images/Frederic_Watts_-_Hope.jpg
Hope, a painting by George Frederic Watts (1817–1904).
ഉഗ്രശപഥം
കെ. എം. പണിക്കർ
ഒന്നാമധ്യായം

ക്രിസ്ത്വബ്ദം 1509 ആഗസ്റ്റ് ഒടുവിന്നു തുല്യമായ 684-ആമാണ്ടു ചിങ്ങമാസം. കോഴിക്കോട്ടുനഗരത്തിന്റെ തുറമുഖസ്ഥാനത്തോടടുത്തു് ഒരു രാജവീഥി ശോഭിച്ചിരുന്നു. ഇന്നത്തെ സ്ഥിതിയായിരുന്നില്ല അന്നു് ആ പ്രദേശത്തിന്നു്. മേല്പറഞ്ഞ കാലത്തിന്നു് ഒരു പത്തുകൊല്ലം മുമ്പുവരെ ഇന്ത്യയിലെ ഏറ്റവും പ്രധാനമായ തുറമുഖമായിരുന്നു കോഴിക്കോടു്. അവിടെ കച്ചോടത്തിന്നായി എല്ലാ രാജ്യങ്ങളിൽനിന്നും കപ്പലുകളെത്തിയിരുന്നു. സാമൂതിരിപ്പാട്ടിലെ നീതിന്യായവ്യവസ്ഥകളും ചുങ്കം, നികുതി മുതലായവ പിരിക്കാനുള്ള ഏർപ്പാടുകളും സർവ്വസമ്മതമായിരുന്നതിനാൽ അവിടെ നിർബ്ബാധം കപ്പലടുപ്പിക്കാനും കച്ചോടം നടത്താനും എല്ലാ രാജ്യക്കാരും ഇഷ്ടപ്പെട്ടു. കടല്പുറത്തോടുതൊട്ട രാജവീഥിയിൽ തലയുയർത്തിനിന്ന ഹർമ്മ്യങ്ങളും പാണ്ടകശാലകളുമായിരുന്നു വ്യാപാരാഭിവൃദ്ധിയുടെ പ്രധാനകേന്ദ്രങ്ങൾ. പാണ്ടകശാലയും താമസസ്ഥലവും വെവ്വേറെയായിട്ടല്ല അന്നു പണിയാറു്; തൊട്ടുതൊട്ടായിട്ടാണു്. അവയിൽ പലതും രാജോചിതമായ രമ്യഹർമ്മ്യങ്ങളാണെങ്കിലും, അവയ്ക്കകത്തുള്ള ഉപകരണങ്ങളും സാമാനങ്ങളും പല രാജ്യങ്ങളിൽനിന്നു കൊണ്ടുവന്നവയും വിലപ്പെട്ടവയുമാണെങ്കിലും, പുറമേ കണ്ടാൽ പാണ്ടകശാലകളാണെന്നേ തോന്നൂ.

അന്നാ രാജവീഥിയിൽ താമസിച്ചിരുന്നവരും അവിടെ പാണ്ടകശാല കെട്ടി വ്യാപാരം നടത്തിയിരുന്നവരും കേരളീയരല്ല. കുവീറ്റ്, ഒമാൻ മുതലായ അറബിപ്രദേശങ്ങളിൽനിന്നു പുരാതനമായിത്തന്നെ കോഴിക്കോട്ടു വന്നു കച്ചോടംചെയ്തു പാർക്കുന്ന മരയ്ക്കാന്മാർ, ഈജിപ്ത്തൊട്ടു മൊറോക്കോവരെയുള്ള പ്രധാനകമ്പോളങ്ങളിൽനിന്നു മലഞ്ചരക്കുകച്ചോടത്തിന്നു വലിയ മുതലാളികളുടെ ഏജന്റുമാരായി താമസിക്കുന്ന അറബികൾ, ഗുജറാത്തുകാരായ സേട്ടുകൾ, ദല്ലാളന്മാരായ കൊങ്ങിണികൾ—ഇങ്ങനെ തികച്ചും അകേരളീയമായ ഒരു ജനസംഘമാണു് അവിടെ അധിവസിച്ചിരുന്നതു്. അവരിൽ പലരും പല രാജ്യങ്ങളിൽ കച്ചോടമുള്ള കോടീശ്വരന്മാരോ അവരുടെ പ്രതിനിധികളോ ആണു്. അന്നറിയപ്പെട്ട എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ജനങ്ങൾ അവിടെ പാർത്തിരുന്നു. ഏതു ഭാഷയും അവിടെ കേൾക്കാം. കോഴിക്കോട്ടെ കപ്പല്ക്കച്ചോടവും അവിടത്തെ അങ്ങാടിയുടെ സമ്പൽസമൃദ്ധിയും, ഇന്നു ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലേതുപോലെ, അന്നത്തെ സ്ഥിതിക്കു ലോകപ്രസിദ്ധമായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.

നമ്മുടെ കഥ തുടങ്ങുന്നതിന്നു പത്തുകൊല്ലം മുമ്പുവെച്ചു് ഈ സ്ഥിതിക്കു് അപ്രതീക്ഷിതമായ ഒരു മാറ്റമുണ്ടായി: പോർട്ടുഗാലിൽനിന്നു മൂന്നു കപ്പൽ കോഴിക്കോട്ടെ തുറമുഖത്തെത്തി. പതിവായി അടുക്കാറുള്ള കപ്പലുകളെക്കാൾ വലിപ്പം കുറവായിരുന്നു അവയ്ക്കു്; എന്നല്ല, അവയുടെ മുകൾത്തട്ടിൽ വലിയ തോക്കുകൾ കയറ്റിയിട്ടുമുണ്ടു്. വാസ്തവത്തിൽ അവ യുദ്ധക്കപ്പലുകളായിരുന്നു. ഈ വ്യത്യാസത്തിന്റെ അർത്ഥം കേരളീയർക്കും ഭാരതീയർക്കും മാത്രമല്ല, ലോകർക്കെല്ലാംതന്നെ, ഏറെത്താമസിയാതെ മനസ്സിലാകാനിടയായി. പോർട്ടുഗാൽരാജാവിന്റെ അനുമതി കൂടാതെ സമുദ്രഗതാഗതം ആരും ചെയ്തുപോകരുതെന്ന ദൃഢനിശ്ചയത്തെ നടപ്പിൽവരുത്താൻ പറങ്കികൾ മുതിർന്നു. കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന കച്ചോടക്കപ്പലുകളെ പിടിച്ചുകെട്ടുക, അവയിൽ കയറ്റിക്കൊണ്ടുപോകുന്ന സാമാനങ്ങൾ കൊള്ളയിടുക, അവയിൽ സഞ്ചരിക്കുന്ന ആളുകളെ നടുക്കടലിൽ കെട്ടിത്താഴ്ത്തുക—ഇങ്ങനെ നിഷ്ഠൂരമായൊരു നയമാണു് പറങ്കികൾ പിന്നീടു് കൈക്കൊണ്ടതു്. പെരുമ്പടപ്പുസ്വരൂപത്തിലെ സഹായത്തോടുകൂടി കൊച്ചിയിൽ കോട്ട കെട്ടി താവളമുറപ്പിച്ച അവർ പത്തുകൊല്ലംകൊണ്ടു് ആ രാജാവിനെ പോർട്ടുഗാലിന്റെ ഒരു ദുർബ്ബലസാമന്തനാക്കിക്കളഞ്ഞു. കൂടാതെ, പുരാതനമായി കോഴിക്കോട്ടുനിന്നുള്ള അന്താരാഷ്ട്രീയവ്യാപാരത്തെ തടഞ്ഞുംകളഞ്ഞു.

കുന്നലക്കോനായ സാമൂതിരി ഈ ചെയ്തികൾക്കൊന്നും വഴങ്ങിയില്ലെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ നാവികശക്തി പറങ്കികളുമായി നിരന്തരം ഏറ്റു യുദ്ധംചെയ്തുതന്നെ നിന്നു. എന്നാൽ കടൽത്തീരങ്ങളെത്തൊട്ടുള്ള പ്രദേശങ്ങളിലേ കോഴിക്കോട്ടെ കപ്പല്പടയ്ക്കു പോരടിച്ചുനില്ക്കാൻ സാധിച്ചുള്ളു. അതുകൊണ്ടു് അറേബ്യ, ഈജിപ്ത് മുതലായ രാജ്യങ്ങളുമായുള്ള കച്ചോടം ഒരു സ്തംഭനാവസ്ഥയിലായിത്തീർന്നു. ഈ കച്ചോടമാന്ദ്യം കോഴിക്കോട്ടുതുറമുഖത്തെ വല്ലാതെ ബാധിച്ചു. മറുനാട്ടിൽ നിന്നു് അപൂർവ്വമായേ ചരക്കുകൾ വരൂ എന്നായി. കേരളത്തിൽ നിന്നും ജാവ മുതലായ കിഴക്കൻദ്വീപുകളിൽനിന്നും വരുന്ന ചരക്കുകൾകൊണ്ടു പാണ്ടകശാലകൾ നിറഞ്ഞുകിടന്നു. കയറ്റിയയപ്പാൻ മാർഗ്ഗമില്ലാതെ ചരക്കുകൾക്കു വിലയിടിഞ്ഞു. പല കോടീശ്വരന്മാരും പാപ്പരായിപ്പോയി. പറങ്കികൾവഴിക്കല്ലാതെ മേലിൽ കച്ചോടത്തിന്നഭിവൃദ്ധിയില്ലെന്ന നില വന്നു.

പരദേശങ്ങളുമായുള്ള വ്യാപാരബന്ധം ഇങ്ങനെ തകർന്നതോടുകൂടി കോഴിക്കോട്ടുതുറമുഖത്തിന്റെ പഴയ പ്രതാപത്തിന്നും പ്രശസ്തിക്കും കുറവു വന്നു എന്നതിൽ തർക്കമില്ല. എന്നുവെച്ചു പറങ്കികളുമായി സന്ധിചെയ്യണമെന്നോ അവർക്കു വഴങ്ങിനിന്നു കപ്പല്ക്കച്ചോടം നടത്താമെന്നോ സാമൂതിരിപ്പാടു് ഒരു നിമിഷംപോലും വിചാരിച്ചില്ല. കടൽയുദ്ധം ചെയ്തുതന്നെ തീരപ്രദേശങ്ങളെ സംക്ഷിക്കാനും കരയിൽ പറങ്കികൾക്കു കാൽകുത്താനിടം കൊടുക്കാതിരിക്കാനുമാണു് ആ വീരപുരുഷൻ തീർച്ചയാക്കിയതു്. ഈ നയം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നും മാനവിക്രമന്മാരുടെ പാരമ്പര്യത്തിന്നും യോജിച്ചതാണെങ്കിലും അതുകൊണ്ടുണ്ടായ ഫലം വലിയ കച്ചോടക്കാരുടെ സാമ്പത്തികനാശമായിരുന്നു എന്നു പറയാതിരിക്കാൻ വയ്യ.

കഥയാരംഭിക്കുന്ന ദിവസം അസ്തമിക്കാൻ ഏതാണ്ടു രണ്ടു നാഴികയുള്ളപ്പോൾ, ആ കടല്ക്കരയിലുള്ള രാജവീഥിയിൽ ഒട്ടുമുഖ്യമെന്നു കാഴ്ചയിൽത്തന്നെ തോന്നാവുന്നൊരു കെട്ടിടത്തിന്റെ മുൻവശത്തു് ഒരു മഞ്ചൽവന്നുനിന്നു. ആ മഞ്ചലിന്റെ വരവിനെത്തന്നെ കാത്തുനില്ക്കുകയായിരുന്നു എന്നു തോന്നുമാറു്, നാലഞ്ചാളുകൾ ധൃതിയിൽ വന്നു് അതിൽനിന്നിറങ്ങിയ ആളെ ബഹുമാനപുരസ്സരം സ്വീകരിച്ചു. വന്നിറങ്ങിയ ആൾക്കു് ഇരുപത്തഞ്ചുവയസ്സിലേറെ പ്രായം തോന്നുകയില്ല. കൈയിലുള്ള ആയുധം, വസ്ത്രധാരണരീതി, മുൻകുടുമ്മ എന്നിവകൊണ്ടുതന്നെ ആഗതൻ അഭിജാതനായൊരു കേരളീയനാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. അരോഗദൃഢഗാത്രനും ആജാനബാഹുവുമായ ഈ യുവാവു സാമൂതിരിപ്പാട്ടിലെ അംഗരക്ഷകസേനയിൽ ഒരു പദവി വഹിക്കുന്ന ധർമ്മോത്തു ഭാസ്ക്കരപ്പണിക്കരായിരുന്നു.

പണിക്കർ മഞ്ചലിൽനിന്നിറങ്ങിയപ്പോൾ, മുമ്പോട്ടു വന്ന നാലഞ്ചുപേരിൽ ഒരാൾ വണക്കത്തോടുകൂടി പറഞ്ഞു. “എജമാനനു സ്വാഗതം. മുതലാളി മുകളിൽ കാത്തിരിക്കയാണു്. അങ്ങോട്ടു ചെന്നാൽ സൗകര്യമാവും.”

“എന്താ മമ്മാലിക്കുട്ടിക്കു സുഖംതന്നേ, അല്ലേ? കണ്ടിട്ടു മുഖത്തിന്നൊരു വല്ലായ്മ.”—പണിക്കർ അന്വേഷിച്ചു.

“എല്ലാം മുതലാളി പറഞ്ഞു കേൾപ്പിക്കും. കാക്കാജാൻ പുറപ്പെടാനൊരുങ്ങിയിരിക്കുമ്പോൾ ഞങ്ങളൊക്കെ എങ്ങനെ സന്തോഷിക്കും?”

മമ്മാലിക്കുട്ടി എന്നഭിസംബോധനചെയ്യപ്പെട്ട ആൾക്കു മുപ്പത്തഞ്ചു വയസ്സിൽ കൂടുതൽ പ്രായമില്ല. മേൽമീശയും കൃതാവും വട്ടത്തൊപ്പിയും അതിനേർമ്മയുള്ള മസ്ലിനുടുപ്പും അയാളോടു മറ്റുള്ളവർ കാണിക്കുന്ന വിനയഭാവവും അയാളൊരു മുസൽമാനാണെന്നും അവിടത്തെ വ്യാപാരികളിൽ ഉന്നതസ്ഥാനമലംകരിക്കുന്ന ഒരാളാണെന്നും വിളിച്ചുപറഞ്ഞിരുന്നു. അന്യോന്യം അഭിവാദനംചെയ്തശേഷം അവർ ആ കെട്ടിടത്തിലേയ്ക്കു കടന്നു. താഴത്തെ നില കച്ചോടത്തിന്റെ ആവശ്യത്തിന്നുള്ളതാണു്. അതിനാൽ അവിടെ പായുടെ മീതെ ചാവട്ടികളിട്ടിട്ടേ ഉള്ളൂ. അവിടെനിന്നു് ഒരു കോണിപ്പടി കയറി ചെല്ലുന്ന മുറി ചെറുതെങ്കിലും സവിശേഷം അലംകരിച്ചിട്ടുണ്ടു്. അതും കടന്നുചെല്ലുന്നതാണു് പ്രധാനമുറി. അവിടെ വിരിച്ച പാരസികകംബളങ്ങൾ, അവിടവിടെയായി പല രാജ്യങ്ങളിൽനിന്നുള്ള അലംകാരങ്ങൾ, മറ്റുപകരണങ്ങൾ എന്നിവ രാജഗേഹങ്ങളിലുള്ളവയേക്കാൾ മികച്ചവയത്രേ. മമ്മാലിക്കുട്ടി വഴികാണിച്ചു ഭാസ്ക്കരപ്പണിക്കർ അകത്തേയ്ക്കു കടന്നപ്പോൾ ഗൃഹനായകൻ അവിടെ കാത്തുനില്പുണ്ടായിരുന്നു. അവരന്യോന്യം സ്നേഹിതന്മാരെന്നപോലെ അഭിവാദ്യംചെയ്തു. പണിക്കരുടെ മുഖത്തു് ഒരാദരഭാവവും ആതിഥേയന്റെ മുഖത്തു് ഒരു വാത്സല്യവും വിശേഷിച്ചു കാണാനുണ്ടായിരുന്നു.

ഇപ്രകാരം ഭാസ്ക്കരപ്പണിക്കരെ സ്വീകരിച്ചതു കോഴിക്കോട്ടെ വണികപ്രവരന്മാരിൽ മുഖ്യനായ കുഞ്ഞമ്മതുമരയ്ക്കാരായിരുന്നു. നാലഞ്ചു തലമുറകളായി മരയ്ക്കാരുടെ കുടുംബമാണു് കോഴിക്കോട്ടെ കടല്ക്കച്ചോടത്തിന്റെ വലിയൊരു ഭാഗം ഏറ്റെടുത്തു നടത്തിവരുന്നതു്. കഹേറാ (Cairo) എന്ന പ്രസിദ്ധനഗരമായിരുന്നു അവരുടെ പ്രധാനപ്രവൃത്തിസ്ഥാനം. അവിടെനിന്നു ഫേസ്, ജഡ്ഡ മുതലായ സ്ഥലങ്ങളിൽ ആപ്പീസ്സുകളിട്ടു വ്യാപാരം നടത്തിയിരുന്നതുകൊണ്ടു് അവരുടെ വാണിജ്യശക്തി യൂറോപ്പൊഴിച്ചു മറ്റെല്ലാ സ്ഥലങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്നുപറയാം. സ്വന്തം കപ്പലുകളിലാണു് അവർ വ്യാപാരം നടത്താറു്. എല്ലാ രാജ്യങ്ങളിലും അവർക്കു് ദല്ലാളന്മാരും ഏജണ്ടുമാരുമുണ്ടു്. തങ്ങളുടെ ഒപ്പിന്നു വില തീർച്ചപ്പെടുത്താൻ സാധിക്കില്ലെന്നുപോലും അവർ അഭിമാനിച്ചുപോന്നു.

അവരുടെ വ്യാപാരസ്ഥലങ്ങളിൽ അപ്രധാനമല്ലാത്ത ഒന്നായിരുന്നു കോഴിക്കോടും. ജാവ, സുമാത്ര, ബർമ്മ മുതലായ സ്ഥലങ്ങളിൽനിന്നു കൊണ്ടുവരുന്ന ചരക്കുകൾ വ്യാപാരംചെയ്യുന്നതു കോഴിക്കോട്ടുശാഖയിലൂടെയാണു്. അതുകൊണ്ടു കോഴിക്കോട്ടെ കാര്യം നോക്കിവന്നതു ശമ്പളത്തിന്നു നിർത്തിയ ഒരുദ്യോഗസ്ഥനല്ല, കുടുംബത്തിലെ ഒരു പ്രധാനാംഗമാണു്. ഒരിരുപതു കൊല്ലമായിട്ടു് ഈ അധികാരം കുഞ്ഞമ്മതുമരയ്ക്കാരുടെ കൈയിലാണു്. അതിന്നുമുമ്പു ഭരിച്ചതു് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കുഞ്ഞുമുസ്സാമരയ്ക്കാരായിരുന്നു. അദ്ദേഹമിപ്പോൾ കഹേറായിൽ താമസിച്ചു ലോകവ്യാപകമായ ഈ വ്യാപാരത്തിന്റെ മേൽനോട്ടം വഹിച്ചുവരികയാണു്.

കുഞ്ഞമ്മതുമരയ്ക്കാർക്കു് അറുപതു വയസ്സോളം പ്രായമുണ്ടു്. എങ്കിലും അദ്ദേഹത്തെ കണ്ടാൽ വാർദ്ധക്യം ബാധിച്ചതായി തോന്നുന്നില്ല. അല്പം വളർത്തി കണ്ടിച്ച താടിയും മീശയും എന്തോ പുരട്ടി കറുപ്പിച്ചിട്ടുണ്ടു്. അന്നത്തെ മുസൽമാമ്മാരുടെ രീതിയിൽ പറ്റേ മുണ്ഡനംചെയ്തിരുന്നതിനാൽ നരച്ച തലയും അദ്ദേഹത്തിന്റെ വയസ്സറിയിക്കാൻ മതിയായില്ല. ദേഹത്തിന്നുണ്ടായിരുന്ന മാംസളത്വവും കുറഞ്ഞൊരു കുടവയറും മാത്രമേ മരയ്ക്കാർക്കു യൗവനം കഴിഞ്ഞു എന്ന സംഗതി സൂചിപ്പിച്ചുള്ളു.

അന്യോന്യം കുശലപ്രശ്നംചെയ്തു് ആസനസ്ഥരായതിന്നുശേഷം മരയ്ക്കാർ ഇങ്ങനെ പറഞ്ഞു: “വലിയ എജമാനനെ കാണാതെ പോകേണ്ടിവരുന്നതിൽ എനിക്കു വളരെ സങ്കടമുണ്ടു്. ഞാൻ ജ്യേഷ്ഠന്റെ കീഴിൽ പഠിക്കാനായി കോഴിക്കോട്ടു വന്നിട്ടു് ഇന്നേയ്ക്കിരുപത്തഞ്ചുവർഷം കഴിഞ്ഞു. അന്നുമുതൽ വലിയ എജമാനനും ഞാനും ജ്യേഷ്ഠാനുജന്മാരെപ്പോലെയാണു്. അദ്ദേഹത്തെ കണ്ടു യാത്രപറയാൻ കഴിഞ്ഞില്ല.”

മരയ്ക്കാരുടെ മനോവേദന പണിക്കർക്കു മനസ്സിലായി. അദ്ദേഹം പറഞ്ഞു: “ഞാനമ്മാമനെ അറിയിച്ചുകൊള്ളാം. അമ്മാമനു മരയ്ക്കാരോടുള്ള സ്നേഹാദരങ്ങൾ എനിക്കസ്സലായറിയാം. ഇതുപോലെതന്നെ അദ്ദേഹത്തിനും സങ്കടമുണ്ടാവും.”

“ഞങ്ങൾതമ്മിലെങ്ങനെയോ, അങ്ങനെ നിങ്ങളും മമ്മാലിയും തമ്മിൽ സ്നേഹമായിക്കാണാനാണു് എനിക്കാഗ്രഹം.”

ഇതു പറഞ്ഞു മരയ്ക്കാർ മമ്മാലിക്കുട്ടിയുടെ മുഖത്തേയ്ക്കു നോക്കി. മമ്മാലിക്കുട്ടി മുമ്പോട്ടു വന്നു പണിക്കരെ ആലിംഗനംചെയ്തു. മരയ്ക്കാർ പിന്നെയും പറഞ്ഞു: “ഒരു കാര്യം നിങ്ങൾ മറക്കരുതു്. വരാൻപോകുന്ന കാലത്തു് പല ദുർഘടങ്ങളുമുണ്ടാവും. ഈ പറങ്കികളുണ്ടാക്കാനിരിക്കുന്ന നാശങ്ങൾക്കു കണക്കില്ല. നാട്ടിൽ അന്തഃഛിദ്രംതന്നെ ഉണ്ടാവാം. അപ്പോൾ, പൂർണ്ണമായി വിശ്വസിക്കാവുന്ന ബന്ധുക്കളുണ്ടാവുന്നതു് ആർക്കും നല്ലതാണു്. എടാ മമ്മാലി, നീ ഈ ഖുറാൻ തൊട്ടു സത്യംചെയ്യു്, ഇദ്ദേഹത്തെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ചുകൊള്ളാമെന്നു്.”

മരയ്ക്കാർ അടുത്തിരുന്ന ഖുറാൻഗ്രന്ഥം നീക്കിവെച്ചുകൊടുത്തു. മമ്മാലിക്കുട്ടി അതു തൊട്ടു സത്യംചെയ്തു.

“ശരി,” മരയ്ക്കാർ തുടർന്നു: “കൊച്ചുപണിക്കരോടു സത്യം ചെയ്യാൻ ഞാൻ പറയുന്നില്ല. അതമ്മാമൻ ചെയ്യിച്ചുകൊള്ളും.”

പണിക്കരുടെ കണ്ണു നിറഞ്ഞു. അദ്ദേഹം കണ്ഠമിടറിക്കൊണ്ടാണു് പറഞ്ഞതു്: “ഞങ്ങളുടെ നടപടിപ്രകാരം ഞാനും സത്യംചെയ്തതായി വിചാരിച്ചോളൂ. അമ്മാമന്റെ മുമ്പിൽവെച്ചു ഞാനും അതു ചെയ്തുകൊള്ളാം. പല തലമുറയായി നിലനിന്നു പോരുന്ന ഈ സ്നേഹം ഞാൻമൂലം ഒരിക്കലും കുറഞ്ഞു എന്നു വരില്ല.”

“ഇതു കേട്ടിട്ടു പോകണമെന്നേ എനിക്കുണ്ടായിരുന്നുള്ളു. ഏതായാലും അതു സാധിച്ചല്ലോ. പ്രധാനമായി ഒരു കാര്യം കൂടി പറയാനുണ്ടു്: ഈ തരുന്ന സാധനം അമ്മാമന്റെ കൈയിലെത്തിക്കണം. ഇതിൽ ഒരെഴുത്തും പ്രമാണവുമുണ്ടു്. ഈ സംഗതിയേ മറുചെവിയറിയരുതെന്നു വിശേഷിച്ചോർമ്മ വേണം.”

രാജസ്ഥാനങ്ങൾ തമ്മിൽ കത്തിടപാടിന്നുപയോഗിക്കാറുള്ള വില്ലീസു വെച്ച ഖരിതാസഞ്ചികളിൽ അടക്കംചെയ്തു മുദ്രയടിച്ചിട്ടാണു് മരയ്ക്കാർ കത്തും പ്രമാണവും പണിക്കരുടെ കൈയിൽ കൊടുത്തതു്. പണിക്കരതു ബഹുമാനപുരസ്സരം ഏറ്റു വാങ്ങി. മരയ്ക്കാർ വീണ്ടും: “എന്റെ ഓർമ്മയ്ക്കായി നിങ്ങൾക്കും അമ്മാമനും ചില സമ്മാനങ്ങൾ ആളൊന്നിച്ചയയ്ക്കുന്നുണ്ടു്. അതും സ്വീകരിക്കണമെന്നപേക്ഷ.”

മരയ്ക്കാർ എഴുന്നേറ്റു. അതു കണ്ടപ്പോൾ കൂടിക്കാഴ്ച അവസാനിച്ചതായി തോന്നി പണിക്കരും എഴുന്നേറ്റു. അദ്ദേഹം ചോദിച്ചു: “അപ്പോൾ, തിരുമുമ്പിൽ മുഖംകാണിച്ചു വിടവാങ്ങിക്കഴിഞ്ഞോ?”

“ഇല്ല. അതു നാളേയ്ക്കാണു് വെച്ചിട്ടുള്ളതു്.”

“എന്നാലവിടെ കണ്ടുകൊള്ളാം.”

പണിക്കർ യാത്രപറഞ്ഞു തിരിച്ചുപോന്നു. പോരുമ്പോൾ പലവക സമ്മാനങ്ങൾ വഹിച്ച ഒരു സംഘമാളുകളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

കത്തും പ്രമാണവും പണിക്കരെ ഏല്പിച്ചപ്പോൾ, മകളെ അനുരൂപനായ വരന്നു കൊടുക്കാനൊത്ത ഒരച്ഛന്റെ മനസ്സുഖം മരയ്ക്കാർക്കുണ്ടായി. സൂക്ഷിക്കാനേല്പിച്ച മുതൽ അതിന്റെ ശരിയായ ഉടമസ്ഥന്നു തിരിച്ചുകൊടുത്താലത്തെ സംതൃപ്തിയും വളരെ നാളായി ചുമന്നുവരുന്ന വലിയൊരു ഭാരം ചുമൽമാറിയാലത്തെ ആശ്വാസവും അദ്ദേഹത്തിന്നു തോന്നി. അദ്ദേഹത്തിന്റെ മനസ്സു് ആ പഴയ കാലത്തിലേയ്ക്കു പറന്നുപോയി. അതിനെത്തുടർന്നു തന്റെ കാലത്തു കേരളത്തിനു് ഉണ്ടായ പരിവർത്തനങ്ങൾ ഓരോന്നായി അദ്ദേഹത്തിന്റെ ചിന്താപഥത്തിൽ വന്നുകയറി. എത്ര പ്രശാന്തമായിരുന്നു, ജ്യേഷ്ഠനുമൊരുമിച്ചു കച്ചോടസാമ്രാജ്യം ഭരിച്ചിരുന്ന ആ കാലം! ചരക്കുകൾ നിറഞ്ഞ കപ്പലുകൾ നിർബ്ബാധം വന്നും പോയുമിരുന്നു. കൊടുംകാറ്റുകൊണ്ടും കാലപ്പിഴകൊണ്ടും വരാവുന്ന അപകടങ്ങളെമാത്രമേ അന്നു പേടിക്കാനുള്ളു. കടല്ക്കള്ളന്മാരെപ്പറ്റി കേട്ടിരുന്നു എന്നല്ലാതെ അവരെക്കൊണ്ടൊരുപദ്രവവും അക്കാലത്തെങ്ങുമുണ്ടായിട്ടില്ല. രാജ്യത്തിലുടനീളം ശാന്തിയും സമാധാനവും സമ്പത്തും വിളയാടിയിരുന്നു.

അക്കഥയൊക്കെ പത്തുവർഷംകൊണ്ടു് എങ്ങനെ മാറിപ്പോയി! അന്നൊരു പൊന്നുംചിങ്ങമാസത്തിൽ, ആഴിയും ആകാശവും ഒത്തുചേരുന്നിടത്തു്, ധൂമകേതുക്കളുടെ ഉദയംപോലെ, അസാധാരണമട്ടിലുള്ള മൂന്നു കപ്പൽ പ്രത്യക്ഷപ്പെട്ടതും കരയ്ക്കടുക്കുംതോറും അവയുടെ പായ്കളിൽ ചുവന്ന കുരിശടയാളം ആപത്തിനെ സൂചിപ്പിച്ചുകൊണ്ടു തെളിഞ്ഞുകണ്ടതും ഇന്നെന്നപോലെ മരയ്ക്കാരുടെ മനോമുകുരത്തിൽ പ്രതിബിംബിച്ചു. ഇതേ മാളികയുടെ വരാന്തയിലിരുന്നുകൊണ്ടാണു് അദ്ദേഹം അതു കണ്ടതു്. അന്നതു കണ്ടപ്പോൾ തോന്നിയ വികാരങ്ങളോർക്കുമ്പോൾ ഇന്നും അദ്ദേഹത്തിന്റെ ദേഹം വിറകൊള്ളുന്നുണ്ടു്. ചുവന്ന കുരിശടയാളം കണ്ടപ്പോൾത്തന്നേ ആ കപ്പലുകൾ യൂറോപ്പിൽനിന്നു വരുന്നതാണെന്നും പോർട്ടുഗാൽരാജാവിന്റേതാണെന്നും അദ്ദേഹത്തിന്നു മനസ്സിലായി. മുസൽമാന്മാർ ഇന്നോളമനുഭവിച്ചുവന്ന കച്ചോടക്കുത്തകയെ തകർക്കാനാണു് ആ കപ്പലിന്റെ വരവെന്നു മരയ്ക്കാർക്കു തോന്നി. വേഗം ചെന്നു സാമൂതിരിപ്പാട്ടിനെ മുഖംകാണിച്ചു. സംഗതികളുടെ സൂക്ഷ്മരൂപം അദ്ദേഹത്തെ മനസ്സിലാക്കി. പറങ്കികൾ കച്ചോടംമാത്രമല്ല ആഗ്രഹിക്കുന്നതെന്നും അവർ രാജ്യാധികാരംതന്നെ വേണമെന്നു ശഠിക്കുമെന്നും താനന്നു സാമൂതിരിപ്പാട്ടിലെ തെര്യപ്പെടുത്തിയതു് ഇന്നെത്ര പരമാർത്ഥമായിരിക്കുന്നു! അന്നു മുതലിന്നുവരെ നാട്ടിൽ കലാപമേ ഉണ്ടായിട്ടുള്ളു. പത്തു കപ്പൽ പോയാൽ ഒന്നോ രണ്ടോ അറേബിയായിൽ എത്തി എന്നു വരാം; കിഴക്കുനിന്നു ചരക്കുകൾ വരുന്നില്ല—ഇതാണു് കടലിലെ കഥയെങ്കിൽ കരയിലും കാര്യങ്ങൾക്കു വളരെ വ്യത്യാസമില്ല. ഈ പറങ്കികൾകാരണം കോഴിക്കോടും കൊച്ചിയിലുമായി തുടങ്ങിയ യുദ്ധം ഇന്നും നിലച്ചിട്ടില്ല. ഇതൊക്കെ എങ്ങനെയെല്ലാം വളരുമെന്നും എന്തായിത്തീരുമെന്നും ആർക്കു പറയാൻ കഴിയും!

ഇങ്ങനെയുള്ള വിവിധ വിചാരങ്ങളിൽ ആണ്ടുമുങ്ങി മരയ്ക്കാർ എത്ര നേരമാണിരുന്നതെന്നു പറയാൻ വയ്യ. അസർനിസ്ക്കാരത്തിന്നു പള്ളിയിൽനിന്നുള്ള വാങ്കുവിളിയാണു് അദ്ദേഹത്തെ ആ മനോരാജ്യത്തിൽനിന്നുണർത്തിയതു്.

രണ്ടാമധ്യായം

മരയ്ക്കാർ ഭാസ്ക്കരപ്പണിക്കരോടു പറഞ്ഞപോലെ സാമൂതിരിപ്പാട്ടിനെ മുഖംകാണിച്ചു യാത്രപറയാൻ സമയംകുറിച്ചിരുന്നതു് അടുത്ത ദിവസം നാലഞ്ചുനാഴികപ്പകലുള്ളപ്പോഴാണു്. സമയമായപ്പോഴേക്കും വളരെ കാഴ്ചദ്രവ്യങ്ങൾ വഹിച്ചു അനുചരന്മാരോടും ബന്ധുക്കളായ ചിലരോടുമൊന്നിച്ചു കുഞ്ഞമ്മതുമരയ്ക്കാർ കൊട്ടാരവാതില്ക്കൽ ഹാജരായി. വിലപിടിച്ച മസ്ലിൻതുണികൊണ്ടുള്ള അങ്കർകാവും കാലിലൊട്ടിക്കിടക്കുന്ന ചൂദാർപൈജാമയുമാണു് അദ്ദേഹം ധരിച്ചിരുന്നതു്. സാമൂതിരിപ്പാട്ടിൽനിന്നു സമ്മാനമായി ലഭിച്ചതും രത്നഖചിതവുമായ വീരശൃംഖല രണ്ടു കൈക്കും അണിഞ്ഞിരുന്നു. മരയ്ക്കാർ കൊട്ടാരത്തിൽ ചിരപരിചിതനാണെന്നും മഹാരാജാവിന്നു് അദ്ദേഹത്തോടുള്ള തിരുവുള്ളം എത്രയെന്നും പരക്കേ അറിയാം. അതുകൊണ്ടു മരയ്ക്കാരും അനുചരന്മാരും കൊട്ടാരവാതില്ക്കലെത്തിയ ഉടനെത്തന്നെ അവരെ സ്വീകരിച്ചു സൽക്കരിക്കാൻ രാജകിങ്കരന്മാർ ബദ്ധശ്രദ്ധരായി.

സാമൂതിരിമാർ അക്കാലത്തു താമസിച്ചുവന്ന കോവിലകം അന്നത്തെ സ്ഥിതിക്കു വളരെ വിശിഷ്ടമായ പ്രാസാദമായിരുന്നു. അവിടെവെച്ചായിരുന്നുവല്ലോ സാമൂതിരി വാസ്ക്കോ ഡ ഗാമയെ സ്വീകരിച്ചതു്. ആ സ്വീകരണത്തിന്റെ വിപുലമായൊരു വർണ്ണനം പോർട്ടുഗീസ് ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടു്. അതിൽനിന്നു മനസ്സിലാക്കാം, ആ രാജമന്ദിരം രാജസധാടികൊണ്ടു മികച്ചു നിന്നിരുന്നുവെന്നു്. ഹൈദരിന്റെ ആക്രമണത്തെത്തുടർന്നാണു് ആ കൊട്ടാരം നശിച്ചതു്. അന്നത്തെ സാമൂതിരിമഹാരാജാവു മാനഭംഗത്തിലും നന്നു മരണമെന്നു തീർച്ചയാക്കി വെടിമരുന്നറയ്ക്കു തീവെച്ചു തന്നോടൊപ്പം കൊട്ടാരത്തെയും അഗ്നിക്കിരയാക്കിയതുനിമിത്തം അതിൽനിന്നൊന്നും അവശേഷിക്കാതെപോയി.

വിദേശികളായ വിശിഷ്ടാതിഥികളെ കാണാനായിമാത്രമുള്ള വലിയ സ്വീകരണമുറിയിൽവെച്ചാണു് മഹാരാജാവു മരയ്ക്കാരെ സ്വീകരിച്ചതു്. കണ്ണാടിപോലെ തിളങ്ങുന്ന തറയിൽ കംബളങ്ങളാവട്ടെ പരവതാനികളാകട്ടെ വിരിച്ചിട്ടില്ല. അതിഥികൾക്കിരിക്കാനായി കസാലകളോ മറ്റാസനങ്ങളോ ഇല്ല. അതിഭംഗിയിൽ ശില്പവേലകൾ ചെയ്ത രണ്ടു തൂണുകൾക്കു നടുവിലിട്ട ഒരു മഞ്ചത്തിലാണു് സാമൂതിരിപ്പാടു് ഇങ്ങനെയുള്ള അവസരങ്ങളിൽ എഴുന്നള്ളിയിരിക്കാറു്. പിൻപുറത്തു വീശുകാരും ഒരു വശത്തു വെറ്റിലക്കാരനും നില്ക്കും. മുൻവശത്തിടത്തുമാറി മങ്ങാട്ടച്ചൻമുതലായി രാജധാനിയിൽ അകമ്പടിസേവിക്കുന്ന ഇടപ്രഭുക്കന്മാരും വലത്തുവശത്തു തിനയഞ്ചേരി എളയതുമുതലായ മന്ത്രിമാരും നില്ക്കും. രാജകല്പനകളെഴുതിയെടുക്കേണ്ടതു് ഒരു പ്രത്യേകച്ചുമതലയാണു്. അതിന്നധികാരപ്പെട്ട മേനോന്മാർ ഓലയും വെള്ളിനാരായവുമായി സിംഹാസനത്തിന്നടുക്കൽത്തന്നെ നില്ക്കണമെന്നാണു് നിയമം.

ആ മുറിയാകമാനം പട്ടുമേല്ക്കട്ടികൊണ്ടു വിതാനിക്കപ്പെട്ടിട്ടുണ്ടു്. സിംഹാസനത്തിനു മുകളിലുള്ള വിതാനം ചീനപ്പട്ടുകൊണ്ടു സവിശേഷം നിർമ്മിച്ചതാണു്.

കുഞ്ഞമ്മതുമരയ്ക്കാർ അവസരം കാത്തുനില്ക്കുന്നു എന്നു ഹരിക്കാരൻ അറിയിച്ചപ്പോൾ ഉടൻ സന്ദർശനമുറിയിലേയ്ക്കാനയിക്കാൻ കല്പനയായി. മഹാരാജാവു് സേവകന്മാരൊന്നിച്ചു സന്ദർശനമുറിയിലെഴുന്നള്ളി സിംഹാസനത്തിലിരുന്നു. അദ്ദേഹം ഒരൊറ്റ മുണ്ടേ ധരിച്ചിരുന്നുള്ളു. വലിയ മരതകക്കല്ലു നടുവിൽ പതിച്ച ഒരു പതക്കം അദ്ദേഹം നെഞ്ചിൽ ധരിച്ചിരുന്നു. കടുക്കൻ, തോൾവളകൾ എന്നിങ്ങനെ കേരളീയരാജാക്കന്മാർ അണിയാറുള്ള ആഭരണങ്ങളും അദ്ദേഹത്തിൽ തിളങ്ങിയിരുന്നു.

അന്നു നാടുവാണിരുന്ന മനോവേദൻ എന്ന സാമൂതിരിപ്പാടിന്നു്, ഈ കഥ നടക്കുന്ന കാലത്തു്, നാല്പത്തഞ്ചുവയസ്സു പ്രായമുണ്ടായിരുന്നു. കണ്ടാൽ സുമുഖനല്ലെങ്കിലും ക്ഷാത്രതേജസ്സു തിളങ്ങുന്നതാണു് അദ്ദേഹത്തിന്റെ മുഖം. വിസ്താരമുള്ള ഫാലപ്രദേശവും ഉയർന്ന മൂക്കും ആജ്ഞാശക്തി തുളുമ്പുന്ന കണ്ണുകളും അദ്ദേഹത്തിന്റെ രാജത്വലക്ഷണങ്ങളെ വിളിച്ചുപറയുന്നവയാണു്. വിടർന്ന മാറു്, നീണ്ട കൈകൾ, അന്യോന്യമിണങ്ങിയ അവയവങ്ങൾ—ഇങ്ങനെ ഊർജ്ജസ്വലമത്രേ അദ്ദേഹത്തിന്റെ രൂപം.

മുപ്പതുവയസ്സിൽ മൂപ്പുകിട്ടിയ അദ്ദേഹം, തന്റെ പൂർവ്വികന്മാരെപ്പോലെ, ധർമ്മമനുസരിച്ചു രാജ്യം ഭരിച്ചു; കേരളശ്രീയെ വളർത്തി; മാമാങ്കങ്ങൾ കൊണ്ടാടി. സംസ്കൃതത്തിൽ നല്ല പാണ്ഡിത്യവും സംഗീതസാഹിത്യങ്ങളിൽ അഭിരുചിയുമുള്ള അദ്ദേഹം അവയിൽ പ്രവർത്തിച്ചു വിഖ്യാതി നേടി, അങ്ങനെയൊരു സുകുമാരജീവിതം നയിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചതു്. എന്നാൽ വിധി നിശ്ചയിച്ചതു വേറൊരു വിധത്തിലായി. മൂപ്പു കിട്ടി രാജ്യപ്രതിഷ്ഠ കഴിഞ്ഞു മൂന്നുവർഷം തികയുന്നതിനു മുമ്പാണു് വാസ്ക്കോ ഡ ഗാമയും പറങ്കിക്കപ്പലുകളും കോഴിക്കോട്ടു വന്നടുത്തതു്. അതോടുകൂടി കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയും ഏഷ്യയുടെയുംകൂടി ചരിത്രമാകെ മാറിപ്പോയി. അക്രമികളായ വിദേശികളോടു യുദ്ധം ചെയ്യാതെ നിവൃത്തിയില്ലെന്നു മാനവേദരാജാവു് മനസ്സിലാക്കി. അദ്ദേഹം അന്നൂരിയ വാൾ, അദ്ദേഹമാകട്ടെ അനന്തരഗാമികളാകട്ടെ, സ്വാതന്ത്ര്യം നിലനിന്ന രണ്ടരശ്ശതാബ്ദത്തോളം തിരിച്ചുറയിലിട്ടിട്ടില്ല. സ്വാതന്ത്ര്യമില്ലാതെ സുകുമാരജീവിതമില്ലെന്നു സ്വജീവിതംകൊണ്ടു പ്രഖ്യാപിച്ച മാനവിക്രമന്മാരിൽ ആദ്യനായിരുന്നു അദ്ദേഹം.

മരയ്ക്കാർ മുറിയിലേക്കു കടന്നു താണുതൊഴുതു വിനയഭാവത്തിൽ നിന്നു. തിരുമുല്ക്കാഴ്ചക്കായി കൊണ്ടുവന്നിരുന്ന സാമാനങ്ങളെ രാജഭൃത്യന്മാർ എടുത്തു കൊണ്ടുവന്നു മഹാരാജാവിന്റെ തിരുമുമ്പിൽ വെച്ചു. അവയെ തൃക്കൺപാർത്തശേഷം മഹാരാജാവു് ഇങ്ങനെ ചോദിച്ചു: “അങ്ങനെ, മരയ്ക്കാർ നമ്മെ വിട്ടുപോകയാണല്ലേ? ഇങ്ങനെയുള്ള അവസരങ്ങളിലാണോ പഴയ സ്നേഹിതന്മാരെ ഉപേക്ഷിച്ചുപോകേണ്ടതു്?”

മരയ്ക്കാർ സവിനയം അറിയിച്ചു: “അങ്ങനെ കല്പിക്കുന്നതു സങ്കടമാണു്. കഹേറായിൽ കാര്യം നോക്കുന്ന കാരണവന്മാർ അങ്ങനെയാണു് നിശ്ചയിച്ചതു്. എന്നെ ഫേസ് എന്ന സ്ഥലത്തേയ്ക്കു മാറ്റുകയാണു്.”

“എവിടെയാണു് ഫേസ്?”

“യൂറോപ്പിനുതൊട്ടുള്ള മഗ്രേബു എന്ന രാജ്യത്തിലെ പ്രധാനനഗരം. അവിടെയിരുന്നാൽ യൂറോപ്പിൽ നടക്കുന്ന ആലോചനകളും സംരംഭങ്ങളും മനസ്സിലാക്കാൻ പ്രയാസമില്ല.”

“അപ്പോൾ, അതിൽനിന്നു നമുക്കും ചില ഗുണങ്ങളുണ്ടാകുമല്ലോ.”

“ഉണ്ടാകും. വളരെ പ്രധാനമായ ചില ഗുണങ്ങളുണ്ടാകും. പോർട്ടുഗാലിലെ ആലോചനകൾ നേരത്തേ ഇവിടെ അറിയാൻ സാധിക്കും.”

“അതെങ്ങനെയാണു്?”

“പോർട്ടുഗീസുകാർക്കു കപ്പൽവഴി ആഫ്രിക്ക ചുറ്റി വരണമല്ലോ. അതിനു ചിലപ്പോൾ ആറുമാസത്തോളം വേണ്ടിവരും. ഞങ്ങൾക്കാണെങ്കിൽ കരവഴിക്കാണു് ഗതാഗതം. അപ്പോൾ, അവിടെ നടക്കുന്ന സംഗതികളെ മുപ്പതുദിവസത്തിനകം ഇവിടെ അറിയിക്കാൻ സാധിക്കും.”

“അങ്ങനെയോ? അപ്പോൾ മരയ്ക്കാർ ഫേസിലാണെങ്കിൽ നമുക്കു വലിയ സഹായമായിരിക്കും, അല്ലേ? പോർട്ടുഗീസുകാരുടെ ആലോചനകൾ മുൻകൂട്ടി ഇവിടെ അറിയിക്കാൻ സാധിക്കുമല്ലോ.”

“അതാണു് കാരണവരുടെ ഉദ്ദേശ്യം. പോർട്ടുഗീസുകാരെ എല്ലായിടത്തും എതിർക്കണമെന്നാണു് ആഗ്രഹം. അതിന്നു വേണ്ട അറിവുകൾ സമ്പാദിക്കാൻ പറ്റിയ സ്ഥലമാണു് ഫേസ്.”

“എങ്കിലും അതിനു മറ്റൊരാളെ അയച്ചാൽ മതിയായിരുന്നില്ലേ?”

വാസ്തവസ്ഥിതി മഹാരാജാവിനെ അറിയിക്കാൻ മരയ്ക്കാർക്കും ധൈര്യമുണ്ടായില്ല. യഥാർത്ഥത്തിൽ കുഞ്ഞമ്മതുമരയ്ക്കാരെ തിരിച്ചുവിളിക്കാൻ കാരണം, കോഴിക്കോട്ടെ കച്ചോടത്തിന്നു മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇനിയുണ്ടാകയില്ലെന്നു കഹേറായിലെ മുതലാളികൾക്കു മനസ്സിലായതാണു്. കോഴിക്കോടുമായി ബന്ധം പുലർത്തണമെന്നു് അവർക്കാഗ്രഹമില്ലായ്കയില്ല. പക്ഷേ, കടൽഗതാഗതം പറങ്കികളുടെ നിയന്ത്രണത്തിൽ വന്നാൽപ്പിന്നെ ആ കച്ചോടം അഭിവൃദ്ധിപ്പെടുകയില്ലെന്നു് അവർക്കു തീർച്ചയായി. പറങ്കികളെ ഇന്ത്യാമഹാസമുദ്രത്തിൽനിന്നു തുരത്താൻ സാധിക്കുമെന്നും തങ്ങളുടെ നഷ്ടപ്പെട്ട വ്യാപാരസാമ്രാജ്യത്തെ വീണ്ടെടുക്കാൻ പ്രയാസമുണ്ടാവില്ലെന്നുമായിരുന്നു കഴിഞ്ഞ സംവത്സരംവരെ അറബികളുടെ വിചാരം. ഈജിപ്തിലെ സുൽത്താനും സാമൂതിരിയും തമ്മിൽ ഒരു സന്ധിക്കേർപ്പാടുചെയ്തു. വലിയൊരു നാവികസൈന്യത്തെ അവർ ഇന്ത്യാക്കടലുകളിൽ കൊണ്ടുവന്നു. എന്നിട്ടുണ്ടായ യുദ്ധത്തിൽ പറങ്കികളാണു് തോറ്റതു്. പക്ഷേ, രണ്ടാമതും അവർ ഏറ്റുമുട്ടിയപ്പോൾ, ഗുജറാത്തിലെ ഒരുദ്യോഗസ്ഥന്റെ ചതിമൂലം, സാമൂതിരിക്കും അറബികൾക്കും ആശിച്ച സഹായം കിട്ടിയില്ല. ആ യുദ്ധത്തിലും അറബികൾ ജയിക്കയാണുണ്ടായതെങ്കിലും ഈജിപ്തുപടക്കപ്പലുകൾ യുദ്ധം തുടരാതെ തിരിച്ചുപോയ്ക്കളഞ്ഞു. അതോടുകൂടി പൊതുവേ പൗരസ്ത്യസമുദ്രങ്ങളുടെ മേല്ക്കോയ്മ പോർട്ടുഗീസുകാർക്കായിത്തീർന്നു. ഈ വസ്തുത മഹാരാജാവു പൂർണ്ണമായി ധരിച്ചിരുന്നില്ല. അതു വെളിവാക്കിപ്പറയാതെ മരയ്ക്കാർ വിനയപുരസ്സരം ഇങ്ങനെ പറഞ്ഞു: “നമ്മുടെ നാട്ടിലെ സ്ഥിതിഗതികൾ ഇനിയൊരിക്കലും മുൻകാലത്തേതുപോലാവുകയില്ല. പറങ്കികളെ കടലിൽനിന്നു് ആട്ടിയോടിക്കാൻ നമുക്കു സാധിക്കില്ലെന്നു വന്നുകഴിഞ്ഞു. അതുകൊണ്ടു മുടങ്ങാതെ യുദ്ധംതന്നെ നടന്നുകൊണ്ടിരിക്കും. യുദ്ധം നടക്കുന്നിടത്തു കച്ചോടം എങ്ങനെ അഭിവൃദ്ധിപ്പെടാനാണു്?”

“അപ്പോൾ ഈ ശണ്ഠ ഒരു കാലത്തും നിലയ്ക്കില്ലെന്നാണോ മരയ്ക്കാരുടെ അഭിപ്രായം?”

“അതിനെപ്പറ്റി ചിലതെല്ലാം രഹസ്യമായി ഉണർത്തിക്കാനുണ്ടു്. അനുവാദമുണ്ടെങ്കിൽ-”

താമസമുണ്ടായില്ല, മഹാരാജാവു കല്പിച്ചു. “എളയതുമാത്രം നിന്നാൽ മതി. മറ്റുള്ളവർ അടുത്ത മുറിയിൽ അകന്നുനില്ക്കട്ടെ.”

കല്പന കേട്ടമാത്രയിൽ ആ മുറി ഒഴിഞ്ഞുകഴിഞ്ഞു. തിനയഞ്ചേരി എളയതു്, പറയുന്നതു ശ്രദ്ധിച്ചുകേൾക്കാനെന്ന മട്ടിൽ, മഞ്ചത്തോടു കുറെക്കൂടി അടുത്തു നിന്നു. മരയ്ക്കാർ ആരംഭിച്ചു: “ഈയിടെ ഞങ്ങൾക്കറിവു കിട്ടിയിട്ടുണ്ടു്, പറങ്കികൾ ഈ സിംഹാസനത്തെ നശിപ്പിക്കാനാണു് തീർച്ചപ്പെടുത്തിയിട്ടുള്ളതെന്നു്. ഈ പത്തു വർഷത്തെ അനുഭവംകൊണ്ടു് അവർക്കൊരു കാര്യം ബോദ്ധ്യമായി: ഈ സിംഹാസനം നിലനില്ക്കുന്ന കാലത്തോളം അവർക്കു കേരളത്തിൽ അധികാരം കിട്ടുകയില്ല. അതിനാൽ ഒന്നുകിൽ എന്തു ചെയ്തും ഉന്മൂലനാശം വരുത്തണം. അല്ലെങ്കിൽ കൊച്ചിയിലെപ്പോലെ ചൊല്പടിക്കു നില്ക്കുന്ന ഒരു സാമന്തപ്രഭുവിന്റെ നില കൈക്കൊള്ളാനുള്ള സ്ഥിതി വരുത്തണം—ഇതാണു് അവരുടെ തീർച്ച.”

മരയ്ക്കാർ ഒന്നു നിർത്തി മഹാരാജാവിന്റെ മുഖത്തു ഒന്നു നോക്കി. അവിടെ യാതൊരു ഭാവഭേദവും കണ്ടില്ല. മരയ്ക്കാർ തുടർന്നു: “ഈജിപ്തിലെ കപ്പല്പട മടങ്ങിപ്പോയതുകൊണ്ടു് അവർക്കു കടലിൽ ഒരുവക സാർവ്വഭൗമത്വംതന്നെയാണു്. പക്ഷേ, അതുകൊണ്ടു് ഇവിടത്തോടു ഫലമില്ലല്ലോ. ഇവിടത്തെ കച്ചോടം നശിപ്പിക്കാം; കപ്പലുകളെ പിടിച്ചടക്കാം; എങ്കിലും കേരളചക്രവർത്തിയുടെ അധികാരത്തിന്നു കോട്ടം തട്ടുന്നില്ല. പറങ്കികളും നമ്മളും തമ്മിലെ പോരു മുതലയും ആനയും തമ്മിലെപ്പോലെയാണു്. ആന വെള്ളത്തിലിറങ്ങിയാൽ മുതലയ്ക്കു കടിക്കാം; മുതല കരയ്ക്കു കേറിയാലോ, ആനയ്ക്കു ചവിട്ടുകയുമാവാം. സ്വന്തം അധികാരസീമയിൽ രണ്ടാൾക്കും തികഞ്ഞ ശക്തിയുണ്ടു്; അവിടെ അപകടമൊന്നും വരാനില്ലതാനും.”

“അപ്പോൾ, കടലിൽ അവരെ തോല്പിക്കാൻ നമുക്കു സാധിക്കില്ലെന്നാണോ മരയ്ക്കാരുടെ അഭിപ്രായം?”

“നിർണ്ണായകമായി അവരെ തോല്പിക്കാൻ സാധിക്കില്ല. പക്ഷേ, അവരെ ഉപദ്രവിക്കാൻ സാധിക്കും. നമ്മുടെ കടലോടികൾക്കു വേഗം കൂടും; അവയ്ക്കു വലിയ കപ്പലുകളെ, കടന്നലുകൾപോലെ, വളയാനും കൂട്ടംവിട്ടു സഞ്ചരിക്കുന്നവയെ നശിപ്പിക്കാനും സാധിക്കും. നമുക്കു കപ്പലുകൾ നശിച്ചാൽ പുതുതായി പണിയാൻ തേക്കുതടിയുണ്ടു്. അതുകൊണ്ടു കടൽത്തീരങ്ങളുടെ സമീപത്തിലൂടെയുള്ള അവരുടെ ഗതാഗതത്തെ തടസ്സപ്പെടുത്താനും നാശനഷ്ടങ്ങൾ വരുത്താനും നമുക്കു സാധിക്കും. എന്നാൽ ഇതൊന്നും അവരുടെ നാവികശക്തിയെ ബാധിക്കില്ല. വലിയ തോക്കുകൾ കയറ്റിയ കപ്പലുകളോടു നേരിട്ടു യുദ്ധംചെയ്യാൻ നമുക്കു കഴിയില്ല.”

“ഇതൊക്കെത്തന്നെയാണു് കുഞ്ഞാലിയും നമ്മോടു പറയാറുള്ളതു്; അതനുസരിച്ചാണു് നാം ചെയ്യുന്നതും. ഈജിപ്തുകാർ പോയമുതൽ അങ്ങനെയാണു് തീർച്ചയാക്കിയതു്.”

“അതു് ഉത്തമമായ നയം. എന്നാൽ കരയുദ്ധത്തിന്റെ കാര്യം മറിച്ചാണു്. കരയ്ക്കിറങ്ങിയാൽ അവർക്കൊരു ബലവുമില്ല. ഇവിടെ ഒത്തൊരുമയോടുകൂടി നില്ക്കുകയാണെങ്കിൽ, അവർ എത്ര പരാക്രമം കാണിച്ചാലും നമുക്കു പേടിക്കാനില്ല.”

“എന്നുതന്നെയാണോ മരയ്ക്കാരുടെ അഭിപ്രായം? വലിയ കപ്പലുകളിൽ ഒരായിരം പേരെ എവിടെയെങ്കിലുമിറക്കി അവിടം പിടിക്കരുതോ, അവർക്കു്?”

“ആയിരംപേരെ ഇറക്കിയതുകൊണ്ടെന്തു ഫലം? കപ്പലിൽനിന്നു് ഒന്നുരണ്ടു തോക്കുതന്നെ ഇറക്കിയാലും സാരമില്ല. നമ്മുടെ പടയോടു് അവർ നേരിട്ടു നില്ക്കയില്ല. ശരിയായ ഒരു കരസൈന്യമില്ലാതെ ഇങ്ങോട്ടെതിർത്താൽ നാശത്തിനേ വഴിയുള്ളു. കൊച്ചിരാജാവിന്റെ പടകൊണ്ടു കാര്യമായ ഫലമൊന്നുമില്ലെന്നു പത്തു വർഷത്തെ യുദ്ധംകൊണ്ടു തെളിഞ്ഞല്ലോ. നമ്മുടെ കക്ഷിയിൽനിന്നു് അങ്ങോട്ടു സഹായമില്ലെങ്കിൽ ആപത്തൊന്നും വരാനില്ല.”

മരയ്ക്കാർ ഇങ്ങനെ ഊന്നിപ്പറഞ്ഞതു രണ്ടാമത്തെ പ്രാവശ്യമാണു്. അതിന്റെ അർത്ഥം മഹാരാജാവിനു് ഏതാണ്ടു മനസ്സിലായി. എങ്കിലും അതിന്റെ പൂർണ്ണവ്യാപ്തിയെ മനസ്സിലാക്കണമെന്നു കരുതി അദ്ദേഹം ഇങ്ങനെ ചോദിച്ചു: “എന്താണങ്ങനെ പറയുന്നതു്? വല്ല സാമന്തന്മാരും പ്രഭുക്കന്മാരും അങ്ങനെ വല്ലതിന്നുമൊരുമ്പെട്ടാൽ അവരെ ഒതുക്കാനുള്ള ശക്തി ഇവിടെയില്ലേ?”

മരയ്ക്കാർ അല്പം ശങ്കിച്ചുകൊണ്ടു് ഇങ്ങനെ അറിയിച്ചു: “അവിടേയ്ക്കു തിരുവുള്ളക്കേടാവുകയില്ലെങ്കിൽ ബോധിപ്പിക്കാം.”

“സംശയിക്കേണ്ടാ. എല്ലാം തുറന്നുപറഞ്ഞോളൂ.”

“ഞങ്ങളുടെ അറിവിൽ വന്ന സംഗതികൾ അറിയിക്കയാണു്. പറങ്കികൾ ഇവിടെനിന്നു മോഹിക്കുന്ന സഹായം ആ വിധത്തിലുള്ളതൊന്നുമല്ല; രാജകുടുംബത്തിൽത്തന്നെ അന്തഃഛിദ്രമുണ്ടാക്കാനാണു് അവരുടെ ശ്രമം. അതിനു സഹായമായ പല സംഭവങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നു് അവർക്കറിയാം. ഞങ്ങളുടെ കേൾവിയും അങ്ങനെയാണു്.”

“എന്താ, ഏറാൾപ്പാടിനു നമ്മോടുള്ള പിണക്കത്തെപ്പറ്റിയാണോ സൂചിപ്പിക്കുന്നതു്?”

മരയ്ക്കാർ അതേ എന്നോ അല്ല എന്നോ പറഞ്ഞില്ല. മഹാരാജാവു തുടർന്നു: “അതിൽനിന്നു ലാഭമെടുക്കാനാണു് അവർ വിചാരിക്കുന്നതെങ്കിൽ അതിൽകവിഞ്ഞ മൂഢത്വമെന്താണു്?” ഏറാൾപ്പാടിനു് എന്നോടു രസക്ഷയമുണ്ടാവാം. അയാൾ എന്നെ ദ്രോഹിക്കാൻ പലതും ചെയ്തു എന്നുവരാം. പക്ഷേ, ഈ സ്വരൂപത്തിനെതിരായി പ്രവർത്തിച്ചാൽ ഫലം അയാൾതന്നെ അനുഭവിക്കേണ്ടിവരില്ലേ? പോരെങ്കിൽ ഏറാൾപ്പാടു ബുദ്ധിമാനും നയജ്ഞനുമാണു്. എന്നോടെതിർത്തുനില്ക്കുന്നു എന്നുവെച്ചു രാജ്യത്തെ ദ്രോഹിക്കുമെന്നു വിചാരിക്കരുതു്.”

“സംഗതികൾ അവിടുന്നു കല്പിക്കുംപോലെയായിരിക്കാം. അന്വേഷണത്തിൽ മനസ്സിലാകാനിടവന്ന കാര്യങ്ങൾ അറിയിക്കുന്നു എന്നേയുള്ളു. അതിവിദഗ്ദ്ധനും നയജ്ഞനുമായ ഒരു പ്രഭുവിനെ ഇക്കാര്യമേല്പിച്ചു ഗവർണ്ണരായി നിയമിച്ചു് ഇങ്ങോട്ടയച്ചിട്ടുണ്ടത്രേ. എന്തു ചെയ്തും എന്തു ചെലവിട്ടും, കോഴിക്കോട്ടു പിടിച്ചടക്കണമെന്നാണു് അയാൾക്കു കൊടുത്തിട്ടുള്ള കല്പന. അയാളെത്തുംമുമ്പുതന്നേ ഏറാൾപ്പാടുതിരുമനസ്സിലെ ചില സേവകന്മാർ കൊച്ചിക്കോട്ടയിൽ ചെന്നു് ആലോചന തുടങ്ങിയിട്ടുള്ളതായി അവിടത്തുകാരായ കൊങ്ങിണികൾവഴി അറിയാൻ കഴിഞ്ഞിട്ടുണ്ടു്. കൂടുതലന്വേഷിച്ചപ്പോൾ കൊച്ചിരാജാവിന്റെ ചില സേവകരായ നമ്പൂതിരിമാർ ഏറാൾപ്പാടുതിരുമനസ്സിലെ അടുക്കൽ പറ്റിക്കൂടിയിട്ടുണ്ടെന്നും അറിഞ്ഞു. അവരുടെ ഉത്സാഹത്തിലാണത്രേ ഈ ദുർമ്മന്ത്രങ്ങൾ തുടങ്ങിയിട്ടുള്ളതു്.”

“അപ്പോൾ, സംഗതി അത്രത്തോളമെത്തി, അല്ലേ?”

“അതുകൊണ്ടു് ഉടനടി പേടിക്കേണ്ടതായിട്ടില്ല. ഇപ്പോഴത്തെ വൈസ്രോയിയായ ആൽമെയിഡാപ്രഭുവിനു് ഈ ആലോചനകളൊന്നും സമ്മതമല്ല. യുദ്ധം കൂടാതെ കഴിച്ചാൽക്കൊള്ളാമെന്നാണു് അയാളുടെ ആഗ്രഹം. പക്ഷേ, പകരം വരുന്ന ആൽബൂക്കെർക്ക് നേരെമറിച്ചാണു്; എന്തു ചെയ്തും പറങ്കിസ്സാമ്രാജ്യം സ്ഥാപിക്കണമെന്നാണയാളുടെ വാശി. അയാൾ വന്നുകഴിഞ്ഞാൽ കാര്യങ്ങളുടെ സ്ഥിതിയാകെ മാറും. ഏറാൾപ്പാടുതിരുമനസ്സിൽനിന്നു ചോദിക്കുന്നതൊക്കെ അവർ സമ്മതിച്ചുകൊടുക്കും; പണം വാരിവിതറും. അതുകൊണ്ടാണു് അന്തഃഛിദ്രം വരാതെ സൂക്ഷിക്കണമെന്നറിയിച്ചതു്.”

“ഈ ആൽബൂക്കെർക്ക് ഇത്ര വലിയ പ്രതാപിയോ?”

“അതേപ്പറ്റിയും അന്വേഷിക്കാതിരുന്നില്ല. അയാൾ പറങ്കിയും അവിശ്വാസിയുമാണെന്നതു ശരിതന്നെ. എന്നാൽ ഇത്ര യോഗ്യനും രാജ്യഭക്തനും നയവിദഗ്ദ്ധനുമായ ഒരു പ്രഭു പോർട്ടുഗാലിലെന്നല്ല യൂറോപ്പിൽത്തന്നെ ദുർല്ലഭമായിട്ടേ ഉള്ളു എന്നാണു് ഞാൻ മനസ്സിലാക്കിയതു്. വലിയ ചില ഉദ്ദേശങ്ങൾ കൂടാതെ ഇങ്ങനെയൊരാളെ ഗവർണ്ണരായി അയയ്ക്കുകയില്ലെന്നതും തീർച്ചയാണു്.”

“മരയ്ക്കാർ പറഞ്ഞതിൽനിന്നു മനസ്സിലാക്കേണ്ടതു് ഈ ആൽബൂക്കെർക്ക് അതിയോഗ്യനായ ഒരു മനുഷ്യനാണെന്നാണല്ലോ. ആ സ്ഥിതിക്കു് അയാൾ ധർമ്മയുദ്ധം വിട്ടു് ഇപ്രകാരമുള്ള ചതിപ്രവർത്തികളിലേർപ്പെടുമോ?”

“യുദ്ധകാര്യങ്ങളിൽ ധർമ്മാധർമ്മങ്ങളെ നിർണ്ണയിക്കുക അത്ര എളുപ്പമല്ലെന്നു് അറിയിക്കേണ്ടതില്ലല്ലോ. വിരോധികളുടെ വശത്തുള്ളവരെ സ്വപക്ഷത്തു ചേർക്കുന്നതു ന്യായമായിട്ടല്ലേ എല്ലാനാളും ഗണിച്ചിട്ടുള്ളതു്? ഹിന്ദുപുരാണങ്ങളിൽ പറഞ്ഞിട്ടുള്ള വിഭീഷണന്റെ കഥതന്നെ വിചാരിക്കുക.”

കുറച്ചു നേരം ആലോചിച്ചതിനുശേഷം തമ്പുരാൻ ചോദിച്ചു: “എന്തു ചെയ്യണമെന്നാണു് മരയ്ക്കാരുടെ ഉപദേശം?”

“ഒന്നുമാത്രമേ വിശേഷവിധിയായി അറിയിക്കേണ്ടതുള്ളു; അതും അവിടത്തേയ്ക്കറിയായ്കയില്ല; പിണങ്ങിനില്ക്കുന്നവരെ ന്യായമായതു് ചെയ്തു് ഇണക്കണം. അതു സാധിക്കില്ലെങ്കിൽ അവരെ അമർത്തുകതന്നെ വേണം. സൈന്യരക്ഷയ്ക്കു കുറവുവരാതെ സൂക്ഷിക്കണം. അങ്ങനെയാണെങ്കിൽ ഇവിടത്തെ പ്രതാപാഗ്നിക്കു മുമ്പിൽ അവർ ശലഭങ്ങൾ!”

മഹാരാജാവു് ഇടയിൽ കടന്നു ചോദിച്ചു: “ആട്ടേ, മരയ്ക്കാർ കഹേറായിൽ ചെന്നാൽ ഒരു കാര്യത്തിൽ നിഷ്കർഷിക്കുമോ? വലിയ തോക്കുകളുണ്ടാക്കാൻ അവിടെനിന്നു ചിലരെ അയച്ചുതരുമോ?”

“അതിന്നു പ്രയാസമില്ല.”

“എന്നാൽ ഇനി താമസിപ്പിക്കുന്നില്ല. മരയ്ക്കാർക്കു് ഇന്നു തന്നെ പോകേണ്ടതാണല്ലോ.”

ഇതു യാത്രാവചനമായിരുന്നെങ്കിലും മരയ്ക്കാർ പിന്നെയുമെന്തോ പറയാൻ ആലോചിക്കുന്നതുപോലെ കാണപ്പെട്ടു. കാര്യം മനസ്സിലാക്കിയ മഹാരാജാവാണു് തുടർന്നു പറഞ്ഞതു്: “താഴത്തെപ്പറമ്പിലെ സംഗതിയല്ലേ പറയാനാലോചിക്കുന്നതു്?”

“അതേ.”

“മരയ്ക്കാർ അതിനെപ്പറ്റി ഒട്ടും വിചാരപ്പെടേണ്ടതില്ല. അതെന്റെ സ്വന്തം ചുമതലയായി ഞാൻ ഗണിച്ചുകൊള്ളാം.”

മരയ്ക്കാരുടെ മുഖത്തു് എന്തെന്നില്ലാത്ത ഒരു പ്രസാദം പ്രത്യക്ഷമായി. അദ്ദേഹം കൃതജ്ഞതാനിർഭരമായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “അവിടത്തെ തിരുവുള്ളം ഈയുള്ളവനിൽ എത്രമാത്രമുണ്ടെന്നു് എല്ലാവർക്കുമറിയാം. ഞങ്ങളുടെ കുടുംബമുള്ള കാലത്തോളം അതു മറക്കുകയില്ല.”

“മരയ്ക്കാർക്കു പകരം ആരായിരിക്കും ഇവിടെ കാര്യം നോക്കാൻ?”

“ജ്യേഷ്ഠന്റെ മകൻ മമ്മാലി. പിടിപ്പും സാമർത്ഥ്യവുമില്ലാത്തോനല്ല. പുറത്തുണ്ടു്. കാഴ്ചവെച്ചു മുഖംകാണിച്ചിട്ടു് വേണം കാര്യങ്ങളേറ്റെടുക്കാൻ എന്നാണവന്റെ വിചാരം.”

ഹരിക്കാരും മറ്റു സദസ്യരും തിരികേ വിളിക്കപ്പെട്ടു. ഒരു ഹരിക്കാരൻ മമ്മാലിയെ തിരുമുമ്പിൽ ഹാജരാക്കി. മരയ്ക്കാർ പറഞ്ഞു: “ഇവനാണു് ഇനിയിവിടെ തൃപ്പാദസേവയ്ക്കും ഞങ്ങളുടെ കച്ചോടം നടത്താനും.”

പത്തു പൊൻനാണയങ്ങൾ ചുവന്നൊരു പട്ടുറുമാലിൽ കെട്ടി കാഴ്ചവെച്ചു മമ്മാലി മഹാരാജാവിനെ താണു തൊഴുതു. തമ്പുരാൻ ചോദിച്ചു: “എത്ര നാളായി ഈ നാട്ടിലൊക്കെ വന്നിട്ടു്?”

“അടിയൻ ഈ നാട്ടിൽ ജനിച്ചവനാണു്. അവിടത്തെ പ്രജകളിൽ ഒരുവനാണു്.”

“അതെങ്ങനെ?”—മഹാരാജാവു് അത്ഭുതത്തോടെ ചോദിച്ചു.

മരയ്ക്കാരാണു് അതിന്നു മറുപടി പറഞ്ഞതു്: “ജ്യേഷ്ഠൻ ഗുജറാത്തിൽ താമസിച്ചിരുന്ന കാലത്തു്, ബന്ധുക്കളുടെ നിർബ്ബന്ധംകൊണ്ടു് ഉടന്തടി ചാടി ചാവാൻ പോയ ഒരു ബ്രാഹ്മണസ്ത്രീയെ രക്ഷിച്ചു. അന്നു് ആ പെൺകിടാവിന്നു പതിന്നാലുവയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ജ്യേഷ്ഠൻ അവരെ മാർഗ്ഗംകൂട്ടി കല്യാണം കഴിച്ചു.”

“ഓ, അങ്ങനെയോ! അപ്പോൾ, ഇവിടെത്തന്നെയാണോ വളർന്നതു്?”

“പതിന്നാലുവയസ്സുവരെ ഇവിടെയാണു് വളർന്നതു്. അതിനുശേഷം പഠിക്കാനായി കഹേറാ, മെക്കാ മുതലായ സ്ഥലങ്ങളിൽ പത്തുവർഷത്തോളം പാർത്തു. പിന്നെ ജെഡ്ഡായിലും സൂറത്തിലുമുള്ള ഞങ്ങളുടെ ശാഖകളിൽ പണിയെടുത്തു പരിചയം സമ്പാദിച്ചിട്ടാണു് ഇവിടെ വന്നതു്. നമ്മുടെ ആളുകളോടൊക്കെ ഒരുമാതിരി പരിചയവും സ്നേഹവുമായിട്ടുണ്ടു്.”

മഹാരാജാവു കല്പിച്ചു: “മരയ്ക്കാരുടെ കുടുംബവും ഈ സ്വരൂപവും തമ്മിലുള്ള സ്നേഹം ഇന്നുമിന്നലെയും തുടങ്ങിയതല്ല. പുരുഷാന്തരങ്ങളായി നിലനിന്നുവരുന്നതാണു്. മുൻകാലങ്ങളിലെപ്പോലെ മേലിലും നിലനില്ക്കണമെന്നാണു് നമ്മുടെ ആഗ്രഹം.”

മമ്മാലി തൊഴുതുകൊണ്ടു് ഇങ്ങനെ പറഞ്ഞു: “അവിടത്തെ ഒരു ദാസനായി എന്നെയും കണക്കാക്കിയാൽ മതി.”

യാത്രപറയുന്ന ഭാവത്തിൽ മരയ്ക്കാരും മമ്മാലിയും താണു തൊഴുതു. മഹാരാജാവാകട്ടെ, എളയതു നീട്ടിക്കാട്ടിയ ഒരു പൊൻതളികയിൽനിന്നു് ഒരു മരതകമാലയെടുത്തു മരയ്ക്കാരെ അണിയിച്ചു; മമ്മാലിക്കുട്ടിക്കു് ഒരു വീരശൃംഖലയും സമ്മാനിച്ചു. അവർ ഹരിക്കാരന്മാരിൽ അനുഗതരായി രാജസദസ്സുവിട്ടു പുറത്തിറങ്ങി.

മൂന്നാമധ്യായം

മരയ്ക്കാർ പോയതിന്നുശേഷം തമ്പുരാൻ ഒട്ടുനേരം ആലോചനയിലാണ്ടപോലെ മൗനവലംബിച്ചു് ഇരുന്നു. എന്താണു് സംഗതിയെന്നു തിനയഞ്ചേരി എളയതിന്നേ മനസ്സിലായുള്ളു. ഒട്ടുനേരം കഴിഞ്ഞു മഹാരാജാവു് എളയതുമൊന്നിച്ചു ചെറിയൊരു മുറിയിൽ ചെന്നിരുന്നു മങ്ങാട്ടച്ചനെയും പാറ തമ്പിയെയും വരുത്തുവാൻ ആളെ അയച്ചു.

നെടിയിരിപ്പുസ്വരൂപത്തിലെ പ്രധാനപ്രഭുക്കന്മാരിൽ ഒരാളായിരുന്നു മങ്ങാട്ടച്ചൻ. എന്നല്ല, കോഴിക്കോട്ടുസൈന്യത്തിൽ, ധർമ്മോത്തു പണിക്കർ കഴിഞ്ഞാൽ, ഏറ്റവും ഉന്നതമായ അധികാരം വഹിക്കുന്ന ഒരാളുമായിരുന്നു. ഇട്ടുണ്ണാൻ എന്നു പേരായ അദ്ദേഹം പല പടക്കളത്തിൽ പേരെടുത്ത ഒരു സേനാനായകനും വൈഷമ്യമുള്ള പല കാര്യങ്ങളിലും ഏർപ്പെട്ടു തന്റെ രാജ്യഭരണചാതുര്യം വെളിപ്പെടുത്തിയ ഒരു നയതന്ത്രജ്ഞനുമായിരുന്നു. കോഴിക്കോട്ടുരാജ്യത്തിലെ ഇടപ്രഭുക്കന്മാരുടെ നേതൃത്വം പരമ്പരയാ മങ്ങാട്ടച്ചനിലാണു് സ്ഥിതിചെയ്തിരുന്നതു്. അക്കുടുംബത്തിന്റെ അചഞ്ചലമായ രാജഭക്തി നാടുവാഴികളെ രാജാജ്ഞയ്ക്കു കീഴിൽ നിർത്തുവാൻ എക്കാലത്തും സഹായിച്ചിട്ടുണ്ടു്. മങ്ങാട്ടച്ചനോടും തിനയഞ്ചേരി എളയതിനോടും ആലോചിക്കാതെ സാമൂതിരിപ്പാടന്മാർ ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെട്ടതായി കേട്ടുകേൾവിപോലുമില്ലെന്നു പറയാം.

സന്ധ്യയ്ക്കുമുമ്പു് അച്ചൻ ഹാജരായി. കോവിലെഴുന്നള്ളത്തിന്നു സമയമാകാറായതുകൊണ്ടു തമ്പുരാൻ കാര്യങ്ങൾ സൂചിപ്പിച്ചതേ ഉള്ളു. ഏറാൾപ്പാടുമായുള്ള വഴക്കു പറഞ്ഞൊതുക്കാൻ ശ്രമിക്കയാണു് അത്യാവശ്യം. പിന്നെ, അദ്ദേഹം കീഴടങ്ങാത്തപക്ഷം എന്താണു് ചെയ്യേണ്ടതെന്നും ആലോചിക്കേണ്ടതുണ്ടു്. ഇളമയെ ബലം പ്രയോഗിച്ചു വഴക്കുന്നതു തമ്പുരാനു തീരെസ്സമ്മതമല്ല. അങ്ങനെയായാൽ കുടുംബത്തിൽ കലഹം വർദ്ധിക്കുമെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ടു്, വേണ്ടിവന്നാൽ, താൻ സ്ഥാനമൊഴിയാൻതന്നേ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ഒരു കാര്യമാണു് അതിന്നു തടസ്സമായിക്കണ്ടതു്: ഏറാൾപ്പാടു പോർട്ടുഗീസുകാരുമായി ഉടമ്പടിയിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അതു രാജ്യദ്രോഹവും ധർമ്മദ്രോഹവുമാണെന്നു മഹാരാജാവിന്നു പരിപൂർണ്ണബോധമുണ്ടു്. അതുകൊണ്ടു് അധികാരമൊഴിഞ്ഞുകൊടുത്തു കലഹം തീർക്കാമെന്നു ആലോചനയും സുസാധമല്ല എന്നു വന്നു. അപ്പോൾ, പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങൾ മുഴുക്കുന്നതിനുമുമ്പു് അന്തഃഛിദ്രമവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നു് അദ്ദേഹമുറച്ചു. മന്ത്രിയായ തിനയഞ്ചേരി എളയതിനെത്തന്നേ ദൂതനായി അയയ്ക്കാനും തീരുമാനിച്ചു.

ഏറാൾപ്പാടിനെ എങ്ങനെ സമീപിക്കണമെന്നായി എളയതിന്നു സംശയം. അദ്ദേഹം ചോദിച്ചു: “അവിടെ ചെന്നാൽ ഞാനെന്താണു് അറിയിക്കേണ്ടതു്?”

“എളയതിനു നമ്മുടെ ആലോചനകൾ എല്ലാം അറിയാമല്ലോ. ഉചിതംപോലെ ചെയ്യണം. ചുരുക്കത്തിൽ, പോർട്ടുഗീസുകാരുമായുള്ള ബന്ധം വിടുകയാണെങ്കിൽ ഏറാൾപ്പാടാവശ്യപ്പെടുന്നതെല്ലാം സമ്മതിക്കാം.”

മങ്ങാട്ടച്ചന്റെ അഭിപ്രായമറിയാനായി തമ്പുരാൻ അങ്ങോട്ടു തിരിഞ്ഞു. അതറിഞ്ഞു് അച്ചൻ ഇങ്ങനെ പറഞ്ഞു: “അടിയൻ കാണുന്നതു കുറച്ചൊന്നു വ്യത്യാസപ്പെട്ടാണു്. പോർട്ടുഗീസുകാരോടുള്ള ബന്ധംമാത്രമല്ല ഇവിടെ കുഴപ്പമുണ്ടാക്കാൻ സഹായിക്കുന്നതു്. കൊച്ചിയിൽ നടക്കുന്നതുപോലെ ഇവിടെയും നടന്നാൽകൊള്ളാമെന്നൊരു ദുർമ്മോഹം ഇവിടത്തെ ചില നാടുവാഴിപ്രഭുക്കന്മാർക്കു വന്നുചേർന്നിട്ടുണ്ടു്. വെട്ടത്തുരാജാവിനു് ഒന്നു തിരിഞ്ഞുനിന്നാൽത്തന്നേ എന്തു വരുമെന്നാണു് വിചാരം. കവളപ്പാറനായർ, മുട്ടത്തു നായർ, കരിന്തോഴത്തു തലച്ചെന്നോർ, ആറ്റുമുട്ടു കയ്മൾ—ഇവരൊക്കെ പണ്ടേ പെരുമ്പടപ്പുസ്വരൂപവുമായി ബന്ധമുള്ളവരാണു്. അവിടെ സ്വാതന്ത്ര്യം നടിച്ചു് അന്യോന്യം യുദ്ധംചെയ്യാമെങ്കിൽ ഇവിടെ എന്തുകൊണ്ടു പാടില്ല എന്നാണവരുടെ വാദം. അതനുവദിച്ചുകൊടുത്താലത്തെ അനുഭവം അടിയൻ അറിയിക്കേണ്ടതില്ലല്ലോ. അതുകൊണ്ടു് ഈ രണ്ടുകാര്യവുമൊഴിച്ചുള്ള സന്ധിയാണു് വേണ്ടതു്. അതിനിവിടേയ്ക്കു സമ്മതമല്ലെങ്കിൽ ഭേദംതന്നെയാണുത്തമം.”

എളയതു പറഞ്ഞു: “എന്റെയും അഭിപ്രായം അതാണു്. ഒരു കാര്യം ചോദിച്ചോട്ടെ: തന്നോടെതിർപ്പുള്ള ആളുകളെ മാറ്റിനിർത്തണമെന്നു് ഏറാൾപ്പാടുതിരുമേനി നിർബ്ബന്ധിച്ചേയ്ക്കും; പ്രത്യേകിച്ചു ധർമ്മോത്തു പണിക്കരെ. ഇപ്പോൾത്തന്നെ ഒരു പരാതിയുണ്ടു്, പണിക്കരെ അന്യായമായിട്ടാണു് കൊട്ടാരത്തിൽ നിന്നു പുറത്താക്കിയിരിക്കുന്നതെന്നു്. പട്ടാളത്തിന്റെ ഇടയിൽ പണിക്കർക്കുള്ള സ്വാധീനശക്തി അവിടേയ്ക്കറിയാമല്ലോ.”

തമ്പുരാൻ ഒരപരാധിയുടെ മട്ടിൽ പറഞ്ഞു: “അങ്ങനെയെങ്കിലും വഴക്കിനു കാരണമില്ലാതാവട്ടെ എന്നു വിചാരിച്ചാണു് ഞാനന്നു് അങ്ങനെ തീരുമാനിച്ചതു്; അല്ലാതെ ഈ വഴക്കിൽ പണിക്കരുടെ വശത്താണു് കുറ്റമെന്നു വിചാരിച്ചല്ല. അതു കുറെ കടന്നുപോയില്ലേ എന്നു് എനിക്കന്നേ ശങ്കയില്ലാതില്ല. ഏതായാലും പണിക്കർ, ഒരു ബുദ്ധിമാനായതുകൊണ്ടു്, ഇതൊരു ശിക്ഷയായി ഗണിച്ചിട്ടില്ലെന്നാണെന്റെ വിശ്വാസം. രണ്ടു ദിവസമായിട്ടില്ല ഒരു സന്ദേശം വന്നിട്ടു്.”

ഇതു കേട്ടപ്പോൾ ആ രണ്ടുപദേഷ്ടാക്കൾക്കും ആശ്ചര്യം തോന്നി. കാരണം, പണിക്കരെ കൊട്ടാരത്തിൽ നിന്നു ബഹിഷ്കരിച്ചതിന്റെ യഥാർത്ഥകാരണം പരമരഹസ്യമായിരുന്നു. ഏറാൾപ്പാടും പണിക്കരും തമ്മിൽ ബദ്ധവൈരമാണെന്നതു് അങ്ങാടിപ്പാട്ടാണു്. തന്മൂലം, ഏറാൾപ്പാടിന്റെ നിർബ്ബന്ധംകൊണ്ടാണു് പണിക്കരെ ബഹിഷ്കരിച്ചതെങ്കിലും, മഹാരാജാവിന്റെ തിരുവുള്ളക്കേടു് അദ്ദേഹം സമ്പാദിച്ചിരിക്കണമെന്നാണു് പുറത്തുള്ളവർ വിശ്വസിച്ചതു്. എളയതിനെപ്പോലുള്ള രാജസഭാംഗങ്ങൾക്കു അങ്ങനെയൊരു തെറ്റിദ്ധാരണയില്ലായിരുന്നെങ്കിലും മഹാരാജാവും പണിക്കരും തമ്മിൽ കത്തിടപാടുണ്ടെന്ന വിവരം അവർക്കാശ്ചര്യമുളവാക്കി. മഹാരാജാവു തുടർന്നു പറഞ്ഞു: “പണിക്കർ പൊന്നാനിയിലാണല്ലോ താമസമാക്കിയിരിക്കുന്നതു്. അവിടെയിരുന്നാൽ പലതും അറിയാൻ സാധിക്കും. അറിയുന്നതെല്ലാം ഇവിടെ അറിയിക്കുംതാനും.”

ഇത്രയുംകൂടി കേട്ടപ്പോൾ അച്ചന്നും നമ്പിക്കും എളയതിന്നും വലിയൊരാശ്വാസം തോന്നി. എളയതു പറഞ്ഞു: “അപ്പോൾ, എറാൾപ്പാടുതിരുമേനി പണിക്കരെ സ്ഥാനത്തുനിന്നു നീക്കണമെന്നു നിർബ്ബന്ധിച്ചാൽത്തന്നെ വൈഷമ്യമില്ല; അതു നിശ്ശങ്കം തള്ളിക്കളകതന്നെ ആവാമല്ലോ.”

“സംശയിക്കേണ്ട”—മഹാരാജാവു് ഉറപ്പിച്ചു പറഞ്ഞു. “പണിക്കർ നമ്മുടെ വലംകൈയാണു്—ഈ അടുത്തകാലത്തു പറങ്കികളുമായി തുടർച്ചയായുണ്ടാകാവുന്ന വഴക്കുകളിൽ വിശേഷിച്ചും.”

അവർക്കു സന്തോഷമായി. തമ്പുരാൻ താമസിയാതെ കോവിലെഴുന്നള്ളത്തിന്നുള്ള പ്രധാനച്ചടങ്ങുകൾക്കായി അകത്തേയ്ക്കെഴുന്നള്ളി.

കൊട്ടാരത്തിൽത്തന്നെ എളയതിനു പ്രത്യേകമായി ഒരു മുറിയുണ്ടു്. അതിലേയ്ക്കാണു് എളയതും അച്ചനും നമ്പിയും പോയതു്. മരയ്ക്കാർ മഹാരാജാവിനെ അറിയിച്ച സംഗതികളുടെ സ്വരൂപത്തെ എളയതു മറ്റു രണ്ടുപേർക്കും വിവരിച്ചുകൊടുത്തു. സൈനികകാര്യങ്ങളിൽ പൂർണ്ണജ്ഞാനമുള്ള മങ്ങാട്ടച്ചൻ ഈ ദുർഘടഘട്ടത്തിലുണ്ടാകാവുന്ന വൈഷമ്യങ്ങളെ വിശദമായി മന്ത്രിയേയും മനസ്സിലാക്കി. ഉള്ളിൽനിന്നു് ആക്രമണമുണ്ടെങ്കിൽ നാവികപ്പടയ്ക്കു തീരപ്രദേശങ്ങളെ കൈക്കലാക്കി കോട്ട കെട്ടാൻ സാധിക്കുമെന്നും അങ്ങനെ കെട്ടിക്കഴിഞ്ഞാൽ കടലിൽനിന്നു വലിയതോക്കുകളുടെ രക്ഷയിൽ അവയെ വെച്ചുകൊണ്ടിരിക്കാൻ കഴിയുമെന്നുമായിരുന്നു അച്ചൻ പറഞ്ഞതിന്റെ സാരം. അദ്ദേഹം തുടർന്നു: “അന്തഃഛിദ്രമില്ലെങ്കിൽ പോർട്ടുഗീസുകാർക്കു കരയിലൊന്നും സാധ്യമല്ല. അതുകൊണ്ടു നാം പ്രധാനമായി ശ്രദ്ധിക്കേണ്ടതു് ഈ സ്വരൂപത്തിലെ കാര്യങ്ങളിൽത്തന്നേയാണു്. ഏതായാലും പറങ്കികളെ തോല്പിക്കാമെന്നു് എനിക്കു ധൈര്യം തോന്നുന്നുണ്ടു്. അവർ എത്ര പട കൂട്ടി വന്നാലും സാരമില്ല. അതിലുമൊക്കെ കവിഞ്ഞ അപകടമാണിവിടെ തലപൊക്കിത്തുടങ്ങിയിരിക്കുന്നതു്. ഇവിടത്തെ ഇടപ്രഭുക്കന്മാരും നാടുവാഴികളും രാജശാസനയെ മറന്നു സ്വതന്ത്രരെന്നു ഭാവിച്ചു് ഇഷ്ടംപോലെ കക്ഷിമാറാനും അന്യോന്യം യുദ്ധം ചെയ്യാനും തുടങ്ങിയാൽ നെടിയിരിപ്പുസ്വരൂപത്തിലും കോഴിക്കോട്ടുരാജ്യത്തിലും കൊച്ചിയിലേക്കാൾ കൂടുതൽ കഷ്ടമായ അരാജകത്വമാവും നടമാടുക. ബുദ്ധിമാനായ ഏറാൾപ്പാടു വാശികൊണ്ടും അസൂയകൊണ്ടും ഇതു മനസ്സിലാക്കുന്നില്ലല്ലോ എന്നാണു് എനിക്കു സങ്കടം.”

