1964 മേയ് മാസം ഇരുപത്തിയാറാം തീയതി വൈശാഖപൗർണ്ണമി ആയിരുന്നു. ബുദ്ധൻ ജനിച്ചതും ബോധവാനായതും പരിനിർവാണമടഞ്ഞതും ആ ദിനത്തിലാണെന്നു പറയപ്പെടുന്നുണ്ടു്. വൈശാഖപൗർണ്ണമിയുടെ അടുത്ത ദിനമായ മേയ് ഇരുപത്തേഴാം തീയതിയാണല്ലോ നെഹ്റു മരിച്ചതു്. യാദൃച്ഛികമായിട്ടാകാം. എങ്കിലും അതു് ബുദ്ധനും നെഹ്റുവും തമ്മിൽ ചിന്താഗതിയിലുള്ള അടുപ്പത്തേയും സാദൃശ്യത്തേയും അനുസ്മരിപ്പിക്കുന്നു.
ബുദ്ധന്റെ കഥ ബാല്യം മുതല്ക്കേ തന്നെ ആകർഷിച്ചുവെന്നു് നെഹ്രു ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിൽ എടുത്തു പറയുന്നുണ്ടു്. ബുദ്ധചരിതകാവ്യമായ ‘പൗരസ്ത്യദീപം’ (Light of Asia) എന്ന ഗ്രന്ഥവും അദ്ദേഹത്തിനു് അന്നേ ഇഷ്ടമായിരുന്നുവത്രേ. ബുദ്ധകഥയോടു ബന്ധപ്പെട്ട ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങൾ സന്ദർശിക്കാനും അക്കാലത്തു് അദ്ദേഹത്തിനു് പ്രത്യേകം കൗതുകം തോന്നിയിരുന്നു. ബുദ്ധജീവിതമഹത്വത്തെപ്പറ്റി നെഹ്റു തന്റെ ഗ്രന്ഥത്തിൽ രണ്ടുമൂന്നു ഘട്ടങ്ങളിലായി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടു്. അദ്ദേഹം പ്രധാനമന്ത്രിയായതിനുശേഷം ബുദ്ധസന്ദേശത്തിനു ഒരു പുനരുദ്ധാരണം തന്നെ ഉണ്ടായി. അതുവരെ അഗണ്യകോടിയിൽ തള്ളപ്പെട്ടിരുന്ന അശോകചക്രത്തിനു് നമ്മുടെ ദേശീയപതാകയിൽ സ്ഥാനം ലഭിച്ചതു് ഇതിനൊരുദാഹരണമാണു്. ബുദ്ധജയന്ത്യാഘോഷം ഐതിഹ്യപ്രധാനങ്ങളായ പുണ്യസ്ഥലങ്ങളുടെ പരീക്ഷണം, ബുദ്ധമതസാഹിത്യഗവേഷണം മുതലായ കാര്യങ്ങൾ ഇന്നു് ഇന്ത്യയിൽ പൂർവാധികം ശ്രദ്ധിക്കപ്പെടുന്നുണ്ടു്. ഇതിനൊക്കെ പ്രചോദനം നൽകിയതും മറ്റൊരാളല്ല എന്തുകൊണ്ടാണു് നിർമ്മതനായ നെഹ്റുവിനു് ഈ മതാചാര്യനിൽ ഇത്രമാത്രം പ്രീത്യാദരങ്ങൾ തോന്നിയതു്? ജീവിതചിന്തയിൽ രണ്ടുപേർക്കുമുള്ള ആശയസാദൃശ്യം തന്നെയാകാം മുഖ്യ കാരണം നെഹ്റുവിനെ അഭിനവബുദ്ധനായിക്കാണാൻ ഈ സാദൃശ്യം നമ്മെ പ്രേരിപ്പിക്കുന്നുണ്ടു്. ബുദ്ധന്റെ ചില ആശയങ്ങൾ പുനരുദ്ധരിക്കേണ്ടതു് ഇന്നത്തെ ഒരാവശ്യമാണെന്നു് അദ്ദേഹം കണ്ടിരിക്കണം.
