാണു് ഇഷ്ടമുള്ളതെന്നാൽ തരാമെന്നായി ഞങ്ങൾ പറഞ്ഞു. അതെല്ലാം അദ്ദേഹം പുച്ഛിച്ചു് നിരസിച്ചതേയുള്ളു. അദ്ദേഹത്തിന്റെ പേരും കുലവും ചോദിച്ചിട്ടുപോലും പറഞ്ഞില്ല.
ഭീഷ്മർ:
വത്സ, യുധിഷ്ഠിര, നിങ്ങളുടെ ചോദ്യങ്ങൾക്കു് അദ്ദേഹം പറഞ്ഞ മറുപടി എന്താണു്?
യുധിഷ്ഠിരൻ:
ഞങ്ങൾ നിർബ്ബന്ധിച്ചപ്പോൾ ഇത്രമാത്രം പറഞ്ഞു:

ചോദിക്ക നിങ്ങളറിവാർന്നൊരു ഭീഷ്മരോടോ

ഖ്യാതിപ്പെടും വിദുരനാകുമഭിജ്ഞനോടോ

നാമം കുലം മുതൽ പറഞ്ഞറിയേണ്ടതല്ല-

ഭ്യൂഹം ക്രിയാമുഖവർക്കു് ലഭിച്ചുകൊള്ളും. 2

വിദുരൻ:
എന്തായിരിക്കാമോ അവിടുത്തേയ്ക്കു് തോന്നുന്നതു്? ആലോചിച്ചിട്ടു് എന്റെ മനസ്സിലുള്ള ഊഹം ഞാൻ പറയുന്നു. ഇതു് ആ കുംഭസംഭവനായ ഭരദ്വാജപുത്രൻതന്നെ ആയിരിക്കണം.
ഭീഷ്മർ:
സംശയത്തിനവകാശമില്ല. ആ ബ്രാഹ്മണനെപ്പോലെ ദിവ്യാസ്ത്രജ്ഞാനമുള്ളവരായി ഇപ്പോൾ ആരുമില്ല. ഇദ്ദേഹത്തിനു്—

സർവ്വദിവ്യാസ്ത്രജാലത്തിൻ

പ്രയോഗഹരണക്രമം

മറ്റു സർവ്വവുമുപേക്ഷിച്ച

രാമൻ ദാനംകൊടുത്തുപോൽ. 3

ആ ധനുർവ്വേദാചാര്യൻ വന്നുചേർന്നതു് തേടിനടന്ന വല്ലി കാലിൽ തടഞ്ഞതുപോലെയായി. ഉണ്ണികളേ, നിങ്ങൾ രണ്ടുപേരുംകൂടി തിരികേ പോയി നഗരദ്വാരത്തിൽ അർഘ്യപാദ്യാദിപൂജ ചെയ്തു് ബഹുമാനപുരസ്സരം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക. ഇതിൽവലിയ ഒരു ഭാഗ്യം നമുക്കു് ഈ കാലത്തു് കിട്ടുവാനില്ല.

(ഉണ്ണികൾ പോയി)

വിദുരർ:
ദ്രോണരാണു് വന്നിട്ടുള്ളതെങ്കിൽ ഉത്തമമായി. നമ്മുടെ ഉണ്ണികൾക്കു് ഇതിൽ മികച്ച ഒരാചാര്യനെ ലഭിക്കുന്നതല്ലല്ലോ.
ഭീഷ്മർ:
കൃപാചാര്യരുടെ ശിക്ഷ മതിയാകുന്നില്ലെന്നു് എനിക്കു് കുറച്ചു് നാളായി തോന്നുന്നുണ്ടു്. അദ്ദേഹത്തിനു് പഠിപ്പും ശീലഗുണവും ബുദ്ധിവിലാസവും ഉണ്ടെങ്കിലും കുട്ടികളെ പറഞ്ഞു് മനസ്സിലാക്കുന്നതിനുള്ള സാമർത്ഥ്യം കുറയുമെന്നാണു് എനിക്കു് തോന്നീട്ടുള്ളതു്—

ഉത്തമനാം ഗുരുവിനഹോ

ബുദ്ധിവിലാസം പഠിപ്പുമിവ പോരാ,

താനറിയുന്നതു ശിഷ്യരി-

ലോർത്തു പകർത്താൻ പടുത്വമതു വേണം. 4

ദൈവംതന്നെ ഇപ്പോൾ വഴി കാണിച്ചുതന്നു. ദ്രോണർക്കു് തുല്യനായ ഒരു ധനുർദ്ധവൻ ഇന്നു് ലോകത്തിലില്ല. അദ്ദേഹം നമ്മുടെ അപേക്ഷ സ്വീകരിക്കുമെങ്കിൽ നമുക്കു് ഭാഗ്യമായി.

(ദ്രോണർ പ്രവേശിക്കുന്നു)

ഭീഷ്മർ:
(എഴുന്നേറ്റഭിവാദ്യം ചെയ്തിട്ടു്) ആചാര്യൻ ഭദ്രാസനത്തിൽ ഇവിടെ ഇരുന്നാലും. അവിടുത്തെ ദർശനം ഇതുവരെ ലഭിക്കുന്നതിനു് ഭാഗ്യമുണ്ടായില്ലെങ്കിലും, വിദ്വാന്മാർ പറഞ്ഞുകേട്ടു് നല്ലതുപോലെ അറിവുണ്ടു്.
ദ്രോണർ:
(ആത്മഗതം) ഇദ്ദേഹംതന്നെയോ ആ ദിവ്യനായ ഗംഗാദത്തൻ? എന്തു് വിനയം!

ആശ്ചര്യമീക്കുരുവരന്റെ മുഖം നിതാന്ത-

തേജസ്സുചേർന്നിടുകിലും ബഹുശാന്തമത്രേ:

രത്നത്തിൽനിന്നു വിതറുന്നൊരു രശ്മി ദീപ്തി

ചിന്തുമ്പൊഴും ഖരതവിട്ടു ലസിച്ചിടുംപോൽ. 5

(പ്രത്യക്ഷം) ഇവിടെ വന്നു് കാണുവാനിടയായതുകൊണ്ടു് എനിക്കും വളരെ സന്തോഷമുണ്ടു്.

ഭീഷ്മർ:
എന്തു് കാരണവശാലാണു് ഇപ്പോൾ ഈ ദർശന സുഖമുണ്ടായതെന്നറിവാൻ ഞാൻ ആഗ്രഹിക്കുന്നു.
ദ്രോണർ:
പറയാം. ദാരിദ്ര്യംകൊണ്ടും തേജോഭംഗംകൊണ്ടും മനസ്സിൽ ദ്വേഷം വർദ്ധിക്കയാൽത്തന്നെ.
വിദുരർ:
(ഭീഷ്മരോടപവാര്യ) ബ്രാഹ്മണൻ ശാന്തനല്ല, പക്ഷേ, ക്ഷത്രിയവൃത്തി കൈക്കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിനു് അതൊരു ദോഷമെന്നു് പറഞ്ഞുകൂടാ.
ഭീഷ്മർ:
വിദ്യയും ദാരിദ്ര്യവും മാറാസ്സഖികളെന്നുള്ള സ്ഥിതിക്കു് അങ്ങു് ദാരിദ്രപീഡ അനുഭവിച്ചു എന്നറിയുന്നതിൽ ഞാൻ വിസ്മയിക്കുന്നില്ല. എന്നാൽ, ആ ദുഃഖം നീങ്ങിയതായി തീർച്ചപ്പെടുത്തിക്കൊള്ളുക. പക്ഷേ, ജാമദഗ്ന്യശിഷ്യനായ അങ്ങേയ്ക്കു് തോജോഭംഗം ഉണ്ടാവാൻ വഴി കാണുന്നില്ലല്ലോ.
ദ്രോണർ:
അതു് പറയാം. ചെറുപ്പകാലത്തു് ഞാൻ അഗ്നിവേശമുനിയുടെ അടുക്കൽ ഗുരുകുലവാസം ചെയ്തിരുന്നപ്പോൾ അവിടെ സോമകപുത്രനായ യജ്ഞസേനനും സഹപാഠിയായുണ്ടായിരുന്നു.
ഭീഷ്മർ:
ആരു്, പാഞ്ചാലനോ?
ദ്രോണർ:
അദ്ദേഹംതന്നെ. സൽസ്വഭാവിയും വിനീതനും പ്രിയഭാഷകനുമായി കാണപ്പെട്ട ആ രാജകുമാരനും ഞാനുമായി സ്നേഹിതന്മാരായിത്തീർന്നു.
വിദുരർ:
സഹാദ്ധ്യായികൾ തമ്മിൽ അങ്ങനെ വരുന്നതു് അസാധാരണമല്ലല്ലോ. എന്നു മാത്രമല്ല—

ബാല്യത്തിലില്ല,യിളതെന്നുമുയർന്നതെന്നും

സമ്പന്നനെന്നുമതിയായ ദരിദ്രനെന്നും;

സ്നേഹം മനുഷ്യനു നിസർഗ്ഗജം; ആയതുണ്ടു

സ്വാർത്ഥം കലങ്ങിമറിയുന്നു

വളർന്നിടുമ്പോൾ. 6

ദ്രോണർ:
അങ്ങനെയിരിക്കെ അദ്ദേഹം എന്നോടൊരിക്കൽ ശപഥംചെയ്തു, “ഞാൻ ദ്രുപദരാജാവിന്റെ ഏകസന്താനമാണു്, എനിക്കു് താമസിയാതെ രാജ്യം കിട്ടും; അന്നു് സർവ്വരാജഭോഗങ്ങളും എന്റെ പ്രിയസ്നേഹിതനായ അവിടുത്തേയ്ക്കെന്നു കരുതിക്കൊൾക” എന്നു്.
ഭീഷ്മർ:
ദ്രുപദൻ ഉചിതമാണു് കാണിച്ചതു്. എന്നിട്ടോ?
ദ്രോണർ:
പിന്നീടു് ഭഗവാൻ ജാമദഗ്ന്യമഹർഷിയോടു് അസ്ത്രങ്ങൾ വരിച്ചശേഷം ഉത്തമയായ ഒരു വിപ്രാംഗനയെ വിവാഹംചെയ്തു് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. അപ്പോഴാണു് ദാരിദ്ര്യദുഃഖത്തിൽനിന്നുണ്ടാകുന്ന അഭിമാനഭംഗം എനിക്കു് അനുഭവിക്കുവാൻ ഇടവന്നതു്.
വിദുരർ:
ബ്രാഹ്മണോത്തമനായ അങ്ങയ്ക്കും അങ്ങനെ സംഭവിച്ചതു് ആശ്ചര്യകരംതന്നെ. അഥവാ, മനുഷ്യനായി പിറന്നാൽ ആർക്കുതന്നെ മാനക്കേടും ആപത്തും സംഭവിക്കയില്ല!

മുന്നം സൂര്യകുലോത്ഭവൻ രഘുവരൻ

ഭാര്യാപഹാരത്തിനാൽ,

മാന്യൻ ഭാർഗ്ഗവനുഗ്രവീര്യചരിതൻ

തൻചാപഹാരത്തിനാൽ,

ഇന്ദ്രൻ മേഘനിനാദബന്ധനവശാൽ

ഇത്ഥം നിനച്ചീടിലാർ-

ക്കിന്നീ മൂവുലകിൽ ചിലപ്പൊഴുളവാ-

കാതുള്ളു മാനക്ഷയം? 7

ഭീഷ്മർ:
എങ്ങനെയാണു് ആചാര്യനു് സങ്കടം വരത്തക്കവിധത്തിലുള്ള മാനക്കേടുണ്ടായതു്?
ദ്രോണർ:
എന്റെ മകൻ അശ്വത്ഥാമാവു് ഒരിക്കൽ ധനികന്മാരായ അയൽവാസികളുടെ കുട്ടികളുമൊന്നിച്ചു് കളിക്കുകയായിരുന്നു. അവർ പാലു് കുടിക്കുന്നതു് കണ്ടു് അവനും കൊതിതോന്നി. പാലെന്നു് പറഞ്ഞു് എന്റെ ഉണ്ണിക്കു് അരിമാവു് കലക്കിക്കൊടുത്തു. ലഹരി പിടിച്ചു് അവൻ ചാടിത്തുടങ്ങിയപ്പോൾ അവർ കൊട്ടിയാർത്തു് അധിക്ഷേപിച്ചതു് കണ്ടു് സങ്കടംവന്ന എന്റെ ബ്രാഹ്മിണി ഇനി നമുക്കും വേണ്ടതുപോലെ ധനമുണ്ടാകാതെ താമസിക്കുന്നതു് പ്രയാസമാണെന്നു് ശഠിച്ചുതുടങ്ങി.
വിദുരർ:
സ്ത്രീജനങ്ങൾക്കു് അങ്ങനെ തോന്നുന്നതു് സർവ്വസാധാരണമാണു്.
ദ്രോണർ:
അപ്പോഴാണു് ഞാൻ യജ്ഞസേനന്റെ വാക്കിനെ ഓർത്തതു്. അത്രയ്ക്കു് മിത്രമായ അദ്ദേഹം മഹാരാജാധിരാജനായി വസിക്കേ നമുക്കു് ഒരുവിധത്തിലും ബുദ്ധിമുട്ടിനു് അവകാശമില്ലല്ലോ എന്നു് ഞാൻ സമാധാനപ്പെട്ടു. സോമകപുത്രന്റെ നന്മയിൽ വിശ്വസിച്ചുംകൊണ്ടു് സകുടുംബം ഞാൻ ദ്രുപദരാജധാനിയിൽ ചെന്നു. ആ യജ്ഞസേനൻ എന്നെ അറിയുന്നതായിപ്പോലും ഭാവിച്ചില്ലെന്നു് മാത്രമല്ല, പലവിധത്തിലുള്ള ധിക്കാരവാക്കുകൾകൊണ്ടു് അധിക്ഷേപിക്കയും ചെയ്തു.
ഭീഷ്മർ:
ദ്രുപദൻ ഇത്രമാത്രം ഉദ്ധതനോ,

സത്യവാക്കിനെ ലംഘിച്ചു;

സ്നേഹത്തെത്തള്ളി പുല്ലുപോൽ;

വിപ്രോത്തമനെ നിന്ദിച്ചു-

പാപമെന്തുള്ളിതിൽപ്പരം? 8

ദ്രോണർ:
ഞാൻ അവനോടു് സമനല്ലെന്നും സമന്മാരോടുമാത്രമേ സഖ്യം പാടുള്ളുവെന്നും വേണമെങ്കിൽ ഒരു നേരം ഊട്ടിലുണ്ടു് പൊയ്ക്കൊള്ളണമെന്നും എന്നോടു് സകലരും കേൾക്കെപ്പറഞ്ഞു.
ഭീഷ്മർ:
ദ്രുപദൻ പറഞ്ഞതു് ശരിയാണു്. അങ്ങു് ആ ക്ഷത്രിയാധമനോടു് എങ്ങനെ തുല്യനാകും?

വിപ്രൻ ഭവാൻ, ക്ഷത്രിയനാണവൻ; ഭവാ-

നയോനിജൻ, മാനുഷി പെറ്റതാണവൻ;

വിപ്രർഷിയാം രാമനു ശിഷ്യനങ്ങു പി-

ന്നവൻ ഭവാനെങ്ങനെ തുല്യനായിടും? 9

വിദുരർ:
സംശയമില്ല. ഈ ബ്രാഹ്മണനിന്ദയുടെ ഫലം ദ്രുപദൻ അനുഭവിക്കും.
ദ്രോണർ:
(സന്തോഷത്തോടെ) എന്റെ കാര്യം പറഞ്ഞു. ഇനി അഭിജ്ഞനായ അങ്ങു് നിശ്ചയിക്കുംപോലെ.
ഭീഷ്മർ:
എന്താണു് നിശ്ചയിക്കാനുള്ളതു്? ഈ കുരുരാജ്യം അവിടുത്തേയ്ക്കു് എല്ലാവിധത്തിലും അധീനമെന്നു് കരുതിക്കൊള്ളുക.

