‘നാഷണൽ ഇന്റഗ്രേഷൻ’ എന്ന ഇംഗ്ലീഷുവാക്കിനു് മലയാളത്തിൽ നടപ്പായിട്ടുള്ള പരിഭാഷയാണല്ലോ ദേശീയോദ്ഗ്രഥനം. അനുരഞ്ജനമാണു് ഉദ്ഗ്രഥനത്തെക്കാളധികം യുക്തമെന്നു് ചില പരിഭാഷാപടുക്കൾ പറയുന്നുണ്ടു്. ഏതായാലും വിവക്ഷിതം വെളിപ്പെട്ടാൽ മതിയല്ലോ. ദേശീയൈക്യത്തിനുവേണ്ടിയുള്ള ഒരാഹ്വാനമാണു് ഇതിൽ അടങ്ങിയിരിക്കുന്നതു്. ഇന്നു് എമ്പാടും ഇതു് മുഴങ്ങിക്കേൾക്കുന്നുണ്ടു്. ഗവൺമെന്റും നേതാക്കന്മാരും ഇതിനുവേണ്ടി മുറവിളികൂട്ടുന്നു. സാഹിത്യകാരന്മാരുടെ സെമിനാറുകൾ പൊടിപൂരമായി നടക്കുന്നു. നിരവധി പ്രബന്ധങ്ങളും പ്രസംഗങ്ങളും പുറത്തുവരുന്നു. ഈവക സംരംഭങ്ങൾകൊണ്ടുതന്നെ അനുമാനിക്കാം, ഐക്യത്തിന്റെ നിഴലാട്ടം പോലും നമ്മുടെ നാട്ടിലില്ലെന്നു്. വിഭാഗീയചിന്തകളും ശിഥിലീകരണപ്രവണതകളും പത്തിവിടർത്തി ആട്ടം തുടങ്ങിയിരിക്കയാണു്. വെള്ളക്കാരൻ ഭരിച്ചിരുന്നപ്പോൾ ഈ സർപ്പങ്ങൾ ഒട്ടൊക്കെ മാളങ്ങളിൽ ഒതുങ്ങിക്കിടക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ചൂടേറ്റപ്പോൾ എല്ലാം പുറത്തുചാടി. പ്രധാനമന്ത്രിയുടെ മന്ത്രികദണ്ഡിനുപോലും ഇവയെ അടക്കിനിർത്താൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാൽ ഇവിടെ എന്തു് സംഭവിക്കുമെന്നു് കണ്ടുതന്നെ അറിയണം.
വിവിധജാതിമതസ്ഥരുടെയും വ്യത്യസ്തസംസ്ഥാനങ്ങളുടെയും വിഭിന്നഭാഷകളുടേയും ഒരു കാഴ്ചബംഗ്ലാവാണു് ഇന്ത്യ, ഈ വൈവിധ്യങ്ങളെ അപ്രധാനീകരിച്ചുകൊണ്ടു് ഭാരതീയർക്കു് പൊതുവെ ഭാരതീയപൗരനെന്ന നിലയിൽ രാഷ്ട്രീയമായ അനുരഞ്ജനമുണ്ടാകണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇന്ത്യ നമ്മുടെ മാതൃഭൂമിയാണെന്ന ഭാവനയും. തദധിഷ്ഠിതമായ അഭിമാനവും ഐക്യവും ദൃഢീകൃതമാകണം. ഇതാണു് നേതാക്കന്മാർ ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിൽ നാം അല്പമെങ്കിലും മുന്നോട്ടു് പോയിട്ടുണ്ടോ? ഇതിനും ഒന്നാമതായി വേണ്ടതു് മാനസിക പരിവർത്തനമാണല്ലോ. അതു് എത്രത്തോളം സാധ്യമായിട്ടുണ്ടു്? ഇന്ത്യ എന്നെങ്കിലും ഒരു രാഷ്ട്രമായിരുന്നിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങൾ ഈയവസരത്തിൽ പ്രസക്തമാണു്. ഈ രാജ്യം ഒരുപഭൂഖണ്ഡം മാത്രമാണെന്നും ഇതു് ഒരിക്കലും ഒരു രാഷ്ട്രപദവിയിലെത്തിയിട്ടില്ലെന്നും ജിന്നാസാഹേബ് വാദിക്കാറുണ്ടായിരുന്നു. പ്രസ്തുതവാദത്തിൽ അസുഖകരമായ കുറെ സത്യം ഒളിഞ്ഞുകിടപ്പുണ്ടു്. അതു് നേരെ നോക്കിക്കാണാനും തുറന്നുപറയാനും ആരും