ഒടുവിൽ ആ ദിവസമെത്തുന്നു. വായനശാലയുടെ സമീപത്തു്, കൊയ്ത്തു കഴിഞ്ഞ പാടത്തു പന്തലുയരുന്നു. വിവിധ വർണ്ണങ്ങളിലുള്ള നോട്ടീസുകൾ വിതരണം ചെയ്യുന്നു. മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം നാടകം അരങ്ങേറുന്ന ദിവസത്തിന്റെ അറിയിപ്പുണ്ടാവുന്നു. പന്തലിന്നകത്തു കടക്കണമെങ്കിൽ, നാടകം കാണണമെങ്കിൽ, ടിക്കറ്റു വാങ്ങണം. അതും പുതിയ അനുഭവം തന്നെ. പ്രവർത്തകർക്കു സംശയമുണ്ടായിരുന്നു. ടിക്കറ്റെടുത്തു നാടകം കാണുന്ന ശീലമില്ലാത്ത ജനങ്ങളാണു്. ഒടുവിൽ ആരും വന്നില്ലെങ്കിൽ മാനം കെടും. പ്രബലനായൊരു ജന്മിയോടു് ഏറ്റുമുട്ടി ബലപരീക്ഷ നടത്തി നേടിയെടുത്ത വിജയം പൂർണ്ണമാകണമെങ്കിൽ നാടകം വിജയിക്കണം. വിജയിക്കണമെങ്കിൽ കാശുമുടക്കി ടിക്കറ്റെടുത്തു പ്രേക്ഷകർ അകത്തു കയറണം. പ്രവർത്തകരുടെ സംശയം അസ്ഥാനത്തായിരുന്നു. സന്ധ്യയോടൊപ്പം ജനങ്ങൾ ഒഴുകിയെത്തി. നിറഞ്ഞ സദസ്സു്. നാടകം ഇരമ്പി. രണ്ടഭിപ്രായമില്ല. അന്നോളം അത്ര നല്ലൊരു നാടകം കാണാൻ കഴിഞ്ഞിട്ടില്ലെന്നു പ്രേക്ഷകർ പറഞ്ഞുകേട്ടപ്പോൾ പ്രവർത്തകരുടെ മനസ്സു് നിറഞ്ഞു.
നൈഷധംപോലെ, രുഗ്മാംഗദചരിതം പോലെ, ചില പുരാണ നാടകങ്ങൾ—അതും അപൂർവ്വാവസരങ്ങളിൽ മാത്രം—കാണാനുള്ള സൗകര്യമേ സാധാരണജനങ്ങൾക്കു് അന്നുണ്ടായിരുന്നുള്ളു. അത്തരം നാടകങ്ങളിൽനിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ബാലഗോപാലം. ഭാഷാനാടകങ്ങളിൽ സാധാരണക്കാരന്റെ ദാരിദ്ര്യദുഃഖം ശക്തിമത്തായി പ്രതിഫലിപ്പിച്ച ആദ്യത്തെ നാടകമാണു് ബാലഗോപാലമെന്നു പറഞ്ഞാൽ വലിയ തെറ്റാവില്ല. അനാഥയായ ഒരു വിധവയുടേയും മകന്റെയും കഥ. നിത്യവൃത്തിക്കുള്ള വകപോലും യാചിച്ചുണ്ടാക്കണമെന്ന ഗതികേടിൽ പുലരുന്ന കുടുംബം. കുറഞ്ഞ കഥാപാത്രങ്ങൾ. വക്രതയൊന്നും ഇല്ലാത്ത കഥാകഥനരീതി. നേരെ ജനഹൃദയങ്ങളിൽ കടന്നുചെല്ലാൻ കഴിവുള്ള ഗാനങ്ങളും സംഭാഷണങ്ങളും നിരന്തരമായ ആരാധനയിലൂടെ, വ്രതചര്യകളിലൂടെ, തപസ്സിലൂടെ മനുഷ്യനെ ദൈവസന്നിധിയിലേക്കുയർത്തുന്ന പതിവു് വിട്ടു്, ദൈവം മണ്ണിലേക്കിറങ്ങിവന്നു ഒരനാഥ ബാലനോടൊപ്പം കളിക്കുകയും ചിരിക്കുകയും അവന്റെ ജ്യേഷ്ഠനായി അഭിനയിക്കുകയും ജ്യേഷ്ഠനെന്ന വിശ്വാസത്തിനു പോറലേല്പിക്കാത്തവിധം പെരുമാറുകയും ചെയ്യുന്ന ഒരു പുതിയ രീതി അവലംബിച്ചു എന്നതാണു് ഈ നാടകത്തിന്റെ പ്രത്യേകത. പണ്ഡിതനേയും പാമരനേയും ഒരുപോലെ രസിപ്പിക്കാനുള്ള കഴിവു് ആ നാടകത്തിനുണ്ടു്. ജനങ്ങളൊന്നടങ്കം നല്ലതെന്നു വിധിയെഴുതാനുള്ള കാരണവും അതു തന്നെ.
…
കളി കഴിഞ്ഞു വീട്ടിലെത്തി ഉറങ്ങാൻ കിടക്കുമ്പോഴും ശ്രീകൃഷ്ണനെപ്പറ്റിയാണു് ചിന്ത. എവിടെയാകും കിടക്കുന്നതു് ? നല്ല മെത്തയുണ്ടോ? മേടച്ചൂടിൽ വീശിക്കൊടുക്കാനാളുണ്ടോ? ആലോചിച്ചാലോചിച്ചു് ഉറങ്ങിപ്പോകും. രാവിലെ ഉണർന്നെണീറ്റാൽ വേഗം സന്ധ്യയാവാനുള്ള പ്രാർത്ഥനയാണു്. സന്ധ്യയായാൽ നേരത്തെ ചെന്നു മുമ്പിൽത്തന്നെ സ്ഥലം പിടിക്കും. അങ്ങനെ ഒരിക്കൽ നാലു തറവാടുകളിൽ കയറിയിറങ്ങി, മുടങ്ങാതെ മുപ്പത്തിരണ്ടു കളി ഞാൻ കാണുകയുണ്ടായി. അതോർക്കുമ്പോൾ ഇന്നും കണ്ണു നനയുന്നു. കൃഷ്ണനെയോർത്തും കൃഷ്ണാട്ടത്തെയോർത്തുമല്ല. ഇന്നത്തെ കുട്ടികളെയോർത്തു്. അവരറിയാതെ, അവരുടെ കുറ്റം കൊണ്ടല്ലാതെ, അവർക്കു നഷ്ടപ്പെട്ടുപോയ സൗഭാഗ്യം. കൃഷ്ണാട്ടം അവർക്കു തിരിച്ചുകിട്ടുമാറാകട്ടെ എന്നു പ്രാർത്ഥിക്കാൻ ഇന്നു വയ്യ. അപ്പോൾ സാമൂതിരി വാഴ്ചയും സാമന്ത പ്രഭുത്വവും ജന്മിത്വവും എട്ടുകെട്ടും നാലുകെട്ടും തറവാടും സ്ഥാനമാനങ്ങളുമൊക്കെ തിരിച്ചുവരട്ടെ എന്നും പ്രാർത്ഥിക്കേണ്ടിവരില്ലേ? അതിനി ഒട്ടും വയ്യല്ലോ.
—അരങ്ങുകാണാത്ത നടൻ
- സൂത്രധാരൻ
- നടൻ
- ബാലഗോപാലൻ
- സുശീല
- വാദ്ധ്യാർ
- ഭഗവാൻ
- സുകുമാരൻ
- പത്നി
1. അമ്മേ! ‘ദേവകി’ ദേവി! തന്നരുളി നീ
നൽ ‘ബാലഗോപാല’നിൽ
ശമ്മേ നേർന്ന സുശീല പോൽ മയി മുല-
പ്പാലും മുകുന്ദേച്ഛയും,
ഉന്മേഷത്തോടവന്നു ഹന്ത ഭഗവാൻ
പ്രത്യക്ഷനായി!! കനി-
ഞ്ഞെന്മേൽ വെച്ചതു തൽകഥാപരിമളം
മാത്രം ജഗന്നായകൻ.
2. ജന്മം പൂണ്ടന്യമാതൃസ്തനകലശമെനി
ക്കേകിടാതിന്നു നീന്തും
നിന്മംഗല്യസ്തനപ്പാല്ക്കടൽ നടുവിൽ മുകു-
ന്ദൈക്യമുണ്ടാക്കുവാനായ്
തന്മഞ്ജൂ പ്രേമവക്ത്രം സ്വജനനികഴലിൽ
‘ബാലഗോപാലകൻ’ പോ-
ലെന്മാതാവേ! തവംഘ്രിത്തളിരിലിത സമർ-
പ്പിച്ചു ഞാനിപ്രബന്ധം.
കുട്ടമത്തു്
99 കുംഭം 24-ാം നു
ഗ്രന്ഥകർത്താവു്:
20-ാം ശ്രാദ്ധദിനം
ആലംബം നാലുവേദത്തിനു,മഖിലജഗൽ-
സാക്ഷി വേദാന്തികൾക്കും,
ലോലംബം യോഗികൾക്കും ഹൃദയകുവലയ-
ത്തിങ്കലാതങ്കഹീനം
കാലൻ കംസാദികൾക്കും പലതുമിതുവിധം
കേളിയാടും യശോദാ-
ബാലൻ ഗോപാലകൃഷ്ണൻ
തിരുവടി കരുണാ-
പാംഗമിങ്ങേകിടട്ടെ!
(സൂത്രധാരനും നടനും പ്രവേശിക്കുന്നു)
(രാഗം ഇംഗ്ലീഷ് നോട്ടു് ചതുരശ്രജതി ത്രിപട)
ആടണം! ലീലയാടണം!
കോടക്കാർവ്വർണ്ണൻ പിടിച്ചോടക്കുഴലും പാടി
ഓടിവന്നരങ്ങതിൽ ചാഞ്ചാടി (ആടണം)
വെണ്ണ കവർന്നു
ഗോപപ്പെണ്ണുങ്ങൾക്കുള്ള താപ-
ഖണ്ഡനംചെയ്ത ദേവ! നിർല്ലേപ! (ആടണം)
ഭക്തന്മാർക്കെന്നും ചിത്തേ
വ്യക്തമാം സച്ചിന്മൂർത്തേ!
മുക്തിസ്വരൂപ! കൃഷ്ണ! സല്കീർത്തേ! (ആടണം)
മാന്യസമാജികന്മാർക്കു വന്ദനം.
- സൂത്ര:
- മാന്യ മഹാജനങ്ങളെ ഈശ്വരസാക്ഷാൽക്കാരമാകുന്നു മനുഷ്യ ജന്മം കൊണ്ടുള്ള പരമ പ്രയോജനം.
- നടൻ:
- എന്താണു് അങ്ങുന്നു് പറയുന്നതു്! വിഷയികളായ ജനങ്ങൾക്കു് എങ്ങിനെയാണു് ഈശ്വര സാക്ഷാത്കാരം ഉണ്ടാകുന്നതു്?
- സൂത്ര:
- [1] “കഷ്ടം! കഷ്ടം! ജനങ്ങൾ ഭാര്യക്കും കുട്ടികൾക്കും വേണ്ടി ഒരു കുടം കണ്ണുനീർ ചൊരിയും. പണത്തിനുവേണ്ടി ചൊരിയുന്ന കണ്ണുനീർ നദീപ്രവാഹം പോലെ അവരെ ഒഴുക്കിക്കൊണ്ടുപോകും. എന്നാൽ ഈശ്വരനെ ലഭിക്കുവാൻ വേണ്ടി ഇങ്ങിനെ കരയുന്നതു് ആരാണു്? ഈശ്വരനെ കാണുവാൻ വേണ്ടി നാം അദ്ദേഹത്തെ വിളിക്കണം” എന്നാണു് ആപ്തവാക്യം.
- നടൻ:
- അങ്ങിനെ നിരന്തരം ഈശ്വര ധ്യാനത്തിൽ ഇരുന്നാൽ നമ്മുടെ ഗൃഹഭരണ കാര്യങ്ങൾ ആരാണു് വഹിക്കുവാൻ.
- സൂത്ര:
- ആശ്ചര്യം! ആശ്ചര്യം! മഹാബുദ്ധിമാനായ ഒരു മഹാപ്രഭുവിന്റെ വിശ്വസ്തഭൃത്യന്നു പട്ടിണിയാണോ ഫലം? ഇക്കാര്യങ്ങൾ സാക്ഷാൽ ഭഗവാൻ തന്നെ അർജുനനോടു് പറഞ്ഞിരുന്നതിനെ നോക്കുക.
“അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസതേ;
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം.”
യാതൊരു ജനങ്ങളാണു് അന്യദേവതമാരെ ഉപാസിക്കാതെ എന്നേത്തന്നെ ചിന്തിക്കുന്നവരായി ഇടവിടാതെ ഉപാസിക്കുന്നതു്? എപ്പോഴും എന്റെ നിഷ്ഠയിലിരിക്കുന്ന അവരുടെ യോഗക്ഷേമത്തെ ഞാൻ വഹിക്കുന്നു എന്നാണല്ലോ ഇതിന്റെ സാരം.
അതുകൊണ്ടു് നമ്മുടെ സകലവിചാരങ്ങളെയും ഭഗവാങ്കൽ സമർപ്പിച്ചു് ആ ദിവ്യമംഗളവിഗ്രഹം പ്രത്യക്ഷമാക്കിത്തരുവാൻ വിളിച്ചു് കരയുകയായിരുന്നു നമ്മുടെ കർത്തവ്യകർമ്മം. ഇങ്ങനെയുള്ള ഒരു ചെറുകഥയെ അഭിനയിച്ചു നമ്മുടെയും ഭഗവൽഭക്തന്മാരായ ഈ മാന്യസഭ്യന്മാരുടെയും ഭക്തിയെ നല്ലവണ്ണം വിശദീകരിപ്പാൻ തന്നെയാണു് നമ്മുടെ ഇപ്പോഴത്തെ ഉദ്യമം.
- നടൻ:
- അങ്ങയുടെ ആപ്തവാക്യം ഒന്നു് ഓർമിപ്പിക്കുന്നു. എന്നു മാത്രമല്ല, അമേരിക്ക, ഇംഗ്ലണ്ട് മുതലായ പാശ്ചാത്യ രാജ്യങ്ങളിൽപ്പോലും ഇന്നും എന്നും ലയം വരാത്തവണ്ണം അദ്വൈതബ്രഹ്മാനന്ദനാദത്തെ മുഴക്കികൊണ്ടിരിക്കുന്ന ശ്രീമദ്വിവേകാനന്ദസ്വാമികളുടെ ആചാര്യനായ ശ്രീരാമകൃഷ്ണപരമഹംസദേവനെ ഇതാ പ്രത്യക്ഷമായി കാണുകയും ചെയ്യുന്നു.
- സൂത്ര:
- (ഭക്തിപാരവശത്തോടെ തൊഴുതുംകൊണ്ടു്) ഭാഗ്യം ഭാഗ്യം! ഈ രംഗം പരിശുദ്ധമായി.
പണ്ടത്രേതായുഗം ദ്വാപരയുഗമിതുര-
ണ്ടിങ്കലും ബ്രഹ്മതത്ത്വം
മണ്ടക്കേശാത്താ മർത്ത്യപ്പരിഷ കലിയുഗ-
ത്തിങ്കലും മർത്ത്യരായി
ശണ്ഠക്കായ്ത്തന്മതം വിട്ടുഴലുമളവിലാ-
രാമകൃഷ്ണാവതാരം
രണ്ടങ്ങൊന്നായെടുത്തീടിന പരമകൃപാ-
ധാമമീ രാമകൃഷ്ണൻ.
ആ ഭഗവൽപൂജ്യപാദങ്ങൾക്കായി സഹസ്രം സഹസ്രം നമസ്കാരം. അതുകൊണ്ടു്
- നടൻ:
- ആ അനുഭവവാക്യത്തെ പ്രത്യക്ഷമാക്കിത്തരുന്ന ബാലഗോപാലൻ എന്ന കഥയെ അങ്ങുന്നു് ഓർക്കുന്നുണ്ടോ?
- സൂത്ര:
- ശരി ശരി, ഞാൻ നല്ലവണ്ണം ഓർക്കുന്നുണ്ടു്. ആ ഭഗവച്ചരണാരവിന്ദ ദാസനായ കുട്ടമത്തു് കുന്നിയൂരു് കുഞ്ഞികൃഷ്ണക്കുറുപ്പവർകളാൽ സംഗീതരൂപകമാക്കപ്പെട്ട ബാലഗോപാലൻ എന്ന കഥയെ നല്ലവണ്ണം ഞാനോർക്കുന്നു.
- നടൻ:
- ആ ചെറുകഥയെ അഭിനയിച്ചു കാണണം എന്നാണു് മാന്യസാമാജികന്മാരുടെ ആജ്ഞാപനം.
- സൂത്ര:
- ഹോ, ഹോ, അങ്ങിനെയാണോ?
ഭ്രരികല്യാണി—ചതുരശ്രജാതി ത്രിപട
പ്രത്യക്ഷമായ് പ്രത്യക്ഷമായ്
നിസ്തുല്യമിക്കഥാവസ്തു (പ്രത്യക്ഷ)
ഏതൊന്നു ഗുണം നോക്കി
ചേതസ്സിൽ ഞങ്ങളാക്കി
ഭേദംവിട്ടായതോർക്കിൽ
മോദാൽനിങ്ങടെ വാക്കിൽ (പ്രത്യക്ഷ)
എന്നും സശീലാചിത്തേ
മിന്നും കൃഷ്ണരൂപത്തെ
നന്നായ്ത്തൻ പുത്രൻകുട്ടിയന്നന്നു
കാണും മട്ടിൽ (പ്രത്യക്ഷ)
ബാലഗോപാലൻ എന്ന കുട്ടിയുടെ അമ്മ സുശീലാദേവി മഹാദരിദ്രയാണെങ്കിലും പാതിവ്രത്യം, വിശേഷിച്ചു് അളവില്ലാത്ത ഭഗവൽഭക്തി ഇവയെ അപരസ്ത്രീകളിൽ പാഠമാക്കിത്തീർക്കുന്ന രണ്ടാമത്തെ യശോദാ ദേവി ആ ശ്രീകൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട മാതാവുതന്നെയാണു്. ആ അമ്മയുടെ വൈധവ്യത്തിനുശേഷം ബാലഗോപാലന്റെ പാഠശാലാപ്രവേശം മുതല്ക്കുള്ള കഥയിലേക്കു് മാത്രമേ മാന്യ സദസ്യരുടെ മനസ്സിനെ ഞങ്ങൾ ക്ഷണിക്കുന്നുള്ളൂ.
(അണിയറയിൽ സുശീല)
ആനന്ദഭൈരവി—ആദിതാളം
കർമ്മ സാക്ഷിയായി നീ ശ്രീപതേ!
വാസനപോലെ
കർമ്മമോരോന്നെ ചെയ്യിപ്പുതെ.
- നടൻ:
- എന്താണു് കേൾക്കുന്നതു്
- സൂത്ര:
- ഹോ ഹോ, മനസ്സിലായില്ല അല്ലേ? സുശീലാദേവിയുടെ ഹരിസ്തവഗാനമാണു് കേൾക്കുന്നതു്.
സ്നാനംചെയ്തു പുലർച്ചയിൽ പതിവുപോ-
ലാനന്ദചിന്മൂർത്തിയെ
ധ്യാനംചെയ്തഥ, പാഠശാലയിലയ-
ച്ചാനന്ദനൻ ബാലനെ
താനന്നന്നിരവായ് ലഭിച്ചൊരരിവെ-
ച്ചൂനം വരാതിസ്തവം
ഗാനംചെയ്തു സുശീല വാഴ്‌വു തന്നയാ
യാനം കൊതിച്ചിങ്ങിനേ.
അതുകൊണ്ടു് അണിയറയിൽ വേണ്ടുന്ന സാമഗ്രികൾ ഒരുക്കുവാൻ ഞങ്ങൾ നിങ്ങളുടെ സന്നിധാനത്തെ വിടേണ്ടി വന്നിരിക്കുന്നു.
ഭയനിവേദനം
ഒരു വീടിന്റെ ഉമ്മറം സുശീലാദേവി പ്രവേശിക്കുന്നു.
ആനന്ദഭൈരവി—ആദിതാളം
കർമ്മസാക്ഷിയായി നീ ശ്രീപതേ!
വാസനപോലെ
കർമ്മമോരോന്നേ ചെയ്യിപ്പുതെ
നിർമ്മലം നിരുപാധികം
നിജധർമ്മമേതുമകന്നിടാതജ! (കർമ്മ)
പ്രാണിചിത്തമിരുമ്പിൻകമ്പി
കാന്തംകൊണ്ടുള്ളൊ-
രാണി നിയ്യാണതിന്നു പിമ്പിൽ
കാണുവാൻ കഴിയാതെ നീ പരമാണുവിൽ-
പരമാണുവായ് പര!
വാണു മനസ്സിനിളക്കമണ-
പ്പളവാണു ജഗത്തിതുദിച്ചതു നിഷ്കള! (കർമ്മ)
ഹരേ കൃഷ്ണ! വാസുദേവാ! ഇപ്പോഴത്തെ വെപ്പു പണിയും മറ്റു ഗൃഹകൃത്യങ്ങളും എല്ലാം കഴിഞ്ഞു. ഇനി എന്റെ ഓമനത്തമ്പാൻ ഉച്ചക്കത്തെ കഞ്ഞികുടിക്കാൻ വരുന്നതുവരെ ഭഗവാനെ ധ്യാനിച്ചുകൊണ്ടുതന്നെ ഇവിടെ ഇരിക്കാം. (ഇരുന്നിട്ടു്) കഷ്ടം! നിരന്തരം ഭഗവൽധ്യാനത്തിന്നു് എനിക്കു് ദാരിദ്ര്യമാണല്ലോ പ്രതിബന്ധമായിത്തീർന്നതു്! ഓമനത്തമ്പാനെ കഞ്ഞി കൊടുത്തു പറഞ്ഞയച്ചതിനു ശേഷം ഇതാ, നാളത്തെ കഞ്ഞിക്കുവേണ്ടതിന്നു് ഇരക്കുവാൻ പുറപ്പെടുവാനുമായല്ലോ.
(ഓർമ്മനടിച്ചു വ്യസനത്തോടെ) എന്റെ കുട്ടിയുടെ അച്ഛൻ ജീവിച്ചിരുന്നുവെങ്കിൽ ഞാനിത്ര കഷ്ടപ്പെടേണ്ടിയിരുന്നില്ല. (ഞെട്ടിക്കരഞ്ഞു് ഉത്തരീയം കൊണ്ടു് കണ്ണുനീർ ഒപ്പിക്കൊണ്ടു്) കഷ്ടം ഞാനെന്തിനു കരയുന്നു! ഈ വൈധവ്യ ദുഃഖവും മഹാദാരിദ്ര്യവും ഭഗവാങ്കൽ ഭക്തി വർദ്ധിപ്പാൻ ഭഗവാൻ തന്നെ എനിക്കു തന്നതാണല്ലൊ. “ശാന്ത്യർത്ഥം ഹി ശ്രാന്തിദോസി സ്വകാനാം” എന്നല്ലേ മഹദ്വചനം. ഹരേ! കൃഷ്ണ! നാരായണ! ഈ വൈധവ്യ ദുഃഖവും ഈ മഹാദാരിദ്ര്യവും തന്നെയാണു് അങ്ങയിങ്കൽ ഭക്തിവർദ്ധനയ്ക്കുള്ള കാരണം.
ചതുർവിധാ ഭജന്തേ മാം
ജനാസ്സുകൃതിനോർജ്ജുന!
ആർത്തോ ജിജ്ഞാസുരർത്ഥാർത്ഥീ
ജ്ഞാനീ ച ഭാരതർഷഭ!
എന്നു് അങ്ങുന്നുതന്നെ ഉപദേശിച്ചിട്ടുള്ളതാണല്ലോ. ഈ പറഞ്ഞ നാലു തരക്കാരിൽ ഞാൻ മഹാദരിദ്രയാണെങ്കിലും ദാരിദ്ര്യ ശമനത്തിന്നുവേണ്ടി ഞാൻ അങ്ങയോടു് അപേക്ഷിക്കുകയില്ല. അങ്ങയുടെ ആ ദിവ്യമംഗള വിഗ്രഹം പ്രത്യക്ഷമാക്കിത്തരേണമെന്നു മാത്രമേ എനിക്കപേക്ഷയുള്ളു. അതുകൊണ്ടു് എന്റെ സർവ്വ സംസാര ദുഃഖവും നശിക്കട്ടെ. നശിക്കും. സംശയമില്ല. (ഭക്തിപരവശയായി കണ്ണുനീർ തൂകിക്കൊണ്ടു്)
ഭഗവൻ, ദേവകീനന്ദന!
സാവേരി—ആദിതാളം
സമാധിസാരം സാക്ഷാൽക്കാരം
സപദി തരാൻ ചതുരം
പ്രമാദ വിധുരം ബാഹ്യ
വിചാരം പ്രാണിക്കാധികരം
കുളം പരക്കേ പായൽ കണക്കേ
ചിത്തത്തിൽ നിരക്കേ
വളർന്നൊരുൾക്കേടിനാൽ കനക്കേ
വ്യാമോഹം നിൽക്കേ
തെളിഞ്ഞൊരമൃതം കാണാഞ്ഞനൃതം
തോന്നീടാം ത്വരിതം
കിളർന്ന സുകൃതം കൊണ്ടതിൽ
നിഭൃതം മുങ്ങാമപരിമിതം
മുകുന്ദ! തൽ തേ പ്രണവ
സുമത്തേനൊഴുകും രൂപത്തെ
അഖണ്ഡ മൂർത്തേ! കാട്ടുക ചിത്തേ
നിരുപമ സുഖപൂർത്തേ!
(ധ്യാനിച്ചു കണ്ണടച്ചനങ്ങാതെ ഇരിക്കുന്നു)
(അണിയറയിൽ ബാലഗോപാലൻ)
അമ്മേ! അമ്മേ!
- ബാല:
- (പ്രവേശിച്ചു്) അമ്മേ! അമ്മേ! അമ്മ എവിടെയാണു്. (സുശീലയെ കണ്ടിട്ടു്) അമ്മ ജപിച്ചു ജപിച്ചു തന്നെക്കൂടി മറന്നിരിക്കുകയാണു്. അധികസമയവും അമ്മയ്ക്കു് ഇതുതന്നെയാണു് പണി. ഞാൻ ചെന്നു മടിയിൽ ഇരിക്കും. അപ്പോൾ ഉണരും. അല്ലാതെ ഞാൻ എങ്ങനെ കഞ്ഞി കുടിക്കും? എഴുത്തു പള്ളിക്കു വേഗം പോകേണ്ടേ! (മടിയിൽ ഇരുന്നു് സുശീലയെ കെട്ടിപ്പിടിച്ചു് അമ്മേ! അമ്മേ! എന്നു കുലുക്കുന്നു)
- സുശീല:
- (ഞെട്ടി കണ്ണു തുറന്നാത്മഗതം)
ചിൽപ്പൂരുഷങ്കലിളകാതമരുന്നൊരെൻന-
ല്ലുൾപൂപിടിച്ചുപിറകോട്ടുവലിപ്പതെന്തോ?
(മനസ്സിലാക്കീട്ടു്)
മൽപൂർവ്വ പുണ്യഫല ചന്ദനമല്ലി?
(തഴുകിക്കൊണ്ടു്…) പച്ച-
ക്കർപ്പൂരമല്ലി? (മുഖം നോക്കിക്കൊണ്ടു്)
… പനിനീർ പുതുപുഷ്പമല്ലി?
(പ്രകാശം) പൊന്മകനേ! (ചുംബിക്കുന്നു) (ബാലഗോപാലന്റെ മുഖം നോക്കിക്കൊണ്ടു്)
സ്ഫുടം ഹിമത്തുള്ളികൾ ചേർന്നു നിർഭരം
വിടർന്ന നൽചെങ്കമലം കണക്കിനേ
നടന്നു വെയിലേറ്റു
വിയർത്തൊരിക്കവിൾത്തടം
വിളങ്ങുന്നു വിശിഷ്ട ശോഭമായ്.
വെയിൽകൊണ്ടു തളർന്നുവല്ലോ മകനെ!
(ഉത്തരീയംകൊണ്ടു മുഖം തുടച്ചു വീണ്ടും ചുംബിക്കുന്നു)
- ബാല:
- (ചിരിച്ചും കൊണ്ടു്) അമ്മേ! ഞാൻ അമ്മയുടെ പേരെഴുതുവാൻ പഠിച്ചുവല്ലോ! കാണണോ?
- സുശീല:
- എന്റെ പൊന്മകൻ ഒന്നു് എഴുതൂ! ഞാൻ കാണട്ടെ!
- ബാല:
- (കല്പലകയിൽ പെൻസിൽ കുത്തിക്കൊണ്ടു്) അമ്മേ! കണ്ടോ? (തിരിഞ്ഞു സുശീലയെ നോക്കി ചിരിക്കുന്നു.)
- സുശീല:
- (കണ്ണുനീർ തൂകിക്കൊണ്ടാത്മഗതം)
ഇളം തളിർച്ചുണ്ടിതിൽമുത്തുതോറ്റ മ-
ഞ്ജുളസ്മിതംചേർന്ന മുഖേന്ദു സുന്ദരം
അളന്നു നൽക്കണ്മുനകൊണ്ടെനിക്കെഴും
വളർന്ന വാത്സല്യ സമുദ്രമൊക്കെയും!
(പ്രകാശം) ഇതെന്തൊരു മന്ദഹാസമാണു് പൊന്മകനെ!
- ബാല:
- ഇതാ, കണ്ടോ? (എഴുതുവാൻ ഭാവിക്കുന്നു.)
- സുശീല:
- ഇതാ, ഞാൻ നോക്കുന്നു.
- ബാല:
- (ഓരോ അക്ഷരം എഴുതി വായിക്കുന്നു.) സു—ശ—വള്ളി—അല്ലമ്മേ! (മായിച്ചിട്ടു്) ദീർഘവള്ളി—ല
- സുശീല:
- (എഴുതുന്ന മാതിരി കണ്ടാത്മഗതം)
ചെറുപുരികമിതിൽ
ചേർന്നെത്തിനോക്കുന്നൊരോമൽ-
ക്കുറുനിരകളിടംകൈത്തണ്ടായാൽ തട്ടിനീക്കി
നറുമലർ വിരൽകൊണ്ടിപ്പെൻസിൽ
കുത്തിപ്പിടിച്ചുൾ-
ത്തിറമൊടെഴുതി നന്നായോമലെൻ
നാമധേയം.
- ബാല:
- (വായിക്കുന്നു) ‘സുശീല’ ശരിയായില്ലേ അമ്മേ!
- സുശീല:
- ശരിയായി പൊന്മകനെ!
- ബാല:
- ഇനി എന്റെ പേരെഴുതുന്നതും അമ്മയ്ക്കു കാണണോ?
- സുശീല:
- കാണണം പൊന്മകനെ!
- ബാല:
- കണ്ടോ! (നോക്കിച്ചിരിക്കുന്നു)
- സുശീല:
- ഇതാ, ഞാൻ നോക്കുന്നു.
- ബാല:
- അമ്മേ! കണ്ടോ? (ഓരോ അക്ഷരം എഴുതിവായിക്കുന്നു.) ബ. ദീർഘം. ല. പുള്ളി. ഗ. ദീർഘം = ബാലഗോ—പ—ദീർഘം, ല ഗോപാല—ൻ ബാലഗോപാലൻ (നോക്കിച്ചിരിക്കുന്നു.)
- സുശീല:
- (കെട്ടിപ്പിടിച്ചു ചുംബിക്കുന്നു.)
- ബാല:
- ഇനിയൊരു ശ്ലോകം പഠിച്ചതും കേൾക്കണോ?
- സുശീല:
- കേൾക്കണം പൊന്മകനെ!
- ബാല:
- കേട്ടോ! (ആലോചിച്ചിട്ടു്)
“കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം”
അതിന്നപ്പുറം എന്താണമ്മേ! ഒരക്ഷരം പറഞ്ഞാൽ മതി.
- സുശീല:
- (ചിരിച്ചും കൊണ്ടു്) വ-
- ബാല:
- മതി മതി വട. വട.
- സുശീല:
- (പൊട്ടിച്ചിരിക്കുന്നു.)
- ബാല:
- എന്തേ, അങ്ങിനയല്ലേ അമ്മേ?
- സുശീല:
- അങ്ങിനെ തന്നെ പൊന്മകനെ! ചൊല്ലിക്കോളു!
- ബാല:
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.
- സുശീല:
- ഗുരുനാഥൻ ശ്ലോകം തെറ്റു കൂടാതെ വെടിപ്പായി പഠിപ്പിച്ചിട്ടുണ്ടു്. ആ സാധുബ്രാഹ്മണൻ നല്ല പരിജ്ഞാനമുള്ള ഒരു വാദ്ധ്യാരാണല്ലൊ!
