images/Nehru_in_the_Netherlands.jpg
Jawaharlal Nehru in the Netherlands, 1957, a phototgraph by Harry Pot .
പൊതുതിരഞ്ഞെടുപ്പുകൾ
ജവഹർലാൽ നെഹ്രു (വിവ. സി. എച്ച്. കുഞ്ഞപ്പ)

ഇന്ത്യയിൽ പരക്കെ അടുത്തുവരുന്ന പൊതുതിരഞ്ഞെടുപ്പുകളോടു വിശേഷാൽ ബന്ധപ്പെട്ടതായിരുന്നു എന്റെ പര്യടനം. എന്നാൽ തിരഞ്ഞെടുപ്പു് പ്രചാരവേലയോടു് കൂട്ടുചേർന്നു നിൽക്കുന്ന സാധാരണരീതികളും സൂത്രങ്ങളും എനിക്കിഷ്ടമില്ല. ജനകീയ ഭരണക്രമത്തിന്റെ അവശ്യവും അവിഭാജ്യവുമായ ഒരംശമാണു് തിരഞ്ഞെടുപ്പുകൾ. അവ ഉപേക്ഷിക്കുവാൻ ഒരു വഴിയുമില്ല. എന്നാലും തിരഞ്ഞെടുപ്പുകൾ പലപ്പോഴും മനുഷ്യനിലെ ദുഷ്ടവശങ്ങൾ പുറത്തേക്കു കൊണ്ടുവരുന്നു. അവ എപ്പോഴും കൂടുതൽ നല്ല ആളുകളുടെ വിജയത്തിൽ പര്യവസാനിക്കാറില്ലെന്നതും വ്യക്തമാണു്. ലോലഹൃദയരും, തങ്ങളെത്തന്നെ മുന്നോട്ടു തള്ളിക്കേറ്റാൻവേണ്ടി തത്കാല കാര്യലാഭത്തിന്നു് ഉതകുന്ന പരുക്കൻമട്ടുകൾ സ്വീകരിക്കുവാൻ ഒരുക്കമില്ലാത്തവരും പുറകോട്ടാകും. അത്തരക്കാർ ഈ മത്സരങ്ങളിൽ നിന്നൊഴിഞ്ഞുനിൽക്കാനാണു് ഏറെ ഇഷ്ടപ്പെടുക. അങ്ങനെയാണെങ്കിൽ, ഡിമോക്രസി (ജനകീയഭരണം) കട്ടിത്തോലും ഊക്കൻ ഒച്ചയും തരംപോലെ ഒതുക്കാവുന്ന മനസ്സാക്ഷിയുമുള്ളവരുടെ കുത്തകയായിരിക്കയോ വേണ്ടതു്?

