images/Gandhara_Buddha.jpg
Standing Buddha, a stone sculpture by Unknown artist .
ബുദ്ധദർശനം
കുറ്റിപ്പുഴ കൃഷ്ണപിള്ള

മതാചാര്യന്മാരുടെ ഉപദേശങ്ങളും അവരെ കേന്ദ്രീകരിച്ചു് കാലാന്തരത്തിൽ ഉണ്ടായിട്ടുള്ള മതസിദ്ധാന്തങ്ങളും തമ്മിൽ വളരെ വ്യത്യാസം കാണുന്നുണ്ടു്. ബുദ്ധമതം ഇതിനു നല്ല ഉദാഹരണമാണു്. ആർക്കും മനസ്സിലാവുന്ന ഭാഷയിൽ ഏറ്റവും ലളിതമായ രീതിയിൽ ജീവിതദുഃഖനിവൃത്തിക്കുള്ള ധർമ്മോപദേശം നൽകുകയാണു് ബുദ്ധൻ പ്രധാനമായി ചെയ്തതു് എന്നാൽ, പാമരന്മാർക്കുപോലും സുഗ്രാഹ്യമായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കു് അനന്തരകാലത്തു ദുർഗ്രഹങ്ങളും വാദജടിലങ്ങളുമായ വ്യാഖ്യാനങ്ങളുണ്ടായി. ബുദ്ധസിദ്ധാന്തങ്ങൾ മാത്രമല്ല ബുദ്ധചരിതം കൂടി പണ്ഡിതന്മാരുടെയിടയിൽ വിചിത്ര വർണഭേദത്തോടെ പ്രചരിച്ചു തുടങ്ങി. ഒടുവിൽ ബുദ്ധനും ബുദ്ധമതവും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്നു സംശയിക്കത്തക്ക നിലവരെയെത്തി. എല്ലാ മതങ്ങളുടെ ഉല്പത്തിയും വളർച്ചയും ഏതാണ്ടിതുപോലെതന്നെയാണു്.

ബുദ്ധിപരമായ സത്യസന്ധത

സത്യാന്വേഷണപരമായ സ്വതന്ത്രചിന്തകൊണ്ടും മഹത്തായ ധാർമികമൂല്യങ്ങളുടെ പ്രബോധനം കൊണ്ടും ശ്രീബുദ്ധൻ മതസ്ഥാപകരിൽ അഗ്രേസരനാകുന്നു. ബുദ്ധിപരമായ സത്യസന്ധത അദ്ദേഹത്തോളം പ്രദർശിപ്പിച്ചിട്ടുള്ളവരില്ല. അന്തേവാസികളുടെ ചോദ്യങ്ങൾക്കു് എന്തെങ്കിലും സമാധാനം പറഞ്ഞു് അവരെ അന്ധമായ വിശ്വാസത്തിലേക്കു പിടിച്ചുവലിക്കുന്ന സമ്പ്രദായം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സർവജ്ഞനെന്ന പേരുണ്ടായിരുന്നെങ്കിലും തനിക്കു് അജ്ഞാതങ്ങളായ പ്രപഞ്ചരഹസ്യങ്ങളുണ്ടെന്നു് ബുദ്ധൻ സമ്മതിച്ചു. ഇപ്രകാരം അറിഞ്ഞുകൂടാത്തതു് അറിഞ്ഞുകൂടെന്നു തുറന്നു സമ്മതിക്കുന്ന ബുദ്ധിപരമായ സത്യസന്ധത എത്ര മതസ്ഥാപകർ പരിപാലിച്ചിട്ടുണ്ടു്. ഈശ്വരനെയും ആത്മാവിനെയുംപറ്റി ശിഷ്യൻ ചോദിച്ചപ്പോൾ ആ വക ഗഹനവിഷയങ്ങൾ തനിക്കു നിശ്ചയമില്ലെന്നത്രെ ബുദ്ധൻ പറഞ്ഞതു്. എന്നിട്ടും തദനുയായികൾ കെട്ടിപ്പടുത്ത മതസിദ്ധാന്തങ്ങളിൽ ദൈവം മാത്രമല്ല, ഉപദൈവങ്ങളും ആത്മാവും മതിഭ്രമമുളവാക്കുന്ന മറ്റു നൂലാമാലകളും കടന്നുകൂടി. ഈ കാടും പടലും കൊണ്ടുണ്ടായ വിശ്വാസത്തണലിലാണു് ഇന്നു ബുദ്ധമതം ജീവിക്കുന്നതു്. സ്തോഭഭാവോദ്ദീപകങ്ങളായ വിശ്വാസാചാരങ്ങളില്ലാത്ത ഒരു മതംകൊണ്ടു തൃപ്തിപ്പെടുവാൻ വികാരപ്രധാനനായ മനുഷ്യനു സാദ്ധ്യമല്ലായിരിക്കാം. യുക്തിവിചാരത്തിന്റെ പൊള്ളുന്ന വെയിലേൽക്കാനാണു് ബുദ്ധൻ ജനസമൂഹത്തെ ആഹ്വാനം ചെയ്തതു്. ആത്മാവിനു ആശ്വാസം നൽകുന്ന വിശ്വാസത്തണലിനുള്ള പന്തൽ അദ്ദേഹം കെട്ടിയുണ്ടാക്കിയില്ല. അതുകൊണ്ടാകാം ബുദ്ധമതം ഇൻഡ്യയിൽ പരാജയമടഞ്ഞതും ഇതര രാജ്യങ്ങളിൽ വികൃതരൂപം പൂണ്ടതും.