ആന തേർ പശു ഗൃഹങ്ങളെന്നത-

ങ്ങൂനമറ്റു വഴിപോൽ വരിക്കുക;

കേവലം പുരുകുലത്തിനിന്നു ഭൂ-

ദേവസേവയതുമാത്രമേ ധനം. 10

വിദുരർ:
പൗരവർക്കു് ചേരുന്നവിധത്തിലാണു് ഇപ്പോൾ അരുളിച്ചെയ്തതു്.
ദ്രോണർ:
ബ്രാഹ്മണനായ എനിക്കു് അതിയായ ധനംകൊണ്ടു് എന്താണു് പ്രയോജനം? കുടുംബബന്ധങ്ങൾക്കു് ആവശ്യമുള്ള ധനം ഞാൻ സസന്തോഷം സ്വീകരിക്കുന്നു, എന്നാൽ വിദ്യ പഠിച്ചവൻ ആഗ്രഹിക്കുന്നതു! ശിഷ്യസമ്പത്താണു്. ഞാൻ ശിഷ്യസമ്പത്തിനെമാത്രം ദാനമായി വരിക്കുന്നു.
ഭീഷ്മർ:
ആചാര്യ, പാണ്ഡവധാർത്തരാഷ്ട്രന്മാരായ ഉണ്ണികൾ നൂറ്റിഅഞ്ചുപേരേയും ഞാൻ അവിടുത്തെ കയ്യിൽ സമർപ്പിക്കുന്നു. ഇന്നുതൊട്ടു് കുരുവംശത്തിനു് ധനുർവേദത്തിൽ ഗുരു അവിടുന്നുതന്നെ. ഇങ്ങനെ ഒരാചാര്യനെ ലഭിച്ചതു് ഈ വംശത്തിന്റെ ഭാഗ്യമെന്നു് ഞാനും കരുതുന്നു.
ദ്രോണർ:
കൗരവകുമാരന്മാരെ അഭ്യസിപ്പിക്കുന്ന ചുമതല ഞാനും കയ്യേല്ക്കുന്നു. ആ ചുമതല എത്രമാത്രം ഗൗരവമുള്ളതെന്നു് എനിക്കു് നല്ലവണ്ണം അറിയാം. എന്നാൽ ഒരു നിർബ്ബന്ധം മാത്രമുണ്ടു്; അതും നേരത്തേ പറയാം. എന്റെ ശിഷ്യത്വം സ്വീകരിക്കുന്നവർ ഒരു പ്രതിജ്ഞ ചെയ്യേണ്ടതായുണ്ടു്.
വിദുരർ:
(ആത്മഗതം) എന്താണോ ഈ ബ്രാഹ്മണൻ പറയാൻ പോകുന്നതു്?
ഭീഷ്മർ:
ഞാൻ കേൾക്കുവാൻ ഉൽക്കണ്ഠിതനായിരിക്കുന്നു.
ദ്രോണർ:
ഞാൻ പഠിപ്പിക്കുന്നതിനു് ഒരു ഗുരുദക്ഷിണയുണ്ടു്. ദ്രുപദമഹാരാജാവിനെ ബന്ധിച്ചു് എന്റെ കാല്ക്കൽ കൊണ്ടുവയ്ക്കണമെന്നുള്ളതാണു്.
ഭീഷ്മർ:
(ചിരിച്ചുകൊണ്ടു്) അതിനു് എന്താണു് വൈഷമ്യം? യജ്ഞസേനൻ പണ്ടുതന്നെ എനിക്കു് വിരോധിയാണു്. പോരാത്തതിനു് കോസലപുത്രി കാർത്തികേയനിൽനിന്നു് വരിച്ച മാല ശിഖണ്ഡിയെ ധരിപ്പിക്കയുംചെയ്തിരിക്കുന്നു. അതുകൊണ്ടു് അവൻ വദ്ധ്യൻതന്നെ. ഇപ്പോൾ ആചാര്യൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങയുടെ ആഗ്രഹം താമസിയാതെ ഞാൻതന്നെ സാധിച്ചുകളയാം.
ദ്രോണർ:
അങ്ങയ്ക്കു് അതിൽ വൈഷമ്യമുണ്ടാകുന്നതല്ല.

ആരാണർജ്ജുനബാഹുവായിരമരി-

ഞ്ഞിട്ടുള്ളൊരാ ഭാർഗ്ഗവ-

സ്വാമിക്കും യുധി മാൽപെടുത്തി സുരർതാ-

നാരെപ്പഠിപ്പിച്ചുപോൽ

നേരറ്റുള്ള മഹാസ്ത്രജാലമഖിലം

ജന്മത്തിലേ ചേർന്നതാ-

ർക്കാ ഗംഗാസുതനെന്തുതന്നെയുലകിൽ

സാധിച്ചിടാതുള്ളതായ്? 11

പക്ഷേ, എന്റെ ശിഷ്യന്മാരിൽ ഒരാൾതന്നെ അവനെ ബന്ധനംചെയ്തു് ഗുരുദക്ഷിണചെയ്തെങ്കിൽമാത്രമേ, അവൻ എന്നോടു ചെയ്ത അപരാധത്തിനു് പ്രതിക്രിയ ആകയുള്ളു. അങ്ങനെ ഒരു പ്രതിജ്ഞ ഉണ്ടായിരിക്കണം.

വിദുരൻ:
(ആവേഗത്തോടെ) ഇതെന്തു് നിർബ്ബന്ധമാണു്!

സാഹസമത്രേ പറവതു

സോമകനൃപനെപ്പിടിപ്പതിന്നാമോ;

ആയോധനവിദ്യകളിൽ

പരിചയമില്ലാത്ത ബാലകന്മാരാൽ? 12

ദ്രോണർ:
അതു് ഒരു നാളും സാദ്ധ്യമല്ല. പാഞ്ചാലനെ ബന്ധിച്ചുകണ്ടശേഷമേ എന്റെ കോപം ശമിക്കയുള്ളു.
ഭീഷ്മർ:
(ആലോചിച്ചിട്ടു്) അപ്രകാരം ഗുരുദക്ഷിണ നടത്തിക്കാമെന്നു് ഞാൻ പ്രതിജ്ഞചെയ്യുന്നു.
ദ്രോണർ:
ഞാൻ സന്തുഷ്ടനായി. യജ്ഞസേനൻ ബന്ധിക്കപ്പെട്ടതായിത്തന്നെ ഞാൻ ഗണിക്കുന്നു. സ്വാമി, ഗംഗാദത്ത, ഞാൻ അങ്ങേയ്ക്കു് വിധേയനെന്നു് കരുതിക്കൊള്ളുക.
ഭീഷ്മർ:
ആചാര്യ, അവിടുത്തെ അനുഗ്രഹം കുട്ടികളിൽ ഉണ്ടാവണം.

(എല്ലാവരും പോയി)

മൂന്നാമങ്കം കഴിഞ്ഞു

നാലാമങ്കം

(കർണ്ണൻ പ്രവേശിക്കുന്നു)

കർണ്ണൻ:
യുദ്ധമടുത്തുവരുന്നതു് ധനുർദ്ധരന്മാർക്കു് ഏറ്റവും സന്തോഷമുള്ള ഒരു കാര്യംതന്നെ. മുൻപുണ്ടായിട്ടില്ലാത്തതുപോലുള്ള ഒരു ഘോരസമരമാണല്ലോ ഇപ്പോൾ ഉണ്ടാവാൻപോകുന്നതു്. പതിനൊന്നക്ഷൗഹിണിയുടേയും ഭാരതത്തിലെ സകലരാജാക്കന്മാരുടേയും സഹായമുള്ള സാർവ്വഭൗമൻ ദുര്യോധനമഹാരാജാവും ദ്രുപദമാത്സ്യന്മാരുടെ സഹായമുള്ള പാണ്ഡവന്മാരും തമ്മിൽ യുദ്ധക്കളത്തിൽത്തന്നെ രാജ്യാവകാശവാദം തീർച്ചയാക്കാൻ നിശ്ചയിച്ചു. ഹാ! യുദ്ധം വില്ലാളികൾക്കു് എത്ര മഹത്തായ ഒരു കാര്യമാണു്!

ആണത്തത്തിനു വൻപരീക്ഷ, രഥികൾ

ക്കൊന്നാമതാമുത്സവം,

വീരത്വത്തിനു ദർപ്പണം, സമരവേ-

ദോക്തം പ്രശസ്താദ്ധ്വരം

ധർമ്മാധർമ്മവിനിശ്ചയത്തിനു സദർ-

കോ,ടൂഴിഭാരത്തിനെ-

പ്പോക്കാനീശ്വരനുറ്റമാർഗ്ഗ,മടരി-

ന്നിന്നൊപ്പമെന്തുള്ളതും. 1

വില്ലിന്റെ ഞാൺ വലിക്കുന്നതിനു് എന്റെ കയ്യു് ചൊടിക്കുന്നു. ഇത്രനാളും പ്രാർത്ഥിച്ചിരുന്ന അവസരം ഇതുതന്നെ. ഒന്നുകിൽ പൊരുതു് വീരസ്വർഗ്ഗം നേടാം. അല്ലെങ്കിൽ ശത്രുജയം ചെയ്തു് സാർവ്വഭൗമനായ നമ്മുടെ മഹാരാജാവിനു് പ്രിയനായി വാഴാം. ഒന്നുകൊണ്ടേ എനിക്കു് സങ്കടമുള്ളു: മഹാഭാഗയായ അമ്മ കുന്തീദേവിയുടെ സങ്കടം കണ്ടിട്ടു് സമാധാനമുണ്ടാകുന്നില്ല. പക്ഷേ, യുധിഷ്ഠിരാദികളോടു് ചേരണമെന്നുള്ള കൃഷ്ണന്റെ ഉപദേശം ഒരിക്കലും സ്വീകാര്യമല്ല. എനിക്കു് ദുര്യോധനമഹാരാജാവല്ലാതെ അച്ഛനാരു്, അമ്മയാരു്? രാധാസുതനെന്നു് അറിയപ്പെട്ടു് ജനങ്ങൾക്കു് അപഹാസ്യനായിരുന്ന എന്നെ അംഗരാജാവായി വാഴിച്ചു് ഈ സ്ഥിതിയിൽ ആക്കിയതാരു് ? അദ്ദേഹത്തിനോ, ഞാൻ ദുശ്ശാസനെക്കാൾ പ്രിയൻ. എന്നാൽ ആവുന്നതുപോലെ ഞാൻ അദ്ദേഹത്തേയും തുണച്ചു. ശാക-മ്ലേച്ഛദ്വീപങ്ങൾ ഉൾപ്പെടെ ഉള്ള രാജ്യങ്ങളെല്ലാം ഞാൻ ജയിച്ചു് അദ്ദേഹത്തിനു് അധീനമാക്കിക്കൊടുത്തു. അദ്ദേഹത്തിനു് ആവശ്യമുള്ള കാലത്തു് ഒഴിഞ്ഞുമാറുകയോ? മഹാരാജാവിന്റെ ആജ്ഞ എന്തായാലും നടത്താൻ ഞാൻ സദാ സന്നദ്ധനെന്നു് സ്വമേധയാ സത്യം ചെയ്തതല്ലേ? എന്റെ മേൽ എന്തു് ദോഷം വേണമെങ്കിൽ ജനങ്ങൾ ആരോപിക്കട്ടെ. സത്യസന്ധനെന്നുള്ള കീർത്തി പരിപാലിക്കതന്നെ വേണം. അമ്മയോടു് ഞാൻ അനുജന്മാരെ കൊല്ലുകയില്ലെന്നുമാത്രമേ സത്യംചെയ്തിട്ടുള്ളു. പെറ്റമ്മയുടെ ആ ആജ്ഞ ഞാൻ എങ്ങനെ നിഷേധിക്കും? എത്രമാത്രം ദുഃഖം ആ സാധ്വി അനുഭവിച്ചു. ആദ്യത്തെ പുത്രന്റെ ആശ്ലേഷമേ അറിവാൻ ഇടയായിട്ടില്ല. മറ്റുള്ളവരെക്കൊണ്ടുണ്ടായിട്ടുള്ള സങ്കടം എത്രമാത്രം! അക്കാര്യത്തിലാണു് ദുര്യോധനമഹാരാജവിന്റെ മാഹാത്മ്യം തെളിഞ്ഞുകാണുന്നതു്. മക്കൾ വിരോധികളായിത്തീർന്നെങ്കിലും മഹാരാജാവു് കുന്തീദേവിയെ എത്ര ഭക്തിയോടുകൂടിയാണു് പരിപാലിച്ചുപോന്നിട്ടുള്ളതു്. ഗാന്ധാരീദേവിയും അവരും തമ്മിൽ ഒരു വ്യത്യാസവും മഹാരാജാവു് കാട്ടിയിട്ടില്ല. അദ്ദേഹംതന്നെ സാക്ഷാൽ ധർമ്മിഷ്ഠനായ മഹാരാജാവു്. എന്റെ ഈ കാളപൃഷ്ഠം അദ്ദേഹത്തെമാത്രം സേവിക്കും. (വില്ലിനെ തൊട്ടു് തലയിൽ വെച്ചിട്ടു്) മഹാത്മാവായ ജാമദഗ്ന്യനാൽ ഏതൊരു ദിവ്യമായ കാർമ്മുകംകൊണ്ടു് ക്ഷത്രിയരാജാക്കന്മാർ 21 വട്ടം ഹനിക്കപ്പെട്ടുവോ, ഏതൊന്നു് സന്തുഷ്ടനായ അദ്ദേഹം എനിക്കു് അനുഗ്രഹപൂർവ്വം നല്കിയോ, ഏതൊന്നു് എന്റെ ജീവനിലും വലുതായി ഞാൻ കരുതിപോരുന്നുവോ, ആ വില്ലു് തൊട്ടു് ഞാൻ, ഇതാ, സത്യം ചെയ്യുന്നു: ധർമ്മിഷ്ഠനായ ദുര്യോധനമഹാരാജാവിനുവേണ്ടി ഞാൻ അടർക്കളത്തിൽ മുൻവെച്ച കാലു് പിൻവലിക്കാതെ യുദ്ധം ചെയ്യും. ഒന്നുകിൽ യുദ്ധത്തിൽ വധിക്കപ്പെട്ടു് വീരസ്വർഗ്ഗം നേടും. അല്ലെങ്കിൽ മഹാരാജാവിനുവേണ്ടി ശത്രുസംഹാരം ചെയ്യും. ദുര്യോധനനെ ഉപേക്ഷിച്ചുള്ള സിംഹാസനം നമുക്കു് വേണ്ടാ. അതാ, സൈന്യസജ്ജീകരണത്തിന്റെ ഘോഷം കേൾക്കുന്നു.

ജ്യാഝംകാരം ശ്രവിച്ചെൻകരതലമിതു തേ-

ടുന്നിതേ കാളപൃഷ്ഠം;

ശംഖിൻ നാദം പെരുക്കുന്നിതു കരളിടി മേ

പോരിലുള്ളാഗ്രഹത്താൽ;

എൻതേർ പൂട്ടുന്നൊരശ്വപ്രവരരിത മുദാ

ചീറ്റിടുന്നേറെയിപ്പോൾ:

യുദ്ധാഹ്വാനങ്ങൾ വീരപ്രകൃതികളിൽ വള-

ർത്തും സ്വയംവീരഭാവം. 2

മഹാരാജാവു് ഇപ്പോൾ യുദ്ധകാര്യങ്ങൾ തീർച്ചപ്പെടുത്തുന്നതിനു് ആസ്ഥാനമണ്ഡപത്തിൽ എഴുന്നെള്ളുവാനുള്ള സമയമായി. എന്നെ പ്രതീക്ഷിക്കയായിരിക്കണം. അങ്ങോട്ടു് പോകുകതന്നെ!

(എന്നു പോകുന്നു)

വിഷ്കംഭം കഴിഞ്ഞു

(ദുര്യോധനൻ, ദുശ്ശാസനൻ, ശകുനി, ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ജയദ്രഥൻ ഇവർ പ്രവേശിക്കുന്നു. എല്ലാവരും യഥാസ്ഥാനം ഇരിക്കുന്നു.)

