images/Nehru_in_the_Netherlands.jpg
Jawaharlal Nehru in the Netherlands, 1957, a phototgraph by Harry Pot .
ഇന്ത്യ ഇദംപ്രഥമമായി മറ്റൊരു രാജ്യത്തിന്റെ ഉപാംഗമായിത്തീരുന്നു
ജവഹർലാൽ നെഹ്രു (വിവ. സി. എച്ച്. കുഞ്ഞപ്പ)

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സംസ്ഥാപനം അവൾക്കു തികച്ചും പുത്തനായ ഒരനുഭവവിശേഷമായിരുന്നു… മറ്റേതൊരു ആക്രമണത്തോടോ, രാഷ്ട്രീയമോ സാമ്പത്തികമോ ആയ മാറ്റത്തോടോ താരതമ്യപ്പെടുത്തിക്കൂടാത്ത ഒന്നു്. “ഇന്ത്യ മുമ്പും കീഴടക്കപ്പെട്ടിട്ടുണ്ടു്. പക്ഷേ, അതു് അവളുടെ അതിർത്തിക്കുള്ളിൽ പാർക്കുകയും തങ്ങളെത്തന്നെ അവളുടെ ജീവിതത്തിന്റെ ഒരംശമാക്കിത്തീർക്കുകയും ചെയ്തിട്ടുള്ളവരാലാണു്.” (ഇംഗ്ലണ്ടിൽ നോർമൻമാരെയും ചീനയിൽ മഞ്ചുകളെയും പോലെ) “അവൾക്കു് ഒരിക്കലും തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടില്ല, ഒരിക്കലും അടിമയാക്കപ്പെട്ടിട്ടില്ല. എന്നുവെച്ചാൽ, അവൾ ഒരിക്കലും സ്വന്തം അതിർത്തിക്കപ്പുറത്തൊരു സ്ഥാനം ഗരിമകേന്ദ്രമാക്കിക്കൊണ്ടുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു വ്യവസ്ഥയിൽ വലിച്ചുചേർക്കപ്പെട്ടിട്ടില്ല. ഒരിക്കലും ഉത്ഭവത്തിലും സ്വഭാവത്തിലും സ്ഥിരമായ അന്യത്വം പുലർത്തിപ്പോന്ന ഒരു ഭരണാധികാരികക്ഷ്യക്കു കീഴ്പ്പെടേണ്ടി വന്നിട്ടില്ല.”[1] മുമ്പുണ്ടായിരുന്ന ഏതു ഭരണാധികാരികക്ഷ്യയും ആരംഭത്തിൽ അതു പുറമെ നിന്നു വന്നതായാലും ശരി ഇവിടെത്തന്നെ ഉണ്ടായതായാലും ശരി, ഇന്ത്യയുടെ സാമുദായികവും സാമ്പത്തികവുമായ ജീവിതത്തിന്റെ ഘടനയിലുള്ള ഐക്യത്തെ അംഗീകരിക്കുകയും അതിൽ ഇണങ്ങിനിൽക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടു്. അതു് ഭാരതീയീകൃതമായി ഈ നാട്ടിലെ മണ്ണിൽ വേരൂന്നിയിരിക്കും. പുതിയ ഭരണാധികാരികൾ കേവലം വ്യത്യസ്തരാണു്. അവരുടെ അടിസ്ഥാനം മറ്റെവിടെയോ ആകുന്നു; അവർക്കും സാമാന്യനായ ഒരിന്ത്യക്കാരനും തമ്മിൽ വിശാലവും നികത്താൻ വയ്യാത്തതുമായ ഒരു വിടവുണ്ടു്—പാരമ്പര്യത്തിലും വീക്ഷാഗതിയിലും, ആർജ്ജനത്തിലും ജീവിതരീതികളിലുമുള്ള വ്യത്യാസം. ആദ്യകാലത്തു് ഇന്ത്യയിൽ വന്ന ബ്രിട്ടീഷുകാർ, ഇംഗ്ലണ്ടിൽ നിന്നു ഏറെക്കുറെ ബന്ധമറ്റുപോകയാൽ ഇന്ത്യൻ ജീവിതരീതികൾ പലതും സ്വീകരിച്ചു. പക്ഷേ, ഇതു് ഉപരിപ്ലവമായ ഒരു ഉപക്രമമാണു്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഗതാഗത സൗകര്യങ്ങൾ ഭേപ്പെട്ടുവന്നതോടുകൂടി അതുപോലും കരുതിക്കൂട്ടി ഉപേക്ഷിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണാധികാരികക്ഷ്യ ഇന്ത്യക്കാരിൽ നിന്നകന്നു ഒറ്റപ്പെട്ടു വേറെതന്നെ നില്ക്കണം. തങ്ങളുടെ സ്വന്തമായ ഒരു സമുന്നത ലോകത്തിൽ ജീവിക്കണം—അങ്ങനെ അതിന്റെ അന്തസ്സു് പാലിക്കണം എന്നൊരു ബോധമാണുണ്ടായിരുന്നതു്. രണ്ടു ലോകങ്ങളാണു് ഉണ്ടായിരുന്നതു്. ബ്രിട്ടീഷുദ്യോഗസ്ഥന്മാരുടെ ലോകവും ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ ലോകവും. പരസ്പരം സാമാന്യമായുള്ള വെറുപ്പല്ലാതെ അവർക്കു തമ്മിൽ പൊതുവായ യാതൊന്നുമില്ല. മുമ്പൊക്കെ വംശങ്ങൾ അന്യോന്യം ലയിച്ചു ചേർന്നിരുന്നു. അഥവാ സ്വഭാവേന പരസ്പരാശ്രിതമായ ഒരു ഘടനയിൽ ഒതുങ്ങിക്കഴിയുകയെങ്കിലും ചെയ്തിരുന്നു. വംശീയത്വം അംഗീകരിക്കപ്പെട്ട ഒരു വിശ്വാസപ്രമാണമായിത്തീർന്നു; ആധിപത്യമാളുന്ന വംശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം നിരങ്കുശവും തടവറ്റതുമായിരുന്നു എന്ന വസ്തുത അതിനെ കൂടുതൽ ദൃഢതരമാക്കിച്ചെയ്തു.

