images/kunjikuttanthampuran.png
Kodungallur Kunjikuttan Thampuran, a photograph by anonymous .
കുഞ്ഞിക്കുട്ടൻതമ്പുരാൻ
കുറ്റിപ്പുഴ കൃഷ്ണപിള്ള

മലയാളസാഹിത്യത്തിലെ ഒരത്ഭുതാത്മാവായിരുന്നു മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാൻ. അദ്ദേഹം മരിച്ചിട്ടിപ്പോൾ അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ തലമുറ അദ്ദേഹത്തെ ശരിയായി അറിയുകയും വേണ്ട വിധം സ്മരിക്കുകയും സമാദരിക്കയും ചെയ്യുന്നുണ്ടോ എന്ന കാര്യം ചിന്തനീയമാണു്. ‘ഭാരത’ വിവർത്തനം ഒന്നുകൊണ്ടുതന്നെ അനശ്വരയശസ്സു നേടിയ ഈ മഹാപുരുഷന്റെ സാഹിതീസേവനം അലോകസാമാന്യമെന്നു വേണം പറയുക. അതിൽനിന്നു നമ്മുടെ ഭാഷയ്ക്കുണ്ടായ നേട്ടങ്ങളുടെ വില കണക്കാക്കുമ്പോൾ തമ്പുരാൻ കേരളീയർക്കു പ്രാതഃസ്മരണീയനാണെന്നു കാണാം. അദ്ദേഹത്തിന്റെ അപൂർവ്വജീവിതസിദ്ധികൾ നമ്മുടെ സ്മൃതിപഥത്തിൽ എന്നെന്നും പച്ചപിടിച്ചു നിൽക്കേണ്ടവയാണു്.

അടുത്തകാലം വരെ കേരളത്തിലെ കേളികേട്ട ഒരു ഗുരുകുലമായിരുന്നു കൊടുങ്ങല്ലൂർ കോവിലകം. നൂറ്റാണ്ടുകളുടെ വിദ്യാദാനപാരമ്പര്യമുണ്ടു്, ഈ രാജകുടുംബത്തിനു്. കലയും ശാസ്ത്രവും വളരെക്കാലം അവിടെ കൈകോർത്തുപിടിച്ചു കളിയാടിയിരുന്നു. അടുത്തും അകലെയുമുള്ള കവികൾക്കും ശാസ്ത്രപണ്ഡിതന്മാർക്കും ഈ സരസ്വതീക്ഷേത്രം ഒരാരാധനാകേന്ദ്രമായി. അവർ കൂടെക്കൂടെ സമ്മേളിക്കുകയും ചർച്ചകൾ നടത്തുകയും പതിവായിരുന്നു. കൊടുങ്ങല്ലൂർ കോവിലകത്തെ തൂണിനുപോലും സാഹിത്യമുണ്ടെന്നു പ്രൊഫസ്സർ ഏ. ആർ. തമ്പുരാൻ ഒരിക്കൽ പറയുകയുണ്ടായി. ഇങ്ങനെ പണ്ഡിതന്മാരേയും കവികളേയും സൃഷ്ടിക്കുന്ന സകല സാഹചര്യങ്ങളും ഒത്തിണങ്ങിയ ഒരന്തരീക്ഷത്തിലാണു് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചുവളർന്നതു്. കൊല്ലവർഷം 1040-ലായിരുന്നു തമ്പുരാന്റെ ജനനം. മലയാളസാഹിത്യത്തിൽ വെണ്മണിപ്രസ്ഥാനം കൊടികുത്തിവിളയാടിയിരുന്ന ഒരു കാലഘട്ടമാണതു്. ഈ പ്രസ്ഥാനത്തിന്റെ ജനയിതാവായ വെണ്മണി അച്ഛൻ നമ്പൂതിരിപ്പാടിനു കോവിലകത്തെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയിലുണ്ടായ പുത്രനാണു് നമ്മുടെ മഹാകവി. പൂരപ്രബന്ധകർത്താവായ വെണ്മണി മഹൻനമ്പൂതിരിപ്പാടും കുഞ്ഞിക്കുട്ടൻതമ്പുരാനും വൈമാത്രേയസഹോദരന്മാരാകുന്നു. മഹൻനമ്പൂതിരിപ്പാടിനെ തമ്പുരാൻ തന്റെ ജ്യേഷ്ഠ സഹോദരനെന്ന നിലയിൽ സ്നേഹിക്കുകയും ആദരിക്കയും ചെയ്തിരുന്നു. രണ്ടുപേരിലും അച്ഛന്റെ കവിതാവാസന സമൃദ്ധമായി പ്രതിഫലിച്ചിരുന്നുവെങ്കിലും തമ്പുരാന്റേതുമാത്രമേ നാനാമുഖമായി വികസിച്ചു് ഈടുറ്റ ഫലമുളവാക്കിയുള്ളൂ.

മഹാന്മാരുടെ ജനനത്തെസംബന്ധിച്ചു പല കഥകളും വിശ്വാസങ്ങളും പ്രചരിക്കാറുണ്ടല്ലോ. തമ്പുരാന്റെ പിറവിയെപ്പറ്റി ഇങ്ങനെ ചിലതു പറയപ്പെടുന്നുണ്ടു്. മാതാവു് ഇരുപത്തെട്ടാം വയസ്സുവരെ സന്താനലാഭമില്ലാതെ സങ്കടപ്പെട്ടുവെന്നും അവർ പല ക്ഷേത്രങ്ങളിലും വഴിപാടുകൾകഴിച്ചു ഭജനം നടത്തിയതിന്റെ ഫലമായിട്ടാണു് ഈ സന്താനമുണ്ടായതെന്നും കഥാനായകന്റെ ലഘുജീവചരിത്രമെഴുതിയിട്ടുള്ളവർ രേഖപ്പെടുത്തിയിരിക്കുന്നു. അമ്മ ദീർഘകാലം പ്രസവിക്കാതിരുന്നതും വഴിപാടുകൾ കഴിച്ചതും മറ്റും ശരിയായിരിക്കാം. എന്നാൽ ദേവന്മാരെ പ്രീണിപ്പിച്ചതിന്റെ ഫലമായിട്ടാണു് കുട്ടി ജനിച്ചതെന്ന പ്രസ്താവനയ്ക്കു് ആധാരം വിശ്വാസം മാത്രമാണല്ലോ. വിശ്വാസം വസ്തുതയാക്കിപ്പറയുന്നതു വസ്തുനിഷ്ഠമായ ചരിത്ര നിരീക്ഷണത്തിനു ചേർന്നതല്ല.

images/Ulloor_S_Parameswara_Iyer.jpg
ഉള്ളൂർ

ഇതുപോലെ തമ്പുരാൻ കവിയായപ്പോൾ ശ്ലോകമുണ്ടാക്കിച്ചൊല്ലി രോഗം മാറ്റിയെന്നും മഴപെയ്യിച്ചുവെന്നും ചിലർ എഴുതിയിരിക്കുന്നു. രണ്ടുസംഭവങ്ങൾ അടുത്തടുത്തുണ്ടായി എന്നു വരാം. പക്ഷേ, അതുകൊണ്ടുമാത്രം രണ്ടിനും തമ്മിൽ കാര്യകാരണബന്ധം കൽപ്പിക്കുന്നതു് അയുക്തമാണു്. കഥാനായകനു കവനമാർഗ്ഗത്തിൽ മഹാസിദ്ധികളുണ്ടായതു കാളീകടാക്ഷംകൊണ്ടാണെന്നു വിശ്വസിക്കുന്നവരും ഉണ്ടു്. “പല അമാനുഷകർമ്മങ്ങളും ചെയ്തു് കേരളീയരെ ആശ്ചര്യപരതന്ത്രരും ആനന്ദതുന്ദിലരുമാക്കിയ ഒരവതാരപുരുഷനാണു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ” എന്നു് ഉള്ളൂരും സാഹിത്യചരിത്രത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇവിടേയും ഒന്നാലോചിക്കേണ്ടതുണ്ടു്. ഒരവതാര പുരുഷനാകുന്നതിനുപകരം കുഞ്ഞിക്കുട്ടൻ തമ്പുരാൻ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെയായിരിക്കുന്നതല്ലേ നല്ലതു്? തമ്പുരാൻ അർഹിക്കുന്ന മഹത്വം മുഴുവൻ അദ്ദേഹത്തിനുതന്നെ കൊടുക്കാതെ അതിന്റെ ഉത്പത്തി സ്ഥാനം മറ്റൊന്നാക്കിത്തീർക്കുന്നതെന്തിനു്? മനുഷ്യമഹത്ത്വത്തിന്റെ നിദാനം ഇങ്ങനെ പുറമെയുള്ള ഏതെങ്കിലും ദിവ്യശക്തിയിൽ സമർപ്പിക്കുന്ന ശീലം നമ്മുടെ നാട്ടിൽ പണ്ടേ ഉള്ളതാണു്. എഴുത്തച്ഛനും കാളിദാസനും മഹാകവികളായതു് അവരുടെ യോഗ്യതകൊണ്ടല്ല, ഗന്ധർവന്റേയും ഭദ്രകാളിയുടേയും ശക്തികൊണ്ടാണു് എന്നു പറഞ്ഞാലേ നമുക്കു സമാധാനമാകൂ. വെറും സങ്കൽപ്പത്തിൽ സ്ഥിതിചെയ്യുന്ന ദേവത്വത്തെക്കാൾ യഥാർത്ഥ ലോകത്തിലുള്ള മനുഷ്യത്വം കൂടുതൽ മാനിക്കപ്പെടേണ്ട ഈ ശാസ്ത്ര യുഗത്തിൽ, മാനവശക്തിയുടെ വികാസത്തിനു് ഒരതിർത്തി കൽപ്പിച്ചു് അതിനപ്പുറമുള്ളതൊക്കെ ഒരു ദിവ്യ ശക്തിയിൽനിന്നു വരുന്നതാണെന്നു വിശ്വസിക്കുന്ന ശീലം നന്നെന്നു പറഞ്ഞുകൂടാ.