ദുര്യോധനൻ:
യുദ്ധമായിട്ടേ അവസാനിക്കൂ എന്നായി. അതുതന്നെയാണു് എനിക്കും സമ്മതം. അവരുടെ അവകാശവാദങ്ങൾ മേലാൽ ഉപദ്രവത്തിനു് ഇടയാകയില്ലല്ലോ.
ശകുനി:
അന്നു് ചൂതിൽ തോറ്റു് ദാസ്യം സ്വീകരിച്ചപ്പോൾ തീർന്നതല്ലേ? മറ്റു് ചിലരുടെ സഹായംകൊണ്ടല്ല ഇത്രതന്നെ മുതിർന്നതു്? അവരുടെ ഭാഗം പറയാൻ നമ്മുടെ കൂട്ടത്തിൽ എപ്പോഴും ആളുകളുണ്ടാകും. അതുകൊണ്ടു് ഇപ്പോൾ ഉന്മൂലനാശം വരുത്താതിരുന്നാൽ മേൽ അപകടത്തിന്നിടയുണ്ടു്. യുദ്ധത്തിൽ ജയിക്കുമെന്നു് അവർക്കുതന്നെ വിശ്വാസമില്ലാത്തതിനാലല്ലേ കൃഷ്ണനെ ദൂതിനയച്ചതു്?
ദ്രോണർ:
ഗാന്ധാരരാജാവിനു് ചൂതിലായാൽ എന്തും സാധിക്കും. യുദ്ധത്തിൽ അവരെ ജയിക്കുന്നതു് അത്ര എളുപ്പമാണെന്നു് വിചാരിക്കേണ്ട.
കർണ്ണൻ:
അവർ അത്ര അജയ്യന്മാരാണെന്നു് ആചാര്യനു് വിചാരമുണ്ടോ? എന്താണു് ഭീരുക്കളെപ്പോലെ സംസാരിക്കുന്നതു്? വില്ലെടുക്കാൻ ഈ കൂട്ടത്തിലും ആളുകളില്ലേ?

(ദ്രോണർ കോപത്തോടെ എന്തോ പറവാൻ ഭാവിക്കുന്നു)

ദുര്യോധനൻ:
ഭീഷ്മദ്രോണകർണ്ണസംരക്ഷിതമായ നമ്മുടെ സൈന്യത്തെ ജയിക്കുന്നതിനു് അവർക്കു് സാധ്യമാണോ?
ഭീഷ്മർ:
ഉണ്ണി, അങ്ങനെ പറയരുതു്. വീര്യംകൊണ്ടും പാടവംകൊണ്ടും കുറെ ഒക്കെ സാധിക്കും; എങ്കിലും ധർമ്മാധർമ്മംപോലെ മാത്രമേ ജയം വരികയുള്ളു. എത്ര മഹാവീരനും ധർമ്മം ക്ഷയിച്ചാൽ പരാജിതനാകും. അതുകൊണ്ടു് ധർമ്മം മാത്രമേ ജയിക്കയുള്ളു.
ദ്രോണർ:
മഹാരാജാവേ, ഭീഷ്മർ പറഞ്ഞതു് ശരിയാണു്. വെറും ശക്തികൊണ്ടോ വീര്യംകൊണ്ടോ യുദ്ധത്തിൽ ജയം ലഭിച്ചു എന്നു് വരുന്നതല്ല. ദശകണ്ഠനെ രാമചന്ദ്രൻ തോല്പിച്ചതു് ലങ്കാപതിക്കു് ശക്തി കുറഞ്ഞതുകൊണ്ടാണോ? ധർമ്മം ക്ഷയിച്ചതുകൊണ്ടല്ലേ?
കർണ്ണൻ:
എന്താണു് ആചാര്യൻ ഉപന്യസിക്കുന്നതു്? സുയോധനമഹാരാജാവിനു് ധർമ്മക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണോ? കൊള്ളാം?

വേണ്ടുംവിധം വലിയ സത്രഗണം നടത്തീ,

ദാനങ്ങൾ ചെയ്തു പശുഭൂമികളാവതോളം,

നീതിപ്രകാരമിള കാത്തു, ജയങ്ങൾ നേടീ,

ഭൂപർക്കിതിൽക്കവിയെ മറ്റൊരു

ധർമ്മമുണ്ടോ? 3

ശകുനി:
സഖേ, കർണ്ണ, ആചാര്യൻ സൂചിപ്പിക്കുന്ന ധർമ്മം യുധിഷ്ഠിരനു് സർവ്വസ്വദാനം കൊടുക്കയാണു്. മറ്റെന്തു് ചെയ്താലും അദ്ദേഹം അതു് കണക്കാക്കുന്നില്ല. അതിനു് ഇവിടെ സമ്മതമല്ലതാനും.
ഭീഷ്മർ:
ധാർത്തരാഷ്ട്രർക്കു് ധർമ്മം കുറവുണ്ടെന്നു് ആചാര്യൻ പറയുന്നില്ല. ദുര്യോധനൻ ധർമ്മം അനുസരിച്ചു് പ്രജാപാലനംചെയ്യുന്ന രാജാവല്ലെന്നു് ആരും പറകയില്ല. പക്ഷേ, രാജാവിന്റെ പേരു് പറഞ്ഞു് സേവകന്മാർ കാട്ടിക്കൂട്ടിയിട്ടുള്ള അപനയങ്ങൾ വിചാരിക്കൂ. ഉണ്ണി ദുര്യോധന, ഓർക്കുക:

കുട്ടിക്കാലത്തു ലാക്ഷാഗൃഹമതിലറിയാ-

തിട്ടടച്ചഗ്നിവെച്ചൂ;

കെട്ടിബ്ഭീമന്റെ ദേഹം നദിയിലരിശമാ-

ർന്നിട്ടു കാപട്യമോടെ;

ഇഷ്ടത്താൽ ചൂതുവെയ്ക്കും യമതനയനെ വ-

ഞ്ചിച്ചു രാജ്യം ഹരിച്ചു;

കഷ്ടം, നിൻകൂട്ടുകാർ ചെയ്തൊരു

പിഴ കുലധ-

ർമ്മത്തെ വേരോടറുത്തു. 4

എനിക്കു് നിങ്ങൾ രണ്ടുകൂട്ടക്കാരും ഒരുപോലെ: നിങ്ങൾ ധൃതരാഷ്ട്രന്റെ മക്കൾ; അവർ പാണ്ഡുവിന്റെ. എനിക്കു് നിങ്ങൾതമ്മിൽ യാതൊരു ഭേദത്തിനും അവകാശമില്ല. തമ്മിൽ ഇണങ്ങിയിരിക്കണമെന്നൊരാശയേ ഉള്ളു. യുദ്ധത്തിനിറങ്ങുമ്പോൾ ഈ വൃദ്ധനും മുൻപിലുണ്ടാവും. വയസ്സു് അധികമായി എങ്കിലും ഈ കൈകൾക്കു് തളർച്ച വന്നിട്ടില്ല. പക്ഷേ, ഒരിക്കൽക്കൂടെ പറഞ്ഞുകൊള്ളട്ടെ. അവരോടു് നിരക്കയാണു് നിനക്കു് നന്മ. അതാണു് വേണ്ടതും. അല്ലാതെ അംഗരാജാവിന്റേയും ഗാന്ധാരന്റേയും വാക്കു് കേട്ടു് വഴക്കിനു് ഒരുങ്ങരുതു്. ജയിച്ചാൽത്തന്നെയും എന്തു് നാശമാണു് നാട്ടിനും ബന്ധുക്കൾക്കും ഉണ്ടാകുന്നതു്! തോറ്റാലോ? രണ്ടായാലും കൗരവകുലത്തിനല്ലേ നാശം? കുടുംബച്ഛിദ്രംപോലെ ദുഃഖകരമായിട്ടെന്തുള്ളു?

വേണ്ടപ്പെട്ടോർക്കു ദുഃഖത്തിനു നെടിയ നട-

ക്കാവു; നല്പൂർവ്വികന്മാർ

നേടിസ്സൂക്ഷിച്ച സമ്പത്തഖിലമഥ നശി-

ച്ചീടുവാനുള്ളുപായം;

വെന്നാലും തോല്ക്കിലും

രണ്ടിലുമകമൊരുപോൽ

നീറിവേവുന്ന കാര്യം:

വംശച്ഛിദ്രം ജഗത്തിൽപ്പരമൊരു നരകം-

കൊള്ളുകെന്നുള്ളതത്രേ! 5

അതുകൊണ്ടു് ഞാൻ പറയുന്നതു്, വത്സ ദുര്യോധന, വാസുദേവനായ കൃഷ്ണൻ പറഞ്ഞതനുസരിക്കുക. നിന്റെ അച്ഛൻ ധൃതരാഷ്ട്രന്റെ ആജ്ഞയെ നിർവ്വഹിക്കുക. ഗാന്ധാരപുത്രി പറയുന്നതിനെ കൈക്കൊള്ളുക. വൃദ്ധനായ എന്റെ അഭിമതവും അതുതന്നെ. അല്ലാതെ രാജസേവകന്മാരുടെ ഈർഷ്യാകലുഷിതമായ ഏഷണി കേട്ടു് നാട്ടിനും കുലത്തിനും നാശമുണ്ടാക്കാതിരിക്കുക. രാജസേവകന്മാരുടെ സ്വഭാവം നീതിജ്ഞനായ നിന്നോടു് ഞാൻ പറയേണ്ടതില്ല.

സത്യം മറച്ചു ഹിതമോതിടു,മേതിലീശ-

നത്യന്തമിഷ്ടമതുതാൻ നൃപധർമ്മമാക്കും,

സ്വാർത്ഥത്തിനേഷണി

പരത്തുമുരത്ത വാക്കിൽ

വ്യത്യാസമേറ്റുമിവ സേവക നീതിയല്ലോ. 6

ഏഷണിക്കാരും കുരളക്കാരുമായ സേവകജനങ്ങളുടെ വാക്കു് കേൾക്കാതെ നിന്റെ ഗുണത്തെ കാംക്ഷിക്കുന്ന ഗുരുജനങ്ങളുടെ വാക്കിനെ അനുസരിക്കൂ. പാണ്ഡവന്മാരുമായി നിരക്കയാണു് ഉത്തമം. പ്രജകൾക്കും അതാണു് നല്ലതു്. പൗരവകുലത്തിൽ സുപ്രതിഷ്ഠിതമായ രാജധർമ്മം നീ വിചാരിക്കുക. പ്രജാപാലനമാത്രരാജപദപ്രയോജനന്മാരാണു് പൗരവന്മാർ. പ്രജാഹിതമൊന്നുമാത്രമാണു് അവർക്കും ഹിതമായുള്ളതു്.

പ്രജകളുടെ ഹിതംതാൻ ഭൂമി

പാലർക്കു ധർമ്മം;

നിജഹിതമവനീന്ദ്രന്മാർക്കു നിസ്സാരമത്രേ;

പ്രിയമൊടുമുദരത്തിൽ ചേർന്നിടും

കുട്ടിയെഗ്ഗ-

ർഭിണി നിജഹിതമേറ്റം തള്ളിയും

കാത്തിടുംപോൽ. 7

അതുകൊണ്ടു് പ്രജകളുടെ ഹിതവും അന്വേഷിക്കുക. പാണ്ഡുപുത്രന്മാരോടു നിരക്കണമെന്നാണു് ജനങ്ങളുടെ അഭിമതം. ആ സ്ഥിതിക്കു് വത്സ, ഇനിയെങ്കിലും മത്സരം ഉപേക്ഷിക്കുക. അർദ്ധരാജ്യം യുധിഷ്ഠിരനു് കൊടുത്തു് സ്നേഹത്തിൽ വാഴുക. ഒന്നിച്ചിരുന്നാൽ രണ്ടുകൂട്ടർക്കും ബലമത്രേ. ഭിന്നിച്ചാൽ രണ്ടുകൂട്ടർക്കും ക്ഷയം. ഞാൻ പറഞ്ഞതിൽ അഹിതം തോന്നേണ്ട. യുദ്ധമാണു് എല്ലാവരുംകൂടി ആലോചിച്ചു് തീർച്ചയാക്കുന്നതെങ്കിൽ മുന്നണിയിൽ ഞാനുമുണ്ടു്. എന്റെ വില്ലു് എല്ലാസമയവും കൗരവരാജ്യത്തിന്റെ രക്ഷയ്ക്കു് തയ്യാറാണെന്നു് വിശ്വസിച്ചുകൊള്ളുക.

കർണ്ണൻ:
(ശകുനിയോടപവാര്യ) മഹാരാജാവു് എന്തായിരിക്കാം മറുപടിയായി പറവാൻപോകുന്നതു്? പിതാമഹൻ പറയുന്നതു് കാര്യമാണു്. അതിനു് മറുത്തു് മഹാരാജാവു് പറയുമോ എന്നു ഞാൻ സംശയിക്കുന്നു.
ശകുനി:
(കർണ്ണനോടു്) അങ്ങനെ ശങ്കിക്കേണ്ട. മഹാരാജാവു് സ്ഥിരപ്രതിജ്ഞനാണു്. യുദ്ധംതന്നെ ഉണ്ടാവും. അതാ, മഹാരാജാവു് അരുളിച്ചെയ്യുവാൻ തുടങ്ങുന്നു.
ദുര്യോധനൻ:
വന്ദ്യനായ പിതാമഹ, അവിടുന്നു് സ്നേഹപുരസ്സരം അരുളിച്ചെയ്തതു് ഞാനും ആലോചിക്കാതില്ല. പാണ്ഡവന്മാരോടു് യുദ്ധംചെയ്യുന്നതിനു് എനിക്കു് ഒട്ടുംതന്നെ സന്തോഷമുണ്ടെന്നു് അവിടുന്നു് വിചാരിക്കരുതു്. അവർ സന്ധിയാലോചിച്ചതു് ശരിതന്നെയാണു്. പക്ഷേ, സൈന്യങ്ങൾ ശേഖരിച്ചു് ബന്ധുബലം വളർത്തി, നാട്ടതിർത്തിയിൽ എത്തിയശേഷം മറ്റുള്ളവരെ ബോധിപ്പിക്കാനായി പറഞ്ഞയച്ച ദൂതല്ലേ അതു്? അപ്പോൾ നാം അനുസരിച്ചിരുന്നു എങ്കിൽ അവരുടെ പരാക്രമത്തെ ഭയന്നാണു് അങ്ങനെ ചെയ്തതെന്നു് അപവാദം ഉണ്ടാകയില്ലായിരുന്നുവോ? കുടുംബച്ഛിദ്രം ലോകത്തിൽ ദോഷകരംതന്നെ. പക്ഷേ, അവരും നാമുമായുള്ള പിണക്കം ഇപ്പോൾ തുടങ്ങിയതല്ലല്ലോ. നമ്മോടെതിർത്തുനില്ക്കുന്ന ദ്രുപദവിരാടന്മാരോടു് അവർ സ്നേഹം ഭാവിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിൽ സൈന്യശേഖരംചെയ്തു് പാളയമടിച്ചു് കിടക്കുന്നു. അതു് നമുടെ പൗരുഷത്തെ ധർഷണംചെയ്യുന്നു എന്നല്ലേ വിചാരിക്കേണ്ടതു്? പിന്നെ അവരോടെങ്ങനെ നിരക്കും?

മൂലമൊന്നിൽ മുളച്ചാലും

രണ്ടിടത്തായ് പടർന്നിടിൽ

ഒന്നിച്ചു കെട്ടിയാൽ മൂല-

ച്ഛേദം വൃക്ഷത്തിനും വരും. 8

അതുകൊണ്ടു് രണ്ടിലൊരുകൂട്ടർ ഒടുങ്ങി കൗരവവംശം നിലനില്ക്കട്ടെ. ഞങ്ങൾ അവരോടും അവർ ഞങ്ങളോടും ക്ഷന്തവ്യമല്ലാത്ത അപരാധങ്ങൾ ചെയ്തുപോയി. യുദ്ധമൊന്നു മാത്രമേ ഈ വഴക്കു് തീരാൻ നിവൃത്തിയായി കാണുന്നുള്ളു. അതിനു് പിതാമഹൻ അനുഗ്രഹിക്കണം. എന്റെ പതിനൊന്നക്ഷൗഹിണികളുടെ ഏകനായകനാകയും വേണം.