പുതിയ മുതലാളിത്തം പണിതുവരുന്ന ലോകവിപണി ഏതു നിലയിലും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമായിരുന്നു. പരമ്പരാപ്രാപ്തമായ തൊഴിൽ വിഭജനത്തോടുകൂടിയ സ്വയംപൂർണമായ ഗ്രാമീണ സമുദായം അതിന്റെ പഴയ രൂപത്തിൽ തുടർന്നുപോവുക സാദ്ധ്യമല്ലായിരുന്നു. എന്നാൽ ഇവിടെ ഉണ്ടായ മാറ്റം സ്വാഭാവികമായ ഒന്നല്ല; അതു് ഇന്ത്യൻ സമുദായത്തിന്റെ സാമ്പത്തികവും സംഘടനാപരവുമായ അടിസ്ഥാനത്തെ പാടെ തകർത്തുകളയുകയും ചെയ്തു. സാമുദായികമായ നിർബന്ധ ശക്തികളുടെയും നിയന്ത്രണങ്ങളുടെയും പിൻബലത്തോടുകൂടിയതും ജനങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരംശവുമായ ഒരു വ്യവസ്ഥയെ പെട്ടെന്നു ബലമായി മാറ്റിക്കളഞ്ഞു. എന്നിട്ടു് അതിന്നു പകരം, ഇവിടത്തെ സാമുദായിക വിഭാഗത്തിന്റെ പുറത്തുനിന്നു നടത്തേണ്ടുന്നമറ്റൊരു വ്യവസ്ഥ വെച്ചുകെട്ടി. ഇന്ത്യ ഒരു ലോകവിപണിയിൽ വന്നെത്തുകയല്ല ഉണ്ടായതു്, ബ്രിട്ടീഷുഘടനയുടെ കാർഷികവും കോളണി സമ്പ്രദായത്തിലുള്ളതുമായ ഒരു അനുബന്ധമായിത്തീരുകയാണു്.

ഇതേവരെ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ അടിസ്ഥാനമായിരുന്ന ഇന്ത്യൻ ഗ്രാമീണസമുദായം തകർന്നുപോയി; അതിന്നു അതിന്റെ സാമ്പത്തികവും ഭരണ സംബന്ധിയുമായ ജോലികൾ രണ്ടും നഷ്ടമായി. 1830-ൽ, ഇന്ത്യയിലെ ബ്രിട്ടീഷുദ്യോഗസ്ഥന്മാരുടെ കൂട്ടത്തിൽ ഏറ്റവും പ്രാപ്തന്മാരിൽ ഒരാളായ സർ ചാൾസ് മെറ്റ്കാഫ് ഈ സമുദായങ്ങളെ പലപ്പോഴും ഉദ്ധരിക്കപ്പെട്ടു കാണാറുള്ള വാക്കുകളിൽ, ഇങ്ങനെ വിവരിച്ചിട്ടുണ്ടു്: “ഈ ഗ്രാമീണ സമുദായങ്ങൾ, തങ്ങൾക്കു വേണ്ട ഏതാണ്ടെല്ലാ വസ്തുക്കളും സ്വന്തം അതിർത്തിക്കുള്ളിലുളള കൊച്ചു ‘റിപ്പബ്ലിക്കുക’ളാകുന്നു; അവ മിക്കവാറും വൈദേശിക ബന്ധങ്ങളുടെ ആശ്രയമില്ലാത്തവയാണു്. മറ്റൊന്നുംതന്നെ നിലനിന്നു പോരാത്തേടത്തു് അവ സ്ഥിരപ്പെട്ടുനിൽക്കുന്നതായിത്തോന്നുന്നു. ഓരോന്നും വേറെത്തന്നെ ഒരു കൊച്ചുരാഷ്ട്രമായി രൂപപ്പെട്ടുനിൽക്കുന്ന ഗ്രാമീണ സമുദായങ്ങളുടെ ഈ സംയോജനം… അവരുടെ സുഖസന്തോഷങ്ങൾക്കും, പരാശ്രയം കൂടാതെ സ്വാതന്ത്യത്തിൽ വലിയൊരംശത്തിന്റെ സന്തോഷപ്രദമായ അനുഭൂതിക്കും വളരെ വലിയ സഹായമായിത്തീരുന്നു.”

