images/The_Blind.jpg
The Blind Beggar, a painting by Josephus Laurentius Dyckmans (1811–1888).
ചൈനയിലെ ആദിഗുരു
കുറ്റിപ്പുഴ കൃഷ്ണപിള്ള

കൺഫ്യുഷ്യസ് ആണു് ചൈനയിലെ ആദിഗുരു. ആ നിലയിൽ അദ്ദേഹം ഇന്നും ആദരിക്കപ്പെടുന്നു. കൺഫ്യുഷ്യസിനു മുമ്പും ചില ആചാര്യന്മാർ ചൈനയിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനേ ഈ പദവി ലഭിച്ചുള്ളു. ബി. സി. 551 മുതൽ 478 വരെയാണു് അദ്ദേഹത്തിന്റെ ജീവിതകാലം. ഇന്ത്യയിൽ ബുദ്ധനും ഗ്രീസ്സിൽ പൈത്തഗോറസ്സും പേർഷ്യയിൽ സൗറാസ്റ്റരും ഏതാണ്ടിതേകാലത്തു ജീവിച്ചിരുന്നവരാകുന്നു. സോക്രട്ടീസ് ജനിച്ചതു കൺഫ്യുഷ്യസിന്റെ അന്ത്യകാലത്തോടടുത്താണു്. ബുദ്ധൻ, സോക്രട്ടീസ്, കൺഫ്യുഷ്യസ് എന്നീ മൂന്നുപേരും ലോകാചാര്യന്മാരായി ഗണിക്കപ്പെടാം. ഇവരുടെ അധ്യാപനപദ്ധതികൾക്കു ഗണ്യമായ സാദൃശ്യമുണ്ടു്. ഗുരുശിഷ്യസംവാദരൂപത്തിലാണു് മൂന്നുപേരും അധ്യാപനം നിർവഹിച്ചതു്. അജ്ഞേയങ്ങളായ ആധ്യാത്മികരഹസ്യങ്ങളെപ്പറ്റി ചിന്തിച്ചും പരലോകവിശ്വാസങ്ങളെ പരിഗണിച്ചും ഇവർ സമയം പാഴാക്കിയില്ല. ഇഹലോകജീവിതത്തിനു് ആവശ്യമായ സദാചാരനിയമങ്ങൾക്കും മനഃശുദ്ധികരണത്തിനും ആണു് ഇവർ പ്രാധാന്യം കല്പിച്ചതു്. മൂന്നുപേരും നല്ല യുക്തിവാദികളായിരുന്നു. പ്രത്യേകിച്ചൊരു മതം സ്ഥാപിക്കണമെന്ന ഉദ്ദേശ്യവും അവർക്കുണ്ടായിരുന്നില്ല. ബുദ്ധന്റെ പേരിൽ പിന്നീടു് അദ്ദേഹത്തിന്റെ ശിഷ്യന്മാർ വിശ്വസാചാരജടിലമായ ഒരു മതം കെട്ടിപ്പൊക്കി. കൺഫ്യുഷ്യസിനും സോക്രട്ടീസിനും ആ ദൗർഭാഗ്യമുണ്ടായില്ല.

