
മഹാകവി കുമാരനാശാന്റെ കവനതൂലിക മലയാളത്തിൽ മാത്രമല്ല സംസ്കൃതത്തിലും സരസമായി വിളയാടിയിട്ടുണ്ടെന്ന സംഗതി അത്ര പ്രസിദ്ധമാണെന്നു തോന്നുന്നില്ല. ഹൃദയാവർജ്ജകമായ വാഗ്വിലാസവും നിരീക്ഷണനിപുണതയും അദ്ദേഹം സംസ്കൃതഭാഷയിലും പ്രദർശിപ്പിച്ചിട്ടുണ്ടു്. പത്തിരുപതുവർഷങ്ങൾക്കുമുമ്പു് രവീന്ദ്രനാഥടാഗോർ കേരളത്തിൽ വന്നയവസരത്തിൽ അദ്ദേഹം ആലുവായിലെ അദ്വൈതാശ്രമസംസ്കൃതപാഠശാല സന്ദർശിക്കുകയുണ്ടായി. അന്നു് ആ കവീന്ദ്രനെ സ്വാഗതംചെയ്തുകൊണ്ടു് ആശാൻ എഴുതിയ അഞ്ചു സംസ്കൃതശ്ലോകമാണു് ഈ ലേഖനത്തിനു വിഷയമാക്കിയിരിക്കുന്നതു്. ആശാന്റെ പലവക കൃതികൾ ചേർത്തു അച്ചടിപ്പിച്ചിട്ടുള്ള ഒരു പുസ്തകത്തിൽ പ്രസ്തുത സ്വാഗതപഞ്ചകവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിനു സഹൃദയലോകത്തിൽ വേണ്ടിടത്തോളം പ്രചാരം സിദ്ധിച്ചുകാണുന്നില്ല. സംസ്കൃതത്തിൽ ആശാനുണ്ടായിരുന്ന കവനപാടവത്തിനു് ഈ കൃതി ഒരൊന്നാതരം ഉദാഹരണമാകുന്നു. ശബ്ദസൗകുമാര്യം, അർത്ഥചമൽക്കൃതി, പ്രതിപാദനവൈചിത്ര്യം, പ്രകൃതിസൌന്ദര്യനിരീക്ഷണം, സർവ്വോപരി സമുചിതമായ ഭാവനാവിലാസം എന്നീ ഗുണവിശേഷണങ്ങൾകൊണ്ടു് ആപാദചൂഡം രസാത്മകമായിത്തീർന്നിട്ടുള്ള ഒരു കവിതയാണിതു്. ശ്രവണമധുരമായ രീതിയിൽ അതു വായിച്ചു കേട്ടപ്പോൾ അതിഥിയായ ടാഗോർ ആനന്ദനിമഗ്നനായി സശിരഃകമ്പം രസിച്ചുകൊണ്ടിരുന്ന കാഴ്ച ഇപ്പോഴും ഈ ലേഖകന്റെ ഓർമ്മയിൽ സജീവമായി നിലകൊള്ളുന്നു. ആശാന്റെ കവിഹൃദയം തരളീകൃതമാകുന്നതിനു് ഏറ്റവും പറ്റിയ ഒരവസരമായിരുന്നു അന്നത്തേതു്. ആരാണു് അതിഥി? മഹർഷിതുല്യനായ രവീന്ദ്രനാഥടാഗോർ. വരുന്നതോ മഹർഷിപുംഗവനായ ശ്രീനാരായണഗുരു വിന്റെ ആശ്രമത്തിലേക്കു്. തച്ഛിഷ്യനായ മറ്റൊരു മഹാകവി സ്വാഗതം പറയാനും! സൌന്ദര്യാരാധകനായ അതിഥിയെ കോൾമയിർക്കൊള്ളിക്കത്തക്ക പ്രകൃതിരാമണീയകം നിറഞ്ഞ സസ്യശ്യാമളമായ കേരളം കവി കൺമുന്നിൽ കാണുന്നു. ക്രാന്തദർശിയായ ആശാന്റെ കവിതാദേവിക്കു നൃത്തംചെയ്യാനുള്ള ഒരു സുവർണ്ണാവസരം ഇങ്ങനെ സമാഗതമായി. ഗംഭീരാശയനായ കവിയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഭാവവിശേഷങ്ങൾ സുന്ദരമായി സമ്മേളിച്ചു സ്വാഗതരൂപേണ കവിതയായി പ്രവഹിച്ചു. സഹ്യാദ്രിസമുദ്രങ്ങളുടെ മദ്ധ്യേ സസ്യസമൃദ്ധിയോടെ പരിലസിക്കുന്ന കേരളക്ഷേത്രത്തിന്റെ വിലോചനാ സേചനകമായ ഒരു ചിത്രമാണു് ഈ കവിതയിൽ കവി വരച്ചുകാണിക്കുന്നതു്. ഉത്തരദേശത്തു നിന്നും കേരളത്തിലേക്കു വരുന്ന ഒരാൾ വിശേഷിച്ചും ഒരു മഹാകവി—ആദ്യമായി കാണുന്നതും കാണേണ്ടതും ഉന്നതശിരസ്കനായ സഹ്യനെ ആണല്ലോ. അതുകൊണ്ടു് ആദ്യമായി സ്വാഗതമരുളുവാനും ആ സഹ്യാദ്രിയെത്തന്നെ കവി നിയോഗിക്കുന്നു.