കർണ്ണൻ:
(ശകുനിയോടപവാര്യ) എത്ര അനുനയമായിട്ടാണു് മഹാരാജാവിപ്പോൾ അരുളിച്ചെയ്തതു്!
ശകുനി:
മഹാരാജാവിന്റെ അരുളപ്പാടിലുള്ള ന്യായവാദം ആർക്കു് മറുത്തുപറയാൻ സാധിക്കും? പിതാമഹ, അവിടുന്നു് ഇപ്പോഴെങ്കിലും കൗരവപക്ഷം അന്യായത്തെ അടിസ്ഥാനപ്പെടുത്തിയില്ലെന്നു് സമ്മതിക്കയില്ലേ?
ദ്രോണർ:
ഗാന്ധാരരാജാവു് ആഗ്രഹിച്ചതുപോലെ സംഭവിക്കുന്നു. കഷ്ടംതന്നെ.
ഭീഷ്മർ:
വത്സ, സുബലപുത്ര, കൗരവപക്ഷം ഒരു കാലത്തും അന്യായത്തെ അടിസ്ഥാനപ്പെടുത്തിയാകുമെന്നു് വിചാരിക്കേണ്ട. ധർമ്മശക്തിയുടെ താരതമ്യം മാത്രമേ ഞാൻ ചെയ്തുള്ളൂ. ഉണ്ണി, ദുര്യോധന, നിന്റെ നിശ്ചയത്തെ ഞാൻ സ്വീകരിക്കുന്നു. പക്ഷേ, പരശുരാമശിഷ്യനും ഭരദ്വാജപുത്രനും നിന്റെ ഗുരുവുമായ ദ്രോണാചാര്യർ ഇരിക്കെ ഞാൻ സേനാപതി ആകുന്നതു് ശരിയല്ല. ബ്രാഹ്മണോത്തമനായ അദ്ദേഹത്തിനെ ആ സ്ഥാനത്തേയ്ക്കു് ക്ഷണിക്കുക.
ദുര്യോധനൻ:
മഹാത്മാവായ ആചാര്യ, പിതാമഹന്റെ അഭിപ്രായം അനുസരിച്ചു് അവിടുന്നു് എന്റെ സേനകൾക്കു് നായകനായാലും.
ദ്രോണർ:
മഹാരാജാവേ, ഇവിടെ ധന്യവാദം ആവശ്യമില്ല. കൗരവസേന നയിക്കുന്നതിനു് ഭീഷ്മർക്കൊഴിച്ചു് വേറെ ആർക്കാണു് അധികാരം?
ദുര്യോധനൻ:
കർണ്ണ, എന്താണു് നിങ്ങളുടെ അഭിപ്രായം?
കർണ്ണൻ:
ആചാര്യൻ പറഞ്ഞതു് ശരിയാണു്. പിതാമഹൻ ഇരിക്കെ മറ്റാർക്കും നായകത്വത്തിനു് അവകാശമില്ല.
ദുര്യോധനൻ:
പിതാമഹ, കൗരവകുലത്തിനു് അഭിമാനസ്തംഭമായ അവിടുന്നുതന്നെ ഈ സ്ഥാനം കയ്യേല്ക്കണമെന്നു് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു.
ഭീഷ്മർ:
എല്ലാവരുടേയും അഭിപ്രായം അങ്ങനെ എങ്കിൽ എനിക്കും അതു് സമ്മതംതന്നെ.
ശകുനി:
ഇപ്പോൾ കൗരവപക്ഷം ജയിച്ചതായിത്തന്നെ വിചാരിക്കാം.
ദ്രോണരും കർണ്ണനും:
പിതാമഹൻ നയിക്കുന്നിടത്തോളം കാലം തോൽവി ഉണ്ടാകയില്ലെന്നുള്ളതു് തീർച്ചതന്നെ.
ദുര്യോധനൻ:
പിതാമഹ!

മുത്തശ്ശനെ പ്രിയമൊടങ്ങു വളർത്തെടുത്തൂ,

മത്താതനേയുമതുപോലെ സുഖാൽ ഭരിച്ചു,

പെറ്റുള്ളതമ്മ;-യതുവിട്ടഖിലം ഭവാൻ മേ

സംരക്ഷശിക്ഷയതിനീശതയങ്ങിൽമാത്രം. 9

ഭീഷ്മർ:
വത്സ, ഞാൻ ആവുന്നപോലെ ചെയ്യാം.
ദുര്യോധനൻ:
ആവു, ഇനി യാതൊരാശങ്കയ്ക്കും അവകാശമില്ല. പിതാമഹ, യുദ്ധത്തിൽ ആദ്യമായി അന്വേഷിക്കേണ്ടതു് പ്രതിയോഗിയുടെ ബലമാണെന്നു് അവിടുന്നു് പലപ്പോഴും ഉപദേശിച്ചിട്ടുണ്ടല്ലോ. പാണ്ഡവപക്ഷത്തിൽ എന്തു് ബലമാണുള്ളതെന്നു് അരുളിച്ചെയ്തു് കേൾക്കാൻ ആഗ്രഹമുണ്ടു്.
ശകുനി:
അതേ, അവരുടെ പക്ഷത്തിൽ മഹാരഥന്മാരാരെല്ലാം? അവരുടെ സേനാശക്തി എന്തു്? അവർക്കു് എത്രമാത്രം ആക്രമിക്കാൻ സാധിക്കും?
ഭീഷ്മർ:
വത്സ, അതു് പറയാം: ദ്രുപദൻ, വിരാടൻ, സാത്യകി ഇവരാണു് പാണ്ഡവർക്കു് പ്രധാനമായി യുദ്ധക്കളത്തിലുള്ള ബന്ധുബലം. അവർ മൂന്നുപേരും പേർകേട്ട മഹാരഥന്മാരാണു്. വിശേഷിച്ചും സാത്യകി. പക്ഷേ, പാണ്ഡവന്മാരുടെ ശക്തി ബന്ധുക്കളെക്കൊണ്ടല്ല.
കർണ്ണൻ:
പിന്നെന്തുകൊണ്ടാണു്?
ഭീഷ്മർ:
അവർ അഞ്ചുപേരുടേയും സാമർത്ഥ്യംകൊണ്ടു് തന്നെ.
കർണ്ണൻ:
അവർ ആയുധവിദ്യയിൽ ഇത്ര മിടുക്കരോ! പിതാമഹൻ പറയുന്നതു കേട്ടാൽ മറ്റാരും ആയുധാഭ്യാസം ചെയ്തിട്ടില്ലെന്നു് തോന്നുമല്ലോ.
ഭീഷ്മർ:
(കൂട്ടാക്കാതെ) പ്രത്യേകിച്ചു് കുന്തീപുത്രന്മാർ മൂന്നുപേരും നിസ്തുലവിക്രമന്മാരാണു്.

ധർമ്മാത്മജൻ രഥരണത്തി-

ലതിപ്രസിദ്ധൻ;

നിർമ്മായമിന്നനിലസൂനു ഗദയ്ക്കധീശൻ;

സമ്മാന്യനാം വിജയനൊത്ത-

വനില്ല വില്ലിൽ-

ഇമ്മന്നിലാരുമവരോടെതിർ നില്ക്കുകില്ല. 10

ദ്രോണർ:
ഗാണ്ഡീവധന്വാവായ അർജ്ജുനന്റെ പരാക്രമം ലോകപ്രസിദ്ധമാണു്.
കർണ്ണൻ:
കേട്ടോ, ആചാര്യന്റെ വൈരിവിക്രമപ്രശംസ! എന്താണു് അർജ്ജുനനു് ഇത്ര മെച്ചം? അയാളുടെ പരാക്രമം ലോകപ്രസിദ്ധമാണുപോലും! ഇത്ര കേമമായിട്ടു് അയാൾ എന്താണു് ചെയ്തിട്ടുള്ളതു്?
ദ്രോണർ:
അംഗരാജാവേ, അങ്ങയ്ക്കു് അർജ്ജുനന്റെ പരാക്രമം അറിഞ്ഞുകൂടയോ? ആശ്ചര്യംതന്നെ.

കോട്ടയ്ക്കുള്ളിലിരുന്നിട്ടും ദ്രുപദനെ-

ത്തോല്പിച്ചു ബന്ധിച്ചതും

പുഷ്ടപ്രീതിയൊടീശനോടു പടചെ-

യ്തസ്ത്രം ലഭിച്ചെന്നതും

ദുഷ്ടാഗ്രേസരരാം നിവാതകവച-

ന്മാരെ വധിച്ചെന്നതും

കേട്ടിട്ടില്ല ഭവാനതെങ്കിലറിയും

പിന്നീടടർക്ഷോണിയിൽ. 11

അത്രയുമല്ല,

ഊറ്റംചേർന്ന യദുക്കളെസ്സുഖതരം

താനേ ജയിച്ചെന്നതും

തെറ്റെന്നിന്ദ്രനെ വെന്നു ഖാണ്ഡവമട-

ച്ചഗ്നിക്കു ഹോമിച്ചതും

ഏറ്റിട്ടുന്നെതിരിട്ട നമ്മൊടു ജയി-

ച്ചഗ്ഗോക്കളെ വീണ്ടതും

കേട്ടിട്ടില്ല ഭവാനതെങ്കിലറിയും

പിന്നീടടർക്ഷോണിയിൽ. 12

കർണ്ണൻ:
ഓഹോ, ശിഷ്യനിത്ര യോഗ്യനാണെങ്കിൽ അങ്ങോട്ടുതന്നെ ചേരാമല്ലോ.
ഭീഷ്മർ:
വത്സ കർണ്ണ, ദുര്യോധനൻ ആവശ്യപ്പെട്ടപ്രകാരം പ്രതിയോഗികളുടെ ബലം മനസ്സിലാക്കമാത്രമാണു് നാമിപ്പോൾ ചെയ്യുന്നതു്. നമ്മുടെ പക്ഷത്തിലും പേരുകേട്ട ധനുർദ്ധരന്മാരില്ലെന്നു് പറഞ്ഞിട്ടില്ലല്ലോ.
ദുര്യോധനൻ:
പിതാമഹ, നമ്മുടെ പക്ഷത്തിലുള്ള പോരാളികളുടെ ബലം പറഞ്ഞു് മനസ്സിലാക്കിയാലും.
ഭീഷ്മർ:
അതു് പറയാം: ഭാരതവർഷത്തിലെ മത്സ്യപാഞ്ചാലദേശങ്ങൾ ഒഴികെയുള്ള സകലരാജ്യങ്ങളിൽനിന്നും വന്നുചേർന്നിരിക്കുന്ന പതിനൊന്നക്ഷൗഹിണിപ്പട എത്ര ബലമുള്ളതു്! അതിനു് നായകൻ നീയും നിന്റെ അനുജന്മാരുംതന്നെ.

കാളിന്ദീനദി തൻകലപ്പയതിനാ-

ലൂക്കോടു ചാലാക്കിയോ-

രാ നീലാംബരനാം ബലന്റെയരുമ-

പ്പെട്ടുള്ള ശിഷ്യൻ ഭവാൻ

വീരത്വം പെരുകും കനിഷ്ഠരുമഹോ

വില്ലാളിമാർ; പിന്നെയി-

ബ്ഭൂമീപാലകർ വിക്രമാംബുധികളു-

ണ്ടെത്രയ്ക്കു സാഹായ്യമായ്. 13

വിശേഷിച്ചും ധനുർവ്വേദം മൂർത്തീകരിച്ച ആചാര്യന്റെ പ്രതാപം ഞാൻ പറയേണ്ടതായിട്ടില്ല.

ഉഗ്രന്റെ ശിഷ്യനുടെ ശിഷ്യനനന്തധീമാൻ

ഉഗ്രപ്രതാപിയഭിവന്ദ്യനഭിജ്ഞമൗലി

അഗ്ര്യൻ ധനുർദ്ധരരിലത്ഭുതവീര്യവാനീ-

യഗ്രേഭവൻ ഗുരുവിനോടെതിരാരുമില്ല. 14

കൂടാതെയുമുണ്ടല്ലോ നാരായണാസ്ത്രം വഹിച്ചു് സർവ്വഭൂമിപന്മാർക്കും ഭീതിദനായ ഭഗദത്തൻ, പരമേശ്വരന്റെ വരപ്രസാദംകൊണ്ടു് ഉദ്ധതനായ ജയദ്രഥൻ, നാരായണന്മാരെന്നറിയുന്ന വൃഷ്ണ്യന്ധകഭോജസേനയുടെ നായകനും ശസ്ത്രവിദ്യാവിശാരദനുമായ കൃതവർമ്മാവു്, മഹാരഥന്മാർക്കു് നടുനായകവും ഉഗ്രപ്രതാപിയുമായ ഭൂരിശ്രവാവു്, യോഗജ്ഞനും രഥവിദ്യയിൽ പ്രധാനിയുമായ മാദ്രരാജാവു് ശല്യൻ, ബ്രഹ്മാസ്ത്രജ്ഞാനമുള്ള അശ്വത്ഥാമാവു്, കർണ്ണൻ—

ദുര്യോധനൻ:
അതേ, കർണ്ണൻ—
ഭീഷ്മർ:
അംഗരാജാവു് വില്ലാളികളിൽ മുഖ്യനെങ്കിലും അർദ്ധരഥനാണു്.
കർണ്ണൻ:
(കോപത്തോടെ) ഞാൻ അർദ്ധരഥനോ! എന്നാൽ ആരാണു് ഇന്നു് മഹാരഥൻ എന്ന പേരിനെ അർഹിക്കുന്നതു് ?

കെല്പേറും കുരുരാജസേനയിതല-

ങ്കാരത്തിനാക്കി സ്വയം

കല്പാന്താനലശക്തിയോടരികില-

പ്രോന്മർദ്ദിയെൻകാർമ്മുകം

ശില്പം ഞാൻ കരതാരിലേറ്റിടുകിലി-

ന്നാരാണു തജ്ജീവനിൽ

സ്വല്പംപോൽ കൊതിയെങ്കിലർദ്ധരഥനെ-

ന്നെന്നെപ്പറഞ്ഞീടുവാൻ? 15

ദുര്യോധനൻ:
പിതാമഹ, അംഗരാജാവിന്റെ കരബലം പ്രസിദ്ധമായിരിക്കേ ഇങ്ങനെ അരുളിച്ചെയ്യുന്നതു് ന്യായമാണോ?

ന്യായംപോൽ ചതുരന്തയാം ധര ജയി-

ച്ചീടാനെനിക്കാരുത-

ന്നായം ചേർന്ന കരങ്ങൾ മാത്രമെതിരി-

ല്ലാതുള്ള സാഹായ്യമായ്;

പേയായ് ഭൂമിപരോടിയാരുടെ വെറും

ജ്യാഘോഷമാത്രത്തിനാൽ

ആയർക്കാത്മജനെന്തുകൊണ്ടതിരഥ-

ന്മാർക്കഗ്ര്യനല്ലാത്തതും? 16

കർണ്ണൻ:
(കോപത്തോടെ) അങ്ങനെയാണു് പിതാമഹന്റെ അഭിപ്രായമെങ്കിൽ അങ്ങയുടെ കീഴിൽ ഞാൻ യുദ്ധം ചെയ്കയില്ല, അതു് തീർച്ചതന്നെ.
ദുര്യോധനൻ:
സ്നേഹിത, അങ്ങനെ സത്യം ചെയ്യരുതു്.
ഭീഷ്മർ:
വത്സ, അംഗരാജാവേ, കോപിക്കേണ്ട.

അറിവുണ്ടെനിക്കു തവ സൂക്ഷ്മതത്വവും

കറയറ്റ വിജ്ഞത ധനുസ്സിലുള്ളതും

പുരുവിക്രമം പടയിലുള്ളതും സഖേ,

സുരനാഥശക്തിയിതു നീ വഹിപ്പതും. 17

പക്ഷേ, മഹാരാജാവേ, മഹാരഥന്മാർക്കു് യുദ്ധസാമർത്ഥ്യം മാത്രമല്ല വേണ്ടതു്.

