ഒരുതരം ചോരവൃത്തിതന്നെയാണു് ചാരവൃത്തി. ചോരൻ ധനം മോഷ്ടിക്കുമ്പോൾ ചാരൻ മന്ത്രം (രാഷ്ട്രരഹസ്യം) മോഷ്ടിക്കുന്നു. ചൗര്യംകൊണ്ടു് ഒരിടം മുടിഞ്ഞേക്കാം. എന്നാൽ, ചാരതമൂലം ഒരു രാജ്യംതന്നെ നശിച്ചേക്കും. ആപല്ക്കരതയിൽ ഇത്ര വ്യത്യാസമുണ്ടായിട്ടും ആദ്യത്തേതിനു് കല്പിച്ചിട്ടുള്ള നിഷിദ്ധത രണ്ടാമത്തേതിനില്ല! ചോരവൃത്തി കുറ്റകരമാക്കിയിരിക്കുന്ന സർക്കാർതന്നെയാണു് ചാരവൃത്തി സംഘടിതരൂപത്തിൽ നടത്തുന്നതു്. ഇന്നു് എല്ലാ പരിഷ്കൃതഗവണ്മെന്റുകളും ഇക്കാര്യത്തിനു് പ്രത്യേകം ഡിപ്പാർട്ടുമെന്റ് ഏർപ്പെടുത്തിയിട്ടുണ്ടു്. അതൊരു നിന്ദ്യകർമമായി ആർക്കും തോന്നിയിട്ടില്ല. ചാരവൃത്തിയുടെ കരിനിഴൽ ബാധിക്കാത്ത ഒരു രാജ്യമെങ്കിലും ഇന്നു് ലോകത്തിൽ ഉണ്ടോ എന്നു് സംശയമാണു്. വിശ്വവ്യാപകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാരവലയംമൂലം വമ്പിച്ച രാഷ്ട്രങ്ങൾ പരസ്പരം വഞ്ചിച്ചും ഭയപ്പെട്ടും ആണു് കഴിഞ്ഞുകൂടുന്നതു്. ഈ ദുരവസ്ഥ തുടരുന്ന കാലത്തോളം ലോകസമാധാനമെന്നതു് അപ്രാപ്യമായ ഒരു വിദൂരാദർശം മാത്രമായിരിക്കും.
ഓരോ രാഷ്ട്രവും ചാരന്മാരെക്കൊണ്ടു് നടത്തുന്ന ചതുരംഗക്കളി രസകരമെന്നതുപോലെ ഭയങ്കരവുമാകുന്നു. യുദ്ധകാലങ്ങളിൽ കൊടുമ്പിരിക്കൊണ്ടു് നടന്നിട്ടുള്ള ഈ കൊലക്കളികളുടെ ചരിത്രം ഗ്രന്ഥരൂപത്തിൽ ധാരാളം പുറത്തുവന്നിട്ടുണ്ടു്. യുദ്ധാനന്തരവും ചാരവൃത്തി ഉപേക്ഷിക്കുവാൻ ഭരണാധികാരികൾക്കു് സാധ്യമാകുന്നില്ല. ചോരഭയത്തേക്കാൾ കൂടുതലാണു് ഇപ്പോൾ ചാരഭയം. ഏകാധിപത്യരാജ്യങ്ങളിൽ ഈ ഭയം ജനസമൂഹത്തെ മാനസികമായി ഒട്ടേറെ അധഃപതിപ്പിക്കുന്നുണ്ടു്. ചാരന്മാർ തങ്ങളെപ്പറ്റി എന്തൊക്കെയാണു് അധികാരസ്ഥാനങ്ങളിൽ ധരിപ്പിക്കുന്നതെന്നും എപ്പോഴാണു് രഹസ്യപ്പോലീസ് വന്നു് പിടികൂടുന്നതെന്നും ഉള്ള വിചാരത്താൽ വ്യക്തികളും കുടുംബങ്ങളും അവിടെ അഹോരാത്രം ഭയകമ്പിതരായിട്ടാണു് ജീവിക്കുന്നതെന്നു് കേൾക്കുന്നു. ഇടയ്ക്കിടയ്ക്കു് നടക്കുന്ന ശുദ്ധീകരണംകൊണ്ടു് ഈ ഭയം വർദ്ധിച്ചുവരികയാണു്. പ്രജാധിപത്യരാജ്യങ്ങളിലും ഇപ്പോൾ ചാരസർപ്പങ്ങൾ പത്തിവിടർത്തി നാട്ടുകാരെത്തന്നെ കൊത്താൻ തുടങ്ങിയിരിക്കുന്നു. അമേരിക്കയിൽ നടന്ന റോസൻബർഗ്ഗ് ദമ്പതിമാരുടെ വധം ഇതിനൊരുദാഹരണമാണല്ലോ.