വിശേഷിച്ചും നിയോജകമണ്ഡലം വളരെ ചെറുതാവുമ്പോഴാണു് തിരഞ്ഞെടുപ്പിന്റെ ഈ ദോഷങ്ങൾ ഏറ്റവും വ്യാപകമായിത്തീരുക. നിയോജകമണ്ഡലം വലുതായിരിക്കുമ്പോൾ ഇവയിൽ പലതും അപ്രത്യക്ഷമാകും, ഏതായാലും അത്രയേറെ പ്രകടമാവില്ല. ഒരു കള്ളക്കാര്യത്തെ മുൻനിർത്തിയോ (പിന്നീടു് കാണാനിടയായതുപോലെ) മതത്തിന്റെ പേരിലോ ഏറ്റവും വലിയ നിയോജക മണ്ഡലത്തെകൂടി ഒരൊറ്റ ഊക്കിനു് അടിതെറ്റിക്കുക സാദ്ധ്യമാണു്. എങ്കിലും സാധാരണമായി കവിഞ്ഞതരത്തിലുള്ള കഠിനദോഷങ്ങൾ തടയാൻ സഹായിക്കുന്ന ചില പ്രതികൂലഘടകങ്ങൾ കാണാനുണ്ടാകും. ഇക്കാര്യത്തിൽ എന്റെ അനുഭവം, സാധിക്കുന്നത്ര വിപുലമായ വോട്ടവകാശത്തിലുള്ള എന്റെ വിശ്വാസത്തെ ദൃഢീകരിച്ചിരിക്കുന്നു. സ്വത്തവകാശത്തേയോ വിദ്യാഭ്യാസയോഗ്യതയേയോ ആധാരമാക്കിയുള്ള പരിമിതമായ ഒരു നിയോജകമണ്ഡലത്തെ അപേക്ഷിച്ചു്, ആ വിസ്തൃത നിയോജകമണ്ഡലത്തിൽ വളരെ കൂടുതൽ വിശ്വാസം അർപ്പിക്കുവാൻ ഞാൻ ഒരുക്കമാണു്. സ്വത്തവകാശയോഗ്യത ഏതുനിലയിലും ചീത്തതന്നെ; വിദ്യാഭ്യാസത്തെ സംബന്ധിച്ചാണെങ്കിൽ പ്രത്യക്ഷത്തിൽ, അതാശാസ്യവും ആവശ്യവും തന്നെ. എന്നാൽ നിരക്ഷരനെങ്കിലും പരിമിതമായ ഒരു തരം സാമാന്യബുദ്ധി നിറഞ്ഞ കരുത്തനായ ഒരു കർഷകന്റെ അഭിപ്രായത്തെ അപേക്ഷിച്ചു് സാക്ഷരനോ അല്പമൊക്കെ അഭ്യസ്തവിദ്യനോ ആയ ഒരാളുടെ അഭിപ്രായത്തെ കൂടുതൽ ആദരത്തിനർഹമാക്കുന്നതായി അയാളിൽ വല്ല സവിശേഷഗുണങ്ങളും കണ്ടെത്തുവാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതൊക്കെ എന്തായാലും, കർഷകന്റെ കാര്യം മുഖ്യമായേടത്തു് അവന്റെ അഭിപ്രായത്തിനാണു് അത്യധികം പ്രാധ്യാനം; പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായപൂർത്തിവോട്ടവകാശത്തിൽ ഉറച്ച വിശ്വാസമുള്ള ആളാണു് ഞാൻ. ആ വഴിക്കുള്ള വൈഷമ്യങ്ങൾ എനിക്കു് നിശ്ചയമുണ്ടെങ്കിലും, ഇന്ത്യയിൽ അതിന്റെ അംഗീകാരത്തിനെതിരായി ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്കു വലിയ ശക്തിയൊന്നുമില്ലെന്നും കൂടുതൽ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന കക്ഷികളുടേയും താത്പര്യങ്ങളുടെയും പേടിയാണു് അവയ്ക്കധിഷ്ഠാനമെന്നും എനിക്കുറപ്പുണ്ടു്.

സാംസ്ഥാനിക അസംബ്ലികളിലേക്കുള്ള 1937-ലെ പൊതുതിരഞ്ഞെടുപ്പുകൾ, ജനസംഖ്യയിൽ ഏതാണ്ടു് പന്ത്രണ്ടു് ശതമാനം പേർക്കു മാത്രം ബാധകമായ ഒരു പരിമിതവോട്ടവകാശത്തെ അടിസ്ഥാനപ്പെടുത്തിയാണു് നടത്തിയതു്. ഇതുതന്നെയും മുമ്പത്തെ വോട്ടവകാശത്തെ അപേക്ഷിച്ചു് വലിയൊരു നേട്ടമായിരുന്നു. ഇന്ത്യയിലാകെക്കൂടി, ഇന്ത്യൻ നാട്ടുരാജ്യങ്ങളെക്കൂടാതെ, മൂന്നു കോടിയോളം ആളുകൾക്കിപ്പോൾ വോട്ടുചെയ്യാനവകാശമുണ്ടു്. ഈ തിരഞ്ഞെടുപ്പുകളുടെ പരിധി അത്യന്തം വിപുലമാണു്. നാട്ടുരാജ്യങ്ങളെയൊഴിച്ചുള്ള ഇന്ത്യ മുഴുവൻ ഉൾപ്പെടും. ഓരോ സംസ്ഥാനത്തിലും സാംസ്ഥാനിക അസംബ്ലിയെ തിരഞ്ഞെടുക്കേണ്ടതുണ്ടു്. മിക്ക സംസ്ഥാനങ്ങളിലും രണ്ടു മണ്ഡലങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ രണ്ടു കൂട്ടം തിരഞ്ഞെടുപ്പുകൾ നടന്നു. സ്ഥാനാർത്ഥികളുടെ എണ്ണം ആയിരക്കണക്കിലായിരുന്നു.

