images/Peach_Blossoms.jpg
Peach Blossoms, a painting by Winslow Homer (1836–1910).
ആശാൻ—ദാർശനികകവി
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Spinoza.jpg
സ്പിനോസ

വസ്തുനിഷ്ഠമായ തത്ത്വചിന്ത കേവലം ബുദ്ധിപരമായ ഒരു വ്യാപാരമാകുന്നു. അതിൽ ചിന്തകന്റെ മാനസികപ്രവണതകൾക്കു സ്ഥാനമില്ല. എന്നാൽ, ഈ പ്രവണതകളിൽനിന്നു വിട്ടുമാറാൻ ആർക്കെങ്കിലും കഴിയുമോ? വിശ്വവിശ്രുതരായ ദാർശനികർക്കുപോലും ഇതു സാദ്ധ്യമായിട്ടില്ല. അവരവർക്കു പ്രത്യേകമായുള്ള വൈകാരിക മനോഭാവം ബുദ്ധിയുടെ പ്രവർത്തനത്തെ ഏതെങ്കിലും ഒരു ഭാഗത്തേയ്ക്കു പിടിച്ചു വലിക്കുക സാധാരണമാണു്. തന്മൂലം ഈ വിദഗ്ദ്ധരുടെ തത്ത്വചിന്തയും വേണ്ടത്ര വസ്തുനിഷ്ഠമാകാതെ പോയിട്ടുണ്ടു്. ലോകപ്രസിദ്ധങ്ങളായ ദാർശനികസിദ്ധാന്തങ്ങൾ അന്യോന്യഭിന്നങ്ങളായിരിക്കുന്നതു മേൽപ്പറഞ്ഞ കാരണത്താലത്രെ. യുക്തിക്കു ചേരാത്ത ചിന്താഗതിയും അവയിൽ നിഴലിച്ചുകാണാം. ‘തത്ത്വശാസ്ത്രത്തിലെ വമ്പിച്ച അബദ്ധങ്ങളുടെയെല്ലാം വേരു കിടക്കുന്നതു്, വസ്തുനിഷ്ഠമായ സത്തയുള്ള പ്രപഞ്ചത്തിന്മേൽ മാനുഷികമായ ഉദ്ദേശ്യങ്ങളെയും മാനദണ്ഡങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ആരോപിക്കുന്നതിലാകുന്നു.’ (The root of the greatest errors in philosophy lies in projecting our human purposes, criteria and preference into objective) എന്നു പതിനേഴാംനൂറ്റാണ്ടിലെ വലിയ തത്ത്വജ്ഞാനിയായ സ്പിനോസ പറഞ്ഞിരിക്കുന്നതു് ഇവിടെ അവധാര്യമാണു്. സർവ്വർക്കും യുക്തമെന്നു തോന്നുന്ന ഒരു സിദ്ധാന്തവും തത്ത്വജ്ഞാനമണ്ഡലത്തിൽ ഇതുവരെ ആരും സ്ഥാപിച്ചിട്ടില്ല. മനുഷ്യജീവിതത്തെ തത്ത്വശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കിനിർത്താൻ ദാർശനികരും തത്സദൃശരായ കവികളും ശ്രമിച്ചിട്ടുണ്ടു്. അവരെല്ലാം ഇതിൽ പരാജയമടയുകയാണുണ്ടായിട്ടുള്ളതു് എന്താണിതിനു കാരണം? ഒരു തത്ത്വസംഹിതകൊണ്ടും പൂർണ്ണമായി അളന്നു തിട്ടപ്പെടുത്താൻ വയ്യാത്തവിധം ജീവിതം അത്രയ്ക്കു വ്യാമിശ്രവും സങ്കീർണ്ണവുമായിരിക്കുന്നു എന്നതുതന്നെ. ചിന്തകരെ അമ്പരിപ്പിക്കുമാറു പരസ്പര വിരുദ്ധങ്ങളായ ഭാവനകളും വാസനകളും അതിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു. ഒരു വശത്തൂടെ നോക്കുമ്പോൾ ശരിയെന്നു തോന്നുന്നതു മറുവശത്തു കാണുമ്പോൾ തെറ്റാണെന്നു തോന്നിക്കുന്ന മട്ടുണ്ടു് ജീവിതത്തിനു്.