ഗ്രാമവ്യവസായങ്ങളുടെ നാശനം ഈ സമുദായങ്ങൾക്കൊരു കനത്ത കൊട്ടായി. വ്യവസായവും കൃഷിയും തമ്മിലുള്ള സമനില തെറ്റി; പരമ്പരാപ്രാപ്തമായ തൊഴിൽ വിഭജനക്രമം തകർന്നു. ഒറ്റതിരിഞ്ഞു നിൽക്കുന്ന നിരവധി വ്യക്തികളെ യാതൊരു സാമൂഹ്യപ്രവർത്തനത്തിലും എളുപ്പം കൊള്ളിക്കാവുന്നതല്ല. അതിലും വലിയൊരു ഇടിയാണു് ഭൂവുടമസ്ഥതയുടെ സങ്കല്പത്തെ പാടെ മാറ്റിക്കളഞ്ഞ ജന്മിവ്യവസ്ഥയുടെ അവതരണം കൊണ്ടുണ്ടായതു്. ആ പൂർവസങ്കൽപം സാമൂഹ്യമായ ഉടമസ്ഥതയെന്ന സങ്കല്പമാണു്. അതും ഭൂമിയുടെ ഉടമസ്ഥതയേക്കാൾ ഭൂമിയിലെ വിളയുടെ ഉടമസ്ഥത. ഒരു പക്ഷേ, ഇതു തികച്ചും മനസ്സിലാക്കാതെയാവാം—പക്ഷേ, തങ്ങളുടെ സ്വന്തമായ ചില കാരണങ്ങളെ മുൻനിറുത്തി കരുതിക്കൂട്ടി സ്വീകരിച്ച ഒരു നടപടിയാവാനാണു് അധികം വഴിയുളളതു്—ഇംഗ്ലീഷു ജന്മികക്ഷ്യയുടെ പ്രാതിനിധ്യം വഹിക്കുന്നവരായ ഒന്നു് ഇവിടെയും അവതരിപ്പിച്ചു. ആദ്യമൊക്കെ അവർ ചുരുങ്ങിയ കാലത്തേയ്ക്കു നികുതി പിരിവുകാരെ നിശ്ചയിച്ചു. അവരെ റവന്യൂ അല്ലെങ്കിൽ ഭൂനികുതി പിരിച്ചു ഗവർമേണ്ടിലേക്കു് അടയ്ക്കാൻ ചുമതലപ്പെടുത്തി. പിന്നീടു് ഈ നികുതി പിരിവുകാർ ജന്മികളായി വികസിച്ചു. ഗ്രാമസമുദായത്തിന്നു ഭൂമിയുടേയും അതിലെ വിളയുടേയും മേൽ യാതൊരു നിയന്ത്രണവും ഇല്ലാതാക്കി. ആ സമുദായത്തിന്റെ മുഖ്യതാത്പര്യവും ചുമതലയും യാതൊന്നാണെന്നു് എല്ലാക്കാലത്തും കരുതിപ്പോന്നുവോ, അതിപ്പോൾ പുതുതായി സൃഷ്ടിക്കപ്പെട്ട ജന്മിയുടെ സ്വകാര്യസ്വത്തായി. ഇതു സമുദായത്തിലെ കൂട്ടുജീവിതവും സാമൂഹ്യ സ്വഭാവവും തകരാൻ ഹേതുവായി; സേവനങ്ങളെയും കർത്തവ്യങ്ങളെയും സംബന്ധിച്ച സഹകരണവ്യവസ്ഥ ക്രമേണ അപ്രത്യക്ഷമാകാനും തുടങ്ങി.

ഭൂമി ഇങ്ങനെ സ്വത്താക്കിത്തീർത്തതു് വലിയൊരു സാമ്പത്തിക പരിണാമം മാത്രമായിരുന്നില്ല; അതു കുറേക്കൂടി ഉള്ളിലോട്ടു തുളഞ്ഞുചെന്നു സാമൂഹ്യസഹകരണത്തിൽ അധിഷ്ഠിതമായ ഒരു സമുദായ സംഘടനയെക്കുറിച്ചുള്ള ഇന്ത്യൻ സങ്കല്പത്തെ മുഴുക്കെ ആഞ്ഞടിച്ചു. ഭൂവുടമകൾ എന്ന ഒരു പുതിയ കക്ഷ്യ പ്രത്യക്ഷമായി; അതു ബ്രിട്ടീഷ് ഗവർമേണ്ട് സൃഷ്ടിച്ചതും തന്നിമിത്തം അതിനോടു് അഭേദേന വർത്തിക്കുന്നതുമായ ഒരു കക്ഷ്യയാണു്. പഴയ സമ്പ്രദായത്തിന്റെ തകർച്ചപുതിയ പ്രശ്നങ്ങളെ സൃഷ്ടിച്ചു. ഒരു പക്ഷേ, പുതിയ ഹിന്ദു-മുസ്ലിം പ്രശ്നത്തിന്റെ ഉറവിടം അവിടമാണെന്നു കണ്ടെത്താം. ജന്മി വ്യവസ്ഥ ആദ്യമായി ഏർപ്പെടുത്തിയതു് ബെങ്കാളിലും ബീഹാറിലുമാണു്. അവിടെ സ്ഥിരം സെറ്റിൽമെന്റ് എന്നു വിളിക്കുന്ന വ്യവസ്ഥയനുസരിച്ചു് വലിയ ഭൂവുടമകളെ സൃഷ്ടിച്ചുവെച്ചു. നിലനികുതി വർദ്ധിപ്പിക്കാൻ വയ്യാത്ത വിധം സ്ഥിരപ്പെടുത്തിക്കളയുന്നതിനാൽ, ഇതു ഗവർമേണ്ടിനു ഗുണകരമാവില്ലെന്നു പിന്നീടു മനസ്സിലായി. അതുകൊണ്ടു് ഇന്ത്യയുടെ ശേഷം ഭാഗങ്ങളിൽ പുതുതായി സെറ്റിൽമെന്റ് ഏർപ്പെടുത്തിയതു് ഒരു ക്ലിപ്തകാലത്തേക്കു മാത്രമായി, നികുതി ഇടയ്ക്കിടെ വർദ്ധിപ്പിക്കുകയും ചെയ്തു. ചില ഭാഗങ്ങളിൽ ഒരുതരം കർഷക ഭൂവുടമ ഏർപ്പെടുത്തി. നികുതി പിരിവിൽ, വിശേഷിച്ചു ബെങ്കാളിൽ, കാണിക്കപ്പെട്ട കനത്ത കാഠിന്യം മുമ്പേത്തെ നിലമുടമകളുടെ നാശത്തിൽ പര്യവസാനിച്ചു. അവരുടെ സ്ഥാനം പണക്കാരും വ്യാപാരികളുമായ പുതിയകക്ഷ്യകൾ ഏറ്റെടുത്തു. അങ്ങനെ ബെങ്കാൾ ഏറിയ കൂറും ഹിന്ദു ജന്മികളുടെ ഒരു സംസ്ഥാനമായി. അവരുടെ കുടിയാന്മാരാകട്ടേ, ഹിന്ദുക്കളും മുസ്ലിംകളും രണ്ടു കൂട്ടരുമുണ്ടെങ്കിലും, മുഖ്യമായി മുസ്ലിംകളായിരുന്നു.

ബ്രിട്ടീഷുകാർ ഇവിടെ തങ്ങളുടെ ഇംഗ്ലീഷ് മാതൃകയിൽ വലിയ ജന്മിമാരെ സൃഷ്ടിച്ചതിനു മുഖ്യകാരണം, ഒരു വമ്പിച്ച കർഷകാവലിയോടിടപെടുകയേക്കാൾ അല്പം ചില വ്യക്തികളോടു് ഇടപെടുക എളുപ്പമായതാണു്. കഴിയുന്നത്ര പണം നികുതിയായി ഏറ്റവും വേഗം പിരിച്ചെടുക്കുകയാണു് ഉദ്ദേശ്യം. ഒരു ഭൂവുടമ നിശ്ചിതസമയം തെറ്റിച്ചാൽ അയാളെ ഉടനെത്തന്നെ പിടിച്ചു പുറത്തേയ്ക്കു തള്ളും. മറ്റൊരാൾ അയാളുടെ സ്ഥാനത്തുവരും. ബ്രിട്ടീഷുകാരുടേതിൽ നിന്നു ഭിന്നമല്ലാത്ത താത്പര്യങ്ങളോടുകൂടിയ ഒരു കക്ഷ്യയെ സൃഷ്ടിക്കുന്നതും ആവശ്യമായി കരുതിപ്പോന്നു. ഇന്ത്യയിലെ ബ്രിട്ടീഷുദ്യോഗസ്ഥന്മാരുടെ മനസ്സിൽ ജനസംക്ഷോഭത്തെക്കുറിച്ചു് എപ്പോഴും പേടിനിറഞ്ഞാണിരുന്നതു്. അവർ അതിനെക്കുറിച്ചു് കൂടെക്കൂടെ തങ്ങളുടെ എഴുത്തുകളിൽ പ്രസ്താവിച്ചിരുന്നു. 1829-ൽ ഗവർണർജനറൽ വില്യം ബെന്റിക് പ്രഭു പറയുകയുണ്ടായി: “വ്യാപകമായ ജനകീയ പ്രക്ഷോഭത്തിന്നോ വിപ്ലവത്തിന്നോ എതിരായി രക്ഷയുണ്ടാവുകയാണു് വേണ്ടതെന്നിരിക്കട്ടെ. എന്നാൽ, സ്ഥിരം സെറ്റിൽമെന്റിൽ നിന്നു”, മറ്റു പല സംഗതികളിലും അതൊരുപരാജയമാണെന്നിരുന്നാലും, ഈയൊരു വലിയ മെച്ചമുണ്ടെന്നു പറയേണ്ടിയിരിക്കുന്നു—അതു സാമാന്യജനത്തിന്റെ മേൽ പൂർണമായ അധികാരമാളുന്നവരുംബ്രിട്ടീഷാധിപത്യം തുടർന്നു പോരുന്നതിൽ അഗാധമായ താല്പര്യമുള്ളവരുമായ വലിയൊരു സംഘം സമ്പന്നരായ ഭൂമിയുടമസ്ഥന്മാരെ സൃഷ്ടിച്ചിട്ടുണ്ടു്.

അങ്ങനെ ബ്രിട്ടീഷുഭരണം നിലയുറപ്പിച്ചതു്, പുതിയ കക്ഷ്യകളെയും നിക്ഷിപ്ത താത്പര്യങ്ങളേയും സൃഷ്ടിച്ചിട്ടാണു്. അവ ആ ഭരണത്തോടു കെട്ടുപിണഞ്ഞു കിടക്കുന്നവയും, അവയുടെ വിശേഷാവകാശങ്ങൾ അതിന്റെ നിലനില്പിനെ ആശ്രയിച്ചിരിക്കുന്നവയുമാണുതാനും. ഇക്കൂട്ടത്തിൽപ്പെട്ടവരായി ജന്മികളും നാട്ടുരാജാക്കന്മാരുമുണ്ടു്; നാനാ ഗവർമേണ്ടു ഡിപ്പാർട്ടുമെന്റുകളിലായി, ഗ്രാമാധികാരിയായ പട്വാരി മുതൽ മേല്പോട്ടു ധാരാളം കീഴുദ്യോഗസ്ഥന്മാരുണ്ടു്. ഗവർമെണ്ടിന്റെ അവശ്യം വേണ്ട രണ്ടു ശാഖകൾ റവന്യൂ വ്യവസ്ഥയും പോലീസ്സുമാകുന്നു. ഈ രണ്ടിന്റെയും തലവനായി ഓരോ ജില്ലയിലുമുണ്ടു് കലക്ടർ അഥവാ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്. അയാളാണു് ഭരണത്തിന്റെ ചീർപ്പാണി. തന്റെ ജില്ലയിൽ അയാൾ ഏകശാസനമായി വാണു. നിർവാഹകം, നീതിന്യായം, റവന്യൂ, പോലീസ്—എല്ലാജോലികളും അയാൾ തന്നിൽ ഒന്നിച്ചിണക്കിനിർത്തുന്നു. തന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തിനു തൊട്ടു വല്ല ചെറിയ ഇന്ത്യൻ നാട്ടുരാജ്യങ്ങളുമുണ്ടെങ്കിൽ അയാൾ അവിടങ്ങളിലെ ബ്രിട്ടീഷ് ഏജണ്ടുമായിരിക്കും.

പിന്നെയുള്ളതു് ഇന്ത്യൻ പട്ടാളമാണു്. അതിൽ ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ പട്ടാളക്കാരുണ്ടു്. പക്ഷേ, ഉദ്യോഗസ്ഥന്മാർ മുഴുവനും ഇംഗ്ലീഷുകാരാണു്. പട്ടാളത്തെ കൂടെക്കൂടെ പുനസ്സംഘടിപ്പിച്ചു. വിശേഷിച്ചു 1857-ലെ ലഹളയ്ക്കു ശേഷം, ഒടുക്കം അതു സംഘടനയിൽ ബ്രിട്ടീഷ് പട്ടാളത്തോടു ബന്ധപ്പെട്ടതായിത്തീരുകയും ചെയ്തു. സൈന്യത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഒപ്പിച്ചുനിറുത്താനുംബ്രിട്ടീഷ് പട്ടാളക്കാരെ കണ്ണായ സ്ഥാനങ്ങളിൽ നിറുത്തുവാനും തക്കവണ്ണമാണു് ഇതു് ഏർപ്പെടുത്തിയതു്. “ആവശ്യത്തിനു് ധാരാളം മതിയാവുന്ന യൂറോപ്യൻ സൈന്യമാകുന്ന വലിയ എതിർശക്തിക്കു പുറമെ, നാട്ടുകാർക്കെതിർ ശക്തിയായി നാട്ടുകാരും വരുന്നു” എന്നാണു് 1858-ൽ പുനസ്സംഘടനയെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നതു്. ഈ സൈന്യങ്ങളുടെ പ്രാഥമിക കർത്തവ്യം നാടുകീഴടക്കിനിറുത്താനുള്ള ഒരു പട്ടാളമായി നില്ക്കുക എന്നതാണു്. ‘ആഭ്യന്തര ഭദ്രതയ്ക്കുള്ള പട്ടാളം’ എന്നാണു് അതിനെ വിളിച്ചുപോന്നതു്. അതിൽ ഭൂരിപക്ഷം ബ്രിട്ടീഷുകാരുമാണു്. അതിർത്തി സംസ്ഥാനം, ഇന്ത്യയുടെ ചെലവിൽ ബ്രിട്ടീഷ് പട്ടാളത്തിന്നു പരിശീലനം നേടാനുള്ള ഒരു രംഗമെന്നപോലെ വർത്തിച്ചു. ‘ഫീൽഡ് ആർമി’ (മുഖ്യമായും ഇന്ത്യക്കാർ അടങ്ങിയതു്) വിദേശങ്ങളിൽ ജോലിക്കുദ്ദേശിച്ചിട്ടുള്ളതാണു്. നിരവധി ബ്രിട്ടീഷ് സാമ്രാജ്യയുദ്ധങ്ങളിലും സൈന്യയാത്രകളിലും അതു പങ്കെടുത്തു. ചെലവു് എപ്പോഴും വഹിച്ചുപോന്നതു് ഇന്ത്യയാണെന്നു പറയേണ്ടതില്ലല്ലോ. ഇന്ത്യൻ പട്ടാളത്തെ, ശേഷം ജനാവലിയിൽ നിന്നകറ്റി ഒറ്റപ്പെടുത്തിനിർത്താൻ വേണ്ട നടപടികളും എടുത്തു.