ചീനക്കാരുടെ മതമനോഭാവത്തെ സ്വച്ഛവും സ്വതന്ത്ര്യവുമാക്കാൻ കൺഫ്യുഷ്യസ് ഒട്ടേറെ സഹായിച്ചിട്ടുണ്ടു്. സ്വാഭാവികവും ബുദ്ധിപരവും ആയ ഒരു സമീപനമാണു് സ്വതേ ചീനർക്കു മതത്തിന്റെ നേരേയുള്ളതു്. സ്വതന്ത്രചിന്തയ്ക്കു വിരുദ്ധമായ സിദ്ധാന്തബന്ധനത്തെ അവർ വെറുക്കുന്നു. ഓരോ ചീനനും മതം തന്റെ സ്വന്തം കാര്യമാണു് ചൈനയിൽ ഒരാൾ ദൈവം (Personal God) ഇല്ല. കമ്യൂണിസം വന്നതിനുശേഷമുള്ള ഒരാവസ്ഥയല്ലിതു്. മുമ്പും അങ്ങനെതന്നെയാണു് കൺഫ്യുഷ്യസനിസം, ബുദ്ധമതം, ലോട്സെ സിദ്ധാന്തം എന്നീ മൂന്നു തത്ത്വപദ്ധതികൾ അവിടെ വേരുറച്ചിട്ടുണ്ടു്. ഒരാളിൽത്തന്നെ ഈ മൂന്നും സമ്മേളിച്ചിരിക്കുന്നതായി കാണാം. എന്നാലും കൺഫ്യുഷ്യസ്സിനാണു് കൂടുതൽ സ്വാധീനശക്തി. ദൈവസിദ്ധാന്തങ്ങളെക്കാൾ നൈതികമൂല്യങ്ങൾക്കു് അദ്ദേഹം സർവോപരി വില കല്പിച്ചു. അത്ഭുതങ്ങളിലോ ആധ്യാത്മികനിഗൂഢതയിലോ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മറ്റു ചില മതസ്ഥാപകരെപ്പോലെ ദിവ്യത്വവും അദ്ദേഹം അവകാശപ്പെട്ടില്ല. ആത്മാവിന്റെ അനശ്വരതയിലും കൺഫ്യുഷ്യസ് സംശയാലുവായിരുന്നു. എന്നാൽ, പ്രപഞ്ചത്തിൽ ഒരു കേന്ദ്രാധികാരശക്തിയുണ്ടെന്നു് അദ്ദേഹം വിശ്വസിച്ചു. എങ്കിലും ആ വിശ്വാസം യുക്തിവിഹീനമായിത്തീരത്തക്കവിധം അന്ധതയിലേക്കു് ആണ്ടുപോകാതിരിക്കാൻ അദ്ദേഹം നിഷ്കർഷിച്ചു. ഇന്നത്തെ കമ്യൂണിസ്റ്റ് ചൈനയിൽ കൺഫ്യുഷ്യസിനുസ്ഥാനമുണ്ടോ എന്നു സംശയം തോന്നാം. കമ്യൂണിസത്തിനും കൺഫ്യുഷ്യനിസത്തിനും തമ്മിൽ സിദ്ധാന്തപരമായ ചില പൊരുത്തക്കേടുകളുണ്ടെന്നതു ശരിതന്നെ. ഇടക്കാലത്തു് ഈ പ്രാചീനാചാര്യന്റെ പ്രശസ്തിക്കു് ഒരു മങ്ങൽ ഉണ്ടാകയും ചെയ്തു. എന്നാലും ചീന ജനമധ്യത്തിൽ ഇന്നും അദ്ദേഹം സംസ്കൃതനും സുസ്മരണീയനും ആയിരിക്കുന്നു. ചൈനയിലെ ഏതു വിപ്ലവഘട്ടത്തിലും ഉൾക്കൊള്ളിക്കാവുന്നതും സാമൂഹ്യതയോടു സമന്വയിക്കാവുന്നതും ആയ പല ഉപദേശങ്ങളും കൺഫ്യൂഷ്യസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുള്ളതാണു് ഇതിന്റെ കാരണം. ഒരു സാമൂഹ്യവിരുദ്ധ ശക്തിയായി ഒരിക്കലും തദ്വചനങ്ങൾ പ്രവർത്തിക്കുന്നതല്ല. പോരെങ്കിൽ വിപ്ലവത്തിന്റെ സംക്ഷുബ്ധാവസ്ഥയിൽനിന്നു ക്രമസമാധാനങ്ങളിലേക്കും ശാന്തിയിലേക്കും ചീനരെ ആനയിക്കുന്നതിനുള്ള പ്രേരകശക്തി ‘കൺഫ്യുഷ്യസനിസ’ത്തിനുണ്ടുതാനും രണ്ടായിരത്തിൽപ്പരം വർഷങ്ങളായി വമ്പിച്ച ഒരു ജനസമൂഹത്തിന്റെ ഹൃദയാന്തർഭാഗത്തു കുടിപാർപ്പുറപ്പിച്ചിരിക്കുകയാണു് ഈ അധ്യാപകമഹർഷി. അദ്ദേഹത്തിന്റെ ജീവചരിത്രവും തത്ത്വോപദേശവും കുറെയെങ്കിലും അറിയുന്നതു് ഇന്നും പ്രയോജനപ്രദമായിരിക്കും.

