ഭഗവദ്ഗീതയെപ്പറ്റി ശരിയായി ചിന്തിക്കുമ്പോൾ ചില പ്രധാന സംഗതികളിൽ പലർക്കും സംശയങ്ങൾ നേരിടുന്നുണ്ടു്. ഗീത, വാസ്തവത്തിൽ, മഹാഭാരതത്തിന്റെ ഒരു ഭാഗമാണോ എന്നാണു് ഒന്നാമത്തെ സംശയം. അതിന്റെ കർത്തൃത്വം വേദവ്യാസനിൽ സമർപ്പിക്കാമോ! അഥവാ ഗീത മറ്റാരെങ്കിലും എഴുതിയുണ്ടാക്കി പ്രചാരത്തിനുവേണ്ടി ഭാരതത്തിൽ ചേർത്തതോ? ശ്രീകൃഷ്ണനെപ്പറ്റി ചരിത്രപരമായി എന്തെങ്കിലും തെളിവുണ്ടോ? ഗീതയിൽ പ്രസ്താവിച്ചിട്ടുള്ള കുരുപാണ്ഡവയുദ്ധം പരമാർത്ഥത്തിൽ സംഭവിച്ചതാണോ? അർജ്ജുനൻ മുതലായ കഥാപാത്രങ്ങൾക്കും ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? ഇത്രയും ചോദ്യങ്ങൾക്കു ശരിയായ സമാധാനം പറയുവാൻ സാധിക്കുമോ എന്നാണു് ഇവിടെ ആലോചിക്കേണ്ടതു്.
വ്യാസൻ എന്ന പേരിൽ പലരെയും നാം പുരാണലോകത്തിൽ കാണുന്നുണ്ടു്. ഇവരിൽ ആരാണു് ഗീതയുടെ കർത്താവു് ? ബാദരാണവ്യാസനോ അഥവാ ദ്വൈപായനവ്യാസനോ? ‘വ്യാസൻ’ എന്നതു് ഒരു സ്ഥാനപ്പേർ മാത്രമാണു്. വിക്രമാദിത്യൻ മുതലായ പേരുകളെപ്പോലെ പണ്ടു് ഏതെങ്കിലും പുതിയൊരു പുരാണം എഴുതുന്നയാൾ വ്യാസൻ എന്നുള്ള പേരിൽ അറിയപ്പെട്ടിരുന്നു. ശങ്കരാചാര്യർ ഗീതാഭാഷ്യം ഉണ്ടാകുന്നതിനു മുമ്പുവരെ പ്രകൃതഗ്രന്ഥത്തിനു ജനങ്ങളുടെയിടയിൽ ഇത്ര വളരെ പ്രചാരമുണ്ടായിരുന്നില്ലെന്നുള്ളതും ഓർമ്മിക്കേണ്ടതാണു്. എന്നാൽ ഇതിനു വളരെക്കാലം മുമ്പുതന്നെ ബോധായനൻ ഗീതയ്ക്കു ഒരു മഹാഭാഷ്യം എഴുതിയിട്ടുണ്ടെന്നു ചിലർ പറയുന്നുണ്ടു്. ഇതു ശരിയാണെന്നു സമർത്ഥിക്കാമെങ്കിൽ ഗീതാകർത്താവു് വ്യാസനാണെന്നുള്ളതിനു തെളിവുകളുണ്ടായേനെ. പക്ഷേ, അതിനും നിവൃത്തിയില്ല ബോധായനൻ എഴുതിയിട്ടുള്ളതും രാമാനുജൻ, ശങ്കരാചാര്യർ മുതലായവർ തങ്ങളുടെ കൃതികളിൽ ചില ഭാഗങ്ങൾ എടുത്തുദ്ധരിച്ചിട്ടുള്ളതുമായ വേദാന്തസൂത്രഭാഷ്യം തന്നെ ഇപ്പോൾ കണ്ടുകിട്ടാൻ പ്രയാസമായിരിക്കെ അവരുടെ ദൃഷ്ടിക്കുപോലും ഗോചരമാകാത്ത ഗീതാഭാഷ്യത്തെപ്പറ്റി നമുക്കു എന്തു പറയാൻ കഴിയും? ശങ്കരാചാര്യർ തന്നെ സ്വന്തമായി ഗീതയെഴുതി ഭാരതത്തിൽ കൂട്ടിച്ചേർത്തതാണെന്നുപോലും അഭിപ്രായപ്പെടാൻ ചിലർ മടിക്കുന്നില്ല. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടന്ന സംഗതികളെപ്പറ്റി സ്വേച്ഛാനുസരണം അനുമാനിക്കാൻ ആർക്കും കഴിയുന്നതാണല്ലോ.