ഏറ്റവും വലിയ യുക്തിവാദി

പ്രത്യേകിച്ചൊരു ദർശനത്തിന്റെ സ്ഥാപകനാണോ ബുദ്ധൻ? ദർശനം (Philosophy) എന്ന വാക്കിന്റെ സാങ്കേതികാർത്ഥത്തിൽ ഈ ചോദ്യത്തിനു നിഷേധരൂപത്തിൽ മറുപടി പറയാനേ നിവൃത്തിയുള്ളു. ‘ഇൻഡ്യയിൽ യുക്തിവാദിയായിട്ടാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതു് ബുദ്ധനാണു് എന്നു് രാധാകൃഷ്ണൻ ഈയിടെ പ്രസംഗിക്കുകയുണ്ടായി. ഏറ്റവും ശ്രദ്ധേയമായ ഒരഭിപ്രായമാണിതു്. ജനങ്ങളുടെ ബുദ്ധിയെ ബന്ധിക്കുന്ന ഒരു മതസിദ്ധാന്തം സ്ഥാപിക്കാൻ ഒരു യുക്തിവാദി പുറപ്പെടുകയില്ല. നാലുപാടും തിരിഞ്ഞു നോക്കാൻ വയ്യാത്തവിധം ഒരു ഫിലോസഫിയുടെ ചട്ടക്കൂട്ടിനകത്തു കയറിയിരുന്നുകൊണ്ടല്ല ബുദ്ധൻ ഉപദേശിച്ചതു്. അതാണു് അദ്ദേഹത്തിനുള്ള മെച്ചവും. തർക്കകർക്കശമായ ആദ്ധ്യാത്മികക്കസർത്തുകൾ അദ്ദേഹത്തിന്നിഷ്ടമായിരുന്നില്ല. ഗുരുശിഷ്യസംഭാഷണങ്ങളിൽ പലയിടത്തും ഈ അപ്രീതി വെളിപ്പെട്ടിട്ടുണ്ടു്. ചുരുക്കത്തിൽ ബുദ്ധദർശനമെന്നു പറഞ്ഞാൽ പിൽക്കാലത്തു ബുദ്ധന്റെ പേരിൽ നടപ്പായ ദർശനമെന്നേ അർത്ഥമാക്കേണ്ടതുള്ളു. ബുദ്ധന്റെ കാലശേഷം ഒന്നോ രണ്ടോ നൂറ്റാണ്ടു കഴിഞ്ഞിട്ടാണു് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ രേഖപ്പെടുത്തിയതെന്നു ചരിത്രകാരന്മാർ പറയുന്നു. ഈ കാലത്തിനിടയിൽ അവയ്ക്കു എന്തെന്തു മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ശീലം, സമാധി

