images/Bartlett_the_Plains_of_Lower_Wallachia.jpg
The Plains of Lower Wallachia, a painting by William Henry Bartlett (1809–1854).
മാനസികമായ അടിമത്തം
കുറ്റിപ്പുഴ കൃഷ്ണപിള്ള

അടിമക്കച്ചവടം നിർത്തൽ ചെയ്തതുകൊണ്ടു ശാരീരികമായ അടിമത്തം മാത്രമേ നീങ്ങിപ്പോയിട്ടുള്ളു. അടിമത്തത്തിനു് അദൃശ്യമായ മറ്റൊരു രൂപം കൂടിയുണ്ടു് മാനസികമെന്നോ ബുദ്ധിപരമെന്നോ പറയാവുന്ന ഒന്നാണതു്. അതിപ്പോഴും വർദ്ധമാനമായിത്തന്നെയിരിക്കുന്നു. ആദ്യത്തേതിനോളം തന്നെ അപകൃഷ്ടവും ആപൽക്കരവുമാണു രണ്ടാമത്തേതും മാനസികമായ അടിമത്തത്തിന്റെ വ്യാപ്തിയും വ്യാമർദ്ദവും ഇന്നവിധമെന്നും ഇത്രമാത്രമെന്നും പരിച്ഛേദിച്ചു പറയുവാൻ പ്രയാസമത്രേ അത്രയ്ക്കു സൂക്ഷ്മവും സമ്മിശ്രവുമാണു് അതിന്റെ പ്രവർത്തനം സ്വതന്ത്രചിന്തയുടെ അങ്കുരങ്ങൾപോലും അടിച്ചമർത്തുന്ന ഈ മനോബാധയുടെ ശരിയായ രൂപം മനസ്സിലാക്കിയാൽ ആധുനികലോകവും അടിമകളുടെ ഒരു അങ്ങാടിയാണെന്നു പറയേണ്ടിവരും. ഇത്തരം അടിമത്തം അപമാനകരമായി സാധാരണ ഗണിക്കപ്പെടുന്നില്ല. തന്മൂലം പരിഷ്കൃതലോകത്തിൽ അതിനൊരു മാന്യമായ സ്ഥാനവും ലഭിച്ചിട്ടുണ്ടു്. മനുഷ്യന്റെ വളർച്ചയെ തടഞ്ഞുകൊണ്ടു സകല പ്രവൃത്തിരംഗങ്ങളിലും ഈ ബാധ നൃത്തം ചെയ്യുന്നു. നമ്മളിൽ പലരെയും അതു പിടികൂടിയിട്ടുണ്ടെന്നു ഒരു ആത്മപരിശോധന നടത്തിയാൽ അറിയാറാകും.

എന്താണു് ഈ മാനസികമായ അടിമത്തം? മനസ്സിന്റെ ഒരുതരം ബന്ധനം തന്നെയാണതു്. എന്തുകൊണ്ടുള്ള ബന്ധനം? ചില ആശയങ്ങളും വിശ്വാസങ്ങളും കൊണ്ടു് എന്നു മൊത്തത്തിൽ പറയാം. അവയുടെ കെട്ടുപാടിൽ അകപ്പെട്ടുപോകുന്ന മനസ്സിനു് ചങ്ങലയിൽപ്പെട്ട പഴയ അടിമയെപ്പോലുള്ള ഒരു വിഷമസ്ഥിതി വന്നുചേരുന്നു. ചില ഗ്രന്ഥങ്ങൾ അഥവാ ഏതെങ്കിലും ഗ്രന്ഥകാരന്മാർ ചില പ്രസ്ഥാനങ്ങൾ അല്ലെങ്കിൽ പ്രത്യേക സിദ്ധാന്തങ്ങൾ ഇവയ്ക്കും പുറമെ പരമ്പരാഗതമായ വിശ്വാസങ്ങൾ—ഇങ്ങനെ നമ്മുടെ മനസ്സിനെ അടിമപ്പെടുത്തുന്നവയായി പലതുണ്ടു് ഇവ ആദ്യം പറഞ്ഞ ആശയം, വിശ്വാസം എന്ന രണ്ടിനങ്ങളിലുൾപ്പെടുത്താവുന്നതാണു്. ഇവയുടെ ആലോചനാപൂർവമായ അംഗീകാരമോ ഇവയോടുള്ള അസന്ദിഗ്ദ്ധമായ ആനുകൂല്യമോ ഇങ്ങനെ മനോബന്ധത്തിനു കാരണമാകുമെന്നു് ഇവിടെ വിവക്ഷിക്കുന്നില്ല. എന്നാൽ മറുവശം കാണാത്തവിധം മനസ്സു് ഒന്നിനോടു് ഒട്ടിനിൽക്കുകയും ചിന്താവ്യാപരം സ്തബ്ധമാകുകയും ചെയ്യുമ്പോൾ അതുബന്ധനാവസ്ഥയിലായിപ്പോകുന്നു പ്രസ്തുത മനോഭാവമാണു പ്രകൃതത്തിൽ നിരൂപിതമാകുന്നതെന്നു് എടുത്തപറയേണ്ടതുണ്ടു്.