ഈ തിരഞ്ഞെടുപ്പുകളെ ഞാൻ സമീപിച്ചതു്— ഒട്ടൊക്കെ മിക്ക കോൺഗ്രസ്സുകാരും സമീപിച്ചതു്—സാധാരണരീതിയിൽ നിന്നു വ്യത്യസ്തമായിട്ടാണു്. സ്ഥാനാർത്ഥികളെക്കുറിച്ചു്, വ്യക്തിപരമായി ഞാൻ ഗൗനിച്ചതേയില്ല. കോൺഗ്രസ്സ് പ്രാതിനിദ്ധ്യം വഹിക്കുന്ന നിലയിലുള്ള നമ്മുടെ ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിനും, ഞങ്ങളുടെ തിരഞ്ഞെടുപ്പു വിജ്ഞാപനത്തിലടങ്ങിയ പരിപാടിക്കും അനുകൂലമായ ഒരന്തരീക്ഷം നാടുനീളെ സൃഷ്ടിക്കുക—അതാണെനിക്കു് വേണ്ടിയിരുന്നതു്. ഇതിൽ നമുക്കു വിജയം സാധിച്ചാൽ കാര്യമൊക്കെ ശുദ്ധമാകും എന്നെനിക്കുതോന്നി; ഇല്ലെങ്കിലോ അങ്ങിങ്ങു് ഒരു സ്ഥാനാർഥി ജയിച്ചാലും തോറ്റാലും എല്ലാം ഒന്നു തന്നെ.

പ്രത്യയശാസ്ത്രസംബന്ധിയായിരുന്നു എന്റെ അർത്ഥന. നമ്മുടെ ലക്ഷ്യത്തിന്റെ സന്ദേശവാഹകൻ എന്ന നിലയ്ക്കല്ലാതെ ഞാൻ സ്ഥാനാർത്ഥികളെക്കുറിച്ചു് പ്രസ്താവിക്കുകതന്നെയുണ്ടായില്ല. അവരിൽ പലരേയും എനിക്കറിയാം. പക്ഷേ, പലരേയും നേരിട്ടറിഞ്ഞേകൂടാ. ആ നിലയ്ക്കു നൂറുകണക്കിലുള്ള പേരുകൾകൊണ്ടു് എന്റെ മനസ്സിന്നു കനംകൂട്ടുവാൻ ഞാനൊരു കാരണവും കണ്ടില്ല. കോൺഗ്രസ്സിന്നുവേണ്ടി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വതന്ത്ര്യസമരത്തിന്നുവേണ്ടി ഞാൻ വോട്ടുചോദിച്ചു. ഞാനൊരു വാഗ്ദാനവും ചെയ്തില്ല—സ്വാതന്ത്ര്യം സാധിക്കുന്നതുവരെ ഒടുങ്ങാത്ത സമരമല്ലാതെ. ഞങ്ങളുടെ ലക്ഷ്യവും പരിപാടിയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുവെങ്കിലും അവയ്ക്കൊത്തു ജീവിക്കാൻ തയ്യാറാണെങ്കിലും മാത്രം—അല്ലാതെ വേണ്ട—ഞങ്ങൾക്കു വോട്ടുചെയ്യുവാൻ ഞാൻ ജനത്തോടു പറഞ്ഞു. ഈ ലക്ഷ്യത്തോടും പരിപാടിയോടും യോജിക്കുന്നില്ലെങ്കിൽ കോൺഗ്രസ്സിനു വോട്ടുചെയ്യാതിരിക്കാൻ ഞാനവരോടാവശ്യപ്പെട്ടു. ഞങ്ങൾക്കൊരൊറ്റ കള്ളവോട്ടും വേണ്ട. ജനങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്ന കാരണത്താൽ ചില പ്രത്യേക ആളുകൾക്കു് നൽകപ്പെടുന്ന വോട്ടും ഞങ്ങൾക്കു വേണ്ട. വോട്ടുകളും തിരഞ്ഞെടുപ്പുകളും നമ്മെ വളരെ ദൂരെയൊന്നും എത്തിക്കാൻ പോകുന്നില്ല. ഒരു ദീർഘയാത്രയിലെ കൊച്ചു കാൽവെപ്പുകൾ മാത്രമാണവ. ആ വോട്ടു സൂചിപ്പിക്കുന്നതെന്തോ അതിനെ ബുദ്ധിപൂർവം അംഗീകരിക്കാതെയും, പിന്നീടു വേണ്ട പ്രവർത്തനത്തിന്നു സന്നദ്ധതയില്ലാതെയും വോട്ടുകൊണ്ടു് ഞങ്ങളെ വ്യാമോഹിപ്പിക്കുന്നതു ഞങ്ങളെ വഞ്ചിക്കുകയും നമ്മുടെ രാജ്യത്തിനോടു സത്യവിരുദ്ധമായി പ്രവർത്തിക്കുകയുമാവും. നമ്മുടെ പ്രാതിനിധ്യം വഹിക്കാൻ നമുക്കു നല്ലവരും സത്യനിഷ്ഠരുമായ വ്യക്തികൾ വേണമെങ്കിലും വ്യക്തികൾ വിലപ്പെട്ടവരല്ല. വിലപ്പെട്ടതു് നമ്മുടെ ലക്ഷ്യമാണു്. അതിന്നുപ്രതിനിധീഭവിക്കുന്ന സംഘടനയാണു്. നാം ആരുടെ സ്വാതന്ത്ര്യസമ്പാദനത്തിന്നുപ്രതിജ്ഞാബദ്ധരാണോ ആ രാഷ്ട്രമാണു്. ഞാൻ ആ സ്വാതന്ത്ര്യമെന്താണെന്നും കോടിക്കണക്കിനുള്ള നമ്മുടെ ആളുകളെ സംബന്ധിച്ചേടത്തോളം അതിന്റെ താത്പര്യമെന്തായിരിക്കണമെന്നും വിശകലനം ചെയ്തു. വെളുത്ത യജമാനന്മാരെ മാറ്റി പകരം തവിട്ടു നിറത്തിലുള്ള യജമാനന്മാരെ പ്രതിഷ്ഠിക്കുകയല്ലനമുക്കു് വേണ്ടതു്. ജനങ്ങൾക്കു് വേണ്ടി ജനങ്ങൾ നടത്തുന്ന യഥാർത്ഥ ജനകീയ ഭരണവും നമ്മുടെ വറുതിക്കും കഷ്ടപ്പാടിനും ഒരറുതിയും—അതാണു് വേണ്ടതു്.

അതായിരുന്നു എന്റെ പ്രസംഗങ്ങളുടെ പല്ലവി. അങ്ങനെ പുരുഷപരമല്ലാത്ത ഒരു നിലയിലേ എനിക്കീ തിരഞ്ഞെടുപ്പു പ്രചാരണവേലയിൽ ചേർന്നു നില്ക്കാൻ പറ്റൂ. അതാതു് സ്ഥാനാർത്ഥികളുടെ ഭാഗധേയങ്ങളിൽ എനിക്കു വലിയ താത്പര്യമൊന്നുമില്ല. അതിലുമെത്രയോ ഉപരിയായ ഒരു കാര്യത്തിലാണു് എന്റെ താത്പര്യം. വാസ്തവം പറഞ്ഞാൽ ഓരോ പ്രത്യേക സ്ഥാനാർത്ഥിയുടെ വിജയത്തെ മുൻനിർത്തിയുള്ള ഇടുങ്ങിയ വീക്ഷണകോടിയിൽക്കൂടി നോക്കിയാൽപ്പോലും ആ സമീപന സമ്പ്രദായമാണു് ശരി. എന്തുകൊണ്ടെന്നാൽ അങ്ങനെയാവുമ്പോൾ ഒരുമഹാരാജ്യം നടത്തുന്ന സ്വാതന്ത്ര്യ സമരത്തിന്റെയും ദാരിദ്ര്യപീഡിതരായ കോടിക്കണക്കിനാളുകൾ തങ്ങളുടെ ദാരിദ്ര്യമാകുന്ന ആ പഴയ അഭിശാപത്തെ അവസാനിപ്പിക്കുവാൻ വേണ്ടിചെയ്യുന്ന പ്രയത്നത്തിന്റെയും ഉത്കൃഷ്ടതരവും പ്രാകൃതിക മഹാശക്തികളുടേതിനോടു തുല്യവുമായ ഒരു സമുന്നതതലത്തിലേക്കു് അയാളും അയാളുടെ തിരഞ്ഞെടുപ്പും ഉയർത്തപ്പെടുന്നു. മുന്തിനിൽക്കുന്ന അനേകം കോൺഗ്രസ്സുകാർ പ്രകാശിപ്പിച്ച ഈ ആശയങ്ങൾ, കടലിൽ നിന്നടിച്ചുവരുന്ന കരുത്തേറിയ ഒരു പുത്തൻ കാറ്റുപോലെ, എല്ലാവിധം നിസ്സാരാശയങ്ങളെയും തിരഞ്ഞെടുപ്പു കുതന്ത്രങ്ങളെയും അടിച്ചുപരത്തിക്കൊണ്ടു് പരന്നുപിടിച്ചു. എനിക്കു് എന്റെ നാട്ടുകാരെ അറിയാം, ഇഷ്ടവുമാണു്. അവരുടെ അനേകകോടി നേത്രങ്ങൾ എന്നെ ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം ഒട്ടല്ല പഠിപ്പിച്ചിട്ടുള്ളതു്.