ഇഷ്ടപ്പെടുന്നില്ല. ‘ന ബ്രുയാത് സത്യമപ്രിയം’ എന്നുണ്ടല്ലോ. പ്രസംഗത്തിലും എഴുത്തിലുമല്ലാതെ ഇന്നു് ഇന്ത്യാക്കാർ എന്നൊരുകൂട്ടരുണ്ടോ എന്നു് സംശയമാണു്. ബംഗാളി, മറാട്ടി, മലയാളി ഇത്യാദി ദേശനാമങ്ങളിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി തുടങ്ങിയ മതനാമങ്ങളിലും മറ്റും വേർതിരിഞ്ഞുനിന്നു് അവകാശവാദം പുറപ്പെടുവിച്ചും പരസ്പരം മത്സരിച്ചും വരുന്ന വമ്പിച്ച ജനസമൂഹങ്ങളല്ലേ പണ്ടത്തെപ്പോലെ ഇന്നും ഇന്ത്യയിലുള്ളതു്? വികാരത്തിലും വിചാരത്തിലും പ്രവൃത്തിയിലും ഭാരതീയപൗരന്മാരായി ജീവിക്കുന്നവർ എത്രപേരുണ്ടു്? നാനാത്വത്തിൽ ഏകത്വം എന്നു് ഇന്ത്യൻ തത്ത്വജ്ഞാനികൾ ഘോഷിക്കാറുണ്ടു്. ഇവിടെ കാണുന്നതോ? നാനാത്വം പയറ്റിലും ഏകത്വം ഏട്ടിലും! ഭാരതീയതത്ത്വജ്ഞാനം ജനഹൃദയങ്ങളിൽ ഭരണം നടത്തുന്നതു് അത്തരത്തിലാണു്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ സ്ഥിതിക്കു് ഒരു മാറ്റവും വന്നിട്ടില്ല. ആസേതുഹിമാചലം സാംസ്കാരികമായ ഒരൈക്യം പുലർത്താൻ മതമാർഗത്തിലൂടെ ബുദ്ധൻ ശ്രമിച്ചുനോക്കി. ആ യത്നം വേരുപിടിച്ചുവന്നപ്പോഴേക്കും ഇന്ത്യയിലെ ചാതുർവർണ്യവും ബ്രാഹ്മണമേധാവിത്വവും അതിന്റെ തല നുള്ളിക്കളഞ്ഞു. രാഷ്ട്രീയമായ ഐക്യം സ്ഥാപിക്കാൻ ശ്രമിച്ച രണ്ടു് ചക്രവർത്തിമാരാണു് അശോകനും അൿബറും. പൗരോഹിത്യത്തോടും മതാന്ധതയോടും ഏറ്റുമുട്ടി അവരും പരാജയമടഞ്ഞതേയുള്ളു. ഏകജാതി, ഏകമതം എന്ന സമുന്നതാദർശത്തിൽ ജീവിച്ച ദീർഘദർശിയായിരുന്നു മഹാനായ അൿബർ. മിശ്രവിവാഹം നടപ്പാക്കിയും മതവിശ്വാസം പരിഷ്കരിച്ചും അദ്ദേഹം ഹിന്ദുക്കളേയും മുസ്ലിങ്ങളേയും സംയോജിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ഇരുവർഗക്കാരുടെയും യാഥാസ്ഥിതികത്വംമൂലം ഈ പരീക്ഷണം ദൂരവ്യാപകമായ ഫലമുളവാക്കിയില്ല. ശങ്കരാചാര്യർ ഭാരതപര്യടനം നടത്തി നാലു് ദിക്കിലും നാലു് മഠം സ്ഥാപിച്ചതു് സാംസ്കാരികമായ ഐക്യത്തിനുവേണ്ടിയുള്ള ഒരു ഉദ്യമമായിരുന്നുവെന്നു് പറയപ്പെടുന്നു. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിൽ നെഹ്റു ഏതതഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ടു്. ബുദ്ധമതനിഷ്കാസനത്തിൽ ബദ്ധപരികരനായിരുന്ന ആചാര്യസ്വാമികൾ എന്തുദ്ദേശത്തോടുകൂടിയാണു് ഈ ചതുർമഠസ്ഥാപനം നിർവഹിച്ചതെന്നു് തീർത്തുപറയുക വിഷമമാണു്. ഈ സ്ഥാപനങ്ങൾ തീർത്ഥാടകർക്കു് പരസ്പരസമ്പർക്കത്തിനു് വഴിയുണ്ടാക്കിയെന്നു് സമ്മതിക്കാം. അതുകൊണ്ടു് സാമാന്യജനങ്ങളുടെയിടയിൽ എന്തുമാത്രം സാംസ്കാരികൈക്യം വന്നുചേർന്നുവെന്ന കാര്യം ചിന്തനീയമത്രേ. ഏതായാലും ഇവയെല്ലാം ഇപ്പോൾ ഒരുതരം ആധ്യാത്മികസെമീന്ദാർമാരുടെ ആസ്ഥാനമണ്ഡപങ്ങൾ മാത്രമായിത്തീർന്നിരിക്കയാണു്. ശാങ്കരസിദ്ധാന്തമാകട്ടെ, ബഹുജനഹൃദയസ്പർശിയാകത്തക്കവണ്ണം ലളിതമല്ലാത്തതിനാൽ പണ്ഡിതന്മാർക്കുമാത്രം അനുസന്ധേയമായി അവശേഷിക്കുന്നു. ഇങ്ങനെ ദേശീയൈക്യത്തിനുവേണ്ടി ഓരോ കാലഘട്ടത്തിലും നടന്നിട്ടുള്ള ഉദ്യമങ്ങൾ സാർവത്രികമായി ഫലിച്ചിട്ടില്ലെന്നു് ചരിത്രം പരിശോധിച്ചാൽ അറിയാം. പോരെങ്കിൽ പ്രാപ്തകാലാനുഭവങ്ങളും അതിനു് സാക്ഷ്യം വഹിക്കുന്നു.[1]
[1] ചീനാക്രമണത്തിനു് മുമ്പു് എഴുതിയതു്.
ഇന്ത്യയെ ഒന്നാക്കിക്കാണിക്കുന്ന രണ്ടു് ഗ്രന്ഥങ്ങളാണു് രാമായണവും ഭാരതവുമെന്നു് ഇപ്പോൾ ചിലർ പ്രസംഗിക്കുന്നുണ്ടു്. ഇതിലും വല്ല കഴമ്പുണ്ടോ എന്നു് നോക്കാം. ദേശീയൈക്യത്തിന്റെ കണ്ഠേകുഠാരമാണു് ചാതുർവർണ്ണ്യം. അതിനെ അരക്കിട്ടുറപ്പിച്ചിരിക്കുന്നവയാണു് ഈ രണ്ടു് ഗ്രന്ഥങ്ങളും. അപ്പോൾപ്പിന്നെ ഇവ എങ്ങനെ, എത്രത്തോളം ഐക്യത്തിനു് സഹായിക്കും? ഇന്ത്യ ഒന്നാണെന്നല്ല, ഇന്ത്യാക്കാർ പല തട്ടുകളിലായി ഉച്ചനീചഭാവത്തിൽ കഴിയുന്നവരാണെന്നും കഴിയേണ്ടവരാണെന്നുമാണു് ഈ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതു്. തപസ്സുചെയ്ത ശൂദ്രന്റെ തല വെട്ടിയ ധർമ്മമൂർത്തിയാണല്ലോ രാമായണത്തിലെ നായകൻ. രാമായണവും ഭാരതവും കിളിപ്പാട്ടാക്കിയ ശൂദ്രനായ എഴുത്തച്ഛൻ ബ്രാഹ്മണനോടു് മാപ്പുചോദിക്കുന്നു. ഭാരതത്തിലെ മഹാജ്ഞാനിയായ വിദുരർ തനിക്കു് ആദ്ധ്യാത്മികരഹസ്യങ്ങൾ ഉപദേശിക്കാൻ അധികാരമില്ലെന്നു് സ്വയം സമ്മതിക്കുന്നു. ഇത്രത്തോളം അടിയുറച്ചുകിടക്കുന്ന ദാസ്യ മനോഭാവത്തിനും ജാതിവ്യവസ്ഥയ്ക്കും ഒരു തേയ്മാനം വരുത്താൻപോലും ഈ ഗ്രന്ഥങ്ങൾ ഉപകരിച്ചിട്ടുണ്ടോ? ഇന്ത്യയെ വെട്ടിമുറിച്ച ആയുധങ്ങളിൽ ഒന്നാമത്തേതു് ജാതിവ്യവസ്ഥയാണെന്നു് കണ്ടതുകൊണ്ടാണു് ബുദ്ധൻ അതിനെ നശിപ്പിക്കാൻ നോക്കിയതു്. ഒടുവിൽ ബുദ്ധനെക്കൂടി ബ്രാഹ്മണമതം വിഴുങ്ങിക്കളഞ്ഞു! ആറേഴുകോടി അധഃകൃതരെ സൃഷ്ടിച്ച ഈ ജാതിയും മതഭേദങ്ങളും നിശ്ശേഷം നശിച്ചാലേ ഇവിടെ ദേശീയൈക്യം പുലരുകയുള്ളു. ചാതുർവർണ്യത്തിന്റെ ഉത്പത്തിതന്നെ അസമത്വത്തിന്റെ ഉറവിടമായ സാമ്പത്തികവ്യവസ്ഥയിൽനിന്നാണു്. വിത്തവും വിദ്യയും കൈയടക്കിയവരായിരുന്നു അതിന്റെ വിധാതാക്കൾ.