എളയതു ചോദിച്ചു: “എന്താണു് ഇതിൽ നാം ചെയ്യേണ്ടതു്?”

“അവിടുന്നാണല്ലോ മന്ത്രി. ഞാനാണോ പറഞ്ഞുതരേണ്ടതു്? ഏതായാലും എന്റെ അഭിപ്രായം പറയാം: വിശ്വസ്തനായ ഒരാളെ പെരുമ്പടപ്പിലേയ്ക്കയയ്ക്കണം. നമ്മുടെ സാമന്തപ്രഭുക്കളിൽ ആരെല്ലാമാണു് അവിടത്തെ സാമന്തപ്രഭുക്കളുമായി ഗൂഢാലോചനയിലേർപ്പെട്ടിട്ടുള്ളതെന്നും എതൊക്കെയാണു് അവരുടെ ആലോചനയെന്നും മനസ്സിലാക്കണം. കൊച്ചിക്കോട്ടയിലെ പറങ്കികൾ ആർക്കൊക്കെ സഹായം ചെയ്യാമെന്നേറ്റിട്ടുണ്ടെന്നും അറിയണം. ഏറാൾപ്പാടിനു സഹായമായി നില്ക്കുന്നവരെല്ലാം കൊച്ചിക്കോ പറങ്കികൾക്കോ സഹായമാണെന്നു വിശ്വസിക്കുന്നതു മൂഢത്വമാണു്. ഏറനാട്ടിൽ പല പ്രഭുക്കളും അദ്ദേഹത്തെ സഹായിച്ചുതന്നേ നില്ക്കും. അതു സ്വാമിഭക്തികൊണ്ടാണെന്നേ വിചാരിക്കാനുള്ളു.”

കൊച്ചിയിൽ പോയി സംഗതികളന്വേഷിച്ചു മനസ്സിലാക്കാൻ സാമർത്ഥ്യമുള്ള ഒരാളെ കണ്ടുപിടിക്കണം. എല്ലായിടത്തും പ്രവേശമുണ്ടായിരിക്കണം അയാൾക്കു്. രാജ്യകാര്യങ്ങളിൽ നല്ല പിടിപ്പും വേണം. വലിയവരോടും ചെറിയവരോടും തരംതരംപോലെ ഒത്തുചേർന്നു നടക്കാനുള്ള ലോകപരിചയവും ഉണ്ടായിരിക്കണം. കണ്ടാൽ യോഗ്യനാവണം. എല്ലാറ്റിനും മീതെ വിശ്വസിക്കാൻ കൊള്ളാവുന്നവനുമാവണം.”

“ഇത്രയും യോഗ്യതയുള്ള ഒരാളെ എവിടെനിന്നു കിട്ടാനാണു്?”

അച്ചന്റെ ചോദ്യം എളയതിനെ വിചാരമഗ്നനാക്കി. അദ്ദേഹം കുറെനേരമങ്ങനെ ഇരുന്നാലോചിച്ചതിനുശേഷം ഇങ്ങനെ പറഞ്ഞു: “മിക്ക കാര്യങ്ങൾകൊണ്ടും യോജിക്കുന്ന ഒരാൾ നമ്മുടെ അറിവിലുണ്ടു്.”

“ആരാണതു് ?”—അച്ചൻ ചോദിച്ചു.

“ഒരു നമ്പൂരിയാണു്. ചിറ്റൂർനമ്പൂതിരിപ്പാടിനോടു ബന്ധപ്പെട്ട ഒരാൾ. സമർത്ഥനാണു്; നല്ല പണ്ഡിതനുമാണു്.”

“ഇല്ലപ്പേരു് ?”

“മാമ്പിലക്കാടു്. മണക്കുളത്താണു് സംബന്ധം.”

“അതു് നന്നു്. മറുപക്ഷത്തല്ലല്ലോ ഇരിപ്പു്.”

“ഇല്ലത്തുള്ളവരുമായി അത്ര സുഖത്തിലല്ല. ജ്യേഷ്ഠൻ പണം അധികം ചെലവാക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു് അനുജൻ സാമാന്യേന ഭാര്യവീട്ടിൽ കഴിഞ്ഞുകൂടുകയാണു്. വലിയ മുട്ടുകാരനാണു്.”

“അതു് ഒരു വിധത്തിൽ ഗുണവും മറ്റൊരു വിധത്തിൽ ദോഷവുമാണു്. കൂടുതൽ കനമുള്ളേടത്തേയ്ക്കു ചാഞ്ഞുകളയുമോ?”

“ഇല്ലെന്നാണു് എന്റെ വിശ്വാസം. രാജ്യകാര്യങ്ങളിൽ പരിചയമുള്ള ആളായതുകൊണ്ടു വേണ്ടതുപോലെ പ്രവർത്തിക്കും.”

“ആകപ്പാടെ കേട്ടിട്ടു് ആളു യോജിക്കുമെന്നു തോന്നുന്നു.”

“എനിക്കും അങ്ങനെതന്നെ തോന്നുന്നു. ഞാനാളെ അയച്ചു വരുത്തി ഒന്നു സംസാരിച്ചു നോക്കട്ടെ. അച്ചനും ഒന്നു കണ്ടു സംസാരിക്കണം.”

“അങ്ങനെയാവാം. അധികം താമസിക്കരുതു്.”

നമ്പി ഈ സംഭാഷണത്തിൽ പങ്കെടുത്തില്ല. അധികം സംസാരിക്കുന്ന സ്വഭാവമല്ലായിരുന്നു അദ്ദേഹത്തിന്റേതു്. പ്രവൃത്തിയിലാണു് അദ്ദേഹത്തിന്റെ സാമർത്ഥ്യം. അദ്ദേഹം ഇത്രമാത്രം പറഞ്ഞു; അതുതന്നെ വലിയൊരു കാര്യമായിട്ടാണു് മറ്റു രണ്ടുപേരും കരുതിയതു്: “നിങ്ങൾ പറയുന്നതൊക്കെ ശരിയാണു്; കൊച്ചിയിലെ കാര്യം അന്വേഷിക്കേണ്ടതും ആരൊക്കെയാണു് അങ്ങോട്ടിഷ്ടം കാണിക്കുന്നതെന്നു കണ്ടുപിടിക്കേണ്ടതുമാണു്, സംശയമില്ല. പക്ഷേ, ഒന്നാമത്തെ ആവശ്യം ഇവിടെ അധികാരം നടത്തുകയാണു്. രാജാംഗത്തോടു പിണങ്ങിനില്ക്കുന്നവർ—അവർ ആരുതന്നേയായാലും, അവരെ അമർത്തണം!”

അച്ചനും എളയതും അല്പനേരത്തിന്നു് ഒന്നും മിണ്ടിയില്ല. എളയതു വെറ്റില നൂറുതേയ്ക്കുന്ന ഭാവത്തിലാണു് ഇരുന്നതു്. അച്ചനാകട്ടെ, മുറുക്കിയതു കോളാമ്പിയിൽ തുപ്പിയിട്ടു കിണ്ടിയിൽ വെള്ളമെടുത്തു കുലുക്കഴിഞ്ഞു. ഇനി എന്താണു് പറയേണ്ടതെന്നു തീർച്ചയാക്കാനായിരുന്നു ഈ പ്രവൃത്തിയെല്ലാം. ഒടുവിൽ അച്ചൻതന്നെയാണു് സംഭാഷണമാരംഭിച്ചതു്. അദ്ദേഹം എളയതിനോടു് ഇങ്ങനെ പറഞ്ഞു: “അങ്ങേതായാലും ഏറാൾപ്പാടിനെ മുഖംകാണിക്കാൻ പോകയാണല്ലോ. നേരിട്ടു സംഗതികൾ മടിക്കാതെ പറയണം. സ്വരൂപത്തിനു ബലക്ഷയം വരുത്തിയിട്ടു് അദ്ദേഹത്തിന്നു വല്ല ഗുണവും ലഭിക്കുമോ? പിന്നെ, അങ്ങനെ കല്പിച്ചുകൂട്ടി അപകടം വരുത്തണമെന്ന ആഗ്രഹമുണ്ടെന്നും തോന്നുന്നില്ല. കാരണമെല്ലാം പണിക്കരോടുള്ള രോഷവും ജ്യേഷ്ഠനോടുള്ള വൈരാഗ്യവുമാണു്. ഇതിൽനിന്നൊക്കെ ദോഷമാണു് വരാൻപോകുന്നതെന്നു് അദ്ദേഹം കാണുന്നില്ല. പണ്ടത്തെ കാലമല്ല. ഇപ്പോൾ ഇങ്ങോട്ടു കേറി ആക്രമിക്കാൻ ശക്തിയുള്ള വിരോധികൾകൂടിയുണ്ടല്ലോ.”

“നിങ്ങൾ പറയുന്നതു ശരിയാണു്. എന്നെക്കൊണ്ടാവുന്നതുപോലെ അവിടെ പറഞ്ഞറിയിക്കാൻ നോക്കാം. വൈരാഗ്യം തമ്പുരാനല്ല, നേത്യാരമ്മയ്ക്കാണെന്നത്രേ ആളുകൾ പറയുന്നതു്. അവരെയും കണ്ടു സംസാരിക്കണമെന്നു വിചാരിക്കുന്നുണ്ടു്.”

“നേത്യാരമ്മയെ കാണുന്നതു് അത്യാവശ്യം; അതിനെക്കാൾ കൂടുതലാവശ്യമാണു് അവിടെച്ചേർന്നുനില്ക്കുന്ന നാടുവാഴികളെയും പ്രഭുക്കന്മാരെയും കണ്ടു കാര്യം പറയുന്നതു്. ആട്ടെ, എന്നു പുറപ്പെടും?”

“അതു തീർച്ച പറഞ്ഞുകൂടാ. ഇവിടെ പലതും തീർച്ചയാക്കേണ്ടതുണ്ടു്. ഏതായാലും അധികം താമസിക്കില്ല.”

“കൊച്ചിയിലേയ്ക്കു് ആളെ അയയ്ക്കുന്ന കാര്യവും താമസിക്കരുതു്. ഒരു കാര്യംകൊണ്ടാണെനിക്കു സങ്കടം.”

“അതെന്താണു്?”

“ധർമ്മോത്തുപണിക്കർ ഇവിടെയില്ലാത്തതു പലതുകൊണ്ടും ഒരു ബലക്ഷയംതന്നെയാണു്.”

“അതു തമ്പുരാനറിയാം. പക്ഷേ, തിരിച്ചുവിളിച്ചാൽ ഏറാൾപ്പാടുതമ്പുരാനുമായുള്ള വഴക്കു വർദ്ധിക്കയില്ലേ എന്നാവും പേടി.”

“ഏതായാലും വഴക്കും ലഹളയും ഒഴിച്ചുകൂടെങ്കിൽ, വിശേഷിച്ചും പറങ്കികൾ യുദ്ധത്തിന്നു പുറപ്പെടുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ തിരിച്ചുവിളിക്കാതെ സാധിക്കില്ല.”

ഈ ഘട്ടത്തിൽ മഹാരാജാവു പണിക്കരെ തിരിച്ചുവിളിക്കുമെന്നു് എളയതിന്നു നല്ല വിശ്വാസമില്ല. അതുകൊണ്ടു് അദ്ദേഹം ഇത്രമാത്രമേ മറുപടി പറഞ്ഞുള്ളു: “ആട്ടെ, അതിനു വഴിയുണ്ടാക്കാൻ നോക്കാം.”

കോവിലെഴുന്നള്ളത്തിന്നുള്ള നേരമായതുകൊണ്ടു് അന്നത്തെ ആലോചനകൾ ഇത്രകൊണ്ടവസാനിച്ചു. ഓരോരുത്തനും ദിനകൃത്യങ്ങൾക്കായി പിരിഞ്ഞു പോയി.

നാലാമധ്യായം

സാമൂതിരിയുടെ അംഗരക്ഷകസൈന്യത്തിലെ ഒരു പടനായകനായി വർഷം ചിലതു കഴിഞ്ഞുവെങ്കിലും രാജ്യസംബന്ധമായ കാര്യങ്ങളിൽനിന്നു് ഒഴിഞ്ഞുതന്നേയാണു് ഭാസ്ക്കരപ്പണിക്കർ ജീവിച്ചുവന്നതു്. അതൊക്കെ കാരണവന്മാരുടെ ചുമതലയാണു് എന്നൊരു നിലയേ അദ്ദേഹം കൈക്കൊണ്ടുള്ളു. കൊട്ടരത്തിൽ ജോലിയില്ലാത്ത സമയത്തു സമപ്രായക്കാരായ യുവാക്കളോടുകൂടി നായാട്ടു മുതലായ വിനോദങ്ങളിൽ ഏർപ്പെടുന്നതിന്നു് അദ്ദേഹത്തിന്നുത്സാഹമാണു്. അക്കാലത്തു ദുർല്ലഭമായിമാത്രം നടപ്പിൽ വന്നിരുന്ന തോക്കുമേന്തി വേലക്കാരെക്കൂട്ടി തനിയേ കാട്ടിലേയ്ക്കു പോകുന്നതും അസാധാരണമല്ല. അമ്മാവൻ കോഴിക്കോട്ടായിരുന്ന കാലത്തു് അദ്ദേഹത്തിന്റെ കൂടെ ധർമ്മോത്തുവക മഠത്തിലാണു് പണിക്കർ താമസിച്ചതു്. അമ്മാവൻ ബഹിഷ്കൃതനായതിന്നുശേഷവും ധർമ്മോത്തുവക മഠത്തിൽത്തന്നേയാണു്.

ഏഴുമാസം മുമ്പുണ്ടായ അമ്മാവന്റെ ബഹിഷ്കരണം, മേഘശൂന്യമായ ആകാശത്തുണ്ടായ ഒരിടിവെട്ടുപോലെ, ആകസ്മികമായ ഒരാശ്ചര്യസംഭവമായി പണിക്കർക്കു തോന്നി. കോഴിക്കോട്ടുരാജ്യത്തിലെ സൈന്യാധിപതി, സാമൂതിരിയുടെ ഗുരുസ്ഥാനീയൻ, രാജസദസ്സിലെ പ്രധാനാംഗം, തലേദിവസംവരെ മഹാരാജാവിന്റെ പ്രത്യേകത്തിരുവുള്ളത്തിന്നു പാത്രമായ ഒരു മഹാപ്രഭു—ഇങ്ങനെയെല്ലാമുള്ള ധർമ്മോത്തു കിട്ടുണ്ണി മൂത്ത പണിക്കർ പന്ത്രണ്ടു മണിക്കൂറിന്നകം തിരുമുമ്പിൽനിന്നു ബഹിഷ്കരിക്കപ്പെടുമെന്നു് ആർക്കാണു് വിശ്വസിക്കാൻ കഴിയുക? പക്ഷേ, അങ്ങനെയാണുണ്ടായതു്.

രാജ്യാധികാരം നടത്തുന്ന കേന്ദ്രങ്ങളിൽ അവശ്യമുണ്ടാകുന്ന മത്സരം, അസൂയ, വഞ്ചന, ദ്രോഹം എന്നിവയൊന്നുമറിയുന്നതിന്നു കൗതുകമില്ലാതിരുന്ന ഭാസ്ക്കരപ്പണിക്കർക്കു ഈ സംഭവം സത്യമാണെന്നു വിശ്വസിക്കാൻതന്നേ രണ്ടുമൂന്നു ദിവസം വേണ്ടിവന്നു. ഭാര്യയോടും മക്കളോടുമൊന്നിച്ചു് അമ്മാവൻ പൊന്നാനിയിലുള്ള കളത്തിലേയ്ക്കു താമസം മാറ്റിയപ്പോഴാണു് ഈ ബഹിഷ്കരണം ഗൗരവപ്പെട്ടൊരു കാര്യമാണെന്നു് ആ യുവാവിന്നു മനസ്സിലായതു്.

സൈന്യാധിപത്യം ധർമ്മോത്തു പണിക്കർക്കു പരമ്പരയാ സിദ്ധിച്ച സ്ഥാനവും അധികാരവുമാണു്. അതിൽനിന്നു മൂത്ത പണിക്കരെ മാറ്റുന്നതു് അത്ര എളുപ്പമല്ല. ആയുധവിദ്യയിൽ കുലഗുരുവായ ഒരാളെ തക്ക കാരണമില്ലാതെ മാറ്റാൻ എത്ര പ്രബലനായ സാമൂതിരിയും ഒരുങ്ങുമെന്നു വിചാരിക്കാനും ന്യായം പോരാ. അതുകൊണ്ടാവാം, മൂത്തപണിക്കർ തലസ്ഥാനത്തുനിന്നു മാറിത്താമസിക്കുന്ന കാലമത്രയും ഉദ്യോഗസംബന്ധമായ കാര്യങ്ങളും കോഴിക്കോട്ടെ കൊത്തുവാലും (നഗരസൈന്യനായകത്വം) മങ്ങാട്ടച്ചൻ ചെയ്തുകൊള്ളണമെന്നായിരുന്നു കല്പന. അതനുസരിച്ചു താമസിയാതെ ഭാസ്കരപ്പണിക്കർ മങ്ങാട്ടച്ചന്റെ മുമ്പിൽ ഹാജരായി. അച്ചൻ അദ്ദേഹത്തെ പ്രത്യേകം വിളിച്ചു വാത്സല്യപൂർവ്വം പലതും പറഞ്ഞ കൂട്ടത്തിൽ, അമ്മാവനെക്കുറിച്ചു വിചാരപ്പെടേണ്ട കാര്യമൊന്നുമില്ലെന്നു പറഞ്ഞാശ്വസിപ്പിച്ചാണു് തിരികേ അയച്ചതു്. തമ്പുരാൻ ഭാസ്കരപ്പണിക്കരോടു യാതൊരു തിരുവുള്ളക്കേടും കാട്ടിയിരുന്നില്ല; എന്നല്ല, തിരുമുമ്പിൽ അകമ്പടിസേവിക്കുമ്പോൾ അകാരണമായി സ്നേഹഭാവം കാട്ടിയിരുന്നുതാനും.

അമ്മാവന്റെ ബഹിഷ്കരണത്തിനു കാരണമെന്തെന്നു ഭാസ്കരപ്പണിക്കർ ക്രമേണ അന്വേഷിച്ചു മനസ്സിലാക്കി. ഇപ്പോൾ ഏറാൾപ്പാടുസ്ഥാനം വഹിക്കുന്ന തമ്പുരാനും കിട്ടുണ്ണിപ്പണിക്കരും ബാല്യകാലംതൊട്ടേ ആത്മസ്നേഹിതരായിരുന്നു. കളിയിലും കളരിയിലും അവർ ഒറ്റക്കെട്ടായിരുന്നുവത്രേ. പിന്നീടു പണിക്കർ കോഴിക്കോട്ടു വലിയ സ്ഥിതിയും പ്രതാപവുമില്ലാത്ത ഒരു വീട്ടിൽ—ചെറുപ്പക്കാലത്തുതന്നേ കുടുംബത്തിൽ മൂപ്പുകിട്ടിയതിൽനിന്നു ജനിച്ച അവിവേകത്താലാണെന്നായിരുന്നു പരക്കേ അഭിപ്രായം—സംബന്ധം തുടങ്ങി. സൗന്ദര്യം, സൗശീല്യം, വിനയം എന്നിവകൊണ്ടു പണിക്കർക്കു ചേർന്നവളാണു് ഭാര്യ. എന്നാൽ അവർക്കു് അക്ഷരജ്ഞാനമില്ല. പണിക്കരുടെ ഭാര്യയുടെ ചിറ്റമ്മയുടെ മകളെ—പണിക്കരുടെ ശുപാർശപ്രകാരമാണെന്നു് ആളുകൾ പറഞ്ഞിരുന്നു—കുട്ടിയേട്ടൻ എന്നറിയപ്പെട്ട കൊച്ചുതമ്പുരാനും നേത്യാരമ്മയായി സ്വീകരിച്ചു. പണിക്കരും തമ്പുരാനും തമ്മിലുള്ള സൗഹാർദ്ദം ഈ ബന്ധംകൊണ്ടു ദൃഢതരമായി എന്നാണു് ആളുകൾ വിചാരിച്ചതു്. എന്നാൽ വാസ്തവത്തിൽ സംഭവിച്ചതു് അങ്ങനെയല്ല. കുഞ്ഞിക്കാവു് എന്നു പേരായ—കാവൂട്ടി എന്നാണു് വിളിച്ചിരുന്നതു്. നേത്യാരമ്മയുടെ സ്വഭാവം തന്റെ സ്ഥാനപ്പകർച്ചയോടുകൂടി മാറിയാണു് കണ്ടുവന്നതു്. ജ്യേഷ്ഠത്തിയോടുണ്ടായിരുന്ന കുശുമ്പും അസൂയയും കെട്ടിലമ്മയുടെ സ്വഭാവത്തെ മലിനമാക്കി. ചെറുപ്പത്തിൽത്തന്നേ കുടുംബത്തിൽ മൂപ്പുകിട്ടിയിരുന്നതിനാൽ പണിക്കർക്കു ഭാര്യയെ അവരുടെ ആഗ്രഹമനുസരിച്ചു പുലർത്തുന്നതിന്നോ വേണ്ടതിൽക്കവിഞ്ഞ വസ്ത്രാഭരണാദികൾ നല്കി തന്റെ സ്നേഹത്തെ പ്രദർശിപ്പിക്കുന്നതിന്നോ വൈഷമ്യമുണ്ടായില്ല. സ്ഥാനത്തെത്തിയിട്ടില്ലാത്ത ഒരിളമുറക്കാരൻതമ്പുരാന്നു കിട്ടുന്നതിലെത്രയോ കൂടുതൽ ആദായമാണു് ധർമ്മോത്തുമൂത്തപണിക്കർക്കു കിട്ടിയിരുന്നതു്. കൂടാതെ, കുട്ടിയേട്ടൻതമ്പുരാന്നെങ്കിൽ, ഒരു ധാരാളിയും ധൂർത്തനുമായിരുന്നതിനാൽ, കിട്ടുന്ന പണംതന്നേ ഒരു കാലത്തും മതിയായിരുന്നുമില്ല. ഈ അവസ്ഥാഭേദം ആ സഹോദരിമാരെ അന്യോന്യമകറ്റിക്കളഞ്ഞു. അവർ തമ്മിൽ വഴക്കായി. പണിക്കരുടെ ഭാര്യ ഉണ്ണിയമ്മ ചെയ്യുന്നതൊന്നും നേത്യാരമ്മയ്ക്കു പിടിക്കില്ല എന്ന നിലയായി. ജ്യേഷ്ഠത്തി തന്റെ പദവിയെ ശരിയായി വകവെച്ചുതരാഞ്ഞതു പണിക്കരുടെ ഉപദേശംകൊണ്ടാണെന്നായിരുന്നു നേത്യാരമ്മയുടെ വിചാരം. അതുകൊണ്ടു ജ്യേഷ്ഠത്തിയേയും പണിക്കരെയും തമ്മിൽ പിണക്കാനായി അവരുടെ ആദ്യത്തെ ശ്രമം. വേണമെങ്കിൽ പണിക്കരെയും വശത്താക്കാമെന്നുള്ള സൗന്ദര്യമദം ആ സ്ത്രീക്കുണ്ടു്. രഘുവംശം രണ്ടാംസർഗ്ഗംവരെ പഠിച്ച അവർക്കു് അനക്ഷരകുക്ഷിയായ ജ്യേഷ്ഠത്തിയെ പണ്ടേ പുച്ഛമാണു്. അന്നത്തെ ശിഥിലമായ സാമൂഹ്യമര്യാദകൾ നേത്യാരമ്മയുടെ ഈ പ്രയത്നത്തിനു ബാധകമായിത്തീർന്നില്ല. പക്ഷേ, ആ വിദ്യ പണിക്കരിൽ ഫലിച്ചില്ലെന്നുമാത്രം. സവിശേഷമൊരു സദാചാരനിഷ്ഠകൊണ്ടാണെന്നു വിചാരിക്കാൻ കാരണമില്ല. തമ്പുരാനോടുള്ള സ്നേഹാദരംകൊണ്ടാണു് പണിക്കർ ഈ പ്രയോഗമൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ നിന്നുകളഞ്ഞതു്. പക്ഷേ, അതുകൊണ്ടു നേത്യാരമ്മയുടെ കോപം മുഴുക്കുകയാണുണ്ടായതു്.

സ്ത്രീകൾതമ്മിലുണ്ടായ ഈ വൈരം ക്രമേണ പുരുഷന്മാരിലേയ്ക്കും പകർന്നു. ഉത്തമസുഹൃത്തുക്കളായ തമ്പുരാനും പണിക്കരും ബദ്ധവൈരികളായി. മൂന്നാൾപ്പാടുസ്ഥാനത്തു പ്രവേശിച്ചതുമുതൽ തമ്പുരാൻ സൈന്യസംബന്ധമായി പണിക്കർ ചെയ്തുവരുന്ന സംഗതികളെ എതിർത്തുതുടങ്ങി. പറങ്കികൾ നാട്ടിൽ വന്നപ്പോൾ അവരുമായി സഖ്യംചെയ്തു്, കോഴിക്കോട്ടു വ്യാപാരമുറപ്പിച്ചിരുന്ന മുസ്സൽമാന്മാരെ ബഹിഷ്കരിക്കണമെന്ന അഭിപ്രായമാണു് അദ്ദേഹം പുറപ്പെടുവിച്ചതു്. കൊച്ചിയുമായുണ്ടായ യുദ്ധത്തിലെ വിജയംമൂലം ആ അഭിപ്രായം സാമാന്യമായി ബഹുമാനിക്കപ്പെട്ടില്ല. എങ്കിലും ഇടവിടാതെ ഉണ്ടായ കപ്പൽച്ചേതവും തീരപ്രദേശങ്ങളിൽ പറങ്കികൾ നടത്തിവന്ന അക്രമങ്ങളും കാലക്രമേണ ഈ അഭിപ്രായത്തിന്നു് ഏതാണ്ടൊരു ബലം നല്കുകയുണ്ടായി. പറങ്കികളുമായി സന്ധിയാണു് വേണ്ടതെന്നു പ്രമാണികളിൽ ചിലർക്കുണ്ടായ അഭിപ്രായത്തിന്നു ബദ്ധവിരോധികളായിരുന്നു മഹാരാജാവും രാജസദസ്സും. ഇക്കാര്യത്തിൽ പണിക്കർ മൂത്തതമ്പുരാന്റെ നിഴലായിട്ടാണു് വർത്തിച്ചതു്.

പണിക്കരും പ്രമാണികളായ മുസ്സൽമാൻവ്യാപാരികളും, വിശേഷിച്ചു് അവരുടെ നായകനായ കുഞ്ഞമ്മതുമരയ്ക്കാരും, തമ്മിലുള്ള ചിരകാലസ്നേഹം പരക്കേ അറിയാം. മരയ്ക്കാർ വളരെ പണം കൊടുത്തു പണിക്കരെ വശപ്പെടുത്തിവെച്ചിരിക്കയാണെന്നും അതുകൊണ്ടാണു് പറങ്കികളുമായി സന്ധിചെയ്യുന്നതിൽ അദ്ദേഹം ഇത്ര എതിർപ്പു കാണിക്കുന്നതെന്നും ഒരു ശ്രുതി മൂന്നാൾപ്പാടു പറഞ്ഞുപരത്തി. അതിന്നു കുറച്ചൊക്കെ പ്രചാരം സിദ്ധിക്കയുമുണ്ടായി. പത്തുകൊല്ലമായി നടന്നുവന്ന യുദ്ധം ജനങ്ങളെ മുഷിപ്പിച്ചിരുന്നു.

അക്കാലത്താണു് കുട്ടിയേട്ടൻതമ്പുരാന്നു് ഏറാൾപ്പാടുസ്ഥാനം ലഭിച്ചതു്. അതോടുകൂടി ഏറനാടുമുപ്പതിനായിരം എന്നറിയപ്പെട്ട സുശക്തസേനാവിഭാഗത്തിന്റെ മേലധികാരം തനിക്കു ലഭിച്ചതായി അദ്ദേഹം ഗണിച്ചു. ഏറനാടുമുപ്പതിനായിരം ഏറാൾപ്പാടിന്റെ നായകത്വത്തിൻകീഴിലുള്ളതാണെങ്കിലും സൈനികമായി അതിന്മേലുള്ള അധികാരങ്ങൾ വളരെക്കാലമായി മഹാരാജാവിന്നും സൈന്യാധിപന്നുമായിരുന്നു എന്നതു നിസ്തർക്കമാണു്. സ്ഥാനം കിട്ടിയപ്പോൾ കുട്ടിയേട്ടൻതമ്പുരാൻ ഏറാൾപ്പാടിന്റെ ആസ്ഥാനമായ കരിമ്പുഴ എന്ന സ്ഥലത്തേയ്ക്കു താമസം മാറ്റി. എന്നല്ല, അവിടെയുള്ള സൈന്യത്തിന്റെ മേലധികാരം കൈയേറി ഏറ്റെടുത്തുതാനും.

ഇതു മഹാരാജാവിന്നു വലിയ സങ്കടമുണ്ടാക്കി. എങ്കിലും ഇതിനെ ഒരു രാജദ്രോഹമായി ഗണിച്ചു് ഏറാൾപ്പാടിന്റെ നേരെ പുറപ്പെടാൻ അദ്ദേഹം തൽക്കാലമൊരുങ്ങിയില്ല. പണിക്കരും അങ്ങനെ വേണമെന്നുപദേശിച്ചില്ല. എന്നാൽ അധികം താമസിയാതെ നവരാത്രിമഹോത്സവം പ്രമാണിച്ചു് ഏറാൾപ്പാടു കോഴിക്കോട്ടു വന്ന അവസരത്തിൽ പണിക്കർ അദ്ദേഹത്തോടിക്കാര്യത്തെപ്പറ്റി സംസാരിക്കയുണ്ടായത്രേ. സംസാരം വാഗ്വാദമായി മാറിയെന്നും പഴയ കുടുംബകലഹങ്ങളും രാജകലഹങ്ങളുമെല്ലാം ഒന്നിച്ചുചേർന്നു് അപമര്യാദമായി അന്യോന്യം പറഞ്ഞുവെന്നും ഒടുവിൽ രണ്ടാളും വാളെടുക്കുക എന്നിടത്തോളമെത്തിയെന്നുമാണു് ജനസംസാരം. പലർ കാണ്കേ പരസ്യമായി ഈ കലഹമുണ്ടായതു് ഏതാണ്ടീവിധമായിരുന്നുവത്രേ: നവരാത്രിപൂജയ്ക്കു ശേഷമുള്ള ആഘോഷങ്ങളും സാമൂതിരിപ്പാടിന്റെ സദസ്സും കഴിഞ്ഞാൽ പ്രഭുക്കന്മാരും രാജസേവകന്മാരും ഏറാൾപ്പാട്ടിലെ മുഖംകാണിച്ചു വന്ദിക്കുക എന്നൊരു പതിവുണ്ടു്. കുട്ടിയേട്ടൻതമ്പുരാന്നു് ഏറാൾപ്പാടുസ്ഥാനം കിട്ടിയ ആണ്ടിൽ പണിക്കർ മുഖം കാണിക്കാൻ ചെന്നതു കുറെ താമസിച്ചാണു്. അതു പണിക്കരുടെ കുറ്റമല്ലായിരുന്നുതാനും. സാമൂതിരിപ്പാടിന്റെ സന്നിധാനത്തിൽനിന്നു പോരുവാൻ കാലവിളംബം നേരിട്ടു. പക്ഷേ, ഏറാൾപ്പാടു ധരിച്ചതു തന്നോടുള്ള ധിക്കാരംകൊണ്ടാണു് ഇങ്ങനെ താമസിച്ചു വന്നതു് എന്നാണു്. അതിനാൽ പണിക്കർ മുഖംകാണിക്കാൻ വന്നിട്ടുണ്ടെന്നറിഞ്ഞിട്ടും ഏറാൾപ്പാടു് അദ്ദേഹത്തെ കുറേ നേരത്തേയ്ക്കു പുറത്തു നിർത്തിയതേ ഉള്ളു; എന്നല്ല, അകത്തേയ്ക്കു വിളിച്ചശേഷം പണിക്കർ കാഴ്ചയായി മുമ്പിൽ വെച്ച വരാഹൻ കണ്ടതായിട്ടേ നടിച്ചതുമില്ല. ഈ അവഗണന പണിക്കരെ അരിശംകൊള്ളിച്ചു എങ്കിലും മുഖത്തു യാതൊരു സ്തോഭഭേദവും കാണിക്കാതെ അദ്ദേഹം ആചാരപ്രകാരം ഒതുങ്ങിനിന്നതേ ഉള്ളു. ഒടുവിൽ നിന്ദാഗർഭമായ ഒരു പുഞ്ചിരിയോടുകൂടി ഏറാൾപ്പാടു പറഞ്ഞു: “സാമൂതിരിപ്പാട്ടിലെ മുഖംകാണിച്ചുകഴിഞ്ഞിട്ടു നേരം കുറച്ചായല്ലോ. അതു കഴിഞ്ഞു കടല്പുറത്തേയ്ക്കോ മറ്റോ പോയിരിക്കും, അല്ലേ?”

ഇതിലെ സൂചന പണിക്കർക്കു മനസ്സിലാവായ്കയില്ല. എങ്കിലും പിന്നെയും സ്വയം നിയന്ത്രിച്ചു് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “ഇപ്പോൾ അടിയനു കടല്പുറത്തു പോകേണ്ട കാര്യമൊന്നുമില്ലല്ലോ. വലിയ തമ്പുരാൻ കോവിലകത്തു മുഖം കാണിച്ചുകഴിഞ്ഞാൽ തിരുമുമ്പിൽ വരണം. പിന്നെ, ഇപ്പോഴത്തെ കടല്ക്കാറ്റു് അടിയങ്ങൾക്കല്ലല്ലോ അനുകൂലം.”

പണിക്കർ പറഞ്ഞതിലേ സൂചന ഏറാൾപ്പാടിനു കുറിക്കു കൊണ്ടു എന്നു തോന്നുന്നു. അദ്ദേഹം ഇരുന്നേടത്തുനിന്നു് ഒന്നിളകിയിരുന്നു. അങ്ങനെ വിട്ടുകൊടുക്കുന്ന കൂട്ടത്തിലല്ല ഏറാൾപ്പാടു്. അദ്ദേഹം ഒന്നുകൂടി തുറന്നടിക്കാൻ തീരുമാനിച്ചു: “അങ്ങനെയല്ല എന്റെ ധാരണ. സാമൂതിരിയോടുള്ളതു കഴിഞ്ഞാൽ പിന്നെ പണിക്കരുടെ ബന്ധം കടല്പുറത്തുള്ള ചിലരോടാണെന്നാണു് കേട്ടിട്ടുള്ളതു്. അപ്പോൾ, അവിടെയും മുഖംകാണിച്ചുകഴിഞ്ഞിട്ടാവും ഇങ്ങോട്ടു പോന്നതെന്നു ഞാൻ വിചാരിച്ചു.”

പണിക്കരുടെ മുഖം ചുവന്നു. കണ്ണുകൾ തീപ്പൊരി തൂകുന്നതുപോലെ കാണപ്പെട്ടു. ഉള്ളിൽ തിങ്ങിപ്പൊങ്ങുന്ന കോപാഗ്നിയെ അടക്കിക്കൊണ്ടെന്നപോലെ, അല്പനേരം ഒന്നും പറയാതെ അദ്ദേഹം നിന്നു. സാമൂതിരിവംശത്തോടു തനിക്കുള്ള കൂറിനെ സംശയിച്ചു പറഞ്ഞതു മറ്റൊരാളായിരുന്നെങ്കിൽ കാട്ടിക്കൊടുത്തേനേ എന്നൊരു ഭാവമാണു് ആ മൗനത്തിലും നില്പിലും തുളുമ്പിക്കണ്ടതു്. അദ്ദേഹം പറഞ്ഞു: “കല്പിച്ചതിന്റെ അർത്ഥം മനസ്സിലാകായ്കയില്ല. എനിക്കു മുഹമ്മദീയരോടു സ്നേഹമുണ്ടെന്നല്ലേ അവിടന്നു സൂചിപ്പിച്ചതു്? ശരിയാണു്, എനിക്കവരോടു സ്നേഹമുണ്ടു്. എന്തെന്നാൽ അവർ ഈ രാജ്യത്തോടു് സ്നേഹമുള്ളവരാണു്. എന്നാൽ ഞാനറിയും ചിലരെ. അവർക്കീ രാജ്യത്തിന്റെയും സ്വരൂപത്തിന്റെയും വിരോധികളായ പറങ്കികളോടാണു് സ്നേഹവും കൂട്ടുകെട്ടും. അവരോടെനിക്കു്—”

പണിക്കർ പറഞ്ഞു മുഴുപ്പിക്കുന്നതിനുമുമ്പു് ഏറാൾപ്പാടു് ഇരുന്നിടത്തുനിന്നു ചാടിയെഴുന്നേറ്റു. അദ്ദേഹം ഗർജ്ജിച്ചു: “എന്തെടാ പറഞ്ഞതു്? ആരോടാണു് പറയുന്നതെന്നറിയാമോ? ആ പറഞ്ഞ നാക്കു ഞാനരിഞ്ഞുകളയും!”

അദ്ദേഹം അടുത്തിരുന്ന വാൾ ഉറയിൽനിന്നൂരാൻ തുടങ്ങി. അതു കണ്ടു പണിക്കരും തന്റെ അരയിൽ കെട്ടിയ വാളിന്റെ പിടിമേൽ കൈ വെച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: “അങ്ങനെതന്നേയാണു് വേണ്ടതു്. പഠിപ്പിച്ചതിന്റെ ഗുരുദക്ഷിണ!”

പണിക്കരുടെ വാക്കു കേട്ടു് ഏറാൾപ്പാടു് ഒന്നു ഞെട്ടി. താൻ ഗുരുഹത്യയ്ക്കാണൊരുമ്പെട്ടതെന്നൊരു വിചാരം അദ്ദേഹത്തെ തടഞ്ഞു. ങ്ഹാ എന്നലറിക്കൊണ്ടു് അദ്ദേഹം പിന്നെയും ആസനത്തിലിരുന്നു. കുറച്ചു നേരത്തിന്നു് ആരുമാരും ഒന്നും മിണ്ടിയില്ല. അല്പം കടന്നുപോയി എന്നു രണ്ടാൾക്കും തോന്നിയിരിക്കണം. ഏതായാലും ഒടുവിൽ ഏറാൾപ്പാടു് ഇങ്ങനെ പറഞ്ഞുകൊണ്ടു് അവിടെനിന്നിറങ്ങിപ്പോയി: “ശരി, പണിക്കരെ ശിക്ഷിക്കേണ്ടതു ഞാനല്ല. ഏറാൾപ്പാടിന്റെ മുമ്പിൽ വാളൂരാൻ തുടങ്ങിയതു് ഒരപരാധമായി സാമൂതിരിപ്പാടു ഗണിക്കാതിരിക്കുമോ എന്നു ഞാനൊന്നു കാണട്ടെ!”

അങ്ങനെ സംഗതി സാമൂതിരിപ്പാടിന്റെ സന്നിധിയിലെത്തി. ഏറാൾപ്പാടു കാര്യം ധരിപ്പിച്ചു. പണിക്കരെ ഉദ്യോഗത്തിൽനിന്നു മാറ്റി നാടുകടത്തണമെന്നാവശ്യപ്പെട്ടു. വാസ്തവത്തിൽ ഈ വഴക്കിലെ ന്യായാന്യായങ്ങൾ തീർച്ചപ്പെടുത്താൻ സാമൂതിരിപ്പാടു വളരെ വിഷമിച്ചു. ഒരാൾ ചെയ്തതു രാജകുടുംബത്തോടുള്ള നിന്ദയാണു്; മറ്റേ ആൾ ചെയ്തതോ, ഗുരുനിന്ദയും അന്യോന്യം ഖഡ്ഗംപ്രയോഗം ചെയ്യാതെ പിൻവാങ്ങിയെങ്കിലും രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടു് എന്നതിൽ തർക്കമില്ല. ഏറാൾപ്പാടിനെ എതിർക്കുന്നതു് എക്കാലത്തും വലിയൊരപരാധംതന്നേയാണു്; അദ്ദേഹത്തിന്റെ മുമ്പിൽ വാളൂരുന്നതോ, രാജദ്രോഹവും. ഈ നിലയിൽ ഏറാൾപ്പാടിന്റെ ആവശ്യം പലർക്കും ന്യായമായി തോന്നിയതിൽ അത്ഭുതമില്ല. എന്നിട്ടും മാധ്യസ്ഥ്യം പറയാനാണു് മഹാരാജാവാദ്യം ആലോചിച്ചതു്. എന്നാൽ ഇതു രണ്ടാളുകൾതമ്മിലുള്ള വഴക്കിൽക്കവിഞ്ഞു രണ്ടു നയങ്ങൾ തമ്മിലുള്ള മത്സരംകൂടിയാണു് എന്നു വന്നപ്പോൾ സാമൂതിരിപ്പാടു് ഒന്നു കുഴങ്ങിപ്പോയി. ഒടുവിൽ ഏറാൾപ്പാടിന്റെ നിർബ്ബന്ധത്തിന്നു കീഴടങ്ങി ഒരനിശ്ചിതകാലത്തേയ്ക്കു പണിക്കരെ രാജധാനിയിൽനിന്നു ബഹിഷ്കരിക്കാമെന്നു് അദ്ദേഹത്തിന്നു സമ്മതിക്കേണ്ടിവന്നു.

ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ തിരുമുമ്പിൽ വന്നുപോകരുതെന്നായിരുന്നു കല്പന. പണിക്കരുടെ സ്ഥാനങ്ങൾക്കോ സ്ഥിതിക്കോ അവകാശങ്ങൾക്കോ ഒരു കുറവും വരുത്തിയില്ലതാനും. ഇതുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു, ഏറാൾപ്പാടിന്നു തൽക്കാലം.

കല്പന കിട്ടിയ അന്നുതന്നേ, മഹാരാജാവിനെ മുഖംകാണിച്ചു വിടവാങ്ങി പണിക്കർ കോഴിക്കോട്ടു വിട്ടു. അക്കാലത്തു ധർമ്മോത്തു പണിക്കർക്കു മിക്ക താലൂക്കിലും വസ്തുവകകളും മാളികകളും ക്ഷേത്രങ്ങളുമുണ്ടായിരുന്നുവെങ്കിലും താരതമ്യേന താമസസൗകര്യം കുറവായ പൊന്നാനിക്കുളത്തിലേയ്ക്കു പണിക്കർ മാറിപ്പാർത്തതിന്നു ചില സവിശേഷകാരണങ്ങൾ ഇല്ലാതിരുന്നില്ല. പൊന്നാനിപ്പുഴ കടലിൽ ചെന്നുചേരുന്നിടത്തുനിന്നു് അധികം ദൂരത്തല്ലാത്തൊരു സ്ഥലത്താണു് പണിക്കരുടെ കളം. അതിനോടു തൊട്ടു കടൽമുനമ്പത്തായി കുഞ്ഞാലിമരയ്ക്കാർ ഈയിടെ ചെറിയൊരു താവളമിട്ടിട്ടുണ്ടു്. അടുത്തുള്ള തിരൂർ അധിവാസമാക്കിയ വെട്ടത്തുരാജാവിന്റെ ചെയ്തികളിലും കണ്ണുവെയ്ക്കേണ്ടതുണ്ടു്. എല്ലാറ്റിന്നും പുറമേ, പറങ്കികൾ പൊന്നാനിപ്പുഴവക്കിൽ വന്നു പല അക്രമങ്ങളും ചെയ്തിരുന്നതിനാലും ഗതാഗതത്തെ മുടക്കിയിരുന്നതിനാലും അവിടത്തെ ജനങ്ങൾക്കു തന്റെ സാന്നിധ്യം ഒരു രക്ഷയാവുമെന്നും പണിക്കർ കരുതി.

പണിക്കർ പൊന്നാനിയിൽ താമസമാക്കിയതിൽപ്പിന്നെ തെക്കുനിന്നും വടക്കുനിന്നും പ്രമാണികളായ ചിലർ എപ്പോഴും വന്നും പോയുമിരുന്നു. കുഞ്ഞാലിമരയ്ക്കാർ അവിടെയില്ലാത്തപ്പോൾ അയാളുടെ പ്രതിനിധിയെങ്കിലും ദിവസേന വന്നു കാണാതിരിക്കില്ല. വെട്ടത്തു രാജാവിന്റെ കാര്യസ്ഥനും, സ്ഥിതിഗതികളന്വേഷിക്കാനെന്ന മട്ടിൽ, വല്ലപ്പോഴുമൊക്കെ അവിടെ വരും. കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും വരുന്ന ആളുകൾക്കു മുടക്കമേ ഇല്ലായിരുന്നു.

പണിക്കർ താമസമാക്കിയതോടെ ആ സ്ഥലത്തിന്റെ രൂപംതന്നെ മാറി എന്നു പറയാം. ഒരു മഹാപ്രഭുവിന്റെ സ്ഥിതിക്കും സ്ഥാനത്തിന്നും അത്യാവശ്യമായ ചില കെട്ടിടങ്ങൾ പണ്ടേ പണിതിരുന്നു. തുല്യസ്ഥാനികരായ അതിഥികളെ സ്വീകരിച്ചു സൽക്കരിക്കുന്നതിന്നു് ഒരു മാളികയും പൂമുഖവും ബ്രാഹ്മണർക്കു വന്നാൽ വെയ്ക്കുന്നതിന്നും താമസിക്കുന്നതിന്നുമുള്ള ഒരു മഠവും വേഗത്തിൽ പുതുതായി പണിതുണ്ടാക്കി.

കോഴിക്കോട്ടുനിന്നു പോന്നപ്പോൾ പ്രാണപ്രേയസിയേ പണിക്കരെ അനുഗമിച്ചുള്ളു. ആ ദമ്പതികൾക്കു പെൺകുട്ടികളില്ലായിരുന്നു. അതിലവർക്കു വലിയ സങ്കടമുണ്ടെങ്കിലും ഇത്തരമൊരവസരത്തിൽ അതൊരുപകാരവുമാണു്. രണ്ടാൺകുട്ടികളുള്ളതിൽ മൂത്തവൻ കേളു പട്ടാളത്തിലും ഇളയവൻ ചന്തു കളരിയിലുമാണു്. അതിനാൽ അച്ഛനമ്മമാരുടെ കൂടെപ്പോരാൻ അവർക്കും സാധിക്കാതെവന്നു.

പൊന്നാനിയിൽ താമസത്തിന്നു വേണ്ട എല്ലാ സൗകര്യങ്ങളും വരുത്തി. പണിക്കർ അധികകാലവും അവിടെത്തന്നെയാണു് കഴിച്ചുകൂട്ടിയതു്. എങ്കിലും ഇടയ്ക്കിടെ അടുത്തുള്ള പ്രദേശങ്ങളിൽ ധർമ്മോത്തുകാരുടെ വക വസ്തുക്കളിലും ഗൃഹങ്ങളിലുംപോയി ഒന്നുരണ്ടു ദിവസം പാർക്കുക ഒരു പതിവാണു്. ആ അവസരങ്ങളിൽ സമീപസ്ഥരായ പ്രഭുക്കളുമായി സംഗതികൾ നിരൂപണംചെയ്ക, പ്രധാനസ്ഥലങ്ങളിൽ പാളയമടിച്ചു പാർക്കുന്ന പട്ടാളസംഘങ്ങളെ പരിശോധിക്കുക, അവയുടെ നായകന്മാരുടെ വിഷമതകളെ കണ്ടുപിടിച്ചു പരിഹാരമുണ്ടാക്കുക—ഇങ്ങനെയുള്ള കാര്യങ്ങളിൽ പണിക്കർ നിഷ്കർഷിച്ചുപോന്നു.

പൊന്നാനിയിൽ താമസമാക്കിയശേഷം ഒരു കാര്യത്തിലാണു് പണിക്കർ വിശേഷിച്ചു ശ്രദ്ധ പതിച്ചതു്; തന്റെ താമസസ്ഥലവും കോഴിക്കോടും തമ്മിലുള്ള ഗതാഗതം ശരിപ്പെടുത്താൻ, ഒരു സേനാനായകന്റെ കണ്ണോടുകൂടി, വേണ്ട ഏർപ്പാടുകൾ ചെയ്തു. ആറുകളും തോടുകളും ധാരാളമുള്ള കേരളത്തിൽ കുതിരയ്ക്കോ മറ്റു വാഹനങ്ങൾക്കോ തടസ്സമില്ലാതെ പോകാൻ വേണ്ട സൗകര്യമില്ലെന്നു പണ്ടേ പ്രസിദ്ധമാണല്ലോ. കടത്തുസ്ഥലങ്ങളിൽ സ്വന്തമായ വഞ്ചികൾ, പതിപ്പത്തു മൈലകലെയായി ഇട്ടിട്ടുള്ള താവളങ്ങളിൽ മഞ്ചൽ ചുമക്കാനുള്ള പോണ്ടന്മാർ, തറവാട്ടുകളങ്ങളിൽ ഇടയ്ക്കിടെ രാത്രി താമസിക്കാനുള്ള ഏർപ്പാടുകൾ—ഇവയെല്ലാം സൈനികമുറയനുസരിച്ചു് അദ്ദേഹം ഏർപ്പെടുത്തി.

ഈ ഏർപ്പാടുകളെല്ലാം എത്രമാത്രം നിഷ്കർഷയോടുകൂടിയാണു് നിർവ്വഹിക്കപ്പെട്ടിട്ടുള്ളതെന്നു ഭാസ്ക്കരപ്പണിക്കർക്കറിയാൻ അവസരം കിട്ടി. മരയ്കാരുടെ സന്ദേശവുമായി അമ്മാവനെ പോയിക്കാണാൻ അനുവാദം ചോദിക്കാനായി ഭാസ്ക്കരപ്പണിക്കർ തിരുമുമ്പിൽ ഹാജരായപ്പോൾ മഹാരാജാവു് സസന്തോഷം കല്പന നല്കി എന്നുമാത്രമല്ല, സ്വന്തമായ ഒരു സന്ദേശം ഏല്പിച്ചുകൊടുക്കുകയുമുണ്ടായി: “അമ്മാവനോടു് ഇത്രമാത്രം പറഞ്ഞാൽ മതി: “അറിയിച്ച കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ടു്.” ഇതു് എന്റെ വാക്കായി പറയുകയും വേണം.”

മഞ്ചലിലാണു് ഭാസ്ക്കരപ്പണിക്കർ യാത്ര പുറപ്പെട്ടതു്. തണ്ടെടുക്കുന്ന പോണ്ടന്മാരല്ലാതെ അനുചരന്മാരായി വേറെ ആരുമുണ്ടായിരുന്നില്ല. വാളും പരിചയും ഒരു തോക്കും കൈയിൽ കരുതിയിട്ടുണ്ടു്. രാവിലെ കോഴിക്കോട്ടുനിന്നു പുറപ്പെട്ടതിന്നുശേഷം വഴിയ്ക്കൊരിടത്തും ഒട്ടും താമസം നേരിട്ടില്ല. എവിടെയെല്ലാം മഞ്ചൽ നിർത്തേണ്ടിവന്നുവോ, അവിടെയെല്ലാം പുതിയ പോണ്ടന്മാർ തയ്യാറുണ്ടായിരുന്നു; അതുപോലെതന്നെ ഓരോ താവളത്തിലും ധർമ്മോത്തുമഠത്തിലോ ബന്ധുഗൃഹത്തിലോ ഊണിന്നുള്ള ഏർപ്പാടുകളുമുണ്ടായിരുന്നു. അതിനാൽ പിറ്റേന്നാളുച്ചതിരിഞ്ഞതോടുകൂടി ഭാസ്ക്കരപ്പണിക്കർക്കു പൊന്നാനിക്കുളത്തിലെത്താൻ കഴിഞ്ഞു.

ഭാസ്ക്കരപ്പണിക്കർ വരുന്ന വിവരം അമ്മാവനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. മൂത്തപണിക്കർ ഉച്ചയൂണു കഴിഞ്ഞു മുറുക്കിക്കൊണ്ടു്, തലേന്നു രാത്രി അവിടെയെത്തിയ ഒരു നമ്പൂതിരിയുമായി, ചതുരംഗംവെയ്ക്കുകയാണു്. വെറ്റിലയിൽ നൂറുതേയ്ക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ കണ്ണും കരളും ചതുരംഗക്കരുക്കളിലാണു്. അങ്ങനെ കളിയിൽ മുഴുകിയിരിക്കുമ്പോഴാണു് മരുമകൻ പടിപ്പുരയ്ക്കൽ എത്തിയിരിക്കുന്നുവെന്നു് ആൾ വന്നറിയിച്ചതു്. മൂത്തപണിക്കരുടെ മുഖത്തു് ഒരു ഭാവഭേദവും കണ്ടില്ല; നേരെമറിച്ചു നമ്പൂതിരിയുടെ മുഖത്തു് എന്തോ ഔത്സുക്യം വിടർന്നുകാണുകയുമുണ്ടായി.

ഭാസ്ക്കരപ്പണിക്കർ പടിപ്പുരയ്ക്കു പുറത്തു മഞ്ചലിറങ്ങി നടന്നു മുറ്റത്തു പ്രവേശിച്ചു്, അമ്മാവനെക്കാണാനായി നേരെ മാളികയുടെ പൂമുഖത്തേയ്ക്കു ചെന്നു. മരുമകൻ വരുന്നതു കണ്ടപ്പോൾ ചതുരംഗം നിർത്തി അയാൾക്കഭിമുഖമായി ഇരുന്നതല്ലാതെ സ്വാഗതമായി മൂത്തപണിക്കർ ഒന്നും പറഞ്ഞില്ല. മരുമകനാകട്ടെ, താണു തൊഴുതു അകന്നൊതുങ്ങി നിന്നു. സ്വല്പമൊന്നാലോചിച്ചശേഷം മൂത്തപണിക്കർ ചോദിച്ചു: “എപ്പോഴാണു് പുറപ്പെട്ടതു് ?”

“ഇന്നലെ രാവിലെ.”

“എന്നാൽ പോയി കുളിച്ചൂണു കഴിക്കൂ. എന്നിട്ടാവാം.”

ഇന്നലെ രാവിലെ പുറപ്പെട്ടു് ഇന്നുച്ചക്കു് പൊന്നാനിയിലെത്തിയതാണെങ്കിൽ വന്ന കാര്യം അടിയന്തരവും രഹസ്യവുമാവണമെന്നു മൂത്തപണിക്കർ അനുമാനിച്ചു. അതുകൊണ്ടു പിന്നീടു തനിയെ ഇരിക്കുമ്പോൾ പറഞ്ഞാൽ മതി എന്നായിരുന്നു പറഞ്ഞതിന്റെ അർത്ഥം. അനുവാദം കിട്ടിയപ്പോൾ ഭാസ്ക്കരപ്പണിക്കർ നാലുകെട്ടിലേയ്ക്കു കടന്നു. വാതില്ക്കൽവെച്ചുതന്നേ അമ്മായിയെ കണ്ടു. വന്നിറങ്ങിയ കഥ കേട്ടു് അവർ പണിക്കരെ കാണാൻ കാത്തു നില്ക്കുകയാണു്. കളരിയഭ്യാസം കഴിഞ്ഞു പണിക്കർ അമ്മാവന്റെ കൂടെ കോഴിക്കോട്ടു പാർത്തുതുടങ്ങിയപ്പോൾത്തൊട്ടു് ഉണ്ണിയമ്മ മാതൃഭാവേനയാണു് അദ്ദേഹത്തോടു് പെരുമാറിയിട്ടുള്ളതു്. അങ്ങനെതന്നേ, പണിക്കർക്കവരോടും പുത്രനിർവ്വിശേഷമായ സ്നേഹവും ബഹുമാനവുമുണ്ടു്. കണ്ട ഉടനെത്തന്നേ പണിക്കർ ചോദിച്ചു: “അമ്മായിക്കു സുഖംതന്നേയല്ലേ?”

“എന്തു സുഖം ഭാസ്ക്കരാ? നിങ്ങളാരും അടുത്തില്ലാത്ത സുഖം എന്തു സുഖമാണു്?”

മക്കളാരും അടുത്തില്ലാത്തതു് അവരെ അലട്ടുന്നുണ്ടെന്നു ഭാസ്ക്കരപ്പണിക്കർക്കുമറിയാം. അദ്ദേഹം ഇങ്ങനെ തുടർന്നു: “പോരുന്നതിന്നു മുമ്പു ഞാൻ കേളുവിനെ കണ്ടു. സുഖമായിരിക്കുന്നു.”

“ആട്ടേ, പോയി കുളിച്ചുവരു. ഊണൊക്കെ തയ്യാറുണ്ടു്.”

ഭാസ്ക്കരപ്പണിക്കർ വേഗം പോയി കുളിച്ചുവന്നു. അപ്പോഴേയ്ക്കും നാലുകെട്ടിൽ ഊണിനു വേണ്ടതെല്ലാം ഒരുക്കിവെച്ചിരുന്നു. പണിക്കർ ഉണ്ണാനിരുന്നു. ഉണ്ണിയമ്മതന്നേ വിളമ്പിക്കൊടുത്തു. ആ സ്നേഹമുള്ള കൈകൊണ്ടു വിളമ്പി ഊണു കഴിച്ചിട്ടു വളരെ നാളായി; അതുകൊണ്ടാവാം, അന്നത്തെ ഊണിന്നു കൂടുതൽ സ്വാദും രുചിയുമുള്ളതായി പണിക്കർക്കു തോന്നി. ഊണുകഴിഞ്ഞു കൈകഴുകാൻ ഭാവിക്കുമ്പോഴാണു് മൂത്തപണിക്കരുടെ ആൾ വന്നു് ഊണുകഴിഞ്ഞാലുടൻ മാളികപ്പൂമുഖത്തേയ്ക്കു ചെല്ലാൻ പറഞ്ഞിട്ടുണ്ടെന്നറിയിച്ചതു്.

ഭാസ്ക്കരപ്പണിക്കർ വേഗത്തിൽ കൈകഴുകി മാളികപ്പൂമുഖത്തേയ്ക്കു ചെന്നു. മരയ്ക്കാർ തന്ന സഞ്ചി മൂത്തപണിക്കരുടെ മുമ്പിൽ വെച്ചു് അദ്ദേഹം കൈകെട്ടി ആദരഭാവത്തിൽ നിന്നു. മൂത്തപണിക്കർ സഞ്ചിയുടെ മുദ്ര പൊട്ടിച്ചു് എഴുത്തെടുത്തു വായിച്ചുതുടങ്ങി. എഴുത്തിലടങ്ങിയ കാര്യങ്ങൾക്കു വളരെ ഗൗരവമുണ്ടാവണം. എന്തെന്നാൽ മൂത്തപണിക്കരുടെ മുഖത്തു സ്വഭാവേനയുള്ള ഗൗരവത്തിന്നു വ്യത്യാസം വന്നുകണ്ടു. അല്പനേരം വേണ്ടിവന്നു എഴുത്തു വായിച്ചുതീരാൻ. വായിച്ചുതീർന്നു് എഴുന്നേറ്റു പത്തായപ്പുരയിൽ പോയി എഴുത്തൊരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചതിന്നുശേഷമേ മരുമകനോടു മറ്റു കാര്യങ്ങളെപ്പറ്റി അദ്ദേഹം അന്വേഷിച്ചുള്ളു. അദ്ദേഹം ചോദിച്ചു: “മരയ്ക്കാർ വിശേഷിച്ചു മറ്റു വല്ലതും പറഞ്ഞുവോ?”

“പോകുന്ന സംഗതിയെപ്പറ്റി വിശദമായൊന്നും പറഞ്ഞില്ല. അമ്മാവനെ കാണാതെ പോകേണ്ടിവന്നതിൽ വളരെ ഖേദമുണ്ടെന്നു പറഞ്ഞു.”

“അതുണ്ടാവും. ഞങ്ങൾതമ്മിൽ അങ്ങനെയാണു്.”

“പിന്നെ, പലവിധത്തിലുള്ള സമ്മാനങ്ങൾ തന്നിട്ടുണ്ടു്. അതൊക്കെ ഞാൻ കോഴിക്കോട്ടുതന്നേ വെച്ചതേ ഉള്ളു.”

“അതു നന്നായി. ഇവിടെ കൊണ്ടുവന്നിട്ടു കാര്യമില്ലല്ലോ.”

“കൂടാതെ, മരയ്ക്കാരുടെ സ്ഥാനമേറ്റെടുത്തിട്ടുള്ള മമ്മാലിക്കുട്ടിയോടു പ്രത്യേകം സ്നേഹമായിരിക്കണമെന്നും ഏല്പിച്ചിട്ടുണ്ടു്. അയാളെക്കൊണ്ടു് ഖുറാൻ തൊട്ടു് ആണയിടിച്ചിട്ടുമുണ്ടു്. ഞാൻ അമ്മാവന്റെ മുമ്പിൽ പ്രതിജ്ഞചെയ്താൽ മതി എന്നാണു് മരയ്ക്കാർ പറഞ്ഞതു്.”

“അതു ന്യായമാണു്. നമ്മുടെ കുടുംബങ്ങൾ തമ്മിലെ സ്നേഹം പരമ്പരയാ ഉള്ളതാണു്. ഞങ്ങൾ ജ്യേഷ്ഠാനുജന്മാരെപ്പോലെയാണു്; നമ്മുടെ കാരണവന്മാരും അവരുടെ കാരണവന്മാരും അതുപോലെതന്നെ.”

മൂത്ത പണിക്കർ കുറച്ചുനേരം മൗനത്തോടെ ഇരുന്നിട്ടു വീണ്ടും ചോദിച്ചു: “മമ്മാലിക്കുട്ടി എങ്ങനെയാണു്?”

“ആ പാരമ്പര്യത്തിനു വ്യത്യാസം വരുത്തുമെന്നു തോന്നുന്നില്ല. പോരാത്തതിന്നു്, അറബിയാണെങ്കിലും, നമ്മുടെ നാട്ടിൽ ജനിച്ചു വളർന്നവനുമാണു്.”

“എന്നു ഞാനും കേട്ടിട്ടുണ്ടു്. ഏതായാലും കളരിയിൽ തൊഴുതു നീയും പ്രതിജ്ഞചെയ്തേയ്ക്കണം—പിന്നെയെന്താണു്?”

“പിന്നെ, വിടവാങ്ങാൻ മുഖംകാണിച്ചപ്പോൾ തിരുമനസ്സിൽനിന്നു കല്പിക്കയുണ്ടായി, ‘അറിയിച്ച കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ടു് ’ എന്നു്—”

ഇത്രയും കേൾക്കുന്നതിന്നുമുമ്പുതന്നേ മൂത്തപണിക്കരുടെ മുഖം കോപംകൊണ്ടു ചുവന്നുകഴിഞ്ഞിരുന്നു. അദ്ദേഹം ഉഗ്രസ്വരത്തിൽ അലറി: “എരപ്പാളി! നീ ധർമ്മോത്തുതന്നെയാണോ ജനിച്ചതു്? മഹാരാജാവിന്റെ തിരുവായിൽനിന്നു ലഭിച്ച കല്പനയിരിക്കേ നിനക്കു മറ്റുസംഗതികൾ പറയാൻ സമയമുണ്ടായോ? നിന്റെ രാജഭക്തിയെവിടെ, കുരുത്തമെവിടെ? ഞാനെത്ര പ്രാവശ്യം നിന്നോടു പറഞ്ഞിട്ടില്ല, എത്ര നിസ്സാരമായാലും തമ്പുരാനേല്പിച്ച കാര്യം കഴിയാതെ മറ്റൊരു കാര്യം പാടില്ലെന്നു്! ഇത്ര പ്രധാനകാര്യമായിട്ടും നീയതു പറയാതെ എത്ര സമയം കഴിച്ചു!”

ഭാസ്ക്കരപ്പണിക്കർ വല്ലാതന്ധാളിച്ചുപോയി. തനിക്കു പറ്റിപ്പോയ തെറ്റിന്നു് ആ രാജഭക്തന്റെ കണ്ണിൽ പ്രായശ്ചിത്തം എളുപ്പമല്ലെന്നു് അയാൾക്കു തോന്നി. ‘പോയ്ക്കോ’ എന്ന ശാസനം കേട്ടപ്പോൾ അതൊരു നിഷ്കാസനമായി കല്പിച്ചിട്ടു ഭാസ്ക്കരപ്പണിക്കർ അമ്മാവന്റെ മുമ്പിൽനിന്നു പോന്നു.

അഞ്ചാമധ്യായം

ഇപ്പോൾ ചാലപ്രം എന്നറിഞ്ഞുവരുന്നതും പരിഷ്കാരികൾ താമസിക്കുന്നതുമായ പ്രദേശം അക്കാലത്തു കോഴിക്കോട്ടുപട്ടണത്തിൽ ഉൾപ്പെട്ടിരുന്നില്ല. വെറുംനാട്ടുപ്രദേശമാണെങ്കിലും സാമീപ്യംകൊണ്ടു നഗരത്തിൽ നടക്കുന്ന പല സംഗതികളും അവിടേയ്ക്കും ബാധിക്കാതിരുന്നില്ല. ആ പ്രദേശത്തു്, നാടുവാഴിയിൽനിന്നല്പം നീങ്ങി, താഴത്തെപ്പറമ്പു് എന്നു പഴയൊരു നായർഭവനമുണ്ടായിരുന്നു. ജന്മിത്തംകൊണ്ടോ സ്ഥാനമാനങ്ങൾകൊണ്ടോ അറിയപ്പെട്ട ഒന്നല്ല ആ കുടുംബം. തറവാട്ടുപറമ്പിനോടുതൊട്ടു് ഒരഞ്ചാറുപുരയിടങ്ങൾ കരമൊഴിവായി താഴത്തെപ്പറമ്പുകാർ അനുഭവിച്ചുപോന്നു. മുമ്പേതോ ഒരു കാരണവർ ചാവേർപ്പടയിൽ മരിച്ചതിന്റെ അനുഭവമാണതെന്നത്രേ ആ വീട്ടുകാരുടെ വിശ്വാസം. ഏതായാലും അത്രയും പുരയിടങ്ങൾ തൊട്ടടുത്തുള്ളതുകൊണ്ടു താഴത്തെപ്പറമ്പുകാർ അന്നാട്ടുകാരുടെ കണ്ണിൽ വലിയവരായി എന്നു പറയാം.

അഞ്ചു വർഷം മുമ്പു് ആ തറവാടു് അന്യംനിന്നുപോയി. ഒടുവിലത്തെ പുരുഷൻ പണ്ടാരവക അധികാരികളുടെ സമ്മതത്തോടുകൂടി നല്ലൊരു തുകയ്ക്കു് ആ വസ്തുവകകൾ കുഞ്ഞമ്മതുമരയ്ക്കാർക്കെഴുതിക്കൊടുത്തു. മരയ്ക്കാരാകട്ടെ, കരംകൊടുത്തു് ആ വസ്തുവകകൾ ഒന്നിച്ചു ചേർത്തു കണ്ടൻനാരായണൻ എന്നൊരാളുടെ പേരിൽ പതിപ്പിക്കയാണുണ്ടായതു്. ഈ കണ്ടൻനാരായണൻ ആരെന്നന്വേഷിക്കാൻ സർക്കാരുദ്യോഗസ്ഥന്മാർ ഒരുമ്പെട്ടെങ്കിലും വസ്തു പതിച്ചുകൊടുക്കുന്നതിനു മഹാരാജാവു നേരിട്ടു കല്പിച്ചിട്ടുണ്ടെന്ന അറിവു് അവരുടെ ജിജ്ഞാസയെ ഇല്ലാതാക്കി.

അല്പമാസങ്ങൾക്കുള്ളിൽ ആ പുരയിടത്തിന്റെ പരിസരങ്ങൾ രൂപാന്തരപ്പെട്ടു കണ്ടു. കല്പണിക്കാർ, മരപ്പണിക്കാർ തുടങ്ങി പലവിധത്തിലുള്ള ജോലിക്കാർ എവിടെനിന്നോ വന്നു് അവിടെ പാർപ്പാക്കി. പതിനെട്ടുമാസംകൊണ്ടു പൊക്കമുള്ള ഒരു കന്മതിൽ ആ പറമ്പുകളെ വലയംചെയ്തു. ഒരു വശത്തുണ്ടായിരുന്ന പടിപ്പുരമാളികയിലൂടെയാണു് അകത്തേയ്ക്കുള്ള പ്രവേശം. രണ്ടുനിലയുള്ള ആ മാളികയിൽ ആയുധപാണികളായ രണ്ടുപേർ താമസിച്ചിരുന്നു. അവരുടെ ഗോപിയും കുറിയും മീശയും കണ്ടാൽ അവർ വടക്കെങ്ങുനിന്നോ വന്ന ഹിന്ദുക്കളാണെന്നൂഹിക്കാം. പടിപ്പുരമാളിക കടന്നാൽ അല്പം അകലെയായി കേരളീയരീതിയിലുള്ള ഒരെട്ടുകെട്ടും അകത്തോട്ടു നീക്കി ഒരു മാളികയുമുണ്ടു്.

എട്ടുകെട്ടിന്റെ ഒരറ്റത്തു് ഒരു തമിഴ്ബ്രാഹ്മണകുടുംബം താമസിക്കുന്നു—അറുപതോളം വയസ്സായ വെങ്കിടാചലമയ്യർ എന്നൊരാളും അമ്പത്തഞ്ചുവയസ്സായ പത്നിയും. അപൂർവ്വമായേ അവർ പുറത്തുപോകാറുള്ളു. ആവശ്യമുള്ളത്രയോ അതിൽക്കവിഞ്ഞോ വേലക്കാർ ഉള്ളതുകൊണ്ടു പട്ടണത്തിലോ മറ്റെവിടെയെങ്കിലുമോ അവർക്കു പോകേണ്ടതില്ല. എങ്കിലും ആഴ്ചയിലൊരിക്കൽ സമീപത്തുള്ള ക്ഷേത്രത്തിൽ തൊഴാൻ പോകുന്നതും വരുന്നതും കാണാം.

കൊട്ടാരംപോലുള്ള ഈ വീടും പരിസരങ്ങളും ഈ വൃദ്ധ ബ്രാഹ്മണന്റെയും ഭാര്യയുടെയും ഉപയോഗത്തിനാണെന്നു പറഞ്ഞാൽ ആർ വിശ്വസിക്കും? അവർക്കങ്ങനെയൊരു നാട്യമില്ലതാനും. സാധാരണക്കാരായ പരദേശബ്രാഹ്മണരുടെ രീതിയിൽക്കവിഞ്ഞു് അവരുടെ വേഷത്തിലോ നടത്തയിലോ യാതൊരു സവിശേഷതയും കണ്ടില്ല. ഇവരെ ആശ്രയിച്ചായിരുന്നു വാസ്തവത്തിൽ അവിടത്തെ താമസത്തിന്നുള്ള ഏർപ്പാടുകൾ. എങ്കിലും വേറെ രണ്ടുപേരും അനുചരന്മാരും ആ വീട്ടിൽ താമസിക്കുന്നുണ്ടു്—പതിനാറുവയസ്സായ ഒരു യുവാവും പതിമൂന്നുവയസ്സായ ഒരു കന്യകയും അവരുടെ സിൽബന്ദികളും. ‘കണ്ടൻനാരായണൻ’ എന്ന മാറാപ്പേരു വഹിച്ചിരുന്ന ആ യുവാവിന്റെ പേരിലാണു് അവിടത്തെ വസ്തുവകകൾ പണ്ടാരവകറിക്കാർഡുകളിൽ പതിച്ചുകാണുന്നതു്. ഉണ്ണീനങ്ങ എന്ന ആ കന്യക അയാളുടെ സഹോദരിയാണു്. കെട്ടിടങ്ങളെല്ലാം പണിതുകഴിഞ്ഞപ്പോൾ അവരിങ്ങോട്ടു താമസംമാറ്റി. അവർ എവിടെനിന്നു വന്നവരാണു്, എങ്ങനെ ഇവിടെ വന്നു താമസമാക്കി, ഈ സ്ഥിതിയിലൊക്കെ കഴിയാൻ അവർക്കെവിടെനിന്നു സ്വത്തുണ്ടായി—ഈവക കാര്യങ്ങളെപ്പറ്റിയൊന്നും ആർക്കും ഒരു നിശ്ചയവുമില്ല. പലരും പലവിധം വ്യാഖ്യാനിച്ചു. പണമുണ്ടാകുന്നതെവിടെനിന്നാണു് എന്നറിയാൻ വലിയ പ്രയാസമുണ്ടായില്ല. എന്തെന്നാൽ, ഒരു കൊല്ലം മുമ്പുവരെ, ആഴ്ചയിലൊരിക്കലെങ്കിലും കുഞ്ഞമ്മതുമരയ്ക്കാർ കുതിരപ്പുറത്തോ മേനാവിലോ കയറി അവിടെ വന്നു കാര്യങ്ങളന്വേഷിച്ചു പോകാറുള്ളതു് പരക്കേ കണ്ടിട്ടുണ്ടു്. അതുപോലെതന്നേ, ചെലവിന്നു വേണ്ട സാമാനങ്ങൾ കമ്പോളത്തിൽനിന്നു കച്ചോടക്കാർ അവിടെ എത്തിച്ചുകൊടുത്തിരുന്നതും അവയുടെ വിലയെല്ലാം മരയ്ക്കാരുടെ കണക്കിലായിരുന്നുവെന്നതും അങ്ങാടിപ്പാട്ടാണു്.

ഈ യുവാവും കന്യകയും ഏതോ ഹിന്ദുസ്ത്രീയിൽ മരയ്ക്കാർക്കുണ്ടായ കുട്ടികളാണെന്നായിരുന്നു ജനശ്രുതി. അവർ തനിത്തങ്കത്തിന്റെ നിറമാണെന്നും നമ്മുടെ നാട്ടിൽ സാധാരണമായി കാണുന്നതിലേറെ പൊക്കവും തടിയുമൊക്കെ അവർക്കുണ്ടെന്നും അവരെ കണ്ടിട്ടുണ്ടെന്നു ഭാവിക്കാറുള്ള പലരും പറഞ്ഞുപരത്തിയിരുന്നു. ഏതായാലും ഈ കഥ തുടങ്ങുന്നതിന്നു് ഒരു വർഷംമുമ്പുവെച്ചു മരയ്ക്കാർ അങ്ങോട്ടുള്ള പോക്കു വേണ്ടെന്നുവെച്ചു. അതിന്റെ കാരണം മനസ്സിലാക്കാൻ പ്രയാസമില്ല. കഴിഞ്ഞ വർഷത്തിലാണു് ഉണ്ണിനങ്ങയുടെ ‘തെരണ്ടുകുളി’ നടന്നതു്. പിന്നീടദ്ദേഹം അങ്ങോട്ടു കയറിയിട്ടില്ല. അവർക്കു നാട്ടിൽ ഇണങ്ങരും ബന്ധുക്കളുമില്ലാതിരുന്നതിനാലും ചുറ്റുമുള്ള നാട്ടുകാർക്കു് ആ വീട്ടിൽ നടന്നുവന്ന നടപടികളെപ്പറ്റി സംശയമുണ്ടായിരുന്നതിനാലും തെരണ്ടുകുളിക്കല്യാണം നടത്തേണ്ടതെങ്ങനെ എന്ന കാര്യത്തിൽ മരയ്ക്കാർ ഒട്ടു വിഷമിച്ചില്ലെന്നില്ല. ഒടുവിൽ മരയ്ക്കാർ മൂത്തപണിക്കരുടെ ഉപദേശം തേടി. സംഗതികൾ വിവരിച്ചു തിരുമനസ്സറിയിക്കണമെന്നും ആകാവുന്ന സഹായം അവിടന്നു ചെയ്യാതിരിക്കയില്ലെന്നും മറുപടി കിട്ടി. എന്നാൽ അപ്പോഴും ഇതിലെ രഹസ്യമെന്തെന്നു പണിക്കർ ചോദിക്കയോ മരയ്ക്കാർ പറകയോ ഉണ്ടായില്ല.

മൂത്തപണിക്കരുടെ ഉപദേശമനുസരിച്ചു മരയ്ക്കാർ മുഖംകാണിച്ചു സംഗതികളെല്ലാം തിരുമനസ്സറിയിച്ചപ്പോൾ കൊട്ടാരച്ചെലവിൽത്തന്നെ അടിയന്തരം നടത്താനും ഒരു കാര്യക്കാർ നാലു ദിവസവും താഴത്തെപ്പറമ്പിൽ പോയി താമസിച്ചു് അതിന്റെ മേൽനോട്ടം വഹിക്കാനും കല്പനയായി. അതോടുകൂടി നാട്ടുകാരുടെ സംശയമെല്ലാം നീങ്ങി. അങ്ങനെ ആ തെരണ്ടുകുളിക്കാണു് ചാലപ്പുറത്തുള്ള ആളുകൾ ആദ്യമായി ഈ പുതിയ ഗൃഹത്തിൽ പ്രവേശിച്ചതു്. അന്നവിടെ കണ്ട സമ്പന്നമഹിമ അവരെ ആശ്ചര്യപരതന്ത്രരാക്കി. മരയ്ക്കാരുടെ സവിശേഷതാൽപര്യമനുസരിച്ചു് അദ്ദേഹത്തിന്റെ പ്രതിനിധിയായി മൂത്തപണിക്കരും അവിടെ പോയിരുന്നു. “ഇന്നുതൊട്ടു് എനിക്കവിടെ സ്വാതന്ത്ര്യമില്ല. പ്രായമായ ഒരു പെൺകുട്ടി വേണ്ടത്ര ബന്ധുക്കളില്ലാതെ താമസിക്കുന്നേടത്തു് എന്നെപ്പോലുള്ള ഒരാൾ പോകുന്നതും വരുന്നതും മര്യാദയ്ക്കു ചേരില്ല. അതിനാൽ ആ ചുമതല ഞാനവിടത്തെ ഏല്പിക്കുന്നു. ആ പെൺകുട്ടിയെ സ്വന്തം മകളെപ്പോലെ അവിടന്നു കൈക്കൊള്ളണം”—ഇതത്രേ മരയ്ക്കാർ ആവശ്യപ്പെട്ടതു്. ഏതു ജാതിയാണു്, ഏതു കുടുംബത്തിലേതാണു്, ഏതു ദിക്കുകാരിയാണു് എന്നൊന്നും പറയാതെയും പറയാനൊരുമ്പെടാതെയുമുള്ള ഈ അപേക്ഷ കുറഞ്ഞൊരപാകമായി എന്നു പണിക്കർക്കാദ്യം തോന്നാതിരുന്നില്ല. എങ്കിലും, അന്യായമായോ അപമര്യാദമായോ മരയ്ക്കാരൊന്നും ചോദിക്കയില്ലെന്നുറപ്പുള്ളതുകൊണ്ടു്, ഒരു മടിയുംകൂടാതെ അദ്ദേഹമതു കൈയേറ്റു. അതനുസരിച്ചാണു് അദ്ദേഹം സദ്യയ്ക്കവിടെ ഹാജരായതും.

പിന്നീടു മാസത്തിലൊരിക്കൽ താഴത്തെപ്പറമ്പിൽ പോയി കുശലങ്ങന്വേഷിക്കുക എന്നതു മൂത്തപണിക്കരുടെ ഒരു പതിവായി. കണ്ടൻ നാരായണനോടൊപ്പം സഹോദരിയും, ഋതുമതിയാകുന്നതുവരെ, ആയുധാഭ്യാസം ചെയ്തിരുന്നു എന്നാദ്യമായറിഞ്ഞപ്പോൾ അദ്ദേഹത്തിന്നു വളരെ സന്തോഷം തോന്നി. അവിടെ ആയുധാഭ്യാസത്തിന്നായി ചെയ്തിട്ടുള്ള ഏർപ്പാടുകൾ അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. സാമാന്യം വലുതായൊരു കളരി അവിടെ പണിയിച്ചിട്ടുണ്ടു്. തെക്കനൊരു പണിക്കർ കണ്ടന്നും സഹോദരിക്കും അവരുടെ കൂടെയുള്ള അനുചരന്മാർക്കും നാട്ടുസമ്പ്രദായത്തിലുള്ള ആയുധാഭ്യാസം ഒരു കുറവുംകൂടാതെ കൊടുക്കുന്നതു് അദ്ദേഹം നേരിട്ടു കണ്ടു. ഓണമ്പള്ളിസ്സമ്പ്രദായത്തിലായിരുന്നു അഭ്യാസം. മൂത്തപണിക്കർ ആശാനെ വിളിച്ചു സംഗതികളെല്ലാം ചോദിച്ചറിഞ്ഞു. താൻ തെക്കൻനാടുകളിലെ ഉന്നതകുടുംബത്തിൽപ്പെട്ട ഒരാശാനാണെന്നും മരയ്ക്കാരുടെ നിർബ്ബന്ധത്താൽ പ്രാക്കാട്ടുരാജാവു കല്പിച്ചതനുസരിച്ചു് ഈ കുട്ടികളെ പഠിപ്പിക്കാൻ വന്നതാണെന്നും ആശാൻ പറഞ്ഞു. അതിലപ്പുറം പണിക്കർ ചോദിക്കയോ ആശാൻ പറകയോ ഉണ്ടായില്ല.

കണ്ടൻ നാരായണന്റെയും സഹോദരിയുടെയും അഭ്യാസങ്ങളെ മൂത്തപണിക്കർ ഒരു ദിവസം സശ്രദ്ധം കാണുകയുണ്ടായി. വാൾ, പരിച, വില്ലു മുതലായവകൊണ്ടുള്ള പയറ്റല്ല പണിക്കരെ ആശ്ചര്യപ്പെടുത്തിയതു്; കുതിരപ്പുറത്തുള്ള അവരുടെ അഭ്യാസമാണു്. മൈതാനംപോലെ പരന്നുകിടന്ന ആ വളപ്പിൽ അവർ കുതിരപ്പുറത്തുനിന്നു യുദ്ധംചെയ്യാനും വിചിത്രഗതിയിൽ കുതിരകളെ ഓടിക്കാനും അഭ്യസിക്കുന്നതു് അദ്ദേഹം അത്ഭുതത്തോടെ നോക്കിനിന്നു. ഓടുന്ന കുതിരയുടെ പുറത്തു് എഴുന്നേറ്റുനിന്നു് അമ്പെയ്യുക, ഒരു കുതിരയിൽനിന്നു ചാടി വേറൊന്നിൽ കയറുക എന്നിങ്ങനെയുള്ള അഭ്യാസങ്ങൾ കണ്ടനോടൊപ്പം ഉണ്ണിനങ്ങയും അനായസമായി കാണിക്കുന്നതു കണ്ടു പണിക്കർ വളരെ സന്തോഷിച്ചു. ഈ കാഴ്ചകൾ കണ്ടശേഷം അദ്ദേഹം അവരെ അടുത്തുവിളിച്ചു വളരെ സന്തോഷവാക്കുകൾ പറഞ്ഞു. പടിപ്പുരമുകളിൽ പാർക്കുന്ന മീശക്കാരിൽനിന്നാണു് ഇവർ കുതിരയുദ്ധം അഭ്യസിച്ചതു്. സൗരാഷ്ട്രക്കാരായ അവർ കുതിരയുദ്ധത്തിൽ അതിവിദഗ്ദ്ധരാണു്. അവരെയും വിളിച്ചു കുശലംപറഞ്ഞാണു് പണിക്കർ അന്നു തിരിച്ചുപോന്നതു്.

എന്നാൽ ഈ വേഴ്ച അധികം ദിവസം വെച്ചുപുലർത്താൻ പണിക്കർക്കവസരം കിട്ടിയില്ല. അദ്ദേഹം രാജധാനിയിൽനിന്നു ബഹിഷ്കൃതനായി. അതോടെ ആ ബന്ധം, താൽക്കാലികമായിട്ടാണെങ്കിലും, നിലച്ചുപോയി. എങ്കിലും, സംഗതികളുടെ സൂക്ഷ്മസ്ഥിതികൾ പണിക്കരെക്കാൾ കൂടുതൽ മഹാരാജാവു മനസ്സിലാക്കിയിരുന്നതുകൊണ്ടു്, താഴത്തെപ്പറമ്പുകാരുടെ കാര്യത്തിൽ കുഴപ്പമൊന്നുമുണ്ടായില്ല. പ്രത്യേകമൊരു കാര്യക്കാർവഴി മഹാരാജാവുതന്നെ അവരുടെ കാര്യങ്ങൾ അന്വേഷിച്ചുപോന്നു.

മരുമകൻവശം മരയ്ക്കാരയച്ച സുദീർഘലേഖനം വായിച്ചപ്പോഴേ മൂത്തപണിക്കർ താഴത്തെപ്പറമ്പുകാരുടെ വിവരം വിശദമായി അറിഞ്ഞുള്ളു. ആ ചെറുകുടുംബത്തെസ്സംബന്ധിച്ച സകലകാര്യങ്ങളും തെളിവുകളോടുകൂടി കത്തിൽ വിവരിച്ചിരുന്നു. അതറിഞ്ഞപ്പോൾ അദ്ദേഹത്തിന്നു് അതിരറ്റ ആഹ്ലാദമുണ്ടായി. മുമ്പു കണ്ടൻനാരായണനെയും ഉണ്ണിനങ്ങയെയും സ്വന്തം മക്കളെപ്പോലെ കരുതണമെന്നു പറഞ്ഞു മരയ്ക്കാരപേക്ഷിച്ചപ്പോൾ താനല്പം സംശയിച്ചുപോയതിൽ അദ്ദേഹത്തിന്നു പശ്ചാത്താപം തോന്നി; മരയ്ക്കാരോടുള്ള ബഹുമാനമാകട്ടെ, പൂർവ്വാധികം വർദ്ധിച്ചുതാനും.

ഭാസ്ക്കരപ്പണിക്കർ പൊന്നാനിക്കളത്തിൽ വന്നന്നു വൈകുന്നേരം വിരുന്നുകാരൻ നമ്പൂതിരി സന്ധ്യാവന്ദനത്തിന്നു അമ്പലത്തിലേയ്ക്കു പോയപ്പോൾ പണിക്കർ മരുമകനെ വിളിച്ചു ചോദിച്ചു: “നീ താഴത്തെപ്പറമ്പിൽ പോയിട്ടുണ്ടോ?”

“അന്നൊരിക്കൽ അമ്മാവനൊന്നിച്ചു പോയിട്ടുണ്ടു്—കുതിരപ്പയറ്റിലെ ചില അടവുകൾ കാണിച്ചുതന്ന ദിവസം.”

“എന്നാൽ ഇനി അങ്ങനെ പോരാ. കോഴിക്കോട്ടു മടങ്ങിച്ചെന്നാൽ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും അവിടെ പോയി കുതിരപ്പയറ്റു പഠിക്കണം.”

‘രോഗി ഇച്ഛിച്ചതും പാൽ, വൈദ്യൻ കല്പിച്ചതും പാൽ’ എന്നു പറഞ്ഞപോലായി ഭാസ്ക്കരപ്പണിക്കരുടെ കാര്യം. താഴത്തെപ്പറമ്പിൽവെച്ചു കണ്ടന്നേ ഉള്ളതാണു് അദ്ദേഹത്തിന്നു കുതിരപ്പയറ്റു പഠിക്കാനുള്ള ആഗ്രഹം. ഇപ്പോൾ അമ്മാവനും അതുതന്നേ കല്പിച്ചു. അദ്ദേഹം സന്തോഷപൂർവ്വം സമ്മതിച്ചു: “പറഞ്ഞതുപോലെ ചെയ്യാം.”

മൂത്തപണിക്കർ തുടർന്നു: “അവരെന്റെ ദത്തുപുത്രരാണു്. നിനക്കവിടെ സ്വാതന്ത്ര്യത്തോടെ പോകയും വരികയുമാവാം. വിശേഷിച്ചു്, കാലം വരുമ്പോൾ അവിടെ താമസിക്കുന്ന മണികണ്ഠക്കയ്മളെ (ഇതായിരുന്നു അയാളുടെ പേരും സ്ഥാനവുമെന്നു മരയ്ക്കാരുടെ എഴുത്തു കണ്ടപ്പോഴാണു് പണിക്കർക്കു മനസ്സിലായതു്) എന്റെ അംഗരക്ഷകന്മാരിലൊരാളായി നിയമിക്കണമെന്നാണു് വിചാരം. ആ യുവാവിന്റെ കച്ചകെട്ടും അഭ്യാസവുമെല്ലാം ഞാൻ പരിശോധിച്ചു. തരക്കേടില്ല. നമ്മുടേതുപോലല്ലെങ്കിലും നല്ലൊരു സമ്പ്രദായമാണു്.”

