അലക്സാണ്ടർ ചക്രവർത്തി യുടെ കാലത്തു് യവനതത്ത്വജ്ഞാനമേഖലയിൽ നാലുതരം ചിന്താപദ്ധതികൾ പൊന്തിവന്നു. അവയിൽ സുപ്രധാനമായ രണ്ടെണ്ണത്തെപ്പറ്റി മുമ്പു പ്രതിപാദിച്ചു കഴിഞ്ഞു. താരതമ്യേന അപ്രധാനമായ രണ്ടെണ്ണം—സിനിസിസ(Cynicism)വും സ്കെപ്റ്റിസിസ (Scepticism)വും—ഇവിടെ വിചാരണ ചെയ്യാം. ആദ്യത്തേതു ദോഷദർശനമനോഭാവത്തിലും രണ്ടാമത്തേതു സംശയാത്മകതയിലുമാണു് അധിഷ്ഠിതമായിരിക്കുന്നതു്. ഈ രണ്ടുതരം മനോഭാവങ്ങളെയും വളർത്തിയെടുക്കാൻ പറ്റിയ സാഹചര്യങ്ങൾ അന്നു് ആതൻസ് നഗരത്തിലുണ്ടായിരുന്നു. അലക്സാണ്ടറുടെ ആക്രമണത്തിനിരയായതോടെ ഈ നഗരത്തിന്റെ സുവർണകാലം അസ്തമിച്ചു. സമചതുരരായ നഗരവാസികൾ നിർവീര്യരായി. അവരെ അഭിമാനം കൊള്ളിച്ച ചരിത്രപ്രസിദ്ധമായ ജനായത്ത ഭരണം തകർന്നു. അലക്സാണ്ടറുടെ ഏകാധിപത്യം എവിടെയും നടമാടി. നൈരാശ്യം നിറഞ്ഞ ഈ പരിതഃസ്ഥിതിയിൽ ജനങ്ങൾക്കു ജീവിതത്തോടുതന്നെ ഒരു വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി. അവർ ഒന്നിലും വിശ്വസിക്കാത്ത സംശയാത്മാക്കളായി. ഭൗതികജീവിതത്തിൽ നിർവേദം പൂണ്ടു് ആത്മാവിൽ അഭയം തേടാൻ പലരും ഒരുമ്പെട്ടു. ചുരുക്കത്തിൽ ഒരുതരം ദോഷദർശികളോ അനിശ്ചിതബുദ്ധികളോ ആകാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു കാലാവസ്ഥയാണു് അന്നുണ്ടായിരുന്നതു്.
അയാളൊരു സിനിക്കാണു് എന്നു നാം സാധാരണ പറയാറുണ്ടല്ലോ. സർവനിന്ദകനെന്നോ സർവവിദ്വേഷിയെന്നോ സൂചിപ്പിക്കുന്ന ഒരു സങ്കുചിതാർത്ഥമേ അപ്പോൾ അതിൽ വിവക്ഷിതമാകുന്നുള്ളു. ഒരു പ്രത്യേക ‘ഫിലോസഫിയി’യിൽ വിശ്വസിക്കുന്നവൻ എന്നിടത്തോളം വ്യാപകമായ അർത്ഥ നാം അതിനു കൊടുക്കാറില്ല. ഇന്നു സിനിസിസം അതിന്റെ സൈദ്ധാന്തികപദവിയിൽനിന്നു് അധഃപതിച്ചു് ഒരു സ്വഭാവവിശേഷത്തിന്റെ പേരായിച്ചുരുങ്ങിപ്പോയിരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തിക്കുപോലും ആരാധ്യനായിത്തോന്നിയ ഡയോജനിസ് (Diogenes) ആണു് സിനിസിസത്തിന്റെ സ്ഥാപകൻ. പലതുകൊണ്ടും ഒരു വിചിത്രജീവിയായിരുന്നു