ഒരു പൊതുയോഗത്തിൽ നിന്നു് മറ്റൊന്നിലേക്കായി ഞാൻ അങ്ങനെ അലഞ്ഞു കൊണ്ടിരിക്കെ, നമ്മുടെ ഈ ഇന്ത്യയെ, ഹിന്ദുസ്ഥാനത്തെ, ഭാരതത്തെ പുരാവൃത്തമനുസരിച്ചു് നമ്മുടെ വംശസ്ഥാപകനിൽ നിന്നു സിദ്ധിച്ച പഴയ സംസ്കൃത നാമമാണിതു്—കുറിച്ചു് ഞാൻ എന്റെ ശ്രോതാക്കളോടു സംസാരിക്കും. നഗരങ്ങളിൽ ചുരുക്കമായേ അങ്ങനെ ചെയ്യുകയുള്ളൂ; കാരണം, അവിടെ ശ്രോതാക്കൾ കൂറേക്കൂടി വിജ്ഞംമന്യന്മാരാണു്. അവർക്കു കൂറെക്കൂടി കനത്ത ഭക്ഷണം വേണം, എന്നാൽ പരിമിതദൃഷ്ടിയായ കർഷകനോടു ഞാൻ ഈ മഹാരാജ്യത്തെക്കുറിച്ചു്—അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണല്ലോ നാം പോരാടുന്നതു്—സംസാരിച്ചു. ഓരോ ഭാഗവും അന്യത്തിൽ നിന്നു ഭിന്നമെങ്കിലും ഇന്ത്യയായിത്തന്നെ ഇരിക്കുന്നുവെന്ന വസ്തുത, വടക്കുനിന്നു് തെക്കോളവും കിഴക്കുനിന്നു് പടിഞ്ഞാറോളവുമുള്ള കർഷരുടെ പൊതുപ്രശ്നങ്ങൾ, സ്വരാജ്—അതു് എല്ലാവർക്കും എല്ലാ ഭാഗത്തിനും വേണ്ടിയുള്ളതാവാനേ നിവൃത്തിയുള്ളൂ. ചിലർക്കും ചില ഭാഗങ്ങൾക്കും മാത്രമുള്ളതാവില്ല—ഇവയെല്ലാം ഞാൻ വിവരിച്ചുപറഞ്ഞു. വിദൂരമായ വടക്കുപടിഞ്ഞാറുള്ള കൈബർ ചുരം മുതൽ അകലെ തെക്കെ അറ്റത്തു് കന്യാകുമാരിവരെയുള്ള എന്റെ യാത്രയെപ്പറ്റി ഞാനവരോടു പറഞ്ഞു. എല്ലായിടത്തും കർഷകർ എന്നോടു് ഒരേ ചോദ്യങ്ങൾ തന്നെയാണു് ചോദിച്ചതു്. എന്തുകൊണ്ടെന്നാൽ, അവരുടെ സങ്കടങ്ങൾ ഒന്നു തന്നെയായിരുന്നു—ദാരിദ്ര്യം, കടം, നിക്ഷിപ്ത താത്പര്യങ്ങൾ, ഭൂമിയുടമസ്ഥന്മാർ, പണമിടപാടുകാരൻ, കനത്ത പാട്ടവും നികുതിയും, പോലീസ് ദ്രോഹം; ഇതെല്ലാം വിദേശ ഗവൺമെന്റ് നമ്മുടെ മേൽ നിർബന്ധമായി വെച്ചുകെട്ടിയ ചട്ടക്കൂടിൽ പൊതിഞ്ഞിരിക്കയും. ഇതിൽ നിന്നാശ്വാസം എല്ലാവർക്കും കിട്ടണം. അവരെക്കൊണ്ടു് ഇന്ത്യയെക്കുറിച്ചു സമഗ്രമായി ചിന്തിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു; കുറച്ചൊക്കെ നമ്മുടെ ഈ വിശാലലോകത്തെക്കുറിച്ചുകൂടിയും, അതിന്റെ ഒരംശം മാത്രമാണല്ലോ നമ്മൾ. ചീനയിലേയും, സ്പെയിനിലേയും, അബിസ്സീനിയയിലേയും, മദ്ധ്യയൂറോപ്പിലേയും, ഈജിപ്തിലേയും പശ്ചിമേഷ്യൻ രാജ്യങ്ങളിലേയും സമരത്തെ ഞാൻ എന്റെ പ്രസംഗങ്ങളിലേക്കു് കൊണ്ടുവന്നു. സോവിയറ്റ് യൂനിയനിലെ അത്ഭുതകരങ്ങളായ മാറ്റങ്ങളേയും അമേരിക്കയിലുണ്ടായ വമ്പിച്ച പുരോഗതിയേയും കുറിച്ചു് ഞാൻ അവരോടു പറഞ്ഞു. ഇതൊരു എളുപ്പമായ ജോലിയായിരുന്നില്ല. എന്നാൽ ഞാൻ കരുതിയിരുന്നപോലെ അത്രവിഷമവുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ, തങ്ങൾക്കു