ശമം, ദമം, നീതിയിളക്കമറ്റ

ചിത്തം, വിവേകം, സമബുദ്ധി, ധൈര്യം,

വില്ലാളിമാർക്കീ ഗുണമൊക്കെയില്ലാ-

തുണ്ടാകുമോ ഭൂപ, മഹാരഥത്വം? 18

അംഗരാജാവു് അപ്രതിമപ്രതാപനെങ്കിലും അനല്പഗുണവാനെങ്കിലും അവിവേകം മത്സരബുദ്ധി ഇവകൊണ്ടു് അയാളുടെ പരാക്രമത്തിനു് കുറവു് ഭവിക്കുന്നു. അതാണു് ഞാൻ അർദ്ധരഥനെന്നു് പറഞ്ഞതു്. പോരെങ്കിൽ—

രാമന്റെ ശാപമതിനാൻ വിഹലാസ്ത്രനത്രേ;

പോർമന്നിലുണ്ടിവനു തേരുൾ

കൊണ്ടു ദോഷം;

തൻചട്ട കുണ്ഡലവുമിന്ദ്രനു നല്കമൂലം

വദ്ധ്യൻ രിപുപ്രവരനാലിവനെന്നുമായി. 19

ശകുനി:
(ദുര്യോധനനോടു് അപവാര്യ) പിതാമഹന്റെ സ്വജനനിന്ദ അതിരുകവിയുന്നു. അഭിമാനിയായ അംഗരാജാവു് എന്തു് പറയുമോ?
കർണ്ണൻ:
(കോപം അടക്കി) വൃദ്ധനായ ഗാംഗേയ, അങ്ങു് മഹാരാജാവിന്റെ പിതാമഹസ്ഥാനം വഹിക്കുന്നുവല്ലോ എന്നുവെച്ചു് ഞാൻ ഈ ആക്ഷേപവാക്കുകൾ ഇതുവരെ സഹിച്ചു. ഇനിയും ഇങ്ങനെയുള്ള വാക്കുകൾ കേട്ടുകൊണ്ടിരിക്കുവാൻ ഞാൻ തയ്യാറില്ല. ഉദ്ധതനായ അങ്ങു് പട നടത്തുന്നിടത്തോളംകാലം ഞാൻ വില്ലെടുക്കുന്നതല്ല. അങ്ങയുടെ മരണശേഷം എന്നാൽ ആവുന്നതുപോലെ ഞാൻ ചെയ്തുകൊള്ളാം. (എന്നു് പോകുന്നു)
ദ്രോണർ:
(ആത്മഗതം) ആദ്യമേ ദുശ്ശകുനംതന്നെയാണു്. കക്ഷിയിൽ കലഹംകൊണ്ടാണല്ലോ തുടങ്ങുന്നതു്.
ദുര്യോധനൻ:
അതു് പോവട്ടെ. ഈ പറഞ്ഞ കണക്കിനും നമുക്കാണല്ലോ വിരോധികളെക്കാൾ ശക്തി. സൈന്യബലം നമുക്കാണു് കൂടുതലുള്ളതു്. മഹാരഥന്മാർ അധികം നമ്മുടെ പക്ഷത്തിലാണു്. പാണ്ഡവന്മാരെ തോല്പിച്ചോടിക്കുവാൻ എന്താണു് പ്രയാസം? ഒന്നുകൊണ്ടും ഇതിൽ വൈഷമ്യം ഞാൻ കാണുന്നില്ല.
ശകുനി:
അതല്ലേ ഞാനും പറയുന്നതു്. ഞാൻ നോക്കിയിട്ടു് അവരുടെ പക്ഷത്തിൽ ഒരു ബലവും കാണുന്നില്ല. എന്താണു് സൈന്ധരാജാവേ, നിങ്ങളുടെ അഭിപ്രായം?
ജയദ്രഥൻ:
ആകപ്പാടെ പറഞ്ഞുവന്നപ്പോൾ അവരുടെ കൂട്ടത്തിൽ യുദ്ധംചെയ്വാൻ അർജ്ജുനനും സാത്യകിയും ഉണ്ടു്. അവരെക്കൊണ്ടു് എന്തു് സാധിക്കും?
ദുര്യോധനൻ:
പൂജ്യനായ ആചാര്യ, അവിടേയ്ക്കെന്താണു് അഭിപ്രായം?
ദ്രോണർ:
മഹാരാജാവേ, ഭീഷ്മരോടുതന്നെ ചേദിക്ക.
ദുര്യോധനൻ:
(ഭീഷ്മരോടു്) പിതാമഹന്റെ അഭിപ്രായമെന്തെന്നറിവാൻ ഞങ്ങൾക്കു് ആഗ്രഹമുണ്ടു്.
ഭീഷ്മർ:
ഉണ്ണീ, ഗാന്ധാരരാജാവിന്റെ അഭിപ്രായം ശരിയാണു്. അവർക്കു് നമ്മോളം സൈന്യബലം ഇല്ല. അവരുടെ വില്ലാളികളും നമ്മുടെ വശത്തുള്ളവരോടു് തുല്യരല്ല. പക്ഷേ,—
ശകുനി:
എന്താണു് പിന്നെ ആക്ഷേപം?
ഭീഷ്മർ:
അവർക്കു് എല്ലാറ്റിലും മികച്ച ഒരു ശക്തിയുണ്ടു്.
ശകുനിയും ജയദ്രഥനും:
അതെന്താണു്?
ഭീഷ്മർ:
അതു് ഞാൻ പറയണമോ?

കാരുണ്യാംബുധി ദുഷ്ടനാശനപരൻ

സത്യസ്വരൂപൻ പരൻ

നേരിൽ ഭക്തരെയെന്തു ചെയ്തുമനിശം

കാക്കുന്ന നാരായണൻ

പാരിൽ ധർമ്മമുയർത്തുവാനുടലെടു-

ത്തുള്ളോരു കൃഷ്ണൻ സ്വയം

പോരിൽ തേരു തെളിക്കവേ വിജയനെ-

ത്തോല്പിക്കുവാനൊക്കുമോ? 20

ശകുനി:
നിരായുധനായ കൃഷ്ണനെക്കൊണ്ടെന്തു് സാധിക്കും?
ദ്രോണർ:
കൃഷ്ണനെക്കൊണ്ടെന്തു് സാധിക്കുമെന്നോ! കൊള്ളാം, ഭഗവാന്റേയും ഗുണം പറഞ്ഞു് വേണമോ അറിവാൻ? അഥവാ, താമസബുദ്ധികളായ ഇവർക്കു് പറഞ്ഞാലും മനസ്സിലാകയില്ലല്ലോ.
അണിയറയിൽ:

കൂടീ സേനാസമൂഹം കരകവിയുമൊരം-

ഭോധിപോൽ വീതഭംഗം;

മൂടി ദിക്കൊക്കെയശ്വപ്രവരഗണഖുരോ-

ദ്ധൂതമാം ധൂളിജാലം;

കൂടീടുന്നാർപ്പിനാൽ ദിഗ്ഗജവരചെവിപൊ-

ട്ടുന്നു ഞാണൊച്ചയാലും;

സാടോപം ഭൂ കുലുക്കം പടയിതു ധരണീ-

നാഥനെക്കാത്തുനില്പൂ. 21

ദുര്യോധനൻ:
സേനാപതിക്കു് സൈന്യപരിശോധന ചെയ്വാനുള്ള സമയമായിരിക്കുന്നു. നിങ്ങളെല്ലാവരും ചെല്ലുവിൻ. (മറ്റെല്ലാവരും പോകുന്നു) (കുറച്ചുനേരം ആലോചിച്ചിട്ടു്) ഏതായാലും യുദ്ധംതന്നെ. ഫലം കണ്ടുതന്നെ അറിയണം. വീരന്മാരായ ക്ഷത്രിയന്മാർക്കു് യുദ്ധംപോലെ മറ്റെന്താണുളളതു് ? അതു് ഞാൻ വരിച്ചുകഴിഞ്ഞു.

നാലാമങ്കം കഴിഞ്ഞു.

അഞ്ചാമങ്കം

(ശ്രീകൃഷ്ണനും പാണ്ഡവന്മാരും പ്രവേശിക്കുന്നു)

ശ്രീകൃഷ്ണൻ:
യുധിഷ്ഠിരമഹാരാജാവേ, അങ്ങയ്ക്കു് പൈതൃകമായ രാജ്യം കൈവന്നു. ധർമ്മം പുലർത്തുന്നതിനായി രാജ്യഭാരം കയ്യേല്ക്കുകയാണു് ഇനി കർത്തവ്യമായുള്ളതു്.

അരതിവൃന്ദത്തെ ഹനിച്ചു, ധർമ്മം

സനാതനം നാട്ടിൽ നടത്തിമേലിൽ

പ്രജാഹിതം ചെയ്തു ഭവാനജാത-

ശത്രുത്വനാമം, നൃപ, സാർത്ഥമാക്കൂ. 1

യുധിഷ്ഠിരൻ:
ഭഗവാനേ, എനിക്കു് രാജഭോഗങ്ങളിൽ സന്തുഷ്ടിയുണ്ടാകുന്നില്ല. ബന്ധുമിത്രാദികളുടെ മരണം കൊണ്ടുളള ദുഃഖം എന്റെ മനസ്സിനെ വല്ലാതെ തപിപ്പിക്കുന്നു. എത്ര പ്രബലന്മാരും മഹാനുഭാവന്മാരുമായ രാജാക്കന്മാരാണു് എന്റെ രാജ്യലോഭംകൊണ്ടു് മരിച്ചതു്. എത്രമാത്രം ജനങ്ങളാണു് മുറിവും പരുക്കുകളും ഏറ്റു് സങ്കടമനുഭവിക്കുന്നതു്. എന്തു് നാശങ്ങളാണു് നാട്ടിനു് സംഭവിച്ചിട്ടുള്ളതു്! ഇതെല്ലാം വിചാരിക്കുമ്പോൾ രാജ്യത്തിൽ എനിക്കു് കൊതി തോന്നുന്നില്ല. കൗരവവംശമെല്ലാം മരിച്ചു് വൃദ്ധനായ ധൃതരാഷ്ട്രരും ഞങ്ങൾ അഞ്ചുപേരും മാത്രമായി. പ്രത്യേകിച്ചും ജ്യേഷ്ഠനായ കർണ്ണനും മൃതിയടഞ്ഞല്ലോ. ദിവ്യനായ ആ അംഗരാജാവു് എന്റെ ജ്യേഷ്ഠനാണെന്നു് അറിഞ്ഞിരുന്നെങ്കിൽ—ഞാനൊരാളുടെ ദോഷംകൊണ്ടല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചതു് ? അതുകൊണ്ടു് ഇത്രയെല്ലാം സങ്കടത്തിനു് ഇടയാക്കിയ ഈ രാജ്യത്തെ ഉപേക്ഷിച്ചു് തപസ്സു് ചെയ്തു് ശിഷ്ടമുള്ള ജിവിതമെങ്കിലും കഴിക്കട്ടെ.
ഭീമൻ:
(ആത്മഗതം) ഇതെന്തു് ഭ്രാന്താണു്? (പ്രത്യക്ഷം) ആര്യ.

വസിച്ചു പന്തീരാണ്ടധികമഴലാർ-

ന്നങ്ങടവിയിൽ;

സഹിച്ചൂ നാം ദാസ്യസ്ഥിതികള-

ഭിമാനക്ഷയമൊടും;

നശിച്ചു ബന്ധുക്കാർ സുതരുമടരിൽ;

പിന്നൊരുവിധം

ജയിച്ചപ്പോൾ വീണ്ടും വിപിനമണവാനോ

കൊതിയഹോ! 2

എന്താണു് ഇങ്ങനെ അരുളിച്ചെയ്യുന്നതു്? കാട്ടിൽ താമസിച്ചപ്പോൾ—

അർജ്ജുനൻ:
ആര്യ, വളരെനാൾ സങ്കടം അനുഭവിച്ചു് സ്വല്പമൊരാശ്വാസത്തിനിടവരുമെന്നു് വിചാരിച്ചിരുന്നപ്പോൾ, പുത്രന്മാരുടേയും സഹോദരന്റേയും മരണംകൊണ്ടു് പിന്നേയും വ്യസനസാഗരത്തിൽ മുങ്ങിയിരിക്കുന്ന ധർമ്മപത്നിയുടെ കഥ വിചാരിക്കുക.
ശ്രീകൃഷ്ണൻ:
മഹാരാജാവേ, അവിടേയ്ക്കു് തോന്നുന്ന വിരക്തി എനിക്കു് ആശ്ചര്യമുണ്ടാക്കുന്നില്ല. ബന്ധുമിത്രാദികളുടെ മരണം സംസാരികൾക്കു് ദുഃഖകരമാണു്. എന്നാൽ മഹാരാജാവായ അങ്ങു് അപ്രകാരമുള്ള വികാരങ്ങൾക്കു് കീഴടങ്ങുന്നതു് വിഹിതമല്ല. എന്നുതന്നെയല്ല, ധർമ്മരക്ഷണത്തിനായി ബന്ധുക്കളെപ്പോലും ഹനിക്കുന്നതു് ധർമ്മമാണല്ലോ. അതുകൊണ്ടു് ദുഃഖത്തെ കളഞ്ഞാലും. ശത്രുസംഹാരം രാജാക്കന്മാർക്കു് പ്രാരംഭക്രിയമാത്രമാണു്. അതിനെക്കാൾ പ്രാധാന്യമേറിയതത്രേ പ്രജാപരിപാലനം. അതിനുംപുറമേ രാജസൂയം കഴിച്ചു് വിധിപ്രകാരം രാജ്യം പാലിച്ചുകൊള്ളുന്നതിനു് ദീക്ഷ ചെയ്താളുമാണു്. അതുകൊണ്ടു് ആ നിശ്ചയത്തെ പാലിക്കാതെ തപസ്സു് ചെയ്വാൻ പോകുന്നതു് ധർമ്മവിരുദ്ധവുമായിരിക്കും.
യുധിഷ്ഠിരൻ:
ഭഗവാനേ, അവിടുന്നു് അരുളിച്ചെയ്തതനുസരിക്കുന്നതിനു് ഞാൻ സദാ സന്നദ്ധനാണു്. എങ്കിലും,

ദിവ്യൻ ശന്തനുജൻ പിതാമഹനെനി-

ക്കാചാര്യനാം ദ്രോണരും

ശാന്തൻ ശല്യരുമെമ്പെഴും ദ്രുപദജയ്ക്കു-

ള്ളോരു പൊൻമക്കളും

സൗഭദ്രൻ: പറയാതെങ്ങനെയഹോ!

പെറ്റമ്മതൻ മക്കളിൽ

ജ്യേഷ്ഠൻ കർണ്ണനുമെന്റെ ലോഭതി-

നാൽ കഷ്ടം, നശിച്ചില്ലയോ? 3

ഒന്നുകൊണ്ടും എനിക്കു് സഹിക്കവയ്യാത്തതു് അർക്കപുത്രനായ ആ അംഗരാജാവിന്റെ മരണമാണു്. ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അറിയുന്നതിനു് എനിക്കു് ഭാഗ്യമുണ്ടായില്ല. ഞാൻമൂലം അദ്ദേഹം ഇപ്പോൾ മരിക്കയും ചെയ്തല്ലോ. എന്തു് പാപമാണു് നാം അതുകൊണ്ടു് നേടിവെച്ചതു്! ജ്യേഷ്ഠനായ അദ്ദേഹത്തിന്റെ മരണത്തിനു് കാരണഭൂതനായ ഞാൻ മനസ്സമാധാനത്തോടെ എങ്ങനെ അടങ്ങിയിരിക്കും?