‘എങ്ങുനിന്നോ പുറപ്പെട്ടു

മെങ്ങോട്ടോ മുഖമാക്കിയും

എന്തിനെന്നാരുമോരാതെ

പോകുന്നു ലോകജീവിതം’

images/Kumaran_Asan_1973_stamp_of_India.jpg
ആശാൻ

എന്നൊരു കവി പാടിയിട്ടുള്ളതും ശരിയാണെന്നു തോന്നാം. ‘ബഹുജനഭിന്നവിചിത്രമാർഗ്ഗ’മെന്നു് ആശാൻ തന്നെ മർത്ത്യജീവിതത്തെ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ചുരുക്കത്തിൽ എല്ലാ ഭാവങ്ങളും ധർമ്മങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള തത്ത്വചിന്ത ജീവിതത്തെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമത്രേ.

തത്ത്വചിന്തയുടെ മേൽക്കാണിച്ച പരിമിതികളും വൈഷമ്യങ്ങളും കവികളുടെ ജീവിതദർശനത്തിലാണു് തുലോം കൂടുതലായിക്കാണുന്നതു്. അതിൽ അത്ഭുതപ്പെടാനില്ല. പ്രകൃത്യാതന്നെ ആത്മനിഷ്ഠരാണല്ലോ കവികൾ. വികാരവും ഭാവനയും അവരുടെ വിചാരത്തിനു നിറപ്പകിട്ടുണ്ടാക്കുന്നു. കവിതയിൽ തത്ത്വജ്ഞാനിയുടെ ബുദ്ധി മാത്രം പ്രവർത്തിച്ചാൽ പോരല്ലോ. അങ്ങനെയായാൽ ആ ശുഷ്കകവിത വായിക്കാനാളുണ്ടാകില്ല. കവിഹൃദയത്തിനാണു് അവിടെ പ്രമുഖസ്ഥാനം. ഭാഗികമായ ചില ജീവിതസത്യങ്ങൾ ഭാവത്തിന്റെയും ഭാവനയുടെയും വർണ്ണശബളിമയിൽ മിന്നിത്തിളങ്ങുന്ന കാഴ്ച മാത്രമാണു് നാം കവിതയിൽ കാണുന്നതു്. ഇവയെല്ലാം കൂട്ടിച്ചേർത്തു വെച്ചു നോക്കിയാൽ സമഗ്രവും സർവ്വഥാ ഉപപന്നവുമായ ഒരു ജീവിതവീക്ഷണം ലഭിക്കുമെന്നു തോന്നുന്നില്ല. കവിതയിലെ തത്ത്വചിന്തയെപ്പറ്റി ഇത്രയും സാമാന്യമായി മനസ്സിലാക്കിയിട്ടുവേണം കുമാരനാശന്റെ കൃതികളിലേക്കു കടക്കുക.

images/Matthew_Arnold.jpg
മാത്യു ആർനോൾഡ്

മലയാളത്തിലെ ദാർശനികകവി എന്ന പേരിനു തികച്ചും അർഹതയുള്ളതു കുമാരനാശാനാണു്. കവിത ജീവിതനിരൂപണമാണെന്ന മാത്യു ആർനോൾഡിന്റെ നിർവചനം ഏറ്റവും അർത്ഥവത്തായിക്കാണുന്നതു് ആശാന്റെ കാവ്യങ്ങളിലാകുന്നു. ഈ വിഷയത്തിൽ മറ്റേതൊരു മലയാളകവിയേക്കാളും കൂടുതൽ ക്രാന്തദർശിത്വം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടു്. മനുഷ്യജീവിതം വൈരുദ്ധ്യവും വൈചിത്ര്യവും നിറഞ്ഞതാണെങ്കിൽ തത്സംബന്ധിയായ നിരൂപണത്തിലും ഈ രണ്ടിനും സ്ഥാനമുണ്ടായിരിക്കണമല്ലോ. അജ്ഞാതരഹസ്യങ്ങളടങ്ങിയ ഈ പ്രപഞ്ചവും ജീവിതവും വാസ്തവത്തിൽ ഒരെത്തുംപിടിയും കിട്ടാത്ത ദുർഘടപ്രശ്നങ്ങളാണെന്നു് ആശാൻ സമ്മതിക്കുന്നു.

