മഹാഭാരതത്തിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ ഗുരുശിഷ്യസംവാദരൂപത്തിൽ നടത്തിയ സംഭാഷണമാണല്ലോ ഭഗവദ്ഗീത. വിഷയസ്വഭാവം കൊണ്ടു നോക്കിയാൽ അതൊരു തത്ത്വശാസ്ത്രഗ്രന്ഥമാണെന്നു സാമാന്യമായിപ്പറയാം. എങ്കിലും ഒരു മതഗ്രന്ഥമെന്ന നിലയ്ക്കാണു് ഇന്നു അതു കൂടുതലായി ആദരിക്കപ്പെടുന്നതു്. ഹിന്ദുക്കളുടെ ബൈബിളാണു് ഭഗവദ്ഗീതയെന്നു പറയുന്നവരും വിശ്വസിക്കുന്നവരും ധാരാളമുണ്ടു്. ഒരു മതഗ്രന്ഥത്തിനു വേണ്ട പവിത്രതയും ദിവ്യത്വവും അപ്രമാദിത്വവുമെല്ലാം അതിനു വന്നുചേർന്നിരിക്കുന്നു. ഗീതാപാരായണം മതപരമായ ഒരു ചടങ്ങായിത്തീർന്നിട്ടുണ്ടിപ്പോൾ. ഇങ്ങനെ ഭക്തന്മാരുടെ ഒരാരാധ്യവസ്തുവായാൽപ്പിന്നെ ഗീതകൊണ്ടു വലിയ പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. എന്തെന്നാൽ ബുദ്ധിവികാസമല്ല. ബുദ്ധിസ്തംഭനമാണു് ഇത്തരം ഗ്രന്ഥാരാധനത്തിൽ നിന്നുണ്ടാകുക. ഏതു ഗ്രന്ഥം പഠിക്കുമ്പോഴും പഠിതാവു പാലിക്കേണ്ട ഒന്നുണ്ടു്—ത്യാജ്യഗ്രാഹ്യവിവേചനം. പക്ഷേ, മതഗ്രന്ഥങ്ങളിലേക്കു കടക്കുമ്പോൾ ഈ വിവേചനബുദ്ധി ഭക്തിവിശ്വാസങ്ങളുടെ സമ്മർദ്ദനമേറ്റു സ്തബ്ധമായിപ്പോകും. നിർബ്ബാധവും യുക്തിയുക്തവുമായ നിരൂപണം അപ്പോൾ സാധ്യമല്ലാതാകുന്നു. ഇങ്ങനെയൊരു ദുരവസ്ഥയിലേക്കു ഗീത അധഃപതിക്കരുതെന്നു കരുതിയിട്ടാകാം ഗീതകാരൻ പതിനെട്ടാമധ്യായത്തിൽ ‘എല്ലാം വിമർശിച്ചുനോക്കിയിട്ടു നിന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കുക’ (വിമൃശൈതദശേഷണ യഥേച്ഛസി തഥാ കുരു) എന്നു കൃഷ്ണനെക്കൊണ്ടു പറയിക്കുന്നതു്. ഗീതയിലെ ഏറ്റവും നല്ല ശ്ലോകങ്ങളിലൊന്നിന്റെ പംക്തിയാണിതു്. തന്റെ ഉപദേശം മുഴുവൻ യഥേഷ്ടം വിമർശിക്കാനുള്ള പൂർണസ്വാതന്ത്ര്യം ഉപദേഷ്ടാവുതന്നെ അർജ്ജുനനു നൽകിയിരിക്കുന്നു. ആ നിരൂപണസ്വാതന്ത്ര്യം നമുക്കും ഉപയോഗിക്കാവുന്നതാണു്, ഉപയോഗിക്കേണ്ടതുമാണു്.
