ഈ നാടകത്തിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികൾ എത്രമാത്രം ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നു് അറിവാൻ ഔത്സുക്യമുള്ള വായനക്കാർക്കുവേണ്ടിയാണു് ഈ കുറിപ്പു് എഴുതുന്നതു്.
ഇക്ഷ്വാകുപൗരവവംശങ്ങൾപോലെ ചരിത്രപ്രസിദ്ധിയുള്ള ഒന്നാണു് ഗുപ്തവംശം. മുന്നൂറുവർഷകാലത്തോളം ഭാരതസാമ്രാജ്യം അടക്കിബ്ഭരിച്ച ആ വംശത്തിലെ സാർവ്വഭൗമന്മാരുടെ മേന്മയാണു് ഇന്ത്യാചരിത്രം ഇന്നും ഘോഷിക്കുന്നതു്. അവരുടെ കാലത്താണു് ഹൈന്ദവസംസ്കാരം അതിന്റെ പരമകാഷ്ഠയെ പ്രാപിച്ചതെന്നത്രേ പണ്ഡിതന്മാരുടെ മതം. ഗാന്ധാരം മുതൽ കാമരൂപംവരെയുള്ള രാജ്യങ്ങളിൽനിന്നു വിദേശീയരെ നിഷ്കാസിച്ചു ഭാരതഭൂമിയുടെ പൂർണ്ണസ്വാതന്ത്ര്യം പുലർത്തി, ഹിന്ദുമതത്തെ പുനസ്ഥാപിച്ചു്, സംസ്കൃതഭാഷയുടെ മേന്മ വളർത്തി, ജനങ്ങൾക്കു് അഭൂതപൂർവ്വമായ നാഗരികത്വം ഉണ്ടാക്കിക്കൊടുത്ത ഗുപ്തരാജാക്കന്മാരുടെ ഭരണകാലത്തെയാണു് ഇൻഡ്യാചരിത്രത്തിന്റെ സുവർണ്ണഘട്ടമെന്നും ഹിന്ദുക്കളുടെ വ്യാഴദശയെന്നും ചരിത്രകാരന്മാർ വാഴ്ത്താറുള്ളതു്. ആ രാജവംശ്യരിൽ എല്ലാംകൊണ്ടും മഹാനെന്ന പേരിനെ അർഹിക്കുന്നതു വിക്രമാദിത്യബിരുദാങ്കിതനായ ചന്ദ്രഗുപ്തദ്വിതീയനാണു്. കാളിദാസന്റെ പുരസ്കർത്താവെന്നു് അറിയപ്പെടുന്ന ആ സാർവ്വഭൗമനെപ്പറ്റി എത്ര പറഞ്ഞാലും അവസാനിക്കുന്നതല്ല.
സമഗ്രപരാക്രമനായ സമുദ്രഗുപ്തമഹാരാജാവിനു ദത്താദേവി എന്ന പട്ടമഹിഷിയിൽ ഉണ്ടായ പുത്രനാണു് ചന്ദ്രഗുപ്തൻ. സമുദ്രഗുപ്തനു വേറെ ഒരു മഹാറാണിയിൽ ജനിച്ച പുത്രനായ രാമഗുപ്തനാണു് സമുദ്രഗുപ്തനുശേഷം രാജ്യം വാണതു്. ആ രാമഗുപ്തൻ തന്റെ ചക്രവർത്തിനിയായ ധ്രുവസ്വാമിനിയെ ശാകരാജാവിനു കൊടുത്ത കഥ സാഹിത്യത്തിൽ പണ്ടുതന്നെ സ്ഥലം പിടിച്ചിട്ടുള്ള ഒന്നാണു്. എന്നു മാത്രമല്ല, അതു് ഒരു കാലത്തു ചരിത്രപ്രസിദ്ധമായിരുന്നുതാനും. എന്നാൽ ഭാരതചരിത്രത്തിലെ അതിപ്രധാനങ്ങളായ സംഭവങ്ങൾപോലും കാലയവനികയിൽ മറഞ്ഞുകിടന്നിരുന്നതുപോലെ ധ്രുവസ്വാമിനിയുടെ കഥയും അടുത്ത കാലംവരെ അജ്ഞാതമായിത്തന്നെ കിടന്നു. ബാണഭട്ടന്റെ ഹർഷചരിതത്തിലുള്ള ഒരു സൂചനയാണു് പിന്നീടും ഈ സംഗതി ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ കൊണ്ടുവന്നതു്.
“പരകളത്രകാമുകനായ ശാകപതിയെ ചന്ദ്രഗുപ്തൻ ഹനിച്ചു” എന്നൊരു വാചകം ഹർഷചരിതത്തിൽ കാണാനുണ്ടു്. ശങ്കരാചാര്യൻ എന്ന വ്യാഖ്യാതാവു് ആ വാചകത്തിനു് ഇങ്ങനെ അർത്ഥം പറയുന്നു: “ശകാധിപതി ചന്ദ്രഗുപ്തന്റെ ഭ്രാതൃജായയായ ധ്രുവസ്വാമിനിയെ ആവശ്യപ്പെട്ടു. ചന്ദ്രഗുപ്തൻ ധ്രുവദേവിയുടെ വേഷം ധരിച്ചു സ്ത്രീവേഷം ധരിച്ച അനുചരന്മാരാൽ പരിവൃതനായി ശകാധിപതിയെ വധിച്ചു.”
ഈ സംഗതിയെപ്പറ്റുമാറു സൂചനകളും കണ്ടുകിട്ടുകയുണ്ടായിട്ടുണ്ടു്. കാവ്യമീമാംസയിൽ ഉദ്ധരിച്ചിട്ടുള്ള ഒരു ശ്ലോകമാണു് ബാണഭട്ടന്റെ ഈ സൂചന ചരിത്രപ്രഖ്യാതമായ ഒരു സംഭവത്തെപ്പറ്റിയാണെന്നു പണ്ഡിതന്മാരെ മനസ്സിലാക്കിയതു്. ആ ശ്ലോകത്തിന്റെ പൂർവ്വാർദ്ധം ഇങ്ങനെയാണു്:
“ദത്വാ രുദ്ധപദം ശകാധിപതയേ
ദേവീം ധ്രുവസ്വാമിനീം
യസ്മാൽ ഖണ്ഡിതസാഹസോ നിവിവൃതേ
ശ്രീ (ശർമ്മ) രാമഗുപോ നൃപ:”
ഇതിൽനിന്നു ശാകാധിപതിക്കു് ഒരു ഗുപ്തരാജാവു ധ്രുവസ്വാമിനിയെന്നു പേരായ തന്റെ ഭാര്യയെ കൊടുത്തു എന്നു തെളിയുന്നു.
കൂടാതെ നാട്യദർപ്പണം എന്ന ഗ്രന്ഥത്തിൽ വിശാഖദത്തമഹാകവി എഴുതിയതായ ‘ദേവീചന്ദ്രഗുപ്തം’ എന്ന (ഇതുവരെ കണ്ടുകിട്ടിയിട്ടില്ലാത്തതായ) ഒരു നാടകത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിച്ചിട്ടുണ്ടു്. അതിൽനിന്നു ചന്ദ്രഗുപ്തന്റെ ജ്യേഷ്ഠനായ രാജാവിന്റെ പേർ രാമഗുപ്തനെന്നായിരുന്നുവെന്നും ആ രാമഗുപ്തന്റെ പട്ടമഹിഷിയായിരുന്നു ധ്രുവസ്വാമിനിയെന്നും സ്ത്രീവേഷം ധരിച്ചു ചന്ദ്രഗുപ്തൻ ശാകരാജാവിനെ കൊന്നശേഷം രാമഗുപ്തനെയും കൊന്നു രാജ്യം കൈവശത്താക്കിയെന്നും പിന്നീടു ധ്രുവസ്വാമിനിയെ വിവാഹം കഴിച്ചു എന്നും കാണുന്നുണ്ടു്. അതിനു വേറേ തെളിവായി അമോഘവർഷൻ എന്ന രാജാവു ക്രിസ്താബ്ദം 871-ൽ എഴുതിയിട്ടുള്ള ഒരു ചെപ്പേട്ടിൽ ഇങ്ങനെ കാണുന്നു:
“ഹാകര ഭ്രാതരമേവ രാജ്യമഹർ-
ദ്ദേവീം ച ദീനസ്ഥാ
ലക്ഷം കോടിമലേവസൻ കില കലൗ
ദാതാ സഗുണാതായ”
ഇതിൽനിന്നും തെളിയുന്നതു ഗുപ്തവംശ്യനായ ഒരു രാജാവു ഭ്രാതാവിനെക്കൊന്നു രാജ്യത്തേയും ദേവിയേയും ഹരിച്ചു എന്നാണല്ലോ.
ഇങ്ങനെ അപമാനത്തിൽനിന്നു ഭ്രാതൃജായയെ രക്ഷിച്ചശേഷം സിംഹാസനാരോഹണംചെയ്ത ചന്ദ്രഗുപ്തൻ വിക്രമാദിത്യബിരുദാങ്കിതനും കാളിദാസാദികളുടെ പുരസ്കർത്താവുമായ ചന്ദ്രഗുപ്തൻതന്നെയോ എന്നുള്ളതാണു് പിന്നെ അറിയേണ്ടതു്. അതിനും ശരിയായ തെളിവുകൾ കണ്ടുകിട്ടിയിട്ടുണ്ടു്. ബിൽസാദുസ്തംഭത്തിന്മേലുള്ള ലിഖിതത്തിൽ കുമാരഗുപ്തചക്രവർത്തിയുടെ മാതാവാണു് ധ്രുവസ്വാമിനിയെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ടു്. വൈശാഗയിൽനിന്നു കണ്ടുകിട്ടിയിട്ടുള്ള ധ്രുവസ്വാമിനിയുടെ സ്വന്തം മുദ്രയിൽ ചന്ദ്രഗുപ്തന്റെ പട്ടമഹിഷിയെന്നും ഗോവിന്ദഗുപ്തമഹാരാജാവിന്റെ മാതാവെന്നും അവർതന്നെ എടുത്തു പറഞ്ഞിട്ടുമുണ്ടു്. കുമാരഗുപ്തനും ഗോവിന്ദഗുപ്തനും ചന്ദ്രഗുപ്തവിക്രമാദിത്യന്റെ മക്കളെന്നു ചരിത്രം ഘോഷിക്കുന്ന സ്ഥിതിക്കു ധ്രുവസ്വാമിനിയുടെ രക്ഷകനായതും പിന്നീടു ഭർത്താവായതും ചന്ദ്രഗുപ്തവിക്രമാദിത്യൻതന്നെയെന്നു തെളിയുന്നു.
നാടകത്തിൽ ശിഷ്ടമുള്ള ഭാഗങ്ങൾ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയല്ല എന്നുകൂടി പറഞ്ഞുകൊള്ളുന്നു.
ഗ്രന്ഥകർത്താവു്
“കവിതാ കാളിദാസസ്യ, തത്ര ശാകുന്തളം മതം,
ശാകുന്തളേ ചതുർത്ഥോങ്ക,സൂത്ര ശ്ലോകചതുഷ്ടയം.”
എന്നൊരു സംസ്കൃതശ്ലോകം പഴമക്കാർ ചൊല്ലാറുണ്ടു്. ഇതുപോലെ, സർദാർ കെ. എം. പണിക്കരുടെ ചരിത്രകാവ്യങ്ങൾ, അവയിൽവെച്ചു ‘ധ്രുവസ്വാമിനീ’ നാടകം, ‘ധ്രുവസ്വാമിനീ’ നാടകത്തിൽ രണ്ടാമങ്കം, അതിൽ രണ്ടു വാക്യങ്ങൾ—എന്നിങ്ങനെ ഒരു സഹൃദയൻ അഭിപ്രായപ്പെടുകയാണെങ്കിൽ, അതു് ഒരു വാസ്തവകഥനം മാത്രമേ ആകയുള്ളൂ.
ആലോചിക്കുംതോറും ആസ്വാദ്യത കൂടികൂടിവരുന്ന ഒരു വാക്യദ്വിതയത്തെ വായനക്കാരുടെ മുമ്പിൽ എടുത്തുവെപ്പാൻ എനിയ്ക്കു വെമ്പൽ തോന്നുന്നു: നാണവും മാനവും കെട്ട ഭീരുവായ രാമഗുപ്തചക്രവർത്തിയാൽ തന്റെ പട്ടമഹിഷീപദത്തിൽനിന്നു ശകപ്പെരുമാളുടെ ദാസീപദത്തിലേയ്ക്കു സ്ഥലം മാറ്റപ്പെട്ട നായിക, ധ്രുവസ്വാമിനി, “ഇതിലെന്താണു്, സങ്കടപ്പെടാനുള്ളതു്?… അവരവർ അനുഭവിച്ച സങ്കടത്തിന്റെ പാരമ്യംകൊണ്ടല്ലേ നാം പുരാണവനിതകളെ ഇന്നും ബഹുമാനിക്കുന്നതു്?” എന്നു ചോദിച്ചുംകൊണ്ടു്, ദുഃഖാക്രാന്തയായ തോഴിയെ ആശ്വസിപ്പിക്കുന്നതായ, “മഹാരാജാവു് അതുകൊണ്ടു് എന്നെ ബഹുമാനിയ്ക്കയാണു്, അപമാനിയ്ക്കയല്ല ചെയ്തതു്” എന്ന വാക്യമാണു് ഒന്നാമത്തേതു്; രണ്ടാമത്തേതാകട്ടേ, നായികയെ അപമാനത്തിൽനിന്നു സംരക്ഷിപ്പാനായി, അവളുടെ വസ്ത്രാഭരണങ്ങൾ വാങ്ങി സ്ത്രീവേഷം ധരിച്ചു ശകചക്രവർത്തിയുടെ കൈനിലയിലേയ്ക്കു പോകാനൊരുങ്ങിയ നായകന്റെ, ചന്ദ്രഗുപ്തന്റെ, “എന്നാൽ ആ മൂടുപടം ഞാൻ ധരിയ്ക്കാം. ദേവിയുടെ കയ്യിൽനിന്നു വാങ്ങുന്ന ഈ ദേഹാവരണമാണു് എന്റെ രക്ഷാകവചം” എന്ന വാക്യമത്രേ. ധ്രുവസ്വാമിനിയുടെ ഈ ശാന്തഗംഭീരതയിൽ നിഴലിച്ചു കാണപ്പെടുന്നതു്, ഭൈമീസീതാപ്രഭൃതികളായ ഐതിഹാസികസ്ത്രീരത്നങ്ങളുടെ ആത്മാവുതന്നെയല്ലയോ? ആ പരിശുദ്ധാനുരാഗയായ ദേവിയാൽ നല്കപ്പെട്ട മൂടുപടം ധീരോദാത്തനായ നായകന്നു് എങ്ങനെ ഒരഭേദ്യമായ രക്ഷാകവചമാകാതിരിക്കും?
ഇത്തരം ഹൃദ്യങ്ങളായ ഗദ്യങ്ങളും,
“ജലഫേനഹസന്നദങ്ങളാലും,
മലർ മൂടുന്ന ലതപ്പടർപ്പിനാലും,
ഫലഭാരനമത്തരുക്കളാലും
വിലസുന്നോരിവിടം നിതാന്തരമ്യം.”
എന്നീ മട്ടിലുള്ള ശോഭനങ്ങളായ ശ്ലോകങ്ങളും ‘ധ്രുവസ്വാമിനി’യുടെ ഏഴങ്കങ്ങളിലും ഏറെക്കുറെ കാണാം; ഇവ ഈ ദൃശ്യകാവ്യത്തെ ഉൽകൃഷ്ടരൂപകങ്ങളുടെ ഇടയിലേയ്ക്കു് ഉയർത്തിയിരിക്കുന്നു.
ഇതിവൃത്തം എത്ര പഴയതായാലും, അതിനെ നവീനരീത്യാ രേഖപ്പെടുത്തുന്നതിൽ ശ്രീ: പണിക്കരുടെ തൂലികയ്ക്കുള്ള പാടവം നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. എന്നാൽ, ഇദ്ദേഹത്തിന്റെ മറ്റു നാടകങ്ങളെന്നപോലെ, ഈ ചരിത്രനാടകവും ശ്ലോകമിശ്രിതം തന്നെയാകയാൽ, ഗദ്യരൂപകൈകപ്രണയികൾ ഇതിനെയും ‘പഴഞ്ചൻ’ എന്നു് ആക്ഷേപിച്ചേയ്ക്കാം. ഈ ആക്ഷേപത്തിന്നു തക്ക മറുപടി, തന്റെ മധുരോദാരമായ ‘മണ്ഡോദരീ’ നാടകത്തിന്റെ സുദീർഘമായ മുഖവുരയിൽ ശ്രീമാൻ പണിക്കർതന്നെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഇംഗ്ലീഷിലും വളരെ സൽഗ്രന്ഥങ്ങൾ നിർമ്മിച്ച പണിക്കരവർകൾക്കു ജന്മസിദ്ധമായ വാസനയുണ്ടു്; നാൾതോറും വായനകൊണ്ടു വളർന്നുവരുന്ന വൈദുഷ്യമുണ്ടു്; ഏതു പണിത്തിരക്കിലും മന്ദിക്കാത്ത പ്രതിഭാശക്തിയുണ്ടു്; ഒരിക്കലും വാടാത്ത ഉത്സാഹമുണ്ടു്; സർവ്വോപരി, സ്വഭാഷയെ സേവിക്കുന്നതിൽ അഭംഗുരമായ ഭക്തിയുമുണ്ടു്. അതിനാൽ, ഈ അസാമാന്യനായ സാഹിത്യകാരനിൽനിന്നു്, അമ്മേ, കൈരളീ, നിന്തിരുവടിക്കു് എന്തെന്നാശിച്ചുകൂടാ?
ചെറുതുരുത്തി
2-5-’41 വള്ളത്തോൾ
രാമഗുപ്തൻ—ഗുപ്തചക്രവർത്തി
ചന്ദ്രഗുപ്തൻ—രാമഗുപ്തന്റെ അനുജൻ
സോമഗുപ്തൻ—ചക്രവർത്തിയുടെ വിജാതീയ സഹോദരൻ
മാധവസേനൻ—രാജസേവൻ
പർണ്ണദത്തൻ—അമാത്യൻ
സുകീർത്തി—ചന്ദ്രഗുപ്തന്റെ സാന്ധിവിഗ്രഹികൻ
ചണ്ഡസേനൻ—സേനാപതി
ശീലഭദ്രൻ— ബൗദ്ധാചാര്യൻ
ബുദ്ധഘോഷൻ—സംഘമിത്രൻ—ബൗദ്ധശ്രാമണന്മാർ
സൂചീമുഖൻ, ലവണകൻ—ചാരന്മാർ
പ്രവിഷ്കൻ—ശാകചക്രവർത്തി
തോരമാനൻ—ശാകപ്രഭു
ധ്രുവസ്വാമിനി—പർണ്ണദത്തന്റെ മകൾ (ചക്രവർത്തിനി)
അംശുമതീദേവി—ബൗദ്ധപരിവ്രാജിക
ഹേമാംഗി—ധ്രുവസ്വാമിനിയുടെ തോഴി
ദേവന്മാർ പണിയുന്ന പാദതളിരാൽ
ഭിക്ഷാടനംചെയ്യുവോൻ
ജീവത്രാണനദീക്ഷയാൽ സകലസ-
മ്പത്തും ത്യജിച്ചുള്ളവൻ
സർവ്വജ്ഞൻ[1] വിഭുവിച്ചരാചരജഗ-
ന്നാഥൻ മഹായോഗിയാം
ശർവൻ ദർപ്പകവൈരി നിങ്ങളിൽ വള-
ർത്തീടട്ടെ സന്മംഗളം.
(നാന്ദ്യന്തത്തിൽ സൂചീമുഖൻ എന്നും ലവണകൻ എന്നും രണ്ടുപേർ പ്രവേശിക്കുന്നു.)
- സൂചീമുഖൻ:
- സഖേ, ലവണക, താൻ പറഞ്ഞതൊന്നും എനിക്കു സമ്മതമാകുന്നില്ല. ഞാൻ ആലോചിച്ചു കണ്ടിടത്തോളം ഈ സാമ്രാജ്യം അനശ്വരകീർത്തിമാനായ സമുദ്രഗുപ്തമഹാരാജാവിന്റെ കാലത്തെന്നപോലെ പ്രതാപത്തിൽത്തന്നെ ഇരിക്കുന്നു. അന്തഃഛിദ്രമെല്ലാം മഹാരാജാവു നശിപ്പിച്ചില്ലേ? എല്ലായിടത്തും സമാധാനംതന്നെ.
- ലവണകൻ:
- അതിലെന്താണു്? അതിൽ രാമഗുപ്തമഹാരാജാവു് എന്തു സാമർത്ഥ്യമാണു് പ്രദർശിപ്പിച്ചതു്? സമുദ്രഗുപ്തന്റെ മന്ത്രിമാരും കുമാരചന്ദ്രഗുപ്തനുമല്ലേ വിരോധിമാരെ അമർച്ചചെയ്തതു്?
- സൂചീമുഖൻ:
- അങ്ങനെ പറയരുതു്. ആരുടെ കയ്യുകൊണ്ടു വിരോധികൾ അമർച്ചചെയ്യപ്പെട്ടാലും അതിന്റെ മേന്മ രാജാവിനുതന്നെയാണു്.
പാരം വഹ്നി വമിപ്പു ഭാനുകിരണ-
ശ്രീകൊണ്ടു സൂര്യോപലം;
നേരം സൂചി കുറിച്ചിടുന്നു മണിമേൽ
യന്ത്രപ്രഭാവത്തിനാൽ;
മന്ത്രീന്ദ്രർക്കു പരിശ്രമങ്ങളിലഹോ
ചിന്താനുരൂപം ഫലം
സ്വാമിക്കുള്ള മഹാനുഭാവമതിനാൽ-
മാത്രം ലഭിക്കുന്നതാം. 2
അതുകൊണ്ടു മന്ത്രികൾ എത്ര മിടുക്കന്മാരായിരുന്നാലും സേനാനികൾ എത്ര പ്രബലന്മാരായിരുന്നാലും അവർക്കുണ്ടാകുന്ന വിജയങ്ങൾ അവരുടെ രാജാക്കന്മാരുടെയാണു്, തങ്ങളുടെയല്ല. പർണ്ണദത്തന്റെ സാമർത്ഥ്യവും ചന്ദ്രഗുപ്തന്റെ കരബലവും തെളിഞ്ഞതുതന്നെ രാമഗുപ്തമഹാരാജാവിന്റെ മാഹാത്മ്യംകൊണ്ടാണെന്നു പറയണം.
- ലവണകൻ:
- (ചിരിച്ചിട്ടു്) എന്തു വേണമെങ്കിൽ പറഞ്ഞുകൊള്ളൂ. പക്ഷേ, ചന്ദ്രഗുപ്തനെ ബഹിഷ്കരിച്ചതിനുശേഷമുള്ള സംഗതികൊണ്ടു മഹാരാജാവിന്റെ മിടുക്കെല്ലാം തെളിഞ്ഞില്ലേ? സാമന്തന്മാരെല്ലാം ഇളകിയല്ലേ ഇരിക്കുന്നതു്? പോരെങ്കിൽ ഇപ്പോൾ ശാകന്മാർ രാജധാനിക്കു സമീപംതന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു. പ്രവിഷ്കനോടെതിർക്കുമ്പോൾ കാണാമല്ലോ രാമഗുപ്തന്റെ പരാക്രമം.
- സൂചീമുഖൻ:
- ചന്ദ്രഗുപ്തകുമാരനായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകയില്ലായിരുന്നു എന്നുതീർച്ചതന്നെ.
- ലവണകൻ:
- കുമാരന്റെ വംശഭക്തി വലുതുതന്നെ. അല്ലെങ്കിൽ ഇത്രമാത്രം ഉപദ്രവിച്ചിട്ടു് അടങ്ങിയിരിക്കുമോ? സ്വയംവരത്തിൽത്തന്നെ വരിച്ച സ്ത്രീയെ ജ്യേഷ്ഠൻ അപഹരിച്ചു. വസ്തുവകകൾ കണ്ടുകെട്ടി. സ്നേഹിതന്മാരേയും ബന്ധുക്കാരേയും ഉപദ്രവിച്ചു. ഇപ്പോൾ നാടുകടത്തി. എന്നിട്ടും അനങ്ങാതെയിരിക്കുന്നതു് വംശംഭക്തികൊണ്ടല്ലാതെ എന്തുകൊണ്ടാണു്?
- സൂചീമുഖൻ:
- കാലാവലോകനംകൊണ്ടായിരിക്കാം. സമയം വരുമ്പോൾ കുമാരൻ അടങ്ങിയിരിക്കുമെന്നു വിചാരിക്കേണ്ടാ.
- ലവണകൻ:
- രാമഗുപ്തന്റെ കാലത്തു് എല്ലാ സമയവും വിരോധികൾക്കു ഗുണകരമാണല്ലോ. ഭാരത്തിനു കിരീടംവെച്ചതുകൊണ്ടു രാജാവാകുമോ? മോടിക്കു വേണ്ടതെല്ലാമുണ്ടു്: അന്തഃപുരം നിറച്ചു സ്ത്രീകളുണ്ടു്, രത്നാഭരണങ്ങളുണ്ടു്, വലിയ സേനയുണ്ടു്, സേനാനായകന്മാരുണ്ടു്; പൗരുഷം മാത്രമില്ല.
നിഷ്പൗരുഷൻ നൃപതിതന്റെ മഹാഭിസാര-
മാഡംബരത്തിനുതകും ചിലപോതിലെന്നാൽ
ഷണ്ഡന്റെ ദേഹപരിപുഷ്ടികണക്കു കാര്യ-
സാദ്ധ്യത്തിനോർക്കുമളവിൽ പരിഹാസ്യമാകും. 3
ശാകന്മാർ തരംകണ്ടു കേറിയതിൽ എന്തിനു വിസ്മയിക്കുന്നു.
- സൂചീമുഖൻ:
- പതുക്കെപ്പറയൂ. സോമഗുപ്തന്റെ ചാരന്മാരേയുള്ളൂ എല്ലായിടത്തും.
- ലവണകൻ:
- (ആത്മഗതം) ഈയാളും ചന്ദ്രഗുപ്തകക്ഷിതന്നെ. (പ്രത്യക്ഷം) അതുകൊണ്ടെന്താണു്? ചന്ദ്രഗുപ്തസ്വാമിയും ദൂരേയാകയില്ല. ഏതായാലും എനിക്കത്യാവശ്യമായി കൊട്ടാരത്തിൽ ചെല്ലേണ്ടതുണ്ടു്. താമസിയാതെ കാണാം.
- സൂചീമുഖൻ:
- ഓ, അങ്ങനെതന്നെ.
(രണ്ടുപേരും പോകുന്നു)
വിഷ്കംഭം കഴിഞ്ഞു
(ശ്രീരാമഗുപ്തമഹാരാജാവും പർണ്ണദത്തനും സോമഗുപ്തനും മാധവസേനനും പരിവാരങ്ങളും പ്രവേശിക്കുന്നു.)
- പർണ്ണദത്തൻ:
- ദേവ, ശാകബലം ഈ നഗരത്തെത്തന്നെ വളഞ്ഞുകഴിഞ്ഞിരിക്കുന്നു.