നകുലസഹദേവന്മാർ:
മഹാരാജാവു് കലിക്കുന്നതിൽ ന്യായം ഇല്ലാതില്ല. എങ്കിലും ഇപ്പോൾ രാജ്യമുപേക്ഷിക്കുന്നതു് നന്നല്ലെന്നു് ഞങ്ങൾക്കു് തോന്നുന്നു.
ശ്രീകൃഷ്ണൻ:
കുന്തീപുത്ര, അങ്ങയുടെ സങ്കടത്തിനു് അവകാശം ഞാൻ കാണുന്നില്ല. കർണ്ണൻ ഒന്നുകൊണ്ടും ശോച്യനല്ല. ഏതുവിധത്തിലാണു് അദ്ദേഹം ജീവിച്ചതും മരിച്ചതും എന്നു് വിചാരിക്കൂ.

പാരം ധർമ്മമുയർത്തി മേന്മയിൽ വസി-

ച്ചദ്ദാനശീലത്തിനാൽ

പാരീരേഴിലുമുറ്റ കീർത്തി വിതറി-

പ്പുണ്യങ്ങൾ ചെയ്തേറെയായ്

പോരിൽ പിൻവലിയാതെതിർത്തരികളോ-

ടസ്തംഗമിച്ചപ്പൊഴേ

വീരസ്സ്വർഗ്ഗമണത്തൊരർക്കതനയൻ

തേ ശോച്യനല്ലേതുമേ. 4

മഹാത്മാവായ ആ അംഗരാജാവിനെ തോല്പിച്ചു് വിജയം നേടിയ കിരീടിയെ അഭിനന്ദിക്കുക.

അർജ്ജുനൻ:
ഭഗവാൻ, ഞാനാണോ കർണ്ണനെ തോല്പിച്ചതു്? എന്റെ അസ്ത്രംകൊണ്ടാണു് ആ പുണ്യാത്മാവു് ഗതി അടഞ്ഞതെങ്കിലും എന്റെ സാമർത്ഥ്യംകൊണ്ടാണു് അങ്ങനെ സംഭവിച്ചതെന്നു് എനിക്കു് അഭിമാനമില്ല.

ഞാനോ യാചനചെയ്തു തൽക്കവചവും

തൽക്കുണ്ഡലദ്വന്ദ്വവും?

ഞാനോ വേൽ കളയിച്ചു ഭീമസുതനെ-

ക്കൊല്ലിച്ചു യുദ്ധാങ്കണേ?

ഞാനോ നാഗശരം വരുന്നളവില

ത്തേർ താഴ്ത്തതും? കൃഷ്ണ, നി-

ന്നോരോ മായകളോർക്കിലർക്കജവധം

ത്വൽക്രീഡതാൻ നിർണ്ണയം. 5

കൃഷ്ണൻ:
ശരിയാണു്. ആ അംഗരാജാവു് മരണം സ്വയമായി വരിക്കയായിരുന്നു. അല്ലാതെ കൊല്ലപ്പെട്ടതല്ല. ഏതായാലും (കൃഷ്ണൻ പൊടുന്നനവേ യോഗസമാധിയിൽ ഇരിക്കുന്നു. എല്ലാവരും വിസ്മയത്തോടെ നോക്കി നിശ്ചേഷ്ടരായി നില്ക്കുന്നു. സമാധിയിൽനിന്നുണർന്നപ്പോൾ)—
യുധിഷ്ഠിരൻ:
ഭഗവാനേ, ഞാൻ ഒന്നു് ചോദിച്ചുകൊള്ളട്ടെ: അവിടുത്തെ ഭക്തന്മാർ അവിടുത്തെപ്പറ്റി വിചാരിച്ചു് യോഗസമാധിയിൽ ഇരിക്കുംപോലെ, ഭഗവാൻതന്നെ ആരൊരാളെ വിചാരിച്ചാണു് ഇപ്പോൾ ഇങ്ങനെ ഇരുന്നതു് ? സർവ്വയോഗികളുടേയും മനസ്സിൽ സ്ഥിതിചെയ്യുന്ന അങ്ങുതന്നെ ആരെപ്പറ്റി ഇങ്ങനെ വിചാരിക്കുവാൻ ഇടയാകുന്നു?
കൃഷ്ണൻ:
(പുഞ്ചിരിയോടുകൂടി) മഹാരാജാവേ, അതു് പറയാം: നിങ്ങളുടെ പിതാമഹനും പുണ്യാത്മാവുമായ ഗംഗാദത്തൻ, സർവ്വരാഗങ്ങളും ഉപേക്ഷിച്ചു്, ഏകാഗ്രചിത്തനായി, തന്റെ കുണ്ഡലിനീശക്തിയെ മൂലാധാരത്തിൽനിന്നിളക്കി ഷഡ്ചക്രതരണംചെയ്യിച്ചു സഹസ്രാരാംബുജത്തിൽ പ്രവേശിപ്പിച്ചു്, ഞാനും എന്റെ പ്രകൃതിയും കൂടെയുണ്ടാകുന്ന സംയോഗത്തിൽനിന്നു് പ്രവഹിക്കുന്ന സുധാസാരാഭിവർഷം സുഷുമ്നാനാഡി വഴി കീഴ്പ്പോട്ടിറക്കി, ബ്രഹ്മാനന്ദമഗ്നനായി പ്രകൃതിയോടുകൂടിയ എന്നെത്തന്നെ സാഷ്ടാംഗധ്യാനംകൊണ്ടു് മനസ്സിൽ ഇരുത്തി ഇളകാതെ ഇരുന്നതുകൊണ്ടു് ഞാനും ഇളകാതെ ഇരുന്നുപോയതാണു്. നിഷ്കളരൂപനായി എന്നെ സകളസ്വരൂപനായി സച്ചിദാനന്ദരൂപനായിക്കണ്ടു്, മനസ്സുകൊണ്ടു് എന്നോടുതന്നെ ലയിച്ചു് അദ്ദേഹം സ്ഥിതിചെയ്യുന്നു. നിങ്ങൾ അദ്ദേഹത്തെപ്പോയിക്കണ്ടു് ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കേണ്ടതാണു്. അതിനാൽ നമുക്കെല്ലാവർക്കുംകൂടി അങ്ങോട്ടുതന്നെ പോകാം.
എല്ലാവരും:
അങ്ങനെതന്നെ.

(എല്ലാവരും പോകുന്നു)

വിഷ്കംഭം കഴിഞ്ഞു

(ശ്രീകൃഷ്ണൻ, പാണ്ഡവന്മാർ, പാഞ്ചാലി ഇവർ പ്രവേശിക്കുന്നു.)

യുധിഷ്ഠിരൻ:
ഈ യുദ്ധക്കളത്തിന്റെ ഭയാനകത!

അഴിഞ്ഞൊരു രഥങ്ങളും തലകൊഴി-

ഞ്ഞൊരശ്വങ്ങളും

പിളർന്നരുവി ചാടിടും മലകൾപോൽ

ദ്വിപപ്രൗഢരും

കരങ്ങൾ തല പാദമെന്നിവ വെടി-

ഞ്ഞ കാലാൾകളും

നീരന്നിടകലർന്ന പോർക്കളമിതെ-

ത്ര ഭീതിപ്രദം! 6

കൃഷ്ണൻ:
അതേ, ഈ കുരുക്ഷേത്രം വളരെ ഭയങ്കരമായിത്തന്നെ കാണപ്പെടുന്നു.
പാഞ്ചാലി:
ചോരയൊഴുകിക്കുഴഞ്ഞ ഈ നിലത്തുകൂടി നടക്കുന്നതുതന്നെ സങ്കടം. കഴുകു, ചെന്നായ് മുതലായ ദുഷ്ടജന്തുക്കൾ പാതി തിന്നു് കിടക്കുന്ന ഈ പോരാളികളുടെ മൃതശരീരങ്ങൾ എനിക്കു് പേടിയുണ്ടാക്കുന്നു. പിതാമഹൻ കിടക്കുന്നിടത്തേയ്ക്കു് ഇവിടുന്നു് എത്ര മാത്രമുണ്ടു്?
അർജ്ജുനൻ:
അതാ, ഒരു വിളിപ്പാടുതന്നെയില്ല. ധൈര്യമവലംബിക്കുക. ശവങ്ങൾകൊണ്ടു് നിറഞ്ഞ ഈ യുദ്ധഭൂമിയിൽ അവിടവിടെയായിക്കാണുന്ന തേരുകളിൽ രണ്ടുവശത്തുമുള്ള പ്രശസ്തന്മാരായ രാജാക്കന്മാർ മൃതരായിട്ടും ജീവൽപ്രൗഢിയോടെ കിടക്കുന്നതു് നോക്കുക.

യുഗാന്തമതിൽ മൃത്യുപൂണ്ടവശരായ

ദിക്പാലർപോൽ

കിരീടകടകാംഗദാദികൾ ധരിച്ച

ഭൂപാലകർ

രഥങ്ങളിൽ മലച്ചിതാ, പെരുമയിൽ കി-

ടക്കുന്നുതേ;

വരിഷ്ഠരവരിപ്പൊഴും പദവി കൈവി-

ടുന്നില്ലഹോ. 7

പാഞ്ചാലി:
എനിക്കിവിടം കാണേണമെന്നേ ഇല്ല.

(കണ്ണുപൊത്തുന്നു.)

കൃഷ്ണൻ:
ഇതാ, നാം വന്നുകഴിഞ്ഞല്ലോ.

(ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ പ്രത്യക്ഷമാകുന്നു)

ഭീഷ്മർ:
ഞാൻ അതിഭാഗ്യവാൻതന്നെ. അന്ത്യകാലത്തിൽ എനിക്കു് ഭഗവദ്ദർശനംകൂടി സാദ്ധ്യമായല്ലോ. ഭഗവൻ, അങ്ങയെ, ശരശയ്യയിൽ കിടക്കുന്ന ഈ ഗംഗാദത്തൻ മനസ്സുകൊണ്ടു് നമസ്കരിക്കുന്നു. വരൂ, ഉണ്ണികളേ, അടുത്തു് വരുവിൻ! (പാണ്ഡവന്മാരും പാഞ്ചാലിയും അടുത്തുചെന്നു് വന്ദിക്കുന്നു.)
ശ്രീകൃഷ്ണൻ:
ദേവവ്രത! എന്നെ കാണുന്നതിനു് അങ്ങയ്ക്കുള്ള ആഗ്രഹംപോലെ അങ്ങയുടെ അടുക്കൽ വരുന്നതു് എനിക്കും പ്രിയമാണെന്നു് അറിവുള്ളതാണല്ലോ. അതുകൊണ്ടുതന്നെയാണു് ഞാനും ഇവരുടെ കൂടെ പോന്നതു്. പിതാമഹനെ കണ്ടു് വന്ദിച്ചു് അനുഗ്രഹം സമ്പാദിക്കണമെന്നു് അവർക്കു് ആഗ്രഹമുണ്ടു്.
യുധിഷ്ഠിരൻ:
(ഭീഷ്മരോടു്) അവിടുത്തെ അനുഗ്രഹമുണ്ടാകണം. ഞാൻ കുലനാശംകൊണ്ടും ബന്ധുക്കളുടെ മരണംകൊണ്ടും ഇതികർത്തവ്യതാമൂഢനായിത്തീർന്നിരിക്കുന്നു. എന്റെ അനുജന്മാരും അങ്ങനെതന്നെ.
ഭീഷ്മർ:
ഉണ്ണീ,

മുന്നേ നീ വിജയിച്ചു വത്സ, മദമാ-

ത്സര്യാദിശത്രുക്കളെ;-

പ്പിന്നിപ്പോൾ വിമതാവനീപതികളെ

വീര്യാലടക്കീ ദ്രുതം;

മന്നീരേഴിനുമീശനായ് ബഹുവിധം

ധർമ്മം പുലർത്തിപ്പരം

ധന്യശ്രീയൊടു വാഴ്ക നീ സുചിരമി-

ക്ഷോണിക്കലങ്കാരമായ്! 8

യുധിഷ്ഠിരൻ:
ഞാൻ അനുഗൃഹീതനായി. ഒന്നുകൊണ്ടാണു് എനിക്കു് സങ്കടമുള്ളതു്: ബന്ധുക്കളും ഗുരുക്കളും മരിച്ചിട്ടു് രാജ്യഭോഗം അനുഭവിക്കുന്നതിനു് എനിക്കു് മനസ്സു് വരുന്നില്ല.
ഭീഷ്മർ:
അങ്ങനെ നീ ശങ്കിക്കേണ്ടതില്ല. എതിരാളികൾ ബന്ധുക്കളായാലും ഗുരുക്കളായാലും ധർമ്മയുദ്ധത്തിൽ മരിച്ചാൽ വ്യസനിക്കേണ്ടതായിട്ടില്ല. പൗരവധർമ്മം അനുസരിച്ചു് നീ നാടു് വാഴുക! ഉണ്ണികളേ! നിങ്ങളും മഹാരാജാവിനു് സഹായമായി ആയുഷ്മാന്മാരായിവസിക്ക!
പാഞ്ചാലി:
പിതാമഹ, പുത്രവധാർത്തയായ ഈ ദ്രൗപദി വന്ദിക്കുന്നു.
ഭീഷ്മർ:
കുഞ്ഞേ, ദ്രുപദപുത്രി, നീ സൗഭാഗ്യവതിയായിത്തീരുക!

നിൻകോപാഗ്നിയിൽ വെന്തുപോയ് പ്രബലമാം

സൈന്യത്തോടും നൂറ്റുപേർ;

നിൻചാരിത്രമതൊന്നുതാൻ ദ്രുപദജേ,-

യീയഞ്ചുപേർക്കാശ്രയം;

പഞ്ചബ്രഹ്മരൊടൊത്തെഴുന്നൊരു പരാ-

ശക്തിക്കു തുല്യം പ്രിയാ-

ലഞ്ചാൾക്കും സതി,

ശക്തിയായ് വിലസുകീ-

ക്ഷോണീതലേ നീ ചിരം! 9

കുലസന്തതിയറ്റുപോകുമെന്നു് നീ ഖേദിക്കേണ്ട. നിന്റെ പാതിവ്രത്യമാഹാത്മ്യംകൊണ്ടു് പൗരവവംശം നിലനില്ക്കും. സർവ്വരാജഭോഗങ്ങളും ഭുജിച്ചു് ദീർഘായുസ്സായിട്ടിരിക്ക!

കൃഷ്ണൻ:
ഈ പാണ്ഡവർക്കു് ഇതിനുപരിയായി എന്തു് ശ്രേയസ്സാണു് അങ്ങിൽനിന്നു് ലഭിക്കുവാനുള്ളതു്?
ഭീഷ്മർ:
ഭഗവാൻ, അവരെ സർവ്വദോഷങ്ങളും അകറ്റി രക്ഷിക്കുവാൻ അങ്ങുതന്നെ ഇരിക്കുമ്പോൾ എന്നാലെന്താണു് സാദ്ധ്യമായിട്ടുള്ളതു്?
യുധിഷ്ഠിരൻ:
പിതാമഹ, ഞാൻ ഒന്നു് ചോദിച്ചുകൊള്ളുന്നു: സ്വച്ഛന്ദമൃത്യുവായ അവിടത്തേയ്ക്കു് സഹായമായി ഞങ്ങൾ വിചാരിച്ചാൽ ഒന്നുംതന്നെ ചെയ്വാൻ സാധിക്കുന്നതല്ലെങ്കിലും, എന്തെങ്കിലും ഞങ്ങളാൽ അനുഷ്ഠേയമായിട്ടുണ്ടെങ്കിൽ ആജ്ഞാപിക്കണമെന്നു് ഞാൻ സവിനയം അപേക്ഷിക്കുന്നു.
ഭീമസേനൻ:
ഞങ്ങളുടെ എല്ലാവരുടേയും അഭിപ്രായമാണു് ജ്യേഷ്ഠൻ പറഞ്ഞതു്.
ഭീഷ്മർ:
(ചിരിച്ചുകൊണ്ടു്) ഉണ്ണികളേ, നിങ്ങളുടെ വിനയത്തിൽ ഞാൻ സന്തോഷിക്കുന്നു. മിക്കവാറും മൃതനായ എനിക്കു് എന്താണു് ആഗ്രഹമെന്നു് പറയുവാനുള്ളതു്?
ശ്രീകൃഷ്ണൻ:
അതേ.