എന്താണു് ബുദ്ധൻ ഉപദേശിച്ചതു്? ജീവിതം ദുഃഖാത്മകമാണു് തൃഷ്ണയാണു് അതിന്റെ അടിസ്ഥാനകാരണം തൃഷ്ണയെ നശിപ്പിച്ചെങ്കിലേ ദുഃഖമോചനം ഉണ്ടാകൂ. ശീലം, സമാധി എന്നീ രണ്ടു മാർഗങ്ങളിൽക്കൂടി ഇതു സാധിക്കാം. ശീലം എന്നാൽ, നല്ല നടത്തംതന്നെ. കക്കരുതു്, കൊല്ലരുതു്, മദ്യപിക്കരുതു് എന്നു തുടങ്ങിയ സുപ്രസിദ്ധമായ പഞ്ചശീലം ഇതിലുൾപ്പെടുന്നു. ദുഷ്കർമ്മനിവർത്തനവും ഇന്ദ്രിയമനോനിഗ്രഹവുമാണു ശീലത്തിനാസ്പദം. നിരന്തരധ്യാനമാണു സമാധി. ഇതുകൊണ്ടു് ക്ലേശങ്ങളുടെ വേരറ്റു തൃഷ്ണയ്ക്കു പരമായ ശമനമുണ്ടാകും. തൽഫലമായി പ്രജ്ഞ—യഥാർത്ഥ ബോധം—ഉദയംചെയ്യും. പ്രജ്ഞാസമ്പത്തി അടുത്തപടിയായി നിർവാണത്തിലേക്കു വഴിതെളിക്കും. ജീവിതത്തിന്റെ വിശ്രമസ്ഥാനമാണു് നിർവാണം അഥവാ വിമുക്താവസ്ഥ. മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നീ നാലു തരത്തിലുള്ള ഭാവനകൾകൊണ്ടുവേണം സമാധി ശീലിക്കാൻ. സർവ്വഭൂതസ്നേഹമാണു് മൈത്രി, സർവ്വഭൂതദയതന്നെ കരുണ, സർവലോകസുഖവും സന്തുഷ്ടിയും മുദിത, ശത്രു മിത്രഭാവാദിയിലും സ്വാർത്ഥചിന്തയിലും മറ്റുമുള്ള ഉദാസീന മനോഭാവം ഉപേക്ഷ. ഇമ്മാതിരി സദ്ഭാവനാപരമായ ധ്യാനം കൊണ്ടു് ക്രോധവിദ്വോഷാദി ദോഷങ്ങളെ ജയിക്കാം. ‘അക്രോധേന ജയേൽ ക്രോധം’ എന്ന പ്രമാണം ഈ ധ്യാനമാർഗപരീശീലനത്തെയാണു സൂചിപ്പിക്കുന്നതു്. ആവർത്തിച്ചാർവർത്തിച്ചുള്ള സദ്ഭാവനാനുസന്ധാനം ചിത്തശുദ്ധീകരണത്തിനു പര്യാപ്തമാകും. ഇങ്ങനെ നിരന്തരധ്യാനം കൊണ്ടു കാമക്രോധാദി മാനസികദോഷങ്ങൾ നീങ്ങി ക്രമേണ മനോവൃത്തികളെല്ലാം നശിക്കും. ഈയവസ്ഥയ്ക്കാണു ബുദ്ധമതക്കാർ ചേതോവിമുക്തിയെന്നു പറയുന്നതു്. ഒരു തരം ജീവന്മുക്തന്റെ അവസ്ഥയാണിതു്. നിർവാണവും ഇതുതന്നെയത്രെ. ജീവിച്ചിരിക്കുമ്പോൾ മനുഷ്യനു് ഈ നിലയിലെത്താം. അപ്പോൾ അവൻ അർഹതൻ, ബോധിസത്വൻ എന്നും മറ്റുമുള്ള പേരുകളാൽ അറിയപ്പെടുന്നു. ഇങ്ങനെ ജീവിതബന്ധം വിട്ടാലും അന്ത്യകാലം വരെ ഒരു ഭിക്ഷു പരദുഃഖശമനാർത്ഥം കർമം ചെയ്യണമെന്നും ബുദ്ധൻ ഉപദേശിച്ചിട്ടുണ്ടു്. ജീവിതാവസാനത്തിൽ ആത്യന്തികവിശ്രമസ്ഥാനമായ പരമശാന്തിയിൽ അഥവാ പരിശൂന്യാവസ്ഥയിൽ ലയിക്കുമ്പോൾ അതിനു പരിനിർവാണമെന്നു പറയുന്നു. ബുദ്ധോപദേശത്തിന്റെ രത്നച്ചുരുക്കമാണിതു്. സ്വാനുഭവത്തിൽ നിന്നു മനഃശ്ശാസ്ത്രപരമായ പദ്ധതിയിൽക്കൂടിയാണു് ബുദ്ധൻ ജീവിതപഠനം നടത്തിയതു്. പ്രകൃത്യതീതമായ ഒരു ശക്തിവിശേഷത്തെയോ യുക്ത്യധിഷ്ഠിതമല്ലാത്ത വിശ്വാസത്തെയോ അദ്ദേഹം പ്രമാണമാക്കിയില്ല. യാഗാദികർമ്മങ്ങളെ നിഷേധിച്ചു അന്ധവിശ്വാസങ്ങളെ ധ്വംസിച്ചും കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോക്കു്. ബുദ്ധഭിക്ഷുക്കൾ സദ്കർമ്മവിമുഖരായ അലസജീവിതം നയിക്കണമെന്നല്ലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. അലോഭം, അദ്വേഷം, അമോഹം എന്നീ മൂന്നു ഗുണങ്ങളോടുകൂടിയ കർമ്മങ്ങളേ ചെയ്യാവൂ എന്നദ്ദേഹം നിർബന്ധിച്ചു. ഇന്ദ്രിയ മനോനിഗ്രഹം, ധ്യാനം ഈ രണ്ടിനും ഇത്രത്തോളം പ്രാധാന്യം കല്പിച്ച മറ്റൊരു മതം ഉണ്ടായിട്ടില്ല. ആർക്കും എന്നും ആവശ്യമായ ഉൽകൃഷ്ടജീവിതമാർഗമാണതു്. ചിലർ തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ പ്രപഞ്ചത്തെ പേടിച്ചു തപോവനങ്ങളിലേക്കും പർവതഗുഹാന്തരങ്ങളിലേക്കും ഓടിപ്പോകാൻ ബുദ്ധൻ ഉപദേശിച്ചില്ല. പ്രാപഞ്ചകത്വത്തോടു അഥവാ മാനസികദോഷങ്ങളോടു മല്ലിട്ടു ജയിക്കാൻ അങ്ങനെ—ജിനന്മാരാകാൻ അദ്ദേഹം ശിഷ്യന്മാരോടാവശ്യപ്പെട്ടു. സമസ്തജീവിജാലങ്ങളെയും ആശ്ലേഷിക്കത്തക്കവിധം മനസാ വാചാ കർമണാ സത്യവും സ്നേഹവും അഹിംസയും വളർത്തിക്കൊണ്ടുവരാനുള്ള വിശിഷ്ടസന്ദേശമാണു് ബുദ്ധന്റേതു്.

