ലോകപ്രസിദ്ധരായ ചെറുകഥയെഴുത്തുകാരുടെ മുന്നണിയിൽ നിൽക്കുന്ന ആളാണല്ലോ റഷ്യൻ സാഹിത്യകാരനായ ചെക്കോവ്. ചില നിരൂപകർ അദ്ദേഹത്തെ ചെറുകഥാകാരന്മാരിൽ അദ്വിതീയൻ എന്നുപോലും പുകഴ്ത്തുന്നുണ്ടു്. മനുഷ്യജീവിതത്തിന്റെ വൈവിധ്യവും വൈചിത്ര്യവും ദേശാടനംകൊണ്ടു് നേരിട്ടു് കണ്ടു് മനസ്സിലാക്കി തന്റെ അനുഭവസമ്പത്തു് വർദ്ധിപ്പിക്കാൻ ചെക്കോവ് ശ്രദ്ധിച്ചിരുന്നു. ദേശസഞ്ചാരം ഒരുതരം വിദ്യാഭ്യാസമാണല്ലൊ. സാഹിത്യകാരന്മാർക്കു് അത്യാവശ്യവുമാണു്. അവരുടെ പ്രതിഭയ്ക്കു് വികാസവും അനുഭൂതിക്കു് പരിപുഷ്ടിയും ലോകാവേക്ഷണംമൂലം സിദ്ധിക്കും. അതുകൊണ്ടാണു് നല്ല സാഹിത്യകാരന്മാർ പ്രായേണ സഞ്ചാരകുതുകികളായി കാണപ്പെടുന്നതു്. ചെക്കോവിൽ ഈ സഞ്ചാരകൗതുകം അടക്കി നിർത്താൻ വയ്യാത്തവിധം ഉൽക്കടമായിത്തീർന്നു. ആയുഷ്കാലം മുഴുവൻ അദ്ദേഹം ഒരു ക്ഷയരോഗിയായിരുന്നു; ഇതിനു് പുറമെ കടുത്ത ദാരിദ്ര്യവും കുടുംബഭാരവും. ക്ലേശങ്ങളോടു് മല്ലിട്ടു് വൈദ്യശാസ്ത്രം പഠിച്ചു് ചെക്കോവ് ഒരു ഡോക്ടറായി. രോഗികളെ ചികിത്സിക്കുക ഒരു സാമൂഹികസേവനം മാത്രമായിരുന്നു അദ്ദേഹത്തിനു്. വൈദ്യവൃത്തിയേക്കാൾ സാഹിതീസപര്യയാണു് ചെക്കോവിൽ മുന്നിട്ടുനിന്നിരുന്നതു്. മനുഷ്യരുടെ കഥകളെഴുതുന്നതിൽ ആത്മാർത്ഥതയും യാഥാർത്ഥ്യവും പ്രതിഫലിക്കണമെങ്കിൽ ദേശസഞ്ചാരം കൂടിയേ കഴിയൂ എന്ന ചിന്ത അദ്ദേഹത്തെ സദാപി അലട്ടിക്കൊണ്ടിരുന്നു. കഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ചേർന്നു് ജീവിച്ചു് അവരുമായി വൈകാരികൈക്യം പുലർത്താനും അദ്ദേഹം ആഗ്രഹിച്ചു. വമ്പിച്ച റഷ്യൻസാമ്രാജ്യത്തിന്റെ ഒരു കോണിലിരുന്നാൽ ഇതൊക്കെ സാദ്ധ്യമാകുമോ? ആദ്യമായി തന്റെ രാജ്യം മുഴുവൻ ഒന്നു് ചുറ്റിക്കാണാനാണു് ചെക്കോവ് നിശ്ചയിച്ചതു്. ഇതിൽ ഒരു യാത്ര ഏറ്റവും സാഹസികമായ ഒന്നായിരുന്നു. ചെക്കോവിന്റെ ജീവിതത്തിലെ ഒരു വലിയ സംഭവമാണതു്. നിഷ്കളങ്കമായ മനുഷ്യസ്നേഹത്തിനും സ്തുത്യർഹമായ വ്യക്തിമഹത്വത്തിനും അതൊരുദാഹരണമാകുന്നു. ഏതാണ്ടു് രണ്ടായിരം മൈൽ ദൂരെ, സൈബീരിയയ്ക്കും അപ്പുറം റഷ്യയുടെ ഒരറ്റത്തു് തൂങ്ങിക്കിടക്കുന്ന ഒരു ദ്വീപാണു് സഖാലിൻ. എന്തുകഷ്ടത സഹിച്ചും അവിടെച്ചെന്നെത്തണമെന്നു് ചെക്കോവ് തീർച്ചപ്പെടുത്തി. അതൊരു നരക പ്രദേശമാണെന്നു് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടു്. അന്നു് പ്രസ്തുത ദ്വീപ് ക്രിമിനൽപ്പുള്ളികളുടെ ഒരു കോളനിയായിരുന്നു. സാർചക്രവർത്തി യുടെ ദുർഭരണത്തിന്റെ ക്രൂരത കുന്നുകൂടിക്കിടന്നിരുന്നതു് അവിടെയാണു്. എന്താണവിടത്തെ യഥാർത്ഥസ്ഥിതിയെന്നു് ജനസാമാന്യത്തിനു് അറിഞ്ഞുകൂടായിരുന്നു. ഇന്നത്തെപ്പോലെ ഗതാഗതസൗകര്യങ്ങളുണ്ടായിരുന്നില്ലല്ലോ അന്നു്. സൈബീരിയൻ റെയിൽവേ അന്നു് നടപ്പായിരുന്നില്ല.
അപായകരമായ ഈ യാത്രയിൽനിന്നു് പിൻതിരിയണമെന്നു് പല സ്നേഹിതന്മാരും ചെക്കോവിനെ ഉപദേശിച്ചു: പക്ഷേ, ഫലമുണ്ടായില്ല. ക്ഷയരോഗിയായ ഈ യാത്രികൻ തിരിച്ചുവരുമോ എന്നുപോലും അവർക്കു് സംശയമുണ്ടായി. ജീവൻ പണയംവെച്ചുകൊണ്ടുള്ള ഒരു യാത്രയാണതെന്നു് എല്ലാവർക്കും അറിയാമായിരുന്നു. കഷ്ടിച്ചു് സൈബീരിയവരെ തീവണ്ടിയിലും കപ്പലിലും സഞ്ചരിക്കാം. പിന്നെയുള്ള ദീർഘയാത്ര കുടുങ്ങിക്കുടുങ്ങിപ്പോകുന്ന തപാൽക്കുതിരവണ്ടികളിൽത്തന്നെവേണം. സൈബീരിയൻ നദികളുടെ തരണമാണു് അതിദുർഘടം. മഞ്ഞുരുകി പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം, തുളച്ചുകയറുന്ന തണുപ്പും കാറ്റും മഴയും. വഴിക്കെല്ലാം പലതരം അഴുക്കിന്റെ കൂമ്പാരം, വിശ്രമത്താവളങ്ങളിലെ അനാഥസ്ഥിതി. ഈവക ഏടാകൂടങ്ങളൊക്കെ കടന്നുപോകാൻ ആരോഗ്യവാനായ ഒരാൾക്കുപോലും വിഷമമാണു്. അപ്പോൾ ചെക്കോവിന്റെ കഥയോ? വരുന്നതു് വരട്ടെയെന്നു് കരുതി അദ്ദേഹം എല്ലാം സഹിക്കാൻ തയ്യാറായി. 1890 ഏപ്രിൽമാസത്തിലാണു് അദ്ദേഹം യാത്ര തിരിച്ചതു്. അന്നേക്കു് ചെക്കോവ് വേണ്ടുവോളം സാഹിത്യപ്രശസ്തി നേടിയിരുന്നു. പക്ഷേ, അതുകൊണ്ടുമാത്രം അദ്ദേഹം തൃപ്തിപ്പെട്ടില്ല. മർദ്ദിതമായ മനുഷ്യവർഗ്ഗത്തിനുവേണ്ടി തനിക്കെന്തുചെയ്യാൻ കഴിയുമെന്നായിരുന്നു ഈ സാഹിത്യകാരൻ സ്വയം ചോദിച്ചുകൊണ്ടിരുന്നതു്. ഭരണാധികാരികളുടെ നോട്ടമെത്താത്ത സഖാലിൻ ദ്വീപിനെപ്പറ്റി വൈദ്യശാസ്ത്രത്തെ ആസ്പദമാക്കി ഒരു ഗ്രന്ഥമെഴുതുക. അവിടത്തെ മനുഷ്യജീവികളുടെ നരകയാതനകളെ സാഹിത്യത്തിൽ പ്രതിഫലിപ്പിച്ചു് പൊതുജനദൃഷ്ടിയിൽ കൊണ്ടുവരിക എന്നീ രണ്ടുദ്ദേശ്യം ചെക്കോവിൽ കുടികൊണ്ടിരുന്നു. ആറുമാസം നീണ്ടുനിന്ന ഈ പര്യടനത്തിൽ അദ്ദേഹം പലതും കണ്ടു, പലതും അനുഭവിച്ചു. സഖാലിനിൽ മാത്രമല്ല, വഴിക്കു് സൈബീരിയായിലും ഹൃദയഭേദിയായ ഒട്ടേറെ കാഴ്ചകൾ അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. അന്നത്തെ സൈബീരിയായും ഭീകരതയുടെ ഒരു പര്യായമായിരുന്നല്ലൊ. അവിടത്തെ പാവപ്പെട്ട ഒരു കൃഷിക്കാരനുമായുണ്ടായ സംഭാഷണം ചെക്കോവ് വിവരിക്കുന്നുണ്ടു്. ‘മൊത്തത്തിൽ പറഞ്ഞാൽ സൈബീരിയയിൽ സത്യം എന്നൊന്നില്ല. ഉണ്ടായിരുന്നെങ്കിൽ അതു് മഞ്ഞിൽ മരവിച്ചു് മരണമടഞ്ഞിട്ടുണ്ടാകണം. സത്യാവസ്ഥ അന്വേഷിച്ചു് കണ്ടുപിടിക്കുക എന്നതാണു് മനുഷ്യന്റെ കർത്തവ്യം, ഇതായിരുന്നു ആ കൃഷിക്കാരൻ പറഞ്ഞതു്. ചെക്കോവിന്റെ ഈ സുദീർഘസഞ്ചാരത്തിന്റെ ലക്ഷ്യവും നിരക്ഷരനായ ആ കർഷകൻ ചൂണ്ടിക്കാണിച്ച കർത്തവ്യത്തിന്റെ നിർവഹണംതന്നെയായിരുന്നു. സഖാലിൻ ദ്വീപ് അധഃപതിച്ച മനുഷ്യത്വത്തിന്റെ ഒരു ചിത്രീകരണശാലയാണെന്ന വസ്തുത അദ്ദേഹം അനുഭവിച്ചറിഞ്ഞു. അതുവരെ മറയ്ക്കപ്പെട്ടുകിടന്നിരുന്ന അനവധി സത്യങ്ങൾ അനാവൃതങ്ങളായി. കഠിനതടവിനു് ശിക്ഷിക്കപ്പെട്ടവരും നാടുകടത്തപ്പെട്ടവരുമായി ചെക്കോവ് സഹവസിക്കുകയും അവരുടെ ദുഃഖാനുഭവങ്ങളിൽ പങ്കുകൊള്ളുകയും ചെയ്തു. അനന്തകാലത്തെഴുതപ്പെട്ട പല കഥകളും ഈദൃശ്യാനുഭൂതികളുടെ ഹൃദയത്തുടിപ്പുകൾകൊണ്ടു് അനുപ്രാണിതങ്ങളായിട്ടുണ്ടു്. ഈ വിദൂരഭൂഭാഗത്തെപ്പറ്റി ഒരു സ്നേഹിതനെഴുതിയ കത്തിൽ ചെക്കോവ് പറയുകയാണു്: ‘പട്ടിണികിടക്കുന്ന കുട്ടികളെ ഞാൻ കണ്ടു; പതിമൂന്നു് വയസുള്ള വേശ്യകളെയും. പതിനഞ്ചാം വയസ്സിൽ ഗർഭിണികളാകുന്ന ബാലികമാരുണ്ടിവിടെ. പന്ത്രണ്ടുവയസ്സാകുമ്പോഴേക്കും പെൺകുട്ടികൾ വ്യഭിചാരത്തിലേർപ്പെടുന്നു. പള്ളികളും പള്ളിക്കൂടങ്ങളും കടലാസ്സിൽ മാത്രമേ ഉള്ളൂ. കുറ്റംചെയ്യാനുള്ള അന്തരീക്ഷം മാത്രമാണു് കുട്ടികൾക്കു് കിട്ടുന്ന വിദ്യാഭ്യാസം.’