നിത്യം ഞാൻ തിരഞ്ഞെടുപ്പുകളെക്കുറിച്ചു് സംസാരിക്കും. എങ്കിലും തിരഞ്ഞെടുപ്പുകൾ ചുരുക്കമായേ എന്റെ മനസ്സിൽ സ്ഥാനം പിടിക്കാറുള്ളൂ, അവ ഉപരിതലത്തിൽ അങ്ങനെ പൊങ്ങിക്കിടക്കും. എന്റെ വിചാരം വിശേഷവിധിയായി വോട്ടർമാരെക്കുറിച്ചു മാത്രവുമായിരുന്നില്ല. ഞാൻ അതിലുമുപരിയായി ഒന്നുമായി സമ്പർക്കത്തിൽ വന്നുകൊണ്ടിരിക്കുകയാണു്; കോടിക്കണക്കിലുള്ള ഇന്ത്യൻ ജനതയുമായിട്ടു്. എനിക്കു് വല്ല സന്ദേശവും നൽകാനുണ്ടെങ്കിൽ അതു് അവർക്കെല്ലാമുള്ളതാണു്. വോട്ടറായാലും അല്ലെങ്കിലും; ഓരോ ഇന്ത്യക്കാരനുമുള്ളതു്—പുരുഷനോ സ്ത്രീയോ കുട്ടിയോ ആരുമായാലും ശരി. ഈ സാഹസികോദ്യമത്തിന്റെ വിങ്ങൽ, അസംഖ്യം ജനങ്ങളുമായുള്ള ഈ ശാരീരികവും വൈകാരികവുമായ സമ്പർക്കം—അതെന്നെ പിടിച്ചുനിർത്തി. ഒരാൾക്കൂട്ടത്തിന്റെ നടുവിലായിരിക്കുക, അനേകരിൽ ഒരു വനായിരിക്കുക. ആൾക്കൂട്ടത്തിന്റെ ചോദനകളാൽ ചലിപ്പിക്കപ്പെടുക—അങ്ങനെയുള്ള ഒരു തോന്നലായിരുന്നില്ല എന്റേതു്. എന്റെ കണ്ണുകൾ ആ ആയിരമായിരം കണ്ണുകളെ ആകർഷിച്ചുനിർത്തി; ഞങ്ങൾ അന്യോന്യം നോക്കി; ആദ്യമായിക്കാണുന്ന അപരിചതരുടെ നിലയിലല്ല, അറിവോടുകൂടി. പക്ഷേ, ആ അറിയൽ എന്തിനെക്കുറിച്ചുള്ളതാണെന്നു് പറയാനാവില്ല. ഞാൻ കൈകൾ കൂപ്പിക്കൊണ്ടു് അവരെ നമസ്കാരപൂർവ്വം അഭിവാദ്യം ചെയ്യുമ്പോൾ കൈകളുടെ ഒരു മഹാവനം തന്നെ അഭിവാദ്യപൂർവ്വം ഉയരും. സൗഹാർദ്ദപൂർവ്വവും പുരുഷപരവുമായ ഒരു പുഞ്ചിരി അവരുടെ മുഖങ്ങളിൽ പ്രത്യക്ഷപ്പെടും. അവിടെ സമ്മേളിച്ച പുരുഷാരത്തിൽ നിന്നു് സ്വാഗതവാക്യത്തിന്റെ മർമ്മരം പൊന്തി അതിന്റെ മന്ദോഷ്ണമായ ആലിംഗനത്തിൽ എന്നെ ആവരണം ചെയ്യും. ഞാനവരോടു സംസാരിച്ചു. ഞാൻ കൊണ്ടുവന്ന സന്ദേശം വഹിച്ചുകൊണ്ടു് എന്റെ ശബ്ദം അവിടെ പരക്കും. എന്റെ വാക്കുകളും അവയുടെ പിന്നിലുള്ള ആശയങ്ങളും അവർക്കെത്രത്തോളം മനസ്സിലായിരിക്കുമെന്നു ഞാൻ സ്വയം ചോദിക്കും. ഞാൻ പറഞ്ഞതൊക്കെ അവർക്കു മനസ്സിലായോ ഇല്ലയോ എന്നു പറയാൻ നിവൃത്തിയില്ല. പക്ഷേ, അഗാധതരമായ ഒരു ബോധത്തിന്റെ പ്രകാശം അവരുടെ കണ്ണുകളിലുണ്ടായിരുന്നു. അതു് ഉക്തവാക്യങ്ങളെ കവിഞ്ഞു കടക്കുന്നതായിത്തോന്നി.