ശ്രീകൃഷ്ണനെപ്പറ്റി ചരിത്രദൃഷ്ട്യാ നോക്കുമ്പോഴാണു് വളരെ സംശയങ്ങൾ കടന്നുകൂടുന്നതു്. ദേവകീസുതനായ കൃഷ്ണൻ ഘോരനാമൻ എന്ന ഒരു യോഗിയിൽനിന്നു് ആത്മീയോപദേശങ്ങൾ സ്വീകരിച്ചതായി ഛാന്ദോഗ്യോപനിഷത്തിൽ കാണുന്നു. ഭാരതത്തിൽ കൃഷ്ണൻ ദ്വാരകയിലെ രാജാവാണു്. അദ്ദേഹം ഗോപികമാരുമായി സല്ലപിക്കുന്നതിനെപ്പറ്റി വിഷ്ണുപുരാണത്തിൽ വർണിച്ചിട്ടുണ്ടു്. ഭാഗവതത്തിൽ രാസക്രീഡയാണു് പ്രത്യേകം വിസ്തരിച്ചു വർണിതമായിരിക്കുന്നതു്. പ്രാചീനകാലത്തു നമ്മുടെ നാട്ടിൽ കാമദേവനെ പ്രമാണിച്ചു മദനോത്സവം ആഘോഷിക്കുക പതിവായിരുന്നു. രാസക്രീഡയും മറ്റും ഇതിന്റെ ഒരു രൂപാന്തരമല്ലേ എന്നു് എന്തുകൊണ്ടു് വിചാരിച്ചുകൂടാ? പ്രാചീനർ ചരിത്രനിർമാണത്തിൽ വിമുഖരായിരുന്നുവെന്നു പ്രസിദ്ധമാണല്ലോ, അവർ ആധുനികരെപ്പോലെ പേരും പെരുമയും നേടാൻ പണിപ്പെട്ടിരുന്നില്ല. അതുകൊണ്ടു ഗ്രന്ഥമെഴുതുന്നവർ തങ്ങളുടെ ഗുരുനാഥന്മാരുടെ പേരിലോ മറ്റോ ആയിരിക്കും സ്വകൃതികൾ പുറത്തിറക്കുന്നതു്. പൂർവികരുടെ ഇത്തരം സ്വഭാവവിശേഷം മൂലം അന്നത്തെ കാര്യങ്ങളെപ്പറ്റി ചരിത്രമാർഗേണ അന്വേഷിക്കുകയെന്നതു് ആകാശകുസുമം നോക്കി നടക്കുന്നതിനു തുല്യം തന്നെ.