ഈ ചിന്തകൻ. മനുഷ്യസാധാരണമായ ആചാര്യമര്യാദകളെയും പാരമ്പര്യനടപടികളെയും അദ്ദേഹം നിഷേധിച്ചു. ഭാരതീയർ അദ്ദേഹത്തെ സിദ്ധനെന്നു വിളിച്ചേക്കാം. ഡയോജനിസ് ഒരു ഇൻഡ്യൻ ഫക്കീറിനെപ്പോലെയാണു ജിവിച്ചിരുന്നതെന്നു റസ്സൽ പറയുന്നു. ‘സിനിസിസം’ എന്ന പദത്തിന്റെ ആഗമം തന്നെ നേരം പോക്കുള്ളതാണു് ‘സിനിക്ക്’ എന്നാൽ ശ്വാനസംബന്ധി (Canine) എന്നാണർത്ഥം. ഡയോജനിസ് ഒരു ശ്വാവിനെപ്പോലെ ജീവിക്കാനാണു് ഇഷ്ടപ്പെട്ടതത്രെ അങ്ങനെയാണു മൂപ്പർ സിനിക്കായതു്. സിനിക്കിന്റെ സൂക്തികൾക്കു സിനിസിസം എന്ന പേരും വന്നു. അശനശയനവിസർജ്ജനാദികാര്യങ്ങളിൽ ഡയോജനിസ് മൃഗസദൃശം പെരുമാറിയിരുന്നു. ഒരു പാർപ്പിടമോ ഉടയവരോ ഉണ്ടായിരുന്നില്ല. ഒരു ഭിക്ഷാപാത്രം, ഒരു വസ്ത്രം ഒരു വടി—ഇത്രയുമാണു സ്വത്തു്. കിട്ടുന്നതു ഭക്ഷിക്കും. തോന്നുന്നിടത്തേക്കു പോകും. വലിയൊരു തൊട്ടിയിലോ വീപ്പയിലോ കേറിക്കിടന്നായിരുന്നു ഉറക്കമെന്നു പറയപ്പെടുന്നു. ഒരു മഹാജ്ഞാനിയെന്ന നിലയിൽ നഗരവാസികൾ അദ്ദേഹത്തെ കൊണ്ടാടി. അലക്സാണ്ടർ ഈ ജ്ഞാനിയെ കണ്ടുമുട്ടിയ കഥ പ്രസിദ്ധമാണു്: ഞാൻ മഹാനായ അലക്സാണ്ടറാണു്’ ( I am Alexander the great) എന്നു് ചക്രവർത്തി അറിയിച്ചപ്പോൾ ‘ഞാൻ ഡയോജനിസ് എന്ന പട്ടിയാണു്’ (I am Diogeness the dog) എന്നായിരുന്നുപോൽ പ്രത്യുത്തരം. ‘അങ്ങയ്ക്കു എന്താണു് വേണ്ടതു്’ എന്നു വീണ്ടും ചോദിച്ചതിനു ‘വെയിലു മറയ്ക്കാതെ മാറിനിൽക്കു്’ എന്നു മറുപടി. അന്നത്തെ വിശ്വജേതാവായ ചക്രവർത്തി ഈവിധം തൃണവത്കൃതനായിട്ടും ക്രുദ്ധനാകാതെ ‘ഞാൻ അലക്സാണ്ടറായില്ലെങ്കിൽ ഡയോജനിസ്സായേനേ’ എന്നു ബഹുമതിയോടെ പറയുകയാണുണ്ടായതു്. ഇതൊക്കെ വാസ്തവത്തിൽ സംഭവിച്ചതോ പരമ്പരയോ പറഞ്ഞു പോരുന്ന കെട്ടുകഥകളോ എന്നു നിശ്ചയിച്ചുകൂടാ. അസാധാരണന്മാരെപ്പറ്റി പല കഥകളും ജനസമൂഹം പറഞ്ഞു പരത്തുക എക്കാലത്തും പതിവാണു്. ഏതായാലും അലക്സാണ്ടറെക്കഴിഞ്ഞാൽ അക്കാലത്തു് ഏറ്റവും വലിയ മഹാനായി ഗണിക്കപ്പെട്ടിരുന്നതു് ഡയോജനിസ്സാണു്.