ഇന്ത്യയിൽ ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിച്ച ചിന്തകനാണു് ബുദ്ധൻ എന്നു് നെഹ്റു പറയുന്നുണ്ടു്. ഹിന്ദുമതത്തിലെ കർമകാണ്ഡം, ചാതുർവർണ്യം, പൗരോഹിത്യം ഇവയെ എതിർക്കുകയാണു് ബുദ്ധൻ ആദ്യമായി ചെയ്തതു്. ജാത്യാചാരദുഷ്ടമായ ഉച്ചനീചവ്യവസ്ഥയെ തച്ചുടച്ചു് തികച്ചും ജനകീയമായ ഒരു ഭിക്ഷുസംഘടന അദ്ദേഹം നടപ്പാക്കി. അക്കാലത്തു് ഇതൊരു വിപ്ലവംതന്നെയായിരുന്നു. നെഹ്റുവാകട്ടെ ഇരുപതാം നൂറ്റാണ്ടിലെ വിചാരലോകത്തിൽ വിപ്ലവം സൃഷ്ടിച്ച മഹാത്മാവാണു്. മതമണ്ഡലത്തിൽ മാത്രമല്ല. മറ്റു് മണ്ഡലങ്ങളിലും മതത്തിലെ അന്ധമായ വിശ്വാസാചരങ്ങളേയും സർവ്വോപരി ജാതിഭേദത്തെയും അദ്ദേഹം സന്ദർഭം വരുമ്പോഴൊക്കെ അസന്ദിഗ്ദ്ധം അപലപിച്ചിരുന്നു. മതം ആവശ്യമാണെങ്കിൽത്തന്നെ അതു വ്യക്തിപരമായ ഒരു കാര്യമാകണമെന്നും വിശ്വാസം കാടുകയറി വ്യക്തിയേയും സമൂഹത്തെയും രാഷ്ട്രത്തേയും കിരാത ദശയിലേക്കു പിടിച്ചുവലിക്കരുതെന്നും മനുഷ്യൻ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ സത്യാന്വേഷണം നടത്തണമെന്നും ആയിരുന്നു നെഹ്റുവിന്റെ ആശയം. ബുദ്ധനെപ്പോലെ സദ്ധർമ്മാചരണത്തിനാണു് അദ്ദേഹം സർവപ്രധാന്യം കല്പിച്ചതു്. മതകാര്യങ്ങളിൽ ബുദ്ധനെപ്പോലെ ബുദ്ധിപരമായ സത്യസന്ധത നെഹ്റുവും പാലിച്ചിരുന്നു. ഈശ്വരനെയും ആത്മാവിനേയുംപറ്റി ചോദിച്ച ശിഷ്യരോടു് ബുദ്ധൻ പറഞ്ഞതു്, തനിക്കു് അത്തരം അജ്ഞേയവിഷയങ്ങളെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ എന്നാണു്. മാത്രമല്ല അറിവിന്റെ പരിധിക്കപ്പുറമുള്ള വിഷയങ്ങളാലോചിച്ചു് വിഷിമിക്കുന്നതുകൊണ്ടു് പ്രയോജനമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ ഗ്രന്ഥത്തിൽ ബുദ്ധോപദേശങ്ങളെപ്പറ്റി നിരൂപിക്കുമ്പോൾ ഇവയെല്ലാം അദ്ദേഹം ഉപദേശിച്ചതു് യാതൊരു വിധമായ മതാനുശാസനമോ, അല്ലെങ്കിൽ ദൈവത്തെയോ പരലോകത്തെയോപറ്റി എന്തെങ്കിലും പരാമർശമോ കൂടാതെയാണു്. (All this he preached without any religious sanction of any reference to God or another world) എന്നു് നെഹ്റു ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ടിതുതന്നെയാണു് ഈ അഭിനവ ബുദ്ധന്റെയും നിലപാടു്. അദ്ദേഹം ഒരു പടികൂടി കടന്നു താൻ ഇവയിലൊന്നും വിശ്വസിക്കുന്നില്ലെന്നും തുറന്നു പറഞ്ഞിട്ടുണ്ടു്. ബുദ്ധന്റെ യുക്തി യുക്തമായ സ്വതന്ത്രചിന്തയും ചാതുർവർണ്യപൗരോഹിത്യവിരോധവും തദുപദേശത്തിന്റെ ധാർമികവും ജനാധിപത്യപരവുമായ സ്വഭാവവുമാണു് നെഹ്റുവിനെ ഏറ്റവും കൂടുതലായി ആകർഷിച്ചതു്. ‘ഇന്ത്യയിൽ യുക്തിവാദിയായിട്ടു് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതു് ബുദ്ധനാണു്’ എന്നു് രാധാകൃഷ്ണൻ ഒരിക്കൽ പ്രസംഗിച്ചതു് ഇവിടെ സ്മരണീയമത്രെ. നെഹ്റുവിനെപ്പറ്റിയും ഈ തത്ത്വജ്ഞാനിക്കു് ഇതുതന്നെ പറയേണ്ടിവരും.