‘ഒരു നിശ്ചയമില്ലയൊന്നിനും;

വരുമോരോ ദശ, വന്നപോലെ പോം;

വിരയുന്നു മനുഷ്യനേതിനോ!

തിരിയാ ലോകരഹസ്യമാർക്കുമേ’

എന്ന സുപ്രസിദ്ധ ശ്ലോകം നോക്കുക. തത്ത്വജ്ഞാനികളുടെ എല്ലാത്തരം സിദ്ധാന്തങ്ങളുടെയും തലയ്ക്കടിക്കുന്ന ശ്ലോകമാണിതു്. ലോകരഹസ്യം ആർക്കും അറിഞ്ഞുകൂടെങ്കിൽ പിന്നെ അതിനെപ്പറ്റി ചില സിദ്ധാന്തങ്ങൾ പടുത്തുയർത്തുന്നതെന്തിനു്? കവിയുടെ നേർക്കുതന്നെ തിരിച്ചുപിടിക്കാവുന്ന ഒരു ചോദ്യമാണല്ലോ ഇതു്. പക്ഷേ, കാവ്യമാർഗ്ഗം തികച്ചും യുക്ത്യധിഷ്ഠിതമല്ലാത്തതിനാൽ ഇത്തരം ചോദ്യങ്ങൾക്കു് അതിൽ പ്രസക്തിയില്ലെന്നു സമാധാനപ്പെടാം. ഈ ശ്ലോകത്തിൽ ഒരജ്ഞേയത്വവാദി (Agnostic) യുടെ നിലയാണു് ആശാൻ സ്വീകരിച്ചിരിക്കുന്നതു്. “ഇരുളിൽത്തങ്ങുന്നുവല്ലോ പൊരുൾ’ എന്നു അദ്ദേഹം മറ്റൊരിടത്തും പറയുന്നുണ്ടു്. ഇങ്ങനെ ഒന്നും അറിഞ്ഞുകൂടാ എന്നു സമ്മതിക്കുന്ന കവി അതിനു വിപരീതമായി പല തത്ത്വങ്ങളും ആവിഷ്കരിക്കുന്നുണ്ടല്ലോ. അവയ്ക്കെല്ലാം അടിസ്ഥാനം മുൻസൂചിപ്പിച്ച മാനസിക പ്രവണതയിൽ ഉറച്ചുനിൽക്കുന്ന വിശ്വാസമോ ഏകപഥീനമായ യുക്തിവിചാരത്തിൽ പൊന്തിവരുന്ന അഭ്യൂഹമോ മാത്രമാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ചിന്തകരായ എല്ലാ കവികളുടെയും ജീവിതദർശനത്തിൽ ആശയപരമായ വൈപരീത്യങ്ങളും പൊരുത്തക്കേടുകളും കണ്ടെത്താവുന്നതാണു്. പ്രത്യേകിച്ചൊരു സിദ്ധാന്തത്തിലും ഈ കവികൾ മർക്കടമുഷ്ടിയോടെ പിടിച്ചുനിൽക്കുന്നില്ല. പിടിച്ചുനിന്നാൽ തെറ്റിവീഴുമെന്നു് അവർക്കറിയാം. അതുകൊണ്ടുതന്നെയാണു് അന്യോന്യം പൊരുത്തപ്പെടാത്ത പല തത്ത്വങ്ങളും കവിതയിൽ നിബന്ധിക്കാൻ അവർ ധൈര്യപ്പെടുന്നതു്.