കൊട്ടാരങ്ങളിൽ വാഴ്കിലും സുദൃഢമാ-

യുഗ്രവ്രതം കൊണ്ടവൻ

മുട്ടാതീയുലകം ജയിക്കിലുമഹോ,

രാജ്യം ത്യജിച്ചുള്ളവൻ

മട്ടോലുംമൊഴിമാർ ചുഴന്നിടുകിലും

സംഗം വെടിഞ്ഞുള്ളവൻ

പട്ടാങ്ങാൽ വസുവാമിവൻ, നൃപമണേ,-

യെന്താഗ്രഹിപ്പു ഭൂവി! 10

ഭീഷ്മർ:
അങ്ങനെ അരുളിച്ചെയ്യരുതു്. മനുഷ്യബന്ധങ്ങൾ തീരുന്നതുവരെ ആർക്കാണു് ആഗ്രഹങ്ങൾ ഇല്ലാത്തതു് ? എനിക്കു് ഒരാഗ്രഹം മനസ്സിൽ തോന്നുന്നുണ്ടു്.
ശ്രീകൃഷ്ണൻ:
അഷ്ടാംഗയോഗത്തിൽ സദാ സർവ്വേശ്വരനെ കണ്ടുകൊണ്ടിരിക്കുന്ന അങ്ങയ്ക്കു് അതെങ്ങനെ സംഭവിക്കുന്നു?
ഭീഷ്മർ:
അസ്ത്രങ്ങൾ ദേഹത്തിലേറ്റു് പഴുത്തിട്ടുള്ള വേദന അസഹ്യമായിരിക്കുന്നു. അതെന്റെ ധ്യാനത്തിനു് തടസ്സം വരുത്തുന്നു.
അർജ്ജുനൻ:
അയ്യോ! എന്റെ വില്ലിൽനിന്നുള്ള അസ്ത്രങ്ങളായിരിക്കുമോ പിതാമഹനെ പീഡിപ്പിക്കുന്നതു്? പിതാമഹ, എന്റെ ഘോരാപരാധത്തെ പൊറുക്കണേ! അവിടുത്തെ പാവനമായ ദേഹത്തിൽ ഞാൻ മുറിവേല്പിച്ചല്ലോ.
യുധിഷ്ഠിരൻ:
ഞങ്ങൾ ചെയ്തുപോയ അപരാധങ്ങൾ അങ്ങു് ക്ഷമിക്കണം. രാജ്യലോഭംകൊണ്ടു് ബന്ധുക്കൾക്കു് ഈയുള്ളവർ അപരാധികളായി. ഹാ, എന്തു് പാപമാണു് ചെയ്തതു്!
ഭീഷ്മർ:
വത്സ, വിജയ! നീ സങ്കടപ്പെടേണ്ടാ. ഗാണ്ഡീവത്തിൽനിന്നു് വന്നിട്ടുള്ള ശസ്ത്രങ്ങളല്ല എനിക്കു് മുറിവുപെടുത്തിയിട്ടുള്ളതു്. അവയെ ഞാൻ എന്നാൽ കഴിയുന്നതുപോലെ തടഞ്ഞു. നപുംസകമായ ആ ശിഖണ്ഡിയുടെ ശരങ്ങളാണു് എന്നെ വേദനപ്പെടുത്തുന്നതു്.
ഭീമൻ:
രാജ്യകാര്യങ്ങളിൽ അറിവുകുറയുന്ന ഒരു വെറും പൊട്ടനാണു് ഞാൻ. അതുകൊണ്ടു് ചോദിക്കുന്നതാണു്. ഭാർഗ്ഗവസ്വാമിയോടുതന്നെ എതിർത്തു് ജയിച്ച അവിടുത്തോടു് എങ്ങനെയാണു് ആണും പെണ്ണും കെട്ട ഒരു നപുംസകം എതിർത്തു് യുദ്ധം ചെയ്തതു്?
ഭീഷ്മർ:
(ചിരിച്ചുംകൊണ്ടു്) ദൈവവിധി!
ശ്രീകൃഷ്ണൻ:
(ആത്മഗതം) കോസലപുത്രിയുടെ അപരാധത്തെപ്പോലും മറക്കുന്നതിനു് ഇദ്ദേഹം ശ്രമിക്കുന്നു. (പ്രത്യക്ഷം) ഭീമസേന, അതു് ഞാൻ പറയാം. ഇദ്ദേഹം കോസലപുത്രിയായ അംബയെ തിരസ്കരിച്ചതു് നിങ്ങൾക്കറിയാവുന്നതാണല്ലോ.
ഭീമസേനൻ:
അതേ, മുത്തശ്ശിയുടെ സഹോദരി തിരികെ വന്ന കഥ കേട്ടിട്ടുണ്ടു്.
ശ്രീകൃഷ്ണൻ:
ബ്രഹ്മചാരിയായ ഇദ്ദേഹത്തിനാൽ തിരസ്ക്കൃതയായ ആ കന്യക, കാർത്തികേയനെ ഉഗ്രമായ തപസ്സുചെയ്തു് പ്രത്യക്ഷപ്പെടുത്തി. ഭീഷ്മരാൽ താൻ അധിക്ഷിപ്തയായെന്നും, അതുകൊണ്ടു് അദ്ദേഹത്തെ കൊല്ലുന്നതിനു് തക്കതായ വരം വേണമെന്നും പ്രാർത്ഥിച്ചു. ഷണ്മുഖൻ ദിവ്യമായ ഒരു മാല്യം അവൾക്കു് കൊടുത്തു. ഏതു് ക്ഷത്രിയൻ ആ മാല ധരിക്കുന്നുവോ അവനു് ഭീഷ്മരെ കൊല്ലായ്വരും എന്നു് വരവും നല്കി. അംബ ആ മാലയുംകൊണ്ടു് എല്ലാ രാജ്യത്തും നടന്നുവെങ്കിലും ഇദ്ദേഹത്തെ പേടിച്ചു് ആരും അതു് കൈകൊണ്ടില്ല. ഒടുവിൽ ആശാഭംഗംകൊണ്ടു് ആകുലയായ ആ കന്യക പാഞ്ചാലനഗരത്തിലെ ഗോപുരദ്വാരത്തിൽ മാലയും ഉപേക്ഷിച്ചു് പോയ്ക്കളഞ്ഞു. യജ്ഞസേനന്റെ പുത്രിയായ ശിഖണ്ഡിനി ആ മാലയെ അറിയാതെ എടുത്തു് തലയിൽ ചൂടി. ദ്രുപദൻ ഭീതികൊണ്ടു് അവളെ ഉപേക്ഷിച്ചു എങ്കിലും കാർത്തികേയവരത്തിനാൽ അവളുടെ സ്ത്രീസ്വഭാവം മാറി ദിവ്യാസ്ത്രജ്ഞാനം സിദ്ധിച്ചപ്പോൾ തിരികെ ഗൃഹത്തിൽത്തന്നെ സ്വീകരിച്ചു. അങ്ങനെ ഷണ്മുഖപ്രസാദംകൊണ്ടു് കോസലപുത്രിയുടെ പ്രതികാരശപഥം സഫലമായി.
യുധിഷ്ഠിരൻ:
ഇപ്പോൾ എന്റെ മനസ്സിലെ വലുതായ ഒരു വേദനയൊഴിഞ്ഞു. പിതാമഹന്റെ ഈ സങ്കടത്തിനു് ഞങ്ങളാണു് കാരണഭൂതരെന്നുള്ള അപഖ്യാതിയുണ്ടാകില്ലല്ലോ. അവിടുത്തെ അസ്ത്രങ്ങളാൽ വീഴ്ത്തിയെന്നുള്ള പാപവും ഞങ്ങളിൽ ഇല്ലാതായി.
ഭീഷ്മർ:
ഉണ്ണികളേ, നിങ്ങൾ ഏതായാലും സന്താപപ്പെടേണ്ടതായിട്ടില്ല, മനുഷ്യനായി ജനിച്ചാൽ മരണവുമുണ്ടു്. നിങ്ങളുടെ നന്മ കണ്ടശേഷം മരിക്കാനിടവരുന്നതിനാൽ ഞാൻ സന്തുഷ്ടനാകുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ കരുണകൊണ്ടു് എന്റെ വേദനയും മാറിയിട്ടുണ്ടു്.
ശ്രീകൃഷ്ണൻ:
സാനുജനായി ധർമ്മപത്നിയോടൊന്നിച്ചു് യുധിഷ്ഠിരമഹാരാജാവു് ഇവിടെ വന്നിരിക്കുന്നതിനു് വേറെ ഒരു കാരണംകൂടിയുണ്ടു്. സർവ്വധർമ്മജ്ഞാനമുള്ള അങ്ങയിൽനിന്നു് രാജധർമ്മം മനസ്സിലാക്കണമെന്നു് അദ്ദേഹത്തിനു് ആഗ്രഹമുണ്ടു്. അതുകൊണ്ടു് അപ്രകാരം ചെയ്യേണമെന്നു് ഞാനും അപേക്ഷിക്കുന്നു.
ഭീഷ്മർ:
ഭഗവാനേ, അവിടുന്നു് എന്തിനാണു് എന്നെ ഇങ്ങനെ കളിയാക്കുന്നതു്?

പൊരുൾ നാലുവേദമതിനും ഭവാൻ ഭവൽ-

ക്കരുണാമൃതം സകലലോകകാരണം;

അറിയാവതോ മനുജബുദ്ധികൊണ്ടു നിൻ-

മറിമായമായ ഗുണധർമ്മലേശവും? 11

അജ്ഞനായ ഞാൻ എന്തു് ധർമ്മം പറവാനാണു്? കര കാണാത്ത മഹാസമുദ്രം കയ്യുംകാലുമില്ലാത്ത ഒരാൾ തുഴഞ്ഞുകേറാൻ ശ്രമിക്കുന്നതുപോലെ ഒരു സാഹസമാകുമല്ലോ ഞാൻ ധർമ്മം ഉപദേശിക്കുവൻ തുടങ്ങിയാൽ.

ശ്രീകൃഷ്ണൻ:
അങ്ങനെ വിചാരിക്കരുതു്; മദമാത്സര്യങ്ങൾ അകന്നു് വിവേകബുദ്ധി തെളിഞ്ഞ സജ്ജനങ്ങൾ ദൈവവിശ്വാസത്തോടുകൂടി വിധിക്കുന്ന നടപടിക്രമം മാത്രമാണു് ധർമ്മം. അതാണു് ദൈവത്തിനും സമ്മതം. പോരെങ്കിൽ ജ്ഞാനംകൊണ്ടും, ഏകാഗ്രമായ അഷ്ടാംഗദ്ധ്യാനംകൊണ്ടും ജീവന്മുക്തനായ അങ്ങു് പറയുന്നതിൽ അധർമ്മലേശം ഒരു കാലത്തും ഉണ്ടാകുന്നതല്ല. അതുകൊണ്ടു് മടികൂടാതെ പറഞ്ഞാലും.
പാഞ്ചാലി:
എന്റേയും അപേക്ഷയാണു് ഭഗവാൻ അരുളിച്ചെയ്തതു്. സ്ത്രീധർമ്മം പറഞ്ഞുകേൾപ്പിക്കണം.
യുധിഷ്ഠിരൻ:
പിതാമഹ,

രാജധർമ്മമതുപോലെ ദാനവും

മാനവർക്കുചിതമായ വൃത്തിയും

ജാതിഭേദമൊടു കർമ്മഭേദവും

വേർതിരിച്ചു കൃപയാലുരയ്ക്കണം. 12

ഭീഷ്മർ:
(ആലോചിച്ചിട്ടു്) വത്സേ! യാജ്ഞസേനി, ചാരിത്രത്തിനും സകല സ്ത്രീധർമ്മത്തിനും മാതൃകയായി പരിലസിക്കുന്ന നിന്നോടു് സ്ത്രീധർമ്മം ഞാൻ എന്താണു് പറവാനുളളതു്?

ശുശ്രൂഷിച്ചു കൊടുംവനസ്ഥലിയിലും

ഭർത്താക്കളെ നീ സുഖാൽ;

നിശ്ശേഷം മദമറ്റു ദാസ്യപദവും

നീതാൻ സഹിച്ചൂ ചിരം

ദിശ്രാവ്യം മൊഴി ചൊന്നു രാജസഭയിൽ

ദുശ്ശാസനൻ ചെയ്തൊരാ

വസ്ത്രാക്ഷേപവുമിന്നു നിൻഗുണഗണം

വാഴ്ത്തുന്നുവല്ലോ ശുഭേ! 13

പാഞ്ചാലി:
ആ പേരു് കേൾക്കുമ്പോൾ എനിക്കിപ്പോഴും അമർഷം ഉണ്ടാകുന്നു. എന്നെപ്പോലെ ആരു് സങ്കടം അനുഭവിച്ചിട്ടുണ്ടു്:

ദുഷ്ടൻ ദുശ്ശാസനൻ കൗരവസദസി മദാ-

ലെന്റെ കേശം പിടിച്ചു;

കഷ്ടം, കാട്ടിൽ കിടക്കുംപൊഴുതു തനുവിനെ-

ത്തീണ്ടിയാസ്സിന്ധുഭൂപൻ;

തൊട്ടല്ലോ കീചകൻ ദുർമ്മതി മമ കരതാർ

മത്സ്യരാജ്യത്തി;-ലേവം

കഷ്ടപ്പാടേറ്റതോർക്കുമ്പോഴുതു മനസി മേ

പ്രോജ്വലിക്കുന്നു കോപം. 14

ഭീമൻ:
(കണ്ണു് ചുവത്തിയിട്ടു്) എന്തിനതേപ്പറ്റി പറയുന്നു?

പുരണ്ട നിണമൊടു ഞാൻ കുടില-

കേശി, ബന്ധിച്ചു നിൻ-

വളർമ്മുടി; മരിച്ചിതർജ്ജുനശ-

രങ്ങളാൽ സൈന്ധവൻ;

ഞെരിച്ചു നിഹനിച്ചു കീചകനെ

ഞാൻ; നിനക്കാഗ്രഹം

സമസ്തമതു ചെയ്യുവാൻ സുമുഖി,

കൈകൾ പത്തില്ലയോ? 15

യുധിഷ്ഠിരൻ:
കൃഷ്ണേ, നിന്റെ കോപത്തെയടക്കുക.

മരിച്ചല്ലോ ദുശ്ശാസനനവര-

ജൻ സിന്ധുപതിയും;

പതിച്ചല്ലോ നിന്നിൽ പിഴ പലതു-

ചെയ്തോർ സകലരും;

അടക്കൂ കോപം; നീ സുഗുണ-

മാണ്ടുള്ളൊരവരിൽ

ക്ഷമിക്കേണം; വൈരം തവ മനസി-

ചീർപ്പിക്കരുതെടോ. 16

ഭീഷ്മർ:
വത്സേ, യുധിഷ്ഠിരൻ പറഞ്ഞതാണു് ഒന്നാമത്തെ ധർമ്മം. വൈരത്തിനു് വേരൂന്നാൻ മനസ്സിൽ ഇടം കൊടുക്കരുതു്. സ്ത്രീധർമ്മം ഓർക്കുക:

വേണം തേ ക്ഷമയേതിലും; പതിഹിതം

ചെയ്യേണമെല്ലായ്പോഴും;

പ്രീണിപ്പിക്കുക വാക്കിനാൽ

പ്രിയനെ;-യുൾ-

ക്കോപം ത്യജിച്ചീടണം;

നൂനം ഭൃത്യജനങ്ങളിൽ ദയവു കാ-

ട്ടേണം; മദം വിട്ടഹോ

വാണീടേണ-മിതാണു കാമിനികൾതൻ

ചാരിത്രധർമ്മം ശുഭേ! 17

പാഞ്ചാലി:
പിതാമഹൻ ക്ഷമിക്കണം. മദമാത്സര്യങ്ങൾ എന്നെ ഉപേക്ഷിച്ചിട്ടില്ല. ക്ഷമാശീലവും ചിലപ്പോൾ കുറയുന്നു. വേണ്ടതെന്തെന്നു് അരുളിച്ചെയ്താലും.
ഭീഷ്മർ:
കുഞ്ഞേ,

പറയാം പ്രിയവാദിനീമണേ:

തിറമോടോർക്കുക വിഷ്ണുതൻ പദം;

കുറവൊക്കെയുമായതൊന്നിനാൽ

വിരയെത്തീർന്നു ശുഭം ഭവിച്ചിടും. 18

ശ്രീകൃഷ്ണൻ:
ഉത്തമമായ ഉപദേശം. ഇനി രാജധർമ്മം മുതലായവ പറകതന്നെ.
യുധിഷ്ഠിരൻ:
അതിലേയ്ക്കു് ദയവുണ്ടാകണം.
ഭീഷ്മർ:
ഒന്നുമാത്രം പറയാം:

നഹുഷൻ, യയാതി പുരുവെന്ന പൂർവ്വികർ

പുരുധർമ്മശാലികൾ നടന്ന രീതിയിൽ

മകനേ, നടക്ക കുലധർമ്മമായതാ-

ണറിയാത്തതല്ലതു നിനക്കു ഭൂപതേ! 19

ഇതിൽക്കവിഞ്ഞു ഞാൻ നിന്നോടു പറയേണ്ടതായിട്ടില്ല.