വിശിഷ്ടതത്ത്വരത്നങ്ങളുടെ ഒരു പേടകമാണു് ഗീത എന്നതിനു സംശയമില്ല. എങ്കിലും ആധുനിക ചിന്താഗതിക്കു യോജിക്കാത്തതും ആവശ്യമില്ലാത്തുമായ പല ആശയങ്ങളും അതിൽ കടന്നുകൂടിയിട്ടുണ്ടു്. ഇക്കൂട്ടത്തിൽ തിരസ്ക്കാരമർഹിക്കുന്ന ഒന്നാണു് അതിലെ ചാതുർവർണ്യസിദ്ധാന്തം ഗീതയിൽ ഭഗവദ്വചനങ്ങളെന്നു് വിശ്വസിക്കപ്പെടുന്നവയെല്ലാം വാസ്തവത്തിൽ വ്യാസവചനങ്ങളാണല്ലോ. ബ്രാഹ്മണപ്രാമാണ്യത്തെയും ഇതര ജാതികളുടെ ബ്രാഹ്മണദാസ്യത്തെയും ഇന്ത്യയിൽ അരിക്കിട്ടുറപ്പിക്കുന്നതിനു സഹായിച്ചിട്ടുള്ള രണ്ടു മഹാകവികളാണു് വ്യാസനും വാല്മീകി യുമെന്നു് അവരോടുള്ള ഭക്ത്യാദരങ്ങൾക്കു തെല്ലും കുറവില്ലാതെതന്നെ പറയേണ്ടിയിരിക്കുന്നു. ഭാരതരാമായണഗ്രന്ഥങ്ങൾക്കു സാഹിതീയവും സാംസ്കാരികവുമായ മൂല്യം എന്തുമാത്രമുണ്ടായാലും മേല്പ്പറഞ്ഞ വസ്തുത നിഷേധിക്കാവുന്നതല്ല. അതിനുള്ള തെളിവുകൾ എത്ര വേണമെങ്കിലും രണ്ടു ഗ്രന്ഥത്തിലുമുണ്ടു്. ബ്രാഹ്മണപ്രാമാണ്യത്തിന്റെ അധിഷ്ഠാനമാണു് ചാതുർവർണ്യം. ഒരു തത്ത്വശാസ്ത്രഗ്രന്ഥമായ ഗീതയിൽപ്പോലും അതിനു അമിതമായ പ്രാധാന്യം ലഭിച്ചിരിക്കുന്നു. അർജ്ജുനനെ യുദ്ധ്യോദ്യുക്തനാക്കാൻ കൃഷ്ണൻ ക്ഷത്രിയധർമം ഉപദേശിക്കുന്നതിന്റെ ഉപപത്തി മനസ്സിലാക്കാം. എന്നാൽ ഈയൊരു കാര്യത്തിനുവേണ്ടി നാലു ജാതിയെയും നിരത്തി നിർത്തി ഇത്രയേറെ ചാതുർവർണ്യവിചാരം നടത്തേണ്ടതുണ്ടോ? ഓരോ ജാതിയും അതതിന്റെ തൊഴിൽ വിട്ടൊന്നും ചെയ്യരുതെന്നും ചെയ്തുപോയാൽ വർണസങ്കരം എന്ന ഭയങ്കരദോഷത്തിൽപ്പെട്ടു ലോകം നശിക്കുമെന്നും അർത്ഥം വരുന്ന ശ്ലോകങ്ങളനേകമുണ്ടു്. ഗീതയിൽ ഇത്രയൊക്കെ വിസ്തരിക്കാതെ തന്നെ സർവജ്ഞനായ ഭഗവാനു് അർജ്ജുനനെ സ്വധർമ്മനിരതനാക്കാമല്ലോ അതിനുപകരം.