- ബാല:
- മതി മതി. ഇനി കഞ്ഞികുടിക്കുവാൻ അകത്തേക്കു പോവുക (എഴുന്നേറ്റു് കൈ പിടിച്ചു വലിക്കുന്നു.)
- സുശീല:
- (എഴുന്നേറ്റു്) നിൽക്കൂ മകനേ! എന്റെ പൊന്മകന്റെ കാലും മുഖവും തേച്ചുകഴുകേണ്ടയോ?
- ബാല:
- വേണം. എന്റെ കാൽക്കു ഒരു പടി മണ്ണു പറ്റീട്ടുണ്ടു്. (സുശീലയുടെ വസ്ത്രം നോക്കീട്ടു്) അമ്മേ! കഷ്ടം തന്നെ. ഞാൻ അമ്മയുടെ മടിയിൽ കേറിയിരുന്നു വസ്ത്രത്തിലെല്ലാം ചെമ്മണ്ണാക്കി.
- സുശീല:
- (തൊണ്ടയിടറി തലോടിക്കൊണ്ടു്) അങ്ങിനെ പറയൊല്ലപൊന്മകനേ!
ഉണ്ണി! നിൻ മൃദുകഴൽക്കു ചേർന്ന ചെ-
മ്മണ്ണിവൾക്കു നവകുങ്കുമപ്പൊടി
വിണ്ണിലും സുഖമിതിൽ പരം കയൽ-
ക്കണ്ണിമാരനുഭവിപ്പതല്ലഹോ!
- ബാല:
- ഓ അമ്മേ എനിക്കു് ഒന്നു കൂടി പറവാനുണ്ടു്.
- സുശീല:
- അതെന്താണു് മകനേ! പറയണം.
- ബാല:
- എഴുത്തുപള്ളിക്കു പോകുമ്പോൾ മറ്റെല്ലാ കുട്ടികൾക്കും ഓരോ ആൾ സഹായത്തിനുണ്ടല്ലൊ. എനിക്കെന്താണു് അമ്മ ഒരാളെ തരാത്തതു്? ആ വഴിക്കുള്ള കാട്ടിലേക്കൂടി തനിയെ നടക്കുമ്പോൾ അമ്മേ! എനിക്കു പേടിയാകുന്നുവല്ലോ.
- സുശീല:
- (ഞെട്ടിക്കരഞ്ഞും കൊണ്ടാത്മഗതം)
നാട്ടക്കുറഞ്ഞി—ചതുരശ്രജാതി ഏകതാളം.
എന്തറിഞ്ഞിതെന്നുണ്ണി
ഹന്തയെൻകണ്ണിലുണ്ണീ
അന്തരംഗത്തിലേതും
ചിന്തയാല്ലാതോമലുണ്ണീ (എന്ത)
അമ്മിഞ്ഞപോലെയെല്ലാമമ്മനൽകുമെന്നല്ലാ-
തെന്മകനുള്ളിലില്ലാ
നിർമലനോടെന്തുചൊല്ലാം (എന്ത)
പിച്ചയാൽ നാൾകഴിപ്പൂ
തുച്ഛയായ് ഞാനിരിപ്പൂ
മെച്ചപ്രഭു നടപ്പൂ പച്ചക്കുട്ടിയോർത്തുനിൽപ്പൂ.
(എന്ത)
- ബാല:
- അമ്മ എന്താണു് ഒന്നും മിണ്ടാത്തതു്. ആ കാട്ടിൽക്കൂടി സന്ധ്യക്കു് വരുമ്പോൾ എനിക്കു പേടിയാകുന്നുവല്ലോ അമ്മേ!
- സുശീല:
- (വീണ്ടും കരഞ്ഞും കൊണ്ടു് വിചാരം)
എന്തുഞാൻ ചൊല്ലിടേണ്ടു
പിന്തുണയ്ക്കാരെക്കണ്ടു
എൻതനയനേ വീണ്ടുമുന്തിയങ്ങയച്ചീടേണ്ടു
(എന്ത)
ഭഗവൻ യശോദാനന്ദന!
നീലക്കാർവർണ്ണാ! നിന്നെ
ആലംബമാക്കിത്തന്നെ
ബാലനെൻ പുത്രൻതന്നെ
പാലനത്തിന്നേല്പിക്കുന്നെൻ.
- ബാല:
- (കരഞ്ഞും കൊണ്ടു്) എന്താണു് അമ്മ ഇനിയും ഒന്നും മിണ്ടാതെ കരയുന്നതു്? എനിക്കു സഹായം നിൽപ്പാൻ ആരും ഇല്ലെന്നോ?
- സുശീല:
- (പെട്ടെന്നു് തലോടിക്കൊണ്ടു്) ഉണ്ടു് പൊന്മകനേ! ഉണ്ടു്. എന്റെ പൊന്മകൻ ഒട്ടും പേടിക്കേണ്ട. നിന്റെ ജ്യേഷ്ഠൻ ആ കാട്ടിൽ പശുക്കളെ മേയ്ക്കുന്നുണ്ടു്. ജ്യേഷ്ഠനെ വിളിച്ചാൽ ജ്യേഷ്ഠൻ നിനക്കു് സഹായം നിൽക്കും.
- ബാല:
- എന്നാൽ മതിയമ്മേ! പേടിയാകുമ്പോൾ ഞാൻ എന്റെ ജ്യേഷ്ഠനെ വിളിച്ചുകൊള്ളാം. എന്റെ ജ്യേഷ്ഠന്റെ പേരെന്താണമ്മേ?
- സുശീല:
- (തൊഴുതും കൊണ്ടു്, വിചാരം) ഭഗവാനേ! ഈയുള്ളവൾ അങ്ങയെ എന്റെ പൊന്മകന്റെ ജ്യേഷ്ഠനാക്കി വെച്ചു. അനന്തനാമവായ അങ്ങേക്കു് ഇതാ, ഞാനൊരു പേരുകൂടി തരുന്നു. (പ്രകാശം) കുഞ്ഞേ! ജ്യേഷ്ഠന്റെ പേരു് വനബാലഗോപാലൻ എന്നാണു്.
- ബാല:
- മനസ്സിലായി, എനിക്കു വേഗം കഞ്ഞി തരൂ! എഴുത്തു പള്ളിക്കു വേഗം പോകാഞ്ഞാൽ ഗുരുനാഥൻ കോപിക്കും. വേഗം കഞ്ഞി തരൂ!
പാഠശാല (ചെറിയ പാഠശാല)
(നാലു കുട്ടികൾ കൽപലകയിൽ എഴുതിക്കൊണ്ടിരിക്കുന്നു)
- വാദ്ധ്യാർ:
- (പാടിക്കൊണ്ടു് പ്രവേശിക്കുന്നു.)
ഭൈരവി—ആദിതാളം
കേശിനിഷൂദന! കേശവ! ജനാർദ്ദന!
ക്ലേശവിനാശന! ശൈശവമോഹന!
കുണ്ഡലം, നൂൽ, മോതിരം,
സ്വർണ്ണജമാണിത്തരം
നിർണ്ണയം ചരാചരം കണ്ണ!
നിൻ ഖണ്ഡാകാരം
കാലിമേച്ചും നീയണിപ്പീലിധരിച്ചും ഫണി-
മേലിൽ കളിച്ചും
പ്രാണിപാലകന്മാർക്കഗ്രണി
ചേലിൽ നിന്നാജ്ഞയാലി
ബ്ബാലപാഠക ജോലി
നീലവർണ്ണ! നിൻകാലിലാളിടും ഭക്തി കൂലി!
(കേശി)
(ആസനത്തിലിരുന്നിട്ടു് പ്രകാശം)
എന്റെ കുട്ടികളെ! ഞാൻ പറഞ്ഞു തന്ന വാക്കുകൾ നിങ്ങൾ പുസ്തകത്തിൽ നോക്കി എഴുതിയോ?
- കുട്ടികൾ:
- (എഴുന്നേറ്റു്) എഴുതി.
- വാദ്ധ്യാർ:
- ഇവിടെകൊണ്ടു വന്നു കാണിക്കൂ!
- കുട്ടികൾ:
- (അടുത്തു ചെന്നു കാണിക്കുന്നു)
- വാദ്ധ്യാർ:
- (നോക്കിക്കൊണ്ടു്) ശരി, ശരി, ശരി, ശരി. എല്ലാം ശരിയായിരിക്കുന്നു.
- കുട്ടികൾ:
- (അവരവരുടെ സ്ഥാനത്തിൽ ഇരിക്കുന്നു.)
- വാദ്ധ്യാർ:
- ഇനി നിങ്ങളുടെ പാഠം വായിക്കുവിൻ! പതിവു പോലെ ഒന്നാമൻ ആദ്യം വായിക്കട്ടെ! അവൻ വായിക്കുന്നതിൽ തെറ്റുകണ്ടു പിടിച്ചു ശരിയായി വായിക്കുന്നവന്നു് ഒന്നാമനായിരിക്കാം. ഇങ്ങിനെ നിങ്ങൾ നാലു പേർക്കും മീതേ മീതേ സ്ഥാനം പിടിക്കാം. ഒന്നാമൻ വായിക്കൂ.
- ഒന്നാമൻ:
- (എഴുന്നേറ്റു് വായിക്കുന്നു.) പശു പൽ തരുന്നു.
- രണ്ടാമൻ:
- (ബദ്ധപ്പെട്ടു് എഴുന്നേറ്റു്) തെറ്റു്. പശു പാൽ തരുന്നു.
- വാദ്ധ്യാർ:
- (ചിരിച്ചു കൊണ്ടു്) ശരി. മിടുക്കൻ. മീതേ പോവുക.
- രണ്ടാമൻ:
- (ചിരിച്ചു് ഒന്നാമനായി നിന്നിട്ടു്) തെങ്ങു് ഇളന്നീർ തരുന്നു.
- വാദ്ധ്യാർ:
- ശരി.
- മൂന്നാമൻ:
- (എഴുന്നേറ്റു്) അമ്മ ചേറു തരുന്നു.
- വാദ്ധ്യാർ:
- (ചിരിക്കുന്നു)
- നാലാമൻ:
- (ബദ്ധപ്പെട്ടെഴുന്നേറ്റു്) തെറ്റു്. ചേറല്ല. അമ്മ ചോറു തരുന്നു.
- വാദ്ധ്യാർ:
- (ചിരിച്ചു കൊണ്ടു്) ശരി. മിടുക്കൻ! മീതെ പോവുക.
- നാലാമൻ:
- (ബാലഗോപാലൻ) (ബദ്ധപ്പെട്ടു് മൂന്നാമനായി നിന്നിട്ടു്) ഗുരുനാഥ! അമ്മ എനിക്കു കഞ്ഞിയാണു് തരുന്നതു്.
- വാദ്ധ്യാർ:
- (പൊട്ടിച്ചിരിക്കുന്നു)
(ആത്മഗതം അയ്യോ സാധുക്കുട്ടി!)
പൊടി പറ്റാത്ത പൈമ്പാലായ്
കുടികൊളളും മനോഗതം
വടിവിൽ പുറമേ കാട്ടും
സ്ഫടികക്കുപ്പിയാണിവൻ.
ഇവനെപ്പോലെ ദരിദ്രൻ ഈ കൂട്ടത്തിൽ ആരുമില്ല. (ബാലഗോപാലനെ നോക്കികൊണ്ടു്) എങ്കിലും
പരപ്പേറും മാറും, നിടിലവടിവും,
നൽപുരികവും,
പരപ്രേമം കാട്ടിച്ചെവികളോടിണങ്ങും
മിഴികളും,
സ്ഫുരൽ പ്രാഗത്ഭ്യം കാട്ടിടുമൊരു
ചുറുക്കും, നിലകളും,
നരപ്രൗഢത്വത്തെപ്പെറുമരിയ
ചിഹ്നങ്ങളിവനിൽ!
(പ്രകാശം) കുഞ്ഞെ! ബാലഗോപാല! നീ ഇപ്പോൾ കഞ്ഞികുടിച്ചാൽ മതി. അമ്മ തന്നെ നിനക്കുവഴിയെ ചോറു തന്നുകൊള്ളും.വായിക്കൂ!
- മൂന്നാമൻ:
- (വായിക്കുന്നു) ദൈവം നമ്മളെ രക്ഷിക്കുന്നു.
- വാദ്ധ്യാർ:
- ശരി. (ഒന്നാമനോടു്) പശു എന്നു വച്ചാൽ ആണോ പെണ്ണോ?
- ഒന്നാമൻ:
- (എഴുന്നേറ്റു്) ആണു്.
- വാദ്ധ്യാർ:
- (ചിരിച്ചുകൊണ്ടു്)മറ്റേവൻ പറയട്ടെ!
- രണ്ടാമൻ:
- അല്ല, പെണ്ണു്.
- വാദ്ധ്യാർ:
- എന്തു കൊണ്ടാണു് നീ പശു പെണ്ണെന്നു പറയുന്നതു്?
- രണ്ടാമൻ:
- (മിണ്ടാതെ നിൽക്കുന്നു)
- വാദ്ധ്യാർ:
- (ചിരിച്ചുകൊണ്ടു്) എന്നാൽ പശു ആണു് തന്നെയല്ലെ?
- മൂന്നാമൻ:
- (ബാലഗോപാലൻ) ഗുരുനാഥ! ഞാൻ പറയാം.
- വാദ്ധ്യാർ:
- പറയൂ!
- മൂന്നാമൻ:
- പശു പെണ്ണു തന്നെ. അതിന്നു സംഗതി പശുവിന്നു വലിയ നാലുമുലകളുണ്ടു്. കന്നുകുട്ടി മുലപ്പാൽ കുടിക്കുന്നുമുണ്ടു്.
- വാദ്ധ്യാർ:
- (ചിരിച്ചുകൊണ്ടു്) ശരി. മിടുക്കൻ. ഒന്നാമനായിരിക്കൂ!
- മൂന്നാമൻ:
- (ചിരിച്ചു ബദ്ധപ്പെട്ടു് ഒന്നാമനായിരിക്കുന്നു.)
- വാദ്ധ്യാർ:
- (പാഠ്യപുസ്തകത്തോടു കൂടി എഴുന്നേറ്റു്) എന്റെ കുട്ടികളെ! പശു നമുക്കു് പാൽ തരുന്നു. അതുകൊണ്ടു് പശുക്കളെ നാം നല്ലവണ്ണം പുല്ലും വെള്ളവും കൊടുത്തു പോറ്റണം. തെങ്ങു് നമുക്കു് ഇളനീർ തരുന്നു, അതുകൊണ്ടു് തെങ്ങുകളെ നാം നട്ടുനനച്ചു് വളമിട്ടു വളർത്തണം. കുഞ്ഞുങ്ങളേ! അമ്മയാണു് നമുക്കു കഞ്ഞിയും ചോറും തരുന്നതു്. അതുകൊണ്ടു് അമ്മയും അച്ഛനും പറയുന്നതു പോലെ നാം കേട്ടു നടക്കണം. അവരെ സ്നേഹിക്കണം, അവരെ ബഹുമാനിക്കണം, അച്ഛനമ്മമാരെ നാം വന്ദിക്കുകയും വേണം. പശു മുതലായമൃഗങ്ങളും പക്ഷികളും തെങ്ങു് മുതലായ വൃക്ഷങ്ങളും അമ്മയും അച്ഛനും നമ്മളും, മറ്റുള്ളവരും എല്ലാം ദൈവത്തിന്റെ മക്കളാകുന്നു. ദൈവം നമ്മെ രക്ഷിക്കുന്നു. അതുകൊണ്ടു് നാം ദൈവത്തെ എപ്പോഴും വിശ്വസിച്ചു ഭജിക്കണം. ദൈവത്തിന്റെ തിരുനാമങ്ങളെ പുലർകാലത്തും സന്ധ്യയിലും നാം ജപിക്കുകയും വേണം. ഇനി നിങ്ങൾ ഇതു വരെ പഠിച്ച കീർത്തന ശ്ലോകങ്ങൾ ചൊല്ലുവിൻ.
- ഒന്നാമൻ:
- (എഴുന്നേറ്റു്)
“കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം;
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകന്ദം മനസാ സ്മരാമി.”
- രണ്ടാമൻ:
“സുഹൃത്യ ലോകാൻ വടപത്ര മദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം;
സർവേശ്വരം സർവഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി.”!
- മൂന്നാമൻ:
“ആലോക്യമാതുർമുഖമാദരേണ
സ്തന്യം പിബദ്ധം സരസീരുഹാക്ഷം!
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി.”
- നാലാമൻ:
“ശിക്യേ നിധായാജ്യ പയോദധീനി
കാര്യാൽ ഗതായാ വ്രജനായി കായാം;
ഭുക്ത്വാ യഥേഷ്ടം കപടേ ന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി.”
(അണിയറയിൽ)
പ്രാതഃസ്നാനം കഴിച്ചങ്ങുദയഗിരിവിയ-
ന്മദ്ധ്യപീഠങ്ങളേറി
പ്രീതൻ സന്മാർഗ്ഗ പാഠം കനിവൊടു നിഖില-
പ്രാണി ശിഷ്യർക്കു നല്കി
ചൈതന്യം കാട്ടി ശിഷ്യ വ്രജമൊടുമനുരാ-
ഗത്തൊടും യാത്രചൊല്ലി-
പ്പൂതൻ പോകുന്നു സായന്തനവിധികൾ നട-
ത്തീടുവാൻ വേദമൂർത്തി!
- വാദ്ധ്യാർ:
- (പെട്ടെന്നെഴുന്നേറ്റുകൊണ്ടു്) എന്റെ പ്രിയ കുട്ടികളെ! സമയം അസ്തമനത്തിനടുത്തു പോയെന്നു് ഉപരി കക്ഷ്യയിലെ വിദ്യാർത്ഥികൾ ഇതാ വിളിച്ചു പറയുന്നു. അതു കൊണ്ടു് നമ്മളും ദൈവ പ്രാർത്ഥന നടത്തുക!
- കുട്ടികൾ:
- (എഴുന്നേറ്റു് ഭക്തിയോടു കൂടി തൊഴുതു കൊണ്ടു്)
ഹിന്തുസ്ഥാനി തോടി—ചതുരശ്രജാതി ഏകതാളം.
കോമളൻ ഗോപികാമുകൻ ശ്യാമളൻ
സർവ്വതോമുഖൻ
പ്രേമ പീയൂഷവർഷം ചെയ്തു
ജാതരോമഹർഷം
കാമിതം നൽകി ദോഷം തീർത്തു
കാത്തു കൊൾക ഞങ്ങളെ.(കോമളൻ)
- വാദ്ധ്യാർ:
- (തൊഴുതു കൊണ്ടു്)
“കളവേണുരവഃ കളായനീലഃ
കമലാ ചുംബനലമ്പടേതിരമ്യഃ
അളി പോത ഇവാരവിന്ദമദ്ധ്യേ
രമതാം മേ ഹൃദി ദേവകീ കിശോരഃ”
കായാമ്പൂനിറം പോലെ ദേഹകാന്തിയുള്ളവനും കയ്യിൽ മുരളി പിടിച്ചൂതി പാട്ടു പാടുന്നവനും സമ്പൽസ്വരൂപിണിയായ ലക്ഷ്മീ ഭഗവതിയെ ലാളിപ്പാൻ അതിസമർത്ഥനും ദേവകീ ദേവിയുടെ ഓമനത്തമ്പാനും ആയ ഭഗവാൻ ശ്രീകൃഷ്ണൻ താമരപ്പൂവിന്റെ നടുവിൽ വണ്ടിൻകുട്ടി എന്ന പോലെ എന്റെ—എന്നു മാത്രമല്ല നിങ്ങളുടേയും മനസ്സിൽ കളിച്ചു കൊണ്ടിരിക്കട്ടെ.
(എല്ലാവരും ശാന്തരായി നിൽക്കുന്നു).
- വാദ്ധ്യാർ:
- നാളത്തെ പാഠം ശരിക്കു പഠിച്ചു വരണം. നിങ്ങളുടെ ഗ്രന്ഥവും കൽപലകയും മറ്റും മറക്കാതെ എടുത്തു കൊൾവിൻ (ബാലഗോപാലനെ തടവിക്കൊണ്ടു്) കുഞ്ഞേ! ഇന്നു നേരം അധികം വൈകിപ്പോയി. വഴി സൂക്ഷിച്ചു പോകണേ കുഞ്ഞേ!
(എല്ലാവരും പോയി)
ഭയനിവാരണം
(ഒരു ചെറിയ കാടു്)
- ബാലഗോപാലൻ:
- (ചുറ്റിനടന്നുംകൊണ്ടു്) ഇന്നും കണക്കിലും പാഠത്തിലും എനിക്കു തന്നെയാണു് ഒന്നാം സ്ഥാനം. ഇനിയത്തെ മാസത്തിൽ ശിശുത്തരത്തിൽ ഞാൻ ഒന്നാമനായിട്ടിരിക്കും. ഇതും അമ്മയോടു പറയണം (ചുറ്റും തിരിഞ്ഞു നോക്കീട്ടു്) ഓ എന്റെ, ചങ്ങാതിമാരെല്ലാം വിട്ടുപിരിഞ്ഞു പോയല്ലോ. ഇനി ഞാൻ തനിയേ പോകണം. (പടിഞ്ഞാറു് നോക്കീട്ടു്) ഓഹോ! സമയം അസ്തമനത്തിന്നടുത്തുപോയി.
ഹിന്ദുസ്ഥാനി ചെഞ്ചുരുട്ടി—ചതുരശ്രജാതി ത്രിപട
ആകാശം ചുകന്നു മേന്മേൽ—ആകമാനമേ.
ആകാ നോക്കാൻ കണ്ണറച്ചു
പോക കൊണ്ടുമേ (ആകാ)
പച്ചയില കുറഞ്ഞു, തെച്ചിക്കാടു വിരിഞ്ഞു
മെച്ചമാം പൂ നിറഞ്ഞു, മിന്നുംപോലെ (ആകാ)
ചെങ്കുന്നിക്കുരു വീട്ടിൽ അങ്കണത്തിങ്കൽകൂട്ടി
ഞാൻകളിക്കുന്ന മട്ടിൽ ഭംഗികാട്ടി. (ആകാ)
ആകാശം കാൺമാൻ നല്ല ഭംഗിയുണ്ടു്. (നാലുഭാഗവും നോക്കിക്കൊണ്ടു്) നാലുപാടും നോക്കുമ്പോൾ അയ്യോ! പേടിയാകുന്നു. (വീണ്ടും പടിഞ്ഞാറു് നോക്കിക്കൊണ്ടു്) ഹാ! ഹാ! ഇതാ സൂര്യനെ കാണുന്നു.
അടിച്ചമ്മവീട്ടിൽ പുലർച്ചക്കഗണ്ഡം
വടിച്ചുള്ള നൽപ്പിച്ചളക്കൊച്ചുകിണ്ണം
പടിഞ്ഞാറ്റയിൽ ചാരിവെച്ചുള്ള വണ്ണം
പടിഞ്ഞാറു സൂര്യൻ വിളങ്ങുന്നു തിണ്ണം
സൂര്യൻ താണുതാണു പോയ്ത്തുടങ്ങി. അതുനോക്കിക്കൊണ്ടിരിക്കുമ്പോൾ പേടിയാകുന്നു. (അണിയറയിൽ കാക്ക കരയുന്നു).
(മേല്പോട്ടു് നോക്കീട്ടു്) കാക്കകൾ ഇതാ പാറി അവരവരുടെ കൂടുകളിലേക്കു പോകുന്നു. ഇതാ ചെറിയ പക്ഷികൾ.
ഇടക്കിടേ ചലചലനെച്ചിലച്ചുപ-
ച്ചടക്കപോൽ ചെറുവുടലാണ്ട പക്ഷികൾ
മടക്കമായവരവർ വീട്ടിലേക്കിരു-
ട്ടടയ്ക്കുമേ മിഴികളെയെന്ന പേടിയാൽ!
ഞാനും വേഗം നടക്കട്ടെ! (ചുറ്റും നോക്കീട്ടു്) അയ്യോ! ഞാനിപ്പോൾ ഈ കാട്ടിൽ എത്തീട്ടേയുള്ളു. പകൽവെളിച്ചം ഈ കാട്ടിൽ നന്നേക്കുറഞ്ഞുവല്ലോ!
ഹിന്ദുസ്ഥാനി തോടി—ചതുരശ്രജാതി ത്രിപട
വഴികാണാതാകുമേ—വേഗം പോകാമേ
ഊഴിയുള്ളിങ്കൽ വല്ലാതുഴറ്റീടുമിരുളല്ലാ-
തില്ലെന്നായ് വരുമല്ലൽ കൈവരും
മെല്ലേ ചെല്ലുകിൽ (വഴി)
(വേഗം നടന്നുകൊണ്ടു്). അയ്യോ! ഇരുട്ടു് എത്തിപ്പോയി.
ഹതപ്രഭം പരമിരുളാം കരിമ്പട-
പ്പുതപ്പിനെ വിപിനതലം ധരിക്കയാൽ
ഹിതപ്രദം ജനനികരം കണക്കിനേ
ധൃതഭ്രമം പെരുവഴി തപ്പിടുന്നു ഞാൻ
(വീണ്ടും വേഗം നടക്കുന്നു.)
(അണിയറയിൽ കുറുക്കൻ കരയുന്നു.)
ബിഹാക്ക്—ചതുരശ്രജാതി ത്രിപട
പാരം പേടി വളരുന്നുമേ
വന്നെന്മേൽ ഒന്നമ്മെയ്യൂന്നമ്മേ! (പാരംപേടി)
ചാടി ഞാനെങ്ങിനെ കാടിതിൽതാനേ
ചടചട പാഞ്ഞിടേണ്ടു! (പാഞ്ഞുനിന്നിട്ടു്)
തടയുന്നു മുള്ളുകൊണ്ടു്.
(മുള്ളുപറിച്ചെടുക്കുന്ന സമയം ഇലകൾ അനങ്ങുന്ന ശബ്ദം കേട്ടിട്ടു്)
തേടിക്കൊണ്ടു് കൂടെയൊന്നുണ്ടു
(അണിയറയിൽ ക്രൂ ക്രൂ)
അരണ്ടു മുറണ്ടു
(പാരം പേടി)
(രണ്ടുവട്ടം പാഞ്ഞുനിന്നിട്ടു്)
എന്റെ ജ്യേഷ്ഠൻ ഈ കാട്ടിൽ ഉണ്ടെന്നു് അമ്മ പറഞ്ഞുവല്ലൊ.
(അണിയറയിൽ പിന്നേയും കുറുക്കൻ കരയുന്നു).
അയ്യോ! പേടിയാകുന്നു! അയ്യോ! പേടിയാകുന്നു! ജ്യേഷ്ഠാ! എന്റെ പശു മേയ്ക്കുന്ന ജ്യേഷ്ഠാ! എനിക്കു പേടിയാകുന്നു.
- ഭഗവാൻ:
- (അണിയറയിൽ) എന്റെ കുഞ്ഞനുജാ! ഞാൻ ഇവിടെതന്നെ ഉണ്ടു്. പേടിക്കാതെ പോയിക്കോളൂ!
- ബാല:
- (കേട്ടാശ്വാസിച്ചും കൊണ്ടു്) ഹാ! ജ്യേഷ്ഠൻ വിളികേട്ടു. എന്റെ പേടിയെല്ലാം പോയി. എന്റെ ജ്യേഷ്ഠൻ ഇവിടെതന്നെ ഉണ്ടല്ലൊ. ഞാനെന്തിന്നു പേടിക്കുന്നു? എന്റെ വീടും അടുത്തു. ഇതാ വിളക്കു കത്തുന്നു. ഇനി ഒരു ചാട്ടം ചാടി അമ്മയുടെ അടുക്കൽ എത്താം.
(എന്നു ചാടിപ്പോകുന്നു.)
പശ്ചാത്താപം
(ഒരു ചെറിയ വീട്ടിലെ ഉമ്മറം).
- സുശീല:
- (ഇരുന്ന നിലയിൽ)
ശങ്കരാഭരണം—ചതുരശ്രജാതി രൂപകം
കരുണാകര! കഞ്ജലോചന! നരക മഥന! (കാരുണാ)
സാരസാസനസേവ്യമാന!
ശാരദശശി ചാരുവദന! (കരുണാ)
ശരണാഗത ശോകഹരണ!
പരമഗതി നിൻ പാദതാരിണ
ശാന്ത മൃദുളഹാസ!
ബാണദർപ്പശമന സർപ്പശയന! (കരുണാ)
(എഴുന്നേറ്റു് കിഴക്കു നോക്കീട്ടു്) ഓഹോ! നേരം നാലുനാഴിക പുലർന്നു. ഓമനത്തമ്പാനെ എഴുത്തുപള്ളിക്കു പറഞ്ഞയക്കാറായി. പുസ്തകവും കൽപലകയും കെട്ടിവെക്കട്ടെ! (അങ്ങിനെ ചെയ്തിട്ടു്) എന്റെ തമ്പാൻ കഞ്ഞികുടിച്ചു് എവിടെ പോയി? (വിളിക്കുന്നു) തമ്പാനേ! ഓമനത്തമ്പാനേ!
- ബാലഗോപാലൻ:
- (അണിയറയിൽ) എന്തേ? അമ്മേ!
- സുശീല:
- നീ എന്താണു് പൊന്മകനെ, അവിടെ ചെയ്യുന്നതു്?
- ബാല:
- (അണിയറയിൽ) വരുന്നേ! വരുന്നേ! ഞാൻ എന്റെ കൊച്ചുവാഴക്കു് വെള്ളം നനക്കുകയാണു്. വരുന്നേ! വരുന്നേ!
- സുശീല:
- (ചിരിച്ചുംകൊണ്ടു്) വടക്കുഭാഗത്തെ വലിയ വാഴയ്ക്കു് ഒരു കന്നു പുറപ്പെട്ടിട്ടുണ്ടു്. ഇന്നു് അതു കണ്ടിട്ടുള്ള ഉത്സാഹമാണു്. (പ്രകാശം) കുഞ്ഞേ! നീ ഇങ്ങട്ടു് വരൂ. വെള്ളം ഞാൻ നനച്ചുകൊള്ളാം.
- ബാല:
- (അണിയറയിൽ)
ഗുൽറോജ—ചതുരശ്രജാതി ത്രിപട
ഇന്നാണിവനൊരുത്സവം അമ്മേ! (ഇന്നാ)
ഇന്നു വാഴനല്ലിളം കന്നുപെറ്റു കോമളം
നന്നു കാൺമോളം,
കൊടുക്കുന്നു ഞാൻ വളം! (ഇന്നാ)
- സുശീല:
ഉണ്ണി! വരികെന്നോമനേ!
വെണ്ണതോറ്റ കയ്യിനെ മണ്ണിലാഴ്ത്തിയിങ്ങിനേ
ദണ്ഡിക്കായ്കയെന്നാർത്തിനണ്ണുന്നെങ്ങിനെ
(ഉണ്ണി)
- ബാല:
- (പ്രവേശിച്ചു്)
അച്ചിവാഴ നീയമ്മേ! കൊച്ചുവാഴ
ഞാൻ ചെമ്മേ
മെച്ചമിസ്സുഖമൊരുമിച്ചു വന്നു മേ! (ഇന്നാ)
- സുശീല:
- (ചിരിച്ചുകൊണ്ടു്)
ശരിയാണു് പൊന്മകനെ!
അച്ചിവാഴയുടെ മടിയിൽ
കൊച്ചുവാഴ ഇരിക്കും പോലെ
ഏന്മടിയിലിക്ഷണം പൊന്മകനിരിക്കണം
നന്മയിൽ പുണർന്നിവളുമ്മവെക്കണം. (ഉണ്ണി)
- ബാല:
- അമ്മെ! ഇതാ ഞാൻ വരുന്നു (എന്നു തുള്ളിച്ചാടി മടിയിൽ ഇരിക്കുന്നു).
- സുശീല:
- (കണ്ണീർതൂകികൊണ്ടു് കെട്ടിപിടിച്ചാത്മഗതം)
ഹരിരതി, മമ ഭർത്തൃപ്രേമ,മീവൃത്തിരണ്ടിൻ
പരിണതിയിലുദിച്ചു പാവനം രണ്ടുരൂപം.
കരിമുകിലൊളിവർണ്ണൻ കണ്ണനാണെന്നു,മറ്റി-
പ്പരിമള ശിശിര ശ്രീചന്ദനം നന്ദനൻ നീ!
(കുടുമ്മ മിനുക്കിക്കെട്ടുന്നു)
(പ്രകാശം) മകനേ! എഴുത്തുപള്ളിക്കു പോകാറായില്ലെ?
- ബാല:
- പിന്നെയോ? എന്റെ പുസ്തകവും കൽപലകയും എവിടെ?
- സുശീല:
- ഇതാ ഞാൻ ഇവിടെ കെട്ടിവെച്ചിരിക്കുന്നു.
- ബാല:
- എന്നാൽ ഇനി ഞാൻ വേഗം പോകട്ടെ! (എഴുന്നേറ്റു് പുസ്തകക്കെട്ടെടുത്തു പുറപ്പെടുന്നു).
