കുട്ടികൾക്കും മുതിർന്നവർക്കും കൊള്ളാവുന്ന കൊച്ചുകഥയുണ്ടു് മഹാഭാരതം ശാന്തിപർവത്തിൽ. ഉഷ്ട്രഗ്രീവോപാഖ്യാനം എന്നാണു് പേരു്—ഒരൊട്ടകക്കഴുത്തിന്റെ കഥ. മടിയേറിയാൽ വരാവുന്ന മഹാദോഷം ഉദാഹരിച്ചു് കാണിക്കാൻ ഭീഷ്മർ ഒരു പഴങ്കഥ പറയുന്നു. ജിജ്ഞാസുവായ ധർമ്മപുത്രരാണു് ശ്രോതാവു്. മെയ്യനങ്ങാതെ നിത്യവും തീറ്റി നേടാനൊരു വഴി കണ്ടുപിടിക്കണമെന്നു് പണ്ടൊരൊട്ടകത്തിനു് തോന്നി. അവൻ ബ്രഹ്മാവിനെ തപസ്സു് ചെയ്തു് പ്രത്യക്ഷപ്പെടുത്തി ഒരു വരം വാങ്ങി. വരമെന്താണെന്നോ? സ്വന്തം കഴുത്തു് ഒരു നൂറുയോജന നീണ്ടുകിട്ടണമെന്നു്. അന്നുമുതൽ അവനു് ബഹുസുഖം; സാപ്പാടിനുവേണ്ടി ഒരടിപോലും നടക്കേണ്ടതില്ല. ഒരിടത്തു് കിടന്നുകൊണ്ടുതന്നെ നൂറുയോജന ചുറ്റളവിൽ എവിടെനിന്നെങ്കിലും തീറ്റി നേടാം. ആവശ്യംപോലെ കഴുത്തൊന്നു് നീട്ടിയാൽ മതിയല്ലോ. ഇങ്ങനെ സുഖവാസം തുടങ്ങിയതോടെ മൂപ്പർ കുഴിമടിയനായി. ദേഹമൊന്നനക്കുന്നതുപോലും അവനു് ഇഷ്ടമല്ല. ഒരിക്കൽ ഒരു കൊടുങ്കാറ്റുണ്ടായി; തുടർന്നു് പേമാരിയും. എന്നിട്ടും ഒട്ടകത്തിനു് ദേഹമനക്കാൻ മടി. അവൻ എന്തു് ചെയ്തുവെന്നോ? തലയ്ക്കാണല്ലോ കാറ്റും മഴയുംകൊണ്ടു് കൂടുതൽ അസുഖമുണ്ടാകുക. അവൻ കഴുത്തങ്ങു് നീട്ടി നീട്ടി ദൂരത്തുള്ള ഒരു മലയിലെ ഗുഹയിൽ തല കടത്തിവെച്ചു. ഇതേസമയം ഒരു കുറുക്കനും മിസ്സിസ് കുറുക്കനും ഭക്ഷണം കിട്ടാതെ വിശന്നു് വലയുകയായിരുന്നു. വിശപ്പിനു് പുറമേ, കാറ്റും മഴയും കൂടിയായപ്പോൾ ദമ്പതിമാർക്കു് നിൽക്കക്കള്ളിയില്ലാതായി. രണ്ടുപേരുംകൂടി ഓടിപ്പാഞ്ഞു് ഒട്ടകശിരസ്സിന്റെ വിശ്രമസ്ഥാനമായ ഗുഹയ്ക്കകത്തും ചെന്നുകയറി. എന്തൊരു ഭാഗ്യം! തങ്ങളുടെ ഡിന്നറിനു് ഒരുക്കിവെച്ചിരിക്കുന്നതുപോലെ മാംസളമായ ഒരു ശിരസ്സ് അനക്കമില്ലാതിരിക്കുന്നു; അതിന്റെ ഉടമസ്ഥനെ അടുത്തെങ്ങും കാണുന്നുമില്ല. ക്ഷണനേരംകൊണ്ടു് വേണ്ടതൊക്കെ കടിച്ചുപറിച്ചെടുത്തു് കുറുക്കനും ഭാര്യയും വയറു് നിറച്ചു. അങ്ങനെ മടിയനായ ഒട്ടകത്തിന്റെ കഥ കഴിഞ്ഞു. ആ കഴുത്തിന്റെ വഴിനോക്കി ബഹുദൂരം സഞ്ചരിക്കുമ്പോൾ ഉഷ്ട്രമാംസംകൊണ്ടു് ഒരു സദ്യ നടത്താനുള്ള വകയും ജംബുകദ്വന്ദ്വം കണ്ടെത്തുമല്ലോ. അലസത ജീവനാശത്തിനുപോലും വഴിതെളിക്കുമെന്നു് പഠിപ്പിക്കുന്ന സരസലളിതമായ ഒരു കഥയാണിതു്.