‘ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമവിഭാഗശഃ
തസ്യ കർത്താരമപി മാം
വിദ്ധ്യകർത്താരമവ്യയം’ (4–13)
എന്നു ജാതിവ്യവസ്ഥയുടെ ഉല്പത്തിമാഹാത്മ്യത്തെ ഘോഷിച്ചു കൊണ്ടാണു് ഗീതാകാരന്റെ പുറപ്പാടു്. ഭഗവാന്റെ സൃഷ്ടിയായാൽ പിന്നെ അതിൽപ്പരമൊരു മാഹാത്മ്യം ചാതുർവർണ്യത്തിനു വരേണ്ടതുണ്ടോ? ഇതിന്റെ ഉത്തരാർധം, അദ്ധ്യാത്മവാദത്തിലെ പൂർവപക്ഷസമാധാനത്തിനു വേണ്ടിയുള്ള ഒരു തർക്ക വിദ്യ മാത്രമാകയാൽ ഇവിടെ പരിഗണിക്കേണ്ടതില്ല. ‘മയാസൃഷ്ടം’ എന്നതുകൊണ്ടു ജന്മത്തിന്റെ അടിസ്ഥാനത്തിലാണു് ജാതി തിരിയുന്നതെന്നു ധ്വനിക്കുന്നു. ‘ഗുണകർമവിഭാഗശഃ’ എന്ന പ്രയോഗത്തിനു പുതിയ വ്യാഖ്യാനം കൊടുത്തു ജന്മത്തിനു ജാതീയമായ പ്രാധാന്യമില്ലെന്നു കാണിപ്പാൻ ചില നവീനർ പണിപ്പെട്ടിട്ടുണ്ടു് എന്നാൽ ശങ്കരഭാഷ്യത്തിൽ അങ്ങനെ ഒരു സൂചനപോലുമില്ല. മാത്രമല്ല, ബ്രാഹ്മണോ ഽസ്യ മുഖമാസീത്’ എന്ന പുരുഷസൂക്തമുദ്ധരിച്ചു ബ്രാഹ്മണപ്രാമാണ്യത്തെ സപ്രമാണമാക്കുകയും ഓരോ ജാതിക്കും ഇന്നയിന്ന ഗുണകർമങ്ങളെന്നു വീതംവെച്ചു കാണിക്കുകയുമാണു് ഭാഷ്യകാരൻ ചെയ്തിരിക്കുന്നതു്. സത്വരജസ്തമോഗുണങ്ങൾക്കും പ്രത്യേക കർമവാസനകൾക്കും അനുസരിച്ചു മനുഷ്യർ ബ്രാഹ്മണാദിജാതികളായി ജനിക്കുന്നുവെന്ന ആശയമേ അനന്തരഭാഗങ്ങളുടെ വെളിച്ചത്തിലും ഇവിടെ സംഗതമാകുന്നുള്ളു. ജനനത്തിന്റെ മതഭാഷ മാത്രമാണല്ലോ സൃഷ്ടി. ജാതിയുടെ ജന്മാടിസ്ഥാനം ഗീതയിലെ ഇതര ശ്ലോകങ്ങളിലും സ്വീകൃതമായിട്ടുണ്ടു്.
‘കൃഷിഗോരക്ഷവാണിജ്യം
വൈശ്യകർമ്മസ്വഭാവജം
പരിചാര്യാത്മകം കർമ
ശൂദ്രസ്യാപി സ്വഭാവജം’ (18–44)
‘സഹജം കർമ കൗന്തേയ
സദോഷമപി ന ത്യജേത്’ (18–48)
ഇത്യാദ്യുദാഹരണങ്ങളിൽ സഹജം, സ്വഭാവജം എന്നു കർമ്മത്തിനു വിശേഷണം കല്പിച്ചിരിക്കുന്നതു നോക്കുക. സഹജം—ജന്മത്തോടു കൂടിത്തന്നെ ഉണ്ടായിട്ടുള്ള (ജന്മനൈവോത്പ്പന്നം) എന്നു് ശങ്കരാചാര്യർ വ്യാഖ്യാനിച്ചിട്ടുണ്ടു്. ജനനാന്തരം ഗുണകർമ്മങ്ങൾ കൊണ്ടാണു ജാതിതതിരിയുന്നതെന്ന പരിഷ്കൃതാശയം ഗീതയിൽ ഒരിടത്തും അംഗീകരിച്ചിട്ടില്ല. നൂറ്റാണ്ടുകളായി