ഈ ആനുഷംഗികവിചാരം നിർത്തിയിട്ടു് ഇനി നമുക്കു് തമ്പുരാന്റെ ജീവചരിത്രം തുടരാം. രാമവർമ്മ എന്നായിരുന്നു മഹാകവിയുടെ യഥാർത്ഥ നാമധേയം. കുഞ്ഞിക്കുട്ടൻ എന്നതു് ഓമനപ്പേരാണു്. അതിനേ പിന്നീടു പ്രസിദ്ധിയുണ്ടായുള്ളൂ. കഥാനായകന്റെ ബാല്യകാലവിദ്യാഭ്യാസം കുലാചാര പ്രകാരം യഥാവിധി നിർവ്വഹിക്കപ്പെട്ടു. അന്നത്തെ സമ്പ്രദായമനുസരിച്ചുള്ള ഉപരിപഠനത്തിനുവേണ്ട ഗുരുനാഥന്മാർ കോവിലകത്തുതന്നെ ഉണ്ടായിരുന്നു. സാഹിത്യാദികലകളും തർക്കവ്യാകരണാദിശാസ്ത്രങ്ങളും തമ്പുരാനെ പഠിപ്പിച്ചതു പണ്ഡിതന്മാരായ സ്വന്തം അമ്മാവന്മാർതന്നെയാണു് വിദ്വാൻ ഗോദവർമ്മത്തമ്പുരാന്റെ അടുക്കൽനിന്നു് കാവ്യനാടകാലങ്കാരങ്ങളെല്ലാം പതിനഞ്ചു വയസ്സായപ്പോഴേക്കും കഥാനായകൻ പഠിച്ചുകഴിഞ്ഞു. തർക്ക വിദഗ്ദ്ധനായ കുഞ്ഞൻതമ്പുരാനും പ്രസിദ്ധവൈയാകരണനായ കുഞ്ഞിരാമവർമ്മത്തമ്പുരാനും പ്രസ്തുത ശാസ്ത്രങ്ങളിൽ അദ്ദേഹത്തിന്റെ അധ്യാപകന്മാരായിരുന്നു. വ്യാകരണത്തിലാണു് തമ്പുരാൻ പ്രത്യേക പരിശീലനം നേടിയതു്. കൗമുദി, മനോരമ, ശേഖരം തുടങ്ങിയ വ്യാകരണ ഗ്രന്ഥങ്ങളിൽ അദ്ദേഹം നിഷ്ണാതനായി. ഗുരുനാഥന്മാർ പലരുമുണ്ടായിരുന്നുവെങ്കിലും കുഞ്ഞിരാമവർമ്മത്തമ്പുരാനായിരുന്നു മുഖ്യഗുരുസ്ഥാനം.

“അമ്മാവനും ഗുരുവുമാകിയ കുഞ്ഞിരാമ

വർമ്മാവനീപതി കൃപാനിധി ചാരുശീലൻ”

എന്നൊരു ശ്ലോകത്തിൽ തമ്പുരാൻ തന്റെ ഗുരുവിനെ പ്രത്യേകം സ്മരിക്കുന്നുണ്ടു്. ബാല്യം മുതൽക്കേ അസാധാരണമായ ബുദ്ധിശക്തിയും കവിതാ വാസനയും കഥാനായകൻ പ്രകടിപ്പിച്ചിരുന്നു. ഏഴാം വയസ്സുമുതൽ അദ്ദേഹം പദ്യരചന തുടങ്ങിയെന്നാണു് പറയപ്പെടുന്നതു്. പ്രായം കൂടിവന്നതോടെ കവിതാഭ്രമം കലശലായി പഠിപ്പിനുതന്നെ മുടക്കംവന്നിട്ടുണ്ടു്. പിതാവും മഹൻനമ്പൂതിരിപ്പാടും മഹാകവി കൊച്ചുണ്ണിത്തമ്പുരാനും കവനവിഷയത്തിൽ ആദ്യകാലത്തു് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളായിരുന്നു. മുറ്റിത്തഴച്ച വാസനയും തദനുഗുണമായ പാണ്ഡിത്യവും കൂടിച്ചേർന്നപ്പോൾ അനായാസേന അദ്ദേഹം അന്നത്തെ കവികളിൽ അഗ്രേസരനായി. കാത്തുള്ളി അച്യുതമേനോൻ, കുണ്ടൂർ നാരായണമേനോൻ, നടുവത്തു മഹൻ നമ്പൂതിരി, ഒറവങ്കര രാജാ മുതലായ പല കവികളും അന്നു കവിതാരചനയിൽ തമ്പുരാന്റെ സഹചരന്മാരായിരുന്നു.

“തലനിറച്ചു കുടുമ, ഉള്ളുനിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്കു്, പുച്ഛം കലരാത്ത നോക്കു്, നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീടു്, നാട്ടുകാരൊക്കെ വീട്ടുകാർ” രസികശിരോമണിയായ അമ്പാടി നാരായണ പ്പൊതുവാൾ വാഗ്രൂപേണ വരച്ചിട്ടുള്ള ഈ ചിത്രം കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഒരു അസൽ ച്ഛായയായിട്ടുണ്ടു്. ഉള്ളുനിറച്ചു് പഴമ എന്ന പ്രയോഗം തമ്പുരാൻ കേവലം യാഥാസ്ഥിതികനായിരുന്നുവെന്ന അർത്ഥത്തിലാണെന്നു തോന്നുന്നില്ല. വാസ്തവത്തിൽ അദ്ദേഹം പരിഷ്കൃതാശയനും ഉത്പതിഷ്ണുവുമായിരുന്നു. കേരളപ്പഴമയെപ്പറ്റിയുള്ള ഐതിഹ്യങ്ങളും കഥകളും തമ്പുരാന്റെ ഉള്ളു നിറച്ചു കിടന്നിരുന്നുവെന്നാകാം വക്താവിന്റെ വിവക്ഷ. നാടൊക്കെ വീടെന്നു പറഞ്ഞതു പ്രത്യക്ഷരം ശരിയാണു്. ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവം മഹാകവിക്കുണ്ടായിരുന്നില്ല. നിത്യസഞ്ചാരിയായിരുന്നതിനാൽ കൂട്ടുകാരുടെ ഇടയിൽ അദ്ദേഹത്തിനു ‘പകിരി’ എന്നൊരു കളിപ്പേരുണ്ടായിരുന്നു. ജാതിമതഭേദമോ ധനികദരിദ്രഭേദമോ ഗണിക്കാതെ ഏതുനിലയിലുള്ളവരോടും സമഭാവനയോടെ ഇണങ്ങി പെരുമാറുന്ന സത്സ്വഭാവം തമ്പുരാനിൽ മുന്നിട്ടു നിന്നിരുന്നു. കോവിലകങ്ങളിലും പ്രഭുകുടുംബങ്ങളിലും അക്കാലത്തു വിരളമായി കണ്ടിരുന്ന ഈ സമഭാവനയും സ്വാർത്ഥരാഹിത്യം, മിത്രസ്നേഹം, പ്രശാന്തപ്രകൃതി തുടങ്ങിയ മറ്റു പല സ്വഭാവഗുണങ്ങളും അദ്ദേഹത്തിന്റെ വ്യക്തിമഹത്ത്വത്തിനു മാറ്റുകൂട്ടി. ഏവരും ഇഷ്ടപ്പെട്ടിരുന്നു തമ്പുരാന്റെ സഹവാസം. കൂട്ടുകാർ വെടിപറയാൻ വന്നു കൂടിയാൽ രാത്രി മുഴുവൻ അവരുമായി സഹിതീസല്ലാപത്തിലേർപ്പെട്ടു് അദ്ദേഹം ഭാര്യാഗൃഹത്തെപ്പോലും മറന്നുകളയും. ഗോലികളിയും ചതുരംഗവുമായിരുന്നു രണ്ടു പ്രധാന വിനോദങ്ങൾ. ഇടവിടാതെയുള്ള വെറ്റിലമുറുക്കു കവിതയെഴുത്തിനു് ഉന്മേഷം കൂട്ടിയിരുന്നു.

ബഹുഭാര്യനായിരുന്നു നമ്മുടെ മഹാകവി. ഇരുപത്തൊന്നാം വയസ്സിൽ അദ്ദേഹം വിവാഹിതനായി. കൊടുങ്ങല്ലൂർ കൊയിപ്പിള്ളിവീട്ടിലെ പാപ്പിയമ്മയായിരുന്നു പ്രഥമപത്നി. “അവർ എട്ടുപ്രസവിച്ചുവെങ്കിലും ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ” എന്നു് പി. വി. കൃഷ്ണവാര്യർ 1932-ൽ എഴുതിയ ജീവചരിത്രത്തിൽ കാണുന്നു. കോട്ടയ്ക്കൽ സാമൂതിരിക്കോവിലകത്തെ ശ്രീമതിത്തമ്പുരാട്ടിയാണു് രണ്ടാമത്തെ ഭാര്യ. ഇവരും നാലുകുട്ടികളുടെ മാതാവായി. മൂന്നാമത്തെ സംബന്ധം തൃശ്ശൂരിൽ നിന്നാണു്. പ്രഥമപത്നിയുടെ മരണത്തിനു ശേഷമാണു് അതുണ്ടായതു്. പ്രസിദ്ധ സാഹിത്യകാരനും ഭഗവത്ഗീതാവ്യാഖ്യാതാവുമായ കെ. എമ്മിന്റെ സഹോദരി തെക്കേക്കുറുപ്പത്തു കുട്ടിപ്പാറുവമ്മയായിരുന്നു തൃതീയ പത്നി. തമ്പുരാൻ ജീവിച്ചിരിക്കെത്തന്നെ ഇവരും കാലഗതിയടഞ്ഞു. ഒരു പെൺകുട്ടിമാത്രമേ ഈ ദാമ്പത്യത്തിലുള്ളൂ. കുട്ടിപ്പാറുവമ്മ സംഗീതത്തിൽ വിദുഷിയായിരുന്നു. തമ്പുരാനാകട്ടെ, അതിൽ അത്ര പ്രതിപത്തിയുള്ള ആളല്ല എന്നായിരുന്നു പരക്കേയുള്ള അഭിപ്രായം. “സംഗീതം സഹിക്കാം” എന്നും “സദിരു കേൾക്കുമ്പോളുറക്കം വരും” എന്നും അദ്ദേഹം ചിലപ്പോൾ നേരമ്പോക്കിനു തട്ടിവിടാറുണ്ടു്. എങ്കിലും സംഗീതത്തിൽ നല്ല ശാസ്ത്രജ്ഞാനമുണ്ടായിരുന്നു തമ്പുരാനു്. സംഗീതത്തെപ്പറ്റി വിജ്ഞാനപ്രദമായ ഒരു ലേഖനം എഴുതിയിട്ടുമുണ്ടു്. ഏതായാലും കുറുപ്പത്തെ ബന്ധംകൊണ്ടു് സംഗീതവും സാഹിത്യവും സരസമായി സമ്മേളിക്കുകയാണുണ്ടായതു്.

കുഞ്ഞിക്കുട്ടൻതമ്പുരാനു പദ്യം, ഗദ്യംപോലെതന്നെ ഒരു വ്യാവഹാര ഭാഷയായിരുന്നുവെന്നു പറയാം. എഴുതുന്നതെന്തും ഛന്ദോബന്ധമായി തൂലികയിൽനിന്നു താനേ വാർന്നുവീണിരുന്നു. സാഹിത്യസദസ്സുകളിൽ, പ്രസംഗം പദ്യത്തിലോ ഗദ്യത്തിലോ വേണ്ടതെന്നു അദ്ദേഹം ചോദിക്കാറുണ്ടായിരുന്നുവത്രേ. സാധാരണകാര്യങ്ങളെപ്പറ്റി പറയുന്നതും പദ്യരൂപത്തിലാക്കാനാണു് അദ്ദേഹത്തിനു അധികം കൗതുകം.

“ബാലശിക്ഷയ്ക്കലട്ടുന്നു

ബാലപുത്രി സരസ്വതി;

അലട്ടുതീർത്തു വിട്ടേയ്ക്കു;

വില പിന്നെത്തരാമെടോ.”

സ്വപുത്രിക്കു ബാലശിക്ഷ എന്നൊരു പാഠപുസ്തകം കൊടുക്കണമെന്നാവശ്യപ്പട്ടുകൊണ്ടു് ഒരാൾക്കയച്ച കത്താണിതു്. ഇതേ പുത്രിക്കു് ആഭരണമുണ്ടാക്കാൻവേണ്ടി ഒരാശ്രിതന്നയച്ച കത്തു കുറെക്കൂടി നേരമ്പോക്കുള്ളതാണു്.

“മേലൊക്കെ വായിൽനാക്കാം

ബാലക്കുയിൽവാണിതന്റെ കൂട്ടിക്കായ്

ചേലൊക്കുംപടി തീർത്തോരു

പാലയ്ക്കാമോതിരമയക്കു ഭവാൻ.”

images/canthappayi.jpg
സി. അന്തപ്പായി

ഇതിൽ ‘മേലൊക്കെ വായിൽനാക്കാം’ എന്നു തന്റെ ഭാര്യയെ തമ്പുരാൻ വിശേഷിപ്പിച്ചിരിക്കുന്നതു നോക്കു. കുട്ടിക്കു പണ്ടമുണ്ടാക്കിക്കൊടുത്തില്ലെങ്കിൽ അതിന്റെ അമ്മ തനിക്കു “സ്വൈരം” തരികയില്ലെന്നു് എത്ര ഫലിത വിലസിതമായി ധ്വനിപ്പിച്ചിരിക്കുന്നു! തന്റെ ആശ്രിതനും ബന്ധുവുമായ കോയിപ്പിള്ളി പരമേശ്വരക്കുറുപ്പിനു് ഒരു ജോലികൊടുക്കാൻവേണ്ടി സി. അന്തപ്പായി ക്കു് അയച്ച ഒരു ശുപാർശക്കത്തും രസമുള്ളതാണു്:

“കവി കെ. പരമേശ്വരക്കുറുപ്പെ-

ന്നിവിടെപ്പേർപ്പറയുന്നൊരീ മനുഷ്യൻ

ഭുവി കേവലനിത്യവൃത്തി കാംക്ഷി-

ച്ചവിടേയ്ക്കുണ്ടു വരുന്നു ജീവനാർത്ഥം.

അറിയാം ചിലതാംഗലേയഭാഷാ-

മുറിവാക്യങ്ങൾ-പഠിപ്പിതത്രമാത്രം;

ശരിയായ് മലയാളഭാഷയായാ-

ലുരിയാടാമെഴുതാം കവിത്വമാവാം.

ഇവയുണ്ടു റജിസ്റ്റർചെയ്തിരിപ്പൂ

നവകാവ്യക്കളരിസ്ഥലത്തു മുമ്പേ

തവ കീഴ്‌വരുതിഗ്ഗുമസ്തവേല

യ്ക്കിവനാവോ,തരമാക്കിയെങ്കിലായി.

ഒരുമാതിരി കൈയെഴുത്തു നന്നെ-

ന്നൊരു ഭള്ളിന്നിവനില്ലയെന്നുമില്ല;

പെരുമാറ്റവഴിക്കു കൊണ്ടുപോയാ-

ലൊരു ഭാഷയ്ക്കിവനും കഴിഞ്ഞുകൂടും.”

പറയേണ്ടകാര്യങ്ങൾ അത്യുക്തികൂടാതെ എത്ര ഭംഗിയായി ഫലിതം കലർത്തി ഇതിൽ ചുരുക്കിക്കൊള്ളിച്ചിരിക്കുന്നുവെന്നു നോക്കുക. തമ്പുരാനു പൈതൃകമായി ലഭിച്ച തനി വെണ്മണിശ്ശൈലി ഇത്തരം കത്തുകളിലെല്ലാം പ്രതിഫലിക്കുന്നു. ഇടത്തു കൈകൊണ്ടു ചതുരംഗക്കരു നീക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ വലത്തുകൈകൊണ്ടു് അവിടന്നു എഴുതിയ പദ്യങ്ങളാണിവ എന്നു ശ്രീ. കുറുപ്പുതന്നെ താനെഴുതിയ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതു ശരിയാണെങ്കിൽ ആ ബഹുമുഖപ്രതിഭന്റെ മുമ്പിൽ നാം തലകുനിക്കുകതന്നെ വേണം.

“അതിരസമൊടു കിട്ടപ്പൻ വരുമ്പോൾ മറക്കാ-

തതിവിടയമസാരം വാങ്ങിവെയ്പാനപേക്ഷ;

കൊതി പുതിയൊരു ചേനയ്ക്കേറ്റമിങ്ങുള്ളവർക്കു-

ണ്ടിതിനൊരുവഴികൂടിക്കാണണം കേമനാം താൻ.”

ഇങ്ങനെ അങ്ങാടിയിൽ നിന്നു സാമാനം വാങ്ങാൻ പറയുന്നതുപോലും ചിലപ്പോൾ പദ്യത്തിലാകാറുണ്ടു്. കുഞ്ഞിക്കുട്ടൻതമ്പുരാനെപ്പോലെ ഇത്ര വളരെ കത്തുകൾ പദ്യത്തിലെഴുതിയിട്ടുള്ള മറ്റൊരു കവി മലയാളത്തിലുണ്ടായിട്ടില്ല. അവയുടെ സംഖ്യ പതിനായിരത്തോളം വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു കത്തിനു ശരാശരി അഞ്ചുവീതം കണക്കാക്കിയാൽത്തന്നെ ശ്ലോകസംഖ്യ അൻപതിനായിരമാകും. അന്നത്തെ മിക്ക കവികളുമായിട്ടും പത്രമാസികാധിപന്മാരുമായിട്ടും തമ്പുരാൻ പദ്യരൂപത്തിൽ എഴുത്തുകുത്തുനടത്തീട്ടുണ്ടു്. കത്തുകളുടെ ആരംഭത്തിലുള്ള മംഗളപദ്യങ്ങൾ ചിലപ്പോൾ ദേവന്മാരെക്കൂടി കളിയാക്കുന്നമട്ടിൽ ഫലിതസംവലിതമായിരിക്കും.

“മന്മഥനുടെ തടിമുടിയൻ

നിർമ്മലതാരേശജാഹ്നവീമുടിയൻ

നമ്മുടെ ഗരളംകുടിയൻ

നന്മ തരട്ടേ ഭവാനുമാമടിയൻ.”

