ആദിമമനുഷ്യൻ അന്ധഹൃദയത്തിൽ ആദ്യമായി വേരുറച്ച ഒന്നാണു് ദുർദേവതാഭീതി (Fear of Evil spirts). പഴക്കംകൊണ്ടും പ്രാബല്യകൊണ്ടും ഇതു മറ്റെല്ലാത്തരം ഭീതിയെക്കാളും പ്രാധാന്യമർഹിക്കുന്നു. ഇന്നത്തെ പരിഷ്കൃതമനുഷ്യന്റെ മനസ്സിൽപോലും പ്രസ്തുതഭീതി അവശേഷിച്ചു കിടപ്പുണ്ടു്. അന്നത്തെ വനചരനായ മനുഷ്യൻ അസാധാരണങ്ങളായ പ്രകൃതി സംഭവങ്ങൾ കണ്ടു പേടിച്ചുവിറച്ചു. ഇടിത്തീ വീണു വമ്പിച്ച മരങ്ങൾ കത്തുന്നതും ധൂമകേതു ഉദിക്കുന്നതും ഭൂകമ്പമുണ്ടാകുന്നതും മറ്റും കണ്ടു ക്രമത്തിലധികം ഭീതനായപ്പോൾ ഇവയെല്ലാം ഏതോ ദുർദേവതകളുടെ പ്രവൃത്തികളാണെന്നു് അവൻ വിശ്വസിക്കാൻ തുടങ്ങി. എന്നുമാത്രമല്ല, ദുർദേവതകൾ നരസംഹാരത്തിനായി ഒരുങ്ങിയിരിക്കുയാണെന്നും അവൻ തീരുമാനിച്ചു. ജന്തുബലി തുടങ്ങിയ ഹിംസാകർമ്മങ്ങൾകൊണ്ടു് ഈ സംഹാരമൂർത്തികളെ പ്രീതിപ്പെടുത്തിക്കൊണ്ടിരുന്നാലെ തങ്ങൾക്കു രക്ഷയുള്ളു എന്ന അന്ധവിശ്വാസമാണു് അടുത്ത പടിയായി മനുഷ്യവർഗത്തെ ബാധിച്ചതു്. ദുർദേവതകളുമായി കൂട്ടുകെട്ടുണ്ടെന്നു സംശയിക്കപ്പെട്ട ചില മനുഷ്യരെ മറ്റുള്ളവർ ഭയപ്പെട്ടു് അകറ്റി നിർത്തുവാൻ തുടങ്ങി ഇത്തരക്കാർ ക്രമേണ മന്ത്രവാദികളും ആഭിചാരകന്മാരും ആയിത്തീർന്നു. ഭയത്തോടൊപ്പം തന്നെ കഠിനമായ വെറുപ്പും ഇക്കൂട്ടരെപ്പറ്റി മനുഷ്യരുടെയിടയിൽ വർദ്ധിച്ചുവന്നു. സമുദായത്തിനു് എന്തെങ്കിലും ആപത്തു നേരിട്ടാൽ അതിനു കാരണം ഇവരുടെ ഏതോ ആഭിചാരകർമമാണെന്നു മനുഷ്യർ തെറ്റിദ്ധരിച്ചു. ഇപ്രകാരം ആഭിചാരകന്മാർ മനുഷ്യർക്കു് ആപത്തു വരുത്തിക്കൂട്ടുന്ന ഒരുതരം നികൃഷ്ടജീവികളാണെന്ന മിഥ്യാബോധം ഏതെല്ലാം കൊടിയ ക്രൂരകർമ്മങ്ങൾക്കു മനുഷ്യരെ വിധേയരാക്കിയെന്നു ചരിത്രം പരിശോധിച്ചാലറിയാം.