ഇത്രമാത്രം തഴച്ചുവളർന്നിട്ടുള്ള ചാരവൃത്തിയുടെ ചരിത്രം പരിശോധിക്കുന്നതു് രസവഹമാണു്. ഇന്ത്യയിൽ അതിപ്രാചീനകാലംമുതൽക്കേ ചാരവൃത്തി നിലവിലിരുന്നിരുന്നു. ഋഗ്വേദത്തിൽ ഒരു ഭാഗം ചാരന്മാരെ പരാമർശിക്കുന്നതായി ശ്രീ. കെ. എം. പണിക്കർ തന്റെ ഇന്ത്യാചരിത്രഗ്രന്ഥത്തിൽ ഉദ്ധരിച്ചു് കാണിച്ചിട്ടുണ്ടു്. ശ്രീരാമന്റെ സീതാപരിത്യാഗത്തിനു് പ്രേരകമായതു് ചാരവാക്യമാണല്ലോ. ഭാരതീയരാജാക്കന്മാരുടെ പ്രസിദ്ധമായ ചാരചക്ഷുസ്സു് ഭരണതന്ത്രത്തിൽ അതിപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. ചന്ദ്രഗുപ്തമൗര്യന്റെ ആചാര്യനും വിശ്രുതരാജ്യതന്ത്രജ്ഞനും ആയിരുന്ന ചാണക്യ ബ്രാഹ്മണനാണു് ഈ പ്രസ്ഥാനം പരിപുഷ്ടമാക്കിയതു്. മൗര്യസാമ്രാജ്യം ഒരു പോലീസ്സ്റ്റേറ്റായിരുന്നുവെന്നു് പറയപ്പെടുന്നു. പ്രതിപക്ഷീയനായ അമാത്യ രാക്ഷസനെ തോല്പിക്കുവാൻ ചാണക്യൻ ബുദ്ധിപൂർവം കെട്ടിപ്പടുത്ത അത്ഭുതാവഹമായ ചാരതന്ത്രത്തിന്റെ കഥയാണു് മുദ്രാരക്ഷസം നാടകത്തിലെ ഇതിവൃത്തം. അക്കാലത്തു് ചാരന്മാർക്കു് അവരുടെ തൊഴിൽ നിർബാധം നിർവഹിക്കുന്നതിനു് വേണ്ടതായ വിദഗ്ദ്ധോപദേശവും പരിശീലനവും സിദ്ധിച്ചിരുന്നു. പല ഭാഷകൾ സംസാരിക്കാനും പല വേഷങ്ങളണിഞ്ഞു് സഞ്ചരിപ്പാനും തത്തദ്ദേശാചരണങ്ങളനുസരിച്ചു് പെരുമാറാനും ഉള്ള പാടവം ഇന്നത്തെപ്പോലെ അന്നും അവർക്കുണ്ടായിരുന്നു. ‘മുദ്രാരാക്ഷസ’ത്തിലെ ‘നിയുക്താ മയാ സ്വപരപക്ഷയോഃ അനുരക്താപരക്തജനജിജ്ഞാസയാ ബഹുവിധ ദേശഭാഷാചാര സഞ്ചാരവേദിനോ നാനാവ്യഞ്ജനാഃ പ്രണിധയഃ’ എന്ന ചാണക്യവാക്യം നോക്കുക. ‘നാനാവ്യഞ്ജനാ’ എന്നതുകൊണ്ടു് നാനാവിധം വ്യഞ്ജനം—ചിഹ്നം ധരിക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നുവെന്നു് തെളിയുന്നു. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ചാരതന്ത്രം വിദഗ്ദ്ധമായ വിചാരത്തിനു് വിഷയമായിട്ടുണ്ടു്.