images/Rabindranath_Tagore-1.jpg
ടാഗൂർ

മതപരം, രാഷ്ട്രീയം, സാമുദായികം, സാമ്പത്തികം എന്നിങ്ങനെ തരംതിരിയുന്ന വിവിധ രംഗങ്ങളിലെല്ലാം ഈ അടിമമനോഗതി നിഴലിച്ചുകാണാം. മനസ്സിനെ മയക്കുന്ന കറുപ്പാണു മതമെന്നു പറയത്തക്കവിധം അതു മനുഷ്യചരിത്രം കളങ്കപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്കു് തത്സംബന്ധമായി അധികം വിവരിക്കേണ്ട ആവശ്യമില്ല. ബൈബിളിന്റെയോ ഖുറാന്റെയോ ഭഗവത്ഗീതയുടെയോ അടിമകളാകാത്തവർ തത്തന്മതസ്ഥരിൽ എത്രപേരുണ്ടു് ? ഈവക ഗ്രന്ഥങ്ങളെപ്പറ്റി സ്വതന്ത്രമായ ഒരു ഗുണദോഷവിചിന്തനത്തിനു തയ്യാറാകുന്നവർ താരതമ്യേന എത്രയെത്ര ചുരുക്കം? മതപരമായ എന്തുപുതിയ അഭിപ്രായം പുറത്തുവന്നാലും അതു പൂർവോക്തഗ്രന്ഥങ്ങളിലെ തത്ത്വങ്ങളോടു് ഒത്തുവരുന്നുണ്ടോ എന്നാണു നമ്മുടെ നോട്ടം ഒന്നുകിൽ പുതിയതു് തെറ്റാണെന്നു് ഉടൻ വിധി കല്പിക്കുക. അല്ലെങ്കിൽ ഒക്കാത്തിടത്തു് ഒപ്പിക്കുവാൻ വക്രവാദങ്ങൾ കൊണ്ടുവന്നു ശബ്ദജാലം കാണിക്കുക. സ്വബുദ്ധിയുടെ സ്വാഭാവികമായ യുക്തിവിചാരത്തെ മനഃപൂർവ്വം മറച്ചുവച്ചു തൽഫലമായുണ്ടാകുന്ന ആത്മവഞ്ചനയെയും ഗൗനിക്കാതെ പഴയ വിശ്വാസം പുലർത്തുവാൻ പണിപ്പെടുക—ഇങ്ങനെ ഏതെല്ലാം തരത്തിലുള്ള മനോവികൃതികളാണു് മതപരമായ വിചാരണയിൽ വെളിപ്പെടാറുള്ളതു്! സത്യം പറവാനും ധർമം അനുഷ്ഠിപ്പാനും മതഗ്രന്ഥങ്ങളുടെ ‘അത്താറട്ടി’ കാണിച്ചെങ്കിലേ തൃപ്തിയാകയുള്ളു എന്നുവന്നാൽ അതല്ലേ അടിമത്തത്തിന്റെ ഒന്നാമത്തെ ലക്ഷണം ഒരു നല്ലകാര്യം നടപ്പിൽ വരുത്തണോ വേണ്ടയോ എന്നു തീർച്ചപ്പെടുത്തുവാൻ രണ്ടായിരം കൊല്ലം പുറകോട്ടു പോയി അന്നത്തെ ആചാര്യന്മാരെ അന്വേഷിക്കുന്നതെന്തിനു്? മനസ്സിന്റെ ജയിൽവാസമാണു് ഇതിലെല്ലാം പ്രതിഫലിക്കുന്നതു്. ‘അറിവു മുഴുവൻ ഖുറാനിൽ അടക്കം ചെയ്തിട്ടുണ്ടു്. അതിൽ കാണാത്തതൊന്നും ശരിയായ അറിവല്ല’ എന്നൊരു ന്യായം കണ്ടുപിടിച്ചു പണ്ടൊരു മതഭ്രാന്തനായ സേനാധിപൻ വലിയൊരു ഗ്രന്ഥശാലയ്ക്കു തീവച്ചതായി കേട്ടിട്ടുണ്ടു് മാനസികമായ അടിമത്തത്തിന്റെ വെളിച്ചപ്പാടു് അയാളാണു്. അത്രത്തോളം ആപൽക്കാരികളല്ലെങ്കിലും അയാളുടെ അനുയായികളായി ഗണിക്കപ്പെടേണ്ടവർ ഇന്നും ധാരാളമുണ്ടു്. ഏതു കാര്യത്തിനും പ്രമാണം തേടിപ്പോകുന്ന പോക്കു് ഏതാണ്ടൊരു പാരതന്ത്ര്യം തന്നെയാണു്. ‘ഭഗവത്ഗീതയിലുണ്ടെങ്കിൽ ശരി, ഇല്ലെങ്കിൽ തെറ്റു്’ എന്നു വന്നാൽ ആ അവസ്ഥ അടിമകളെ സൃഷ്ടിക്കാനും അതുവളർന്നുവരുന്ന അറിവിന്റെ ചുടുകാടാകും. മതഗ്രന്ഥങ്ങൾ, ഗുരുക്കന്മാർ, രാഷ്ട്രീയനേതാക്കൾ മുതലായവരുടെ പ്രാമാണികത്വംപോലെ മനുഷ്യത്വത്തിന്റെ വികാസത്തെ തടയുന്ന മറ്റൊരു ബാധയുമില്ല. “There is no more unmitigated nuisance to one’s manhood than authority whether of scripiture gurus or political leaderes” എന്നു ടാഗൂർ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ടു്.