നിലവിലിരിക്കുന്ന അന്ധവും ക്രൂരവുമായ ജാതിവ്യവസ്ഥതന്നെയാണു് ഈ തത്ത്വശാസ്ത്രഗ്രന്ഥത്തിലും സ്ഥലം പിടിച്ചിരിക്കുന്നതു്. ഇതിൽ ശൂദ്രന്റെ നിലയാണല്ലോ ഏറ്റവും പരിതാപകരം അവന്റെ കുലവൃത്തി ത്രൈവർണികരെ, വിശേഷിച്ചു ബ്രാഹ്മണരെ, ശുശ്രൂഷിക്കുകയാണു്. ‘പരിചാര്യത്മകം കർമ’ എന്നതുകൊണ്ടു് അതാണു ഗീതാകാരനും വിധിച്ചിരിക്കുന്നതു്. അടിമത്തത്തെ ദ്യോതിപ്പിക്കുന്ന ഈ പദപ്രയോഗത്തെയും സേവനം (Service) എന്നൊരു നവീകൃതാർത്ഥംകൊണ്ടു പരിഷ്കരിക്കാൻ ചിലർ വ്യഥാശ്രമം ചെയ്യാറുണ്ടു്. ഗീതയ്ക്കകത്തുള്ളതെല്ലാം നിത്യസത്യങ്ങളാണെന്ന മിഥ്യാബോധമാണു് ഇതിനു കാരണം. പുതിയ കുപ്പിയിലാക്കിയതുകൊണ്ടു പഴയ വൈനിന്റെ സ്വഭാവം മാറുകയില്ലല്ലോ.
‘ബ്രാഹ്മണക്ഷത്രിയവിശാം
ശുദ്രാണാം ച പരന്തപ
കർമാണി പ്രവിഭക്താനി
സ്വഭാവ പ്രഭവൈഗ്ഗുണൈഃ’ (18–41)
ഈ ശ്ലോകത്തിന്റെ ശങ്കരഭാഷ്യം ജാതിവ്യവസ്ഥയിൽ ശൂദ്രനെ എന്തവജ്ഞയോടെ താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നു കാണിക്കുന്നുണ്ടു്. ‘ബ്രാഹ്മണക്ഷത്രിയവിശാം’ എന്ന സമാസത്തോടു ശൂദ്രനു് ദ്വിജത്വവും (ഉപനയനസംസ്കാരം) വേദാധികാരവും ഇല്ലാത്തതു കൊണ്ടാണെന്നു് ആചാര്യർ എടുത്തു പറഞ്ഞിരിക്കുന്നു. നോക്കുക, സമാസത്തിൽപ്പോലും ശൂദ്രനു ത്രൈവർണികരുടെ തൊട്ടടുത്തു നിൽക്കാൻ പാടില്ല.
ഇന്ത്യയിൽ ഇന്നു ദേശീയൈക്യം സുദൃഢമാകണമെങ്കിൽ മിശ്രവിവാഹം കൊണ്ടും മറ്റും വർണസങ്കരം സംഭവിച്ചു തദ്വാരാ ജാതി തീരെ നശിക്കണമെന്നാണു ബുദ്ധിമാന്മാർ പറയുന്നതു്. വർണസങ്കരം ഇന്നു് ഇന്ത്യയ്ക്കൊരാവശ്യമാണെന്നതിൽ സംശയിക്കാനില്ല. അതു നടപ്പായാലേ ഭാരതീയർ ഏകജാതിയാകയുള്ളു എന്നാൽ ഗീത പഠിപ്പിക്കുന്നതു വർണ്ണസങ്കരം നാടു മുടിക്കുന്ന ഒരാപത്താണെന്നത്രെ.
‘സങ്കരസ്യ ച കർത്താ സ്യാ-
മുപഹന്യാമിമാഃ പ്രജാഃ (3–24)
എന്ന ശ്ലോകാർദ്ധത്തിൽ സങ്കരം (ജാതിമിശ്രം) കൊണ്ടു പ്രജകൾ നശിക്കുമെന്ന ആശയം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ജാതിമിശ്രം ഉണ്ടാകാതിരിപ്പാനാണു സ്വധർമാനുഷ്ഠാനത്തെപ്പറ്റി ഗീതാകാരൻ ഊന്നിയൂന്നിപ്പറയുന്നതു്.