- സുശീല:
- (എഴുന്നേറ്റു്) തമ്പാനേ! നീ ഇന്നലെയും എന്റെ തമ്പാന്റെ ജ്യേഷ്ഠനെ കണ്ടിരിക്കുന്നോ?
- ബാല:
- (ഞെട്ടിത്തിരിഞ്ഞു നോക്കി പശ്ചാത്താപത്തോടെ) അമ്മേ! ഞാൻ ഇതുവരെ എന്റെ ജ്യേഷ്ഠനെ കണ്ടിട്ടില്ലല്ലൊ!
- സുശീല:
- (പരിഭ്രമത്തോടെ) എന്താണു മകനേ കാണാഞ്ഞതു്?
- ബാല:
- കാണണമെന്നു് ഇതുവരെ അമ്മ പറഞ്ഞിട്ടില്ലല്ലോ. പേടിയാകുമ്പോൾ ജ്യേഷ്ഠനെ വിളിക്കണമെന്നു മാത്രമല്ലേ അമ്മ പറഞ്ഞുളളൂ! പോകുമ്പോഴും വരുമ്പോഴും എല്ലാ ദിവസവും ഞാൻ എന്റെ ജ്യേഷ്ഠനെ വിളിക്കാറുണ്ടു്. “അനുജാ, ഞാൻ ഇവിടെത്തന്നെയാണു്. പേടിക്കാതെ പൊയ്ക്കോളൂ!” എന്നു ജ്യേഷ്ഠൻ മറുപടി പറയാറുണ്ടു്.
- സുശീല:
- (പരിഭവത്തോടെ കരഞ്ഞുകൊണ്ടു് ആത്മഗതം) കഷ്ടം ഭഗവാനേ! കഷ്ടം.
ഇടയച്ചെറുക്കരുടെ കണ്ണിനുത്സവ-
ച്ഛടയാക്കിവെച്ച തവ ദിവ്യവിഗ്രഹം
കടൽ വർണ്ണ!
മത്സുതനുമൊന്നുകാണുവാനി-
ടയാക്കിടാഞ്ഞതുകടുപ്പമല്ലയോ?കൃഷ്ണ!
(ഞെട്ടിക്കരഞ്ഞുകൊണ്ടു്) അല്ലെങ്കിൽ എന്തിനു അങ്ങയോടു പരിഭവം പറയുന്നു? അങ്ങയെ കാണണമെന്നു് എന്റെ മകനെ ധരിപ്പിക്കാത്തതു് എന്റെ കുറ്റമല്ലേ?
“യാദൃശീ ഭാവനാ യസ്യ തസ്യ സിദ്ധിസ്തു താദൃശീ” എന്നല്ലേ മഹദ്വചനം?
- ബാല:
- എന്റെ ജ്യേഷ്ഠന്റെ വർത്തമാനം കേൾപ്പാൻ എന്തൊരു സുഖമാണമ്മേ! “എന്റെ കുഞ്ഞനുജാ! ഞാൻ ഇവിടെത്തന്നെയുണ്ടു്, പേടിക്കാതെ പോയ്ക്കൊൾക!” എന്നാണു് പറയുക. ജ്യേഷ്ഠന്നു് എന്നോടു് എന്തൊരു സ്നേഹമാണമ്മേ!
- സുശീല:
- (വിചാരം) ഈ വാക്കു് എത്ര പറഞ്ഞാലും എന്റെ പൊന്നിനു് തൃപ്തിയില്ല.
- ബാല:
- എന്നാൽ ഞാൻ എന്റെ ജ്യേഷ്ഠനെ ഇന്നു കാണണോ അമ്മേ!
- സുശീല:
- കാണണം പൊന്മകനേ!
- ബാല:
- ഞാൻ വിളിച്ചാൽ ജ്യേഷ്ഠൻ എന്റെ അടുത്തു വരാതെകണ്ടൊന്നും ഇരിക്കില്ല. (ചുണ്ടുനീട്ടി കഴുത്താട്ടുന്നു) വന്നില്ലെങ്കിൽ ഞാൻ കാട്ടിൽ നിന്നു കരഞ്ഞു ലഹള കൂട്ടും. എന്നാൽ എങ്ങനെ വരാതിരിക്കും?
- സുശീല:
- (ചിരിച്ചുകൊണ്ടു്) അങ്ങനെ തന്നെ ചെയ്യണം മകനേ! എന്റെ പൊന്മകൻ ഇന്നു തീർച്ചയായും ജ്യേഷ്ഠനെ കാണും.
- ബാല:
- എന്നാൽ ഞാൻ എന്റെ ജ്യേഷ്ഠനെ കണ്ടതിൽ പിന്നെ മാത്രമേ എഴുത്തുപള്ളിക്കു പോകയുളളൂ.
- സുശീല:
- (ചിരിച്ചു തലോടിക്കൊണ്ടു്) മതി മകനേ! മതി. ജ്യേഷ്ഠനെ കണ്ടതിൽപ്പിന്നെ എഴുത്തുപള്ളിക്കു പോയാൽ മതി.
- ബാല:
- എന്നാൽ ഞാൻ വേഗം പോകട്ടെ! (പോകുന്നു)
- സുശീല:
- അങ്ങനെതന്നെ. (ഭക്തിയോടെ കരഞ്ഞു തൊഴുതുംകൊണ്ടു്)
(പാന)
സീമവിട്ടു സമാധിയിലെന്നെനീ
സോമശീതളയാക്കുന്ന പൂമേനി
താമരക്കണ്ണ! കാട്ടേണമേ കനി-
ഞ്ഞോമനക്കു ധ്രുവന്നെന്നപോലിനി.
(തിരശ്ശീല വീഴുന്നു)
ഭഗവൽ പ്രത്യക്ഷം
(ഒരു ചെറിയ കാടു്)
(ബാലഗോപാലൻ പുസ്തകക്കെട്ടു് കക്ഷത്തിൽതാങ്ങിപ്പിടിച്ചു് ഉത്സാഹത്തോടെ ചാഞ്ചാടി പ്രവേശിക്കുന്നു).
“ഉലൂഖലേ ബദ്ധമുദാരചൗര്യ-
മുത്തുംഗ യുഗ്മാർജ്ജുന ഭംഗലീലം
ഉൽഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി.”
ഈ ശ്ലോകം നല്ല രസമുണ്ടു്! (വീണ്ടും ചൊല്ലിച്ചാഞ്ചാടി നടന്നിട്ടു്).
ഇതിന്റെ അർത്ഥം അമ്മപറഞ്ഞുതന്നുവല്ലൊ! ശ്രീകൃഷ്ണൻ വെണ്ണയും പാലും കട്ടുതിന്നു. അതുകൊണ്ടു് അമ്മ ശ്രീകൃഷ്ണനെ ഉരലോടു പിടിച്ചു കെട്ടി—അതെ! കക്കുന്ന കുട്ടിയെ അമ്മ പിടിച്ചുകെട്ടുകയില്ലേ? എന്നിട്ടോ ശ്രീകൃഷ്ണൻ പോക്കിരി! അമ്മേ! ഗജപോക്കിരി!! ഉരലോടുകൂടി ഉരുണ്ടു പിരണ്ടു ഏഞ്ഞു വലിഞ്ഞു പോയി രണ്ടു വലിയ മരുതുമരങ്ങളുടെ ഇടയിൽക്കൂടി ഉരൽ തിക്കിവലിച്ചു. അപ്പോൾ അതാ, മരങ്ങൾ: വലിയ തൊണ്ടു മരങ്ങൾ!! ഠീം. ഠീം. പൊട്ടിവീഴുന്നു! (കൈകൊട്ടി ചിരിച്ചും കൊണ്ടു്) ഹാ! ഹാ! രസം തന്നെ! ബഹുരസം. എന്നിട്ടോ, ശ്രീകൃഷ്ണന്റെ മേൽ ഒന്നും വീണതുമില്ല! അതല്ലെ സൂത്രം? അങ്ങനെയാണു് വേണ്ടതു്. “ബാലം മുകുന്ദം മനസാ സ്മരാമി”
(വീണ്ടും ചാഞ്ചാടി നോക്കിനിന്നിട്ടു്) ഇതാ! ജ്യേഷ്ഠൻ പശുക്കളെ മേയ്ക്കുന്ന കാടല്ലെ ഇതു്! (അണിയറയിൽ മധുര സ്വരം).
(കേട്ടതായി നടിച്ചു്) ഒരു പാട്ടു കേൾക്കുന്നുണ്ടല്ലോ? അമ്മ പറഞ്ഞില്ലേ ജ്യേഷ്ഠന്നു പാട്ടറിയാമെന്നു് (വീണ്ടും അണിയറയിൽ മധുര സ്വരം).
തോടി—ചതുരശ്രജാതി ത്രിപട
പാട്ടു കേൾക്കാറായി
പവിത്രനഗ്രജനുടെ പാട്ടുകൾ കേൾക്കയായ്
ശരി ജ്യേഷ്ഠന്നു് ഒരു ഓടക്കുഴലും ഉണ്ടു്. അമ്മ പറഞ്ഞില്ലേ! (അണിയറയിൽ വീണ്ടും മധുര സ്വരം).
പാട്ടു കേള്‍ക്കയായ്
പരമസുഖം തരുമെൻ പവിത്രനഗ്രജനുടെ (പാട്ടു)
ഓടക്കുഴലൂത്തിതു കൂടെക്കൂടെകേൾപ്പിതു?
ചാടിച്ചെന്നു ഞാനങ്ങതു
മേടിച്ചിടാം ചൊല്ലാം വാതു. (പാട്ടു)
(ഒരു ഓട്ടം ഓടി മേൽപോട്ടു നോക്കീട്ടു്) ഇവിടെ നിന്നു നല്ല വണ്ണം കേൾക്കുന്നുണ്ടു്. (വീണ്ടും നോക്കീട്ടു്) ഇതാ! ഈ മരത്തിന്റെ മുകളിൽ നിന്നാണു് ജ്യേഷ്ഠൻ പാട്ടു പാടുന്നതു്. (സൂക്ഷിച്ചു നോക്കിക്കൊണ്ടു് വ്യസനത്തോടെ) അയ്യോ! ജ്യേഷ്ഠനെ ഇവിടെ കാണുന്നില്ലല്ലോ! (അണിയറയിൽ വീണ്ടും മധുര സ്വരം). പാട്ടിതാ പിന്നെയും കേൾക്കുന്നു! ജ്യേഷ്ഠൻ ഈ മരത്തിന്മേൽ ഇലകളിൽ ഒളിച്ചു നില്ക്കുന്നുണ്ടു്. ഞാൻ കണ്ടുപിടിക്കട്ടെ! (വീണ്ടും മേല്പോട്ടു നോക്കി വ്യസനിച്ചുകൊണ്ടു്) ഓ! ഈ പാട്ടു പാടുന്നതു് ഒരു കുയിലാണു്. ജ്യേഷ്ഠൻ ഇവിടെ ഇല്ല. (വീണ്ടും വ്യസനിച്ചു മുമ്പോട്ടു നോക്കി പരിഭ്രമത്തോടെ) ഉണ്ടു്, അതാ അങ്ങു ദൂരെ അതാ! കാലികളുടെ കൂട്ടത്തിൽ ഒരു പീലിമുടി കാണുന്നു. ജ്യേഷ്ഠന്നു് പീലിക്കിരീടമുണ്ടെന്നു അമ്മ പറഞ്ഞില്ലേ? (അണിയറയിൽ ചിലമ്പിന്റെശബ്ദം) ഉണ്ടു്, കാൽച്ചിലമ്പിന്റെ ഒച്ചയും കേൾക്കുന്നുണ്ടു്.
കാലിൽ ചിലമ്പുകളണിഞ്ഞു
കൊണിഞ്ഞു കൊഞ്ചി
കാലിക്കിടാങ്ങളുമൊത്തു കളിക്കയാവാം.
നീലിച്ചു കാണ്മതിതു കാലികൾ തന്നിടക്കായ്
പീലിക്കിരീട,മതിനില്ലൊരു സംശയം മേ.
ഇനിയൊരു ചാട്ടം ചാടിയാൽ അടുത്തു കാണാം. (ചാടി പോയിട്ടു്) ജ്യേഷ്ഠൻ എവിടെ? (പരിഭ്രമത്തോടെ) ജ്യേഷ്ഠൻ എവിടെ? ഓ, ഇല്ല. ഇവിടെയും ഇല്ല. കാലികളുടെ കൂട്ടത്തിൽ ഈ മയിലിനെയാണു് ഞാൻ ദൂരെനിന്നു കണ്ടതു്. ചിലമ്പിന്റെ ഒച്ച കേട്ടുവല്ലോ! (അല്പം ചുറ്റി നടന്നു മറുഭാഗത്തേക്കു് നോക്കീട്ടു്) ഓ ഹൊ! ഇതാ ഒരു താമരക്കുളം! ഇതിൽനിന്നാണു് ചിലമ്പിന്റെ ഒച്ച കേൾക്കുന്നതു്. ജ്യേഷ്ഠൻ ഇവിടെയുണ്ടു്. തുള്ളിത്തുള്ളിക്കളിക്കുകയാണു്. ഞാൻ ചെന്നുനോക്കട്ടെ! (ചുറ്റി നടന്നു് നോക്കീട്ടു്) വ്യസനത്തോടെ ഇല്ല; ഇവിടെയും ഇല്ല.
ചെലം ചെലം ചെഞ്ചലമെന്നഹോ പൊൻ-
ചിലമ്പൊലിക്കൊത്തരയന്നമത്രേ
സ്ഥലംപിടിച്ചിക്കമലങ്ങളിൽ പോ-
യ്ക്കലമ്പു കൂട്ടുന്നതു ചേട്ടനല്ല.
ഈ താമരക്കുളത്തിന്റെ മരണത്തിന്റെയും ഈ കുറ്റിക്കാടുകളും എനിക്കു കളിപ്പാൻ നല്ല സ്ഥലമായിരുന്നു. കഷ്ടം, ജ്യേഷ്ഠനില്ലാതെ ഞാൻ എങ്ങിനെ കളിക്കും? ഇനിയും ഞാൻ എന്റെ ജ്യേഷ്ഠനെ കണ്ടില്ലല്ലോ! (വ്യസനിച്ചു വീണ്ടും ദൂരെ നോക്കി പരിഭ്രമത്തോടെ) ജ്യേഷ്ഠനല്ലേ ഈ താമരക്കുളത്തിന്റെ അങ്ങേക്കരെയിൽ അങ്ങു ദൂരത്തു ആകാട്ടിൽ നില്ക്കുന്നതു്? അതെ, സംശയമില്ല.
കല്യാണി—ചതുരശ്രജാതി ത്രിപട.
കണ്ണിണക്കെന്തു കൗതുകം കൂടക്കൂടെ മമ (കണ്ണിണ)
വെൺനിലാവിൻ കൊഴുപ്പും
വണ്ണിക്കുമിത്തണുപ്പും
വർണ്ണവുമമ്മ പറഞ്ഞിതു, മഞ്ജിമ
നണ്ണുകിലണ്ണനതാണു ദൃഢം മമ (കണ്ണിണ)
കുശലമേകുമിവനെ കൂറെഴും ജ്യേഷ്ഠൻ നന്നെ
കുളിരെഴും കരം നീട്ടിക്കൊണ്ടു തന്നെ
കുതുകമാർന്നിതാ താനെ കുഞ്ഞനുജനാമെന്നെ
കൂടക്കൂടെവിളിക്കുന്നു കൂടെച്ചേർന്നുകൂടാം ചെന്നു.
പാടിയുമാടിയുമോടിയുമിങ്ങനെ. (കണ്ണിണ)
(വീണ്ടും ദീർഘമായി ഒരു ഓട്ടം ഓടി നാലു ഭാഗവും നോക്കി പരിഭ്രമത്തോടെ) ജ്യേഷ്ഠൻ എവിടെ? ജ്യേഷ്ഠൻ എവിടെ? അയ്യോ കഷ്ടം! നീലവർണ്ണമായിക്കണ്ടതു് ഈ കായാമ്പൂക്കളേയാണു്. കാറ്റത്താടുന്ന ഇല്ലിക്കൊമ്പുകളെയാണു് ജ്യേഷ്ഠന്റെ കൈകൾ എന്നു് എനിക്കു തോന്നിപ്പോയതു്. അയ്യോ! ഞാനോടിയോടി നന്നെ തളർന്നുവല്ലൊ. (കരഞ്ഞു കൊണ്ടു്) അമ്മ പറഞ്ഞില്ലേ ഇന്നു് തീർച്ചയായും ജ്യേഷ്ഠനെ കാണുമെന്നു്! (ഞെട്ടി ഞെട്ടിക്കരഞ്ഞു നിലവിളിച്ചുംകൊണ്ടു്) ജ്യേഷ്ഠാ! എന്റെ പശുമേക്കുന്ന ജ്യേഷ്ഠാ!
- ഭഗവാൻ:
- (അണിയറയിൽ) എന്റെ കുഞ്ഞനുജാ! ഞാൻ ഇവിടെത്തന്നെയുണ്ടു്. നീ എന്തിനു കരയുന്നു!
- ബാല:
- (കേട്ടതായി നടിച്ചുകൊണ്ടു്) ഹാ! ജ്യേഷ്ഠൻ വിളികേട്ടു. എന്റെ ക്ഷീണവും മാറി. ഹോ ഹോ! ഞാൻ ഇതുവരെ ജ്യേഷ്ഠനെ വിളിക്കാത്തതുകൊണ്ടാണു് കാണാതിരുന്നതു്! ജ്യേഷ്ഠാ! എനിക്കു ജ്യേഷ്ഠനെ കാണണം.
- ഭഗവാൻ:
- (അണിയറയിൽ) അനുജാ, ഞാൻ ഇവിടെത്തന്നെ ഉണ്ടു്. പേടിക്കാതെ പൊയ്ക്കോളൂ!
- ബാല:
- അങ്ങിനെ പറഞ്ഞാൽ മതിയാകയില്ല. എനിക്കു ജ്യേഷ്ഠനെ കാണണം!
- ഭഗവാൻ:
- (അണിയറയിൽ) എന്റെ അനുജന്നു് ഇപ്പോളെന്നെ കാണുവാൻ വളരെ പ്രയാസമാണല്ലൊ!
- ബാല:
- എന്താണു് ജ്യേഷ്ഠ! എനിക്കു കാണുവാൻ പ്രയാസം? ജ്യേഷ്ഠൻ എന്റെ അടുത്തുവന്നാൽ മതി.
- ഭഗവാൻ:
- (അണിയറയിൽ) അനുജാ! ഞാൻ ഇവിടെപശുക്കളെ മേച്ചുകൊണ്ടിരിക്കുകയാണു്. ഇപ്പോൾ വരാൻ പാടില്ല.
- ബാല:
- പശുക്കളെ വിട്ടുവന്നാൽ എന്താണു്?
- ഭഗവാൻ:
- (അണിയറയിൽ) അയ്യോ! പശുക്കളെ നരി പിടിക്കുകയില്ലെ?
- ബാല:
- (പേടിച്ചുകൊണ്ടു്) ജ്യേഷ്ഠാ! എന്നാൽ ഞാൻ ഇവിടെ തനിയെയാണു് നില്ക്കുന്നതു്. എന്നേയും നരി പിടിക്കും. എനിക്കു് പേടിയാകുന്നു.
- ഭഗവാൻ:
- (അണിയറയിൽ) അനുജാ! പേടിക്കേണ്ട. നിന്നെ നരി പിടിക്കുകയില്ല. ഞാൻ നിന്നെയും കാണുന്നുണ്ടു്.
- ബാല:
- (ചുറ്റും നോക്കിക്കൊണ്ടു്) അയ്യോ, ഞാൻ ജ്യേഷ്ഠനെ കാണുന്നില്ലല്ലോ. ജ്യേഷ്ഠൻ ഈ കാട്ടിന്റെ അങ്ങേപ്പുറത്താണോ ഉള്ളതു്?
- ഭഗവാൻ:
- (അണിയറയിൽ) അതേ.
- ബാല:
- (സൂക്ഷിച്ചു നോക്കിക്കൊണ്ടു്) കാണുന്നേ ഇല്ല. ഇതെന്തൊരു കാടാണു് ജ്യേഷ്ഠാ?
- ഭഗവാൻ:
- (അണിയറയിൽ) മായക്കാടു്.
- ബാല:
- എന്നാൽ ഈ കാട്ടിൽകൂടി ഞാൻ അങ്ങട്ടു് വരാം (കാടു നൂഴുന്നു)
- ഭഗവാൻ:
- (അണിയറയിൽ) വേണ്ട. വേണ്ട. ഇങ്ങട്ടുവരേണ്ട. ഈ കാട്ടിൽക്കൂടി വന്നാൽ എന്റെ അനുജന്റെ ഓമനമേനി മുള്ളുകൊണ്ടു മുറിഞ്ഞുപോകും.
- ബാല:
- എന്നാൽ എനിക്കു് ജ്യേഷ്ഠനെ കണ്ടേ കഴിയൂ. ഇങ്ങട്ടു വരൂ.
- ഭഗവാൻ:
- (അണിയറയിൽ) എന്തിനാണു് അനുജാ നീ വെറുതെ ശാഠ്യം പിടിക്കുന്നതു്!
- ബാല:
- ഞാനാണോ വെറുതെ ശാഠ്യം പിടിക്കുന്നതു്. ജ്യേഷ്ഠനെ കാണണമെന്നു് മാത്രമല്ലെ ഞാൻ പറയുന്നുള്ളു! അയ്യൊ! തനിയെ ഇവിടെ നിൽപ്പാൻ എനിക്കു ധൈര്യമില്ലല്ലൊ. നരിയും വരുമല്ലോ. (കരയുന്നു.)
- ഭഗവാൻ:
- (അണിയറയിൽ)
ആനന്ദഭൈരവി—തിസ്രജാതിത്രിപട.
പഴുതെ നിൽപ്പതെന്തെൻ പൊന്നുണ്ണി! കഷ്ടം!
ഉഴന്നിങ്ങിനെ ഭയംനണ്ണി?
മുഴുത്തുപോയ് വെയിൽ ഘോരം
എഴുത്തുപള്ളിയോ ദൂരം
പഴുത്തപൂഴി സഞ്ചാരം കഴൽനീറ്റും പാരം (പഴുതെ)
- ബാല:
- (മുൻമട്ടു്)
പഴുതെ നില്ക്കയല്ല കാർവ്വർണ്ണ! നിന്നെ
തഴുകേണമൊരുക്കുറി കണ്ടുഞാനണ്ണാ!
ഒഴുക്കി നീ മൊഴിപ്പാലെ
അഴലാറ്റി നിനിക്കാലെ
മിഴികൾക്കഞ്ജനം ചാലേ പൊഴിക്കുടലാലെ (പഴുതേ)
- ഭഗവാൻ:
- (അണിയറയിൽ)
അനുജാ! മാതൃശാസനം
നിനച്ചപോകയന്യൂനം
ജനനീ ശാസനം നൂനം തനയർക്കുമാനം (പഴുതെ)
- ബാല:
- അനഘം നിൻവിലോകനം തരുവാൻ മാതൃശാസനം ജനനീശാസനം നൂനം തനയക്കുമാനം (പഴുതെ)
- ഭഗവാൻ:
- (അണിയറയിൽ) അനുജാ! ഞാൻ നിന്നെക്കൊണ്ടു ബുദ്ധിമുട്ടി.
- ബാല:
- ജ്യേഷ്ഠൻ എന്നെക്കൊണ്ടു് എന്തിനാണു് ബുദ്ധിമുട്ടിക്കുന്നതു്. ഒരിക്കൽ എന്റെ അടുക്കൽ വരുന്നില്ലല്ലോ! (ഞെട്ടികരയുന്നു)
- ഭഗവാൻ:
- (അണിയറയിൽ) എന്റെ ഓമന കരയരുതേ! ഞാൻ അടുത്തുവരാം.
- ബാല:
- എന്നാൽ മതിയല്ലോ. അടുത്തുവരൂ!
- ഭഗവാൻ:
- (അണിയറയിൽ) എന്റെ അനുജനു് എന്നെ കണ്ടാൽ മനസ്സിലാകുമോ?
- ബാല:
- എന്താണു് ജ്യേഷ്ഠാ! മസ്സിലാകാതെ കണ്ടിരിക്കുവാൻ?
- ഭഗവാൻ:
- (അണിയറയിൽ) എന്റെ അനുജൻ ഇതുവരെ എന്നെ കണ്ടിട്ടില്ലല്ലൊ!
- ബാല:
- ആ സൂത്രമൊന്നും ജ്യേഷ്ഠൻ പറയേണ്ട. ജ്യേഷ്ഠന്റെ രൂപത്തെപ്പറ്റി എത്രയോ പ്രാവശ്യം അമ്മ എനിക്കു പറഞ്ഞുതന്നിട്ടുണ്ടല്ലൊ!
- ഭഗവാൻ:
- (അണിയറയിൽ) എങ്ങിനെയാണു് ആ രൂപം? കേൾക്കട്ടെ!
- ബാല:
- കേട്ടോ!
(ശ്രീകൃഷ്ണപാദാദികേശസ്തവം)
19. കാലിണക്കരിയ പൊൻചിലമ്പരയി-
ലോലുമക്കനകനൂലുതൻ-
മേലിടഞ്ഞ ഘനകിങ്കിണി ക്വണിതി
കോലുമക്കനക ചേലയും
ചേലിയന്ന തിരുമാറിൽ മുത്തുമണി-
മാലയും പുലി നഖങ്ങൾ പൊൻ-
താലിയും തുളസിമാലയും വിലസി-
ഞേലുമച്ഛ വനമാലയും.
20. മാലകറ്റുമിരുകൈകളിൽ കനക-
കങ്കണം കലിതരിംഘണം
കാലിമേയ്ക്കുമൊരു കോലുമിക്കരള-
ലിച്ചിടും മുരളിനാളിയും
നീലമേഘ തിരുമെയ്ക്കു പൃഷ്ഠമര-
യോളമാളുമതികാളിമ-
ശ്രീലസച്ചികുരജാലവും ഭ്രമര-
ലോലയാം കുസുമമാലയും.
21. കർണ്ണലംബിമണിമണ്ഡിതം മകര-
കുണ്ഡലം തടവിടുന്ന നിൻ
ഗണ്ഡലക്ഷ്മിയുമുയർന്ന രമ്യതര-
നാസയുംമധുരഹാസവും
പുണ്ഡരീക നയനങ്ങളും പ്രകൃതി-
സുന്ദരം പുരികഭംഗിയും
ഖണ്ഡ ചന്ദ്രനിടിലസ്ഥലീ വിലസ-
ദൂർദ്ധ്വപുണ്ഡ്രപരിശോഭയും.
22. പൂർണ്ണചന്ദ്രമുഖകാന്തി തന്നുപരി-
നീന്തിമിന്നുമതി മഞ്ജുളം
ചൂർണ്ണകുന്തള വിലാസവും മണി-
സുവർണ്ണസുന്ദരകിരീടവും
താണ്ഡവത്തിലതിഘൂർണ്ണമാനമകു-
ടാഗ്രപിഞ്ഛനിരയും സമുൽ-
ഗീർണ്ണധാമവുമിയന്ന കോമളക-
ളായ മേനി കണികാണണം.
(തിരശ്ശീല പതുക്കെപ്പതുക്കെ പൊങ്ങിത്തുടങ്ങുന്നു).
- ബാല:
- (അതു നോക്കി കണ്ണീർ തൂകിക്കൊണ്ടു്) ജ്യേഷ്ഠാ! ഈ കാടിതാ മെല്ലേ മെല്ലേ നീങ്ങിപ്പോകുന്നു! ഈ കാടിന്റെ ഇടയിൽക്കൂടി കായാമ്പൂനിറം പോലെ കത്തിത്തിളങ്ങുന്ന കാന്തിസമൂഹം ഇങ്ങട്ടു ഉന്തിത്തള്ളിച്ചാടിക്കരേറുന്നു. എന്തൊരു തേജസ്സാണപ്പാ, ഇതു്! എനിക്കു നോക്കുവാൻ കഴിയുന്നില്ലല്ലോ.
(അണിയറയിൽ അച്യുതാനന്ദ ഗോവിന്ദ! അച്യുതാനന്ദ ഗോവിന്ദ! എന്നു് നാമസങ്കീർത്തനവും ശംഖനാദവും പെരുമ്പറനാദവും മുഴങ്ങുന്നു.)
- ബാല:
- (ഞെട്ടിക്കൊണ്ടു്) ജ്യേഷ്ഠാ! എന്റെ പശു മേയ്ക്കുന്ന ജ്യേഷ്ഠാ! എന്തൊരാഘോഷമാണു ഞാൻ കേൾക്കുന്നതു്. നാരായണ! നാരായണ! എന്തൊരാഘോഷം! എന്തൊരാനന്ദം! ഇതു കേട്ടുകൊണ്ടിരിപ്പാൻ എനിക്കു ശക്തി ഇല്ലാതാകുന്നു. ഈ തേജഃപുഞ്ജത്തിൽ എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു. ശബ്ദഘോഷത്തിൽ ചെവികൾ അടഞ്ഞു പോകുന്നു! ഇതാ! കണ്ണിരുട്ടടയുന്നു. ഇതാ! ചെകിടടയുന്നു. അയ്യോ! എനിക്കു് സംസാരിപ്പാൻ കഴിയുന്നില്ല. (ഇരുന്നിട്ടു്) അയ്യോ! ഇതാ എന്റെ നാവു താഴുന്നു. കൃഷ്ണാ! നാരായണ! കൃഷ്ണാ! നാരായണ! (കണ്ണടച്ചു് തൊഴുതു കണ്ണീർ തൂകിക്കൊണ്ടു് അനങ്ങാതിരിക്കുന്നു).
(അണിയറയിൽ പെരുമ്പറനാദം, ശംഖനാദം, പുഷ്പവർഷം, നാമ സങ്കീർത്തനം)
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകിനായകം രാമചന്ദ്രം ഹരിം (1)
അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധനം
ഇന്ദിരാമന്ദിരം തേജസാ സുന്ദരം
ദേവകീ നന്ദനം നന്ദജം സന്ദധെ (2)
വിഷ്ണവേ ജിഷ്ണവേ ശംഖിനെ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീജാനയേ
വല്ലവീ വല്ലഭായാജിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ (3)
കൃഷ്ണ! ഗോവിന്ദ! ഹേ രാമ!നാരായണ
ശ്രീപതേ വാസുദേവാച്യുത! ശ്രീനിധേ!
അച്യുതാനന്ദ! ഹേ മാധവാധോക്ഷജ!
ദ്വാരകനായക! ദ്രൗപതിരക്ഷക! (4)
രാക്ഷസക്ഷോഭിതസ്സീതയാശോഭിതോ
ദണ്ഡകാരണ്യപുണ്യതാകാരണം
ലക്ഷ്മണനാന്വിതോ വാനരൈസ്സേവിതോ-
ഗസ്തിനാപൂജിതോരാഘവഃ പാതു മാം (5)
ധേനുകാരിഷ്ടകാനിഷ്ട കൃദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികവാദകഃ
പൂതനശോഷകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവ്വദാ. (6)
വൈദ്യുതദ്യോതസാ സംസ്ഫുരദ്വാസസാ
പ്രാവൃഡംഭോദവൽപ്രോലസദ്വിഗ്രഹം
വൈജയന്തീപ്രഭാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ (7)
കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
രത്നമൗലിം ലസൽകുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരിണം കങ്കണ പ്രോജ്വലം
കിങ്ങിണീമഞ്ജുളം ശ്യാമളം ഭാവയെ (8)
പ്രത്യക്ഷം.
(രണ്ടു ഉപനിഷൽദേവിമാരുടെ മധ്യത്തിൽ ഉയർന്ന നിലയിൽ വലത്തേക്കാൽ പിണച്ചുവെച്ചും കിരീട കുണ്ഡലാദ്യലങ്കാരങ്ങളോടുകൂടി ഭ്രൂവിക്ഷേപത്തോടും, ഓടക്കുഴലൂതിക്കൊണ്ടു് ഭഗവാൻ പ്രത്യക്ഷപ്പെടുന്നു).
ഉപനിഷൽദേവിമാർ (സ്തുതിക്കുന്നു)
ചെഞ്ചുരുട്ടി ചതുരശ്രജാതി ത്രിപട
ജയജനാനന്ദന! നന്ദനന്ദന!
ജയജയ ജനാർദ്ദന! ജലജവിലോചന!
ജനിമൃതിഭയമോചന! കൃഷ്ണ! (ജയ)
അകലുഷജനപ്രിയ! സകലജഗദാശ്രയ!
സകലവിഗ്രഹ ചിന്മയ! കൃഷ്ണ! (ജയ)
(സ്തുതി കഴിഞ്ഞു ദേവിമാർ മറയുന്നു)
(ഭഗവാൻ ചുറ്റും നോക്കി വീഴാൻ ഭാവിക്കുന്ന ബാലഗോപാലനെ പെട്ടെന്നു കണ്ടു ഞെട്ടി, തുള്ളിച്ചാടി എടുത്തു മടിയിൽ ഇരുത്തി ഇടങ്കയ്യിൽ താങ്ങി വലം കൈകൊണ്ടു് ചിംബുകം പിടിച്ചു ചുംബിച്ചുകൊണ്ടു്)
കാമാശി—തിസ്രജാതി ത്രിപട
എന്നോമലനുജ! ബാല! മോഹനശീല!