images/Karl_Marx.jpg
കാറൽ മാർക്സ്

വിശ്രുതന്മാരായ ഗ്രന്ഥകാരന്മാർ രാജ്യതന്ത്രജ്ഞർ തത്ത്വജ്ഞാനികൾ മുതലായവർ സമ്പാദിച്ചിട്ടുള്ള അനുയായികളിൽ ഭൂരിഭാഗവും ബുദ്ധിപരമായ അടിമത്തം (intellectual slavery) പ്രദർശിപ്പിക്കുന്നവരത്രേ ചിലന്തിവലയിൽ ഈച്ചകൾ കുടുങ്ങിപ്പോകുന്നതുപോലെയാണു് ഇത്തരം ശിഷ്യന്മാരുടെയും ഗതി. സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, പ്ലേറ്റോ, ശങ്കരാചാര്യർ, കാറൽ മാർക്സ്, മഹാത്മാഗാന്ധി തുടങ്ങിയ ലോകാചാര്യന്മാർക്കെല്ലാം ആയിരക്കണക്കിനു അടിമകളെ കിട്ടിയിട്ടുണ്ടു്. സർവശാസ്ത്രപാരാവാരപാരംഗതൻ എന്ന നിലയിലത്രെ സോക്രട്ടീസ് അന്നത്തെ ലോകത്തിൽ സമാരാധിതനായിരുന്നതു്. അറിയേണ്ടതെല്ലാം ഈ സർവജ്ഞൻ പഠിപ്പിച്ചുകഴിഞ്ഞു എന്നൊരു വിശ്വാസം അദ്ദേഹത്തിന്റെ കാലശേഷം ജനതാമദ്ധ്യത്തിൽ പരക്കുന്നതിനിടയായി തന്മൂലം പുരാതന ഗ്രീസിലെ വിജ്ഞാനപുരോഗമനം കുറേ നാളത്തേക്കു നിലച്ചുപോയതായും പറയപ്പെടുന്നു. പ്രകൃതിവിജ്ഞാനീയത്തിന്റെ (Physics) ആദിസ്ഥാപകന്മാരിൽ ഒരാളായി ഗണിക്കപ്പെടുന്ന വിഖ്യാതനായ ഡെമോക്രിറ്റസ് (Democritus) ആദ്യമായി അണുസിദ്ധാന്തം അവതരിപ്പിച്ചതു്. അക്കാലത്തായിരുന്നു. അന്നു് അതു ഗൗനിക്കാൻപോലും അധികംപേരും ഇഷ്ടപ്പെട്ടില്ല, കാരണം സോക്രട്ടീസിന്റെ ശിഷ്യസംഘത്തിനു് അതു സ്വീകാര്യമായില്ലെന്നുള്ളതു മാത്രമായിരുന്നു. നവീനശാസ്ത്രകാരന്മാർ ഭക്തിപൂർവ്വം ആരാധിക്കുന്ന ഈ വിശ്രുതജ്ഞാനിയുടെ ഗ്രന്ഥങ്ങൾ ചുട്ടുകളവാൻപോലും പ്ലേറ്റോ ഉദ്യമിക്കുകയുണ്ടായത്രേ. നോക്കുക! തത്താദൃശനായ ഒരു പണ്ഡിതശ്രേഷ്ഠനെയും ബാധിച്ച ബുദ്ധിപാരതന്ത്ര്യം! അന്നത്തെ സ്വതന്ത്രചിന്തകന്മാരിൽ അഗ്രഗണ്യനായിരുന്നൂ എപ്പിക്യുറസ് (Epicurus) സോക്രട്ടിസിന്റെ അടിമശിഷ്യന്മാരുടെ ശല്യം മൂലം അദ്ദേഹത്തിനും കുറെക്കാലത്തേക്കു തല പൊക്കാൻ സാധിച്ചില്ല.