പരാഭവത്താൽ പരമുജ്ജ്വലിച്ച
പുരാണവൈരജ്വലനാഭിതപ്തൻ
പരാക്രമത്തോടുമണഞ്ഞതുണ്ടീ
ദ്ദുരാപശക്തൻ പ്രഭു ശാകനാഥൻ. 4
- സോമഗുപ്തൻ:
- അതുകൊണ്ടെന്താണു്? ശ്രീരാമഗുപ്തമഹാരാജാവിന്റെ പ്രതാപം കേൾക്കുമ്പോൾത്തന്നെ ശാകന്മാർ ഓടിയൊളിച്ചുകൊള്ളുമല്ലോ. ഓർക്കുന്നില്ലേ:
ചിരാഭ്യാസം ചേരും രണതുരഗസംഘത്തൊടു ബലാൽ
പുരാ ശാകാധീശപ്പടയിവരൊടേറ്റിട്ടണയവേ
ദുരാധർഷം യുദ്ധോത്സുകത ഗതിവൈദഗ്ദ്ധ്യമിവയ-
ല്ലതാപവ്യാപാരം ദ്രുതഗതിയിൽമാത്രം വെളിവിലായ്. 5
- രാമഗുപ്തൻ:
- ശരിതന്നെ. ശാകന്മാർ നമ്മോടെത്ര തവണ തോറ്റവരാണു്? അവർ അടുത്തുവന്നതുകൊണ്ടെന്താണു്? തോല്ക്കുമ്പോൾ ഒന്നിച്ചവർ കീഴടങ്ങിക്കൊള്ളും.
- മാധവസേനൻ:
- എന്തിനു നാം വിഷമിക്കുന്നു? മഹാരാജാവു തിരികെ രാജധാനിയിൽ എഴുന്നെള്ളിയിട്ടുണ്ടെന്നു കേൾക്കുമ്പോൾത്തന്നെ ശാകാധിപൻ, സിംഹഗർജ്ജനം കേട്ട കുറുക്കൻപോലെ, തിരിഞ്ഞു പാഞ്ഞുകൊള്ളു.
- പർണ്ണദത്തൻ:
- (ആത്മഗതം) ഇങ്ങനെയുള്ള സേവകന്മാരാണു് രാജ്യശ്രീയെ നശിപ്പിക്കുന്നതു്. എന്തു ചെയ്യാം? ഭാരതസാമ്രാജ്യം ഇവരുടെ അധീനതയിലായല്ലോ. (പ്രത്യക്ഷം) ദേവ, ദിവംഗതനായ അവിടുത്തെ അച്ഛന്റെ ഭൃത്യന്മാരിൽ ഒരാളെന്ന വിശ്വാസംകൊണ്ടും അവിടുത്തോടു് ഇപ്പോൾ ഉണ്ടായിട്ടുള്ള ചാർച്ചകൊണ്ടും പറയുന്നതാണു്. എന്റെ അറിവിൽ പ്രവിഷ്കൻ ഈ പ്രാവശ്യം നമ്മോടെതിർക്കാൻ വന്നിട്ടുള്ളതു വലുതായ ഒരു സേനയോടുകൂടിയാണു്. എല്ലാ ശാകരാജാക്കന്മാരും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ടു്. നമ്മുടെ കഥ പറകയാണെങ്കിൽ—
- സോമഗുപ്തൻ:
- (പുച്ഛഭാവത്തിൽ) എന്താണു് ഇവിടെ തരക്കേടു് ?
- പർണ്ണദത്തൻ:
- നമ്മുടെ സേനയെവിടെ? സേനാനികളെവിടെ? സൗരാഷ്ട്രം കലഹിച്ചു നില്ക്കുന്നു. അങ്ങോട്ടേയ്ക്കയച്ച സൈന്യവിഭാഗത്തിന്റെ കഥയേ കേൾക്കാനില്ല. പരാക്രമശാലികളായ പടത്തലവന്മാർ—
- മാധവസേനൻ:
- ആര്യൻ കുമാരചന്ദ്രഗുപ്തന്റെ കഥയായിരിക്കാം സൂചിപ്പിക്കുന്നതു്. എന്താണു്, കുമാരൻ ഒരാളേ ഈ ഭാരതസാമ്രാജ്യത്തിന്റെ സൈന്യം നയിക്കുവാനുള്ളൂ എന്നുണ്ടോ?
- രാമഗുപ്തൻ:
- അതാണു് ഞാനും ചോദിക്കുന്നതു്.
- സോമഗുപ്തൻ:
- സാക്ഷാൽ ബാഹുലേയന്റെ അവതാരമെന്നു ലോകർ കൊണ്ടാടിയിരുന്ന സമുദ്രഗുപ്തദേവന്റെ സീമന്ത പുത്രൻ ശ്രീരാമഗുപ്തമഹാരാജാവു സമഗ്രപ്രതാപത്തോടെ നാടുവാഴുമ്പോഴാണോ ഇങ്ങനെ സൂചിപ്പിക്കുന്നതു്?
പ്രത്യക്ഷം ക്ഷതഹസ്തിമസ്തകമണി-
സ്തോമങ്ങളാൽ തൻപ്രിയാ-
കണ്ഠാലംകരണങ്ങൾ തീർപ്പൊരു മഹാൻ
ശ്രീരാമഗുപ്തൻ വിഭു
ഇക്ഷോണീതലമുഗ്രശക്തിധരനായ്,
നാകം വലാരാതിപോൽ,
കാക്കുമ്പോളരിഭീതിയെന്നതു കിനാ-
വിൽപ്പോലുമുണ്ടാവതോ? 6
- രാമഗുപ്തൻ:
- മഹാസേനയാൽ പരിരക്ഷിതമായ നമ്മുടെ ഈ രാജ്യം ആക്രമിക്കുന്നതിനു് ആർക്കാണു് ധൈര്യമുണ്ടാകുന്നതു്? (സശങ്കം) എങ്കിലും യുദ്ധം കൂടാതെ കഴിയുമെങ്കിൽ അതത്രേ നന്നു്. ശാകരാജാവിന്റെ അടുക്കലേയ്ക്കയച്ചിട്ടുള്ള സ്ഥാനപതി നമ്മുടെ സ്ഥിതിക്കു് യോജിച്ചവിധം സന്ധി ചെയ്യാതെ ഇരിക്കയില്ല.
- പർണ്ണദത്തൻ:
- (ആത്മഗതം) ഹാ! കഷ്ടം! രാജാക്കന്മാർ ഭീരുക്കളായിത്തീർന്നാൽ ഉണ്ടാകുന്ന സങ്കടം! ചന്ദ്രഗുപ്തകുമാരന്റെ അഭാവംകൊണ്ടുള്ള ആപത്തു് ഇപ്പോഴാണു് പൂർണ്ണമായി മനസ്സിലാകുന്നതു്. (പ്രത്യക്ഷം) ദേവ, രാജധാനിതന്നെ നിരോധിച്ചിരിക്കുന്ന വിരോധിയോടു സന്ധിക്കാലോചിച്ചാൽ ഫലമെന്താണു്? അതു നമുക്കു് അഭിമാനക്ഷയമായിട്ടേ വരികയുള്ളൂ.
- രാമഗുപ്തൻ:
- (ചിരിച്ചുകൊണ്ടു്) ഞാൻ അറിയും ഈ ശാകന്മാരെ! അവർക്കു ധനത്തിലാണു്, രാജ്യാധികാരത്തിലല്ല, ആഗ്രഹം. വല്ലതും കൊടുക്കയാണെങ്കിൽ അവർ വന്ന വഴിക്കു പോയ്ക്കൊള്ളും.
- സോമഗുപ്തൻ:
- അതേ. ഈ മ്ലേച്ഛന്മാർക്കു പൊന്നും പണവുമാണു് വേണ്ടതു്. എന്തിന്നു യുദ്ധം ചെയ്യുന്നു? യുദ്ധംചെയ്താൽ ഫലം ആർക്കറിയാം? പണം കൊടുത്താൽ നമുക്കു വേണ്ട സഹായങ്ങളെല്ലാം അവർ ചെയ്തുതരാതെയിരിക്കയില്ല. അങ്ങനെയാണെങ്കിൽ രാജ്യത്തിൽ ഛിദ്രമുണ്ടാക്കുന്നവരെ അമർത്താനും നമുക്കു വൈഷമ്യമില്ല.
- സേനാനി:
- (ആക്ഷേപസ്വരത്തിൽ) സാക്ഷാൽ ബൃഹസ്പതിതന്നെ! മ്ലേച്ഛസേനയെ കൈക്കൂലി കൊടുത്തു വശത്താക്കാൻ ഉപദേശിക്കുന്ന മന്ത്രിയുടെ ബുദ്ധിവിശേഷം ആശ്ചര്യകരംതന്നെ. ദേവ, അവിടുത്തെ ആജ്ഞാകരൻമാത്രമായ ഞാൻ പറയുന്നതു കല്പിച്ചു ക്ഷമിക്കണം. ഈ ശാകന്മാരോടു യുദ്ധംതന്നെയാണു് വേണ്ടതു്.
കത്തിജ്വലിക്കുന്ന ഭവൽപ്രതാപ-
ദാവാഗ്നിതൻ ചൂടിലെരിഞ്ഞിടട്ടെ,
വരണ്ട കാടെന്നതുപോലെ,യിന്നീ-
ശ്ശകാധിരാജന്റെ ബലിഷ്ഠസൈന്യം. 7
- രാമഗുപ്തൻ:
- സേനാപതേ, സാമത്തിനും ഭേദത്തിനും അവസരമുണ്ടു്. ഉദ്ധതനായ ചന്ദ്രഗുപ്തനെപ്പോലെ എല്ലാ സമയവും യുദ്ധംതന്നെ ഉചിതമെന്നു വിചാരിക്കുന്നതു ശരിയല്ല. യുദ്ധംകൊണ്ടു നാടിനു ദോഷമേയുള്ളൂ. യുദ്ധംകൂടാതെ അവർ അടങ്ങുമെങ്കിൽ ഇത്ര നാശങ്ങൾക്കു നാമെന്തിനിടയാക്കുന്നു?
- പർണ്ണദത്തൻ:
- (അമർഷത്തോടെ) ചന്ദ്രഗുപ്തകുമാരനുണ്ടായിരുന്നു എങ്കിൽ—
- സോമഗുപ്തൻ:
- രാജദ്രോഹപരമായ വാക്കുകൾ ഈ സദസ്സിൽ പറയുന്നതു് എന്തു സഹായത്തെ അവലംബിച്ചാണു്?
- രാമഗുപ്തൻ:
- (കോപത്തോടെ) എന്റെ മുമ്പിൽവെച്ചു തന്നെ രാജദ്രോഹികളെ സ്തുതിക്കയോ! അവിടുന്നു ദേവിയുടെ പിതാവെന്ന നിലയ്ക്കു നമ്മുടെ ഗുരുവായിപ്പോയതുകൊണ്ടു്—(എന്നു് അർദ്ധോക്തിയിൽ നിർത്തുന്നു.)
- സോമഗുപ്തൻ:
- (രാമഗുപ്തനോടു സ്വകാര്യം) ഇങ്ങനെയുള്ള രാജദ്രോഹികളെ സ്വതന്ത്രരായിരിക്കാൻ സമ്മതിക്കരുതു്. അതു രാജ്യത്തിനു ഗുണകരമാകയില്ല.
- രാമഗുപ്തൻ:
- (സ്വകാര്യം) ദേവി ഇപ്പോഴും കോപിച്ചിരിക്കയാണല്ലോ.
- സോമഗുപ്തൻ:
- (രാമഗുപ്തനോടു്) എന്തെങ്കിലും കാര്യത്തിനു നിയോഗിച്ചയച്ചിരിക്കയാണെന്നു പറയാമല്ലോ.
- രാമഗുപ്തൻ:
- (സ്വകാര്യം സോമഗുപ്തനോടു്) ശരി, അങ്ങനെതന്നെയാവട്ടെ.
(യവനഭടന്മാരാൽ അനുഗതനായി പർണ്ണദത്തൻ പോകുന്നു)
- മാധവസേനൻ:
- മന്ത്രസദസ്സിൽ ഇനി ദുർമ്മുഖം കാണേണ്ടല്ലോ.
- കഞ്ചുകി:
- (പ്രവേശിച്ചു്) മഹാരാജാവു ജയിച്ചാലും. സ്ഥാനപതി ജയവർമ്മൻ കാത്തുനില്ക്കുന്നു.
- രാമഗുപ്തൻ:
- വേഗം പ്രവേശിപ്പിക്കുക.
- ജയവർമ്മൻ:
- (പ്രവേശിച്ചു മഹാരാജാവിനെ വന്ദിച്ചശേഷം) ദേവൻ വിജയിയായി ഭവിച്ചാലും.
- രാമഗുപ്തൻ:
- പ്രവിഷ്കനു ക്ഷേമംതന്നെയല്ലേ?
- ജയവർമ്മൻ:
- ശാകരാജാവിനു് അവിടുത്തെ അപ്രീതികൊണ്ടല്ലാതെ മറ്റു് അസുഖത്തിനു കാരണം കണ്ടില്ല.
- രാമഗുപ്തൻ:
- എന്താണു് നമ്മുടെ അപ്രീതി എന്നു പറഞ്ഞതു്? നമ്മുടെ ശാസനകൾ അയാൾ ബഹുമാനിച്ചില്ലേ? ഇപ്പോൾ അയാളെ ഇവിടെ സ്വീകരിക്കുന്നതിനു സൗകര്യമില്ലെന്നും അതുകൊണ്ടു നാം സന്തോഷിച്ചു കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ചു സ്വദേശത്തേയ്ക്കു മടങ്ങിക്കൊള്ളണമെന്നും അവിടെ പറഞ്ഞില്ലേ?
- ജയവർമ്മൻ:
- അറിയിച്ചു.
- രാമഗുപ്തൻ:
- എന്നിട്ടോ?
- ജയവർമ്മൻ:
- എന്നിട്ടു്—(പറവാൻ മടികാണിക്കുന്നു.)
- സോമഗുപ്തൻ:
- അനിഷ്ടമാണെങ്കിലും പറയുക. എന്താണു്, അയാൾ ഭാരതചക്രവർത്തിയുടെ കല്പനകൾ നിഷേധിക്കുവാൻ ഒരുമ്പെട്ടോ? യുദ്ധംതന്നെ വരിച്ചുവോ?
- ജയവർമ്മൻ:
- യുദ്ധമല്ല, മരണമാണു്, വരിച്ചതു്?
- സേനാപതി:
- എന്താണു് ഇതിനർത്ഥം? ശാകരാജാവു് എന്താണു് മറുപടി പറഞ്ഞതു്?
- രാമഗുപ്തൻ:
- തെളിച്ചുതന്നെ പറയൂ. മടിക്കേണ്ട.
- ജയവർമ്മൻ:
- ദേവന്റെ നയഗർഭമായ കല്പനകൾ ഞാൻ അറിയിച്ചപ്പോൾ പ്രവിഷ്കൻ, ശാകന്മാർ നിറഞ്ഞ സദസ്സിൽവെച്ചു് പുച്ഛഭാവത്തിൽ, ഉച്ചത്തിൽ ചിരിച്ചും കൊണ്ടു് “എന്തു്, സമുദ്രഗുപ്തന്റെ പുത്രൻ ഭീരുവാണു്, അല്ലേ? ചന്ദ്രഗുപ്തൻ രാജ്യത്തിൽനിന്നു ബഹിഷ്കൃതനുമാണു്. അതുകൊണ്ടു പണം തന്നു മടക്കാമെന്നോ രാമഗുപ്തന്റെ വിചാരം” എന്നു പറഞ്ഞു.
- സേനാപതി:
- ശാകരാജാവിന്റെ അഹംകാരം! നമ്മെ ഇത്ര നിന്ദിച്ച സ്ഥിതിക്കു് ഉടതൻതന്നെ സേനാസന്നാഹത്തിനു കല്പനയുണ്ടാകണം.
- രാമഗുപ്തൻ:
- (വകവെയ്ക്കാതെ) എന്നിട്ടു പിന്നെന്താണുണ്ടായതു്?
- ജയവർമ്മൻ:
- അവരെല്ലാവരും രാജവംശത്തെത്തന്നെ കണക്കില്ലാതെ അധിക്ഷേപിച്ചു. പിന്നീടു്— (എന്നു് അർദ്ധോക്തിയിൽ വിരമിക്കുന്നു.)
- സേനാപതി:
- ദേവ, അവിടുന്നനുവദിക്കണം. പവിത്രമായ ഗുപ്തവംശത്തെ അധിക്ഷേപിക്കുന്ന ഈ മ്ലേച്ഛനു് ഇനി ജീവിക്കാൻ അവസരം കൊടുക്കരുതു്.
ഇന്നിക്കുലത്തിനെയുമിബ്ഭരതോർവിതന്റെ
പുണ്യത്തെയും പരിഹസിപ്പൊരു ശാകനാഥൻ
ജീവിക്കയോ മമ കരത്തിലരാതിരക്ത-
പാനോത്സുകം കൊടിയ ഖഡ്ഗമിരിക്കെയിപ്പോൾ? 8
- രാമഗുപ്തൻ:
- സഖേ, നിങ്ങളുടെ കോപത്തെ ഞാൻ ബഹുമാനിക്കുന്നു. എങ്കിലും രാജാക്കന്മാർക്കു കാര്യസാദ്ധ്യമാണു്, ഔദ്ധത്യമല്ലാ, മുഖ്യമായുള്ളതു്. (ജയവർമ്മനോടു്) ശിഷ്ടം കേൾക്കട്ടെ.
- ജയവർമ്മൻ:
- ഒടുവിൽ ശാകരാജാവു സ്വയമായി പൊയ്ക്കൊള്ളാമെന്നു സമ്മതിച്ചു.
- സോമഗുപ്തൻ:
- ഈ മ്ലേച്ഛന്മാരുടെ വമ്പുകളൊക്കെ ഇത്രയ്ക്കേ ഉള്ളൂ ആദ്യമേ ഞാൻ പറഞ്ഞില്ലേ, തിരുമേനി രാജധാനിയിൽ എഴുന്നെള്ളിയിട്ടുണ്ടെന്നറിഞ്ഞാൽത്തന്നെ പ്രവിഷ്കൻ പോയ്ക്കൊള്ളുമെന്നു്.
- രാമഗുപ്തൻ:
- (സന്തോഷത്തോടെ) പിന്നെന്താണു് വൈഷമ്യം? എന്താണു് ഇത്ര മ്ലാനഭാവം?
- ജയവർമ്മൻ:
- അങ്ങനെ പോകുന്നതിനു ചില വ്യവസ്ഥകൾ ആ സഭയിൽവെച്ചു ശാകരാജാവു പറകയുണ്ടായി.
- രാമഗുപ്തൻ:
- എന്താണു് വ്യവസ്ഥകൾ? കൂടുതൽ പണം വേണമോ?
- ജയവർമ്മൻ:
- പണം വാങ്ങിച്ചില്ലാ; നിരസിച്ചു. തിരികെ അയച്ചു. ധനമല്ല അയാൾക്കു വേണ്ടതു്. അധർമ്മമൂർത്തിയായ ശാകൻ സാമ്രാജ്യത്തിന്റെ മാനമാണു് ആവശ്യപ്പെടുന്നതു്.
- രാമഗുപ്തൻ:
- എന്താണു് ഇത്ര വളച്ചുകെട്ടിപ്പറയുന്നതു്?
- ജയവർമ്മൻ:
- കല്പിച്ചു തിരുവുള്ളമുണ്ടാകണം. രഹസ്യമായി തിരുമനസ്സറിയിക്കേണ്ടതാണു്.
- രാമഗുപ്തൻ:
- (മറ്റുള്ളവരോടു്) നിങ്ങളെല്ലാവരും പുറത്തിറങ്ങി നില്ക്കുക.
(മറ്റു് എല്ലാവരും പോകുന്നു.)
- ജയവർമ്മൻ:
- ഈ മ്ലേച്ഛൻ ആവശ്യപ്പെട്ടതു ദേവിയുടെ സാന്നിദ്ധ്യമാണു്. ദേവിയേയും അന്തഃപുരത്തിൽനിന്നു കുലീനകളായ വേറെ പത്തു സ്ത്രീകളേയും നാളെ അർദ്ധരാത്രിക്കകം അയാളുടെ പടകുടീരത്തിൽ അയയ്ക്കുയാണെങ്കിൽ അയാൾ സ്വദേശത്തേയ്ക്കു മടങ്ങിക്കൊള്ളാംപോലും.
- രാമഗുപ്തൻ:
- (സ്തബ്ധഭാവത്തിൽ) എന്തു്, ദേവിയേയോ? ധ്രുവകുമാരിയേയോ!
(ജയവർമ്മൻ ഒന്നും മിണ്ടാതെ നില്ക്കുന്നു)
- രാമഗുപ്തൻ:
- അഹോ! ധിക്കാരത്തിന്റെ പാരമ്യം!
നല്കീടാം ധനസഞ്ചയം; പകുതിയെൻ-
രാജ്യം കൊടുക്കാം; ജയം
നേടീടും രഥവാജിഹതിഗണവും
നല്കാം മടിക്കാതെ ഞാൻ;
ധർമ്മംപോലെ പരിഗ്രഹിച്ചു മഹിഷീ-
സ്ഥാനത്തിൽ വാഴിച്ചൊരീ
ശ്രീമൽഭാരതചക്രവർത്തിനിയെ ഞാൻ
നല്കുന്നതിന്നെങ്ങനെ? 9
പറയൂ, ഇതൊരുകാലത്തും സാദ്ധ്യമല്ലെന്നു പറയൂ! പട തന്നെ ഉണ്ടാവട്ടെ.
- ജയവർമ്മൻ:
- (സസന്തോഷം) എന്താണു് സംശയം? സമുദ്രഗുപ്തന്റെ ശബ്ദംതന്നെ കേൾക്കുന്നു എന്നു തോന്നുന്നു.
ഭൂഭൃൽക്ഷ്മാശിഖരങ്ങളിൽ, കൊടിയ ദം-
ഭോളിക്കു തുല്യം, ബലാൽ
പക്ഷച്ഛേദനവൃത്തിചെയ്വൊരു ഭവൽ-
പ്രോച്ചണ്ഡഖഡ്ഗോത്തമം
മുഷ്കാൽ തൻസ്ഥിതി വിസ്മരിപ്പൊരു ശകാ-
ധീശന്റെ വമ്പിച്ചൊരീ-
ദ്ധിക്കാരത്തിനു തക്കതാം പ്രതിവച-
സ്സേകട്ടെ നിസ്സംശയം. 10
- രാമഗുപ്തൻ:
- (ആത്മഗതം) സോമഗുപ്തൻ എന്തു പറയുമോ? (പ്രത്യക്ഷം) രാജ്യകാര്യങ്ങൾ തനിയേ തീർച്ചപ്പെടുത്തുന്നതു ശരിയല്ല. സോമഗുപ്തനോടുകൂടി ആലോചിക്കാം. ആരവിടെ?
- പ്രതിഹാരി:
- (പ്രവേശിച്ചു്) അടിയൻ.
- രാമഗുപ്തൻ:
- സോമഗുപ്തകുമാരനെ ക്ഷണം കൂട്ടിക്കൊണ്ടുവാ.
- പ്രതിഹാരി:
- കല്പനപോലെ. (എന്നു പോകുന്നു)
- രാമഗുപ്തൻ:
- ഗൗരവമുള്ള സംഗതിയാണു്. (ആകപ്പാടെ വിഷമിച്ച ഭാവത്തിൽ) ഗാഢമായി ആലോചിക്കേണ്ടിയിരിക്കുന്നു.
- ജയവർമ്മൻ:
- (സങ്കടത്തോടെ) ഇതിൽ എന്താണു്—
(സോമഗുപ്തൻ പ്രവേശിക്കുന്നു.)
- രാമഗുപ്തൻ:
- കേട്ടില്ലേ ശാകരാജാവിന്റെ വ്യവസ്ഥകൾ?
- സോമഗുപ്തൻ:
- ഇല്ല. എന്താണു്? വല്ല ദുർഗ്ഘടവുമുണ്ടോ?
- രാമഗുപ്തൻ:
- ഗാഢമായി ആലോചിക്കേണ്ടിയിരിക്കുന്നു. ഗാഢമായി… ഗാഢമായി. നമുക്കു് അകത്തേയ്ക്കു പോകാം. ഗാഢമായി ആലോചിക്കേണ്ടതാണു്.
- സോമഗുപ്തൻ:
- (ജയവർമ്മന്റെ മുഖത്തു നോക്കിയിട്ടു്) ഇതിലെ എഴുന്നെള്ളാമല്ലോ.
(എല്ലാവരും പോകുന്നു.)
ഒന്നാമങ്കം കഴിഞ്ഞു.
(ചണ്ഡസേനനും സുകീർത്തിയും പ്രവേശിക്കുന്നു.)
- ചണ്ഡസേനൻ:
- എന്തു കഷ്ടമാണു് ദേവിയെ ഇങ്ങനെ ബലികഴിക്കുവാൻ തീർച്ചയാക്കിയതു്? ആരാനും കേട്ടിട്ടുള്ള കഥയാണോ ഇതു്? സമുദ്രഗുപ്തമഹാരാജാവിന്റെ പുത്രൻ ഇങ്ങനെ ചെയ്തു എന്നു പറഞ്ഞാൽ ആർ വിശ്വസിക്കും? വിരോധികളെ ഭയന്നു ചക്രവർത്തിനിയെ മ്ലേച്ഛനു വിട്ടുകൊടുത്തു എന്നു കേട്ടാൽ എന്തു കുറവാണു്! എന്തു വന്നാലും ശരി, ഞാൻ ഇനി ഈ പക്ഷത്തിലില്ല.
- സുകീർത്തി:
- എന്തിനു തമ്പുരാനെ കുറ്റം പറയുന്നു? എല്ലാം ആ സോമഗുപ്തന്റേയും മാധവസേനന്റേയും ദുരാലോചനകളാണു്.
- ചണ്ഡസേനൻ:
- മാധവസേനനോ—അയാളുടെ പേർ തന്നെ പറയുന്നതു പാപമാണു്. മഹാരാജാവിനെ സകലദുർന്നടപടികളിലും സഹായിക്കുന്നതവനല്ലേ? അവനെ ഇപ്പോൾ എല്ലാവർക്കും മുകളിലായി മഹാമണ്ഡലാധീശ്വരനുമാക്കിയിരിക്കുന്നുപോലും. കുമാരചന്ദ്രഗുപ്തന്റെ വസ്തുവകകളെല്ലാം അയാൾക്കാണെന്നുപോലും കേൾക്കുന്നു.
- സുകീർത്തി:
- അതിലൊന്നും എനിക്കു സങ്കടമില്ല. രാജസേവന്മാർക്കു് സേവ വർദ്ധിക്കുമ്പോൾ വല്ലതുമൊക്കെ കിട്ടും. സേവയില്ലാതാകുമ്പോൾ അതൊക്കെ പോകയും ചെയ്യും. അതു സാരമില്ല. എങ്കിലും സമുദ്രഗുപ്തമഹാരാജാവിന്റെ സ്നുഷയെ, പർണ്ണദത്താമാത്യന്റെ മകളെ, മ്ലേച്ഛനു കൊടുക്കാൻ തീർച്ചയാക്കി എന്നറിയുന്നതിലാണു് സങ്കടമുള്ളതു്.
അനല്പസങ്കല്പനകല്പവല്ലിയാം
സമുദ്രഗുപ്തസ്നുഷതന്നെ നിർദ്ദയം
അനർഹമാം സാധനമെന്നപോലെയീ
നികൃഷ്ടനേകീടുവതാർ സഹിച്ചിടും? 1
ചന്ദ്രഗുപ്തകുമാരൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ—
- ചണ്ഡസേനൻ:
- അതാണു് പൗരന്മാരെല്ലാവരും പറയുന്നതു്. അതാണു് സൈന്യത്തിന്റേയും വിചാരം. ഏതായാലും ഞാൻ കുമാരൻ എവിടെയെന്നന്വേഷിക്കാൻ തീർച്ചപ്പെടുത്തി. മാധവസേനൻ എന്തു വേണമെങ്കിൽ ചെയ്യട്ടെ. രാജധാനിയിൽ കണ്ടാൽ കൊന്നു കൊള്ളണമെന്നു കല്പിച്ചിരിക്കുന്ന ചന്ദ്രഗുപ്തനെ ഞാൻ തന്നെ മൂന്നുനാളേയ്ക്കകം അന്വേഷിച്ചിവിടെ കൊണ്ടു വരുന്നതുണ്ടു്. ഇപ്പോൾ പർണ്ണദത്തനും ബഹിഷ്കൃതനാണല്ലോ. മാധവസേനനും സോമഗുപ്തനും എന്തു ചെയ്വാൻ സാധിക്കുമെന്നു കാണട്ടെ.