അതുകൊണ്ടു് ജാതിക്കോട്ട തകരണമെങ്കിൽ സാമ്പത്തികവ്യവസ്ഥ അടിയോടെ ഉടച്ചുവാർത്തു് തജ്ജന്യമായ ഉച്ചനീചാവസ്ഥ ഇല്ലാതാക്കണം. ആഹാരം, വസ്ത്രം, ഭവനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ പ്രാഥമികാവശ്യങ്ങളെങ്കിലും നിറവേറ്റാൻ എല്ലാ മനുഷ്യർക്കും കഴിവുണ്ടാകണം. അതിനു് വഴിതെളിയിക്കാതെ മറ്റെന്തെല്ലാം ചെയ്താലും ഇന്ത്യ ഒന്നാകയില്ല. കോടാനുകോടി ജനങ്ങൾ വേണ്ടത്ര ആഹാരവും വസ്ത്രവും ലഭിക്കാതെ രോഗത്തിലും അജ്ഞതയിലും ആണ്ടുകിടക്കുമ്പോൾ അവരോടു് ദേശീയോദ്ഗ്രഥനത്തെപ്പറ്റി പ്രസംഗിക്കുന്നതു് ഉച്ചഭ്രാന്തിന്റെ ലക്ഷണമാകും. ഉപദേശത്തിനു് വല്ല കുറവുമുണ്ടായിട്ടുണ്ടോ നമ്മുടെ നാട്ടിൽ! വേദേതിഹാസങ്ങളുടെ കാലം മുതല്ക്കേ ഇന്ത്യയുടെ മടിത്തട്ടിൽ കൊട്ടക്കണക്കിനു് ഉപദേശങ്ങളും നീതിവാക്യങ്ങളും വന്നുവീണുകൊണ്ടിരിക്കുകയല്ലേ? അതുകൊണ്ടെന്തു് ഫലമുണ്ടായി? ‘ലോകാസ്സമസ്താസ്സുഖിനോ ഭവന്തു’വിൽ സോഷ്യലിസമുണ്ടെന്നു് പറഞ്ഞു് പാവങ്ങളെ മയക്കുന്ന വിദ്യയാണു് ഇന്നും നമ്മുടെ കൈവശമുള്ളതു്? പഴയ സമ്പ്രദായങ്ങളുപേക്ഷിക്കാതെ പുതിയ വ്യാഖ്യാനങ്ങൾകൊണ്ടു് തൃപ്തിപ്പെടുകയെന്നതാണു് ഇന്ത്യയുടെ പാരമ്പര്യം. ഏതു് നവീനസിദ്ധാന്തത്തിനും ഒരു പ്രാചീനബന്ധം കണ്ടുപിടിച്ചു് ഇതു് പണ്ടേ നമ്മുടെ മഹർഷിമാർ മന്ത്രിച്ചതാണെന്നു് പറഞ്ഞു് സമാധാനിക്കയും പഴേപടി പ്രവൃത്തി തുടരുകയും ചെയ്യുന്ന ഈ ദുശ്ശീലം പാടെ പിഴുതെറിഞ്ഞുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുരോഗമനപരമായ ആശയങ്ങൾ ബുദ്ധിമണ്ഡലത്തിൽമാത്രം പ്രവർത്തിച്ചതുകൊണ്ടു് പ്രയോജനമില്ല. അവയുടെ വൈകാരികാനുഭൂതി ജനസഞ്ചയത്തിനുണ്ടാക്കണം? അതുണ്ടാകണമെങ്കിലോ? ജീവിതസാഹചര്യങ്ങൾക്കു് തദനുരൂപമായ പരിവർത്തനം വരണം. എല്ലാ ഉപദേശവും അപ്പോൾ ഫലിക്കും. ജാതി, മതം, സംസ്ഥാനം, ഭാഷ എന്നീ അതിർവരമ്പുകളെല്ലാം ദുർബ്ബലങ്ങളായി മനുഷ്യത്വം അപ്പോൾ പൊന്തിവരും. അതോടെ ദേശീയൈക്യവും ഉദയം ചെയ്യും.
(മാനസോല്ലാസം 1962)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971