കുരുക്ഷേത്രയുദ്ധത്തെപ്പറ്റിയും നമുക്കു ശരിയായ തെളിവുകൾ കിട്ടുന്നില്ല. എന്നാൽ, കൗരവന്മാരും പാഞ്ചാലന്മാരും തമ്മിൽ പോരാടിയിട്ടുണ്ടെന്നുള്ളതു നിസ്തർക്കമാണു് ഒരു രണാങ്കണത്തിൽവെച്ചു ഭക്തിജ്ഞാനയോഗങ്ങളെപ്പറ്റി ഇത്ര വലിയ വാദം നടന്നതു് എങ്ങനെ? കൃഷ്ണാർജ്ജുനസംവാദം ഉടനടി കുറിച്ചെടുക്കുന്നതിനു ചുരുക്കെഴുത്തു പഠിച്ച ആരെങ്കിലും അവിടെ ഹാജരുണ്ടായിരുന്നോ? ചിലരുടെ അഭിപ്രായം ഈ യുദ്ധം കേവലം കവികല്പിതവും ധർമാധർമ്മങ്ങളുടെ പോരാട്ടത്തെ സൂചിപ്പിച്ചു് അന്യാപദേശരീതിയിൽ വർണിക്കപ്പെട്ടിട്ടുള്ളതുമാണെന്നത്രെ. ഇതും ഏറെക്കുറെ വാസ്തവമായി തോന്നുന്നുണ്ടു്.
അർജ്ജുനനും കൂട്ടരും യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരാണോ? അതോ വെറും കല്പിതകഥാപാത്രങ്ങളോ? ഇതാണു് അടുത്ത സംശയം ശതപഥബ്രാഹ്മണം എന്ന പ്രാചീനഗ്രന്ഥത്തിൽ അശ്വമേധം ചെയ്തിട്ടുള്ളവരുടെ പേരെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. അക്കൂട്ടത്തിൽ ജനമേജയന്റെയും മറ്റും പേരുകൾ കാണുന്നുണ്ടെങ്കിലും അർജ്ജുനൻ മുതൽപേരെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. എന്നാൽ ഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ യുധിഷ്ഠിരനും അനുജന്മാരും അശ്വമേധം ചെയ്തതായി പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ ഒരു കാര്യമാണു് പ്രത്യേകം ഓർക്കേണ്ടതു്. അതായതു്, ഇത്തരം ചരിത്രാന്വേഷണങ്ങൾക്കും നമ്മുടെ പരമാദർശത്തിനും തമ്മിൽ ഒരു ബന്ധവുമില്ലെന്നുള്ളതുതന്നെ. വേദശാസ്ത്രപുരാണങ്ങളെല്ലാം ചരിത്രകാരദൃഷ്ട്യാ വ്യാജപ്രസ്താവനകളാണെന്നു തെളിഞ്ഞാൽപ്പോലും നമുക്കു് ഒരു നഷ്ടവും വരാനില്ല.
എന്നാൽപ്പിന്നെ ചരിത്രംകൊണ്ടുള്ള പ്രയോജനമെന്താണെന്നു നിങ്ങൾ ചോദിക്കുമായിരിക്കും. യഥാർത്ഥചരിത്രം സത്യസ്ഥിതി വെളിപ്പെടുത്തി നമ്മെ അന്ധവിശ്വാസത്തിൽ നിന്നു വിമുക്തരാക്കുന്നതിനാൽ അത്യന്തം പ്രയോജനകരമാണെന്നുള്ളതിൽ തർക്കമില്ല. ജീവിതകാലം മുഴുവൻ മിഥ്യാബോധവലയത്തിൽക്കുടുങ്ങി യുക്തിമാർഗം അവലംബിക്കാതെയിരിക്കുന്നതു മൂഢത്വമാണു് പരമാർത്ഥത്തെ ഗവേഷണം ചെയ്യുന്നതിൽ ഈ ദേശക്കാർ പൊതുവിൽ പരാങ്മുഖരത്രെ. പൊതുജനോപയോഗപ്രദമായ ഒരു സംഗതി നാട്ടിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടി ഒരു കളവു പറയുന്നതുകൊണ്ടു തരക്കേടില്ലെന്നാണു് ഇവിടെത്തെ പല വർഗക്കാരുടെയും വിശ്വാസം. നമ്മുടെ മിക്ക മന്ത്രങ്ങളും തന്ത്രങ്ങളും ‘മഹദേവൻ പാർവതിയോടു പറഞ്ഞു’ എന്ന വാക്യം കൊണ്ടു തുടങ്ങിയിരിക്കുന്നതിന്റെ കാരണം ഇതാണു്. പഴയ ഐതിഹ്യങ്ങളിലും മറ്റും അന്തർഭവിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളുടെ ശക്തി എത്രമാത്രമാണെന്നു പറഞ്ഞിറിയിക്കുവാൻ പ്രയാസം ഏതായാലും കഴിയുന്നിടത്തോളം സത്യമാർഗാവലംബിയാകേണ്ടതു മനുഷ്യന്റെ കടമയാണു്.