ഇത്രയേ ഉണ്ടായുള്ളു അവരുടെ സംഭാഷണം. അപ്പോഴേയ്ക്കും മൂത്തപണിക്കർക്കു സന്ധ്യാകർമ്മങ്ങൾക്കു പോകേണ്ട സമയമായി.

രാത്രി ഭക്ഷണം കഴിഞ്ഞു തളത്തിലിരുന്നു മൂത്തപണിക്കർ മുറുക്കാൻ തുടങ്ങി. അപ്പോഴേയ്ക്കും നമ്മുടെ നമ്പൂതിരിയും മഠത്തിൽ നിന്നു് ഊണുകഴിച്ചെത്തിച്ചേർന്നു. കൊച്ചുപണിക്കർ വന്നതെന്താണെന്നറിയാഞ്ഞിട്ടു നമ്പൂതിരിക്കു നന്നെ കുണ്ഠിതമുണ്ടായിരുന്നു. ചോദിച്ചെന്തെങ്കിലും മനസ്സിലാക്കാമെന്നു കരുതിയാണു് അദ്ദേഹം അത്താഴം കഴിഞ്ഞശേഷവും പണിക്കരെ കണ്ടുകളയാമെന്നു വെച്ചതു്. നമ്പൂതിരി തുടങ്ങിയതുതന്നെ ഇങ്ങനെയാണു്: “അസഹ്യതയൊന്നുംകൊണ്ടല്ലല്ലോ മരുമകന്റെ വരവു്. മഹാരാജാവിനു സുഖംതന്നേയല്ലേ?”

“വിശേഷമൊന്നുമില്ല. അസഹ്യതയ്ക്കും വിശേഷിച്ചു കാരണമൊന്നുമില്ല. വലിയ തമ്പുരാനു സുഖംതന്നെ.”

മുറുക്കുന്ന ഭാവത്തിൽ നമ്പൂതിരി അല്പനേരം നിശ്ശബ്ദമായിരുന്നു. ഇനി എങ്ങനെ തുടരണമെന്നാലോചിക്കയായിരുന്നു അദ്ദേഹം. അദ്ദേഹം ഇങ്ങനെ തുടർന്നു: “അപ്പോൾ, പണിക്കരെ അങ്ങോട്ടു തിരികെ വിളിക്കുന്ന കാര്യമോ?”

“അതിലെന്തുള്ളൂ? എനിക്കിവിടെ അസുഖമൊന്നുമില്ല. ആവശ്യമെന്നു തോന്നുമ്പോൾ തമ്പുരാൻ വിളിക്കും. അപ്പോൾ ഞാൻ പോകുംതാനും—അത്രയേ ഉള്ളു.”

“പണിക്കരെപ്പോലുള്ള ആളുകൾക്കു് അതു മതിയോ? രാജ്യശക്തിതന്നേ നിങ്ങളുടെയൊക്കെ കൈകളെ ആശ്രയിച്ചല്ലേ നില്ക്കുന്നതു്? അതു മഹാരാജാവു കാണുന്നില്ലെന്നു തോന്നുന്നു.”

ഇവിടെ നമ്പൂതിരി പണിക്കരുടെ മുഖത്തേയ്ക്കു് ഒന്നിടങ്കണ്ണിട്ടു് നോക്കി. ആ ഗംഭീരമുഖത്തു് ഒരു ഭാവഭേദവും കണ്ടില്ല. നമ്പൂതിരി വീണ്ടും തുടർന്നു: “നേരെ മറിച്ചാണു്, കേട്ടോ, ഏറാൾപ്പാട്ടിലെ കഥ. അവിടത്തേയ്ക്കു പ്രഭുക്കന്മാരും പ്രമാണികളുമെന്നു വെച്ചാൽ രാജ്യത്തിന്റെ സപ്തപ്രകൃതികളിൽ മുഖ്യപ്പെട്ട ഒന്നു് എന്നാണു് വെപ്പു്. പണിക്കരോടും വളരെ മതിപ്പാണു് അവിടത്തേയ്ക്കു്.”

“അങ്ങനെയോ?”—അത്ഭുതമെന്നു തോന്നാവുന്ന ഒരു സ്വരത്തിൽ പണിക്കർ ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അവിടത്തേയ്ക്കങ്ങനെ തോന്നിയതിൽ അത്ഭുതമില്ല. അവിടത്തെ ചെറുപ്പം മുതല്ക്കേ എനിക്കറിയാം. ഞങ്ങൾ ഒന്നിച്ചാണു് വളർന്നതെന്നു പറയാം. അതുകൊണ്ടു മതിപ്പിന്നും ഒട്ടും കുറവു കാണില്ല. ഇപ്പോൾ ഒന്നു തെറ്റിയാണെന്നുമാത്രം.”

“ഹേയ്, അതൊക്കെ എന്തു സാരം! ഒരൊറ്റ ദിവസംകൊണ്ടു പറഞ്ഞു മാറ്റാവുന്നതേ ഉള്ളൂ. പണിക്കരുടെ സഹായമുണ്ടെങ്കിൽ—”

നമ്പൂതിരി പറഞ്ഞുതീരുംമുമ്പേ പണിക്കർ പറഞ്ഞു: “അതൊട്ടൊക്കെ ശരിയാണു്. അവിടെ പറഞ്ഞു മാറ്റാവുന്നതേ ഉള്ളൂ; ഇവിടെ അങ്ങനെയൊട്ടല്ലതാനും.”

“എന്താ, അങ്ങനെ പറയുന്നതു്? വല്ല തെറ്റും പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതീർത്തു് ഒന്നിക്കരുതോ?”

“ഞാൻ തുറന്നുപറയാം, തിരുമേനി. ഏറാൾപ്പാടുതിരുമേനിക്കും തെറ്റു പറ്റിയിട്ടില്ല, എനിക്കും പറ്റിയിട്ടില്ല; ഞങ്ങൾ തമ്മിൽ തെറ്റിയിട്ടുണ്ടെന്നേ ഉള്ളു. ദൈവഭക്തി കഴിഞ്ഞാൽ ധർമ്മോത്തുപണിക്കർക്കു് ഒരു ഭക്തിയേ ഉള്ളൂ—സാമൂതിരിയുടെ സിംഹാസനത്തോടുള്ള ഭക്തി. അതിൽനിന്നെന്നെ മാറ്റാമെന്നു വിചാരിച്ചില്ലേ, അതാണു് ഏറാൾപ്പാടുതിരുമനസ്സിലേയ്ക്കു പറ്റിയ തെറ്റു്.”

“അങ്ങനെയുള്ള പണിക്കരെ സാമൂതിരി ശിക്ഷിക്കാനും ബഹിഷ്കരിക്കാനും മറ്റും തുടങ്ങിയാലോ?”

“അതവിടത്തെ അധികാരം. അതുകൊണ്ടെന്റെ കൂറു മാറുകയില്ല.”

“പക്ഷേ, ഏറാൾപ്പാടുമായുള്ള കഥ മറ്റുള്ളവരുടേതുപോലെയാണോ? അങ്ങോട്ടു ചാഞ്ഞുനിന്നില്ലെങ്കിൽ അദ്ദേഹം സാമൂതിരിയാകുമ്പോൾ—”

“സാമൂതിരിയാകുമ്പോൾ? എന്താ. ധർമ്മോത്തുപണിക്കരെ ഒരു പാഠം പഠിപ്പിക്കുമെന്നു്, അല്ലേ? ആപ്പേടിയില്ല, തിരുമേനി. പരദേശങ്ങളിൽപ്പോയാലും പിഴയ്ക്കാനുള്ള വിദ്യ ധർമ്മോത്തുകാർക്കറിയാം. അതു പോകട്ടെ. ഏറാൾപ്പാടായിരിക്കുമ്പോൾ എന്തൊക്കെ വിചാരിച്ചാലും സാമൂതിരിസ്ഥാനം കൈയേല്ക്കുമ്പോൾ അതൊക്കെ ചെയ്യുമെന്നു വിചാരിക്കുന്നതു വിഡ്ഢിത്തമാണു്. സ്ഥാനത്തോടുള്ള ഭക്തിയെ എല്ലാ മഹാരാജാക്കന്മാരും ആദരിക്കും, സ്വീകരിക്കും.”

“അപ്പോൾ ആലോചിച്ചിട്ടു കാര്യമില്ല, അല്ലേ?”

“ഏറാൾപ്പാടുതിരുമനസ്സു് അറിയുംപോലെ തിരുമേനി എന്നെ അറിയില്ല. സമയം വരുമ്പോൾ ഞങ്ങൾ ഒന്നിക്കും.”

“എപ്പോഴാണു് ആ സമയം വരിക?”

“അതു ഞാൻ പറയണോ? ആട്ടേ, ഒരു കാര്യം ചോദിക്കട്ടേ?”

“ഓഹോ! ചോദിക്കാലോ!”

“അവിടന്നു കൊച്ചിയിലാണല്ലോ മിക്കവാറും താമസം.അവിടെയൊക്കെ എങ്ങനെയാണു്?”

“അവിടത്തെ കഥയോ? മുമ്പത്തേപ്പോലൊന്നുമല്ല. വലിയ പ്രതാപത്തിലാണു്. പറങ്കികൾ കോട്ടമതിൽ കെട്ടിയതിൽപ്പിന്നെ അവിടെ കച്ചോടം വളരെ വർദ്ധിച്ചിരിക്കുന്നു. കടലിലെപ്പോഴും കപ്പലുകൾതന്നെ. ഇപ്പോൾ കോഴിക്കോട്ടേതിലും മെച്ചമാണു് കൊച്ചി. രാജഭണ്ഡാരത്തിൽ പൊൻനാണ്യങ്ങൾ വന്നു വീഴുന്നതു മഴപോലെയാണു്. ഒരു കാര്യം പറയാതെ വയ്യ: വലിയ തെറ്റാണു് സാമൂതിരിപ്പാടു കാണിച്ചതു്. വാസ്തവത്തിൽ ഇതൊക്കെ കോഴിക്കോട്ടു വരേണ്ടതല്ലേ? ആ മരയ്ക്കാരുടെ സഹായത്തിനു പോയതുകൊണ്ടാണു് ഈ ദോഷമെല്ലാം. ഏറാൾപ്പാടുതമ്പുരാൻ ഇതൊക്കെ മനസ്സിലാക്കീട്ടുണ്ടു്. ഇതൊക്കെ മാറും. പണിക്കർ മറ്റൊന്നും വിചാരിക്കേണ്ടാ.”

പണിക്കർ ഇത്രയൊക്കെ കേട്ടിട്ടും മുഖത്തു യാതൊരു ഭാവഭേദവും കാണിച്ചില്ല. അദ്ദേഹം സൗമ്യസ്വരത്തിൽ ഇങ്ങനെ ചോദിച്ചു: “അപ്പോൾ, കൊച്ചിയിലെന്നപോലെ, ഇവിടെയും പറങ്കികളെ കോട്ടകെട്ടി പ്രതിഷ്ഠിക്കണമെന്നാണു് അവിടത്തെ അഭിപ്രായം, അല്ലേ?”

“ഏയ്, അങ്ങനെ വിചാരിക്കരുതു്. അവരും കച്ചോടം ചെയ്തുകൊള്ളട്ടെ. കോട്ടകെട്ടലും മറ്റും വേണമെന്നില്ല.”

“ഏറാൾപ്പാടുതിരുമനസ്സിലേയ്ക്കും ഇതൊക്കെത്തന്നെയാണോ അഭിപ്രായം?”

“എന്നില്ല. നമുക്കു ഗുണം വരത്തക്ക ഒരു സന്ധി പറങ്കികളുമായി ചെയ്യണമെന്നാണു് അദ്ദേഹത്തിന്റെ ആഗ്രഹമെന്നു സംഭാഷണത്തിൽനിന്നു് എനിക്കു തോന്നി എന്നുമാത്രം.”

സംഭാഷണം ഇത്രത്തോളമെത്തിയപ്പോൾ, പണിക്കർ ഒരു വേലക്കാരനെ വിളിച്ചു മരുമകനെ കൂട്ടുക്കൊണ്ടുവരാൻ പറഞ്ഞു. ഊണു കഴിഞ്ഞു് അമ്മായിയുമായി നാട്ടുവർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഭാസ്ക്കരപ്പണിക്കർ. കല്പന കിട്ടിയ ഉടനെ അദ്ദേഹം അമ്മാവന്റെ മുമ്പിൽ ഹാജരായി. മൂത്തപണിക്കർ പറഞ്ഞു: “എന്നാൽ നാളെ രാവിലെത്തന്നെ തിരിച്ചുപൊയ്കോളു. എല്ലാ സംഗതിയും തിരുമനസ്സറിയിക്കണം. (നമ്പൂതിരി കേൾക്കാനാണു് ഇതു പറഞ്ഞതു്.) രാവിലെ എന്നെ കണ്ടിട്ടു പുറപ്പട്ടാൽ മതി.”

ഇത്രയും പറഞ്ഞു മൂത്തപണിക്കർ നമ്പൂതിരിയോടു യാത്ര പറഞ്ഞ കിടപ്പറയിലേയ്ക്കു പോയി.

പിറ്റേദിവസം രാവിലെ നല്ലവണ്ണം വെളുക്കുന്നതിന്നുമുമ്പു ഭാസ്ക്കരപ്പണിക്കർ യാത്രയ്ക്കു തയ്യാറായി അമ്മാവന്റെ കിടപ്പറയ്ക്കു മുമ്പിൽ ഹാജരായി. മൂത്തപണിക്കർ വെളുപ്പിനേ എഴുന്നേറ്റു നിത്യകർമ്മങ്ങൾ കഴിച്ചു തയ്യാറായിക്കഴിഞ്ഞിരുന്നു. ഇത്രമാത്രമേ അദ്ദേഹം മരുമകനോടു പറഞ്ഞുള്ളൂ: “എന്നാൽ പോയ്ക്കോളൂ. ഇന്നലെ ഇവിടെ കണ്ട നമ്പൂതിരിയില്ലേ, അയാളെ എവിടെ കണ്ടാലും അകന്നുപോയ്ക്കൊള്ളണം. അഥവാ നേരിടേണ്ടിവന്നാൽ വിഷപ്പാമ്പിനെപ്പോലെ കരുതിക്കൊള്ളണം. ബ്രഹ്മഹത്യയ്ക്കുമാത്രം ഒരുമ്പെടേണ്ടാ.”

ഭാസ്കരപ്പണിക്കർ ആ ഉപദേശം ശിരസാ വഹിച്ചു പിൻവാങ്ങി.

ആറാമധ്യായം

നെടിയിരിപ്പുസ്വരൂപത്തിൽ സംഗതികൾ ഇങ്ങനെ വികാസോന്മുഖമായിക്കൊണ്ടിരിക്കെ, കൊച്ചിക്കോട്ടയിൽ താമസമുറപ്പിച്ചിരുന്ന പറങ്കികളും അടുത്ത അങ്കത്തിന്നു ചേർന്ന വിധത്തിൽ രംഗസംവിധാനങ്ങൾ നടത്തിക്കൊണ്ടിരുന്നു. പോർട്ടുഗാലിൽനിന്നു് അതിസമർത്ഥനും വിഖ്യാതനുമായ ഒരു പ്രഭുവിനെ ഗവർണ്ണരായി അയച്ച കഥ മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പോർട്ടുഗീസധികാരം ഏഷ്യാഭൂകണ്ഡത്തിൽ സ്ഥിരമായി സ്ഥാപിക്കണമെന്നാണു് രാജാവു് അയാൾക്കു കൊടുത്ത നിർദ്ദേശം. സാമൂതിരിയുടെ ശക്തിയെ നാമാവശേഷമാക്കി, കോഴിക്കോട്ടെ കച്ചോടം തീരെ നശിപ്പിക്കണമെന്നും പ്രത്യേകമാജ്ഞാപിച്ചിരുന്നു. അൽഫോൺസാ ആൽബൂക്കെർക്കെന്നു പേരായ ഈ പ്രഭു പില്ക്കാലത്തെ ചരിത്രത്തിന്റെ ദൃഷ്ടിയിൽ എന്തുകൊണ്ടു നോക്കിയാലും കഴിഞ്ഞ നൂറ്റമ്പതുവർഷമായി ഏഷ്യയിൽ വന്നിട്ടുള്ള യൂറോപ്യന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നതിൽ സംശയമില്ല. അസാധാരണമായ ധിരോദാത്തത, ബുദ്ധിഗുണം, ധൈര്യം, എന്തു ബുദ്ധിമുട്ടു നേരിട്ടാലും സഹിക്കാനുള്ള ദൃഢനിശ്ചയം, ചെറിയ ആയുധങ്ങൾകൊണ്ടു വലിയ കാര്യങ്ങൾ സാധിക്കാനുള്ള സാമർത്ഥ്യം എന്നിവ വിചാരിക്കുമ്പോൾ ആൽബൂക്കെർക്കിനെപ്പോലൊരു മഹാൻ അപൂർവ്വമായിട്ടേ യൂറോപ്പിൽനിന്നു് ഏഷ്യയിലേയ്ക്കു വന്നിട്ടുള്ളു എന്നു ചരിത്രകാരന്മാർ സമ്മതിക്കും. പിന്നീടു ഇദാനീന്തനകാലംവരെ നീണ്ടുനിന്ന ഏഷ്യയിലെ യൂറോപ്യൻശക്തി സുനിർമ്മിതമായിട്ടുള്ളതു് ആ മഹാനുഭാവൻ സ്ഥാപിച്ച അടിക്കല്ലുകളിന്മേലാണു് എന്നതും സർവ്വവിദിതമത്രേ.

ഉയരംകുറഞ്ഞവനെങ്കിലും മുഖത്തു പ്രകാശിക്കുന്ന തേജസ്സുകൊണ്ടും കണ്ണുകളിൽ തിളങ്ങുന്ന ആജ്ഞാശക്തികൊണ്ടും അദ്ദേഹം കാഴ്ചയിൽത്തന്നെ അപ്രധൃഷ്യനായ ഒരു വ്യക്തിയാണെന്നു ആർക്കും മനസ്സിലാക്കാം. മാറു മറയുമാറു നീട്ടിവളർത്തിയ താടി മീശ ആൽബൂക്കെർക്കിന്റെ ആകൃതിക്കു ഗൗരവം കൂട്ടി. ഈ ഗംഭീരപുരുഷനു രാജസദസ്സിലുള്ള സ്ഥാനം അത്യുന്നതമായിരുന്നു. രാജാവിന്നാകട്ടെ, അദ്ദേഹത്തിൽ പരിപൂർണ്ണമായ വിശ്വാസമുണ്ടു്. അതിന്നുംപുറമേ, പ്രബലമായ ഒരു നാവികസൈന്യവും അദ്ദേഹത്തിന്റെ കൂടെയുണ്ടു്. ഈ സ്ഥിതിയ്ക്കു വൈഷമ്യമൊന്നും കൂടാതെ ഭരണം കൈയേല്ക്കാനും തന്റെ രാജാവിന്റെ നയവും ആഗ്രഹങ്ങളും സാധിക്കുവാനും അദ്ദേഹത്തിന്നു പ്രയാസമില്ലെന്നു വിശ്വസിക്കാമായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിച്ചതു്. അന്നു കൊച്ചിയിൽ വൈസറോയിയായി അധികാരം നടത്തിയിരുന്നതു് ആൽമെയിഡാ എന്നൊരു പ്രഭുവായിരുന്നു. തന്റെ പിൻഗാമിയായി മറ്റൊരാൾ വരുന്നതും അധികാരം മറ്റൊരാൾക്കൊഴിഞ്ഞുകൊടുക്കുന്നതും അയാൾ ഇഷ്ടപ്പെട്ടില്ല. അതിനാൽ, ഉള്ളതിൽക്കവിഞ്ഞ അധികാരം നടത്തി എന്ന ഒരാരോപണമുണ്ടാക്കി അയാൾ ആൽബൂക്കെർക്കിനെ വഴിക്കുവെച്ചുതന്നെ അറസ്റ്റുചെയ്തു കണ്ണൂർക്കോട്ടയിൽ ബന്ധനസ്ഥനാക്കി പാർപ്പിച്ചു. അങ്ങനെ സാമ്രാജ്യം സ്ഥാപിക്കാൻ പുറപ്പെട്ട മഹാപ്രഭു തടങ്ങലിലാണു് എത്തിച്ചേർന്നതു്.

ഈ ആപത്തിൽനിന്നു് ആൽബൂക്കെർക്ക് യദൃച്ഛയാ രക്ഷപ്പെട്ടു. അയാളുടെ അടുത്ത ബന്ധുവും പോർട്ടുഗീസ്സാമ്രാജ്യത്തിലെ സർവ്വസൈന്യാധിപസ്ഥാനം വഹിക്കുന്ന പ്രഭുവുമായ മാർഷൽ കഠീനോ വലിയൊരു നാവികസൈന്യവുമായി ഇന്ത്യൻകടലുകളിൽ വന്നെത്തുകയുണ്ടായി. അപ്രതീക്ഷിതമായി ഇങ്ങനെയൊരു സംഭവമുണ്ടായതിനുള്ള കാരണം വളരെ നേരമ്പോക്കുള്ളതാണു്. സ്പെയിൻകാർ അമേരിക്ക പിടിച്ചടക്കിയപോലെ ഭാരതഖണ്ഡത്തെ നിഷ്പ്രയാസം തങ്ങളുടെ കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണു് പോർട്ടുഗീസുകാർ വിചാരിച്ചതു്. ഇന്ത്യയിൽ വന്നെത്തീട്ടു പത്തുവർഷത്തിലേറെ കഴിഞ്ഞുവെങ്കിലും കൊച്ചിയിൽ അരക്കാതം ഭൂമിമാത്രമാണു് അവർക്കു കരയിൽ അധികാരം നടത്താനുള്ളതു്. തങ്ങളുടെ പരാജയത്തിന്റെ കാരണം സാമൂതിരിയുടെ ശക്തിയാണെന്നും അവർക്കറിയാം. അതേപ്പറ്റി രാജസദസ്സിൽ പരാമർശം വരുമ്പോഴെല്ലാം മാർഷൽ കഠീനോ പുച്ഛിച്ചു പറയുക പതിവാണു്. ഒരിക്കൽ ഇന്ത്യാകാര്യങ്ങളെപ്പറ്റിയും സാമൂതിരിയുടെ ശക്തിയെപ്പറ്റിയും രാജസദസ്സിൽ വാദപ്രതിവാദമുണ്ടായപ്പോൾ, സാമൂതിരിയെ ഇതുവരെ തോല്പിക്കാൻ സാധിക്കാത്തതു ലിസ്ബണിൽനിന്നയച്ച സേനാനായകന്മാരുടെ പിടിപ്പികേടുകൊണ്ടാണെന്നു കഠീനോ വാദിച്ചു. മാർഷൽ കഠീനോവിന്റെ വീരസ്യം കേട്ടുകോപിച്ച ഡി കാസ്ത്രോ എന്ന പ്രമാണി ഇങ്ങനെ ചോദിച്ചു: “എന്നാൽ മാർഷലിന്നുതന്നേ സാമൂതിരിപ്പാടിന്റെ നേരെ ഒരു കൈ നോക്കരുതോ? മൺടിസൂമായുടെ സാമ്രാജ്യത്തെ കോർട്ടസ് എത്ര കുറച്ചാളുകളുള്ള ഒരു സൈന്യംകൊണ്ടാണു് കീഴടക്കിയതു്! ആ സ്ഥിതിക്കു് നമ്മുടെ മാർഷലിന്നു സാമൂതിരിയെ കീഴടക്കാൻ എത്ര ആളുകൾ വേണം?”

സാഹസികനായ കഠീനോ ആ വെല്ലുവിളിയെ സ്വീകരിച്ചു. അയാൾ നിസ്സംശയം പറഞ്ഞു: “പത്തു പടക്കപ്പലും ആയിരം പട്ടാളവും. സാമൂതിരിയെ പിടിച്ചു കെട്ടി ഞാൻ ഈ സിംഹാസനത്തിനുമുമ്പിൽ ഹാജരാക്കും; അയാളുടെ പള്ളിയറവാതിൽ പിഴുതെടുത്തു് കൊണ്ടുവന്നു് ഇവിടെ കാല്പടിയാക്കി വെയ്ക്കും!”

അപ്രകാരമെന്നു രാജാവും സമ്മതിച്ചു.

ഇങ്ങനെ വാതുപറഞ്ഞ ആൾ ഒരു വങ്കപ്രഭുവാണെന്നു ധരിക്കരുതു്. സ്ഥാനംകൊണ്ടുമാത്രമല്ല കഠീനോ സർവ്വസൈന്യാധിപനായതു്. വയസ്സിരുപെത്തെട്ടേ ആയിള്ളുവെങ്കിലും പല പടക്കളത്തിലും പടവെട്ടി പേരെടുത്ത ഒരു യോദ്ധാവാണു് അദ്ദേഹം. ധൈര്യം, പരാക്രമം, ശക്തി, കാര്യങ്ങൾ ആലോചിച്ചുചെയ്യാനുള്ള ബുദ്ധി, ആളുകളെ നയിക്കാനുള്ള സാമർത്ഥ്യം എന്നിവയെല്ലാം തികച്ചുമുള്ള ഒരു വീരപുരുഷനെന്ന ഖ്യാതിയും അദ്ദേഹം നേടിയിട്ടുണ്ടു്. യൂറോപ്യൻ പൗരുഷത്തിന്റെ ഒരു മാതൃകയാണു് അദ്ദേഹമെന്നു പറയാം. ആറടിയിൽക്കവിഞ്ഞു പൊക്കമുള്ള ഒരതികായനാണു് കഠീനോ. നിത്യേനയുള്ള വ്യായാമത്താലും പലതരത്തിലുള്ള അഭ്യാസത്താലും ദൃഢമായ ദേഹം, ഗുസ്തിപിടിച്ചും മല്ലയുദ്ധം ചെയ്തും ഉറപ്പുറ്റ കൈകാലുകൾ, മജ്ജായിരിമ്പുപോലെ ശക്തമായ അവയവങ്ങൾ—ഇങ്ങനെ എല്ലാംകൊണ്ടും പോർട്ടുഗീസു വീര്യശക്തിയ്ക്കു പ്രതിനിധീഭവിക്കാൻ യോഗ്യനായിരുന്നു കഠീനോ.

രണ്ടു തരക്കേടാണു് കഠീനോയുടെ സ്വഭാവത്തിന്നുണ്ടായിരുന്നതു്: ഒന്നാമതു തന്റെ സ്ഥാനത്തിന്നും, ചെറുപ്പത്തിന്നും ഒഴിച്ചുകൂടാനാവാത്ത സാഹസിക്യം; രണ്ടാമതു വീമ്പുപറയൽ. ഏതു സാഹസകാര്യങ്ങൾ കൈയേല്ക്കാനും അദ്ദേഹത്തിന്നു മടിയില്ല. മറ്റുള്ളവർക്കു ദുസ്സാധമെന്നു തോന്നുന്നതു ചെയ്കയാണു് അദ്ദേഹത്തിന്നു സന്തോഷം. അതിനുവേണ്ടി വാതുപറയാനും ചാടിപ്പുറപ്പെടും.

രാജസദസ്സിൽവെച്ചുണ്ടായ ആ വാഗ്വാദമനുസരിച്ചു രണ്ടു മാസത്തിനകം വമ്പിച്ചൊരു കപ്പൽസേനയോടുകൂടി കഠീനോ പോർട്ടുഗാലിൽനിന്നു പുറപ്പെട്ടു. യുദ്ധംചെയ്തു പഴകിയ ഒരു പട്ടാളമാണു് അദ്ദേഹത്തെ അനുഗമിച്ചതു്. ആവശ്യമുള്ള തോക്കുകളും വെടിമരുന്നും കപ്പലിൽ സംഭരിച്ചിരുന്നു. ഈ പടക്കപ്പലിലും വെടിമരുന്നുകളിലും മാത്രമല്ല കഠീനോ വിശ്വസിച്ചതു്. പുതിയ ഗവർണ്ണരായി നിയമിക്കപ്പെട്ട ആൽബൂക്കെർക്ക് തന്റെ മച്ചുനനാണു്; ആ വീരപുരുഷനും തന്റെ ഉദ്യമത്തെ എല്ലാവിധത്തിലും വിജയിപ്പിക്കുമെന്നും അദ്ദേഹം കരുതി. ഇങ്ങനെ വളരെ ശുഭപ്രതീക്ഷയോടുകൂടിയാണു് കഠീനോ ലിസ്ബണിൽനിന്നു തിരിച്ചതു്. അപകടങ്ങളൊന്നും കൂടാതെ ആ കപ്പല്പട കൊച്ചിത്തുറമുഖത്തു് എത്തിതാനും.

കൊച്ചിയിൽ കപ്പലിറങ്ങിയപ്പോൾ മാർഷൽ കഠീനോയുടെ ചെവിയിൽ പതിഞ്ഞതു സംഭ്രമജനകമായ ഒരു വർത്തമാനമാണു്—വൈസ്രോയി ആൽമയിഡാപ്രഭു ദുർനയങ്ങൾ പറഞ്ഞു രാജാധികാരത്തെ ധിക്കരിച്ചു് ആൽബൂക്കെർക്കിനെ കണ്ണൂരിൽ ബന്ധനസ്ഥനാക്കിപ്പാർപ്പിച്ച വർത്തമാനം. കഠീനോ സംഗതികളെല്ലാം വിശദമായി അന്വേഷിച്ചു. സ്വകാര്യക്കച്ചോടത്തിൽ പണമുണ്ടാക്കണമെന്ന വിചാരമേ കൊച്ചിക്കോട്ടയിലുള്ളവർക്കുള്ളു എന്നും സാമൂതിരിയോടു യുദ്ധംചെയ്യണമെന്ന വിചാരംതന്നേ അവരെല്ലാം മറന്നുകഴിഞ്ഞിരിക്കുന്നുവെന്നും കൊച്ചിരാജാവിന്റെ നിർബ്ബന്ധപ്രകാരം അപ്പപ്പോൾ വല്ലതുമൊക്കെ ചെയ്യുന്നുവെന്നേ ഉള്ളൂവെന്നും അയാൾ മനസ്സിലാക്കി. സ്ഥിതിഗതികളുടെ സ്വരൂപം ഏതാണ്ടറിഞ്ഞ ഉടനെ, പോർട്ടുഗാലിൽനിന്നു താൻ കൊണ്ടുവന്ന രാജകല്പനകൾ കേൾക്കാനും അവയെപ്പറ്റി ആലോചിക്കാനുമായി, രാജാവിന്റെ കല്പനപ്രകാരം സ്ഥിരംനിയമിതമായ രാജസദസ്സു വിളിച്ചുകൂട്ടണമെന്നു കഠീനോ ആവശ്യപ്പെട്ടു. അതു വൈസ്രോയ്ക്കു നിരസിക്കാനാവാത്ത ഒരു കാര്യമായിരുന്നു. പോർട്ടുഗാലിന്റെ രാജനിയമമനുസരിച്ചു് ഏർപ്പെടുത്തിയ നടപടികൾക്കു വീഴ്ചവരാതെ അപ്രകാരമൊരു സദസ്സു വിളിച്ചുകൂട്ടാൻ ആൽമയിഡാപ്രഭു നിർബ്ബന്ധനായി. ആകെ എട്ടുദ്യോഗസ്ഥന്മാരാണു് അതിലെ മെമ്പർമാർ. വൈസ്രോയി ആൽമയിഡാ, പട്ടാളത്തലവനായ ലൂയി ഡംസാ, നാവികസൈന്യാധിപൻ കാബേല്ലോ, വ്യാപാരവകുപ്പിന്റെ അധ്യക്ഷൻ ലോപോസോ ആറസു, പട്ടാളത്തിന്റേയും കച്ചോടത്തിന്റെയും കണക്കുകളുടെ അധികാരികളായ ആന്റോണിയോ റിയാലും ലോറൻസോ മെറിനായും, വൈസ്രോയിയുടെ സെക്രട്ടറി—ഇങ്ങനെ ഏഴുപേരും മാർഷൽ കഠീനോയുമാണു് ആ സദസ്സിൽ ഹാജരായതു്. ഇരുവശത്തും നില്ക്കുന്ന അംഗരക്ഷകന്മാരുടെ അകമ്പടിയോടുകൂടി വൈസ്രോയി പൊന്നുപൂശിയ കസേലയിൽ ആഡംബരസമേതം ഉപവിഷ്ടനായി. വെറുമൊരു കസാലയാണു് രാജപ്രതിനിധിയും മഹാപ്രഭുവുമായ കഠീനോവിനായി ഇട്ടിരുന്നതു്. അതുതന്നേ ആ സാഹസികനെ കോപാരുണാക്ഷനാക്കി. തൽക്കാലം ഒന്നു തന്നേ ഉരിയാടിയില്ലെങ്കിലും അദ്ദേഹം മുഖത്തുണ്ടായ ഭാവഭേദംകൊണ്ടു തന്റെ അഭിപ്രായത്തെ വെളിവാക്കാതിരുന്നില്ല. എല്ലാവരും ആസനസ്ഥരായ ഉടനെ ആൽമെയിഡാ രാജാജ്ഞകൾ കൊണ്ടുവന്നു കഠീനോവിനെ ഒരു ചെറുപ്രസംഗംകൊണ്ടു സ്വാഗതംചെയ്തു. മാനുവേൽരാജാവിന്നു കഠീനോവിലുള്ള വിശ്വാസം, സ്വന്തം രാജ്യത്തിൽ അദ്ദേഹത്തിന്നുള്ള സ്ഥാനം, അദ്ദേഹം യുദ്ധക്കളത്തിൽക്കാട്ടിയിരുന്ന വീരപരാക്രമങ്ങൾ എന്നിവയെപ്പറ്റിയെല്ലാം വൈസ്രോയി തന്റെ പ്രസംഗത്തിൽ പരാമർശിക്കാതിരുന്നില്ല. മഹാരാജാവിന്റെ കല്പന കേൾക്കാൻ സദസ്സിലുള്ളവർമാത്രമല്ല, പോർട്ടുഗാൽക്കാരായ എല്ലാവരും അത്യുത്സുകരായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

സദസ്സു പിന്നെയും നിശ്ശബ്ദമായി. എല്ലാവരുടെയും കണ്ണുകൾ കഠീനോവിന്റെ മുഖത്തു പതിഞ്ഞു. അദ്ദേഹമാകട്ടെ, ചുറ്റുമൊന്നു നോക്കിയിട്ടു് ഇത്രമാത്രം പറഞ്ഞു: “മഹാരാജാവിന്റെ കല്പനകൾ ആൽഫോൺസോ ആൽബൂക്കെർക്കിനു കൊടുക്കാനാണു് എന്നെ ഏല്പിച്ചിട്ടുള്ളതു്. അദ്ദേഹമില്ലാത്ത ഈ സദസ്സിനെ ശരിയായ ഒരു കൗൺസിലായി ഞാൻ കണക്കാക്കുന്നില്ല.”

മേഘലേശമില്ലാത്ത ഒരാകാശത്തിൽ പൊടുന്നനെ ഒരിടിയുണ്ടായാലത്തെ ഫലമാണു് ആ സദസ്സിൽ ഈ പ്രസംഗമുണ്ടാക്കിയതു്. എല്ലാവരും ഇരുന്നിടത്തുനിന്നു് ഒന്നു ഞെട്ടി; ഇനിയെന്താണുണ്ടാവാൻ പോകുന്നതെന്നറിയാതെ അമ്പരന്നു ചുറ്റും നോക്കി. വൈസ്രോയിയുടെ അംഗരക്ഷകന്മാരുടെ കൈകൾ അരയിൽ കെട്ടിഞാത്തിയ വാളിന്റെ പിടിയിൽ മുറുകി. വൈസ്രോയിയുടെ മുഖത്തു രക്തക്ഷോഭം പ്രത്യക്ഷമായി. അദ്ദേഹത്തിന്റെ കൈയും വാൾപ്പിടിയെത്തന്നെ അന്വേഷിക്കുന്നതായി തോന്നി. അദ്ദേഹം ഗർജ്ജിച്ചു: “എന്തു്, നമ്മുടെ അധികാരത്തെത്തന്നെ ചോദ്യംചെയ്കയോ നാം രാജപ്രതിനിധിയാണെന്ന കാര്യം മറന്നുപോകരുതു്. ഇതു പോർട്ടുഗാലുമല്ല അതുകൊണ്ടു സൂക്ഷിക്കണം. ഇത്തരം അഭിപ്രായങ്ങളാവർത്തിക്കയാണെങ്കിൽ കണ്ണൂർക്കോട്ടയിൽ മുറിയുണ്ടാകുമെന്നു് ഓർക്കുന്നതു നന്നു്.”

മുൻകോപിയും എടുത്തുചാട്ടക്കാരനുമാണെങ്കിലും കഠീനോയാണു് ഈ അവസരത്തിൽ ക്ഷമ കാണിച്ചതു്. താരതമ്യേന തനിക്കുള്ള ബലത്തെ നല്ലവണ്ണം മനസ്സിലാക്കിയാവണം പതിവില്ലാത്ത ഈ അടക്കം കൈക്കൊണ്ടതു്. അദ്ദേഹം അക്ഷോഭ്യന്റെ മട്ടിൽ ഇങ്ങനെ പറഞ്ഞു: “രാജാധികാരത്തെ കൈയടക്കിവെച്ചിരിക്കുന്ന നിങ്ങളുടെ സ്ഥാനത്തെ ഞാൻ വകവെയ്ക്കുന്നില്ല. പിന്നെ, എന്നെ ജയിലിലടയ്ക്കുന്ന കാര്യം അതാലോചിക്കാം. പുറത്തു കിടക്കുന്ന പടക്കപ്പലിലെ തോക്കുകൾ എങ്ങോട്ടാണു് തിരിച്ചുവെച്ചിട്ടുള്ളതെന്നു നിങ്ങൾക്കറിയാമോ? കപ്പലുകളിലെ പട്ടാളത്തിലുള്ള ഒരു വിഭാഗം മതി, പോർട്ടുഗാൽരാജാവിന്റെ പേരിൽ ഈ കോട്ട പിടിച്ചടക്കി ഇവിടെയുള്ള രാജദ്രോഹികളെ കഴുമരത്തിൽ കയറ്റാൻ—അതേ, രാജദ്രോഹികളെ! ഇവിടെയുള്ളവരെല്ലാവരും രാജദ്രോഹികളാണെന്നു ഞാൻ പറയുന്നില്ല. രാജാധികാരത്തെ കൈയ്യടക്കിവെച്ചവരും അവർക്കു സഹായമായി നില്ക്കുന്നവരും രജദ്രോഹികളാണെന്നുതന്നേ ഞാൻ പറയുന്നു.”

ആൽമെയിഡായ്ക്കു വിപരീതമായി ഒരു കക്ഷി രാജസഭയിലുണ്ടായിരുന്നു. ഇതുവരെ വൈസ്രോയിയുടെ പ്രതാപശക്തികൾകൊണ്ടു് അവരുടെ വായ് മൂടിയിരിക്കുകയായിരുന്നു. ഇന്നവർക്കു് ഒരു പിൻബലമുണ്ടായി. തന്റെ മേൽ രാജദ്രോഹക്കുറ്റംതന്നേ ആരോപിക്കപ്പെട്ടപ്പോൾ തനിക്കു വിപരീതമായി നിന്നവർമാത്രമല്ല, സഹായികളിൽച്ചിലർപോലും ചേരിമാറിനില്ക്കാൻ തുനിയുന്നതായി ആൽമെയിഡായ്ക്കു തോന്നാതിരുന്നില്ല. എന്നാലും അദ്ദേഹം കൂസാതിരുന്നേനെ. പക്ഷേ, പുറത്തുകിടക്കുന്ന പടക്കപ്പലുകളുടെ ശക്തി അദ്ദേഹത്തെ തടുത്തു. പറഞ്ഞതുപോലെ പ്രവർത്തിക്കാൻ മടിക്കുന്ന ആളല്ല കഠീനോ എന്നു് ആൽമെയിഡായ്ക്കറിയാം. അവയിലൊന്നിലെ പട്ടാളംമാത്രമിറങ്ങിയാൽ കൊച്ചിക്കോട്ടയിലെ പറങ്കികളെ അമർത്താൻ കഴിയുമെന്നതിൽ അദ്ദേഹത്തിന്നു സംശയമില്ല. അതുകൊണ്ടു് അടവൊന്നു മാറുകയേ നിവൃത്തിയുള്ളു എന്നു കണ്ട ആൽമെയിഡാ മാർഷൽ കഠീനോവിനോടു് ഇങ്ങനെ പറഞ്ഞു: “തങ്കൾ രാജാധികാരം വഹിച്ചു വന്ന ഒരു പ്രതിനിധി; പോർട്ടുഗാലിലെ മാർഷൽ ഞാനോ, ഇതുവരെ ഇവിടെ വൈസ്രോയിയായി ഇരുന്ന ആൾ. നാം തമ്മിൽ കലഹിച്ചാൽ വിജയം സാമൂതിരിക്കും മുസൽമാന്മാർക്കുമാണു്. അതുകൊണ്ടു ഞാൻ പറഞ്ഞതിൽ വല്ല തെറ്റും പറ്റിപ്പോയിട്ടുണ്ടെങ്കിൽ അതു പിൻവലിക്കുന്നു. രണ്ടാൾക്കും പോർട്ടുഗാൽ രാജാവിന്റെ വിജയൈശ്വര്യങ്ങളിൽമാത്രമാണല്ലോ നോട്ടം. അതുകൊണ്ടു മാർഷലിന്റെ അഭിപ്രായമെന്താണെന്നു പറഞ്ഞാൽ അതുപോലെ ചെയ്യാൻ ശ്രമിക്കാം.”

വൈസ്രോയിയുടെ നയംമാറ്റം കഠീനോവിൽ ഒരു മാറ്റവും വരുത്തിയില്ല. അദ്ദേഹം അചഞ്ചലനായി ഉത്തരം പറഞ്ഞു: “എനിക്കു വിശേഷിച്ചഭിപ്രായമൊന്നുമില്ല. ശരിയായ ഗവർണ്ണർ അധികാരത്തിൽ വരുമ്പോൾ എന്റെ കൈവശമേല്പിച്ച രാജകല്പനകൾ അറിയിച്ചുകൊള്ളാം.”

ആൽമെയിഡാ പിന്നെയും കുറെയൊക്കെ പറഞ്ഞുനോക്കി. എന്തായിട്ടും കഠീനോ നിന്ന നിലയിൽനിന്നു മാറുവാൻ ഭാവമില്ല. ഒടുവിൽ, ഗതികെട്ടപ്പോൾ, ആൽമെയിഡാ ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്കങ്ങനെ നിർബ്ബന്ധമാണെങ്കിൽ ആൽബൂക്കെർക്കിനെ കൂട്ടിക്കൊണ്ടുവരാൻ എന്റെ സെക്രട്ടറിയെ പ്രത്യേകമൊരു കപ്പലിൽ ഇപ്പോൾത്തന്നെ നിയോഗിച്ചയയ്ക്കാം.”

“പ്രത്യേകമൊരു കപ്പൽ വേണമെന്നില്ല. എന്റെ കീഴിലുള്ള ഒരു പടക്കപ്പൽ മതിയാകും. തടങ്ങലിൽനിന്നു മോചിപ്പിക്കാനുള്ള അധികാരം കൊടുത്തു സെക്രട്ടറിയെ കൂടെ അയയ്ക്കുമെങ്കിൽ ഗവർണ്ണരെ യഥാവിധി സ്വീകരിച്ചു ബഹുമാനപുരസ്സരം ഇവിടെ കൊണ്ടുവരാൻ ഞാൻതന്നെ ഏർപ്പാടുചെയ്തുകൊള്ളാം.”

“താങ്കളെന്നെ വിശ്വസിക്കുന്നില്ല അല്ലേ?”

“വിശ്വാസമല്ല ഇവിടെ കാര്യം. ആൽബൂക്കർക്കിന്റെ നിയമനത്തെ അറിഞ്ഞിട്ടു ബഹുമാനിക്കാതെ എപ്പോൾ നിങ്ങളദ്ദേഹത്തെ ബന്ധനത്തിലിട്ടുവോ, അപ്പോൾമുതൽ നിങ്ങൾ അന്യായമായി രാജ്യാധികാരം നടത്തുന്ന ഒരാളാണു്; എന്റെ അഭിപ്രായത്തിൽ ശിക്ഷാർഹനുമാണു്. ഒരു ഗ്ഫിഡാൾഗോവായതുകൊണ്ടു നിങ്ങളെ പോർട്ടുഗാലിന്നു പുറത്തുവെച്ചു ശിക്ഷിക്കാൻ അധികാരമില്ല. അതുകൊണ്ടു ഞാനൊന്നും ചെയ്യുന്നില്ല. ഏതായാലും ആൽബൂക്കെർക്കിന്റെ കാര്യത്തിൽ നിങ്ങളീനിയമത്തെ വിസ്മരിച്ചതു് ആശ്ചര്യകരംതന്നെ.”

ആൽമെയിഡാ പിന്നെയൊന്നും പറയാൻനിന്നില്ല. സദസ്സപ്പോഴേ പിരിച്ചുവിട്ടു. ആൽബൂക്കെർക്കിനെ ബന്ധനത്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുള്ള കല്പനയെഴുതി സെക്രട്ടറിയെ ഏല്പിച്ചു. മാർഷലിനോടു യാത്രപറയാൻപോലും നില്ക്കതെയാണു് അദ്ദേഹം അവിടെനിന്നു പോകാൻ തുനിഞ്ഞതു്. പക്ഷേ, മാർഷേൽ കഠീനോ അതിന്നു സമ്മതിച്ചില്ല. അദ്ദേഹം അങ്ങോട്ടു കടന്നു പറഞ്ഞു: “നാലുദിവസത്തിനകം ആൽബൂക്കെർക്ക് ഇവിടെ എത്തുമല്ലോ. ഒരു ഗവർണ്ണരുടെ നിലയ്ക്കു് അദ്ദേഹത്തിന്നു കപ്പലുകളിൽനിന്നു കിട്ടുന്നതുപോലുള്ള ബഹുമതികൾ കൊച്ചിക്കോട്ടയിൽ നിന്നു കിട്ടണം; ആചാരവെടികൾ മുതലായവയോടുകൂടി വേണം അദ്ദേഹത്തെ സ്വീകരിക്കുക എന്നെനിക്കു തോന്നുന്നു. എന്താ നിങ്ങളുടെ അഭിപ്രായം!”

“അങ്ങനെ ആയിക്കൊള്ളട്ടെ”—വല്ലമട്ടിലും ഇങ്ങനെയൊന്നു പറഞ്ഞു എന്നു വരുത്തി ആൽമെയിഡാ അവിടെനിന്നു പോയി.

ഏഴാമധ്യായം

പുറപ്പെട്ടു നാലാംപക്കംതന്നേ ആൽമെയിഡായുടെ സെക്രട്ടറിയും അയാളെ അനുഗമിച്ച കഠീനോയുടെ അംഗരക്ഷകനും ആൽബൂക്കെർക്കിനെയുംകൊണ്ടു കൊച്ചിയിൽ തിരിച്ചെത്തി. രാജപദവിയിലാണു് ആൽബൂക്കെർക്ക് കപ്പലിൽ സഞ്ചരിച്ചതു്. കോട്ടയിലുണ്ടായ സംഭവങ്ങളെല്ലാം കഠീനോയുടെ അംഗരക്ഷകനായ സന്തായോവിൽനിന്നു് അദ്ദേഹം മനസ്സിലാക്കി. ആൽമെയിഡായുടെ തേജോഭംഗം സന്തോഷിപ്പിച്ചുവെങ്കിലും കഠീനോയുടെ സാഹസപ്രവൃത്തി അദ്ദേഹത്തിന്റെ മനസ്സിനെ ആശങ്കാകുലമാക്കാതിരുന്നില്ല: മേലിൽ തന്നോടും ആ സാഹസികൻ ഇങ്ങനെ പ്രവർത്തിക്കാൻ തുടങ്ങിയാലോ! എന്തായാലും ഇപ്പോഴിങ്ങനെ പ്രബലമായൊരു സഹായം കഠീനോവിൽനിന്നു ലഭിച്ചതിൽ ദൈവത്തോടു മനസാ നന്ദിപറഞ്ഞുകൊണ്ടാണു് ആൽബൂക്കെർക്ക് യാത്രചെയ്തതു്. കപ്പൽ കൊച്ചിത്തുറമുഖത്തോടടുത്തപ്പോൾ, കപ്പലിന്റെ നടുമരത്തിൽ പാറിയ ഗവർണ്ണരുടെ കൊടി കാണാറായപ്പോൾ, മാർഷൽ കഠീനോയുടെ പടക്കപ്പലിൽനിന്നു് ആചാരവെടികൾ കേൾക്കായി—മുപ്പത്തൊന്നാചാരവെടികൾ. മഹാരാജാവു നേരിട്ടെഴുന്നള്ളുമ്പോഴേ നൂറ്റൊന്നു വെടിയുള്ളു. മുപ്പത്തൊന്നാചാരവെടിയിൽ കവിഞ്ഞൊരു ബഹുമാനം അന്യരാജാക്കന്മാർക്കുപോലും പടക്കപ്പലിൽനിന്നോ കോട്ടയിൽനിന്നോ കൊടുക്കാറില്ല. കപ്പലിൽനിന്നുള്ള വെടി നിലച്ചപ്പോൾ മാർഷൽ കഠീനോ കോപഭാവത്തിൽ അക്ഷമനായി കപ്പലിന്റെ മേൽത്തട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നാലഞ്ചുമിനുട്ടുനേരം നടക്കുന്നതു കാണായി. കോട്ടയിൽനിന്നു ആചാരവെടികൾ മുഴങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കുകയായിരുന്നു അദ്ദേഹം. ആൽബൂക്കെർക്കും അതുതന്നെയാണു് ശ്രദ്ധിച്ചതു്. തന്റെ ചാർച്ചക്കാരനും സ്നേഹിതനും തന്റെ നിലയെയും പദവിയെയും രക്ഷിക്കാൻ സന്നദ്ധനായി പുറപ്പെട്ടവനുമായ കഠീനോ തന്നെ ബഹുമാനിക്കാനായി കപ്പലിൽനിന്നു് ആചാരവെടി മുഴക്കിയതിൽ ആൽബൂക്കെർക്ക് ആശ്ചര്യപ്പെട്ടില്ല. തന്റെ ഗവർണ്ണർസ്ഥാനത്തെ വകവെയ്ക്കാതെ തന്നെ ബന്ധനത്തിൽ പാർപ്പിച്ച ആൽമെയിഡാ അങ്ങനെ ചെയ്യുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ജിജ്ഞാസ. ഒട്ടുനേരം നീണ്ടുനിന്ന നിശ്ശബ്ദത അർത്ഥവത്താണെന്നു് ആൽബൂക്കെർക്കിനും കഠീനോയ്ക്കും തോന്നി. പക്ഷേ, ആ നിശ്ശബ്ദത അധികം നീണ്ടുനിന്നില്ല; ഏറെത്താമസിയാതെ കോട്ടയിലെ തോക്കുകൾ നിറയൊഴിക്കാൻ തുടങ്ങി. അല്ലെങ്കിൽ ആ സാഹസികനായ യുവാവു് എന്തൊക്കെ ചെയ്തേക്കുമെന്നു് ആർക്കും പറയാനാവില്ല.

ഗവർണ്ണർക്കു് ആചാരപൂർവ്വം കരയ്ക്കിറങ്ങുന്നതിനു വേണ്ട ഏർപ്പാടുകളെല്ലാം വൈസ്രോയി ചെയ്തിരുന്നു. അടുത്തിറങ്ങുന്നിടത്തു പന്തലിട്ടു പരവതാനി വിരിച്ചു ഭംഗിപിടിപ്പിച്ചിരുന്നു. വൈസ്രോയിയൊഴിച്ചുള്ള ഉദ്യോഗസ്ഥന്മാരെല്ലാം ആചാരവേഷത്തിൽ പന്തലിൻകീഴിലിട്ട കസാലകളിൽ യഥോചിതം വന്നിരുന്നു. ഗവർണ്ണരുടെ കപ്പൽ ജറ്റിയിലടുത്തു. മാർഷൽ കഠീനോ സ്വാഗതംചെയ്യാനായി നേരത്തേതന്നേ ഗവർണ്ണരുടെ കപ്പലിൽ എത്തിയിട്ടുണ്ടു്. അവർ തമ്മിലെ കൂടിക്കാഴ്ച അന്നത്തേ സ്ഥിതിക്കു് അസാധാരണമായ ഒന്നായിരുന്നുവെന്നു പറയേണ്ടതില്ല. ചാർച്ചക്കാരുടെ പതിവനുസരിച്ചു് അന്യോന്യമാശ്ലേഷിച്ചു സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചശേഷം കഠീനോ ആൽബൂക്കെർക്കിനോടു പറഞ്ഞു: “താങ്കളെ തടങ്ങലിൽനിന്നു മോചിപ്പിക്കുക എന്നതല്ലായിരുന്നു എന്റെ ആദ്യത്തെ കടമയെങ്കിൽ ഞാൻ ആ ദ്രോഹിയെ—എന്തു ശിക്ഷ പിന്നീടു സഹിക്കേണ്ടിവന്നാലും—കഴുമരത്തിൽകയറ്റിയേനേ. നമ്മുടെ അധികാരത്തെപ്പോലും സ്വീകരിക്കാൻ ആൽമെയിഡാ തയ്യാറല്ലായിരുന്നു. നമ്മുടെ കൂടെ പത്തു പടക്കപ്പലും ആയിരം പട്ടാളക്കാരുമുണ്ടെന്ന വസ്തുതയെ ഒടുവിൽ അയാൾക്കു വകവെയ്ക്കാതിരിക്കാൻ വയ്യെന്നായി!”

ആൽബൂക്കെർക്ക് അല്പമൊന്നാലോചിച്ചു ശാന്തസ്വരത്തിൽ മറുപടി പറഞ്ഞു: “ഇനിയെങ്കിലും വഴക്കിനു പോകാതിരിക്കയാവും നല്ലതു്, അദ്ദേഹം ഉടൻതന്നെ പോർട്ടുഗാലിലേയ്ക്കു മടങ്ങിപ്പോകട്ടെ. മടങ്ങിച്ചെന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടുകാരും നമ്മെപ്പറ്റി പലതും പറഞ്ഞുണ്ടാക്കിയേയ്ക്കും. അതിന്നു നിവൃത്തിയുണ്ടാക്കാമെന്നു വെയ്ക്കുക. പക്ഷേ, പെട്ടന്നു് പോകാൻ കപ്പലില്ലെന്നു പറഞ്ഞാലോ?”

“അങ്ങനെ വാദിക്കുകയാണെങ്കിൽ അയാളെ ബന്ധിച്ചു് എന്റെ കപ്പലിലിട്ടു തിരികെ അയയ്ക്കാനാണു് ഞാൻ നിശ്ചയിച്ചിട്ടുള്ളതു്.”

ചിരിച്ചുകൊണ്ടാണു് ആൽബൂക്കെർക്ക് മറുപടി പറഞ്ഞതു്: “അതൊന്നും വേണ്ടിവരുമെന്നു തോന്നുന്നില്ല. ഡാം ആൽമെയിഡാ ധീരനും സമർത്ഥനുമായ ഒരു പ്രഭുവാണു്. തീർച്ചപ്പെടുത്തിയതും ആവശ്യപ്പെട്ടതുമായ കാര്യത്തിൽനിന്നു പിൻവാങ്ങുന്ന ആളല്ല. എന്നല്ല, വിവേകവും അദ്ദേഹത്തിന്റെ ഗുണങ്ങളിലൊന്നുതന്നേ. സാധ്യമല്ലാത്ത കാര്യത്തിൽ നിർബ്ബന്ധമുണ്ടാകയില്ല.”

“അങ്ങനെയാണെങ്കിൽ വേണ്ടതു് ഏർപ്പാടുചെയ്യുക. നാലുദിവസത്തിന്നകം അയാളിവിടെനിന്നു പോയിരിക്കണമെന്നേ നിർബ്ബന്ധമുള്ളൂ.”

ആൽബൂക്കെർക്ക് ജറ്റിയിലിറങ്ങി. അവിടെ കൂടിയിരുന്നവരുടെ അഭിവാദ്യങ്ങളെ സ്വീകരിച്ചശേഷം വൈസ്രോയിയെക്കാണാനായി കോട്ടയ്ക്കകത്തുള്ള വസതിയിലേയ്ക്കു പോയി. അവർ തമ്മിലുള്ള കൂടിക്കാഴ്ച എല്ലാംകൊണ്ടും സവിശേഷമായ ഒന്നായിരുന്നു. നാലുദിവസം മുമ്പുവരെ ഒരാൾ തടവുകാരനും മറ്റേയാൾ അയാളെ തടവിൽവെച്ചവനുമാണു്; രണ്ടാളും പരസ്പരം ബദ്ധവിരോധം പരക്കെ പ്രകടിപ്പിച്ചവരുമാണു്. എന്നിരിക്കേ, അവർ തമ്മിലെ ഔപചാരികമായ കൂടിക്കാഴ്ച ഒരസുഖത്തിന്നും കാരണമാകാതെയും ചിരപരിചിതർ തമ്മിൽ കാര്യം പറഞ്ഞു പിരിയുന്നതുപോലെയുമായിരുന്നു എന്നതു് അത്ഭുതാവഹമാണു്. ഒരംഗരക്ഷകനാൽമാത്രം അനുഗതനായി തന്നെ കാണാൻ വരുന്ന ഗവർണ്ണരെ ഔപചാരികവേഷത്തിൽ, പോർട്ടുഗാൽരാജ്യത്തിലെ പല കീർത്തിമുദ്രകൾ ധരിച്ചും ഇരുവശത്തും ഓരോ അംഗരക്ഷകൻ അകമ്പടി സേവിച്ചും, വൈസ്രോയി അവർകൾ വാതുക്കൽവരെ വന്നു സ്വീകരിച്ചു. കൈകുലുക്കി അഭിവാദ്യംചെയ്തതല്ലാതെ, സ്നേഹിതന്മാരുടെ മട്ടിൽ അവർ ആലിംഗനംചെയ്തില്ലെന്നുമാത്രം. ഗവർണ്ണരെ കൈക്കുപിടിച്ചു് ഒരു കസാലയിൽ കൊണ്ടിരുത്തിയശേഷം വൈസ്രോയി ചോദിച്ചു: “യാത്രയിൽ അസൗകര്യമൊന്നുമുണ്ടായില്ലല്ലോ.”

“ഒന്നുമുണ്ടായില്ല. കാറ്റനുകൂലമായിരുന്നു.”

“അധികാരം കൈയേല്ക്കുന്ന കാര്യത്തിൽ എന്താണു് നിങ്ങളുടെ വിചാരം? എനിക്കക്കാര്യത്തിൽ തടസ്സമൊന്നുമില്ലെന്നു പറയേണ്ടതില്ലല്ലോ.”

“എത്ര വേഗം സൗകര്യപ്പെടുമോ, അത്ര വേഗമായാൽക്കൊള്ളാമെന്നാണു് എന്റെ അഭിപ്രായം. ഇവിടെയുള്ള ഉദ്യോഗസ്ഥന്മാർതമ്മിൽ കക്ഷിവഴക്കിനിടയാകാത്തവിധത്തിലായാൽക്കൊള്ളാമെന്നുണ്ടു്.”

“എന്നു വേണമെങ്കിലും ഒഴിഞ്ഞുതരാം. ഒരു കാര്യംകൊണ്ടേ വൈഷമ്യമുള്ളൂ: ഇവിടെനിന്നു പോകാൻ കപ്പലൊന്നും തയ്യാറില്ല.”

“അതേപ്പറ്റി മാർഷൽ എന്നോടു പറയുകയുണ്ടായി. തന്റെ കപ്പലുകളിലൊന്നു് ഒഴിച്ചുതരാമെന്നു് അദ്ദേഹം ഏറ്റിട്ടുണ്ടു്.”

നിവൃത്തിയില്ലെന്നു കണ്ടു് ആൽമെയിഡാ അങ്ങനെ സമ്മതിച്ചു. അന്നവർ സ്നേഹിതന്മാരെപ്പോലെ പിരിഞ്ഞു. പറഞ്ഞതുപോലെതന്നേ, നാലുദിവസത്തിനകം ആൽമെയിഡായെ വഹിച്ച കപ്പൽ ഇന്ത്യാതീരങ്ങൾ വിട്ടുതാനും. പോകുന്നതിന്നു മുൻപു് പുതിയ ഗവർണ്ണരുടെ വകയായി ആൽമെയിഡായ്ക്കു വലിയൊരു വിരുന്നുസൽക്കാരമുണ്ടായി. കപ്പൽ കയറുന്ന ദിവസം രാവിലെ ആൽമെയിഡാ കൊട്ടാരത്തിൽ ചെന്നു കൊച്ചിരാജാവിനെ മുഖംകാണിച്ചു് അദ്ദേഹത്തിൽനിന്നു പല സാമാനങ്ങളും സ്വീകരിച്ചു. ആകപ്പാടെ സുസമ്മതനെന്ന നിലയ്ക്കാണു് അദ്ദേഹം നാട്ടിലേയ്ക്കു മടങ്ങിയതു്. നമ്മുടെ മാർഷൽമാത്രം ഇതൊന്നും അറിഞ്ഞതായിത്തന്നേ നടിച്ചില്ല; എന്നല്ല, ആൽബൂക്കെർക്ക് ഇത്രയെല്ലാം ഉപചാരം കാണിക്കാൻ ശ്രദ്ധിച്ചതിൽ പുച്ഛം ഭാവിച്ചുതാനും.

ഉപചാരവെടികളുടെ ശബ്ദത്തോടുകൂടി ആൽമെയിഡായുടെ കപ്പൽ പോർട്ടുഗാലിലേയ്ക്കു തിരിച്ച മുഹൂർത്തംതൊട്ടുതന്നെ ആൽബൂക്കെർക്കിന്നു വൈഷമ്യവും വർദ്ധിച്ചു. തന്റെ ചാർച്ചക്കാരൻ ഗവർണ്ണരായതുതന്നേ തന്റെ ശക്തിപൂർവ്വമായ ഇടപെടൽകൊണ്ടാണെന്നും അതുകൊണ്ടുതന്നെ താനേറ്റെടുത്ത പ്രവൃത്തിയിൽ സഹായിക്കാനദ്ദേഹം കടപ്പെട്ടവനാണെന്നുമായിരുന്നു കഠീനോയുടെ വിചാരം. വാസ്തവത്തിൽ അദ്ദേഹമേറ്റെടുത്ത കാര്യത്തെപ്പറ്റി ആൽബൂക്കെർക്കിനു് ഒന്നുംതന്നെ അറിവില്ലായിരുന്നു. വളരെ മാസങ്ങളോളം കടൽയാത്രയിലും പിന്നീടു ജയിലിലുമായിരുന്നതുകൊണ്ടു് ഇത്തരം കാര്യങ്ങൾ ഗവർണ്ണരുടെ അറിവിൽ പെടാത്തതിൽ കഠീനോ ആശ്ചര്യപ്പെട്ടില്ല. താൻ കോഴിക്കോടു പിടിച്ചടക്കി, സാമൂതിരിയെ ബന്ധനസ്ഥനാക്കി പോർട്ടുഗാൽസിംഹാസനത്തിന്നു മുമ്പിൽ കാഴ്ചവെയ്ക്കാമെന്നേറ്റിട്ടുണ്ടെന്നു കഠീനോ പറഞ്ഞപ്പോൾ ആൽബൂക്കെർക്ക് ഒന്നന്ധാളിക്കതന്നെ ചെയ്തു. ഒരു രാജ്യത്തു ഗവർണ്ണരാവുന്നതു് ആദ്യമായിട്ടാണെങ്കിലും അദ്ദേഹത്തിന്നു് ഇന്ത്യയുമായി കുറച്ചു കാലത്തെ പരിചയമുണ്ടു്; സാമൂതിരിരാജ്യത്തെ സ്ഥിതിഗതികളും സാമൂതിരിയുടെ ശക്തിയും ഏതാണ്ടൊക്കെ അറിവുണ്ടുതാനും. ആ സ്ഥിതിക്കു തന്റെ ചാർച്ചക്കാരന്റെ ശപഥം അദ്ദേഹത്തിന്നു് അസാധ്യമായിട്ടാണു് തോന്നിയതു്. കഠീനോവിന്റെ സ്വഭാവം നല്ലവണ്ണമറിയുന്ന ഗവർണ്ണർ നേരിട്ടങ്ങനെ ഒരഭിപ്രായം പറയുന്നതു ശരിയല്ലെന്നു നിശ്ചയിച്ചു. ആ നയജ്ഞൻ കഠീനോയോടു് ഇങ്ങനെ ചോദിച്ചു: “അനുജൻ ഇത്ര ഉഗ്രമായൊരു ശപഥം ചെയ്യാൻ എങ്ങനെ ഇടയായി?”

രാജസദസ്സിൽവെച്ചു് ഇന്ത്യയെക്കുറിച്ചു പരാമർശം വന്നപ്പോഴുണ്ടായ വാദപ്രതിവാദവും സ്പെയിൻകാർ വെറുമൊരു ചെറുസേനകൊണ്ടു വിപുലമായ ആസ്ടെക്കുസാമ്രാജ്യത്തെ തകർത്തു മാട്സുമായെ ബന്ധിച്ചതിനോടു താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ പോർട്ടുഗീസ്കാർക്കു് അപജയമാണെന്നും പത്തുകൊല്ലമായിട്ടും സാമൂതിരിയെ തോല്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള ചിലരുടെ സൂചനയും അതിനെത്തുടർന്നുണ്ടായ ഡികാസ്ത്രോയുടെ വെല്ലുവിളിയും തന്റെ ശപഥവുമെല്ലാം കഠീനോ ആൽബൂക്കെർക്കിനു വിവരിച്ചുകൊടുത്തു. എന്നിട്ടിങ്ങനെ ഉപസംഹരിച്ചു: “ആൽമെയിഡായെപ്പോലെ താങ്കളും അസാധ്യമെന്നു പറഞ്ഞു കൈകെട്ടിയിരിക്കില്ലെന്നു് എനിക്കറിയാം.”

ആൽബൂക്കെർക്ക് കുറച്ചു നേരത്തേയ്ക്കു് ഒന്നും പറഞ്ഞില്ല. ഒടുവിൽ ഒരു ചെറുപുഞ്ചിരിയോടുകൂടി ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ പ്രതിജ്ഞയിൽ ഞാനാശ്ചര്യപ്പെടുന്നില്ല. ബദ്ധകങ്കണരായ ആയിരം വീരയോദ്ധാക്കൾ ഒരുങ്ങിപ്പുറപ്പെട്ടാൽ സാധിക്കാത്ത കാര്യങ്ങൾ കുറയും. ആസ്ടെക്കുകാരും സ്പെയിൻകാരും തമ്മിലെന്നപോലെ നാഗരികതയ്ക്കന്തരമുണ്ടെങ്കിൽ ആയിരം പടയാളികളെക്കൊണ്ടു് ഒരു സാമ്രാജ്യത്തെത്തന്നേ കീഴടക്കാനും കഴിയും. പക്ഷേ, അങ്ങനെയല്ല ഇവിടത്തെ കഥ. സാമൂതിരിയുടെ രാജ്യം ചെറുതെങ്കിലും അവിടത്തെ ഭടന്മാർ നല്ല യുദ്ധപരിചയമുള്ളവരാണു്. വാൾപ്രയോഗത്തിലും കുന്തപ്രയോഗത്തിലും അവർ നമ്മെ കവിഞ്ഞു നില്ക്കുന്നവരാണെന്നാണു് കേട്ടിട്ടുള്ളതു്. തോക്കിലും കൂട്ടുനിന്നുള്ള യുദ്ധത്തിലും നാം മേലെയാണെന്നതു ശരിയാണു്. പക്ഷേ, ഇപ്പോൾ അവർക്കും തോക്കുകൾ കുറേശ്ശ കിട്ടിത്തുടങ്ങിയിട്ടുണ്ടു്. അതുകൊണ്ടു നേരിട്ടുനിന്നുള്ള യുദ്ധത്തിൽ നമുക്കങ്ങനെയൊരു ജയം കിട്ടുമോ എന്നു സംശയിക്കണം.”

“അപ്പോൾ, എന്റെ ആലോചന…”

കഠീനോ മുഴുമിക്കുന്നതിന്നു മുമ്പു് ആൽബൂക്കെർക്ക് ഇടയിൽക്കേറിപ്പറഞ്ഞു: “നിങ്ങളുടെ ആലോചന ഫലിക്കില്ലെന്നല്ല ഞാൻ പറയുന്നതു്. വിരോധികൾക്കു മുൻകൂട്ടി അറിവു കിട്ടാതെ അപ്രതീക്ഷിതമായി പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ആയിരംപേരെക്കൊണ്ടു കോഴിക്കോട്ടുനഗരം നമുക്കു പിടിക്കാൻ കഴിയുമെന്നാണു് എന്റെയും അഭിപ്രായം.”

“അതിനെന്താണു് വൈഷമ്യം?”

“വൈഷമ്യമോ? ഈ ആലോചനകൾ ഇപ്പോൾത്തന്നേ അവിടെ എത്തിക്കാണും.”

“എന്തു്?”—കഠീനോ അത്ഭുതപ്പെട്ടുപോയി.

ആൽബൂക്കെർക്ക് തുടർന്നു: “ലിസ്ബണിൽ നടക്കുന്ന ആലോചനകൾ ഫേസു കഹേറാ മുതലായ രാജധാനികൾവഴി ആദ്യമെത്തുന്നതു കോഴിക്കോട്ടാണു്. നിങ്ങൾ പുറപ്പെട്ട കാര്യവും, കൂടെ എത്ര പട്ടാളമുണ്ടെന്നും മറ്റുമെല്ലാം, അവർ മുമ്പേതന്നേ ധരിച്ചുകാണണം.”

“ഇത്ര സുഘടിതമായ ചാരസംഘമുണ്ടെന്നോ അവർക്കു്?”

“ചാരസംഘമല്ല അവർക്കുള്ളതു്. നമ്മുടെ വിരോധികളെല്ലാം അവരുടെ സഹായികളാണു്. നമ്മുടെ ആലോചനകളെല്ലാം വെനീസ്സുവഴി കഹേറായിലറിയും. അവിടത്തെ പ്രമാണികളായ കച്ചോടക്കാർക്കു കോഴിക്കോട്ടു ശാഖകളുണ്ടു്. ഏതു സംഗതിയും സാമൂതിരിക്കറിയാൻ കഷ്ടിച്ചൊരു മാസം മതി. വളഞ്ഞു നമ്മുടെ ആളുകൾക്കിവിടെയെത്താനോ, അഞ്ചു മാസവും.”

“അപ്പോൾ നമ്മുടെ ആലോചനകളെല്ലാം കോഴിക്കോട്ടറിഞ്ഞിട്ടുണ്ടാവുമെന്നാണോ പറയുന്നതു്?”

“എനിക്കതിൽ തർക്കമില്ല. എന്നല്ല, അതിന്നുവേണ്ട പ്രതിവിധിയും അവിടെ ചെയ്തിട്ടുണ്ടാവും.”

“ശരി. എന്തു ചെയ്യണമെന്നാണു് നിങ്ങളുടെ അഭിപ്രായം?”

“എന്തു ചെയ്തും നിങ്ങളുടെ പ്രതിജ്ഞ നിറവേറ്റേണ്ടതുതന്നേ, സംശയമില്ല. ആയിരം പടയാളികൾ എന്നുവെച്ചാൽ സുശക്തമായൊരു സൈന്യംതന്നെയാണു്. നിങ്ങളെപ്പോലൊരാൾ അതിനെ നയിക്കാനുമുണ്ടെങ്കിൽ പിന്നെ ചോദിക്കാനുണ്ടോ? തടുത്തു നില്ക്കുകയേ വേണ്ടൂ എങ്കിൽ ഈ ശക്തി ധാരാളമാണു്. അങ്ങോട്ടു കടന്നാക്രമിച്ചു ജയിക്കണമെങ്കിൽ മൂന്നു കാര്യത്തിൽ നാം പ്രധാനമായി ശ്രദ്ധിക്കേണ്ടതുണ്ടു്. ഒന്നാമതു്, നാട്ടിൽ ഛിദ്രം വളർത്തി ഐകമത്യത്തെ നശിപ്പിക്കണം. ശത്രുവിന്റെ ദൗർബ്ബല്യമാണു് നമ്മുടെ പ്രധാനബലം. രണ്ടാമതു്, നമുക്കനുകൂലമായ ഒരു വിഭാഗത്തെ വളർത്തിയെടുക്കണം. മൂന്നാമതായി, നമ്മുടെ ആക്രമണം അപ്രതീക്ഷിതമായ സമയത്തും സ്ഥലത്തുമാവാൻ മനസ്സിരുത്തണം. ഇതൊക്കെ ശരിയായി നിർവ്വഹിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളുടെ പ്രതിജ്ഞ സഫലംതന്നേ.”

ഗവർണ്ണർ പറഞ്ഞതു കാര്യമാണെന്നു കഠീനോയ്ക്കു തോന്നി. അദ്ദേഹം ചോദിച്ചു: “ഇതൊക്കെ ശരിയായി വരാൻ എത്ര കാലം വേണ്ടിവരും?”

“ഞാൻ ഇതുവരെ ജയിലിലായിരുന്നുവല്ലോ. കൊച്ചിക്കോട്ടയിലെ സംഗതിപോലും എനിക്കു വേണ്ടത്ര പരിചിതമല്ല. ആ സ്ഥിതിക്കു കോഴിക്കോട്ടെ കഥ പറയാനുണ്ടോ? ആദ്യംതന്നേ ഇവിടെ വന്നിട്ടുള്ള അറിവുകളെ വിശകലനംചെയ്തു പഠിക്കണം; പിന്നെ, ചാരദൃഷ്ടികൊണ്ടു വേണ്ടതറിയാൻ ഏർപ്പാടുചെയ്യണം; അവിടെ കലഹിച്ചുനില്ക്കുന്നവരുമായി കൂടിയാലോചനകൾ നടത്തണം—ഇതൊക്കെ സമയമില്ലാതെ സാധിക്കുമോ? ഒരാറുമാസത്തെ സമയമുണ്ടെങ്കിൽ ജയം നിശ്ചയമെന്നു ഞാനും ശപഥം ചെയ്യാം.”

“ആറുമാസമോ ഇപ്പോൾ അക്ടോബർ. ആറുമാസം കഴിഞ്ഞാൽ തിരികേ പോകുന്ന കാര്യം വിഷമമാവില്ലേ? ഒരു മൂന്നു മാസമെന്നു പറഞ്ഞാൽ, പോട്ടേ, സമ്മതിക്കാം. അല്ലെങ്കിൽപ്പിന്നെ ഞാൻ സ്വന്തം നിലയിൽ ആവുമ്പോലെ…”

“അതുവേണ്ടാ, ഏതായാലും. മൂന്നു മാസത്തിന്നുള്ളിൽ ഞാനും തയ്യാറാകാൻ നോക്കാം. സാമൂതിരിയുടെ ബലം നശിക്കാതെ നമ്മുടെ ശക്തിക്കിവിടെ വളർച്ചയോ നിലനില്പോ ഇല്ല. അതുകൊണ്ടു് എത്ര വേഗം നാമൊതുങ്ങുന്നുവോ, അത്രയും നല്ലതാണു്. അതിന്നു് കൈയയച്ചു ചെലവാക്കിയും ബുദ്ധിമുട്ടിയും പ്രവർത്തിക്കാം.”

കഠീനോയ്ക്കു സന്തോഷമായി. അദ്ദേഹം അതു് ഇങ്ങനെ പ്രകടിപ്പിച്ചു: “ഇത്തരമൊരു സഹായമാണു് മഹാനുഭാവനായ അങ്ങയിൽനിന്നു ഞാൻ പ്രതീക്ഷിച്ചിരുന്നതു്. ആ പ്രതീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണു് ഞാനിത്ര ധൈര്യത്തോടെ അവിടെനിന്നു പുറപ്പെട്ടതും.”

കഠീനോ സ്വന്തം വാസസ്ഥലത്തേയ്ക്കു പോയപ്പോൾ ഗവർണ്ണർ ഉടനെ സേനാധിപനായ ഡംസാ എന്ന ഉദ്യോഗസ്ഥന്നു് ആളയച്ചു. അയാളുടെ ആപ്പീസ്സ് ഗവർണ്ണരുടെ ആപ്പീസ്സിനടുത്തായിരുന്നു. അതിനാൽ താമസിയാതെ അയാൾ ഗവർണ്ണരുടെ മുമ്പിൽ ഹാജരായി. ഇരിക്കാൻ കൈകൊണ്ടാംഗ്യംകാണിച്ചശേഷം ഗവർണ്ണർ മുഖവുരയൊന്നും കൂടാതെ താനാലോചിച്ച വിഷയത്തിലേയ്ക്കു പ്രവേശിച്ചു: “പട്ടാളവകുപ്പിൽ ചാരാന്വേഷണകാര്യങ്ങൾ ആരുടെ കീഴിലാണു്?”

“എന്റെ കീഴിലാണു്.”

“കീഴിലുള്ള അധികാരിയാരാണു്?”

“മൈക്കേൽ ജോർജ്ജ് എന്നൊരാൾ.”

“എന്തു മട്ടുകാരനാണു് അയാൾ?”

“ഈ നാട്ടുകാരനായ ക്രിസ്ത്യാനിയാണു്. ലിസ്ബണിലയച്ചു നല്ലവണ്ണം ഭാഷ പഠിപ്പിച്ച ഒരു ദ്വിഭാഷി.”

“കോഴിക്കോട്ടുരാജ്യത്തിൽ നേരിട്ടു പ്രവർത്തിക്കുന്നവർ എത്ര പേരുണ്ടു്?”

“ആകപ്പാടെ പതിനഞ്ചുപേരുണ്ടാവും. അവരുടെ ആളുകളായി അവരുടെ ശമ്പളത്തിൽ വേറെയും ആളുകളുണ്ടു്.”

“അവരുടെ അന്വേഷണങ്ങൾ ഏതെല്ലാം കാര്യങ്ങളെക്കുറിച്ചാണു്?”

“അന്വേഷണങ്ങൾ മറ്റുള്ളിടങ്ങളിലെന്നപോലെതന്നേ—രാജാംഗത്തോടു പിണങ്ങിനില്ക്കുന്നവരാരൊക്കെ, പിണക്കാവുന്നവരാരൊക്കെ, നമുക്കു വിരോധികളായവരാരെല്ലാം, നമ്മോടിണക്കം ഭാവിക്കുന്നവരാരെല്ലാം എന്നൊക്കെ. പിന്നെ പട്ടാളശക്തി, ദുർഗ്ഗശക്തി മുതലായവയും.”

“ഈ സംഘത്തിലെ പ്രധാനാംഗമാരാണു്?”

“പാതിരാശ്ശേരിനമ്പൂതിരി എന്നൊരാളാണു്.”

“ആളെങ്ങനെ?”

“അതിബുദ്ധിമാനും സമർത്ഥനുമാണു്. ഞാൻ നല്ലവണ്ണമറിയും. പണത്തിലാണു് മോഹം. വലിയ ധാടിക്കാരനും ധാരാളിയുമാകയാൽ എത്ര പണം കിട്ടിയാലും മതിയാകയില്ല. ചെല്ലുന്നേടത്തെല്ലാം വിവാഹമുണ്ടു്.”

“പ്രഭുകുടുംബത്തിൽ ജനിച്ച ആളാണോ?”

“സ്വന്തം കുടുംബം സ്ഥിതിയുള്ളതെങ്കിലും പ്രമാണപ്പെട്ട പല പ്രഭുകുടുംബങ്ങളുമായി ബന്ധമുണ്ടു്. കണ്ടാൽ അതിസുമുഖനാണു്. നാട്ടുകാരുടെ തോതു വെച്ചുനോക്കുമ്പോൾ നല്ല വിദ്യാഭ്യാസമുണ്ടെന്നു പറയാം. എല്ലാറ്റിനും പുറമേ സംഭാഷണചതുരനുമാണു്.”

“ഇങ്ങനെയെല്ലാമിരുന്നിട്ടും എന്താണിങ്ങനെ ചാരവൃത്തിയിലേർപ്പെടാൻ?”

“ഒന്നാമതു പണത്തിലുള്ള ആഗ്രഹം. രണ്ടാമതു്, എന്തോ കാരണവശാൽ ഇപ്പോഴത്തെ സാമൂതിരിയോടുള്ള ദ്വേഷം.”

“എന്താണിയാൾക്കു പ്രതിഫലം കൊടുക്കുന്നതു്?”

“അതു കുറച്ചു കടന്ന നിലയിലാണു്. നൂറു ക്രൂസാഡോ (പൊൻനാണയം) പ്രതിമാസം ശമ്പളമായിട്ടു്. പിന്നെ, ഓരോ കാര്യത്തിനും അതാതിന്റെ ചെലവനുസരിച്ചു് ഒരു തുകയും ആവശ്യപ്പെടും.”

“ഇതു വലിയൊരു സംഖ്യയാണല്ലോ.”

“ശരിയാണു്. പക്ഷേ, അദ്ദേഹത്തിന്റെ ചെലവു വിചാരിക്കുമ്പോൾ അതു നിസ്സാരമായി തോന്നും. കൊച്ചിരാജാവിന്റേതിലും വലിയ പദവിയിലാണു് യാത്രയും മറ്റും. വേലക്കാർ, വെപ്പുകാർ, ആവശ്യത്തിന്നുള്ള പാത്രങ്ങൾ എന്നിവയെല്ലാമടങ്ങിയ ഒരു സംഘം അകമ്പടിക്കാരോടുകൂടിയാണു് യാത്ര. അതുകൊണ്ടു ഗുണമില്ലെന്നും പറഞ്ഞുകൂടാ. എവിടെപ്പോയാലും കൊട്ടാരങ്ങളിലോ പ്രഭുകുടുംബങ്ങളിലോ ആണു് താമസം. കോഴിക്കോട്ടിളമയുടെ അത്യന്തസുഹൃത്താണു്. ഇവിടെ വന്നാൽ കൊച്ചിക്കൊട്ടാരത്തിലേ പാർക്കൂ.”

“ആട്ടെ, ഈ നമ്പൂതിരിയെ എപ്പോൾ കാണാൻ കഴിയും?”

“ഇന്നലെ കൊട്ടാരത്തിലെത്തിയിട്ടുണ്ടെന്നു കേട്ടു.”

“എന്നാൽ അരമണിക്കൂറിനകം ഇവിടെ വരുത്തുക. ദ്വിഭാഷി മൈക്കേൽ ജോർജ്ജും ഹാജരായിരിക്കണം.”

ഇങ്ങനെ ഡംസായെ പറഞ്ഞയച്ചിട്ടു ഗവർണ്ണർ മേശപ്പുറത്തിരിക്കുന്ന കടലാസ്സുകൾ ഓരോന്നായി പരിശോധനയ്ക്കെന്ന ഭാവത്തിൽ നോക്കി മാറ്റിവെയ്ക്കാൻ തുടങ്ങി. ധനസ്ഥിതി, കച്ചോടകാര്യങ്ങൾ, കൊച്ചിരാജാവുമായുള്ള ഇടപാടുകൾ എന്നീ കടലാസ്സുകളിലെല്ലാം ധൃതിയിലൊന്നു കണ്ണോടിച്ചതേ ഉള്ളൂ. അടുത്തതു കുറച്ചു വലിയൊരു ഫയലായിരുന്നു. ‘കോഴിക്കോട്ടുരാജ്യത്തിലെ സ്ഥിതിഗതികൾ’ എന്നാണതിന്റെ തലക്കെട്ടു്. എല്ലാ വഴികളിലൂടെയും വന്നുചേർന്ന അറിവുകളെ ഒന്നിച്ചിണക്കിച്ചേർത്തതാണു് അതു്. ഇതിലടങ്ങിയ വിവരങ്ങൾ എവിടെനിന്നൊക്കെ ലഭിച്ചവയാണു് എന്നു് അതാതിടത്തു സൂചിപ്പിച്ചിട്ടുണ്ടു്. ആൽബൂക്കെർക്ക് ആ കടലാസുവശങ്ങളിലെ കുറിപ്പുകളെല്ലാം ശ്രദ്ധയോടെ പഠിച്ചു. അപ്പോഴയ്ക്കും പാതിരാശ്ശേരിനമ്പൂതിരിയും ദ്വിഭാഷിയും വന്നിരിക്കുന്നു എന്നു് ഒരു ഭൃത്യൻ വന്നു് അറിയിച്ചു. ഗവർണ്ണർ കടലാസ്സെല്ലാം മാറ്റിവെച്ചു് അവരെ സ്വീകരിക്കാൻ തയ്യറായി.

എട്ടാമധ്യായം

വാതിൽ തുറന്നു് ആൽബൂക്കെർക്കിന്റെ മുറിയിൽ കടന്നുവന്നതു്, നാം ധർമ്മോത്തുപണിക്കരുടെ പൊന്നാനിക്കളത്തിൽ കണ്ട നമ്പൂതിരിയായിരുന്നു. ഉയർന്ന ജാതിയിലും ഉന്നതസ്ഥിതിയിലുമുള്ള ഒരു ഭാരതീയനെ ആൽബൂക്കെർക്ക് കാണുന്നതു് ഇതാദ്യമായിട്ടാണു്. ഭാരതീയർ പ്രായേണ കറുത്ത വർഗ്ഗക്കാരാണെന്നാണു് അദ്ദേഹം യൂറോപ്പിൽവെച്ചു കേട്ടിട്ടുള്ളതു്. കണ്ണൂർജയിലിൽ കിടന്നപ്പോൾ പോർട്ടുഗീസുകാരുടെ വേലക്കാരായിക്കണ്ടവരും ഒട്ടൊക്കെ കറുത്തവരാണു്. തന്റെ മുമ്പിൽ ഒരു കൂസലുമില്ലാതെ കയറിവന്ന നമ്പൂതിരിയാകട്ടെ, ശരീരത്തിന്റെ വെളുത്ത നിറംകൊണ്ടുതന്നേ ആൽബൂക്കെർക്കിന്നു ശ്രദ്ധേയനായി. ഇങ്ങനെയൊരു നിറം അദ്ദേഹം പോർട്ടുഗാലിൽ പലർക്കും കണ്ടിട്ടില്ല. പിന്നെ, നമ്പൂതിരി കണ്ടാൽ സുമുഖനാണു്. വിശാലമായ നെറ്റി, ഉയർന്ന മൂക്കു്, നീണ്ടുവിരിഞ്ഞ കണ്ണുകൾ, മുഖത്തെ സൗമ്യഭാവം—ഇവ മതി, അദ്ദേഹം ഒരുന്നതകുലജാതനാണെന്നു തോന്നാൻ. ഉടുത്ത പാവുമുണ്ടിന്നുമേൽ ചുറ്റിയ അതിനേർമ്മയുള്ള നേര്യതും മാറിടത്തെ മറച്ച രണ്ടുവിരൽക്കസവുള്ള നേര്യതും അദ്ദേഹത്തിന്റെ അന്തസ്സിനെയും ആഭിജാത്യത്തെയും ഇരട്ടിച്ചുകാട്ടി.

ഇങ്ങനെ മുമ്പിൽ പ്രത്യക്ഷനായ ബ്രാഹ്മണനെ ആൽബൂക്കെർക്ക് ആകമാനമൊന്നു സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്നു നമ്പൂതിരിയെ ബഹുമാനിക്കാതിരിക്കാൻ, എന്തോ വിശേഷത്താൽ, കഴിഞ്ഞില്ല. കസാലയിലിരിക്കാൻ അദ്ദേഹം കൈകൊണ്ടാംഗ്യം കാട്ടി. മൈക്കൽ ജോർജ്ജ് ദ്വിഭാഷിയെന്ന നിലയിൽ നമ്പൂതിരിയെ അറിയിച്ചു: “തിരുമേനി എഴുന്നള്ളിയിരിക്കണമെന്നു് അദ്ദേഹം ക്ഷണിക്കുകയാണു്.”

“അങ്ങനെയാവട്ടെ.”

നമ്പൂതിരി കസാലയിൽ ഇരുന്നു. അല്പനേരത്തേയ്ക്കു ഗവർണ്ണരും നമ്പൂതിരിയും സിംഹശാർദൂലങ്ങൾപോലെ അന്യോന്യം നോക്കിയിരുന്നു—അന്യോന്യം അളന്നുനോക്കുന്നതുപോലെ. ഗവർണ്ണരാണു് സംഭാഷണമാരംഭിച്ചതു്. മൈക്കൽ ജോർജ്ജ് ആചാരഭാഷയിൽ അപ്പപ്പോൾ ഇരുപേർക്കും തർജ്ജമചെയ്തു: “ഇന്നുതന്നേ കണ്ടു സംസാരിക്കാൻ ഇടയായതിൽ സന്തോഷമുണ്ടു്. പല കാര്യങ്ങളും അവിടത്തോടു ചോദിച്ചു മനസ്സിലാക്കണമെന്നാണു് വിചാരം.”