‘ദദാതി യഃ കുംഭഭുവേ ഗൃഹം ശിവം
രഥം സുഖസ്പർശമപീക്ഷുധന്വനേ
നദദ്വിജാതസ്യ ഗിരേർവനാവലീ
കവീന്ദ്ര! താവൽ കുശലം ബ്രവീമി തേ?’

ഇവിടെ സഹ്യപർവ്വതത്തിനു കല്പിച്ചിരിക്കുന്ന രണ്ടു വിശേഷയോഗ്യതകൾ അർത്ഥ ഗർഭമായിട്ടുണ്ടു്. അഗസ്ത്യനു ഗൃഹത്തെ പ്രദാനം ചെയ്തു എന്നുള്ളതുകൊണ്ടു തത്തുല്യന്മാരായ മഹർഷിമാർക്കു വാസയോഗ്യമാകത്തക്ക ആധ്യാത്മികശുദ്ധിയും ശ്രേഷ്ഠതയും സൂചിതമായി. മലയമാരുതൻ കാമദേവന്റെ രഥമാണല്ലോ. അതുകൊണ്ടു മഹർഷിമാർക്കു മാത്രമല്ല, പ്രാപഞ്ചികന്മാർക്കും ഇവിടെ സ്ഥാനമുണ്ടെന്നു സിദ്ധിച്ചു. ഇപ്രകാരം ആത്മീയമായ ഉല്ക്കർഷവും ലൗകികമായ രാമണീയകവും ഇണങ്ങിച്ചേർന്നു വിളങ്ങുന്ന ഒരു വിശിഷ്ടഭൂഭാഗത്തേക്കാണു് ടാഗോർ വരുന്നതെന്നുകൂടി ധ്വനിക്കുന്നു. സന്യാസികളെപ്പോലെതന്നെ ഗൃഹസ്ഥന്മാരെയും തന്റെ ശിഷ്യന്മാരായി, ഗണിച്ചു് ഇരുകൂട്ടർക്കും സ്വാശ്രമത്തിൽ സ്ഥാനം നല്കിയിരുന്ന ദൃഢപ്രജ്ഞനും ഉന്നതാശയനും ആയ ശ്രീനാരായണഗുരു രവീന്ദ്രനോടു കുശലം ചോദിക്കുന്നതിന്റെ ഒരു സമാധിയും ഈ ശ്ലോകത്തിൽ സഹൃദയന്മാർക്കു കാണാൻ കഴിയും. മലതൊട്ടു് ആഴി വരെയുള്ള ‘രമ്യഭൂഭാഗഭംഗിക’ളെ ക്രമാനുഗതമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണു് കവി സ്വാഗതമരുളുന്നതു്. പർവ്വതത്തിന്റെ അധിത്യകയിൽനിന്നും ഉപത്യകകളിലേക്കു് അതിഥി ആകൃഷ്ടനാകുന്നു.
‘ഉപത്യകാസ്വദ്യ ഭവന്തമാഗതം
സഹ്യസ്യ ചൈലാമരിചൈകവാസസഃ
ഫലൈശ്ച പുഷ്പൈർഭൃശമർഘ്യപാണയോ
നമന്തി ഭൂമംസ്തരുഗുല്മസമ്പദഃ’

കളത്രപുത്രാദികളോടുകൂടി താമസിക്കുന്ന ഒരു ഗൃഹസ്ഥാശ്രമി അതിഥി പൂജ ചെയ്യുന്നതിന്റെ ചിത്രം ഇവിടെ ആരോപിതമായിരിക്കുന്നതു നോക്കുക! ഗൃഹസ്ഥനായ സഹ്യൻ ഏലാമരിചലതാവലയമാകുന്ന വസ്ത്രത്താൽ ഭൂഷിതനാണു്. കുടുംബസ്ഥാനീയമാണു് തരുഗുല്മസമ്പത്തുകൾ. അവ ഫലപുഷ്പങ്ങളെക്കൊണ്ടു് അതിഥി സൽക്കാരം നടത്തുന്നു.
അദ്വൈതാശ്രമം ആലുവാപ്പുഴയുടെ തീരത്താണു്. അതുകൊണ്ടു പ്രസ്തുത നദി കവിയുടെ ശ്രദ്ധയ്ക്കു പ്രത്യേകം വിഷയീഭവിക്കുന്നു.