ഇതിൽ ശിവനെ തടിമുടിയനും ഉമാമടിയനും മറ്റുമാക്കിയിട്ടും തൃപ്തിപ്പെടാതെ കവി മറ്റൊരു പദ്യത്തിൽ,

“മടിയിൽത്തന്നെയെന്നല്ല

മുടിയിൽക്കൂടിയച്ചിയെ

കുടികൊള്ളിച്ചിടും സർവ്വ-

മുടിയസ്വാമിയാശ്രയം…”

എന്നിങ്ങനെ സർവ്വമുടിയസ്വാമിയും അച്ചിക്കൊതിയനുമാക്കി രസം പിടിപ്പിച്ചിരിക്കുന്നു.

“നിരീക്ഷിച്ചു നീർത്താർശരൻതന്റെ സാക്ഷാൽ

ശരീരം ദഹിപ്പിച്ച ചങ്ങാതിയേയും

ഒരീഷൽക്കടാക്ഷത്തിനാൽ പാട്ടിലാക്കും

പരീക്ഷയ്ക്കു പാസ്സായ തായേ, തൊഴുന്നേൻ.”

വി. കെ. രാമൻമേനോനു് അദ്ദേഹം ബി. എ. പരീക്ഷ പാസ്സായപ്പോൾ, മഹാ കവി അയച്ച ഒരു കത്തിലെ മംഗളപദ്യമാണിതു്. ഇതു് എത്രമാത്രം സരസവും സന്ദർഭോചിതവുമായിരിക്കുന്നുവെന്നു പറയേണ്ടതില്ലല്ലോ. കത്തുകൾക്കു പുറമേ, തമ്പുരാൻ ഓരോ സ്ഥലത്തു ചെല്ലുമ്പോൾ സന്ദർഭവശാൽ സമസ്യാ പൂർണമായും വ്യക്തികളുടെ ഛായാവർണ്ണനമായും മറ്റും എഴുതിയിട്ടുള്ള മുക്തകങ്ങൾക്കു കണക്കില്ല. ഛായാശ്ലോകങ്ങൾ കവിയുടെ മനോധർമ്മ വിലാസത്തേയും നിരീക്ഷണപാടവത്തേയും വിളിച്ചറിയിക്കുന്നവയാണു്. അവയിൽ പലതിനും കേരളത്തിൽ സ്ഥിരപ്രചാരം സിദ്ധിച്ചിട്ടുണ്ടു്.

“ഉന്മേഷത്തൊടുതാൻ മുറുക്കിയരിക-

ത്തൽപ്പം മുറുക്കാനുമായ്

ചുമ്മാതെ മണി പത്തടിപ്പതുവരേ

മൂടിപ്പുതച്ചങ്ങനെ

ബ്രഹ്മസ്വം മഠമായതിന്റെ പടിയിൽ

പൂർണ്ണാനുമോദം പര-

ബ്രഹ്മം കണ്ടരുളുന്ന വെണ്മണിമഹൻ

നമ്പൂരിയെക്കണ്ടു ഞാൻ.”

സ്വതേ ഒരു അമാന്തക്കാരനായ വെണ്മണിമഹന്റെ ഈ ബഹുരസികൻചിത്രം ഒട്ടേറെ സഹൃദയപ്രശംസ നേടിയിട്ടുള്ളതാണു്. ഇനി ഒരു നാട്ടുവൈദ്യൻ ഈച്ചരവാരിയരുടെ വരവുനോക്കു:

“മുണ്ടും ചുറ്റിച്ചുരുക്കത്തൊടു കൃതവിനയം

പൊക്കിൾ കാണിച്ചു രണ്ടാം-

മുണ്ടും കക്ഷത്തുവെച്ചങ്ങനെ ചെറിയപൊടി-

ഡപ്പി താക്കോലുമായി

മിണ്ടുമ്പോൾ കൊഞ്ഞിയാലും ചില ഫലിതമൊടും

ലാക്കൊടും ചേർന്നിടുന്നീ

മുണ്ടച്ചാരാരിതെത്തുന്നിതു സരസമൊതു-

ങ്ങിപ്പതുങ്ങിപ്പതുക്കെ.”

ഇതുപോലെ തന്നെ രസകരമാണു്,

“കണ്ടാൽ മൂഷികമുഖനുടൽ

കണ്ടാൽ കടലുണ്ട മാമുനിക്കുസമം

കുണ്ടാമണ്ടികൾ കാട്ടി-

ക്കൊണ്ടാരെത്തുന്നു കൊച്ചുരവിയാണോ?”

എന്ന ഒരു കുണ്ടാമണ്ടിക്കാരന്റെ ചിത്രീകരണം. സൂക്ഷ്മസ്വഭാവം തന്മയത്വത്തോടെ വർണ്ണിക്കുന്നതിൽ തമ്പുരാനുള്ള അനിതരസാധാരണമായ വൈഭവം, ഇതുപോലെ എത്രയോ പദ്യങ്ങളിൽ പ്രകടമായിട്ടുണ്ടു്.

ദ്രുതകവനത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ അദ്വിതീയനായിരുന്നു. അക്കാലത്തു നടന്നിട്ടുള്ള കവിതാവേഗപരീക്ഷകളിൽ അദ്ദേഹത്തെ അതിശയിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. സരസദ്രുതകവി കിരീടമണി എന്ന സ്ഥാനപ്പേർ തമ്പുരാനു സർവ്വഥാ യോജിച്ചതായിരുന്നു. “സ്യമന്തകം, നളചരിതം, സന്താനഗോപാലം, സീതാസ്വയംവരം എന്നീ നാടകങ്ങളും ദക്ഷയാഗം, തുപ്പൽ കോളാമ്പി തുടങ്ങിയ കാവ്യങ്ങളും സമയം മുൻകൂട്ടി ക്ലിപ്തപ്പെടുത്തി അതിനകം എഴുതിത്തീർത്തിട്ടുള്ളവയാണു്” എന്നു് ഉള്ളൂർ സാഹിത്യചരിത്രത്തിൽ പറയുന്നു. കോട്ടയത്തുവെച്ചു നടന്ന പരീക്ഷയിൽ ‘ഗംഗാവതരണംനാടക’മെഴുതാൻ അഞ്ചുമണിക്കൂറും എട്ടുമിനിട്ടും മാത്രമേ തമ്പുരാനു വേണ്ടിവന്നുള്ളൂ. അന്നു് അദ്ദേഹത്തിന്റെ ദ്രുതകവനപാടവം കണ്ടു പലരും അത്ഭുതപ്പെട്ടു. മറ്റൊരു പരീക്ഷയിൽ കാലത്തു് എട്ടരമണിക്കു തുടങ്ങി രാത്രി എട്ടരയ്ക്കു തീർത്തതാണു് സന്താനഗോപാലം.

“മടിനടുവിൽ വഹിച്ചും

മാനമോടുമ്മവെച്ചും

പൊടിചളികൾ തുടച്ചും

പുഞ്ചിരിക്കായ്ക്കൊതിച്ചും

ഇടയിലിഹ കരഞ്ഞാൽ

കണ്ണുനീർ താൻ തുടച്ചും

വടിവിനൊടു വളർത്തും

സൗഖ്യമെന്തോതിടേണ്ടു?”

എന്നു കുട്ടിയെ വളർത്തുന്നതിൽ ഒരമ്മയ്ക്കുള്ള സൗഖ്യം അതിൽ വർണ്ണിച്ചിരിക്കുന്നതു സ്വാഭാവികതകൊണ്ടു ഹൃദ്യമായിട്ടുണ്ടു്.

“മേനിക്കണ്ടപ്പരായിപ്പലരുമവനിയിൽ-

പ്പാർത്തുപോരുന്നതുണ്ടീ

മാനംകെട്ടോരു കൈയിൽ പണമുടയവരിൽ-

ത്തന്നെ ധാരാളമുണ്ടാം;

നൂനം ഭൂപാലരായീടുകിലിനിയുരചെ-

യ്യേണ്ടതുണ്ടോ? നൃപാല-

സ്ഥാനം കേറുന്നതായാലറിവുടയവനും

മൗഢ്യമുണ്ടാകുമല്ലോ.”

ഇത്യാദി അർത്ഥസ്വാരസ്യമുള്ള ശ്ലോകങ്ങളും പ്രകൃതനാടകത്തിൽ ദുർല്ലഭമല്ല. കവിതാഗുണത്തിനു വലിയ കോട്ടംതട്ടാതെ പന്ത്രണ്ടു മണിക്കൂർകൊണ്ടു് ഒരു നാടകമെഴുതുകയെന്നതു സാധാരണ കവികൾക്കു് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണല്ലോ. തമ്പുരാന്റെ ദ്രുതകവനഫലങ്ങളെല്ലാം തീരെ കുറ്റമറ്റവയാണെന്നോ ഗുണസമ്പൂർണ്ണമാണെന്നോ ഇവിടെ വിവക്ഷയില്ല. നിശ്ചിതസമയത്തിനുള്ളിൽ തീർക്കാനുള്ള ത്വരയോടെ തുരുതുരെ എഴുതിത്തള്ളുമ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാനായാലും കുറെ തെറ്റുപറ്റുക സ്വാഭാവികമാണു്. എന്നാൽ താൻ നിഷ്കർഷിച്ചു സാവധാനം എഴുതുന്ന കവിതകളിൽ അബദ്ധമൊന്നും പറ്റുകയില്ലെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതു് ഏറെക്കുറെ ശരിയുമാണു്.