ചൈനയിൽ ഒരുതരം ഫ്യൂഡലിസം നിലവിലിരുന്ന കാലത്താണു് കൺഫ്യുഷ്യസ് ജീവിച്ചിരുന്നതു്. ഒരു ഏകീകൃതസാമ്രാജ്യം അന്നുണ്ടായിരുന്നില്ല. ചെറിയ ചെറിയ രാജ്യങ്ങളായി ചൈന വിഭജിക്കപ്പെട്ടിരുന്നു. അവയെ ഭരിച്ചിരുന്ന രാജാക്കളും പ്രഭുക്കളും പരസ്പരസ്പർദ്ധികളും സമരോത്സുകരും അധികാരപ്രമത്തരും ആയിരുന്നു. സത്ഭരണം സുദുർല്ലഭമായിട്ടേ അന്നു പ്രജകൾക്കു് അനുഭവപ്പെട്ടിരുന്നുള്ളു. പുരാതനവും കുലീനവുമായ ഒരു കുടുംബത്തിലാണു് കൺഫ്യുഷ്യസ് ജനിച്ചതു്. ജനിക്കുമ്പോൾ അദ്ദേഹത്തിന്റെ അച്ഛനു് എഴുപതു വയസ്സു പ്രായമായിരുന്നുവത്രെ. വിദ്യാഭ്യാസകാലത്തു് ധനുർവേദത്തിലും സംഗീതത്തിലും ആണു് കൺഫ്യുഷ്യസ് പ്രത്യേക പ്രാവീണ്യം നേടിയതു്. സംഗീതത്തിൽ അദ്ദേഹത്തിനു് വലിയ ‘ഭ്രമ’മായിരുന്നു. നല്ല ഒരു ജീവിതത്തിനു് അത്യാവശ്യമായ രണ്ടു കാര്യങ്ങൾ സംഗീതവും മര്യാദയുമാണെന്നു് അദ്ദേഹം ഉപദേശിച്ചിരുന്നു. പത്തൊൻപതാമത്തെ വയസ്സിൽ അദ്ദേഹം വിവാഹിതനായെങ്കിലും നാലു വർഷം കഴിഞ്ഞു ഭാര്യയെ ഉപേക്ഷിക്കയാണുണ്ടായതു്. പിന്നിടു് ഒരിക്കലും അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. ഇരുപത്തിരണ്ടാമത്തെ വയസ്സു മുതൽ കൺഫ്യുഷ്യസ് അദ്ധ്യാപകന്റെ വൃത്തി കൈക്കൊണ്ടു. സ്വന്തം ഭവനം തന്നെയായിരുന്നു വിദ്യാലയം. ആദ്യഘട്ടത്തിൽ കുറച്ചു ശിഷ്യന്മാരെ മാത്രമെ അദ്ദേഹത്തിനു ലഭിച്ചുള്ളു. സംഭാഷണചാതുരിയും യുക്തി വിചാരപടുതയും അദ്ധ്യാപനവൈദഗ്ദ്ധ്യവുംമൂലം ക്രമേണ കൺഫ്യുഷ്യസ് ദിഗന്തവിശ്രാന്തകീർത്തിമാനായി. അതോടെ ശിഷ്യന്മാരുടെ സംഖ്യ മൂവായിരത്തോളമെത്തി. രാജ്യഭരണം, വിദ്യാഭ്യാസം, മതം മുതലായ വിവിധ രംഗങ്ങളിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ വിശ്രുതന്മാരായി. എല്ലാ കാര്യങ്ങളിലും ഭരണാധികാരികൾ ഈ പ്രഥമാചാര്യന്റെ ഉപദേശം ആരാഞ്ഞുതുടങ്ങി. നിരൂപണമണ്ഡലത്തിൽ കൺഫ്യുഷ്യസ് ചൈനയിലെ സോക്രട്ടിസാ യിത്തീർന്നു. എന്നാൽ ആ യവനാചാര്യന്റെ ദുരന്തം കൺഫ്യുഷ്യസിനുണ്ടായില്ല. മരണംവരെ അദ്ദേഹം ബഹുജനാരാധ്യനായിരുന്നു. ശിഷ്യന്മാരുടെ ചോദ്യങ്ങൾക്കു് അദ്ദേഹം അപ്പോഴപ്പോൾ കൊടുത്ത ഉത്തരങ്ങൾ അനന്തരകാലത്തു വിലയേറിയ ആപ്തവാക്യങ്ങളായി ചൈനയിൽ പ്രചരിച്ചു. ചീനർ ആബാലവൃദ്ധം അവയെ കാണാപ്പാഠമാക്കി ഉൾക്കൊണ്ടു വരികയാണു്. അവയുടെ സാരാംശം അവരുടെ ജീവിതത്തിൽ പരമ്പരാഗതമായി അലിഞ്ഞുചേർന്നിരിക്കുന്നു. അതനുസരിച്ചു ഭാവത്തിലും രൂപത്തിലും മെനഞ്ഞെടുക്കപ്പെടുന്നതാണു് ചീനജീവിതമെന്നു പറയാം. എത്രയെത്ര നൂറ്റാണ്ടുകളായി ഈ അവസ്ഥ നിലനിന്നു പോരുന്നു! എല്ലാം തകിടം മറിക്കുന്ന വിപ്ലവങ്ങൾക്കുപോലും ഈ ചീനജീവിതസ്വഭാവത്തിന്റെ വേരു പറിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.

‘കൺഫ്യുഷ്യനിസം’ എന്നു പറഞ്ഞാലെന്താണു്? അതു പ്രത്യേകിച്ചൊരു മതമോ ഫിലോസഫിയോ അല്ല. സാങ്കേതികമായ അർത്ഥത്തിൽ കൺഫ്യുഷ്യസ് ഒരു സിദ്ധാന്തവും സ്ഥാപിച്ചില്ല. സദ്ധർമ്മപരമായ ജീവിതപദ്ധതിയെസ്സംബന്ധിച്ച ബഹുവിധോപദേശങ്ങളുടെ ഒരു സമാഹാരമാണതു്. സത്ഭരണം സന്മാർഗം, സദാചാരം, സദ്വിചാരം തുടങ്ങിയ ജീവിതസ്പർശിയായ എല്ലാ വിഷയങ്ങളും അതിലുൾപ്പെടും. കുറെ പ്രാചീനകൃതികൾ അദ്ദേഹം വ്യാഖ്യാനപൂർവ്വം പ്രസാധനം ചെയ്തിട്ടുണ്ടു്. അവയിലെല്ലാം ഈ വിഷയങ്ങളെ പരാമർശിക്കുന്ന ആചാര്യോപദേശം പ്രതിഫലിതമായിക്കാണാം. കഥകളും പഴഞ്ചൊല്ലുകളും നിത്യജീവിതാനുഭവങ്ങളും ഉദാഹരണമാക്കി പ്രശ്നോത്തരരീതിയിൽ വിഷയവിശദീകരണം നിർവ്വഹിക്കുന്നതിനു് അദ്ദേഹം അതിസമർത്ഥനായിരുന്നു. കൺഫ്യുഷ്യസ് വനവാസിനിയായ ഒരു വൃദ്ധയുമായി നടത്തിയ സംഭാഷണം സുപ്രസിദ്ധമാണു്. സ്വന്തം പിതാവും ഭർത്താവും പുത്രനും കടുവകൾക്കിരയായിത്തീർന്ന ഒരു കാട്ടിലാണു് ആ വൃദ്ധയുടെ വാസം. ഇത്രയും ആപത്തു നേരിട്ടിട്ടും അവിടെത്തന്നെ താമസിക്കുന്നതെന്തുകൊണ്ടെന്നു് കൺഫ്യുഷ്യസ് അത്ഭുതത്തോടെ ചോദിച്ചപ്പോൾ അവർ പറഞ്ഞതു് ജനങ്ങളെ മർദിക്കുന്ന സർക്കാർ ഇവിടെ ഇല്ലല്ലോ എന്നാണു്. ചിന്തോദ്ദീപകമായ ഈ മറുപടിയെ മാനിച്ചു ജനമർദകമായ ഗവണ്മെന്റു കടുവകളെക്കാൾ ഭയങ്കരമാണെന്നു് അദ്ദേഹം സഹചാരികളായിരുന്ന ശിഷ്യരെ ഉദ്ബോധിപ്പിച്ചു.