‘ഇയം ച യദ്രോധസി ശങ്കരശ്ശുചൗ
കൃതാവതാരഃ പരഹംസപുംഗവഃ
സ്രോതോരവസ്വാഗതസുക്തമംഗ തേ
തരംഗതാളൈസ്തടിനീ പ്രഗായതി.’
പരമഹംസപുംഗവനായ ശങ്കരാചാര്യർ ഈ നദീതീരത്താണു് അവതരിച്ചതെന്നു കവി ആദ്യംതന്നെ എടുത്തുപറയുന്നു. ഭാരതത്തിന്റെ ആധ്യാത്മികൗന്നത്യത്തെ വിളംബരം ചെയ്തുകൊണ്ടിരിക്കുന്ന വിശ്വമഹാകവിയാണു് ടാഗോർ. തത്താദൃശനായ ഒരു മഹാത്മാവിനെ സ്വാഗതം ചെയ്യുന്നതിനു ശങ്കരാവതാരംകൊണ്ടു പാവനമായ ഒരു നദിക്കു പ്രത്യേകിച്ചും അർഹതയുണ്ടു്. അത്രയും വിശിഷ്ടമായ ഈ തടിനി തരംഗതാളങ്ങളോടുകൂടി സ്രോതോരവമാകുന്ന സ്വാഗതസൂക്തത്തെ ഗാനം ചെയ്യുന്നതു് എത്ര സുന്ദരവും സമുചിതവുമായ ഒരു കല്പനയായിരിക്കുന്നു എന്നു നോക്കുക!
ആശാന്റെ മനോധർമ്മത്തിനു മകുടംചാർത്തുന്ന ഒരു ശ്ലോകമാണു് അടുത്തതു്:
‘ആധൂതകേരോ മരുദപ്യുപാഗതേ
മാർദ്ദംഗികത്വം ചരമേ മഹോദധൗ
തരംഗതന്ത്രീം സരിതം വിലോഡയൻ
ഭവന്തമുച്ചൈരുപവീണയത്യസൗ.’
രസകരമായ ഒരു സദിരാണു് ഇവിടെ നടക്കുന്നതു്. അതിനുള്ള വട്ടങ്ങളെല്ലാം കവി മനോഹരമായി ഇണക്കിച്ചേർത്തിരിക്കുന്നു. കേരങ്ങളെ ഇളക്കിക്കൊണ്ടുവരുന്ന മരുത്താണു് വീണവായനക്കാരൻ. മൃദംഗമടിക്കാൻ മഹാസമുദ്രം. തരംഗതന്ത്രിയോടുകൂടിയ സരിത്തു് വീണയും. ആധൂതകേരൻ എന്ന മരുത്തിന്റെ വിശേഷംകൊണ്ടു വീണാ ഗാനം കേട്ടു തലയാട്ടി രസിക്കുവാനുള്ള സദസ്യരുടെ പ്രതീതിയും ഉണ്ടാകുന്നു. ഔചിത്യഭംഗിയും ഭാവനാവൈശിഷ്ട്യവും പരസ്പരസ്പർദ്ധികളായി പരിശോഭിക്കുന്ന ഒരു പദ്യമാണിതു്. സംഗീതാദി കലാവിദ്യകളുടെ കേളീരംഗമാണല്ലോ കേരളം. അവിടെ ആതിഥ്യം സ്വീകരിക്കുവാൻ വരുന്ന ഗാനലോലുപനായ കവിയെ ഈമാതിരിയൊരു വീണാവാദനംകൊണ്ടുതന്നെ വേണം സൽക്കരിപ്പാൻ.
‘രോമാഞ്ചയൻ ഗോഭിരഹോ സ ചേതസഃ
പുരശ്ച പശ്ചാച്ച സമന്തതോ ജനാൻ
ഗീതാഞ്ജലേർഗ്ഗായക ഏഷ ദൃശ്യതേ
സ ചക്ഷുഷഃ സ്മ സ ശരത്സഖോ രവി?
ശ്ലേഷോല്ലസിതമായ ഈ അവസാനശ്ലോകംകൊണ്ടു കവി ടാഗോറിന്റെ മഹാകവിത്വത്തെ സ്തുതിക്കുകയും, തദ്ദർശനത്തിൽ കേരളീയർക്കുണ്ടായ കൃതാർത്ഥതയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ‘ശരത്സഖൻ’ എന്ന വിശേഷണത്തിൽ ദീനബന്ധു ആൻഡ്രൂസിന്റെ സാന്നിദ്ധ്യംകൂടി സൂചിതമായിട്ടുണ്ടെന്നു ചിലർക്കഭിപ്രായമുണ്ടു്. ആശാൻ സംസ്കൃതഭാഷയിൽ അധികമൊന്നും എഴുതിയില്ലല്ലോ എന്നു് ഈ സ്വാഗത പഞ്ചകം വായിക്കുന്ന സഹൃദയന്മാർ ഖേദിച്ചേക്കാം.
(നിരീക്ഷണം)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971