“മാവേലിക്കരമന്ന, മാന്യമതിയാം

മന്നാടിയാരേ, നമു-

ക്കീ വേലയ്ക്കൊരബദ്ധമച്ചുപിഴയിൽ-

പ്പെട്ടേ പെടുള്ളൂ ദൃഢം.”

തെറ്റുകണ്ടുപിടിക്കാൻ ശ്രമിച്ച ചില മിത്രങ്ങളോടു് ഇങ്ങനെ കൂസലില്ലാതെ പറയാൻ ദൃഢപ്രത്യയനായ ഈ മഹാകവിക്കല്ലാതെ മറ്റാർക്കുണ്ടാകും ധൈര്യം?

“ശബ്ദങ്ങളെദ്ദാസരെയെന്നപോലെ

ശരിക്കു കീഴ്‌നിർത്തിയ ശക്തിയുക്തൻ”

എന്നു വള്ളത്തോൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളതു വെറുതെയല്ല. ഇനി നമുക്കു തമ്പുരാന്റെ കൂടുതൽ വിലപ്പെട്ട കൃതികളെ വിചാരണചെയ്യാം.

images/Vallathol-Narayana-Menon.jpg
വള്ളത്തോൾ

കാവ്യസരണിയിൽ സംസ്കൃതവും മലയാളവും ഒന്നു പോലെ കൈകാര്യം ചെയ്തിരുന്ന ഉഭയഭാഷാപണ്ഡിതനായിരുന്നു കുഞ്ഞിക്കുട്ടൻ തമ്പുരാൻ. രണ്ടു ഭാഷയിലും കൂടി അൻപതോളം കൃതികൾ അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. ഇവയിൽ പലതും ഇന്നു ലുപ്തപ്രചാരങ്ങളാണെന്നു തോന്നുന്നു. ചിലതൊക്കെ അമുദ്രിതങ്ങളുമാണു്. മലയാളത്തിൽ തുലോം ശ്രദ്ധേയങ്ങളായ കൃതികളെപ്പറ്റിമാത്രമേ ഇവിടെ പ്രതിപാദിക്കേണ്ടതുള്ളൂ. കാവ്യങ്ങൾ, രൂപകങ്ങൾ, പുരാണേതിഹാസവിവർത്തനങ്ങൾ എന്നു മൊത്തത്തിൽ ഇവയെ മൂന്നായി തിരിക്കാം. രൂപകങ്ങളിൽ കൽപിത കൃതികളും വിവർത്തനങ്ങളും ഉൾപ്പെടും. സംസ്കൃതശബ്ദങ്ങൾ തീരേ ഉപേക്ഷിച്ചു പച്ചമലയാളത്തിൽ കവിതയെഴുതുന്ന സമ്പ്രദായം, കേരള ചരിത്രത്തെ ആസ്പദമാക്കിയുള്ള നാടകനിർമ്മാണം, യാത്രാവൃത്താന്ത കാവ്യരചന ഈ മൂന്നും ആദ്യമായി കേരളസാഹിത്യവേദിയിൽ അവതരിപ്പിച്ചതു കുഞ്ഞിക്കുട്ടൻതമ്പുരാനാണു്. അദ്ദേഹത്തിന്റെ ‘നല്ല ഭാഷ’ എന്ന കൃതി പച്ചമലയാളത്തിലെ പ്രഥമപരീക്ഷണമാകുന്നു. അതു പുറത്തുവന്നതിനുശേഷമേ കുണ്ടൂർ നാരായണമേനവനും മറ്റും ആ വഴിക്കു തിരിഞ്ഞിട്ടുള്ളൂ. അതുപോലെ മാനവിക്രമവിജയം ആദ്യത്തെ ചരിത്രനാടകമെന്നനിലയിൽ പ്രാധാന്യമർഹിക്കുന്നു. കൊച്ചിരാജാവും കോഴിക്കോട്ടുസാമൂതിരിയും തമ്മിലുണ്ടായ ഏറ്റുമുട്ടലും ഉടമ്പടിയും മറ്റുമാണു് ഇതിലേ പ്രതിപാദ്യം.

“നാറിക്കീറി മുഷിഞ്ഞ മുണ്ടു വികടം

ചുറ്റീട്ടരക്കെട്ടിലായ്

വാരിക്കുത്തിയ കണ്ടു കാട്ടിലയുമായ്-

ച്ചേറ്റിൽക്കുളിച്ചങ്ങനെ

കീറപ്പാള പൊളിഞ്ഞതൊന്നു തലയിൽ-

ചൂടിപ്പെരുത്താൾക്കിടെ-

പ്പീറപ്പാട്ടുകൾ പാടി നല്ല രസമായു്

ഭ്രന്തൻ കടന്നെത്തിനാൻ.”

കവിയുടെ ചിത്രീകരണചാതുരിയെ കാണിക്കുന്ന ഇമ്മാതിരി അനവദ്യഹൃദ്യങ്ങളായ പദ്യങ്ങൾ പ്രസ്തുത നാടകത്തിൽ സുലഭമാണു്. തമ്പുരാൻ മദിരാശിക്കു പോയതിനുശേഷം എഴുതിയ ഒരു ലഘുകാവ്യമാണു് മദിരാശിയാത്ര. ഇതരകവികൾക്കു് ഇത്തരം കവിതയെഴുതാൻ ഇതു മാർഗ്ഗദർശകമായിട്ടുണ്ടു്.

“വട്ടത്തൊപ്പിയിലാടിടുന്ന കുനുപീ-

ലിപ്രൗഢിയും ബൂട്സതിൽ-

ത്തട്ടീട്ടങ്ങുരസുംവരേക്കടിവരെ-

ത്തൂങ്ങുന്ന കുപ്പായവും

കുട്ടിക്കാലുറയും കരത്തിലൊരു നൽ-

ക്കാറ്റാടിയും വെച്ചുകൊ-

ണ്ടൊട്ടേറെക്കളിയാടിടുന്നൊരു ദൊര-

പ്പൈതങ്ങളെക്കണ്ടു ഞാൻ.”

നിരീക്ഷണപടുവായ കവി മദ്രാസിൽ കണ്ട തൊപ്പി-കുപ്പായ ധാരികളായ ഈ ദൊരക്കുട്ടികൾ വായനക്കാർക്കും കൗതുകം ജനിപ്പിക്കും. കവിഭാരതം, കംസൻ, പാലുള്ളിചരിതം എന്നീ കാവ്യങ്ങളും പ്രസ്താവയോഗ്യങ്ങളാണു്. ഇവയിൽ ഒന്നാമത്തേതു തമ്പുരാന്റെ ആദ്യകാലകൃതികളിൽപ്പെടുന്നതും താരതമ്യേന കാവ്യഗുണം കുറഞ്ഞതുമത്രേ. രണ്ടാമത്തേതു പുരാണ പുരുഷനായ കംസന്റെ ചരിത്രമാകുന്നു.

“തിരിച്ചുപോരുംവഴി ചീനമുഖ്യരാ-

യിരിക്കുമോരോ നൃപവീരരേയുമേ

പരിസ്ഫുരൽപ്രൗഢി പിടിച്ചു കീഴപ്പടി-

ക്കിരിക്കുമാറാക്കി മഹാപരാക്രമൻ.

നായകന്റെ ദിഗ്വിജയവർണ്ണനത്തിലുള്ള ഒരുശ്ലോകമാണിതു്. കംസൻ ചീന മുഖ്യരെ കീഴ്പ്പടിക്കിരിക്കുമാറാക്കിയ കഥ, ആ രാക്ഷസപ്പരിഷകളുടെ ആക്ര മണപ്രകൃതി വിജൃംഭിച്ചിരിക്കുന്ന ഇക്കാലത്തു നമുക്കു പ്രത്യേകിച്ചും ആഹ്ലാദകാരിയാകുമല്ലോ.

ഒരു കുഞ്ഞുവീരനെപ്പറ്റിയുള്ള ഐതിഹ്യമാണു് പാലുള്ളിചരിതത്തിലെ ഇതിവൃത്തം. അതിൽ കാണുന്ന,

“പെറ്റിട്ടാത്തള്ള നക്കുമ്പൊഴുതൊരു പുലി നേ-

രിട്ടു ചാടിക്കടിക്കെ-

ച്ചുറ്റിട്ടൊന്നമ്മയേ നോക്കിന ചകിതചലൽ-

ക്കുട്ടിമാൻദൃഷ്ടിയാളേ-”

ഇത്യാദി നെടുനെടുങ്കൻ സംബോധനകളും

കുട്ടിശ്ശണ്ഠ, കുനുട്ടു, ദുഷ്ടു, ദുര,ദു-

ശ്ശീലം, ദുരാലോച്യമാം

മട്ടിൽ ശുണ്ഠി, മരുന്നു, മായ, മറുമ-

ശ്രാവാരണം, മാരണം

ഒട്ടെണ്ണം പറയാതെകണ്ടിനിയുമു-

ണ്ടെന്നാലതെല്ലാം തിക-

ഞ്ഞിട്ടുണ്ണൂലി മുരണ്ടു മൂത്ത മുതുമു-

ത്തിത്തള്ളയൊന്നുണ്ടതിൽ.

