‘കാലം കലിയുഗമല്ലേ? സത്യവും ധർമ്മവുമൊക്കെ ക്ഷയിച്ചു’ എന്ന പരാതി മുത്തശ്ശിമാരിൽനിന്നു കേട്ടാൽ അതു മനസ്സിലാക്കാം. അവരുടെ ചെറുപ്പകാലം എല്ലാംകൊണ്ടു നല്ലതായിരുന്നുവെന്നും ഇപ്പോൾ സകലതും താറുമാറായി എന്നും തോന്നുക സ്വഭാവികമാണു്.
എന്നാൽ മറ്റുള്ളവരും ഇങ്ങനെ വിലപിക്കാൻ തുടങ്ങിയാലോ? ധാർമികമൂല്യങ്ങളെല്ലാം അധഃപതിച്ചുവരികയാണെന്നൊരു അഭിപ്രായം ഇപ്പോൾ ബഹുധാ കേട്ടുവരുന്നുണ്ടു്. ചിന്തകന്മാരായ എഴുത്തുകാരും പ്രസംഗകരും ഇതിനു പിൻബലം കൊടുക്കുന്നു. എന്താണിതിനു കാരണം? ആറ്റംബോംബിന്റെ കണ്ടുപിടിത്തം കൊണ്ടു ലോകം ഒന്നാകെ വിനാശത്തിന്റെ വക്കത്തെത്തിയതാണോ? എന്നു പറയുക വയ്യ. ഈയൊരവസ്ഥ അടുത്തകാലത്തുണ്ടായതാണല്ലോ. അതിനു മുമ്പും പ്രാപ്തകാലധഃപതനത്തെപ്പറ്റി ധാരാളം പരാതികൾ പുറപ്പെട്ടിരുന്നു കാലം പുറകോട്ടു പോകുന്തോറും കൂടുതൽ കൂടുതൽ നന്നായിരുന്നുവെന്ന തോന്നൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതിനൊരു നീണ്ട പാരമ്പര്യമുണ്ടു്. ഹൈന്ദവവിശ്വാസമനുസരിച്ചു് കൃതയുഗമായിരുന്നു ഏറ്റവും വിശിഷ്ടം. അന്നു സത്യധർമങ്ങൾ നൂറുശതമാനവും വിളയാടിയിരുന്നു. അതു കഴിഞ്ഞു ധാർമിക നിലവാരം താഴാൻ തുടങ്ങി. ത്രേതായുഗത്തിൽ—ശ്രീരാമന്റെ കാലത്തു്—കുറെ മോശമായി, ദ്വാപരയുഗത്തിൽ അതിലും മോശം പിന്നെയാണല്ലോ കലിയുഗം. അപ്പോഴേക്കും സകലതും കീഴ്മേൽ മറിഞ്ഞു. കളവു്, വഞ്ചന, കൊലപാതകം തുടങ്ങിയ സർവ ദുർവൃത്തികളുടെയും കൂത്തരങ്ങായി നമ്മുടെ ലോകം. പോരെങ്കിൽ ഇങ്ങനെയൊക്കെ ആകുമെന്നു മഹാഭാരതത്തിൽ പറഞ്ഞിട്ടുമുണ്ടു്. അപ്പോൾ പ്രമാണപ്രാബല്യവുമായല്ലോ. ഏദൻത്തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടതോടെ മനുഷ്യൻ ധർമമാർഗത്തിൽനിന്നു വ്യതിചലിച്ചുതുടങ്ങിയെന്നു ബൈബിൾകഥയും പഠിപ്പിക്കുന്നു. ഇനി കാലം മുന്നോട്ടുമുന്നോട്ടു വരുന്തോറും കലിബാധ കൂടിക്കൂടിവരും. അനുഭവങ്ങളും ഈ വിശ്വാസത്തിനൊത്തിരിക്കുന്നുവെന്നാണു പലരും പറയുന്നതു്. ഇന്നത്തെ പത്രങ്ങളിൽ ദിനംപ്രതി എത്രയെത്ര കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും വാർത്തകൾ കാണുന്നു. ലോകമൊട്ടാകെ ഇങ്ങനെയാണെന്നു സങ്കല്പിച്ചു വാദകോലാഹലം മുഴക്കുന്നവരുണ്ടു്. കൊലയും കളവും മറ്റും പണ്ടും ഉണ്ടായിരുന്നില്ലേ എന്നു ചോദിച്ചാൽ ഇത്രത്തോളം വ്യാപകമായിട്ടില്ലായിരുന്നുവെന്നാകും പ്രത്യുത്തരം. ഇപ്പറഞ്ഞതിനെന്താണു തെളിവു്? ഇതിനെ സംബന്ധിച്ചു വല്ല സ്ഥിതിവിവരക്കണക്കുമുണ്ടോ? ഇന്നത്തെ പത്രവാർത്തകളെ അടിസ്ഥാനപ്പെടുത്തി പത്രങ്ങളില്ലാതിരുന്ന കാലത്തെ സ്ഥിതി ഇന്നത്തേതുമായി എങ്ങനെ താരതമ്യപ്പെടുത്തും എന്നു മറ്റും ചോദിച്ചാൽ ഉത്തരം മുട്ടി. ഏതായാലും അങ്ങുമിങ്ങു കാണുന്ന ചില ഉദാഹരണങ്ങളിലേക്കു കടക്കാതെ ലോകചരിത്രത്തെ അവലംബിച്ചു മൊത്തത്തിൽ നമുക്കൊന്നു് ആലോചിച്ചുനോക്കാം.