(എന്നോമൽ)
വന്നു ഞാനിതാ! ലോലസുന്ദരമിഴിലീല!
മന്ദഹാസമഞ്ജുള! തന്നാലുംസുകപോല!
(എന്നോമൽ)
(വീണ്ടും ചുംബിക്കുന്നു)
- ബാല:
- (ഞെട്ടി കണ്ണു് തുറന്നു ഭഗവാനെ കണ്ട ആഹ്ലാദത്തോടെ)
ശങ്കരാഭരണം—ചതുരശ്രജാതി ത്രിപട,
കണ്ടുതേ കണ്ടുതേ!
കാരുണ്യാമൃതക്കടലാമെന്നഗ്രജനെ
(കണ്ടുതേ)
പണ്ടമ്മപറഞ്ഞതിലുമധികമോടി
പൂണ്ടുകാണ്മൂ കുതുകം വിലസുംപടി
(കണ്ടുതേ)
(വീണ്ടും വീണ്ടും ഭഗവാനെ ആലിംഗനം ചെയ്യുന്നു)
(ഭഗവാനെ കെട്ടിപ്പിടിച്ചുകൊണ്ടു്)
ഭാഗ്യമേ ഭാഗ്യമേ!
ഭുവനമോദനം മൃദുഭജംകൊണ്ടിപ്പരിഷ്വംഗം
(ഭാഗ്യമേ)
ശ്ലാഘ്യയാം ജനനിതന്നാനുജ്ഞയാൽ നാം
ഭാഗ്യവാരിധികളായ് ഗുണശോഭന!
(ഭാഗ്യമേ)
(വീണ്ടും കെട്ടിപ്പിടിക്കുന്നു)
- ബാല:
അളിച്ചാർത്തുവർണ്ണ! ജ്യേഷ്ഠ! വെറുതെകാട്ടി-
ലൊളിച്ചു നീയിതുവരെ കഴിച്ചുകൂട്ടി
വെളിച്ചത്തു വരാനെത്ര കുഴപ്പംകൂട്ടി!
കിട്ടി ഞാനര മിനുട്ടു വിടില്ലിനി. (കണ്ടുതേ)
(ചാടി പിന്നെയും കെട്ടിപ്പിടിക്കുന്നു)
- ഭഗവാൻ:
ഒളിച്ചുഞാനിരിക്കുന്നില്ലൊരുദിക്കിലും
വെളിച്ചത്തും കളിപ്പൂ ഞാനിരുട്ടിങ്കലും
വിളിച്ചുള്ള വിളിപോലെന്നനുജങ്കലും
വന്നുഞാനിതാ! തരുന്നു ഹിതം തവ (ഭാഗ്യമേ)
(വീണ്ടും ആലിംഗനം ചെയ്തു മാറിൽ മുത്തുന്നു)
- ബാല:
- ജ്യേഷ്ഠന്റെ പീലികിരീടം എന്റെ മേൽമുട്ടി നിൽക്കുന്നു. എന്തൊരു സുഖമാണു് ജേഷ്ഠാ.
- ഭഗവാൻ:
- എന്റെ അനുജന്റെ കുഞ്ഞിക്കുടുമയാണു് ഇതിലും അധികം സുഖം തരുന്നതു്. (തോളിൽ കിളുമ്പി മൂർദ്ധാവിൽ ചുംബിക്കുന്നു)
- ബാല:
- (പൊട്ടിച്ചിരിച്ചുകൊണ്ടു്) ഇതു് എന്തിനാണു് ജ്യേഷ്ഠ എന്നെ കിക്കിളിയാക്കുന്നതു്. അവിടെ ഇരിക്കു ജ്യേഷ്ഠ! ഞാൻ ജ്യേഷ്ഠന്റെ പീലിക്കിരീടം ഒന്നു് നല്ലവണ്ണം നോക്കട്ടെ.
- ഭഗവാൻ:
- (ഇരുന്നിട്ടു്) ഇതാ! ഞാൻ ഇരുന്നു! നോക്കിക്കോളൂ!
- ബാല:
- (സൂക്ഷിച്ചുനോക്കിക്കൊണ്ടു്) ഈ പീലിക്കിരീടത്തിനു് എന്തു ഭംഗിയാണു് ജ്യേഷ്ഠ? എന്തൊരു പ്രകാശം! നോക്കിക്കൂടുന്നില്ല ഈ പീലിചാർത്തല്ലേ ബഹുഭംഗി! ഇതാ ചെറിയ തങ്കപാറ്റകൾ ചുറ്റും കളിച്ചുകൊണ്ടിരിക്കുന്നു. ഈ പാറ്റകൾ ഒരു നിമിഷം പോലും ജ്യേഷ്ഠനെ വിട്ടുമാറി നിൽക്കുന്നില്ലല്ലോ!
- ഭഗവാൻ:
- ഇതുപോലെ തന്നെ എന്റെ കുഞ്ഞനുജനും ഇനിമേൽ എന്നോടൊപ്പം കളിച്ചുകൊണ്ടിരിക്കും.
- ബാല:
- (വനമാലപിടിച്ചു്) ഇതെന്താണു് ജ്യേഷ്ഠ!
- ഭഗവാൻ:
- വനമാല.
- ബാല:
- ഇതിൽ നിന്നാണല്ലേ നല്ല പരിമളം വരുന്നതു്. അല്ലേ?
- ബാല:
- ഇതു് എനിക്കു തരണം.
- ഭഗവാൻ:
- എടുത്തോളൂ!
- ബാല:
- ഞാൻ എടുക്കട്ടെ (വനമാല രണ്ടു കൈകൊണ്ടുംപിടിച്ചുഭഗവാന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ടു്) ഞാൻ എടുക്കട്ടെ ജ്യേഷ്ഠ.
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) എടുത്തോളൂ. അനുജാ! സംശയിക്കേണ്ട.
- ബാല:
- (വനമാല എടുത്തു് രണ്ടു് കൈകൊണ്ടുംനിവർത്തിപ്പിടിച്ചു കൊണ്ടു്) വനമാല, വനമാല, വനമാല, വനമാല, (എന്നു് തുള്ളി കളിക്കുന്നു)
- ഭഗവാൻ:
- (ആത്മഗതം) ഭക്തോത്തമനായ ഈ ചെറുബാലന്റെ മനോഹരക്രീഡതന്നെയാണു് എന്റെ കണ്ണിനു് പിയൂഷം.
- ബാല:
- ഇതു് ഞാനെന്റെ കഴുത്തിലിട്ടു് കളിക്കട്ടെ ജ്യേഷ്ഠ!
- ഭഗവാൻ:
- കളിക്കൂ. എന്റെഅനുജന്റെ കളി ഞാൻ കാണട്ടെ! (ഓടക്കുഴൽ കൊണ്ടു് ബാലഗോപാലനെ മുട്ടിക്കൊണ്ടു്) അനുജ! തുള്ളിത്തുള്ളി ആ കാട്ടിലേക്കു് പോകേണ്ട അടുത്തുനിന്നു കളിക്കൂ! ഞാൻ കാണട്ടെ!
- ബാല:
- (ഓടിവന്നു് ഓടക്കുഴൽ പിടിച്ചിട്ടു്) എന്താണു് ജ്യേഷ്ഠ ഇതു്?
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) ഓടക്കുഴൽ.
- ബാല:
- (പിടിച്ചുപറ്റിക്കൊണ്ടു്) ശരി! ശരി! അമ്മ പറഞ്ഞ ഓടക്കുഴലാണിതു്. ഇതു ഞാൻ തരില്ല. എനിക്കു തന്നെവേണം.
കല്യാണി—ചതുരശ്രജാതി ത്രിപട
കിട്ടിപ്പോയ്, കിട്ടിപ്പോയ്, കളകളരവമെഴും
ലളിത മുരളിയിതു. (കിട്ടിപ്പോയി)
തിത്തിത്തൈ തിത്തിത്തൈ
ധിമിതരികിട ധിമിതരികിട ധിമിധിമി (കിട്ടി)
(നൃത്തം വെക്കുന്നു.)
- ഭഗവാൻ:
- (ആനന്ദിച്ചുകൊണ്ടാത്മഗതം)
അകന്മഷമകൃത്രിമപ്രണയമെങ്കിലിബ്ബാലകൻ
പകർന്നുപരമാത്ഭുതം
പരിണതാത്മപുണ്യങ്ങളാൽ
പുകൾന്ന പുരുഷാർത്ഥചിദ്ര
സരസായനം പാവനം
നുകർന്നു, തുടരുന്നൊരിന്നടന
മാണെനിക്കുത്സവം.
ആഹ്ളാദം പരമാഹ്ളാദം.
- ബാല:
- (ഓടക്കുഴൽ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു്) ഒന്നാന്തരം ഓടക്കുഴൽ, ഒന്നാന്തരം ഓടക്കുഴൽ!
- ഭഗവാൻ:
- വനമാലയും ഓടക്കുഴലും രണ്ടും എന്റെ അനുജന്നു് വേണമോ?
- ബാല:
- എനിക്കു രണ്ടും വേണം.
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) ഒന്നെനിക്കിരിക്കട്ടെ, അനുജാ!
- ബാല:
- എന്നാൽ ഒന്നു് ജ്യേഷ്ഠന്നുതന്നെ തന്നേക്കാം. ഞാനേതാണപ്പാ തരേണ്ടതു്? (രണ്ടും കൂടെക്കൂടെ നോക്കുന്നു.)
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) ഓടക്കുഴൽ തന്നേക്കു!
- ബാല:
- അയ്യോ ഓടക്കുഴൽ തന്നുകൂടാ. വനമാലയായാലെന്തേ! (ഭഗവാനെ നോക്കിക്കൊണ്ടു്) അതേ, വനമാലതന്നെ (തന്റെ കഴുത്തിൽനിന്നെടുത്തു് ഭഗവാന്റെ കഴുത്തിലിട്ടുകൊണ്ടു്) ഇതില്ലാതെ ജ്യേഷ്ഠനെ കാണ്മാൻ എനിക്കു ഭംഗി തോന്നുന്നില്ല.
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു് ബാലഗോപാലന്റെ കക്ഷത്തിൽ നിന്നു മെല്ലെ ഓടക്കുഴൽ പറ്റാൻ ഭാവിക്കുന്നു.)
- ബാല:
- (ഓടക്കുഴലോടുകൂടി തുള്ളി ദൂരെ നിന്നിട്ടു്) എന്തേ ജ്യേഷ്ഠ! ഓടക്കുഴൽ പിടിച്ചുപറ്റിക്കളയാമെന്നോ? ആ സൂത്രമൊന്നും ബാലഗോപാലനോടു് പറ്റില്ല.
- ഭഗവാൻ:
- വേണ്ട വേണ്ട, അനുജനുതന്നെയിരിക്കട്ടെ,
- ബാല:
- ജ്യേഷ്ഠ! ഞാനിതു വിളിച്ചു നോക്കട്ടെ.
- ഭഗവാൻ:
- വിളിച്ചുനോക്കൂ.
- ബാല:
- പീ. പീ. പീ. പീ. (എന്നു വിളിച്ചിട്ടു്) ജ്യേഷ്ഠ ഞാൻ വിളിച്ചാൽ ഇതു വിളിയുന്നില്ല. ജ്യേഷ്ഠൻ തന്നെ ഇതൊന്നു വിളിച്ചു കാണിച്ചുതരണം. (കുഴൽ കൊടുക്കുന്നു.)
- ഭഗവാൻ:
- (കുഴൽ മേടിച്ചു പതുക്കെ ഓരോ സ്വരം പുറപ്പെടുവിക്കുന്നു.)
- ബാല:
- (സൂക്ഷിച്ചുനോക്കിക്കൊണ്ടു്) ജ്യേഷ്ഠ ഈ ദ്വാരങ്ങളിൽക്കൂടിയാണു് പാട്ടു് പുറത്തേക്കു വരുന്നതു്, അല്ലെ? പാട്ടിന്റെ സൂത്രം എനിക്കു മനസ്സിലായി. ഈ പാട്ടു് ജ്യേഷ്ഠനെപ്പോലെതന്നെ നല്ല സൂത്രക്കാരനാണു്.
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) അതെങ്ങിനെയാണു് അനുജാ?
- ബാല:
- എങ്ങിനെയെന്നോ?
തളിർത്ത കാട്ടിൽ പ്രിയപൂർവ്വജൻപോ-
ലൊളിച്ചുപാട്ടിക്കുഴലിങ്കൽ നിൽപൂ!
വിളിച്ചനേരത്തു പുറത്തുചാടി-
ക്കളിക്കയായ് ജ്യേഷ്ഠനുമൊത്തപാട്ടും.
- ഭഗവാൻ:
- (പൊട്ടിച്ചിരിക്കുന്നു.) ശരിയാണനുജ! ശരിയാണു്.
- ബാല:
- ഓടക്കുഴൽ വിളിക്കൂ, ജ്യേഷ്ഠാ! തമാശ പോട്ടെ.
- ഭഗവാൻ:
- എന്നാൽ കേട്ടോളൂ! (കുഴലൂതുന്നു)
- ബാല:
- (ചിരിച്ചുകൊണ്ടു്) ഒന്നാംതരം പാട്ടു്. ഒന്നാംതരം പാട്ടു, മതി. ഇനി ജ്യേഷ്ഠൻ തന്നെ ഒരു പാട്ടു പാടുകയാണു് വേണ്ടതു്. ഞാനിവിടെ ഇരിക്കാം (നിലത്തിരിക്കുന്നു.)
- ഭഗവാൻ:
- വരു അനുജാ! ഇങ്ങട്ടു വരൂ (എഴുന്നേറ്റു് ബാലഗോപാലനെ എടുത്തുകൊണ്ടു്) എന്റെ മടിയിൽ കിടന്നോളൂ! ഞാൻ പാട്ടുപാടി കേൾപ്പിക്കാം. (മടിയിൽ കിടത്തി തലോടിക്കൊണ്ടു് ആത്മഗതം.)
സ്വമാതൃമാർഗ്ഗം സവികല്പമിന്നി-
ക്കുമാരനേ കാട്ടി മദീയരൂപം
ക്രമാൽ കരേറാനിനി നിർവ്വികല്പ-
സമാധിസൗഖ്യസ്ഥിതി കാട്ടുവൻ ഞാൻ.
നീലാംബരി—ചതുരശ്രജാതി ത്രിപട
ആനന്ദംതാനായ്തീരു! നീ
അനുപമമതിഘനം (ആനന്ദം)
അനഘയാംനിൻജനനി
സ്തനസുധാസുപാവനീ-
ജനിമൃതിതാപസ്വർദ്ധ നി
അനുജ! ലഭിച്ചതു നീ മനുജദുർല്ലഭമിനി
അനന്താനന്ദസാഗരമണഞ്ഞതിലെന്നുംപാരം
(ആനന്ദം)
ഞാനെന്നുമന്യനെന്നും
നാനാജഗത്തിനെന്നും
ഫേനോർമ്മിമാലപോലെന്നും
നാദമുദിപ്പതിന്നും താനേ ലയിപ്പതിന്നും
ജ്ഞാനത്തിനും പ്രേമത്തിനും
സ്ഥാനസരസ്വാനായ്മിന്നും (ആനന്ദം)
മൽ പ്രിയകൊച്ചുപൈതലേ! അത്ഭുതം നീ ഭക്തിയാലെ
ചിൽപുരുഷനാമെങ്കൽ കാലെ
ഉപ്പുപാവവഴിപോലെ
കെല്പെഴുമാഴിയിൽപോലെ
നിഷ്പ്രയാസമലിഞ്ഞീടുമപ്രതിമമൊന്നായ്കൂടും
(ആനന്ദം)
കുഞ്ഞേ! പാട്ടുകേട്ടുവോ?
- ബാല:
- (അനങ്ങാതെ കിടക്കുന്നു.)
- ഭഗവാൻ:
- (സൂക്ഷിച്ചുനോക്കിക്കൊണ്ടു്) അഹൊ! ഇവൻ നിസ്തരംഗസമുദ്രംപോലെ നിർവ്വികാരനായിപ്പോയി! പതുക്കെ ഉണർത്തട്ടെ (തലോടിക്കൊണ്ടു്) കുഞ്ഞെ ബാലഗോപാല!
- ബാല:
- (ഞെട്ടി കണ്ണു തുറന്നുകൊണ്ടു്) ഇതെന്തൊരാശ്ചര്യം.
- ഭഗവാൻ:
- (ചിരിച്ചുംകൊണ്ടാത്മഗതം)
പണ്ടെന്റെവായിൽ വിമലച്ഛവിവിശ്വരൂപം
കണ്ടേറ്റമത്ഭുതമിയന്ന യശോദപോലെ
രണ്ടെന്നഭാവമറിയാത്തനിലക്കു ഞെട്ടി-
ക്കൊണ്ടെന്നെനോക്കി
വലയുന്നിതിവൻഭ്രമത്താൽ.
അതുകൊണ്ടു് മായാപ്രയോഗത്താൽ ഇവനെ പൂർവ്വസ്ഥിതിയിൽ വരുത്താം. (നിതംബപ്രദേശത്തിൽ കൊട്ടികൊണ്ടു്) കുഞ്ഞേ! പാട്ടുകേട്ടുവോ?
- ബാല:
- (ഞെട്ടി എഴുന്നേറ്റു് കൊണ്ടു്) ജ്യേഷ്ഠാ! ഞാൻ പാട്ടുകേട്ടു സുഖമായി ഉറങ്ങിപ്പോയി. എന്തൊരു പാട്ടാണു് ജ്യേഷ്ഠന്റെ പാട്ടു് ? ഞാൻ എത്ര സുഖമായുറങ്ങി ജ്യേഷ്ഠ!
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) ഇരിക്കട്ടെ. എന്റെ അനുജൻ എഴുത്തുപള്ളിയിൽ നിന്നു് എന്തു പഠിച്ചു? ബാല: ജ്യേഷ്ഠ ഞാൻ മുകുന്ദാഷ്ടകം മുഴുവൻ പഠിച്ചുവല്ലൊ? (എഴുന്നേറ്റുനിന്നിട്ടു്) കേൾക്കണോ ഒരു ശ്ലോകം?
- ഭഗവാൻ:
- കേൾക്കണം ചൊല്ലു?
- ബാല:
- കേട്ടോ!
കളിന്ദജാന്തഃസ്ഥിതകാളിയസ്യ
ഫണാഗ്രരംഗേ കൃതതാണ്ഡവം തം
തൽപുച്ഛഹസ്തംശരദിന്ദുവൿത്രം
ബാലം മുകുന്ദം മനസാ സ്മരാമി
ഇതിന്റെ അർത്ഥം കേൾക്കണോ? അമ്മയാണു് പറഞ്ഞുതന്നതു്.
- ഭഗവാൻ:
- ഹൊ, ഹൊ കേൾക്കണം.
- ബാല:
- കാളിന്ദിപ്പുഴയിൽ പണ്ടു് ഒരു വലിയ പാമ്പുണ്ടായിരുന്നുപോലും, അമ്മമ്മേ! അതിന്നു് ആയിരം ഫണമുണ്ടായിരുന്നുപോലും! ജ്യേഷ്ഠാ! കേട്ടോ, എന്നിട്ടു് ശ്രീകൃഷ്ണൻ ആ പാമ്പിന്മേൽ കയറി. ശ്രീകൃഷ്ണൻ ഒരു കുട്ടിയാണു് ജ്യേഷ്ഠാ! ആ പാമ്പിന്റെ വളഞ്ഞുപുളഞ്ഞ വാലും പിടിച്ചു് അങ്ങിനെ നൃത്തംവെച്ചു കളിപ്പാൻ? ജ്യേഷ്ഠൻ അങ്ങിനെ കളിക്കുമല്ലൊ! ഒന്നു കളിക്കൂ ജ്യേഷ്ഠാ.
- ഭഗവാൻ:
- (ചിരിച്ചു കൊണ്ടു്) കാര്യം വിഷമമായി. കൃഷ്ണന്റെ നൃത്തം ഞാൻ എങ്ങിനെ അറിയും? ശ്ലോകം ചൊല്ലൂ!
- ബാല:
- ജ്യേഷ്ഠനു് അറിയാമെന്നു് അമ്മ പറഞ്ഞിട്ടുണ്ടു്. ഒന്നു കാണിച്ചുതരണം! ശ്ലോകം പിന്നെ ചൊല്ലാം. (എന്നു നെറ്റി ചുളിച്ചു വ്യസനം നടിക്കുന്നു)
- ഭഗവാൻ:
- അമ്മയ്ക്കെന്തെല്ലാം പറയാം! ശ്ലോകം ചൊല്ലിക്കഴിയട്ടെ അനുജാ!
- ബാല:
- ശ്ലോകം പിന്നെ ചൊല്ലാം. നൃത്തം കഴിയട്ടെ.
- ഭഗവാൻ:
- എന്നാൽ താളം പിടിച്ചോളൂ! (നൃത്തം ആരംഭിക്കുന്നു)
- ബാല:
- (താളം പിടിച്ചുകൊണ്ടു് നൃത്തത്തെ പിന്തുടരുന്നു).
മോഹനം—ആദിതാളം
- ഭഗവാൻ:
കാളിയമർദ്ദനലാലസനർത്തന
കേളി ജനാർദ്ദന കൃതമധുനാ
ബാലക! ശോഭനശീല! വിലോഭനലീല!
വിമോഹന! വിധുവദന!
കാണുക ചഞ്ചലവേണു
കരാഞ്ചലമേണവിചഞ്ചലമേവി
ചഞ്ചല നയനരസം
സ്ഥാണുപരംവിലകാണുമനോവിലമാണു
മഹോജ്വലമതി സരസം
ഫണിഫണദത്തുരംഗതലം
ഫണമണി ഗണമയദീപകുലം
ക്ഷണ സുരതാഡിതവാദ്യകുലം
ക്വണിതവിപഞ്ചിക സുരമഹിളം
ഝണഝണനിനദിതകിങ്കണി കളകള
രണിത കനകമണി നൂപൂര കടകം
(കാളിയ)
കമ്ര വിസർപ്പണഘർമ്മപയഃ കണരമ്യ
സുദർപ്പണഗണ്ഡതലം
താമ്രപദാർപ്പണ നമ്രബൃഹൽഫണ
നിർമ്മഥിതോൽബണ സർപ്പബലം.
സുമധുരഹാസവിലാസമുഖം
ഭ്രമരഭരാഞ്ചിത പിഞ്ഛശിഖം
സുമസമവികസിതചരണനഖം
സുമതി ജനാതപരാത്മസുഖം
ധിമിധിമി തരികിട ധിംകൃത ധിംകൃത
താള വിവർത്തനനർത്തന കുതുകം
(കാളിയ)
- ബാല:
- (കൈകൊട്ടി പൊട്ടിച്ചിരിച്ചു കൊണ്ടു്) ഒന്നാത്തരംകളി ജ്യേഷ്ഠ! ഒന്നതരം കളി. ഇന്നു് എനിക്കു പരാമനന്ദംതന്നെ.
- ഭഗവാൻ:
- മതി മതി, ഇപ്പോഴത്തെ കളി നിർത്തുക. ഇനി വേഗത്തിൽ എഴുത്തു പഠിക്കൂ. പോയ്ക്കോളു.
- ബാല:
- ശരി തന്നെ. ഇനി പോകാൻ താമസിച്ചുകൂടാ. ജ്യേഷ്ഠ, എന്നാൽ ഞാൻ പോകട്ടെ! ഞാൻ മടങ്ങി വരുമ്പോൾ ജ്യേഷ്ഠൻ ഇവിടെത്തന്നെ ഉണ്ടായിരിക്കുമല്ലോ!
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) അനുജാ! ഞാൻ എപ്പോഴും ഇവിടെത്തന്നെ ഉണ്ടു്.
(രണ്ടു പേരും പിരിയുന്നു.)
ദാരിദ്ര്യ ദുഃഖം
വീട്ടിന്റെ ഉമ്മറം
- ബാല:
- (കുളിച്ചു ഭസ്മവും ചന്ദനവും തേച്ചു് ഇരിക്കുന്ന നിലയിൽ പ്രവേശിക്കുന്നു)
ഹരി സ്തോത്രം
കംഭോജി—ചതുരശ്ര ജാതി, ത്രിപട
ദേവകദംബഹിതത്തിന്നു വേണ്ടി
നിരാലംബം ജഗദാലംബം
ദേവകിദേവിയിൽ നിന്നു പിറന്ന
നിരാകാരം മധുരാകാരം.
താവകവിഗ്രഹമഞ്ജനഗണ്ഡ-
ലസദ്വർണ്ണം ജഗദാപൂർണ്ണം
സേവകതിമിരശമപ്രദമീശ്വര!
വന്ദേഹം ഗതസന്ദേഹം
ഗോപികൾതങ്ങടെ തുംഗസ്തനഘട-
നീർ തിണ്ണം നുകരുംവണ്ണം
പാപിനിപൂതനനൽകിയ വിഷമുല-
നണ്ണിനുകർന്നൊരു പൊന്നുണ്ണി!
ഭൂപിളരുംപടി ശകടമടച്ച
ഹതോല്പാതം തവതൃപ്പാദം
ദീപിതസജ്ജനമംഗളമീശ്വര!
വന്ദേഹം ഗതസന്ദേഹം.
ഒന്നിച്ചനുജനോടും വ്രജഭുവി
ചാഞ്ചാടിപ്പല മഞ്ചാടി-
ക്കുന്നിക്കുരുകളെടുത്തുകളിച്ച
മഹാലോകാർത്ഥ്യശുഭാലോക!
നിന്നിൽ ദൃഢതരഭക്തിവരാനിഹ
മാ ജാനേ! മമ ഭഗവാനേ!
എന്നിൽ കനിയണമായതിനീശ്വര!
വന്ദേഹം ഗത സന്ദേഹം
വിന്നിലുമാശവെടിഞ്ഞവരുടെ മതി-
യെപ്പോലെ കളിതന്നാലേ
വെണ്ണ കവർന്നു ഭുജിച്ചൊരു കണ്ണ!
പിചണ്ഡ നിഷണ്ണജഗൽഷണ്ഡ!
കുണ്ഡലമണ്ഡിതഗണ്ഡ! വിഭോ!
ശരണാഗതപാലനശീലന!
കുണ്ഡലിശയന! ഹരേ! ജഗദീശ്വര!
വന്ദേഹം ഗതസന്ദേഹം.
(എഴുന്നേറ്റു് ആകാശം നോക്കിക്കൊണ്ടു്)
ഓ, ഹോ, നേരം പ്രകാശമായിപ്പോയി. പക്ഷികൾ ഇതാ പാറിത്തുടങ്ങി!
അലം ഹരിസ്തോത്രമുരച്ചു ഞാനി-
സ്ഥലംവിടും മട്ടിഹചെറ്റുനേരം
ചിലച്ചിരുന്നാട്ടഥ കൂടുവിട്ടി-
പ്പുലർച്ചയിൽ പക്ഷികൾ പാറിടുന്നു.
അമ്മയുടെ ജപം ഇനിയും കഴിഞ്ഞില്ലല്ലോ. ഇന്നു ഗുരുനാഥന്റെ മഠത്തിൽ ശ്രാദ്ധമാണു്. ശ്രാദ്ധ സദ്യക്കു് എന്തെങ്കിലും ഒരു സാധനം കൊടുത്തേ കഴിയൂ. ഇതു് ഇന്നലെ തന്നെ ഞാൻ അമ്മയോടു പറഞ്ഞു. അതിന്നു് അമ്മ ഒരു ഉത്തരം പോലും പറഞ്ഞില്ല. മറ്റെല്ലാ കുട്ടികളും വരുമ്പോഴേക്കും ഞാൻ വല്ലതും കൊണ്ടുകൊടുക്കണം. എന്നാൽ ഗുരുനാഥന്നു് അധികം സന്തോഷമാകും. അതിനെന്തു നിവൃത്തി? ഈ അമ്മയ്ക്കു് എത്രനേരം ജപിക്കണം! വിളിച്ചാൽ ദേഷ്യപ്പെടുകയും ചെയ്യും.
(അണിയറയിൽ)
സമാധൗസച്ചിദാനന്ദരൂപായ പരമാത്മനേ!
പശ്ചാദവസ്ഥാത്രിതയരൂപായ ഹരയേ നമഃ
- ബാല:
- ഹോ ഹോ! ജപം കഴിഞ്ഞുപോയി (പ്രകാശം) അമ്മേ! നേരം നല്ല പ്രകാശം ആയല്ലോ?
- സുശീല:
- (അണിയറയിൽ) ഉണ്ണീ! ഇതാ ഞാൻ വരുന്നു. പാഠം ചൊല്ലികഴിഞ്ഞുവോ?
- ബാല:
- കീർത്തനം മാത്രം ചൊല്ലി. ഇന്നു് എഴുത്തു പള്ളിക്കു പോകണ്ടല്ലൊ. അതുകൊണ്ടു് പാഠം കുറെ കഴിഞ്ഞു് ചൊല്ലിക്കൊള്ളാം.
- സുശീല:
- (പ്രവേശിച്ചു്) ഇപ്പോൾ മറ്റെന്താണു് വിചാരിക്കുന്നതു്?
- ബാല:
- ഗുരുനാഥന്റെ മഠത്തിൽ ഇപ്പോൾ പോകണം.
- സുശീല:
- എന്തിനു്?
- ബാല:
- എന്തേ അമ്മേ! ഞാൻ ഇന്നലെ പറഞ്ഞതു മറന്നുപോയോ ഇന്നു മഠത്തിൽ ശ്രാദ്ധമല്ലെ? വല്ലതും കൊണ്ടുകൊടുക്കണം.
- സുശീല:
- എന്റെ തമ്പാൻ ഒന്നും കൊണ്ടുകൊടുക്കേണ്ട.
- ബാല:
- അമ്മ അങ്ങിനെ പറയരുതു്. മറ്റെല്ലാ കുട്ടികളോടും പലതും കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു എന്നോടു് ഒന്നും പറഞ്ഞില്ല.
- സുശീല:
- അതുകൊണ്ടുതന്നെയാണു് നീ ഒന്നും കൊണ്ടുപോകേണ്ട എന്നു് ഞാൻ പറയുന്നതു്.
- ബാല:
- അദ്ദേഹം എന്നോടു് ഒന്നും പറയാതിരുന്നതു് എന്നോടു മുഷിഞ്ഞതുകൊണ്ടായിരിക്കണം. വല്ലതും കൊണ്ടുകൊടുത്തേ കഴിയൂ.
- സുശീല:
- അങ്ങിനെ പറയൊല്ല പൊന്മകനേ! (തഴുകിക്കൊണ്ടു്) അദ്ദേഹത്തിന്നു് എന്റെ പൊന്മകനിൽ വളരെ തൃപ്തിയും സന്തോഷവും ഉള്ളതുകൊണ്ടാണു് ഒന്നും പറയാതിരുന്നതു്.
- ബാല:
- മറ്റെല്ലാ കുട്ടികളിലും അദ്ദേഹത്തിന്നു തൃപ്തിയും സന്തോഷവും ഇല്ലേ, അമ്മേ?
- സുശീല:
- ഉണ്ടു്. ഉണ്ടു്. പക്ഷേ, എന്റെ പൊന്മകനിൽ കുറേ അധികം ഉണ്ടു്.
- ബാല:
- എന്നാൽ അദ്ദേഹം എന്നോടല്ലേ ആദ്യം പറയേണ്ടതു്?
- സുശീല:
- (ആത്മഗതം) ഇവന്റെ ചോദ്യത്തിൽ ഞാൻ മുട്ടുകയേ നിവൃത്തിയുള്ളൂ.
- ബാല:
- അമ്മ എന്താണു് ഒന്നും മിണ്ടാത്തതു്? അദ്ദേഹം മുഷിഞ്ഞതുകൊണ്ടു തന്നെയാണു് ഒന്നും പറയാതിരുന്നതു് ! വല്ലതും തരൂ! കൊണ്ടു കൊടുത്തേ കഴിയൂ.
- സുശീല:
- തമ്പാനേ! ഇങ്ങനെ ശാഠ്യം പിടിക്കരുതു്. അദ്ദേഹം നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞിട്ടാണു് ഒന്നും പറയാതിരുന്നതു്.
- ബാല:
- ഇപ്പൊൾ നമ്മുടെ അവസ്ഥ എന്താണമ്മേ!
- സുശീല:
- (കരഞ്ഞുകൊണ്ടാത്മഗതം)
ഒരുദിനമൊരുനേരം വേണ്ടുമാഹാരവും മ-
റ്റൊരുവനുടെ വശത്തായ്
വന്നൊരെൻ ഭാഗ്യദോഷം
പെരുകുമഴൽ പൊറുത്തെന്നോമന
പൈതലേച്ചെ-
റ്റൊരു വിധമറിയിക്കാതിത്രയും
ഞാൻ കഴിച്ചേൻ.