എന്നിത്തരം വർണ്ണനകളും വായിക്കുമ്പോൾ കർത്തൃനാമം അറിഞ്ഞില്ലെങ്കിൽ ഇവയെല്ലാം വെൺമണി ശീവോള്ളി പ്രഭൃതികളുടെ പ്രയോഗങ്ങളാണെന്നേ നമുക്കു തോന്നു. തമ്പുരാനും ഈ നമ്പൂരിക്കവികൾക്കും തമ്മിൽ ഭാഷാ ശൈലിയിൽ അത്രമാത്രം അടുപ്പം കാണുന്നു. പാലുള്ളിചരിതംപോലെ അന്നു കേരളത്തിൽ പ്രചരിച്ചിരുന്ന എത്രയോ ഐതിഹ്യങ്ങൾ തമ്പുരാൻ കവിതാ വിഷയമാക്കിയിട്ടുണ്ടു്.

ഒരു മഹാകവിമാത്രമായിരുന്നില്ല കുഞ്ഞിക്കുട്ടൻതമ്പുരാൻ. അദ്ദേഹം ഒരു ചരിത്രകാരനും ഗവേഷകനുമായിരുന്നു. ചെല്ലുന്നിടത്തെല്ലാം കേരള സംബന്ധിയായ ചരിത്രവും ഐതിഹ്യങ്ങളും അദ്ദേഹം അന്വേഷിച്ചറിയും. അതു് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ചരിത്രപരമായി അന്നു കിട്ടിയിരുന്ന പുസ്തകങ്ങളൊക്കെ തമ്പുരാൻ ശേഖരിച്ചു പഠിച്ചു. അദമ്യമായ ഒരു ചരിത്രജിജ്ഞാസ അദ്ദേഹത്തിൽ അനവരതം പ്രവർത്തിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ ആദിമുതൽ ആധുനികഘട്ടം വരെയുള്ള ചരിത്രം ഒരു മഹാ കാവ്യത്തിൽ അടക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. തൽഫലമായിട്ടാണു് കേരളം എന്ന കാവ്യം തമ്പുരാൻ എഴുതിത്തുടങ്ങിയതു്. പക്ഷേ, ഹതവിധി അതു പൂർണ്ണമാക്കാൻ അനുവദിച്ചില്ല. അഞ്ചുസർഗ്ഗം മാത്രമേ ഈ കാവ്യത്തിലുള്ളൂ. കേരളോത്പത്തി മുതൽ ശങ്കരാചാര്യകാലം വരെയുള്ള ചരിത്രം ഇതിൽ പ്രതിപാദിതമായിട്ടുണ്ടു്. ഐതിഹ്യപ്രധാനമാകയാൽ ഇന്നത്തെ നിലയ്ക്കു് ഇതൊരു ശരിയായ ചരിത്രമെന്നു പറഞ്ഞുകൂടെങ്കിലും ശാസ്ത്രീയവീക്ഷണവും വിശാലഹൃദയവുമുള്ള ഒരു ചരിത്രകാരനെ നമുക്കു് ഈ കൃതിയിൽ കാണാൻ കഴിയും. അക്കാരണത്താൽ തന്നെ തമ്പുരാന്റെ കൽപ്പിതകാവ്യങ്ങളിൽ ‘കേരള’ത്തിനു പ്രമുഖസ്ഥാനം കൊടുക്കാവുന്നതാണു്. ഐതിഹ്യങ്ങൾക്കു് അവയ്ക്കുള്ള വിലമാത്രമേ കവി കൽപ്പിച്ചിട്ടുള്ളു. യുക്തിയുക്തവും വസ്തുനിഷ്ഠവുമായ സമീപനം ചരിത്രരചനയ്ക്കു് ആവശ്യമാണെന്ന ബോധം തമ്പുരാനിൽ തെളിഞ്ഞുനിന്നിരുന്നു. ആചാരഭാഷാധികളിൽ കേരളം തമിഴ്‌നാട്ടിൽ നിന്നു് എങ്ങനെ വേർതിരിഞ്ഞുവെന്നും മലയാളികൾക്കുള്ള പ്രത്യേകതകൾ ഏതെല്ലാമെന്നും കവി സരസമായി വിവരിച്ചിട്ടുണ്ടു്:

“നേരേ കിഴക്കീ മലയാളികൾക്കു

ചേരേണ്ടവർഗ്ഗം തമിഴാളരെന്നാൽ

പാരേ ഗിരീന്ദ്രം തുളുനാട്ടുകാർക്കു

പേരേറ്റ കർണ്ണാടരുമായിരിക്കും.

ഭാഷയ്ക്കു ഭേദം മലയാണ്മയെന്നും

വൈഷമ്യ മൂലം തുളുവെന്നുമായി

വേഷത്തിനും തെല്ലൊരു ഭേദമുണ്ടു

ശേഷം നടപ്പും ശരിയപ്രകാരം.

കർണ്ണാടമിശ്രം തുളുവൻതമിൾച്ചൊൽ

വർണ്ണാനുബദ്ധം മലയാണ്മ പക്ഷേ,

എണ്ണാവതാം സംസ്കൃതയോഗമൂല-

മണ്ണാവിമാർക്കിന്നറിവാൻ പ്രയാസം.

ഒക്കും ഫണച്ഛായയിൽ മുൻകുടുമ്മ

വയ്ക്കുന്നതുണ്ടീയൊരുകൂട്ടരെന്നാൽ

തെക്കും വടക്കും ജനമിക്കുടുമ്മ

വെയ്ക്കുന്നിടം തെല്ലിട മാറിയത്രേ.

ചുറ്റുന്നവസ്ത്രം മലയാളികൾക്കു

മറ്റൊന്നു പറ്റില്ല വെളുത്തുവേണം;

മുറ്റും നടപ്പിൽ തുളുനാട്ടിൽ നല്ലാർ

ചിറ്റൊത്തുടുപ്പു പല വർണ്ണവസ്ത്രം.

പാങ്ങില്ല കോരിക്കുളിയിങ്ങു നാട്ടാർ

മുങ്ങിക്കുളിച്ചേ പരിശുദ്ധരാവൂ;

അങ്ങാ വടക്കൻതലയിൽ കുലസ്ത്രീ

മുങ്ങാതെ നീരാടി വിശുദ്ധിയേൽപൂ.”

പരദേശികൾ മുങ്ങാതെ നീരാടി വിശുദ്ധിയേൽക്കുന്നതിൽ ആസ്വാദ്യമായ ഒരു നേരിയ ഹാസ്യം വ്യഞ്ജിക്കുന്നില്ലേ? തീണ്ടൽ തുടങ്ങിയ ദുരാചാരങ്ങൾ പണ്ടു ശുദ്ധിപാലിക്കാൻ ഏർപ്പെടുത്തിയതാണെന്നാണു് തമ്പുരാൻ സൂചിപ്പിക്കുന്നതു് എങ്കിലും ഇന്നു് അവ ദുഷ്ഫലമാണു് ഉളവാക്കുന്നതെന്നു് അദ്ദേഹം സമ്മതിക്കുന്നു.

“ചണ്ടിത്തരം കാരണമായ തീണ്ടൽ-

കൊണ്ടിപ്പൊഴോ ശുദ്ധർ കുഴങ്ങിടുന്നു;

പണ്ടിങ്ങു പൂജ്യസ്ഥിതിപൂണ്ടകൂട്ട-

രുണ്ടിന്നു ചണ്ടിത്തരമാണ്ടിരിപ്പൂ.

നേരെമറിച്ചും ചിലർ പണ്ടു നീച-

പ്പേരേറ്റ വംശത്തിലുദിച്ച യോഗ്യർ

ഓരോ മഹാസ്ഥാനനിലയ്ക്കു കൂടി-

ച്ചേരേണ്ട ദിക്കിങ്കലുമായിരിപ്പൂ.”

യാഥാസ്ഥിതികത്വത്തിന്റെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂർക്കോവിലകത്തു ജനിച്ചുവളർന്ന ഒരാൾക്കു് അന്നത്തെ നിലയിൽ ഇത്തരം ആചാര വൈഷമ്യങ്ങളെപ്പറ്റി ഇത്രത്തോളം തുറന്നുപറയാൻ പ്രയാസംതോന്നാം. അതോർക്കുമ്പോളാണു് തമ്പുരാന്റെ ഉത്പതിഷ്ണുത്വം പരിമിത പരിമാണത്തിലായാൽപ്പോലും വിലമതിക്കപ്പെടണമെന്നു വരുന്നതു്.

“ഇതി ജാതിവിശേഷമിശ്രിത-

സ്ഥിതിയിന്നേക്കൊരു ദോഷമാകിലും.”

എന്നു കവി അന്യത്ര പ്രസ്താവിക്കുന്നതും അദ്ദേഹത്തിന്റെ കാലോചിതമായ മനോവിശാലതയ്ക്കു് ഉദാഹരണമാണു്. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം സിദ്ധിച്ചിരുന്നുവെങ്കിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ പ്രശസ്തനായ ഒരു ചരിത്രകാരൻ കൂടിയായേനേ.

“പോർമുറയ്ക്കറിവു കേരളത്തിലെ-

പ്പോർമുലക്കുടമെടുത്ത കൂട്ടരും

കാമുകപ്പടി പഠിച്ചിരുന്നുവെ-

ന്നാ മുനീന്ദ്രനരുളുന്നു ജൈമിനി.”

കേരളത്തിൽ പൗരാണികകാലത്തു് ഒരു സ്ത്രീസൈന്യമുണ്ടായിരുന്നുവെന്ന ഈ പ്രസ്താവനയും, വേലരെപ്പറ്റി പറയുമ്പോൾ

“വേലരെന്നൊരിനമാദിബൗദ്ധർപോൽ

ചാലവേ കരവഴിക്കു വന്നവർ

വേലയച്ചു പടയിൽപ്പയറ്റുവാൻ

ശീലമുള്ള മുറിവൈദ്യരാണവർ.”