- സുകീർത്തി:
- (സന്തോഷത്തോടെ) ചന്ദ്രഗുപ്തൻ നഗരത്തിൽത്തന്നെ ഇല്ലെന്നു തീർച്ചയാണോ? ഇവിടെത്തന്നെ അന്വേഷിച്ചാൽ മതിയെന്നാണു് എനിക്കു തോന്നുന്നതു്. ആട്ടെ, നമുക്കു പോവാം. എനിക്കു പല കാര്യങ്ങൾ ചെയ്യാനുണ്ടു്.
(രണ്ടുപേരും പോകുന്നു.)
വിഷ്കംഭം കഴിഞ്ഞു.
(ദേവീക്ഷേത്രത്തിൽ മഹാറാണി ധ്രുവസ്വാമിനിയും തോഴി ഹേമാംഗിയും പ്രവേശിക്കുന്നു.)
- ഹേമാംഗി:
- ദേവി, ധൈര്യമവലംബിക്കണം. ഇങ്ങനെ ഒരു സങ്കടം വരുത്തുവാൻ ജഗദംബിക അനുവദിക്കുകയില്ല.
- ധ്രുവസ്വാമിനി:
- (ധൈര്യത്തോടെ) ധർമ്മസങ്കടത്തെപ്പറ്റി നിരൂപിക്കേണ്ട അവസരം കഴിഞ്ഞു. എന്നെ ബലികഴിക്കുന്നതിനാണു് മഹാരാജാവും മന്ത്രികളും തീർച്ചയാക്കിയതെങ്കിൽ അതിൽ ഞാൻ സങ്കടപ്പെടുന്നില്ല! ജീവിതബലിയെക്കാൾ വലുതാണല്ലോ ചാരിത്രബലി. മഹാരാജാവും ധർമ്മസദസ്സും അതനുവദിക്ക മാത്രമല്ല, ആജ്ഞാപിക്കകൂടി ചെയ്തിരിക്കുന്ന സ്ഥിതിക്കു് അതിനെപ്പറ്റി ഞാനും ഉറച്ചുകഴിഞ്ഞു. ഈ ദേവീസന്നിധാനത്തിൽ എന്റെ മാർഗ്ഗം തെളിഞ്ഞുതന്നെ ഞാൻ കാണുന്നു.
- ഹേമാംഗി:
- സദസ്യർ ധർമ്മബുദ്ധികളായിരിക്കാം. മഹാരാജാവു രാജ്യക്ഷേമത്തിനുവേണ്ടിയായിരിക്കാം ഇങ്ങനെ എല്ലാം തീർച്ചയാക്കിയതു്. എങ്കിലും മഹാരാജാവിനും മേലേ ഒരു ശക്തി ഇല്ലേ. ഇങ്ങനെ ഒരധർമ്മം ദൈവം സഹിക്കയില്ല. എന്തു ഘോരമായ ഒരു കൃത്യമാണു് വിധിച്ചതു്! ദേവി, ഇതോർക്കുംതോറും എനിക്കു സങ്കടം സഹിക്കുന്നില്ല.
- ധ്രുവസ്വാമിനി:
- (ശാന്തസ്വരത്തിൽ) ഇതിൽ എന്താണു് സങ്കടപ്പെടാനുള്ളതു്? മഹാരാജാവു് എന്നെ വീരവനിതകളിൽ ഒന്നാക്കി അഭിഷേകം ചെയ്കയല്ലേ! തോഴി ഓർത്തുനോക്കു. അവരവർ അനുഭവിച്ച സങ്കടത്തിന്റെ പാരമ്യംകൊണ്ടല്ലേ നാം പുരാണവനിതകളെ ഇന്നും ബഹുമാനിക്കുന്നതു്? ശ്രീരാമൻ വനത്തിൽ കളഞ്ഞതുകൊണ്ടല്ലേ സീതാദേവിയെ നാം ഇന്നും ആരാധിക്കുന്നതു്? വനവാസവും, അപഹരണവും, തിരസ്കാരവും ഇല്ലായിരുന്നു എങ്കിൽ സീതാദേവിയെ, ഊർമ്മിളയെപ്പോലെ ഒരു ഛായയായി മാത്രമല്ലേ നാം അറിയുകയുള്ളൂ? അതുപോലെത്തന്നെ ദമയന്തി, പാഞ്ചാലി മുതലായവരും. വന്ന സങ്കടങ്ങളിലെല്ലാം അവർ സ്വധർമ്മമുപേക്ഷിക്കാതിരുന്നതുകൊണ്ടു് അവരെ നാം പൂജിക്കുന്നു. മഹാരാജാവു് അതുകൊണ്ടു് എന്നെ ബഹുമാനിക്കയാണു് അപമാനിക്കയല്ല ചെയ്തതു്.
- ഹേമാംഗി:
- ദേവി അങ്ങനെ വിശ്വസിച്ചുകൊള്ളുക. അതൊന്നും മനസ്സിലാക്കത്തക്ക ബുദ്ധി എനിക്കില്ല. മഹാരാജാവു കാണിച്ചതു്, ഏതു ന്യായം പറഞ്ഞാലും, അത്യാചാരമെന്നേ എനിക്കു തോന്നുന്നുള്ളൂ.
- ധ്രുവസ്വാമിനി:
- തോഴി അതേപ്പറ്റി ഒക്കെ എന്തിനു വിചാരിക്കുന്നു. ദേവിയോടു ഞാൻ അനുവാദം വാങ്ങിക്കഴിഞ്ഞു. മറ്റുള്ളവരും തയ്യാറായിക്കഴിഞ്ഞുവെങ്കിൽ ഇനി പുറപ്പെടാം. തോഴി എന്നെ ആലിംഗനം ചെയ്യു.
- ഹേമാംഗി:
- (കണ്ണുനീരോടുകൂടി) വരട്ടെ, സമയമായിട്ടില്ല. ഒന്നിച്ചു വളർന്ന എന്നേയും ഉപേക്ഷിച്ചു പോകുന്നതു് ഞാൻ എങ്ങനെ സഹിക്കും? (എന്നു തേങ്ങിക്കരയുന്നു.)
- ധ്രുവസ്വാമിനി:
- തോഴി, കരയാതിരിക്കൂ. ഇതുവരെ നമ്മുടെ ദേഹം മാത്രമല്ലേ ഭിന്നമായിരുന്നുള്ളൂ? ഇനി എന്നെ മറന്നേയ്ക്കുക. വ്യസനിച്ചിട്ടും വിലപിച്ചിട്ടും ഇനി എന്താണു് കാര്യം?
സ്വനാഥനാലും സ്വജനങ്ങളാലും
പരിത്യജിക്കപ്പെടുമെൻതുണയ്ക്കായ്
വിളങ്ങിടുന്നുണ്ടു സമസ്തലോക-
ജനിത്രിയാമംബികതൻ പദാബ്ജം. 2
അതുകൊണ്ടു നീ സങ്കടപ്പെടേണ്ട. ആലംബമില്ലാത്തവർക്കു് ദേവിയുണ്ടു് തുണ.
- ഹേമാംഗി:
- (കണ്ണുനീർ തുടച്ചിട്ടു്) അമ്മമാരോടും മറ്റുള്ളവരോടും ഞാൻ എന്താണു് പറയേണ്ടതു്?
- ധ്രുവസ്വാമിനി:
- (സങ്കടത്തോടെ) എന്താണെന്നോ? ഈ മന്ദഭാഗ്യ അവർക്കു് എന്തു സന്ദേശമാണു് പറഞ്ഞയയ്ക്കേണ്ടതു്? ഇപ്രകാരം ബലി ചെയ്യപ്പെട്ട ഒരു സ്ത്രീ ആരുള്ളൂ? ഏതായാലും അമ്മമാരോടിങ്ങനെ പറയൂ:
പറയുകെൻപ്രിയമാതൃജനങ്ങളോ-
ടിവൾ നമശ്ശതമോടുരചെയ്തതായ്
നൃപവരാജ്ഞ വഹിച്ചു കൃതാർത്ഥയായ്
സ്നുഷ: സതീവ്രതമേവമതല്ലയോ? 3
രാജ്യക്ഷേമത്തിനുവേണ്ടി ആര്യപുത്രനാൽ, അല്ല സ്വാമിയാൽ, ഞാൻ ഇങ്ങനെ പരനു നല്കപ്പെട്ടുവെങ്കിലും, ഗുപ്തവംശത്തിനോ ഭാരതസ്ത്രീകൾക്കോ എന്നിൽനിന്നു കളങ്കമുണ്ടാകുമെന്നു ദേവിമാർ ശങ്കിക്കേണ്ടെന്നു് താഴ്മയായി അറിയിക്കുക. മാതൃജനങ്ങളെ മനസ്സുകൊണ്ടു നമസ്കരിച്ചു് അവരുടെ ആശിസ്സുകൾ അപേക്ഷിച്ചതായും അറിയിക്കുക.
- ഹേമാംഗി:
- ഈ സന്ദേശം ഞാൻ എങ്ങനെ പറയും; ദേവിയോടു് ഇത്രമാത്രം സ്നേഹമുള്ള അവർ അതെങ്ങനെ സഹിക്കും?
- ധ്രുവസ്വാമിനി:
- ഇത്രക്കൂടെപ്പറയുക:
തള്ളപ്പെട്ടു നൃപേന്ദ്രനായ പതിയാൽ,
ധർമ്മിഷ്ഠർ പൂരിച്ചൊരാ-
ച്ചൊല്ലേറും സഭയും വിധിച്ചു, തടയാൻ
നിന്നില്ലൊരാചാര്യനും;
മറ്റുള്ളോരുമനുജ്ഞ നല്കി; കുലമാ-
നത്തിന്നു ഞാൻ മൂലമായ്
ചെറ്റെങ്ങാൻ പിഴയെങ്കിലായതു പൊറു-
ത്തീടേണമെന്നമ്മമാർ. 4
- ഹേമാംഗി:
- മഹാരാജാവിനോടു ഞാൻ എന്താണു് പറയേണ്ടതു്?
- ധ്രുവസ്വാമിനി:
- അദ്ദേഹത്തോടു പറയുക: “മറ്റൊരാളിൽ അനുരക്തയായ എന്നെ ബലാൽക്കാരമായി അപഹരിച്ചു. അങ്ങനെ പരകളത്രത്തെ അപഹരിക്കുന്നതിനു ശക്തനായെങ്കിലും തന്റെ മഹാറാണിയായി അഭിഷേകം ചെയ്ത സഹധർമ്മചാരിണിയെ രക്ഷിക്കുന്നതിനു് അവിടുന്നു ശക്തനായില്ല. ഇപ്പോൾ വിരോധികളുടെ ആജ്ഞ കേട്ടു ഭാര്യയുടെ ചാരിത്രബലിയും അവിടുന്നു കല്പിച്ചിരിക്കുന്നു. ഈ ആജ്ഞയും ഞാൻ അനുസരിക്കുന്നു. അതാണല്ലോ ചാരിത്രം. അവിടുത്തെ മനസ്സിനു് എന്നെ വിചാരിച്ചു സങ്കടമുണ്ടാകാതിരിക്കട്ടെ.” നിന്റേതായി ഇത്രകൂടി പറയണം.
കല്പിച്ചപോലെയിവൾ ചെയ്തു, കരഞ്ഞുമില്ല
ജല്പിച്ചുമില്ല ചെറുതും, വിധിവൈപരീത്യം
ആപത്തിലും മഹിതഭാരതരാജ്ഞിതന്റെ
മാനത്തിനൊത്തപടിതന്നെയിരുന്നതായി!
5
- ഹേമാംഗി:
- ഇതല്ല, എന്റെ വാക്കായി ഞാൻ പറവാൻ തീർച്ചയാക്കിയിട്ടുള്ളതു്. രാമഗുപ്തമഹാരാജാവു് എന്നിൽനിന്നു കേൾക്കുന്ന വാക്കു വേറെയാണു്. അതു കേട്ടുകൊള്ളുക.
ഹരിച്ചു ന്യായംവിട്ടപരനെ വരിച്ചുള്ളവളെ നീ
കരിച്ചൂ തൻചിത്തം പ്രണയജലമേകാതെ ചെറുതും
മുറയ്ക്കിപ്പോൾ ശാകേശ്വരനടിമയായ് നല്കി പശുപോൽ
മരിച്ചാലും തീരാക്കറ പലതു നീ ചേർത്തിതിവരിൽ. 6
- ധ്രുവസ്വാമിനി:
- (ശാന്തഭാവത്തിൽ) അരുതു തോഴി അതതു്. അങ്ങനെ വിചാരിക്കപോലും ചെയ്യരുതു്. ഞാൻ ജീവനോടിരിക്കിലും മരിച്ചതായി വിചാരിച്ചുകൊള്ളുക. മഹാരാജാവിനെ എന്തിനു ശല്യപ്പെടുത്തുന്നു?
- ഹേമാംഗി:
- ഈ വാക്കുകൾ വിഷലിപ്തമായ അസ്ത്രംപോലെയാണു് എന്റെ മനസ്സിൽ തറയ്ക്കുന്നതു്. ദേവി! ബാല്യകാലംതൊട്ടു് അവിടുത്തെ തോഴിയായ ഞാൻ പാദപ്രമാണം ചെയ്യുന്നു.
- ധ്രുവസ്വാമിനി:
- (പിടിച്ചാലിംഗനം ചെയ്തിട്ടു്) ഹേമാംഗിനി, നീ വ്യസനിക്കാതിരിക്കൂ. എന്റെ ഈ ഹൃദയം ഇന്നു കാരിരുമ്പായി. അതിൽ വികാരങ്ങൾക്കു സ്ഥാനമില്ലാതായി. കണ്ണിൽ കണ്ണുനീരും വറ്റി. ഇപ്പോഴേ ഈ ദേവീസന്നിധാനത്തിൽ ഞാൻ മൃതിയടഞ്ഞതായി നീ വിശ്വസിച്ചുകൊള്ളുക. ഇനി താമസിക്കേണ്ട.
- ഹേമാംഗി:
- ദേവി ഒട്ടുനേരംകൂടി നില്ക്കൂ: ഞാൻ ഒന്നുകൂടി കാണട്ടെ.
(ചന്ദ്രഗുപ്തകുമാരൻ യുദ്ധോചിതമായ വേഷത്തിൽ പിറകിൽനിന്നു പ്രവേശിക്കുന്നു.)
- ഹേമാംഗി:
- (സന്തോഷത്തോടെ) ഇതാ കുമാരൻ.
- ധ്രുവസ്വാമിനി:
- കുമാരനോ! എവിടെ? (കാണുന്നു) വേഗം മുഖം മറയ്ക്കുന്നു.
- ചന്ദ്രഗുപ്തൻ:
- ഇതാ, ഇവിടെത്തന്നെയുണ്ടു്. മറ്റുള്ളവർ ഉപേക്ഷിച്ചാലും ചന്ദ്രഗുപ്തൻ ഉപേക്ഷിച്ചിട്ടില്ല.
- ധ്രുവസ്വാമിനി:
- (കേൾക്കാത്ത ഭാവത്തിൽ) എന്തു കാരണവശാലാണു് നാടുകടത്തപ്പെട്ട ചന്ദ്രഗുപ്തകുമാരൻ രാജശാസനയെ അതിലംഘിച്ചു തലസ്ഥാനനഗരത്തിൽത്തന്നെ വന്നതു്; അനുവാദംകൂടാതെ സ്ത്രീജനങ്ങളുടെ മുൻപിൽ പ്രവേശിച്ചതു്?
- ഹേമാംഗി:
- ദേവി! വളരെ സങ്കടമനുഭവിക്കുന്ന കുമാരനെ ദേവിയും ഇങ്ങനെ വേദനപ്പെടുത്തുന്നുവല്ലോ.
- കുമാരൻ:
- ശരി, ഞാൻ രാജശാസന ലംഘിച്ചു. മഹാറാണിയുടെ മുൻപിൽ അനുവാദംകൂടാതെ പ്രവേശിച്ചു. ഞാൻ അപരാധിതന്നെ. അതിനെല്ലാമുള്ള ശിക്ഷ സമയം വരുമ്പോൾ സഹിച്ചുകൊള്ളാം.
- ഹേമാംഗി:
- (സന്തോഷത്തോടെ) കുമാരൻ വന്നല്ലോ. ഇനി എല്ലാത്തിനും നിവൃത്തി ഉണ്ടാകും.
- ധ്രുവസ്വാമിനി:
- (ആത്മഗതം) കുമാരനെ ഈ സമയത്തു കാണുന്നതിൽ എന്റെ ഉള്ളു തകരുന്നു. എന്റെ വികാരപ്രവാഹത്തെ തടയുന്നതിനു ഞാൻ സമർത്ഥയാകുന്നില്ല. (ധൈര്യം അവലംബിച്ചു്, ഹേമാംഗിയോടായിട്ടു്) നിവൃത്തിയുണ്ടാക്കുവാൻ കുമാരനാരാണു്? എന്തവകാശമാണു്?
- കുമാരൻ:
- ആരാണു്, എന്തവകാശമാണു്, എന്നോ? ഞാൻ പറയാം. പരിപാവനമായ ഗുപ്തവംശത്തിന്റെ മാനത്തെ രക്ഷിക്കുവാൻ സമുദ്രഗുപ്തചക്രവർത്തിക്കു പട്ടമഹിഷിയിലുണ്ടായ പുത്രനു് അവകാശമില്ലെന്നോ? എനിക്കു പിതൃതുല്യനായ പർണ്ണദത്താമാത്യന്റെ മകളെ അടിമത്തത്തിൽനിന്നു രക്ഷിക്കുവാനും എനിക്കവകാശമില്ലായിരിക്കാം. ഇല്ലെങ്കിൽ വേണ്ട. പരനാൽ അപഹൃതയെങ്കിലും സ്വയംവരസദസ്സിൽ എന്നെ മാലയിട്ട കന്യകയെ രക്ഷിക്കുവാൻ എനിക്കവകാശമില്ലെന്നു് ആർ പറയും?
ചോദിക്കട്ടെ ജനങ്ങൾ, പൗരരുരചെ-
യ്തീടട്ടെ നീതിക്രമം,
വേദജ്ഞോത്തമർ ധർമ്മവും സഭവിധി-
ച്ചീടട്ടെ മൽകൃത്യവും
ഖ്യാതിപ്പെട്ട സമുദ്രഗുപ്തനൃവരൻ
തൻപുണ്യസമ്പത്തുതാ-
നോതിക്കൊള്ളുമതിന്നൊരുത്തരമിവൻ
ജീവിച്ചിരുന്നീടവേ. 7
- ധ്രുവസ്വാമിനി:
- (ആത്മഗതം) ഇതുവരെ ധൈര്യമായിരുന്ന മനസ്സേ! ധൈര്യമായിട്ടുതന്നെ ഇരിക്കൂ. (മറുപടി പറയുന്നതിനു ശ്രമിച്ചിട്ടു തൊണ്ട ഇടറി വാക്കു പുറത്തു വരാതെ വിഷമിക്കുന്നു.)
- ഹേമാംഗി:
- പരിതപ്തഹൃദയയായ ദേവിയോടു കുമാരൻ ഇങ്ങനെയൊന്നും ഇപ്പോൾ പറയരുതു്.
- ധ്രുവസ്വാമിനി:
- (ഗദ്ഗദത്തോടെ) അക്കാര്യമൊക്കെ ഇനി എന്തിനു പറയുന്നു! രാജശക്തി എന്റെ മനസ്സിനെ…
- കുമാരൻ:
- (ഉദ്വേഗത്തോടെ) അതെങ്ങനെയായാലും എന്റെ ചുമതല മാറിയിട്ടില്ലല്ലോ. എല്ലാംകൊണ്ടും ഞാൻ കടമപ്പെട്ടവനാണു്. ഇതാ, ദേവീസന്നിധാനത്തിൽ വെച്ചു ഞാൻ ശപഥംചെയ്യുന്നു. (ബിംബത്തിനു് അഭിമുഖമായി നിന്നു്) ജഗദംബികേ! സർവ്വേശ്വരി! ഈ ചന്ദ്രഗുപ്തൻ കുലദേവതകളെ സാക്ഷിയാക്കിപ്പറയുന്ന ഈ വാക്കു വിഫലമാക്കരുതേ! എന്തുചെയ്തും ജീവനെ ഉപേക്ഷിച്ചും ഞാൻ എന്റെ വംശത്തിന്റേയും, നാട്ടിന്റേയും, ധർമ്മപ്രകാരം എന്നെ വരിച്ച ഈ കുമാരിയുടേയും മാനത്തെ രക്ഷിക്കും. അതിനു സഹായിക്കേണമേ!
(ധ്രുവസ്വാമിനി കണ്ണടച്ചു പ്രാർത്ഥിക്കുന്ന ഭാവത്തിൽ നില്ക്കുന്നു.)
- ഹേമാംഗി:
- കുമാരൻ എന്തു ചെയ്വാനാണു് ഒരുമ്പെടുന്നതു്?
- കുമാരൻ:
- അതു ഞാൻ പറയാം. ദേവി ശ്രദ്ധിച്ചു കേൾക്കണം. സ്ത്രീവേഷധാരികളായ എന്റെ അനുചരന്മാർ പുറത്തു മേനാവിൽ ഉണ്ടു്. ദേവിയുടെ വേഷത്തിൽ ശാകകുടീരത്തിൽ പോകുന്നതിനു് എനിക്കു് അനുവാദമുണ്ടാകണം.
- ധ്രുവസ്വാമിനി:
- (സങ്കടത്തോടെ) അയ്യോ വേണ്ട! ഞാൻ തന്നെ പോയ്ക്കൊള്ളാം. കുമാരൻ മൃത്യുവിന്റെ വക്ത്രത്തിൽ ചെന്നുചാടുവാൻ ഞാൻ ഒരിക്കലും അനുമതി നല്കുന്നതല്ല.
- കുമാരൻ:
- രാജദ്വിഷ്ടനും, പ്രണയതിരസ്കൃതനും, രാജ്യത്തിൽനിന്നു ബഹിഷ്കൃതനുമായ ഞാൻ മരിച്ചാലെന്തു്? ഇരുന്നാലെന്തു് ? ആർക്കാണതിൽ സങ്കടമുണ്ടാകാനുള്ളതു്? ഇങ്ങനെ അലഞ്ഞുനടക്കുന്നതിൽബ്ഭേദം വീരമരണംതന്നെ. ഒന്നുകിൽ വംശത്തിന്റെ മാനത്തെ രക്ഷിച്ചു കീർത്തി നേടാം; അല്ലെങ്കിൽ മരിക്കാം.
- ധ്രുവസ്വാമിനി:
- അതേ, സ്ത്രീജനങ്ങളുടെ സങ്കടങ്ങൾ ആരു വകവെയ്ക്കുന്നു? ഞങ്ങളുടെ എല്ലാവരുടേയും ഉള്ളു കത്തിയെരിഞ്ഞാലും പുറത്തു കാട്ടിക്കൂടല്ലോ.
- ഹേമാംഗി:
- ശാകപ്പാളയത്തിൽ കുമാരൻ തനിയേ പോയി എന്തു ചെയ്യാനാണു്? സാഹസമല്ലേ അതു്?
മുഷ്കൊത്തതാം യമഭടർ-ക്കെതിരായ സേനാ-
വർഗ്ഗം ചുഴന്നരികളിൽക്കൊടുഭീതിയേറ്റി
നില്ക്കുന്ന നിഷ്ഠുരശകാധിപനോടെതിർക്കാ-
നോർക്കുന്നിതോ, നൃപകുമാര, വെറും കരത്താൽ? 8
- കുമാരൻ:
- (സമന്ദഹാസം) ശരിതന്നെ. അല്ലാതെന്താണു്.
ദോർദണ്ഡം ചാപദണ്ഡം മേ
രണ്ടേ വേണ്ടൂ സഹായമായ്
കുണ്ഠനാം ശാകനാഥന്റെ
കണ്ഠം തുണ്ടാക്കി വീഴ്ത്തുവാൻ. 9
അതുകൊണ്ടു സങ്കടപ്പെടേണ്ട.
- ധ്രുവസ്വാമിനി:
- (വിചാരത്തോടെ)ഞങ്ങൾ എന്താണു് വേണ്ടതു്? കൊട്ടാരത്തിൽനിന്നു പുറത്താക്കപ്പെട്ട ഞാൻ എങ്ങോട്ടു പോകാനാണു്? എനിക്കാരാണു് ഒരാശ്രയം? എങ്ങോട്ടാണു് ഒരു ഗതി?
- കുമാരൻ:
- അതു ഞാൻ ആലോചിക്കാത്തതല്ല. ഞാൻ ശാകപ്പാളയത്തിൽ പോയി മടങ്ങുംവരെ സമീപത്തിലൊരിടത്തു ദേവിക്കും കൂടെയുള്ള സ്ത്രീകൾക്കും മറ്റാരുമറിയാതെ അംശുമതീദേവിയുടെ കൂടെ താമസിക്കുന്നതിനു് ഏർപ്പാടുകൾ ചെയ്തിട്ടുണ്ടു്.
- ഹേമാംഗി:
- സർവ്വേശ്വരി നമ്മെ രക്ഷിച്ചു.
- ധ്രുവസ്വാമിനി:
- കുമാരനെ ആപത്തിലാക്കി നമ്മെ രക്ഷിച്ചതുകൊണ്ടെന്താണു്?
- കുമാരൻ:
- ദേവി ആശ്വസിച്ചുകൊള്ളുക. എനിക്കു യാതൊരാപത്തും ഉണ്ടാകുന്നതല്ല.
- ധ്രുവസ്വാമിനി:
- ഒന്നും വരാതെ കാത്തുരക്ഷിക്കട്ടെ! എന്നാൽ എന്താണു് ഇനി വേണ്ടതു്?
- കുമാരൻ:
- എന്നാൽ ആ മൂടുപടം ഞാൻ ധരിക്കാം. ദേവിയുടെ കയ്യിൽനിന്നു വാങ്ങുന്ന ഈ ദേഹാവരണമാണു് എന്റെ രക്ഷാകവചം.
(ധ്രുവസ്വാമിനി ഹേമാംഗിയുടെ കയ്യിൽനിന്നു മൂടുപടം വാങ്ങിക്കൊടുക്കുന്നു.)
- കുമാരൻ:
- ഇതുകൊണ്ടായില്ല; കയ്യിന്മേലുള്ള വളകളും കാലുകളിലെ രത്നകിങ്ങിണികളുംകൂടി വേണം; കഴുത്തിലെ മാലയും.
(ഒന്നും മിണ്ടാതെ ആഭരണങ്ങൾ അഴിച്ചുകൊടുക്കുന്നു. മാല കുമാരനെ അണിയിക്കുന്നു.)
- കുമാരൻ:
- രാജസദസ്സിൽ ഇട്ട വരണമാലയേക്കാൾ കൂടുതൽ ഞാൻ ഇതിനെ വിലമതിക്കുന്നു. ഇതു ദേവീസന്നിധാനത്തിൽവെച്ചാണല്ലോ. ഞാൻ ഇനിയും തിരികെ വന്നില്ലെങ്കിലും ദേവിയുടെ അന്തർഗ്ഗതമറിഞ്ഞാണു് മരിച്ചതെന്നുള്ള സംതൃപ്തിയുണ്ടല്ലോ.