നമ്പൂതിരി പറഞ്ഞു: “ഇന്നുമാത്രമാണല്ലോ നിങ്ങളധികാരം കൈയേറ്റതു്. ഇന്നുതന്നെ കാണാനും സംസാരിക്കാനും സാധിച്ചതിൽ എനിക്കും സന്തോഷമുണ്ടു്.”

ഇങ്ങനെ അന്യോന്യം കുശലം പറഞ്ഞതിന്നുശേഷം ഗവർണ്ണർ നേരിട്ടു സംഗതിയിലേയ്ക്കു കടന്നു. അദ്ദേഹം ചോദിച്ചു: “നിങ്ങൾ കോഴിക്കോട്ടുരാജ്യത്തിൽ നടക്കുന്ന സംഗതികളിൽ പരിചയമുണ്ടു്, ഇല്ലേ?”

“ഒരു മാതിരി നല്ല പരിചയമുണ്ടെന്നുതന്നെ പറയാം.”

“എന്നാണു് ആ നാടുകളിൽനിന്നു തിരികേ വന്നതു്?”

“ഇന്നലെ രാവിലെ വന്നതേ ഉള്ളു. നമുക്കു ബന്ധുക്കാരും സ്നേഹിതന്മാരായും അവിടെ പ്രമാണപ്പെട്ട പലതുമുണ്ടു്.”

“എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. അവിടത്തെ സ്ഥിതികളെപ്പറ്റി ചെറിയൊരു വിവരം തരാമോ?”

“അതിനെന്താ പ്രയാസം എന്ന ഭാവത്തിൽ നമ്പൂതിരി പറഞ്ഞുതുടങ്ങി: “കൊച്ചിക്കോട്ടയിൽനിന്നു നടത്തിവരുന്ന അധികാരംമൂലം കോഴിക്കോട്ടെ കച്ചോടം ഒരു സ്തംഭനാവസ്ഥയിലെത്തിയിരിക്കയാണു്. അറേബ്യയിലേയ്ക്കും മറ്റും മുൻപു പോയിക്കൊണ്ടിരുന്ന കപ്പലുകളിൽ നാലിലൊന്നു് ഇപ്പോൾ പോകുന്നില്ല. കപ്പലോട്ടം മുടങ്ങാതെ നടക്കുന്നെങ്കിൽ അതു മംഗലാപുരം മുതലായ തീരദേശത്തുറമുഖങ്ങളിലേയ്ക്കുമാത്രമാണു്. വലിയ കച്ചോടക്കാർ മിക്കവാറും തകർന്നിരിക്കുന്നു. പല വലിയ മുതലാളികളും നാടുവിട്ടു പോകുന്നുമുണ്ടു്. മരയ്ക്കാന്മാരുമായുള്ള കൂട്ടുകെട്ടാണു് ഈ നാശനഷ്ടങ്ങൾക്കു കാരണമെന്നും പരക്കേ അറിയാം. എന്നിട്ടും സാമൂതിരിപ്പാടും മന്ത്രിസഭയും ഇക്കാര്യത്തിൽ വാശിപിടിച്ചുതന്നേ നില്ക്കുകയാണു്.”

“എന്താണതിനു കാരണം? നാം സ്നേഹിച്ചുകഴിയാനേ ആഗ്രഹിക്കുന്നുള്ളുവല്ലോ.”

“എന്നല്ല, അവരുടെ വിചാരം. കൊച്ചിരാജാവിനെപ്പോലെ സാമൂതിരിയും ബലഹീനനാവാൻ ഒരു കാലത്തും സമ്മതിക്കില്ലെന്നാണവർ പറയുന്നതു്. അത്രയും പോരാ: നിങ്ങൾ പശുക്കളെ കൊല്ലുന്നു, ജനങ്ങളെ മാർഗ്ഗംകൂട്ടുന്നു—ഇതു രണ്ടും ധർമ്മവിരുദ്ധമാണു്. നിങ്ങളുടെ ശീട്ടില്ലാത്ത ആളുകളെ കടലിൽ സഞ്ചരിക്കാൻ സമ്മതിക്കുന്നില്ല. അതു സാമൂതിരിയുടെ പുരാതനമായ അധികാരത്തിന്നു വിപരീതമാണു്. ഇതെല്ലാംകൊണ്ടു നിങ്ങൾക്കു നാട്ടിൽ ഇടംകൊടുക്കുന്നതു് ധർമ്മദ്രോഹമാണെന്നത്രേ സാമൂതിരിയുടെയും മന്ത്രിസഭയുടെയും അഭിപ്രായം.”

“അപ്പോൾ കോഴിക്കോട്ടു ന്യായം കാണുന്നവരില്ലെന്നോ പറയുന്നതു്?”

“വിപരീതാഭിപ്രായക്കാരുമുണ്ടു്. അങ്ങനെ വാദിക്കുന്ന ഒരു പ്രബലകക്ഷിതന്നേയുണ്ടു്. കിരീടാവകാശിയായ ഏറാൾപ്പാടുതമ്പുരാൻതന്നേയാണു് ഈ കക്ഷിയുടെ നേതാവു്. പോർട്ടുഗാലും കോഴിക്കോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ സാധിക്കുമെന്നും സാമൂതിരിയുടെ അധികാരങ്ങൾക്കു കോട്ടം തട്ടാതെതന്നെ സന്ധിചെയ്യാമെന്നുമാണു് അദ്ദേഹത്തിന്റെ വാദം. മറിച്ചു്, മുസൽമാന്മാരുടെ കച്ചോടത്തിന്നുവേണ്ടി പടവെട്ടുകയാണെങ്കിൽ ഇരുകൂട്ടർക്കും ദോഷമേ ഉണ്ടാവൂ എന്നും അദ്ദേഹം പറയുന്നുണ്ടു്. ഈ പത്തുവർഷത്തെ നിരന്തരമായ യുദ്ധംകൊണ്ടു രണ്ടുമാർഗക്കാർക്കും നഷ്ടമല്ലാതെ മറ്റെന്താണുണ്ടായിട്ടുള്ളതെന്നു് അദ്ദേഹം ചോദിക്കുന്നു. കരയിൽ പോർട്ടുഗീസുകാർക്കു് ഒരു ശക്തിയുമില്ല. കടലിൽ സാമൂതിരിക്കു്, എത്ര യത്നിച്ചിട്ടും, പരാജയമേ ഉള്ളുതാനും. ആ സ്ഥിതിക്കു സന്ധികൊണ്ടു രണ്ടുകൂട്ടർക്കും ഗുണമേ ഉണ്ടാവൂ എന്നാണു് അദ്ദേഹം പറയുന്നതു്.”

“അദ്ദേഹം പറയുന്നതു ശരിയാണു്; ഒരു രാജ്യതന്ത്രജ്ഞന്റെ അഭിപ്രായം. ഞാനും അതിനോടു യോജിക്കുന്നു. ആ സ്ഥിതിക്കു ഞങ്ങൾ തമ്മിലൊരു സന്ധി സാധിക്കില്ലേ?”

“സാധിക്കുമെന്നതിന്നു തർക്കമില്ല. പക്ഷേ, അദ്ദേഹത്തിന്നിപ്പോൾ അധികാരമില്ല. അധികാരം ലഭിച്ചാൽപ്പിന്നെ ഒരു വൈഷമ്യവുമില്ല.”

“നിങ്ങൾ ബുദ്ധിമാനാണു്; രാജ്യകാര്യങ്ങളറിവുള്ള ആളുമാണു്. എന്തെല്ലാം വ്യവസ്ഥയിലാണു് ഞങ്ങൾ തമ്മിൽ ഒരു സന്ധി സാധിക്കുക എന്നാലോചിട്ടുണ്ടോ?”

“ആലോചിക്കുകമാത്രമല്ല, അതിനെപ്പറ്റി ഏറാൾപ്പാടിനോടും കൂട്ടരോടും പല പ്രാവശ്യം സംസാരിച്ചിട്ടുമുണ്ടു്. അദ്ദേഹം മുറുകെപ്പിടിക്കുന്ന പ്രധാനവ്യവസ്ഥകൾ പറയാം: കോഴിക്കോട്ടതിർത്തിയിൽ പശുക്കൾ, ബ്രാഹ്മണർ, സ്ത്രീകൾ—ഇവരെ തൊട്ടുകൂടാ.”

ആൽബൂക്കെർക്ക് ഒന്നു മൂളിയതേ ഉള്ളു. ഗോബ്രാഹ്മണരെച്ചൊല്ലി കൊച്ചിയിൽത്തന്നെ എന്തൊക്കെ വഴക്കുകളുണ്ടെന്നു് അദ്ദേഹത്തിന്നറിയാം.

നമ്പൂതിരി തുടർന്നു: “സാമാനങ്ങൾ കമ്പോളത്തിൽനിന്നു നിരക്കുവിലക്കു വാങ്ങി പോർട്ടുഗാലിലേയ്ക്കയയ്ക്കാം. എന്നാൽ അവയ്ക്കു് ആദ്യംതന്നേ ചുങ്കം കൊടുക്കണം.”

ഗവർണ്ണർ അതും മൂളിക്കേട്ടു.

നമ്പൂതിരി പിന്നെയും തുടർന്നു: “മൂന്നമതു്, സാമൂതിരിയുടെ ശീട്ടുള്ള കപ്പലുകൾക്കു കടലിൽ സ്വൈരമായി ഓടാൻ സ്വാതന്ത്ര്യം വേണം.”

ആൽബൂക്കെർക്കിനു് ഇവിടെ മൗനംഭജിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: “ഇതു നടപ്പില്ല. മറ്റെന്തൊക്കെ സമ്മതിച്ചാലും ഇതൊരിക്കലും പോർട്ടുഗാൽരാജാവു സമ്മതിക്കയില്ല. കടലുകളിൽ പൂർണ്ണാധികാരം ഞങ്ങളുടെ രാജാവിനാണു്. മാർപ്പാപ്പാ തിരുമനസ്സുകൊണ്ടു കല്പിച്ചനുവദിച്ചിട്ടുള്ളതാണു് അതു്.”

“ഇതു വിട്ടുകൊടുക്കാൻ സാമൂതിരിക്കും സാധിക്കുമെന്നു തോന്നുന്നില്ല. കപ്പലോട്ടത്തിന്നനുവദിക്കുക അവരുടെയും പുരാതനമായ ഒരധികാരമാണു്.”

“അങ്ങനെയോ! അപ്പോൾ രണ്ടുപേരുടെയും അവകാശാധികാരങ്ങൾക്കു കുറവു വരാതെ എന്തെങ്കിലുമൊരു വഴി കണ്ടുപിടിക്കണമല്ലോ.”

“പിന്നെ പ്രധാനമായ മറ്റൊരു വ്യവസ്ഥകൂടിയുണ്ടു്. പോർട്ടുഗാലിന്നു സാമൂതിരിയുടെ ഇടപ്രഭുക്കന്മാരുമായി ഒരു ബന്ധവുമരുതു്. കൊച്ചിയുമായുള്ളതു പോട്ടെ, മറ്റു തന്റെ കീഴിലുള്ള ഇടപ്രഭുക്കന്മാരുമായിട്ടു് എന്നർത്ഥം.”

“ആൽബൂക്കെർക്ക് നമ്പൂതിരിയുടെ ബുദ്ധിസാമർത്ഥ്യത്തെയും ദീർഘാലോചനാശക്തിയെയും മനസാ അഭിനന്ദിച്ചു. അദ്ദേഹം ചോദിച്ചു: “ഇളമയായിരിക്കുമ്പോൾ അധികാരമോ ശക്തിയോ ഇല്ലല്ലോ. ആ സ്ഥിതിക്കു് ഇങ്ങനെയുള്ള വ്യവസ്ഥകൾ ആരു സമ്മതിക്കും?”

“ശരി, അതുകൊണ്ടുതന്നേയാണു് അദ്ദേഹത്തിനു സാമൂതിരിപ്പട്ടം കിട്ടിയിട്ടു മതി ഈ സന്ധിയിലേർപ്പെടാനെന്നു വിചാരിക്കുന്നതു്. സംഗതികൾ ഇപ്പോൾത്തന്നേ ആലോചിച്ചുവെച്ചിരിക്കുന്നുവെന്നേ ഉള്ളൂ.”

“അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആദരിക്കുന്നവരാണോ ഭൂരിപക്ഷം പ്രഭുക്കളും?”

“സംശയമുണ്ടോ! നാട്ടിലെ മിക്ക ഇടപ്രഭുക്കൾക്കും കച്ചോടസ്തംഭനംകൊണ്ടു വലിയ നഷ്ടമുണ്ടു്. കച്ചോടം ശരിയായി നടന്നെങ്കിലേ കുരുമുളകു്, ഇഞ്ചി, ഏലം മുതലായ പദാർത്ഥങ്ങൾക്കു വില കിട്ടൂ. അതു കിട്ടാത്തതുകൊണ്ടു പ്രഭുക്കൾക്കുള്ള വൈഷമ്യം ചില്ലറയല്ല.”

“ഇതൊന്നും സാമൂതിരി അറിയുന്നില്ലേ?”

“സാമൂതിരിക്കും മന്ത്രിസഭയ്ക്കും ഈ സംഗതി അറിയായ്കയില്ല. അവരതിനെ സാരമായി ഗണിക്കുന്നില്ലെന്നേ ഉള്ളു. സാമാനങ്ങളുടെ വില ഇന്നല്ലെങ്കിൽ നാളെ ശരിയാകുമല്ലോ. സ്വാതന്ത്ര്യത്തിന്റെ കാര്യം അങ്ങനെയല്ല. അതു പോയാൽ പിന്നെ തിരിച്ചുകിട്ടില്ലല്ലോ. കൊച്ചിയിലെ രാജാവിന്റെ സ്ഥിതി കണ്ടിട്ടാണു് അവർക്കു ശങ്ക. എന്തായാലും അതിന്നവർ വഴങ്ങുകയില്ല.”

“മുഖ്യമായി ഈ അഭിപ്രായം പ്രചരിപ്പിക്കുന്നതാരാണു്?”

“ഒന്നാമതു സാമൂതിരിക്കുതന്നെ ഈ അഭിപ്രായമാണു്. പിന്നെ, ധർമ്മോത്തുപണിക്കർ, തിനയഞ്ചേരി എളയതുമുതലായ മന്ത്രിസഭാംഗങ്ങളും സാമൂതിരികുടുംബത്തിലെ സ്ഥാനമുള്ള മറ്റംഗങ്ങളും ഇതേ അഭിപ്രായക്കാരാണു്.”

“നിങ്ങൾ അവരോടു സംസാരിച്ചു് അഭിപ്രായം മാറ്റാൻ ശ്രമിച്ചിട്ടുണ്ടോ?”

“കൊള്ളാം ഒരു മാസം മുമ്പു ഞാൻ ധർമ്മോത്തുപണിക്കരുടെ ഗൃഹത്തിൽ പോകയുണ്ടായി. അയാളുമായി പല തരത്തിൽ ന്യായവാദംചെയ്തുനോക്കി. പോർട്ടുഗാലിന്റെ ശക്തിയെ ഉന്മൂലനംചെയ്യാതെ കേരളീയരാജാക്കന്മാരുടെ സ്വാതന്ത്ര്യത്തിന്നു രക്ഷയില്ലെന്നത്രേ അയാൾ പറഞ്ഞതു്.”

“അപ്പോൾ, രാജാവിന്നു പണിക്കരോടു വിരോധമാണെന്നും അയാളെ രാജധാനിയിൽനിന്നു ബഹിഷ്കരിച്ചിരിക്കയാണെന്നുമാണല്ലോ ഇവിടെയുള്ള വിവരം. എന്നിട്ടും പണിക്കരുടെ അഭിപ്രായത്തിന്നു ചാഞ്ചല്യമില്ലേ?”

അങ്ങനെ രാജാവിന്റെ പ്രീതിക്കും അപ്രീതിക്കുമനുസരിച്ചു് അഭിപ്രായം മാറുന്ന ആളല്ല മൂത്തപണിക്കർ; രാജ്യത്തിന്റെ രക്ഷയെപ്പറ്റി എപ്പോഴും ചിന്തിച്ചുകൊണ്ടും അതിന്നു വേണ്ട നടപടികളെടുത്തുകൊണ്ടുമിരിക്കുന്ന ഒരാളാണു്.”

“അപ്പോൾ രാജാവിന്റെ പിണക്കം പണിക്കരുടെ ഉദ്യോഗത്തെയും സ്ഥാനത്തെയും ബാധിച്ചിട്ടില്ല, അല്ലേ?”

“അതു ബാധിക്കയില്ല. പണിക്കർ ആയുധവിദ്യയിൽ സാമൂതിരിയുടെ ഗുരുനാഥനാണു്; കുലപരമ്പരയാ സേനാനായകനുമാണു്. തൽകാലമുണ്ടായ കോപംകൊണ്ടു രാജധാനിയിൽ വന്നുകൂടെന്നു് ആജ്ഞാപിച്ചിട്ടുണ്ടെന്നേ ഉള്ളൂ.”

സംഗതികളുടെ സ്ഥിതി ഗവർണ്ണർക്കു് ഏതാണ്ടു മനസ്സിലായി. ഇത്ര ബുദ്ധിപൂർവ്വം ഇതൊക്കെ പറഞ്ഞുതന്നതിന്നു് അദ്ദേഹം നമ്പൂതിരിയോടു് നന്ദി പറഞ്ഞു: “ഇപ്പോഴത്തെ സ്ഥിതിക്കു് കാര്യങ്ങൾ മുന്നോട്ടു പോകാൻ പ്രയാസം. ഒന്നുകിൽ ഏറാൾപ്പാടു സാമൂതിരിയാകണം; അല്ലെങ്കിൽ അവർ തമ്മിലുള്ള വഴക്കു മുറുകി പടക്കളത്തിലെത്തണം. ഏറാൾപ്പാടു സാമൂതിരിയാകാൻ ഒരു വഴിയല്ലേ, ഉള്ളൂ? ഫലിക്കുമെങ്കിൽ അതാണു് ഏറ്റവും നല്ലതു്.”

ഗുണാഗുണവിവേചനത്തിൽ ഇതുവരെ ശ്രദ്ധചെലുത്തിയിട്ടില്ലാത്ത നമ്പൂതിരി ഇതു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഇങ്ങനെയുള്ള ഒരു കാര്യം ആ ബ്രാഹ്മണന്റെ ആലോചനയിൽ കടന്നുവന്നിട്ടില്ല. അദ്ദേഹം ചോദിച്ചു: “എന്താണു് നിങ്ങൾ ചോദിച്ചതു്? സാമൂതിരി തീപ്പെട്ടേ ഏറാൾപ്പാടിന്നു സ്ഥാനം ലഭിക്കൂ.”

“അതുതന്നെയാണു് ഞാനും പറഞ്ഞതു്. ഒരാൾക്കു പലവിധത്തിൽ മരണം സംഭവിക്കാം. അക്കാര്യത്തിൽ മനുഷ്യന്നു ധർമ്മരാജാവിനെ സഹായിക്കാൻ സാധിക്കുമെന്നു ഞാൻ പറയണമോ? വിഷംകൊണ്ടാവാം, വാൾകൊണ്ടാവാം, വെള്ളത്തിൽ വീണിട്ടാവാം—ഇങ്ങനെ എത്ര വഴി കിടക്കുന്നു!”

മുഖഭാവമടക്കിശ്ശീലമുള്ള നമ്പൂതിരിക്കും ഗവർണ്ണരുടെ ഈ സംസാരത്തിൽ വെറുപ്പു കാണിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഗവർണ്ണർ തുടർന്നു: “എന്റെ സൂചന നിങ്ങൾക്കു പിടിച്ചില്ലെന്നു തോന്നുന്നു. പക്ഷേ, അനേകമായിരമാളുകളൊന്നിച്ചു മരിക്കുന്ന യുദ്ധത്തെ ഇളക്കിവിടാൻ ഞങ്ങൾക്കു മടിയില്ല. ബന്ധുക്കളെ അന്യോന്യം വെട്ടിക്കൊല്ലിക്കുന്ന അന്തഃഛിദ്രത്തെ ആളിക്കത്തിക്കാൻ നിങ്ങൾക്കുത്സാഹമാണു്. ഒരാളുടെ മരണംകൊണ്ടു നാട്ടിന്നും ജനങ്ങൾക്കുമുള്ള ആപത്തു നീക്കാൻ സാധിക്കുമെങ്കിലും നിങ്ങളതിൽ വെറുപ്പു കാട്ടുന്നു. ഇതെന്തു ന്യായമാണു്, എന്തു ധർമ്മമാണു്? എന്റെ അഭിപ്രായം തുറന്നു പറയാം. ഈ സാമൂതിരി ജീവിച്ചിരിക്കുന്ന കാലത്തോളം യുദ്ധവും നാശവുമേ ഉണ്ടാവൂ. അദ്ദേഹത്തിന്റെ ഉദ്ധതബുദ്ധികാരണം അനേകായിരംപേർ പടക്കളത്തിൽ മരിക്കും; കച്ചോടനാശം, ക്ഷാമം മുതലായവ രാജ്യത്തിലുണ്ടാവും. ഈ ഘോരവിപത്തും ഒരാളുടെ ജീവിതവുമായി ഒന്നു തട്ടിച്ചുനോക്കാമോ? അതുകൊണ്ടു് അദ്ദേഹത്തിന്റെ അകാലമൃത്യുവെ സഹായിക്കുന്നതിൽ ഞാനൊരു ദോഷവും കാണുന്നില്ല.”

“നിങ്ങൾ പറയുന്നതു് ഒരു നിലയ്ക്കു ന്യായമായിരിക്കാം. ഒരുത്തനെ ഉപേക്ഷിച്ചു പലരെ രക്ഷിക്കണമെന്നു ഞങ്ങളുടെ മതഗ്രന്ഥങ്ങളിലുമുണ്ടു്. അതിന്നു ജീവനെ ഹനിക്കണമെന്നില്ല. അതുപോട്ടെ. ഏറാൾപ്പാടു്, ഏതായാലും, അത്തരമൊരു കാര്യത്തിൽ ഏർപ്പെടുമെന്നു ഞാൻ കരുതുന്നില്ല. അധർമ്മമായി പ്രവർത്തിക്കുന്ന ഒരാളല്ല അദ്ദേഹം.”

“എന്നാൽ മറ്റുവഴി ആലോചിക്കയേ നിവൃത്തിയുള്ളു.”

“എന്താ, മറ്റുവഴി എന്നു പറഞ്ഞതു്?”

“യുദ്ധംതന്നെ. ഏറാൾപ്പാടു സൈന്യവുമായി മുമ്പോട്ടു വരണം.”

“അതു്, പക്ഷേ, സാധിക്കുമായിരിക്കും. പക്ഷേ, അതിന്നു വൈഷമ്യങ്ങളുണ്ടു്. ചെലവും വലുതാണു്.”

“പ്രധാനവൈഷമ്യങ്ങളെന്തൊക്കെയാണു്?”

“ഒന്നാമതു ഇതാണു്. ഏറനാടുമുപ്പതിനായിരമാണു് ഏറാൾപ്പാടിന്റെ കീഴിലുള്ള സേന. ഏറാൾപ്പാടിനോടു കൂറുണ്ടെങ്കിലും അവർ സാമൂതിരിയെ നേരിട്ടെതിർക്കില്ലെന്നാണെന്റെ വിശ്വാസം. അങ്ങനെയൊരു വഴക്കിൽ അവർ ഒഴിഞ്ഞുനില്ക്കയേ ഉള്ളു. പിന്നെ നമുക്കു ബലമായിട്ടുള്ളതു്, രാജാധികാരത്തെ ധിക്കരിക്കാൻ ആഗ്രഹിക്കുന്ന ചില പ്രഭുക്കളുടെ പട്ടാളമാണു്. വെട്ടത്തുരാജാവു്, കവളപ്പാറനായർ മുതലായവരാണു് ഇവരിൽ പ്രമാണികൾ. അവരുടെ പടയ്ക്കു സാമൂതിരിയോടു നേരിട്ടെതിർക്കുന്നതിന്നു ശക്തിയില്ല. സാമൂതിരി മറ്റു വല്ലിടത്തും യുദ്ധത്തിലേർപ്പെട്ടിരിക്കുമ്പോൾ അവർക്കു വൈഷമ്യമുണ്ടാക്കാൻ സാധിച്ചേയ്ക്കുമെന്നുമാത്രം. എല്ലാറ്റിനുംപുറമേ, ഇടപ്രഭുക്കളുടെ സൈന്യസഹായത്തോടുകൂടി രാജശക്തിയെ നേരിടാൻ ഏറാൾപ്പാടിനും സന്തോഷമുണ്ടാവില്ല.”

“അപ്പോൾ, ഈ വഴിക്കും ഗതിയില്ല, അല്ലേ?”

“എന്നു ഞാൻ പറഞ്ഞില്ല. വൈഷമ്യമുണ്ടു്. മാറ്റാൻ വലിയ ചെലവു വേണ്ടിവരും.”

“എന്താണു് മാറ്റാൻ വഴി? അതിന്റെ ഒരേകദേശരൂപം പറഞ്ഞുതരൂ.”

നമ്പൂതിരി അല്പനേരം ആലോചനാമഗ്നനായിരുന്നിട്ടു് ഇങ്ങനെ പറഞ്ഞു: “ഏറാൾപ്പാടു ധർമ്മനിഷ്ഠയുള്ള ആളാണു്. അദ്ദേഹത്തിന്നു പണത്തിലൊട്ടും ആഗ്രഹമില്ലതാനും. നേരെ മറിച്ചാണു് നേത്യാരമ്മയുടെ കഥ. രാജ്യകാര്യങ്ങളറിഞ്ഞുകൂടെങ്കിലും പ്രാബല്യം വേണമെന്നുണ്ടു്. പണത്തിന്നു് അത്യാഗ്രഹമുണ്ടുതാനും. ഭർത്താവിനെ പറഞ്ഞു വശത്താക്കാൻ നല്ല സമർത്ഥയാണു്. അവർ മുറുക്കിപ്പിടിച്ചാൽ പറഞ്ഞേടത്തു നില്ക്കും, ഏറാൾപ്പാടു്. പക്ഷേ, അതിന്നു വളരെ പണമാവശ്യമുണ്ടു്.”

“എന്തു വേണ്ടിവരും?”

“കുറഞ്ഞപക്ഷം അയ്യായിരം ക്രൂസാഡോ.”

“അതു കുറച്ചധികമല്ലേ?”

“അവരുടെ കാര്യത്തിൽ ഒട്ടും അധികമല്ല. പതിനായിരത്തിൽക്കുറയാതെ ചോദിക്കും. വളരെയൊക്കെ നിർബ്ബന്ധിച്ചാൽ അയ്യായിരത്തിൽ നിന്നേയ്ക്കാമെന്നുമാത്രം. അതുകൊണ്ടുമായില്ല. വേറെ ഒരയ്യായിരംകൂടി വേണ്ടിവരും. ഇടപ്രഭുക്കന്മാരിൽ പലരെയും കൈവശപ്പെടുത്തണം. അവർ ഓരോന്നു പറഞ്ഞു് ഒഴിഞ്ഞുമാറുന്നപക്ഷം അവരുടെ സേവകന്മാരെ വശത്താക്കണം. പിന്നെ എന്റെ ചെലവുണ്ടു്. അതിന്നും ഒരയ്യായിരം വേണ്ടിവരും. എല്ലാറ്റിന്നും ശരിക്കുള്ള കണക്കു ബോധ്യപ്പെടുത്താം. എനിക്കു സ്വന്തമായിട്ടൊരു കാശും വേണമെന്നില്ല. പക്ഷേ, പണമില്ലാത്ത ഒരു കാര്യവും മുമ്പോട്ടു നീങ്ങില്ലെന്നറിയാമല്ലോ?”

നമ്പൂതിരിയുടെ സാമർത്ഥ്യം ഗവർണ്ണരെ അത്ഭുതപ്പെടുത്തി. അയാൾ തന്നെ അസാമാന്യനെന്നു ലോകം സമ്മതിച്ച അൽഫോൺസോ ആൽബൂക്കെർക്കിനെ—വരച്ച വരയിൽ നിർത്തിയിരിക്കുന്നതായി അദ്ദേഹത്തിന്നു തോന്നി. അദ്ദേഹം ചോദിച്ചു: “ആട്ടേ, ഇതൊക്കെ സമ്മതിക്കാമെങ്കിൽ മൂന്നു മാസത്തിന്നകം ഏറാൾപ്പാടിനെ യുദ്ധത്തിനിറക്കാമോ?”

“അതു ഞാനേറ്റു. പിന്നെ എന്തൊക്കെയാണു് വേണ്ടതു് എന്നു നിങ്ങൾ ആലോചിച്ചു നിശ്ചയിച്ചാൽ മതി.”

“എന്നാൽ നാളെ പതിനൊന്നുമണിക്കു നിങ്ങളുടെ ഒപ്പിന്മേൽ അയ്യായിരം ക്രൂസാഡോ മുമ്പേറായി തരാൻ ഇന്നുതന്നെ ഉത്തരവിടാം.”

അവർ അന്യോന്യം യാത്രപറഞ്ഞു പിരിഞ്ഞു.

ഒമ്പതാമദ്ധ്യായം

കാരണവരോടു യാത്ര പറഞ്ഞു പോന്ന ഭാസ്ക്കരപ്പണിക്കർ കോഴിക്കോട്ടേയ്ക്കു മടങ്ങിയതു് അങ്ങോട്ടു പോയപ്പോഴത്തെ ധൃതിയിലല്ല. അക്കാലത്തെ കേരളീയപ്രഭുവിന്നു യോജിച്ചമാതിരി അദ്ദേഹം മഞ്ചലിൽ പതുക്കെ യാത്രചെയ്തു—ഓരോ താവളത്തിലുമിറങ്ങി കുളിച്ചൂൺ കഴിച്ചു വിശ്രമിച്ചു സൗകര്യത്തോടെ. മൂന്നാംപക്കം പത്തുനാഴിക പുലരുമ്പോഴേയ്ക്കും ഭാസ്ക്കരപ്പണിക്കർ സ്വഗൃഹത്തിലെത്തി. കുളിച്ചു വസ്ത്രം മാറി കോവിലകത്തു ചെന്നു താൻ മടങ്ങിയെത്തിയ വിവരം അറിയിച്ചശേഷം അദ്ദേഹം സ്വകൃത്യങ്ങളിൽ വ്യാപൃതനായി.

അമ്മാവൻ പറഞ്ഞേല്പിച്ച കാര്യങ്ങളൊന്നുംതന്നെ ഭാസ്ക്കരപ്പണിക്കർ മറന്നില്ല. അന്നു വൈകുന്നേരം, നാലുനാഴികപ്പകലുള്ളപ്പോൾ, അദ്ദേഹം താഴത്തെപ്പറമ്പിലെ പടിപ്പുരയ്ക്കൽ ഹാജരായി. അവിടത്തെ സൗരാഷ്ട്രയോദ്ധാക്കളിലൊരാളായ ഗംഗാസിംഹനാണു് പണിക്കരെ സ്വീകരിച്ചതു്. താൻ ധർമ്മോത്തു മൂത്തപണിക്കരുടെ മരുമകനാണെന്നും സാമൂതിരിയുടെ അംഗരക്ഷകസേനയിൽ ഒരുദ്യോഗസ്ഥനാണെന്നും പണിക്കർ വിസ്തരിച്ചു പറഞ്ഞുവെങ്കിലും മലയാളഭാഷയോ മലയാളീസമ്പ്രദായങ്ങളോ അറിഞ്ഞുകൂടാത്ത അയാൾക്കു സംഗതികൾ നല്ലവണ്ണം മനസ്സിലായതായിത്തോന്നിയില്ല. അയാൾ പണിക്കരെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി അവിടത്തെ കാര്യഭരണക്കാരനായ വെങ്കിടാചലമയ്യരെ ഏല്പിച്ചു.

ആ മന്ദിരത്തിൽ അധിവസിക്കുന്ന ദേവതകളുടെ ഊരായ്മയും കാരായ്മയുമെല്ലാം ഈ വെങ്കിടാചലമയ്യർക്കാണു് എന്നുതന്നേ പറയാം. അദ്ദേഹത്തിന്റെ അറിവും അനുവാദവും കൂടാതെ അവിടെ ഒരു കാര്യവും നടക്കാറില്ല. വെറുമൊരു ശമ്പളക്കാരനാണെങ്കിലും ഉടമസ്ഥനിൽക്കവിഞ്ഞ അധികാരമാണു് അദ്ദേഹത്തിന്നവിടെയുള്ളതു്. പടിപ്പുര കടന്നു് അകത്തു കയറിച്ചെല്ലുന്ന എട്ടുകെട്ടിന്നു തൊട്ടുള്ള മുഖപ്പിൽ ഇരുന്നു് ഒരു ഗ്രന്ഥം നോക്കുകയായിരുന്നു വെങ്കിടാചലമയ്യർ. അപരിചിതനായ ഒരാളോടുകൂടി ഗംഗാസിംഹൻ വരുന്നതു കണ്ടു വെങ്കിടാചലമയ്യർ വായന നിർത്തി ഗ്രന്ഥം മടക്കിവെച്ചു. പണിക്കരാണു് ആദ്യം പറഞ്ഞതു്: “ഞാൻ ധർമ്മോത്തു ഭാസ്ക്കരപ്പണിക്കരാണു്. മൂത്തപണിക്കരുടെ മരുമകൻ. അമ്മാവൻ പറഞ്ഞിട്ടു വന്നതാണു്.”

വെങ്കിടാചലമയ്യർ വേഗമെഴുന്നേറ്റു പായ വിരിച്ചു് ഉപചാരപൂർവ്വം പറഞ്ഞു: “ഇരിക്കൂ, ഇന്നു വരും, നാളെ വരും, മൂത്തപണിക്കരുടെ ആളോ ആജ്ഞയോ എന്നു വിചാരിച്ചിരിക്കയാണു് ഞങ്ങൾ. എല്ലാം അവിടെ സമർപ്പിച്ചാണു് മരയ്ക്കാർ പോയതു്.”

‘എല്ലാം’ എന്നു പറഞ്ഞുകൈകൊണ്ടു് ആ വലിയ കെട്ടിടങ്ങളും പരിസരങ്ങളുമൊന്നാകെ വെങ്കിടാചലമയ്യർ സൂചിപ്പിച്ചു. പണിക്കർ ഒന്നു ചുറ്റും നോക്കി. മുമ്പൊരിക്കൽ അമ്മാവനൊന്നിച്ചു് ഇവിടെ വന്നു മൈതാനത്തിൽവെച്ചു കുതിരപ്പയറ്റു കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹം ആദ്യമായിട്ടാണു് ഈ മതില്ക്കെട്ടിനകത്തു കടക്കുന്നതു്. കൊട്ടാരങ്ങളെ അതിശയിക്കുന്ന രാജപ്രൗഢി കണ്ടു പണിക്കർ ചെറ്റൊന്നു വിസ്മയിക്കാതിരുന്നില്ല. എട്ടുകെട്ടിന്റെ വലിപ്പവും മാളികയുടെ ശില്പവൈചിത്ര്യവും മാത്രമല്ല, ഗൃഹപരിസരത്തിന്റെ പുതുമയും അദ്ദേഹത്തിന്റെ ശ്രദ്ധയെ ആകർഷിച്ചു. വിചിത്രതരത്തിലുള്ള ചെടികൾ വെച്ചുപിടിപ്പിച്ച ഉദ്യാനം, കേളീതടാകങ്ങൾ എന്നിവ കേരളീയഗൃഹങ്ങളിൽ പതിവില്ലാത്തവയാണു്. അവ മുസ്ലീംപരിഷ്കാരങ്ങളത്രേ.

പണിക്കർ പറഞ്ഞു: “അമ്മാവനിപ്പോൾ ഇവിടെ വന്നു കാണുവാൻ സാധിക്കില്ലെന്നറിയാമല്ലോ. കോഴിക്കോട്ടു വരുമ്പോൾ തിരുമുമ്പിൽ മുഖം കാണിച്ചാൽപ്പിന്നെ ആദ്യം വരുന്നതിവിടെയായിരിക്കുമെന്നു ഞാൻ പറയാതെതന്നേ നിങ്ങൾക്കറിയാം.”

“അറിയാം. മൂത്തപണിക്കർക്കു സുഖംതന്നെയല്ലേ?”

“അതേ. അമ്മാവനു വിശേഷിച്ചൊന്നുമില്ല.”

“എന്നാൽ, വരൂ, ഞാൻ ഉണ്ണിയെ പരിചയപ്പെടുത്താം. അവിടത്തേയ്ക്കു ചേരുന്ന ഒരനുജനായിരിക്കും അയാൾ?”

വെങ്കിടാചലമയ്യർ ഉണ്ണി എന്നു സ്നേഹപുരസ്സരം പറഞ്ഞതു മണികണ്ഠക്കയ്മളെയാണു്. അദ്ദേഹം തുടർന്നു: “അയാളിപ്പോൾ കുതിരയെ അഭ്യസിപ്പിക്കയാണു്. നമുക്കങ്ങോട്ടു ചെല്ലാം.”

ആ വളപ്പിനകത്തുതന്നെ, ഉദ്യാനവാപികൾക്കപ്പുറം മതില്ക്കെട്ടിനു പുറത്തു ചുറ്റും ഒരു നിരപ്പുണ്ടു്. മണലിളക്കിയിട്ട അതിന്റെ മുകളിലാണു് കുതിരക്കളികൾ. പതുക്കെ നടന്നു് അവരിരുവരും ആ നിരപ്പിലെത്താറായപ്പോൾ ഒട്ടകലെയായി രണ്ടുപേർ കുതിരപ്പുറത്തിരിക്കുന്നതും മറ്റൊരാൾ കൈയിലൊരു കുന്തവുമായി കുതിരയെ ഓടിക്കുന്നതും കാണായി. “അതാ, അവർ” എന്നു വാത്സല്യമസൃണമായ സ്വരത്തിൽ വെങ്കിടാചലമയ്യർ പറഞ്ഞു. ഈ വരുന്നവരെ കുതിരപ്പുറത്തിരുന്നവരും കാണായ്കയില്ല. അവരിലൊരാൾ പറഞ്ഞു: “അജിത്, സ്വാമിയുടെ കൂടെ ആരോ ഉണ്ടു്. നങ്ങയെ തിരികെ വിളിക്കു.”

“കുഞ്ഞിനെ തിരികെ വിളിച്ചിട്ടു കാര്യമില്ല” മറ്റേയാൾ പറഞ്ഞു: “അങ്ങകലെ എത്തിക്കഴിഞ്ഞു.”

‘അജിത് ’ എന്നു വിളിച്ചതു മണികണ്ഠക്കയ്മളും വിളിക്കപ്പെട്ടതു കുതിരയോട്ടം പഠിപ്പിക്കുന്ന അജിതസിംഹനുമായിരുന്നു. അജിതസിംഹൻ ഗംഗാസിംഹന്റെ ഇളയ സഹോദരനാണു്. കുന്തവുമേന്തി കുതിരയോടിച്ചുപോയ മൂന്നാമത്തെ ആൾ ഉണ്ണിനങ്ങയായിരുന്നു. പാദംവരെ നീണ്ടുകിടക്കുന്ന ഒരഴഞ്ഞ പൈജാമയും മുട്ടോളമെത്തുന്ന ഒരു കുടുത്തായും ധരിച്ചുകൊണ്ടാണു് ആ കന്യക കുതിരപ്പുറത്തു് അഭ്യാസം നടത്തിയിരുന്നതു്. പുറമേ ആരും ആ വളപ്പിൽ വരാറില്ലാത്തതുകൊണ്ടു് ഈ വേഷത്തിൽ അവൾക്കൊരു ശങ്കയോ നാണമോ തോന്നിയില്ല. വേഷത്തിന്റെ വ്യത്യാസംകൊണ്ടും അങ്ങനെയൊരാലോചയ്ക്കിടയില്ലാത്തതുകൊണ്ടും കുതിരയോടിച്ചുപോയ ആൾ ഒരു സ്ത്രീയാണെന്നു പണിക്കരും അറിഞ്ഞില്ല.

തന്റെ അടുക്കലേയ്ക്കാണു് സ്വാമിയും കൂട്ടുകാരനും വരുന്നതെന്നു കണ്ടപ്പോൾ മണികണ്ഠക്കയ്മൾ കുതിരയുടെ കടിഞ്ഞാൺ അജിതസിംഹന്റെ കൈയിൽ കൊടുത്തു വേഗം താഴത്തേയ്ക്കിറങ്ങി. അടുത്തെത്തിയപ്പോൾ വെങ്കിടാചലമയ്യർ മണികണ്ഠക്കയ്മളോടു പറഞ്ഞു: “ഉണ്ണീ, ഇതു ധർമ്മോത്തു ഭാസ്ക്കരപ്പണിക്കരാണു്. നിന്റെ രക്ഷാകർത്താവായ മൂത്തപണിക്കരുടെ മരുമകൻ. എന്തുകൊണ്ടും നിന്റെ മൂത്ത സഹോദരനായി ഗണിക്കേണ്ട ആളാണു്.”

കയ്മൾ ഇരുകൈയും കൂപ്പി ആഗതനെ അഭിവന്ദിച്ചു. അയാൾ വിനയത്തോടുകൂടി പറഞ്ഞു: “ഇവിടത്തെ കാര്യങ്ങളെല്ലാം മൂത്തപണിക്കരേമാനനെ ഏല്പിച്ചാണു് പോകുന്നതെന്നും എല്ലാ കാര്യത്തിലും അദ്ദേഹത്തെ അനുസരിച്ചുകൊള്ളണമെന്നും പറഞ്ഞിട്ടാണു് ഗുരുപാദരായ മരയ്ക്കാർ നാടുവിട്ടതു്. അപ്പോൾ അദ്ദേഹത്തിന്റെ മരുമകനും പ്രതിനിധിയുമായ നിങ്ങളെ ഞാനെങ്ങനെയാണു് സ്വാഗതംചെയ്യേണ്ടതെന്നറിയുന്നില്ല. ഇതെല്ലാം സ്വന്തമാണെന്നു വിചാരിച്ചും എന്നെ അവിടത്തെ ഒരിളയസഹോദരനെന്നു ഗണിച്ചും പെരുമാറിക്കൊള്ളണമെന്നപേക്ഷ,”

പ്രായത്തിൽ കവിഞ്ഞ വിവേകവും വിനയവും കലർന്ന ഈ വാക്കുകൾ കേട്ടു പണിക്കർ വളരെ സന്തോഷിച്ചു. അദ്ദേഹം പറഞ്ഞു: “അങ്ങനെതന്നേയാണു് അമ്മാവനും എന്നോടു പറഞ്ഞതു്. അങ്ങനെയൊരു ബന്ധം, എന്തുകൊണ്ടു നോക്കിയാലും, ഒരു ഭാരമല്ല സന്തോഷമാണു് എന്നിപ്പോൾ മനസ്സിലായിതാനും. രാജധാനിയിലേയ്ക്കു തിരിച്ചുവന്നാൽ ഉണ്ണിയെ അംഗരരക്ഷക സൈന്യത്തിലെടുത്തു കൂടെ താമസിപ്പിച്ചു പരിശീലനം നടത്തുവാനാണു് നിശ്ചയിച്ചിരിക്കുന്നതെന്നും അമ്മാവൻ പറകയുണ്ടായി.”

സ്വന്തമാളുകളെപ്പോലെ, പണിക്കർ തന്നെ ഉണ്ണി എന്നു വിളിച്ചതിൽ കയ്മൾ സന്തോഷംപൂണ്ടു. തന്നെ അംഗരക്ഷകസൈന്യത്തിലെടുക്കാൻ മൂത്തപണിക്കർ ഉദ്ദേശിക്കുന്നുവെന്ന വർത്തമാനം ആ യുവാവിനെ എന്തെന്നില്ലാതെ ആഹ്ലാദിപ്പിച്ചു. ഉന്നതകുടുംബങ്ങളിലെ സമർത്ഥരായ യുവാക്കളെമാത്രമേ അംഗരക്ഷകവിഭാഗത്തിലെടുക്കൂ എന്നു കയ്മൾക്കറിയാം. തന്റെ സ്ഥാനവും സ്ഥിതിയും അറിഞ്ഞുവരുമ്പോൾ വലുതെങ്കിലും, ഈ വിധം അജ്ഞാതനാമാവായി മറ്റുള്ളവരുടെ രക്ഷയിൽ പരദേശത്തു താമസിക്കുമ്പോൾ ഇങ്ങനെയുള്ള ബഹുമതിക്കു പാത്രമാവുന്നതു ദൈവാധീനമെന്നേ ആ യുവാവിന്നു കരുതാൻ കഴിഞ്ഞുള്ളു. കയ്മൾ പറഞ്ഞു: “അദ്ദേഹത്തിന്റെ കരുണ എന്നേ പറയാനുള്ളു. അത്രയ്ക്കു പഠിപ്പും അഭ്യാസവുമൊക്കെ എനിക്കുണ്ടോ എന്നറിഞ്ഞുകൂടാ.”

“അഭ്യാസത്തെപ്പറ്റിയും അമ്മാവൻ പറയാതിരുന്നില്ല. ദ്രോണമ്പള്ളിസ്സമ്പ്രദായമാണെന്നും ദേവനാരായണൻതമ്പുരാന്റെ കല്പനപ്രകാരം അന്നാട്ടിൽനിന്നൊരു പണിക്കരാണു് അഭ്യസിപ്പിച്ചിട്ടുള്ളതെന്നും അമ്മാവൻ പറകയുണ്ടായി. ആ സ്ഥിതിക്കു കൂടുതലൊന്നും പഠിക്കാനില്ലെങ്കിൽ ഞങ്ങളുടെ കളരിയിലെ ചില മുറകളും അടവുകളും പഠിക്കാം.”

“സാമൂതിരിപ്പാട്ടിലെ ആയുധവിദ്യാഗുരുവായ ധർമ്മോത്തുപണിക്കരുടെ കളരിയിൽ അഭ്യസിക്കുന്നതുതന്നെ ഒരു ബഹുമാനമാണു്. അഭ്യാസം പരിശോധിച്ചു വേണ്ടതെന്തെന്നു് അവിടുന്നുതന്നേ തീർച്ചപ്പെടുത്തിയാൽ മതി. ഞാൻ ജ്യേഷ്ഠന്റെ ശിഷ്യത്വം സ്വീകരിച്ചുകൊള്ളാം.”

“അമ്മാവൻ പറഞ്ഞതങ്ങനെയല്ല; കുതിരപ്പോരിൽ വിദഗ്ദ്ധരായ രണ്ടു രജപുത്രന്മാർ ഇവിടെയുണ്ടെന്നും അവരുടെ അടുക്കൽ ഞാനതിൽച്ചിലതെല്ലാം അഭ്യസിക്കണമെന്നും അതിന്നു പകരം നമ്മുടെ അടവുകളിൽ ചിലതു് അനുജനു കാട്ടിക്കൊടുക്കണമെന്നുമാണു്.”

ഇത്രയും പറഞ്ഞുതീരുന്നതിനിടയിൽ ഉണ്ണിനങ്ങയും അവിടെ എത്തിച്ചേർന്നു. അവൾ സഹോദരന്റെ പിറകിൽ വന്നു നിന്നതു് പണിക്കർ കണ്ടില്ല. വെങ്കിടാചലമയ്യർ പറഞ്ഞു: “അതു വളരെ നന്നു്. ഗംഗാസിംഹനെപ്പോലെയും അജിതസിംഹനെപ്പോലെയും അശ്വവിദ്യയറിയുന്നവർ ഇന്നു രാജസ്ഥാനിൽത്തന്നേയുണ്ടോ എന്നു സംശയമാണു്. കുതിരയെക്കൊണ്ടു് എന്തു ചെയ്യിക്കുന്നതിന്നും അവർക്കു സാധിക്കും. അതുപോലെതന്നേ കുതിരപ്പുറത്തിരുന്നു് എന്തഭ്യാസവും അവർക്കു കാണിക്കാം. അശ്വഹൃദയമന്ത്രം വശമായതുപോലെയാണു്. പഠിപ്പിക്കാനും മിടുക്കന്മാരാണു്. നമ്മുടെ കുട്ടികളെ നാലഞ്ചു കൊല്ലമായി പഠിപ്പിക്കുന്നതു ഞാൻ കാണാറുണ്ടല്ലോ.”

പണിക്കർ ജിജ്ഞാസയോടെ ചോദിച്ചു: “ആരാണു് നമ്മുടെ കുട്ടികൾ എന്നു പറഞ്ഞതു്? അനുജൻ ഒരാൺകുട്ടിയേ ഉള്ളു ഇവിടെ എന്നാണല്ലോ എന്റെ അറിവു്.”

“അതാ, ഉണ്ണിയുടെ പിറകിൽ നില്ക്കുന്ന ആളെ കണ്ടില്ലേ? കുതിരയോട്ടത്തിൽ ഉടപ്പിറന്നവനോളംതന്നേ സാമർത്ഥ്യമുണ്ടു്. പ്രായം കുറയുമെങ്കിലും പെൺകുട്ടിയാണെങ്കിലും അഭ്യാസത്തിൽ ഒട്ടും താഴെയല്ല.”

അപ്പോഴേ പണിക്കർ ഉണ്ണിനങ്ങയെ കണ്ടുള്ളു. കുതിരയോട്ടത്തിന്നു ചേരുംവിധത്തിൽ നീണ്ട കുപ്പായവും പൈജാമയുമാണു് ധരിച്ചിരിക്കുന്നതെങ്കിലും അവളുടെ അസാമാന്യമായ സൗന്ദര്യം ആ വേഷത്തിലും തുളുമ്പിനിന്നു. പണിക്കർ പറഞ്ഞു: “ഓഹോ, ഞാനറിഞ്ഞില്ല. ഈ കുട്ടിക്കും അഭ്യാസമുണ്ടോ?”

“മറ്റെന്തു ചെയ്യാനാണിവിടെ? ആയ്യമ്മയുടെ കൂടെ എത്ര നേരം ഇരിക്കാൻ കഴിയും? എത്ര നേരം ഗ്രന്ഥങ്ങൾ വായിക്കാം? അച്ഛനുമമ്മയുമില്ലാത്ത ഈ കുട്ടിക്കു സഹോദരനല്ലേ ഒരു കൂട്ടുള്ളു? ചേട്ടൻ ചെയ്യുന്നതൊക്കെ തനിക്കും ചെയ്യണമെന്നു ശാഠ്യം. അവൾ പറയുന്നതെല്ലാം മുതലാളി സമ്മതിച്ചുകൊടുക്കുംതാനും. സ്വന്തം മകളെപ്പോലാണു് മുതലാളിക്കു് ഉണ്ണിനങ്ങ എന്നുവെച്ചാൽ. പിന്നെ, വടക്കു രജപുത്രകുമാരികൾക്കിടയിൽ ആയുധാഭ്യാസം പതിവുണ്ടെന്നാണു് ഗംഗാസിംഹൻ പറയുന്നതു്. ഏതായാലും കളരിയിലും കുതിരയോട്ടത്തിലും ചേട്ടനൊന്നിച്ചു് അവളും ഉണ്ടായിരുന്നു ഇതുവരെ. ഇനി എത്രകാലം ഇതൊക്കെ നടക്കുമാവോ!”

“എന്താണങ്ങനെ പറയുന്നതു്?”

“കൊള്ളാം. ആയ്യമ്മയ്ക്കിപ്പോഴേ ഇഷ്ടമല്ല ഇതൊന്നും. തെരണ്ടുകുളി കഴിഞ്ഞാൽ പെൺകുട്ടികൾ സഹോദരന്മാരുടെ അടുത്തു പോകാറില്ലല്ലോ ഈ നാട്ടിൽ. അതുകൊണ്ടു് ഉണ്ണിനങ്ങയും അങ്ങനെ ചേട്ടന്റെ അടുത്തു പോകരുതെന്നാണു് അവരുടെ ശാഠ്യം. ഒരു നിമിഷം കൺവെട്ടത്തുനിന്നു മാറാൻ അവളെ അനുവദിക്കില്ല. അതാ, ആ മറവിൽ നില്പുണ്ടാവും.”

അനാഥരായ ഈ കുട്ടികളെ വളർത്തിയെടുക്കുന്നതിൽ ആ ദമ്പതികൾക്കുള്ള ശുഷ്കാന്തിയും ശ്രദ്ധയും കണ്ടു കൊച്ചുകയ്മളുടെ കളരിപ്പയറ്റുകൾ കാണാമെന്നും പുതുതായി എന്തൊക്കെയാണു് പഠിക്കേണ്ടതെന്നു പിന്നീടു തീരുമാനിക്കാമെന്നും തന്റെ കുതിരയോട്ടം പഠിക്കലിന്നുള്ള ഏർപ്പാടുകൾ അപ്പോൾ പൂർത്തിയാക്കാമെന്നും പറഞ്ഞു പണിക്കർ അന്നു യാത്രപറഞ്ഞു. പോകുമ്പോൾ കുതിരയോട്ടത്തെപ്പറ്റിയല്ലായിരുന്നു പണിക്കരുടെ വിചാരം. വിചിത്രവേഷധാരിണിയായ ആ കുമാരി അദ്ദേഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചിരുന്നു. ഒരു നിമിഷത്തിൽ അവൾ കുന്തവുമേന്തി കുതിരയെ ഓടിച്ചു പോകുന്നതും മറ്റൊരു നിമിഷത്തിൽ ജ്യേഷ്ഠന്റെ പിറകിൽ മൗനം ഭജിച്ചു നില്ക്കുന്നതുമായ കാഴ്ചകൾ അദ്ദേഹം മാറിമാറി കണ്ടു. അടുത്തു കാണാൻ പറ്റിയില്ലെങ്കിലും അവളുടെ സൗന്ദര്യലക്ഷണങ്ങൾ വളർന്നുവരുന്ന ക്രമമനുസരിച്ചു പൂർണ്ണയൗവനത്തിലെ തികഞ്ഞ ലാവണ്യത്തിലേയ്ക്കു കാലെടുത്തുവെയ്ക്കാൻതുടങ്ങിയിരിക്കുന്നുവെന്നു മനസ്സിലാക്കാൻ പണിക്കർക്കു പ്രയാസമുണ്ടായില്ല. ഈ നിലയ്ക്കു് ഉണ്ണിനങ്ങ ഭാസ്ക്കരപ്പണിക്കരുടെ മനസ്സിൽ കടന്നുകൂടിയതിൽ അസ്വഭാവികമായി ഒന്നുമില്ല.

ഇതിൽനിന്നല്പം വ്യത്യസ്തമാണു് ഉണ്ണിനങ്ങയുടെ കാര്യം. ഈ പതിമൂന്നു പതിന്നാലു വയസ്സിനിടയിൽ കുഞ്ഞമ്മതുമരയ്ക്കാരെയും ആ വീട്ടിലുള്ളവരെയുമല്ലാതെ മറ്റു പുരുഷന്മാരെ അവൾ കണ്ടിട്ടില്ല. വിദ്യാഭ്യാസം ചെയ്യിക്കുന്നതു പിതൃതുല്യനായ വെങ്കിടാചലമയ്യരാണു്; ആയുധവിദ്യ അഭ്യസിപ്പിക്കുന്നതോ, അമ്പതു കഴിഞ്ഞ അയ്യപ്പപ്പണിക്കരും. പിന്നെ കുതിരയോട്ടം പഠിപ്പിക്കുന്ന സൗരാഷ്ട്രക്കാരും കുറച്ചു വേലക്കാരും—ഇത്രയും ആണുങ്ങളെ അവിടെ അന്യരായിട്ടുള്ളൂ. പുറമേനിന്നാരും അവിടെ വരാറില്ല. തന്മൂലം സുമുഖനും യുവാവുമായ ഭസ്ക്കരപ്പണിക്കരുടെ ആഗമനം ഉണ്ണിനങ്ങയ്ക്കു് ഒരപൂർവ്വക്കാഴ്ചയായി തോന്നി. അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും തെളിഞ്ഞുകണ്ട ആഭിജാത്യവും അന്തസ്സും അവൾക്കിഷ്ടപ്പെട്ടു. പണിക്കർ ആഴ്ചയിൽ രണ്ടുതവണയെങ്കിലും കുതിരയോട്ടം പഠിക്കാൻ അവിടെ വരുമെന്നും ജ്യേഷ്ഠനെ പുതിയ അടവുകളഭ്യസിപ്പിക്കുമെന്നും അറിഞ്ഞപ്പോൾ അവൾക്കു അമിതമായ സന്തോഷം തോന്നി.

പറഞ്ഞതുപോലെ, രണ്ടുദിവസം കഴിഞ്ഞു് ഒരു മൂന്നുനാഴിക പകലുള്ളപ്പോൾ, ഭാസ്ക്കരപ്പണിക്കർ താഴത്തെപ്പറമ്പിൽ ഹാജരായി. അന്നു ഗംഗാസിംഹൻ പണിക്കരെ തടഞ്ഞില്ല. പണിക്കർ നേരെ പൂമുഖത്തേയ്ക്കു ചെന്നു. അവിടെ, പതിവുപോലെ വെങ്കിടാചലമയ്യർ ഇരുന്നു കണക്കു് നോക്കുന്നുണ്ടു്. പണിക്കരെക്കണ്ടു് ഉപചാരപൂർവ്വം എഴുന്നേറ്റു് അദ്ദേഹം വഴികാട്ടാനെന്നഭാവത്തിൽ കളരിസ്ഥലത്തേയ്ക്കു് അനുഗമിച്ചു. ഉണ്ണിക്കയ്മൾ അന്നും കുതിരയോടിക്കുന്ന നിരപ്പിലായിരുന്നു. കൂടെ സഹോദരിയുമുണ്ടു്. രണ്ടാളും കുതിരപ്പുറത്താണു്. പണിക്കർ വരുന്നതു കണ്ടപ്പോൾ കയ്മൾ വേഗം കുതിരപ്പുറത്തുനിന്നു താഴെയിറങ്ങി. ഉണ്ണിനങ്ങ കുതിരപ്പുറത്തുതന്നേ ഇരുന്നതേ ഉള്ളു. ജ്യേഷ്ഠനെ അഭിവാദ്യംചെയ്തശേഷം ഉണ്ണിക്കയ്മൾ പറഞ്ഞു: “ഏതാണു് ആദ്യം: കളരിയിൽ എന്റെ അഭ്യാസം പരീക്ഷിക്കയോ. ഇവിടെ കുതിരപ്പുറത്തൊന്നു കേറി നോക്കുകയോ?”

“ഇവിടെ വന്ന സ്ഥിതിക്കു കുതിരപ്പുറത്തു കേറുകതന്നേ ആവാം.”

പണിക്കർ മുണ്ടു മുറുക്കിയുടുത്തു് അരയ്ക്കു കെട്ടി തയ്യാറായി.

“എന്താ, അജിത്?” ഉണ്ണിക്കയ്മൾ അജിതസിംഹനെ വിളിച്ചു പറഞ്ഞു: “ഇദ്ദേഹത്തെ അറിയുമല്ലോ. കുതിരയുദ്ധത്തിലെ അങ്ങേയറ്റത്തെ അടവുകളാണു് അദ്ദേഹത്തെ പഠിപ്പിക്കേണ്ടതു്?”

ഉത്തരവുപ്രകാരം ചെയ്യാമെന്നു് അജിതസിംഹൻ തലയാട്ടി സമ്മതിച്ചു. പിന്നീടു പണിക്കരോടു പറഞ്ഞു: “ഉണ്ണിയജമാനൻ കേറിയിരുന്ന ഈ കുതിരയുടെ പുറത്തു കയറി നിരപ്പിന്റെ അറ്റംവരെ ഓടിക്കണം. ഇടയ്ക്കു രണ്ടുമൂന്നു വേലിയുള്ളതും ചാടിക്കണം. ഇരിപ്പും കുതിരയെ അടക്കിനിർത്തലും കണ്ടാലറിയാം, എവിടെനിന്നു തുടങ്ങണമെന്നു്.”

പണിക്കർ നിഷ്പ്രയാസം കുതിരപ്പുറത്തു കയറി കടിഞ്ഞാൺ പിടിച്ചു. അപരിചിതനായ ഒരാളുടെ ഇരിപ്പു സഹിക്കരുതാഞ്ഞെന്നപോലെ, കുതിര പിൻകാൽ പൊക്കി കുടഞ്ഞു കുതിച്ചു ചാടി. കുതിരപ്പുറത്തു് ഇരിപ്പുറപ്പിച്ചിട്ടില്ലാത്ത ഒരാൾ ഇതുകൊണ്ടു തെറിച്ചു താഴെ വീണുപോകും. എന്നാൽ പണിക്കർ, സ്ഥാനത്തു നിന്നു് ആകപ്പാടെ ഒന്നിളകിയെങ്കിലും, ഇരിപ്പുതെറ്റി നിലം പതിച്ചില്ല. ക്ഷണനേരംകൊണ്ടു കുതിരയെ അടക്കിനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. അജിതസിംഹനും കയ്മളും അതു കണ്ടു് അനുമോദനസൂചകമായി പുഞ്ചിരിച്ചതേ ഉള്ളൂ. ഉണ്ണിനങ്ങയാവട്ടെ, കൈകൊട്ടി തന്റെ അഭിനന്ദനത്തെ പ്രകടിപ്പിച്ചു. വാസ്തവത്തിൽ കുതിര ഒരു ചടക്കുകാരനായിരുന്നു—അപരിചിതർക്കു മെരുക്കിയെടുക്കാൻ വളരെ പ്രയാസമുള്ള ഒന്നു്. മറ്റാളുകൾ അവിടെയുണ്ടെന്ന വിചാരമില്ലാതെ ഉണ്ണിനങ്ങ പെട്ടന്നു പറഞ്ഞുപോയി: “ചേതകൻ സൂത്രം നോക്കായ്കയല്ല, ഫലിക്കായ്കയാണു്.”

പറഞ്ഞുകഴിഞ്ഞപ്പോഴേ ഉണ്ണിനങ്ങയ്ക്കോർമ്മവന്നുള്ളു കൂട്ടത്തിൽ അപരിചിതനായ ഒരാളുകൂടിയുണ്ടെന്നു്. അവൾക്കു വിഡ്ഢിത്തമായെന്നു തോന്നി. ആദ്യമായുണ്ടായ ഈ ലജ്ജാവൈക്ലബ്യത്താൽ അവൾ തലകുനിച്ചു് അവിടെനിന്നു പോയ്ക്കളഞ്ഞു. അവൾ പോയ്ക്കഴിഞ്ഞപ്പോൾ പണിക്കർ അന്വേഷിച്ചു: “കുട്ടിക്കു കുതിരപ്പുറത്തു നല്ല അഭ്യാസമുണ്ടോ?”

അജിതസിംഹനാണു് മറുപടി പറഞ്ഞതു്: “ഇവർ തമ്മിൽ ബറാബറാണു്. പ്രായംകൊണ്ടുള്ള വ്യത്യാസമേ ഉള്ളൂ. ചലിക്കുന്ന ലക്ഷ്യത്തിന്മേൽ ഓടുന്ന കുതിരപ്പുറത്തു നിന്നു കുന്തം പ്രയോഗിക്കലാണു് സാമാന്യക്കാർ കുതിരയോട്ടത്തിൽ വലിയ പ്രയോഗമെന്നു വെച്ചിട്ടുള്ളതു്. ഉണ്ണിയജമാനൻ പത്തിലൊമ്പതു ലക്ഷ്യത്തിൽ കൊള്ളിക്കുമെങ്കിൽ കുഞ്ഞു പത്തിലേഴു കൊള്ളിക്കും. കുന്തത്തിനു കനം കുറഞ്ഞിരിക്കണമെന്നുമാത്രം.”

“കുതിരമാറി ആയുധപ്രയോഗം ചെയ്യുമോ?”

“ശീലിച്ചിട്ടില്ല. വേണമെങ്കിൽ വൈഷമ്യമുണ്ടാകയില്ല.”

“എനിക്കു് അതു രണ്ടും ശീലിക്കണമെന്നാണാഗ്രഹം.”

“കുതിരപ്പുറത്തിരിപ്പുറപ്പിച്ചതുകൊണ്ടു യജമാനനു്, ഞാൻ പഠിപ്പിക്കയാണെങ്കിൽ, ആറാഴ്ചകൊണ്ടു് അതു സാധിക്കും. വേണമെങ്കിൽ ഇന്നുതന്നേ തുടങ്ങാം.”

അങ്ങനെ പണിക്കരുടെ അഭ്യാസം തുടങ്ങി. മുടങ്ങാതെ ആഴ്ചയിൽ രണ്ടുദിവസം പണിക്കർ അവിടെ വരും. പരിശീലനത്തിന്നു് അജിതസിംഹനു പുറമേ എന്നും ഉണ്ണിക്കയ്മളും മിക്ക ദിവസവും ഉണ്ണിനങ്ങയും ഉണ്ടാവും. ഉണ്ണിനങ്ങയുള്ള ദിവസങ്ങളിൽ അവളെ കാത്തുകൊണ്ടു മാറാതെ അവിടെയെങ്ങാനും അമ്യാക്കരെയും കാണാം.

പത്താമധ്യായം

ഭാരതപ്പുഴയിൽ വന്നു സമ്മേളിക്കുന്ന കരിമ്പുഴയെന്ന ചെറുനദിയുടെ വക്കത്തായി ഒറ്റപ്പാലത്തുനിന്നു് ഒരു പത്തുപതിനഞ്ചുനാഴിക വടക്കുകിഴക്കോട്ടു മാറി, കരിമ്പുഴ എന്നൊരു പ്രദേശമുണ്ടു്. അവിടെ പുഴയുടെ വക്കത്തായി വലിയൊരു കോവിലകവും ഉദ്യോഗസ്ഥന്മാർക്കും രാജസേവകന്മാർക്കും അകമ്പടിക്കാർക്കും മറ്റും താമസിക്കാനായി ആ കോവിലകത്തിന്നടുത്തായി അനവധി ഗൃഹങ്ങളും ഉപഗൃഹങ്ങളുമുണ്ടായിരുന്നു. കോവിലകത്തിന്നു സമീപമുള്ള ഭഗവതീക്ഷേത്രം, അതിൽ പ്രതിഷ്ഠിക്കപ്പെട്ട മൂർത്തിയുടെ ഉഗ്രതകൊണ്ടു് ആരാധകന്മാരുടെ സവിശേഷഭക്തിക്കുപാത്രമായിരുന്നു.

കരിമ്പുഴപ്രദേശത്തിന്റെ രാമണീയകത്തിന്നു ഒരു സവിശേഷതയുണ്ടെന്നു പറയാം. കോവിലകം നില്ക്കുന്ന സ്ഥലവും പരിസരങ്ങളും നിരന്ന സമഭൂമിയാണെങ്കിലും സമീപസ്ഥലങ്ങൾ അധികമുയരമില്ലാത്തവയും വൃക്ഷലതാദികൾകൊണ്ടു നിറഞ്ഞവയുമായ ചെറുകുന്നുകളാൽ അലംകൃതമാണു്. ഗിരിപാദങ്ങളെ തഴുകിക്കിടന്ന നെല്പാടങ്ങളും തെങ്ങു കവുങ്ങു പിലാവു മുതലായവയാൽ കേരളശ്രീ തഴച്ച പറമ്പുകളും ആ പ്രദേശത്തിന്റെ പ്രകൃതിവിലാസത്തെ ഇരട്ടിച്ചുകാട്ടി.

ആ സ്ഥലത്തു വിളയാടിയിരുന്ന പ്രകൃതിസൗഭാഗ്യത്തെ കണ്ടിട്ടുമാത്രമല്ല അവിടം ഏറാൾപ്പാടുതമ്പുരാക്കന്മാരുടെ ആസ്ഥാനമാക്കി മാറ്റിയതു്. സാമൂതിരിരാജ്യത്തിന്റെ ഏതാണ്ടു മധ്യത്തിലാണല്ലോ അതു സ്ഥിതിചെയ്യുന്നതു്. രാജസ്ഥാനത്തോടു മത്സരിച്ചുനിന്ന തെക്കൻപ്രഭുക്കന്മാരുടെ മേൽ എപ്പോഴും കണ്ണുവെയ്ക്കാനും മണ്ണാർക്കാട്ടുനായർ മുതലായ അതിർത്തിപ്രഭുക്കളുടെമേൽ അധികാരം നടത്താനും യോജിച്ച ഒരു സ്ഥലമാണെന്നു കണ്ടാവണം, വള്ളോക്കനാരിയിൽനിന്നു് ആ സ്ഥലം പിടിച്ചെടുത്തപ്പോൾ ഏറാൾപ്പാടിന്റെ ആസ്ഥാനമാക്കാൻ തീർച്ചപ്പെടുത്തിയതു്. ആദ്യകാലത്തെ ഉദ്ദേശമങ്ങനെയായാലും ഇപ്പോഴത്തെ ഏറാൾപ്പാടിന്റെ കാലത്തു കരിമ്പുഴയുടെ പ്രാധാന്യം നേരേ വിപരീതമാണെന്നു പറയണം. സാമൂതിരിയും ഏറാൾപ്പാടും തമ്മിലുള്ള മത്സരം മുഴുത്തപ്പോഴാണു് ആ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിച്ചതു്. പിണങ്ങിനില്ക്കുന്ന പ്രഭുക്കന്മാർക്കു നിർബ്ബാധം വരാനും പോകാനും ഗൂഢാലോചന നടത്താനും സൗകര്യമുള്ള ഒരു സങ്കേതമായിരുന്നു അവിടം. കവളപ്പാറനായർ, കുതിരവട്ടത്തുനായർ മുതലായ ശക്തരായ പ്രഭുക്കളുടെ തട്ടകങ്ങളും വെട്ടത്തുനാടും ഏറെ അകലെയല്ല. ഇവരുടെ സേനയാണല്ലോ തന്റെ ഏറനാടുമുപ്പതിനായിരത്തിന്നു പുറമേ ഒരു സഹായമായി ഏറാൾപ്പാടുതമ്പുരാൻ ഗണിച്ചുവരുന്നതു്.

വീരരായൻ എന്നു പേരായ അന്നത്തെ ഏറാൾപ്പാടിനു സാമൂതിരിയിൽനിന്നു് ആറുമാസത്തെ ഇളപ്പമേ ഉള്ളൂ. ആറുമാസമായാലും ആറാണ്ടായാലും ഫലമൊന്നുതന്നെയാണല്ലോ. ജ്യേഷ്ഠൻ സാമൂതിരിപ്പാടായി സ്ഥാനാരോഹണംചെയ്തിട്ടു് ഇരുപതു വർഷമായി. വീരരായൻ ഏറാൾപ്പാടായിട്ടു് ഒരു വർഷമേ ആയിട്ടുള്ളൂവെങ്കിലും സാമൂതിരിയുമായുള്ള മത്സരം മൂന്നാൾപ്പാടായ കാലംമുതല്ക്കേ ഉള്ളതാണു്. പ്രതാപവും ഐശ്വര്യവും സ്തുതിയും മേന്മയുമെല്ലാം ജ്യേഷ്ഠന്നു്; തനിക്കോ; വരാൻപോകുന്ന ഭാഗ്യത്തെ സ്വപ്നംകണ്ടുകൊണ്ടിരിക്കലും. അത്രയ്ക്കടുത്തെന്നു തോന്നുന്ന ഭാഗ്യവിശേഷത്തെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ സങ്കടകരമായ ഒരു കാര്യമുണ്ടോ? മക്കൾവഴിയാണു് അവകാശമെങ്കിൽ ഇത്രയ്ക്കു സങ്കടമില്ല. ഒരച്ഛനും മകനുമായി ഒരിരുപതു വർഷത്തെ പ്രായവ്യത്യാസമെങ്കിലും കാണുമല്ലോ. എന്നാലും,

“മൂരിതൈരപി കർത്തുമാത്മസാൽ

പ്രയതന്തേ നൃപസൂനവോ ഹി യൽ”

എന്നാണല്ലോ കാളിദാസൻ രാജാധികാരപ്രാപ്തിയെപ്പറ്റി പറഞ്ഞിട്ടുള്ളതു്. അപ്പോൾ, ആറുമാസത്തെ പ്രായവ്യത്യാസംമാത്രമുള്ള അധികാരമോഹികൾതമ്മിൽ എന്തെല്ലാം മത്സരങ്ങളാണുണ്ടായിക്കൂടാത്തതു്?

ധൈര്യം, സത്യസന്ധത, സ്ഥിരബുദ്ധി മുതലായ രാജോചിതഗുണങ്ങൾ വേണ്ടുവോളമുള്ളവനായിരുന്നു ഏറാൾപ്പാടു്. രാജ്യകാര്യങ്ങളുടെ സത്യസ്വരൂപം മനസ്സിലാക്കുന്നതിന്നും രാജ്യത്തിന്നും പ്രജകൾക്കും ഗുണമായ കാര്യങ്ങൾ തിരിച്ചറിയുന്നതിന്നും അദ്ദേഹത്തിന്നു കെല്പുണ്ടു്. സ്നേഹശീലം, ദാനാൽപരത, അനുദ്ധതത്വം എന്നിവ നോക്കിയാലും അദ്ദേഹം യോഗ്യനായ ഒരാളാണെന്നു് ആരും സമ്മതിക്കും. ആകൃതികൊണ്ടും അദ്ദേഹം ഗംഭീരനാണു്. ജ്യേഷ്ഠനായ സാമൂതിരിപ്പാടിന്റെ മുഖത്തു വിളയാടുന്നതു സൗമ്യഭാവമാണെങ്കിൽ അനുജനായ ഏറാൾപ്പാടിന്റെ മുഖത്തു വീര്യശ്രീയാണു്.

ഇത്രയൊക്കെ ഗുണങ്ങളുണ്ടായിട്ടും ഏറാൾപ്പാടിന്റെ പ്രവൃത്തികളുടെ ഫലം രാജ്യത്തിൽ അന്തഃഛിദ്രമായിത്തീർന്നു. ഇതിന്നു പ്രധാനമായി രണ്ടു കാരണമാണുണ്ടായിരുന്നതു്: ഒന്നാമതു് താനെന്നും ഇളമയായിത്തന്നേ കഴിയേണ്ടിവരുമെന്ന വിചാരം. അതദ്ദേഹത്തിന്റെ ബുദ്ധിയെ അസൂയാകലുഷിതമാക്കി. ആ കണ്ണടയിലൂടെ നോക്കിയപ്പോൾ സാമൂതിരിപ്പാടിന്റെ പ്രവൃത്തികളെല്ലാം രാജ്യത്തിന്നു ദോഷകരമായിത്തീരുന്നുവെന്നത്രേ അദ്ദേഹത്തിന്നു തോന്നിയതു്. പറങ്കികളെ പിണക്കിവിട്ടതു കോഴിക്കോടിനെ നശിപ്പിക്കാനൊരു വഴിയായിട്ടദ്ദേഹം കണ്ടു. അല്ലെങ്കിൽ കൊച്ചിത്തുറമുഖം ഇത്രയ്ക്കു വളരുമായിരുന്നുവോ? കോഴിക്കോട്ടെ കച്ചോടം അങ്ങോട്ടു മാറുമായിരുന്നുവോ? ഉദ്ധതന്മാരായ മുസൽമാൻകച്ചോടക്കാരെ സഹായിക്കാനായിട്ടല്ലേ ഇതു ചെയ്തതു്? രാജസദസ്സിലുള്ളവർ അവരോടു കൈക്കൂലി വാങ്ങിയല്ലേ ഇങ്ങനെ രാജ്യദ്രോഹകരമായ ഒരു നയം കൈക്കൊണ്ടതു്? ദിവസം ചെല്ലുന്തോറും ഏറാൾപ്പാടു് ഇങ്ങനെയുള്ള അഭിപ്രായങ്ങളിൽ കൂടുതൽക്കൂടുതൽ വിശ്വസിച്ചുവന്നു കൊച്ചിയിൽ പറങ്കികൾ നടത്തിവന്ന അക്രമങ്ങളെയും കൊച്ചിരാജാവിനോടു കാണിച്ചുവന്ന അനീതികളെയും വല്ലവരും ചൂണ്ടിക്കാണിച്ചാൽ അതിന്നു കാരണം കൊച്ചിരാജാവിന്റെ ദൗർബ്ബല്യമാണെന്നും കോഴിക്കോടുമായുള്ള ബന്ധത്തിൽ അങ്ങനെ വല്ലതും പ്രവർത്തിച്ചാൽ അതു തടുക്കാനുള്ള ശക്തി കോഴിക്കോടിനുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഈ അസൂയയ്ക്കു പുറമേ മറ്റൊരു ദൂഷ്യംകൂടി അദ്ദേഹത്തിനുള്ളതായി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതദ്ദേഹത്തിന്റെ നേത്യാരമ്മയുടെ ദുസ്സ്വഭാവമാണു്. കാവൂട്ടിയമ്മയും മൂത്തപണിക്കരുടെ ഭാര്യ ഉണ്ണിയമ്മയും തമ്മിൽ വളർന്നുവന്ന പിണക്കങ്ങളും അവയുടെ കാരണവും വായനക്കാർക്കറിയാം. എന്നാൽ അതിലും കവിഞ്ഞ ചില ദൂഷ്യങ്ങൾ കാവൂട്ടിനേത്യാരമ്മയെ ബാധിച്ചിരുന്നുവെന്നുകൂടി പറയേണ്ടിയിരിക്കുന്നു. പ്രതാപത്തിലെന്നപോലെ പണത്തിലും അവർക്കുള്ള അത്യാഗ്രഹം പ്രായം ചെല്ലുന്തോറും കൂടിക്കൂടിവന്നു. ഏറാൾപ്പാടിനെ കണ്ടു വല്ല കാര്യവും സാധിക്കണമെങ്കിൽ ശരിയായ കാഴ്ചവെച്ചു നേത്യാരമ്മയെ കാണണമെന്നു പരക്കേ അറിയാം. ആ വഴിക്കു കാവൂട്ടിനേത്യാരമ്മ നാട്ടിലെ ഇടപ്രഭുക്കന്മാർ, മാടമ്പികൾ മുതലായവരുമായി നേരിട്ടു ബന്ധം പുലർത്തിപ്പോന്നു. അവർക്കു മൂന്നാൾപ്പാടിന്റെയും ഏറാൾപ്പാടിന്റെയും നേത്യാരമ്മയായാൽ പോരാതായിട്ടു വർഷം കുറെയേറെക്കഴിഞ്ഞു; അവർക്കു സാമൂതിരിപ്പാട്ടിലെ പട്ടമഹിഷിയാവണം; എന്നാലെ മൂത്തപണിക്കരുടെ ഭാര്യയായ ജ്യേഷ്ഠത്തിയുടെ മുഖത്തു കരിതേയ്ക്കാൻ സാധിക്കൂ. അക്കാലം വരുമ്പോൾ ചെയ്യേണ്ട പലതും ആലോചിച്ചു തീർച്ചയാക്കിവെച്ചിട്ടുണ്ടു് അവർ.

കാവൂട്ടിനേത്യാരമ്മയ്ക്കു വയസ്സു മുപ്പത്തെട്ടിൽ കവിഞ്ഞിരുന്നില്ല. അവരുടെ സൗന്ദര്യം, അല്പമൊന്നു പക്വമായിട്ടുണ്ടെന്നല്ലാതെ, വാടിത്തുടങ്ങിയിട്ടില്ല. കണ്ടാലാരും ഒരു മുപ്പത്തിയഞ്ചു വയസ്സേ പറയൂ. നീണ്ടുചുരുണ്ട കേശം, പൂവമ്പഴത്തിനൊത്ത നിറം, നീണ്ടിടംപെട്ടു കരിംകൂവളപ്പൂപോലുള്ള കണ്ണുകൾ, തുടുത്തു ഭംഗിയുള്ളതെങ്കിലും അല്പമൊന്നു തടിച്ച അധരം—ഇതായിരുന്നു അവരുടെ സൗന്ദര്യം, എപ്പോഴും ആഭരണങ്ങണിഞ്ഞിരിക്കുന്ന ഒരു സമ്പ്രദായമാണു് അവർക്കു്. കാലത്തു കുളികഴിഞ്ഞു കയറിയിട്ടു വേഷഭൂഷകൾ ചാർത്തി നേത്യാരമ്മ ചമഞ്ഞിരുന്നാൽപ്പിന്നെ ആ ചമയത്തിന്നു് ഒരു കോട്ടവും വരാതെ സൂക്ഷിക്കുക എന്നതാണു് അവരുടെ പ്രധാനകൃത്യം. ആകപ്പാടെ താനൊരു ഭൂലോകരംഭയാണെന്ന ഭാവം അവരുടെ മുഖത്തു് എപ്പോഴും സ്ഫുരിച്ചുകാണാം.

കാവൂട്ടിനേത്യാരമ്മയ്ക്കു് ഒരു മകളേ ഉള്ളൂ. മങ്ക എന്നു പേരായ ആ കുട്ടിക്കു വിവാഹപ്രായമായെങ്കിലും മകൾക്കൊരു വരനെ അന്വേഷിക്കുന്നതിൽ ആ അമ്മ ഒരു ശുഷ്കാന്തിയും ഇതേവരെ കാണിച്ചില്ല. മനുഷ്യബുദ്ധിക്കുള്ള വൈപരീത്യത്തിന്റെ ഒരുദാഹരണമായേ ഇതിനെ ഗണിയ്ക്കേണ്ടൂ. മകളെ ഭാസ്ക്കരപ്പണിക്കരെക്കൊണ്ടു കല്യാണം കഴിപ്പിക്കണമെന്നായിരുന്നു നേത്യാരമ്മയുടെ ആഗ്രഹം. തന്റെ അനന്തരവന്മാരിൽ ആരെക്കൊണ്ടെങ്കിലും പുടകൊടുപ്പിക്കാൻ ഏറാൾപ്പാടു വിചാരിച്ചാൽ സാധിക്കും. തന്റെ സേവയ്ക്കു നിത്യേന വന്നുപോകുന്ന പ്രഭുക്കളിലാരുടെയെങ്കിലും മരുമക്കളെക്കൊണ്ടു വേണമെങ്കിൽ സംബന്ധംചെയ്യിക്കുന്നതിനു നേത്യാരമ്മ വിചാരിച്ചാലും സാധിക്കായ്കയില്ല. എന്നിട്ടും, മനശ്ശാസ്ത്രതത്ത്വങ്ങളുടെ ഏതോ നിഗൂഢപ്രവർത്തനംമൂലമെന്നു പറയട്ടെ, ഭാസ്ക്കരപ്പണിക്കരിലാണു് കാവൂട്ടിനേത്യാരമ്മയുടെ കണ്ണു പതിഞ്ഞതു്. ജ്യേഷ്ഠത്തിയുടെ ഭാഗ്യാതിരേകത്തിലുള്ള അസൂയയുടെ ഒരു പ്രതിഫലനമായിരിക്കാം ഇതു്. അല്ലെങ്കിൽ അവർക്കു പെൺകുട്ടിയില്ലാത്ത നിർഭാഗ്യത്തെ എടുത്തുകാണിച്ചു തന്റെ സ്ഥിതിയെ വലുതാക്കിക്കാട്ടാനാണെന്നും വരാം. ഏതായാലും അവർ മങ്കവിയെ ഭാസ്ക്കരപ്പണിക്കർക്കുഴിഞ്ഞുവെയ്ക്കുകയാണുണ്ടായതു് എന്നേ പറയാനുള്ളൂ.

നേത്യാരമ്മ കോഴിക്കോട്ടു താമസിക്കുന്ന കാലത്തു് ഇടയ്ക്കിടെ ഭാസ്ക്കരപ്പണിക്കരെ വിളിച്ചു സൽക്കരിക്കുക പതിവായിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള ബന്ധംകൊണ്ടാണെന്നേ പണിക്കർ ആദ്യമൊക്കെ ഇതിനെപ്പറ്റി ധരിച്ചുള്ളു. എന്നാൽ മറ്റുള്ളവരുടെ സൂചനകൾകൊണ്ടും നേത്യാരമ്മയുടെതന്നേ ചില വാക്കുകൾകൊണ്ടും ഭാവങ്ങൾകൊണ്ടും ഇതിന്റെ ഉദ്ദേശം പണിക്കർക്കു ക്രമേണ മനസ്സിലായി. അതിൽ ആ യുവാവിന്നു സന്തോഷമേ ഉണ്ടായുള്ളു. കണ്ടാൽ കൊള്ളാവുന്നൊരു കുട്ടിയാണു് മങ്ക; സ്ഥിതികൊണ്ടും കുടുംബബന്ധംകൊണ്ടും യോജിച്ചവളുമാണു്. എന്നല്ല, ഏറാൾപ്പാടും അമ്മാവനും തമ്മിൽ എന്തോ അസുഖമുണ്ടെന്നല്ലാതെ ആ വഴക്കിന്റെ കാരണമോ അതിന്റെ പിരിമുറുക്കമോ ഭാസ്ക്കരപ്പണിക്കർ മനസ്സിലാക്കിയിരുന്നുമില്ല. ഏതായാലും, ആ യുവതിയുവാക്കന്മാരിൽ ഉണ്ടാവാൻ തുടങ്ങിയ സ്നേഹം ദൃഢപ്പെടാൻ അവസരമുണ്ടായില്ല. അപ്പോഴയ്ക്കും കാവൂട്ടിനേത്യാരമ്മയ്ക്കു താമസം കരിമ്പുഴയ്ക്കു മാറ്റേണ്ടിവന്നു; മുളച്ചിട്ടില്ലാതിരുന്ന ആ പ്രേമബീജം പണിക്കരുടെ മനസ്സിൽ ഒരു സ്മരണമാതൃകയായി പരിണമിച്ചു.

ആൽബൂക്കർക്കും പാതിരാശ്ശേരിനമ്പൂതിരിയുമായി കൊച്ചിക്കോട്ടയിൽ നടന്ന കൂടിക്കാഴ്ച കഴിഞ്ഞു് ആറാംദിവസം പകൽ പതിനൊന്നുമണിക്കു കരിമ്പുഴക്കോവിലകത്തിന്റെ മുൻവശത്തുള്ള പടിപ്പുരയ്ക്കൽ ഒരു മഞ്ചൽ വന്നുനിന്നു. ആ മഞ്ചലിനെ പത്തുപതിനഞ്ചുപേർ അകമ്പടിസേവിച്ചിരുന്നു—കുട്ടിപ്പട്ടർ, വെപ്പുകാർ, വെറ്റിലക്കാർ, വിശറിക്കാർ എന്നിങ്ങനെ രാജാക്കന്മാർക്കു ചേർന്ന പരിവാരങ്ങൾ. സേവകന്റെ കൈ പിടിച്ചു മഞ്ചലിൽനിന്നിറങ്ങിയ ആൾ നമ്മുടെ പാതിരാശ്ശേരിനമ്പൂതിരി തന്നേ. പതിവിൽക്കവിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വേഷവും പ്രൗഢിയും. ഉടുത്ത കസവുമുണ്ടിന്നു മുകളിൽ പൊന്നുകൊണ്ടുള്ള കച്ചപ്പുറം അണിഞ്ഞിട്ടുണ്ടു്. പൊന്നുകൊണ്ടു കെട്ടിച്ച ഒരു രുദ്രാക്ഷമാല കഴുത്തിലും വിലപിടിച്ച പലതരം രത്നമോതിരങ്ങൾ കൈവിരലുകളിലും അണിഞ്ഞിരുന്നതു തന്റെ ശിവഭക്തിയെയും ധനദത്വത്തെയും സൂചിപ്പിക്കാനല്ലയോ എന്നു തോന്നും. ഇങ്ങനെ ആഡംബരത്തോടും ആർഭാടത്തോടും കൂടി മഞ്ചലിറങ്ങിയ നമ്പൂതിരിയെ, ധാരാളം പരിചയമുള്ളതുകൊണ്ടു്, വാതില്ക്കൽ നിന്നിരുന്ന കാവല്ക്കാർ തടഞ്ഞില്ല. അദ്ദേഹം നേരേ ഏറാൾപ്പാടു് ഉച്ചയ്ക്കൂണു കഴിഞ്ഞിരുന്നു വിശ്രമിക്കാറുള്ള തളത്തിന്റെ ഉമ്മറത്തെത്തി. തവണക്കാരൻ അറിയിച്ചു വാങ്ങിയ അനുവാദത്തെത്തുടർന്നു നമ്പൂതിരി അകത്തു പ്രവേശിച്ചു.

ഏറാൾപ്പാടു സ്നേഹിതന്മാരുമൊന്നിച്ചു് ഓരോ കാര്യം പറഞ്ഞു രസിച്ചുകൊണ്ടിരിക്കയാണു്. ആ കൂട്ടത്തിൽച്ചേർന്നു ഫലിതം പറയാൻ നല്ല വശമുണ്ടെങ്കിലും പാതിരാശ്ശേരിനമ്പൂതിരി ഒഴിഞ്ഞുനിന്നതേയുള്ളു. അതു കണ്ടു നമ്പൂതിരിക്കു രാജ്യകാര്യമായി വല്ലതും പറയാനുണ്ടാവുമെന്നു മനസ്സിലാക്കിയ ഏറാൾപ്പാടുതമ്പുരാൻ, ഇവരെയൊക്കെ അങ്ങനെ പറഞ്ഞയയ്ക്കുന്നതു ശരിയല്ലല്ലോ എന്ന ഭാവത്തിൽ, നമ്പൂതിരിയോടു് ഇങ്ങനെ ചോദിച്ചു: “എന്താ, പാതിരാശ്ശേരിക്കു ധൃതിയൊന്നുമില്ലല്ലോ, ഉച്ചയ്ക്കു വിശ്രമം കഴിഞ്ഞിട്ടു സംസാരിച്ചാൽ പോരേ?”

“ഓഹോ, ധാരാളം. എനിക്കും ചിലരെയൊക്കെ ഒന്നു കാണണമെന്നുണ്ടു്. അതു കഴിച്ചുകളയാം.”