‘ശ്രയാൻ സ്വധർമ്മോ വിഗുണഃ
പരധർമ്മാതു് സ്വനിഷ്ഠിതാതു്
സ്വധർമ്മേ നിധനം ശ്രേയഃ
പരധർമ്മോ ഭയാവഹഃ (3–35)
ഇവിടെ സ്വധർമമെന്നു പറയുന്നതു് ഇന്നു നടപ്പിലിരിക്കുന്ന സാധാരണാർത്ഥത്തിലല്ലെന്നോർമിക്കണം. ഓരോ ജാതിക്കും വിധിച്ചിട്ടുളള കർമം എന്നാണു വിവക്ഷിതം ഓരോ ജാതിയെയും അതതിന്റെ തൊഴിലിൽത്തന്നെ കെട്ടിയിടാനുള്ള ഉപദേശമാണിതു്. സ്വധർമ്മം ഗുണമില്ലാത്തതായാലും സ്വനുഷ്ഠിതമായ പരധർമത്തെക്കാൾ ശ്രേഷ്ഠമാണുപോലും! സ്വധർമാനുഷ്ഠാനത്തിൽ മരണം നേരിട്ടാലും അതു ശ്രേയസ്സാണു് പരധർമം ഭയാവഹവും! ഉദാഹരണത്തിനു് ശൂദ്രൻ ബ്രാഹ്മണന്റെ വൃത്തിയായ തപസ്സു ചെയ്തുപോയാൽ അതു ഭയാവഹം. രാമായണം കഥയിൽ അവൻ വധ്യനായതു് ഈ മാതിരി പ്രമാണമനുസരിച്ചാകാം. മൂന്നാമദ്ധ്യായത്തിൽ ഇത്രയും പറഞ്ഞു വച്ചിട്ടു മതിവരാത്ത ഗീതാകാരൻ പതിനെട്ടാമദ്ധ്യായത്തിൽ ഈ ശ്ലോകത്തിന്റെ പൂർവാർദ്ധം അതേപടി ആവർത്തിച്ചിരിക്കുന്നു.
‘സ്വഭാവനിയതം കർമ
കർവന്നാപ്നോതി കില്ബിഷം’ (18–47)
എന്നു് ഉത്തരാർദ്ധം മാത്രം അവിടെ പുതുതായി കൂട്ടിച്ചേർത്തും ആവർത്തിച്ചും ജാതിക്കോട്ടയ്ക്കു ബലം കൂട്ടിയിരിക്കയാണു്. സ്വഭാവനിയതമായ കർമം ചെയ്യുന്നുവനു പാപമില്ലെന്നാണല്ലോ ഈ ശ്ലോകാർദ്ധം കൊണ്ടു സിദ്ധിക്കുന്നതു്. ഇതനുസരിച്ചു കശാപ്പുകാരന്റെ ജന്തുഹിംസ പാപകരമല്ല. അവൻ ആ തൊഴിലിൽത്തന്നെ തുടരണം. അതു ചെയ്യാതെ പരധർമ്മത്തിനു്—അതെത്ര നല്ലതായാലും—അവൻ പുറപ്പെട്ടാൽ ആപത്തായി. സദോഷമാണെങ്കിൽപ്പോലും സഹജകർമം ത്യജിക്കരുതെന്ന വിധി മുമ്പുദ്ധരിച്ചിട്ടുള്ളതും ഇവിടെ സ്മർത്തവ്യമാണു്. ഇതുകൊണ്ടും തൃപ്തിയായില്ലെങ്കിൽ,
സ്വകർമ്മണാ തമഭ്യർച്ച ്യ
സിദ്ധിം വിന്ദതി മാനവഃ (18–46)
ഇത്യാദി വേറെയും പ്രമാണങ്ങളുണ്ടു് ഇവിടെയും സ്വകർമ്മണാ’ എന്നതിനു് അതതു ജാതിക്കു വിധിക്കപ്പെട്ട കർമംകൊണ്ടു് എന്നുതന്നെയാണു് ശങ്കരഭാഷ്യം. ഇങ്ങനെ നോക്കുമ്പോൾ നാലു ജാതിയെയും തത്ത്വകർമ്മങ്ങളുടെ തടവുമുറിയിലിട്ടടച്ചു ചാതുർവർണ്യത്തിന്റെ അസ്തിവാരം ഭദ്രമാക്കാനുള്ള ഒരു ശ്രമം ഗീതയിൽ അനേകത്ര കാണാം. അന്യഥാ ചിന്താഭാസുരമായിരിക്കുന്ന ഈ ഉദ്കൃഷ്ടകൃതിയിൽനിന്നു് ഏതാദൃശഭാഗങ്ങൾ നീക്കം ചെയ്താലും അതിന്റെ താത്ത്വികമുമൂല്യത്തിനു് ഒരു കുറവും വരുന്നതല്ല.