(ആഭരണങ്ങൾ അണിഞ്ഞു മൂടുപടം ഇടുന്നു.)
- ഹേമാംഗി:
- ഇതാ, കുമാരൻ,
സുക്ഷത്രിയശ്രീ വിജയിച്ച മേനിയിൽ
പ്രൗഢാംഗനാഭൂഷണഡംബരോജ്വലൻ
പിടിക്കു ചേരും പുതുകോപ്പണിഞ്ഞൊരാ
മത്തേഭതുല്യം വിലസുന്നു കോമളൻ. 10
- ധ്രുവസ്വാമിനി:
- (സഹർഷം ഹേമാംഗിയോടു്)
ശരന്മേഘത്തിനാൽ മൂടി
നില്ക്കും ചന്ദ്രൻകണക്കിനെ
പ്രച്ഛന്നനെങ്കിലും ശോഭ
തേടിക്കാണുന്നു നിർഭരം. 11
എല്ലാം കുമാരൻ നിശ്ചയിച്ചതുപോലെ വരട്ടെ.
- കുമാരൻ:
- ഇതൊരനുഗ്രഹമാണു്. എന്നാൽ ഞാൻ ആദ്യം പോവാം.
(എന്നു പോകുന്നു.)
- ധ്രുവസ്വാമിനി:
- (നിശ്ചേഷ്ടയായി അല്പനേരം നിന്നിട്ടു്) അഹോ! ദാരുണമായ ദുർവ്വിധി! ഈ അഭാഗിനിയെക്കൊണ്ടു് ആർക്കെല്ലാമാണു് സങ്കടം. വല്ലവിധത്തിലും ജീവൻ കളഞ്ഞാൽ മതിയായിരുന്നു.
- ഹേമാംഗി:
- ഇതാ, നമ്മെ അനുഗമിക്കാൻ കുമാരൻ ഏർപ്പാടു ചെയ്തിട്ടുള്ളവർ. നമുക്കും പോകാം.
(എല്ലാവരും പോകുന്നു)
രണ്ടാമങ്കം കഴിഞ്ഞു.
(പ്രവിഷ്കനും തോരമാനനും പ്രവേശിക്കുന്നു.)
- പ്രവിഷ്കൻ:
- രാമഗുപ്തന്റെ ആളുകൾ വരേണ്ട സമയമായിരിക്കുന്നല്ലോ.
- തോരമാനൻ:
- അവർ ചതിക്കുമോ?
- പ്രവിഷ്കൻ:
- ചതിക്കാനും ധൈര്യം വേണ്ടേ. രാമഗുപ്തനെക്കൊണ്ടു് അതിനുമാകയില്ല. ഏതായാലും നമ്മുടെ ഈ ജൈത്രയാത്ര വളരെ ഫലപ്രദമായി. യുദ്ധം ചെയ്തു സാമ്രാജ്യം പിടിച്ചടക്കുവാൻ സാധിക്കുമെന്നു് എനിക്കു വിചാരമില്ലായിരുന്നു. പോരാത്തതിനു തിരികെ നാട്ടിലെത്തുന്നതിനു നമ്മുടെ പടയാളികളും ലഹളകൂട്ടുന്നു. അപ്പോൾ രാമഗുപ്തൻ സന്ധിക്കാലോചിച്ചതുതന്നെ ഭാഗ്യം.
- താരമാനൻ:
- എനിക്കു് ഒരു സംശയം മാത്രമേ ഉള്ളൂ: എത്രമാത്രം പണവും രത്നങ്ങളും എല്ലാം ആവശ്യപ്പെടാമായിരുന്ന സ്ഥിതിക്കു് ഈ ചക്രവർത്തിനിയുടെ സാന്നിദ്ധ്യംമാത്രം ആവശ്യപ്പെട്ടതെന്തിനാണു്.
- പ്രവിഷ്കൻ:
- തോരമാന, നീ രാജനീതി അറിയുന്നില്ല. പണംപോയാൽ രാമഗുപ്തനു പിന്നേയും ശേഖരിക്കാൻ സാധിക്കും. മാനം പോയാലോ?
പക്ഷം രണ്ടുമൊടിഞ്ഞ വൻകഴുകനോ,
ഘോരം വിഷപ്പല്ലു പോയ്
കഷ്ടപ്പാടു ഭവിച്ച സർപ്പവരനോ,
കാൽ പോയ ഹര്യക്ഷനോ,
പങ്കത്തിൽ ബത! പെട്ട ദന്തിവരനോ,
തേജോവധം വന്നൊരാ
ഭൂപാലന്നൊടു നോക്കുകിൽ പ്രബലനാ-
ണെന്താണിതിൽ സംശയം? 1
രാമഗുപ്തനെ തേജോവധം ചെയ്തിട്ടു നാമിപ്പോൾ പോയാൽ അടുത്ത ആണ്ടിൽ ആക്രമിക്കുമ്പോൾ അയാളെ സഹായിക്കുന്നതിനു് ഒരാൾപോലും ഉണ്ടാകയില്ല. രാജ്യത്തിൽ ഛിദ്രം വർദ്ധിക്കും. ഇങ്ങനെ അപമാനിക്കപ്പെട്ട രാജാവിനെ ആർ വകവെയ്ക്കും?
- തോരമാനൻ:
- വെറുതെ അല്ല രാജാധികാരം വകവെയ്ക്കാത്ത ശാകന്മാർ അങ്ങേ ചക്രവർത്തിയായി സ്വീകരിച്ചിട്ടുള്ളതു്. അവിടത്തെ നയനിപുണത വിശേഷംതന്നെ. ഈ സ്ഥിതിക്കു നാം അടുത്ത ആണ്ടിൽ ആക്രമിക്കുമ്പോൾ യുദ്ധംകൂടാതെതന്നെ ഭാരതസാമ്രാജ്യം നമുക്കു് കീഴടങ്ങുമല്ലോ.
- പ്രവിഷ്കൻ:
- തർക്കമുണ്ടോ? അതിനിടയ്ക്കു ചന്ദ്രഗുപ്തൻ ജേഷ്ഠനെ നാട്ടിൽനിന്നോടിച്ചിട്ടില്ലെങ്കിൽ സേനാസന്നാഹമൊന്നും കൂടാതെതന്നെ ഞാൻ ഇവിടം അടക്കിക്കൊള്ളാം.
- തോരമാനൻ:
- ചന്ദ്രഗുപ്തൻ രാജ്യം അപഹരിക്കുമെന്നു അവിടത്തേയ്ക്കു സംശയമുണ്ടോ?
- പ്രവിഷ്കൻ:
- സംശയമല്ല. നിശ്ചയമുണ്ടു്. എന്നാൽ അതിനെ തടയുന്നതിനു വഴിയും ഞാൻ കണ്ടിട്ടുണ്ടു്. രാമഗുപ്തനെ സഹായിക്കുന്നതിനായി ഒരു സേനാവിഭാഗത്തെ ഇവിടെ താമസിപ്പിച്ചിട്ടു പോകണമെന്നാണു് ഞാൻ വിചാരിക്കുന്നതു്. മാധവസേനൻ മുഖാന്തരം അതിനുവേണ്ട ആലോചനകളും ചെയ്തിട്ടുണ്ടു്. ചിലവെല്ലാം രാമഗുപ്തൻ വഹിച്ചുകൊള്ളും; അയാൾ നമ്മുടെ അധീനതയിലുമാവും.
- തോരമാനൻ:
- ഒരു വിദ്യതന്നെ.
(ഒരു ഭടൻ പ്രവേശിച്ചു് പ്രവിഷ്കനെ തൊഴുതിട്ടു്)
- ഭടൻ:
- മൂടിപ്പൊതിഞ്ഞ കുറേ മേനാവുകളും രാമഗുപ്തമഹാരാജാവിന്റെ ഒരാളും പുറത്തു വന്നു നില്ക്കുന്നു.
- പ്രവിഷ്കൻ:
- ഗുപ്തറാണിയേയും കൂടെ വന്നവനേയും മാത്രം അകത്തു കൊണ്ടുവരൂ. മറ്റുള്ളവർ തല്ക്കാലം കൂടാരത്തിനു പുറത്തു നില്ക്കട്ടെ.
(നിരായുധനായ ഒരനുചരനോടൊന്നിച്ചു തല മുതൽ അടിവരെ മൂടുപടം ഇട്ട ചന്ദ്രഗുപ്തൻ സ്ത്രീവേഷത്തിൽ പ്രവേശിക്കുന്നു.)
- പ്രവിഷ്കൻ:
- തോരമാന, താൻ തന്റെ കൂടാരത്തിലേയ്ക്കു പോയ്ക്കൊള്ളൂ. രാമഗുപ്തന്റെ അന്തഃപുരസ്ത്രീകളിൽ ഒരാൾ തന്നെ സേവിക്കുന്നതിനു് താമസംകൂടാതെ ഹാജരായിക്കൊള്ളും.
(തോരമാനൻ വന്ദിച്ചു പോകുന്നു.)
- പ്രവിഷ്കൻ:
- (ദൂതനോടു്) രാമഗുപ്തരാജാവിന്റെ സന്ദേശം എന്താണു്?
- ദൂതൻ:
- മഹാരാജാവു് ഇപ്രകാരം കല്പിച്ചയച്ചു: “നാം തമ്മിൽ ചെയ്ത സന്ധി അനുസരിച്ചു് ഞാൻ ഇവരെ അയയ്ക്കുന്നു. ശാകരാജാവും നാമുമായുള്ള സഖ്യം സ്ഥിരമായി നില്ക്കണമെന്നാണു് നമ്മുടെ ആഗ്രഹം” എന്നു്.
- പ്രവിഷ്കൻ:
- (പൊട്ടിച്ചിരിച്ചിട്ടു്) തമ്മിൽ സ്നേഹം! കൊള്ളാം. ആർ തമ്മിലാണു് സ്നേഹം?
ദന്തീന്ദ്രമസ്തകമടിച്ചു പൊടിച്ചു, തന്റെ
ഹുങ്കാരമാത്രമതിനാൽ ഭയമേകി നില്ക്കും
പഞ്ചാനനപ്രഭു നികൃഷ്ടസൃഗാലമൊത്തു-
സന്ധാനമെന്നതു വിചിത്രമഹോ വിചിത്രം.
2
ശരി, ശരി, സ്നേഹത്തിന്റേയും സന്ധിയുടേയും കാര്യമെല്ലാം പിന്നെ. ആട്ടെ, റാണിയുടെ മൂടുപടം മാറ്റൂ. കാണട്ടെ രാമഗുപ്തന്റെ പട്ടമഹിഷിയുടെ സൗന്ദര്യം. ശാകരാജധാനിയിൽ നമ്മുടെ അന്തഃപുരത്തിൽ അയ്യായിരം സ്ത്രീകളുണ്ടു്, പല നാട്ടിൽനിന്നും പല ജാതിയിൽനിന്നും. കാണട്ടെ, അവരിൽ ഏറ്റവും നിസ്സാരയായ ദാസിയോടെങ്കിലും കിടപിടിക്കത്തക്ക സ്ഥാനം ഭാരതരാജ്ഞിക്കുണ്ടോ എന്നു്. ഞാൻ അക്ഷമനായിരിക്കുന്നു.
കുളിരട്ടെ കണ്ണുകളെനിക്കു നിന്റെ മെ-
യ്യൊളിയാം നവാമൃതവിശിഷ്ടധാരയാൽ
തെളിയട്ടെയെന്റെ മനതാരിതിന്ദുവിൻ
സുഷമാപഹാരി മുഖസമ്പദാ ശുഭേ! 3
(ചന്ദ്രഗുപ്തൻ ദൂതനോടു പതുക്കെ എന്തോ പറയുന്നു)
- ദൂതൻ:
- ദേവി കല്പിക്കുന്നു: ചക്രവർത്തിസ്ഥാനത്തിൽ ഇരുന്ന അവിടുന്നു് മറ്റുള്ളവരുടെ മുൻപിൽവെച്ചു് മൂടുപടം മാറ്റുന്നതു ശരിയല്ല. അതുകൊണ്ടു കാവല്ക്കാർ മുതലായവർ നില്ക്കെ അങ്ങനെ കല്പിക്കരുതെന്നപേക്ഷയുണ്ടു്.
- പ്രവിഷ്കൻ:
- ശരിയാണു്. ആ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. (ഭൃത്യന്മാർ പുറത്തു പോകുന്നതിനു് ആജ്ഞാപിക്കുന്നു) ഇനിയെങ്കിലും…
- ചന്ദ്രഗുപ്തൻ:
- (മൃദുസ്വരത്തിൽ) അവിടുന്നു വലിയ ചക്രവർത്തി. ഞാൻ അവിടുത്തേയ്ക്കു ദാസിയായി സമർപ്പിക്കപ്പെട്ടവൾ. അവിടുത്തെ സ്നേഹത്തെ മാത്രം കാത്തു സപത്നികളുടെ ഇടയിൽ—അന്യരാജ്യത്തു—കഴിച്ചു കൂട്ടേണ്ടവൾ. ഒരപേക്ഷ മാത്രം ആദ്യമായി ഞാൻ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.
- പ്രവിഷ്കൻ:
- (സന്തോഷത്തോടെ) പറയുക. ഈ പ്രവിഷ്കൻ ഉദാരബുദ്ധിയല്ലെന്നു വിചാരിക്കേണ്ട. രാമഗുപ്തനെ വിട്ടുപോന്നതുകൊണ്ടു സങ്കടം തോന്നുകയും വേണ്ട. സ്വന്തം പട്ടമഹിഷിയെ ഇത്രപോലും വിലവെച്ചിട്ടില്ലാത്ത ആ അന്തസ്സാരവിഹീനന്റെ മഹാറാണിയായി ഇരിക്കുന്നതിലും ഭേദം നമ്മുടെ ദാസിയായിരിക്കുന്നതാണു്. എന്നെ സേവിച്ചാൽ ഉണ്ടാവുന്ന മേന്മ വിചാരിക്കുക.
അനർഘരത്നങ്ങൾ വിരോധിമാരിൽനി-
ന്നെടുത്ത സമ്പത്തുകൾ വസ്ത്രസഞ്ചയം
സർവ്വോത്തരം സ്ഥാനമി-തൊക്കെയും ക്രമാൽ
നിനക്കു കൈവന്നിടുമെൻപ്രിയത്തിനാൽ. 4
- ചന്ദ്രഗുപ്തൻ:
- (ആത്മഗതം) ഇവന്റെ ധിക്കാരം. (പ്രത്യക്ഷം) അവിടുത്തെ പ്രതാപം ലോകം അറിയുന്നു. അവിടുത്തെ ഗുണവും ആളുകൾ സ്തുതിക്കട്ടെ.
പുകഴ്ത്തട്ടേ ലോകം ശുഭമതി ശകാധീശനിതുനാൾ
വിശിഷ്ടാചാരത്താൽ നിജകര-ബലത്താലുമതുപോൽ
ജഗത്തിൽ സാമ്യംവിട്ടവനരി-നൃപാലന്റെ വധുവെ-
ക്കരത്തിൽ പെട്ടിട്ടും ബഹുമതിയിൽ വിട്ടോനിതിസദാ. 5
രാജനീതിയനുസരിച്ചു സാധിക്കേണ്ട കാര്യം അങ്ങു സാധിച്ചു. വിരോധിയെ തേജോവധംചെയ്തു, പ്രജകൾക്കു പരിഹാസ്യനാക്കി. ഈ സാധുസ്ത്രീയുടെ ചാരിത്രഭംഗംകൊണ്ടു് എന്തു ഗുണമാണു് മഹാനുഭാവനായ അങ്ങേയ്ക്കുണ്ടാവാനുള്ളതു്? അഭിമാനമില്ലാതെ രാമഗുപ്തൻ ഒഴിഞ്ഞുകൊടുത്ത സ്ത്രീയെ ശാകരാജാവു ബഹുമാനിച്ചയച്ചു എന്നു് ആളുകൾ അങ്ങയെ സ്തുതിക്കട്ടെ.
- പ്രവിഷ്കൻ:
- (അനുമോദനഭാവത്തിൽ) റാണി ധ്രുവസ്വാമിനി അതിസൗന്ദര്യവതിയെന്നു ലോകപ്രസിദ്ധമാണു്. എന്നാൽ ഇത്ര നയജ്ഞയും ബുദ്ധിമതിയുമാണെന്നു് ഇപ്പോഴാണു് അറിയുന്നതു്. ഏതായാലും ഞാൻ അക്ഷമനായിരിക്കുന്നു (അനുനയഭാവത്തിൽ)
സ്നേഹം ചേർന്നൊരു കണ്മുനക്കളികളാ-
ലെന്മെയ് തലോടീടു നീ
തൂവെൺപുഞ്ചിരിയാം നിലാവിലലിയ-
ട്ടെന്മാനസേന്ദൂപലം
താവും മാധുരിചേർന്ന നിന്മൊഴികളാൽ
കർണ്ണം സുഖിക്കട്ടെ ഞാ-
നാവുംപോലെ നുകർന്നിടട്ടെ തവ സൗ-
ന്ദര്യാതിരേകം പ്രിയേ!
- ചന്ദ്രഗുപ്തൻ:
- അങ്ങു ധർമ്മിഷ്ഠനെന്നു് ആളുകൾ പറയുന്നു. സുന്ദരികളായ വളരെ യുവതികൾ അങ്ങയുടെ അവരോധത്തെ അലങ്കരിക്കുന്നുണ്ടുതാനും. എന്നിട്ടും പരകളത്രത്തിൽ—അതും സമസ്ഥിതിയുള്ള ഒരു രാജാവിന്റെ ധർമ്മദാരങ്ങളിൽ—ആഗ്രഹം തോന്നിയെന്നുള്ളതു് ഒരപഖ്യാതിയായി തീരുന്നതല്ലേ? പാരദാരികത്വം പോലെ എന്തൊരു ദോഷമാണുള്ളതു്? അങ്ങറിയുന്നല്ലോ എത്ര പ്രബലന്മാരായ രാജാക്കന്മാരാണു് ഈ പാപത്തിലകപ്പെട്ടു നാശം പ്രാപിച്ചിട്ടുള്ളതു്!
- പ്രവിഷ്കൻ:
- ഛീ, ഛീ; എന്റെ ഗുണം വിചാരിച്ചാണു് അല്ലേ റാണി തടസ്സം പറയുന്നതു്? ഞങ്ങളുടെ ജാതിക്കാർ ശാകന്മാരല്ലാത്തവരുടെ സ്ത്രീകളെ അപഹരിക്കുന്നതു ദോഷമായി ഗണിച്ചിട്ടില്ല. വിജിതന്മാരായ രാജാക്കന്മാരുടെ ഭാര്യമാരെ സ്വീകരിക്കുന്നതു ഞങ്ങളുടെ നടപടിയാണു്.
- ചന്ദ്രഗുപ്തൻ:
- എന്നാൽ എന്റെ കാര്യമെങ്കിലും വിചാരിക്കണം.
- പ്രവിഷ്കൻ:
- (അക്ഷമയോടെ) എന്താണു് വിചാരിക്കാനുള്ളതു്? നിന്റെ ഭർത്താവിനാൽ നീ അടിമപോലെ വില്ക്കപ്പെട്ടു; ഇനി എന്റെ ദാസി. നല്ലവണ്ണം മനസ്സിലാക്കുക.
- ചന്ദ്രഗുപ്തൻ:
- (വ്യസനഭാവത്തിൽ) സങ്കടമറിയിക്കുന്നൂ എന്നേ ഉള്ളൂ. മഹാരാജാവും സ്വാമിയുമായ അവിടുന്നു ദയവുണ്ടായി കേൾക്കണം. ചക്രവർത്തിനീപദത്തിൽ ഇരുന്നിട്ടു്—
- പ്രവിഷ്കൻ:
- സ്വന്തമാനത്തെ വിലവെച്ചിട്ടില്ലാത്ത രാജാവിനെ വിട്ടുപോന്നതിൽ എന്താണു് സങ്കടപ്പെടാനുള്ളതു്? എന്റെ അന്തഃപുരത്തിൽ അനേകായിരം ദാസിമാരുണ്ടെങ്കിലും അവരിൽ ഒരുത്തിയെപ്പോലും ഇതുപോലെ വിട്ടുകൊടുക്കുമെന്നു വിചാരിക്കുന്നുവോ?
- ചന്ദ്രഗുപ്തൻ:
- ഒന്നുകൂടി ഞാൻ അപേക്ഷിക്കുന്നു: എന്നെ പോകുവാൻ അനുവദിക്കണം.
- പ്രവിഷ്കൻ:
- അതിനെന്താണു് വിഷമം? വേണമെങ്കിൽ തിരികെ അയച്ചേയ്ക്കാം.
സവിലാസരതാന്തതാന്തമാം നിൻ
തനുവിൽ സ്വേദകണങ്ങൾ ചേർന്നിണങ്ങി
മമ ഭാഗ്യവിളംബരത്തിനായി-
പ്പുലരയ്ക്കമ്പൊടു നിന്നെ യാത്രയാക്കാം. 8
- ചന്ദ്രഗുപ്തൻ:
- സൂക്ഷിക്കണേ. രാമഗുപ്തനെയല്ല ഇവിടെ വിചാരിക്കുവാനുള്ളതു്, കുമാരചന്ദ്രഗുപ്തനെയാണു്.
- പ്രവിഷ്കൻ:
- (അമർഷത്തോടെ) ഇതിൽ അയാൾക്കു് എന്താണെന്നോ?
- ചന്ദ്രഗുപ്തൻ:
- ഞാൻ ഗുപ്തറാണിയാക്കുന്നതിനു മുൻപു് ചന്ദ്രഗുപ്തനെ സ്വയംവരത്തിൽ മാല ഇട്ടതാണു്. ഈ സംഗതിയറിഞ്ഞാൽ ചന്ദ്രഗുപ്തൻ ശാകസൈന്യത്തെ വെറുതേ വിടുമെന്നു വിചാരിക്കുന്നുവോ?
- പ്രവിഷ്കൻ:
- ചന്ദ്രഗുപ്തൻ ഇത്ര പരാക്രമിയെങ്കിൽ സ്വയംവരത്തിൽ തന്നെ മാലയിട്ട കന്യകയെ മറ്റൊരാൾ അപഹരിച്ചപ്പോൾ എന്തേ അടങ്ങിയിരുന്നതു്?
- ചന്ദ്രഗുപ്തൻ:
- കുലമാനത്തെ വിചാരിച്ചും ജ്യേഷ്ഠനെന്നുള്ള വിചാരംകൊണ്ടുമായിരിക്കണം. ഏതായാലും തന്റെ വംശവിരോധികളിൽനിന്നു് ഇങ്ങനെ ഒരപമാനം കുമാരൻ സഹിക്കയില്ല.
- പ്രവിഷ്കൻ:
- (ചിരിച്ചുംകൊണ്ടു്) രാജദ്വിഷ്ടനായി മരണമാലയണിഞ്ഞു കാട്ടിലെങ്ങാനും ഒളിച്ചു താമസിക്കുന്ന ചന്ദ്രഗുപ്തനെ ഞാൻ പേടിക്കണമെന്നാണോ പറയുന്നതു്?
- ചന്ദ്രഗുപ്തൻ:
- മാലയണിഞ്ഞിട്ടുണ്ടെന്നുള്ളതു ശരി. പക്ഷേ, അതു മരണമാലയല്ല.
തൽക്കണ്ഠനാളത്തിൽ വിളങ്ങിടുന്നു-
ണ്ടനർഗ്ഘമുക്താമണികൈതവത്താൽ
വിരോധിശൗര്യച്ചെടിതന്റെ കീർത്തി-
പ്രസൂനവർഗ്ഗങ്ങൾ ചിരാർജ്ജിതങ്ങൾ. 9
- പ്രവിഷ്കൻ:
- (സഹിക്കവയ്യാത്ത കോപത്തോടെ) എന്നാൽ കാണട്ടെ, ചന്ദ്രഗുപ്തൻ വന്നു രക്ഷിക്കുന്നതു്. നിന്റേയും അവന്റേയും മിടുക്കും ചുണയും കാണേണ്ടതിപ്പോൾത്തന്നെ.
(എന്നു പിടിയ്ക്കാനായി എഴുന്നേല്ക്കുന്നു.)
- ചന്ദ്രഗുപ്തൻ:
- എന്നാൽ അതു കണ്ടുകൊള്ളുക (എന്നു് അരയിൽനിന്നു വാൾ ഊരി മുഖാവരണം മാറ്റുന്നു) ഇതാ, രാജദ്വിഷ്ടനായ ചന്ദ്രഗുപ്തൻ.
(കർട്ടൻ)
മൂന്നാമങ്കം കഴിഞ്ഞു
(ഒരു സന്യാസി പ്രവേശിക്കുന്നു)
- സന്യാസി:
- ആളുകൾ ഇളകിത്തുടങ്ങിയിരിക്കുന്നപോലെ തോന്നുന്നു. എല്ലായിടത്തും കോലാഹലവും കേൾക്കുന്നു. തെരുവുകളിൽ കൂട്ടം വർദ്ധിച്ചുവരുന്നു. ഇതാ, ഒരാൾ ഇങ്ങോട്ടു വരുന്നു. അതു സൂചീമുഖൻതന്നെ ആണല്ലോ. അയാളോടു ചോദിക്കാം: സ്നേഹിത! എങ്ങോട്ടാണു് ധൃതിയിൽ പോകുന്നതു്?
- സൂചീമുഖൻ:
- (സൂക്ഷിച്ചു നോക്കിയിട്ടു്) ഇതു ലവണകൻതന്നെയാണല്ലോ. സഖേ! ലവണക, ബൗദ്ധസന്യാസിവേഷം വളരെ നന്നായിരിക്കുന്നു.
- ലവണകൻ:
- ഇവിടെ കാവലിരുന്നുകൊള്ളണമെന്നാണു് എന്നോടാജ്ഞാപിച്ചിട്ടുള്ളതു്. താൻ എങ്ങോട്ടാണു്?
- സൂചീമുഖൻ:
- കുമാരൻ പട്ടണത്തിലെത്തിയിട്ടുണ്ടെന്നു് ഒരു ശ്രുതി പരന്നിട്ടുണ്ടു്. അതുകൊണ്ടു് പൗരന്മാർ ഇളകിയിരിക്കയാണു്. കുമാരനെ അന്വേഷിച്ചു പിടിക്കുന്നതിനായി മാധവസേനനും കുറെ പടയാളികളും പട്ടണത്തിൽ ചുറ്റി സഞ്ചരിക്കയാണു്. അതു പർണ്ണദത്താമാത്യനെ അറിയിക്കുവാൻ ചണ്ഡസേനൻ ആജ്ഞാപിച്ചതനുസരിച്ചു് ഞാൻ അങ്ങോട്ടു പോകയാണു്. അവർ ഇങ്ങോട്ടും വന്നേയ്ക്കും.
- ലവണകൻ:
- ശാകപ്പാളയത്തിലെ കഥയെന്താണു്?
- സൂചീമുഖൻ:
- ശാകന്മാർ രാവിലെ പാളയം പിരിച്ചു് യാത്ര തുടങ്ങിക്കഴിഞ്ഞു. അവിടെ വലിയ ലഹളകൾ ഉണ്ടായതായി കേൾക്കുന്നു. സംഗതി എന്താണെന്നു് അറിവില്ല. ദേവി പർണ്ണദത്തന്റെ ഗൃഹത്തിൽ എത്തിയിട്ടുണ്ടെന്നും കേൾക്കുന്നുണ്ടു്. അതുകൊണ്ടാണുപോലും അങ്ങോട്ടേയ്ക്കു മാധവസേനൻ പുറപ്പെട്ടിരിക്കുന്നതു്.