ഇനി അറിയിക്കാതെ കുട്ടി ചോദ്യം വിടുകയുമില്ല. ഞാൻ എന്താണു വേണ്ടതു്? ഭഗവാനേ? കൃഷ്ണ? (കരയുന്നു).
- ബാല:
- എന്താണു മിണ്ടാത്തതു്? പറയൂ. അമ്മേ! പറയൂ (കൈപിടിച്ചു വലിക്കുന്നു).
- സുശീല:
- എന്താണു് മകനെ! ഞാൻ പറയേണ്ടതു്. ഗുരുനാഥന്നു് കൊണ്ടുകൊടുപ്പാൻ ഇവിടെ ഒരു സാധനവും ഇല്ലല്ലോ. എന്റെ പൊന്മകന്റെ അച്ഛൻ മരിച്ചതിൽപ്പിന്നെ വലിയ കഷ്ടപ്പാടാണു് മകനെ, നമുക്കു്.
മുഴുത്തമോദത്തൊടുമച്ഛനന്നു നിൻ
കഴുത്തിലർപ്പിച്ചൊരു കോതുമൊതിരം
കൊടുത്തുവാങ്ങിച്ചതു ഹാ! കുമാര, നീ-
യുടുത്തൊരീനേരിയ കൊച്ചുമുണ്ടു ഞാൻ!
നമുക്കു് അത്ര കഷ്ടപ്പാടാണു്, മകനേ!
- ബാല:
- എന്നാൽ ആരാണാമ്മേ! നമുക്കു് സാപ്പാടിനും മറ്റും തരുന്നതു്?
- സുശീല:
- (ഞെട്ടിക്കരഞ്ഞുകൊണ്ടാത്മഗതം) ഇവന്റെ ചോദ്യം കൊണ്ടു് ഞാൻ കുഴങ്ങിയല്ലോ ഭഗവാനേ!
നീലാംബരി—ചതുരശ്രജാതി രൂപകം
ശ്രീചരണപൂജനം പണ്ടാചരിക്കാത്ത
നീചയാം ഞാൻ ശോചനീയം യാചനവാർത്ത
നന്മകൂടും പൊന്മകനോടുണ്മചൊൽകിലോ
കണ്മണിക്കാക്കന്മഷത്താൽ തിന്മയാമല്ലോ!
വേരിളകും വാരിളം തൈശാഘിയിലുഷ്ണ
വാരിസേകം ഭൂരിശോകം നൽകുമേ കൃഷ്ണ!
ശ്രീരമണ! ദാരിദ്ര്യപ്രാരാബ്ധമിനി-
പ്പാരിതിൽമറ്റാരിലും പോയ്തേറിക്കായ്ക നീ! (ശ്രീചര)
ഏതായാലും എന്റെ ഭിക്ഷാടന ജീവിതത്തെ പൊന്മകനെ അറിയിച്ചുകൂടാ.
- ബാല:
- (കരഞ്ഞുകൊണ്ടു്) അമ്മ എന്താണു് ഒന്നും മിണ്ടാതെ പിന്നെയും കരയുന്നതു്? പറയൂ; അമ്മേ! പറയൂ. ആരാണു് നമുക്കു് വേണ്ടതെല്ലാം തരുന്നതു്!
- സുശീല:
- നമുക്കു് വേണ്ടതെല്ലാം തരുന്നതു് ആ കാട്ടിൽ പശുക്കളെ മേയ്ക്കുന്ന നിന്റെ ജ്യേഷ്ഠനാണു് മകനേ!
മോഹനം—ചതുരശ്രജാതി ത്രിപട
- ബാല:
ജ്യേഷ്ഠനുള്ളതെന്തെന്നമ്മേ!
കാട്ടിൽ മേവുമെൻ (ജ്യേഷ്ഠ)
- സുശീല:
- (മുൻമട്ടു്)
ജ്യേഷ്ഠനില്ലാത്തതെന്തുണ്ണീ!
കാട്ടിൽമേവും നിൻ (ജ്യേഷ്ഠ)
- ബാല:
കാട്ടിലെ പഴങ്ങളും പാട്ടും നൽക്കളികളും
കൂട്ടമായ്പ്പശുക്കളെയോട്ടും കോലുമല്ലാതെ (ജ്യേഷ്ഠ)
- സുശീല:
ശ്രേഷ്ഠമത്തിരുമിഴി നീട്ടിയാൽ പലവഴി
കോട്ടംവിട്ടൊരുപടി നേട്ടം കിട്ടുമപ്പടി (ജ്യേഷ്ഠ)
- ബാല:
- എന്നാൽ എന്താണു് അമ്മ ജ്യേഷ്ഠനോടു് വേണ്ടതെല്ലാം ചോദിച്ചു മേടിക്കാത്തതു്!
- സുശീല:
- ജ്യേഷ്ഠൻ നമുക്കു വേണ്ടതെല്ലാം അറിഞ്ഞു തരുന്നുണ്ടല്ലോ.
- ബാല:
- എന്നാൽ ഗുരുനാഥന്റെ മഠത്തിലെ ശ്രാദ്ധവും നമുക്കൊന്നും കൊണ്ടുക്കൊടുക്കാനില്ലാത്തതും ജ്യേഷ്ഠൻ അറിഞ്ഞിട്ടുണ്ടു്, അല്ലേ? അമ്മേ?
- സുശീല:
- ജ്യേഷ്ഠൻ സകലതും അറിയും മകനേ!
- ബാല:
- അമ്മ കരയാതെ ഇവിടെത്തന്നെ ഇരിക്കൂ. ഞാൻ ജ്യേഷ്ഠനെക്കണ്ടു വേണ്ടതു മേടിച്ചുകൊള്ളാം (പോകുന്നു)
- സുശീല:
- (കരഞ്ഞുകൊണ്ടാത്മഗതം)
ഒരുപിടിയവിൽ കാഴ്ചവച്ച വിപ്ര-
ന്നുരുധനദത്വമണച്ച ലോകനാഥാ!
അരുളുക മമ പുത്രവാഞ്ചിതം മ-
റ്റൊരുഗതിയില്ലടിയന്നു ദീനബന്ധോ!
(നമസ്കരിക്കുന്നു)
തിരശ്ശീല വീഴുന്നു
ഘൃതപ്രദാനം
(ചെറിയ കാടു്)
- ബാല:
- (കുണ്ഠിതത്തോടെ പ്രവേശിച്ചു് സ്വാഗതം) കഷ്ടം, അമ്മയുടെ അടുക്കൽ ഒന്നും ഇല്ല. എങ്ങിനെ ഗുരുനാഥന്നു ഞാൻ വല്ലതും കൊണ്ടു കൊടുക്കും? ഗുരുനാഥന്റെ മുഷിച്ചൽ എങ്ങിനെ തീർക്കും? മറ്റുള്ള കുട്ടികൾ എന്റെ മുഖം നോക്കി പരിഹസിക്കുമല്ലോ. അയ്യോ! കഷ്ടം, ആരാണു് എനിക്കു വല്ലതും തരുന്നതു്? ജ്യേഷ്ഠനെ വിളിച്ചു നോക്കാം. ജ്യേഷ്ഠനു് ഇവിടെ തരുവാൻ എന്താണു് ഉള്ളതു്? അമ്മ എന്തോ പറഞ്ഞു. (അല്പം ആലോചിച്ചു്) ശരി, ഞങ്ങൾക്കു് സാപ്പാട്ടിന്നും മറ്റും തരുന്നതു് ജ്യേഷ്ഠനല്ലേ? എന്തെങ്കിലും ഉണ്ടായിരിക്കും. വിളിക്കട്ടെ. ജ്യേഷ്ഠാ! എന്റെപശുമേയ്ക്കുന്ന ജ്യേഷ്ഠാ!
- ഭഗവാൻ:
- (അണിയറയിൽ) എന്റെ അനുജൻ വന്നുവോ? ഇന്നെന്താണു് ഇത്ര നേരത്തേ പുറപ്പെട്ടതു്?
- ബാല:
- ജ്യേഷ്ഠനെ എനിക്കു് വേഗം കാണണം!
- ഭഗവാൻ:
- (അല്പമകലെ പ്രവേശിച്ചു് മന്ദഹസിച്ചു കൊണ്ടു്) അനുജാ! ഇതാ ഞാൻ തയ്യാറായല്ലോ. (മാടിവിളിച്ചുംകൊണ്ടു്) വരൂ അനുജാ, നമ്മുടെ കളി ഇന്നു് ഈ താമരക്കുളത്തിൽ നിന്നാവാം, വരൂ!
- ബാല:
- ഞാൻ താമരക്കുളത്തിൽ കുളിക്കാൻ വരുന്നില്ല.
- ഭഗവാൻ:
- (മറഞ്ഞു നിന്നുകൊണ്ടു്) ഇങ്ങോട്ടു വരൂ അനുജാ. ഇവിടെ എത്ര സുഖമുണ്ടു്!
- ബാല:
- അയ്യോ! ജ്യേഷ്ഠൻ എന്തിനാണു് ഇങ്ങട്ടു വന്നു പിന്നെയും മറയുന്നതു്?
- ഭഗവാൻ:
- (അണിയറയിൽ)
ചെഞ്ചുരുട്ടി—ചതുരശ്രജാതി ത്രിപട
ബാലാ ശുഭശീലാ! വാ നീ (ബാല)
കേളിക്കായ്തുനിവാനിക്കുള-
ങ്ങരേക്കിങ്ങുവാ നീ (ബാല)
- ബാല:
- (മുൻമട്ടു്)
വേണ്ടാ കളി വേണ്ടാ തീരെ (വേണ്ട)
താമരക്കുളങ്ങര തരമില്ല വരാൻ തീരെ
(വേണ്ടാ)
- ഭഗവാൻ:
- (കൊഞ്ചിക്കുഴഞ്ഞു് പ്രവേശിച്ചു്)
ഓലക്കമാർന്നു് പാഞ്ഞും നീലക്കുഴലഴിഞ്ഞും
ലോലക്കണ്ണിങ്ങെറിഞ്ഞും
ലളിത സ്മിതം പൊഴിഞ്ഞും (ബാല)
- ബാല:
ഈമാതിരി വാക്കോടെ താമസമെന്തവിടെ!
നീ മടിക്കാതെന്നുടെ നികടെ വാ ജവമോടെ (വേണ്ട)
- ഭഗവാൻ:
- എന്നാൽ വേണ്ട. ഒളിച്ചു കളിക്കാൻ വരൂ!
- ബാല:
- ഞാൻ ഒളിച്ചു കളിപ്പാനും വരുന്നില്ല.
ബിഹാക്കു്—ചതുരശ്രജാതി ഏകതാളം
- ഭഗവാൻ:
വാ—വാ—വിരവോടിങ്ങു
വരിക ബാലകാ!
- ബാല:
- (മുൻമട്ടു്)
വാ-വാ വിരവോടിങ്ങു
വരിക സോദരാ!
- ഭഗവാൻ:
- (ചിരിച്ചു മുന്നോട്ടു് കുതിച്ചുകൊണ്ടു്) പതിവുപോലിങ്ങിനെ പാഞ്ഞെന്നോമനെ!
- ബാല:
- (ഞെട്ടിക്കൊണ്ടു്)
പറഞ്ഞിരിക്കെ അറിഞ്ഞിടാതെ
മറഞ്ഞിതോ വനെ?
(എന്നു പാടിക്കൊണ്ടു് രണ്ടു വട്ടം ചുറ്റിക്കൊണ്ടു്)
വാ-വാ വിരവോടിങ്ങു വരിക സോദരാ!
ഒരിക്കലിങ്ങോടിവാ!
- ഭഗവാൻ:
- (മെല്ലെ പിമ്പിൽ ചെന്നു ഞെട്ടിച്ചുകൊണ്ടു്) വന്നുകാൺക നീ!
- ബാല:
- (ഞെട്ടി പിറകെ നോക്കുമ്പോൾ ഭഗവാൻ ഓടുന്നു) (വീണ്ടും) ഒരിക്കലിങ്ങോടിവാ.
- ഭഗവാൻ:
- വന്നു കാൺക നീ!
- ബാല:
- (തിരിഞ്ഞു നോക്കുമ്പോൾ വീണ്ടും ഭഗവാൻ മറയുന്നു) ഒരിക്കലിങ്ങോടിവാ!
- ഭഗവാൻ:
- (പ്രവേശിച്ചു്) വന്നു കാൺക നീ.
- ഭഗവാൻ:
ഒളിച്ചു തേടി വിളിച്ചു ചാടി കളിക്ക നാമിനി
(പാഞ്ഞുമറയുന്നു)
- ബാല:
- (പിന്നാലെ പായുന്നു)
- ഭഗവാൻ:
- (അണിയറയിൽ നിന്നു്)
വാ-വാ വിരവോടിങ്ങു വരിക ബാലകാ!
- ബാല:
- (പ്രവേശിച്ചു്)
നിഴലു പോലെൻ പുറം നീ
ചുഴന്നേരം നിഭൃതം നിന്നു വീണ്ടും
മണ്ടിയെന്തിനിത്തരം? (വാ വാ വിരവോടിങ്ങു)
- ഭഗവാൻ:
- (മെല്ലെ പ്രവേശിച്ചു് ചിരിച്ചു് കൈമുട്ടിക്കൊണ്ടു്) അനുജാ, ഒളിച്ചു കളിപ്പാൻ വരുന്നില്ല, അല്ലേ?
- ബാല:
- (ദേഷ്യത്തോടെ) ഞാൻ ഒളിച്ചു കളിപ്പാൻ വരുന്നില്ല.
- ഭഗവാൻ:
- എന്നാൽ വേണ്ട. ഇതാ, നോക്കരുതോ? (ഒരു പന്തു കാണിച്ചു കൊണ്ടു്) അനുജ, നോക്കരുതോ, നല്ല പന്തു്!
- ബാല:
- വേണ്ട, എനിക്കു പന്തും വേണ്ട.
- ഭഗവാൻ:
- അനുജാ!
പന്തിയൊത്തിഹപടർന്നൊരു വൃക്ഷപ്പ-
ന്തലിൽ പ്രണയകൗതുകപൂർവ്വം
പന്തയം പലതുവച്ചിനി നാമീ
പന്തടിച്ചു കളിയാടുക ബാല!
- ബാല:
- എന്തിനാണു് ജ്യേഷ്ഠാ ഇങ്ങിനെ ഓരോന്നും പറഞ്ഞു കൊണ്ടു ദൂരെ നിൽക്കുന്നതു്! എന്തിനാണു് എന്നെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നതു്? ഇങ്ങട്ടു വാ. (ഞെട്ടിഞെട്ടി കരയുന്നു)
- ഭഗവാൻ:
- (അടുത്തു ചെന്നിട്ടു്) ഇന്നെന്താണു് ഒന്നും വേണ്ടെന്നു പറഞ്ഞു കരയുന്നതു്? വല്ല ശുണ്ഠിയും ഉണ്ടോ?
- ബാല:
- ഞാനൊന്നും വേണ്ടെന്നു പറഞ്ഞില്ലല്ലോ.
- ഭഗവാൻ:
- പിന്നെ എന്താണു വേണ്ടതു് അനുജാ!
- ബാല:
- (ഒന്നും മിണ്ടാതെ കരയുന്നു)
- ഭഗവാൻ:
- (ആത്മഗതം) എന്തൊരു ആശ്ചര്യമാണിതു്
തടസ്തമില്ലാതെ കളിക്കൊരുങ്ങുമീ
മിടുക്കനെൻ പൈതലിതെന്തൊരത്ഭുതം
നടുങ്ങുവാൻ, വല്ലാത്തൊരനര്‍ത്ഥ ചിന്തയിൽ
കുടുങ്ങിയോ ചൂണ്ടലിൽ മീൻകണക്കിനെ.
കമാശി—ചതുരശ്രജാതി ത്രിപട
(പ്രകാശം)
കരയായ്ക കരയായ്ക നീ
കനത്തൊരഴലിൽ വീണു (കര)
ഒളിയും ചെന്തളിരോഷ്ഠമോമനേ!
നീ പിളർത്തി
ഓലോലം കണ്ണുനീരിങ്ങാലോലം
വീഴ്ത്തി വീഴ്ത്തി (കര)
അരിയ പോക്കിരിത്തം
കണ്ടമ്മയെന്നനുജനെ
ആടൽ വരുംമട്ടു
താഡിച്ചിതോ ഇങ്ങിനെ (കര)
- ബാല:
- ഞാൻ പോക്കിരിത്തം ഒന്നും കാണിച്ചില്ലല്ലോ. എന്നിട്ടു വേണ്ടേ അമ്മ എന്നെ അടിപ്പാൻ!
- ഭഗവാൻ:
- എന്നാൽ ഗുരുനാഥൻ വല്ലതും ശാസിച്ചു അല്ലേ?
- ബാല:
- ഞാനിന്നു് എഴുത്തുപ്പള്ളിക്കു പോയിട്ടുകൂടിയില്ലല്ലോ?
- ഭഗവാൻ:
- പിന്നെ എന്തിനാണു കരയുന്നതു്!
- ബാല:
- അതു ജ്യേഷ്ഠന്നുതന്നെ അറിയാമല്ലൊ (കരയുന്നു).
- ഭഗവാൻ:
- (ആത്മഗതം) ഇവന്നു് ഇപ്പോൾ തക്കതായ ആവശ്യം എന്തായിരിക്കും? മടിയിൽ ഇരുത്തി ചോദിക്കാം. (എടുത്തു മടിയിൽ ഇരുത്തീട്ടു്)
ബിഹാകു്—ചതുരശ്രജാതി ഏകം
എന്നുണ്ണിക്കു വിശക്കുന്നോ
ചൊന്നിടാത്തതെന്തു നന്നോ
പൊന്നനുജനെന്തിതെന്നോടിന്നു-
മുഷിഞ്ഞതെന്നോ!
നല്പഴങ്ങളങ്ങിങ്ങേറെ നിൽപ്പതുണ്ടു
കാൺക ദൂരെ
ക്ഷിപ്രം പറിച്ചെല്ലാം ചാരേ
മൽപ്രിയന്നു നൽകാം പോരേ?
(മുൻമട്ടു്)
- ബാല:
ഇല്ലില്ലേതുംവിശപ്പെനിക്കല്ലലതുകൊണ്ടില്ലെനി
എല്ലാമറിഞ്ഞുമെന്താണീവല്ലായ്മയെ
ചൊൽവതും നീ?
ഉണ്മാനുമുടുപ്പാനുമെന്നമ്മയ്ക്കു-
മെനിക്കും മേന്മേൽ
സമ്മാനിക്കും ജ്യേഷ്ഠനെന്മേൽ
നന്മനം വെക്കുന്നില്ലമ്മേ!
- ഭഗവാൻ:
- (ആത്മഗതം) ഹോ ഹോ! അമ്മയുടെ പ്രാർത്ഥന ഞാനോർമ്മിച്ചില്ല.
നേരറ്റ ദാരിദ്ര്യ കഠോര ദുഃഖം
പ്രാരാബ്ധമസ്സാദ്ധ്വി പൊറുക്കിലും ഹാ!
ദൂരസ്ഥമായി വന്നു നിസർഗ്ഗമാമ-
ദ്ധീരത്വമിപ്പുത്രമുഖേക്ഷണത്തിൽ.
ഇനിയും കഷ്ടപ്പെടുത്തുന്നതു് ഒട്ടും യുക്തമല്ല (പ്രകാശം) കുഞ്ഞേ ഗുരുനാഥനു് കൊണ്ടുകൊടുക്കാൻ വല്ലതും വേണം അല്ലേ?
- ബാല:
- വേണം ഗുരുനാഥന്റെ മഠത്തിലെ ശ്രാദ്ധം ജ്യേഷ്ഠനറിഞ്ഞിട്ടില്ലെ?
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) ഹൊ ഹൊ! ഞാനറിഞ്ഞിട്ടുണ്ടു്.
- ബാല:
- എന്നാൽ എന്താണു് ജ്യേഷ്ഠൻ എനിക്കു വല്ലതും തരാത്തതു്?
- ഭഗവാൻ:
- അനുജ എന്താണു് എനിക്കിവിടെ തരാനുള്ളതു് പശുക്കളെ മേച്ചിട്ടല്ലേ ഞാനിവിടെ കഴിച്ചുകൂട്ടുന്നതു്?
- ബാല:
- വല്ലതും തന്നേ കഴിയൂ. ജ്യേഷ്ഠാ! തരൂ ജ്യേഷ്ഠാ! തരൂ! ഞാൻ വേഗം കൊണ്ടുകൊടുക്കട്ടെ (ഭഗവാന്റെ കൈപിടിച്ചു വലിക്കുന്നു).
- ഭഗവാൻ:
- (ചിരിച്ചുംകൊണ്ടു്) ഇവിടെ കുറച്ചു നെയ്യുണ്ടനുജാ. അതു കൊണ്ടുതരാം മതിയോ?
- ബാല:
- (സന്തോഷത്തോടെ) മതി ജേഷ്ഠാ! മതി. ധാരാളം മതി. നെയ്യെവിടെ!
- ഭഗവാൻ:
- നിൽക്കൂ. ഞാനങ്ങേപ്പുറത്തുനിന്നു എടുത്തുകൊണ്ടു വരാം.
- ബാല:
- വേഗം എന്നാൽ വേഗം കൊണ്ടുവരൂ! ഞാനിവിടെ നിൽക്കാം.
- ഭഗവാൻ:
- അങ്ങിനേ തന്നെ (എന്നു മറയുന്നു).
- ബാല:
- ജ്യേഷ്ഠാ! എന്താണിത്ര താമസം
- ഭഗവാൻ:
- (അണിയറയിൽ) ഇതാ വരുന്നു.
- ബാല:
- വേഗം വരൂ! ജ്യേഷ്ഠാ!
- ഭഗവാൻ:
- പാത്രത്തിന്റെ വായ്പ്പൊതി കെട്ടേണ്ടേ അനുജാ. ഇങ്ങിനെ ബദ്ധപ്പെട്ടാലോ!
- ബാല:
- ഉം. വായ്പ്പൊതി കെട്ടൽ, എന്തിനാണു് കെട്ടുന്നതു്?
- ഭഗവാൻ:
- (അണിയറയിൽ) വായ്പ്പൊതി കെട്ടാഞ്ഞാൽ നെയ്യു് നിറഞ്ഞു മറിഞ്ഞുപോകും.
- ബാല:
- ഇനിയും കഴിഞ്ഞില്ലെന്നോ!
- ഭഗവാൻ:
- (അണിയറയിൽ) ഇതാ കഴിഞ്ഞു. (നെയ്ക്കുടം രണ്ടു കൈകൊണ്ടും പിടിച്ചു മന്ദഹസിച്ചുംകൊണ്ടു് ദൂരെനിന്നു പ്രവേശിക്കുന്നു).
മുഖാരി—ചതുരശ്രജാതി, ത്രിപട
ഇതാ ഇതാ നെയ്ക്കുടം പൂതവീയ്യോല്ക്കടം
കൃതിജനാവനോത്ഭടം
കൈക്കൊള്ളുക നീ ദൃഢം. (ഇതാ)
- ബാല:
- (നോക്കി തുള്ളി ചിരിച്ചുംകൊണ്ടു്)
തരൂ തരൂ! നെയ്ക്കുടം. തീർന്നുമേ സങ്കടം
ഗുരുവരന്റെ നികടം കൊണ്ടുപോകാം
ഞാൻ ദൃഢം (തരൂ)
- ഭഗവാൻ:
നിരുപമമിതു വായ്ക്കും നിസ്തുലദുഃഖംനീക്കും
ഗുരുവരന്നും നിങ്ങൾക്കും
ഗുർവ്വിയാം ശ്രീ വർഷിക്കും (ഇതാ)
(കൊടുക്കുന്നു)
- ബാല:
- (രണ്ടു കൈകൊണ്ടും മേടിച്ചും കൊണ്ടു്)
മതിമതി ഖേദം മാഞ്ഞുപോന്നു മോദം
മതിയില്ലിനിമോഹം മാന്യം നിന്നനുഗ്രഹം
(മതി)
(നോക്കി ചിരിച്ചുംകൊണ്ടു്) മതി, ജ്യേഷ്ഠാ! ധാരാളം മതി. വേഗം കൊണ്ടുകൊടുത്തുവരാം! (വേഗം നടക്കുന്നു)
- ഭഗവാൻ:
- വഴിക്കിട്ടു പൊളിക്കരുതെ!
- ബാല:
- ഇല്ല ജ്യേഷ്ഠാ! ഇല്ല. ഞാൻ രണ്ടു കൈകൊണ്ടും മുറുകെ പിടിച്ചു പാത്രം നോക്കിയുംകൊണ്ടുതന്നെ പോകയാണു്. (അങ്ങിനെ നടക്കുന്നു).
- ഭഗവാൻ:
- (വീണ്ടും വഴിയെ പോയിട്ടു്) അനുജാ! അങ്ങിനെ വഴി നോക്കാതെ നടന്നാൽ വല്ലതും തടഞ്ഞു വീണു പോകും.
- ബാല:
- ഇല്ല, വീഴില്ല ജ്യേഷ്ഠാ! ഞാൻ വഴിയും നോക്കുന്നുണ്ടു്. (വീണ്ടും വേഗം നടക്കുന്നു)
- ഭഗവാൻ:
- (പിന്നെയും വഴിയെ പോയിട്ടു) വേണ്ട അങ്ങിനെ പോകേണ്ട പാത്രം തൂക്കിപ്പിടിച്ചു പോയ്ക്കോളൂ!
- ബാല:
- (തിരിഞ്ഞുനിന്നിട്ടു) തൂക്കിപ്പിടിക്കേണ്ടതു് എങ്ങിനെയാണു് ജ്യേഷ്ഠാ!
- ഭഗവാൻ:
- (ചിരിച്ചുകൊണ്ടു്) ഇതാ, ഇങ്ങിനെ ഒരു കൈകൊണ്ടു തൂക്കിപ്പിടിച്ചാൽ മതി. (മാതിരി കാണിക്കുന്നു)
- ബാല:
- (ചിരിച്ചുകൊണ്ടു്) ശരിതന്നെ ജ്യേഷ്ഠാ! തൂക്കിപ്പിടിപ്പാനാണു് ഈ കയർ ഇതിന്നു കെട്ടിയതു് അല്ലെ! നല്ല സൂത്രം. ഇനി എനിക്കു് വഴിനോക്കി തന്നെ പോകാം. എന്നാൽ ഞാൻ വേഗം പോരാം. ജ്യേഷ്ഠൻ ഇവിടെത്തന്നെ നില്ക്കണം.
- ഭഗവാൻ:
- ഇതാ, ഞാനിക്കല്ലിന്റെ മുകളിൽ കയറി എന്റെ അനുജന്റെ യാത്രയും നോക്കി നില്ക്കുന്നുണ്ടു്. (അങ്ങിനെ നിൽക്കുന്നു)
- ബാല:
- (ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടു് പോകുന്നു.) ഭഗവാൻ ഭക്തവാഞ്ഛിതാദാനത്താൽ എനിക്കു് അല്പം കൃതാർത്ഥതയുണ്ടു്.
എന്നേത്തന്നേ സന്തതം ചിന്തചെയ്യും
ധന്യേ മാന്യേ! സാധുശീലേ സുശീലേ!
എന്നെന്നും ഞാൻ നിങ്ങളേ മംഗളത്തിൽ
തന്നേ ക്രീഡിപ്പിക്കുവാൻ ഭാരവാഹി.
കർട്ടൻ വീഴുന്നു.
വിസ്മയസ്തൈമിത്യം
(ഒരു ബ്രാഹ്മണഗൃഹത്തിന്റെ ഉമ്മറം, ബ്രാഹ്മണപത്നി പ്രവേശിക്കുന്നു)
- പത്നി:
- നേരം നാലുനാഴിക പുലർന്നു. ശ്രാദ്ധത്തിന്നു ക്ഷണിച്ച വാദ്ധ്യാരും ബന്ധുക്കളും എല്ലാം ഇപ്പോൾ ഹാജരു് കൊടുക്കും. ഇവിടെ ഒരു വട്ടവും ആയിട്ടില്ല. ഇപ്പോഴാണു് കാര്യം വട്ടത്തിലായതു്. അരിശു്, കിരിശു്; മോരു്, കീരു്; ഇല, കില എന്തെല്ലാം വേണം! ഞാനൊരുവൾ എന്താണു ചെയ്യേണ്ടതു് മഹന്റെ അച്ഛന്നു കൂട്ടവുമില്ല കുറിയുമില്ല. കുളിക്കണം, ജപിക്കണം, തേവാരം കഴിക്കണം, ഉണ്ണണം, പിള്ളരെ പഠിപ്പിക്കണം ഇത്രമാത്രം ജോലി. അമ്മികുമ്മായമായാലും ശരി അദ്ദേഹം അനങ്ങില്ല. വായിക്കാൻ വരുന്ന പിള്ളരു് വേണ്ടതെല്ലാം കൊണ്ടുത്തരും എന്നു വിശ്വസിച്ചു. മൂപ്പരു് ഇപ്പോഴും അകത്തിരുന്നു ജപിക്കുകയാണു്. എന്തോ കഥ! ജപംകൊണ്ടൊന്നും ഈ കാലത്തു വായിൽ പോകയില്ലല്ലോ! ജപം കൊണ്ടു് വായിൽ പോകുന്നതു് മണ്ണു്. (പെട്ടെന്നു് ദൂരെ നോക്കിക്കൊണ്ടു്) ആരോ വരുന്നുണ്ടു്. ഒരു കുട്ടിതന്നെയാണു്. തലയിൽ എന്തോ ചുമന്നിട്ടും ഉണ്ടല്ലോ! ഓഹോ ഇലക്കെട്ടാണു്. ഇലവെക്കാത്ത ഒരു കുറവു മാത്രമെ ഇനി ഇവിടെയുള്ളു. (വീണ്ടും നോക്കീട്ടു്) അല്ല ഒരു കുട്ടികൂടിയുണ്ടു്. അവൻ ചുമന്നതു് ഒരു വട്ടിയാണു് (പിന്നേയും നോക്കീട്ടു്) പിറകെ ഒരു കുട്ടി കൂടി വരുന്നുണ്ടു്. അവൻ എന്തോ തൂക്കിപ്പിടിച്ചു വരികയാണു്. ഏതെങ്കിലും കൊണ്ടുവന്നതെല്ലാം മേടിച്ചു വെക്കാം.
(അനന്തരം മേലെഴുതിയ വിധം രണ്ടു കുട്ടികളുടെ പിന്നാലെ ബാലഗോപാലനും പ്രവേശിക്കുന്നു).
- പത്നി:
- (ഒന്നാമനോടു്) എന്താണു് കുട്ടി! ഇല മാത്രമേ ഉള്ളൂ?
- ഒന്നാമൻ:
- എനിക്കിത്ര ഇലമാത്രമേ കിട്ടീട്ടുള്ളൂ അമ്മെ!
- പത്നി:
- ആവട്ടെ (അവന്റെ തലയിൽ നിന്നു എടുത്തുവെച്ചു രണ്ടാമനോടു്) ഇതെന്താണു് പൊന്നുകുട്ടി ഇലയും നാളികേരവും ഉണ്ടോ?
- രണ്ടാമൻ:
- അരിയും ഉണ്ടമ്മെ!
- പത്നി:
- (ചിരിച്ചുകൊണ്ടു്) അരിശും ഉണ്ടോ? പൊന്നു കുട്ടിതന്നെ (തലയിൽ നിന്നു് എടുത്തു്) ഞാനകത്തു കൊണ്ടുപോയി അളന്നെടുത്തു വട്ടി തരാം (അകത്തേക്കു പോകുന്നു.)
- ബാല:
- (നെയ്ക്കുടം തൂക്കിപ്പിടിച്ചു മുറ്റത്തു് നിൽക്കുന്നു)
- പത്നി:
- (പ്രവേശിച്ചു്) നല്ല അരിശു് മകനേ! നാനാഴി കഷ്ടിച്ചേ ഉള്ളൂ (വട്ടി കൊടുക്കുന്നു) (ബാലഗോപാലനെ നോക്കി പുച്ഛരസത്തോടെ) ഓ, പിച്ചക്കാരത്തിയുടെ ചെക്കനും വന്നിട്ടുണ്ടല്ലോ! (നോക്കിട്ടു്) മറ്റാരാണു് വരുന്നതു്?
- രണ്ടാമൻ:
- അമ്മേ! അതു സുകുമാരനാണു്.
- പത്നി:
- (നോക്കി ചിരിച്ചുംകൊണ്ടു്) അയ്യോ! പൊന്നുകുട്ടിക്കു കനക്കെ ഉണ്ടല്ലോ. (ഓടി മുറ്റത്തിറങ്ങി വട്ടി മേടിച്ചു കൊണ്ടു്) പൊന്നുകുട്ടിക്കു കിതച്ചു കിതച്ചു വിയർത്തു പോയി.