പ്രാചീനഗ്രീസിലും റോമിലും ഇത്തരം അന്ധവിശ്വാസം നിലവിലുണ്ടായിരുന്നു. എപ്പിക്യൂറസി ന്റെ അനുയായികളായ തത്വജ്ഞാനികൾ മാത്രമേ അന്നു് ഈ മൂഢതയിൽനിന്നു മുക്തരായിരുന്നുള്ളു. ദുർമന്ത്രവാദികളെ കൊല്ലുന്നതിനുള്ള ഒരു നിയമം തന്നെ അന്നു നടപ്പാക്കിയിരുന്നു. ഡെമോസ്തനീസി ന്റെ കാലത്തു് ലാമിയ എന്നു പേരായ ഒരു ദുർമന്ത്രവാദിനിയെ വധിച്ച വിവരം പ്രസിദ്ധമാണു്. ക്രിസ്തുമതത്തിന്റെ ആവിർഭാവം ഈ അന്ധവിശ്വാസത്തെ അധികമധികം പ്രചരിപ്പിക്കുകയാണു് ചെയ്തതു്. പ്രസ്തുത മതാധികാരികളുടെ വിദ്വേഷത്തിനു പുരുഷന്മാരേക്കാൾ കൂടുതൽ ഇരയായിത്തീർന്നതു് സ്ത്രീകളായിരുന്നു. അതിവൃദ്ധകളായ സ്ത്രീകളുമായിട്ടാണു് ദുർദേവതകളുടെ കൂട്ടുകെട്ടു് എന്നൊരു വിശ്വാസം എങ്ങനെയോ യൂറോപ്പു മുഴുവൻ പ്രചരിച്ചു. ഇവർക്കു് ‘വിച്ചസ്’ (Witches) എന്നൊരു ദുഷ്പേരും നടപ്പായി. ‘വിച്ച്’കളെ വേട്ടയാടുകയെന്നതു ക്രിസ്തുമതരാജ്യങ്ങളിലെല്ലാം നിയമാനുസൃതമായ ഒരു പ്രവൃത്തിയായിത്തീർന്നു. പുരുഷനെ വശീകരിച്ചു് അപഥത്തിൽ ചാടിക്കുന്ന ഒരു പൈശാചികശക്തിയാണു സ്ത്രീയെന്നും അവർ തിന്മയുടെ ഇരിപ്പിടമാണെന്നും ക്രിസ്തീയ പുരോഹിതന്മാർ വിശ്വസിച്ചിരുന്നതിൽനിന്നാണു് ഇത്തരം വൃദ്ധനാരീവിദ്വേഷം പൊട്ടിപ്പുറപ്പെട്ടതു്. സ്ത്രീകളിൽ ജന്മനാ പ്രകടമായിരുന്ന വശീകരണശക്തിയെ ഏതോ ദുർദേവതയുടേതായിട്ടു പുരോഹിതർ വ്യാഖ്യാനിച്ചു. ക്രമത്തിലധികം വാർദ്ധക്യം ബാധിച്ചു വിരൂപികളായി കൂനിക്കൂനി നടക്കുന്ന പടുകിഴവികൾ ജനക്കൂട്ടത്തിൽനിന്നും വിട്ടുമാറി വല്ല കുടിലുകളിലും ഒതുങ്ങിപ്പാർക്കുന്നതു കണ്ടാൽ ഉടൻ അവരെ ദുർമന്ത്രവാദിനികളായി (Witches) ഗണിക്കുവാൻ അന്നുള്ളവർ ഒട്ടുംതന്നെ സംശയിച്ചിരുന്നില്ല. ഇവരെ വിചാരണ ചെയ്തു കൊന്നുകളയേണ്ടതാണെന്നുള്ള പുരോഹിതവിധി സ്വീകരിച്ചു് അക്കാലത്തെ ഗവണ്മെന്റുകൾ അതിലേക്കു നിയമങ്ങളും നടപ്പാക്കിയിരുന്നു. പത്തോ നൂറോ വർഷങ്ങളല്ല, ആയിരത്തഞ്ഞൂറു വർഷത്തോളം ഈ വക അന്ധവും ക്രൂരവും ആയ നിയമങ്ങൾ നിർദ്ദയനടനം ചെയ്തുകൊണ്ടിരുന്നു. എത്രയെത്ര നിരപരാധികളായ വൃദ്ധകളാണു് ഈ അന്ധവിശ്വാസക്കൊടുംതീയിൽ വെന്തെരിഞ്ഞുപോയതു്! മാനുഷികമൂഢതയുടെ ഇത്രത്തോളം ബീഭത്സവും നിഷ്ഠുരവും ആയ വിജൃംഭണം മറ്റൊരു കാലഘട്ടത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മനുഷ്യന്റെ അന്ധത സൃഷ്ടിച്ചുവിട്ട ഭൂതപ്രേതപിശാചാദിസങ്കല്പരൂപങ്ങൾ അവനെ എത്രത്തോളം ഭ്രാന്തനാക്കിത്തിർത്തുവെന്നതിനു് ഇതൊരു നല്ല തെളിവാകുന്നു.
ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ, സ്വിറ്റ്സർലണ്ട്, സ്വീഡൻ രാജ്യങ്ങളെല്ലാം പാവപ്പെട്ട പടുകിഴവികളെ ദുർമ്മന്ത്രവാദത്തിന്റെ പേരിൽ വളരെക്കാലം തീയിലിട്ടു ചുട്ടെരിച്ചിരുന്നു. ട്രെവിസ് (Treves) എന്നൊരു സ്ഥലത്തുതന്നെ ഏഴായിരം പേർ ഇപ്രകാരം കൊല്ലപ്പെട്ടു! ടുലുസ് (Toulouse) എന്ന സ്ഥലത്തു് ഒരേ സമയത്തു് അഞ്ഞൂറുപേരെയാണു് അഗ്നിക്കിരയാക്കിയതു്. നൂറ്റാണ്ടുകൾ നൂറ്റാണ്ടുകളായിട്ടു് ഇത്തരം മരണക്രിയ നടന്നുകൊണ്ടിരുന്നു എന്നറിയുമ്പോൾ നാം അമ്പരന്നുപോയേക്കാം. 1431-ൽ റൂവൻ (Rouen) എന്ന സ്ഥലത്തുവെച്ചു് ജോൺ ആഫ് ആർക്കി നെ (Joan of Arc) ഇംഗ്ലിഷുകാർ ജീവനോടെ ദഹിപ്പിച്ച ദാരുണസംഭവം എത്രയും പ്രസിദ്ധമാണല്ലോ. ഇരുപതു വയസ്സുമാത്രം പ്രായം ചെന്ന ആ യുവതിയിൽ ദുർദ്ദേവതാവേശം ഉണ്ടെന്നു തെറ്റിദ്ധരിച്ചതാണു് ആ ഭയങ്കരഹിംസയ്ക്കും അടിസ്ഥാനം!
പതിനെട്ടു കൊല്ലത്തിനുള്ളിൽ എണ്ണൂറു വൃദ്ധകളെ താൻ കശാപ്പു ചെയ്തുവെന്ന റെമി (Remy) എന്നു പേരായ ഒരു ഫ്രഞ്ചുജഡ്ജി അഭിമാനപൂർവ്വം ഒരിക്കൽ പ്രസ്താവിച്ചുവത്രേ! നീതിബോധത്തിന്റെ ചുടുകാടായ ഇത്തരം കോടതി വിചാരണകൾ റോമിലെ പോപ്പിന്റെ അനുവാദത്തോടും ആശിസ്സോടും കൂടിയാണു് യൂറോപ്പു മുഴുവൻ നടന്നുകൊണ്ടിരുന്നതു്. അക്കാലത്തെ പണ്ഡിതന്മാർപോലും ഈ വിശ്വാസാന്ധ്യത്തിൽ മുഴുകിയിരുന്നു.