- ലവണകൻ:
- എന്തു്, ദേവി ശാകപ്പാളയത്തിൽ പോയില്ലേ?
- സൂചീമുഖൻ:
- എന്തു്! താനറിഞ്ഞില്ലേ? ദേവിയല്ല പോയതു്, കുമാരനായിരുന്നു. ബൗദ്ധസന്യാസിനികളുടെ ഒരാശ്രമത്തിൽ ദേവിയേയും കൂട്ടരേയും ഇരുത്തിയിട്ടു് കുമാരൻതന്നെ സ്ത്രീവേഷം ധരിച്ചു ശാകപ്പാളയത്തിൽ പോയിപോലും. അവിടെവെച്ചു് ശാകരാജാവിനേയും പത്തു പ്രഭുക്കന്മാരേയും കൊന്നുപോലും. അതാണു് അവർ പാളയംപിരിച്ചു പോയതു്.
- ലവണകൻ:
- ഇപ്പോൾ മനസ്സിലായി, എന്നെ ഇവിടെ ഈ ബൗദ്ധമഠത്തിന്റെ മുൻപിൽ ഇരിയ്ക്കാൻ ആജ്ഞാപിച്ചതെന്തിനെന്നു്. കുമാരന്റെ മാതാവായ മഹാറാണി ദത്താദേവിക്കു് ഏറ്റവും പ്രിയപ്പെട്ട പരിവ്രാജിക അംശുമതീഭഗവതി ഈ സന്യാസിനീമഠത്തിന്റെ അദ്ധ്യക്ഷയാണല്ലോ. ഇവിടെ ആയിരിക്കണം കുമാരൻ ദേവിയെ പാർപ്പിച്ചിട്ടു പോയതു്. ഇപ്പോൾ കുമാരൻ എവിടെയാണെന്നു കേട്ടുവോ?—
- സൂചീമുഖൻ:
- ഒരു നിശ്ചയവുമില്ല. പട്ടണത്തിൽഅന്നെ എത്തിയിട്ടുണ്ടെന്നാണു് ജനശ്രുതി. അതാണു് ജനങ്ങൾ ഇളകിക്കാണുന്നതു്. ചണ്ഡസേനൻ ഏതായാലും അന്വേഷിച്ചുവരുന്നുണ്ടു്. ഇന്നല്ലെങ്കിൽ നാളെ പട്ടണത്തിൽ വന്നുചേരും.
- ലവണകൻ:
- എന്നാൽ നമുക്കും ഇവിടെ നിന്നിട്ടു കാര്യമില്ല.
(രണ്ടുപേരും പോകുന്നു)
വിഷ്കംഭം കഴിഞ്ഞു
(രാമഗുപ്തമഹാരാജാവും വാസന്തിയും പ്രവേശിക്കുന്നു)
- രാമഗുപ്തൻ:
- പ്രിയേ, എന്താണിങ്ങനെ അസ്വാഭാവികമായ മ്ലാനത? നിനക്കുണ്ടാകാൻ പോകുന്ന പദവിയിൽ ആഹ്ലാദിക്കേണ്ട സമയമല്ലേ? അതിനുപകരം അസന്തുഷ്ടയായി കാണുന്നതെന്താണു്?
മുഖം വിവർണ്ണം പരിപാണ്ഡു നിഷ്പ്രഭം
വിലാസശൂന്യം നയനോല്പലദ്വയം
പ്രഭാതവേളാപഹൃതാഭമായ പൂ-
നിലാവുപോൽ കാമിനി, കാണ്മതെന്തു നീ?
1
- വാസന്തി:
- (നെടുവീർപ്പിട്ടു്) എനിക്കാകപ്പാടെ സുഖമില്ല. മനസ്സിൽ എന്തെന്നില്ലാത്ത ഒരസ്വസ്ഥത.
- രാമഗുപ്തൻ:
- (അനുനയഭാവത്തിൽ) ഞാൻ പ്രണയഖണ്ഡനം ചെയ്തതായി ഓർക്കുന്നില്ല. ഒരു കാലത്തും ഭവതിയോടു കോപിച്ചതായും അറിയുന്നില്ല. മഹാറാണിയായി അഭിഷേകം ചെയ്യപ്പെടാൻ പോകുന്ന ഭവതി ഇങ്ങനെ എന്നിൽ കോപം ഭാവിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു. എന്താണു് ഞാൻ പിഴച്ചിട്ടുള്ളതു്? എന്താണു് ഞാൻ അതിനു പ്രതിക്രിയയായി ചെയ്യേണ്ടതു്?
കാന്തേ! ദോർമൂലകൂലംകഷസുരുചിരമാം
പോർമുലത്തൊത്തിനോടോ
കാന്തം താംബൂലരക്തം നവമധു നിറയും
ചോരിവായ്ത്താരിനോടോ
സ്വാന്തം നിർമ്മൂലമാട്ടുന്നൊരു മൃദുഹസിത-
പ്പൂനിലാവോടുതാനോ
ശാന്തം! പാപം! പിഴച്ചൂ പ്രിയവതി, തവ കാൽ
കൂപ്പുമിക്കുംഭദാസൻ. 2
- വാസന്തി:
- അല്ലല്ല, അതിനോടൊന്നുമല്ല, പിഴച്ചതു്.
- രാമഗുപ്തൻ:
- പ്രിയേ! പറഞ്ഞാലും, പിന്നെന്തിനോടാണു് ഞാൻ പിഴച്ചതു്?
- വാസന്തി:
- എന്തിനു വെറുതെ ഇങ്ങനെ ഒക്കെപ്പറയുന്നു? നാളെ എങ്ങനെ എന്നു് ആർക്കറിയാം? ഞാൻ അറിയും പ്രഭുക്കന്മാരുടെ മനോവൃത്തി.
സുഖക്ഷണാധീനവിരാഗചിത്തം,
മുഖത്തിൽമാത്രം മധുരസ്വഭാവം,
അഖണ്ഡിതം സ്വാർത്ഥവിചാര;-മേവ-
മഹോ! പ്രഭുക്കൾക്കനുരാഗസാരം. 3
- രാമഗുപ്തൻ:
- (നേരേ നോക്കാതെ) കളയൂ ആ വിചാരമൊക്കെ. ജീവനുള്ളിടത്തോളം കാലം ഈ രാമഗുപ്തൻ വാസന്തിയുടെ ദാസനെന്നുതന്നെ തീർച്ചയാക്കിക്കൊള്ളുക.
- വാസന്തി:
- ശരിശരി, എങ്കിലും ദേവിയുടെ…
- രാമഗുപ്തൻ:
- ആ ശവത്തിന്റെ കഥ പറയേണ്ട. അവളുടെ അച്ഛന്റെ സ്ഥിതി വിചാരിച്ചു ഞാൻ പട്ടമഹിഷിയാക്കി അഭിഷേകം ചെയ്തു. അവൾ വെറും ഭ്രാന്തി. മഹാറാണിയായിരുന്നിട്ടും എന്റെ മുഖത്തേയ്ക്കവൾ തിരിഞ്ഞുനോക്കിയിട്ടില്ല. ആ നിർഗ്ഗന്ധപുഷ്പം പോവട്ടെ—പോയി തുലയട്ടെ. നീചന്റെ അടിമയായി കഴിയട്ടെ. നമ്മെ നിരസിച്ചതിന്റെ ഫലം അനുഭവിക്കട്ടെ. (മദ്യപാനം ചെയ്തിട്ടു്) തുലയട്ടെ ദുർമ്മുഖം കാട്ടുന്ന ശവം. അവളുടെ പേരുതന്നെ പറയരുതു്.
- വാസന്തി:
- എങ്കിലും ചെറുപ്പം മുതൽ എന്റെ സ്വാമിനി ആയിരുന്നല്ലോ. എന്നോടു് എന്തു ദാക്ഷിണ്യമാണു് ദേവി കാണിച്ചിട്ടുള്ളതു് ! എനിക്കതു വിചാരിക്കുമ്പോൾ സങ്കടം തോന്നുന്നു.
- രാമഗുപ്തൻ:
- (പിന്നെയും കുടിച്ചിട്ടു്) അവളുടെ കഥ മറക്കൂ. നീയല്ലേ ഇപ്പോൾ ഈ ഭാരതഖണ്ഡത്തിൽ എല്ലാവർക്കും സ്വാമിനി?
- വാസന്തി:
- ഇതേക്കുറിച്ചാണു് ഇന്നു ഞാൻ ഉച്ചയ്ക്കു് ഉറങ്ങിയപ്പോൾ ഘോരമായ ഒരു സ്വപ്നം കണ്ടതു്. ആ സ്വപ്നത്തിനുശേഷം എനിക്കു മനസ്സിനു സുഖമില്ല. സർവോന്നതമായ സ്ഥാനലബ്ധികൊണ്ടും സന്തോഷം തോന്നാത്തതു് അതുകൊണ്ടായിരിക്കണം. ആ സ്വപ്നത്തിന്റെ കഥയോർക്കുമ്പോൾ ഞാൻ വിറകൊള്ളുന്നു.
- രാമഗുപ്തൻ:
- ദുസ്സ്വപ്നം വിചാരിച്ചു വല്ലവരും പേടിക്കാറുണ്ടോ? ഞാനിരിക്കുമ്പോൾ നിനക്കെന്തശുഭം വരാനാണു്? നമ്മുടെ വിരോധികളെ നാം നിഷ്കാസനം ചെയ്തില്ലേ? ചന്ദ്രഗുപ്തന്റെ കഥതന്നെ കഴിഞ്ഞിരിക്കണം. പട്ടണത്തിലെങ്ങാനും എത്തിയിട്ടുണ്ടെങ്കിൽ മാധവസേനൻ ശരിയാക്കിക്കൊള്ളും. അയാൾ അതന്വേഷിച്ചിരിക്കയാണു്.
- വാസന്തി:
- എനിക്കു വിശ്വാസം വരുന്നില്ല. വലിയ സങ്കടങ്ങൾ വരാൻപോകുന്നതായി തോന്നുന്നു. ഒരു ജ്യോതിഷക്കാരനെ വരുത്തി എന്റെ സ്വപ്നത്തിന്റെ ഗുഢാർത്ഥം മനസ്സിലാക്കി പ്രതിക്രിയ ചെയ്യണം?
- രാമഗുപ്തൻ:
- മഹാറാണിയുടെ തിരുവുള്ളം അങ്ങിനെയാണെങ്കിൽ അതിനു് എന്താണു് പ്രയാസം? എന്താണു് നിന്റെ സ്വപ്നം?
- വാസന്തി:
- നാം രണ്ടുപേരും ഒരു ഘോരകാനനത്തിൽ അകപ്പെട്ടു എന്നു മറ്റാരും തുണയില്ലാത്ത സമയം കാട്ടാളന്മാർ നമ്മെ വളഞ്ഞു എന്നും അവർ—അയ്യോ എനിക്കു പറകവയ്യാ—പിന്നെയും എനിക്കു പേടിയുണ്ടാകുന്നു.
- രാമഗുപ്തൻ:
- ഭീരു! എന്തു പേടിയാണു്? ഞാനല്ലേ സമീപത്തിരിക്കുന്നതു്! നിനക്കെന്തുപേടിയാണു്? നിന്നെ ഞാൻ മഹാറാണി ആക്കിയിരിക്കുന്നു. ശുഭമുഹൂർത്തത്തിൽ പട്ടമഹിഷിയായും അഭിഷേകം ചെയ്തേക്കാം.
- വാസന്തി:
- (പേടിച്ചുവിറച്ചു്) വേണ്ട വേണ്ട, എന്റെ…
- രാമഗുപ്തൻ:
- ഈ വിചാരം എല്ലാം കളയൂ. നോക്കുക ചന്ദ്രോദയോന്മുഖമായ ഈ രാത്രി എത്ര മനോരഞ്ജകമായിരിക്കുന്നു!
താരാസീമന്തിതശ്രീഗഗനകചമൊടും
പുഷ്പസൗരഭ്യഭാരം
ചേരും തൈത്തെന്നലാം നൽസുരഭിലസുഖനി-
ശ്വാസസാരങ്ങളോടും
പാരിക്കുന്നാശയെല്ലാം പല പെരിയ വികാ-
രത്തിനാൽ മൗനമാർന്നും
നേരേ ശോഭിപ്പൂ രാത്ര്യംഗന കണവനെയും
കാത്തു ശയ്യാതലത്തിൽ. 4
- വാസന്തി:
- ഈ രാത്രി എനിക്കു പേടിയാണു് ഉണ്ടാക്കുന്നതു്. എന്തു ഭയങ്കരമായ നിശ്ശബ്ദതയാണു്! എന്തു കൂരിരുട്ടാണു് ഈ മട്ടുപ്പാവിൽനിന്നു പുറത്തോട്ടു നോക്കിയാൽ! എന്തോ ആപത്തിനുള്ള കാലംതന്നെ.
- രാമഗുപ്തൻ:
- നിനക്കെല്ലാം അശുഭശങ്കതന്നെ. ഇനിയെന്താണു് പേടിക്കാനുള്ളതു്? ശാകന്മാർ പോയിക്കാണണം. അല്ലാത്തപക്ഷം സോമഗുപ്തൻ ഈ അന്തഃപുരത്തിൽ കയറിയും നമ്മെ ഉപദ്രവിക്കുമായിരുന്നു. ചന്ദ്രഗുപ്തനെപ്പറ്റിയും ഒന്നും കേൾക്കാനില്ല. മാധവസേനനെ കാണുമ്പോളറിയാം പിന്നുള്ള വിശേഷമെല്ലാം. അതൊക്കെ ഇപ്പോൾ ആലോചിച്ചിട്ടു കാര്യമെന്തു്? എല്ലാത്തിനും സമയംവേണ്ടേ? നിന്റെ ആപച്ഛങ്കകൾക്കു് ഒരു സിദ്ധൗഷധം ഞാൻ തരാം. ഇതാ, ഈ യവനമദ്യം ഒന്നാസ്വദിച്ചുനോക്കുക. മറ്റൊരുശങ്കയും അപ്പോൾ അവകാശമുണ്ടാകയില്ല.
ദേവന്മാരമൃതം ഭുജിച്ചു ഞെളിയ-
ട്ടെന്നും സുഖാധീനരായ്
രാജ്യശ്രീ സകലം രസാലനുഭവി-
ച്ചീടട്ടെ രാജേന്ദ്രരും
പാരം പുഞ്ചിരിതൂകിടും തവ മുഖാം-
ഭോജേ കവിൾക്കൊണ്ടതാം
മൈരേയം ചെറുതാസ്വദിപ്പെരു പരാ-
നന്ദം കണക്കെന്തു മേ. 5
(എന്നു വാസന്തിയെ കുടിപ്പിച്ചിട്ടു് താനും കുടിക്കുന്നു)
ഇതോടുകൂടി നിന്റെ ദുസ്സ്വപ്നവും പോകും. മറ്റെല്ലാ വിചാരങ്ങളും ഓടി ഒളിക്കും.
- വാസന്തി:
- (പിന്നെയും സേവിച്ചിട്ടു് ചിരിയോടുകൂടി) നന്നു് പ്രാണനാഥാ!
- രാമഗുപ്തൻ:
- ദുർവ്വിചാരങ്ങളെ കളവാൻ മദ്യംപോലെ എന്താണുള്ളതു്? യവനന്മാരുടെ ഈ ദ്രാക്ഷാരസത്തിനു പ്രത്യേകരുചിയും മദനീയത്വവും ഉണ്ടു്. കുടിച്ചു് ആനന്ദിക്കുക.
- വാസന്തി:
- (അല്പം ആസ്വദിച്ചിട്ടു്) ഇപ്പോഴാണു് നൃത്തത്തിനുള്ള സമയം.
- രാമഗുപ്തൻ:
- തർക്കമില്ല. ഗാന്ധാരദേശത്തുനിന്നു ചില നർത്തകികളെ ഈയിടെ മാധവസേനൻ കൊടുത്തയച്ചിട്ടുണ്ടു്. അവരെ വിളിക്കാം. ആരവിടെ?
(വേത്രവതി പ്രവേശിക്കുന്നു.)
- വേത്രവതി:
- അടിയൻ.
- രാമഗുപ്തൻ:
- ഗാന്ധാരദേശക്കാരായ ചില നർത്തകികളെ രണ്ടുദിവസം മുൻപു മാധവസേനൻ നമുക്കു കാഴ്ചവച്ചില്ലേ? അവരെ നട്ടുവനോടൊന്നിച്ചു് ഇവിടെ വിളിച്ചുകൊണ്ടുവരൂ.
(വേത്രവതി പോകുന്നു.)
- വാസന്തി:
- (മദ്യലഹരികൊണ്ടു പ്രാകൃതഭാവത്തിൽ) ഹാ, ഹാ! തേയ്ക്കട്ടെ, ഇട്ടു ചവുട്ടിത്തേയ്ക്കട്ടെ? അയ്യോ, അതാ വേടന്മാർ.
- രാമഗുപ്തൻ:
- (വാസന്തിയെ തലോടിയിട്ടു്) പ്രിയേ, ഈ മദ്യം വികാരോത്തേജകംതന്നെ.
പുഷ്പായുധവ്രണവിനാശരസായനം നിൻ
ശുഭ്രാല്പഹാസലളിതം മധുരാധരോഷ്ഠം
നല്പാർന്നൊരീ മദിരതൻ രുചിയോടിണക്കി-
യിപ്പോൾ നുകർന്നിടുവതിന്നല-മക്ഷമൻ ഞാൻ. 6
(എന്നു് ആലിംഗനംചെയ്വാൻ മുതിരുന്നു.)
- വേത്രവതി:
- (പ്രവേശിച്ചു്) തിരുമേനി ജയിച്ചാലും! നർത്തകികൾ ഹാജരായിരിക്കുന്നു.
- രാമഗുപ്തൻ:
- പ്രവേശിക്കട്ടെ.
(രണ്ടു നർത്തകികളും മേളക്കാരും നട്ടുവനും പ്രവേശിച്ചു രാമഗുപ്തനേയും വാസന്തിയേയും വന്ദിക്കുന്നു. രാമഗുപ്തൻ നർത്തകികളുടെ രൂപലാവണ്യം കണ്ണുകൊണ്ടു നുകർന്നനുഭവിക്കുന്നതുപോലെ നോക്കുന്നു.)
- നട്ടുവൻ:
- മഹാരാജാവു ജയിച്ചാലും! തിരുമേനിമാരുടെ സന്നിധാനത്തിൽ തങ്ങളുടെ കലയെ പ്രദർശിപ്പിക്കുന്നതിനു സാധിക്കാറായതിൽ എന്റെ ഈ ശിഷ്യകൾക്കു വലുതായ ചാരിതാർത്ഥ്യമുണ്ടു്. ഏതുവിധത്തിലുള്ള പ്രയോഗംകൊണ്ടാണു് ഞങ്ങൾ തിരുമേനിമാരെ പൂജിക്കേണ്ടതു്?
- രാമഗുപ്തൻ:
- ഏതെങ്കിലും അവസരോചിതമായ ഒരു പദം പാടി നൃത്യം ചെയ്യട്ടെ.
(നർത്തകികൾ പാട്ടുപാടി ആടുന്നു.)
- വേത്രവതി:
- (ധൃതിയിൽ പ്രവേശിച്ചു്) തിരുമേനി ജയിച്ചാലും! പട്ടണത്തിൽ വലിയ ലഹളയായിരിക്കുന്നു. കൊട്ടാരംതന്നെ പട്ടാളക്കാർ വളഞ്ഞുകഴിഞ്ഞു.
(പാട്ടും ആട്ടവും എല്ലാം പെട്ടെന്നു നില്ക്കുന്നു.)
- രാമഗുപ്തൻ:
- എന്തു്? നമ്മുടെ കൊട്ടാരമോ?—
- വാസന്തി:
- (മദ്യലഹരിയിൽ) അതാ, വേടന്മാർ—അയ്യോ! അവരുടെ രൂപം.
- വേത്രവതി:
- ലഹളക്കാർ കൊട്ടാരത്തിനകത്തു പ്രവേശിച്ചുകഴിഞ്ഞു. അവർ കാവല്ക്കാരെ കൊന്നുകളഞ്ഞു.
- രാമഗുപ്തൻ:
- എന്തു്? ശാകന്മാർ മടങ്ങിയോ? വേഗം സേനാനിയെ വിളിക്കൂ. മാധവസേനനെവിടെ?
- വേത്രവതി:
- ശാകന്മാരല്ല നഗരം കീഴടക്കിയിരിക്കുന്നതും കൊട്ടാരം വളഞ്ഞിരിക്കുന്നതും. പൗരന്മാർതന്നെയാണു്. ശാകന്മാരെ ഹനിച്ചശേഷം കുമാരൻ രാജധാനിയിൽ എത്തിയിട്ടുണ്ടുപോലും. സേനയും അങ്ങോട്ടു ചേർന്നിരിക്കയാണു്.
- വാസന്തി:
- ആ വേടന്മാരുടെ വേഷം! (എന്നു പൊട്ടിച്ചിരിക്കുന്നു.)
- രാമഗുപ്തൻ:
- (പറഞ്ഞതു മുഴുവൻ മനസ്സിലാകാതെ) എന്തു്? ചന്ദ്രഗുപ്തനോ? അവനെ ഞാൻ നാടുകടത്തിയല്ലോ. വേഗം സോമഗുപ്തനേയും മാധവസേനനേയും വിളിക്കൂ.
- വേത്രവതി:
- (സങ്കടത്തോടെ) സോമഗുപ്തനെ കാണാനില്ല. മാധവസേനനെ ലഹളക്കാർ കൊന്നുകളഞ്ഞുപോലും. അയ്യോ തിരുമേനി—അതാ, ആളുകൾ വരുന്ന ശബ്ദം കേൾക്കുന്നു. അവർ തിരുമേനിയേയും പിടിക്കും.
- രാമഗുപ്തൻ:
- (പരിഭ്രമിച്ചു ചുറ്റും നോക്കിയിട്ടു്) എന്തു്? ചന്ദ്രഗുപ്തൻതന്നെ ആയിരിക്കുമോ വരുന്നതു്? (പേടിയോടെ) വേത്രവതി, വേഗം നോക്കൂ, പുറത്തു് ആരാമത്തിൽ വല്ലവരുമുണ്ടോ എന്നു്. പുറത്തേയ്ക്കിറങ്ങാനുള്ള രഹസ്യക്കോണിയുടെ വാതിലും തുറക്കൂ.
- വേത്രവതി:
- വാതിൽ തുറന്നിട്ടാണു് അടിയൻ പോന്നതു്. (മട്ടുപ്പാവിൽനിന്നു കീഴോട്ടു നോക്കിയിട്ടു്) ആരാമത്തിൽ ആരേയും കാണുന്നില്ല.
(അണിയറയിൽ കോലാഹലം കേൾക്കുന്നു.)
- രാമഗുപ്തൻ:
- എന്നാൽ ഞാൻ ആ വഴി പുറത്തേയ്ക്കിറങ്ങിക്കളയാം.
- വാസന്തി:
- അതാ, വേടന്മാർ വന്നുകഴിഞ്ഞു. അയ്യോ! അയ്യോ!
(രാമഗുപ്തൻ പേടിച്ചു വിറച്ചു പുറത്തേയ്ക്കിറങ്ങുന്നു. കുറച്ചു കഴിഞ്ഞു് ആരാമത്തിൽനിന്നു ദയനീയമായ ഒന്നുരണ്ടു മുറവിളി കേൾക്കുന്നു.)
നാലാമങ്കം കഴിഞ്ഞു
(പർണ്ണദത്തനും സുകീർത്തിയും പ്രവേശിക്കുന്നു.)
- സുകീർത്തി:
- ദിഗ്വിജയം കഴിഞ്ഞു മഹാരാജാവു വന്നിട്ടു മാസം മൂന്നു കഴിഞ്ഞു. ഹിമവൽസേതുപര്യന്തമുള്ള രാജ്യങ്ങളെല്ലാം ജയിച്ചു കീഴടക്കി. ഇനിയുമെന്താണു് എത്ര പറഞ്ഞിട്ടും അശ്വമേധത്തിന്റെ കഥപോലും കേൾക്കാത്തതു് ?
- പർണ്ണദത്തൻ:
- മഹാരാജാവിന്റെ മനോദുഃഖം വർദ്ധിച്ചു വരുന്നതായിട്ടാണു് കാണുന്നതു്. ധർമ്മനിഷ്ഠകൊണ്ടു രാജ്യകാര്യങ്ങളിൽ ക്ലേശിക്കുന്നു എന്നേ ഉള്ളൂ.
- സുകീർത്തി:
- ചെറുപ്പത്തിലുള്ള വിചാരങ്ങൾ ഓർക്കുമ്പോൾ എനിക്കാശ്ചര്യം തോന്നുന്നു. അച്ഛനെപ്പോലെ താനും ദിഗ്വിജയം ചെയ്തു് അശ്വമേധവും കഴിച്ചു്, ഭാഗീരഥിയിൽ അവഭൃഥസ്നാനം ചെയ്യുമെന്നാണു് അന്നു പറയാറുണ്ടായിരുന്നതു്. ഇപ്പോൾ എന്തോ ആ കാര്യം പറയുമ്പോൾ സങ്കടമാണു്. ഇതിൽ ആര്യനാണു് ഉത്സാഹിപ്പിക്കേണ്ടതു്.
- പർണ്ണദത്തൻ:
- നിങ്ങൾ സമവയസ്കർ, ചെറുപ്പത്തിലേ ഒന്നിച്ചു വളർന്നവർ. ആ സ്ഥിതിക്കു നിങ്ങൾ പറയുന്നതു മഹാരാജാവു കേൾക്കും. ഞാൻ എന്തു പറയാനാണു്?
- സുകീർത്തി:
- ഈ സംഗതി പറയുന്നതുതന്നെ മഹാരാജാവിനു സങ്കടകരമായിട്ടാണു് എനിക്കു തോന്നിയിട്ടുള്ളതു്. ഒരിക്കൽ അദ്ദേഹം “തനിയേ യാഗംചെയ്യാറുണ്ടോ?” എന്നു കല്പിക്കയുണ്ടായി.
- പർണ്ണദത്തൻ:
- (ദീർഘനിശ്വാസം ചെയ്തിട്ടു്) എന്നാൽ സങ്കടപ്പെടാനില്ല. സമയമാകുമ്പോൾ ചെയ്തുകൊള്ളും. അഭിഷേകംചെയ്ത രാജ്ഞി കൂടെയില്ലാതെ യാഗം പതിവില്ലല്ലോ.
- സുകീർത്തി:
- (വിഷമിച്ച ഭാവത്തിൽ) ഉം!
- പർണ്ണദത്തൻ:
- സമയമാകുമ്പോളെല്ലാം ശരിയാകും. മഹാരാജാവു് സഭാമണ്ഡപത്തിൽ വരേണ്ട സമയമായി. നമുക്കും പോകാം.
(രണ്ടുപേരും പോകുന്നു.)
വിഷ്കംഭം കഴിഞ്ഞു.
(ചന്ദ്രഗുപ്തൻ അലസഭാവത്തിൽ ഉദ്യാനത്തിൽ നടക്കുന്നു.)