മനുഷ്യൻ കാടത്തത്തിൽനിന്നു കാലക്രമേണ സംസ്കൃതമായ മനുഷ്യത്വത്തിലേക്കെത്തിയെന്ന ചരിത്രസത്യം നിഷേധിക്കാവതല്ലല്ലോ ചില ധാർമികമൂല്യങ്ങളെ അവലംബിക്കാതെ ഇങ്ങനെയൊരു ഉയർന്ന ജീവിതനിലവാരത്തിലെത്തുക സാദ്ധ്യവുമല്ല. മനുഷ്യജീവിതം ധർമമാർഗാവലംബനം കൊണ്ടു് അധികമധികം ശുദ്ധീകൃതവും വികസിതവുമായി വരുകയാണെന്നതിനു വിശ്വവ്യാപകങ്ങളായ എത്രയോ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിലുണ്ടു്. ലോകമെങ്ങും വ്യാപിച്ചിരുന്ന അടിമത്തവ്യവസ്ഥിതിതന്നെ നോക്കുക. ആടുമാടുകളെക്കാൾ കഷ്ടമായ നിലയിൽ ലക്ഷക്കണക്കിനു മനുഷ്യരെ അടിമകളാക്കി കൊല്ലാതെകൊന്നു കച്ചവടം നടത്തിയിരുന്ന ആ കാലം എത്ര ഭയങ്കരമായിരുന്നു! ഇതിൽപ്പരം ധർമ്മക്ഷയം പ്രത്യക്ഷപ്പെട്ട ഒരു കാലഘട്ടമുണ്ടോ? ആ രാക്ഷസീയമർദ്ദനത്തിൽനിന്നു മനുഷ്യവർഗം എന്നെന്നേക്കുമായി മോചനം നേടിയില്ലേ? അതുപോലെ മദ്ധ്യകാലഘട്ടങ്ങളിലെ മതപരമായ കൂട്ടക്കൊലകൾ, ബലം തന്നെ ന്യായമാക്കിയുള്ള വമ്പിച്ച ആക്രമണങ്ങൾ, കൊള്ളകൾ, കവർച്ചകൾ മുതലായവയും അസ്തമിച്ചു മനുഷ്യർ ധർമപ്രകാശത്തിലേക്കു പ്രവേശിക്കുകയല്ലേ ചെയ്തതു്? സതിയുടെ പേരിൽ സ്ത്രീകളെ വിറകുകൊള്ളിക്കു തുല്യം ചുട്ടെരിക്കുകയും കാളിപൂജയുടെ ചടങ്ങായി പിണ്ഡാരികളും തഗ്ഗുകളും കൊലയും കവർച്ചയും നടത്തുകയും ചെയ്തുകൊണ്ടിരുന്ന കാലം നമ്മുടെ നാടു് കടന്നുപോന്നല്ലോ.