സർക്കാർവകുപ്പിൽ പ്രത്യേക പരിശീലനം നേടി ജോലിനോക്കുന്നവർ, തൽക്കാലാവശ്യത്തിനു് പുറമേനിന്നു് റിക്രൂട്ടുചെയ്യപ്പെടുന്നവർ ഇങ്ങനെ രണ്ടായി അന്നത്തെ ചാരന്മാരെ തരം തിരിച്ചിരുന്നു. പാചകന്മാർ, വേശ്യകൾ, നേഴ്സുകൾ, ഭിക്ഷുണികൾ ഇവർ പ്രത്യേക പരിശീലനം ലഭിക്കുന്ന ആദ്യത്തെ വകുപ്പിൽപ്പെട്ടവരത്രെ. അലസന്മാർ, ജ്യോതിഷക്കാർ, കൈനോട്ടക്കാർ, സന്ന്യാസികൾ, കർഷകർ, വണിക്കുകൾ ഇങ്ങനെ അഞ്ചാറുതരക്കാരുണ്ടു് രണ്ടാംവകുപ്പിൽ. രഹസ്യവാർത്താനിവേദനമാണു് ഈ രണ്ടാം തരക്കാരുടെ പ്രധാന ജോലി. രാജാക്കന്മാരുടെ ചക്ഷുസ്സും ശ്രവണവും എന്ന നിലയിൽ ചാരന്മാർ അന്നു് ബഹുമാനിക്കപ്പെട്ടിരുന്നു. ഏതദ്വിഷയകമായി പ്രാധാന്യമർഹിക്കുന്ന മറ്റൊരു പ്രാചീനഗ്രന്ഥമാണു് ശുക്രനീതി. അതിൽ വിവരിച്ചിരിക്കുന്ന ഗൂഢപുരുഷവൃത്തി ഇവിടെ ശ്രദ്ധേയമാണു്.
‘പ്രജകളധികാരിജനങ്ങൾ, പ്രകൃതികൾ
അഹിതജനങ്ങൾ, നൽ സൈനികജനം തഥാ
സകല ബന്ധുജനം, സഭയിൽ സാമാജികർ
സതതമന്തഃപുരമമരും സ്ത്രീജനങ്ങൾ
ഇവർതന്നിംഗിതങ്ങൾ, ചേഷ്ടകൾ, മതങ്ങളും
നിശയിൽ ശ്രവിക്കണം ഗൂഢചാരന്മാർവഴി’
എന്നിങ്ങനെ രാജാക്കന്മാർ ചാരന്മാരെക്കൊണ്ടു് കൈകാര്യംചെയ്യേണ്ട വിധം അതിൽ ഉപദിഷ്ടമായിരിക്കുന്നു. ചാരന്മാർ വിശ്വസനീയരാണോ എന്നു് പരീക്ഷിക്കേണ്ട ചുമതലയും രാജാവിനുണ്ടു്.