- ചന്ദ്രഗുപ്തൻ:
- (ആത്മഗതം) രാജ്യംകൊണ്ടെന്തു ഫലം; ദ്വിഗ്വിജയംകൊണ്ടെന്തു ഗുണം? എല്ലാവരും വിക്രമാദിത്യനെന്നു വാഴുന്നു. ജനങ്ങൾ ശത്രുബാധയില്ലാതെ പ്രശാന്തതയോടും സമ്പൽസമൃദ്ധിയോടും ജീവിക്കുന്നു. അതെല്ലാംകൊണ്ടു് എനിക്കെന്താണൊരു ഫലം? എന്റെ ഹൃദയംതന്നെ മരവിച്ചുപോയിരിക്കുന്ന സ്ഥിതിക്കു രാജ്യശ്രേയസ്സുകൊണ്ടു് എനിക്കെന്തു സുഖമാണു്. എത്ര നിസ്സാരനും ദരിദ്രനും ഭാര്യാപുത്രമിത്രാദികളോടു കൂടി താമസിക്കാം. സന്തോഷത്തിന്റെ ഉറതന്നെ വറ്റിപ്പോയ എനിക്കുമാത്രം ദൈവം അതു വിധിച്ചിട്ടില്ല. എന്റെ സൗഖ്യം ദൈവത്തിനു് അസഹ്യമായിരിക്കാം. ഹിമവൽസേതുപര്യന്തം ജൈത്രയാത്ര ചെയ്തു. സേനകളെ നയിച്ചു. യുദ്ധങ്ങൾ ചെയ്തു. ശത്രുക്കളെ ജയിച്ചു. എന്നിട്ടും പ്രിയയുടെ വിചാരംകൊണ്ടു വ്യാകുലമായ എന്റെ മനസ്സു സന്തോഷിക്കുന്നില്ല. “ഇനിയുള്ള ജീവിതം തപശ്ചര്യയോടെ കഴിച്ചേയ്ക്കാം. എന്നെ മറന്നേയ്ക്കൂ” എന്നു പറഞ്ഞു് അന്നുതന്നെ നഗരം വിട്ടപ്രിയതമയെ ഞാൻ എങ്ങനെ മറക്കും?
(കൈകൊണ്ടു മുഖംപൊത്തുന്നു.)
ഹാ! ഹാ! ഈ ദാരുണമായ ദുഃഖത്തിൽനിന്നു ചന്ദ്രഗുപ്തനു രക്ഷയെവിടെയാണു്? ബാല്യകാലത്തിൽ ഒന്നിച്ചുനടന്നു ക്രീഡിച്ചു; കൗമാരത്തിൽ സ്നേഹമായി; സ്വയംവരസദസ്സിൽ മാലയിട്ടു വരിക്കയുംചെയ്തു. ഹാ! പ്രിയതമേ! നിന്റെ സ്ഥിരമായ പ്രേമംകൊണ്ടോ നാം തമ്മിലുള്ള ഗാഢമായ അനുരാഗംകൊണ്ടോ എന്തൊരു ഗുണമാണു് ഉണ്ടായതു്? നമുക്കു രണ്ടുപേർക്കും അതു ദുഃഖത്തിനാണല്ലോ കാരണമായതു. ഹാ! ധ്രുവകുമാരി! ബാല്യകാലസ്നേഹിതേ! നിന്നെ ഞാൻ എങ്ങനെ മറക്കുന്നു?
കൂസീടാതെ വിരോധിസൈന്യനിരയോ-
ടേറ്റങ്ങു നില്ക്കുമ്പൊഴും.
സംസത്തിൽ പല രാജ്യഭാരവിഷയം
മന്ത്രിച്ചിരിക്കുമ്പൊഴും
ഉണ്ണുമ്പോഴുമുറങ്ങിടുമ്പൊഴുതുമ-
ക്കല്ല്യാണിതൻരൂപമെ-
ന്നുള്ളത്തിൽ സ്മരശില്പി തീർത്തതു മറ-
ക്കാനൊട്ടുമാളല്ല ഞാൻ. 1
ഹാ! കഷ്ടം ഇങ്ങനെ ആയിത്തീർന്നല്ലോ ജീവിതം. അത്ര പ്രേമസുരഭിലമായി ആരംഭിച്ച ജീവിതം ഇങ്ങനെ വരുമെന്നാരു കണ്ടു? അവൾ ഇപ്പോൾ എവിടെ ആയിരിക്കുമോ! ഹതഭാഗ്യനായ ഈ എന്നെ സ്നേഹിച്ചതു കൊണ്ടു് അവൾക്കും ഇങ്ങനെ ഒരു സങ്കടം വന്നല്ലോ. ഞാൻ രാജ്യഭോഗങ്ങൾ അനുഭവിച്ചു സുഖിക്കുന്നു. അവളോ?
അതിഘോരമായ വിപിനത്തിലോ പരം
ഖലർതിങ്ങിടുന്ന നഗരസ്ഥലത്തിലോ
അസഹായയായ് സുമുഖി! നീ വസിപ്പൂ: ഞാൻ
നൃപഭോഗമിങ്ങനുഭവിച്ചു വാഴ്കവേ. 2
ഹാ, പ്രിയതമേ! (എന്നു് ഒരു വൃക്ഷത്തെ ചാരിനില്ക്കുന്നു.)
(കളഹംസൻ പ്രവേശിക്കുന്നു)
- കളഹംസൻ:
- ഇതാ, കണ്ടുകിട്ടി. തോഴരെ എവിടെയെല്ലാം അന്വേഷിച്ചു! (ചന്ദ്രഗുപ്തന്റെ ഭാവം കണ്ടു്) തോഴർ ഇപ്പോഴും ദുഃഖത്തിൽ മഗ്നനായിരിക്കുന്നല്ലോ.
- ചന്ദ്രഗുപ്തൻ:
- (ധൈര്യം അവലംബിച്ചു്) എന്റെ ദുഃഖത്തിനു ചിതയിലല്ലേ ഉള്ളൂ അറുതി?
- കളഹംസൻ:
- അല്ലല്ല. ദേവി തിരികെ വരുമ്പോൾ—
- ചന്ദ്രഗുപ്തൻ:
- എന്തിനു താൻ എന്നെ ഇങ്ങനെ എല്ലാം പറഞ്ഞു കബളിപ്പിക്കുന്നു? ഇങ്ങനെ തനിയെ ഇരിക്കുന്ന സമയത്താണു് ഈ വ്യസനം ഒട്ടും സഹിക്കവയ്യാത്തതു്.
എൻജീവനാഡിയിഹ തീരെ നിലച്ചുപോയി
മന്ദീഭവിച്ചിതു വികാരഗണങ്ങളെല്ലാം
നിശ്ചേഷ്ടമായി മമ ചേതന;-യന്ധകാരം
വ്യാപിച്ചപോലെയുലകാകെയിരുണ്ടുകാണ്മൂ.
3
- കളഹംസൻ:
- അതുകൊണ്ടു് ഇനിയും വല്ലവരോടും യുദ്ധം ചെയ്വാൻ പോയ്ക്കളയാമെന്നാണോ വിചാരം? ഈ സാധുബ്രാഹ്മണനെന്തു ചെയ്യാനാണു്? മൂന്നുവർഷം തെക്കുവടക്കു പാളയങ്ങളിൽ സഞ്ചരിച്ചു. വെറും നിലത്തു കിടന്നുറങ്ങി. ഇനി എന്തായാലും ഇല്ല.
- ചന്ദ്രഗുപ്തൻ:
- അതോർത്തു താൻ വിഷമിക്കേണ്ട. തല്ക്കാലം യുദ്ധത്തിനു ഞാനും തീർച്ചയാക്കിയിട്ടില്ല.
- കളഹംസൻ:
- (സന്തോഷത്തോടെ) ഞാൻ പേടിച്ചാണു് ഇങ്ങനെ പറഞ്ഞതെന്നു തോഴർ ചിന്തിക്കരുതേ!
- ചന്ദ്രഗുപ്തൻ:
- തന്റെ ധൈര്യം പലടത്തുംവെച്ചു ഞാൻ കണ്ടിട്ടുള്ളതല്ലേ? അല്ലെങ്കിൽത്തന്നെ മഹാബ്രാഹ്മണർക്കു് എന്തു പേടിയാണു്?
- കളഹംസൻ:
- തോഴരുടെ പുതിയ കവിയെ എനിക്കു പിടിച്ചില്ല. അയാൾ ബ്രാഹ്മണരെ മോദകപ്രിയരെന്നല്ലേ പറഞ്ഞിരിക്കുന്നതു്?
- ചന്ദ്രഗുപ്തൻ:
- (ചിരിച്ചിട്ടു്) ആരു്, കാളിദാസനോ? കൊള്ളാം. അയാളുടെ കവിത വായിക്കുമ്പോൾ എന്റെ ദുഃഖംതന്നെയല്ലേ ദുഷ്ഷന്തന്റേതായി വർണ്ണിച്ചിരിക്കുന്നതു് എന്നു തോന്നിപ്പോവാറുണ്ടു്. അത്ര തന്മയത്വമാണു്.
- കളഹംസൻ:
- അപ്പോൾ ഞാനായിരിക്കണമല്ലോ മാഢവ്യൻ! ഏതായാലും ധർമ്മദാരങ്ങളെ തിരസ്കരിച്ച ആ പൗരവനും അവിടുന്നുമായി എന്താണു് സാമ്യമുള്ളതു്?
- ചന്ദ്രഗുപ്തൻ:
- ശരിയായ ഓർമ്മ വന്നപ്പോൾ ആ രാജാവിനുണ്ടായ സങ്കടം എത്ര ഹൃദയംഗമമായിട്ടാണു് അയാൾ വർണ്ണിച്ചിട്ടുള്ളതു് !
- കളഹംസൻ:
- ശരി, തോഴരും ചിത്രമെഴുതിനോക്കണം. വാൾ പിടിക്കുന്ന കൈകൾ ചായക്കമ്പുകൾ പിടിക്കട്ടെ. നല്ല ഗോഷ്ടി!
- ചന്ദ്രഗുപ്തൻ:
- ഗോഷ്ടികൾ കാട്ടുന്നില്ലെന്നു് ആരു പറയുന്നു. ഒരു വിധം പകൽ രാജ്യകാര്യങ്ങൾ ക്ലേശിച്ചും, മറ്റു പ്രവൃത്തികൾ ചെയ്തും കഴിച്ചുകൂട്ടാം. രാത്രികളാണു് അസഹ്യമായിട്ടുള്ളതു്.
അരികത്തന്നെൻപ്രിയയേ
പരമൗത്സുക്യേന കണ്ടു ഞാൻ മോഹാൽ
പുണരാനോങ്ങിന കൈകൾ-
ക്കായാസംതന്നെ മിച്ചമാം നിശയിൽ. 4
- കളഹംസൻ:
- ഇങ്ങനെ ഇരുന്നിട്ടും തോഴർ കാണിക്കുന്ന കൃത്യനിഷ്ഠ വിചാരിച്ചാണു് എനിക്കാശ്ചര്യം.
- ചന്ദ്രഗുപ്തൻ:
- (കൂട്ടാക്കാതെ) മഹാറാണി! ഹാ! ബാല്യകാലസ്നേഹിതേ! ഭവതി എന്നെ ഈ സ്ഥിതിയിലാക്കിയല്ലോ.
- കളഹംസൻ:
- തോഴർ ആശ്വസിക്കണം. ഇപ്രകാരമുള്ള സ്നേഹം ദൈവം കൈക്കൊള്ളാതിരിക്കുമോ? തത്രഭവതി ഇത്ര കഠിനഹൃദയയാകുമോ?
- ചന്ദ്രഗുപ്തൻ:
- താനെന്തറിയുന്നു? ദേവിയുടെ ഹൃദയം പ്രണയമസൃണമെങ്കിലും ധർമ്മകാര്യങ്ങളിൽ കാരിരുമ്പിനേക്കാൾ കാഠിന്യമുള്ളതാണു്.
- കളഹംസൻ:
- ഇതിലെന്താണു് ധർമ്മഭ്രംശമുള്ളതു്? തത്ര ഭവതി സ്വയംവരസദസ്സിൽ തോഴരെ വരിച്ചതാണു്. രാജബലത്തെ അനുസരിച്ചു രാമഗുപ്തന്റെ അന്തഃപുരത്തിൽ താമസിച്ചു എന്നേ ഉള്ളല്ലോ.
വസിച്ചില്ലേ രക്ഷോവരവസതിയിൽ ജാനകി പുരാ;
ഹരിച്ചില്ലേ മുന്നം ദ്രുപദജയെ വൈരിക്ഷിതിവരൻ;
ഇതിൽ ധർമ്മഭ്രംശം ചെറുതു-മറിയുന്നില്ലിതവരിൽ
പവിത്രശ്രീചേരും ചരിതമവർകൾ-ക്കിന്നുമിളയിൽ. 5
പിന്നെന്താണു്?
- ചന്ദ്രഗുപ്തൻ:
- താൻ പറഞ്ഞതു ശരിയാണു്. ദേവി സച്ചരിതതന്നെയെന്നുള്ളതിനു സംശയമില്ല. എങ്കിലും മഹാറാണിയായി അഭിഷേകം ചെയ്യപ്പെട്ട സ്ഥിതിക്കു ചാരിത്രഭംഗം വന്നില്ലെങ്കിലും ആചാരഭംഗം വരുമല്ലോ എന്ന ഭയമാണു്. അഹോ! ദുർവിധിയുടെ ഫലം! (എന്നു് കഠോരദുഃഖം നടിക്കുന്നു)
- കളഹംസൻ:
- തോഴർ ഇങ്ങനെ സങ്കടമനുഭവിക്കുന്നതു് അവിടുത്തെ പ്രജകൾ എങ്ങനെ സഹിക്കും? അതുകൊണ്ടു്—
- ചന്ദ്രഗുപ്തൻ:
- എങ്ങനെ വ്യസനിക്കാതിരിക്കും? പ്രിയയുടെ കാര്യം വിചാരിക്കുമ്പോൾ എന്റെ മനസ്സുരുകുന്നു. അവൾ ജീവിച്ചിരിക്കുന്നുവോ—അതോ—
- കളഹംസൻ:
- തോഴർ സമാശ്വസിക്കണം. തത്രഭവതി ജീവിച്ചിരിപ്പുണ്ടെന്നുള്ളതിനു സംശയമില്ല. നാനാദിക്കുകളിൽ അന്വേഷിച്ചു നടക്കുന്ന ദൂതന്മാരിലാരെങ്കിലും തത്രഭവതിയുടെ വർത്തമാനവുംകൊണ്ടു വരാതിരിക്കയില്ല.
- ചന്ദ്രഗുപ്തൻ:
- അഹോ പ്രിയേ, ഭവതി ഇപ്പോൾ എവിടെയാണു്? ഒരു ലക്ഷ്യവും തരാതെ എന്നെ വിട്ടിങ്ങനെ പോയ്ക്കളഞ്ഞല്ലോ.
വീണോ ദുഷ്ടമൃഗങ്ങൾതൻ നടുവിൽ നീ
ദുർഗ്ഗമ്യമാം കാട്ടിലെ-
ങ്ങാനും? നിഷ്ഠൂരനീചജാതികളിട-
യ്ക്കെങ്ങാനകപ്പെട്ടുവോ?
നൂനം ജീവനിലാശവിട്ടു തനതാം
പ്രാണൻ ത്യജിച്ചോ? നിന-
പ്പാനും വയ്യ, വരാംഗനേ, ഭവതിതൻ
ദുഃഖങ്ങളെൻമൂലമായ്. 6
- കളഹംസൻ:
- ഇതാ, ആരോ വരുന്നു എന്നു തോന്നുന്നു. ധൈര്യമവലംബിക്കുക. അല്ലാ, വേത്രവതിയോടൊന്നിച്ചു് അവിടത്തെ ചാരപ്രമുഖനായ സൂചീമുഖനാണാല്ലോ വരുന്നതു്. (ഉച്ചത്തിൽ) വേത്രവതി, മഹാരാജാവിനെ അറിയിക്കേണ്ടതായിട്ടില്ല. ആര്യനായ സൂചീമുഖനു് എല്ലായ്പോഴും തിരുമുൻപിൽ പ്രവേശനം ഉണ്ടല്ലോ.
- സൂചീമുഖൻ:
- (പ്രവേശിച്ചു് ആത്മഗതം) ഈ കൊടുംദുഃഖത്തിലും മഹാരാജാവു ഗംഭീരനായിത്തന്നെ കാണപ്പെടുന്നു.
വല്ലാതുള്ളൊരു വഹ്നിയുൾത്തടമഹോ
വേവിക്കിലും ശാന്തനാ-
യെല്ലായ്പോഴുമൊരുഷ്ണനിശ്വസിതമാ-
ർന്നാലും സ്വയംശീതനായ്
ശല്യം ചേർപ്പൊരു ബാഹ്യദുസ്ഥിതികളാൽ
തത്വത്തിലക്ഷോഭ്യനായ്
നല്ലോണം വിലസുന്നു ഭൂപതി മഹാൻ
ഗാംഭീര്യവാരാർന്നിധി. 7
(അടുത്തു ചെന്നഭിവാദ്യം ചെയ്തിട്ടു്) മഹാരാജാവു ജയിച്ചാലും! വിക്രമാദിത്യമഹാരാജാവിന്റെ നന്മകളത്രേ ലോകം സ്തുതിക്കുന്നതു്.
- ചന്ദ്രഗുപ്തൻ:
- സഖേ, സൂചീമുഖാ, സ്വാഗതം. വല്ല അറിവും ലഭിച്ചുവോ?
- സൂചീമുഖൻ:
- ഇത്രമാത്രം മനസ്സിലായി. ദേവി ഇപ്പോൾ ഭാഗീരഥിതീരത്തിലുള്ള ഒരു ബൗദ്ധാശ്രമത്തിൽ സന്യാസചര്യയോടെ താമസിച്ചുവരികയാണു്.
- ചന്ദ്രഗുപ്തൻ:
- അതെങ്ങനെ മനസ്സിലായി?
- സൂചീമുഖൻ:
- ഞാൻ ദേവിയെ ഓരോ ഇടത്തായി അന്വേഷിച്ചുവരുമ്പോൾ കാശിയിലെ ഒരു സന്യാസിമഠത്തിൽവെച്ചു് അവിടെ ആകസ്മികമായി വന്നുചേർന്ന ഒരു പരിവ്രാജികയെ കാണുകയുണ്ടായി. അവരുടെ ഭാഷകൊണ്ടു് ഈ നാട്ടുകാരിയാണെന്നൂഹിക്കുകയാൽ ഭിക്ഷുവേഷധാരിയായിരുന്ന ഞാൻ ഓരോ സംഗതികൾ ചോദിക്കുകയും അവരുടെ സംഭാഷണത്തിൽനിന്നു് ഇത്രയും മനസ്സിലാക്കുകയും ചെയ്തു. വിവരം തിരുമുൻപാകെ അറിയിക്കുന്നതിനു് ഉടൻതന്നെ ഇങ്ങോട്ടുപോന്നു.
- ചന്ദ്രഗുപ്തൻ:
- (സഹർഷം) ആ പരിവ്രാജിക എവിടെയാണു്?
- സൂചീമുഖൻ:
- എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ കൊട്ടാരവാതിൽ കടന്നപ്പോൾ അമ്മതമ്പുരാൻ തിരുമനസ്സിലെ വേലക്കാർ വന്നു് അന്തഃപുരത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
- ചന്ദ്രഗുപ്തൻ:
- അമ്മയ്ക്കു് കാഷായവേഷക്കാരിൽ ഉള്ള ഭക്തി എനിക്കറിയാം. തോഴരേ, ഇതിൽ താങ്കളുടെ സഹായമാണു് വേണ്ടതു്. അമ്മയുടെ സമീപത്തിൽനിന്നു പരിവ്രാജികയെ അങ്ങുതന്നെ കൂട്ടിക്കൊണ്ടുവരണം.
- കളഹംസൻ:
- അങ്ങനെതന്നെ. (എന്നു പോകുന്നു)
- ചന്ദ്രഗുപ്തൻ:
- (ഉൽകണ്ഠയോടെ) ദേവി സന്യാസം സ്വീകരിച്ചിട്ടുണ്ടെന്നാണോ അറിഞ്ഞതു്?
- സൂചീമുഖൻ:
- പാപപരിഹാരത്തിനായി പ്രായശ്ചിത്തം ചെയ്തുവരുന്നതായിട്ടാണു് പറഞ്ഞതു്. സന്യാസിനിയാകേണമെന്നു ശഠിക്കുന്നുണ്ടെന്നും, എന്നാൽ മൂന്നുവർഷത്തെ പ്രായശ്ചിത്തം കഴിഞ്ഞു് ദൃഢനിശ്ചയം വന്ന ശേഷം മാത്രമേ ദശശീലപരിഗ്രഹം ആകാവൂ എന്നു ശീലഭദ്രാചാര്യൻ കല്പിച്ചിട്ടുണ്ടെന്നും ആ അവധി തീരാറായിരിക്കുന്നു എന്നും സംഭാഷണത്തിൽനിന്നു ഞാൻ മനസ്സിലാക്കി.
(പരിവ്രാജികയും കളഹംസനും പ്രവേശിക്കുന്നു)
- ചന്ദ്രഗുപ്തൻ:
- ഇതാ, ഭഗവതി. (സൂക്ഷിച്ചുനോക്കിയിട്ടു്) ഇതു് എന്റെ മാതാവിനെക്കാളും എനിക്കു പ്രിയതരയായ അംശുമതീദേവിയാണല്ലോ. ഭഗവതി, ഞാൻ പാദപ്രമാണം ചെയ്യുന്നു.
- പരിവ്രാജിക:
- വത്സ, കാരുണ്യമൂർത്തിയായ തഥാഗതന്റെ അനുഗ്രഹംകൊണ്ടു് സർവ്വാഭീഷ്ടസിദ്ധിയുണ്ടാവട്ടെ!
- ചന്ദ്രഗുപ്തൻ:
- ഭഗവതി, ഞാൻ അനുഗൃഹീതനായി. തർക്കമില്ല. അവിടത്തെ വാക്കുണ്ടോ വിഫലമാകുന്നു?
- പരിവ്രാജിക:
- വത്സ, നാം തമ്മിൽ കണ്ടിട്ടു വളരെ നാളായെങ്കിലും വിക്രമാദിത്യമഹാരാജാവിന്റെ ധർമ്മനിഷ്ഠ ജനങ്ങൾ പുണ്യസ്ഥലങ്ങളിൽ പുകഴ്ത്തുന്നതു കേട്ടു സംസാരത്യാഗം ചെയ്ത ഞാനും മായാപാശങ്ങൾകൊണ്ടു പിന്നെയും ബന്ധിക്കപ്പെട്ടപോലെയായി.
- ചന്ദ്രഗുപ്തൻ:
- ഇതിൽപ്പരമെന്താണു് ഒരു രാജാവിനു കേൾപ്പാനുള്ളതു്? അവിടുത്തെ അനുഗ്രഹംകൊണ്ടു മേലാൽ എല്ലാം ശരിയാകുമെന്നുള്ളതിനു തർക്കമില്ല. അഹോ! സജ്ജനസാന്നിദ്ധ്യത്തിൽനിന്നുണ്ടാകുന്ന സ്ഥിതിഭേദം. ഇതുവരെ ദുഃഖത്തിൽ നിമഗ്നനായിരുന്ന ഞാൻ ഇപ്പോൾ സന്തുഷ്ടനായിത്തീർന്നിരിക്കുന്നു.
- പരിവ്രാജിക:
- വത്സ! നിന്റെ സങ്കടത്തിന്റെ കഥ ഞാനറിയുന്നു. മൂന്നുവർഷം മുൻപു് എന്നെ ഏല്പിച്ച ദിവ്യരത്നം ഞാൻ സൂക്ഷിച്ചുതന്നെ വെച്ചിട്ടുണ്ടു്. ദേവന്മാർ നിശ്ചയിച്ച സമയമാകുമ്പോൾ അതു വീണ്ടെടുക്കാം. അതിനു സമയമായിട്ടില്ല. ആയി വരുന്നതേ ഉള്ളൂ.
- വേത്രവതി:
- (പ്രവേശിച്ചു്) ദേവ! പർണ്ണദത്താമാത്യർ അറിയിക്കുന്നു.
- ചന്ദ്രഗുപ്തൻ:
- എന്താണു് ആര്യന്റെ സന്ദേശം?
- വേത്രവതി:
- ഹിമാലയസാനുവിൽ കാർത്തികേയനഗരം വാഴുന്ന ആഭിരന്മാർ രാജാധികാരത്തെ ധ്വംസിച്ചു നില്ക്കുന്നു. അവർ വലിയ ഒരു പടയും ശേഖരിച്ചു് പ്രബലന്മാരായ ചില സാമന്തന്മാരുടെ സഹായത്തോടുകൂടി അവിടെ പാർപ്പിച്ചിരുന്ന രാജസേനയെ നിശ്ശേഷം നശിപ്പിച്ചിരിക്കുന്നു. ചണ്ഡസേനൻ സൗരാഷ്ട്രത്തിലാണുതാനും—എന്നു്.
- ചന്ദ്രഗുപ്തൻ:
- ആര്യന്റെ അന്തർഗതം മനസ്സിലായി. ഞാൻതന്നെ ഇതിലേയ്ക്കു പുറപ്പെടേണമെന്നു്, വേത്രവതി, പറഞ്ഞേയ്ക്കുക.
- കളഹംസൻ:
- (പരിവ്രാജികയോടു്) ആര്യേ, ഇതു തടയേണ്ടതാണു്. മഹാരാജാവു യുദ്ധത്തിനുശേഷം ഇപ്പോൾ മടങ്ങിവന്നിട്ടേ ഉള്ളൂ.
- പരിവ്രാജിക:
- നാം ഇതിൽ പ്രവേശിച്ചിട്ടു കാര്യമില്ല. രാജ്യകാര്യങ്ങൾ അമാത്യന്മാർക്കല്ലേ?
- ചന്ദ്രഗുപ്തൻ:
- സൈന്യം തയ്യാറാക്കുന്നതിനു സാന്ധിവിഗ്രഹികനായ സുകീർത്തിയോടു പറയുക. നാളെത്തന്നെ ഞാൻ പുറപ്പെടും.
- പരിവ്രാജിക:
- എല്ലാം ശുഭമായിത്തന്നെ വരും.
(എല്ലാവരും പോകുന്നു.)
അഞ്ചാമങ്കം കഴിഞ്ഞു
(ഹേമാംഗി പ്രവേശിക്കുന്നു.)
- ഹേമാംഗി:
- നാളെയാണല്ലോ ദേവിയുടെ നോയ്മ്പുകൾ കാലംകൂടുന്നതു്. നോയ്മ്പു കഴിഞ്ഞാൽ സന്യാസിദീക്ഷ കൊടുക്കുന്ന കാര്യം തീർച്ചപ്പെടുത്താമെന്നു് ആചാര്യനും അരുളിച്ചെയ്തിട്ടുണ്ടു്. എന്താണു് വേണ്ടതെന്നറിയുന്നില്ല. ദേവിയാകട്ടെ, ലൗകികകാര്യങ്ങൾ എല്ലാം മറന്നതുപോലെത്തന്നെ. എന്തെല്ലാം ഞാൻ പറഞ്ഞാലും നഗരവാസകഥ കേൾക്കുന്നതുപോലും ഇഷ്ടമില്ലെന്നു ഭാവിക്കുന്നു. പ്രിയജനങ്ങളുടെ വർത്തമാനം കേൾക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നു. നിയമങ്ങളിലും ആചാരങ്ങളിലും മുഴുകി ജപവും ഉപവാസവുമായി കഴിയുന്നു. സന്യാസം സ്വീകരിച്ചാൽ ദേവിയെ ഞാൻ വിട്ടുപോകേണ്ടിവരുമല്ലോ എന്നു വിചാരിക്കുമ്പോണു് സങ്കടം. ശൈശവംതൊട്ടു് ഒന്നിച്ചു വളർന്ന ഞാൻ എങ്ങനെ ദേവിയെ പിരിയുന്നു? എങ്ങനെ ആ വേർപാടു ഞാൻ സഹിക്കുന്നു? ഹാ കഷ്ടം! ദൈവം എന്തു സങ്കടങ്ങളാണു് വരുത്തുന്നതു്! ഇതാ, ദേവിതന്നെ എന്നെ അന്വേഷിച്ചു് ഇങ്ങോട്ടു വരുന്നു.