‘ആലസ്യം ഹി മനുഷ്യാണാം ശരീരസ്ഥോ മഹാരിപൂഃ’ എന്നൊരു ചൊല്ലുണ്ടു്. മടി മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണെന്നതിനു് സംശയമില്ല. നമ്മിൽ വാസനാരൂപേണ ലയിച്ചുകിടക്കുന്ന ഈ ദുശ്ശീലം പരിതഃസ്ഥിതികൾ അനുകൂലമാകുമ്പോൾ വളർന്നുവന്നു് ജീവിതത്തെ കരണ്ടുതിന്നുന്നു. അദ്ധ്വാനശീലത്തെയും ഉത്സാഹഭാവത്തെയും തല്ലിക്കെടുത്തുന്ന ഈ ശത്രുവിനെ കീഴടക്കുന്നവർക്കു് മാത്രമേ ജീവിതവിജയം കൈവരികയുള്ളു. പണക്കാരുടെ മക്കളിൽ പലരും മടിയുടെ മടിത്തട്ടിൽ വളർന്നു് ഒരു പണിയും ചെയ്യാതെ ജീവിതരംഗത്തു് പരാജയമടയുന്ന കാഴ്ച നമ്മുടെ നാട്ടിൽ സർവസാധാരണമാണു്. പൂർവാർജിതസ്വത്തുകൊണ്ടു് സസുഖം കഴിഞ്ഞുകൂടാമെങ്കിൽ പിന്നെ ദേഹാദ്ധ്വാനമെന്തിനാണെന്നു് ഒരു തോന്നലാണു് ഇക്കൂട്ടരെ അലസന്മാരാക്കുന്നതു്.
‘ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ
ദൈവം പ്രമാണമിതി കാപുരുഷാ വദന്തി’
ഇത്യാദി സദുപദേശവാക്യങ്ങൾക്കു് സംസ്കൃതസാഹിത്യത്തിൽ ഒരു കുറവുമില്ലെങ്കിലും കഷ്ടകാലത്തിനു് ഭാരതീയവിശ്വാസം കൂടുതൽ പ്രമാണമാക്കുന്നതു് ദൈവത്തെ അഥവാ, വിധിയെത്തന്നെയാണു്. തന്മൂലം മനുഷ്യപ്രയത്നത്തിനു് ഇന്ത്യയിൽ വലിയ വിലയില്ലാതായി. മാത്രമല്ല, ആദ്ധ്യാത്മികപരിവേഷമണിഞ്ഞ അലസജീവിതം ആരാധ്യവുമായി ദേഹാദ്ധ്വാനംകൂടാതെ പരാന്നഭുക്കുകളായി ജീവിക്കുന്നതു് ഒരു മാന്യവൃത്തിയാണെന്ന നിലവരെ വന്നു. ദുഷിച്ചുപോയ ഭാരതീയപാരമ്പര്യത്തിന്റെ മുഖ്യലക്ഷണമാണിതു്. സ്വയം അദ്ധ്വാനിക്കാതെ അന്യരുടെ പ്രയത്നത്തെ ചൂഷണംചെയ്തു് ജീവിക്കുന്നവരാണല്ലോ ജന്മി-മുതലാളിമാരും പുരോഹിതന്മാരും. ഇവരിൽ ആദ്യത്തെ രണ്ടുകൂട്ടരുടെ മാന്യപദവിക്കു് ഇപ്പോൾ ഊനം തട്ടിവരുന്നുണ്ടെങ്കിലും സമുദായവൃക്ഷത്തിലെ ഇത്തിക്കണ്ണികളായ പുരോഹിതർ ഇന്നും ഇന്ത്യയിൽ ബഹുമാനിതരായി കഴിയുന്നു. ചാതുർവർണ്യത്തിന്റെ തലപ്പത്തിരിക്കുന്ന ഈ വർഗത്തിനു് അതിലെ വ്യവസ്ഥപ്രകാരം കർഷകവൃത്തി നിഷിദ്ധമാണല്ലോ. മത നേതൃത്വം വഹിക്കുന്ന പുരോഹിതന്മാരെ മാതൃകയാക്കി ജീവിക്കാനാണു് ബോധമില്ലാത്ത മറ്റു് ജാതികളും ശ്രമിച്ചതു്. അപ്പോൾ അവർ ചെയ്യാത്ത കൃഷിപ്പണി തുടങ്ങിയ തൊഴിലുകളൊക്കെ മതമൂഢരായ ഇതര ജാതികളുടെ ദൃഷ്ടിയിലും തരംതാണതായിത്തീർന്നു. കൃഷി കുലത്തൊഴിലാക്കിയിട്ടുള്ള പുലയന്റെ കുട്ടിപോലും ഇന്നു് എസ്. എസ്. എൽ. സി. പാസ്സായാൽ പാടത്തിറങ്ങി കലപ്പ പിടിക്കാൻ മടിക്കുന്നതെന്തുകൊണ്ടാണെന്നു് ആലോചിച്ചുനോക്കുക. ചില ചില തൊഴിലുകളെ സംബന്ധിച്ചും ദേഹാദ്ധ്വാനത്തെ സംബന്ധിച്ചും നൂറ്റാണ്ടുകൾക്കുമുമ്പേ ജനതതിയിൽ വേരുറച്ചുപോയ അപകർഷതാബോധത്തിന്റെ ഒരു പ്രതിഫലനമല്ലേ ഇതു്? അലസത വ്യക്തിജീവിതത്തിനും സമൂഹക്ഷേമത്തിനും വിനാശകാരിയാണെന്ന ബോധം ജനഹൃദയങ്ങളിൽ ഉറപ്പിക്കാൻ മഹാത്മജി ആയുഷ്ക്കാലം മുഴുവൻ പരിശ്രമിച്ചുനോക്കി. ആ ശ്രമം വേണ്ടത്ര ഫലിച്ചിട്ടില്ലെന്നുള്ളതിനു് ഇപ്പോഴും ധാരാളം ഉദാഹരണങ്ങൾ കാണാം. അനാഥമന്ദിരങ്ങളും തൊഴിൽസൗകര്യങ്ങളും ഉണ്ടാക്കിക്കൊടുത്താലും അവിടെ പാർക്കാൻ ഇഷ്ടപ്പെടാതെ തരംകിട്ടുമ്പോൾ പുറത്തുചാടി പണ്ടേപ്പോലെ തെണ്ടിനടക്കാനുള്ള ദുർവാസനയാണു് ഈ രാജ്യത്തെ യാചകരിൽ മുന്നിട്ടുനിൽക്കുന്നതു്. ഇന്ത്യയെപ്പോലെ ലക്ഷക്കണക്കിനു് ‘ഭിക്ഷാംദേഹി’കളെ പോറ്റിവളർത്തിയും പൂജിച്ചുംവരുന്ന ഒരു രാജ്യം വേറെയുണ്ടോ? വേദാന്തത്തിന്റെയും കർമസന്ന്യാസത്തിന്റെയും പേരിൽ എന്തുമാത്രം മനുഷ്യപ്രയത്നം ഇവിടെ പാഴായിപ്പോകുന്നു.