അദ്വൈതികൾ, ദ്വൈതികൾ, നൈയായികന്മാർ, മീമാംസകന്മാർ ഇങ്ങനെ നാനാനാമധേയധാരികളായി പല സിദ്ധാന്താവലംബികളെയും ഇന്ത്യയിൽ നാം കാണുന്നുണ്ടല്ലോ അദ്വൈതി എന്നു പറഞ്ഞാൽ എന്താണർത്ഥം? ശങ്കരാചാര്യർ സ്ഥാപിച്ച അദ്വൈതസിദ്ധാന്തം വിശ്വസിക്കുന്നവൻ എന്നു മാത്രമല്ല, ദ്വൈതാദിമതാന്തരങ്ങളെ ധ്വംസിക്കുന്നവൻ എന്നുകൂടി അതിനർത്ഥം കല്പിക്കേണ്ടിയിരിക്കുന്നു. സ്വമതസിദ്ധാന്തം സാധുവാണെന്നു സമർത്ഥിച്ചാൽമാത്രം പോരാ അന്യസിദ്ധാന്തങ്ങളെല്ലാം അബദ്ധമാണെന്നു മർക്കടമുഷ്ടി പിടിച്ചു സ്വബുദ്ധിയുടെ അടിമത്തം കൂടി പ്രദർശിപ്പിച്ചാലേ നമ്മുടെ നാട്ടിൽ ഒരുവൻ ലക്ഷണം തികഞ്ഞ ഒരു ‘സിദ്ധാന്തി’യാകയുള്ളു. ഇന്ത്യയിൽ ഓരോ തത്ത്വജ്ഞാനപ്രസ്ഥാനത്തിനും ഈവിധം അടിമകളായിട്ടുള്ളവരാണു് അധികവും.

ഗാന്ധിജി യുടെ ശിഷ്യന്മാരിലും ഇതുപോലൊരു മനോഭാവം കടന്നുകൂടിയിട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. കത്തോലിക്കരുടെ പോപ്പിനുള്ളതുപോലെ ഏതാണ്ടൊരു അപ്രമാദിത്വം (infallibility) ഗാന്ധിക്കും ഇപ്പോൾ ലഭിച്ചു തുടങ്ങിയിട്ടുണ്ടു് ബീഹാർ ഭൂകമ്പത്തെപ്പറ്റിയോ മറ്റേതെങ്കിലും കാര്യത്തെപ്പറ്റിയോ എന്തബദ്ധം പറഞ്ഞാലും അതു വേദവാക്യസദൃശം സ്വീകരിക്കുവാൻ തായ്യാറുള്ളവരെ തച്ഛിഷ്യഗണത്തിൽ ധാരാളം കാണാം. കുറെനാൾകൂടി കഴിഞ്ഞാൽ ഇന്ത്യയ്ക്കു രണ്ടു പ്രകാരത്തിലുള്ള മോചനം തേടേണ്ടിവരുമെന്നു തോന്നുന്നു. ഒന്നു് ബ്രിട്ടിഷ് ഭരണത്തിൽനിന്നു് മറ്റേതു് മഹാത്മാവിന്റെ മഹത്ത്വഭരണത്തിൽനിന്നും.