‘ദന്താഃ ദശന്തി കഷ്ടേന
ജിഹ്വാ ജാനാതി തൽഫലം’
എന്നു പറഞ്ഞതുപോലെ ഭൂരിപക്ഷം പണിയെടുത്തു പോരികയും അല്പപക്ഷം അതുകൊണ്ടു സുഖമനുഭവിക്കുകയും ചെയ്യുക എന്ന ദുർനീതിയാണല്ലോ അടുത്തകാലം വരെ ഭൂമുഖത്തു നിലവിലിരുന്നതു് നാടുവാഴിത്തത്തിന്റെ രാജവാഴ്ചയുടെയും ദുഷ്ഫലമായി അടിയുറച്ച അധർമ്മത്തിന്റെ ഈ മൂലക്കല്ലു് പ്രബുദ്ധമായ ജനശക്തി ഇളക്കിമറിച്ചു തൽസ്ഥാനത്തു മാനവധർമ്മത്തിന്റെ വിജയക്കൊടി നാട്ടിയതു് ഇക്കാലത്തല്ലേ? അപ്പോൾ ധർമക്ഷയം എന്നാണു്? ഇന്നോ അന്നോ? ഇനി ആശയലോകത്തിൽ നോക്കുക. അധർമ്മപ്രവൃത്തികൾക്കു പ്രേരകങ്ങളാകുന്ന അന്ധവിശ്വാസങ്ങളും മതഭ്രാന്തിയും ഇന്നു് എത്ര കുറഞ്ഞിരിക്കുന്നു! നൂറ്റാണ്ടുകളായി ആറേഴു കോടി ജനങ്ങളെ ജാതിവ്യത്യാസം കല്പിച്ചു അന്ധകാരഗർത്തത്തിൽ താഴ്ത്തിയിട്ട ആർഷഭാരതസംസ്കാരത്തിന്റെ ക്രൂരതയും മാലിന്യവും ഇപ്പോഴല്ലേ കുറെയൊക്കെ മാഞ്ഞുതുടങ്ങിയതു്? ക്രൂരകല്പനകളുടെ പേരിൽ എത്രയെത്ര ജനസമൂഹങ്ങൾ എന്തെന്തു നരകജീവിതമാണു് അനുഭവിച്ചതു്! ഇതിലൊക്കെ സത്യത്തിന്റെയും ധർമ്മത്തിന്റെയും നിഴൽപോലുമുണ്ടോ? മനുഷ്യമഹത്വംപോലും അസത്യത്തിലും അധർമ്മത്തിലും അധിഷ്ഠിതമായിരുന്നല്ലോ പഴയകാലത്തു്. അയൽരാജ്യങ്ങളെ അകാരണമായി ആക്രമിച്ചു കീഴടക്കി സ്വന്തം രാജ്യത്തിനു് എത്രയധികം വിസ്തൃതി വരുത്തുന്നുവോ അത്രയ്ക്കു് ആ രാജാവു മഹാനാകും; എത്രയധികം ആളുകളെ കൊല്ലുന്നുവോ അത്രയ്ക്കു യുദ്ധവീരനും. അലക്സാണ്ടർ മഹാനായതു് ഇങ്ങനെയാണല്ലോ. എന്നാൽ, ഇന്നോ? ആശയഗതിക്കു് എന്തു മാറ്റം വന്നിരിക്കുന്നു! യുദ്ധം എന്ന ആശയം തന്നെ ഇന്നു വെറുക്കപ്പെട്ടിരിക്കുന്നു. ലോകത്തിൽ ശാന്തിയും സ്നേഹവും വിജ്ഞാനവും വർഷിക്കുന്നവർക്കു മാത്രമേ ഇന്നു നാം മഹത്വം കല്പിക്കുന്നുള്ളു ധാർമികമായ പുരോഗതിയല്ലേ ഇതിൽ കാണുന്നതു്? മനുഷ്യവർഗത്തെ ഒന്നാകെക്കണ്ടു് ഏകലോകമെന്ന വിശാലാദർശത്തിലേക്കാണു് ഇപ്പോൾ നമ്മുടെ പോക്കു്. അതിനു സഹായിക്കുന്ന എത്രയോ സാർവദേശീയ ധർമ്മ സ്ഥാപനങ്ങൾ ഇന്നുണ്ടു്. സർവലോകസംഹാരകമായ അണുബോംബിന്റെ ആവിർഭാവം ഒരു ദുർനിമിത്തമാണെങ്കിലും അതു യുദ്ധത്തിനു പൂർണവിരാമം ഇടുവാൻ ഉപകരിക്കുമെന്നാണു് വിശ്വസിക്കേണ്ടതു്. പണ്ടെങ്ങും ഉണ്ടാകാത്ത വിധം യുദ്ധവിപത്തു നീക്കം ചെയ്യാനുള്ള ശ്രമം ഇന്നു നടക്കുന്നുണ്ടു്. യുദ്ധം അധർമ്മമാണെന്നുള്ള ആശയം ഇത്രത്തോളം ആഴത്തിൽ വേരുറച്ചു് ഭൂലോകമാസകലം പടർന്നുപിടിച്ചതും ഇദംപ്രഥമമായിട്ടാണു്. ഇങ്ങനെ ചരിത്രപരമായി നോക്കുമ്പോൾ ധാർമികമൂല്യങ്ങൾക്കു് ഇന്നു വൃദ്ധിയോ ക്ഷയമോ? പരമ്പരാഗതമായ മുത്തശ്ശി മനസ്സിന്റെ ഇരുട്ടറയിൽ നിന്നു വെളിച്ചത്തു വന്നിട്ടുവേണം ഇതിനുത്തരം പറയാൻ.
ചിന്താതരംഗം 1958.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971