എന്ന ബുദ്ധമതപരാമർശവും മറ്റും ചരിത്രകാരന്മാരുടെ ചിന്തയെ ഉച്ചലിപ്പിക്കുന്നവയാണു്. ശങ്കരാചാര്യരെപ്പറ്റി പറയുന്നിടത്തു്

“സംഗം മുമ്പാക്കൊല്ലവർഷാഭമായാ-

ഭംഗം ചെയ്വാൻ നല്ലതദ്വൈതബോധം

മംഗല്യാത്മാവീവിധം കണ്ടു മുക്താ

സംഗൻ തീർത്തു യോഗ്യനദ്വൈതഭാഷ്യം.”

എന്ന ശ്ലേഷാശ്ലിഷ്ടമായ ശ്ലോകത്തിൽ സംഗം എന്ന പരൽപ്പേരുകൊണ്ടു കൊല്ലവർഷം തുടങ്ങുന്നതിനു മുപ്പത്തിയേഴുവർഷം മുമ്പാണു് ആചാര്യരുടെ ജനനമെന്നു സൂചിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമത്രേ. ചുരുക്കത്തിൽ തമ്പുരാന്റെ കേരളം, അപൂർണ്ണമായാൽക്കൂടി കൈരളിക്കു് ഒരനർഘസമ്പാദ്യമാണെന്നു പറയാം.

ഇതുവരെപ്പറഞ്ഞതിലൊന്നിലുമല്ല, മഹാഭാരതം തർജ്ജമ ചെയ്തതിലാണു് കുഞ്ഞിക്കുട്ടൻതമ്പുരാന്റെ വ്യക്തിമഹത്ത്വം അതിന്റെ ഉച്ചകോടിയിലെത്തിയതു്. കേരളത്തെ പുളകം കൊള്ളിച്ച ഒരദ്ഭുത സംഭവമായിരുന്നു അതു്. സഹൃദയലോകം തമ്പുരാനെ ഒരമാനുഷപ്രഭാവനായി കൊണ്ടാടുന്നതു സാധിഷ്ഠവും ഗരിഷ്ഠവുമായ ഈ ഭാഷാന്തരീകരണകൃത്യം നിർവ്വഹിച്ചതിലാകുന്നു. കേരളവ്യാസനെന്നപേരിൽ അദ്ദേഹം ശാശ്വതപ്രതിഷ്ഠനേടിയതും ഇതുകൊണ്ടത്രേ. മഹാഭാരതം മുഴുവൻ തർജ്ജമ ചെയ്യാൻ കുഞ്ഞിക്കുട്ടൻ തമ്പുരാനല്ലാതെ മറ്റാർക്കെങ്കിലും കഴിയുമായിരുന്നോ എന്നു സംശയമാണു്. അന്യാദൃശമായ ധിഷണാവിലാസവും വാസനാവൈഭവവും വൈദുഷ്യവും സർവ്വോപരി നിരന്തരപരിശ്രമവും അദ്ദേഹത്തിൽ ഒത്തുചേർന്നതുമൂലമാണു് ഇതു സാദ്ധ്യമായതു്. ഹരിവംശമുൾപ്പെടെ ഒന്നേകാൽലക്ഷം ശ്ലോകങ്ങളുള്ള അതിബൃഹത്തായ ഒരു സാഹിത്യ സാമ്രാജ്യമാണു് മൂലഗ്രന്ഥം. ലോകത്തിലെ മറ്റൊരു സാഹിത്യത്തിലും ഇത്രവലിയൊരു ഗ്രന്ഥമില്ല. ഇക്കാലത്തു് ഇതുമുഴുവൻ ഒരു തവണ വായിച്ചുതീർക്കാൻപോലും ആർക്കെങ്കിലും കഴിയുമോ? മഹാഭാരതം പോലുള്ള ഒരു വമ്പിച്ച ഗ്രന്ഥം ഒരു കവിയുടെ ആയുഷ്ക്കാലംകൊണ്ടു നിർമ്മിക്കുക സാധ്യമല്ലെന്നും ഇതു പലകവികൾ പല കാലഘട്ടങ്ങളിലായി ഓരോഭാഗമെഴുതി ഒടുവിൽ കൂട്ടിച്ചേർത്തതാകാമെന്നും ചില പാശ്ചാത്യ നിരൂപകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. വ്യാസൻ എന്നതു് ഒരു വ്യക്തിയുടെ പേരല്ലെന്നും കവിയെന്നർത്ഥത്തിൽ ഒരു പൊതുപ്പേരാണെന്നും ഇക്കൂട്ടർ ഊഹിക്കുന്നു. ഏതാദൃശാഭിപ്രായങ്ങൾ അനാസ്പദമാകാമെന്നു മഹാഭാരതമാകുന്ന സമുദ്രം സ്വന്തം കൈക്കുമ്പിളിലാക്കിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തെളിയിച്ചു. ഏതാണ്ടു രണ്ടരക്കൊല്ലമേ വേണ്ടിവന്നുള്ളൂ അദ്ദേഹത്തിനതു മുഴുവൻ തർജ്ജമചെയ്യാൻ.

“തനിച്ചു മുവ്വാണ്ടിടകൊണ്ടു സാക്ഷാൽ

ശ്രീഭാരതം തർജ്ജമചെയ്ത ധീരൻ”

എന്നു വള്ളത്തോൾ കൊല്ലം മൂന്നാക്കിയിട്ടുണ്ടെങ്കിലും തമ്പുരാന്റെ ഒരടുത്ത ബന്ധുവായ കെ. സി. വീരരായൻരാജാ ‘സ്വച്ഛന്ദം’ എന്ന പരൽപ്പേരുദ്ധരിച്ചു ഗണിച്ചിട്ടുള്ളതു് 874 ദിവസം, അതായതു് രണ്ടുകൊല്ലം നാലുമാസം ഇരുപത്തിനാലുദിവസം മാത്രമാണു്. മാനവമനീഷയുടെ വിസ്മയാവഹമായ ഈ വിശിഷ്ടസിദ്ധിയിൽ കേരളത്തിനുമാത്രമല്ല, ഭാരതത്തിനൊട്ടാകെത്തന്നെ, അഭിമാനംകൊള്ളാം. ഇൻഡ്യയിലെ ഇതരഭാഷകളിലൊന്നിലും ഇങ്ങനെ ഒരാൾ തനിച്ചു ഭാരതം തർജ്ജമ ചെയ്തതായിട്ടറിവില്ല. തെലുങ്കിൽ മൂന്നു പണ്ഡിതന്മാർകൂടിയാണു് പരിഭാഷ നിർവഹിച്ചതു്.

“ഭാരതംഭാഷ കല്യാണസൗഗന്ധികമതിങ്കലായ്

മുറയ്ക്കു നൂറുനൂറായിക്കുറിക്കുന്നുണ്ടു നിത്യവും”

എന്നു തമ്പുരാൻ നടുവത്തച്ഛൻനമ്പൂരിക്കെഴുതിയ ഒരു കത്തിൽ നിന്നു തർജ്ജമയുടെ ഗതിവേഗം നമുക്കു മനസ്സിലാക്കാം. “ആദ്യകാലങ്ങളിൽ മൂലം വായിക്കുക, ആലോചിക്കുക, തർജ്ജമചെയ്യുക—ഇതുമൂന്നും വെവ്വേറെയായിരുന്നു. ഒടുവിലായപ്പോഴേയ്ക്കും കണ്ണുകൊണ്ടു മൂലംനോക്കുക, മനസ്സു കൊണ്ടാലോചിക്കുക, നാവുകൊണ്ടു തർജ്ജമ പറയുക—ഇതെല്ലാം ഏക കാലത്തെന്നുള്ള ദിക്കായി. ഇങ്ങനെ അദ്ദേഹം കണ്ണും മനസ്സും നാവും ഒന്നിച്ചുകൊണ്ടുനടക്കുമ്പോൾ എഴുതിപ്പകർത്തുന്ന ഗുമസ്തന്റെ കൈ അതൊന്നിച്ചോടായ്കയേ ഒരു പോരായ്മയുണ്ടായിരുന്നുള്ളൂ” എന്നിങ്ങനെ വീരരായൻരാജാ, തമ്പുരാന്റെ വിവർത്തന സമ്പ്രദായത്തെ വിവരിച്ചിട്ടുണ്ടു്. തർജ്ജമ ഇത്ര ദ്രുതഗതിയിലായിരുന്നിട്ടും അതിനു പറയത്തക്ക ദോഷമൊന്നും പറ്റിയിട്ടില്ലെന്നു പണ്ഡിതലോകം സമ്മതിക്കുന്നു. അർത്ഥത്തിലും ഭാവത്തിലും എല്ലാ ഭാഗങ്ങളും കവി കഴിയുന്നിടത്തോളം മൂലാനുസാരിയാക്കിയിട്ടുണ്ടു്. ഉദാഹരണത്തിനു തത്ത്വഗംഭീരമായ ഭഗവദ്ഗീതയിൽനിന്നുതന്നെ സ്ഥാലീപുലാകന്യായേന ചിലതു പരിശോധിച്ചു നോക്കാം;

മൂലം: ന ത്വേവാഹം ജാതു നാസം

ന ത്വം നേമേ ജനാധിപാഃ

ന ചൈവ ന ഭവിഷ്യാമഃ

സർവ്വേ വയമതഃപരം.