കാറൽ മാർക്സി നു് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനും അടിമകൾ ഉണ്ടായിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ ഗ്രന്ഥങ്ങളിൽ വരച്ചുകാണിച്ചിട്ടുള്ള സിദ്ധാന്തവലയത്തിനപ്പുറം കടന്നു ചിന്തിക്കുവാൻ സന്നദ്ധരാകുന്നവർ തദനുയായികളിൽ ചുരുക്കംപേർ മാത്രമേയുള്ളു ദേശകാലോചിതമായ വ്യതിയാനം മാർക്സിന്റെ ആശയങ്ങൾക്കും ആവശ്യമാണെന്നു വിചാരിക്കുവാനുള്ള സ്വാതന്ത്ര്യംപോലും ഇല്ലാത്തവരാണു് ഒട്ടുവളരെപ്പേർ ചുരുക്കത്തിൽ ഒരു പാർട്ടിയിലും പെടാതെ ഒറ്റയ്ക്കുനിന്നു സ്വതന്ത്രമായി ചിന്തിക്കുന്നവനു് ഒരു സ്ഥാനവുമില്ലെന്ന മട്ടായിട്ടുണ്ടു് അഭിപ്രായങ്ങൾ വാർത്തെടുക്കാനുള്ള ഏതാനും കരുക്കളുടെ ഒരു പ്രദർശനശാലയാണു് ഇന്നത്തെ ലോകം ഏതെങ്കിലും ഒരു കരുവിൽ ഇട്ടു നമ്മുടെ മനസ്സു കാലേക്കൂട്ടി രൂപപ്പെടുത്തിക്കൊള്ളണം. അതിനുശേഷമേ അതിൽ വിചാരങ്ങൾ വിളയാവു, അല്ലെങ്കിൽ അവയൊന്നും വിലപ്പോകുന്നതല്ല എന്ന നിലയാണു് ഇപ്പോൾ കാണുന്നതു്. അടിമത്തത്തിന്റെ ആദ്യഘട്ടമെന്നേ ഇതിനെപ്പറ്റി പറയേണ്ടതുള്ളു. നമ്മൾ ആദ്യമേതന്നെ ഒരു ‘ഫിലോസഫി’ പഠിക്കുന്നു. എന്നിട്ടു് അതിന്റെ വെളിച്ചത്തിൽ വസ്തുസ്ഥിതികൾ നീതികരിക്കാനാണു നമ്മുടെ ശ്രമം; എന്നിങ്ങനെ ഒരു നിരൂപകൻ അഭിപ്രായപ്പെട്ടിട്ടുള്ളതു് ഈയവസരത്തിൽ സ്മരണീയമാണു്. “we are taught our philosophy first and in its lights we try to justify the facts’ എന്നാണു അദ്ദേഹം പറയുന്നതു്. മനോബന്ധത്തിനിടയാക്കുന്ന ഈ സമ്പ്രദായം നേരെ വിപരീതമായിത്തീർന്നാലേ ചിന്താശക്തി സ്വതന്ത്രമായി വ്യാപരിക്കുകയുള്ളു.

ഇനി ജർമ്മനിയിലേക്കും ഇറ്റലിയിലേക്കും ഒന്നു കണ്ണോടിക്കാം ഹിറ്റ്ലറു ടെയും മുസ്സോളിനി യുടെയും അടിമകളല്ലേ അവിടെ അധികവും? ആലോചിക്കുവാനും നിശ്ചയിക്കുവാനും ഈ രണ്ടു പേർക്കു മാത്രമേ അധികാരവും സ്വതന്ത്ര്യവും ഉള്ള ബാക്കിയുള്ളവർ—അവർ എത്ര പണ്ഡിതന്മാരും പ്രമാണികളും ആയാലും വേണ്ടില്ല—ഈ യജമാനന്മാരുടെ പിറകെ പോകേണ്ട വെറും ആട്ടിൻകൂട്ടം! നാലും മൂന്നും ഒമ്പതെന്നു ഹിറ്റ്ലർ നിശ്ചയിച്ചുവെന്നിരിക്കട്ടെ. ഉടനെ അതു ശരിയാക്കാൻവേണ്ടി ഗണിതശാസ്ത്രംതന്നെ തിരുത്തിയെഴുതാൻ ജർമ്മനിയിൽ ആളുകളുണ്ടാകും മനുഷ്യരിൽ ഭൂരിഭാഗവും സ്വഭാവത്തിലും നിരീക്ഷണത്തിലും ഒരുതരം സ്ത്രീസഹജമായ ഭാവം ഉള്ളവരാണെന്നും അവരുടെ പ്രവൃത്തികളെ ഭരിക്കുന്നതു യുക്തിവിചാരത്തേക്കാൾ കൂടുതൽ വികാരങ്ങളാണെന്നും (An immense majority of the people are so feminine in nature and point of view, that their thoughts and actions are governed more by feeling and sentiments than by reasoned consideration) ഹിറ്റ്ലർ തന്നെ തന്റെ ആത്മകഥയിൽ ഒരിടത്തു പറയുന്നുണ്ടു്.

സ്വന്തം നാട്ടിലെ സ്വാനുഭവത്തെ അടിസ്ഥാനമാക്കിയിട്ടാകണമല്ലോ ഈ ഭരണാധികാരി ഇങ്ങനെയൊരു മാനസികരഹസ്യം കണ്ടുപിടിച്ചിട്ടുള്ളതു്. ഇറ്റലിയിൽ ചെന്നാലും ഈ അഭിപ്രായം ശരിയാണെന്നു കാണാം. ഈ രണ്ടു രാഷ്ട്രീയനേതാക്കൾ പാകപ്പെടുത്തിവയ്ക്കുന്ന ആഹാരംകൊണ്ടുവേണം ആ രാജ്യവാസികളുടെ മനസ്സും ബുദ്ധിയും പുഷ്ടിപ്പെടുവാൻ അതു ഭക്ഷിച്ചു് ഭക്ഷിച്ചു് ഇപ്പോൾ അതല്ലാതെ മറ്റൊന്നും തദ്ദേശീയമനസ്സിനു രുചിക്കുകയില്ലെന്നായിട്ടുണ്ടു്. അടിമത്തം മാത്രമല്ല, അടിമക്കച്ചവടം ഇക്കാലത്തു നിലവിലുണ്ടെന്നു പറയാം. ‘നാസിസം’, ‘ഫാസിസം’, ‘കമ്യൂണിസം’ ഇത്യാദിപ്രസ്ഥാനങ്ങൾ ആളെ പിടിക്കുവാനുള്ള വലകളല്ലേ നാലുപാടും വീശിയിരിക്കുന്നതു്? അടിമക്കുപ്പായം ധരിച്ചു് ഓരോ വലയിലും ചെന്നു വീഴുന്ന വിഡ്ഢികളും അസംഖ്യമത്രേ ഇതുകൊണ്ടുതന്നെയാണു് ഇന്നത്തെ ലോകവും അടിമകളുടെ ഒരു അങ്ങാടിയാണെന്നു മുമ്പു സൂചിപ്പിച്ചതു്. ഹിറ്റ്ലറും മുസ്സോളിനിയും ഈ അങ്ങാടിയിലെ വിരുതന്മാരായ രണ്ടു വാണിഭക്കാരാണു് കാശും കൗശലവും കൈയൂക്കും കൂടുതലുള്ളവനു കൂടുതൽ അടിമകളെ കിട്ടും.

എന്നാണു് മനുഷ്യൻ സ്വതന്ത്രനാവുക!

1938.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Manasikamaya Adimaththam (ml: മാനസികമായ അടിമത്തം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Manasikamaya Adimaththam, കുറ്റിപ്പുഴ കൃഷ്ണപിള്ള, മാനസികമായ അടിമത്തം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 29, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Plains of Lower Wallachia, a painting by William Henry Bartlett (1809–1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.