പേരിനു് ആ സദസ്സിൽ അല്പം നേരമിരുന്നിട്ടു്, ഏറാൾപ്പാടുതമ്പുരാനോടു കണ്ണുകൊണ്ടനുവാദം വാങ്ങി, പാതിരാശ്ശേരി അവിടെനിന്നു പോന്നു. തന്റെ താമസത്തിന്നു പതിവുപ്രകാരം ഏർപ്പാടുചെയ്തിട്ടുള്ള മഠത്തിൽ പോയി ചില സാധനങ്ങൾ ഒരു വേലക്കാരനെക്കൊണ്ടെടുപ്പിച്ചു താമസിയാതെ അദ്ദേഹം കാവൂട്ടിനേത്യാരമ്മയിരിക്കുന്ന നാലുകെട്ടിന്റെ വാതില്ക്കൽ ഹാജരായി. അവിടെയും സുപരിചിതനായിരുന്നതിനാൽ വേലക്കാർ അദ്ദേഹത്തെ ചെന്നുപചരിച്ചു.

“തിരുമേനി ഇപ്പോൾ എഴുന്നള്ളിയതേ ഉള്ളു, അല്ലേ?”—ചോദിച്ചതു കണ്ടർമേനോൻവിചാരിപ്പുകാരാണു്. അയാളാണു് നേത്യാരമ്മയുടെ കാര്യങ്ങൾ അന്വേഷിക്കുന്നതു്.

നമ്പൂതിരി പറഞ്ഞു: “അതേ, ഇപ്പോൾ വന്നതേ ഉള്ളൂ. ഇതാ, ഈ കെട്ടഴിച്ചു് അതിലുള്ളതു് ആ വെള്ളിത്താമ്പാളത്തിലാക്കണം.”

ആ പ്രവൃത്തിയിൽ കണ്ടർമേനോനും സഹായിച്ചു. കെട്ടിലെന്താണെന്നു കണ്ടർമേനോൻ ഊഹിക്കായ്കയില്ല; പക്ഷേ, എത്രയാണെന്നൂഹിക്കാൻ കഴിഞ്ഞില്ല. അതിൽ നൂറുപൊൻനാണയമാണെന്നറിഞ്ഞപ്പോൾ കണ്ടർമേനോന്റെ മുഖം നല്ലവണ്ണം വികസിച്ചു. പൊൻനാണയങ്ങൾ വെള്ളിത്താമ്പാളത്തിൽ കൂമ്പാരമായി കൂട്ടിവെച്ചു. നമ്പൂതിരി കണ്ടർമേനോനോടു ചോദിച്ചു. “നേത്യാരമ്മ എന്തു ചെയ്യുന്നു?”

“ഇപ്പോൾ ഊണു കഴിഞ്ഞതേ ഉള്ളൂ. അകത്തേയ്ക്കു ചെല്ലാം. വേലക്കാരികളല്ലാതെ കൂടെ ആരുമുണ്ടാവില്ല.”

കണ്ടർമേനോൻ പറഞ്ഞപോലെ, കാവൂട്ടിനേത്യാരമ്മ ഉച്ചയ്ക്കൂണു കഴിഞ്ഞു നാലുകെട്ടിന്റെ തളത്തിൽ ഒരു പുല്പായിൽ ചമ്പ്രംപടിഞ്ഞിരുന്നു മുറുക്കുകയായിരുന്നു. ഭക്ഷണത്തിലുള്ള സുഖംകൊണ്ടോ, തന്റെ ഭാഗ്യത്തിന്റെ പൂർണ്ണതയിലുള്ള വിശ്വാസംകൊണ്ടോ, ഒരു സംതൃപ്തിയാണു് അവരുടെ മുഖത്തു കളിയാടുന്നതു്. ചുറ്റും നില്ക്കുന്ന പരിചാരികമാരോടു് ഓരോന്നു സംസാരിച്ചുകൊണ്ടിരിക്കയാണു് പാതിരാശ്ശേരിനമ്പൂതിരിയും പിന്നാലെ താമ്പാളത്തിൽ കാഴ്ചയെടുത്തുകൊണ്ടു കണ്ടർമേനോനും വരുന്നതു് നേത്യാരമ്മ കണ്ടതു്. “എഴുന്നള്ളണം, തിരുമേനിയെ കണ്ടിട്ടു കുറേ ദിവസമായല്ലോ” എന്നു പറഞ്ഞുകൊണ്ടു് അവർ നമ്പൂതിരിയെ സ്വാഗതംചെയ്തു. നേത്യാരമ്മ ചോദിച്ചു: “എന്താണീ കൊണ്ടുവന്നിട്ടുള്ളതു്?”

“രാജാക്കന്മാരെയും സ്ത്രീകളെയും വെറുംകൈയോടെ ചെന്നു കാണരുതെന്നല്ലേ പ്രമാണം? ഇതൊരു പ്രാഭൃതകം എന്നേ ഉള്ളൂ.”

താമ്പാളത്തിലേയ്ക്കു കണ്ണോടിച്ചപ്പോൾ കണ്ട കാഴ്ച നേത്യാരമ്മയെ സന്തോഷഭരിതയാക്കി. അവർ ആശ്ചര്യപൂർവ്വം ചോദിച്ചു: “ഇതെന്തു നാണയമാണു്? മുമ്പു കണ്ടിട്ടില്ലല്ലോ.”

“അധികം കണ്ടിട്ടുണ്ടാവില്ല. ഇതു പറങ്കികളുടെ ഇടയിൽ പ്രചരിക്കുന്ന ക്രൂസാഡോ എന്ന നാണയമാണു്. നൂറുപൊന്നു രാശിയായാൽ ഒന്നിന്റെ വിലയാകും.”

“ഓ! അങ്ങനെയോ?”

ആകപ്പാടെ നേത്യാരമ്മ ഒന്നു കണക്കുകൂട്ടി നോക്കി. എന്നിട്ടു ചോദിച്ചു: “ഇതൊരു നൂറെണ്ണം കാണും, ഇല്ലേ?”

“അതിൽകുറഞ്ഞെങ്ങനെയാണു് ഇവിടെ കൊണ്ടെത്തരുന്നതു്?”

നേത്യാരമ്മ വളരെ പ്രസാദിച്ചു. അവർ വേലക്കാരികളെയൊക്കെ കണ്ണുകൊണ്ടു് അകറ്റി. അതു കണ്ടു കണ്ടർമേനോനും തിരികെപ്പോന്നു. എല്ലാവരുമൊഴിഞ്ഞപ്പോൾ നേത്യാരമ്മ ചോദിച്ചു: “എന്തൊക്കെയാണു് വിശേഷം? പറയൂ.”

“മുഹൂർത്തം അടുത്തുവരുന്നു. ഇനി രണ്ടുമാസത്തെ താമസമേ വേണ്ടൂ; എല്ലാവരും ഒന്നൊത്തു മുറുകിപ്പിടിക്കണം.”

“ഇങ്ങനെയൊക്കെപ്പറഞ്ഞാൽ മനസ്സിലാക്കാൻ വിഷമം. തെളിച്ചു പറയണം.”

“പറയാം. ശ്രദ്ധിച്ചു കേൾക്കണം. രണ്ടുമാസം കഴിഞ്ഞാൽ പറങ്കികൾ സാമൂതിരിക്കെതിരായി പുറപ്പെടും.”

“ഇങ്ങനെ കേട്ടുതുടങ്ങിയിട്ടു് പത്തുവർഷമായല്ലോ.”

“അതുപോലല്ല ഇപ്രാവശ്യം. അവരെല്ലാ ഒരുക്കങ്ങളും ചെയ്യുന്നുണ്ടു്. നാമും ഒത്തു പ്രവർത്തിക്കണമെന്നേ ഉള്ളൂ. നാം ഇവിടെനിന്നു പുറപ്പെടുമ്പോൾ സാമൂതിരിപ്പാടു് ഇങ്ങോട്ടു തിരിയും. അപ്പോഴാണു് അവർക്കാക്രമിക്കാൻ അവസരം.”

“നമുക്കും നഷ്ടമായിത്തീരില്ലേ, അവർ നമ്മുടെ രാജ്യം പിടിച്ചെടുത്തു കൊണ്ടുപോയാൽ?”

“പിടിച്ചെടുത്തു് എവിടെ കൊണ്ടുപോവാനാണു്? കടലിനക്കരെ കൊണ്ടുപോയ്ക്കളയുമോ? അവർക്കതിനു ബലമെവിടെ? അവർക്കു കച്ചോടമാണാവശ്യം; കുരുമുളകു്, ഏലം, ചുക്കു്—ഇങ്ങനെയുള്ള സാധനങ്ങൾ വേണം. ഇവ മാപ്പിളമാർക്കേ കൊടുക്കാവൂ എന്നു മനുസ്മൃതിയുണ്ടോ? പിന്നെയുള്ള കാര്യങ്ങൾക്കു നേർത്തേ കരാറെഴുതി ഒപ്പിടാനും അവർക്കു സമ്മതമാണു്. ഒരു കാര്യത്തിലും അവർ നമ്മെ നിർബ്ബന്ധിക്കയില്ല.”

“അങ്ങനെയാണെങ്കിൽ ഇവിടെയെന്താണു് വിഷമം?”

“വിഷമമൊന്നുമില്ല. ആകപ്പാടെ ഒരു വൈമനസ്യം. ജ്യേഷ്ഠനുമായി യുദ്ധത്തിനൊരുങ്ങുന്നതു് എത്രയ്ക്കു നന്നാകും? ഗുരുത്വക്കേടല്ലേ? അങ്ങനെ ചെയ്താൽ ക്രമേണ രാജാധികാരത്തിന്നു കോട്ടം വന്നാലോ? ഇനി വരുന്ന ആൾ തന്നെയും എതിർത്താലോ? തന്റെ കീഴിൽ നില്ക്കുന്നവർക്കു പ്രത്യേകാവകാശങ്ങൾ അനുവദിച്ചുകൊടുക്കേണ്ടിവരില്ലേ—ഇതൊക്കെയാണു് അവിടത്തെ പേടി. അവിടെയാണു് നേത്യാരമ്മയുടെ സാമർത്ഥ്യം കാണേണ്ടതു്.”

“ഇപ്പോൾ ഇത്രനാളത്തെ മട്ടല്ല കാണുന്നതു്; ഒന്നു മുറുകിയ മട്ടാണു്. ഞാനും പറയാം.”

“അവിടന്നു വാളൂരി ഇറങ്ങിയാൽ കാര്യം ജയിച്ചു.”

“യുദ്ധമുണ്ടായാൽത്തന്നെ എന്റെ കാര്യത്തിനെന്താണു് മെച്ചം? തോറ്റാലും ജയിച്ചാലും സാമൂതിരി സാമൂതിരിതന്നെ; ഏറാൾപ്പാടു് ഏറാൾപ്പാടും. കുറെ പണവും അധികാരവും ദേശവും കിട്ടിയെന്നു വരാം. അതിൽക്കവിഞ്ഞെന്താണു്?”

“അങ്ങനെ വിചാരിക്കേണ്ടാ. സാമൂതിരിയുടെ കാര്യം പറങ്കികളേറ്റിട്ടുണ്ടു്. കടല്ക്കരെയുള്ള അവരുടെ ദേശത്തുനിന്നു് ഒരാൾ വന്നിട്ടുണ്ടു്. അയാൾ സാമൂതിരിയെ പിടിച്ചുകെട്ടി തന്റെ രാജാവിന്റെ മുമ്പിൽ അടിയറവെയ്ക്കാമെന്നു ശപഥംചെയ്തിട്ടത്രെ വന്നിരിക്കുന്നതു്. കൂടെ വളരെ പട്ടാളങ്ങളും തോക്കുമെല്ലാം കൊണ്ടുവന്നിട്ടുമുണ്ടു്.”

“അപ്പോൾ ഇവിടെനിന്നൊന്നിളകിയാൽ എല്ലാമാവും അതിനു പ്രയാസമില്ല. തിരുമമസ്സിൽനിന്നു വൈമനസ്യം പ്രകടിപ്പിക്കാതെ ഞാൻ സൂക്ഷിച്ചുകൊള്ളാം.”

“അതുകൊണ്ടുമായില്ല: ഏറാൾപ്പാട്ടിലെ ഉപദേഷ്ടാക്കളിൽ പലരും യുദ്ധമെന്നു കേട്ടാൽ പിന്മാറുന്നവരാണു്—വിശേഷിച്ചു വെട്ടത്തുരാജാവും കവളപ്പാറനായരും. പഴയഞ്ചേരിനായരെയും സൂക്ഷിക്കണം. അവർക്കൊക്കെ സാമൂതിരിയുടെ കൈയിൽനിന്നു വല്ലതും കിട്ടുമെന്നേ ഉള്ളൂ. അങ്ങോട്ടു പടയ്ക്കിറങ്ങിയാൽ അവരെ കാണുമോ എന്നാണു് സംശയം. ജയമുണ്ടെന്നു കണ്ടാൽ തീർച്ചയായും അവർ പിന്നാലെയുണ്ടാവും. ഏതായാലും വെട്ടത്തുരാജാവിനെയും കവളപ്പാറനായരേയും നേത്യാരമ്മതന്നെ വശത്താക്കണം.”

“ഞാനെങ്ങനെ വശത്താക്കാനാണു്? വെട്ടത്തുതിരുമേനി ഇവിടെ വരാറേ ഇല്ല. കണ്ടാൽത്തന്നേ കണ്ടില്ലെന്നാണു് ഭാവം. പിന്നെ കവളപ്പാറയുടെ കഥ—”

നേത്യാരമ്മ പറഞ്ഞുതീർന്നില്ല. അതിന്നുമുമ്പേ നമ്പൂതിരി പറഞ്ഞു: “വെട്ടത്തുരാജാവിന്നു പണത്തിലാണു് മോഹം. അദ്ദേഹത്തിന്നൊരു സേവകനുണ്ടു്. നീലമന എന്നത്രേ പേരു്. അയാളെ വിളിച്ചുവരുത്തി കുറച്ചു വല്ലതും കൈയിൽ വെച്ചുകൊടുത്താൽ വെട്ടത്തുരാജാവു ക്രമേണ പ്രസാദിച്ചുകൊള്ളും. ആയിരം ചോദിച്ചാൽ അമ്പതുകൊണ്ടു തൃപ്തിപ്പെടും. പിന്നെ, പോരെങ്കിൽ, വല്ലപ്പോഴുമൊന്നു ചിരിച്ചേയ്ക്കണം.”

“അതാവാലോ. അതിനെന്താ വിഷമം? കവളപ്പാറയുടെ കാര്യത്തിലാണു് കുഴപ്പം.”

“അതെന്താ?”

“കണ്ടാൽത്തന്നേ ഒരു രാക്ഷസമൂർത്തി. വിചാരം കാമദേവനെന്നാണുതാനും.”

“അതു ശരിയാണു്. അവിടെ പുഞ്ചിരികൊണ്ടു പൂജിച്ചാലൊന്നും മതിയാവില്ല. ബ്രഹ്മാസ്ത്രംതന്നേ പ്രയോഗിക്കേണ്ടിവരും.”

“അയാളോടോ! അതുമാത്രം പറയരുതു്, തിരുമേനി. അയാളിവിടെ ചിലപ്പോഴൊക്കെ വരാറുണ്ടു്; ചില കാഴ്ചകളും കൊണ്ടുവരും. എനിക്കയാളെ കണ്ടാൽ അറപ്പാണു്. പിന്നെ ഗംഗാജലംകൊണ്ടു തളിച്ചേ ശുദ്ധിവരൂ എന്നു തോന്നും.”

“ആ വിചാരമൊക്കെ കളയണം. കൂടിയേ കഴിയൂ എന്നു വന്നാൽ എന്തു ചെയ്യും? ഗാന്ധാരീദേവിയെപ്പോലെ കണ്ണടച്ചുകളയണം.”

“കാര്യം തീർച്ചയാണോ?”

“ഇപ്രാവശ്യം സംശയമില്ല.”

“എന്നാലാവുന്നതു ചെയ്യാം—അവിടത്തെ കണ്ടുവോ?”

“കണ്ടു. അപ്പോൾ സ്നേഹിതന്മാരുമായി വെടിപറയുകയായിരുന്നു. വിശ്രമം കഴിഞ്ഞിട്ടു പോരേ എന്നു ചോദിച്ചു.”

“എന്നാൽ ഇപ്പോൾ എങ്ങോട്ടാണു്?”

“ഒന്നുരണ്ടു പേരെക്കൂടി കാണാനുണ്ടു്—എന്നാൽ ഇറങ്ങട്ടെ?”

“ഇത്ര ധൃതിയെന്താണു്? ഒന്നുരണ്ടു കാര്യം എനിക്കും പറയാനുണ്ടു്.”

“പറഞ്ഞോളൂ. എന്താ മടിക്കാനുള്ളതു്?”

“നമ്മുടെ മങ്കുവിന്റെ കാര്യത്തിൽ അവിടന്നൊന്നു ശ്രദ്ധവെയ്ക്കണം. അവൾക്കു പ്രായമായിരിക്കുന്നു. ധർമ്മോത്തുകൊച്ചുപണിക്കരെ അറിയില്ലേ, ഭാസ്ക്കരനുണ്ണീ? അയാളായാൽ എന്താണെന്നാ എന്റെ ആലോചന. ഞങ്ങൾ ഇങ്ങോട്ടു മാറുന്നതിന്നു മുമ്പു് അവർ തമ്മിലിഷ്ടമായിരുന്നു. ഏട്ടത്തിക്കു പെണ്മക്കളില്ലതാനും. ആ സ്ഥിതിക്കു്, ഒരു വഴിക്കു നോക്കിയാൽ അവളൊരു മുറപ്പെണ്ണുതന്നേയാണു്.”

“രണ്ടാഴ്ച മുമ്പു പൊന്നാനിയിൽ ചെന്നപ്പോൾ ആ കൊച്ചുപണിക്കരെ ഞാൻ കാണുകയുണ്ടായി. കണ്ടാൽ ബഹുയോഗ്യൻ, നല്ലസുഭഗൻ. എല്ലാംകൊണ്ടും നല്ല ചേർച്ചയുണ്ടു്. പക്ഷേ, മൂത്തപണിക്കർ സമ്മതിക്കുമോ?”

“എന്താ സമ്മതിക്കാതിരിക്കാൻ? മൂത്തപണിക്കർക്കു തമ്പുരാനോടല്ലേ വിരോധം; ഞങ്ങളുടെ വീട്ടുകാരോടല്ലല്ലോ. ഏട്ടത്തിക്കു് അതു വളരെ ഇഷ്ടമാണെന്നാണു് ഞാൻ മുമ്പറിഞ്ഞിട്ടുള്ളതു്. മങ്കുവിനെയും വലിയ കാര്യമാണു് ഏട്ടത്തിക്കു്.”

“എന്നാൽപ്പിന്നെന്താ ഇതിനു വൈഷമ്യം?”

“ഒരാൾ ഇതൊന്നു പറയണ്ടേ? അവിടന്നു് എല്ലായിടത്തും പോകുന്ന ആൾ; എല്ലാവരെയും അറിയുംതാനും. ഏട്ടത്തിയോടൊന്നു പറഞ്ഞാൽ മതി.”

“അല്ല. ഞാൻ ഭാസ്ക്കരപ്പണിക്കരോടു നേരിട്ടുതന്നെ പറഞ്ഞുനോക്കട്ടെ. താമസിയാതെ കോഴിക്കോട്ടു ചെല്ലുമ്പോൾ കണ്ടുകൊള്ളാം.”

നമ്പൂതിരി യാത്രപറഞ്ഞു നാലുകെട്ടിൽനിന്നു പുറത്തിറങ്ങി. കാണേണ്ടവരെയെല്ലാം കണ്ടു് അദ്ദേഹം മഠത്തിലെത്തിയപ്പോഴേയ്ക്കും നേരം ഉച്ചകഴിഞ്ഞു. കുളിച്ചൂണുകഴിച്ചു് അല്പം വിശ്രമിച്ചു. ഒരു നാലുനാഴികപ്പകലുള്ളപ്പോൾ ഏറാൾപ്പാടുതിരുമനസ്സിലെ ആൾ വന്നു് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

ഏറാൾപ്പാടുതമ്പുരാനും പാതിരാശ്ശേരിനമ്പൂതിരിയും തമ്മിലുള്ള ആലോചന നടന്നതു വളരെ രഹസ്യമായിട്ടാണു്; ഒട്ടു നീണ്ടുനില്ക്കുകയുമുണ്ടായി. ആലോചന എന്തായിരുന്നാലും താൻ വലിയൊരു വിജയം നേടി എന്ന ഭാവത്തിൽ ചെറിയൊരു മന്ദസ്മിതത്തോടുകൂടിയാണു്. നമ്പൂതിരി ഏറാൾപ്പാടുതമ്പുരാന്റെ മുമ്പിൽനിന്നു പോന്നതു്.

പതിനൊന്നാമധ്യായം

ഏറാൾപ്പാടുതമ്പുരാനുമായി പറഞ്ഞൊത്തതിന്റെ പിറ്റേദിവസംതന്നേ പാതിരാശ്ശേരിനമ്പൂതിരി തൃശ്ശൂർക്കു യാത്രയായി. അദ്ദേഹം പുറപ്പെട്ടു് ഒന്നുരണ്ടു നാഴിക കഴിഞ്ഞപ്പോഴാണു് സാമൂതിരിപ്പാട്ടിലെ ആജ്ഞകളുമായി തിനയഞ്ചേരി എളയതു കരിമ്പുഴയിൽ എത്തിയതു്. എളയതിന്റെ ദൗത്യം തീർച്ചപ്പെടുത്തിയിട്ടു് ഒരു മാസത്തിൽ കൂടുതലായെങ്കിലും ഓരോ കാരണവശാൽ അദ്ദേഹത്തിന്നു കോഴിക്കോട്ടുനിന്നു പുറപ്പെടാൻ സൗകര്യം കിട്ടിയില്ല. പലതും തീർച്ചപ്പെടുത്താനും പലരെയും പറഞ്ഞേല്പിക്കാനുമുണ്ടായിരുന്നു. അങ്ങനെ അവസരം നീണ്ടുനീണ്ടുപോയി. ചുരുക്കത്തിൽ, വെള്ളം വാർന്നശേഷം വരമ്പു കെട്ടാനൊരുമ്പെടുന്ന രീതിയിൽ, പാതിരാശ്ശേരി വന്ന കാര്യം സാധിച്ചുപോയശേഷമാണു് സാമൂതിരിപ്പാട്ടിലെ ദൂതൻ ഹാജരായതു്.

എളയതു് എന്തിനാണു് ഈ അസമയത്തു കരിമ്പുഴവരെ പുറപ്പെട്ടുവന്നതെന്നു് അവിടെ ആർക്കും മനസ്സിലായില്ല. ഓരോരുത്തനും ഓരോ തരത്തിൽ വ്യാഖ്യാനിച്ചു. ഏറാൾപ്പാടിന്നു് ഒരന്ത്യശാസനം നല്കുന്നതിന്നു സാമൂതിരിപ്പാടു കല്പിച്ചയച്ചതാണെന്നത്രേ ഒരു കൂട്ടരുടെ അഭിപ്രായം. ഏറാൾപ്പാടും എളയതും തമ്മിൽ വളരെ നാളായിട്ടു രസമില്ലെന്നു ജനങ്ങൾക്കറിയാം. അതു് ഇക്കാര്യത്തിൽ ഒരു തെളിവായും അവർ കരുതാതിരുന്നില്ല. മറിച്ചു്, എളയതു സന്ധികാര്യവുമായിട്ടാണു് വന്നിട്ടുള്ളതെന്നും അതിന്നു് എളയതിനെത്തന്നേ നിയോഗിച്ചതു് ഈ ആലോചനയ്ക്കു വിപരീതമായി രാജസദസ്സിൽ ആരുമില്ലെന്നു തെളിയിക്കാനാണെന്നും ചിലർ വ്യാഖ്യാനിച്ചു. ഏതായാലും അദ്ദേഹത്തിന്റെ വരവു് ഏറാൾപ്പാടുതമ്പുരാനെയും അദ്ദേഹത്തിന്റെ സേവകന്മാരെയും ഒട്ടു പരിഭ്രാന്തരാക്കി എന്നു പറയാം.

ചെറിയ ഒരകമ്പടിയോടും ഒന്നുരണ്ടു കാര്യക്കാരന്മാരോടും കൂടിയാണു് എളയതു് അവിടെ വന്നതു്. മേനാവിൽനിന്നിറങ്ങിയ ഉടനേ താൻ വന്ന വിവരം കോവിലകത്തറിയിച്ചശേഷം എളയതു മറ്റു കാര്യങ്ങൾക്കായി വാസസ്ഥലത്തേയ്ക്കു പോയി. ഇളയതമ്പുരാനെ മുഖംകാണിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരു ബദ്ധപ്പാടും കാണിച്ചില്ല. സാമൂതിരിപ്പാട്ടിലെ പ്രധാനമന്ത്രിക്കു കോഴിക്കോട്ടുരാജ്യത്തിൽ എല്ലായിടത്തും ഒരുപോലെ സ്വാതന്ത്ര്യമുണ്ടല്ലോ. അതുകൊണ്ടു താൻ ഏറാൾപ്പാടിന്റെ അതിഥിയാണെന്ന ഭാവംപോലും അദ്ദേഹത്തിൽ കണ്ടില്ല.

എളയതു താമസസ്ഥലത്തെത്തി അല്പം വിശ്രമിച്ചപ്പോഴേയ്ക്കും തവണക്കാരൻ വന്നു് ഒരു നമ്പൂതിരി കാണാൻ കാത്തുനില്ക്കുന്നുവെന്നറിയിച്ചു. അനുവാദം വാങ്ങി അകത്തു പ്രവേശിച്ചതു് എളയതിന്റെ ആപ്തന്മാരിലൊരാളായ മാമ്പിലക്കാട്ടുനമ്പൂതിരിയായിരുന്നു. താൻ ഒരത്യാവശ്യത്തിന്നു കൊച്ചിക്കു പറഞ്ഞയച്ച മാമ്പിലക്കാടിനെ അപ്രതീക്ഷിതമായി അവിടെ കണ്ടപ്പോൾ എളയതു സ്വല്പമൊരു ജിജ്ഞാസയോടെ ചോദിച്ചു: “എന്താ, ഇവിടെ? ഇപ്പോൾ തൃശ്ശൂരെങ്കിലുമെത്തിക്കാണുമെന്നാണല്ലോ വിചാരിച്ചതു്.”

“ഇവിടെ വന്നു കണ്ടു കാര്യങ്ങൾ മനസ്സിലാക്കി പോവുകയാണുത്തമമെന്നു വിചാരിച്ചു. പെൺകോടയ്ക്കു പണമാഗ്രഹിച്ചു വന്ന ഒരു സാധുബ്രാഹ്മണനാണെന്നാണു് വെപ്പു്. അക്കാര്യം ഓർമ്മിക്കുമല്ലോ.”

“എന്താ, ഇവിടെ വല്ല വിശേഷവുമുണ്ടോ?”

“കുറച്ചൊന്നുമല്ല വിശേഷമുണ്ടായതു്. സംഗതികൾ മുഴുവനുമറിയാൻ സാധിച്ചിട്ടില്ല.”

പാതിരാശ്ശേരിനമ്പൂതിരി അവിടെ വന്നതും കനത്തൊരു കാഴ്ച കൊടുത്തു നേത്യാരമ്മയുമായി വളരെ നേരം സംസാരിച്ചതുമെല്ലാം മാമ്പിലക്കാടു വിവരിച്ചുകൊടുത്തു. എല്ലാം കേട്ടു് എളയതു ചോദിച്ചു: “അദ്ദേഹം വേറെ ആരെയെല്ലാം കണ്ടു?”

“ഏറാൾപ്പാടിനെയല്ലാതെ കാര്യമായി വേറെ ആരെയും കണ്ടിട്ടില്ല. പിറ്റേദിവസംതന്നേ പോകയും ചെയ്തു.”

“സംഭാഷണത്തിലെ സംഗതി വല്ലതും മനസ്സിലായോ?”

“കാര്യമായൊന്നും മനസ്സിലായില്ല. പറങ്കികളെപ്പറ്റിയായിരിക്കണമെന്നു ഞാനൂഹിക്കുന്നു. എന്തെന്നാൽ പാതിരാശ്ശേരി നേത്യാരമ്മയ്ക്കു കൊടുത്ത പൊൻനാണയം പറങ്കികളുടെ ക്രൂസാഡോ എന്ന നാണയമാണു്.”

“അവർ തമ്മിൽ പറഞ്ഞതെന്തെന്നറിയാൻ സാധിക്കുമോ?”

“ഒരു മൂന്നുനാലു ദിവസം ഇടകിട്ടിയാൽ സാധിക്കും.”

“എങ്ങനെ?”

“നമ്മുടെ ഭാസ്ക്കരപ്പണിക്കരെക്കൊണ്ടു മകൾക്കു പുടവ കൊടുപ്പിക്കണമെന്നാണു് നേത്യാരമ്മയുടെ ആഗ്രഹം. പല ദല്ലാളരെയും അന്വേഷിക്കുന്നുണ്ടു്. ശരിയായ ഒരാളെ കിട്ടീട്ടില്ല. എനിക്കു് പണിക്കരോടു് അടുപ്പമാണെന്നും ഞാൻ ശ്രമിച്ചാൽ കാര്യം നടക്കുമെന്നുമെല്ലാം നേത്യാരമ്മയോടടുപ്പമുള്ള ഒരു സ്ത്രീവഴി അറിയിച്ചിട്ടുണ്ടു്. ഒന്നുരണ്ടു ദിവസത്തിനകം അവരെ കാണാൻ അവസരം കിട്ടുമെന്നാണു് അറിഞ്ഞതു്. അങ്ങനെയാണെങ്കിൽ സംഗതികൾ മനസ്സിലാക്കാൻ സാധിക്കും.”

“ഇവിടെ ഇങ്ങനെ സമയം കളഞ്ഞാൽ കൊച്ചിയിൽ കാലം തെറ്റുകയില്ലല്ലോ.”

“അതില്ല. ഇവിടത്തെ പരിചയവും സ്നേഹവുമെല്ലാം അവിടെ ഉപകരിക്കും.”

“അങ്ങനെയാണു് അഭിപ്രായമെങ്കിൽ അങ്ങനെയാവട്ടെ. അധികം താമസിക്കേണ്ടാ.”

“ഇവിടത്തെ കാര്യം കഴിഞ്ഞാൽ ഉടനെ പുറപ്പെട്ടുകൊള്ളാം.”

മാമ്പിലക്കാട്ടു യാത്രപറഞ്ഞു പിരിഞ്ഞു.

എളയതു കരിമ്പുഴയെത്തിയിട്ടു രണ്ടു ദിവസം കഴിഞ്ഞു. ഇതേവരെ ഏറാൾപ്പാടു് എളയതിനു് ആളെ അയയ്ക്കുകയോ എളയതു് ഏറാൾപ്പാടിനെ മുഖംകാണിക്കാൻ ശ്രമിക്കുകയോ ഉണ്ടായില്ല. മൂന്നാംദിവസം ഉച്ചതിരിഞ്ഞപ്പോൾ ഏറാൾപ്പാടിന്റെ ആൾ വന്നു് എളയതിനെ കൂട്ടിക്കൊണ്ടുപോയി. പ്രധാനമന്ത്രിയ്ക്കു യോജിച്ചവിധത്തിലുള്ള ബഹുമാനത്തോടും സന്തോഷത്തോടുംകൂടിയാണു് ഏറാൾപ്പാടു് എളയതിനെ സ്വീകരിച്ചതു്. കുശലപ്രശ്നങ്ങൾക്കുശേഷം ഏറാൾപ്പാടു ചോദിച്ചു: “എന്തൊക്കെയാണു് ജ്യേഷ്ഠന്റെ കല്പനകൾ?”

“വിശേഷവിധിയായി ഒന്നുമില്ല. എല്ലാം സന്തോഷമായും സ്നേഹമായും കഴിയണമെന്നാണു് അവിടത്തെ ആഗ്രഹം.”

“എന്റെ കുറ്റംകൊണ്ടാണു് അങ്ങനെ കഴിയാനാവാത്തതെന്നാണോ പറഞ്ഞതിന്റെ അർത്ഥം?”

“ആരുടെ കുറ്റമായാലും രാജ്യത്തിൽ ഛിദ്രമാണല്ലോ ഫലം. എളമുറരാജാവു് ഒരു സൈന്യശേഖരവുമായി മാറിപ്പാർക്കുന്നു. ഒരുകൂട്ടം പ്രഭുക്കന്മാർ അദ്ദേഹത്തോടു ചേർന്നും നില്ക്കുന്നു. ഇതൊന്നും രാജ്യത്തിന്നു നന്നല്ലല്ലോ.”

“അന്തഃഛിദ്രം രാജ്യത്തിന്നു നന്നല്ലെന്നതു ശരിതന്നെ. പക്ഷേ, തന്റെ കാലശേഷം ‘എന്തായാലാർക്കു ചേത’മെന്നു വിചാരിച്ചു മൂപ്പിൽനിന്നു മുടിച്ചുതുടങ്ങിയാൽ മറ്റുള്ളവർക്കു കൈയും കെട്ടി കണ്ടുകൊണ്ടിരിക്കാൻ സാധിക്കുമോ?”

“അപ്പോൾ, ഭാവിയെ വിചാരിക്കാതെ കല്പിച്ചുകൂട്ടി എല്ലാം നശിപ്പിക്കയാണെന്നാണോ അവിടുന്നു പറയുന്നതു് ?”

“അല്ലാതെ? ഇന്നു കോഴിക്കോട്ടു കച്ചോടം ഏതു നിലയിലെത്തിയിരിക്കുന്നു? ഭാരതഖണ്ഡത്തിലെ ഒന്നാംതുറമുഖമായിരുന്ന ആ പട്ടണത്തിന്റെ ഇന്നത്തെ സ്ഥിതിയെന്താണു്? കോഴിക്കോട്ടങ്ങാടിയിലെ എന്നും മായാത്ത ലക്ഷ്മീവിലാസങ്ങൾ ഇന്നെവിടെപ്പോയി? അവിടുത്തെ ഭരണംകൊണ്ടുണ്ടായ ഫലമിതല്ലേ? പത്തുകൊല്ലമായി യുദ്ധംചെയ്യുന്നു; എന്നും വിജയശ്രീലാളിതനായി മടങ്ങുന്നുമുണ്ടു്. പക്ഷേ, ആർക്കാണു് ഗുണം? നമ്മുടെ രാജ്യത്തിന്നും പ്രജകൾക്കുമല്ല, മാപ്പിളമാർക്കു്!”

“മാപ്പിളമാർക്കുവേണ്ടി യുദ്ധംചെയ്യുന്നു എന്നല്ലേ ഇപ്പോൾ പറഞ്ഞതിനർത്ഥം? നമ്മുടെ അധികാരത്തെ എതിർക്കുന്നവരോടും നമ്മുടെ കച്ചോടത്തെ തടയുന്നവരോടും യുദ്ധംചെയ്യാതെ പിന്നെ എന്തു ചെയ്യും?”

“അതൊക്കെ വെറുതെ പറകയല്ലേ? പറങ്കികൾ നമ്മോടു സന്ധിചെയ്യാൻ എപ്പോഴും തയ്യാറാണു്. എന്നല്ല, നമുക്കേറ്റവും ഗുണകരമായ വ്യവസ്ഥയിൽ സന്ധിചെയ്യാൻപോലും അവർ ഒരുക്കമാണെന്നാണു് എന്റെ അറിവു്.”

“അതേ സന്ധിയുടെ ഫലം കാണരുതോ കൊച്ചിയിൽ? അവിടെ രാജാവിനെന്താണധികാരം? കുടുംബകാര്യങ്ങളിൽപ്പോലും പറങ്കികൾ കൈയിടുന്നു. പെരുമ്പടപ്പുമൂപ്പിൽസ്ഥാനം വേണ്ടെന്നു വെപ്പിച്ചതു കണ്ടില്ലേ?”

“അതു പറഞ്ഞിട്ടെന്തു കാര്യം? പെരുമ്പടപ്പുപോലാണോ നെടിയിരിപ്പു്? അങ്ങനെ വല്ലതും തുടങ്ങിയാൽ അടിച്ചു കടലിലിറക്കരുതോ?”

“ഇറക്കാം—നമ്മുടെ ഇടയിൽ ഛിദ്രമില്ലെങ്കിൽ. ഇവിടെയും അവരുടെ പണം വാങ്ങി അവരോടു ചേർന്നുനില്ക്കുന്ന ഒരു കക്ഷിയുണ്ടെങ്കിൽ—”

ഏറാൾപ്പാടു് ഇടയിൽക്കടന്നു ചോദിച്ചു: “എന്താ, ഈ പറഞ്ഞതിനർത്ഥം?”

“പരിഭവിക്കേണ്ടാ. ഇന്നുള്ളവർ രാജ്യകാര്യം വിചാരിച്ചും രാജ്യത്തിന്റെ നന്മയെ ഗണിച്ചും പിണങ്ങുന്നു. നാളേ വരുന്നവരും അങ്ങനെത്തന്നേയാവണമെന്നുണ്ടോ?”

“ശരിയാണു് എളയതു പറഞ്ഞതു്. അന്തഃഛിദ്രം, എന്തു കാരണംകൊണ്ടായാലും, നല്ലൊരു വഴക്കല്ലേ. അതുകൊണ്ടാണു് ഞാൻ മൂപ്പിൽനിന്നു സ്ഥാനമൊഴികയാണു് നല്ലതെന്നു് അഭിപ്രായപ്പെട്ടതു്.”

“അവിടുന്നു് ബുദ്ധിമാനാണു്; കാര്യവിവരമുള്ള ആളുമാണു്. അതുകൊണ്ടു ഞാൻ പറയണമെന്നില്ല. നിർബ്ബന്ധിച്ചു് ഒരു രാജാവിനെ സ്ഥാനത്തുനിന്നു മാറ്റിയാൽ പിന്നെ വരുന്ന ആളെയും മാറ്റിക്കൂടേ? അതുകൊണ്ടു് ഇങ്ങനെയുള്ള കാര്യങ്ങൾ തുടങ്ങുന്നതു സൂക്ഷിച്ചു വേണം?”

കുറച്ചു നിമിഷത്തിനു രണ്ടുപേരും സംസാരിച്ചില്ല. ഏറാൾപ്പാടു ചിന്താകുലനായി കാണപ്പെട്ടു. എളയതു തുടർന്നു: ‘സ്ഥാനമൊഴിഞ്ഞുതരാൻ അവിടെ വിരോധമൊന്നുമില്ല. അങ്ങനെ പലപ്പോഴും അവിടന്നു പറയാറുമുണ്ടു്. ഈ നില്ക്കുന്ന ഞാൻ മുതലായവരാണു് അതിന്നു തടസ്സംപറയാറു്. അനന്തരവന്മാരുടെയും പ്രഭുക്കളുടേയും വഴക്കുമൂലം ഒരു സാമൂതിരി സ്ഥാനമൊഴികയാണെങ്കിൽ പിന്നെ ആ സ്ഥാനത്തിനെന്താണൊരു സ്ഥിരത?” അതുകൊണ്ടു് അക്കാര്യം രാജസദസ്സിലാർക്കും സമ്മതമല്ല.”

“രാജസദസ്സു് എന്നുവെച്ചാൽ ധർമ്മോത്തുപണിക്കരും മങ്ങാട്ടച്ചനും പാറനമ്പിയും നിങ്ങളും, അല്ലേ?”

“അല്ല, പരമ്പരയാ രാജ്യകാര്യവുമായി ബന്ധമുള്ളവർ: വെട്ടത്തുരാജാവു്, അയനിക്കൂറ്റിൽ നമ്പിടി, ആവണിനമ്പൂതിരി—ഇങ്ങനെയുള്ളവരെല്ലാം. അവരോടൊന്നന്വേഷിച്ചുനോക്കുക. പുരാതനരാജർഷികൾപോലെ സന്ന്യാസത്തിനായി സ്വമേധയാ സ്ഥാനമൊഴികയാണെങ്കിൽ എല്ലാവരും സന്തോഷിക്കും, അനുമോദിക്കും; മറ്റുള്ളവർ നിർബ്ബന്ധിച്ചാണെങ്കിൽ ഒരുത്തനും സന്തോഷിക്കയില്ല. അതാർക്കും സുഖമുള്ള കാര്യവുമാവില്ല.”

ഈ വാദത്തിൽനിന്നു തനിക്കു മെച്ചമൊന്നും കിട്ടുന്നില്ലെന്നു് ഏറാൾപ്പാടു മനസ്സിലാക്കി. അദ്ദേഹം വിഷയമൊന്നു മാറ്റാൻ ശ്രമിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: “ഏതായാലും നമ്മെ കാണണമെന്നുവെച്ചുമാത്രമല്ലല്ലോ എളയതു് ഇങ്ങോട്ടു പുറപ്പെട്ടതു്. അതെന്തിനെന്നു ചുരുക്കമായി പറഞ്ഞേയ്ക്കൂ.”

“സാമൂതിരിപ്പാടുതിരുമനസ്സുകൊണ്ടു കല്പിച്ചിട്ടുതന്നെയാണു് ഞാൻ പുറപ്പെട്ടതു്. കല്പിച്ചപോലെ ചില ഉദ്ദേശങ്ങളുമില്ലാതില്ല. ഈ സ്വരൂപത്തിലിപ്പോഴുള്ള വഴക്കു തീർത്തു് എങ്ങനെ ഒത്തൊരുമയിൽപ്പോകാൻ കഴിയുമെന്നു് അവിടുത്തോടാലോചിക്കണമെന്നാണു് എന്നോടാജ്ഞാപിച്ചിട്ടുള്ളതു്. പടവെട്ടി ജയിച്ചുകളയാമെന്നൊരാശ അവിടുത്തേയ്ക്കുണ്ടെന്നു് എനിക്കു തോന്നിയിട്ടില്ല. ബുദ്ധിമാനായ അവിടുത്തേയ്ക്കറിയാൻ പാടില്ലാത്തതല്ല, ജ്യേഷ്ഠൻ തോറ്റാൽത്തന്നേ ജയിക്കുന്നതു് അവിടുന്നല്ല പരദേശികളും അധർമ്മമൂർത്തികളുമായ പറങ്കികളായിരിക്കും എന്നു്. നാട്ടിൽത്തന്നേ പ്രഭുക്കൾക്കു സ്വാമിഭക്തിയില്ലാതാവും. രണ്ടു കക്ഷിയാകും; രാജ്യത്തെ വിചാരമേ ഇല്ലാതാവും. അതുകൊണ്ടു് അവിടുന്നാഗ്രഹിക്കുമെന്നു തോന്നുന്നില്ല, യുദ്ധംചെയ്തു് ഇക്കാര്യം തീർച്ചയാക്കിക്കളയാമെന്നു്. പിന്നെ എന്താണു് വഴി? മഹാരാജാവു സ്വമേധയാ സ്ഥാനമൊഴിയണം. അതും ഇപ്പോൾ ശരിയാകുന്ന നടപടിയല്ല. ഇവ രണ്ടും മൂന്നാമതു രാജ്യത്തെ വിഭജിക്കലുമൊഴിച്ചു് എന്തു ചോദിച്ചാലും മൂപ്പിൽനിന്നു തരാൻ മടിക്കുമെന്നു് എനിക്കു തോന്നുന്നില്ല.”

ഏറാൾപ്പാടും നല്ല രാജ്യതന്ത്രജ്ഞനായിരുന്നു. എളയതിന്റെ പ്രസംഗത്തിലടങ്ങിയ തത്വങ്ങൾ അദ്ദേഹത്തിന്നു മനസ്സിലാകായ്കയില്ല. എന്തു പറയണമെന്നു സ്വല്പമൊന്നു ചിന്തിച്ചിരുന്നശേഷം അദ്ദേഹം പറഞ്ഞു: “എളയതു പറഞ്ഞതിന്റെ അർത്ഥം ചുരുക്കത്തിൽ ഇത്രമാത്രമാണു്. വേണമെങ്കിൽ രണ്ടോ നാലോ കൂട്ടിത്തന്നേയ്ക്കാം; അമ്പലത്തിൽനിന്നുള്ള ആദായവും ഏല്പിച്ചേയ്ക്കാം, കൂടുതലൊന്നും ആഗ്രഹിക്കേണ്ടാ. ആഗ്രഹിച്ചാൽ യുദ്ധത്തിനു തയ്യാറാണു്, ജയിച്ചാലും തോറ്റാലും എനിക്കു ഗുണമൊന്നുമില്ല—ഇതല്ലേ?”

എളയതു് ഉത്തരമൊന്നും പറഞ്ഞില്ല. ആ മൗനം ശത്രുവിന്റെ ദൗർബ്ബല്യമായിക്കരുതി ഏറാൾപ്പാടു് ഒരു മുന്നേറ്റത്തിന്നൊരുങ്ങി: “ആട്ടേ, ഞാനൊന്നു ചോദിക്കട്ടെ: എളയതു പറഞ്ഞുവല്ലോ, രാജ്യത്തിന്റെ ഐക്യം സ്വരൂപത്തിന്റെ ഗുണം എന്നൊക്കെ. അതൊക്കെ വേണ്ടതുതന്നെ. പക്ഷേ, അതും പറഞ്ഞു സ്വരൂപത്തിന്റെ ഐശ്വര്യം നശിക്കുന്നതു കണ്ടുകൊണ്ടു ഞങ്ങളെല്ലാം അനങ്ങാതിരിക്കണമെന്നാണോ പറയുന്നതു്? ജ്യേഷ്ഠൻ ഇരുപത്തിമൂന്നു വർഷം നാടുവാണു. ഫലമെന്താണു്? മുമ്പുള്ളതിൽ നാലിലൊന്നുണ്ടോ ഇന്നു കോഴിക്കോട്ടു കച്ചോടം? എത്ര കപ്പലുകൾ കോഴിക്കോട്ടുതുറമുഖത്തുനിന്നു പോകുന്നുണ്ടു്? നമ്മുടെ കുരുമുളകു്, ഏലം, ചുക്കു് എന്നിവ വാങ്ങാനാളെവിടെ? നേരെമറിച്ചു്, കൊച്ചിയിൽനിന്നും കൊല്ലത്തുനിന്നും തലശ്ശേരിയിൽനിന്നും ചരക്കുകൾ കയറ്റിപ്പോകുന്ന കപ്പലുകൾക്കു വല്ല കണക്കുമുണ്ടോ? ഇതൊക്കെ കണ്ടുകൊണ്ടു് ഇളകാതിരുന്നാൽ നമ്മുടെ കാലം വരുമ്പോൾ രാജ്യംതന്നേയുണ്ടാവില്ലല്ലോ. അതുകൊണ്ടു ഞാൻ വിനയപൂർവ്വം പറഞ്ഞതായി തിരുമുമ്പിൽ അറിയിച്ചേയ്ക്കണം: ഒന്നുകിൽ രാജ്യമൊഴിയണം; അല്ലെങ്കിൽ, ഞാൻ വളരെ നാളായി പറയാറുള്ളതുപോലെ, പറങ്കികളുമായി സന്ധിചെയ്തു കച്ചോടം തിരികേ സ്ഥാപിക്കണം.”

ഇവിടെയാണു് എളയതു കുറഞ്ഞൊന്നു പരുങ്ങിയതു്. ഏറാൾപ്പാടു് ഇത്ര തീർത്തുപറയുമെന്നു് അദ്ദേഹം വിചാരിച്ചില്ല. പറഞ്ഞ സ്ഥിതിക്കു് അതിനെ ധിക്കരിക്കാനും വയ്യ. പക്ഷേ, എളയതു വെറുമൊരു ദൂതനല്ല. രാജ്യത്തിലെ മന്ത്രിമാരിൽ പ്രധാനി. മഹാരാജാവിന്റെ വിശ്വാസപാത്രമെന്നു പരക്കേ അറിയാവുന്ന ആൾ. അങ്ങനെയുള്ള അദ്ദേഹം ഈ വാക്കുകൾ കേട്ടു മറുപടി പറയാതെ പോയാൽ അതും രാജഭംഗത്തിന്നൊരു പരാഭവമായി പ്രഭുക്കൾ ഗണിക്കും. അതുകൊണ്ടു് അല്പനേരം മൗനവലംബിച്ചു നല്ലപോലെ ആലോചിച്ചശേഷമാണു് എളയതു മടുപടി പറഞ്ഞതു്. അദ്ദേഹം പറഞ്ഞു: “അവിടുത്തെ വാക്കുകളുടെ ഗൗരവം ഞാൻ നല്ലവണ്ണം അറിയുന്നുണ്ടു്. ഞാൻ പറയുന്നതു് അവിടുന്നും തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കട്ടെ. ഈ സ്ഥിതിയിൽ യുദ്ധത്തിലെത്തിയേ കാര്യങ്ങളവസാനിക്കൂ. സാമൂതിരിപ്പാടിനു്—സാമൂതിരിപ്പാടാരായാലും, ഇവിടുന്നുതന്നേ ആയാലും—ഇളച്ചുകൊടുക്കാവുന്ന കാര്യങ്ങളല്ല ഇപ്പോൾ പറഞ്ഞതു്. പറങ്കികളോടു സന്ധിചെയ്യാൻ അവിടെ എപ്പോഴും തയ്യാറായിരുന്നു. പക്ഷേ, അവരാവശ്യപ്പെടുന്നതെന്താണു്? കൊച്ചിയിലെന്നപോലെ കോഴിക്കോട്ടും അവർക്കൊരു കോട്ട കെട്ടണം; കോട്ടയിൽ വലിയ തോക്കുകൾ വെയ്ക്കണം; കപ്പലോട്ടം അവരുടെ അധികാരത്തിൽമാത്രം വരണം; നമ്മുടെ കപ്പലുകൾ പോലും അവരുടെ ശീട്ടിന്റെ അധികാരത്തിലേ ഓടാവൂ—ഇതൊക്കെയാണു് അവരുടെ ഒഴിച്ചുകൂടാത്ത വ്യവസ്ഥകൾ. ഇതൊക്കെ അവിടുന്നു സമ്മതിച്ചുകൊടുക്കാമോ? ആ നിലയിൽ പറങ്കികളുമായി സന്ധിചെയ്യാമെന്നു വിചാരിക്കയേ വേണ്ടാ. വല്ല പാതിരാശ്ശേരിമാരും പറയുന്നതു കേൾക്കാനേ അവിടുന്നുള്ളൂ എന്നു ഞാൻ വിചാരിക്കുന്നില്ല.”

എളയതു പാതിരാശ്ശേരിയുടെ പേരെടുത്തു പറഞ്ഞതു മാമ്പിലക്കാടിൽനിന്നു കിട്ടിയ അറിവിനെമാത്രം അടിസ്ഥാനമാക്കിയല്ല. പാതിരാശ്ശേരി പറങ്കികളുടെ ദല്ലാളാണെന്നു കോഴിക്കോട്ടധികാരികൾക്കു മുമ്പേ അറിയാം. അയാൾ ഏറാൾപ്പാടുമായി എന്തൊക്കെ പറഞ്ഞു തീരുമാനിച്ചു എന്നറിഞ്ഞുകൂടെങ്കിലും രണ്ടുമൂന്നു ദിവസം മുമ്പു വന്നു കണ്ടുപോയ കഥ വെച്ചുകൊണ്ടു് എളയതു് ഒരു വെടി പൊട്ടിച്ചതാണു്; അതു് ഏറാൾപ്പാടിന്നു നല്ലപോലെ കുറിക്കുകൊണ്ടുതാനും. തങ്ങൾതമ്മിൽ നടന്ന രഹസ്യസംഭാഷണംതന്നേ പുറത്തായോ, അങ്ങനെയാണെങ്കിൽ ഇവിടെ നടക്കുന്നതും ആലോചിക്കുന്നതുമെല്ലാം അവിടെ അറിയുമല്ലോ എന്നു് ഏറാൾപ്പാടുതമ്പുരാൻ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാവഭേദം കണ്ടു തന്റെ ശരം ലക്ഷ്യത്തിൽ കൊണ്ടുവെന്നു മനസ്സിലാക്കിയ എളയതു തുടർന്നു: “പറങ്കികളുമായുള്ള സന്ധി പോകട്ടേ. അതു നടക്കുന്നതല്ലെന്നു് അവിടുത്തേയ്ക്കും അറിയാം. പിന്നെ, അവരുടെ സഹായമുണ്ടെന്നു കരുതി വല്ല സാഹസത്തിനും പുറപ്പെട്ടാലോ? അവർക്കെന്തു സഹായമാണു് ചെയ്യാൻ സാധിക്കുക? അവർക്കു കടലിൽ ബലമുണ്ടു്, ശരിതന്നേ, പക്ഷേ, അതുകൊണ്ടെന്തു ചെയ്യാൻ കഴിയും? അവിടുന്നു പടയുമായി പുറപ്പെട്ടാൽ ഏറനാടുമുപ്പതിനായിരം സാമൂതിരിയോടെതിർക്കുമെന്നു വിചാരിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കൊടി കണ്ടാൽ അവർ പിന്തിരിഞ്ഞുപോകും. പിന്നെയൊന്നുള്ളതു് പറങ്കികളുടെ തോക്കാണു്. അതുകൊണ്ടെന്തു ഗുണം? വല്ല കടല്ക്കരയിലും വന്നു വെടിവെച്ചു പത്തുനൂറു മുക്കുവക്കുടിലുകൾ നശിപ്പിച്ചിട്ടു ജയഭേരിയടിച്ചു തിരിച്ചുപോകാം. അതിൽകൂടുതൽ ചെയ്യാൻ അവർക്കെപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ? അവരുടെ ബലത്തെ വിശ്വസിച്ചു വല്ലതിന്നും പുറപ്പെടുന്നതു് അബദ്ധമായിത്തീരുമെന്നു ഞാൻ താഴ്മയോടെ അറിയിക്കുന്നു.”

ഈ അഭിപ്രായങ്ങൾ ഏറാൾപ്പാടിനെ വല്ലാതെ ശുണ്ഠിപിടിപ്പിച്ചുവെങ്കിലും, അതു മുഖത്തു നല്ലവണ്ണം പ്രതിഫലിച്ചുവെങ്കിലും, അദ്ദേഹം വാക്കിൽ അതൊട്ടും പ്രകടിപ്പിച്ചില്ല. എന്നല്ല, എളയതു പറഞ്ഞതു കുറെയൊക്കെ സത്യമാണെന്നുള്ള ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “എളയതു പറഞ്ഞതിന്റെ അർത്ഥം എനിക്കു നല്ലവണ്ണം മനസ്സിലായി. പക്ഷേ, അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ അഭിപ്രായങ്ങൾ അവിടെ സ്വീകരിക്കാൻ തയ്യാറില്ല. ഇനിയും ഇതൊക്കെ കണ്ടുകൊണ്ടും അനുഭവിച്ചുകൊണ്ടും കഴിയാൻ എനിക്കും സാധിക്കില്ല. ഇങ്ങനെയുള്ള ഘട്ടത്തിൽ പൗരുഷംമാത്രമാണു് ആധാരം. അതവിടെ അറിയിക്കുക.”

ഈ വാക്കുകളോടുകൂടി ഏറാൾപ്പാടുതമ്പുരാൻ എളയതിനെ യാത്രയയച്ചു. പല രാജദൗത്യങ്ങളിലുമിടപെട്ടു രാജ്യതന്ത്രത്തിന്റെ അടിത്തട്ടുവരെ എത്തിയ എളയതാകട്ടെ, തന്റെ വാദമുഖങ്ങളെ ഏറാൾപ്പാടുതമ്പുരാൻ കൈക്കൊള്ളാത്തതുകൊണ്ടു തന്റെ ദൗത്യം പരാജയപ്പെട്ടതായോ തനിക്കൊരു തേജോഭംഗം നേരിട്ടതായോ വിചാരിച്ചില്ല. രാജ്യത്തിൽ അന്തഃഛിദ്രമുണ്ടാകുമല്ലോ എന്ന ഒരൊറ്റ വിചാരമേ ആ രാജ്യഭക്തനെ സങ്കടപ്പെടുത്തിയുള്ളു.

ഏറാൾപ്പാടുമായുള്ള സംഭാഷണം കഴിഞ്ഞിട്ടും, എളയതു കരിമ്പുഴ വിട്ടു് ഉടനെ തിരിച്ചുപോകുന്ന ഭാവമൊന്നും കണ്ടില്ല. മഹാരാജാവിന്റെ മന്ത്രി ഏതോ കാര്യാന്വേഷണത്തിനായി ഒരിടത്തു ചെന്ന ഭാവമാണു് അദ്ദേഹത്തിന്നു്. സാമാന്യക്കാരായ ആളുകളെ വരുത്തി കാര്യങ്ങൾ പറയുക, സമീപസ്ഥരായ മഹാപ്രഭുക്കളെ വേണ്ടിടത്തു ചെന്നു കാണുക, ചിലർക്കു സമ്മാനങ്ങൾ കൊടുത്തയയ്ക്കുക—ഇങ്ങനെ സാമൂതിരിപ്പാടിന്റെ പ്രതിനിധിയെന്ന നിലയിൽ അദ്ദേഹം ഓരോരോ കാര്യങ്ങൾ നിർവ്വഹിച്ചുപോന്നു. ചെന്നു കണ്ടവരുടെ കൂട്ടത്തിലായിരുന്നു കവളപ്പാറനായരും മണ്ണാർക്കോട്ടുനായരും വെട്ടത്തുരാജാവും മറ്റും. പഴയഞ്ചേരിനായർക്കും കാരാട്ടുനായർക്കും സമ്മാനങ്ങൾ കൊടുത്തയച്ചതേ ഉള്ളൂ.

എളയതു അവിടെ താമസിച്ചതുകൊണ്ടു വേറെ വലിയൊരു ഫലംകൂടിയുണ്ടായി: പരസ്യമായി സമരസന്നാഹം നടത്താൻ ഏറാൾപ്പാടുതമ്പുരാൻതന്നെ പല വൈഷമ്യങ്ങളും കണ്ടുതുടങ്ങി. സമീപസ്ഥരായ പ്രഭുക്കളിൽ പലരും വന്നു മുഖംകാണിക്കുന്നതിനു വൈമനസ്യം കാണിക്കുന്നുണ്ടെന്നു പ്രത്യക്ഷമായി. പണപ്പിരിവിലും വൈഷമ്യം നേരിട്ടുതുടങ്ങി. ആകപ്പാടെ, എങ്ങനെയെങ്കിലും എളയതിനെ അവിടെനിന്നു പറഞ്ഞയയ്ക്കണമെന്നു് ഏറാൾപ്പാടുതമ്പുരാന്നു തോന്നി.

ഇങ്ങനെ ഒരു മൂന്നാഴ്ച കഴിഞ്ഞു. ഏറാൾപ്പാടുതമ്പുരാന്നു ക്ഷമയറ്റു. അദ്ദേഹം ഒരാളെ എളയതിന്റെ അടുക്കലേയ്ക്കയച്ചു. ദൂതൻ വന്നതിന്റെ ഉദ്ദേശം മൂടിവെച്ചില്ല. എന്നാണു് എളയതു തിരിച്ചുപോകുന്നതെന്നു നേരിട്ടു ചോദിക്കാൻതന്നെ അയാൾ മടിച്ചില്ല. തക്ക മറുപടിതന്നേയാണു് എളയതും പറഞ്ഞതു്. അദ്ദേഹം പറഞ്ഞു: “ഞാൻ ഇവിടെ താമസിക്കരുതെന്നു സാമൂതിരിപ്പാട്ടിലെ കല്പനയൊന്നുമില്ലല്ലോ. അദ്ദേഹത്തിന്റെ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന്നാവശ്യമുള്ളത്ര കാലത്തോളം താമസിക്കാനാണു് ഞാൻ തീർച്ചയാക്കിയിരിക്കുന്നതു്.”

“ഏറാൾപ്പാടുതമ്പുരാന്റെ സ്ഥലമല്ലേ, അദ്ദേഹത്തിനതു് ഇഷ്ടമില്ലെങ്കിലോ?”

“ഏറാൾപ്പാടുതമ്പുരാൻ താമസിക്കുന്ന സ്ഥലം കോവിലകമാണു്; നാടു സാമൂതിരിപ്പാട്ടിലേയുമാണു്. ആരു താമസിക്കണം, ആരു താമസിക്കരുതു് എന്നു കല്പിക്കാൻ മൂപ്പിലേയ്ക്കേ അധികാരമുള്ളൂ.”

ദൂതന്നു മുമ്പോട്ടും പിമ്പോട്ടും ഗതിയില്ലെന്നായി. ഒടുവിൽ അയാളിങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ അധികാരത്തെ ധിക്കരിച്ചാൽ ഫലമെന്തെന്നറിയാമോ?”

“ആരദ്ദേഹത്തിന്റെ അധികാരത്തെ ധിക്കരിക്കുന്നു? ഞാൻ മഹാരാജാവിന്റെ കല്പനയനുസരിച്ചു് ഇവിടെ താമസിക്കുന്നു. എന്നെ ഇവിടെനിന്നു തിരിച്ചുവിളിക്കാൻ മഹാരാജാവിനേ അധികാരമുള്ളൂ. വേറെ ആരെങ്കിലും അതിന്നു ശ്രമിച്ചാൽ അതു രാജാംഗത്തിന്റെ അധികാരത്തിൽ കയറി കൈവെയ്ക്കലായിട്ടേ ഗണിക്കാൻ നിവൃത്തിയുള്ളൂ. അതിന്റെ ഫലം ഞാൻ പറയേണ്ടതില്ലല്ലോ.”

ദൂതന്നു് ഇതുകൊണ്ടു തൃപ്തിപ്പെട്ടു മടങ്ങേണ്ടിവന്നു. എളയതിനെ തടയാനോ തടവിൽവെയ്ക്കാനോ ഏറാൾപ്പാടുതമ്പുരാൻ മുതിർന്നില്ല. അങ്ങനെ അദ്ദേഹത്തിന്നു് ഒരു മാസത്തോളം വെറുതെ പോയി. ആലോചിച്ച ഒരുക്കങ്ങളൊന്നും സാധിച്ചില്ലെന്നു മാത്രമല്ല, ആലോചനകൾക്കുപോലും വിഘ്നം നേരിടുകയുമുണ്ടായി. പിന്നീടു നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ, ഏറാൾപ്പാടിന്റെ ഗൂഢാലോചനകളെ കുറെയൊക്കെ വിഫലമാക്കിയിട്ടാണു് താൻ പോന്നതെന്നു് എളയതിന്നു വേണ്ടത്ര ആശ്വസിക്കാനും സാധിച്ചു.

പന്ത്രണ്ടാമദ്ധ്യായം

കുഞ്ഞമ്മതുമരയ്ക്കാർ കേരളം വിട്ടിട്ടു രണ്ടു മാസം കഴിഞ്ഞു. പോർട്ടുഗീസ്ക്കപ്പലുകളെ നേരിടാതെ അറബിക്കര പറ്റുന്നതു വലിയൊരു ഭാഗ്യമാണു് അക്കാലത്തു്. കന്നിമാസം കാലമായതിനാൽ കാറ്റു് അനുകൂലമായിരുന്നു. അതിനാൽ വലിയ വൈഷമ്യമൊന്നുമുണ്ടാകാതെ സാമാനങ്ങൾ നിറച്ച മരയ്ക്കാരുടെ കപ്പൽ മസ്ക്കാറ്റ് എന്ന തുറമുഖത്തു മൂന്നാഴ്ചകൊണ്ടെത്തി. അവിടെനിന്നു കരവഴിക്കു പോകാനാണു് അദ്ദേഹം തീർച്ചപ്പെടുത്തിയതു്. സാർത്ഥവാഹസംഘങ്ങൾ അവിടെനിന്നു കരവഴിക്കു കഫേറാമുതലായ സ്ഥലങ്ങളിലേയ്ക്കു സാധാരണ പോകാറുണ്ടു്. സ്വന്തമായൊരു സംഘത്തെ ഏർപ്പെടുത്തി അതിന്റെ തലവനായിട്ടാണു് മരയ്ക്കാർ യാത്രചെയ്തതു്.

മസ്ക്കാറ്റിൽനിന്നൊരു കപ്പൽ കച്ചിലേക്കു മടങ്ങുന്നുണ്ടായിരുന്നു. കച്ചിലേയ്ക്കുള്ള വഴിയിൽ പോർട്ടുഗീസുകാരുടെ ശല്യം അക്കാലത്തില്ല. അതിനാൽ ആ കപ്പൽ പത്തു ദിവസംകൊണ്ടു് അറബിക്കടൽ തരണംചെയ്തു. ആ കപ്പൽവഴിക്കു് അറേബ്യയിൽനിന്നു വിലപിടിച്ച പല സാമാനങ്ങളും കോഴിക്കോട്ടുള്ള തന്റെ ആളുകൾക്കു മരയ്ക്കാർ കൊടുത്തയച്ചിരുന്നു. തീരത്തെത്തൊട്ടു രാത്രിമാത്രം സഞ്ചരിക്കുന്ന ഒരു പത്തേമാരിയിൽ അവ കോഴിക്കേട്ടെത്തിയപ്പോൾ തികച്ചും ഒരു മാസം കഴിഞ്ഞു.

അങ്ങനെ വന്ന സാമാനങ്ങൾ അതാതാളുകൾക്കെത്തിച്ചു കൊടുക്കേണ്ട ചുമതല മമ്മാലിക്കായിരുന്നു. തിനയഞ്ചേരി എളയതു കരിമ്പുഴ വിട്ട ദിവസം രാവിലെ പത്തു നാഴിക പുലർന്നപ്പോൾ മമ്മാലിമരയ്ക്കാർ ഒരു കുതിരപ്പുറത്തു കയറി ഭാസ്ക്കരപ്പണിക്കർ താമസിക്കുന്ന ധർമ്മോത്തുമഠത്തിന്റെ പടിക്കൽ വന്നിറങ്ങി. കൂടെ ചില സാമാനങ്ങൾ തലയ്ക്കേറ്റിക്കൊണ്ടു രണ്ടുമൂന്നു പേരും കടിഞ്ഞാൺ പിടിച്ചു നടത്തിക്കൊണ്ടോരു കുതിരയുമുണ്ടു്. പടിവാതില്ക്കൽ നില്ക്കുന്ന കാവല്ക്കാർക്കു മമ്മാലി പരിചിതനല്ല. എങ്കിലും കുതിരപ്പുറത്തു വന്നിറങ്ങിയതു കണ്ടും അനുചരന്മാരുടെ വേഷധാടികൾ കണ്ടും ഏതോ വലിയൊരു മരയ്ക്കാരാണെന്നു് അവർക്കൂഹിക്കാൻ സാധിച്ചു. അനുചരന്മാരിൽ മുഖ്യൻ അവരോടന്വേഷിച്ചു: “യജമാനൻ അകത്തുണ്ടോ?”

“ഇപ്പോൾ കോഴിക്കോട്ടില്ല. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ കാര്യസ്ഥനെ അറിയിക്കാം.”

മമ്മാലിയാണു് പിന്നെ പറഞ്ഞതു്: “വലിയ യജമാനനല്ല, ഭാസ്ക്കരപ്പണിക്കർ യജമാനനുണ്ടോ എന്നാണു് ചോദിച്ചതു്.”

പടിപ്പുരയ്ക്കൽനിന്നു വർത്തമാനം കേട്ടു് ഒരാൾ മുമ്പോട്ടു വന്നു പറഞ്ഞു: “മരയ്ക്കാരെ കണ്ടിട്ടു് ഇവരറിയാത്തതിൽ ക്ഷമിക്കണം. അകത്തേയ്ക്കു വരാമല്ലോ.”

അവർ പടിപ്പുര കടന്നു വലിയ മുറ്റത്തേയ്ക്കു ചെന്നു. കുതിരയുടെ ചീറ്റൽ കേട്ടു പലേടത്തുനിന്നും ആളുകൾ എത്തിനോക്കി. ആ പടത്തലവന്റെ കുടീരത്തിൽ കുതിര അസാധാരണമല്ലെങ്കിലും അദ്ദേഹമില്ലാത്തപ്പോൾ ആരാണങ്കണത്തിൽ കുതിരയുമായി വന്നതെന്നു് അവർ നോക്കിയെന്നേ ഉള്ളൂ. അപ്പോഴേയ്ക്കു ഭാസ്ക്കരപ്പണിക്കർ ധൃതിയിൽ പൂമുഖത്തേയ്ക്കു വന്നു. മമ്മാലിയെ ബഹുമാനിച്ചിരുത്തിയശേഷം അദ്ദേഹം ചോദിച്ചു: “കുഞ്ഞമ്മതുമരയ്ക്കാരിൽനിന്നു വല്ല വർത്തമാനവുമുണ്ടോ?”

“പടച്ചവന്റെ കൃപകൊണ്ടു് ഈ ചെകുത്താന്മാരുടെ മക്കളിൽനിന്നു രക്ഷപ്പെട്ടു് എളാപ്പ മൂന്നാഴ്ചകൊണ്ടു് അറേബ്യായിലെത്തി. അവിടെ നിന്നു കരവഴി കഹേറായിലേയ്ക്കു പുറപ്പെട്ടു.”

“എന്തൊക്കെയാണു് വിശേഷം?”

“അമ്മാവനും നിങ്ങൾക്കും തരാനായി ചില സാമാനങ്ങൾ കൊടുത്തയച്ചിട്ടുണ്ടു്. അമ്മാവനുള്ളതു പൊന്നാനിക്കയച്ചു. ഇവിടെ തരാനുള്ളതു് ഇതാ. ഒന്നൊരു കുതിരയാണു്. ഈ ജാതിക്കുതിരകൾ നമ്മുടെ നാട്ടിൽ ദുർല്ലഭമാണു്. കോഴിക്കോട്ടു് ആകെക്കൂടി അഞ്ചെണ്ണത്തിൽ കൂടുതലില്ല: ഒന്നു വലിയ തമ്പുരാന്റെ ലായത്തിൽ; പിന്നെ ഒന്നു് അമ്മാവന്റെ ലായത്തിൽ; ഏളാപ്പയുടെ കൈയിലുണ്ടായിരുന്ന ഒന്നെന്റെ വശമുണ്ടു്; മറ്റൊന്നു താഴത്തെപ്പറമ്പിലും—ആ പെൺകുട്ടിക്കു പിറന്നാൾസമ്മാനമായി എളാപ്പ കൊടുത്തതു്. അഞ്ചാമത്തേതു് ഇതാണു്. ഈ ജാതിക്കുതിരകളെപ്പോലെ വിശ്വസിക്കാവുന്ന ജന്തുക്കളെ കാണാൻ വളരെ പ്രയാസമുണ്ടു്.”

“കുതിരയോട്ടത്തിൽ വേണ്ടത്ര പരിശീലനമില്ലാത്ത എനിക്കു വിശിഷ്ടമായ ഒരുച്ചൈശ്രവസ്സിനെക്കൊണ്ടെന്തു പ്രയോജനം?”

“അതു ശരി. ഇപ്പോൾ പഠിച്ചുവരുന്നുണ്ടെന്നു കേട്ടുവല്ലോ. താഴത്തെപ്പറമ്പിലെപ്പോലെ കുതിരയോട്ടം പഠിക്കാൻ പറ്റിയ മറ്റൊരു സ്ഥലം ഇവിടെയില്ല.”

“തുടങ്ങിയിട്ടേ ഉള്ളൂ. രണ്ടു പ്രാവശ്യം പോയി. ഇന്നു വൈകീട്ടു പോകേണ്ടതാണു്.”

“പിന്നെ ഇതുകൂടിയുണ്ടു്. മറ്റു സാധനങ്ങൾ പഞ്ചസാര, മുന്തിരിങ്ങ മുതലായവയാണു്.”

പട്ടറയിൽ പൊതിഞ്ഞ നീണ്ട ഒരു സാധനം മമ്മാലി പണിക്കരുടെ മുമ്പിൽ വെച്ചു. എടുത്തപ്പോഴേ അതെന്താണെന്നു പണിക്കർക്കു മനസ്സിലായി. അതിദുർല്ലഭവും വിലപിടിച്ചതുമായ ഒരു ഡിമിസ്ക്കീൻവാളായിരുന്നു അതു്. ഇത്തരം വാളുകൾ അന്നു ഡിമസ്ക്കായി (ഡമസ്ക്കസ്) എന്ന നഗരത്തിലേ ഉണ്ടാക്കിയിരുന്നുള്ളൂ. ഉരുക്കല്ലാത്തതെന്തും അതുകൊണ്ടു മുറിക്കാമെന്നാണു് പറയാറു്. യോദ്ധാക്കൾ സ്വപ്നംകാണുന്ന ഒരായുധമായിരുന്നു അതു്.

പണിക്കർ അതെടുത്തു് ഉറയിൽനിന്നൂരി ഒന്നുരണ്ടുപ്രാവശ്യം വീശി, അതിന്റെ ലാഘവവും മറ്റു ഗുണങ്ങളും പരീക്ഷിച്ചറിഞ്ഞു. എന്നിട്ടു സംതൃപ്തനായിട്ടെന്നപോലെ പുഞ്ചിരിതൂകി ഇപ്രകാരം പറഞ്ഞു: “ഈ കുതിരയും വാളും—രണ്ടും കേവലം സമ്മാനമായിട്ടല്ല ഞാൻ ഗണിക്കുന്നതു്. ഇതൊരാശീർവ്വാദമത്രേ. എന്റെയീ വാക്കു മരയ്ക്കാരെ അറിയിക്കുമല്ലോ. മരയ്ക്കാർ അപകടമൊന്നുംകൂടാതെ അറേബ്യയിലെത്തിയതിൽ ഞങ്ങൾക്കെല്ലാവർക്കുമുള്ള സന്തോഷവും അറിയിക്കണം.”

മമ്മാലി ഉചിതമായ മറുപടി പറഞ്ഞു. കുശലപ്രശ്നപരമായ ഈ സംഭാഷണത്തിന്നുശേഷം അവർ രാജ്യകാര്യങ്ങളിലേയ്ക്കു പ്രവേശിച്ചു. കൊച്ചിയിൽനിന്നു പല വിധത്തിലുള്ള അറിവും ലഭിക്കുന്നുണ്ടെന്നും അതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടതു പറങ്കികൾ താമസിയാതെ കോഴിക്കോടാക്രമിച്ചേയ്ക്കാമെന്നാണെന്നും ആ വിവരം വേണ്ടിടങ്ങളിൽ അറിയിക്കുന്നുണ്ടെന്നും മമ്മാലി സൂചിപ്പിച്ചു.

പണിക്കർ ചോദിച്ചു: “അവർ കോഴിക്കോട്ടുതന്നേ വന്നാക്രമിക്കുമോ? അങ്ങനെയൊരാക്രമണം ഇതുവരെയുണ്ടായിട്ടില്ലല്ലോ. അതിനെത്ര ആളുകൾ വേണം?”

“കടലിൽനിന്നു് ആയിരമോ രണ്ടായിരമോ ആളെ ഇറക്കാൻ അവർക്കു വിഷമമില്ല. പിന്നെയുള്ളതു് അവർക്കിവിടെയുള്ള ശക്തിപോലിരിക്കും. മറ്റു വല്ലിടത്തും വലിയ യുദ്ധം നടക്കുന്ന സമയമാണെങ്കിൽ പട്ടണത്തിൽ ബലക്ഷയം കാണുമല്ലോ. ഏതായാലും വലിയ ലഹളയുണ്ടാക്കാൻ അവർക്കിവിടെ തീർച്ചയായും സാധിക്കും.”

“അത്രയ്ക്കു സാഹസികരാണോ അവർ?”

“അതിനെപ്പറ്റി ആലോചിക്കാനില്ല. ജീവിതം അവർക്കു പുല്ലാണു്. കോഴിക്കോടു പിടിച്ചടക്കാനായിമാത്രം ഒരാൾ പോർട്ടുഗാലിൽനിന്നു വന്നിട്ടുണ്ടെന്നറിയാമല്ലോ. അയാളിപ്പോൾ സൂറത്തുവഴി പോയിരിക്കയാണു്. തന്റെയാളുകൾക്കു പരിശീലനം കൊടുക്കാനും മറ്റുള്ളവരുടെ കപ്പലോട്ടം തടയാനുമത്രേ അയാളുടെ യാത്ര. പതിനഞ്ചു ദിവസത്തിനുള്ളിൽ അയാൾ കൊച്ചിക്കു മടങ്ങുമെന്നാണറിയുന്നതു്. അതിന്നുശേഷമാവും ഇങ്ങോട്ടുള്ള ആക്രമണം.”

“അമ്മാവൻ ഇതൊക്കെ അറിയുന്നുണ്ടോ?”

“വിവരങ്ങളൊക്കെ അവിടെ ചെല്ലുന്നുണ്ടു്; അദ്ദേഹം എല്ലാം നേരിട്ടന്വേഷിക്കുന്നുമുണ്ടു്. ആറ്റുമുഖത്തുകുഞ്ഞാലി വഴി ഓരോന്നു പ്രവർത്തിച്ചുവരികയാണു്.”

“എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ അറിയിക്കണേ!”

“അതിനെന്താ സംശയം?”

ഏതാണ്ടുച്ചവരെ അവരുടെ സംഭാഷണം നീണ്ടുനിന്നു. ഊണിന്നുള്ള സമയമാവുന്നതിന്നു മുമ്പു മമ്മാലി പണിക്കരോടു യാത്ര പറഞ്ഞു പിരിഞ്ഞു.

അന്നു വൈകുന്നേരം സ്വന്തംകുതിരയുടെ പുറത്തു കയറി പുതിയ വാളും ധരിച്ചാണു് ഭാസ്ക്കരപ്പണിക്കർ താഴത്തെപ്പറമ്പിലേയ്ക്കു ചെന്നതു്. ആ കുതിരയെ കണ്ടപ്പോൾ ഗംഗാസിംഹൻ ആശ്ചര്യപ്പെട്ടു. പടിപ്പുരവാതിൽ കടന്നു കുതിര അങ്കണത്തിലേയ്ക്കു് എത്തിയപ്പോൾ ഉണ്ണിനങ്ങ താനാചരിച്ചുവന്ന മുഗ്ദ്ധതയെല്ലാമുപേക്ഷിച്ചു മുറ്റത്തേയ്ക്കോടിവന്നു കുതിരയെ തലോടി. അവൾ ജിജ്ഞാസയോടെ പണിക്കരോടു ചോദിച്ചു: “എവിടന്നു കിട്ടി ഇതിനെ? എന്റെ കുതിരയുടെ ഇണയാണെന്നു തോന്നും.”

“ആ ജാതിതന്നേ. ഇന്നു് അറേബ്യായിൽനിന്നെത്തിയതേ ഉള്ളൂ.”

പണിക്കർ കുതിരപ്പുറത്തുനിന്നിറങ്ങി. ഉണ്ണിനങ്ങയുടെ കുതിര ഒരു പെൺകുതിരയായിരുന്നു. അതിന്നു പണിക്കരുടെ കുതിരയ്ക്കുള്ളത്ര ചൊടിയും ചുണയുമില്ല. അവൾക്കു അപകടമൊന്നും വരരുതല്ലോ എന്നു കരുതി മരയ്ക്കാരുടെ നിർദ്ദേശമനുസരിച്ചു നല്ല പഴക്കമില്ലാത്തവർക്കുകൂടി ഓടിക്കാൻ പാകത്തിൽ പ്രത്യേകപരിശീലനം കൊടുത്തതാണു് അതു്. പണിക്കരുടെ കുതിരയാകട്ടെ, പടക്കുതിരയാണു്. നല്ല ഇണക്കവും മെരുക്കവുമുള്ളതാണെങ്കിലും ഇഷ്ടമില്ലാത്ത ആളുകൾക്കു് അടുക്കാൻ അത്ര എളുപ്പമല്ല. എങ്കിലും കുതിരയോടിച്ചു ശീലമുള്ള ഉണ്ണിനങ്ങയ്ക്കു് ആ പടക്കുതിരയെ ഒന്നോടിച്ചുനോക്കാൻ ആഗ്രഹം തോന്നി. അവൾ പണിക്കരോടു ചോദിച്ചു: “ഞാനൊന്നോടിച്ചുനോക്കട്ടെ?”

“ഓഹോ! ആവാമല്ലോ.”

പണിക്കർ കുതിരയുടെ കടിഞ്ഞാൺ ഉണ്ണിനങ്ങയുടെ കൈയിൽ കൊടുത്തു. അവൾ കൂസൽകൂടാതെ അതു വാങ്ങി കുതിരപ്പുറത്തു കയറി. ആദ്യത്തെ ഇളക്കത്തിൽ അല്പമൊന്നു പരിഭ്രമിച്ചുവെങ്കിലും ഉത്തരക്ഷണത്തിൽ കുതിരയെ തന്റെ ചൊല്പടിയിലാക്കി അവൾ അതിവേഗത്തിലോടിച്ചു നിരത്തിലേയ്ക്കു പോയി. അതു കണ്ടത്ഭുതപ്പെട്ട പണിക്കർ കണ്ണും മിഴിച്ചു നിന്നുപോയി. വെങ്കിടാചലമയ്യർ പുഞ്ചിരി തൂകി ചുറ്റും നോക്കി. ആയ്യമ്മയ്ക്കായിരുന്നു സങ്കടം: “അയ്യോ എന്റെ കുഞ്ഞിനെയും കൊണ്ടു കുതിര ഓടിപ്പോയല്ലോ. വല്ലിടത്തും ചെന്നു മറിച്ചിട്ടെങ്കിലോ!”

അവരുടെ വാക്കിൽ ഒരു വിലാപച്ഛായയുണ്ടായിരുന്നു. വെങ്കിടാചലമയ്യർ ആശ്വസിപ്പിച്ചു: “ഹെയ്! അങ്ങനെയൊന്നും വരില്ല. കുഞ്ഞിനു കുതിരയോടിക്കാൻ അസ്സലായറിയാം. കുതിര കുഞ്ഞിനെ കൊണ്ടോടുകയല്ല, കുഞ്ഞു കുതിരയെ ഓടിക്കയാണു്.”

അപ്പോഴേയ്ക്കും ബഹളം കേട്ടു മണികണ്ഠക്കയ്മളും വന്നുചേർന്നു. “വല്ലാത്തൊരു പെണ്ണു്! അവൾക്കു നിലത്തു നിന്നുകൂടേ!” എന്നു കയ്മൾ കാരണവന്റെ അധികാരസ്വരത്തിൽ ശാസിച്ചു പറഞ്ഞു. പിന്നീടവരെല്ലാവരുംകൂടി നിരത്തിലേയ്ക്കു നടന്നു. വെങ്കിടാചലമയ്യർ പറഞ്ഞു: “ഇപ്പോൾ മൂന്നു കുതിരകളായി. നിങ്ങൾക്കൊന്നിച്ചു് അഭ്യസിക്കാം.”

അവരവിടെ എത്തിയപ്പോഴേയ്ക്കും ഉണ്ണിനങ്ങ കുതിരയെ ഒരു വട്ടമോടിച്ചെത്തിയിരുന്നു. അവരെ കണ്ടപ്പോൾ അവൾ കുതിരയെ നിർത്തി താഴെയിറങ്ങി. അപ്പോഴാണു് താനൊരു മുതിർന്നപെണ്ണാണെന്ന ബോധം അവൾക്കുണ്ടായതു്; ഇതേവരെ ആ കുതിരക്കമ്പത്തിൽ അവളതൊക്കെ മറന്നുപോയി. അവളല്പം ദൂരേ മാറി മടിച്ചുനിന്നു. പിറകേ വന്ന ആയ്യമ്മ കൈക്കു പിടിച്ചു് അധികാരമട്ടിൽ അവളെ തിരികെ കൊണ്ടുപോയി.

അന്നത്തെ അഭ്യാസത്തിൽ അവൾ പങ്കെടുത്തില്ല; അമ്യാരുമൊന്നിച്ചു് അകലെ നിന്നു കണ്ടതേ ഉള്ളൂ. അന്നു രാത്രി ഉണ്ണിനങ്ങ വെങ്കിടാചലമയ്യരോടു സങ്കടം പറഞ്ഞു. തനിക്കും അഭ്യാസങ്ങളിൽ ചേരണമെന്നു് അവൾ വാദിച്ചു. തനിക്കാണെങ്കിൽ ജോലിയൊന്നുമില്ല. പുതുതായി പല വിദ്യകളും പഠിക്കാൻ ഇതു നല്ലൊരവസരവുമാണു്; മരയ്ക്കാരുണ്ടായിരുന്നെങ്കിൽ തന്റെ അപേക്ഷ ഒരിക്കലും നിരസിക്കാതിരുന്നേനേ—ഇതൊക്കെയായിരുന്നു അവളുടെ വാദമുഖങ്ങൾ.

മരയ്ക്കാരില്ലാത്തതുകൊണ്ടു് ഉണ്ണിനങ്ങയ്ക്കൊരു പോരായ്മയും തോന്നരുതെന്നു വെങ്കിടാചലമയ്യർ വളരെ നിഷ്ക്കർഷിക്കാറുണ്ടു്. അദ്ദേഹം അഭിപ്രായപ്പെട്ടു: “ഏറിയതു് ഇനി ഒരഞ്ചാറുമാസം കൂടിയല്ലേ വേണ്ടൂ? ഉണ്ണിയുമുണ്ടല്ലോ കൂടെ. പിന്നെ—”

ആയ്യമ്മയ്ക്കു സഹിച്ചില്ല. അവർ ഇടയിൽക്കടന്നു പറഞ്ഞു: “പെണ്ണിനു പ്രായം തികഞ്ഞുവരികയാണു്. അവളെ കണ്ടവരുടെ കൂടെ വിടാൻ ഞാൻ സമ്മതിക്കില്ല. വല്ല കുറച്ചിലും വന്നാൽ എന്നെയാണല്ലോ ആളുകൾ പഴിക്കുക.”

ഇങ്ങനെ വാദം മുറുകിയപ്പോൾ ഉണ്ണിനങ്ങ കരയാൻ തുടങ്ങി. അവളുടെ കണ്ണീരു കാണാൻ ആയ്യമ്മയ്ക്കും ധൈര്യമില്ല. ഒടുവിൽ തന്റെ കൺവെട്ടത്തുവെച്ചു് അഭ്യാസങ്ങൾ നടത്തിക്കൊള്ളാൻ അവർ സമ്മതിച്ചു. പക്ഷേ, ഒന്നുമാത്രം: അവൾ മറ്റുള്ളവരോടു ചേർന്നു കുതിരയോട്ടം ശീലിക്കുമ്പോൾ അല്പം മാറി ഒരു വൃക്ഷത്തിൽ ചാരി കണ്ണു പറിക്കാതെ നോക്കികൊണ്ടു് ആ ബ്രാഹ്മണസ്ത്രീ നില്ക്കുന്നതു കാണാം.

അടുത്ത ദിവസംതൊട്ടുതന്നേ ഉണ്ണിനങ്ങ സഹോദരനും പണിക്കരുമൊന്നിച്ചു് അഭ്യാസങ്ങൾ പരിശീലിച്ചുതുടങ്ങി. പണിക്കർ യുദ്ധക്കളത്തിലേയ്ക്കാവശ്യമുള്ള അടവുകളും മുറകളുമാണു് പഠിച്ചതു്. കുതിരമേൽ എഴുന്നേറ്റുനിന്നു് അമ്പെയ്യുക, വാൾ പ്രയോഗിക്കുക, കുതിരകാൽകുത്തി ഇരുന്നുപോയാൽ തന്റെ സ്ഥാനം തെറ്റാതെ സൂക്ഷിക്കുക—ഇങ്ങനെ ഒരു കുതിരപ്പടയാളിക്കു അത്യാവശ്യവും ആത്മരക്ഷയ്ക്കു് അനുപേക്ഷണീയവുമായ ഓരോ അഭ്യാസവും അദ്ദേഹം പരിശീലിച്ചു. ഉണ്ണിനങ്ങ ഇവയെല്ലാം കണ്ടു പഠിച്ചതേ ഉള്ളൂ. അവൾ പരിശീലിച്ചതു് ഇളകുന്ന ലക്ഷ്യത്തിൽ കുന്തമെറിഞ്ഞു തറയ്ക്കാനും ഓടുന്ന കുതിരയിൽനിന്നു ചാടി മാറാനും മറ്റുമാണു്. ഇങ്ങനെ ഒന്നുരണ്ടു ദിവസത്തെ അഭ്യാസം കഴിഞ്ഞപ്പോൾ പണിക്കരുടെ ശ്രദ്ധ പതറുന്നുണ്ടോ എന്നൊരു സംശയം അജിതസിംഹന്നു തോന്നായ്കയില്ല. നോട്ടം ഉണ്ണിനങ്ങയുടെ മുഖത്തല്ലേ എന്നൊരു സംശയം. എങ്കിലും അഭ്യാസത്തിൽ പറയത്തക്ക തെറ്റൊന്നും വന്നുകാണായ്കയാൽ ആ രാജപുത്രൻ അതിനെപ്പറ്റി ഒന്നും പറഞ്ഞതുമില്ല.