മെലിഞ്ഞൊരുടലോടുമച്ചിടപിടിച്ച കേശത്തൊടും
മരത്തൊലിയുടുത്തു ഭൂഷണഗണങ്ങൾ ചാർത്താതെയും
വിളർത്ത മുഖതാരൊടും ദൃഢതയാർന്ന പാദത്തൊടും
സമൂർത്തനിയമംകണക്കിത വരുന്നു മത്സ്വാമിനി. 1
(യഥോക്തവേഷത്തിൽ ധ്രുവസ്വാമിനി പ്രവേശിക്കുന്നു.)
- ഹേമാംഗി:
- (അടുത്തുചെന്നു്) ദേവി, ഞാൻ പർണ്ണശാലയിലേയ്ക്കു മടങ്ങുകയായിരുന്നു.
- ധ്രുവസ്വാമിനി:
- എനിക്കു മനോവേദന ഏകുന്ന ഈ ദേവീപദം നാളെത്തൊട്ടെങ്കിലും നീ ഉപയോഗിക്കയില്ലല്ലോ. ഹേമാംഗി, ഞാൻ ദീക്ഷ സ്വീകരിച്ചു സംസാരമുപേക്ഷിക്കുന്നതിൽ നിനക്കു സന്തോഷമല്ലേ?
സ്വപ്നോപഭോഗപ്രതിമങ്ങളായ
കാമങ്ങൾകൊണ്ടെന്തു സുഖം വരുന്നു?
കാണുന്നു ഞാൻ ശാശ്വതധർമ്മമായ
സന്യാസമൊന്നിൽ പരശാന്തിമാർഗ്ഗം. 2
- ഹേമാംഗി:
- ദേവി, ഞാൻ എങ്ങനെ സന്തോഷിക്കും? സാമ്രാജ്യഭോഗം വെടിഞ്ഞു ഭിക്ഷാപാത്രമെടുക്കുന്നതു് എങ്ങനെ സന്തോഷത്തിനു വകയാകും?
- ധ്രുവസ്വാമിനി:
- അതേപ്പറ്റി ഇനിയും സംസാരിക്കണോ? ബുദ്ധഭഗവാന്റെ കഥതന്നെ വിചാരിക്കുക. ലോകരക്ഷയ്ക്കുവേണ്ടി സർവ്വസ്വവും ത്യജിച്ച ആ ഭഗവാനെ അനുഗമിക്കാൻ സാധിക്കുന്നതിൽ ഞാൻ ഭാഗ്യവതിതന്നെ. എന്തു സാമ്രാജ്യസുഖമാണു് ഞാൻ അനുഭവിച്ചതു്? ദുഃഖമല്ലാതെ എന്താണു് സംസാരത്തിലുള്ളതു്? അതുകൊണ്ടു് ആ കഥ പറയേണ്ട.
- ഹേമാംഗി:
- എങ്കിലും ഇങ്ങനെയുള്ള വ്രതവിധികൾക്കല്ലല്ലോ സുകുമാരമനോഹരമായ ഈ ദേഹം ദൈവം നിർമ്മിച്ചതു് ?
- ധ്രുവസ്വാമിനി:
- (സസ്മിതം) മാരജിത്തായ ഭഗവാനിൽ വിശ്വസിക്കുന്നവർക്കു ദേഹത്തെപ്പറ്റിയെന്തു വിചാരമാണു്? ലോകസേവയ്ക്കു മാത്രമാണല്ലോ ദേഹം.
- ഹേമാംഗി:
- ശരിശരി, തത്വജ്ഞാനം പറയണം. ഒന്നുമറിയാത്ത എന്നോടു പറയാം. എങ്കിലും സീത, പാഞ്ചാലി, ദമയന്തി, സാവിത്രി ഇവരെല്ലാം ഭർത്തൃപരിചരണംവഴിയാണല്ലോ ലോകസേവ ചെയ്തതു്.
- ധ്രുവസ്വാമിനി:
- (അല്പം ക്ഷോഭത്തോടെ) അതെനിക്കു ദൈവം വിധിച്ചില്ല. ഭർത്തൃസേവ സ്ത്രീകൾക്കു് ഉൽക്കൃഷ്ടംതന്നെ. പക്ഷേ, വിവാഹംമുതല്ക്കേ അഭർത്തൃകയായ ഞാൻ എങ്ങനെ ആ ധർമ്മം പരിപാലിക്കും?
- ഹേമാംഗി:
- എങ്കിലും മറ്റുള്ളവരെ വിചാരിക്കേണ്ടേ? ദേവിയെ ഓർത്തു സങ്കടപ്പെടുന്ന പ്രിയജനങ്ങളെ ഓർമ്മിക്കേണ്ടേ?
- ധ്രുവസ്വാമിനി:
- (ശാന്തസ്വരത്തിൽ) അവരെ ഞാൻ മറക്കുന്നില്ല. സ്നേഹം ഭഗവാൻ വിരോധിച്ചിട്ടില്ലല്ലോ. എല്ലാ പ്രാണികളോടും ഒരുപോലെ സ്നേഹമുണ്ടായിരിക്കണമെന്നല്ലേ ആചാര്യൻ ഉപദേശിക്കുന്നതു്?
- ഹേമാംഗി:
- അതു ശരിയായിരിക്കാം. എങ്കിലും കുമാരൻ—
- ധ്രുവസ്വാമിനി:
- (വികാരസംയമം അനുഷ്ഠിച്ചിട്ടു്) മഹാരാജാവിനു നന്മവരട്ടേ! ലൗകികകാര്യങ്ങളിൽ വ്യഗ്രനായിരിക്കുന്ന അദ്ദേഹം ഇങ്ങനെയുള്ള ഒരു നിരാശതകൊണ്ടു് അധികകാലം സന്തപിക്കയില്ല.
- ഹേമാംഗി:
- കഷ്ടം! ദേവിക്കു് ഇങ്ങനെ പറവാൻ തോന്നുന്നല്ലോ. കുമാരൻ ശ്രീരാമചന്ദ്രനെപ്പോലെ ദൃഢപ്രതിജ്ഞനെന്നല്ലേ ലോകർ പറയുന്നതു്? (ധ്രുവസ്വാമിനി ഒന്നും മിണ്ടാതെ സങ്കടത്തിലെന്നപോലെ നില്ക്കുന്നു.)
- ഹേമാംഗി:
- എനിക്കിതൊന്നുകൊണ്ടും സമ്മതം വരുന്നില്ല. ഈ വനാന്തരഭാഗങ്ങളിൽ സഞ്ചരിക്കുന്നതാണുൽകൃഷ്ടമെന്നു പറഞ്ഞാലാരു വിശ്വസിക്കും? അന്നു സങ്കടമനുഭവിച്ചു; ശരിതന്നെ. ഇന്നത്തെ സങ്കടമോ?
അന്തഃപുരത്തിലലരൊത്ത നിലത്തുപോലും
നൊന്തന്വഹം തളരുവോരു ഭവൽപദങ്ങൾ
കാന്താരഭാഗമിതളന്നു നടക്കുവാനായ്
കാന്താംഗി! വന്ന വിധിയാണിസഹ്യമേറ്റം.
3
- ധ്രുവസ്വാമിനി:
- അതിലെന്താണുള്ളതു്? ഈ തപോവനത്തിൽ സഞ്ചരിക്കുന്നതു് ഉദ്യാനത്തിൽ സഞ്ചരിക്കുന്നതിലും സുഖമായിട്ടാണു് ഞാൻ വിചാരിക്കുന്നതു്.
ജലഫേനഹസൻനദങ്ങാലും
മലർ മൂടുന്ന ലതപ്പടർപ്പിനാലും
ഫലഭാരനമൻതരുക്കളാലും
വിലസുന്നോരിവിടം നിതാന്തരമ്യം. 4
- ഹേമാംഗി:
- വളരെ ദാനംചെയ്ത ഈ കൈകൾ ഭിക്ഷാപാത്രവുമേന്തി നഗരവീഥികളിൽ നടക്കുന്നതു വിചാരിക്കതന്നെ വയ്യാ. അയ്യോ, ദേവി!
വേണുംപോൽ ധനധാന്യവസ്ത്രനിചയം
നിത്യം കണക്കെന്നിയേ
ദാനം ചെയ്തൊരു തൃക്കരങ്ങളിൽ മര-
പ്പാത്രം വഹിച്ചങ്ങനെ
കാണുന്നോരോടിരന്നു നാട്ടുവഴിമേൽ
മഞ്ഞപ്പുതപ്പേന്തി നീ
ക്ഷോണീഭർത്രി യലഞ്ഞിടുന്നതു വിചാ-
രിപ്പാനുമാളല്ല ഞാൻ. 5
- ധ്രുവസ്വാമിനി:
- ശരിശരി, ഈ വിധമുള്ള സാംസാരികപ്രലോഭനങ്ങൾ എന്റെ മനസ്സിനെ ഇളക്കുന്നതല്ല.
- ഹേമാംഗി:
- എങ്കിലും നാഗരികവാസം ആക്ഷേപിക്കുന്നതു ശരിയാണോ? ദേവി ആലോചിക്കുക: രാജധാനിയിലെ ഉദ്യാനങ്ങൾ എത്ര ഭംഗിയുള്ളവ! പ്രമദാവനത്തിലെ പൂക്കൾ എത്ര മനോഹരങ്ങൾ! അപ്രകാരമുള്ള സുഖാനുഭോഗങ്ങളിൽ ശീലിച്ച ദേവി എങ്ങനെ ഈ ആശ്രമവാസം സഹിക്കും?
- ധ്രുവസ്വാമിനി:
- നീയൊരു പഞ്ജരശുകിതന്നെ. നിനക്കു നിന്റെ കൂടിനോടുള്ള ഇഷ്ടം! അതിന്റെ പൊൻപൂച്ചു കണ്ടു് അതിൽത്തന്നെ പാർക്കുവാൻ നീയാഗ്രഹിക്കുന്നു. എന്താണു് ഈ വനഭാഗത്തിനു രാജധാനിയിലെ ഉദ്യാനങ്ങളേക്കാൾ രാമണീയകതയ്ക്കു കുറവു് ?
ഏതും ദോഹദമെന്നിയേ തളിരിടും
പൂവല്ലിയുണ്ടെങ്ങുമേ
സ്വാതന്ത്ര്യത്തിൽ വളർന്ന പക്ഷികൾ സദാ
പാടുന്നു സന്തുഷ്ടരായ്
ശീതശ്ശീകരഗന്ധവാഹനലസം
വീശുന്നു സന്താപഹൻ
ചേതോമോഹനമീയരണ്യവിഭവം;
വാണീടുമാർ പട്ടണം? 6
- ഹേമാംഗി:
- ഞാനെന്തു പറയാനാണു്?
സുധാസിക്തമെല്ലാം സുഖംചേർന്നിടുമ്പോൾ
വിഷം ചേർന്നതെല്ലാം സുഖം കൈവിടുമ്പോൾ
അരമ്യാഭിരമ്യാദിചിന്താവിശേഷം
മനോഭാവമൊത്തന്നതേ തോന്നിടുന്നു. 7
രാജധാനിയിൽ ദേവി അസുഖമനുഭവിച്ചതുകൊണ്ടു് അവിടമെല്ലാം ഉപേക്ഷണീയമെന്നു തോന്നുന്നു. വ്രതവിധികൾകൊണ്ടു ശാന്തി പരിശീലിച്ചതിനാൽ എല്ലാടവും ഇപ്പോൾ ഒരുപോലെയെന്നല്ലേ വരേണ്ടതു്? അതിനു പകരം രാജധാനിയോടീവിധം വെറുപ്പു തോന്നുന്നതുകൊണ്ടു് അതിനോടുള്ള ബന്ധം തീരെ വിട്ടിട്ടില്ലെന്നു് എനിക്കു തോന്നുന്നു. ഇതാ, വരുന്നു ഭഗവതി അംശുമതി.
- ധ്രുവസ്വാമിനി:
- ഭഗവതി അംശുമതിയോ? (സന്തോഷത്തോടെ) എന്റെ നോയ്മ്പുകൾ കാലംകൂടുമ്പോഴേയ്ക്കു തീർത്ഥാടനം കഴിഞ്ഞുവരുമെന്നാണല്ലോ അരുളിച്ചെയ്തിരുന്നതു്.
- ഹേമാംഗി:
- (ആത്മഗതം) ഇവരും വന്നുചേർന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല.
(പരിവ്രാജിക പ്രവേശിക്കുന്നു)
- പരിവ്രാജിക:
- (ധ്രുവസ്വാമിനിയെ കണ്ടിട്ടു്)
തീവ്രവ്രതങ്ങൾ ശരിയായ് പലതാചരിച്ചൂ
ദേഹം മെലിഞ്ഞിടിലുമേറിന കാന്തിമൂലം
വാത്മീകിതന്നുടജദേശമലങ്കരിച്ച
ശ്രീരാമപത്നിയിവളെന്നു നിനയ്ക്കുമാരും. 8
- ധ്രുവസ്വാമിനി:
- ഭഗവതി, ഈ പുത്രി വന്ദിക്കുന്നു.
- ഹേമാംഗി:
- ഈ ദാസി പാദപ്രമാണം ചെയ്യുന്നു.
(രണ്ടുപേരും വന്ദിക്കുന്നു.)
- പരിവ്രാജിക:
- (അനുഗ്രഹിച്ചിട്ടു്) ഭഗവാൻ തഥാഗതൻ നിങ്ങൾക്കു കുശലം വരുത്തട്ടെ!
- ധ്രുവസ്വാമിനി:
- ഭഗവതിയുടെ ഈ ആഗമനം ശുഭോദർക്കമാണെന്നുള്ളതിനു തർക്കമില്ല. എന്റെ വ്രതവിധികൾ അവസാനിക്കുന്ന ദിവസംതന്നെ എന്നെ സദഷ്ടാംഗമാർഗ്ഗത്തിൽ നയിക്കുവാൻ ദേവിയുടെ കരങ്ങളാണല്ലോ എനിക്കവലംബമായി വേണ്ടതു്.
- പരിവ്രാജിക:
- (പുഞ്ചിരിയോടെ) ആട്ടെ! ആട്ടെ! അതൊക്കെ പിന്നെയാവാം. അരമനയിൽ വസിച്ചിരുന്ന കാലത്തുള്ളതിൽ കൂടുതൽ ലാവണ്യം ഞാൻ നിന്നിൽ കാണുന്നു.
നീരാളങ്ങൾ വെടിഞ്ഞു വല്ക്കലമുടു-
ത്തീടുന്നു; സംസ്ക്കാരമോ
നീരാഴിക്കടവിൽ വ്രതക്കുളിയൊഴി-
ച്ചൊന്നില്ല കല്ല്യാണി തേ!
ആഹാരം ഫലമൂലജാലമമൃതേ-
ത്തെല്ലാമുപേക്ഷിച്ചഹോ!
പാരാതെങ്കിലുമംഗഭംഗികൾ തെളി-
ഞ്ഞാണിന്നു കാണുന്നു ഞാൻ. 9
- ഹേമാംഗി:
- (സന്തോഷത്തോടെ) അരുളിച്ചെയ്തതു് എത്ര ശരിയാണു് !
കാതിൽ തോടകളില്ല കണ്ണുകളണി-
ഞ്ഞിട്ടില്ല നല്ലഞ്ജനം
ചേണാളും നവചന്ദനദ്രവമണി-
ഞ്ഞിട്ടില്ല പോർകൊങ്കകൾ
താംബൂലാദിപരിഷ്കൃതിക്കധരമോ
കീഴ്പെട്ടതില്ലെങ്കിലും
ദേവിക്കിന്നുടൽ സൗഭഗത്തികവിനാൽ
ശോഭിപ്പതുണ്ടേറ്റവും. 10
- പരിവ്രാജിക:
- അങ്ങനെയല്ലാതെ വരുമോ?
ജ്വലിതാനലനിൽ തപിച്ചപോതും
കനകം ശോഭവളർന്നു കണ്ടിടുന്നു;
കമനീമണി! നീ തപസ്സിൽവാഴു-
മ്പൊഴുതും നിൻതിരുമൈ മനോജ്ഞമത്രേ!
11
- ധ്രുവസ്വാമിനി:
- (ലജ്ജയോടെ) ഭഗവതിയും ഇങ്ങനെ പറയുന്നല്ലോ. ദീക്ഷയാചിക്കുന്ന ഞാൻ ദേഹകാന്തിയാഗ്രഹിക്കുന്നില്ല.
- പരിവ്രാജിക:
- വത്സേ! ചേതോമോഹനമായ ദേഹസൗകുമാര്യത്തെ നീ എന്തിനു് അപലപിക്കുന്നു.
- ഹേമാംഗി:
- ദേവി, ഭഗവതിയുടെ അരുളപ്പാടെങ്കിലും വകവെയ്ക്കുക.
- ധ്രുവസ്വാമിനി:
- (സംഭാഷണം മാറ്റാനെന്ന ഭാവത്തിൽ) ഈ മൂന്നുവർഷത്തെ തീർത്ഥാടനത്തിൽ ഭഗവതി എത്രപുണ്യക്ഷേത്രങ്ങൾ ദർശിച്ചിരിക്കണം! അതെല്ലാം വിസ്തരിച്ചു കേൾക്കാനെനിക്കാഗ്രഹമുണ്ടു്.
- പരിവ്രാജിക:
- എന്തു പറയുന്നു? എല്ലാടവും ചുറ്റിനടന്നു കണ്ടു. ഭഗവജ്ജന്മംകൊണ്ടു പുണ്യഭൂമിയായിത്തീർന്നലുമ്മിനി ഉദ്യാനം, തപസ്സുചെയ്ത വനങ്ങൾ, ജ്ഞാനം സിദ്ധിച്ച ഗയാ, ബോധിവൃക്ഷം, ധർമ്മചക്രം തിരിച്ച കാശി, കൗശാംബി, രാജഗൃഹം എല്ലാം കണ്ടു. എത്ര മാഹാത്മ്യമുള്ള സ്ഥലങ്ങൾ! എന്തു പുണ്യംവിളയുന്ന ദേശങ്ങൾ!
- ധ്രുവസ്വാമിനി:
- (അതിസന്തോഷത്തോടെ) തഥാഗതൻപ്രസാദിച്ചു്, ആ സ്ഥലമെല്ലാം ദർശിക്കുവാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ. ആ പുണ്യദേശങ്ങളിലെ പാവനധൂളിയേറ്റു് എന്റെ ഈ ദേഹവും ചരിതാർത്ഥമാവട്ടെ.
പരമകാരുണികൻ ഭഗവാന്റെ തൃ-
ച്ചരണപങ്കജധൂളി വഹിച്ചഹോ
പെരുമയാണ്ടൊരു പുണ്യതടങ്ങളിൽ
പുരളുവാൻ കൊതിചിത്തതലത്തിൽ മേ. 12
- പരിവ്രാജിക:
- ഭഗവാൻ പ്രസാദിച്ചു് അതിനിടവരുത്തും. ഞാൻ വേറെയും പല സ്ഥലത്തു പോയി; ഒടുവിൽ ഉജ്ജയിനിയിലും.
- ഹേമാംഗി:
- എന്തു്! ഉജ്ജയിനിയിലോ? അവിടെ എല്ലാവർക്കും സുഖംതന്നെയല്ലേ? മഹാനുഭാവനായ മഹാരാജാവും അദ്ദേഹത്തിന്റെ പ്രിയമാതാവും അമാത്യന്മാരും മറ്റു ബന്ധുക്കളും എല്ലാവരും കുശലികളായിത്തന്നെ ഇരിക്കുന്നില്ലേ?
- പരിവ്രാജിക:
- അവർക്കെല്ലാം ക്ഷേമംതന്നെ. എല്ലാവരും പ്രത്യേകം പ്രത്യേകം അന്വേഷിച്ചു. വിശേഷിച്ചും മഹാറാണി ദത്താദേവി—
- ധ്രുവസ്വാമിനി:
- (ദുസ്സഹമായ സങ്കടത്തോടെ) അവരെല്ലാം ഈ ദുർഭാഗ്യവതിയെ ഓർമ്മിക്കുന്നുവല്ലോ. വിശേഷിച്ചും പരമവന്ദ്യയായ ദത്താദേവി. അവരുടെ വേർപാടാണു് എന്റെ മനസ്സിനെ വേദനപ്പെടുത്തുന്നതു്. മാതാവു മരിച്ച എന്നെ ശൈശവം മുതലേ എടുത്തു വളർത്തി. ഞാൻ മൂലം ദേവിക്കു് ഒരു ദിവസത്തെ സുഖം പോലും ഉണ്ടായിട്ടില്ലല്ലോ—(എന്നു കരയുന്നു)
- പരിവ്രാജിക:
- മകളേ, ആശ്വസിക്കുക. നിനക്കു ദുർഭാഗ്യങ്ങൾ അകലേണ്ട കാലമായി. പരമഭട്ടാരികയായ ദേവി മാത്രമല്ല വിക്രമാദിത്യമഹാരാജാവും നിന്റെ കുശലത്തിൽ ഉത്സുകിയാണു്.
- ധ്രുവസ്വാമിനി:
- (സോൽക്കണ്ഠം) മഹാരാജാവിനു ക്ഷേമംതന്നെയാണല്ലോ.
- പരിവ്രാജിക:
- ധർമ്മതല്പരനായ അദ്ദേഹത്തിനു് അനാരോഗ്യത ഒന്നും കണ്ടില്ല. എങ്കിലും അദ്ദേഹം മാറാത്ത മനോദുഃഖംകൊണ്ടു വ്യാകുലപ്പെട്ടാണു് കാണപ്പെട്ടതു്.
മെയ് ചടച്ചുമകതാരിലേറിടു-
ന്നാടൽകൊണ്ടു മുഖശോഭ മങ്ങിയും
കാറിൽ മൂടിയ നവേന്ദുവെന്നപോൽ
വാണിടുന്നു പുരുദുഃഖിതൻ നൃപൻ 13
- ഹേമാംഗി:
- അയ്യോ! മഹാരാജാവു് ഇങ്ങനെ സങ്കടത്തിനധീനനാകയോ?
- ധ്രുവസ്വാമിനി:
- (തേങ്ങി കരഞ്ഞിട്ടു്) അയ്യോ! ജീവിതേശ, സർവസങ്കടങ്ങളും സഹിച്ചു് എന്റെ മാനരക്ഷചെയ്ത മഹാനുഭാവ, ഞാൻ അവിടുത്തേയ്ക്കും ദുഃഖഹേതുവായിട്ടാണല്ലേ തീർന്നതു്?
- പരിവ്രാജിക:
- വത്സേ, വ്യസനം അടക്കൂ. സംസാരത്തിലുള്ള സങ്കടങ്ങളിൽ ഇത്രമാത്രം വഴിപ്പെടുന്നതു വ്രതങ്ങൾ അനുഷ്ഠിക്കുന്നവർക്കു് ഉചിതമല്ല. ഹേമാംഗി, നീ പോയി ദേവിയുടെ തളർച്ച തീർക്കുന്നതിനു ഭക്ഷ്യപാനീയങ്ങൾ കൊണ്ടുവരിക.
(ഹേമാംഗി പോകുന്നു.)
- ധ്രുവസ്വാമിനി:
- (വികാരസംയമനം ചെയ്തു ശാന്തികൈക്കൊണ്ടിട്ടു്) ഭഗവതി, എന്റെ ചാപല്യത്തെ ക്ഷമിക്കണം. എത്രമാത്രം വ്രതമാചരിച്ചിട്ടും, എന്തെല്ലാം നോയ്മ്പുകൾ നോറ്റിട്ടും, പ്രിയജനങ്ങളിൽ സക്തമായ എന്റെ ഹൃദയത്തിനു വൈരാഗ്യം ലഭിക്കുന്നില്ല. സ്നേഹം, കുടുംബം, ലൗകികബന്ധങ്ങൾ ഇവയെന്നെ ഉപേക്ഷിച്ചിട്ടില്ല. അവയെ ഉന്മൂലനാശം ചെയ്യുന്നതിനു് എനിക്കു സാധിക്കുന്നുമില്ല. സർവ്വസംഗത്യാഗം വേണ്ട സന്യാസമെവിടെ? ചപലബുദ്ധിയായ ഞാൻ എവിടെ? അഹോ കഷ്ടം!
- പരിവ്രാജിക:
- വത്സേ! സമാധാനപ്പെടുക. നിന്റെ ധർമ്മസങ്കടങ്ങൾ മനുഷ്യസഹജങ്ങളാണു്. സ്നേഹബന്ധങ്ങൾ എളുപ്പത്തിൽ മുറിക്കാവുന്നവയല്ല. മുൻപുണ്ടായ സങ്കടത്തെ മാത്രം വിചാരിച്ചു സന്യാസവും ശരിയല്ല. മോഹപാശങ്ങൾ മുറിയാതുള്ള സന്യാസം കാരാഗൃഹവാസമാണു്.
വിഷയങ്ങളിലാശ തീർന്നിടാത്തോൾ
സുഖഖേദങ്ങളിൽ നിശ്ചയംവരാത്തോൾ
തരുണീമണി, നീ സഹിപ്പതാണോ
ശ്രമസാദ്ധ്യം കഠിനം യമീവ്രതങ്ങൾ. 14
അതുകൊണ്ടു് എല്ലാം ആലോചിച്ചു് ആചാര്യൻ ശരിയായ ഒരു മാർഗ്ഗം ഉപദേശിക്കാതെയിരിക്കയില്ല. അതു് അനുസരിക്കുക.
- ധ്രുവസ്വാമിനി:
- (ദീർഘനിശ്വാസത്തോടെ) സംസാരം ത്യജിക്കാനും വരിക്കാനും ശക്തയല്ലാത്ത എന്നെ മാരജിത്തായ ഭഗവാൻതന്നെ രക്ഷിക്കട്ടെ.
നേരായ് നോയ്മ്പുപവാസമുഗ്രനിയമാ-
ചാരങ്ങളെന്നൊക്കെയു-
ള്ളോരോ വൃത്തികളായ ശാന്തി മണലാൽ
മൂടിക്കിടന്നീടിലും
പാരം താഴ്ചയിൽ വേർ പടർന്ന പെരുതാം
സംസാരവൃക്ഷത്തിനെ-
ത്തീരെച്ചിത്തതലത്തിൽനിന്നു പിഴുതാ-
നിന്നേതുമാളല്ല ഞാൻ. 15
അഹോ! ഇതാണു് ധർമ്മസങ്കടത്തിന്റെ പാരമ്യം.
- പരിവ്രാജിക:
- എല്ലാം ശുഭമായി വരും. പരമാകാരുണികനായ ഭഗവാൻ ബുദ്ധദേവനിൽ വിശ്വസിക്കുക. (ചുറ്റും നോക്കിയിട്ടു്) സന്ധ്യാനിയമങ്ങൾക്കു സമയമായി. നമുക്കും പർണ്ണശാലയിലേയ്ക്കു പോകാം.
(രണ്ടുപേരും പോയി)
ആറാമങ്കം കഴിഞ്ഞു.
(ചന്ദ്രഗുപ്തനും സുകീർത്തിയും പരിവാരങ്ങളും പ്രവേശിക്കുന്നു.)
- ചന്ദ്രഗുപ്തൻ:
- ദൈവാധീനംകൊണ്ടു യുദ്ധംകൂടാതെതന്നെ അഭീരന്മാർ കീഴടങ്ങി.
- സുകീർത്തി:
- അതിലെന്താണു് ആശ്ചര്യം?