ചെയ്യേണം യാഗമമ്പിൽ;

പ്രജകളുടെ ഹിതം-

പോലെ രാജ്യം ഭരിക്കൂ;

കയ്യൂക്കാൽ കാക്ക വെന്നു-

ള്ളിളയെ നരപതേ,

ദണ്ഡപാരുഷ്യമെന്ന്യേ;

വിത്തം ദാനത്തിനെന്നോർക്കുക;

ബലമുലകിൽ-

ദ്ധർമയരക്ഷയ്ക്കുമാത്രം;

സത്യത്തിൽ തെറ്റു വന്നീടരുതു; നൃപതിധ-

ർമ്മങ്ങൾ മറ്റൊന്നുമില്ല. 20

ശ്രീകൃഷ്ണൻ:
(ധൃതിയിൽ) ഇതാ, യുയുത്സു, വിദുരർ മുതലായവരാൽ അനുഗതനായ ധൃതരാഷ്ട്രമഹാരാജാവു് ഗാന്ധാരപുത്രിയോടുകൂടി സഞ്ജയന്റെ കയ്യും പിടിച്ചു് യുദ്ധക്കളത്തിൽകൂടി ഇങ്ങോട്ടുതന്നെ വരുന്നു.
യുധിഷ്ഠിരൻ:
പിതാക്കൾ ഇങ്ങോട്ടുതന്നെയാണു് എഴുന്നെള്ളുന്നതു്. മഹാരാജാവാകട്ടെ,

ചെമ്മേ മാർ വിരിവാർന്നു

കൈകൾ മുസലം-

പോൽ നീണ്ടു വക്ത്രാംബുജേ

സമ്മാന്യം കുലവീര്യമമ്പൊടു തെളി-

ച്ചീക്കൗരവാഗ്രേസരൻ

ധർമ്മജൻ സുധി ദേവസന്നിഭനഹോ

ജാത്യന്ധനെന്നാകിലും

മേന്മേൽ പൗരുഷമൂർത്തിയായ് പരിലസി-

ച്ചീടുന്നു ഭൂമീപതി. 21

പാഞ്ചാലി:
അതാ, അമ്മ ഗാന്ധാരീദേവി. പാതിവ്രത്യനിഷ്ഠകൊണ്ടു് കണ്ണു് സ്വയമായി മൂടിക്കെട്ടി സമഗ്രപ്രഭാവരായ നൂറു് മക്കളെ പ്രസവിച്ചു്, വീരപ്രസുവായെങ്കിലും എല്ലാവരും മരിച്ചു് ശോച്യയായ ആ മഹാറാണി.

(മുൻപറഞ്ഞപ്രകാരം ധൃതരാഷ്ട്രാദികൾ പ്രവേശിക്കുന്നു.)

ധൃതരാഷ്ട്രർ:
(ഭീഷ്മരെ വന്ദിച്ചു്)

ആരെനിക്കച്ഛ,നാരമ്മ,

ആരെൻഗുരുവരൻ സുധി,

ആരെൻകുലത്തിൽ മൂപ്പാർന്നോൻ,

ആ മഹാനെ നമിപ്പൂ ഞാൻ. 22

ഭീഷ്മർ:
മകനേ, നിനക്കു് സർവ്വസിദ്ധികളും ഉണ്ടാകട്ടേ.
ഗാന്ധാരി:

തൊഴുന്നു ഞാൻ, പൗരവ, നൂറു മക്കളെ-

പ്പെറ്റെങ്കിലും വിഹീനയായവൾ

ദുര്യോധനൻതൻ ജനയിത്രി, വീരരാം

സുതർക്കുവേണ്ടിക്കരയാത്ത നിൻസ്നുഷ. 23

ഭീഷ്മർ:
(തൊണ്ടയിടർച്ചയോടുകൂടി) മകനേ, ധൃതരാഷ്ട്ര, വത്സേ ഗാന്ധാരപുത്രി, നിങ്ങൾ വ്യസനിക്കേണ്ടതായിട്ടില്ല. ധർമ്മയുദ്ധത്തിൽ നിങ്ങൾക്കു് പുത്രന്മാർ നൂറുപേരും മൃതരായെങ്കിലും അഞ്ചു് മക്കൾ ശേഷിച്ചിട്ടുണ്ടല്ലോ. അവർ നിങ്ങളെ വേണ്ടപോലെ രക്ഷിച്ചുകൊള്ളും. യാതൊരു വിധത്തിലുമുള്ള സങ്കടത്തിനും അവകാശമില്ല.
സഞ്ജയൻ:
മഹാരാജാവേ, വാസുദേവനായ ശ്രീകൃഷ്ണൻ എഴുന്നെള്ളിയിട്ടുണ്ടു്. അദ്ദേഹം ഇതാ, നില്ക്കുന്നു.
ധൃതരാഷ്ട്രരും ഗാന്ധാരിയും:
(തൊഴുതിട്ടു്) ദേവകീപുത്ര, സങ്കടത്തിൽ മുഴുകിയ ഞങ്ങൾ അവിടുത്തെ വന്ദിക്കുന്നു.

നിൻമോഹനാംഗമിതു

കാണുവതിന്നെനിക്കു

തന്നില്ല കണ്ണഴലതിന്നിവനില്ല തെല്ലും;

എല്ലാത്തിലും നിറയുമാത്തവ ദിവ്യരൂപം

കാണ്മാൻ മനോനയനമേകുക

സർവ്വസാക്ഷിൻ. 24

ശ്രീകൃഷ്ണൻ:
പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്ര, മനസ്വിനിയായ ഗാന്ധാരപുത്രി, ദൈവകടാക്ഷംകൊണ്ടു് നിങ്ങൾക്കു് സർവ്വാഭീഷ്ടങ്ങളും ലഭിക്കും, തർക്കമില്ല. ശാന്തിയോടും ദൈവഭക്തിയോടുംകൂടി ശിഷ്ടമുള്ള കാലങ്ങൾ കഴിച്ചാലും.
യുധിഷ്ഠിരൻ:
(അടുത്തു ചെന്നു്) അപരാധിയായ ഈ യുധിഷ്ഠിരൻ അനുജന്മാരോടൊന്നിച്ചു് പിതാക്കന്മാരുടെ പാദപങ്കജങ്ങളെ നമസ്കരിക്കുന്നു.
ധൃതരാഷ്ട്രരും ഗാന്ധാരിയും:
ഉണ്ണികളേ, ആയുഷ്മാന്മാരായിത്തീരുക!
പാഞ്ചാലി:
മാതാവേ, പുത്രവധാർത്തയായ ഈ യാജ്ഞസേനി വന്ദിക്കുന്നു.
ഗാന്ധാരി:
മകളേ, നീയും വന്നിട്ടുണ്ടോ? എന്നെ ഗാഢമായി ആലിംഗനം ചെയ്യുക. മക്കൾ മരിച്ചതിന്റെ ദുഃഖം എന്നെപ്പോലെ ആരറിയുന്നു? അപുത്രകളും നിർഭാഗ്യവതികളുമായ നമ്മൾ അന്യോന്യാവലംബിനികളായിത്തീർന്നല്ലോ. (എന്നു് രണ്ടുപേരും കരയുന്നു.)
യുയുത്സു:
പിതാമഹ, യുയുത്സുവായ ഞാൻ വന്ദിക്കുന്നു.
ഭീഷ്മർ:

കുലതന്തു നീ നൃപനൊരൊറ്റയാം മകൻ

ക്രമമറ്റ പദ്ധതി ചരിച്ചിടാത്തവൻ

ജനകന്റെ പാദപരിചര്യ ചെയ്തു മേൽ

സുചിരം വസിക്ക പരമേശഭക്തനായ്! 25

(എല്ലാവരേയും നോക്കിയിട്ടു്)

ഹാ! വളരെ സന്താനങ്ങൾ ഉണ്ടായിരുന്ന കൗരവകുലത്തിൽ ഇവർമാത്രം ശേഷിച്ചുവല്ലോ. ഗർഭിണിയായ ഉത്തരയിൽമാത്രമായല്ലോ കുലസന്തതി.

(എന്നു് ദീർഘനിശ്വാസം ചെയ്യുന്നു)

യുധിഷ്ഠിരൻ:

വീണല്ലോ ബാഷ്പലേശം

പരശുധരശര-

ത്താൽ തഴമ്പാർന്ന മാറിൽ;

കാണന്തഃസ്ഥൈര്യശാലിക്കിത

മൊഴിയിടറു-

ന്നുണ്ടഹോ ഗദ്ഗദത്താൽ;

ആണത്തം മൂർത്തമാം ശന്തനുതനയനുമീ-

മട്ടു വംശക്ഷയത്താൽ

ക്ഷീണം തട്ടുന്നതാകിൽ കഥ പറവതു സം-

സാരിമാർക്കെന്തു പിന്നെ? 26

ശ്രീകൃഷ്ണൻ:
ദേവവ്രത, വേദനയേതുവിധമിരിക്കുന്നു?
ഭീഷ്മർ:
(ആത്മഗതം) ഞാൻ സംസാരദുഃഖങ്ങൾക്കു് വീണ്ടും വശഗനാകുന്നു എന്നാണല്ലോ ഭഗവാൻ ഓർമ്മിപ്പിച്ചതു്. (പ്രത്യക്ഷം) ഭഗവാനേ, എനിക്കു് സകല വേദനകളും നീങ്ങി, സകലചിന്തകളും മാറിക്കാണുന്നു. ഉണ്ണികളേ, വേഗം അടുത്തു് വരുവിൻ. നിങ്ങളെയെല്ലാം കാണട്ടെ. (പതുക്കെ കണ്ണടച്ചിട്ടു്) അഹോ! എന്താണു് ഞാൻ ഈ കാണുന്നതു്? ശംഖചക്രഗദാധാരിയായ ഭഗവാന്റെ രൂപം, നാലു കയ്യോടും കിരീടകുണ്ഡലകടകാദ്യലംകാരങ്ങളോടും വനമാലയോടും കൗസ്തുഭമണിയോടും ശ്രീവത്സമായ മറുവോടുംകൂടി ഇതാ, തെളിഞ്ഞു കാണുന്നു. അതാ, നാലു കൈകൾ മാറി അസംഖ്യം കൈകളാകുന്നു. അസംഖ്യം മുഖങ്ങളാകുന്നു. രോമങ്ങൾ തോറുമിതാ, ദേവന്മാരെ ഞാൻ കാണുന്നു. സൂര്യചന്ദ്രനക്ഷത്രങ്ങൾ ഇതാ. ഇതാ, സകലലോകങ്ങളും. ഇതാ, ലോകപിതാമഹനായ ചതുർമ്മുഖൻ. ഇതാ, സദാശിവൻ. സൂര്യകോടിപ്രഭമായ വൈകുണ്ഠലോകത്തു് ഇതാ, ഭഗവാൻ നാരായണൻ ആയിരം ഫണങ്ങൾ പൊക്കിപ്പിടിച്ച അനന്തന്റെ പുറത്തു് യോഗനിദ്രയിൽ കിടക്കുന്നു. ഇതാ, ഓടക്കുഴൽ വിളിക്കുന്ന ബാലഗോപാലൻ. ഇതാ, എന്റെ ശരശയ്യയിൽ കിടക്കുന്ന ഈ രൂപംതന്നെ എനിക്കു് കാണാകുന്നു. എന്താനന്ദം! എന്തു് പരമാനന്ദം! കൃഷ്ണ-കൃഷ്ണ-കൃഷ്ണ-

(എന്നു് സമാധിയടയുന്നു)

(എല്ലാവരും ആശ്ചര്യപ്പെട്ടു് നില്ക്കുന്നു. ശ്രീകൃഷ്ണൻ സമാധിയിൽ എന്നപോലെ ഇരിക്കുന്നു.)

യുധിഷ്ഠിരൻ:
(സങ്കടത്തോടെ) അയ്യോ! പിതാമഹൻ ദിവംഗതനായി.

(എല്ലാവരും സങ്കടപ്പെട്ടു് ഇതികർത്തവ്യതാമൂഢരായി നില്ക്കുന്നു.)

ശ്രീകൃഷ്ണൻ:
(യോഗസമാധിയിൽ നിന്നുണർന്നു്)

അണഞ്ഞു സായൂജ്യം സുരവരനിഭൻ

ഭീഷ്മരനഘൻ;

കളഞ്ഞൂ യോഗത്താൽ സ്വകതനു പഴേ

വസ്ത്രമതുപോൽ;

ഇതിൽ ഖേദിപ്പാനെന്തറിവുകലരും

നീ നൃപമണേ?

മറന്നീടാ ദേവവ്രതമഹിമ ലോ-

കത്തിലിനിമേൽ. 27

യുധിഷ്ഠിരൻ:
എല്ലാം അവിടുന്നു് കല്പിക്കുംപോലെ.
ശ്രീകൃഷ്ണൻ:
എന്നാൽ ഇത്രകൂടി ഭവിക്കട്ടെ.

(ഭരതവാക്യം)

ലോകരക്ഷാർത്ഥമായ് സർവ്വ-

യാഗദാനങ്ങൾ ചെയ്തഹോ,

നാടടക്കി ഭരിക്കട്ടെ

ഭൂപൻ സർവ്വജനപ്രിയൻ!

കെ. എം. പണിക്കർ
images/KM_Panicker.jpg

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണു് സർദാർ കെ. എം. പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണു് പൂർണ്ണ നാമം.(ജൂൺ 3,1895–ഡിസംബർ 10, 1963). പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3-നു് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.

ആദ്യകാലവും വിദ്യാഭ്യാസവും

ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്കു് മടങ്ങുന്നതിനു മുമ്പു് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.

ഔദ്യോഗിക രംഗത്തു്

ഇന്ത്യയിലേക്കു് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീടു് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടു് രാഷ്ട്രീയ രംഗത്തേക്കു് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീടു് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944–47).

ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്കു് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948–53), ഫ്രാൻസ് (1956–59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീടു് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെ. എം. പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.

രാജ്യസഭാംഗത്വം

1959–1966: പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.

കൃതികൾ
  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ടു് ചൈനകൾ (1955)—Two chinas
  • പറങ്കിപ്പടയാളി
  • കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ചു്)
  • ദൊരശ്ശിണി
  • കല്ല്യാണമൽ
  • ധൂമകേതുവിന്റെ ഉദയം
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ക്കരമായ ഒരു യാത്ര (യാത്രാ വിവരണം)
ഇംഗ്ലീഷ്
  • സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
  • പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഓഫ് ഡിപ്ലോമസി
  • കേരള ചരിത്രം

Colophon

Title: Bhishmar (ml: ഭീഷ്മർ).

Author(s): K. M. Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-03.

Deafult language: ml, Malayalam.

Keywords: Drama, K. M. Panicker, Bhishmar, കെ. എം. പണിക്കർ, ഭീഷ്മർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 26, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Statue of Bhishma, standing on a chariot, a photograph by Richard Friederisk . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: V Vijimol, JS Aswathy, Beenadarly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.