പാരീസ് സർവ്വകലാശാലയിലെ പ്രസിദ്ധ ചാൻസലർ ആയിരുന്ന ജീൻഗർസൺ (Jean Gerson 1363–1429) അക്കാലത്തെ പണ്ഡിതന്മാരിൽ ഒരു പ്രമാണിയായിട്ടാണു ഗണിക്കപ്പെട്ടിരുന്നതു്. അദ്ദേഹവും ആഭിചാരകർമ്മങ്ങളുടെ യാഥാർത്ഥ്യത്തിൽ വിശ്വസിച്ചിരുന്നു. ജീൻ ബോഡിൻ (Jean Bodin 1530–96) എന്ന മറ്റൊരു വിദ്വാനും ഇക്കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. മാർട്ടിൻ ലുതർ ക്രിസ്തുമതത്തിൽ വലിയൊരു പരിവർത്തനം വരുത്തിയ ഉല്പതിഷ്ണുവായിരുന്നുവല്ലോ. എന്നാൽ ഈ സ്വതന്ത്രചിന്തകനും ദുർമന്ത്രവാദത്തെ (Witchcraft) സംബന്ധിച്ച അന്ധവിശ്വാസത്തിൽനിന്നും വിട്ടുനിൽക്കുവാൻ കഴിഞ്ഞില്ല! എലിസബത്തിന്റെ ഭരണകാലത്തു്, ദുർമന്ത്രവാദിനികളെ കുറ്റപ്പെടുത്തുന്ന നിയമങ്ങൾ കുറെക്കൂടി കഠിനമാക്കണമെന്നു് ബിഷപ്പ് ജീവൽ (Bishop Jewel) രാജ്ഞിയോടു അപേക്ഷിക്കുകയുണ്ടായി. ഇംഗ്ലീഷുരാജാവായ ജയിംസ് ഒന്നാമൻ ഡൻമാർക്കിൽ നിന്നും തിരിച്ചുവരുമ്പോൾ കൊടുങ്കാറ്റുണ്ടായതു് ആരുടെയോ ആഭിചാരകർമ്മത്തിന്റെ ഫലമാണെന്നു വിശ്വസിച്ചു് അത്തരക്കാരെ കണ്ടുപിടിച്ചു് ഉടൻ കൊന്നുകളയുവാൻ കല്പിച്ചുപോൽ. കാലം മുന്നോട്ടു ചെന്നിട്ടുപോലും ഈ മൂഢതയ്ക്കു കുറവുണ്ടായില്ല. ദുർമന്ത്രവാദത്തിന്റെ സത്യസ്ഥിതിയിൽ വിശ്വസിക്കാത്തവർ ദൈവദൂഷകന്മാരാണെന്നു് സർ തോമസ് ബ്രൗൺ ഉദ്ഘോഷിച്ചതു പതിനേഴാം നൂറ്റാണ്ടിലാണു്. ഇംഗ്ലണ്ടിൽ ഒടുവിലത്തേതായി നടന്ന ‘വിച്ച് വിചാരണ’ (Witch trial) 1712-ൽ ആയിരുന്നു. 1736-ൽ മാത്രമേ ഈ നികൃഷ്ടനിയമം റദ്ദാക്കപ്പെട്ടുള്ളു. യൂറോപ്പിൽ ഉദയം ചെയ്ത യുക്തിവാദമാണു് മനുഷ്യന്റെ ഈ അന്ധകാരപ്രയാണത്തിനു് ഒരു വിരാമം ഇട്ടതു്. മതത്തിന്റെ ഇരുട്ടിൽ കണ്ണുകാണാതെ തപ്പിത്തടയുന്ന മനുഷ്യൻ എന്തെല്ലാം പേക്കൂത്തുകൾ കാട്ടിക്കൂട്ടുന്നു.
നിരീക്ഷണം 1945.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971