കൈത്താരേന്തും പ്രചണ്ഡാസിക ചെറുതുമുയർ-
ത്താതെ പേരൊന്നിനാലേ.
ഭീത്യാ പാഞ്ഞഗ്ഗുഹാന്തസ്ഥലികളിലമരും
വൈരിതാമിസ്രജാലം
പാർത്തട്ടിൽ ദ്വീപസപ്തങ്ങളിലറിയുമൊരീ
വിക്രമാദിത്യനാമം
നിത്യം സാർത്ഥീകരിപ്പൂ നൃപവര; മഹിമാ-
നങ്ങൾ മറ്റെന്തു ചൊൽവൂ? 1
- ചന്ദ്രഗുപ്തൻ:
- യുദ്ധസന്നാഹങ്ങൾ കഴിഞ്ഞതോടുകൂടി ഇതുവരെ അടങ്ങിക്കിടന്ന എന്റെ ദുഃഖം ഇതാ, പിന്നെയും വളരുന്നു.
- സുകീർത്തി:
- തിരുമേനി, ഇതാ, നാം ഭാഗീരഥീതടം അണഞ്ഞതുപോലെ തോന്നുന്നു.
അൻപിൽ ശീകരശീതമാം ചെറുമരുൽ-
പോതങ്ങൾ വീശുന്നതു-
ണ്ടെമ്പാടും തളിരിട്ടു വല്ലികൾ പടർ-
ന്നുണ്ടീ ദ്രുമശ്രേണിയും
കൊമ്പന്യോന്യമുരച്ചിടുന്നിണകളും
പാടും വിഹംഗങ്ങളും
വൻപുണ്യസ്ഥലമാം നദീതടമഹ-
ത്വത്തെപ്പുകഴ്ത്തുന്നിതോ. 2
- ചന്ദ്രഗുപ്തൻ:
- അങ്ങനെ അല്ലാതെ വരുമോ? സർവപാപാപഹയായ ഗംഗാദേവിയുടെ സമ്പർക്കമുള്ള ഇവിടം പുണ്യഭൂമിതന്നെ. ദേവി, ഭാഗീരഥി!
ധന്യേ വിഷ്ണുപദോത്ഭവേ, ശിവജടാ-
ലംകാരഭൂതേ, മഹൽ-
പുണ്യാകാരഗുണേ, ജഗത്രിതയതീർ-
ത്ഥങ്ങൾക്കുമാധാരമേ,
നിന്നാൽ ഭാരതഭൂമി വിൺതലമതേ-
ക്കാളും മഹത്വംകലർ-
ന്നന്യൂനം വിലസട്ടെ സർവ്വജനതാ-
പാപാപഹന്ത്രീ, ശുഭേ! 3
- സുകീർത്തി:
- നാം ഏതോ ആശ്രമസ്ഥാനത്തിനു സമീപമാണു്, തർക്കമില്ല. എത്ര ശാന്തമായിട്ടാണു് പക്ഷിമൃഗാദികൾപോലും വിഹരിക്കുന്നതു്!
ഗർജ്ജിപ്പതില്ല കടുവാ പുലി സിംഹമൊന്നും;
നൈസ്സർഗ്ഗവൈരമറിയാതെ മൃഗങ്ങൾ വാഴ്‌വൂ;
മന്ദം ചലിപ്പിതു സമീരണനാദരത്താ;-
ലിന്നീ സ്ഥലത്തു തെളിയുന്നതു ദിവ്യശാന്തി. 4
- ചന്ദ്രഗുപ്തൻ:
- ദിവ്യനായ ഏതോ ഒരു മഹർഷിയുടെ ആശ്രമസ്ഥാനമാണു് ഇതെന്നുള്ളതിനു തർക്കമില്ല. സുകീർത്തേ, പരിവാരങ്ങളും സേനയും വേറെ വഴി പോയ്ക്കോള്ളുവാൻ ആജ്ഞാപിക്കുക. ആശ്രമവാസികൾക്കുപദ്രവമുണ്ടാക്കരുതല്ലോ. നമുക്കിവിടെ കുറച്ചുനേരം വിശ്രമിച്ചിട്ടു തീർത്ഥപാദദർശനത്തിനുശേഷം അവരോടു ചേരാം. (എന്നു മഹാരാജാവു് ഉത്തരീയം വിരിച്ചിരിക്കുന്നു.)
- സുകീർത്തി:
- കല്പിച്ചതു ശരിയാണു്. സ്വയം സമീപിച്ചശ്രേയസ്സിനെ ഒരു കാലത്തും തിരസ്കരിക്കാവുന്നതല്ല. (തിരിഞ്ഞു പരിവാരങ്ങൾക്കു് ആജ്ഞ നല്കുന്നു.)
- ചന്ദ്രഗുപ്തൻ:
- എന്താണെന്നറിഞ്ഞുകൂടാ. പ്രിയാസംഗമമുണ്ടായാലെന്നപോലെ അനിർവാച്യമായ ഒരാനന്ദം എനിക്കുണ്ടാകുന്നു. അനവദ്യമായ ഒരു നിർവൃതി. മനസ്സിനു് ആഹ്ലാദവും. അഥവാ ഇതിലെന്താണു് ആശ്ചര്യപ്പെടാനുള്ളതു്?
- സുകീർത്തി:
- ഈ വള്ളിക്കെട്ടിനപ്പുറമായി ആരോ സംസാരിക്കുന്നുണ്ടെന്നു തോന്നുന്നു.
- ചന്ദ്രഗുപ്തൻ:
- (ചെവികൊടുത്തിട്ടു്) അതേ, ശ്രാമണന്മാരാണു്.
- അണിയറയിൽ:
- ബുദ്ധഘോഷ, പൂ പറിച്ചതു മതി.
(രണ്ടു ശ്രാമണന്മാർ പ്രവേശിക്കുന്നു.)
- ഒന്നാമൻ:
- ബുദ്ധഘോഷ, പൂ പറിച്ചതു മതി. നമുക്കു് ആശ്രമത്തിലേയ്ക്കു മടങ്ങാം. ആ രാജർഷി ഉച്ചയോടുകൂടി വരുമെന്നല്ലേ ആചാര്യൻ അരുളിച്ചെയ്തതു്?
- ബുദ്ധഘോഷൻ:
- ആര്യ സംഘമിത്ര, എന്നാൽ വരേണ്ട സമയമായല്ലോ. അനക്കമൊന്നും കേൾക്കാനുമില്ല. രാജാക്കന്മാരും മറ്റും വരുമ്പോൾ വാദ്യഘോഷങ്ങളും മറ്റും പതിവില്ലേ? എങ്ങനെയാണു് ആ രാജർഷി വരുന്നുണ്ടെന്നു് ആചാര്യൻ അറിഞ്ഞതു്? വല്ല സന്ദേശവും ഉണ്ടായിരുന്നോ?
- സംഘമിത്രൻ:
- ദിവ്യന്മാരായ സിദ്ധന്മാർക്കു സന്ദേശംകൊണ്ടെന്താണു് ആവശ്യം?
- ബുദ്ധഘോഷൻ:
- അപ്പോൾ ദിവ്യദൃഷ്ടികൊണ്ടു കണ്ടതായിരിക്കണം.
- സംഘമിത്രൻ:
- ആയിരിക്കണം. ഇന്നെല്ലാംകൊണ്ടും ആശ്രമവാസികൾക്കു സുദിനംതന്നെ. ഇന്നാണല്ലോ ആചാര്യൻ പുതിയ ശിഷ്യർക്കു ദശശീലപരിഗ്രഹം നല്കുന്നതു്.
- ചന്ദ്രഗുപ്തൻ:
- (ആത്മഗതം) ഈ വാക്കു് എന്റെ ഉള്ളിൽ തീകോരി ഇടുന്നു. ഇവിടെ ആയിരിക്കുമോ എന്റെ പ്രിയ വസിക്കുന്ന ആശ്രമം? ഏതായാലും ഇവരോടു ചോദിച്ചുനോക്കാം.
(ചന്ദ്രഗുപ്തനും സുകീർത്തിയും അടുത്തു ചെല്ലുന്നു)
- ചന്ദ്രഗുപ്തൻ:
- ഭവാന്മാർക്കു വന്ദനം.
- സംഘമിത്രൻ:
- ആര്യന്മാർക്കു സ്വാഗതം. തഥാഗതൻ നിങ്ങൾക്കു നന്മ വരുത്തട്ടെ.
- സുകീർത്തി:
- നിങ്ങളുടെ ആശ്രമം സമീപംതന്നെയല്ലേ? അവിടെ പോയി മഹാനായ ആചാര്യനെ വന്ദിച്ചു പോകാൻ ആര്യനു് ആഗ്രഹമുണ്ടു്.
- സംഘമിത്രൻ:
- ഇന്നു് ആചാര്യതൃപ്പാദങ്ങൾ അതിമാന്യനായ അതിഥിയെ പ്രതീക്ഷിക്കുന്ന ദിവസമാണു്. ദർശനത്തിനു് അവസരം കിട്ടുമോ എന്നു ഞാൻ ശങ്കിക്കുന്നു. ഏതായാലും അവിടെ അന്വേഷിച്ചു നോക്കാം.
- ചന്ദ്രഗുപ്തൻ:
- അതുതന്നെയാണു് ഉത്തമപക്ഷം.
- സംഘമിത്രൻ:
- ആര്യന്മാർ ഞങ്ങളെ അനുഗമിച്ചു് ഈ വഴിയേ വന്നാലും.
- ചന്ദ്രഗുപ്തൻ:
- (സുകീർത്തിയോടായിട്ടു്) എന്താണു് ഈ ആശ്രമസ്ഥാനം അടുക്കുംതോറും എനിക്കു് എന്തെന്നില്ലാത്ത ഒരു നിർവൃതി ഉണ്ടാകുന്നതു്?
മുങ്ങുന്നോ കുളുർവെണ്ണിലാവിലമര-
പ്പൂങ്കാവിലെത്തെന്നൽതാൻ
തങ്ങുന്നോ, ഹരിചന്ദനദ്രവമൊഴി-
ച്ചീടുന്നതോ മേനിയിൽ
പൊങ്ങുന്നോരു സുഖാമൃതാംബുധിയിൽ ഞാൻ
നീന്തുന്നുവോ പാരിലി-
ന്നെങ്ങുന്നോ നിരവദ്യനിർവൃതി ലഭി-
ച്ചീടുന്നു നിസ്സംശയം. 5
- സുകീർത്തി:
- പുണ്യാത്മാക്കളുടെ സാമീപ്യംകൊണ്ടുതന്നെ ഈ വിധമായ അനുഭവവിശേഷം ഉണ്ടാകാവുന്നതാണല്ലോ.
- ബുദ്ധഘോഷൻ:
- ആചാര്യതൃപ്പാദങ്ങൾ ഇന്നേദിവസം മാന്യാതിഥികളുടെ സൽക്കാരംകൊണ്ടു സന്തുഷ്ടനാകാതിരിക്കയില്ല. ഞങ്ങളുടെ ഈ ആശ്രമത്തിൽ അപൂർവമായിട്ടു മാത്രമേ സാംസാരികന്മാരായ മഹാന്മാർ വരാറുള്ളല്ലോ.
- ചന്ദ്രഗുപ്തൻ:
- ഭഗവൽപാദർ ആരെയാണു് പ്രതീക്ഷിക്കുന്നതു്?
- സംഘമിത്രൻ:
- വിക്രമാദിത്യമഹാരാജാവിനെ എന്നാണു് ഞങ്ങൾ കേട്ടതു്. അതുകൊണ്ടാണു് ആശ്രമത്തിൽ എല്ലാവർക്കും ഇത്ര ആഹ്ലാദം.
വീതാശങ്കമെതിർത്തടുത്ത യവന-
ന്മാരെയജ്ജിച്ചന്വഹം
ശ്രീമൽഭാരതധർമ്മമെങ്ങുമിളയിൽ
സ്ഥാപിച്ച പുണ്യാശയൻ
ശാകോപപ്ലവഹാരി ശാന്തനമലൻ
ശ്രീ വിക്രമാദിത്യനാം
ലോകാധീശനണഞ്ഞിടുന്നളവിലാർ-
ക്കാഹ്ലാദമുണ്ടായിടാ? 6
- ചന്ദ്രഗുപ്തൻ:
- (സഹർഷം) അങ്ങനെയോ? ലോകഗതിയെ നിയന്ത്രിക്കുന്നതിനു ശക്തിയുള്ള പുണ്യാത്മാക്കൾക്കു മനശ്ശക്തികൊണ്ടാരെയാണു് വരുത്താൻ സാധിക്കാത്തതു്?
- സംഘമിത്രൻ:
- ഇതാ, നാം ആചാര്യതൃപ്പാദങ്ങൾ അധിവസിക്കുന്ന പർണ്ണശാലയുടെ വാതുക്കൽ എത്തിയിരിക്കുന്നു. ആര്യന്മാർ ഇവിടെ ഒട്ടു നില്ക്കുക. ഞാൻ പോയി അറിയിച്ചുവരാം. എന്താണു് ഭഗവൽസന്നിധിയിൽ അറിയിക്കേണ്ടതു്?
- സുകീർത്തി:
- തീർത്ഥാടനംചെയ്യുന്ന രണ്ടു ക്ഷത്രിയർ ഭഗവൽപാദദർശനംകൊണ്ടു പാപമോചനം ആഗ്രഹിക്കുന്നു എന്നു്. (ശ്രാമണന്മാർ പോകുന്നു. ചന്ദ്രഗുപ്തനും സുകീർത്തിയും ഒരു വൃക്ഷച്ഛായയിൽ നില്ക്കുന്നു.)
- അണിയറയിൽ:
- വസുമിത്ര! ആര്യയുടെ നോയ്മ്പുകൾ കാലംകൂടേണ്ട സമയമായിരിക്കുന്നു. എല്ലാ വിധികളും കഴിഞ്ഞാൽ തൃപ്പാദസേവ ചെയ്യുന്നതിനു് ഉടൻതന്നെ കൂട്ടിക്കൊണ്ടുവരണം. ഒട്ടും താമസിക്കരുതു്.
- സംഘമിത്രൻ:
- (പ്രവേശിച്ചു്) ആചാര്യൻ അവിടുത്തെ കാത്തിരിക്കുന്നു. അകത്തേയ്ക്കു കടക്കാം.
- ചന്ദ്രഗുപ്തൻ:
- (ശീലഭദ്രനെ കണ്ടിട്ടു് ആത്മഗതം)
ദിനാരംഭേ ജൃംഭിച്ചൊരു മിഹിരനെ-
ന്നോണമതിയാം
പ്രഭാപൂരം തൂകിതെളിയുമിതമാ-
നുഷ്യവിഭവൻ
പ്രശാന്തജ്യോതിസ്സായ് മരുവുകിലുമു-
ള്ളിൽ കൊടിയതാം
പ്രതാപം ചേരുംപോൽ വിലസിടുവതു-
ണ്ടിന്നധികമായ്. 7
(രണ്ടുപേരും നമസ്ക്കരിക്കുന്നു)
(പ്രത്യക്ഷം) ഭഗവൻ! തൃപ്പാദദാസനായ ചന്ദ്രഗുപ്തൻ വന്ദിക്കുന്നു.
- ശീലഭദ്രൻ:
- വത്സ! ബുദ്ധഭഗവാന്റെ അനുഗ്രഹംകൊണ്ടു വിജയി ആയി ഭവിക്ക.
- ചന്ദ്രഗുപ്തൻ:
- ഞാൻ അനുഗ്രഹിക്കപ്പെട്ടു.
- ശീലഭദ്രൻ:
- ഇതാ, ഈ ആസനത്തിൽ ഇരുന്നാലും. രാജാവേ, അവിടുത്തെ ധർമ്മതല്പരതയും സൽബുദ്ധിയും അറിഞ്ഞു ഞാൻ സന്തുഷ്ടനായി.
പ്രതാപവിപുലത്വമാർന്നധികമാം
സ്വതേജസ്സിനാൽ
അധർമ്മതിമിരത്തിനെ ഝടുതിയാ-
ട്ടിയോടിച്ചഹോ
പ്രഭാകരനൊടൊത്തു ഭൂവഖിലവും
പ്രകാശിക്കിലും
പ്രശാന്തകരസമ്പദാ വിജയമാർ-
ന്നിടുന്നൂ ഭവാൻ. 8
അതുകൊണ്ടു് ധർമ്മരക്ഷ ചെയ്തു് അനുരൂപയായ സഹധർമ്മചാരിണിയോടുകൂടി വളരെനാൾ രാജ്യം പരിപാലിച്ചാലും!
- ചന്ദ്രഗുപ്തൻ:
- ഭഗവൻ! അവിടുത്തെ വാക്കു് ഒരുകാലത്തും വിഫലമാകയില്ലല്ലോ. അവിടുത്തെ അനുഗ്രഹംകൊണ്ടു് സർവ്വാഭീഷ്ടങ്ങളും ലഭിക്കുകയും ചെയ്തു. അതുകൊണ്ടു് ഒട്ടുനാൾ തൃപ്പാദസേവചെയ്തു് ഇവിടെ താമസിച്ചുകൊള്ളുവാൻ അനുവാദമുണ്ടാകണം.
- ശീലഭദ്രൻ:
- ധർമ്മകാര്യവ്യഗ്രരായ മഹാരാജാക്കന്മാർ സർവഭോഗങ്ങൾ അനുഭവിച്ചു രാജധാനിയിൽ താമസിച്ചാലും പുണ്യം നേടുന്നതാണു്. അതുകൊണ്ടു ശാസ്ത്രവിധിപ്രകാരം പ്രജാപരിപാലനം ചെയ്തശേഷം വാനപ്രസ്ഥത്തിൽ പ്രവേശിച്ചാൽ മതിയെന്നാണു് എന്റെ അഭിപ്രായം.
- ചന്ദ്രഗുപ്തൻ:
- ഭഗവൻ, രാജ്യകാര്യങ്ങളിൽ എന്റെ മനസ്സു പതിയുന്നില്ല. ഉള്ളിൽ അടക്കാൻപാടില്ലാത്ത ദുഃഖങ്ങൾകൊണ്ടു്—
- ശീലഭദ്രൻ:
- എല്ലാത്തിനും സകലലോകനിയന്താവായ ഭഗവാൻ നിവൃത്തി ഉണ്ടാക്കും. അതിനു സമയവും അടുത്തിരിക്കുന്നു.
(പരിവ്രാജിക പ്രവേശിക്കുന്നു)
- പരിവ്രാജിക:
- ഭഗവൻ, നോയ്മ്പുകൾ കാലം കൂടിയ ദേവി പാദശുശ്രൂഷയ്ക്കു് ഇങ്ങോട്ടു പുറപ്പെട്ടിരിക്കുന്നു.
(പരിവ്രാജിക പോകുന്നു)
- ശീലഭദ്രൻ:
- വത്സ, ശ്രദ്ധിച്ചു കേൾക്കുക. മൂന്നുവർഷത്തെ പ്രായശ്ചിത്തവിധികൾകൊണ്ടു പരിശുദ്ധയായ ധ്രുവസ്വാമിനി ദീക്ഷയാചിച്ചു നമ്മുടെ സമീപത്തേയ്ക്ക് വരുന്നുണ്ടു്. ധർമ്മനിരതയായ അവളിൽ പാപലേശമില്ലെങ്കിലും അവൾ സ്നേഹബന്ധമുപേക്ഷിച്ചിട്ടില്ലെന്നു ഞാൻ അറിയുന്നു. ദുർവ്വിധിനിമിത്തം ഉണ്ടായ ക്ലേശങ്ങളാൽ പരിഖിന്നഹൃദയയായ ആ സ്ത്രീ പശ്ചാത്താപത്തെ ലോകജീവിതത്തിലുള്ള വിരക്തിയെന്നു തെറ്റിദ്ധരിക്കുന്നു. വാസ്തവത്തിൽ സ്നേഹമൊന്നു മാത്രമാണു് അവൾക്കു ജീവസന്ധാരണത്തിനു ശക്തി കൊടുത്തിട്ടുള്ളതു്.
- ചന്ദ്രഗുപ്തൻ:
- (അഞ്ജലിയോടെ ഗദ്ഗദസ്വരത്തിൽ) ഭഗവൻ, ഞാൻ അറിയുന്നു. അവിടുത്തെ കൃപമാത്രമാണു് എനിക്കവലംബം. (ധ്രുവസ്വാമിനിയും പരിവ്രാജികയും പ്രവേശിക്കുന്നു. ധ്രുവസ്വാമിനി ഏകാഗ്രചിത്തയായി മറ്റാരേയും നോക്കാതെ ആചാര്യപാദങ്ങളിൽ നമസ്ക്കരിക്കുന്നു.)
- ശീലഭദ്രൻ:
- (അനുഗ്രഹിച്ചിട്ടു്) വത്സേ, ബൗദ്ധസന്യാസിനിമാർക്കു് ആരേയും കാണുന്നതിനു വിരോധമില്ല. ബഹുമാന്യനായ നമ്മുടെ അതിഥി ചന്ദ്രഗുപ്തമഹാരാജാവിനേയും വന്ദിക്കുക.
- ധ്രുവസ്വാമിനി:
- (പേരു കേട്ടു പുളകംകൊണ്ടു മഹാരാജാവിന്റെ മുഖത്തു നോക്കി ലജ്ജിച്ചിട്ടു് ഇതികർത്തവ്യതാമൂഢയായി അല്പം നില്ക്കുന്നു. വേഗം വികാരത്തെ സംയമനം ചെയ്തു്) ശീലഭദ്രശിഷ്യയായ ഈ ദാസി വന്ദിക്കുന്നു.
(ചന്ദ്രഗുപ്തൻ വികാരാധീനനായി കണ്ണുനീർ വാർക്കുന്നു.)
- ശീലഭദ്രൻ:
- വത്സേ, ലജ്ജിക്കയോ, സങ്കടപ്പെടുകയോ വേണ്ട. നിനക്കു വ്രതവിധികൾകൊണ്ടു പാപമോചനം ലഭിച്ചു എങ്കിലും ദീക്ഷയ്ക്കുള്ള സമയമായിട്ടില്ലെന്നു് ഇപ്പോൾ തെളിഞ്ഞുവല്ലോ. സ്നേഹപാശങ്ങൾ പരിശുദ്ധസ്ഥിതിയിൽ നമ്മെ ബന്ധിക്കുന്നിടത്തോളം കാലം അവയെ ഉപേക്ഷിച്ചുകൂടാ. മഹാനുഭാവനായ ഭർത്താവിനോടുകൂടി വളരെനാൾ ജീവിച്ചിരിക്കുക. (ചന്ദഗുപ്തനോടായിട്ടു്) മഹാരാജാവേ, കളങ്കവിമുക്തയായ ഇവളെ എന്റെ കയ്യിൽനിന്നു് അവിടുത്തെ ധർമ്മദാരങ്ങളായി സ്വീകരിച്ചാലും. ഇവൾക്കു പാതിവ്രത്യഭംഗമോ, അങ്ങയ്ക്കു് പാരദാരികത്വദോഷമോ ഉണ്ടെന്നു ശങ്കിക്കേണ്ട. ദൈവഭക്തികൊണ്ടു സർവപാപങ്ങളും പരിഹരിക്കപ്പെടും.
- ചന്ദ്രഗുപ്തൻ:
- (സന്തോഷാശ്രുക്കളോടേ) എനിക്കു പുതുതായി ഒരു ജീവനാണു് ഭഗവാന്റെ അനുഗ്രഹംകൊണ്ടു ലഭിച്ചിട്ടുള്ളതു്.
- പരിവ്രാജിക:
- (ലജ്ജകൊണ്ടും ആശ്ചര്യംകൊണ്ടും പ്രേമംകൊണ്ടും ഒന്നും മിണ്ടാതെ നില്ക്കുന്ന ധ്രുവസ്വാമിനിയെ തഴുകിക്കൊണ്ടു്) ഗുരുജനങ്ങളുടെ മുൻപിൽ ഒന്നും പറയുന്നതിനാളല്ലാതെ നില്ക്കുന്ന എന്റെ ഈ പുത്രിക്കുവേണ്ടി ഞാൻതന്നെ പറയാം. ഭഗവാന്റെ അനുഗ്രഹംകൊണ്ടും കുലദേവതകളുടെ പ്രീതികൊണ്ടും ലഭിച്ച ഈ ഭാഗ്യം അവൾ ഭക്തിപുരസ്സരം സ്വീകരിക്കുന്നു.
- ശീലഭദ്രൻ:
- മഹാരാജാവേ, ഇനിയും വിളംബിക്കേണ്ട. സ്വയംവരസദസ്സിൽ മാലയിട്ട ഈ കന്യകയെ എന്റെ കരങ്ങളിൽനിന്നു രണ്ടാമതും വാങ്ങിക്കൊൾക.
(ചന്ദ്രഗുപ്തൻ എഴുനേറ്റു മുൻപോട്ടു ചെല്ലുന്നു. ലജ്ജാധീനയായ ധ്രുവസ്വാമിനിയുടെ കരങ്ങൾ ശീലഭദ്രൻ ചന്ദ്രഗുപ്തന്റെ കരങ്ങളിൽ അർപ്പിക്കുന്നു.)
- പരിവ്രാജിക:
- മഹാരാജാവേ!
ത്വൽക്കീർത്തിപാനരസമോർ-ത്തമൃതം മറന്നൂ
മുന്നേ സുരപ്പരിഷ വിണ്ണിൽ വസിച്ചപോതും;
ഇപ്പോൾ പ്രിയാപ്തിയിൽ വിശുദ്ധി കലർന്നിരിക്കേ
പൗലോമിതൻ പതിയുമുള്ളി-ലസൂയകൊള്ളും.
- ശീലഭദ്രൻ:
- ശരിതന്നെ. ഇനിയും എന്താണു് വേണ്ടതു്?
- ചന്ദ്രഗുപ്തൻ:
- എല്ലാം ശുഭമായി. എന്നാൽ ഇത്രകൂടി ആവശ്യമാണു്.
(ഭരതവാക്യം)
സ്ഫീതസസ്യഫലസമ്പദാഢ്യയീ
മാതൃഭൂമി രിപുഭീതിയെന്നിയേ
പൂതധർമ്മനിലമായ് സ്വതന്ത്രയായ്
ശ്രീതിളങ്ങി വിജയിക്ക മേലിലും.
ശുഭം.
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണു് സർദാർ കെ. എം. പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണു് പൂർണ്ണ നാമം.(ജൂൺ 3,1895–ഡിസംബർ 10, 1963). പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3-നു് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.
ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്കു് മടങ്ങുന്നതിനു മുമ്പു് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.
ഇന്ത്യയിലേക്കു് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീടു് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടു് രാഷ്ട്രീയ രംഗത്തേക്കു് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീടു് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944–47).
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്കു് പല പ്രധാന ചുമതലകളും ലഭിച്ചു. ചൈന (1948–53), ഫ്രാൻസ് (1956–59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീടു് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെ. എം. പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.
1959–1966: പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.
- മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
- ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
- രണ്ടു് ചൈനകൾ (1955)—Two chinas
- പറങ്കിപ്പടയാളി
- കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ചു്)
- ദൊരശ്ശിണി
- കല്ല്യാണമൽ
- ധൂമകേതുവിന്റെ ഉദയം
- കേരളത്തിലെ സ്വാതന്ത്ര്യസമരം
- ആപത്ക്കരമായ ഒരു യാത്ര (യാത്രാ വിവരണം)
- സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
- ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
- പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഓഫ് ഡിപ്ലോമസി
- കേരള ചരിത്രം
[1] സർവജ്ഞൻ, മഹായോഗി, ദർപ്പകവൈരി ഈ പേരുകൾ ബുദ്ധദേവനും ചേർന്നതാണു്.