- സുകു:
- അമ്മേ! ഞാൻ കുറെ പാഞ്ഞു.
- പത്നി:
- എന്തേ! നീ വഴിയിൽ വീണിട്ടു് നാളികേരം മറ്റൊ ഇട്ടുകളഞ്ഞാ കുഞ്ഞേ?
- സുകു:
- ഞാൻ വീണിട്ടേ ഇല്ല.
- പത്നി:
- നീ വീണാലും അരിശം ഒരു മണിപോലും വീഴരുതു്. (വട്ടിയിൽ നോക്കിക്കൊണ്ടു്) നാളികേരവും അരിശും കൂട്ടാൻ വെയ്ക്കാനും ഉണ്ടു്. നല്ല പൊന്നുകുട്ടി തന്നെ. (വട്ടിയും കൊണ്ടു് അകത്തു പോകുന്നു)
- രണ്ടാമൻ:
- അമ്മേ! ബാലഗോപാലനും എന്തോ കൊണ്ടുവന്നിട്ടുണ്ടു്.
- പത്നി:
- (അണിയറയിൽ നിന്നു്) ഞാൻ കണ്ടു. ആ കോലായിൽ വെച്ചേയ്ക്കാൻ പറയൂ!
- രണ്ടാമൻ:
- ബാലഗോപാല! നീ അതു തൂക്കിപ്പിടിച്ചു നിൽക്കേണ്ട. കോലായിൽ കയറ്റി വെച്ചേക്കണം പോലും.
- ബാല:
- വേണ്ട. അമ്മ എന്നോടും മേടിച്ചുകൊണ്ടുപോകും.
- പത്നി:
- (പ്രവേശിച്ചു്) സുകുമാര! അരിശു് അത്ര നന്നായില്ല. രണ്ടിടങ്ങഴി കഷ്ടിച്ചേ ഉള്ളു. പച്ചമുളകില്ലേ നിന്റെ വീട്ടിൽ! കുറെ കൊണ്ടുവരായിരുന്നില്ലെ?
- സുകു:
- അമ്മേ! പച്ചമുളകെല്ലാം തീർന്നുപോയി.
- പത്നി:
- (ബാലഗോപാലനെ നോക്കി പുച്ഛരസത്തോടെ) എന്തിനാണെടാ! തൂക്കിപിടിച്ചുംകൊണ്ടു നില്ക്കുന്നതു്. അവിടെയെങ്ങാനും വെച്ചേക്കൂ.
- ബാല:
- (കരഞ്ഞും കൊണ്ടു്) അമ്മ എന്താണു് എന്നോടും മേടിച്ചുവെയ്ക്കാത്തതു്?
- പത്നി:
- മറ്റാരാണു വരുന്നതു്?
- സുകു:
- ഗോപിനാഥനാണു്. അവനും കനക്കെ എടുത്തിട്ടുണ്ടമ്മെ!
- പത്നി:
- (ചിരിച്ചു കൊണ്ടു്) അവൻ നല്ല കുട്ടിയാണു്. ഗോപി നാഥ! പതുക്കെ വന്നോ മകനേ! (ഓടി മുറ്റത്തിറങ്ങി വട്ടി മേടിച്ചു നോക്കിക്കൊണ്ടു്) അയ്യോ! ഇതിലെന്തെല്ലാം ഉണ്ടപ്പാ! അരിശു്, നാളികേരം, ചെറുപയറു്, തോര പരിപ്പു്, പച്ചക്കറിസ്സാമാനം, ഒരു പൊതിയും ഉണ്ടു്. പൊതിയെന്താണു് മകനേ!
- ഗോപി:
- അതു വെല്ലമാണമ്മെ!
- പത്നി:
- (പൊട്ടിച്ചിരിച്ചു കൊണ്ടു്) ശിവ! ശിവ! വെല്ലമോ, വെല്ലമോ, പൊന്നുകുട്ടി. എന്റെ പൊന്നുകുട്ടി (വട്ടിയെടുത്തു വേഗം അകത്തുപോകുന്നു).
- സുകു:
- അമ്മേ! മറ്റുള്ള കുട്ടികളും ഓരോന്നു കൊണ്ടുവരുന്നു.
- പത്നി:
- (അണിയറയിൽ) വരട്ടെ! ഞാൻ വരുന്നു. വരുന്നു. തിരക്കൊല്ല. തിരക്കൊല്ല.
- ബാല:
- (കരയുന്നു.)
- സുകു:
- അമ്മേ! ബാലഗോപാലൻ ഇതാ കരയുന്നു.
- പത്നി:
- എന്തിനാണു് കരയുന്നതു്?
- സുകു:
- അമ്മ അവനോടു് മേടിച്ചുവെക്കാഞ്ഞിട്ടായിരിക്കും.
- പത്നി:
- മേടിച്ചുവെപ്പാൻ അവനാരാണു്. ഞാനാരാണു്? ഞാൻ അവനെ തൊടുമോ? അതു വല്ല സംഭാരവെള്ളമോ മറ്റോ ആയിരിക്കും. ആ പിച്ചക്കാരത്തിയുടെ ചെക്കനെ എനിക്കറിഞ്ഞുകൂടെ?
- ബാല:
- (ഞെട്ടിക്കരഞ്ഞുക്കൊണ്ടു്)
ചെഞ്ചുരുട്ടി—തിസ്രജാതി ത്രിപട
ഏറെ ബാലരിൽനന്നേ
കൂറേകുന്നു നീയെന്നെ
വേറെവെച്ചതെന്തു പിന്നെ?
- പത്നി:
- (പ്രവേശിച്ചു്) എന്തിനാടാ കരയുന്നതു്? ഹൊ, ചെക്കന്റെ കൊറുമ്പു്! അവിടെയെങ്ങാനും വെച്ചുപോ! കുഞ്ഞേ! വട്ടിയിതാ (വട്ടി കൊടുക്കുന്നു)
- ബാല:
- (വീണ്ടും കരഞ്ഞുകൊണ്ടു്) മുൻമട്ടു്.
കൊള്ളിവാക്കു ചൊന്നില്ല
കള്ളം ഞാൻ ചെയ്തതില്ല
തള്ളേ! നീ കൈവിടൊല്ലാ
(ഞെട്ടിക്കരയുന്നു)
(അണിയറയിൽ) ആരാണു കരയുന്നതു്?
- ഗോപിനാഥൻ:
- ബാലഗോപാലനാണു് കരയുന്നതു്.
- സുകുമാരൻ:
- ബാലഗോപാല! കരയേണ്ട! അതാ ഗുരുനാഥൻ വരുന്നു! (വീണ്ടും അണിയറയിൽ) എന്തേ ബാലഗോപാലൻ വന്നിട്ടുണ്ടോ?
- വാദ്ധ്യാർ:
- (ബദ്ധപ്പെട്ടു പ്രവേശിച്ചു്) അയ്യോ! കഷ്ടം! എന്റെ കുഞ്ഞു് എന്തിന്നു കരയുന്നു? കരയൊല്ല കുഞ്ഞേ! കരയൊല്ല. (ഓടിപ്പോയി തഴുകികൊണ്ടു്) കരയേണ്ട മകനേ! കരയേണ്ട. എന്താണപ്പാ നീ കൊണ്ടുവന്നതു്? ഇങ്ങടുതന്നേക്കൂ! (രണ്ടുകൈകൊണ്ടും മേടിച്ചു) നമുക്കു് ആ കോലായിൽ ചെന്നിരിക്കാം (എന്നു കുട്ടിയെ എടുത്തു കോലായിൽ ചെന്നിരുന്നിട്ടു്)
കരയരുതു കുമാര! നിൻമനോജ്ഞ-
ക്കരളഴലിങ്ങു കഠോര വജ്രപാതം
കരകവിയുമമേയ ഭാഗ്യരത്ന-
കരമതിൽ നീ മമ ചാരു ചന്ദ്രബിംബം!
(എന്നു താടിപിടിച്ചു ചുംബിക്കുന്നു പത്നിയെ നോക്കി ക്രോധത്തോടെ) എടീ മൂഢേ! നീയാണു് എന്റെ കുഞ്ഞിനെ കരയിച്ചതു്. മറ്റെല്ലാ കുട്ടികളും ഞാൻ പറഞ്ഞിട്ടാണു് വല്ലതും കൊണ്ടുവന്നതു്. ഈ സാധുകുട്ടി ഞാൻ പറയാതെയാണു് എന്തോ കൊണ്ടുവന്നിട്ടുള്ളതു്. എന്തുകൊണ്ടു നീ ആദ്യം ഇവനോടു മേടിച്ചുവെച്ചില്ല? നീ എന്തറിഞ്ഞു പടുമൂഢെ! ഇവൻ കൊണ്ടുവന്നതു പച്ചവെള്ളമായാലും ശരി ഇതു് എനിക്കു് അമൃതമാണു് (പാത്രത്തിന്റെ വായ്പ്പൊതി അഴിക്കുന്നു)
- പത്നി:
- (സുകുമാരനെ നോക്കി കണ്ണു ചിമ്മി കൊണ്ടു്) ഞാൻ അത്രയൊന്നും കുഞ്ഞിനോടു പറഞ്ഞില്ലപ്പ! ഈ തിരക്കു കഴിഞ്ഞു മേടിച്ചു വെക്കാം എന്നേ വിചാരിച്ചുള്ളൂ!
- വാദ്ധ്യാർ:
- (പാത്രം നോക്കിക്കൊണ്ടു്) ശിവ! ശിവ! ഇതു നിറഞ്ഞുമറിയുന്ന ഒന്നാംതരം പശുവിൻ നെയ്യാണു്.
- പത്നി:
- വിസ്മയിച്ചു് ഓടി നോക്കിട്ടു്. എന്തെന്തു് പശുവിൻ നെയ്യോ! ഹാ ഹാ! ഒന്നാംതരം നെയ്യു്. ഇതാരറിഞ്ഞു പൊന്നുകുട്ടി!
- വാദ്ധ്യാർ:
- വിഡ്ഢിത്തം പറയാതിരിക്കു! നിന്റെ കാര്യത്തിനു് ഇപ്പോൾ ഇവൻ പൊന്നുകുട്ടി. അല്ലെങ്കിൽ പട്ടിക്കുട്ടി. അല്ലെ? (വിചാരം) എന്തിനു പറയുന്നു! ക്ഷുദ്രജീവികളുടെ സ്വഭാവം ഇതാണല്ലൊ!
- പത്നി:
- ഞാനധികമൊന്നും പറഞ്ഞില്ലാ! എന്തിനാണു് ശണ്ഠ കൂടുന്നതു്?
- വാദ്ധ്യാർ:
- അധികം ഒന്നും പറയണ്ട. നെയ്യു് അകത്തു കൊണ്ടുപോയി നമ്മുടെ പാത്രത്തിൽ പകർന്നു് ഈ പാത്രം ഇവന്നു മടക്കികൊടുക്കൂ!
- പത്നി:
- (പാത്രം എടുത്തു നോക്കി ചിരിച്ചു കൊണ്ടു്) ഇതാരറിഞ്ഞു! നാഴി നെയ്യിൽ കുറയില്ല ഇതു്. നെയ്യു് മറ്റാരും കൊണ്ടുവന്നിട്ടും ഇല്ല. വലിയ കാര്യം ഇതാണു്. (അക ത്തേക്കു പോകുന്നു).
- വാദ്ധ്യാർ:
- (കുട്ടികളെ നോക്കീട്ടു്) എന്റെ കുട്ടികളെ! അവനവനാൽ കഴിയുന്നപോലെ നിങ്ങളെല്ലാവരും വല്ലതും കൊണ്ടുതന്നതിനാൽ എനിക്കു നിങ്ങളിൽ വളരെ തൃപ്തിയും സന്തോഷവും ഉണ്ടു്. പാത്രം ഒഴിച്ചു കിട്ടിയവർക്കെല്ലാം ഇനി പോകാം. നാളെ എഴുത്തുപള്ളിക്കു വരികയും വേണം.
- കുട്ടികൾ:
- (എല്ലാവരും പോകുന്നു).
- വാദ്ധ്യാർ:
- ബാലഗോപാല! നിനക്കും വേഗം പോകാം.
- പത്നി:
- (അണിയറയിൽ) നമ്മുടെ നാഴികൊള്ളുന്ന പാത്രത്തിൽ പകർന്നിട്ടും ഈ പാത്രത്തിലെ നെയ്യു് അങ്ങിനെതന്നെ ഉണ്ടത്രെ!
- വാദ്ധ്യാർ:
- നീ എടുത്ത പാത്രം ചെറുതായിരിക്കും. എന്താണു് ഇത്രയൊക്കെ പറയാനുള്ളതു്? വേറൊരു പാത്രം എടുത്തു് അതിൽ പകർന്നേക്കരുതോ?
- പത്നി:
- (അണിയറയിൽ) എന്തൊരു പൊന്നുകുട്ടി അപ്പാ! ബാലഗോപാലൻ. നമ്മുടെ നാനാഴികൊള്ളുന്ന പാത്രത്തിൽ പകർന്നിട്ടും ഈ പാത്രത്തിലെ നെയ്ക്കു് ഒരു കുറവും ഇല്ല.
- വാദ്ധ്യാർ:
- വിഡ്ഢിത്തം ഇനിയും പറയാതിരിക്കൂ. നിന്റെ കാര്യത്തിന്നു പൊന്നുകുട്ടി അല്ലെങ്കിൽ മണ്ണുകുട്ടി. നാഴി എങ്ങിനെയാണു് നാനാഴിയാകുന്നതു്? ചെറിയ പത്രങ്ങളും എടുത്തു കുട്ടികളെപ്പോലെ കളിക്കുന്നു.
- പത്നി:
- (അണിയറയിൽ) ആശ്ചര്യം ആശ്ചര്യം, നോക്കണേ! നോക്കണേ! ശിവശിവ നാരായണ! നാലിടങ്ങഴി കൊള്ളുന്ന പാത്രം നിറയെ പകർന്നിട്ടും ഈ പാത്രത്തിലിതാ നെയ്യു് ഇനിയും നിറഞ്ഞുമറിയുന്നു. ഒരിക്കൽ വരണേ വരണേ!
- വാദ്ധ്യാർ:
- (ഞെട്ടി വിസ്മയിച്ചു്) എന്തു് നാലിടങ്ങഴിയോ? ഇതു വെറും നുണയാണെന്നു തോന്നുന്നില്ല. കുഞ്ഞേ ഞാൻ നോക്കിവരാം. (ബദ്ധപ്പെട്ടു് എഴുന്നേറ്റു് പോകുന്നു). (അണിയറയിൽ നിന്നു്) ഓഹോ! കാര്യം ശരിതന്നെ ആ കുട്ടുകത്തിൽ പകർന്നുവെക്കു! കുട്ടിവട്ടളവും എടുക്കു!
ബിഹാക്കു്—ചതുരശ്രജാതി ഏകം.
എന്തു വിസ്മയം കഥയിതെന്തു വിസ്മയം!
വേഗം പകർന്നുവെക്കൂ,
വേഗം പകർന്നുവെക്കൂ!
(പ്രവേശിച്ചു)
കുഞ്ഞേ! ബാലഗോപാലാ!
എന്തു വിസ്മയം കഥയിതെന്തു വിസ്മയം!
പൊന്തിടുന്നു നെയ്യുറന്നു വന്തിളപ്പിയന്നിയന്നു
(എന്തു)
- പത്നി:
- (ബദ്ധപ്പെട്ടു പ്രവേശിച്ചു) കുട്ടുകവും നിറഞ്ഞു. വട്ടളവും നിറഞ്ഞു. ഇനിയും ഇതു് നിറഞ്ഞുമറിയുന്നു.
- വാദ്ധ്യാർ:
- എന്തു വിസ്മയം കഥയിതെന്തുവിസ്മയം! (അകത്തുപോയിട്ടു്) ഇതാ നിറഞ്ഞുമറിയുന്നു! ശ്രാദ്ധത്തിന്നു ശേഖരിച്ച പാത്രങ്ങൾ എല്ലാം എടുക്കൂ! വേഗം എടുക്കൂ! (പ്രവേശിച്ചു) കുഞ്ഞേ! എന്താശ്ചര്യം!
കുട്ടുകംനിറഞ്ഞു രണ്ടു വട്ടിളം നിറഞ്ഞുകണ്ടു
കുട്ടി! നിൻഘടത്തിലുണ്ടു
കട്ടിനെയ് വരുന്നുവീണ്ടും (എന്തു)
- പത്നി:
- (അണിയറയിൽ) ഇതാ, ഇനിയും നിറഞ്ഞുമറിയുന്നു. എന്തുവേണം എന്തുവേണം?
- വാദ്ധ്യാർ:
- (ബദ്ധപ്പെട്ടു് അകത്തുപോയിട്ടു്) എന്തുവിസ്മയംകഥയിതെന്തുവിസ്മയം! ഇതാ നിറഞ്ഞുമറിയുന്നു! മൺകലങ്ങളെല്ലാം എടുക്കൂ (പ്രവേശിച്ചു)
അത്രമാത്രമല്ല വെപ്പുപാത്രമെത്രയിത്തിരിച്ചു
അത്രയും നിറഞ്ഞുമത്ഭുതത്തിളപ്പിനിയുമേൽപൂ
- പത്നി:
- (ബദ്ധപ്പെട്ടു പ്രവേശിച്ചു്) വെപ്പുപാത്രങ്ങൾ മാത്രമല്ല മൺകലങ്ങൾ എല്ലാം നിറഞ്ഞുമറിയുന്നു. എന്തുവേണം എന്തുവേണം?
- വാദ്ധ്യാർ:
- എന്തുവിസ്മയം കഥയിതെന്തു വിസ്മയം (ബദ്ധപ്പെട്ടു് അകത്തേക്കു പോയിട്ടു) അയ്യോ! നിറഞ്ഞു മറിയുന്നിതാ വെള്ളം കോരുന്ന കൊട്ടയെടുക്കൂ! മോന്തയെടുക്കു കിണ്ടി എടുക്കൂ! കരണ്ടിയെടുക്കൂ! (പ്രവേശിച്ചു്) കുഞ്ഞേ! ബാലഗോപാലാ!
തള്ളിടുന്നുനെയ്യൊതുങ്ങിയുള്ളിൽ
നിന്നിടാതെ തിങ്ങി
- പത്നി:
- (ബദ്ധപ്പെട്ടു പ്രവേശിച്ചു) പാത്രം ഇവിടെ ഒന്നും ഇല്ലാതായല്ലൊ!
- വാദ്ധ്യാർ:
ഉള്ളപാത്രവും കുഴങ്ങി കള്ളമല്ല
ഞാൻ കുഴങ്ങി (എന്തു)
ഭഗവാനേ! എന്തൊരാശ്ചര്യമാണിതു്?
ഇന്ദ്രജാലമോ ചുരന്നനിന്നലിവിതോ മുകുന്ദ!
നന്ദനീയ ബാലനിന്നമന്ദഭാഗ്യമോ വരുന്നു
(എന്തു)
- പത്നി:
- (അണിയറയിൽ) നെയ്യു് ഇതാ നിറഞ്ഞുമറിയുന്നു! എന്തുവേണം എന്തുവേണം?
- വാദ്ധ്യാർ:
- അതു അക്ഷയപാത്രമാണു് അതിലെ നെയ്യു് അവസാനിപ്പിക്കാൻ നാമാളല്ല. പാത്രം വേഗം ഇങ്ങട്ടു കൊണ്ടു വരൂ! വായ്പ്പൊതി കെട്ടികളയാം.
- പത്നി:
- (വേഗം പാത്രം എടുത്തു പ്രവേശിച്ചു) ഇതാ നിറഞ്ഞു മറിയുന്നു! വേഗം വായ്പ്പൊതി കെട്ടണേ! (പാത്രം വാദ്ധ്യാരുടെ മുമ്പിൽ വെച്ചു തൊട്ടു തലോടുന്നു)
- വാദ്ധ്യാർ:
- (പാത്രം തൊട്ടു തലോടിക്കൊണ്ടു്) ശാന്തമാകണേ ശാന്തമാകണേ! (നെയ്കുടത്തിന്റെ വായ്പ്പൊതി കെട്ടുന്നു).
- പത്നി:
- (ബദ്ധപ്പെട്ടു ചാടി ബാലഗോപാലനേ എടുത്തു മടിയിൽ ഇരുത്തിക്കൊണ്ടു്)
മുഖാരി—ചതുരശ്രജാതി ത്രിപട.
അപ്പാ മകനേ! നിന്നെ
അല്പനെന്നാർത്തോരോന്നെ
ജല്പിച്ചുപോയേൻ നന്നേ
ദുഷ്പാപിനി ഞാൻതന്നേ
തങ്കമേ! നിങ്കൽപാരം
ഞാൻ കാണിച്ചു ധിക്കാരം
എങ്കലതോർക്കുന്നേരം സങ്കടമുണ്ടു ഘോരം.
(അപ്പാ)
- ബാല:
- അമ്മേ! ഞാനൊരു കുറ്റവും ചെയ്തില്ലല്ലോ!
- പത്നി:
- (വീണ്ടും കെട്ടിപ്പിടിച്ചു കരഞ്ഞുംകൊണ്ടു്) അയ്യോ! നീ ഒരു കുറ്റവും ചെയ്തില്ല. കുറ്റമെല്ലാം ചെയ്തതു ഞാൻ തന്നെ പൊന്മകനെ! എന്നെപ്പോലെ മഹാപാപം ചെയ്തവൾ ആരുമില്ല മകനേ!
(വീണ്ടും കരഞ്ഞുകൊണ്ടു്) മുൻമട്ടു്
ഏവം മഹാപാപമേ ചെയ്യാനിടയായേന്മേൽ
ആവകക്കിന്നിനിമേലാവതെന്തു ദൈവമേ!
(അപ്പാ)
- വാദ്ധ്യാർ:
- (വിസ്മയിച്ചാത്മഗതം) ആശ്ചര്യം ആശ്ചര്യം! എന്റെ പത്നി ഇപ്പോൾ പരിശുദ്ധയായല്ലോ!
അതിലോഭമിവൾക്കു പണ്ടുപണ്ടേ
മതിയിൽ കണ്ടൊരുദോഷമാണിതിപ്പോൾ
അതിശുദ്ധനിവന്റെ ചേർച്ചയാലന്റെ
സതി വിട്ടു, ശുഭഹേതുസാധുസംഗം.
- ബാല:
- അമ്മയും ഒരു കുറ്റവും ചെയ്തിട്ടില്ല. എഴുത്തച്ഛൻ എന്റെ കയ്യിൽ നിന്നു നെയ്യ്ക്കുടം മേടിച്ചുവെച്ചില്ലേ? അച്ഛൻ മേടിച്ചാൽ അമ്മ മേടിച്ചതുപോലെ തന്നെയാണു്.
- വാദ്ധ്യാർ:
- (സന്തോഷാശ്രുവാൽ തൊണ്ടയിടറിക്കൊണ്ടു്) ശരിയാണു് കുഞ്ഞേ ശരിയാണു്.
സാവേരി—ചതുരശ്രജാതി രൂപകം.
ഭേദമില്ല തേ ചെറ്റും ഭേദമില്ല തേ
വാദമില്ല ദേശികൻ തേ
താതനത്രേയെൻകുഴന്തേ
മാതാവോ നിൻസ്വാന്തെ മല്പത്നി മറ്റെന്ത?
(പത്നിയോടു്)
കറ്റവാർകുഴലീ!
നിന്നെ പെറ്റമാതാവെന്നുതന്നെ
മുറ്റുമിവനോർപ്പൂ മാന്യേ മറ്റൊന്നില്ലതും മന്യേ
കുറ്റം നീ ചെയ്തന്നേ തെറ്റെന്നു നീ തന്നെ
തെറ്റെന്നോർത്താൽ
പിന്നെമറ്റെന്തുണ്ടുധന്യേ! (ഭേദ)
(ആത്മഗതം) അതൊക്കെയും ഇരിക്കട്ടെ! ഈ അക്ഷയപാത്രം ഈ കുട്ടിക്കു് എവിടന്നു് കിട്ടി? ഈ ചെറുബാലന്നു് വല്ല തപസ്സിദ്ധികളോ മറ്റോ ഉണ്ടാവാനിടയില്ലല്ലൊ! ഇവനോടു ചോദിച്ചിട്ടെന്തു കാര്യം? ഒന്നും അറിയാത്ത പാവം. പ്രഭാതത്തിനു മുമ്പു് മിക്ക ദിവസങ്ങളിലും ഇവന്റെ അമ്മ സാദ്ധ്വിയായ സുശീലയെ ആ ദുർഗ്ഗാക്ഷേത്രത്തിൽ ഞാൻ കാണാറുണ്ടു്. വളരെ ഭക്തിയുള്ളവളാണവൾ. എങ്കിലും സ്ത്രീകൾക്കു് എങ്ങിനെയാണു് ഈ വക സിദ്ധി ഉണ്ടാകുന്നതു്? (ആലോചിച്ചു്) ശിവ! ശിവ! എന്തുകൊണ്ടുണ്ടാവാൻ പാടില്ല!
പതിയുടെമൃതിപാർത്തപ്പൂതയായുള്ള ശീലാ-
വതി സപദി മുടക്കീ പണ്ടു സൂര്യോദയത്തെ
അതിലുമതിവിചിത്രം സാദ്ധ്വിസാവിത്രിഭർത്തൃ
ച്യുതിദശയെ ഹരിപ്പാൻ കാലനെ കീഴടക്കി.
ഓഹോ! ഞാനെന്തിനാണു് അത്ര ദൂരം പോകുന്നതു്! ഭക്തിയുടെ മൂർത്തിമതികളായ ഗോപികമാരുടെയും പാഞ്ചാലിയുടെയും കഥകൾ തന്നെ അത്യാശ്ചര്യമല്ലെ? ഏതുവിധത്തിലും പുണ്യശാലിനിയായ ഇവന്റെ അമ്മയുടെ തപസ്സിദ്ധി തന്നെയായിരിക്കണം ഇതു്. (പ്രകാശം) കുഞ്ഞേ, അമ്മയല്ലെ നെയ്ക്കുടം തന്നയച്ചതു്?
- ബാല:
- അല്ല! എന്റെ ജ്യേഷ്ഠനാണു്.
- വാദ്ധ്യാർ:
- (വിസ്മയത്തോടെ) ആരാണു് തന്നയച്ചതു്?
- വാദ്ധ്യാർ:
- (ആത്മഗതം) എന്താണു് ഈ കുട്ടി ഇങ്ങിനെ പറയുന്നതു്! ആ സുശീലക്കു് ഇവൻ ഏകസന്താനമാണല്ലോ!
ഇവനുടയ പിതാവു ചത്തുവെന്നും
യുവതി സുശീലയിവന്റെ തള്ളയെന്നും
അവരിലിവനൊരേകപുത്രനെന്നും
ശിവശിവ ഞാനറിയുന്നു നല്ലവണ്ണം.
(പ്രകാശം) നിനക്കു് ഉടപ്പിറവി ആരും തന്നെ ഇല്ലല്ലോ കുഞ്ഞെ!
- ബാല:
- ഉണ്ടു്! എനിക്കൊരു ജ്യേഷ്ഠൻ ഉണ്ടു്. ഇപ്പഴല്ലെ ജ്യേഷ്ഠൻ നെയ്യ്ക്കുടം തന്നയച്ചതു്?
- വാദ്ധ്യാർ:
- (ആത്മഗതം) ഇതാണു് അത്യാശ്ചര്യം! കുട്ടി ഒരിക്കലും കളവു പറയുകയില്ല. (പ്രകാശം) ഇരിക്കട്ടെ നിന്റെ ജ്യേഷ്ഠന്റെ താമസം എവിടെയാണു്?
- ബാല:
- അതാ അങ്ങുള്ള കാട്ടിലാണു് ജ്യേഷ്ഠന്റെ താമസം.
- വാദ്ധ്യാർ:
- (ഞെട്ടി വിസ്മയിച്ചു്) എവിടെ, എവിടെ താമസം?
- ബാല:
- ആ വഴിക്കുള്ള കാട്ടിൽ (ചൂണ്ടിക്കാണിക്കുന്നു).
- വാദ്ധ്യാർ:
- ആശ്ചര്യം, ആശ്ചര്യം എന്താണു് ജോലി?
- ബാല:
- പശുക്കളെ മേച്ചുകൊണ്ടിരിക്കയാണു്.
- വാദ്ധ്യാർ:
- (ഞെട്ടിക്കൊണ്ടു്) എന്തെന്തു്?
- ബാല:
- പശുക്കളെ മേച്ചുകൊണ്ടിരിക്കയാണു്.
- വാദ്ധ്യാർ:
- (പത്നിയോടു്) സാക്ഷാൽ ഭഗവാനെത്തന്നെയാണോ ഈ കുട്ടി ജ്യേഷ്ഠനെന്നു പറയുന്നതു്?
- പത്നി:
- ഇതു ഭഗവാന്റെ ഒരു മറിമായം തന്നെയാണു്. അല്ലാതെ നാഴിനെയ്യെങ്ങിനെ പത്തുനാല്പതു കുടങ്ങളിൽ നിറഞ്ഞു!
- വാദ്ധ്യാർ:
- (ഭ്രമിച്ചുകൊണ്ടു്) എന്തു് ഈ കലികാലത്തും ഭഗവാൻ പശുക്കളെ മേയ്ക്കുന്നുണ്ടെന്നോ?
- ബാല:
- ഭഗവാനല്ല, പശുക്കളെ മേയ്ക്കുന്നതു്! എന്റെ ജ്യേഷ്ഠനാണു് ഗുരുനാഥ!
- വാദ്ധ്യാർ:
- (ചിരിച്ചും കൊണ്ടു്) അയ്യോ! ഈ സാധുക്കുട്ടി ഒരു തത്ത്വവും അറിയുന്നില്ലല്ലൊ! ഇതു് ഇവന്റെ അമ്മ കാണിച്ച വിദ്യ തന്നെയായിരിക്കണം.
- ബാല:
- അതേ ഗുരുനാഥ! അമ്മതന്നെയാണു് ജ്യേഷ്ഠനെ കാണിച്ചുതന്നതു്!
- വാദ്ധ്യാർ:
- (ഭക്തിയോടെ തൊഴുതുംകൊണ്ടു്) കൃഷ്ണ! കൃഷ്ണ! നാരായണ! ശരി. ഞാൻ ഉദ്ദേശിച്ചതു തന്നെയാണു ശരി. (കണ്ണീർ തൂകികൊണ്ടു്) അല്ലെ! ഭഗവത്ഭക്തോത്തമയായ സുശീലേ! അങ്ങേക്കു് എങ്ങിനെയാണു് ആ ഭക്തവത്സലൻ ഇത്രവേഗം പ്രത്യക്ഷമായതു്?
ദാരിദ്ര്യമോ വിദുഷി നിൻഗുരു, നിന്റെ പാഠം
വൈരാഗ്യമോ, തവ ധനം ഹരിഭക്തിതാനോ,
സ്വാരാജ്യമങ്ങു ഹരിവിഗ്രഹമോ, കൊടുത്താൽ
തീരാത്തഭാഗ്യനിധി നിൻശിശുവോ സുശീലേ?
- പത്നി:
- അയ്യോ! ഞാനെന്തൊരു മഹാപാപിനിയാണു്. കിറത്തുണിയും രുദ്രാക്ഷമാലയും ധരിച്ചു പിച്ചക്കു വരുന്ന ആ പിച്ചക്കാരത്തിയെ ഞാനെത്ര പരിഹസിച്ചു. എന്തെല്ലാം ശകാരിച്ചു. അയ്യോ! അമ്മെ! സുശീല ഞാനങ്ങയുടെ ദാസിയാണെ! എനിക്കൊന്നും അറിഞ്ഞുകൂടെ! അയ്യോ ഭർത്താവെ അതൊക്കെയും വിചാരിക്കുമ്പോൾ ഞാൻ ദഹിച്ചു പോകുന്നുവല്ലോ!
- വാദ്ധ്യാർ:
- ഭയപ്പെടേണ്ട! ഒട്ടും ഭയപ്പെടേണ്ട. പാപങ്ങൾക്കെല്ലാം ക്ഷണ ശമനം കിട്ടും! ഹരിനാമസങ്കീർത്തനം ചെയ്യുക.
- പത്നി:
- കരഞ്ഞു തൊഴുതുംകൊണ്ടു്)
മോഹനം—ആദിതാളം
നാരായണ! നാരായണ!
നാരായണ! കൃഷ്ണാ! നാരായണ!
സാരവിമലഗുണപൂര! നിജചരണാ-
ധാരഭരണചരണ ശ്രീരാധികാരമണ!
(നാരായണ)
- വാദ്ധ്യാർ:
- (വിചാരം) കുട്ടിയുടെ അനുഭവത്തെ ഇനിയും ചോദിച്ചറിയാം. (പ്രകാശം) കുഞ്ഞെ! നിന്റെ ജ്യേഷ്ഠനു് പ്രായം എത്രയുണ്ടു്?