ഈ അപൂർവമനുഷ്യന്റെ പൂർവചരിത്രം അത്ര വ്യക്തമല്ല. കള്ളനാണയക്കേസ്സിൽ ജയിലിലടയ്ക്കപ്പെട്ട ഒരാളാണു് പിതാവു്. കുടുംബനിലയും മോശമായിരുന്നു. ഡയോജനിസ് സിനിസിസത്തിന്റെ സ്ഥാപകനാണെങ്കിലും അതിലെ അടിസ്ഥാനാശയങ്ങളുടെ പ്രഥമാവതാരകൻ അദ്ദേഹത്തിന്റെ ആചാര്യനായ അന്റിസ്തെനിസ് (Antistheness) എന്നൊരു പണ്ഡിതനാണു്. സോക്രട്ടിസി ന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു അന്റിസ്തെനിസ്. ഗുരുവിന്റെ മരണത്തിനുശേഷം ഈ ശിഷ്യന്റെ നടപടികളിലും ചിന്താഗതിയിലും ചില മാറ്റങ്ങളുണ്ടായി. തന്റെ സ്ഥാനവും സ്വത്തുമെല്ലാം ഉപേക്ഷിച്ചു് അദ്ദേഹം സമുദായത്തിലെ ഏറ്റവും താണപടിയിലുള്ള വേലക്കാരും അടിമകളും മറ്റുമായി ഇടപഴകി കഴിഞ്ഞുകൂടി. പാമരന്മാർക്കും മനസ്സിലാക്കത്തക്കവിധം മൈതാനപ്രസംഗങ്ങൾ ചെയ്യുക അന്റിസ്തെനിസ് ഒരു തൊഴിലാക്കി. ഗവണ്മെന്റ്, സ്വകാര്യസ്വത്തു്, വിവാഹം, മതം ഇവയൊന്നും മനുഷ്യർക്കാവശ്യമില്ല; ആന്തരമായ നന്മ നേടുക, ലഘുജീവിതം നയിക്കുക—ഇങ്ങനെ ചില നവീനാശയങ്ങളെ അദ്ദേഹം പ്രചരിപ്പിച്ചു. ഡയോജനിസ് വളരെ പ്രയാസപ്പെട്ടാണു് ഈ ഗുരുവിന്റെ ശിഷ്യസംഘത്തിൽ കടന്നുകൂടിയതു്. കൊള്ളരുതാത്ത കുടുംബത്തിൽപ്പെട്ടവനാണെന്നു കരുതിയിട്ടോ എന്തോ അന്റിസ്തെനിസ് ആദ്യം അയാളെ അടിച്ചോടിക്കാൻ പോലും ശ്രമിച്ചുനോക്കി. എന്തായാലും തന്റെ മുമ്പിൽനിന്നു മാറുകയില്ലെന്നു കണ്ടപ്പോൾ മാത്രമേ അദ്ദേഹം അയാളെ ശിഷ്യനായി സ്വീകരിച്ചുള്ളു.
അന്റിസ്തെനിസ് പ്രചരിപ്പിച്ച ആശയങ്ങൾക്കു പൂർത്തിവരുത്തി ഒരു സിദ്ധാന്തരൂപം കൊടുക്കയാണു് ഡയോജനിസ് ചെയ്തതു്. ഭൗതികമായ ഐശ്വര്യങ്ങൾക്കു് സിനിസിസത്തിൽ സ്ഥാനമില്ല. നന്മ, സൗശീല്യം—അതിനേ വിലയുള്ളു. ഈ ലോകം നല്ലതല്ല. അതിൽനിന്നു മോചനം നേടണം. അതേ സമയം സ്വജീവിതം പരഹിതത്തിനുവേണ്ടി വിനിയോഗിക്കയും വേണം. ഒന്നും കൈവശം വച്ചുകൊണ്ടിരിക്കരുതു്. ഒന്നും ആഗ്രഹിക്കരുതു്. അപ്പോൾ ജീവിതഭയത്തിൽനിന്നു മുക്തി ലഭിക്കും. ബാഹ്യസുഖങ്ങളെല്ലാം ഭാഗ്യക്കുറി കിട്ടുന്നതുപോലെ യാദൃച്ഛിക ലബ്ധവും ക്ഷണഭംഗുരവുമാണു്. അവയെക്കൊണ്ടു മനുഷ്യനു് ഒരു പ്രയോജനവുമില്ല. ആത്മശാന്തിമാത്രമാണു് അഭിലഷണീയം. നാഗരികത നിന്ദ്യവും വർജ്യവുമത്രെ സ്വദേശസ്നേഹംപോലും കാമ്യമല്ല. പക്ഷിമൃഗാദികളെപ്പോലെ കേവലം പ്രാകൃതികജീവിതം നയിക്കുകയാണു് ഉത്തമം—ഇതാണു് ഡയോജനിസ്സിന്റെ വേദാന്തം. പ്രകൃതിയിലേക്കു മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനസന്ദേശം. മൊത്തത്തിൽ ജീവിതത്തിൽനിന്നുള്ള ഒരൊളിച്ചോടലാണു് പ്രകൃതിസിദ്ധാന്തമെന്നു പറയാം. നമ്മിലുള്ള യുക്തിബോധമാണു് ദൈവം എന്നും ഡയോജനിസ് പഠിപ്പിച്ചിരുന്നു. അതു മാത്രമേ സർവാദരണീയമായ ഒരു തത്ത്വമായി ഇന്നും സ്വീകാര്യമായിട്ടുള്ളു.