മഹാത്മാഗാന്ധി മിശ്രവിവാഹത്തെ അനുകൂലിക്കയും അയിത്തോച്ചാടത്തിനുവേണ്ടി അനവരതം പ്രയത്നിക്കയും ചെയ്തിരുന്നുവെങ്കിലും അദ്ദേഹം വർണധർമത്തിനു് എതിരല്ലായിരുന്നു. ഒരിക്കൽ ഡോക്ടർ അംബേദ്കർ ക്കു കൊടുത്ത മറുപടിയിൽ ഗാന്ധിജി ഇങ്ങനെ പറയുകയുണ്ടായി: ‘ഞാൻ വിശ്വസിക്കുന്ന ഹിന്ദുമതത്തിൽ ഉച്ചനീചത്വമില്ല. എന്നാൽ ഡോക്ടർ അംബ്ദകർ വർണാശ്രമധർമത്തോടുതന്നെ സമരത്തിനു പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ക്യാമ്പിൽ നിൽക്കുക എനിക്കു സാദ്ധ്യമല്ല എന്തെന്നാൽ, വർണാശ്രമധർമം ഹിന്ദുമതത്തിന്റെ ഒരവിഭാജ്യഘടകമാണെന്നു ഞാൻ വിശ്വസിക്കുന്നു.’ രാഷ്ട്രപിതാവിനെ ഈ വിശ്വാസത്തിൽക്കൊണ്ടെത്തിച്ചതു് അദ്ദേഹം ഒരു പ്രമാണഗന്ഥമായിക്കരുതിയിരുന്ന ഭഗവദ്ഗീതയാണെന്നുവരാം. ഉപനിഷത്തുക്കളിൽ ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം യാതൊരു പ്രസക്തിയും അർത്ഥവുമില്ലാത്തതും നിസ്സാരവുമായ കാര്യങ്ങൾ ധാരാളമുണ്ടെന്നു് (There is much that is trivial and without any meaning or relevence for us today) നെഹ്റു ഇൻഡ്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഈ അഭിപ്രായം ഭഗവദ്ഗീതയ്ക്കും കുറെയൊക്കെ യോജിക്കുന്നില്ലേ? അതേ ഗ്രന്ഥത്തിൽത്തന്നെ ജാതിയെപ്പറ്റി നെഹ്റു ‘അതു് ഇപ്പോഴും ഒരു ഭാരവും ശാപവുമാണു് ’ (It is still a burden and a curse)എന്നധിക്ഷേപിച്ചിരിക്കുന്നു. ഈ ഭാരത്തിന്റെയും ശാപത്തിന്റെയു ബീജങ്ങളാണു് ഗീതയിലെ ചാതുവർണ്യസിദ്ധാന്തത്തിൽ തത്ത്വചിന്തയുടെ വേഷമണിഞ്ഞുകിടക്കുന്നതു്. അവയെ വേർതിരിച്ചു കണ്ടറിയാനുള്ള ചിന്താസ്വാതന്ത്ര്യവും നിരൂപണബുദ്ധിയും നിത്യപാരായണോത്സുകരായ ഗീതാഭക്തന്മാർക്കും വേണ്ടതാകുന്നു.
മനനമണ്ഡലം 1964.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971