images/Shakespeare.jpg
ഷേക്സ്പിയർ

‘Life is a tale told by an idiot full of sound and fury signifying nothing’ എന്നു പറയുന്ന ഷേക്സ്പിയർ ‘What a piece of work is a man!’ എന്നും മറ്റും മാനവമഹത്ത്വത്തിൽ അത്ഭുതപ്പെടുന്നു. രണ്ടിലെയും ആശയം എത്ര വിരുദ്ധം! എന്നാലും രണ്ടും നമ്മുടെ ഹൃദയത്തിൽ സ്ഥലംപിടിച്ചു ചിന്തയ്ക്കുദ്ദീപകമായിത്തീരുന്നു. എന്താണിതിനു കാരണം? ഭിന്നനിരീക്ഷണ സ്ഥാനങ്ങളിൽനിന്നു നോക്കുമ്പോൾ രണ്ടിലും കുറെ സത്യമുണ്ടെന്നു നമുക്കു തോന്നുന്നതുതന്നെ. ഇതേ രീതിയാണു് ആശാന്റെ തത്ത്വചിന്തയിലും കാണുന്നതു്. വിഭിന്നങ്ങളും വിപരീതങ്ങളുമായ ആശയങ്ങൾ അദ്ദേഹവും പുറപ്പെടുവിച്ചിട്ടുണ്ടു്. ജീവിതത്തിന്റെ ഏതവസ്ഥയിലും എല്ലാ പ്രകാരത്തിലും സമന്വയിപ്പിക്കാവുന്ന ഒരു സിദ്ധാന്തം സ്ഥാപിക്കാൻ അദ്ദേഹം ഉദ്യുക്തനായിട്ടില്ല. ആശാന്റെ ദാർശനികത്വത്തിനു് ഇതൊരു ദോഷമല്ല, ഗുണമാണെന്നു പറയേണ്ടിയിരിക്കുന്നു.

images/Narayana_Guru.jpg
ശ്രീനാരായണഗുരു

അടിസ്ഥാനപരമായി നോക്കിയാൽ ആശാൻ ഒരദ്വൈതവാദിയാണെന്നു കാണാം. അദ്വൈതവിദ്യാധിരാജനായ ശ്രീനാരായണഗുരു വിന്റെ അന്തേവാസിത്വത്തിലും ആധ്യാത്മികചിന്തയിലുമാണല്ലോ കവി ആദ്യകാലത്തു വളർന്നുവന്നതു്. ആ പരിപാവനപരിസരങ്ങളും പരിശീലനവും അദ്ദേഹത്തിന്റെ കാവ്യസരണിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ടു്. ജ്ഞാനത്തിന്റെയും ശാന്തിയുടെയും പരിമളം പരത്തുന്ന ആധ്യാത്മിക പശ്ചാത്തലം ആശാന്റെ കാവ്യങ്ങളിൽ ഒരു പരഭാഗശോഭ പ്രസരിപ്പിക്കുന്നു. രജസ്തമോധൂസരമായ ലൗകികപ്രേമത്തെ ശുദ്ധസത്വമയമായ അലൗകിക സ്നേഹമാക്കി മാറ്റുന്ന പരീക്ഷണശാലകളായിട്ടുണ്ടു് കവിയുടെ കഥാപാത്രങ്ങളിൽ പലതും. ഈ സ്നേഹഗായകന്റെ സമ്യഗ്ദൃഷ്ടിയിൽ സ്നേഹംതന്നെയാണു സത്യം. ഊഴിയിലെ അഖിലസാരവും അതുതന്നെ. രസപരിപോഷണത്തിൽപ്പോലും ആശാന്റെ അദ്വൈതഭാവന മുന്നിട്ടുനിൽക്കുന്നു. ‘നളിനി’യിലെ ശൃംഗാരം കലർപ്പില്ലാത്തതായപ്പോൾ അതു മോഹമാമിരുൾ നീക്കുന്ന സർവ്വാശ്ലേഷിയായ സ്നേഹമായിപ്പരിണമിച്ചു. സാധാരണ പ്രണയം ഓളംവെട്ടുന്ന കാവ്യലോകത്തിൽ തുലോം ദുർഘടമായ ഒരു പ്രക്രിയയാണിതു്. എങ്കിലും ആശാന്റെ അസാമാന്യമായ കലാകൗശലം അതു് ഏറ്റവും ഹൃദയംഗമമായി നിർവ്വഹിച്ചിരിക്കുന്നു. വൈരുധ്യവാദരീത്യാ പറയുകയാണെങ്കിൽ കവിയിൽത്തന്നെ ലീനമായിരുന്ന രതിയും വിരതിയും തമ്മിൽ നടന്ന വടംവലിയിൽ രണ്ടിന്റെയും അംശം കടഞ്ഞെടുത്തു പവിത്രീകരിച്ച ഒരു സംയുക്ത ഭാവവിശേഷമാണു്. ‘നളിനി’യിലെ സ്നേഹം. താത്ത്വിക ദൃഷ്ട്യാ ഇതിനെ മറ്റൊരുവിധത്തിലും വ്യാഖ്യാനിക്കാം. രത്യാദിചിത്തവൃത്തികളിൽ രതിയൊഴിച്ചു ബാക്കിയെല്ലാം ആദ്യത്തേതിന്റെ പരിണാമഭേദങ്ങളാകുന്നു. ഫ്രോയിഡി ന്റെ ലൈംഗികമനഃശാസ്ത്രതത്ത്വവും ഇതിനോടു യോജിക്കുന്നുണ്ടു്. സർവ്വജീവികളിലും ജന്മനാ ലയിച്ചിരിക്കുന്ന ആത്മരതി തന്നെയാണു ശൃംഗാരത്തിന്റെ സ്ഥായിഭാവം. അതു മറ്റു സകല ഭാവങ്ങൾക്കും മൂലകന്ദമായി സ്ഥിതിചെയ്യുന്നു. രതിഭാവത്തിന്റെ പ്രവർത്തനം ബാഹ്യോപാധികളാൽ പ്രതിബദ്ധമാകുമ്പോൾ അതുതന്നെ ശോകക്രോധാദിഭാവങ്ങളായി പരിണമിക്കും. ‘കാമാത്ക്രോധോ/ഭിജായതേ’ എന്ന ഗീതാവാക്യം നോക്കുക. ഇങ്ങനെ ലൗകികതലത്തിൽ ഉപാധിഭേദേന വികസിതമാകുന്ന ഈ വിഭിന്നഭാവങ്ങൾ വിശുദ്ധി ബോധം (Sense of holiness) കൊണ്ടും വിരക്തികൊണ്ടും കാരണദശയിലേക്കു പിൻവലിയുമ്പോൾ എല്ലാം ഏകീഭവിച്ചു രത്യാത്മകമായ ചിത്തവൃത്തി മാത്രമായി അവശേഷിക്കുന്നു. പിന്നെ അതിനു വേണ്ടത്ര പവിത്രീകരണവും ഉദാത്തീകരണവും (Sublimation) വന്നുചേരുമ്പോൾ മുമ്പു പറഞ്ഞതുപോലെ സാത്വികമായ സർവ്വസ്നേഹമായി രൂപാന്തരപ്പെടും. നളിനീദിവാകരന്മാരിലൂടെ ഇപ്രകാരമൊരു പരിണാമപ്രകിയയാകാം കുമാരനാശാൻ പ്രദർശിപ്പിക്കുന്നതു്. എന്തായാലും നവരസത്തിനുമുപരിയായി സ്നേഹരസമെന്ന ഒന്നിന്റെ ഉപജ്ഞാതാവായിത്തീരാൻ കവിയെ പ്രേരിപ്പിച്ചതു് അദ്ദേഹത്തിൽ നേരത്തെ മുദ്രപതിച്ചിരുന്ന അദ്വൈതചിന്തയാകുന്നു.