- ബാല:
- എന്നെക്കാൾ കുറഞ്ഞൊന്നധികം പ്രായമുണ്ടു്. ഇതാ (കൈ ഉയർത്തി കാണിച്ചുകൊണ്ടു്) ഇത്രയേ ഉള്ളൂ! എന്റെ കൈകൊണ്ടു് ജ്യേഷ്ഠന്റെ കിരീടം ഞാൻ ധാരാളം തൊടാറുണ്ടല്ലോ!
- വാദ്ധ്യാർ:
- (ഞെട്ടിക്കൊണ്ടു്) എന്തെ കിരീടവും ഉണ്ടോ?
- ബാല:
- പിന്നെയോ കിരീടവും ഉണ്ടു്.
- വാദ്ധ്യാർ:
- ഹരേ കൃഷ്ണ! നാരായണ! എങ്ങിനെ വിശ്വസിക്കാതിരിക്കും? കുഞ്ഞേ ജ്യേഷ്ഠനെ എനിക്കും കാണിച്ചു തരാമോ?
- ബാല:
- കാണിച്ചുതരാമല്ലോ ഗുരുനാഥനും എന്റെ കൂടെ വരണം.
- വാദ്ധ്യാർ:
- (പത്നിയോടു്) പ്രിയതമേ! ഞാൻ വേഗം പോയി വരാം.
- പത്നി:
- അങ്ങുന്നേ ഭഗവദ്ദർശനത്തെ ഈയുള്ളവൾക്കും സാധിപ്പിച്ചു തരണം.
- വാദ്ധ്യാർ:
- അത്രക്കുള്ള സുകൃതവും ഭാഗ്യവും നമുക്കെവിടെ? ഗൃഹസ്ഥാശ്രമികൾക്കു് അതിഥിപൂജനം തന്നെയായിരിക്കെ ഭവതി എന്റെ കൂടെ വന്നാൽ ഗൃഹിണിയിൽ മുഖ്യമായി നില്ക്കുന്ന ചുമതല നിവ്വഹിക്കുവാൻ ഇവിടെ ആരാണു് ഉള്ളതു്?
- പത്നി:
- (കരഞ്ഞുകൊണ്ടു്)
പതിവാക്കി കുലസ്ത്രീകൾ
പതിവാക്കിലിരിപ്പിനെ
അതിഭാഗ്യമിതിന്മീതെ ശ്രുതിവാക്യവുമില്ല മേ.
അതുകൊണ്ടു് ഭാഗ്യവശാൽ അങ്ങേയ്ക്കുണ്ടാകാവുന്ന ഭഗവൽ പ്രസാദത്താൽത്തന്നെ ഈയുള്ളവളും കൃതാർത്ഥയായിക്കൊള്ളാം.
- വാദ്ധ്യാർ:
- ഭവതിയുടെ അഭിപ്രായം ശരിയാണു്. നെയ്യ്ക്കുടം എവിടെ?
- പത്നി:
- ഇതാ, ഇവിടെ ഉണ്ടു്.
- വാദ്ധ്യാർ:
- ഇതു് ഇവന്റെ വീട്ടിൽ ഞാൻ തന്നെ കൊണ്ടുകൊടുക്കണം. (ബാലഗോപാലനോടു്) കുഞ്ഞേ! ഇവിടെനിന്നു് ഒരു മൈൽ പോകണമോ ജ്യേഷ്ഠനെക്കാണുവാൻ?
- ബാല:
- വേണ്ട വേണ്ട. മൈലും മറ്റും വേണ്ട. മയിൽപീലി ജ്യേഷ്ഠന്റെ കിരീടത്തിൽത്തന്നെ ഉണ്ടല്ലൊ.
- വാദ്ധ്യാർ:
- (ഞെട്ടിക്കൊണ്ടു്) കൃഷ്ണ! കൃഷ്ണനാരായണ! എങ്ങിനെ വിശ്വസിക്കാതിരിക്കും?
അത്യന്തം നാമസാമ്യത്തിലത്ഭുതമിവൻ തുലോം
പ്രത്യക്ഷാനുഭവംതന്നെ
സത്യമായി പറയുന്നുതെ.
നാരായണ! നാരായണ! നാരായണ!
കൃഷ്ണ! നാരായണ! കുഞ്ഞെ!
നാം വേഗം ഇറങ്ങുക!
(ബാലഗോപാലന്റെ കയ്യും പിടിച്ചുകൊണ്ടു്)
നേരായ് നിൻനാമഗുണ-
പാരായണന്മാർക്കണ-
യാറാകും നിൻകാലിണത്താരാണിവന്നുതുണ
(നാരാ)
(പാടിക്കൊണ്ടു് പോയി.)
- പത്നി:
- (തൊഴുതുകൊണ്ടു്)
വിത്തമെന്തിനു വിദ്യയെന്തിനു
കീർത്തിയെന്തിനു ദൈവമേ!
മത്തനാകിയ മർത്ത്യനീവക
ദുസ്തരം നരകത്തിനാം
ചിത്തശുദ്ധിയൊടും സുശീലയോടൊത്തു
ഞാൻ ബഹുഭക്തിയാം
സ്വത്തടക്കിയിരിക്കുവാൻ
കനിയണമേ കരുണകരാ!
(തിരശ്ശീല വീഴുന്നു.)
അശരീരിവാക്യം
(ഒരു ചെറിയ കാടു് ബാലഗോപാലൻ മുമ്പിലും വാദ്ധ്യാർ പിമ്പിലുമായി പ്രവേശിച്ചു ചുറ്റി നടക്കുന്നു.)
- വാദ്ധ്യാർ:
- (മുൻമട്ടു്) പദം.
നാരായണ നാരായണ നാരായണ
കൃഷ്ണാ! നാരായണ.
വൃന്ദാരകനികരമന്ദാര ചരാചര-
വൃന്ദാവന ചതുര! വൃന്ദാവനസഞ്ചാര!
(നാരായണ)
കുഞ്ഞേ!
ഈ വനമാലയമാക്കീ-
ട്ടാവാം നിൻ ജ്യേഷ്ഠനുള്ള കളിയെല്ലാം.
- ബാല:
- അതെ ഗുരുനാഥ! വനമാല കഴുത്തിലിട്ടു കൊണ്ടു തന്നെയാണു് ജ്യേഷ്ഠൻ കളിക്കുക.
- വാദ്ധ്യാർ:
- (ഞെട്ടിക്കൊണ്ടു്) കൃഷ്ണ കൃഷ്ണ നാരായണ എങ്ങിനെ വിശ്വസിക്കാതിരിക്കും?
പാവനശീലന്നെന്നും
ഭാവന ഭഗവൽപദത്തിൽ മാത്രമഹോ
അതേ കുഞ്ഞേ! ജ്യേഷ്ഠന്നു വനമാലയും ഉണ്ടു്. ഈ കാട്ടിൽത്തന്നെയാണോ ജ്യേഷ്ഠന്റെ വാസം?
- ബാല:
- അതെ, ജ്യേഷ്ഠന്റെ താമസം ഈ കാട്ടിൽത്തന്നെയാണു്.
- വാദ്ധ്യാർ:
- തൊഴുതുകൊണ്ടു് ഹരേ കൃഷ്ണ നാരായണ
ഘനമേചകമഞ്ജുളം പവിത്രം
ധനമേതാ,ണതു നിന്നിൽ വാഴ്കമൂലം
ജനമേദുര മംഗളം പൊഴിപ്പാൻ
വനമേ! ജീവനമേതുദിക്കിനും നീ.
അല്ലയോ പരിപാവനമായ വനമേ! അങ്ങേക്കു സഹസ്രം സഹസ്രം നമസ്കാരം. (സാംഷ്ടാംഗനമസ്കാരം ചെയ്യുന്നു.)
- ബാല:
- എന്തിനാണു് ഗുരുനാഥ! അമ്പലങ്ങളിൽ പോലെ ഈ കാട്ടിലും നമസ്കരിക്കുന്നതു്? ഈശ്വരൻ ഇവിടെയും ഉണ്ടോ?
- വാദ്ധ്യാർ:
- ഉണ്ടു് കുഞ്ഞേ! ഈശ്വരൻ എവിടെയും ഉണ്ടു്. ജ്യേഷ്ഠൻ എവിടെ? കാണിച്ചുതരൂ
- ബാല:
- കുറേകൂടി അങ്ങട്ടു് പോകണം. (ചുറ്റി നടന്നിട്ടു്) ഇതാ ഒരു വലിയ കല്ലു കാണുന്നു! ഇതുവരെ എന്റെ ജ്യേഷ്ഠൻ നേരത്തെ എന്റെ കൂടെ വന്നിരുന്നു!
ഇക്കല്ലിന്മേൽ കേറിനിന്നെന്റെ ചേട്ടൻ
തൃക്കണ്പാർത്തേനെന്നെയങ്ങെത്തുവോളം
തല്ക്കാലംപോയ് പൈക്കളേ മേയ്ക്കുവാനായ്
നില്ക്കുന്നുണ്ടാമെന്നെയും കാത്തുദൂരേ.
- വാദ്ധ്യാർ:
- (ആത്മഗതം) എന്തൊരു ഭക്തിയാണു് ഈ കുട്ടിക്കു്! എന്തൊരു വാത്സല്യമാണു് ഭഗവാനേ! അങ്ങുന്നു് കാണിക്കുന്നതു് ? അല്ലെങ്കിൽ ഭഗവാന്റെ ഭക്തവാത്സല്യം ഈ ബാലനിൽ മാത്രമെന്നു് എന്തിനു പറയുന്നു? ജഡ പദാർത്ഥമായ ഈ കല്ലിനോടും കാണിച്ചുവല്ലോ!
മല്ലേഷുമാഥി ശിരസാ പണിയുന്ന പാദ-
മല്ലേ ലഭിച്ചതു വെറും ജഡമെങ്കിലും നീ!
ചൊല്ലേറുമിമ്മനുജനെന്തിനു
കൊള്ളുമോർത്താൽ
കല്ലേ! മുകുന്ദനു ജഡാജഡ ഭേദമുണ്ടോ?
അല്ലയോ പരിശുദ്ധമായ ശിലാതലമേ! നമസ്കാരം (നമസ്കരിക്കുന്നു).
- ബാല:
- ഗുരുനാഥ! ഈ കല്ലും ഈശ്വരന്റേതാണോ?
- വാദ്ധ്യാർ:
- അതെ കുഞ്ഞേ! ഈശ്വരന്റേതു തന്നെ തൊട്ടു വന്ദിക്കൂ!
- ബാല:
- (തൊട്ടു തലോടുന്നു.) (രണ്ടു പേരും ചുറ്റി നടക്കുന്നു)
- വാദ്ധ്യാർ:
- എവിടുന്നാണു് കുഞ്ഞേ അതിവിശേഷമായ ഒരു പരിമളംവരുന്നതു്!
- ബാല:
- ഹൊ ഹൊ! അതു് ജ്യേഷ്ഠന്റെ വനമാലയിൽ നിന്നാണു്. ജ്യേഷ്ഠൻ ഇവിടെ അടുത്തുണ്ടായിരിക്കും.
- വാദ്ധ്യാർ:
- (ബദ്ധപ്പെട്ടു ബാലന്റെ കൈ പിടിച്ചു നടന്നുകൊണ്ടു്)
ബലഹരി—ആദി
പോക പോക നാം കുമാര!
വൈകരുതേയിനി സുകുമാര!
ലോകതോഷ പോഷണമ-
സ്തോകഗന്ധമോമലെ! (പോക)
(വീണ്ടും ചുറ്റി നടന്നു ഒരു പുഷ്പം കണ്ടിട്ടു്)
കണ്ടുകൊണ്ടാലും നീ വണ്ടണിഞ്ഞോലും
ഇളം തണ്ടലരിതാ പരിമളകിനലം
പരിമളമതുലം വിതറിവിലസുവതും (പോക)
- ബാല:
- (ചാടിച്ചെന്നു പുഷ്പം എടുത്തു കാണിച്ചു കൊണ്ടു്) ഗുരുനാഥ! ഈ പുഷ്പം ജ്യേഷ്ഠന്റെ വനമാലയിൽ നിന്നു വീണതാണു്.
- വാദ്ധ്യാർ:
- (വിസ്മയിച്ചു തൊഴുതും കൊണ്ടു്)
ഹരിമലയജ പങ്കച്ചാറിൽ മുങ്ങിപ്പരം തൽ-
പരിമളമുലകൊട്ടുക്കേശുവാൻ വീശുവാനോ
പെരുവഴിയിലിറങ്ങിക്കൊണ്ടതും
പത്മമേ! നി-
ന്തിരുവടിയടിയന്നും കാട്ടണം ശ്രേഷ്ഠമാർഗ്ഗം
(മേടിച്ചു തലയിൽ ചൂടുന്നു)
- ബാല:
- എന്തിനാണു് പൂവിനെ തൊഴുന്നതു് ഗുരുനാഥ!
- വാദ്ധ്യാർ:
- പൂവു് ഈശ്വരനെ പൂജിക്കാനുള്ളതല്ലെ കുഞ്ഞെ! അതുകൊണ്ടു് പൂവിനേയും തൊഴണം.
- ബാല:
- ഈ കാട്ടിൽ എവിടെയാണു് ഈശ്വരൻ ഉള്ളതു്? എനിക്കു കാണിച്ചുതരണം!
- വാദ്ധ്യാർ:
- (ആത്മഗതം) എന്താണു് ഈ കുട്ടിയോടു പറയേണ്ടതു്?
മുന്തിരിങ്ങ കരതാരിൽ നില്കവേ
പിന്തിരിഞ്ഞു തിരിയുന്ന വണ്ണമേ
അന്തികത്തിലഖിലേശനെസ്സദാ
ഹന്ത! കാണ്കിലുമറിഞ്ഞതില്ലിവൻ.
അഥവാ ഇവൻ അറിഞ്ഞിട്ടില്ലെങ്കിൽത്തന്നെ എന്താണു് വൈഷമ്യം? ഭഗവാനേ! ഗോപാലനന്ദന! അങ്ങേക്കു് ഈ ബാലഗോപാലൻ പ്രിയപ്പെട്ട സഹോദരനാണല്ലൊ. ഇതിൽപരം എന്തൊരു ഭാഗ്യമാണു് ഈ കുട്ടിക്കു വരേണ്ടതു് ?
- ബാല:
- ഗുരുനാഥാ!
- വാദ്ധ്യാർ:
- (ആത്മഗതം) കഷ്ടമേ! ഈ മഹാസുകൃതിയുടെ ഈ ബഹുമാന സംബോധനക്കുതന്നെ ഞാൻ അർഹനല്ലല്ലോ!
ചെറുപ്പമെങ്കിലും ലോക-
ഗുരുത്വമിവന്നെൽക്കവേ
ഗുരുസ്ഥാനമിവന്നെന്നിൽ
വിരുദ്ധം ലോകഗർഹിതം!
- ബാല:
- ഗുരുനാഥാ! ജ്യേഷ്ഠൻ ഇപ്പോഴാണു് ഇങ്ങട്ടു കടന്നു പോയതു്! കാലള കാണുന്നിതാ!
- വാദ്ധ്യാർ:
- (ഞെട്ടിക്കൊണ്ടു്) എവിടേ! എവിടേ!
- ബാല:
- ഇതാ! ഇതാ! (ചൂണ്ടിക്കാണിക്കുന്നു.)
- വാദ്ധ്യാർ:
- (ഇരുന്നു സൂക്ഷിച്ചു നോക്കിക്കൊണ്ടാത്മഗതം) ഹരേ! കൃഷ്ണനാരായണ! എങ്ങിനെ വിശ്വസിക്കാതിരിക്കും?
വിശദമിതൊരു ബാലപാദചിഹ്നം
ദൃശമിതിലംഗുലി തിങ്ങിനീണ്ടുകാണ്മൂ
(വീണ്ടും നോക്കീട്ടു്)
കൃഷ്ണ! കൃഷ്ണ! വാസുദേവ!
അശരണഗതിയാണിതെന്നു വജ്രാ-
ങ്കുശമുഖരേഖ വിളിച്ചുചൊല്ലിടുന്നു!
(സാഷ്ടാംഗനമസ്കാരം ചെയ്യുന്നു)
- ബാല:
- (ആത്മഗതം) ഗുരുനാഥൻ അമ്മയെപ്പോലെ തന്നെ എപ്പോഴും ഈശ്വരനെ ഭജിച്ചുകൊണ്ടിരിക്കുന്ന ഒരാളാണു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ ഭജനത്തിന്നിടയിൽ ജ്യേഷ്ഠൻ ഈ കാട്ടിന്റെ അങ്ങേ ഭാഗത്തുണ്ടോ എന്നന്വേഷിക്കാം (പോകുന്നു)
- വാദ്ധ്യാർ:
- (എഴുന്നേറ്റു ഭക്തിപരവശനായി കരഞ്ഞു തൊഴുതും കൊണ്ടു്)
കേദാരഗൌളം—ചതുരശ്രജാതി ത്രിപട
ഭജേ! ഭജേ! മാപദം ശ്രീഹരി പാദം
നിജബലപാടിത ശകടമദം (ഭജേ)
ത്രിപഥഗാജനകം ത്രിഭുവനസുഭഗം
ശഫരവജ്രാങ്കുശ ശോഭിതമനഘം (ഭജേ)
ഹതബലിഡംഭം ഹൃതഫണിദംഭം
ധൃതപുളകം ശ്രീരാമകൃതപരിരംഭം (ഭജേ)
(വീണ്ടും നമസ്കരിച്ചു) ഭഗവാനെ! ഭക്തവത്സല! അങ്ങയുടെ ഈ പദാരവിന്ദപാംസുകൊണ്ടു് എന്റെ ദേഹം പരിശുദ്ധമാക്കട്ടെ (പൂഴിവാരി മെയ്യിൽ തേച്ചു കൊണ്ടു തിരിഞ്ഞു നോക്കി കുട്ടിയെ കാണാതെ പരിഭ്രമിച്ചു്!)
ഇംഗ്ലീഷ് നോട്ടു്—ച തുരശ്രജാതി ഏകം
ഇവനെങ്ങുപോയ്മറഞ്ഞു
ഹന്ത ധന്യബാലകൻ
ഇവിടെയെങ്ങുമില്ലടുത്തമേയഭാഗ്യവാൻ
ശിവ! ശിവ! ശീഘ്രമെന്നെ വിട്ടതെന്തുവാൻ?
(ഇവനെ)
(നാലുഭാഗവും നോക്കി വിളിക്കുന്നു.) എന്റെ പ്രിയപ്പെട്ട കുഞ്ഞേ ബാലഗോപാല!
- ബാല:
- (അണിയറയിൽ) ഗുരുനാഥാ! ഞാനിവിടെ ഉണ്ടേ, ഞാനിവിടെ ഉണ്ടേ!
- വാദ്ധ്യാർ:
- നീ എന്താണു് കുഞ്ഞേ ഇവിടെ ചെയ്യുന്നതു്?
- ബാല:
- (അണിയറയിൽ) എന്റെ ജ്യേഷ്ഠനെ അന്വേഷിച്ചു് നടക്കുകയാണു് ഗുരുനാഥാ വേഗം ഇങ്ങോട്ടുവരണം
- വാദ്ധ്യാർ:
- (സന്തോഷത്തോടെ)
ഇംഗ്ലീഷ് നോട്ടു്—ആദിതാളം
ശ്ലാഘ്യം ശ്ലാഘ്യം ശ്രമമിതു തേ
ഭാഗ്യം ഭാഗ്യം മമ സമതേ
നിൽക്കുക പഴുതെ ദുർഘടകുപഥേ
നിർഗ്ഗമമരുതെ സൽഗുണജലധേ! (ശ്ലാഘ്യം)
(പോകുന്നു)
- വാദ്ധ്യാർ:
- (അണിയറയിൽ അല്പസമയം കഴിഞ്ഞു്) ജ്യേഷ്ഠനെ കണ്ടുവോ കുഞ്ഞേ?
- ബാല:
- (അണിയറയിൽ) ഇല്ല ഗുരുനാഥ! ഇവിടങ്ങളിലെല്ലാടവും ഞാൻ തിരഞ്ഞുനോക്കി. (അണിയറയിൽ പശുക്കളും കന്നുകുട്ടികളും കരയുന്നു)
- വാദ്ധ്യാർ:
- (അണിയറയിൽ) അതാ അങ്ങുനിന്നു കരയുന്ന കാലിക്കൂട്ടത്തിൽ ചെന്നു നോക്കുക!
- ബാല:
- (അണിയറയിൽ) അങ്ങിനെതന്നെ. അല്ലയോ പശുക്കളേ! എന്റെ കന്നുകുട്ടികളെ!
ബിഹാക്കു്—ചതുരശ്രജാതി ത്രിപട
എങ്ങുപോയി ജ്യേഷ്ഠൻ പശുവൃന്ദങ്ങളെ!
ചൊൽവിൻ!
അങ്ങുമിങ്ങും നടന്നോലും നിങ്ങളെ
തെളിപ്പാൻ കോലും
തിങ്ങിടും കൃപയുംകോലും
മംഗലനെങ്ങുചൊന്നാലും (എങ്ങു)
(ബാലഗോപാലൻ പാടിക്കൊണ്ടു് മുമ്പിലും കണ്ണീർ തൂകിക്കൊണ്ടും തൊഴുതുകൊണ്ടും ചുറ്റും നോക്കിക്കൊണ്ടും വാദ്ധ്യാർ പിമ്പിലുമായി പ്രവേശിക്കുന്നു)
- ബാല:
- (മുൻമട്ടു്)
പീലിമാലകൾ നിരത്തി ചേലെഴും
പൊന്മുടി ചാർത്തി
നീലകാന്തിയും വിടർത്തി
ലീലയാടും ചാരുമുർത്തി. (എങ്ങു)
- വാദ്ധ്യാർ:
- കൃഷ്ണ! കൃഷ്ണ! കുട്ടിയിതാ പ്രത്യക്ഷാനുഭവം വീണ്ടും വിളിച്ചു പറയുന്നു.
- ബാല:
- (മുൻമട്ടു്)
പുഞ്ചിരിയുംതൂകി ഗീതിത്തേൻചൊരിയും
കുഴലൂതി
നെഞ്ചലിയുംവാക്കുമോതി
സഞ്ചരിക്കുമെൻ ചങ്ങാതി (എങ്ങു)
- വാദ്ധ്യാർ:
- (ആത്മഗതം) ഭഗവാനെ! ഗോപാലകൃഷ്ണ! ഒരിക്കൽ പ്രത്യക്ഷമാകണേ!
- ബാല:
- ജ്യേഷ്ഠനെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ!
- വാദ്ധ്യാർ:
- തീർച്ചയായും കാണും കുഞ്ഞേ! ഒന്നുകൂടി വിളിച്ചു നോക്കുക!
- ബാല:
- (വിളിക്കുന്നു) ജ്യേഷ്ഠാ! എന്റെ പശുമേയ്ക്കുന്ന ജ്യേഷ്ഠാ!
- വാദ്ധ്യാർ:
- (ആത്മഗതം) ഹാ! ഹാ! എനിക്കു് രോമഹർഷണം ഉണ്ടാകുന്നു.
- ബാല:
- (വീണ്ടും വിളിക്കുന്നു) ജ്യേഷ്ഠാ! എന്റെ പശു മേയ്ക്കുന്ന ജ്യേഷ്ഠാ! അങ്ങുന്നു് എവിടെയാണു് ഉള്ളതു്?
- വാദ്ധ്യാർ:
- കുഞ്ഞേ, ഒരു ശബ്ദവും കേൾപ്പാനില്ലല്ലൊ. ഇവിടെ തന്നെയാണല്ലോ ജ്യേഷ്ടനെ കണ്ടതു്? (രണ്ടുപേരും കൂടി ചുറ്റി നടന്നു് അണിയറയിലേക്കു പോകുന്നു.)
- ബാല:
- (കരഞ്ഞും കൊണ്ടു്) ഇവിടെത്തന്നെയാണു് ജ്യേഷ്ഠനെ കാണുക പതിവു്. ഇപ്പോഴെന്താണു ജ്യേഷ്ഠ! അങ്ങുന്നിങ്ങിനെ ചെയ്യുന്നതു്?
- വാദ്ധ്യാർ:
- (ആത്മഗതം) ഹാ! ഹാ! ഭഗവാനേ! ഒരിക്കൽ അങ്ങുന്നു് പ്രത്യക്ഷമാകുന്നില്ലല്ലോ (പ്രകാശം) വിളിക്കൂ, കുഞ്ഞേ! ഇനിയും വിളിക്കൂ!
ഹിന്തുസ്ഥാനിതോടി—ചതുരശ്രജാതി ത്രിപട
- ബാല:
ഹേ! മമ സോദര! നീ മറഞ്ഞിരിക്കയോ?
മമത നിണക്കിവനിൽ മാഞ്ഞിതോ സുന്ദര!
(പ്രവേശിച്ചു്)
താമസമെന്നിയേ പോയ്മടക്കം തിരിയെ
നാമുരച്ച കാഴ്ചയെ നീ മറന്നതെന്തയെ
(ഹേ! മമ)
അന്തികേ നിന്നീടൊന്നു നിന്തിരുവടി വന്നു!
എന്തിനായൊളിക്കുന്നു പന്തിയല്ലതിനിന്നു
(ഹേ!മമ)
- വാദ്ധ്യാർ:
- (ആത്മഗതം) ഹാ! ഹാ! എന്തായാലും ഭാഗവാൻ വിളികേൾക്കുന്നു കൂടിയില്ലല്ലോ! ജ്യേഷ്ഠൻ ഇല്ലെന്നുണ്ടോ?
- ബാല:
- (ഞെട്ടി വിറച്ചു കരഞ്ഞുംകൊണ്ടു്)
കളവുപറകയാണോന്നോർത്തുമദ്ദേശികന്നുൾ-
ത്തളിരിലരിശമുണ്ടാം ഹന്ത
ഞാനെന്തുവേണ്ടു!
അളവുമതിരുമില്ലാതുള്ള ദുഃഖങ്ങളിൽ പെ-
ട്ടളവിലടിയനങ്ങുന്നല്ലയോ താങ്ങലെന്നും?
ജ്യേഷ്ഠാ! എന്റെ പശുമേയ്ക്കുന്ന ജ്യേഷ്ഠാ! (അണിയറയിൽ ഭഗവാൻ)
കുഞ്ഞേ, ബാലഗോപാല! നിന്റേയും നിന്റെ അമ്മയുടേയും ഭക്തികണ്ടിട്ടാണു ഞാൻ പ്രത്യക്ഷമായതു്. നിന്റെ ഗുരുനാഥൻ അത്രക്കായിട്ടില്ലെന്നു പറഞ്ഞേക്കൂ.
- വാദ്ധ്യാർ:
- ഹരേ! കൃഷ്ണ! നാരായണ! എന്തൊരു ശാന്തഗംഭീരദ്ധ്വനിയാണു് ഞാനീകേൾക്കുന്നതു്? (മോഹിച്ചുവീഴുന്നു)
- ബാല:
- (കരഞ്ഞുകൊണ്ടു്) അയ്യോ! ജ്യേഷ്ഠനെ കാണാത്ത വ്യസനത്താൽ ഗുരുനാഥൻ ഇതാ വീണുപോയല്ലോ! ഞാൻ എന്താണു വേണ്ടതു്? ജ്യേഷ്ഠൻ വരുന്നുമില്ലല്ലോ! ഗുരുനാഥ! ഗുരുനാഥ! (എന്നു് ഉരുട്ടിവിളിക്കുന്നു).
- വാദ്ധ്യാർ:
- (എഴുന്നേറ്റു് കരഞ്ഞുകൊണ്ടു്)
(വിരുത്തം)
ഭഗവാനെ! വിണ്ണവരും നണ്ണുവോനെ!
അഗണിതഗുണൻ ഭവാനെ
നിഗമയത്നം തിരവോനെ
പുഷ്പവനെ തേനേപോലെ മഹിമകളെ
ത്വല്പദൈകതാനെ കൊടുപ്പോനെ മാധവനെ!
ചിൽപുമാനെ സർപ്പവരതല്പവാനെ
അല്പനടിയൻ ന ജാനേ
ത്വൽപ്രഭാവമുടയോനെ!
ഇബ്ഭുവനേ ഹീനേജ്ഞാനേതരകുജനെ
നിഷ്പ്രഭനായ് താനെ നിൽപ്പു
ഞാനെ നിഷ്കളനേ (ഭഗ)
- ബാല:
- (കരഞ്ഞുകൊണ്ടു്) ജ്യേഷ്ഠന്റെ മറുപടി കേട്ടുവോ? ഗുരുനാഥാ!
- വാദ്ധ്യാർ:
- (കരഞ്ഞും കൊണ്ടു്) കേട്ടു കുഞ്ഞേ! നല്ലവണ്ണം കേട്ടു. നിന്റെ ജ്യേഷ്ഠൻ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനാണു്. നാം ഭഗവാനെ സ്തുതിക്കുക കുഞ്ഞേ!
ദശാവതാരസ്തോത്രം.
(വാദ്ധ്യാരും ബാലനും ഓരോ അവതാരഗാനം പാടി നമസ്കരിക്കുന്നു)
ഭൂപാളം—ചായ്പ്
(ശ്രീതകമലാകചമണ്ഡല എന്ന മട്ടു്)
ഹയഗളദളനവിചക്ഷണ!
ശ്രുതി രക്ഷണ!
പ്രിയ ജലധിമഹാമീന! ജഗദീശ!
ജയ ജയ കൃഷ്ണഹരേ!
കലശാബ്ധി സമുദ് ധൃതമന്ദര!
ഗുണമന്ദിര!
കലിതകമഠസുശരീര!
ജയ ജയ കൃഷ്ണഹരേ!
ദശനാഗ്രവിധൃതവസുന്ധര!
പൃഥകന്ദര!
മഹിതസൂകരാവതാര!
ജയ ജയ കൃഷ്ണഹരേ!
ഹിരണ്യകശിപൂതനുദാരണ!
ജഗൽക്കാരണ!
നരഹരേ കുതനതത്രാണ!
ജയ ജയ കൃഷ്ണഹരേ!
അതിബലബലിമദഭഞ്ജന!
സുരരഞ്ജന!
വാമനകൃതജഗന്മാന!
ജയ ജയ കൃഷ്ണഹരേ!
നിഹതദുർമ്മദക്ഷത്രകന്ധര!
നീലമന്ധര!
ഭൃഗുസുത ഭരിതകഠാര!
ജയ ജയ കൃഷ്ണഹരേ!
ജനകജാ സ്തനഘനചന്ദന!
രഘുനന്ദന!
ദശമുഖഘനപവമാന!
ജയ ജയ കൃഷ്ണഹരേ!
ഹലധരകളിന്ദജാഭേദന!
ഖലസൂദന!
ശിതിരുചിവസനവസാന!
ജയ ജയ കൃഷ്ണഹരേ!
വ്രജസീമന്തിനീമീനകേതന!
ഹതപൂതന!
ഭൂവനപാലനൈകതാന!
ജയ ജയ കൃഷ്ണഹരേ!
കലിമലജലനിധിധീവര!
ശുഭധീവര!
ജയധൃതകൽക്കിശരീര! ജഗദീശ
ജയ ജയ കൃഷ്ണഹരേ!
രുചിരസുഗുണരന്ധ്രം രുഗ്മിണീപ്രാണയന്ത്രം
ശ്രിതജനപരതന്ത്രം ശത്രുശിക്ഷാസ്വതന്ത്രം
ഭവശിഖിമണിമന്ത്രം ഭക്തനിർവ്വാണമന്ത്രം
ജപജപ! ജഡജിഹ്വേ! ശ്രീഹരിസ്തോത്രമന്ത്രം.
ഗുണവികിരകലായം ഗോപവാടീകളായം
ശ്രീതസുരസമുദായം സിന്ധുകന്യാസഹായം
ശുഭചരിതമമേയം ശുദ്ധമുദ്ധൂതമായം
ഭജ ഭജ നിരപായം ദേവകീഭാഗധേയം.
നമസ്തേ വാസുദേവായ ദേവായ പരമാത്മനേ
ഭക്താവനൈക തൃഷ്ണായ
കൃഷ്ണായ സതതം നമ:
- വാദ്ധ്യാർ:
- (വീണ്ടും നമസ്കരിച്ചു് എഴുന്നേറ്റു കുട്ടിയെ തലോടി കണ്ണീർ തൂകിക്കൊണ്ടു് (ആത്മഗതം) എന്തൊരു മഹാഭാഗ്യവാനാണു് ഈ കുട്ടി.
ക്ലേശലേശമരുളാതെ ശൈവലം
പേശലം കമലമെന്ന പോലവെ
കേശവങ്കലിവനുള്ള ഭക്തിയേ
ശൈശവം സുമധുരം മറക്കയാം.