മനുഷ്യത്വം അതിന്റെ ഏറ്റവും നല്ല നിലയിൽ (Manhood-at-its-best) എന്നതായിരുന്നു കൺഫ്യുഷ്യസിന്റെ പരമലക്ഷ്യം. ദേശകാലനിരപേക്ഷമായി ആർക്കും എന്നു സ്വീകാര്യമായ ഒന്നാണിതു്. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും ഓരോ വ്യക്തിയും സ്വയം നന്നാകാൻ ശ്രമിക്കുക—വ്യക്തി നന്നായാൽ കുടുംബം നന്നാകും; കുടുംബം നന്നായാൽ രാജ്യം നന്നാകും എന്ന ആശയത്തിൽ അദ്ദേഹം എപ്പോഴും ഉറച്ചുനിന്നിരുന്നു. ഒന്നാമതായി സ്വയം നോക്കിക്കാണാനും സ്വന്തം തെറ്റു തിരുത്താനും തയ്യാറാകണമെന്നു് അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചു.

‘സ്വയമശുദ്ധഃ പരാനാശങ്കതേ’ എന്നതായിരുന്നു കൺഫ്യുഷ്യസിന്റെ പ്രമാണം. ആത്മദോഷമുള്ളവരാണു് പരദോഷദർശനകുതുകികളാകുന്നതു്. ഉത്തമജീവിതത്തിന്റെ അടിസ്ഥാനം കുടുംബഭദ്രതയാണു്. കുടുംബാംഗങ്ങളിൽ സർവ്വോപരി സമാരാധ്യൻ പിതാവാണു്. ‘പിതൃദേവോ ഭവ’ എന്ന ഭാരതീയ മുദ്രാവാക്യം തന്നെ ഈ ചീനാചാര്യനും പ്രമാണമാക്കി.

ഒരു വിധത്തിൽ നോക്കിയാൽ ഈ പ്രാചീനാചാര്യൻ ഒരു യാഥാസ്ഥിതികനായിരുന്നുവെന്നു കാണാം. ചൈനയിലെ പാരമ്പര്യമനുസരിച്ചുള്ള പൂർവ്വാചാരങ്ങളെ അദ്ദേഹം ആദരിച്ചുപോന്നു. പിത്രാരാധനയിലും (Ancestor worship) അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു. എന്നാൽ ജീവിതപുരോഗതിക്കു പ്രതിബന്ധമാകത്തക്ക വിധത്തിലല്ല അദ്ദേഹം ഏതാദൃശവിശ്വാസാചാരങ്ങളെ പരിപാലിച്ചിരുന്നതു്. പാരമ്പര്യത്തിൽ കാലൂന്നിക്കൊണ്ടു പ്രാപ്തകാലപരിവർത്തനങ്ങളെപ്പറ്റി പഠിക്കാനും ഭാവിയിൽ ശുഭപ്രതീക്ഷ കൈക്കൊള്ളാനും അദ്ദേഹം ശിഷ്യന്മാരെ ഉപദേശിച്ചിരുന്നു. ചീനരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതരംഗത്തിൽ സ്വതന്ത്രമായ ചിന്താശീലം വളർത്തിക്കൊണ്ടുവരാൻ കൺഫ്യുഷ്യസ് മനഃപൂർവ്വം പ്രയത്നിച്ചിട്ടുണ്ടു്. സംശയിക്കുക, ചോദ്യംചെയ്യുക. എന്തും യുക്തിവിചാരത്തിനു വിഷയമാക്കുക എന്ന ശാസ്ത്രീയ മനോഭാവമാണു് അദ്ദേഹത്തിൽ മുന്നിട്ടു നിന്നിരുന്നതു്. തനിക്കു് മനസ്സിലാകാത്തതൊന്നും ഈ അദ്ധ്യാപകൻ അന്യർക്കു പറഞ്ഞു കൊടുത്തിരുന്നില്ല. അറിയാത്തതു