ബുദ്ധൻ തൃഷ്ണാശാന്തിക്കായി ശീലം, സമാധി എന്ന രണ്ടു മാർഗ്ഗം നിർദ്ദേശിച്ചിട്ടുണ്ടു്. ഹിംസിക്കരുതു്, മോഷ്ടിക്കരുതു് ഇത്യാദ്യുപദേശങ്ങളടങ്ങിയ പഞ്ചശീലം നെഹ്റു എത്ര ഇഷ്ടപ്പെട്ടുവെന്നതിനു് അതേ പേരു് അർത്ഥത്തിലല്ലെങ്കിലും രാഷ്ട്രങ്ങൾ തമ്മിലുള്ള പെരുമാറ്റത്തിൽ അദ്ദേഹം നടപ്പാക്കിയതൊരു തെളിവാകുന്നു. രണ്ടാമത്തേതായ സമാധി പരിശീലിക്കാൻ മൈത്രി, മുദിത, കരുണ, ഉപേക്ഷ എന്ന നാലുതരം ഭാവന ആവശ്യമാണെന്നു് ബുദ്ധൻ പറയുന്നു. ഈ നാലിന്റേയും നവീന പ്രതീകമായിരുന്നു നെഹ്രു. സർവഭൂതസ്നേഹമാണു് മൈത്രി. സർവഭൂതദയതന്നെ കരുണ; സർവ്വലോകസന്തുഷ്ടി മുദിതയും. ശത്രുമിത്രഭാവാദിയിലും സ്വാർത്ഥചിന്തയിലുമുള്ള ഉദാസീനമനോഭാവമത്രെ ഉപേക്ഷ. ഈവക ഗുണങ്ങൾ നെഹ്റുവിൽ എത്ര സ്വാഭാവികമായും സമൃദ്ധമായും പരിലസിച്ചിരുന്നുവെന്നു് പറയേണ്ടതില്ലല്ലോ. വെടിയേറ്റ മാനിന്റെ മരണം കണ്ടു് മനസ്സലിഞ്ഞു് അന്നുമുതൽ അദ്ദേഹം നായാട്ടു നിർത്തിയ സംഭവം സുവിദിതമാണു്. ബുദ്ധന്റെ ജീവകാരുണ്യമല്ലേ ഇവിടേയും പ്രത്യക്ഷപ്പെട്ടതു്? ‘ഉപേക്ഷ’യുടെ പ്രതിഫലനം നെഹ്റുവിന്റെ രാഷ്ട്രീയതലത്തിലുള്ള ചേരിചേരാനയത്തിൽപോലും കാണാം. സർവാശ്ലേഷിയായ സ്നേഹവും സന്തുഷ്ടിയും ആകാശവിശാലമായ ആ ഹൃദയത്തിൽ ഓളംവെട്ടിയിരുന്നു. ‘അക്രോധേന, ജയേൽ ക്രോധം’, ‘അഹിംസാ പരമോ ധർമ്മഃ’ എന്നീ ബൗദ്ധതത്ത്വങ്ങൾ കഴിയുന്നിടത്തോളം പ്രായോഗികമാക്കാൻ ഈ മനുഷ്യസ്നേഹി നിരന്തരം യത്നം ചെയ്തു. ബുദ്ധന്റെ മദ്ധ്യമാർഗമാണു് ഏറ്റവും ഉത്തമമെന്ന അഭിപ്രായവും അദ്ദേഹത്തിൽ അടിയുറച്ചിരുന്നു. ഇങ്ങനെ ഏതുവിധം നോക്കിയാലും ചിന്താമധുരമായ സാദൃശ്യം രണ്ടുപേരുടെയും ജീവിതാവലോകത്തിൽ കണ്ടെത്താം.