അങ്ങനെ ഇന്ത്യക്കു് ഇന്ത്യയെത്തന്നെ കീഴടക്കുവാനുള്ള ചെലവു വഹിക്കേണ്ടിവന്നു—അതു കഴിഞ്ഞിട്ടു് ഈസ്റ്റിന്ത്യാ കമ്പനി അവളെ ബ്രിട്ടീഷ് കിരീടത്തിന്നു കൈമാറ്റം ചെയ്യുന്ന (അഥവാ വിൽക്കുന്ന) തിന്നുള്ള ചെലവും, ബ്രിട്ടീഷ് സാമ്രാജ്യത്തെ ബർമ്മയിലേയ്ക്കും മറ്റും വ്യാപിപ്പിക്കുന്നതിനുള്ള ചെലവും, ആഫ്രിക്ക, പേർഷ്യ മുതലായ സ്ഥലങ്ങളിലേയ്ക്ക പട്ടാളത്തെ അയയ്ക്കുന്നതിന്നുള്ള ചെലവും ഇന്ത്യക്കാർക്കെതിരായിത്തന്നെ ഇന്ത്യയെ രക്ഷിക്കുന്നതിനുള്ള ചെലവും എല്ലാം. സാമ്രാജ്യത്തിന്റെ ഉദ്ദേശ്യങ്ങൾക്കു്, അവളെ ഒരു താവളമായുപയോഗിച്ചു—അതിനു യാതൊരു പ്രതിഫലവും വകവെച്ചുകിട്ടിയതുമില്ല. മാത്രമല്ല, ഇതിനൊക്കെ പുറമെ ബ്രിട്ടീഷ് പട്ടാളത്തിനു് ഇംഗ്ലണ്ടിൽ നൽകുന്ന പരിശീലനത്തിന്റെ ചെലവും അവൾ വഹിക്കണം: ‘ക്യാപ്പിറ്റേഷൻ ചാർജസ്’ എന്നാണു് അതിനെ വിളിച്ചുവന്നതു്. വാസ്തവം പറഞ്ഞാൽ, ബ്രിട്ടൻ വഹിക്കേണ്ടിവന്ന നാനാതരത്തിലുള്ള മറ്റു ചെലവുകളും ഇന്ത്യയുടെ മേൽ വെച്ചുകെട്ടി—ചീനയിലേയും പേർഷ്യയിലേയും ബ്രിട്ടീഷ് തന്ത്രവകുപ്പു സ്ഥാപനങ്ങളും കോൺസുലർ സ്ഥാപനങ്ങളും നിലനിറുത്താനുള്ള ചെലവുകൾ ഇംഗ്ലണ്ടിൽ നിന്നു് ഇന്ത്യയിലേക്കുള്ള കമ്പിയേർപ്പാടിന്റെ മുഴുവൻ ചെലവും, മദ്ധ്യധരണ്യാഴിയിലെ ബ്രിട്ടീഷ് കടൽപ്പടയുടെ ചെലവിന്റെ ഒരു ഭാഗം, തുർക്കി സുൽത്താന്നു ലണ്ടനിൽവെച്ചു നൽകിയ സല്ക്കാരങ്ങളുടെ കൂടിയും ചെലവു്, ഇങ്ങനെ പലതും.

ഇന്ത്യയിൽ റെയിൽവെകൾ നിർമിക്കുന്നതു് തീർച്ചയായും ആശാസ്യവും ആവശ്യവുമായിരുന്നു. പക്ഷേ, അതും വമ്പിച്ച ദുർവ്യയത്തോടുകൂടിയാണു് നിർവഹിക്കപ്പെട്ടതു്. അതിൽ മുതലിറക്കിയ മൂലധനത്തിനൊക്കെ ഇന്ത്യാഗവർമെണ്ട് അഞ്ചു ശതമാനം പലിശ കിട്ടുമെന്നുറപ്പുകൊടുത്തു. എന്താണു് എത്രയാണു് ആവശ്യമെന്നൊന്നും ഒരു കരടുതയ്യാറാക്കുകയോ പരിശോധിക്കുകയോ ഒന്നും ആവശ്യമില്ല. എന്തും വാങ്ങിയതു് ഇംഗ്ലണ്ടിൽ നിന്നാണല്ലോ.

ഗവർമെണ്ടിന്റെ സിവിൽ ഏർപ്പാടുകളും, ലോഭമില്ലാതെ, വലിയ അതിവ്യയത്തോടുകൂടി, നടത്തിപ്പോന്നു. വലിയ ശമ്പളമുള്ള ഉദ്യോഗങ്ങളൊക്കെ യൂറോപ്യന്മാർക്കു നീക്കിവെച്ചു. ഭരണ നിർവഹണയന്ത്രത്തിന്റെ ഭാരതീയീകരണം വളരെ പതുക്കെക്കണ്ടേ ഉണ്ടായുള്ളൂ. ഇരുപതാം ശതകത്തിൽ മാത്രമാണു് അതു കാണാൻ തക്കവണ്ണമായതു്. എന്നാൽ ഈ പ്രക്രിയ ഇന്ത്യക്കാരിലേക്കു വല്ല അധികാരവും കൈമാറുന്നതിനുപകരം ബ്രിട്ടീഷ് ഭരണത്തെ ശക്തിപ്പെടുത്താനുള്ള മറ്റൊരുമാർഗംകൂടിയായിട്ടാണു് അനുഭവപ്പെട്ടതു്. യഥാർഥ മർമ്മസ്ഥാനങ്ങളെല്ലാം ബ്രിട്ടീഷുകാരുടെ കയ്യിൽത്തന്നെ അവശേഷിച്ചു. ഭരണകാര്യത്തിൽ പങ്കുള്ള ഇന്ത്യക്കാർക്കു ബ്രിട്ടീഷ് ഭരണത്തിന്റെ ദല്ലാളായി പ്രവർത്തിക്കാനേ കഴിഞ്ഞുള്ളൂ.