‘ഏകാന്താദ്വയശാന്തി ഭൂവിനു നമസ്കാരം.’

‘മതിമേൽ മൃഗതൃഷ്ണപോൽ ജഗൽസ്ഥിതി.’

‘മായീഭൂതമഹോ ജഗൽസ്ഥിതി.’

‘ഉൽക്കാചഞ്ചലമായ ജീവിതം.’

‘ദിനരാത്രികളറ്റു ശാന്തമാ-

മനഘസ്ഥാനമിതാദിധാമമാം.’

ഇത്യാദി എത്രയോ വാക്യങ്ങൾ പൂർവ്വോക്തചിന്താഗതിക്കുപോദ്ബലകങ്ങളായിട്ടുണ്ടു്. പക്ഷേ, താൻ ശീലിച്ചതും പാലിച്ചതുമായ ഈ അദ്വൈതവിദ്യയിലും ആശാൻ അടിയുറച്ചു നിൽക്കുന്നില്ലെന്നുള്ളതാണു് അഭിനന്ദനീയമായിരിക്കുന്നതു്.

images/Sigmund_Freud.jpg
ഫ്രോയിഡ്

ഒരു ദാർശനിക സിദ്ധാന്തത്തിലും ബദ്ധമായിരുന്നില്ല ആശാന്റെ സ്വതന്ത്രബുദ്ധി. ജഗത്തു മിഥ്യയെന്നും മായയെന്നും പറഞ്ഞു് ഒരുവശത്തൂടെ അതിനെ തള്ളിക്കളയുന്ന കവി മറുവശത്തൂടെ അതിനു യാഥാർത്ഥ്യം കൽപ്പിക്കുന്നു. ജീവിതമൂല്യങ്ങൾക്കും മനുഷ്യമഹത്ത്വത്തിനുംവേണ്ടി വാദിക്കുന്നു. അന്ധവിശ്വാസങ്ങളോടും ദുരാചാരങ്ങളോടും അടരാടുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ സകാരത്രയത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ ആരാധ്യനായ മനുഷ്യസ്നേഹി (Humanist) യായി പ്രത്യക്ഷപ്പെടുന്നു. ആർഷസിദ്ധാന്തങ്ങൾക്കു വിരുദ്ധമായ ബുദ്ധദർശനത്തെപ്പോലും അദ്ദേഹം തന്റെ കാവ്യവേദിയിൽ പ്രതിഷ്ഠിച്ചു. അത്രവരെ കവിയുടെ ചിന്താസ്വാതന്ത്ര്യം പ്രകടമായി. ഇതിനോരോന്നിനും ഇവിടെ ഉദാഹരണങ്ങൾ ഉദ്ധരിക്കേണ്ടതില്ലല്ലോ.

‘ലോകം നിത്യചലം, വൃഥാ മൃതി ഭയം

തോന്നുന്നു മാറ്റങ്ങളിൽ

പാകത്തിൽപ്പൊരുളൊന്നുതന്നെ

പലതാമദ്ദേശകാലങ്ങളാൽ’

എന്ന ശ്ലോകാർദ്ധം നോക്കുക. ഇതിൽ കവി അദ്വൈതത്തിൽനിന്നു വ്യതിചലിച്ച നിലപാടാണു സ്വീകരിച്ചിരിക്കുന്നതു്. ലോകം മായീഭൂതമാകുന്നതിനുപകരം വസ്തുനിഷ്ഠമായ സത്തയുള്ളതായിത്തീർന്നിരിക്കുന്നു ഈ ശ്ലോകത്തിൽ. ഒന്നും നശിക്കുന്നില്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്നതേ ഉള്ളു. ഭാരതീയഷഡ്ദർശനങ്ങളിൽ ഏറ്റവും പ്രാചീനമായ സാംഖ്യത്തിന്റെ സങ്കലനമാണു് ഇവിടെ കാണുന്നതു്. സാംഖ്യത്തിനും അദ്വൈതവേദാന്തത്തിനും തമ്മിൽ സാരമായ വ്യത്യാസമുണ്ടു്. ആദ്യത്തേതു പരിണാമവാദത്തിലും രണ്ടാമത്തേതു വിവർത്തവാദത്തിലും അധിഷ്ഠിതമായിരിക്കുന്നു. മൂല പ്രകൃതിയുടെ ത്രിഗുണാത്മകമായ പരിണാമമാണു് പ്രപഞ്ചം. അതു സ്വപ്നമോ മായയോ അല്ല എന്നു സാംഖ്യം പഠിപ്പിക്കുന്നു. അതിൽ പ്രകൃതിക്കാണു പ്രാധാന്യം. പ്രധാനം എന്ന വാക്കുതന്നെ പ്രകൃതിയുടെ മറ്റൊരു പേരായിട്ടുണ്ടു്. നിത്യചലനമുൾക്കൊള്ളുന്ന പ്രകൃതി അഥവാ പദാർത്ഥം (Matter) ആത്യന്തികമായി നശിക്കുന്നില്ല. പലതായി പരിണമിക്കുന്നതേ ഉള്ളു എന്ന സാംഖ്യതത്ത്വം ഇന്നത്തെ ഭൗതിക വാദത്തോടും സയൻസിനോടും യോജിച്ചുനിൽക്കുന്ന ഒന്നാണു്. ‘പാകത്തിൽപ്പൊരുളൊന്നുതന്നെ’ എന്നതിലെ പൊരുൾ മൂലപ്രകൃതിയത്രേ. പ്രപഞ്ചം പരബ്രഹ്മത്തിന്റെ അന്യഥാജ്ഞാനം അല്ലെങ്കിൽ വിവർത്തനം മാത്രമാണെന്ന അദ്വൈതതത്ത്വം മേൽപ്പറഞ്ഞതിൽനിന്നെത്ര വ്യത്യസ്തമെന്നു നോക്കുക.