മരണവേളയിൽ ശിഷ്യന്മാർ ഡയോജനിസിനോടു സംസ്കാരകർമ്മത്തെപ്പറ്റി ചോദിച്ചു. ‘ജഡം’ ചെന്നായ്ക്കൾക്കും പട്ടികൾക്കും ഇട്ടുകൊടുക്കുക. ‘എന്റെ സഹോദരങ്ങൾക്കു് എന്നെക്കൊണ്ടു് കുറച്ചെങ്കിലും ഉപകാരമുണ്ടാകട്ടെ’ എന്നായിരുന്നു മറുപടി. അവിടെയും അദ്ദേഹം ചിന്തിക്കാൻ വകയുണ്ടാക്കി.
ഇതൊരു സിദ്ധാന്തമെന്ന നിലയിൽ ആദ്യമായി അവതരിപ്പിച്ചതു് പൈറൊ (Pyrrho) എന്നൊരു ചിന്തകനാണു്. അയാൾ അലക്സാണ്ടറുടെ സൈന്യത്തിലെ ഒരു യോദ്ധാവായിരുന്നു. ചക്രവർത്തിയുടെ വിദേശാക്രമണങ്ങളിൽ പങ്കുകൊണ്ടു് അയാൾ ഇന്ത്യയിലും വന്നിട്ടുണ്ടു്. ദീർഘസഞ്ചാരവും സമരങ്ങളും പൈറോവിനെ അനുഭവസമ്പന്നനും തത്ത്വചിന്തകനുമാക്കി. സ്കെപ്റ്റിസിസം തികച്ചും നവീനമായ ഒരു സിദ്ധാന്തമാണെന്നു പറഞ്ഞുകൂടാ. പുതിയ ആശയങ്ങളൊന്നും അതിലില്ല. പ്രത്യക്ഷജ്ഞാനം വിശ്വസനീയമാണോ എന്ന പ്രശ്നം മുമ്പു തന്നെ പല ചിന്തകന്മാരുടെയും വിചാരണയ്ക്കു വിഷയമായിട്ടുണ്ടു്. അതൊരു തത്ത്വപദ്ധതിയുടെ ചട്ടക്കൂടിലാക്കുക മാത്രമാണു് പൈറോ ചെയ്തതു്. ഒരറിവും വിശ്വസനീയമല്ല. സർവ്വവും സംശയഗ്രസ്തമാണു്. അതുകൊണ്ടു് ഒന്നും തികച്ചും ശരിയെന്നു തീർത്തുപറയുക വയ്യ. ഇതാണു് സ്കെപ്റ്റിസിസത്തിന്റെ കാതൽ.
പൈറോവിന്റെ ശിഷ്യനായ ടൈമൺ (Timon) ചില വാദമുഖങ്ങൾകൊണ്ടു് ഇതിനൊരു കനം പിടിപ്പിച്ചു. സാമാന്യംകൊണ്ടു വിശേഷത്തെ സമർത്ഥിക്കുന്ന തർക്കശാസ്ത്രത്തിലെ വാദരീതിയെപ്പോലും ഈ താർക്കികൻ ചോദ്യം ചെയ്തു. യുക്ലിഡ് ഗണിതശാസ്ത്രത്തിൽ സ്വീകരിച്ചിട്ടുള്ളതുപോലെ സ്വതഃപ്രത്യക്ഷങ്ങളായ (Self-evident) ചില സാമാന്യതത്ത്വങ്ങൾ (General priniciples) നൈയായികപ്രക്രിയയ്ക്കും ആവശ്യമാണു്. ഈ സാമാന്യതത്ത്വങ്ങൾ സ്വതഃപ്രത്യക്ഷങ്ങളല്ലെന്നാണു് ടൈമൺ വാദിക്കുന്നതു്. അവയ്ക്കും തെളിവു് വേണ്ടതാണു് അതിനു തുനിയുമ്പോൾ ഒന്നു തെളിയിക്കാൻ മറ്റൊന്നു്, അതു് തെളിയിക്കാൻ വേറൊന്നു് എന്നിങ്ങനെ ഒരു ശൃംഖലാസമ്പ്രദായം സ്വീകരിക്കേണ്ടിവരും. അപ്പോൾ തർക്കശാസ്ത്രത്തിൽ പറയുന്ന പരമ്പരാരോപജന്യമായ അനവസ്ഥ (Argumentum Infinitum) എന്ന വാദദോഷത്തിലോ അല്ലെങ്കിൽ ചക്രവാദത്തിലോ (Arguing Circle) ചെന്നു ചാടും. ഇങ്ങനെ നോക്കിയാൽ ഈ ലോകത്തിൽ ഒന്നുംതന്നെ സംശയാതീതമായി തെളിയിക്കാൻ സാദ്ധ്യമല്ലെന്നു വരുന്നു. ടൈമൺന്റെ ഈ വാദം അക്കാലത്തെ സർവവിജ്ഞാനാചാര്യനായ അരിസ്റ്റോട്ടൽ കെട്ടിപ്പടുത്ത തർക്കശാസ്ത്രരീതിയെ വെല്ലുവിളിക്കുന്നുണ്ടു്.