ഭഗവദ്ഗീതയിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങളെപ്പറ്റിയാണു് ഇനി ചിന്തിക്കാനുള്ളതു്. അതിവിസ്തൃതവും അതീവഗഹനവുമായിട്ടുള്ള വേദാന്തകാന്താരത്തിലൂടെ ദിഗ്ഭ്രമം പൂണ്ടു പൈദാഹപരവശനായി അലഞ്ഞുനടക്കുന്ന ഒരു ജിജ്ഞാസുവിനു് ഭഗവദ്ഗീത ഫലതരുക്കളാലാവൃതമായ തണ്ണീർ നിറഞ്ഞ ഒരു താമരപ്പൊയ്കയാണെന്നു ചുരുക്കിപ്പറയാം. ഉപനിഷത്തുകളിൽ നിരവധി ആത്മീയതത്ത്വങ്ങളെപ്പറ്റി സവിസ്തരം നിരൂപണം ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം അനുക്രമമായി കൂട്ടിച്ചേർത്തു കാര്യഭാഗം സംഗ്രഹിച്ചാണു് ഗീതയിൽകൊണ്ടു വന്നിട്ടുള്ളതു്. വേദാന്തസമുദ്രത്തിൽ ചിന്നിച്ചിതറിക്കിടക്കുന്ന തത്ത്വരത്നങ്ങളെല്ലാം ഈ ഒരൊറ്റ അക്ഷയപാത്രത്തിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.
ഗീതയെ അതിനു മുമ്പുണ്ടായിട്ടുള്ള വേദോപനിഷത്തുക്കളിൽനിന്നു വ്യാവർത്തിച്ചു കാണിക്കുന്നതെന്താണു്? അതിലെ പ്രതിപാദ്യവിഷയങ്ങളെപ്പറ്റി പൂർവഗ്രന്ഥങ്ങളിൽ സുവ്യക്തമായി വിവരിച്ചിട്ടുണ്ടെങ്കിലും അവയ്ക്കു തമ്മിൽ അവഗാഢമായ ബന്ധമുണ്ടെന്നും ആദ്യമായി സ്ഥാപിച്ചതു ഗീതാകർത്താവാകുന്നു. ഈ ത്രിവിധമാർഗ്ഗങ്ങൾക്കുള്ള യോജിപ്പിനെ വെളിവായി തെളിയിക്കുവാൻ ശ്രീകൃഷ്ണനുപോലും ചില ഭാഗത്തു സാധിക്കാതെ വന്നിട്ടുണ്ടു്. ഇത്ര വളരെ ദുർഗ്രഹമായ ഈ സംഗതിയിൽ ശ്രീരാമകൃഷ്ണപരമഹംസദേവൻ പരിപൂർണവിജയം നേടി.