‘ഏകവ്യാകുലവിശ്വച്ചക്രപടലം

ധർമ്മാക്ഷദണ്ഡത്തിൽനി-

ന്നാകല്പം തിരിയുന്നു തദ്ഗതി തടു-

പ്പാനില്ല കൈയാർക്കുമേ’

എന്ന പ്രകൃതശ്ലോകത്തിന്റെ അപരാർദ്ധവും വിചാര്യമാണരമണീയമാണു്. പുറമേനിന്നു യാതൊരു ശക്തിയും ഈ പ്രപഞ്ചയന്ത്രം തിരിക്കുന്നില്ലെന്നും അതു് അതിൽത്തന്നെയുള്ള ഊർജ്ജപ്രവർത്തനത്താൽ സ്വയം തിരിഞ്ഞുകൊണ്ടിരിക്കയാണെന്നുമല്ലേ ഇതിലെ ആശയം? ഇവിടെ ആശാൻ ശരിക്കും ഒരു ഭൗതികവാദിയുടെ നില അവലംബിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ എതിർക്കാൻ ആളുകളുണ്ടായേക്കാം. ഏതായാലും കവിയുടെ ആകെക്കൂടിയുള്ള തത്ത്വചിന്തയിലെ ഏറ്റവും വിലപ്പെട്ടതും യുക്തിയുക്തവും ശാസ്ത്രസമ്മതവുമായ ആശയം അടങ്ങിയിട്ടുള്ളതു് ഉദ്ധൃതശ്ലോകത്തിലാകുന്നു.

ഇനിയും കാണുക—പ്രരോദനത്തിലെ തന്നെ ഒരു ശ്ലോകത്തിൽ (142) ‘ഇച്ചിതയിക്കപ്പുറത്തില്ലാതാകുക ജീവിതം’ എന്നു പറഞ്ഞിരിക്കുന്നിടത്തു ധ്വനിക്കുന്നതെന്താണു്? മരണാനന്തരം ഒന്നും അവശേഷിക്കുന്നില്ല എന്നല്ലേ? ഇവിടെ നിത്യനായ ആത്മാവിന്റെ കഥയും പരുങ്ങലിലായിരിക്കുന്നു.

ഇതുവരെ പറഞ്ഞതിൽനിന്നു് ആശാന്റെ തത്ത്വചിന്തയിൽ, അജ്ഞേയത്വവാദം (Agnosticism), അദ്വൈതം, സാംഖ്യം, ബൗദ്ധദർശനം, ഭൗതികവാദം, ഹ്യൂമനിസം എന്നീ വിവിധ സിദ്ധാന്തങ്ങളുടെ നിഴലാട്ടം നാം കണ്ടുകഴിഞ്ഞല്ലോ. ഇവയിൽ അദ്വൈതത്തിനു മുൻതൂക്കമുണ്ടെന്നു വേണമെങ്കിൽ പറയാം. പക്ഷേ, നവീനനിരൂപകരിൽ പലരും അദ്ദേഹത്തെ ഒരു ഹ്യൂമനിസ്റ്റായിട്ടാണു് ആദരിക്കുന്നതു്. ചവുട്ടിമെതിക്കപ്പെട്ട മനുഷ്യത്വത്തെ ഉദ്ധരിക്കാൻവേണ്ടിയാണല്ലോ അദ്ദേഹം തന്റെ കവിപ്രതിഭയെ കർമ്മോന്മുഖമാക്കിയതു്! ജീവിതത്തെ അവഗണിക്കാനോ അതിൽനിന്നകന്നുനിൽക്കാനോ പ്രേരിപ്പിക്കുന്ന അപ്രായോഗിക ചിന്താലഹരി ആ പ്രതിഭയ്ക്കു് ഒരിക്കലും മങ്ങലുണ്ടാക്കിയില്ല.