സംശയിക്കുക, ചോദ്യം ചെയ്യുക എന്ന ശീലം ഒരളവിൽ നല്ലതുതന്നെ. ബുദ്ധി സിദ്ധാന്തബദ്ധമാകാതിരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അതുപ്രത്യേകിച്ചും പ്രയോജനപ്പെടും.
പക്ഷേ, സ്കെപ്റ്റിക്കിനെപ്പോലെ അതു് എവിടേക്കും വലിച്ചു നീട്ടി സർവത്ര വ്യാപരിപ്പിച്ചാൽ ഗുണത്തിനു പകരം ദോഷം ചെയ്യുമെന്നു പറയേണ്ടിയിരിക്കുന്നു. ‘സംശയാത്മാവിനശ്യതി’ എന്ന വാക്യം ഇത്തരക്കാർക്കാണു കൂടുതൽ യോജിക്കുക. തേൻ മധുരിക്കുന്നുവെന്നു് ഉറപ്പിച്ചു പറഞ്ഞുകൂടാ എന്നാണു ടൈമൺന്റെ വാദം. മധുരിക്കുന്നതായി തോന്നുന്നുവെന്നു കഷ്ടിച്ചു പറയാമത്രെ. എന്തെന്നാൽ, ആ തോന്നൽ ശരിയാണെന്നു് ആരറിഞ്ഞു? തത്സംബന്ധമായ രസനേന്ദ്രിയജ്ഞാനത്തെ എങ്ങനെ വിശ്വസിക്കാം?
സാധാരണ രീതിയിലുള്ള സംശയമല്ല സ്കെപ്റ്റിസിസത്തിലുള്ളതെന്നോർക്കണം. സൈദ്ധാന്തികമായ സംശയമാണതു് (Dogmatic doubt). അക്കാരണത്താൽത്തന്നെ അതു വിജ്ഞാനപുരോഗതിക്കു വിഘാതമായിത്തീരാം. സ്കെപ്റ്റിസിസം അലസന്റെ ആശ്വാസമാണെന്നും (Lazyman’s consolation) അതു പാമരന്മാരെയും ജ്ഞാനികളാക്കി പ്രദർശിപ്പിക്കുന്നുവെന്നും മറ്റും ആക്ഷേപങ്ങളുണ്ടായിട്ടുണ്ടു്. ബി. സി. 240-ൽ ടൈമൺ അന്തരിച്ചു. അനന്തരം നാലഞ്ചു നൂറ്റാണ്ടുകൂടി ഈ ചിന്താപ്രസ്ഥാനം ആതൻസിലും റോമിലും മറ്റും പ്രചരിച്ചുവന്നു. പ്രാചീനരായ സ്കെപ്റ്റിക് ചിന്തകന്മാരിൽ സെക്റ്റ്സ് എപ്പിരിക്കസ് എന്നൊരാളുടെ ഗ്രന്ഥങ്ങൾ മാത്രമേ ഇപ്പോൾ അവേശേഷിച്ചിട്ടുള്ളൂ. ‘ദൈവവിശ്വാസത്തിനെതിരായുള്ള വാദങ്ങൾ’ എന്നൊരു ലഘുഗ്രന്ഥമാണു് അവയിൽ ഏറ്റവും ശ്രദ്ധാർഹം. എ. ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഈ ഗ്രന്ഥകാരന്റെ കാലത്തിനുശേഷം സ്കെപ്റ്റിസിസം അസ്തോന്മുഖമായി സംഘടിതമതത്തിന്റെ അന്ധവിശ്വാസക്കോട്ടകൾ തർക്കാൻ അതിനു ശക്തിയുണ്ടാവില്ല.
മനനമണ്ഡലം 1964.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971