അറിയാമെന്നു നടിക്കുന്നതു ദുരഹങ്കാരദ്യോതകമായ ദുശ്ശിലമാണെന്നു് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംഗീതത്തെപ്പറ്റിയുള്ള കൺഫ്യുഷ്യസിന്റെ അഭിപ്രായം പ്രത്യേകം അനുസന്ധേയമാണു് ജീവിതശുചീകരണത്തിനും സാമൂഹ്യക്ഷേമപരിപാലനത്തിനും സംഗീതം ഉപകരിക്കുമെന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. മനസ്സിനു ശുദ്ധിയും അടക്കവും ഒതുക്കവും ഉണ്ടാക്കാൻ ഇതര കലകൾക്കില്ലാത്ത ഒരു ശക്തിവിശേഷം സംഗീതത്തിൽ അദ്ദേഹം കണ്ടെത്തി.

പാണ്ഡിത്യപ്രൗഢികൊണ്ടോ ബുദ്ധിശക്തിപ്രകടനം കൊണ്ടോമാത്രം മഹാനായ ആളല്ല കൺഫ്യുഷ്യസ്. സ്വഭാവമഹിമയാണു് അദ്ദേഹത്തിന്റെ ജീവിതവിജയമുദ്ര. മറ്റുള്ളവർക്കു പറഞ്ഞുകൊടുത്തതെല്ലാം അദ്ദേഹം തന്റെ ജീവിതത്തിൽ പകർത്തിക്കാണിച്ചു. അതിലാണു് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം. രണ്ടായിരത്തി അഞ്ഞൂറു കൊല്ലം മുമ്പു ചീനയിൽ പടർന്നുപിടിച്ചിരുന്ന അരാജകത്വത്തിനും അവ്യവസ്ഥിതിക്കും പരിഹാരം കാണാൻ കൺഫ്യുഷ്യസിനു കഴിഞ്ഞു. അവിടത്തെ വമ്പിച്ച ജനസമൂഹം ആ വിജ്ഞാനദീപസ്തംഭത്തിൽനിന്നു നാലുപാടും പ്രസരിച്ച പ്രകാശത്താൽ ഉദ്ബുദ്ധമായി. മതപരമായ മയക്കുവിദ്യകൾ പ്രയോഗിക്കാതെ ഇത്രയും വലിയൊരു ജനതതിയുമായി ഇണങ്ങിച്ചേർന്നു് ഉപദേശംകൊണ്ടും ഉദാഹരണം കൊണ്ടും അതിനെ സന്മാർഗത്തിലേക്കു നയിച്ചു ശാശ്വത പ്രതിഷ്ഠനേടാൻ ഈ ലോകത്തിൽ മറ്റൊരാചാര്യനും സാധിച്ചിട്ടില്ല. ഏതു രാജ്യത്തിലെയും അദ്ധ്യാപകലോകത്തിനു പ്രാതഃസ്മരണീയനാണു് ചൈനയിലെ ഈ ആദിഗുരു.

മാനസോല്ലാസം 1960.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Chinayile Aadiguru (ml: ചൈനയിലെ ആദിഗുരു).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Chinayile Aadiguru, കുറ്റിപ്പുഴ കൃഷ്ണപിള്ള, ചൈനയിലെ ആദിഗുരു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 23, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Blind Beggar, a painting by Josephus Laurentius Dyckmans (1811–1888). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.