ജവഹർലാൽ നെഹ്റുവിന്റെ Discovery of India എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനത്തിൽ നിന്നു് അന്വേഷണം എന്ന മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗം. (ഇന്ത്യയെ കണ്ടെത്തൽ എന്ന സി എച്ച് കുഞ്ഞപ്പയുടെ വിവർത്തനത്തിൽ നിന്നു്) പുസ്തകം പൂർണ്ണരൂപത്തിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണു—സായാഹ്ന പ്രവർത്തകർ
സി എച്ച് കുഞ്ഞപ്പ
images/kunjappa.jpg

സി. എച്ച്. കുഞ്ഞപ്പ കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ കോവിലകത്ത് കൃഷ്ണന്‍ തങ്ങളുടെയും ചന്ത്രോത്ത് ലക്ഷ്മിയമ്മയുടെയും മകനായി 1907 ജൂണ്‍ 12-നു് ജനിച്ചു. പെരളശ്ശേരി പ്രൈമറി സ്ക്കൂള്‍, തലശ്ശേരി മിഡില്‍ സ്ക്കൂള്‍, ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. രസതന്ത്രം ഐച്ഛികവിഷയമായി ബി. എ. ബിരുദം നേടി. മൂടാടി ഹരിജന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1930 ഏപ്രില്‍ 1-നു് മാതൃഭൂമി പത്രത്തില്‍ ജോലിക്കു ചേർന്നു. വി. ആര്‍. നായനാര്‍, സഞ്ജയന്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. കോൺഗ്രസ്സ് ആശയത്തോടു് യോജിച്ചു പ്രവർത്തിച്ചു എങ്കിലും അദ്ദേഹം കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിച്ചില്ല. പത്രപ്രവര്‍ത്തകന്റെ നിഷ്പക്ഷത കാത്തു സൂക്ഷിക്കാൻ പാര്‍ട്ടി അംഗത്വം തടസ്സമാവരുതു് എന്നു് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി പ്രവർത്തിച്ച കെ. കേളപ്പന്റെ മരുമകളായ ദേവകിയമ്മയെ 1936-ല്‍ വിവാഹം കഴിച്ചു. മക്കൾ ലക്ഷ്മി ശാസ്ത്രി, മീര പാലാട്ട്. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയുടെ വിവര്‍ത്തനം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. മാതൃഭൂമിയിൽ നിന്നു വിരമിച്ചതിനു ശേഷമാണു് സ്മരണകൾ മാത്രം എന്ന ആത്മകഥ രചിച്ചതു്. 1980 ജൂലൈ 16-നു് അന്തരിച്ചു.

കൃതികള്‍: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍, വിലയിടിയുന്ന ഉറുപ്പിക, വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും, നെഹ്റുവിന്റെ ലോകം (തര്‍ജ്ജമ) സ്മരണകള്‍ മാത്രം.

Colophon

Title: Pothuthiranjeduppu (ml: പൊതുതിരഞ്ഞെടുപ്പുകൾ).

Author(s): Jawaharlal Nehru.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Translation, Jawaharlal Nehru, Translation: C H Kunhappa, Pothuthiranjeduppu, ജവഹർലാൽ നെഹ്രു (വിവ. സി. എച്ച്. കുഞ്ഞപ്പ), പൊതുതിരഞ്ഞെടുപ്പുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: September 28, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Jawaharlal Nehru in the Netherlands, 1957, a phototgraph by Harry Pot . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.