ഈ മഹാ സുകൃതിയുടെ സമ്പർക്കം നിമിത്തം അനന്തകോടിജന്മങ്ങളിൽ ഞാൻ ചെയ്ത സർവ്വപാപങ്ങളും ഇതാ ദഹിച്ചുകഴിഞ്ഞിരിക്കുന്നു. കോടാനുകോടി വിറകിൻകൊള്ളികളെ ദഹിച്ചു വെണ്ണീറാക്കാൻ ഒരു ചെറിയ തീക്കൊള്ളിക്കു് എന്താ പ്രയാസം! അത്രമാത്രമോ? ഈ ചെറുബാലന്റെ അനുഗ്രഹത്താൽ ഭഗവദ്വാക്യ ശ്രവണം കൂടി എനിക്കു സാധിച്ചുവല്ലൊ! ഇനി എനിക്കു സാക്ഷാല്ക്കാരം തന്നെ കിട്ടുവാനെന്താണു് പ്രയാസം? ഇവന്റെ മാതാവു് ശിവ! ശിവ! ഭഗവാന്നുകൂടി മാതാവായിരിക്കെ ലോകമാതാവു്, അതെ എന്റെ സാക്ഷാൽ മാതാവായ ആ സുശീലാദേവിയെ കണ്ടു നമസ്കരിക്കുക തന്നെയാണു് ഇനി എന്റെ കർത്തവ്യകർമ്മം. (കരഞ്ഞുകൊണ്ടു്)
ബീഹാക്കു്—ചതുരശ്രജാതി ത്രിപട
അംബ! കല്യാണസന്ദായിനീ! ജയജയ! (കല്യാ)
ചൊല്ലാർന്നനിന്തുണക്കു മല്ലാരിയാനിലക്കു
സ്വർല്ലാഭവും തനിക്കു പുല്ലായ് ഗണിക്കുമംബ! (കല്യാ)
കുഞ്ഞേ നാം വേഗം അമ്മയുടെ
സന്നിധാനത്തിൽ ചെല്ലുക.
- ബാല:
- എന്നാൽ വേഗം ഇറങ്ങുക ഗുരുനാഥ (നെയ്യ്ക്കുടവും എടുത്തിറങ്ങുന്നു).
- വാദ്ധ്യാർ:
- (ബദ്ധപ്പെട്ടു്) നടക്കരുതു് കുഞ്ഞേ! ഞാൻ നിന്നെ എടുത്തു നടന്നുകൊള്ളാം.
- ബാല:
- വേണ്ടഗുരുനാഥ! ഞാൻ നടന്നുകൊള്ളാം.
- വാദ്ധ്യാർ:
- നടക്കരുതു് കുഞ്ഞേ നടക്കരുതു്! നിന്റെ ഈ പുണ്യവിഗ്രഹ സ്പശനങ്ങളാൽ ഞാൻ ഇനിയും പരിശുദ്ധനാകട്ടെ നെയ്ക്കുടവും ഞാൻ തന്നെ എടുക്കുന്നതാണു്.
(എന്നു ബാലഗോപാലനെ ചുമലിൽ എടുത്തു നെയ്ക്കുടവും തൂക്കിപ്പിടിച്ചു നടന്നുകൊണ്ടു്)
അംബ! കല്യാണസന്ദായിനീ ജയജയ
(പാടിക്കൊണ്ടു് പോയി.)
ആനന്ദപ്രവാഹം
(ഒരു ചെറിയ വീടു്)
- സുശീല:
- (ഇരുന്ന നിലയിൽ പ്രവേശിക്കുന്നു.)
അഠാണ—ചതുരശ്രജാതി—ത്രിപട
ചിന്മയം ചിത്തമയം തിന്മയും
ചിത്തവാസനാമയം
പ്രണമാമി ഭവന്തമജം പരം (ചിന്മയം)
അക്ഷരംഋതം സകലാക്ഷരഞ്ജിതം
ത്ര്യക്ഷരാഞ്ചിതം ബീജവൃക്ഷാരാജിതം
അക്ഷയമത്ഭുതചരിതം
വിക്ഷപിതാഖിലദുരിതം (ചിന്മയം)
ദീർഘനിദ്രിതം വിഷയോഗ്രമൂർച്ഛിതം
ജാഗ്രദാദിതന്നിരസ്താഗ്രഹം ശ്രിതം
നിഗ്രഹദുർഗ്രഹമപിസർവ്വാഗ്ര-
വിശൃംഖലസുപഥം (ചിന്മയം)
തൃഷ്ണയോജ്വലം മൃഗതൃഷ്ണികാജലം
കൃഷ്ണ! കേവലം ത്വയി കൃസ്നമേത്യരം
വിസ്തൃത ബഹുവീചികുലം
വിഷ്ടപമതിമാനകുലം (ചിന്മയം)
ഭഗവാനെ! എന്തൊരാനന്ദമാണു് നിർമ്മായനായ അങ്ങയുടെ മായാവിനോദം? ഈ സംസാരചക്ര പരിവർത്തനത്തിൽ ഇരുന്നുകൊണ്ടുതന്നെയാണല്ലോ നിശ്ചഞ്ചലനും നിർവികാരനും സർവേശ്വരനുമായ അങ്ങയെ കണ്ടുകൊണ്ടു ഭക്തന്മാർ ആനന്ദിച്ചിരിക്കുന്നതു്? (പെട്ടെന്നു് ഓർമ്മ നടിച്ചു്) എന്റെ പൊന്മകൻ വാദ്ധ്യാരുടെ മഠത്തിൽ പോയി വരാത്തതെന്താണു്? സമയം അതിക്രമിച്ചുവല്ലോ. (എഴുന്നേറ്റു് നേരം നോക്കിക്കൊണ്ടു് എന്താണു് ഇത്ര താമസിച്ചതു്? വല്ല ആപത്തും പിണഞ്ഞിരിക്കുമോ? (ആലോചിച്ചു. കണ്ണീർ തൂകിക്കൊണ്ടു്) വിഡ്ഢിത്തം തന്നെയാണു് ഭഗവാനേ! എന്റെ ഈ വിചാരം.
ലോകനായക ഭവാങ്കലെന്മക-
ന്നേകഭാവമവിടുന്നു നല്കവേ
ശോകമെന്തവനു ദുഗ്ദ്ധസിന്ധുവിൽ
പാകഭേദമൊരു പാലിനേല്ക്കുമോ?
ഒരാപത്തും വരാനില്ല! എങ്കിലും ഈ മമതാബന്ധത്തിൽ കുടുങ്ങിപ്പോകുന്നുവല്ലൊ (വീണ്ടും ആലോചിച്ചു്) ഈ മമതാ ബന്ധം വളരെ ആവശ്യമല്ലേ, ഭഗവാനേ?
സമതസർവ്വജഗത്തിലുമുള്ളനിൻ
മമതനിത്യമെനിക്കുപഠിക്കുവാൻ
കമലനേത്ര! ഭവാനിഹതന്നൊരീ
മമസുതൻ ചെറുപുസ്തകമല്ലയോ!
(അണിയറയിൽ) പദം
കല്യാണസന്ദായി നീ! ജയജയ.
- സുശീല:
- എന്താണു് ഒരു മംഗലഗീതം കേൾക്കുന്നതു്?
- വാദ്ധ്യാർ:
- ബാലഗോപാലനെ ചുമലിലേറ്റിക്കൊണ്ടു പ്രവേശിച്ചു. സുശീലയെ കണ്ടു തൊഴുതു് ആത്മഗതം). ഹരേ കൃഷ്ണ! എന്തൊരു തേജസ്സാണീ കാണുന്നതു്?
ഹൃൽപൂർണ്ണജ്ഞാനവഹ്നിക്കകമെരിയുമതി
സ്വച്ഛമാം വാസനൌഘ-
ക്കർപ്പൂരക്കുന്നുതാനോ കലുഷരഹിതയാം
സൽക്രിയാ സിദ്ധിതാനോ,
പൊൽപൂമാതിൻ വരങ്കൽ
ക്ഷണമിവനണയാൻ
ഭക്തി സോപാനമാണോ
നിൽപൂ ഞാൻ കാണ്മതെന്തി-
ച്ചെറുശിശുശശിയേ
പെറ്റ പാലാഴിയാണോ?
- സുശീല:
- (കണ്ടു പെട്ടെന്നെഴുന്നേറ്റു തൊഴുതുകൊണ്ടു്) ഹൊ ഹൊ, വാദ്ധ്യാർതന്നെ വന്നിരിക്കയാണു്. ശിവ! ശിവ! എന്റെ ഓമനത്തമ്പാനെ ഇദ്ദേഹം തന്നെ എടുത്തിരിക്കുന്നു. ഇതെന്തു കഥ!
- വാദ്ധ്യാർ:
- (കല്യാണസന്ദായിനീ ജയജയ എന്നു പാടി ബാലഗോപാലനേയും നെയ്ക്കുടവും മുമ്പിൽ ഇറക്കിവെച്ചു തൊഴുതു നില്ക്കുന്നു).
- ബാല:
- അമ്മേ! ഇതാ ഞാൻ വന്നു. (സുശീലയെ തുള്ളിച്ചാടി പിടിക്കുന്നു.)
- വാദ്ധ്യാർ:
ചൊല്ലാർന്ന നിൻതുണയ്ക്കുമല്ലാരിയാ നിലയ്ക്കു
സ്വർല്ലാഭവും തനിക്കുപുല്ലായ് ഗണിക്കുമംബ! (കല്യാ)
(നമസ്കരിക്കുന്നു)
- സുശീല:
- (ഞെട്ടിക്കൊണ്ടു്) അരുതരുതു് (വാദ്ധ്യാരെ നമസ്കരിച്ചു് ഓടി മാറി നിൽക്കുന്നു)
- വാദ്ധ്യാർ:
ദാരിദ്ര്യത്തീയിൽ കത്തിച്ചേറെത്തൻ ജന്മവൃത്തി
ചാരിത്ര ശുദ്ധിയെ മറ്റാരിത്ര കൈവരുത്തി! (കല്യാ)
(വീണ്ടും നമസ്കരിക്കുന്നു)
- സുശീല:
- (ഞെട്ടിക്കൊണ്ടു്) അയ്യോ! അരുതെ അരുതെ! (വീണ്ടും വാദ്ധ്യാരെ നമസ്കരിച്ചു മാറി നിൽക്കുന്നു)
- വാദ്ധ്യാർ:
സൽപൂജ്യേ! നിൻവിചാരം ചിൽപൂരുഷവിഹാരം
മല്പാപപരിഹാരം ത്വല്പാദനമസ്കാരം (കല്യാ)
(പിന്നെയും നമസ്കരിക്കുന്നു)
- സുശീല:
- (ഞെട്ടി കരഞ്ഞുകൊണ്ടു്) അയ്യോ! അരുതരുതേ! (വീണ്ടും വാദ്ധ്യാരെ നമസ്കരിച്ചു തൊഴുതു കൊണ്ടു്) ഇങ്ങിനെ ചെയ്യരുതേ! ഈ പാവപ്പെട്ടവളെ നമസ്കരിക്കരുതേ! അങ്ങുന്നു ജന്മം കൊണ്ടു മഹാ ബ്രാഹ്മണനും പണ്ഡിതാഗ്രേസരനും ജഗൽപൂജ്യനുമാണേ! ഈ പാവപ്പെട്ടവൾ വെറും ഗോപസ്ത്രീയാണു്. അങ്ങുന്നു് ഈ ആസനത്തെ അലങ്കരിക്കണം.
- വാദ്ധ്യാർ:
- (തൊഴുതുംകൊണ്ടു്) അങ്ങുന്നു പറയുന്നതു ശരിയാണു്. എന്നാൽ ജന്മം കൊണ്ടു മാത്രം അടിയൻ ബ്രാഹ്മണൻ എന്നല്ലാതെ ജനനമരണദുഃഖം അറിയാത്ത ചിന്മയ ലോകത്തിൽ സഞ്ചരിക്കുന്ന അങ്ങയുടെ പാദാരവിന്ദത്തിങ്കൽ നമസ്കരിക്കുവാൻ പോലും സർവ്വധാ അർഹതയില്ലാത്ത അടിയന്നു് അങ്ങയുടെ പരിശുദ്ധസന്നിധാനത്തിൽ ഇരിക്കുവാനുള്ള യോഗ്യത എവിടെ? ചാരത്തിൽ മറഞ്ഞ തീക്കനൽ പോലെ വെറും പിച്ചയിൽ മറച്ചുവെച്ചിരിക്കുന്ന അങ്ങയുടെ സച്ചരിത്രമഹാത്മ്യങ്ങൾ എല്ലാം ഭാഗ്യവശാൽ എനിക്കിപ്പോൾ അറിയാനിടയായിരിക്കുന്നു.
- സുശീല:
- അയ്യോ! അങ്ങനെ എന്താണു് പറയുന്നതു്? ഈ പാവപ്പെട്ടവൾക്കു് എന്തോന്നാണുള്ളതു്?
- വാദ്ധ്യാർ:
- അംബ! ഇനിയും അങ്ങിനെ പറയരുതു്.
പാപാതങ്കപ്രശമപടുവി-
ബ്ബാലഗോപാലനെക്കൊ-
ണ്ടാപാദിച്ചേൻ തവ മഹിമതൻ
ജ്ഞാനമാപാദചൂഡം
തപാലസ്യക്ഷണനിപുണൻ
തിങ്കളെക്കണ്ടുതന്നേ
ശ്രീപാലാഴിക്കുടയമഹിമാവൊക്കെയും
തീർച്ചയാക്കാം.
അങ്ങയുടെ മാഹാത്മ്യത്തെ തെളിയിച്ച ഒന്നാം സാക്ഷി ഈ നെയ്ക്കുടമാണു്. (നെയ്ക്കുടം വീണ്ടും മുമ്പിൽ എടുത്തു വെക്കുന്നു).
- സുശീല:
- ഈ നെയ്ക്കുടത്തെപ്പറ്റി ഒന്നും ഞാൻ അറിയുന്നില്ലല്ലോ!
- വാദ്ധ്യാർ:
- ശരി അങ്ങേയ്ക്കു് അതിനെപ്പറ്റി അറിയേണ്ടുന്ന ആവശ്യം ഇല്ലല്ലോ.
ശ്രീകാന്തങ്കൽ വിചാരമങ്ങു ഭഗവൽ
കാരുണ്യമിബ്ബാലനിൽ
ശോകന്തം സതി! മാദൃശർക്കിതുദൃഢം
നിഷ്കാമകർമ്മ വ്രതം
ഏകാന്തം രതി സൂര്യനിൽകമലിനി-
ക്കർക്കപ്രിയം പങ്കജം
ഹാ കാണ്കെന്തൊരു വിസ്മയം മധുവിനായ്
തേനീച്ച താനെപ്പോഴും
- ബാല:
- അമ്മേ ജ്യേഷ്ഠനാണു നെയ്ക്കുടം തന്നതു്.
- സുശീല:
- ഭാഗ്യം, ഭഗവാന്റെ അനുഗ്രഹം കൊണ്ടു് സിദ്ധിച്ചു.
- വാദ്ധ്യാർ:
- അംബ! ഭഗവാന്റെ അനുഗ്രഹം എന്നു് എന്തിനു പറയുന്നു ഭഗവാന്റെ തൃക്കൈകൊണ്ടുതന്നെ കൊടുത്തതാണല്ലോ.
- സുശീല:
- (ആത്മഗതം) ഇന്നു ഭഗവൽ കാരുണ്യം കേവലം അസാധാരണമായ വിധത്തിൽ ഈ സാധു ബ്രാഹ്മണനിൽ പ്രകാശിച്ചിട്ടുണ്ടെന്നു് ഇദ്ദേഹത്തിന്റെ ഭക്തിപാരവശ്യം തെളിയിക്കുന്നുണ്ടു്. (വാദ്ധ്യാരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു്) ഭഗവദ്വാക്യശ്രവണം കൂടി ഇന്നു് ഇദ്ദേഹത്തിനു് ലഭിച്ചിട്ടുണ്ടെന്നും ഊഹിക്കാം. (പ്രകാശം) അല്ലയോ ശ്രോത്രിയ രത്നമേ! അങ്ങുന്നു് പറയുന്നതു ശരിയാണു്. ഭഗവാൻ തന്നതായിട്ടു തന്നെയാണു വിചാരിക്കേണ്ടതു്.
- വാദ്ധ്യാർ:
- (കരഞ്ഞുകൊണ്ടു്) എന്തിനാണംബ ഇനിയും മറച്ചുവെക്കുന്നതു്?
അച്ഛമിപ്പഴയകൊച്ചുപാത്രമള-
വറ്റനെയ്യിതുകണക്കിനേ
പിച്ചതാനിഹ മറച്ചു നിന്നുടയ
സച്ചരിത്രമിതശേഷവും
പിച്ചളത്തകിടിൽ മെച്ചമായമണി-
മാലപോലെയതു പിന്നെയും
വെച്ചടക്കുമൊരുപിത്തളാട്ടമിനി-
യും നിണക്കു സതി! യോഗ്യമോ?
(ഞെട്ടിക്കരയുന്നു)
- സുശീല:
- (ആത്മഗതം) സംശയമില്ല. ഭഗവൽപ്രസാദം ഇദ്ദേഹം നല്ലവണ്ണം അനുഭവിച്ചിട്ടുണ്ടു്. (പ്രകാശം) അയ്യോ ഇങ്ങിനെ പറയരുതേ, അല്ലയോ ഭഗവൽകാരുണ്യ പാത്രമേ! ഈയുള്ളവൾ ഒന്നും മറച്ചുവെച്ചിട്ടില്ല.
ഭഞ്ജനം മതിമിഴിക്കകം തമോ-
രഞ്ജനം ജനമതിൽ ഭ്രമിക്കയാം.
കഞ്ജനാഭനെ നമുക്കുകാണുവാ-
നഞ്ജനം വിമലഭക്തിതന്നെയാം.
അതുകൊണ്ടു് അങ്ങയുടെ ഭക്തിക്കും മനഃശുദ്ധിക്കും അനുസരിച്ചു് അങ്ങയുടെ മനോദർപ്പണത്തിൽ അങ്ങുന്നു തന്നെ ഭഗവൽപ്രസാദം അനുഭവിക്കുകയാണു ചെയ്യുന്നതു്. ഈയുള്ളവൾ ഒന്നും മറച്ചുവെച്ചിട്ടില്ല.
- വാദ്ധ്യാർ:
- (വിസ്മയിച്ചു തൊഴുതുംകൊണ്ടു്) ശരിയാണംബ! ശരിയാണു് ഭഗവാൻ അനാവൃതനാണെങ്കിലും ഭക്തൻ അജ്ഞാനാവരണത്തിൽ മറഞ്ഞിരിക്കുകയാണല്ലോ. ആ തിരശ്ശീല നീങ്ങുന്തോറും ഭഗവാനെ അടുത്തടുത്തു കാണാം. എന്നാൽ ഈ കൊച്ചു പാത്രത്തിലെ നാഴി നെയ്യു് നാലായിരം നാഴിയായിട്ടും ഇനിയും അവസാനിച്ചില്ലല്ലൊ. ഇതിൽ ഒരു യുക്തിയും വരുന്നില്ലല്ലോ.
- സുശീല:
- (ചിരിച്ചു തൊഴുതുകൊണ്ടു്) അതില്പരം ആശ്ചര്യം എന്താണു്?
ഭക്തങ്കൽ നല്ല ഭഗവൽകൃപ ചെന്നകാലം
നില്ക്കുന്നതല്ല ബുധസത്തമ! യുക്തിവാദം
വായ്ക്കുന്ന പാൽക്കടലളന്നു കണക്കുവെക്കാൻ
പാൽക്കുറ്റിയെന്തിനു വൃഥാ പരിഹാസയോഗ്യം.
- വാദ്ധ്യാർ:
- (വിസ്മയിച്ചു ഭക്തിയോടെ) ശരിയാണംബ! ശരിയാണു്. എന്നാൽ ശിശുവായ ഈ ബാലഗോപാലന്നു് ആ ഭക്തവത്സലൻ എങ്ങിനെയാണു് ഇത്രവേഗം പ്രത്യക്ഷമായതു്? ഇതു് അങ്ങയുടെ പ്രാഭവവും അനുഗ്രഹവും കൊണ്ടു തന്നെയല്ലെ?
- സുശീല:
- അയ്യോ, ഇയ്യുള്ളവൾക്കു് എന്തൊരു പ്രാഭവമാണുള്ളതു്? പ്രാഭവമെല്ലാം ഭഗവാങ്കലാണു്. ഇയ്യുള്ളവൾ ഭഗവച്ചരണാരവിന്ദദാസി. (കരഞ്ഞുകൊണ്ടു്) ഭഗവാന്റെ അനുഗ്രഹം കൊണ്ടു് ഇവൾ ജീവിക്കുന്നു. അനുഗ്രഹകർത്ത്വത്വം ദാസിയിലിരിക്കില്ലല്ലോ. ഈയുള്ളവൾ ഒരു നിമിത്തം മാത്രമെന്നല്ലാതെ എന്റെ ഓമനത്തമ്പാന്റെ പ്രാഗ്ജന്മസുകൃതം തന്നെയാണു് ഭഗവാനെ കാണിച്ചു കൊടുത്തതു്.
- ബാല:
- അമ്മേ എന്റെ ജ്യേഷ്ഠൻ തന്നെയാണോ സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ?
- സുശീല:
- (കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു്) മറ്റാരാണു മകനേ! നിന്റെ ജ്യേഷ്ഠൻ!
കാട്ടിൽ പേടികളഞ്ഞതും കളതരം
വാക്കോതി നിന്നിൽ പ്രിയം
കാട്ടിക്കൊണ്ടു കളായകാന്തികവരും
പൂമേനി കാണിച്ചതും
പാട്ടിൽ കൂത്തിലുമൊത്തുചേർന്നനുദിനം
നിന്നിംഗിതം തുംഗമായ്
കൂട്ടിത്തന്നതുമോർക്ക പൊന്നുമകനേ!
ശ്രീ വാസുദേവൻ ദൃഢം.
- ബാല:
- (കരഞ്ഞു തൊഴുതുംകൊണ്ടു്) ഭഗവാനെ! ശ്രീകൃഷ്ണ! ഇനിയും അങ്ങുന്നു് എനിക്കു പ്രത്യക്ഷമാകണേ!
- വാദ്ധ്യാർ:
- (കണ്ണീർ തൂകിക്കൊണ്ടു്) ഭഗവാനേ! എന്തൊരു മഹാഭാഗ്യവനാണിച്ചെറുബാലൻ! ഇവൻ തന്നെയാണല്ലൊ ധ്രുവന്റെ രണ്ടാമത്തെ അവതാരം! (സുശീലയെ തൊഴുതുകൊണ്ടു്) അംബ! ഈ നെയ്യ്ക്കുടം അങ്ങേക്കുള്ളതാണു്. (എടുത്തു മുമ്പിൽ വെക്കുന്നു).
- സുശീല:
- അല്ലല്ല. ഇതു് അങ്ങേക്കുള്ളതാണു്. അങ്ങയുടെ പിതൃകർമ്മനിഷ്ഠയുടെ ഫലമായിട്ടാണു് ഇതു് അങ്ങേക്കു ഭഗവാൻ തന്നെ ഇന്നു തന്നതു്. ഈ ദിവ്യഘൃതംകൊണ്ടു പിതൃക്കളെ തൃപ്തിപ്പെടുത്തുകയാണു് ഇനി അങ്ങയുടെ കർത്തവ്യകർമ്മം. (നെയ്ക്കുടം രണ്ടു കൈകൊണ്ടും എടുത്തു്) ഇതു് അങ്ങുന്നു തന്നെ സ്വീകരിക്കണം.
- വാദ്ധ്യാർ:
- (തൊഴുതു കണ്ണീർ തൂകിക്കൊണ്ടു്) അംബ! ഇതു കൊണ്ടുമാത്രം എന്നെ കൃതാർത്ഥനാക്കാമെന്നോ വിചാരിക്കുന്നതു് ?
- സുശീല:
- അയ്യോ, എന്താണു് അങ്ങുന്നു് പിന്നെയും ഇങ്ങിനെ പറയുന്നതു്. ഈ അപേക്ഷ ഭഗവാനോടുതന്നെ വേണ്ടതാണല്ലൊ!
- വാദ്ധ്യാർ:
- എന്നാൽ ഭഗവൽ സാക്ഷാൽക്കാരകർമ്മം ഉപദേശിച്ചു തരണം.
- സുശീല:
- ഈയുള്ളവൾക്കു് ഒന്നും അറിഞ്ഞുകൂടാ. എന്നാൽ മഹാന്മാർ ഇങ്ങിനെ പറഞ്ഞുകേട്ടിട്ടുണ്ടു്.
കാവടിച്ചിന്തു്—തിസ്രജാതി രൂപകം.
ഭക്തിതന്നെസുഗമസരണി ഭക്തിതന്നെയാം
ത്യക്തവാസനം കടന്നു
ഭക്തവത്സലങ്കൽ ചേർന്നു
മുക്തനാകുവാൻ നരന്നു
സപദി വിപദി നിപതിയാതെ (ഭക്തി)
ശ്രീമണാളൻതങ്കൽ തിങ്ങും
പ്രേമമുണ്ടനന്തമിങ്ങും
ശ്യാമളൻ കനികിലെങ്ങും
പരമശാന്തിവരുമെ നീന്തി (ഭക്തി)
അല്ലയോ പരമഭാഗവതരത്നമേ! അങ്ങയുടെ സന്നിധാനംകൊണ്ടു ഞങ്ങൾ ഇപ്പോൾ ധന്യധന്യാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഇനി എന്തൊരു ഉപചാരംകൊണ്ടാണു് ഞങ്ങൾ അങ്ങയെ പൂജിക്കേണ്ടതെന്നറിയുന്നില്ല.
- വാദ്ധ്യാർ:
- അംബ! എന്റെ അനന്തജന്മാർജ്ജിതമായ സുകൃതരാശിയുടെ പരമോദ്ദേശ്യം അങ്ങയുടെ ഈ പവിത്രദേഹ സന്ദർശനം തന്നെയാണു്! ഇന്നു് എനിക്കു സിദ്ധിച്ച ഈ ആനന്ദപ്രവാഹത്തിൽ ഭക്തന്മാർ എന്നും നീന്തിക്കളിക്കട്ടെ! എന്നാൽ ഭഗവൽ കാരുണ്യംകൊണ്ടു് ഇതുകൂടി സാധിക്കട്ടെ.
ഭരതവാക്യം
ലോകത്തിലീവക സുശീലകൾ വാണു സാധു
ശോകക്ഷതിക്കു സുതരെ പ്രസവിച്ചിടട്ടെ!
നാകത്തിലും രുചി വരാതെ മുകുന്ദപാദ-
മേകത്തിലിക്കവി കടന്നു രമിച്ചിടട്ടെ!
മംഗളം
“സ്ഥാപകായ ച ധർമ്മസ്യ
സർവ്വധർമ്മ സ്വരൂപിണേ
അവതാരവരിഷ്ഠായ രാമകൃഷ്ണായ തേ നമഃ”
അവസാനിക്കുന്നു

പ്രശസ്തനായ കവിയായിരുന്നു കുട്ടമത്തു് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് (ജനനം: 1880–7 ആഗസ്റ്റ് 1943). കുട്ടമത്തു് എന്ന തൂലികാനാമത്തിലാണു് രചനകൾ നിർവഹിച്ചിരുന്നതു്. ഇദ്ദേഹം സംഗീതനാടകങ്ങൾ രചിച്ചാണു് പ്രശസ്തനായതു്.
കാസർകോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്തു് കുട്ടമത്തു് കുന്നിയൂർ തറവാട്ടിൽ ദേവകിയമ്മയുടേയും വണ്ടാട്ടു് ഉദയവർമ്മൻ ഉണിത്തിരിയുടേയും അഞ്ചാമത്തെ പുത്രനായി ജനിച്ചു. പ്രാഥമികഗ്രാമീണവിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ അഭ്യസിച്ചു. തറവാട്ടിലെ തന്നെ കാരണവരിൽനിന്നും ശാസ്ത്രവും കാവ്യവും പഠിച്ചു. ശേഷം തർക്കശാസ്ത്രം, വൈദ്യം എന്നിവയും ഇദ്ദേഹം പഠിയ്ക്കുകയുണ്ടായി.
കണ്ണൂരിൽനിന്നു് എം. കെ. കുഞ്ഞിരാമൻവൈദ്യരുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന കേരളചന്ദ്രികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ടു്. ഇവിടെ 13 കൊല്ലക്കാലം അദ്ധ്യാപകനായിരുന്നു.
ചെറുപ്പത്തിൽ തന്നെ സമസ്യാപൂരണം, കവിതാരചന എന്നിവ നടത്തി. കീചകവധം ഓട്ടൻതുള്ളൽ രചിച്ചു. ജ്യേഷ്ഠനോടൊരുമിച്ചു് ഉത്സവചരിത്രം എന്ന കൂട്ടുകവിത രചിച്ചു. തന്റെ പത്തൊൻപതാമത്തെ വയസ്സിലാണു് യമകകാവ്യങ്ങളിൽ പ്രസിദ്ധമായ കാളിയമർദ്ദനം ഇദ്ദേഹം രചിയ്ക്കുന്നതു്. പ്രശസ്തകവി ഒ. എൻ. വി. കുറുപ്പു് ഇദ്ദേഹത്തിന്റെ രചനകളെ ഇപ്രകാരമാണു് വിലയിരുത്തുന്നതു്. “കുട്ടമത്തിന്റെ സംഗീതനാടകങ്ങൾ പുതിയ സങ്കേതങ്ങളോ അത്ഭുതശില്പവൈദഗ്ദ്ധ്യമോ ഒന്നും പ്രകാശിപ്പിയ്ക്കുന്നില്ല. പക്ഷേ, അന്നു് നിലവിൽ ഉണ്ടായിരുന്ന സംസ്കൃതനാടകങ്ങളുടേയും തമിഴ്‌നാടകങ്ങളുടേയും രീതികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതവും സദസ്യരെ രസിപ്പിയ്ക്കാൻ പാകത്തിലുള്ളതുമായ ഒരു സങ്കേതമാണു് ഈ നാടകങ്ങളുടെ രചനയിൽ ഇദ്ദേഹം അവതരിപ്പിച്ചിരുന്നതു്.” സംസ്കൃതനാടകസങ്കേതങ്ങളിൽ ചുവടൂന്നി, എന്നാൽ ഹിന്ദുസ്ഥാനി-ബിഹാക്, പാഴ്സി-തമിഴ് സംഗീതനാടകരംഗ-താളങ്ങളിൽ ഇദ്ദേഹം നാടകമെഴുതിയിരിയ്ക്കുന്നതു്. മലബാറിലെ ആസ്വാദകവൃന്ദത്തെ ഭക്തിയുടേയും വാത്സല്യത്തിന്റേയും ഔന്നത്യത്തിലെത്തിച്ച ഒരു സംഗീതനാടകം ആണു് ബാലഗോപാലൻ.
- കാളിയമർദ്ദനം (യമകകാവ്യം)
- ദേവയാനീചരിതം (നാടകം 1911)
- വിദ്യാശംഖധ്വനി (നാടകം 1920)
- ബാലഗോപാലൻ (നാടകം 1923)
- അത്ഭുതപാരണ (നാടകം 1924)
- ഹരിശ്ചന്ദ്രചരിതം (നാടകം 1924)
- ധ്രുവമാധവം (നാടകം 1926)
- നചികേതസ്സ് (നാടകം 1927)
- ബാലഗോപാലൻ (ആട്ടക്കഥ)
- അമൃതരശ്മി (പത്തു ഭാഗങ്ങളിലായി സമാഹരിച്ച ഖണ്ഡ കവിതകൾ)
- ഇളം തളിരുകൾ (കുട്ടികൾക്കുള്ള കവിതകളുടെ സമാഹാരം)
- സുദർശനൻ (ആഖ്യായിക)
- മൂകാംബികാപുരാണം (സ്വതന്ത്ര പരിഭാഷ)
- കപിലോപാഖ്യാനം (സ്വതന്ത്ര പരിഭാഷ)
- യോഗവാസിഷ്ഠം (കൂട്ടു ചേർന്നുള്ള പരിഭാഷ)
- ശ്രീരാമകൃഷ്ണഗീത
- രാഷ്ട്രീയഗാനങ്ങൾ
- വേണുഗാനം (നാടകഗാനങ്ങൾ)
മലബാറിന്റെ സാഹിത്യമണ്ഡലത്തെ സ്വാധീനിച്ച രണ്ടു് മഹാൻമാരാണു് മഹാകവി കുട്ടമത്തും വിദ്വാൻ പി. കേളുനായരും. ചരിത്രത്തിൽ പ്രാധാന്യരെങ്കിലും വിസ്മൃതിയിൽ ആണ്ടുപോയിക്കൊണ്ടിരിയ്ക്കുന്നവരാണിവർ. ഉത്തരകേരളത്തിലെ ഒരു തലമുറയെ സ്വാധീനിച്ചവരായിരുന്നു ഇവർ.
1941-ൽ ചിറയ്ക്കൽ രാമവർമ്മ മഹാരാജാവു് മഹാകവിപ്പട്ടം നൽകി ആദരിച്ചു. മാതൃഭൂമി പത്രാധിപരായിരുന്ന കേളപ്പനാണു് മഹാകവി എന്നാദ്യം ഇദ്ദേഹത്തെ വിശേഷിപ്പിച്ചതു്.