ഇത്രയും പറഞ്ഞതുകൊണ്ടു് ബുദ്ധമതമെന്നപേരിൽ നിലവിലുള്ള സർവ്വവും നെഹ്റു സ്വീകരിച്ചിരുന്നുവെന്നു് ആരും അർത്ഥമാക്കുകയില്ലല്ലോ. ബുദ്ധനും ബുദ്ധമതവും രണ്ടും രണ്ടാണു്: അദ്ദേഹത്തെ ഒരു മതസ്ഥാപകനായിട്ടു ഗണിക്കുന്നതുതന്നെ ശരിയല്ല. ഒരു സന്മാർഗ്ഗോപദേഷ്ടാവായിരുന്നു വാസ്തവത്തിൽ ബുദ്ധൻ. തന്റെ പ്രതിമയുണ്ടാക്കി ആരാധിക്കരുതെനു മരിക്കുന്നതുവരെ അദ്ദേഹം ശിഷ്യരെ താക്കീതു ചെയ്തിരുന്നു. എന്നിട്ടോ? ഫലമെന്തായി? നാടു മുഴുവൻ ബുദ്ധപ്രതിമകൊണ്ടു നിറഞ്ഞു. ഇതുപോലെ ബുദ്ധോപദേശത്തിന്റെ പേരിൽ കുറെയേറെ കാടും പടലും നൂറ്റാണ്ടുകളായി തഴച്ചുവളർന്നു മതത്തിന്റെ രൂപം പൂണ്ടിട്ടുണ്ടു്. അവയൊന്നും നെഹ്റു സ്വീകരിച്ചിട്ടില്ല.
‘ബുദ്ധമതത്തിലെ വിഷാദാത്മകത ജീവിതത്തോടുള്ള എന്റെ സമീപനവുമായി പൊരുത്തപ്പെട്ടിട്ടില്ല. അതുപോലെ തന്നെ ജീവിതത്തെയും അതിലെ പ്രശ്നങ്ങളെയും വിട്ടു ദൂരെപ്പോകാനുള്ള വാസനയും.’ (The pessimism of Budhism did not fit in with my approach to life, nor did the tendency to walk away from life and its problems) എന്നു് അദ്ദേഹം പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ടു്. എങ്കിലും ബുദ്ധനെ ഒരു ‘പെസ്സിമിസ്റ്റാ’യിട്ടല്ല നെഹ്റു കാണുന്നതു്. ക്രിയാത്മകമായ ചൈതന്യവും ആത്മനിയന്ത്രണവും കാരുണ്യവും ബുദ്ധപ്രതിമയിൽ നിന്നു നിർഗളിക്കുന്നതായി തനിക്കു തോന്നുന്നുവെന്നും അദ്ദേഹം പറയുന്നുണ്ടു്. ആ പ്രതിമയെ മനസ്സിൽ കണ്ടുകൊണ്ടു തുടിക്കുന്ന കലാഹൃദയത്തോടെ നെഹ്റു എഴുതിയിട്ടുള്ള പല വാക്യങ്ങളും ദേശകാലോചിതമായ ഒരു നവദർശനമുൾക്കൊള്ളുന്നവയാണു്.
അദ്ദേഹത്തിന്റെ സ്വരം നമ്മുടെ ചെവിയിൽ മന്ത്രിക്കുകയും ജീവിതമത്സരത്തിൽനിന്നു ഓടിപ്പോകാതിരിക്കുക. ശാന്തദൃഷ്ടിയോടെ അതിനെ അഭിമുഖീകരിക്കുക എന്നു നമ്മോടു പറയുകയും ചെയ്യുന്നു.’ (His voice whispers in our ears and tells us not to run away from the struggle but calm-eyed to face it). ഭാവസ്ഫുരത്തായ ഈ വാക്യത്തിന്റെ പിറകിലുള്ള ചിന്തയും ബൗദ്ധസിദ്ധാന്തത്തിലെ ശൂന്യവാദവും തമ്മിലെന്തന്തരം! ‘ഇന്ത്യയെ കണ്ടെത്തലി’ലെ ഏതാദൃശഭാഗങ്ങൾ ശാക്യമുനിയെ ഒരു പുതിയ കാഴ്ചപ്പാടിൽ വേണം കാണാനെന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഹിന്ദുമതപണ്ഡിതന്മാർ ബുദ്ധനെ ഹിന്ദുവാക്കാൻ നോക്കി. അതുവേണ്ടത്ര ഫലിച്ചില്ല. ഇതുപോലെ അഭിനവബുദ്ധനെ ഇന്നൊരു കൂട്ടർ ഈശ്വരവിശ്വാസിയും മതവിശ്വാസിയുമാക്കിത്തീർക്കാൻ നോക്കുന്നുണ്ടു്. ചരിത്രസത്യത്തിന്മേൽ മൂടുപടമിടാനുള്ള ഈ പുറപ്പാടും ഫലിക്കാൻ പോകുന്നില്ല. അങ്ങനെ ഇക്കാര്യത്തിലും കാണാം നെഹ്റുവിനെസ്സംബന്ധിച്ചു വിചിത്രമായൊരു ബൗദ്ധസാദൃശ്യം.
മനനമണ്ഡലം 1964.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971