വളരെ നന്നായറിയുന്ന പുരാണേതിഹാസങ്ങളും പഴങ്കഥകളും മുഖേന സ്വന്തം നാട്ടിനെക്കുറിച്ചു് അവർക്കു് സുസ്പഷ്ടമായ ഒരു സങ്കല്പം സിദ്ധിച്ചിരുന്നു. ഇന്ത്യയുടെ നാലറ്റത്തുമായി സ്ഥിതിചെയ്യുന്ന മഹാപുണ്യദേശങ്ങളിൽ തീർഥാടനം നടത്തി വിപുലമായ രാജ്യസഞ്ചാരം സാധിച്ചിരുന്ന ചിലർ എല്ലായ്പോഴും ഈ പൊതുയോഗങ്ങളിൽ ഉണ്ടായിരിക്കുകയും ചെയ്യും. അല്ലെങ്കിൽ, ഒന്നാം ലോക യുദ്ധത്തിലോ, മറ്റു സമര സന്നാഹങ്ങളിലോ പങ്കുകാരായി മറുനാടുകളിൽ സേവനം നിർവഹിച്ചിട്ടുള്ള പഴയ പട്ടാളക്കാരുണ്ടാവും. നാലാം ദശകത്തിലെ മഹാമാന്ദ്യത്തിന്റെ ഫലമായി, മറുനാടുകളെക്കുറിച്ചുള്ള എന്റെ പ്രസ്താവങ്ങൾപോലും അവരുടെ ഉള്ളിൽ തട്ടുന്നതിനിടയായി.
ചിലപ്പോൾ ഞാൻ ഒരു സമ്മേളനത്തിലെത്തുമ്പോഴേക്കും സ്വാഗത വാക്യത്തിന്റെ ഒരു മഹാരവം എന്നെ അഭിവാദ്യം ചെയ്യും; ‘ഭാരതമാതാ കീ ജയ്’ ആ ജയ ഘോഷത്തിന്റെ അർഥമെന്താണെന്നു് അവർ നിനച്ചിരിക്കാത്ത ഒരു ചോദ്യം ഞാൻ അവരോടു ചോദിക്കും. അവർ വിജയം നേരുന്ന ഈ ഭാരതമാതാവു് ആരാണു് ? എന്റെ ചോദ്യം അവരെ രസിപ്പിക്കും, അമ്പരപ്പിക്കും. എന്നിട്ടു് എന്താണു് ഉത്തരം പറയേണ്ടതെന്നറിയാതെ അവർ അന്യോന്യവും പിന്നീടു് എന്നെയും നോക്കും. ഞാനെന്റെ ചോദ്യം വിടുകയില്ല. ഒടുക്കം ഓർമിക്കാനരുതാത്തത്ര തലമുറകൾക്കു് മുമ്പുമുതലേ മണ്ണിൽ കളിച്ചുപുളച്ചു കഴിയുന്ന ഒരുന്മേഷശാലിയായ ജാഠ് പറയും. “ധർത്തീ”—ഇന്ത്യയുടെ പവിത്രമായ മണ്ണു് എന്നു്. എന്തു മണ്ണു്? തങ്ങളുടെ സ്വന്തം ഗ്രാമത്തിലെ മണ്ണോ? ജില്ലയിൽ, സംസ്ഥാനത്തിൽ, ഇന്ത്യയിലാകെ, എങ്ങുമുള്ള മണ്ണോ? അങ്ങനെ ചോദ്യവും ഉത്തരവും തുടർന്നുപോകും. ഒടുവിൽ ക്ഷമകെട്ടു് അതിനെക്കുറിച്ചൊക്കെ വിസ്തരമായി പറഞ്ഞുകൊടുക്കാൻ അവർ എന്നോടാവശ്യപ്പെടും. അങ്ങനെ ചെയ്യാൻ ഞാൻ ശ്രമിക്കും. അവരുടെ വിചാരപരിധിയിൽപ്പെട്ട ഇതൊക്കെ ഇന്ത്യയാണു്. പക്ഷേ, ഇന്ത്യ അതിലും വളരെ കൂടുതലാണു് എന്നു് ഞാൻ വിവരിക്കും. ഇന്ത്യയിലെ പർവതങ്ങളും നദികളും വനങ്ങളും നമുക്കു ഭക്ഷണം തരുന്ന വിശാലമായ വയലുകളും എല്ലാം നമുക്കു പ്രിയപ്പെട്ടവതന്നെ. പക്ഷേ, എല്ലാറ്റിലുമേറെയായി ഗണിക്കേണ്ടതു് ഇന്ത്യയിലെ ജനതയേയാണു്. അവരെയും എന്നേയും പോലുള്ള ആളുകൾ. അവരാകട്ടെ ഈ പരന്ന നാട്ടിൽ മുഴുക്കെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സാരമായി നോക്കിയാൽ ഈ കോടിക്കണക്കിലുള്ള ജനമാണു് ഭാരതമാതാവു്. അവരുടെ ജയമെന്നുവെച്ചാൽ ഈ ജനത്തിന്റെ ജയമെന്നാണർത്ഥം. നിങ്ങൾ ഈ ഭാരതമാതാവിന്റെ അംശങ്ങളാണു്. ഒരു വിധത്തിൽ നിങ്ങൾതന്നെയാണു് ഭാരതമാതാവു് എന്നു ഞാൻ അവരോടു പറയും. ഈ ആശയം പതുക്കെ അവരുടെ തലച്ചോറിൽ കിനിഞ്ഞു ചെന്നെത്തുമ്പോൾ, ഒരു വമ്പിച്ചകണ്ടുപിടിത്തം സാധിച്ചാലത്തെപ്പോലെ അവരുടെ കണ്ണുകൾ പ്രകാശിക്കും.