‘വർണ്ണിയോ, തപസ്വിയോ,
സിദ്ധനോ, തീണ്ടാളരോ
സന്ന്യാസിപ്രവരനോ
തന്നെയായ് ഗൂഢചരൻ
വന്നെത്തും നേരമൊരു
ശോധന നടത്തണം
മന്നവൻ പ്രത്യക്ഷത്തില
ല്ലെങ്കിൽ കാപട്യത്തിൽ
അങ്ങനെ പരീക്ഷണം
നടത്തീടാഞ്ഞാലൃതം
മന്നവൻ ഗ്രഹിച്ചീടാ
വ്യസനിച്ചീടും പിന്നെ’
എന്നു് ഇക്കാര്യത്തിന്റെ പ്രാധാന്യവും അതിൽ നോട്ടക്കുറവു് പറ്റിയാലുണ്ടാകാവുന്ന ആപത്തും എത്ര നിഷ്കർഷതയോടെ ചൂണ്ടിക്കാണിച്ചിരിക്കുന്നുവെന്നു് നോക്കുക. ഉദ്യോഗസ്ഥന്മാർ, പ്രജകൾ ഇവരിൽ പലരും ചാരന്മാരുടെ വിദ്വേഷികളാകാനിടയുണ്ടല്ലോ. അത്തരം ആഭ്യന്തരശത്രുക്കളിൽനിന്നു് സ്വചാരന്മാരെ സംരക്ഷിക്കുന്ന കാര്യത്തിൽ രാജാവു് ശ്രദ്ധാലുവായിരിക്കണമെന്നു് ശുക്രനീതി ഉപദേശിച്ചിരിക്കുന്നു.
‘ഏകനായകമായി ഭവിപ്പിക്കണം രാജ്യം’ എന്നാണു് അതിലെ ആദർശം. ആ നിലയ്ക്കു് ചാരവൃത്തിക്കു് ഇത്രമാത്രം പ്രാമുഖ്യം ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. ഏകനായകത്വപരിപാലനത്തിനു് ഇമ്മാതിരി ഗൂഢപുരുഷതന്ത്രം അപരിത്യാജ്യമാണെന്നുള്ളതിനു് അന്നെന്നപോലെ ഇന്നും ചരിത്രം സാക്ഷിയായിരിക്കുന്നു. ചാരന്മാർ വിഷവാഹികളായ സർപ്പങ്ങളെപ്പോലെ ഇഴഞ്ഞു് നടന്നു് ജനങ്ങളുടെ കാലിൽ കടിക്കുകയും രാഷ്ട്രങ്ങളുടെ അന്യോന്യസംഹാരത്തിനു് വഴിതെളിയിക്കുകയും ചെയ്യുന്ന ഈ ദുഷിച്ച സമ്പ്രദായം ഭൂമുഖത്തുനിന്നു് എന്നെങ്കിലും നിശ്ശേഷം മാഞ്ഞുപോകുമോ? അവിശ്വാസം, വഞ്ചന, ഭീത്യാശങ്കകൾ മുതലായ കാർമേഘപടലങ്ങൾ പാടെ നീങ്ങി രാഷ്ട്രീയാന്തരീക്ഷം ശുഭ്രശുദ്ധമാകുകയാണു് ഇതിനൊന്നാമതായി വേണ്ടതു്. അങ്ങനെ സാഹോദര്യത്തിലും സൗഹാർദ്ദത്തിലും ഒരു ചരടിലിണക്കിക്കോർത്ത പുഷ്പങ്ങൾപോലെ ഭിന്നരാഷ്ട്രങ്ങളെല്ലാം ഇണങ്ങിച്ചേർന്നു് ഏകലോകമെന്നോ ‘വസുധൈവകുടുംബക’മെന്നോ പറയപ്പെടുന്ന ആകാശവിശാലമായ ആദർശം ഉദയം ചെയ്യുമെങ്കിൽ അന്നു് ചാരവൃത്തി നിഘണ്ടുവിലെ ഒരു പഴയ വാക്കായി മാത്രം ശേഷിക്കും.
(ചിന്താതരംഗം 1953)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971