ഈ മാർഗങ്ങൾക്കൊക്കെ പുറമെ ബ്രിട്ടീഷു ഭരണകാലത്തു് ആദ്യന്തം കരുതിക്കൂട്ടി തുടർന്നുപോന്ന ഒരു നയമുണ്ടു്; ഇന്ത്യക്കാരുടെ ഇടയിൽ വേർതിരിവുകളുണ്ടാക്കുക, ഒരു വിഭാഗത്തെ ദോഷപ്പെടുത്തിക്കൊണ്ടു മറ്റൊന്നിനെ പ്രോത്സാഹിപ്പിക്കുക, അവരുടെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ ഈ നയം തുറന്നു സമ്മതിക്കപ്പെട്ടിട്ടുണ്ടു്. ഒരു സാമ്രാജ്യശക്തിക്കു് അതു് സ്വാഭാവികമായ ഒരു നയവുമാണല്ലോ. ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയോടുകൂടി ആ നയം കൂടുതൽ സൂക്ഷ്മവും ആപത്കരവുമായ ആകൃതികൾ കൈക്കൊണ്ടു, നിഷേധിക്കപ്പെട്ടുവെങ്കിലും പൂർവാധികം ദൃഢതരമായി പ്രവർത്തിച്ചുപോന്നു.

ഇന്നത്തെ നമ്മുടെ മുഖ്യപ്രശ്നങ്ങൾ ഏതാണ്ടു് എല്ലാംതന്നെ ബ്രിട്ടീഷു ഭരണ കാലത്തിലും ബ്രിട്ടീഷ്നയത്തിന്റെ നേരിട്ടുള്ള ഫലമായും വളർന്നുവന്നിട്ടുള്ളവയാകുന്നു: നാട്ടുരാജാക്കന്മാർ; ന്യൂനപക്ഷപ്രശ്നം; വൈദേശികവും ഭാരതീയവുമായ നാനാതരം നിക്ഷിപ്ത താത്പര്യങ്ങൾ; വ്യവസായക്കുറവും കൃഷിയിൽ അശ്രദ്ധയും സാമുദായിക സേവനങ്ങളിൽ അത്യന്തം പുറകോട്ടുനില്ക്കുന്ന അവസ്ഥ; സർവോപരി ജനങ്ങളുടെ അത്യന്തം ദുഃഖകരമായ ദാരിദ്ര്യം. വിദ്യാഭ്യാസത്തിന്റെ നേർക്കുള്ള ഭാവം അർത്ഥഗർഭമായിരിക്കുന്നു. കേയിയുടെ ‘ലൈഫ് ഓഫ് മെറ്റ്കാഫി’ൽ ഇങ്ങനെ പ്രസ്താവിക്കുന്നു. “വിജ്ഞാനത്തിന്റെ സ്വതന്ത്രമായ വ്യാപനത്തെക്കുറിച്ചുള്ള ഈ പേടി ഒരു മാറാരോഗമായി… ഗവർമെണ്ടു മെമ്പർമാരെ നിരന്തരം പീഡിപ്പിച്ചു. അവർ അകാരണ വ്യാകുലതയിലുണ്ടാകാവുന്ന നാനാതരം പകൽക്കിനാവുകളും പേക്കിനാവുകളും കാണാൻ തുടങ്ങി. അക്കൂട്ടത്തിൽ അച്ചടി യന്ത്രത്തെയും ബൈബിളിനേയും സംബന്ധിച്ച കാഴ്ചകൾ കണ്ടുപേടിച്ചു് അവരുടെ ദേഹം ചുളുങ്ങിപ്പോകും. ഭയചകിതരായി അവരുടെ രോമങ്ങൾ എഴുന്നു നിൽക്കും. ഇന്ത്യയിലെ നാട്ടുകാരെ പ്രാകൃതത്വത്തിന്റെയും തമസ്സിന്റെയും ഏറ്റവും അഗാധതലങ്ങളിൽ വെച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു അക്കാലങ്ങളിൽ നമ്മുടെ നയം. ജനങ്ങളുടെ ഇടയിൽ—നമ്മുടെ ഭരണാധികാരത്തിൻ കീഴിലുള്ളവരായാലും ശരി, സ്വതന്ത്രരാഷ്ട്രങ്ങളിലെ ജനങ്ങളായാലും ശരി—അറിവിന്റെ വെളിച്ചം പരക്കാനുള്ള ഏതുദ്യമത്തെയും നാം അതികഠിനമായി എതിർക്കുകയും വെറുക്കുകയും ചെയ്തു.”[2]

സാമ്രാജ്യത്വം ഈ നിലയ്ക്കു വേണം പ്രവർത്തിക്കുക. അല്ലെങ്കിൽ അതു സാമ്രാജ്യത്വമല്ലാതാവും. ആധുനികരീതിയിലുള്ള ധനകാര്യ-സാമ്രാജ്യത്വം, പണ്ടൊന്നും അറിയാത്ത മട്ടിലുള്ള പുത്തൻ സാമ്പത്തിക ചൂഷണവിധങ്ങൾ ഉണ്ടാക്കിത്തീർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രം ഒരു ഇന്ത്യക്കാരനെ അവശ്യം വേദനിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്യും. എങ്കിലും അതു പല രംഗങ്ങളിൽ ബ്രിട്ടീഷുകാർക്കുള്ള മേന്മയെ ഉദാഹരിക്കുന്നു—അവയിൽ അപ്രധാനമല്ലാത്ത ഒന്നാണു്, നമ്മുടെ അനൈക്യത്തെയും ദൗർബല്യങ്ങളെയും തങ്ങൾക്കു് അനുകൂലമായി ഉപയോഗപ്പെടുത്താനുള്ള അവരുടെ കഴിവു്. കാലത്തിന്റെ ഗതിയിൽ പുറംതള്ളപ്പെട്ടതും ദുർബലവുമായ ഒരു ജനത കുഴപ്പത്തെ ക്ഷണിച്ചുവരുത്തും, ഒടുക്കം നോക്കിയാൽ അവർക്കു തങ്ങളെയൊഴിച്ചാരെയും കുറ്റപ്പെടുത്താനുമുണ്ടാവില്ല. ആ പരിതഃസ്ഥിതിയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും അതിന്റെ എല്ലാ ഫലങ്ങളേയും സംഭവങ്ങളുടെ സ്വാഭാവിക ഗതിയനുസരിച്ചു പ്രതീക്ഷിക്കേണ്ടതാണെങ്കിൽ, അപ്പോലെത്തന്നെ അതിന്റെ നേർക്കുള്ള എതിർപ്പിന്റെ വളർച്ചയും രണ്ടും തമ്മിലുള്ള ഒടുക്കത്തെ വിഷമസന്ധിയും അനിവാര്യമാകുന്നു.