വിത്തു വളരെനാൾ മണ്ണിന്നടിയിൽ കിടക്കുകയില്ല; മഴ പെയ്തു മണ്ണു തണുത്താൽ അതു മുളച്ചുപൊന്തും. അതുപോലെ യുവതീയുവാക്കന്മാരുടെ അനുരാഗവും ഏറെക്കാലം മൂടിവെയ്ക്കാവുന്നതല്ല; നിരന്തരമായ സാമീപ്യവും സമ്പർക്കവും അതിനെ വളർത്തും, വെളിപ്പെടുത്തും. അങ്ങനെ പണിക്കരുടെയും ഉണ്ണിനങ്ങയുടെയും ഉള്ളിലങ്കുരിച്ച പരസ്പരാനുരാഗം പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതിലാർക്കും ഒരഭിപ്രായവുമില്ല. എങ്കിലും അതിന്റെ പരിണാമത്തെപ്പറ്റി വെങ്കിടാചലമയ്യർക്കും അമ്യാർക്കും ആശങ്കയില്ലാതില്ല. എത്രതന്നേ ഉന്നതകുലജാതയായാലും ആരുമേതുമില്ലാതെ ഇന്നോളം ഒരു മരയ്ക്കാരുടെ രക്ഷയിൽ വളർന്നുവന്ന കന്യകയെ സ്വീകരിക്കാൻ, ഭാസ്ക്കരപ്പണിക്കർ സമ്മതിച്ചാൽപ്പോലും, അഭിമാനികളായ ധർമ്മോത്ത് പണിക്കന്മാരും അവരുടെ ബന്ധുക്കളും ഒരുങ്ങി എന്നു വരുമോ? ഈ കുട്ടികളുടെ ആഭിജാത്യത്തിനെന്താണൊരു തെളിവു്? അവർ നായന്മാരാണെന്നുതന്നേ ആർക്കറിയാം? പിന്നെ, അവർക്കു മരയ്ക്കാരുമായിട്ടുള്ള ബന്ധമെന്താണു്? മരയ്ക്കാർക്കേതോ ഭ്രഷ്ടയായ നായർസ്ത്രീയിലുണ്ടായ കുട്ടികളാണെന്നാണു് ആ വീട്ടിൽ താമസിക്കുന്ന വേലക്കാർക്കുപോലും ധാരണ. പിന്നെ പുറത്തുള്ളവരുടെ കഥ പറയാനുണ്ടോ? വലിയ തമ്പുരാന്റെ കല്പനയെ മാനിച്ചുമാത്രം അവിടെ അത്യാവശ്യം അടിയന്തരങ്ങളിൽ അയൽവാസികൾ പങ്കുകൊള്ളുന്നുവെന്നേ ഉള്ളൂ. താഴത്തെപ്പറമ്പിലെ ധാടിയും മോടിയും സമ്പ്രദായങ്ങളും അവർക്കു് ഒട്ടും പിടിച്ചിരുന്നില്ല.

സംഗതികളുടെ കിടപ്പു് ഇങ്ങനെയിരിക്കേ, കാര്യങ്ങളെല്ലാം ഭാസ്ക്കരപ്പണിക്കരോടു നേരിട്ടു പറകയാണുത്തമമെന്നു വെങ്കിടാചലമയ്യർക്കു തോന്നി. ഒരു ദിവസം ഉണ്ണിക്കയ്മളുടെ കളരിപ്പയറ്റു പരിശോധിച്ചു മടങ്ങുന്ന പണിക്കരെ ക്ഷണിച്ചിരുത്തി, ഈ സംഗതിയെപ്പറ്റി സ്വകാര്യമായി സംസാരിച്ചു. വാസ്തവത്തിൽ വെങ്കിടാചലമയ്യർ പറഞ്ഞ വൈഷമ്യങ്ങളൊന്നുമുള്ളതായി ഭാസ്ക്കരപ്പണിക്കർ ധരിച്ചിരുന്നതേ ഇല്ല. പോരെങ്കിൽ, ‘അവരെന്റെ മകളായാണു് ഞാൻ ഗണിച്ചിട്ടുള്ളതു്’ എന്നു് അമ്മാവൻതന്നേ തെളിച്ചു പറഞ്ഞതു തന്റെ ആഗ്രഹത്തിന്നു് അനുകൂലമായും അദ്ദേഹം ഗണിച്ചിരുന്നു. ഈ സംഗതി പണിക്കർ അറിയിച്ചപ്പോൾ വെങ്കിടാചലമയ്യർക്കും തോന്നി, ആ വാക്കിൽ എന്തോ ഗൂഢാർത്ഥമുണ്ടെന്നു്. ഏതായാലും പൊന്നാനിവരെ ഒന്നു പോയിപ്പോരാമെന്നു് ആ ബ്രാഹ്മണൻ തീർച്ചയാക്കി.

എന്നാൽ അതിന്റെ ആവശ്യം വന്നില്ല; പൊന്നാനിക്കു പോകാതെതന്നേ മൂത്തപണിക്കരെ കാണാൻ വെങ്കിടാചലമയ്യർക്കു സാധിച്ചു. കോഴിക്കോട്ടു വരാൻ പാടില്ലെന്നേ മൂത്തപണിക്കർക്കു കല്പനയുണ്ടായിരുന്നുള്ളുവല്ലോ. തലസ്ഥാനനഗരിയൊഴിച്ചുള്ള പ്രധാനസ്ഥലങ്ങളിലെല്ലാം ഈയിടെയായി അദ്ദേഹം ഇടയ്ക്കിടെ സഞ്ചരിക്കാറുണ്ടു്. രാജ്യസ്ഥിതികളെയും വിശേഷിച്ചു സൈനികസ്ഥിതികളെയും അന്വേഷിക്കാനാണു് ഈ സഞ്ചാരമെന്നത്രേ ജനസംസാരം. സ്ഥിതിക്കും പദവിക്കുമൊന്നും മാറ്റമില്ലാത്തതിനാൽ സേനാധിപന്റെ നിലയിൽ രാജ്യരക്ഷാസ്ഥിതികളെപ്പറ്റി അന്വേഷിക്കേണ്ട ചുമതല മൂത്തപണിക്കർക്കുണ്ടു്. ആ കൃത്യം നിർവ്വഹിച്ചിരുന്നതു് മിക്കവാറും തെക്കനതിർത്തികളിലാണു്. കൊച്ചിക്കോട്ടയിൽനിന്നാണു് ആക്രമണമുണ്ടാവുന്നതെങ്കിൽ അതു മിക്കവാറും കൊച്ചിരാജാവിന്റെ പട്ടാളത്തെ അവലംബിച്ചാണല്ലോ. അതുകൊണ്ടാണു് പണിക്കർ തന്റെ സഞ്ചാരം തെക്കൻദിക്കുകളിലെ സൈനികസങ്കേതങ്ങളിലാക്കിയതു്. എന്നാലും ചിലപ്പോഴൊക്കെ കോഴിക്കോടിന്നു സമീപമുള്ള സ്ഥലങ്ങളിൽ വരികയും മങ്ങാട്ടച്ചൻ മുതലായ സേനാനായകന്മാരെ കണ്ടു കൂടിയാലോചനകൾ നടത്തുകയും പതിവാണു്.

തിനയഞ്ചേരി എളയതു് ഏറാൾപ്പാടിനെ കാണാൻ കരിമ്പുഴയ്ക്കു പോയതറിഞ്ഞപ്പോൾ മൂത്തപണിക്കർക്കു മനസ്സിലായി, സംഗതികൾ താമസിയാതെ മൂർദ്ധന്യത്തിലെത്തുമെന്നു്. സാമൂതിരിയുടെ സാമനയത്തിന്നു് ഏറാൾപ്പാടു കീഴടങ്ങുകയില്ലെന്നും അതിർകവിഞ്ഞ ദാനനയത്തെ എളയതും അച്ചനും അനുകൂലിക്കയില്ലെന്നും തന്മൂലം സാമൂതിരിപ്പാടു് അതിന്നൊരുമ്പെടുകയില്ലെന്നും പണിക്കർക്കറിയാം. ആ സ്ഥിതിക്കു് രാജനയം ആദ്യം ഭേദത്തിലും അവസാനം ദണ്ഡത്തിലും ചെന്നെത്തുമെന്നും അപ്പോൾ നല്ല കരുതലോടുകൂടി നിന്നില്ലെങ്കിൽ ആ അവസരമുപയോഗിച്ചു പരദേശികൾ ആക്രമിക്കാനിടയുണ്ടെന്നും സൈനികകാര്യങ്ങളിലെന്നപോലെ രാജ്യതന്ത്രങ്ങളിലും പരിചയമുള്ള മൂത്തപണിക്കർ ദീർഘദർശനംചെയ്തു. ഏതായാലും എളയതു കരിമ്പുഴയിൽനിന്നു മടങ്ങിയെത്തിയാൽ അദ്ദേഹത്തെയും മങ്ങാട്ടച്ചനെയും കാണേണ്ടതാണെന്നു കരുതി; അതിന്നു വേണ്ട ഏർപ്പാടുകളും ചെയ്തു.

അങ്ങനെ ഒരു രാത്രിയിൽ ആരുമറിയാതെ കോഴിക്കോട്ടു പട്ടണത്തിന്നു പുറത്തുള്ള മങ്ങാട്ടച്ചന്റെ കെട്ടിടത്തിൽ മൂത്തപണിക്കർ എത്തിച്ചേർന്നു. മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ എളയതും അച്ചനും അവിടെ കാത്തുനില്പുണ്ടായിരുന്നു. അന്നുതന്നെ അവർ ഒന്നിച്ചിരുന്നു രാജ്യകാര്യങ്ങളെ വിസ്തരിച്ചു ചർച്ചചെയ്തു. ഏറാൾപ്പാടു പടയ്ക്കുതന്നേ ഒരുങ്ങിയിരിക്കയാണെന്നും അതിൽ നിന്നുത്ഭവിക്കാവുന്ന അന്തഃഛിദ്രം രാജ്യത്തിന്നു പലവിധത്തിലും ഹാനികരമാവുമെന്നും, പക്ഷേ, അതിപ്പോൾത്തന്നേ ഇല്ലാതാക്കാഞ്ഞാൽ കൂടുതൽ ദുർഘടങ്ങൾക്കാണിടവരികയെന്നും മൂന്നുപേരും സമ്മതിച്ചു. മൂത്തപണിക്കർ പറഞ്ഞു: “ഏറാൾപ്പാടു തിരുമേനി ഏറനാടുമുപ്പതിനായിരത്തെയാണു് പ്രധാനമായി അവലംബിക്കുന്നതു്. പക്ഷേ, തലച്ചെന്നോർ തികച്ചും ആ പക്ഷത്താണെന്നു പറഞ്ഞുകൂടാ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനായി ഞാൻ അവരുടെ ഇടയിലേയ്ക്കു ചിലരെ വിട്ടിട്ടുണ്ടു്. ആശിക്കുന്നപോലുള്ള സൈന്യബലം ആ ഭാഗത്തുണ്ടാവില്ലെന്നാണു് എനിക്കു തോന്നുന്നതു്.”

എളയതു പറഞ്ഞു: “വലിയ തമ്പുരാൻതന്നെ അരുളിച്ചെയ്കയുണ്ടായി, പണിക്കരുടെ ഉചിതമായ പ്രവൃത്തിയെപ്പറ്റി. ഏറാൾപ്പാടുതമ്പുരാനുദ്ദേശിക്കുന്നതുപോലുള്ള ശക്തി ആ വശത്തില്ലെന്നുതന്നേയാണു് അവിടത്തേയും അഭിപ്രായം.”

“പിന്നെ പ്രഭുക്കളുടെ കാര്യമാണു്. എന്റെ അന്വേഷണത്തിൽ അതും വലിയ കാര്യമാക്കാനില്ലെന്നാണു്.”

“പൊതുവെ പറഞ്ഞാൽ ബലംകൂടിയ കക്ഷിയിലാണു് പ്രഭുക്കന്മാർ. നമുക്കു സാരമായിട്ടു ബലക്ഷയം വന്നിട്ടില്ലെന്നു ഞാൻ അവരെ മനസ്സിലാക്കി. അതുകൊണ്ടു് ആ കുറുക്കൻ വെട്ടത്തുരാജാവും ഇപ്പോൾ കാര്യം പുനരാലോചിക്കയാണു്.”

മങ്ങാട്ടച്ചൻ പറഞ്ഞു: “എളയതിന്റെ നയവൈദഗ്ദ്ധ്യം ഞങ്ങൾക്കെല്ലാമറിയാം. സാക്ഷാൽ ചാണക്യനല്ലേ നിങ്ങൾ? മൂന്നാഴ്ച കരിമ്പുഴെ താമസിച്ചപ്പോൾത്തന്നെ ഞാനൂഹിച്ചു, ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു്.”

“അതിനെപ്പറ്റി അധികമൊന്നും വിചാരപ്പെടാനില്ല.” പണിക്കർ തുടർന്നു: “അതൊക്കെ ചില്ലറ അസൗകര്യങ്ങളെന്നേ ഉള്ളൂ; എല്ലാ രാജ്യങ്ങളിലും പതിവുള്ള കുഴപ്പങ്ങൾമാത്രം. ഞാൻ കാണുന്ന അപകടം ഉള്ളിൽനിന്നുള്ളതല്ല, പുറമേനിന്നുള്ളതാണു്—പറങ്കികളിൽനിന്നുള്ളതു്. അവർ അവിടെ എന്തൊക്കെയോ ഒരുക്കുന്നുണ്ടു്; വേണ്ട ശക്തി സംഭരിക്കുന്നുമുണ്ടു്. എന്തൊക്കെയാണു് തീർച്ചയാക്കിയിരിക്കുന്നതെന്നു് അറിവായിട്ടില്ല. രണ്ടുദിവസത്തിനകം അറിയും. നിങ്ങൾക്കു വല്ല വിവരവും കിട്ടിയിട്ടുണ്ടോ?”

പണിക്കർ എളയതിനോടാണിതു ചോദിച്ചതു്. അദ്ദേഹം പറഞ്ഞു: “കിട്ടിക്കഴിഞ്ഞിട്ടില്ല. ഞാനൊരാളെ വിട്ടിട്ടുണ്ടു്. നേരെ കൊച്ചിക്കു പോകാനാണു് ഏല്പിച്ചിരുന്നതു്. പക്ഷേ, ഞാൻ ചെന്നപ്പോൾ കരിമ്പുഴെയുണ്ടു് അയാൾ. അവിടെ ഒരു വിശ്വസ്തനായിത്തീരാനുള്ള ശ്രമമായിരുന്നു. ഇങ്ങനെ പോയാൽ അയാളെവിടെ ചെന്നെത്തുമെന്നു കണ്ടറിയണം.”

“ഏതായാലും ഞാൻ നാളെ ഉച്ചതിരിഞ്ഞു പോകയാണു്. വിശേഷങ്ങളുണ്ടെങ്കിൽ അറിയിക്കണം.”

അങ്ങനെ ആവാമെന്നേറ്റു് എളയതു യാത്രപറഞ്ഞു പിരിഞ്ഞു. മൂത്തപണിക്കരും മങ്ങാട്ടച്ചനും സൈനികകാര്യങ്ങളെസ്സംബന്ധിച്ചു സംസാരിച്ചുകൊണ്ടു പിന്നെയുമിരുന്നു. കോഴിക്കോട്ടെ നായർപ്പടയെപ്പറ്റി പണിക്കർ പ്രത്യേകം അന്വേഷിച്ചു. ഒടുവിൽ അവർ കിടന്നപ്പോൾ മണി മൂന്നായി.

പിറ്റേ ദിവസം രാവിലെ വരാനാണു് വെങ്കിടാചലമയ്യരെ അറിയിച്ചിരുന്നതു്. മൂത്തപണിക്കരുടെ കുളിയും ജപവും കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹമെത്തി. അദ്ദേഹത്തിന്നു മൂത്ത പണിക്കരുമായി വളരെ പരിചയമുണ്ടെന്നു പറഞ്ഞുകൂടാ. ഉണ്ണിനങ്ങയുടെ കുളിയടിയന്തരം നടത്തിക്കുവാൻ വന്നപ്പോഴും പിന്നീടു കുട്ടികളുടെ അഭ്യാസം കാണാനായി ഒന്നുരണ്ടുതവണ വന്നപ്പോഴും മാത്രമേ പണിക്കരെ അദ്ദേഹം കണ്ടു സംസാരിച്ചിട്ടുള്ളു. അന്നത്തെയും ഇന്നത്തെയും സ്ഥിതിക്കു വ്യത്യാസമുണ്ടു്. അന്നു താൻ പ്രബലനായൊരു മുസ്ലീംപ്രഭുവിന്റെ ആശ്രിതൻ; മറ്റാരെയും വണങ്ങേണ്ടതായിട്ടില്ല. ഇന്നു താൻ നിരാശ്രയനാണു്. അങ്ങനെയിരിക്കെ മൂത്തപണിക്കർ തന്നെ എങ്ങനെയാണാവോ സ്വീകരിക്കാൻ പോകുന്നതെന്ന ഭയാശങ്കകളോടുകൂടിയാണു് വെങ്കിടാചലമയ്യർ പണിക്കരുടെ മുമ്പിൽ ഹാജരായതു്.

പണിക്കർ സന്തോഷത്തോടുകൂടിയാണു് പറഞ്ഞതു്: “വെങ്കിടാചലമയ്യരെ കണ്ടതു വളരെ സന്തോഷം. മരയ്ക്കാർ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. മരയ്ക്കാർ ഒടുവിലയച്ച കത്തിൽ നിങ്ങൾ രണ്ടുപേരും ആ കുട്ടികൾക്കുവേണ്ടി ചെയ്തിട്ടുള്ള സേവനത്തെ എത്ര പുകഴ്ത്തിയാലും മതിയാകയില്ലെന്നും പ്രത്യേകം എഴുതിയിരുന്നു. മരയ്ക്കാർക്കവരോടുള്ള സ്നേഹം എനിക്കുമുണ്ടെന്നു വിശ്വസിച്ചുകൊള്ളൂ—വല്ലതും പറയാനുണ്ടെങ്കിൽ, മടിക്കേണ്ടാ, പറഞ്ഞുകൊള്ളൂ.”

വെങ്കിടാചലമയ്യർ ഒന്നു കുഴങ്ങി. അദ്ദേഹം ഒന്നു ചുമച്ചു ചുറ്റുപാടും ഒന്നു നോക്കി. ഒടുവിൽ ഇങ്ങനെ പറഞ്ഞു: “എല്ലാം ഭംഗിയായി നടക്കുന്നുണ്ടു്; ഒന്നിനും കുറവില്ല. ഒരു കാര്യം അറിയിക്കാനുണ്ടു്. നമ്മുടെ കൊച്ചെജമാനൻ …”

വെങ്കിടാചലമയ്യർ വീണ്ടും പരുങ്ങിനിന്നു. അതു കണ്ടു പണിക്കർ ചോദിച്ചു: “എന്താ സംശയിക്കുന്നതു്? എന്തായാലും പറഞ്ഞോളൂ.”

“എങ്ങനെയാണു് ഇവിടുത്തെ മനസ്സെന്നറിയാതെ… അമ്യാർക്കു ബഹുശാഠ്യം: ഇവിടുത്തെ അനുവാദംകൂടാതെ തമ്മിൽ മിണ്ടാൻകൂടി അവരെ സമ്മതിക്കയില്ല.”

“അമ്യാരുടെ അഭിപ്രായം ശരിയാണു്. വലിയ മാടമ്പി വീട്ടിലെ ഒരു പെൺകുട്ടി നമ്മുടെ രക്ഷയിലിരിക്കുമ്പോൾ ഒരപവാദത്തിന്റെ ശബ്ദംപോലും ഉണ്ടാവരുതല്ലോ. എന്നാൽ ഞാൻ പറഞ്ഞതായി അമ്യാരോടു പറയണം: ഒട്ടും പേടിക്കേണ്ടാ. ആ കുട്ടിയെ ഞാനെന്റെ മകളായി മനസ്സുകൊണ്ടു ദത്തെടുത്തിരിക്കുന്നു. അതു ദാസിക്കും അറിയാം.”

ഇതിൽപ്പരമൊരു സംതൃപ്തി നേടാനില്ലായിരുന്നു വെങ്കിടാചലമയ്യർക്കു്. താഴത്തെപ്പറമ്പിലെത്തിയാൽ ഒരു പാല്പായസസദ്യ കഴിക്കണമെന്ന നിശ്ചയത്തോടെയാണു് അദ്ദേഹം അവിടെനിന്നു മടങ്ങിപ്പോന്നതു്.

പതിമൂന്നാമധ്യായം

ഇതിന്നിടയിൽ മാർഷൽ കഠീനോ തന്റെ ആജ്ഞയ്ക്കു കീഴിലുള്ള കപ്പലുകളുമായി സൂറത്തുവരെ ഒരു ജൈത്രയാത്ര നടത്തി. വഴിയിൽ കണ്ട കപ്പലുകളെ തടഞ്ഞുനിർത്തി അവയിലുള്ള വസ്തുവകകളെ കൊള്ളയിടുക, അവയിൽ യാത്രചെയ്യുന്നവരെ കടലിൽ മുക്കിക്കൊല്ലുക, കടൽത്തീരത്തുള്ള മുക്കുവക്കുടിലുകളെ നശിപ്പിക്കുക—ഇങ്ങനെയുള്ള പരാക്രമവിക്രമങ്ങൾകൊണ്ടു് ആ യുവസേനാനി പോർട്ടുഗാലിന്റെ കീർത്തിയെ വർദ്ധിപ്പിച്ചു. തന്നോടു പൊരുതുന്നതിന്നു ശക്തിയും കഴിവുള്ള പടക്കപ്പലുകളെ കടലിൽ നേരിടാൻ അയാൾക്കിടവന്നില്ല. എങ്കിലും പോർട്ടുഗാൽഗവണ്മെന്റിന്റെ രക്ഷാപാത്രത്തിൽ വിശ്വസിച്ചു യാത്രചെയ്യുന്ന പല കപ്പലുകളെയും കൊള്ളയിടാൻ സാധിച്ചു.

തന്റെ സൈന്യത്തിന്നു പരിശീലനം കൊടുക്കുകമാത്രമല്ല ഈ ജൈത്രയാത്രകൊണ്ടു മാർഷൽ ഉദ്ദേശിച്ചതു്; ഒട്ടധികം പണം കൊള്ളയടിച്ചു സ്വയം സമ്പാദിക്കുക, അതിൽ മൂന്നിലൊരു ഭാഗം വീതിച്ചുകൊടുത്തു തന്റെ പട്ടാളക്കാരെ സന്തോഷിപ്പിക്കുക എന്നിവകൂടിയാണു്. ഇതു രണ്ടും സാധിച്ചു വിജയോന്മത്തനായി നിശ്ചയിച്ച അവധിക്കുമുമ്പുതന്നേ അയാൾ കൊച്ചിയിൽ തിരിച്ചെത്തി.

വൃശ്ചികം 21-ാം തിയ്യതിയാണു് മാർഷൽ കഠീനോ തിരിച്ചെത്തിയതു്. അന്നുതന്നേ ഗവർണ്ണരെ കണ്ടു കോഴിക്കോട്ടിന്നെതിരായുള്ള ഒരുക്കങ്ങൾ എങ്ങനെയിരിക്കുന്നു എന്നന്വേഷിച്ചു. ഗവർണ്ണർ അറിയിച്ചു: “മുമ്പു നിശ്ചയിച്ചതിനു ഭേദമൊന്നുമില്ല. അന്നു തീർച്ചയാക്കിയ ദിവസംതന്നേ പുറപ്പെടാം.”

“എന്നു പുറപ്പെടാനാണു് നാം തീർച്ചയാക്കിയതു്?”

“മൂന്നു മാസത്തെ അവധിയാണല്ലോ അന്നു പറഞ്ഞതു്. അതിൽ രണ്ടരമാസമേ കഴിഞ്ഞുള്ളൂ. ഇനിയുമുണ്ടല്ലോ രണ്ടാഴ്ച അപ്പോഴയ്ക്കെല്ലാം തയ്യാറാവും.”

“കോഴിക്കോട്ടെ സ്ഥിതികളൊക്കെ എങ്ങനെ?”

“നമ്മുടെ ആലോചനകളെല്ലാം സഫലമാവുന്നുണ്ടു്.”

ഗവർണ്ണർ തന്റെ ചാർച്ചക്കാരനും സ്നേഹിതനുമാണെങ്കിലും രാജ്യരഹസ്യങ്ങൾ തന്നോടു തെളിച്ചുപറയാഞ്ഞതിൽ കഠീനോയ്ക്കു അല്പമൊരീർഷ്യ തോന്നി. കോഴിക്കോടുമായി നേരിടാനുള്ള ഏർപ്പാടുകളിൽ ഗവർണ്ണർ തെല്ലും കുറവുവരുത്തില്ലെന്നയാൾക്കറിയാം. എങ്കിലും തന്റെ ചോദ്യങ്ങൾക്കു് അങ്ങുമിങ്ങും തൊടാത്ത ഒഴുക്കൻമറുപടികൾ പറഞ്ഞതു് അയാൾക്കൊട്ടും പിടിച്ചില്ല. അയാൾ ചോദിച്ചു: “ഈ ആക്രമണം എന്റെ കീഴിൽ നടത്താനുള്ളതാകകൊണ്ടു് അതിനാവശ്യമായ റിപ്പോർട്ടുകളും മറ്റും എന്നെക്കൂടി അറിയിക്കേണ്ടതല്ലേ? അതുകൊണ്ടു നമ്മുടെ ചാരന്മാരിൽനിന്നും മറ്റും ലഭിക്കുന്ന വിവരങ്ങൾ എന്നെക്കൂടി നിങ്ങൾ കാണിക്കുമെന്നു വിശ്വസിക്കുന്നു.”

“നിങ്ങൾ സൂറത്തിലേയ്ക്കു പോകുന്ന സമയത്തു് ഈ കാര്യത്തിനായി ഞാനിവിടെനിന്നു ചിലരെ അയച്ചിരുന്നു. അവരുടെ വിസ്തരിച്ച റിപ്പോർട്ടു കിട്ടിക്കഴിഞ്ഞില്ല. എല്ലാം ശരിയായി നടക്കുന്നു എന്നുമാത്രം ദൂതന്മാർവഴി അറിയിച്ചിട്ടുണ്ടു്.”

“ആ ദൂതന്മാരെ എനിക്കും കാണരുതെന്നുണ്ടോ? ഇങ്ങനെയുള്ള സന്ദേശവാഹകരെ സേനാനായകൻ നേരിട്ടു കാണുന്നതിൽ പല ഗുണങ്ങളുമുണ്ടു്. ചിലപ്പോൾ അവർ വിരോധികളുടെ ചാരന്മാരായിരിക്കും. താഴ്‌ന്ന ഉദ്യോഗസ്ഥരെ വഞ്ചിക്കാൻ അവർക്കു സാധിക്കും. നമ്മെപ്പോലുള്ളവരുടെ മുമ്പിൽ അവരുടെ കള്ളി പുറത്താവും. ആ സന്ദേശവാഹകരിൽ ചിലരെ നമ്മുടെ മുമ്പിലും ഹാജരാക്കട്ടെ. നാം നേരിട്ടു ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാം.”

“ദ്വിഭാഷി മൈക്കേൽ ജോർജ്ജിനെ അങ്ങോട്ടേയ്ക്കയക്കാം. അവരിലാരെങ്കിലും ഇവിടെയുണ്ടെങ്കിൽ കൂടെ കൊണ്ടുവരാൻ പറയാം.”

“അതു നന്നു്. പിന്നെ ഇവിടെ ചെയ്തിട്ടുള്ള ഏർപ്പാടുകളെന്തെല്ലാം?”

തന്റെ അധികാരത്തിൽ കൈയിട്ടുകൊണ്ടുള്ള ഈ ചോദ്യം ആൽബൂക്കെർക്കിനെ ക്ഷോഭിപ്പിച്ചു. അദ്ദേഹത്തിന്റെ മുഖം അല്പമൊന്നു ചുവന്നു. എങ്കിലും അദ്ദേഹം ശാന്തസ്വരത്തിലാണു് പറഞ്ഞതു്: “കേൾക്കൂ, കഠീനോ: നാം ചാർച്ചക്കാരാണു്; നിങ്ങളുടെ ദിവംഗതനായ അച്ഛൻ ഒരനുജനെപ്പോലെയാണു് എന്നെ കണക്കാക്കിയിരുന്നതു്; ചെറുപ്പംതൊട്ടേ നാമും സ്നേഹിതന്മാരാണു്; എല്ലാറ്റിനും മേലെ, നിങ്ങളിവിടെ എനിക്കു വലിയൊരു സഹായം ചെയ്തുതന്നുതാനും. ഏതുനിലയ്ക്കും ഇനിയുണ്ടാവുന്ന കാര്യങ്ങളിൽ നാം തമ്മിൽ തെറ്റിദ്ധാരണയ്ക്കിടയാവാതെ സൂക്ഷിക്കണം. നമ്മുടെ മഹാരാജാവു നിങ്ങളെ ഏല്പിച്ച ഒരു സൈനികപ്രവർത്തനത്തിന്നു വേണ്ട സഹായം ചെയ്തുതരേണ്ട ചുമതല എനിക്കുണ്ടു്. എന്നാൽ ഈ നാടുകളിൽ പോർട്ടുഗാൽരാജാവിന്നുള്ള അധികാരങ്ങൾക്കെല്ലാം ഭാരവാഹിയായി നിയമിതനായിട്ടുള്ളവൻ ഞാനാണു്. എന്റെ മുകളിൽ ആർക്കുംതന്നേ ഈ നാടുകളിൽ അധികാരമില്ല; അങ്ങനെയൊരധികാരമുണ്ടെന്നു വാദിക്കുന്നതു രാജദ്രോഹവുമാണു്. അതുകൊണ്ടു കോഴിക്കോട്ടുകാര്യത്തിൽ എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ ചെയ്തു എന്നൊക്കെ മറ്റാരോടും പറയേണ്ട കടമ എനിക്കില്ല. പൂർണ്ണാധികാരത്തോടുകൂടി നിങ്ങളെ ഏല്പിച്ച ആ പടക്കപ്പലുകളിൽ നിങ്ങളെന്തൊക്കെ ചെയ്യുന്നുവെന്നു ഞാനും അന്വേഷിക്കുന്നില്ല. നമ്മുടെ അധികാരങ്ങൾ വ്യത്യസ്തമായും അന്യോന്യമേറ്റുമുട്ടാതെയും വെച്ചുകൊണ്ടിരുന്നാൽമാത്രമേ ഈ കാര്യം വിജയകരമായി നടത്താൻ സാധിക്കൂ എന്നു് എനിക്കു തോന്നുന്നു.”

ആൽബൂക്കെർക്ക്, ഒട്ടും ക്ഷോഭിക്കാതെ ശാന്തസ്വരത്തിലും സ്നേഹഭാവത്തിലുമാണു് പറഞ്ഞതെങ്കിലും, രാജ്യകാര്യത്തിൽ തന്റെ ഇടപെടലിനെ നിസ്സംശയം നിഷേധിക്കയാണു് എന്നു കഠീനോയ്ക്കു മനസ്സിലായി. തന്റെ അധികാരസീമയിൽ കൈകടത്താൻ ഗവർണ്ണർ ആരെയും അനുവദിക്കയില്ലെന്നു് അയാൾക്കു ബോധ്യപ്പെട്ടു. എന്നാൽ അങ്ങനെയൊരു നിഷേധത്തിന്നു് അത്ര വേഗം വഴങ്ങിക്കൊടുക്കുന്ന ഒരു പ്രകൃതക്കാരനല്ലായിരുന്നു കഠീനോ. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ അധികാരത്തിൽ കൈയിടാനാഗ്രഹിക്കുന്ന ആളല്ല ഞാൻ. പക്ഷേ, ഞാൻ ഗവർണ്ണരുടെ—അല്ല വൈസ്രോയിയുടെ—അധികാരത്തിൽ കൈയിടാതിരുന്നെങ്കിൽ നിങ്ങളിന്നും ജെയിലിൽത്തന്നേ ആയേയ്ക്കും. അതും ഓർക്കേണ്ടതല്ലേ?”

“ഓർക്കായ്കയല്ല. വൈസ്രോയിയവർകൾ രാജാജ്ഞയെ ലംഘിച്ചു പ്രവർത്തിച്ചു അതു തെറ്റാണെന്നു നിങ്ങൾ ചൂണ്ടിക്കാണിച്ചു. അതിനു ഞാൻ നന്ദി പറയുന്നു. നേരെമറിച്ചു്, ഞാൻ രാജാജ്ഞയ്ക്കു വിധേയമായി എന്തു ചെയ്യാനും തയ്യാറാണു്. എന്നെ ഗവർണ്ണരായും നിങ്ങളെ നാവികസൈന്യത്തിന്റെ നായകനായും നിയമിച്ചാണു് കല്പന. നാമന്യോന്യം സഹകരിച്ചു പ്രവർത്തിക്കുകയാണു് ആവശ്യം, അന്യോന്യം ഇടപെടുകയല്ല. നിങ്ങളുടെ സൈനികപ്രവർത്തനത്തിന്നു വേണ്ട സഹകരണം ചെയ്തു തരാൻ ഞാനെല്ലായ്പോഴും സന്നദ്ധനാണു്; അതിനു വേണ്ട നടപടികളെല്ലാം എടുത്തിട്ടുമുണ്ടു്. അതിനെപ്പറ്റി അറിയേണ്ടതെല്ലാം അറിയിക്കാനും എനിക്കു വിരോധമില്ല. പക്ഷേ, എന്റെ ഭരണാധികാരത്തിൽപ്പെട്ട സംഗതികളെപ്പറ്റി മറ്റാരോടും ആലോചിക്കാൻ ഞാൻ തയ്യാറല്ല; അതു രാജാജ്ഞയ്ക്കു വിപരീതവുമാണു്.”

കഠീനോയുടെ പടം താന്നു. അദ്ദേഹം പറഞ്ഞു: “എനിക്കു മനസ്സിലായി. കൂടുതൽ പറയേണ്ടതില്ല. പട എന്നു പുറപ്പെടണമെന്നാണു് നിങ്ങൾ തീർച്ചയാക്കിയിട്ടുള്ളതു്?”

“ആണ്ടവസാന(ഡിസമ്പർ ഒടുവു്)ത്തോടുകൂടി എല്ലാം ശരിയാവും. ഏറാൾപ്പാടിന്റെ പട ആ സമയത്തു പുറപ്പെടുമെന്നാണു് അറിയുന്നതു്. തെക്കുനിന്നാക്രമിക്കാൻ കൊച്ചിരാജാവു പടയൊരുക്കുന്നുണ്ടു്; അതും അപ്പോഴേയ്ക്കു ശരിയാവും. ഡിസമ്പർ മുപ്പത്തൊന്നാംതിയ്യതി രാത്രി നാമിവിടെ നിന്നു പുറപ്പെട്ടാൽ എല്ലാം ഒത്തുവരുമെന്നാണു് എന്റെ അഭിപ്രായം. ഇക്കാര്യത്തിൽ കൊച്ചിരാജാവുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്നും എനിക്കു വിചാരമുണ്ടു്.”

“കൊള്ളാം. ഈ അഭിപ്രായങ്ങളോടു പൊതുവേ ഞാൻ യോജിക്കുന്നു. മുപ്പത്തൊന്നാംതിയ്യതി രാത്രി പുറപ്പെട്ടാൽ രണ്ടാം തിയ്യതി രാത്രി അവിടെ എത്താം. പ്രഭാതത്തിനു മുമ്പു കരയ്ക്കിറക്കാം. അതിനു രണ്ടു ദിവസം മുമ്പു കൊച്ചിരാജാവിന്റെ ആക്രമണവും ഏറാൾപ്പാടിന്റെ പ്രവൃത്തികളും ആരംഭിക്കണം. പക്ഷേ, ഇതൊക്കെ കൊച്ചിരാജാവിനോടാലോചിച്ചു വേണമോ? ഇങ്ങനെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തെ വിശ്വസിക്കാമോ?”

“വിശ്വസിക്കാമോ എന്നോ? അദ്ദേഹമാണു് പോർട്ടുഗാലിനൊരു തുണയിട്ടുള്ളതു്. നമ്മെ വിശ്വസിച്ചും ആശ്രയിച്ചും നില്ക്കുന്ന അദ്ദേഹത്തിലൂടെയല്ലാതെ കരയിൽ നമുക്കൊരു ബലവുമില്ല. പോരാത്തതിന്നു്, സാമൂതിരിയും കൊച്ചിരാജാവും കുടുംബശത്രുക്കളാണു്. ആ പകയത്രേ അദ്ദേഹത്തെ നമ്മുടെ പക്ഷത്തിൽ കൊണ്ടുവന്നതു്. അദ്ദേഹത്തെ വിട്ടു നമുക്കിവിടെയെങ്ങും ഒരു കാര്യവും ചെയ്യാനാവില്ല.”

“ശരി, അങ്ങനെയെങ്കിൽ വിരോധമില്ല. എന്നായിരിക്കും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച?”

“ഡിസമ്പർ ഇരുപത്തേഴാംതീയ്യതി എന്നാണു് ഞാൻ ഇപ്പോൾ കണക്കാക്കിയിരിക്കുന്നതു്. അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചു സമയം ക്ലിപ്തപ്പെടുത്തിയില്ലെങ്കിൽ പല വൈഷമ്യങ്ങളുമുണ്ടു്. ഗണിച്ചു മുഹൂർത്തം നോക്കി വേണം അദ്ദേഹത്തിനെല്ലാ കാര്യവും.”

“അപ്പോൾ, കൂടിക്കാഴ്ച ഇരുപത്തേഴിനു കഴിച്ചാൽ എല്ലാം ഒത്തൊരുമിച്ചാക്കാം—ശരി, നാം തമ്മിൽ ഭിന്നിപ്പില്ലാതെ കാര്യങ്ങൾ തീരുമാനിച്ചതിൽ അത്യന്തം സന്തോഷമുണ്ടു്. താമസിയാതെ ദ്വിഭാഷിയെയും മറ്റും അയച്ചുതരുമല്ലോ.”

കഠീനോ എഴുന്നേറ്റു. ഗവർണ്ണർ പറഞ്ഞു: “ശരി, അരനാഴികയ്ക്കകം അയാൾ നിങ്ങളെ വന്നു സേവിച്ചുകൊള്ളും.”

അങ്ങനെ അവർ പിരിഞ്ഞു. ആൽബൂക്കെർക്കു അപ്പോൾത്തന്നേ മൈക്കേൽ ജോർജ്ജിന്നു് ആളെ അയച്ചു. അയാൾ വന്നു തൊഴുതു് എന്താണാജ്ഞ എന്ന ഭാവത്തിൽ നിന്നപ്പോൾ ഗവർണ്ണർ പറഞ്ഞു: “ജോർജ്ജ്, നിങ്ങൾ ഉടനെ പോയി മാർഷൽ കഠീനോയെ കാണണം. അദ്ദേഹം ഓരോരോ കാര്യങ്ങളെപ്പറ്റി ചോദിച്ചേയ്ക്കും. രഹസ്യങ്ങൾ പുറത്തുവിടാതെയും എന്നാൽ അദ്ദേഹത്തിനു സംശയം തോന്നാനിടകൊടുക്കാതെയും സംസാരിക്കണം. നമ്മുടെ ചാരസംഘത്തിൽ ചിലരോടു നേരിട്ടു സംസാരിക്കണമെന്നു് അദ്ദേഹം ആവശ്യപ്പെട്ടേയ്ക്കും. ബുദ്ധിമാന്മാരായ ഒന്നുരണ്ടുപേരെ മുമ്പിൽ കൊണ്ടുചെന്നു് അദ്ദേഹത്തിനനിഷ്ടം വരാത്തവിധത്തിൽ പറയിക്കുന്നതു നന്നായിരിക്കും.”

മൈക്കേൽ ജോർജ്ജ് ബുദ്ധിമാനായിരുന്നു. ഗവർണ്ണരും മാർഷലും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും രാജ്യരഹസ്യങ്ങൾ മാർഷലിനെ അറിയിക്കാൻ അദ്ദേഹമിഷ്ടപ്പെടുന്നില്ലെന്നും ജോർജ്ജ് മനസ്സിലാക്കി. ഗവർണ്ണരുടെ ഉള്ളിലെ ചിന്തകൾ അറിഞ്ഞമാതിരി ഒന്നു പുഞ്ചിരിതൂകി സലാംചെയ്തു് അയാൾ അവിടെനിന്നു പോന്നു.

ഒരരനാഴിക കഴിഞ്ഞു മൈക്കേൽ ജോർജ്ജ് മാർഷൽ കഠീനോയെ കാണാൻ ചെന്നു. ആൽബൂക്കെർക്കിന്റെ മുമ്പിൽ ആട്ടിൻകുട്ടിയുടെ അനുസരണശീലത്തോടുകൂടി പതുങ്ങിനിന്ന ആളാണെന്നു തോന്നുകയില്ല, ഇപ്പോൾ അയാളെ കണ്ടാൽ. പ്രമാണിയായ ഒരു പറങ്കിയുദ്യോഗസ്ഥന്നു ചേർന്ന വേഷത്തിലാണു് അയാൾ പോയതു്. കഠീനോയെ കണ്ടപ്പോൾ ബഹുമാനിച്ചു വന്ദിച്ചുവെങ്കിലും, ഗവർണ്ണരോടെന്നപോലെ, അത്യാദരമൊന്നും അയാൾ കാണിച്ചില്ല. പോർട്ടുഗീസ്ഭാഷയിൽ ‘ആചാരം’ പറയാൻ നല്ല വശതയുള്ള ജോർജ്ജ്, ഒരു മഹാപ്രഭുവിനെ സംബോധനചെയ്യാനുള്ള പല ‘മഹോന്നതമഹിമശ്രീ’കളുപയോഗിച്ചു മാർഷൽ കഠീനോയെ സ്തുതിച്ചു് ഒരു പ്രസംഗം ചെയ്തു. പോർട്ടുഗീസ്സാമ്രാജ്യത്തിന്റെ സർവ്വശക്തികളും ഈ നാടുകളിൽ സ്ഥിതിചെയ്യുന്നതു തന്നിലാണെന്നും സാമൂതിരി മാത്രമല്ല, ആദിൽഖാൻ വിജയനഗരചക്രവർത്തികൾ തുടങ്ങിയവർകൂടി ഇനി പോർട്ടുഗാലിന്റെ ശക്തി അറിഞ്ഞുതുടങ്ങുമെന്നെല്ലാം അതിശുദ്ധമായ ഔപചാരികഭാഷയിൽ പറഞ്ഞുകേട്ടപ്പോൾ കഠീനോയ്ക്കുണ്ടായ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു. മൈക്കേൽ ജോർജ്ജ് അതിയോഗ്യനെന്നു് അദ്ദേഹം സമ്മതിച്ചു. അയാൾക്കു കസാല കൊടുത്തിരുത്തിയിട്ടു കോഴിക്കോട്ടെ കഥകൾ പറഞ്ഞു കേൾപ്പിക്കാൻ മാർഷൽ ആജ്ഞാപിച്ചു. ജോർജ്ജിന്നു് ഒരു ബുദ്ധിമുട്ടുണ്ടായില്ല. ചേരമാൻപെരുമാൾ മക്കത്തു പോയെന്നു പറയുന്ന കഥതൊട്ടു് അന്നുവരെയുള്ള സാമൂതിരിപ്പാടന്മാരുടെ ചുരുങ്ങിയൊരു ചരിത്രം വളരെ പൊടിപ്പും തൊങ്ങലും ചേർത്തു് അയാൾ കഠീനോയെ പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ ഇങ്ങനെ ഉപസംഹരിച്ചു: “അക്കാലമൊക്കെ കഴിഞ്ഞു. അവിടന്നു നേരിടുമ്പോൾ സാമൂതിരിവംശം നാമാവശേഷമാകുമെന്നതിൽ എനിക്കു സംശയമില്ല.”

“അങ്ങനെ ചെയ്യുമെന്നാണു് എന്റെ ശപഥം; അതിനാണു് ഞാനീ നാട്ടിൽ വന്നിരിക്കുന്നതും. അതു സാധിച്ചു നാം നാട്ടിലേയ്ക്കു മടങ്ങിയാൽ നിങ്ങൾക്കു ‘ഡാം’സ്ഥാനവും ഈ നാട്ടിൽ ഉന്നതപദവികളും പോർട്ടുഗീസ്രാജാവിനെക്കൊണ്ടു തരുവിക്കാം.”

ജോർജ്ജും സന്തോഷിച്ചു. കഠീനോ ചോദിച്ചു: “കോഴിക്കോട്ടുരാജ്യത്തിൽ ഈയിടെ സഞ്ചരിച്ചു മടങ്ങിവന്ന ചാരന്മാരിൽ ആരെങ്കിലും ഇവിടെയുണ്ടോ?”

“ഉണ്ടാവും.”

“എന്നാൽ അവരെ ഇവിടെ ഹാജരാക്കണം. നമ്മുടെ ആക്രമണത്തിനാവശ്യമുള്ള പല കാര്യങ്ങളും അവരോടു നേരിട്ടു ചോദിച്ചു മനസ്സിലാക്കിയാൽ പല ഗുണങ്ങളുമുണ്ടു്.”

“അതു ശരിയാണു്. അതിസമർത്ഥനായ ഒരാൾ ഇന്നലെ കോഴിക്കോട്ടുനിന്നു വന്നുചേർന്നിട്ടുണ്ടു്. അയാൾക്കു് അവിടത്തെ സംഗതികൾ നല്ലവണ്ണമറിയാം. ഇപ്പോൾ അയാൾ വിശ്രമിക്കയാണു്. അരമണിക്കൂറിനകം ഹാജരാക്കാം. ഒരു കാര്യംമാത്രം അറിയിക്കേണ്ടതുണ്ടു്. അയാളൊരു നമ്പൂതിരിയാണു്; ആഭിജാത്യംമാത്രമല്ല, പ്രഭുത്വമുള്ള ആൾ. അയാളോടു ബഹുമാനത്തോടെ പെരുമാറിയാൽ പല മെച്ചങ്ങളുമുണ്ടാവും.”

“അതിനെന്താണു് വൈഷമ്യം? തർജ്ജമയ്ക്കു നിങ്ങളുമുണ്ടാകുമല്ലോ—എന്നാലങ്ങനെ.”

അവർ യാത്ര പറഞ്ഞു പിരിഞ്ഞു. കഠീനോയുമായുള്ള സംഭാഷണം മൈക്കേൽ ജോർജ്ജിനെ അത്യന്തം സന്തോഷിപ്പിച്ചു. പോർട്ടുഗാലിൽ കഠീനോയ്ക്കുള്ള നിസ്തുല്യപദവിയെപ്പറ്റിയും രാജാവിന്നു് അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങളെപ്പറ്റിയും അയാൾക്കു നല്ലവണ്ണമറിയാം. കഠീനോയുടെ സന്തോഷംകൊണ്ടു തനിക്കു പലതും നേടാമെന്നു് അയാൾക്കു തോന്നി. കോഴിക്കോടിനെ ജയിച്ചു തിരികേ ചെല്ലുകയാണെങ്കിൽ പോർട്ടുഗാൽസാമ്രാജ്യത്തിലെ ഒരു പ്രഭുവാക്കുന്ന ‘ഡാം’പദവിപോലും തനിക്കു വാങ്ങിത്തരുവാൻ മാർഷലിന്നു പ്രയാസമുണ്ടാവില്ലെന്നും അയാൾ ഉള്ളിൽ കണ്ടു. അങ്ങനെ കഠീനോയുമായുള്ള കൂടിക്കാഴ്ചമാത്രം ഇത്രയും വിജയപ്രദമായതിൽ കൃതകൃത്യനായിട്ടാണു് അയാൾ വീട്ടിലെത്തിയതു്. എത്തിയ ഉടൻതന്നേ താനുദ്ദേശിച്ച ആളെ അന്വേഷിച്ചു കൂട്ടിക്കൊണ്ടുവരാൻ ഒരു ദൂതനെ നിയോഗിച്ചു. വന്നതു മറ്റാരുമല്ല, നമ്മുടെ മാമ്പിലക്കാട്ടുനമ്പൂതിരിയായിരുന്നു.

തിനയഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാമ്പിലക്കാടു കരിമ്പുഴെ താമസിച്ചില്ല. പെരുവനത്തെത്തി ചിറ്റൂർനമ്പൂതിരിപ്പാടിന്റെ ഇല്ലത്തു രണ്ടുമൂന്നു ദിവസം താമസിച്ചു് അവിടത്തെ പരിചയവുമായി അദ്ദേഹം കൊച്ചിയിൽ വന്നു രാജാവിന്റെ സേവകന്മാരെ പ്രസാദിപ്പിക്കുന്നതിന്നു വേണ്ട പണവും പ്രമാണികളെ വശത്താക്കുന്നതിന്നു വേണ്ട ബന്ധുബലവുമുള്ള അദ്ദേഹത്തിന്നു കോവിലകത്തു പ്രവേശിപ്പാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരാഴ്ചയോളം അവിടെയും ചുറ്റിക്കൂടിയശേഷമാണു് അദ്ദേഹം മൈക്കേൽ ജോർജ്ജിനെ സമീപിച്ചതു്. താൻ പാതിരാശ്ശേരിയൊന്നിച്ചു കരിമ്പുഴെയുണ്ടായിരുന്നുവെന്നും ഏറാൾപ്പാടു് ഇങ്ങോട്ടു ചേരാമെന്നു നിസ്സംശയം പറഞ്ഞിട്ടുണ്ടെന്നും മറ്റുകാര്യങ്ങൾ സാധിക്കുന്നതിനായി ചില ഇടപ്രഭുക്കന്മാരുടെ ഇടങ്ങളിലേയ്ക്കു പാതിരാശ്ശേരിക്കു പോകേണ്ടിയിരുന്നതുകൊണ്ടും എഴുത്തയച്ചാൽ വല്ലവരുടെയും കൈയിൽ വീണെങ്കിലോ എന്നു ശങ്കിച്ചതുകൊണ്ടും തന്നെ നിയോഗിച്ചതാണെന്നും മാമ്പിലക്കാടു ജോർജ്ജിനെ ധരിപ്പിച്ചു. ജോർജ്ജ് പലതും ചോദിച്ചു; കോഴിക്കോട്ടു സാമൂതിരിയുടെ രാജസദസ്സിൽ ആലോചനയിലിരിക്കുന്ന സംഗതികളെപ്പറ്റിയും മൂത്തപണിക്കരുടെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയും ഏറാൾപ്പാടിന്റെ സമീപത്തുള്ളവരെപ്പറ്റിയുമെല്ലാം കുത്തി ചോദിച്ചു. അവയ്ക്കെല്ലാം ശരിയായ മറുപടി മാമ്പിലക്കാടിന്റെ വശത്തുണ്ടായിരുന്നു. ആളെപ്പറ്റി പിന്നെ ജോർജ്ജിന്നു സംശയമൊന്നും തോന്നിയില്ല. പാതിരാശ്ശേരിയുടെ സഹായികളിലൊരാളാവണമെന്നു് അയാൾ തീർച്ചപ്പെടുത്തി.

ജോർജ്ജിന്റെ ദൂതൻ വന്നപ്പോൾ മാമ്പിലക്കാടു വിശ്രമിക്കുകയായിരുന്നു. സംഗതി പ്രാധാന്യമുള്ളതാണെന്നു മനസ്സിലാക്കി അദ്ദേഹം വേണ്ടത്തക്ക വേഷാലംകാരങ്ങളോടെ മേനാവിലാണു് പുറപ്പെട്ടതു്. മേനാവിറങ്ങിയപ്പോൾ ജോർജ്ജ് അദ്ദേഹത്തെ ഉപചാരപൂർവ്വം സ്വീകരിച്ചിരുത്തി ഇപ്രകാരം പറഞ്ഞു: “തിരുമേനിയെ ഈ അസമയത്തു ബുദ്ധുമുട്ടിക്കേണ്ടിവന്നതിൽ സങ്കടമുണ്ടു്. പക്ഷേ, ഇവിടത്തെ സേനാനായകൻ മാർഷൽ കഠീനോയ്ക്കു് അങ്ങയെ കാണണമെന്നു വലിയ ആഗ്രഹം. അദ്ദേഹം പോർട്ടുഗാൽസാമ്രാജ്യത്തിലെ മഹാപ്രഭുക്കന്മാരിൽ ഒരാളാണു്.”

“ഓഹോ! കേട്ടിട്ടുണ്ടു്. അവിടത്തെ സർവ്വസൈന്യാധിപനും സമ്രാട്ടിന്റെ ആപ്തമിത്രവുമാണു്, അല്ലേ? സാമൂതിരിയെ ബന്ധിച്ചു കാഴ്ചവെയ്ക്കാമെന്നല്ലേ ശപഥംചെയ്തിട്ടുള്ളതു്?”

“അതേ. അദ്ദേഹംതന്നേ. ആൾ ബഹുസമർത്ഥനാണു്. അദ്ദേഹത്തിനു കണ്ടു സംസാരിക്കണമെന്നൊരാഗ്രഹം.”

“അതിനെന്താ വിരോധം?”

“അദ്ദേഹം കാത്തിരിക്കയാണു്. ഇപ്പോൾത്തന്നെ പോയാലോ?”

“ഓഹോ! അങ്ങനെയാവാമല്ലോ.”

നമ്പൂതിരി മേനാവിലും ജോർജ്ജ് കാൽനടയായും സഞ്ചരിച്ചു മാർഷൽ കഠീനോയുടെ ബംഗളാവിൽ അല്പസമയംകൊണ്ടെത്തി.

മാർഷൽ നമ്പൂതിരിയെ കാത്തുകാത്തക്ഷമനായി വരാന്തയിൽ തെക്കും വടക്കും നടക്കുകയായിരുന്നു. ജോർജ്ജിനോടൊന്നിച്ചു മേനാവിൽ ഒരാൾ വരുന്നതായി ദൂതന്മാർ വന്നു പറഞ്ഞപ്പോൾ കഠീനോ സ്വീകരണമുറിയിലേയ്ക്കുതന്നെ പോയി. ആഭിജാത്യമുള്ള മലയാളിയെ കഠീനോ കണ്ടിട്ടില്ലായിരുന്നു. മാമ്പിലക്കാടിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അഭിജാതമായ പ്രഭുത്വത്തെ മാനിക്കാതിരിക്കാൻ കഠീനോയ്ക്കു കഴിഞ്ഞില്ല. നമ്പൂതിരിയെ ഒരു കസാലയിൽ മാനിച്ചിരുത്തി. കഠീനോ പല പ്രാവശ്യം ആജ്ഞാപിച്ചിട്ടും ജോർജ്ജ് ഇരുന്നില്ല; ഓരോ ഒഴിവു പറഞ്ഞു നിന്നതേ ഉള്ളൂ.

മാർഷൽ നമ്പൂതിരിയോടു് ഓരോന്നു ചോദിക്കാൻ തുടങ്ങി. ചോദ്യങ്ങളും മറുപടികളും യോജിച്ച ഭാഷയിൽ തർജ്ജമചെയ്യുന്നതിലാണു് മൈക്കേൽ ജോർജ്ജിന്റെ സാമർത്ഥ്യം കണ്ടതു്. കോഴിക്കോട്ടെ സംഗതികളെപ്പറ്റിയായിരുന്നു ആദ്യത്തെ ചോദ്യങ്ങൾ: “സാമൂതിരിപ്പാടിനെ ആളുകൾക്കു വലിയ മതിപ്പില്ലെന്നും രാജസദസ്സിലെ മന്ത്രികൾ ഭിന്നാഭിപ്രായക്കാരാണെന്നും എന്തോ കാരണവശാൽ രാജാവു സൈന്യാധിപനെ നാടുകടത്തിയിരിക്കയാണെന്നും തന്മൂലം രാജ്യമാകപ്പാടെ ദുർബ്ബലസ്ഥിതിയിലാണെന്നുമായിരുന്നു ആ ചോദ്യോത്തരങ്ങളുടെ ചുരുക്കം. ഈ മുഖവുരയ്ക്കുശേഷം കഠീനോ ചോദിച്ചു: “മുസൽമാന്മാരോടു് ആളുകൾക്കെങ്ങനെയാണു്?”

“വിരോധമാണു്. മുസൽമാന്മാരെക്കൊണ്ടാണു് രാജ്യത്തിനു് ഈ നഷ്ടമൊക്കെയുണ്ടാവുന്നതെന്നാണു് പൊതുവെ ജനങ്ങളുടെ വിശ്വാസം. അതുതന്നേയാണു് ഏറാൾപ്പാടിന്റെ കക്ഷിയും പറയുന്നതു്.”

“അപ്പോൾ, ഏറാൾപ്പാടിനു പൊതുജനസഹായമുണ്ടാവുമോ?”

“കൊള്ളാം. ഉണ്ടാവുമെന്നോ.”

“കോഴിക്കോട്ടെന്തു പട്ടാളം വരും?”

“പട്ടാളമൊക്കെ മറ്റു സ്ഥലങ്ങളിലാണു്—അതിർത്തിപ്രദേശങ്ങളിൽ. കോഴിക്കോട്ടു് അകമ്പടിപ്പട്ടാളമേ ഉള്ളൂ. ഒരു പതിനായിരം നായന്മാർ ഉണ്ടായേയ്ക്കാം.”

“അത്രയേ ഉള്ളൂ, അല്ലേ?”

“പക്ഷേ, പലേടത്തുനിന്നും പട്ടാളത്തെ കോഴിക്കോട്ടു വേഗം ശേഖരിക്കാൻ സാധിക്കും.”

“മറ്റു സ്ഥലത്തു വൈഷമ്യങ്ങളുണ്ടെങ്കിലോ?”

മാമ്പിലക്കാട്ടു മാർഷലിന്റെ ഓരോ ചോദ്യവും വളരെ ശ്രദ്ധിച്ചാണു് കേൾക്കുന്നതു്; വളരെ ശ്രദ്ധിച്ചാണു് മറുപടി പറയുന്നതും. ഇവിടെ മാർഷലിന്റെ ചോദ്യത്തിന്റെ സാരം ഒന്നുകൂടി വ്യക്തമാക്കണമെന്നു കരുതി മാമ്പിലക്കാടു് ഇങ്ങനെ ഒരു ചെറുചോദ്യം തൊടുത്തുവിട്ടു: “എന്നുവെച്ചാൽ?”

“തെക്കുനിന്നു് ആക്രമണമുണ്ടായാലോ എന്നു്.”

“എന്നാൽ തീർച്ചയായും വിഷമിക്കയേ ഉള്ളൂ.”

“മറ്റു തീരപ്രദേശങ്ങളിലെ സ്ഥിതിയോ?”

“വിശേഷമായി ഒന്നുമില്ല.”

കൂടിക്കാഴ്ച അവസാനിച്ചു എന്ന ഭാവത്തിൽ കഠീനോ എഴുന്നേറ്റു. മാമ്പിലക്കാടും എഴുന്നേറ്റു. രണ്ടു പേരും സന്തോഷത്തോടെ യാത്രപറഞ്ഞു പിരിഞ്ഞു.”

മേനാവിൽ കയറിയപ്പോൾ മാമ്പിലക്കാടു തന്റെ അനുമാനങ്ങളെ ക്രമപ്പെടുത്താൻ ശ്രമിച്ചു: തെക്കുനിന്നു കൊച്ചിരാജാവിന്റെ പട അക്രമിക്കും. അതോടൊപ്പിച്ചു് ഏറാൾപ്പാടും പടയ്ക്കിറങ്ങും. കോഴിക്കോട്ടെ സേനകൾ ഇങ്ങനെ പലേടത്തുമായി യുദ്ധത്തിലേർപ്പെട്ടിരിക്കേ പറങ്കികൾ എവിടെയെങ്കിലും ഇറങ്ങി ആക്രമിക്കും. അതു കോഴിക്കോട്ടുതന്നേ ആകാനും മതി. ആക്രമണം എന്നാകുമെന്നാണറിയേണ്ടിയിരുന്നതു്. അതിന്നൊത്തില്ല. ഇനി അതു കൊച്ചിരാജാവിന്റെ സംരംഭങ്ങളിൽനിന്നു മനസ്സിലാക്കാമെന്നു മാമ്പിലക്കാടു തീരുമാനിച്ചു.

പതിനാലാമധ്യായം

പുഴയ്ക്കരെ വലിയ സൈനികസന്നാഹങ്ങൾ നടക്കുന്നുണ്ടെന്നു കൊച്ചിയിൽ താമസിക്കുന്നവർക്കെല്ലാമറിയാം. മാമ്പിലക്കാടും അതു മനസ്സിലാക്കി. കൊച്ചിരാജാവു് കോഴിക്കോടിനെതിരായി പുറപ്പെടുന്നതിന്റെ മുഖ്യച്ചടങ്ങു്, സാമൂതിരിയുമായി നിത്യസഖ്യമുള്ള എടപ്പള്ളിരാജാവിനെ കടന്നാക്രമിക്കുകയാണു്. അപ്പോൾ മറ്റെന്തു വൈഷമ്യമുണ്ടായാലും സാമൂതിരി എടപ്പള്ളി രാജാവിനെ സഹായിക്കാനെത്തുമെന്നു് എല്ലാവർക്കുമറിയാം. അതുകൊണ്ടു കൊച്ചിപ്പട എന്നാണു് എടപ്പള്ളിയിലേയ്ക്കു നീങ്ങുന്നതു് എന്നറിയാനായി മാമ്പിലക്കാടിന്റെ ശ്രമം. അന്വേഷണത്തിൽ പല അഭിപ്രായങ്ങളാണു് കേട്ടതു്. മുഹൂർത്തം നോക്കി ഒരു ദിവസം തീർച്ചയാക്കിക്കാണുമെന്നു ബുദ്ധികൊണ്ടറിഞ്ഞ അദ്ദേഹം അന്വേഷണം ജ്യോതിഷക്കാരുടെ ഇടയിലേയ്ക്കു മാറ്റി. അതിന്റെ ഫലമായി ധനു പന്ത്രണ്ടാംതിയ്യതിയാണു് പട നീങ്ങുന്നതെന്നു് അദ്ദേഹത്തിന്നറിയാൻ കഴിഞ്ഞു; അതു തന്റെ ജ്യോതിഷജ്ഞാനത്തിന്നു യോജിച്ചും കണ്ടു. കൊച്ചിപ്പട ധനു പന്ത്രണ്ടാം തിയ്യതി നീങ്ങുന്നുവെങ്കിൽ അതോടടുത്താവും പറങ്കിപ്പട പുറപ്പെടുന്നതെന്നു് അദ്ദേഹം ഊഹിച്ചു.

ഇങ്ങനെ സംഗതികളുടെ ഏകദേശരൂപം മനസ്സിലാക്കിയ ശേഷം വഞ്ചിവഴി പൊന്നാനിക്കു പോകാനാണു് മാമ്പിലക്കാടു തീർച്ചയാക്കിയതു്. പാതിരാശ്ശേരി കൊച്ചിയിൽ മടങ്ങിവരാനുള്ള സമയമായതുകൊണ്ടു താനിനിയും അവിടെ പരുങ്ങുന്നതു ശരിയാവില്ലെന്നു് അദ്ദേഹത്തിന്നറിയാം. എന്നല്ല, പലേടത്തും സഞ്ചരിച്ചു പാതിരാശ്ശേരി പരിവാരസമേതം എടപ്പള്ളിയിൽ എത്തിക്കഴിഞ്ഞിരുന്നുതാനും.

മമ്പിലക്കാടു പൊന്നാനിയിലെത്തിയപ്പോൾ മൂത്തപണിക്കർ സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹം ഇടവിടാതെ ഓരോരോ സ്ഥലങ്ങളിൽ സഞ്ചരിച്ചുവരികയാണെന്നു മാമ്പിലക്കാടു ചോദിച്ചറിഞ്ഞു. മൂത്തപണിക്കരുടെ സർക്കീട്ടു കുടുംബകാര്യങ്ങളന്വേഷിക്കാനാണെന്നു ചിലരും സൈനികസങ്കേതങ്ങൾ പരിശോധിക്കാനാണെന്നു മറ്റുചിലരും വ്യാഖ്യാനിച്ചു. കൂടെ അധികംപേരെ കൊണ്ടുപോയിരുന്നില്ല: ഒരു കാര്യസ്ഥൻ, രണ്ടു വേലക്കാർ, മേനാവുകാർ—ഇവരേ ഉള്ളൂ. പണിക്കരുടെ ഇത്തരം സഞ്ചാരങ്ങൾ ഒന്നുരണ്ടാഴ്ചയിലധികം നീണ്ടുനില്ക്കാറില്ല; കൂടിയാൽ ആറാംപക്കം തിരികേ വരും. കുടുംബകാര്യമാണെങ്കിൽ കൂടുതൽ താമസിച്ചേയ്ക്കാമെന്നാണു് വേറെയൊരു പക്ഷക്കാരുടെ വാദം. ഏതായാലും മൂത്തപണിക്കരെ കാണാതെ പോകാൻ നിവൃത്തിയില്ലാത്തതുകൊണ്ടു മാമ്പിലക്കാടു് അവിടെ താമസിക്കാൻ തന്നേ തീർച്ചയാക്കി.

പക്ഷേ, അദ്ദേഹത്തിന്നു് അവിടെ അധികം താമസിക്കേണ്ടിവന്നില്ല. പിറ്റേ ദിവസംതന്നേ മൂത്തപണിക്കരെത്തി. മഞ്ചലിൽനിന്നിറങ്ങിയ ഉടനെ അദ്ദേഹം കുഞ്ഞാലിമരയ്ക്കാർക്കു പൊന്നാനിയിലുള്ള താവളത്തിലേയ്ക്കു് ഒരാളെ അയയ്ക്കാണുണ്ടായതു്. മരയ്ക്കാരുടെ ആൾക്കാർ ആരെങ്കിലും അവിടെയുണ്ടേങ്കിൽ ഉടനെ വരണമെന്നായിരുന്നു സന്ദേശം. ആജ്ഞ കൊടുത്തുകഴിഞ്ഞപ്പോഴാണു് പണിക്കർ മാമ്പിലക്കാടിനെ കണ്ടതു്. തിനയഞ്ചേരി എളയതിന്റെ സ്നേഹിതൻ എന്ന നിലയിൽമാത്രമല്ല മാമ്പിലക്കാടിനെ പണിക്കർ അറിയുള്ളൂ. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും രാജ്യകാര്യജ്ഞാനവും അദ്ദേഹം കൊച്ചിയിലേയ്ക്കു പോയ സംഗതിപോലും പണിക്കർക്കറിയാം. അദ്ദേഹം അഭിവന്ദിച്ചശേഷം മാമ്പിലക്കാടിനോടു പറഞ്ഞു: “തിരുമേനിയെ കണ്ടതിലുള്ള സന്തോഷം എങ്ങനെ പറയാനാണു്” എപ്പോൾ കാണാൻ സാധിക്കുമെന്നു വിചാരിച്ചിരിക്കയായിരുന്നു. പോയ കാര്യമൊക്കെ ശരിയായില്ലേ?”

“ഒരു വിധം ശരിയായി എന്നു പറയാം. അതു് ഇവിടെ കണ്ടു പറഞ്ഞിട്ടു വേണം പോവുക എന്നു വിചാരിച്ചാണു് ഈ വഴിക്കു വന്നതു്.”

“ആട്ടേ, കുളിച്ചൂണുകഴിഞ്ഞിട്ടു സൗകര്യമായിരുന്നു പറയാം.”

പണിക്കർ വേഗം കുളിക്കാൻ പോയി. കുളിയും ഊണും കഴിഞ്ഞു തളത്തിൽ മുറുക്കിയിരിക്കുമ്പോൾ മാമ്പിലക്കാടിനെ വിളിച്ചു. മറ്റാരും അവിടെയില്ലെന്നു കണ്ടു പണിക്കർ പറഞ്ഞു: “തിരുമേനി കരിമ്പുഴെ ചെന്നു പാതിരാശ്ശേരിയുമായി ഇടപെട്ടു എന്നു കേട്ടു. വളരെ വിശേഷമായി!”

“അയാളുമായി അങ്ങനെ കളിക്കുന്നതു സൂക്ഷിച്ചു വേണമെന്നു കൊച്ചിയിൽ ചെന്നശേഷമാണു് മനസ്സിലായതു്. ബ്രഹ്മരക്ഷസ്സാണു്; കൊല്ലാനും മടിയില്ല; വഴിയിൽ തടഞ്ഞുനില്ക്കുന്ന വൃക്ഷങ്ങളെ വെട്ടിവീഴ്ത്തുന്ന സ്വഭാവം. വഞ്ചിവഴി ഇങ്ങോട്ടു പോരാനുള്ള ഒരു കാരണം അയാളെ വഴിക്കെങ്ങുംവെച്ചു കാണേണ്ടാ എന്നുവെച്ചുതന്നെയാണു്.”

“എന്തൊക്കെയാണു് കൊച്ചിയിലെ ആലോചനകൾ?”

നമ്പൂതിരി സംഗതികൾ വിസ്തരിച്ചു പറഞ്ഞു. മൂന്നിടത്തു നിന്നും ഒന്നിച്ചാക്രമണം നടത്താനാണു് നിശ്ചയിച്ചിരിക്കുന്നതെന്നും കൊച്ചിരാജാവു് എടപ്പള്ളിവഴിയും ഏറാൾപ്പാടു കരിമ്പുഴനിന്നും ധനു 12-ാം തിയ്യതി നീങ്ങുമെന്നും പറങ്കികളുടെ ആക്രമണം കടൽവഴിക്കാവുമെന്നും എവിടമാണു് അവരുടെ ലക്ഷ്യമെന്നു തീർച്ചയില്ലെന്നും അദ്ദേഹം വെളിവാക്കി. അപ്പോൾ പണിക്കർ പറഞ്ഞു: “അത്രയും ഞാനുമറിഞ്ഞു. ധനു 12-ാം തിയ്യതിക്കാണു് ദിവസം നിശ്ചയിച്ചിട്ടുള്ളതെന്നറിഞ്ഞില്ല. അങ്ങനെയാണെങ്കിൽ സമയം അടുത്തുവല്ലോ.”

“ഉവ്വു്, വളരെ അടുത്തുപോയി.”

“കരയ്ക്കുള്ള ആക്രമണങ്ങളെ അത്ര വകവെയ്ക്കാനില്ല; കടലിൽനിന്നുള്ളതിന്റെ കാര്യം വേറെയൊന്നാണു്: ഉറങ്ങുമ്പോഴാണെങ്കിൽ അവരെ തല്ലിത്തുരത്താൻ പ്രയാസമില്ല; സ്ഥാനമുറപ്പിക്കുന്നതിന്നുമുമ്പായാലും അടിച്ചിറക്കാം. പക്ഷേ, സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ കപ്പലിലെ വൻതോക്കുകളുടെ രക്ഷയിൽ അവർക്കെതിർത്തുനില്ക്കാൻ സാധിക്കും. അതാണല്ലോ കൊച്ചിയിൽ കണ്ടതു്.”

“അപ്പോൾ എന്തു ചെയ്യണമെന്നാണു്—?”

“സൗകര്യമുള്ള സ്ഥാനങ്ങളിൽ സേനകളുണ്ടെങ്കിൽ എവിടെയിറങ്ങിയാലും ചെന്നെതിർക്കാമല്ലോ.”

“ഈ സംഗതികളൊക്കെ രാജസദസ്സിൽ അറിഞ്ഞിട്ടുണ്ടോ?”

“വലിയ തമ്പുരാൻതിരുമനസ്സിലേയ്ക്കു് ഇവിടെനിന്നു് എഴുതിയറിയിക്കാറുണ്ടു്; അദ്ദേഹം വേണ്ട നടപടികൾ എടുക്കുന്നുമുണ്ടു്. ഏതായാലും തിരുമേനിയും കോഴിക്കോട്ടു ചെന്നു സംഗതികൾ അറിയിക്കണം.”

“എന്നാൽ ഞാൻ താമസിക്കുന്നില്ല; ഇപ്പോൾത്തന്നെ ഇറങ്ങുകയാണു്.”

ഇത്രയുമായപ്പോഴയ്ക്കും കുഞ്ഞാലിമരയ്ക്കാരുടെ പ്രതിനിധിയായി പൊന്നാനിമുനമ്പത്തു താവളമടിച്ചു പാർത്തിരുന്ന കുട്ടിയാലി ഒരനുചരസംഘവുമൊത്തു മേനാവിൽ പടിക്കൽ വന്നിറങ്ങി. പണിക്കർ അയാളെ യഥോചിതം സ്വീകരിച്ചിരുത്തി സംഗതികളുടെ സൂക്ഷ്മരൂപം അന്വേഷിച്ചു. കുട്ടിയാലി പറഞ്ഞു: “കൊച്ചിയിലെ നാവികസൈന്യസന്നാഹത്തെപ്പറ്റി പൂർണ്ണമായ വിവരം ലഭിച്ചിട്ടുണ്ടു്. ഒമ്പതു പടക്കപ്പലാണു് ഒരുങ്ങിനില്ക്കുന്നതു്. അവയിൽ ഒരായിരത്തോളം പടയാളികളും വേണ്ടത്ര പീരങ്കികളും ചെറുതോക്കുകളുമുണ്ടു്. കൂടാതെ ഗവർണ്ണരുടെ ആജ്ഞയിൻകീഴിൽ വേറെ ഒരു പതിനഞ്ചുകപ്പലിലും പട്ടാളത്തെ കയറ്റുന്നുണ്ടു്. ആകപ്പാടെ സേന വളരെ സുശക്തമാണു്. നമ്മുടെ പടക്കപ്പലുകൾക്കു് എതിരിടാൻ സാധിക്കയില്ല. എവിടെ ഇറങ്ങാനാണുദ്ദേശിക്കുന്നതെന്നു് അറിഞ്ഞുകൂടാ.”

“എവിടെയാവുമെന്നാണു് കുട്ടിയാലിയുടെ ഉദ്ദേശം?”—പണിക്കർ ചോദിച്ചു.

“ഇങ്ങനെയൊരു നാവികസൈന്യത്തിന്നു കപ്പലടുക്കാവുന്നിടത്തൊക്കെ ഇറങ്ങാൻ സാധിക്കും. ഞാനാണു് അവരുടെ സേനാനായകനെങ്കിൽ പൊന്നാനി പിടിച്ചു കൈവശമാക്കി ഇവിടെ ഒരു കോട്ട കെട്ടും. പിന്നെ ശക്തിയനുസരിച്ചു രാജ്യം പിടിച്ചടക്കാമല്ലോ.”

പണിക്കർ ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു: “അതാണവരുടെ ഉദ്ദേശമെന്നു തോന്നുന്നില്ല. ഇവിടം പിടിക്കാനാണെങ്കിൽ ഇത്ര വലിയ സന്നാഹമൊന്നും വേണ്ടാ; ഒരു കപ്പലിൽ പടയാളികളും മറ്റു കപ്പലുകളിൽ കോട്ട പണിയാനുള്ള കല്ലാശാരിമാരും സാമഗ്രികളുമാണു് വേണ്ടതു്. മറ്റേതോ സുരക്ഷിതമായ ഒരു സ്ഥലം പിടിക്കാനാവണം ഇത്ര വമ്പിച്ച ഒരുക്കങ്ങൾ—കോഴിക്കോടുതന്നേ ആവുമോ?”

“അങ്ങനെയൊരു ഭ്രാന്തു് അവർക്കുണ്ടാവില്ല. ആയിരം പടയാളികളെക്കൊണ്ടു കോഴിക്കോടു പിടിച്ചടക്കാമെന്ന വിചാരം ഭ്രാന്തന്മാർക്കേ ഉണ്ടാവൂ. ഗവർണ്ണർ വളരെ ബുദ്ധിയും വിവേകവുമുള്ള ആളാണെന്നത്രേ കേൾക്കുന്നതു്. എന്തായാലും ഞങ്ങൾ ശരിയായ കാവലിട്ടിട്ടുണ്ടു്. അവരെ എതിർത്തു ജയിക്കാനൊക്കില്ലെങ്കിലും വിടാതെ പിന്തുടരാൻ സാധിക്കും.”

“ഏതായാലും ഏറെത്താമസിയാതെ എല്ലാമറിയാറാവും. ഒരു കാര്യം തീർച്ചതന്നേ: ഒരാഴ്ചയ്ക്കകം വളരെ പ്രധാനമായ സംഭവങ്ങളുണ്ടാവും. കരുതിയിരിക്കയാണാവശ്യം.”

മൂത്തപണിക്കർ സംഭാഷണം അവസാനിപ്പിക്കുന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു് എഴുന്നേറ്റു. താമസിയാതെ യാത്ര പറഞ്ഞു മാമ്പിലക്കാടു കോഴിക്കോട്ടേയ്ക്കും കുട്ടിയാലി തന്റെ താവളത്തിലേയ്ക്കും പോയി.

*****

പൊന്നാനിയിൽ ഈ സംഭാഷണം നടക്കുമ്പോൾ കൊച്ചിയിൽ മൈക്കേൽ ജോർജ്ജിന്റെ വസതിയിൽ രണ്ടുപേർ വളരെ സംഭ്രമത്തോടുകൂടി ഇരുന്നു സംസാരിച്ചിരുന്നു. പാതിരാശ്ശേരി യാത്ര കഴിഞ്ഞു വലിയ കൃതാർത്ഥഭാവത്തോടുകൂടി കൊച്ചിയിലെത്തി. താൻ പോയ കാര്യമെല്ലാം വിജയത്തിൽ കലാശിച്ചല്ലോ എന്ന ചാരിതാർത്ഥ്യം അദ്ദേഹത്തിന്റെ മുഖത്തും നടത്തയിലും തെളിഞ്ഞുകണ്ടു. കൊച്ചിയിലെത്തി കുളിച്ചു വേഷം മാറ്റി വേഗം മൈക്കേൽ ജോർജ്ജിനെക്കാണാനായി ആഫീസ്സിൽ ചെന്നു. പാതിരാശ്ശേരിയെ കണ്ടപ്പോൾ ജോർജ്ജിന്റെ സന്തോഷമൊന്നും പറയാനില്ല. ബഹുമാനത്തോടുകൂടി നമ്പൂതിരിയെ സ്വീകരിച്ചശേഷം ആ ദ്വിഭാഷി പറഞ്ഞു: “എഴുന്നള്ളിയതു് അവസരത്തിലായി. ഗവർണ്ണർ അന്വേഷിച്ചിരിക്കയാണു്—വിശേഷിച്ചും ഞാൻ തിരുമേനിയുടെ വിജയവാർത്തയെ അറിയിച്ചതിൽപ്പിന്നെ.”

പാതിരാശ്ശേരി അമ്പരന്നു. അദ്ദേഹം ചോദിച്ചു: “എന്റെ ഏതു വിജയവാർത്ത? എങ്ങനെ അതിവിടെ അറിഞ്ഞു?”

“അവിടന്നു കരിമ്പുഴനിന്നയച്ച ആൾ—എന്താണു് പേരു്? അതേ, മാമ്പിലക്കാട്ടുനമ്പൂതിരി—എന്നോടു വിസ്തരിച്ചു പറഞ്ഞു.”

“എന്തു്, മാമ്പിലക്കാടിനെ ഞാനയച്ചെന്നോ! അയാൾ എന്റെ ആളെന്നോ! തിനയഞ്ചേരിയുടെ ചാരനാണയാൾ. ഇത്ര സാമർത്ഥ്യമുണ്ടെന്നു ഞാൻ വിചാരിച്ചില്ല. എങ്ങനെയാണു് എന്റെ ആളാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തിയതു്? ലക്ഷ്യം വല്ലതും കാണിച്ചുവോ?”

“ലക്ഷ്യം കാണേണ്ടതുണ്ടെന്നു തോന്നിയില്ല. ചോദിച്ചതിനെല്ലാം ശരിയായ ഉത്തരം പറഞ്ഞു. എല്ലാ സംഗതിയും നല്ലവണ്ണം അറിയാമെന്നും സ്പഷ്ടമായി. കരിമ്പുഴെ നടന്ന സംഗതികൾ വിസ്തരിച്ചു പറഞ്ഞതിൽനിന്നു തിരുമേനി അദ്ദേഹത്തെ പൂർണ്ണമായി വിശ്വസിച്ചിരിക്കണമെന്നാണു് എനിക്കു തോന്നിയതു്.”

“അതു പോകട്ടെ. നമുക്കമളി പറ്റി. ഇനി ഇതാരോടും പറയാൻ പോകേണ്ടാ. അയാളീ നാടു വിട്ടിട്ടില്ലെങ്കിൽ ഒരു പാഠം പഠിപ്പിച്ചുകൊള്ളാം. ഇവിടത്തെ രഹസ്യങ്ങൾ വല്ലതും മനസ്സിലാക്കിയോ?”

“ഞാനൊന്നും പറഞ്ഞില്ല. പക്ഷേ, മാർഷലുമായി ഒരു മണിക്കൂർ സംസാരിക്കയുണ്ടായി. ഞാൻ തന്നേയായിരുന്നു ദ്വിഭാഷി. അദ്ദേഹവും രഹസ്യമൊന്നും പറഞ്ഞതായി ഓർക്കുന്നില്ല.”

പാതിരാശ്ശേരി ഒന്നു ചിരിച്ചു. എന്നിട്ടു ചോദിച്ചു: “ഒരു മണിക്കൂർ സംസാരിച്ചിട്ടു രഹസ്യമൊന്നും പറഞ്ഞില്ല, അല്ലേ? നിങ്ങൾ മാമ്പിലക്കാടിനെ അറിയില്ല. ഇനി അയാളെ ഈ നാട്ടിലെങ്ങും കാണുമെന്നു വിചാരിക്കേണ്ടാ. ഇന്നല്ലെങ്കിൽ നാളെ ഇവിടത്തെ ആലോചനകളുടെ പ്രധാനാംശങ്ങളെപ്പറ്റി സാമൂതിരിയുടെ സദസ്സിൽ ചർച്ചനടക്കും.”

ജോർജ്ജിന്നു പരിഭ്രമമായി. അയാൾ ചോദിച്ചു: “ഇനിയെന്താണു് ചെയ്യുക? തിരുമേനിതന്നേ പറയണം.”

“ഇനിയെന്തു പറയാനാണു്? ഇരുട്ടത്തു കൊണ്ട അടിപോലെ കരുതിക്കോളൂ. നാം രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി. നമുക്കു ഗവർണ്ണരെ പോയി കാണുക.”

അവർ രണ്ടുപേരും ഗവർണ്ണരുടെ ബങ്കളാവിലേയ്ക്കു പോയി.

പാതിരാശ്ശേരിയുടെ തിരിച്ചുവരവിനെ അക്ഷമനായി കാത്തിരിക്കയായിരുന്നു ആൽബൂക്കെർക്കു്. നമ്പൂതിരി വന്നുചേർന്ന സംഗതി അറിഞ്ഞ ഉടൻതന്നേ മുമ്പിൽ ഹാജരാവാൻ ആളയച്ചിരുന്നു. പാതിരാശ്ശേരി ദ്വിഭാഷിയോടുകൂടി വന്നുചേർന്നപ്പോൾ മാനിച്ചിരുത്തി ഗവർണ്ണർ കാര്യങ്ങളെല്ലാം നേരിട്ടു ചോദിച്ചു. യുദ്ധംകൊണ്ടുള്ള ഫലപ്രാപ്തിയിൽ ആൽബൂക്കെർക്ക് തികച്ചും വിശ്വസിച്ചില്ല. കൊച്ചിരാജാവിന്റെ പട എടപ്പള്ളി കഴിഞ്ഞു മുന്നോട്ടു കേറുകയില്ലെന്നു് അദ്ദേഹം വിശ്വസിച്ചു; അവിടെവെച്ചുപോലും സാമൂതിരിയുടെ സൈന്യത്തോടെതിർത്തുനില്ക്കത്തക്ക ശക്തി അതിനുണ്ടോ എന്നാണു് അദ്ദേഹത്തിനു സംശയം. അതുവരെയുണ്ടായിട്ടുള്ള യുദ്ധംകൊണ്ടു് അങ്ങനെയാണു് തെളിഞ്ഞിട്ടുള്ളതു്. ഈ അഭിപ്രായങ്ങൾ ഗവർണ്ണർ പറഞ്ഞപ്പോൾ പാതിരാശ്ശേരിയും അതിനെ എതിർത്തില്ല. അദ്ദേഹം പറഞ്ഞു: “ഗവർണ്ണരുടെ അഭിപ്രായം ശരിയാണു്. അഞ്ചിക്കയ്മൾ ദേശത്തുപോലും സാമൂതിരിക്കു ബലമുണ്ടു്. കൊച്ചിരാജാവു് ശേഖരിക്കുന്ന പടകൊണ്ടു വലിയ ഫലമൊന്നുമില്ലെന്നു തീർച്ചതന്നേ. പക്ഷേ, ഇത്തവണ പ്രധാനമായൊരു വ്യത്യാസമുണ്ടു്. സാമൂതിരിയുടെ സൈന്യത്തിൽ ഒരു പ്രധാനഭാഗം നമ്മുടെ വശത്താണു്. സാമൂതിരിസൈന്യത്തിന്റെ കണ്ണാണു് ഏറനാടുമൂപ്പതിനായിരം. അതു് ഇളംകൂറിന്റെ കീഴിൽ സാമൂതിരിക്കെതിരായി പുറപ്പെടുകയാണെങ്കിൽ അതു വലിയൊരിടിവാവും.”

“അതു ശരിയാണു്. പക്ഷേ, അങ്ങനെ പുറപ്പെടുമോ? തീർച്ചയുണ്ടോ?”

“പിന്നെയെന്തിനാണു് ഞാൻ പോയതു്? അതെല്ലാം ഭദ്രം!”

“അതേയോ!”

ഗവർണ്ണർ സന്തോഷം പ്രകടിപ്പിച്ചു. എന്നിട്ടു് അദ്ദേഹം ചോദിച്ചു: “ഏറാൾപ്പാടവർകൾ സന്ധിക്കൊരുക്കമാണോ? പോർട്ടുഗീസ്രാജാവുമായി ഒരു ഉടമ്പടി ഒപ്പിടുമോ?”

“അതിനെപ്പറ്റിയാണു് ഞാനിവിടെ സംസാരിച്ചതു്. ഞാൻ മുമ്പിവിടെ സൂചിപ്പിച്ച വ്യവസ്ഥകളിൽ അദ്ദേഹം ഒപ്പിടും.”

ഗവർണ്ണർക്കു വിശ്വാസമായില്ല. അങ്ങനെയൊരാൾ തന്റെ രാജ്യത്തെയും സ്വാതന്ത്ര്യത്തെയും എഴുതിവില്ക്കുമെന്നു് എങ്ങനെ വിശ്വസിക്കും? അദ്ദേഹം ചോദിച്ചു: “സമ്മതിച്ചിട്ടുള്ളതു വാങ്മൂലമോ രേഖാമൂലമോ?”

“വാങ്മൂലവും രേഖാമൂലവും.”

നമ്പൂതിരി കൈയിലുള്ള സഞ്ചിയിൽനിന്നു് ഒരോലച്ചുരുൾ എടുത്തു ഗവർണ്ണരുടെ മുമ്പിൽ വെച്ചുകൊടുത്തു. അതെടുത്തു വായിക്കാൻ ഗവർണ്ണർ മൈക്കേൽ ജോർജ്ജിനോടു് ആംഗ്യംകൊണ്ടാജ്ഞാപിച്ചു. ഇതായിരുന്നു ജോർജ്ജ് വായിച്ച ആ എഴുത്തിന്റെ സാരം:

“നെടിയിരിപ്പിളംകൂർ ഏറാടിപ്പാടുരാജാവു ബഹുമാന്യനായ പോർട്ടുഗാൽഗവർണ്ണരെ അറിയിക്കുന്നതു്: പാതിരാശ്ശേരി മുഖാന്തരം നമ്മെ അറിയിച്ച കാര്യങ്ങളെപ്പറ്റി നാം നല്ലവണ്ണം ആലോചിച്ചു. പോർട്ടുഗാൽരാജാവും സാമൂതിരിപ്പാടും തമ്മിൽ ഒരു സന്ധി അത്യാവശ്യമെന്നാണു് നമ്മുടെയും അഭിപ്രായം. നമുക്കു മൂപ്പു കിട്ടിയാൽ അപ്രകാരമൊരു സന്ധി നടപ്പിൽ കൊണ്ടുവരണമെന്നാണു് നമ്മുടെ നിശ്ചയം. ആ സന്ധിയിലെ പ്രധാനവ്യവസ്ഥകൾ താഴെ കൊടുക്കുന്നവയായിരിക്കണമെന്നാണു് നമ്മുടെ അഭിപ്രായം:

“നമ്മുടെ നാട്ടിലുള്ള ഏലം കുരുമുളകു മുതലായ സാധനങ്ങൾ നിരക്കുവിലയ്ക്കു പോർട്ടുഗാൽരാജാവിന്റെ ആളുകൾക്കു പതിവുള്ള ചുങ്കത്തിനധീനമായി വില്ക്കാവുന്നതാണു്. അവർക്കു വിറ്റു ബാക്കിയുള്ളതുമാത്രമേ മറ്റുള്ളവർക്കു വിൽക്കൂ.”

“വില്പന നമ്മുടെ കാര്യക്കാരുടെ സാന്നിധ്യത്തിലേ പാടുള്ളൂ.”

“നമ്മുടെ പ്രത്യേകാനുവാദം കൂടാതെ കോട്ടയോ പാണ്ടകശാലയോ കോഴിക്കോട്ടുപട്ടണത്തിൽ കെട്ടിക്കൂടാ. ആവശ്യമുള്ള പാണ്ടകശാല നാം കെട്ടിച്ചുകൊടുക്കുന്നതാണു്.”

“പശുഹത്യ തുറമുഖത്തുള്ള കപ്പലിലും നിഷിദ്ധമായി കരുതണം.”

“നാട്ടിലുള്ള പ്രഭുക്കന്മാരുമായി നേരിട്ടൊരേർപ്പാടുമരുതു്.”