ഭാഷ: ഇല്ലാതിരുന്നില്ല ഞാനും

നീയുമീ നരനാഥരും

ഇല്ലാതെയാവില്ലതാനും

നാമെല്ലാമിനിമേലിലും.

മൂലം: യ ഏനം വേത്തി ഹന്താരം

യശ്ചൈനം മന്യതേ ഹതം

ഉഭൗ തൗ ന വിജാനീതോ

നായം ഹന്തി ന ഹന്യതേ.

ഭാഷ: ഇവനെക്കൊല്ലുവോനെന്നും

ഹതനെന്നും ധരിപ്പവർ

അറിയുന്നില്ലിരുവരും

കൊല്ലാ കൊല്ലപ്പെടില്ലിവൻ.

മൂലം: യാ നിശാ സർവ്വഭൂതാനാം

തസ്യാം ജാഗർത്തി സംയമീ

യസ്യാം ജാഗ്രതി ഭൂതാനി

സാ നിശാ പശ്യതോ മുനേഃ

ഭാഷ: ഏവർക്കും രാത്രിയാം നേര-

മുണർന്നീടുന്നു സംയമീ

കാണും മുനിക്കു നിശയാ-

ണെല്ലാരുമുണരുന്നതിൽ.

ഗഹനങ്ങളായ ആശയങ്ങൾ അക്ലിഷ്ടലളിതമായ ഭാഷയിൽ ആവിഷ്കരിക്കാൻ പരിഭാഷകനുള്ള പാടവം ഉദ്ധൃതഭാഗങ്ങളിൽ നിന്നു തെളിയുന്നുണ്ടല്ലോ. അനുഷ്ടുഭവൃത്തത്തിൽ പദസംഖ്യ ചുരുക്കിയും അതേസമയം ആശയവൈശദ്യം വരുത്തിയും സംസ്കൃതത്തിലെ ഒരു തത്വശാസ്ത്രഗ്രന്ഥം മലയാളത്തിലാക്കുകയെന്നതു് അത്ര എളുപ്പമല്ല. ‘നായം ഹന്തി ന ഹന്യതേ’ എന്നതു് ‘കൊല്ലാ കൊല്ലപ്പെടില്ലിവൻ’ എന്നും, ‘പശ്യതോ മുനേഃ’ എന്നതു് ‘കാണും മുനിക്കു്’ എന്നും ഇത്ര ഭംഗിയായി എത്രയും ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി നിർത്താൻ വിവർത്തനകലാമർമ്മജ്ഞനായ കുഞ്ഞിക്കുട്ടൻതമ്പുരാനേ കഴിയൂ. ഇനിയും ചില ശ്ലോകശകലങ്ങൾ നോക്കുക:

മൂലം: സംഭാവിതസ്യ ചാകീർത്തി-

ർമ്മരണാദതിരിച്യതേ

ഭാഷ: പേർകേട്ടവന്നു ദുഷ്കീർത്തി

ചാക്കിലും വലുതാണെടോ

മൂലം: മാ തേ സംഗോസ്ത്വകർമ്മണി

ഭാഷ: അകർമ്മത്തിലിണങ്ങൊലാ

മൂലം: അശാന്തസ്യ കുതഃ സുഖം

ഭാഷ: അശാന്തന്നെവിടെസ്സുഖം?

ഇങ്ങനെ വാക്കുകൾ എത്ര ചുരുക്കാമോ, അത്രയും ചുരുക്കി തർജ്ജമ സാധിക്കാൻ അതിസാമർത്ഥ്യംതന്നെ വേണം. ആശയപ്രകാശനത്തിൽ സംസ്കൃത ഭാഷയെ അപേക്ഷിച്ചു മലയാളത്തിനുള്ള ശബ്ദശക്തി എത്രയെത്ര പരിമിതമാണു്! എന്നിട്ടും തമ്പുരാൻ ‘വല്ലഭനു പുല്ലുമായുധ’മെന്ന മട്ടിൽ ആവക വൈഷമ്യങ്ങളെ ലഘുശ്രമതയോടെ തരണം ചെയ്തിരിക്കുന്നു. കേരള വ്യാസന്റെ മറ്റെല്ലാ കൃതികളും നഷ്ടപ്പെട്ടാലും മഹാഭാരതപരിഭാഷ ഒന്നു കൊണ്ടുതന്നെ മലയാളഭാഷ എന്നെന്നും അദ്ദേഹത്തിനു കടപ്പെട്ടിരിക്കും.

സംസ്കൃതത്തിൽനിന്നു മറ്റു പല കൃതികളും മഹാകവി തർജ്ജമചെയ്തിട്ടുണ്ടു്. അവയിൽ ആശ്ചര്യചൂഡാമണിനാടകം, ശുകസന്ദേശം, കോകില സന്ദേശം എന്നിവ പ്രത്യേകം പ്രസ്താവമർഹിക്കുന്നു. ഇംഗ്ലീഷറിഞ്ഞുകൂടാത്ത തമ്പുരാൻ പരസഹായത്തോടെ ഹാംലറ്റ്, ഒഥല്ലോ എന്നീ ഷേക്സ്പിയർനാടകങ്ങൾ വിവർത്തനംചെയ്തതിലും നമുക്കു വിസ്മയം തോന്നാം.

images/rasikaranjini.jpg

ഇതിനൊക്കെപ്പുറമേ മഹാകവി ഒന്നാംതരം ഗദ്യകാരനും പത്രാധിപരുമായിരുന്നു. അപ്പൻതമ്പുരാന്റെ ഉടമസ്ഥതയിൽ തുടങ്ങിയ രസികരഞ്ജിനി മാസികയുടെ ആധിപത്യം കുഞ്ഞിക്കുട്ടൻതമ്പുരാനിലാണു് നിക്ഷിപ്തമായതു്. ആ ജോലിയിലും അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു. രസികരഞ്ജിനിയിലും മറ്റു മാസികാപത്രങ്ങളിലും അക്കാലത്തു തമ്പുരാൻ വിജ്ഞാനപ്രദമായ ലേഖനങ്ങളെഴുതിയിട്ടുണ്ടു്. നല്ലൊരു ഗദ്യശൈലി അദ്ദേഹത്തിനു സ്വാധീനമായിരുന്നു.

നാൽപ്പത്തിയെട്ടു വർഷമേ കുഞ്ഞിക്കുട്ടൻതമ്പുരാൻ ജീവിച്ചിരുന്നുള്ളൂ. കൊല്ലം 1088 മകരമാസം പത്താംതീയതി അദ്ദേഹം മരിച്ചു. കേരളത്തിനൊരു തീരാനഷ്ടം വരുത്തിയ ആ അകാലചരമത്തെപ്പറ്റി പി. വി. കൃഷ്ണവാരിയർ എഴുതിയിട്ടുള്ള സംക്ഷിപ്ത വിവരണംകൂടി ഇവിടെ ഉദ്ധരിക്കട്ടെ:

“തമ്പുരാൻ തിരുമനസ്സിലേയ്ക്കു് 88 ധനു ഇരുപത്തിയെട്ടാം തീയതി രാത്രിയാണു് കുറച്ചൊരു സുഖമില്ലായ്മ തോന്നിയതു്. അന്നുതന്നെ അതിസാരം തുടങ്ങി. ഏതായാലും ഇരുപത്തിയൊമ്പതിനു പതിവുപോലെ പ്രാതഃസ്നാനം കഴിച്ചു ഭഗവതിയെ തൊഴുതുപോന്നു. പിന്നെ കുളിയുണ്ടായിട്ടില്ല. ആദ്യം നാലഞ്ചു ദിവസത്തോളം ദീനം ഒരു നിലയിൽത്തന്നെ നിന്നിരുന്നു. അപ്പോൾ ആർക്കും ഇതു മരണപര്യവസായിയാകുമെന്നു തോന്നിയിരുന്നില്ല. മകരം ആറാം തീയതി മുതൽക്കു് പ്രകൃതം ഒന്നുമാറി. ഒമ്പതാം തീയ്യതി വളരെ അധികമായി. അക്കാലത്തു കൊടുങ്ങല്ലൂരും അടുത്ത പ്രദേശത്തും വിഷൂചിക ബാധിച്ചിരുന്നതിനാൽ ആ രോഗത്തിന്റെ ബീജം പകർന്നുപോയോ എന്നാണു് സംശയം. മകരം പത്താം തീയതി വൈകുന്നേരം അഞ്ചുമണിക്കുശേഷം ഈ പുണ്യാത്മാവു് തന്റെ വന്ദ്യവയോധികയായ മാതാവിനേയും മറ്റു കുടുംബാംഗങ്ങളേയും അസംഖ്യം സ്നേഹിതന്മാരേയും എന്നല്ല മലയാളത്തെ മുഴുവനും ദുഃഖസമുദ്രത്തിലാക്കി കർമ്മബന്ധത്തിൽ നിന്നു മുക്തനാവുകയും ചെയ്തു. ഏകദേശം മരണംവരെ തിരുമനസ്സിലേയ്ക്കു നല്ല പ്രജ്ഞയുണ്ടായിരുന്നു.”

സാഹിതീകൗതുകം—1965

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ജോലി

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Kunjikuttan Thampuran (ml: കുഞ്ഞിക്കുട്ടൻതമ്പുരാൻ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Kunjikuttan Thampuran, കുറ്റിപ്പുഴ കൃഷ്ണപിള്ള, കുഞ്ഞിക്കുട്ടൻതമ്പുരാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 3, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kodungallur Kunjikuttan Thampuran, a photograph by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.