ജവഹർലാൽ നെഹ്റുവിന്റെ Discovery of India എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനത്തിൽ നിന്നു് ‘ബ്രിട്ടീഷുഭരണത്തിന്റെ സംയോജനവും ദേശീയപ്രസ്ഥാനത്തിന്റെ ഉദയവും’ എന്ന ഏഴാം അദ്ധ്യായത്തിലെ ഒരു ഭാഗം. (ഇന്ത്യയെ കണ്ടെത്തൽ എന്ന സി എച്ച് കുഞ്ഞപ്പയുടെ വിവർത്തനത്തിൽ നിന്നു്) പുസ്തകം പൂർണ്ണരൂപത്തിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണു്—സായാഹ്ന പ്രവർത്തകർ
സി എച്ച് കുഞ്ഞപ്പ
images/kunjappa.jpg

സി. എച്ച്. കുഞ്ഞപ്പ കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ കോവിലകത്ത് കൃഷ്ണന്‍ തങ്ങളുടെയും ചന്ത്രോത്ത് ലക്ഷ്മിയമ്മയുടെയും മകനായി 1907 ജൂണ്‍ 12-നു് ജനിച്ചു. പെരളശ്ശേരി പ്രൈമറി സ്ക്കൂള്‍, തലശ്ശേരി മിഡില്‍ സ്ക്കൂള്‍, ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. രസതന്ത്രം ഐച്ഛികവിഷയമായി ബി. എ. ബിരുദം നേടി. മൂടാടി ഹരിജന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1930 ഏപ്രില്‍ 1-നു് മാതൃഭൂമി പത്രത്തില്‍ ജോലിക്കു ചേർന്നു. വി. ആര്‍. നായനാര്‍, സഞ്ജയന്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. കോൺഗ്രസ്സ് ആശയത്തോടു് യോജിച്ചു പ്രവർത്തിച്ചു എങ്കിലും അദ്ദേഹം കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിച്ചില്ല. പത്രപ്രവര്‍ത്തകന്റെ നിഷ്പക്ഷത കാത്തു സൂക്ഷിക്കാൻ പാര്‍ട്ടി അംഗത്വം തടസ്സമാവരുതു് എന്നു് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി പ്രവർത്തിച്ച കെ. കേളപ്പന്റെ മരുമകളായ ദേവകിയമ്മയെ 1936-ല്‍ വിവാഹം കഴിച്ചു. മക്കൾ ലക്ഷ്മി ശാസ്ത്രി, മീര പാലാട്ട്. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയുടെ വിവര്‍ത്തനം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. മാതൃഭൂമിയിൽ നിന്നു വിരമിച്ചതിനു ശേഷമാണു് സ്മരണകൾ മാത്രം എന്ന ആത്മകഥ രചിച്ചതു്. 1980 ജൂലൈ 16-നു് അന്തരിച്ചു.

കൃതികള്‍: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍, വിലയിടിയുന്ന ഉറുപ്പിക, വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും, നെഹ്റുവിന്റെ ലോകം (തര്‍ജ്ജമ) സ്മരണകള്‍ മാത്രം.

കുറിപ്പുകൾ

[1] കെ. എസ്. ഷെൽവെങ്കർ: ‘ദി പ്രോബ്ലം ഓഫ് ഇന്ത്യ’ (പെൻഗ്വിൻ സ്പെഷൽ, ലണ്ടൻ, 1940).

[2] തോംപ്സൺ ഉദ്ധരിച്ചതു്.

Colophon

Title: India Idampradamamaayi Mattoru Rajyaththinte Upangamayiththeerunnu (ml: ഇന്ത്യ ഇദംപ്രഥമമായി മറ്റൊരു രാജ്യത്തിന്റെ ഉപാംഗമായിത്തീരുന്നു).

Author(s): Jawaharlal Nehru.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Translation, Jawaharlal Nehru, Translation: C H Kunhappa, India Idampradamamaayi Mattoru Rajyaththinte Upangamayiththeerunnu, ജവഹർലാൽ നെഹ്രു വിവ. സി. എച്ച്. കുഞ്ഞപ്പ, ഇന്ത്യ ഇദംപ്രഥമമായി മറ്റൊരു രാജ്യത്തിന്റെ ഉപാംഗമായിത്തീരുന്നു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: October 16, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Jawaharlal Nehru in the Netherlands, 1957, a phototgraph by Harry Pot . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.