ഗീതോപദേശത്തിലടങ്ങിയിരിക്കുന്ന നിഷ്കാമകർമത്തെപ്പറ്റിയാണു് ഇനി അല്പം പറയേണ്ടതു്. പലരും തെറ്റിദ്ധരിച്ചിട്ടുള്ള ഒന്നാണു് പ്രസ്തുതവിഷയം. ഒരു ഉദ്ദേശ്യവും കൂടാതെ എന്തെങ്കിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെ നിഷ്കാമ കർമമായി ചിലർ വ്യാഖ്യാനിക്കുന്നു. ഇക്കണക്കിനു മൃഗങ്ങളും പക്ഷികളും മറ്റും ഒന്നാംതരം കർമയോഗികളായിത്തീരും. മറ്റു ചിലർ മഹാകർമയോഗിയായിരുന്ന ജനകരാജാവിനെ ഉദാഹരണമാക്കി അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം ഗൃഹസ്ഥാശ്രമിയായിരുന്നതിനാൽ വിവാഹം ചെയ്തു കുറെ കുട്ടികളുണ്ടായാൽ സാക്ഷാൽ ജനകനായിത്തീരുമെന്നത്രെ ഇക്കൂട്ടരുടെ വിശ്വാസം! ഒരു നിഷ്കാമകർമയോഗി സദാപി സാത്വികനായിരിക്കണം. അനുകമ്പയും സ്നേഹവും നിറഞ്ഞ ഹൃദയമാണു് അവന്റെ പ്രധാന സമ്പത്തു്. കരുണാശ്രുപൂർണങ്ങളായ നേത്രങ്ങൾക്കൊണ്ടു് അവൻ വിശ്വവീക്ഷണം ചെയ്യുന്നു. സ്നേഹമാകുന്ന പാശത്താൽ അവനു ലോകത്തെ മുഴുവൻ ബന്ധിക്കാൻ കഴിയും.
മോക്ഷമാർഗങ്ങളായ ഭക്തിജ്ഞാനയോഗങ്ങളുടെ സമന്വയം, ഫലേച്ഛ കൂടാതെ ഈശ്വരാർപ്പണമായുള്ള കർമാനുഷ്ഠാനം എന്നീ രണ്ടു വിഷയങ്ങളാണു് ഗീതയിൽ പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുള്ളതു്.
ഇനി നമുക്കു് ഗീതയിൽ ദ്വിതീയാധ്യായത്തിലെ ഒരു ഭാഗം വായിച്ചു നോക്കാം:
തം തഥാ കൃപായാവിഷ്ട-
മശ്രപൂർണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യ-
മുവാച മധുസൂദനഃ
കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടസ്വർഗ്ഗ്യ-
മകീർത്തികരമർജ്ജുന?
ക്ലൈബ്യം മാ സ്മ ഗമഃപാർത്ഥ
നൈതത്ത്വയൂപപദ്യതേ
ക്ഷുദ്രം ഹൃദയദൗർബല്യം
തൃക്ത്വോത്തിഷ്ഠ പരന്തപ!
‘തം തഥാ കൃപയാവിഷ്ടം’ എന്നാരംഭിക്കുന്ന പദ്യത്തിൽ സംസാരദുഃഖിതനായ അർജ്ജുനന്റെ അപ്പോഴത്തെ മനഃസ്ഥിതി എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഈ വിഷമഘട്ടത്തിൽ ‘ക്ലൈബ്യം മാ സ്മ ഗമഃ പാർത്ഥ’ എന്നു് ഉപദേശിച്ച ഭഗവാൻ എന്തിനായിട്ടു് അർജ്ജുനനെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നു? എന്തെന്നാൽ തന്റെ സുഹൃത്തിന്റെ വ്യസനം കേവലം ലൗകികമായിട്ടുള്ളതല്ലെന്നു