നാം ഏറ്റവും കൂടുതലായി അറിയേണ്ടതു് നമ്മുടെ ശരീരത്തെപ്പറ്റിയാണു്. എന്നാൽ, അതിനെപ്പറ്റിത്തന്നെയാണു് നമുക്കു് മിക്കവാറും ഒന്നും അറിഞ്ഞുകൂടാത്തതും. ശരീരഘടകങ്ങളായ വസ്തുക്കൾ അവയുടെ പ്രയോജനം, പ്രവർത്തനം, ആരോഗ്യത്തിനുപറ്റിയ ആഹാരം, രോഗങ്ങളുടെ നിദാനം, നിവാരണം ഇങ്ങനെ എത്രയെത്ര സംഗതികൾ നമ്മുടെ അറിവിനും ആലോചനയ്ക്കും വിഷയമാക്കേണ്ടവയായിട്ടുണ്ടു്! വിദ്യാഭ്യാസാഭിവൃദ്ധി ഇത്രത്തോളമുണ്ടായിട്ടും ഈവക കാര്യങ്ങൾ വൈദ്യന്മാർക്കും ഡോൿടർമാർക്കും വിട്ടുകൊടുത്തിട്ടു് നാം ഇപ്പോഴും അജ്ഞതയിൽ കഴിഞ്ഞുകൂടുകയാകുന്നു. ശരീരത്തെസ്സംബന്ധിച്ച ശാസ്ത്രീയപഠനത്തിനു് വിദ്യാഭ്യാസപരിപാടിയിൽ സാർവത്രികമായ പ്രാധാന്യം ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു വേണം പറയുവാൻ. ശാരീരികവിജ്ഞാനം വിദ്യാഭ്യാസപദ്ധതിയിലെ പ്രാഥമികപാഠങ്ങളിലൊന്നായിത്തീർന്നെങ്കിലേ ഈ ദോഷം നീങ്ങുകയുള്ളു.
നമ്മുടെ ശരീരം മിക്കവാറും വെറും വെള്ളമാണെന്നു് പറഞ്ഞാൽ അതു് ഏകദേശം ശരിയായിരിക്കും. എന്നു മാത്രമല്ല, അതു് വെറും പൊള്ളയാണെന്നുകൂടി പറയാം. തലച്ചോറിൽ എഴുപത്തൊൻപതു് ശതമാനവും വെള്ളമാണെന്നു് ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിക്കുന്നു. ശരീരം ഒന്നാകെ നോക്കിയാൽ എഴുപതുശതമാനവും വെള്ളമാണെന്നു് കാണാമത്രേ. പോഷകദ്രവ്യങ്ങളായ പാർത്ഥിവാംശങ്ങൾ ബാക്കി മുപ്പതുശതമാനം മാത്രമേയുള്ളു. ശരീരധാരണത്തിനും ആരോഗ്യപരിപാലനത്തിനും അത്യന്താപേക്ഷിതങ്ങളായ ധാതുദ്രവ്യങ്ങൾ (Minerals) ക്കാണു് ഇവയിൽ പ്രാധാന്യം നൽകേണ്ടതു്. ഒരു കെട്ടിടത്തെ താങ്ങിനിർത്തുന്ന തുലാങ്ങളെന്നപോലെ ഈ ധാതുദ്രവ്യങ്ങൾ ശരീരസൗധത്തിനു് ആധാരങ്ങളായി പ്രവർത്തിക്കുന്നു. ഇവയിൽ അളവുകൊണ്ടു് മുന്നിട്ടു് നിൽക്കുന്നതു് കാത്സ്യം, ഫോസ്ഫറസ് എന്നീ രണ്ടു ധാതുക്കളാണു്. ഇവ കൂടാതെ പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ലോറിൻ, മഗ്നീഷ്യം, ഇരുമ്പു്, മാൻഗനീസ്, അയോഡിൻ എന്നിവയും പരിഗണനീയങ്ങളായിട്ടുണ്ടു്. നമ്മുടെ അസ്ഥിയിൽ അധികം ഭാഗവും കാത്സ്യം, ഫോസ്ഫറസ്, തുടങ്ങിയ ലവണ ധാതുക്കളാകുന്നു. ഈ രണ്ടംശങ്ങളും വേണ്ടുവോളം ഇല്ലെങ്കിൽ അസ്ഥിപഞ്ജരത്തിനു് കേടുപറ്റുന്നതാണു്. ആറുകൊല്ലം കൂടുമ്പോൾ ശരീരത്തിലുള്ള കാത്സ്യം മുഴുവനും വ്യയം ചെയ്തു് തീർന്നുപോയിട്ടു് തൽസ്ഥാനത്തു് പുതിയതു് സംഭരിക്കപ്പെടുന്നു. ഈരണ്ടു് കൊല്ലംകൂടുമ്പോൾ ഫോസ്ഫറസ്സും ഇങ്ങനെ നവീകൃതമാകുന്നതാണു്. ധാതുദ്രവ്യങ്ങൾ ഇപ്രകാരം സ്വയം വ്യയം ചെയ്തു് തീരുമ്പോൾ ആ നഷ്ടം പരിഹരിക്കേണ്ടതു് പുറമെനിന്നും ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെക്കൊണ്ടാകുന്നു. ശരീരത്തിൽ ഏതേതു് കുറഞ്ഞുകാണുന്നുവോ അതതിനെ കൂടുതൽ കൊടുക്കത്തക്കവണ്ണം വേണം ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുവാൻ. പക്ഷേ, ഈ സംഗതിയിൽ നാമാരും അത്ര ശ്രദ്ധിക്കാറില്ല. തന്മൂലം ഉണ്ടാകുന്ന ധാതുദ്രവ്യന്യൂനത പലവിധ രോഗങ്ങൾക്കും വഴിയുണ്ടാക്കുന്നു. ജീവകങ്ങൾ (Vitamins) എന്നപോലെ ധാതുദ്രവ്യങ്ങളും വളരെ കുറവായിട്ടുള്ള ആഹാരസാധനങ്ങളാണു് നാം സാധാരണ കഴിക്കാറുള്ളതു്. ദന്തരോഗം, വിളർച്ച, ഗ്രഹണി തുടങ്ങിയ അനേകം രോഗങ്ങൾ ധാതുദ്രവ്യന്യൂനത (Mineral deficiencies) കൊണ്ടു് വരുന്നതാണു്. ശരീരത്തിനു് ആവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ ബുദ്ധിപൂർവം തിരഞ്ഞെടുക്കുന്നതായാൽ ഈ ന്യൂനത പരിഹരിക്കുന്നതിനു് യാതൊരു പ്രയാസവും ഉണ്ടാകുന്നതല്ല. പാൽ, മുട്ട, മത്സ്യം ഇവയിൽ ഫോസ്ഫറസും സൾഫറും ധാരാളമുണ്ടു്. സോഡിയം ക്ലോറിൻ ഇവ നാം ഉപയോഗിക്കുന്ന ഉപ്പിൽനിന്നുതന്നെ വേണ്ടുവോളം ലഭിക്കും. പലതരം സസ്യങ്ങളും ഫലങ്ങളും പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കളെ പ്രദാനംചെയ്യുന്നവയാണു്. കാത്സ്യം, ഇരുമ്പു്, ചെമ്പു്, അയോഡിൻ ഇവയുടെ അംശങ്ങൾ കുറഞ്ഞുപോകാതെ നോക്കുന്നതിലാണു് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതു്. പാൽ, മോരു്, വെണ്ണ ഇവയിൽനിന്നും ആവശ്യമായ കാത്സ്യം സംഭരിക്കുന്നതാണു് ഏറ്റവും ഉത്തമമായ മാർഗം. ദിവസേന നാഴി പാലെങ്കിലും കഴിക്കുന്നതു് എല്ലാവർക്കും നല്ലതാണെന്നറിയാത്തവർ ആരുമില്ല. പക്ഷേ, നാഴി കഞ്ഞിക്കുപോലും വകയില്ലാത്ത നാട്ടിൽ പാലിന്റെ മാഹാത്മ്യം ഘോഷിക്കുന്നതുകൊണ്ടു് എന്തുഫലം!
ഇരുമ്പിന്റെ അംശം ശരീരത്തിനു് അപരിത്യാജമായിട്ടുള്ള ഒരു ദ്രവ്യമാകുന്നു. നാം ശ്വസിക്കുന്ന ഓക്സിജൻ അണുപുടങ്ങളിൽ പ്രവേശിക്കുന്നതിനു് ഇതില്ലെങ്കിൽ സാധ്യമല്ല. ചുരുക്കത്തിൽ ഇരുമ്പിന്റെ അംശം മുഴുവൻ തീർന്നുപോയാൽ മനുഷ്യൻ പെട്ടെന്നു് മരിച്ചുപോകുന്നതാണു്. ഇത്ര ജീവപ്രാധാന്യമുള്ള ഈ ധാതുദ്രവ്യം മനുഷ്യശരീരത്തിൽനിന്നും ദിനംപ്രതി അല്പാല്പമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു്. വിശേഷിച്ചും സ്ത്രീകളുടെ ശരീരത്തിൽനിന്നു് ഋതുകാലത്തു് രക്തസ്രാവംവഴി ഇതു് കൂടുതൽ പുറത്തുപോകുന്നുണ്ടു്. ‘അയൺ ടോണിൿസ്’ (Iron tonics) എന്ന പേരിൽ പ്രസിദ്ധങ്ങളായിട്ടുള്ള ഔഷധങ്ങൾ ഇത്തരം കുറവു് തീർക്കുന്നതിനുള്ളവയത്രേ. എന്നാൽ, ഇങ്ങനെയുള്ള ഔഷധങ്ങളെക്കാൾ കൂടുതൽ നല്ല ആഹാരസാധനങ്ങളെക്കൊണ്ടുതന്നെ പ്രസ്തുതധാതുദ്രവ്യത്തിന്റെ ന്യൂനത പരിഹരിക്കാവുന്നതാണു്. തവിടുകളയാത്ത ധാന്യങ്ങൾ, ഇറച്ചി, മുട്ട മുതലായവയിൽ ഇരുമ്പിന്റെ അംശം ധാരാളമുണ്ടു്. ശരീരത്തിൽ ഇരുമ്പിന്റെ പ്രവർത്തനത്തിനു് ചെമ്പുകൂടി ആവശ്യമാണത്രേ. എന്നാൽ, ആദ്യത്തേതുള്ള ആഹാരസാധനങ്ങളിൽ സാമാന്യേന രണ്ടാമത്തേതും അടങ്ങിയിട്ടുള്ളതുകൊണ്ടു് ഈയാവശ്യം എളുപ്പം നിർവഹിക്കപ്പെടുന്നു. ഉരുളൻകിഴങ്ങു്, പയറുവർഗങ്ങൾ മുതലായവ ചെമ്പിന്റെ അംശം കലർന്നവയാണു്.