ജവഹർലാൽ നെഹ്റുവിന്റെ Discovery of India എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനത്തിൽ നിന്നു് അന്വേഷണം എന്ന മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗം. (ഇന്ത്യയെ കണ്ടെത്തൽ എന്ന സി എച്ച് കുഞ്ഞപ്പയുടെ വിവർത്തനത്തിൽ നിന്നു്) പുസ്തകം പൂർണ്ണരൂപത്തിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണു—സായാഹ്ന പ്രവർത്തകർ
സി. എച്ച്. കുഞ്ഞപ്പ കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ കോവിലകത്ത് കൃഷ്ണന്‍ തങ്ങളുടെയും ചന്ത്രോത്ത് ലക്ഷ്മിയമ്മയുടെയും മകനായി 1907 ജൂണ്‍ 12-നു് ജനിച്ചു. പെരളശ്ശേരി പ്രൈമറി സ്ക്കൂള്‍, തലശ്ശേരി മിഡില്‍ സ്ക്കൂള്‍, ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. രസതന്ത്രം ഐച്ഛികവിഷയമായി ബി. എ. ബിരുദം നേടി. മൂടാടി ഹരിജന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1930 ഏപ്രില്‍ 1-നു് മാതൃഭൂമി പത്രത്തില്‍ ജോലിക്കു ചേർന്നു. വി. ആര്‍. നായനാര്‍, സഞ്ജയന്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. കോൺഗ്രസ്സ് ആശയത്തോടു് യോജിച്ചു പ്രവർത്തിച്ചു എങ്കിലും അദ്ദേഹം കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിച്ചില്ല. പത്രപ്രവര്‍ത്തകന്റെ നിഷ്പക്ഷത കാത്തു സൂക്ഷിക്കാൻ പാര്‍ട്ടി അംഗത്വം തടസ്സമാവരുതു് എന്നു് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി പ്രവർത്തിച്ച കെ. കേളപ്പന്റെ മരുമകളായ ദേവകിയമ്മയെ 1936-ല്‍ വിവാഹം കഴിച്ചു. മക്കൾ ലക്ഷ്മി ശാസ്ത്രി, മീര പാലാട്ട്. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയുടെ വിവര്‍ത്തനം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. മാതൃഭൂമിയിൽ നിന്നു വിരമിച്ചതിനു ശേഷമാണു് സ്മരണകൾ മാത്രം എന്ന ആത്മകഥ രചിച്ചതു്. 1980 ജൂലൈ 16-നു് അന്തരിച്ചു.
കൃതികള്‍: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍, വിലയിടിയുന്ന ഉറുപ്പിക, വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും, നെഹ്റുവിന്റെ ലോകം (തര്‍ജ്ജമ) സ്മരണകള്‍ മാത്രം.