ദർശനം

ഇതുവരെ പറഞ്ഞതു് ബുദ്ധമതത്തിന്റെ പ്രായോഗികവശത്തെപ്പറ്റിയാണല്ലോ അതിനാണു പ്രാധാന്യവും. ഇനി സിദ്ധാന്തപരമായ വശത്തെപ്പറ്റിയും വിചാരണ ചെയ്യാം. ഇതിലധികഭാഗവും മുമ്പു സൂചിപ്പിച്ചവിധം ബൗദ്ധപണ്ഡിതന്മാരുടെ ബുദ്ധിയിൽ വിളഞ്ഞതാണു് അതുകൊണ്ടു് ഇവിടെ അധികം വിസ്തരിക്കേണ്ടതില്ല.

ഭാരതീയദർശനങ്ങളെ ആസ്തികമെന്നും നാസ്തികമെന്നും രണ്ടായി തിരിക്കാം. വേദപ്രാമാണ്യം സ്വീകരിച്ചവ ആസ്തികങ്ങൾ നിഷേധിച്ചവ നാസ്തികങ്ങളും സാംഖ്യയോഗാദി ഷഡ്ദർശനങ്ങൾ ആദ്യത്തെ വകുപ്പിലും പെടുന്നു. ബുദ്ധൻ യാഗാദി വൈദികകർമ്മങ്ങളെ നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ തത്ത്വചിന്ത ഉപനിഷത്തിലെ ചിന്താഗതിയോടു സാമ്യം വഹിക്കുന്നുണ്ടു്. അതിൽ കാണുന്നതുപോലെ ബുദ്ധമതത്തിലെ പ്രപഞ്ചവും അവിദ്യാജന്യവും മിഥ്യയുമാണു്. എന്നാൽ, ബ്രഹ്മസത്ത സ്വീകൃതമായിട്ടില്ല. ബുദ്ധമതപ്രകാരം ഒന്നിനും പരമമായ സത്തയില്ല. ബൗദ്ധഭാഷയിൽ പറഞ്ഞാൽ പ്രപഞ്ചവും ജീവിതവുമെല്ലാം ഒരു ക്ഷണികവിജ്ഞാനധാരയത്രെ. ഇവിടെ വിജ്ഞാനമെന്നു പറയുന്നതു് അന്തഃകരണബോധത്തെയാണു്. നിമിഷം തോറും മാറികൊണ്ടിരിക്കുന്ന ക്ഷണികബോധങ്ങളുടെ ശൃംഖല അലാത വലയംപോലെ നാമരൂപാത്മകമായ പ്രപഞ്ചമായി പ്രതിഭാസിക്കുന്നു. തീക്കൊള്ളി ചുറ്റിക്കറക്കുമ്പോൾ കാണുന്ന വലയം വാസ്തവത്തിൽ ഉള്ളതല്ലല്ലോ അതൊരു തോന്നൽ മാത്രം. അതുപോലെതന്നെ പ്രപഞ്ചവും ജീവിതവും ഒന്നിനും ഒരവസ്ഥയിലും സത്തയില്ല. എല്ലാം പ്രതിക്ഷണം മാറിക്കൊണ്ടിരിക്കുന്നു. ബുദ്ധമതം മാറ്റത്തിന്റെ ഫിലോസഫിയാണെന്നാണു് രാധാകൃഷ്ണൻ പറയുന്നതു്. അതു് ഇന്നത്തെ സയൻസിനോടും മാർക്സി ന്റെ സിദ്ധാന്തത്തിനോടും വളരെ അടുത്തു വരുന്നുണ്ടു്. ഒരു വസ്തു ഉണ്ടെന്നോ ഇല്ലെന്നോ തീർത്തു പറയുവാൻ വയ്യാത്തവിധം അതു സ്ഥിതി ഗത്യാത്മകമായിരിക്കുന്നു. കാരണകാര്യശൃംഖലയായി കാണപ്പെടുന്ന അവസ്ഥാഭേദങ്ങളുടെ ഒരു തുടർച്ച മാത്രമാണതു്. ഇപ്രകാരമുള്ള ക്ഷണികങ്ങളായ സ്ഥിതി ഗതികളുടെ അഭിവ്യക്തിയാണു ജീവിതവും അതു ഭൗതികവും മാനസികവുമായ കേവലതത്ത്വങ്ങളുടെ സമാഹാരങ്ങളായ പഞ്ചസ്കന്ധങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു തരം മനോവിജ്ഞാനീയത്തെ ആസ്പദമാക്കിയാണു് ഈ വിഭജനം. ‘ഞാൻ’ എന്ന വ്യവഹാരത്തിനു വിഷയം ആത്മാവല്ല മേല്പ്പറഞ്ഞ സ്കന്ധങ്ങളിൽ ഒന്നോ മുഴുവനോ ആണെന്നു ബുദ്ധൻ വാദിക്കുന്നു. അദ്ദേഹം പുനർജന്മത്തിലും കർമഫലത്തിലും വിശ്വസിച്ചിരുന്ന സ്ഥിതിക്കു് ആത്മസത്തയെ നിഷേധിക്കുന്നതെങ്ങനെ? ജന്മാന്തരസംക്രമണത്തിനു് ആസ്പദം ആത്മാവല്ല പൂർവ്വോക്ത പഞ്ചസ്കന്ധങ്ങളാണെന്നത്രെ ഇതിനുള്ള സമാധാനം അവിദ്യയുടെ ഫലമായി മനുഷ്യൻ ഭവചക്രത്തിൽ (Wheel of existence) സ്ഥിതിചെയ്യുന്ന കാലത്തോളം ഈ ദൃശ്യഭാവനകൾ ഉണ്ടാകും. യഥാർത്ഥബോധദീപ്തിയിൽ പ്രപഞ്ചശൂന്യത സാക്ഷാത്കരിക്കപ്പെടുമ്പോൾ അവൻ നിർവാണം പ്രാപിക്കും കർമമൂലങ്ങളും ക്ലേശമൂലങ്ങളുമാകുന്ന ജീവിതജ്വാലകളെല്ലാം കെട്ടടങ്ങുന്ന ആ നിശ്ചലശുന്യാവസ്ഥയിൽ എത്തുകയെന്നതാണു് അന്തിമ ലക്ഷ്യം.