നമ്മുടെ രക്തത്തിൽ കലർന്നു് ശരീരസഞ്ചാരംചെയ്തുകൊണ്ടിരിക്കുന്ന അയോഡിൻ എന്ന ദ്രവ്യം അളവിൽ ഒരു ഗ്രാമിന്റെ ആയിരത്തിൽ ഒരംശം പോലുമില്ല. എന്നാലും അതിനുള്ള പ്രാധാന്യം അനല്പമത്രേ. അതിന്റെ പ്രവർത്തനം മനുഷ്യന്റെ സ്വഭാവത്തെയും ബുദ്ധിശക്തിയെയുംകൂടി സ്പർശിക്കുന്നു. തൈറോയ്ഡ് ഗ്ലാൻഡിൽനിന്നും ഊറിവരുന്ന ദ്രവത്തിൽ (Secretion of the thyroid gland) ഏറ്റവും പ്രധാനമായ അംശം അയോഡിൻ ആണത്രേ. ഇതിന്റെ ന്യൂനാധികഭാവമനുസരിച്ചു് ഒരു മനുഷ്യൻ മൂഢനോ ബുദ്ധിമാനോ അഥവാ കോപിയോ ശാന്തനോ ആയിത്തീരാമെന്നു് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ടു്. സമുദ്രത്തിൽനിന്നും എടുക്കുന്ന ഉപ്പിൽ അയോഡിൻ ധാരാളം കലർന്നിട്ടുണ്ടു്. സമുദ്രത്തീരത്തുണ്ടാകുന്ന സസ്യാദികളും പ്രസ്തുത ദ്രവ്യപോഷകങ്ങളാകുന്നു.
ശരീരത്തിലുള്ള ധാതുദ്രവ്യങ്ങളെല്ലാംകൂടി കണക്കാക്കിനോക്കിയാൽ ഏഴു റാത്തലോളം വരുന്നതാണു്. ഇവയുടെ കുറവനുസരിച്ചു് ആരോഗ്യത്തിനും ഹാനി സംഭവിക്കുന്നു. ഈ കുറവു് നേരിടാതിരിക്കുന്നതിനു് ഒന്നാമതായി ശ്രദ്ധിക്കേണ്ടതു് ആഹാരകാര്യത്തിലാണെന്നു് ഇനി പ്രത്യേകിച്ചു് പറയേണ്ടതില്ലല്ലോ. എന്നാൽ, സസ്യഫലാദികൾ പാകംചെയ്യുമ്പോൾ അവയുടെ പുറംതൊലി നീക്കം ചെയ്യുന്നതുകൊണ്ടു് ഇത്തരം ധാതുദ്രവ്യങ്ങൾ വളരെ നഷ്ടപ്പെട്ടുപോകുന്നുണ്ടെന്ന സംഗതി പ്രത്യേകം ഓർമിക്കേണ്ടതാണു്. സസ്യങ്ങളുടെയും ഫലങ്ങളുടെയും പുറംതൊലിയിലാണു് ഈ പോഷകദ്രവ്യങ്ങൾ അധികവും അടങ്ങിയിരിക്കുന്നതു്. ഇവയൊട്ടും നഷ്ടമാകാതിരിക്കത്തക്കവണ്ണം നമ്മുടെ പാചകവിധി പരിഷ്കരിക്കേണ്ടതു് അത്യാവശ്യമാകുന്നു. ഈവക സംഗതികളെപ്പറ്റി ശാസ്ത്രീയമായ അറിവു് ഇല്ലാത്തതുകൊണ്ടും ഉണ്ടായാൽത്തന്നെ അതനുസരിച്ചു് ജീവിക്കുന്നതിനു് ദാരിദ്ര്യം അനുവദിക്കാത്തതുകൊണ്ടും എത്രയെത്ര ഭയങ്കരരോഗങ്ങൾക്കു് മനുഷ്യവർഗം ഇരയായിപ്പോകുന്നു.
(വിചാരവിപ്ലവം 1943)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971