കഷ്ടത കണ്ടാൽ സഹിക്കാനാവാത്ത ലോലഹൃദയനായിരുന്നു ചെക്കോവ്. ലക്ഷക്കണക്കിനു് ആളുകളെ തടവിലിട്ടു് മൃഗങ്ങളാക്കുന്ന അവിടത്തെ കിരാതസമ്പ്രദായം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ഇതിനെല്ലാം ഒരു പരിഹാരമുണ്ടാകത്തക്കവിധം തന്റെ തൂലിക പ്രയോഗിക്കണമെന്നു് ദൃഢനിശ്ചയം ചെയ്തുകൊണ്ടാണു് ചെക്കോവ് സഖാലിൻ ദ്വീപിനോടു് വിടവാങ്ങിയതു്. 1890 ഒൿടോബറിൽ അദ്ദേഹം സ്ഥലംവിട്ടു. സമുദ്രമാർഗേണയായിരുന്നു മടക്കയാത്ര. പോരുന്നവഴി ഇന്ത്യയും സിലോണും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. സഖാലിൻ നരകവും സിലോൺ സ്വർഗവുമാണെന്നു് ചെക്കോവ് ഒരു കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. പോർട്ടുസെഡ്, കാൺസ്റ്റാന്റിനോപ്പിൾ മുതലായ സ്ഥലങ്ങളും കണ്ടു് ഒഡീസ്സവഴിയാണു് അദ്ദേഹം തിരിച്ചെത്തിയതു്. അന്നത്തെ റഷ്യയിലെ സ്ഥിതിവിശേഷങ്ങളും ചെക്കോവിന്റെ രോഗനിലയും പരിഗണിക്കുമ്പോഴേ ഈ സാഹസയാത്രയിൽ നിഴലിക്കുന്ന ധീരതയും ത്യാഗശീലവും ദീനദയാലുതയും വെളിപ്പെടുകയുള്ളു. പ്രസ്തുത യാത്രയ്ക്കുശേഷം ബലോണ, നേപ്പിൾസ്, റോം, പാരീസ്, ഫ്ളോറൻസ്, ജനോവ മുതലായ പാശ്ചാത്യനഗരങ്ങളും ചെക്കോവ് സന്ദർശിച്ചു. ഇങ്ങനെ വിവിധ ദേശപര്യടനംകൊണ്ടു് തന്റെ വീക്ഷണചക്രവാളം വിശാലമാക്കിയതിനുശേഷമാണു് അദ്ദേഹം സഖാലിൻ ദ്വീപിനെപ്പറ്റി ഒരു ഗ്രന്ഥമെഴുതിയതു്. റഷ്യൻജനതയെ പ്രബുദ്ധവും പ്രവൃത്ത്യുന്മുഖവുമാക്കാൻ അദ്ദേഹത്തിന്റെ ഇതര സാഹിത്യകൃതികളെപ്പോലെ ഇതും പ്രയോജകീഭവിച്ചു.
(മനനമണ്ഡലം 1964)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971