“നമ്മുടെ കപ്പലോട്ടത്തെ തടയരുതു്. നമ്മുടെ കൊടി പറക്കുന്നതോ നമ്മുടെ ശീട്ടുള്ളതോ ആയ കപ്പലുകളുടെ ഗതാഗതത്തെ തടസ്സംചെയ്യരുതു്.”

“ഈ വ്യവസ്ഥകളിൽ പോർട്ടുഗാൽരാജാവുമായി നാം സന്ധിചെയ്യാൻ തയ്യാറാണു്. അതുവരെ അന്യോന്യം സഹായിക്കുന്നതും സമ്മതമാണു്.”

ഈ എഴുത്തിലെ വ്യവസ്ഥകൾ തർജ്ജമചെയ്തു കേട്ടപ്പോൾ ആൽബൂക്കെർക്ക് ആദ്യമുണ്ടായ സന്തോഷം തീരേ ലോപിച്ചുപോയി. ശരിയാണു്, ഏറാൾപ്പാടു മുസ്സൽമാന്മാരെ ഒഴിച്ചു്, പറങ്കികളോടുമാത്രം കച്ചോടം നടത്താമെന്നു സമ്മതിക്കുന്നുണ്ടു്. പക്ഷേ, തുല്യപ്രാബല്യമുള്ള രണ്ടു രാജശക്തികൾ തമ്മിലുള്ളവ പോലായിരുന്നു ആ സന്ധിയിലെ വ്യവസ്ഥകൾ കോട്ട കെട്ടിക്കൂടാ, പ്രഭുക്കളുമായിടപെട്ടുകൂടാ, ചുങ്കം കൊടുക്കണം, കോഴിക്കോട്ടെ കപ്പലുകൾക്കു ശീട്ടുകൊടുക്കണം—ഇങ്ങനെയൊക്കെയുള്ള വ്യവസ്ഥകൾ ഏറാൾപ്പാടിൽനിന്നുണ്ടാവുമെന്നു ഗവർണ്ണർ പ്രതീക്ഷിച്ചതല്ല; സാമൂതിരിപ്പാടു മുമ്പു പറഞ്ഞ വ്യവസ്ഥകളിൽനിന്നു വളരെ വ്യത്യാസപ്പെട്ടവയല്ലതാനും ഇവ. രാജ്യാധികാരത്തിൽ കൊതിച്ചു പോർട്ടുഗാലിനെ ആശ്രയിക്കും ഏറാൾപ്പാടു് എന്നായിരുന്നു ഗവർണ്ണർ വിചാരിച്ചതു്. അദ്ദേഹം അല്പനേരം ആലോചിച്ചിട്ടു പറഞ്ഞു: “ഏതായാലും നിങ്ങൾ ചെയ്തതു നന്നായി. സന്ധിയുണ്ടെങ്കിലും ഇല്ലെങ്കിലും, വ്യവസ്ഥകൾ ഇവ തന്നേയായാലും വേറെ വല്ലതുമായാലും, യുദ്ധത്തിലിപ്പോൾ അന്യോന്യം സഹായിക്കാമെന്നു് ഏറ്റുപറഞ്ഞിട്ടുണ്ടല്ലോ. അതാണു് അത്യാവശ്യം. ഒരാഴ്ചയ്ക്കകം യുദ്ധംതന്നേ തുടങ്ങും. ഇവിടെയെല്ലാം തയ്യാറാണു്.”

“അവിടെയും തയ്യാറാണു്. അവിടത്തെ ഒരുക്കങ്ങളെ ഞാൻ തന്നേ നേരിട്ടു കണ്ടു. മൂന്നിടത്തുനിന്നാരംഭിക്കുന്ന ഈ യുദ്ധം, എങ്ങനെയായാലും, കോഴിക്കോട്ടുകാർക്കു ഗുണമാവില്ല. ഈ ത്രിശൂലത്തിന്മേൽക്കിടന്നു സാമൂതിരിയുടെ ശക്തി മരണവേദന കൊള്ളും!”

ഒരു പ്രതികാരേച്ഛുവിന്റെ ആത്മസംതൃപ്തി പാതിരാശ്ശേരിയുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നതായി തോന്നി. ഗവർണ്ണർ വിലപിടിച്ച പല സമ്മാനങ്ങളും കൊടുത്തു് അദ്ദേഹത്തെ യാത്രയയച്ചു.

പതിനഞ്ചാമധ്യായം

ഡിസമ്പർ 27-ാം തിയ്യതി പുലർന്നു. അന്നു വൈകുന്നേരമാണു് ചരിത്രപ്രധാനമാകേണ്ട ആ യാത്ര തീർച്ചയാക്കീട്ടുള്ളതു്. ഗവർണ്ണർ ആൽബൂക്കെർക്ക് രാവിലെ എഴുന്നേറ്റു നിത്യകർമ്മങ്ങളും പ്രാർത്ഥനയും കഴിച്ചശേഷം യാത്ര പുറപ്പെടുന്നതിനുമുമ്പു ചെയ്തുതീർക്കേണ്ട ഓരോരോ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധ പതിച്ചു. ഒമ്പതുമണിക്കു ഭദ്രാസനപ്പള്ളിയിൽ വിശേഷിച്ചൊരു കുർബാനയും പോർട്ടുഗാൽക്കാരുടെ വിജയത്തിന്നു് ഒരു പ്രാർത്ഥനയും നിശ്ചയിച്ചിട്ടുണ്ടു്. അതു കഴിഞ്ഞു 11 മണിക്കു രാജസഭ. എല്ലാ പ്രധാനോദ്യോഗസ്ഥന്മാർക്കും അതിൽ പങ്കെടുക്കാനവകാശമുണ്ടു്. അന്നത്തെ രാജസഭയ്ക്കു് ഒരു സവിശേഷതയുണ്ടു്: കൊച്ചിരാജാവായ രവിവർമ്മതമ്പുരാനും അതിൽ പങ്കെടുക്കുന്നു. യുദ്ധം സംബന്ധിച്ച യോഗമായതുകൊണ്ടു്, പോർട്ടുഗാൽരാജാവിന്റെ സൈനികസഹോദരൻ എന്ന സ്ഥാനം വഹിക്കുന്ന കൊച്ചിരാജാവിനു് അതിൽ പങ്കെടുക്കാൻ ന്യായമായ അവകാശമുണ്ടു്. ഇപ്പോൾ തുടങ്ങുന്ന യുദ്ധത്തിൽ കൊച്ചിപ്പടയും ഏർപ്പെടുന്നതിനാൽ കൊച്ചിരാജാവിനോടുകൂടി ആലോചിക്കേണ്ടതു് വിശേഷിച്ചും അത്യാവശ്യമാണു്. കൗൺസിൽ കഴിഞ്ഞാൽ പ്രധാനോദ്യോഗസ്ഥന്മാരൊന്നിച്ചു് ഒരു വിരുന്നു നടത്തി കപ്പലിൽ കയറുക—ഇതായിരുന്നു നിശ്ചിതപരിപാടി.

ഗവർണ്ണർ ഇപ്രകാരമുള്ള രാജ്യകാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കേ മാർഷൽ കഠീനോ കപ്പലിലും യുദ്ധക്കളത്തിലും ധരിക്കേണ്ട കുപ്പായങ്ങളെയും കീർത്തിമുദ്രകളെയും പരിശോധിക്കയായിരുന്നു. ധീരനും യുദ്ധവീരനുമായ അദ്ദേഹത്തിൽ വങ്കത്തമെന്ന ഗുണവും നല്ലപോലുണ്ടു്. യാത്രാദിവസങ്ങളിൽ ധരിക്കാനായി വിലപിടിച്ച പട്ടുകൊണ്ടു തയ്പിച്ച എട്ടുടുപ്പുകളും അവയ്ക്കു ചേർന്ന ചെരിപ്പുകൾ, ഉറുമാലുകൾ മുതലായവയും അദ്ദേഹമെടുത്തു വേറെ വെച്ചു; അന്നു തലയിൽ വെയ്ക്കേണ്ട തൊപ്പിയും അരയിലണിയേണ്ട വാളും വിശേഷിച്ചു കോഴിക്കോട്ടു ചെന്നാലണിയേണ്ടവയും വെവ്വേറെ പരിശോധിച്ചു. ഇങ്ങനെയോരോന്നിൽ മുഴുകിയിരിക്കുമ്പോഴാണു് പള്ളിയിൽ കുർബ്ബാനയുണ്ടെന്നും അതു കഴിഞ്ഞു രാജസഭയാണെന്നും ഭൃത്യൻ വന്നറിയിച്ചതു്. വേഗത്തിൽ വേറൊരുടുപ്പെടുത്തു ധരിച്ചു് ആ യുദ്ധവീരൻ അന്നത്തെ പ്രവൃത്തികൾക്കു തയ്യാറായി.

പള്ളിയിലെ കുർബ്ബാനയും പ്രാർത്ഥനയും പതിനൊന്നുമണിക്കുമുമ്പേ കഴിഞ്ഞു. ഗവർണ്ണരും മാർഷലും അവിടെ നിന്നു നേരെ പോന്നതു ഗവർണ്ണരുടെ ബങ്കളാവിന്നു തൊട്ടടുത്തുള്ള സഭാമണ്ഡപത്തിലേയ്ക്കാണു്. കൂടെ പത്തു പ്രധാനോദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു. പുതുതായി ലിസ്ബണിൽനിന്നു വന്ന പീരങ്കി സ്സൈന്യനായകൻ ലൂയി സെക്വീറായും അക്കൂട്ടത്തിലുണ്ടു്.

സഭാമന്ദിരത്തിന്റെ നടുവിലത്തെ ഭാഗം സാമാന്യം വലിയൊരു ഹാളാണു്. അതിന്റെ നടുവിൽക്കിടക്കുന്ന ഒരു മേശയ്ക്കു ചുറ്റുമായി കസാലകൾ അടുക്കിയിട്ടുണ്ടു്. അവയിൽ രണ്ടെണ്ണം പൊന്നുപൂശിയതും പിറകിൽ കിരീടം കൊത്തിയതും മറ്റൊന്നു വെള്ളി പൂശിയതുമാണു്. മേശയ്ക്കു മീതെ സൂര്യപടംകൊണ്ടുള്ള ഒരു വിരിപ്പിട്ടു മൂടിയിട്ടുണ്ടു്.

മണി പതിനൊന്നടിച്ചിട്ടും അവരാരും തങ്ങളുടെ ആസനങ്ങളിൽ ഉപവിഷ്ടരായില്ല. എല്ലാവരും കൊച്ചിരാജാവിന്റെ എഴുന്നള്ളത്തു കാത്തു നില്ക്കുകയാണു്. അപ്പോഴേയ്ക്കും രാജാവു പുറപ്പെട്ടിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന ആചാരവെടികൾ കേട്ടുതുടങ്ങി. ഡംസാ മുതലായ ഉദ്യോഗസ്ഥന്മാർ രാജാവിനെ ഉപചാരപൂർവ്വം സ്വീകരിക്കാനായി വേഗത്തിൽ ചെന്നു. മേനാവു സഭാമന്ദിരത്തിന്റെ വാതില്ക്കലെത്തി. ഗവർണ്ണർ അങ്ങോട്ടു ചെന്നു് അദ്ദേഹത്തെ മേനാവിൽനിന്നിറക്കി അഭിവാദ്യം ചെയ്തു കൂട്ടിക്കൊണ്ടു വന്നു തന്റെ വലത്തുഭാഗത്തു സ്വർണ്ണംപൂശിയ കസാലയിൽ ഇരുത്തി. അതു കണ്ടപ്പോൾ തനിക്കു വെള്ളിക്കസാലയാണിട്ടിരിക്കുന്നതെന്നു മാർഷലിന്നു മനസ്സിലായി. ആ അഭിമാനിയുടെ മുഖം ചുവന്നു, കണ്ണുകളിൽ തീപ്പൊരി പാറി. പക്ഷേ, എന്തു ചെയ്യാം, അവിടെവെച്ചു് ഒന്നും പറയാനോ ചെയ്യാനോ നിവൃത്തിയില്ലല്ലോ.

രവിവർമ്മ എന്ന തിരുനാമമുള്ള ഈ കൊച്ചിരാജാവിനു് അക്കാലത്തു വയസ്സു് അറുപതിൽക്കവിഞ്ഞിരുന്നു. എന്നാൽ അരോഗദൃഢഗാത്രനായതുകൊണ്ടു് ആ വയസ്സു തോന്നിക്കില്ല. ഇരുനിറം, നരച്ചുവെളുത്തു അസുലഭമായിമാത്രമുള്ള തലമുടി മുന്നോട്ടു കെട്ടിയിട്ട നെറ്റി, ചന്ദനപ്പൊട്ടു്, ആകെ സൗമ്യമായ ഒരു നോട്ടം—ഇതായിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം. വെളുത്ത ഒരു പാവുമുണ്ടും അതിന്നുമേൽ ഒരു കസവുമുണ്ടുമാണു് ഉടുത്തിട്ടുള്ളതു്. കനംകുറഞ്ഞ ഒരു സാൽവകൊണ്ടു ദേഹം മൂടിയിട്ടുണ്ടു്. കൈകളിൽ വീരശൃംഖല, വിരലിൽ മോതിരങ്ങൾ, കളഭംപൂശിയ നെഞ്ചിൽ ചുവന്ന കല്ലുകൾ പതിച്ച ഒരു പതക്കം—ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വേഷം.

വാസ്ക്കോ ഡ ഗാമ ആദ്യം കൊച്ചിയിൽ വന്നപ്പോൾ അവിടെ രാജ്യം ഭരിച്ചിരുന്നതു് ഇദ്ദേഹമാണു്. ഈ രവിവർമ്മതന്നേയാണു് സാമൂതിരിയോടു വിദ്വേഷം വിചാരിച്ചു പറങ്കികളെ ക്ഷണിച്ചുവരുത്തി കൊച്ചിയിൽ കച്ചോടംചെയ്യാൻ അവകാശം കൊടുത്തതും കോട്ടകെട്ടാൻ അധികാരം നല്കിയതും. സാമൂതിരിയുടെ ശക്തിയെ ധർഷിച്ചു കാബ്രാൻ അവിടെ താമസിപ്പിച്ചിട്ടുപോയ ആളുകളെ വളരെ കഷ്ടനഷ്ടങ്ങൾ സഹിച്ചു രക്ഷിച്ചതു് ഇദ്ദേഹമാണു്. എന്നാൽ പത്തുവർഷംകൊണ്ടു് അദ്ദേഹത്തിന്റെ സ്ഥിതിയാകെ മാറിപ്പോയി. പറങ്കികൾ കോട്ടകെട്ടി നാവിക ശക്തിയെ വർദ്ധിപ്പിച്ചതോടുകൂടി കൊച്ചിരാജാവിനു് അവരുടെ പുരസ്ക്കർത്താവെന്ന സ്ഥാനം പോയി. ആശ്രിതനെന്ന നിലയായി: അവകാശപ്പെട്ട പണം അവർ കൊടുക്കാതായി; കുടുംബകാര്യങ്ങളിലും വംശപാരമ്പര്യങ്ങളിലും കയ്യിട്ടുതുടങ്ങി; പെരുമ്പടപ്പുമൂപ്പിൽസ്ഥാനംതന്നെ നിർത്തിക്കളയാൻ അദ്ദേഹത്തെ നിർബ്ബന്ധിച്ചു.

ഇങ്ങനെ പരദേശികളോടുള്ള വേഴ്ചകൊണ്ടു പല സങ്കടങ്ങളുമനുഭവിക്കേണ്ടിവന്ന ആളാണെങ്കിലും രവിവർമ്മരാജാവു ശാന്തനും സൗമ്യപ്രകൃതിയും ദൈവഭക്തനുമായിരുന്നു. ആചാരങ്ങളിലും ചടങ്ങുകളിലുമൊന്നും മുടക്കംവരുത്താറില്ല. സാമൂതിരിയോടുള്ള പകയൊഴിച്ചാൽ മറ്റുള്ളവരെ ദ്രോഹിക്കണമെന്ന വിചാരവും അദ്ദേഹത്തിന്നില്ല.

ചെറിയൊരു പ്രസംഗത്തോടുകൂടി ഗവർണ്ണർ സദസ്സാരംഭിച്ചു. പോർട്ടുഗാൽക്കാർ ഇന്ത്യയിലെത്തിയശേഷം ഏർപ്പെട്ട സൈനികസംരംഭങ്ങളിൽ ഏറ്റവും പ്രധാനമായതാണു് ഇന്നാരംഭിക്കുന്നതെന്നും അഹംകാരിയും ഉദ്ധതനുമായ സാമൂതിരിയുടെ ശക്തിയെ നിശ്ശേഷം നശിപ്പിക്കലാണു് അതിന്റെ ഉദ്ദേശമെന്നും അദ്ദേഹം വെളിപ്പെടുത്തി: സാമംകൊണ്ടും ദാനംകൊണ്ടും നാമദ്ദേഹത്തോടിടപെട്ടുനോക്കി. ഒരു ഫലവുമുണ്ടായില്ല. വൈദ്രോഹികളും ചെകുത്താൻപക്ഷപാതിയുമായ മൂര(Moors)ന്മാരുടെ കൈപ്പിടിയിലാണദ്ദേഹം. അതു നമുക്കും ഈ നാട്ടുകാർക്കും ഒരുപോലെ ദോഷകരമാണു്. അതുകൊണ്ടു സാമൂതിരിയുടെ ശക്തിയെ സംഹരിച്ചു്, മൂരന്മാരെ ഈ നാട്ടിൽനിന്നു ബഹിഷ്കരിക്കാൻ നാം തീർച്ചയാക്കിയിരിക്കുന്നു. ഈ സരംഭത്തിനായി പോർട്ടുഗാൽസാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപനായ മാർഷൽ കഠീനോയെത്തന്നെ നിയമിച്ചിരിക്കകൊണ്ടു നമ്മുടെ മഹാരാജാവു് ഇതിന്നെത്ര പ്രാധാന്യം കല്പിച്ചിട്ടിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ. പല യുദ്ധങ്ങളിൽ പങ്കെടുത്തു തന്റെ വീരപരാക്രമങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള ഒരു മഹാനാണു് മാർഷൽ കഠീനോ. അദ്ദേഹത്തിന്റെ കൂടെ വന്നിട്ടുള്ള പടക്കപ്പലുകളും സേനയും അതോടൊപ്പം നമ്മുടെ കീഴിൽ ഇവിടെയുള്ള കപ്പലുകളും പട്ടാളങ്ങളും യുദ്ധംചെയ്യുന്നതാണു്.

“പിന്നെ നമ്മുടെ സഹായത്തിന്നു നമ്മോടൊന്നിച്ചു പടക്കളത്തിലിറങ്ങിയിട്ടുള്ളതു പണ്ടേ സാമൂതിരിയോടു പകയുള്ള നമ്മുടെ സ്നേഹിതൻ കൊച്ചിരാജാവാണു്. തന്റെ സൈനികസഹോദരനെന്നു നമ്മുടെ സാർവ്വഭൗമനാൽ ആദരിക്കപ്പെടുന്ന അദ്ദേഹം നമ്മെ സഹായിക്കാനിറങ്ങിയതിൽ ആശ്ചര്യമില്ല. അദ്ദേഹത്തിന്റെ പ്രബലമായ സേനയും സാമൂതിരിയുടെ രാജ്യത്തെയും സഹായികളെയും ഇന്നാക്രമിച്ചുതുടങ്ങും. പിന്നെയുമുണ്ടു് ഒരു കാര്യം: ഈ യുദ്ധത്തിൽ സാമൂതിരിയുടെ ഇളംകൂറായ ഏറാൾപ്പാടും നമ്മുടെ കക്ഷിയിലാണു്. സാമൂതിരിക്കു നമ്മോടുള്ള പിണക്കംകൊണ്ടു കോഴിക്കോട്ടുരാജ്യത്തിന്നുണ്ടായിക്കൊണ്ടിരിക്കുന്ന നാശത്തെ മനസ്സിലാക്കിയാണു് അദ്ദേഹം നമ്മോടു ചേർന്നുനില്ക്കുന്നതു്. ഈ സ്ഥിതിക്കു നമ്മുടെ വിജയം അസന്ദിഗ്ദ്ധമാണെന്നു പറയേണ്ടതില്ലല്ലോ.”

ഹസ്തതാഡനംകൊണ്ടു് ആ ഹാളാകെ മുഴങ്ങി. ഗവർണ്ണരുടെ അഭിപ്രായത്തെ എല്ലാവരും പിൻതാങ്ങി. മാർഷൽ കഠീനോ എഴുന്നേറ്റു പറഞ്ഞു: “കോഴിക്കോട്ടുരാജ്യം തകർന്നതായി കണക്കാക്കിക്കൊള്ളണം. സാമൂതിരിയെ ബന്ധിച്ചു പോർട്ടുഗാൽരാജാവിന്റെ സിംഹാസനത്തിനു മുമ്പിൽ കാഴ്ചവെയ്ക്കാമെന്നാണു് ഞാൻ ശപഥംചെയ്തിട്ടുള്ളതു്. അദ്ദേഹത്തിന്റെ പള്ളിയറയുടെ വാതിൽ സിംഹാസനത്തിന്റെ ചവിട്ടുപടിയായി വെയ്ക്കാമെന്നും ഞാനേറ്റിട്ടുണ്ടു്. അങ്ങനെ ചെയ്യുമെന്നതിനു തർക്കമില്ല. ഞാനും എന്റെ കൂടെയുള്ള പട്ടാളവും മതി അതു നിർവ്വഹിക്കാൻ. ഇത്ര താമസിച്ചല്ലോ എന്നേ എനിക്കു സങ്കടമുള്ളൂ. ഏതായാലും ഇപ്പോൾ പുറപ്പെടാൻ തുടങ്ങിയല്ലോ. ഇനി താമസമൊന്നുമുണ്ടാകയില്ലെന്നു വിശ്വസിക്കുന്നു.”

പിന്നേത്തെ പ്രഭാഷണം കൊച്ചിരാജാവിന്റേതായിരുന്നു. അദ്ദേഹം കസാലമേൽ ഇരുന്നുകൊണ്ടുതന്നേയാണു് സംസാരിച്ചതു്: “നാം വളരെക്കാലമായി കാണാനാഗ്രഹിച്ച ദിവസമാണിതു്; പോർട്ടുഗീസുകാർ ഇവിടെ വന്നു താമസമാക്കിയതിൽപ്പിന്നെ നാമെപ്പോഴും ആവശ്യപ്പെട്ടുപോന്നതുമാണു്. ഇതുവരെയുണ്ടായ യുദ്ധങ്ങളിൽ നമ്മുടെ പ്രഭുക്കളുടെ സഹായത്തോടുകൂടി സാമൂതിരി ഇങ്ങോട്ടു വന്നാക്രമിക്കുകയാണുണ്ടായതു്. അങ്ങോട്ടു ചെന്നാക്രമിക്കാൻ പോർട്ടുഗീസുകാരാകട്ടെ നാമാകട്ടേ ഒരുമ്പെട്ടില്ല. ഈ പത്തുകൊല്ലത്തെ യുദ്ധംകൊണ്ടു സാമൂതിരിക്കുണ്ടായ ബലക്ഷയത്തിന്റെ ലക്ഷ്യമാണു് നാമിപ്പോൾ അങ്ങോട്ടു ചെന്നാക്രമിക്കുന്നതു്. നമുക്കിന്നു സാമൂതിരിയുടെ പല പ്രധാനപ്രഭുക്കന്മാരുടെയും, ഇളംകൂറിന്റെതന്നേയും, സഹായമുണ്ടു്. അതുകൊണ്ടു് ഗവർണ്ണർ പറഞ്ഞതുപോലെ, വിജയം അസന്ദിഗ്ദ്ധംതന്നേ. നെടിയിരിപ്പുസ്വരൂപം തകർന്നു തരിപ്പണമാവും. അതുകൊണ്ടു നാം പലതും മുൻകൂട്ടിത്തന്നേ ആലോചിച്ചു തീർച്ചപ്പെടുത്തേണ്ടതുണ്ടു്. നിങ്ങൾക്കു കച്ചോടമാണല്ലോ ആവശ്യം. അതു നാം ജയിച്ചു കീഴടക്കുന്ന എല്ലാ സ്ഥലത്തും നിങ്ങളേ ഏല്പിക്കുന്നു. രാജ്യം നമുക്കു വരേണ്ടതാണു്. ഈ രാജ്യമെല്ലാം നമ്മുടെ പൂർവ്വികന്മാർക്കുള്ളതായിരുന്നു. പിന്നീടവർ വീതിച്ചു കൊടുത്തതാണു്. അതുകൊണ്ടു ജയിച്ചു കിട്ടുന്ന രാജ്യം നമുക്കാണു് അടങ്ങേണ്ടതു്. വിശേഷിച്ചു്, പഴയഞ്ചേരിനായർ, വെട്ടത്തുരാജാവു്, കവളപ്പാറനായർ മുതലായി പുരാതനമായി നമ്മുടെ കീഴിലിരുന്ന നാടുവാഴികളെ നമുക്കുതന്നേ വിട്ടുതരണം. എടപ്പള്ളിരാജാവിനും തെക്കുംകൂർ വടക്കുംകൂർ രാജാക്കന്മാർക്കും പരമ്പരയാ സാമൂതിരിയോടുള്ള ബന്ധത്തെ മുറിച്ചുകളയണം. സാമൂതിരിമാർ പഴയപടി ഏറനാട്ടടികളായി ജീവിച്ചുകൊള്ളട്ടെ.”

കൊച്ചിരാജാവിന്റെ പ്രസംഗത്തിന്നു മറുപടിയായി ആൽബൂക്കെർക്ക് ഒന്നും പറഞ്ഞില്ല. അദ്ദേഹം ഉദാസീനനായി ഇരുന്നതേ ഉള്ളൂ. എന്നാൽ മാർഷലിന്നു മൗനവലംബിക്കാൻ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാണു്. ഞങ്ങൾക്കിവിടെ രാജാധികാരമല്ല ആവശ്യം, കച്ചോടവും അതിനാവശ്യമുള്ള താവളങ്ങളുമാണു്. ഞങ്ങളുടെ സാർവ്വഭൗമന്റെ സൈനികസഹോദരനായ താങ്കൾക്കു വിജയത്തിൽനിന്നു ലഭിക്കുന്ന രാജ്യങ്ങൾ വരണമെന്നു പറയുന്നതു ശരിതന്നേ—എന്തു പറയുന്നു, ഗവർണ്ണരവർകൾ?”

തന്നെ നേരിട്ടിങ്ങനെ ചോദ്യംചെയ്തതു് ആൽബൂക്കെർക്കിന്നൊട്ടും പിടിച്ചില്ല. എങ്കിലും അതിന്നു ശരിയായ ഉത്തരം പറയാനും അദ്ദേഹം മടിച്ചില്ല. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രാജ്യം പിടിച്ചിട്ടു പങ്കിട്ടാൽപോരേ? നാം വിചാരിക്കുംപോലെ അത്ര എളുപ്പമുള്ളതല്ല ഇക്കാര്യം. കോഴിക്കോടു പിടിക്കാൻ, പക്ഷേ, നമ്മെക്കൊണ്ടു കഴിഞ്ഞേയ്ക്കാം. എന്നാൽ സാമൂതിരിയുടെ ശക്തി അതുകൊണ്ടവസാനിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഏറാൾപ്പാടിന്റെ കീഴിലുള്ള പട്ടാളത്തിന്റെ ജയംപോലിരിക്കും കരയിലെ യുദ്ധത്തിന്റെ ഗതി. അദ്ദേഹം ജയിച്ചാൽ നമുക്കു കച്ചോടമനുവദിച്ചുതന്നേയ്ക്കാമെന്നല്ലാതെ മറ്റു വല്ലതും സമ്മതിക്കുമോ?”

“അതാണു ആ കൂട്ടുകെട്ടു വേണ്ടെന്നു ഞാനാദ്യമേ പറഞ്ഞതു്”—കൊച്ചിരാജാവു തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

ഗവർണ്ണർ വിഷയം മാറ്റാനായി രാജാവിനോടു ചോദിച്ചു: “ആട്ടെ, അവിടുത്തെ പട്ടാളം എപ്പോഴാണു് പുറപ്പെടുന്നതു് ?”

“ഇന്നു സന്ധ്യ മയങ്ങിയിട്ടാണു മുഹൂർത്തം. നാമും സൈന്യത്തെ അനുഗമിക്കുന്നുണ്ടു്. ഇന്നു പ്രസ്ഥാനംചെയ്തു നാളെ രാവിലെ പുറപ്പെടും.”

ഗവർണ്ണരുടെ ആംഗ്യമനുസരിച്ചു് ഒരു പറങ്കിയുദ്യോഗസ്ഥൻ മുന്നോട്ടു വന്നു സദസ്സവസാനിച്ചതായി അറിയിച്ചു. ഗവർണ്ണരും രാജാവും തുടർന്നു മറ്റുള്ളവരും എഴുന്നേറ്റു ഹാളിന്നു പുറത്തേയ്ക്കു പോയി. ഹാളിന്നു പുറത്തെത്തിയപ്പോൾ ഗവർണ്ണർ രാജാവിനോടു പറഞ്ഞു: “എന്നാൽ ഇനി തിരുമേനി എഴുന്നള്ളാം. ഞങ്ങൾ നേരിട്ടു കപ്പലിലേയ്ക്കാണു്.”

“ഗവർണ്ണരെയും മാർഷലിനെയും കപ്പൽ കയറ്റി അയച്ചിട്ടു പോകാമെന്നാണു് ഞാനുദ്ദേശിക്കുന്നതു്.”

എന്നാലങ്ങനെയാവട്ടേ എന്നു പറഞ്ഞു് എല്ലാവരുമൊന്നിച്ചു കപ്പലിലേയ്ക്കു നീങ്ങി. അവർ കല്പടയിലുള്ള പന്തലിലെത്തിയപ്പോഴേയ്ക്കും പട്ടാളങ്ങൾ കയറി കപ്പലുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു. ഒന്നിച്ചു പോകേണ്ട ഉദ്യോഗസ്ഥന്മാരും കപ്പലിൽ കയറി സ്ഥലംപിടിച്ചു. ഇനി ഗവർണ്ണരും മാർഷലുംമാത്രമേ കയറാനുള്ളു. അവർ പന്തലിനു താഴെ നില്ക്കുകയാണു്; ഇടയ്ക്കിടെ അന്യോന്യം നോക്കുന്നുമുണ്ടു്. രണ്ടുപേരും അനങ്ങുന്ന ഭാവമില്ല. രാജാവിനും തോന്നി, ഇതിലെന്തോ അപകടമുണ്ടെന്നു്.

കാര്യം ഈ വിധത്തിലായിരുന്നു. എല്ലാവരും കയറിക്കഴിഞ്ഞിട്ടാണു് അധികാരത്തിൽ മൂപ്പുള്ളവർ കയറുക. അതുകൊണ്ടു രാജപ്രതിനിധിയും ഈ രാജ്യങ്ങളിലെല്ലാം പോർട്ടുഗാലിന്റെ ഒന്നാമത്തെ ഉദ്യോഗസ്ഥനും താനാകയാൽ ആ സ്ഥാനം തനിക്കാണെന്നും താനാണു് ഒടുവിൽ കയറേണ്ടതെന്നും ആൽബൂക്കെർക്ക് വിശ്വസിച്ചു. അതാണുതാനും ന്യായം. മാർഷലിന്റെ വാദം മറ്റൊന്നാണു്: ഭരണകാര്യങ്ങളിൽ ഒന്നാംസ്ഥാനം ഗവർണ്ണർക്കാണെങ്കിലും താൻ സർവ്വസൈന്യാധിപനാകയാൽ സൈനികാവസരങ്ങളിൽ തനിക്കാണു് സ്ഥാനക്കൂടുതലെന്നും ഈ പടയേറ്റം തന്റെ കീഴിലാകയാൽ ഏതു നിലയ്ക്കും തന്നെക്കാൾക്കവിഞ്ഞൊരു സ്ഥാനം ആർക്കുമില്ലെന്നും മാർഷൽ വാദിച്ചു. ഈ വാദങ്ങളെ ഒരുവിധത്തിലും വകവെച്ചുകൊടുക്കാൻ ഗവർണ്ണർക്കു നിവൃത്തിയില്ല. രണ്ടാളും രാജാവിൽനിന്നു ലഭിച്ച അധികാരത്തെ അവലംബമാക്കിയാണു് വാദിച്ചതു്. താൻ സ്ഥാനംകൊണ്ടു മാർഷ(സർവ്വസൈന്യാധിപതി)ലാകയാൽ കൊച്ചിയിലെ പറങ്കിപ്പട്ടാളങ്ങളുടെയും ഗവർണ്ണരുടെ കീഴിലുളള കപ്പലുകളെയും മേലധികാരം തനിക്കുണ്ടെന്ന കഠീനോയുടെ വാദം ഒരുവിധത്തിലും സ്വീകാര്യമായി ഗവർണ്ണർ കരുതിയില്ല. തന്റെ കപ്പലും സേനയും രാജപ്രതിനിധിയായ തന്റെ കീഴിൽത്തന്നെയാണു് എന്നതിനെ അദ്ദേഹം മുറുകെപ്പിടിച്ചു.

ഈ വാഗ്വാദം മൂത്തു് ഒരു കലഹമായിത്തന്നേ തീരുമെന്ന നിലയായി. കപ്പലുകൾ പുറപ്പെടുന്ന കാര്യംതന്നേ സംശയത്തിലായി. ആരാണു് ഇതിനൊരു മാധ്യസ്ഥം പറയാൻ? എങ്ങനെയാണു് വഴക്കു തീർന്നിട്ടു കപ്പൽ വിടുക? ഒടുവിൽ ആൽബൂക്കെർക്ക് പറഞ്ഞു: “നമ്മുടെ രാജാവിന്റെ സേനാസഹോദരനായ ഇദ്ദേഹം ഈ വഴക്കിനു മാധ്യസ്ഥ്യം വഹിക്കട്ടെ.” മാർഷലും അതിന്നു സമ്മതിച്ചു. മൈക്കേൽ ജോർജ്ജ് രണ്ടുപേരുടെയും വാദമുഖങ്ങളെ മലയാളത്തിൽ പറഞ്ഞു കൊച്ചിരാജാവിനെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ തീരുമാനം ഇപ്രകാരമായിരുന്നു: “മാർഷലിന്റെ കൂടെ പോർട്ടുഗാലിൽനിന്നു വന്ന കപ്പലുകൾ മാർഷലിന്റെ കീഴിൽ; ഗവർണ്ണർ ഇവിടെ തയ്യാറാക്കിയവ ഗവർണ്ണരുടെ കീഴിലും. കരയിൽ രാജപ്രതിനിധിയാകയാൽ കരയ്ക്കും കരയ്ക്കുതൊട്ടു മൂന്നു നാഴിക കടലിലും മുൻകൈ ഗവർണ്ണർക്കു്; വൻകടലിലും യുദ്ധക്കളത്തിലും മാർഷലിന്നും. ചുരുക്കത്തിൽ, കരപ്രദേശവും അതേത്തൊട്ടു കടലിൽ മൂന്നു നാഴികയും കഴിഞ്ഞാൽ മാർഷലിന്നു ഗവർണ്ണരെക്കാൾ വലിയവനാകും; അതുപോലെതന്നേ മാർഷലിന്നു സർവ്വാധികാരവും കിട്ടി. രാജാവിന്റെ ഈ തീരുമാനം രണ്ടുപേർക്കും പിടിച്ചു. ഉടൻതന്നേ മാർഷൽ തന്റെ കപ്പലിൽക്കയറി കരയിൽനിന്നു മൂന്നു നാഴിക അകന്നു കപ്പലോടിക്കാൻ കല്പന കൊടുത്തു. ആൽബൂക്കെർക്കാകട്ടെ, രാജാവിനോടു യാത്രപറഞ്ഞു്, ആചാരവെടി പൊട്ടിച്ചു്, കപ്പലിൽക്കയറി തീരത്തെ തൊട്ടുകൊണ്ടു യാത്രചെയ്തു.

കാറ്റു് അത്ര അനുകൂലമായിരുന്നില്ല. ആകപ്പാടെ മുപ്പതു വൻകപ്പലും സാമാനങ്ങൾ മുതലായവ കയറ്റിയ പല ചെറുപത്തേമാരികളുമടക്കം വലിയൊരു നാവികസംഘമാണു് കൊച്ചിയിൽനിന്നു് പുറപ്പെട്ടതു്. മാർഷലിന്റെ ഒമ്പതു കപ്പലും തീരം വിട്ടു സഞ്ചരിച്ചതിനാൽ ഗവർണ്ണരുടെ കപ്പലിൽനിന്നുള്ള സംജ്ഞകളൊന്നും അവർക്കു കിട്ടാതായി. അന്നു രാത്രികൊണ്ടു് അന്യോന്യബന്ധമില്ലാതായിക്കഴിഞ്ഞതിനാൽ രണ്ടുകൂട്ടം കപ്പലുകളും കുറച്ചധികം അകന്നുപോയി. പൊന്നാനിയോടടുത്തപ്പോൾ അതിവേഗത്തിൽ ചലിക്കുന്ന കടലോടികൾ ഈ രണ്ടു സംഘത്തിന്റെയുമിടയിൽ കടന്നുകൂടി. അവ മാർഷലിന്റെ കപ്പലുകൾക്കിടയിൽക്കയറി കഴുനായ്ക്കൾപോലെ കടിച്ചു. സ്വന്തം കപ്പലുകളിൽ കൊണ്ടേയ്ക്കുമോ എന്ന ശങ്കകൊണ്ടു മാർഷലിന്റെ ആൾക്കാർക്കു വെടിവെയ്ക്കാൻ അത്ര എളുപ്പമില്ലായിരുന്നു. തന്മൂലം പടക്കപ്പലുകളുടെ പിറകേ പോകുന്ന സാമാനക്കപ്പലുകളിൽ ചിലവയെ ആ കടലോടികൾക്കു നിർഭയം ഉപദ്രവിക്കാൻ സാധിച്ചു.

ആൽബൂക്കെർക്ക് ഈ കടൽമൂഷികരെ വകവെച്ചില്ല. പാകത്തിൽ കിട്ടിയാൽ വെടിവെച്ചു നശിപ്പിക്കുന്നതിനല്ലാതെ അവരെ എതിർത്തു യുദ്ധംചെയ്തുകളയാമെന്നു് അദ്ദേഹം വിചാരിച്ചില്ല. കുട്ടിയാലിക്കും യുദ്ധംചെയ്യണമെന്നില്ലായിരുന്നു; അതിന്നുള്ള കെൽപ്പുമില്ലായിരുന്നു. അവരെ ഉപദ്രവിക്കണമെന്നും അവരുടെ ഗതി എങ്ങോട്ടാണെന്നു മനസ്സിലാക്കണമെന്നുമേ അയാൾക്കാഗ്രഹമുള്ളൂ. പൊന്നാനിമുനമ്പു കഴിഞ്ഞു വടക്കോട്ടുള്ള ഗതി കണ്ടപ്പോൾ ലക്ഷ്യം കോഴിക്കോട്ടേയ്ക്കുതന്നേ ആയിരിക്കുമെന്നു് അയാളൂഹിച്ചു. ഉടനെ ചെറിയ ഒരോടിവഴി മൂത്തപണിക്കരെ വിവരമറിയിക്കാൻ ആളെ അയച്ചുതാനും.

കുട്ടിയാലിയുടെ അനുജൻ മൊയ്തീൻകുട്ടിയുടെ കീഴിലുള്ള ഒരു കൂട്ടമോടികളാണു് മാർഷലിന്റെ കപ്പലുകൾക്കിടയിൽക്കടന്നു കഴുന്നാക്കളി കളിച്ചതു്. തന്റെ സ്ഥാനത്തെയും പൗരുഷത്തെയും ധർഷിക്കാനായി സാമൂതിരിപ്പാടു ചെയ്ത ഏർപ്പാടാണിതെന്നു മാർഷലിന്നു തോന്നി. അതു സഹിച്ചിരിക്കാമോ? ഇങ്ങനെയൊരു ചെകിട്ടത്തടി ഏറ്റുകൊണ്ടു പോർട്ടുഗാലിലെ മാർഷൽ പകരം വീട്ടാതിരിക്കുകയോ? അതൊരിക്കലും വയ്യ. അവരെ തുരത്താൻ രണ്ടു കപ്പലിനു് അദ്ദേഹം ആജ്ഞകൊടുത്തു. കൂട്ടത്തിൽവെച്ചു വെടിവെയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ ആ രണ്ടു കപ്പൽ സംഘത്തിൽനിന്നു പിരിഞ്ഞു. മൊയ്തീൻകുട്ടിയുടെ ഓടികളിൽ ഒരു പത്തെണ്ണം തെക്കോട്ടു തിരിഞ്ഞു് അതിവേഗമോടുന്നപോലെ തോന്നി. മാർഷലിന്റെ രണ്ടു കപ്പലും അവയെ പിന്തുടർന്നു. കപ്പൽ സംഘത്തിൽനിന്നു് ഒരഞ്ചുനാഴിക അകന്നപ്പോൾ മൊയ്തീൻകുട്ടി തന്റെ ഓടികളുടെ ഗതി മന്ദമാക്കി. പോർട്ടുഗാൽക്കാരുടെ വലിയ കപ്പലുകൾ വെടിവെയ്ക്കാനിപ്പോൾ തരമായി എന്ന ഭാവത്തിൽ നിലയെടുത്തു. പക്ഷേ, സംഭവിച്ചതു മറ്റൊരു വിധത്തിലാണു്: ചെറിയ ഓടികൾ അതിവേഗം കപ്പലിനോടടുത്തതുകൊണ്ടു തട്ടിന്മേൽ നില്ക്കുന്നവർക്കു ശരിയായ ഉന്നം കിട്ടില്ലെന്ന നിലയായി. എന്നല്ല, അപ്പോഴേയ്ക്കും എണ്ണയിൽ മുക്കി തിരകൊളുത്തി ഓടിയിൽനിന്നു വലിച്ചെറിയുന്ന പന്തങ്ങൾ കപ്പലുകളുടെ തട്ടിന്മേൽ വന്നു വീഴാൻ തുടങ്ങി. അപ്പോഴാണു് തങ്ങൾക്കു പറ്റിയ അപകടം പോർട്ടുഗാൽക്കാർക്കു മനസ്സിലായതു്. മൊയ്തീൻകുട്ടിയുടെ രണ്ടുമൂന്നോടി മുങ്ങിപ്പോയി എന്നതു ശരിയാണു്. പക്ഷേ, പോർട്ടുഗാൽകപ്പലുകൾ രണ്ടിന്നും തീപ്പിടിച്ചു. തീ കെടുത്താൻ പറ്റില്ലെന്നു വന്നപ്പോൾ കപ്പലിലുള്ളവർ ആയുധങ്ങളുപേക്ഷിച്ചു കടലിലേയ്ക്കു ചാടി. അവരിൽ ചിലരെ മൊയ്തീൻകുട്ടിയുടെ ആളുകൾ രക്ഷിക്കയുണ്ടായി.

ആ രണ്ടു കപ്പലും അതിലുണ്ടായിരുന്ന നൂറിൽക്കൂടുതൽ പടയാളികളും അപ്രകാരം നശിച്ചു. ഇങ്ങനെയൊരു ദുശ്ശകുനവുംകൊണ്ടാണു് ആ പുറപ്പാടുണ്ടായതു്.

കോഴിക്കോടനോടികളെ തുരത്താനയച്ച കപ്പലുകൾ തിരിച്ചു വരുന്നതിനു് അന്നു വൈകുന്നേരംവരെ മാർഷൽ കാത്തിരുന്നു; കാണാഞ്ഞപ്പോൾ അവരെ അന്വേഷിക്കാനായി താൻതന്നേ പുറപ്പെട്ടു. കുറച്ചു ദൂരം ചെന്നപ്പോൾ കത്തിയെരിഞ്ഞുടഞ്ഞ കപ്പലുകളുടെ മരക്കഷണങ്ങളിൽ പിടിച്ചു കടലിലഞ്ഞു കിടക്കുന്ന ചിലരെ കണ്ടുകിട്ടി. അവരിൽനിന്നു് ആ രണ്ടു കപ്പലിന്നു പറ്റിയ ആപത്തുകളെയും മറ്റും മാർഷൽ മനസ്സിലാക്കി.

രണ്ടു കപ്പലു നശിച്ചുപോവുകമാത്രമല്ല അതുകൊണ്ടുണ്ടായ ഫലം; ആക്രമണത്തിനുള്ള ഏർപ്പാടുകളെല്ലാംതന്നേ ഒരു ദിവസം താമസിച്ചും പോയി.

പതിനാറാമധ്യായം

വിരോധികൾ തനിക്കെതിരായി ഇങ്ങനെ ഏകോപിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു ശങ്കിക്കാൻ സാമൂതിരിപ്പാടിന്നു് ഒരു കാരണവുമില്ലായിരുന്നു. ഏറാൾപ്പാടു പിണങ്ങി നില്ക്കുകയാണെന്നും അദ്ദേഹം ചില പ്രഭുക്കളെ ഇളക്കാൻ ശ്രമിക്കുന്നുണ്ടെന്നും കേൾക്കാൻ തുടങ്ങിയിട്ടു കുറെ നാളായി. എങ്കിലും ചാരചക്ഷുസ്സുകൊണ്ടറിയാൻ കഴിഞ്ഞതു് ആ പ്രയത്നങ്ങൾ വിഫലങ്ങളായി എന്നാണു്. കൊച്ചിരാജാവു നിത്യശത്രുവാണല്ലോ. പക്ഷേ, അദ്ദേഹത്തിന്റെ പടയെ സാമൂതിരിപ്പാടു തീരെ നിസ്സാരമായിട്ടേ ഗണിച്ചുള്ളു. അഞ്ചുമാസംമുമ്പു മരയ്ക്കാർ മുഖംകാണിച്ചന്നുമുതൽ അദ്ദേഹം പറങ്കികളുടെ കാര്യത്തിലാണു് ശ്രദ്ധിച്ചതു്. കൊച്ചിയിൽനിന്നു കിട്ടിയ അറിവുകളിൽനിന്നു് ഇത്രമാത്രമേ തെളിഞ്ഞുള്ളു: അവിടെ പ്രബലമായൊരു നാവികസൈന്യത്തെ പറങ്കികൾ ശേഖരിക്കുന്നുണ്ടു്; അതിന്റെ ശക്തി താമസിയാതെ കോഴിക്കോട്ടുരാജ്യത്തു് ഏതെങ്കിലുമൊരു ഭാഗത്തു്, ഇടിത്തീപോലെ, വന്നുവീഴും. പക്ഷേ, അവരിറങ്ങുന്നതു് എവിടെയാണെന്നറിഞ്ഞില്ല. അതറിയാതെ എതിർസന്നാഹം സുസാധ്യമല്ലല്ലോ. ഏതായാലും, മരയ്ക്കാർ പറഞ്ഞതുപോലെ, മുതലയ്ക്കു കരയിൽ ശക്തിയില്ല; കരയിൽ കയറിക്കിട്ടിയാൽ അടിച്ചുകൊല്ലുംതാനും. അതുകൊണ്ടു വേണമെങ്കിൽ അവർ കരയ്ക്കിറങ്ങട്ടെ എന്നു സാമൂതിരിപ്പാടു് ആശ്വസിക്കയാണുണ്ടായതു്.

കൊച്ചിയിൽനിന്നു പറങ്കികളുടെ നാവികസേന പുറപ്പെട്ട ധനുമാസം പന്ത്രണ്ടാംതിയ്യതി സാമൂതിരിപ്പാടു വൃശ്ചികവ്രതസമാപ്തിയുടെ ആഘോഷങ്ങൾ കഴിഞ്ഞു രാജ്യകാര്യന്വേഷണത്തിനൊരുങ്ങുകയായിരുന്നു. രാവിലത്തെ നിത്യകർമ്മങ്ങളും ക്ഷേത്രദർശനവും വയറാട്ടമെന്ന രഹസ്യച്ചടങ്ങും കഴിഞ്ഞു മഹാരാജാവു മന്ത്രമണ്ഡപത്തിൽ എഴുന്നള്ളി. പട്ടോലമേനോന്മാർക്കും കാവൽഭടന്മാർക്കും പുറമേ തിനയഞ്ചേരി എളയതു്, മങ്ങാട്ടച്ചൻ, പന്നശ്ശേരിനായർ മുതലായ മന്ത്രിസഭാംഗങ്ങളും ഹാജരായിട്ടുണ്ടു്. പതിവുപോലെ എളയതു കാര്യങ്ങൾ പറഞ്ഞുതുടങ്ങി: “ആറ്റുമുട്ടുകയ്മൾ ചെയ്തുവരുന്ന അതിക്രമങ്ങളെപ്പറ്റി കല്പനയനുസരിച്ചു നടത്തിയിരുന്ന അന്വേഷണങ്ങൾ പൂർത്തിയായി. അയാൾ ആറ്റു വഴിക്കു പോകുന്ന വഞ്ചികളെ കൊള്ളയടിക്കുന്നതായും അനധികൃതമായി ചുങ്കംപിരിക്കുന്നതായും സ്ത്രീകളെ അപമാനിക്കുന്നതായും തെളിഞ്ഞിട്ടുണ്ടു്.”

തമ്പുരാൻ കല്പിച്ചു: “അയാളുടെ പേരിൽ ആവലാതികൾ കേട്ടു തുടങ്ങിയിട്ടു കുറെ നാളായി. ആ അപരാധങ്ങൾ തെളിഞ്ഞ സ്ഥിതിക്കു് അയാളുടെ വസ്തുക്കളിൽ പകുതി കണ്ടുകെട്ടുകയാണു് വേണ്ടതു്.”

എളയതും അതു സമ്മതിച്ചു. ഇങ്ങനെ ചെറുതെങ്കിലും രാജ്യക്ഷേമത്തെ ബാധിക്കുന്ന പല കാര്യങ്ങളെപ്പറ്റി തിരുമനസ്സറിയിച്ചശേഷം എളയതു പറഞ്ഞു: “പെരുമ്പടപ്പിലെ (കൊച്ചി രാജാവിന്റെ) പട എടപ്പള്ളിക്കു നീങ്ങുമെന്നാണറിയുന്നതു്. നമ്മുടെ തലച്ചെന്നവർക്കു വേണ്ട ആജ്ഞകൾ നല്കിയിട്ടുണ്ടു്. പിന്നെ, വടക്കുംകൂർരാജാവിനെയും അറിയിച്ചിട്ടുണ്ടു്. കൊച്ചിപ്പട നീങ്ങിയാൽ വടക്കേ അതിർത്തിയിൽ നിർത്തിയ വടക്കുംകൂർപ്പടയും എടപ്പള്ളിക്കു സഹായത്തിനെത്തും.”

“പെരുമ്പടപ്പിലെ പുറപ്പാടു സാരമായ ഒരു കാര്യമായി ഞാൻ ഗണിക്കുന്നില്ല. അതിരിക്കട്ടെ, എന്താണു് കരിമ്പുഴനിന്നു വർത്തമാനം?”

“അവിടെനിന്നറിയുന്നതും നമുക്കു ദോഷകരമല്ല. പ്രധാന പ്രഭുക്കളിലാരും അങ്ങോട്ടു ചേർന്നിട്ടില്ല. വെട്ടത്തുരാജാവു് ഒടുവിൽ ഒഴിഞ്ഞുമാറി എന്നുമാത്രമല്ല, നമ്മോടു ചേരാൻ തയ്യാറാണെന്നു് അറിയിച്ചിട്ടുണ്ടല്ലോ. കവളപ്പാറയും പഴയഞ്ചേരിയും ആദ്യമൊക്കെ അങ്ങോട്ടു ചാഞ്ഞായിരുന്നു. പക്ഷേ, മൂത്തപണിക്കർക്കു് അവരുടെ ഇടയിലെല്ലാം കുറെ പ്രാബല്യമുണ്ടു്. അദ്ദേഹമാണു് അവരെ പറഞ്ഞു മാറ്റിയതെന്നുവേണം പറയുക.”

“ശരി. തിനയഞ്ചേരിയും അക്കാര്യത്തിൽ പ്രവർത്തിച്ചതു നമുക്കറിയാം.”

“പിന്നെ, ഏറനാടുമുപ്പതിനായിരത്തിന്റെ കാര്യമാണു്. സാമൂതിരിപ്പാടിന്റെ കൊടി കാണുമ്പോൾ അവർക്കെത്രമാത്രം എതിർത്തുനില്ക്കാനാവുമെന്നു കണ്ടറിയണം.”

“ഇതൊന്നും സാരമാക്കാനില്ല. ഇവർക്കെല്ലാം സഹായമായി നില്ക്കുന്നതു പറങ്കികളാണു്. അവരുടെ ബലമാണു് ഇവരുടെ ബലം. ദൈവാധീനംകൊണ്ടു് അവർക്കു കരയിൽ ബലമില്ല. അവർ കരയ്ക്കിറങ്ങിക്കാണാനാണു് നമ്മുടെ ആഗ്രഹം. കൊച്ചിക്കയച്ച ആൾ എന്താണു് എത്താത്തതു്?”

“അയാൾ വഴിയാണു് ഈ വർത്തമാനമൊക്കെ ലഭിച്ചതു്. കപ്പല്പട എങ്ങോട്ടാണു് നീങ്ങുന്നതു്, എന്നു പുറപ്പെടും—ഈ രണ്ടു കാര്യംമാത്രം അറിയാൻ സാധിച്ചിട്ടില്ല. അയാളെത്തിയാൽ അതും അറിയാൻ കഴിയും.”

കോഴിക്കോട്ടെത്താൻ താമസിച്ചതു മാമ്പിലക്കാടന്റെ കുറ്റംകൊണ്ടല്ല. വഞ്ചിവഴിക്കാണല്ലോ അദ്ദേഹം കൊച്ചിയിൽനിന്നു തിരിച്ചതു്. പൊന്നാനിയിൽ എത്തിയപ്പോൾ മൂത്തപണിക്കർ അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ വന്ന താമസം ഒഴിച്ചു കൂടാത്തതാണു്. പൊന്നാനിയിൽനിന്നു കരവഴിക്കു തിരിച്ചു കോഴിക്കോട്ടെത്താനുള്ള സമയമാവുംമുമ്പാണുതാനും ഈ ആലോചനകൾ.

തമ്പുരാൻ മന്ത്രമണ്ഡപത്തിൽനിന്നെഴുന്നേറ്റു. അന്നു സാഹിത്യസദസ്സു കൂടുന്ന ദിവസമാണു്. അതിന്നുള്ള പ്രത്യേകമണ്ഡപത്തിൽ പണ്ഡിതന്മാരും കവികളും ശാസ്ത്രാർത്ഥവാദത്തിലേർപ്പെടാൻ പുറത്തുനിന്നു വന്നിട്ടുള്ളവരും കാത്തുനില്പുണ്ടു്. ചേന്നാസ്സ് നമ്പൂതിരി, കാക്കശ്ശേരി, മുല്ലശ്ശേരി മുതലായ ബ്രാഹ്മണപണ്ഡിതന്മാരും ആനാത്തു പിഷാരൊടി, തൃക്കണ്ടിയൂർ പിഷാരൊടി, ദേശമംഗലത്തുവാരിയർ തുടങ്ങിയ മറ്റു വിദ്വാന്മാരും അക്കൂട്ടത്തിലുണ്ടു്. അവരിൽ ആസനത്തിന്നവകാശമുള്ള ബ്രാഹ്മണശ്രേഷ്ഠർക്കു പീഠം നല്കി ആദരിക്കേണ്ട ഭാരം ദേശമംഗലത്തു വാരിയർക്കാണു്. സമയമായപ്പോൾ പയ്യൂർപ്പട്ടേരിയാൽ അനുഗതനായി മഹാരാജാവു സദസ്സിൽ എഴുന്നള്ളി സിംഹാസനത്തിലിരുന്നു. സ്ഥാനമാനാദികളനുസരിച്ചു് അടുക്കിയിട്ട ഭദ്രാസനങ്ങളിൽ ബ്രാഹ്മണപണ്ഡിതന്മാരും ഇരുന്നു. പിഷാരൊടിമാർ, വാരിയന്മാർ, നായന്മാർ മുതലായ പണ്ഡിതന്മാരാകട്ടെ, മാറിനിന്നതേ ഉള്ളൂ.

സരസ്വതീവന്ദനത്തിനുശേഷം സദസ്സാരംഭിച്ചു. മഹാരാജാവു പയ്യൂർപ്പട്ടേരിയോടു ചോദിച്ചു: “പട്ടേരി, ഇന്നു വ്യാകരണചർച്ചയല്ലേ? അതിൽ പ്രവേശിക്കുന്നതിനുമുമ്പു് എന്തൊക്കെയാണു് സദസ്സിനെ അറിയിക്കാനുള്ളതു്?”

പട്ടേരി എഴുന്നേറ്റുനിന്നു സിംഹാസനത്തെ വന്ദിച്ചിട്ടു പറഞ്ഞു: “ഈ വഴിയേ തീർത്ഥാടനത്തിന്നു പോകുന്ന ചില പണ്ഡിതന്മാർവഴി ചിത്രകൂടത്തിലെ (ചിത്തോഡിലെ) റാണാ സംഗ്രാമസിംഹൻ തന്റെ പിതാമഹൻ കുംഭകർണ്ണദേവൻ എഴുതിയ പല അനർഘഗ്രന്ഥങ്ങൾ ഇവിടെ തരാനായി അയച്ചിട്ടുണ്ടു്. ഗീതഗോവിന്ദത്തിനു രസികപ്രിയ എന്ന ഒരതിവിശിഷ്ടവ്യാഖ്യാനവും സംഗീതരാജാ എന്ന പേരിൽ നൃത്തസംഗീതശാസ്ത്രങ്ങളെസ്സംബന്ധിച്ചു് അതിവിപുലമായൊരു ഗ്രന്ഥവുമാണു് അയച്ചിട്ടുള്ളതു്. എനിക്കു മനസ്സിലായേടത്തോളം കുംഭകർണ്ണമഹാരാജാവു മഹാപണ്ഡിതൻമാത്രമല്ല, അതിവിശിഷ്ടനായ ഒരു രാജസത്തമനുമായിരുന്നു.”

“പകരം നമ്മുടെ പൂർവ്വികരുടെ കൃതികളിൽ ചിലതു കൊടുത്തയയ്ക്കുമല്ലോ.”

“വന്നവർക്കു സമ്മാനങ്ങൾ കൊടുത്തയച്ചപ്പോൾ ഞാനതു മറന്നുപോയില്ല.”

പട്ടേരിയുടെ ഔചിത്യബോധത്തെ മഹാരാജാവു മനസാ അഭിനന്ദിച്ചു. ഇങ്ങനെ ചില കാര്യങ്ങളെപ്പറ്റി പിന്നെയും സംസാരിച്ചശേഷം മഹാരാജാവു പറഞ്ഞു: “ഇന്നു സദസ്സിനെ വന്ദിക്കാൻ ആരെങ്കിലും പുതുതായി വന്നിട്ടുണ്ടെങ്കിൽ അവരെ കൊണ്ടുവരാം.”

സ്ഥിരംസദസ്യരുടെ ആഭിമുഖ്യത്തിലാണു് പുതിയ ആളുകൾ വന്ന സദസ്സിനെ വന്ദിക്കാറു്. തന്റെ ശിഷ്യൻ ചിറ്റക്കാട്ടു നമ്പൂതിരിക്കു് ഒരു ശ്ലോകം തിരുമുല്ക്കാഴ്ചവെച്ചാൽ കൊള്ളാമെന്നുണ്ടു് എന്നു മുല്ലശ്ശേരി നമ്പൂതിരി അറിയിച്ചു. അനുജ്ഞ കിട്ടിയതനുസരിച്ചു് ഒരു യുവാവു മുമ്പോട്ടു വന്നു് ഒരോല അരയിൽ നിന്നെടുത്തു തിരുമുമ്പിൽ സമർപ്പിച്ചു് ഓർമ്മയിൽനിന്നു് ഇപ്രകാരം ചൊല്ലി:

‘വരാളും കല്പവൃക്ഷങ്ങളുമഹിതചകോ-

രിദൃശാം കണ്ണുനീരും

മരാഭാവേ രതിപ്പെൺകൊടി തടവിന താ-

പത്തിനും ചാരുമൂർത്തേ,

ആറായീ, വീരവിശ്രാണനനിപുണതയും

കെല്പുമാക്കാന്തിവായ്പും

വേറാകാതേ പിറന്നോരളവു ഭൂവി വിഭോ,

വിക്രമക്ഷ്മാപതേ, നീ!”

ഇത്തരം ശ്ലോകങ്ങൾ കേട്ടു ശീലിച്ചുപോന്ന മഹാരാജാവു മുഖസ്തുതിയിൽ ശ്രദ്ധിക്കാതെ കവിതയുടെ ഗുണമാസ്വദിച്ചു തല കുലുക്കി. കാക്കാശ്ശേരി എഴുന്നേറ്റു് അല്പം നെറ്റി ചുളിച്ചു ചോദിച്ചു: “എന്താ മൂന്നാംപാദത്തിലെ ‘ആറായി’ക്കർത്ഥം? താപത്തിന്നു് ആറായി എന്നു പറഞ്ഞാൽ വല്ല അർത്ഥവുമുണ്ടോ?”

മല്ലിശ്ശേരിയാണു് തന്റെ ശിഷ്യനെത്താങ്ങി അതിന്നു മറുപടി പറഞ്ഞതു്: “ആറു എന്നതു് ആയി എന്നർത്ഥം. ആറുക എന്നതു ലോപിച്ചു് ആറു എന്നാവുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.”

വ്യാകരണം കുറച്ചു കഷ്ടിയാണെങ്കിലും കവിത നന്നായി എന്നു കാക്കശ്ശേരിയും സമ്മതിച്ചു.

ഇത്രയും കഴിഞ്ഞപ്പോൾ ഒരു ഹരിക്കാരൻ വന്നു് ഒരോല സാമൂതിരിയുടെ മുമ്പിൽ വെച്ചു. അദ്ദേഹം അതെടുത്തു വായിച്ചു് അല്പം ആലോചിച്ചിട്ടു് “എന്നാൽ ഇനിയെല്ലാം പട്ടേരി നോക്കിക്കോളൂ, എനിക്കു ചില അത്യാവശ്യകാര്യങ്ങൾ അന്വേഷിക്കാനുണ്ടു്” എന്നു പറഞ്ഞു് അധ്യക്ഷസ്ഥാനം പട്ടേരിയെ ഏല്പിച്ചിട്ടു ധൃതിയിൽ അവിടെനിന്നു പോന്നു. എളയതു കൊടുത്തയച്ചതായിരുന്നു ഓല. ഏറനാടുമുപ്പതിനായിരത്തോടുകൂടി ഏറാൾപ്പാടു കരിമ്പുഴനിന്നു് ഒറ്റപ്പാലത്തേയ്ക്കു തിരിച്ചതായി അറിവുകിട്ടിയിട്ടുണ്ടെന്നാണു് എഴുത്തു്. മഹാരാജാവു ധൃതിയിൽ മന്ത്രിസഭയിലേയ്ക്കു തിരിച്ചെഴുന്നള്ളി മങ്ങാട്ടച്ചനെയും തിനയഞ്ചേരി എളയതിനെയും കൂട്ടി അകത്തെ ഒരു മുറിയിലേയ്ക്കു പോയി. ആ രഹസ്യാലോചനയിൽ അവർ തീർച്ചയാക്കിയതു താഴെ പറയുംപ്രകാരമാണു്. മുമ്പുള്ള കല്പനകളെ ദാർഢ്യപ്പെടുത്തി ഓരോ ഇടത്തെയും തലച്ചെന്നോക്കു് ആ വഴിയേ വരുന്ന ഏറാൾപ്പാടിന്റെ സേനയെ തടയാൻ തിട്ടൂരമയയ്ക്കുക; കോഴിക്കോട്ടടുത്തു തയ്യാറുള്ള വലിയ സേന മങ്ങാട്ടച്ചന്റെ കീഴിൽ അന്നുതന്നേ ഏറാൾപ്പാടുമായി നേരിടുന്നതിന്നു വേഗം പുറപ്പെടുക; ആ സേന പുറപ്പെട്ടുകഴിഞ്ഞു പിറ്റേ ദിവസം ദേവപ്രീതിക്കു വേണ്ടതു ചെയ്തു സാമൂതിരി അംഗരക്ഷകസൈന്യത്തിന്റെ അകമ്പടിയോടുകൂടി യുദ്ധസ്ഥലത്തേയ്ക്കു പോവുക—ഈ ഒടുവിൽ പറഞ്ഞതു് അത്യാവശ്യമാണെന്നു് എല്ലാവർക്കും തോന്നി. ഏറനാടുമുപ്പതിനായിരം സാമൂതിരിയെ എതിർത്തു യുദ്ധംചെയ്യില്ലെന്നു് ആർക്കറിയാം. അദ്ദേഹത്തിന്റെ ശാർദ്ദൂലചിഹ്നം പടക്കളത്തിൽ പാറിക്കാണുമ്പോൾ ഏറാൾപ്പാടിന്റെ ശക്തി, സൂര്യന്റെ മുമ്പിൽ മഞ്ഞുപോലെ, ക്ഷണംകൊണ്ടപ്രത്യക്ഷമാകുമെന്നാണവരുടെ പ്രതീക്ഷ. അതുകൊണ്ടു സാമൂതിരി പുറപ്പെടേണ്ടതുതന്നെ. എന്നാൽ ആരുടെ കീഴിലാണു് രാജധാനിയുടെ രക്ഷ? അതിനു് അവിടെയുള്ള അകമ്പടിസൈന്യം മതിയാവുമെന്നും രാജ്യരക്ഷയ്ക്കായി എളയതു രാജധാനിയിൽ താമസിച്ചാൽ മതിയെന്നാണു് നിശ്ചയിച്ചതു്. പിന്നെ മാമ്പിലക്കാടിൽനിന്നു വർത്തമാനങ്ങൾ പൂർണ്ണമായി അറിയാനും എളയതു് അവിടെ നില്ക്കേണ്ടതുമാണു്.

ഈ നിശ്ചയങ്ങൾ നടപ്പിലാക്കാൻ താമസമുണ്ടായില്ല. മങ്ങാട്ടച്ചന്റെ കീഴിലുള്ള സൈന്യം ഒരുക്കങ്ങളെല്ലാം കഴിച്ചു പുറപ്പെടാൻ തയ്യാറായി. മഹാരാജാവാകട്ടെ, ക്ഷേത്രത്തിൽ നടത്തേണ്ട ക്രിയകൾക്കു കല്പന കൊടുത്തശേഷം ചേരമാൻ വാൾ പൂജിക്കുക എന്ന ചടങ്ങിന്നു് അകത്തേയ്ക്കെഴുന്നള്ളി. പ്രധാനമായ യുദ്ധങ്ങൾക്കു പുറപ്പെടുമ്പോൾ ചേരമാൻപെരുമാൾ കൊടുത്തതെന്നു വിശ്വസിച്ചുവന്നതും ‘നിങ്ങൾ ചത്തും കൊന്നുമടക്കിക്കൊൾക’ എന്നു കൊത്തിയിട്ടുള്ളതുമായ വാൾ പൂജിക്കുക പതിവായിരുന്നു. കുളിച്ചു ശുദ്ധമായി ദേവീസഹസ്രനാമവും ചണ്ഡീകാമന്ത്രവും ചൊല്ലി നടത്തുന്ന ആ ആയുധപൂജ സാമൂതിരിവംശത്തിലെ പ്രധാനച്ചടങ്ങുകളിലൊന്നാണു്. ഈ പൂജ കഴിഞ്ഞാൽ യുദ്ധയാത്രയ്ക്കു മുഹൂർത്തം നോക്കേണ്ടതില്ല. ധനു 12-ാം തിയ്യതി രാവിലെ പൂജയവസാനിച്ചു്, ഉപവാസം കാലംകൂടിയിട്ടു പുറപ്പെടാനാണു് സാമൂതിരി നിശ്ചയിച്ചതു്.

വലിയൊരാഘോഷമായിട്ടായിരുന്നു സാമൂതിരിയുടെ പുറപ്പാടു്. അംഗരക്ഷകസേന ഊരിയ വാളോടും പരിചയോടുംകൂടി മുമ്പിൽ നടന്നു. അംഗരക്ഷകവിഭാഗത്തിന്റെ പിറകിലായി വിശേഷവിധത്തിൽ തലക്കെട്ടോടുകൂടിയ ഒരു സംഘം കുന്തക്കാർ, അവരുടെ പിറകിൽ വേഷമണിയിച്ചു കൈകൊണ്ടു പിടിച്ചു നടത്തുന്ന കുതിരകൾ, അവയ്ക്കു പിന്നിൽ ഉടുത്തുകെട്ടി വാളും പരിചയും ധരിച്ച ഉദ്യോഗസ്ഥന്മാർ, അവർക്കു പിന്നിൽ കൊമ്പും കുഴലുമായി വാദ്യക്കാരുടെ സംഘം—ഇവർക്കെല്ലാം ശേഷമാണു് പൊന്നണിഞ്ഞ ആനപ്പുറത്തു കുന്നലക്കോനാതിരി രാജോചിതമാംവിധം സർവ്വാഭരണഭൂഷിതനായി ആലവട്ടം കുട തഴ ചാമരം മുതലായ രാജചിഹ്നങ്ങളോടും സർവ്വപ്രതാപത്തോടുംകൂടി എഴുന്നള്ളിയതു്. വഴി നീളെ നിറപറ വെച്ചും കുലവാഴകൾ നാട്ടിയും അലംകരിച്ചിരുന്നു. പുരന്ധ്രികൾ വായ്ക്കുരവയിട്ടും പുരുഷന്മാർ ആർപ്പുവിളിച്ചും കന്നലക്കോന്നു വിജയമാശംസിച്ചു. ഈ എഴുന്നള്ളത്തു ചാലപ്പുറത്തു് അവസാനിച്ചു. അവിടെവെച്ചു മാഹാരാജാവു് ആനപ്പുറത്തുനിന്നിറങ്ങി മഞ്ചലിൽ കയറി യാത്രയായി.

*****

ഈ സമയത്തു് ഏറാൾപ്പാടുതമ്പുരാന്റെ പാളയത്തിലും ചില പ്രധാനസംഭവങ്ങൾ നടക്കാതിരുന്നില്ല. പടപുറപ്പെട്ടപ്പോൾ വെട്ടത്തുരാജാവു്, കവളപ്പാറനായർ മുതലായ പ്രഭുക്കന്മാർ ഒഴിഞ്ഞുനില്ക്കുന്നതായിട്ടാണു് കണ്ടതു്. ആറ്റുമുട്ടത്തുകയ്മൾ മാത്രമേ ചെറിയൊരു സംഘവുമായി ഏറാൾപ്പാടിന്റെ പക്ഷത്തു ചേരാനുണ്ടായുള്ളു. കയ്മളെപ്പറ്റി ജനങ്ങൾക്കു തീരേ മതിപ്പില്ല. അയാളൊരു ജനദ്രോഹിയും കൂട്ടായ്മക്കവർച്ചയിൽ പങ്കെടുക്കുന്ന ദുഷ്പ്രഭുവുമാണെന്നാണു് പരെക്കേ വിശ്വാസം. അതിനാൽ കയ്മൾ ഏറാൾപ്പാടിനോടു് ചേർന്നതു് ഒരു മെച്ചമായി ആരും കണ്ടില്ല.

കുറെ നാളായി ഏറാൾപ്പാടിന്നു സ്വന്തം പക്ഷത്തിൽ വിശ്വാസം കുറഞ്ഞാണു് വന്നതു്. പ്രഭുക്കന്മാർ പിൻവാങ്ങാൻ തുടങ്ങിയതു തിനയഞ്ചേരിയുടെയും മൂത്തപണിക്കരുടെയും പ്രചോദനങ്ങൾകൊണ്ടുമാത്രമല്ല, ഏറാൾപ്പാടിന്റെ അഭിപ്രായങ്ങളിൽത്തന്നേ വിശ്വാസക്കുറവു തോന്നിത്തുടങ്ങിയതുകൊണ്ടുകൂടിയാണു്. ഏറാൾപ്പാടു പ്രഭുക്കളുടെ സ്വാതന്ത്യത്തിൽ വിശ്വസിക്കുന്നില്ല. അങ്ങനെയുള്ള അദ്ദേഹം സാമൂതിരിപദമധിരോഹണം ചെയ്താൽ തങ്ങൾക്കിന്നുള്ള അധികാരംപോലും വകവെച്ചുതരുന്ന കാര്യം സംശയത്തിലാണെന്നു പ്രഭുക്കന്മാർക്കു തോന്നി. പോർട്ടുഗാൽരാജാവുമായുള്ള സന്ധിയിലെ വ്യവസ്ഥകൾ കണ്ടപ്പോൾ, ആൽബൂക്കെർക്കിനെന്നപോലെ, പ്രഭുക്കൾക്കു തോന്നിയതു് സാമൂതിരിപ്പാടും ഏറാൾപ്പാടും തമ്മിലുള്ള ഭിന്നിപ്പു തങ്ങളിലാരു ഭരിക്കണമെന്നതിലേ ഉള്ളൂ എന്നത്രേ. അങ്ങനെയാണെങ്കിൽ, ഇപ്പോഴുള്ള സാമൂതിരിപ്പാടുതന്നേ മതി എന്നായി കവളപ്പാറമുതലായവരുടെ അഭിപ്രായം. കുറെ പണവും സ്ഥാനമാനങ്ങളുമല്ലാതെ സാരമായൊന്നും കിട്ടാനില്ലെങ്കിൽ ഒരു സാമൂതിരിപ്പാടിനെ ദ്രോഹിച്ചു മറ്റൊരു സാമൂതിരിപ്പാടിനെ വാഴിച്ചിട്ടെന്തു ഫലം എന്നാണവരുടെ ചോദ്യം.

ഈ പ്രശ്നങ്ങളെമാത്രമല്ല തിനയഞ്ചേരിയും മൂത്തപണിക്കരും അക്കൂട്ടർക്കു ചൂണ്ടിക്കാണിച്ചുകൊടുത്തുള്ളൂ. യുദ്ധമുണ്ടായാൽ, പറങ്കികൾ എത്ര സഹായിച്ചാലും, കരയിൽ സാമൂതിരിപ്പാടുതന്നേ ജയിക്കുമെന്നും വസ്തുവകകൾ കണ്ടുകെട്ടിയില്ലെങ്കിൽത്തന്നേയും സ്ഥാനങ്ങളിൽനിന്നു നീക്കിയില്ലെങ്കിലും പ്രഭുക്കൾക്കു വലിയ നാശനഷ്ടങ്ങൾ സഹിക്കേണ്ടിവരുമെന്നും വലുതായൊരു തുക ശിക്ഷയായി കെട്ടിവെയ്ക്കേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇതുകൊണ്ടൊക്കെയാണു് ആ പ്രഭുക്കന്മാർ സമയം വന്നപ്പോൾ ഓരോരോ ഒഴികഴിവുകൾ പറഞ്ഞു മാറിനിന്നതു്.

കാവൂട്ടിനേത്യാരമ്മയ്ക്കായിരുന്നു ഇതിൽ വലിയ സങ്കടം. ഏറാൾപ്പാടിനു് ഈ കലഹം അത്ര വലിയ കാര്യമായിത്തോന്നിയില്ല. ഇന്നല്ലെങ്കിൽ നാളെ സാമൂതിരിയാവുമെന്നു് അദ്ദേഹത്തിനറിയാം. അതിനാൽ അന്തഃഛിദ്രം പരത്തുന്ന കാര്യത്തിൽ രണ്ടു മനസ്സായിരുന്നു അദ്ദേഹത്തിനെന്നു പറയാം: ആരെങ്കിലും സാമൂതിരിപക്ഷം പറഞ്ഞാൽ ഉടൻ താൻ യുദ്ധത്തിന്നു പുറപ്പെടുകയാണെന്നു ഭാവിക്കും; മറിച്ചു്, സാമൂതിരി അധികാരപ്രമത്തനാണെന്നും പ്രഭുക്കൾക്കു ജാത്യാ ഉള്ള അധികാരത്തെ വകവെച്ചുകൊടുക്കുന്നില്ലെന്നും അവരുടെ സ്വരൂപകാര്യങ്ങളിൽ അന്യായമായി കൈകടത്തുന്നുവെന്നും മറ്റും ആക്ഷേപിച്ചാൽ നേരെ മറിച്ചാണു് സംഗതിയെന്നും ജ്യേഷ്ഠൻ ദുർബ്ബലനായതുകൊണ്ടാണു് ഈ വഴക്കെല്ലാമെന്നും വാദിക്കും. ഒരു കാര്യത്തിൽ മാത്രം അദ്ദേഹത്തിന്നു സംശയമില്ല: സാമൂതിരിയുടെ അവകാശങ്ങളൊന്നും കുറയ്ക്കാൻ പാടില്ല.

കാവൂട്ടിനേത്യാരമ്മയ്ക്കു് ഇതൊന്നും കാര്യമല്ല. താൻ പിടിച്ച വശം ജയിക്കണമെന്നേ അവർക്കുള്ളു. സാമൂതിരിയുടെ നേത്യാരമ്മയാവാൻ കഴിഞ്ഞാൽ ജ്യേഷ്ഠത്തിയുടെ ഭള്ളു കുറച്ചൊന്നു കുറയ്ക്കാമല്ലോ എന്നാണവരുടെ മുഖ്യവിചാരം. മൂത്തപണിക്കർ തന്നെ നിരസിച്ചില്ലേ? അദ്ദേഹത്തെ ഏത്തമിടീക്കണം. എത്രനാൾ കാത്തിരിക്കാൻ കഴിയും?—ഇതേ അവർക്കു വിചാരമുള്ളൂ എന്നായി.

തുടങ്ങിയ കാര്യത്തിൽ മർക്കടമുഷ്ടി പിടിക്കുന്ന സ്വഭാവക്കാരിയായിരുന്നു കാവൂട്ടിനേത്യാരമ്മ. അതിനാൽ, വേണ്ടിവന്നാൽ ബ്രഹ്മാസ്ത്രവും പ്രയോഗിക്കേണ്ട അവസരമാണിതെന്നു പാതിരാശ്ശേരി പറഞ്ഞു പോയതിൽപ്പിന്നെ, അവർ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവെച്ചു. വെട്ടത്തുരാജാവിനെ വിളിച്ചുവരുത്തി പുഞ്ചിരിച്ചോരോന്നു പറഞ്ഞുനോക്കി. മൂഢന്മാരല്ലാതെ പെണ്ണുങ്ങളോടു രാജ്യകാര്യം പറയുമോ എന്ന ഭാവത്തിൽ പറയുന്നതെല്ലാം കേട്ടു് ഏറ്റുപറയുകയേ ഉണ്ടായുള്ളു അദ്ദേഹം. രാജാവു നമ്മുടെ പാട്ടിലാണെന്നു നേത്യാരമ്മയ്ക്കു തോന്നി. പറഞ്ഞു കബളിപ്പിക്കാൻ നല്ല വശമുള്ള ആ സൂത്രശാലി കരിമ്പുഴെ വരുമ്പോഴെല്ലാം നേത്യാരമ്മയുമായി വളരെ ലോകിയത്തിൽ പെരുമാറിയിരുന്നു. അതിനാൽ, അയാൾ അവിശ്വസനീയനാണെന്നു് ഏറാൾപ്പാടു പറയുമ്പോഴും ‘ഹേയ്! അങ്ങനെയല്ല, അദ്ദേഹം വളരെ യോഗ്യൻ, നമ്മെ വിട്ടൊന്നും ചെയ്യില്ല’ എന്നാണു് നേത്യാരമ്മ പറയാറു്. എന്നാൽ കവളപ്പാറയുടെ കാര്യത്തിൽ അങ്ങനെയല്ല. അവിടെയായിരുന്നു നേത്യാരമ്മയുടെ തോൽവി. അയാൾ വിരൂപനും വിരസനും കാടനുമാണെന്നു തനിക്കു തുറന്ന അഭിപ്രായമുണ്ടെങ്കിലും, ബ്രഹ്മാസ്ത്രംകൊണ്ടയാളെ വശത്താക്കാൻ തനിക്കല്പം വൈരസ്യമുണ്ടെങ്കിലും, പാതിരാശ്ശേരിയുടെ ഉപദേശത്തെ മാനിച്ചു തന്റെ ശക്തി ഫലിക്കുമോ എന്നു് ഒന്നു പരീക്ഷിച്ചുനോക്കാൻതന്നേ അവർ തീർച്ചയാക്കി. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ. ആ കാടൻകവളപ്പാറയും ഒഴിഞ്ഞുമാറി. അദ്ദേഹം കരിമ്പുഴയ്ക്കുള്ള വരവേ നിർത്തിക്കളഞ്ഞു; വന്നാൽത്തന്നെ പണ്ടത്തെപ്പോലെ നാലുകെട്ടിലേയ്ക്കു തിരിഞ്ഞുനോക്കില്ലെന്നായി. ഒരു പ്രാവശ്യം നേത്യാരമ്മ കണ്ടർമേനോനെ അയച്ചുനോക്കി ഇനി വരുമ്പോൾ കണ്ടുകൊള്ളാമെന്നു പറഞ്ഞു് അപ്പോഴും ഒഴിയുകയാണുണ്ടായതു്.

പടപ്പുറപ്പാടുദിവസം പ്രഭുക്കന്മാരും വന്നുചേരാതിരുന്നപ്പോൾ വെട്ടത്തുരാജാവു തന്നെ അറിഞ്ഞുകൊണ്ടു് അപമാനിക്കയാണെന്നു കാവൂട്ടിനേത്യാരമ്മ തീർച്ചയാക്കി. തന്റെ ഭർത്താവു സാമൂതിരിയായി വന്നാൽ ഇക്കൂട്ടരെയെല്ലാം നല്ലൊരു പാഠം പഠിപ്പിക്കുമെന്നും അവരുറച്ചു.

പതിനേഴാമധ്യായം

ധനുമാസം 15-തിയ്യതി നേരം വെളുക്കുന്നതിനു മുമ്പു് ആൽബൂക്കെർക്ക് നയിച്ചിരുന്ന നാവികസേന കോഴിക്കോട്ടുതുറമുഖത്തെത്തി. മാർഷൽ കഠീനോയുടെ കപ്പലുകൾ ഒരു മൂന്നുനാഴിക പിറകിലായി അണിചേർന്നുവരുന്നുണ്ടു്. കോഴിക്കോട്ടുതുറയിൽ കപ്പലുകൾക്കു കരയ്ക്കടുക്കാനുള്ള സൗകര്യമില്ല. കപ്പലുകൾ ചേർന്നടുത്തു സാമാനമിറക്കാൻവേണ്ടി കടലിലേയ്ക്കു് ഒരു പാലം കെട്ടിയിട്ടുണ്ടു്. ആൽബൂക്കെർക്ക് തന്റെ കപ്പലുകളെ ആ പാലത്തോടടുപ്പിച്ചു. തോക്കുകാരായ പതിനഞ്ചു ഭടന്മാരെ തന്നൊടൊപ്പമിറക്കി, കോഴിക്കോട്ടാരും ഉണർന്നറിയുന്നതിനുമുമ്പു്, അദ്ദേഹം ആ പാലം കൈവശപ്പെടുത്തി. മാർഷലിന്റെ കപ്പലുകൾ വന്നടുത്തപ്പോഴേയ്ക്കും ആൽബൂക്കെർക്കിന്റെ കപ്പലുകളിലെ പട കരയ്ക്കിറങ്ങി അവിടെ വന്നുചേർന്ന കാവല്പടയുമായി യുദ്ധത്തിലേർപ്പെട്ടുകഴിഞ്ഞിരുന്നു. ഇതു തന്നോടു ചെയ്ത ചതിയായി മാർഷലിന്നു തോന്നി. പടക്കളത്തിൽ തനിക്കാണു് സർവ്വാധികാരമെന്നു കൊച്ചിരാജാവിന്റെ മാധ്യസ്ഥത്തിൽ തീർച്ചയാക്കിയ സ്ഥിതിക്കു താൻ വരാതെയും തന്റെ ആജ്ഞകൂടാതെയും പാലം പിടിച്ചടക്കിയതും യുദ്ധത്തിലേർപ്പെട്ടതും തന്റെ അധികാരത്തെ നിന്ദിക്കുന്ന പ്രവൃത്തികളാണെന്നു മാർഷൽ വാദിച്ചു. മാർഷലിന്റെ അധികാരത്തെ ധിക്കരിക്കാനുദ്ദേശിച്ചല്ല അങ്ങനെ ചെയ്തതെന്നും കോഴിക്കോട്ടുപട വിവരമറിഞ്ഞു വന്നെതിർക്കുകയോ പാലം പൊളിച്ചുകളകയോ ആണെങ്കിൽ നമുക്കു കരയ്ക്കിറങ്ങാൻതന്നേ സാധിക്കയില്ലല്ലോ എന്നു കരുതിച്ചെയ്തതാണെന്നും പറഞ്ഞു് ആൽബൂക്കെർക്ക് മാർഷലിനെ സമാധാനപ്പെടുത്തി. ഏതായാലും ഗവർണ്ണർക്കുണ്ടായ വിജയത്തെ തീരെ വിസ്മരിപ്പിക്കത്തക്കതാവണം തന്റെ പരാക്രമങ്ങളെന്നു തീർച്ചയാക്കി, കരയ്ക്കിറങ്ങിയിട്ടുള്ള പട്ടാളക്കാരെല്ലാം അണിനിരന്നു കോവിലകത്തെ ആക്രമിക്കാനായി ഉടനെ പട്ടണത്തിലേയ്ക്കു പുറപ്പെടണമെന്നു കഠീനോ ആജ്ഞാപിച്ചു.

അപ്പോഴേയ്ക്കും നേരം പുലർന്നിരുന്നു. വിരോധികൾ കരയ്ക്കിറങ്ങിയ കഥ കമ്പോളങ്ങളിലും പട്ടണത്തിലും പരന്നുകഴിഞ്ഞു. അവരാക്രമിക്കാൻ പോകുന്നതു് എവിടമാണെന്നറിയാൻ കഴിയാഞ്ഞതിനാൽ ആളുകൾ കൈയിൽ കിട്ടിയ ആയുധങ്ങളുമായി അങ്ങുമിങ്ങും കൂട്ടംകൂടി നിന്നതേ ഉള്ളൂ.

നാലഞ്ചുനാഴിക പുലർന്നപ്പോഴേയ്ക്കും പറങ്കികൾ പട്ടണത്തിൽ കടന്നു വളരെ നാശനഷ്ടങ്ങൾ വരുത്തിയശേഷം കോവിലകത്തിന്റെ ഒരു വശത്തെ ആക്രമിച്ചുതുടങ്ങി. കോവിലകത്തിന്റെ രക്ഷയ്ക്കായി വലിയ പരിശീലനമൊന്നുമില്ലാത്ത അകമ്പടിസേനയേ ഉണ്ടായിരുന്നുള്ളൂ. അവർ ഒട്ടുംതന്നേ ഒഴിക്കാതെ പറങ്കികളെ ചെറുത്തു നിന്നുവെങ്കിലും പരിശീലനവും ആയുധശക്തിയും പറങ്കികൾക്കു കൂടുതലുണ്ടെന്നു ക്രമേണ തെളിഞ്ഞുവന്നു. ഒരു വശത്തെ മതിൽ പൊളിച്ചു പറങ്കികൾ കൊട്ടാരത്തിന്നകത്തു കടന്നു. ആ സംഘത്തെ നയിച്ചതു മാർഷൽ കഠീനോ തന്നേയാണു്. ഒരു കൈയിൽ ഊരിയ വാളുമായി മുമ്പിൽ കണ്ടവരെ വെട്ടിയും കുത്തിയും പിന്നിൽ വരുന്നവരെ ഓരോന്നു പറഞ്ഞുത്സാഹിപ്പിച്ചും പാഞ്ഞു കേറുന്ന ആ യുവഭീമസേനന്റെ യുദ്ധപരാക്രമം എതിരാളികളെ അന്ധാളിപ്പിച്ചു. വിജയഭേരിയടിച്ചു പൊളിഞ്ഞ മതില്ക്കെട്ടു ചാടി അവർ അകത്തു കയറിയപ്പോൾ കോവിലകത്തു യുദ്ധം നയിച്ചുകൊണ്ടു നിന്ന തിനയഞ്ചേരി എളയതിന്റെ ഹൃദയം തകർന്നുപോയി. അചഞ്ചലബുദ്ധിയും നയജ്ഞനും കളങ്കമറ്റ രാജ്യഭക്തനുമായ എളയതു് ഒരൊന്നാന്തരം രാജ്യതന്ത്രജ്ഞൻമാത്രമായിരുന്നു. യുദ്ധകാര്യങ്ങളിൽ അദ്ദേഹത്തിന്നു വേണ്ടത്ര പരിചയമില്ല; ഇങ്ങനെയൊരവസരത്തിൽ ഒരു സേനയെ ഭരിക്കേണ്ട ചുമതല തനിക്കുണ്ടാവുമെന്നു് അദ്ദേഹം സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുമില്ല. ‘എന്റെ തിരുന്നാവായത്തേവരേ!” എന്നു പ്രാർത്ഥിക്കാനേ അദ്ദേഹത്തിനപ്പോൾ കഴിഞ്ഞുള്ളൂ.