ബുദ്ധമതം—ഇന്നു്

ശൂന്യവാദം, വിജ്ഞാനവാദം മുതലായ പേരുകളിൽ നിസ്സാരങ്ങളായ ചില തത്ത്വഭേദങ്ങളോടെ പല വാദമുഖങ്ങളും ബുദ്ധദർശനത്തിൽ കാണാം. നാഗാർജ്ജുനൻ, അശ്വഘോഷൻ തുടങ്ങിയ പ്രസിദ്ധ തത്ത്വജ്ഞാനികൾ പിൽക്കാലത്തു രൂപവല്ക്കരിച്ചതാണിവയെല്ലാം. ഹീനയാനം, മഹായാനം മന്ത്രയാനം, തന്ത്രയാനം ഇങ്ങനെയുള്ള വിചിത്രവിഭാഗങ്ങളും അതിൽ സ്ഥലം പിടിച്ചിട്ടുണ്ടു്—ഇവയെപ്പറ്റിയൊന്നും വിസ്തരിക്കാതിരിക്കുകയാണു നല്ലതു്. ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾ നീക്കിയാൽ ബുദ്ധമതമാകുമെന്നു സാധാരണ പറയാറുണ്ടു്. എന്നാൽ മന്ത്രതന്ത്രംകൊണ്ടു കാടുകയറിയ ഇന്നത്തെ ബുദ്ധമതം മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായതാണു്.

ചിന്താതരംഗം 1957.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Budhadarsanam (ml: ബുദ്ധദർശനം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Budhadarsanam, കുറ്റിപ്പുഴ കൃഷ്ണപിള്ള, ബുദ്ധദർശനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 30, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Standing Buddha, a stone sculpture by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.