ഈയിടെ ‘ഹിന്ദു’ പത്രത്തിൽ ഒരു വാർത്ത കാണുകയുണ്ടായി—ഒരു സവർണഹിന്ദു തൂപ്പുകാരന്റെ ജോലിക്കു് അപേക്ഷിച്ചിരുന്നുവത്രേ. ചാതുർവർണ്യപാരമ്പര്യമുള്ള ഈ രാജ്യത്തുമാത്രമേ ഇത്തരം സംഭവം ഒരു ‘ന്യൂസാ’യിത്തീരുകയുള്ളു. പാശ്ചാത്യരും ജപ്പാൻകാരും മറ്റും ഇതിലെ വാർത്താമൂല്യം മനസ്സിലാക്കാൻ വിഷമിച്ചേക്കും. അവരുടെ നാടുകളിൽ ആർക്കും ഏതു് ജോലിയും ചെയ്യാമല്ലോ—തൊഴിലിന്റെ മഹിമയറിയുന്നവർക്കു് ഒരു ജോലിയും നികൃഷ്ടമല്ല. ഉപരിപഠനത്തിനു് അമേരിക്കയിൽ പോയ ഒരു സുഹൃത്തിനുണ്ടായ അനുഭവം ഇപ്പോൾ ഓർമ്മവരുന്നു. അദ്ദേഹം അവിടത്തെ ഒരു കോടീശ്വരന്റെ വസതിയിൽ കുറേ ദിവസം താമസിക്കുകയുണ്ടായി. ആ കോടീശ്വരന്റെ പുത്രൻ—കോളേജ് വിദ്യാർത്ഥി—നിത്യവും പ്രഭാതത്തിൽ തിരക്കിട്ടു് കാറിൽ കയറിപ്പോകുന്നതു് കണ്ടു് ഒരു ദിവസം അതിനെപ്പറ്റി സുഹൃത്തു് ചോദിച്ചു. അപ്പോഴാണു് കാര്യം മനസ്സിലായതു്. ആ വിദ്യാർത്ഥി ഒരു പത്രവിതരണക്കാരൻ കൂടിയായിരുന്നുവത്രെ. നമ്മുടെ സുഹൃത്തു് അമ്പരന്നുപോയി. സ്വാശ്രയശീലനായ ആ വിദ്യാർത്ഥി, പിതാവിനെ ആശ്രയിക്കാതെ സ്വന്തം ചെലവിനുള്ള പണം സമ്പാദിക്കാൻ ഒരു ജോലി കണ്ടുപിടിച്ചിരിക്കുന്നു. ഇതുപോലെ എത്രയോ ധനികവിദ്യാർത്ഥികളുണ്ടു് അമേരിക്കയിൽ. നമ്മുടെ നാട്ടിലെ കുബേരപുത്രന്മാരോ? ഇങ്ങനെ ഏതു് ജോലിയും ചെയ്യാൻ അവരിലെത്രപേർ സന്നദ്ധരാകും? ഇനി വേറൊരു സംഭവത്തെപ്പറ്റി പറയാം. അടുത്ത കാലത്തു് കുറെ ജപ്പാൻകാർ ചേർത്തല റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. വഴിക്കു് പലയിടത്തും ചെറുപ്പക്കാർ വൃക്ഷച്ചുവട്ടിൽ വട്ടമിട്ടിരുന്നു. ചീട്ടുകളിക്കുന്നതു് കണ്ടിട്ടു് അവർ അത്ഭുതപ്പെട്ടുപോയി. കൂടെ സഞ്ചരിച്ചിരുന്ന ഒരു കേരളീയ സുഹൃത്തിനോടു് അവർ പറഞ്ഞതിതാണു്. അവരുടെ നാട്ടിൽ ഇതൊരു പുതുമയുള്ള കാഴ്ചയാകും. എന്തെന്നാൽ ഇങ്ങനെ ഒരു പണിയുംചെയ്യാതെ സമയം പാഴാക്കുന്ന ഒരൊറ്റ യുവാവിനെയും അവിടെ കാണുകയില്ല. ശരിയാണു് ഇപ്പറഞ്ഞതു്. കഴിഞ്ഞ ലോകമഹായുദ്ധത്തിൽ തകർന്നുപോയ ജപ്പാൻ വീണ്ടും ഉയിർക്കൊണ്ടു് സമ്പുഷ്ടമായതുതന്നെ ഇതിനൊരു തെളിവല്ലേ?
ജാതീയവും മതപരവുമായ ദുഷ്ടപാരമ്പര്യത്തെ തച്ചുടച്ചു് അദ്ധ്വാനശീലം വളർത്തിക്കൊണ്ടുവരുക എന്നതുമാത്രമാണു് നമ്മുടെ നാട്ടിലെ വ്യാപകമായ അലസതാവിലസിതത്തിനൊരു പ്രത്യൗഷധം. ഉഷ്ട്രഗ്രീവോപാഖ്യാനം വായിച്ചപ്പോൾ ഇങ്ങനെയൊരു വിചാരധാരയാണു് മനസ്സിൽ പൊന്തിവന്നതു്. അതും ഇവിടെ കൂട്ടിച്ചേർത്തുവെന്നേയുള്ളു.
(മംഗളോദയം—വിമർശനവും വീക്ഷണവും 1968)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971