ആശാന്റെ ജീവിതവീക്ഷണം വിഷാദാത്മകമാണെന്നു് അഭിപ്രായപ്പെടുന്നവരുണ്ടു്. ‘വീണപൂവി’ലെ വിചിന്തനം ‘അവനി വാഴ്‌വു കിനാവു കഷ്ടം’ എന്ന നിഗമത്തിലാണല്ലോ ചെന്നവസാനിക്കുന്നതു്. ഇതുപോലെ വിഷാദച്ഛായ കലർന്ന പ്രതിപാദനം ഇതരകൃതികളിലും കണ്ടേക്കാം. എന്നാലും വൈദാന്തികദൃഷ്ട്യാ ആശാൻ ഒരു അശുഭാപ്തിവിശ്വാസിയായിരുന്നു എന്നു പറക വയ്യാ. ‘ഏകാന്താദ്വയശാന്തി ഭൂവി’ലും ആധ്യാത്മികമായ ആനന്ദാനുഭൂതിയിലും വിശ്വസിക്കുന്ന കവിയിൽ വിഷാദാത്മകത്വത്തിനു സ്ഥിരപ്രതിഷ്ഠ ലഭിക്കുന്നതല്ല. തത്ത്വശാസ്ത്രഗ്രന്ഥങ്ങളിലേതു പോലെ സംഘടിതവും ഏകീകൃതവുമായ ചിന്തയല്ല കാവ്യങ്ങളിൽ കാണുന്നതെന്ന വസ്തുത കവികളെ തരംതിരിക്കുമ്പോഴും ഓർമ്മിക്കേണ്ടതുണ്ടു്. മിന്നൽപ്പിണരുകൾ പോലെ കുറെ ചിതറിയ ചിന്തകൾ തത്തദ്ഭാവാനുഗുണമായി കാവ്യാന്തരീക്ഷത്തിൽ പ്രകാശംവീശുന്ന കാഴ്ചയാണു് ആശാന്റെ കൃതികളിൽ ദൃശ്യമാകുന്നതു്.

തത്ത്വചിന്ത സന്ദർഭം നോക്കാതെയും ഭാവസുന്ദരമാകാതെയും തള്ളിക്കേറി വന്നു കാവ്യരസത്തിനു ഹാനിവരുത്താറുണ്ടു്. ഈ ദോഷം നമ്മുടെ കവിയെ തെല്ലും ബാധിച്ചിട്ടില്ല. കാവ്യത്തിൽ വിചാരാംശത്തിന്റെ ശുഷ്കത നീങ്ങുന്നതു് ആശയത്തിന്റെ വികാരവത്കരണം (Emotionalisation) കൊണ്ടാകുന്നു. ഇക്കാര്യത്തിൽ ആശാൻ അദ്വിതീയനാണു്. മലയാളത്തിലെ മറ്റൊരു കവിക്കും ഇതിൽ അദ്ദേഹത്തെ അതിശയിക്കാൻ കഴിഞ്ഞിട്ടില്ല. ‘ഭാവത്തിൻപരകോടിയിൽ സ്വയമഭാവത്തിൻ സ്വഭാവം വരാം.’

‘ഏകകാര്യമഥവാ ബഹുത്ഥമാ-

മേകഹേതു ബഹുകാര്യകാരിയാം.’

ഇമ്മാതിരി ശുഷ്കഖണ്ഡങ്ങൾപോലും യഥാസ്ഥാനം നിബദ്ധമായപ്പോൾ ഹൃദ്യഹാരിയായിത്തീർന്നു. വേഡ്സ്വർത്ത് പറയുന്ന “സമുന്നതചിന്തയിലെ ആനന്ദം (The Joy of elevated thoughts) നമുക്കു് അനുഭൂതമാകുന്നതു് ആശാന്റെ കൃതികൾ വായിക്കുമ്പോഴാണു്. അന്യാദൃശമായ ഒരു വിശുദ്ധിയും മാധുര്യവും ഗാംഭീര്യവും അദ്ദേഹത്തിന്റെ തത്ത്വചിന്തയ്ക്കുണ്ടു്. ‘കവിത നമ്മെ തത്വശാസ്ത്രത്തിലേക്കു് ഉപനയിക്കണം’ (Poetry should initiate us into Philosophy) എന്നു പ്ലൂട്ടാർക്ക് പറഞ്ഞിരിക്കുന്നു. ദുഷ്കരമായ ഈ കൃത്യം കാവ്യരസം കളയാതെ അനായാസേന നിർവ്വഹിച്ചതു മഹാകവി കുമാരനാശാനാകുന്നു.

(ദീപാവലി.)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Asan—Darsanikakavi (ml: ആശാൻ—ദാർശനികകവി).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Asan—Darsanikakavi, കുറ്റിപ്പുഴ കൃഷ്ണപിള്ള, ആശാൻ—ദാർശനികകവി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 17, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Peach Blossoms, a painting by Winslow Homer (1836–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.