അദ്ദേഹം മനസ്സിലാക്കി. സ്വതേ രണശൂരനായ അർജ്ജുനനു് ഇപ്പോൾ നേരിട്ട സമരവൈമുഖ്യം അഹിംസാത്മകമായ സത്വഗുണത്തിൽനിന്നു ഉത്ഭവിച്ചതല്ലായിരുന്നു. ആ മായാവിമോഹിതൻ പോർക്കളത്തിലെത്തിയ മാത്രയിൽ ഭയാക്രാന്തനായി അനുകമ്പാഭരിതനായിത്തീർന്നുപോയി. ഹൃദയസ്ഥിതമായിരുന്ന തമസ്സിന്റെ പ്രവർത്തനമല്ലെങ്കിൽ പിന്നെന്താണു് ഇതിനുള്ള ഹേതു? അർജ്ജുനൻ യുദ്ധോത്സുകനാണെന്നും ഹിംസയിൽ തെല്ലും മടിയില്ലാത്തവനാണെന്നും അദ്ദേഹം ചാപശരതൂണിരാദികൾ ധരിച്ചു രഥാരൂഢനായി രണാങ്കണത്തിൽ പ്രവേശിച്ചതുകൊണ്ടുതന്നെ നിശ്ചയിക്കാം. തന്റെ ഗുരുനാഥനും ബന്ധുക്കളും എതിർഭാഗത്തുനിൽക്കുന്നതു കണ്ടപ്പോൾ പെട്ടെന്നു ഭാവം മാറിയതു മായാപാശത്താൽ ബദ്ധനായതുകൊണ്ടല്ലേ? സംസാരസാഗരത്തിൽ വീണു നിലകിട്ടാതെ നീന്തിത്തളരുന്ന ആത്മമിത്രത്തെ കരകേറ്റി രക്ഷിച്ചു സ്വധർമനിർവഹണശക്തനാക്കിത്തീർക്കുക എന്നതുതന്നെ. എല്ലാ മനുഷ്യരിലുമുള്ളതുപോലെ അർജ്ജുനനിലും അന്തർലീനമായിരിക്കുന്ന ആത്മചൈതന്യത്തെ ഉണർത്തുന്നതിനാണു് അദ്ദേഹം തുനിഞ്ഞതു്. താൻ ആരാണെന്നറിയാത്തതുകൊണ്ടു് അർജ്ജുനൻ ഭ്രമിച്ചുപോകുന്നു. അവ്യയനും അനാദ്യന്തനുമായ ആത്മാവാണു് താൻ എന്നുള്ള ബോധം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ഈ ക്ഷീണഭാവം അപ്പോൾ പ്രത്യക്ഷപ്പെടുകയില്ലായിരുന്നു. അതു കണ്ടിട്ടാണു് ഭഗവാൻ പറയുന്നതു് ‘നൈതത്ത്വയ്യപപദ്യതേ’ നിത്യചൈതന്യമൂർത്തിയായ നിനക്കു് ഈ ആലസ്യം ഒരിക്കലും യോഗ്യമല്ല—എന്നു്. നീ ആരാണെന്നും എന്തു ശക്തിയാണു് നിന്നിൽ സ്ഥിതിചെയ്യുന്നതെന്നും നീ ആദ്യമായി മനസ്സിലാക്കുക. എന്നിട്ടോ? ക്ലൈബ്യം മാ സ്മ ഗമഃ ‘വീരന്മാർക്കു് ഉചിതമല്ലാത്ത ഈ ഭയം വെടിയുക.’ അധൈര്യത്തിനു ഒരിക്കലും അടിമപ്പെടരുതു്. ഇതാണു് ഭഗവാന്റെ ഉപദേശം ഈ ലോകത്തിൽ എന്തെങ്കിലും പാപമെന്ന പേരിൽ ഉൾപ്പെടുത്താമെങ്കിൽ അതു ഭയം മാത്രമാകുന്നു. അതിനാൽ ക്ലൈബ്യം മാ സ്മ ഗമഃ എന്നതുതന്നെയാണു് സമയോചിതമായ ഉപദേശം. ഈ ശ്ലോകം വായിക്കുന്നവനു് ഗീത മുഴുവൻ പഠിക്കുന്നതുകൊണ്ടുള്ള ഫലം കിട്ടും.
ദീപാവലി 1967
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971