നായർപ്പട യുദ്ധംചെയ്തു മരിക്കയായിരുന്നു. കൊന്നും ചത്തുമാണു് അവർ ഓരോ ചുവടും മാറിക്കൊടുത്തതു്. അങ്ങനെ പത്തുനാഴിക പുലർന്നപ്പോഴേയ്ക്കും കൊട്ടാരത്തിന്റെ ഒരു വശം പറങ്കികളുടെ കൈയിലായി. സാമൂതിരിപ്പാടിന്റെ നിത്യോപയോഗത്തിനുള്ള മണിമച്ചുകൾ, പൂജാമുറികൾ, മന്ത്രമണ്ഡപം മുതലായവയുൾപ്പെട്ട ഓരോ ഭാഗത്തെ ആക്രമിക്കാൻ പറങ്കികൾ ഒരുമ്പെടുകയാണു്. അടുത്തു നിന്നുകൊണ്ടുള്ള യുദ്ധത്തിൽ മരണംകൊണ്ടും മുറിവുകൊണ്ടും അവർക്കുണ്ടായ നഷ്ടങ്ങൾ കുറച്ചൊന്നുമല്ല. കൊട്ടാരത്തിന്റെ രക്ഷയ്ക്കുള്ള പട്ടാളത്തിൽ ആളുകൾ പിന്നെപ്പിന്നെ കുറഞ്ഞുവരികയാണെങ്കിലും ആയുധപാണികളായ നായന്മാർ തങ്ങളുടെ തമ്പുരാന്റെ അരമനയെ എന്തു കൊടുത്തും രക്ഷിക്കാനായി പാഞ്ഞുവരുന്നതു പറങ്കികൾ കണ്ടു. ഒന്നു ചേർന്നു് ഒരൊറ്റശ്ശക്തിയായി ശേഷിച്ച ഭാഗവും ആക്രമിക്കാനാണു് കഠീനോ തീർച്ചയാക്കിയതു്. അതിനു പോകേണ്ടാ, പട്ടണം പിടിച്ചടക്കാനാണു് കൂടുതൽ സൗകര്യം എന്നു് ആൽബൂക്കെർക്ക് പറഞ്ഞു. ഇത്ര വലുതും കെട്ടിടങ്ങളുൾപ്പെട്ടതും പല മുറ്റങ്ങളും ഇടനാഴികളുള്ളതുമായ് ഒരു കൊട്ടാരത്തിൽ ചെറിയൊരു സേന പെട്ടുപോയാൽ ജനസംഘം വളയുമെന്നും അവിടെനിന്നു രക്ഷപ്പെട്ടിറങ്ങിപ്പോരാൻ പ്രയാസമാവുമെന്നുമാണു് അദ്ദേഹം വാദിച്ചതു്. പക്ഷേ, കൊട്ടാരത്തിനകത്തു നിരവധി ദ്രവ്യങ്ങളും ആഭരണങ്ങളും രത്നങ്ങളും കാണുമെന്നും അവ കൊള്ളയടിക്കണമെന്നുമായിരുന്നു പറങ്കിപ്പടയാളികളുടെ ആഗ്രഹം. അതുകൊണ്ടു താൻ മറുത്തു നിശ്ചയിച്ചാൽത്തന്നേ പട്ടാളക്കാർ അനുസരിക്കുമോ എന്നു മാർഷൽ കഠീനോ സംശയിച്ചു.

അവരിങ്ങനെ ആലോചിച്ചുനില്ക്കുമ്പോൾ ഒരു വശത്തുനിന്നു വലിയൊരാർപ്പുവിളി കേട്ടു; കുതിരപ്പുറത്തു രണ്ടുപേർ ധൃതിയിൽ പാഞ്ഞുവന്നു് അങ്കണത്തിലിറങ്ങുന്നതും കണ്ടു. അതു ഭാസ്ക്കരപ്പണിക്കരും മമ്മാലിയുമായിരുന്നു. അവർ ആ സമയത്തവിടെ എത്താനിടയായതു് ഇപ്രകാരമാണു്.

മഹാരാജാവു പടയ്ക്കെഴുന്നള്ളിയപ്പോൾ അംഗരക്ഷകസൈന്യത്തിലെ ഒരു വിഭാഗവുമായി ഭാസ്ക്കരപ്പണിക്കർ രണ്ടു ദിവസം കഴിഞ്ഞു പുറപ്പെടണമെന്നായിരുന്നു കല്പന. അതിന്നു വേണ്ട ഏർപ്പാടുകൾ ചെയ്തശേഷം പണിക്കർ മമ്മാലിയോടു യാത്ര പറയാനായി മരയ്ക്കാരുടെ ഗൃഹത്തിൽ ചെന്നു. യാത്രപറയാൻ മാത്രമല്ല അദ്ദേഹം അവിടെ പോയതു്. കുഞ്ഞമ്മതുമരയ്ക്കാർ അയച്ചു തന്ന സമ്മാനങ്ങൾക്കു് അങ്ങോട്ടു ചെന്നു നന്ദിപറയണമെന്നു കുറച്ചു നാളായി ആലോചിച്ചുതുടങ്ങിയിട്ടു്; പിന്നെ, താൻ യുദ്ധത്തിനു പോയാൽ താഴത്തെപ്പറമ്പിലും ഒരു നോട്ടമുണ്ടാവണമെന്നു മമ്മാലിയെ ഏല്പിക്കുകയും വേണം. അതെല്ലാം കഴിഞ്ഞു താൻ അടുത്ത ദിവസം രാവിലെ പുറപ്പെടുമെന്നും കൂടെ പടയുള്ളതുകൊണ്ടു കുതിരപ്പുറത്തല്ല പോകുന്നതെന്നും മമ്മാലിയെ അറിയിച്ചു പണിക്കർ അപ്പോൾത്തന്നേ മടങ്ങിപ്പോന്നു.

പിറ്റേന്നു് രാവിലെയാണു് പറങ്കിപ്പട കോഴിക്കോട്ടിറങ്ങിയതു്. പാലത്തിൽനിന്നു് അരമൈലകലത്തായി കടൽപ്പുറത്തു സ്ഥിതിചെയ്യുന്ന തന്റെ വാസസ്ഥലത്തുനിന്നു നോക്കിയാൽ എന്താണവിടെ നടക്കുന്നതെന്നറിയാൻ മമ്മാലിക്കു വൈഷമ്യമുണ്ടായില്ല. ഉടൻതന്നേ അയാൾ സ്വന്തം പാണ്ടകശാലയുടെയും വീടിന്റെയും രക്ഷയ്ക്കു വേണ്ട ഏർപ്പാടുകൾ ചെയ്തു് ഒരൊറ്റ അനുചരനോടൊന്നിച്ചു കുതിരപ്പുറത്തു കയറി തിരിച്ചു. പണിക്കരും പടയും ചാലപ്പുറം വഴിക്കാണു് പോകുന്നതെന്നു മമ്മാലിക്കറിയാം. ഏറെത്താമസിയാതെ കവാത്തുമുറയ്ക്കു പടയോടൊന്നിച്ചു നടന്നിരുന്ന പണിക്കർക്കു പിറകിൽ കുതിരക്കുളമ്പുകളുടെ ശബ്ദം കേൾക്കായി. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു ധൃതിയിൽ കുതിരയോടിച്ചുവരുന്ന മമ്മാലിയെയാണു്. അയാൾ അടുത്തു വന്നിറങ്ങി കിതച്ചുകൊണ്ടു പറഞ്ഞു: “വേഗം തിരികേപ്പോരണം. പടയും തിരികേപ്പോരട്ടെ. പറങ്കികൾ തുറമുഖത്തിറങ്ങിക്കഴിഞ്ഞു. പാലം പിടിച്ചടക്കി. പടച്ചോൻമാത്രം സഹായം!”

പണിക്കർ പരിഭ്രമിച്ചു: “എന്തു്, കോഴിക്കോട്ടുപട്ടണത്തിൽ പറങ്കികൾ കയറിയോ! ചതിച്ചു! ഇതാലോചിച്ചില്ല. അവിടെ അകമ്പടിപ്പട്ടാളമേ ഉള്ളൂവല്ലോ.”

“അതേ. ഉടനെ തിരികേപ്പോകണം. പട്ടാളവും തിരികേ വരട്ടേ.”

“അങ്ങനെതന്നേ.”

പണിക്കർ പട്ടാളത്തിന്നു് ഉടനെ കല്പന കൊടുത്തു: “വേഗം നടന്നു പട്ടണത്തിലേയ്ക്കു പോവുക. കോവിലകത്തിന്നു മുമ്പിലെത്തുമ്പോൾ വേറെ കല്പന കിട്ടും.”

പട്ടാളത്തിന്റെ മേൽനോട്ടം മറ്റൊരുദ്യോഗസ്ഥനെ ഏല്പിച്ചിട്ടു പണിക്കർ പോകാൻ തയ്യാറായപ്പോൾ മമ്മാലി പറഞ്ഞു: “എന്റെ കുതിരപ്പുറത്തു കേറാം. ഞാനെന്റെ അനുചരന്റെ കുതിരപ്പുറത്തും കേറിക്കൊള്ളാം. അവൻ നടന്നു വന്നു കൊള്ളും.”

“അതു വേണ്ടാ. എന്റെ കുതിര താഴത്തെപ്പറമ്പിലുണ്ടു്. അവിടംവരെ നമുക്കൊന്നിച്ചുപോകാം.”

രണ്ടുപേരും ഒന്നിച്ചു മമ്മാലിയുടെ കുതിരപ്പുറത്തു കയറി താഴത്തെപ്പറമ്പിലേയ്ക്കു പോയി. അല്പസമയംകൊണ്ടവർ പടിപ്പുരയിലെത്തി. പണിക്കരും മമ്മാലിയും ഒരേ കുതിരപ്പുറത്തു വരുന്നതു കണ്ടപ്പോൾ എന്തോ അടിയന്തരകാര്യമുണ്ടെന്നു മനസ്സിലാക്കി ഗംഗാസിംഹൻ വേഗത്തിൽ പടിപ്പുരവാതിൽ തുറന്നു. “വേഗമെന്റെ കുതിരയെ തയ്യാറാക്കിക്കൊണ്ടു വരണം” എന്ന പണിക്കരുടെ ആജ്ഞ കേട്ട ഉടനെ ഗംഗാസിംഹൻ ലായത്തിലേയ്ക്കോടി. കോലാഹലം കേട്ടു പുറത്തുവന്ന ഉണ്ണിക്കയ്മളോടു പണിക്കർ സംഗതിയെല്ലാം ചുരുക്കിപ്പറഞ്ഞു. “ഞാനും വരികയാണു്” എന്നു കയ്മൾ പറഞ്ഞപ്പോഴേയ്ക്കും പണിക്കരുടെ ലഗാനിട്ട കുതിര എത്തിക്കഴിഞ്ഞു. “ഞങ്ങൾക്കു ധൃതിയുണ്ടു്. പിന്നാലെ വന്നോളൂ” എന്നു പറഞ്ഞു പണിക്കരും മമ്മാലിയും ദ്രുതഗതിയിൽ കുതിരയോടിച്ചു പുറത്തു പോയി.

അഞ്ചുമിനിട്ടിനകം നാലു കുതിരപ്പടയാളികൾ തങ്ങളെ പിന്തുടർന്നു വന്നതു് അവർ കണ്ടില്ല. നാലുപേരും വടക്കേ ഇന്ത്യൻവേഷത്തിലാണു്. എപ്പോഴും തലപ്പാവും പൈജാമയുമിട്ടു നടക്കുന്നവരും താടിക്കാരുമായ ഗംഗാസിംഹനെയും അയാളുടെ സഹോദരനെയും അവിടത്തുകാർക്കറിയാം. മറ്റു രണ്ടുപേരെ മനസ്സിലായില്ല. അവർക്കുമുണ്ടു് തലപ്പാവും പൈജാമയും. പ്രായം ചെറുപ്പമാണെന്നുമാത്രം.

ഭാസ്ക്കരപ്പണിക്കരും മമ്മാലിയും അങ്കണത്തിൽ വന്നിറങ്ങിയപ്പോൾ സാമൂതിരിയുടെ ആൾക്കാർ ആർപ്പുവിളിച്ചു. അല്പനേരത്തിന്നുള്ളിൽ വേറെ നാലുപേർകൂടി ആയുധപാണികളായി കുതിരപ്പുറത്തു വന്നിറങ്ങുന്നതു കണ്ടപ്പോൾ കോവിലകത്തുള്ളവരുടെ സന്തോഷത്തിന്നു് അതിരില്ലാതായി. കോവിലകത്തെ രക്ഷിക്കാൻ നിന്നവർക്കു് ആളില്ലാത്തതായിരുന്നില്ല കുറവു്; ആളുകൾ നിമിഷംതോറും കൂടിക്കൂടി വന്നിരുന്നു. എന്നാൽ അവർക്കു യുദ്ധമുറകളറിയാവുന്ന ഒരു നായകനില്ലായിരുന്നു. ഭാസ്ക്കരപ്പണിക്കരുടെ വരവു് ആ കുറവു തീർത്തു. എങ്കിലും തന്റെ പക്ഷത്തുള്ളവരെ ഒന്നിച്ചു ചേർത്തി നയിക്കാൻ അദ്ദേഹത്തിന്നും സൗകര്യം കിട്ടിയില്ല.

ഇവർ വന്നതോടുകൂടി യുദ്ധം മുറുകി. പ്രതിപക്ഷത്തിന്റെ മർമ്മസ്ഥാനം എവിടെയാണെന്നു നോക്കുന്ന ഭാസ്ക്കരപ്പണിക്കർക്കു ഭീമാകാരനായ ഒരു പറങ്കി കൂടെയുള്ളവരോടു് ഉച്ചത്തിലോരോന്നു പറഞ്ഞും മുമ്പിൽ വരുന്നവരോടു കൂസലില്ലാതെ പൊരുതിയും നില്ക്കുന്നതു കാണായി. വല്ലിടത്തും പറങ്കികൾ ക്ഷീണിക്കുന്നുവെന്നുകണ്ടാൽ അയാളാണു് അവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നതു്. ആ അങ്കണത്തിലാകെ അറുപതു പറങ്കികളേ ഉള്ളൂ; മറ്റു സംഘങ്ങൾ വേറെ അങ്കണങ്ങളിലും തളങ്ങളിലും പൊരുതുകയാണു്. ഉത്സാഹത്തള്ളിച്ചകൊണ്ടു കൂട്ടത്തിൽനിന്നു പിരിഞ്ഞു മുന്നേറിയതാണു് കഠീനോവും ഒരു സംഘം പറങ്കികളും. അയാളുടെ യുദ്ധവീര്യവും നേതൃഭാവവും കണ്ട ഭാസ്ക്കരപ്പണിക്കർ നേതാവിയാൾതന്നേ എന്നു തീർച്ചയാക്കി മറ്റാളുകളെ മാറ്റി മുമ്പോട്ടു ചെന്നു. മാർഷൽ കഠീനോയ്ക്കും തോന്നി, നേരിട്ടെതിർക്കാൻ വന്ന ആൾ ശത്രുസൈന്യത്തിന്റെ നായകന്മാരിലൊരാളാണെന്നു്. അവർ തമ്മിൽ ദ്വന്ദ്വയുദ്ധംപോലൊരു വാൾപ്പോർ നടന്നു. രണ്ടുപേരും ഒരിമ്മിക്കു വിട്ടുകൊടുത്തില്ല. എങ്കിലും രാവിലെതൊട്ടു് ഇടവിടാതെ യുദ്ധംചെയ്യുന്ന തങ്ങളുടെ നായകന്നു ക്ഷീണമുണ്ടെന്നു കണ്ടു കൂടെയുള്ള അംഗരക്ഷകസംഘത്തിലെ ഒരു യുവാവു് ഇടയിൽക്കയറി യുദ്ധംചെയ്തു കഠീനോയെ മാറ്റിക്കളഞ്ഞു.

ഇതിനിടയിൽ ആ അങ്കണത്തിന്റെതന്നേ മറ്റൊരു ഭാഗത്തു് ഉണ്ണിക്കയ്മളും കൂട്ടുകാരും തങ്ങളുടെ യുദ്ധസാമാർത്ഥ്യം കാണിക്കുന്നുണ്ടായിരുന്നു. ഗംഗാസിംഹനും അജിതസിംഹനും പല പടക്കളത്തിലും യുദ്ധംചെയ്തു പരിചയം നേടിയവരാണു്. താഴ്‌ന്നും ചാടിയും തിരിഞ്ഞും മറിഞ്ഞും വെട്ടാനും ഒഴിയാനുമുള്ള എല്ലാ അടവുകളും അവർക്കറിയാം. അവരെപ്പോലല്ലായിരുന്നു കൂടെയുള്ള രണ്ടുപേരും. അവർക്കു കളരിയിൽ കച്ചകെട്ടിയതല്ലാതെ പടക്കളത്തിൽ പയറ്റിയ ശീലമില്ല; കളരിയിലല്ലാതെ വാൾകൊണ്ടു പെരുമാറുന്നതാദ്യമായിട്ടാണു്. അതിനാൽ ആദ്യമൊക്കെ ഒരു ശങ്കയുണ്ടായെങ്കിലും യുദ്ധത്തിന്റെ ഉത്സാഹത്തിൽ മുഴുകി അവരും കൊണ്ടുംകൊടുത്തും മുമ്പോട്ടു കേറി.

രണ്ടു ചേരിയും ഏകദേശം തുല്യനിലയിലാണു് പൊരുതി നിന്നതു്. പറങ്കികളുടെ വശത്തു് ആളുകൾ കുറവാണെങ്കിലും അവരുടെ രണശൗര്യവും അച്ചടക്കവും യുദ്ധപരിചയവും അവർക്കനുകൂലമായിരുന്നു; പോരാത്തതിന്നു കോവിലകത്തെ അങ്കണങ്ങളിലും തളങ്ങളിലുമുള്ള സ്ഥലച്ചുരുക്കത്താൽ, കൂടുതലാളില്ലാത്തതു വലിയൊരു മെച്ചവുമായി.

ആർക്കാണു് വിജയമെന്നു തീർച്ചയായിട്ടില്ലാത്ത സമയത്തു വേറെ ഒരാർപ്പുവിളി കേട്ടു. എന്താണിതിന്നു കാരണമെന്നു രണ്ടുകൂട്ടരും ചുറ്റും നോക്കി. അപ്പോൾ കണ്ടു, പൂർണ്ണയുദ്ധവേഷത്തിൽ അരയും തലയും മുറുക്കി ഖഡ്ഗചർമ്മങ്ങൾ ധരിച്ചു് അതിഗൗരവമേറിയ ഒരാളും അദ്ദേഹത്തെ തുടർന്നു പതിനഞ്ചുപേരും അങ്കണത്തിലേയ്ക്കു കടക്കുന്നതു്. അതാരെന്നറിഞ്ഞപ്പോൾ കോഴിക്കോട്ടുപട സന്തോഷംകൊണ്ടു കൂക്കിവിളിച്ചു. സേനാനായകൻ മൂത്തപണിക്കരും അദ്ദേഹത്തിന്റെ അനുചരസംഘവുമായിരുന്നു അതു്.

തനിക്കു കിട്ടിയ അറിവുമായി പൊന്നാനിയിൽ ചെന്നു മാമ്പിലക്കാടു മൂത്തപണിക്കരെ വിവരങ്ങളറിയിച്ചതു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പറങ്കികളെവിടെയാണു് ആക്രമിക്കാൻ പോകുന്നതെന്നൂഹിക്കാൻ മൂത്തപണിക്കർക്കും സാധിച്ചില്ല. ഏതായാലും തന്റെ സഹായത്തിന്നു ചെറിയൊരു സംഘത്തെ ഏർപ്പാടുചെയ്യണമെന്നു് അദ്ദേഹം തീർച്ചയാക്കി. അതിന്നുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണു് മൊയ്തീൻകുട്ടിയുടെ സന്ദേശവുമായി ആൾ വന്നതു്. അപ്പോഴേ മനസ്സിലായുള്ളു. കോഴിക്കോട്ടാക്രമിക്കാനാണു് പറങ്കികൾ ഒരുമ്പെട്ടിരിക്കുന്നതെന്നു്. അവരുടെ സൈന്യത്തിന്റെ വലിപ്പവും ഏതാണ്ടൂഹിക്കാൻ സാധിച്ചു. എങ്കിലും അന്നു വൈകുന്നേരംവരെ സംഗതിയുടെ ഗൗരവം പണിക്കർക്കു പൂർണ്ണമായി മനസ്സിലായില്ല. എന്തു കാരണം പറഞ്ഞായാലും രാജധാനിക്കു പതിവായിച്ചെയ്യാറുള്ള രക്ഷാവ്യവസ്ഥകളെ സാമൂതിരി ദുർബ്ബലമാക്കുമെന്നു് അദ്ദേഹം സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. ആയുധഗുരുവെന്ന നിലയ്ക്കു്, യുദ്ധശാസ്ത്രത്തിലെ ആദ്യപാഠമായി,

‘സ ഗുപ്തമൂലപ്രത്യന്തഃ

ശുദ്ധപാർഷ്ണീരയാന്വിതഃ’

എന്നു ദിഗ്ജിഗിഷുവായ രഘുവിനെപ്പറ്റിയുള്ള കാളിദാസവചനം എത്ര പ്രാവശ്യമാണു് താൻ പറഞ്ഞുകൊടുത്തിട്ടുള്ളതു്! എന്നിട്ടും, രാജധാനിയിൽ രക്ഷയ്ക്കു ചില അകമ്പടിസ്സേനയെമാത്രമാക്കി രാജാവും സേനാനായകന്മാരും മറ്റൊരിടത്തേയ്ക്കു പോകുമെന്നു് ആർ വിശ്വസിക്കും?

ഏതായാലും സ്ഥിതിഗതികൾ മനസ്സിലായശേഷം അര നിമിഷംപോലും മൂത്തപണിക്കർ പൊന്നാനിയിൽ താമസിച്ചില്ല. തന്റെ കളരിയിലെ ചില പ്രധാന്യാഭ്യാസികളെ ഉടനെ കോഴിക്കോട്ടെത്താൻ അങ്ങുമിങ്ങുമാളെയയച്ചറിച്ചിട്ടു് അദ്ദേഹം അതിവേഗം പുറപ്പെട്ടു. വലിയൊരു സൈന്യമല്ല വേണ്ടതെന്നു പണിക്കർക്കറിയാം. ഈ രണ്ടായിരം പറങ്കികളോടു യുദ്ധം ചെയ്യാൻ കോഴിക്കോട്ടുപട്ടണത്തിലെ നായന്മാർ മതിയാവും; അവരിൽ കാണും, ആയുധാഭ്യാസമുള്ള രണ്ടായിരം പേർ. പക്ഷേ, ഇങ്ങനെയുള്ള അവസരത്തിൽ ശരിയായ നേതൃത്വമില്ലാത്ത പട ഒരാൾക്കൂട്ടംമാത്രമാണു്. അതുകൊണ്ടു തന്റെ സാന്നിധ്യം അവിടെ അത്യാവശ്യമാണെന്നു് അദ്ദേഹത്തിന്നു തോന്നി.

മൂത്തപണിക്കർ കോഴിക്കോട്ടു വന്നപ്പോഴയ്ക്കു് ആളയച്ച പതിനഞ്ചഭ്യാസികളും അവിടെ എത്തിയിരുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം പറങ്കികൾ കൈവശപ്പെടുത്തിയെങ്കിലും കോഴിക്കോട്ടെ ജനങ്ങൾ ഒന്നുചേർന്നു് അവരെ ചെറുത്തുനില്ക്കുകയാണു് എന്നു് അദ്ദേഹം അവരിൽനിന്നു മനസ്സിലാക്കി. പണിക്കർ തന്റെ സഹായികളോടായി പറഞ്ഞു: “നിങ്ങളിൽ നാലുപേർ എന്റെ കൂടെത്തന്നേ നില്ക്കണം. പിന്നെയുള്ളവർ ഈരണ്ടുപേരായി പറങ്കികൾക്കു ശക്തി കാണുന്നേടത്തു ചെല്ലണം. പഠിച്ച അടവുകളെല്ലാം എടുക്കേണ്ട ദിവസമിന്നാണു്.”

കൊട്ടാരത്തിന്റെ വലിയ അങ്കണത്തിൽ മൂത്തപണിക്കരെത്തിയപ്പോൾ കോഴിക്കോട്ടുകാർ ആർത്തു മദിക്കുന്നതു കണ്ടു പറങ്കികൾ കാരണമാരാഞ്ഞു ചുറ്റും നോക്കി. അപ്പോൾ അവർക്കും മനസ്സിലായി, ഏതോ വലിയ നേതാവെത്തിയിട്ടുണ്ടെന്നു്. അവരിലൊരാൾ ഒട്ടകന്നു യുദ്ധത്തിൽനിന്നു് അല്പം വിശ്രമിച്ചുനില്ക്കുന്ന കഠീനോയ്ക്കു് ‘അതാ, കോഴിക്കോട്ടെ സർവ്വസൈന്യാധിപൻ’ എന്നു കാട്ടിക്കൊടുത്തു. അതു കേട്ടു വിജൃംഭിച്ച വീര്യത്തോടെ പിന്നെയും കഠീനോ, മുറിവേറ്റ ശാർദ്ദൂലംപോലെ, ചീറിയേറ്റു. എന്നാൽ തുല്യസ്ഥാനികനായ മൂത്തപണിക്കരോടു യുദ്ധംചെയ്യാൻ അയാൾക്കിട കിട്ടിയില്ല; അയാളുടെ കുതിച്ചുചാട്ടം നോക്കിക്കണ്ട ഭാസ്ക്കരപ്പണിക്കർ അയാളുടെ വഴി തടഞ്ഞു. ‘ഇത്തവണ നിന്നെ വിടില്ല’ എന്ന വാശിയോടെ അവർ, ഭീമദുശ്ശാസനരെന്നപോലെ, തമ്മിലേറ്റു. രണ്ടുപേരും വാൾയുദ്ധത്തിൽ സുശിക്ഷിതരായിരുന്നു. രണ്ടുപേരും ഡിമഷീൺവാളുകൊണ്ടാണു് യുദ്ധംചെയ്തതു്. ഒരാൾ സാമൂതിരിയുടെ അരമനവാതിൽ കാല്പടിയായി കൊണ്ടെക്കൊടുക്കാമെന്നു രാജാവിന്റെ മുമ്പിൽച്ചെയ്ത ശപഥം നിറവേറ്റാൻ ബദ്ധകങ്കണനായി വന്നു യുദ്ധംചെയ്കയാണെങ്കിൽ മറ്റേയാൾ തന്റെ ഗുരുവും മാതുലനുമായ സേനാനിയുടെ മുമ്പിൽ ജീവിതം കളഞ്ഞും സ്വസ്വാമിയുടെ മാനം രക്ഷിക്കാൻ പോരാടുകയാണു്. മറ്റാരുമിടപെടാതെതന്നേ അവർ അരമണിക്കൂർ യുദ്ധംചെയ്തു. തന്റെ മരുമകന്റെ വാൾപ്പയറ്റുസാമർത്ഥ്യത്തെ ഇടയ്ക്കിടെ ഒരു കണ്ണിനറ്റംകൊണ്ടു നോക്കി അഭിനന്ദിച്ചതല്ലാതെ മൂത്തപണിക്കരോ അദ്ദേഹത്തിന്റെ കൂടെ വന്നവരോ താന്താങ്ങൾ നടത്തിയിരുന്ന യുദ്ധത്തിൽ ഒട്ടുംതന്നേ ഇളവുവരുത്തിയില്ല. ഇത്തരത്തിൽ ഇടവിടാതെ ഒരരമണിക്കൂർ യുദ്ധം നടന്നപ്പോൾ രാവിലെമുതൽ തുടർച്ചയായി പ്രയത്നിച്ചുവന്ന മാർഷൽ കഠീനോയ്ക്കു ക്ഷീണമുണ്ടെന്നു കാണായി. അതു കണ്ട ഉടനെ പറങ്കികളിൽ പ്രമാണിയായ ഒരു യുവപ്രഭു മാർഷലിനെ സഹായിക്കാനായി ഭാസ്ക്കരപ്പണിക്കരുടെ നേരെ അടുത്തു. എന്നാൽ സമീപത്തു നിന്നിരുന്ന മമ്മാലിമരയ്ക്കാരുടെ വാളാണു് അയാളുടെ വാളിനെ തടുത്തതു്. മറ്റൊരാൾ ഇതിന്നു തുനിഞ്ഞപ്പോൾ ഉണ്ണിക്കയ്മൾ തടുത്തു നിർത്തി.

ക്ഷീണം വർദ്ധിച്ചതോടുകൂടി കഠീനോയ്ക്കു് അടവു പിഴച്ചുതുടങ്ങിയിരുന്നു. കവചത്തിനിടയിൽ അങ്ങുമിങ്ങും മുറിവേറ്റു ചോര പുറത്തു വരുന്നതു കാണായി. അദ്ദേഹം സഹായത്തിന്നു ചുറ്റും നോക്കിത്തുടങ്ങി. ഇങ്ങനെ ശ്രദ്ധ പതറിക്കൊണ്ടിരിക്കേ ഒരു കുത്തു ഹൃദയസ്ഥാനത്തുതന്നേ കൊണ്ടു. കഠീനോ താഴെ വീണു. അദ്ദേഹത്തിന്നു പിറകിൽ നിന്നിരുന്ന ഒരു യുവാവിൽനിന്നു പോർട്ടുഗീസ് സർവ്വസൈന്യാധിപന്റെ കൊടി ഭാസ്ക്കരപ്പണിക്കർ കൈവശപ്പെടുത്തി. കോഴിക്കോട്ടു പക്ഷക്കാർ ആർത്തുവിളിച്ചു.

അല്പം അകന്നുനിന്നു തങ്ങളോടു നേരിടുന്നവരെ സിംഹങ്ങൾപോലെ ചെറുത്തുനില്ക്കുന്ന ആൽബൂക്കെർക്കിനും കൂട്ടുകാർക്കുംം യുദ്ധം കഴിഞ്ഞു എന്നു മനസ്സിലായി. ആവുന്നവർ യുദ്ധംചെയ്തുതന്നേ പുറകോട്ടു നീങ്ങി കപ്പലിൽ പറ്റിക്കൊള്ളാൻ അദ്ദേഹം കല്പനകൊടുത്തു. മാർഷൽ കഠീനോ മൃതിയടഞ്ഞ സ്ഥിതിക്കും കോഴിക്കോട്ടുകാരുടെ ശക്തി വർദ്ധിച്ചുവരുന്ന സ്ഥിതിക്കും അതാണുചിതമെന്നു പോർട്ടുഗീസുദ്യോഗസ്ഥന്മാരും സമ്മതിച്ചു. അച്ചടക്കത്തോടെ അവർ ഒരു സംഘമായിട്ടു കൊട്ടാരം വിട്ടു പുറത്തിറങ്ങി. എങ്ങനെയെങ്കിലും തങ്ങളുടെ കപ്പലിൽ, വലിയ തോക്കുകളുടെ രക്ഷയിൽ, എത്തിക്കിട്ടിയാൽ മതി എന്നായിരുന്നു അവരുടെ വിചാരം.

വലിയ ഉടുപ്പിട്ടു് എല്ലാവരുടെയും ആദരത്തിന്നു പാത്രമായി കൂടെയുള്ളവർക്കു കല്പന കൊടുത്തു നില്ക്കുന്ന ആൽബൂക്കെർക്കിനെ ഉണ്ണിക്കയ്മളുടെ കൂടെ നിന്ന യുവഭടൻ അപ്പോഴാണു് കണ്ടതു്. ആ യുവാവു തന്റെ കൈയിലുള്ള തോക്കുകൊണ്ടു് അദ്ദേഹത്തെ വെടിവെയ്ക്കാൻ ഉന്നമെടുത്തു. അനതിദൂരത്തിൽ നിന്നിരുന്ന ഒരു പറങ്കിപ്പട്ടാളക്കാരൻ ആ ഉദ്യമത്തെ കണ്ടു. ആ യുവാവിന്റെ ഉന്നം തെറ്റിക്കുന്നതിന്നും അയാൾക്കു മുറിവേല്പിക്കുന്നതിനുമായി ആ പട്ടാളക്കാരൻ കൈയിലിരുന്ന വാൾ എറിഞ്ഞു. തന്മൂലം യുവാവിന്നു് ഉന്നം തെറ്റിയെങ്കിലും ആൽബൂക്കെർക്ക് വെടിയേറ്റു വീണു; ഉണ്ട കാലിലേ കൊണ്ടുള്ളൂ. അദ്ദേഹത്തെ എടുത്തുകൊണ്ടു പോർട്ടുഗീസ്പ്പട്ടാളക്കാർ പാഞ്ഞു. കപ്പലിന്നടുത്തെത്തിയിട്ടേ അവർ ഓട്ടം നിർത്തിയുള്ളു. അങ്ങനെ ആൽബൂക്കെർക്ക് ഒരുവിധം ജീവനോടെ രക്ഷപ്പെട്ടു.

പറങ്കിപ്പടയാളി എറിഞ്ഞ വാളാകട്ടെ, ആ യുവാവിന്റെ തുടയിലാണു് കൊണ്ടതു്. നല്ലവണ്ണം ഒന്നു പോറി എന്നല്ലാതെ സാരമായി മുറിഞ്ഞില്ല. പക്ഷേ, ചോര ചാടുന്നതു കണ്ടു് അടുത്തു നിന്ന ഉണ്ണിക്കയ്മൾ ചതിച്ചു എന്നു പറഞ്ഞു് ആ യുവഭടനെ കൈയിലെടുത്തു. കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയ മൂത്തപണിക്കർ അപ്പോൾ ഇങ്ങനെ ആജ്ഞാപിച്ചു: “എല്ലാവരും മാറിനില്പിൻ. യുദ്ധത്തിൽ മുറിപറ്റുന്നതു് അത്ര അസാധാരണമാണോ?”

മൂത്തപണിക്കരുടെ ആജ്ഞ കേട്ടു് ആളുകളെല്ലാം മാറിനിന്നു. അപ്പോൾ അദ്ദേഹം അന്തരവനെ വിളിച്ചു് ഇങ്ങനെ പറഞ്ഞു: “ഇവരെ ഒരിടത്തു കൊണ്ടേക്കിടത്തു. ഞാൻ പിന്നാലെ വരുന്നുണ്ടു്.” അതുവരെ ഏകാഗ്രചിത്തനായി യുദ്ധത്തിലേർപ്പെട്ടിരുന്ന ഭാസ്ക്കരപ്പണിക്കർക്കു് അപ്പോഴേ മനസ്സിലായുള്ളു, ഉത്തരേന്ത്യൻരീതിയിൽ വേഷംകെട്ടിയ ആ യുവയോദ്ധാവു് ഉണ്ണിനങ്ങയായിരുന്നുവെന്നു്.

പതിനെട്ടാമദ്ധ്യായം

അങ്ങനെ അവസാനിച്ചു, പോർട്ടുഗാൽക്കാരുടെ കോഴിക്കോട്ടു പിടിച്ചടക്കാനുള്ള ശ്രമം. അവർക്കുണ്ടായ നഷ്ടം ചില്ലറയായിരുന്നില്ല. ഒരായിരത്തിൽപ്പരം പറങ്കിപ്പടയാളികൾ കൊട്ടാരവളപ്പിലും പരിസരസ്ഥലങ്ങളിലും ചത്തുവീണു. മാർഷൽ കഠീനോയ്ക്കു പുറമേ എൺപത്തിനാലു ഫിഡാൽഗോകൾ (പ്രഭുസ്ഥാനികർ) കൂടി അവർക്കു നഷ്ടപ്പെട്ടു. കോഴിക്കോട്ടുപക്ഷത്തും ഒട്ടധികമാളുകൾ കേരളത്തിന്റെ അഭിമാനത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനായി സ്വയം ബലിയർപ്പിക്കപ്പെട്ടു.

മരിച്ചുവീണവരുടെ ശവങ്ങൾ യഥാവിധി സംസ്ക്കരിക്കാനും കോവിലകത്തെ ബാധിച്ച അശുദ്ധി നീക്കുന്നതിന്നു വേണ്ട കർമ്മങ്ങൾ ചെയ്യിക്കാനും തിനയഞ്ചേരി എളയതു ആവശ്യമായ കല്പന കൊടുത്തു. വിവരങ്ങൾ മഹാരാജാവിനെ അറിയിക്കുന്നതിന്നു് അന്നുതന്നേ കുതിരപ്പുറത്തു് ഒരാളെ അയച്ചു. കൂടാത, കോഴിക്കോട്ടും മറ്റു പ്രധാനസ്ഥലങ്ങളിലും പെരുമ്പറയടിച്ചു് ഈ വിശേഷം ജനങ്ങളെ അറിയിക്കുന്നതിന്നും ഉത്തരവിട്ടു. കാരണം, ഈ വിജയവാർത്തയറിഞ്ഞാൽ പിന്നെ ഏറാൾപ്പാടിന്റെ കൂടെ ഇറങ്ങിയവർ യുദ്ധംചെയ്യാതെ തിരികേ പോയ്ക്കൊള്ളുമെന്നു നയജ്ഞനായ എളയതിന്നറിയാം.

മങ്ങാട്ടച്ചന്റെ നേതൃത്വത്തിൽ പോയ പടയും ഏറനാടുമുപ്പതിനായിരവും ഏറ്റുമുട്ടിക്കഴിഞ്ഞിരുന്നില്ല. സാമൂതിരി പടയോടൊന്നിച്ചെത്തിയശേഷം അവർ മന്ദഗതിയിലാണു് മുന്നോട്ടു നീങ്ങിയതു്. ഏറാൾപ്പാടിന്നു ദിവസം നീളുംതോറും ശക്തി കുറയുകയേ ഉള്ളൂ എന്നും മറ്റു പ്രഭുക്കന്മാർ കൂടെ ചേരാത്ത സ്ഥിതിക്കു് അദ്ദേഹം നിരാശനായിരിക്കയാവുമെന്നും സാമൂതിരിപ്പാടൂഹിച്ചു. തമ്മിലൊരേറ്റുമുട്ടൽ കൂടാതെകഴിക്കണമെന്നും അദ്ദേഹത്തിനുണ്ടു്. പട പട്ടാമ്പിക്കു സമീപമായപ്പോൾ കോഴിക്കോട്ടെ വിജയവാർത്ത പാളയത്തിലെത്തി. അപ്പോഴാണു് പറങ്കികൾ കോഴിക്കോട്ടിറങ്ങിയ കഥതന്നേ തമ്പുരാൻ അറിഞ്ഞതു്. എത്ര വലിയൊരാപത്തിൽനിന്നാണു് താൻ രക്ഷപ്പെട്ടതെന്നു് അപ്പോഴേ അദ്ദേഹത്തിന്നു മനസ്സിലായുള്ളൂ. യുദ്ധകാര്യങ്ങളെല്ലാം അദ്ദേഹം വിസ്തരിച്ചു ചോദിച്ചറിഞ്ഞു. ഒടുവിൽ മൂത്തപണിക്കർ വന്നു ചേർന്നതും മാർഷൽ കഠീനോ ഭാസ്ക്കരപ്പണിക്കരുടെ വാളിന്നിരയായതും കേട്ടു് അദ്ദേഹം സന്തോഷാശ്രുക്കൾ പൊഴിച്ചു. അദ്ദേഹം ഗദ്ഗദകണ്ഠനായി സ്വയം പറഞ്ഞുപോയി: “അപ്പോൾ മൂത്തപണിക്കർ സമയത്തിനെത്തി, അല്ലേ? വേണ്ടപ്പോൾ പണിക്കരെത്താതിരിക്കില്ലെന്നു് എനിക്കറിയാം,” ഗവർണ്ണർ ആൽബൂക്കെർക്കിനു വെടികൊണ്ടതു് ആൺവേഷം ധരിച്ച ഒരു പെൺകുട്ടിയുടെ തോക്കിൽനിന്നാണെന്നറിഞ്ഞപ്പോൾ മഹാരാജാവു് ആശ്ചര്യപ്പെട്ടു: “നമ്മുടെ നാട്ടിൽ തോക്കുപയോഗിക്കാവുന്ന പെണ്ണുങ്ങളാരും—ഓ! മനസ്സിലായി. താഴത്തെപ്പറമ്പിലെ പെൺകുട്ടി ആയുധാഭ്യാസം ചെയ്യുന്നു എന്നാരോ പറഞ്ഞുകേട്ടു. അവൾതന്നേ ആയിരിക്കണം. അവളുടെ കൈകൊണ്ടാണു് വെടിയെങ്കിൽ അതു ദൈവശിക്ഷതന്നേയാണു്.”

കോഴിക്കോട്ടേ വിജയവാർത്ത ഏറാൾപ്പാടിന്റെ പാളയത്തിൽ അതിരില്ലാത്ത നിരാശതയെ വളർത്തി. ഏറാൾപ്പാടിന്റെ വിജയപ്രതീക്ഷ പോർട്ടുഗിസുകാരുടെ ആക്രമണത്തിന്മേലായിരുന്നു. അവരിങ്ങനെ യുദ്ധത്തിൽ തോറ്റും പോർക്കളം വിട്ടോടിപ്പോകുമെന്നോ അവരുടെ ആക്രമണത്തെ വകവെയ്ക്കാതെ സാമൂതിരി പടയുമായി ഇങ്ങോട്ടുതന്നേ നേരിടുമെന്നോ അദ്ദേഹം വിചാരിച്ചില്ല. ഗതികെട്ടു തന്നോടു സമാധാനമെങ്കിലും അഭ്യർത്ഥിക്കുകയെന്നാണു് അദ്ദേഹമൂഹിച്ചതു്. അങ്ങനെ വന്നു കാലുപിടിക്കുമ്പോൾ വേണ്ടതു ചെയ്യാമെന്നും അദ്ദേഹം വിചാരിച്ചിരുന്നു. പക്ഷേ, ആ സുന്ദരസ്വപ്നങ്ങളെല്ലാം ഇപ്പോൾ ദുസ്സ്വപ്നങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പറങ്കികൾ തോറ്റുപോയ സ്ഥിതിക്കു് ഇനി യുദ്ധംചെയ്യുന്ന കാര്യമേ ആലോചിക്കാനില്ല. പട്ടാളത്തിൽനിന്നു് ആളുകൾ കുറെശ്ശ വിട്ടുപോവാൻ തുടങ്ങിയുമിരുന്നു. ഏതായാലും പടകൾതമ്മിൽ ഇതുവരെ ഏറ്റുമുട്ടാതിരുന്നതു ഭാഗ്യമായി എന്നു് ഏറാൾപ്പാടിനു തോന്നി. യുദ്ധമായിട്ടൊന്നും ഉണ്ടായില്ലല്ലോ; ആ സ്ഥിതിക്കു പട പിരിച്ചുവിട്ടു താൻ സാമൂതിരിയെ ചെന്നു കാണുകയാണുത്തമമെന്നു് അദ്ദേഹം തീർച്ചയാക്കി.

കാവൂട്ടിനേത്യാരമ്മയ്ക്കും ആറ്റുമുട്ടുകയ്മൾക്കുമാണു് ഈ തീർമാനം സമ്മതമാകാത്തതു്. വിജയത്തിൽ പങ്കുകൊള്ളാനൊരുങ്ങിവന്ന നേത്യാരമ്മ മുറുമുറുത്തുതുടങ്ങി: “ഇതെന്തു കഥയാണു്? പടയ്ക്കൊരുങ്ങി കൊട്ടിഗ്ഘോഷിച്ചു വന്നപ്പോൾ പേടിയാണത്രേ! തിരിച്ചുപോണംപോലും! ഇതാണോ ആണത്തം? ഇങ്ങനെയാണെങ്കിൽ എന്നും എച്ചിലുണ്ടു കിടക്കുകതന്നേ ഫലം.” അവർ ഏറാൾപ്പാടിനോടു കോപം നടിച്ചുനോക്കി, കരഞ്ഞും പിഴിഞ്ഞും പറഞ്ഞുനോക്കി. അദ്ദേഹത്തിനൊരനക്കവുമില്ല. “ഇനി ഏട്ടത്തി ചൂലെടുത്തടിച്ചാലതും കൊള്ളണം. ഞാനൊരു നേത്യാരമ്മയാണത്രേ! പൗരുഷമില്ലാത്ത രാജാവു് എന്തു രാജാവാണു് !”—ഇങ്ങനെയെല്ലാം അവർ വിലപിച്ചു. എന്നാൽ ഏറാൾപ്പാടു് ഇതൊന്നും കേട്ടതായേ നടിച്ചില്ല.

ആറ്റുമുട്ടുകയ്മളുടെ കോപവും നൈരാശ്യവും വലിയവർക്കു പൗരുഷമില്ലാതെപോയതിലുള്ള ദോഷത്തെ അപലപിക്കുന്നതിലാണു് കണ്ടതു്: “ആണായാൽ പൗരുഷം വേണം. പടയ്ക്കെന്നു പറഞ്ഞു വേഷം കെട്ടിപുറപ്പെട്ടിട്ടു് ഇപ്പോൾ പടയണിതുള്ളലായി. രാജാവായാൽ ധൈര്യം വേണം. വിരോധികളുടെ ശബ്ദം കേൾക്കുമ്പോഴേയ്ക്കും പേടിച്ചാലോ? പറങ്കികൾ തോറ്റുപോയത്രേ! പറങ്കികളെക്കൊണ്ടു ജയിക്കാനാണോ പുറപ്പെട്ടതു് ?”—എന്നൊക്കെ അക്രമിയെങ്കിലും പൗരുഷമുള്ളവനായ കയ്മൾ പാളയത്തിലെല്ലാവരും കേൾക്കേ കോപിച്ചു പറഞ്ഞു; എന്നുമാത്രമല്ല, സംഗതികളുടെ നില മാറിക്കണ്ടപ്പോൾ തന്റെ മൂവായിരം പടയാളികളോടൊന്നിച്ചു് അവിടം വിട്ടുപോയിതാനും.

സാമൂതിരിപ്പാടുതമ്പുരാന്റെ പാളയം ഏറാൾപ്പാടിന്റേതിൽനിന്നു് അഞ്ചുനാഴികയിൽ കൂടുതൽ അകലത്തായിരുന്നില്ല. എന്നിട്ടും സാമൂതിരി യുദ്ധത്തിന്നു മുമ്പോട്ടു വരുന്ന ലക്ഷണമൊന്നും കണ്ടില്ല. കോവിലകത്തെന്നപോലെയുള്ള ചിട്ടകളായിരുന്നു അദ്ദേഹത്തിന്നു പാളയത്തിലും. കാലത്തു കുളിയും പൂജയും വയറാട്ടവുമെല്ലാം കഴിഞ്ഞു കൂടെയുള്ള പ്രഭുക്കളുമായി രാജസഭകൂടി കാര്യങ്ങൾ കേൾക്കും; കല്പനകൾ കൊടുക്കും; അമൃതേത്തു കഴിഞ്ഞാൽ അല്പം വിശ്രമമെടുക്കും. യുദ്ധത്തിന്നൊരുങ്ങി രണ്ടു സൈന്യം അണിനിരന്നു നില്പുണ്ടെന്ന ഭാവമേ അദ്ദേഹത്തിന്നില്ല. “ഞാൻ മൂലം ഞങ്ങൾതമ്മിൽ യുദ്ധമുണ്ടായെന്നു വരേണ്ടാ എന്നു വിചാരിച്ചു് അങ്ങോട്ടു ചെന്നാക്രമിക്കാതിരിക്കയാണു്” എന്നത്രേ അദ്ദേഹം പറയാറു്. യുദ്ധത്തിന്നക്ഷമനായി കൈയും തിരുമ്മിയിരുന്ന മങ്ങാട്ടച്ചൻ ഈ നിലപാടിനെ എതിർത്തു പലതും അറിയിക്കാതിരുന്നില്ല. ഒന്നുകൊണ്ടും സാമൂതിരിക്കു് ഇളകുന്ന ഭാവം കണ്ടില്ല. ഒടുവിൽ അച്ചനെ വിളിച്ചു തമ്പുരാൻ ഗൂഢമായി മന്ത്രിച്ചു: “പറങ്കികൾ തോറ്റോടി എന്ന വർത്തമാനം ഇവിടെ എത്തിയതോടുകൂടി യുദ്ധം ഇവിടെയും അവസാനിച്ചതായി വിചാരിച്ചോളൂ. പറങ്കികൾ ആക്രമിക്കാൻ വരുന്ന സ്ഥിതിക്കു നാമവിടെനിന്നു പുറപ്പെടുമെന്നേ ഏറാൾപ്പാടു വിചാരിച്ചിരിക്കില്ല. അവരെ എതിർക്കുന്നതിന്നു നാമും പടയും കോഴിക്കോട്ടു കാത്തിരിക്കുമെന്നാണു് അയാൾ വിചാരിച്ചതു്. അങ്ങനെയാണെങ്കിൽ അയാൾക്കെതിരിടാൻ ആരുമുണ്ടാവില്ലല്ലോ. നാമും പടയും ഇവിടെ എത്തിയതുതന്നെ അയാൾക്കു പരിഭ്രമത്തിനു കാരണമായി. ഇപ്പോഴിതാ, പറങ്കികൾ തോറ്റും പോയി, കണ്ടോളൂ, ഇനി രണ്ടു ദിവസത്തിനകം ‘ഞാനൊന്നുമറിഞ്ഞില്ലേയ്’ എന്ന ഭാവത്തിൽ ഏറാൾപ്പാടിവിടെ വന്നു നമസ്ക്കരിക്കും.”

യുദ്ധംചെയ്തു തന്റെ സാമർത്ഥ്യം കാണിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും തമ്പുരാൻ കല്പിച്ചരുളിയതാണു് നയമെന്നു മങ്ങാട്ടച്ചൻ സമ്മതിച്ചു. നാടുവാഴുന്ന തമ്പുരാനും ഇളംകൂറുതമ്പുരാനും തമ്മിൽ യുദ്ധംചെയ്യുന്നതു് ഒരു കാലത്തും നന്നാകയില്ലെന്നറിയാനുള്ള തന്റേടം അച്ചനുണ്ടല്ലോ.

തമ്പുരാൻ പ്രതീക്ഷിച്ചപടിതന്നെ, രണ്ടുദിവസം കഴിഞ്ഞപ്പോൾ ഏറാൾപ്പാടു സാമൂതിരിയുടെ പാളയത്തിലെത്തി. പടയഴിച്ചു തിരികേ അയച്ചതിന്നുശേഷമാണു് അദ്ദേഹം ജ്യേഷ്ഠനെ കണ്ടു വന്ദിക്കാൻ പുറപ്പെട്ടതു്. ചെറിയൊരകമ്പടിയേ ഉണ്ടായിരുന്നുള്ളൂ. വലിയ തമ്പുരാൻ അമറേത്തും വിശ്രമവും കഴിഞ്ഞിരിക്കുമ്പോഴാണു് ഏറാൾപ്പാടു വന്നിരിക്കുന്ന വിവരം ഹരിക്കാരനറിയിച്ചതു്. ഉടൻതന്നേ തിരുമുമ്പിൽ വന്നു മുഖംകാണിച്ചുകൊള്ളാൻ അനുവാദമായി. മറ്റാരും അകമ്പടിയില്ലാതെയാണു് സാമൂതിരി ഇളംകൂറിനെ കണ്ടതു്. ഈ ഔചിത്യത്തെ ഏറാൾപ്പാടു് ഉള്ളാലഭിനന്ദിച്ചു. ജ്യേഷ്ഠന്റെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്തശേഷം അദ്ദേഹം ഇങ്ങനെ അറിയിച്ചു. “ഇവിടംവരെ വന്നിട്ടു്, എനിക്കാളെ അയയ്ക്കാഞ്ഞതു വലിയ സങ്കടമായി.”

“ആളെ അയച്ചിട്ടു വേണ്ടല്ലോ എന്നെ വന്നു കാണാൻ.”

ഇങ്ങനെ ആരംഭിച്ച സംഭാഷണം രണ്ടുമൂന്നു നാഴിക നീണ്ടുനിന്നു. കുടുംബകാര്യങ്ങൾ, രാജ്യകാര്യങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അവർ സംസാരിച്ചു. വിലപിടിച്ച പല സമ്മാനങ്ങളും ഓണപ്പുടവയും കൊടുത്താണു് ഏറാൾപ്പാടിനെ യാത്രയയച്ചതു്. പിറ്റേ ദിവസം രാവിലെ സാമൂതിരിപ്പാടും കോഴിക്കോട്ടേയ്ക്കു തിരിച്ചുപോയി.

കോഴിക്കോട്ടെ വിജയം കഴിഞ്ഞേഴാം പക്കം സാമൂതിരിപ്പാടു തിരികേ രാജധാനിയിലെത്തി. അങ്ങോട്ടെന്നതുപോലെയല്ല ഇങ്ങോട്ടെഴുന്നള്ളിയതു്. ചാലപ്പുറംവരെ ഒരെഴുന്നള്ളത്തായിട്ടാണു് അന്നങ്ങോട്ടു പോയതെങ്കിലും അതു് ഔപചാരികമായൊരു ഘോഷയാത്രയേ ആയിരുന്നുള്ളു. ഇന്നിങ്ങോട്ടാകട്ടെ, അകത്തും പുറത്തുമുള്ള വിരോധികളെ അമർത്തി എഴുന്നള്ളുകയാണു്. വിജയശ്രീലാളിതനായി എഴുന്നള്ളുന്ന തമ്പുരാനെ സ്വീകരിക്കാൻ ജനങ്ങൾക്കുണ്ടായ ഉത്സാഹം പറഞ്ഞറിയിക്കത്തക്കതല്ല. ഏതിൽനിന്നാണോ തങ്ങൾ രക്ഷപ്പെട്ടതു്, ആ ഘോരാപത്തിനെ ഓർത്തു കോഴിക്കോട്ടെ പൗരന്മാർ രാജഭക്തിവിവശരായി തങ്ങളുടെ ഭാഗ്യത്തെ സ്തുതിച്ചു. കോഴിക്കോട്ടുപട്ടണം സ്ഥാപിച്ചിട്ടു നാനൂറുവർഷമായി. ഇതിനിടയിൽ വിരോധികൾ അതിനെ ആക്രമിക്കയുണ്ടായിട്ടില്ല. ആദ്യമായിട്ടാണു് അങ്ങനെയൊരനുഭവമുണ്ടായതു്. അതു ഭാഗ്യവശാൽ വിരോധികളുടെ പരാജയത്തിലും നാശത്തിലും കലാശിച്ചതു കന്നലക്കോന്റെ ഭാഗ്യംകൊണ്ടും ദാനാദിപുണ്യകർമ്മങ്ങളാൽ അദ്ദേഹമാർജ്ജിച്ച ദൈവപ്രീതികൊണ്ടുമാണെന്നു് ജനങ്ങൾ വിചാരിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവു്, അതിനാൽ, ഒരു ജൈത്രയാത്രതന്നെയായി. തെരുവുകളെല്ലാം, യാതൊരാജ്ഞയുംകൂടാതെ, ജനങ്ങൾ അടിച്ചു തളിച്ചു വെടിപ്പാക്കി കുലവാഴകൾ മുതലായവ നാട്ടി; ഇടയിട്ടു തോരണങ്ങൾ കെട്ടി പലവിധത്തിൽ ഭംഗിപിടിപ്പിച്ചു് അലങ്കരിച്ചു. പുരന്ധ്രിജനങ്ങൾ കുളിച്ചു വെള്ളയുടുത്തു കൈയിൽ താലപ്പൊലിയുമായി തെരുവുകളുടെ പ്രധാനഭാഗങ്ങളിൽ കൂട്ടമിട്ടു നിന്നു. പട്ടണത്തിലുള്ളവർമാത്രമല്ല, അയൽപ്രദേശത്തുള്ളവർപോലും, വലിയൊരുത്സവത്തിനെന്നപോലെ, കോഴിക്കോട്ടെ നഗരവീഥിയിൽ വന്നു തിങ്ങിക്കൂടി. ഒരു പത്തു നാഴിക പുലർന്നപ്പോൾ കൂട്ടവെടി കേട്ടുതുടങ്ങി. ദൂരേനിന്നു് ആർപ്പുവിളികളും ജയഘോഷങ്ങളും മുഴങ്ങി. ക്രമേണ ആലവട്ടം ചാമരം മുത്തുക്കുട എന്നിവ പിടിച്ചു രത്നാഭരണങ്ങളണിഞ്ഞു് ആനപ്പുറത്തെഴുന്നള്ളുന്ന കുന്നലക്കോനെ കണ്ടു് ആളുകൾ ഭക്തവിവശരായി.

എഴുന്നള്ളത്തിന്റെ മുമ്പിൽ കൊണ്ടുപോകുന്ന വിജയചിഹ്നങ്ങളുടെ കൂട്ടത്തിൽ സവിശേഷമായ ഒന്നുണ്ടായിരുന്നു ഈ പ്രാവശ്യം: ജീനണിയിച്ചു നടത്തുന്ന കുതിരകളുടെ മുമ്പിലായി ഒരു ഭടൻ കിന്നരിനൂലുകൊണ്ടു ലാഞ്ഛനങ്ങൾ തുന്നിപ്പിടിപ്പിച്ച ഒരൂക്കൻകൊടി പൊക്കിപ്പിടിച്ചിരുന്നു. മറ്റു കൊടികളെക്കാൾ മൂന്നിരട്ടി വലിപ്പമുണ്ടു് അതിന്നു്. എന്നല്ല, അതിന്റെ കാലു പൊന്നുപൂശിയതും വിചിത്രചിത്രപ്പണികളുള്ളതുമാണു്. അതായിരുന്നൂ, സാമൂതിരിപ്പാടിന്റെ പള്ളിയറയുടെ വാതിൽ പിഴുതെടുത്തു കാഴ്ചവെയ്ക്കാമെന്നു പൊങ്ങച്ചം പറഞ്ഞ ആ പോർട്ടുഗീസ്മാർഷലിന്റെ കൊടി.

സാമൂതിരിപ്പാടു് എഴുന്നള്ളിയിരുന്ന ആനയുടെ മുമ്പിലും പിമ്പിലുമായി പല പ്രഭുക്കൾ അകമ്പടിസേവിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരാളെമാത്രം കണ്ടില്ല—സർവ്വസൈന്യാധിപൻ ധർമ്മോത്തു മൂത്തപണിക്കരെ. സാമൂതിരിപ്പാടു് ഇടയ്ക്കിടെ അങ്ങുമിങ്ങും നോക്കുന്നുണ്ടായിരുന്നു. അതേപ്പറ്റിത്തന്നേയായിരുന്നു അയിനിക്കൂറ്റിൽ നമ്പിടിയും തിനയഞ്ചേരി എളയതും തമ്മിൽ സംസാരിച്ചതും: “പണിക്കർ പൊന്നാനിക്കു പോയിക്കാണുകയില്ല; മഹാരാജാവിന്റെ കല്പന കാത്തു കോഴിക്കോട്ടിനു പുറത്തെങ്ങാനുമുണ്ടാവണം.”

ഇങ്ങനെ ആ ഘോഷയാത്ര പ്രധാനത്തെരുവീഥികളിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ, ദരിദ്രനായ ഒരെമ്പ്രാന്തിരി എന്നു കാഴ്ചയിൽ തോന്നുന്ന ഒരാൾ വിശേഷങ്ങൾ കണ്ടുകൊണ്ടു സത്രത്തിന്റെ മുൻവശത്തു നിന്നിരുന്നു. അയാളുടുത്ത വസ്ത്രം നന്നെ മുഷിഞ്ഞിട്ടുണ്ടു്. ക്ഷൗരംചെയ്തിട്ടു ചില ദിവസങ്ങളായെന്നു തോന്നിക്കുന്ന മുഖത്തു വെളുത്തു നരച്ച രോമങ്ങൾ പൊടിഞ്ഞിട്ടുണ്ടു്. ആകപ്പാടെ പ്രാകൃതനായി തോന്നുമെങ്കിലും അയാളുടെ കണ്ണിൽ വെട്ടിത്തിളങ്ങുന്ന രൗദ്രരസം പുറമേ കണ്ട ബ്രാഹ്മണ്യത്തിന്നു ചേർന്നതല്ല. ആളുകളുടെ നോട്ടത്തിൽനിന്നു മാറി കുറച്ചൊതുങ്ങി മറഞ്ഞാണു് അയാൾ നിന്നിരുന്നതു്. കുറച്ചകലെ നിന്നു സൂക്ഷിച്ചു നോക്കിയിരുന്ന വേറൊരാൾ ആൾത്തിരക്കിലൂടെ സാവധാനം വന്നു് ആ എമ്പ്രാന്തിരിയോടായി പറഞ്ഞു: “ഞാൻ അന്വേഷിക്കയായിരുന്നു. ഇവിടെ എത്തിയിട്ടുണ്ടെന്നു രണ്ടു ദിവസം മുമ്പറിഞ്ഞു. ഏതായാലും ഇപ്പോൾ കണ്ടുകിട്ടിയല്ലോ. ഈ വേഷത്തിൽ കാണാനിടയാകുമെന്നു് ആരു വിചാരിച്ചു?”

അല്പമൊരു പരിഭ്രമത്തോടെ ആ പ്രാകൃതവേഷക്കാരൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “പേരു പറയേണ്ടാ. വല്ലവരും കേട്ടെന്നു വരാം. ഈ സ്ഥിതിയെപ്പറ്റി എന്തു പറയാനാണു്? ‘ദൈവാധീനം ജഗൽ സർവ്വം!’”

“ഇനി ഇവിടെ നില്ക്കണോ? പോവുകയല്ലേ ഭേദം?”

“ശരിയാണു്. ഈ എഴുന്നള്ളത്തു കാണാനല്ല ഞാൻ മുൻകൂട്ടി ഇവിടെ വന്നതു്. എന്തു പറയാനാണു്? നെടിയിരിപ്പു സ്വരൂപത്തിലെ പുണ്യം ക്ഷയിച്ചിട്ടില്ല. അല്ലെങ്കിൽ ഇത്തവണ തെറ്റാൻ വകയില്ലാത്തതാണു്.”

“അടവിലല്ല തെറ്റിയതു്, ഭാഗ്യത്തിലാണു്. ഇനിയെങ്കിലും അനാവശ്യത്തിനു പുറപ്പെടാതിരിക്കൂ. ഇപ്പോൾ പോയാൽ വഴിയിൽ തടയാതെ ഞാൻ സൂക്ഷിച്ചുകൊള്ളാം. അല്ലെങ്കിൽ എത്ര നാളാണു് തടവിൽ കിടക്കേണ്ടിവരിക എന്നു ഞാൻ പറയുന്നില്ല.”

“ശരിയാണു്. ഈ സാമൂതിരിപ്പാടു് എന്നോടു ദാക്ഷിണ്യം കാണിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. വളരെ മുമ്പു്, അദ്ദേഹമൊരു കൊച്ചുതമ്പുരാനായിരിക്കുമ്പോൾ, തുടങ്ങിയതാണു് ഞങ്ങൾ തമ്മിലുള്ള പിണക്കം. കുറ്റം എന്റേതാണെന്നു പറഞ്ഞുകൂടാ.”

“കഥയൊക്കെ എനിക്കറിയാം. രണ്ടുപേർ ഒരു സ്ത്രീയെ സ്നേഹിച്ചാൽ ഒരാൾ തോല്ക്കുകയേ നിവൃത്തിയുള്ളൂ—അതുകൊണ്ടു് ഇത്ര വലിയ പക വെച്ചു രാജദ്രോഹംവരെ പ്രവർത്തിക്കണമെന്നില്ല. വലിയവരോടു പ്രതികാരം തോന്നുന്നതു് അല്പരുടെ സ്വഭാവമല്ല. അല്പമൊന്നു വഴിപിഴച്ച അതിബുദ്ധിമാന്മാരുടെ സ്വഭാവമാണു്.”

“അതൊന്നും ഇപ്പോൾ പറഞ്ഞിട്ടു കാര്യമില്ലല്ലോ.”

“എഴുന്നള്ളത്തു് ഇവിടെ എത്തുന്നതിനുമുമ്പു് അങ്ങു് ഇവിടെനിന്നു പോകയാണു് നല്ലതെന്നു ഞാനൊരിക്കൽക്കൂടി ഓർപ്പിക്കുന്നു.”

അങ്ങനെതന്നെ എന്ന ഭാവത്തിൽ ആ എമ്പ്രാന്തിരി ഒന്നും മിണ്ടാതെ തല കുനിച്ചുകൊണ്ടു് അവിടെനിന്നു പോയി.

പറങ്കികളുടെ ആക്രമണദിവസം തീർച്ചയായ ഉടൻ ആ വിജയത്തിൽ പങ്കുകൊള്ളുന്നതിന്നു താനും കോഴിക്കോട്ടുണ്ടാവണമെന്നു കരുതി വേഷപ്രച്ഛന്നനായി വന്ന പാതിരാശ്ശേരിയായിരുന്നു ആ പ്രാകൃതവേഷക്കാരൻ; മറ്റേതു മാമ്പിലക്കാടും. ഇത്തവണ പതിവുള്ള ധാടിയോടുകൂടിയല്ല പാതിരാശ്ശേരി പുറപ്പെട്ടതു്. സമയത്തിന്നു മുമ്പു് ആളുകൾ തന്നെ തിരിച്ചറിഞ്ഞാൽ അപകടമുണ്ടായേയ്ക്കാമെന്നു് അദ്ദേഹം ഭയന്നു. അതിനാൽ ദരിദ്രനായ ഒരു തുളുവെമ്പ്രാന്റെ വേഷത്തിലാണു് അദ്ദേഹം കോഴിക്കോട്ടു പ്രവേശിച്ചതു്. സാമൂതിരിപ്പാടിന്റെ വകയായ ഊട്ടിൽ രണ്ടുനേരവും ഉണ്ടു് ഒരു സത്രത്തിൽ കിടന്നാണു് തന്റെ എമ്പ്രാന്തിരിസ്വഭാവത്തെ അദ്ദേഹം നിലനിർത്തിയതു്. ഈ കഷ്ടപ്പാടുകളെല്ലാം സഹിക്കേണ്ടിവന്നതിൽ അദ്ദേഹത്തിന്നു സങ്കടം തോന്നിയില്ല. രണ്ടുദിവസം കഴിഞ്ഞാൽ തന്റെ സ്നേഹിതരായ പറങ്കികൾ നഗരം കൈവശപ്പെടുത്തി അധികാരം സ്ഥാപിക്കും. എന്നിട്ടു സാമൂതിരിയുടെ മുഖമൊന്നു കാണണം. വല്ലവിധത്തിലും അദ്ദേഹം രക്ഷപ്പെട്ടാൽത്തന്നെ പിന്നെ സാമൂതിരിയാകുന്നതു തന്റെ സ്നേഹിതനായ ഏറാൾപ്പാടാകയാൽ തന്റെ സ്ഥിതിക്കു വലിയ മേന്മയുണ്ടാവും. ആ ബ്രാഹ്മണന്റെ ഇങ്ങനെയുള്ള സങ്കല്പസ്വർഗ്ഗങ്ങളെല്ലാം വെറുംഗന്ധർവ്വനഗരമായിട്ടാണു് കലാശിച്ചതു്. മാമ്പിലക്കാടിന്റെ ഉപദേശം സ്വീകരിക്കയേ നിവൃത്തിയുള്ളൂ എന്നു് അദ്ദേഹത്തിന്നു തോന്നി. അതിനാൽ എഴുന്നള്ളത്തു് ആ സ്ഥലത്തെത്തുന്നതിന്നു മുമ്പുതന്നേ പാതിരാശ്ശേരി അവിടെനിന്നു മാറിക്കളഞ്ഞു.

പക്ഷേ, രാജദ്രോഹംവഴിയാർജ്ജിച്ച ധനം അനുഭവിക്കാനോ മനഃശ്ശാന്തിയോടുകൂടി ജീവിതം നയിക്കാനോ പാതിരാശ്ശേരിക്കു സാധിച്ചില്ല. ഒരു ദരിദ്രനായ എമ്പ്രാന്റെ മട്ടിൽത്തന്നേ മടങ്ങിപ്പോയിരുന്നെങ്കിൽ വൈഷമ്യമൊന്നും കൂടാതെകഴിഞ്ഞേനെ. പക്ഷേ, കോഴിക്കോടു വിട്ട ഉടനെ അദ്ദേഹം വേഷം മാറി. പഴയപടി ഒരു പ്രഭുവിനൊത്ത സ്ഥിതിയിൽ മഞ്ചലിൽ യാത്രതുടങ്ങി. വഴിയിൽ ഒരു വിജനപ്രദേശത്തുവെച്ചു കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു. കൈയിലുള്ള പണമെല്ലാം അപഹരിക്കപ്പെട്ടുവെന്നുമാത്രമല്ല; അവരുടെ കൈകൊണ്ടു് അദ്ദേഹത്തിന്നു മരിക്കേണ്ടിയും വന്നു. ഒരു ബ്രഹ്മരക്ഷസ്സായി അദ്ദേഹമിപ്പോഴും ആളുകളെ ഉപദ്രവിക്കുന്നുണ്ടെന്നത്രേ ആ നാട്ടിലെ ജനങ്ങളുടെ വിശ്വാസം.

പത്തൊമ്പതാമദ്ധ്യായം

തമ്പുരാന്റെ ഘോഷയാത്ര പട്ടണം ചുറ്റി കൊട്ടാരവാതില്ക്കലെത്തുംമുമ്പുതന്നെ, കോവിലകം അറ്റകുറ്റങ്ങൾ തീർത്തു വൃത്തിയാക്കി പുണ്യാഹം കഴിച്ചു ശുദ്ധമാക്കിയിരുന്നു. തമ്പുരാൻ കൊട്ടാരത്തിലെഴുന്നള്ളി കുളിയും അമറേത്തും വിശ്രമവും കഴിഞ്ഞു മന്ത്രമണ്ഡപത്തിൽ രാജസദസ്സു വിളിച്ചുകൂട്ടി. കോഴിക്കോട്ടെ നാടുവാഴികൾ, പ്രഭുക്കന്മാർ, സൈനികപ്രമാണികൾ, നഗരശ്രേഷ്ഠികൾ മുതലായവർ സദസ്സിൽ ഹാജരായി. മഹാരാജാവാകട്ടെ, കിരീടം, അംഗദം, പതക്കം മുതലായ ആഭരണങ്ങളണിഞ്ഞു് അവസരത്തിന്നുചിതമായ ഗൗരവത്തോടുകൂടി എഴുന്നള്ളി സിംഹാസനത്തിലിരുന്നു. തിനയഞ്ചേരി ഇളയതു ഒരു വശത്തും മങ്ങാട്ടച്ചൻ മറ്റൊരു വശത്തും നിന്നു. അയിനിക്കൂറ്റിൽ നമ്പിടി മുതലായ മഹാപ്രഭുക്കന്മാർ യഥാസ്ഥാനം സിംഹാസനത്തെ അഭിമുഖീകരിച്ചു നിന്നു. ധർമ്മോത്തു മൂത്തപണിക്കരുടെ സ്ഥാനംമാത്രം ഒഴിഞ്ഞുകിടക്കയാണു്.

തമ്പുരാൻ കല്പിച്ചു: “ഈ സദസ്സിൽ നമ്മുടെ ആയുധഗുരുവും സ്വരൂപത്തിലെ സേനാധിപതിയുമായ ധർമ്മോത്തു മൂത്തപണിക്കർമാത്രം ഹാജരില്ലാത്തതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടാവാം; ഒരാഴ്ചയ്ക്കു മുമ്പു ഈ കോവിലകത്തുവെച്ചുതന്നേ ഉണ്ടായ യുദ്ധത്തിൽ മൂത്തപണിക്കർ ചെയ്ത സേവനങ്ങളോർക്കുമ്പോൾ വിശേഷിച്ചും അതിന്നു വകയുണ്ടു്. മറ്റു ചിലരുടെ നിർബ്ബന്ധപ്രകാരം തക്കതായ രാജ്യകാരണങ്ങളാൽ ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ മൂത്തപണിക്കർ നമ്മുടെ കണ്മുന്നിൽ വന്നുകൂടെന്നു നാമാജ്ഞാപിച്ചു. ആ ആജ്ഞയെ പണിക്കർ ഏതുവിധത്തിലെല്ലാം ഇന്നോളം പാലിച്ചുവെന്നു നിങ്ങൾക്കെല്ലാം അറിയാമല്ലോ. നാമിന്നു തിരികേ രാജധാനിയിലെത്തിയപ്പോൾ നമ്മുടെ മുൻകല്പനയനുസരിച്ചു പണിക്കർ കോഴിക്കോടു വിട്ടിരുന്നു. പക്ഷേ, അധികം ദൂരത്തെത്തിയിരുന്നില്ല. മുമ്പിലത്തെ കല്പന മാറ്റി, ആളയച്ചു വരുത്തി, പഴയപടി രാജസദസ്സിലും മറ്റുമുള്ള സ്ഥാനസ്ഥിതികൾ പണിക്കരെ ഏല്പിച്ചുകൊടുക്കാൻ നാം തീർച്ചയാക്കിയിരിക്കയാണു്.”

മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു് ഒരു ഹരിക്കാരനാൽ അനുഗതനായി മൂത്തപണിക്കർ പ്രവേശിച്ചു തമ്പുരാനെ വന്ദിച്ചു തനിക്കുള്ള സ്ഥാനത്തു പോയി നിന്നു. തമ്പുരാൻ തുടർന്നു: “മൂത്തപണിക്കർ നമ്മുടെ മുമ്പിൽ വരാറില്ലായിരുന്നെങ്കിലും നമ്മുടെ പ്രത്യേകാജ്ഞയനുസരിച്ചു വിവരങ്ങൾ ഓലവഴി നമ്മെ അറിയിച്ചിരുന്നു. ആവശ്യത്തിന്നു്, വേണ്ടിവന്നാൽ, പണിക്കർ ഇവിടെ വരാതിരിക്കില്ലെന്നു നമുക്കസ്സലായറിയാം. അതാണു് ഈ സമയത്തു രാജധാനി വിട്ടുപോവാൻ നമ്മെ ധൈര്യപ്പെടുത്തിയതു്. നമ്മുടെ ആ വിശ്വാസം എത്രമാത്രം ശരിയായി എന്നു നിങ്ങളെല്ലാം കണ്ടറിഞ്ഞതാണല്ലോ. ഇന്നുമുതൽ പഴയ പടിക്കുള്ള സ്ഥാനസ്ഥിതികളെല്ലാം പണിക്കർക്കു തുടർന്നു കൊടുത്തിരിക്കുന്നു.”

മൂത്തപണിക്കർ താണുതൊഴുതു നിന്നതേ ഉള്ളൂ. അയിനിക്കൂറ്റിൽ നമ്പിടിയാണു് പിന്നെ പറഞ്ഞതു്: “കാര്യം വിചാരിച്ചാൽ വളരെ ആശ്ചര്യമാണു്. പറങ്കികളുടെ ആക്രമണം വലിയ ആപത്തുകളൊക്കെ വരുത്തിവെയ്ക്കാൻ പോന്നതായിരുന്നു. അതിങ്ങനെ ചിതറിപ്പോയതിൽ ദൈവാധീനത്തിനോടാണു് നന്ദി പറയേണ്ടതെങ്കിലും മനുഷ്യരുടെ പ്രയത്നവും മറന്നുപോകത്തക്കതല്ല ‘താൻ പാതി ദൈവംപാതി’ എന്നാണല്ലോ ഞാൻ കണ്ണുകൊണ്ടു കണ്ടതാണു്. ആ പറങ്കികളുടെ നായകനുണ്ടല്ലോ, ഒരു രാക്ഷസമൂർത്തിതന്നേയായിരുന്നു. അയാൾ അവരുടെ സർവ്വസൈന്യാധിപനാണത്രേ. അയാളെ നമ്മുടെ ദ്വന്ദ്വയുദ്ധത്തിൽ തോല്പിച്ചു കൊന്നിട്ടതു കാണേണ്ട കാഴ്ചയായിരുന്നു! ഭീമദുശ്ശാസനന്മാരുടേതുപോലായിരുന്നു ആ യുദ്ധം. അയാൾ മരിച്ചതിൽപ്പിന്നെ അവർ നിന്നിട്ടില്ല.”

തമ്പുരാൻ പറഞ്ഞു: “മറ്റുള്ളവർ പറഞ്ഞു നാമതറിഞ്ഞിട്ടുണ്ടു്. പക്ഷേ, അനന്തരവൻ ചെയ്യുന്നതിന്റേയും മേന്മ കാരണവർക്കാണു്. ഏതായാലും ഇതിരിക്കട്ടെ.”

ഇത്രയും പറഞ്ഞു തമ്പുരാൻ അരികത്തിരുന്ന ഒരു വീരശൃംഖലയെടുത്തു ഭാസ്ക്കരപ്പണിക്കരെ വിളിച്ചു സമ്മാനിച്ചു. അന്നത്തെ യുദ്ധത്തെ മാനിച്ചു് ഇതുപോലെ മറ്റു പലർക്കും വീരശൃംഖലയായും ഓണപ്പുടവയായും തരാതരംപോലെ സമ്മാനം കൊടുക്കുകയുണ്ടായി. അക്കൂട്ടത്തിൽ മമ്മാലിക്കുട്ടി ചെയ്ത സാഹസങ്ങളെയും തമ്പുരാൻ മറന്നില്ല. എല്ലാം കഴിഞ്ഞു്, ഒടുവിൽ, അവിടന്നു കല്പിച്ചു: “വിശേഷിച്ചു്, ഒരു സമ്മാനംകൂടി കൊടുക്കാനുണ്ടു്. പറങ്കികളുടെ ഗവർണ്ണരെ വെടിവെച്ചു വീഴ്ത്തിയ ആ വീരയോദ്ധാവെവിടെ?”

തമ്പുരാൻ കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടൻതന്നേ മൂത്തപണിക്കരെ വിളിക്കാൻ ആളെ അയച്ചപ്പോൾ മണികണ്ഠ(ഉണ്ണി)ക്കയ്മളെയും ഉണ്ണിനങ്ങയെയും കൂടെ കൊണ്ടുവരണമെന്നു പ്രത്യേകം കല്പിച്ചിരുന്നു. അവൾ വന്നു വേറൊരു മുറിയിൽ ഇരിപ്പുണ്ടു്. തമ്പുരാന്റെ ചോദ്യം കേട്ട ഉടനേ മൂത്തപണിക്കർ വിളിച്ചു മന്ത്രിച്ചതനുസരിച്ചു് ഒരു ഹരിക്കാരൻ പോയി ഉണ്ണിനങ്ങയെ ഹാളിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നു. പതിമ്മൂന്നു പതിനാലുവയസ്സിൽ കവിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടി സങ്കോചംകൊണ്ടു കണ്ണുപൊക്കി നോക്കാതെ ആ ഹാളിൽ പ്രവേശിച്ചപ്പോൾ ആ സദസ്സിലാകെ ഒരിളക്കമുണ്ടായി. ഇതെന്തൊരാശ്ചര്യമെന്നു ചോദിക്കുംപോലെ എല്ലാ കണ്ണുകളും അവളിൽ പതിഞ്ഞു. തമ്പുരാന്റെ നേത്രാനുജ്ഞയോടെ മൂത്തപണിക്കർ മുമ്പോട്ടു ചെന്നു് ആ പെൺകുട്ടിയെ കൈക്കു പിടിച്ചു തിരുമുമ്പിൽ കൊണ്ടുവന്നു. തമ്പുരാനാകട്ടെ, തന്റെ കഴുത്തിൽ കിടക്കുന്ന രത്നഹാരമെടുത്തു് ആ കുട്ടിയുടെ കഴുത്തിൽ വാത്സല്യപുരസ്സരമണിയിച്ചിട്ടു പറഞ്ഞു: “നിന്നെ തന്റെ മകളായി ദത്തെടുക്കാനും അനന്തരവൻ ഭാസ്ക്കരനെക്കൊണ്ടു നിനക്കു പുടകൊടുപ്പിക്കാനും ആഗ്രഹിക്കുന്നതായി മൂത്തപണിക്കർ നമ്മുടെ മുമ്പിൽ അപേക്ഷിച്ചിട്ടുണ്ടു്. നിന്റെയും നിന്റെ സഹോദരന്റെയും ഉത്ഭവാദികളെ അറിഞ്ഞിട്ടില്ലാത്തതിനാലും നമ്മുടെ കുഞ്ഞമ്മതുമരയ്ക്കാരുടെ വാത്സല്യത്തിൽ നിങ്ങൾ വളർന്നുവന്നതിനാലും പല ദുഷ്പ്രവാദങ്ങൾ നാട്ടിൽ പരന്നിട്ടുണ്ടെന്നു നമുക്കുതന്നേ അറിയാം. ഈ കുട്ടികളെസ്സംബന്ധിച്ച എല്ലാ കാര്യങ്ങളും എനിക്കറിവുള്ളതാണു്. നമ്മുടെ അറിവോടും അനുജ്ഞയോടുംകൂടിയാണു് മരയ്ക്കാർ ചെയ്തിട്ടുള്ളതെല്ലാം. ഇവരുടെ കുടുംബം, പാരമ്പര്യം എന്നിവയെപ്പറ്റിയെല്ലാം മൂത്തപണിക്കർ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കും.”

തമ്പുരാൻ പറഞ്ഞുനിർത്തിയതോടെ എല്ലാവരുടെയും നോട്ടവും ശ്രദ്ധയും മൂത്തപണിക്കരുടെ മുഖത്തായി. പണിക്കർ പറഞ്ഞുതുടങ്ങി: “കൊച്ചിത്തുറമുഖത്തിന്നടുത്തു ചെറുവെയ്പു് എന്നൊരു ദേശമുണ്ടു്. ആ ദേശം ചെറുവെയ്പിൽ കയ്മൾ എന്നൊരു നാടുവാഴിയുടെ അധീനതയിലായിരുന്നു. മുവ്വായിരം നായന്മാരുടെ അധിപന്മാരായ അവർ കൊല്ലും കൊലയുമുള്ള മാടമ്പിമാരായിരുന്നു. അവരുടെ വകയായ ചെറുവെയ്പിൽഭദ്രകാളിക്ഷേത്രത്തെ കൊള്ളയിടാൻ പറങ്കികളൊരുങ്ങിയപ്പോൾ കയ്മളുടെ ആൾക്കാർ തടഞ്ഞു. അതിന്റെ ഫലമായി പറങ്കികൾ കയ്മളുടെ നേരെ തിരിഞ്ഞു വീടിനു തീവെയ്ക്കുകയും കണ്ണിൽ കണ്ടവരിൽ വൃദ്ധരായവരെ കൊല്ലുകയും മറ്റുള്ളവരെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കി വില്ക്കുകയുമുണ്ടായി. ഒരു വയ്ക്കോൽത്തുറുവിൽ കയറി ഒളിച്ചിരുന്ന ഈ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾമാത്രമാണു് ആ ആപത്തിൽ നിന്നു രക്ഷപ്പെട്ടതു്. കച്ചോടംസംബന്ധിച്ചു വളരെ മുമ്പുതന്നേ ചെറുവെയ്പിൽക്കയ്മളുമായി ഉറ്റ ബന്ധമുള്ള കുഞ്ഞമ്മതുമരയ്ക്കാർ അക്കാലത്തു കൊച്ചിയിലുണ്ടായിരുന്നു. കയ്മൾവീട്ടുകാർക്കു് പറ്റിയ ആപത്തു കേട്ടന്വേഷിക്കാൻ അവിടെ ചെന്നപ്പോൾ ആരും സഹായമില്ലാതെ വിശന്നിരുന്നു കരയുന്ന ഈ കുട്ടികളെ മരയ്ക്കാർ കണ്ടു. അദ്ദേഹം അവരെ കൂട്ടിക്കൊണ്ടുപോയി, കൊച്ചിയിൽ വ്യാപാരത്തിൽ തന്നെ സഹായിച്ചിരുന്ന വെങ്കിടാചലമയ്യർ എന്നൊരു തമിഴ്ബ്രാഹ്മണനെ വളർത്താനേല്പിച്ചു. മരയ്ക്കാർ പിന്നെ കോഴിക്കോട്ടേയ്ക്കു മടങ്ങിയപ്പോൾ മുഖംകാണിച്ചു വിവരം തിരുമനസ്സറിയിച്ചു കല്പനപ്രകാരം ആ കുട്ടികളെയും ആ ബ്രാഹ്മണകുടുംബത്തെയും കൊച്ചിയിൽനിന്നു കൊണ്ടുവന്നു് ഇവിടെ പാർപ്പിച്ചു വളർത്തിയതാണു്. അവരുടെ മതത്തിന്നും ആചാരങ്ങൾക്കുമൊന്നും തെറ്റുപറ്റാതെ അവരുടെ സ്ഥിതിക്കും സ്ഥാനത്തിന്നുമൊത്തവിധത്തിലാണു് അവരെ വളർത്തിയതു്. ഈ കുട്ടികളുടെ രക്ഷാകർത്തൃത്വം എന്നെ ഏല്പിച്ചാണു് മരയ്ക്കാർ നാടുവിട്ടതു്. എന്റെ മക്കളായി ദത്തെടുത്തു കാണണമെന്നായിരുന്നു മരയ്ക്കാരുടെ ആഗ്രഹം. ഈ പറഞ്ഞ സംഗതികൾക്കെല്ലാം വേണ്ട തെളിവുകളും മരയ്ക്കാർ എന്നെ ഏല്പിച്ചിട്ടുണ്ടു്.”

“തെളിവുകളെല്ലാം നാം തന്നേ കണ്ടിട്ടുള്ളതാണു്” എന്നു മഹാരാജാവു കല്പിച്ചു. മരയ്ക്കാരുടെ മഹാമനസ്ക്കതയെപ്പറ്റിയും മതസഹിഷ്ണതയെപ്പറ്റിയും മറ്റും ചിലതു പറഞ്ഞാൽക്കൊള്ളാമെന്നു പലർക്കുമുണ്ടായിരുന്നു. എന്നാൽ അതിന്നൊന്നും മഹാരാജാവു സമ്മതിച്ചില്ല. അദ്ദേഹം ഒരു തീട്ടൂരം തയ്യാറാക്കാൻ കല്പനയായി—ചെറുവെയ്പിൽ കണ്ടൻനാരായണൻ എന്നു മാറാപ്പേരുള്ള മണികണ്ഠക്കയ്മൾക്കു്, രാജദ്രോഹകുറ്റങ്ങൾക്കായി കണ്ടുകെട്ടിയിട്ടുള്ള ആറ്റുമുട്ടുകയ്മളുടെ വസ്തുവകകൾ ചാർത്തിക്കൊടുക്കാൻ; കൂടാതെ ആ വീട്ടുകാർ പെരുമ്പടപ്പിലനുഭവിച്ചുപോന്ന സ്ഥാനമാനാദികളും അവകാശങ്ങളും നെടിയിരിപ്പു സ്വരൂപത്തിലും ചെറുവെയ്പിൽക്കയ്മൾക്കു നിലനിർത്തിക്കൊള്ളുവാനും കല്പനയായി.

അന്നത്തെ രാജസദസ്സു വളരെ സന്തോഷത്തോടെ പിരിഞ്ഞു. ഉണ്ണിനങ്ങയുടെ വിവാഹത്തിനു തമ്പുരാന്റെതന്നെ അനുമതിയുണ്ടായിരുന്നതിനാൽ മറ്റാരും തടസ്സം പറയാനുണ്ടായില്ല. കാവൂട്ടിനേത്യാരമ്മ ആ മരയ്ക്കാന്റെ മോളെന്നു് ഉണ്ണിനങ്ങയെ അധിക്ഷേപിച്ചു ചുറ്റുമുള്ള ആളുകളോടു പറയാറുണ്ടെങ്കിലും അവളുടെ അസൂയയിൽനിന്നും നിരാശതയിൽനിന്നും ജനിച്ചതാണെന്നേ ആളുകൾ കണക്കാക്കിയുള്ളു.

കെ. എം. പണിക്കർ
images/KM_Panicker.jpg

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണു് സർദാർ കെ. എം. പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണു് പൂർണ്ണ നാമം.(ജൂൺ 3,1895–ഡിസംബർ 10, 1963). പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3-നു് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.

ആദ്യകാലവും വിദ്യാഭ്യാസവും

ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്കു് മടങ്ങുന്നതിനു മുമ്പു് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.

ഔദ്യോഗിക രംഗത്തു്

ഇന്ത്യയിലേക്കു് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീടു് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടു് രാഷ്ട്രീയ രംഗത്തേക്കു് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീടു് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944–47).

ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്കു് പല പ്രധാന ചുമതലകളും ലഭിച്ചു. ചൈന (1948–53), ഫ്രാൻസ് (1956–59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീടു് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെ. എം. പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.

രാജ്യസഭാംഗത്വം

1959–1966: പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.

കൃതികൾ
  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ടു് ചൈനകൾ (1955)—Two chinas
  • പറങ്കിപ്പടയാളി
  • കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ചു്)
  • ദൊരശ്ശിണി
  • കല്ല്യാണമൽ
  • ധൂമകേതുവിന്റെ ഉദയം
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ക്കരമായ ഒരു യാത്ര (യാത്രാ വിവരണം)
ഇംഗ്ലീഷ്
  • സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
  • പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഓഫ് ഡിപ്ലോമസി
  • കേരള ചരിത്രം

Colophon

Title: Ugrasapadham (ml: ഉഗ്രശപഥം).

Author(s): K. M. Panicker.

First publication details: The Manglodayam (Private) Ltd.; Trichur; September 1961.

Deafult language: ml, Malayalam.

Keywords: Historical Fiction, K. M. Panicker, Ugrasapadham, കെ. എം. പണിക്കർ, ഉഗ്രശപഥം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 3, 2026.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hope, a painting by George Frederic Watts (1817–1904). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Beena Darly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.